অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹത്തിന് നൂതന ചികിത്സാരീതികള്‍

പ്രമേഹത്തിന് നൂതന ചികിത്സാരീതികള്‍

പ്രമേഹത്തിന് പഴയ മരുന്നുകളുമുണ്ട്, പുതിയ മരുന്നുകളും ചികിത്സാ വിധികളുമുണ്ട്. ചിലവ തമ്മില്‍ കാര്യമായ വ്യത്യാസവുമുണ്ട്.

പഴയ പല മരുന്നുകളും രോഗത്തെ ചികിത്സി ക്കുന്നതിനുപകരം രോഗ ലക്ഷണങ്ങളെ മാത്രമാണ് ചികിത്സിച്ചിരുന്നത്. ഉദാഹരണത്തിന്, വളരെ വിലകുറഞ്ഞ, ആഹാരത്തിന് പത്തോ പതിനഞ്ചോ മിനിറ്റ്മുമ്പു കഴിക്കുന്ന മിക്കവാറും ഗുളികകളും പാന്‍ക്രിയാസില്‍നിന്ന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിച്ച് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നവ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയിലുണ്ടായ പുതിയ പല ഔഷധങ്ങളും രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതോടൊപ്പം പാന്‍ക്രിയാസിലെ ഇന്‍സുലിന്റെ ഉല്‍പ്പാദനം കുറയാതെ സംരക്ഷിക്കുകയും അതോടൊപ്പം രക്തത്തിലെ പഞ്ചസാര ഗുരുതരമായി പെട്ടെന്ന് താഴ്ന്നുപോകാതിരിക്കാന്‍തക്കവിധത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതുതായി പുറത്തിറങ്ങിയ എസ്ജിഎല്‍ടി2(SGLT2) ഇന്‍ഹിബിറ്റേഴ്സ് (Dapagliflozin, Canagliflozin) ഗണത്തില്‍പ്പെടുന്ന ഗുളികകള്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാര മൂത്രത്തിലൂടെ പുറത്തേക്ക് ഒഴുക്കിക്കളയുന്നു. ഇങ്ങിനെ സംഭവിക്കുന്നതുവഴി പഞ്ചസാര ശരീരത്തില്‍നിന്നു നഷ്ടമാകുന്നു എന്നു മാത്രമല്ല, ശരീരഭാരം കുറയുന്നതിനും ഇതു സഹായമാകുന്നു. പ്രമേഹരോഗികള്‍ക്ക്, പ്രമേഹം ഇല്ലാത്തവര്‍ക്ക് രക്തത്തില്‍ പഞ്ചസാര ഉയരുമ്പോള്‍ സംഭവിക്കുന്നതു പോലെ അതു മൂത്രത്തിലൂടെ പെട്ടെന്ന് നഷ്ടമാകുന്നില്ല. റീനല്‍ ത്രെഷോള്‍ഡ് പ്രമേഹരോഗികളില്‍ വളരെ ഉയര്‍ന്ന നിലയിലാകും. ഇതു താഴേക്ക് കൊണ്ടുവരികയാണ് ഗ്ലിഫ്ലോസിന്‍സ് ഗണത്തില്‍പ്പെടുന്ന നൂതന ഔഷധങ്ങള്‍ ചെയ്യുന്നത്. GLP-1 RA വിഭാഗത്തില്‍പ്പെടുന്ന Victoza, Trulictiy തുടങ്ങിയ ഇഞ്ചക്ഷനുകള്‍ ദിവസവും അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ എടുക്കുന്നതിലൂടെ പഞ്ചസാര നിയന്ത്രണവിധേയമാകുകയും ശരീരഭാരം ഒരുപരിധിവരെ നഷ്ടപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍വിപണിയില്‍ പുതുതായി എത്തുന്ന 640എ എന്ന ഇന്‍സുലിന്‍പമ്പ് ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസ് അല്ലെങ്കില്‍ കൃത്രിമ പാന്‍ക്രിയാസ് ഗണത്തില്‍പ്പെടുന്ന പ്രഥമ ഇന്‍സുലിന്‍ പമ്പ് ആണ്. ആഗോളവിപണിയില്‍ ഇതിനകംതന്നെ തരംഗങ്ങള്‍ സൃഷ്ടിച്ച ആര്‍ട്ടിഫിഷ്യല്‍ പാന്‍ക്രിയാസിന് അഞ്ചുമുതല്‍ ആറുലക്ഷം രൂപവരെയാണ് വില. പ്രതിമാസം 10,000 രൂപയിലേറെ തുടര്‍ചികിത്സാ ചെലവുമുണ്ടാകും. രക്തത്തിലെ പഞ്ചസാര കുറഞ്ഞു പോകുന്നത് സ്വയം മനസ്സിലാക്കി അത് യഥാര്‍ഥത്തിലും സംഭവിക്കുന്നതിന് ഏകദേശം അരമണിക്കൂര്‍മുമ്പ് ഇന്‍സുലിന്‍ അകത്തേക്ക് കടക്കുന്നത് നിലയ്ക്കുന്നു. രക്തത്തിലെ പഞ്ചസാര പൂര്‍വാവസ്ഥയിലെത്തുമ്പോള്‍ പമ്പ് തനിയെ പ്രവര്‍ത്തിച്ചുതുടങ്ങുന്നു. എല്ലാ നൂതന ഔഷധങ്ങളും നൂതന ഗണത്തില്‍പ്പെടുന്ന ഇന്‍സുലിന്‍ പമ്പുകളും വളരെ വിലക്കൂടുതലുള്ളവയാണ്.

രോഗികള്‍ പ്രത്യക്ഷത്തില്‍ ശ്രദ്ധിക്കുന്നത് ഡോക്ടര്‍ എഴുതിക്കൊടുക്കുന്ന ഔഷധങ്ങളുടെ എണ്ണവും ഔഷധങ്ങളുടെ വിലയുമാണ്. എണ്ണം വളരെ കൂടുതലാണ് എങ്കില്‍ പല രോഗികളും അതില്‍ കുറെയെണ്ണം ഉപയോഗിക്കേണ്ട എന്നു സ്വയം തീരുമാനിക്കുന്നു. അല്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ അടുത്തേക്ക് പോകുന്നു. ചില രോഗികള്‍ ഔഷധങ്ങളുടെ വില കൂടുതലാണെങ്കില്‍ കുറഞ്ഞവിലയ്ക്കുള്ള ഔഷധങ്ങള്‍ ആവശ്യപ്പെടുകയോ മറ്റൊരു ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുകയോ ചെയ്യുന്നു. എന്നാല്‍ രോഗികള്‍ ശ്രദ്ധിക്കേണ്ടതായ പ്രധാന കാര്യമുണ്ട്. പ്രമേഹം ഒരു മെറ്റബോളിക് സിന്‍ഡ്രോം ആണ്. രക്തത്തിലെ പഞ്ചസാര ഉയര്‍ന്നുനില്‍ക്കുന്നതുതന്നെ പല കാരണങ്ങള്‍ കൊണ്ടാണ്. അതിനുതന്നെ വേണ്ടിവരും ഒന്നിലധികം ഔഷധങ്ങള്‍. അതോടൊപ്പം പല രോഗികള്‍ക്കും രക്തസമ്മര്‍ദം, അമിതമായ കൊഴുപ്പ്, വൃക്കയിലെ രോഗം, ഹൃദയത്തിലെ രോഗം, അനുബന്ധരോഗങ്ങള്‍ തടയുവാനായി തൈറോയ്ഡ്, വൈറ്റമിന്‍ ഡി, യൂറിക് ആസിഡ് എന്നിങ്ങനെ പല രോഗങ്ങള്‍ക്കും അല്ലെങ്കില്‍ രോഗപ്രതിരോധത്തിനും ഔഷധങ്ങള്‍ ആവശ്യമായിവരും. രണ്ടും നാലും ഔഷധങ്ങള്‍ ഒരുമിച്ചുള്ള ഒറ്റഗുളിക കഴിക്കുന്നതിനെക്കാള്‍ പലപ്പോഴും ഓരോ ഔഷധത്തിന്റെയും അളവ് കുറവാകും അത് മൂന്നോ നാലോ ആയി സ്വീകരിക്കാന്‍ കഴിഞ്ഞാല്‍.

ഡോ.ജോതിദേവ് കേശവദേവ്

അനുബന്ധരോഗങ്ങള്‍


പ്രമേഹത്തിന്റെ തുടക്കത്തില്‍ത്തന്നെ ധാരാളം രോഗികള്‍, പ്രത്യേകിച്ചും ചെറുപ്പക്കാന്‍ ആയുര്‍വേദ ചികിത്സ തേടുന്നുണ്ട്. എന്നാല്‍ ഏറെപ്പേരും അനുബന്ധരോഗങ്ങള്‍ക്കായാണ് ആയുര്‍വേദത്തെ ആശ്രയിക്കുന്നത്. സപ്തധാതുക്കള്‍ക്കും തകരാറുണ്ടാക്കുന്ന രോഗമായതിനല്‍ രക്തധമനികള്‍, നാഡികള്‍, കണ്ണുകള്‍, വൃക്കകള്‍, ഹൃദയം, ത്വക്, സന്ധികള്‍ എന്നീ ഭാഗങ്ങളെ തകരാറിലാക്കുന്ന പ്രമേഹത്തിന്റെ അനുബന്ധരോഗങ്ങള്‍ ഗൗരവമുള്ളവയാണ്.

പ്രമേഹപിടകകള്‍ (Carbuncle) പ്രമേഹം അനിയന്ത്രിതമാകുമ്പോഴാണ് പലപ്പോഴും ശരീരത്തില്‍ പലഭാഗത്തും കുരുക്കള്‍ ഉണ്ടാകുന്നത്. വേദനാജനകവും, പഴുപ്പ്, പനി എന്നീ ലക്ഷണങ്ങളോടുകുടിയതുമാകും. ചിട്ടയായ ചികിത്സയാല്‍ ഭേദപ്പെടുത്താവുന്നതാണ്.

രോഗാണുബാധ
പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ പലവിധ അണുബാധയുമുണ്ടാകാം. ശ്വാസകോശരോഗങ്ങള്‍, ത്വക്രോഗങ്ങള്‍ ഇവയൊക്കെ കാരണമാകും.

നാഡി തകരാറുകള്‍ (Diabetic neuropathy) നീണ്ടുനില്‍ക്കുന്ന പ്രമേഹരോഗത്താല്‍ നാഡികോശങ്ങള്‍ ക്ഷീണിതമാകുമ്പോള്‍ വേദന, തരിപ്പ്, തൊട്ടാല്‍ അറിയായ്മ, ശരീരത്തില്‍ ഉറുമ്പിഴയുംപോലെ തോന്നല്‍, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളുണ്ടാവും. പേശികളുടെ ബലം കുറയുക, ശരീരം മെലിയുക, ലൈംഗികശേഷിക്ക് കുറവ് സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ തുടര്‍ന്നുണ്ടാകാം. നാഡികളുടെ ക്ഷീണംമാറ്റാനും പേശികളുടെ ബലംവര്‍ധിപ്പിക്കാനും മറ്റുമുള്ള ഘൃതങ്ങള്‍ ഉള്‍പ്പെടെയുള്ള അനേക ഔഷധങ്ങള്‍, പിഴിച്ചില്‍, ഞവരക്കിഴി, വസ്തി തുടങ്ങിയ ചികിത്സാക്രമങ്ങള്‍ ഇവയെല്ലാം ആയുര്‍വേദത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

കാഴ്ച തകരാറുകള്‍ (Diabetic retinopathy) നേത്രങ്ങളിലെ രക്തക്കുഴലുകള്‍ക്ക് സംഭവിക്കുന്ന അപചയത്തിന്റെ ഫലമായി കാഴ്ചശക്തി തകരാറിലാക്കുന്നു. സൂക്ഷ്മകോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടുന്നു. ദൃഷ്ടിപടലത്തില്‍ പലതരത്തിലുള്ള തടസ്സങ്ങളുണ്ടായി കാഴ്ചശക്തി കുറയുന്നു.

വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ (Diabetic nephropathy) ഇരുപതു വര്‍ഷത്തിലധികം പ്രമേഹത്തിന് പഴക്കമുണ്ടാവുമ്പോള്‍ വൃക്കകളെ ബാധിക്കുന്നു. രക്താതിമര്‍ദവുംകൂടിയാകുമ്പോള്‍ സാധ്യത കൂടുതലാകുന്നു.

കാലിലെ വ്രണങ്ങള്‍
പ്രമേഹരോഗികളില്‍ പാദങ്ങളിലേക്കുള്ള രക്തചംക്രമണം കുറയുകയും നാഡിവൈകല്യങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ധാതുക്കള്‍ക്കുണ്ടാകുന്ന നശീകരണത്താല്‍ വ്രണങ്ങളുണ്ടാകാന്‍ തുടങ്ങുന്നു. പ്രമേഹചികിത്സയില്‍ ആയുര്‍വേദ ഔഷധങ്ങളും ശരീരത്തെ ശുദ്ധിചെയ്യാനായി പഞ്ചകര്‍മ ചികിത്സകളും ചെയ്താല്‍ അനുബന്ധ രോഗങ്ങളെ തീര്‍ച്ചയായും തടഞ്ഞുനിര്‍ത്താന്‍കഴിയും.

പ്രമേഹദിന ചിന്തകള്‍

ഡോ. ഉഷ കെ

പുതുമന അമിതമായി മൂത്രം ഒഴിഞ്ഞുപോകുക എന്നാണ് "പ്രമേഹം' എന്ന വാക്കിന്റെ അര്‍ഥം (പ്രകര്‍ഷേണ മേഹതി). ആയുര്‍വേദ സിദ്ധാന്തങ്ങള്‍ അനുസരിച്ച് ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടത്തുന്നത് കഫം, പിത്തം, വാതം എന്നീ മൂന്നു ദോഷങ്ങളാണ്. ശരീരത്തിനുള്ളിലെ ഊര്‍ജദായക പ്രക്രിയായ ഉപചയത്തിന് കാരണം കഫവും ഊര്‍ജവിഘടനപ്രക്രിയയായ അപചയത്തിനു കാരണം പിത്തവുമാണ്. ഇവയെ നിയന്ത്രിക്കുന്ന ശക്തിയാണ് വാതം. ഊര്‍ജോല്‍പ്പാദക ശക്തികളായി പ്രവര്‍ത്തിക്കുന്നത് രസം (Body Fluid) രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം (Reproductive tissue) എന്നീ കലകള്‍ അഥവാ സപ്തധാതുക്കളാണ്.

ശരീരത്തിനുള്ളില്‍ അഗ്നി (Biofire) എന്നൊന്നുണ്ട്. എല്ലാ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഉത്തരവാദി അഗ്നിയാണ്. ഓരോ ധാതുവും അടുത്ത ധാതുവായി പരിണമിക്കുന്നത് ഓരോ ധാതുവിലുമുള്ള അഗ്നികാരണമാണ്. അഗ്നിക്ക് വളരെയേറെ ശക്തികുറഞ്ഞ രോഗമാണ് പ്രമേഹം. അതുകൊണ്ടുതന്നെ മൂന്നു ദോഷങ്ങള്‍ക്കും ഏഴു ധാതുക്കള്‍ക്കും തകരാര്‍ സംഭവിക്കുന്നതും മൂത്രാശയം, വൃക്ക തുടങ്ങിയ പ്രധാന അവയവങ്ങളെ ബാധിക്കുന്നതും ദീര്‍ഘനാള്‍ വിഷമിപ്പിക്കുന്നതും അനുബന്ധരോഗങ്ങള്‍ക്ക് കാരണമാവുന്നതുമായ പ്രമേഹത്തെ മഹാരോഗമായി ആയുര്‍വേദം കണക്കാക്കുന്നു. കഫവും മേദസ്സുമാണ് ഏറ്റവും വര്‍ധിക്കുന്നതും രോഗലക്ഷണങ്ങളെ വര്‍ധിപ്പിക്കുന്നതും.

രോഗകാരണങ്ങള്‍ പ്രധാനമായും പാരമ്പ്യരവും തെറ്റായ ജീവിതരീതികളുമാണ്. ആയിരക്കണക്കിന് വര്‍ഷം മുമ്പുതന്നെ ആയുര്‍വേദാചാര്യന്മാര്‍ പാരമ്പര്യഘടകത്തെ തിരിച്ചറിഞ്ഞിരുന്നു. പ്രമേഹമുള്ള അച്ഛനില്‍നിന്നു ജനിച്ച ആളിനുണ്ടാകുന്ന പ്രമേഹവും അച്ഛനമ്മമാര്‍ക്കോ അവരുടെ പാരമ്പര്യത്തിലുള്ളവര്‍ക്കോ പ്രമേഹമുണ്ടെങ്കില്‍ അടുത്ത തലമുറയില്‍പ്പെട്ട ആളിനുണ്ടാകുന്ന പ്രമേഹവും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്തതാകും. മധുരപദാര്‍ഥങ്ങളുടെ അമിതോപയോഗം, ഉപ്പ്, പുളി, ഇവ കൂടുതല്‍ ഉപയോഗിക്കുക. കൊഴുപ്പുകൂടിയതും ദ്രവാംശം അധികമുള്ളതുമായ ആഹാരത്തിന്റെ കൂടുതല്‍ ഉപയോഗം, പാല്, പാലുല്‍പ്പന്നങ്ങള്‍, പുതിയ ധാന്യങ്ങള്‍, മത്സ്യമാംസങ്ങള്‍ എന്നിവയുടെ സ്ഥിരമായ ഉപയോഗം, സമയബന്ധിതമല്ലാത്ത ആഹാരരീതി, ലഹരിവസ്തുക്കളുടെ ഉപയോഗം, ഉദാസീനമായ ജീവിതരീതി, പകലുറക്കമോ അമിതമായ ഉറക്കമോ, വ്യായാമക്കുറവ്, അമിതമായ ലൈംഗിക പ്രവൃത്തികള്‍, മാനസികവിക്ഷോഭങ്ങള്‍ തുടങ്ങിയ കാരണങ്ങള്‍ ജീവിതരീതികൊണ്ടുള്ളവയായി കണക്കാക്കാം. ഇവയെല്ലാം കഫത്തിനെയും മേദസ്സിനെയും ദുഷിപ്പിക്കുകയും ഉപാപചയപ്രവര്‍ത്തനങ്ങളുടെ താളംതെറ്റിക്കുകയും ശരീരത്തിനുള്ളില്‍ മാലിന്യം അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യുന്നു. ഈ മാലിന്യങ്ങളാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളായ അധികമൂത്രത്തിനും അധികവിയര്‍പ്പിനും ശരീരദുര്‍ഗന്ധത്തിനും കാരണമാകുന്നത്.

അധികമായ വിയര്‍പ്പ്, ശരീരദുര്‍ഗന്ധം, അവയവങ്ങള്‍ക്ക് ബലക്കുറവ്, കൂടുതല്‍ വിശ്രമിക്കണമെന്നുള്ള ആഗ്രഹം, ദേഹം മെലിയുക, ചുമ, ശ്വാസംമുട്ടല്‍, കണ്ണിലും നാവിലും ചെവിയിലും എന്തോ പുരണ്ടിരിക്കുന്നു എന്ന തോന്നല്‍, തരിപ്പ്, വേദന, വായയും തൊണ്ടയും വരളുക, വായ്ക്കുള്ളില്‍ മധുരരസം തോന്നുക, തണുപ്പിനോട് കൂടുതല്‍ ആഗ്രഹം, കൈത്തലങ്ങളിലും കാല്‍പ്പാദത്തിലും ചുട്ടുനീറ്റല്‍, മൂത്രനാളിയിലും, വൃഷണത്തിലും വേദനയും പുകച്ചിലും നീറ്റലും. ഈ ലക്ഷണങ്ങളെല്ലാം ശരീരത്തില്‍ പ്രമേഹരോഗമുണ്ടാകാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്. ഈ ലക്ഷണങ്ങള്‍ പ്രമേഹരോഗിയില്‍ തുടര്‍ന്നും കാണാറുണ്ട്.

പ്രമേഹ ചികിത്സ


എല്ലാ പ്രമേഹരോഗിക്കും ഒരേ ചികിത്സയല്ല ആയുര്‍വേദം നിര്‍ദേശിക്കുന്നത്. 20 തരം പ്രമേഹമുണ്ട്.രോഗത്തിന്റെ ആദ്യാവസ്ഥയി കഫവും മേദസ്സും ദുഷിക്കുകയും പിന്നീട് പിത്തവും രക്തവും ദുഷിക്കുകയും ചെയ്യുന്നു. ഈ രണ്ട് അവസ്ഥയും ചികിത്സിച്ചു ഭേദമാക്കാം. കഫവും പിത്തവും അുനുബന്ധമായിരുന്നുകൊണ്ട് വാതം ദുഷിക്കുകയും വര്‍ധിക്കുകയും ചെയ്യുമ്പോള്‍ ചികിത്സ ക്ലേശകരമാകുന്നു. ജീവിതാവസാനംവരെ ചികിത്സ തുടരേണ്ടിവരുന്നു. പ്രമേഹചികിത്സയുടെ മുഖ്യഘടകമാണ് ശരിയായ ആഹാരക്രമം. പലരും രോഗത്തെ ഭയന്ന് പല ആഹാരപദാര്‍ഥങ്ങളും തീര്‍ത്തും ഉപേക്ഷിക്കുന്നു. ഇതിന്റെ ആവശ്യമില്ല. മലര്‍ക്കഞ്ഞി, ലഘുവായ ആഹാരപദാര്‍ഥങ്ങള്‍, എണ്ണയോ നെയ്യോ അധികം ചേര്‍ക്കാത്ത വിഭവങ്ങള്‍, പയര്‍വര്‍ഗങ്ങള്‍, പാവയ്ക്ക, വഴുതനങ്ങ, കോവയ്ക്ക, ചക്ക, വെണ്ടയ്ക്ക, പപ്പായ, വാഴയ്ക്ക, തക്കളി, മുരിങ്ങക്ക, അമരപ്പയര്‍, ഉള്ളി, വെളുത്തുള്ളി, ഇലവര്‍ഗങ്ങള്‍ ഇവ ധാരാളമായി ഉപയോഗിക്കാം. ശീതളപാനീയങ്ങള്‍, മദ്യം, കപ്പ, ഈന്തപ്പഴം തുടങ്ങിയവ ഒഴിവാക്കുക. ധാന്യങ്ങള്‍ ഉപേക്ഷിക്കേണ്ടതേയില്ല. അരി, ഗോതമ്പ്, റാഗി, യവം ഇവ ആവശ്യാനുസരണം ഉപയോഗിക്കണം. ഗോതമ്പും യവവും അരിയെ അപേക്ഷിച്ച് കൂടുതല്‍ ഹിതകരമാണ്. ശരീരധാതുക്കള്‍ക്ക് ഉറപ്പുനല്‍കുന്നതിനും മലബന്ധം ഇല്ലാതാക്കാനും മേദസ്സിനെ കുറയ്ക്കാനും അമിതമായ മൂത്രപ്രവര്‍ത്തനത്തെ കുറയ്ക്കാനും യവത്തിനും ഗോതമ്പിനും കഴിയുന്നു. ഇവ സാവധാനത്തിലേ പചനശേഷം ഗ്ലൂക്കോസായി മാറുന്നുള്ളു. പഴകിയ ചെന്നെല്ലരിയും നവരയരിയും നല്ലതാണ്.

ഗോതമ്പ്, മുളയരി, യവം ഇവയിലൊന്ന് ത്രിഫലകഷായത്തില്‍ ഇട്ടുവച്ചിരുന്നിട്ട് രാവിലെ വറുത്തുപൊടിച്ച് ഉപയോഗിക്കാം. പ്രമേഹചികിത്സക്കായി നിര്‍ദേശിച്ചിരിക്കുന്ന കഷായങ്ങളിലും ഇങ്ങിനെ ഇട്ടുവയ്ക്കാം. ഒരിക്കല്‍ പാകംചെയ്തുകഴിഞ്ഞ ആഹാരം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ഫ്രിഡ്ജില്‍വച്ച് പഴകിയ ആഹാരവും ഉപയോഗിക്കരുത്.പ്രമേഹചികിത്സയുടെ മറ്റൊരു ഘടകമാണ് വ്യായാമം. ഗാഢമായ അഥവാ കടുപ്പമേറിയ വ്യായാമം ചെയ്യണമെന്ന് ആയുര്‍വേദം അനുശാസിക്കുന്നു. ഔഷധങ്ങള്‍വളരെ പെട്ടെന്നു ഫലം നല്‍കുന്ന ഇന്‍സുലിന്‍ അടക്കമുള്ള ആധുനിക ഔഷധങ്ങള്‍ പ്രമേഹചികിത്സയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. ആയുര്‍വേദ ഔഷധങ്ങള്‍ക്കും പ്രമേഹചികിത്സയില്‍ വലിയ സ്ഥാനമാണുള്ളത്. മരുന്നുകളും, ഉദ്വര്‍ത്തനം, ധാര തുടങ്ങിയ ചികിത്സകളും ശരീരകോശങ്ങള്‍ക്ക് സംഭവിക്കാവുന്ന ഹാനികരമായ മാറ്റങ്ങളെ ഇല്ലാതാക്കുന്നു. അനുബന്ധരോഗങ്ങളെ തടയുകയും ഉണ്ടായാല്‍ത്തന്നെ പരിഹരിക്കുകയും ചെയ്യുന്നു. ശരീരബലം വര്‍ധിപ്പിക്കുന്നു. ആരോഗ്യം നിലനിര്‍ത്തുന്നു. ശരീരകോശങ്ങളുടെ യൗവനം നിലനിര്‍ത്തി രസായനഫലവും തരുന്നു.

ത്രിഫലത്തോട്, മുത്തങ്ങ, മഞ്ഞള്‍, ദേവതാരം ഇവയുടെ കഷായത്തിലും മഞ്ഞള്‍പ്പൊടി കഴിക്കാം. നിശാകതകാദി കഷായം, നീദ്യൂത്യാദി ഗുളിക, ശുദ്ധിചെയ്ത കന്മദം, ധാന്വന്തരം ഘൃതം, അയസ്കൃതി തുടങ്ങിയവ പ്രമേഹചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളാണ്. ഓരോ രോഗിയുടെയും രോഗസ്വഭാവം അനുസരിച്ചാണ് ഡോക്ടര്‍മാര്‍നിര്‍ദേശിക്കുന്നത്. നിത്യവും എണ്ണതേച്ചു കുളിക്കണം. പ്രത്യേകിച്ചും തലയിലും ചെവിയിലും പാദത്തിലും. ഡയബറ്റിക് ന്യൂറോപ്പതിയെ തടഞ്ഞുനിര്‍ത്താന്‍ ഈ ശീലം സഹായിക്കും. ത്വക്കിനും കണ്ണിനും പ്രയോജനം ലഭിക്കും. ഔഷധങ്ങളാല്‍ പാകപ്പെടുത്തിയ മോരും നെല്ലിക്കാകഷായവും ചേര്‍ത്ത് ചെയ്യുന്ന തക്രധാര പ്രമേഹത്തിന് വളരെ ഫലംതരുന്നു. ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്കും ആധുനിക ഔഷധങ്ങളാല്‍ ചികിത്സിക്കുന്നവര്‍ക്കും ഒപ്പം ആയുര്‍വേദ ഔഷധങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം സേവിക്കാവുന്നതാണ്.

അവസാനം പരിഷ്കരിച്ചത് : 6/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate