অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വാതരോഗം അഥവാ റുമറ്റോളജി

വാതരോഗം അഥവാ റുമറ്റോളജി

വടിയുംപിടിച്ച് കൂനിക്കൂടി നടക്കുന്ന മുത്തശ്ശിമാരുടെ ചിത്രം മനസ്സില്‍പതിഞ്ഞുപോയ ഒന്നാണ്.  എന്നാല്‍ വാതരോഗത്തിന്റെ കാഠിന്യമാണ് അവരെ അത്തരമൊരു അവസ്ഥയിലേക്കു നയിച്ചതെന്ന് എത്രപേര്‍ക്കറിയാം. പണ്ടുമുതലേ കേള്‍ക്കുന്ന ഒരു രോഗമാണ് വാതരോഗം അഥവാ റുമറ്റോളജി. വളരെ സാധാരണമായ ഈ രോഗത്തെക്കുറിച്ച് ഇന്നും കാര്യമായ അവബോധം ജനങ്ങള്‍ക്കില്ലെന്നതാണ് വാസ്തവം.

നമ്മുടെ നാട്ടില്‍ പരമ്പരാഗത രീതിയിലുള്ള ചികിത്സയായിരുന്നു വാതരോഗത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് വാതരോഗചികിത്സയില്‍ അലോപ്പതിരംഗത്ത് ഏറെ പുരോഗതി ഉണ്ടായിട്ടുണ്ട്.  പ്രത്യേക ചികിത്സാരീതിയായി ഇതിന് പ്രധാന്യം കൈവന്നിട്ടുണ്ട്.

കാരണങ്ങള്‍

പലതരത്തിലുള്ള അണുബാധ ഈ രോഗത്തിന് ഒരു കാരണമായേക്കാം. പാരമ്പര്യവും ഈ രോഗത്തിന് ഒരു പ്രധാന കാരണമാണ്. നമ്മുടെ പ്രതിരോധശേഷിതന്നെ നമ്മുക്കെതിരെ തിരിയുന്ന സ്ഥിതിവിശേഷം ഉണ്ടാകുമ്പോഴാണ് ഈ രോഗം നമ്മെ ആക്രമിക്കുക.രക്തത്തിലാണ് അസുഖം ബാധിക്കുക. എന്നാല്‍ സന്ധികളിലാണ് ഈ രോഗം പലപ്പോഴും കാണപ്പെടുക.  പലരും വൈകിയാണ് ചികിത്സ തേടുന്നത്. ഗൌരവമേറിയ അസുഖമാണെങ്കിലും, ഇതിന് രോഗികളും ആരോഗ്യരംഗവും ആവശ്യത്തിന് പ്രധാന്യം കൊടുക്കാറില്ല. ആയതിനാല്‍, രോഗികള്‍ക്ക് തക്കസമയത്ത് വേണ്ടത്ര ചികിത്സ ലഭിക്കാതെപോകുന്നു. ഇത് രോഗിക്കും, കുടുംബത്തിനും, സര്‍ക്കാരിനും വലിയ സാമ്പത്തിക ബാധ്യതകളും നഷ്ടങ്ങളും ഉണ്ടാക്കുന്നു. സമൂഹത്തില്‍ ഇവര്‍ ഒറ്റപ്പെടുന്നു. കടുത്ത ശരീരവേദന അനുഭവപ്പെടുമ്പോള്‍ വേദനയ്ക്കുള്ള മരുന്നുകഴിച്ച് ദിവസങ്ങള്‍ തള്ളിനീക്കുകയാണ് പലരും ചെയ്യുന്നത്.

ലക്ഷണങ്ങള്‍

ശരീരത്തിന് ശേഷിയില്ലായ്മ, ക്ഷീണം, ശരീരവേദന, സന്ധികളിലെ വീക്കം എന്നിവയാണ് ലക്ഷണമെങ്കിലും തൊലി, കണ്ണ്, ഹൃദയം, ഞരമ്പ്, ശ്വാസകോശം, വൃക്ക, മസില്‍, പേശി തുടങ്ങി ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാവുന്ന അസുഖമാണിത്.  അതുകൊണ്ടുതന്നെ കൃത്യമായ രോഗനിര്‍ണയം നടത്തി സമഗ്രമായി ചികിത്സിച്ചാലെ കാര്യമുള്ളു.

സ്ത്രീകളെ ബാധിക്കുന്ന നിശബ്ദ കൊലയാളിയായ ഒസ്റ്റിയോ പോറോസിസ് അസ്ഥികളെ ബാധിക്കുന്ന അസുഖമാണ്.  അസ്ഥികളുടെ ബലം കുറഞ്ഞ് ഒടിഞ്ഞുപോകുന്ന അവസ്ഥയാണിത്.

അമിതമായ മദ്യോപയോഗം ഉള്ളവര്‍ക്കും ഏതെങ്കിലും മാറാരോഗമുള്ളവര്‍ക്കും അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.  ശരീരവേദന, അമിതമായ ക്ഷീണം, ചികിത്സിച്ച് ഭേദമാക്കിയാലും വീണ്ടും വീണ്ടും അതേ അസുഖം വരുന്നവര്‍, പ്രതിരോധശേഷി  കുറഞ്ഞവര്‍ തുടങ്ങിയവര്‍ക്കൊക്കെ വാതസംബന്ധമായ അസുഖം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവര്‍ ഇതിനായുള്ള പരിശോധനകള്‍ നടത്തുന്നത് നന്നാകും.

ആറുമാസം പ്രായമുള്ള കുട്ടികളില്‍വരെ ഈ അസുഖം വരാറുണ്ട്.  കുട്ടികളെ ബാധിക്കുന്ന റുമറ്റോളജി ഗൌരവമേറിയതാണ്.  അവരില്‍ രോഗം സങ്കീര്‍ണമാകാറുണ്ട്.  വാതസംബന്ധമായ രോഗമുള്ളവര്‍ മിക്കവാറും ആദ്യമായി ഡോക്ടറെ സമീപിക്കുന്നത്  ഹൃദയം, ശ്വാസകോശം, ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്നാണ്.  തുടര്‍ന്ന് നടക്കുന്ന പരിശോധനകളില്‍, വാതരോഗമാണെന്നു കണ്ടെത്തിയാല്‍ രോഗികളെ റുമറ്റോളജിസ്റ്റിന്റെ അടുത്തേക്ക് പരിരക്ഷയ്ക്കായി അയക്കുകയാണ് പതിവ്. ഒരു റുമറ്റോളജിസ്റ്റിന്റെ രോഗികള്‍ പലപ്പോഴും മറ്റു മെഡിസിന്‍, സര്‍ജിക്കല്‍ðഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് എത്തപ്പെടുന്നവരാണ്. എന്നാല്‍ മേപ്പറഞ്ഞ ലക്ഷണങ്ങളുള്ള രോഗികള്‍ വാതസംബന്ധമായ രോഗമാണോ തനിക്കുള്ളതെന്ന് ഉറപ്പുവരുത്താന്‍ നേരിട്ട് ഒരു റുമറ്റോളജിസ്റ്റിനെ തുടക്കത്തില്‍ത്തന്നെ കാണുന്നതാണ് നല്ലത്. ഈ രോഗത്തിന് തുടര്‍ചികിത്സ ആവശ്യമാണ്. അതുകൊണ്ടുതന്നെ ചെലവു കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഈ രംഗത്ത് ഉണ്ടാകേണ്ടതുണ്ട്.

രോഗബാധിതരാണെന്നു കണ്ടെത്തിയാല്‍ അവര്‍ ജീവിതശൈലിയില്‍ത്തന്നെ മാറ്റംവരുത്തേണ്ടതുണ്ട്. വ്യായാമം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.  രോഗം ഉണ്ടാകുന്നത് ആരുടെയും കുറ്റംകൊണ്ടല്ല. എന്നാല്‍  അശ്രദ്ധകാരണം ഈ രോഗം വഷളാകാന്‍ സാധ്യതയുണ്ട്. ജോലിയില്‍നിന്നു വിരമിക്കുന്ന കാലത്ത് അല്ലലില്ലാതെ ജീവിക്കാന്‍ നേരത്തെത്തന്നെ നിക്ഷേപം നടത്തണമെന്നു പറയുന്നതുപോലെത്തന്നെ ഈ അസുഖം സമയബന്ധിതമായി നിര്‍ണയിക്കുകയും അതിനുവേണ്ട ചികിത്സകള്‍ ചെയ്യുകയും നമ്മുടെ ആരോഗ്യത്തെ പരിരക്ഷിക്കുകയും, രോഗത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യേണ്ടത് ഒരോരുത്തരുടെയും കടമയാണ്

കടപ്പാട് : ഡോ. ജോര്‍ജ് കല്ലറയ്ക്കല്‍

അവസാനം പരിഷ്കരിച്ചത് : 2/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate