Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം; പുരുഷൻമാരുടെയും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം; പുരുഷൻമാരുടെയും

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം; പുരുഷൻമാരുടെയും
ശാരീരികവും  മാനസികവും  സാമൂഹികവുമായ  സ്വസ്ഥത  അതാണ്  സ്ത്രീയുടെ  ആരോഗ്യം. ഈ  മൂന്നിലും  സ്വസ്ഥത അനുഭവിക്കുന്ന ഒരുവൾ  പൂർണ ആരോഗ്യവതിയാണെന്നു  പറയാം .
1. ശാരീരികമായ സ്വസ്ഥത
സ്ത്രീകൾക്ക് അവരുടെ  ആരോഗ്യം, കുട്ടികളായിരിക്കുമ്പോൾ തന്നെ ലഭിക്കണം. ചെറുപ്രായത്തിൽ കിട്ടാത്ത  പോഷണം വളർന്നതിനു ശേഷം കൊടുത്തിട്ടു കാര്യമില്ല. കാരണം, സ്ത്രീകളിൽ പ്രായമായതിനു ശേഷമുള്ള ആരോഗ്യം തീരുമാനിക്കപ്പെടുന്നത്, ചെറുപ്പത്തിൽ   ലഭിക്കുന്ന പോഷണത്തിന്റെ അടിസ്ഥാനത്തിലാണ്. വളർന്നതിനു ശേഷമുള്ള അവളുടെ എല്ലുകളുടെ ബലവും പ്രസവത്തിലൂടെ പുറത്തുവരാനിരിക്കുന്ന അവളുടെ കുഞ്ഞിന്റെ ആരോഗ്യം പോലും ചെറുപ്പത്തിൽ ലഭ്യമാകുന്ന പോഷണത്തെ ആശ്രയിച്ചിരിക്കും. ഈ കാര്യത്തിൽ നമുക്കു വലിയ അറിവില്ലായ്മ സംഭവിച്ചു പോയിരിക്കുന്നു.
ശൈശവം
ഗർഭസ്ഥ  ശിശുവിന്റെ  ആരോഗ്യം  ലക്ഷ്യമാക്കി   ഗർഭിണിയായിരിക്കുന്ന  സ്ത്രീകൾക്ക്  നിറയെ പോഷകാഹാരം നൽകാറുണ്ട് . എന്നാൽ കുഞ്ഞു പുറത്തുവന്നതിന്  ശേഷം   അതിന്റെ  വളർച്ചക്കാവശ്യമായ പോഷണം ലഭ്യമാക്കുന്നതിൽ  ശ്രദ്ധക്കുറവ്  കാണിക്കുകയും  ചെയ്യും. എന്തോക്കെയോ (കുറെ ടിന്നിലടച്ച പൊടികളും ധാന്യപ്പൊടികളും)കൊടുത്തു കുട്ടിയുടെ  വിശപ്പുമാറ്റുക അല്ലെങ്കിൽ കുഞ്ഞിന്റെ  ശരീരഭാരം കൂട്ടുക എന്നതിൽ കവിഞ്ഞു കുട്ടിക്ക്  വേണ്ട പോഷണം ലഭ്യമാകുന്നുണ്ടോ എന്നൊന്നും പൊതുവെ തിരക്കുള്ള മാതാപിതാക്കൾ ശ്രദ്ധിക്കാറില്ല. ജനിക്കുന്നത്  ആൺകുട്ടിയാണെങ്കിൽ  അവനു  കൂടിയപോഷകാഹാരവും ശ്രദ്ധയും നൽകുകയും, പെൺകുട്ടിയാണെങ്കിൽ അറിഞ്ഞോ അറിയാതെയോ അല്പം ശ്രദ്ധക്കുറവ് കാണിക്കുകയും ചെയ്യുന്ന പതിവുണ്ട്  നമുക്കിടയിലും. ഇതാണ് സ്ത്രീകളുടെ  ആരോഗ്യ സംരക്ഷണത്തിൽ സംഭവിക്കുന്ന ആദ്യത്തെ തെറ്റ് .
pregnancy
അറിവില്ലായ്മകൊണ്ടാണെങ്കിലും ഈ തെറ്റ് ചെയ്യുന്നത് സ്ത്രീകൾ തന്നെയാണ്. അവളുടെ ആരോഗ്യം നഷ്ടപ്പെടാൻ  തുടങ്ങുന്നത്  മൗലികമായ  ഈ അശ്രദ്ധയിൽ  നിന്നാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പ്രാധാന്യം  നാം നൽകേണ്ടതുണ്ട് .
കാരണം വളർന്നതിനു ശേഷം  അവൾ ഗർഭം ധരിക്കുന്നവളും കുഞ്ഞിന് വേണ്ട പോഷണം സ്വന്തം ശരീരത്തിൽ നിന്നും നല്കുന്നവളുമാണ്. അടിസ്ഥാനപരമായി കുട്ടിക്കാലം മുതൽ പോഷകാഹാരം കഴിച്ചു വളർന്ന ഒരു സ്ത്രീക്ക് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞിന് വേണ്ട പോഷകങ്ങൾ നൽകാൻ സാധിക്കൂ . പുരുഷനെ സംബന്ധിച്ചിടത്തോളം ആരോഗ്യപരമായി  ഇത്തരത്തിലുള്ള  യാതൊരു  നഷ്ടവും സംഭവിക്കുന്നില്ല .
സ്ത്രീകൾ പാചകക്കാരികൾ
മലയാളി സംസ്കാരത്തിൽ ആഹാരം പാകം ചെയ്യുന്ന മേഖല കൂടുതലും സ്ത്രീകളാണ് കൈകാര്യം ചെയ്യുന്നത്. മലയാളിയുടെ ആഹാരം പൊതുവെ പോഷക ദാരിദ്യ്രമുള്ളതാണ്. എത്ര നല്ല പോഷകഗുണമുള്ള  പച്ചക്കറിയും  അശാസ്ത്രീയമായി  പാകം  ചെയ്‌തോ ,  തെറ്റായ  രീതിയിൽ  പാചകം ചെയ്‌തോ (വറുത്തും പൊരിച്ചും എണ്ണയിൽ കുഴച്ചും) പോഷണം നഷ്ടപ്പെടുത്തി യാണ്  കഴിച്ചു  പോരുന്നത് .
indian-woman-cooking
മാത്രമല്ല ഉണ്ടാക്കുന്ന ഭക്ഷണത്തിൽ നിന്ന്  ഏറ്റവും  ഗുണകരമായ  അംശങ്ങൾ ഭർത്താവിനും  കുട്ടികൾക്കുമായി  വീതിച്ചു  നൽകി  ബാക്കി  കൊണ്ട്  തൃപ്തിപ്പെടുന്നവരാണ്  നമ്മുടെ  അമ്മമാർ .ഇത്  വഴി  അവരുടെ  പോഷണത്തിൽ  കുറവുവരുന്നുണ്ട്. എങ്കിലും  കഴിക്കുന്ന  ആഹാരത്തിന്റെ  അളവിൽ  കുറവൊന്നും   വരുന്നില്ല . അതെങ്ങനെയെന്നാൽ  പാകം ചെയ്തതിൽ ബാക്കി വരുന്നതെല്ലാം (അതിൽ കരിഞ്ഞതും ഫ്രിഡ്ജിൽ വച്ച് പഴകിയതും എല്ലാം പെടും) അമ്മമാർ തന്നെ കഴി ക്കുന്നു . ഇത്തരം ശീലങ്ങൾ കൊണ്ട് പോഷക ദാരിദ്ര്യം മാത്രമല്ല ധാരാളം  രോഗങ്ങളും അവർ  വരുത്തിവയ്ക്കുന്നു.
ആരോഗ്യ  രംഗത്ത്  മലയാളി സ്ത്രീകൾ താരതമ്യേന കുറഞ്ഞ  തെറ്റുകൾ ചെയ്യുന്നവരാണ്. ഹോട്ടൽ ഭക്ഷണങ്ങളും ജങ്ക് ഫുഡും  ഫാസ്റ്റ്  ഫുഡും  മദ്യപാനവും പുകവലിയുമെല്ലാം മലയാളിസ്ത്രീകളിൽ പൊതുവെ കുറവാണ്. എന്നിട്ടും  കേരളത്തിലെ സ്ത്രീകളുടെ ആയുസ്സിൽ കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീകൾ  വേഗത്തിൽ രോഗികളാകുന്നതായാണ്  പ്രത്യക്ഷത്തിൽ  കാണാൻ  സാധിക്കുന്നത് . ഇതിനു കാരണം പോഷക ദാരിദ്ര്യമാണ്. ശരീരത്തിലെ  കേടുപാടുകളും  തേയ്മാനങ്ങളും  പരിഹരിക്കാൻ   ആവശ്യമായ അളവിലുള്ള ഊർജം സ്ത്രീകൾക്ക് ആഹാരത്തിൽ   നിന്നും  ലഭിക്കുന്നില്ല, ഇതുകൊണ്ടു തന്നെയാണ് അവളുടെ ആയുസ്സു കുറഞ്ഞു വരുന്നത്. ഈ കുറവ് പരിഹരിക്കണം.
പോഷകാഹാരക്കുറവ് കൊണ്ടും വ്യായാമക്കുറവുകൊണ്ടും വിശ്രമത്തിന്റെ അഭാവം കൊണ്ടും സ്ത്രീകളുടെ ആരോഗ്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വിദേശ നാടുകളിലേതു പോലെ മദ്യപാനവും പുകവലിയും ഇല്ലാത്തതു കൊണ്ട് മാത്രമാണ് നമ്മുടെ  സ്ത്രീകൾ രക്ഷപ്പെട്ടു നിൽക്കുന്നത്, അവർ ജീവിച്ചിരിക്കുന്നതും  അതുകൊണ്ടു  തന്നെ  ആയിരിക്കാം  .
സ്ത്രീകൾ ആരോഗ്യമുള്ള മനസ്സോടെയും ശരീരത്തോടെയും ജീവിച്ചിരിക്കേണ്ടത്, സമൂഹത്തിന്റെ ആവശ്യമാണ്. സ്ത്രീകളുടെ ശാരീരിക മാനസിക ആരോഗ്യം കൂടി  പരിഗണിക്കപ്പെടുന്ന അവസ്ഥയിലേക്ക് നമ്മുടെ സംസ്കാരം മാറേണ്ടതുണ്ട്.
2. മാനസികമായ സ്വസ്ഥത
വളരെ ബോൾഡ്  ആണ് ഇന്നത്തെ സ്ത്രീകൾ എന്ന് പൊതു സമൂഹവും സ്ത്രീകൾ സ്വയവും നിരന്തരം  പറഞ്ഞുകൊണ്ടിരിക്കുന്നു.  ഇത് സത്യമാണോ?
മനസികപിരിമുറുക്കം അനുഭവിക്കുന്നവരാണ് ഇന്നത്തെ  ഒട്ടുമിക്ക സ്ത്രീകളും. ഇതെങ്ങനെ  സംഭവിക്കുന്നു?
self-controle
കേരളത്തിൽ 100 ൽ 10 സ്ത്രീകളും നിരാശ രോഗത്തിന് (depression) അടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു.എങ്ങിനെയൊക്കെയോ ജീവിക്കുന്നു എന്നല്ലാതെ ആരോഗ്യത്തോടെയോ സന്തോഷത്തോടെയോ സമാധാനത്തോടെയോ  അല്ല അവർ  ജീവിക്കുന്നത്. കേരളത്തിൽ 15 നും 29 നും മധ്യേ പ്രായമുള്ള സ്ത്രീകളിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നതായും  കാണുന്നുണ്ട് . ഇതിൽ ദാമ്പത്യ പ്രശ്നങ്ങൾ ആത്മഹത്യകൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്.
എന്തുകൊണ്ടാണ് ഈ പ്രായത്തിൽ  മാനസിക  പിരിമുറുക്കങ്ങളും ആത്മഹത്യകളും  കൂടി  വരുന്നത്?
ചെറുപ്രായത്തിലെ  പോഷകാഹാരക്കുറവും അനാരോഗ്യ ഭക്ഷണ ശീലങ്ങളും വളർന്നതിനു  ശേഷം  സ്ത്രീകളിൽ ആരോഗ്യ  പ്രശ്നങ്ങൾ  ഉണ്ടാക്കുന്നു എന്നത് പോലെതന്നെ സ്ത്രീകളുടെ മാനസികാരോഗ്യക്കുറവ്  അല്ലെങ്കിൽ  മാനസിക  പിരിമുറുക്കം  പരിഹരിക്കുന്നതിന്  അവളുടെ  അപ്പോഴത്തെ  പ്രശ്നം  കണ്ടെത്തി  പരിഹാരം  തേടിയിട്ടു  കാര്യമൊന്നുമില്ല. കാരണം  മാനസിക  ആരോഗ്യം  ചെറുപ്രായത്തിലേ  ലഭിക്കേണ്ടതാണ്. സ്ത്രീയുടെ  ഇന്നത്തെ  മാനസിക  പിരിമുറുക്കത്തിന്റെ  കാരണമറിയാൻ  അവളുടെ  ചെറുപ്പകാലത്തിലേക്കു  അന്വേഷണം  നടത്തേണ്ടി  വരും . പെൺകുട്ടികളിൽ  12 ഉം  18 ഉം  വയസ്സിനുള്ളിൽ  മാനസികമായി  അനുഭവിക്കേണ്ടി  വന്ന  ചെറുതും  വലുതുമായ   പോറലുകളാണ്  വളർന്നതിനു   ശേഷമുള്ള  അവളുടെ  മാനസിക  ആരോഗ്യത്തെ നിശ്ചയിക്കുന്നത് . അതിനാൽ  സ്ത്രീകൾ  മാനസിക  ആരോഗ്യമുള്ളവരായിരിക്കണമെങ്കിൽ കുട്ടികളായിരിക്കുമ്പോൾതന്നെ അവളുടെ  മാനസികാരോഗ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട് .
പെൺകുട്ടികളിലെ  മാനസിക ആരോഗ്യം
പെൺകുട്ടികളുടെ മാനസിക ആരോഗ്യം ഒരു സാമൂഹിക പ്രശ്നമാണ്. ഈ സാമൂഹിക പ്രശനം പരിഹരിക്കാൻ സമൂഹത്തിലെ സ്ത്രീകൾതന്നെയാണ്  മുൻകൈ എടുക്കേണ്ടത്. മുതിർന്ന  സ്ത്രീക്ക്  സ്വയം  സംരക്ഷിക്കാനറിയാം. പക്ഷേ  ഒരു  പെൺകുട്ടിക്ക്  അവളെ  സ്വയം  സംരക്ഷിക്കാനാവില്ല . അതിനു  വീട്ടുകാരുടെയും  സമൂഹത്തിന്റെയും  സഹായം ആവശ്യമായി  വരും .
പെൺകുട്ടികളെ ഒരു പ്രത്യേക പ്രായം വരെയെങ്കിലും(18 വയസു വരെ) മുതിർന്നവർ വളരെ സൂക്ഷ്മതയോടെ തന്നെ  കൈകാര്യം ചെയ്യണം.
കാരണം 12 മുതൽ 18 വരെയുള്ള പ്രായത്തിൽ പെൺകുട്ടികൾക്ക് സംഭവിക്കുന്ന ചെറിയ ഒരു പോറൽ പോലും  തുടർന്നുള്ള അവളുടെ മാനസിക ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കും.(12 വയസ്സിന് മുൻപും ഇത് ബാധകമാണ്.ആ  കാലഘട്ടത്തിൽ  പൊതുവെ  പെൺകുട്ടികൾക്ക്  സംരക്ഷണം  ലഭിക്കാറുണ്ട് )
12 മുതൽ 18 വയസ്സ് വരെ പെൺകുട്ടികൾ അതിലോലമായ മാനസിക അവസ്ഥ ഉള്ളവരായിരിക്കും.  ഈ അവസ്ഥയിൽ അവൾക്കു ആൺകുട്ടികളോട് ആകർഷണം  തോന്നുകയും അവർക്ക്  ഇഷ്ടം  തോന്നുമാറ് പൊതുസമൂഹത്തിൽ  അവൾ  പെരുമാറുകയും ചെയ്യും. പെൺകുട്ടി മോശമായതുകൊണ്ടോ അവളുടെ സ്വഭാവം ചീത്തയായതു  കൊണ്ടോ അല്ല ഇങ്ങനെ സംഭവിക്കുന്നത്. മറിച്ചു  പ്രകൃതി  തന്നെ  നേരിട്ട് ചില ഇടപെടലുകൾ പെൺകുട്ടിയിൽ നടത്തുന്നു എന്നതാണ്  ഈ  മാറ്റത്തിന്  കാരണം. അവളുടെ ശരീരം പ്രത്യുത്പാദനത്തിനു പാകമാകുമ്പോൾ പ്രകൃതി പെൺകുട്ടിയെ പ്രജനനം  നടത്താൻ  നിർബന്ധിക്കുന്നു . ജീവൻ നിലനിർത്തുന്നതിനായി പ്രകൃതി തന്നെ  ഇത്തരം  ഒരു  സംവിധാനം   ഉണ്ടാക്കി വച്ചിരിക്കുന്നു. പെൺകുട്ടികളിൽ  ഈ  പ്രേരണ  കൂടുതൽ പ്രതിഫലിക്കുകയും  മാറ്റം  പ്രകടമായി  കാണപ്പെടുകയും   ചെയ്യുന്നു . ഇതിന്റെ  ഭാഗമായി  ചില  എടുത്തു ചാട്ടമൊക്കെ പെൺകുട്ടികൾ  കാണിച്ചെന്നിരിക്കും . ഇതൊന്നും  ഒരു  സ്വഭാവ  ദൂഷ്യമായി  കാണേണ്ടതില്ല,  മറിച്ചു  പ്രകൃതി തന്നെ അവളിൽ  ഏല്പിച്ചിരിക്കുന്ന  ഒരുജോലി  അവളുടെ  വ്യക്തിത്വത്തിൽ  പ്രതിഫലിക്കുന്നത്  മാത്രമാണ് . ഇത്  സംഭവിക്കുന്നത്  അവൾ  പോലും  അറിയാതെയാണ്  എന്ന്  നാം  മനസ്സിലാക്കേണ്ടതുണ്ട്. അതുകൊണ്ട്  തന്നെയാണ്  കുട്ടികൾക്ക്  ഇതിൽ  യാതൊരു  നിയന്ത്രണവുമില്ലാതെ  വരുന്നത് . സ്വയം നിയന്ത്രണമില്ലാതെ വരുന്ന ഇത്തരം സന്ദർഭങ്ങളിൽ സമൂഹം തന്നെ, വീട്ടുകാർ തന്നെ അത് മനസ്സിലാക്കി , അവളെ നിയന്ത്രിച്ചു കൊള്ളണം. കാര്യങ്ങൾ അവളെ ബോധ്യപ്പെടുത്തിക്കൊള്ളണം.
v-day
കാരണം 18 വരെയുള്ള കുട്ടിപ്രായത്തിൽ അവളുടെ മാനസിക ആരോഗ്യം മോശപ്പെട്ടു പോയാൽ ഒരിക്കലും  അവളെ തിരിച്ചു മാനസിക  ആരോഗ്യത്തിലേക്കു കൊണ്ടുവാരാനാകില്ല. ഈ  പ്രായത്തിൽ അവളുടെ താത്പര്യപ്രകാരമോ  അല്ലാതെയോ  പുരുഷന്മാരിൽ നിന്നും അവൾ നേരിടുന്ന  ഒരു ചെറിയ സ്പർശനം പോലും അവളെ എന്നെന്നേക്കുമായി മാനസിക സമ്മർദമുള്ള  ഒരു  വ്യക്തിയാക്കി മാറ്റും. ഈ സംഭവത്തോടെ അവളുടെ മാനസിക ആരോഗ്യം തകരുകയും  അതുമൂലം വിവേചന ശേഷി നഷ്ടപ്പെട്ട്, ഇടപെടുന്ന കാര്യങ്ങളിലെല്ലാം തെറ്റു സംഭവിച്ചു തുടങ്ങുകയും  ചെയ്യും.   പ്രായമേറെച്ചെന്നതിനു ശേഷം ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ അവൾ  രോഗിയായി  മാറിയേക്കാം. അതുകൊണ്ടു തന്നെ 12 മുതൽ 18 വരെയുള്ള പ്രായത്തിൽ വീട്ടുകാരും സമൂഹവും അവളെ ഏറെ  സുരക്ഷിതമായ രീതിയിൽ തന്നെ കൊണ്ട് നടക്കണം. ഒരു ചെറിയ പോറൽ പോലും മനസ്സിനേൽപ്പിക്കാതെ അവളെ ചിറകിനടിയിൽ സൂക്ഷിക്കണം. എങ്കിലേ  ആരോഗ്യമുള്ള  ഒരു  സ്ത്രീയായി  അവൾ  മാറുകയുള്ളൂ .
പെൺകുട്ടിയുടെ  വളർച്ചാ കാലഘട്ടത്തിൽ  അവളുടെ  മാനസിക  ആരോഗ്യത്തിൽ വേണ്ടത്ര  ശ്രദ്ധ  ചെലുത്താതെ, മുതിർന്നതിനു   ശേഷം അവളുടെ  മാനസിക  പിരിമുറുക്കം  കുറയ്ക്കാനുള്ള  വഴികൾ  അന്വേഷിച്ചു പോകുന്നത്  തികച്ചും  അർത്ഥ  ശൂന്യമാണ് .  .
അതുകൊണ്ടു സ്ത്രീകളുടെ  ആരോഗ്യകരമായ വളർച്ചക്ക്  ചെറുപ്പത്തിൽ തന്നെ ലഭിക്കേണ്ട ശാരീരികമായ  പോഷണവും  മാനസികമായ  കരുതലും   ഒഴിച്ചുകൂടാനാവാത്തതാണ് . മാനസികമായ  കരുതൽ  ഏറ്റുവാങ്ങി  വളർന്ന  ഒരു  പെണ്ണിന്  18 വയസ്സിനു ശേഷം സംഭവിക്കുന്ന പോറലുകൾ എന്ത് തന്നെയായാലും  അതിനെ ഒരു സംഭവമായി മാത്രം കാണാനുള്ള മാനസികാരോഗ്യം ഉണ്ടായിരിക്കും.
3. സാമൂഹ്യമായ സ്വസ്ഥത
സ്ത്രീകൾ കുടുംബത്തിലും  സമൂഹത്തിലും  അവഗണിക്കപ്പെടുന്നതെന്തുകൊണ്ട്? സ്ത്രീകൾ അവഗണന ഏറ്റുവാങ്ങുന്നത് സ്ത്രീകളുടെ തന്നെ കുഴപ്പം കൊണ്ടാണ്.
മുൻ തലമുറയിലെ സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി പുതു തലമുറയിലെ സ്ത്രീകൾ സ്ത്രീ പുരുഷ സമത്വം ആഗ്രഹിക്കുന്നവരാണ്. അവഗണന  അനുഭവിക്കേണ്ടി  വരുന്നതിന്റെ അടിസ്ഥാന കാരണം ഇതാണ്. കുടുംബം, സമൂഹം  എന്നീ  ‘institution’ കളിൽ നിൽക്കുമ്പോൾ,  അവളിലുണ്ടാകുന്ന, ‘സ്ത്രീപുരുഷ സമത്വം’ എന്ന ആശയമാണ് അല്ലെങ്കിൽ  അത്തരമൊരു  ആഗ്രഹമാണ് അവളിൽ  വലിയ മനസികപിരിമുറുക്കം ഉണ്ടാക്കികൊണ്ടിരിക്കുന്നത്. എന്തുകൊണ്ടെന്നാൽ  സ്ത്രീ പുരുഷ സമത്വം ഒരിക്കലും സാധ്യമാകാത്ത  ഒന്നാണ്.
എന്നാൽ  ഫെമിനിസ്റ്റുകൾ എന്ന് സ്വയം വിളിക്കുന്ന കൂട്ടർ  സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നതു  കാണാം . ഭൂരിപക്ഷം  ഫെമിനിസ്റ്റുകളും  18 വയസ്സ്  കഴിഞ്ഞവരാണ് . ഒരുപക്ഷേ  സ്ത്രീ ശരീരത്തോട് കൂടി ജനിക്കുകയും, മാനസിക ആരോഗ്യം എന്ന തലക്കെട്ടിൽ  സൂചിപ്പിച്ചതു പോലെ, 12 മുതൽ 18 വരെയുള്ള  പ്രായത്തിൽ സംഭവിച്ച പലവിധ പോറലുകളും നിമിത്തം, മാനസിക അസ്വസ്ഥതകൾ ബാധിച്ചു,  സ്ത്രീകൾക്കുണ്ടായിരിക്കേണ്ട എണ്ണമറ്റ  ഗുണങ്ങളിൽ പലതും നഷ്ടപ്പെട്ടവരായിരിക്കാം  ഇവർ . സ്ത്രീ  എന്നതിലെ പൂർണത  ഇല്ലാതായിപ്പോകുന്നത് കാണുമ്പോൾ, ഇത്തരക്കാർ അവരുടെ തന്നെ പൂർണതക്കുവേണ്ടി, നഷ്ടപ്പെട്ട സ്ത്രീ ഗുണങ്ങൾക്കു വേണ്ടി കൊതിക്കുകയും, ആ ഗുണങ്ങൾ ഉണ്ടാ ക്കിയെടുക്കാൻ  നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യാനിടയുണ്ട് . എന്നിരുന്നാലും ഈ വിഷയത്തെ കുറിച്ചു ആധികാരികമായി സംസാരിക്കാൻ ഞാൻ ആളല്ല.
എന്റെ  അഭിപ്രായത്തിൽ  സ്ത്രീ പുരുഷന്മാർ  വ്യത്യസ്തരാണ് . ഇരുവരും വ്യത്യസ്ത ധ്രുവങ്ങളിൽ നിന്നുള്ളവരാണ്. . ഇരുവർക്കുമുള്ള ഗുണങ്ങളും വ്യത്യസ്തമാണ്. ഇരുവരുടെയും  ഭാവനകളും സ്വഭാവങ്ങളും ശൈലികളും എന്തിനു ചിന്താ രീതികൾ പോലും വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ  സ്ത്രീപുരുഷ  സമത്വം  എന്നത്  സാധ്യമാകാത്ത  ഒരു  ആശയമായി  നിൽക്കും.
kissing-couple
സ്ത്രീയും  പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നുണ്ട്- സന്തോഷം.സമത്വമൊന്നും  സാധ്യമല്ലെങ്കിലും ഇരുവർക്കും ഒന്നിച്ചു സന്തോഷമായിരിക്കാൻ ഇഷ്ടമാണ്, അതവർക്ക്  സാധിക്കുകയും  ചെയ്യും .
അതെങ്ങനെയാണ് ? ഒരു പ്രതിസമത സാധ്യമാണ്. സ്ത്രീക്കും പുരുഷനും പരസ്പര പൂരകങ്ങളായിരിക്കാൻ സാധിക്കും. സ്ത്രീകൾക്കില്ലാത്ത ഒരുപാട് ഗുണങ്ങൾ പുരുഷനും പുരുഷനില്ലാത്ത ധാരാളം ഗുണങ്ങൾ സ്ത്രീക്കും ഉണ്ട് . സ്ത്രീ പുരുഷന്മാർ ഒന്നിക്കുമ്പോൾ, ഒരാളുടെ കുറവ് രണ്ടാമൻ  പരിഹരിക്കുമ്പോഴാണ്  അവർ  തമ്മിലുള്ള  ഇമ്പം  സാധ്യമാകുന്നത് . അങ്ങിനെ അന്യോന്യ പൂരകങ്ങളായിരുന്നുകൊണ്ടാണ്  സന്തോഷം സാധ്യമാക്കേണ്ടത് .
ഈ സത്യം ബോധ്യപ്പെട്ടുകൊണ്ടു ജീവിക്കാൻ ആരംഭിച്ചാൽ ഓരോ കുടുംബവും അക്ഷരാർത്ഥത്തിൽ ഇമ്പമുള്ളതായി തീരും. ഓരോ സ്ത്രീയും പുരുഷനും സന്തോഷത്തോടെ ജീവിതം ആസ്വദിക്കും.
ഒരു വീട്ടിൽ ഉള്ള രണ്ടു മക്കളെ, അതിൽ  ഒന്ന് ആണും ഒന്ന് പെണ്ണും ആണെങ്കിൽ ഇരുവരെയും ഒരുപോലെയല്ല വളർത്തേണ്ടത്. കാരണം രണ്ടുപേരും  വ്യത്യസ്ത  ഗുണങ്ങൾ ഉള്ളവരാണ്. ഓരോരുത്തരിലും ഉള്ള വ്യത്യസ്തങ്ങളായ   ഗുണങ്ങളെ ആണ് മാതാപിതാക്കൾ  വളർത്തിയെടുക്കേണ്ടത് .  ആൺകുട്ടിയിലെ ആണിന്റെ നല്ല ഗുണങ്ങളെ വളർത്തി അവനെ നല്ലൊരു ആണാക്കി മാറ്റണം. പെൺകുട്ടിക്ക് അവളിലെ പെണ്ണിന്റെ നല്ല ഗുണങ്ങളെ വളർത്തി നല്ലൊരു പെണ്ണായി വളരാനുള്ള  സാഹചര്യമൊരുക്കണം . വ്യത്യസ്ത ഗുണങ്ങളോട്  കൂടിയ കുട്ടികളെ അവരുടെ ഗുണങ്ങൾ  മനസ്സിലാക്കാതെ  വളർത്തിയാൽ അതുതന്നെ കുട്ടികൾക്ക്   മനസികപിരിമുറുക്കം ഉണ്ടാക്കും . അവരുടെ വളർച്ച വേണ്ടവിധം നടക്കില്ല.
എല്ലാം പുരുഷനിലും സ്ത്രീയുടെ അംശമുണ്ട്. എല്ലാ സ്ത്രീയിലും പുരുഷന്റെ അംശവുമുണ്ട്. ഇത് നമുക്ക്  തിരിച്ചറിയാനാവില്ലെന്നു മാത്രം.
രണ്ടു പേരിലും രണ്ടു പേരുടെയും അംശങ്ങൾ അടങ്ങിയിരിക്കുന്നുവെങ്കിലും സ്ത്രീക്ക് മാത്രമായുള്ള  ചില കഴിവുകളുണ്ട്.ഒരു പുരുഷൻ വിചാരിച്ചാൽ ഒരു നല്ല സ്ത്രീയെ ഉണ്ടാക്കിയെടുക്കാനൊന്നും സാധിക്കില്ല. എന്നാൽ ഒരു നല്ല സ്ത്രീ വിചാരിച്ചാൽ ഒരു നല്ല പുരുഷനെ ഉണ്ടാക്കിയെടുക്കാം. ആരോഗ്യമുള്ള മനസും ശരീരവുമുള്ള ഒരു അമ്മയിൽ നിന്ന് മാത്രമേ ആരോഗ്യമുള്ള മനസും ശരീരവുമുള്ള ഒരു മകനോ മകളോ ജനിക്കൂ. മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഒരമ്മയിൽ നിന്നും ഒരു നല്ല മകനെ അല്ലെങ്കിൽ മകളെ പ്രതീക്ഷിക്കാനാവില്ല.
നല്ല പെണ്ണുണ്ടെങ്കിലേ നല്ല പുരുഷൻ പോലും ഉണ്ടാകൂ എന്നതുകൊണ്ട് നല്ല പെണ്ണുണ്ടാകണം എന്നത് സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്.
ഇവിടെ സ്ത്രീക്ക് കഴിയാത്തതു പുരുഷനും പുരുഷന് കഴിയാത്തതു സ്ത്രീക്കും ചെയ്യാൻ സാധിക്കും. രണ്ടു പേരും വ്യത്യസ്ത ഗുണങ്ങൾ ഉള്ളവരാണെന്ന സത്യം രണ്ടു പേരും മനസ്സിലാക്കിയാൽ അവിടെ പരസ്പര  ബഹുമാനം  ഉടലെടുക്കും . അവഗണന ഇല്ലാതാകും. സ്ത്രീക്കുള്ളത് സ്ത്രീക്കും പുരുഷനുള്ളത് പുരുഷനും ലഭിക്കും എന്ന യാഥാർഥ്യം ഇരുവർക്കും ബോധ്യപ്പെട്ടാൽ പരസ്പരമുള്ള മത്സരവും   അവസാനിക്കും. മാനസിക ആരോഗ്യക്കുറവ് പരിഹരിക്കപ്പെടും.
ഓരോ സ്ത്രീയെയും വളർത്തിയെടുക്കുക എന്നത് സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഉത്തരവാദിത്തമാണ്. മാനസികാരോഗ്യമുള്ള സ്ത്രീകളുടെ അളവ് ദിനംപ്രതി കേരളത്തിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സ്ത്രീ ഇല്ലെങ്കിൽ പുരുഷൻ ഇല്ല എന്ന സത്യം കൂടി  മലയാളി സമൂഹം മനസിലാക്കേണ്ടതുണ്ട് .
ഓരോ സ്ത്രീയും  എത്ര നാൾ ജീവിച്ചു എന്നതിനേക്കാൾ എത്ര നാൾ സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിച്ചു എന്നതാണ്  പ്രധാനം .

കടപ്പാട്ഡോ. ജെന്നി കളത്തിൽ

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ