অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വായിലെ അര്‍ബുദം

കോശവിഭജനം അനുസ്യൂതം തുടരുന്ന ഒരു പ്രക്രിയ ആണ്. എന്നാല്‍, ചിലപ്പോള്‍ ഈ പ്രക്രിയയുടെ താളം തെറ്റും. തുടര്‍ന്ന് ശരീരത്തിന്‍െറ ചില പ്രത്യേക ഭാഗത്തെ കോശങ്ങള്‍ അനിയന്ത്രിതമായും അസ്വാഭാവികമായും വളര്‍ന്ന് മുഴകള്‍ രൂപം കൊള്ളുന്നത് അര്‍ബുദം എന്ന രോഗാവസ്ഥക്കിടയാക്കും. അപായകരമായ മുഴകളിലെ കോശങ്ങളും ഏറെ പ്രത്യേകതകള്‍ ഉള്ളവയാണ്. ഇവ രക്തത്തിലേക്കോ കോശ സമൂഹത്തിലേക്കോ കടന്നുചെന്ന് പെട്ടെന്ന് വ്യാപിക്കുകയും പതിയെ മുഴകള്‍ ഉണ്ടാക്കുകയും ചെയ്യും. ‘കോശങ്ങളുടെ അളവറ്റ വളര്‍ച്ച’ എന്നാണ് അര്‍ബുദം എന്ന പദത്തിനര്‍ഥം.

അര്‍ബുദം ഉണ്ടാകുന്നതെങ്ങനെ?


അര്‍ബുദത്തിന് സഹായകരമാകുന്ന ജീനുകളും അവയെ നിയന്ത്രിച്ചു നിര്‍ത്തുന്ന ജീനുകളും എല്ലാവരിലുമുണ്ട്. രണ്ട് തരം ജീനുകളുടെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെങ്കില്‍ അര്‍ബുദം ഉണ്ടാകില്ല. എന്നാല്‍, പുകവലി, തെറ്റായ ഭക്ഷണശീലങ്ങള്‍ തുടങ്ങിയ പ്രേരക ഘടകങ്ങള്‍ അര്‍ബുദത്തിന് കാരണമാകുന്ന ജീനുകളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുകയും നിയന്ത്രിച്ച് നിര്‍ത്തുന്ന ജീനുകളെ ജനിതക വ്യതിയാനത്തിനിടയാക്കി അര്‍ബുദത്തിന് വഴിയൊരുക്കുകയും ചെയ്യാറുണ്ട്. ജനിതകപരമായി അര്‍ബുദ സാധ്യത ഉള്ളവരില്‍പോലും പുകവലി പോലെയുള്ള ഘടകങ്ങളെ ഒഴിവാക്കുന്നതിലൂടെ അര്‍ബുദത്തിന്‍െറ കടന്നുവരവ് തടയാനാകും.

വായിലെ അര്‍ബുദം എവിടെയൊക്ക?


തലയിലെ അര്‍ബുദങ്ങളില്‍ ഏറ്റവുമധികം കണ്ടുവരുന്നത് വായില്‍ ആണ്. ചുണ്ട്, നാക്ക്, കവിളുകള്‍, മോണ, തൊണ്ട, മേല്‍ത്താടി, കീഴ്ത്താടി, വായുടെ അടിഭാഗം എന്നീ അവയവങ്ങളെ ആണ് വായിലെ അര്‍ബുദം ബാധിക്കുക. വായ, നാക്ക്, ചുണ്ട് എന്നിവയെ ആവരണം ചെയ്തിരിക്കുന്ന നേര്‍ത്ത ഭാഗത്താണ് അര്‍ബുദം പ്രധാനമായും ഉണ്ടാവുക. ലിംഫ് വഴി പടര്‍ന്ന് ശ്വാസകോശം, കഴുത്ത് തുടങ്ങി പലഭാഗങ്ങളിലും ഇത് എത്താറുണ്ട്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരില്‍ വായില്‍ അര്‍ബുദം വരാനുള്ള സാധ്യത രണ്ടിരട്ടി ആണ്.

പ്രത്യേകതകള്‍


വായില്‍ ഒരു ഭാഗത്ത് അര്‍ബുദം വന്നാല്‍ വായിലെ മറ്റു ഭാഗങ്ങളിലും സമീപത്തുള്ള ദശകളിലും അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ വായിലെ അര്‍ബുദം ബാധിച്ച 10ശതമാനം രോഗികളിലും രണ്ടാമതൊരര്‍ബുദവും കൂടി വരാനുണ്ടെന്നൊരു പ്രത്യേകതയുമുണ്ട്.

പ്രധാന കാരണങ്ങള്‍


1. പുകയില
വായില്‍ അര്‍ബുദം വരുന്നവരില്‍ 90 ശതമാനവും പുകവലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരാണ്. പുകവലിക്കുന്നവരുടെ സാമീപ്യത്തിലൂടെ പുക ഉള്ളില്‍ ചെല്ലുന്നതും അത്യന്തം അപകടമാണ്. അര്‍ബുദത്തിന് നേരിട്ട് കാരണമാകുന്ന അറുപതോളം രാസവസ്തുക്കള്‍ പുകയിലയില്‍ അടങ്ങിയിട്ടുണ്ട്. സിഗററ്റ്, ബീഡി, മുറുക്കാന്‍, തമ്പാക്ക്, പാന്‍മസാല തുടങ്ങിയവയെല്ലാം പുകയില അടങ്ങിയ ഉത്പന്നങ്ങളാണ്.
നാക്കിനടിയിലും കവിളിനകത്തും തിരുകി വയ്ക്കുന്ന പുകയില വായിലെ ശ്ളേഷ്മസ്തരത്തിന് പാടുകള്‍, തടിപ്പുകള്‍ തുടങ്ങിയ മാറ്റങ്ങള്‍ വരുത്തിയാണ് അര്‍ബുദത്തിനിടയാക്കുന്നത്. പുകയില ഉപയോഗിക്കുന്നവരില്‍ ഏറ്റവുമധികം കണ്ടുവരുന്നത് നാക്കിലെ അര്‍ബുദമാണ്. വായിലെ മറ്റ് ഭാഗത്തെ അപേക്ഷിച്ച് നാക്കിലെ അര്‍ബുദം കഴുത്തിലെ കഴലകളിലേക്ക് പെട്ടെന്ന് വ്യാപിക്കും. ഗ്ളാസ് തരികള്‍ പൊടിച്ച് ചേര്‍ത്ത പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍ വായില്‍ ചെറു വൃണങ്ങള്‍ രൂപപ്പെട്ട് പെട്ടെന്ന് തന്നെ അര്‍ബുദത്തിനിടയാക്കാറുണ്ട്.
2. മദ്യപാനം
മദ്യപാനവും വായിലെ അര്‍ബുദത്തിനിടയാക്കുന്ന മറ്റൊരു പ്രധാന ഘടകമാണ്. മദ്യപാനത്തോടൊപ്പം പുകവലിയും മുറുക്കുമൂണ്ടെങ്കില്‍ അര്‍ബുദ സാധ്യത ഏറും.
3. വായിലെ മുറിവുകള്‍
വായില്‍ നിരന്തരമുണ്ടാകുന്ന മുറിവുകള്‍ അര്‍ബുദത്തിനിടയാക്കാറുണ്ട്. കേടുവന്ന് ദ്രവിച്ച പല്ലുകള്‍, പൊട്ടിയ പല്ലുകള്‍, മൂര്‍ച്ചയേറിയ അരികുകളുള്ള പല്ലുകള്‍ ഇവ വായിലും നാക്കിലും ഉണങ്ങാത്ത മുറിവുകളും ഉരസലും ഉണ്ടാകുമെന്നതിനാല്‍ യഥാസമയം നീക്കം ചെയ്യേണ്ടതാണ്.
4. സൂര്യപ്രകാശം
നിരന്തരമായ സൂര്യപ്രകാശം പ്രത്യേകിച്ചും രാവിലെ 11മുതല്‍ നാലുവരെയുള്ള സമയം അധികമായി ഏല്‍ക്കുന്നവരില്‍ ചുണ്ടുകളില്‍ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിക്കാറുണ്ട്. വെയിലത്ത് ജോലി ചെയ്യുന്നവര്‍ മറകളുടെ സഹായം തേടേണ്ടതാണ്.
5. ഫലങ്ങളുടെയും പച്ചക്കറികളുടെയും കുറഞ്ഞതോതിലുള്ള ഉപയോഗം
വേണ്ടത്ര അളവില്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാത്തതും വായിലെ അര്‍ബുദത്തിനിടയാക്കാറുണ്ട്. പച്ച, മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികള്‍ നല്ല ഫലം തരും. നെല്ലിക്ക, മുരിങ്ങക്ക, മുരിങ്ങയില, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, പപ്പായ, കാബേജ്, തക്കാളി ഇവ മാറി മാറി ഭക്ഷണത്തില്‍ പെടുത്താവുന്നതാണ്. പച്ചക്കറികള്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. വിഷവിമുക്തമായ പച്ചക്കറികള്‍ക്ക് വീട്ടില്‍ പച്ചക്കറിത്തോട്ടം ഒരുക്കാവുന്നതാണ്.

ലക്ഷണങ്ങള്‍


അര്‍ബുദത്തിന് മുന്നോടിയായി വിവിധ ലക്ഷണങ്ങള്‍ നാക്കിലും കവിളിലും ഒക്കെ പ്രത്യേക്ഷപ്പെടാറുണ്ട്. പുകയിലയുടെ ഉപയോഗം ഉള്ളവരിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.

വെളുത്തതും ചുമന്നതുമായ പാടകള്‍
കവിളുകള്‍ക്കുള്ളിലും നാക്കിന്‍െറ വശങ്ങളിലും വായുടെ താഴെയും മറ്റും വെളുത്ത നിറത്തിലോ വെളുപ്പും ചുവപ്പും കലര്‍ന്ന ചുമന്ന നിറത്തിലോ കാണുന്ന പാടുകള്‍ തികച്ചും അപകടകാരികളാണ്. ചുമന്ന തിളക്കമുള്ള പാടുകളും അത്യന്തം അപടകരമാണ്.
തുടച്ച് നീക്കാനാകാത്തതും വ്യക്തമായ അരികുകള്‍ ഉള്ളതുമായ വെളുത്ത പാടുകളും തീര്‍ത്തും അപകടകരമായതിനാല്‍ അവഗണിക്കരുത്. വെള്ള പാടകള്‍ തടിക്കുക, വ്രണമുണ്ടാവുക, പൊട്ടുക തുടങ്ങിയ മാറ്റങ്ങള്‍ അര്‍ബുദ സൂചകങ്ങളാണ്.

വായുടെ ചലനശേഷി നഷ്ടപ്പെടുക
അടക്കയിലുള്ള ചില ഘടകങ്ങള്‍ (അരിക്കൊള്ളന്‍, അരിക്കസോണിക് ആസിഡ്) വായ തുറക്കാന്‍ സാധിക്കാത്ത അവസ്ഥയിലത്തെിക്കാറുണ്ട്. എരിവുള്ള ഭക്ഷണം കഴിക്കുമ്പോഴുള്ള അസഹ്യമായ നീറ്റലാണ് പ്രാരംഭ ലക്ഷണം. പിന്നീട് മുറിവുകളുണ്ടാകും. തുടര്‍ന്ന് വായ തുറക്കാനാകാതെ ചലനശേഷി നഷ്ടമാകും.
വായിലും, കഴുത്തിലും, കീഴ്ത്താടിയിലും ഉണ്ടാകുന്ന അകാരണമായ വളര്‍ച്ചകള്‍, മുഴകള്‍, ഉണങ്ങാത്ത വ്രണങ്ങള്‍, തുടര്‍ച്ചയായി നില്‍ക്കുന്ന തൊണ്ടവേദന, ഒച്ചയടപ്പ്, ആഹാരം വിഴുങ്ങുമ്പോള്‍ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകള്‍ ഇവ ശ്രദ്ധയോടെ കാണണം.

ചികിത്സയും പരിചരണവും


അര്‍ബുദ കോശങ്ങള്‍ പടരുന്നത് തടയാനും പാര്‍ശ്വഫലങ്ങള്‍ കുറക്കാനും വീണ്ടും അര്‍ബുദം ഉണ്ടാകാതിരിക്കാനും ആയുര്‍വേദ ഒൗഷധങ്ങള്‍ പ്രയോജനപ്പെടുത്താറുണ്ട്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും റേഡിയേഷന്‍ കീമോ തെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ കുറക്കാനും സാന്ത്വന ചികിത്സയുടെ ഭാഗമായും ഒക്കെ ആയുര്‍വ്വേദങ്ങള്‍ ഉപയോഗപ്പെടുത്തുന്നവര്‍ നിരവധിയാണ്.
വായിലെ അണുബാധ, അണ ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട്, വായ വരള്‍ച്ച, ഇവയെ കുറക്കുന്നതോടൊപ്പം നസ്യം, ഗണസൂഷം, കബളം തുടങ്ങിയ ചികിത്സകളും നല്‍കുന്നു. ഒപ്പം പ്രാണയാമം, അണയുമായി ബന്ധപ്പെട്ട മാംസ പേശികള്‍ക്കുള്ള വ്യായാമങ്ങള്‍ എന്നിവ തുടര്‍ന്ന് ചെയ്യേണ്ടതാണ്.

സമീകൃത ഭക്ഷണം അനിവാര്യം
വായില്‍ അര്‍ബുദബാധിതരായ രോഗികള്‍ക്ക് ചികിത്സക്ക് ശേഷം പൊതുവെ സാധാരണ രീതിയില്‍ ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. വായിലെ ഈര്‍പ്പമില്ലായ്മയും വ്രണങ്ങളും രുചിയും മണവും തിരിച്ചറിയാനാകാത്തതും എല്ലാം രോഗിയെ ബുദ്ധിമുട്ടിലാക്കാറുണ്ട്. ആരോഗ്യമുള്ള കോശങ്ങളുടെ പുനര്‍നിര്‍മാണത്തിനും ശരീര ബലത്തിനും പ്രതിരോധശക്തിക്കും വേണ്ടി ഒൗഷധത്തോടൊപ്പം ലളിതമായ മാറ്റങ്ങള്‍ വരുത്തി പോഷകാഹാരങ്ങളും നല്‍കേണ്ടതാണ്.
മാര്‍ദവമുള്ള ചവയ്ക്കാതെ വിഴുങ്ങല്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് രോഗിക്ക് നല്‍കേണ്ടത്. ഇഡ്ഡലി, ദോശ, ഇടിയപ്പം ഇവ സൂപ്പിലോ പാലിലോ കുതിര്‍ത്ത് കുറഞ്ഞ അളവില്‍ ഇടവിട്ട് മാറി മാറി നല്‍കാം.
ഓട്സ്, ഗോതമ്പ് നുറുക്ക്, റാഗി ഇവ പാല്‍ക്കഞ്ഞിയായി നല്‍കാവുന്നതാണ്.
പച്ചക്കറി സൂപ്പോ, മാംസസൂപ്പോ നല്‍കാം.
വായുടെ വരള്‍ച്ച തടയാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കേണ്ടതാണ്.
അമുക്കുരം, ശതാവരി, മഞ്ഞള്‍, ഇവയിലേതെങ്കിലും ഒന്ന് പാല്‍കഷായമാക്കി തണുപ്പിച്ച് കഴിക്കുന്നത് കോശങ്ങളുടെ പുനര്‍നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്നതോടൊപ്പം പ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ചെയ്യും.

വായില്‍ പൊള്ളലിനും വ്രണത്തിനും ഇടയാക്കുമെന്നതിനാല്‍ അമിത ചൂടില്‍ ഭക്ഷണം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പുകയില ഉപയോഗം തീര്‍ത്തും ഉപേക്ഷിക്കുന്നതോടൊപ്പം പ്രകടമാകുന്ന ലക്ഷണങ്ങളെ പരമാവധി നേരത്തെ കണ്ടത്തെുന്നതും ചികിത്സയുടെ വിജയത്തിന് അനിവാര്യമാണ്.

 

കടപ്പാട് : ഡോ. പ്രിയ ദേവദത്ത് മാന്നാർ

അവസാനം പരിഷ്കരിച്ചത് : 6/17/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate