Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളുടെ വിദ്യാഭ്യാസം

കൂടുതല്‍ വിവരങ്ങള്‍

കുട്ടികളും പക്ഷി നിരീക്ഷണവും

അമ്മയെന്നു പറയാന്‍ ശീലിച്ചാല്‍ കുട്ടികള്‍ അടുത്തതായി പഠിക്കുന്നത് കാക്കയെന്നാണ്. മുറ്റത്തും തൊടിയിലുമായി പറന്നു നടക്കുന്ന പക്ഷികള്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പക്ഷികളുടെ വ്യത്യസ്ത വര്‍ണങ്ങളും ചലനങ്ങളും പാട്ടുമെല്ലാം കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണ്. കുട്ടികളില്‍ നിരീക്ഷണ പാടവവും ക്ഷമ-കായിക്ഷമത എന്നിവ വര്‍ധിപ്പിക്കാനും സഹായിക്കുന്ന മികച്ചൊരു ഹോബിയാണ് പക്ഷിനിരീക്ഷണം. കുഞ്ഞിനും രക്ഷിതാക്കള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നൊരു ഹോബി. കുട്ടികളെ പ്രകൃതിയോടു ചേര്‍ത്തുനിര്‍ത്താന്‍ സഹായിക്കുന്ന പക്ഷി നിരീക്ഷണാനുഭവങ്ങള്‍ അവര്‍ക്ക് പങ്കുവയ്ക്കാനായി ഒരുപാട് കൂട്ടായ്മകള്‍ ഇന്നു നിലവിലുണ്ട്.

എങ്ങനെ തുടങ്ങാം…?

പക്ഷിനിരീക്ഷണം നടത്താനായി നിങ്ങളുടെ കുഞ്ഞു വലിയ സാഹസികനാവണമെന്നില്ല. തൊടിയില്‍ നിന്നോ സ്‌കൂളില്‍നിന്നോ അടുത്തുള്ള പാര്‍ക്കില്‍ നിന്നോ ഒക്കെയാവാം കുട്ടിക്ക് പക്ഷി നിരീക്ഷണത്തോട് താല്‍പര്യം തോന്നിത്തുടങ്ങുന്നത്. കുട്ടിയില്‍ പുതുതായി ഉണ്ടായ കൗതുകം പ്രോത്സാഹിപ്പിക്കാനും നല്ല രീതിയില്‍ തുടരാനുമുള്ള ആത്മവിശ്വാസം വളര്‍ത്താനും തുടക്കത്തില്‍ നിങ്ങളും കുട്ടിക്കൊപ്പം പക്ഷിനിരീക്ഷണത്തില്‍ ചേരുന്നത് നന്നാവും. പിന്നീടവര്‍ക്ക് നാട്ടിലെ പക്ഷിനിരീക്ഷണ കൂട്ടായ്മയിലോ ക്ലബ്ബിലോ ഒക്കെ അംഗത്വം നേടാവുന്നതുമാണ്. പക്ഷികള്‍ ഇരതേടാനായി ഇറങ്ങുന്ന പ്രഭാത സമയമാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം.

പക്ഷികളെ വീട്ടിലേക്കാകര്‍ഷിക്കാം

കുട്ടിക്ക് പക്ഷികളില്‍ താത്പര്യം തോന്നാന്‍ പക്ഷികളെ വീട്ടിലേക്കാകര്‍ഷിക്കുന്നത് ഒരു നല്ല ആശയമാണ്. പക്ഷികള്‍ തുടര്‍ച്ചയായി വീട്ടില്‍ വരാന്‍ തുടങ്ങുമ്പോള്‍ കുട്ടി അവയുമായി കൂടുതല്‍ ഇണങ്ങിപ്പെരുമാറാന്‍ ശീലിക്കും. പക്ഷികളെ ആകര്‍ഷിക്കാന്‍ വീട്ടില്‍ സ്ഥിരമായി അവയ്ക്കുവേണ്ടി വെള്ളവും ഭക്ഷണവും മുറ്റത്തോ വരാന്തയിലോ ടെറസിലോ സൂക്ഷിക്കാവുന്നതാണ്. അതെപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. പക്ഷികള്‍ക്ക് കുളിക്കാന്‍ കുളിത്തൊട്ടി വയ്ക്കുന്നത് നഗരങ്ങളില്‍ പക്ഷികളെ ആകര്‍ഷിക്കാനുള്ള ഒരു നല്ല ആശയമാണ്. ആസ്വദിച്ചു കുളിക്കുന്ന പക്ഷികളെ കാണാന്‍ നിങ്ങളുടെ കുട്ടിക്ക് ഇഷ്ടമായിരിക്കും.

പക്ഷിനിരീക്ഷണം ആരംഭിക്കും മുമ്പ്

പക്ഷിനിരീക്ഷണത്തിനായി ഇറങ്ങിപ്പുറപ്പെടും മുമ്പ് ചില കാര്യങ്ങള്‍ നല്‍കി അവരെ സജ്ജരാക്കേണ്ടതുണ്ട്. പക്ഷികളെ നിരീക്ഷിക്കാന്‍ ബൈനോക്കുലര്‍ വാങ്ങി നല്‍കാം. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കാന്‍ കുട്ടികളോട് പറയണം. കടും നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാല്‍ പക്ഷികളുടെ ശ്രദ്ധയില്‍പ്പെടും. ഇതിനാല്‍ ഇളം നിറങ്ങള്‍ ഉപയോഗിക്കുക. കടും പച്ച നിറ നല്ലതാണ്, ചെടികളുടേയും മറ്റും മറവില്‍ നില്‍ക്കാന്‍ ഉപകരിക്കും. ഒരു സണ്‍ഗ്ലാസും പ്രാണികളുടെ കടിയേല്‍ക്കാതിരിക്കാനുള്ള ലോഷനും വെള്ളവും സ്‌നാക്‌സും കൂട്ടത്തില്‍ കരുതാം. ധാരാളം പോക്കറ്റുള്ള കാര്‍ഗോ കട്ട് സ്ലീവ് ജാകറ്റ് സാധനങ്ങള്‍ സൂക്ഷിക്കാന്‍ സഹായകമാവും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പക്ഷികളെ ബഹുമാനിക്കാന്‍ പഠിക്കണം. തങ്ങള്‍ പക്ഷികളുടെ സ്വാഭാവികമായ വാസസ്ഥലത്തെ സന്ദര്‍ശകരാണെന്നും അവിടെ അവരോട് ബഹുമാനത്തോടും മര്യാദയോടും കൂടി പെരുമാറണമെന്നും കുട്ടികളെ പറഞ്ഞു മനസിലാക്കണം. ഫോട്ടൊയെടുക്കുമ്പോള്‍ ഫഌഷ് നിയന്ത്രിക്കണം. അവയെ തൊടുകയോ ആക്രമിക്കുകയോ ചെയ്യരുത്. ബഹളം വയ്ക്കുകയോ വാസസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്കും ഭക്ഷണ സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്യരുത്.

കുട്ടികളെയും കൂട്ടി നിങ്ങള്‍ക്കും പോകാം

വ്യത്യസ്തമായ പ്രദേശങ്ങളിലും കാലവസ്ഥയിലുമായി 1200 ഓളം സ്പീഷീസ് പക്ഷികളുള്ള ഇന്ത്യ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗം തന്നെയാണ്. കാടും കായലും ധാരാളമുള്ള കേരളത്തിലും നിരവധി പക്ഷികളുണ്ട്. കടലുണ്ടി, കുമരകം, തട്ടേക്കാട് എന്നിവയാണ് കേരളത്തിലെ പ്രധാന പക്ഷി നിരീക്ഷണ കേന്ദ്രങ്ങള്‍.

കുട്ടിയെഴുത്ത് മനോഹരമാക്കാം

കൈയക്ഷരത്തില്‍ നിന്ന് ഒരാളുടെ സ്വഭാവം മനസിലാക്കാമെന്നാണ് പറയുന്നത്. കുട്ടിക്കാലം മുതല്‍ നന്നായി എഴുതി ശീലിച്ചാല്‍ കൈയക്ഷരം മികച്ചതാക്കാവുന്നതേയുള്ളൂ. അതിന് ചെറുപ്പം മുതല്‍ കുട്ടികളെ പരിശീലിപ്പിക്കണം. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ റോളുണ്ട്. ചുമരിലും മറ്റും ചിത്രങ്ങള്‍ കോറിയിട്ടാണ് കുട്ടികള്‍ സ്വയം എഴുതാന്‍ പരിശീലിക്കുന്നത്. ഈ സമയത്ത് തന്നെ ചോക്കും ക്രയോണുകളും അവരുടെ കൈയില്‍ നല്‍കണം. കുട്ടികളുടെ കൈയക്ഷരം നന്നാക്കാനുള്ള ചില ടെക്‌നിക്കുകള്‍ നോക്കാം.

1. എഴുതാനിരിക്കുന്ന രീതി കൈയക്ഷരം നന്നാകുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. നടു നിവര്‍ത്തി വേണം എഴുതാനിരിക്കാന്‍. കൂനിക്കൂടി ഇരുന്നാല്‍ നല്ല കൈയക്ഷരമാകില്ല. നടുവിന് സപ്പോര്‍ട്ട് നല്‍കുന്ന തരത്തിലുള്ള കസേരയില്‍ നിവര്‍ന്നിരുന്ന് എഴുതാന്‍ കുട്ടികളെ ശീലിപ്പിക്കുക.

2. നല്ല ലൈറ്റുള്ള സ്ഥലത്ത് വേണം എഴുതാനിരിക്കാന്‍. ബള്‍ബും ട്യൂബുമെല്ലാം കുട്ടിയുടെ മുന്നിലുള്ള ചുവരിലായിരിക്കണം. പുസ്തകത്തിലേക്കും സ്ലേറ്റിലേക്കുമെല്ലാം നിഴല്‍ വന്നാല്‍ എഴുത്ത് മോശമാകും. കുട്ടികളുടെ പഠനമുറിയില്‍ കൃത്യമായി ലൈറ്റ് സജ്ജീകരിക്കണം.

3. എഴുതുന്ന ബുക്ക് 45 ഡിഗ്രിയില്‍ വയ്ക്കുന്നതാണ് നല്ലത്. പേനയും നാല്‍പ്പത്തിയഞ്ചു ഡിഗ്രിയില്‍ പിടിക്കുന്നത് എഴുത്തു മികച്ചതാക്കാന്‍ സഹായിക്കും.

4. ഇടത്തരം വലുപ്പത്തിലുള്ള പേനയും പെന്‍സിലുമായിരിക്കണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. നീളം കൂടിയതും വളരെ നീളം കുറഞ്ഞതുമായ പെന്‍സില്‍ ഒരിക്കലും നല്‍കരുത്. ഇവയില്‍ ശരിയായി ബാലന്‍സ് ചെയ്തു പിടിക്കാന്‍ കുട്ടികള്‍ക്ക് കഴിയില്ല. യുപി ക്ലാസുമുതല്‍ പേനകൊണ്ട് എഴുതാന്‍ ശീലിപ്പിക്കണം.

5. തള്ള വിരലും ചൂണ്ടുവിരലും കൊണ്ടു പെന്‍സില്‍ പിടിക്കാന്‍ പരിശീലിപ്പിക്കണം. നടുവിരല്‍ കൊണ്ടു പെന്‍സില്‍ താങ്ങുകയും ചെയ്യണം.

6. എഴുതുമ്പോള്‍ ഇടതു കൈ മേശപ്പുറത്ത് വയ്ക്കുക. ശരീരഭാരം മുഴുവന്‍ പെന്‍സിലിലേക്ക് കേന്ദ്രീകരിക്കുന്നത് തടയാന്‍ ഇതു സഹായിക്കും.

7. മൂന്നോ ആറോ വശങ്ങളുള്ള പെന്‍സിലുകളാണ് കുട്ടികള്‍ക്ക് നല്ലത്. പെന്‍സില്‍ മുറുകെ പിടിക്കാനിതു കുട്ടികളെ സഹായിക്കും. ഉരുണ്ടിരിക്കുന്ന പെന്‍സിലുകള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ നല്‍കരുത്.

പഠിച്ചുയരാന്‍ സ്കോളര്‍ഷിപ്പുകള്‍

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക സഹായമാണ് സ്കോളര്‍ഷിപ്പുകള്‍. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പഠനത്തില്‍ മിടുക്കരായവര്‍ക്ക് സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിരവധി സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം ക്ലാസ് മുതല്‍ ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും ഗവേഷണപഠനത്തിനും വരെ സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. പണമില്ലാത്തതിന്റെ പേരില്‍ അര്‍ഹാരായവര്‍ക്ക് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നില്ല സ്കോളര്‍ഷിപ്പുകളേതെല്ലാമെന്ന് അറിയുകയും കൃത്യസമയത്ത് അപേക്ഷിക്കാന്‍ മറക്കാതിരിക്കുകയും ചെയ്‌താല്‍ മതി. പഠനം സുഗമമാക്കുന്നതിന് സാമ്പത്തിക സഹായം ആവശ്യമായതിനാല്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ അര്‍ഹമായ സ്കോളര്‍ഷിപ്പുകളുടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതാണ്.

കേരളത്തിലും ഇന്ത്യയിലും മാത്രമല്ല വിദേശത്ത് പോയി പഠിക്കാനും സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാണ്. മിക്ക സ്കോളര്‍ശിപ്പുകള്‍ക്കും ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ആവശ്യമായ അനുബന്ധ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കാന്‍ ശ്രദ്ധിക്കണം. വിവിധയിനം സ്കോളര്‍ഷിപ്പുകളുടെ തുടര്‍ലഭ്യത ഉറപ്പാക്കുന്നതിന് കാലാകാലങ്ങളില്‍ പുതുക്കല്‍ പ്രക്രിയയും അനിവാര്യമാണ്. സര്‍ക്കാര്‍ മേഖലകളിലെ സ്കോളര്‍ഷിപ്പുകള്‍ക്ക് ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ആവശ്യമായതിനാല്‍ ഒരു ദേശസാല്‍കൃത ബാങ്കില്‍ ജോയിന്‍റ്/സിങ്കിള്‍ അക്കൌണ്ട് തുടങ്ങുവാനും ശ്രദ്ധിക്കണം. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ യൂസര്‍നെയിമും പാസ്വേഡും ഓര്‍മ്മിച്ച് വയ്ക്കണം. ഓണ്‍ലൈന്‍ അപേക്ഷകള്‍ അവസാന തിയ്യതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും ചെയ്യുന്നതാണുത്തമം. ഓണ്‍ലൈന്‍ സംബന്ധമായ ര്പശ്നങ്ങള്‍ കുറയ്ക്കുവാന്‍ അത് ഉപകരിക്കും. സ്കോളര്‍ഷിപ്പുകള്‍ ഉന്നതപഠനത്തിനുള്ള പ്രോത്സാഹനം കൂടിയാണ്.

വിവിധതരം സ്കോളര്‍ഷിപ്പുകള്‍
ന്യൂനപക്ഷ സമുദായക്കാര്‍ക്ക് പ്രീമെട്രിക് സ്കോളര്‍ഷിപ്പ്

ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവര്‍മെന്റിന്റെ സഹായത്തോടെ നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്. ഒന്നാം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്കോളര്‍ഷിപ്പ് നല്‍കുക. രക്ഷിതാക്കളുടെ വാര്‍ഷിക കുടുംബ വരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. രണ്ടുമുതല്‍ പത്ത് വരെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ഉണ്ടായിരിക്കണം. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ്‌ ലഭിച്ചവര്‍ റിന്യൂവല്‍ കോളം നിര്‍ബന്ധമായും മാര്‍ക്ക് ചെയ്യണം. ഒരു കുടുംബത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ അതത് സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. വെബ്സൈറ്റ് : www.bcdd.kerala.gov.in ഫോണ്‍ : 0471 2727379

ന്യൂനപക്ഷ സമുദായത്തിനുള്ള പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പ്‌

പ്ലസ്വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം, പി.എച്ച്.ഡി എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, സിക്ക്, പാഴ്സി വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര ഗവര്‍മെന്റിന്റെ മൈനോരിറ്റി അഫയേഴ്സ് ഏര്‍പ്പെടുത്തി സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖാന്തിരം നടപ്പാക്കി വരുന്ന സ്കോളര്‍ഷിപ്പാണിത്. ടെക്നിക്കല്‍, വൊക്കേഷണല്‍, ഐടിഐ, ഐടിസി അഫിലിയേറ്റഡ് കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും ഈ സ്കോളര്‍ഷിപ്പ്‌ ലഭ്യമാകും. വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയരുത്. മുന്‍വര്‍ഷത്തെ പരീക്ഷയില്‍ അമ്പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്കുണ്ടായിരിക്കണം. ഒരു കുടുംബത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ക്ക് ഈ സ്കോളര്‍ഷിപ്പ്‌ ലഭിക്കുകയില്ല. മറ്റ് സ്കോളര്‍ഷിപ്പോ സ്റ്റൈപ്പന്റോ വാങ്ങുന്നവരാകരുത്. പോസ്റ്റ്‌ മെട്രിക് സ്കോളര്‍ഷിപ്പുകള്‍ വര്‍ഷാവര്‍ഷം പുതുക്കണം.

വെബ്സൈറ്റ് : www.dcescholarship.kerala.gov.in

പിന്നോക്ക സമുദായക്കാര്‍ക്ക് വിദേശപഠനത്തിനുള്ള സ്കോളര്‍ഷിപ്പും ലഭ്യമാണ്

www.dcdd.kerala.gov.in

ഫോണ്‍ : 0471 2306580

മുന്നോക്ക സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും പ്രൊഫഷണല്‍ / നോണ്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്കോളര്‍ഷിപ്പാണിത്. സംസ്ഥാന മുന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ നല്‍കുന്ന ഈ സ്കോളര്‍ഷിപ്പിന് 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കിന് പ്ലസ്ടു വിജയിച്ചിരിക്കണം. വാര്‍ഷിക വരുമാനം ആദായ നികുതി പരിധിക്ക് താഴെയാവണം. ദേശീയ നിലവാരത്തിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (IIM), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (IISC), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT), നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ (NLSIU), തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളേയും പരിഗണിക്കുന്നതാണ്.

വെബ്സൈറ്റ് : www.kswcfc.org

ഫോണ്‍ : 0471 2311215

നാഷണല്‍ മെറിറ്റ്‌ കം മീന്‍സ് സ്കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് എസ്.സി.ഇ.ആര്‍.ടി നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. സംസ്ഥാനതല പ്രതിഭാനിര്‍ണ്ണയ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ഹയര്‍ സെക്കണ്ടറി തലം വരെ സ്കോളര്‍ഷിപ്പ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷിക്കേണ്ടത്.

വെബ്സൈറ്റ് : www.scert.kerala.gov.in

ഫോണ്‍ : 0471 2341883

ടാലന്റ് സെര്‍ച്ച് സ്കോളര്‍ഷിപ്പ്

യുവപ്രതിഭകളെ കണ്ടെത്തുന്നതിന് സംസ്ഥാന ഗവേഷണ പരിശീലന കൗണ്‍സില്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രതിഭാനിര്‍ണ്ണയ പരീക്ഷയാണിത്. സമര്‍ത്ഥരായ പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് പ്രോത്സാഹനം നല്‍കുകയാണ് ലക്ഷ്യം. ദേശീയ തലത്തില്‍ യോഗ്യത ആയിരത്തോളം കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപ വീതം സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയുടെ വിജ്ഞാപനം SCET, NCERT എന്നീ ഔദ്യോഗിക ഏജന്‍സികള്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.

വെബ്സൈറ്റ് : www.scert.kerala.gov.in & www.ncert/nic.in

ഫോണ്‍ : 0471 2340323

സി.എച്ച് മുഹമ്മദ്‌ കോയ സ്കോളര്‍ഷിപ്പ്‌

ഉന്നതവിദ്യാഭ്യാസം നേടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ ആദ്യവര്‍ഷ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്ന മുസ്ലീം, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്നവരേയും പരിഗണിക്കും. ബിരുദ കോഴ്സുകളില്‍ പഠിക്കുന്ന 3000 പേര്‍ക്ക് 4000 രൂപ വീതവും ബിരുദാനന്തര കോഴ്സില്‍ പഠിക്കുന്ന 1000 പേര്‍ക്ക് 5000 രൂപ വീതവും പ്രൊഫഷണല്‍ കോഴ്സുകളിലെ 1000 പേര്‍ക്ക് 6000 നിരക്കിലുമാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്‌ ലഭിക്കുക. ഹോസ്റ്റല്‍ സ്റ്റൈപ്പന്റായി 2000 പേര്‍ക്ക് പ്രതിവര്‍ഷം 12000 രൂപ ലഭിക്കുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം. വാര്‍ഷിക കുടുംബ വരുമാനം നാലര ലക്ഷത്തിന് താഴെയാകണം.

വെബ്സൈറ്റ് : www.dcescholarshi.kerala.gov.in

ഫോണ്‍ : 0471 3270202

ഒറ്റ പെണ്‍കുട്ടിക്ക് സ്കോളര്‍ഷിപ്പ്‌

ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന കുടുംബത്തിലെ ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന സിബിഎസ്ഇ സ്കോളര്‍ഷിപ്പാണിത്.

വെബ്സൈറ്റ് : www.cbse.nic.in

ബിരുദാനന്തര കോഴ്സുകള്‍ ചെയ്യുന്ന ഒറ്റപെണ്‍കുട്ടിക്ക് ലഭിക്കുന്ന മറ്റൊരു സ്കോളര്‍ഷിപ്പാണ് ഇന്ദിരാഗാന്ധി പോസ്റ്റ്‌ ഗ്രാജുവേറ്റ് സ്കോളര്‍ഷിപ്പ്.

വെബ്സൈറ്റ് : www.ugc.ac.in/sgcl

ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ്‌

ഗവര്‍മെന്റ് എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളിലും യൂണിവേഴ്സിറ്റി വകുപ്പുകളിലും ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ നടപ്പാക്കി വരുന്ന ഈ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്കോടെയും മറ്റു വിഷയങ്ങള്‍ക്ക് 45 ശതമാനം മാര്‍ക്കോടെയും വിജയിച്ചിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് ശതമാനം മാര്‍ക്കിളവുണ്ട്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 25 സ്ഥതമാനം തുക അധികം ലഭിക്കും.

വെബ്സൈറ്റ് : www.kshc.kerala.gov.in

ഡിസ്ട്രിക്റ്റ് മെറിറ്റ്‌ സ്കോളര്‍ഷിപ്പ്

സംസ്ഥാന കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നല്‍കി വരുന്ന സ്കോളര്‍ഷിപ്പാണിത്. എസ്.എസ്.എല്‍.സി കേരള ബോര്‍ഡ് എക്സാമിനേഷനില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഹയര്‍ സെക്കണ്ടറി/വിഎച്ച്എസ്സി/ഐടിഐ/പോളിടെക്നിക്കില്‍ പഠിക്കുന്നവര്‍ക്കാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. 1250 രൂപയാണ് വാര്‍ഷിക സ്കോളര്‍ഷിപ്പ്‌.

വെബ്സൈറ്റ് : www.dcescholarship.gov.in

പട്ടികജാതി, പട്ടികവര്‍ഗ്ഗ സ്കോളര്‍ഷിപ്പുകള്‍

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പാണിത്. എസ്.എസ്.എല്‍.സി ക്ക് 750 രൂപ, പ്ലസ്ടു, ടിടിസി, പോളിടെക്നിക് 1000രൂപ, പിജി, ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് 2000 രൂപ എന്നിങ്ങനെയാണ് നിരക്കുകള്‍. അതത് ജില്ല പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

മല്ലൂസ്സും ഇംഗ്ലീഷും

സഞ്ചാരിയായ ഒരു ഫ്രഞ്ച് വനിത ഒരിക്കല്‍ തന്റെ ഇന്ത്യന്‍ സഞ്ചാര വിശേഷങ്ങളെ പറ്റി പറയുകയുണ്ടായി. ഇന്ത്യയിലെ തീവണ്ടിയാത്ര എന്നും എനിക്ക് ഒരു അത്ഭുതമാണ്. ഓരോ ട്രെയിനിലും നമ്മള്‍ ഒരു ചെറിയ ഇന്ത്യ കാണുന്നു. ഇംഗ്ലീഷിലുള്ള എന്റെ സംസാരത്തിന് ഏറ്റവും കൂടുതല്‍ ആംഗ്യഭാഷയില്‍ മറുപടി തരുന്നതും അതുപോലെ തന്നെ മറുപടി തരാന്‍ മടി കാണിക്കുന്നതും കേരളീയരാണ്. ഈ അടുത്ത കാലത്ത് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഞാന്‍ കണ്ട ഒരു കാഴ്ച കൂടി പറയാം. വളരെ പരിഷ്കൃത വസ്ത്രങ്ങള്‍ അണിഞ്ഞ ദമ്പതിമാരും അവരുടെ രണ്ടു മക്കളും കൂടി പ്ലാറ്റ്ഫോമില്‍ നിന്ന് ഇംഗ്ലീഷില്‍ സംസാരിക്കുന്നു, ചിരിക്കുന്നു. ഇവരുടെ അടുത്തും അകലെയുമായി പല ചെറിയ ആള്‍ക്കൂട്ടങ്ങള്‍. എല്ലാവരും വളരെ അത്ഭുതത്തോടും അമ്പരപ്പോടും ഒരു നിശ്ചിത അകലം പാലിച്ച് നില്‍ക്കുന്നു. അവരില്‍ സ്കൂള്‍ കുട്ടികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കുറേ ചെറുപ്പക്കാരും. ഈ രണ്ട് അവസ്ഥയിലും എന്തുകൊണ്ട് ഒരു ശരാശരി മലയാളി ഇങ്ങനെ പെരുമാറുന്നു എന്ന് ചിന്തിച്ച് തല പുണ്ണാക്കും മുമ്പ് ഒരു ചെറിയ കാര്യം ചോദിച്ചോട്ടേ ? നിങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വിഷയത്തെ പറ്റി ഒരു പത്താളുകളുടെ മുമ്പില്‍ വച്ച് ഒരു അഞ്ച് മിനിറ്റ് ഇംഗ്ലീഷില്‍ സംസാരിക്കാമോ ? കഴിയും എന്നാണെങ്കില്‍ സുല്ല്. ഞാന്‍ ഈ കളിക്കില്ല. സംശയത്തോടെ മൗനം പാലിക്കുന്നവരോട് ഒരു ചെറിയ രഹസ്യം പറയാം.

ഇംഗ്ലീഷ് അക്ഷരങ്ങളുടെ ഇരട്ടിയില്‍ കൂടുതല്‍ അക്ഷരങ്ങള്‍ ഉള്ള മലയാള ഭാഷ നമ്മള്‍ പുല്ലുപോലെ കൈകാര്യം ചെയ്യുന്നില്ലേ ? അത് എങ്ങനെ സാധിക്കുന്നു ? ജനിച്ച നാള്‍ മുതല്‍ നാം കേള്‍ക്കുന്നതും കാണുന്നതും മലയാളമാണ്. മാതാപിതാക്കള്‍ പഠിപ്പിച്ചു തന്ന വാക്കുകളുടെ എത്രയോ ഇരട്ടി വാക്കുകള്‍ ഇന്ന് നമുക്ക് അറിയാം. എഴുതാനും വായിക്കാനും തുടങ്ങിയപ്പോള്‍ കൈയ്യില്‍ കിട്ടിയത് മലയാളം ആയിരുന്നു. ചിന്തകള്‍ മലയാളത്തിലായിരുന്നു (ചിന്തിക്കാന്‍ ഒരു ഭാഷ കൂടിയേ തീരൂ) എന്നോട് സംസാരിച്ചിട്ടുള്ള പലരും പറഞ്ഞിട്ടുണ്ട് അവര്‍ക്ക് ഇംഗ്ലീഷ് വായിക്കാനും എഴുതാനും കേട്ടാലും മനസ്സിലാവും. പക്ഷേ സംസാരിക്കാന്‍ ചെറിയൊരു പ്രയാസം. എല്ലാവരുടേയും മുന്നില്‍ വില്ലനായി നില്‍ക്കുന്നത് ഗ്രാമര്‍ ആണത്രേ. ഞാനൊന്ന് ചോദിക്കട്ടെ, ഇത്ര നന്നായി സംസാരിക്കുന്ന വാദിക്കുന്ന പ്രസംഗിക്കുന്ന പാടുന്ന ചിന്തിക്കുന്ന നമ്മുടെ സ്വന്തം മലയാളത്തിന്റെ ഗ്രാമര്‍ എന്നാണ് പഠിച്ചത് ? ആരാണ് പഠിപ്പിച്ചത് ? മൂന്നു വയസ്സുള്ള നമ്മുടെ മക്കള്‍ ഏത് ഗ്രാമര്‍ സ്കൂളിലാണ് കോഴ്സ് ചെയ്തത് ? പള്ളിക്കൂടത്തിന്റെ പാടിപോലും കാണാത്ത നമ്മുടെ പോര്‍ട്ടര്‍മാര്‍, വിനോദസഞ്ചാര മേഖലകളിലെ കൊച്ചുകുട്ടികള്‍ മുതല്‍ മീന്‍ വില്‍ക്കുന്ന അമ്മച്ചിമാര്‍ വരെ എങ്ങനെ ഇംഗ്ലീഷില്‍ സംസാരിക്കുന്നു ? തെറ്റുമെന്നൊരു അനാവശ്യ ഭയത്തില്‍ നിന്നും ഉണ്ടാകുന്ന അപകര്‍ഷതാബോധം ഒരു കാരണം ആണ്. ഇതിനെ നേരിടാന്‍ ആവശ്യബോധം എന്ന സംഗതിയാണ് വേണ്ടത്. മറ്റുചിലര്‍ പറയാറുണ്ട്‌ വാക്കുകള്‍ അത്ര പെട്ടെന്ന് വരാറില്ല എന്ന്. സ്ഥിരമായി ഉപയോഗിക്കാത്ത മലയാള വാക്കുകളുടേയും അവസ്ഥ ഇതുതന്നെയാണ്. ഒരു ശാശരി പത്താം ക്ലാസ്സുകാരന് 2500 ഇംഗ്ലീഷ് വാക്കുകള്‍ അറിയാം. ഇതിന്റെ സ്ഥിരമായ ഉപയോഗമില്ലായ്മയാണ് ഇത് ഓര്‍മയില്‍ നിന്നും മറയാന്‍ കാരണമാകുന്നത്. ഇംഗ്ലീഷില്‍ ഉള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക, വായിക്കുക, എഴുതുക, പറയുക. ആകെ വേണ്ടത് ആത്മവിശ്വാസം എന്ന ചെറിയ സംഗതി മാത്രം. അനാവശ്യമായ അപകര്‍ഷതാ ബോധത്തിനും പേടിക്കുമുള്ള രണ്ട് ഉദാഹരണങ്ങള്‍ മാത്രമാണ് മുകളില്‍ സൂചിപ്പിച്ചത്. അപകര്‍ഷതാ ബോധമേ വിട.പേടിയേ വിട..എന്നന്നേക്കും വിട…

ഇനി കുറച്ച് അലങ്കാരപ്പണി

അല്പം ആത്മവിശ്വാസം ഉണ്ടെങ്കില്‍ വളരെ നിസ്സാരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാം എന്ന് മനസ്സിലായല്ലോ. ഇനി ഇംഗ്ലീഷ് കുറച്ച് ഭംഗിയായി സംസാരിക്കാനുള്ള പൊടിക്കൈകള്‍ പറഞ്ഞ് തരാം. ആദ്യമായി ഒരു കാര്യം മനസ്സിലാക്കണം. വാക്ചാതുര്യം (Fluency) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് നിര്‍ത്താതെ ഒറ്റ ശ്വാസത്തില്‍ സംസാരിക്കുക എന്നതല്ല. ഇംഗ്ലീഷ് ചാനലുകളിലെ പല പരിപാടികളും ശ്രദ്ധിച്ചാല്‍ അത് മനസ്സിലാവും. കേള്‍ക്കുന്ന ആളുകള്‍ക്ക് ഒരുപാട് വിരസത ഉണ്ടാക്കാതെ സംസാരിക്കുക എന്നതാണ്. അടിസ്ഥാനപരമായി ഭാഷയുടെ ഉദ്ദേശം ആശയവിനിമയമാണ് എന്നിരിക്കെ കടുകട്ടി വാക്കുകള്‍ ഉപയോഗിക്കാതെയിരിക്കാം. ആര്‍ക്കും അത്ര സുപരിചിതമല്ലാത്ത പ്രയോഗങ്ങളും വാക്കുകളും കൊണ്ട് ആശയവിനിമയം നടക്കുമെന്ന് തോന്നുന്നില്ല.

അടുത്തത് ഉച്ചാരണമാണ്. വളരെ പ്രയാസപ്പെട്ട് അമേരിക്കന്‍ ശൈലിയും മറ്റും പലരും അനുകരിച്ച് കുളമാക്കുന്നത് കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടില്‍ പൊതുവെ സ്വീകരിച്ച് പോരുന്ന ഒരു ഉച്ചാരണം ബ്രിട്ടീഷ് ഉച്ചാരണമാണ്. ഭാഷാ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റിസീവ്ഡ് പ്രൊനൗണ്‍സിയേഷന്‍ ബ്രിട്ടീഷ് ഉച്ചാരണവുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. ഇംഗ്ലീഷ് ഒരു അന്യഭാഷ ആയതുകൊണ്ട് സ്വാഭാവികമായും നമ്മുടെ മലയാളത്തിന്റെ ചുവ (mother tongue influence) കയറി വരാന്‍ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കാന്‍ ഒരു മാര്‍ഗ്ഗമുണ്ട്. കുറച്ച ഇംഗ്ലീഷ് ചാനലുകള്‍ കാണുക. എന്നിട്ട് സ്വയം സംസാരിക്കുന്നത് മൊബൈലില്‍ റെക്കോഡ് ചെയ്ത് ഇയര്‍ഫോണിലിട്ട് കേള്‍ക്കുക. തെറ്റുകള്‍ എല്ലാം തന്നെ സാവധാനം മാറ്റാവുന്നതേയുള്ളൂ. എന്തുതന്നെ അയാളും സംസാരിക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ ഉറക്കെ വാ തുറന്ന് സംസാരിക്കുക. അടിസ്ഥാനപരമായ ഒരു ഘട്ടം കഴിഞ്ഞാല്‍ അല്പം പുതിയ വാക്കുകള്‍, ഭാഷാ പ്രയോഗങ്ങള്‍, പഴഞ്ചൊല്ലുകള്‍, മഹത് വചനങ്ങള്‍ പഠിച്ച് പരീക്ഷിക്കുക. എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യം കേള്‍ക്കുന്ന ആളുകളുടെ നിലവാരമാണ്. എല്‍കെജി കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ക്ലാസ്സ് എടുത്ത പോലെയോ പിജി കുട്ടികള്‍ക്ക് നേഴ്സറി ക്ലാസ് എടുത്തത് പോലെയോ ആവരുത് എന്ന് സാരം.

ബിനു ജോസഫ്
Drop your comments
binuvj001@gmail.com

കുട്ടികളെ സ്മാര്‍ട്ടാക്കാം മാധ്യമങ്ങളിലൂടെ

ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, പൊട്ടിപ്പൊളിഞ്ഞ ബഞ്ചുകളും ഡസ്കുകളും, താഴ്ന്ന ക്ലാസ്സിലാണെങ്കില്‍ നിലത്തിരുന്നുള്ള പഠനം, അദ്ധ്യാപകന്റെ ചൂരല്‍ കാണുമ്പോള്‍ മാത്രമുള്ള നിശ്ശബ്ദത…. പഴയ ക്ലാസ്സുമുറിയുടെ ചിത്രമിതൊക്കെയാണ്. എന്നാലിന്ന് കാലം മാറി. മതിയായ ഭൗതിക സൗകര്യങ്ങളില്ലാത്ത വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവുന്നില്ല. ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റം പഠനത്തിലും ക്ലാസ്സുമുറികളിലുമൊക്കെ വേണമെന്ന് രക്ഷിതാക്കള്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാകില്ലല്ലോ. ഇന്റര്‍നാഷണല്‍ പബ്ലിക് സ്കൂളുകളുടെ കാലമാണിത്. ഇവിടെ അന്താരാഷ്ട്ര  ഭൗതിക സൗകര്യങ്ങളാണല്ലോ അതല്ല അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പഠനമാണോ ഉദ്ദേശിക്കുന്നത് എന്നറിയില്ല. എന്തായാലും ഇത്തരം സ്കൂളുകളില്‍ പ്രവേശനത്തിന് വന്‍ തിരക്കാണ് എന്നാണ് കേള്‍വി. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുള്‍പ്പെടെ ആധുനിക സാങ്കേതിക വിദ്യയോടെ സജ്ജീകരിച്ച ശീതീകരിച്ച ക്ലാസ് മുറികള്‍ ഇന്ന് സാര്‍വ്വത്രികമാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ഇത്തരം സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ക്ക് വലിയ പ്രാധ്യാന്യമുണ്ട്.

ഇലക്ട്രോണിക്സ് മാധ്യമങ്ങളുടെയും ഉന്നത സാങ്കേതിക വിദ്യയുടേയും സഹായത്തോടെയുള്ള അദ്ധ്യയനം വിദ്യാഭ്യാസത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു. കമ്പ്യൂട്ടറുകളും മള്‍ട്ടിമീഡിയ സാധ്യതകളും ക്ലാസ് മുറികളെ സജീവമാക്കുകയാണ്. കമ്പ്യൂട്ടര്‍ പഠനം ഒന്നാം ക്ലാസ്സില്‍ നിന്നോ അല്ലെങ്കില്‍ എല്‍കെജി ക്ലാസുകളില്‍ നിന്നോ ആരംഭിക്കുകയാണ്. അദ്ധ്യയനവും അദ്ധ്യാപനവും മികവുറ്റതാക്കാനും വിരസമായ ക്ലാസ് മുറികളെ രസകരമാക്കാനും സ്മാര്‍ട്ട് ക്ലാസ് മുറികള്‍ക്ക് കഴിയും.

ആദ്യകാലത്ത് റേഡിയോ പോലുള്ള ശ്രാവ്യ മാധ്യമങ്ങളാണ് ക്ലാസ് മുറികളും വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇന്റര്‍നെറ്റ് റേഡിയോകളും ക്യാമ്പസ് റേഡിയോകളും മറ്റും ലഭ്യമായ ഇന്നത്തെ കാലത്തും ഇതിന്റെ സാധ്യതകളെ നമുക്ക് തള്ളിക്കളയാനാകില്ല. ശ്രാവ്യ മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ ദൃശ്യപ്രാധാന്യമുള്ള സിഡികളും ഡിവിഡികളുമാണ് ക്ലാസ് മുറികളെ ഇന്ന് കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ശാസ്ത്രവിഷയങ്ങളായാലും മാനവിക വിഷയങ്ങളായാലും ഭാഷയും സാഹിത്യമായാല്‍ പോലും ദൃശ്യാവിഷ്കരണത്തിലൂടെ അത് കുട്ടികളില്‍ എളുപ്പത്തില്‍ പതിയും. ചെറിയ ക്ലാസ്സുകള്‍ മുതല്‍ വലിയ ക്ലാസ്സുകള്‍  വരെ വീഡിയോ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രൊജക്റ്റര്‍ ഇല്ലാത്ത വിദ്യാലയങ്ങള്‍ ഇന്ന് നന്നേ കുറവാണ്. കമ്പ്യൂട്ടറുകളും ടാബ്ലെറ്റുകളും മൊബൈല്‍ ഫോണുകളും പഠനത്തിലുള്ള മാധ്യമങ്ങളായി ഉപയോഗിച്ച് വരുന്നു. പ്രത്യേകിച്ച് യൂട്യൂബ് പോലുള്ള ദൃശ്യപ്രധാനമായ വെബ്സൈറ്റുകള്‍ പഠന മികവിനായി ഉപയോഗിക്കുന്നുണ്ട്.

പഠനത്തിന് സഹായകരമായ മറ്റൊരു ആധുനിക രീതിയാണ് ബ്ലോഗെഴുത്ത്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും അവരവരുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുള്ള നല്ലൊരു മാധ്യമമായി ഇതിനെ കാണാം.വിദ്യാഭ്യാസ സംബന്ധമായ ധാരാളം ബ്ലോഗുകള്‍ ഇന്ന് ലഭ്യമാണ്. വെബ്കാസ്റ്റിങ്ങിലൂടെ വിര്‍ച്വല്‍ ക്ലാസ് മുറിയും പഠനന്തരീക്ഷവും സൃഷ്ടിക്കുന്നതിലൂടെ നമ്മുടെ ക്ലാസ് മുറികള്‍ സാങ്കേതിക വിദ്യയുടെ വലിയ സ്വാധീനത്തിലാണ് എന്ന് പറയാം. ഇ-ലേണിംഗ് അഥവാ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സഹായത്തോടെയുള്ള പഠനം ഇന്ന് വലിയ പ്രാധാന്യം നേടിക്കഴിഞ്ഞു. പരമ്പരാഗത ക്ലാസ് മുറികളോ അദ്ധ്യാപകനോ ഇല്ലാതെ തന്നെ നല്ല അദ്ധ്യാപകരില്‍ നിന്ന് അറിവ് നേടാനുള്ള എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ഇ-ലേണിംഗിലൂടെയും മറ്റും ലഭിക്കുന്നത്.

പരമ്പരാഗത ക്ലാസ്മുറി പഠനത്തിന് പൂരകമായി മാത്രമേ സാങ്കേതിക വിദ്യയെ ആശ്രയിച്ചുള്ള പഠനത്തെ നമുക്ക് കാണാന്‍ കഴിയുകയുള്ളൂ. ചെറിയ ക്ലാസ് മുതല്‍ തന്നെ കുട്ടികളെ പഠനത്തിലേക്കാകാര്‍ഷിക്കാനും അറിവ് സമ്പാദനത്തില്‍ ഔത്സുക്യം വര്‍ദ്ധിപ്പിക്കാനും സ്മാര്‍ട്ട് ക്ലാസ് മുറികളും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്താവുന്നതാണ്. അദ്ധ്യാപകരുടെ വ്യക്തമായ നിര്‍ദ്ദേശത്തിലും നിയന്ത്രണത്തിലും മാത്രമേ കുട്ടികളെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താന്‍ അനുവദിക്കാവൂ. ഏതൊക്കെ മാധ്യമങ്ങള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ടിവി ചാനലുകള്‍ കണ്ണീര്‍ പരമ്പരകളും സിനിമകളും കാണാന്‍ മാത്രമുള്ളതല്ലെന്നും അറിവ് നേടാനുള്ള മാധ്യമങ്ങള്‍ കൂടിയാണെന്ന കാര്യം വീടുകളില്‍ നിന്നുതന്നെ കുട്ടികള്‍ക്ക് ലഭിക്കണം. ദൂരദര്‍ശനും മറ്റും സംപ്രേക്ഷണം ചെയ്യുന്ന വിദ്യാഭ്യാസ പരിപാടികള്‍ക്കും വിക്ടര്‍ ചാനലിലുമെല്ലാം ഗൃഹാന്തരീക്ഷത്തില്‍ സ്ഥാനം ലഭിക്കണം.

ഇന്റര്‍നെറ്റിന്റെ ഉപയോഗം സര്‍വ്വ സാധാരണമായ ഇക്കാലത്ത് രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും മേല്‍നോട്ടം ഇതിന്റെ ഉപയോഗത്തില്‍ ഒഴിച്ച് കൂടാത്തതാണ്. കുട്ടികള്‍ക്ക് ഉപയോഗപ്രദമായ വെബ്സൈറ്റുകള്‍ തുറന്ന് പഠനത്തിനാവശ്യമായ പ്രോജക്റ്റുകളും മറ്റും തയ്യാറാക്കുന്നത് സര്‍വ്വസാധാരണമായിരിക്കുന്നു. അദ്ധ്യാപകനില്‍ നിന്ന് ലഭിക്കുന്ന അറിവിനൊപ്പം ചേര്‍ത്തുവയ്ക്കാന്‍ വേറെയും കുറേ അറിവുകള്‍ നെറ്റിലൂടെയും മറ്റും കുട്ടിക്ക് ലഭിക്കുന്നു. അങ്ങനെ പഠനം ആകര്‍ഷകവും ഫലപ്രദവുമാകുന്നു.

അറിവ് നേടാനുള്ള ആഗ്രഹം കുട്ടികളില്‍ വളര്‍ത്തുന്നതില്‍ വീടിനും വിദ്യാലയത്തിനും ഒരേപോലെ സ്ഥാനമുണ്ട്. പത്രം വായിക്കുന്ന ശീലം പുതുതലമുറയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. ഇനി പത്രം കൈയ്യില്‍ കിട്ടിയാല്‍ തന്നെ സ്പോര്‍ട്സ് പേജും സിനിമാ പരസ്യവും നോക്കി ഉപേക്ഷിക്കുന്നവരാണ് നമ്മുടെ കുട്ടികളും യുവാക്കളും അധികവും. പത്രാധിപപംക്തിയും മറ്റും വായിക്കാന്‍ കുട്ടിയെ പ്രേരിപ്പിക്കണം. അതിലൂടെ സാമൂഹ്യമായ ഒരവബോധം കുട്ടിക്ക് ലഭിക്കും. അമിതമായ സാങ്കേതിക വിദ്യയുടെ ഉപയോഗം കുട്ടിയെ സ്മാര്‍ട്ടാക്കും എന്നും ധരിക്കരുത്. സാങ്കേതിക വിദ്യക്കും ശാസ്ത്ര വിഷയങ്ങള്‍ക്കുമൊപ്പം മാനവിക വിഷയങ്ങള്‍ക്കും ഭാഷയ്ക്കും സാഹിത്യത്തിനുമൊപ്പം പഠനത്തില്‍ വലിയ സ്ഥാനമുണ്ട്. ശാസ്ത്ര വിഷയങ്ങളും സാങ്കേതിക വിദ്യയുമൊക്കെ കുട്ടിയുടെ ബുദ്ധിപരമായ വളര്‍ച്ചയ്ക്ക് കാരണമാകുമെങ്കില്‍ മാനവിക വിഷയങ്ങളും സാഹിത്യവും മനസ്സിനെ സംസ്കരിക്കുന്നു.

പഠനത്തില്‍ എല്ലാ വിഷയങ്ങള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്. ബുദ്ധിയും മനസ്സും ഒരുപോലെ വളരുമ്പോഴേ ശരിയാ വ്യക്തിത്വം രൂപം പ്രാപിക്കുകയുള്ളൂ. മാനവികതയുടെ വികസമുണ്ടാകുകയുള്ളൂ. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനൊപ്പം തന്നെ വിനോദവും, കായികവും വായനാശീലവുമെല്ലാം ചേരുമ്പോഴേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ എന്ന തിരിച്ചറിവോടെയാണ് കുട്ടികളെ വളര്‍ത്തേണ്ടത്. ഹൃദയമുള്ള, ബുദ്ധിയുള്ള, ആരോഗ്യമുള്ള ഒരു തലമുറ ഏതൊരു രാജ്യത്തിന്റേയും പ്രതീക്ഷ അവരിലാണ്.

ഡോ. ഒ.വാസവന്‍

മാറുന്ന കാലം മാറേണ്ട ആദ്ധ്യപകര്‍

ക്ലാസ്സ്‌ റൂമില്‍ ഇരിക്കുമ്പോള്‍ തന്നെ കയ്യില്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉപയോഗിച്ച് ഗൂഗിളില്‍ പരത്തി അദ്ധ്യാപകന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന് വേര്‍ത്തിരിച്ചറിയുന്ന വിദ്യാര്‍ത്ഥികളുടെ തലമുറയാണ് ഇന്നുള്ളത്‌. ഇവരെ കൈകാര്യം ചെയ്യാന്‍ അദ്ധ്യാപകര്‍ക്ക് പ്രയാസമുണ്ടാകുന്നുണ്ടോ ? സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് നമ്മുടെ അദ്ധ്യാപകര്‍ പുതിയ അദ്ധ്യാപന രീതികള്‍ അവലംഭിക്കുന്നുണ്ടോ ? പുതിയ പഠന തന്ത്രങ്ങളും അദ്ധ്യാപന തന്ത്രങ്ങളും പ്രയോഗിക്കുക വഴി കുട്ടികളെ ക്ലാസ്സിലേക്കാകര്‍ഷിക്കാന്‍ കഴിയുമോ ? ചിന്തിക്കേണ്ട വിഷയങ്ങളാണ് ഇതൊക്കെ.

ഗൂഗിളില്‍ അങ്ങനെയല്ലല്ലോ ?

ക്ലാസ്സില്‍ മഹാശല്യക്കാരനായി മാറുന്നുവെന്ന അദ്ധ്യാപകരുടെ പരാതിയെ തുടര്‍ന്നാണ് പതിമൂന്നുകാരനായ ഗോപാലിനെയും കൂട്ടി രക്ഷിതാക്കള്‍ എന്റെയടുത്തെത്തിയത്. ഗോപാലിന്റെ അച്ഛന്‍ പറഞ്ഞത്‌ ഇങ്ങനെ: സാറേ ഇവന് ഭയങ്കര അഹങ്കാരമാണ്. നമ്മള്‍ എന്ത് ചെയ്താലും തര്‍ക്കുത്തരമാണ് മറുപടി. നമ്മള്‍ പറയുന്നതൊക്കെ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഭയങ്കര ഉത്സാഹമാണ്. ഇപ്പോള്‍ ക്ലാസ്സിലും ഇതേ പരിപാടി തുടങ്ങിക്കഴിഞ്ഞു. അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന കാര്യങ്ങളൊക്കെ വീട്ടില്‍ വന്ന് ഇന്റര്‍നെറ്റില്‍ നോക്കിയ ശേഷം അതിലെ തെറ്റ് കണ്ടുപിടിക്കലാണ് പ്രധാന ഹോബി. പിറ്റേന്ന് ക്ലാസ്സില്‍ ചെന്ന് കുനുഷ്‌ട് സംശയങ്ങള്‍ ചോദിക്കും. അദ്ധ്യാപകര്‍ എന്തുത്തരം പറഞ്ഞാലും അവരെ പരിഹസിക്കും. അവരോട് തര്‍ക്കിക്കും. ഗൂഗിളില്‍ അങ്ങനെയല്ലല്ലോ പറഞ്ഞിരിക്കുന്നത് എന്നാണ് അവന്‍ പറയുന്നത്. ഇത് കേട്ട് അദ്ധ്യാപകര്‍ക്ക് പൊറുതി മുട്ടി. ഒടുവില്‍ അവരെന്നെ വിളിച്ചു പറഞ്ഞു ഇവനെ കൌണ്‍സിലിങ്ങിന് കൊണ്ടുപോകണമെന്ന്. പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിയായ സുനില്‍ തന്നെ വഴക്ക് പറഞ്ഞ അദ്ധ്യപകനിട്ട് പാര പണിഞ്ഞത് ഇതിലേറെ ശ്രദ്ധേയമാണ്. ക്ലാസ്സില്‍ അടുത്തിരുന്ന കുട്ടിയോട് സംസാരിച്ചതിന് തന്നെ ക്ലാസ്സില്‍ നിന്നിറക്കിവിട്ട അദ്ധ്യാപകനോടാണ് അവന്‍ പകരം വീട്ടിയത്. പൊതുമധ്യത്തില്‍ നാണം കെടുത്താനുള്ള ടെക്നോളജിയാണ് അവന്‍ പ്രയോഗിച്ചത്‌. ഇന്റര്‍വെല്‍ സമയത്ത്‌ അധ്യാപകരുടെ മുറിയില്‍ നുഴഞ്ഞു കയറിയ സുനില്‍ അധ്യാപകന്റെ ലാപ്ടോപ്പില്‍ തന്റെ സുഹൃത്ത് സമ്മാനിച്ച അശ്ലീല ചിത്രങ്ങളുടെ പെന്‍ഡ്രൈവ്‌ കുത്തിവച്ചു. സ്മാര്‍ട്ട് ക്ലാസ്സ്‌ പദ്ധതി പ്രകാരം അദ്ധ്യാപകന്‍ പഠിപ്പിക്കാനായി തയ്യാറാക്കി വച്ചിരുന്ന പവര്‍ പോയന്റ് സ്ലൈഡുകളുടെ ആദ്യഭാഗത്ത് ചില നഗ്ന ചിത്രങ്ങള്‍ ചേര്‍ത്തു. ഇതൊന്നുമറിയാതെ അദ്ധ്യാപകന്‍ പഠിപ്പിക്കാനായി ലാപ്ട്ടോപ്പുമായി ക്ലാസ്സിലെത്തി. പവര്‍ പോയന്റ് പ്രസന്റേഷന്റെ രണ്ടാമത്തെ സ്ലൈഡ്‌ കണ്ട് അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും ഞെട്ടി. കടുത്ത ലൈംഗിക വൈകൃതങ്ങളുടെ രംഗങ്ങളായിരുന്നു ആ സ്ലൈഡില്‍. കുട്ടികളുടെ ഞെട്ടല്‍ പിന്നീട് കൂട്ടച്ചിരിയായി മാറി. അപ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പാവം പോലിരിക്കുകയായിരുന്നു സുനില്‍.

അധ്യാപകരുടെ മാനസിക സംഘര്‍ഷം

ഹോ ആ സാറിനെക്കൊണ്ട് തോറ്റു. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറുതെ ചൂടായിക്കോളും. രാവിലെ ഭാര്യയുടെ വായില്‍ നിന്നും കേട്ടിട്ട് വരുന്ന കളി നമ്മളോടാ തീര്‍ക്കുന്നത്. ഭാര്യയോട് ദേഷ്യപ്പെട്ടാല്‍ അവരയാളെ ചിരവയെടുത്ത് അടിക്കും. പെട്ടെന്ന് ദേഷ്യപ്പെടുന്ന ഒരു അധ്യാപകനെ കുറിച്ച് കുട്ടികള്‍ പറഞ്ഞ കമന്റാണിത്. അദ്ധ്യാപകരുടെ സ്വഭാവത്തില്‍ വരുണന്‍ ചെറിയ മാറ്റങ്ങള്‍ പോലും വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിച്ച് തുടങ്ങിയിരിക്കുന്നു എന്നുവേണം ഇതില്‍ നിന്നും മനസ്സിലാക്കാന്‍. അദ്ധ്യാപകരുടെ മാനസിക സംഘര്‍ഷങ്ങള്‍ അധ്യാപന രീതിയേയും അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തേയും സ്വാധീനിക്കാന്‍ സാധ്യതയുള്ള ഒരു കാര്യമാണ്. പല കാരണങ്ങള്‍ കൊണ്ട് അദ്ധ്യാപകര്‍ക്ക് നിസ്സാരമായ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകാം. വീട്ടിലെ അന്തരീക്ഷം, സഹപ്രവര്‍ത്തകരുമായുള്ള ഭിന്നതകള്‍, ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ അദ്ധ്യാപകര്‍ക്ക് മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം. ലഹരി വസ്തുക്കളുടെ ഉപയോഗം പോലെയുള്ള ശീലക്കേടുകളും മറ്റേത് വിഭാഗത്തിലെന്നപോലെ അദ്ധ്യാപകരിലും പെരുമാറ്റ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. തന്നെ വേണ്ടവിധം ആദരിക്കാതെ പോകുന്ന കുട്ടികളോട് തോന്നുന്ന തീവ്രമായ ദേഷ്യവും അദ്ധ്യാപകരുടെ പെരുമാറ്റത്തെ ദോഷകരമായി ബാധിച്ചേക്കാം.

ജോലിയും വ്യക്തി ജീവിതവും തമ്മിലുള്ള സമനില തെറ്റാതെ നോക്കുകയെന്നത് അദ്ധ്യാപകര്‍ ശീലിക്കേണ്ട കാര്യമാണ്. വീട്ടിലെ പ്രശ്നങ്ങള്‍ ജോലി സ്ഥലത്തേക്ക്‌ കൊണ്ടുവരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ കുട്ടികള്‍ക്ക്‌ മുന്നില്‍ മികച്ച മാതൃകകളാകേണ്ട ഉത്തരവാദിത്വവും അദ്ധ്യാപകര്‍ക്കുണ്ട്. കുട്ടികളുടെ മുന്നില്‍ വച്ച് ദേഷ്യപ്പെടുകയോ ചീത്ത വാക്കുകള്‍ ഉപയോഗിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം. മികച്ച അധ്യാപന രീതിയും കുലീനമായ പെരുമാറ്റവും വഴിയാണ് അധ്യാപകര്‍ കുട്ടികളുടെ ആദരവ്‌ പിടിച്ചു വാങ്ങേണ്ടത്. മാര്ച്ച് ഒച്ചവെച്ചും ഭീഷിണിപ്പെടുത്തിയും ഭര്‍സിച്ചുമല്ല.

അദ്ധ്യാപകര്‍ ചെയ്യേണ്ടത്‌ എന്ത് ?

ഈ ന്യൂജന്‍ ടെക്സാവി പിള്ളേരെ കൈകാര്യം ചെയ്യാന്‍ പഴയകാല വിദ്യകളൊന്നും പോരെന്ന് നിരവധി അദ്ധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ പുതിയ അറിവുകള്‍ നേടാത്ത പക്ഷം അദ്ധ്യാപകര്‍ ഉപയോഗ ശൂന്യരാകുന്ന കാലമാണിത്‌. പുതിയ അദ്ധ്യാപന രീതികളും വിദ്യാര്‍ത്ഥികേന്ദ്രീകൃതമായ സമീപനങ്ങളും അദ്ധ്യാപകരില്‍ നിന്നും പുതിയ കാലം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അധ്യാപകര്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

 • · കൂടുതല്‍ സാങ്കേതിക പരിജ്ഞാനം അദ്ധ്യാപകര്‍ വികസിപ്പിക്കേണ്ടിയിരിക്കുന്നു. വിവര സാങ്കേതികതയുടെ അനന്ത സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്റര്‍നെറ്റിന്റെ ഉപയോഗം സക്രിയമായി ഇന്നത്തെ അദ്ധ്യാപകര്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. സ്മാര്‍ട്ട് ഫോണുകളും ടാബ്ലറ്റുകളുമടക്കമുള്ള എല്ലാ ആധുനിക ഉപകരണങ്ങളുടേയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു ധാരണയുണ്ടാകണം അദ്ധ്യാപകര്‍ക്ക്. കുട്ടികള്‍ ചോദിക്കുന്ന സാങ്കേതിക സംശയങ്ങള്‍ക്ക്‌ മറുപടി പറയാന്‍ സാധിക്കുന്നതാണ് നല്ലതാണ്.
 • · ബോര്‍ഡില്‍ ചോക്കുപയോഗിച്ച് എഴുതുന്ന പഴയ പഠനരീതിക്ക് പകരം പ്രൊജക്റ്ററും പവര്‍പോയന്റ് അവതരണവും സ്വീകാര്യമായി വരുന്ന കാലമാണിത്‌. ബഹുവര്‍ണ്ണ ചിത്രങ്ങളും ചലച്ചിത്രങ്ങളും ഉപയോഗിച്ച്, ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന അധ്യാപനരീതി ക്ലാസ്സുകള്‍ സജീവമാകുന്നതോടൊപ്പം അദ്ധ്യാപകന്റെ ക്ലാസ്സ്‌ മുറിയിലെ അധ്വാനഭാരം കുറയ്ക്കുകയും ചെയ്യും.
 • · പാഠപുസ്തകത്തിന് വെളിയിലുള്ള അറിവുകള്‍ തേടാന്‍ കുട്ടിയെ പ്രേരിപ്പിക്കാം. ആ വിഷയത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ വായിച്ചോ ആധികാരികമായ ഇന്റര്‍നെറ്റ് സ്രോതസ്സുകള്‍ ഉപയോഗിച്ചോ കൂടുതല്‍ വിവരം നേടാന്‍ കുട്ടിക്ക്‌ നിര്‍ദ്ദേശം നല്‍കാം.
 • · അനുഭവങ്ങളില്‍ നിന്ന് പഠനം നടത്താന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാം. ഉദാഹരണത്തിന് പുകവലിയെക്കുറിച്ചുള്ള ഒരു ക്ലാസ്സിന്റെ ഭാഗമായി, വീടിനടുത്തുള്ള സ്ഥിരം പുകവലിക്കാരനായ ഒരു വ്യക്തിയോട് സംസാരിച്ച് അയാളെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഓരോ വിദ്യാര്‍ത്ഥിയോടും പറയാം. ഈ പ്രവൃത്തി നിര്‍വ്വഹിക്കുക വഴി കുട്ടി ചില വിലപ്പെട്ട അറിവുകള്‍ സ്വായത്തമാക്കുന്നു. കുട്ടിയുടെ ഇടപെടല്‍ വഴി അയാള്‍ പുകവലി നിര്‍ത്തിയാല്‍ ആ കുട്ടിക്ക്‌ അത് വളരെയേറെ ആത്മവിശ്വാസം നല്‍കും. എന്നാല്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യത കുറവാണ്. അയാള്‍ പുകവലി നിര്‍ത്തിയില്ലെങ്കില്‍, എത്ര ശ്രമകരമാണ് പുകവലി ശീലം നിര്‍ത്തുക എന്നാ വസ്തുത കുട്ടിക്ക്‌ ബോധ്യപ്പെടുന്നു.
 • · കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരെ പ്രോത്സാഹിപ്പിക്കണം. പാട്ടുപടാനോ ചിത്രം വരയ്ക്കാണോ കഴിവുള്ള ഒരു കുട്ടിയെ അതിനനുസരിച്ച് പ്രോത്സാഹിപ്പിക്കണം. മറിച്ച് പഠനത്തില്‍ മോശമായതുകൊണ്ട് പരിഹസിക്കരുത്.
 • · കുട്ടികളുടെ ഓര്‍മയില്‍ പാഠഭാഗങ്ങള്‍ നിലനിര്‍ത്താനാവശ്യമായ പഠന തന്ത്രങ്ങള്‍ സ്വീകരിക്കണം. പാട്ടുകളോ കഥകളോ ചിത്രങ്ങളോ പ്രവര്‍ത്തങ്ങളോ ഒക്കെ ആവശ്യാനുസരണം ഉപയോഗിക്കാം.
 • · കുട്ടികളുടെ ആശയവിനിമയശേഷി മെച്ചപ്പെടുത്താന്‍ ശ്രമിക്കണം. കേരളത്തിലെ കുട്ടികള്‍ക്ക്‌ നല്ല ജ്ഞാനമുണ്ടെങ്കിലും അഭിമുഖ പരീക്ഷകളില്‍ അവര്‍ പരാജയപ്പെടുന്നത് ആശയവിനിമയശേഷിയിലെ കുരവുകൊണ്ടാണ്.
 • · മികച്ച സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും സൗഹൃദങ്ങള്‍ പരിധി ലംഘിക്കാതെ നോക്കാനും കുട്ടികളെ പ്രാപ്തരാക്കുക.
 • · തന്റെ കഴിവുകളും പരിമിതികളും തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കണം. തന്റെ അഭിരുചിക്കനുസരിച്ചുള്ള പഠനമേഖല തിരഞ്ഞെടുക്കാന്‍ കുട്ടികളെ ശാക്തീകരിക്കുക.
 • · ജീവിതത്തിലെ പ്രശ്നങ്ങള്‍ സധൈര്യം നേരിടാനും അവ പരിഹരിക്കാനുമുള്ള ശേഷി വികസിപ്പിക്കാന്‍ സഹായിക്കുക.
 • · ഉചിതമായ തീരുമാനങ്ങള്‍ കൃത്യസമയമെടുത്ത് നടപ്പിലാക്കാന്‍ സഹായിക്കുക.
 • · അമിത വികാര പ്രകടനങ്ങളിലേക്ക് പോകാതെ ആത്മനിയന്ത്രണം കൈവരിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുക.
 • · ജീവിതത്തിലെ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ തരണം ചെയ്യാന്‍ സഹായിക്കുക.
 • · കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ സഹായിക്കുക.
 • · വ്യത്യസ്തമായി ചിന്തിക്കാനും സര്‍ഗ്ഗാത്മകശേഷി വികസിപ്പിക്കാനും സഹായിക്കുക.

ഡോ.അരുണ്‍ ബി നായര്‍

അസി.പ്രൊഫസര്‍

സൈക്യാട്രി വിഭാഗം

തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌

വായനയുടെ പ്രാധാന്യം

ഒരു കുട്ടി വായനയില്‍ മുഴുകിയിരിക്കുന്നു. കണ്ണും മനസ്സും പുസ്തകത്തിലെ വാക്കുകളിലും ചിത്രങ്ങളിലുമാണ്. വീട്ടില്‍ അപ്പുറവുമിപ്പുറവും നടക്കുന്നതൊന്നും കുട്ടിയറിയുന്നില്ല. വാക്കുകളിലല്ല, വാക്കുകള്‍ ചേര്‍ന്നുണ്ടാക്കുന്ന ലോകത്താണ് കുട്ടി. വായിക്കുന്നതും കണ്ണുകൊണ്ട് സ്വീകരിക്കുന്നത് മനസ്സുകൊണ്ട്. വായിക്കുന്നതെന്തോ അത് കുട്ടിയുടെ മനസ്സില്‍ പലവിധ പ്രതികരണങ്ങളുണ്ടാക്കുന്നു. കുട്ടി ഇടക്ക് വായിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു വായന കുട്ടിയുടെ വളര്‍ച്ചയുടെ ഫലവത്തായ പടവുകളായി മാറുന്നു.

വായനയുടെ പ്രാധാന്യമറിയുന്ന രക്ഷിതാക്കളോ അദ്ധ്യാപകരോ വായനയുടെ ലോകത്ത്‌ മറ്റൊന്നുമറിയാതെ കഴിയുന്ന കുട്ടിയെ കാണുമ്പോള്‍ അകമേ സന്തോഷിക്കുന്നു. എനിക്കോര്‍മ്മയുണ്ട്. എന്റെ പ്രിയപ്പെട്ട ഒരദ്ധ്യാപകനെ: മാധവന്‍ മാഷ്‌. മാധവന്‍ മാഷ്‌ കായിക പരിശീലനത്തിന്റെ അദ്ധ്യാപകനാണ്. ഫിസിക്കല്‍ എജ്യുക്കേഷന്റെ ഭാഗമായി മാഷ്‌ ഡ്രില്‍ നടത്തും. ചിലപ്പോള്‍ കളിക്കുന്ന കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കും. എനിക്ക് ആ നേരം വായിക്കനായിരുന്നു ഇഷ്ടം. കഥാപുസ്തകങ്ങള്‍ കയ്യില്‍ കരുതിയിരിക്കും. സ്കൂളിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുകയോ പരിശീലനം നടത്തുകയോ ചെയ്യുമ്പോള്‍, ഞാന്‍ ചീനമര ചോട്ടിലിരുന്ന് വായിക്കുന്നു. മാധവന്‍ മാഷ്‌ എനിക്കതിനനുവാദം തന്നിരുന്നു. പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. മാഷ് പറഞ്ഞു: നീ ഇങ്ങനെ വായിക്കുന്നത് കാണുമ്പോള്‍ എനിക്കാ സന്തോഷം. കായികാദ്ധ്യാപകനായിരുന്നെങ്കിലും മാഷിന് വായനയുടെ പ്രാധാന്യം അറിയാമായിരുന്നു.

അതറിയാത്തവരാണെങ്കിലോ ? വായിക്കുന്ന കുട്ടിയെ കുറ്റപ്പെടുത്തുന്നു. ഏത്‌ നേരവും ഇങ്ങനെ കഥയും വായിച്ച് കുത്തിയിരുന്നോ. ചില കുട്ടികള്‍ പാഠപുസ്തകം മാത്രമേ വായിക്കാവൂ. കഥയോ കവിതയോ വായിച്ചാല്‍ ശകാരം. പഠനം എന്നതവര്‍ക്ക് പാഠപുസ്തകവായന മാത്രം. ചില രക്ഷിതാക്കളും അദ്ധ്യാപകരും ഏത് പുസ്തകങ്ങള്‍ വായിക്കണമെന്നതിന് നിഷ്കര്‍ഷ വയ്ക്കുന്നു. കഥയിങ്ങനെ വായിച്ചിട്ടെന്താ പ്രയോജനം ? വല്ല പൊതുവിജ്ഞാന ഗ്രന്ഥമൊക്കെ എടുത്ത്‌ വായിക്ക്. ചിലര്‍ വായിക്കുന്ന കുട്ടികളെ പഴിക്കുന്നു. ഇങ്ങനെ ചുരുണ്ട് കൂടിയിരിക്കാതെ പോയി വല്ലതും കളിക്ക്, വായിച്ച് തലതിരിഞ്ഞ് പോകുമെന്നാണ് ചിലര്‍ക്ക് ആശങ്ക. വായന ഒരാളിന്റെ വ്യക്തിത്വവികസന പ്രക്രിയയില്‍ വഹിക്കുന്ന സാരവത്തായ പങ്ക് ഇക്കൂട്ടര്‍ക്കാര്‍ക്കുമറിയില്ല.

വായനയുടെ ചരിത്രം

വായന മനുഷ്യര്‍ക്ക്‌ മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്. സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ് മനുഷ്യര്‍ ആശയവിനിമയത്തിന് അക്ഷരങ്ങളും, അക്ഷരങ്ങള്‍ ചേര്‍ത്ത്‌ വാക്കുകളും, വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിതുടങ്ങിയത്. സംസാരഭാഷ രേഖപ്പെടുത്തുത്താന്‍ മാര്‍ഗ്ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. കല്ലിലും മണ്ണിലും ആദ്യകാലങ്ങളില്‍ ആദിമ മനുഷ്യര്‍ എഴുത്ത് തുടങ്ങി. ഗുഹാ മുഖങ്ങളില്‍ പറയാനുള്ള ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍ നിന്ന് അക്ഷരങ്ങളിലേക്ക് മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത്‌ മണ്‍കട്ടകളിലെഴുത്ത് തുടങ്ങിയതോടെ വായനക്ക് പൊതു മാര്‍ഗ്ഗങ്ങളുണ്ടായി തുടങ്ങി. മൃഗത്തോലിലും മരപ്പലകയിലുമെഴുത്ത് തുടര്‍ന്നപ്പോള്‍ എഴുതിയത് കൈമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത് മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേള്‍പ്പിച്ച കാവ്യങ്ങളും കഥകളും വായനക്കായി പുതിയ മാര്‍ഗ്ഗം തേടിയതിങ്ങനെയാണ്. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട് ക്രമേണ ഓലകളിലേക്കുമൊക്കെ പടര്‍ന്ന്‍ കയറിയത്. വായനയുടെ ചരിത്രത്തിനുള്ള പ്രായവും ഇതുതന്നെ.

വായനയുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഘട്ടം കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്. ഋഷികളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്ക് നീങ്ങിയത് അങ്ങനെയാണ്. കാവ്യങ്ങളും കഥകളും അങ്ങനെ ലോകമാകെ സാംസ്കാരികമായ വിപ്ലവമായി മാറി. അച്ചടി വിദ്യയിലെ സാങ്കേതിക വളര്‍ച്ച ഒരു ഗ്രന്ഥം ഒരേ സമയം പലരിലുമെത്തിച്ചു. വായന ചിന്താശേഷിയുടെയും സര്‍ഗ്ഗവായനയുടേയും നവീനമാര്‍ഗ്ഗമായി മാറിയതിന് ഏതാനും നൂറ്റാണ്ടുകളുടെ പഴക്കം മാത്രമുള്ളൂ. കുറഞ്ഞ കാലം കൊണ്ട് വായന മനുഷ്യവര്‍ഗ്ഗത്തിന്റെ ഉന്നതമായ വികാസ പരിണാമത്തിന് കാരണമാകുകയും ചെയുതു. മനുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്തിയും അപഗ്രഥനശേഷിയും വായനയിലൂടെയാണ് വികസിക്കുന്നത്. സര്‍ഗ്ഗശേഷിയുടെ പടികള്‍ ഇറാന്‍ കഴിഞ്ഞത് മറ്റൊന്നും കൊണ്ടല്ല. സംഘരചന വ്യക്തിപരമായ ഏര്‍പ്പാടായി മാറിയതും അങ്ങനെയാണ്. ഇന്ന് വായന പുതിയ രൂപങ്ങള്‍ തേടുന്നു. പുസ്തകവായന കമ്പ്യൂട്ടറിലേക്കും ലാപ്ടോപ്പ് റീഡിങ്ങിലേക്കും മാറിയിരിക്കുന്നു. വായനയുടെ വികാസ പരിണാമമറിഞ്ഞ്, കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നത് പലതുകൊണ്ടും പ്രാധാന്യമുള്ളതായി തീര്‍ന്നിരിക്കുന്നു.

വായനയുടെ പ്രയോജനങ്ങള്‍

 • · വായന ജീവിതത്തോടുള്ള അഗാധമായ പരിചയം ഉണ്ടാക്കുന്നു. മഹാത്മാക്കള്‍ മനുഷ്യജീവിതത്തിന്റെ വിവിധ തലങ്ങള്‍ രേഖപ്പെടുത്തി വച്ചത് വായിക്കുമ്പോള്‍ സാമൂഹിക ജീവിതത്തെ കൂടുതലറിയാന്‍ കാരണമാകുന്നു. ചുറ്റുവട്ടത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
 • · സ്വന്തം ജീവിതത്തിന് കൂടുതല്‍ സ്പഷ്ടത കൈവരിക്കാനാവുന്നു. അവനവനെ കുറിച്ചും മറ്റുള്ളവരെക്കുറിച്ചും കൂടുതലറിയുന്നതിലൂടെ ലോകത്തെ ആഴത്തില്‍ മനസ്സിലാക്കുന്നു.
 • · ആശയ വിനിമയത്തിന് കൂടുതല്‍ പരിശീലനം നേടാനാവുന്നു. ആശയപരമായ സ്പഷ്ടത മറ്റുള്ളവര്‍ക്ക് കൈമാറാന്‍ കഴിയുന്നു. സങ്കീര്‍ണ്ണമായ ഇന്ദ്രിയാനുഭവങ്ങള്‍ പോലും മറ്റുള്ളവരോട് പങ്കുവയ്ക്കാന്‍ വായന പരിശീലനമായി മാറുന്നു.
 • · ഭാവനാതലങ്ങളില്‍ പുതിയ ഉണര്‍ച്ചയുണ്ടാക്കുന്നതില്‍ വായനയ്ക്ക് എമ്പാടും പങ്കുണ്ട്. സാഹിത്യരചനകള്‍ ഒരാളിന്റെ ഭാവനയും സൗന്ദര്യചിന്തയും വളര്‍ത്തുന്നുണ്ട്. സഹൃദയത്തിന്റെ വികാസം വായന സാധ്യമാക്കുന്നു. ചിലര്‍ക്കെങ്കിലും സര്‍ഗ്ഗാത്മക രചനയ്ക്ക് പ്രചോദനമായിത്തീരുന്നു.
 • · വായന ഒരാളിന്റെ സംവേദന തല്‍പരത കൂട്ടുന്നു. സങ്കീര്‍ണ്ണവും ധ്യാനാത്മകവുമായ കാര്യങ്ങളുടെ ആഴങ്ങള്‍ അറിയാനും അപഗ്രഥന ശേഷി കൂട്ടാനും വായന സഹായിക്കുന്നു. ആശയങ്ങളുടെ നിര്‍മ്മാണം വായനയിലൂടെ സാധ്യമാകുന്നത് അതുകൊണ്ടാണ്.
 • · വായന വിവരശേഖരണത്തിനുള്ള പ്രധാന മാര്‍ഗ്ഗമായി തീര്‍ന്നിരിക്കുന്നു. പോയ കാലത്ത് പല ദേശങ്ങളിലുണ്ടായ കണ്ടെത്തലുകളും പലരും സംഭാവന ചെയ്ത ആശയങ്ങളും അറിയാനുള്ള പ്രധാന മാര്‍ഗ്ഗമാണ് വായന. അതുകൊണ്ട് തന്നെ വായന വ്യക്തിയുടെ അറിവിന്റെ ആഴങ്ങളറിയിക്കുന്നു.

വായനയുടെ പ്രയോജനങ്ങള്‍ ഇതിനപ്പുറമാണ്. അത് പൊതുവായ ചില ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നത് പോലെ ഓരോ വ്യക്തിക്കും പ്രയോജനവും ചെയ്യുന്നുണ്ട്. ഓരോ കുട്ടിക്കും ഓരോ തരത്തില്‍ വായന സമ്പുഷ്ടമായ ഒരു പ്രക്രിയയായി മാറുന്നുവെന്നര്‍ത്ഥം. ചിലര്‍ക്ക് ബൗദ്ധികമായ കാര്യങ്ങളിലും ചിലര്‍ക്ക് ചിന്താശക്തിയുടെ വളര്‍ച്ചയിലുമാണ് ഗുണം ചെയ്യുന്നതെങ്കില്‍ മറ്റ് പല കുട്ടികള്‍ക്ക്‌ ഭാവനയും സര്‍ഗവാസനയും കൂട്ടുവാന്‍ സഹായിച്ചേക്കും. ചിലര്‍ക്ക് ഏത്‌ ജോലിയിലായാലും സവിശേഷമായ വ്യക്തിപ്രഭാവം കാണിക്കാന്‍ വായന സഹായിക്കുന്നു. ചിലര്‍ക്കാവട്ടെ ഏറ്റവുമനുയോജ്യമായ ഒരു കരിയര്‍ കണ്ടെത്താന്‍ വഴിയൊരുക്കുന്നു. കലാവാസനയും ഭാവനയുമുള്ള പ്രൊഫഷണലുകളുടെ, ഗവേഷണ തത്പരതയുള്ള ഇദ്യോഗസ്ഥരെ, സാംസ്കാരിക ലോകത്തെ അറിയുന്ന രാഷ്ട്രീയ നേതാക്കളെ ഉണ്ടാക്കിയെടുക്കാനും വായന വലിയ പങ്ക് വഹിക്കുന്നുണ്ട്. ഏത്‌ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ക്രിയാശേശി വളര്‍ത്താനും എന്നും സജീവമായിരിക്കാനും വായനയുടെ ലോകം സഹായിക്കുന്നുണ്ട്. ഈ സാധ്യതകളെയാണ് വായന പ്രോത്സാഹിപ്പിക്കുന്ന, വായനയുടെ നൂതന മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തുന്ന അധ്യാപകരോ രക്ഷിതാക്കളോ വിലംതിക്കാനും കണ്ടെത്താനും ശ്രമിക്കുന്നത്.

മുതിര്‍ന്നവരും കുട്ടികളുടെ വായനയും

വായനയിലുള്ള താല്പര്യം വളര്‍ത്താന്‍ കുഞ്ഞുകുട്ടികളായിരിക്കുമ്പോള്‍ തന്നെ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കുകളോ സ്പഷ്ട ശബ്ദമോ ഉച്ചരിക്കാന്‍ കഴിയാത്ത കാലത്ത്‌ തന്നെ കുട്ടികള്‍ക്ക് കൊച്ചു കഥകളോ നഴ്സറി പാട്ടുകളോ പറഞ്ഞു കൊടുക്കണം. ഉപദേശകഥകളോ കൊച്ചു നാടോടി കഥകളോ പറഞ്ഞു കൊടുക്കാം. കഥകളിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും നാടകീയമായി പറഞ്ഞു കൊടുക്കുക. കഥയിലെ ആശയം തിരിച്ചറിയാനാവാത്ത കാലത്ത്‌ കുട്ടികള്‍ അത് അവതരിപ്പിക്കുന്നതില്‍ ശ്രദ്ധിക്കും. കുട്ടികളില്‍ ആകാംക്ഷയും കേള്‍ക്കാനുള്ള താല്‍പര്യവും അതുണ്ടാക്കുന്നു. പില്‍ക്കാലത്ത്‌ കഥ വായിക്കാനും കവിത ചൊല്ലാനുമൊക്കെ കഥ കേള്‍ക്കല്‍ ഫലപ്രദമായ ഒരു മാര്‍ഗ്ഗമായി തീരുന്നു. കഥയിലേയോ കവിതയിലേയോ ആശയങ്ങള്‍ മനസ്സില്‍ സൂക്ഷ്മതലങ്ങളില്‍ ദൃശ്യവല്‍ക്കരിച്ച് കാണാന്‍ വായന ആവശ്യമാണ്‌. അലറിച്ചാടുന്ന ഒരു സിംഹത്തെ കുറിച്ച് വായിക്കുന്ന ഒരു കുട്ടിയുടെ മനസ്സില്‍ സജീവമായ ഒരു ചിത്രം വിടരുന്നുണ്ട്. ആശയങ്ങളെ ദൃശ്യമായി കാണുന്ന കുട്ടിയ്ക്ക് വായന വര്‍ണ്ണശബളിമയാര്‍ന്ന ഒരനുഭവത്തിന്റെ തീവ്രതയാണ് പകുത്ത് നല്‍കുന്നത്. വായനയില്‍ നിന്ന് ലഭിക്കുന്ന ആശയമോ സന്ദേശമോ കുട്ടി മനസ്സില്‍ വച്ച് ഭാവനയ്ക്കനുസരിച്ച് വളര്‍ത്തിയെടുക്കുന്നു. സര്‍ഗ്ഗശേഷിയുടെ സവിശേഷ തലങ്ങളിലേക്കാണ് ഈ സഞ്ചാരം.

കുട്ടികള്‍ക്ക്‌ ചെറുപ്പത്തിലേ ബാലപ്രസിദ്ധീകരണങ്ങള്‍ സമ്മാനമായി നല്‍കണം. പഠനത്തിലോ മറ്റെന്തെങ്കിലും കാര്യങ്ങളിലോ നേട്ടമുണ്ടാക്കുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങളോ പ്രസിദ്ധീകരണങ്ങളോ സമ്മാനമായി നല്‍കാനാണ് അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടത്. കളിക്കോപ്പുകളേക്കാള്‍ മേന്മയേറുന്ന വളര്‍ച്ച ഉറപ്പ്‌ വരുത്തുന്നത് വായനയാണ്. അതുകൊണ്ട് തന്നെ ജന്മദിനത്തിനും പരീക്ഷാ വിജയത്തിനും പുസ്തകങ്ങള്‍ നല്‍കി പ്രോത്സാഹനം നല്‍കുക. വായനയിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ആദ്യമൊക്കെ കഥയോ നാടകമോ വായിച്ച് കേള്‍പ്പിക്കണം. അത് വായിക്കാനുള്ള താല്പര്യം കൂട്ടുന്നു. നാടകീയമായ അവതരണം ശ്രദ്ധയെ കേന്ദ്രീകരിപ്പിച്ച് പരിശീലനം നല്‍കുന്നു. വായിച്ച് കേള്‍ക്കുന്ന കുട്ടി പുസ്തകങ്ങള്‍ കയ്യിലെത്തുമ്പോള്‍ എമ്പാടും ആഹ്ലാദിക്കുന്നു. അക്ഷരങ്ങള്‍ പഠിച്ചുവരുന്നു. ഉച്ചാരണവും ശബ്ദനിയന്ത്രണവും വശമാക്കുന്നു. സ്വന്തമായി വായിച്ചെടുക്കാനാവുമ്പോള്‍ പുസ്തകം പ്രിയപ്പെട്ടതായി തീരുന്നു.

വായനയുടെ പടവുകള്‍

കുട്ടികള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ രക്ഷിതാക്കളും അദ്ധ്യാപകരും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

 1. കുട്ടിയുടെ പ്രായം പരിഗണിച്ചാവണം പുസ്തകങ്ങള്‍ നല്‍കേണ്ടത്. ഒന്നോ രണ്ടോ വയസ്സുളളപ്പോള്‍ തടിച്ച പേജുകളുള്ള ചിത്ര പുസ്തകങ്ങള്‍ നല്‍കുക. പേജുകള്‍ കീറിപ്പറിക്കാനുതകുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. വലിയ ചിത്രങ്ങളും ഒന്നോ രണ്ടോ വാക്കുകളുമുള്ള ലാമിനേറ്റ് ചെയ്ത പേജുകളോടെയുള്ള പുസ്തകങ്ങളാണിവ.
 2. ഏച്ചുകൂട്ടി വായിച്ച് തുടങ്ങുന്ന കുട്ടികള്‍ക്ക്‌ നാലഞ്ച് വയസ്സാകുമ്പോള്‍ വര്‍ണ്ണചിത്രങ്ങളും കുറഞ്ഞ വരികളുമുള്ള പുസ്തകങ്ങള്‍ വായനക്ക് കൊടുക്കുക. ചിത്രങ്ങളില്‍ നിന്ന് ആശയങ്ങളുടെ തുടര്‍ച്ച പിന്തുടരാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. ചിത്രങ്ങളില്‍ നിന്ന് കഥകളിലേക്ക് പരിണമിക്കുന്നു.
 3. വായിക്കാന്‍ തുടങ്ങുന്ന കുട്ടികള്‍ക്ക്‌, എട്ടൊമ്പത് വയസ്സ് വരെ സാരോപദേശ കഥകള്‍, നാടോടി കഥകള്‍, പുരാവൃത്ത കഥകള്‍ തുടങ്ങിയവ നല്‍കുക. താളത്തില്‍ വായിക്കാനും വായിച്ചു പഠിക്കാനുമാവുന്ന പുസ്തകങ്ങള്‍ ലഭ്യമാണ്. കുടികളുടെ സര്‍ഗ്ഗശേഷിയുണര്‍ത്താന്‍ സഹായിക്കുന്ന പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാവുന്നതാണ്.
 4. പത്ത്‌ വയസ്സിനും പതിനാല് വയസ്സിനുമിടയിലുള്ള കുട്ടികളുടെ വായന പല മേഖലകളിലേക്കും നീങ്ങാന്‍ ഇടയുണ്ട്. വിജ്ഞാനപ്രദമായ ഗ്രന്ഥങ്ങള്‍ ചില കുട്ടികള്‍ തിരഞ്ഞെടുത്തേക്കും. പദ്യഗ്രന്ഥങ്ങള്‍ ചിലര്‍ക്ക ഇഷ്ടമായിരിക്കും. വലിയ പുസ്തങ്ങളും വായിച്ച് തുടങ്ങുന്നു. സാഹസിക കഥകള്‍, അത്ഭുത കഥകള്‍, ഇതിഹാസ കഥകള്‍ തുടങ്ങിയവ പല കുട്ടികള്‍ക്കും ഈ പ്രായത്തില്‍ ഇഷ്ടമായിരിക്കും. ശാസ്ത്രവിഷയത്തില്‍ താല്പര്യമുണ്ടാക്കാനും, ചരിത്ര കൗതുകമുണര്‍ത്താനും ഉതകുന്ന ഗ്രന്ഥങ്ങള്‍ കുട്ടികള്‍ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കുന്നു.
 5. അതാത് ഭാഷയിലെ ക്ലാസ്സിക്‌ ഗ്രന്ഥങ്ങള്‍, പ്രശസ്ത സാഹിത്യരചനകള്‍ എന്നിവ കൗമാരകാലത്തോടെ കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തേണ്ടതാണ്. വായനയുടെ ആഴങ്ങളറിയാന്‍ പരിശീലനം നല്‍കുക. വായിച്ചതിനെ കുറിച്ച് ചിന്തിക്കാനും പറയാനും കുട്ടികള്‍ ശ്രമിക്കേണ്ടതുണ്ട്. വായിച്ച ഗ്രന്ഥങ്ങളെ കുറിച്ച് കുറിപ്പുകളെടുത്ത് വയ്ക്കുന്നതും നല്ലതാണ്. വായനയിലൂടെ ചിലര്‍ എഴുത്തിന്റെ വഴികളിലേക്ക്‌ നീങ്ങിത്തുടങ്ങുന്നതും ഈ ഘട്ടത്തിലാണ്.
 6. പഠനഗ്രന്ഥങ്ങള്‍, വിജ്ഞാനഗ്രന്ഥങ്ങള്‍, സാഹിത്യഗ്രന്ഥങ്ങള്‍ തുടങ്ങിയവ വായിക്കാന്‍ കൌമാരത്തോടെ കുട്ടികള്‍ക്കാവണം. അതിനനുസൃതമായി പരിശീലനം മുതിര്‍ന്നവര്‍ നല്‍കണം. തിരഞ്ഞെടുത്ത വായന ചിലര്‍ ശീലമാക്കി മാറ്റുന്നു. വായനയുടെ പ്രയോജനം ഈ ഘട്ടത്തോടെ പലതലങ്ങളിലും പ്രകടമാവുന്നു.

വായനയുടെ പ്രയോജനപ്രദമായ വികാസത്തിന് കുട്ടികളുടെ പ്രിയം, താല്പര്യം, ഭാവന തുടങ്ങിയവ പരിഗണിക്കണം. വായന, വ്യക്തിക്കും മറ്റുള്ളവര്‍ക്കും ഉപകാരപ്രദമായി മാറുന്നു.

വായിക്കാനുള്ള പഠനം

വായിക്കാനും പഠിപ്പിക്കേണ്ടതുണ്ട്. ആദ്യമൊക്കെ ശരീരഭാവങ്ങളോടെ വായിച്ച് അവതരിപ്പിക്കാന്‍ ശീലിപ്പിക്കുക. സംഭാഷണങ്ങള്‍ക്കനുസൃതമായ മുഖഭാവം പ്രകടിപ്പിക്കാന്‍ കുട്ടികള്‍ക്ക്‌ സാധിക്കണം. ഉച്ചാരണ ശുദ്ധിയും കഥയുടെയോ കവിതയുടെയോ ഈണവും ഉച്ചത്തില്‍ വായിച്ച് ശീളിപ്പിക്കാന്‍ സാധിക്കും. എത്ര വായിച്ചു എന്നതിന് വലിയ പ്രാധാന്യം നല്‍കേണ്ടതില്ല. എന്ത് വായിച്ചുവെന്നതും എങ്ങനെ വായിച്ചുവെന്നതും പ്രധാനപ്പെട്ടതാണ്. വായിച്ചത് എത്രത്തോളം ഗ്രഹിച്ചു. വായിച്ചത് എത്രത്തോളം മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയുന്നു എന്നത് നോക്കേണ്ടതാണ്. വായിച്ചതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി എന്നതും ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോളത് നേരിട്ട് അറിയാനാവില്ലെന്ന് മാത്രം. കുഞ്ഞുണ്ണി മാഷ്‌ എഴുതിയത് വായനയെ സഫലമായ ഒരു കര്‍മ്മമാക്കി മാറ്റാന്‍ സഹായിക്കാതിരിക്കില്ല. “ഞാന്‍ കേള്‍ക്കുമാറ് വായിക്കണം എന്നാല്‍ എന്താണ് ഗുണമെന്നല്ലേ ? എനിക്ക് പകുതിയും വായിച്ച് മനസ്സിലാകുന്നില്ല. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകുന്നില്ല എന്ന് പരാതി പറയുന്ന പലരും വായിക്കുന്നത് അവര്‍ കേള്‍ക്കുന്നുണ്ടാവില്ല. വായാനാപരിശീലനത്തിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. അവനവന്‍ കേള്‍ക്കുമാറ് വായിച്ചു തുടങ്ങുക. ഒരു പ്രാവശ്യം അല്‍പം ഉച്ചത്തിലും ഒരു പ്രാവശ്യം നിശബ്ദമായും. എന്നിട്ട് പുസ്തകമടച്ച് വയ്ക്കുക. എന്നിട്ട് വായിച്ചതെന്തെന്ന് ചിന്തിക്കുക – എന്നുവച്ചാല്‍ മനസ്സില്‍ പറയുക. പറയാനറിയുന്നില്ലെങ്കില്‍ ഒരു വട്ടം കൂടി വായിക്കുക. പുസ്തകമടച്ചും വായിക്കുക. വായിച്ചതെന്തെന്ന് മനസ്സില്‍ പറയുക. വായിച്ച വാചകം അതേപടി വാചകമായി പറയണ്ട കേട്ടോ. വായിച്ചതിലെ കാര്യം സ്വന്തം വാക്കില്‍ പറഞ്ഞാല്‍ മതി. വായിച്ചത്തിലെ കാര്യങ്ങള്‍ മുഴുവന്‍ പറയാന്‍ കഴിയണമെന്നു മാത്രം. അങ്ങനെ പറയാന്‍ സാധിക്കുന്നത് വരെ വായിക്കണം.” കുഞ്ഞുണ്ണിമാഷിന്റെ നിര്‍ദ്ദേശങ്ങളില്‍ നിന്നൊരു കാര്യം വ്യക്തം. വായിക്കാനും ഗ്രഹിക്കാനും പരിശീലനം വേണം. നാലഞ്ചാഴ്ചകളിലെങ്കിലും തുടര്‍ച്ചയായി ഈ വിധം പരിശീലനം നടത്തിയാല്‍ വായനാശീലം വായനാഫലവും പ്രകടമായി വരും.

വായനയും സര്‍ഗ്ഗശേഷിയും

വായന സര്‍ഗ്ഗശേഷിയെ ഉണര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നു. വായന അഭിരുചിയുടെ യഥാര്‍ത്ഥ സത്ത കണ്ടെത്താന്‍ സഹായിക്കുന്നു. വിമര്‍ശകനായ ബാലചന്ദ്രന്‍ വടക്കേടത്ത്‌ പറയുന്നു. പുസ്തകത്തിന്റെ സ്പഷ്ടത അതിന്റെ ചലനമാണ്. മറ്റുള്ളവരെ ചലിപ്പിക്കാനുള്ള അതിന്റെ കഴിവാണ്. എന്നാല്‍ പ്രതിമയാകട്ടെ അല്ലെങ്കില്‍ മറ്റെന്തുമാവട്ടെ, വളരെ അകലെ നിന്ന് ആസ്വദിക്കാനേ നമ്മെ അനുവദിക്കുന്നുള്ളൂ. പുസ്തകം പുറത്ത്‌ നില്‍ക്കാതെ അകത്തേക്ക്‌ കടന്നുവരുവാന്‍ വായനക്കാരോട് സദാ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അത് ചലിപ്പിക്കുന്നത് നമ്മുടെ ആഴത്തെയാണ്.

വായന സര്‍ഗ്ഗശേഷിയുടെ സാര്‍ത്ഥകമായ ഒരു പ്രക്രിയയായി മാറുന്നത് ഇതുകൊണ്ടെല്ലാമാണ്. വായിക്കുക, വായിപ്പിക്കുക.

എന്‍.പി.ഹാഫിസ്‌ മുഹമ്മദ്‌

ടെന്‍ഷന്‍ വേണ്ട പരീക്ഷക്ക്‌ ഒരുങ്ങാം

പരീക്ഷാക്കാലത്ത് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ടെന്‍ഷനിലാണ്. ടെന്‍ഷന്‍ കൂടിയാല്‍ പിരിമുറുക്കം, പൊട്ടിത്തെറി, വിഷാദം, അസുഖങ്ങള്‍ എല്ലാം വരും. ടെന്‍ഷന്‍ പാകത്തിന് മതി അമിത ഉത്കണ്ഠ, ആധി എന്നിവ വേണ്ട. അതെല്ലാം ആപത്താണ്. പരീക്ഷാ ടെന്‍ഷന്‍ തീരെ ഇല്ലാതിരിക്കുന്നതും ശരിയല്ല. തങ്ങളുടെ ഭാവി പഠനവും ജോലിയും ജീവിതത്തിലെ ഉയര്‍ച്ചയുമെല്ലാം ഒരു പരിധിവരെ ഈ പരീക്ഷകളിലൂടെ തീരുമാനിക്കപ്പെടുമെന്ന തിരിച്ചറിവ് കുട്ടികള്‍ക്ക്‌ വേണം. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഇന്നുതന്നെ ഒരു പ്രതിവാര പ്രതിദിന ടൈംടേബിള്‍ തയ്യാറാക്കി പഠനം ആരംഭിക്കുക. പ്രവര്‍ത്തിദിനങ്ങളില്‍ ആറു മണിക്കൂറും അവധി ദിവസങ്ങളില്‍ എട്ട് മണിക്കൂറും പഠിക്കുക. അവധിദിനത്തിന് പ്രത്യേക ടൈംടേബിള്‍ വേണം. ആവശ്യാനുസരണം ടൈംടേബിള്‍ പരിഷ്കരിക്കുക. സമയത്തിന് വില കല്‍പ്പിക്കണം. നഷ്ടപ്പെടുത്തിക്കളയാന്‍ ഇനി സെക്കന്റുകള്‍ പോലുമില്ല. ചിന്തയും പ്രവര്‍ത്തിയും സമയവും പുനക്രമീകരിക്കുക.

മികച്ച പഠനരീതി

പഠനമെന്നാല്‍ പഠിക്കുന്ന വിഷയം മനസ്സിലാക്കലാണ്. വെറുതേ വായിച്ച് പോകാതെ കണ്ണുകൊണ്ട് കാണുന്ന ആശയമാക്കി മനസ്സില്‍ പതിയണം. മനസ്സാണ് പഠനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. അതുകൊണ്ട് മനസ്സിരുത്തി പഠിക്കണം. വിഷയങ്ങളുടെ പ്രധാന്യമനുസരിച്ചും പ്രയാസമുള്ള വിഷയങ്ങള്‍ക്ക്‌ കൂടുതല്‍ സമയം നല്‍കിയും ദിവസങ്ങളും മണിക്കൂറുകളും വിഷയങ്ങള്‍ക്കായി തിരിക്കുക. നോട്ടുകലെല്ലാം പൂര്‍ണ്ണമാക്കുക. പ്രധാനപ്പെട്ടതെന്ന് നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങള്‍ ശ്രദ്ധയോടെ പഠിക്കുക. ഇനി കൂട്ടുചേര്‍ന്നുള്ള പഠനം വേണ്ട. മനസ്സിലാകാത്ത ഭാഗങ്ങള്‍ മാത്രം അധ്യാപകരോടോ കൂട്ടുകാരോടൊ തിരക്കി പഠിച്ചാല്‍ മതി. ഇനി ഉഴപ്പി നടക്കരുത്‌. do it now എന്ന് തീരുമാനിച്ചാല്‍ മടി മാരും. പഠിക്കേണ്ട കാലത്ത്‌ പഠിക്കാതിരുന്ന്‍ പശ്ചാതപിക്കാന്‍ ഇടവരുത്തരുത്. മാറ്റിവെക്കുന്ന ശീലം തീര്‍ത്തും ഉപേക്ഷിക്കുക.

ഒഴിവാക്കേണ്ട ശീലങ്ങള്‍

കിടന്നു പഠിക്കുന്ന ശീലം ഒഴിവാക്കണം. കട്ടില്‍, സോഫ എന്നിവയില്‍ കിടന്നു പഠിച്ചാല്‍ ഉറക്കം, മന്ദത എന്നിവ കടന്നുവരും. അനാവശ്യ ഫോണ്‍വിളികള്‍, കമ്പ്യൂട്ടര്‍ ഗെയിമുകള്‍, ചാറ്റിംഗ്, മദ്യം, മയക്കുമരുന്ന്. പാന്‍മസാല, പുകവലി എന്നിവ പഠനസഹായിയായി കരുതരുത്‌. ഒരിക്കലും ഉപയോഗിക്കരുത്‌. സിനിമ, വിരുന്നുകാര്‍, വിനോദയാത്രകള്‍, കൂട്ടുകാരുമൊത്തുള്ള ഒത്തുചേരലുകള്‍, ടിവി എന്നിവയെല്ലാം ഒഴിവാക്കുക. പഠനേതര പ്രവര്‍ത്തികള്‍ കുറയ്ക്കുക.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക: എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങണമെന്നുള്ള നിശ്ചയദാര്‍ഡ്യത്തോടെ പഠനം ആരംഭിക്കുക. എല്ലാ കഴിവുകളും ഈശ്വരന്‍ നമ്മില്‍ നിറച്ചിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തിയാല്‍ മതി. നിഷേധ ചിന്തകള്‍ ഒഴിവാക്കുക, ഉത്സാഹശീലരുമായി കൂട്ടുകൂടുക. എല്ലാ ആഴ്ചയിലും ഓരോ വിഷയത്തിലും പഴയ ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് ട്രയല്‍ എക്സാം എഴുതി നോക്കണം. 10 സെറ്റ്‌ പഴയ ചോദ്യപേപ്പറെങ്കിലും സംഘടിപ്പിക്കണം. ഓരോ ട്രയല്‍ എക്സാം കഴിയുമ്പോഴും ആത്മവിശ്വാസം വര്‍ദ്ധിക്കും. പരീക്ഷാ ഭയം മാരും. പഠിക്കുമ്പോള്‍ തന്നെ പ്രധാനാശയങ്ങള്‍, ഫോര്‍മുലകള്‍, രാസനാമങ്ങള്‍, വര്‍ഷം, പേര്, നിര്‍വ്വചനങ്ങള്‍ എന്നിവയുടെ നോട്ടുകള്‍ കൂടി തയ്യാറാക്കുക. നോട്ടുകള്‍ കാര്‍ഡുകളില്‍ തയ്യാറാക്കി യാത്രക്കിടയിലും വിശ്രമാവസരങ്ങളിലും പഠിക്കുക. കണക്ക്‌ തനിയെ ചെയ്തു പഠിക്കണം. ചിത്രങ്ങള്‍ വരച്ച് പഠിക്കണം. ഭാഷാ വിഷയങ്ങള്‍ പഠിക്കുമ്പോള്‍ ഓരോ വാക്കിന്റേയും കൃത്യമായ അര്‍ത്ഥം, വ്യാരകണം, ശൈലി എന്നിവ ശ്രദ്ധിക്കണം. നിര്‍വ്വചനങ്ങള്‍, ഉദ്ധരണികള്‍, പഴമൊഴികള്‍, കവിതകള്‍ എന്നിവ കഴിയുന്നത്ര മനപാഠമാക്കുക. ശാസ്ത്ര-സാങ്കേതിക പടങ്ങള്‍ പഠിക്കുമ്പോള്‍ അവയ്ക്ക് ഭാഷയില്‍ സാധാരണമായുള്ള അര്‍ത്ഥവും മനസ്സിലാക്കുക.

ചിട്ട+ക്രമം=സമയലാഭം

ശരീരശുദ്ധി വരുത്തി, ശ്രദ്ധയോടെ, ഏകാഗ്രതയോടെ പഠനത്തിനിരിക്കുക. സ്ഥിരമായി ഒരിടത്തിരുന്ന് പഠിക്കുന്നതാണ് നല്ലത്. മേശപ്പുറം വൃത്തിയായി സൂക്ഷിക്കുക. ചിട്ടയും ക്രമവും ഉണ്ടായാല്‍ സമയലാഭം ഉണ്ടാകും. ടെസ്റ്റ്‌ ബുക്കുകള്‍, നോട്ടുബുക്കുകള്‍, റഫറന്‍സ്‌ പുസ്തകങ്ങള്‍, കാല്‍ക്കുലേറ്റര്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവ ചിട്ടയൊപ്പിച്ച് കൃത്യസ്ഥാനങ്ങളില്‍ വയ്ക്കുക. കഠിനപാഠങ്ങള്‍ സാവധാനം പഠിക്കുക. പരീക്ഷക്ക്‌ വരാവുന്ന ചോദ്യങ്ങളെ മുന്നില്‍ കണ്ട് പഠിക്കണം. ശുഷ്കാന്തിയോടെ സന്തോഷപൂര്‍വ്വം നട്ടെല്ല് നിവര്‍ത്തി ഇരുന്ന് പഠിക്കുന്നതാണ് നല്ലത്.

പ്രാര്‍ത്ഥനയുടെ പ്രസക്തി

പ്രാര്‍ത്ഥന, പഠനത്തിനും മനശാന്തിക്കും ഏറെ ഗുണം ചെയ്യും. പ്രാര്‍ത്ഥിച്ച് ഉണരുക. പ്രാര്‍ത്ഥിച്ച് ഉറങ്ങുക. പ്രാര്‍ത്ഥിച്ച് പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ദ്ധിക്കും. ആത്മബലം കൂടും. പരീക്ഷാഭീതി, ഉത്കണ്ഠ എന്നിവ വിട്ടകലും. പഠിക്കുക എന്ന കൃത്യത്തിന് പകരമല്ല പ്രാര്‍ത്ഥന. എല്ലാം നിങ്ങളിലാണാശ്രയിച്ചിരിക്കുന്നതെന്ന് കരുതി പഠിക്കുക അതോടൊപ്പം ദൈവത്തെ ആശ്രയിക്കുന്നുവെന്നു കരുതി പ്രാര്‍ത്ഥിക്കുക. ദൈവം നമ്മെ കാത്തുകൊള്ളും.

ആഹാരക്രമം

ദിവസവും ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം 10-14 ഗ്ലാസ്സ് വെള്ളം കുടിക്കണം. ഓരോ 45 മിനിറ്റ്‌ പഠനം കഴിയുമ്പോഴും വെള്ളം കുടിക്കണം. പച്ചക്കറികളും ഇലക്കറികളും പഴങ്ങളും കൂടുതല്‍ ഉപയോഗിക്കുക. ജങ്ക്ഫുഡ്‌ ഒഴിവാക്കുക. നെല്ലിക്കാ ജ്യൂസും നാരങ്ങാ വെള്ളവും കുടിക്കുക. ക്ഷീണമകറ്റാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടോണിക്കുകള്‍ കഴിക്കാം. ബ്രഹ്മി ചേര്‍ന്ന ലേഹ്യം കഴിക്കാം. വിശന്നിരുന്നു പഠിക്കരുത്. അത് ഏകാഗ്രതയെ കുറയ്ക്കും. അമിതാഹാരവും വേണ്ട. കൂടുതല്‍ കഴിച്ചാല്‍ ഉറക്കം വരും.

ഉറക്കം വന്നാല്‍

പഠനവേളകളില്‍ ഉറക്കം വന്നാല്‍ 5-10 പ്രാവശ്യം ദീര്‍ഘശ്വാസം എടുക്കുക. കുറച്ച് സമയം നടന്നു പഠിക്കുക. കുറച്ച് സമയം എഴുതി പഠിക്കുക. ചെറിയ വ്യായാമങ്ങള്‍ ചെയ്യുക. കയ്യും മുഖവും കാലും കഴുകുക. സ്ഥലം മാറിയിരുന്നോ, വിഷയം മാറ്റിയോ പഠിക്കുക. ശരീരത്തെ നോവിക്കുന്ന രീതികളും വെള്ളത്തില്‍ കാല്‍ ഇറക്കിവച്ചുള്ള പഠനവും ഒഴിവാക്കുക.

ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍

പ്രയാസമുള്ള വിഷയങ്ങള്‍ എന്നും പഠിക്കണം. പഠനം ആരംഭിക്കുമ്പോഴും മനസ്സ് ജാഗ്രതയോടെ ഇരിക്കുന്ന സന്ദര്‍ഭത്തിലും പ്രയാസമുള്ള വിഷയം പഠിക്കുക. ഉറങ്ങുന്നതിന് മുന്‍പും പ്രയാസമുള്ള വിഷയം പഠിക്കുക. പ്രയാസമുള്ള ഫോര്‍മുല, വര്‍ഷം, പേര്, ആശയം എന്നിവ പേപ്പറില്‍ കുറിച്ച് ഇടയ്ക്കിടെ എടുത്ത്‌ പഠിയ്ക്കുക. വായനയില്‍ നാല് ഘട്ടമുണ്ട്. Read, Recall, Reflect, Review (വായിക്കുക, ഓര്‍മിക്കുക, ചിന്തിക്കുക, പുനരവലോകനം ചെയ്യുക) ഇക്കാര്യങ്ങള്‍ വായിക്കുമ്പോള്‍ ശ്രദ്ധിക്കണം.

പരീക്ഷാത്തലേന്ന്

പരീക്ഷയുടെ തലേന്നും സാധാരണ പോലെ പഠിച്ചാല്‍ മതി. ശാന്തതയോടെ, ആത്മവിശ്വാസത്തോടെ ഏകാഗ്രതയോടെ പഠിക്കുക. പഠിച്ച പടങ്ങള്‍ ആവര്‍ത്തിക്കുക. പ്രധാനപ്പെട്ട ആശയങ്ങള്‍ മനസ്സിലുണ്ടെന്ന് ഉറപ്പുവരുത്തുക. പഠിക്കുമ്പോള്‍ ഉണ്ടാക്കിയ നോട്ടുകള്‍ ഒന്നുകൂടി മറിച്ച് നോക്കുക. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്‌ പരീക്ഷക്ക്‌ കൊണ്ടുപോകാനുള്ള സാധനസാമഗ്രികള്‍ സ്കൂളില്‍ കൊണ്ടുപോകാനുള്ള ബാഗില്‍ എടുത്ത്‌ വയ്ക്കുക. എഴുതുന്നതും മഷി നിറച്ചതുമായ പേനകള്‍, പെന്‍സില്‍, കട്ടര്‍, റബ്ബര്‍, ജോമെട്രി ബോക്സ്, സ്കെയില്‍, കാല്‍ക്കുലേറ്റര്‍, കര്‍ച്ചീഫ്, ഹാള്‍ടിക്കറ്റ്‌ എന്നിവയെല്ലാം എടുക്കാന്‍ മറക്കരുത്. വാച്ച് കറക്റ്റ്‌ ചെയ്യുക. ആത്മവിശ്വാസത്തോടെ ശാന്തതയോടെ പ്രാര്‍ത്ഥിച്ച് കിടന്നുറങ്ങുക. കൃത്യസമയത്ത്‌ അലാം വച്ചിട്ട് കിടക്കുക.

പരീക്ഷാദിനത്തില്‍

പരീക്ഷാദിനത്തില്‍ കുളിച്ച് വൃത്തിയായി വസ്ത്രം ധരിച്ച് ശുഭാപ്തി വിശ്വാസത്തോടെ പുറപ്പെടുക. പരീക്ഷ തുടങ്ങുന്നതിന് ഇരുപത് മിനിറ്റ്‌ മുന്‍പെങ്കിലും സ്കൂളില്‍/കോളേജില്‍ എത്തുക. എവിടെയാണ് പരീക്ഷാഹാള്‍ എന്ന് മനസ്സിലാക്കി അതിന്റെ പരിസരത്ത്‌ ഇരിക്കുക. പഠിച്ചവ ഒന്നുകൂടി മറിച്ച് നോക്കുക. സമയമാകുമ്പോള്‍ പ്രസന്നതയോടെ ഹാളില്‍ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തതയോടെ ഇരിക്കുക. ഞാനും തയ്യാറെടുത്തിട്ടുണ്ട് ഞാന്‍ നന്നായിത്തന്നെ വിജയിക്കും എന്ന് മനസ്സില്‍ പറയുക. ജയത്തെ കുറിച്ച് മാത്രം ചിന്തിക്കുക. ചോദ്യപേപ്പര്‍ ലഭിച്ചതിന് ശേഷമുള്ള പതിനഞ്ച് മിനിറ്റ്‌ കൂള്‍ ഓഫ് ടൈം ആണ്. ആ സമയത്ത്‌ ചോദ്യക്കസലാസ്സിലെ നിര്‍ദ്ദേശങ്ങള്‍, ചോദ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ വായിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക. എഴുതുന്നതിന്റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഹാള്‍ടിക്കറ്റ്‌ നോക്കി രജിസ്റ്റര്‍ നമ്പര്‍ ഉത്തരക്കടലാസ്സിലേക്ക് പകര്‍ത്തുക. പേപ്പറില്‍ 3cm മാര്‍ജിന്‍ ഇടുക. പ്രധാനപേജില്‍ പൂരിപ്പിക്കേണ്ടവ ശ്രദ്ധാപൂര്‍വ്വം ചെയ്യുക. പേര്, നമ്പര്‍ എന്നിവ വ്യക്തമായി എഴുതണം. മാര്‍ജിനില്‍ ചോദ്യനമ്പര്‍ കൃത്യമായി എഴുതുക.

ആദ്യ ഉത്തരം നന്നായി അറിയുന്നവ ആയാല്‍ നന്ന്. ആദ്യ പേജില്‍ നല്ല കയ്യക്ഷരത്തില്‍ വെട്ടും തിരിത്തും ഒഴിവാക്കി എഴുതിയാല്‍ നല്ല ഇമ്പ്രഷന്‍ കൊടുക്കാന്‍ സാധിക്കും. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണം (അറിയാത്തവയിലും എന്തെങ്കിലും എഴുതാന്‍ ശ്രമിക്കുക, മാര്‍ക്ക്‌ ലഭിക്കും). ഏതെങ്കിലും ഒരു വാക്കോ വര്‍ഷമോ ഫോര്‍മുലയോ കിട്ടുന്നില്ലെങ്കില്‍ അവ ഓര്‍ത്തിരുന്ന് സമയം കളയാതെ പരീക്ഷ തുടരുക. ഓര്‍മ്മ വരുമ്പോള്‍ അത് എഴുതുക. എല്ലാം സമയബന്ധിതമായി, മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ എഴുതണം. അവസാന ചോദ്യത്തിന് സമയമില്ലാതെ വന്നാല്‍ പ്രധാന്‍ ആശയങ്ങള്‍ എഴുതുക. സയന്‍സ് വിഷയങ്ങളില്‍ ചിത്രങ്ങള്‍ ചേര്‍ക്കാം. കണക്കിന് ക്രിയകള്‍ ചെയ്താലും ക്രമത്തിന് മാര്‍ക്ക്‌ ലഭിക്കും. ആലോചിച്ച് ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാക്കി ഉത്തരങ്ങള്‍ എഴുതണം. മാര്‍ക്കറിഞ്ഞ് ഉത്തരമെഴുതുക. ചോദ്യത്തിന് കൃത്യമായ ഉത്തരം അതുമതി.

പരീക്ഷ തീരുന്നതിന് അഞ്ച് മിനിറ്റ്‌ മുന്‍പ്‌ എഴുത്ത് നിര്‍ത്തുക. പേജ് നമ്പര്‍ അനുസരിച്ച് പേപ്പര്‍ തുന്നിക്കെട്ടുക. അഡീഷണല്‍ പേപ്പറുകള്‍ വാങ്ങുമ്പോള്‍ തന്ന്റെ നമ്പര്‍ ഇട്ടു വച്ചാല്‍ എളുപ്പമായിരിക്കും. ചോദ്യനമ്പറുകള്‍ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഉത്തരപേപ്പര്‍ ഒന്നുകൂടി വായിച്ച് അക്ഷരത്തെറ്റുകള്‍, എഴുതാന്‍ മറന്നുപോയവ, വ്യാകരണപിശകുകള്‍ എന്നിവ തിരുത്തുക. പരീക്ഷ കഴിഞ്ഞാല്‍ അതിനെപ്പറ്റി ചിന്തിച്ച്, തെറ്റിപ്പോയതിനെ കുറിച്ചോര്‍ത്ത്‌ വിഷമിക്കാതെ അടുത്ത പരീക്ഷയെ കുറിച്ച് മാത്രം ചിന്തിക്കുക.

മാതാപിതാക്കള്‍ ചെയ്യേണ്ടത്

മകന്റെ/മകളുടെ ചങ്ങാതിയായി മക്കള്‍ക്ക്‌ ആത്മവിശ്വാസം പകരണം. പഠിക്കാനുള്ള സാഹചര്യം ഒരുക്കണം. സഹായങ്ങള്‍ ചെയ്തുകൊടുക്കണം. പ്രോത്സാഹനം നല്‍കണം. വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ചോദ്യങ്ങള്‍ എന്നിവ ഒഴിവാക്കണം. രോഗങ്ങള്‍ വരാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം. ടെലിവിഷന്‍, സിനിമ എന്നിവയില്‍ നിയന്ത്രണം വേണം. കഴിഞ്ഞ പരീക്ഷയുടെ ചോദ്യക്കടലാസ്സ് വാങ്ങി ക്രോസ്സ് ചെയ്യരുത്‌. തെറ്റുകളും പോരായ്മകളും ചൂണ്ടിക്കാട്ടി പിരിമുറുക്കം സൃഷ്ടിക്കരുത്. കുറ്റപ്പെടുത്തരുത്. അനുഭാവപൂര്‍വ്വമുള്ള സംസാരം മതി. പോട്ടെ സാരമില്ല അടുത്ത പരീക്ഷയില്‍ നന്നായി ഒരുങ്ങുക എന്ന താല്പര്യവും ഊഷ്മളവുമായ സമീപനമാണ് വേണ്ടത്. കരുതലും കരുണയും കവലും പരീക്ഷാവേളയില്‍ നല്‍കുക.

അഡ്വ. ചാര്‍ളിപോള്‍

പഠിപ്പിക്കേണ്ട; പഠിക്കാന്‍ സഹായിക്കാം

പഠനകാലത്തെ ഓരോ വര്‍ഷവും ജീവിതത്തില്‍ അത്യധികം വിലപിടിച്ചതാണ്.പഠിച്ച് മുന്നേറി വിജയം കൈവരിച്ചവരെല്ലാം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാറുള്ള ഏറ്റവും വലിയ വിജയരഹസ്യം അവരുടെ ആത്മവിശ്വാസമാണെന്നാണ്. ഉത്തരവാദിത്തബോധം, മാതാപിതാക്കളുടെ പിന്തുണ, ആസൂത്രണം ഇവയൊക്കെയാണ് യഥാര്‍ത്ഥ വിജയത്തിലേക്കുള്ള വഴികള്‍.

ഒരുക്കി കൊടുക്കാം പഠിക്കുവാനുള്ള സാഹചര്യം

ആദ്യത്തെ ചോദ്യം നിങ്ങളുടെ കുട്ടിക്ക് പഠിക്കുവാന്‍ മതിയായ സാഹചര്യം വെട്ടില്‍ നല്‍കുന്നുണ്ടോ എന്നാണ്. കുട്ടി സ്കൂളില്‍ നിന്ന് വീട്ടിലെത്തുന്ന സമയം മുതല്‍ പഠിക്കുവാന്‍ പുത്തകം തുറക്കുന്നതുവരെ എന്താണ് ചെയ്യുന്നതെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? പലരും ശ്രദ്ധിച്ചിട്ട് പോലുമുണ്ടാകില്ല ഇവയൊന്നും. സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതോടൊപ്പം ഉത്തരവാദിത്വബോധം വളര്‍ത്തിയെടുക്കണം. അത് എങ്ങനെയൊക്കെയാണ് ? വേലക്കാരില്ലാത്ത വീടാണെങ്കില്‍ കുട്ടി വീട്ടിലെത്തുമ്പോള്‍ തനിച്ചാണ്, അതുമല്ലെങ്കില്‍ കുട്ടികള്‍ (സഹോദരങ്ങള്‍) ഒരുമിച്ചാണ് വരുന്നതെങ്കില്‍ മൂത്ത കുട്ടിയെ ചില ഉത്തരവാദിത്തങ്ങള്‍ പറഞ്ഞേല്‍പ്പിക്കണം. ഇളയ കുട്ടിയിടെ കാര്യം നോക്കുക, അവന്റെ അല്ലെങ്കില്‍ അവളുടെ പുസ്തകം ചോറുമ്പാത്രം ഇവ യാഥാസ്ഥാനത്ത് വയ്ക്കുക. ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാന്‍ എടുത്തുകൊടുക്കുക. ചെറിയ കളികള്‍ക്കായി ഇളയകുഞ്ഞിനെ മുറ്റത്ത്‌ കൊണ്ടുപോകുക. അതേസമയം ചെടി നനക്കുക, അനാവശ്യ വസ്തുക്കള്‍ വീട്ടുമുറ്റത്ത് നിന്ന് ഒഴിവാക്കുക, സൈക്കിളിലാണ് സ്കൂള്‍ യാത്രയെങ്കില്‍ സൈക്കിള്‍ കഴുകി വൃത്തിയാക്കാം, ഉണങ്ങിയ തുണികള്‍ അയയില്‍ നിന്നെടുത്ത്‌ അകത്തുകൊണ്ടുപോയി വയ്ക്കുക. തുടര്‍ന്ന് പിറ്റേദിവസത്തേക്കുള്ള സ്കൂള്‍ പഠനത്തിനായി മേശപ്പുറത്ത്‌ വയ്ക്കാം തുടങ്ങിയവയൊക്കെ. പക്ഷെ അവരെ ജോലിക്കാരായി കാണാതിരിക്കുക. ഉത്തരവാദിത്തബോധം വളര്‍ത്തിയാല്‍ പഠിക്കേണ്ടതും തന്റെ കടമയാണെന്ന് കുട്ടികള്‍ സ്വയം തിരിച്ചറിയും.

എന്തൊക്കെ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെങ്കിലും കുട്ടികള്‍ സന്ധ്യക്ക് മുന്‍പ്‌ തന്നെ കുളിച്ച് വൃത്തിയായി അവരവരുടെ കര്‍മ്മമേഖലകളിലേക്ക് പോകുന്നത് ശീലമാക്കണം. ഇനിയവര്‍ പഠിക്കാനിരിക്കട്ടെ. പഠിക്കാനിരിക്കും മുന്‍പ്‌ അവരുടെ മനസ്സില്‍ സന്തോഷം നിറഞ്ഞു നില്‍ക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. അതിന് അവര്‍ക്ക് എന്തോക്കെ ആവശ്യമാണോ അതൊക്കെ നല്‍കുക. മാതാപിതാക്കളുമായി സംസാരിച്ച സമയമത്രയും കുട്ടിക്ക് പഠിച്ചുയരുന്നത് ഒരഭിമാനമാണെന്ന് തോന്നത്തക്ക രീതിയില്‍ പ്രോത്സാഹനജനകമായ വാക്കുകളായിരിക്കണം മാതാപിതാക്കളില്‍ നിന്നുണ്ടാകേണ്ടത്. ഇത്രയുമൊക്കെയായാല്‍ പഠിക്കാനുള്ള സാഹചര്യമായി.

പഠിക്കുന്ന സ്ഥലത്തെ ആവശ്യമില്ലാത്ത വസ്തു, ഉപകരണം, ശ്രദ്ധ തെറ്റിക്കുന്ന ചിത്രങ്ങള്‍ ഇവ ഒഴിവാക്കുക. ധാരാളം വായു കടന്നുപോകുന്ന മുറിയായിരിക്കണം പഠനത്തിനായി തിരഞ്ഞെടുക്കേണ്ടത്.

പഠനത്തെ സഹായിക്കുക

കുട്ടികള്‍ പഠിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിന് പാഠപുസ്തകങ്ങള്‍ക്ക് പുറമേ ഇലക്ട്രോണിക് മാധ്യമങ്ങളും ഉപയോഗപ്പെടുത്താവുന്നതാണ്. ഇന്റര്‍നെറ്റ്‌, ടിവി, റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലെ വിജ്ഞാനപ്രദമായ കാര്യങ്ങള്‍ സ്വീകരിക്കുന്നതിനും കുട്ടിയോടൊപ്പം മാതാപിതാക്കളും തയ്യാറാകണം. മാതാപിതാക്കളുടെ വഴക്കും കുറ്റം പറച്ചിലുകളും പരസ്പര ബഹുമാനമില്ലായ്മയും കുട്ടിയുടെ വ്യക്തിത്വത്തെ സ്വാധീനിക്കാം. അതെല്ലാം ഒഴിവാക്കുക.

ബന്ധുമിത്രാദികള്‍, പൊതുപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ആത്മീയരംഗത്തുള്ളവര്‍ തുടങ്ങിയവരുടെ വീട് സന്ദര്‍ശനം കുട്ടിയുടെ പഠനത്തെ ബാധിക്കാതെ നോക്കണം. മദ്യപിച്ച് എത്തുന്ന അച്ഛനുമായി വഴക്കിടുന്ന അമ്മയും ചില വീടുകളില്‍ സ്ഥിരം കാഴ്ചയാണ്. കഴിയുമെങ്കില്‍ കുട്ടിയുടെ ഭാവിയെ ഓര്‍ത്ത്‌ മദ്യപാനം നിര്‍ത്തുക അല്ലെങ്കില്‍ കുടിച്ച് വീട്ടില്‍ പോകാതിരിക്കുക. വഴക്ക് വേണ്ടെന്ന് വയ്ക്കുക.

പഠിക്കുവാനുള്ള സ്ഥലവും സമയവും

കൃത്യമായ ഒരു ടൈംടേബിള്‍ ഉണ്ടാകണം. അതനുസരിച്ച് പഠനസമയം ക്രമീകരിക്കുക. രണ്ടു കുട്ടികളുണ്ടെങ്കില്‍ രണ്ടുപേരും രണ്ട് ഇടങ്ങളിലിരുന്ന്‍ പഠിക്കട്ടെ. ആവശ്യമെങ്കില്‍ ഇരുവര്‍ക്കും ആശയവിനിമയം ചെയ്യാവുന്നതാണ്. കാട്ടം വെളിച്ചവുമുള്ള സ്ഥലങ്ങള്‍ പഠിക്കാനുള്ള താല്പര്യവും ഉന്മേഷവും നിലനിര്‍ത്തും. പഠനത്തില്‍ ഏര്‍പ്പെടുന്ന കുട്ടി അതില്‍ നിന്ന് അശ്രദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് നിങ്ങളുടെ ശ്രദ്ധ ആവശ്യമാണ്. ഒരു ഉത്തരവാദിത്തം നല്‍കിക്കഴിഞ്ഞാല്‍ അതില്‍ത്തന്നെ മുഴുകി, ആ പ്രവൃത്തി പൂര്‍ണ്ണമായും കാര്യക്ഷമതയോടെ സമയബന്ധിതമായി ചെയ്തു ശീലിക്കുന്നതിന് ശ്രദ്ധയോടെയുള്ള കൃത്യമായ പഠനസമയവും, പഠനസ്ഥലവും കുട്ടികളെ സഹായിക്കും. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിവിധ സ്ഥലങ്ങള്‍, വിവിധ സമയങ്ങള്‍ ഇവ ആവശ്യമാണെന്ന് കുട്ടിക്കാലത്ത്‌ തന്നെ അവര്‍ മനസ്സിലാക്കുന്നതിന് ഈ രീതി തുടരേണ്ടത് ആവശ്യമാണ്.

കുട്ടിക്കാലത്തേ സമയത്തെ വരുതിയിലാക്കാന്‍ സന്ധ്യ എന്ന പെണ്‍കുട്ടി പഠിച്ചിരുന്നു-സന്ധ്യ ഐപിഎസ്

പഠിക്കാനുള്ളത് ടൈംടേബിള്‍ വച്ച് കൃത്യമായി പഠിച്ച് തീര്‍ത്താണ് ബി.സന്ധ്യ ഐപിഎസ് വരെ എത്തിയത്‌. ഇപ്പോഴും ആ ചിട്ടകള്‍ക്ക് മാറ്റമില്ല. അതുകൊണ്ടാണ് തിരക്കേറിയ ജോലിക്കിടയില്‍ എഴുതാന്‍ കഴിയുന്നത്. ഇപ്പോഴും പഠിച്ചുകൊണ്ടേയിരിക്കുന്നത്. പുസ്തകങ്ങള്‍ വായിക്കുക, ചിത്രം വരയ്ക്കുക തുടങ്ങിയ ഇഷ്ടങ്ങള്‍ നഷ്ടപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്നത് സമയത്തെ കൃത്യമായി കണക്കുകൂട്ടി ഉപയോഗിക്കുന്നത് കൊണ്ടാണ്. പഠിക്കുന്ന കുട്ടികളും ഇത്തരത്തില്‍ സമയത്തെ പ്രയോജനപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് മാതാപിതാക്കള്‍ കുട്ടികളെ സഹായിക്കേണ്ടതുണ്ട്.

ചിലപ്പോള്‍ ഇഷ്ടമില്ലാത്ത വിഷയങ്ങളാവും പഠിക്കാനുള്ളത്. ചിലതൊന്നും മനസ്സിലായില്ലെന്നും വരാം. പക്ഷേ കുട്ടികള്‍ പഠിച്ചേ മതിയാവൂ. ഇത്തരത്തില്‍ മുഷിഞ്ഞ് പഠിച്ച് ബുദ്ധിമുട്ടിയവരാണ് ഇന്ന് ഉന്നതസ്ഥാനങ്ങളില്‍ എത്തിയിട്ടുള്ളതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക. പഠിക്കുന്ന ഓരോ മിനിറ്റും ചിലപ്പോള്‍ ചിലര്‍ക്കെങ്കിലും വലിയ ബോറായി തോന്നാനിടയുണ്ട്. പക്ഷേ ഈ ബോറടിയെല്ലാം സഹിച്ച് തങ്ങളുടെ ഉത്തരവാദിത്തവും കടമയും തിരിച്ചറിഞ്ഞ് പഠിച്ച് മുന്നേറിയവര്‍ ജീവിതവിജയത്തിലെത്തിയിട്ടുണ്ട്. ‘No Pain No Gain’ എന്നൊരു ചൊല്ല് തന്നെയുണ്ട്. ബുദ്ധിമുട്ടാതെ, വേദനയനുഭവിക്കാതെ ഒരു വലിയ വിജയവും ആരേയും തേടിയെത്തില്ല. ഒരു വിഷയം തന്നെ പഠിക്കുന്ന രീതിയില്‍ മാറ്റം വരുത്തുക. വിവിധ വിഷയങ്ങള്‍ മാറിമാറി പഠിക്കുക.

പ്രയാസമുള്ളവ: എങ്ങനെ സഹായിക്കാം ?

ഒറ്റയടിക്ക്‌ പാഠങ്ങള്‍ പഠിച്ചു തീര്‍ക്കുമെന്ന വാശി ഒഴിവാക്കുക തന്നെ വേണം. പ്രത്യേകിച്ച് കടിച്ചാല്‍ പൊട്ടാത്ത ചില വിഷയങ്ങള്‍, ചില പാഠങ്ങള്‍ എങ്ങനെയെങ്കിലുമൊന്നു തീര്‍ത്താല്‍ മതി എന്ന ചിന്ത നിരുത്സാഹപ്പെടുത്തുക. പയ്യെത്തിന്നാല്‍ പനയും തിന്നമെന്നാണല്ലോ പഴഞ്ചൊല്ല്. ഒരു ദിവസം കൊണ്ട് പന മുഴുവന്‍ തിന്നുതീര്‍ക്കാന്‍ സാധിക്കുമോ ? ഇല്ല. എന്നാല്‍ കുറേശ്ശെ തിന്നുതീര്‍ക്കാന്‍ കഴിഞ്ഞെന്നു വരും. Rome was not built in a day റോമാ സാമ്രാജ്യം നിര്‍മ്മിച്ചത്‌ ഒരു ദിവസം കൊണ്ടല്ല. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. അസാധ്യമായി ഒന്നുമില്ല എന്നൊക്കെയാണ് ഇത്തരം ചൊല്ലുകളുടെ അര്‍ത്ഥം. എങ്കില്‍ എത്ര കഠിന പാടങ്ങളും, പ്രയാസമുള്ള വിഷയങ്ങളും കുട്ടികള്‍ക്ക്‌ പഠിച്ചെടുക്കാന്‍ സാധിക്കും. എങ്ങനെ ? അതൊരു ബുദ്ധിയാണ്. അത് കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുക.

പതുക്കെ പഠിക്കുക

പ്രയാസമുള്ള വിഷയങ്ങള്‍, പാഠങ്ങള്‍ വെപ്രാളമെടുത്ത് പഠിക്കുന്ന രീതി ഉപേക്ഷിച്ച് സാവധാനം പഠിക്കൂ. മെല്ലെ മെല്ലെ മനസ്സിലാക്കി പഠിക്കൂ. പ്രയാസമുള്ള പാഠങ്ങള്‍ പഠിക്കുന്നത് വളരെ ശ്രദ്ധയോടെ ആകണം. സംശയമുള്ള വസ്തുതകള്‍ കുറിച്ച് വയ്ക്കുവാന്‍ സമീപത്ത്‌ തന്നെ ചെറിയ കടലാസോ നോട്ടുബുക്കോ ഉണ്ടാകണം. അങ്ങനെയെങ്കില്‍, ധ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത പഠനസ്ഥലം പഠിക്കുന്നതിന് ഉപയോഗപ്പെടുത്തരുത്‌.

പൂര്‍ണ്ണമായും പഠനത്തില്‍ ശ്രദ്ധ കൊടുക്കുവാന്‍ സാധിക്കുന്ന ഒരന്തരീക്ഷം ഉണ്ടാകിയെടുത്ത ശേഷം പടിക്കാനിരിക്കുക. ഭൂമിയുടെയും സൃഷ്ടിയുടേയും സര്‍വ്വചരാചരങ്ങളും നിലനില്‍പ്പിന്റെ രഹസ്യം സാവകാശം അന്വേഷിച്ച് മനസ്സിലാക്കുന്ന ഒരു ബുദ്ധിശാലിയെ പോലെ കുട്ടികള്‍ മെല്ലെ പഠനത്തില്‍ മുഴുകി കഴിയുമ്പോള്‍ പ്രയാസമേറിയതെന്ന് വിചാരിച്ചിരുന്ന പാഠഭാഗങ്ങള്‍ പോലും അവര്‍ക്ക്‌ മുന്നില്‍ കീഴടങ്ങും. കുറച്ച് ഭാഗങ്ങള്‍ പഠിച്ച് കഴിയുമ്പോള്‍ തന്നെ കുട്ടികള്‍ക്ക്‌ അത്മവിശ്വാസമുണ്ടായിത്തുടങ്ങും. പിന്നെ പഠിക്കുന്നത് ഒരു പ്രത്യേക ത്രില്ല് തന്നെയായിരിക്കും. എത്ര പ്രയാസമേറിയ സാഹചര്യവും അതിജീവിക്കുന്ന ബുദ്ധിമാനും കരുത്തനുമായ ഒരു വ്യക്തിയെപ്പോലെ കുട്ടി പെരുമാറിത്തുടങ്ങും. എത്ര കഠിനവുമാകട്ടെ, പിന്‍തിരിയുന്ന പ്രശ്നമേയില്ല എന്ന് കുട്ടിയും മനസ്സിലുറപ്പിച്ച് തുടങ്ങും. അതിനുവേണ്ടി വിവിധ തരത്തിലുള്ള പഠനരീതികള്‍ അവര്‍ തന്നെ പ്രയോഗത്തില്‍ കൊണ്ടുവരും.

വായന, എഴുത്ത്, പോക്കറ്റ്, നോട്ട്സ്, ബുള്ളറ്റ്‌ നോട്ട്സ്, പഠിച്ച വസ്തുതകള്‍ ഉറക്കെപറയുക, പറയുന്ന കാര്യങ്ങള്‍ക്ക് ഈണവും താളവുമുണ്ടാക്കുക, ഉച്ചാരണത്തില്‍ ശരദ്ധിക്കുക. വിട്ടുപോയവ എന്താണെന്ന് മനസ്സിലാക്കുക. ഇത്രയുമായാല്‍ പിന്നെയും കുട്ടികള്‍ ശ്രദ്ധയോടെ പഠനത്തില്‍ മുഴുകുന്നു. കുട്ടികളുടെ മുന്നില്‍ ഒരുപാട് കുട്ടികളുണ്ട് എന്ന് അവര്‍ക്ക്‌ സങ്കല്‍പ്പിക്കാന്‍ കഴിയും. അവര്‍ക്ക്‌ ക്ലാസ്സെടുക്കുന്ന രീതിയിലാണ് കുട്ടികള്‍ പിന്നീട് പഠിക്കുന്നത്. കുട്ടികള്‍ അവരുടെ സഹപാഠികളെ പഠിപ്പിക്കുന്നു. സ്വാഭാവികമായും കുട്ടികള്‍ക്കുണ്ടാവുന്ന ചോദ്യം അവര്‍ സ്വയം ചോദിക്കുന്നു. ഉത്തരങ്ങളും കണ്ടെത്തുന്നു. ഒരു പാഠത്തിന്റെ, ഒരു സബ്ജക്റ്റിന്റെ വിവിധങ്ങളായ ചോദ്യരൂപങ്ങളും ഉത്തരരേഖകളും കുട്ടികളുടെ മനസ്സില്‍ ഇതിനോടകം രൂപപ്പെട്ടിരിക്കും.

അങ്ങനെ കുട്ടികള്‍ പ്രയാസമേറിയ വിഷയവും പാഠവും പഠിക്കും. ഇങ്ങനെ പ്രയാസമുള്ള പാഠങ്ങള്‍ പഠിക്കുന്നതിന് മുകളില്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വഴി യാഥാര്‍ത്ഥ്യമാകാന്‍ രക്ഷകര്‍ത്താക്കള്‍ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.

ടിവി നന്നായി ഉപയോഗിക്കാം

ഇന്ന് ടിവിയില്ലാത്ത ഒരു വീട് പോലുമില്ല. ടിവി കുട്ടികളുടെ സ്വഭാവത്തേയും ബന്ധങ്ങളേയും സ്വാധീനിക്കുന്നു. എങ്ങനെ ടിവി കാണല്‍ പ്രയോജനപ്രദമാക്കാം ? എങ്ങനെ ടിവിയില്‍ നിന്ന് കാര്യങ്ങള്‍ പഠിക്കാം ? പഠനം, സാമൂഹിക ബന്ധങ്ങള്‍, കായിക വിനോദങ്ങള്‍ എന്നിവയെ ടിവി പ്രതികൂലമായി ബാധിക്കുന്നു എന്നത് വാസ്തവം. ടിവിയിലെ വയലന്‍സ്‌ രംഗങ്ങള്‍ കാണുന്നത് കുട്ടികളില്‍ മറ്റുള്ളവരുടെ വേദനകളെക്കുറിച്ച് അലംഭാവം, ചുറ്റുമുള്ള ലോകത്തോട് ഭയം, മറ്റുള്ളവരോടുള്ള വെറുപ്പ്‌, വിവിധതരം വികല ധാരണകള്‍ തുടങ്ങി പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഇതൊക്കെയാണെങ്കിലും ഒരു കാര്യം ഉറപ്പാണ്; ഇനിയങ്ങോട്ട് ജീവിതത്തിന്റെ ഒരു ഭാഗമായി ടിവി നമ്മള്‍ക്കൊപ്പം ഉണ്ടാകും. അപ്പോള്‍ ടിവിയെ എങ്ങനെ കൂടുതല്‍ നന്നായി ഉപയോഗിക്കാം ?

സമയബന്ധിതമായ ടിവി കാണല്‍

ടിവിക്ക്‌ ഒരു ഓഫ് സ്വിച്ച് ഉള്ള കാര്യം നമ്മള്‍ പലപ്പോഴും മറന്നു പോകാറില്ലേ ? വെറുതെ ചാനലുകള്‍ മാറിമാറി സര്‍ഫ്‌ ചെയ്തുകൊണ്ടിരിക്കുക നമ്മുടെ ഒരു ഇഷ്ടവിനോദമാണല്ലോ ! ആവശ്യമില്ലാത്തപ്പോള്‍ ടിവി ഓഫ് ചെയ്യുക. ടിവി കാണുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളുടെ കൂടെ ഇരിക്കുക. പ്രോഗ്രാമുകളെ ക്രിയാത്മകമായി വിശകലനം ചെയ്യാം. ഒരു സിനിമ എങ്ങനെ കൂടുതല്‍ നന്നാക്കാം, ചര്‍ച്ചകളുടെ ഗതി എങ്ങോട്ടാണ് തുടങ്ങിയ കാരയ്ഗ്നല്‍ കുട്ടികളുമായി ചര്‍ച്ച ചെയ്യാം. ഒന്നിച്ചു ചിരിക്കാം. തമാശകളും ആകാംക്ഷകളും ആശയങ്ങളും പങ്കുവയ്ക്കാം. വിമര്‍ശനാത്മകമായ ടിവി കാണല്‍, കുടുംബത്തിന്റെ മൂല്യങ്ങലുമായി ജീവിതാനുഭവങ്ങളെ പൊരുത്തപ്പെടുത്തുന്നതിന് സഹായകമാണ്.

ഗൃഹപാഠം ചെയ്യുവാന്‍ സഹായം

പകല്‍ നടന്ന പ്രവര്‍ത്തങ്ങളെ ക്രമമായി ഓര്‍ത്തെടുക്കാനും പരിശീലിക്കാനും തുടര്‍ പഠന പ്രക്രിയ എന്ന നിലയിലാണ് ഗൃഹപാഠത്തെ വീക്ഷിക്കേണ്ടത്. കുട്ടികളില്‍ സ്മാര്‍ട്ട്നെസ്സ് എന്തെന്ന് മനസ്സിലാക്കുന്നതിന് ഈ ജോലി സഹായിക്കും. ഗൃഹപാഠങ്ങള്‍ കുട്ടികള്‍ക്ക്‌ ഭാരമാകുന്നുവെന്ന പരാതി അവരുടെ മുമ്പില്‍ വച്ചുതന്നെ പറയേണ്ടി വരുന്നത് ഒഴിവാക്കുക. ഓരോ ദിവസവും സ്കൂളില്‍ പഠിച്ച കാര്യങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനമാണ് അന്നന്ന് വീട്ടില്‍ വച്ച് ചെയ്യേണ്ടി വരിക. ഇതൊരു മനസ്സിലാക്കലാണ്.

കൃത്യസമയത്ത്‌ ഹോംവര്‍ക്ക് ചെയ്യാനറിയാതെ ക്ലാസ്സിലെത്തുന്ന കുട്ടി എത്രയോ കുട്ടികളുടെ പിന്നിലാണ് തന്റെ സ്ഥാനമെന്ന് പിറ്റേന്ന് തിരിച്ചറിയുമ്പോള്‍ അപകര്‍ഷബോധത്താല്‍, അപമാനത്താല്‍ ഭയത്തിന് കീഴടങ്ങുക പതിവാണ്. ഇങ്ങനെ കുട്ടികളിലുണ്ടാകുന്ന പേടി തുടര്‍ പാഠഭാഗങ്ങള്‍ ശ്രദ്ധിക്കുന്നതിനോ പ്രതികരിക്കുന്നതിനോ കഴിയാതാക്കുകയും അവരെ മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍ പിന്നീടുള്ള ഹോംവര്‍ക്കുകള്‍ കുട്ടികള്‍ വീട്ടില്‍ അറിയിക്കുന്നില്ല എന്നുംവരാം. പക്ഷെ മാതാപിതാക്കള്‍ ചോദിക്കാതെയിരിക്കരുത്. കുട്ടിയോടൊത്ത് വീട്ടുകാര്യവും സ്കൂളിലെ വിശേഷങ്ങളും ചോദിച്ചു മനസ്സിലാകുന്നതിനിടയില്‍ ഹോംവര്‍ക്കിനെ പറ്റി അന്വേഷിക്കാം.

കുട്ടികള്‍ ചിലപ്പോള്‍ ഒന്നും പറഞ്ഞില്ലെന്നിരിക്കും. തന്റെ അറിവില്ലായ്മ മാതാപിതാക്കളുടെ മുമ്പില്‍ പ്രകടിപ്പിക്കുന്നത് ഒരു കുറവാണെന്ന് ബോധ്യമുള്ളവരായിരിക്കാം അവര്‍. അത്തരം കുട്ടികളെ അരികില്‍ ചേര്‍ത്ത്‌ നിര്‍ത്തി അവരുടെ അറിവില്ലായ്മക്ക് പരിഹാരമായി അച്ഛനമ്മമാരുണ്ടെന്ന ആശ്രയബോധം അവര്‍ക്ക്‌ നല്‍കണം. എന്ത് സംശയവും എത്ര വലിയ പ്രശ്നങ്ങളും എന്തെല്ലാം പഠനപ്രവര്‍ത്തനങ്ങളുണ്ടോ അതെല്ലാം ചോദിച്ചറിഞ്ഞ് കൂടെയിരുന്ന് എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് കുട്ടികളെ സഹായിക്കണം. പക്ഷേ ഹോംവര്‍ക്കുകള്‍ അച്ഛനമ്മമാര്‍ ഏറ്റെടുത്ത്‌ ചെയ്യുന്ന രീതി ഒഴിവാക്കുക.

കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പഠന പ്രവര്‍ത്തനം സുഗമമാക്കുന്നതിനിടയില്‍, തന്റെ കുട്ടിക്കാലത്തും താനിതുപോലെയായിരുന്നെന്നും പിന്നീട് മടിയൊക്കെ മാറ്റി വാശിയോടെ പഠിച്ച് മുന്നേറിയെന്നുമൊക്കെ സ്നേഹരൂപേണ പറയുക. പഠനവും പ്രവര്‍ത്തനവും കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും കടമയുമാണെന്ന് രക്ഷാകര്‍ത്താക്കള്‍ ബോധ്യപ്പെടുത്തുമ്പോഴും തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന രീതിയില്‍ ആയാസകരമായ പഠനസമ്പ്രദായങ്ങള്‍ പിന്തുടരുവാന്‍ നിര്‍ബന്ധപൂര്‍വ്വം കുട്ടിയോട് പറയരുത. നിര്‍ബന്ധിച്ച് നിങ്ങളവരെ പഠിപ്പിക്കുന്നു എന്ന് കുട്ടിക്ക്‌ തോന്നരുത്‌. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന നമ്മുടെ രാജ്യത്ത്‌ നമ്മുടെ കുട്ടിയും അവരിലൊരാളായി കുട്ടിയുടെ കഴിവ് മറ്റുള്ളവരുടെ മുമ്പില്‍ തെളിയിക്കുന്നതിന് ലഭിച്ചിരിക്കുന്ന അവസരത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു സഹായഹസ്തം മാത്രമാകണം മാതാപിതാക്കള്‍. മറിച്ച്, കുട്ടി അച്ഛനമ്മമാരുടെ അഭിമാനം സംരക്ഷിക്കാന്‍ ജനിച്ച ഒരു പഠിപ്പിസ്റ്റ്‌ അല്ലെന്നും മനസ്സിലാക്കുക. അതുകൊണ്ട് തന്നെ ഗൃഹപാഠം കുട്ടിയുടെ ഓര്‍മ്മശക്തിയും കൃത്യനിര്‍വ്വഹണ ഉത്തരവാദിത്തവും വളര്‍ന്നു വികസിക്കുന്നതിന് സഹായിക്കും. യഥാസമയം ഹോംവര്‍ക്ക്‌ ചെയ്ത് തീര്‍ക്കുന്നതിന്റെ അഭിമാനവും അംഗീകാരവും കുട്ടിക്ക് മാതം അര്‍ഹതപ്പെട്ടതാണെന്നും ഉയര്‍ച്ചയുടെ പടവുകള്‍ ഇത്തരം കൃത്യനിര്‍വ്വഹണത്തില്‍ തുടങ്ങുന്നുവെന്നും അവരെ ബോധ്യപ്പെടുത്തുക.

പഠനസഹായം നല്‍കല്‍

പുസ്തകം, പേന, കടലാസ, കാല്‍ക്കുലേറ്റര്‍, നോട്ടുബുക്ക്‌, പേപ്പറുകള്‍, ക്രയോണ്‍സ് സ്കെച്ച് പേന തുടങ്ങിയ സാധനങ്ങള്‍ വാങ്ങി പഠനോപകരണ കിറ്റ് എന്ന നിലയില്‍ സൂക്ഷിക്കുക. ഈ പഠനസാമഗ്രികള്‍ പഠനമുറിയില്‍ ഉണ്ട് എന്ന് ഉറപ്പ്‌ വരുത്തിയ ശേഷം കുട്ടികളെ പഠിക്കാന്‍ ഇരുത്തുക. സാധനങ്ങള്‍ പഠന സമയത്ത്‌ തപ്പിയെടുത്ത് സമയം കളയുന്ന സ്വഭാവത്തെ പ്രോത്സാഹിപ്പിക്കരുത്. സാധനങ്ങള്‍ തപ്പിക്കൊണ്ട് വരുമ്പോള്‍ ഏകാഗ്രത നഷ്ടപ്പെട്ടേക്കാം. കുട്ടികള്‍ ശേഖരിക്കുന്ന ചിത്രങ്ങള്‍, തൂവലുകള്‍, നാണയം, പത്രകട്ടിങ്ങുകള്‍, ഇവ പഠനോപകരണ കിറ്റില്‍ സൂക്ഷിച്ച് ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുക. സംശയമുള്ള വിഷയങ്ങള്‍ക്ക്‌ വിദഗ്ദ്ധരുടെ ഉപദേശമോ സംശയനിവാരണത്തിനായി അവരുടെ സാന്നിധ്യമോ ലഭ്യമാക്കാം (പക്ഷേ അതൊരിക്കലും ട്യൂഷനായി തരാം താഴ്ന്ന്‍ പോകരുത്).

കുട്ടിയുടെ വളര്‍ച്ചയെ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ പദ്ധതി നമുക്കുള്ളത് കൊണ്ടുതന്നെ ഗൈഡുകളോ ട്യൂഷന്‍ അധ്യാപകരോ ആവശ്യമില്ല.ഏതെങ്കിലും വിഷയത്തില്‍ സംശയമുണ്ടെങ്കില്‍ അതുമായി ബന്ധമുള്ളവരെ സമീപിച്ച് പരിഹാരം നേടാം. അപ്പോള്‍ രക്ഷാകര്‍ത്താവ് കൂടി പങ്കാളിയാകണമെന്നുമാത്രം. എന്ന് പറഞ്ഞാല്‍ ‘കുട്ടീ, നീ പഠിക്കുക എനിക്കല്‍പം ജോലിയുണ്ട്’ എന്ന് പറഞ്ഞ് പഠനഭാരം മുഴുവന്‍ കുട്ടിയുടെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറരുത്. കുറ്റിയില്‍ നിന്ന് മാതാപിതാക്കളും മാതാപിതാക്കളില്‍ നിന്ന് കുട്ടിയും അങ്ങോട്ടുമിങ്ങോട്ടും പഠിച്ച് മനസ്സിലാക്കുന്ന പരസ്പര പൂരകമായ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തനം വീടുകളില്‍ ഉണ്ടാകണം. പഠനം കുട്ടികള്‍ക്ക്‌ മാത്രമുള്ളതല്ല എന്നര്‍ത്ഥം.

എത്ര പഠിച്ചു ? ഇനി എത്രയുണ്ട് ?

എല്ലാ കുട്ടികളും എല്ലാ കാര്യങ്ങളിലും ഒരേസമയം ഒരേ വേഗത്തില്‍ മുന്നോട്ട് കൊണ്ട് പോകുന്നവരല്ല. സ്വഭാവത്തിലെ വ്യത്യസ്തത പ്രവര്‍ത്തങ്ങങ്ങളിലുമുണ്ടാകും. പഠിക്കാന്‍ പ്രയാസമില്ലാത്ത പാഠഭാഗം എത്രയും വേഗം പഠിച്ചെടുക്കുമ്പോള്‍ മറ്റു ചില വിഷയങ്ങള്‍ക്ക്‌ പിന്നിലാകാന്‍ സാധ്യതയുണ്ട്. ഗണിതം പഠിക്കുവാന്‍ പ്രയാസമ നേരിടുന്ന കുട്ടി സയന്‍സ് പഠിച്ച് മുന്നേറുമ്പോള്‍ ഉപേക്ഷിക്കപെടുന്ന കണക്കിനെ കണ്ടെത്തി ആത്മവിശ്വാസത്തിന്റെ ഭാഷയില്‍ കുട്ടിയോട് സംസാരിക്കണം. സയന്‍സ് പഠിക്കാന്‍ നിനക്കെന്താ ഒരു മിടുക്ക്, സയന്‍സിന് നല്ല മാര്‍ക്ക്‌ വാങ്ങിയപ്പൊ കണക്കിനെ ഒന്ന് ശ്രദ്ധിച്ചത് പോലുമില്ല. സയന്‍സില്‍ മിടുക്ക് കാണിക്കുന്നവന് കണക്കൊരു വലിയ പ്രയാസമാണോ ? അല്ലെങ്കില്‍ തന്നെ എന്താ പ്രയാസമെന്ന് നോക്കാം. ബുദ്ധിമുട്ടാണെങ്കില്‍ അത് പരിഹരിക്കണ്ടേ ? പരിഹാരവും കണ്ടെത്താം.

ഇങ്ങനെ പഠിക്കുന്നതില്‍ പ്രയാസം നേരിടുന്ന കുട്ടിയെ ആശ്വസിപ്പിച്ച് പിന്നാക്കം നില്‍ക്കുന്ന പഠനവിഷയങ്ങള്‍ പടിപടിയായി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന പഠന അധ്യായവുമായി ബന്ധപ്പെടുത്തണം. അന്നന്ന് പഠിച്ചു വയ്ക്കേണ്ടത് ഒഴിവാക്കപ്പെടുമ്പോള്‍ പിന്നീട് വലിയ ഭാരം കണക്കെ പരീക്ഷയടുക്കുമ്പോള്‍ പല കുട്ടികളും പിരിമുറുക്കം സഹിക്കവയ്യാതെ രോഗങ്ങള്‍ക്ക്‌ കീഴ്പ്പെടുന്നുണ്ട്. സ്നേഹരൂപേണ ഓരോ ദിവസത്തെയും പഠന വിഷയങ്ങള്‍ കഴിവതും അന്നുതന്നെ തീര്‍ക്കാന്‍ അവരോടൊപ്പം, അച്ഛനമ്മമാര്‍ കുറച്ച് സമയം, വളരെ കുറച്ച് സമയമെങ്കിലും ഉണ്ടാക്കിയേ തീരൂ. അവര്‍ക്ക്‌ താല്പര്യമില്ലാത്ത വിഷയങ്ങള്‍ അവര്‍ അവഗണിച്ച് കളയുന്നത് ശ്രദ്ധയില്‍ പെടുമ്പോള്‍ ചൂണ്ടിക്കാട്ടി, അവധി ദിവസങ്ങളിലോ മറ്റോ കുട്ടിക്കൊപ്പമിരുന്നു അതെല്ലാം പഠിച്ച് മനസ്സിലാക്കെണ്ടതിന് അവരെ സഹായിക്കാം.

ഇതുവരെ എന്തെല്ലാം പഠിച്ചു ? എല്ലാം കൃത്യമാണോ ? നോട്ട്സ്, ഹോംവര്‍ക്ക്, പ്രോജക്റ്റ്‌, അസൈന്‍മെന്റുകള്‍, മറ്റ് ഗ്രൂപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം സമയബന്ധിതമായി തന്റെ കുട്ടിയുടെ പങ്കാളിത്തം ഉണ്ടാകുന്നുവോ ഇതൊക്കെ അന്വേഷിക്കുന്നതോടൊപ്പം, ഇനിയും എന്തെല്ലാം ചെയ്യേണ്ടതുണ്ട് ? പരീക്ഷക്ക്‌ മുമ്പ്‌ തന്നെ പഠിച്ച് തീര്‍ക്കേണ്ട വസ്തുതകള്‍ ഏതൊക്കെയാണ് ? ഇനി എത്ര ദിവസമുണ്ട് ? എങ്ങനെ പഠിച്ചാല്‍ നന്നായി പരീക്ഷയെഴുതാം ? ദിവസം എത്ര മണിക്കൂര്‍ അതിന് ആവശ്യമായി വരും. ഇതെല്ലാം കണക്കുകൂട്ടി പഠനരീതിയും സമയവും പഠനവിഷയങ്ങളും ക്രമീകരിക്കണം. പരീക്ഷയടുക്കുമ്പോള്‍, ഒരുപാടുണ്ടല്ലോ പഠിക്കാന്‍ എന്ന ഭയവും ടെന്‍ഷനും കുട്ടികളില്‍ ഉണ്ടാകാതെ ശ്രദ്ധിക്കേണ്ടതും മാതാപിതാക്കളാണെന്ന വസ്തുത മറക്കാതിരിക്കുക.

ഉണ്ണി അമ്മയമ്പലം

മറക്കാതിരിക്കാന്‍ മൈന്‍ഡ്‌ മാപ്പിംഗ്

‘Nature നട്ടൂരെ Nature നട്ടൂരെ Nature നട്ടൂരെ’ മധ്യതിരുവതാംകൂറിലെ പ്രശസ്തമായ ഒരു സ്കൂളില്‍ ഒന്നാംക്ലാസ്സില്‍ പഠിക്കുന്ന എന്റെ സുഹൃത്തിന്റെ മകന്‍ തന്റെ ഇംഗ്ലീഷ്‌ പഠനം നടത്തുന്നതാണ് നാം മുകളില്‍ കണ്ടത്‌. നട്ടൂരെ ആവര്‍ത്തിച്ച് കേട്ട് ഞെട്ടിയ സുഹൃത്ത് തന്റെ മകനോട്‌ Nature നട്ടൂരെയല്ല നേച്ചര്‍ ആണ് എന്ന് മനസ്സിലാക്കാന്‍ ശ്രമം നടത്തിയെങ്കിലും ടീച്ചറുടെ വാക്യം വേദവാക്യമായ ഒന്നാം ക്ലാസ്സുകാരന്‍ ഈ അപ്പനെന്തറിയാം എന്ന മട്ടില്‍ വീണ്ടും വീണ്ടും നട്ടൂരികൊണ്ടിരുന്നു. ഏതാനും മാസങ്ങള്‍ക്ക്‌ മുന്‍പ്‌ വാട്സാപ്പിലും ഫെയ്സ്ബുക്കിലും വളരെ പ്രചാരം നേടിയ ഒരു വീഡിയോ ഉണ്ട്. തായ്ലാന്റില്‍ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതിന്റെ. history എന്നതിനെ ഹായ്‌ സ്റ്റോറി എന്ന് പറഞ്ഞു പഠിപ്പിക്കുന്ന ആ വീഡിയോ കണ്ട് ചിരിച്ചപ്പോള്‍ നാം അറിയാതെപോയ ഒരു കാര്യമുണ്ട്. നമ്മുടെ നാട്ടിലെ അവസ്ഥ ചിലപ്പോഴെങ്കിലും ഇതിലും പരിതാപകരമാണ് എന്ന്.

മുകളില്‍ പറഞ്ഞത് പത്തിരുപത്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ വളരെ വിദൂരമായ സ്ഥലത്ത്‌ ഒരു സ്കൂളില്‍ സംഭവിച്ചതാണെന്ന് കരുതാനാകും നമുക്കിഷ്ടം. എന്നാല്‍ സത്യമതല്ല. ഈ ഇന്റര്‍നെറ്റ്‌ യുഗത്തില്‍ തന്നെയാണ് ഇത് സംഭവിച്ചത്‌.

സ്മാര്‍ട്ട്നെസ്സ് എന്നത് കുട്ടികളില്‍ നിന്നും ക്ലാസ്സ്‌ മുറികളിലേക്ക് പരകായപ്രവേശം നടത്തിയ ഇക്കാലത്ത്‌ ഇങ്ങനെ സംഭവിക്കുന്നത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി ആശ്രസിക്കാന്‍ വരട്ടെ. മധ്യതിരുവതാംകൂറില്‍ തന്നെയുള്ള മറ്റൊരു സ്കൂളിലെ ഗണിതശാസ്ത അധ്യാപികയുടെ ഈ കണ്ടെത്തല്‍ അറിഞ്ഞതിന് ശേഷമാകും ആശ്വസിക്കണോ ആധി കൂട്ടണോ എന്ന് തീരുമാനിക്കാന്‍. π വിലയായി പറയുന്നത് 3.14 എന്ന് അധ്യാപിക. മിടുക്കനായ ഒരു വിദ്യാര്‍ത്ഥി ഒരു ചോദ്യം, 22/7 എന്നും പറയാന്‍ പാടില്ലേ എന്ന്. ഉടന്‍ എത്തി ടീച്ചറിന്റെ ഉത്തരം cbse പഠിക്കുന്നവര്‍ക്ക്‌ π വില 3.14 ആണ്. 22/7 എന്നത് സ്റ്റേറ്റ്‌ സിലബസ്സില്‍ പഠിക്കുന്നവര്‍ക്ക്‌ മാത്രം ബാധകമാണ്. ഗണിതശാസ്ത്രത്തിലെ അടിസ്ഥാന തത്വങ്ങള്‍ക്ക് പോലും വേര്‍ത്തിരിവുണ്ടെന്ന്‍ മനസ്സിലാക്കിത്തന്ന ടീച്ചറെ കുറ്റപ്പെടുത്തുന്നതിന് മുന്‍പ്‌ ആര്‍ഭാടത്തില്‍ മുന്നില്‍ നില്‍ക്കുന്ന പല സ്കൂളുകളിലെ പിടിഎ യുടെ പ്രധാന ആവശ്യം കൂടി കേട്ടിട്ടാകാം ആരെയാണ് കുറ്റപ്പെടുത്തേണ്ടത് എന്ന് തീരുമാനിക്കാന്‍. ഇതായിരുന്നു ആ ആവശ്യം. സ്കൂള്‍ ഫീസ്‌ കുത്തനെ ഉയര്‍ത്തണം. അതെ, അതുതന്നെയാണ് ആവശ്യം. ഫീസ്‌ ഉയര്‍ത്തണം. അതും ആവശ്യപ്പെടുന്നത് പിടിഎ. കാരണമെന്താണന്നല്ലേ. സാമ്പത്തികമായി ഉയര്‍ന്ന നിലവാരം ഇല്ലാത്തവര്‍ പോലും ഇപ്പോള്‍ നിലവിലുള്ള ഫീസടച്ച് പഠിക്കുന്നു എന്നത് തന്നെ.

DEd, BEd പഠിച്ച് അധ്യാപകരാകാന്‍ തയ്യാറാകുന്നവര്‍ക്ക്‌ പരിശീലനം നല്‍കുമ്പോള്‍ പലപ്പോഴും ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യമുണ്ട്. നിങ്ങളില്‍ എത്രപേര്‍ അധ്യാപകനാവണം എന്ന തീവ്രമായ ആഗ്രഹത്തോടെ എത്തിയവരുണ്ട് എന്ന്. പല സ്ഥലങ്ങളിലും 10 ശതമാനം പോലും കാണില്ല. അത്തരക്കാര്‍ക്ക്‌ ഉദ്ദേശിച്ച മറ്റു കോഴ്സുകളിലേക്ക് പ്രവേശനം കിട്ടാതെ എന്നാല്‍പ്പിന്നെ ഇനി ഇത് നോക്കാം എന്ന് കരുതിയ, പെണ്‍കുട്ടികള്‍ക്ക്‌ പറ്റിയ പണി ഇതാണ് എന്ന വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയോ ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ അനേകം. നല്ല മാര്‍ക്കോടെ പരീക്ഷ പാസ്സായി എന്നതല്ല പലയിടത്തും അധ്യാപകനാവാനുള്ള യോഗ്യത. നേരെമറിച്ച് പറയുന്ന തുക നല്‍കാനുള്ള കഴിവാണ് യഥാര്‍ത്ഥ അധ്യാപന യോഗ്യത.

വാക്കുകള്‍ ഉപയോഗിച്ച് വെടക്കാക്കുന്നതില്‍ നാമെന്നും മുന്‍പിലാണ്. അതുകൊണ്ടാണ് ബ്രിട്ടീഷുകാര്‍ വളരെ ഉയര്‍ന്ന ബഹുമാനം കിട്ടിയവരെ മാത്രം വിളിച്ചിരുന്ന സാര്‍ പദവി നാം എല്ലാവര്‍ക്കും നല്‍കിയതും ഇന്റര്‍നാഷണല്‍ എന്ന വാലോടെ കോഴിക്കൂട് പോലുള്ള സ്കൂളുകള്‍ ഉണ്ടാക്കിയതും. എന്നിട്ടും വിദ്യാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ക്ക് പ്രധാനമായും നാം കാണുന്നത് സിനിമയും ഫെയ്സ്ബുക്കും. നല്ല തലച്ചോറിനേയും അതിന്റെ പ്രവര്‍ത്തങ്ങളേയും കുറിച്ചുള്ള പഠനങ്ങള്‍ വളരെയധികം പുരോഗമിച്ച ഇക്കാലത്തും നാം പഠിക്കാനും പഠിപ്പിക്കാനും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട രീതി തന്നെയാണ്. പലയിടങ്ങളിലും അത്യാധുനിക സാങ്കേതിക വിദ്യകളായ ഡിജിറ്റല്‍ ബോര്‍ഡും മറ്റും ഉണ്ടെങ്കിലും പഠനരീതിയും പഠനത്തോടുള്ള സമീപനവും ഇന്നും പഴയത് തന്നെ. കാളവണ്ടി വലിക്കാന്‍ കാളക്ക് പകരം ട്രെയിനിന്റെ എഞ്ചിന്‍ ഉപയോഗിച്ചാല്‍ കാളവണ്ടിയുടെയോ ട്രെയിനിന്റെയോ പ്രയോജനം ലഭിക്കാത്ത അവസ്ഥയുണ്ടാവും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതോടൊപ്പം വിദ്യാഭ്യാസ രീതിയും, അറിവ് സമ്പാദിക്കുന്നതിനോടുള്ള മനോഭാവവും പഠിപ്പിന്റെ രീതിയും മാറേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പഴകി വീഴാറായ ഒരു കെട്ടിടത്തിന്റെ പെയിന്റിന്റെ നിറം മാത്രം മാറ്റിയ അവസ്ഥയിലാവും നാം.

ഔപചാരിക വിദ്യാഭ്യാസ കാലഘട്ടത്തിലും അതിനുശേഷവും കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ട ആവശ്യം നമുക്കുണ്ട്. ഒരു വിദ്യാര്‍ഥിയെ സംബന്ധിച്ച് ഇന്നത്തെ പരീക്ഷയില്‍ മാര്‍ക്ക്‌ വാങ്ങാനുള്ള ഒരു പ്രധാന ആയുധമാണ് ഓര്‍ത്തിരിക്കല്‍. കാര്യങ്ങള്‍ ശരിയായി ഓര്‍ത്തിരിക്കാന്‍ കഴിയുന്നത് ഏത് വിദ്യാര്‍ത്ഥിക്കും മുതല്‍ക്കൂട്ടാണ്. ക്ലാസ്സ്‌ മുറിയില്‍ പഠിപ്പിക്കുന്നതും, വായിച്ച് മനസ്സിലാക്കുന്നതും നോട്ടെഴുതിയെടുത്ത് പിന്നീട് ഉപയോഗിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. എന്നാല്‍ നമ്മുടെ സാധാരണ നോട്ടെഴുതല്‍ ഒരു പഴഞ്ചന്‍ രീതിയാണ് എന്ന് പറഞ്ഞാല്‍ നെറ്റി ചുളിക്കുന്നവര്‍ ധാരാളമുണ്ടാകും. പഴഞ്ചന്‍ എന്നതിനേക്കാള്‍ യോജിക്കുക അശാസ്ത്രീയം എന്ന പദമായിരിക്കും. നമ്മുടെ തലച്ചോറില്‍ വിവരങ്ങള്‍ ശേഖരിക്കുന്ന രീതി, നമ്മുടെ ശരീരശാസ്ത്രപരമായ പ്രത്യേകത തുടങ്ങിയവയൊക്കെ പരിഗണിച്ച് ഒരു വിശകലനം നടത്തിയാല്‍ മാത്രമേ ഇതിന്റെ അശാസ്ത്രീയത വെളിപ്പെടുകയുള്ളൂ.

നമ്മുടെ നോട്ടുബുക്കുകള്‍ പൊതുവേ കുത്തനെ ഉള്ളവയാണ്. അതായത് താഴേക്ക് കൂടുതല്‍ ഇടയുള്ളവ. എന്നാല്‍ നമ്മുടെ കൈകള്‍ താഴേക്കും മുകളിലേക്കും ചലിപ്പിക്കുന്നതിലും എളുപ്പം വശങ്ങളിലേക്ക് ചലിപ്പിക്കുന്നതാണ്. ഒരേപോലുള്ള കാര്യങ്ങള്‍, ഒരേനിറങ്ങള്‍, ആവര്‍ത്തിക്കള്‍ ഇവയൊക്കെ നമുക്ക് വളരെ വേഗം വിരസതയുണ്ടാക്കുന്നു. സാധാരണയായി നോട്ടുപുസ്തകങ്ങളില്‍ കറുപ്പ് അല്ലെങ്കില്‍ നീല എന്ന ഏതെങ്കിലും ഒരു നിറം മാത്രമേ കാണാറുള്ളൂ. ഭൂരിഭാഗം ആളുകളും തങ്ങള്‍ കേള്‍ക്കുന്ന കാര്യങ്ങളെ മനസ്സില്‍ ഒരു ചിത്രമാക്കി മാറ്റാറുണ്ട്. ഉദാഹരണമായി ആന എന്ന് കേള്‍ക്കുമ്പോള്‍ നാം മനസ്സില്‍ കാണുന്നത് ആ എന്നും ന എന്നുമുള്ള അക്ഷരങ്ങളെയല്ല മറിച്ച് ആനയുടെ രൂപത്തെയാണ്. നമ്മുടെ തലച്ചോറിന്റെ ഈ പ്രത്യേകതയും പരസ്പരം ബന്ധപ്പെടുത്തി ഒന്നില്‍ നിന്ന് ഒന്നിനോടു ബന്ധപ്പെട്ടു ചിന്തിക്കാനുമുള്ള ഈ കഴിവിനെ കൂടുതലായി ഉപയോഗിക്കുന്നതിന് വേണ്ടി ബ്രിട്ടീഷ്‌ മനശാസ്ത്രജ്ഞനായ ടോണി ബുസാന്‍ രൂപപ്പെടുത്തിയ സങ്കേതമാണ് മൈന്‍ഡ് മാപ്പിംഗ്. മൈന്‍ഡ് മാപ്പിംഗ് എന്ന പടം ഉപയോഗിച്ചത്‌ ടോണി ബുസാന്‍ ആണെങ്കിലും മൂന്നാം ശതകം മുതല്‍ പലരും ഇത്തരത്തിലുള്ള നോട്ടെഴുത്ത് സങ്കേതങ്ങള്‍ ഉപയോഗിച്ചിരുന്നു. ഐസക്‌ ന്യൂട്ടനും, ഐന്‍സ്റ്റീനും, ഡാവിഞ്ചിയുമൊക്കെ തങ്ങളുടെ ആശയങ്ങള്‍ പലപ്പോഴും രേഖപ്പെടുത്തിയിരുന്നത് മൈന്‍ഡ്‌ മാപ്പ് രൂപത്തില്‍ ആയിരുന്നു.

എട്ടുകാലിയുടെ കാലുകള്‍ പോലെ മധ്യത്തിലുള്ള ശരീരത്തില്‍ നിന്നും വിവിധ ദിശയിലേക്ക് പോകുന്ന ബ്രാഞ്ചുകളായാണ് മൈന്‍ഡ്‌ മാപ്പ് രൂപപ്പെടുത്തുക. മൈന്‍ഡ് മാപ്പിംഗ് പഠിപ്പിക്കുന്ന പരിശീലന കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണെങ്കിലും പല വിദേശ രാജ്യങ്ങളിലും ഇത്തരം പരിശീലന കേന്ദ്രങ്ങളുണ്ട്. എന്താണ് മൈന്‍ഡ് മാപ്പെന്ന് മനസ്സിലാക്കാനുള്ള ഏറ്റവും എളുപ്പവഴി ഒരെണ്ണം സ്വയം നിര്‍മ്മിക്കുകയാണ്. മൈന്‍ഡ്‌ മാപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങളെ അറിഞ്ഞാല്‍ ആര്‍ക്കും മൈന്‍ഡ്‌ മാപ്പില്‍ കൈവയ്ക്കാവുന്നതാണ്.

മൈന്‍ഡ് മാപ്പിനുള്ള 7 ചുവടുകള്‍

മൈന്‍ഡ് മാപ്പുണ്ടാക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഓരോരുത്തരും തങ്ങളുടെ വ്യക്തിപരമായ ശൈലികള്‍ പിന്നീട് രൂപപ്പെടുത്തുമെങ്കിലും താഴെ പറയുന്ന കാര്യങ്ങള്‍ തുടക്കത്തില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

 1. വരയിടാത്ത കടലാസാണ് ഉപയോഗിക്കേണ്ടത്. അത് വിലങ്ങനെ വയ്ക്കുക. അതായത് നീളം കൂടിയ ഭാഗം വിലങ്ങനെ ഇരിക്കുന്നതുപോലെ കടലാസ വച്ചിട്ട് കടലാസിന്റെ മധ്യഭാഗത്ത്‌ നിന്നും തുടങ്ങുക. മധ്യഭാഗത്ത്‌ നിന്ന് തുടങ്ങുമ്പോള്‍ എല്ലാ ഭാഗത്തേക്കും സ്വതന്ത്രമായി വിഹാരിക്കാനുള്ള അവസരമാണ് നാം മസ്തിഷ്കത്തിന് നല്‍കുന്നത്.
 2. എന്താണോ മൈന്‍ഡ് മാപ്പ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്, അതുമായി ബന്ധപ്പെട്ടതോ അതിനെ സൂചിപ്പിക്കുന്നതോ ആയ ഒരു ചിത്രം മധ്യത്തില്‍ വരക്കുകയോ വെട്ടി ഒട്ടിക്കുകയോ ചെയ്യുക. ഒരു ചിത്രം ആയിരം വാക്കുകളേക്കാള്‍ ശക്തമാണ്. ചിത്രം നമ്മുടെ ശ്രദ്ധയെ പിടിച്ച് നിര്‍ത്താനും വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവരാനും സഹായിക്കുന്നു.
 3. മൈന്‍ഡ് മാപ്പില്‍ ഉടനീളം ധാരാളം നിറങ്ങള്‍ ഉപയോഗിക്കുക. വിവിധ നിറങ്ങളിലുള്ള സ്കെച്ച് പേനകളോ ഉപയോഗിക്കുക. നിറങ്ങള്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ഉത്തേജിതമായ തലച്ചോറിന്റെ കാര്യക്ഷമതയും ഏറും.
 4. നടുവിലെഴുതിയ പ്രധാന ആശയത്തിന് (ചിത്രത്തിന്) ചുറ്റുമായി ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളെ (Key points) സൂചിപ്പിക്കുന്ന വാക്കുകള്‍ എഴുതുക. മധ്യത്തിലുള്ള ചിത്രത്തില്‍ നിന്ന് ഓരോ വാക്കിലേക്കും വര വരച്ച് ആശയങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുക. ഇങ്ങനെ എഴുതിയ ഓരോ ആശയത്തിനോടും ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്തതായി എഴുതി തുടങ്ങുക.
 5. പരസ്പര ബന്ധമുള്ള ആശയങ്ങള്‍ തമ്മില്‍ വളഞ്ഞ വരകൊണ്ട് ബന്ധിപ്പിക്കുക. കൃത്യമായ്‌ നേര്‍രേഖ തലച്ചോറില്‍ വിരസതയുണ്ടാക്കുന്നു. ശിഖിരങ്ങളുള്ള മരത്തിനെ സൂചിപ്പിക്കുന്ന രീതിയിലുള്ള വരകള്‍ കൂടുതല്‍ ആകര്‍ഷണീയവും മസ്തിഷ്ക സൗഹാര്‍ദ്ദപരവുമാണ് (Brain friendly).
 6. ഒരു വരയില്‍ ഒരു ആശയം മാത്രമായി ഉപയോഗിക്കുക. കൂടുതല്‍ വ്യക്തമായി ആശയങ്ങള്‍ മനസ്സിലാക്കാനും ഓര്‍മയില്‍ നിലനിര്‍ത്താനും ഇത് സഹായിക്കും.
 7. കഴിയുന്നതിടത്തെല്ലാം ഉചിതമായ ചിത്രങ്ങള്‍ ഉപയോഗിക്കുക. ഒരു ചിത്രം ആയിരം വാക്കുകള്‍ക്കു തുല്യമെന്ന് കരുതിയാല്‍ പത്ത്‌ ചിത്രങ്ങളുള്ള ഒരു മൈന്‍ഡ് മാപ്പ് പതിനായിരം വാക്കുകളുള്ള ഒരു സാധാരണ നോട്ടിന് സമാനമാണ്.

നിങ്ങളെ കുറിച്ച് ഒരു ഖണ്ഡിക എഴുതുക എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു 8 വയസ്സുകാരന്‍ എഴുതിയത് ഇപ്രകാരമാണ്. എന്റെ പേര് സോഹന്‍. എന്റെ വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും ചേട്ടനും ഉണ്ട്. അമ്മ ടീച്ചറാണ്. അച്ഛന്‍ ബാങ്കില്‍ ജോലി ചെയ്യുന്നു. അനിയത്തി ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ചേട്ടന്‍ എഞ്ചിനീയര്‍ ആണ്. മൈന്‍ഡ് മാപ്പിങ്ങില്‍ കാര്യങ്ങള്‍ ഇങ്ങനെയായിരിക്കും.

ഇത്തരത്തില്‍ വളരെ ലളിതമായ കാര്യങ്ങള്‍ മാത്രമേ മൈന്‍ഡ്‌ മാപ്പിംഗ് ഉപയോഗിച്ച് രേഖപ്പെടുത്താന്‍ കഴിയൂ എന്ന് തെറ്റിദ്ധരിക്കരുത്. വളരെ സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും അല്പം ശ്രമിച്ചാല്‍ ഈ രീതിയില്‍ രേഖപ്പെടുത്താം. സാധാരണ നോട്ടെഴുതുമ്പോള്‍ ഇടയ്ക്ക് എന്തെങ്കിലും കാര്യം എഴുതി ചേര്‍ക്കണമെങ്കില്‍ വളരെ പ്രയാസമാണ്. എന്നാല്‍ മൈന്‍ഡ് മാപ്പിംഗ് രീതിക്ക് ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ല.

മൈന്‍ഡ് മാപ്പിംഗ് സോഫ്റ്റ്‌വെയറുകള്‍

മൈന്‍ഡ് മാപ്പ് ചെയ്യാന്‍ അനേകം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. അവയില്‍ Imindmap, Xmind എന്നിവയാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്. Imindmap വികസിപ്പിച്ചിരിക്കുന്നത് ടോണി ബുസാന്റെ സ്ഥാപനമാണ്. Xmind ല്‍ പലതരത്തിലുള്ള കണ്‍സപ്റ്റ്‌ മാപ്പിംഗ് (മൈന്‍ഡ് മാപ്പിംഗ് പോലുള്ളവയുടെ പൊതുവായ പേര്) ചെയ്യാന്‍ സാധിക്കും. മുകളില്‍ പറഞ്ഞ രണ്ടു സോഫ്റ്റ്‌വെയറുകളും കുറച്ചുകാലം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്നതാണ്. ഇവ കൂടാതെ സിമ്പിള്‍ മൈന്‍, ബ്രെയ്ന്‍ തുടങ്ങി അനേകം സോഫ്റ്റ്‌വെയറുകള്‍ ഉണ്ട്.

പരീക്ഷക്ക്‌ പഠിക്കുന്ന വിദ്യാര്‍ത്ഥിയായാലും പഠിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അധ്യാപകരായാലും തങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായും ഉപയോഗിക്കാന്‍ മൈന്‍ഡ്‌ മാപ്പിങ്ങിന്റെ സാധ്യതകള്‍ സഹായിക്കും. പഠിച്ച വിഷയങ്ങള്‍ വീണ്ടും ആവര്‍ത്തിക്കേണ്ട അവസരത്തില്‍ സാധാരണ നോട്ടുകളെക്കാള്‍ വളരെയേറെ ഉപയോഗപ്രദമാണ് മൈന്‍ഡ്‌ മാപ്പുകള്‍. സ്വന്തമായി വാക്കില്‍ ഉത്തരം എഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഏവരും മൈന്‍ഡ് മാപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ ചുരുക്കം ചില സ്ഥലങ്ങളില്‍ തണല്‍ നല്‍കുന്ന നോട്ടുകള്‍ വള്ളിപുള്ളി വിടാതെ എഴുതിയാല്‍ മാത്രമേ മാര്‍ക്ക്‌ നല്‍കൂ. അത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നാട്ടൂരുന്ന സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും ഓര്‍മയില്‍ സൂക്ഷിക്കേണ്ടവ എളുപ്പത്തില്‍ സൂക്ഷിക്കുവാനും വീണ്ടും ആവശ്യം വരുമ്പോള്‍ തിരിച്ചെടുക്കാനും ആഗ്രഹിക്കുന്ന ഏവര്‍ക്കും മൈന്‍ഡ്‌ മാപ്പിംഗ് എന്ന ചിത്രവിദ്യ പരീക്ഷിച്ചു നോക്കാവുന്നതാണ്. മനപ്പാഠമാക്കുന്നവര്‍ക്കല്ല മനസ്സിലാക്കി പടിക്കുന്നവര്‍ക്കാന് മൈന്‍ഡ് മാപ്പിംഗ് പ്രയോജനപ്പെടുക. മനപ്പാഠമാക്കലിന്റെ ശീലത്തില്‍ നിന്നും മനസ്സിലാക്കലിന്റെ ആനന്ദാനുഭവത്തിലേക്ക് മാറാന്‍ മൈന്‍ഡ് മാപ്പിംഗ് കാരണമായേക്കാം.

സുബിന്‍ കെ തോട്ടില്‍

വീട്ടിലൊരു ക്ലാസ്സ്‌ റൂം, ടീച്ചറായി അച്ഛനും അമ്മയും

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അമ്മുവിന് രാവിലേയും വൈകീട്ടും ട്യൂഷനുണ്ട്. രാവിലെ ഏഴിന് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ പിന്നീട് തിരിച്ചെത്തുന്നത് വൈകീട്ട് ആറരയ്ക്കാണ്. ഇത്തവണത്തെ യുവജനോത്സവത്തില്‍ ഇഷ്ടയിനങ്ങളായ നൃത്തത്തിനും നാടകത്തിനുമൊന്നും അവള്‍ പങ്കെടുത്തിട്ടില്ല. അതിനൊക്കെ പങ്കെടുക്കണമെങ്കില്‍ ട്യൂഷനിലെ ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തേണ്ടി വരും. ഒത്തിരി വിഷമത്തോടെയാണ് അമ്മു ഇത്തവണത്തെ മത്സരങ്ങളൊക്കെ കണ്ടത്‌.

പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് അമ്മുവിനെ ട്യൂഷന്‍ സെന്ററില്‍ ചേര്‍ത്തത്. പക്ഷേ സ്കൂളിലുള്ളതിനേക്കാള്‍ കുട്ടികള്‍ ട്യൂഷന്‍ ക്ലാസ്സിലുണ്ടായിരുന്നു. ഫലത്തില്‍ സ്കൂളും ട്യൂഷനും തമ്മില്‍ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല. ഇതുതന്നെയാണ് മിക്കയിടങ്ങളിലെയും അവസ്ഥ. ഇവിടെ ട്യൂശന്റെ ഗുണം കുട്ടികള്‍ക്ക്‌ ലഭിക്കുന്നില്ല.

ട്യൂഷന്‍ എന്ന മാര്‍ഗമവംലബിക്കാതെ വീട്ടിലിരുന്ന് കൊണ്ടുതന്നെ ഈ ഒരു ലക്ഷ്യം നേടാന്‍ കുട്ടികള്‍ക്ക്‌ സാധിക്കും. പക്ഷേ മാതാപിതാക്കളുടെ പരിപൂര്‍ണ്ണ സഹകരണം വേണമെന്ന് മാത്രം. കുട്ടികളുടെ പഠനസമയത്ത്‌ അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ കൂടെത്തന്നെയുണ്ടാവേണ്ടത് ആവശ്യമാണ്‌. അങ്ങനെയെങ്കില്‍ ഒന്ന് മനസ്സുവച്ചാല്‍ അച്ഛനും അമ്മയ്ക്കും കുട്ടികളെ പഠിപ്പിക്കാം. പക്ഷേ ഇതിനൊക്കെ മുന്നോടിയായി രക്ഷിതാക്കള്‍ ആര്‍ജിച്ചെടുക്കേണ്ട ചില കഴിവുകളുണ്ട്. അവ നേടാതെ കുഞ്ഞുങ്ങളെ മുന്നോട്ട് നയിക്കാന്‍ കഴിയില്ല.

രക്ഷിതാക്കള്‍ ആര്‍ജിക്കേണ്ട പ്രധാന കഴിവുകള്‍
കുഞ്ഞുങ്ങളുടെ കഴിവുകള്‍ തിരിച്ചറിയുക

കുഞ്ഞുങ്ങളുടെ കഴിവുകളേയും പോരായ്മകളേയും കുറിച്ച് കൂടുതല്‍ ധാരണയുണ്ടാവുക മാതാപിതാക്കള്‍ക്ക്‌ തന്നെയാണ്. പഠനത്തില്‍ അവര്‍ പിന്നോക്കം നില്‍ക്കുന്ന വിഷയങ്ങള്‍ ഏതെല്ലാമാണെന്നും മികവ് പുലര്‍ത്തുന്നത് ഏതിലാണെന്നും രക്ഷിതാക്കള്‍ അറിഞ്ഞിരിക്കണം. അവര്‍ പ്രത്യേകമായി ഏതെന്കിലും മേഖലയില്‍ മികവ് പുലര്‍ത്തുകയാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യണം. ഇക്കാര്യങ്ങളെല്ലാം കുഞ്ഞുങ്ങളെ സ്കൂളില്‍ വിടുന്നതുമുതല്‍ പരിശീലിപ്പിക്കാവുന്നതാണ്.

അവരുടെ പഠനത്തിന്റെ ഭാഗമാവാന്‍ ശ്രമിക്കുക

കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോള്‍ അവരുടെ കൂടെയിരുന്ന് ആ പ്രവര്‍ത്തങ്ങളുടെ ഭാഗമാകാന്‍ ശ്രമിക്കുക. രക്ഷിതാക്കളുമായി ഒരുമിച്ചിരുന്നുള്ള പഠനവേലയിലെ ഇടപഴകലും സംഭാഷണങ്ങളും കുട്ടികള്‍ക്ക് പഠനത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കും.

ബുദ്ധിവികാസത്തിന്റെ വ്യത്യസ്തതലങ്ങളുമായി കുഞ്ഞിന്റെ പഠനത്തെ ബന്ധപ്പെടുത്തുക

ബൗദ്ധികവികാസവും പഠനവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് വ്യത്യസ്ത തലങ്ങളുണ്ട്. അതിനനുസൃതമായിരിക്കണം അവര്‍ക്ക് നല്‍കുന്ന പഠന പ്രവര്‍ത്തനങ്ങള്‍. ഓരോരുത്തരിലേയും ബൗദ്ധികനിലവാരം വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക്‌ താങ്ങാവുന്നതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പഠിക്കാന്‍ അവരെ നിര്‍ബന്ധിക്കരുത്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കരുതെന്നു സാരം.

ചുറ്റുപാടുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനത്തെ പ്രോത്സാഹിപ്പിക്കുക

അധ്യാപന തത്വങ്ങളില്‍ പ്രധാനപ്പെട്ടതാണ് കുട്ടികള്‍ക്ക് അറിവുള്ളതില്‍ നിന്ന് തുടങ്ങി അറിവില്ലാത്തതിലേക്കുള്ള എത്തിച്ചേരല്‍ (known to unknown). ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കുട്ടിക്ക് പരിചയമുള്ള ചുറ്റുപാടുമായി ബന്ധപ്പെടുത്തിക്കൊണ്ട് വേണം അവര്‍ക്ക് പരിചിതമായ പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍. അതിലൂടെ തങ്ങള്‍ക്കറിവുള്ളതിനെ പുതുതായി ലഭിച്ച അറിവുമായി ബന്ധപ്പെടുത്തി വസ്തുതകളെ സ്വാംശീകരിക്കാന്‍ കുട്ടികള്‍ക്ക്‌ സാധിക്കുന്നു.

രക്ഷിതാക്കള്‍ സ്വയം വായനാശീലം വളര്‍ത്തിയെടുക്കുക

വായനാശീലമില്ലാത്ത അച്ഛനും അമ്മയും കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച് വായിപ്പിക്കുന്നത് വിരോധാഭാസമാണ്, പകരം അച്ഛനമ്മമാരെ മാതൃകയാക്കി കുഞ്ഞുങ്ങള്‍ സ്വയം വായിച്ച് തുടങ്ങുന്നതാണ് നല്ലത്. അതുകൊണ്ട് അച്ഛനും അമ്മയും വായിക്കാനാരംഭിക്കുക. ഇത് ദിവസവും ആവര്‍ത്തിക്കുകയും ചെയ്യുക.

കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചുകൊടുക്കുകയും അവരോടു ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുക

തുടക്കത്തില്‍ അച്ഛനമ്മമാര്‍ക്ക്‌ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു കൊടുക്കാവുന്നതാണ്. അനുയോജ്യമായ ശബ്ദവ്യതിയാനങ്ങളോടെയും ഭാവമാറ്റങ്ങളോടെയും ഉള്ള വായന കുഞ്ഞുങ്ങളെ വളരെ അധികം ആകര്‍ഷിക്കും. വായനയ്ക്ക് ശേഷം അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിക്കാം.

സമയവും ഊര്‍ജ്ജവും നിലനിര്‍ത്തുക

ആവശ്യത്തിന് സമയവും ഊര്‍ജ്ജവും പഠിപ്പിക്കുന്ന സമയത്ത്‌ മാതാപിതാക്കള്‍ക്ക് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.അതില്ലെങ്കില്‍ പഠനം വിരസമാവുകയും ലക്ഷ്യത്തിലെത്താതെ പോകുകയും ചെയ്യാം.

പഠനപ്രവര്‍ത്തനങ്ങള്‍ ദിവസവും ആവര്‍ത്തിക്കുക

ആവര്‍ത്തനം പഠന പ്രവര്‍ത്തനങ്ങളിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഓരോ ദിവസും ഓരോ രീതിയില്‍ പഠിക്കുന്നതും എല്ലാ ദിവസവും ഒരേ രീതിയില്‍ പഠിക്കുന്നതും തമ്മില്‍ പ്രകസമായ വ്യത്യാസമുണ്ട്. ആവര്‍ത്തനം കുഞ്ഞുങ്ങളുടെ പഠനത്തെ ചിട്ടപ്പെടുത്തുന്നു. അതേ സമയം ദിവസവും മാറിമാറി വരുന്ന പഠനരീതി കുഞ്ഞുങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അതുകൊണ്ട് ഒരേ രീതിയിലുള്ള പഠനപ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുക.

സ്വയം ഒരു മാതൃകയാകുക

എല്ലാ കാര്യങ്ങളിലും നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി മാറി നില്‍ക്കാതെ കുഞ്ഞുങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ പങ്കാളികളാവുകയും ഒരേ കാര്യങ്ങളിലും അവര്‍ക്ക്‌ മാതൃകയാവുകയും ചെയ്യുകയെന്നത് രക്ഷിതാക്കള്‍ക്കുണ്ടായിരിക്കേണ്ട ഗുണമാണ്. പുസ്തക വായന, ചിട്ടയായ പഠനരീതി, കൃത്യനിഷ്ഠ തുടങ്ങിയവ കുട്ടികള്‍ ശീലിക്കുന്നത് അച്ഛനമ്മമാരില്‍ നിന്നാണ്. അതുകൊണ്ട് കുഞ്ഞുങ്ങളില്‍ നല്ല ഗുണങ്ങള്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ അതില്‍ പ്രധാന്‍ പങ്ക് വഹിക്കേണ്ടത്‌ തീര്‍ച്ചയായും രക്ഷിതാക്കളാണ്.

മുകളില്‍ പറഞ്ഞ കഴിവുകള്‍ നേടിയെടുത്താല്‍ പ്രധാന കടമ്പ കഴിഞ്ഞു.

വീട്ടിലെ പഠനം

ഓരോ കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്ന ഒരെയൊരിടമാണ് വീട്. അത്രത്തോളം ശ്രദ്ധയും പരിഗണനയും മറ്റെവിടേയും ലഭിക്കില്ല. അതുകൊണ്ട് വീട്ടില്‍ ഏറ്റവും നല്ല പഠനാന്തരീക്ഷം ഒരുക്കാനാണ് മാതാപിതാക്കള്‍ ആദ്യം ശ്രമിക്കേണ്ടത്‌. പഠനത്തെ ശല്യം ചെയ്യുന്ന സാഹചര്യങ്ങളെഎല്ലാം ആദ്യം തന്നെ മാറ്റി നിര്‍ത്താം. ഉദാഹരണമായി ടിവി, മ്യൂസിക്‌ പ്ലെയര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പഠനത്തിനിടക്ക് ശല്യമായി വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അച്ഛനുമമ്മയും ടിവി കാണാനിരുന്നിട്ട് മക്കളോട് പഠിക്കാന്‍ പറയുന്നത് ശരിയല്ല. കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ അവരുടെ കൂടെത്തന്നെയിരിക്കുക.

ഇനി പഠനം ആരംഭിക്കാം

വീട്ടിലിരുത്തി പഠിപ്പിക്കുകയെന്നത് പുസ്തകം വായിച്ച് അര്‍ത്ഥം പറഞ്ഞുകൊടുക്കുക, കവിതകളും സൂത്രവാക്യങ്ങളും മനപാഠം പഠിപ്പിക്കുക തുടങ്ങിയ പരമ്പരാഗതമായ രീതികള്‍ അവലംബിക്കുകയെന്നല്ല, കുഞ്ഞുങ്ങളെ ബോറടിപ്പിക്കാത്ത, വ്യത്യസ്തമായ എന്നാല്‍ രസകരമായ പഠനരീതികള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്. ഒരു മേശയും കസേരയും ഒരുക്കി അതിലിരുന്നാലെ പഠനനമാവൂ എന്നൊന്നുമില്ല. വീടിന് പുറത്ത്‌ നല്ല പ്രകാശം ലഭിക്കുന്ന സ്ഥലമുണ്ടെങ്കില്‍ അവിടെയിരുന്നും പഠിക്കാവുന്നതാണ്. കുഞ്ഞുങ്ങള്‍ക്ക്‌ ആയാസരഹിതമായ രീതി ഏതാണെന്ന് മനസ്സിലാക്കി അത് പിന്തുടരാം. മുന്‍പ് സൂചിപ്പിച്ച കൃത്യത ഇവിടെ പ്രധാനമാണ്. പഠനത്തിനു കൃത്യമായ്‌ ടൈം ടേബിളും സമയക്രമവും പാലിച്ചിരിക്കണം. എല്ലാ ദിവസവും ഈ ക്രമം ആവര്‍ത്തിക്കുകയും വേണം. കാരണം തുടര്‍ച്ചയില്ലാത്ത പഠന പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും.

പഠനം പലതരത്തിലാവാം
വീട്ടില്‍ നല്ലൊരു ലൈബ്രറിയുണ്ടാക്കാം

കുട്ടികളുടെ പഠനത്തിനാവശ്യമായ പുസ്തകങ്ങളുടെ നോവല്‍, കഥ, കവിത തുടങ്ങിയവയും പൊതുവിജ്ഞാന ആനുകാലിക സംബന്ധമായ പുസ്തകങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന ലൈബ്രറി ഒരുക്കാം. കുഞ്ഞുങ്ങള്‍ വായിച്ചു വളരട്ടെ. പക്ഷേ ശ്രദ്ധിക്കേണ്ട ഒരു കാര്യം നേരത്തെ പറഞ്ഞ പോലെ രക്ഷിതാക്കളും കുഞ്ഞുങ്ങളോടൊപ്പം വായിക്കാനിരുന്നാല്‍ മാത്രമേ അവരില്‍ വായനാശീലം വളര്‍ന്നുവരൂ.

മൈന്‍ഡ്‌ ഗെയിമുകള്‍ കളിക്കാം

പദപ്രശ്നം, സുഡോകു, ബുദ്ധിയുപയോഗിച്ച് ഉത്തരം കണ്ടുപിടിക്കാവുന്ന പസ്സിലുകള്‍, ബ്രെയിന്‍ ടീസേഴ്സ് തുടങ്ങിയ ഗെയിമുകള്‍ കുട്ടികള്‍ക്ക്‌ നല്‍കാം. അക്ഷരങ്ങള്‍ പഠിക്കാനും സംഖ്യകളെ തിരിച്ചറിയാനുമെല്ലാം ഈ ഗെയിമുകള്‍ പ്രയോജനപ്പെടും. ചിന്താശേഷിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്ന ഉത്തരം ഗെയിമുകള്‍ കുട്ടികളില്‍ പഠനത്തോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ക്രാഫ്റ്റ് വര്‍ക്കുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാം

ക്രിയാത്മകതയും കലാബോധവും കുട്ടികളില്‍ വര്‍ദ്ധിപ്പിക്കാന്‍ പാഠഭാഗവുമായി ബന്ധപ്പെട്ടതും അല്ലാതെയുമായുള്ള ക്രാഫ്റ്റ് വര്‍ക്കുകളിലൂടെ കഴിയും. പാഠപുസ്തകങ്ങള്‍ മാത്രമടങ്ങിയ പഠനത്തില്‍ നിന്നും വിഭിന്നമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാനസികോല്ലാസം പ്രധാനം ചെയ്യുന്നു.

പാട്ടിലൂടെയും പഠിക്കാം

പാട്ടിന്റെ രൂപത്തില്‍ ഗുണനപ്പട്ടിക പഠിക്കുന്ന ഒരു രീതി നമ്മുടെ നാട്ടില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഗുണനപ്പട്ടിക മാത്രമല്ല ഇംഗ്ലീഷ്‌, മലയാളം അക്ഷരമാലകളും പലരും ഈ രൂപത്തിലാവും പഠിച്ചിട്ടുണ്ടാവുക. എളുപ്പത്തില്‍ മനസ്സില്‍ പതിയാനും നീളന്‍ അക്ഷരമാലകള്‍ ബോറടിയില്ലാതെ പഠിക്കാനും ഈ പാട്ടുകള്‍ സഹായിച്ചിരുന്നു. ഈ പഴഞ്ചന്‍ രീതി ഒന്ന് പൊടിതട്ടിയെടുത്ത് ഇപ്പോഴത്തെ പഠനപദ്ധതിക്കനുസൃതമായി ഉപയോഗിക്കാവുന്നതെ ഉള്ളൂ. ഉദാഹരണമായി, പഠിക്കാന്‍ ബുദ്ധിമുട്ടുള്ള സൂത്രവാക്യങ്ങള്‍, മൂലകങ്ങള്‍, രസനാമങ്ങള്‍, ചരിത്ര പ്രാധാന്യമുള്ള വര്‍ഷങ്ങള്‍ തുടങ്ങിയവ ഇത്തരത്തില്‍ പാട്ടുരൂപേണ പഠിക്കാവുന്നതാണ്.

ഭാഷാപഠനം
പദസമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍

ഭാഷാപഠനത്തില്‍ പദസമ്പത്തിന് വലിയ പ്രാധാന്യമുണ്ട്. പുതിയ വാക്കുകള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാനുള്ള ഏറ്റവും നല്ല വഴി വായനാശീലം വളര്‍ത്തുകയാണ്. ലൈബ്രറി പുസ്തകങ്ങളും പത്ര മാസികകളും വായിക്കുന്നത് പുതിയ വാക്കുകള്‍ പരിചയപ്പെടാന്‍ അവരെ സഹായിക്കുന്നു. കൂടാതെ അവരെ കൊച്ചുകൊച്ചു പ്രസംഗങ്ങള്‍ റേഡിയോ ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവ കേള്‍പ്പിക്കുന്നതും അവരുടെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കും. പുതിയ വാക്കുകള്‍ പഠിക്കുന്നതിലൂടെ കുട്ടികള്‍ക്ക്‌ ഭാഷ നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവ് കൂടി ലഭിക്കുന്നു. അതവരിലുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. അച്ഛനമ്മമാര്‍ക്ക്‌ ഇത്തരം രീതികള്‍ വളരെ എളുപ്പത്തില്‍ പ്രായോഗികമാക്കാവുന്നതാണ്.

പദകേളി അഥവാ വേര്‍ഡ്‌ ഗെയിം

പുതിയ പദങ്ങള്‍ പഠിപ്പിക്കാന്‍ ധാരാളം വേര്‍ഡ്‌ ഗെയിമുകള്‍ നിലവിലുണ്ട്. ബ്രെയിന്‍ പാറ്റേണ്‍, പദപ്രശ്നം, വേര്‍ഡ്‌ ബിന്കോ, പദപ്രശ്നശ്രേണി ലേബലിംഗ്, റികളക്ഷന്‍, മൂകാഭിനയം, പിക്ഷ്നറി, ജസ്റ്റ് എ മിനിറ്റ്‌, കടം കഥ, തരം തിരിക്കല്‍, ആരാണെന്ന് പറയാമോ ? തുടങ്ങിയ കളികള്‍ പുതിയ വാക്കുകള്‍ പഠിക്കാന്‍ സഹായകരമാണെന്ന് മാത്രമല്ല വളരെയധികം ആവേശഭരിതവുമാണ്.

ശാസ്ത്രം കണ്ടും അറിഞ്ഞും ചെയ്തും പഠിക്കാം

ശാസ്ത്രത്തിന് ഏറ്റവും അനുയോജ്യമായ ബോധാനരീതി നിരീക്ഷണത്തിലൂടെയും, പരീക്ഷണത്തിലൂടെയുമുള്ള പഠനമാണ്. ജീവശാസ്ത്രം പ്രകൃതിയേയും അതിലെ ജീവജാലങ്ങളേയും കണ്ടു മനസ്സിലാക്കിയും നിരീക്ഷിച്ചും പഠിക്കാന്‍ കുഞ്ഞുങ്ങളോട് നിര്‍ദ്ദേശിക്കാം. ഉദാഹരണമായി പക്ഷി നിരീക്ഷിക്കണം, സസ്യ നിരീക്ഷണം, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയവ. രസതന്ത്രവും ഭൗതികശാസ്താവും പരീക്ഷണങ്ങളിലൂടെ പഠിക്കുന്നതാണ് അനുയോജ്യം.

ശാസ്ത്ര പരീക്ഷണങ്ങള്‍

സ്കൂളിലെ പാഠഭാഗങ്ങളില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരീക്ഷണങ്ങള്‍ ചെയ്യാന്‍ കുട്ടികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പരീക്ഷണങ്ങള്‍ ചെയ്യുന്നതു വഴി പാഠഭാഗങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാനും നിഗമനങ്ങളിലെത്താനും അവര്‍ക്ക്‌ സാധിക്കും. പരീക്ഷണങ്ങള്‍ ചെയ്യുമ്പോള്‍ രക്ഷിതാക്കള്‍ മേല്‍നോട്ടം വഹിക്കുന്നത് നന്നായിരിക്കും.

ഗണിതം

സംഖ്യകളെ നിത്യജീവിതവുമായി ബന്ധപ്പെടുത്തുകയാണ് കുഞ്ഞുങ്ങള്‍ക്ക് അവള്‍ ലളിതമായി മനസ്സിലാക്കാനുള്ള വഴി. വീട്ടിലെ വിവിധ വസ്തുക്കളെ ഉദാഹരണമാക്കി കൊണ്ടുതനെ ഗണിതത്തിലെ അടിസ്ഥാന വസ്തുതകള്‍ പരിചയപ്പെടുത്താം. സംഖ്യകളെ തിരിച്ചറിയുക, എണ്ണാന്‍ പഠിക്കുക, സംഖ്യാരൂപീകരണം എന്നിവയാണല്ലോ ഗണിതത്തിലെ അടിസ്ഥാന പാഠങ്ങള്‍. കുഞ്ഞുങ്ങളെ സ്കൂളില്‍ വിടുന്നതിന് മുന്‍പേ അവര്‍ക്ക്‌ സംഖ്യകളുമായി പരിചയപ്പെടാന്‍ അവസരം നല്‍കാം. തുടക്കത്തില്‍ ഒന്ന് മുതല്‍ അഞ്ചു വരെ സംഖ്യകള്‍ പറഞ്ഞുകൊടുത്ത് അത് തിരിച്ചറിയാന്‍ അവരെ സഹായിക്കുക. അതിനവര്‍ക്ക് സാധിക്കുന്നുണ്ടെങ്കില്‍ മാത്രമേ അടുത്ത സംഖ്യകളിലേക്ക് നീങ്ങാവൂ. നമ്മുടെ ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് സംഖ്യകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതാണ് നല്ലത്. ഉദാഹരണമായി വീട്ടിലെ സ്റ്റെപ്പുകളുടെ എണ്ണം വഴിയില്‍ കാണുന്ന വാഹങ്ങളുടെ നമ്പറുകള്‍, ഫോണ്‍ നമ്പറുകള്‍ തുടങ്ങിയവ ശ്രദ്ധിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നത് സംഖ്യാപഠനം എളുപ്പമാക്കും. കുട്ടികളുടെ കിടപ്പുമുറിയില്‍ എണ്ണല്‍ സംഖ്യകളുടെ ചിത്രങ്ങള്‍ ഒട്ടിക്കുകയോ അല്ലെങ്കില്‍ ചാര്‍ട്ടുകള്‍ തൂക്കിയിടുകയോ ചെയ്യുന്നത് അത് ദിവസവും കാണുന്ന കുട്ടികളുടെ മനസ്സില്‍ പതിയാന്‍ ഇടയാവുന്നു.

അബാക്കസ് ഉപയോഗിക്കാം

കുട്ടികള്‍ക്ക്‌ അടിസ്ഥാന ഗണിതക്രിയകള്‍ പഠിപ്പിച്ചു കൊടുക്കാനുള്ള നല്ലൊരുപാധിയാണ് അബാക്കസ്. ഈ ഉപകരണത്തിലെ മുത്തുകള്‍ പ്രയോഗിച്ച് സങ്കലനം, വ്യവകലനം, ഗുണനം, ഹരണം തുടങ്ങിയ ക്രിയകള്‍ വളരെ എളുപ്പത്തില്‍ ചെയ്യാം. ഇത് രക്ഷിതാക്കള്‍ക്കും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സ്ഥിരമായുള്ള അബാക്കസ് പരിശീലനം കുട്ടിലുടെ ബുദ്ധിവികാസത്തെ കാര്യക്ഷമമാക്കുന്നു.

യാത്ര

പഠനമെന്നത് പുസ്തകങ്ങളിലൂടെ മാത്രമല്ല. കാഴ്ചകളിലൂടെയും യാത്രകളിലൂടെയും ആവാം. അറിവിന്റേയും അനുഭവങ്ങളുടേയും ഏറ്റവും വലിയ പാഠപുസ്തകമാണ് യാത്രകള്‍. ഓരോ യാത്രയും കുഞ്ഞുങ്ങള്‍ക്ക്‌ സമ്മാനിക്കുന്നത് അറിവുകളുടെ അക്ഷയഖനിയാണ്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ അവിടത്തെ സംസ്കാരം, ഭാഷ, ഭൂപ്രകൃതി, തുടങ്ങിയ വൈവിധ്യങ്ങളായ കാര്യങ്ങളെ കുറിച്ച് അറിയാനും മനസ്സിലാക്കാനും കുട്ടികള്‍ക്ക്‌ അവസരം ലഭിക്കുന്നു. കുട്ടികളുമായി കാഴ്ച ബംഗ്ലാവുകള്‍, മൃഗശാല, ആര്‍ട്ട് ഗ്യാലറി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും, സിനിമകള്‍ കാണുന്നതുമെല്ലാം അവര്‍ക്ക്‌ പുതിയ അറിവുകള്‍ നല്‍കും. ഇത്തരത്തില്‍ അറിവിന്റെ പുതിയ വാതായനങ്ങളാണ് അവര്‍ക്ക്‌ മുന്‍പില്‍ തുറക്കപ്പെടുന്നത്.

സ്കൂളുകളിലെ പഠനരീതി ചിലപ്പോള്‍ കുഞ്ഞുങ്ങളെ മടുപ്പിക്കുന്നതാവാം. അതേ രീതി വീടിനകത്തും തുടര്‍ന്നാല്‍ അതിന് ഉദ്ദേശിച്ച ഫലം കിട്ടണമെന്നില്ല. അതുകൊണ്ട് വീടിനുള്ളിലെ പഠനത്തിന് വ്യത്യസ്തവും കുട്ടികളില്‍ താല്പര്യം ജനിപ്പിക്കുന്നതുമായ പുതിയ അധ്യാപന രീതികള്‍ കണ്ടുപിടിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാവണം. അത്തരത്തില്‍ ആകാംക്ഷയുണര്‍ത്തുന്ന പഠനരീതികളിലൂടെ കുഞ്ഞുങ്ങളില്‍ കൗതുകം ജനിപ്പിക്കാനും അവര്‍ക്ക്‌ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും സാധിക്കും.

ഷഫ്ന പട്ടണത്ത്‌

ബുദ്ധിവികാസത്തില്‍ കലകളുടെ പങ്ക്

വരാനിരിക്കുന്നത് യുവജനോത്സവങ്ങളുടെ കാലം. ആട്ടവും പാട്ടും മേളവുമായി അരങ്ങൊഴിയാത്ത രാവും പകലും. കലാമേളകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും അക്കാദമിക പഠനത്തോടനുബന്ധിച്ച് കലാപഠനത്തിനുള്ള അവസരങ്ങള്‍ സ്കൂളുകളില്‍ താരതമ്യേന കുറവാണ്. കൂടാതെ ഇന്ന് കലകള്‍ അഭ്യസിക്കുന്നത് യുവജനോത്സവ വേദികളില്‍ സമ്മാനം നേടുന്നതിനും പരീക്ഷക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ നേടുന്നതിനും വേണ്ടിയാണ്. അതോടൊപ്പം കുട്ടികളുടെ വളര്‍ച്ചയിലും ബുദ്ധിവികാസത്തിലും ഇവയ്ക്കുള്ള പങ്കിനെ കുറിച്ചും തികഞ്ഞ അജ്ഞത നിലനില്‍ക്കുന്നു.

പൊതുവേ കലകളോട് അതിയായ താല്പര്യം കാണിക്കുന്നവരാണ് കുഞ്ഞുങ്ങള്‍. അത് പാട്ടോ നൃത്തമോ അഭിനയമോ എന്തുമാവാം. മാസങ്ങള്‍ മാത്രം പ്രായമുള്ളപ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മമാര്‍ പാടി കൊടുക്കുന്ന താരാട്ട് പാട്ടുകള്‍ ആസ്വദിക്കാന്‍ തുടങ്ങും. പിന്നീട് പതിയെ താളം പിടിക്കാനും. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ചിലര്‍ക്ക പാട്ടുകേള്‍ക്കാനായിരിക്കും താല്പര്യം. ചിലര്‍ക്ക് ഈ പാട്ടുകള്‍ക്കൊത്ത് ചുവടുവക്കാനായിരിക്കും ഇഷ്ടം. എന്തായാലും ഇത്തരം കലാവാസനകള്‍ കുഞ്ഞിലേ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാനും പരിശീലനം നല്‍കാനും മാതാപിതാക്കള്‍ ശ്രമിക്കുകയാണെങ്കില്‍ അതവരില്‍ അത്ഭുതകരമായ മാറ്റങ്ങളായിരിക്കും സൃഷ്ടിക്കുക.

ഇടത്തോ വലത്തോ ?

മനുഷ്യന്റെ തലച്ചോറിന് പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. അവ ഇടത്തും വലത്തും ഭാഗങ്ങളാണ്. ഇതില്‍ യുക്തിപരമായി ചിന്തിക്കാനും കാര്യങ്ങളെ അപഗ്രഥിക്കാനും സഹായിക്കുന്നത് തലച്ചോറിന്റെ ഇടത് ഭാഗമാണ്. കുട്ടികളെ സ്കൂളില്‍ വച്ച് പഠിപ്പിക്കുന്ന കാര്യങ്ങള്‍ സയന്‍സ്, ഗണിതം, വായന തുടങ്ങിയവ മനസ്സിലാക്കാനും പഠിക്കാനും അവര്‍ക്ക്‌ സാധിക്കുന്നത് തലച്ചോറിന്റെ ഇടത് വശത്തിന്റെ പ്രവര്‍ത്തനം കാരണമാണ്. അതുപോലെ വലത് ഭാഗത്തിനുമുണ്ട് ചില ധര്‍മ്മങ്ങള്‍. ക്രിയാത്മകത, വൈകാരികത, പ്രതിഭ തുടങ്ങിയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഈ ഭാഗത്താണ്.

സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ തലച്ചോറിന്റെ ഇടത് വശം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ക്രിയാത്മക പഠനത്തില്‍ / കലാപഠനത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് വലതുഭാഗം പ്രവര്‍ത്തിക്കുന്നത്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ സ്കൂള്‍ കരിക്കുലത്തിലൊന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നില്ല. തലച്ചോര്‍ കാര്യക്ഷമമാവണമെങ്കില്‍ അതിന്റെ ഇരുവശവും ഒരുപോലെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കലാപഠനത്തിലൂടെ വലതുഭാഗത്തെ ഉദ്ദീപിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോള്‍ മസ്തിഷ്കത്തിന്റെ രണ്ട് ഭാഗങ്ങളും തമ്മിലുള്ള ബന്ധത്തെ അത് കൂടുതല്‍ ബലപ്പെടുത്തുന്നു.

കുഞ്ഞുങ്ങള്‍ക്ക്‌ അക്ഷരങ്ങളും വാക്കുകളും പഠിപ്പിച്ച് കൊടുക്കുന്നതിനോടൊപ്പം തന്നെ കലകള്‍ പഠിക്കാനും അവസരമൊരുക്കണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ഞിലേയുള്ള സംഗീതപഠനം കുട്ടികളുടെ ബുദ്ധിയെ ഉദ്ദീപിപ്പിക്കുകയും നൃത്തം മോട്ടോര്‍ സ്കില്ലുകളുടെ വികാസത്തെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. അതുപോലെ അഭിനയം അല്ലെങ്കില്‍ നാടകപഠനത്തിലൂടെ കുഞ്ഞുങ്ങള്‍ വ്യത്യസ്ത വികാരങ്ങളെ തിരിച്ചറിയാന്‍ പ്രാപ്തരാകുകയും പ്രശ്നപരിഹാരശേഷി പോലുള്ള കഴിവുകള്‍ നേടിയെടുക്കുകയും ചെയ്യുന്നു.

ഏതെങ്കിലും കലകള്‍ അഭ്യസിക്കുന്നതും അത് സദസ്സിനു മുന്‍പില്‍ അവതരിപ്പിക്കുകയും ചെയ്യുന്നത് കുഞ്ഞുങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാം. കൂടാതെ ഇത്തരം അവസരങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ മറ്റുകുട്ടികളോടും മുതിര്‍ന്നവരോടും ഇടപഴകാനുള്ള സങ്കോചവും മാറ്റിയെടുക്കുന്നു.

സംഗീതം

കുട്ടികളുടെ മോട്ടോര്‍ സ്കില്ലുകളിലും ബുദ്ധിഘട്നയിലും വളരെ കാലം നിലനില്‍ക്കുന്ന മാറ്റങ്ങളാണ് സംഗീത പഠനം സൃഷ്ടിക്കുന്നത്. പാട്ടിലൂടെ കുഞ്ഞുങ്ങളെ വളരെ എളുപ്പത്തില്‍ ഭാഷയുമായി ബന്ധപ്പെടുതാനാകും. കുഞ്ഞുങ്ങള്‍ക്ക്‌ പാട്ട് കേള്‍പ്പിച്ച് കൊടുത്താല്‍എ അവര്‍ പെട്ടെന്ന് പ്രതികരിക്കും. പാട്ടിന്റെ താളത്തിനനുസൃതമായി കുഞ്ഞുങ്ങള്‍ സ്വന്തമായി വരികളുണ്ടാക്കി പാടാനും ശ്രമിക്കാറുണ്ട്.

നൃത്തം

കുട്ടികള്‍ നേടിയെടുക്കുന്ന അറിവില്‍ അവരുടെ നൃത്തപഠനം നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്. സ്ഥിരമായി നൃത്തം അഭ്യസിക്കുന്നതിലൂടെ ഓരോ നൃത്ത ചുവടുകളും ഒന്നില്‍ നിന്നും അടുത്തതിലേക്ക് മാറുന്നതെങ്ങിനെയെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടാതെ ചിട്ടയായുള്ള നൃത്ത പഠനത്തിലൂടെ ക്രമാനുഗതമായി കാര്യങ്ങള്‍ പഠിക്കാന്‍ കുട്ടികള്‍ പ്രാപ്തരാകുന്നു. വിവിധ പാറ്റേണുകള്‍ തിരിച്ചറിയുക, കൃത്യമായ തീരുമാനങ്ങളില്‍ എത്തിച്ചേരുക തുടങ്ങിയ ശേഷികളും ഇതിലൂടെ കുട്ടികള്‍ നേടുന്നു.

നാടകം

കുഞ്ഞുങ്ങള്‍ക്ക്‌ പാട്ടും നൃത്തവും പോലെത്തന്നെയാണ് അഭിനയവും. ഇവയെല്ലാം അവരെ ഒരുപോലെ സന്തോഷിപ്പിക്കുന്നു. വ്ഹെരുപ്പത്തില്‍ ചോറും കറിയും വച്ച് കളിക്കുന്നതും ടീച്ചറും കുട്ടിയും കളിക്കുന്നതുമൊക്കെ ഇതിന്റെ ആദ്യഘട്ടങ്ങളാണ്. കുഞ്ഞുങ്ങളെ പദസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള നല്ലൊരു മാധ്യമമാണ് നാടകം. അവരുടെ ഭാഷാശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല ഇതിലൂടെ കുഞ്ഞുങ്ങളുടെ മനോഘടനയെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കലാപഠനത്തിലൂടെ കുട്ടികള്‍ പലശേഷികളും ആര്‍ജ്ജിച്ചെടുക്കുന്നു. കലകളുടെ പ്രധാനപ്പെട്ട ഒരു സവിശേഷതാണ് അത് പരിചയപ്പെടുത്തുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍, വിവിധ കലാരൂപങ്ങളെ അറിയുകയും അവ പരിശീലിക്കുകയും ചെയ്യുന്നതിലൂടെ പല ദേശങ്ങളെയും സംസ്കാരത്തേയും പൈതൃകത്തേയും അടുത്തറിയാന്‍ കുട്ടികള്‍ക്ക്‌ അവസരം ലഭിക്കുന്നു. പഠനത്തിലെ എല്ലാ വിഷമതകളും തരണം ചെയ്യാന്‍ കലകളിലുള്ള പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് സാധിക്കും. അതുവഴി അവരുടെ പഠനം കൂടുതല്‍ രസകരമാകുകയും ചെയ്യും.

അറിവിന്റെ കാലം

ക്ലാസ്സ്‌ മുറിയിലെ ഒരു ഒഴിവ് പിരിയഡില്‍ കുട്ടികളോടൊത്ത് കലപിലയ്ക്ക് എത്തിയതായിരുന്നു ഞാന്‍. നിങ്ങള്‍ പേപ്പറില്‍ ഒരു വര വരയ്ക്കണം എന്നാല്‍ വളരെ വ്യത്യസ്തമായിരിക്കണം അത്. ആരും ഇതുവരെ വരയ്ക്കാത്തൊരു വര, അവര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വരകളിട്ട് കാണിച്ചു. ഓരോ വരയും വ്യത്യസ്തം. ഒരു കുട്ടി പേപ്പറില്‍ ഒരു കുത്ത് മാത്രമിട്ട് കാണിച്ചു. എനിക്കൊന്നും മനസ്സിലായില്ല. സാര്‍ ഈ വര പേപ്പറിന്റെ ഉള്ളിലേക്ക് കയറി പോകുന്നതാണ്. അതിന്റെ ഒരറ്റം മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. ശരി ശരി ഞാന്‍ തലകുലുക്കി. മറ്റൊരു കുട്ടി ഒരിടത്ത്‌ നിന്നാരംഭിച്ച വര കൊണ്ട് ഒരു ചിത്രം തന്നെ കോറിയിട്ടിരിക്കുന്നു. ഇനി മറ്റൊരു കുട്ടിയുടെ ചിത്രവും തത്വചിന്താപരം തന്നെ. അവളും ഒരു ബിന്ദു പേപ്പറില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. ഈ വര പേപ്പറിന്റെ ഉള്ളില്‍ നിന്ന് ആരംഭിച്ചതാണ്. ഈ വരയുടെ ഇങ്ങേ തല മാത്രമേ നമുക്ക്‌ കാണാന്‍ കഴിയുന്നുള്ളൂ. ഓ..കണ്ണിന്റെ ഓരോ കഴിവില്ലായ്മയേ…

കവിതാ മരം

പരിസ്ഥിതി ദിനത്തില്‍ മരത്തെക്കുറിച്ച് കവിത എഴുതകയാണ് കുട്ടികള്‍. കവിതാ ശില്പശാലയില്‍ എഴുത്തിന്റെ വഴികളെ കുറിച്ച് വിശദീകരിച്ച് കഴിഞ്ഞ ശേഷമായിരുന്നു രചനാ സമയം. തിരക്ക്‌ എന്ന ശീര്‍ഷകത്തില്‍ ഒരു കുട്ടി കവിതയെ എഴുതിക്കാണിച്ചു.

‘മുറ്റത്ത്‌ പൂവിരിഞ്ഞിരിക്കുന്നു

നോക്കാന്‍ സമയമില്ലമ്മേ,

സച്ചിന്‍ സിക്സറരടിക്കുന്നു’

അമ്മയും കുട്ടിയും തമ്മിലുള്ള സംഭാഷണമാകും കവിതയുടെ ഘടന. മുറ്റത്ത്‌ വിരിഞ്ഞ പൂവിന്റെ സൗന്ദര്യം കാണാന്‍ ക്ഷണിക്കുന്ന അമ്മയോടുള്ള പ്രതികരണമാണിത്. പ്രകൃതിയുടെ നൈസര്‍ഗ്ഗിക സൗന്ദര്യമായ പൂവിനെക്കാള്‍ പുതിയ തലമുറയെ കൂടുതല്‍ ആകര്‍ഷിക്കുന്നത് ക്രിക്കറ്റിനെയാണ്. അത് ആകര്‍ഷകമായി അവതരിപ്പിക്കുന്ന ടെളിവിഷനെയാണ്.

കുട്ടികള്‍ എഴുത്തുകാരോ ?

നിഷ്കളങ്ക ബാല്യം പ്രകൃതിയുടെ സൗന്ദര്യത്തെ തൊട്ടറിയുന്നവരാണ്. അതുകൊണ്ടുതന്നെ കലര്‍പ്പില്ലാത്ത കല കുഞ്ഞുങ്ങളില്‍ നിന്നുണ്ടാവും അതിലുപരി ബാല ഭാവനയില്‍ അതിരറ്റ് രമിക്കുന്നവരാന് കുട്ടികള്‍.

‘ഓലഞ്ഞാലിക്കിളിയുടെ വാലില്‍

ഒന്‍പതു ശീലക്കൊടികളുകെട്ടി

ഓലക്കുടയുടെ കീഴില്‍

ബഹളം കൂട്ടി, ചെപ്പി

നടന്നൊരു കാലം’

 

എന്നാണ് കവി കടമ്മനിട്ട ബാല്യകാലത്തെ കുറിച്ച് പറയുന്നത്. ഗ്രാമം നല്‍കിയ ബാല്യകാല അനുഭവങ്ങളാണ് കടമ്മനിട്ട എന്ന വ്യക്തിയെ കേരളത്തിന്റെ പ്രിയ കവിയാക്കി മാറ്റിയത്‌.

അവധിയും ആധിയും

അവധിക്കാലം കുട്ടികള്‍ക്ക്‌ ഏറെ സന്തോഷമുള്ള കാലമാണ്. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന, ക്ലാസ്സ്‌ മുറികളില്‍ നിന്ന് വിടുതല്‍ കിട്ടുന്ന ഉത്സവകാലം. എന്നാല്‍ രക്ഷിതാക്കള്‍ക്ക്‌ ആധിയാണ്. ‘ഈശ്വരാ ഇതിനെ ഞാനെവിടെക്കൊണ്ടേവച്ച് പൊറുപ്പിക്കും’ ഉത്സവപ്പറമ്പിലെ തട്ടുകടകള്‍ പോലെ പ്രത്യക്ഷപ്പെടുന്ന അവധിക്കാല ട്യൂഷന്‍ സെന്ററുകളിലേക്ക്‌ കുട്ടികളെ തള്ളിവിടുകയാണ് പിന്നീടുള്ള രീതി. ചില സ്വകാര്യ സ്കൂളുകളില്‍ ഏപ്രില്‍ ആദ്യവാരം തന്നെ ക്ലാസ്സ്‌ തുടങ്ങും. മടുത്തു ഈ ജീവിതം എന്ന് കുട്ടികള്‍ വിലപിക്കാറുള്ളത് രക്തിതാക്കള്‍ കേട്ടില്ലെന്ന് നടിക്കും. കുട്ടികളും യുവാക്കളും ജീവിതം മടുത്തു തുടങ്ങി എന്ന് പറയുന്നുണ്ടെങ്കില്‍ വിരല്‍ ചൂണ്ടെണ്ടത് രക്ഷിതാക്കളുടെ നേര്‍ക്കാണ്.

അവധിക്കാലം ഉത്സവമാക്കാന്‍

പഠിക്കാന്‍ വിമുഖരാണെങ്കിലും അറിയാന്‍ ആഗ്രഹമുള്ളവരാണ് കുട്ടികള്‍. പ്രകൃതിയേയും മനുഷ്യനേയും സഹജീവികളളെയും നിരീക്ഷിക്കാനും ക്രിയാത്മകമായി ആവിഷ്കരിക്കാനും അവധിക്കാലം വിനിയോഗിക്കാം. വീടിനടുത്തുള്ള തോടുകള്‍, പുഴകള്‍, കൃഷിയിടങ്ങള്‍ എന്നിവിടങ്ങളിലെ പൂവുകള്‍, പൂമ്പാറ്റകള്‍, പക്ഷികള്‍, ഉരഗങ്ങള്‍, മത്സ്യങ്ങള്‍ തുടങ്ങിയവയുടെ ജീവിതം നിരീക്ഷിക്കാനും പ്രത്യേകതകള്‍ ശേഖരിക്കാനും അവധിക്കാലം ഉപയോഗിക്കാം. ജീവശാസ്ത്രഞ്ജന്മാരും പരിസ്ഥിതി ചിന്തകരും ഉണ്ടാകുന്നത് ഇവരില്‍ നിന്നുമാണ്. കുട്ടികള്‍ ശേഖരിച്ച കാര്യങ്ങള്‍ ക്രിയാ ഗവേഷണത്തില്‍ ഉള്‍പ്പെടുത്തി സ്കൂളിലും ശാസ്ത മേളകളിലും അവതരിപ്പിക്കാം.

വായനയും എഴുത്തും

വായനയില്‍ താല്പര്യമുള്ള കുട്ടികള്‍ അടുത്തുള്ള ലൈബ്രറിയില്‍ നിന്ന് കണ്ടെത്തി വായിക്കുകയും വായനാക്കുറിപ്പ് തയ്യാറാക്കുന്നതിലും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ക്ലാസ്സിക്കുകള്‍ വായിക്കാന്‍ കുട്ടികളെ പ്രത്യേകം പ്രോത്സാഹിപ്പിക്കണം. വായനമാത്രം പോര അവരെ എഴുതാനും പ്രേരിപ്പിക്കണം.എഴുതിയത് മാഗസിനുകള്‍ക്ക് അയക്കാനും ശ്രദ്ധിക്കണേ.

ചെപ്പടിവിദ്യകള്‍

മികച്ച നിരീക്ഷകരായ കുട്ടികള്‍ വിവിധതരത്തിലുള്ള ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര വര്‍ക്കിംഗ് മോഡലുകള്‍ ഉണ്ടാക്കാന്‍ അവസരമുണ്ടാക്കണം. പാഴ്വസ്തുക്കളുപയോഗിച്ചും ഉണ്ടാക്കാം. സ്കൂള്‍ എക്സിബിഷനുകള്‍ക്ക് ഇത്തരം മോഡലുകള്‍ പ്രദര്‍ശിപ്പിക്കാം. അതിന് പ്രേരകമാകുന്ന എക്സിബിഷനുകള്‍ കുട്ടികള്‍ കാണാനിടയായാല്‍ ധാരാളം ആശയങ്ങള്‍ അവര്‍ക്കുണ്ടാവും. ഭാവിയിലെ എഞ്ചിനീയര്‍മാരും ഗണിതശാസ്ത്ര പ്രതിഭകളും സ്വഭവനങ്ങളില്‍ നിന്നുണ്ടാകട്ടെ.

യാത്ര അറിവിന്റെ ഉറവ്

യാത്ര ചെയ്ത് വളരുക എന്നത് പരിചിതമായ പഴമൊഴിയാണ്. യാത്രയും ഒട്ടേറെ അനുഭവങ്ങളും അറിവുകളും പ്രദാനം ചെയ്യും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക്, ബന്ധുവീടുകളിലേക്ക് ഒക്കെ യാത്രയാവാം. രക്ഷിതാക്കളുടെ സാന്നിധ്യവും അനിവാര്യമാണ്. ഉത്സവ കാലമായതിനാല്‍ തെയ്യം, തിറ, പടയണി തുടങ്ങിയ അനുഷ്ടാന കലകളും കഥകളി, കൂത്ത്, ഓട്ടന്‍തുള്ളല്‍, തുടങ്ങിയ ശാസ്ത്രീയ കലകളും നേരില്‍ അടുത്ത ആസ്വദിക്കാനും പറ്റിയ അവസരമാണ്. ക്ലാസ്സ്‌ മുടികളില്‍ ചിത്രങ്ങളിലൂടെ കാണുന്നവ നേരില്‍ കാണുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കുക പ്രയാസമാണ്.

മണ്ണിന്‍റെ മണമൂറും കളികള്‍

തലപ്പന്ത്, കബഡി, ഗോട്ടികളി, കുട്ടീം കോലും തുടങ്ങി എത്രയെത്ര കളികളായിരുന്നു. നേരം വെളുത്താല്‍ പല്ലുപോലും തേക്കാതെ ഇറങ്ങുകയായി. തോടും മലയും പടവും കടന്ന് ഏതൊക്കെ ദേശങ്ങളിലൂടെയൊക്കെ ആയിരുന്നു പിന്നെ യാത്രകള്‍. ചെളി പുരണ്ട്, വിയര്‍ത്തൊലിച്ച് വീട്ടില്‍ കയറുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ടാവും. ഇതൊക്കെ പഴയകാല കഥകള്‍. ഇന്ന് കാര്യങ്ങളൊക്കെ മാറിയില്ലേ. എങ്കിലും ഓര്‍മകളില്‍ നിന്നുപോലും മാഞ്ഞുപോയ ആ കളികളെ മുതിര്‍ന്നവരോട് ചോദിച്ച് പരിചയപ്പെടാം. കൂടാതെ സൈക്കിള്‍ സവാരി, നീന്തല്‍ പഠനം തുടങ്ങിയവക്കൊക്കെ പറ്റിയ സമയമാണിത്‌. അപകട സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളുടെ ഒരു കണ്ണ് അവരോടൊപ്പം ഉണ്ടാകുന്നത് നല്ലതാണ്. ചിത്രരചനാ പരിശീലനം, സ്ക്രീന്‍ പ്രിന്റിംഗ്, തയ്യല്‍ വേലകള്‍, ഭക്ഷണം പാകം ചെയ്യല്‍, ഒമാനകലായ മുയല്‍, മത്സ്യം, പക്ഷികള്‍ തുടങ്ങിയവയുടെ വളര്‍ത്തല്‍ ഇതിലേതെങ്കിലുമൊക്കെ തിരഞ്ഞെടുക്കാവുന്നതാണ്. കുട്ടികളുടെ ഡൈനാമിസം നിലനിര്‍ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവരില്‍ മാനുഷിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇതൊന്നും ചെയ്യാതെ മരവിച്ച ട്യൂഷന്‍ ക്ലാസ്സുകളിലേക്കും അവധിക്കാല ക്ലാസ്സുകളിലേക്കും കുട്ടികളെ നിര്‍ബന്ധിച്ചു പറഞ്ഞയക്കുന്ന രക്ഷിതാക്കള്‍ ഹൃദയമില്ലാത്ത യന്ത്രത്തലയുള്ള തലമുടയെ സൃഷ്ടിക്കുന്നവരാണ്. മനുഷ്യത്തമില്ലാത്ത യന്തിരന്മാര്‍.

ജേക്കബ്‌ കോച്ചേരി

ചെന്നൈയിലെ ഭിക്ഷക്കാരന്‍ എന്‍ജിനീയറിങ് പഠിച്ചത് കേംബ്രിജില്‍

 

ചെന്നൈ മാഹാനഗരത്തിന്റെ തെരുവുകളില്‍ ഭിക്ഷയാചിച്ചു നടക്കാനായിരുന്നു ചെറുപ്പത്തില്‍ ജയവേലിന്റെ വിധി. എന്നാല്‍ 22ാംമത്തെ വയസില്‍ ജയവേല്‍ കേംബ്രിജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നു. സിനിമാക്കഥകളെ പോലും വെല്ലുന്ന ജീവിതമാണ് ജയവേലിന്റെത്. ഒന്നുമില്ലായ്മയില്‍ നിന്നും ജീവിതം ഉയരങ്ങളിലേക്ക് പടുത്തുയര്‍ത്തിയ ജയവേലിന്റെ ജീവിതം ഏവര്‍ക്കും പാഠമാക്കും.

വളരെ ചെറുപ്പത്തില്‍ തന്നെ ചെന്നൈ നഗത്തില്‍ ജയവേല്‍ ഭിക്ഷാടനം ആരംഭിച്ചു. തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമമാണ് ഇയാളുടെ ജന്മദേശം. മാതാപിതാക്കള്‍ കൃഷിക്കാരായിരുന്നു. എന്നാല്‍ കൃഷി നഷ്ടമായി എല്ലാം നശിച്ചതോടെ ജീവിതം ചെന്നൈയിലേക്ക് പറിച്ചു നട്ടു. പട്ടിണി കിടക്കാതിരിക്കാന്‍ ഭിക്ഷാടനം തൊഴിലാക്കി. ജയവേല്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം തെരുവിലാണ്. ജീവിതം എപ്പോഴും നിരവധി അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടാകും. ജയവേലിന്റെ കാര്യത്തിലും ഇതു സംഭവിച്ചു.

1999ല്‍ ഉമാമുത്തുരാമന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയെ കണ്ടു മുട്ടിയതോടെയാണിത്. തെരുവില്‍ ജീവിക്കുന്നവരെ കുറിച്ച് ഡോക്യുമെന്ററി എടുക്കുകയായിരുന്ന ഉമയുടെ ലക്ഷ്യം. ജയവേലിനെ പരിചയപ്പെട്ടപ്പോള്‍ തന്നെ ഉമയ്ക്ക് എന്തോ പ്രത്യേകത തോന്നി.
തന്റെ സംഘടനയായ ചാരിറ്റബിള്‍ ട്രസ്റ്റിലൂടെ പ്രാഥമിക വിദ്യാഭ്യാസം നല്‍കി. എന്നാല്‍ ആദ്യമൊന്നും പഠിക്കാന്‍ ജയവേല്‍ താത്പര്യം കാണിച്ചില്ല. വിട്ടു കൊടുക്കാന്‍ ഉമയും തയാറായിരുന്നില്ല. നിരന്തരമായി ശ്രമിച്ചതോടെ ജയവേല്‍ പഠിക്കാന്‍ തുടങ്ങി, നല്ല മാര്‍ക്കോടെ തന്നെ പ്ലസ്ടു പാസായി.

ഇതിനു ശേഷമാണ് കേംബ്രിജ് യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷ എഴുതുന്നത്. അഡ്വാന്‍സ് ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിനു പ്രവേശനവും ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ജയവേല്‍ ഇനി തുടര്‍ പഠനത്തിനായി ഇറ്റലിയിലേക്ക് പോകാന്‍ ഇരിക്കുകയാണ്. 17 ലക്ഷം രൂപയാണ് പഠനത്തിനായി ചെലവായത്. പലരില്‍ നിന്നും ഉമ ശേഖരിച്ചതാണ് ഈ പണം. ഇറ്റലിയിലെ പഠനത്തിന് ഇനിയും എട്ട് ലക്ഷം രൂപ കൂടി വേണം. ഇതിനുള്ള ശ്രമത്തിലാണിപ്പോള്‍ ഉമ. തെരുവില്‍ വളരുന്ന ഒരുപാട് കുട്ടികള്‍ക്ക് ജയവേലിന്റെ നേട്ടം പ്രചോദനമാണെന്ന് പറയുന്നു ഉമ.

കടപ്പാട്-http:www.ourkidsindia.com

2.95833333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top