অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വിവിധ ആരോഗ്യ അറിവുകളും പ്രതിവിധികളും

വിവിധ ആരോഗ്യ അറിവുകളും പ്രതിവിധികളും

  1. കണ്ണിനെ കാക്കാം കരുതലോടെ
  2. സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം
  3. ദന്താരോഗ്യത്തിന് ദന്തശുചിത്വം
  4. പനിക്കെതിരെ മുന്‍കരുതല്
  5. ഗര്‍ഭിണികള്‍ അറിയാന്‍
  6. തിരിച്ചറിയാം അര്‍ബുദത്തെ
  7. സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും
  8. സിക്കാ വൈറസ് പടരുമ്പോള്‍
  9. ആസ്ത്മയകറ്റാം
  10. പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്
  11. കുട്ടികളിലെ അലര്‍ജി തടയാന്‍
  12. അര്‍ബുദം: ചില കരുതലുകള്‍
  13. നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദം
  14. പ്രമേഹം: കാരണവും പരിഹാരവും
  15. ക്ഷീണമകറ്റാം
  16. ജീവിതശൈലീ രോഗങ്ങള്‍ക്കു പിന്നില്‍
  17. കര്‍ക്കിടക കരുതലുകള്‍
  18. ആരോഗ്യവാനായിരിക്കാന്‍ എന്തൊക്കെ ചെയ്യാം
  19. കാന്‍സറിനെ ഭയക്കേണ്ട
  20. ശ്രദ്ധിക്കാം ഒമ്പത് കാര്യങ്ങള്‍; സൂക്ഷിക്കാം ആരോഗ്യം
  21. കരള്‍ സുരക്ഷിതമെങ്കില്‍

കണ്ണിനെ കാക്കാം കരുതലോടെ

കണ്ണിന്റെ ആരോഗ്യത്തിന് നല്ല പോഷണമുള്ള ഭക്ഷണം ആവശ്യമാണ്. ജീവിതശൈലിമൂലം യുവാക്കള്‍ക്ക് കാഴ്ചശക്തിയില്‍ കുറവ് വരുന്നുണ്ട്. കമ്പ്യൂട്ടറും മൊബൈലുമാണ് പ്രധാന വില്ലന്‍മാര്‍. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.

ലൂട്ടെയ്ന്‍

ലൂട്ടെയ്ന്‍ അടങ്ങിയ ഭക്ഷണം കണ്ണിന്റെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതാണ്. ചീര, കാബേജ്,ബ്രൊക്കോളി എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.  ലൂട്ടെയ്ന്‍ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.

ആന്റി ഓക്‌സിഡന്റ്‌സ്

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കാഴ്ചശക്തി കുറഞ്ഞു പോകാതെ സൂക്ഷിക്കും. ബില്‍ബെറി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണമാണ്.

ടോറിന്‍

കടല്‍ മത്സ്യങ്ങളിലാണ് ടോറിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിരിക്കുന്നത്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

യുഫ്രോസിയ

കണ്ണിനുണ്ടാകുന്ന തളര്‍ച്ച, വേദന, കാഴ്ചമങ്ങല്‍, തലവേദന എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

ഒമേഗ 3 ഫാറ്റി ആസിഡ്

മത്സ്യത്തില്‍ ധാരളം അടങ്ങിയിരിക്കുന്ന ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. എണ്ണയില്‍ പാകം ചെയ്ത മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

സെലീനിയം

സെലീനിയം കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. ചെമ്മീന്‍, ചൂര മീന്‍, മത്തി, കരള്‍, മട്ടന്‍, ബീഫ്, ചിക്കന്‍, ഓട്‌സ്, വെളുത്തുള്ളി, മുന്തിരി,കൂണ്‍ എന്നിവയില്‍ സെലനിയം അടങ്ങിയിരിക്കുന്നു.

വൈറ്റമിന്‍ ബി2

വൈറ്റമിന്‍ ബി 2 തിമിരത്തെ പ്രതിരോധിക്കുന്ന ഒന്നാണ്. കൂണ്‍, ബദാം, ധാന്യങ്ങള്‍, അരി, പാല്‍, തൈര്, ചീര എന്നിവയില്‍ ഇത് അടങ്ങിയിരിക്കുന്നു.

സ്തനാര്‍ബുദം നേരത്തേ കണ്ടെത്താം

സ്തനകോശങ്ങള്‍ അസാധാരണ തോതില്‍ വിഭജിച്ചു വളരുന്നതാണ് സ്തനാര്‍ബുദം (ബ്രസ്റ്റ് കാന്‍സര്‍). സ്തനത്തിലെ മുഴകള്‍ സാവധാനം വളര്‍ച്ച തുടരും. ചിലപ്പോള്‍ ഈ വളര്‍ച്ച വര്‍ഷങ്ങളോളം തുടരും. 50 മുതല്‍ 75 ശതമാനം സ്തനാര്‍ബുദങ്ങളും തുടങ്ങുന്നത് മില്‍ക്ക് ഡക്റ്റിലാണ് (പാല്‍ പുറത്തേക്ക് ഒഴുകുന്ന നാളി). 10 മുതല്‍ 15 ശതമാനം സ്തനാര്‍ബുദങ്ങള്‍ ലോബ്യൂളുകളിലാണ് തുടക്കം. ചിലതരം ട്യൂമറുകള്‍ അപകടകാരികളാണ്. അവ പെട്ടെന്നു വളരുന്നു.

കാന്‍സറിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകും മുമ്പേ കോശങ്ങള്‍ അനിയന്ത്രിതമായി വളര്‍ന്നു തുടങ്ങിയിരിക്കും. അതിനാലാണ് നേരത്തേയുണ്ടാകുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിനു സ്തനപരിശോധന (ബ്രസ്റ്റ് സ്‌ക്രീനിംഗ്) യ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നു പറയുന്നത്. സ്തനാര്‍ബുദം തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ആധുനിക ചികിത്സാമാര്‍ഗങ്ങളുടെ സഹായത്തോടെ രോഗത്തിനു ഫലപ്രദമായ ചികിത്സ നല്‍കാനാകും. അത് അതിജീവനസാധ്യത പതിന്മടങ്ങു വര്‍ധിപ്പിക്കുന്നു.

എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദസാധ്യതയുണ്ട്. ഏതു പ്രായത്തിലുളളവര്‍ക്കും ഏതു പ്രദേശത്തു താമസിക്കുന്നവര്‍ക്കും സ്തനാര്‍ബുദസാധ്യതയുണ്ട്. കുടുംബത്തില്‍ സ്തനാര്‍ബുദ ചരിത്രമുളള സ്ത്രീകള്‍, 55 വയസിനു ശേഷം ആര്‍ത്തവവിരാമം സംഭവിച്ച സ്്ത്രീകള്‍, പ്രസവിക്കാത്ത സ്ത്രീകള്‍ എന്നിവരിലും സ്തനാര്‍ബുദ സാധ്യത കണ്ടെത്തിയിട്ടുണ്ട്. സ്തനാര്‍ബുദ ചരിത്രമുളള സ്ത്രീകള്‍ക്ക് അര്‍ബുദം ഉണ്ടായാല്‍ അതു തലമുറകളിലൂടെ കൈമാറ്റം ചെയ്തു കിട്ടിയതുതന്നെ ആകണമെന്നില്ല. മറ്റു കാരണങ്ങളാലും സ്തനാര്‍ബുദം ഉണ്ടാവാം. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടാനുളള സാധ്യത 5-10 ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ്

സ്തനാര്‍ബുദ ലക്ഷണങ്ങള്‍, സൂചനകള്‍ എന്നിവ പ്രത്യക്ഷമാകും മുമ്പേ ഒരു സ്ത്രീയുടെ സ്തനങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നതിനെയാണ് ബ്രസ്റ്റ് കാന്‍സര്‍ സ്‌ക്രീനിംഗ് എന്നു പറയുന്നത്. മാമോഗ്രാം, ക്ലിനിക്കല്‍ ബ്രസ്റ്റ് എക്‌സാം, ബ്രസ്റ്റ് സെല്‍ഫ് എക്‌സാം എന്നിവയാണ് സ്തനാര്‍ബുദം മുന്‍കൂട്ടി അറിയുന്നതിനുള്ള മൂന്നു പരിശോധനകള്‍.

ദന്താരോഗ്യത്തിന് ദന്തശുചിത്വം

മിക്ക ദന്തരോഗങ്ങളുടെയും കാരണം ദന്തശുചിത്വമില്ലായ്മയും ദന്താരോഗ്യ പരിപാലനത്തെക്കുറിച്ചുള്ള അജ്ഞതയുമാണ്. കേരളത്തിലെ ഏകദേശം 60 മുതല്‍ 80 ശതമാനത്തോളം പേര്‍ക്ക് വിവിധതരം ദന്തരോഗങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. പുഴുപ്പല്ല്, മോണരോഗങ്ങള്‍ എന്നിവ വളരെ അധികം കാണപ്പെടുന്നു. അല്‍പ്പമൊന്നു ശ്രദ്ധിച്ചാല്‍ മിക്ക ദന്തരോഗങ്ങളും ഒരുപരിധിവരെ നിയന്ത്രിക്കാന്‍കഴിയും.

ദന്തരോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പുഴുപ്പല്ല്. ഒട്ടിപ്പിടിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ സ്ഥിരമായി കഴിക്കുക, കോള പാനീയങ്ങളുടെയും മാധുരപലഹാരങ്ങളുടെയും അമിത ഉപയോഗം, ദന്താശുചിത്വത്തിന്റെ കുറവ് എന്നിവ പുഴുപ്പല്ലിന് കാരണമാവുന്നു.

കുട്ടികള്‍ക്ക് രാത്രിയില്‍ പാല്‍ കൊടുത്തുകൊണ്ട് ഉറക്കുന്നതു കാരണം നാവിന്റെ മേല്‍ഭാഗത്ത് പാല്‍ കെട്ടിക്കിടക്കുകയും അതില്‍ ബാക്ടീരിയക്ക് വേഗത്തില്‍ വളരാന്‍ സാധിക്കുകയും ചെയ്യുന്നു. ഇതുകാരണം ചെറിയ കുട്ടികളുടെ മുന്‍ഭാഗത്തുള്ള പല്ലുകള്‍ക്ക് പെട്ടെന്ന് തന്നെ കേട് സംഭവിക്കുന്നു. ആദ്യത്തെ പല്ല് മുളയ്ക്കുമ്പോള്‍തന്നെ ഒരു ഈറന്‍ തുണികൊണ്ട് പല്ലുകള്‍ തുടയ്ക്കുകയും, ഒരുവയസ്സുമുതല്‍ ബ്രഷ് ഉപയോഗിച്ച് പല്ലുകള്‍ വൃത്തിയാക്കേണ്ടതുമാണ്. ഏഴുവയസ്സുവരെയെങ്കിലും കുട്ടികളുടെ ബ്രഷ് ചെയ്യല്‍ മാതാപിതാക്കളുടെ നിരീക്ഷണത്തിലാകണം.

ചിപ്‌സ്, കോള, ചോക്‌ളേറ്റ് എന്നിവ കുട്ടികള്‍ക്ക് അമിതമായി നല്‍കരുത്. രാത്രി പാല്‍ കുടിക്കുന്ന കുട്ടികള്‍ക്ക് പാല്‍ കൊടുത്തശേഷം മുതുകില്‍ തട്ടുകയും കഴിയുമെങ്കില്‍ കുറച്ചു വെള്ളം കുടിക്കാന്‍ കൊടുക്കുകയും ചെയ്യുന്നത് ഗുണകരമാണ്. ഒരുവയസ്സിനുശേഷം കുട്ടികളെ കപ്പില്‍നിന്നു വെള്ളം കുടിക്കാന്‍ പരിശീലിപ്പിക്കണം.

ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ എല്ലാ ഉപരിതലങ്ങളിലും എത്തിക്കാന്‍ ശ്രദ്ധിക്കണം. പല്ലിനിടയില്‍ ഭക്ഷണപദാര്‍ഥം കുടുങ്ങുകയാണെങ്കില്‍ ഡെന്റല്‍ ഫ്‌ളോസ് ഉപയോഗിച്ച് വായ നല്ലവണ്ണം വെള്ളംകൊണ്ട് കുപ്ലിക്കേണ്ടതാണ്.

പുതിയ പഠനങ്ങളില്‍ കാണുന്നത് ഗര്‍ഭിണികളില്‍ നല്ല ദന്തശുചിത്വം ഇല്ലെങ്കില്‍ കുട്ടിയുടെ വളര്‍ച്ചയില്‍ തൂക്കക്കുറവും, പ്രസവസമയം എത്തുന്നതിനു മുമ്പുതന്നെ പ്രസവിക്കാനും ഇടയാകുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ വ്യതിയാനംകൊണ്ട് നിലവിലുള്ള മോണരോഗങ്ങള്‍ മൂര്‍ച്ചിക്കാന്‍ ഇടയാകുന്നു. കൂടാതെ മോണകളില്‍ രക്തസ്രാവവും അമിതവളര്‍ച്ചയും കാണപ്പെടുന്നു. ഈ സമയത്ത് ദന്തപരിപാലനത്തില്‍ കുറവുവന്നാല്‍ നിലവിലുള്ള രോഗം മൂര്‍ച്ഛിക്കുകയും പെരിയോഡോണ്ടൈറ്റിസ് എന്ന രോഗത്തിനും ഇടയാക്കുന്നു. ഗര്‍ഭിണികളില്‍ രാവിലെ ഉണ്ടാകുന്ന ഛര്‍ദി പല്ലുകളുടെ ഉപരിതലത്തെ സാരമായി ബാധിക്കുന്നു. ദിവസവും രണ്ടുനേരം ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. രാവിലെ ഛര്‍ദിയുള്ള ഗര്‍ഭിണികള്‍ ഫ്‌ളൂറൈഡ് മൌത്ത്വാഷ് ഉപയോഗിക്കുന്നത് പല്ലുകളിലെ ഇനാമലുകളെ ശക്തമാക്കാന്‍ സാധിക്കും. ഗര്‍ഭകാലത്ത് നല്ല പോഷകാഹാരങ്ങള്‍ കഴിക്കുന്നത് ഗര്‍ഭിണികള്‍ എന്നപോലെ ഗര്‍ഭസ്ഥ ശിശുവിനും പ്രധാനമാണ്.

നമ്മുടെ ദന്താരോഗ്യത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ത്തന്നെയാണ്. ചിട്ടയായ ഭക്ഷണരീതികള്‍, ക്രമമായ ദന്തപരിപാലനം, പുകയില ഉപയോഗം, മദ്യപാനംപോലുള്ള സ്വഭാവശീലങ്ങള്‍ മാറ്റിവയ്ക്കുകയും ചെയ്താല്‍ ഒരുപരിധിവരെ മിക്ക രോഗങ്ങളും ഇല്ലാതാക്കാനും ചെലവേറിയ ദന്തചികിത്സ ഒഴിവാക്കാനും സാധിക്കുന്നതാണ്. വായിലും പല്ലുകളിലും ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ അഥവാ രോഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ യഥാസമയം ഡോക്ടറെ സമീപിക്കേണ്ടതാണ്.

പനിക്കെതിരെ മുന്‍കരുതല്

മഴക്കാലം പലതരം പനികളുടെയും കാലമാണ്. സാധാരണ പനിയും എലിപ്പനി, ഡെങ്കിപ്പനി എന്നിവയുമാണ് മഴക്കാലത്ത് കാണുന്നതെങ്കിലും മറ്റു പനികള്‍ക്കെതിരെയും ജാഗ്രത പുര്‍ത്തണം.

എലിപ്പനി

ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന രോഗമാണ് എലിപ്പനി. എലികളില്‍ മാത്രമല്ല, കന്നുകാലികള്‍, പന്നി, കുറുക്കന്‍, നായ എന്നിവയിലും ഈ രോഗാണു കണ്ടുവരുന്നു. രോഗാണുവാഹകരായ മൃഗങ്ങളുടെ മൂത്രംകലര്‍ന്ന ജലത്തിലൂടെയാണ് ഇവ മനുഷ്യരില്‍ എത്തുന്നത്. കൈകാലുകളില്‍ ഉണ്ടാവുന്ന മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.

ലക്ഷണങ്ങള്‍: ശക്തമായ പനി, കുളിര്, തളര്‍ച്ച, തൊണ്ടവേദന, ഛര്‍ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവ അനുഭവപ്പെടുന്നു. ഇവ രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം ഇല്ലാതാവുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. രോഗം സങ്കീര്‍ണമായാല്‍ മരണം സംഭവിക്കാം. എലിപ്പനിമൂലമുള്ള മരണങ്ങളില്‍ ഏറിയ പങ്കും രോഗനിര്‍ണയത്തിലെ കാലതാമസംമൂലമാണ് സംഭവിക്കുന്നത്. ഏതു പനിയും എലിപ്പനിയാകാം. അപകട സാഹചര്യങ്ങളില്‍ ജീവിതം, തൊഴില്‍ നയിക്കുന്നവര്‍ പനിയുടെ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണം. സ്വയംചികിത്സ ആപല്‍ക്കരമാണ്. തൊഴില്‍-ജീവിത ചുറ്റുപാടുകളെക്കുറിച്ച് ഡോക്ടറോടു പറയുന്നത് ശരിയായ രോഗനിര്‍ണയത്തിനു സഹായിക്കും.

ഡെങ്കിപ്പനി

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണിത്.

ലക്ഷണങ്ങള്‍: പനി, ദേഹത്ത് രക്തം പൊടിയുന്ന പാടുകള്‍, കണ്ണിനുപിന്നില്‍ വേദന എന്നിവയാണ് ലക്ഷണങ്ങള്‍. ചികിത്സയും ശരിയായ വിശ്രമവും ലഭിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന രോഗമാണിത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഘടകമായ പ്ലേറ്റ്‌ലെറ്റുകളുടെ കുറവും ആന്തരിക അവയവങ്ങളുടെ താളം തെറ്റലുമാണ് മരണം സംഭവിക്കുന്നത്.

ചിക്കുന്‍ ഗുനിയ

ഇതും ഈഡിസ് വിഭാഗത്തില്‍പ്പെട്ടകൊതുകുകള്‍ പരത്തുന്ന രോഗമാണ്.

ലക്ഷണങ്ങള്‍: കടുത്ത പനി, സഹിക്കാനാവാത്ത സന്ധിവേദന എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ ലക്ഷണങ്ങള്‍. പലപ്പോഴും രോഗി വേദനമൂലം നടക്കാന്‍തന്നെ ബുദ്ധിമുട്ടും. മിക്കവാറും സന്ധ്യയോടെയാണ് ചിക്കുന്‍ ഗുനിയയുടെ പനി തുടങ്ങുക. രാവിലെയാകുമ്പോള്‍ രോഗി തീരെ അവശനാകും. ചിക്കുന്‍ ഗുനിയ മരണകാരണമായ രോഗമല്ല. പക്ഷേ, ഇതു വന്നാലുള്ള ശാരീരികാസ്വസ്ഥത വര്‍ഷങ്ങളോളം നീണ്ടുനിന്നേക്കാം. ധാരാളം വെള്ളം കുടിക്കുക, പൂര്‍ണമായും കിടന്ന് വിശ്രമിക്കുക എന്നിവയാണ് രോഗം ഭേദപ്പെടാനുള്ള വഴി.

എച്ച്1 എന്‍1

എച്ച്1 എന്‍1 വൈറസ് പരത്തുന്ന രോഗമാണ്. ആദ്യം പന്നികളില്‍നിന്നു മനുഷ്യരിലേക്കു പകര്‍ന്നിരുന്ന ഈ വൈറസ് ജനിതകമാറ്റം സംഭവിച്ച് മനുഷ്യനില്‍നിന്നു മനുഷ്യനിലേക്കു പകരാന്‍ തുടങ്ങിയതോടെയാണ് മനുഷ്യരില്‍ ഇത് വ്യാപകമായത്. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ സാധാരണ പനിപോലെയായിരിക്കുന്നു എച്ച്1 എന്‍1.

തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗബാധ വര്‍ധിച്ചാല്‍ ന്യുമോണിയയും പിടിപെടാം. വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്ക് കാരണമാകാം. രോഗബാധയുണ്ടെന്നു സംശയിക്കുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താനും സഞ്ചരിക്കാനും അനുവദിക്കാതെ ആശുപത്രിയിലെ പ്രത്യേക വാര്‍ഡില്‍ പ്രവേശിപ്പിക്കുകയാണ് രോഗപ്പകര്‍ച്ച തടയാനുള്ള മാര്‍ഗം. ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി. ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ.

പരിസരശുചിത്വം പ്രധാനം

മഴക്കാലരോഗങ്ങള്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ്. ശുദ്ധജല ശ്രോതസ്സുകളായ കിണറുകളും കുളങ്ങളും ഭിത്തികെട്ടി സംരക്ഷിക്കുക, കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുക, ശുദ്ധജലം തിളപ്പിച്ചാറിയശേഷം മാത്രം ഉപയോഗിക്കുക, മലിനജലം കെട്ടിനില്‍ക്കുന്നതു തടയുക, വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് കൊതുകുകളുടെ ലാര്‍വകളെ നശിപ്പിക്കുക, ആഹാരസാധനങ്ങള്‍ അടച്ചുസൂക്ഷിക്കുക, ഭക്ഷണം കഴിക്കുന്നതിനുമുമ്പ് കൈകള്‍ കഴുകി വൃത്തിയാക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക. ശക്തമായ പനിയും മറ്റും ഉള്ളപ്പോള്‍ കഞ്ഞിപോലുള്ള എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുക. ശക്തമായ ചുമ, തുമ്മല്‍ ഉള്ളവര്‍ ആ സമയം ടൗവല്‍ ഉപയോഗിച്ച് പൊത്തിപ്പിടിക്കുന്നത് രോഗാണുബാധ ഃമറ്റുള്ളവരിലേക്കു പടരുന്നതു തടയും. എലിപ്പനി തടയാന്‍ എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക, മാലിന്യങ്ങള്‍ കുമിഞ്ഞുകൂടാന്‍ അനുവദിക്കാതിരിക്കുക, അഴുക്കുവെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, കൈകാലുകളിലെ മുറിവുകള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാവാതെ സൂക്ഷിക്കുക, പാടത്തും പറമ്പിലും തോടുകളിലും ജലജന്യരോഗങ്ങള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ പ്രതിരോധചികിത്സ ഉപയോഗപ്പെടുത്തുക എന്നിവ രോഗപ്രതിരോധത്തിനു സഹായിക്കും.

കൊതുകുനശീകരണ നടപടികള്‍ ഡെങ്കിപനി തടയാന്‍ അത്യന്താപേക്ഷിതമാണ്. ഡെങ്കിപ്പനി പരത്തുന്ന കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിട്ടുപെരുകുന്നത്. അതിനാല്‍ വീടിനുസമീപത്ത് ഒരുകാരണവശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത്. കൊതുകുകടി തടയാന്‍ കൊതുകുവലപോലുള്ള മാര്‍ഗങ്ങള്‍ ഉപയോഗിച്ചാല്‍ രോഗബാധ നിയന്ത്രിക്കാ

പനി ഒരു രോഗമല്ല, രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട, രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണു വേണ്ടത്. പനികള്‍ പൊതുവെ വൈറല്‍പനികളാണ്. അവയ്ക്ക് മിക്കപ്പോഴും പലതരം പരിശോധനകളും നിരവധി ഔഷധങ്ങളും വേണ്ട. സാധാരണ വൈറല്‍പനികള്‍ സുഖമാവാന്‍ മൂന്നുമുതല്‍ അഞ്ചുദിവസംവരെ വേണ്ടിവരാം.

പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണു നല്ലത്.

ആശുപത്രിയിലായാലും വീട്ടിലായാലും ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും നല്‍കേണ്ടതാണ്. രോഗം വേഗം മാറാനും പനിവിട്ടുപോയശേഷമുള്ള ക്ഷീണം കുറയ്ക്കാനും താഴെപറയുന്ന കാര്യങ്ങള്‍ ചെയ്യുക.

ചൂടുള്ള പാനീയങ്ങള്‍ ക്രമമായി നിരന്തരം കുടിയ്ക്കുക. ഉപ്പുചേര്‍ത്ത കട്ടിയുള്ള കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, ഇളനീര്‍ എന്നിവ കട്ടന്‍ചായ, കട്ടന്‍കാപ്പി, ജീരകവെള്ളം, വെറും ചൂടുവെള്ളം എന്നിവയെക്കാള്‍ നല്ലതാണ്.

നന്നായി വേവിച്ച മൃദുവായ, പോഷക പ്രധാനമായ ഭക്ഷണവും ചുറ്റുവട്ടത്ത് ലഭ്യമായ പഴങ്ങളും ചെറിയ അളവില്‍ ഇടവിട്ട് തുടര്‍ച്ചയായി കഴിക്കുക. പനി പൂര്‍ണമായി മാറുംവരെ വിശ്രമിക്കുക. രോഗം വിട്ടൊഴിയാന്‍ അതു സഹായിക്കും. ഇത് പനി പകരുന്നത് തടയുകയും ചെയ്യുന്നു.

വീട്ടില്‍ ചികിത്സിക്കുന്നവര്‍ താഴെപറയുന്ന ഘട്ടങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചേരുക. പ്രതീക്ഷിച്ച സമയംകൊണ്ട് പനി ഭേദമാകുന്നില്ലെങ്കില്‍. നല്ല ചികിത്സയും പരിചരണവും ലഭിച്ചശേഷവും പനി കൂടുതലായാല്‍. ശരീരത്തില്‍ പാടുകള്‍, തിണര്‍പ്പുകള്‍, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, മൂത്രത്തിന്റെ അളവ് കുറയുക, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, പെരുമാറ്റ വ്യതിയാനം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ കണ്ടാല്‍. ഭക്ഷണം കഴിക്കാന്‍ വയ്യാതായാല്‍.

തുമ്മുമ്പോഴും ചീറ്റുമ്പോഴും മൂക്കും വായും പൊത്തുക. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക. വൈറല്‍പനികള്‍ പടര്‍ന്നുപിടിക്കുന്നത് തടയാനും ശ്വാസകോശ രോഗങ്ങള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാനും ഈ ശീലം സഹായിക്കും. സ്വയംചികിത്സ അപകടകരമായ ഒരു ശീലമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കുക.

ഗര്‍ഭിണികള്‍ അറിയാന്‍

അമ്മയ്ക്കു പ്രശ്‌നങ്ങളൊന്നും കൂടാതെ, ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുകയാണല്ലോ നമ്മുടെ ലക്ഷ്യം. അതിന് അവിചാരിതമായുണ്ടാകുന്ന ഗര്‍ഭത്തെക്കാള്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ഗര്‍ഭം ധരിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ എന്തെങ്കിലും മരുന്നുകള്‍ കഴിക്കുന്നുണ്ടോ കുടുംബത്തിലുള്ളവരുടെ അസുഖങ്ങള്‍, ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ ഇവയെക്കുറിച്ചൊക്കെ അന്വേഷിക്കുകയും നിങ്ങളെ വിശദമായി പരിശോധിക്കുകയും ചില രക്തപരിശോധനകള്‍ നടത്തുകയും ചെയ്യും. ഇവയില്‍ ഏറ്റവും പ്രധാനം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനവും പ്രമേഹവുമാണ്.

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന ആളാണെങ്കില്‍ അതു നിറുത്തി മൂന്നു മാസം കഴിഞ്ഞ് ഗര്‍ഭം ധരിക്കുന്നതാണ് ഉത്തമം. ഇത് കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകും എന്നതു കൊണ്ടല്ല, മാസമുറ കൃത്യമാക്കാനാണ്. പുകവലി. മദ്യപാനം, മറ്റു ലഹരി മരുന്നുകള്‍ മുതലായവയുടെ ഉപയോഗം ഗര്‍ഭധാരണത്തിനു മുമ്പ് നിറുത്തണം. നിങ്ങള്‍ പുകവലിക്കുന്നതും മറ്റുള്ളവര്‍ വലിക്കുന്ന പുകയേല്‍ക്കുന്നതും മാസം തോറും അണ്ഡാശയത്തില്‍ നിന്ന് പുറത്തുവരുന്ന അണ്ഡത്തേയും ബീജങ്ങളുടെ ചലനശക്തിയേയും ബാധിക്കും. വന്ധ്യതയുടെ കാരണങ്ങളില്‍ 13 ശതമാനം പുകവലി മൂലമാണ്. മാത്രമല്ല, അത് ഗര്‍ഭം അലസല്‍, രക്തസ്രാവം, മാസം തികയാതെയുള്ള പ്രസവം, തൂക്കക്കുറവും ബുദ്ധിമാന്ദ്യവുമുള്ള കുഞ്ഞുങ്ങള്‍ എന്നിവയ്ക്കും കാരണമാകുന്നു.

അഞ്ചാംപനി, ചിക്കന്‍പോക്‌സ് തുടങ്ങിയ അസുഖങ്ങള്‍ക്ക് പ്രതിരോധിക്കാനുള്ള ശേഷിയില്ലെങ്കില്‍ കുത്തിവയ്‌പ്പെടുത്തിട്ട് മൂന്നു മാസം കഴിഞ്ഞിട്ട് ഗര്‍ഭിണിയാകുന്നതാണ് ഉത്തമം. ഗര്‍ഭിണികള്‍ക്ക് അഞ്ചാംപനി പിടിപെട്ടാല്‍ ഗുരുതരമായ അംഗവൈകല്യങ്ങള്‍ ഉണ്ടാകാം.

അമ്മയ്ക്ക് ആരോഗ്യകരമായ തൂക്കം ഉണ്ടായിരിക്കുന്നതാണ് നല്ലത്. തൂക്കം കൂടുതലുള്ളവരില്‍ തസമ്മര്‍ദ്ദം, പ്രമേഹം, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍, അംഗവൈകല്യമുള്ള കുട്ടികള്‍ എന്നിവ കൂടുതലായി കാണുന്നു. വ്യായാമമുറകളിലൂടെ തൂക്കം കുറയ്ക്കുക വഴി ധൈര്യസമേതം ഗര്‍ഭത്തെ അഭിമുഖീകരിക്കാന്‍ സാധിക്കുന്നു. മാത്രമല്ല, ഈ വ്യായാമമുറകള്‍ ഗര്‍ഭകാലത്തും തുടരുക വഴി അമ്മയ്ക്കും കുഞ്ഞിനും പല പ്രയോജനങ്ങളും കിട്ടുന്നു. പല്ലുവേദനയുള്ളവര്‍ ഡെന്റിസ്റ്റിനെ കണ്ടും ചികിത്സിക്കണം. അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവത്തിനും കാരണമാകും.

മറ്റ് അസുഖമുള്ള സ്ത്രീകള്‍ക്ക് ഗൈനക്കോളജിസ്റ്റിനു പുറമെ അവര്‍ നിര്‍ദ്ദേശിക്കുന്ന സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ കൂടി കണ്ട് ഒരുമിച്ച് ചികിത്സ വേണ്ടിവരും. ഹൃദയത്തിന് അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, അപസ്മാരം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതയില്ലാത്തവര്‍, ശ്വാസംമുട്ടുള്ളവര്‍ എന്നിവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്, പ്രത്യേകിച്ച് ഹൃദയവാല്‍വിനു ചികിത്സ തേടുന്നവര്‍. വാര്‍ഫാറിന്‍ എന്ന രക്തം പിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന മരുന്ന് മാറ്റിയിട്ട് മറുപിള്ള വഴി കുഞ്ഞിലേക്കു പ്രവേശിക്കാത്ത ഹെപാരിന്‍ എന്ന മരുന്ന് ഉപയോഗിക്കണം. മാത്രമല്ല, ഹൃദയത്തിന് അസുഖമുള്ളവര്‍ ഹൃദയപ്രവര്‍ത്തനം ശരിയാണെന്ന് ഡോക്ടര്‍ ഉപദേശിച്ചാല്‍ മാത്രം ഗര്‍ഭം ധരിക്കുക. അല്ലെങ്കില്‍ അതിനു പ്രതിവിധി എടുത്ത ശേഷം മതി ഗര്‍ഭധാരണം. എന്തെന്നാല്‍, ഗര്‍ഭിണികള്‍ക്ക് ഹൃദയമിടിപ്പ് കൂടും രക്തത്തിന്റെ അളവും കൂടും ഹൃദയത്തിന്റെ പമ്പിംഗും കൂടും. ഇത് ദോഷഫലങ്ങളുണ്ടാക്കും. ഭാഗ്യവശാല്‍ ഇന്നു ഗര്‍ഭധാരണം പാടില്ല എന്നു പറയുന്ന അസുഖങ്ങള്‍ വളരെ കുറവാണ്.

അപസ്മാരമുള്ള 90 ശതമാനം പേര്‍ക്കും പ്രശ്‌നങ്ങളൊന്നും കാണാറില്ല. എന്നാലും മരുന്ന് കഴിച്ച് ഫിറ്റ്‌സ് നിയന്ത്രണവിധേയമാക്കിയിട്ട് ഗര്‍ഭം ധരിക്കുക. കുഞ്ഞിന് വളരെ ദോഷം ചെയ്യാത്ത മരുന്നുകള്‍ ഉപയോഗിക്കുക. മാത്രമല്ല, ഈ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഫോളിക് ആസിഡ് എന്ന ഗുളിക  ഗര്‍ഭകാലത്തു മുഴുവന്‍ കഴിക്കണം. ഇതുവഴി തലച്ചോറിനുണ്ടാകുന്ന ചില അസുഖങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹമാണ് മറ്റൊരു പ്രധാന വില്ലന്‍. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കിയ ശേഷമേ ഗര്‍ഭം ധരിക്കാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ഗര്‍ഭം അലസല്‍, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം. ചിലപ്പോള്‍ വളരെ തൂക്കം കൂടിയ കുഞ്ഞായിരിക്കാം. ഇതുവഴി കുഞ്ഞിനു കോട്ടല്‍, മഞ്ഞപ്പിത്തം, ശ്വാസംമുട്ടല്‍ മുതലായവയും ഉണ്ടാകും. എന്നാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കിയ ശേഷം മാത്രം ഗര്‍ഭം ധരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ല. ഗര്‍ഭകാലത്തു മുഴുവന്‍ ഒരു എന്റോെ്രെകനോളജിസ്റ്റിന്റെ സഹായത്തോടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാക്കേണ്ടതും വളരെ പ്രധാനമാണ്. ഇതിനു ചിലപ്പോള്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവരും.

ഗര്‍ഭകാലത്തിനു മുമ്പ് കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ പ്രധാനമാണ്. മുഖക്കുരുവിനു കഴിക്കുന്ന റെറ്റിനോയ്ഡ്‌സ്, ടെട്രാസൈക്‌ളിന്‍, കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനുള്ള സ്റ്റാറ്റിന്‍സ് ഇവയുടെ ഉപയോഗം നിറുത്തണം. അധിക പ്രഷറിനു കഴിക്കുന്ന എസിഇ ഇന്‍ഹിബിറ്റേഴ്‌സ് എന്ന മരുന്നിനു പകരം കുഞ്ഞിനു ദോഷം ചെയ്യാത്ത മരുന്നിലേക്കു മാറണം.

എല്ലാം ശരിയായി നിങ്ങള്‍ ഗര്‍ഭം ധരിക്കാന്‍ തുടങ്ങുന്നതിന് ഒരു മാസം മുമ്പ് ഫോളിക് ആസിഡ് എന്ന ഗുളിക കഴിച്ചുതുടങ്ങണം. തലച്ചോറിലും സ്‌പൈനല്‍ കോഡിലും ഉണ്ടാകുന്ന ഒരു അസുഖം ഇതു കുറയ്ക്കും.

പ്രശ്‌നങ്ങളുള്ള ഗര്‍ഭിണികള്‍ ആശുപത്രി തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ആവശ്യമായ സ്‌പെഷ്യലിസ്റ്റുകള്‍, സങ്കീര്‍ണ്ണ പ്രസവമെടുത്തു പരിചയമുള്ള ഗൈനക്കോളജിസ്റ്റുകള്‍, പ്രസവശേഷം കുഞ്ഞിന്റെ ഏതു പ്രശ്‌നവും പരിഹരിക്കാനുള്ള നിയോനാറ്റോളജിസ്റ്റ്, ജനിച്ച കുഞ്ഞിനെ പരിചരിക്കാനുള്ള ഐസിസിഐ സൌകര്യം ഇവയെല്ലാം ഉണ്ടായിരിക്കണം

തിരിച്ചറിയാം അര്‍ബുദത്തെ

മാനവരാശി ഇന്ന് ഭീതിയോടെ കാണുന്ന രോഗങ്ങളില്‍ പ്രധാന സ്ഥാനമാണ് ക്യാന്‍സറിന്. ജീവനേയും ജീവിതത്തേയും തല്ലികെടുത്താന്‍ ശേഷിയുള്ള ഈ വിനാശകാരിയായ രോഗം പ്രാഥമികാവസ്ഥയില്‍ കണ്ടെത്താനാകില്ലയെന്നാതാണ് പ്രധാന വെല്ലുവിളി. പ്രധാനമായും മനുഷ്യരില്‍ കാണപെട്ടിട്ടുള്ള ക്യാന്‍സറുകളും അവയുടെ രോഗലക്ഷണങ്ങളും ചുവടെ ചേര്‍ക്കുന്നു. ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

സ്തനാര്‍ബുദം

ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം. സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

ഗര്‍ഭാശയഗള കാന്‍സര്‍

മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണ് കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 1015 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍  ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്‌ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടെത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും. ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്‌ക്രീനിങ്ങ് നടത്തണം. പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്‌ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്‌നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്ടോയെന്നു നോക്കുന്നു. പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം  കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്‌ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്‌റ്റേറ്റ് കാന്‍സര്‍ അറിയാം

പുരുഷന്മാരില്‍ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്‌നങ്ങളാണ് പ്രേസ്‌റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്‌കാനിങ്ങ്, ബയോപ്‌സി എന്നിവ ചെയ്യും. 40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടല്‍ കാന്‍സര്‍

വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും (കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്‌ക്രീനിങ്ങ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബഌ് ടെസ്റ്റ് (എഫ്.ഒ.ബി ) കോളനോ സ്‌കോപ്പി എന്നീ പരിശോധനകളാണ് സ്‌ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസ്സു മുതല്‍ ഇത്തരം സ്‌ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍

ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്‌സ്–റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്‌കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്. 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 7080 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു:ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്‌പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്‌ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബ ഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.

ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിങ്‌സ്

മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.

ലാരിങ്‌സ്

തുടര്‍ച്ചയായി ഒച്ചയടപ്പ് രണ്ടുമാസത്തില്‍ കൂടുതല്‍.

ആമാശയം

മുഴകള്‍, വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.

സ്‌കിന്‍ മെലനോമ

കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.

മറ്റ് ത്വക്ക് കാന്‍സറുകള്‍

ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.

മൂത്രാശയ കാന്‍സര്‍

വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക

ടെസ്റ്റിക്കുലര്‍ കാന്‍സര്‍

ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാന്‍സര്‍

കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമര്‍

തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം

സൂര്യാഘാതവും ആരോഗ്യപ്രശ്‌നങ്ങളും

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനില സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് ശരീരത്തിന്റെ പല നിര്‍ണായകമായ പ്രവര്‍ത്തനങ്ങളും തകരാറിലാകുന്നു. ഈ അവസ്ഥയെ ആണ് സൂര്യാഘാതം എന്ന് പറയുന്നത്. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡിയിടിപ്പ്, ശക്തിയായ തലവേദന, തല കറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേ തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യാഘാതം മാരകമായേക്കാം. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്. സൂര്യാതപമേറ്റുള്ള താപശരീര ശോഷണം സൂര്യാഘാതത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണിത്. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്നുള്ള അവസ്ഥ. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും, രക്തസമ്മര്‍ദ്ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശി വലിവ്, ശക്തിയായ ക്ഷീണം, തല കറക്കം, തല വേദന, ഓക്കാനവും ഛര്‍ദ്ദിയയും ബോധംകെട്ടു വീഴുക തുടങ്ങിയവയാണ് താപശരീര ശോഷണത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. ശരീരം തണുത്ത അവസ്ഥയിലും നാഡിമിടിപ്പ് ശക്തി കുറഞ്ഞ് വേഗത്തിലുള്ളതും ശ്വസന നിരക്ക് വര്‍ധിച്ച തോതിലുമായിരിക്കും. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സിക്കാ വൈറസ് പടരുമ്പോള്‍

ബ്രസീലിലും സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും പടര്‍ന്നുപിടിക്കുന്ന സിക്കാ വൈറസ് രോഗം പൊതുജനാരോഗ്യ പ്രശ്‌നം എന്ന നിലയില്‍ ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധരുടെ ആശങ്കയ്ക്ക് കാരണമാകുകയാണ്. സിക്കാ വൈറസ്ബാധ സ്‌ഫോടനാത്മകമായ രീതിയില്‍ പടര്‍ന്നുപിടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുകയുണ്ടായി. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ഈ വര്‍ഷം അവസാനമാവുമ്പോള്‍ 40 ലക്ഷം പേരെങ്കിലും രോഗബാധിതരാവുമെന്നാണ് സൂചന.

എന്താണ് സിക്കാരോഗം

ഈഡിസ് കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണിത്. കൊതുകുകടിയിലൂടെ രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം, അത് ഒരാഴ്ചവരെയോ ഏറിയാല്‍ 12 ദിവസംവരെയോ നീണ്ടുനില്‍ക്കാം. 1947ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ് ഈ വൈറസ്‌രോഗം ആദ്യമായി കണ്ടെത്തിയത്. 1954ല്‍ നൈജീരിയയില്‍ മനുഷ്യരോഗബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് നാളിതുവരെ ചെറിയതോതിലുള്ള പകര്‍ച്ചവ്യാധിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത് പ്രത്യക്ഷപ്പെട്ടെങ്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും വിപുലമായ രീതിയില്‍ പടരുന്നത് ബ്രസീലിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ ബ്രസീലില്‍ പ്രത്യക്ഷപ്പെട്ട സിക്കാരോഗം  സമീപ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലേക്ക് ദ്രുതഗതിയില്‍ പടരുന്നതിനാല്‍ ഈ ഔട്ട്‌ബ്രേക്ക് സവിശേഷശ്രദ്ധ അര്‍ഹിക്കുന്നു എന്നാണ് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ വിലയിരുത്തുന്നത്.

ലക്ഷണങ്ങള്‍

നേരിയ പനി, ശരീരത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന ഇത്യാദി ആണെങ്കിലും 80 ശതമാനത്തോളം രോഗികളില്‍ ശ്രദ്ധേയമായ ലക്ഷണങ്ങള്‍ ഉണ്ടാവാറുപോലുമില്ല. ആശുപത്രിയില്‍ കിടത്തിയുള്ള ചികിത്സ വേണ്ടിവരാറില്ല, മരണസാധ്യത തീരെയില്ല. വിശ്രമവും ശരിയായ ഭക്ഷണവും പാനീയങ്ങളും ഒക്കെ മതിയാവും രോഗശമനത്തിന്. ആവശ്യമെങ്കില്‍ പനിക്കും വേദനയ്ക്കും മരുന്നുകളും കഴിക്കാവുന്നതാണ്. എന്നാല്‍ ഈ രോഗത്തെക്കുറിച്ച് ആശങ്കകള്‍ ഉണ്ടാവാനുള്ള കാരണം ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവുമെന്നതാണ്.

അതില്‍ പ്രധാനമാണ് മൈക്രോസെഫാലി (Microcephaly) എന്ന രോഗാവസ്ഥ. തലയുടെ വലുപ്പം കുറയുകയും, തലച്ചോറിന്റെ വളര്‍ച്ച ശുഷ്‌കമാവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന നാഡീവ്യവസ്ഥയെ ബാധിക്കുന്ന തളര്‍ച്ചയും ഈ രോഗബാധയുടെ പരിണതഫലമായി ഉണ്ടാവുന്നതായി സംശയിക്കപ്പെടുന്നുണ്ട്. ബ്രസീലില്‍ പകര്‍ച്ചവ്യാധി ഉണ്ടായതിന്റെ തുടര്‍ച്ചയായി മൈക്രോസെഫാലി  ബാധിച്ച കുട്ടികള്‍ ജനിക്കുന്നതിന്റെ തോത് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തി. 2014ല്‍ 150 മൈക്രോസെഫാലി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 ആയപ്പോഴേക്കും കേസുകള്‍ 3893 ആയി (20 മടങ്ങോളം) ഉയര്‍ന്നു.

രോഗബാധ കണ്ടെത്തുന്നത് എങ്ങിനെ

രോഗബാധിതന്റെ കോശങ്ങള്‍, രക്തം എന്നിവയില്‍ വൈറസ് ബാധയുടെ തെളിവു കണ്ടെത്താം. എന്നാല്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമുള്ള ലാബുകള്‍ ചുരുക്കമാണ്.

പ്രതിരോധം എങ്ങനെ

ഈ രോഗത്തിന് നിലവില്‍ വാക്‌സിന്‍ ഇല്ല. വാക്‌സിന്‍ കണ്ടെത്തി പ്രയോഗത്തില്‍ എത്തിക്കണമെങ്കില്‍പ്പോലും കുറഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കാത്തിരിക്കേണ്ടിവരും. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ അസുഖങ്ങള്‍ പകരുന്ന അതേ രീതിയിലാണ് ഈ രോഗവും പകരുന്നത്. ആയതിനാല്‍ നിയന്ത്രണവും അതേ മാര്‍ഗേണതന്നെ. കൊതുകുകടി ഏല്‍ക്കാതെ സൂക്ഷിക്കുക, കൊതുകുനശീകരണം, കൊതുകിന്റെ പ്രജനനം നിയന്ത്രിക്കുക തുടങ്ങിയവ സാധ്യമാക്കാനുള്ള നടപടികളാണ് പരമപ്രധാനം.ഈ രോഗത്തിന്റെ പൊതുജനാരോഗ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ആഗോളവ്യാപകമായി പല നടപടികളും എടുത്തുതുടങ്ങിയിട്ടുണ്ട്. ബ്രസീലില്‍ ചിലയിടങ്ങളില്‍ കൊതുകുനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടാളത്തെത്തന്നെ നിയോഗിക്കുകയുണ്ടായി.

അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഗര്‍ഭിണിയായ സ്ത്രീകള്‍ രോഗബാധ ഉണ്ടാവാനിടയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗപ്പകര്‍ച്ച കൂടുതലുള്ള ചില ലാറ്റിനമേരിക്കന്‍/കരീബിയന്‍ രാജ്യങ്ങള്‍ താല്‍ക്കാലികമായി (രണ്ടുവര്‍ഷത്തേക്ക്) സ്ത്രീകള്‍ ഗര്‍ഭിണിയാവുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയ സാഹചര്യവുമുണ്ട്. സമീപഭാവിയില്‍ ബ്രസീലില്‍ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത് ഈ വേളയില്‍ പ്രസക്തമാണ്.

ഇന്ത്യയില്‍ രോഗത്തിന് അനുകൂല സാഹചര്യം

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്കും ചിന്താവിഷയമാവേണ്ട ഒന്നാണിത്. കാരണം ഈ വൈറസിന് രോഗബാധ ഉണ്ടാക്കാനുള്ള എല്ലാ അനുകൂല സാഹചര്യവും ഇവിടെയുണ്ട്. വൈറസ് ഇതുവരെ ഇവിടെ എത്തിയിട്ടില്ല എന്നേയുള്ളുഴ ഡെങ്കി/ചിക്കുന്‍ ഗുനിയ എന്നിവ പടര്‍ന്ന അതേമാര്‍ഗത്തില്‍ത്തന്നെ ഒരു സിക്ക പകര്‍ച്ചവ്യാധി ഇവിടെയും ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ കൊതുകുനശീകരണവുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളും വ്യക്തിഗത സുരക്ഷയുമെല്ലാം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.

ആസ്ത്മയകറ്റാം

ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ആസ്ത്മ. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ പാനോസില്‍ നിന്നാണ് ആസ്ത്മ എന്ന പദത്തിന്റെ ഉത്ഭവം. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്‌നം. ആയുര്‍വേദത്തില്‍ ശ്വാസരോഗം എന്നാണ് ആസ്ത്മ അറിയപ്പെടുക. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം.

ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം.

പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ളുകളാണ് ആസ്ത്മയ്ക്കു പിന്നിലെ പ്രധാന വില്ലന്‍. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍ ഇവയിലെ പൊടികള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ പുസ്തകങ്ങള്‍, കാര്‍പെറ്റുകള്‍, തുണികള്‍ ഇവയിലെ പൊടികളും ആസ്ത്മയ്ക്ക് ഇടയാക്കും. സിഗരറ്റ് പുക, വാഹനങ്ങളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക, ഇവ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്്. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ രോമങ്ങള്‍, ചിറകുകള്‍, ഉമിനീര്‍, ചര്‍മപാളികള്‍, മൂത്രം എന്നിവ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. പ്രിന്റിങ്, പെയിന്റിങ്, കീടനാശിനി, പ്ലാസ്റ്റിക് വ്യവസായം, ക്വാറികള്‍, കയര്‍മേഖല ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ചെയ്യുന്നവര്‍ക്കും ആസ്ത്മയ്ക്ക് സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ ആസ്ത്മയുണ്ടാകാന്‍ ഇടയാക്കാറുണ്ട്. ഗര്‍ഭധാരണവേളകള്‍, ആര്‍ത്തവത്തിനുമുമ്പ്, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ചിലരില്‍ ആസ്ത്മ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കം, ജലദോഷം, വൈറസ്ബാധ ഇവയും ആസ്ത്മയ്ക്ക് ഇടയാക്കും. ചിലയിനം ഭക്ഷണങ്ങളും ആസ്ത്മയ്ക്ക് ഇടവരുത്താറുണ്ട്. പൂമ്പൊടി, കൊതുകുതിരി, കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റുള്ള ദിവസങ്ങള്‍ ഇവയൊക്കെ ആസ്ത്മയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

സാധാരണഗതിയില്‍ ശ്വാസനാളികളിലെ അയഞ്ഞപേശികളും നേര്‍ത്ത കലകളും വായുസഞ്ചാരത്തെ സുഗമമാക്കും. ആസ്ത്മയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്‌ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.

ലക്ഷണങ്ങള്‍

ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ. കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്. രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം.

കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന  മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍മുതല്‍ ആസ്ത്മ കണ്ടുവരുന്നു. വീടിനുപുറത്ത് നന്നായി കളിച്ചുവളരാത്ത കുട്ടികളിലും ആസ്ത്മയ്ക്കുള്ള സാധ്യത കൂടുതലാണ്. നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, ശ്വാസംമുട്ടല്‍മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക തുടങ്ങിയവയാണ് ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍. കൃത്യമായി ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും കുട്ടികളുടെ ആസ്ത്മാ നിയന്ത്രണത്തില്‍ അനിവാര്യമാണ്. രോമങ്ങള്‍കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കമ്പിളികള്‍, പഴയ സാധനങ്ങള്‍ ഇവ ഒഴിവാക്കണം. ആസ്ത്മാബാധിതരായ കുട്ടികള്‍ക്ക് അമിതനിയന്ത്രണമോ ലാളനയോ പാടില്ല. ക്ലാസ് ടീച്ചറോട് ആസ്ത്മാരോഗമുള്ള കാര്യം രക്ഷിതാക്കള്‍ തുറന്നുപറയണം. കളിക്കിടയില്‍ ആസ്ത്മാ കൂടുന്നുവെങ്കില്‍ അതിനുള്ള മരുന്നും സ്‌കൂളില്‍ കൊടുത്തുവിടേണ്ടതാണ്.

ഗര്‍ഭകാലവും ആസ്ത്മയും

ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭിണികളാകുമ്പോള്‍ ചിലരില്‍ രോഗം വര്‍ധിക്കാറുണ്ട്. മറ്റു ചിലരില്‍ രോഗാവസ്ഥ അതേപടി നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ആസ്ത്മാരോഗം കുറയുന്നവരുമുണ്ട്. ശ്വാസകോശത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഗര്‍ഭകാലത്ത് പലവിധ വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഉള്ളില്‍ വളരുന്ന കുഞ്ഞിനു വേണ്ടിവരുന്ന അധിക ഓക്‌സിജനുവേണ്ടി ശ്വാസകോശങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാറുണ്ട്. ഗര്‍ഭിണിക്ക് സ്ഥിരമായി ആസ്ത്മ വന്നാല്‍ കുഞ്ഞിന്റെ വലുപ്പം കുറയാനും മാസംതികയാതെ പ്രസവിക്കാനും സാധ്യതയേറെയാണ്. അമ്മയ്ക്ക് ആസ്ത്മ ഗുരുതരമായാല്‍ ഗര്‍ഭസ്ഥശിശുവിന് ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാതെ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം ഇവ ഉണ്ടാകാം. അതിനാല്‍ ആസ്ത്മയുള്ളവര്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിക്കേണ്ടത് അനിവാര്യമാണ്.

പുകവലിയും ആസ്ത്മയും

പരിസരമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒന്നാമന്‍ പുകയിലപ്പുകയാണ്. ആസ്ത്മയുണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുകയിലപ്പുകയാണ്. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും ഇത് ഇടയാക്കാറുണ്ട്. കൌമാരത്തില്‍ പുകവലിക്കുന്നവരെ ആസ്ത്മ വിടാതെ പിടികൂടാറുണ്ട്. എരിയുന്ന സിഗരറ്റ്/ബീഡി ഇവയില്‍നിന്നു പരക്കുന്ന പുകയില്‍ അപകടഘടകങ്ങള്‍ ഏറെയാണ്. ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ തൂക്കം കുറയ്ക്കും. കൂടാതെ കുഞ്ഞിന്റെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശവളര്‍ച്ചയും കുറഞ്ഞിരിക്കും. കുട്ടിക്കാല ആസ്ത്മ ഇവരില്‍ കൂടുതലാകും.

നിക്കോട്ടിന്‍, അമോണിയ, അക്രോലിന്‍, അസെറ്റാല്‍ഡിഹൈഡ്, ഹൈഡ്രോസയനിക് ആസിഡ് തുടങ്ങി പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശ്വാസനാളത്തിന് തകരാറുണ്ടാക്കി ആസ്ത്മയ്ക്ക് ഇടയാക്കുന്നു. പരോക്ഷ പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ ലക്ഷണങ്ങള്‍ ശക്തമാകും. ആസ്ത്മയെ തടയാന്‍ പുകയിലയെ അകറ്റിനിര്‍ത്തിയേ മതിയാകൂ.

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുക. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. തണുത്ത ഭക്ഷണം, തണുത്ത വെള്ളം, തൈര്, പാല്‍, പുളിയുള്ള ഓറഞ്ച്, പഴം, പൈനാപ്പിള്‍, കക്ക, ചെമ്മീന്‍, നിറംചേര്‍ത്ത ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഇവ ആസ്ത്മയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ഒഴിവാക്കണം. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍, വിരുദ്ധാഹാരങ്ങള്‍ ഇവയും ഒഴിവാക്കണം. ആപ്പിള്‍, ഉള്ളി ഇവയിലടങ്ങിയിരിക്കുന്ന ക്വര്‍സെറ്റിന്‍ എന്ന പ്രോട്ടീന്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താറുണ്ട്. വെളുത്തുള്ളി, അലര്‍ജിക്ക് കാരണമാകുന്ന ഫ്രീറാഡിക്കിളുകളെ നിയന്ത്രിക്കും. കറികളില്‍ വെളുത്തുള്ളിക്കു പുറമെ ജീരകം, മഞ്ഞള്‍, കറിവേപ്പില, കുരുമുളക് ഇവ ധാരാളം ചേര്‍ക്കുന്നത് ആസ്ത്മാരോഗിക്ക് ഗുണകരമാണ്. കോവയ്ക്ക, പാവയ്ക്ക, പടവലങ്ങ, ചുരക്ക, വെള്ളരി, വഴുതന, ചുണ്ടയ്ക്ക തഴുതാമ ഇവ ഭക്ഷണത്തില്‍ പെടുത്താന്‍ ശ്രദ്ധിക്കണം.

പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉള്ളവരുടെ ശ്രദ്ധയ്ക്ക്

പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ ഭക്ഷണക്രമത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കണക്കില്ലാതെ കഴിക്കരുത്. ആരോഗ്യകാര്യത്തില്‍ മുന്‍കരുതലുകള്‍ വേണം. ഉപ്പ് രക്തസമ്മര്‍ദത്തിന്റെ ശത്രുവാണ്. അച്ചാര്‍, പപ്പടം, ഉപ്പു ചേര്‍ത്ത ചിപ്‌സ് എന്നിവയെല്ലാം അനിയന്ത്രിതമായി കഴിക്കരുത്. ആഹാരനിയന്ത്രണം സദ്യയുടെ പേരില്‍ കൈവിടരുതെന്നു ചുരുക്കം.  സദ്യയില്‍ പായസമധുരം പ്രമേഹരോഗികളെ വെട്ടിലാക്കാന്‍ സാധ്യതയേറെയാണ്. ആഘോഷമല്ലേ, കഴിച്ചോട്ടെ എന്ന മട്ടില്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവു വരുത്തരുത്.

ഉത്സവകാലങ്ങളിവും മറ്റും സദ്യ ഒരു ദിവസം കൊണ്ട് അവസാനിക്കുന്നില്ലെന്ന് ഓര്‍മവയ്ക്കുക. റസിഡന്റ്‌സ് അസോസിയേഷന്‍ വക, ഓഫീസ് വക,, വീട്ടില്‍ നിന്നും ബന്ധുവീടുകളില്‍ നിന്നുമുള്ള ഓഹരികള്‍.... അകത്താക്കുന്ന മധുരത്തിനു കണക്കില്ല. ഇതെല്ലാം കൂടി കഴിക്കുമ്പോാണ് പ്രമേഹം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നത്. പ്രമേഹ രോഗികള്‍ പായസത്തിന്റെ അളവ് കുറയ്ക്കണം. പായസം കുടിക്കുന്ന ദിവസം വേറെ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം(ചോറ്) കഴിക്കാതെ പച്ചക്കറി സൂപ്പ്, സാലഡ് എന്നിവയിലൊക്കെ അത്താഴം ഒതുക്കണം. അതുമാത്രമാണ് ഷുഗര്‍ നിയന്ത്രണവിധേയമാകാനുള്ള പോംവഴി.

അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണനിയന്ത്രണം പാലിക്കുന്നവരും ഉത്‌സവനാളുകളിലെ സദ്യയില്‍ ഏറെ ശ്രദ്ധിക്കണം. പായസവും ഉപ്പേരിയും തുടര്‍ച്ചയായി പല ദിവസങ്ങളില്‍ കഴിക്കുന്നതിലൂടെ നാമറിയാതെ തന്നെ മൂന്നു കിലോ വരെ ശരീരഭാരം കൂടും. കഴിക്കുന്നതിന്റെ അളവില്‍ കുറവു വരുത്തുക എന്നതുമാത്രമാണ് സാധ്യമായ കാര്യം. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഉപ്പേരിയും പായസവും കഴിക്കുന്നതില്‍ മിതത്വം പാലിക്കണം.

ഉത്സവനാളുകളില്‍ ദിവസം മൂന്നുനേരം സദ്യയ്‌ക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങ..എന്നിങ്ങനെ പലതരം അച്ചാറുകള്‍ വിളമ്പാറുണ്ട്. അച്ചാറുകള്‍ കൂടുതലായി കഴിക്കരുത്. ചിലര്‍ തൈരിനൊപ്പവും ധാരാളം ഉപ്പു ചേര്‍ത്തു കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മര്‍ദമുള്ളവര്‍ തീര്‍ച്ചയായും കുറയ്ക്കണം. പിന്നെ പപ്പടം, ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തില്‍ അമിതമായി എത്താനിടയുണ്ട്. ഇതെല്ലാം കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവുകൂടും. പ്രമേഹബാധിതര്‍ക്കു മധുരവും ഉപ്പും പ്രശ്‌നമാണ്.

സദ്യയ്ക്കു വിഭവങ്ങള്‍ തയാറാക്കുന്നതിന് വനസ്പതി ഉപയോഗിക്കരുത്. പ്രത്യേകിച്ചു ചിപ്‌സ് തയാറാക്കുന്നതിന്. ചിപ്‌സിന്റ തോത് കുറയ്ക്കണം. 100 ഗ്രാം ചിപ്‌സ് കഴിച്ചാല്‍ത്തന്നെ 400 കലോറി ശരീരത്തിലെത്തും. ഏത്തയ്ക്ക ചിപ്‌സ്, ശര്‍ക്കരവരട്ടി...എന്നിങ്ങനെ ചിപ്‌സ് തന്നെ പലതരം. ഇവ അളവില്‍ കുറച്ചുമാത്രം കഴിക്കുക. പാചകത്തിന് ഏതു തരം എണ്ണ ഉപയോഗിച്ചാലും അളവില്‍ കുറയ്ക്കണം.

കുട്ടികളിലെ അലര്‍ജി തടയാന്‍

അച്ഛനോ, അമ്മയോ അലര്‍ജിയുള്ളവരാണോ? എങ്കില്‍ കുട്ടികള്‍ക്ക് അലര്‍ജിയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അലര്‍ജിക്കു കാരണമാകുന്ന ജീന്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്നതാണിതിന്റെ കാരണം. കുട്ടികളില്‍ ഏറെപ്പേരിലും പൊതുവേ കണ്ടുവരുന്നത് പൊടി കൊണ്ടുള്ള അലര്‍ജിയാണ്.

മണ്ണിലും പൊടി നിറഞ്ഞ സാഹചര്യങ്ങളിലും കളിക്കുന്ന കുട്ടികള്‍ പലപ്പോഴും ഇതേക്കുറിച്ച് ചിന്തിക്കാറില്ല. എന്നാല്‍ മാതാപിതാക്കള്‍ അലര്‍ജിയുള്ള കുട്ടികളെ കഴിവതും പൊടിയടിക്കുന്ന സാഹചര്യങ്ങളുമായി ഇടപഴകാന്‍ അനുവദിക്കരുത്. അതേസമയം വീടും കുട്ടിയുടെ പഠനമുറിയും പൊടിയില്ലാതെ സൂക്ഷിക്കുകയും വേണം. കുട്ടിയുടെ ബെഡ്, തലയണ എന്നിവയ്ക്ക് പൊടി കടക്കാത്ത വിധത്തിലുള്ള കവറുകള്‍ തയ്പിച്ചിടുക. ഈ കവറുകള്‍ രണ്ടാഴ്ചയിലൊന്നെങ്കിലും കഴുകി വൃത്തിയാക്കണം. രണ്ടാഴ്ചയില്‍ ഒരു തവണ വീതം കുട്ടിയുടെ പുതപ്പ്, ബെഡ്ഷീറ്റ് എന്നിവ ചൂടുവെള്ളത്തില്‍ അലക്കുക. ഭിത്തിയില്‍ കലണ്ടര്‍, പെയ്ന്റിങ്ങുകള്‍ എന്നിവ തൂക്കിയിടുന്നത് ഒഴിവാക്കുക.

വസ്ത്രങ്ങള്‍ അഴയില്‍ തൂക്കിയിടരുത്. അവ മടക്കി അലമാരയില്‍ തന്നെ വയ്ക്കുക. മുഷിഞ്ഞ തുണികളും മടക്കിത്തന്നെ വയ്ക്കണം. പഠനമുറിയില്‍ അത്യാവശ്യത്തിനുള്ള പുസ്തകങ്ങളും ബുക്കുകളും മാത്രം സൂക്ഷിക്കുക. അലര്‍ജി പ്രശ്‌നമുള്ള കുട്ടികളുണ്ടെങ്കില്‍ മുറിയില്‍ കാര്‍പറ്റ് ഒഴിവാക്കണം. വാതിലുകള്‍ക്കും ജനലുകള്‍ക്കും കട്ടി കൂടുതലുള്ള കര്‍ട്ടന്‍ ഇടരുത്. അവയിലടിഞ്ഞു കൂടുന്ന പൊടി തട്ടിക്കളയാന്‍ ബുദ്ധിമുട്ടാണ്. അതേസമയം കനം കുറഞ്ഞ കര്‍ട്ടന്‍ ഉപയോഗിച്ചാല്‍ പൊടി നീക്കം ചെയ്യുന്നതിന് എളുപ്പമാണ്.

മുതിര്‍ന്നവരേക്കാള്‍ കൂടുതലായി വളര്‍ത്തുമൃഗങ്ങള്‍ മൂലം അലര്‍ജിയുണ്ടാകുന്നത് കുട്ടികളിലാണ്. കുട്ടികള്‍ ഇവയെ ധാരാളം സമയം ഓമനിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്നത് അലര്‍ജിയെ ക്ഷണിച്ചു വരുത്തുന്നു. പശുക്കള്‍, എരുമ എന്നീ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ അവയും അലര്‍ജിക്കു കാരണമാകാം. തുമ്മല്‍, ശരീരമാകെ ചൊറിഞ്ഞുപൊന്തല്‍, ശരീരമാകെ ചുവന്നു തടിക്കല്‍ എന്നിവയാണ് പെറ്റ് അലര്‍ജിയുടെ പൊതുവായ ലക്ഷണങ്ങള്‍. ഇവ ആസ്ത്മയായി മാറാം. ഇതോടൊപ്പം ജലദോഷം, കഫക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയും വരാവുന്നതാണ്.

വളര്‍ത്തുപക്ഷികളുടെയും മറ്റും തൂവലുകളാണ് കുട്ടികളില്‍ അലര്‍ജിയുണ്ടാക്കുന്നത്. ഇതില്‍ കോഴിയും ഉള്‍പ്പെടുന്നുണ്ട്. പൂച്ചയുടെ ഉമിനീരില്‍ അടങ്ങിയിട്ടുള്ള ഒരു പദാര്‍ത്ഥമാണ് അലര്‍ജിയുണ്ടാക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് ഒരു തരം ആസ്ത്മയുണ്ടാക്കുമത്രേ. നായയുടെ രോമ ങ്ങളിലും ഉമിനീരിലുമാണ് പ്രധാന അലര്‍ജന്‍ അടങ്ങിയിട്ടുള്ളത്. നായയുമായി അടുത്തിടപഴകുന്ന കുട്ടികളില്‍ നേസല്‍ അലര്‍ജി, വലിവ്, കണ്ണുകള്‍ക്കു ചൊറിച്ചില്‍, നായയുടെ ഉമിനീര്‍ പറ്റിയ ഭാഗം ചൊറിഞ്ഞു തിണര്‍ക്കുക എന്നീ അസുഖങ്ങള്‍ ഉണ്ടാകാം. പശുവിന്റെ രോമങ്ങളും മൂത്രവുമാണ് പൊതുവേ അലര്‍ജിയുണ്ടാക്കുന്നത്. കൈകളിലെ തിണര്‍പ്പാണ് ലക്ഷണം. ആസ്ത്മ, അലര്‍ജിരോഗങ്ങള്‍ എന്നിവ ബാധിച്ചിട്ടുള്ള കുട്ടികള്‍ പൂച്ചയുമായി സമ്പര്‍ക്കം നിര്‍ബന്ധമായും കുറയ്ക്കണം. വളര്‍ത്തുമൃഗങ്ങളുമായി കുട്ടികളെ കഴിയുന്നത്ര അകറ്റി നിര്‍ത്തുക. അലര്‍ജി ലക്ഷണങ്ങള്‍ കുറഞ്ഞുകൊള്ളും. വളര്‍ത്തുമൃഗങ്ങളെ കഴിയുന്നതും വീട്ടിനുള്ളില്‍ കയറ്റരുത്.

അര്‍ബുദം: ചില കരുതലുകള്‍

നാം ശ്വസിക്കുന്ന വായുവും, വെള്ളവുമൊക്കെ മലിനമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ആളുകളെ ഏറ്റവുംകൂടുതല്‍ ആശങ്കപ്പെടുത്തുന്ന രോഗമാണ് അര്‍ബുദം. ഇക്കാരണത്താല്‍തന്നെ അര്‍ബുദത്തിന് വഴിവെക്കുന്ന എന്തും; ഭക്ഷണം, വസ്തുക്കള്‍, അന്തരീക്ഷം ഇവയെല്ലാം ഒഴിവാക്കാന്‍ ആളുകള്‍ ശ്രദ്ധിക്കുന്നു. അര്‍ബുദത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇവയെല്ലാം സാഹചര്യങ്ങളനുസരിച്ച് വിലയിരുത്തുക വിഷമകരവുമാണ്. അതിനാല്‍ ചിലകാര്യങ്ങള്‍ അര്‍ബുദകാരകമാണോ എന്ന സന്ദേഹമാണ് ഇവിടെ ചര്‍ച്ചചെയ്യുന്നത്.

കൃത്രിമ മധുരം

സോഷ്യല്‍മീഡിയ വഴി ഇവയുടെ രോഗസാധ്യത പ്രചരിച്ചിരുന്നെങ്കിലും ശാസ്ത്രീയമായി ഇക്കാര്യം തെളിഞ്ഞിട്ടില്ല. സാക്കറിന്‍ എലികളില്‍ അര്‍ബുദമുണ്ടാക്കുന്നതായികണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അവയുടെ ശരീരം സാക്കറിനോട് പ്രതികരിക്കുന്നത് നമ്മുടേതില്‍നിന്ന് വ്യത്യസ്തമായാണ്.

എക്‌സ്‌റേ

ചെറിയഅളവ് എക്‌സ്‌റേ പോലും അര്‍ബുദത്തിന് കാരണമായേക്കാം. എന്നാല്‍, ഉയര്‍ന്ന അളവാണ് അപകടകരം.

സെല്‍ഫോണ്‍

എക്‌സ്‌റേ പുറത്തുവിടുന്ന അതേയിനം ഊര്‍ജംതന്നെയാണ് ഇവിടെയും പ്രസരിക്കുന്നത്. എങ്കിലും പഠനങ്ങളിലൊന്നും സെല്‍ഫോണും  അര്‍ബുദവുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ കിട്ടിയിട്ടില്ല.  കൂടുതല്‍ സംസാരിക്കുന്നത് ലാന്‍ഡ് ലൈനിലാക്കുക, ഹെഡ് സെറ്റ് ഉപയോഗിക്കുക ഇവ സുരക്ഷിതമാര്‍ഗങ്ങളായി നിര്‍ദേശിക്കപ്പെടുന്നു.

മാട്ടിറച്ചി

അധികം കഴിക്കരുതെന്നാണ് പൊതുവേയുള്ള ഉപദേശം. ദിവസവും ഒരു ഹോട്ട്‌ഡോഗ് കഴിക്കുന്നവര്‍ക്ക് വന്‍കുടലില്‍ അര്‍ബുദം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

ലൈംഗികബന്ധം

ശുചിത്വമില്ലായ്മ എച്ച്.പി.വി. വൈറസ് ബാധയ്ക്ക് കാരണമാകും. ഒന്നിലധികം പങ്കാളികളുമായുള്ള ബന്ധവും അപകടമാണ്. 11നും 26നുമിടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ കുത്തിവെപ്പെടുക്കുന്നത് ഗുണകരമാണ്.

പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം

പ്ലാസ്റ്റിക് കുപ്പിയിലടങ്ങിയിട്ടുള്ള ബയോസ്ഫിനോള്‍ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും അര്‍ബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല. എന്തായാലും പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടുള്ള ഭക്ഷണം എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പല്ലടയ്ക്കാനുപയോഗിക്കുന്ന വസ്തുക്കള്‍

മെര്‍ക്കുറിയാണ് ഇവിടെ സംശയത്തിന്റെ നിഴലില്‍. പക്ഷേ രോഗകാരകമാണെന്ന് തെളിഞ്ഞിട്ടില്ല.

സ്‌പ്രേകള്‍

ഇവ രോഗകാരമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഫ്‌ളൂറൈഡുകള്‍

വെള്ളത്തില്‍ ഇവയുടെ അളവ് കൂടുതലായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. എന്നാല്‍, അര്‍ബുദവുമായുള്ള ബന്ധം തെളിഞ്ഞിട്ടില്ല.

പെയിന്റും കീടനാശിനിയും

വോളട്ടൈല്‍ ഓര്‍ഗാനിക് കോമ്പൗണ്ട്‌സ് എന്ന ഗണത്തില്‍പ്പെടുന്ന ഇവ അര്‍ബുദകാരകമായ രാസവസ്തുക്കള്‍ അടങ്ങിയവയാണ്.

വൈദ്യുതലൈനുകള്‍

എക്‌സ്ട്രീമിലി ലോ ഫ്രീക്വന്‍സി റേഡിയേഷനാണ് ഇവ പ്രസരിപ്പിക്കുന്നത്. അപകടാവസ്ഥ തെളിഞ്ഞിട്ടില്ല. എങ്കിലും വൈദ്യുതോപകരണങ്ങളില്‍നിന്ന് അകലം പാലിക്കുന്നതാണ് സുരക്ഷിതം.

മലിനീകരണം

വായുമലിനീകരണം കൊണ്ട് വര്‍ഷം 2.20 ലക്ഷം പേര്‍ക്ക് ശ്വാസകോശാര്‍ബുദം വരുന്നുണ്ടെന്നാണ് കണക്ക്. മലിനീകരണം കൂടിയ പ്രദേശത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കണം.

നിയന്ത്രിക്കാം രക്തസമ്മര്‍ദ്ദം

രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ചെലുത്തുന്ന മര്‍ദം ആണ് രക്തമര്‍ദം. 120/80mm hg എന്നതാണ് അനുയോജ്യമായ രക്ത മര്‍ദം. എന്നാല്‍ പ്രഷര്‍ നിലയില്‍ കാര്യമായ മാറ്റം ഉണ്ടാവുകയും അത് സ്ഥായിയായി നിലനില്‍ക്കുകയും ചെയ്യുമ്പോള്‍ രക്തതിമര്‍ദം എന്ന രോഗാവസ്ഥയായി മാറും. മാരകമായ ആക്രമണത്തിന് തൊട്ട് മുമ്പ് വരെ പതുങ്ങിയിരിക്കുന്ന ഒരു രോഗമാണ് രക്താതിമര്‍ദം. രക്തസമ്മര്‍ദം വളരെ കൂടുന്നത് വരെ കാര്യമായ ലക്ഷണങ്ങള്‍ പ്രകടമല്ലാത്തിനാല്‍ ഏറിയ പങ്ക് രോഗികളും രോഗമുണ്ടെന്ന് അറിയുന്നില്ല. പ്രതിരോധിക്കാനും നിയന്ത്രിക്കാനും കഴിയുന്ന രോഗമാണ് അമിത രക്തസമ്മര്‍ദം. ജീവിതശൈലിയില്‍ വരുത്തുന്ന അനുയോജ്യമായ ക്രമീകരണങ്ങളിലൂടെ തന്നെ രക്താതിമര്‍ദത്തിന്റെ ആരംഭഘട്ടത്തെ നിയന്ത്രിക്കാനാവും. കണ്ടുപിടിക്കാന്‍ ഏറ്റവും എളുപ്പമുള്ള രോഗമാണെങ്കിലും പകുതിയിലധികം പേര്‍ക്കും രോഗമുള്ളതായി അറിയാറില്ല. മസ്തിഷ്‌കാഘാതത്തിന്റെയോ ഹൃദയാഘാതത്തിന്റെയും രൂപത്തില്‍ രക്തസമ്മര്‍ദം കടന്നുവരുമ്പോഴാണ് പലരും രോഗത്തെ തിരിച്ചറിയുക.

ഉയര്‍ന്ന രക്തസമ്മര്‍ദം വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദയത്തിന്റെ പേശികള്‍ക്ക് ആയാസവും ഹൃദയത്തിന് വീക്കവും ഉണ്ടാക്കി ഹൃദയാഘാതത്തിനിടയാക്കും.പക്ഷാഘാതത്തിനുള്ള പ്രധാന കാരണവും അമിത രക്തസമ്മര്‍ദമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം വൃക്കയിലെ രക്തയോട്ടം കുറക്കുന്നു. തലച്ചോറിലെ രക്തസ്രാവം മൂലമുള്ള ഓര്‍മക്കുറവിന് ഇടയാക്കും. അമിത രക്തസമ്മര്‍ദം തലച്ചോറിലെ രക്തം കട്ടപിടിക്കാനോ പൊട്ടിയൊലിക്കാനോ ഇടയാക്കും.

പൊണ്ണത്തടി, പുകവലി, മദ്യപാനം, അമിത ഭക്ഷണം, ഹീനഭക്ഷണം ഇവക്ക് രക്താതി മര്‍ദവുമായി അടുത്ത ബന്ധമാണുള്ളത്. പ്രായം കൂടുന്തോറും രക്തക്കുഴലുകളുടെ ഇലാസ്തികത കുറയുകയും കൂടുതല്‍ മുറുക്കമുള്ളതാകുകയും ചെയ്യുന്നത് ചിലരില്‍ രക്താതിമര്‍ദത്തിനിടയാക്കും. കളികള്‍, വ്യായാമം, ഇവയില്‍ നിന്നകന്നതും നാടന്‍ ഭക്ഷണശീലങ്ങള്‍ ഒഴിവാക്കുന്നതും കുട്ടികളില്‍ രക്തസമ്മര്‍ദം കൂട്ടാറുണ്ട്. കൂടാതെ വൃക്കരോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ഘടകങ്ങളും രക്താതിമര്‍ദം കൂട്ടുന്നുണ്ട്. പാരമ്പര്യവും രക്താതിമര്‍ദത്തിന് വഴിയൊരുക്കാറുണ്ട്. പൊതുവേ ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ലെങ്കിലും തലകറക്കം, തലക്ക് പുറകില്‍ വേദന, കിതപ്പ് ഇവ ചിലരില്‍ കാണാറുണ്ട്.

സ്ത്രീകളില്‍ ഗര്‍ഭകാലത്തും ആര്‍ത്തവ വിരാമകാലത്തും ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള സാധ്യത ചിലരില്‍ കൂടാറുണ്ട്. ഗര്‍ഭിണികളുടെ പ്രായം 18 വയസ്സില്‍ താഴെയാകുന്നതും 35 വയസ്സിന് മുകളിലാകുന്നതും രക്തസമ്മര്‍ദ സാധ്യതയെ വര്‍ധിപ്പിക്കാറുണ്ട്. കൂടാതെ അമിതവണ്ണം, പ്രമേഹം, വൃക്കരോഗങ്ങള്‍, പോഷകക്കുറവ്, മാനസിക സമ്മര്‍ദം തുടങ്ങിയ ഘടകങ്ങളും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദം ഉയര്‍ത്താറുണ്ട്. കൂടാതെ ഒന്നില്‍ കൂടുതല്‍ കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നവര്‍ക്കും രക്താതിമര്‍ദ സാധ്യത ഉണ്ട്.

ഭക്ഷണശീലങ്ങളില്‍ വന്ന ഗുണകരമല്ലാത്ത മാറ്റങ്ങള്‍ രക്തസമ്മര്‍ദത്തെ ഉയര്‍ത്തുന്ന പ്രധാനഘടകമാണ്. ഉപ്പും കൊഴുപ്പും മധുരവും ചേര്‍ന്ന ബേക്കറി വിഭവങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അച്ചാര്‍, പപ്പടം, ചുവന്ന മാംസം, സംസ്‌കരിച്ച വിഭവം, ഉണക്കമീന്‍ ഇവ അനിയന്ത്രിതമായ രക്തസമ്മര്‍ദത്തതിന് വഴിയൊരുക്കുമെന്നതിനാല്‍ ഉപേക്ഷിക്കേണ്ടതാണ്. കഴിച്ച ഭക്ഷണം ദഹിക്കുന്നതിന് മുമ്പേ അടുത്ത ഭക്ഷണം കഴിക്കുക, അമിതമായി കഴിക്കുക തുടങ്ങിയവയും രക്തസമ്മര്‍ദം ഉയര്‍ത്തും. ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്താനും ശ്രദ്ധിക്കേണ്ടതാണ്.

നിത്യവും ശീലമാക്കുന്ന ലഘുവ്യായാമങ്ങള്‍ക്ക് രക്താതിമര്‍ദത്തെ നിയന്ത്രിക്കാനാകും. നടത്തം, ജോഗിങ്, സൈക്‌ളിങ്, നീന്തല്‍ തുടങ്ങിയവയില്‍ യോജിച്ചത് ഡോക്ടറുടെ നിര്‍ദേശാനുസരണം തെരഞ്ഞെടുക്കാം. സൂര്യ നമസ്‌കാരം, ഭുജംഗാസനം ഇവയും ഗുണകരമാണ്. രക്തസമ്മര്‍ദത്തെ കൂട്ടുന്ന ഘടകങ്ങളിലൊന്നായ മാനസിക സമ്മര്‍ദത്തെ കുറക്കാനും വ്യായാമത്തിന് കഴിയും.

മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, അയല, മത്തി, ചൂര, കിളിമീന്‍, ഇവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണ ശീലങ്ങള്‍ രക്താതി മര്‍ദത്തെ നിയന്ത്രിച്ച് നിര്‍ത്തും. പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം, തക്കാളി, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവയും ഗുണകരമാണ്. മുരിങ്ങയില, ചീരയില, തഴുതാമയില, പാലക്, ചീര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ബീറ്റ്‌റൂട്ട് ഇവ രക്താതിമര്‍ദത്തെ കുറക്കുന്നതോടൊപ്പം നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യും. വെളുത്തുള്ളി, ചുക്ക്, സര്‍പഗന്ധി, നെല്ലിക്ക, തഴുതാമ, ചെറുവഴുതിന, വെണ്‍ വഴുതിന, ഓരില, മൂവില, നിര്‍മരുത്, ഗുഗ്ഗുലു, മുരിങ്ങ, വയല്‍ച്ചുള്ളി ഇവ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനപ്പെട്ടവയാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ (ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍) രക്തക്കുഴലുകളിലെ പേശികളെ ഭാഗികമായി അയച്ച് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുകയും ചെയ്യും. വെളുത്തുള്ളി പച്ചക്ക് കഴിക്കുന്നത് അള്‍സര്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ കറികളില്‍ ചേര്‍ത്തുപയോഗിക്കണം. അരച്ച് 10 മിനിട്ടിന് ശേഷം കറികളില്‍ ചേര്‍ക്കുന്നതാണ് ഗുണകരം. നെല്ലിക്ക, മഞ്ഞള്‍, പാട നീക്കിയ മോര്, ചുമന്നുള്ളി, ഇവയും ഏറെ ഗുണകരമാണ്. കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദത്തിന്റെ തോത് നിര്‍ണയിക്കുകയും ജീവിതശൈലിയില്‍ ശരിയായ മാറ്റങ്ങള്‍ വരുത്തുകയും വേണം.

പ്രമേഹം: കാരണവും പരിഹാരവും

നമ്മുടെ ശരീരത്തിന് ആവശ്യമുള്ള എനര്‍ജി പ്രൊവൈഡ് ചെയ്യുന്നത് ഗ്ലൂക്കോസ് അഥവാ പഞ്ചസാരയാണ്. പഞ്ചാസാരയുടെ അളവ് പരിധിക്കപ്പുറത്തേക്ക് കൂടന്നതാണ് പ്രമേഹ രോഗമാകുന്നത്. രക്തത്തിലെ ഷുഗറിന്റെ അളവ് കണ്‍ട്രോളര്‍ ചെയ്യുന്ന ഹോര്‍മോണ്‍ ഇന്‍സുലിനാണ്. ഇന്‍സുലിന്റെ ഉത്പാദനം കുറയുന്നതോ, ഇല്ലാതാകന്നതോ ആയ അവസ്ഥയാണ് പ്രമേഹം.

ശരീരത്തെ ബാധിക്കുന്ന രണ്ടു തരം പ്രമേഹങ്ങളുണ്ട്

ഒന്നാമത്തേത് ശരീരത്തില്‍ ഇന്‍സുലിന്‍ ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. രണ്ടാമതായി ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്ന അവസ്ഥ.

ഉലുവ മണിക്കൂറുകളോളം വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ജ്യൂസാക്കി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ ഉത്തമമാണ്. വെറും വയറ്റില്‍ ഈ ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തില്‍ നിന്നും രക്ഷപെടാം. പാവയ്ക്കയുടെ കുരുവും തോലും കളഞ്ഞതിനു ശേഷം ജ്യൂസാക്കി കഴിക്കുക. വെറും വയറ്റില്‍ തന്നെയാണ് പാവയ്ക്കാ ജ്യൂസും ഉപയോഗിക്കേണ്ടത്.

ഭക്ഷണത്തിന് രുചി പകരാന്‍ ഉപയോഗിക്കുന്ന കറുകപ്പട്ടയാണ് മറ്റൊരു മരുന്ന്. കറുകപ്പട്ട പൊടിച്ച ശേഷമാണ് ഉപയോഗിക്കണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ടേബിള്‍ സ്പൂണ്‍ കറുകപ്പട്ടപൊടിച്ചതും ചേര്‍ത്ത് ഇരുപത് മിനിറ്റ് തിളപ്പിക്കുക. പിന്നീട് ഈ മിശ്രിതം തണുപ്പിച്ച് കുടിക്കുക. പ്രമേഹത്തെ നിയന്ത്രണ വിധേയമാക്കാന്‍ കഴിയും.

ക്ഷീണമകറ്റാം

വിവിധ രോഗങ്ങള്‍ക്കു പുറമേ ജോലി, യാത്ര, ജീവിതരീതി, പ്രായം തുടങ്ങിയവയൊക്കെയാണ് പലപ്പോഴും ക്ഷീണത്തിലേക്ക് നമ്മളെ തള്ളിവിടുന്നത്. ഈ ക്ഷീണം നമ്മുടെ ജീവിതത്തെ പല രീതിയിലും ബാധിക്കാറുമുണ്ട്.  കൂട്ടുകാരുമൊത്തോ അല്ലെങ്കില്‍ കുടുംബത്തിനൊപ്പമോ ഒരു ഔട്ടിങ് പ്ലാന്‍ ചെയ്തു കാത്തിരിക്കുമ്പോഴായിരിക്കും അവാനശ്യ ക്ഷീണം ഓടിയെത്തുക. ഒന്നുകില്‍ യാത്ര വേണ്ടെന്നു വയ്ക്കുക അല്ലെങ്കില്‍ മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യാത്ര പോയാലോ ഒന്നിനും ഒരു മൂഡ് തോന്നുകയുമില്ല. അറിയാതെ നമ്മള്‍ നമ്മളെ തന്നെ ശപിക്കുന്ന അവസ്ഥ. ഈ അവസ്ഥ ഇല്ലാതാക്കാന്‍ താഴെപ്പറയുന്ന രീതികള്‍ ഒന്നു പരീക്ഷിച്ചു നോക്കാം

1. വ്യായാമം ചെയ്യാം

ക്ഷീണിച്ചിരിക്കുമ്പോള്‍ നമുക്ക് ഒരിക്കലും വ്യായാമം ചെയ്യാന്‍ തോന്നുകയില്ല. എവിടെയെങ്കിലും ഒന്നു കിടന്നാല്‍ മതി എന്നായിരിക്കും ചിന്ത. എന്നാല്‍ പഠനങ്ങള്‍ കാണിക്കുന്നത് ശാരീരിക വ്യാമങ്ങള്‍ ചെയ്യുന്നതു നമ്മുടെ എനര്‍ജി ലെവല്‍ കൂടുമെന്നാണ്. അതി രാവിലെ എഴുന്നേറ്റ് ഓടുക, വേഗതയോടെ നടക്കുക, യോഗ, സൈക്ലിങ് എന്നിവ നമ്മുടെ എനര്‍ജി കൂട്ടുന്ന വ്യായാമങ്ങളാണ്.

2. ധാരാളം വെള്ളം കുടിക്കാം

കാറിനു പെട്രോള്‍ പോലെയാണ് ശരീരത്തിനു വെള്ളം. നിര്‍ജലീകരണം ഊര്‍ജസ്വലത നശിപ്പിക്കും. ശാരിരിക പ്രവര്‍ത്തനങ്ങളെ കുറയ്ക്കുകയും അതുമൂലം ശ്രദ്ധയും ജാഗ്രതയും നഷ്ടമാകുകയും ചെയ്യും. അതിനാല്‍ത്തന്നെ എപ്പോഴും കര്‍മനിരതരായിരിക്കാന്‍ ധാരാളം വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക.

3. സമയത്ത് ഉറങ്ങാം

ഉറക്കമില്ലായ്മ ക്ഷീണം മാത്രമല്ല പലവിധ രോഗങ്ങള്‍ക്കും കാരണക്കാരനാണ്. ആവശ്യത്തിനുള്ള വിശ്രമം നിങ്ങളെ ഊര്‍ജസ്വലരാക്കുകയും ആ ദിവസം മുഴുവന്‍ കര്‍മനിരതരാക്കുകയും ചെയ്യും.

4. അമിതവണ്ണം അകറ്റാം

ശരീരത്തിന് ആവശ്യമുള്ളതിലും അധികം ഭാരം ഇല്ലായ്മ ചെയ്യുന്നതു തന്നെ ക്ഷീണം അകറ്റാന്‍ ഉത്തമ മാര്‍ഗമാണ്. അമിതവണ്ണമുള്ളര്‍ എപ്പോഴും ആശങ്കാകുലരുമായിരിക്കും. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുകയും ആഹാരം നിയന്ത്രിക്കുകയും ചെയ്യുന്നതു വഴി ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുകയും അമിതവണ്ണം കുറയ്ക്കുകയും ചെയ്യാം.

5. അളവ് കുറച്ച് ഭക്ഷണം ക്രമീകരിക്കാം

ചില ആളുകള്‍ ആഹാരത്തിന്റെ അളവ് കുറച്ച് ഇടയ്ക്കിടെ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഈ രീതി രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ നല്ലതാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ഓര്‍ക്കേണ്ടത് ഒരു ദിവസത്തെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് രാവിലെ കഴിക്കുന്ന ആഹാരം ആണെന്നതാണ്. രാവിലത്തെ ആഹാരം ഒരു കാരണവശാലും ഒഴിവാക്കരുത്. കാരണം നിങ്ങളുടെ എനര്‍ജി ലെവല്‍ ക്രമീകരിക്കുന്നത് ബ്രേക്ഫാസ്റ്റ് ആണ്.

ഈ അഞ്ചു രീതികള്‍ ഒന്നു പിന്‍തുടര്‍ന്നു നോക്കൂ, ക്ഷീണം പമ്പ കടക്കുക മാത്രമല്ല എപ്പോഴും ഊര്‍ജസ്വലരായിരിക്കുകയും ചെയ്യാം

ജീവിതശൈലീ രോഗങ്ങള്‍ക്കു പിന്നില്‍

ഒരു മലയാളികുടുംബമെന്ന് പറഞ്ഞാല്‍ പൊതുവെ അച്ഛനും അമ്മയും രണ്ടു കുട്ടികളും അടങ്ങിയതാണ്. ചിലയിടത്ത് ഒരു തലമുറകൂടിക്കാണും. ഇതില്‍ ഈ അച്ഛനെയും അമ്മയെയും പഴയതലമുറ നല്ല പച്ചക്കറിയും വിഷാംശം തീരെയില്ലാത്ത ഭക്ഷണങ്ങളും കൊടുത്താണ് വളര്‍ത്തിയെടുത്തത്. അവരുടെ ബാല്യകാലം അവര്‍ ശുദ്ധവായു ശ്വസിച്ചു, നല്ല വെള്ളം കുടിച്ചു, ഓടിച്ചാടിക്കളിച്ചു, മരംകയറി. ഈ മക്കള്‍ക്കെല്ലാം ആരോഗ്യമുണ്ടായിരുന്നു. ആശുപത്രി സന്ദര്‍ശനവും, ആശുപത്രിവാസവും വളരെ വിരളമായിരുന്നു. കുട്ടികള്‍ക്ക് മനക്കരുത്തും, പ്രായോഗിക ബുദ്ധിയും സാഹചര്യങ്ങളെ അഭിമുഖീകരിക്കാനുള്ള തന്റേടവുമുണ്ടായിരുന്നു. എന്താടാ എന്നു ചോദിച്ചാല്‍ പോടാ എന്നു പറയാനുള്ള നട്ടെല്ലുമുണ്ടായിരുന്നു. ഇന്നോ?

നല്ല പയറുതോരനും ചീരയും ചോറും തിന്നു വളര്‍ന്ന ഈ അച്ഛനും അമ്മയും സ്വന്തം മക്കള്‍ക്ക് ജാഡകാണിക്കാനായി െ്രെഫഡ് റൈസും, ബ്രോയിലര്‍ ചിക്കനും കൊണ്ടുണ്ടാക്കിയ ചില്ലിചിക്കനും നല്‍കുന്നു. മലയാളി ചിന്തിക്കുന്നേയില്ല; അവന്‍ സ്വന്തം മക്കളെ കൊലയ്ക്കു കൊടുക്കുകയാണെന്ന്. സ്വന്തം കൈകൊണ്ടുണ്ടാക്കിയ ഒരു ജൈവപച്ചക്കറി അവന്‍ ജീവിതത്തില്‍ സ്വന്തം കുട്ടിക്കു കൊടുത്തിട്ടുണ്ടാവില്ല. തുടരെ തുടരെ വിഷമടിക്കുന്ന തേയില നേരിട്ടുണക്കി പൊടിച്ചാണ് ചായപ്പൊടി ഉണ്ടാക്കുന്നതെന്ന് അറിഞ്ഞാലും ഓര്‍ക്കില്ല.

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ചൊക്കെ നമ്മള്‍ വായിക്കും. അത് കാസര്‍കോടല്ലേ എനിക്കെന്തു പ്രശ്‌നം. പരിശോധനാഫലങ്ങള്‍ കാണിക്കുന്നത് എല്ലാ പച്ചക്കറികളിലും വളരെയധികം വിഷാംശമുണ്ടെന്നാണ്. കറിവേപ്പിലയില്‍ വരെ. കേരളത്തില്‍ പുതിയ കാന്‍സര്‍രോഗികളുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടേയിരിക്കുന്നു. പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ ഇതെവിടെയെത്തും.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരുന്ന വിഷമയമായ പച്ചക്കറികള്‍ പരിശോധിക്കുവാനും, നിരോധിക്കുവാനും നീക്കം നടക്കുന്നു. നാളെ മുതല്‍ അവര്‍ പച്ചക്കറി കേരളത്തിലേക്ക് അയക്കുന്നില്ലെന്ന് തീരുമാനിച്ചാല്‍ മലയാളി പട്ടിണികിടക്കും. കോഴിമുട്ടയും പച്ചക്കറികളും, പഴങ്ങളും കോഴിയും, മാടും പോത്തുമെല്ലാം എവിടെ നിന്നാണ് വരുന്നത്? പച്ചക്കറി നിരോധിച്ചതുകൊണ്ട് എന്തു നേടുമെന്നാണ് കരുതുന്നത്.

എന്തുകൊണ്ട് സ്വന്തം കൈകൊണ്ട ് ഒരു തെങ്ങോ, മാവോ, പ്ലാവോ, സപ്പോട്ടയോ നട്ടുകൂടാ? ഒരു കറിവേപ്പിലയോ, മുരിങ്ങയോ, പപ്പായയോ നട്ടുകൂടാ?. കേരളത്തില്‍ ആറുമാസത്തോളം മഴക്കാലമാണ്. മഴയത്ത് മിക്ക പച്ചക്കറികളും നശിച്ചു പോകും. ഈ സമയത്ത് നമുക്ക് തമിഴ്‌നാടിനെയോ കര്‍ണ്ണാടകയെയോ ആശ്രയിക്കാതെ രക്ഷയില്ല. ഇല്ലെങ്കില്‍ കഴിയുന്നത്ര പോളി ഹൗസുകള്‍ പ്രാവര്‍ത്തികമാക്കണം. മറ്റൊരു പോംവഴിയും മുന്‍പിലില്ല.

വികാരം കൊണ്ട് ചിന്തിക്കാതെ വിവേകം കൊണ്ട് ചിന്തിക്കുവാന്‍ ഭരണാധികാരികള്‍ തയാറാകണം. മദ്യനിരോധനവും, അന്യസംസ്ഥാന പച്ചക്കറി നിരോധനവുമല്ല വേണ്ടത്. പകരം ബോധവല്‍ക്കരണമാണ് വേണ്ടത്. തുടര്‍ ബോധവല്‍ക്കരണവും, ബുദ്ധിപൂര്‍വമുള്ള ആസൂത്രണവും വേണം. കേരളക്കരയ്ക്ക് രക്ഷപ്പെടാന്‍ ഒന്നോ രണ്ടോ കൊല്ലം മതി. ഈ നാടുനന്നാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്.

കര്‍ക്കിടക കരുതലുകള്‍

ശീലങ്ങളിലും ചികില്‍സയിലും ജീവിതരീതിയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മാസമാണു കര്‍ക്കടകം. കര്‍ക്കടകം ദക്ഷിണായനകാലത്തിന്റെ തുടക്കമാണ്. വിസര്‍ഗ കാലം എന്നും ദക്ഷിണായനകാലത്തെ അറിയപ്പെടുന്നു. നമ്മുടെ ശരീരത്തിനാവശ്യമായ ഊര്‍ജവും വളര്‍ച്ചയും ഉണ്ടാകുന്ന സമയം. കര്‍ക്കടക മാസത്തിലെ തണുപ്പു ശരീരത്തിനു മൊത്തത്തില്‍ പുഷ്ടിയുണ്ടാക്കും. ശരീരത്തില്‍ ജലാംശം കൂടുതലായുള്ളതിനാല്‍ കുടലില്‍ ആഗ്‌നേയ രസങ്ങള്‍ വര്‍ധിക്കും. വിശപ്പുകൂടും. ദഹനപ്രക്രിയ മെച്ചപ്പെടും. ശരീരം പുഷ്ടിപ്പെടും. കഴിക്കുന്നതു ശരീരത്തില്‍ പിടിക്കും. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. അമിതമായി ഉറങ്ങേണ്ട ആവശ്യമില്ല, കൃത്യസമയത്ത് ഉറങ്ങിയെണീക്കാം. കര്‍ക്കടകത്തില്‍ പകലുറക്കം പാടില്ല.

വീട്ടിലുണ്ടാക്കാം മരുന്നുകഞ്ഞി

കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ദേവതാരം ഇവ 50 ഗ്രാം വീതമെടുത്തു ചതയ്ക്കുക. നാലു ലീറ്ററില്‍ കഷായംവച്ച് രണ്ടു ലീറ്ററായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത കഷായത്തില്‍ 60 ഗ്രാം ഞവര അരി വേവിക്കുക. ആവശ്യമുള്ളവര്‍ക്കു ഗോതമ്പും എള്ളും കൂടി ചേര്‍ക്കാം. അങ്ങനെയാണെങ്കില്‍ 30 ഗ്രാം ഞവര അരിയും 15 ഗ്രാം വീതം എള്ളും ഗോതമ്പും ചേര്‍ക്കാം. അസ്ഥി തേയ്മാനം ഉള്ളവര്‍ക്ക് എള്ളും പ്രമേഹം ഉള്ളവര്‍ക്കു ഗോതമ്പും ചേര്‍ക്കുന്നത് ഉത്തമമാണ്. കഞ്ഞി വേവുന്നതോടെ അതില്‍ ആട്ടിന്‍പാലോ പശുവിന്‍പാലോ അല്ലെങ്കില്‍ രണ്ടും കൂടി സമമായോ ചേര്‍ക്കാം. ഇതു വീണ്ടും തിളപ്പിക്കണം. ഇതില്‍ അരവു മരുന്നുകള്‍ ചേര്‍ക്കണം

(ജീരകം, കരിം ജീരകം, മഞ്ഞള്‍, ശതകുപ്പ, ഉലുവ, അയമോദകം, ആശാളി, കക്കുംകായ, കടുക്, കുരുമുളക്, നാളികേരം ച!ിരകി വറുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇന്തുപ്പ് തുടങ്ങിയവയാണ് അരവു മരുന്നുകള്‍). അരവു മരുന്നുകള്‍ പാകത്തിന് അരച്ചു കഞ്ഞിയിലിട്ടു വീണ്ടും തിളപ്പിക്കുക. ചെറിയ ഉള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു തയാറാക്കിയ കഞ്ഞി വറവിടുക. സാധാരണയായി രാവിലെ പത്തിനും വൈകിട്ട് ഏഴിനും കഴിക്കാം.

പഥ്യം : പച്ചവെള്ളം, വളരെ കട്ടിയുള്ള ആഹാരങ്ങള്‍ കഴിക്കരുത്. വെയില്‍ കൊള്ളുക, കാറ്റുകൊള്ളുക, ആയാസമുള്ള ജോലി ചെയ്യുക തുടങ്ങിയവ ചെയ്താല്‍ ഫലം കുറയും. അസിഡിറ്റി, മൂലക്കുരു ഉള്ളവരും വൈദ്യ നിര്‍ദേശപ്രകാരം മാത്രം മരുന്നുകഞ്ഞി കുടിക്കണം. പകല്‍ കിടന്നുറങ്ങരുത്. മരുന്നു കഞ്ഞി 21 അല്ലെങ്കില്‍ 28 ദിവസം കഴിക്കുക.

പുരുഷന്‍മാര്‍ക്ക് കായികമായ അധ്വാനങ്ങള്‍ക്കു മികച്ച സമയമാണ്. കളരിയുള്‍പ്പെടെയുള്ള കായികമായ വ്യായാമങ്ങള്‍ക്കു പ്രാധാന്യം നല്‍കാം. ശരീരത്തെ പുഷ്ടിയും വഴക്കവുമുള്ളതുമായി മാറ്റാം. തണുപ്പ് പുരുഷ ബീജങ്ങളുടെ എണ്ണം കൂട്ടാന്‍ സഹായകമായതിനാല്‍ പുരുഷ വന്ധ്യതയുള്ളവര്‍ക്കു ബീജത്തിന്റെ അളവു കൂട്ടാനുള്ള ചികില്‍സ ആരംഭിക്കാനും മരുന്നു കഴിക്കാനും പറ്റിയ സമയമാണ്. മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്കു തലകുളിര്‍ക്കെ എണ്ണതേച്ചു മുടി പുഷ്ടിപ്പെടുത്താന്‍ തുടങ്ങാം. മുടിയില്‍ നന്നായി എണ്ണ തേയ്ക്കാം. ശരീരം ശുദ്ധിപ്പെടുത്താനുള്ള വെള്ളം ധാരാളമുണ്ടല്ലോ. കഷണ്ടിയുള്ളവര്‍ക്കും കഷണ്ടി വരാന്‍ സാധ്യതയുള്ളവര്‍ക്കും മുന്‍കരുതല്‍ ചികില്‍സകള്‍ ആരംഭിക്കാന്‍ പറ്റിയ സമയമാണ്. ശരീരത്തിനു ദുര്‍ഗന്ധമുണ്ടാക്കുന്ന വിയര്‍പ്പ് ഉള്ളവര്‍ക്കും അതിനെതിരായ പ്രതിരോധ ചികില്‍സ ചെയ്യാന്‍ തുടങ്ങാം. നെയ് സേവ പോലുള്ള ചികില്‍സകള്‍ അമിതമായ വിയര്‍പ്പു നിയന്ത്രിക്കും.

സ്ത്രീകള്‍ക്ക് മൂത്രച്ചൂട്, വെള്ളപോക്ക് പോലുള്ള രോഗങ്ങള്‍ കുറയുന്ന സമയമായതിനാല്‍ ചികില്‍സ ആരംഭിക്കാം. കര്‍ക്കടകം ചന്ദ്രന്റെ മാസമായതിനാല്‍ ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കു ശമനമുണ്ടായി, കൃത്യമായ ആര്‍ത്തവം ഉണ്ടാകാറുള്ള കാലമാണ്. ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്കു ചികില്‍സ ചെയ്യുന്നവരുണ്ടെങ്കില്‍ ഇപ്പോള്‍ ആരംഭിക്കുന്നതാണു നല്ലത്. മുലപ്പാല്‍ വര്‍ധിപ്പിക്കുന്നതിനുള്ള ചികില്‍സകള്‍ക്കും നല്ല സമയമാണ്.മുടി വളര്‍ച്ച കൂടാനും മുടി പുഷ്ടിയോടെ വളര്‍ത്താനും ആവശ്യമായ കരുതലുകളെടുക്കാം.

ശരീരത്തിലെ ധാതുക്കളുടെ അളവു കുറയുന്നതാണു പ്രായമായവര്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നം. അതു കൊണ്ടു വാതരോഗങ്ങള്‍ക്കു സാധ്യത കൂടുതലാണ്. കൃത്യസമയത്തു സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ലളിതമായ ഭക്ഷണശൈലിയാണു നല്ലത്. ഭക്ഷണവും വെള്ളവും ചൂടോടെ ഉപയോഗിക്കണം. ഞരമ്പ്, നാഡി സംബന്ധമായ രോഗങ്ങള്‍ക്കും അസ്ഥി തേയ്മാനത്തിനും അസ്ഥിക്ഷയത്തിനും സാധ്യതയുള്ള കാലമാണ്. എള്ള്, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മരുന്നുകഞ്ഞി, മാംസരസം (സൂപ്പ്) തുടങ്ങിയവ ഉപയോഗിക്കാം. മലബന്ധ സാധ്യത പ്രായമായവരില്‍ കൂടുതലാണ്. മലശോധന കൃത്യമാക്കാന്‍ ചെറിയതോതില്‍ ആവണക്കെണ്ണ ചേര്‍ത്ത മരുന്ന് ഉപയോഗിക്കാം. പ്രായമായവര്‍ക്കു മാനസിക വിഷമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ ഇരുണ്ടതായതിനാല്‍ മനസ്സില്‍ മരണഭയം ഉണ്ടാകും. ശരീരത്തിനു പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാല്‍ കരുതല്‍ വേണം. പ്രായമായവരുടെ കാര്യങ്ങളില്‍ മറ്റുള്ളവര്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം.

സ്‌കൂളിലുള്‍പ്പെടെ കൂടുതല്‍ സമയം പുറത്തു പോകുന്നവരാണു കുട്ടികള്‍. മഴയും തണുപ്പുമേറ്റ് പനി, കഫക്കെട്ട്, കാലുകള്‍ക്കു കടച്ചില്‍ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. വൈറല്‍ രോഗങ്ങള്‍ ഉണ്ടാകാം. കുട്ടികള്‍ക്കു കുടിക്കാനും കഴിക്കാനും ചൂടുള്ള ഭക്ഷണം മാത്രം നല്‍കുക. നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി ഉണങ്ങിയ വസ്ത്രങ്ങള്‍ നല്‍കുക. നനഞ്ഞ ഷൂസിനുള്ളില്‍ പേപ്പര്‍ പോലെ വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കള്‍ തിരുകിക്കയറ്റി ഉണക്കിയെടുക്കുക. ഉണങ്ങിയ സോക്‌സ് മാത്രം ഇടാന്‍ അനുവദിക്കുക. ഒരുകാരണവശാലും പച്ചവെള്ളം കുടിപ്പിക്കരുത്. ചുക്ക്, തുളസി തുടങ്ങിയവയിട്ടു ചൂട!ാക്കിയ വെള്ളം ഉത്തമം.

ആവശ്യമായ ഭക്ഷണം പല ഇടവേളകളിലായി കഴിക്കുന്നതാണുത്തമം. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ വൈദ്യ നിര്‍ദേശപ്രകാരം തയാറാക്കി കഴിക്കാം. ഇവ വാങ്ങാനും കിട്ടും. ഒരു വര്‍ഷത്തേക്കു ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കര്‍ക്കടകം. അതിനാല്‍ അതിനുള്ള കരുതലുകള്‍ നടത്താം. കഴിവുള്ളവര്‍ക്ക് ഒരാഴ്ചയെങ്കിലും ഉഴിച്ചില്‍, പിഴിച്ചില്‍, ഞവരക്കിഴി, വസ്തി തുടങ്ങിയ ആയുര്‍വേദ ചികില്‍സകള്‍ ചെയ്യാം.

വീടിനുള്ളില്‍ നനഞ്ഞ തുണികള്‍ കൂട്ടിയിടുകയോ തോരാനിടുകയോ ചെയ്യരുത്. അഴുക്കായ പാത്രങ്ങള്‍ കൂട്ടിയിടാതെ കഴുകി വൃത്തിയാക്കി റാക്കിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുക. വീടിനുള്ളിലെ പൊടിയും അഴുക്കും തൂത്തു വൃത്തിയാക്കിയിടാം. പാറ്റ, പല്ലി, ചിലന്തി തുടങ്ങിയ ചെറുപ്രാണികള്‍ വീടിനുള്ളില്‍ത്തന്നെ തങ്ങുന്ന കാലമാണ്. ഇവയെയും രോഗാണുക്കളെയും അകറ്റാന്‍ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. വീടിനുള്ളില്‍ വായു ശുദ്ധീകരണം നടത്താം. വീടിനകത്തും പുറത്തും പുക നല്‍കുന്നതു നല്ലതാണ്. കുന്തിരിക്കം, ഗുല്‍ഗുലു, അഷ്ടഗന്ധം, ചന്ദനത്തിരികള്‍ എന്നിവ ഉപയോഗിച്ചു സന്ധ്യയ്ക്കും പുലര്‍ച്ചെയും പുകയ്ക്കുന്നതു നല്ലതാണ്.

ആരോഗ്യവാനായിരിക്കാന്‍ എന്തൊക്കെ ചെയ്യാം

ആരോഗ്യവാനായി ഇരിക്കാന്‍ എല്ലാ വ്യക്തികളും ആഗ്രഹിക്കുന്നതാണ്. ആരോഗ്യം ഉണ്ടെങ്കിലേ സന്തോഷകരമായൊരു കുടുംബജീവിതം നയിക്കാന്‍ സാധിക്കുകയുള്ളു. ആരോഗ്യവാനായിരിക്കാന്‍ ആദ്യം ചെയ്യേണ്ടത് നമ്മുടെ ജീവിത ശൈലികളില്‍ ചില മാറ്റങ്ങള്‍ വരുത്തുക എന്നതാണ്.

ഇതിനായി ആദ്യം നാം ചെയ്യേണ്ടത്  വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക. പതിവായി അല്‍പനേരം വ്യായാമം ചെയ്യുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും ഒരു പോലെ ഗുണപ്രദമാണ്. നടക്കുന്നതോ ജോഗിങ് ചെയ്യുന്നതോ യോഗയോ ധ്യാനമോ നീന്തലോ പരിശീലിക്കുന്നത് നല്ലതാണ്.

കൃത്യമായി പ്രഭാതഭക്ഷണം കഴിക്കണം. ഇതില്‍ പോഷക സമ്പുഷ്ടമായ ആഹാരപദാര്‍തഥങ്ങള്‍ ഉള്‍പ്പെടുത്തുകയും വേണം. ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യം മാത്രം പോര നമ്മുക്ക് എല്ലാവരും ഒന്നു നോക്കുന്ന സൗന്ദര്യവും നമുക്ക് സ്വന്തമാകണം എന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. അതിനായി നാം കഴിക്കുന്ന ആഹാരത്തില്‍ പഴങ്ങള്‍ ഉള്‍ക്കൊള്ളിക്കാനായി ശ്രദ്ധിക്കണം.  ഇവയില്‍ ധാരാളം വിറ്റമിന്‍സ്, മിനറല്‍സ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിലരാകട്ടെ മറ്റു ഭക്ഷണങ്ങള്‍ എല്ലാം ഒഴിവാക്കിയിട്ട് പഴങ്ങളിലേയ്ക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ഇത് തെറ്റായ നിലപാടാണ്. മറ്റു ഭക്ഷണത്തിനോടൊപ്പമാണ് പഴങ്ങളും ഉള്‍പ്പെടുത്തേണ്ടത്.

അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവ പ്രതിരോധിക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് സ്രോതസ്സുകളായ പച്ചക്കറി, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യം എന്നിവ തീര്‍ച്ചയായും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം. ആരോഗ്യത്തിന് ദോഷകരമല്ലാത്ത ഒലീവ് ഓയില്‍, വെളിച്ചെണ്ണ, കടുകെണ്ണ എന്നിവ മാത്രം ആഹാരം പാകം ചെയ്യാനായി ഉപയോഗിക്കുക. മിതമായ അളവില്‍ മാത്രം എണ്ണ ഉപയോഗിക്കുക. വൈകുന്നേരങ്ങളിലും മറ്റ് ഇടനേരങ്ങളിലും എണ്ണയില്‍ വറുത്തതോ അല്ലാത്തതോ ആയ പലഹാരങ്ങള്‍ക്കു പകരം ബദാം, കശുവണ്ടി തുടങ്ങിയവ കഴിക്കാം.

കാന്താരി മുളക്; ഔഷധങ്ങളുടെ കലവറ

സോളഹേസിയ കുടുംബത്തില്‍പ്പെട്ട കാന്താരിയെ പോര്‍ച്ചുഗീസുകാരാണ് നമ്മുടെ നാട്ടിലെത്തിച്ചത്. ഔഷധങ്ങളുടെ ഒരു കലവറയാണ് കാന്താരി മുളക്. സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട് കൂടാതെ കാന്താരിയിലെ ജീവകം സി ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. മാത്രമല്ല കൈയിലോ കാലിലോ മുറിവുണ്ടായാല്‍ കാന്താരിയുടെ ഇല അരച്ചിട്ടാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങും.

കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. കാന്താരിയുടെ എരിച്ചിലും നീറ്റലും ചൂടും ചൂരുമെല്ലാം അതൊരു ഔഷധിയാണെന്നതിന്റെ സൂചനമാത്രം. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.  കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. ചൂടത്ത് വളരുന്ന കാന്താരിക്ക് എരിവും ഗുണവും കൂടും. കീടരോഗബാധയൊന്നും തന്നെ കാന്താരിയെ ബാധിക്കാറില്ല. അതേസമയം, കാന്താരിമുളക് അരച്ചുതളിച്ചാല്‍ പച്ചക്കറികൃഷിയിലെ കീടങ്ങളെ തുരത്താനും ഉപയോഗിക്കാം.

കാന്‍സറിനെ ഭയക്കേണ്ട

കാന്‍സര്‍ എന്ന വാക്കു കേള്‍ക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പലപ്പോഴും കാന്‍സറിനെ മരണവുമായി താരതമ്യപ്പെടുത്താറുണ്ട്. സമൂഹം വളരെ ഭീതിയോടെയാണു കാന്‍സറിനെ കാണുന്നത്. എന്നാല്‍ അത്രമാത്രം ഭയപ്പെടേണ്ട രോഗമല്ല കാന്‍സര്‍. കാന്‍സറിനെക്കുറിച്ചറിയാം...

ഈ വര്‍ഷം ആഗോളതലത്തില്‍ ഏകദേശം 120 ലക്ഷം ആളുകള്‍ പുതുതായി കാന്‍സര്‍ രോഗബാധിതരാവുകയും, 70 ലക്ഷം പേര്‍ മരണമടയുകയും ചെയ്യാം എന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് ഈ വര്‍ഷം പത്തു ലക്ഷം പേര്‍ക്ക് ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. കേരളത്തിലും, ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷം 50,000ത്തോളം പേര്‍ക്ക് കാന്‍സര്‍ രോഗം പിടിപ്പെടുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടാകുന്ന 30 ശതമാനം കാന്‍സര്‍ രോഗങ്ങളും വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിക്കും. കൂടാതെ മൂന്നിലൊന്നു കാന്‍സറുകള്‍ നേരത്തെയുള്ള രോഗനിര്‍ണയത്തിലൂടെയും ശരിയായ ചികിത്സയില്‍ കൂടെയും പൂര്‍ണമായും ഭേദമാക്കുവാനും സാധിക്കും.

കാന്‍സര്‍ വരുവാനുള്ള കാരണങ്ങള്‍

നമ്മുടെ നാട്ടിലുണ്ടാകുന്ന ഭൂരിപക്ഷം കാന്‍സറുകളുടെയും കാരണങ്ങള്‍ വൈദ്യശാസ്ത്രത്തിന് അറിവുള്ളതിനാല്‍ കാന്‍സര്‍ പ്രതിരോധം താരതമ്യേന എളുപ്പമാണ്.

പുകയിലയുടെ ഉപയോഗം

കാന്‍സര്‍ നിദാനത്തില്‍ ഏറ്റവും പ്രാധാന്യം ഉള്ളതു പുകയിലയ്ക്കാണ്. 30-35 ശതമാനം കാന്‍സര്‍ രോഗത്തിനുള്ള ഹേതു പുകയിലയാണ്. പുകവലിക്കുക, മുറുക്കുക, പൊടിവലിക്കുക തുടങ്ങി ഏതുവിധത്തിലുള്ള ഉപയോഗവും കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പുകയില വിവിധ തരത്തിലുള്ള പതിമൂന്നു കാന്‍സറുകള്‍ ഉണ്ടാക്കുവാന്‍ കാരണമാകുന്നു.

വായ, തൊണ്ട, മൂക്ക്, ശ്വാസകോശം, അന്നനാളം, ആമാശയം, പാന്‍ക്രിയാസ്, വൃക്ക, മൂത്രാശയം എന്നീ അവയവങ്ങളെയാണു പുകയിലയുടെ ഉപയോഗം കൂടുതല്‍ ബാധിക്കുന്നത്. 85-90 ശതമാനം ശ്വാസകോശ കാന്‍സര്‍ രോഗികളും പുകവലിക്കുന്നവരാണ്. വായിലെ കാന്‍സറിന്റെ പ്രധാന കാരണം പുകയില ചവയ്ക്കുന്നതോ മറ്റ് ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കുന്നതോ മൂലമാണ്. പുകയില ഉപയോഗിക്കാതിരുന്നാല്‍ രാജ്യത്തുണ്ടാകുന്ന കാന്‍സര്‍ രോഗികളില്‍ 30-35 ശതമാനം കുറവ് വരുമെന്നുള്ളത് തീര്‍ച്ചയാണ്. പുകയിലയില്‍ 4000ത്തോളം രാസവസ്തുക്കള്‍ ഉണ്ട്. ഇതില്‍ 70ഓളം കാന്‍സര്‍ പ്രേരിത വസ്തുക്കളാണ്. 15 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികളും പുകയില എപ്പോഴെങ്കിലും രുചിച്ചിട്ടുള്ളവരാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൗമാരത്തില്‍ പുകയില രുചിച്ചു നോക്കുന്നവരില്‍ നല്ലൊരു ശതമാനം പേരും ഈ ദുശ്ശീലം അവരുടെ പിന്നീടുള്ള ജീവിതത്തിലും തുടര്‍ന്ന് അകാല മരണത്തിനു കീഴ്‌പ്പെടുന്നു.

പുകവലിച്ചില്ലെങ്കിലും

പുകവലിക്കാത്തവരില്‍ ഉണ്ടാകുന്ന 15 ശതമാനം ശ്വാസകോശ  അര്‍ബുദത്തിന്റെയും കാരണം നിഷ്‌ക്രിയ പുകവലിയാണ്. നമ്മുടെ രാജ്യത്ത് ഒരിക്കലും പുകവലിക്കാത്തവരില്‍ 45 ശതമാനം പേരും നിഷ്‌ക്രിയ പുകവലിക്ക് വിധേയരാകുന്നതാണ്. കുട്ടികള്‍, സ്ത്രീകള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരാണ് മറ്റുള്ളവരുടെ പുകവലികൊണ്ടുള്ള ദോഷഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നവര്‍.

ചില സത്യങ്ങള്‍

* ലോകത്ത് 100 കോടി പുകവലിക്കാര്‍

* ഇന്ത്യയില്‍ 12 കോടി പുകവലി ഉപഭോക്താക്കള്‍

* ഓരോ സിഗരറ്റും പത്തു സെക്കന്റ് ജീവിതത്തില്‍ നിന്നും നഷ്ടപ്പെടുത്തുന്നു

* സ്ഥിരമായി പുകവലിക്കുന്നവരില്‍ 50 ശതമാനം പുകയില ജന്യമായ കാരണത്താല്‍ മരണമടയുന്നു

* കാന്‍സര്‍, ഹൃദ്രോഗം, രക്തസമ്മര്‍ദം, പക്ഷാഘാതം, ആത്സ്മ, ശ്വാസതടസം, ചുമ തുടങ്ങിയ മറ്റു രോഗങ്ങള്‍ക്കു കാരണമാകാം.

മദ്യപാനം

കേരളീയരുടെ മറ്റൊരു പ്രധാന ദുശ്ശീലമായ മദ്യപാനം അഞ്ചു ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുന്നു. വളരെ മാരകമായ ലിവര്‍ കാന്‍സര്‍ ഉണ്ടാക്കാന്‍ മദ്യത്തിനു കഴിയും. വായ്, തൊണ്ട, അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലും കാന്‍സര്‍ വരുവാന്‍ മദ്യം കാരണമാകുന്നു.

രോഗാണുബാധ

രോഗാണുക്കള്‍ ഏകദേശം 18 ശതമാനം കാന്‍സറുകളുടേയും കാരണമാകുന്നു. ഉദാ-ഹെപ്പറ്റൈറ്റീസ് ബി, സി വൈറസ്(ലിവര്‍ കാന്‍സര്‍), ഹ്യൂമന്‍ പാപ്പിലോമ വൈറസ്(സെര്‍വിക്കല്‍ കാന്‍സര്‍) അഥവാ ഗര്‍ഭാശയ കാന്‍സര്‍, ഹെലികോബാക്ടര്‍(ആമാശയ കാന്‍സര്‍). ഈ രോഗാണുക്കള്‍ക്കെതിരായ കുത്തിവെയ്പ്പുകള്‍ രോഗം വരാതിരിക്കുവാന്‍ സഹായിക്കും.

അന്തരീക്ഷ മലിനീകരണം

വായു, മണ്ണ്, ജലം എന്നിവ മലിനീകരിക്കുന്ന രാസവസ്തുക്കള്‍ പലവിധത്തിലുള്ള കാന്‍സറുകള്‍ക്കു കാരണമാകുന്നു(ഉദാ- ശ്വാസകോശ കാന്‍സര്‍, ത്വക്ക് കാന്‍സര്‍, രക്താര്‍ബുദം)

തെറ്റായ ഭക്ഷണരീതി

തെറ്റായ ഭക്ഷണരീതി മൂലം കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിക്കുന്നു. കൊഴുപ്പു കൂടിയ ആഹാരം, ചുവന്ന മാസം, മൃഗ കൊഴുപ്പ്, പൂപ്പല്‍ ബാധിച്ച ധാന്യങ്ങളും പരിപ്പുകളും, കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍, പ്രിസര്‍വേറ്റീവ് ചേര്‍ത്തിട്ടുള്ള ആഹാരം, ഫാസ്റ്റ്ഫുഡ്, നാരു കുറഞ്ഞ ഭക്ഷണം, കൂടുതല്‍ വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങള്‍ എന്നിവ കാന്‍സറിനെ(കുടല്‍, സ്തനം, ഗര്‍ഭപാത്രം, പ്രോസ്റ്റേറ്റ്) കൂടുതല്‍ ഉത്തേജിപ്പിക്കാന്‍ സാധ്യതയുണ്ട്.

അമിതഭാരം- വ്യായാമരഹിത ജീവിതം

സ്ഥിരമായ ശാരീരിക വ്യായാമക്കുറവും ശരീരഭാര കൂടുതലും പലവിധത്തിലുള്ള കാന്‍സര്‍ വരുവാന്‍ കാരണമാകുന്നു. ആമാശയം, ഗര്‍ഭാശയം, അന്നനാളം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകള്‍ക്കുള്ള സാധ്യത കൂടുന്നു.

കാന്‍സര്‍ സൂചനകള്‍

* ശരീരത്തിലെ മുഴകളും തടിപ്പുകളും

* ഉണങ്ങാത്ത വൃണങ്ങള്‍

* വായില്‍ കാണുന്ന വെളുത്ത പാടുകള്‍- പ്രത്യേകിച്ച് പുകയില ഉപയോഗിക്കുന്നവര്‍

* തുടര്‍ച്ചയായുള്ള ശബ്ദമടപ്പും, വരണ്ട ചുമയും- പുകവലിക്കുന്നവരില്‍ പ്രധാനം

* അസാധാരണമായ രക്തസ്രാവം

* മലമൂത്ര വിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍-പ്രത്യേകിച്ച് 50 വയസിനു മുകളിലുള്ളവര്‍ക്ക്

* മറുക്, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുള്ള മാറ്റങ്ങള്‍

* നീണ്ടുനില്‍ക്കുന്ന പനി, വിളര്‍ച്ച, കഴലകളില്‍ വരുന്ന വീക്കം, ആഹാരം ഇറക്കുവാനുള്ള പ്രയാസം, ഛര്‍ദ്ദി.

ഈ മാറ്റങ്ങള്‍ എപ്പോഴും കാന്‍സറിന്റേതാകണമെന്നില്ല. സാധാരണ ചികിത്സകൊണ്ട് ശമനം കിട്ടുന്നില്ലെങ്കില്‍ പ്രത്യേക പരിശോധനകള്‍ക്ക് വിധേയമാകണം.

കാന്‍സര്‍ എങ്ങനെ തടയാം

* പുകയിലയുടെ ഏതൊരു രീതിയിലുമുള്ള ഉപയോഗം തുടരാതിരിക്കുക/ വേണ്ടെന്നു വയ്ക്കുക

* മദ്യം-ജീവിതത്തില്‍ നിന്ന് ഒഴിവാക്കുക

* കൊഴുപ്പേറിയ ഭക്ഷണം, കൃത്രിമ നിറം, പ്രിസര്‍വേറ്റീവ് കലര്‍ന്ന ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ വേണ്ടെന്നു വയ്ക്കുക

* സ്ഥിരമായ വ്യായാമം, യോഗ, മെഡിറ്റേഷന്‍ എന്നിവ ശീലമാക്കുക

* അമിതഭാരം ഉണ്ടാകാതെ സൂക്ഷിക്കുക

* ആഹാരത്തില്‍ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക

* തവിട് കളയാത്ത ധാന്യം ഉപയോഗിക്കുക

* പൂപ്പലില്ലാത്ത പരിപ്പുകളും ധാന്യങ്ങളും നല്ലത്

* ചുവന്ന മാംസത്തിനു പകരം മത്സ്യം ഉപയോഗിക്കുക

* മിതമായ രീതിയിലുള്ള- വിറ്റാമിന്‍-ഡി, കൊഴുപ്പ് കുറഞ്ഞ നാരുകള്‍ അടങ്ങിയ ആഹാരം എന്നിവ ശീലമാക്കുക

* രോഗാണുബാധയ്‌ക്കെതിരെ കുത്തിവയ്പ്

* അന്തരീക്ഷ മലിനീകരണം ഒഴിവാക്കുക

* തൊഴില്‍ സ്ഥലത്തെ കാന്‍സര്‍ പ്രേരിത വസ്തുക്കളുമായി ഇടപഴകുന്നതില്‍ നിയന്ത്രണവും വേണ്ട സുരക്ഷ ഏര്‍പ്പാടുകളും ചെയ്യുക

* പച്ചക്കറികളിലും പഴവര്‍ഗങ്ങളിലുമുള്ള കീടനാശിനി ഉപയോഗത്തില്‍ നിയന്ത്രണം പാലിക്കുക

* ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുക

കാന്‍സറിനെക്കുറിച്ചുള്ള ശരിയായ അവബോധം ഉണ്ടെങ്കില്‍ കാന്‍സറിനെ ഭയക്കേണ്ട ആവശ്യമില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കണം.

ശ്രദ്ധിക്കാം ഒമ്പത് കാര്യങ്ങള്‍; സൂക്ഷിക്കാം ആരോഗ്യം

ആരോഗ്യമാണ് മറ്റെന്തിനേക്കാളും പ്രധാനം. ഇന്നത്തെ കാലത്ത് നാം ഉപയോഗിക്കുന്ന എല്ലാത്തരം വസ്തുക്കളും നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നവയാണ്. ഈ വിഷമയമായ സാഹചര്യങ്ങളില്‍ നമ്മുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മുടെ സ്വന്തം ഉത്തരവാദിത്വമാണ്. കൃത്യമായ വ്യായമത്തിലൂടെയും ദിനചര്യകളിലൂടെയും നമ്മുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ നമുക്ക് കഴിയും, അതുവഴി യുവത്വവും.

1. ദിവസവും പത്ത് മിനിട്ടെങ്കിലും നടക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കൂട്ടി രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നു.

2. പ്രഭാത ഭക്ഷണത്തിന് സമയനിഷ്ഠ പാലിക്കുക. ഉഴുന്ന് ചേര്‍ന്ന ദോശ, ഇഡ്ഡലി, ഗോതമ്പ് ചപ്പാത്തി, റോട്ടി കൂടാതെ പഴവര്‍ഗ്ഗങ്ങള്‍, മുട്ട പാലും, പാലുത്പന്നങ്ങളും. പ്രഭാതഭഷണം ഒരിക്കലും ഒഴിവാക്കരുത്. ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജ്ജമാണ് ബ്രേക്ക് ഫാസ്റ്റ് .

3. ദിവസവും എട്ട് മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിച്ചിരിക്കണം. രക്തത്തിന്റെ പ്യൂരിഫിക്കേഷനും സുഗമമായ രക്തസഞ്ചാരത്തിനും ഇത് വഴിയൊരുക്കുന്നു.

4. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. മധുരത്തിന്റെ ഉപയോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഗോഗം ബാധിക്കുകയും ചെയ്യും. തവിടോടുകൂടിയ ധാന്യങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.

5. ശരീരത്തിന് ആവശ്യമായ സിങ്ക് മെഗ്‌നീഷ്യം ഇവ ലഭിക്കാന്‍  ബദാം, കശുവണ്ടിപ്പരിപ്പ്, ധാന്യവര്‍ഗ്ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

6. പെട്ടെന്നുളള ദേഷ്യം , സങ്കടം, നിരാശ, ആകാംക്ഷ ഇവയെല്ലാം മാനസിക സമ്മര്‍ദ്ദത്തിന് ഇടയാക്കും. ഇത് രക്തത്തെ ദുഷിപ്പിക്കും. മനസ്സിന് ലാഘവത്വം കൊണ്ടുവരാന്‍ സ്വയം പരിശീലിക്കുക.

7. വിളര്‍ച്ച, തൈറോയ്ഡ്, ആര്‍ത്തവപ്രശ്‌നങ്ങള്‍ ഇവ പരിഹരിക്കുക.

8. ആവശ്യത്തിലധികം ഭക്ഷണം കഴിക്കാതിരിക്കുക.

9. ഭക്ഷണത്തില്‍ അച്ചാറുകള്‍, സംസ്‌കരിച്ച ധാന്യങ്ങള്‍ ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.

കരള്‍ സുരക്ഷിതമെങ്കില്‍

ഡോ. ഫെബിന്‍ ആന്റോ കണ്ടംകുളത്തി - MD (Ay)

കരള്‍ അഥവാ ലിവര്‍ ശരീരത്തില്‍ സ്ഥിതി ചെയ്യുന്ന  ഏറ്റവും വലിയ ഗ്രന്ഥിയാണ്.  ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും അതിന്റേതായ ചുമതലകള്‍ ഉണ്ട്.  എന്നാല്‍ കരളിന്റെ ചുമതലകള്‍ പലപ്പോഴും എളുപ്പത്തില്‍ വിവരിച്ച് തീര്‍ക്കാവുന്നവയല്ല.  വേദങ്ങളില്‍ പോലും ഈ അവയവത്തേയും അതിന്റെ പ്രാധാന്യത്തെയും കുറിച്ചുള്ള സൂചനകള്‍ ഉണ്ട്.  ശരീരഭാരത്തിന്റെ ഏകദേശം രണ്ട് ശതമാനമെങ്കിലും ഭാരം വരുന്ന ഈ കരളിന്റെ പുനര്‍ജന്മ കഴിവ് പുരാതന ഗ്രീക്ക് കഥകളില്‍ പോലും വിവരിയ്ക്കുന്നുണ്ട്.  വലിയ ഒരു ഭാഗം നഷ്ടമായാല്‍ പോലും തിരികെ വളരാനുള്ള കഴിവ് ഈ അവയവത്തിന്റെ പ്രത്യേകതയാണ്.

കരളിന്റെ ധര്‍മ്മങ്ങള്‍

ദഹനസംബന്ധമായും, ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജോല്‍പ്പാദനവും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ  (മദ്യം, വിഷം മുതലായവ) നീക്കം ചെയ്യലും പ്രധാന ചുമതലകളാണ്.  ഇവ കൂടാതെ രക്തം കട്ടപിടിയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം തുടങ്ങി നൂറ് കണക്കിന് മറ്റു ചുമതലകളും കരളിനുണ്ട്.

കരള്‍ രോഗങ്ങള്‍

പ്രധാനമായും കണ്ടുവരുന്നത് വൈറല്‍ ഹെപ്പറ്റെറ്റിസ് (A, B, C, D, E), മദ്യവിഷാദികള്‍ മൂലമുണ്ടാകുന്ന കരള്‍ പ്രശ്‌നങ്ങള്‍, കൊഴുപ്പിന്റെ ആധിക്യം പ്രധാനമായുള്ള ഫാറ്റീലിവര്‍, അപകടകാരിയായ ലിവര്‍ സിറോസിസും ഏതൊരവയവത്തിനെന്ന പോലെ കരളിലുണ്ടാകുന്ന അര്‍ബ്ബുദവും ആണ്.  കൂടാതെ ഹെര്‍പസ് ഡീംപ്ലെക്‌സ്, അഡിനോ, സൈറ്റോ മെഗാലോ മുതലായ വൈറസുകളും, വില്‍സണ്‍സ്, ഹിമോക്രൊമാറ്റൊസിഡ്, തുടങ്ങിയ രോഗാവസ്ഥകളും കരളിനെ പ്രതിസന്ധിയിലാക്കാറുണ്ട്.

വൈറല്‍ ഹെപ്പറ്റെറ്റിസ് എ, ഇ വിഭാഗത്തില്‍പ്പെട്ടവ സാധാരണയായി അശുദ്ധമായ ഭക്ഷണപദാര്‍ത്ഥങ്ങളിലൂടെയാണ് വന്നുപെടുന്നത്. അതില്‍തന്നെ എ വിഭാഗത്തില്‍പ്പെട്ട വൈറസ് ഏതുകാലാവസ്ഥയിലും നിലനില്‍ക്കുന്നതും, കൂടുതലായി കണ്ടുവരുന്നതുമാണ്. മറ്റുള്ള ബി, സി, ഡി വിഭാഗത്തില്‍പ്പെട്ടവ രക്തവും, രക്തഘടകങ്ങളും മറ്റുശരീര സ്രവങ്ങളും, അനുവിമുക്തമല്ലാത്ത ലാബ്, ആശുപത്രി ഉപകരണങ്ങള്‍, ഷേവിംഗ് സെറ്റ് മുതലായവ വഴിയും വന്നുപെടുന്നു.

സാമാന്യരോഗ സൂചനകള്‍

മഞ്ഞപ്പിത്തം - രക്തത്തില്‍ ബിലിറൂബിന്‍ അടിഞ്ഞുണ്ടാകുന്ന ഈ അവസ്ഥയില്‍ കണ്ണിന്റെ വെളുത്ത ഭാഗത്തും ത്വക്കിനും മഞ്ഞനിറം ബാധിയ്ക്കുന്നു. നഖ, മൂത്രാദികള്‍ക്കുള്ള മഞ്ഞനിറം, വിശപ്പില്ലായ്മ, ശരീരതളര്‍ച്ച, ശരീരത്തില്‍ ശക്തമായ ചൊറിച്ചില്‍, ഛര്‍ദ്ദിക്കാനുള്ള പ്രവണത, വയര്‍ വീര്‍പ്പ്, വേദന, പാദത്തിലും മറ്റും നീര്‍കെട്ട്

കരള്‍ രോഗങ്ങളും ആഹാര വിഹാരങ്ങളും

കൊഴുപ്പും, എണ്ണമയവും കൂടുതലുള്ള ഭക്ഷണസാധനങ്ങളുടെ അമിതോപയോഗം (മാംസം, മുട്ട, നെയ്യ്‌, വറവ് മുതലായവ), മദ്യപാനം, വൃത്തിഹീനമായ ഭക്ഷണപാനങ്ങള്‍, വ്യായാമമില്ലായ്മ

മേല്‍പ്പറഞ്ഞ ശീലങ്ങള്‍ക്കൊപ്പം നിയന്ത്രണമില്ലാത്ത കൊളസ്‌ട്രോളും, പ്രമേഹവും ഒക്കെത്തന്നെ കരള്‍ രോഗത്തിലേയ്ക്ക് നയിക്കാറുണ്ട്.

കരള്‍ രോഗങ്ങളും മദ്യപാനവും

ആല്‍ക്കഹോളിക് ഫാറ്റിലിവര്‍, ആല്‍ക്കഹോളിക് ഹെപ്പറ്റെറ്റിസ്, ലിവര്‍ സിറോസിസ്, തുടങ്ങിയവ മദ്യപാനനിമിത്തജങ്ങളാണ്.

ഇതില്‍ കരളിലെ കോശങ്ങള്‍ക്ക് കേടുപാടുകള്‍ അധികരിച്ച് അതിന്റെ ചുമതലകള്‍ നിര്‍വ്വഹിയ്ക്കാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്ന സിറോസിസ് കൂട്ടത്തില്‍ അപകടകാരിയും കൂടാതെ മുന്‍പ് സൂചിപ്പിച്ച രോഗാവസ്ഥകളെ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാതെയിരുന്നാലും സംഭവിക്കുന്ന ഒന്നാണ്.

കരള്‍രോഗ ചികിത്സ ആയുര്‍വേദ ശാസ്ത്രത്തില്‍

ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളില്‍ പിത്തം പ്രധാനമായി  അതിന്റെ കാരണങ്ങളാല്‍ വര്‍ദ്ധിച്ച് അത് ശരീരത്തില്‍വ്യാപിച്ച് മഞ്ഞപ്പിത്തം എന്ന അവസ്ഥ സൃഷ്ടിക്കപ്പെടുന്നു.  ശാസ്ത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള വൈദ്യനിര്‍ദ്ദേശാനുസരണമുള്ള, അവസ്ഥാനുസാരേണയുള്ള ചികിത്സകള്‍ ഒട്ടുമിക്ക കരള്‍ രോഗങ്ങളെയും വരുതിയിലാക്കുന്നുണ്ട്.

തവിഴാമ, മരമഞ്ഞള്‍, കീഴാര്‍ നെല്ലി, കൊടവന്‍, നെല്ലിക്ക, വേപ്പ്, മഞ്ചട്ടി, കറ്റാര്‍ വാഴ, അമൃത്, കടുകരോഹിണി, തൃകോല്‍പകൊന്ന മുതലായ ഔഷധങ്ങള്‍ ഒറ്റയ്‌ക്കോ, കൂട്ടമായോ അവസ്ഥാനുസരണം ഉപയോഗിക്കുന്നത് കരള്‍ രോഗങ്ങളില്‍ ഗുണം ചെയ്യാറുണ്ട്

കൂടാതെ ദ്രക്ഷാതി, വാശാഗുളൂച്യാടി, പടോലകടുരോഹിണ്യാദി, മൈലാഞ്ചിവേരാദി തുടങ്ങിയ കഷായങ്ങളും, ദശമൂലഹരീതകി, ദ്രാഭാദി മുതലായ ലേഹ്യങ്ങളും തലയില്‍ ആറുകാലാദി പോലുള്ള എണ്ണകളും ഉപയോഗിക്കാറുണ്ട്.

മറ്റു ചികിത്സാരീതികളായ വിരേചനനം, വസ്തി, നസ്യം, അജ്ജനപ്രയോഗം, തളം എന്നിവയും അവസ്ഥാനുസരണം പ്രയോഗിക്കാറുണ്ട്

മേല്‍പ്പറഞ്ഞ ചികിത്സകളോടൊപ്പം ചിട്ടയായ പഥ്യക്രമങ്ങള്‍ (ആഹാരവിഹാരണം) വളരെ ഗുണം നല്‍കാറുണ്ട്

സുരക്ഷിതവും, രോഗമുക്തവുമായ കരള്‍ എന്നത് ഒരു വ്യക്തിയുടെ വ്യക്തിത്വത്തേയും, ജീവിത ശൈലിയേയുമാണ് സൂചിപ്പിക്കുന്നത്.  അതിനാല്‍ സുരക്ഷിതമായ കരള്‍ എന്നതാകട്ടെ നമ്മുടെ ലക്ഷ്യം.  കരള്‍ സുരക്ഷിതമെങ്കില്‍ ജീവിതം സുരക്ഷിതം.

കടപ്പാട് : www.deshakkazhcha.com

അവസാനം പരിഷ്കരിച്ചത് : 7/6/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate