অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

വന്ധ്യത-ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വന്ധ്യത

വെയിൽച്ചില്ലകൾ മറയ്ക്കുന്ന ഫ്ലാറ്റിൽ, ഓർഡർ ചെയ്തു ഫാസ്റ്റ് ഫൂഡിനുവേണ്ടി കാത്തിരിക്കുന്ന, പുതിയ കാലത്തെ ഭാര്യയ്ക്ക് ചുറ്റും നിറയുന്നത് ഏകാന്തതയാണ്. നല്ല ജോലി, നല്ല ശമ്പളം, നല്ല ഭർത്താവ്.....എല്ലാം നല്ലതു തന്നെയാണെങ്കിലും കുട്ടികളില്ലാത്ത ദു:ഖത്തിൽ വേവുന്നവരാണ് പുതിയ ദമ്പതികളിൽ പലരും.

പുതിയ കേരളത്തിൽ പുതിയ ഭക്ഷണ ശീലങ്ങളും പുതിയ ജീവിതശൈലികളുമായി. ജോലിഭാരം വരുത്തി വയ്ക്കുന്ന അമിത സമ്മർദ്ദം വേറെ. ഇത് വന്ധ്യത ഉൾപ്പടെ ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ഒരു കുഞ്ഞിക്കാലിനു വേണ്ട് കാത്തിരിക്കുന്ന ദമ്പതിമാരുടെ എണ്ണം അനുദിനം കൂടിവരികയാണ്.

2014 ലെ കണക്കുകൾ പ്രകാരം 40 ശതമാനത്തിൽ നിന്ന് 60 ശതമാനമായി പുരുഷ വന്ധ്യതാ നിരക്ക് വർധിച്ചു. ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിതശൈലി മാറ്റങ്ങളും കീടനാശിനികൾ ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗവും അമിതമായ ഔഷധ ഉപയോഗവുമാണ്.

യുവതലമുറയ്ക്കിടയിലെ വന്ധ്യതാ നിരക്കിന്റെ വര്‍ധനവ് ആശ‌ങ്കാജനകമാണ്. 21 നും 30 നും ഇടയില്‍ പ്രായമുളള ദമ്പതിമാരിൽ 34 ശതമാനം‌ പേരും അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നിക്സ് (എആര്‍ടി) സ്വീകരിക്കുന്നവരാണ് എന്നാണ് ദേശീയ നിലയിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. 2013 ലെ വേൾഡ് ബാങ്ക് കണക്ക് പ്രകാരം 2000-ാം മാണ്ട് മുതൽ ഫെർ‌ട്ടിലിറ്റി നിരക്കിൽ 17 ശതമാനം വരെ വീഴ്ചയാണ് ‌ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ ജനതയിൽ 10 ശതമാനം ആളുകൾ വന്ധ്യതാ പ്രശ്നങ്ങൾ ഉള്ളവരാണ് എന്നു പറയുമ്പോൾ, ഇന്ത്യയുടെ ജനസംഖ്യ വച്ചു നോക്കുമ്പോള്‍ അതൊരു വലിയ സംഖ്യ തന്നെയാണ്.

കുഞ്ഞ് പിറക്കാത്ത ദുഃഖം മാത്രമല്ല. വന്ധ്യതാ ചികത്സയ്ക്കായുള്ള ഒാട്ടത്തിനിടെ ചെലവാക്കുന്ന പണം ലക്ഷങ്ങളാണ്. കടം വാങ്ങിയും ലോണെടുത്തും കുഞ്ഞ് എന്ന സ്വപ്നത്തിനു പിറകേ ഒരുപാടു കുടുംബങ്ങൾ സഞ്ചരിക്കുന്നു. മാനസ്സിക സമ്മർദത്തിന് അടിപ്പെട്ടു പോവുന്നവരുമുണ്ട്.

വന്ധ്യത എന്നാൽ?

ഒരു സമൂഹത്തിന്റെ അടിസ്ഥാന ഘടകം ഒരു കുടുംബമാണ്. ആ കുടുംബം നിലനിൽക്കണമെങ്കിൽ പ്രജനനനം നടക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ കുടുംബം വളരുകയുള്ളു. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന വലിയെരു പ്രശ്നമാണ് വന്ധ്യത. ജീവിതരീതിയിൽ വന്ന മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവുമാണ് വികസിത രാജ്യങ്ങളിൽ വന്ധ്യത കൂടുന്നതിനു പിന്നിൽ. 

കേരളത്തെ നോക്കുകയാണെങ്കിൽ ഏതൊരു വികസിത രാജ്യത്തെ പോലെയും കേരളവും അക്കാര്യത്തിൽ മുന്നിൽ നിൽക്കുകയും അതുപോലെ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും തന്നെ ഈ വന്ധ്യത ഒരു വലിയ പ്രശ്നമായി അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയുമാണ്. 

വന്ധ്യത എന്ന വാക്കിന്റെ അർഥം തന്നെ കുഞ്ഞുങ്ങളില്ലാത്ത അവസ്ഥ എന്നാണ്. പുരുഷൻമാരിലും സ്ത്രീകളിലും വന്ധ്യതാപ്രശ്നം ഒരുപോലെ കാണപ്പെടുന്നുണ്ട്. അതായത് സത്രീയെ മാത്രം ഒരു വന്ധ്യ എന്നു പറയാൻ സാധിക്കില്ല. പുരുഷന്റെയും സ്ത്രീയുടെയും ഒരുപോലുള്ള ഏകീകരണം കൊണ്ടാണ് കുഞ്ഞ് ജനിക്കുന്നത്. 

ഒരു സ്ത്രീയെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ ശേഷം ആറു മാസക്കാലമെങ്കിലും യാതൊരുവിധ തടസങ്ങളുമില്ലാതെ ദിവസേനയെന്നോണം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും സ്ത്രീ പുരുഷൻമാർ ഒന്നിച്ചു ജീവിക്കുകയും ചെയ്യുന്നവരിൽ 60 ശതമാനം പേരിലും കുഞ്ഞുങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണുള്ളത്. ഒരു വർഷമാകുന്നകതോടെ 90 ശതമാനം പേരും ഗർഭിണികളാകുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇതിൽ നിന്ന് വ്യത്യസ്തമായി ഒരു പത്തു ശതമാനം മാത്രമാണ് വന്ധ്യതയെ അഭിമുഖീകരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റങ്ങളും ആഹാരരീതിയിൽ വന്ന വ്യത്യാസങ്ങളും ഈ വന്ധ്യതയെ വർധിപ്പിച്ചു. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭാശയ ശുദ്ധി, അണ്ഡോൽപാദനം വേണ്ട വിധത്തിൽ നടക്കുക, ഫലോപ്യൻ ട്യൂബുകളിൽ അണുബാധ ഉണ്ടാകാതിരിക്കുക, ജനനേന്ദ്രിയങ്ങൾ ആരോഗ്യത്തോടെ കാക്കുക എന്നിവയെല്ലാം ഒരുമിച്ചു നിൽക്കുമ്പോഴാണ് ഒരു സ്ത്രീക്ക് ഗർഭധാരണ ശേഷി ഉണ്ടാകുന്നത്.

പുരുഷനെ സംബന്ധിച്ചിടത്തോളം ബീജം വേണ്ട വിധത്തിൽ ആരോഗ്യത്തോടെ ഇരിക്കുക, ശുക്ലത്തിന്റെ അളവ് വേണ്ടവിധത്തിൽ ഉണ്ടാകുക, ബീജ നിർഗമന മാർഗങ്ങൾ എപ്പോഴും ശുചിയായിരിക്കുക, യാതൊരുവിധ രോഗങ്ങളുമില്ലാത്ത അവസ്ഥ. ഒരു ബീജത്തെ സംബന്ധിച്ച് അതിന് മൂന്നു ഭാഗങ്ങളാണുള്ളത് ഹെഡ് (തല), ബോഡി(ശരീരം), ടൈൽ(വാൽ). ബോഡി ഭാഗമാണാണ് എപ്പോഴും ഊർജ്ജദായകമായി നിൽക്കുന്നത്. തല ഭാഗം അണ്ഡത്തിലേക്ക് തുളച്ചു കയറാൻ സഹായിക്കുന്നു. വാൽ വേണ്ട ഗതിയിലേക്ക് കൊണ്ടു പോകുന്നു. ശുക്ലത്തിന്റെയും ബീജത്തിന്റെയും അളവ് വേണ്ട വിധത്തിൽ ഉണ്ടായിരിക്കുകയും ചെയ്താലും ബീജത്തിന്റെ ഘടനയിൽ വരുന്ന വ്യത്യാസങ്ങൾ പോലും വന്ധ്യതയ്ക്കു കാരണമാകാറുണ്ട്..

പുരുഷ വന്ധ്യത

പുരുഷ വന്ധ്യതയ്ക്ക് പല കാരണങ്ങളുണ്ട്. രോഗങ്ങളോടനുബന്ധിച്ച് പല പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുറേ നാളായി പ്രമേഹം ബാധിച്ച വ്യക്തിയാണെങ്കിൽ ലിംഗോദ്ധാരണ ശേഷി കുറയാം. ഇതും വന്ധ്യതയ്ക്ക് കാരണമാകുന്നുണ്ട്, അപൂർവം ചിലരിൽ ഞരമ്പ് തടിക്കൽ ( വെരിക്കോസ്) വന്ന് ശുക്ലം സഞ്ചരിക്കുന്ന മാർഗത്തിന് തടസം വരികയും ശുക്ലം കുറയുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകും. 

വന്ധ്യത ആഹാരശീലങ്ങളുമായി വളരെ ബന്ധപ്പെട്ടിരിക്കുന്നു. മദ്യപാനവും പുകവലിയും അധികരിച്ചിരിക്കുന്ന വ്യക്തികളിൽ സൗമ്യധാതു വളരെയധികം കുറയുകയും അത് ശുക്ലത്തിന്റെ ഗുണമേൻമ കുറയ്ക്കുകയും ചെയ്യുന്നു. സ്ഥിരമായ ടൂവീലറിൽ യാത്ര ചെയ്യുന്നവരിൽ ജനനേന്ദ്രിയങ്ങൾ ചൂടാകുകയും ബീജാണുക്കളുടെ വേണ്ട രീതിയിലുള്ള വളർച്ചയ്ക്ക് ഇത് തടസമാകുകയും ചെയ്യുന്നു. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വസ്ത്രധാരണം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ജീൻസ് പോലുള്ളവ സ്ഥിരമായി ഉപയോഗിക്കുന്നവരിൽ ജനനേന്ദ്രിയങ്ങളിൽ ചൂട് തങ്ങി നിൽക്കുകയും ഇത് ബീജത്തിന്റെ വളർച്ചയെ തടയുകയും കൗണ്ട് കുറയ്ക്കുകയും ചെയ്യുന്നു. 

മാനസികമായ കാര്യങ്ങളും പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണമാണ്. സ്വന്തം കഴിവിനെക്കുറിച്ചുള്ള മാനസികമായ പ്രശ്നങ്ങൾ, ടെൻഷൻ ഉണ്ടാകുക, ജോലിയിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ടെൻഷനുമായി ബന്ധപ്പെട്ടും സ്പേം കൗണ്ടിൽ വ്യത്യാസം വരികയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതല്ലാത്ത അവസ്ഥയിലേക്കെത്തുകയും ബീജസങ്കലന ശക്തി കുറയുകയും ചെയ്യുന്നു. ശുക്ലം പുറത്തേക്കു പോകാതെ ബീജനാളികളിൽ തടഞ്ഞുനിന്ന് അവിടെ കട്ടിയായി വരുന്ന ശുക്ലാസ്മരി എന്ന രോഗാവസ്ഥയും പുരുഷൻമാരിൽ വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്.

സ്ത്രീ വന്ധ്യത

പല രോഗങ്ങളുമായി ബന്ധപ്പെട്ടും ലൈംഗികാവയവങ്ങൾക്കു വരുന്ന വ്യത്യാസങ്ങൾ, വളർച്ചാക്കുറവ്, ഗർഭാശയത്തിന്റെ ശുദ്ധിക്കുറവ്, ആർത്തവദോഷങ്ങൾ, ഫലോപ്യൻ ട്യൂബിൽ വരുന്ന മാറ്റങ്ങൾ, ഓവം വേണ്ട വിധം വളർച്ച പ്രാപിക്കാതെ വരിക എന്നിവയെല്ലാം തന്നെ സ്ത്രീ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാകുന്നു. 

ആർത്തവമില്ലാത്ത അവസ്ഥ പല കാരണങ്ങൾ കൊണ്ടു വരാം. ഓവുലേഷനിൽ വരുന്ന മാറ്റങ്ങൾ അല്ലെങ്കിൽ ധാതു പോഷണത്തിന്റെ അഭാവംഎന്നിവയാണ് ഇതിന്റെ പ്രധാന കാരണം. വളരെയധികം ആളുകൾ വന്ധ്യതയ്ക്കു കാരണമായി പറയുന്ന ഒരു രോഗാവസ്ഥയാണ് എൻഡോമെട്രിയോസിസ്. ഗർഭാശയത്തിന്റെ അന്തസ്തരം(എൻഡോമെട്രിയം) ആർത്തവത്തോടനുബന്ധിച്ച് വേണ്ട വിധത്തിൽ വളർന്ന് പൊട്ടി രക്തവും കോശങ്ങളും കലകളുമൊക്കെ പുറത്തേക്കു പോകുന്ന അവസ്ഥയാണ് ആർത്തവം. ഇങ്ങനെയുള്ള അവസ്ഥകളിൽ എൻഡോമെട്രിയം യൂട്രസിന്റെ അകത്തു മാത്രം വളർന്ന് വലുതായി വരുകയാണ് ചെയ്യുന്നത്. ചിലരിൽ ഇത് പുറത്തേക്കു വളർന്ന് പെരിടോണിയത്തിലേക്ക് വളർന്ന് വലുതാകുകയും അതിനോട് പറ്റിച്ചേർന്ന് വരികയും ചെയ്യുന്നു. ചിലരിൽ ഇത് ഗർഭാശയത്തിലേക്ക് നീണ്ടു വരുന്ന അവസ്ഥയുമുണ്ട്. 

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു പ്രധാന കാരണമാണ്. ആർത്തവം ആരംഭിക്കുന്ന അവസ്ഥയിൽ ഉള്ള ഒരു രോഗാവസ്ഥയാണിത്. കുട്ടികളിൽ ആദ്യാർത്തവം കാണുന്ന അവസ്ഥയിൽ തന്നെ ഇങ്ങനെയൊരു അവസ്ഥയിലേക്കു വരുന്നു. തുടക്കത്തിൽ തന്നെ അതു ശരിയായി ചികിത്സ ചെയ്തു പോകുകയാണെങ്കിൽ ഇത് വന്ധ്യതയ്ക്കു കാരണമാകാതെ രക്ഷപ്പെടാവുന്നതാണ്. 

പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രവുമായി സമീപിക്കുന്ന ഭൂരിഭാഗം പേരും അമിതവണ്ണക്കാരാണ്. തൈറോയ്ഡിൽ വരുന്ന വ്യത്യാസങ്ങൾ, തൈറോയ്ഡ് ഹോർമോണിൽ വരുന്ന മാറ്റങ്ങൾ എന്നിവ അമിതവണ്ണത്തിലേക്കു നയിക്കുന്നു. അമിതവണ്ണമുള്ള വ്യക്തികൾക്ക് ചികിത്സ ഇല്ലാതെ നോക്കാവുന്ന ഒരു അവസ്ഥയാണ് അമിതവണ്ണത്തെ കുറയ്ക്കുക എന്നത്. ദിവസേനയുള്ള വ്യായാമം, ചിട്ടയായ ആഹാര ക്രമീകരണം ഇവയിലൂടെ അമിതവണ്ണം മാറ്റാവുന്നതാണ്. അമിതവണ്ണം കുറയ്ക്കുകയും തൈറോയ്ഡിൽ വരുന്ന വ്യത്യാസങ്ങൾ നിയന്ത്രിക്കുകയും ചെയ്യുക വഴി പോളിസിസ്റ്റിക് ഓവറി പ്രശ്നം മാറ്റി വന്ധ്യത പരിഹരിക്കാവുന്നതാണ്. 

ട്യൂബൽ പ്രഗന്നൻസി സ്ത്രീ വന്ധ്യതയ്ക്കുള്ള മറ്റൊരു കാരണമാണ്. ഒരു സ്പേം അണ്ഡവുമായി ചേർന്ന് ബീജസങ്കലനം നടന്നാൽ അത് ഫലോപ്യൻ ട്യൂബിലൂടെ നീങ്ങി ഗർഭാശയത്തിലേക്കു വന്ന് ഗർഭാശയഭിത്തിയിൽ പറ്റിപ്പിടിച്ചു വളരുകയാണ് ചെയ്യുന്നത്. ഫലോപ്യൻ ട്യൂബിൽ വരുന്ന വളരെയധികം കാര്യങ്ങൾ ഈ ഭ്രൂണത്തിന്റെ ചലനത്തെയും സഞ്ചരാത്തെയും സഹായിക്കുന്നുണ്ട്. അതു വേണ്ട വിധത്തിൽ ആകാതെ വന്നാൽ ഈ ഭ്രൂണം ഫലോപ്യൻ ട്യൂബിൽ തന്നെ വളരുകയും ഒതു ലിമിറ്റഡ് സൈസിനെക്കാൾ അധികമാകുമ്പോൾ അതിന് അവിടെ വളരാൻ സാധിക്കാതെ വരികയും ട്യൂബ് പൊട്ടുകയുമൊക്കെ ചെയ്താൽ മാരകമായിട്ടുള്ള അവസ്ഥയിലേക്ക് അമ്മയെ കൊണ്ടുപോകുന്നു. ട്യൂബുലാർ പ്രഗ്നൻസി വന്നാൽ മിക്കവരിലും ശക്തമായ വേദന വന്ന് അത് ശ്രദ്ധിക്കപ്പെടുന്നുണ്ട്. ആദ്യ ഘട്ടങ്ങളിലാണെങ്കിൽ അതിനെ പുറത്തേക്കു കൊണ്ടു വരാൻ സാധിക്കും. താമസിച്ചാൽ ട്യൂബ് മുറിച്ചു കളയേണ്ട അവസ്ഥയുണ്ടാകുകയും ചെയ്യുന്നു.

വന്ധ്യത: ശ്രദ്ധിക്കണം 10 കാര്യങ്ങൾ

1 50 ശതമാനം വന്ധ്യതാ കേസിന്റെയും കാരണം അമിത മദ്യപാനമാണ്.

2 പുകവലി പുരുഷ വൃഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

3 ഭക്ഷണത്തിലെ ക്രമമില്ലായ്മയും ജങ്ക്ഫുഡും ഒഴിവാക്കുക

4 മൊബൈൽ ഫോണിന്റെ അമിത ഉപയോഗവും ലാപ്ടോപ് മടിയിൽ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കുക.

5 ഗർഭം ധരിക്കാത്ത ദമ്പതികൾ ലൂബ്രിക്കന്റ്സ് ഒരു കാരണവശാലും ഉപയോഗിക്കരുത്.

6 ചെറുപ്പക്കാരായ ദമ്പതികളിൽ വന്ധ്യതാനിരക്ക് കൂടിവരികയാണ്. മാറിയ ജീവിതശൈലിയും ഭക്ഷണ രീതികളും മാനസിക സമ്മർദവുമൊക്കെയാണ് കാരണം.

7 അമിതഭാരമുള്ളവർ ശരീരഭാരം ക്രമീകരിക്കുവാൻ വ്യായാമങ്ങളിലും ഭക്ഷണശീലങ്ങളിലും ഏർപ്പെടാൻ മറക്കരുത്.

8 ഇറുക്കമുള്ള അടിവസ്ത്രങ്ങൾ തുടർച്ചായി ധരിക്കുന്നതും അത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ബൈക്ക് യാത്രയും പുരുഷന്മാരിൽ വന്ധ്യതയ്ക്കു കാരണമാവും.

9 സ്ത്രീകളുടെ പ്രത്യുല്പാദന അവയവങ്ങളുമായി ബന്ധപ്പെട്ട ഇൻഫക്ക്ഷനുകൾ പിൽക്കാലത്ത് വന്ധ്യതയ്ക്കു കാരണമാകാം. അണുബാധകൾ തുടക്കത്തിലേ കണ്ടെത്തുകയും ചികിത്സ തേടുകയും ചെയ്യണം.

10 ബ്രോയിലർ ചിക്കൻ, ഐസ്ക്രീം, മധുരപലഹാരങ്ങൾ, ജങ്ക്ഫുഡ്, വറുത്തതും പൊരിച്ചതുമായ ആഹാരം, ചോക്ളേറ്റ് എന്നിവ കുറയ്ക്കുക. ക്രമാതീതവും പോഷകസമൃദ്ധവുമായ ആഹാരം ശീലമാക്കുക.

വന്ധ്യതാനിരക്കു കൂടുന്നതിനു പിന്നിൽ

തിരക്കു പിടിച്ച ജീവിതത്തിനിടയിൽ വന്ധ്യതാനിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ജീവിതരീതിയിലും ആഹാരരീതിയിലും വരുന്ന വ്യത്യാസങ്ങൾ തന്നെയാണ് ഇതിനു പ്രധാന കാരണം. രാത്രി ഉറക്കമൊഴിച്ചുള്ള ജോലി, പകൽ മുഴുവൻ നീണ്ട ഉറക്കം ഇവയൊക്കെ തൈറോയ്ഡിന്റെയും പിറ്റ്യൂട്ടറിയുടെയും ഹോർമോണുകളിൽ വ്യത്യാസം വരുത്തുന്നു. വ്യായാമമില്ലാത്ത അവസ്ഥ ധാതുവിന്റെ പരിണാമം ഇല്ലാത്ത അവസ്ഥയിലേക്കു നയിക്കും.

സപ്ത ധാതുക്കളുടെ ക്രമമായ മാറ്റമാണ് ശുക്ള ധാതുവിലേക്കു കൊണ്ടു വരികയും ആരോഗ്യകരമായിട്ടുള്ള അണ്ഡം ഉണ്ടാകാനുള്ള സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നത്. നമ്മുടെ ആഹാര രീതിയിൽ വരുന്ന വ്യത്യാസവും വ്യായാമരാഹിത്യവും ധാതുപരിണാമത്തിന്റെ ഗതിവേഗം കുറയ്ക്കുകയും ധാതുപരിണാമം വേണ്ടവിധത്തിൽ നടക്കാത്തതു കൊണ്ട് എല്ലാ വിധത്തിലുള്ള പ്രവർത്തനങ്ങൾക്കും മാന്ദ്യം സംഭവിക്കുന്നു.

അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളായി കാണാൻ സാധിക്കുന്നത് നമ്മുടെ ആഹാരരീതി, വ്യായാമശീലമില്ലായ്മ, ജീവിതചര്യ എന്നിവ തന്നെയാണ്.

വന്ധ്യതാ ചികിത്സ

 

 

ആയുർവേദത്തിൽ ധാരാളം ഔഷധയോഗങ്ങളും ചികിത്സാപ്രയോഗങ്ങളും വന്ധ്യതയ്ക്കുണ്ട്. വന്ധ്യത പൂർണമായും ചികിത്സിച്ചു ഭേദമാക്കാമോ എന്നു ചോദിക്കുകയാണെങ്കിൽ വളരെ ചുരുങ്ങിയ ഒരു വിഭാഗത്തിനു മാത്രമേ ഇത് അപ്രാപ്യമാകുന്നുള്ളു. ജനനസഹജമായി വരുന്ന വന്ധ്യത, ഹോർമോണുകളുടെ വികാസം വേണ്ട വിധത്തിൽ ഇല്ലാതിരിക്കുക, സ്പേമിന്റെ വളർച്ച ഇല്ലാത്ത അവസ്ഥ, ജൻമനാ തന്നെ വികലമായിട്ടുള്ള ലൈംഗിക ഹോർമോണുകളും ലൈംഗികാവയവങ്ങളുടെ വളർച്ചക്കുറവും, ജൻമതാ തന്നെയുള്ള ഷൺഡത്വത്തെ നമുക്ക് ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചെന്നു വരില്ല. എന്നാൽ മറ്റു കാര്യങ്ങളിലെല്ലാം തന്നെ സ്നേഹസ്വേദ പ്രയോഗങ്ങൾ കൊണ്ടും ശരീരശുദ്ധികരമായ ചികിത്സകളെക്കൊണ്ടും ദോഷങ്ങളകറ്റി ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.

വന്ധ്യതയ്ക്കു കാരണമായിട്ടുള്ള ഘടകങ്ങളെ ശരിയാക്കുകയാണ് ആദ്യം ചെയ്യുക. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ ദോഷങ്ങൾ മൂലമുണ്ടാകുന്ന വന്ധ്യതയിൽ കഷായ യോഗങ്ങളുണ്ട്. ഒബീസിറ്റി, പോളിസിസ്റ്റിക് ഓവറി തുടങ്ങിയവയ്ക്ക് ഉദ്വർത്തനം പോലുള്ള ചികിത്സകൾ കൊണ്ട്ശരീരത്തിന്റെ ഭാരം കുറയ്ക്കുക, അല്ലെങ്കിൽ വമന വിരേചനങ്ങളും പ‍ഞ്ചകർമ ചികിത്സയും കൊണ്ട് ശരീരശുദ്ധി വരുത്തുകയും എൻഡോക്രെയ്ൻ സിസ്റ്റത്തെ വേണ്ട രീതിയിൽ കൊണ്ടു വരികയും ചെയ്യുമ്പോൾ ദോഷങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഗർഭാശയത്തിനുണ്ടാകുന്ന വൈകല്യങ്ങൾക്ക് ആന്റി ഇൻഫ്ലമേറ്ററി ആയിട്ടുള്ള കഷായയോഗങ്ങൾ കൊണ്ട് പരിഹരിക്കാവുന്നതാണ്. അണ്ഡവാഹിനിക്കുഴലിലുണ്ടാകുന്ന തടസങ്ങളും അണുബാധയുമൊക്കെ മാറ്റുന്നതിന് തൈലങ്ങളെ കൊണ്ടുള്ള ഉത്തരവസ്തി പ്രയോഗങ്ങൾ ഫലപ്രദമാണ്. എൻഡോമെട്രിയോസിസ് പോലുള്ള രോഗാവസ്ഥകളിലും തൈലങ്ങൾ ചേർത്തുള്ള വസ്തി ചെയ്യാവുന്നതാണ്.

വന്ധ്യതാനിവാരണത്തിനും പ്രത്യുൽപാദനശേഷിയെ വർധിപ്പിക്കുന്നതിനും യൂട്രസിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഉപയോഗിക്കാവുന്ന ഒന്നാണ് തിരുതാളി വേര്. തിരുതാളി സമൂലമായിട്ടും പാൽകഷായമായിട്ടും കഷായമായിട്ടും തിരുതാളി ചേർത്തുണ്ടാക്കുന്ന നെയ്യ് ഒക്കെ രണ്ടു മൂന്നു മാസക്കാലം ഗർഭസ്ഥാപനത്തിനായിട്ട് കഴിക്കാവുന്നതാണ്. തുടർച്ചയായി അബോർഷൻ വരുന്ന വ്യക്തികളിൽ തിരുതാളി നെയ്യ് സേവിക്കുന്നത് ഏറെ ഫലപ്രദമാണ്.

പുരുഷൻമാരുടെ ബീജത്തിന്റെ വളർച്ചയ്ക്കും ആരോഗ്യകരമായിട്ടുമിരിക്കുന്നതിന് വളരെയധികം കാര്യങ്ങൾ പറയുന്നുണ്ട്. ഉഴുന്ന്, ചെറുപയർ മുളപ്പിച്ചത്, മധുരമായിട്ടുള്ളതും സ്നിഗ്ധമായിട്ടുള്ളതും അതുപോലെ നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം പുരുഷൻമാരിൽ അവരുടെ ബീജത്തിന്റെ കൗണ്ട് വർധിപ്പിക്കുന്നതിന് ഉത്തമമായിട്ടുള്ളതാണ്. വയൽച്ചുള്ളിയുടെ അരി, നായ്ക്കരുണ പരിപ്പ് എന്നിവ പൊടിച്ച് പാലിൽ ചേർത്തു കഴിച്ചാൽ ലൈംഗികശേഷി വർധിക്കുകയും ശുക്ലത്തിന്റെ അളവിനെ കൂട്ടാനും ബീജത്തിന്റെ ആരോഗ്യത്തിനും ഫലപ്രദമായിട്ടുള്ളതാണ്.

ചികിത്സയ്ക്കു മുൻപ് അറിയേണ്ട കാര്യങ്ങൾ

 

ഭാര്യക്കും ഭർത്താവിനും ചികിത്സയെക്കുറിച്ച് ഒരു പോലുള്ള അറിവ് നൽകാൻ ശ്രദ്ധിക്കണം. ലൈംഗികബന്ധം എങ്ങനെ ആവാം, എന്തെല്ലാം പ്രശ്നങ്ങൾ വന്നാലാണ് വന്ധ്യത ഉണ്ടാകുന്നത്? അവരുടേതായ വന്ധ്യതയ്ക്ക് കാരണമായിട്ടുള്ള ഘടകങ്ങൾ എന്നിവ മനസിലാക്കി കൊടുക്കണം. പലരുടെയും സംശയമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ശുക്ലം പുറത്തേക്ക് ഒഴുകിപോകുന്ന അവസ്ഥ, അല്ലെങ്കിൽ അകത്തേക്കു കടക്കാത്ത അവസ്ഥ എന്നിവയെക്കുറിച്ചൊക്കെ. ശുക്ലത്തിൽ 5000 ത്തോളം വരുന്ന സ്പേംസ് ഉണ്ട്. ഇതിൽ ഒന്നോ രണ്ടോ എണ്ണമാണ് ചിലപ്പോൾ ഗർഭാശയഗളത്തിലേക്കു കടക്കുന്നത്. ഇങ്ങനെ വരുന്ന അനേകം സ്പേമുകളിൽ ഒരെണ്ണമായിരിക്കും ഫലോപ്യൻ ട്യൂബിൽ ചെന്ന് ബീജസങ്കലനം നടന്ന് ഭ്രൂണമായി മാറുന്നത്.

ഓരോരുത്തരിലും ശ്രദ്ധിച്ച് അവരുടേതായ പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് പറഞ്ഞു മനസിലാക്കി കൊടുക്കുക. രണ്ടു പേർക്കും ഒരുപോലെ ചികിത്സ നൽകുമ്പോഴാണ് ഫലപ്രാപ്തി ഉണ്ടാകുന്നത്. ഒരു പുരുഷനിൽ സ്പേം കൗണ്ട് ആവശ്യത്തിനുണ്ടെങ്കിൽ തന്നെയും അത് ആരോഗ്യത്തോടെ ഇരിക്കുന്നതിനും സ്പേമിന്റെ അളവും ഗുണവുമൊക്കെ വേണ്ട വിധത്തിൽ നിലനിർത്തുന്നതിനും ആവശ്യമായിട്ടുള്ള ഔഷധങ്ങൾ കഴിക്കാൻ നൽകേണ്ടതാണ്.

ബീജത്തിന്റെ വളർച്ചയുടെ കാലഘട്ടം മൂന്നു മാസമാണ്. ഒരു മാസമോ അല്ലെങ്കിൽ രണ്ടാഴ്ചയോ മരുന്നു കഴിച്ചിട്ട് അതിന്റെ മാറ്റം വരാത്തതിനെക്കുറിച്ച് ആശങ്കപ്പെടുന്നവരുണ്ട്. മൂന്നു മാസക്കാലം മരുന്ന് കഴിക്കുമ്പോഴാണ് പുരുഷൻമാരിൽ ബീജത്തിന്റെ അളവും ഗുണമേൻമയും മെച്ചപ്പെടുത്താൻ സാധിക്കുന്നത്.

വന്ധ്യതയുമായി സമീപിക്കുന്ന പലരിലും അവരുടേതായജീവിതശൈലിയും ഭക്ഷണക്രമവും ഒക്കെയാണുള്ളത്. അതിൽ നിന്ന് എന്ത് വ്യത്യാസം വരുത്തണമെന്നതിനെക്കുറിച്ച് വേണ്ട മാർഗനിർദേശം നൽകണം. അമിതമായ പുകവലിക്കുന്നവർ, സ്ഥിരമായി ബൈക്കിൽ യാത്ര ചെയ്യുന്നവർ, ചൂട് അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കൊക്കെ വേണ്ട രീതിയിലുള്ള നിർദേശങ്ങൾ നൽകണം.

വന്ധ്യതയിലേക്കു വന്നിരിക്കുന്ന ഒരു സ്ത്രീയെ സംബന്ധിച്ച് സാമൂഹികമായും കുടുംബപരമായും ഒക്കെ വളരെയധികം വിഷമങ്ങൾ നേരിടേണ്ട അവസ്ഥയായിരിക്കും. മാനസികമായും ശാരീരികമായും വിഷമിച്ചിരിക്കുന്ന അവസ്ഥയിൽ സ്ത്രീക്ക് വേണ്ട രീതിയിലുള്ള ആശ്വാസവും സപ്പോർട്ടും നൽകണം. പരസ്പര പൂരകങ്ങളായി രണ്ടു പേരുടെയും ബീജത്തിന്റെയും അണ്ഡത്തിന്റെയും ആരോഗ്യസ്ഥിതിയിലായിരിക്കും ഒരു ഭ്രൂണം ഉണ്ടാകുന്നത്. ഇങ്ങനെ പൊതുവായുള്ള അറിവ് രണ്ടുപേർക്കും ഒരുമിച്ച് നൽകിയ ശേഷം ചികിത്സ തുടങ്ങാം. 90 ശതമാനം പേർക്കും കൃത്യമായ ചികിത്സയും ഫലപ്രാപ്തിയും ഇന്ന് ലഭിക്കുന്നുണ്ട്.

പ്രായവും വന്ധ്യതയും

 

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം 12 വയസിനും 40 നും ഇടയ്ക്ക് 300 മുതൽ 400 വരെ അണ്ഡങ്ങൾ ഉൽപാദിപ്പിച്ച് പൊട്ടി പുറത്തേക്കു വരുന്നുണ്ട്. വിവാഹപപ്രായം 18 നും 30 നും ഇടയ്ക്കായിരുന്നു. ഇന്ന് ആ പ്രായപരിധി 28നും 30നും ഇടയ്ക്കായി മാറിയിട്ടുണ്ട്. 35 വയസു കഴിഞ്ഞ് ആദ്യ ഗർഭം ധരിക്കുന്നത് പലപ്പോഴും പല വൈകല്യങ്ങൾക്കും കാരണമാകാറുണ്ട്.

ഹോർമോണുകളും എൻഡോമെട്രിയവും അണ്ഡവുമൊക്കെ നല്ല ആരോഗ്യത്തോടെ ഇരിക്കുന്ന അവസ്ഥയിൽ ആദ്യ ഗർഭം ധരിക്കേണ്ടതാണ്. ആരോഗ്യവാനായ കുഞ്ഞ് ലഭിക്കുന്നതിനും ഇത് ശ്രദ്ധിക്കേണ്ടതാണ്.

പുരുഷൻമാരിൽ 40 വയസു കഴിയുന്നതോടെ ബീജത്തിന്റെ കോളിറ്റി കുറയുന്നു. മാത്രമല്ല പ്രമേഹം പോലുള്ള പല രോഗാവസ്ഥകളും പിടികൂടിയെന്നും വരാം. ഈ അസരത്തിൽ ഗർബം ധരിക്കുകയാണെങ്കിൽ കുട്ടികളിൽ ജൻമാ ഉള്ള വൈകല്യങ്ങളോ രോഗങ്ങളോ മാനസികമായ വളർച്ചാക്കുറവോ ഒക്കെ ഉണ്ടായെന്നു വരാം. പുരുഷൻമാരെ സംബന്ധിച്ച് 40 വയസിനു മുൻപായും സ്ത്രീകൾ 30 വയസിനു മുൻപായും ആദ്യ ശിശുവിന് ജൻമം നൽകാൻ ശ്രമിക്കേണ്ടതാണ്.

വന്ധ്യത പോലുള്ള പ്രശ്നങ്ങൾ അധികരിച്ചിരിക്കുന്ന ഈ കാലയളവിൽ വളരെയധികം ശ്രദ്ധ ആവശ്യമുള്ള ഒന്നായി മാറിയിരിക്കുന്നു ഗർഭധാരണവും. ഒരു സ്ത്രീ ഗർഭിണി ആകുന്നതിനു മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എന്തൊക്കെ മരുന്നുകളും ആഹാരവും കഴിക്കാം, ഓരോ മാസത്തെയും ഭ്രൂണത്തിന്റെ ശരിയായ വളർച്ചയ്ക്കായി കഴിക്കേണ്ട ക്ഷീരകഷായങ്ങളെക്കുറിച്ചുമെല്ലാം ആയുർവേദം നിഷ്കർഷിക്കുന്നുണ്ട്. ഇവ ശരിയായി പാലിച്ചു പോന്നാൽ തുടരെത്തുടരെയുള്ള ഗർഭമലസലുകളും വളർച്ചയിൽ വരുന്ന വ്യത്യാസങ്ങളും വൈകല്യങ്ങളുമൊക്കെ തടയാൻ സാധിക്കും.

ഗർഭനിരോധനോപാധികളും വന്ധ്യതയും

വിവാഹം കഴിഞ്ഞ ഉടൻ കുഞ്ഞുങ്ങൾ വേണ്ടെന്നു തീരുമാനിക്കുന്നവരാണ് ഇന്നത്തെ തലമുറയിൽ അധികവും. ഇതിന് ഒരു പോസിറ്റീവ് വശമുണ്ടെങ്കിലും പലപ്പോഴും ഇത് വർഷങ്ങളോളം നീണ്ടു പോകുന്നു. പിന്നീട് കുഞ്ഞ് വേണമെന്നു തീരുമാനമെടുക്കുമ്പോൾ ചിലപ്പോൾ അതിനു സാധ്യമാകാത്ത അവസ്ഥയും കണ്ടു വരുന്നുണ്ട്. ഗർഭധാരണം ഉടൻ നടക്കാതിരിക്കാൻ പലരും കൂട്ടുപിടിക്കു്നനതും ഗർഭനിരോധനോപാധികളെയാണ്. ഇവയുടെ അമിതമായ ഉപയോഗം പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകുന്നുണ്ട്.

ഗർഭനിരോധനോപാധികളായി ഉപയോഗിക്കുന്ന പല തരത്തിലുള്ള ജെല്ലി, ലൂബ്രിക്കന്റായി ഉപയോഗിക്കുന്ന പല സാധനങ്ങളും ബീജത്തിന്റെ ചലനങ്ങളെ തടയുന്നു. അവയുടെ ക്ഷാരസ്വഭാവം കൂട്ടിക്കൊണ്ട് ബീജത്തിന്റെ നാശത്തിനും കാരണമാക്കുന്നു.

കോപ്പർടി പോലുള്ളവ യൂട്രസിന്റെ ആന്തരിക ഭിത്തിയിൽ മുറിവുകളുണ്ടാക്കുന്നുണ്ട്. ഇതുമൂലം അണുബാധയ്ക്കുള്ള സാധ്യതയുമുണ്ട്. ഇവയെല്ലാം തന്നെ വന്ധ്യതയിലേക്കു നയിക്കുന്നവയിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്.

നാച്വറലായുള്ള ഗർഭനിരോധനോപാധികൾ ഉപയോഗിക്കുക, ശുചിത്വം സൂക്ഷിക്കുക, ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.


കടപ്പാട് : മലയാള മനോരമ

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate