অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നല്ല ആരോഗ്യത്തിന് ഈന്തപ്പഴം ഒരു ശീലമാക്കാം..

നല്ല ആരോഗ്യത്തിന് ഈന്തപ്പഴം ഒരു ശീലമാക്കാം..

മരുഭൂമിയില്‍ അല്ലെങ്കില്‍ ഉഷ്ണമേഖലകളില്‍ കാണപ്പെടുന്ന ഒരു മരമാണ് ഈന്തപ്പന. സ്വാദിഷ്ഠവും ഭക്ഷ്യയോഗ്യവുമായ ഫലം തരുന്ന ഒരു ഒറ്റത്തടി വൃക്ഷം കൂടിയാണ് ഈന്തപ്പന. 15 മുതല്‍ 25 മീറ്റര്‍ വരെ വളരുന്ന ഈന്തപ്പനയുടെ ഫലം ഈന്തപ്പഴം അല്ലെങ്കില്‍ ഈത്തപ്പഴം എന്ന പേരില്‍ അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ ഇതിനെ ഡേറ്റ് ഫ്രൂട്ട് എന്നും പറയുന്നു. ഈ വൃക്ഷത്തിനും അതിന്റെ ഫലത്തിനും വളരെയധികം ഉപയോഗങ്ങളാണുള്ളത്. അതിനാല്‍ ഇവ 'ജീവന്റെ വൃക്ഷം' എന്നും അറിയപ്പെടുന്നു. സൗദി അറേബ്യയുടെയും ഇസ്രായേലിന്റെയും ദേശീയ ചിഹ്നം കൂടിയാണിത്.
പശ്ചിമേഷ്യന്‍ പ്രദേശങ്ങള്‍ ഇന്തപ്പഴത്തിന്റെ ഉപഭോഗത്തില്‍ ഒന്നാം സ്ഥാനത്താണ്. ഇസ്ലാം സംസ്‌കാരമുള്ള പ്രദേശങ്ങളില്‍ ഈന്തപ്പഴത്തിനു പ്രധാന സ്ഥാനം ഉണ്ട്. റംസാന്‍ മാസത്തില്‍ ഇഫ്താര്‍ മേശകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒരു പ്രധാന ഭക്ഷണമാണ് ഈന്തപ്പഴം. റംസാന്‍ മാസത്തോടനുബന്ധിച്ചുള്ള 'നോമ്പുതുറക്കല്‍' മിക്കവാറും ഈന്തപ്പഴവും വെള്ളവും കഴിച്ചുകൊണ്ടാണ് നിര്‍വഹിക്കുക. ഇതിന് ശാസ്ത്രീയമായ വിശദീകരണവുമുണ്ട്. ഈന്തപ്പഴത്തില്‍ ഫ്രക്ടോസ് ഉയര്‍ന്നതോതില്‍ അടങ്ങിയിരിക്കുന്നു, അതിനാല്‍ ഇതിലെ ഊര്‍ജം ശരീരത്തിന് വലിച്ചെടുക്കാന്‍ എളുപ്പത്തില്‍ കഴിയും. അതുപോലെ തന്നെ നീണ്ട ഇടവേളയ്ക്കു ശേഷം ഭക്ഷണം ശരീരത്തില്‍ ചെല്ലുമ്പോള്‍, ഒഴിഞ്ഞു കിടക്കുന്ന ആമാശയത്തില്‍ ദഹനത്തിന് വേണ്ടുന്ന ദീപനരസം ഉണ്ടാക്കുന്നതിനും സഹായിക്കും.
ഈന്തപ്പഴങ്ങള്‍ കുലകളായാണ് കാണപ്പെടുന്നത്. ഒരു കുലയ്ക്ക് ആറു മുതല്‍ പന്ത്രണ്ടു കിലോ വരെ ഭാരമുണ്ടാകും. പനയുടെ വൈവിധ്യമനുസരിച്ച് മഞ്ഞ, ഓറഞ്ച്, കടും ചുവപ്പ് തുടങ്ങിയ വര്‍ണങ്ങളിലാണ് ഈന്തപ്പഴങ്ങള്‍ കാണപ്പെടുന്നത്. ഈന്തപ്പഴം പഴുത്തതും, ഉണക്കിയതും കഴിക്കാറുണ്ട്. പഴത്തിന്റെ ബാഹ്യരൂപം നോക്കി ഈന്തപ്പഴം ഉണക്കിയതാണോയെന്ന് പറയാനാകും. ചുളിവുള്ള ചര്‍മ്മം ഉണങ്ങിയ ഈന്തപ്പഴത്തിനെ സൂചിപ്പിക്കുന്നു, എന്നാല്‍ മൃദുലമായ ചര്‍മ്മം പഴുത്ത പഴത്തെ സൂചിപ്പിക്കുന്നു.
അറബ് നാടുകളില്‍ പാതയോരങ്ങളില്‍ കൃഷി ചെയ്യുന്ന ഈന്തപ്പന ധാരാളം ഈന്തപ്പഴം തരുന്നതിനോടൊപ്പം നയന മനോഹരമായ ഒരു കാഴ്ച കൂടിയാണ്. ഈ പനയുടെ യഥാര്‍ത്ഥ ഉത്ഭവസ്ഥലം അജ്ഞാതമാണെങ്കിലും, ബി.സി. 6000 മുതല്‍ക്കുതന്നെ ഈ പന ഈജിപ്തിലും ഇറാക്കിലും പ്രധാന വിളകളിലൊന്നായിരുന്നതായി കരുതപ്പെടുന്നു. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോര്‍ണിയ, വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍, സ്‌പെയിന്‍, പാകിസ്താന്‍, ഇന്ത്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും ഈന്തപ്പന കൃഷിചെയ്യുന്നുണ്ട്.
മനുഷ്യശരീരത്തിന് വേണ്ട മിക്കവാറും എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുള്ള  ഒരു ഫലമാണ് ഈന്തപ്പഴം. ആധുനിക വൈദ്യശാസ്ത്രം അനുസരിച്ച്, മനുഷ്യര്‍ക്ക് ആരോഗ്യകരമായതും അനുയോജ്യവുമായ നിലയില്‍ തുടരാന്‍ 10 നിര്‍ണായക ഘടകങ്ങള്‍ അത്യന്താപേക്ഷിതമാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ് അതിനാല്‍ ശരീര ഭാരം കൂടുകയില്ല. 100 ഗ്രാം ഈന്തപ്പഴത്തില്‍ 1.5 ഗ്രാം പ്രോട്ടീനും, 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 225 കലോറിയും അടങ്ങിയിരിക്കുന്നു. അതുകൊണ്ടാണ് ശാരീരികവും മാനസികവുമായ കഠിന ജോലി ചെയ്യുന്നവര്‍ക്കുണ്ടാകുന്ന രോഗങ്ങള്‍, രോഗം മൂലം ഉണ്ടാകുന്ന ക്ഷീണം, ബലഹീനത തുടങ്ങിയവയ്ക്ക് പ്രയോജനകരമാകുന്നത്.
ഈന്തപ്പഴത്തിന്റെ മറ്റു ചില ഉപയോഗങ്ങള്‍
നാഡീവ്യവസ്ഥ ശക്തിപ്പെടുത്തുന്നു.
പൊട്ടാസ്യം വളരെയധികമുള്ള ഒരു ഫലമാണിത്. മാത്രമല്ല ചെറിയ അളവില്‍ സോഡിയവും ഉണ്ട്. പൊട്ടാസ്യം കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു, കൂടാതെ സ്ട്രോക്ക് ഉണ്ടാകുന്നത് തടയാനും ഇവ സഹായിക്കുന്നു,
അന്നനാളം സംബന്ധിച്ച അസുഖങ്ങളെ തടയാന്‍
ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഇങ്ങനത്തെ ലയിക്കാത്തതും ലയിക്കുന്നതുമായ ഫൈബറുകള്‍ ഗ്യാസ്ട്രോ ഇന്‍ഡസ്റ്റൈനല്‍ സിസ്റ്റത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. കോളന്‍ കാന്‍സര്‍, ഹെമറോയ്ഡുകള്‍ എന്നിവയുടെ അപകടങ്ങളെ കുറയ്ക്കുന്നതിനും ഈന്തപ്പഴം നല്ലതാണ്. മലബന്ധം ഉണ്ടാകുന്നത് തടയാനും  ഈ ഫലം സഹായിക്കുന്നു.
അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന്
ഈന്തപ്പഴം മാംഗനീസ്, മഗ്നീഷ്യം, സെലീനിയം, ചെമ്പ് എന്നിവയുടെ ഒരു കലവറയാണ്. ഓസ്റ്റിയോപൊറോസിസ് പോലുള്ള രോഗങ്ങളെ തടയുന്നതിനും, അസ്ഥികളുടെ ആരോഗ്യത്തിനും മുകളില്‍ പറഞ്ഞ പോഷകങ്ങള്‍ അത്യാവശ്യമാണ്.
വിളര്‍ച്ച തടയാന്‍
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് കുറയുന്ന ഒരു അവസ്ഥയാണ് വിളര്‍ച്ച. രക്തചംക്രമണത്തിന് ഇരുമ്പ് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതിനാല്‍ വിളര്‍ച്ചയുടെ കാരണങ്ങള്‍ ഇരുമ്പിന്റെ അഭാവമാണ്. ഈന്തപ്പഴം എന്നത് വിളര്‍ച്ചയ്‌ക്കെതിരേ പ്രകൃതിദത്ത പരിഹാരം തന്നെയാണ്.  ഇരുമ്പിന്റെ ഉയര്‍ന്ന അളവിലുള്ള ഈ പഴം ഗര്‍ഭിണികള്‍ക്ക് വളരെ നല്ലതാണ്. അനീമിയ തടയുന്നതിനും, ഗര്‍ഭപാത്രത്തിന്റെ പേശികളെ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കുന്നു.
തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നതിന്
മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് ഈന്തപ്പഴം നല്‍കുന്ന ആരോഗ്യാനുകൂല്യങ്ങള്‍ വളരെയധികമാണ്. ഇവയില്‍ വൈറ്റമിന്‍ B6 അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ട ഒരു ജീവകമാണ്. നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമായ പോഷകാഹാരങ്ങളുടെ വ്യക്തിഗതമായ ഉപദേശത്തിന്, നിങ്ങളുടെ ഡോക്ടറോട് അല്ലെങ്കില്‍ യോഗ്യതയുള്ള ഒരു പോഷകാഹാര പ്രൊഫഷണലിനോട് സംസാരിക്കുക.
ഈന്തപ്പഴത്തിന്റെ കൗതുക വിശേഷങ്ങള്‍
അറേബ്യയില്‍ മാത്രമായി 50ല്‍പ്പരം വൈവിധ്യമാര്‍ന്ന ഈന്തപ്പനകള്‍ കൃഷി ചെയ്യുന്നുണ്ട്.ഈന്തപ്പനയുടെ വിത്തുകള്‍ വര്‍ഷങ്ങളോളം മണ്ണിനടിയില്‍ വികസിക്കാതെ അനുകൂല സാഹചര്യം ഉണ്ടാകുന്നത് വരെ സുപ്തമായിരിക്കാന്‍ കഴിയുന്നവയാണ്.  ഈന്തപ്പഴം സഹാറയില്‍ ഒട്ടകങ്ങളുടെയും കുതിരകളുടെയും നായ്ക്കളുടെയും തീറ്റയായും നല്‍കാറുണ്ട്.
ഈന്തപ്പനയുടെ ഓലയില്‍ നിന്നു ലഭിക്കുന്ന ചകിരി കൊണ്ടുണ്ടാക്കുന്ന കുട്ടകള്‍, തൊപ്പികള്‍, പായ തുടങ്ങിയ കരകൗശലവസ്തുക്കള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ലഭ്യമാണ്.  ഈന്തപ്പനയുടെ തടി വീടുകളുടെയും വഞ്ചികളുടെയും നിര്‍മാണത്തിനും, ഇന്ധനമായും, ഉപയോഗിച്ചിരുന്നു. ഈന്തപ്പനക്കുരുവില്‍നിന്ന് എടുക്കുന്ന എണ്ണ, സോപ്പ്, കോസ്മെറ്റിക്സ് നിര്‍മാണ മേഖലയില്‍ ഉപയോഗിക്കുന്നുണ്ട്.
കടപ്പാട്:മാതൃഭൂമി

അവസാനം പരിഷ്കരിച്ചത് : 5/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate