অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മൂക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

മൂക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

  1. 1. വിട്ടുമാറാത്ത ജലദോഷമുണ്ടാകുന്നത്‌ മൂക്കിന്റെ തകരാറുകൊണ്ടാണോ?
  2. 2. മൂക്കിന്റെ പാലം വളഞ്ഞിരുന്നാല്‍ ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ടോ?
  3. 3. മൂക്കില്‍ ദശവളരുന്നതായി കേട്ടിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.
  4. 4. കുട്ടികള്‍ പഞ്ഞി, ഈര്‍ക്കില്‍ തുടങ്ങിയ വസ്‌തുക്കള്‍ മൂക്കില്‍ കയറ്റിയാല്‍ എന്തുചെയ്യണം?
  5. 5. മൂക്കിലുണ്ടാകുന്ന ദശ കരിച്ചു കളയാന്‍ സാധ്യമാണോ?
  6. 6. കുട്ടികളുടെ മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകം പുറത്തുവരുന്നുതായി കാണാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇതിന്‌ ചികിത്സയുടെ ആവശ്യമുണ്ടോ?
  7. 7. വിട്ടുമാറാത്ത തുമ്മല്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? ഇത്‌ മരുന്നുകൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ?
  8. 8. മൂക്കിനു ചുറ്റും കറുത്തകുരുക്കള്‍ കാണപ്പെടുന്നത്‌ എന്തുകൊണ്ട്‌?
  9. 9. കുഞ്ഞുങ്ങള്‍ക്ക്‌ വരണ്ട ജലദോഷവും വിട്ടുമാറാത്ത പനിയും ഉണ്ടാകാനുള്ള കാരണം എന്ത്‌?
  10. 10. ഒസീനം എന്ന രോഗത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌ ഏന്താണ്‌ ഈരോഗം?
  11. 11. സൈനസൈറ്റിസ്‌ വരുന്നത്‌ മൂക്കിന്റെ തകരാറുകൊണ്ടാണോ?
  12. 12. നീന്തുമ്പോള്‍ മൂക്കിനുള്ളില്‍ വെള്ളം കയറാറുണ്ട്‌. ഇങ്ങനെ സംഭവിക്കുമ്പോള്‍ എന്താണ്‌ ചെയ്യേണ്ടത്‌?
  13. 13. മൂക്കില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?
  14. 14. മൂക്കിന്റെ പാലത്തിന്‌ സുഷിരമുണ്ടാകുന്നതായി കേട്ടിട്ടുണ്ട്‌. ഇത്‌ ശരിയാണോ?
  15. 15. മൂക്കില്‍ മുഴകള്‍ ഉണ്ടാകുമോ?
  16. 16. മൂക്കിലെ രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നത്‌ എന്തുകൊണ്ട്‌?
  17. 17. മൂക്കിലൂടെ രക്‌തസ്രാവമുണ്ടാകുന്നത്‌ എന്തുകൊണ്ട്‌? രോഗമാണോ? ചികിത്സ ആവശ്യമുണ്ടോ?
  18. 18. ചിലയവസരങ്ങളില്‍ മൂക്ക്‌ അടഞ്ഞിരിക്കുന്നതായി തോന്നാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌?
  19. 19. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടായാല്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ എന്തെല്ലാമാണ്‌?
  20. 20. ഡീവിയേറ്റഡ്‌ നേസല്‍ സെപ്‌റ്റം എന്നാല്‍ എന്താണ്‌? കൂര്‍ക്കംവിക്ക്‌ കാരണം ഇതാണെന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ഇത്‌ ശരിയാണോ?

മൂക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

മൂക്കുമായി ബന്ധപ്പെട്ട്‌ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്‌. ഇത്‌ പലപ്പോഴും ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതുമാണ്‌. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന മൂക്കുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും.

മൂക്ക്‌ ചെറിയൊരു അവയവമല്ല. പ്രാണവായുവിനെ ശരീരത്തിലെത്തിക്കുന്നതു മുതല്‍ സൗന്ദര്യത്തെ ജ്വലിപ്പിക്കാന്‍ വരെ മൂക്കിനാവുന്നു. എന്നാല്‍ മൂക്കുമായി ബന്ധപ്പെട്ട്‌ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്‌.

ഇത്‌ പലപ്പോഴും ശരീരത്തെ മുഴുവന്‍ ബാധിക്കുന്നതുമാണ്‌. ഏതു പ്രായക്കാരിലും ഉണ്ടാകാവുന്ന മൂക്കുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും അവയ്‌ക്കുള്ള മറുപടിയും.

1. വിട്ടുമാറാത്ത ജലദോഷമുണ്ടാകുന്നത്‌ മൂക്കിന്റെ തകരാറുകൊണ്ടാണോ?

മൂക്കിന്റെ തകരാറുകൊണ്ട്‌ വിട്ടു മാറാത്ത ജലദോഷമുണ്ടാകാറുണ്ട്‌. അലര്‍ജിയുണ്ടായാലും ജലദോഷം വിട്ടുമാറാതെ നില്‍ക്കും. ചെറുപ്പത്തിലേ സൈനു സൈറ്റിസ്‌ വരുന്നത്‌, മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നത്‌, സ്‌ഥിരമായി ടെന്‍ഷനുണ്ടാകുന്നത്‌, ഉത്‌കണ്‌ഠ, നിരന്തരമായി കരയുന്നത്‌ ഇവയെല്ലാം വിട്ടുമാറാത്ത ജലദോഷത്തിനുള്ള കാരണങ്ങളാണ്‌.

എന്തുകാരണം കൊണ്ടാണ്‌ ജലദോഷമുണ്ടാകുന്നതെന്ന്‌ കണ്ടെത്തിയിട്ടുവേണം ചികിത്സ ആരംഭിക്കാന്‍. അതിനായി ഒരു ഇ. എന്‍.ടി സ്‌പെഷലിസ്‌റ്റിന്റെ സഹായം തേടുക.

2. മൂക്കിന്റെ പാലം വളഞ്ഞിരുന്നാല്‍ ഓപ്പറേഷന്‍ ചെയ്യേണ്ടതുണ്ടോ?

മൂക്കിന്റെ പാലം വളഞ്ഞിരുന്നാല്‍ ശ്വാസമെടുക്കുമ്പോള്‍ തടസം തോന്നാറുണ്ട്‌. എല്ലാ വളവുകളും ഓപ്പറേഷന്‍ ചെയ്യണമെന്നില്ല. ശ്വാസോച്‌ഛ്വാസ സമയത്ത്‌, വേദന തോന്നുന്നുണ്ടെങ്കില്‍ ഓപ്പംറേഷന്‍ ചെയ്യുന്നത്‌ ഉത്തമമാണ്‌.

3. മൂക്കില്‍ ദശവളരുന്നതായി കേട്ടിട്ടുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌.

മൂക്കില്‍ ദശവളരാറുണ്ട്‌. പോളിപ്പ്‌ എന്നാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. പലര്‍ക്കും ഇങ്ങനെ കണ്ടുവരാറുണ്ട്‌. ദശയുടെ സ്വഭാവമനുസരിച്ച്‌ അതിനെ മരുന്നുകൊണ്ട്‌ മാറ്റുകയോ ശസ്‌ത്രക്രിയ ചെയ്യുകയോ ചെയ്യണം. കട്ടികുറഞ്ഞ ദശയാണെങ്കില്‍ മാത്രമേ മരുന്നുകൊണ്ട്‌ മാറുകയുള്ളു. കട്ടികൂടിയ പോളിപ്പ്‌ നീക്കം ചെയ്യാന്‍ സര്‍ജറി തന്നെ വേണ്ടിവരും.

4. കുട്ടികള്‍ പഞ്ഞി, ഈര്‍ക്കില്‍ തുടങ്ങിയ വസ്‌തുക്കള്‍ മൂക്കില്‍ കയറ്റിയാല്‍ എന്തുചെയ്യണം?

കുട്ടികള്‍ പഞ്ഞി, ബട്ടന്‍സ്‌, ഈര്‍ക്കില്‍ മുതലായവ മൂക്കില്‍ കയറ്റുന്നത്‌ വളരെ അപകടകരമാണ്‌് അങ്ങനെ സംഭവിച്ചാല്‍ മൂക്ക്‌ ശക്‌തിയായി ചീറ്റുകയാണ്‌ വേണ്ടത്‌. മൂക്കില്‍ കയറ്റിയ സാധനം വളരെ ശ്രദ്ധിച്ചുവേണം നീക്കം ചെയ്യാന്‍.

മൂക്കില്‍ മൂര്‍ച്ചയേറിയ വസ്‌തുക്കള്‍ ഉപയോഗിച്ച്‌ കുടുങ്ങിയിട്ടുള്ള വസ്‌തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കരുത്‌. ഇങ്ങനെ നീക്കം ചെയ്യാനുള്ള ശ്രമം വസ്‌തു ഉള്ളിലേക്ക്‌ കൂടുതല്‍ കയറി അപകടം ഉണ്ടാകാനാണ്‌ സാധ്യത്യ.

5. മൂക്കിലുണ്ടാകുന്ന ദശ കരിച്ചു കളയാന്‍ സാധ്യമാണോ?

പാപ്പിലോമാ, ഗ്രാനുലോമ,ഹെര്‍മനോമ എന്നിവയാണ്‌ മുക്കിലുണ്ടാകുന്ന ദശകള്‍ക്കുപറയുന്ന പേര്‌. അവ കരിച്ചു കളയാന്‍ സാധിക്കും. എന്നാല്‍ കരിച്ചു കളഞ്ഞതിനു ശേഷവും ദശയുടെ അംശം മൂക്കില്‍ അവശേഷിച്ചാല്‍ ആ ഭാഗം വീണ്ടും തടിച്ചുവരാന്‍ സാധ്യത കൂടുതലാണ്‌.

ജെല്ലി പോലെ മൃദുവായ ദശയും കട്ടികൂടിയ ദശയുമുണ്ട്‌്. കട്ടികുറഞ്ഞ ദശ കരിച്ചു കളയുന്നതുകെണ്ട്‌ പ്രയോജനമുണ്ട്‌. ദശ കരിച്ചു കളഞ്ഞാലും വീണ്ടും വരാം.

6. കുട്ടികളുടെ മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകം പുറത്തുവരുന്നുതായി കാണാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. ഇതിന്‌ ചികിത്സയുടെ ആവശ്യമുണ്ടോ?

ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക്‌ അലര്‍ജിയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. അലര്‍ജിയുള്ളതുകൊണ്ടാവാം മൂക്കില്‍ നിന്നും കൊഴുത്ത ദ്രാവകം വരുന്നത്‌. മൂക്കില്‍ ദശ വളര്‍ന്നുനിന്നാലും നേര്‍ത്ത പച്ച നിറത്തിലുള്ള മുക്കളവരാന്‍ സാധ്യതയുണ്ട്‌. അങ്ങനെ വന്നാല്‍ ദുര്‍ഗന്ധവും മണമറിയാന്‍ പ്രയാസവും ഉണ്ടാകാം.

7. വിട്ടുമാറാത്ത തുമ്മല്‍ ഏതെങ്കിലും രോഗത്തിന്റെ ലക്ഷണമാണോ? ഇത്‌ മരുന്നുകൊണ്ട്‌ ചികിത്സിച്ചു മാറ്റാന്‍ കഴിയുമോ?

തണുത്ത കാറ്റ്‌ കൊള്ളുമ്പോള്‍ ചിലര്‍ക്ക്‌ നിരന്തരമായി തുമ്മല്‍ വരാറുണ്ട്‌. അലര്‍ജിയുള്ളവര്‍ക്ക്‌ ഇടവിട്ടുള്ള തുമ്മലും മൂക്കൊലിപ്പും കാണാറുണ്ട്‌. ചിലര്‍ക്ക്‌ തുമ്മലില്‍ നിന്ന്‌ ജലദോഷവും അമിതമായ മൂക്കൊലിപ്പും വരാറുണ്ട്‌. തുമ്മലിന്റെ കാരണം കണ്ടെത്തിയതിനു ശേഷം മാത്രമേ ചികിത്സ തുടങ്ങാന്‍ പാടുള്ളു.

8. മൂക്കിനു ചുറ്റും കറുത്തകുരുക്കള്‍ കാണപ്പെടുന്നത്‌ എന്തുകൊണ്ട്‌?

മൂക്കിനു ചുറ്റും ചൊറി വരാറുണ്ട്‌. മൂക്കിന്‌ കറുപ്പു നിറവും നീല തവിട്ട്‌, ചുവപ്പ്‌ , മഞ്ഞ എന്നീ നിറങ്ങളോട്‌ കൂടിയ തടിപ്പും കുരുക്കളും വരാറുണ്ട്‌. ഇവയ്‌ക്ക് ചൊറിച്ചില്‍ ഉണ്ടെങ്ങങ്കില്‍ ആ വെള്ളം വീഴുന്ന ഭാഗത്ത്‌ വീണ്ടും കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

അതിനാല്‍ ഒരു നല്ല ഇഎന്‍ടി സ്‌പെഷലിസ്‌്റ്റിനെ കണ്ട്‌ മരുന്നു വാങ്ങണം. തൊലിപ്പുറത്തു പുരട്ടുവാനുള്ള ക്രീമുകളും ഇന്ന്‌ ലഭ്യാമാണ്‌.

9. കുഞ്ഞുങ്ങള്‍ക്ക്‌ വരണ്ട ജലദോഷവും വിട്ടുമാറാത്ത പനിയും ഉണ്ടാകാനുള്ള കാരണം എന്ത്‌?

ശിശുക്കള്‍ക്ക്‌ ഈ പ്രശ്‌നം കൂടുതലായി കാണുന്നത്‌ രാത്രികാലത്താണ്‌. കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ ശ്വാസോച്‌ഛ്വാസം വായില്‍ കൂടി നടത്താറുണ്ട്‌. മുക്കിലെ സ്ലേഷ്‌മ പടലത്തിന്‌ വരള്‍ച്ച അനുഭവപ്പെടുന്നു. ഇടയ്‌ക്ക് മൂക്ക്‌ ചീറ്റിയാലും അതില്‍ നിന്നും സ്രവം വരില്ല. ഇങ്ങനെ വരണ്ട ജലദോഷവും പനിയും വരുന്നത്‌.

ജലദോഷത്തോടൊപ്പം അഡിമനായ്‌ഡും വരാറുണ്ട്‌. മണമറിയാന്‍ കഴിയാത്ത അവസഥ ശസ്‌ത്രക്രിയയിലൂടെ പരിഹരിക്കാന്‍ കഴിയുമോ? മിക്കവര്‍ക്കും അപകടത്തിനു ശേഷം മണമറിയാന്‍ സാധിക്കാത്ത അവസ്‌ഥ ഉണ്ടാകാവുന്നതാണ്‌.

അനോസ്‌മിയ എന്നാണ്‌ ഈ അവസ്‌ഥയക്ക്‌ പറയുന്നത്‌. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാവുന്നതാണ്‌. മണം അറിയാവുന്ന രീതിയില്‍ മൂക്കിന്റെ ഘടന മാറ്റിയെടുക്കുന്നു.

10. ഒസീനം എന്ന രോഗത്തെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌ ഏന്താണ്‌ ഈരോഗം?

മൂക്കിലെ അസ്‌ഥികളും സ്ലേഷ്‌മ പടലങ്ങളും ക്ഷയിച്ച്‌ ചെറിയ പൊട്ടലുകളും ദുര്‍ഗന്ധവും സ്രവവും ഉണ്ടാവുന്ന അവസ്‌ഥയാണ്‌ ഒസീനം. മൂക്കിന്റെ വീ്‌ക്കം നീണ്ടുനിന്ന്‌ ഈ അവസ്‌ഥ വരാം. മണം അറിയാനുള്ള കഴിവ്‌ ക്രമേണ നഷ്‌ടപ്പെടുന്നതായി കാണാറുണ്ട്‌. എപ്പോഴും മൂക്കില്‍ മൂക്കളയും കട്ടകളും വരാറുണ്ട്‌.

11. സൈനസൈറ്റിസ്‌ വരുന്നത്‌ മൂക്കിന്റെ തകരാറുകൊണ്ടാണോ?

മുക്കിനു ചുറ്റുമുള്ള അസ്‌ഥികളില്‍ കാണപ്പെടുന്ന വായു അറകളാണ്‌ നേസല്‍ സൈനസ്‌. ഈ അറകളുടെ ഉള്‍വശം ശ്ലേഷ്‌മ പടലത്താല്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌. ജലേദാഷം അലര്‍ജി, മറ്റു േരാഗാണുക്കളുടെ സംക്രമണം എന്നിവയാല്‍ ഈ അറകളില്‍ ശ്ലേഷ്‌മ ദ്രവം നിറയുകളും അവ നാസാരധ്രങ്ങള്‍ വഴി പുത്തേക്ക്‌ ഒഴുകുകയും ചെയ്യുന്നു.

ഈ അറികളിലെ ശ്ലേഷ്‌മ പടലത്തിന്‌ നീര്‍വീക്കം ഉണ്ടാകുന്ന അവസ്‌ഥായാണ്‌ സൈനസൈറ്റിസ്‌. ഇതു മൂലം പുറത്തേക്കുള്ള സുഷിരം അടയുകയും തന്മുലം ഇവയ്‌ക്കുള്ളിലെ ശ്ലേഷ്‌മ ദ്രവം പുത്തേക്ക്‌ പോകാതെ തടസപ്പെടുകയും ചെയ്യുന്നു.

ഇതു കാരണം അറകളിലെ വായു സമ്മര്‍ദം കുടുകയും തലവേദന ഉണ്ടാവുകയും ചെയ്യുന്നു. നേരിയ പനി, മൂക്കടപ്പ്‌, തലവേദന, കണ്‍പോളകളില്‍ നീര്‍വീക്കം തുടങ്ങിയവയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

12. നീന്തുമ്പോള്‍ മൂക്കിനുള്ളില്‍ വെള്ളം കയറാറുണ്ട്‌. ഇങ്ങനെ സംഭവിക്കുമ്പോള്‍ എന്താണ്‌ ചെയ്യേണ്ടത്‌?

നീന്തുമ്പോള്‍ മൂക്കില്‍ വെള്ളം കയറിയാല്‍ കുഴപ്പമൊന്നും സംഭവിക്കില്ല. ശക്‌തിയായി മൂക്കു ചീറ്റിയാല്‍ മതിയാവും. വെള്ളം ഒപ്പിയെടുക്കുന്നതിനായി തുണിക്കഷണങ്ങളോ പഞ്ഞിയോ മൂക്കില്‍ തിരുകരുത്‌. അതു തടഞ്ഞിരുന്നാല്‍ മൂക്കില്‍ പ്രശ്‌നമാണ്‌. ക്ലോറിന്റെ അംശം വെള്ളത്തിലുണ്ടെങ്കില്‍ അത്‌ അപകടകരമാണ്‌.

13. മൂക്കില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌?

മൂക്കിലെ അസ്‌ഥികള്‍ക്കള്‍ക്ക്‌ ക്ഷയം സംഭവിക്കുമ്പോഴാണ്‌ മൂക്കില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകുന്നത്‌് മൂക്ക്‌ ചുവന്നിരിക്കുകയും കുത്തുന്നതുപോലെ വേദന ഉണ്ടാവുകയും ചെയ്യുന്നു. മൂക്കില്‍ വളരുന്ന ദശ വലുതാകുന്നത്‌ അനുസരിച്ച്‌, മൂക്കില്‍ നീര്‍ക്കെട്ട്‌ ഉണ്ടാകാറുണ്ട്‌. പച്ച നിറത്തിലുള്ള ദുര്‍ഗന്ധത്തോടു കൂടിയ സ്രവം മൂക്കില്‍ നിന്നും വരുന്നതായി കാണാറുണ്ട്‌.

14. മൂക്കിന്റെ പാലത്തിന്‌ സുഷിരമുണ്ടാകുന്നതായി കേട്ടിട്ടുണ്ട്‌. ഇത്‌ ശരിയാണോ?

മൂക്കിന്റെ പാലത്തിന്‌ സുഷിരങ്ങള്‍ ഉണ്ടാകാറുണ്ട്‌. സുഷിരത്തോടൊപ്പം വ്രണങ്ങളും മൂക്കിന്റെ പാലത്തില്‍ വരാറുണ്ട്‌. ഇങ്ങനെയുണ്ടായാല്‍ ദുര്‍ഗന്ധത്തോടുകൂടിയ രക്‌തം കലര്‍ന്ന സ്രവം മൂക്കില്‍ നിന്നും വരാറുണ്ട്‌.

അസ്‌ഥികള്‍ക്ക്‌ അസഹനീയമായ വേദന വരുമ്പോഴും മൂക്കിന്റെ പാലത്തിന്‌ സുഷിരമുള്ളതുകൊണ്ടാവാം. മൂക്കിലെ അസ്‌ഥികളും ശ്ലേഷ്‌മ പടലവും നശിക്കുന്നതും മൂക്കിന്റെ പാലത്തിന്‌ സുഷിരമുണ്ടാകാന്‍ കാരണമാണ്‌. പച്ചനിറത്തില്‍ ദുര്‍ഗന്ധത്തോടു കൂടിയ നാസികാസ്രവവും വരാറുണ്ട്‌.

15. മൂക്കില്‍ മുഴകള്‍ ഉണ്ടാകുമോ?

മൂക്കിനുള്ളില്‍ മുഴകള്‍ ഉണ്ടാകാറുണ്ട്‌. മൂക്കിനുള്ളില്‍ കട്ടിയുള്ള മുഴകളും കട്ടികുറഞ്ഞ മുഴകളും കാണപ്പെടാറുണ്ട്‌. മൂക്കിന്റെ ആരംഭസ്‌ഥാനത്തും അഗ്രഭാഗത്തും മുഴകള്‍ വരാറുണ്ട്‌. ഏതുഭാഗത്താണ്‌ മുഴ വരുന്നത്‌ എന്നതിനെ ആശ്രയിച്ചാണ്‌ ചികിത്സ നിശ്‌ചയിക്കുന്നത്‌.

16. മൂക്കിലെ രോമങ്ങള്‍ കൊഴിഞ്ഞു പോകുന്നത്‌ എന്തുകൊണ്ട്‌?

പ്രായമാകുമ്പോള്‍ സാധാരണയായി കൊഴിയാറുണ്ട്‌. രോമത്തിന്റെ വേരുകളിലെ കട്ടികുറയുന്നതുമൂലമാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. കാഠിന്യമുള്ള കെമിക്കലുകള്‍ ശ്വസിക്കുന്നതുമൂലം ഏതു പ്രായക്കാരുടെയും മൂക്കിലെ രോമം കൊഴിയാന്‍ സാധ്യതയുണ്ട്‌.

വിഷവാതകങ്ങള്‍ ശ്വസിച്ചാലും മൂക്കിലെ രോമങ്ങള്‍ കൊഴിയുന്നതായി കാണാറുണ്ട്‌. ചെറുപ്പത്തിലെ രോമം കൊഴിയുന്നതായി കണ്ടാല്‍ ചികിത്സ തേടേണ്ടതാണ്‌.

17. മൂക്കിലൂടെ രക്‌തസ്രാവമുണ്ടാകുന്നത്‌ എന്തുകൊണ്ട്‌? രോഗമാണോ? ചികിത്സ ആവശ്യമുണ്ടോ?

മൂക്കിലൂടെ രക്‌തം വരുന്നതിന്‌ എപ്പിസ്‌റ്റാക്‌സിസ്‌ എന്നാണ്‌ പറയുന്നത്‌. രാവിലെ ഏഴുന്നേല്‍ക്കുമ്പോഴേ മൂക്കില്‍നിന്ന്‌ രക്‌തസ്രാവം ഉണ്ടാകുന്നവരുണ്ട്‌. മൂക്കില്‍ ദശവളര്‍ന്നു നില്‍ക്കുന്നതിനാലാവാം ഇങ്ങനെ വരുന്നത്‌.

അണുബാധയുണ്ടെങ്കിലും ഇങ്ങനെ മൂക്കല്‍ നിന്നും രക്‌തം വരാവുന്നതാണ്‌. മൂക്കിലുണ്ടാകുന്ന ചെറിയ ചലനം മുലം രക്‌തസ്രാവം വര്‍ദ്ധിക്കാനിടയുണ്ട്‌. സൂര്യന്റെ ചൂടടിക്കുമ്പോഴും രക്‌തസ്രാവത്തിന്റെ തോത്‌ കൂടാറുണ്ട്‌. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടാകാനുള്ള കാരണം കണ്ടെത്തി വിദഗ്‌ധ ചികിത്സ നേടേണ്ടതാണ്‌.

18. ചിലയവസരങ്ങളില്‍ മൂക്ക്‌ അടഞ്ഞിരിക്കുന്നതായി തോന്നാറുണ്ട്‌. എന്തുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌?

ചിലര്‍ക്ക്‌ മൂക്ക്‌ പൂര്‍ണമായി അടഞ്ഞിരിക്കുന്നതായി തോന്നാറുണ്ട്‌. അങ്ങനെയുള്ളവര്‍ വായിലൂടെ ശ്വാസോച്‌ഛ്വാസം നടത്തുന്നത്‌. ശ്വാസം ഉള്ളിലേക്കെടുക്കാന്‍ പ്രയാസമുണ്ടാവില്ല. എന്നാല്‍ പുറത്തേക്ക്‌ വരുമ്പോള്‍ ബുദ്ധിമുട്ട്‌ ഉണ്ടാകുന്നു.

ശ്വാസോച്‌ഛ്വാസത്തില്‍ മാര്‍ഗത്തില്‍ തടസമുള്ളതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിക്കുന്നത്‌. ആ തടസം എന്തെന്ന്‌ കണ്ടുപിടിച്ചതിനു ശേഷം മാത്രമേ ഈ പ്രശ്‌നത്തിന്‌ ചികിത്സ നടത്താന്‍ സാധിക്കുകയുളളൂ.

19. മൂക്കില്‍ നിന്ന്‌ രക്‌തസ്രാവമുണ്ടായാല്‍ ചെയ്യാവുന്ന പ്രഥമ ശുശ്രൂഷ എന്തെല്ലാമാണ്‌?

മൂക്കില്‍ നിന്നും രക്‌തസ്രാവമുണ്ടാകാന്‍ കാരണങ്ങള്‍ പാലതാണ്‌. രക്‌തസ്രാവം ഉണ്ടായാല്‍ ഉടനെ ഇരുമൂക്കുകളും ചേര്‍ത്ത്‌ പിടിച്ച്‌ 15 മനിറ്റോളം അമര്‍ത്തിപ്പിടിച്ച്‌ വായിലൂടെ ശ്വസിക്കുക. തുമ്മുകയോ ചീറ്റുകയോ ചെയ്യാതിരിക്കുക.

ഇത്‌ കൂടുതല്‍ രക്‌തസ്രാവത്തിന്‌ ഇടയാക്കും. മൂക്കിനു പുറത്ത്‌ ഐസ്‌ കട്ടകള്‍വച്ചു തണുപ്പിക്കുന്നത്‌ രക്‌തസ്രാവം നിലയ്‌ക്കാന്‍ സഹായിക്കും.

20. ഡീവിയേറ്റഡ്‌ നേസല്‍ സെപ്‌റ്റം എന്നാല്‍ എന്താണ്‌? കൂര്‍ക്കംവിക്ക്‌ കാരണം ഇതാണെന്ന്‌ പറഞ്ഞുകേള്‍ക്കുന്നു. ഇത്‌ ശരിയാണോ?

കൂര്‍ക്കംവലിക്കുള്ള പല കാരണങ്ങളില്‍ ഒന്നുമാത്രമാണ്‌ ഡീവിയേറ്റഡ്‌ നേസല്‍ സെപ്‌റ്റം. മൂക്കിന്റെ ഉള്‍വശം രണ്ടായി തിരിക്കുന്നത്‌ തരുണാസ്‌ഥിയും അസ്‌ഥിയും ചേര്‍ത്ത ഒരു ഭിത്തിയാണ്‌. ഈ ഭിത്തി ഇടത്തേക്കോ, വലത്തേക്കോ കൂടുതലായി വളഞ്ഞിരിക്കുന്ന അവസ്‌ഥയാണ്‌ ഡീവിയേറ്റഡ്‌ നേസല്‍ സെപ്‌റ്റം.

ജന്മനാ തന്നെയോ അപകടത്തെത്തുടര്‍ന്നോ ഇങ്ങനെ സംഭവിക്കാം. കൂര്‍ക്കംവലി കൂടാതെ മൂക്കടപ്പ്‌, സൈനസൈറ്റിസ്‌ എന്നിവയ്‌ക്കും ഈ രോഗം കാരണമാകാം. ശസ്‌ത്രക്രിയയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്‌.

കടപ്പാട് : ഡോ. രാജലക്ഷ്‌മി

ഇ.എന്‍.ടി സ്‌പെഷലിസ്‌റ്റ്, കിടങ്ങൂര്‍

കടപ്പാട് :മംഗളം

അവസാനം പരിഷ്കരിച്ചത് : 2/18/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate