অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചില രോഗ വിവരങ്ങള്‍

വന്‍കുടലിലെ അര്‍ബുദം

വന്‍കുടലിലും മലദ്വാരത്തിലും ഉണ്ടാകുന്ന ക്യാന്‍സര്‍ പാശ്ചാത്യരാജ്യങ്ങളില്‍ സര്‍വസാധാരണമാണ്. ഇന്ത്യക്കാരില്‍ അപൂര്‍വമായാണ് ഈ രോഗം കണ്ടിരുന്നത്. എന്നാല്‍, അടുത്തകാലത്തായി ഈ രണ്ട് ക്യാന്‍സറും കേരളത്തില്‍ കൂടുതലായി കാണപ്പെടുന്നു. നമ്മുടെ ജീവിതരീതിയില്‍ വന്ന വ്യത്യാസവും പാശ്ചാത്യരെ അനുകരിച്ചുള്ള ആഹാരക്രമവുമാണ് കാരണമെന്ന് കണക്കാക്കപ്പെടുന്നു. ഇത്തരം ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിച്ചാല്‍ ശാസ്ത്രീയമായി ചികിത്സിച്ചു ഭേദപ്പെടുത്താം.

എന്താണ് അര്‍ബുദം?: മനുഷ്യര്‍ക്കുണ്ടാകുന്ന നൂറുകണക്കിന് രോഗങ്ങളില്‍ ഒന്നു മാത്രമാണ് ക്യാന്‍സര്‍. കോശങ്ങളുടെ വളര്‍ച്ചയ്ക്ക് വ്യത്യാസം വന്ന് നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ക്യാന്‍സര്‍ ആവുന്നത്. നിയന്ത്രണം ഇല്ലാതെ കോശങ്ങള്‍ വളരുമ്പോള്‍ മുഴകള്‍ (ട്യൂമര്‍) ഉണ്ടാകുന്നു. ആ മുഴകള്‍ അര്‍ബുദമാണെങ്കില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്കും പടരുന്നു.

കാരണങ്ങള്‍: വന്‍കുടലിലും മലദ്വാരത്തിലും അര്‍ബുദം ബാധിക്കുന്നതിന് പ്രത്യേക കാരണമില്ല. എന്നാല്‍, ഈ രോഗം വരാനുള്ള സാധ്യതകള്‍ താഴെപ്പറയുന്നവരില്‍ കൂടുതലായുണ്ട്. 50 വയസ്സിന് മുകളിലുള്ളവര്‍, പുരുഷന്മാര്‍, വന്‍കുടലിന്റെയും മലദ്വാരത്തിന്റെയും അകത്തെഭിത്തിയില്‍ സൂക്ഷ്മമായ മുഴകള്‍ ഉള്ളവര്‍, ഇത്തരം അര്‍ബുദത്തിന്റെ കുടുംബപാരമ്പര്യം ഉള്ളവര്‍, സംസ്‌കരിച്ച റെഡ് മീറ്റ് കൂടുതലായി കഴിക്കുന്നവരിലും നാരടങ്ങിയ ഭക്ഷണം കുറവ് കഴിക്കുന്നവരിലും, വ്യായാമം ഇല്ലാത്തവരിലും ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നവരിലും പുകവലിക്കാര്‍ക്കും, കുടല്‍സംബന്ധമായ രോഗം ഉള്ളവര്‍ക്കും.
ലക്ഷണങ്ങള്‍: ആദ്യഘട്ടത്തില്‍ പ്രത്യേക ലക്ഷണം ഉണ്ടാക്കണമെന്നില്ല. കൂടുതല്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണുന്നത് ക്യാന്‍സര്‍ കാരണം മലശോധനയ്ക്ക് തടസ്സം സംഭവിക്കുമ്പോഴും വ്രണങ്ങള്‍ ഉണ്ടാകുമ്പോഴുമാണ്.

മലത്തില്‍ രക്തം കാണുക, പ്രത്യേക കാരണമില്ലാതെ ദഹനപ്രക്രിയയിലും മലശോധനയിലും വ്യത്യാസം തോന്നുക, മലവിസര്‍ജനം നടത്തുമ്പോള്‍ വളരെ കുറഞ്ഞ വ്യാസത്തില്‍ മലം പുറത്തേക്കുവരിക, തുടര്‍ച്ചയായുള്ള വായുശല്യം, വേദന തുടങ്ങിയ പൊതുവായുള്ള വയറിന്റെ അസ്വസ്ഥതകള്‍, ഇടയ്ക്കിടയ്ക്ക് മലശോധന നടത്തുന്നതിനുവേണ്ടിയുള്ള തോന്നല്‍, എന്നാല്‍ മലം പോകാതിരിക്കുന്ന അവസ്ഥ, കാരണമില്ലാത്ത വിളര്‍ച്ച, അധിക ക്ഷീണം, ഛര്‍ദിക്കാന്‍ തോന്നുക- ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍, ഈ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്.

മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമില്ലെങ്കിലും ഇത്തരം അര്‍ബുദം ഉണ്ടോ എന്ന് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ 50 വയസ്സ് കഴിഞ്ഞാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്താറുണ്ട്. ഈ പരിശോധനയില്‍ക്കൂടി, അര്‍ബുദം ആകാന്‍ സാധ്യതയുള്ള ചെറിയ മുഴകള്‍ വന്‍കുടലില്‍ ഉണ്ടോ എന്നറിയാന്‍ സാധിക്കും. അര്‍ബുദം ഉണ്ടെന്ന് സംശയം തോന്നിയാല്‍ കൊളണോസ്‌കോപ്പി എന്ന പരിശോധന ഉടന്‍ ചെയ്യണം. ഈ പരിശോധനയിലൂടെയാണ് അര്‍ബുദം ഉണ്ടോ എന്നറിയാന്‍ സാധിക്കുന്നത്.

ഈ പരിശോധനാസമയത്ത് ഡോക്ടര്‍ക്ക് രോഗിയുടെ കുടലിന്റെയും മലദ്വാരത്തിന്റെയും ഉള്‍ഭാഗം നേരിട്ട് കാണാന്‍ സാധിക്കും. അതുകൊണ്ട് മുഴകള്‍ ഉണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാനും സാധിക്കുന്നു. പരിശോധനയ്ക്കിടയില്‍ത്തന്നെ ചെറിയ പോളിപ്‌സുകള്‍ മുഴുവനായും നീക്കം ചെയ്യുന്നു. പിന്നീട് ബയോപ്‌സി ഫലത്തിലൂടെ അര്‍ബുദത്തെക്കുറിച്ചും അതിന്റെ അവസ്ഥയെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അപകടസാധ്യതകള്‍ ഉള്ള രോഗികള്‍ ഇടയ്ക്കിടയ്ക്ക് ഈ പരിശോധന ചെയ്യേണ്ടതാണ്.

ചികിത്സകള്‍: ശസ്ത്രക്രിയയാണ് ഇതിനുള്ള മികച്ച ചികിത്സ. ശസ്ത്രക്രിയാ സമയത്ത് വന്‍കുടലിലെ അര്‍ബുദഭാഗം നീക്കം ചെയ്യുമ്പോള്‍ ചുറ്റുമുള്ള ആരോഗ്യമുള്ള കോശങ്ങളുംകൂടി അല്പം ഉള്‍പ്പെടുത്തിയാണ് മാറ്റുന്നത്. പിന്നീട് കുടലിന്റെ ആരോഗ്യമുള്ള വശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നു. മലദ്വാരത്തില്‍ ക്യാന്‍സര്‍ വരുമ്പോള്‍ അതിന്റെ തീവ്രതയനുസരിച്ച് മലദ്വാരം മുഴുവനായോ അതിനുചറ്റുമുള്ള പേശികള്‍ ഉള്‍പ്പെടെയോ നീക്കം ചെയ്യപ്പെടുന്നു.

ശേഷിക്കുന്ന വന്‍കുടലിന്റെ അറ്റം വയറിന് വെളിയില്‍ തുന്നിവെക്കുകയാണ് ചെയ്യുക. ശസ്ത്രക്രിയാരംഗത്ത് ലാപ്പറോസ്‌കോപ്പി ഉപയോഗപ്പെടുത്തിത്തുടങ്ങിയതോടെ താക്കോല്‍ദ്വാര ശസ്ത്രക്രിയ ഈ രോഗികള്‍ക്കും സാധ്യമായി. ലാപ്പറോസ്‌കോപ്പിക് ശസ്ത്രക്രിയയാണെങ്കില്‍ വയര്‍ പെട്ടെന്ന് തന്നെ പ്രവര്‍ത്തനക്ഷമമാകുകയും അതുകൊണ്ടുതന്നെ ദഹനപ്രക്രിയ സുഗമമാകുകയും ചെയ്യും.

ശസ്ത്രക്രിയയ്ക്കുശേഷം:

ശസ്ത്രക്രിയവഴി, അര്‍ബുദം ബാധിച്ച ഭാഗം മാറ്റിയാല്‍ പിന്നീട് അത് പരിശോധിച്ചു ക്യാന്‍സറിന്റെ വളര്‍ച്ചാഘട്ടം പാത്തോളജിസ്റ്റ് കണ്ടുപിടിക്കും. രോഗത്തിന്റെ കാഠിന്യം മനസ്സിലാക്കുന്നത് മുഴ എത്ര വ്യാപിച്ചിരിക്കുന്നുവെന്നും മറ്റ് അവയവങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്നും അനുസരിച്ചാണ്. കുടലിന്റെ ഉള്ളിലുള്ള പാളിയെ മാത്രമാണ് ട്യൂമര്‍ ബാധിച്ചിരിക്കുന്നത് എങ്കില്‍ ശസ്ത്രക്രിയ മാത്രം മതിയാകും. അതേസമയം കുടലിന്റെ ഉള്‍ഭാഗം മുഴുവന്‍ ക്യാന്‍സര്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, വീണ്ടും ഈ അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇത്തരം രോഗികളില്‍ 'കീമോതെറാപ്പി' അല്ലെങ്കില്‍ 'റേഡിയോ തെറാപ്പി' ആവശ്യമായിവരുന്നു. ഇത്തരം അര്‍ബുദം ബാധിച്ച ശരീരം ഈ ചികിത്സാരീതി അധികം പാര്‍ശ്വഫലങ്ങളില്ലാതെ സ്വീകരിക്കുന്നതായാണ് കണ്ടുവരുന്നത്. ശസ്ത്രക്രിയാസമയത്ത് ഈ രോഗം ഏതുനിലവരെ എത്തി എന്നുള്ളതാണ് പ്രധാനം. ആരംഭദശയില്‍ തന്നെ ട്യൂമര്‍ മാറ്റിയിട്ടുണ്ടെങ്കില്‍ രോഗി പൂര്‍ണമായും ഇതില്‍നിന്നു മുക്തനാകും. അതുകൊണ്ടു തന്നെ ഈ രോഗം നേരത്തേ കണ്ടുപിടിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചാണ് വിദഗ്ധര്‍ ഊന്നിപ്പറയുന്നത്.

അര്‍ബുദം കഴലകളിലേക്ക് പടര്‍ന്നിട്ടുണ്ടെങ്കിലും അത്തരം 70 ശതമാനം രോഗികളും അടുത്ത അഞ്ചുവര്‍ഷത്തോളം, ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കീമോതെറാപ്പിയിലൂടെ ജീവിച്ചിരിക്കുന്നുണ്ട്. എന്നാല്‍ കരള്‍, ശ്വാസകോശം എന്നിവയിലേക്ക് ഈ അര്‍ബുദം വ്യാപിച്ചിട്ടുണ്ടെങ്കില്‍ ഒന്നോ രണ്ടോ വര്‍ഷമാണ് ആയുസ്സ് നീട്ടിക്കിട്ടാന്‍ സാധ്യത.

ചുരുക്കത്തില്‍, നമ്മുടെ നാട്ടില്‍, മലദ്വാരത്തിലും വന്‍കുടലിലും ഉണ്ടാകുന്ന അര്‍ബുദത്തിന്റെ എണ്ണം പെരുകുന്നു. വൈദ്യരംഗത്ത് ഈ രോഗം നേരത്തേ കണ്ടുപിടിക്കാനുള്ള പരിശോധനകള്‍ ഉണ്ട്. ആദ്യഘട്ടത്തില്‍ ചികിത്സിക്കുകയാണെങ്കില്‍ പൂര്‍ണമായും ഭേദമാക്കാവുന്ന ഒരസുഖമാണിത്.

ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം എന്തുകൊണ്ട്?

ആധുനിക കാലഘട്ടത്തിലെ യാന്ത്രികവും കൃത്രിമവും ആയ ജീവിതരീതി കാരണം ആരോഗ്യം എന്നത് അവര്‍ സ്വായത്തമാക്കുന്ന ജീവിതശൈലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആഹാരരീതിയിലെ മാറ്റങ്ങളും വ്യായാമ രാഹിത്യവും വര്‍ധിച്ച മനഃസംഘര്‍ഷങ്ങളും ഇവയില്‍ എടുത്തുപറയേണ്ട കാരണങ്ങളാണ്. 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' അഥവാ 'ഗ്രഹണി' എന്ന രോഗവും മേല്‍ സൂചിപ്പിച്ച കാരണങ്ങളാല്‍ സംഭവിക്കുന്ന ദഹനക്ഷയം അഥവാ അഗ്‌നിമാന്ദ്യം തന്നെയാണ്.

കുടലുകളുടെ ഉള്‍വശം സങ്കോച, വികാസ ക്ഷമതയുള്ള പേശീകലകളാല്‍ ആവൃതമാണ്. ആഹാരം ആമാശയത്തിലെ ദഹനശേഷം കുടലിലെത്തിയാല്‍, അവയുടെ സങ്കോച വികാസങ്ങളിലൂടെ വന്‍കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ഒരു പ്രത്യേക താളക്രമത്തിലാണ് കുടലിന്റെ സങ്കോച വികാസങ്ങള്‍ സംഭവിക്കുന്നത്. 'ഗ്രഹണി' എന്ന രോഗാവസ്ഥയില്‍ ഈ സങ്കോചങ്ങള്‍ കൂടുതല്‍ ശക്തിയിലാകുകയും ഏറെ സമയം നിലനില്‍ക്കുകയും ചെയ്യുന്നു. അതിനാല്‍ ഭക്ഷിച്ച ആഹാരം ദഹനശേഷം പോഷകാംശം വേണ്ടരീതിയില്‍ ആഗിരണം ചെയ്യപ്പെടാതെതന്നെ വായുക്ഷോഭവും വയറുവീര്‍ക്കലും അതിസാരവും ഉണ്ടാക്കിക്കൊണ്ട് കുടലിന്റെ അടിഭാഗത്തേക്കാനയിക്കപ്പെടുന്നു. ചില അവസരങ്ങളില്‍ ഇതിന് വിപരീതമായി ആഹാരം പതുക്കെ മാത്രം കുടലുകളിലൂടെ നീങ്ങുകയും മലം ജലാംശം ഇല്ലാതെ കട്ടിയായി വളരെ പ്രയാസത്തോടെ വിസര്‍ജിക്കപ്പെടുകയും ചെയ്യും. ഇങ്ങനെ കുടലുകളുടെ ചലനവേഗത്തിലെ വ്യതിയാനങ്ങള്‍ പലതരത്തിലുള്ള ലക്ഷണങ്ങള്‍ ഗ്രഹണീ രോഗിയിലുണ്ടാക്കുന്നു.

അന്നനാളം മുതല്‍ ഗുദഭാഗം വരെ നീണ്ടുകിടക്കുന്ന അവയവങ്ങളെയാണ് 'കോഷ്ഠം' എന്ന് ആയുര്‍വേദം വിവരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പാചകാഗ്‌നിയുടെ സുസ്ഥിതിയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. പാചകാഗ്‌നിയുടെ പ്രവര്‍ത്തനക്ഷമത വ്യക്തിയുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു. അഹിതവും അപഥ്യവും വിരുദ്ധവും ആയ ആഹാരങ്ങള്‍ നിത്യവും ഉപയോഗിക്കുന്ന ആള്‍ക്ക് ദഹനക്ഷയം ഉണ്ടാകാതിരിക്കില്ല. ഗ്രഹണി ദഹനക്ഷയത്തിന്റെയും തുടര്‍ന്നുള്ള ദോഷ ദുഷ്ടിയുടെയും ഫലമായുണ്ടാകുന്നതാണ്.

ചുരുക്കത്തില്‍, ശാരീരിക-മാനസിക കാരണങ്ങളാലുള്ള ദഹനക്ഷയവും വാതകോപവും തുടര്‍ന്നുണ്ടാകുന്ന അനുബന്ധ ദോഷങ്ങളുടെ പ്രകോപനവും ഗ്രഹണിയുടെ അടിസ്ഥാന കാരണങ്ങളാകുന്നു. ശീതഗുണം ഉള്ളതും വിരുദ്ധവും ദഹനക്ഷയത്തെ ഉണ്ടാക്കുന്നതുമായ ആഹാരങ്ങള്‍ അഗ്‌നിയെ ദുഷിപ്പിക്കുകയും വാതദോഷത്തെ കോപിപ്പിക്കുകയും ചെയ്യും. വാതം കോപിക്കുമ്പോള്‍ സ്വാഭാവികമായും കുടലുകളുടെ ചലനം വിഷമഗതിയിലാകും. അതിസാരം മാനസിക കാരണങ്ങളാലുമുണ്ടാകും. ഭയം, ദുഃഖം എന്നിവ ഇവിടെ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ രോഗത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താന്‍, ലക്ഷണങ്ങളുടെ വൈവിധ്യംകൊണ്ട് പെട്ടെന്ന് കഴിഞ്ഞു എന്നുവരില്ല. ഇതേ ലക്ഷണങ്ങളുള്ള മറ്റനേകം രോഗങ്ങള്‍ ഉണ്ടുതാനും. അതിനാല്‍, ഗൗരവമേറിയ മറ്റ് രോഗങ്ങള്‍ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്.

വയറുവേദനയും വയറിന്റെ അടിഭാഗത്ത് പ്രത്യേകിച്ചും അനുഭവപ്പെടുന്ന അസ്വസ്ഥതകളും മലശോധനയിലെ അസ്വാഭാവികതകളും കൂടി വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണിത്. മലബന്ധവും വയറിളക്കവും ഇടകലര്‍ന്ന് പ്രത്യക്ഷപ്പെടുന്നു. മലത്തിലൂടെയുള്ള കഫസ്രവവും മലശോധന കഴിഞ്ഞാലും പൂര്‍ണ തൃപ്തി അനുഭവപ്പെടാത്തതും മല വിസര്‍ജനത്തിന് മുമ്പ് ഉണ്ടാകുന്ന വയറുകൊളുത്തിപ്പിടിക്കുന്നതുപോലുള്ള വേദനയും വയറുവീര്‍പ്പും 'ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോം' എന്ന രോഗാവസ്ഥയില്‍ പ്രത്യക്ഷപ്പെടുന്ന മറ്റുചില പ്രധാന ലക്ഷണങ്ങളാണ്. കൂടാതെ പേശീവേദനയും ലൈംഗികക്ഷീണവും മൂത്രസംബന്ധിയായ അസ്വസ്ഥതകളും മാനസികവിഭ്രാന്തിയും അനുബന്ധ അവസ്ഥകളാണ്.

ഉദരത്തിലെ അസ്വസ്ഥതകള്‍ മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കും. ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ ഒന്നുകില്‍ അതിസാര പ്രധാനമോ അല്ലെങ്കില്‍ മലബന്ധ പ്രധാനമോ ആകാം. രണ്ടിലും മലം ഇളകിപ്പോകുന്നതും മലം ശക്തിയായി മുറുകിപ്പോകുന്നതും നാടപോലെ മലം സ്രവിക്കുന്നതും മാറിമാറി രോഗിയില്‍ സംഭവിക്കുന്നു. രാവിലെ എണീറ്റാല്‍ രണ്ടുമൂന്ന് തവണ കക്കൂസില്‍ പോകേണ്ടിവരും. ആഹാരം എപ്പോള്‍ കഴിച്ചാലും ഉടന്‍ കക്കൂസില്‍ പോകണമെന്ന തോന്നല്‍ രോഗിക്കുണ്ടാകും. ഈ രോഗം മിക്കവരിലും ആരംഭിക്കുന്നത് പനിയും ഛര്‍ദിയും വയറിളക്കവുമായിട്ടായിരിക്കും. ചിലരില്‍ ഉദരത്തിന്റെ അടിഭാഗത്ത് വേദന തുടര്‍ച്ചയായി നിലനില്‍ക്കാം. ചിലപ്പോള്‍ വേദന അസഹനീയവുമാകും.

ഈ വേദന ആഹാരം കഴിച്ചാല്‍ കൂടുകയും മലവിസര്‍ജനം ഉണ്ടായാല്‍ താത്കാലികമായി ശമിക്കുകയും ചെയ്യാം. ചിലപ്പോള്‍ വേദനയില്ലാതെ തന്നെ വയറിളക്കം സംഭവിക്കാം. ഇത് പലതവണ ആവര്‍ത്തിക്കുകയും തുടര്‍ന്ന് മലബന്ധം ഉണ്ടാവുകയും ചെയ്‌തേക്കാം. കഫത്തോടുകൂടി വളരെ ഉറച്ച മലമായിരിക്കും ഈ അവസരത്തില്‍ വിസര്‍ജിക്കുക. വയര്‍ വല്ലാതെ വീര്‍ത്ത് വിമ്മിട്ടം ഉണ്ടാകുകയും വയറിലെ കുടലിന്റെ ചലനം രോഗിക്ക് അനുഭവവേദ്യമാകുകയും ചെയ്യും. ഒപ്പം മനംപിരട്ടല്‍, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം എന്നിവയും ഉണ്ടാകും.

ദഹനപ്രക്രിയയില്‍ വ്യക്തിയുടെ മാനസികാവസ്ഥയ്ക്ക് സുപ്രധാന പങ്കാണുള്ളത്. ഹിതവും മിതവും ആയ ആഹാരം കൃത്യസമയത്തുതന്നെ കഴിക്കുന്ന വ്യക്തിയായാലും ചിന്ത, ശോകം, ഭയം, ക്രോധം, കടുത്ത ആകാംക്ഷ എന്നീ വികാരങ്ങള്‍ക്ക് വിധേയനെങ്കില്‍ കഴിച്ച ആഹാരം വേണ്ടരീതിയില്‍ ദഹിക്കുകയില്ല.

ദഹനശക്തി വര്‍ധിപ്പിക്കുന്നതും വാതാനുലോമനവും പിത്തശമനവും മനോ അനുകൂലങ്ങളുമായ ഔഷധങ്ങളാണ് ഈ രോഗത്തില്‍ പ്രയോജനപ്പെടുത്തേണ്ടത്. കാളശാകാദി കഷായം, മുസ്തകരഞ്ജാദി കഷായം, മധുകാസവം, മുസ്താരിഷ്ടം, അഹിഫേനാസവം, സേതുബന്ധം ഗുളിക, ഡാഡിമാഷ്ടക ചൂര്‍ണം തുടങ്ങി ധാരാളം മരുന്നുകള്‍ ഈ രോഗത്തിനുണ്ട്.

വിരുദ്ധാഹാരങ്ങള്‍ വര്‍ജിക്കണം. തണുത്ത ആഹാര പാനീയങ്ങളും എരിവ്, മസാലകള്‍ എന്നിവയും വര്‍ജിക്കണം. ഇറിറ്റബിള്‍ ബവ്വല്‍ സിന്‍ഡ്രോമില്‍ ചില പ്രത്യേക ഭക്ഷ്യവസ്തുക്കള്‍ രോഗം വര്‍ധിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. ചോക്ലേറ്റ്, പാല്‍, മദ്യം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ഭൂരിഭാഗം രോഗികളിലും കുടുംബപ്രശ്‌നങ്ങളോ മനഃസംഘര്‍ഷങ്ങളോ ഒക്കെ അവരുടെ രോഗലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാം. ശരീരത്തിന്റെ തൂക്കം കുറയുന്നതും മലത്തിലൂടെ രക്തം സ്രവിക്കുന്നവരും വയറുവേദന ക്രമാനുഗതമായി വര്‍ധിക്കുന്നവരും അര്‍ബുദ പാരമ്പര്യം ഉള്ള രോഗികളും പ്രത്യേകം ശ്രദ്ധിക്കണം.

അര്‍ശസ്സെന്ന മഹാരോഗം

ആയുര്‍വേദം എട്ട് മഹാരോഗങ്ങളില്‍ ഒന്നായി അര്‍ശസ്സിനെ കണക്കാക്കുന്നു. ചികിത്സിച്ചു മാറ്റാന്‍ പ്രയാസം ഉള്ളവ, തുടര്‍ന്ന് നില്‍ക്കുന്നവ, അനേകം ഉപദ്രവങ്ങളുണ്ടാക്കുന്നവ, മറ്റു രോഗങ്ങള്‍ക്ക് കാരണമായവ തുടങ്ങിയ പ്രത്യേകതകളുള്ളവയാണ് മഹാരോഗങ്ങള്‍.


വന്‍കുടലിന്റെ അവസാനഭാഗമായ ഗുദത്തിലെ പ്രവാഹിണി, വിസര്‍ജിനി, സംവരണി എന്നീ പേശികളെ ആശ്രയിച്ചാണ് ഈ രോഗം ഉണ്ടാകുന്നത്.

ഗുദത്തില്‍ കുറ്റികള്‍ അല്ലെങ്കില്‍ ആണികള്‍പോലുള്ള മാംസവളര്‍ച്ച ഉണ്ടാക്കി കാലക്രമത്തില്‍ അവ മലദ്വാരത്തെ അടച്ചുകളയും. ശത്രുക്കളെപ്പോലെ ജീവികളെ പീഡിപ്പിക്കുന്നതിനാലാണ് അര്‍ശസ്സെന്ന പേരുതന്നെ നല്കിയിരിക്കുന്നത്.
ദഹനമില്ലായ്മയും മലബന്ധവും ആണ് അര്‍ശസ്സിന്റെ അടിസ്ഥാന കാരണങ്ങള്‍. ദഹനമില്ലായ്മ, മലബന്ധം ഇവയുള്ളപ്പോള്‍ വളരെനേരം മലപ്രവര്‍ത്തിക്കുവേണ്ടിശക്തമായി മുക്കുക, കുലുക്കമുള്ള വാഹനങ്ങളിലും മൃഗങ്ങളുടെ പുറത്തുംകയറി അധികം സഞ്ചരിക്കുക, ക്രമംവിട്ട ലൈംഗികബന്ധത്തിലേര്‍പ്പെടുക, വിവിധ കാരണങ്ങളാല്‍ മലദ്വാരം മുറിയുക, മലദ്വാരത്തിന് സംഭവിക്കുന്ന ക്ഷതങ്ങള്‍, ഗര്‍ഭിണിയില്‍ കുട്ടിയുടെ കിടപ്പുമൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദമുണ്ടാകുക, കഷ്ടപ്രസവം തുടങ്ങിയ കാരണങ്ങള്‍ അര്‍ശസിനുള്ള സാധ്യത കൂട്ടുന്നു. ചുരുക്കത്തില്‍ ഗുദപേശികളിലെ സിരകള്‍ക്കുണ്ടാകുന്ന അധിക സമ്മര്‍ദം മൂലം അര്‍ശസ്സുണ്ടാവുന്നു. ഇരുന്നു ജോലിചെയ്യുന്നവരിലും വാഹനം ഓടിക്കുന്നവരിലും ഇത് കൂടുതലായി കണ്ടുവരുന്നു.

രോഗം പ്രകടമാക്കുന്നതിനു മുമ്പുതന്നെ ദഹനവൈഷമ്യത്തിന്റെ വിവിധ ലക്ഷണങ്ങള്‍ രോഗിയില്‍ കാണുന്നു. ഗുദങ്കുരങ്ങള്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ഈ ലക്ഷണങ്ങള്‍ വര്‍ധിച്ചുവരുന്നു. രോഗി വാടി ക്ഷീണിച്ചു ബലമില്ലാത്തവനായി കാണപ്പെടുന്നു. ചുമ, ശ്വാസംമുട്ടല്‍, നീരിളക്കം, പനി, വായ കയ്പ് തുടങ്ങി ഇതര ലക്ഷണങ്ങള്‍ കണ്ടുവരുന്നു.

ദഹനത്തെ വര്‍ധിപ്പിക്കുന്നതും മലശോധന ഉണ്ടാക്കുന്നതും വായുവിനെ അനുലോമിപ്പിക്കുന്നതും ദേഹപുഷ്ടികരമായതുമായ ഔഷധങ്ങള്‍ ചികിത്സയില്‍ ഉപയോഗിക്കുന്നു. രക്താര്‍ശസ്സില്‍ രക്തസ്തംഭനമായ ചികിത്സകൂടി ചെയ്യുന്നു.
രോഗത്തിന്റെയും രോഗിയുടെയും അവസ്ഥ അനുസരിച്ച് ഉള്ളിലേക്ക് കഴിക്കാവുന്ന മരുന്നുകള്‍, ശസ്ത്രക്രിയകള്‍, കരിച്ചു കളയല്‍, ക്ഷാരപ്രയോഗങ്ങള്‍ ഇവ ചികിത്സയിലുള്‍പ്പെടുത്തിയിരിക്കുന്നു. ആന്തരികമായ ഔഷധ ഉപയോഗം, അര്‍ശോ അങ്കുരങ്ങളില്‍ ലേപനങ്ങള്‍, ക്ഷാരസൂത്ര പ്രയോഗംകൊണ്ട് കരിച്ചുകളയുക എന്നീ ചികിത്സകള്‍ കേരളത്തില്‍ പ്രചാരത്തിലുണ്ട്.

തുടങ്ങിയിട്ട് അധികകാലമായിട്ടില്ലാത്തവയും അധിക ലക്ഷണങ്ങളും ഉപദ്രവങ്ങളില്ലാത്തവയും മരുന്നുകള്‍കൊണ്ട് മാറ്റാം. കൂടാതെ അര്‍ശോ അങ്കുരങ്ങളുടെ കട്ടി കുറച്ച്, മൃദുത്വം ഉള്ളതാക്കാനുള്ള വിവിധ ധാരകള്‍, പുക ഏല്പിക്കുക, ഔഷധ സംസിദ്ധമായ ജലത്തില്‍ ഇറങ്ങിയിരിക്കുക, വേദനയ്ക്കുള്ള വിവിധ കിഴികള്‍, രക്തം ചോര്‍ത്തിക്കളയുക തുടങ്ങി അനേകം പ്രാദേശിക ചികിത്സകള്‍ ചെയ്തുവരുന്നുണ്ട്. ഗന്ധര്‍വഹസ്താദികഷായം, ചിരുവില്വാദികഷായം, അഭയാരിഷ്ടം, ദന്ത്യരിഷ്ടം, ദുരാലഭാരിഷ്ടം, ആമലകാരിഷ്ടം, കുടജാരിഷ്ടം, കുടജാവലേഹം, കങ്കായനലേഹ്യം, കങ്കായനവടി, ബാഹുശാലഗുളം, ദശമൂല ഹരിതകി, ഹിംഗുവചാദി ചൂര്‍ണം, വൈശ്വാനര ചൂര്‍ണം, ഇന്‍ഗുല്വാസവം, കരഞ്ജശുക്തം, ചൂതികശുക്തം, ഗന്ധീരകാഞ്ചികം, കല്യാണക്ഷാരം, കങ്കായനക്ഷാരം തുടങ്ങിയവ അര്‍ശോ ചികിത്സയിലെ പ്രശസ്ത ഔഷധയോഗങ്ങള്‍ ആണ്. ഉണങ്ങിയിരിക്കുന്ന അര്‍ശസ്സുകളില്‍ ചേര്‍ക്കുരു ചേര്‍ത്തുണ്ടാക്കുന്ന ഔഷധങ്ങളും ഒലിപ്പോടുകൂടിയ അര്‍ശോ വികാരങ്ങളില്‍ കുടകപ്പാലത്തൊലി ചേര്‍ന്ന ഔഷധങ്ങളും ആണ് ഉത്തമം. മോരും മോരില്‍ ചേര്‍ത്തുപയോഗിക്കുന്ന ഔഷധങ്ങളും എല്ലാകാലത്തും എല്ലാ അവസ്ഥകളിലും പ്രയോജനകരമാണ്.

ഉഷ്ണവീര്യങ്ങളും മലബന്ധത്തെ ഉണ്ടാക്കുന്നവയും ആയ ആഹാരങ്ങള്‍ രോഗത്തെ വര്‍ധിപ്പിക്കുന്നു. കോഴിമുട്ട, കോഴിഇറച്ചി, കൊഞ്ച്, ചെമ്മീന്‍ വറുത്തരച്ചതും മസാല ഏറെച്ചേര്‍ത്തതുമായ കറികള്‍, തൈര്, ഉണക്കമീന്‍, കൂര്‍ക്ക, കാബേജ്, പോത്തിറച്ചി, പുളിപ്പിച്ച ആഹാരസാധനങ്ങള്‍ ഇവ അര്‍ശോ രോഗികള്‍ അധിക അളവിലും തുടര്‍ച്ചയായും ഉപയോഗിക്കരുത്.
മോര്, ചേന, പടവലം, കുമ്പളം, വെള്ളരി, തക്കാളി, നെല്ലിക്ക, മുന്തിരിങ്ങ, ചുവന്നുള്ളി, വശളച്ചീര ഇവ ഉപയോഗിക്കുന്നത് നല്ലതാണ്.
ഒറ്റമൂലികള്‍
1. ചുവന്നുള്ളി മാംസരസത്തിലോ, കറിയിലോ, മോരിലോ നെയ്യില്‍ മൂപ്പിച്ച് ചോറില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അധികമായ രക്തപ്രവാഹത്തെ ശമിപ്പിക്കും.
2. ജലത്തില്‍ കാണുന്ന നത്തയ്ക്ക (ഞവുണിക്ക) തീയില്‍ ചുട്ട് തോടുപൊട്ടിച്ച് മാംസം നെയ്യില്‍ വറുത്ത് കഴിക്കുന്നത് വളരെ നല്ലതാണ്.
3. കദളിപ്പഴം അരിഞ്ഞ് പശുവിന്‍ നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
4. കാട്ടുചേന കഴുകി മോരില്‍ പുഴുങ്ങി ഇരുമ്പുതൊടാതെ അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് കഴിക്കുക.
5. താറാവിന്‍ മുട്ട പുഴുങ്ങി ഉപ്പിലിട്ടുവെച്ച് അല്പം കുരുമുളകു ചേര്‍ത്ത് കഴിക്കുക.
6. മുക്കുറ്റിനീരൊഴിച്ചു താറാവിന്‍ മുട്ട പൊരിച്ച് കഴിക്കുന്നത് രക്തസ്രാവത്തെ കുറയ്ക്കും.
7. താറാവിന്‍ മുട്ട, ബ്രഹ്മി ചതച്ചിട്ട വെള്ളത്തില്‍ തലേ ദിവസം ഇട്ടുവെച്ച് പിറ്റേന്നു കഴിക്കുക.
8. മുക്കുറ്റി 15 ഗ്രാം അരച്ചുകലക്കി മോരില്‍ കഴിക്കുക.
9. മുറിവെണ്ണ കാലത്തുതന്നെ മലദ്വാരത്തില്‍ പുരട്ടുക. ജാത്യാദി എണ്ണ, നല്ലെണ്ണ ഇവയും മലദ്വാരത്തില്‍ പുരട്ടുക. രക്താര്‍ശസ്സില്‍ മുറിവെണ്ണ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കുക.
10. കടുക്ക തല്ലിപ്പൊട്ടിച്ച് മോരിലിട്ടു വെച്ചിരുന്ന് (കാലത്ത് ഇട്ടുവയ്ക്കണം) രാത്രി കിടക്കാന്‍ നേരം കഴിക്കുക. മലബന്ധമില്ലാതാക്കും. മുക്കണ്ണപെരുകില്‍ സമൂലം മോരില്‍ പുഴുങ്ങി കഴിക്കുക.
11. കടുത്ത മലബന്ധത്തിന് ചുന്നാമുക്കി, ഉണക്ക മുന്തിരിങ്ങ ഇവ 5 ഗ്രാം വെള്ളത്തില്‍ തിളപ്പിച്ച് രാത്രി കഴിക്കുക.
12. ത്രിഫലചൂര്‍ണം രാത്രി മോരില്‍ കഴിക്കുക.(ഒരു ടീസ്പൂണ്‍ കലങ്ങാന്‍ മാത്രം മോരില്‍).
13. കാരെള്ള് ചവച്ചുതിന്ന് മീതെ പച്ചവെള്ളം കുടിക്കുക.
14. ചുവന്നുള്ളിയും തുളസിയിലയും ചേര്‍ത്തുണ്ടാക്കിയ കഞ്ഞിയില്‍ എണ്ണയില്‍ കറിവേപ്പില വറുത്തിട്ട് നെയ്യ് ചേര്‍ത്തുപയോഗിക്കുക. രക്താര്‍ശസ്സ് ശമിക്കും.
15. ഉങ്ങിന്റെ ഇല നെയ്യില്‍ വരട്ടി മലര്‍പ്പൊടി തൂവി കാലത്ത് ഭക്ഷണമായി കഴിക്കുക.
ചുവന്നുള്ളി വറുത്ത് മുറിവെണ്ണയില്‍ വഴറ്റി കിഴികെട്ടി മലദ്വാരത്തില്‍ കിഴിവെക്കുന്നത് അതികഠിനമായ വേദനയെപ്പോലും ശമിപ്പിക്കും. ഈ കിഴിതന്നെ വെളിച്ചെണ്ണയിലും എള്ളെണ്ണയിലും വഴറ്റി ഉപയോഗിക്കാം.

പ്രോസ്റ്റേറ്റ്ഗ്രന്ഥിയും രോഗബാധയും

പുരുഷ ലൈംഗികാവയവങ്ങളിലുള്‍പ്പെട്ട പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി, സംയോജിതകലകളും പേശികളും ചേര്‍ന്നു രൂപംപ്രാപിച്ചിട്ടുള്ളതാണ്. പുരുഷന്മാരില്‍ മാത്രം കാണപ്പെടുന്നതുകൊണ്ടാകാം അതിനു 'പൗരുഷഗ്രന്ഥി' എന്ന പേരും ഉണ്ട്. ലൈംഗികപ്രജനനവുമായി ബന്ധപ്പെട്ട ധര്‍മമാണിതിനുള്ളത്. പുരുഷബീജത്തിനു പോഷണം നല്‍കുകയും യോനീനാളത്തില്‍ ഉണ്ടായേക്കാവുന്ന അമ്ലത്തെ നശിപ്പിച്ച് പുരുഷബീജത്തിനു സുരക്ഷിതമായി അണ്ഡത്തോട് സംയോജിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ് ഇതിന്റെ മുഖ്യധര്‍മം. നേര്‍ത്ത പാല്‍നിറത്തിലുള്ള ക്ഷാരസ്വഭാവത്തോടു കൂടിയ 'ശുക്ലവസ്തു' എന്ന ദ്രാവകം ഇതിലേക്കായി പ്രോസ്റ്റേസ്റ്റ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്നു. ബീജങ്ങളുടെ ചലനശേഷി കൂട്ടാനും മൂത്രനാളിയെ വഴുവഴുപ്പുള്ളതാക്കി അണുബാധ തടയാനും ഇതു പ്രയോജനപ്പെടും.

പൗരുഷഗ്രന്ഥി വീക്കം (Prostatitis), പൗരുഷഗ്രന്ഥിയിലെ അര്‍ബുദം (Prosate Cancer) എന്നീ രണ്ട് രോഗങ്ങളാണു പ്രധാനമായും ഈ അവയവത്തെ ബാധിച്ചുകാണുന്നത്. പൗരുഷഗ്രന്ഥി വീക്കം എന്നത് ഈ അവയവത്തിനുണ്ടാകുന്ന നീര്‍ക്കെട്ടിനെ സൂചിപ്പിക്കുന്നു. ഇതു അണുബാധ നിമിത്തവും അല്ലാതെയും സംഭവിക്കാം. അണുബാധ നിമിത്തമല്ലാതെ ഉണ്ടാകുന്ന വീക്കം രണ്ടുതരം ഉണ്ട്. കന്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ് (Congestive Prostatitics) എന്നും പ്രോസ്റ്റോറ്റോ ഡൈനിയ (Prostato Dynia) എന്നും. ശുക്ലത്തിലെത്തപ്പെടേണ്ട പാല്‍നിറത്തിലുള്ള ശുക്ല വസ്തു എന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥിസ്രാവം പുറത്തേക്കു ശ്രവിക്കാതെ പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കുള്ളില്‍ത്തന്നെ കെട്ടിനില്‍ക്കുന്നതാണ് 'കണ്‍ജസ്റ്റീവ് പ്രോസ്റ്റേറ്റൈറ്റിസ്'. ഭഗാസ്ഥികളില്‍ (Pelvic Bone)നിന്നോ ഭഗപേശികളില്‍ നിന്നോ വേദന ഉദ്ഭവിച്ച് അസഹനീയമായിതീരുന്ന അവസ്ഥയാണ് 'പ്രോസ്റ്റോസ്റ്റോഡൈനിയ'. മലാശയത്തിനുണ്ടാകുന്ന രോഗങ്ങളില്‍നിന്നും ഇതു സംഭവിക്കാം.

'ബിനൈന്‍ പ്രോസ്റ്റോസ്റ്റിക് ഹൈപ്പര്‍ പ്ലാസീയ' (Benign Prostatic Hyperplasia) എന്ന അവസ്ഥ അര്‍ബുദവുമായി ബന്ധമില്ലാത്ത പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കമാണ്. ഈ രോഗം 43 ശതമാനവും 60 വയസ്സിന് മുകളിലുള്ള പ്രായക്കാരിലാണ് കണ്ടുവരുന്നത്. ദീര്‍ഘായുസ്സോടെയിരിക്കുന്നവരില്‍ ഏറിയപങ്കിലും ഈ രോഗം ബാധിക്കുന്നുണ്ടെന്ന് ഇതുസംബന്ധിച്ച ചില സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടാകാം 'വൃദ്ധരുടെ രോഗം' എന്ന് ഇതിനെ പറയുന്നത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ പ്രാരംഭദശയില്‍ പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെട്ടു എന്നുവരില്ല. വളരെ പതുക്കെ മാത്രം പുരോഗതി പ്രാപിക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഇത്തരം അര്‍ബുദം ബാധിക്കുവാനുള്ള കാരണം ഇനിയും വ്യക്തമായി മനസ്സിലാക്കപ്പെട്ടിട്ടില്ല. പാരമ്പര്യത്തിനു ഇതുമായി അഭേദ്യമായ ബന്ധം ഉണ്ട്. അച്ഛനും സഹോദരനും പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍, രോഗബാധക്കുള്ള സാധ്യത രണ്ടിരട്ടിയാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ അമ്പതു വയസ്സു കഴിയുന്നതോടെ വേഗത്തില്‍ പുരോഗതി പ്രാപിക്കാന്‍ തുടങ്ങും. ഏതാണ്ട് അറുപത് ശതമാനം ഇത്തരം അര്‍ബുദങ്ങളും അറുപത് വയസ്സിന് ശേഷമാണ് കണ്ടെത്താനാകുന്നത്.

പ്രോസ്റ്റേറ്റ് ഗ്രന്ഥി ക്രമാതീതമായി വലുതാകുകയും ഉറപ്പുള്ളതായിത്തീരുകയും ചെയ്താല്‍ മൂത്രവിരേചന പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന 'മൂത്രഗ്രന്ഥി' (Prostatitis)എന്ന രോഗമാണെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു. മൂത്രാശയമുഖത്തിന്റെ അധോഭാഗത്ത് അശ്മരിക്കു തുല്യമായി വേദനയോടെ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് 'മൂത്രഗ്രന്ഥി' എന്നാണ് ആയുര്‍വേദത്തിലെ വിവരണം.

മൂത്രസ്രവണം സംബന്ധിച്ച ബുദ്ധിമുട്ടുകളും വേദനയുമാണു മൂത്രഗ്രന്ഥി അഥവാ പൗരുഷ ഗ്രന്ഥി വീക്കത്തിലെ മുഖ്യ ലക്ഷണങ്ങള്‍. പ്രത്യേകിച്ചും രാത്രിയിലായിരിക്കും ഈ പ്രയാസങ്ങള്‍ കൂടുതലായനുഭവപ്പെടുക. മൂത്രം ഒഴിക്കുന്ന സമയത്ത് വേദനയും നീറ്റലും അനുഭവപ്പെടും. മൂത്രം ഒഴിച്ചുതുടങ്ങാന്‍തന്നെ രോഗി ഏറെ ആയാസപ്പെടേണ്ടിവരും. ഒരിക്കല്‍ ഒഴിച്ചുതുടങ്ങിയാല്‍ നിര്‍ത്താന്‍ പ്രയാസമാകും. പനിയും കുളിരും നടുവിനും തുടകളുടെ ഊര്‍ധ ഭാഗത്തും വേദനയും ഉണ്ടാകും. ലിംഗത്തിലൂടെ തെളിവെള്ളംപോലെയോ ഇളം ചുവപ്പു നിറത്തോടുകൂടിയോ രക്തംതന്നെയോ സ്രവിച്ചേക്കാം. മൂത്രസഞ്ചിയില്‍ മൂത്രം കെട്ടിക്കിടക്കുന്ന അവസ്ഥയും അണുബാധയും ഉണ്ടാകാം. മൂത്രം സ്രവിച്ചുപോകുന്നതിന്റെ വേഗം മന്ദഗതിയിലാകും. ദൂരേക്ക് മൂത്രം പോകാതെ വസ്ത്രങ്ങളിലേക്കു വീഴാം. മൂത്രം ഒഴിക്കാന്‍ തോന്നിയാല്‍ പിന്നെ പിടിച്ചുനിര്‍ത്താന്‍ കഴിയാതെ ടോയ്‌ലറ്റിനു പുറത്തുതന്നെ മൂത്രസ്രവണം സംഭവിക്കാം. ആഹാരത്തോട് താത്പര്യക്കുറവുണ്ടാകും. രോഗം പഴകുന്തോറും വൃക്കത്തകരാറും പ്രോസ്റ്റേറ്റ് ക്യാന്‍സറും ബാധിക്കാനുള്ള സാധ്യത കൂടുന്നു.

മൂത്രസ്രവണസംബന്ധമായ അസ്വസ്ഥകളോടെ ആരംഭിക്കുന്ന ഈ രോഗം വാര്‍ധക്യത്തിലെ ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാകുകയും മൂത്രനാളിയില്‍ സമ്മര്‍ദംചെലുത്തി സുഗമമായ മൂത്രപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുമ്പോള്‍ രോഗമായിത്തീരുകയും ചെയ്യും. ഇതു ലൈംഗിക കാര്യക്ഷമതയേയും പ്രത്യുല്പാദന ശേഷിയേയും പ്രതികൂലമായി ബാധിക്കും.

മലമൂത്ര വിസര്‍ജനം യഥാസമയം നിര്‍വഹിക്കാതെ തടഞ്ഞുവക്കുകയോ ബലാല്ക്കാരമായി പുറപ്പെടുവിക്കുകയോ ചെയ്യുക, തുടര്‍ച്ചയായ ഉപവാസം, അമിതാധ്വാനം, അധികമായ ലൈംഗികവേഴ്ച, മദ്യം-മാംസം-പുകവലി ഇവയുടെ അമിതോപയോഗം, കയ്പും ചവര്‍പ്പും രസങ്ങളുള്ള ഭക്ഷണപാനീയങ്ങളുടെ സ്ഥിരമായ ഉപയോഗം, കൊഴുപ്പേറിയ ഭക്ഷ്യവസ്തുക്കള്‍, അമിതവണ്ണം, വ്യായാമമില്ലായ്മ എന്നിവ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു കാരണമാകും. പച്ചക്കറികളും പഴവര്‍ഗങ്ങളും വളരെ കുറച്ചുമാത്രം ഉപയോഗപ്പെടുത്തുന്നവരില്‍ ഈ രോഗം കൂടുതലായി ബാധിച്ചുകാണുന്നുണ്ട്. കൊഴുപ്പ് കൂടുതലായടങ്ങിയ ഭക്ഷ്യവസ്തുക്കളും മസാലയും എരിവും അമിതമായുപയോഗപ്പെടുത്തുന്നവരിലും പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കത്തിനു സാധ്യത കൂടുതലാണ്.

ശരീരത്തിലെ ചില ഹോര്‍മോണുകള്‍ പ്രത്യേകിച്ച് ആന്‍ഡ്രോജന്റെ (Androgen) അളവ് വര്‍ധിക്കുന്നത് പൗരുഷഗ്രന്ഥിയിലെ ക്യാന്‍സറിനു കാരണമാകുന്നു.

അവസാനം പരിഷ്കരിച്ചത് : 6/19/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate