অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

രാവിലെയുള്ള തലവേദന

തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും. പ്രത്യേകിച്ചും രാവിലെ അനുഭവപ്പെടുന്ന തലവേദനയ്ക്ക്

ജോലിഭാരവും അമിത സമ്മര്‍ദവും ഉണ്ടാകുമ്പോള്‍ തലവേദന അനുഭവപ്പെടാത്തവര്‍ ചുരുക്കമാണ്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ഏതുപ്രായക്കാര്‍ക്കും തലവേദന ഉണ്ടാകാം. അതുകൊണ്ട് തന്നെ തലവേദന സാധാരണ രോഗമായി കണക്കാക്കാറുമുണ്ട്.

തലവേദന സര്‍വസാധാരണമായ രോഗമാണെങ്കിലും ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തലവേദനയ്ക്ക് വിവിധ കാരണങ്ങളുണ്ടാകും. പ്രത്യേകിച്ചും രാവിലെ അനുഭവപ്പെടുന്ന തലവേദനയ്ക്ക്.

തലയിലോ കഴുത്തിന്റെ മേല്‍ഭാഗത്തോ ഉണ്ടാകുന്ന വേദനയാണ് തലവേദനയായി പൊതുവേ പറയപ്പെടുന്നത്. തലവേദന പലതരത്തിലുണ്ടെങ്കിലും പ്രധാനമായും രണ്ടായി തരംതിരിക്കാം. പ്രൈമറി അല്ലെങ്കില്‍ സെക്കന്‍ഡറി എന്നിങ്ങനെ.

പ്രൈമറി: പ്രത്യേക കാരണങ്ങളില്ലാതെ ഇടവേളകളില്‍ ഉണ്ടാകുന്ന തലവേദനയാണ് പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സ്‌കാന്‍ ചെയ്താലും കാരണങ്ങള്‍ ഒന്നും തന്നെ ഇത്തരം തലവേദനയ്ക്ക് ഉണ്ടാകില്ല. മൈഗ്രേന്‍, ക്ലസ്റ്റര്‍ മൈഗ്രേന്‍ തുടങ്ങിയവ പ്രൈമറി വിഭാഗത്തിലുള്‍പ്പെടുന്നവയാണ്.

സെക്കന്‍ഡറി: മറ്റ് കാരണങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ അസുഖങ്ങള്‍ മൂലമോ തലവേദനയുണ്ടാകുന്നത് സെക്കന്‍ഡറി വിഭാഗത്തില്‍പ്പെടും. മെനിജൈറ്റിസ്, കഴുത്തിലെ സ്‌പോണ്ടിലോസിസ്, ഗ്ലോക്കോമ, ബ്രയിന്‍ ട്യൂമര്‍, സ്ലീപ് അപ്നിയ തുടങ്ങിയ കാരണങ്ങള്‍ മൂലവും തലവേദന ഉണ്ടാകും.

കാരണങ്ങള്‍ പലത്


തലവേദന അനുഭവപ്പെടുന്ന 60 ശതമാനം ആളുകളിലും മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയാണ് കണ്ടുവരുന്നത്. സാധാരണയായി ഉണ്ടാകുന്ന തലവേദന മൈഗ്രേന്‍ അല്ലെങ്കില്‍ ടെന്‍ഷന്‍ മൂലമുണ്ടാകുന്ന തലവേദനയാകാനാണ് സാധ്യത. എന്നാല്‍ രാവിലെ ഉണ്ടാകുന്ന തലവേദന മൈഗ്രേനായി പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.

മൈഗ്രേന്‍ സാധാരണഗതിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ കുറയാറാണ് പതിവ്. അപൂര്‍വമായി മാത്രമേ മൈഗ്രേന്‍ ഉള്ളവര്‍ക്ക് രാവിലെ വേദന ഉണ്ടാകാറുള്ളൂ. എന്നാല്‍ ക്ലസ്റ്റര്‍ തലവേദന രാവിലെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

തലവേദനയോടു കൂടി എഴുന്നേല്‍ക്കുകയും കലശലായിട്ടുള്ള തലവേദന അനുഭവപ്പെടുകയും 15 മിനിട്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ വേദന നിലനില്‍ക്കാനും സാധ്യതയുണ്ട്. പിന്നീട് സാധാരണ നിലയില്‍ തലവേദന കുറയുകയും ചെയ്യാറാണ് പതിവ്.

തലവേദനയ്ക്ക് വേദനസംഹാരികള്‍ ഇടയ്ക്കിടെ കഴിക്കുന്നവര്‍ക്ക് രാവിലെ തലവേദന ഉണ്ടാകാം. അതോടൊപ്പം മറ്റ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ചിലപ്പോള്‍ രാവിലെയുള്ള തലവേദനയ്ക്ക് കാരണമാകാറുണ്ട്.

കഫൈന്‍ ഉത്പന്നങ്ങളുടെ അമിത ഉപയോഗം ഉള്ളവരില്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകും. രാത്രിയില്‍ കഫൈന്‍ ഉത്പന്നങ്ങളുടെ ഉപയോഗത്തിനു ശേഷം രാവിലെ വരെയുള്ള ഇടവേളയാണ് തലവേദനയ്ക്ക് കാരണമാകുക.

കഫൈന്‍ വിഡ്രോവല്‍ ഹെഡെയ്ക്ക് എന്നാണ് ഇവ പറയപ്പെടുന്നത്. ബ്രെയിന്‍ ട്യൂമര്‍ ഉള്ളവരില്‍ രാവിലെയായിരിക്കും തലവേദന കൂടുതലായി അനുഭവപ്പെടുന്നത്. നിവര്‍ന്ന് കിടക്കുമ്പോള്‍ തലയ്ക്കകത്ത് പ്രഷര്‍ കൂടാനിടയുണ്ട്. കിടക്കുമ്പോള്‍ തലയില്‍ പ്രഷര്‍ കൂടുന്നതുകൊണ്ട് തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയും ഛര്‍ദിലും ഉണ്ടായേക്കാം.

എന്നാല്‍ നില്‍ക്കുമ്പോള്‍ തലയില്‍ പ്രഷര്‍ കുറവായേ അനുഭവപ്പെടുകയുള്ളൂ. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ തലവേദന ഉണ്ടായാല്‍ തീര്‍ച്ചയായും മസ്തിഷ്‌ക സംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തേണ്ടതുണ്ട്.

ശ്വാസകോശ സംബന്ധം


ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഉറക്കത്തില്‍ ഓക്‌സിജന്റെ അളവ് കുറയാന്‍ സാധ്യതയുണ്ട്. ശ്വാസമെടുക്കുന്നതിന്റെ അളവ് കുറയുകയും അതോടൊപ്പം കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും.

ഇങ്ങനെ രക്തത്തില്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുന്നത് തലവേദനയ്ക്ക് കാരണമാകും. അതുകൊണ്ട് ശ്വാസം മുട്ടലുള്ളവര്‍ക്ക് രാവിലെ തലവേദന അനുഭവപ്പെടാന്‍ സാധ്യത വളരെ കൂടുതലാണ്.

പ്രമേഹമുള്ളവരില്‍ രാത്രിയില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയുന്നതുകൊണ്ടും മറ്റ് കാരണങ്ങള്‍ കൊണ്ടും ലോ ബ്ലഡ് ഷുഗര്‍ ഉണ്ടാകാം. ഇത് തലവേദനയ്ക്ക് ഇടയാക്കും.

ഹൃദ്രോഗത്തിനുപയോഗിക്കുന്ന മരുന്നുകള്‍ കഴിക്കുന്നവരിലും ചിലപ്പോള്‍ തലവേദന ഉണ്ടാകാറുണ്ട്്. മറ്റ് അസുഖങ്ങള്‍ക്ക് മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം തലവേദന അനുഭവപ്പെടുന്നതായിട്ടാണ് പൊതുവേ കണ്ടുവരുന്നത്.

സൈനസൈറ്റിസ് ഉള്ളവരിലും രാവിലെയുണ്ടാകുന്ന തലവേദന കാരണമാകാറുണ്ട്. ചിലര്‍ക്ക് കൂര്‍ക്കം വലിക്കുമ്പോള്‍ ശ്വാസം കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകും. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്ന ഈ അവസ്ഥയില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും. ഇതും തലവേദനയ്ക്ക് കാരണമാകും.

ലക്ഷണങ്ങള്‍


തലവേദന പലതരത്തിലുണ്ടാകുന്നതിനാല്‍ ലക്ഷണങ്ങളും വ്യത്യസ്തമായിരിക്കും. മൈഗ്രേന്‍ മൂലമുണ്ടാകുന്ന തലവേദന രാവിലെ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ചില സാഹചര്യങ്ങളില്‍ മൈഗ്രേനുള്ളവരില്‍ രാവിലെ തലവേദന അനുഭവപ്പെടാം. വളരെ ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് അത്തരത്തില്‍ തലവേദന ഉണ്ടാകാന്‍ സാധ്യതയുള്ളൂ.

രാവിലെ ഉണ്ടാകുന്ന തലവേദന ക്ലസ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നതാണെങ്കില്‍ തലയുടെ ഏതെങ്കിലും ഒരുഭാഗത്ത് മാത്രമായിരിക്കും വേദന തോന്നുന്നത്. വേദന തോന്നുന്ന വശത്തെ കണ്ണ് ചുമന്ന് കാണപ്പെടുക, കണ്ണിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നിക്കുക. കണ്ണിലൂടെയും മൂക്കിലൂടെയും വെള്ളം വരിക, അതികഠിനമായ തലവേദന എന്നിവ ക്ലസ്റ്റര്‍ തലവേദനയുടെ ലക്ഷണങ്ങളാണ്.

ബ്രയിന്‍ ട്യൂമര്‍ അല്ലെങ്കില്‍ മസ്തിഷ്‌കത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന തലവേദനയാണെങ്കില്‍ തലവേദനയോടൊപ്പം ഒരു ഭാഗത്ത് മരവിപ്പ് അനുഭവപ്പെടുക, ഒരു ഭാഗത്ത് ബലക്കുറവ്, നടക്കുമ്പോള്‍ വിയര്‍ക്കുക, ഓക്കാനം കൂടാതെ പെട്ടെന്നുണ്ടാകുന്ന ഛര്‍ദില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകാം.

ദൈനംദിന ജീവിതത്തെ ബാധിക്കുമ്പോള്‍


രാവിലെ തന്നെ തലവേദന ഉണ്ടാകുന്നത് ഒരു ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ജോലിയെയും ആ ദിവസത്തെ പ്രവര്‍ത്തനങ്ങളും ഇത്് മന്ദഗതിയിലാക്കും. ഒരു കാര്യത്തിനും ഉത്സാഹമില്ലാത്ത അവസ്ഥയായിരിക്കും അനുഭവപ്പെടുന്നത്. അതികഠിനമായ തലവേദന മൂലം ജോലിക്കോ പഠനത്തിനോ പോകാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകാം.

തലവേദന കാരണം ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞെന്നും വരില്ല. ഇങ്ങനെ ഒരു വ്യക്തിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ തലവേദന പലവിധത്തില്‍ ബാധിക്കാനിടയുണ്ട്. ഉറക്കക്കുറവും ചിലയവസരങ്ങളില്‍ തലവേദനയ്ക്ക് ഇടയാക്കും.

ഉറക്കക്കുറവ് മൂലമുണ്ടാകുന്ന തലവേദനയും ഒരു ദിവസത്തെ പ്രവര്‍ത്തനത്തെ ബാധിക്കും. ഉറക്കക്കുറവ്, അമിത സമ്മര്‍ദം ഇവയെല്ലാം തലവേദന ഉണ്ടാകുന്നതിനും അതേതുടര്‍ന്ന് ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാനുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

ചികിത്സിച്ചുമാറ്റാം


ഏതുതരം തലവേദനയാണെന്ന് കണ്ടെത്തി അതിനനുയോജ്യമായ ചികിത്സ ആരംഭിക്കുന്നതാണ് ഉത്തമം. അതോടൊപ്പം തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യേണ്ടതുണ്ട്.

ഉറക്കക്കുറവ്, കാലാവസ്ഥ വ്യത്യാസങ്ങള്‍, ചില പെര്‍ഫ്യൂമിന്റെ ഗന്ധം അങ്ങനെ ഓരോ വ്യക്തികള്‍ക്കും ഓരോ തരത്തിലായിരിക്കും ഉത്തേജക ഘടകങ്ങള്‍ ഉണ്ടാകുന്നത്. ചികിത്സയോടൊപ്പം ഇവയും നിയന്ത്രിച്ചെങ്കില്‍ മാത്രമേ ചികിത്സ പൂര്‍ണമായും ഫലപ്രദമാകൂ.

പ്രൈമറി വിഭാഗത്തില്‍പ്പെടുന്ന തലവേദനയാണെങ്കില്‍ യോഗ, മറ്റ് വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കാവുന്നതാണ്. കാപ്പിയുടെ അമിത ഉപയോഗമുള്ളവര്‍ അതും നിയന്ത്രിക്കണം.

ചികിത്സയുടെ പ്രാരംഭം തലവേദനയ്ക്ക് കാരണമാകുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുകയെന്നതാണ്. ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ തലവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ എത്രയും വേഗം ചികിത്സ തേടേണ്ടതുണ്ട്.

കഫൈന്റെ ഉപയോഗം പെട്ടെന്ന് നിയന്ത്രിക്കുമ്പോള്‍ ചിലപ്പോള്‍ തലവേദന കൂടാന്‍ സാധ്യതയുണ്ട്. പ്രൈമറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തലവേദന മെഡിക്കേഷനിലൂടെയും ഉത്തേജന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിലൂടെയും ഒരു പരിധി വരെ പരിഹരിക്കാനാകും.

സെക്കന്‍ഡറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന തലവേദനയാണെങ്കില്‍ ബ്രയിന്‍ ട്യൂമര്‍, ശ്വാസകോശ രോഗങ്ങള്‍, സ്ലീപ് അപ്നിയ തുടങ്ങിയ രോഗങ്ങള്‍ ചികിത്സിക്കുമ്പോള്‍ സ്വാഭാവികമായും തലവേദന കുറയാറുണ്ട്.

ഡോ. ജോസഫ് സെബാസ്റ്റിയന്‍
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

അവസാനം പരിഷ്കരിച്ചത് : 6/26/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate