Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / വെരിക്കോസ് വെയിന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വെരിക്കോസ് വെയിന്‍

മനുഷ്യനെ പക്ഷി മൃഗാദികളില്‍ നിന്നും വ്യത്യസ്തനാക്കുന്നത് നിവര്‍ന്ന് രണ്ടുകാലില്‍ നില്‍ക്കാന്‍ കഴിയുന്നുവെന്നതാണ്. പക്ഷേ ഇങ്ങനെ രണ്ടുകാലില്‍ നിവര്‍ന്നു നില്‍ക്കുന്നതിന്റെ ഒരു ശിക്ഷയാണ് വെരിക്കോസ് വെയിന്‍ എന്ന രോഗം. ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ അശുദ്ധ രക്തവാഹികളായ സിരകളെയാണ് വെയിന്‍ എന്നു പറയുന്നത്.

ശുദ്ധരക്തവാഹികളായ സിരകളെ ആര്‍ട്ടറി എന്നും പറയുന്നു. മനുഷ്യന്‍ നിവര്‍ന്നു നില്‍ക്കുമ്പോള്‍ കാല്‍പാദങ്ങളില്‍ നിന്നും മുകളിലേക്ക് ഹൃദയം വരെ രക്തം എത്തിപ്പെടുന്നത് കാലുകളിലെ വെയിനിലുള്ള വാല്‍വുകളുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. ഈ വാല്‍വുകള്‍ മുകളിലേക്ക് മാത്രം തുറക്കപ്പെടുന്നതാണ്.

കാലില്‍ രണ്ടുതരം വെയിന്‍ ഉണ്ട്. ഒന്ന് ഉപരിതലത്തിലുള്ള സൂപ്പര്‍ഫിഷ്യല്‍ വെയിന്‍, മറ്റൊന്ന് ഉള്ളിലൂടെ പോകുന്ന ഡീപ് വെയിന്‍. ഈ രണ്ടു വെയിനുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന പെര്‍ഫറേറ്റര്‍ വെയിന്‍ നിശ്ചിത അകലത്തില്‍ കാണാം. പെര്‍ഫറേറ്റര്‍ വെയിനില്‍ രക്ത പ്രവാഹത്തെ വാല്‍വ് മുഖേന നിയന്ത്രിച്ചിരിക്കുന്നു.

അതായത് പുറമേ നിന്നും (സൂപ്പര്‍ഫിഷ്യല്‍) ഉള്ളിലുള്ള (ഡീപ് വെയിന്‍) വെയിനിലേക്ക് മാത്രം രക്തം പ്രവഹിക്കുന്ന രീതിയിലാണ് വാല്‍വുകളുടെ ഘടന. കാലിലെ അശുദ്ധ രക്തവാഹികളായ വെയിനുകള്‍ ക്രമാതീതമായി വികസിക്കുകയും പിണഞ്ഞ് തടിച്ച് കാണുകയും ചെയ്യുന്ന രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍.

കാരണങ്ങള്‍


വീനസ് വാല്‍വുകള്‍ക്ക് ഉണ്ടാകുന്ന തകരാര്‍: വീനസ്

1. വാല്‍വുകളുടെ തകരാറ് കാരണം രക്തം ശരിയായ രീതിയില്‍ മുകളിലേക്ക് പമ്പ് ചെയ്യാത്തതിനാല്‍ കാലിലെ സിരകളില്‍ തന്നെ കെട്ടിക്കിടക്കും. ഇതുമൂലം സിരകള്‍ ക്രമേണ വികസിക്കുകയും പിണഞ്ഞ് രൂപമാറ്റം സംഭവിക്കുകയും ചെയ്യുന്നു. ഇങ്ങനെ വെയിനിന്റെ ഭിത്തിയുടെ ഘനം കുറയുന്നു. ഇത്തരം സാഹചര്യത്തില്‍ വേഗത്തില്‍ ചെറിയ ക്ഷതം കൊണ്ടു തന്നെ പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

2. ഉള്ളിലൂടെ പോകുന്ന ഡീപ് വെയിനില്‍ കാര്യമായ തടസം: ഉദാഹരണത്തിന് രക്തം കട്ട പിടിച്ച് വെയിന്‍ അടഞ്ഞാല്‍ രക്തം സൂപ്പര്‍ഫിഷ്യല്‍ വെയിനിലേക്ക് തിരിച്ച് ഒഴുകാന്‍ ഇടയാകുന്നു. ഇതും സൂപ്പര്‍ഫിഷ്യല്‍ വെയിന്‍ വികസിക്കാനും അതിലെ വാല്‍വുകള്‍ പ്രവര്‍ത്തനരഹിതമാകാനും കാരണമാകുന്നു.

3. പെര്‍ഫറേറ്റ് വെയിനുകളിലെ വാല്‍വുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്: ഇത്തരം സാഹചര്യത്തില്‍ രക്തം തിരിച്ച് സൂപ്പര്‍ഫിഷ്യല്‍ സിസ്റ്റത്തിലേക്ക് ഒഴുകാനും വെരിക്കോസ് വെയിന്‍ ഉണ്ടാകാനും ഇടയാക്കും.

വാല്‍വുകള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത


1. ജന്മനാ തന്നെ വാല്‍വുകള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ വാല്‍വുകള്‍ക്ക് തകരാര്‍ സംഭവിക്കാം.
2. കാലിനുണ്ടാകുന്ന ക്ഷതങ്ങള്‍, മറ്റു രോഗാവസ്ഥകള്‍ എന്നിവ വെയിനിലെ വാല്‍വുകളുടെ പ്രവര്‍ത്തനം ക്രമേണ തകരാറിലാക്കും.
3. വയറിനുള്ളില്‍ ഉണ്ടാകുന്ന ചില വലിയ മുഴകളും ചില രോഗങ്ങളും മുകളിലോട്ടുള്ള രക്തപ്രവാഹത്തിനു തടസമാകുകയും കാലില്‍ വെരിക്കോസ് വെയിനിനു കാരണമാകുകയും ചെയ്യുന്നു.
4. അസാധാരണമായ പൊക്കമുള്ള വ്യക്തികളിലും പൊണ്ണത്തടി ഉള്ളവരിലും, കൂടുതല്‍ നേരം നിന്ന് ജോലി ചെയ്യുന്നവരിലും വെരിക്കോസ് വെയിന്‍ വരാന്‍ സാധ്യത ഏറെയാണ്.

രോഗലക്ഷണങ്ങള്‍


1. കാലില്‍ തെളിഞ്ഞു കാണുന്ന രക്തക്കുഴലുകള്‍
2. കാലുകളില്‍ അനുഭവപ്പെടുന്ന വേദന
3. കാല്‍പാദങ്ങളില്‍ നീര്
4. തൊലിയിലെ നിറ വ്യത്യാസം
5. ചൊറിച്ചില്‍
6. വേദനയോടു കൂടിയ ഉണങ്ങാത്ത വ്രണങ്ങള്‍

എങ്ങനെ തടയാം


ജന്മനാ തന്നെ തകരാര്‍ ഉള്ളവര്‍ ലെഗ് സ്‌റ്റോക്കിങ്‌സ് ഇട്ട് മാത്രം നടക്കുക. വിശ്രമിക്കുമ്പോള്‍ കാലുകള്‍ ഉയര്‍ത്തി വയ്ക്കാം. അധികസമയം നിന്നുകൊണ്ടുള്ള ജോലികള്‍ കഴിവതും ഒഴിവാക്കുക. ഇത് വാല്‍വിന്റെ പിന്നീടുണ്ടാകുന്ന തടസം തടയും. ജോലി ചെയ്യുമ്പോഴും കളിക്കുമ്പോഴും കാലില്‍ ക്ഷതം തട്ടാതെ നോക്കിയാല്‍ വാല്‍വിനുണ്ടാകുന്ന കേട് പ്രതിരോധിക്കാം.

രക്തം കട്ട പിടിക്കാന്‍ സാധ്യതയുള്ള രോഗികള്‍ അതു നേരത്തെ മനസിലാക്കി യഥാസമയം ചികിത്സക്ക് വിധേയമാകുക. പൊണ്ണത്തടി നിയന്ത്രിക്കുക. വയറിനുള്ളില്‍ മുഴയോ മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ ചികിത്സക്ക് വിധേയമാകുക.

രോഗനിര്‍ണയവും ചികിത്സയും


ക്ലിനിക്കല്‍ പരിശോധനയിലൂടെ വെരിക്കോസ് വെയിന്‍ രോഗം സ്ഥിരീകരിക്കാം. എന്നാല്‍ തകരാര്‍ ഏതു ഭാഗത്താണെന്ന് മനസിലാക്കാന്‍ കാലിലെ രക്തക്കുഴലുകളിലെ ഡോപ്പ്‌ലര്‍ സ്റ്റഡി നടത്തും.. വയറിന്റെ സ്‌കാന്‍ മുഖേന ഉദര രോഗങ്ങളെ തിരിച്ചറിയാം. താല്‍കാലികമായ ആശ്വാസം നല്‍കുന്നതും അസുഖത്തിന്റെ തീവ്രത കുറയ്ക്കുന്നതുമായ ചികിത്സയാണ് കണ്‍സര്‍വേറ്റീവ് മാനേജ്‌മെന്റ്. പൂര്‍ണമായ ചികിത്സ സര്‍ജറി അഥവാ ഓപ്പറേഷന്‍ തന്നെയാണ്.

വാല്‍വുകളുടെ പ്രവര്‍ത്തനത്തിന്റെ അഭാവത്തില്‍ രക്തം മുകളിലേക്ക് എത്തിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് പ്രധാനമായും ചെയ്യേണ്ടത്. ഇതിനുവേണ്ടി രാത്രി ഉറങ്ങുമ്പോഴും പകല്‍ വിശ്രമിക്കുമ്പോഴും കാലുകള്‍ ഉയര്‍ത്തി വയ്ക്കുക. അധികനേരം നില്‍ക്കുന്ന ജോലി ഒഴിവാക്കുക.

നില്‍ക്കുമ്പോഴും നടക്കുമ്പോഴും ലെഗ് സ്‌റ്റോക്കിങ്‌സ് ഉപയോഗിക്കുക. സ്‌റ്റോക്കിങ്‌സ് ഓരോരുത്തരുടെയും അളവിനനുസരിച്ച് മാത്രം വാങ്ങുക. കാലില്‍ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ചൊറിയാതിരിക്കാന്‍ ശ്രമിക്കണം.

അതിനുവേണ്ട ഗുളിക വിദഗ്ധ നിര്‍ദേശപ്രകാരം കഴിക്കണം. കാലില്‍ വ്രണമുണ്ടെങ്കില്‍ കൃത്യമായി കഴുകി കെട്ടുക. വ്രണം മരുന്നു വച്ച് കെട്ടിയ ശേഷം ലെഗ് സ്‌റ്റോക്കിങ്‌സ് ഇടുകയോ ക്ലാസ്‌റ്റോ ഇലാസ്‌റ്റോ ക്രെയ്പ് ബാഡേജ് കെട്ടുകയോ ചെയ്യാം.

ഉള്ളിലെ ഞരമ്പില്‍ രക്തം കട്ട പിടിച്ചിട്ടുണ്ടെങ്കില്‍ അതിനു വേണ്ട മരുന്നുകള്‍ കഴിക്കണം. ഇതോടനുബന്ധമായി മറ്റ് അസുഖങ്ങള്‍ പ്രമേഹം, ഹൈപ്പര്‍ ടെന്‍ഷന്‍, ഹൈപ്പോതൈറോയിഡ് എന്നിവ ഉണ്ടെങ്കില്‍ അതിനു വേണ്ട ചികിത്സ നല്‍കേണ്ടതുണ്ട്.

സര്‍ജറി


പ്രവര്‍ത്തനരഹിതമായ വാല്‍വുകള്‍ അടങ്ങിയ വെയിന്‍ എടുത്തു മാറ്റുക എന്നതാണ് ഓപ്പറേഷന്‍. ഇത്തരത്തിലുള്ള സൂപ്പര്‍ഫിഷ്യല്‍ വെയിന്‍ ആണ് സര്‍ജറി മുഖേന മാറ്റുന്നത്. അങ്ങനെ സൂപ്പര്‍ഫിഷ്യല്‍ വെയിന്‍ എടുത്തു മാറ്റുന്നതിനു മുന്‍പായി നിലവിലുള്ള ഡീപ് വെയിന്‍ പ്രവര്‍ത്തനയോഗ്യമാണ് എന്നു സ്ഥിരീകരിക്കേണ്ടതുണ്ട്.

ഇവ പ്രവര്‍ത്തനയോഗ്യമല്ലാതെ അടഞ്ഞിരിക്കുകയാണെങ്കില്‍ സൂപ്പര്‍ഫിഷ്യല്‍ വെയിന്‍ എടുത്തു മാറ്റുമ്പോള്‍ കാലിന്റെ രക്തചംക്രമണത്തെ കാര്യമായി ബാധിക്കും. അതിനാല്‍ അത്തരം രോഗികളില്‍ ആശ്വാസ ചികിത്സ മാത്രമേ നല്‍കാനാകൂ.

വിവിധതരം ഓപ്പറേഷനുകള്‍


1. ട്രെന്റലന്‍ ബര്‍ഗ്‌സ് സര്‍ജറി ആന്‍ഡ് മള്‍ട്ടിപ്പിള്‍ ലൈഗേഷന്‍
2. പ്രവര്‍ത്തന രഹിതമായ വാല്‍വുകളോടു കൂടിയ പെര്‍ഫറേറ്റര്‍ വെയിനുകളെ ഡോപ്ലര്‍ സ്‌കാന്‍ വഴി തിരിച്ചറിഞ്ഞു അവയെ ലൈഗേറ്റ് ചെയ്യുന്നതാണ് ഒരു സര്‍ജറി. പ്രവര്‍ത്തനരഹിതമായ വാല്‍വുകളോടു കൂടിയ വെയിനുകളെ സര്‍ജറി മുഖാന്തിരം എടുത്തു മാറ്റുന്നതിനു പകരം അവയെ റേഡിയോ ഫ്രീക്വന്‍സി ഉപയോഗിച്ച് രക്തക്കുഴലിന്റെ ഭിത്തികള്‍ തമ്മില്‍ ചേര്‍ത്ത് പ്രവര്‍ത്തനരഹിതമാക്കാനും കഴിയും. ഇത് വലിയ മുറിവുകളില്ലാത്ത ചികിത്സ സംമ്പ്രദായമാണ്. എന്നാല്‍ ഈ ചികിത്സരീതി അല്‍പം ചിലവേറിയതും ഇവയ്ക്ക് പരാജയ സാധ്യത കൂടുതലുമായിരിക്കും.

3. ലേസര്‍ ഉപയോഗിച്ചും വെരിക്കോസ് വെയിന്‍ ചികിത്സിക്കാം. ഇതും ചെലവേറിയ ചികിത്സ രീതിയാണെങ്കിലും മുറിവുകളുടെ എണ്ണം കുറവാണ്.

സ്‌ക്ലിറോതെറാപ്പി


സ്‌ക്ലീറോറ്റിക് ഏജന്‍സ് എന്നു പറയപ്പെടുന്ന മരുന്ന് വെരിക്കോസ് വെയിനിലേക്ക് ഇഞ്ചക്ട് ചെയ്താല്‍ ആ വെയിനില്‍ ഭിത്തികള്‍ കൂടിച്ചേര്‍ന്ന് പ്രവര്‍ത്തനരഹിതമായിക്കൊള്ളും. ഇവിടെ മരുന്ന് ഇഞ്ചക്ട് ചെയ്യുമ്പോഴുള്ള ഒരു മുറിവ് മാത്രമേ ഉണ്ടാകുന്നുള്ളൂ.

സാധാരണ ഓപ്പറേഷനുകളില്‍ ഉണ്ടാകാവുന്ന പാര്‍ശ്വഫലങ്ങള്‍ ഇവിടെയും ഉണ്ടാകാം. 8 മുതല്‍ 10 വര്‍ഷം കഴിയുമ്പോള്‍ വെരിക്കോസ് വെയിന്‍ വീണ്ടും ക്രമേണ ഉണ്ടായി വരുന്നു എന്നതാണ് പ്രധാന വിഷയം. വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നു കരുതി ഓപ്പറേഷനു വിധേയമാകാതിരിക്കുന്നത് ശരിയല്ല.

കാരണം ഒരിക്കല്‍ ഓപ്പറേഷന്‍ ചെയ്താല്‍ കുറച്ചു വര്‍ഷത്തേക്കെങ്കിലും കാലുകള്‍ വെരിക്കോസ് വെയിന്റെ പാര്‍ശ്വഫലങ്ങളില്‍ നിന്നും മുക്തമായിരിക്കും. രോഗം വീണ്ടുമുണ്ടാകുമ്പോള്‍ സര്‍ജറി ചെയ്യുക മാത്രമേ മാര്‍ഗമുള്ളൂ.

സര്‍ജറി ചെയ്തില്ലെങ്കില്‍


1. കാലിലെ ചര്‍മ്മത്തില്‍ പാദത്തില്‍ നിന്നും മുകളിലേക്ക് ക്രമേണ കറുത്ത നിറവ്യത്യാസം വരിക.
2. കാലിന്റെ തൊലിക്ക് കട്ടി കൂടുക.
3. തൊലിക്കടിയിലുള്ള കൊഴുപ്പിനും കാര്യമായ വ്യതിയാനം സംഭവിക്കുക.
4. കാലില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതിന്റെ ഫലമായി വൃണങ്ങള്‍ ഉണ്ടാകുക.
5. ചെറിയ വ്രണങ്ങള്‍ ക്രമേണ വലുതാകുക.
6. വ്രണം കരിയാന്‍ മാസങ്ങള്‍ വേണ്ടി വരിക.
7. ഒരിക്കല്‍ കരിഞ്ഞാലും വീണ്ടും പൊട്ടലുണ്ടാകുക. ഈ വൃണങ്ങള്‍ അസഹനീയമായ വേദനയുളവാക്കും.

ക്രമേണ കാലിന്റെ ആകൃതിയില്‍ വ്യത്യാസം വരിക. തിരിച്ചുപിടിച്ച കുപ്പി പോലെ കണങ്കാല്‍ ഭാഗം ചുരുങ്ങുകയും മുകള്‍ഭാഗം വീര്‍ക്കുകയും ചെയ്യുന്നു. മേല്‍പ്പറഞ്ഞ വ്യതിയാനങ്ങള്‍ സംഭവിച്ചതിനു ശേഷമുള്ള ഓപ്പറേഷന്റെ വിജയസാധ്യത കുറവാണ്. അതിനാല്‍ കൃത്യസമയത്ത് ഓപ്പറേഷന്‍ നടത്തുകയെന്നതാണ് അഭികാമ്യം.

ഡോ. പ്രമീളദേവി
കണ്‍സള്‍ട്ടന്റ് സര്‍ജന്‍
എസ്.യു.ടി ഹോസ്പിറ്റല്‍, പട്ടം, തിരുവനന്തപുരം

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top