অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങളുടെ ചിട്ടകള്‍

കുഞ്ഞുങ്ങളുടെ ചിട്ടകള്‍

  1. കുട്ടിക്ക് ട്യൂഷൻ ആവശ്യമോ?
  2. കുട്ടികള്‍ക്ക് ലഹരിയായേക്കാവുന്ന ശീലങ്ങള്‍ ഒഴിവാക്കാം
  3. ഇനി പരീക്ഷാക്കാലം, മാതാപിതാക്കൾ നിർബന്ധമായും അറിയാൻ 4 കാര്യങ്ങൾ
  4. കുട്ടികളുടെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ ലളിതമായ മാര്‍ഗ്ഗങ്ങള്‍
  5. കുട്ടികളോട് ഒരിക്കലും ഈ 8 കാര്യങ്ങൾ ചെയ്യരുതേ!!
  6. പ്രഭാത ഭക്ഷണം പ്രധാനം, അതൊഴിവാക്കിയാൽ...
  7. എത്ര ചോദിച്ചിട്ടും കുട്ടി ഒന്നും തുറന്നു പറയുന്നില്ലേ? നാല് കൂൾ വഴികൾ!
  8. ഒരു ഡേ കെയറിലെ ഭിത്തിയിൽ പതിപ്പിച്ച ആ ചെറിയ നോട്ടീസിന്റെ ചിത്രം വൈറൽ!
  9. കുട്ടികളോട് നമ്മൾ ചെയ്യുന്ന 10 തെറ്റുകള്‍
  10. ഹൈപ്പർ ആക്റ്റീവ് കുട്ടികളെ എങ്ങനെ നിയന്ത്രിക്കാം
  11. ക്ലാസിൽ സ്ലിപ്പറിട്ടാൽ ബുദ്ധി കൂടുമോ?
  12. നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയുണ്ടോ? കാരണം ഇതാണ്!
  13. കുഞ്ഞിന്റെ ബുദ്ധിശക്തി തിരിച്ചറിയാൻ 9 വഴികൾ
  14. ശ്രദ്ധ പിടിച്ചുപറ്റാൻ തന്ത്രങ്ങൾ പയറ്റുന്ന കുഞ്ഞുങ്ങളെ മെരുക്കാം
  15. കുട്ടികൾ സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുമ്പോൾ...
  16. നിങ്ങളുടെ കുട്ടി സൂപ്പർ ഹീറോകളുടെ ആരാധകരാണോ? ഞെട്ടിക്കും പുതിയ റിപ്പോർട്ട്!
  17. അമിതവണ്ണമുള്ള മാതാപിതാക്കൾ ജാഗ്രതൈ!!
  18. കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ അമ്മയുടെ പങ്ക്
  19. സോഷ്യൽമീഡിയയിൽ കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ വരട്ടെ!!!
  20. മൊബൈലും ടാബ്‌ലറ്റും കളിപ്പാട്ടമാക്കുന്ന കുട്ടികളിൽ ഓട്ടിസം വരാൻ സാധ്യത
  21. മികച്ച അച്ഛനും അമ്മയും ആകാൻ ചില ടിപ്സുകൾ
  22. ‘എന്‍റെ അമ്മ സൂപ്പറാ...’ എന്ന് പറയിക്കണോ?...

കുട്ടിക്ക് ട്യൂഷൻ ആവശ്യമോ?

മിക്ക മാതാപിതാക്കളും ജോലിയുള്ളവരാണ്. നീണ്ട ജോലിയൊക്കെ കഴിഞ്ഞ് കുട്ടികളെ പഠിപ്പിക്കാൻ കൂടെ ഇരിക്കുക എന്നൊക്കെ പറഞ്ഞാൽ ഇവർക്ക് ചിന്തിക്കാൻ പോലുമാകില്ല. അതുകൊണ്ട് തന്നെയാണ് കുട്ടികളെ പഠനത്തിൽ സഹായിക്കാൻ മിക്കവരും ട്യൂഷൻ ടീച്ചറുടെ സഹായം തേടുന്നതും. എന്നാൽ ജോലിത്തിരക്കൊന്നും വകവയ്ക്കാതെ അവർക്കൊപ്പം പഠനത്തിൽ സഹായിക്കുന്ന മാതാപിതാക്കളുമുണ്ട്. സ്വന്തം മക്കളെ പഠനകാര്യങ്ങളിൽ മാതാപിതാക്കൾ തന്നെ സഹായിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മൂലം അമ്മയ്ക്ക് കുട്ടികളുടെ പഠന സ്വഭാവത്തെ ശരിയായി രൂപീകരിക്കാനും ഭാവിയിൽ പഠനത്തിൽ അവരെ സ്വയം പര്യാപ്തരാക്കാനും സാധിക്കും.

1. ലക്ഷ്യം വെച്ച് തുടങ്ങാം

അവരെ സ്വന്തമായി പഠിക്കാൻ പര്യാപ്തരാക്കുക എന്ന ലക്ഷ്യമാണ് ആദ്യം വേണ്ടത്. അവർക്ക് സംശങ്ങൾ തീർത്തുകൊടുക്കുക, പഠനം കൃത്യമായി നടക്കുന്നുണ്ടോ എന്നറിയുക ഇത്രയുമാണ് അടിസ്ഥാനമായി വേണ്ടത്. അല്ലാതെ പഠനസമയത്ത് സ്പൂൺ ഫീഡിങിൻറെ ആവശ്യമേയില്ല. ഇത് കുട്ടികളെ സ്വയം പര്യാപ്തരാകുക എന്ന ലക്ഷ്യത്തിലെത്താൻ സഹായിക്കും

2. പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കുക

നീണ്ട സ്കളൂൾ സമയത്തിന് ശേഷമാണ് അവർ ഹോം വർക്കു ചെയ്യാൻ ഇരിക്കുന്നതെന്ന ഓർമ വേണം. ക്ഷീണിതരായ ഇവരുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേയ്ക്ക് തിരിയാന്‍ എളുപ്പമാണ്. അതിനാൽ തന്നെ ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായൊരിടം പഠിക്കാൻ ഒരുക്കുക. ടി വി ആ സമയം ഓഫാക്കാൻ ശ്രദ്ധിക്കുക. ടെലിഫോണിന്റെ ശബ്ദവും നിങ്ങളുടെ അടുക്കളയിലെ ശബ്ദവും അവരെ ശല്യം ചെയ്യാതിരിക്കട്ടെ.

3. ഒരു ചിട്ടയുണ്ടാക്കുക

മറ്റ് കാര്യങ്ങളിലെന്ന പോലെ പഠനകാര്യത്തിലും ഒരു ചിട്ട അത്യാവശ്യമാണ്. സ്കൂളിൽ നിന്നു വന്ന ശേഷം അല്പം കളിയാകാം. കുളിയൊക്ക കഴിഞ്ഞ് ലഘു ഭക്ഷണവും കഴിഞ്ഞിട്ട് പഠനത്തിനായി സമയം മാറ്റിവയ്ക്കാം. ഇത്ര മണി മുതൽ ഇത്ര മണി വരെ എന്ന ടൈം ടേബിൾ ഉണ്ടാക്കാം. പിന്നീട് വിനോദത്തിനും ഭക്ഷണത്തിനും ശേഷം നേരെ ഉറങ്ങാം.

4. തീം ബേയ്സ്ഡ് പഠനമാകാം

ഹോം വർക്കും മറ്റ് പഠനങ്ങൾക്കും ശേഷം ഒരോ ദിവസവും ഓരോ തീം ബേയ്സ്ഡ് പഠനവും ആകാം. അതായത്. തിങ്കളാഴ്ച വായന, ചൊവ്വാഴ്ച സ്പെല്ലിംഗ് ടെസ്റ്റ്, ബുധനാഴ്ച കണക്കിലെ കളികൾ എന്നിങ്ങനെ ഓരോന്നിനും ഓരോ റിവ്യൂ ദിവസങ്ങള്‍ വയ്ക്കാം. ഇങ്ങനെ ചെയ്താൽ പിന്നീട് പരീക്ഷയാകുമ്പോൾ എല്ലാം ഒന്നു നോക്കി വിട്ടാൽ മാത്രം മതിയാകും.

5. അല്പം ക്രിയേറ്റീവ് ആയിക്കോട്ടെ

സ്കൂൾ അസൈൻമെന്‍റ് പലപ്പോഴും വിരസമായിരിക്കും, കർശനക്കാരിയായ ടീച്ചർ കൂടെയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. കുട്ടികൾ മടി കാണിക്കാൻ തുടങ്ങിയാൽ പഠനം അൽപം വ്യത്യസ്തമാക്കാം. ബുക്ക് തൽക്കാലം മാറ്റി വയ്ക്കാം എന്നിട്ട് അല്പം രസകരമാക്കാം. കൂടുതൽ ചിത്രങ്ങളും വിഡിയോകളും ഒക്കെ കാണിച്ച് പഠിപ്പിച്ചാൽ അതവരുടെ മനസിൽ തങ്ങി നിന്നുകൊള്ളും.

6. ഇടവേളകൾ അനിവാര്യം

പാഠഭാഗങ്ങള്‍ അന്നന്നു തന്നെ തീർക്കാൻ ശീലിപ്പിക്കുക. കുട്ടികൾക്ക് എന്ത് കാര്യവും പെട്ടെന്ന് മടുക്കും. അതുകൊണ്ട് ശനിയും ഞായറും അവർ ബ്രേക്ക് എടുക്കട്ടെ. ഞായറാഴ്ച വൈകുന്നേരമാകുമ്പോൾ മിക്ക മാതാപിതാക്കളും അവരെ പഠിക്കാന്‍ പിടിച്ചിരുത്താറുണ്ട്. അതവരുടെ ബ്രേക്ക് ടൈം തട്ടിയെടുക്കുന്നതിന് തുല്യമാണ്. ചില കുട്ടികൾ അധിക നേരം ഒരുകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല. അത്തരക്കാരെ പഠനത്തിനിടയ്ക്ക് അല്പം നടക്കാനോ മറ്റോ അനുവദിക്കുക.

7. പഠനത്തെ ജീവിതവുമായി ബന്ധപ്പെടുത്താം.

മിക്ക സ്കൂളുകളിലും പഠനം ടെക്സ്റ്റ് ബുക്കിലൊതുങ്ങും. ഇവിടെ മാതാപിതാക്കൾക്ക് ചെയ്യാനേറെയുണ്ട്. എല്ലാം ജീവിതവുമായി ബന്ധപ്പെടുത്തി നോക്കാം. ഉദാഹരമത്തിന് സ്ഥലങ്ങളെ കുറിച്ച് പഠിക്കാനുണ്ടെങ്കിൽ, പോകാൻ പറ്റാവുന്ന സ്ഥലത്തേയ്ക്കാവട്ടെ അത്തവണത്തെ ടൂർ. രാത്രിയിൽ ചന്ദ്രനെ കാണിച്ചു കൊടുത്താകട്ടെ ചന്ദ്രനെ കുറിച്ചുള്ള പഠനം.

കുട്ടികളെ പഠിപ്പിക്കുക അത്ര എളുപ്പമല്ലെന്ന് മനസിലാക്കുക. ക്ലാസിൽ ഉയർന്ന ഗ്രേഡ് നേടുക എന്നതിലുപരി പഠനത്തിലും ജീവിതത്തിലും അവരെ സ്വയം പര്യാപ്തരാക്കുക എന്നതാവട്ടെ ഓരോ മാതാപിതാക്കളുടേയും ലക്ഷ്യം.

കുട്ടികള്‍ക്ക് ലഹരിയായേക്കാവുന്ന ശീലങ്ങള്‍ ഒഴിവാക്കാം

ഇവിടെ ലഹരി എന്നത് മദ്യത്തെയോ മയക്കു മരുന്നിനെയോ ഉദ്ദേശിച്ചല്ല. ടെലിവിഷന്‍ കാണുന്നതും വീഡിയോ ഗെയിമും മുതല്‍  ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന പ്രത്യേക ഭക്ഷണം സ്ഥിരമായി കഴിക്കുന്നത് വരെ ഇതില്‍ ഉള്‍പ്പെടുന്നു. ശ്രദ്ധിച്ചാല്‍ കുട്ടികള അടിമപ്പെടുത്താന്‍ സാദ്ധ്യതയുള്ള ശീലങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അവയെ തുടക്കത്തിലേ നിയന്ത്രിക്കാനാകും.

1. ടെലിവിഷനും കമ്പ്യൂട്ടറും നിയന്ത്രിക്കാം.

ഇതില്‍ സൂചനകളുടെ ആവശ്യമില്ല. കാരണം ലോകത്ത് ഇന്ന് വളര്‍ന്ന് വരുന്ന കുട്ടികളില്‍ കമ്പ്യൂട്ടറും വീഡിയോ ഗെയിമും ശീലിച്ചിട്ടുള്ളവരില്‍ ഭൂരിഭാഗം പേരും അതിന് അടിമകളാണ്. ടി.വിയ്ക്ക് മുന്നില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ വാശി പിടിക്കുകയും കമ്പ്യൂട്ടര്‍ ഗെയിം കാരണം ഉറങ്ങാതിരിക്കുകയും ചെയ്യുന്നവരാണ് ഈ കുട്ടികള്‍. ഈ ശീലങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ പിന്നീട് ഏറെ പണിപ്പെടേണ്ടി വരും.

അതുകൊണ്ട് ഇവയ മുന്‍കൂട്ടി നിയന്ത്രിക്കുന്നത് നല്ലതായിരിക്കും. രാവിലെയും വൈകീട്ട് നിശ്ചിത സമയത്തും മാത്രം കുട്ടികളെ ഇവയ്ക്ക് മുന്നില്‍ ചിലവഴിക്കാന്‍ അനുവദിക്കുക. മാതാപിതാക്കളറിയാതെ കുട്ടി ഇവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക.

കാരണം കമ്പ്യൂട്ടര്‍ മുതല്‍ മൊബൈല്‍ വരെ അറിവ് നേടാന്‍ സഹായിക്കുമെങ്കിലും ആഴത്തിലുള്ള അറിവിലേക്കുള്ള യാത്ര അവ മുടക്കുന്നു. കാരണം ശ്രദ്ധ തിരിക്കാനാവശ്യമായ നിരവധി ഘടകങ്ങള്‍ അതിലുണ്ട് എന്നത് കൊണ്ട് തന്നെ.

2. ആളുകളുമായി ഇടപെടുത്തുക

ഇത് സ്ക്രീന്‍ ടൈം വെട്ടിക്കുറക്കുന്നതിന് ഒപ്പം ചെയ്യേണ്ട് കാര്യമാണ്. കൂടുതല്‍ പേരുമായി ഇടപെടാന്‍ ശീലിക്കുന്നത് കുട്ടികളില്‍ സമൂഹത്തോടുള്ള ഭയം കുറക്കും. അവര്‍ നന്നായി സംസാരിക്കാനും ആശയവിനിമയം നടത്താനും പര്യാപ്തരാകും, സമൂഹത്തോട് നന്നായി ഇടപഴകി ശീലിച്ചാല്‍ പിന്നീട് അവര്‍ വീഡിയോ ഗെയിം പോലുള്ള അടിമപ്പെടുത്തുന്ന ശീലങ്ങളിലേക്ക് തിരിച്ച് പോകാൻ സാദ്ധ്യത വിരളമാണ്

3. എപ്പോഴും വാശിക്ക് വഴങ്ങേണ്ട

വാശിയുടെ കാര്യത്തില്‍ ഒരു കുട്ടിയും പിന്നോട്ടല്ല, വാശിക്ക് വഴങ്ങിക്കൊടുക്കുകയാണ് സമാധാനത്തിനായി നാം പലപ്പോഴും ചെയ്യുക. എന്നാല്‍ ഇത് ശീലമാക്കേണ്ടതില്ല. ഒരേ കാര്യത്തിനായി കുട്ടി വീണ്ടും വീണ്ടും വാശി പിടിച്ചാല്‍ അത് അനുവദിച്ച് കൊടുക്കാതിരിക്കുക. ഇത് വാശികൊണ്ട് കാര്യമില്ലെന്ന് കുട്ടിയെ ബോദ്ധ്യപ്പെടുത്താന്‍ അനിവാര്യമാണ്. വാശി കൂടും തോറും കുട്ടി ഏതെങ്കിലും ശീലത്തിന് അടിമപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.

4. ശീലങ്ങള്‍ നിരീക്ഷിക്കുക

കുട്ടിയുടെ ശീലങ്ങള്‍ നിരീക്ഷിക്കുക. ഏതെങ്കിലും കാര്യം വീണ്ടും വീണ്ടും ചെയ്യുന്നതായും അതിന് വേണ്ടി നിര്‍ബന്ധം പിടിക്കുന്നതായും കണ്ടാല്‍ അവ ഒഴിവാക്കുക. നേരത്തെ പറഞ്ഞ വീഡിയോ ഗെയിം മുതല്‍ ആരോഗ്യകമല്ലാത്ത ഭക്ഷണ ശീലങ്ങള്‍ വരെ ഇങ്ങനെ നിരീക്ഷിച്ച് നിയന്ത്രിക്കേണ്ടതാണ്.

5. സ്വയം നിയന്ത്രണവും ഉത്തരവാദിത്ത്വവും ശീലിപ്പിക്കുക

ജന്മനാ എല്ലാ കുട്ടികളും പെട്ടന്നുള്ള ചിന്തയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് രസകരമായി തോന്നുന്നു കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ ത്വര ഉണ്ടാകും. ഇതിനെ നിയന്ത്രിക്കുന്നതിനൊപ്പം അവരെ സ്വയം നിയന്ത്രിക്കാന്‍ കൂടി ശീലിപ്പിക്കുന്നത് ഗുണകരമാകും. ഭക്ഷണത്തിനും ഉറക്കത്തിനും പഠനത്തിനും എല്ലാം ഏകദേശ സമയം നിശ്ചിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് കുട്ടികളെ സ്വയം നിയന്ത്രണത്തിന് സഹായിക്കും. പിന്നീട് ഈ ചിട്ടയില്‍ മാറ്റം വരുത്തേണ്ടി വന്നാലും മാറുക അവര്‍ക്ക് എളുപ്പവുമായിരിക്കും. അതേസമയം അടിമപ്പെടുത്തുന്ന ശീലങ്ങളില്‍ അവര്‍ പെട്ടാല്‍ മോചനം അത്ര എളുപ്പമാകില്ല

ഇനി പരീക്ഷാക്കാലം, മാതാപിതാക്കൾ നിർബന്ധമായും അറിയാൻ 4 കാര്യങ്ങൾ

പരീക്ഷാസമയം ടെന്‍ഷന്‍ പിടിച്ച കാലമാണ്. പരീക്ഷ അടുക്കുമ്പോഴേക്കും കുട്ടികളേക്കാള്‍ ടെന്‍ഷന്‍ ആഴത്തില്‍ കുടിയേറിയിട്ടുണ്ടാവുക മാതാപിതാക്കളുടെ പ്രത്യേകിച്ചും അമ്മമാരുടെ ദേഹത്തായിരിക്കും. എങ്ങനെ ടെന്‍ഷനെ അകറ്റി നിര്‍ത്തി പരീക്ഷക്ക് മുന്‍പുള്ള സമയം ഫലപ്രദമായി വിനിയോഗിക്കാനാകും എന്നതിന് ചില ഉദാഹരണങ്ങള്‍ നോക്കാം. ഇത് നിങ്ങള്‍ക്ക് സഹായകമാകുന്നതിനൊപ്പം നിങ്ങളുടെ കുട്ടികളെ സഹായിക്കാനും ഇതിലൂടെ സാധിക്കും

1. പഠനത്തിന് നിശ്ചിതമായ സമയക്രമം ഉണ്ടാക്കുക

പഠനസമയത്തിന്‍റെ ദൈര്‍ഘ്യം കൂട്ടുന്നത് പരീക്ഷക്കാലത്ത് ചിലപ്പോള്‍ വിപരീത ഫലം വരെ സൃഷ്ടിച്ചേക്കാം. അതിനാല്‍ നിലവില്‍ കുട്ടി പഠിക്കാനുപയോഗിക്കുന്ന സമയത്തെ ഫലപ്രദമായി തരം തിരിക്കുക. കുട്ടി പഠിക്കുന്ന സമയം തീരെ കുറവാണങ്കില്‍ രണ്ട് മണിക്കൂര്‍ കൂടി പഠനത്തിനായി ഇതോടൊപ്പം ചേര്‍ക്കാം. പഠിക്കുന്നത് എല്ലാ ദിവസവും ഒരേ സമയങ്ങളിലാക്കുക. ഇത് പഠനം ഒരു ശീലമായി മാറ്റാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ഒരു വിഷയം പഠിക്കാന്‍ പ്രത്യേക സമയം ഉപയോഗിക്കുന്നത് തലേ ദിവസത്തെ ഓര്‍മ്മ നന്നായി നിലനിര്‍ത്താനും സഹായിക്കും. ഇത് റിവിഷന്‍ എളുപ്പമാക്കും.

2. ഇടവേളകള്‍ അനിവാര്യമാണ്

ഒരു വിഷയത്തിന്‍റെ അന്നേ ദിവസത്ത ക്വാട്ട തീര്‍ന്നാല്‍ അല്ലെങ്കില്‍ സമയം തീര്‍ത്താന്‍ ഉടന്‍ അടുത്ത ബുക്കെടുത്ത് കൈയ്യില്‍ കൊടുക്കേണ്ട. ഇടവേള കുട്ടിക്ക് നല്‍കുക. ഇത് മനസ്സിനെ ഫ്രെഷാക്കാന്‍ കുട്ടികളെ സഹായിക്കും. ഒപ്പം അവര്‍ പഠിച്ച് കഴിയുമ്പോള്‍ അവരെ അഭിനന്ദിക്കുക. അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നല്‍കാം. ഇതെല്ലാം പഠനത്തിന്‍റെ ആലസ്യത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കാന്‍ സഹായിക്കും.

3. കുട്ടികളുടെ കൂടി താല്‍പ്പര്യം പരിഗണിക്കുക

കുട്ടികള്‍ക്ക് തീരെ സഹിക്കാന്‍ വയ്യാത്ത കാര്യമാണ് അവരുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തുന്നത്. നിവൃത്തിയില്ലാത്തെ അവര്‍ മിക്കപ്പോഴും സഹിക്കുന്ന ഈ കൈ കടത്തലിനോടുള്ള പ്രതിഷേധം അവര്‍ക്ക് പ്രകടിപ്പിക്കുക നിസ്സഹകരണത്തിലൂടെയാകും. അതിനാല്‍ പഠനത്തിന്‍റെ കാര്യത്തില്‍ അവരില്‍ അടിച്ചമര്‍ത്തലുകള്‍ നടത്തേണ്ടതില്ല. അവരുടെ അഭിപ്രായം കൂടി പരിഗണിച്ച് ടൈം ടേബിളും പഠനക്രമവും, പഠന രീതിയും തയ്യാറാക്കാം. അവര്‍ക്ക് താല്‍പ്പര്യമുള്ള എളുപ്പമുള്ള വിഷയങ്ങള്‍ പഠിക്കേണ്ട രീതിയും വിഷമമുള്ളവ പഠിക്കേണ്ട രീതിയും വ്യത്യസ്തമായിരിക്കും. ഒപ്പം എങ്ങനെ നിങ്ങള്‍ അവരുടെ പഠനത്തില്‍ ഇടപെടണം എന്നുള്ളതിലും അവരുടെ അഭിപ്രായം തേടാവുന്നതാണ്. പഠിപ്പിക്കേണ്ടതുണ്ടോ, അതോ ചോദ്യോത്തര രീതിയില്‍ പഠിക്കാന്‍ അവരെ സഹായിച്ചാല്‍ മതിയോ, ഇതെല്ലാം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും സഹായിക്കും.

4.പഠനത്തിന്‍റെ ഇടവേളകള്‍ രസകരമാക്കാം

പഠനം ടൈം ടേബിളനുസരിച്ച് മുന്നോട്ട് പോകുമ്പോഴും അതില്‍ താല്‍പ്പര്യം നഷ്ടപ്പെടാതിരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. ഇടദിവസങ്ങളിൾ അവരെ പുറത്തേക്ക് കൊണ്ടുപോകാം. സിനിമക്കോ, മറ്റ പരിപാടികള്‍ക്കോ, ആഘോഷങ്ങള്‍ക്കോ അവരെ കൂട്ടാം. ഇത് അവരുടെ മനസ്സില്‍ അധിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും

കുട്ടികളുടെ ഐക്യു വര്‍ദ്ധിപ്പിക്കാന്‍ ലളിതമായ മാര്‍ഗ്ഗങ്ങള്‍

കുട്ടികള്‍ മികച്ച ബുദ്ധിശക്തിയുള്ളവരാകണമെന്നത് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹമാണ്. ജനിക്കുമ്പോള്‍ തന്നെ കുട്ടികളുടെ ബുദ്ധിശക്തി പല തരത്തിലാണ്. എങ്കിലും വളര്‍ന്നു വരുന്ന പ്രായത്തില്‍ ചില മാര്‍ഗ്ഗങ്ങളിലൂടെ കുട്ടികലുടെ ബുദ്ധിശക്തി അവര്‍ക്ക് ഉള്ളതിനേക്കാള്‍ അല്‍പ്പം കൂടി വര്‍ദ്ധിപ്പിക്കാന്‍‍‍ സാധിക്കും. ഈ മാര്‍ഗ്ഗങ്ങളിലൂടെ ബുദ്ധിശക്തി മാത്രമല്ല ഓര്‍മ്മയും വിവേകവും കുട്ടികളില്‍ ഉണ്ടാക്കിയെടുക്കാനും കഴിയും.

1. നിറയെ സംസാരിക്കുക

ചെറിയ വാക്കുകള്‍ കുട്ടി സംസാരിച്ചു തുടങ്ങുമ്പോഴെ അവരോട് തിരിച്ചും സംസാരിച്ച് ശീലിക്കുക. കാണുന്ന കാഴ്ചകളും അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളുമല്ലാം വിശദമായി അവരോട് സംസാരിക്കുന്നു എന്ന രീതിയില്‍ ഉറക്കെ പറയുക. ഇത് കാര്യങ്ങളും വസ്തുക്കളും മനസ്സിലാക്കാനുള്ള കുട്ടികളുടെ ശേഷി വര്‍ദ്ധിപ്പിക്കും.

സംസാരിക്കുമ്പോള്‍ മുഖത്ത് ഭാവവ്യത്യാസങ്ങളും വരുത്താന്‍ ശ്രമിക്കുക. സംസാരിക്കുന്ന വിഷയത്തിന്‍റെ ഭാവം മുഖത്ത് തെളിയുമ്പോള്‍ അത് കുട്ടികളില്‍ വികാരങ്ങളെക്കുറിച്ചുള്ള അറിവുകളും ലഭിക്കാന്‍ സഹായിക്കും. കുട്ടികള്‍ മുതിരുന്നതനുസരിച്ച് സംസാരിക്കുന്ന വിഷയങ്ങളില്‍ മാറ്റം വരുത്തുക, അവര്‍ക്ക് കഥകള്‍ വായിച്ച് നല്‍കുക. ഇവയെല്ലാം കുട്ടികളുടെ ബുദ്ധിശക്തിയും ഓര്‍മ്മയും ചിന്തയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

2. കളിപ്പാട്ടങ്ങള്‍

കുട്ടികളെ പിടിച്ചിരുത്താന്‍ ഇക്കാലത്ത് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ടെലിവിഷന്‍. എന്നാല്‍ ഇത് കുട്ടികള്‍ക്ക് യാതൊരു ഗുണവും ചെയ്യില്ല. കുട്ടികള്‍ ടി.വി കാണുന്ന സമയം വെട്ടിക്കുറക്കാം. പകരം അവര്‍ക്ക് ക്രിയാത്മകമായി ചിന്തിക്കാന്‍ സാദ്ധ്യതകള്‍ നല്‍കുന്ന കളിപ്പാട്ടങ്ങള്‍ നല്‍കാം. ബില്‍ഡിംഗ് ബ്ലോക്കുകളും, പസിലുകളും എല്ലാം ഇക്കൂട്ടത്തില്‍ പെടും. വാങ്ങുമ്പോള്‍ നിറങ്ങളില്‍ ധാരാാളിത്തമുള്ള കളിപ്പാട്ടങ്ങളും വാങ്ങുക. ക്രിയാത്മകമായ കളികളില്‍ ഏര്‍പ്പെടുന്നത് കുട്ടികളുടെ ചിന്താശക്തി വര്‍ദ്ധിപ്പിക്കും. നിറങ്ങളുടെ ധാരാളിത്തം അവരുടെ ഭാവനയെ ഉണര്‍ത്തും.

3. ശ്വസനം

ശ്വസനം ജീവന്‍ നിലനിര്‍ത്താനുള്ള അനിവാര്യ ഘടകമാണ്. ഇത് കുട്ടികളെ പ്രത്യേകിച്ച് ശീലിപ്പിക്കേണ്ടതില്ല. എന്നാല്‍ ശരിയായ രീതിയിലുള്ള ശ്വസനം മറ്റൊന്നാണ്. ശരിയായ രീതിയിലുള്ള ശ്വസനം കുട്ടികളെ ശീലിപ്പിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ മികച്ചതാക്കും. കുട്ടികളെ ശ്വസനക്രിയ ശീലിപ്പിക്കുന്നത് എളുപ്പമല്ല. ഇതിന് എളുപ്പ വഴിയായി കണ്ടെത്തിയിരിക്കുന്നത് ച്യൂയിംഗമാണ്.

ച്യൂയിംഗം ചവയ്ക്കുന്നത് ശ്വസനക്രിയ മെച്ചപ്പെട്ട താളത്തിലും വേഗത്തിലുമാക്കാന്‍ സഹായിക്കും. ഒപ്പം തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് കുട്ടികളുടെ ബുദ്ധിവളര്‍ച്ച മികച്ചതാക്കാന്‍ സഹായിക്കുന്നു.

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുക എന്നത് കുട്ടികളുട പഠനത്തിന്‍റെ മാത്രം ഭാഗമായി കാണരുത്. സന്തോഷകരവും സമാധാനപരവുമായി ജീവിതം ജീവിക്കാനും അനാവശ്യ മത്സരബുദ്ധിയും മറ്റും ഒഴിവാക്കാനും മികച്ച ബുദ്ധിശക്തി സഹായിക്കും. ജീവിതം ഏറ്റവും നന്നായി ആസ്വാദിക്കുക എന്നതാണ് ബുദ്ധിശക്തിയുടെ ഏറ്റവും

കുട്ടികളോട് ഒരിക്കലും ഈ 8 കാര്യങ്ങൾ ചെയ്യരുതേ!!

മാതാപിതാക്കളുടെ ഏറ്റവും വലിയ ലക്ഷ്യവും സ്വപ്നവുമെന്തായിരിക്കും? തങ്ങളുെട കുട്ടികൾ ജീവിതത്തിൽ വിജയിച്ചു കാണുക, അവർ ഉയരങ്ങളിൽ എത്തുക എന്നൊക്കെയാണ് ഓരോ അച്ഛനമ്മമാരുടേയും പ്രതീക്ഷകൾ. എന്നാൽ നാം നല്ലതിനു വേണ്ടി ചെയ്യുന്ന പലതും അറിഞ്ഞോ അറിയാതെയോ ദോഷമായി തീരാറുണ്ട്. മോശം മാതാപിതാക്കൾ ആയതു കൊണ്ട് കുട്ടികൾ മോശമാകണമെന്നില്ല, വളരെ മോശമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികൾ പോലും ചിലപ്പോൾ ജീവിതത്തിൽ ഉന്നത വിജയം കൈവരിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ മാതാപിതാക്കളുടെ ചില പ്രവർത്തികൾ അവരുടെ ഉന്നത വിജയത്തിന്് തടസമാകാറുണ്ട്. ഇതാ കുട്ടികളോട് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങള്‍.

1. പുതിയ കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കാതിരിക്കുക.

പുതിയതായി എന്തെങ്കിലും കാര്യം ചെയ്യാനോ പരീക്ഷിക്കാനോ ഒരുങ്ങുന്ന കുട്ടികളെ നിരുൽസാഹപ്പെടുത്തുക എന്നത് ലോകത്തുള്ള മിക്ക മാതാപിതാക്കളുടേയും പൊതുസ്വഭാവമാണ്. ഇത്തരം പരീക്ഷണത്തിൽ കുട്ടി പരാജയപ്പെടുമെന്ന പേടിയാണ് ഇതിനു പിന്നിൽ. എന്നാൽ ഇത്തരം പുതിയ പരീക്ഷണങ്ങളാകാം ഒരുപക്ഷേ അവനിലെ പ്രതിഭയെ പുറത്തുകൊണ്ട് വരുന്നത്. പിന്നെ പരാജത്തിൻറെ കാര്യം, പരാജയം എന്നും വിജയത്തിൻറെ ചവിട്ടു പടിയാണെന്ന കാര്യം മറക്കേണ്ട.

2. അമിതമായി ലാളിച്ചു ചുണകെടുത്തല്ലേ

വീട്ടിലെ ചെറിയ ജോലികൾ അവരെ കൊണ്ട് ചെയ്യിപ്പിക്കാൻ മടിക്കേണ്ട. മുതിരുമ്പോൾ കാര്യപ്രാപ്തിയുള്ളവരാകാൻ അതവരെ സഹായിക്കും. ചിലരുണ്ട് കുട്ടികളെ കൊണ്ട് തനിയെ ഒന്നും ചെയ്യാൻ സമ്മതിക്കാതെ എല്ലാം സ്പൂൺ ഫീഡ് ചെയ്തു കൊടുക്കുന്നവർ. മാതാപിതാക്കളേ ഇതിലൂടെ നിങ്ങൾ കുഞ്ഞുങ്ങളെ ജീവിതപരീക്ഷകളിൽ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.

3. ചെറിയ കാര്യങ്ങൾക്കും അനാവശ്യ പുകഴ്ത്തൽ വേണ്ടേ വേണ്ട

അനാവശ്യമായ പുകഴ്ത്തൽ കുഞ്ഞുങ്ങളെ വളരെ ദോഷകരമായിത്തന്നെ ബാധിക്കും. അത് തനിക്കെല്ലാം അറിയാം താൻ വളരെ മിടുക്കനാണ് എന്നുള്ള അനാവശ്യ തോന്നലുകൾ കുട്ടിയിലുണ്ടാക്കും. എന്നാൽ ഒരു 6 വയസുകാരൻ തനിയെ ഭക്ഷണം കഴിക്കുകയും വസ്ത്രം ധരിക്കുകയും ഒക്കെ ചെയ്യുമ്പോൾ അവരെ തീർച്ചയായും അഭിനന്ദിക്കണം.

4. സൗഹൃദങ്ങളിൽ നിന്നും പിൻതിരിപ്പിക്കാറുണ്ടോ?

നല്ലൊരു സാമൂഹിക ജീവിയായി വളരാൻ സൗഹൃദങ്ങൾ ആവശ്യമാണ്. കൂട്ടുകാർ കുട്ടികൾക്ക് അത്യാവശ്യവുമാണ്. അതുകൊണ്ട് തന്നെ കുട്ടികളുെട നല്ല സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുക. അതോടൊപ്പം അവർ അനാവശ്യ കൂട്ടുകെട്ടിൽ പെടുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം.

5. ഫുൾ ടൈം നിരീക്ഷണക്കണ്ണുമായി പുറകെയുണ്ടോ നിങ്ങൾ?

അവർ ചെയ്യുന്ന കാര്യങ്ങൾ എപ്പോഴും നിരീക്ഷിച്ചു കൊണ്ട് പിറകെ നടക്കുന്നവരാണോ നിങ്ങൾ. എന്നാൽ അതു ഗുണത്തേക്കാൾ ദോഷമാണ് വരുത്തുക. അച്ഛനും അമ്മയ്ക്കും തന്നെ വിശ്വാസമില്ല എന്ന തോന്നൽ അവരിലത് ഉണ്ടാക്കും. തങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെട്ടു െകാണ്ടിരിക്കുകയാണെന്ന അറിവ് അവരുെട സ്വാഭാവിക വളർച്ചയ്ക്ക് തടസമാണ്. മാത്രമല്ല പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്നും അതവരെ പിറകോട്ട് നയിക്കും.

6. ഒരുപാട് കാർക്കശ്യം വേണ്ട

കുട്ടികളോട് ഒരുപാട് കർശന സ്വഭാവം കാണിക്കുന്ന മാതാപിതാക്കളേ നിങ്ങൾക്കറിയാമോ അത് കുട്ടികളുടെ സ്വയം നിയന്ത്രിക്കാനുള്ള കഴിവിനെ ഇല്ലാതാക്കും. പിന്നീട് അത് പെരുമാറ്റ വൈകല്യങ്ങൾക്ക് കാരണമാകാം. 12 വയസിന് താഴെയുള്ളവരിൽ വൈകാരിക പ്രശ്നങ്ങളും ഉണ്ടാക്കുമത്രേ.

7.വികാരങ്ങള്‍ പ്രകടിപ്പിക്കാൻ അനുവദിക്കൂ

മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം ഇരു കൂട്ടർക്കും ഗുണമേ ചെയ്യൂ. തുറന്ന സംസാരങ്ങൾ എന്തും മാതാപിതാക്കളോട് സംസാരിക്കാൻ സാധിക്കുന്ന സാഹചര്യം ഉണ്ടാകണം. അവരുെട പ്രശ്നങ്ങളും ആകുലതകളും നിങ്ങളുമായി പങ്കുവയ്ക്കട്ടെ. നിങ്ങൾക്ക് അത് പരിഹരിച്ചു കൊടുക്കാൻ കഴിയുമെന്ന തോന്നൽ അവരിലുണ്ടായാൽ എന്തും തുറന്നു പറയാൻ അവർ തയ്യാറാകും. നിങ്ങൾ അവർക്ക് ചെവികൊടുക്കാതിരിക്കരുതേ..

8. പറയുന്നതും പ്രവർത്തിയും തമ്മിൽ മാച്ച് ആകുന്നില്ലേ?

ടി വി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കരുതെന്ന് ഉപദേശിച്ചിട്ട്, നിങ്ങൾ ഭക്ഷണവുമായി നേരെ ടിവിയുടെ മുന്നിലേയ്ക്കാണോ പോകുന്നത്? അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നൊക്കെ കുട്ടികളോട് പറഞ്ഞിട്ട്, നിങ്ങൾ അതിന് വിപരീതമായോണോ പ്രവർത്തുക്കുന്നത്. അത് കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് നിങ്ങളുടെ ഉപദേശവും പ്രവർത്തിയും തമ്മിൽ മാച്ച് ആകട്ടെ.

പ്രഭാത ഭക്ഷണം പ്രധാനം, അതൊഴിവാക്കിയാൽ...

കുട്ടികളുടെ ആഹാരശീലങ്ങളിൽ ജാഗ്രത പാലിക്കുന്ന അമ്മമാർ‌ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് പ്രഭാതഭക്ഷണം ഒരിക്കലും മുടക്കുന്നില്ല എന്ന് ഉറപ്പു വരുത്താനാണ്. രാത്രി അത്താഴത്തിനു ശേഷം എട്ടുമണിക്കൂറെങ്കിലും കഴിഞ്ഞാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്. അതു വളരെ പോഷക സമ്പന്നമായിരിക്കണം. സ്കൂളൽ പോകുന്ന കുട്ടികളാണെങ്കിൽ സ്നാക്സുകൾ നൽകാതെ, പണ്ടു കാലത്തുണ്ടായിരുന്നതുപോലെ ഇഡ് ലി , പുട്ട് , ഇടിയപ്പം തുടങ്ങിയ ആഹാരങ്ങൾ തന്നെ നൽകണം. ആവശ്യത്തിനു ഊർജം കിട്ടിയില്ലെങ്കിൽ ക്ലാസിൽ ശ്രദ്ധിക്കാൻ കഴിയില്ല.

പ്രാതൽ ശരിക്ക് കഴിക്കാത്ത കുട്ടികൾ‌ക്ക് ക്ലാസിൽ ശ്രദ്ധിക്കാൻ പറ്റില്ല. ഉന്മ‍േഷമില്ലായ്മ, ഉറക്കം തൂങ്ങിയിരിക്കുക, പഠനത്തിൽ മോശമാവുക, ഇതൊക്കെയുണ്ടാവും. പഠിച്ചത് ഒാർമ്മിക്കാൻ പറ്റാതെയുമാവും. വിശപ്പില്ലായ്മ മുതൽ രാത്രി െെവകി ഭക്ഷണം കഴിക്കുന്നതും, അമിത പഠനഭാരവും ദിവസവും ഒരേ വിഭവം തന്നെ ആവർത്തിക്കുന്നതുമൊക്കെ പ്രഭാതം ഭക്ഷണം വേണ്ടെന്നു വയ്ക്കുന്നതിനുള്ള കാരണമാണ്. മക്കൾ ആരോഗ്യത്തോടെ വളരാനും പഠനത്തിൽ മിടുക്കരാവാനും പ്രഭാതഭക്ഷണത്തിൻറ കാര്യത്തിൽ അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.

ആഴ്ചയിൽ ഏഴു ദിവസവും ഏഴു വിഭവങ്ങൾ അതും േപാഷക സമ്പന്നമായ വിഭവങ്ങൾ ഉണ്ടാക്കി നൽകുക. അത്താഴം എട്ടു മണിക്കു മുൻപു കഴിപ്പിക്കണം. രാവിലെ നരത്തെ എഴുന്നേൽക്കാനും നിർബന്ധമായും പ്രഭാത ഭക്ഷണം കഴിപ്പിക്കാനും ശ്രദ്ധിക്കണം. ഇടനേരങ്ങളിൽ കഴിക്കാനുള്ള സ്നാക്സ് ബോക്സുകളിൽ ബേക്കറി സാധനങ്ങൾ കൊടുത്തു വിടരുത്. നല്ല രുചികരമായ സാലഡുകൾ നാടൻ വിഭവങ്ങൾ എന്നിവ കൊടുത്തു വിടാം. അതല്ലെങ്കിൽ അണ്ടിപ്പരിപ്പ് ബദാം, ഈന്തപ്പഴം തുടങ്ങിയവ നൽകാം. കുട്ടി ക്ലാസിൽ പതിവായി ഉറക്കം തൂങ്ങിയിരിക്കുന്നു എന്നു കണ്ടാൽ അധ്യാപകർ മനസ്സിലാക്കേണ്ടത്, ആ കുട്ടി പ്രഭാതഭക്ഷണം ശരിയായി കഴിക്കുന്നില്ല എന്നാണ്. അത്തരം കുട്ടികളുടെ കാര്യം മാതാപിതാക്കളെ അറിയിക്കാൻ അധ്യാപകരും ശ്രദ്ധിക്കണം.

കടപ്പാട്

ഡോ. നിർമൽ ഭാസ്കർ, അസോഷ്യേറ്റ് പ്രൊഫസർ, ശിശുരോഗവിഭാഗം, തൃശൂർ‌ മെഡിക്കൽ കോളജ്

എത്ര ചോദിച്ചിട്ടും കുട്ടി ഒന്നും തുറന്നു പറയുന്നില്ലേ? നാല് കൂൾ വഴികൾ!

എത്രയധികം സംസാരിക്കുന്ന കുട്ടിയായാലും ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അച്ഛനമ്മമാരോട് കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിക്കുന്നവരാണ്. ഏതാണ്ട് 10 വയസ്സ് മുതലാണ് കുട്ടികളില്‍ ഈ മാറ്റം കണ്ട് തുടങ്ങുക. പ്രത്യേകിച്ചും ആണ്‍കുട്ടികളില്‍. അവരുട ലോകം കൂടുതല്‍ വിശാലമായി തോന്നുന്നതാണ് ഇതിന് കാരണം. വീടിന് പുറത്ത് തങ്ങളുടെ ചിന്തകളുമായി പൊരുത്തപ്പെടുന്ന സുഹൃത്തുക്കളോടാകും അവര്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യപ്പെടുക. അതേസമയം കുട്ടികളെ തുറന്ന് സംസാരിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഈ പ്രായത്തില്‍ അവര്‍ ചെന്ന് ചാടുന്ന പല പ്രശ്നങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാന്‍ കഴിയും. കുട്ടികളെ അവരുട കാര്യങ്ങള്‍ തുറന്ന് സംസാരിപ്പിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രമിക്കാം.

1. സ്ഥിരം ചോദ്യങ്ങള്‍ ഒഴിവാക്കാം.

ഇന്ന് സ്കൂളില്‍ എങ്ങനെയിരുന്നു എന്ന ചോദ്യം പതിവായി എല്ലാവരും ചോദിക്കുന്നത്. കുഴപ്പമില്ലായിരുന്നു അല്ലെങ്കില്‍ നല്ലതായിരുന്നു തുടങ്ങിയ സ്ഥിരം മറുപടികളാണ് ഇതിന് ലഭിക്കുക. ഇതിന് പകരം ഇന്ന് സ്കൂളില്‍ സംഭവിച്ച മൂന്ന് കാര്യങ്ങള്‍ എന്തായിരുന്നു എന്നോ മറ്റോ ആകാം ചോദ്യം. ആദ്യ ദിനങ്ങള്‍ ഒന്നും സംഭവിച്ചില്ലെന്ന മട്ടിലുള്ള പതിവ് രീതി തുടര്‍ന്നാലും തുടര്‍ന്ന് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ കാണാനാകും. പതിയെ പരാതികളും സന്തോഷങ്ങളും വിഷമങ്ങളും എല്ലാം വിശേഷങ്ങളായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നത് കാണാം.

ഇത് ചോദ്യോത്തര വേളയായി മാറ്റാതിരിക്കാന്‍ ശ്രദ്ധിക്കുക. അന്ന് നിങ്ങള്‍ക്ക് സംഭവിച്ച മൂന്ന് കാര്യങ്ങളും കുട്ടികളോട് പങ്ക് വയ്ക്കുക. ഇത് ഒരു സംഭാഷണത്തിന്‍റെ രൂപം അതിന്  നല്‍കും

2. അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക

ദേഷ്യമോ, സങ്കടമോ എനതോ ആകട്ടെ അവരെ ആ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അനുവദിക്കുക. സംസാരിക്കുമ്പോള്‍ അത്തരം വികാരപ്രകടനങ്ങളെ തടയുന്നത് അവരുടെ തുടര്‍ന്ന് സംസാരിക്കാനുള്ള താല്‍പ്പര്യത്തെ നശിപ്പിച്ചേക്കും. അവരുടെ സംഭാഷണത്തില്‍ ഇടപെടാതെ നല്ല കേള്‍വിക്കാരിയായി അല്ലെങ്കില്‍ കേള്‍വിക്കാരനായി ഇരിക്കുക. അവരുടെ ഏതെങ്കിലും പ്രവര്‍ത്തിയെ തിരുത്തണമെന്ന് തോന്നുകയാണെങ്കില്‍ അത് ഉടന്‍ പറയാതിരിക്കുക. ചുരുങ്ങിയത് 6 മണിക്കൂറെങ്കിലും സമയമെടുക്കുക. ഇത് പ്രതികരണം കേള്‍ക്കാന്‍ അവരെ പാകമാക്കുന്നതിനൊപ്പം പക്വമായി വിമര്‍ശിക്കാനുള്ള മാനസികാവസ്ഥ നിങ്ങളിലും ഉണ്ടാക്കും. കൂടാതെ പ്രശ്നങ്ങളുണ്ടെങ്കില്‍ അതിന് നല്ല പരിഹാരം നിര്‍ദ്ദേശിക്കാനും ഈ സമയം നിങ്ങളെ പ്രാപ്തരാക്കും

3. കുട്ടികള്‍ക്ക് നിങ്ങളിലുള്ള വിശ്വാസം കാത്ത് സൂക്ഷിക്കുക

നിങ്ങളോട് എല്ലാം പങ്ക് വക്കണമെങ്കില്‍ ആദ്യം കുട്ടികള്‍ക്ക് നിങ്ങളില്‍ വിശ്വാസം ഉണ്ടാകണം. അച്ഛനോ അമ്മയോ ആണെങ്കിലും എന്തും പങ്ക് വയ്ക്കാമെന്ന വിശ്വാസം കുട്ടികളില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഇത് നിങ്ങളുടെ പെരുമാറ്റത്തിലൂടെ ആര്‍ജ്ജിച്ചെടുക്കേണ്ടതാണ്. അതിന് അവരെ കണ്ണടച്ച് വിമര്‍ശിക്കാതിരിക്കുക. അവര്‍ പറയുന്ന കാര്യങ്ങള്‍ അവരുടെ അനുവാദമില്ലാതെ മറ്റാരുമായും പങ്ക് വക്കാതിരിക്കുക. ഇതെല്ലാം കുട്ടികളുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.

4. കിടക്കുന്ന സമയത്ത് സംസാരിക്കുക.

കുട്ടികള്‍ ഉറങ്ങാന്‍ പോകുന്നതിന് തൊട്ട് മുന്‍പുള്ള സമയം അവരുമായി സംസാരിക്കാന്‍ തിരഞ്ഞെടുക്കുക. ആ സമയത്തിന് മുന്‍പ് നിങ്ങളുടെ തിരക്കുകളും തീര്‍ത്ത് വക്കുക. ഈ സമയത്ത് അവര്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചേക്കും. പറ്റുമെങ്കില്‍ അവര്‍ക്കൊപ്പം അല്‍പ്പനേരം കിടക്കുക. അവരോട് സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ കൂടുതല്‍ മനസ്സ് തുറന്നേക്കും.

ഒരു ഡേ കെയറിലെ ഭിത്തിയിൽ പതിപ്പിച്ച ആ ചെറിയ നോട്ടീസിന്റെ ചിത്രം വൈറൽ!

െക്സസിലെ ഡെ കെയർ സെൻററിൽ പതിപ്പിച്ചു വച്ചിരിക്കുന്ന ആ ചെറിയ നോട്ടീസ് വളരെ വേഗമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ലോകത്തിലെ എല്ലാ ന്യൂജെൻ മാതാപിതാക്കൾക്കുമുള്ള ഒരു മുന്നറിയിപ്പായിരുന്നു അതിൽ. ജൂലിയാനാ ഫാരിസ് എന്ന അമ്മ തൻറെ കുട്ടിയെ രിരികെ വിളിക്കാൻ എത്തിയപ്പോഴാണ് വ്യത്യസ്തമായ ആ നോട്ടീസ് കണ്ണിൽ പതിഞ്ഞത്. " കുഞ്ഞിനെ തിരികെ വിളിക്കാനെത്തുമ്പോൾ ദയവായി ഫോണ്‍ താഴെ വയ്ക്കൂ. നിങ്ങളെ കാണുന്നത് കുട്ടിക്ക് വളരെ സന്തോഷമാണ്, നിങ്ങൾക്കും കുട്ടിയെ കാണുമ്പോൾ സന്തോഷമാകില്ലേ? അമ്മേ അമ്മേ എന്ന് കുട്ടികൾ വിളിക്കുമ്പോഴും അമ്മമാരുടെ ശ്രദ്ധ കുട്ടികളെക്കാൾ ഫോണിൽ മാത്രമായിരിക്കും. ഇത് വേദനാജനകമായ ഒന്നാണ്. ആ ഫോണ്‍ ഒന്നു താഴെ വയ്ക്കൂ "

ഈ നോട്ടീസ് തൻറെ കണ്ണ് തുറപ്പിച്ചുവെന്ന് ജൂലിയാന പറയുന്നു. അതുകൊണ്ടാണ് ആ നോട്ടീസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചതും. എന്നാൽ അതിത്ര വൈറലാകുമെന്ന് അവർ കരുതിയില്ല. 1.3 മില്ല്യൻ ഷെയറാണ് ആ ഒരു പോസ്റ്റിന്് ലഭിച്ചത്. ആദ്യം ഇതൊരു തമാശ മാത്രമാണെന്നാണ് അവർ കരുതിയത്. എന്നാൽ ഇത്തരം നോട്ടീസുകൾ ഡെ കെയറില്‍ മാത്രമല്ല എല്ലാ സ്ഥലങ്ങളിലും പതിപ്പിക്കണമെന്ന് അതിൻറെ ഗൗരവം മനസിലാക്കിയ ജൂലിയാന പറയുന്നു ലക്ഷക്കണക്കിനാളുകളാണ് ഇവർക്ക് പിൻതുണയുമായെത്തിയത്.

മിക്ക മാതാപിതാക്കളും ഇന്ന് ഫോണിലാണ്, സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തോെട ഫോണ്‍ ഒരു അനിവാര്യഘടകമായി മാറി. എന്നാൽ സ്വന്തം കുഞ്ഞുങ്ങൾക്കു കിട്ടേണ്ട ശ്രദ്ധയും കരുതലും ഒക്കെ ഫോണും മറ്റ് ഡിവൈസുകളും തട്ടിയെടുക്കുന്നുണ്ടോയെന്ന് എല്ലാ മാതാപിതാക്കളും ചിന്തിക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞു. യഥാസമയം മാതാപിതാക്കളുടെ ശ്രദ്ധ കിട്ടാത്ത കുട്ടികൾ വഴി തെറ്റാനുള്ള സാധ്യതയുണ്ടെന്നും നാം ഓർക്കണം. അതേ ഫോണ്‍ താഴെ വയ്ക്കാനുള്ള സമയമായി....

കുട്ടികളോട് നമ്മൾ ചെയ്യുന്ന 10 തെറ്റുകള്‍

കുട്ടികളെ വളർത്തുന്നത് അല്പം ശ്രമകരമായ ജോലിതന്നെയാണ്. വളരെ ശ്രദ്ധയോടും ക്ഷമയോടും കൂടെ വേണം കുട്ടികളോട് ഇടപഴകേണ്ടതെന്ന് എല്ലാവർക്കും തന്നെയറിയാം. എന്നാൽ ജീവിതവഴികളിലെ ഒരു ബുദ്ധിമുട്ടും പ്രശ്നങ്ങളും അറിയാതെ കുട്ടികളെ വളർത്തുകയാണ് ഇന്നത്തെ മാതാപിതാക്കളുടെ രീതി. എന്നാൽ അത് തികച്ചും ശരിയായ രീതിയല്ല. പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണെന്നും അത് അറിഞ്ഞും മറികടന്നും തന്നെ വളരേണ്ടത് ആവശ്യമാണ്. ഇങ്ങനെ ഒരുപാട് തെറ്റുകൾ നാം അറിയാതെ കുട്ടികളോട് ചെയ്യാറുണ്ട്. മാതാപിതാക്കളേ നമുക്കു തിരുത്താം ഈ 10 തെറ്റുകൾ.

1. വില കുറച്ചു കാണാറുണ്ടോ?

പഠനത്തിൽ കിട്ടുന്ന മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രമാണോ കുട്ടികളെ നിങ്ങൾ വിലയിരുത്താറ്. പഠനത്തോടൊപ്പം അവരുടെ മറ്റ് കഴിവുകളുടെയും സ്വഭാവഗുണങ്ങളുടേയും പേരിലാവണം അവരെ വിലയിരുത്തേണ്ടത്. മറ്റുള്ളവരുടെ മുൻപിൽ ഒരിക്കലും അവരെ താഴ്ത്തി സംസാരിക്കരുത്.

2. മറ്റ് കുട്ടികളുമായുള്ള താരതമ്യം

കുട്ടികൾ ഏറ്റവും വെറുക്കുന്ന ഒരുകാര്യമാണിത്. ആ കുട്ടിയെ കണ്ട് പഠിക്ക്, അവന്റെ പെരുമാറ്റം നോക്ക്, അവൻ എന്ത് നല്ല കുട്ടിയാ എന്നൊക്കെയുള്ള സംസാരങ്ങൾ ഒഴിവാക്കുക.

3. അനാവശ്യ വിശദീകരണം തേടാറുണ്ടോ?

കുട്ടികളോട് ഒരു കാര്യത്തിന് അനാവശ്യ വിശദീകരണം തേടേണ്ട കാര്യമില്ല. അതുപോലെ ഉപദേശങ്ങൾ നൽകുന്നെങ്കിൽ ചുരുങ്ങിയ വാക്കുകളിൽ മനസിലാകുന്ന രീതിയിൽ പറയാൻ നോക്കൂ.

4. നിങ്ങളുടെ ഇഷ്ടത്തിനാണോ മുൻതൂക്കം

കുഞ്ഞ് ഉദരത്തിൽ അയിരിക്കുമ്പോൾ തന്നെ അവൻ ആരായിത്തീരണം എന്ന് മാതാപിതാക്കൾ തീരുമാനമെടുത്തിട്ടുണ്ടായിരിക്കും. കുട്ടിയുടെ ഇഷ്ടത്തിനോ താൽപര്യങ്ങൾക്കോ ചിലര്‍ ഒരു പ്രാധാന്യവും കൊടുക്കാറില്ല. അവരുടെ താല്പരങ്ങൾക്കും പരിഗണന നല്‍കുക.

5. കുട്ടിക്കാലം നഷ്ടപ്പെടുത്തരുതേ

കുട്ടിക്കാലം പട്ടാളച്ചിട്ടയുടേതാകരുതേ. എന്നും ഓർത്തിരിക്കാൻ ഒരുപിടി നനുത്ത ഓർമകളുടേതാകട്ടെ അവരുടെ കുട്ടിക്കാലം. മുതിർന്നവരുടെ പിടിവാശിയും കടുത്ത നിയന്ത്രണവും ഒരിക്കലും കുഞ്ഞുങ്ങളുടെ കുട്ടിക്കാലം നഷ്ടപ്പെടുത്താതിരിക്കട്ടെ.

6. മത്സരബുദ്ധി വേണ്ട

മറ്റുള്ള മാതാപിതാക്കൾ എങ്ങനെ പെരുമാറുന്നു എന്ന് നിങ്ങൾ ശ്രദ്ധിക്കുകയേ വേണ്ട. വിജയങ്ങൾ വെള്ളിത്തളികയിലേന്തി തനിയെ വരികയില്ലെന്ന് നമ്മുടെ ജീവിതത്തിലൂടെ അവർക്ക് പറഞ്ഞു കൊടുക്കാം. അല്ലാതെ മറ്റുള്ളവരെ അനുകരിച്ച് വിജത്തിലേയ്ക്കുള്ള കുറുക്കുവഴികൾ തേടരുതേ.

7. നിങ്ങളാണ് എപ്പോഴും ശരി

അങ്ങനെ ചിന്തിക്കുന്നവാരോണോ നിങ്ങൾ. ചെയ്യുന്നതെല്ലാം ശരിയാണെന്നും അത് ചോദ്യം ചെയ്യപ്പെടാൻ പാടില്ലെന്നുമുള്ള പിടിവാശിയുണ്ട് ചിലർക്ക്. നിങ്ങൾ തെറ്റു ചെയ്താൽ അത് മക്കളാണെങ്കിൽ പോലും ചോദ്യം ചെയ്യാൻ പാടില്ലെന്ന നിലപാട് ശരിയല്ല.

8. അവരുടെ വിജയങ്ങളിൽ അമിത ആഹ്ലാദം വേണോ?

കുട്ടികളുടെ ചെറിയ വിജയങ്ങൾ പോലും ആർഭാടപൂർവം ആഘോഷിക്കാറുണ്ടോ നിങ്ങൾ. അത് ഇനിയും കൂടുതൽ ഉയരങ്ങളിലേക്കുള്ള വിലങ്ങാണെന്ന് തിരിച്ചറിയുക. ഇതാണ് ഏറ്റവും ഉയർന്ന വിജയം, ഇതിനും മേലെ ഒന്നുമില്ലെന്ന തെറ്റായ സന്ദേശമാണ് ഇത് നൽകുന്നത്.

9. എന്‍റെ കുട്ടി പെർഫെക്റ്റാണ് എന്ന ചിന്ത

തങ്ങളുടെ കുട്ടി ഒരു തെറ്റും ചെയ്യില്ല , അവൻ വളരെ പെർഫെക്റ്റാണ് എന്നാണ് പലരുടെയും ധാരണം. അവരെ കുറിച്ച് എന്തെങ്കിലും പരാതി കേട്ടാൽ അത് അംഗീകരിക്കാൻ ചില മാതാപിതാക്കൾ വിസമ്മതിക്കാറുണ്ട്. കൈവിട്ടുപോയ കൗമാരക്കാരനെ തിരികെ കൊണ്ടു വരുന്നതിലും എളുപ്പം ചെറുപ്പത്തിലെ തെറ്റുകൾ കണ്ടെത്തി തിരുത്തുകയാണ്.

10. വീട് കുട്ടിയുടെ നിയന്ത്രണത്തിലോ?

ഇന്ന് മിക്ക വീടുകളും കുട്ടികൾക്കു ചുറ്റുമാണ് കറങ്ങുന്നത്. അവരാണ് എല്ലാം നിയന്ത്രിക്കുന്നതും. മിക്ക മാതാപിതാക്കളും വീടുകളിൽ കുട്ടികളുടെ മേധാവിത്വം ആസ്വദിക്കുകയാണ് ചെയ്യുന്നത്. അതവരെ സ്വാര്‍ത്ഥബുദ്ധിയുള്ളവരാക്കുകയും താനാണ് വലിയവൻ എന്നചിന്ത അവരിൽ ഉണ്ടാകുകയും ചെയ്യുന്നു. എന്നാൽ കുട്ടികൾക്കിങ്ങനെ അമിതപ്രാധാന്യം നൽകുന്നത് തെറ്റായ ഒരു ആശയമാണ്. കുട്ടികൾക്ക് വേണ്ടത് മേൽക്കോയ്മ അല്ല മറിച്ച് സ്നേഹവും കരുതലുമാണ്.

 

ഹൈപ്പർ ആക്റ്റീവ് കുട്ടികളെ എങ്ങനെ നിയന്ത്രിക്കാം

മാതാപിതാക്കളുടെ സ്ഥിരം പരാതിയാണ് കുട്ടിക്ക് പിരുപിരുപ്പ് അല്പം കൂടുതലാ, അടങ്ങിയിരിക്കാനേ പറ്റില്ല, എപ്പോഴും എന്തെങ്കിലും കുസൃതി ഒപ്പിച്ചു കൊണ്ടേയിരിക്കും എന്നൊക്കെ. ഞങ്ങളൊന്നും ഇങ്ങനെ അല്ലായിരുന്നു, എന്നിട്ട് പിന്നെ എങ്ങനെയാ ഇവൻ ഇങ്ങനെയായിപ്പോയതെന്ന് പരിതപിക്കാത്ത മാതാപിതാക്കൾ കുറവായിരിക്കും. കുട്ടിയെ കുറ്റപ്പെടുത്താതെ എന്തായിരിക്കും ഈ ഹൈപ്പർ ആക്റ്റിവിറ്റിക്ക് പിന്നിലെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പല കാര്യങ്ങളുണ്ടിതിന് പിന്നിൽ. അല്പം ശ്രദ്ധിച്ചാൽ കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റി നിയന്ത്രിക്കാൻ സാധിക്കും.

ഈ പ്രായത്തിൽ ഇത് സാധാരണമാണോ?

അതേ.. ചെറുപ്രായത്തിൽ കുട്ടികളിൽ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ഹൈപ്പർ ആക്റ്റിവിറ്റി. കുട്ടികളിലെ എനർജി ലെവൽ വളെര കൂടുതലായിരിക്കും. പൊതുവെ പ്രീ സ്കൂൾ കുട്ടികൾ കൂടുതൽ ആക്റ്റീവ് ആയിരിക്കും. ഒരു തരത്തിലും അവർ അടങ്ങിയിരിക്കുകയേയില്ല. അത് അവരുെട പ്രായത്തിൻറെ പ്രത്യേകതയാണ്. അല്പം കൂടി മുതിർന്ന കുട്ടികളുെട കാര്യവും സമാനമാണ്, മുതിർന്നവരെപ്പോലെ ഒരേ കാര്യത്തിൽ കൂടുതൽ സമയം ശ്രദ്ധിക്കാനൊന്നും അവർക്കും കഴിയില്ല. എന്നാൽ സ്ഥിരമായി ക്ലാസിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയോ പഠനകാര്യത്തിൽ ഉഴപ്പുകയോ മറ്റ് കുട്ടികളുമായോ അധ്യാപകരുമായോ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാക്കുകയോ ചെയ്താൽ ശിശുരോഗ വിദഗ്ധന്റെ സഹായം തേടാൻ വൈകരുത്.

അത് ADHD ( (attention deficit hyperactivity disorder) ആണോ?

ADHD ഒരവ്സഥ മാത്രമാണ്. ഹൈപ്പർ ആക്റ്റീവ് ആണെന്നു കരുതി കുട്ടി ADHD ക്ക് അടിമയാണെന്ന് പറയാനാവില്ല. ADHD യുെട ലക്ഷണങ്ങളാണ് താഴെ പറയുന്നവ. കുട്ടി ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുക.

– മറ്റുള്ളവർക്ക് തുടർച്ചയായി തടസങ്ങൾ ഉണ്ടാക്കാറുണ്ടോ?

–നിര്‍ദ്ദേശങ്ങൾ പാലിക്കാൻ സാധിക്കുന്നില്ലേ?, ഏല്‍പിച്ച കാര്യങ്ങൾ ചെയ്തുതീർക്കുന്നില്ലേ?

–മറവിയുണ്ടോ?

– അക്ഷമനാണോ?

–നിയന്ത്രണം വിട്ട് സംസാരിക്കാറുണ്ടോ?

ADHD പാരമ്പര്യമായി കിട്ടിയതാണോ

അത് ADHD ( (attention deficit hyperactivity disorder) സാധാരണയായി പാരമ്പര്യമായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ കുട്ടിയുടെ മാത്രം കുറ്റമായി അതിനെ കാണേണ്ടതില്ല.

ഒരുപാട് മധുരം കഴിക്കാറുണ്ടോ?

മധുരവും കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടന്നാണ് പൊതുവെ പറയാറ്. അതിന് ശാസ്ത്രീയമായ അടിസ്ഥാനമില്ലെങ്കിലും മധുരും കൂടുതൽ കഴിക്കുന്ന കുട്ടികളിൽ എനർജിയുടെ അളവ് കൂടതലാകുകയും അത് ഹൈപ്പർ ആക്റ്റിവിറ്റിയിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്നാണ് അനുഭവങ്ങൾ പറയുന്നത്. അതു പോലെ ആഹാരത്തിൽ ചേർക്കുന്ന കൃത്രിമ നിറവും രുചിയ്ക്കായി ചേർക്കുന്ന മറ്റ് ചേരുവകളും കുട്ടികളിലെ ഹൈപ്പർ ആക്റ്റിവിറ്റിക്ക് കാരമമാകാം. ഇതൊക്കെ ഒഴിവാക്കുവാൻ ശ്രമിക്കാം.

വീട് ആകെ ബഹളമയമാണോ?

മാതാപിതാക്കൾ തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും വഴക്കുമൊക്കെ കുട്ടികളെ ബാധിക്കുമെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അതും ഹൈപ്പർ ആക്റ്റിവിറ്റിയിലേയ്ക്ക് നയിക്കുമെന്ന് അറിയാവുന്നവർ ചുരുക്കം. കുട്ടികളെ ശാന്തമായ അന്തരീക്ഷത്തില്‍ വളരാൻ അനുവദിക്കുക.

വ്യായാമം ചെയ്യാറുണ്ടോ?

ശരീത്തിലെ അധിക എനർജി എരിച്ചുകളയാന്‍ വ്യായാമം അത്യാവശ്യമാണ്. വ്യായാമം ചെയ്തില്ലെങ്കിൽ ആ എനർജി ഹൈപ്പർ ആക്റ്റിവിറ്റിക്ക് കാരണമാകുന്നു. വ്യായാമത്തിനായി ദിവസവും കുറച്ചു സമയം മാറ്റിവച്ചു നോക്കൂ.

ക്ലാസിൽ സ്ലിപ്പറിട്ടാൽ ബുദ്ധി കൂടുമോ?

സൂട്ടും കോട്ടും ടൈയും ഷൂസും സോക്സുമൊക്കെയിട്ട് ഫുൾ യൂണിഫോമിലാണല്ലോ കുട്ടികൾ സ്കൂളിലെത്തേണ്ടത്. ലോകത്തെമ്പാടുമുള്ള സ്കൂളുകളിൽ ഇത്തരം യൂണിഫോം പാറ്റേണാണ് പിൻതുടർന്നു പോകുന്നത്. എന്തിനും ഏതിനും പാശ്താത്യ സംസ്കാരം കണ്ണും പൂട്ടി പിൻതുടരുന്ന നമ്മുടെ സ്കൂളുകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കോരിച്ചൊരിയുന്ന മഴയത്തും ഷൂസും സോക്സുമൊക്കെയിട്ട് തന്നെ വേണം സ്കൂളിലെത്താൻ. നനഞ്ഞ് കുതിർന്ന ഷൂസും സോക്സുമിട്ട് വൈകുന്നേരം വരെ ക്ലാസിലിരിക്കുന്ന കുട്ടികളുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിക്കേ... അവർക്ക് അസുഖം വരാൻ വേറെ എന്തെങ്കിലും വേണോ? 

ഈ സന്ദർഭത്തിലാണ് ബ്രിട്ടണിലെ ഫിൻടേം പ്രൈമറിസ്കൂൾ കൊണ്ടുവന്ന കിടിലൻ തീരുമാനം ശ്രദ്ധേയമാകുന്നത്. സ്കൂളിൽ കുട്ടികൾ സ്ലിപ്പർ ധരിച്ചു വന്നാൽ മതിയെന്നാണ് സ്കൂൾ അധികൃതരുടെ തീരുമാനം. അതിനവർ പറയുന്ന കാരണമാണ് ശ്രദ്ധേയം. ഷൂസും സോക്സുമൊക്കെ ഉപേക്ഷിച്ച് സ്ലിപ്പർ ധരിച്ചാൽ കുട്ടികളുടെ ബുദ്ധിയിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നും അത് ഗ്രേഡ് നിലവാരം ഉയർത്തുമെന്നുമാണ് തെളിവ് സഹിതം അധികൃതര്‍ പറയുന്നത്.

കൂടാതെ കുട്ടികളുടെ സ്വഭാവത്തിലും ഇതുമൂലം വലിയ വ്യത്യാസം ഉണ്ടായി എന്ന് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മൈക്കൾ ഹാൾ പറയുന്നു. മറ്റുള്ളവരോടുള്ള നല്ല പെരുമാറ്റത്തിൽ ഇവിടുത്തെ കുട്ടികൾ മുൻപന്തിയിൽ തന്നെയായിരുന്നു. എന്നാൽ പുതിയ തീരുമാനത്തോടെ അവർ കൂടുതൽ നല്ല കുട്ടികളായെന്നും അദ്ദേഹം പറയുന്നു. കൂടാതെ കുട്ടികൾ കൂടുതൽ ശാന്തസ്വഭാവം കാണിക്കുകയും അവരുടെ പിരിമുറുക്കം കുറയുകയും ചെയ്തു. അത് മൂലം അവർക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കുന്നു.

വീട്ടിൽ നിന്നും ഷൂസും സോക്സുമൊക്കെയിട്ടാണ് എത്തുന്നതെങ്കിലും സ്കൂളിലെത്തുന്ന ഉടൻ അവ മാറ്റി അവർ സ്ലിപ്പർ ധരിക്കുന്നു. കളിസ്ഥലത്തും ഭക്ഷണം കഴിക്കാൻ പോകുമ്പോഴും വേണമെങ്കിൽ ഷൂസ് ധരിക്കാം. കുട്ടികളെ കൂടാതെ സ്റ്റാഫും ഇപ്പോൾ സ്ലിപ്പറാണത്രേ ധരിക്കുന്നത്.

ലോകത്തിലെ 25 സ്കൂളുകളിൽ നടത്തിയ പഠനത്തിന്റെ ഫലം ഇതോടെ ശ്രദ്ധേയമാവുകയാണ്. ഷൂസും സോക്സുമുപേക്ഷിച്ച് സ്ലിപ്പർ ധരിച്ച കുട്ടികൾ സ്കൂളിൽ നേരത്തെ എത്തുകയും വൈകി തിരികെ പോകുകയും നന്നായി വായിക്കുകയും ചെയ്യുമത്രേ. ക്ലാസ് മുറികൾ കൂടുതൽ ശാന്തമാകുകയും കുട്ടികൾ പഠനത്തിലും മറ്റ് ആക്റ്റിവിറ്റികളിലും പങ്കെടുക്കുകയും ചെയ്യാൻ തുടങ്ങി. ന്യൂസിലൻറിലേയും ഓസ്ട്രേലിയയിലേയും പല സ്കൂളുകളും ഈ മാതൃക ഇപ്പോൾ പിൻതുടരുകയാണ്. എന്തുകൊണ്ട് ഈ മാതൃക നമ്മുടെ സ്കൂളുകളിലും പിൻതുടർന്നുകൂടാ?

നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ പോകാൻ മടിയുണ്ടോ? കാരണം ഇതാണ്!

അച്ഛൻമാരേ നിങ്ങൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാറുണ്ടോ?, അവർക്കൊപ്പം കളിക്കാറുണ്ടോ?, അവർക്ക് കഥകൾ വായിച്ചു കൊടുക്കാറുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ നിങ്ങൾ പെട്ടു. നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ പോകാനും പഠിക്കാനുമൊക്കെ മടിയ്ക്ക് കാരണം അച്ഛനുമായുള്ള ഈ അടുപ്പക്കുറവാണത്രേ. കുട്ടിക്ക് പഠനത്തിലും സ്കൂളിലുമൊന്നും താൽപര്യമില്ലാത്തത് അവരുടെ കുറ്റമല്ലെന്നാണ് പുതിയ കണ്ടെത്തൽ. അച്ഛൻമാർ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കാത്തതിന്‍റെയും പുസ്തകങ്ങൾ വായിച്ചു കൊടുക്കാത്തതിൻറെയും പരിണിതഫലമാണത്രേ മടിയും താല്പര്യക്കുറവും. 

കുട്ടികൾക്ക് പുസ്തകങ്ങൾ വായിച്ചു കൊടുക്കുകയും അവർക്കൊപ്പം സമയം ചിലവഴിക്കുകയും ചെയ്യുന്നത് അച്ഛൻമാരുടെ പേരൻറിംങ് സ്കില്ലിനും നല്ലതാണത്രേ. ഇടത്തരം സാമ്പത്തിക നിലയിലുള്ള മാതാപിതാക്കളേയും കുട്ടികളേയുമാണ് ആദ്യം പഠനവിധേയമാക്കിയത്. കഥകൾ വായിച്ചുകൊണ്ട് അവർക്കൊപ്പം സമയം ചിലവഴിച്ചതുമൂലം കുട്ടികളിലും അച്ഛൻമാരിലും പ്രകടമായ മാറ്റം കണ്ടെത്താനായി. അച്ഛൻമാരുമായി കൂടുതൽ സമയം ചിലവഴിക്കൽ കുട്ടികളെ കൂടുതൽ സുരക്ഷിതത്വ ബോധമുള്ളവരാക്കും.

കുട്ടികളുടെ സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ സ്വഭാവ രൂപീകരണത്തിൽ ഒരു പിതാവിനുള്ള സ്ഥാനം വളരെ വലുതാണ്. കുട്ടികളോടുള്ള ഇടപെടൽ മൂലം അവരുടെ പേരൻറിംങ് സ്കില്ല് വർദ്ധിക്കുകയും കുട്ടികളുടെ കാര്യത്തിൽ അവർ എക്സ്പർട്ട് ആകുകയും ചെയ്യും. അതുപോലെ കുട്ടികളുടെ ശരിയായ സ്വഭാവരൂപീകരണവും നടക്കുന്നു. പുസ്തകം വായിച്ചുകൊടുക്കുന്നത് പ്രീ സ്കൂൾ കുട്ടികളിൽ വലിയ അത്ഭുതങ്ങൾ ഉണ്ടാക്കുമത്രേ. കഥ കേൾക്കുന്നതും ഉത്തരം പറയിപ്പിക്കാനുള്ള ശ്രമവുമെല്ലാം അവരുടെ പദ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ആശയവിനിമയ ശേഷി വിപുലമാക്കുകയും ചെയ്യുന്നു. കൂടാതെ അത് പഠനത്തിൽ കൂടുതൽ താൽപര്യം ജനിക്കുകയും സ്കൂളിൽ പോകാനുള്ള മടി ഇല്ലാതാകുകയും ചെയ്യുമെന്ന് പഠനം പറയുന്നു.

കുഞ്ഞിന്റെ ബുദ്ധിശക്തി തിരിച്ചറിയാൻ 9 വഴികൾ

കുട്ടികളുടെ ബുദ്ധിശക്തി പലതരത്തിലാണ്. ചില കുട്ടികൾ വളരെ ചെറുപ്പത്തിൽ തന്നെ തങ്ങളുടെ ബുദ്ധികൂർമത പ്രകടിപ്പിക്കും. എന്നാൽ മറ്റു ചിലർ സ്കൂളിലെത്തണം അവരിലൊളിഞ്ഞിരിക്കുന്ന കഴിവുകൾ തിരിച്ചറിയാൻ. മാതാപിതാക്കളേ, താഴെ പറയുന്ന ഒൻപത് ചോദ്യങ്ങൾക്കും 'യെസ്' എന്നാണോ ഉത്തരം. എന്നാൽ ഉറപ്പിച്ചോളൂ അവനൊരു ജീനിയസ് തന്നെ...

1. വളച്ചു കെട്ടൊന്നുമില്ലാതെ സംക്ഷിപ്തരൂപത്തിൽ എന്നാൽ എല്ലാവർക്കും മനസിലാകുന്ന വിധത്തിലാണോ കുട്ടിയുടെ സംസാരം. കണക്കിലെ തിയറിയൊക്കെ പെട്ടെന്ന് പിടികിട്ടുമോ? മതം, സാന്‍മാര്‍ഗികത, സദാചാരം ഇതൊക്കെ കുട്ടിയുടെ സംസാരത്തിൽ‌ വരുന്നുണ്ടോ?

2. ഒരു കാര്യത്തിൽ ദീർഘനേരം ശ്രദ്ധ പതിപ്പിക്കുവാൽ കുട്ടിക്ക് സാധിക്കുന്നുണ്ടോ?

3. സ്കൂളിൽ പഠിപ്പിക്കുന്നതിന് മുൻപ് തന്നെ കണക്കിലെ കട്ടിയുള്ള പ്രശ്നങ്ങൾ തനിയെ പരിഹരിക്കാൻ സാധിക്കുന്നുണ്ടോ?

4. നേട്ടങ്ങളിലും സ്വന്തം ആശയങ്ങളിലും ആത്മവിശ്വാസമുള്ളയാളാണോ നിങ്ങളുടെ കുട്ടി?

5. മറ്റു കുട്ടികളെ നയിക്കാനുള്ള കഴിവുണ്ടോ? കളികളും മറ്റും സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങാറുണ്ടോ?

6.നിങ്ങളുടെ കുട്ടി വരയ്ക്കാനും കഥയും കവിതയും എഴുതാനും പാട്ടുകൾ ചിട്ടപ്പെടുത്താനും കഥ പറയാനുമൊക്കെ മിടുക്കരാണോ?

7.തമാശ പറയാനും അത് ആസ്വദിക്കാനും കുട്ടിക്കാകുന്നുണ്ടോ? നല്ല തമാശ കേട്ടാൽ അത് പറഞ്ഞവരെ അഭിനന്ദിക്കാറിണ്ടോ? മുതിർന്ന കുട്ടികളും മുതിർന്ന ആളുകളുമായി സമയം ചിലവഴിക്കാറുണ്ടോ?

8. അവർക്ക് അപാരമായ ഓർമശക്തിയുണ്ടോ, മുൻപ് നടന്ന സമാനസംഭവങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ സാധിക്കാറുണ്ടോ?

9. മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ടോ?

മുകളിൾ ചോദിച്ച ഒൻപത് ചോദ്യങ്ങൾക്കും 'അതെ' എന്നാണ് ഉത്തരമെങ്കിൽ നിങ്ങളുടെ കുട്ടിയുടെ ബുദ്ധിശക്തി വളരെ ഉയരത്തിലാണ്. ഇത്തരം കുട്ടികൾ ഒട്ടുമിക്ക തലത്തിലും ഉന്നതവിജയം കൈവരിക്കാൻ കഴിവുള്ളവരായിരിക്കും.

ശ്രദ്ധ പിടിച്ചുപറ്റാൻ തന്ത്രങ്ങൾ പയറ്റുന്ന കുഞ്ഞുങ്ങളെ മെരുക്കാം

എപ്പോഴാണ് എല്ലാം തകിടം മറിയുന്നതെന്ന് അറിയില്ല. ശാന്തമായി ഇരുന്ന് കളിക്കുന്നതു കണ്ട് അങ്ങോട്ടോ ഇങ്ങോട്ടോ ഒന്നു മാറിപ്പോയാൽ അപ്പോൾ തുടങ്ങും നശീകരണ പ്രവർത്തനം. എന്തൊക്കെയാണ് തല്ലിപ്പൊട്ടിക്കുക എന്ന് പറയാൻ ക ഴിയില്ല. ചിലപ്പോ അനിയന്റെയോ അനിയത്തിയുടെയോ മേൽ ചാടിവീണാകും ഉപദ്രവം. എങ്ങാനും രണ്ടു തല്ലു കൊടുത്തുപോയാൽ പിന്നെ, മണിക്കൂറുകളോളം കുട്ടി യുടെ കലാവിരുന്നാണ് കാണേണ്ടി വരിക. നവരസങ്ങളെല്ലാം വാരിവിതറിക്കൊണ്ടുള്ള ആ പ്രകടനം നിസ്സഹായമായി നോക്കി നിൽക്കാനേ പറ്റൂ.

കുട്ടികളുടെ ഇത്തരം നാടകങ്ങൾക്ക് വീട് നിരന്തരം സാക്ഷിയാകാറുണ്ടോ? എങ്കിൽ അതിനു തിരശ്ശീലയിടാനുളള സ മയം കഴിഞ്ഞു എന്നു കൂടി അറിയുക. ലോകത്തെ തനിക്കു ചുറ്റും കറക്കാനുള്ള വഴികൾ നിങ്ങളുടെ കുഞ്ഞ് പയറ്റുന്നുണ്ടെങ്കിൽ അത് ‘അറ്റൻഷൻ സീക്കിങ് ബിഹേവിയർ’ എന്ന സ്വഭാവ വൈകല്യം കൊണ്ടായിരിക്കാം. കൂടുതൽ ശ്രദ്ധയും കരുതലും വേണമെന്ന് പറയാതെ പറയുകയാണ് കുട്ടി. ഈ പ്രശ്നത്തിനു വേണ്ടത് ചൂരലും കടുത്ത ശിക്ഷകളും അല്ല. ശരിയായ ഇടപെടലാണ്. അല്പം ശ്രദ്ധിച്ചാൽ ഈ കുരുന്നിനെ മിടുമിടുക്കനോ മിടുമിടുക്കിയോ ആക്കാം.

എന്തുകൊണ്ട് ചിലർ മാത്രം

രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ രണ്ടുപേരെയും ഒരുപോലെ ശ്രദ്ധിക്കുന്നു എന്നു വരുത്താനാണ് അച്ഛനമ്മമാർ സാധാരണയായി ശ്രമിക്കുക. ഒരേ വീട്ടിലെ തന്നെ രണ്ടു കുട്ടികൾക്കും ആവശ്യമായി വരുന്ന ശ്രദ്ധയും കരുതലും രണ്ടളവിൽ ആയിരിക്കും. ചിലർക്ക് അധികം ശ്രദ്ധ വേണമെങ്കിൽ ചിലർക്ക് കുറവ് മതി. ചില കുട്ടികൾക്ക് സ്നേഹപ്രകടനങ്ങൾ കൂടുതൽ വേണ്ടി വരും. മറ്റു ചിലർക്ക് എല്ലാത്തിനും അച്ഛനും അമ്മയും കൂടെയുണ്ടെന്ന തോന്നൽ മതി.

ഞാനെത്ര സ്നേഹിക്കുന്നു, എന്നിട്ടും കുട്ടിക്കത് മനസ്സിലാകുന്നില്ലല്ലോ എന്ന് ചില സന്ദർഭങ്ങളിൽ മാതാപിതാക്കൾക്ക് തോന്നാം. സ്നേഹം ഉണ്ടായാൽ മാത്രം പോര, കുട്ടിക്ക് അത് അനുഭവിക്കാൻ കഴിയണം. കാരണം, അനുഭവിക്കാൻ കഴിയാത്ത സ്നേഹത്തിന് കുട്ടിയുടെ മനസ്സിൽ ഒരു വിലയുമില്ല.

അറ്റൻഷൻ സീക്കിങ് ബിഹേവിയർ കുഞ്ഞ് കാണിക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കാം ആ കുട്ടി ആഗ്രഹിക്കുന്ന അളവിൽ ശ്രദ്ധയും കരുതലും അച്ഛനമ്മമാരിൽ നിന്നും കിട്ടുന്നില്ല എന്ന്. ഒരു കുഞ്ഞ് ശ്രദ്ധ ആകർഷിക്കുന്നതിനായി എന്ത് കാണിച്ചാലും അത് തികച്ചും സ്വാഭാവികമാണ്. പക്ഷേ, കുട്ടിയുടെ പെരുമാറ്റ രീതികൾ അതിർവരമ്പുകൾ ലംഘിച്ചാൽ അതിന് തടയിടണം. ശരിയായ വിധത്തിൽ ഈ സ്വഭാവവൈകല്യത്തെ പരിഹരിച്ചില്ലെങ്കിൽ അത് കുട്ടിയുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ചയെ ബാധിക്കും. മുതിർന്ന വ്യക്തിയായി കഴിഞ്ഞും ചില സന്ദർഭങ്ങളിൽ ഇത്തരം സ്വഭാവങ്ങൾ ഇവർ പുറത്തെടുത്തെന്ന് വരും. സമൂഹത്തിലും ജോലിസ്ഥലത്തും ഈ സ്വഭാവത്തിന്റെ പേരിൽ ഇവർ അപഹസിക്കപ്പെട്ടേക്കാം.

ജനിക്കുമ്പോഴേ തുടങ്ങാം

കുഞ്ഞ് ജനിക്കുന്നതു മുതൽ ശ്രദ്ധയും കരുതലും ലഭിക്കുന്നതും അവഗണിക്കപ്പെടുന്നതും തമ്മിൽ തിരിച്ചറിയുന്നുണ്ട്. ചെറിയ കുഞ്ഞുങ്ങൾ കാരണമില്ലാതെ നിർത്താതെ കരയുന്നുണ്ടെങ്കിൽ അത് അമ്മയുടെ ശ്രദ്ധക്കുറവ് കൊണ്ടാണ് എന്ന് കരുതാം. കണ്ണിലേക്ക് നോക്കുക, വിശേഷങ്ങൾ പറയുക, കൈകാലുകളിലും നെറുകയിലും തലോടുക, മുഖത്തു നോക്കിക്കൊണ്ട് മുലപ്പാലൂട്ടുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധക്കുറവിന്റെ പ്രശ്നങ്ങൾ ഭാവിയിൽ കുട്ടികൾക്ക് വരാതെയിരിക്കാൻ സഹായിക്കും. കുട്ടിക്ക് ആവശ്യമുള്ള ശ്രദ്ധ കിട്ടുന്നുണ്ടോ എന്നു തിരിച്ചറിയാൻ സ്വഭാവത്തിലെ ചില മാറ്റങ്ങൾ നിരീക്ഷിച്ചാൽ മതിയാകും.

∙ ദു:ശാഠ്യം

∙ വിരൽ കുടിക്കുക

∙ ഇല്ലാത്ത വേദനകൾ ഉണ്ടെന്ന് പറയുക

∙ മറ്റുള്ളവരെ ഉപദ്രവിച്ചും മറ്റും ഹീറോ ആകാൻ ശ്രമിക്കുക

∙ നുണക്കഥകൾ പറയുക

∙ പഠനത്തിൽ പിന്നോട്ടാകുക

∙ സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുക

∙ എവിടെയും മുൻപിൽ നിൽക്കാൻ വ്യഗ്രത കാണിക്കുക

∙ സഹോദരങ്ങളോട് വാശിയും വഴക്കും

∙ മുതിർന്നവരുടെ സംസാരത്തിനിടയിൽ ക്ഷണിക്കാതെ അഭിപ്രായം പറയുക

∙ പ്രായത്തിനു നിരക്കാത്ത വിധത്തിലുള്ള വലിയ വർത്തമാനങ്ങൾ പറയുക

∙ ആവശ്യമില്ലാതെ ഉച്ചത്തിൽ സംസാരിക്കുക

ഇതെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ കുറയുന്നതിന്റെ അനന്തരഫലമാകാം. അറ്റൻഷൻ സീക്കിങ് ബിഹേവിയർ കുട്ടിക്കുണ്ട് എന്ന് നിശ്ചയിക്കുന്നത് അവരെ ശരിയായി മനസ്സിലാക്കിയിട്ടു വേണം. തനിക്കെന്തോ അസുഖം ഉണ്ടെന്നു പറയുന്നെങ്കിൽ യഥാർഥത്തിൽ അസുഖം ഇല്ല എന്ന് ആദ്യം ഉറപ്പു വരുത്തണം. പെരുമാറ്റ വൈരുധ്യങ്ങൾ ശരിയായി നിരീക്ഷിച്ച ശേഷം വേണം തീരുമാനത്തിലെത്താൻ.

ടീനേജ് വരെയുള്ള കുട്ടികളിൽ അറ്റൻഷൻ സീക്കിങ് ബിഹേവിയർ കാണാനാകും. ടീനേജ് വരെയാണ് ഇത് പരിഹരിക്കാൻ കഴിയുന്നതും. വേണ്ടസമയത്ത് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് വ്യക്തിത്വ വൈകല്യങ്ങളായി സ്വഭാവത്തിൽ ഉറയ്ക്കും.

മുതിർന്നുകഴിഞ്ഞാലും ശരീരം പ്രദർശിപ്പിക്കുന്ന വിധത്തിലോ വേറിട്ട രീതിയിലോ വസ്ത്രം ധരിക്കുക, പൊതു സ്ഥലത്ത് ഉച്ചത്തിൽ സംസാരിക്കുക, അലോസരമുണ്ടാക്കും വിധം പൊട്ടിച്ചിരിക്കുക, ശല്യക്കാരി – ശല്യക്കാർ എന്നു മറ്റുള്ളവർ മുദ്രകുത്തുന്നതിൽ ആനന്ദിക്കുക.... ഇതെല്ലാം ഈ സ്വഭാവ വൈകല്യത്തിന്റെ സൂചനയാണ്.

അച്ഛനമ്മമാരുടെ പ്രശ്നങ്ങൾ

കുഞ്ഞുങ്ങൾക്ക് വേണ്ട ശ്രദ്ധ കൊടുക്കുന്നുണ്ടോ എന്ന് തിരിച്ചറിയാത്ത അച്ഛനമ്മമാർ ധാരാളമുണ്ട്. അച്ഛനമ്മമാരു െട മൂന്ന് പ്രധാന പ്രശ്നങ്ങൾ കുട്ടികളെ അറ്റൻഷൻ സീക്കിങ് ബിഹേവിയറിലേക്ക് നയിക്കാറുണ്ട്.

∙ തിരക്കുള്ള ഉദ്യോഗം മൂലം കുട്ടികൾക്ക് ശ്രദ്ധ നൽകാൻ ആകാതെ വരുമ്പോൾ

∙ അച്ഛനമ്മമാർ തമ്മിലുള്ള അകൽച്ചയോ കുടുംബ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ

∙ ലാളന ലഭിക്കാതെ വളർന്നതിനാൽ ലാളിക്കാൻ അറിയാത്ത മാതാപിതാക്കൾ

കുട്ടികളിൽ അറ്റൻഷൻ സീക്കിങ് ബിഹേവിയർ കാണുന്നെങ്കിൽ അതിനോടൊപ്പം സ്വന്തം പ്രശ്നങ്ങൾ കൂടി സൈക്യാട്രിസ്റ്റിന്റെ സഹായത്താൽ പരിഹരിക്കാൻ ശ്രമിക്കണം.

എങ്ങനെ പരിഹരിക്കാം

സമയത്ത് പരിഹരിച്ചാൽ ലളിതമായി പരിഹരിക്കാൻ കഴിയും അറ്റൻഷൻ സീക്കിങ് ബിഹേവിയർ. കുട്ടിയുടെ വ്യക്തിത്വത്തെ ബാധിക്കാതെ അവരെ മിടുക്കരായി വളർത്താനും യ ഥാർഥ സമയത്തുള്ള ഇടപെടൽ മൂലം സാധിക്കും.

∙ നിർത്താതെ കരയുകയും വാശിപിടിക്കുകയും ചെയ്യുന്ന കുഞ്ഞിനെ നന്നായി സാന്ത്വനിപ്പിക്കാൻ ശ്രദ്ധിക്കുക.

∙ കുട്ടികളുമൊത്ത് കൂടുതൽ സമയം ചെലവഴിക്കുക.

∙ ജോലി കഴിഞ്ഞെത്തിയാൽ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുക.

∙ വീട്ടു ജോലികളിൽ കുട്ടികളെക്കൂടെ പങ്കെടുപ്പിക്കുക.

∙ ദൂര യാത്രയിലോ മറ്റോ ആയിരിക്കുമ്പോൾ ഫോണിൽ വിളിച്ച് കുഞ്ഞിനോട് സംസാരിക്കാൻ ശ്രമിക്കുക.

∙ രണ്ടാമത്തെ കുട്ടിയുടെ ജനനം പോലെയുള്ള സ്വാഭാവികമായ സന്ദർഭങ്ങളിൽ മൂത്തകുട്ടിക്ക് അറ്റൻഷൻ സീക്കിങ് ബിഹേവിയർ ബാധിക്കാം. രണ്ടാമത്തെ കുഞ്ഞ് ഗർഭത്തിലായിരിക്കുമ്പോൾ മുതൽ മൂത്ത കുട്ടിയോട് ഇത് സ്വന്തം ആൾ ആണെന്ന് പറഞ്ഞു കൊടുക്കുക.

∙ വീട്ടിലാണ് കുട്ടി ശ്രദ്ധകിട്ടാൻ ബഹളങ്ങൾ ഉണ്ടാക്കുന്നതെങ്കിൽ അവഗണിക്കുക. ഓർക്കുക, കുട്ടിയുടെ സ്വഭാവത്തെ മാത്രമാണ് നമ്മൾ അവഗണിക്കുന്നത്, കുട്ടിയെ അല്ല. ബഹളം വയ്ക്കുന്ന കുട്ടിയെ ഒറ്റയ്ക്ക് ഒരു മുറിയിലേക്ക് മാറ്റാം. പക്ഷേ, കുട്ടിയുടെ സുരക്ഷയെക്കുറിച്ച് പൂർണ ശ്രദ്ധ ഉണ്ടാകണം.

∙ പൊതു സ്ഥലത്ത് കുട്ടി ബഹളം വച്ചാൽ ഉടൻ ആ സ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് കുട്ടിയെയും കൊണ്ട് പോകുക. എത്ര പ്രധാനപ്പെട്ട പരിപാടി ആണെങ്കിലും

∙ നന്നായി പെരുമാറുമ്പോഴൊക്കെ അഭിനന്ദിക്കുക.

∙ ഉറങ്ങുന്ന സമയം കുഞ്ഞുങ്ങളുടെ കൂടെ ഉണ്ടായിരിക്കുക.

സ്വയം സംവിധായകരാകുന്നവർ

തിരക്കുള്ള ഉദ്യോഗസ്ഥരായ അച്ഛനമ്മമാരുടെ കുട്ടിയായിരുന്നു നവീൻ. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലായിരുന്ന കുട്ടിയെ ഒരു ദിവസം കാണാതായി. പൊലീസിൽ പരാതി നൽകി, അന്വേഷിച്ചു കുട്ടിയെ കണ്ടെത്തിയപ്പോൾ കുട്ടിയുടെ കഥ കേട്ട് പൊലീ സുകാരും വീട്ടുകാരും ഞെട്ടി. തന്നെ ഒരാൾ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടു എന്നായിരുന്നു നവീന്റെ കഥ.

വിശദമായി അന്വേഷിച്ച പൊലീസ് ഇത് നുണക്കഥയാണെന്ന് കണ്ടെത്തി. സൈക്യാട്രിസ്റ്റിന്റെ പരിശോധനയിൽ കുട്ടിക്ക് അച്ഛനമ്മമാരുടെ ശ്രദ്ധ കിട്ടാത്തതാണ് പ്രശ്നം എന്നു മനസ്സിലായി. ടിവിയിലൂടെയും സിനിമയിലൂടെയും കിട്ടുന്ന അറിവുകൾ അടിസ്ഥാനപ്പെടുത്തിയായിരിക്കും കുട്ടികൾ ഇത്തരം അവസരങ്ങളിൽ കഥയുണ്ടാക്കുക. പഠിത്തത്തിൽ ഉഴപ്പിയാൽ അച്ഛനമ്മമാരുടെ ശ്രദ്ധ ലഭിക്കും എന്നതുകൊണ്ട് മന:പൂർവം പഠനത്തിൽ ഉഴപ്പുന്നവരുമുണ്ട്.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. എൽസി ഉമ്മൻ, സൈക്യാട്രിസ്റ്റ്, കൊച്ചി

കുട്ടികൾ സൗന്ദര്യവർധകങ്ങൾ ഉപയോഗിക്കുമ്പോൾ...

 

അമ്മേ, എനിക്കാ സീരിയലിലെ ചേച്ചിയെ പോലെ ലിപ്സ്റ്റിക്കിട്ടു താ. അതേപോലെ കണ്ണെഴുതിത്താ.’’ ഓഫിസിൽ പോകാനുള്ള നെട്ടോട്ടത്തിനിടയ്ക്ക് ഇത്തിരി മേക്കപ്പ് ചെയ്യാനിരിക്കുമ്പോൾ മകളുടെ ഡിമാൻഡ്സ് കേട്ടില്ലെന്ന് നടിക്കുകയേയുള്ളൂ. പക്ഷേ, അമ്മ പടിയിറങ്ങും മുമ്പുതന്നെ കാണാം വികൃതിക്കുട്ടി മേക്കപ്പ് ഇട്ട് കുണുങ്ങിക്കുണുങ്ങി വരുന്നത്. ‘അമ്മേടെ മുറിയിൽ കയറി കണ്ണാടി നോക്കി മോള് തന്നെ മേക്കപ്പിട്ടല്ലോ’ എന്നാകും വിശദീകരണം. കുഞ്ഞിച്ചുണ്ടിൽ ഒതുങ്ങി നിൽക്കാതെ പുറത്തേക്ക് പടർന്ന ലിപ്സ്റ്റിക്കും കണ്ണിനു ചുറ്റും നിറഞ്ഞ ഐലൈനറും നോക്കി അപ്പോൾ അമ്മ ചിരിക്കും. പക്ഷേ, വൈകിട്ടു തിരിച്ചു വീട്ടിലെത്തുമ്പോഴാകും പ്രശ്നത്തിന്റെ ഗൗരവം തെളിയുക. കുട്ടിയുടെ കണ്ണു രണ്ടും ചുവന്ന് കണ്ണു തുറക്കാൻ പറ്റാത്ത അവസ്ഥ. ഇന്നുവരെ തനിക്കു കുഴപ്പമൊന്നും വരുത്താത്ത ഐലൈനർ കുട്ടിയോട് ഇത് ചെയ്യും എന്ന് ആരെങ്കിലും ചിന്തിക്കുമോ?

കുട്ടികളുടെ ചർമം ലോലമാണ്

മുതിർന്നവരുപയോഗിക്കുമ്പോൾ പ്രശ്നമുണ്ടാക്കാത്ത എല്ലാ വസ്തുക്കളും കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാം എന്നു കരുതരുത്. അവരുടേതു മ‍ൃദുല ചർമമാണ്. അതുകൊണ്ടു പ്രശ്നങ്ങൾ വരാൻ സാധ്യതയും ഏറെയാണ്. ജനിച്ച് ഏതാനും ദിവസങ്ങൾ കഴിയുമ്പോഴേ കുട്ടിയെ കുളിപ്പിച്ച് ടാൽക്കം പൗഡറിൽ പൊതിയുന്ന ശീലം അത്ര നല്ല തല്ല. പല കുട്ടികൾക്കും ഇതു ചർമത്തിൽ അലർജി ഉണ്ടാക്കു ന്നുണ്ട്. തുമ്മലും ചുമയും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെ. കു ട്ടിയുടെ ചർമത്തിന് ഇണങ്ങുംവിധം പി. എച്ച്. വാല്യൂ 5.5 ഉള്ള ബോ‍ഡിവാഷും ക്രീമും തന്നെ തിരഞ്ഞെടുക്കുക. വീര്യം കൂടിയവ ചർമത്തിന്റെ സ്വാഭാവിക ഘടനയ്ക്കു ദോഷമാകുകയും ചർമപ്രശ്നങ്ങൾക്കു വഴി വയ്ക്കുകയും ചെയ്യാം. ഇതുപോലെ തന്നെയാണ് കൺമഷിയുടെ കാര്യവും. വീട്ടിലുണ്ടാക്കുന്ന അല്ലെങ്കിൽ ആയുർവേദ കടകളിൽ വാങ്ങാൻ കിട്ടുന്ന കൺമഷി മാത്രമേ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാവൂ. കുഞ്ഞിനായി വാങ്ങുന്ന കൺമഷി മറ്റാരും ഉപയോഗിക്കാതെ നോക്കുകയും വേണം. വ‍ൃത്തിയില്ലാത്ത കൈകൊണ്ട് കുഞ്ഞിന്റെ കണ്ണെഴുതുന്നതും മറ്റുള്ളവർ ഉപയോഗിച്ച കൺമഷി കൊണ്ടെഴുതുന്നതും കുഞ്ഞിക്കണ്ണിൽ അസ്വസ്ഥതയും അലർജിയുമുണ്ടാക്കാം.

ഫേഷ്യൽ വേണ്ട

അമ്മയ്ക്കൊപ്പം പാർലറിൽ പോകുമ്പോൾ ഒരു ഫേഷ്യൽ ചെയ്തു നോക്കാമെന്ന് കുട്ടിക്കും തോന്നാം. ഇപ്പോൾ ആൺകുട്ടികൾക്കും പാർലറിൽ പോയി സൗന്ദര്യപരീക്ഷണങ്ങൾ നടത്താനുള്ള വ്യഗ്രത കൂടിയിട്ടുണ്ട്. പതിനെട്ടു വയസ്സിനു മുമ്പേ ഫേഷ്യലും ത്രെഡ്ഡിങ്ങും സ്പായും വേണ്ട. 12-15 വയസ്സിൽ തന്നെ മുഖത്ത് വൈറ്റ് ഹെഡ്സും ബ്ലാക്ക് ഹെഡ്സും ഉള്ളവർക്ക് ക്ലീനപ്പ് ആകാം. പയറുപൊടിയോ അരിപ്പൊടിയോ തേച്ചു മുഖം കഴുകിയാലും മതി. താരനുള്ളവർക്ക് കറ്റാർവാഴ നീരിൽ അല്പം നാരങ്ങയും മുട്ടവെള്ളയും ചേർത്ത മിശ്രിതം തലയിൽ പുരട്ടി പിന്നീട് നന്നായി കഴുകി കളയാം. ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ ബാത്തും നല്ലതാണ്. ഇതു ശരീരവും മുടിയും പുഷ്ടിപ്പെടുത്തും.

ത്രെഡ്ഡിങ്ങും വാക്സിങ്ങും

നീളൻ മുടി വേണമെന്ന് വാശിപിടിക്കുന്ന കുട്ടികളുണ്ട്. സ്വന്തം മുടി തനിയെ കൈകാര്യം ചെയ്യാറാകുമ്പോൾ മുതൽ മുടി നീട്ടുന്നതിൽ തെറ്റില്ല. അതിനു മുമ്പ് ഷോർട് ഹെയർകട്ട് തന്നെയാണ് നല്ലത്. ശ്രദ്ധിച്ചില്ലെങ്കിൽ കുട്ടികളിൽ പേനും താരനും മുടിക്കായയും മുടിയുടെ അഗ്രം പൊട്ടലും ഒക്കെയുണ്ടാകും. നനഞ്ഞ മുടി ഉണങ്ങാതെ കെട്ടി വയ്ക്കരുത്. കുട്ടികൾക്കും ആഴ്ചയിലൊരിക്കൽ ഷാംപുവും കണ്ടീഷനിങ്ങും ചെയ്യണം. അൽപം ഷാംപു ഒരു മഗ് വെള്ളത്തിൽ കലക്കിയെടുത്തു തല കഴുകാനായി ഉപയോഗിക്കുക. 18 വയസ്സിനു മുമ്പ് ത്രെഡ്ഡിങ്ങും വാക്സിങ്ങും വേണ്ട. രോമം വലിച്ചെടുക്കുംതോറും ചർമത്തിന്റെ ഇലാസ്റ്റികത നഷ്ടപ്പെടും. രോമം പോയിടത്ത് കറുത്ത പാടുകൾ വരാനുള്ള സാധ്യതയും കൂടുതലാണ്. വീട്ടിൽ ചെയ്യാം പരിചരണം

∙ ഷൂസും ചെരുപ്പുമിട്ട് കാലിൽ പാടുവന്നാൽ അതു കുറയാൻ ചൂടുവെള്ളത്തിൽ ഉപ്പും ബേബി ഷാംപുവും ഇട്ട് കാലു മുക്കി വയ്ക്കുക. ദിവസവും ഒലിവ് ഓയിൽ മസാജ് ചെയ്യുക.

∙കൈകാൽ മുട്ടുകളിലെ കറുപ്പു നിറം മാറുന്നതിനും അഴുക്ക് അടിയുന്നതും നാരങ്ങാത്തൊണ്ടു കൊണ്ട് ഉരച്ചു കഴുകുക.

∙ ചർമത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകാൻ സിങ്ക്, വൈറ്റമിൻ ഇ, വൈറ്റമിൻ സി എന്നിവയടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇലക്കറികൾ, പഴങ്ങൾ, അണ്ടിപ്പരിപ്പു വർഗങ്ങൾ, മീൻ എന്നിവ ധാരാളമായി നൽകാം. ചർമത്തിലെ വരൾച്ച ഒഴി വാക്കാൻ ചെറുപ്പം മുതലേ വെള്ളം കുടിക്കാൻ ശീലിപ്പക്കാം. നാചുറൽ മേക്കപ്പ് മതി സ്കൂൾ പരിപാടികൾ, പാർട്ടി, പിറന്നാൾ പോലുള്ള അ വസരങ്ങളിലൊഴികെ കുട്ടികൾക്ക് മേക്കപ്പിന്റെ ആവശ്യമേയില്ല. മേക്കപ്പ് വേണമെന്നു വാശി പിടിക്കുന്ന കുട്ടികളെ സമാധാനിപ്പിക്കാനുള്ള പ്രക‍ൃതിദത്തമായ മാർഗങ്ങളുണ്ട്.

∙ ബീറ്റ്റൂട്ടിന്റെ ചാറെടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് കോൾഡ് ക്രീമിൽ ചാലിച്ച് കുട്ടികൾക്ക് റൂഷായി പുരട്ടി കൊടുക്കാം. കവിളുകൾ തുടുത്തിരിക്കും. ഇതു തന്നെ കണ്ണിനു മുകളിൽ ഐഷാഡോയായും ഉപയോഗിക്കാം. ബീറ്റ്റൂട്ട് നീര് വെണ്ണയിലോ നെയ്യിലോ ചാലിച്ച് ലിപ്സ്റ്റിക്കാക്കി മാറ്റാം. യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത മേക്കപ്പ് റെഡി.

∙ ഐലൈനറിനു പകരം കൺമഷി ഇയർ ബഡ്സിൽ എടുത്ത് കണ്ണിനു മുകളിലെഴുതാം. എന്നിട്ട് അതിനുമുകളിലായി അൽപം പൗഡറിട്ടാൽ മതി.

∙ മേക്കപ്പ് സാധനങ്ങൾ കുട്ടികളുടെ കൈയെത്തും ദൂരത്തു നിന്ന് മാറ്റി വയ്ക്കാൻ ശ്രദ്ധിക്കണം. അമ്മ ചെയ്യുന്നതു കണ്ട് പ്ലക്കറും ബ്ലേഡും കൊണ്ട് ത്രെഡ് ചെയ്ത് കുട്ടികൾ അപകടം വരുത്തി വയ്ക്കാം.

കടപ്പാട്,

ഡോ. ജി. നന്ദകുമാർ, അഡീഷനൽ പ്രഫസർ പത്തോളജി, ഗവ. മെഡിക്കൽകോളജ്, തിരുവനന്തപുരം മാഗ്ലിൻ ജാക്സൺ, ഹെർ ചോയിസ് ബ്യൂട്ടിപാർലർ, കൊച്ചി

നിങ്ങളുടെ കുട്ടി സൂപ്പർ ഹീറോകളുടെ ആരാധകരാണോ? ഞെട്ടിക്കും പുതിയ റിപ്പോർട്ട്!

സൂപ്പർമാന്‍ സ്പൈഡർമാൻ ചോട്ടാഭീം, ഹീമാൻ തുടങ്ങി നിരവധി സൂപ്പർ ഹീറോകൾ ഇന്നുണ്ട്. കുട്ടികൾക്ക് എന്നും ഇവർ ആവേശമാണ്. ഇവരൊക്കെ നൻമയ്ക്കായ് പോരാടുന്നവരാണല്ലോ. ഇത്തരം കഥാപാത്രങ്ങൾക്കൊക്കെ കുഞ്ഞുമനസില്‍ വലിയ സ്ഥാനമാണുള്ളത്. സൂപ്പർ ഹീറോകൾ പലകാര്യത്തിലും അവരുടെ റോൾ മോഡലുകളുമാണ്. എന്നാൽ പുതിയ ഒരു പഠനം പറയുന്നത് വ്യത്യസ്തമായൊരു കാര്യമാണ്. പ്രീ സ്കൂൾ കുട്ടികൾ ഈ സൂപ്പർ ഹീറോകളെ ആരാധിക്കാറില്ലെന്നും പകരം അത്തരം കഥാപാത്രങ്ങളുടെ അക്രമണ സ്വഭാവം അനുകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ്. 

ഈ കഥകളിലെ ഗുണപാഠമൊന്നും ഗ്രഹിക്കാൻ തക്ക പ്രാപ്തിയൊന്നും പ്രീ സ്കൂൾ കുഞ്ഞുങ്ങൾക്കില്ലെന്നും അവർ അതിലെ ആക്രമണ സ്വഭവമുള്ള കാര്യങ്ങളാകും കൂടുതൽ അനുകരിക്കുകയെന്നും ബ്രിംഹാം യങ് സർവകലാശാല നടത്തിയ പഠനങ്ങൾ പറയുന്നു. സൂപ്പർമാനും സ്പൈഡർമാനുമൊക്കെ ദുഷ്ടന്‍മാരെ തുരത്തി നല്ലവരെ രക്ഷിക്കുന്നതൊക്കെ കാണുന്ന കുട്ടികൾ അതിലെ നല്ലവശമാകും പകർത്തുന്നതെന്നാണ് മിക്ക മാതാപിതാക്കളുടേയും ധാരണ, എന്നാൽ അവരിലെ അക്രമണ സ്വഭാവമാണത്രേ കുട്ടികളെ കൂടുതൽ ആകർഷിക്കുന്നത്.

ഈ സൂപ്പർ ഹീറോകൾക്ക് കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ വരെ സ്വാധീനം ചെലുത്താൻ കഴിയും. 240 കുട്ടികളിൽ നടത്തിയ ഈ പഠനത്തിൽ 25% കുട്ടികളും സൂപ്പർ ഹീറോകളുടെ ഏതെങ്കിലും അക്രമണപരമായ സ്വഭാവത്തെ ആരാധനാപൂർവം കാണുന്നവരാണ്. 'സൂപ്പർ ഹീറോകൾ നല്ല ശക്തിയുള്ളവരാ, നല്ല ഇടി കൊടുക്കാൻ കഴിയും, നല്ല സൂപ്പർ സ്മാഷാ, ദേഷ്യം കാണാൻ നല്ല രസമാ, എല്ലാം തകർക്കാൻ അവർക്കു കഴിയും" ഇതൊക്കയാണ് കുട്ടികൾ ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ നൽകുന്ന ഉത്തരം., അല്ലാതെ അവർ ചെയ്യുന്ന നല്ല പ്രവർത്തികളല്ല അവരുടെ മനസിൽ പതിയുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഒരുകുട്ടി പറഞ്ഞ ഉത്തരം വളരെ പ്രസക്തമാണ് ക്യാപ്റ്റൻ അമേക്കയ്ക്ക് കൊല്ലാൻ അറിയാം അതാണ് താൻ കാപ്റ്റൻ അമേരിക്കയെ ഇഷ്ടപ്പെടാൻ കാരണം എന്നതാണ്.

ഇന്നത്തെ കുട്ടികളിലെ അക്രമണ സ്വഭാവത്തിന്‍റെയും അസഹിഷ്ണുതയുടെയുമൊക്ക പിന്നിലുള്ള കാരണങ്ങൾ ചിലപ്പോൾ ഇതൊക്കെയാവാം. ഗുണപാഠം പഠിപ്പിക്കുക എന്ന ഉദ്ദേശവമായി കുട്ടികളെ ഇത്തരം പരിപാടികൾ കാണാൻ അനുവദിക്കുന്ന മാതാപിതാക്കുള്ള ഒരു മുന്നറിയിപ്പു കൂടെയാണീ പഠനം.

അമിതവണ്ണമുള്ള മാതാപിതാക്കൾ ജാഗ്രതൈ!!

പൊണ്ണത്തടിള്ള മാതാപിതാക്കൾ അറിയാൻ, നിങ്ങൾക്കു മാത്രമല്ല ദോഷം ചെയ്യുന്നത്, നിങ്ങളുടെ കുട്ടികളുടെ ഭാവിയെപ്പോലും അത് ബാധിക്കാം. പൊണ്ണത്തടിയുടെ പ്രശ്നങ്ങൾ അനവധിയാണ്, അത് പല അസുഖങ്ങളിലേയ്ക്കും നയിക്കുമെന്ന് എല്ലാവർക്കും തന്നെ അറിയാം . എന്നാൽ പൊണ്ണത്തടിയുള്ള മാതാപിതാക്കൾക്ക് ജനിക്കുന്ന കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം കുട്ടികൾ പഠനത്തിൽ പിന്നോക്കമാകുന്നു എന്നതാണ് പുത്തൻ വിവരം. മാത്രമല്ല ഇവരിൽ സാമര്‍ത്ഥ്യമില്ലായ്മയും, വികലമായ സാമൂഹിക പെരുമാറ്റവും പ്രകടമാകുമെന്നും പഠനം പറയുന്നു. 

യന്ത്രങ്ങളെ ബന്ധപ്പെടുത്തിയായിരുന്നു ആദ്യ പഠനം. 5,000 സ്ത്രീകളെയും അവരുടെ കുട്ടികളെയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഇതിൽ പൊണ്ണത്തടിയുള്ള അമ്മമാരുടെ കുട്ടികളിൽ 70% കുട്ടികളും യന്ത്രങ്ങളുടെ പ്രവർത്തന രീതികളിൽ പരാജയമായിരുന്നു. അതുപോലെതന്നെ പൊണ്ണത്തടിയുള്ള അച്ഛൻമാരുടെ കുട്ടികൾ വ്യക്തിപരവും സാമൂഹികവുമായ പലകാര്യങ്ങളിലും മറ്റു കുട്ടികളേക്കാൾ പിന്നിലാകുന്നതായാണ് കാണുന്നത്.

എന്നാൽ മാതാപിതാക്കൾ രണ്ടു പേരും പൊണ്ണത്തടിയുള്ളവരാണെങ്കിൽ പ്രോബ്ളം സോൾവിംഗിൽ മറ്റ് കുട്ടികളേക്കാൾ മൂന്ന് മടങ്ങ് പിന്നിലായിരിക്കുമത്രേ ഇവർ. പിതാക്കൻമാരുടെ സവിശേഷതകളും കൂടെ കണക്കിലെടുത്താണ് ഡോ: എഡ്വില ഈ പഠനം നടത്തിയതും ഇത്തരമൊരു നിഗമനത്തിലെത്തിയതും.. അമ്മയുടെ ഭാരത്തോടൊപ്പം അച്ഛൻറെ പൊണ്ണത്തടിയും കുട്ടികളുടെ ജീവിതത്തെത്തന്നെ ബാധിക്കും.

കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തില്‍ അമ്മയുടെ പങ്ക്

കണ്ണിറുക്കെ അടച്ച് കൈകൾ ചുരുട്ടിപ്പിടിച്ച് കരഞ്ഞു കരഞ്ഞ് കുഞ്ഞാവ ചുവന്നു തുടുത്തു. വിശന്നിട്ടാണ്....അമ്മ അവളെ കോരിയെടുത്ത് മാറോടു ചേർത്തു. ഉം.....ഉം.....ഉം.....കരച്ചിലൊക്കെ മാറ്റിവച്ച് കുഞ്ഞാവ ആസ്വദിക്കുകയാണ്. അമ്മയിൽ നിന്നുള്ള സ്നേഹ പ്രവാഹം. ഇടയ്ക്കൊന്നു നിർത്തി കുന്നി മണിക്കണ്ണുകൊണ്ട് ഒളിഞ്ഞു നോക്കി. പല്ലില്ലാ മോണ കാട്ടി സുന്ദരൻ ചിരി അമ്മയ്ക്ക് വാവയുടെ സമ്മാനം. അമ്മയുടെ ജീവിതത്തിലെ അതിസുന്ദര നിമിഷങ്ങളിലൊന്ന്... 

കുഞ്ഞിനെ കുളിപ്പിക്കുന്നതും പാലു കൊടുക്കുന്നതും പാടിയുറക്കുന്നതും അത്ര നിസ്സാരമായി ചെയ്യേണ്ടതല്ല എന്ന് അമ്മയ്ക്കറിയാം. എന്നാൽ ഇതിലൂടെയെല്ലാം കുഞ്ഞിനെ അറിയാനും കുഞ്ഞിന് അറിയാനും പലതുമുണ്ടെന്ന് അമ്മമാർ അറിയണം. ഓരോന്നിലൂടെയും കുഞ്ഞാവ അമ്മയെ അറിയുകയാണ്. അമ്മയിലൂടെ അവൾക്കീ ലോകം പരിചയപ്പെടണം.

പ്രകടിപ്പിക്കാനോ സംസാരിക്കാനോ കഴിയില്ലെങ്കിലും, അമ്മ പാലു കൊടുക്കുമ്പോഴും കൊഞ്ചുമ്പോഴും കണ്ണിൽ നോക്കി സംസാരിക്കുമ്പോഴും കുളിപ്പിക്കുമ്പോഴും കൈ പിടിച്ച് കൂടെ നടക്കുമ്പോഴുമെല്ലാം കുഞ്ഞ് നമ്മളറിയാതെ പല കാര്യങ്ങളും മനസ്സിലാക്കുന്നുണ്ട്.

ശൈശവത്തിന്റെ ഓരോ ഘട്ടത്തിലും അമ്മ കുഞ്ഞിനു പകർന്നു കൊടുക്കുന്ന ചെറിയ കാര്യങ്ങൾ കുട്ടിയുടെ മാനസികാരോഗ്യം രൂപപ്പെടുന്നതിൽ വളരെ നിർണായകമാണ്. സംസാരം മുതൽ സ്വാഭാവ രൂപീകരണം വരെയുള്ള കാര്യങ്ങളെ സ്വാധീനിക്കുന്ന പല കാര്യങ്ങൾ ഉണ്ട്. ഇവ എന്തെല്ലാമെന്ന് മനസ്സിലാക്കാം.

മാറോടു ചേർത്തുറക്കൂ

വയറ്റിൽ കിടക്കുമ്പോഴും അമ്മയും കുഞ്ഞുമായി പിരിയാനാകാത്ത ബന്ധം മൊട്ടിടും. ജനിച്ചു വീണ് ആദ്യമായി കരയുമ്പോൾ അമ്മ കൈകളിലെടുക്കുന്ന ആ നിമിഷം മുതൽ കുഞ്ഞ് പതിയെ പുതിയ കാര്യങ്ങൾ പഠിച്ചു തുടങ്ങും. ഞാൻ കരഞ്ഞാൽ എന്നെയെടുക്കാനും ആശ്വസിപ്പിക്കാനും അമ്മയുണ്ട്. രാത്രി വിശന്നു കരയുമ്പോഴും വേദനിക്കുമ്പോഴും എന്നെയറിയാനും ശ്രദ്ധിക്കാനും അമ്മയുണ്ട് എന്നൊക്കെ മനസ്സിലാക്കും. പാലൂട്ടുമ്പോൾ അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധത്തിന് ആഴം കൂടുന്നു. തൊട്ടിലാട്ടി ഉറക്കുമ്പോൾ ‘നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു’ എന്നും സംരക്ഷിക്കപ്പെടുന്നു എന്നും കുഞ്ഞിനെ മനസ്സിലാക്കുകയാണ്. അമ്മയുടെ വയറിനകത്തെ സുരക്ഷിത ലോകത്തിൽ നിന്ന് വ്യത്യസ്തമായൊരു പുതിയ ലോകത്തെ പരിചയപ്പെടാനുള്ള സ്നേഹത്തിന്റെ ഇലച്ചാർത്തുകൾ ഉള്ള വള്ളിയാണ് അമ്മ.

പാലൂട്ടുമ്പോൾ രൂപമെടുക്കുന്ന ബന്ധത്തിന്റെ സ്വഭവമനുസരിച്ചാകും ഭാവിയിൽ കുഞ്ഞിന്റെ പെരുമാറ്റം പോലും. ആദ്യ മാസങ്ങളിൽ അമ്മയോട് കൂടുതൽ അടുപ്പമുണ്ടാകുന്ന കുട്ടികൾ പുതിയ കാര്യങ്ങൾ പഠിക്കാനും വിവരങ്ങൾ മനസ്സിലാക്കാനും മിടുക്കരാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. നവജാത ശിശുക്കൾക്ക് പത്തിഞ്ച് ദൂരത്തിലുള്ളതു മാത്രമേ കാണാനാകൂ. അതുകൊണ്ട് അവളെ മാറോടു ചേർത്തു പിടിക്കുക. സ്വസ്ഥമായ സ്ഥലത്തിരുന്ന് നിങ്ങളുടെ മുഴുവൻ ശ്രദ്ധയും കുഞ്ഞിനു കിട്ടുന്ന വിധം പാലൂട്ടുക. ഒപ്പം അവൾക്ക് പാട്ടു പാടിക്കൊടുക്കുക, സംസാരിക്കുക, ചിരിക്കുക. പ്രതികരിക്കാറായിട്ടില്ലെങ്കിലും ഓരോ കാര്യവും കുഞ്ഞിന്റെ തലച്ചോറിൽ രേഖപ്പെടുത്തുന്നുണ്ടാകും.

കുഞ്ഞിന്റെ ആദ്യത്തെ 48 മണിക്കൂറിനെയാണ് ക്രിട്ടിക്കൽ പീരിയഡ് എന്നു പറയുന്നത് ഇക്കാലത്ത് അമ്മയുടെ അടുത്ത് കൂടുതൽ സമയം കിടക്കുന്ന കുട്ടികളിൽ ആത്മവിശ്വാസവും സുരക്ഷിതത്വവും കൂടുതലായിരിക്കും.

കുഞ്ഞു കരയുമ്പോൾ ക്ഷമയോടെ

വിശക്കുമ്പോൾ മാത്രമല്ല, മൂത്രമൊഴിച്ച് ഡയപ്പറോ തുണിയോ നനഞ്ഞും കുഞ്ഞ് കരയാം. ‘മൂത്രമൊഴിച്ചോ....സാരമില്ല, അമ്മ മാറ്റിത്തരാലോ....’ എന്ന് സാവധാനം സംസാരിച്ചാൽ കുഞ്ഞിനും സന്തോഷമാകും. അമ്മയെന്താണ് ചെയ്യുന്നതെന്ന് കുഞ്ഞിനോട് പറഞ്ഞു കൊണ്ട് ഡയപ്പർ മാറ്റാം. കുഞ്ഞിനെ കൊഞ്ചിച്ചും പാട്ടു പാടിയും സമാധാനിപ്പിക്കണം. അപ്പോൾ ‘എന്തു വന്നാലും അമ്മയുണ്ട് എനിക്ക്’ എന്നൊരു ആത്മവിശ്വാസം കുഞ്ഞിനു കിട്ടും. മറിച്ച്, ‘യ്യോ, അമ്മേ ഓടി വാ കുഞ്ഞ് മൂത്രമൊഴിച്ചു....’ എന്ന് ബഹളം വച്ചാൽ കുട്ടി പേടിച്ചു പോകും. മൂത്രമൊഴിക്കുന്നത് എന്തോ വലിയ കുറ്റമാണെന്ന് തോന്നിയാൽ കുഞ്ഞ് പിന്നെ മൂത്രം പിടിച്ചു വയ്ക്കാൻ ശ്രമിക്കും. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഇതു കാരണമാകും.

കുളിപ്പിക്കുമ്പോഴും മോണ വൃത്തിയാക്കുമ്പോഴും ഡയപ്പർ മാറ്റുമ്പോഴും കുഞ്ഞ് അതിനപ്പുറം ചിലതു പഠിക്കുന്നുണ്ട്. ജീവിതത്തിലെ ചിട്ടയും സുരക്ഷിതത്വവും ദിനചര്യകളും കുഞ്ഞ് അറിയാതെ തന്നെ ശീലിക്കുന്നുണ്ട്. സ്വന്തം ശരീരത്തെ അഭിമാനിക്കണമെന്ന് മനസ്സിലാക്കുന്നുണ്ട്. തൊട്ടും തലോടിയും കുളിപ്പിക്കുന്നതും പല്ലു തേക്കുന്നതും ലളിതമായെടുക്കാനും ആസ്വദിക്കാനും കുഞ്ഞു പഠിക്കും. കുഞ്ഞിന്റെ വൈകാരിക വികാസം കൂടി ഇതിനൊപ്പം നടക്കുന്നുണ്ടെന്ന് അച്ഛനും അമ്മയും അറിയണം. കൃത്യമായൊരു സമയം വച്ചു തന്നെ കുഞ്ഞിനെ കുളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുക. കുഞ്ഞിന്റെ കണ്ണിൽ നോക്കി വേണം ഇതെല്ലാം ചെയ്യാൻ.

ടോയ്‌ലെറ്റ് പരിശീലന സമയത്ത് ഉണ്ടാകുന്ന ഭയത്തിൽ നിന്നോ അരക്ഷിതാവസ്ഥയിൽ നിന്നോ ആണ് ഒസിഡി പോലുള്ള രോഗാവസ്ഥകൾ ഉണ്ടാകുന്നത്.

ദാ പോണൂ പൂമ്പാറ്റ....

നടക്കാനിറങ്ങുമ്പോൾ കുഞ്ഞുവണ്ടിയിൽ അവളെയും കൂട്ടുക. പ്രകൃതിയാസ്വദിച്ച് ഉല്ലാസത്തോടെ നിങ്ങൾ നടക്കുമ്പോൾ കുഞ്ഞിലേക്കും ആ സന്തോഷം പകരും. പുറം ലോകവും മറ്റ് ആരോഗ്യകാര്യങ്ങളും അറിയാനുള്ള തുടക്കമാകട്ടെ ഈ നടത്തം. വാഹനങ്ങളെ ചീത്തവിളിച്ചും പൊടിയെക്കുറിച്ച് പരാതി പറഞ്ഞും മുഖം ചുളിച്ചാണ് നടത്തമെങ്കിൽ ഇത് അത്ര സുഖമുള്ള കാര്യമല്ല എന്നാകും കുഞ്ഞ് മനസ്സിലാക്കുന്നത്.

ഇടയ്ക്കിടെ നിന്ന്, ഇലയിലും പൂക്കളിലും തൊടുവിച്ചും മണപ്പിച്ചും പക്ഷികളെയും പൂമ്പാറ്റയെയും കാണിച്ചും പറഞ്ഞു കൊടുത്തും പുതിയ കാര്യങ്ങൾ കുഞ്ഞിന് പരിചയപ്പെടുത്തുക. കുഞ്ഞു നടക്കുമ്പോൾ കൂടെ നടക്കുക. ശബ്ദമുണ്ടാക്കുമ്പോൾ അതുപോലെ തിരിച്ചു ശബ്ദമുണ്ടാക്കുക. അതെല്ലാം ആസ്വദിക്കാൻ അവൾ പഠിക്കട്ടെ.

കളിയും വ്യായാമവും കുഞ്ഞിന്റെ സർഗശേഷിയെ ഉണർത്തുകയും വികസിപ്പിക്കുകയും ചെയ്യും. തലച്ചോറിന്റെ വികാസത്തിനും പേശികളെ നിയന്ത്രിക്കാൻ പഠിക്കാനും ശ്രദ്ധ കിട്ടാനും കളി സഹായിക്കും.

സംസാരം നേരത്തേയാക്കാൻ

കുഞ്ഞിന്റെ കണ്ണിൽ നോക്കി ചിരിച്ചു ഭക്ഷണം നൽകണമെന്ന് പറയാറുണ്ട്. കുഞ്ഞിനോട് അടുപ്പം തോന്നുന്ന രീതിയിൽ ഉയർന്ന ശബ്ദത്തിൽ വ്യക്തമായ വാക്കുകളോടെ സംസാരിക്കുക. പ്രത്യേക ഈണത്തിലും താളത്തിലും പറഞ്ഞാലും കുട്ടികളുടെ തലച്ചോറ് പെട്ടെന്ന് പുതിയ വാക്കുകൾ ഒപ്പിയെടുക്കും. ദിവസവും ഒരേ വാക്കുകൾ ആവർത്തിച്ചാൽ രണ്ടു വയസ്സിനു മുമ്പേ കുഞ്ഞ് സംസാരിച്ചു തുടങ്ങും. കുഞ്ഞുങ്ങളോടു സംസാരിക്കാത്ത അച്ഛനമ്മമാരുടെ മക്കൾ വൈകിയേ സംസാരിക്കൂ.

ലളിതമായ വാക്കുകളുപയോഗിച്ച് മുഴുവൻ വാചകങ്ങളായിത്തന്നെ സംസാരിച്ചോളൂ. എങ്ങനെ നല്ല വാചകങ്ങളുണ്ടാക്കാമെന്നും സംസാരിക്കാമെന്നും കുഞ്ഞു മനസ്സിലാക്കട്ടെ. ചുണ്ടിന്റെയും വായുടെയും ചലനങ്ങൾ കൂടുതൽ മനസ്സിലാകുന്ന രീതിയിൽ വാക്കുകൾ ഉച്ചരിക്കണം. ആദ്യം കുഞ്ഞിന്റെ പേരിൽ നിന്നു തുടങ്ങാം. അതു ശ്രദ്ധിച്ചു തുടങ്ങിയാൽ ഇടയ്ക്ക് പാട്ടിലൂടെയും കഥയിലൂടെയും അവളുടെ പേര് ചേർത്ത് പറയാം. കൂവി വിളിച്ചോ നിർത്താതെ ചിരിച്ചോ കാലിട്ടടിച്ചോ ആവാം കുഞ്ഞ് ഇതിനോടെല്ലാം പ്രതികരിക്കുന്നത്.

ആത്മവിശ്വാസമുള്ള കുട്ടിയായി വളരാൻ

അമ്മയുടെയും അച്ഛന്റെയും മുഖഭാവങ്ങളിൽ നിന്ന് കുഞ്ഞ് പലതും അറിയുകയും മനസ്സിലാക്കുകയും ചെയ്യും. എത്ര വിഷമം പിടിച്ച സന്ദർഭത്തിലും നിയന്ത്രണത്തോടെയും ശാന്തമായും സംസാരിക്കുന്ന അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ അത്തരം സന്ദർഭങ്ങളെ നേരിടാൻ ചെറു പ്രായത്തിലേ കുഞ്ഞിന് പരിശീലനം കിട്ടും. വികാരങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ളവരായി അവർ വളരും. അച്ഛനോ അമ്മയോ പേടിച്ചോ അസ്വസ്ഥരായോ കണ്ടാൽ അവരും അത് അനുകരിക്കാൻ ശ്രമിക്കാം.

നിങ്ങളുടെ കൈയിൽ നിന്ന് അറിയാതെ ഒരു കപ്പ് നിലത്തു വീണു പൊട്ടിയെന്നിരിക്കട്ടെ. കുഞ്ഞ് അടുത്തുണ്ടെന്നോർക്കാതെ അയ്യോ....എന്നു പറഞ്ഞു പോകാം. കുഞ്ഞു മനസ്സ് ഇതെല്ലാം ഒപ്പിയെടുക്കുന്നുണ്ടാകും. ഇതേ സന്ദർഭം കുഞ്ഞിന്റെ ഭാഗത്തു നിന്നുണ്ടായാലും ഊ....അയ്യോ.... എന്നൊക്കെ അവൾ പ്രതികരിക്കാം, പേടിയും തോന്നാം. അതു സാരമില്ല വാവേ....അമ്മയിത് വൃത്തിയാക്കിക്കോളാം എന്നു പറഞ്ഞ് സമാധാനിപ്പിച്ചാൽ കുഞ്ഞിന് സന്തോഷമാകും.

നടന്നു തുടങ്ങുമ്പോൾ അയ്യോ വീഴും എന്ന രീതിയിൽ പ്രതികരിച്ചാൽ കുഞ്ഞിന്റെ ആത്മവിശ്വാസം നഷ്ടമാകും. എന്തു ചെയ്യുമ്പോഴും കുഞ്ഞിനെ ഈ ചിന്ത പുറകോട്ടു വലിക്കും.

സ്പർശം എന്ന ഭാഷ

സ്പർശത്തിന് ബന്ധങ്ങളിൽ അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കാനാകും. അമ്മയുടെയും കുഞ്ഞിന്റെയും ചർമങ്ങൾ തമ്മിൽ സ്പർശിക്കുമ്പോൾ നവജാതശിശുവുമായുള്ള ആശയവിനിമയം പോലും നടക്കും. കുഞ്ഞിനെ ശരീരത്തോട് അടുപ്പിച്ച് കിടത്താൻ ശ്രദ്ധിക്കുക. കുട്ടിയെ ഉറക്കുമ്പോൾ മെല്ലെ തട്ടിയുറക്കുക. മയക്കത്തിലേക്കു കടന്നു കഴിഞ്ഞാലും അൽപസമയം കൂടി മെല്ലെ തട്ടുന്നതോ തലോടുന്നതോ നല്ലതാണ്. ഇത് കുഞ്ഞിന്റെയുള്ളിൽ സുരക്ഷിതത്വ ബോധം വളർത്തും.

കുഞ്ഞിന്റെ ആദ്യത്തെ അധ്യാപകർ അച്ഛനമ്മമാരാണ്. ലോകത്തോടും മറ്റെല്ലാവരോടും വിശ്വാസവുമായാണ് കുഞ്ഞ് ജനിക്കുന്നത്. ഇടപെടലുകളിലൂടെ കുഞ്ഞിലെ ഈ വിശ്വാസം ശരിയായ രീതിയിൽ വളർത്തുകയാണു വേണ്ടത്.

എല്ലാരുമുണ്ടല്ലോ എന്റെ കൂടെ

കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ വീട്ടിലെ മറ്റംഗങ്ങൾ കൂടെയിരിക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും വളരും. ഞാനും കുടുംബന്ധത്തിലെ അംഗമാണല്ലോ, ഇവരെല്ലാം എന്റെ കൂടെയുണ്ടല്ലോ എന്ന തോന്നലുണ്ടാക്കും. സാധാരണ കുഞ്ഞിന്റെ ഭക്ഷണസമയവും മുതിർന്നവരുടെതും വ്യത്യസ്തമായിരിക്കും. അതു മാറ്റി സമയം പരസ്പരം ക്രമീകരിക്കുക. എല്ലാ തവണയും സാധിച്ചില്ലെങ്കിലും ഒരു നേരമെങ്കിലും എല്ലാവരും ചേർന്ന് സന്തോഷ ത്തോടെ കുഞ്ഞിന് ആഹാരം കൊടുക്കുക. അത് നൽകുന്ന പൊസിറ്റീവ് എനർജി വലുതാണ്. നിങ്ങൾ കഴിക്കുമ്പോൾ മടിയിലിരുത്തി അവളെയും തനിയെ കഴിക്കാൻ അനുവദിക്കുക. പ്ലേറ്റിൽ നിന്ന് ഭക്ഷണം പുറത്തു വീണാലും വഴക്കു പറയാതെ അവരുടെ ഇഷ്ടത്തിനു വിടുക. എന്തൊക്കെയാണ് കഴിക്കുന്നത് എന്ന് അവളോടു സംസാരിക്കുക. അതിന്റെ രുചിയെന്താണ്, നിറമെന്താണ് എന്നും പറഞ്ഞു കൊടുക്കുക. ഭക്ഷണം കഴിക്കുന്നത് ഒരുമയോടെ ചെയ്യേണ്ടതാണെന്ന് അവളെ പതിയെ മനസ്സിലാക്കുകയാകണം ലക്ഷ്യം.

അമ്മ വന്നല്ലോ, മോളു കരയല്ലേ

കുടുംബാംഗങ്ങൾ പരസ്പരം സ്നേഹിക്കുന്നതും ബന്ധം ദൃഢമാക്കുന്നതും കണ്ടുതന്നെ കുഞ്ഞു വളരണം. കുഞ്ഞിനു മുന്നിൽ വച്ച് ഇടയ്ക്കെങ്കിലും അച്ഛനും അമ്മയും തമ്മിലോ ഓമന മൃഗങ്ങളോടോ സ്നേഹത്തോടെ പെരുമാറുന്നതും ഇഷ്ടത്തോടെ സംസാരിക്കുന്നതും കാണാൻ അവസരമുണ്ടാക്കുക. സ്നേഹവും കരുണയും സൗഹൃദവുമെല്ലാം കുഞ്ഞിന്റെ സ്വഭാവത്തിന്റെ ഭാഗമായി മാറും.

ഓഫിസിൽ പോകാനിറങ്ങുമ്പോഴാണ് വാവ വീട് രണ്ടാക്കുന്ന പോലെ കരച്ചിൽ തുടങ്ങിയത്. അമ്മ കുട്ടിയെ വിട്ട് പോകുന്നത് ഇതാദ്യമാണ്. സഹിക്കാനാവില്ല. ആറും എട്ടും മാസമാ കുമ്പോഴാണ് കുഞ്ഞുങ്ങളിൽ സെപറേഷൻ ആങ്സൈറ്റി ഉണ്ടാകുന്നത്. അമ്മ എന്നെ വിട്ട് പോകുമോ എന്ന പേടിയാണത്. ഇതുണ്ടാകാതിരിക്കാൻ ഇടയ്ക്ക് കുഞ്ഞിനോട് അമ്മ ഇപ്പൊ വരാം എന്നു പറഞ്ഞ് അടുത്ത മുറിയിലോ മറ്റോ പോകാം. കരഞ്ഞു തുടങ്ങിയാലും അൽപം സമയം കഴിഞ്ഞ് മാത്രം തിരിച്ചു വരിക. ദാ, അമ്മ വന്നല്ലോ, വാവ എന്തിനാ കരയുന്നേ എന്നു പറഞ്ഞ് കെട്ടിപ്പിടിച്ച് മുത്തം കൊടുത്തോളൂ. ക്രമേണ ഇത് ശീലമാകും. ഓഫിസിൽ പോകാറാകുമ്പോഴേക്കും കുഞ്ഞ് സ്മാർടാകും.

ഒറ്റയ്ക്കാകുമോ എന്ന പേടി കൊണ്ടാണ് കുഞ്ഞ് കരയുന്നത്. തിരികെയെത്തി ആശ്വസിപ്പിക്കുമ്പോൾ അമ്മ പറയുന്നത്. കുഞ്ഞിന് മനസ്സിലാകുന്നില്ലെങ്കിലും അമ്മ വിട്ടു പോയാലും എന്നെന്നേക്കുമായി പോകുന്നതല്ലെന്നും താൽക്കാലികമാണിതെന്നും മനസ്സിലാകും.

അമ്മ പോലും അറിയാതെയാണ് കുഞ്ഞും അമ്മയും തമ്മിലുള്ള ആത്മബന്ധം ശക്തമാകുന്നത്. അമ്മയെപ്പോലെ പ്രധാനമാണ് അച്ഛനുമായുള്ള ബന്ധവും. അമ്മയിലൂടെ അടുക്കാൻ പഠിക്കുമ്പോൾ അച്ഛനിലൂടെ വ്യക്തിത്വം രൂപപ്പെടുത്താനും സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കുന്നു. കുഞ്ഞിന്റെ ഓരോ കാര്യത്തിലും അമ്മയും അച്ഛനും എത്രത്തോളം ശ്രദ്ധിക്കുന്നു, അവളെ സംരക്ഷിക്കുന്നു, സ്നേഹത്തോടെ ലാളിക്കുന്നു എന്നതെല്ലാം അനുസരിച്ചാണ് ബന്ധത്തിന് ദൃഢത ഏറുന്നത്.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സന്ദീഷ്.പി.ടി,ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,ഗവൺമെന്റ് മെന്റൽ ഹെൽത് സെന്റർ, കുതിരവട്ടം, കോഴിക്കോട്

സോഷ്യൽമീഡിയയിൽ കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ വരട്ടെ!!!

സോഷ്യൽ മീഡിയയില്ലാതെ ജീവിക്കാൻ വയ്യെന്ന സ്ഥിതിയാണ് പലർക്കും. എന്തിനും ഏതിനും ഫെയ്സ്ബുക്കിലൊരു ഫോട്ടോ അപ്‌ലോഡ് ചെയ്തില്ലെങ്കിൽ ഒരു ഗുമ്മില്ലെന്നാണ് വയ്പ്പ്. സ്വന്തം ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് തൃപ്തിയടയുക മാത്രമല്ല, ജനിച്ചു വീഴും മുന്‍പേ കുഞ്ഞുങ്ങളുടെ വിവരണങ്ങളും നിറവയറുമൊക്കെ അപ്‌ലോഡ് ചെയ്യലാണ് ഇപ്പോഴത്തെ ട്രെൻഡ്. 

പിന്നെ പിറന്നു വീണാലോ അപ്പോൾ തുടങ്ങി കുഞ്ഞിൻറെ ഓൺലൈൻ ജീവിതം. അവനറിയാതെ, അവന്റെ സമ്മതമില്ലാതെയാണ് അവന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യുന്നത്. ഇങ്ങനെ കുഞ്ഞുങ്ങളെ ഫെയ്സ്ബുക്കിലും മറ്റും പ്രദർശന വസ്തുവാക്കുന്നത് അവരുടെ വരുംകാല ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വെസ്റ്റേൺ സിഡ്നി സർവകലാശാലയിലെ ഗവേഷക ജോവാൻ ഒര്‍ലാൻഡോ പറയുന്നത്.

ചെറുപ്പക്കാരുടെ ചില ചിത്രങ്ങൾ കാണുമ്പോൾ അസഹിഷ്ണുതരാകുന്നവരാണ് നമ്മിൽ അധികവും. അത്തരം ആളുകൾക്ക് മറ്റുള്ളവരുടെ അത് സ്വന്തം കുട്ടികളുടെ ആയാലും ശരി പോസ്റ്റ് ചെയ്യാൻ അധികാരമുണ്ടോ എന്ന് ജോവാൻ ചോദിക്കുന്നു. ഒരു കൊല്ലം കുട്ടികളുടെ 100 ൽപ്പരം ചിത്രങ്ങൾ പോസ്റ്റ് ചെയ്യപ്പെടുന്നുവെന്നും അപ്പോൾ അവരുടെ അഞ്ചാം പിറന്നാളിന് മുൻപ് അവർ എത്ര തവണ ഫീച്ചർ ചെയ്യപ്പെടുന്നുവെന്നും മാതാപിതാക്കൾക്കുള്ള ചോദ്യമായി പഠനം മുന്നോട്ടു വയ്ക്കുന്നു. നിങ്ങളുടെ സമ്മതമില്ലാതെ കുട്ടിക്കാലത്തെ ചിത്രങ്ങൾ നിങ്ങളുടെ മാതാപിതാക്കൾ ഫെയ്സ്ബുക്കിൽ‌ പോസ്റ്റ് ചെയ്യുന്നുവെങ്കിൽ അത് നിങ്ങൾക്ക് എത്രമാത്രം അലോസരമാകുമെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.

അവർ കുത്തിക്കുറിക്കുന്ന ചിത്രങ്ങളും മൂളുന്ന പാട്ടുകളും നിഷ്കളങ്കമായ നൃത്തച്ചുവടുകളും കുറുമ്പുകളും ദേഷ്യപ്പെടലുകളും അവർ പോലുമറിയാതെ പകർത്തി നാം നമ്മുടെ സന്തോഷത്തിനായി പോസ്റ്റു ചെയ്യുമ്പോൾ നാം പോലുമറിയാതെ കുഞ്ഞുങ്ങൾ ടാഗ് ചെയ്യപ്പെടുകയാണ്. അറിയാതെ അത്തരം ഉത്തരവാദിത്വങ്ങൾ അവരിലേയ്ക്ക് അടിച്ചേൽപ്പിക്കപ്പെടുകയാണ്. അത് ഭാവിയിൽ കുട്ടികളെ ദോഷകരമായി ബാധിക്കുകതന്നെ ചെയ്യുമെന്ന് ജോവാൻ പറയുന്നു.

കുട്ടികളിലെ ചില സ്വഭാവവൈകല്യങ്ങളുടെ വിഡിയോകൾ പോലും പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്, മറ്റുള്ളവരിൽ നിന്നും ഉപദേശമോ സഹതാപമോ ഉദ്ദേശിച്ചാവും മാതാപിതാക്കൾ ഇങ്ങനെ ചെയ്യുന്നത്. എന്നാൽ അവരറിയാതെ ഒരു വലിയ തെറ്റ് ചെയ്യുകയാണ്. കുട്ടികളുടെ ചിത്രം പോസ്റ്റു ചെയ്യും മുൻപ് തിരിച്ചറിവുള്ള കുട്ടികളാണെങ്കിൽ അവരോട് അനുവാദം ചോദിച്ചിട്ട് മാത്രം ചെയ്യുക. ഇല്ലെങ്കിൽ വരും കാലത്ത് അവരുടെ ഇഷ്ടക്കേടിന് നിങ്ങൾ പാത്രമായെന്നുവരാം. അതിനാൽ സോഷ്യൽമീഡിയയിൽ കുട്ടികളുടെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് രണ്ട് വട്ടം ചിന്തിക്കുക.

തോൽവികൾ അവരെ ശക്തരാക്കും

കുട്ടികൾ എന്നും എപ്പോഴും ജയിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ് മാതാപിതാക്കൾ. കുട്ടികളുടെ പരാജയങ്ങൾ അവരേക്കാൾ മാതാപിതാക്കളെയാണ് ബാധിക്കാറ്. പഠനത്തിലായാലും വെറും കളികളിലായാലും തങ്ങളുടെ മക്കൾ അല്‍പം താന്നു പോയാൽ പിന്നെ മാതാപിതാക്കൾക്ക് ആധിയായി. വിജയങ്ങൾ ഒരു സ്റ്റാറ്റസ് സിംബലായി മാറിക്കഴിഞ്ഞു. എന്നാൽ കുഞ്ഞുങ്ങൾ ഇടയ്ക്കൊക്കെ പരാജയങ്ങള്‍ അറിഞ്ഞ് വളരണമെന്നാണ് വിർജിനിയയിലെ ആംഷെസ്റ്റ് കോളജ് ആന്‍ഡ് യൂണിവേഴ്സിറ്റിയിലെ പഠനം പറയുന്നത്. 

പരാജയങ്ങൾ അവരെ കൂടുതൽ ശക്തരാക്കുമത്രേ. തോൽവികളിൽ നിന്ന് വിലയിരുത്താനും പുതിയ ക്ളൂകൾ കണ്ടെത്താനും അവരെ പ്രാപ്തരാക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ ചെറിയ തോൽവികളും പരാജയങ്ങളുമൊക്കെ ആവശ്യമാണത്രേ. തോറ്റു പോയെന്നോർത്ത് വിഷമിക്കാതെ പറ്റിയ തെറ്റെന്താണെന്ന് കണ്ടെത്തി അത് തിരുത്താൻ അവർക്ക് നിങ്ങളുടെ സഹായം ആവശ്യമാണെന്ന് ഓർമ വേണം.

കുഞ്ഞുങ്ങൾ പരീക്ഷയിലോ കളികളിലോ പിന്നോക്കമായി വരുമ്പോൾ വഴക്കു പറയാതെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാം. പ്രചോദനങ്ങൾ നൾകി അവരെ വഴികാട്ടാം. തോൽവികളിലൂടെയും അവർ വിജയത്തിന്‍റെ മധുരം നുണയട്ടെ. അതവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ നൽകുന്ന പാഠം വളരെ വലുതായിരിക്കും.

മൊബൈലും ടാബ്‌ലറ്റും കളിപ്പാട്ടമാക്കുന്ന കുട്ടികളിൽ ഓട്ടിസം വരാൻ സാധ്യത

ചെറിയ വയസ്സു മുതലേ മൊബൈലും ടാബ്‌ലറ്റും കളിപ്പാട്ടമാക്കുന്ന കുട്ടികളിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ കാണുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഓട്ടിസത്തിന്റെ വകഭേദമെന്നു പറയാമിതിനെ. ഓട്ടിസം ജനിതകവൈകല്യമാണ്, പക്ഷേ ഓട്ടിസം സ്പെക്ട്രം ഡിസോഡറിന് കാരണം സാഹചര്യങ്ങളും. ആശയവിനിമയശേഷി കുറയുന്നതും കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയാതിരിക്കുന്നതുമാണ് ലക്ഷണങ്ങൾ.

അച്ഛനോ അമ്മയോ മറ്റുള്ളവരോട് ഇടപെടുന്നതും സംസാരിക്കുന്നതും എങ്ങനെയാണെന്നു ശ്രദ്ധിച്ചാണ് കുഞ്ഞും പഠിക്കുന്നത്. മറ്റൊരാളുടെ സ്പർശനത്തിനും ശബ്ദത്തിനും നോട്ടത്തിനു പോലും കുഞ്ഞിൽ സ്വാധീനമുണ്ടാക്കാനാകും. മുതിർന്നവരുടെ പോലും സാമൂഹിക ഇടപെടലുകൾ നഷ്ടപ്പെടുത്തുന്നതാണ് ഗാഡ്ജറ്റസിന്റെ അമിത ഉപയോഗം. മൊബൈലിൽ കളിക്കുമ്പോഴും ടിവി കാണുമ്പോഴും ചുറ്റുമുള്ളവരിൽ നിന്ന് ഒറ്റപ്പെട്ടു പോകുന്ന കുട്ടിക്ക് അതിൽ മാത്രമേ ശ്രദ്ധിക്കാൻ പറ്റൂ. അതിഥികൾ വന്നാലും ടിവി പരിപാടിയിലോ മൊബൈൽ ഗെയിമിലോ മുഴുകിയിരിക്കുന്ന കുട്ടികൾ പതിവു കാഴ്ചയാകുന്നത് അങ്ങനെയാണ്.

കഥയിലൂടെ കാക്കയെക്കുറിച്ച് അറിയുന്ന കുട്ടി മനസ്സിൽ കാക്കയെ ഭാവനയിൽ കാണാൻ ശ്രമിക്കും. കാർട്ടൂണിലൂടെയും ഗെയിമിലൂടെയും ‘റെഡിമെയ്ഡ്’ കാക്കയെയാണ് കുഞ്ഞ് കാണുന്നത്. സ്ക്രീനിൽ വരുന്നത് കാക്കയാണെന്നു പറഞ്ഞു കൊടുക്കാൻ കൂടെ ആരുമില്ലെങ്കിൽ ആശയവിനിമയം തീരെ നടക്കാതെയും പോകും. കാറ്റു വീശുന്നതും പക്ഷികൾ പറക്കുന്നതും അനുഭവത്തിലൂടെ അറിയുന്നതിനു പകരം മൊബൈലിലും ടിവിയിലും കണ്ട് അറിയുമ്പോൾ ലോകം മുറിക്കുള്ളിലെ ചെറിയൊരു ചതുരസ്ക്രീനിൽ ഒതുങ്ങിപ്പോകും.

മാതാപിതാക്കൾ ചേയ്യേണ്ടത്

പണ്ടു കാലത്ത് മൊബൈലോ ടിവിയോ അല്ല കുട്ടികൾക്ക് കഥകൾ പറഞ്ഞുകൊടുത്തിരുന്നത്. കഥകൾ അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ കേൾക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ പലതാണ്. കഥ പറയുമ്പോൾ കുഞ്ഞ് ഇടയ്ക്ക് സംശയങ്ങൾ ചോദിക്കും. കഥയ്ക്കു പുറമെയുള്ള മറ്റു കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും കഥയോടു ബന്ധപ്പെടുത്തി പറയാം. കേട്ടിരിക്കാനുള്ള ക്ഷമ വളർത്താനും നല്ലതാണ്. കഥയിലൂടെ കിട്ടുന്ന ഗുണപാഠം അവരെ മറ്റു മാധ്യമങ്ങളേക്കാളേറെ സ്വാധീനിക്കുകയും ചെയ്യും. അച്ഛന്റെ ശ്രദ്ധ കിട്ടുന്നു അല്ലെങ്കിൽ അമ്മയെന്നെ കെയര്‍ ചെയ്യുന്നു എന്ന തോന്നൽ കുഞ്ഞിന് പൊസിറ്റീവ് എനർജി നൽകും. കഥ പറയുന്നവരോടുള്ള സ്നേഹവും അടുപ്പവും ബന്ധവും കൂടുന്നു. നിലവാരമുള്ള കഥാപുസ്തകങ്ങളാണ് വളരുന്ന പ്രായത്തിൽ കുഞ്ഞുങ്ങൾക്കു നല്ലത്.

മികച്ച അച്ഛനും അമ്മയും ആകാൻ ചില ടിപ്സുകൾ

നല്ല അച്ഛനും അമ്മയും ആകാന്‍ കഴിയുക എന്നത് ഏതൊരു രക്ഷകര്‍ത്താവിന്‍റെയും ആഗ്രഹമാണ്. എന്താണ് മികച്ച രക്ഷകര്‍ത്താവിന് വേണ്ട ഗുണങ്ങള്‍ ?  എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മികച്ച അച്ഛനോ അമ്മയോ ആകാന്‍ കഴിയും ! എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കുള്ള ചില ഉത്തരങ്ങള്‍ ഇവയാണ്.

1. സ്വന്തം കാര്യങ്ങള്‍ക്ക് സമയം മാറ്റി വക്കുക. മികച്ച രക്ഷകര്‍ത്താവാകാനുള്ള ശ്രമത്തില്‍ മുഴുവന്‍ സമയവും കുട്ടികള്‍ക്ക് വേണ്ടി മാറ്റി വക്കുന്ന ആളാണോ നിങ്ങള്‍. എങ്കില്‍ അത് തെറ്റായ മാതൃക സൃഷ്ടിക്കും. സ്വന്തം കാര്യങ്ങള്‍ക്കും സമയം മാറ്റിവക്കുക. എങ്കില്‍ മാത്രമേ താന്‍ മറ്റൊരു വ്യക്തിയാണെന്ന ബോധം ചെറുപ്പത്തിലെ കുട്ടികളില്‍ ഉണ്ടാകൂ. ഇത് അവരുടെ വ്യക്തിത്ത്വ വികാസത്തിനും ശരിയും തെറ്റും തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ എടുക്കാനും സഹായകമാകും.

2. പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുക. പ്രശ്നങ്ങളും പ്രതിസന്ധികളും സ്വാഭാവികമാണ്. ഈ പ്രശ്നങ്ങള്‍ പലപ്പോഴും പരിഹരിക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഈ പ്രശ്നങ്ങളെ മുന്‍കൂട്ടി കണ്ടറിഞ്ഞ് അവ ഒഴിവാക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് പഠനത്തില്‍ പിന്നോട്ടാണെങ്കില്‍ കൂടുതല്‍ സമയം പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം എന്ത് കൊണ്ട് പഠനത്തില്‍ പിന്നോട്ടാകുന്നു എന്ന് കണ്ടെത്തുക. അത് പരിഹരിക്കുക.

3. ഉത്തരം കണ്ടെത്തി നല്‍കാതെ അവ കണ്ടെത്താന്‍ മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുക. ക്ലാസില്‍ നിന്ന് ലഭിച്ച കണക്ക് ഹോം വര്‍ക്കായാലും ചെറിയ സംശയങ്ങളായാലും ഉത്തരവും പരിഹാരവും കണ്ടെത്തി നല്‍കരുത്. അത് പഹിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുള്ള സ്രോതസ്സുകള്‍ കാണിച്ച് കൊടുക്കുക. എന്നിട്ട് സ്വയം പരിഹരിക്കാന്‍ കുട്ടികളെ ശീലിപ്പിക്കുക.

4. അമിത വിമര്‍ശനം ഒഴിവാക്കണം. നിനക്ക് ഒന്നും അറിയില്ലെന്ന കുറ്റപ്പെടുത്തലിന് പകരം ഒരിക്കല്‍ കൂടി ശ്രമിക്കാനോ ആലോചിക്കാനോ പറയാം. അത് കുട്ടികള്‍ക്ക് പ്രോത്സാഹനമാകും. ഒപ്പം ഭാവി ജീവിതത്തിലും പ്രതിസന്ധികളെ ക്ഷമയോടെ നേരിടാന്‍ ശീലിപ്പിക്കും.

5. കുട്ടികളെ താരതമ്യം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണെന്നത് സ്ഫടികത്തിലെ ചാക്കോ മാഷിന്‍റെ അനുഭവത്തില്‍ നിന്ന് നമുക്കെല്ലാം അറിയാം. ഓരോ കുട്ടിയും ഓരോ വ്യക്തിയാണ്. അവരെ അവരുടെ സാമര്‍ത്ഥ്യത്തിനനുസരിച്ച് വളരാന്‍ അനുവദിക്കുക.

6. കുട്ടികളെ എപ്പോഴും സംരക്ഷിച്ച് നിര്‍ത്തുന്നതും അപകടമാണ്. അവരെ തെറ്റുകള്‍ വരുത്താന്‍ അനുവദിക്കുക. കാരണം കുട്ടിയായിരിക്കെ വരുത്തുന്ന ചെറിയ ചെറിയ തെറ്റുകളില്‍ നിന്ന് അവര്‍ക്ക് ഭാവിയിലേക്ക് ആവശ്യമായ ഒരു പാട് പാഠങ്ങള്‍ പഠിക്കാനാകും.

7. വിലക്കുന്നതിന് പകരം പ്രത്യാഘാതങ്ങളെക്കുരിച്ച് ഓര്‍മ്മപ്പെടുത്താം. അത് ചെയ്യരുതെന്ന് പറയുന്നതിന് പകരം അത് ചെയ്താല്‍ എന്ത് പ്രത്യാഘാതമാകും ഉണ്ടാകുകയെന്ന ചിന്തിക്കാന്‍ പറയുക. ഇത് കുട്ടിക്ക് മുന്‍കരുതല്‍ പാഠങ്ങളാകും.

8. തന്‍റെ കുട്ടിക്ക് മികച്ച മാതൃകയാകണം താനെന്ന ചിന്ത മാറ്റി വക്കുക. സ്വാഭാവികതയോടെ പെരുമാറുക. ഇത് അപകര്‍ഷതാ ബോധവും അനാവശ്യ ഭയവും ഉണ്ടാകുന്നതില്‍ നിന്ന് കുട്ടിയെ സംരക്ഷിക്കും. പിരിമുറുക്കങ്ങളില്ലാതെ സ്വാഭാവികമായി ജീവിക്കാന്‍ അവരെ സഹായിക്കും.

‘എന്‍റെ അമ്മ സൂപ്പറാ...’ എന്ന് പറയിക്കണോ?...

കുട്ടികൾ അൽപം ശബ്ദം കൂടുതലുണ്ടാക്കിയാൽ ദേഷ്യം പിടിച്ച് ഒരൊറ്റ അലർച്ച. പറഞ്ഞാൽ അനുസരിച്ചില്ലെങ്കിൽ വടി, അടി... നിങ്ങളുടെ പ്രശ്നമെന്താണെന്നറിയാമോ? സത്യത്തിൽ നിങ്ങൾക്ക് ഒരു ‘കുട്ടി’ മനസ്സില്ല. കുട്ടിത്തം വിടാത്ത മനസ്സുണ്ടെങ്കിലേ മക്കളുടെ ലോകത്തേക്ക് ഇറങ്ങിച്ചെല്ലാനാവൂ. അവരെ ശരിയായി മനസ്സിലാക്കാൻ കഴിയൂ. നിങ്ങൾക്കു മുന്നിൽ അവരുടെ മഴവില്ലും കളിവീടുമെല്ലാമുള്ള ലോകം തുറന്നുവയ്ക്കണമെങ്കിൽ കുട്ടികളെ സദാ ശാസിച്ചുകൊണ്ടിരിക്കുന്ന ഈ സ്വഭാവം അങ്ങു മാറ്റിവച്ചോളൂ. എന്നിട്ട് മക്കൾക്കൊപ്പം മറ്റൊരു കുട്ടിയായി മാറാൻ ഇതാ ചില സൂപ്പർ െഎഡിയാസ്.

1. എനിക്കു കിട്ടി ന്യൂ ഫ്രണ്ട്സ്... 
വീട്ടിൽ വെറുതെ വഴക്കുണ്ടാക്കുന്ന കുട്ടികളുെട പ്രധാന പ്രശ്നം അവർക്കു കൂടെക്കളിക്കാൻ സമപ്രായക്കാരില്ലാത്തതാകും. ഒന്നാലോചിച്ചു നോക്കൂ, രണ്ടു വീടിനപ്പുറം താമസിക്കുന്നവരെ നിങ്ങൾക്ക് അറിയുമോ? പിന്നെയാണ് കുട്ടികൾക്ക്. ഇന്നത്തെ വൈകുന്നേരം കുട്ടികൾക്ക് പുത്തൻ കൂട്ടുകാരെ കണ്ടെത്താൻ വിനിയോഗിക്കാം. മക്കളെയും കൂട്ടി നടക്കാനിറങ്ങുക. അയൽക്കാരെ സ്വയം പരിചയപ്പെടുത്തിയും കുശലം പറഞ്ഞും കുറച്ചു കൂട്ടുകാരെ ഉണ്ടാക്കാം. കുട്ടികൾക്കു മാത്രമല്ല, നിങ്ങൾക്കും നല്ല സപ്പോർട്ടിങ് സിസ്റ്റം ആയിരിക്കും ആ വീടുകൾ. ആവശ്യത്തിനു വിളിച്ചാൽ ഓടിയെത്താനും യാത്ര പോകുമ്പോൾ വീട് നോക്കാനും മക്കളെ ഇടയ്ക്കൊന്ന് വിശ്വസിച്ച് ഏൽപ്പിച്ച് പോകാനുമൊക്കെ ആളായല്ലോ.

2. ഈ സമ്മാനം ഞാനുണ്ടാക്കിയതാ..

ഷെൽഫ് നിറഞ്ഞിരിക്കുന്ന കാർഡ്ബോർഡുകളും മാസികകളും താഴെയിറക്കി പൊടി തട്ടിയെടുത്തോളൂ. വർണ്ണാഭമായ കാർഡുകൾ മക്കളുമൊരുമിച്ച് വീട്ടിൽത്തന്നെ തയാറാക്കാം. നാട്ടിലുള്ള മുത്തശ്ശനും മുത്തശ്ശിക്കും കുട്ടികൾ വരച്ച ചിത്രങ്ങളും അവർ കുറിച്ച സ്നേഹവാക്കുകളുമായി ഒരു കാർഡ് അയയ്ക്കൂ. കുട്ടിയുടെ പുഞ്ചിരിക്കുന്ന ചിത്രവും കാർഡിൽ ഒട്ടിക്കണം. അതു കയ്യിലെടുക്കുമ്പോൾ മറ്റൊന്നിനും പകർന്നു നൽകാനാകാത്ത ചിരി ആ മുഖങ്ങളിൽ വിടരും. കണ്ണും കരളും നിറഞ്ഞ ചിരി. സ്കൂളിലെ ഫ്രണ്ട്സിനും കസിൻസിനുമെല്ലാം ചെറിയ പാവകൾ, ബൊക്കെ, മാല എന്നിവയൊക്കെ ഉണ്ടാക്കി നൽകാം.

3. ഞാനിപ്പോ സ്റ്റേജിലാ പാടുന്നേ...

എന്തു ചെയ്യാനാണ് കുട്ടി ഏറ്റവും ഇഷ്ടപ്പെടുന്നതെന്ന് ശ്രദ്ധിക്കൂ... ചിത്രരചനയിൽ താൽപര്യമുള്ള കുട്ടിയ്ക്ക് കാന്‍‌വാസ് വാങ്ങിനൽകാം. പാട്ടു പാടാനാണ് ഇഷ്ടമെങ്കിൽ പുത്തൻ പാട്ടുകൾ പഠിപ്പിച്ചു കൊടുക്കാം. ഇഷ്ടങ്ങൾ എന്തൊക്കെ ആയാലും കൈയടി നേടുന്നത് കുട്ടികൾക്ക് ഒത്തിരി സന്തോഷമുള്ള കാര്യമാണ്. അതുകൊണ്ട് അയൽക്കാരെയോ കൂട്ടുകാരെയോ ഒക്കെ വിളിച്ച് അവർക്കു മുന്നിൽ ഒരു ചെറിയ സ്റ്റേജ് ഒരുക്കി കുട്ടിയെ പാടിക്കാം. അംഗീകരിക്ക പ്പെടുന്നത് ആത്മവിശ്വാസം വളർത്തും. സഭാകമ്പവും മാറും. മാസത്തിലൊരു ദിവസം ഇത്തരം വേദികൾക്കായി സമയം കണ്ടെത്താം.

4. അമ്മേ... ‍ഞാൻ സുന്ദരിയാക്കിത്തരട്ടേ...

സ്വയം ഒരുങ്ങാനും മറ്റുള്ളവരെ ഒരുക്കാനും പെൺകുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമാണ്. ഒരു ദിവസം വൈകിട്ട് കുളിക്കുന്നതിനു മു മ്പുള്ള സമയം ഈ ‘കുട്ടി’ ബ്യൂട്ടീഷ്യനു മുന്നിൽ ഇരുന്നുകൊ ടുക്കുക. പൊട്ടു കുത്തിയും പൗഡറണിയിച്ചും അവസാനം ക ണ്ണാടി നോക്കുമ്പോൾ നിങ്ങൾക്ക് എല്ലാ ടെൻഷനും മറന്ന് പൊ ട്ടിച്ചിരിക്കാനാകും. മക്കൾക്കും ചെയ്തുനൽകാം ചില ബ്യൂട്ടി ട്രീറ്റ്മെന്റ്സ്. നഖം വെട്ടി നെയിൽ പോളിഷ് അണിയിക്കാം. തല ഓയിൽ മസാജ് ചെയ്തു ഷാംപൂ ചെയ്യാം.

5. ഓൺ യുവർ മാർക്സ്... സെറ്റ്... ഗോ...

സ്കൂളുകളിൽ സ്പോർട്സ് ഡേ ഉള്ളതുപോലെ വീട്ടിലും ഇടയ്ക്കൊരു കായിക ദിനം. മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം കായിക ഇനങ്ങള‍്‍ തീരുമാനിക്കുക. അടുത്ത ബ ന്ധുക്കളെയും അയൽക്കാരെയുമൊക്കെ പങ്കെടുപ്പിച്ച് സ്പോർട്സ് ഡേ പരിപാടികൾ സൂപ്പറാക്കാം. വിജയികൾക്കു ചെറിയ സമ്മാനങ്ങളും കരുതണം. ഇതിന്റെ തുടർച്ച പോലെ എല്ലാ ദിവസവും കുട്ടികളെയും കൂട്ടി ലഘുവ്യായാമം ചെയ്യുന്നതും ശീലമാക്കാം. ചെറുപ്പത്തിലേ പഠിക്കട്ടെ, വ്യായാമത്തിന്റെ ആ വശ്യകത.

6. ഇന്നു മുഴുവൻ പോസ്റ്റുമാനൊപ്പം

‘അമ്മേ ഈ പോസ്റ്റ്മാൻ ചേട്ടനെവിടുന്നാ കത്തൊക്കെ കി ട്ടുന്നേ...’ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം നൽകുമെന്ന് ടെൻഷനടിക്കേണ്ട. അടുത്ത വീട്ടിലെ സുഹൃത്തിന് കുട്ടിയെക്കൊണ്ട് കത്തെഴുതിക്കുക. തപാൽപെട്ടിയിൽ കത്തിടുന്നതും പോസ്റ്റ്മാൻ വന്നെടുക്കുന്നതും കത്തുമായി പോസ്റ്റ് ഒാ ഫിസിൽ പോകുന്നതും എല്ലാം കാണിച്ചുകൊടുക്കുക.

ബാങ്കിൽ പോകുമ്പോഴും കറന്റ് ബിൽ അടയ്ക്കാൻ പോകു മ്പോഴുമെല്ലാം മക്കളെ കൂടെ കൂട്ടിയാൽ ഒാഫിസുകളും അ വയുടെ പ്രവർത്തനരീതിയും കണ്ടുപഠിക്കാൻ അവർക്കും അവസരമാകും.

7. അടുക്കളയിന്നു ഞങ്ങളുടെയാ...

ചപ്പാത്തിക്കു മാവ് കുഴയ്ക്കുമ്പോൾ അതിൽ നിന്ന് അ പം എടുത്ത് കുഞ്ഞിക്കൈകളും ചപ്പാത്തി പരത്താറില്ലേ? അമ്മ ചെയ്യുന്ന ഒരു വലിയ കാര്യം ചെയ്യാൻ അവ രം കിട്ടുന്നത് അവർക്ക് വല്യ ഗമയുള്ള കാര്യമാണ്. കുട്ടികളുടെ പാചകപരീക്ഷണങ്ങൾക്കായി അൽപസമയം വിട്ടു കൊടുത്തോളൂ. മുതിർന്ന കുട്ടികളാണെങ്കിൽ അവർ തന്നെ മെനു തീരുമാനിക്കട്ടെ. മെനു അനുസരിച്ച് വേണ്ട സാധനങ്ങൾ വാങ്ങാനും മക്കളെ കൂട്ടാം. ചേരുവകളുടെ പേരുകളും മറ്റും പഠിച്ചിരിക്കട്ടെ. ഒരുമിച്ച് പാചകം ചെയ്യുന്നതും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതുമെല്ലാം ബന്ധങ്ങളെ കൂടുതൽ ദൃഢമാക്കും.

8.ചൈനക്കു പോവാണല്ലോ..

‘ഹേയ്, കുട്ടൂസ് നമ്മളിന്ന് ചൈനയിലെ ഫൂഡ് ആണ് കഴിക്കാൻ പോകുന്നത്’ എന്നു കേട്ടാൽ ഏതു കുസൃതിക്കുടുക്കയാണ് ചാടി വീഴാത്തത്. അതിനു മുമ്പ് ‘ചൈന എവിടെയെന്നു കണ്ടു പിടിക്കൂ’ എന്നു പറഞ്ഞ് ഗ്ലോബ് എടുത്ത് കയ്യിൽ കൊടുക്കൂ. നാടിന്റെ ചരിത്രവും രസങ്ങളുമെല്ലാം മനസ്സിലാകുന്ന രീതിയിൽ കുട്ടികൾക്കു ചിത്രങ്ങൾ കാണിച്ചും പറഞ്ഞും കൊടുക്കുക. പിന്നെ വൈകുന്നേരം അമ്മയുടെ കൈകൊണ്ടുണ്ടാക്കിയ സ്പെഷൽ ചൈനീസ് ഡിഷ്. അല്ലെങ്കിൽ അടുത്തുള്ള ചൈനീസ് റസ്റ്ററന്റിൽ നിന്ന് ഡിന്നർ. ഈ വീക്കെൻഡിൽ ചൈനയെങ്കിൽ അടുത്ത തവണ ഫ്രാൻസിലേക്കോ ഇ റ്റലിയിലേക്കോ ആവാമല്ലോ ഈ യാത്ര.

9. ഇന്നു ട്രഷർ ഹണ്ട് ചെയ്യാം

മക്കളുടെ പിറന്നാളിനും പരീക്ഷക്കു നല്ല മാർക്ക് വാങ്ങുമ്പോഴുമെല്ലാം സമ്മാനങ്ങൾ വാങ്ങിക്കൊടുക്കാറില്ലേ? അതൽപം രസകരമായി നൽകാനുള്ള വഴിയാണ് ട്രഷർ ഹണ്ട്. കുട്ടിവീരന്മാർക്കും വീരത്തികൾക്കും ഏറെ ഇഷ്ടപ്പെടും ഈ കളി.

വളരെ നാളായി ആഗ്രഹിക്കുന്നൊരു സമ്മാനം വേണം നിധി വേട്ടയിലൂടെ സമ്മാനിക്കാൻ. ഒരു ക്ലൂ കൊടുത്ത് അതിൽനിന്ന് മറ്റൊരു ക്ലൂവിൽ എത്തിച്ചേരും പോലെ വേണം നിധി വേട്ട. ഓരോ ക്ലൂവും നേടേണ്ടത് ഓരോ കടമ്പ കടന്നാകണം. കുടുംബാംഗങ്ങളുടെ കൈയിൽത്തന്നെ സൂചന നൽകുക. എന്തെങ്കിലും കുസൃതി ചോദ്യം ചോദിക്കുകയോ ജിഗ്സോ പസിൽ പോലുള്ള കളികൾ കളിപ്പിക്കുകയോ ചെയ്യാം. ശരിയായ ഉത്തരം നൽകുമ്പോൾ അടുത്ത സൂചന നൽകുക. അങ്ങനെ സമ്മാനത്തിൽ എത്തിക്കുക.

10. അടങ്ങിയിരിക്കാനും രസമാണല്ലോ..

ഓട്ടവും ചാട്ടവും മാത്രം പോരല്ലോ, ബുദ്ധിക്കും വേണ്ടേ ഉണ ർവ്. ചെസ്, കാരം ബോർഡ് പോലുളള കളികൾക്കായി ചില വൈകുന്നേരങ്ങളെ മാറ്റാമല്ലോ. ഈ സമയം കുട്ടിക്കാലത്ത് നിങ്ങൾ കളിച്ചിരുന്ന നിരയും ഈർക്കിലികൾ കൊണ്ടുള്ള കളികളുമെല്ലാം പറഞ്ഞുകൊടുക്കാൻ മറക്കേണ്ട. ഇത്തരം ക ളികൾ ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. ഓരോ ദി വസവും ഓരോ കളികൾ. കുട്ടികൾ ത്രില്‍ അടിക്കുമെന്നുറപ്പ്.

11. പലഹാരങ്ങളുണ്ടാക്കാം, വിൽക്കാം

മക്കളുടെ സുഹൃത്തുക്കളെയും കൂടെ കൂട്ടി എളുപ്പത്തിൽ ത യാറാക്കാവുന്ന പലഹാരങ്ങൾ ഉണ്ടാക്കി ചെറുകിട വിൽപന നടത്താം. റവയും മിൽക്മെയ്ഡും തേങ്ങാപ്പീരയും ചേർത്ത് റവ ലഡ്ഡു തയാറാക്കാം. ബിസ്കറ്റ് പൊടിച്ചതും വെണ്ണയും യോജിപ്പിച്ച് ഉരുളകളാക്കി ബിസ്കറ്റ് പൊടിയിൽ തന്നെ മു ക്കിയെടുത്താൽ പുതിയൊരു പലഹാരമായി. വിറ്റുകിട്ടുന്ന പണം കുട്ടികൾക്കു പോക്കറ്റ് മണി നൽകാം. അധ്വാനിച്ചു നേടിയ പണം കൊണ്ട് ഇഷ്ടമുള്ളത് സ്വന്തമാക്കുമ്പോഴുള്ള സുഖം, അത് അവർ പഠിക്കട്ടെ.

12. ഒാണം വന്നേ...

ഓണം വന്നാൽ പൂക്കളം, ക്രിസ്മസ് വന്നാൽ ക്രിസ്മസ് ട്രീ... ഇത്രയും മാത്രമാണോ വീട്ടിലെ ഒരുക്കങ്ങൾ. ഇതെല്ലാം എല്ലാ വീട്ടിലും ഉള്ളതല്ലേ? ആവർത്തനങ്ങൾ കുട്ടിയെ ബോറടിപ്പിക്കും. ഈ ഒാണത്തിന് കുട്ടികൾക്കൊപ്പം കുരുത്തോല കെട്ടി വീടിനു മുന്നിൽ അലങ്കാരങ്ങൾ തീർക്കാം. ഓണത്തപ്പനെ ഉണ്ടാക്കാം. ദീപാവലിക്ക് വീടു മുഴുവൻ ദീപാലംകൃതമാക്കാം. ക്രിസ്മസ്സിന് പുൽക്കൂടും ക്രിസ്മസ് ട്രീയും മാത്രമല്ല, വീടാകെ പച്ചയും ചുവപ്പും നിറങ്ങളിലുള്ള തോരണങ്ങൾ തൂക്കി തീമിൽ അലങ്കരിക്കാം. കുട്ടികളെ കൂട്ടിയുള്ള ഇത്തരം ആഘോഷങ്ങൾ ജാതിമതഭേദമില്ലാതെ ജീവിക്കാൻ അവർക്ക് പ്രേരണ നൽകും.

13. നിങ്ങൾ എന്റെ കൂട്ടുകാരാണ്..

പാകമല്ലെങ്കിലും കുട്ടിയുടെ നല്ല ഉടുപ്പുകൾ കളയാന്‍ വിഷമമല്ലേ. ഇന്നലെ വരെ കീറിത്തുന്നിയ ഉടുപ്പ് മാത്രം ഇട്ടു നടന്ന ഒരു കുട്ടിക്ക് ഈ ഉടുപ്പുകൾ കിട്ടുന്നത് എത്ര സന്തോഷമായിരിക്കും എന്നു ചിന്തിച്ചു നോക്കൂ. അനാഥാലയത്തിലായാലും ആശ്രിതരുടെ മക്കൾക്കായാലും കൊടുക്കുന്നത് മക്കളുടെ കൂടി സാന്നിധ്യത്തിലായിരിക്കണം. നേടാൻ മാത്രമല്ല നൽകാനും പഠിക്കട്ടെ അവർ.

14. വായിക്കാനും രസമാണ്...

ഡിജിറ്റൽ ഗെയിമുകളോടാണ് കുട്ടികൾക്കെല്ലാം കമ്പം. അറിവ് നേടാനും ഏകാഗ്രത വർധിപ്പിക്കാനും വായനയെക്കാൾ നന്നായി മറ്റൊന്നില്ല. വീട്ടിൽ ഒരു ബുക്ക് ക്ലബ് തുടങ്ങിയാൽ അടുത്തുള്ള കുട്ടികള്‍ക്കുകൂടി ഉപകാരമാകും. കഥകൾ വായിച്ചു നൽകിയും പുസ്തകത്തിലെ ഒരു ഭാഗം നാടകമാക്കി അവതരിപ്പിച്ചും കുട്ടികളുടെ താത്പര്യം കൂട്ടാം. ആഴ്ചയിൽ ഒരു ദിവസം ബുക്ക് ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി മാറ്റിവയ്ക്കാം.

15. അടുത്ത വെക്കേഷന് നമ്മൾ..

‘അടുത്ത വെക്കേഷന് നമ്മൾ എങ്ങോട്ടാ അച്ഛാ...’ ഈ വെക്കേഷൻ കഴിയും മുമ്പേ കുട്ടികൾ ചോദിച്ചുതുടങ്ങും. ‘നോക്കാ’മെന്ന അലസ മറുപടിക്ക് പകരം മക്കളെ ഹാപ്പിയാക്കാൻ ഒരു വഴിയുണ്ട്. അടുത്ത വെക്കേഷൻ ട്രിപ് പ്ലാൻ ചെയ്യാൻ മാത്രം ഒരു ദിവസം മാറ്റിവയ്ക്കാം. ഏതു സ്ഥലത്തേക്കു പോകണം, കാണേണ്ടത് എന്തൊക്കെ എന്നിവയെല്ലാം തീരുമാനിച്ച് ബജറ്റിനനുസരിച്ച് ലിസ്റ്റ് തയാറാക്കാം. ആ അവധിക്കാലത്ത് ചെയ്യേണ്ട മറ്റു കാര്യങ്ങള്‍ക്കും പദ്ധതി തയാറാക്കാം. ഒപ്പം അടുത്ത ബന്ധുക്കളുടെ വീട്ടിൽ സന്ദർശനം നടത്താനും സമയം കണ്ടെത്തണം.

16. ഇവിടം ഇത്ര നല്ലതാണോ?

ഒഴിവ് കിട്ടിയാൽ ഷോപ്പിങ് മാളിൽ കറങ്ങാനിറങ്ങും. അല്ലെങ്കിൽ ഊട്ടി, െബംഗളൂരൂ... ഇതൊക്കെയാണോ പതിവ്? വീട്ടിനടുത്തുള്ള കുന്നുംപുറത്തെ കാറ്റു െകാണ്ടിട്ടുണ്ടോ? രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള പുഴയിലെ വെള്ളം കണ്ടിട്ടുണ്ടോ? തൊട്ടടുത്ത ബീച്ചിൽ വൈകുന്നേരം അൽപനേരം ഇരുന്നിട്ടുണ്ടോ? നാട്ടിൽ തന്നെ കുട്ടികളെയും കൂട്ടി ഒന്നു ചുറ്റാനിറങ്ങിയാൽ ഇതുവരെ കാണാതിരുന്ന പല കാഴ്ചകളും കാണാൻ കഴിയും. കുട്ടിക്ക് നാടിനെക്കുറിച്ചുള്ള ഇഷ്ടവും കൂടും. വഴിക്കു കഴിക്കാനുള്ള ഭക്ഷണം ഒരുക്കാനും കുട്ടികളെ കൂട്ടാം.

17. ഇന്നു വീട്ടില് ശുചിത്വമിഷനാ..

അടുക്കും ചിട്ടയും എന്നത് ശീലമല്ല, സ്വഭാവമാണ്. സ്വന്തം മുറി അടുക്കും ചിട്യുമായി സൂക്ഷിച്ചും ചുറ്റുപാടുകള്‍ വൃത്തിയാക്കിയുമാണ് ചെറുപ്പം മുതൽ ഈ സ്വഭാവം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്. വീട്ടിൽ വിശേഷാവസരങ്ങളുള്ളപ്പോൾ വൃത്തിയാക്കലിന്റെ ചുമതല കുട്ടികൾക്കു നൽകാം മക്കളുമൊന്നിച്ച് ശുചിത്വമിഷനിൽ ഏർപ്പെടുക. കഴിയുമെങ്കിൽ കുടുംബത്തിലുള്ള കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ക്ലീനിങ് ഏറ്റെടുക്കാം. അധ്വാനിച്ച് ക്ഷീണിച്ചെത്തുന്ന കുട്ടികൾക്ക് കുളി കഴിഞ്ഞു കഴിക്കാൻ ചൂടൻ സൂപ്പും നൂഡിൽസും. ആഹാ..

18. ഗോ ഗ്രീൻ...

അടയ്ക്കാക്കുരുവി, വണ്ണാത്തിക്കിളി, കരിയിലപക്ഷി, ഓലേഞ്ഞാലി... എത്ര പക്ഷികളെ മക്കൾക്കറിയാം? ഒരു ഒഴിവുദിവസം ഇവയെ പരിചയപ്പെടാൻ മാറ്റിവയ്ക്കാം. സൈക്കിളിലോ നടന്നോ സവാരിക്കിറങ്ങി കാണുന്ന മരങ്ങളുടെയും ചെടികളുടെയും പക്ഷികളുടെയുമെല്ലാം പേരുകൾ കുട്ടിക്ക് പറഞ്ഞുകൊടുക്കണം. പൂക്കളേയും പൂമ്പാറ്റയേയും അറിഞ്ഞ് പകൽ അവസാനിക്കുമ്പോൾ നക്ഷത്രങ്ങള്‍ക്കു കീഴെയിരുന്നു അത്താഴം കഴിക്കാം.

19. സർപ്രൈസ്... സർപ്രൈസ്...

അനിയത്തിയുടെ വക ചേട്ടനൊരു സർപ്രൈസ് സമ്മാനം കൊടുപ്പിക്കാം. അതുപോലെ തിരിച്ചും. ഗിഫ്റ്റ് വാങ്ങുന്നതും ഒളിപ്പിച്ചുവയ്ക്കുന്നതും കുസൃതിയുമെല്ലാം കുട്ടികൾ എൻജോയ് ചെയ്യും. സർപ്രൈസ് സമ്മാനം തന്നെ ആകണമെന്നില്ല. ഒരു യാത്രയോ, പാർട്ടിയോ ആവാം. കുടുബാംഗങ്ങളുടെയെല്ലാം ജീവിതത്തിലെ ചെറിയ സന്തോഷത്തിൽ പോലും പങ്കുചേരാൻ സർപ്രൈസുകൾ നൽകിയാൽ‌ ചെറിയ സന്തോഷങ്ങൾ വലിയ ആഘോഷമായി മാറും.

20. സ്മൈൽ പ്ലീീീീസ്....

ഇന്നു സുന്ദരിക്കുട്ടിയുടെ ഫോട്ടോ ഷൂട്ട് ഡേ ആണ് എന്നു പറഞ്ഞ് കുട്ടിയുമായി ചുറ്റാനിറങ്ങാം. സെൽ ഫോണിൽ കുട്ടിയുടെ വിവിധ വേഷങ്ങളിൽ വിവിധ ഭാവങ്ങളിലുള്ള ചിത്രങ്ങൾ എടുക്കാം. ചെറിയ ക്യാമറ കയ്യിൽ കൊടുത്ത് കുട്ടി ക്കൊണ്ട് അമ്മയുടെയും മറ്റു കുടുംബാംഗങ്ങളുടെയും ചി മെടുപ്പിക്കാം.

കുട്ടിക്ക് ഇഷ്ടപ്പെട്ട പട്ടിക്കുട്ടിയുെടയും കോഴിക്കുഞ്ഞുങ്ങളുടെയുമെല്ലാം ചിത്രങ്ങൾ ഇഷ്ടംപോലെ എടുക്കട്ടെ. പിന്നെ ഫോട്ടോഷൂട്ട് ദിനത്തിന്റെ ഒാർമയ്ക്കായി അവയിൽ മികച്ചത് ഫ്രെയിം ചെയ്തു വയ്ക്കാം

കടപ്പാട്-മനോരമ ഓണ്‍ലൈന്‍.കോം

അവസാനം പരിഷ്കരിച്ചത് : 5/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate