Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അസ്ഥി - കൂടുതൽ വിവരങ്ങൾ

അസ്ഥി രോഗങ്ങളെയും അവയുടെ ചികിത്സാ രീതികളെ കുറിച്ചും മറ്റുമുള്ള കൂടുതൽ വിവരങ്ങൾ

അസ്ഥി

മത്സ്യങ്ങള്‍ മുതല്‍ സസ്തനികള്‍വരെയുള്ള കശേരുകികളില്‍ ശരീരത്തിന് ആകൃതിയും ബലവും നല്കുന്ന ഒരു ദൃഢവസ്തു. ശരീരത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വളരെ വിശേഷവത്കൃതമായ ഒരു സംയോജകകലയാണിത്. പരിണാമശ്രേണിയില്‍ മത്സ്യങ്ങളെക്കാള്‍ താഴെനില്ക്കുന്ന ചില അകശേരുകികളിലും അസ്ഥികള്‍ പോലുള്ള വസ്തുക്കള്‍ കാണാറുണ്ട്. എന്നാല്‍ കൈറ്റിന്‍ (chitin) കൊണ്ടു നിര്‍മിതമായ ഇവ രാസഘടനാപരമായി കശേരുകികളുടെ അസ്ഥിയില്‍നിന്നും വ്യത്യസ്തമാണ്.

രാസഘടന.

കശേരുകികളുടെ സാധാരണ അസ്ഥിയില്‍ 3035 ശ.മാ. ജൈവവസ്തുക്കളും (organic substances) 6570 ശ.മാ. അജൈവ (inorganic) വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇവയില്‍ ജൈവഘടകങ്ങള്‍ അസ്ഥിയുടെ ദാര്‍ഢ്യത്തിനും (toughness), അജൈവവസ്തുക്കള്‍ കാഠിന്യത്തിനും (hardness) കാരണമാകുന്നു. ഓസീന്‍ (കൊളാജന്‍, ജലാറ്റിന്‍), വളരെ ചെറിയ തോതില്‍ കാണപ്പെടുന്ന എലാസ്റ്റീന്‍, കോശങ്ങളിലുള്ള പ്രോട്ടിയിഡുകള്‍, നൂക്ലിയിനുകള്‍, കൊഴുപ്പ് എന്നിവയാണ് ജൈവഘടകങ്ങള്‍. അജൈവവസ്തുക്കളാകട്ടെ, കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ കാര്‍ബണേറ്റ്, ഫോസ്ഫേറ്റ്, സള്‍ഫേറ്റ്, ക്ലോറൈഡ്, ഫ്ലൂറൈഡ് തുടങ്ങിയവയാണ്. ഈ ജൈവാജൈവവസ്തുക്കളുടെ അളവ് വിവിധ മൃഗങ്ങളുടെ വ്യത്യസ്താസ്ഥികളില്‍ വ്യത്യസ്തമായിരിക്കും. പ്രായഭേദമനുസരിച്ചും ഇവയുടെ തോത് വ്യത്യാസപ്പെടുന്നു. അസ്ഥികളില്‍ കാണപ്പെടുന്ന ജലാംശത്തിന്റെ അളവും ഇങ്ങനെതന്നെ. മനുഷ്യശരീരത്തിലെ അസ്ഥികളില്‍, സ്ഥാനഭേദമനുസരിച്ച്, 13 മുതല്‍ 45 വരെ ശ.മാ. ജലാംശവും കണ്ടെത്തിയിട്ടുണ്ട്.

ഘടന.

അസ്ഥികളില്‍, പ്രത്യേകിച്ചു നീണ്ട അസ്ഥികളില്‍, ഘടനാപരമായി വ്യത്യസ്ത ഭാഗങ്ങള്‍ കാണാറുണ്ട്. ഷാഫ്റ്റ് അഥവാ ഡയാഫൈസിസ് എന്നറിയപ്പെടുന്ന ഘനസാന്ദ്രമായ ഭാഗമാണ് ഒന്ന്. സ്പോഞ്ചുകണക്കെ, സാന്ദ്രമല്ലാത്ത അസ്ഥികലയാല്‍ (spongy bone) നിര്‍മിതമായ, എപ്പിഫൈസിസ് എന്നറിയപ്പെടുന്ന വികസിതമായ അഗ്രഭാഗങ്ങളാണു മറ്റേത്. എപ്പിഫൈസിസിനു കോര്‍ടെക്സ് എന്നറിയപ്പെടുന്ന, ദൃഢാസ്ഥികൊണ്ടുള്ള, നേരിയ ഒരാവരണമുണ്ടായിരിക്കും. ഈ പ്രത്യേകഘടനമൂലം ഭാരവും ആഘാതവും ഷാഫ്റ്റില്‍നിന്നു സന്ധികളിലേക്കു മാറ്റപ്പെടുന്നു. ശിഥിലാസ്ഥിയുടെയും ദൃഢാസ്ഥിയുടെയും ആന്തരിക ഘടന സമാനരീതിയിലുള്ളതാണ്.

അസ്ഥിയുടെ നിര്‍മാണഘടകം ഹാവേഴ്സിയ വ്യൂഹം (Haversian system) അഥവാ ഓസ്റ്റിയോണ്‍ (osteone) എന്നാണറിയപ്പെടുന്നത്. സൂക്ഷ്മഘടനയില്‍ ഇത് അനിയമിത (irregular) നാളികാകാരം (tubular) ഉള്ളതും ശിഖരിതവുമാണ്. കനത്തഭിത്തിയോടുകൂടിയ ഇടുങ്ങിയ നാളികകളാണ് ഇവയ്ക്കുള്ളത്. ഒന്നോ രണ്ടോ ചെറിയ രക്തക്കുഴലുകളുള്ള ഹാവേഴ്സിയ വ്യൂഹം അസ്ഥിയുടെ ദീര്‍ഘാക്ഷത്തിലായി സ്ഥിതി ചെയ്യുന്നു. ഓസ്റ്റിയോണുകളുടെ ഭിത്തി സംകേന്ദ്രിപടലികകള്‍ (concentric lamellae) കൊണ്ടാണു നിര്‍മിക്കപ്പെട്ടിരിക്കുന്നത്. തന്തുരൂപ പ്രോട്ടീന്‍ ആയ കൊളാജന്‍ (collagen) ആണ് ഇവയുടെ പ്രധാന ഘടകം. അസ്ഥിയുടെ ജൈവാംശത്തിന്റെ 90 ശ.മാ.വും ഈ കൊളാജന്‍ ആണ്. പ്രധാനമായും ഒരു കേന്ദ്രവാഹി(canal)യ്ക്കു ചുറ്റുമായാണു ഓസ്റ്റിയോണുകളെ അടുക്കിയിരിക്കുന്നതെങ്കിലും ഇവ നിരവധി രിക്തിക(lacuna)കളെ ഉള്‍​ക്കൊള്ളുന്നുണ്ട്. നിരവധി കോശങ്ങളുള്‍​പ്പെടുന്ന ഈ രിക്തികകള്‍ നാളികകളാല്‍ പരസ്പരബന്ധിതമാണ്. ഈ നാളികകള്‍ വഴിയാണു രക്തത്തില്‍ നിന്നുള്ള പോഷകപദാര്‍ഥങ്ങള്‍ അസ്ഥികലയ്ക്കു ലഭ്യമാകുന്നത്.

അസ്ഥികോശങ്ങള്‍.

വ്യത്യസ്തധര്‍മങ്ങളോടുകൂടിയ മൂന്നിനം കോശങ്ങളാണു അസ്ഥിയില്‍ പ്രധാനമായും കാണപ്പെടുന്നത്.

1. ഓസ്റ്റിയോബ്ലാസ്റ്റുകള്‍ (Osteoblasts) അസ്ഥിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്നു. ഇവ അതിന്റെ രൂപീകരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അസ്ഥീപാളികള്‍ക്കു ജന്മമേകുന്നു. ഭ്രൂണങ്ങളില്‍ ഉപാസ്ഥി(cartilage)യുടെ ബാഹ്യതലത്തിലാണ് ഓസ്റ്റിയോബ്ലാസ്റ്റുകള്‍ ആദ്യം കാണപ്പെടുക. ക്രമേണ ഇവ സ്ഥിരാസ്ഥികള്‍ക്കു രൂപംനല്‍കും.

2. ഓസ്റ്റിയോസൈറ്റുകള്‍ (Osteocytes). അസ്ഥിയുടെ കാത്സീകൃത മേഖലകള്‍ക്കിടയിലെ രിക്തികകളിലായാണ് ഈ കോശങ്ങള്‍ കാണപ്പെടുന്നത്. അസ്ഥിഘടനയിലെ കഠിനപദാര്‍ഥങ്ങള്‍ക്കു രൂപംനല്കി അതിനെ ഒരു സജീവകലയായി പരിരക്ഷിക്കുന്നത് ഓസ്റ്റിയോസൈറ്റുകളാണ്.

3. ഓസ്റ്റിയോക്ലാസ്റ്റുകള്‍ (Osteoclasts). അസ്ഥിയുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ബഹു ന്യൂക്ലിയിക (multinucleate) കോശങ്ങളാണിവ. അസ്ഥിയുടെ കോശാന്തരമേഖലകളിലുള്ള കാത്സീകൃതപദാര്‍ഥങ്ങളെ വിഘടിപ്പിച്ചു ശാരീരികവളര്‍ച്ചയ്ക്കനുസൃതമായി അസ്ഥികളുടെ ആകൃതിയില്‍ മാറ്റം വരുത്തുന്നതില്‍ ഇവയുടെ പ്രവര്‍ത്തനത്തിനു സുപ്രധാന പങ്കുണ്ട്.

പൊതുവായ പ്രഭവത്തില്‍നിന്ന് ഉദ്ഭവിച്ചിട്ടുള്ളവയാണ് ഈ കോശങ്ങളെല്ലാം. അതിനാല്‍ ഇവ അന്യോന്യം ബന്ധപ്പെട്ടവയുമാണ്. അസ്ഥിക്ക് അസ്ഥിധരകല (periosteum) എന്നു പേരുള്ള ഒരാവരണമുണ്ട്. അസ്ഥിയുടെ മജ്ജാകോടരത്തെ (marrow cavity) പൊതിഞ്ഞ് അസ്ഥ്യന്തസ്തരം (endosteum) എന്ന മറ്റൊരു ചര്‍മം കാണപ്പെടുന്നു. ഈ ചര്‍മങ്ങളുടെ കോശങ്ങളെല്ലാം തന്നെ അസ്ഥികോശനിര്‍മാണക്ഷമതയുള്ളവയാണ്. അസ്ഥിയുടെ സാധാരണ വളര്‍ച്ചയിലും ഒടിവുകളുണ്ടാകുന്ന അവസരങ്ങളിലും ഈ കോശങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. ഇത്തരം ഘട്ടങ്ങളില്‍ അവ ഓസ്റ്റിയോ ബ്ലാസ്റ്റുകളെപ്പോലെയാണു പ്രവര്‍ത്തിക്കുക.

അന്തരാളി വസ്തുക്കള്‍ (investitial substances). അസ്ഥികളിലെ കോശങ്ങള്‍ക്കിടയില്‍ കണ്ടുവരുന്ന പ്രധാന വസ്തു കാല്‍സ്യമയ-കൊളാജനുകളാണ്. അസ്ഥിയുടെ ജൈവചട്ടക്കൂട് (matrix), ധാതുക്കള്‍ (minerals) ഉള്‍​ക്കൊള്ളുന്ന അജൈവവസ്തുക്കള്‍, ജലാംശം എന്നിവയാണ് അന്തരാളി വസ്തുക്കളുടെ മുഖ്യഘടകങ്ങള്‍. ജൈവചട്ടക്കൂടിന്റെ പ്രധാന നിര്‍മാണവസ്തുക്കള്‍ കൊളാജന്‍ തന്തുക്കളും അവയ്ക്കു ലംബമായി വര്‍ത്തിക്കുന്ന ഒരു ആധാരപദാര്‍ഥവും (ground mass) ആണ്. ഒരു സാധാരണ സൂക്ഷ്മദര്‍ശിനിയില്‍ അന്തരാളിവസ്തുക്കള്‍ ഏകാത്മകമായി കാണപ്പെടാമെങ്കിലും ഇലക്ട്രോണ്‍സൂക്ഷ്മദര്‍ശിനിയില്‍ കൊളാജന്‍തന്തുക്കളുടെ സാന്നിധ്യം പ്രകടമായിക്കാണാം. ഈ തന്തുക്കളുടെ ഇടയ്ക്കുള്ള സ്ഥലം അസ്ഥിധാതുക്കളുടെ പരലുകളാലും ഒരു അര്‍ധദ്രവവസ്തുവിനാലും (cement substance) നിറഞ്ഞിരിക്കുന്നു.

അസ്ഥ്യുത്പത്തി

(Osteogenesis). ജീവിയുടെ ഗര്‍ഭാവസ്ഥയിലും അതിനുശേഷവും സംയോജകകലയുടെ രൂപാന്തരണത്തിലൂടെയാണ് അസ്ഥി രൂപംകൊള്ളുന്നത്. തരുണാസ്ഥി (cartilage) രൂപവത്കരണത്തിന്റെ ഒരു ഘട്ടത്തിനുശേഷമോ തന്തുകലയില്‍ നിന്നു (fibrous tissue) നേരിട്ടോ അസ്ഥി രൂപംകൊള്ളാം. തരുണാസ്ഥീപരിണാമത്തിലൂടെ അസ്ഥി രൂപംകൊള്ളുന്ന പ്രക്രിയയ്ക്ക് അന്തഃതരുണാസ്ഥീകരണം (intra cartilagenous ossifica-tion) എന്നും, തരുണാസ്ഥിയുടെ ആവിര്‍ഭാവമില്ലാതെ തന്തുകലയില്‍നിന്നു നേരിട്ട് അസ്ഥി രൂപംകൊള്ളുന്ന പ്രക്രിയയ്ക്ക് അന്തഃചര്‍മ അസ്ഥീകരണം (intramembraneous ossification) എന്നും പറയുന്നു. വളര്‍ച്ചയുടെ ഘട്ടത്തിലും ഒടിവു മുതലായ കേടുപാടുകള്‍ തീര്‍ക്കുന്ന ഘട്ടങ്ങളിലും ഈ രണ്ടുവിധത്തിലുമുള്ള അസ്ഥീകരണ പ്രക്രിയകള്‍ സംഭവിക്കുന്നുണ്ട്.

തരുണാസ്ഥിയില്‍നിന്നും അസ്ഥി രൂപമെടുക്കുമ്പോള്‍ അതിന്റെ വളര്‍ച്ചയുടെ എല്ലാഘട്ടങ്ങളിലും ആ തരുണാസ്ഥിയുടെ ഒരംശം അതിന്റെ തനതുരൂപത്തില്‍ത്തന്നെ നിലനില്കാറുണ്ട്. അതിപ്രവര്‍ധതരുണാസ്ഥി (epiphyseal cartilage) എന്ന പേരിലറിയപ്പെടുന്ന ഈ തരുണാസ്ഥിശകലം ഒരു തകിടിന്റെ രൂപത്തിലാണു കാണപ്പെടുക. ഇതു തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടിരിക്കുകയും ഈ വളര്‍ച്ചയോടൊപ്പംതന്നെ അസ്ഥി ഇതിനെ പ്രതിസ്ഥാപിക്കുകയും ചെയ്തുകൊണ്ടിരിക്കും. ഇpage613.pngപ്രകാരമാണ് അസ്ഥികളുടെ നീളത്തിലുള്ള വളര്‍ച്ച നടക്കുന്നത്. അസ്ഥിയുടെ വളര്‍ച്ചയ്ക്കുള്ള ഉപാധിയായി വര്‍ത്തിക്കുന്നതിനാല്‍ ഈ ഉപാസ്ഥിയെയും അതിനു ചുറ്റുമുള്ള ശരീരകലയെയും ചേര്‍ത്ത് 'വളര്‍ച്ചയുടെ ഉപകരണം' (growth apparatus) എന്നു പരാമര്‍ശിക്കാറുണ്ട്. അസ്ഥിയുടെ വ്യാസീയ വളര്‍ച്ച, മജ്ജാകോടരത്തില്‍ നിന്നുള്ള തുടര്‍ച്ചയായ അപരദനത്തിലൂടെയാണു നടക്കുന്നത്.

അസ്ഥികലയുടെ കാത്സീകരണം, ജൈവചട്ടക്കൂടിലേക്കുള്ള അസ്ഥിധാതുക്കളുടെ നിക്ഷേപണത്തിലൂടെയാണു സംഭവിക്കുക. പരലുകളുടെ (crystals) രൂപീകരണത്തിലൂടെയും അവയുടെ തുടര്‍ന്നുള്ള വളര്‍ച്ചയിലൂടെയുമാണ് ഇതു സാധിക്കുന്നത്. ഇതോടൊപ്പംതന്നെ ജൈവചട്ടക്കൂടിലെ കൊളാജന്‍തന്തുക്കളുടെ രൂപീകരണവും നടക്കും.

സാധാരണമായി, കാത്സീകരണം നടക്കുന്നതിനു രക്തത്തിലൂടെ യഥാസ്ഥാനത്തേക്ക് കാത്സ്യത്തിന്റെയും ഫോസ്ഫേറ്റിന്റെയും അനുസ്യൂതമായ പ്രവാഹം നടക്കേണ്ടതാവശ്യമാണ്. ഇത് അസ്ഥീധാതുനിര്‍മാണത്തിനാവശ്യമായ ചേരുവയിലായിരിക്കുകയും വേണം. ഈ പ്രക്രിയയെ കാത്സീകരണത്തിന്റെ ഹ്യൂമറല്‍ ഘടകം (humoral factor) എന്നു പറയുന്നു. ഇതു ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ബാധകമാണെങ്കില്‍ക്കൂടി എല്ലാഭാഗങ്ങളിലും കാത്സീകരണം നടക്കുന്നില്ല. ഏതു ഭാഗത്താണിതു നടക്കേണ്ടതെന്നു നിശ്ചയിക്കുന്ന ഒരു സ്ഥാനീയഘടകംകൂടി ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ജൈവചട്ടക്കൂടിനുള്ളില്‍ത്തന്നെയാണ് ഈ സ്ഥാനീയ ഘടകത്തിന്റെയും സാന്നിദ്ധ്യം. വളര്‍ന്നുകൊണ്ടിരിക്കുന്ന അസ്ഥികളിലെ ഓസ്റ്റിയോബ്ലാസ്റ്റുകളില്‍ ആല്‍ക്കലൈന്‍ ഫോസ്ഫേറ്റ്സ് എന്ന എന്‍സൈം (enzyme) അടങ്ങിയിട്ടുണ്ട്. ഈ എന്‍സൈമിന് അസ്ഥിയുടെ രൂപീകരണത്തില്‍ ഗണ്യമായ പങ്കുണ്ട്.

ധാതുശേഖരം.

ശരീരത്തിലടങ്ങിയിട്ടുള്ള നിരവധി മൂലകങ്ങളില്‍ കാത്സ്യം, മഗ്നീഷ്യം, സോഡിയം, ഫോസ്ഫറസ് എന്നിവ അസ്ഥിയിലാണു മുഖ്യമായും കേന്ദ്രീകരിച്ചിട്ടുള്ളത്. ജീവസന്ധാരണപ്രക്രിയയിലെ മറ്റ് ആവശ്യങ്ങള്‍ക്കായി ഇവ അസ്ഥിയില്‍ നിന്നു നല്കപ്പെടുന്നു. ഈ പറഞ്ഞവയെ കൂടാതെ മറ്റു പല മൂലകങ്ങളും അസ്ഥിയില്‍ ചെറിയ അളവുകളില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കാവശ്യമായ ധാത്വംശങ്ങളുടെ ഒരു സംഭരണകേന്ദ്രമായി അസ്ഥി വര്‍ത്തിക്കുന്നതിനാല്‍ രക്തവും അസ്ഥിയും തമ്മില്‍ പരസ്പരം ഇവയെ വിനിമയം ചെയ്യാനുതകുന്ന പല ക്രിയാവിധികളും നിലവിലുണ്ട്. ഇവയില്‍, കാത്സ്യത്തിനു മാത്രമായി ശരീരദ്രവങ്ങളില്‍ ഒരു പ്രത്യേക സാന്ദ്രത നിലനിര്‍ത്താനുതകുന്ന ചില പ്രത്യേക ഉപാധികള്‍ ഉണ്ട്. രക്തവും അസ്ഥിയും തമ്മിലുള്ള മറ്റു ഘടകങ്ങളുടെ വിനിമയത്തില്‍ ഭൗതിക-രാസശക്തികളുടെ നിയന്ത്രണത്തിനു വിധേയമായി അയോണുകളുടെ ഒരു വിനിമയപ്രക്രിയ നിലവിലുണ്ട്. ഉദാഹരണമായി, ജീവന്റെ നിലനില്പിനാധാരമായ ഘടകങ്ങളിലൊന്നായ സോഡിയത്തിന്റെ അളവ് രക്തത്തില്‍ കുറയുമ്പോള്‍ സോഡിയത്തിന്റെ അയോണുകള്‍ അസ്ഥിയില്‍നിന്നും രക്തത്തിലേക്കു മാറ്റപ്പെടുന്നു. ഒരു സന്തുലിതാവസ്ഥ നിലവില്‍വരുന്നതുവരെ ഈ പ്രക്രിയ തുടരുകയും ചെയ്യും.

അസ്ഥികളുടെ ഖനിജീഭവന(mineralisation)ത്തില്‍ ജീവകം ഡി-ക്ക് ഒരു പ്രധാന പങ്കുണ്ട്. പചനവ്യൂഹത്തില്‍ നിന്നുള്ള കാല്‍സ്യത്തിന്റെ അവശോഷണ (absorption)ത്തെ ത്വരിതപ്പെടുത്തുന്നതിലൂടെയാണ് ഇതു കാല്‍സീകരണപ്രക്രിയയെ ഉത്തേജിപ്പിക്കുന്നത്. പാരാതൈറോയ്ഡ് ഹോര്‍മോണിന്റെ പ്രവര്‍ത്തനവും കാല്‍സ്യത്തിന്റെ സന്തുലിതാവസ്ഥയ്ക്കു നിദാനമാണ്.

പിറ്റ്യൂട്ടറി ഗ്രന്ഥിയുടെ അഗ്രപാളി(anterior lobe )യില്‍ നിന്നുള്ള ഹോര്‍മോണിന് അസ്ഥിയുടെ വളര്‍ച്ചയില്‍ സാരമായ പങ്കുണ്ട്. ഇതോടൊപ്പംതന്നെ തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥിയുടെ കോര്‍ടെക്സ് എന്നിവയില്‍നിന്നുള്ള ഹോര്‍മോണുകള്‍ക്കും, സ്ത്രീ-പുരുഷ ലിംഗഹോര്‍മോണുകള്‍ക്കും അസ്ഥിയുടെ വളര്‍ച്ചയിലും ഉപാപചയത്തിലും പങ്കുണ്ടെന്നു വെളിപ്പെട്ടിട്ടുണ്ട്.

ധര്‍മങ്ങള്‍.

ഒരു ശരീരകല എന്ന നിലയില്‍ അസ്ഥിക്കു സുപ്രധാനമായ പല ധര്‍മങ്ങളുമുണ്ട്. ഇത് കാല്‍സ്യത്തിന്റെയും ഫോസ്ഫേറ്റിന്റേയും ഉപാപചയങ്ങളിലും സംഭരണത്തിലും വ്യക്തമായ ഒരു പങ്കു വഹിക്കുന്നു. അതിനാല്‍, 'അസ്ഥികലയാല്‍ നിര്‍മിതമായ അവയവം' എന്ന് ഓരോ അസ്ഥിയെയും വിശേഷിപ്പിക്കാവുന്നതാണ്. അസ്ഥികളും സന്ധികളും ചേര്‍ന്നു മിക്കവാറും എല്ലാ കശേരുകികളിലും ശരീരത്തിന്റെ ചട്ടക്കൂടായി വര്‍ത്തിക്കുന്നു. മസ്തിഷ്കം, സുഷുമ്നാനാഡി തുടങ്ങിയ സുപ്രധാനാവയവങ്ങളെ പരിരക്ഷിക്കുന്നതും അസ്ഥിയുടെ വളരെ പ്രധാനപ്പെട്ട മറ്റൊരു ധര്‍മ്മാണ്. രക്തത്തിന്റെ മിക്കവാറും എല്ലാ ഘടകപദാര്‍ഥങ്ങളെയും നിര്‍മിക്കുന്ന മജ്ജയുടെ സ്ഥാനവും അസ്ഥിക്കുള്ളില്‍ തന്നെ

അസ്ഥിമാര്‍ഗ ചികിത്സ

എല്ലാ രോഗങ്ങള്‍ക്കും നിദാനം ശരീരസന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകള്‍ക്കു പകരം ഹസ്തോപക്രമം (Manipulation) ആവശ്യമാണെന്നും ഉള്ള സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതി. 1874-ല്‍ ആന്‍ഡ്രൂ റ്റി. സ്റ്റില്‍ ആണ് ഈ ചികിത്സാപദ്ധതി ആദ്യമായി ആവിഷ്കരിച്ചത്.

ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ അസുഖങ്ങളും സന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ കൊണ്ടാണുണ്ടാകുന്നത്. ചികിത്സമൂലം ഈ തകരാറുകള്‍ പരിഹരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിഷവസ്തുക്കളാണ്. ഇതിനുപകരം ഇദ്ദേഹം നിര്‍ദേശിക്കുന്ന ചികിത്സാസമ്പ്രദായത്തെ അസ്ഥിമാര്‍ഗചികിത്സ എന്നു വിളിച്ചുവരുന്നു. ഒരു അസ്ഥിയിലോ, പേശിയിലോ, സന്ധിയിലോ, മറ്റു ശരീരകലകളിലോ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്കു കാരണം ആഘാതം, മുറിവ്, രോഗാണുസംക്രമണം എന്നിവയോ, നാഡീവ്യൂഹത്തിന്റെ പ്രതികൂലാവസ്ഥയോ ആണ്. ഇതുമൂലം സ്ഥാനികലക്ഷണങ്ങള്‍ ആരംഭിക്കുകയും ആ ഭാഗത്തിന്റെ ചലനക്ഷമത കുറയുകയും ചുറ്റുമുളള ശരീരകലയിലേക്കുള്ള രക്തസംക്രമണം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചെന്നുവരും. ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ അഭിപ്രായത്തില്‍ ഈ അസുഖങ്ങള്‍ക്കുള്ള ശരിയായ പ്രതിവിധി ഹസ്തോപക്രമം മാത്രമാണ്. ശരീരത്തിലെ ഓരോ അവയവവുമായി ഓരോ അസ്ഥികള്‍ ബന്ധം പുലര്‍ത്തുന്നു എന്നും ആ പ്രത്യേക അസ്ഥി വേണ്ടവിധം തിരുമ്മിയാല്‍ ആ അസുഖം മാറും എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. രോഗങ്ങളുടെ ചികിത്സയില്‍ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള സ്ഥാനം അതിപ്രധാനമാണെന്നു മുന്‍പേതന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ സിദ്ധാന്തം ഇന്നും ചെറിയതോതില്‍ നിലനില്ക്കുന്നുണ്ട്.

1874-ല്‍ സ്റ്റില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് 1892-ല്‍ മോയിലെ ക്രിക്സ്വില്ലില്‍ അമേരിക്കന്‍ സ്കൂള്‍ ഒഫ് ഓസ്റ്റിയോപ്പതി സ്ഥാപിതമായി. 1967-ല്‍ ഇതിന്റെ കീഴില്‍ അഞ്ചു കോളജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഷിക്കാഗോ ആസ്ഥാനമാക്കി 1897-ല്‍ അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനും രൂപമെടുത്തു. ബ്രിട്ടനില്‍ ഈ ചികിത്സാപദ്ധതിയുടെ പഠനത്തിനായി രണ്ടു സ്ഥാപനങ്ങളുണ്ട്. യു.എസ്സും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവുമധികം അസ്ഥിമാര്‍ഗ ചികിത്സകന്‍മാര്‍ ഉള്ളത് കാനഡയിലാണ്. ഫ്രാന്‍സ്, ജര്‍മനി, ഫിലിപ്പീന്‍സ്, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലും ഈ ഭിഷഗ്വരന്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കേരളത്തിലും അസ്ഥിമാര്‍ഗചികിത്സ നിലവിലുണ്ട്.

അസ്ഥികൂടരോഗങ്ങള്‍

അസ്ഥിവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഇവയെ പൊതുവേ ആറായി തരംതിരിച്ചിരിക്കുന്നു.

പരമ്പരാഗതമായ ന്യൂനതകള്‍.

അസ്ഥികളുടെ സഹജവും പരമ്പരാഗതവുമായ ന്യൂനതകള്‍ പലവിധത്തില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒന്നോ അതിലധികമോ അസ്ഥികളുടെ അഭാവം, ഇരട്ടിക്കല്‍, സ്ഥാനഭ്രംശം, വൈരൂപ്യം, അസ്ഥികലകള്‍ ഉണ്ടാകുന്നതിലുള്ള അപസാമാന്യതകള്‍ തുടങ്ങിയവയാണ് സാധാരണമായിട്ടുള്ളവ. അസ്ഥികൂടത്തെ പൊതുവേ ബാധിക്കുന്ന സഹജ-പരമ്പരാഗതരോഗങ്ങളില്‍ പ്രധാനമായവയെപ്പറ്റി താഴെപ്പറയുന്നു. ഇവ ജനനാവസരത്തില്‍ത്തന്നെ പ്രകടമായിരിക്കുകയോ കുട്ടി വളരുന്നതോടൊപ്പം പ്രകടമാകുകയോ ചെയ്യാം.

അക്കോണ്‍​ഡ്രോപ്ലാസിയ (Achondroplasia)

നീളം കൂടിയ അസ്ഥികളുടെ അസ്ഥീകരണത്തിലുളവാകുന്ന ന്യൂനതകളുടെ ഫലമായി ഉണ്ടാകുന്ന ഒരു പരമ്പരാഗത രോഗമാണിത്. ഈ രോഗം ബാധിച്ച രോഗികളുടെ കൈകാലുകളിലെ അസ്ഥികള്‍ക്ക് സാധാരണയില്‍ കുറഞ്ഞ നീളമേ ഉണ്ടായിരിക്കൂ; വണ്ണം കൂടുതലുമായിരിക്കും. കാല്‍മുട്ടിനും കണങ്കാലിനുമിടയിലാണ് അസാധാരണ നീളക്കുറവ് പ്രകടമാകുക. ഇത് ഓട്ടോസോമല്‍ പ്രഭാവിത അവസ്ഥ (autosomal dominance ) പ്രകടമാക്കുന്ന പാരമ്പര്യരോഗമാണെങ്കിലും ജീന്‍ ഉത്പരിവര്‍ത്തനം (gene mutation) കൊണ്ടും ഈ രോഗം ഉണ്ടാകാം. തലയ്ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരിക്കും; നെറ്റിത്തടം മുന്‍പോട്ടു തള്ളിയിരിക്കും. പരന്ന മൂക്ക്, നീളം കുറഞ്ഞ കാലുകള്‍, നീളം കുറഞ്ഞ് വണ്ണം കൂടിയ വിരലുകള്‍, ഇടുപ്പിലെ അസാധാരണ വളവ് തുടങ്ങിയ സവിശേഷ സ്വഭാവങ്ങള്‍ ഇത്തരം രോഗികളില്‍ കാണുന്നു. എന്നാല്‍ ശാരീരികമോ മാനസികമോ ആയ മറ്റു ന്യൂനതകളൊന്നും ഉണ്ടായിരിക്കില്ല. സാധാരണ ബുദ്ധിശക്തിയും ഇക്കൂട്ടര്‍ക്ക് ഉണ്ടായിരിക്കും. കൈകാലുകളുടെ സാരമായ നീളക്കുറവും വളവും കുള്ളത്ത(dwarfism) ത്തിന് കാരണമാകുന്നു. കുള്ളത്തം മറ്റു പല രോഗങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്.

ഓസ്റ്റിയോജനസിസ് ഇംപെര്‍ഫെക്റ്റ (Osteogenesis imperfecta).

അസ്ഥികളുടെ ശക്തിക്ഷയവും ഭംഗുരത്വ(brittility)വുംമൂലം ആവര്‍ത്തിച്ചാവര്‍ത്തിച്ച് അസ്ഥിഭംഗമുണ്ടാകുന്ന പ്രവണതയാണ് ഈ രോഗത്തിന്റെ സവിശേഷ ലക്ഷണം. അപൂര്‍ണ കൊളാജന്‍ സംശ്ലേഷണമാണ് ഈ രോഗത്തിനു നിദാനം. കൊളാജന്‍ സംശ്ലേഷണം അപൂര്‍ണമാകുന്നത് കൊളാജന്‍ അടങ്ങിയ മൃദുകല(soft tissues)കളെ (ചര്‍മം, ശ്വേതപടലം, പല്ല്, സ്നായുക്കള്‍ (ligaments)) ബാധിക്കുന്നു. ഇത് ഓട്ടോസോമല്‍ പ്രഭാവിത അവ്യവസ്ഥ (autosomal dominant disorder)മൂലമാണ് സംഭവിക്കുക. എന്നാല്‍ ഓട്ടോസോമല്‍ അപ്രഭാവിത അവ്യവസ്ഥമൂലം സംജാതമാകുന്നത് ഇതിലും കഠിന (തീവ്ര) മായിരിക്കും. ഇത്തരം രോഗികളില്‍ തലയോട്ടിയില്‍ പലയിടത്തും അസ്ഥിന്യൂനത കാണാറുണ്ട്. പല്ലുകള്‍ മൃദുത്വമുള്ളതായിരിക്കും. കണ്ണിലെ ശ്വേതപടലം (sclera) നീല നിറമായിരിക്കും.

ജനനസമയത്തുതന്നെ രോഗബാധയുള്ള കുട്ടികളില്‍ അസ്ഥിഭംഗം ഉണ്ടായിരിക്കും. ചെറിയ ചലനങ്ങള്‍ പോലും അസ്ഥിഭംഗത്തിനു കാണമാകുന്നു. എന്നാല്‍ ഈ ഭംഗങ്ങള്‍ വളരെവേഗം സംയോജിക്കും. ആവര്‍ത്തിച്ചുണ്ടാകുന്ന അസ്ഥിഭംഗങ്ങള്‍ പലതരം വൈരൂപ്യങ്ങള്‍ക്കും കാരണമാകും. ചില കുട്ടികളില്‍ ജനിച്ച് ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞേ രോഗം പ്രകടമാകാറുള്ളു. പ്രായം കൂടുന്തോറും അസ്ഥിഭംഗത്തിന്റെ പ്രവണത കുറഞ്ഞവരുന്നു. കാഠിന്യം കൂടിയ രോഗബാധയുള്ള ശിശുക്കള്‍ ഏതാനും ആഴ്ചകള്‍ക്കകം മരിച്ചുപോകുന്നു. രോഗം പ്രകടമാകാത്ത പ്രായം കൂടിയവരില്‍ ഇത് ഓസ്റ്റിയോ സ്ക്ളി റോസിസ്സി(osteosclerosis)ന് കാരണമാകും.

3. ഓസ്റ്റിയോ പെട്രോസിസ് അഥവാ ഓസ്റ്റിയോസ്ക്ളീറോസിസ് ഫ്രജൈലിസ് (Osteopetrosis-Osteosclerosis Fragilis).

മാര്‍ബിള്‍ അസ്ഥിരോഗം, അല്‍ബെഴ്സ്-സ്ക്വോന്‍ബെര്‍ഗ് രോഗം (Albers-Schonbere) എന്നീ പേരുകളിലും അറിയപ്പെടുന്നു. കട്ടികൂടിയ അവസ്ഥയും ഭംഗുരത്വമുള്ള അസ്ഥികളും ഈ രോഗത്തിന്റെ സവിശേഷ സ്വഭാവമാണ്. ഓട്ടോസോമല്‍ പ്രഭാവിത ജീനുകള്‍ കാരണം ഉണ്ടാകുന്ന ഈ പരമ്പരാഗത രോഗം അസ്ഥിഭംഗത്തിനുള്ള പ്രവണത വര്‍ധിപ്പിക്കുന്നു. ജന്മനാ ഉള്ള ഓട്ടോസോമല്‍ അപ്രഭാവിത ജീനുകള്‍ മൂലമുണ്ടാകുന്ന രോഗം കാഠിന്യം കൂടിയതും അപകടകരവുമായിരിക്കും. ഇത് ശിശുക്കള്‍ക്ക് അതികഠിനമായ വിളര്‍ച്ച (അനീമിയ) ഉണ്ടാകാനും ഇടയാക്കുന്നു. കഠിനമായ രോഗബാധയുള്ളവര്‍ ശൈശവാവസ്ഥയില്‍ത്തന്നെ മരിച്ചു പോകുന്നു.

പാജെറ്റ്സ് രോഗം (Paget's disease).

ഓസ്റ്റിയൈറ്റിസ് ഡിഫോമന്‍സ് (Osteitis deformans) എന്നും ഇത് അറിയപ്പെടുന്നു. 40 വയസ്സു കഴിഞ്ഞവരെയാണ് സാധാരണ ഈ രോഗം ബാധിക്കുക. ഒന്നോ രണ്ടോ അസ്ഥികള്‍ വളയുകയോ കട്ടികൂടുകയോ സ്പോന്‍ജുപോലെയായിത്തീരുകയോ ചെയ്യുന്നു. കാലിലെ ജംഘാഗ്രാസ്ഥി(Tibia)യെയാണ് സാധാരണ ഈ രോഗം ബാധിക്കുക. രോഗകാരണം ഇന്നും കണ്ടെത്താനായിട്ടില്ല. രോഗബാധിതരുടെ അസ്ഥികള്‍ കട്ടികൂടുന്നു. അസ്ഥിയുടെ വേദനയാണ് ആദ്യരോഗലക്ഷണം. പിന്നീട് വളയുകയും കട്ടികൂടുകയും ചെയ്യന്നു. അസ്ഥികള്‍ പൊട്ടാനും അര്‍ബുദമായിത്തീരാനും ഇടയുണ്ട്. എക്സ്റേയില്‍ നിറം കുറഞ്ഞ് ഇടയ്ക്കിടെ ചെറിയ വിടവ് (gap) ഉള്ളതുപോലെ തോന്നിക്കും. കാല്‍സിറ്റോനിന്‍ ഡൈഫോസ്ഫോനേറ്റ് എന്നിവകൊണ്ട് ചികിത്സിക്കുന്നു.

ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസ് (Osteochondritis).

കുട്ടികളിലും കൗമാരപ്രായക്കാരിലും അസ്ഥിയുടെ വളരുന്ന അഗ്രങ്ങ(Epiphysis)ളെ ബാധിക്കുന്ന രോഗമാണിത്. ഈ രോഗം പലവിധത്തിലുണ്ട്. പെര്‍തീസ് (perthe's) രോഗം, പാന്നേഴ്സ് (panner's) രോഗം, കീയെന്‍ബോക്സ് (kienbocks's) രോഗം, സീവേഴ്സ് (sever's) രോഗം, കോഹ്ളേഴ്സ് (kohler's) രോഗം, ഫ്രീബെര്‍ഗ്സ് (freiberg's) രോഗം, കാള്‍വ്സ് (calve's) രോഗം തുടങ്ങിവയും ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസ് രോഗമാണ്.

പെര്‍തീസ് (perthe's) രോഗം.

സാധാരണയായി തുടയെല്ലിന്റെ മുകളിലെ അറ്റത്തെ(epiphysis)യാണ് ഈ രോഗം ബാധിക്കുക. ഓസ്റ്റിയോക്കോണ്‍ഡ്രൈറ്റിസില്‍ ഏറ്റവും സാധരണയായി കാണുന്നത് പെര്‍തീസ് രോഗമാണ്. 5-10 വയസ്സുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. ഇടുപ്പെല്ല് മുതല്‍ കാല്‍മുട്ടുവരെ വ്യാപിക്കുന്ന വേദനയും, നടക്കാന്‍ വൈഷമ്യവും അനുഭവപ്പെടും. ഇടുപ്പ് വലിഞ്ഞു മുറു(stiffness)കിയിരിക്കും. രോഗം ബാധിച്ച കാല്‍ അനക്കാന്‍ വിഷമം അനുഭവപ്പെടും. എക്സ്റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ശസ്ത്രക്രിയ നടത്തിയോ പ്ലാസ്റ്റര്‍ ഇട്ടോ തുടയെല്ലിന്റെ എപ്പിഫൈസിസ് കേടുവരാതെ സംരക്ഷിക്കാം. ചികിത്സിച്ചു പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണിത്.

ഡയാഫൈസിയല്‍ അക്ലാസിസ് (Diaphysial aclasis).

മള്‍ട്ടിപ്പിള്‍ എക്സോസ്റ്റോസെസ് (Multiple exostoses) എന്ന പേരിലും അറിയപ്പെടുന്ന ഈ രോഗത്തിന്റെ ഫലമായി നീളം കൂടിയ അസ്ഥിയുടെ അഗ്രത്തിനു തൊട്ടുതാഴെയുള്ള ഭാഗം (metaphysis) അസ്ഥിചര്‍മത്തിനുള്ളില്‍ത്തന്നെ വളര്‍ന്ന് മുഴപോലെയായിത്തീരുന്നു. ഈ പരമ്പരാഗതരോഗം ഒരു ഓട്ടോസോമല്‍ പ്രഭാവിത ജീന്‍ ക്രമരാഹിത്യമാണ്. എക്സ്റേ കൊണ്ട് രോഗനിര്‍ണയനം നടത്താം. അസ്ഥിഭംഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. മുഴ പോലെയായിത്തീരുന്ന ഭാഗത്ത് അര്‍ബുദം ബാധിക്കാനിടയുണ്ട്. ശസ്ത്രക്രിയ ചെയ്ത് മുഴകള്‍ എല്ലാം മുറിച്ചു നീക്കാനായില്ലെങ്കിലും വേദനയുള്ള മുഴകള്‍ മുറിച്ചു നീക്കേണ്ടതാണ്.

ഹര്‍ലേഴ്സ് (Hurler's) രോഗം (Gargoylism).

അസ്ഥികളുടെ നീളം കുറഞ്ഞ് ശരീരത്തിനും കൈകാലുകള്‍ക്കും കുള്ളത്തം ഉണ്ടാകുന്ന അവസ്ഥയാണിത്. ഇത് ഒരു പാരമ്പര്യരോഗമാണ്. എക്സ്റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ഓട്ടോസോമല്‍ പ്രഭാവിത അവസ്ഥമൂലമുണ്ടാകുന്ന പാരമ്പര്യ രോഗമാണിത്. ശരീരത്തിനും കൈകാലുകള്‍ക്കും കുള്ളത്ത (dwarfism) മുണ്ടാകുന്നു. ഡെര്‍മാറ്റന്‍ സള്‍ഫേറ്റ് (dermatan sulphate), ഹെപാരിറ്റന്‍ സള്‍ഫേറ്റ് (heparitan sulphate) എന്നിവ മൂത്രത്തില്‍ക്കൂടി വിസര്‍ജിക്കപ്പെടുന്നു. ഈ രോഗമുള്ളവരുടെ മുഖം സവിശേഷമായ ആകൃതിയുള്ളതാണ്. മാനസിക വളര്‍ച്ചയിലും അസാധാരണത്വം പ്രകടമാണ്. കോര്‍ണിയ അതാര്യത(opacity)യുള്ളതായിരിക്കും.

എംഗല്‍മാന്‍സ് (Engelmann's) രോഗം.

ഓട്ടോസോമല്‍ അപ്രഭാവിത അവസ്ഥമൂലമുണ്ടാകുന്ന പാരമ്പര്യരോഗമാണിത്. പ്രധാനമായും കുട്ടികളെയാണ് ഈ രോഗം ബാധിക്കുക. തുടയെല്ലിനെയാണ് പ്രധാനമായും ഈ രോഗം ബാധിക്കുന്നത്. നീളം കൂടിയ അസ്ഥികളുടെ മധ്യഭാഗം കൂടുതലായി വളരുന്നതാണ് രോഗലക്ഷണം.

മോര്‍ക്യോ രോഗം (Morquio disease).

ഓട്ടോസോമല്‍ അപ്രഭാവിത അവസ്ഥ മൂലമുണ്ടാകുന്ന പാരമ്പര്യരോഗമാണിത്. നട്ടെല്ല്, വക്ഷാസ്ഥികള്‍, കൈകാലുകളിലെ അസ്ഥികള്‍ എന്നിവയുടെ വിരൂപതയും കുള്ളത്തവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. സാധാരണമായി കുട്ടികളെ ബാധിക്കുന്ന ഈ രോഗം കുട്ടികള്‍ നടക്കാന്‍ തുടങ്ങുമ്പോഴാണ് ശ്രദ്ധിക്കപ്പെടുന്നത്. തലയ്ക്കും കൈകാലുകള്‍ക്കും സാധാരണ വലുപ്പമുണ്ടായിരിക്കും. സന്ധികള്‍ക്കു വീക്കമുണ്ടാകുന്നു. കശേരുക്കളുടെ ആകൃതിയിലും വലുപ്പത്തിലും മാറ്റങ്ങളുണ്ടാകും.

അക്ഷകാസ്ഥി(clavicle)കളുടെ അഭാവത്തോടൊപ്പം കപാലാസ്ഥികളുടെ അസ്ഥീകരണത്തില്‍ കാലതാമസം ഉണ്ടാകുക (cleido-cranial dystosis), കൈകാലുകള്‍ക്കും വിരലുകള്‍ക്കും അസാമാന്യമായ നീളമുണ്ടായിരിക്കുക (arachnodaetyly), ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളില്‍ മുഴകള്‍ ഉണ്ടാകുക (exostosis) അസ്ഥികളിലെ തന്തുകല ദുര്‍വികസനം ചെയ്യുക (fibrous dysplasia), അസ്ഥികളില്‍ അവിടവിടെയായി വൃത്തത്തില്‍ കട്ടികൂടിയ അസ്ഥിദ്വീപുകള്‍ ഉണ്ടാകുക (osteopoikilosis) തുടങ്ങിയവയും സഹജമായുണ്ടാകുന്ന വികലതകളാണ്.

അസ്ഥി സംക്രമണങ്ങള്‍

അസ്ഥിമജ്ജാശോഥം (Osteomyelitis).

രോഗാണുക്കള്‍ അസ്ഥിയില്‍ കടന്നുകൂടുകയും വളരുകയും ചെയ്യുന്നതുനിമിത്തമുണ്ടാകുന്ന ശോഥപ്രക്രിയ. അസ്ഥിയില്‍ രോഗസംക്രമണം മൂന്നുവിധത്തില്‍ സംഭവിക്കാം.

i.രക്തം, ലസിക എന്നിവ വഴി;

ii.അസ്ഥിക്കു ചുറ്റുമുള്ള രോഗബാധിത കലകളില്‍ നിന്ന്;

iii.ഒരു ക്ഷതിയുടെ ഫലമായി പുറത്തുനിന്നും നേരിട്ട്.

രോഗത്തിന്റെ തീവ്രത രോഗസംക്രമണത്തിന്റെ രീതി, രോഗാണുവിന്റെ ഇനം, രോഗിയുടെ പ്രതിരോധശക്തി എന്നിവയെ ആശ്രയിച്ചിരിക്കും. തീവ്രം, അനുതീവ്രം, സ്ഥായി എന്നീ മൂന്നുതരത്തില്‍ അസ്ഥിശോഥം ഉണ്ടാകാം. അസ്ഥിയുടെ ഘടന, രക്തചംക്രമണത്തിലെ പ്രത്യേകതകള്‍ എന്നിവകൊണ്ടുണ്ടാകുന്ന വികാരങ്ങള്‍ അസ്ഥികളില്‍ മറ്റു ശരീരകലകളില്‍ ഉണ്ടാകുന്നതുപോലെയല്ല. ഇവയിലെ രക്തവാഹികള്‍ ഇടുങ്ങിയ അസ്ഥിനാളികളിലൂടെയാണ് സഞ്ചരിക്കുന്നത്. സംക്രമണഫലമായുണ്ടാകുന്ന നിസ്രാവം (exudate) മര്‍ദം ചെലുത്തുന്നതുകൊണ്ട് രക്തസഞ്ചാരം കുറയുകയോ, നിലയ്ക്കുകയോ ചെയ്യുന്നു. ഇതു ബാധിതസ്ഥാനത്തെ അസ്ഥിഭാഗത്തിന്റെ മൃതി (necrosis)ക്കു കാരണമാകുന്നു. ഈ മൃതഭാഗത്തിനു ചുറ്റും കണാങ്കുര കല (granulation tissue) വളരുകയും അസ്ഥിയില്‍നിന്ന് ഈ ഭാഗത്തെ വേര്‍പെടുത്തുകയും ചെയ്യുന്നു. ഇങ്ങനെ വേര്‍പെടുന്ന മൃതാസ്ഥിയെ സെക്ക്വസ്ട്രം (sequestrum) എന്നു വിളിക്കുന്നു. ഇതു പുറത്തുപോകുകയോ ശസ്ത്രക്രിയ ചെയ്തു നീക്കംചെയ്യുകയോ ചെയ്യാത്തിടത്തോളം കാലം രോഗശമനം ഉണ്ടാകുന്നില്ല. ചിലപ്പോള്‍ സെക്ക്വസ്ട്രം ഉണ്ടാകുന്നതിനുപകരം അസ്ഥികള്‍ക്ക് അപരദനം (erosion) സംഭവിക്കുന്നതിനാല്‍ അസ്ഥിസുഷിരത (osteoporosis) ഉണ്ടാകുന്നു. രോഗശമനത്തോടൊപ്പം ചുറ്റുമുളള അസ്ഥിഭാഗങ്ങള്‍ക്കു കാഠിന്യമു(sclerosis)ണ്ടാകുന്നു. ഇതോടൊപ്പം അസ്ഥിയില്‍ നിന്നും വേര്‍പെടുത്തപ്പെട്ട പര്യസ്ഥികത്തില്‍ (periosteal) അസ്ഥിരൂപവത്കരണം നടക്കുന്നു. മൃതപ്രായമായ അസ്ഥിഭാഗത്തിനനുസരിച്ച് പര്യസ്ഥികാസ്ഥിരൂപവത്കരണത്തിനും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു.

തീവ്രരക്തജന്യ-അസ്ഥിശോഥം (Acute hematoge-nous primary osteomyelitis).

ബാക്ടീരിയ, സെപ്റ്റിസീമിയ, പയീമിയ തുടങ്ങിയ വ്യാപകരോഗങ്ങളുടെ ഭാഗമായിട്ടാണ് ഇതുണ്ടാകുന്നത്. പത്തുവയസ്സിനു താഴെയുള്ള ആണ്‍കുട്ടികളെയാണ് ഇതു സാധാരണ ബാധിച്ചുകാണുന്നത്. മിക്കപ്പോഴുംസ്റ്റഫൈലോകോക്കസ് ഓറിയസ് (Staphylococcus aureus) എന്ന ബാക്ടീരിയയാണ് രോഗഹേതു. ചിലപ്പോള്‍ സ്റ്റ്രെപ്റ്റോകോക്കസ്സും (Streptococcus), ന്യൂമോകോക്കസ്സും മറ്റു പല രോഗാണുക്കളും ഹേതുവാകാറുണ്ട്. റ്റിബിയ (tibia)യുടെ മേലേ അറ്റത്തും, ഫീമറിന്റെ താഴേ അറ്റത്തും ഹൂമറസ്, ഫിബുല, റേഡിയസ് എന്നീ അസ്ഥികളെയുമാണ് സാധാരണ ഈ രോഗം ബാധിക്കുക. എന്നാല്‍ ശരീരത്തിലെ മറ്റ് അസ്ഥികളെയും ഇതു ബാധിച്ചുകൂടെന്നില്ല.

കടുത്ത പനി, ഏതെങ്കിലും ഒരു സന്ധിക്കടുത്തുളള അസ്ഥിഭാഗത്തിന് വേദന തുടങ്ങിയവയാണ് ആദ്യലക്ഷണങ്ങള്‍. രോഗം ബാധിച്ച ഭാഗം അനക്കാന്‍പോലും കുട്ടി വിസമ്മതിക്കുന്നു. രോഗബാധിതസ്ഥാനത്തെ തൊലി ചുവന്നു തടിക്കുകയും ആ ഭാഗത്തിന് വീക്കമുണ്ടാവുകയും ചെയ്യും. രോഗം അധികമാകുമ്പോള്‍ വേദന ക്രമാതീതമായി വര്‍ധിക്കുന്നു. ഇതോടൊപ്പം രക്തവിഷബാധയും (toxaemia) ഉണ്ടാകുന്നു.

എത്ര നേരത്തേ ചികിത്സ തുടങ്ങുന്നുവോ അത്രയും അസ്ഥിനാശം ഒഴിവാക്കാന്‍ കഴിയും. രോഗനിര്‍ണയനം കഴിഞ്ഞാല്‍ ഉടനെതന്നെ ആന്റിബയോട്ടിക്കുകള്‍ കൊടുത്തുതുടങ്ങേണ്ടതാണ്. രോഗബാധിതഭാഗം ചലനരഹിതമാക്കുകയും (immobilise) പഴുപ്പുണ്ടെന്നു കണ്ടാല്‍ അതു പുറത്തേയ്ക്കു സ്രവിപ്പിച്ചോ (aspirate), ഛേദനം (incise) ചെയ്തോ നീക്കം ചെയ്യുകയും വേണം; ചികിത്സ തുടങ്ങാന്‍ വൈകിയാല്‍ മൃതാസ്ഥിക്കു വലുപ്പം കൂടും. ഇതു ശസ്ത്രക്രിയകൊണ്ട് നീക്കംചെയ്യേണ്ടിവരുന്നു.

ടൈഫോയ്ഡ് അസ്ഥിശോഥം (Typhoid osteomyelitis).

സാല്‍മൊണെല്ലാ ടൈഫീ, പാരാടൈഫീ എന്നീ രോഗാണുക്കളാണ് രോഗഹേതു. സന്നിപാതജ്വരത്തിന്റെ പരിണതഫലമായിട്ടാണ് ഇതുണ്ടാകുന്നത്. തീവ്ര-അസ്ഥിശോഥത്തിന്റെ ലക്ഷണങ്ങളും സ്വഭാവവുമാണിതിനും. കൈയിലെ അള്‍ന, കാലിലെ ടിബിയ, നട്ടെല്ലിലെ കശേരുക്കള്‍ തുടങ്ങിയ ഭാഗങ്ങളെയാണ് രോഗം ബാധിക്കുക. എക്സ്റേ പരിശോധനയില്‍ ഡയാഫൈസിയല്‍ സ്​ക്ലീറോസിസ് അവസ്ഥ കാണുന്നു. സിക്കിള്‍കോശ അനീമിയ ബാധിച്ച കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.

ചിരന്തനാസ്ഥിശോഥം (Chronic osteomyelitis).

തീവ്ര-അസ്ഥിശോഥത്തിന്റെ അപൂര്‍ണശമനഫലമായോ ഒരു വേധി (penetrating) ക്ഷതിയുടെ ഫലമായോ തീവ്രത കുറഞ്ഞ രോഗാണുസംക്രമണം കൊണ്ടോ ഇതുണ്ടാകാം.

അസ്ഥിയില്‍ ഒന്നോ അതിലധികമോ ദ്വാരങ്ങളും (cavities) അവയ്ക്കു ചുറ്റും അസ്ഥികാഠിന്യവും ഉണ്ടാകുന്നു. ഈ ദ്വാരങ്ങളില്‍നിന്ന് പുറത്തേക്ക് കോടരങ്ങളുണ്ടാകുകയും അവയിലൂടെ പഴുപ്പ് പുറത്തേക്ക് ഒഴുകുകയും ചെയ്യുന്നു. അസ്ഥിദ്വാരങ്ങളില്‍ മൃതാസ്ഥിയും കണാങ്കുരകല(granulation tissue) യും ഉണ്ടായിരിക്കും. ഇതിനു ചുറ്റും തന്തുകകലയുടെ സംവര്‍ധനം ഉണ്ടാകുന്നു. അസ്ഥിനാശം പൊതുവേ ഭീമമാണ്. അസ്ഥിക്ക് ചുറ്റും പുതിയ അസ്ഥിയും ഉണ്ടാകുന്നു.

തീവ്രാസ്ഥിശോഥത്തിലെക്കാള്‍ വിഷമകരമാണ് ഇതിന്റെ ചികിത്സ. ആന്റിബയോട്ടിക്കുകള്‍ പലപ്പോഴും പരാജയപ്പെടുന്നു. മൃതാസ്ഥിയും കണാങ്കുരകലയും ശസ്ത്രക്രിയ ചെയ്തു മാറ്റേണ്ടതാണ്. ചിരന്തനാസ്ഥിശോഥം പലപ്പോഴും ചികിത്സയ്ക്കു വഴങ്ങാതെ വളരെനാള്‍ നീണ്ടുനില്ക്കാറുണ്ട്.

ബ്രോഡി വിദ്രധി (Brodie's abscess).

11-20 വയസ്സുള്ളവരെയാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. രോഗിയുടെ പ്രതിരോധശക്തിയും രോഗാണുവിന്റെ തീവ്രതയും തുല്യമായിരിക്കുമ്പോള്‍ ഉണ്ടാകുന്നതരം ചിരന്തനാസ്ഥിശോഥമാണിത്. രോഗാരംഭം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നില്ല. അസ്ഥിയുടെ മെറ്റാഫൈസിസ്സില്‍ ഒരു വിദ്രധിയും അതിനു ചുറ്റും കഠിനാസ്ഥിയുടെ ഒരു വലയവും ഉണ്ടാകുന്നു. വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും ഇതു ശല്യം ചെയ്യുക. രാത്രികാലങ്ങളില്‍ കാലിന് കഠിനമായ വേദയുണ്ടാകുന്നു. എന്നാല്‍ വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് കുറവുണ്ടാകുന്നു. ചുറ്റുമുളള കഠിനാസ്ഥിയോടൊപ്പം വിദ്രധി നീക്കം ചെയ്താല്‍ രോഗം പൂര്‍ണമായും ഭേദപ്പെടും.

സിഫിലിസ് അസ്ഥിശോഥം (Syphilitic osteomyelitis).

സിഫിലിസ് രോഗാണുക്കള്‍ അസ്ഥിയെ പലതരത്തില്‍ ബാധിക്കുന്നു. ശിശുക്കളില്‍ ഇത് എപ്പിഫൈസിസ് ശോഥം (Epiphy-sis) ഉണ്ടാക്കുന്നു. ചിലപ്പോള്‍ ഇതു വ്യാപിക്കുകയും യൗവനാരംഭത്തില്‍ പര്യസ്ഥികപര്‍വങ്ങളും (Periosteal tuberculosis) അസ്ഥിപര്യസ്ഥികശോഥവും (Osteoperiostitis) ഉണ്ടാക്കുകയും ചെയ്യും. സിഫിലിസിന്റെ നിര്‍ദിഷ്ട ചികിത്സ ഫലപ്രദമാണ്.

ക്ഷയ അസ്ഥിശോഥം (Tuberculosis osteomyelitis).

ക്ഷയരോഗാണുക്കള്‍ അസ്ഥിശോഥം (Periosteal tuberculosis), പര്യസ്ഥികശോഥം (Periosteal tuberculosis) എന്നിവ ഉണ്ടാക്കാറുണ്ട്. അംഗുല്യസ്ഥികള്‍, വാരിയെല്ലുകള്‍, നെഞ്ചെല്ല് എന്നിവയെയാണ് സാധാരണ ബാധിക്കുക. ചികിത്സ ക്ഷയരോഗത്തിന്റേതു തന്നെയാണ്. നട്ടെല്ലിലാണ് സാധാരണ ക്ഷയ അസ്ഥിശോഥം ഉണ്ടാകുന്നത്. ഇടുപ്പ്, കാല്‍മുട്ട്, കൈമുട്ട്, വാരിയെല്ലുകള്‍, നെഞ്ചെല്ല് തുടങ്ങിവയെയും ഈ രോഗം ബാധിക്കാം.മൈക്കോ ബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയയാണ് രോഗ കാരണം. ആദ്യം ശ്വാസകോശങ്ങളെ ബാധിക്കുന്ന ക്ഷയം രക്തത്തില്‍ക്കൂടി അസ്ഥികളെയും ബാധിക്കുന്നു. അസ്ഥിയില്‍ നിന്നുള്ള പഴുപ്പ് ചര്‍മത്തിനകത്തു ശേഖരിക്കപ്പെടുന്നതിനാല്‍ ശരീരത്തിലുണ്ടാകുന്ന സാധാരണ മുഴകളില്‍ നിന്നും വ്യത്യസ്തമായ ചെറിയ മുഴകള്‍ (cold absceses) ഉണ്ടാകുന്നു. അസ്ഥിശോധത്തിന്റെ രോഗലക്ഷണങ്ങള്‍ തന്നെയാണ് ഇതിനും പ്രകടമാകുന്നത്. പനി, വേദന, അനക്കാന്‍ സാധിക്കാത്ത സന്ധികള്‍ എന്നിവ രോഗലക്ഷണങ്ങളാണ്. എക്സ്റേ, കഫം, രക്തം എന്നിവ പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണയനം നടത്താം. വിശ്രമവും പോഷകാംശം കൂടുതലുള്ള ഭക്ഷണവും ക്ഷയരോഗത്തിനുള്ള ഔഷധങ്ങളും രോഗം സുഖപ്പെടുത്തുന്നു. ശരീരത്തിലുണ്ടാകുന്ന മുഴകള്‍ വലുപ്പം കൂടിയവയാണെങ്കില്‍ മുഴകള്‍ക്കുള്ളിലെ ദ്രവാംശം വലിച്ചെടുത്തുകളയുകയാണു പതിവ്. നട്ടെല്ലിനെ ബാധിക്കുന്ന പോട്ട്സ് രോഗമാണ് ക്ഷയ-അസ്ഥിശോഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. കഠിനമായ നടുവേദന, നടുവിന് ദൃഢത (stiffness) ചെറു മുഴകള്‍ തുടങ്ങിയവയാണ് ആദ്യലക്ഷണം. ആദ്യഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കില്‍ കാലുകള്‍ക്ക് തളര്‍ച്ച (pott's paraplegia) ബാധിക്കാനിടയുണ്ട്. ചികിത്സയിലിരിക്കുമ്പോള്‍ തളര്‍ച്ച ബാധിച്ചാല്‍ ശസ്ത്രക്രിയയാണ് ഫലപ്രദം. നട്ടെല്ലിന്റെ എക്സ്-റേ, സി.ടി. സ്കാന്‍ എന്നിവ കൊണ്ട് രോഗം കണ്ടുപിടിക്കാം. വിശ്രമം കൊണ്ട് ഒരുപരിധിവരെ രോഗകാഠിന്യം കുറയാം. വേദന മാറുമ്പോള്‍ നട്ടെല്ല് വളയാതെയും നടക്കുമ്പോഴും ഇരിക്കുമ്പോഴും ബെല്‍റ്റ് ഇട്ട് നടുവിനെ സംരക്ഷിക്കാനാകും. ക്ഷയരോഗത്തിനുള്ള ഔഷധങ്ങളും തുടര്‍ച്ചയായി കഴിക്കണം. ഇന്ത്യയില്‍ ഈ രോഗം സര്‍വസാധാരണമാണ്.

ഗാരീസ് അസ്ഥിശോഥം (Garre's osteomyelitis).

സാധാരണ തുടയെല്ലിനെയാണ് ഈ രോഗം ബാധിക്കുന്നത്. തുടക്കത്തില്‍ പനി, വേദന, തടിപ്പ്, നീര് (swelling) തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടായിരിക്കും. പനിയും വേദനയും മാറിയാലും നീര് മാറുന്നില്ല. നീരുള്ള ഭാഗം ഞെക്കി നോക്കുമ്പോള്‍ കൂടാത്ത വേദനയനുഭവപ്പെടുന്നു. ഈ രോഗത്തിന് അസ്ഥിയെ ബാധിക്കുന്ന ഓസ്റ്റിയോസാര്‍കോമയുടെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ പരിശോധനകള്‍ നടത്തി അര്‍ബുദബാധയല്ലെന്ന് ഉറപ്പു വരുത്തണം.

സന്ധികളിലെ രോഗ സംക്രമണം (Sceptic arthritis).

സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്ന ബാക്ടീരിയയാണ് രോഗകാരണം. രക്തത്തിലൂടെയോ പുറമേയുണ്ടാകുന്ന ആഴമേറിയ മുറിവിലൂടെയോ ഈ ബാക്ടീരിയകള്‍ സന്ധികളിലെത്താം. സന്ധികളില്‍ നീര്, ചുവപ്പുനിറം, വേദന, പനി, നടക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങള്‍. രക്തം പരിശോധിച്ചും എക്സ്-റേ എടുത്തും രോഗം നിര്‍ണയിക്കാം. ആന്റിബയോട്ടിക്കാണ് പ്രതിവിധി. രോഗം പഴകിയതും മൂര്‍ഛിച്ചതുമായ അവസ്ഥയില്‍ ശസ്ത്രക്രിയയാണ് പ്രതിവിധി.

അസ്ഥിഭംഗങ്ങള്‍ (Fractures).

ഏറ്റവും സാധാരണമായ അസ്ഥിക്ഷതിയാണ് അസ്ഥിഭംഗം. നേരിട്ടോ പരോക്ഷമായോ അസ്ഥികള്‍ക്ക് ഏല്ക്കുന്ന തീവ്രമായ ആഘാതത്തിന്റെ ഫലമായിട്ടാണ് സാധാരണ അസ്ഥിഭംഗം ഉണ്ടാകുന്നത്. എന്നാല്‍ ചിലപ്പോള്‍ വളരെ നിസ്സാരമായ ക്ഷതികളും അസ്ഥിഭംഗങ്ങള്‍ക്കു കാരണമായിത്തീരുന്നു.

അസ്ഥിഭംഗം പലതരത്തില്‍ കാണപ്പെടുന്നു. സങ്കീര്‍ണതകളൊന്നും കൂടാതെ സംഭവിക്കുന്ന അസ്ഥിഭംഗത്തിന് ലളിതം (simple) അഥവാ സംവൃതാസ്ഥി (closed) ഭംഗം എന്നു പറയുന്നു. അസ്ഥിഭംഗത്തോടൊപ്പം ത്വക്കിനു പൊട്ടല്‍ ഉണ്ടാവുകയോ അസ്ഥ്യഗ്രം ത്വക്കിലൂടെ പുറത്തേക്കു തള്ളിനില്ക്കുകയോമൂലം പുറത്തുനിന്നുള്ള വായു പ്രവേശിച്ചാല്‍ അതിനെ വിവൃതാസ്ഥി (open or compound) ഭംഗം എന്നു പറയുന്നു. അസ്ഥിഭംഗത്തിന്റെ ഫലമായി അനേകം അസ്ഥിക്കഷണങ്ങള്‍ ഉണ്ടായാല്‍ അതിനെ ബഹുഖണ്ഡിതാസ്ഥി (communited) ഭംഗം എന്നു പറയുന്നു. സമ്മര്‍ദനാസ്ഥി (compression) ഭംഗം അസ്ഥികള്‍ക്ക് അധികമായ സമ്മര്‍ദം ഏല്ക്കുന്നതുകൊണ്ടുണ്ടാകുന്നതാണ്. കുട്ടികളുടെ അസ്ഥികള്‍ക്കു വഴക്കം കൂടിയിരിക്കുന്നതുകൊണ്ട് ഭാഗികമായ അസ്ഥിഭംഗം മാത്രമേ സാധാരണമായി ഉണ്ടാകുന്നുള്ളു (Green stick fracture). അസ്ഥ്യര്‍ബുദങ്ങള്‍, മറ്റ് അസ്ഥിരോഗങ്ങള്‍ എന്നിവകൊണ്ടുണ്ടാകുന്നതാണ് രോഗജന്യാസ്ഥി (Pathological) ഭംഗം.

രോഗലക്ഷണങ്ങള്‍.

അസ്ഥിഭംഗം സംഭവിച്ച ഭാഗത്ത് വേദന, വീക്കം, വിരൂപത, വികൃതചലനം (abnormal mobility) എന്നിവ ഉണ്ടാകുകയാണ് പ്രമുഖ ലക്ഷണങ്ങള്‍. പ്രവര്‍ത്തനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളെല്ലാം ഒരേ രോഗിയില്‍ ഉണ്ടായിരിക്കണമെന്നില്ല. രോഗനിര്‍ണയനത്തിന് ഉത്തമമായത് എക്സ്-റേ പരിശോധനയാണ്. അസ്ഥിഭംഗം സംശയിക്കപ്പെടുന്ന എല്ലാ രോഗികളിലും എക്സ്-റേ എടുക്കേണ്ടതാണ്. ഇത് അസ്ഥിഭംഗം ദൃശ്യമാക്കുന്നതോടൊപ്പം പല സങ്കീര്‍ണതകളും തിരിച്ചറിയാന്‍ സഹായിക്കുന്നു.

അസ്ഥിഭംഗം സംഭവിച്ച ഭാഗത്തിനു ചുറ്റുമുളള നാഡികള്‍, രക്തവാഹികള്‍, പേശികള്‍, മറ്റവയവങ്ങള്‍ എന്നിവയ്ക്കു ക്ഷതി ഏറ്റിട്ടുണ്ടോ എന്നു നിര്‍ണയിക്കേണ്ടതാണ്.

അസ്ഥിഭംഗവിരോപണം (Healing).

ഇത് പല ഘട്ടങ്ങളിലായി നടക്കുന്നു. ഭംഗം സംഭവിച്ച അസ്ഥ്യഗ്രങ്ങള്‍ക്കിടയില്‍ ആദ്യം ഒരു ഹെമറ്റോമ (Hematoma) ഉണ്ടാകുന്നു. പര്യസ്ഥികത്തില്‍നിന്നും ഇതിലേക്ക് ഓസ്റ്റിയോബ്ലാസ്റ്റും (Osteoblast) അസ്ഥിമജ്ജയും വളരുകയും ഭാഗികമായ കാല്‍സീകരണം നടക്കുകയും ചെയ്യുന്നു. ഇതിനെ കാലസ് (callus) എന്നു വിളിക്കുന്നു. ഈ കാലസ് ക്രമേണ ദൃഢമായിത്തീരുകയും അസ്ഥിവളര്‍ച്ച ഉണ്ടാവുകയും ചെയ്യുന്നു. ഒടുവില്‍ അസ്ഥിക്കു പൊതുവായി ഒരു പുനര്‍രൂപവത്കരണം (remodelling) സംഭവിക്കുന്നു.

ചികിത്സ.

അസ്ഥികളുടെ പുനഃസ്ഥാപനവും നിശ്ചലീകരണവുമാണ് ചികിത്സയുടെ ആദ്യത്തെ പടി. അസ്ഥിഭംഗം സംഭവിച്ച ഭാഗത്തിന് താങ്ങു നല്കുന്ന വിധത്തിലായിരിക്കണം പ്രാഥമിക ശുശ്രൂഷ. പുനഃസ്ഥാപനം നിശ്ചേതകങ്ങളുടെ സഹായത്താലാണ് ചെയ്യുക. ലളിതമായ അസ്ഥിഭംഗങ്ങള്‍ക്ക് സംവൃതപുനഃസ്ഥാപനം (closed reduction) ആണ് ചികിത്സ. എന്നാല്‍ ഇതു പരാജയപ്പെടുകയോ സങ്കീര്‍ണതകള്‍ ഉണ്ടായിരിക്കുകയോ അസ്ഥിഭംഗം വിവൃതമായിരിക്കുകയോ ചെയ്താല്‍ ശസ്ത്രക്രിയകൊണ്ടുളള വിവൃതപുനഃസ്ഥാപനമോ (open reduction), ചിലപ്പോള്‍ സ്റ്റെയിന്‍ലസ് സ്റ്റീല്‍ കമ്പികളോ ആണികളോ പ്ലേറ്റുകളോ ഉപയോഗിച്ചുള്ള ആന്തരികസ്ഥിരീകരണമോ (internal fixation) വേണ്ടിവരും. നിശ്ചലീകരണത്തിനു സാധാരണ പ്ലാസ്റ്റര്‍-ഒഫ്-പാരിസാണ് ഉപയോഗിച്ചുവരുന്നത്.

വിവൃതാസ്ഥിഭംഗങ്ങള്‍ക്കു വളരെ ശ്രദ്ധാപൂര്‍വമായ ചികിത്സ ആവശ്യമാണ്. സംക്രമണം ഉണ്ടാകാതെ നോക്കുകയാണ് പ്രധാനകാര്യം. ക്ഷതിയില്‍ കടന്നുകൂടിയിട്ടുളള അഴുക്കുകള്‍, ബാഹ്യവസ്തുക്കള്‍, മൃതകലകള്‍ എന്നിവയെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്യുകയും പുനഃസ്ഥാപനം നടത്തുകയും ക്ഷതി ത്വക്കുകൊണ്ടു മൂടുകയും ചെയ്യാം. ടെറ്റനസ്രോഗപ്രതിരോധം പ്രധാനമാണ്. ആന്റിബയോട്ടിക്കുകള്‍ നല്കേണ്ടതാണ്.

സങ്കീര്‍ണതകള്‍.

ഭംഗം സംഭവിച്ച അസ്ഥ്യഗ്രങ്ങള്‍ യോജിക്കാതിരിക്കുക (nounion), യോജിക്കാന്‍ വൈകുക (delayed union), നാഡികള്‍, രക്തവാഹികള്‍, ആന്തരാവയവങ്ങള്‍ എന്നിവയുടെ ക്ഷതികള്‍, രക്തസ്രാവം, സ്രോതസ്സുകളില്‍ മേദോരോധം (Fat embolism) എന്നിവയാണ് അസ്ഥിഭംഗത്തിന്റെ പ്രധാന വൈഷമ്യങ്ങള്‍.

ഉപാപചയാസ്ഥിരോഗങ്ങള്‍ (Metabolic bone diseases).

ശരീരത്തിലെ മറ്റ് ഏതു കലയെയുംപോലെ അസ്ഥിയും നിരന്തരമായി നശിപ്പിക്കപ്പെടുകയും പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാധാരണഗതിയില്‍ ഈ രണ്ടു ക്രിയകളും സന്തുലിതാവസ്ഥയിലായിരിക്കും. എന്നാല്‍ ഉപാപചയത്തില്‍ സാരമായ മാറ്റമുണ്ടായാല്‍ അവ അസ്ഥികളെ ബാധിക്കുന്നു. ശരീരത്തിലെ ഏതു വ്യൂഹത്തിന്റെയും ദുഷ്ക്രിയത അസ്ഥികളെ ബാധിക്കാറുണ്ട്.

ഓസ്റ്റിയോപോറോസിസ് (Osteoporosis).

ഏറ്റവും സാധാരണമായ ഉപാപചയാസ്ഥി രോഗമാണ് ഓസ്റ്റിയോപോറോസിസ്. അസ്ഥിയുടെ സാന്ദ്രത കുറയുന്നതും അസ്ഥികളില്‍ പൊട്ടലുകളുണ്ടാകുന്നതുമാണ് ഈ രോഗത്തിന്റെ സവിശേഷത. പ്രായം ചെന്ന പുരുഷന്മാര്‍ക്കും ആര്‍ത്തവവിരാമത്തിനുശേഷം സ്ത്രീകള്‍ക്കും ഈ രോഗം ബാധിക്കുന്നു. ഈ രോഗം ബാധിച്ചവരുടെ അസ്ഥി അസാധാരണരീതിയില്‍ രന്ധ്രങ്ങളുണ്ടായി സ്പോന്‍ജു പോലെയായിത്തീരുന്നു. അതിനാലാണ് ഇത് ഓസ്റ്റിയോപോറസ് എന്നറിയപ്പെടുന്നത്. ഈ അവസ്ഥ അസ്ഥികൂടം ശോഷിച്ച് അസ്ഥിഭംഗത്തിനുകാരണമാകുകയും ചെയ്യുന്നു. സാധാരണ അസ്ഥിയില്‍ പ്രോട്ടീന്‍, കൊളാജന്‍, കാല്‍സ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഓസ്റ്റിയോപോറോസിസ് ബാധിച്ച അസ്ഥികള്‍ക്ക് ചെറിയൊരു വീഴ്ചയോ തട്ടലോ സംഭവിക്കുമ്പോള്‍ തന്നെ പൊട്ടലുകളുണ്ടാകുന്നു. ഓസ്റ്റിയോപോറോസിസ് ബാധിച്ചവരില്‍ നട്ടെല്ല്, ഇടുപ്പ്, കണങ്കൈ തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണ പൊട്ടലുകളുണ്ടാകുക. ഓസ്റ്റിയോപോറോസിസ് വര്‍ഷങ്ങളോളം പ്രത്യേക വൈഷമ്യങ്ങളൊന്നും തന്നെയുണ്ടാക്കുന്നില്ല. അസ്ഥികള്‍ പൊട്ടുന്നതുമൂലം ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇടുപ്പെല്ലിന് പൊട്ടലുണ്ടാകുന്ന മുപ്പതു ശ.മാ. രോഗികള്‍ക്കും ദീര്‍ഘകാലം ആശുപത്രി ശുശ്രൂഷകള്‍ ആവശ്യമാണ്. പ്രായം കൂടിയവരില്‍ ന്യൂമോണിയ, കാലിലെ രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ എന്നിവയുണ്ടാകുന്നു.

യു.എസ്സില്‍ 50 വയസ്സും അതിലധികവുമുള്ള ഏതാണ്ട് 55 ശ.മാ. പേരിലും ഓസ്റ്റിയോപോറോസിസ് ബാധിച്ചിട്ടുണ്ട്. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, ആവശ്യത്തിന് കാല്‍സ്യം, ജീവകം-ഡി എന്നിവയടങ്ങിയ ഭക്ഷണം കഴിക്കുക, ദിവസേന വ്യായാമം ചെയ്യുക. അസ്ഥിക്ക് ദൃഢത വര്‍ധിപ്പിക്കുന്നതിനുള്ള ഔഷധങ്ങള്‍ കഴിക്കുക എന്നിവയാണ് പ്രതിവിധി.

റിക്കെറ്റ്സ് (Rickets).

കുട്ടികളില്‍ ജീവകം-ഡിയുടെ അഭാവം കൊണ്ടുണ്ടാകുന്ന രോഗം. ജീവകം-ഡി പോഷണത്തില്‍ ഏറ്റവും പ്രയോജനപ്രദമായത് എര്‍ഗോകാല്‍സിഫെറോള്‍ (D2), കോളെകാല്‍സിഫെറോള്‍ (D3) എന്നിവയാണ്. ഇവ രണ്ടും ഹൈഡ്രോക്സിലേഷന്‍ നടക്കുന്നതുവരെ നിഷ്ക്രിയമായിരിക്കും. ആദ്യമായി കരളിലും പിന്നീട് വൃക്കകളിലും ഹൈഡ്രോക്സിലേഷന്‍ നടന്നശേഷം കുടലിലെ കാല്‍സ്യം ആഗിരണത്തെ ഉത്തേജിപ്പിക്കുകയും അസ്ഥികളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

റിക്കെറ്റ്സ് രോഗം ബാധിക്കുന്ന കുട്ടികളുടെ അസ്ഥി മൃദുവാകുകയും അസ്ഥി വൈരൂപ്യങ്ങളുണ്ടാകുകയും ചെയ്യുന്നു. ടൈപ്പ് I,II എന്നിങ്ങനെ രണ്ടു തരത്തിലുള്ള റിക്കെറ്റ്സ് കേള്‍ ഉണ്ട്. ടൈപ്പ് I ജീവകം-ഡിയുടെ അഭാവം കൊണ്ടും, ജീവകം-ഡിയുടെ ഉപാപചയത്തിലുള്ള അഭാവം കൊണ്ടും ഇത് ഉണ്ടാകാം.

ഓസ്റ്റിയോമലേസിയ (Osteomalacia).

ജീവകം 'ഡി'യുടെ അഭാവത്തില്‍ പ്രായപൂര്‍ത്തിയായവരില്‍ ഉണ്ടാകുന്ന രോഗമാണിത്. അസ്ഥിവേദന, തളര്‍ച്ച, പടികള്‍ കയറിയിറങ്ങാനുള്ള ബുദ്ധിമുട്ട്, അസ്ഥികളില്‍ പൊട്ടലുകളുണ്ടാവുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. എക്സ്-റേ പരിശോധന കൊണ്ട് രോഗം നിര്‍ണയിക്കാം. ജീവകം ഡി നല്‍കിയും ഈ ജീവകം അടങ്ങിയിട്ടുള്ള ഭക്ഷണം കഴിച്ചും രോഗം തടയാം.

ഹൈപ്പര്‍ പാരാതൈറോയ്ഡിസം (Hyper parathyroidism).

അമിത പാരാതൈറോയ്ഡിസം അവസ്ഥ അസ്ഥിരോഗങ്ങള്‍ക്കും വൃക്കക്കല്ലുകള്‍ക്കും കാരണമാകാറുണ്ട്. പാരാതൈറോയ്ഡിന്റെ ധര്‍മം കാല്‍സിയം ഉപാപചയമാണ്. എന്നാല്‍ പാരാതൈറോയ്ഡ് ഹോര്‍മോണിന്റെ അമിത പ്രവര്‍ത്തനം നേരിട്ട് അസ്ഥിയില്‍ പ്രവര്‍ത്തിപ്പിച്ച് കാല്‍സിയത്തെ കോശാതീതദ്രവത്തി(extracellular fluid)ലേക്ക് സ്വതന്ത്രമാക്കുന്നു.

30-50 വയസ്സുവരെയുള്ള സ്ത്രീകളിലാണ് ഈ രോഗം സാധാരണ കണ്ടുവരുന്നത്. കാലുകളിലും ഇടുപ്പെല്ലിലും തുടയെല്ലിന്റെ തലഭാഗത്തും ഉണ്ടാകുന്ന വേദനയും ബലക്കുറവുമാണ് രോഗലക്ഷണം.

പോളിസാക്കറൈഡോസിസ് (Polysaccharidosis).

അസ്ഥിയിലെ സുപ്രധാന പോളിസാക്കറൈഡ് കോണ്‍ഡ്രോയിറ്റിന്‍സള്‍ഫേറ്റ് (chondroitin sulfate A )എന്ന മ്യൂക്കോ-പോളിസാക്കറൈഡാണ്. മൂത്രത്തില്‍ക്കൂടി പോളിസാക്കറൈഡുകള്‍ അധിക തോതില്‍ വിസര്‍ജിക്കുന്ന രോഗാവസ്ഥയാണ് മ്യൂക്കോപോളിസാക്കറൈഡോസിസ്. ഈ രോഗംമൂലം അസ്ഥികളില്‍ നിന്നും തരുണാസ്ഥികളില്‍ നിന്നും പോളിസാക്കറൈഡ് നഷ്ടമാകുന്നത് അസ്ഥിവൈരൂപ്യത്തിനു കാരണമാകാറുണ്ട്. ഈ അവസ്ഥയെ പോളിസാക്കറൈഡോസിസ് എന്നു വിളിക്കുന്നു. ഇതുമൂലം അസ്ഥിഭംഗം സംഭവിക്കുന്നു.

സ്കര്‍വി (Scurvy).

ജീവകം 'സി' (അസ്കോര്‍ബിക് അമ്ലം) യുടെ അഭാവം മൂലമാണ് സ്കര്‍വിരോഗം ഉണ്ടാകുന്നത്. അസ്ഥികളുടെ ദൃഢീകരണത്തിനാവശ്യമായ കൊളാജന്‍ (collagen) ഉത്പാദനത്തില്‍ കുറവു വരുന്നതും ഗുണം കുറഞ്ഞ കൊളാജന്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമാണ് രോഗകാരണം. പ്രായപൂര്‍ത്തിയായവരില്‍ ഊനുവീക്കം (gingivitis), മോണയില്‍ നിന്ന് രക്തം വരുക, കാല്‍മുട്ടിനു തൊട്ടുമുകളിലായി ചുവന്ന അടയാളങ്ങളുണ്ടാകുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുട്ടികളില്‍ തളര്‍ച്ച, അനീമിയ, കൈകാല്‍ വേദന, വാരിയെല്ലിന്റെ അഗ്രങ്ങള്‍ മുഴച്ചു വരുക (scorbutic rosary) തുടങ്ങിയവയാണ് സാധാരണ കാണുന്ന രോഗലക്ഷണങ്ങള്‍. ജീവകം 'സി' നല്‍കുകയാണ് ചികിത്സാവിധി.

ലാതൈറിസം (Lathyrism).

കേസരിപ്പരിപ്പു പോലെയുള്ള വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന ലതൈറോജെ(Lathyrogens)നുകള്‍ ആണ് ലാതൈറിസം എന്ന അസ്ഥിരോഗത്തിനു കാരണമാകുന്നത്. അസ്ഥി മൃദുവാകുകയും അസ്ഥിയിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു. രക്തധമനികള്‍ ശോഷിക്കുകയും അന്യൂറിസം ഉണ്ടാവുകയും ചെയ്യുന്നു. ലതൈറോജനുകളടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപേക്ഷിക്കുകയാണ് ഈ രോഗം തടയാനുള്ള മാര്‍ഗം.

ഫ്ളൂറോസിസ് (Flurosis).

അസ്ഥികളിലും മൃദുലകലകളിലും കാല്‍സ്യം കൂടുതലായി അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണിത്. കുടിവെള്ളത്തില്‍ ഫ്ളൂറൈഡിന്റെ അംശം കൂടുതലായിരിക്കുന്നതിനാലാണ് ഈ രോഗമുണ്ടാകുന്നത്. ഇന്ത്യയില്‍ പലടിയങ്ങളിലും ഫ്ളൂറൈഡിന്റെ അംശം കൂടുതലുള്ള ജലമാണ് ലഭ്യമാകുന്നത്. പഞ്ചാബ്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നേരിടുന്ന പൊതുജനാരോഗ്യ പ്രശ്നമാണിത്. പുറംവേദന, സന്ധിവേദന, നട്ടെല്ലിനു വഴക്കമില്ലായ്മ (stiffness of the spine) തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ആദ്യമായി പ്രകടമാകുന്നത് പല്ലുകളിലാണ്, പ്രത്യേകിച്ച് മേല്‍ത്താടിയിലെ ഉളിപ്പല്ലുകളില്‍. പല്ലിന്റെ ഇനാമലില്‍ വിവിധ വര്‍ണങ്ങള്‍ പ്രത്യക്ഷപ്പെടുകയും പല്ല് മഞ്ഞനിറമായി ദ്രവിച്ചു പോകുകയും ചെയ്യുന്നു. ഈ രോഗം ബാധിച്ചവരുടെ രക്തത്തില്‍ ഫ്ളൂറൈഡിന്റെ അളവ് കൂടുതലായിരിക്കും. എക്സ്-റേ പരിശോധനയിലൂടെ രോഗനിര്‍ണയനം നടത്താം. ഫ്ളൂറിന്റെ അംശം മാറ്റിയ കുടിവെള്ളം ഉപയോഗിക്കുന്നത് രോഗം വരാതെ സംരക്ഷിക്കുന്നു.

അസ്ഥിമുഴകള്‍ (Bone Tumors).

അസ്ഥിമുഴകളെ സുദമം (benign) എന്നും, ദുര്‍ദമം (malignant) എന്നും രണ്ടായി തരംതിരിക്കാം. എന്നാല്‍ അസ്ഥികളില്‍ മുഴയുണ്ടാകുന്നതിന്റെ കാരണം അജ്ഞാതമാണ്.

തരുണാസ്ഥിമുഴകള്‍ (Chondroma) ആണ് ഏറ്റവും സാധാരണമായ സുദമാര്‍ബുദം. എപ്പിഫൈസിസ് തരുണാസ്ഥിയില്‍ നിന്നും ഉണ്ടാകുന്ന ഈ വളര്‍ച്ച പുറത്തേക്കു വളരുകയോ (Ecchondroma) അസ്ഥിക്ക് ഉള്ളിലേക്കു വളരുകയോ ചെയ്യാം (Enchondroma).

ബാഹ്യതരുണാസ്ഥിമുഴകള്‍ (Ecchondroma) ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളിലുണ്ടാകുന്നു. അസ്ഥിയോടൊപ്പം ഇവ വളരുകയും അസ്ഥീഭവനം (ossification) ഉണ്ടാവുകയും ചെയ്യുന്നു. ഇവ സാധാരണ രോഗലക്ഷണങ്ങളൊന്നും ഉണ്ടാക്കുന്നില്ല. ബാഹ്യതരുണാസ്ഥികള്‍ക്കു ചുറ്റുമുള്ള അവയവങ്ങളില്‍ മര്‍ദം ചെലുത്തുകയോ അസഹ്യമായ വേദനയുണ്ടാക്കുകയോ പൊടുന്നനെ വലുതാവുകയോ ചെയ്യുകയാണെങ്കില്‍ ഇവ വിച്ഛേദനം ചെയ്യേണ്ടതാണ്.

ഓസ്റ്റിയോമ (Osteoma).

വളരെ അപൂര്‍വമായി കാണുന്ന ഇത്തരം മുഴകള്‍ സാധാരണ കപാലാസ്ഥികളിലാണ് കാണുക. ഈ മുഴകള്‍ ഉള്ളിലേക്കു വളരുകയോ വേദനയുണ്ടാക്കുകയോ ചെയ്യുകയാണെങ്കില്‍ അവ വിച്ഛേദനം ചെയ്യേണ്ടതാണ്.

ഓസ്റ്റിയോക്ലാസ്റ്റോമ (Osteoclastoma).

സാധാരണ സുദമമായ അര്‍ബുദം ചിലപ്പോള്‍ ദുര്‍ദമമാകാറുണ്ട്. റ്റിബിയയുടെയും ഹ്യൂമറസിന്റെയും മേലേ അറ്റം, ഫീമറിന്റെയും റേഡിയസിന്റെയും താഴേ അറ്റം എന്നിവിടങ്ങളിലാണ് ഇത് സാധാരണ ഉണ്ടാകുന്നതെങ്കിലും ഏത് അസ്ഥിയിലും ഇത് ഉണ്ടാകാം. സ്ഥാനികമായ വേദന, വീക്കം, ചലനസ്വാതന്ത്ര്യമില്ലായ്മ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗനിര്‍ണയനത്തിന് എക്സ്-റേ സഹായകമാണ്. അര്‍ബുദഛേദനം, രോഗബാധിതമായ അസ്ഥിഭാഗത്തിന്റെ ഉച്ഛേദനം (resection), വികിരണം ഇവയില്‍ ഏതെങ്കിലുമാവാം ചികിത്സ. എന്നാല്‍ ചികിത്സയ്ക്കു ശേഷവും ഈ രോഗം ബാധിക്കാറുണ്ട്. അപൂര്‍വമായി ചികിത്സയ്ക്കുശേഷം വീണ്ടും ഉണ്ടായേക്കാവുന്ന ഈ മുഴകള്‍ മിക്കവാറും ദുര്‍ദമമാകാറുണ്ട്.

ദൂര്‍ദമാര്‍ബുദങ്ങള്‍.

ഇവ പ്രാഥമികാസ്ഥ്യര്‍ബുദങ്ങളോ അസ്ഥിയിലുണ്ടാകുന്ന അസ്ഥ്യേതരാര്‍ബുദങ്ങളോ വിക്ഷേപാ (metastatic)ര്‍ബുദങ്ങളോ ആകാം.

ഓസ്റ്റിയോജനിക് സാര്‍ക്കോമ (Osteogenic sarcoma).

ഏറ്റവും കൂടുതലായി കണ്ടുവരുന്നതും ഏറ്റവും ദുര്‍ദമവും അതിഗൗരവപൂര്‍ണവും ആയ അസ്ഥ്യര്‍ബുദമാണിത്. കുട്ടികളെയും ചെറുപ്പക്കാരെയും ഇതു ബാധിക്കുന്നു. പ്രത്യേകിച്ചും ജീവിതത്തിന്റെ രണ്ടാം ദശകത്തില്‍. ദീര്‍ഘാസ്ഥികളുടെ അഗ്രങ്ങളിലാണ് ഇതുണ്ടാവുക. റ്റിബിയയുടെ മേലേ അറ്റത്തും, ഫീമറിന്റെ താഴേ അറ്റത്തും ആണ് ഇതു സാധാരണ കാണപ്പെടുന്നത്.

ഇത് അസ്ഥിലയതരം (Osteolytic) എന്നും, അസ്ഥിജനികതരം (Osteogenic) എന്നും രണ്ടുവിധത്തില്‍ കാണപ്പെടുന്നു. മെറ്റാഫൈസിസില്‍ ആണ് വളര്‍ച്ചയുണ്ടാകുക. ഇത് അസ്ഥിമജ്ജയിലും പര്യസ്ഥികത്തിലും വ്യാപിക്കാറുണ്ട്. ചിലപ്പോള്‍ പര്യസ്ഥികം ഭേദിച്ച് ചുറ്റുമുളള മൃദുകലകളിലേക്കും വ്യാപിക്കുന്നു. മറ്റു ശരീരഭാഗങ്ങളിലേക്കുളള വിക്ഷേപം വളരെ നേരത്തെ സംഭവിക്കുന്നു; രക്തം വഴിയാണ് വിക്ഷേപം നടക്കുന്നത്.

വേദനയാണ് ആദ്യലക്ഷണം. ഇതുപലപ്പോഴും ദുസ്സഹമാകാറുണ്ട്. തുടര്‍ന്ന് സ്ഥാനികമായ വീക്കം, ചൂട്, വാഹികാമയത (vascularity) എന്നിവയുണ്ടാകുന്നു. ചെറിയ പനിയും ഉണ്ടാകാം. വിക്ഷേപം വളരെ പെട്ടെന്നുണ്ടാകുന്നതിനാല്‍ രോഗനിര്‍ണയനം എത്രയും വേഗം ചെയ്യേണ്ടതാണ്. ഇതിന് എക്സ്-റേ വളരെ സഹായകമാണ്. മുന്‍കാലങ്ങളില്‍ രോഗബാധിതമായ എല്ലിന്റെ മുകള്‍ഭാഗം വച്ചു മുറിച്ചുമാറ്റുകയായിരുന്നു ചികിത്സാരീതി. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വിക്ഷേപം നടന്നിരിക്കാവുന്നതുകൊണ്ട് 6 മാസം മുതല്‍ 1 വര്‍ഷം വരെയുള്ള കാലയളവില്‍ രോഗി മരിച്ചുപോകുന്നു. ഇപ്പോള്‍ ആധുനിക കീമൊതെറാപ്പി (Chemotherapy)യും നൂതന ശസ്ത്രക്രിയാമാര്‍ഗങ്ങളും ഉപയോഗിച്ച് രോഗബാധിതമായ കൈകാലുകളും മറ്റും രക്ഷിച്ചെടുക്കാനും അസുഖംതന്നെ ചില രോഗികളിലെങ്കിലും ഭേദമാക്കാനും കഴിയുന്നുണ്ട്.

അസ്ഥിയിലെ തന്തുകലകളില്‍നിന്നുണ്ടാകുന്ന ഫൈബ്രോസാര്‍ക്കോമ (Fibrosarcoma), ഉപാസ്ഥികലയില്‍നിന്നുണ്ടാകുന്ന കോണ്‍ഡ്രോസാര്‍ക്കോമ (Chondrosarcoma) എന്നിവയും പ്രാഥമികാസ്ഥ്യര്‍ബുദങ്ങളാണ്. എന്നാല്‍ ഇവ തുലോം വിരളമാണ്.

അസ്ഥിയില്‍നിന്നു ജനിക്കാതെതന്നെ അസ്ഥിയെ ബാധിക്കുന്ന ദുര്‍ദമരോഗങ്ങളില്‍ ചിലവയാണ് മള്‍ട്ടിപ്പിള്‍ മൈലോമ ( Multiple myeloma), ഹോഡ്ജ്കിന്‍സ് രോഗം (Hodgkin's disease), എന്‍ഡോതീലിയോമ (Endotheleoma), ലുകീമിയ (Leukaemia), ലിപോയ്ഡ് സ്റ്റോറേജ് ഡിസീസ് (Lipoid storage disease) തുടങ്ങിയവ.

ദ്വിതീയ കാഴ്സിനോമ (Secondary carcinoma).

അസ്ഥികള്‍ മറ്റു കാഴ്സിനോമകളുടെ ഒരു പ്രമുഖ വിക്ഷേപസ്ഥാനമാണ്. പ്രാഥമിക കാഴ്സിനോമകളെക്കാള്‍ അസ്ഥിയെ കൂടുതലായി ബാധിക്കുന്നത് ദ്വിതീയ കാഴ്സിനോമകളാണ്. പ്രധാനമായും പുപ്ഫുസം, വൃക്ക, സ്തനം, തൈറോയ്ഡ്, പ്രോസ്റ്റേറ്റ്, ഗര്‍ഭപാത്രം, ഗര്‍ഭാശയഗളം എന്നിവയിലെ ദുര്‍ദമാര്‍ബുദങ്ങളില്‍നിന്നാണ് അസ്ഥിയില്‍ വിക്ഷേപം ഉണ്ടാകുന്നത്. ഇവയില്‍ അപൂര്‍വം ചിലതൊഴിച്ചാല്‍ മറ്റുള്ളവയെല്ലാം അസ്ഥിക്ഷയമുണ്ടാക്കുന്ന തരമാണ്. പലപ്പോഴും അസ്ഥിയിലെ വിക്ഷേപമായിരിക്കും മൂലരോഗത്തിന്റെ ആദ്യത്തെ പ്രത്യക്ഷലക്ഷണം. വിക്ഷേപം സാര്‍വത്രികമായി ഉണ്ടാകാറുണ്ടെങ്കിലും നട്ടെല്ല്, ദീര്‍ഘാസ്ഥികള്‍, കപാലാസ്ഥികള്‍, ജഘനാസ്ഥികള്‍ എന്നിവയിലാണ് ഇത് കൂടുതലായി കാണുന്നത്. വേദനയും അസ്ഥിഭംഗവുമാണ് ലക്ഷണങ്ങള്‍.

നിര്‍ദിഷ്ട ചികിത്സ ഒന്നുംതന്നെയില്ല. വികിരണവും ചില പുതിയ ഔഷധങ്ങളും വേദന കുറയ്ക്കുവാന്‍ സഹായകമാണ്. പ്രോസ്റ്റേറ്റ് വിക്ഷേപത്തിനു പരിഹാരമായി സ്റ്റില്‍ബിസ്റ്റ്രോള്‍ എന്ന ഔഷധം ഫലപ്രദമായികാണുന്നു.

അവാസ്ക്കുലാര്‍ നെക്രോസിസ് (Avascular necrosis).

അസ്ഥിയിലും സന്ധിയിലും രക്തയോട്ടം കുറയുമ്പോള്‍ ഉണ്ടാകുന്ന അസ്ഥിഭംഗുരം (fracture) ആണ് അവാസ്ക്കുലാര്‍ നെക്രോസിസ്. തുടയെല്ലിന്റെ തലഭാഗത്തെയാണ് ഈ രോഗം ബാധിക്കുന്നത്. സിക്കിള്‍സെല്‍ അനീമിയ രോഗം ബാധിച്ചവര്‍, കാന്‍സര്‍ രോഗത്തിന് ഔഷധങ്ങളുപയോഗിക്കുന്നവര്‍, ഡയാലിസിസിനു വിധേയരാകുന്നവര്‍, സ്റ്റിറോയ്ഡ് (steroid) ഔഷധങ്ങള്‍ സേവിക്കുന്നവര്‍, മദ്യപാനികള്‍ തുടങ്ങിയവരെയാണ് സാധാരണ ഈ രോഗം ബാധിക്കുന്നത്. തുടയിലുണ്ടാകുന്ന കടുത്ത വേദനയാണ് രോഗലക്ഷണം. നടക്കുമ്പോള്‍ വേദന വര്‍ധിക്കുന്നു. എക്സ്-റേ, എം.ആര്‍.ഐ. സ്കാനിങ് എന്നിവയിലൂടെ രോഗനിര്‍ണയനം നടത്താം. ശസ്ത്രക്രിയയാണ് ഈ രോഗത്തിനു പ്രതിവിധി.

നാഡികളെ ബാധിക്കുന്ന പല രോഗങ്ങളും അസ്ഥിരോഗങ്ങള്‍ക്കു കാരണമാകാറുണ്ട്. ഉദാ. ന്യൂറോഫൈബ്രോമാറ്റോസിസ് (Neurofibromatosis).

അസ്ഥിപഞ്ജരം

ശരീരത്തിന് ആകൃതിയും ആധാരവും നല്കുംവിധം സംവിധാനം ചെയ്തിരിക്കുന്ന ചട്ടക്കൂട്. ശരീരപേശികളും മറ്റു മൃദുകല (soft tissue)കളും പിടിച്ചിരിക്കുന്നത് ഈ ചട്ടക്കൂടിലാണ്. ബാഹ്യാസ്ഥിവ്യൂഹ(exoskeleton)ത്തില്‍ കാണപ്പെടുന്ന നഖം, രോമം മുതലായവയ്ക്ക് കവചപ്രാധാന്യമാണുള്ളത്. ശരീരത്തിനെ താങ്ങിനിര്‍ത്തുന്നത് ഉള്ളിലുള്ള അസ്ഥിപഞ്ജരം (endoskeleton)ആണ്.

മനുഷ്യശരീരത്തില്‍ ആകെ 206 അസ്ഥികളാണുള്ളത്. ഓരോ ചെവിയിലും മൂന്നുവീതം ആറ് ശ്രവണാസ്ഥികകള്‍ (auditory ossicles) ഉണ്ട്. കര്‍ണപടഹ (ear drum)ത്തില്‍ പതിക്കുന്ന സ്വരതരംഗങ്ങളെ ആഭ്യന്തര കര്‍ണത്തില്‍ എത്തിക്കുന്നത് ശ്രവണാസ്ഥികകളാണ്. ഈ ആറ് അസ്ഥികളൊഴിച്ചുള്ള ബാക്കി 200 അസ്ഥികളെ താഴെ പറയുംവിധം മനുഷ്യശരീരത്തില്‍ വിന്യസിച്ചിരിക്കുന്നു.

തലയോട് (Skull).

ശിരസ്സിലെ കംകാളം (skeleton) ആണ് തലയോട്. ഇതിന് രണ്ടുഭാഗങ്ങളുണ്ട്: മുഖഭാഗവും (facial) കപാലഭാഗവും (cranial). കപാലഭാഗത്തില്‍ ഗോളരൂപത്തിലുള്ള ഒരു ദ്വാര(കോടര)മുണ്ട്. കണ്ണ്, ചെവി, മൂക്ക് എന്നീ പ്രത്യേക സംവേദനാംഗങ്ങളും മസ്തിഷ്കവും ഇതിനുള്ളിലാണു സ്ഥിതിചെയ്യുന്നത്. കപാലഭാഗം നിരവധി അസ്ഥികളാല്‍ നിര്‍മിതമാണ്. ഈ അസ്ഥികളെല്ലാം ഈ കോടരത്തിന്റെ ആധാരഭാഗത്തായും ഗോളകാകൃതിയിലുള്ള കമാനഭാഗത്തായും വിന്യസിക്കപ്പെട്ടിരിക്കുന്നു. ആധാരഭാഗത്ത് ലലാടാസ്ഥി (frontal bone)യുടെ ഒരു ഭാഗവും എത്മോയ്ഡ് (ethmoid), സ്ഫീനോയ്ഡ് (sphenoid) എന്നീ രണ്ടു അസ്ഥികളും അനുകപാല(occipital) - ശംഖാസ്ഥി (temporal) കളുടെ ഭാഗങ്ങളും കാണപ്പെടുന്നു. കോടരത്തിന്റെ കമാനഭാഗത്ത് മുന്‍വശത്തായി ലലാടാസ്ഥിയും പിന്‍ഭാഗത്തായി അനുകപാലാസ്ഥിയും ഇവയ്ക്കിടയിലായി ഭിത്തികാസ്ഥി(parietal)യും ശംഖാസ്ഥിയും സ്ഫീനോയ്ഡ് അസ്ഥിയും കാണപ്പെടുന്നു.

തലയോടിന്റെ മുഖഭാഗത്തെ അസ്ഥികള്‍ പ്രധാനമായും നേത്രകോടര(eye socket)ത്തിന്റെ അസ്ഥികളും കീഴ്ത്താടിയുടെയും മേല്‍ത്താടിയുടെയും അസ്ഥികളും ഉള്‍ പ്പെടുന്നതാണ്. ഊര്‍ധ്വഹന്വസ്ഥി (maxillae), ഗണ്ഡാസ്ഥി (zygomatic), ലാക്രിമല്‍ (lacrimal), എത്മോയ്ഡ്, പാലറ്റൈന്‍ (palatine), ലലാടാസ്ഥി എന്നിവയുടെ ഭാഗങ്ങള്‍ ചേര്‍ന്നാണ് നേത്രകോടരം നിര്‍മിക്കപ്പെട്ടിരിക്കുന്നത്. മേല്‍ത്താടി (upper jaw) ഊര്‍ധ്വഹന്വസ്ഥിയാല്‍ നിര്‍മിതമാണ്; കീഴ്ത്താടി (lower jaw) ചിബുകാസ്ഥി (mandible)യാലും. തലയോടിലെ ചലനക്ഷമതയുള്ള ഏകഭാഗം ചിബുകാസ്ഥിയാണ്.

മുഖഭാഗത്തിന്റെ മുന്‍വശത്ത് മധ്യത്തിലായി, നേത്രകോടരങ്ങളുടെ മധ്യത്തില്‍ അല്പം താഴേക്കു മാറി ഒരു ചെറിയ ദ്വാരമുണ്ട്; ഈ ദ്വാരം നാസാഗഹ്വര (nasal cavity)ത്തിലേക്കു തുറക്കുന്നു. നാസാഗഹ്വരത്തെ ഒരു മധ്യഭിത്തി ഇടത്തും വലത്തുമായി രണ്ടു ഭാഗങ്ങളായി തിരിക്കുന്നു. ഈ മധ്യഭിത്തി അസ്ഥികളാലും തരുണാസ്ഥി (cartilage)കളാലും നിര്‍മിതമാണ്. മധ്യഭിത്തിയില്‍ ഊര്‍ധ്വഹന്വസ്ഥിയുടെയും പാലറ്റൈന്‍ - സ്ഫീനോയ്ഡ് അസ്ഥികളുടെയും ഭാഗങ്ങളും മുക്കോണാകൃതിയിലുള്ള വോമര്‍ (vomer) എന്ന അസ്ഥിയും കാണപ്പെടുന്നു. നാസാഗഹ്വരത്തിന്റെ പാര്‍ശ്വഭിത്തിയില്‍ അനുപ്രസ്ഥ(horizontal)മായി നിമ്നനാസാശുക്തിക (inferior nasal concha) എന്നൊരു അസ്ഥിയുണ്ട്. ഇതിന് ഒരു ചുരുളിന്റെ (scroll) ആകൃതിയാണുള്ളത്. ഈ അസ്ഥിയും എത്മോയ്ഡ് അസ്ഥിയുടെ ഇതേ ആകൃതിയിലുള്ള ഭാഗവും ചേര്‍ന്ന് നാസാദ്വാരത്തില്‍ ഒരു ചാല്‍ (passage) ഉണ്ടാക്കിയെടുക്കുന്നു. ഈ അസ്ഥിഭാഗത്തെ പ്രത്യേകാകൃതിയിലുള്ള ശ്ലേഷ്മസ്തരം പൊതിഞ്ഞിരിക്കുന്നു. ഈ ശ്ലേഷ്മസ്തരത്തില്‍ അനവധി രക്തക്കുഴലുകളുണ്ട്. നാസാദ്വാരത്തിലൂടെ ഉള്ളിലേക്കു വലിച്ചെടുക്കുന്ന വായുവിനെ ശരീര താപനിലയുമായി പൊരുത്തപ്പെടുത്തിയെടുക്കുന്നത് ഈ ശ്ലേഷ്മസ്തരമാണ്.

അക്ഷീയാസ്ഥിവ്യൂഹം.

നട്ടെല്ല് എന്ന് സാധാരണ അറിയപ്പെടുന്ന കശേരുകദണ്ഡ് (vertebral column) അഥവാ സുഷുമ്നാ-ദണ്ഡ് (spinal column) അനവധി കശേരുക ഖണ്ഡങ്ങളാലാണു നിര്‍മിച്ചിരിക്കുന്നത്. ഈ ഖണ്ഡങ്ങളെത്തമ്മില്‍ കട്ടിയുള്ളതും ഇലാസ്തിക സ്വഭാവമുള്ളതുമായ ഡിസ്കുകളാല്‍ വേര്‍തിരിച്ചിരിക്കുന്നു. ഇവയെ അന്തരാകശേരുക ഡിസ്കുകള്‍ ( inter vertebral discs) എന്നു വിളിക്കുന്നു. കശേരുക്കള്‍ (verte-brae) ഉറപ്പുള്ള ഒരു കേന്ദ്രാക്ഷമായി വര്‍ത്തിക്കുന്നതോടൊപ്പം സുഷുമ്നയെ (spinal cord) പരിരക്ഷിക്കുകകൂടി ചെയ്യുന്നുണ്ട്. മനുഷ്യന്റെ നട്ടെല്ല് ഇതിനുമപ്പുറം ശരീരത്തിന്റെ ഭാരത്തെ താങ്ങുകയും ഈ ഭാരത്തെ കാലുകളിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്നു. കശേരുകദണ്ഡിന്റെ സഖണ്ഡസ്വഭാവം (segmental nature) അരയ്ക്കും കഴുത്തിനും ഇടയ്ക്കുള്ള ശരീരഭാഗത്തിനും ചലനക്ഷമത നല്കുന്നുണ്ട്.

ഓരോ കശേരുകഖണ്ഡവും താഴെ പറയുന്ന ഭാഗങ്ങള്‍ ചേര്‍ന്നതാണ്: ഒരു അധര (ventral) ഭാഗവും ഒരു പൃഷ്ഠ (dorsal) ഭാഗവും; അധരഭാഗത്തെ മുന്‍ഭാഗമെന്നും പറയാം. ഇതിനെ കശേരുകയുടെ പിണ്ഡഭാഗമായി കണക്കാക്കാം. പൃഷ്ഠഭാഗം (പിന്‍ഭാഗം) കശേരുകചാപ(arch)മായി രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയ്ക്കു രണ്ടിനും മധ്യത്തിലായി കശേരുകരന്ധ്രം (vertebral foramen) കാണപ്പെടുന്നു. ഇതിലൂടെയാണ് സുഷുമ്ന നാഡി കടന്നുപോകുന്നത്. കശേരുകചാപം രണ്ടു ഫലകങ്ങളും (laminae) രണ്ടു വൃന്തകങ്ങളും (pedicles) ചേര്‍ന്നതാണ്. ഫലകങ്ങള്‍ പിന്‍ഭാഗത്തായി കൂടിച്ചേര്‍ന്ന് ശൂലമയ പ്രവര്‍ധം (spinous process) ആയിത്തീരുന്നു. ഇതു പിന്‍ഭാഗത്തായി താഴോട്ടു തള്ളിനില്ക്കുന്നു. വ്യന്തകങ്ങള്‍ ഫലകങ്ങളെ കശേരുകയുടെ പിണ്ഡവുമായി ബന്ധിപ്പിക്കുന്നു. ശൂലമയപ്രവര്‍ധങ്ങളെക്കൂടാതെ കശേരുകചാപത്തില്‍ മറ്റ് ആറ് പ്രവര്‍ധങ്ങള്‍കൂടി കാണപ്പെടുന്നു: രണ്ട് അനുപ്രസ്ഥപ്രവര്‍ധങ്ങളും, രണ്ട് ഊര്‍ധ്വസന്ധി (superiour articular) പ്രവര്‍ധങ്ങളും, രണ്ട് അധഃസ്ഥിതസന്ധി പ്രവര്‍ധങ്ങളും. ഫലകങ്ങളുടെയും വൃന്തകങ്ങളുടെയും സന്ധിസ്ഥാനത്തുനിന്നും ഈ പ്രവര്‍ധങ്ങള്‍ അവയുടെ പേര് ദ്യോതിപ്പിക്കുന്ന ഭാഗങ്ങളിലേക്കു തള്ളി നില്ക്കുന്നു.

മനുഷ്യരില്‍ ശൈശവദശയില്‍ 33 കശേരുക്കള്‍ വെവ്വേറെയായി കാണപ്പെടുന്നുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകുന്നതോടെ ഇവയില്‍ ചില കശേരുക്കള്‍ തമ്മില്‍ ചേരുന്നതിനാല്‍ 26 ഖണ്ഡങ്ങളായി ചുരുങ്ങുന്നു. ഇവയെ സെര്‍വൈക്കല്‍ (cervical), തൊറാസിക് (thoracic), ലുംബാര്‍ (lumbar), സേക്രല്‍ (sacral), കോക്സീജിയല്‍ (coccygeal) എന്നിങ്ങനെ വര്‍ഗീകരിച്ചിരിക്കുന്നു.

ഗ്രൈവകശേരുക (cervical vertebra).

മനുഷ്യരില്‍ ഏഴ് ഗ്രൈവകശേരുകകളുണ്ട്. അനുപ്രസ്ഥ പ്രവര്‍ധത്തില്‍ കാണപ്പെടുന്ന രന്ധ്രം ഇവയുടെ പ്രത്യേകതയാണ്. ഏഴാമത്തെ ഗ്രൈവകശേരുകയിലൊഴികെ മറ്റെല്ലാറ്റിലെയും രന്ധ്രം വഴി കശേരുക-ധമനി കടന്നു പോകുന്നു. ശൂലമയപ്രവര്‍ധങ്ങളും ഏഴാമത്തെ ഗ്രൈവകശേരുകയിലൊഴികെ മറ്റെല്ലാറ്റിലും ദ്വിശാഖി (bifid)കളാണ്.

ഒന്നാമത്തെ ഗ്രൈവകശേരുകയെ ശീര്‍ഷധരം (atlas) എന്നു വിളിക്കുന്നു. ഇതിന് പിണ്ഡമോ ശൂലമയപ്രവര്‍ധങ്ങളോ ഇല്ല. ഒരു വളയത്തിന്റെ ആകൃതിയാണ് ഇതിനുളളത്. ഇരുവശങ്ങളിലും പാര്‍ശ്വപിണ്ഡമെന്ന പേരില്‍ ഒരു അസ്ഥിപിണ്ഡം വീതം കാണപ്പെടുന്നു. ഇതിന് മുകള്‍ ഭാഗത്തും അടിഭാഗത്തും ആയി ഓരോ സന്ധി മുഖികകള്‍ (articular facets) ഉണ്ട്. മുകള്‍ഭാഗത്തെ സന്ധിമുഖിക വഴി അനുകപാലാസ്ഥിയുമായും അടിഭാഗത്തേതു വഴി അക്ഷകശേരുകം (axis) എന്നറിയപ്പെടുന്ന രണ്ടാമത്തെ ഗ്രൈവകശേരുകയുമായും സന്ധിക്കുന്നു. അക്ഷകശേരുകയ്ക്ക് ഒരു പ്രത്യേക ദന്തസമാന പ്രവര്‍ധമുണ്ട്. ഇതിനെ ദന്താഭപ്രവര്‍ധം (odontoid process) എന്നു വിളിക്കുന്നു. ഇത് ഇതിന്റെ പിണ്ഡത്തില്‍ നിന്നും മുകളിലേക്കു തള്ളിനില്ക്കുന്നു. ഈ പ്രവര്‍ധം തലയോടും ശീര്‍ഷധരകശേരുകയും ചേര്‍ന്നു തിരിയത്തക്ക ഒരു തിരികുറ്റി (pivot) ആയി വര്‍ത്തിക്കുന്നു. ഏഴാമത്തെ ഗ്രൈവകശേരുകയുടെ ശൂലമയപ്രവര്‍ധം ദ്വിശാഖിയല്ല. മുകളില്‍ പറഞ്ഞിരിക്കുന്ന സവിശേഷതകളാല്‍ ശീര്‍ഷധരകശേരുകയെയും അക്ഷകശേരുകയെയും ഏഴാമത്തെ ഗ്രൈവകശേരുകയെയും പ്രാരൂപിക(typical) കശേരുക്കളായി കണക്കാക്കുന്നില്ല. ബാക്കിയുള്ളവ പ്രാരൂപിക ഗ്രൈവകശേരുകകളായി വിവക്ഷിക്കപ്പെടുന്നു.

വക്ഷീയകശേരുക (Thoracic Vertebra).

വക്ഷീയകശേരുകകള്‍ 12 എണ്ണമുണ്ട്. ഇവയില്‍ ഒന്നുമുതല്‍ ഒന്‍പതുവരെയുള്ളവയെ പ്രാരൂപികങ്ങളായി കണക്കാക്കുന്നു. ഇവയുടെ ഇരുവശങ്ങളിലും വാരിയെല്ലുമായി സന്ധിക്കത്തക്കവണ്ണമുളള സന്ധി-മുഖികകളുണ്ട്. അനുപ്രസ്ഥപ്രവര്‍ധങ്ങളുടെ മുന്നഗ്രങ്ങളിലായി വാരിയെല്ലിന്റെ ഉരുണ്ട അഗ്രങ്ങളുമായി (tubercle) സന്ധിക്കാനായുള്ള സന്ധി-മുഖികളുമുണ്ട്. പത്താമത്തെ കശേരുകയ്ക്ക് പാര്‍ശ്വവശങ്ങളിലായി ഓരോ സന്ധി-മുഖികളേ കാണപ്പെടുന്നുള്ളൂ. പതിനൊന്നാമത്തെയും പന്ത്രണ്ടാമത്തെയും കശേരുക്കളുടെ അനുപ്രസ്ഥപ്രവര്‍ധങ്ങളില്‍ സന്ധി-മുഖികകള്‍ കാണുന്നില്ല.

നൈതംബ കശേരുക (Lumbar Vertebra).

അഞ്ച് നൈതംബ കശേരുകകളുണ്ട്. ഇവയ്ക്ക് സ്ഥൂലപിണ്ഡങ്ങളാണുള്ളത്. ഇവയുടെ പിണ്ഡത്തില്‍ സന്ധി-മുഖികകള്‍ കാണപ്പെടുന്നില്ല; അനുപ്രസ്ഥപ്രവര്‍ധങ്ങളില്‍ സന്ധി-മുഖികളോ രന്ധ്രങ്ങളോ ഇല്ലതാനും.

ത്രികം (Sacrum).

ശിശുക്കളില്‍ കാണപ്പെടുന്ന അഞ്ചു ത്രൈകശകലങ്ങള്‍ പ്രായമാകുന്നതോടെ ഒന്നുചേരുകയും ഒരു വലിയ ത്രികോണാകൃതിയിലുളള അസ്ഥിയായി രൂപപ്പെടുകയും ചെയ്യുന്നു. ത്രികത്തിന്റെ വശങ്ങളിലായി കര്‍ണസദൃശങ്ങളായ രണ്ട് സന്ധി-മുഖികകളുണ്ട്; അരക്കെട്ടിലെ അസ്ഥികളുമായി സന്ധിക്കുവാനാണിത്. ഈ മൂന്നുഭാഗങ്ങളും ചേര്‍ന്ന് ശ്രോണി (pelvis) എന്നു പേരുള്ള അസ്ഥിഗുഹാഭിത്തിയായിത്തീരുന്നു. ഈ ത്രികോണത്തിന്റെ വീതിയേറിയ ആധാരം അഞ്ചാം നൈതംബകശേരുകയുടെ പിണ്ഡവുമായി സന്ധിക്കുന്നു. ശിഖാഗ്രം താഴേക്കു വളഞ്ഞ് അനുത്രിക (coccyx)യുമായും സന്ധിക്കുന്നു. ത്രികത്തിന്റെ അധരവശത്ത് നാല് അനുപ്രസ്ഥരേഖകളുണ്ട്. ഈ രേഖകള്‍ ത്രികത്തിന്റെ അഞ്ചുശകലങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലിനെ സൂചിപ്പിക്കുന്നു. ത്രികത്തിന്റെ വശങ്ങളിലായി നാല് രന്ധ്രങ്ങള്‍ കാണപ്പെടുന്നു. ത്രൈകനാഡികളിലെ നാല് ഉപരിനാഡികളുടെ രന്ധ്രങ്ങളാണിവ. പൃഷ്ഠഭാഗത്തായി മുകളിലെ മൂന്നോ നാലോ ചെറിയ ശൂലമയപ്രവര്‍ധങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്ന് ഒരു ത്രികവരമ്പ് (sacral ridge) ആയിത്തീരുന്നു. നാലാമത്തെ ശൂലമയ പ്രവര്‍ധത്തിനു താഴെയായി 'റ' ആകൃതിയിലുള്ള ഒരു വിടവുണ്ട്. ഇതിനെ ത്രികായനം (sacral hiatus) എന്നു പറയുന്നു. അഞ്ചാമത്തെ ത്രിക-കശേരുകയുടെ ഫലകങ്ങള്‍ തമ്മില്‍ കൂടിച്ചേരാതിരിക്കുന്നതിനാലാണ് ഈ വിടവുണ്ടാകുന്നത്. ത്രൈകശീര്‍ഷത്തിന്റെ പാര്‍ശ്വത്തിലായി ഫലകങ്ങള്‍ കൂടിച്ചേര്‍ന്ന് ത്രികത്തിന്റെ പിന്‍ഭാഗമായിത്തീരുന്നു. ഇതിന്റെ വശങ്ങളില്‍ നാല് പശ്ച(posterior) ത്രൈകരന്ധ്രങ്ങളുണ്ട്. ഇതിലൂടെയാണ് ഉപരിത്രികനാഡികളിലെ പശ്ചവിഭാഗം വെളിയിലേക്കു കടക്കുന്നത്.

മനുഷ്യരിലെ ത്രികത്തിന് ഉയരത്തെക്കാള്‍ കൂടുതല്‍ വീതിയുണ്ട്. കശേരുകദണ്ഡിന്റെ അടിഭാഗത്തിനു ദൃഢത നല്കുന്നത് ഈ പ്രത്യേകതയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ ത്രികം വിസ്താരമേറിയതാണ്. ഇതിനാല്‍ സ്ത്രീകളുടെ ശ്രോണീപ്രദേശം കൂടുതല്‍ വിസ്തൃതമായിരിക്കുന്നു.

അനുത്രിക (Coccyx).

അനുത്രിക അല്പവര്‍ധിത (rudimentary)ങ്ങളായ നാല് അസ്ഥിശകലങ്ങള്‍ കൂടിച്ചേര്‍ന്നതാണ്. ഇത് സാധാരണയായി സേക്രവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ചിലപ്പോള്‍ മൂന്നോ അഞ്ചോ അസ്ഥിശകലങ്ങള്‍ കണ്ടെന്നുവരാം. ആദ്യശകലം പ്രത്യേകമായിത്തന്നെ നിലക്കൊള്ളുന്നു.

ഊര്‍ധ്വപാദം (Upper limb).

അനുബന്ധാസ്ഥികൂട (appendicular skeleton)ത്തില്‍ കൈയിലെയും കാലിലെയും അസ്ഥികള്‍ ഉള്‍​പ്പെടുന്നു. ഇവയുടെ പൊതുഘടന സമാനരൂപത്തിലുള്ളതാണെങ്കിലും വിശദാംശങ്ങളിലും ശരീരവുമായുളള ബന്ധത്തിലും ഇവ വ്യത്യസ്തങ്ങളാണ്.

എഴുന്നേറ്റുനില്ക്കുവാനുള്ള ശക്തി മനുഷ്യര്‍ ആര്‍ജിച്ചിരിക്കുന്നതിനാല്‍ ഊര്‍ധ്വപാദത്തിലെ അസ്ഥികള്‍ക്കു ശരീരത്തിന്റെ ഭാരം ചുമക്കേണ്ടതായിവരുന്നില്ല. ഇതിനുപകരം ഇവ പരിഗ്രാഹകാവയവം (prehensile organ) ആയിത്തീര്‍ന്നിരിക്കുന്നു. സ്വതന്ത്ര ചലനക്ഷമതയും കൂടുതലായിട്ടുണ്ട്. കൈയിലെ അസ്ഥികള്‍ തോള്‍ (shoulder), ഭുജം (arm), മുന്‍കൈ (forearm), കൈപ്പടം (hand) എന്നീ ഭാഗങ്ങളായി ക്രമപ്പെടുത്തിയിരിക്കുന്നു.

തോള്‍.

തോള്‍ഭാഗത്ത് അംസഫലകം (scapula), അക്ഷകം (clavicle) എന്നീ അസ്ഥികള്‍ കാണപ്പെടുന്നു. ഇവ രണ്ടും ചേര്‍ത്ത് അംസമേഖല (shoulder girdle) എന്നുപറയുന്നു.

'ട' പോലെ വളഞ്ഞ ഒരു നീണ്ട അസ്ഥിയാണ് അക്ഷകം. വക്ഷോഭാഗത്തിന്റെ മുകളില്‍ മുന്‍വശത്തായി, കുറുകെ (horizontal) ആയിട്ടാണ് ഇത് കാണപ്പെടുക. ഇതിനു വലിയ ഒരു ഉരോസ്ഥി (sternal) അഗ്രമുണ്ട്. ഒന്നാമത്തെ വാരിയെല്ലിലെ ഉപാസ്ഥിയുമായും ഉരോസ്ഥിമുഷ്ടി (manubrium sterni)യുമായും ഇതു സന്ധിക്കുന്നു. പാര്‍ശ്വഭാഗത്തിന്റെ ബാഹ്യവശം മുകളില്‍നിന്നു താഴേക്കു പരന്നതാണ്. അംസകൂട(acromion)വുമായി സന്ധിക്കാനുള്ള സന്ധി-മുഖിക ഇതില്‍ കാണപ്പെടുന്നു. അക്ഷകത്തെ പാര്‍ശ്വഭാഗത്തായി അംസഫലകവുമായും മധ്യഭാഗത്തായി ഉരോസ്ഥിയുമായും സംയോജകസ്നായുക്കളാല്‍ ബന്ധിച്ചിരിക്കുന്നു.

തോള്‍പടലം എന്നുകൂടി പേരുള്ള അംസഫലകം വക്ഷസ്സിന്റെ പുറകുഭാഗത്തിനു മുകളിലായി സ്ഥിതിചെയ്യുന്നു. ത്രികോണാകൃതിയിലുളള ഇതിന്റെ ആധാരവശം മുകളിലും ശിഖാഗ്രം താഴെയും ആയിട്ടാണു കാണപ്പെടുന്നത്. ഇത് കനം കുറഞ്ഞ് പരന്നിരിക്കുന്നു. പാര്‍ശ്വഭാഗം കുറുകി തടിച്ചതാണ്. ഉപരിതലത്തിനു വാരിയെല്ലുകളുമായി സമ്പര്‍ക്കമുണ്ട്. ഈ ഉപരിതലം കൃശമധ്യവും (concave) പേശിയാല്‍ ആവൃതവുമാണ്. ബാഹ്യോ പരിതലത്തില്‍ തിരശ്ചീനമായി തള്ളിനില്ക്കുന്ന ഒരു ശൂലമയപ്രവര്‍ധമുണ്ട്. ഇതു പൃഷ്ഠതലത്തെ രണ്ട് ഊര്‍ധ്വ-അധോനിമ്നികകളാ(fossa)യി തിരിച്ചിരിക്കുന്നു. ശൂലത്തിന്റെ പാര്‍ശ്വവശം കട്ടികൂടി മുന്‍വശത്തേക്ക് വളഞ്ഞിരിക്കുകയും അംസകൂടപ്രവര്‍ധത്തിലവസാനിക്കുകയും ചെയ്യുന്നു. അംസഫലകത്തിന്റെ മൂന്നുകോണുകളില്‍ ബാഹ്യ(പാര്‍ശ്വ) കോണം കട്ടികൂടിയതും ഒരു അണ്ഡാകാരസന്ധി-മുഖിക (ഗ്ളീനോയ്ഡ് ഫോസ: Glenoid fossa) ഉള്‍​ക്കൊള്ളുന്നതുമാണ്. ഭുജാസ്ഥിയായ ഹ്യൂമറസിന്റെ അഗ്രം ഗ്ലീനോയ്ഡ് ഫോസയുമായി സന്ധിക്കുന്നു. ഗ്ലീനോയ്ഡ് ഫോസയ്ക്കു മുകളിലായി കുറുകെ മുമ്പോട്ടു തള്ളിനില്ക്കുന്ന ഒരു അസ്ഥിയുണ്ട്; ഇതിനെ കോറക്കോയ്ഡ് (corocoid) പ്രവര്‍ധം എന്നു പറയുന്നു.

ഭുജം.

ഹ്യൂമറസ് (പ്രഗണ്ഡാസ്ഥി) നീണ്ട ഒരു പ്രാരൂപികാസ്ഥിയാണ്. ഇതിനു കനംകുറഞ്ഞ ഒരു കാണ്ഡം (shaft) ഉണ്ട്. ഈ കാണ്ഡത്തിന്റെ മുകളിലത്തെയും താഴത്തെയും അഗ്രങ്ങള്‍ വികസിതങ്ങളാണ്. മുകളറ്റത്ത് അര്‍ധഗോളാകൃതിയിലുളള ഒരു ശീര്‍ഷമുണ്ട്. ഇതും കാണ്ഡവും തമ്മില്‍ ആഴം കുറഞ്ഞ ഒരു ഉപസങ്കോചനംവഴി വ്യതിരിക്തമാക്കപ്പെട്ടിരിക്കുന്നു. ഈ സങ്കോചനത്തെ നെക്ക് ഒഫ് ഹ്യൂമെറസ് (Neck of humerus) എന്നു വിളിക്കുന്നു. മുകളറ്റത്തിന്റെ പാര്‍ശ്വഭാഗത്ത് അസമാനങ്ങളായ രണ്ടു മുഴകളുണ്ട്. ഇവയെ വലുതും ചെറുതുമായ അസ്ഥി-പ്രോത്ഥങ്ങള്‍ (tuberocities) എന്നു പറയുന്നു. ഈ അസ്ഥി-പ്രോത്ഥങ്ങള്‍ക്കിടയിലായി ദ്വിശിരസ്ക-പ്രണാളി (bicipital groove) എന്ന പേരില്‍ ഒരു ചാലുണ്ട്. അംസഫലകത്തില്‍നിന്നുള്ള ഘൂര്‍ണക (rotator) പേശികള്‍ ഈ അസ്ഥി-പ്രോത്ഥങ്ങളോടാണു ബന്ധപ്പെടുന്നത്. ദ്വിശിരസ്കപേശി (biceps)യുടെ കണ്ഡരം (tendon) ഈ ചാലില്‍ സ്ഥിതിചെയ്യുന്നു.

പരിച്ഛേദത്തില്‍ കാണ്ഡത്തിനു ത്രികോണാകൃതിയാണുള്ളത്; താഴേക്കു വീതി കൂടിവരുന്നു. വീതി ഏറിയതും ആഴമില്ലാത്തതുമായ ഒരു ചാല് കാണ്ഡത്തിന്റെ പുറകിലൂടെ താഴേക്കു നീണ്ടുകിടക്കുന്നു. ഇതിനെ സര്‍പില(spiral) ചാല് എന്നു വിളിക്കാം. റേഡിയല്‍ നാഡിയും അതോടു ചേര്‍ന്ന ബഹുധമനിയും ഈ ചാലിലാണ് കാണപ്പെടുന്നത്. താഴത്തെ അറ്റത്ത് കപ്പി (pulley)യുടെ ആകൃതിയിലുള്ള ചക്രകാസ്ഥി (trochlea)യുണ്ട്. ഇത് അള്‍ന(ulna)യുമായി സന്ധിക്കുന്നു. പാര്‍ശ്വത്തായി ചെറുതായി ഉരുണ്ട മുണ്ഡമഞ്ജരി (capitulum) എന്നൊരു സന്ധി-മുഖികയുമുണ്ട്. ഇത് റേഡിയസ് അസ്ഥിയുടെ ശീര്‍ഷവുമായി സന്ധിക്കുന്നു.

മുന്‍കൈ.

മുന്‍കൈയുടെ രണ്ട് അസ്ഥികളില്‍ പാര്‍ശ്വഭാഗത്തായുള്ള അസ്ഥിയാണ് റേഡിയസ്. നീണ്ട ഈ അസ്ഥിക്ക് ഒരു കാണ്ഡഭാഗവും മുകള്‍-താഴറ്റങ്ങളുമുണ്ട്. ഡിസ്കിന്റെ ആകൃതിയിലുള്ള മുകളറ്റം ഹ്യൂമറസിന്റെ മുണ്ഡമഞ്ജരിയുമായി സന്ധിക്കുന്നു; ഡിസ്കിന്റെ സീമാന്തം അള്‍നയിലുളള ഒരു വെട്ടിലും. ശീര്‍ഷത്തിനു തൊട്ടുതാഴെയായുള്ള ഉപസങ്കോചനത്തെ കഴുത്ത് എന്നു പറയുന്നു. ഇതിനുതാഴെ ഒരു പരുപരുത്ത മുഴയുണ്ട്. റേഡിയസിന്റെ അസ്ഥി-പ്രോത്ഥമായ ഇത് ദ്വിശിരസ്കപേശിയെ ബന്ധിക്കുന്നു. കാണ്ഡം അതിന്റെ അധരഭാഗത്തു പരന്നിരിക്കുന്നെങ്കിലും മധ്യഭാഗത്തായി ഒരു അന്തരാസ്ഥിവരമ്പിലാണ് അവസാനിക്കുന്നത്. ഈ വരമ്പില്‍ റേഡിയസിനെ അള്‍നയുമായി ബന്ധിക്കുന്ന ഒരു അന്തരാസ്ഥിസ്തരം ഉണ്ട്. ഇത് മുന്‍കൈയുടെ മുന്‍-പിന്‍ഭാഗങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്നു. റേഡിയസിന്റെ മുന്‍തലവും അന്തരാസ്ഥിസ്തരവും കൈത്തണ്ടിനെയും വിരലുകളെയും ചലിപ്പിക്കുന്ന പേശികള്‍ ഉറപ്പിക്കുന്നതിന് ഉതകുന്നു. കാണ്ഡം പാര്‍ശ്വഭാഗത്തായി അല്പം മധ്യോന്നതത്വം (convexity) പ്രദര്‍ശിപ്പിക്കുന്നു. ഇതിന്റെ അഗ്രത്തിലുള്ള പരുപരുത്ത തലത്തിലാണ് അവതാനിനി (pronator) പേശി ഘടിപ്പിച്ചിരിക്കുന്നത്. താഴേ അഗ്രം മുകളറ്റത്തെക്കാള്‍ വീതിയേറിയതാണ്. ഇതിന്റെ പിന്‍ഭാഗത്തായി ചില ചാലുകളുണ്ട്. ഈ ചാലുകളിലാണ് പ്രസാരിണി (extensor) പേശികളുടെ കണ്ഡരങ്ങള്‍ കാണപ്പെടുന്നത്. പാര്‍ശ്വസീമാന്തം താഴേക്കു വീതികുറഞ്ഞുവന്ന് വര്‍ത്തികാഭ(styloid) പ്രവര്‍ധമായിത്തീരുന്നു. മധ്യസീമാന്തം കൃശമധ്യസ്വഭാവമുള്ളതും അള്‍നയുടെ താഴേ അഗ്രവുമായി സന്ധിക്കുന്നതുമാണ്. കീഴറ്റത്തിന്റെ താഴ്വശം കൃശമധ്യമായി കൈത്തണ്ടിന്റെ സ്കാഫോയ്ഡ്, ലൂണേറ്റ് അസ്ഥികളുമായി സന്ധിക്കുന്നു.

മുന്‍കൈയിലെ രണ്ട് അസ്ഥികളിലെ പാര്‍ശ്വാസ്ഥിയാണ് അള്‍ന. നീളമുളളതും വണ്ണംകുറഞ്ഞതുമായ ഒരസ്ഥിയാണിത്. ഇതിന്റെ മുകളറ്റം താഴത്തെ അറ്റത്തെക്കാള്‍ വീതി കൂടിയതാണ്. ഇവിടെ രണ്ടു പ്രവര്‍ധങ്ങള്‍ കാണപ്പെടുന്നു. ഹ്യൂമറസിന്റെ ചക്രകാസ്ഥിയുമായി സന്ധിക്കുന്ന ഒരു ചക്രക (trochlear) വിടവിന് ഈ പ്രവര്‍ധങ്ങള്‍ ഇടനല്കുന്നു. ഈ പ്രവര്‍ധങ്ങളില്‍ മുകളിലത്തേതിനെ കഫോണി (olecranon) പ്രവര്‍ധം എന്നു പറയുന്നു. ഭുജത്തിലെ ദ്വിശിരസ്കപേശിയുമായി ബന്ധിക്കുന്നതിന് ഇതിന്റെ ഉപരിതലം പരുപരുത്തതായിരിക്കുന്നു. താഴത്തെ പ്രവര്‍ധം ചുണ്ടുപോലെയുളള ഒരു അസ്ഥ്യുത്സേധമാണ് (Bone shelf). മുന്‍ഭാഗത്തേക്കു തള്ളിനില്ക്കുന്ന ഈ പ്രവര്‍ധത്തെ കോറക്കോയ്ഡ് (coracoid) പ്രവര്‍ധം എന്നു വിളിക്കുന്നു. ഭുജത്തിലെ ബ്രാക്കിയാലിസ് (brachialis) പേശി ഇതുമായി സംഗലിക്കുന്നു. ചക്രകവിടവിനു തൊട്ടു താഴെ പുറകില്‍ പാര്‍ശ്വഭാഗത്തായി റേഡിയസ് അസ്ഥിയുടെ ശീര്‍ഷവുമായി സന്ധിക്കുന്ന ഒരു അവതല സന്ധി-മുഖികയുണ്ട്. മൂന്നു വശങ്ങളുള്ള കാണ്ഡത്തില്‍ കൈത്തണ്ടും വിരലുകളും വളയ്ക്കുവാനുതകുന്ന പേശികള്‍ സന്ധിച്ചിരിക്കുന്നു. കീഴറ്റത്ത് ഉരുണ്ട ഒരു സന്ധിശീര്‍ഷമുണ്ട്. ഇതിന്റെ പാര്‍ശ്വവശത്ത് റേഡിയസിന്റെ താഴത്തെ അറ്റം സന്ധിക്കുന്നു. ശീര്‍ഷത്തിന്റെ താഴ്വശം ഒരു തന്തുതരുണാസ്ഥിവടികയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ഡിസ്ക് അള്‍നയെ കൈത്തണ്ടിലെ അസ്ഥികളുമായി വേര്‍തിരിക്കുന്നു. പിന്‍ഭാഗത്തു മധ്യത്തിലായി കൂര്‍ത്ത വര്‍ത്തികാഭപ്രവര്‍ധം കാണപ്പെടുന്നു. അള്‍നയുടെ മുകളറ്റം ഹ്യൂമറസുമായി ചേര്‍ന്ന് വിജാഗിരിപോലെയുള്ള കൈമുട്ട് സന്ധിയായി വര്‍ത്തിക്കുന്നു. റേഡിയസിന്റെ താഴത്തേയറ്റം മാത്രമാണ് മണിബന്ധത്തിന്റെ (wrist) സന്ധിയെ രൂപപ്പെടുത്താന്‍ സഹായിക്കുന്നത്. കൈത്തണ്ട്, കരതലം (palm), അഞ്ചു വിരലുകള്‍ എന്നിവ ഉള്‍​പ്പെട്ട മൂന്നു ഖണ്ഡങ്ങള്‍ ചേര്‍ന്നാണ് കൈ രൂപപ്പെട്ടിരിക്കുന്നത്.

കൈപ്പടം.

കൈത്തണ്ടില്‍ എട്ട് അസ്ഥികളുണ്ട്. ഇവ രണ്ടുവരിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. സമീപസ്ഥ (proximal) നിരയില്‍ സ്കാഫോയ്ഡ് (scaphoid), ലൂണേറ്റ് (lunate), ട്രൈക്വീട്രല്‍ (triquetral), പിസിഫോം (pisiform) എന്നീ അസ്ഥിഖണ്ഡങ്ങള്‍ കാണപ്പെടുന്നു; ദൂരസ്ഥ (distal) നിരയില്‍ ട്രപ്പീസ്യം (trapezium),ട്രപ്പിസോയ്ഡ് (trapezoid), കാപ്പിറ്റേറ്റ് (capitate), ഹാമേറ്റ് (hamate) എന്നീ അസ്ഥികളാണുള്ളത്. ഇവ ചെറിയ അനിയതാകൃതിയിലുള്ളവയാണ്. പിസിഫോം ഒരു യഥാര്‍ഥമണിബന്ധ(carpal) അസ്ഥിയല്ല; ഒരു സെസമോയ്ഡ് (വര്‍ത്തുളിക) അസ്ഥിയാണ്. പാണിശലാക (metacarpal) അസ്ഥികള്‍ ആകെ അഞ്ചെണ്ണമുണ്ട്. ഇവയില്‍ പെരുവിരലിലേതാണ് ഏറ്റവും തടിച്ചതും കുറുകിയതും. പാണിശലാകാസ്ഥികള്‍ ദീര്‍ഘാകൃതിയിലുളള ചെറിയ അസ്ഥികളാണ്. ഓരോന്നിനും മേല്‍-കീഴറ്റങ്ങളും കാണ്ഡവുമുണ്ട്. മുകളറ്റം ആധാരഭാഗമായും താഴത്തെയറ്റം ശീര്‍ഷമായും വര്‍ത്തിക്കുന്നു. ഒന്നാം പാണിശലാകാസ്ഥിയുടെ ആധാരം ജീനിയുടെ (saddle) ആകൃതിയുള്ളതാണ്. ട്രപ്പീസ്യവുമായി സന്ധിക്കുവാനുള്ള ഒരു ക്രമീകരണമാണിത്. മറ്റു നാല് പാണിശലാകാസ്ഥികയുടെയും ആധാരവശം ട്രപ്പിസോയ്ഡ്, കാപ്പിറ്റേറ്റ്, ഹ്യൂമേറ്റ് അസ്ഥികളുമായി സന്ധിക്കുന്നു. ഇവയുടെ അഞ്ചെണ്ണത്തിന്റെയും ശീര്‍ഷങ്ങള്‍ ഓരോ വിരലിന്റെയും അംഗുല്യസ്ഥി (phalanx)കളുമായി സന്ധിക്കുന്നു. പെരുവിരലില്‍ ആകെ രണ്ട് അംഗുല്യസ്ഥികളേ ഉള്ളൂ. ബാക്കി വിരലുകളിലെല്ലാം മൂന്നെണ്ണം വീതമുണ്ട്. വിരലുകളെയെല്ലാം പാര്‍ശ്വഭാഗത്തുനിന്നു തുടങ്ങിയാണ് പേരിട്ടിരിക്കുന്നത്. ഇവ പെരുവിരല്‍ (thumb), ചൂണ്ടാണിവിരല്‍ (index), മധ്യവിരല്‍ (medius), മോതിരവിരല്‍ (ring or anutarsus), ചെറുവിരല്‍ (little finger or minimus) എന്നീ പേരുകളില്‍ അറിയപ്പെടുന്നു. കൈയിലെ അസ്ഥികള്‍ പരിഗ്രാഹക പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകും വിധമാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഇവയില്‍ പെരുവിരലിനാണ് കൂടുതല്‍ ചലനക്ഷമതയുള്ളത്. ഇത് മനുഷ്യരില്‍ കാണുന്ന ഒരു പ്രത്യേകതയുമാണ്.

അധരപാദം (Lower limb).

കാലിലെ അസ്ഥികളും നാലു ഖണ്ഡങ്ങളായാണ് ക്രമീകരിച്ചിരിക്കുന്നത്: ശ്രോണി (hip), ഊരു (thigh), കണങ്കാല് (leg), പാദം (foot) എന്നിവയാണവ.

ശ്രോണി.

ശ്രോണിയിലെ അസ്ഥി അനിയമിതാകാരമുള്ളതാണ്. വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഇലിയം (ileum), ആസനാസ്ഥി (ischium), ജഘനാസ്ഥി (pubis) എന്നീ മൂന്നുഭാഗങ്ങള്‍ ഇതിനു കാണപ്പെടുന്നു. ഇലിയത്തിന് ഒരു വികസിത മുകള്‍ഭാഗവും ഇലിയശീര്‍ഷം എന്നറിയപ്പെടുന്ന തടിച്ചതും സ്വതന്ത്രവുമായ ഒരു സീമാന്തവുമുണ്ട്. ആമാശയത്തിന്റെ മുന്‍ഭിത്തിയിലെ പേശികള്‍ ഈ ഇലിയ ശീര്‍ഷത്തിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ഇലിയത്തിന്റെ ഇടുങ്ങിയഭാഗം ശ്രോണീ - ഉലൂഖല(acetabulum)ത്തിന്റെ നിര്‍മാണത്തില്‍ പങ്കു ചേരുന്നു. ഇലിയത്തിന്റെ പിന്‍ഭാഗത്ത് ത്രികത്തിന്റെ വശവുമായി സന്ധിക്കുവാനുളള ഒരു സന്ധീമുഖിക കാണപ്പെടുന്നു.

ആസനാസ്ഥിക്ക് 'V' യുടെ ആകൃതിയാണുള്ളത്. ഇതിനു കുറുകിത്തടിച്ച ഒരു പിന്‍കാലും നീണ്ടുപരന്ന ഒരു മുന്‍കാലുമുണ്ട്; പിന്‍കാലിനെ ആസനാസ്ഥിയുടെ പിണ്ഡമെന്നും പറയുന്നു. ഇതിനു പുറകിലേക്കു നീണ്ടുനില്ക്കുന്ന ഒരു ചെറിയ കൂര്‍ത്ത പ്രവര്‍ധമുണ്ട്; ഇതിനും പുറമേ അടിവശത്തായി ഒരു പരുപരുത്ത മുഴയുമുണ്ട്. ഇതിനെ ആസനാസ്ഥിയുടെ അസ്ഥി-പ്രോത്ഥമെന്നു പറയുന്നു. ഊരുവിന്റെ പിന്‍ഭാഗത്തെ പേശികളെ ഇവിടെയാണ് ഉറപ്പിക്കുക. ആസനാസ്ഥിയുടെ മുന്‍കാല്‍ ജഘനാസ്ഥിയുടെ സദൃശഭാഗവുമായി കൂടിച്ചേരുന്നു. ഇവിടെയാണ് ഊരുവിനെ മുന്‍പോട്ടു വലിക്കുന്ന പേശികളെ (abductor muscle) ഉറപ്പിക്കുന്നത്. ആസനാസ്ഥിയുടെ പിണ്ഡം ശ്രോണീ-ഉലൂഖലത്തിന്റെ നിര്‍മാണത്തില്‍ പങ്കുചേരുന്നു.

ജഘനാസ്ഥിക്ക് ഒരു പിണ്ഡവും തള്ളിനില്ക്കുന്ന രണ്ടുകാലുകളുമുണ്ട്. ഇതിലെ ഉപരിശാഖ തടിച്ചതും ത്രികോണാകൃതിയിലുള്ളതുമാണ്. ശ്രോണീ-ഉലൂഖലത്തിന്റെ പൊള്ളയായ കപ്പിനെ പൂര്‍ണമാക്കുന്നത് ഈ ഉപരിശാഖയാണ്. അധഃശാഖ ആസനാസ്ഥിയുടെ ശാഖയുമായി കൂടിച്ചേര്‍ന്ന് ഈ രണ്ട് അസ്ഥികള്‍ക്കുമിടയിലുള്ള ഓബ്ചുറേറ്റര്‍ (obturator) രന്ധ്രം സൃഷ്ടിക്കുന്നു. ഈ രന്ധ്രം പുരുഷന്‍മാരില്‍ അണ്ഡാകൃതിയിലും സ്ത്രീകളില്‍ മുക്കോണാകൃതിയിലുമാണ് കാണപ്പെടുന്നത്.

ശ്രോണിയിലെ മുന്നസ്ഥിഭാഗങ്ങള്‍ പതിനാലു വയസ്സാകുന്നതോടെ ശ്രോണീ-ഉലൂഖല മേഖലയില്‍വച്ച് തമ്മില്‍ യോജിക്കുന്നു; പതിനെട്ടു വയസ്സാകുന്നതോടെ ഈ മിശ്രാസ്ഥി പൂര്‍ണമാവുന്നു. മുന്‍ഭാഗത്തായി രണ്ട് ഊരു-അസ്ഥികളും അവയുടെ ജഘനാസ്ഥിഭാഗങ്ങളുമായി യോജിച്ച് ജഘന-സന്ധാനം (pubic symphysis) ആയിത്തീരുന്നു. ഇലിയഭാഗങ്ങള്‍ സേക്രത്തിന്റെ വശങ്ങളുമായി സന്ധിക്കുന്നു. ഇപ്രകാരം സന്ധിക്കപ്പെട്ട മൂന്ന് അസ്ഥികളും കൂടിച്ചേര്‍ന്ന് അസ്ഥിമയശ്രോണി ഉടലെടുക്കുന്നു.

രണ്ട് ശ്രോണ്യസ്ഥികളും തമ്മില്‍ മുന്‍ഭാഗത്ത് ജഘന-സന്ധാനവുമായും, പിന്‍ഭാഗത്തു ത്രികത്തിന്റെ വശങ്ങളുമായും സന്ധിച്ച് ശ്രോണീ-മേഖല (girdle) ഉണ്ടാകുന്നു. നിവര്‍ന്നുനില്ക്കുമ്പോഴുള്ള ശരീരത്തിന്റെ ഭാരം ത്രികംവഴി ശ്രോണ്യസ്ഥികളിലേക്കും അവിടെനിന്നും ഊര്‍വസ്ഥി (femur) വഴി കാലിന്റെ കീഴ്ഭാഗത്തേക്കും വ്യാപിക്കുന്നു.

ശ്രോണി മുന്‍ഭാഗത്തേക്ക് അല്പം ചരിഞ്ഞി(tilted)രിക്കുന്നു. കോടരത്തെ ഉപരിതല കപടശ്രോണി (false pelvis)യായും നിമ്നതല വാസ്തവിക (true) ശ്രോണിയായും തിരിച്ചിരിക്കുന്നു. ശ്രോണ്യസ്ഥികളുടെ ഇലിയശിഖരങ്ങള്‍വഴി കപടശ്രോണി പാര്‍ശ്വഭാഗത്തായി സങ്കോചിച്ചിരിക്കുന്നു. വാസ്തവികശ്രോണിക്ക് ഒരു ഇടുങ്ങിയ ചാല്‍ ഉണ്ട്. ഇതിനു മുകള്‍ഭാഗത്ത് ഉള്ളിലേക്കും താഴെ വെളിയിലേക്കും ദ്വാരങ്ങളുണ്ട്. മൂത്രസഞ്ചി, മലാശയം, ഗുദനാളി എന്നിവ പുരുഷന്‍മാരിലും സ്ത്രീകളിലും വാസ്തവികശ്രോണിയിലാണു സ്ഥിതിചെയ്യുന്നത്. അതുപോലെതന്നെ സ്ത്രീകളില്‍ ഗര്‍ഭാശയവും, പുരുഷന്‍മാരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥി, ശുക്ളാശയം എന്നിവയും ഇവിടെത്തന്നെ സ്ഥിതിചെയ്യുന്നു. സ്ത്രീകളുടെ ശ്രോണി വിസ്താരമേറിയതാണ്. ആസനാസ്ഥിയുടെയും ജഘനാസ്ഥിയുടെയും ശാഖകള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാവുന്ന ചാപം സ്ത്രീകളില്‍ 90o യിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. അതുപോലെതന്നെ ശ്രോണീ-ഉലൂഖലകോടരം സ്ത്രീകളില്‍ ചെറുതായിരിക്കും. സ്ത്രീകളില്‍ ആസനാസ്ഥിയുടെ അസ്ഥി-പ്രോത്ഥം ബഹിര്‍ഗമനദ്വാരത്തിനടുത്ത് വിസ്താരമേറിയിരിക്കുന്നു. ഈ സംവിധാനങ്ങളെല്ലാംതന്നെ സ്ത്രീകളുടെ ശ്രോണി വിസ്തൃതമാകാനും പ്രസവസമയത്ത് വേണ്ടത്ര വികാസം ഉണ്ടാകുവാനും ഉപകരിക്കും.

ഊര്‍വസ്ഥി (Femur).

ശരീരത്തിലെ ഏറ്റവും നീളംകൂടിയ അസ്ഥിയാണിത്. അനുപ്രസ്ഥപരിച്ഛേദത്തില്‍ കാണ്ഡം ത്രികോണാകൃതിയിലുള്ളതാണ്. പിന്‍ഭാഗത്തായി ലീനിയ ആസ്പെര(linea aspera) എന്ന പേരില്‍ ഒരു ഊര്‍ധ്വാധരവരമ്പുണ്ട്. കാണ്ഡത്തിന്റെ മുന്‍ഭാഗത്തു നിന്നാണ് ഊരുവിന്റെ പ്രസാരിണീപേശികള്‍ ആരംഭിക്കുന്നത്. ഊര്‍വികാസ്ഥിയുടെ അടിഭാഗം ടിബിയാസ്ഥിയുമായി സന്ധിക്കാനുതകുംവിധം ക്രമപ്പെടുത്തിയിരിക്കുന്നു. കീഴറ്റത്തിന്റെ മുന്‍ഭാഗം മുട്ടുചിരട്ട(patella)യുമായി സന്ധിക്കുവാനായി ഒരു കപ്പിയുടെ ആകൃതിയിലായിരിക്കുന്നു. പിന്‍ഭാഗത്തായി ഒരു വലിയ വിടവുണ്ട്. ഈ വിടവ് ടിബിയ (tibia)യുടെ മുകളറ്റവുമായി സന്ധിക്കുവാനായുള്ള ഊര്‍വികാസ്ഥിയിലുളള രണ്ട് അസ്ഥികന്ദങ്ങളെതമ്മില്‍ വേര്‍തിരിക്കുന്നു. അസ്ഥികന്ദങ്ങള്‍ക്കിടയിലെ ആഴമേറിയ വിടവില്‍ ഒരു ജോടി സ്നായുക്കളുണ്ട്. മുട്ടിലെ സന്ധിയുടെ ചലനത്തെ നിയന്ത്രിക്കുന്നത് ഇവയാണ്. കാണ്ഡം മുന്‍ഭാഗത്തേക്ക് അല്പം മധ്യോന്നതമാണ്. കാണ്ഡത്തിന്റെ മുകള്‍ഭാഗത്തായി ഒരു കഴുത്തുണ്ട്. ഇത് അര്‍ധഗോളാകൃതിയിലുളള ശീര്‍ഷത്തെ താങ്ങിനിര്‍ത്തുന്നു. ഈ ശീര്‍ഷം ശ്രോണ്യസ്ഥിയിലെ ശ്രോണീ-ഉലൂഖലവുമായി സന്ധിക്കുന്നു. കഴുത്തും കാണ്ഡവുമായി ചേരുന്നിടത്ത് രണ്ട് ഉത്സേധങ്ങള്‍ (prominences) ഉണ്ട്.

മുട്ടുചിരട്ട ഒരു വിത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന, ഏതാണ്ട് മുക്കോണാകൃതിയിലുളള, ഉഭയതലമധ്യോന്നത (biconvex) അസ്ഥിയാണ്. കാലിലെ പ്രസാരിണി കണ്ഡര(extensor tendon) കളില്‍ രൂപപ്പെട്ട ഒരു സെസമോയ്ഡ് അസ്ഥിയാണിത്. ഇതിന്റെ മുന്‍ഭാഗം പേശീതന്തുക്കളെ ഉറപ്പിക്കാനായി പരുപരുത്തിരിക്കുന്നു. മിനുസമുളള പിന്‍ഭാഗം മുട്ടിലെ സന്ധിയുമായി ചേരുന്നു.

ടിബിയ.

കാലിലെ രണ്ട് അസ്ഥികളില്‍ മധ്യത്തിലേതാണ് ടിബിയ. നിവര്‍ന്നു നില്ക്കുമ്പോള്‍ ശരീരഭാരം ഉപ്പൂറ്റി(heel) യിലേക്കു പ്രസരിക്കുന്നത് ടിബിയയിലൂടെയാണ്. മുകളറ്റം വികസിച്ചതും പരന്ന ഒരു സന്ധി-പ്രതലത്തോടുകൂടിയതുമാണ്. ഈ പ്രതലത്തെ അസ്ഥികന്ദങ്ങള്‍ക്കിടയിലുള്ള ഒരു ഉയര്‍ന്നഭാഗം രണ്ടായി തിരിക്കുന്നു. കാണ്ഡം അനുപ്രസ്ഥപരിച്ഛേദത്തില്‍ ത്രികോണാകൃതി കാണിക്കുന്നു. ഇതിനു പരന്ന ഒരു മധ്യപ്രതലമുണ്ട്. കാണ്ഡത്തിന്റെ പാര്‍ശ്വ-പിന്‍ പ്രതലങ്ങളില്‍ പാദത്തിന്റെ പേശികളെ ഉറപ്പിച്ചിരിക്കുന്നു. പാര്‍ശ്വഭാഗത്തെ സീമാന്തത്തില്‍ ഒരു ബലമേറിയ അസ്ഥ്യന്തരസ്തരം ഉറപ്പിക്കപ്പെട്ടിരിക്കുന്നു. താഴ്വശം ഇടുങ്ങിവരികയും അതിന്റെ മധ്യഭാഗം താഴേക്ക് തള്ളിവരികയും ചെയ്യുന്നു. ഇതു കാല്‍വണ്ണയുടെ (ankle) മധ്യഭാഗത്തായി ഒരു ഉത്സേധ (prominence)മായിത്തീരുന്നു. ഇതിനെ മധ്യഗുല്‍ഫവര്‍ധം (malleolus) എന്നു പറയുന്നു. മിനുസമുളള കീഴറ്റം കണങ്കാലസ്ഥി(talus)യുമായി സന്ധിക്കുന്നു.

ഫിബുല.

കാലിന്റെ പാര്‍ശ്വഭാഗത്തായുള്ള ഒരു കനം കുറഞ്ഞ അസ്ഥിയാണ് ഫിബുല(fibula). പാര്‍ശ്വഭാഗത്തുള്ള ഒരു പേശി ഇതിനെ പൂര്‍ണമായിത്തന്നെ ആവരണം ചെയ്യുന്നു. ഫിബുലയുടെ മുകളറ്റം ഘനാസ്ഥിയുടെ ആകൃതിയിലുള്ള ഒരു ശീര്‍ഷമായി വികസിച്ചിരിക്കുന്നു. ഇതിന്റെ പാര്‍ശ്വഭാഗം ഒരു വര്‍ത്തികാഭപ്രവര്‍ധമായി മുകളിലേക്ക് അല്പം തള്ളിനില്ക്കുന്നു. ശീര്‍ഷത്തിന്റെ ഉപരിതലം ടിബിയയുടെ പാര്‍ശ്വാസ്ഥികന്ദത്തിന്റെ കീഴറ്റത്തുളള സന്ധി-മുഖികയുമായി സന്ധിക്കുന്നു. കാണ്ഡം കനം കുറഞ്ഞതാണ്; ഇതിനു നാലു വശങ്ങളുണ്ട്. പാദത്തിന്റെ ചലനത്തെ സഹായിക്കുന്ന പേശികള്‍ ഇവിടെ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. കീഴറ്റം ഒരു പരുപരുത്ത ഉത്സേധമായി പരിണമിച്ചിരിക്കുന്നു. ഇതിനെ പാര്‍ശ്വഗുല്‍ഫവര്‍ധം എന്നു വിളിക്കുന്നു. ഇതിന്റെ മധ്യപ്രതലം കണങ്കാലസ്ഥിയുമായി സന്ധിക്കുന്നു. സന്ധിപ്രതലത്തിനു പിന്നിലായി ഒരു പരുപരുത്ത തലമുണ്ട്. ടിബിയോ-ഫിബുലാര്‍ സ്നായുക്കള്‍ ഇവിടെ ഘടിപ്പിക്കപ്പെട്ടിരിക്കുന്നു. ഈ സ്നായുക്കള്‍ ടിബിയയെ ഫിബുലയുമായി ബലമായി ബന്ധിച്ചിരിക്കുന്നു. ഫിബുലയുടെ കീഴ്ഭാഗമാണ് ഈ അസ്ഥിയുടെ പ്രധാനഭാഗം; കണങ്കാലിന്റെ സന്ധിയെ ഉറപ്പിച്ചു നിര്‍ത്തുന്ന ഭാഗം ഇതാണ്.

പാദം (Foot).

ടാര്‍സസ് (tarsus), മെറ്റാടാര്‍സസ് (meta-tarsus), അഞ്ച് വിരലുകള്‍ എന്നിവ ഒരു പരന്ന ആധാരത്തില്‍ കാലിന് 90o കോണത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ടാര്‍സസില്‍ ഏഴ് അസ്ഥികള്‍ മൂന്നു നിരയിലായി കാണപ്പെടുന്നു. സമീപസ്ഥമായ അസ്ഥിയാണ് കാല്‍കേനിയം (calcaneum). മധ്യത്തിലായി രണ്ട് അസ്ഥികളുണ്ട്: പാര്‍ശ്വഭാഗത്തുള്ളതും കാല്‍കേനിയവുമായി സന്ധിക്കുന്നതുമായ ക്യൂബോയ്ഡ് അസ്ഥിയും, മധ്യത്തിലായുള്ളതും കണങ്കാലസ്ഥിയുമായി സന്ധിക്കുന്നതുമായ നാവിക്കുലാറും (navicular). ദൂരസ്ഥനിരയില്‍ മൂന്നു കീലാകാരസ്ഥികളാണുള്ളത്. കണങ്കാലസ്ഥിയൊഴികെ ടാര്‍സസിലെ മറ്റെല്ലാ അസ്ഥികള്‍ക്കും പേശികളുടെ ഉറപ്പിക്കലിനായി പരുപരുത്ത പ്രതലങ്ങളാണുളളത്. കണങ്കാലസ്ഥിക്കു മുകളിലും താഴെയും മുന്‍പിലും വശങ്ങളിലും സന്ധി-മുഖികകളുണ്ട്. കാല്‍കേനിയം കണങ്കാലസ്ഥിക്കും പുറകിലേക്കു തള്ളിനില്ക്കുകയും ഉപ്പൂറ്റിയുടെ മുഴപ്പിനെ സഹായിക്കുകയും ചെയ്യുന്നു.

മെറ്റാടാര്‍സസിന്റെയും വിരലുകളുടെയും അസ്ഥികള്‍ കൈയിലെ മെറ്റാകാര്‍പല്‍ സംവിധാനത്തിന് സദൃശമാണ്. കൈയിലെ പെരുവിരലിന്റെ സ്ഥാനത്ത് പാദത്തിലെ പെരുവിരല്‍ ഉണ്ട്; പക്ഷേ, കൈവിരലിന്റെ അത്ര ചലനക്ഷമത പാദത്തിലെ പെരുവിരല്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

വക്ഷീയ ചട്ടക്കൂട് (Thoracic cage).

കശേരുകദണ്ഡിന്റെ വക്ഷീയഭാഗവും പാര്‍ശുകകളും (വാരിയെല്ല് - ribs) അവയുടെ പാര്‍ശുക-തരുണാസ്ഥികളും (costal cartilages) ഉരോസ്ഥിയും (sternum) ചേര്‍ന്നതാണ് വക്ഷീയ ചട്ടക്കൂടിന്റെ ഘടന.

ഉരോസ്ഥി.

ഉരോസ്ഥിക്ക് മൂന്നു ഭാഗങ്ങളുണ്ട്: മുകള്‍ഭാഗത്തു കാണുന്ന ഉരോസ്ഥിമുഷ്ടി (manubrium)യും, മധ്യത്തിലായുള്ള പിണ്ഡവും, താഴ്വശത്തായുള്ള സിഫോയ്ഡ് (xiphoid) പ്രവര്‍ധവും. പിണ്ഡത്തിന്റെ മുന്‍-പിന്‍ഭാഗങ്ങളില്‍ അനുപ്രസ്ഥരേഖകളുണ്ട്. നേരത്തെ ഉണ്ടായിരുന്ന നാല് വ്യത്യസ്ത ഖണ്ഡങ്ങളെ ഇവ സൂചിപ്പിക്കുന്നു. ഉരോസ്ഥിയുടെ ഓരോ പാര്‍ശ്വസീമാന്തത്തിലും പാര്‍ശുകോപാസ്ഥികളുമായി സന്ധിക്കാനുള്ള ഏഴ് കൊതകള്‍ കാണാം. ഉരോസ്ഥിമുഷ്ടിയുടെ ഉപരിതല സീമാന്തത്തില്‍ അക്ഷകാസ്ഥി(clavicle)യുമായി ചേരുവാനായുളള ഒരു കുഴിവ് കാണപ്പെടുന്നു. സിഫോയ്ഡ് പ്രവര്‍ധം പ്രായമായാലും ഉപാസ്ഥിയായിത്തന്നെ നിലക്കൊള്ളുന്നു.

പാര്‍ശുക.

പാര്‍ശുകകള്‍ പന്ത്രണ്ടു ജോടിയുണ്ട്. കശേരുകദണ്ഡിന്റെ വക്ഷഭാഗത്തു പുറകിലായി ഇവ സന്ധിക്കുന്നു. കശേരുകദണ്ഡില്‍നിന്നും വാരിയെല്ലുകള്‍ (പാര്‍ശുകകള്‍) ആദ്യം പുറകോട്ടും പിന്നീട് താഴേക്കുവന്നു മുമ്പോട്ടായും തള്ളിനില്ക്കുന്നു. അവസാനം അല്പം താഴെയായി ഇവ പാര്‍ശുക-ഉപാസ്ഥിയില്‍ അവസാനിക്കുന്നു. മുകളിലുള്ള ഏഴ് പാര്‍ശുകകള്‍ ഉരോസ്ഥിയുമായി പാര്‍ശുക-ഉപാസ്ഥിവഴി ബന്ധപ്പെട്ടിരിക്കുന്നു. ഇവയെ മുഖ്യപാര്‍ശുകകള്‍ (true ribs) എന്നു വിളിക്കുന്നു. താഴെയുള്ള അഞ്ചെണ്ണം ഗൗണ (false) പാര്‍ശുകകളാണ്. 8,9,10 എന്നീ പാര്‍ശുകകളുടെ ഉപാസ്ഥികള്‍ ഉരോസ്ഥിവരെ എത്തുന്നില്ല. ഇവ തൊട്ടുമുകളിലുള്ള പാര്‍ശുകയുടെ തരുണാസ്ഥിയുമായി യോജിക്കുന്നു. 11-ഉം 12-ഉം പാര്‍ശുകകള്‍ മുന്‍ഭാഗത്ത് ബന്ധപ്പെടുന്നില്ല. ഇവയെ ഡോളാപാര്‍ശുകകള്‍ (floating ribs) എന്നു പറയാം.

ഒരു പ്രാരൂപിക (typical) പാര്‍ശുകയ്ക്കു (3 മുതല്‍ 9 വരെയുള്ളവ) ശീര്‍ഷവും കഴുത്തും കാണ്ഡവും (shaft) ഉണ്ട്. ശീര്‍ഷം രണ്ടു സമീപസ്ഥ കശേരുകപിണ്ഡങ്ങളുമായി സന്ധിക്കുന്നു. ഒരു ചെറിയ കഴുത്ത് ശീര്‍ഷത്തെ മുഴ (tubercle)യില്‍നിന്നു വേര്‍തിരിക്കുന്നു. ഈ മുഴ ഒരു അനുപ്രസ്ഥപ്രവര്‍ധവുമായി സന്ധിക്കുന്നു. ഇതിനുമപ്പുറം കാണ്ഡം വക്ഷസ്സിന്റെ ചുറ്റുമായി വളഞ്ഞ് പാര്‍ശുകതരുണാസ്ഥിവരെ എത്തുന്നു. വാരിയെല്ലുകളെ കശേരുകകളോടും ഉരോസ്ഥിയോടും തന്തുരൂപ തരുണാസ്ഥികളാല്‍ യോജിപ്പിച്ചിരിക്കുന്നതിനാല്‍ നെഞ്ചിനെ വികസിപ്പിക്കുവാന്‍ സാധിക്കുന്നു. മറ്റ് അസ്ഥിഭാഗങ്ങളെക്കാളും വേഗം ഒടിയാനുള്ള പ്രവണത വാരിയെല്ലുകള്‍ക്കുണ്ട്.

കാണ്ഡരാസ്ഥികള്‍ (Sesamoid bones).

അസ്ഥിമുഴപ്പുകള്‍ക്കു മുകളിലൂടെ പേശീകന്ദങ്ങള്‍ക്കു തെന്നിമാറേണ്ട ആവശ്യമുള്ളിടത്തെല്ലാം പേശീകന്ദത്തിന്റെ ഒരു ഭാഗം ഒരു വിത്തിന്റെ ആകൃതിയിലുള്ള അസ്ഥിയായി രൂപാന്തരപ്പെടാറുണ്ട്. പേശീകന്ദത്തിന്റെ ചലനദിശയിലേക്കുള്ള വലിവില്‍ ഒരു ഉത്തോലകപ്രവര്‍ത്തനം സാധ്യമാക്കാനുള്ള സംവിധാനമാണിത്. ഇപ്രകാരം രൂപാന്തരപ്പെടുന്ന അസ്ഥികളെ കാണ്ഡരാസ്ഥികള്‍ എന്നു പറയുന്നു. മുട്ടുചിരട്ട ഇവയ്ക്കൊരു ഉദാഹരണമാണ്.

അസ്ഥിശസ്ത്രക്രിയ

അസ്ഥികളിലെയും സന്ധികളിലെയും രോഗങ്ങള്‍ വരുത്തിത്തീര്‍ക്കുന്ന വൈകല്യങ്ങള്‍ ശസ്ത്രക്രിയകൊണ്ട് പരിഹരിക്കുന്ന രീതി. ജന്മനാ ഉളള വൈകല്യങ്ങള്‍, ഒടിവുകള്‍, അസ്ഥികളിലും സന്ധികളിലും രോഗാണുക്കളാലും ക്ഷയരോഗത്തിനാലും ഉണ്ടാകുന്ന കേടുപാടുകള്‍, വാതസംബന്ധമായ രോഗങ്ങള്‍, അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന ട്യൂമറുകള്‍ (tumors), പിള്ളവാതം (Poliomyelitis) മൂലമുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ എന്നിവയാണ് അസ്ഥിശസ്ത്രക്രിയയുടെ പരിധിയില്‍ സാധാരണ വരാറുള്ളത്. തികച്ചും രോഗാണുരഹിതമായ അന്തരീക്ഷം (aseptic field), പ്രത്യേകതരം ഉപകരണങ്ങള്‍ എന്നിവ അസ്ഥിശസ്ത്രക്രിയയിലെ അത്യന്താപേക്ഷിത ഘടകങ്ങളാണ്.

ഓസ്റ്റിയോട്ടമി (Osteotomy). കൈകാലുകളിലെ അസ്ഥികളിലും സന്ധികളിലും ഒടിവുകള്‍മൂലമോ മറ്റ് അസുഖങ്ങളാലോ ഉണ്ടാകുന്ന വൈകല്യങ്ങളില്‍ ചിലത് ഇത്തരം ചികിത്സകൊണ്ട് ശരിയാക്കാം. കോട്ടം സംഭവിച്ചിട്ടുള്ള അവയവത്തിലെ അസ്ഥിയുടെ ഒരു പ്രത്യേക ഭാഗം ഉളി ഉപയോഗിച്ചു മുറിക്കുന്നു. ഈ ശസ്ത്രക്രിയക്ക് ഓസ്റ്റിയോട്ടമി എന്നു പറയുന്നു. ഇപ്രകാരം മുറിച്ച അസ്ഥിയെ കോട്ടം ശരിയാക്കി നിവര്‍ത്തിവയ്ക്കുന്നു. അസ്ഥിയുടെ ഒടിവ് ചേര്‍ന്നുവരുമ്പോള്‍ വൈകല്യം സംഭവിച്ചഭാഗം പൂര്‍വസ്ഥിതിയിലെത്തുന്നു. ചിലര്‍ നടക്കുമ്പോള്‍ മുട്ടുകള്‍ തമ്മില്‍ കൂട്ടിമുട്ടാറുണ്ടല്ലോ (knock knees). മുട്ടുകളിലെ ഈ കോട്ടം തുടയെല്ലില്‍ ഒടിവുണ്ടാക്കി നിവര്‍ക്കാവുന്നതാണ്.

ആര്‍ത്രോഡെസിസ് (Arthrodesis). സന്ധികളിലുണ്ടാകുന്ന ചില രോഗങ്ങള്‍ ദുസ്സഹമായ വേദനയുണ്ടാക്കുന്നവയാണ്. ഇവയില്‍ പലതും തക്കസമയത്തുളള ചികിത്സ കൊണ്ട് സുഖപ്പെടുത്താം. ചിലപ്പോള്‍ ഇവ അമിതമായ വേദനയ്ക്കും വൈകല്യത്തിനും കാരണങ്ങളാവുന്നു. ഇപ്രകാരം രോഗം ബാധിച്ച ഒരു സന്ധിയെ ശസ്ത്രക്രിയ ചെയ്ത് ഉറപ്പിക്കുവാന്‍ കഴിയും. ഈ ശസ്ത്രക്രിയയ്ക്ക് ആര്‍ത്രോഡെസിസ് എന്നു പറയുന്നു. ചലനമില്ലാതാക്കുന്നതുനിമിത്തം ഇത്തരം സന്ധികളില്‍നിന്ന് ഉണ്ടാകുന്ന വേദന നിശ്ശേഷം മാറുന്നു. സന്ധി തികച്ചും നിശ്ചലമാകുന്നുണ്ടെങ്കില്‍ത്തന്നെയും, തത്ഫലമായി അമിതമായ വേദനയില്‍നിന്നുണ്ടാകുന്ന വിമുക്തി ഈ രോഗികള്‍ക്ക് ഒരു അനുഗ്രഹമാണ്. നട്ടെല്ലിലും, കൈകാലുകളിലെ സന്ധികളിലും സാധാരണ ഉണ്ടാകുന്ന ക്ഷയരോഗബാധ ഇത്തരം ചികിത്സകൊണ്ട് സുഖപ്പെടുത്താവുന്നതാണ്.

ആര്‍ത്രോപ്ലാസ്റ്റി (Arthroplasty). ചലനം നഷ്ടപ്പെട്ടവയും വേദനയുണ്ടാക്കുന്നവയുമായ സന്ധികളില്‍ നടത്തുന്ന ശസ്ത്രക്രിയയാണിത്. തീര്‍ത്തും ഉപയോഗയോഗ്യമല്ലാതായ ചില സന്ധികള്‍ക്കുപകരം ലോഹനിര്‍മിതമായ ഘടകങ്ങള്‍ ഉപയോഗിച്ച് ഇത്തരം ശസ്ത്രക്രിയ ചെയ്യാവുന്നതാണ് (prosthetic arthro-plastry). ആര്‍ത്രോഡെസിസ് എന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് ഇത്തരം ശസ്ത്രക്രിയകള്‍ കൂടുതല്‍ ഫലപ്രദങ്ങളാണ്. ജഘനസന്ധിയില്‍ (hip joint) ഉണ്ടാകുന്ന ഒരുതരം ഒടിവിനും വാതസംബന്ധമായ ചില രോഗങ്ങള്‍ക്കും ഈ ശസ്ത്രക്രിയ ഫലപ്രദമാണ്.

സെക്വസ്ട്രെക്ടമി (Sequestrectomy). രോഗാണുക്കള്‍ നിമിത്തം അസ്ഥികളില്‍ ചിലപ്പോള്‍ പഴുപ്പുണ്ടാവുകയും തത്ഫലമായി അസ്ഥി ദ്രവിച്ചുപോവുകയും ചെയ്യാറുണ്ട്. ഇപ്രകാരം നിര്‍ജീവങ്ങളായ അസ്ഥിശകലങ്ങളെ ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്തുകളയാവുന്നതാണ്. ഇത്തരം ശസ്ത്രക്രിയയ്ക്ക് സെക്വസ്ട്രെക്ടമി എന്നു പറയുന്നു. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ചെയ്യേണ്ടിവരുന്ന അസ്ഥിശസ്ത്രക്രിയകളിലൊന്നാണ് ഇത്. അസ്ഥിക്കുള്ളില്‍ അമിതമായി പഴുപ്പ് വര്‍ധിച്ച് പുറത്തേക്കു വമിക്കുവാന്‍ നിവൃത്തിയില്ലാത്ത ഒരു സ്ഥിതി ഉണ്ടാകാറുണ്ട് (Bone abscess). രോഗബാധിതമായ അസ്ഥിയെ ഇത് കൂടുതല്‍ കൂടുതല്‍ നിര്‍ജീവമാക്കിത്തീര്‍ക്കും. ഇപ്രകാരം കെട്ടിക്കിടക്കുന്ന പഴുപ്പ് നിര്‍ബാധം പുറത്തേക്കു പോകുവാന്‍ അസ്ഥിയില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടാക്കേണ്ടിവരുന്നു.

അസ്ഥി ഒട്ടിക്കല്‍ (Bone-grafting). അസ്ഥി ഒരു സ്ഥാനത്തുനിന്ന് മറ്റൊരു സ്ഥാനത്തേക്കു മാറ്റിസ്ഥാപിക്കുന്ന ശസ്ത്രക്രിയയാണിത്. പൂര്‍ണമായി കൂടിച്ചേരാത്ത ഒടിവുകള്‍ (non-union of fractures), ജന്‍മനാലുള്ളതോ രോഗങ്ങള്‍കൊണ്ടോ മറ്റുതരത്തിലുള്ള ശസ്ത്രക്രിയകള്‍കൊണ്ടോ അസ്ഥികളില്‍ സംഭവിക്കാവുന്നതോ ആയ വിടവുകള്‍ ഇത്തരം ശസ്ത്രക്രിയകൊണ്ട് ശരിയാക്കാവുന്നതാണ്.

ഈ ശസ്ത്രക്രിയ പലവിധത്തില്‍ ചെയ്യാറുണ്ട്. രോഗിയുടെ തന്നെ മറ്റേതെങ്കിലും അസ്ഥിയില്‍നിന്ന് ഒരു ഭാഗം മുറിച്ചെടുത്ത് ആവശ്യമുള്ള സ്ഥാനത്തു ഘടിപ്പിക്കാവുന്നതാണ് (autogenous). അതുപോലെതന്നെ മറ്റേതെങ്കിലും ഒരു മനുഷ്യശരീരത്തില്‍ നിന്നോ (homogenous) ഏതെങ്കിലും മൃഗങ്ങളില്‍ നിന്നോ (heterogenous) അസ്ഥിയുടെ ഭാഗം ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കാവുന്നതാണ്. മേല്പറഞ്ഞവയില്‍ ഒടുവിലത്തെ രണ്ടും പലതരം സങ്കീര്‍ണങ്ങളായ പ്രശ്നങ്ങള്‍ക്കു കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ ഒന്നാമതുപറഞ്ഞ തരത്തിലുള്ള ശസ്ത്രക്രിയ മാത്രമേ സാധാരണഗതിയില്‍ ചെയ്യുവാന്‍ സാധ്യമാകുകയുളളു.

ഗ്രാഫ്റ്റ് ആയി ഉപയോഗിക്കുന്ന അസ്ഥി പല രൂപത്തിലും ആകൃതിയിലുമുളളതാക്കിത്തീര്‍ക്കുന്നു. കട്ടിയും ഉറപ്പും ആവശ്യമുള്ളപ്പോള്‍ ചതുരാകൃതിയില്‍ ഫലകങ്ങള്‍ (cortical grafts) ആക്കിയാണ് ഉപയോഗിക്കുന്നത്. ഇത്തരം അസ്ഥിഫലകത്തെ ആണികള്‍കൊണ്ട് അസ്ഥിയില്‍ ഘടിപ്പിക്കുന്നു. നേരേമറിച്ച് ഉറപ്പ് അത്യാവശ്യമല്ലാത്ത സന്ദര്‍ഭത്തില്‍ അസ്ഥിശകലങ്ങളാക്കി (bone chips) ഒടിഞ്ഞ അസ്ഥിക്കു ചുറ്റും നിക്ഷേപിക്കുന്നു. ഇപ്രകാരം ചെയ്യുന്നതുനിമിത്തം കൂടിച്ചേരാതിരുന്ന ഒടിവിനു ചുറ്റും പുതിയ അസ്ഥി വളരുവാനും, ഒടിവ് സാധാരണഗതിയില്‍ കൂടിച്ചേരുവാനും സഹായകമായിത്തീരുന്നു.

മരണം സംഭവിച്ച് അധികസമയം കഴിയുന്നതിനുമുന്‍പ് മനുഷ്യശരീരത്തില്‍ നിന്ന് അസ്ഥി ശേഖരിച്ച് പല രാസപരിവര്‍ത്തനങ്ങള്‍ക്കു വിധേയമാക്കിയശേഷം ദീര്‍ഘകാലം സൂക്ഷിക്കുവാനുളള അസ്ഥിബാങ്കുകള്‍ റഷ്യ, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ നിലവിലുണ്ട്. ഇപ്രകാരം ബാങ്കുകളില്‍നിന്ന് ലഭിക്കുന്ന അസ്ഥികള്‍ പല പ്രകാരത്തിലും മനുഷ്യശരീരത്തില്‍ ഉപയോഗിച്ചുവരുന്നു. അതുപോലെതന്നെ മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന അസ്ഥികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളും നടന്നിരുന്നെങ്കിലും മനുഷ്യശരീരത്തില്‍ നിന്നുതന്നെ ലഭിക്കുന്ന അസ്ഥികളോളം അവയ്ക്കു പ്രചാരം ലഭിച്ചിട്ടില്ല.

അസ്ഥ്യര്‍ബുദശസ്ത്രക്രിയ. അസ്ഥികളില്‍നിന്ന് ഉദ്ഭവിക്കുന്ന മിക്ക അര്‍ബുദരോഗങ്ങള്‍ക്കും ശസ്ത്രക്രിയയാണ് ശരിയായ പ്രതിവിധി. ഇവയില്‍ നിരപായങ്ങളായ ട്യൂമറുകളുടെ (benign tumors) ചികിത്സ അത്ര ബുദ്ധിമുട്ടുള്ളതല്ല. രോഗം ബാധിച്ച ഒരു അസ്ഥിയില്‍ നിന്ന്, രോഗമുളള ഭാഗം എടുത്തുകളയുക എന്നതു സാധാരണ സാധ്യമാകാറുണ്ട്. ഇങ്ങനെയുള്ള അര്‍ബുദരോഗങ്ങള്‍ ജീവഹാനി വരുത്താറില്ല.

എന്നാല്‍ അപകടകാരികളായ പലതരം ട്യൂമറുകള്‍ (malig-nant tumors) അസ്ഥിയില്‍ ഉദ്ഭവിക്കാറുണ്ട്. അത്യധികം വേദനയുണ്ടാക്കുന്നവയും വളരെവേഗം പടര്‍ന്നുപിടിച്ച് ജീവഹാനി വരുത്തുവാന്‍ കെല്പുള്ളവയുമാണ് ഇവ. ഇത്തരം രോഗങ്ങള്‍ക്കു സാധാരണ വിച്ഛേദശസ്ത്രക്രിയ (ablation surgery) വേണ്ടിവരുന്നു. രോഗം ബാധിച്ച അസ്ഥി മാത്രമല്ല, ആ അവയവംതന്നെ മുറിച്ചുകളയേണ്ടിവരുന്നു (amputation).

അസ്ഥിയിലെ അര്‍ബുദരോഗങ്ങള്‍ക്കു ശസ്ത്രക്രിയ ചെയ്യുന്നതിനുമുന്‍പ് രോഗത്തിന്റെ ശരിയായ സ്വഭാവം പൂര്‍ണമായി പഠിക്കേണ്ടതാണ്. ഇതിനായി രോഗം ബാധിച്ച അസ്ഥിയില്‍നിന്ന് ഒരു ചെറിയ ഭാഗം മുറിച്ചെടുത്ത് ആദ്യം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇതിനെ ബയോപ്സി (biopsy) എന്നു പറയുന്നു.

അസ്ഥിശസ്ത്രക്രിയയിലെ ഉപകരണങ്ങള്‍. അസ്ഥിശസ്ത്രക്രിയയില്‍ സാധാരണ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ ഇരുമ്പ് ഉള്‍​ക്കൊണ്ട ലോഹസങ്കരങ്ങള്‍ (alloys) കൊണ്ടുണ്ടാക്കിയവയാണ്. സ്റ്റീല്‍ (stainless steel), വിറ്റാലിയം (vitalium) എന്നിവയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്ന ലോഹസങ്കരങ്ങള്‍. ഇവയെ കൂടാതെ ടൈറ്റാനിയവും (titanium) അക്രിലിക് (acrylic) എന്ന പ്ലാസ്റ്റിക് പോലുള്ള പദാര്‍ഥവും ഉപയോഗിക്കപ്പെടുന്നുണ്ട്. ഒരുതരം പ്രത്യേക സിമന്റ് (acrylic cement) അസ്ഥിശസ്ത്രക്രിയകളില്‍ ഉപയോഗിക്കുന്ന പതിവുമുണ്ട്. ഇത്തരം ഉപകരണങ്ങള്‍ ദൃഢതയുള്ളവയും ശരീരവുമായി വിപരീത രാസപ്രവര്‍ത്തനത്തില്‍ ഏര്‍​പ്പെടാത്തവയും ആയിരിക്കേണ്ടത് ആവശ്യമാണ്.

ഒടിഞ്ഞ അസ്ഥികള്‍ യോജിപ്പിച്ച് ഉറപ്പിക്കാന്‍ പ്രത്യേകതരം ആണികള്‍ (bone screws), ലോഹപ്പലകകള്‍ (bone plates) എന്നിവ ഉപയോഗിക്കുന്നു. വലുപ്പംകൂടിയ അസ്ഥികളെ ദൃഢമായി പിടിക്കുവാനുള്ള പ്രത്യേകതരം കൊടിലുകള്‍ (bone holding) ഉണ്ട്. അസ്ഥി മുറിച്ചു വൈകല്യങ്ങള്‍ ശരിയാക്കുവാന്‍ ഉളികളാണ് ഉപയോഗിക്കുന്നത്. ഇവയെ ഓസ്റ്റിയോട്ടോം (Osteo-tome) എന്നു പറയുന്നു. ഉളികള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകതരം ചുറ്റിക അഥവാ മാലറ്റ് (mallet) ആവശ്യമാണ്.

അസ്ഥികളില്‍ സൂക്ഷ്മമായി ദ്വാരങ്ങളുണ്ടാക്കാന്‍ ഡ്രില്ലുകള്‍ (drills) ഉപയോഗിക്കുന്നു. ഇതുകൂടാതെ വിദ്യുച്ഛക്തികൊണ്ട് പ്രവര്‍ത്തിക്കുന്ന വാള്‍ (electric bone saw), ഡ്രില്ലുകള്‍ (electric drills) എന്നിവ ഇപ്പോള്‍ സാധാരണയായി ഉപയോഗിക്കപ്പെട്ടുവരുന്നു. ഈ ഉപകരണങ്ങളില്‍ ചിലത് സമ്മര്‍ദിതവായു (compressed air) കൊണ്ട് പ്രവര്‍ത്തിക്കുന്നവയാണ് (pneumatic instruments).

അസ്ഥിശസ്ത്രക്രിയയിലെ ചില നവീനപ്രവണതകള്‍. ചികിത്സ അസാധ്യമെന്നു കരുതപ്പെട്ടിരുന്ന പല രോഗങ്ങള്‍ക്കും, വൈഷമ്യമേറിയതെങ്കിലും നൂതനങ്ങളായ പലതരം ശസ്ത്രക്രിയകള്‍കൊണ്ടുള്ള ചികിത്സ സാധ്യമായി വന്നിട്ടുണ്ട്. നട്ടെല്ല് വളയുന്നതുനിമിത്തമുണ്ടാകുന്ന വൈകല്യത്തിന് (Scoliosis) ശസ്ത്രക്രിയ നിലവിലുണ്ട്. വളഞ്ഞ നട്ടെല്ല് നിവര്‍ത്തി ചില പ്രത്യേകതരം കമ്പികള്‍ ഘടിപ്പിച്ച് പൂര്‍വസ്ഥിതിയിലെത്തിക്കുവാന്‍ സാധിക്കും. അതുപോലെതന്നെ നട്ടെല്ലിലെ ക്ഷയരോഗം നിമിത്തമുണ്ടാകുന്ന ചില അസുഖങ്ങള്‍ക്ക് മാറിടം തുറന്ന് നട്ടെല്ലിലെ രോഗബാധിതമായ ഭാഗം പൂര്‍ണമായി എടുത്തുകളയുകയും അസ്ഥി മറ്റൊരു ഭാഗത്തുനിന്നു പാകത്തില്‍ മുറിച്ചെടുത്തു ഘടിപ്പിക്കുകയും (Bone grafting) ചെയ്യാവുന്നതാണ്.

3.0
സനൽ Nov 02, 2016 03:27 AM

സർ എനിക്ക് 2016 ജൂണിൽ ഒരു ബൈക്ക് അപകടത്തിൽ നട്ടെലിനു പരിക്ക് പറ്റി.L1 ഫ്രാക്ചർ എന്നാണ് ഡോക്ടർ പറഞ്ഞത് എന്നാൽ ഇപ്പോഴും ചെറിയതോതിൽ വേദനയുണ്ട് കുനിഞ്ഞുനിന്ന് ജോലി ഒന്നും ചെയ്യാൻ കഴിയുന്നില്ല ഞാൻ എത്ര മാസം വിശ്രമജീവിതം നയിക്കണമെന്നു അറിയാൻ ആഗ്രഹമുണ്ട്.

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top