Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വൃക്കരോഗങ്ങള്‍ തടയാം

നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍

Help
video on kidney diseases

തെറ്റായ ജീവിതശൈലി സമ്മാനിച്ച രോഗങ്ങളാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത്. പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്ട്രോള്‍ പ്രശ്നങ്ങളുമൊക്കെ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൊണ്ട് നമ്മുടെ ഇടയില്‍ ഏറ്റവും കൂടുതലായി കാണുന്ന ജീവിതശൈലി രോഗമാണ് വൃക്കരോഗങ്ങള്‍. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ തുടങ്ങിയ പദങ്ങള്‍ മലയാളിക്ക് സുപരിചിതമാണ്. ചെറിയ പട്ടണങ്ങളില്‍പ്പോലും പുതിയ ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുന്നു. സമീപഭാവിയില്‍ നമ്മുടെ നാടിന് താങ്ങാനാകാത്ത വിധം വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് വൈദ്യശാസ്ത്ര ലോകത്തിന്റെ ആശങ്ക.

പ്രമേഹംതന്നെ മുഖ്യകാരണം


കേരളം പ്രമേഹത്തിന്റെ സ്വന്തം നാടെന്നാണ് അറിയപ്പെടുന്നത്. കേരളത്തില്‍ അടുത്തയിടെ വൃക്കരോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനയുടെ പ്രധാന കാരണം പ്രമേഹമാണ്. പ്രമേഹം ഉള്ളവരില്‍ 40 ശതമാനത്തോളം രോഗികള്‍ക്ക് 10 മുതല്‍ 15 വര്‍ഷം കഴിയുമ്പോള്‍ വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ഡയബറ്റിക് നെഫ്രോപതി എന്നു വിളിക്കുന്ന ഈ രോഗാവസ്ഥയുടെ പ്രധാന ലക്ഷണം മൂത്രത്തില്‍ ആല്‍ബുമിന്റെ സാന്നിധ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിയന്ത്രിക്കാത്തവര്‍ക്കാണ് വൃക്കരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍. കൂടാതെ രക്താതിസമ്മര്‍ദം ഉള്ളവര്‍ക്കും പുകവലിക്കുന്നവര്‍ക്കും, പാരമ്പര്യമായി കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹത്തെത്തുടര്‍ന്നുള്ള വൃക്കരോഗം ഉണ്ടെങ്കിലും സാധ്യത കൂടുതലാണ്. എലിപ്പനി, മലേറിയ, മറ്റു രോഗാണുബാധകള്‍ തുടങ്ങിയവ താല്‍ക്കാലിക വൃക്കസ്തംഭനം ഉണ്ടാക്കിയേക്കാം. എലിപ്പനി ഗുരുതരമാകുന്നതിന്റെയും മരണം സംഭവിക്കുന്നതിന്റെയും പ്രധാന കാരണം വൃക്ക തകരാറാണ്. വേദനസംഹാരി മരുന്നുകളുടെ അമിത ഉപയോഗവും ദുരുപയോഗവും വൃക്കസ്തംഭനത്തിന്റെ മറ്റൊരു പ്രധാന കാരണമാണ്. ആന്റിബയോട്ടിക്കുകള്‍, അര്‍ബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍, ലോഹാംശം അടങ്ങിയ ചില ഔഷധങ്ങള്‍ എന്നിവയുടെ ഉപയോഗവും താല്‍ക്കാലികമായ വൃക്കസ്തംഭനത്തിന് ഇടയാക്കാം. പ്രമേഹം കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍, വൃക്കകളിലുണ്ടാകുന്ന കല്ലുകള്‍, ഇടയ്ക്കിടെ ഉണ്ടാകുന്ന രോഗാണുബാധ, ചില പാരമ്പര്യ തകരാറുകള്‍ എന്നിവ സ്ഥായിയായ വൃക്കസ്തംഭനത്തിന് കാരണമാകാം.

വൃക്കരോഗ ലക്ഷണങ്ങള്‍


വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുഖത്തുണ്ടാകുന്ന നീരാണ്. പിന്നീട് കൈകാലുകളിലേക്കും നീര് വ്യാപിക്കുന്നു. നീരിനോടൊപ്പം മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം ഒഴിക്കുമ്പോള്‍ പത കാണുക, ക്ഷീണം, വിശപ്പില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയും വൃക്കരോഗങ്ങളുടെ സാമാന്യ ലക്ഷണങ്ങളാണ്. വൃക്കസ്തംഭനത്തെത്തുടര്‍ന്ന് രക്തത്തിലെ ലവണങ്ങളുടെയും യൂറിയ, ക്രിയാറ്റിന്‍ തുടങ്ങിയ ഘടകങ്ങളുടെയും നില ഉയരുന്നു. ഇത് ഛര്‍ദ്ദിലിനും ഓക്കാനത്തിനും കാരണമാകാം. രോഗം ഗുരുതരാവസ്ഥയിലെത്തുമ്പോള്‍ ശ്വാസംമുട്ടല്‍, അപസ്മാരം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. എന്നാല്‍, വൃക്കരോഗങ്ങള്‍ എപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമാക്കണമെന്നില്ല. അവ തികച്ചും നിശബ്ദമായി നമ്മോടൊപ്പം കൂടിയെന്നുവരും. രോഗം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമാകും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ഇവിടെയാണ് പ്രമേഹരോഗികളിലും മറ്റും പരിശോധനയുടെ പ്രസക്തി.

വൃക്കയിലെ കല്ലുകള്‍


വൃക്കസ്തംഭനത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വൃക്കകളിലും മൂത്രവാഹിനിക്കുഴലിലും മറ്റും കാണപ്പെടുന്ന കല്ലുകള്‍. വൃക്കകള്‍ അരിച്ചു പുറത്തുകളയുന്ന ലവണങ്ങളുടെ സാന്ദ്രത കൂടുമ്പോള്‍ അവ പരലുകളായി രൂപപ്പെട്ട് കല്ലുകളായി മാറുകയാണ്. മൂത്രനാളിയിലും മൂത്രസഞ്ചിയിലും മറ്റും ഉള്ള ഘടനാപരമായ തകരാറുകളും രോഗാണുബാധയും കല്ലുകള്‍ രൂപപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് വൃക്കയില്‍ കല്ലുണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍. 20-40നും മധ്യേ പ്രായമുള്ളവരിലാണ് കല്ലുകള്‍ ഏറ്റവും കൂടുതലായി രൂപപ്പെടുന്നത്. വിട്ടുവിട്ടുള്ള അടിയവറിലെ വേദനതന്നെയാണ് കല്ലുകളുടെ പ്രധാന ലക്ഷണം. നട്ടെല്ലിന് ഇരുവശവുമുള്ള ഭാഗത്തുനിന്ന് അടിവയറ്റിലേക്ക് പടരുന്ന വേദന വൃക്കയിലെ കല്ലുരോഗത്തിന്റെ സവിശേഷ ലക്ഷണമാണ്. മൂത്രം രക്തംകലര്‍ന്നു പോവുക, മൂത്രതടസ്സം, ഛര്‍ദ്ദില്‍, പനി, കുളിരും വിറയലും തുടങ്ങിവയാണ് മറ്റു ലക്ഷണങ്ങള്‍. മൂത്രപരിശോധന, എക്സ്റേ, സ്കാനിങ് തുടങ്ങിയ പരിശോധനകളിലൂടെ വൃക്കയിലെ കല്ലുകള്‍ കണ്ടുപിടിക്കാം. മരുന്നുകള്‍ ഉപയോഗിച്ചും വൃക്കയിലെ കല്ലുകള്‍ പൊടിച്ചുകളഞ്ഞുമാണ് ചികിത്സ നടത്തുന്നത്.

അനീമയയും കിഡ്‌നി രോഗങ്ങളും

 

 

എന്താണ് അനീമിയ?

ഒരു വ്യക്തിയുടെ രക്തത്തില്‍ ചുവന്ന രക്തകോശങ്ങള്‍ കുറവായി കാണപ്പെടുന്ന അവസ്ഥയാണ് അനീമിയ  . ചുവന്ന രക്തകോശങ്ങളാണ് ശരീരത്തിലെ കലകളിലേക്കും ( ടിഷ്യൂ )  അവയവങ്ങളിലേക്കും ഓക്സിജനെ എത്തിക്കുന്നത് . ഇത്തരത്തില്‍ ഇവ ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജത്തെ നിര്‍മ്മിക്കുന്നു.

ടിഷ്യൂവിനും അവയവങ്ങള്‍ക്കും - പ്രത്യേകിച്ച് ഹൃദയത്തിനും തലച്ചോറിനും - ഓക്സിജനില്ലാതെ അവയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവണ്ണം ചെയ്യുവാന്‍ സാധിക്കുകയില്ല. ഇക്കാരണംകൊണ്ടുതന്നെ , അനീമിയ ബാധിച്ച വ്യക്തി വിളറി , ക്ഷീണിച്ച രൂപത്തില്‍ കാണപ്പെടുന്നു.
കിഡ്‌നി രോഗങ്ങളുള്ളവരില്‍ അനീമിയ സാധാരണയായി കണ്ടുവരാറുണ്ട് . ആരോഗ്യമുള്ള കിഡ്‌നികള്‍ എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍
ഉല്പാദിപ്പിക്കുന്നു.  ഈ ഹോര്‍മോണ്‍ എല്ലിലെ മജ്ജയെ ( ബോണ്‍ മാരോ ) ഉത്തേജിപ്പിച്ച് ആവശ്യാനുസരണം ചുവന്ന രക്തകോശങ്ങളെ നിര്‍മ്മിക്കുന്നു.
പക്ഷെ രോഗമുള്ള കിഡ്‌നികള്‍ ആവശ്യാനുസരണം എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഉല്പാദിപ്പിക്കുന്നില്ല്ല. തല്‍ഫലമായി എല്ലിലെ മജ്ജ
വളരെ കുറച്ച് ചുവന്ന രക്തകോശങ്ങളെ മാത്രമേ ഉല്പാദിപ്പിക്കുന്നുള്ളൂ.

അയേണിന്റേയും ഫോളിക് ആസിഡിന്റേയും അളവ് കുറയുംതോറും അനീമിയ ഉണ്ടാകാം . ഭക്ഷണത്തില്‍ ഈ പോഷകങ്ങള്‍ ചുവന്ന രക്തകോശങ്ങളുടെ
നിര്‍മ്മാണത്തെ സഹായിക്കുന്നവയാണ് .


കിഡ്‌നി രോഗികളില്‍ എപ്പോഴാണ് അനീമിയ ഉണ്ടാകുന്നത് ?

കിഡ്‌നി രോഗത്തിന്റെ തുടക്കത്തില്‍ തന്നെ അനീമിയ ഉണ്ടാകും .


കിഡ്‌നി രോഗമുള്ളവരില്‍ അനീമിയ മാറുന്നതിനുള്ള ചികിത്സ നടത്തുന്നതെങ്ങനെ ?

എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍  തൊലിക്കടിയില്‍ ഇഞ്ചക്ട് ചെയ്യൂന്നതാണ് ഒരു രീതി .
എരിത്രോ പോയിറ്റിന്‍ ( EPO ) എന്ന ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുത്താല്‍ ഹീമോഗ്ലോബിന്‍ ലെവല്‍ 10gm/dL നും   12gm/dL  നും ഇടക്കാവുമെന്നാണ് നിഗമനം .
പക്ഷെ , അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഹീമോഗ്ലോബിന്‍ ലെവല്‍  12gm/dL ല്‍ കൂടിയാല്‍ ഹാര്‍ട്ട് അറ്റാക്ക്  ... തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെത്രെ! അതിനാല്‍  എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷന്‍ എടുക്കുന്ന

രോഗികളില്‍ ഇടക്കിടെ ഹീമോഗ്ലോബിന്‍ ലെവല്‍ കണക്കാക്കുന്നതിനുള്ള ടെസ്റ്റ് നടത്തണമെത്രെ !
ശരിയായ തോതില്‍ എരിത്രോ പോയിറ്റിന്‍ ( EPO ) ഇഞ്ചക്ഷന്‍ എടുത്തീട്ടും ഹീമോഗ്ലോബിന്‍ ലെവല്‍ ഉയര്‍ന്നില്ലെങ്കില്‍ അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ കണ്ടെത്തേണ്ടതാണ് .

അയേണ്‍

കിഡ്‌നി രോഗമുള്ളവരില്‍ എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷനോടോപ്പം അയേണ്‍ ഗുളികകളും നല്‍കിയാല്‍ മാത്രമേ രക്തത്തിലെ ഹീമോഗ്ലോബിന്‍ ലെവല്‍ ഉയരുകയുള്ളൂ. അതുപോലെതന്നെ , അയേണിന്റെ തോത് കുറവായ രോഗികളില്‍  എരിത്രോ പോയിറ്റിന്‍ ( EPO )  ഇഞ്ചക്ഷന്‍

നല്‍കുന്നതുകൊണ്ട് ഒരു ഗുണവും ഇല്ല . അയേണിന്റെ തോത് കണ്ടെത്തുവാന്‍ TSAT ടെസ്റ്റും ഫെറിറ്റിന്‍ ലെവല്‍ ഇന്‍ഡിക്കേറ്റര്‍ ടെസ്റ്റുമൊക്കെയുണ്ട് .

അനീമിയക്കുള്ള മറ്റ് കാരണങ്ങള്‍ എന്തെല്ലാം ?

വിറ്റാമിന്‍ ബി 12 ന്റേയും ഫോളിക് ആസിഡിന്റേയും കുറവ് കൊണ്ട് അനീമിയ ഉണ്ടാകാം .
എരിത്രോ പോയിറ്റിന്‍ ( EPO ) , വിറ്റാമിന്‍ ബി 12  , ഫോളിക് ആസിഡ് , അയേണ്‍ എന്നിവ ഉപയോഗിച്ചും അനീമിയക്ക് പരിഹാരമായില്ലെങ്കില്‍ മറ്റ് കാരണങ്ങള്‍ കൂടി അന്വേഷിക്കേണ്ടതുണ്ട് .

വയറിന്റെ പിന്‍‌വശത്ത് നട്ടെല്ലിന്റെ ഇരുവശത്തുമായി ഓരോ വൃക്കകള്‍ സ്ഥിതി ചെയ്യുന്നു . ഇത് പയര്‍ മണിയുടെ അകൃതിയിലാണ് സ്ഥിതിചെയ്യുന്നത് . രക്തത്തെ ശുദ്ധീകരിക്കുന്ന ജോലി വൃക്കകളാണ് ചെയ്യുന്നത് . വൃക്കകളില്‍ നിന്നുള്ള മൂത്രം മൂത്രനാളി വഴി  മൂത്രസഞ്ചി അഥവാ യൂറിനറി ബ്ലാഡറില്‍ എത്തിച്ചേരുന്നു. 200 അഥവാ 300 മില്ലീ ലിറ്റര്‍ മൂത്രമാകുമ്പോഴേക്കും നമുക്ക് മൂത്രമൊഴിക്കുവാനുള്ള ടെന്‍ഡന്‍സി ഉണ്ടാകുന്നു.
രക്തത്തെ ശുദ്ധീകരിച്ച് മൂത്രമുണ്ടാക്കുന്നത് കിഡ്‌നിയാണ് . ഹൃദയത്തില്‍ നിന്നുള്ള രക്തത്തിലെ 20 ശതമാനത്തോളം കിഡ്‌നിയിലൂടെയാണ് കടന്നുപോകുന്നത് . അതിനാല്‍ ഒരു ദിവസം ഏകദേശം 150 ലിറ്ററിനും 200 ലിറ്ററിനും ഇടക്ക് രക്തം കിഡ്‌നിയിലൂടെ പോകുന്നു എന്ന് മനസ്സിലാക്കേണ്ടതുണ്ട്
. ഇത്തരത്തില്‍ കടന്നു പോകുമ്പൊള്‍ ആവശ്യ വസ്തുക്കളെ ആഗിരണം ചെയ്തും അനാവശ്യ വസ്തുക്കളെ പുറം തള്ളുകയും അങ്ങനെ ഏകദേശം ഒന്നര ലിറ്ററോളം മൂത്രം ഉണ്ടാക്കുകയും ചെയ്യുന്നു . മാത്രമല്ല വെള്ളം അതികം കുടിച്ചാല്‍ അത് പുറത്തു കളഞ്ഞ് ഒരു ഫ്ലൂയിഡ് ബാലന്‍സ് ഉണ്ടാക്കുന്നു.
കൂടതെ ശരീരത്തിലെ സോഡിയം , പൊട്ടാസിയം , ഫോസ്‌ഫറസ് , കാത്സ്യം .... തുടങ്ങിയ മൂലകങ്ങളെ ശരിയായ തോതില്‍ നിലനിര്‍ത്തുന്നു . ശരിയായ തോതില്‍ എന്ന കാര്യം ഇവിടെ പ്രത്യേകം എടുത്തു പറയേണതാണ് . കാരണം ഇവയുടെ അളവ് ഒരു നിശ്ചിത പരിധിക്കുള്ളില്‍ നിന്ന് കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ് .  കിഡ്‌നിയിലെ റെനിന്‍ എന്ന ഹോര്‍മോണ്‍ ആണ് ബ്ലഡ് പ്രഷറിനെ നിയന്ത്രിക്കുന്നത് . അതായത് കിഡ്‌നിക്ക് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്കുണ്ട് എന്നര്‍ത്ഥം  . എരിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ കിഡ്‌നി ഉല്പാദിപ്പിച്ചാല്‍ മാത്രമേ രക്തം ഉണ്ടാകുകയുള്ളൂ . എല്ലിന്‍ ബലം കൊടുക്കുന്നതും തേയ്‌മാനം വരാതെ സൂക്ഷിക്കുന്നതും കിഡ്‌നിയാണ് . എല്ലിന്റെ പ്രധാന ഘടകം കാത്സ്യമാണല്ലോ . അത് ശരിയായ തോതില്‍ നിലനിര്‍ത്തുന്നതും കിഡ്‌നിയാണ്  . കിഡ്‌നി എഴുപത് അല്ലെങ്കില്‍ എണ്‍‌പത് ശതമാനം കുഴപ്പത്തിലായാല്‍ മാത്രമേ നമുക്ക് ഇക്കാര്യം അനുഭവപ്പെടുകയുള്ളൂ

ഡയാലിസിസ്


രക്തശുദ്ധീകരണ പ്രക്രിയവൃക്കരോഗങ്ങളുടെ ചികിത്സയിലെ പ്രധാന മാര്‍ഗമാണ് ഡയാലിസിസ് യന്ത്രത്തിലൂടെ രക്തം കടത്തിവിട്ട് ശുദ്ധീകരിക്കുന്ന പ്രക്രിയ. വൃക്കകളുടെ പ്രവര്‍ത്തനം 85 ശതമാനത്തിലധികം കുറയുമ്പോള്‍ ഡയാലിസിസ് വേണ്ടിവരും. ഹിമോ ഡയാലിസിസ്, പെരിട്ടോണിയല്‍ ഡയാലിസിസ് എന്നിങ്ങനെ രണ്ടുതരം ഡയാലിസിസ് ഉണ്ട്. ഹിമോ ഡയാലിസിസ് ചെയ്യുമ്പോള്‍ രോഗിയുടെ രക്തം ഡയലൈസര്‍ എന്നു വിളിക്കുന്ന കൃത്രിമ വൃക്കയിലൂടെ കടത്തിവിടുന്നു. ഡയലൈസറിലൂടെ കടന്നുപോകുന്ന രക്തത്തില്‍നിന്ന് മാലിന്യങ്ങളും അധികലവണങ്ങളും നീക്കംചെയ്യുകയും ശുദ്ധമായ രക്തം രോഗിയുടെ ശരീരത്തിലേക്കുതന്നെ കടത്തിവിടുകയും ചെയ്യുന്നു. വയറ്റിനുള്ളിലെ കുടലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ഇടയിലുള്ള പെരിട്ടോണിയല്‍ സ്ഥലത്തേക്ക് ഡയാലിസിസിനുള്ള ദ്രാവകം കടത്തിവിടുന്നു. പെരിട്ടോണിയല്‍ സ്തരത്തിലെ ചെറു രക്തക്കുഴലുകളില്‍നിന്ന് മാലിന്യങ്ങള്‍ പെരിട്ടോണിയല്‍ സ്ഥലത്തിനകത്തുള്ള ദ്രാവകത്തിലേക്ക് കടന്നുവരുന്നു. ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കിക്കളഞ്ഞ് രോഗിയുടെ രക്തം ശുദ്ധീകരിക്കപ്പെടുന്നു. ഇതാണ് പെരിട്ടോണിയല്‍ ഡയാലിസിസ്.

ഹിമോ ഡയാലിസിസ് ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താണ് നിര്‍വഹിക്കുന്നത്. എന്നാല്‍, ക്രമേണ ലളിതമായ പ്രക്രിയയായ പെരിട്ടോണിയല്‍ ഡയാലിസിസ് വീട്ടില്‍ത്തന്നെ ചെയ്യാന്‍കഴിയും. ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്നപ്രകാരം മരുന്നും ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളില്‍ ഡയാലിസിസ് ചെയ്യണം.വൃക്കരോഗികളുടെ ഭക്ഷണക്രമീകരണംവൃക്ക തകരാര്‍ ഉള്ളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കണം. ഉപ്പിലിട്ട അച്ചാറുകള്‍, പപ്പടം, ചോറിലും കഞ്ഞിയിലും ഉപ്പൊഴിച്ചു കഴിക്കുക തുടങ്ങിയവ ഒഴിവാക്കണം. കൊഴുപ്പ് അധികമായി അടങ്ങിയ വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കണം. വൃക്കസ്തംഭനം ഉള്ളവര്‍ക്ക് രക്തത്തിലെ പൊട്ടാസിയം നില കൂടാമെന്നതുകൊണ്ട് പൊട്ടാസിയം സമൃദ്ധമായി അടങ്ങിയ ഓറഞ്ച്, നാരങ്ങ, മുന്തിരങ്ങ, കരിക്കിന്‍വെള്ളം തുടങ്ങിയവ ഒഴിവാക്കണം. മാംസ്യം കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, മാംസവിഭവങ്ങള്‍ എന്നിവയും നിയന്ത്രിക്കണം. വൃക്കരോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാകണം കുടിക്കുന്ന വെള്ളത്തിന്റെ അളവ് തീരുമാനിക്കുന്നത്. ആരോഗ്യവാനായ ഒരു വ്യക്തി ദിവസവും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. എന്നാല്‍, വൃക്ക സ്തംഭനം ഉള്ളവര്‍ക്ക് മൂത്രത്തിന്റെ അളവ് കുറവായതിനാല്‍ കൂടുതല്‍ വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ നീരും ശ്വാസതടസ്സവും ഉണ്ടാകാനിടയുണ്ട്. വൃക്കയില്‍ കല്ലുകളുണ്ടാകുന്ന പ്രശ്നം ഉള്ളവര്‍ നിലക്കടല, ബീറ്റ്റൂട്ട്, ചോക്ക്ലേറ്റ്, തേയില എന്നിവയുടെ ഉപയോഗം നിയന്ത്രിക്കണം. ഇവയില്‍ അടങ്ങിയ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്ന് കല്ലുകള്‍ രൂപപ്പെടുന്നു. മത്തി, കരള്‍ തുടങ്ങിയവ മൂത്രത്തില്‍ കല്ലുള്ളവര്‍ ഒഴിവാക്കണം. ഇവയിലടങ്ങിയ പ്യൂറിന്‍ എന്ന മാംസ്യമാണ് കല്ലുണ്ടാക്കുന്നതിനു കാരണം. തവിടുകളയാത്ത ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ് എന്നിവയില്‍ സമൃദ്ധമായി അടങ്ങിയ മഗ്നീഷ്യം കിഡ്നിസ്റ്റോണ്‍ രൂപപ്പെടുന്നതിനെ തടയുന്നു. വൃക്കയില്‍ കല്ലിന്റെ പ്രശ്നം ഉള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ധാരാളം വെള്ളം കുടിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമാകകണം കുടിക്കുന്ന വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നത്.

ഒരു അര്‍ധതാര്യ തനുസ്തര (Semipermeable membrane) ത്തിലൂടെ അന്തര്‍ വ്യാപനം ചെയ്യിച്ചു പദാര്‍ഥങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയ. വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുമ്പോള്‍ രക്തത്തില്‍ നിന്ന് മാലിന്യങ്ങളും ശരീര ദ്രവങ്ങളും നീക്കം ചെയ്യുന്നത് ഈ പ്രക്രിയ ഉപയോഗപ്പെടുത്തിയാണ്.


തോമസ് ഗ്രഹാം എന്ന സ്കോട്ടിഷ് രസതന്ത്രജ്ഞനാണ് ഡയാലിസിസ് പ്രക്രിയയുടെ ഉപജ്ഞാതാവ് (1866). ഒരു തനുസ്തരം ഉപയോഗിച്ച് ഗം അറബിക്കില്‍ നിന്ന് പഞ്ചസാര വേര്‍തിരിക്കുകയാണ് ഇദ്ദേഹം ചെയ്തത്. സസ്യചര്‍മം, മൃഗചര്‍മം, കന്നുകാലികളുടെ ഉദസ്തരം, സെല്ലോഫേന്‍, കെളോയിഡോണ്‍ എന്നിവയാണ് സാധരണയായി ഉപയോഗിച്ചുവരുന്ന തനുസ്തരങ്ങള്‍. മാംസ്യ ലായനികളില്‍ നിന്ന് ലവണങ്ങള്‍ വേര്‍തിരിക്കാനാണ് ഈ പ്രക്രിയ പ്രധാനമായും ഉപയോഗിക്കുന്നത്. ശുദ്ധീകരിക്കേണ്ട ലായനി അടങ്ങുന്ന തനുസ്തരം ശുദ്ധമായ ലായകത്തില്‍ വയ്ക്കുമ്പോള്‍ ചെറിയ അയോണുകളും തന്മാത്രകളും പുറത്തെ ലായകത്തിലേക്ക് വ്യാപിക്കുന്നു. വ്യാപ്യമായ അയോണുകള്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ പുറത്തെ ലായകം ഇടയ്ക്കിടെ മാറ്റി പുതിയത് വച്ചാല്‍ മതിയാകും. ഡയാലിസിസ് വഴി അയോണുകള്‍ നീക്കം ചെയ്യേപ്പോള്‍ വൈദ്യുതി ഉപയോഗിച്ച് ഡയാലിസിസ് നിരക്ക് വര്‍ധിപ്പിക്കാനാവും. ഇതിനെ വിദ്യുത് ഡയാലിസിസ് (electro dialysis) എന്ന് പറയുന്നു. വിദ്യുത് ഡയാലിസിസ് സെല്ലുകള്‍ ഋണ ചാര്‍ജുള്ളതും ധനചാര്‍ജുള്ളതുമായ രണ്ട് തനുസ്തരങ്ങള്‍ അടങ്ങുന്നതും മൂന്ന് അറകളുള്ളതുമായിരിക്കും. നടുവിലുള്ള അറയില്‍ ഉള്‍കൊള്ളിച്ചിട്ടുള്ള ലായനിയില്‍ നിന്ന് ധനചാര്‍ജുള്ള അയോണുകള്‍ ഋണ ചാര്‍ജുള്ള തനുസ്തരത്തിലൂടെയും ഋണ അയോണുകള്‍ ധനചാര്‍ജുള്ള തനുസ്തരത്തിലൂടെയും പുറത്തേക്ക് വരുമ്പോള്‍ നടുവിലുള്ള അറയില്‍ ശുദ്ധമായ ലായനി അവശേഷിക്കുന്നു. ഉപ്പുവെള്ളം ശുദ്ധീകരിക്കാന്‍ വിദ്യുത് ഡയാലിസിസും അയോണ്‍ വിനിമയ റെസിനുകളും ഒരുമിച്ച് ഉപയോഗിക്കാറുണ്ട്.


വൈദ്യശാസ്ത്ര രംഗത്താണ് ഡയാലിസിസ് പ്രക്രിയ ഏറെ പ്രധാന്യമര്‍ഹിക്കുന്നത്. ശരീരത്തിലെ ജലത്തിന്റെയും ലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിറുത്തുകയും മാലിന്യങ്ങള്‍ വിസര്‍ജിക്കുകയുമാണ് വൃക്കകളുടെ പ്രധാന ധര്‍മം. ഒരു ദിവസം സു. 1500 ലി. രക്തം വൃക്കളിലെത്തുന്നുണ്ട്. ഇത് ശരീരത്തിന്റെ മൊത്തം രക്തവ്യാപ്തത്തിന്റെ 350 ഇരട്ടിയാണ്. അതായത് ശരീരത്തിലെ മുഴുവന്‍ രക്തവും 24 മണിക്കൂറിനുള്ളില്‍ 350 തവണ വൃക്കകളിലൂടെ ഒഴുകി പോകുന്നു. ഈ രക്തത്തില്‍ നിന്ന് സോഡിയം, പൊട്ടാസിയം, കാല്‍സിയം, അമിനോ അമ്ലങ്ങള്‍, ഗ്ലൂക്കോസ്, ജലം എന്നിവ വൃക്കകള്‍ പുനരാഗിരണം ചെയ്ത ശേഷം മാംസ്യ അപഘടക ഉത്പന്നമായ നൈട്രജനും (യൂറിയയുടെ രൂപത്തില്‍) അധിക ധാതുക്കളും, വിഷ പദാര്‍ഥങ്ങള്‍, ഔഷധങ്ങളുടെ അവശിഷ്ടങ്ങള്‍ എന്നിവയും വിസര്‍ജിച്ചു കളയുന്നു. വൃക്കകള്‍ക്ക് തകരാറു സംഭവിക്കുകയാണെങ്കില്‍ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയ നടക്കാതെ രക്തത്തിന്‍ മാലിന്യങ്ങളും യൂറിയയും അടിഞ്ഞു കൂടുന്നു. ഈ അവസ്ഥയിലാണ് ഡയാലിസിസ് ആവശ്യമായി വരുന്നത്.


രക്ത ശുദ്ധീകരണത്തിന് രണ്ടു വിധത്തില്‍ ഡയാലിസിസ് നടത്താറുണ്ട്. 1940-കളില്‍ പ്രയോഗത്തില്‍ വന്ന ഹീമോ ഡയാലിസിസ് (haemodialysis) ആണ് ഇതില്‍ ഒന്ന്. ഈ പ്രക്രിയയില്‍ രോഗിയുടെ രക്തധമനിയുമായി ഒരു കൃത്രിമ വൃക്ക ഘടിപ്പിക്കുന്നു. ഞരമ്പിനെ ധമനിയുമായി ബന്ധിപ്പിക്കുന്ന ഒരു കൃത്രിമ നാളി (ആര്‍ട്ടീരിയോ വീനസ് ഫിസ്റ്റുല) തുന്നി ചേര്‍ത്താണ് ഇതു സാധ്യമാക്കുന്നത്. വൃക്കയിലെത്തുന്ന രക്തം ഡയാലിസിസിനു വിധേയമാക്കിയ ശേഷം ശുദ്ധരക്തം മറ്റൊരു ധമനിയിലൂടെ ശരീരത്തിലേക്കു തിരികെ കടത്തിവിടുന്നു. കൃത്രിമ വൃക്കയിലുള്ള സവിശേഷമായ തനുസ്തരങ്ങളുടെ അനവധി പാളികളിലൂടെ അരിച്ചാണ് രക്തം ശുദ്ധീകരിക്കപ്പെടുന്നത്. സു. നാലു മണിക്കൂര്‍ സമയമെടുക്കുന്ന ഈ പ്രക്രിയ ആഴ്ചയില്‍ രണ്ടു തവണ ആവര്‍ത്തിക്കേതുണ്ട്. ദീര്‍ഘകാലമായി വൃക്കരോഗമനുഭവിക്കുന്നവര്‍ക്ക് ഹീമോ ഡയാലിസിസ് വീട്ടില്‍ വച്ചുതന്നെ നടത്താനാവും.

1970-കളില്‍ വികസിതമായ മറ്റൊരു ഡയാലിസിസ് പ്രക്രിയയാണ് പെരിറ്റോണിയല്‍ ഡയാലിസിസ് (peritoneal dialysis). കുടലിനേയും മറ്റ് ഉദരാവയവങ്ങളേയും ആവരണം ചെയ്യുന്ന പെരിറ്റോണിയം അഥവാ ഉദസ്തരം ആണ് ഇവിടെ അര്‍ധതാര്യതനുസ്തരമായി വര്‍ത്തിക്കുന്നത്. അടിവയറ്റിലുണ്ടാക്കിയ മുറിവിലൂടെ ഒരു ചെറുകുഴല്‍ (Catheter) ഉദരത്തിലേക്ക് കടത്തിയ ശേഷം ഒരു പ്ലാസ്റ്റിക് ബാഗില്‍ നിന്ന് ഡയാലിസിസ് ലായകം (dialyzate) ഉദരത്തിലേക്ക് പ്രവേശിപ്പിക്കുന്നു. രക്തത്തില്‍ അലിഞ്ഞിരിക്കുന്ന ലവണങ്ങള്‍ ഡയാലിസേറ്റിലേക്ക് വ്യാപിച്ചു കഴിയുമ്പോള്‍ ദ്രാവകം കുഴലിലൂടെ തിരികെ ഒഴുകുന്നു.


രക്തത്തിലടങ്ങിയിരിക്കുന്ന ലവണങ്ങളുടെ സാന്ദ്രത ക്രമീകരിക്കുന്നതിലും അധിക ജലം നീക്കം ചെയ്യുന്നതിലും പെരിറ്റോണിയല്‍ ഡയാലിസിസിനെയപേക്ഷിച്ച് ഹീമോഡയാലിസിസ് കൂടുതല്‍ ശീഘ്രവും കാര്യക്ഷമവുമാണ്. ഹീമോഡയാലിസിസിന്റെ ദ്രുതഗതിയിലുള്ള പ്രവര്‍ത്തനം ചിലയവസരങ്ങളില്‍ നേട്ടവും മറ്റു ചിലപ്പോള്‍ കോട്ടവും ആവാറുണ്ട്. ഹീമോ ഡയാലിസിസ് ഒരു തവണ നാലു മണിക്കൂറില്‍ കൂടുതല്‍ നടത്താറില്ല. പെരിറ്റോണിയന്‍ ഡയാലിസിസ് 24 മണിക്കൂര്‍ തുടര്‍ച്ചയായി നടത്താം. ഒരു ദിവസംകൊണ്ട് ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ട മൊത്തം ജലവും ലവണങ്ങളും വളരെ ചെറിയ ഒരു ഇടവേളയില്‍ തന്നെ ക്രമീകരിക്കേതായി വരുന്നതുകൊണ്ട് ഹീമോഡയാലിസിസ് ചിലപ്പോള്‍ ഹൃദ്രോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. രക്ത ചംക്രമണ വ്യവസ്ഥ അസ്ഥിരമായ രോഗികള്‍ക്ക് പെരിറ്റോണിയല്‍ ഡയാലിസിസാണ് അഭികാമ്യം. എന്നാല്‍ പാമ്പു കടിയേറ്റോ മറ്റു വിധത്തിലോ വിഷം ഉള്ളില്‍ ചെല്ലുക, ഔഷധങ്ങളുടെ മാത്ര അധീകരിക്കുക തുടങ്ങിയ അടിയന്തിര ഘട്ടങ്ങളില്‍ ഹീമോഡയാലിസിസ് ആണ് സ്വീകരിക്കുക. പെരിറ്റോണിയല്‍ ഡയാലിസിസ് സാധാരണ ആശുപത്രിയില്‍ വച്ചാണ് നടത്താറുള്ളത്. എങ്കിലും അടിവയറ്റിലൂടെ കതീറ്റര്‍ പ്രവേശിപ്പിച്ചു കിട്ടിക്കഴിഞ്ഞാല്‍ വീട്ടില്‍ വച്ചും ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം (Continous ambulatory peritoneal dialysis) ഇന്നുണ്ട്. പെരിറ്റോണിയല്‍ ഡയാലിസിസ് വഴി രോഗിക്ക് ദീര്‍ഘകാലം ആരോഗ്യത്തോടെ കഴിയാനാവില്ല. രോഗം മൂര്‍ഛിച്ച് പെരിറ്റോണിയല്‍ ഡയാലിസിസ് സാധ്യമല്ലാത്ത വിധത്തില്‍ വൃക്കകള്‍ക്ക് നാശം സംഭവിക്കുമ്പോള്‍ ഹീമോ ഡയാലിസിസ് തന്നെ ആശ്രയിക്കിവരുന്നു. ആവര്‍ത്തിച്ച് ഡയാലിസിസ് ചെയ്യുമ്പോള്‍ എല്ലുകള്‍ക്ക് ബലക്ഷയം, അരക്തത, അണുബാധ, ഹൃദ്കോശവീക്കം എന്നിവ ഉണ്ടാകാനിടയുണ്ട്. പെരിറ്റോണിയല്‍ ഡയാലിസിസാണെങ്കില്‍ മഹോദരം ഉണ്ടാവാനും സാധ്യതയുണ്ട്. വൃക്കയുടെ തകരാറുകള്‍ മൂലം മരണം ഉറപ്പായിരുന്ന അനേകം രോഗികള്‍ക്ക് ഡയാലിസിസ് പുതുജീവന്‍ നല്‍കിയിട്ടുണ്ട്. ഭക്ഷ്യ-പേയ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയാല്‍ താരതമ്യേന സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അവര്‍ക്ക് കഴിയുമെങ്കിലും ആവര്‍ത്തിച്ചുള്ള ഡയാലിസിസ് ആരോഗ്യം ക്ഷയിപ്പിക്കുമെന്നതുകൊണ്ട് വൃക്ക മാറ്റിവയ്ക്കലാണ് ശാശ്വത പരിഹാരം എന്ന അഭിപ്രായം നിലവിലുണ്ട്

 

കടപ്പാട് : ഡോ. ബി പത്മകുമാര്‍

3.08823529412
വിമൽ ടോം Mar 13, 2015 10:21 AM

നല്ല ഒന്നാണ്.
വിമൽ ടോം

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top