Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഫൈബ്രോമയാൾജിയ

ഫൈബ്രോമയാൾജിയ-കാരണങ്ങളും അപകടസാധ്യതാ ഘടകങ്ങളും

ശരീരമാസകലം വേദനയ്ക്ക് കാരണമാകുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു തകരാറാണ് ഫൈബ്രോമയാൾജിയ. ഫൈബ്രോമയാൾജിയ സിൻഡ്രോം (എഫ്‌എം‌എസ്) എന്നും ഇത് അറിയപ്പെടുന്നു. മസിലുകൾക്കും അസ്ഥികൾക്കുമുള്ള വേദന, ക്ഷീണം, ഉറക്ക തകരാറുകൾ, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്.

കാരണങ്ങൾ

ഈ തകരാറിന്റെ കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ, ഇനി പറയുന്ന ഘടകങ്ങൾ കാരണമായേക്കാം;

 • ജീനുകൾ: കുടുംബപരമായി കൈമാറ്റം ചെയ്യപ്പെടാം
 • അണുബാധകൾ: ചില അണുബാധകൾ ഫൈബ്രോമയാൾജിയയ്ക്ക് പ്രേരകമാവാം.
 • ശാരീരികമോ മാനസികമോ ആയ ആഘാതം: ശാരീരികമോ മാനസികമോ ആയ പിരിമുറുക്കം ഈ അവസ്ഥയ്ക്ക് പ്രേരകമായേക്കാം.

അപകടസാധ്യതാ ഘടകങ്ങൾ

അപകടസാധ്യതാ ഘടകങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

 • ലിംഗം : സ്ത്രീകളിലാണ് കൂടുതൽ സാധാരണം
 • കുടുംബ ചരിത്രം: രക്തബന്ധമുള്ള ആർക്കെങ്കിലും ഫൈബ്രോമയാൾജിയ ഉണ്ടെങ്കിൽ
 • മറ്റു തകരാറുകൾ: നിങ്ങൾക്ക് ഓസ്റ്റിയോ ആർത്രൈറ്റിസ് അല്ലെങ്കിൽ റുമാറ്റോയിഡ് ആർത്രൈറ്റിസ് ഉണ്ടെങ്കിൽ

ലക്ഷണങ്ങൾ

ലക്ഷണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

 • വേദന: കുറഞ്ഞത് മൂന്ന് മാസത്തോളം അസ്വസ്ഥതയുളവാക്കുന്ന രീതിയിൽ മസിലിനു വേദനയുണ്ടാവുക. ചില ഭാഗങ്ങളിൽ സ്പർശിക്കുമ്പോഴായിരിക്കും വേദന, ‘ട്രിഗർ പോയന്റുകൾ’ എന്നാണ് ഈ ഭാഗങ്ങളെ വിളിക്കുന്നത്.
 • ക്ഷീണം: നല്ല ഉറക്കം ലഭിച്ചാൽ പോലും ഫൈബ്രോമയാൾജിയ ഉള്ളവർക്ക് ക്ഷീണം അനുഭവപ്പെടാം. സ്ളീപ് ആപ്നിയ (ഉറക്കത്തിൽ ശ്വാസതടസ്സമുണ്ടാവുക) പോലെയുള്ള ഉറക്ക തകരാറുകളും ഇവർക്കുണ്ടാകാം.
 • അവബോധപരമായ പ്രശ്നങ്ങൾ: മാനസിക പ്രയത്നം ആവശ്യമായിവരുന്ന ജോലികളിൽ ശ്രദ്ധിക്കുന്നതിനു പ്രയാസം നേരിടുക.

രോഗനിർണയം

അടിസ്ഥാനപരമായ മറ്റു കാരണങ്ങൾ ഇല്ലാതെ ഒരു വ്യക്തിക്ക് മൂന്ന് മാസത്തിലേറെയായി ശരീരമാസകലം വേദനയുണ്ടെങ്കിൽ, അത് ഫൈബ്രോമയാൾജിയ ആണെന്ന് ഡോക്ടർക്ക് നിശ്ചയിക്കാനാവും. മുൻകാലങ്ങളിൽ, വേദനയുള്ള എത്ര ട്രിഗർ പോയന്റുകൾ ഉണ്ടെന്ന് പരിശോധിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ അതിന് പ്രാധാന്യം നൽകാറില്ല.

രക്ത പരിശോധനകൾ: മറ്റു കാരണങ്ങൾ ഇല്ല എന്ന് ഉറപ്പാക്കുന്നതിനായി രക്ത പരിശോധനകൾ നടത്തുന്നതിന് ഡോക്ടർ നിർദേശിച്ചേക്കാം.

ചികിത്സ

ലക്ഷണങ്ങളുടെ തീവ്രത കുറച്ച്, ജീവിതത്തിന്റെ ഗുണനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ളതായിരിക്കും ചികിത്സ. മരുന്നും സ്വയം കരുതലുകളും ഉൾപ്പെടുന്ന ചികിത്സാക്രമമായിരിക്കും പിന്തുടരുക.

മരുന്നുകൾ

 • വേദനാസംഹാരികൾ – മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങുന്നതോ ഡോക്ടർ നിർദേശിക്കുന്നതോ ആയ വേദനാസംഹാരികൾ കഴിക്കുന്നത് ആശ്വാസം നൽകും.
 • ആന്റിഡിപ്രസന്റുകൾ – ഉറക്കം മെച്ചപ്പെടുത്തുന്നതിനും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനും ഇവ നൽകും.

ചികിത്സകൾ

 • ഫിസിക്കൽ തെറാപ്പി: ശരീരത്തിന്റെ ശക്തിയും വഴക്കവും വർദ്ധിപ്പിക്കുന്നതിനുള്ള വ്യായാമങ്ങൾ ഇതിലുൾപ്പെടുന്നു.
 • ഒക്കുപേഷണൽ തെറാപ്പി: തൊഴിൽ സ്ഥലത്ത് വേണ്ട ക്രമീകരണങ്ങൾ നടത്തി, ശരീരത്തിന് അധികം പിരിമുറുക്കം നൽകാതെ കൂടുതൽ ഫലപ്രദമായി ജോലിചെയ്യുന്നതിനുള്ള സഹായം.
 • കൗൺസിലിംഗ് – പിരിമുറുക്കം നിറഞ്ഞ സാഹചര്യങ്ങളെ നേരിടുന്നതിന് വ്യത്യസ്ത ഉപായങ്ങൾ പഠിപ്പിക്കുന്നു.

സ്വയം പരിപാലനം

ഇതിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു;

 • ഉറക്കം – ഉറക്കത്തിന് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും പകലുറക്കം ഒഴിവാക്കുകയും ചെയ്യുക.
 • പതിവായുള്ള വ്യായാമം – മസിലുകൾക്ക് ശക്തി പകരുന്നതിനും ഓജസ്സ് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. സ്ട്രെച്ചിംഗും റിലാക്സേഷനും സഹായകമാവും.
 • പിരിമുറുക്കം നിയന്ത്രിക്കൽ – ശ്വസന വ്യായാമങ്ങൾ, മെഡിറ്റേഷൻ തുടങ്ങിയവയിലൂടെ പിരിമുറുക്കത്തിന്റെ നില നിയന്ത്രിക്കാൻ സാധിക്കും.
 • ആരോഗ്യകരമായ ജീവിതശൈലി – പ്രസരിപ്പു നിലനിർത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും.

സങ്കീർണതകൾ

 • വേദനയും ഉറക്ക തകരാറുകളും സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കാം.
 • വേദന മൂലമുള്ള നിരാശ ഉത്കണ്ഠയിലേക്കും വിഷാദരോഗത്തിലേക്കും നയിച്ചേക്കാം.
 • വേദനയും മറ്റു ലക്ഷണങ്ങളും ദീർഘകാലമായി അനുഭവപ്പെടുന്നുവെങ്കിൽ ഡോക്ടറെ കൺസൾട്ട് ചെയ്യുക.
3.5
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top