অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

മുടിയഴക്

മുടിയഴക്

മുടി കൊഴിയുന്നതെന്തുകൊണ്ട്?

കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം. 

മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്‍ത്തല്‍ തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്. 

തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്‍, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന 'തദ്ദേശീയ' കാരണങ്ങളാണ്.

മനസ്സും ആധിയും

മാനസികസംഘര്‍ഷം മുടികൊഴിച്ചിലിന് കാരണമാകുന്നതുപോലെ ചില മാനസികരോഗങ്ങളും ഇതിനു കാരണമാകാം. രോഗിതന്നെ മുടി പിഴുതോ പൊട്ടിച്ചോ കളയുന്ന 'ട്രൈക്കോട്ടിലോമേനിയ' എന്ന രോഗം അപൂര്‍വമായല്ലാതെ കാണുന്നുണ്ട്. 

ഗുരുതരമായ പല രോഗങ്ങളുടെയും പ്രാരംഭലക്ഷണം മുടികൊഴിച്ചിലാകാമെങ്കിലും അത്തരം രോഗത്തിന്റെ മറ്റു സൂചനകളോ തലയില്‍ മറ്റു രോഗങ്ങളുടെ ലക്ഷണമോ ശ്രദ്ധയില്‍ പെട്ടിട്ടില്ലെങ്കില്‍ മുടികൊഴിച്ചിലുണ്ടോ എന്ന് രോഗിയോട് ചോദിക്കാതിരിക്കുന്നതാവും ഉത്തമം; പ്രത്യേകിച്ച് സ്ത്രീകളോട്. കാരണം മുടികൊഴിച്ചിലുണ്ടോ എന്ന് ചോദിച്ചാല്‍ 'ഹേയ്, ഇല്ല' എന്ന് ഉടനുത്തരം തരുന്ന ഒരു വനിതയെയും കണ്ടിട്ടില്ല. പനങ്കുലപോലെ മുടി ഉണ്ടായിരുന്നെന്നും എല്ലാം കൊഴിഞ്ഞ് 'ദേ ഇപ്പോള്‍ ഇത്രമാത്രമേ ഉള്ളൂ' എന്ന് പറഞ്ഞ് എലിവാലു പോലത്തെ മുടി എടുത്തു കാണിക്കുന്നവരാണ് ഏറെയും. 

ഒരു പരിധിവരെ ഇതു ശരിയാകാം. പക്ഷേ, ഒരു രോഗമോ രോഗലക്ഷണമോ ആയി കരുതാന്‍ തക്കവിധം പ്രശ്‌നം രൂക്ഷമാണോ എന്നു വിലയിരുത്തുകയാണ് പ്രധാനം. ഭൂരിപക്ഷം പേരിലും ഇത് സംഭവിക്കാറില്ല. അത് രോഗിയെ ബോദ്ധ്യപ്പെടുത്തുന്നതില്‍ വിജയിച്ചാല്‍ ഡോക്ടറും അദ്ദേഹത്തിന്റെ ചികിത്സയും വിജയിച്ചു എന്നു കരുതാം.

ഗീത വടക്കേ ഇന്ത്യക്കാരിയാണ്. ഐ.പി.എസ്. ഓഫീസറുടെ യുവതിയായ വീട്ടമ്മ. രണ്ടുവര്‍ഷമായി മുടികൊഴിച്ചില്‍ വല്ലാതെ അലട്ടുന്നത്രെ. വടക്കും തെക്കുമുള്ള പല ഡോക്ടര്‍മാരും ചികിത്സിച്ചു. ഉദ്ദേശിച്ച ഫലം കിട്ടാതായപ്പോള്‍ നേരേ വെല്ലൂര്‍ക്ക് വണ്ടികയറി. ഒട്ടേറെ ടെസ്റ്റുകള്‍ ചെയ്തു. പലതും ചെലവേറിയ ഹോര്‍മോണ്‍ പഠനങ്ങളായിരുന്നു. പക്ഷേ, മുടികൊഴിച്ചില്‍ മാത്രം കുറഞ്ഞില്ല. ഈ കറക്കമെല്ലാം കഴിഞ്ഞാണ് അവര്‍ എന്റെയടുത്തെത്തിയത്. ഉപചാരവാക്കുകളും പരിചയപ്പെടലും കഴിഞ്ഞപ്പോള്‍ അവര്‍ പ്രശ്‌നത്തിന്റെ ഭാണ്ഡമഴിച്ചു. 

ചികിത്സയുടെ ഫയല്‍ തന്നു. അത് തുറക്കുംമുന്‍പ് അവരുടെ തലമുടി പരിശോധിച്ചു. നിതംബം വരെ നീളുന്ന മുടി. കനത്തില്‍ മെടഞ്ഞിട്ടിരിക്കുന്നു. കൃത്രിമമുടി ഉപയോഗിച്ചിട്ടില്ല. ഘടനയും ബലവും തൃപ്തികരം. ടെസ്റ്റുകളില്‍ അപാകമില്ല. ഒരു ദിവസം ശരാശരി എത്ര മുടി കൊഴിയുമെന്ന് ചോദിച്ചതും അവര്‍ കുറെ പ്ലാസ്റ്റിക് കവറുകള്‍ മേശപ്പുറത്ത് വെച്ചു. ഓരോന്നിലും നിറയെ മുടി. ഓരോ ദിവസത്തെ കളക്ഷന്‍. കവര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. കവര്‍ നിറഞ്ഞിരുന്നത് മുടിയുടെ എണ്ണം കൊണ്ടല്ല; നീളം കൊണ്ടായിരുന്നു. സൗമ്യഭാവത്തില്‍ പകുതി കളിയും ബാക്കി കാര്യവുമായി അവരോടു പറഞ്ഞു.

''താങ്കളുടെ രോഗം സുഖപ്പെടുത്താന്‍ ബുദ്ധിമുട്ടാണ.്..'' അമ്പരപ്പോടെ അവര്‍ മുഖത്തേക്കു നോക്കി. ''...കാരണം നിങ്ങള്‍ക്ക് മുടികൊഴിച്ചിലെന്ന രോഗമില്ല.'' എന്നിട്ട് ശ്രീനിവാസന്‍സ്റ്റൈലില്‍ ഒന്നു ചിരിച്ചു. അവര്‍ നന്ദി പറഞ്ഞു പുറത്തിറങ്ങി. മിക്കവാറും മറ്റൊരു ഡോക്ടറുടെ മുന്നില്‍ അവര്‍ എത്തിയിട്ടുണ്ടാകും.

ക്ഷണം പോരെങ്കില്‍

ഭക്ഷണക്രമത്തിലുള്ള കഠിനമായ നിയന്ത്രണങ്ങളും പോരായ്മകളും മുടിയുടെ ആരോഗ്യത്തേയും ബാധിക്കാം. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെ (Iron) അളവ് കുറയുമ്പോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലുള്ള മുടികള്‍ വിശ്രമാവസ്ഥയിലേക്ക് മാറുകയും ക്രമേണ കൊഴിയുകയും ചെയ്യും. പനി, ഫ്‌ളൂ തുടങ്ങി പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍, മേജര്‍ ശസ്ത്രക്രിയ, നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. കാരണം രോഗം വന്ന് മൂന്നാഴ്ച മുതല്‍ മൂന്നു മാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചില്‍ അനുഭവപ്പെടുക.

പ്രതിപിണ്ഡങ്ങള്‍

എ.ഡി. പതിനാലാം നൂറ്റാണ്ട് മുതല്‍ അറിയപ്പെടുന്ന അലോപേഷ്യാ ഏറിയാറ്റായുടെ പ്രധാന കാരണം രോമകൂപങ്ങളിലെ കോശങ്ങള്‍ക്കെതിരെ ശരീരം തന്നെ പ്രതിപിണ്ഡങ്ങള്‍ (antibodies) ഉല്പാദിപ്പിക്കുന്നതാണ്. അഥവാ ഭൂരിപക്ഷം പേരിലും അതാണ് കാരണമെന്ന് കരുതപ്പെടുന്നു. താരന്‍ കഴിഞ്ഞാല്‍ മുടികൊഴിച്ചിലെന്ന പരാതിയുമായെത്തുന്നവരില്‍ ഏറിയപങ്കും അലോപേഷ്യാ ഏറിയാറ്റാക്കാരാണ്. 

അഞ്ചുമുതല്‍ 35 വയസ്സുവരെ പ്രായമുള്ളവരിലാണ് ഇത് കൂടുതലായി കാണാറുള്ളത്. വൃത്താകൃതിയിലോ മുട്ടയുടെ ആകൃതിയിലോ തുടങ്ങുന്ന മുടികൊഴിച്ചില്‍ ആദ്യം ശ്രദ്ധിക്കുന്നത് മറ്റുള്ളവരാകും. മിക്കപ്പോഴും മുടി വെട്ടുമ്പോഴാകും വിവരമറിയുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ വൃത്തത്തിന്റെ വ്യാസം കൂടുകയോ പുതിയ വൃത്തങ്ങള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്യും.

അഞ്ചു ശതമാനത്തോളം പേരില്‍ ഒന്നിലധികം വൃത്തങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന് മുന്നണിയാകുമ്പോള്‍ തലയില്‍ ഒരു രോമവും ബാക്കി ഉണ്ടായെന്ന് വരില്ല. ഈ സ്ഥിതിവിശേഷത്തെ അലോപേഷ്യാ ടോട്ടാലിസ് അഥവാ സമ്പൂര്‍ണ്ണ മുടികൊഴിച്ചില്‍ എന്ന് പറയുന്നു. തുടക്കത്തില്‍ പറഞ്ഞ നിയാസ്സിന്റെയും ശ്രീദേവിയുടെയും പ്രശ്‌നവും ഇതുതന്നെയായിരുന്നു. പക്ഷേ, യുവാക്കളുടെ യാതന അലോപേഷ്യാ ഏറിയാറ്റയൊ ടോട്ടാലിസോ അല്ല; കഷണ്ടിയാണ്. (അകത്തൊന്നും ഇല്ലെങ്കിലും പുറം തരിശാകുന്നതിന്റെ വിമ്മിട്ടം അനുഭവിച്ചവര്‍ക്കേ അറിയൂ!)

താരന്‍

കൗമാരത്തിലും യൗവനത്തിലുമൊക്കെ തലമുടി കൊഴിയുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് തലയിലെ താരന്‍ അഥവാ താരണം തന്നെയാണ്. തലയിലെ ചര്‍മത്തില്‍ നേര്‍ത്ത ശല്‍ക്കങ്ങളും രോമകൂപത്തിനു ചുറ്റും ചുവപ്പും ചൊറിച്ചിലുമായാണ് ഡാന്‍ഡ്രഫ് (dandruff) എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ രോഗത്തിന്റെ തുടക്കം. ചികിത്സിച്ചാല്‍ നിയന്ത്രിക്കാന്‍ കഴിയുന്ന രോഗമായതുകൊണ്ട് ഇതുമൂലമുണ്ടാകുന്ന മുടികൊഴിച്ചില്‍ താല്‍ക്കാലികമാണ്. രോമകൂപത്തോടു ചേര്‍ന്നുള്ള ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യവും ഒരു പ്രത്യേകതരം പൂപ്പല്‍ (ഫംഗസ്) ബാധയും ഇതിനു കാരണങ്ങളായി പറയപ്പെടുന്നു. 

ഫംഗസ് ബാധ എന്നു പറഞ്ഞതുകൊണ്ട് ഇത് പുഴുക്കടിയാണ് എന്നു വിവക്ഷയില്ല. പക്ഷേ, തലയിലുണ്ടാകുന്ന ചില പൂപ്പല്‍ രോഗങ്ങള്‍ അഥവാ പുഴുക്കടി (ടീനിയ കാപ്പിറ്റിസ്) മുടികൊഴിച്ചില്‍ ഉണ്ടാക്കാമെന്നത് സത്യം. ഇത് കൂടുതലും കുട്ടികളിലാണ് കാണുന്നതെങ്കിലും, ഇന്ത്യന്‍ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച് കേരളത്തില്‍, വളരെ അപൂര്‍വമാണ്. ഇങ്ങനെയുണ്ടാകുന്ന മുടികൊഴിച്ചിലിന്റെ ഒരു പ്രത്യേകത അത് വൃത്താകൃതിയില്‍ കൊഴിയുന്നു എന്നതാണ്. പല കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാമെങ്കിലും മൊത്തത്തില്‍ അവയെ 'അലോപേഷ്യാ ഏറിയാറ്റ' എന്നു വിളിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അലോപേഷ്യാ ഏറിയാറ്റാ (alopecia areata) ഉണ്ടാക്കുന്ന പല കാരണങ്ങളില്‍ ഒന്നു മാത്രമാണ് തലയിലെ പുഴുക്കടി.

മുടിയഴകിന് ആയുര്‍വേദം

ഹെന്ന ചെയ്യുന്നത് മുടിയഴകിനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. നാല് ടീസ്പൂണ്‍ ചെറുനാരങ്ങാ നീരില്‍ കാപ്പിപ്പൊടി സമം ചേര്‍ത്ത് രണ്ട് മുട്ടയും ഒരു ടീസ്പൂണ്‍ ഉലുവപ്പൊടിയും ഇടുക. മൈലാഞ്ചിപ്പൊടിയും ചേര്‍ക്കുക. ഇത് തേയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. ഒരു മണിക്കൂറിനു ശേഷം ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയിലും മുടിയിലും തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം കഴുകാം. മഴക്കാലത്ത് നീര്‍വീഴ്ച വരുമെന്ന പേടിയുള്ളവര്‍ ഹെന്ന ചെയ്യുന്നതിനു മുമ്പ് നെറുകയില്‍ അല്‍പം രാസ്‌നാദിപ്പൊടി തടവുക. ഹെന്നയില്‍ ത്രിഫലപ്പൊടി കൂടി ചേര്‍ക്കുന്നതും നീര്‍വീഴ്ച വരാതിരിക്കാന്‍ സഹായിക്കും.

നാലു കപ്പ് ചൂടുവെള്ളത്തിലേക്ക് രണ്ടു കൈപ്പിടി വേപ്പില കുതിര്‍ത്തു വയ്ക്കുക. പിറ്റേ ദിവസം മുടി കഴുകാന്‍ ഈ വെള്ളം ഉപയോഗിക്കാം. വേപ്പില വെളളത്തില്‍ കുതിര്‍ത്തു വെച്ച് അരച്ചു കുഴമ്പാക്കി തലയോട്ടിയില്‍ അരമണിക്കൂര്‍ പുരട്ടുന്നതും മുടികൊഴിച്ചിലിനും താരനും പരിഹാരമാണ്. ആര്യവേപ്പിന്‍ തൊലി അരച്ച് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് വേപ്പിലയിട്ടു കാച്ചിയ വെള്ളത്തില്‍ കഴുകി കളയുന്നതും മുടിയഴകിന് നല്ലതാണ്. 

മൂന്നു നേന്ത്രപ്പഴവും തേനും ചേര്‍ത്ത കുഴമ്പ് പരുവത്തിലാക്കി 50 മിനിട്ട് തലയില്‍ തേച്ചു പിടിപ്പിക്കുക. മുടി മിനുസമുള്ളതാവും. പുതീന ഇടിച്ചു പിഴിഞ്ഞ ചാറ് തലയോട്ടിയിലും മുടിയിലും തേച്ചു പിടിപ്പിച്ച് 10-15 മിനുട്ടിനു ശേഷം കഴുകി കളയുക. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 

മുടിക്ക് നല്ല കറുപ്പു നിറം ലഭിക്കാന്‍ കറിവേപ്പില ഇട്ടു കാച്ചിയ വെളിച്ചെണ്ണനല്ലതാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് മുടി കഴുകുക. പരുപരുത്ത മുടിയുള്ളവര്‍ കണ്ടീഷണര്‍ ഉള്ള ഷാംപു തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.

മുടികൊഴിച്ചിലിനെ നിസാരമായി കാണരുത്

മുടിയുടെ പ്രശ്‌നങ്ങള്‍ നിസാരമായി കാണാന്‍ പാടില്ല. അസാധാരണമായമുടി കൊഴിച്ചില്‍, മുടി വളര്‍ച്ച, അല്ലെങ്കില്‍ മുടികള്‍ക്കും തലയോട്ടിയിലും ഉണ്ടാകുന്ന വരള്‍ച്ച, മാറ്റമില്ലാത്ത താരന്‍ ശല്യം തുടങ്ങിയവ ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ ( Trichologist) സമീപിക്കുക. കാരണം ആന്തരികമായ പല പ്രശ്‌നങ്ങളുടേയും ലക്ഷണമാകാം ഈ കേശ പ്രശ്‌നങ്ങള്‍.

നരച്ച മുടി, സ്പ്ലിറ്റ് എന്റ്, എണ്ണമയമുള്ള മുടി തുടങ്ങിയവയെല്ലാം ഈ പ്രശ്‌നങ്ങളുടെ തുടക്കമാകാം. അതുകൊണ്ട് മുടിയുടെ പ്രശ്‌നങ്ങള്‍ കാര്യമായി തന്നെ എടുക്കുക.

വിറ്റമിന്‍ എ, സിങ്ക്, പ്രോട്ടീന്‍, അത്യാവശ്യ ഫാറ്റി ആസിഡുകള്‍ എന്നിവയുടെ കുറവിന്റേയും തൈറോയിഡ് പ്രശ്‌നങ്ങളുടേയുമെല്ലാം ലക്ഷണമായിരിക്കാം വരണ്ട തലമുടി.

പരുക്കന്‍ തലമുടി, വിറ്റമിന്‍ എയുടേയും പ്രോട്ടീന്റേയും കുറവിന്റേയോ ഹൈപോതൈറോയിഡിസത്തിന്റേയോ ലക്ഷണമായിരിക്കാം.

എണ്ണമയമുള്ള തലമുടി, സിങ്ക്, ഫോളിക് ആസിഡ്, വിറ്റാമിന്‍ ബി6 എന്നിവയുടെ കുറവുകളുണ്ടെന്നതിന്റെ ലക്ഷണമായിരിക്കാം.

അനീമിയ, ഇരുമ്പ് അംശത്തിന്റെ കുറവ്, വിറ്റമിന്‍ ബി.6, മഗ്നീഷ്യം അല്ലെങ്കില്‍ സിങ്ക് എന്നിവയുടെ കുറവുകളുണ്ടെങ്കില്‍ സ്പ്ലിറ്റ് എന്‍ഡുകള്‍ വരാവുന്നതാണ്.

മാനസിക സമ്മര്‍ദ്ദം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയുടേയും വിറ്റമിന്‍ ബി, കോപ്പര്‍, ഫോളിക് ആസിഡ് എന്നിവയുടെ കുറവുമൂലവും അകാല നര ഉണ്ടാവുന്നതാണ്.

താരന്‍ അടക്കമുള്ള തലയോട്ടിയില്‍ ഉണ്ടാവാറുള്ള പ്രശ്‌നങ്ങള്‍ ഫംഗസ് ബാധയുടേയും, മാനസിക സമ്മര്‍ദ്ദത്തിന്റേയും പോഷകങ്ങളുടേയും കുറവ് മൂലമോ ആണ്.

അതായത് ഈ പോഷകങ്ങളുടേ കുറവ് മൂലമുണ്ടായേക്കാവുന്ന അനുബന്ധ രോഗങ്ങളുടെ ലക്ഷണമാകാം നിങ്ങളുടെ മുടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍. അസാധാരണമായ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദനെ സമീപിക്കുക.

താരന്‍’ മാറ്റാം, അടുക്കളയില്‍ നിന്നു തന്നെ

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരന്‍. ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങള്‍.

എന്താണ് താരന്‍?

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്നു പോകുന്ന അവസ്ഥയാണു താരന്‍. ത്വക്കില്‍ സ്ഥിതി ചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികള്‍ അധികമായ തോതില്‍ സെബം ഉല്പാദിപ്പിക്കപ്പെടുന്നതുമൂലം താരന്‍ ഉണ്ടാകുന്നു.

എന്താണു താരനു കാരണം?

താരനുപ്രധാന കാരണം മലസ്സീസിയ ഫര്‍ഫര്‍ അഥവാ പിറ്റിറോസ് പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലുകള്‍ ആണ്. ഇവ സാധാരണയായി ശിരോചര്‍മത്തില്‍ വസിക്കുന്ന ഉപദ്രവമുണ്ടാക്കാത്ത ഒന്നാണ്. പക്ഷേ ചില സമയങ്ങളില്‍ ഇവ കൂടുതലായി വളര്‍ന്നു പെരുകി താരനുണ്ടാകുന്നു.

ചില വിറ്റാമിനുകളുടെ കുറവ്- പ്രത്യേകിച്ച് ബി കോംപ്ലെക്‌സസിന്റെ കുറവ് താരനുകാരണമായെന്നു വരാം.

ചില മരുന്നുകളുടെ പാര്‍ശ്വഫലം മൂലവും താരനുണ്ടാകും. കൂടാതെ മദ്യപാനികള്‍, ഹൃദ്രോഗികള്‍, പ്രമേഹരോഗികള്‍, എയ്ഡ്‌സ് രോഗികള്‍ എന്നിവരില്‍ താരന്‍ കൂടുതലായി കാണപ്പെടുന്നു.

താരന്‍ മാറ്റാന്‍ ചില പൊടിക്കൈകള്‍:

തേങ്ങപ്പാലില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ പുരട്ടി പത്തുമിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.

വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക.

ചെറുപയര്‍ പൊടി താളിയായി ഉപയോഗിച്ച് കുളിക്കുന്നത് മുടിയിലെ താരന്‍ മാറുന്നതിനും ശരീരകാന്തിക്കും ഗുണപ്രദമാണ്.

കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക.

ചീവയ്ക്കാ പൊടി തലേദിവസത്തെ കഞ്ഞിവെളളത്തില്‍ കലക്കി തല കഴുകുക.

പാളയംകോടന്‍ പഴം ഇടിച്ച് കുഴമ്പാക്കി തലയില്‍ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.

തലമുടിയിലെ താരന്‍ പോകുന്നതിന് ഓരിലത്താമര താളിയാക്കി തലയില്‍ തേച്ച് കുളിക്കുക.

രണ്ടു ടേബിള്‍ സ്പൂണ്‍ ഉലുവ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തു വെയ്ക്കുക.
ഒരു രാത്രി മുഴുവനും അല്ലെങ്കില്‍ 12 മണിക്കൂര്‍ വരെ കുതിര്‍ത്ത ശേഷം ശേഷം അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് തലയില്‍ പുരട്ടുക. 20 മിനിറ്റിനുശേഷം കഴുകുക.

മുടിക്ക് ഗുണപ്രദമായ ചില ആഹാരങ്ങള്‍

മുടി സംരക്ഷിക്കാന്‍ ദിവസേന എണ്ണപുരട്ടുന്നതും ഷാംപൂ ഉപയോഗിക്കുന്നതിനും ഒപ്പം നിങ്ങള്‍ എന്തു കഴിക്കുന്നു എന്നുള്ളതിനും ഏറെ പ്രാധാന്യ മുണ്ട്.
മികച്ച ആഹാര രീതിയിലൂടെ നിങ്ങളുടെ മുടിക്ക് പരിപോഷണം ലഭിക്കേണ്ടതുണ്ട്. ഇത് മുടിക്ക് ക്ഷതമേല്‍ക്കുക, പൊട്ടുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. അതിനായി ധാരാളം പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും നിങ്ങളുടെ ആഹാരത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. അയേണിന്റെ കുറവും മുടികൊഴിച്ചിലിന് കാരണമായേക്കാം. നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടവ ഇതാ…

പാല്‍ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തുക. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പോ കാലത്തോ ഇളം ചൂടുള്ള പാല്‍ കുടിക്കുന്നത് നിങ്ങളുടെ എല്ലുകളുടെ ആരോഗ്യത്തിനു മാത്രമല്ല അത് മുടിക്കും ഗുണം ചെയ്യുന്നു. തൈര,് വെണ്ണ തുടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താനും ശ്രദ്ധിക്കുക.

നല്ല പഴങ്ങളും പച്ചക്കറികളുമാണ് മറ്റൊരു പ്രധാന ആഹാരം. ചീര, കോളിഫ്‌ലവര്‍, കാബേജ്, തക്കാളി, കൈതച്ചക്ക, ആപ്പിള്‍ തുടങ്ങിയവ നിങ്ങളുടെ മുടിക്ക് ഏറെ ഗുണപ്രദമാണ്.

ഗ്രീന്‍ ടീ കഴിക്കാം. ആന്റി ഏക്‌സിഡന്റുകളുടെ മറ്റൊരു മുഖ്യ സ്രോതസ്സാണ് ഗ്രീന്‍ടീ. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും മുടിക്ക് പോഷണം നല്‍കുകയും ചെയ്യും. പത്ത് ഗ്ലാസ് വെള്ളമെങ്കിലും ദിവസേന കുടിക്കാന്‍ മറക്കരുത്. ദിവസേന തേങ്ങാവെള്ളം കുടിക്കുന്നതും നല്ലാതാണ്.

വറുത്തതും പോഷകാംശം കുറഞ്ഞതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. മധുരം ധാരാളം അടങ്ങിയ ആഹാരങ്ങളും ഒഴിവാക്കുക. ഇതില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട് അത് നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും ഗുണം ചെയ്യുകയില്ല.

മുടികൊഴിച്ചിലിന് ചില പരിഹാര മാര്‍ഗങ്ങള്‍

ജല മലിനീകരണം, ടെന്‍ഷന്‍, ക്ലോറിന്‍ അടങ്ങിയ വെള്ളം ഇതെല്ലാം മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളാണ്. എന്നാല്‍ ഇത് തടയാനുള്ള വഴികള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്.

ഇതാ മുടി കൊഴിച്ചിലിന് നിങ്ങളുടെ വീട്ടില്‍ നിന്ന് ചെയ്യാന്‍ പറ്റിയ ചില പരിഹാരങ്ങള്‍

മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം. മുടി നന്നായി ചീകി തലയിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ ഒരു പരിധിവരെ തടയും.

കറ്റാര്‍ വാഴയുടെ നീരെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. അത് ഉണങ്ങുന്നതുവരെ അങ്ങനെ വച്ചതിന് ശേഷം നന്നായി കഴുകി കളയുക. കറ്റാര്‍ വാഴയുടെ ജൂസ് കുടിക്കുന്നതും മുടികൊഴിച്ചില്‍ കുറയുന്നത് നല്ലതാണ്.

തലയില്‍ എണ്ണയിടാത്തതാണ് മുടി കൊഴിച്ചിലിന് ഒരു പ്രധാന കാരണം. നമ്മുടെ മുത്തശ്ശിമാര്‍ പറയുന്നത് പോലെ ദിവസവും എണ്ണതേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്. വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് മുടി കൊഴിച്ചില്‍ തടയാന്‍ നല്ലത്.

വെളിച്ചെണ്ണയില്‍ കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയോടില്‍ തേച്ച് പിടിപ്പിച്ച ശേഷം നന്നായി മസാജ് ചെയ്യുക. മസാജിന് ശേഷം പിറ്റേന്ന് രാവിലെ തല കഴുകിക്കളയുക.

ആവണക്കെണ്ണയാണ് മുടി കൊഴിച്ചിലിന് മറ്റൊരു പരിഹാരം. ആവണക്കെണ്ണ തേനില്‍ ചേര്‍ത്ത് മുടിയില്‍ നന്നായ് മസാജ് ചെയ്യുക. ആഴ്ചയില്‍ ഒരിക്കല്‍ എന്ന രീതിയില്‍ ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്.

ആഴ്ചയില്‍ ഒന്ന് എന്ന രീതിയില്‍ ഉലുവ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഉലുവ പൊടിച്ചതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് തലയോടില്‍ നന്നായി തേച്ച് പിടിപ്പിക്കുക.

മുടി വളരാൻ വിദ്യ

മുടി തഴച്ചുവളരാന്‍ ചില വിദ്യകള്‍

മുഖം എത്ര മനോഹരമായാലും തലമുടിക്കുവേണ്ട സംരക്ഷണം നല്കിയില്ലെങ്കില്‍ നമ്മുടെ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്പിക്കില്ല. തലമുടി നമ്മുടെ ശരീരത്തിന്റെ കിരീടമാണ്. നമ്മുടെ ഉപേക്ഷകാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ അല്ലെങ്കില്‍ മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടു എന്നു കണക്കാക്കേണ്ടതില്ല. ആവശ്യാനുസരണം ശ്രദ്ധയും സംരക്ഷണവും നല്കി മുടിയുടെ അവസ്ഥ നന്നാക്കുവാന്‍ നമുക്കു സാധിക്കും. മുടി ഏതു തരത്തിലുള്ളതാണ് എന്നു നിശ്ചയിക്കേണ്ടത് അവശ്യംതന്നെ. എങ്കിലേ അതിനനുസൃതമായ പരിചരണം അവയ്ക്കു നല്കുവാന്‍ നമുക്കു കഴിയൂ.നാലു തരത്തിലുള്ള മുടികള്‍1. സാധാരണമുടി 2. എണ്ണമയമുള്ള മുടി 3. വരണ്ടമുടി 4. ഇവ രണ്ടിന്റെയും (2,3) സ്വഭാവത്തോടുകൂടിയതരം മുടി. ഒരു ടിഷ്യൂപേപ്പറിന്റെ സഹായത്താല്‍ മുടിയുടെ തരം നിശ്ചയിക്കാവുന്നതാണ്. ആദ്യം തലമുടി ഷാമ്പൂ ഉപയോഗിച്ചു വൃത്തിയായി കഴുകി ഉണക്കുക. അടുത്ത ദിവസം ഒരു ടിഷ്യൂപേപ്പര്‍കൊണ്ടു തലയുടെ മദ്ധ്യഭാഗത്തും ചെവികള്‍ക്കു പിന്നിലും അമര്‍ത്തുക. ടിഷ്യൂപേപ്പറില്‍ എണ്ണമയം കണ്ടാല്‍ നിങ്ങള്‍ക്ക് എണ്ണമയമുള്ള മുടിയാണെന്നു മനസ്സിലാക്കാം. മറിച്ചാണെങ്കില്‍ വരണ്ടമുടി അഥവാ ഉണങ്ങിയ മുടി ആണെന്നര്‍ത്ഥം.സാധാരണ ചര്‍മ്മമാണു നിങ്ങളുടേതെങ്കില്‍ സാധാരണമുടിയായിരിക്കും നിങ്ങളുടേത് എന്നതാണു വിദഗ്ധരുടെ വിശ്വാസം. എണ്ണമയമുള്ള ത്വക്കിനുടമകള്‍ എണ്ണമയമുള്ള മുടിയോടുകൂടിയവരും. നിങ്ങളുടെ തല എണ്ണമയമുള്ളതും വരണ്ടതുമാണോ? എങ്കില്‍ നിങ്ങളുടെ മുടി ഈ രണ്ടു സ്വഭാവത്തോടും കൂടിയതായിരിക്കും. സാധാരണമുടി തിളക്കമാര്‍ന്നതും കൈകാര്യംചെയ്യാന്‍ സുഗമമായതും ആയിരിക്കും. അല്പദിവസം ഇവ പറന്നു കിടക്കുമെങ്കിലും ചീകി ഒതുക്കിയാല്‍ ഒരാഴ്ചയോളം ഭംഗിയായി ഒതുങ്ങിയിരിക്കുകയും ചെയ്യും. എണ്ണമയമുള്ള മുടിയില്‍ ഷാമ്പൂ തേച്ചു കുളിച്ചാല്‍ ഒന്നുരണ്ടു ദിവസംവരെ ഭംഗിയായി ഒതുങ്ങിയിരിക്കും. എന്നാല്‍ ഉടന്‍തന്നെ ഈ അവസ്ഥ മാറിയെന്നുമിരിക്കും. ഇത്തരം മുടിയുള്ളവരുടെ തലയില്‍ താരന്‍ കടന്നുകൂടാന്‍ സാധ്യതകള്‍ ഏറെയാണ്.വരണ്ടമുടിയില്‍ ഷാമ്പൂ പ്രയോഗിച്ചാല്‍ സംരക്ഷണം വളരെ പ്രയാസമാകും. മുടിയുടെ ഭംഗി നഷ്ടപ്പെട്ട് അവയുടെ അഗ്രം വരണ്ടുപോകുന്നതിനും പിളരുന്നതിനും ഇടയാക്കും. തലയും വരണ്ടിരിക്കും. ചിലപ്പോള്‍ ചൊറിച്ചിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. വരണ്ടമുടി പൊട്ടാനും എളുപ്പമാണ്. നാലാംതരത്തിലുള്ള മുടിക്കു വരണ്ടമുടിയുടെയും എണ്ണമയമുള്ള മുടിയുടെയും പ്രത്യേകതകള്‍ കാണും. തലയോടുചേര്‍ന്നുള്ള മുടി എണ്ണമയമുള്ളതും അറ്റം വരണ്ടുമിരിക്കും. ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ മുടി ഭംഗിയാകുന്നു. എങ്കിലും അഗ്രം ഭംഗിയുള്ളതാകണമെന്നില്ല. ഇത്തരം മുടി ചീകിയൊതുക്കുവാന്‍ അത്ര എളുപ്പമല്ല. അറ്റം പിളരാന്‍ സാധ്യതയുണ്ട്. കട്ടികുറഞ്ഞതും മങ്ങിയനിറത്തോടുംകൂടിയ മുടിയായിരിക്കും ഇക്കൂട്ടര്‍ക്ക്. ഈ അവസ്ഥയില്‍ ഷാമ്പൂ വീണ്ടും ഉപയോഗിക്കേണ്ടതായിവരുന്നു. തദവസരത്തില്‍ മുടിയുടെ ഭംഗി വീണ്ടെടുക്കുവാന്‍ സാധിക്കുന്നു.ഇനി ഓരോതരം മുടിയും സംരക്ഷിക്കുന്നതെങ്ങനെയെന്നു പരിശോധിക്കാം:

സാധാരണമുടിക്ക് : ആഴ്ചയില്‍ ഒരിക്കല്‍ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. തലയില്‍ അല്പം ഷാമ്പൂ തേച്ച് വിരലഗ്രമുപയോഗിച്ചു നന്നായി ഉരസുക. ഇങ്ങനെചെയ്യുന്നതിനാല്‍ ഷാമ്പൂ മുടിയുടെ അറ്റംവരെ എത്തുന്നതിനു സഹായകമാകും. മുടിയുടെ അഗ്രം ആവശ്യമില്ലാതെ ഉരസരുത്. ഒരു കപ്പ് ചൂടുവെള്ളത്തില്‍ 2 മുട്ടയുടെ മഞ്ഞക്കരു ചേര്‍ത്തു നന്നായടിച്ചു തലയില്‍ ഒഴിച്ചു നന്നായി തിരുമ്മി പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ടു കേശമാകെ മൂടി 10 മിനിറ്റ് കാത്തിരിക്കുക. അതിനുശേഷം ചെറു ചൂടുവെള്ളം കൊണ്ട് മുടി കഴുകുക. എന്നിട്ട് ഷാമ്പൂതേച്ചു കഴുകുക.എണ്ണമയമുള്ള മുടിക്ക്: തലമുടി ഒട്ടിപ്പിടിക്കുന്നതുമാതിരി കാണുമ്പോള്‍ 3 ദിവസത്തില്‍ ഒരിക്കല്‍ മുടി നന്നായി കഴുകുക. കഴുകിയില്ലെങ്കില്‍ മുഖത്തു ചെറിയ പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ആകയാല്‍ കൂടുതല്‍നാള്‍ മുടി കഴുകാതിരിക്കരുത്. നാരങ്ങാചേര്‍ത്തിട്ടുള്ള ഷാമ്പൂവേണം ഉപയോഗിക്കുവാന്‍. ഇതു തേക്കുമ്പോള്‍ തല നന്നായി മസാജ് ചെയ്യണം. മുടി അവസാനമായി കഴുകുമ്പോള്‍ വെള്ളത്തില്‍ അല്പം വിനാഗിരി ഒഴിച്ച് അത് ഉപയോഗിക്കുക. മുടി വൃത്തിയാക്കുവാനിത് ഉപകരിക്കും. ഇത്തരം മുടിക്കാര്‍ക്ക് ഡ്രൈ ഷാമ്പൂ ആണ് ഉത്തമം. നിങ്ങളുടെ തലമുടി പല വിഭാഗങ്ങളായി തിരിക്കുക. മുള്‍ട്ടാണിമിട്ടി പൗഡര്‍ ഓരോ വിഭാഗങ്ങള്‍ക്കിടയ്ക്കും വിതറുക. നന്നായി തിരുമ്മിപ്പിടിപ്പിച്ച് 10 മിനിറ്റ് ഇരിക്കുക. വൃത്തിയുള്ള ഒരു ചീപ്പ് ഉപയോഗിച്ചു നന്നായി ചീകുക. തലയിലെ എണ്ണമയവും ചെളിയും മറ്റും മുള്‍ട്ടാണിമിട്ടി വലിച്ചെടുക്കുന്നു. ഇക്കൂട്ടര്‍ ആഴ്ചയിലൊരിക്കല്‍ ഷാമ്പൂ ഉപയോഗിക്കുക. ഇതിനുശേഷം ഒരു കണ്ടീഷണറും ഉപയോഗിക്കുക. താഴെപ്പറയുന്നതു നല്ല ഒരു കണ്ടീഷണര്‍ ആണ്.2 ടേബിള്‍സ്പൂണ്‍ ഒലീവ് ഓയില്‍ ചൂടാക്കി തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു പോളിത്തീന്‍ബാഗുകൊണ്ട് തലമുടി മൂടുക. ഉണങ്ങിയ ഒരു ടൗവല്‍കൊണ്ട് ഈ ബാഗ് മൂടുക. ഇങ്ങനെ അരമണിക്കൂര്‍ വച്ചതിനുശേഷം മുടി ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മുടി പറന്നുകിടന്നാല്‍ ഹെയര്‍ സ്‌പ്രേ ഒഴിവാക്കുക. പകരം എതെങ്കിലും ഒരു ക്രീം കണ്ടീഷനര്‍ ഉപയോഗിച്ചതിനു ശേഷം മുടി ചീകിയൊതുക്കുക.

കോമ്പിനേഷന്‍ മുടിയുള്ളവര്‍ അഥവാ വരണ്ട മുടിയുടെയും എണ്ണമയമുള്ള മുടിയുടെയും സ്വഭാവമുള്ള മുടിക്കാര്‍ക്ക്: തലയിലെ ചൊറിച്ചില്‍ അകറ്റാനും ചെളി നീക്കംചെയ്യാനുമായി വൃത്തിയായി കഴുകുക. വരണ്ട കേശാഗ്രത്തില്‍ ഷാമ്പൂ പുരട്ടരുത്. എന്നാല്‍ മറ്റു ഭാഗങ്ങളില്‍ ഷാമ്പൂ ഉപയോഗിക്കുകയും ചെയ്യുക. അവസാനം ഒരു കണ്ടീഷനര്‍ ഉപയോഗിക്കുകയും ചെയ്യുക. വരണ്ട അഗ്രഭാഗം കൂടക്കൂടെ വെട്ടുവാന്‍ ശ്രദ്ധിക്കുക.വരണ്ടമുടിക്ക്: മുടി വരണ്ടതായി തോന്നിയാല്‍ അവയുടെ തിളക്കം കുറയും. പ്രധാനപ്രശ്‌നം മുടിയുടെ അഗ്രം പിളര്‍ന്നുപോകുന്നു എന്നതാണ്. അവ പെട്ടെന്നു പൊട്ടാനും സാധ്യതയുണ്ട്. വരണ്ടമുടി കൂടക്കൂടെ ചീകേണ്ടതാണ്. ഇത്തരം മുടിക്കു പ്രത്യേകശ്രദ്ധയും പരിപാലനവും നല്‌കേണ്ടതാണ്. ചുവടേകൊടുത്തിട്ടുള്ള ചില നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളുക:വെളിച്ചെണ്ണയോ ഒലീവെണ്ണയോ ഉപയോഗിച്ചു മുടി നന്നായി തിരുമ്മുക. ഇത് ആഴ്ചയില്‍ 2 തവണയെങ്കിലും ചെയ്യുക. ശിരോചര്‍മ്മത്തില്‍ വിരലുകളുപയോഗിച്ചു വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഇനി തിളച്ചവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവ്വല്‍കൊണ്ടു മുടിക്കിടയില്‍ ആവി കയറ്റുക. ഈ ടവ്വല്‍ തലയില്‍ നന്നായി കെട്ടിവയ്ക്കുകയാണു ചെയ്യേണ്ടത്. ഇത് 6-8 തവണ ആവര്‍ത്തിക്കുക. ഇങ്ങനെ ചെയ്യുന്നതുമൂലം എണ്ണ നേരിട്ടു മുടിയുടെ റൂട്ടിലേക്കു പോകുകയും ഇത് മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. സെബേഷ്യസ് ഗ്ലാന്റുകള്‍ ഉണര്‍വോടെ പ്രവര്‍ത്തിക്കുകയും മുടിക്കു സ്വാഭാവികമായ തിളക്കം കൈവരിക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു. ഹോട്ട് ടവ്വല്‍ പരിചരണത്തിനുശേഷം മുടി മുട്ടചേര്‍ത്തു തയ്യാറാക്കിയ ഷാമ്പൂ ഉപയോഗിച്ചു കഴുകുക. മൂന്നു മാസത്തില്‍ ഒരിക്കല്‍ മുടിയുടെ അഗ്രം വെട്ടിനിരപ്പാക്കേണ്ടതാണ്. ദിവസവും ഷാമ്പൂ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം ഇതു മുടി കൂടുതല്‍ വരളാന്‍ ഇടയാക്കും.വരണ്ടമുടിക്കാര്‍ വളരെ അത്യാവശ്യമുള്ളപ്പോള്‍മാത്രമേ മുടിയില്‍ കളര്‍ ഇടാവൂ. കാരണം ഇതും മുടി കൂടുതല്‍ വരണ്ടതാക്കാന്‍ സാഹചര്യമൊരുക്കും. അര കപ്പ് പാലില്‍ ഒരു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഇതു നന്നായി അടിക്കുക. ഈ മിശ്രിതം മുടിയിലും ശിരോചര്‍മ്മത്തിലും തേച്ചുപിടിപ്പിക്കുക. ഇനി വീര്യംകുറഞ്ഞ ഷാമ്പൂ ഉപയോഗിച്ചു കഴുകിക്കളയുക. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്യുക. ഹെന്ന ഉപയോഗിക്കുമ്പോള്‍ വരണ്ടമുടിയുള്ളവര്‍ ഒരു കാര്യം ശ്രദ്ധിക്കുക. ഹെന്ന മിശ്രിതത്തിലേക്ക് ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ കൂടി ചേര്‍ത്ത് ഇളക്കിയശേഷം ഉപയോഗിക്കുക. അല്ലെങ്കില്‍ മുടി വളരെ വരണ്ടതായി കാണപ്പെടും.മുടി ചീകുമ്പോള്‍മുടി നന്നായി ഉണങ്ങിയതിനുശേഷമേ ചീകാവൂ. നനവോടെ മുടി ചീകുമ്പോള്‍ മുടിയുടെ അറ്റം വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ആദ്യം തല താഴേക്കാക്കി ശിരോചര്‍മ്മംമുതല്‍ താഴേക്കു ചീകുക. മുടി ചീകുമ്പോള്‍ തല മുമ്പോട്ടാക്കി ചെരിച്ചുപിടിക്കുക. ഇതു തലയിലേക്കുള്ള രക്തചംക്രമണം കൂട്ടുകയും മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും. മുടി ചീകുന്നതുമൂലം മുടിയില്‍ സ്വാഭാവികമായുണ്ടാകുന്ന എണ്ണ മുടിയുടെ അറ്റംവരെയെത്തുകയാണു ചെയ്യുന്നത്.

കടപ്പാട്: 100 ബ്യൂട്ടി ടിപ്‌സ് / ഇന്ദു നാരായണന്‍

സ്ത്രീയുടെ സൌന്ദര്യലക്ഷണങ്ങളില്‍ ഒന്ന് തഴച്ചുവളരുന്ന തലമുടി തന്നെ. മുടി തഴച്ചുവളരുമെന്ന് പ്രലോഭിപ്പിച്ച് നൂറുകണക്കിന് എണ്ണകളും ലേപനങ്ങളും മാര്‍ക്കറ്റില്‍ ഇറങ്ങുന്നത് മുടിയുടെ മാസ്മരികതയില്‍ മയങ്ങുന്ന സ്ത്രീയെ ലക്‌ഷ്യം‌വച്ചുതന്നെ. കേശസ‌മൃദ്ധിക്ക് തികച്ചും ‘നാച്ചുറല്‍’ ആയ എന്തെങ്കിലും ഭക്ഷണമോ വീട്ടുമരുന്നുകളോ മറ്റ് പൊടിക്കൈകളോ ഉണ്ടോ?

സൌന്ദര്യവും ഉള്ളും ഉള്ള മുടിക്കായി ഇതാ കുറച്ച് ‘ടിപ്പുകള്‍’

കാരറ്റ്‌, പഴ വര്‍ഗ്ഗങ്ങള്‍, പാല്‍ ഉത്‌പന്നങ്ങള്‍, മുട്ട, മത്സ്യം, കരള്‍ എന്നീ വൈറ്റമിന്‍ 'എ' അടങ്ങിയ ഭക്ഷ്യവസ്തുക്കളും വൈറ്റമിന്‍ 'ഇ' ഉള്ള മധുരക്കിഴങ്ങ്‌, തണ്ണിമത്തന്‍, കാബേജ്‌, തക്കാളി, ചെറിയും ഇരുമ്പ്‌ അടങ്ങിയ നെല്ലിക്ക, ഇലക്കറികള്‍ എന്നിവയും കഴിക്കുന്നത്‌ തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും നല്ലതാണ്‌.

നനഞ്ഞ മുടി ശക്തിയായി ചീകരുത്‌. കഴിയുന്നതും മുടിയെ തനിയെ ഉണക്കാന്‍ വിടുക. നനഞ്ഞമുടി കെട്ടിവയ്ക്കരുത്‌. മുടിക്കൊഴിച്ചിലുള്ളവര്‍ ആവണക്കെണ്ണ പുരട്ടി മസാജ്‌ ചെയ്ത്‌ നന്നായി ചൂടാക്കിയ ഒരു ടൗവ്വല്‍ കൊണ്ട്‌ കുറച്ചു നേരം തുവര്‍ത്തുക. പിന്നീട്‌ ഷാംമ്പു തേച്ച്‌ കുളിക്കുക.

അറ്റം പിളര്‍ന്ന മുടി രണ്ട്‌ മാസത്തിലൊരിക്കല്‍ അറ്റമൊപ്പിച്ച്‌ മുറിയ്കുക.

എണ്ണ മിതമായി തലയില്‍ തേച്ച ശേഷം ചെറുനാരങ്ങ അരമുറിയെടുത്ത്‌ തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന്‌ ശേഷം കുളിയ്ക്കുക.

ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത്‌ തലയില്‍ തേയ്ക്കുന്നതും ചെമ്പരത്തിപ്പൂവും ഇലയും അരച്ച്‌ തലയില്‍ പുരട്ടി അരമണിക്കൂറിന്‌ ശേഷം കുളിക്കുന്നതും താരന്‌ നല്ലതാണ്‌.

ചെറുനാരങ്ങ രണ്ടായി മുറിച്ച്‌ പച്ചവെളിച്ചെണ്ണയില്‍ മുക്കി തലയില്‍ അമര്‍ത്തി തിരുമ്മുക. ഇങ്ങനെ ചെയ്ത്‌ ഒരു മണിക്കൂര്‍ മുടി കെട്ടിവയ്ക്കുക. തുടര്‍ന്ന്‌ താളി ഉപയോഗിച്ച്‌ തല കഴുകുക. ഇങ്ങനെ ചെയ്യുന്നതും താരന്‍ ശമിപ്പിക്കും.

തേങ്ങാപ്പാല്‍ തലയില്‍ തേച്ച്‌ പിടിപ്പിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ്‌ കുളിക്കുക. പുളിച്ച കഞ്ഞിവെള്ളം തലയില്‍ തേക്കുക. രണ്ടും താരന്‍ കുറയ്ക്കും

മു‌‌ടി ഇടതൂർന്ന് വളരാൻ മയിലാഞ്ചി

 

മുടി കൊഴിച്ചിൽ, അകാലനര , മുടി വിണ്ടുകീറൽ തുടങ്ങി മുടിയെ സംബന്ധിക്കുന്ന ഏതു പ്രശ്നവും പരിഹരിക്കാൻ മയിലാഞ്ചിയെ കൂട്ടു പി‌‌ടിക്കാം. മുടി കളർ ചെയ്യാൻ മാത്രമല്ല താരനും മറ്റും അകറ്റി മു‌ടി നന്നായി വളരാൻ ഹെന്ന സഹായിക്കുന്നു. പുരാതന കാലം മുതൽക്കേ മുടിയുടെ വളർച്ചക്കായി ആളുകൾ ഹെന്ന ഉപയോഗിച്ചിരുന്നു. മികച്ച ഒരു കണ്ടീഷനർ കൂടിയാണിത്. മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്ന ചില മയിലാഞ്ചി കൂട്ടുകൾ ഇതാ..

ഹെന്ന വീട്ടിൽ തയാറാക്കുന്നതാണ് ഉത്തമം. മയിലാഞ്ചിയില നന്നായി വെയിലത്തുവെച്ചുണക്കിയ ശേഷം മിക്സിൽ പൊ‌ടിച്ചെടുക്കാം. ഇങ്ങനെ തയാറാക്കിയ അഞ്ചു കപ്പ് ഹെന്ന കാൽ കിലോ എള്ളെണ്ണ ചെറു തീയിൽ ചൂടാക്കിയതിനു ശേഷം ഇതിലേക്ക് മിക്സ് ചെയ്യാം. നന്നായി തണുത്തതിനു ശേഷം ഈ എണ്ണ നനവില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.ആഴ്ചയിൽ രണ്ടു മൂന്നു തവണ ഈ എണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. രണ്ടു മാസം തുടർച്ചയായി ചെയ്താൽ താരനും മുടികൊഴിച്ചിലുമെല്ലാം അകന്ന് മുടി ഇടതൂർന്ന് വളരും.

മുടി കളർ ചെയ്യാൻ ഹെന്ന ഉപയോഗിക്കാം. രണ്ടു കപ്പ് ഹെന്ന പൗഡർ, തേയിലവെള്ളം, ഒരു നാരങ്ങയുടെ നീര്, രണ്ടു സ്പൂൺ കാപ്പിപ്പൊടി, ഒരു കപ്പ് ബീറ്റ്റൂട്ട് നീര് എന്നിവ നന്നായി ഒരു ഇരുമ്പു പാത്രത്തിൽ മിക്സ് ചെയ്യുക. കുഴമ്പു രൂപത്തിലുള്ള ഈ മിശ്രിതം ഒരു രാത്രി മുഴുവൻ വെച്ചതിനുശേഷം പിറ്റേന്ന് തലയിൽ പുരട്ടാം. മുടിയിൽ നന്നായി പുരട്ടി രണ്ടു മൂന്നു മണിക്കൂറിനു ശേഷം കഴുകിക്കളയാം. പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ ഹെയർകളറാണിത്.

കാൽ കപ്പ് ഉലുവ തലേന്ന് രാത്രിയിൽ വെള്ളത്തിലിട്ട് കുതിർന്ന ശേഷം പിറ്റേന്ന് കുഴമ്പ് പരുവത്തിൽ അരച്ചെയുക്കുക.ഇതിലേക്ക് രണ്ടു കപ്പ് മയിലാഞ്ചിപ്പൊടിയും രണ്ടു സ്പൂൺ കടുകെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മുടിയിൽ പുരട്ടി രണ്ടു മണിക്കൂർ ടവ്വൽ ഉപയോഗിച്ച് കെട്ടി വയ്ക്കാം.പിന്നീട് വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് തല തണുത്തവെള്ളത്തിൽ നന്നായി കഴുകാം. മുടി കരുത്തോടെ വളരാൻ ആഴ്ചയിൽ ഒരു തവണ ഈ പായ്ക്ക് ഉപയോഗിച്ചാൽ മതി.

രണ്ടു കപ്പ് ഹെന്ന പൗഡർ, ഒരു കപ്പ് െനല്ലിക്ക ഉണക്കിപ്പൊടിച്ചത്, രണ്ടു സ്പൂൺ ചെമ്പരത്തിപ്പൂവ് അരച്ചത് എന്നിവ തൈരു ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം തലമുടിയിൽ നന്നായി തേച്ചു പിടിപ്പിച്ച് ടൗവ്വൽ ഉപയോഗിച്ച് കെ‌ട്ടിവയ്ക്കാം. രണ്ടു മണിക്കൂറിനു ശേഷം കഴുകിക്കളയാം. മുടി പട്ടു പോലെ മൃദുലമാകാൻ ആഴ്ചയിലൊരിക്കൽ ഈ പായ്ക്ക് ഉപയോഗിക്കാം...

മുടി മനോഹരമാക്കാൻ പൊടിക്കൈകൾ

മുടി മനോഹരമാക്കാൻ പൊടിക്കൈകൾ അടുക്കളയിൽ തന്നെയുണ്ട്. സ്വന്തം അടുക്കള വിവേകത്തോടെ ഉപയോഗിച്ചാൽ കേശസംരക്ഷണം രാസവസ്തു മുക്തമാക്കാം. കേശപാലകരായ അടുക്കളത്താരങ്ങളെ തിരിച്ചറിയൂ...

തേനും ഒലിവെണ്ണയും

മുടിക്ക് ജലാംശവും തിളക്കവും നൽകുന്ന മിശ്രിതമാണ് തേനും ഒലിവെണ്ണയും ചേര്‍ന്നത്. കാൽക്കപ്പ് തേനില്‍ കാൽക്കപ്പ് ഒലിവെണ്ണയെന്ന അനുപാതത്തിൽ സംയോജിപ്പിക്കുക. മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കഴുകി ക്കളയാം.

മയണീസ്

നല്ലൊരു കണ്ടീഷണർ ആയി ഇതുപയോഗിക്കാം. നനഞ്ഞ മുടിയിഴകളിൽ തേച്ച്, പത്തുമിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. സാലഡിനെ പ്രധാന ചേരുവയായ മയണീസ് മിക്ക സൂപ്പർ മാർക്കറ്റുകളിലും കിട്ടും.

യോഗര്‍ട്ട്

പാലുൽപ്പന്നമായ യോഗർട്ടിലുളള ലാക്റ്റിക് ആസിഡ്, തലയോട്ടിയിൽ അടിഞ്ഞു കൂടുന്ന മൃതകോശങ്ങളെ നീക്കം ചെയ്യും. നന്നായി തേച്ചു പിടിപ്പിച്ച ശേഷം പതിനഞ്ചു മിനിറ്റുകഴിഞ്ഞാണ് കഴുകികളയേണ്ടത്. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കും.

നെല്ലിക്കാപ്പൊടി, ആവണക്കെണ്ണ

മുടിക്ക് നിറവും കരുത്തും പകരാൻ ഉത്തമ ചേരുവകളാണ് ഇവ. കാൽക്കപ്പ് നെല്ലിക്കാപ്പൊടി പേസ്റ്റ് രൂപത്തിലാക്കാനാവശ്യമായ അളവിൽ ആവണക്കെണ്ണ ചേർക്കുക. തലയോട്ടിയിൽ പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞ് ബേബി ഷാംപൂ കൊണ്ട് കഴുകിക്കളയുക.

കറിവേപ്പില

ശിരോചർമത്തിലുണ്ടാകുന്ന അണുബാധയ്ക്കും അതിന്റെ പ്രതി രോധത്തിനും ഫലപ്രദമായ മരുന്നാണ്. കറിവേപ്പില പേസ്റ്റ്. അണുബാധയുളള ഭാഗത്ത് പുരട്ടി ഉണങ്ങുമ്പോൾ നനഞ്ഞ തുണി കൊണ്ട് തുടച്ചു നീക്കാം.

ഉലുവ

ഉലുവായിട്ടു കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിച്ചാൽ മുടി കൊഴിച്ചിൽ കുറയും. മൈലാഞ്ചിയിലയിട്ടു കാച്ചിയ കടുകെണ്ണയും ഇതേ ഫലം നൽകും.

തേങ്ങാപ്പാല്‍

മുടിയുടെ നല്ലൊരു ടോണർ ആണ് തേങ്ങാപ്പാൽ. മാസത്തിലൊരിക്കൽ തേങ്ങാപ്പാലിൽ തലയോട്ടിയും മുടിയും കഴുകിയാൽ താരൻ കുറയും

കർപ്പൂരം

പേൻശല്യം കുറയ്ക്കാൻ എണ്ണയിൽ കർപ്പൂരം ലയിപ്പിച്ചു തേച്ചാൽ മതി. നൂറു മില്ലി ലീറ്റർ എണ്ണയിൽ ഒരു ചെറിയ കര്‍പ്പൂരം ലയിപ്പിച്ചാൽ മതിയാകും.

മുടിയഴകിന് എട്ട് കാര്യങ്ങൾ

കറുത്ത് ഇടതൂർന്ന തലമുടി ഏതു പെൺകുട്ടിയുടെയും സ്വപ്നമാണ്. എന്നാൽ ഇന്നത്തെ തിരക്കിട്ട ജീവിതസാഹചര്യങ്ങളിൽ പലപ്പോഴും മുടിയുടെ സംരക്ഷണം മറന്നു പോകും. ഫലമോ താരനും മുടി കൊഴിച്ചിലും. ഇതാ കുറഞ്ഞ സമയം കൊണ്ടു തലമുടിയെ പരിപാലിക്കാനുള്ള എട്ട് പൊടിക്കൈകൾ.

∙ കോഴിമുട്ടയുടെ വെള്ള പതിവായി തലയിൽ തേച്ചു പിടിപ്പിച്ച ശേഷം കുളിക്കുക. തലമുടിക്കു തിളക്കം കിട്ടുകയും തലമുടി സമൃദ്ധമായി വളരുകയും ചെയ്യും.

∙ ഒരു പിടി ഒാട്സ് കുഴമ്പു പരുവത്തിൽ വേവിച്ചെടുത്തതിൽ ഒരു സ്പൂൺ നാരങ്ങാനീരും ഒരു നുള്ള് കർപ്പൂരവും ചേർത്തു തലയിൽ തേയ്ക്കുക. 15 മിനിറ്റിനു ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടു തവണ ചെയ്താൽ താരൻ മാറും.

∙ തേങ്ങാപ്പാലും ആട്ടിൻപാലും സമം എടുത്ത് ശിരോചർമത്തിൽ നന്നായി തേച്ചു പിടിപ്പിച്ച ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക. മാസത്തിൽ നാലു തവണ ഇതു ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്.

∙ ചെറുപയർപൊടി തൈരു ചേർത്തു കുഴച്ചു ശിരോചർമത്തിൽ പുരട്ടി നന്നായി മസോജ് ചെയ്യുക. അതിനു ശേഷം ചെറു ചൂടുവെളളത്തിൽ കഴുകുക. താരനകറ്റാൻ നല്ലൊരു പ്രതിവിധിയാണിത്.

∙ തണുത്ത തേയിലവെള്ളത്തിൽ മുടി കഴുകിയാൽ ഭംഗിയും തിളക്കവും കിട്ടും.

∙ തൈര് തലയിൽ തേച്ചു പിടിപ്പിച്ച് പത്തു മിനിറ്റിനു ശേഷം കുളിച്ചാൽ താരൻ കുറയും.

∙ ഉലുവ വെള്ളത്തിൽ കുതിർത്ത ശേഷം അരച്ചു കുഴമ്പാക്കി തലയിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകിക്കളയുക. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുന്നത് മുടി കൊഴിച്ചിൽ മാറാൻ സഹായിക്കും. മുടിയിലെ കായമാറാനും ഇതു ഗുണം ചെയ്യും.

∙ ബദാം എണ്ണയും വെളിച്ചെണ്ണയും സമം ചേർത്തു തലയിൽ പുരട്ടുക. മുടി തഴച്ചു വളരും അകാലനരയും മാറും.

കയ്യോന്നിയെ കൈവിടല്ലേ

കയ്യോന്നി

തൊടികളിൽ ഇന്ന് വിരളമാണെങ്കിലും കാർകൂന്തലിനുള്ള കാച്ചെണ്ണകളിൽ കയ്യോന്നിയെ ആർക്കും കയ്യൊഴിയാനാവില്ല. തൊടികളിലും പറമ്പുകളിലും സുലഭമായിരുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് വീടുകളിൽ തയാറാക്കുന്ന എണ്ണയായിരുന്നു പണ്ട് സ്ത്രീകൾ ഉപയോഗിച്ചിരുന്നത്.

താരനും മുടികൊഴിച്ചിലുമില്ലാതെ സമൃദ്ധമായ മുടി സ്ത്രീ സൗന്ദര്യത്തിന്റെ അളവുകോലായിരുന്നു. തലയ്ക്ക് കുളിർമ ലഭിക്കുന്നതിനും തെളിഞ്ഞ കാഴ്ചയ്ക്കും കാച്ചെണ്ണയ്ക്ക് പ്രാധാന്യമുണ്ടായിരുന്നു.

റെഡിമെയ്ഡ് എണ്ണകൾ മാർക്കറ്റിൽ സുലഭമായതോടെ തൊടികളിലേക്ക് ഔഷധികൾ തേടിയിറങ്ങാനും ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് എണ്ണ തയാറാക്കാനുമൊന്നും പുതുതലമുറയ്ക്ക് താത്പര്യമില്ല.

വീട്ടുമുറ്റങ്ങളിൽ കയ്യോന്നിയും കറ്റാർവാഴയും നീലയമരിയും ചെമ്പരത്തിയുമൊക്കെ നട്ടുവളർത്തിയിരുന്നത് കാഴ്ചയുടെ വസന്തം തീർത്ത് ഓർക്കിഡുകളും ആന്തൂറിയവുമൊക്കെ കയ്യടക്കിയിരിക്കയാണ്.

കാച്ചെണ്ണയുടെ വാസനയുള്ള കാർകൂന്തൽ ഇന്ന് വിരളം. ബാല്യകാലം മുതൽ കാച്ചെണ്ണ ശീലിച്ച് വാർധക്യത്തിലും നര ബാധിക്കാതെയും മുടികൊഴിച്ചിലില്ലാതെയും മുടിയഴക് നിലനിർത്തുന്ന സ്ത്രീകൾ ഇന്നുമുണ്ട്.

കാച്ചെണ്ണയുടെ പ്രത്യേക മണം പുരാണങ്ങളിലെയും പഴയകാല സിനിമകളിലെയും നോവലുകളിലെയും സ്ത്രീ കഥാപാത്രങ്ങളുടെ മുടിയഴകിന്റെ വർണനകളിലേക്ക് പിൻതള്ളപ്പെട്ടുകഴിഞ്ഞു. "കാച്ചെണ്ണ തേച്ച നിൻ കാർകൂന്തളത്തിന്റെ കാറ്റേറ്റാൽ പോലും എനിക്ക് ഉൻമാദം" എന്ന കവി വാക്യവും അന്യമായി.

ആയുർവേദത്തിൽ പ്രാധാന്യമർഹിക്കുന്ന ദശപുഷ്പങ്ങളിൽ ഒന്നാണ് കയ്യോന്നി. മുടി സംരക്ഷണത്തിനുള്ള എണ്ണ തയാറാക്കുന്നവർ കയ്യോന്നിയെ കൈവിടുകയില്ല. നീലിഭൃംഗാദി, ഭൃംഗാമലകാദി തുടങ്ങിയ എണ്ണകളുടെ നിർമാണത്തിലെ പ്രധാന ചേരുവകളിലൊന്നാണ് കഞ്ഞുണ്ണി എന്നും അറിയപ്പെടുന്ന കയ്യോന്നി. അസ്റ്റെറാസീ കുടുംബത്തിൽ ഉൾപ്പെടുന്ന കയ്യോന്നിയുടെ ശാസ്ത്രനാമം എക്ലിപ്റ്റ ആൽബ എന്നാണ്.

താരന്‍ അകറ്റാം. കീശ കാലിയാകാതെ!

സുന്ദരന്‍മാരും സുന്ദരികളുമാകാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്‌. സൗന്ദര്യം പരിപാലിക്കാനും വര്‍ദ്ധിപ്പിക്കാനും ഏതറ്റം വരെ പോവാനും തയ്യാറാണുതാനും. ഭംഗിയുള്ള കണ്ണുകള്‍, മൂക്ക്‌ എന്നൊക്കെപ്പോലെ സൗന്ദര്യത്തില്‍ വലിയ പങ്കുവഹിക്കുന്ന ഒന്നാണ്‌ മുടി. ഒട്ടുമിക്ക സ്‌ത്രീ പുരുഷന്‍മാരും ഇന്നനുഭവിക്കുന്ന പ്രധാന സൗന്ദര്യപ്രശ്‌നങ്ങളിലൊന്ന്‌ മുടികൊഴിച്ചല്‍ തന്നെയണ്‌.

ജീവിതശൈലിയില്‍ വരുന്ന മാറ്റങ്ങള്‍, ക്ലോറിന്‍ കലര്‍ന്ന വെള്ളം, മുടി സംരക്ഷണത്തിന്റെ അപര്യാപ്‌തത എന്നിവയൊക്കെ മുടികൊഴിച്ചിലിനു കാരണമാകാമെങ്കിലും താരന്‍ തന്നെയാണ്‌ പ്രധാന വില്ലന്‍. തലയിലെ ഫംഗസ്‌ ബാധയെത്തുടര്‍ന്നാണ്‌ പ്രധാനമായും താരനുണ്ടാവുന്നത്‌. തലയോട്ടിയിലെ വരണ്ട അവസ്ഥയും ഇതിനെ പ്രോല്‍സാഹിപ്പിക്കും. മുടി വൃത്തിയാക്കി വെയ്‌ക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധക്കൊടുക്കാതെയും മറ്റുള്ളവരുടെ തോര്‍ത്ത്‌, ചീപ്പ്‌, സോപ്പ്‌ എന്നിവ ഉപയോഗിക്കുക വഴിയും താരന്‍ എളുപ്പം വരാം.

താരന്‍ അകറ്റാനും മനോഹരമായ മുടി സ്വന്തമാക്കാനുമായി ഒട്ടേറെ ഹെയര്‍ ട്രീറ്റ്‌മെന്റ്‌ ക്ലിനിക്കുകളുടേയും ബ്യൂട്ടിപാര്‍ലറുകളുടേയും സേവനം ഇന്ന്‌ ലഭ്യമാണ്‌. മാത്രവുമല്ല വിവിധതരം മുടി സംരക്ഷണ ഉല്‌പന്നങ്ങളും വിപണിയില്‍ ലഭിക്കും. എന്നാല്‍ ഇതിനു പിന്നാലെ പോയാല്‍ പണച്ചിലവെന്നു മാത്രമല്ല ഉദ്ദേശിച്ച ഫലം കിട്ടണമെന്നുമില്ല. മാത്രവുമല്ല അതിലടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ പലതരം അനന്തരഫലങ്ങള്‍ക്കും കാരണമായേക്കാം. കുറച്ചു ക്ഷമയും മുടിസംരക്ഷണത്തിനായി അല്‌പ സമയവും മാറ്റിവെച്ചാല്‍ വീട്ടിലിരുന്ന്‌ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാം. നമ്മുടെ അടുക്കളയിലുള്ള കൊച്ചു സാധനങ്ങളും മുത്തശ്ശിമാരുടെ പൊടികൈകളും താരകറ്റാനുള്ള ഉത്തമ ഒറ്റമൂലികളാണ്‌.

താരനകറ്റാന്‍ ഏറ്റവും നല്ലത്‌ വെളിച്ചെണ്ണയാണ്‌. ഇളംചൂടാക്കിയ വെളിച്ചെണ്ണയില്‍ നാരങ്ങനീരു ചേര്‍ത്ത്‌ മസാജു ചെയ്യുക. അല്‌പസമയത്തിനു ശേഷം കഴുകികികളയാം.മെഴുക്കിളക്കാന്‍ താളിയോ നെല്ലിക്കാപ്പൊടിയോ ഉപയോഗിക്കാം. പുളിപ്പുള്ള കാരണം നെല്ലിക്കാപ്പൊടി മുടിയുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. താരനെ ചെറുക്കാന്‍ നല്ലൊരു ഔഷധമാണ്‌ നാരങ്ങ. നാരങ്ങയിലടങ്ങിയിരിക്കുന്ന സിട്രിക്‌ ആസിഡ്‌ താരനു ഭീഷണിയാണ്‌. ഇതുപോലെ മുടിയുടെ പ്രശ്‌നങ്ങള്‍ക്കും താരനും നല്ലൊരു പ്രധിവിധിയാണ്‌ ആപ്പിള്‍ സിഡര്‍ വിനഗര്‍. ഇതു താരനകറ്റുകയും മുടിയ്‌ക്കു തിളക്കവും ശോഭയും നല്‍കുന്നു.

ഉള്ളി താരനുള്ള നല്ലൊരു മരുന്നാണ്‌. തലയില്‍ ഉള്ളിനീര്‌ പുരട്ടുകയോ ഉള്ളി വട്ടത്തിലരിഞ്ഞ്‌ മസാജു ചെയ്യുകയോ ചെയ്യാം. തേന്‍, തൈര്‌, ഒലീവ്‌ ഓയില്‍ എന്നീ നമ്മുടെ വീടിനകത്തുള്ള കൊച്ചു കൊച്ചു സാധനങ്ങള്‍ വരെ മുടി സംരക്ഷണത്തില്‍ പ്രധാനപങ്കുവഹിക്കുന്നവയാണ്‌. ബേക്കിംഗ്‌സോഡ ഉപയോഗിച്ച്‌ മുടി കഴുകിയാല്‍ കടുത്ത താരനില്‍ നിന്നും രക്ഷ നേടാന്‍ കഴിയും. ഇതുപോലെ താരനകറ്റുന്ന ഒന്നാണ്‌ കോഴിമുട്ട. ഇതു നല്ലൊരു കണ്ടീഷ്‌ണര്‍ കൂടിയാണ്‌. തേയില വെള്ളമുപയോഗിച്ച്‌ മുടികഴുകുന്നതും മുടിയുടെ ആരോഗ്യത്തിനു നല്ലതാണ്‌. തലേ ദിവസം വെള്ളത്തിലിട്ടുവെച്ച്‌ അരച്ചെടുത്ത ഉലുവ താരനകറ്റാന്‍ ഉത്തമവും മുടിയെ മൃദുലമാക്കുകയും ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തിനും താരനകറ്റാനും നമ്മുടെ ഭക്ഷണക്രമത്തിലും ശ്രദ്ധചെലുത്തേണ്ടതുണ്ട്‌. ധാരാളം ആന്റിഓക്‌സൈഡുകുളം, മിനറല്‍സും, വിറ്റാമിന്‍ ബിയുമടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തിലുള്‍പ്പെടുത്തണം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും മുട്ട, മീന്‍, ബീന്‍സ്‌, നട്‌സ്‌ എന്നിവ ധാരാളം ഉപയോഗിക്കാം. താരനുള്ളവര്‍ പാലുല്‌പ്പന്നങ്ങള്‍ അധികമുപയോഗിക്കുന്നത്‌ നല്ലതല്ല.

ദശപുഷ്പങ്ങള്‍; പ്രകൃതി കനിഞ്ഞു നല്‍കിയ അനുഗ്രഹം

ആയുർവേദ കൂട്ടുകളിലും ഒറ്റമൂലികളായും നാട്ടു വൈദ്യത്തിന്റെ ഭാഗമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങള്‍. ചെറൂള, ഉഴിഞ്ഞ, മുക്കുറ്റി, മുയൽച്ചെവിയൻ, നിലപ്പന, പൂവ്വാംകുറുന്നൽ, കയ്യോനി, കറുക, വിഷ്ണുക്രാന്തി, തിരുതാളി എന്നിവയൊക്കെയാണ് ദശപുഷ്പങ്ങള്‍ എന്ന് പറയുന്നത്. വീടുകളിൽ പഴയ തലമുറക്കാർ ദശപുഷ്പം നട്ടുവളർത്തിയിരുന്നു. പ്രത്യേക പരിചരണം വേണ്ടാത്തവയാണ് ഇവയെല്ലാം. എന്നാല്‍ ഇന്ന് ഇവയില്‍ പലതും ഇന്ന് നമ്മുടെ തൊടികളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു എന്നത് ഞെട്ടിക്കുന്നതാണ്. നഗരവത്കരണം വ്യാപകമാകുന്നതും ഭൂമി വിഷമയമാകുന്നതിന്റെയും പരിണിത ഫലമാണിത്.

എങ്കിലും പുതിയ തലമുറയ്ക്ക് ഇപ്പോള്‍ പൈതൃകത്തൊട് താല്‍പ്പര്യം തോന്നിയിരിക്കുന്നു എന്നത് ആശ്വാസകരമാണ്. പലര്‍ക്കും ഈ സസ്യങ്ങളുടെ ഔഷധ വീര്യം അറിയാന്‍ സാധിക്കുന്നില്ല. എണ്ണ കാച്ചാനും വെറുതെ നട്ടുവളര്‍ത്തുന്നതുമല്ലാതെ ഇതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇന്ന് പലര്‍ക്കും അറിയില്ല്. അതിനാല്‍ അവയേക്കുറിച്ചുള്ള് ലഘുവിവരണമാണ് താഴെ.

നീര് വരുന്നതു തടയാനും മൂത്രസംബന്ധമായ അസുഖങ്ങൾക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന ഔഷധമാണ് ചെറൂള. താരൻ പോകാനും മുടിക്ക് കറുപ്പ് നിറം ലഭിക്കാനും ഉഴിഞ്ഞ ഉപയോഗിക്കുന്നത് നല്ലതാണ്. രക്തസ്രാവത്തിനെ പിടിച്ചുകെട്ടാനും അജീര്‍ണം ഇല്ലാതാക്കാനും മുക്കൂറ്റിയെ കവിഞ്ഞൊരു ഔഷധമില്ല. വിരശല്യം, അലര്‍ജി, ടോൺസിലൈറ്റിസ് എന്നിവയ്ക്ക് കണ്‍കണ്ട ഔഷധമാണ് മുയൽച്ചെവിയൻ.

 

തോണ്ടവേദന, ഉദര രോഗങ്ങള്‍ എന്നിവയ്ക്ക് പൂവ്വാംകുറുന്നൽ ഉത്തമമാണ്. നിലപ്പനയും ഉദര രോഗങ്ങള്‍ക്ക് നന്ന്. കൂടാതെ നാഡിഞരമ്പുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങളും നിലപ്പനയില്‍ അടങ്ങിയിരിക്കുന്നു. ധാതുസമ്പുഷ്ടമായ കറുക പനിക്കും ത്വക് രോഗങ്ങള്‍ക്കും ഉപയോഗിക്കാം. ഗര്‍ഭാശയ രോഗങ്ങള്‍ക്കും വിഷ തീണ്ടുന്നതിനും തിരുതാളി ഉത്തമമായ പ്രതിരോധം നല്‍കും.

അകാലനര, മുടികൊഴിച്ചൽ, കരൾ സംബന്ധമായ അസുഖങ്ങൾ ഉള്ളവര്‍ക്ക് കയ്യോനി പരീക്ഷിക്കാവുന്നതാണ്. ബുദ്ധിവികാസത്തിന് ബ്രഹ്മി പോലെ തന്നെ ഉപയോഗിക്കുന്നതാണ് വിഷ്ണു ക്രാന്തി. കൂടതെ അകാലനരയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കുന്നു.

താരൻ കളയാൻ 5 എളുപ്പമാർഗങ്ങൾ ...

 

താരൻ എന്നത് ഒട്ടുമിക്ക ആളുകളുടെയും പ്രശ്നമാണ്. . തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ട് താരന്‍ ഉണ്ടാകാം. ഷാംബൂകള്‍ എന്നിവയുടെ അമിതോപയോഗം മൂലം താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരീരത്തിലെ ചില വിറ്റമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായും താരന്‍ ഉണ്ടാവാമെന്ന് കണ്ടത്തെിയിട്ടുണ്ട്. 
താരൻ  കളയാൻ ചില എളുപ്പമാർഗങ്ങൾ...
* ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ എല്ലായിടത്തും തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം തല കഴുകുക 
* ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.
* ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക.
* ഉലുവ താരന്‌ നല്ലൊരു പ്രതിവിധിയാണ്‌. രണ്ട്‌ ടീ സ്‌പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. ഇത്‌ രാവിലെ നന്നായി അരച്ചതിന്‌ ശേഷം ഉള്ളി നീര്‌ ചേര്‍ത്ത്‌ ഇളക്കുക. കുഴമ്പ്‌ രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.
*   താരനില്‍ നിന്നും രക്ഷ നേടുന്നതിന്‌ ഉള്ളി നീരും നാരങ്ങ നീരും ചേര്‍ന്ന മിശ്രിതം വളരെ നല്ലതാണ്‌.ഉള്ളിയുടെ ചീത്ത മണം മാറാന്‍ ഇത്‌ സഹായിക്കും. ഈ മിശ്രിതം സ്ഥിരമായി ഉപയോഗിച്ചാല്‍ താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന്‌ പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന്‌ ആശ്വാസവും നല്‍കും.

മുടിയുടെ സംരക്ഷണത്തിന്‌ ചില ആയൂര്‍വേദ പരിഹാരങ്ങള്‍

ന്‍ പോകാന്‍: തുളസിയില ചതച്ച്‌ തലയില്‍ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകി കളയുക.

അകാലനര മാറാന്‍: ചായപ്പിണ്ടി തലയില്‍ തേച്ചു പിടിപ്പിച്ചതിനുശേഷം കഴുകിക്കളയുക. (ആഴ്‌ചയില്‍ മൂന്നു പ്രാവശ്യം ചെയ്യണം) കറിവേപ്പില അരച്ചു ചേര്‍ത്ത്‌ വെളിച്ചെണ്ണ കാച്ചി തലയില്‍ തേച്ച്‌ കുളികുക

മുടി സമൃദ്ധമായി വളരാന്‍: ഉലുവാപ്പൊടി തലയില്‍ തേച്ച്‌ നിത്യവും കുളിക്കുക.

മുടിയുടെ കായ്‌ മാറുന്നതിന്‌: ചുവന്നുള്ളി ചതച്ച്‌ പിഴിഞ്ഞ നീര്‌ മുടിയില്‍ പുരട്ടുക. കറ്റാര്‍ വാഴയുടെ നീര്‌ തലയില്‍ തേച്ച്‌ കുളിക്കുക.

തലമുടി നരക്കാതിരിക്കാന്‍: നെല്ലിക്കായിട്ട്‌ തിളപ്പിച്ച വെള്ളം ഉപയോഗിച്ച്‌ നിത്യവും തല കഴുകുക.

മുടി കൊഴിച്ചില്‍ തടയാന്‍: ഒരു പിടി വീതം കുറുന്തോട്ടിയില, കൂവളത്തില, ചെമ്പരത്തിയില ഇവ അരച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിച്ച്‌ ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കഴുകിക്കളയുക.

അകാലനര ഒഴിവാക്കാന്‍: ബ്രഹ്മി, വേപ്പില ഇവ ചേര്‍ത്തരച്ച്‌ വെളിച്ചെണ്ണ കാച്ചി തലയില്‍ തേച്ച്‌ കുളിക്കുക.

താരന്‍ മാറാന്‍: കടുക്‌ അരച്ച്‌ തലയില്‍ തേച്ച്‌ പിടിപ്പിച്ചതിനുശേഷം കഴുകി കളയുക. ചെറുപയര്‍ പൊടി ഉപയോഗിച്ച്‌ തല കഴുകുക

കഷണ്ടിക്ക്‌: പച്ചനെല്ലിക്ക സമം ബ്രഹ്മിയും ഇടിച്ചു പിഴിഞ്ഞ നീരില്‍ അതിമധുരം കല്‍ക്കനരച്ചു കലക്കി വെളിച്ചെണ്ണ കാച്ചി തലയില്‍ തേച്ച്‌ കുളിക്കുക

പന്‍ പോകാന്‍: രാത്രിയില്‍ തലയിണക്കിടയില്‍ തുളസിയില വച്ച്‌ ഉറങ്ങുക. തുളസിയിലയും കീഴാനെല്ലിയും കൂടി കഞ്ഞിവെള്ളത്തില്‍ ഞെരടി താളിയാക്കി നിത്യവും തലയില്‍ തേച്ച്‌ കുറച്ചു സമയത്തിനുശേഷം കഴുകി കളയുക. വേപ്പിന്‍ കുരു പൊടിച്ച്‌ തലയില്‍ തേക്കുക

നര ഇല്ലാതാവാന്‍: കുന്നിക്കുരു അരച്ച്‌ തലയില്‍ തേച്ചതിനുശേഷം കഴുകി കളയുക. കീഴാനെല്ലി ചതച്ചു പിഴിഞ്ഞ നീര്‌ തലയില്‍ പുരട്ടി കുളിക്കുക. നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട്‌ പതിവായി തല കഴുകുക.

മുടി കൊഴിച്ചില്‍ നിര്‍ത്താന്‍: ചെമ്പരത്തിപ്പൂവും കയ്യുണ്ണിനീരും വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ ഉപയോഗിക്കുക. ഉമ്മത്തില നീര്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ കാച്ചി തലയില്‍ തേച്ച്‌ കുളിക്കുക

മുടി സമൃദ്ധമായി വളരാന്‍: ഉമ്മത്തിലനീര്‌ വെളിച്ചെണ്ണയില്‍ ചേര്‍ത്ത്‌ കാച്ചി തലയില്‍ തേച്ച്‌ കുളിക്കുക

തലമുടിയുടെ അറ്റം പിളരുന്നതിന്‌: ഉഴിഞ്ഞ ചതച്ച്‌ വെള്ളം തിളപ്പിച്ച്‌ ചെറുചൂടോടെ തല കഴുകുക.

 

താരന്‍ മാറാന്‍ മുത്തശ്ശിവൈദ്യം

 

ര്‍മത്തിനും മുടിയ്ക്കും എപ്പോഴും കൂടുതല്‍ നല്ലത് പ്രകൃതിദത്ത പരിചരണമാണെന്നു പറയും. മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രധാന പ്രശ്‌നമാണ് താരന്‍. ഇതിനും പ്രകൃതിദത്ത പരിചരണമുണ്ടെന്നാണ് സത്യം. അതും വീട്ടില്‍ തന്നെ ചെയ്യാവുന്ന നിസാര പ്രശ്‌നങ്ങള്‍. വെളിച്ചെണ്ണയില്‍ ചെറിയ ഉള്ളിയിട്ട് 20 മിനിറ്റ് തിളപ്പിക്കണം. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് തലയില്‍ മസാജ് ചെയ്ത് ചെറുപയര്‍ പൊടിയും കഞ്ഞിവെള്ളവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകിക്കളയുക. ബദാം ഓയിലും നെല്ലിക്കാ ജ്യൂസും കലര്‍ന്ന മിശ്രിതം തലയില്‍ പുരട്ടാം. ഒലീവ് ഓയില്‍, ചെറുനാരങ്ങാ ജ്യൂസ്, വെളിച്ചെണ്ണ എന്നിവ കലര്‍ന്ന മിശ്രിതം ചൂടാക്കി തലയില്‍ പുരട്ടാം. പിന്നീട് ചൂടുവെള്ളത്തില്‍ ടവല്‍ മുക്കിപ്പിഴിഞ്ഞ് തലയില്‍ കെട്ടിവയ്ക്കാം. ഉലുവ, കടുക് എന്നിവ കുതിര്‍ത്തി അരച്ച് തലയില്‍ തേക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തില്‍ ഷിക്കാക്കായ് പൗഡര്‍ കലക്കി തലയില്‍ പുരട്ടുന്നത് നല്ലതായിരിക്കും. വെളിച്ചെണ്ണയില്‍ കര്‍പ്പൂരമിട്ട് തിളപ്പിച്ച് തലയില്‍ മസാജ് ചെയ്യണം. അരമണിക്കൂര്‍ കഴിഞ്ഞ് മുടി ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയണം.

താരന്‍ നിങ്ങളെ അലട്ടുന്നുണ്ടോ? പൂര്‍ണമായ് മാറാന്‍ ഇതാ എളുപ്പവഴി

1 Apr) എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് താരന്‍. താരന്‍ ഉണ്ടാകുന്നതിന് കുഞ്ഞുങ്ങളെന്നോ വലിയവരെന്നോ വ്യത്യാസമില്ല. താരന്റെ ലക്ഷണങ്ങള്‍ ചൊറിച്ചില്‍, കഠിനമായ മുടികൊഴിച്ചില്‍, വെളുത്ത പൊടി തലയില്‍ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയില്‍ ചെറിയ വിള്ളലുകള്‍ തുടങ്ങിയവ. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ ഇല്ലാതാക്കാന്‍ 1. ഉള്ളി നീരും ചെറുനാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയില്‍ പുരട്ടുന്നത് നല്ലതാണ്. താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന് പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന് ആശ്വാസവും നല്‍കും.ഉള്ളിയുടെ ചീത്ത മണം താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 2. വെളിച്ചെണ്ണയില്‍ പച്ചക്കര്‍പ്പൂരം ഇട്ടു കാച്ചി തലയില്‍ തേച്ചു കുളിക്കുക. 3. തുളസിയും നെല്ലിക്കയും അരച്ച്‌ കുഴമ്ബ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക. 4.ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിച്ച്‌ കുറച്ച്‌ സമയത്തിന് ശേഷം കുളിക്കുക. 5.കടുക് അരച്ച്‌ തലയില്‍ പുരട്ടി കുളിക്കുന്നതും താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. 6. രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്ബ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക.ഇത് താരനകറ്റാന്‍ സഹായിക്കും. 7.പാളയംകോടന്‍ പഴം ഇടിച്ച്‌ കുഴമ്ബാക്കി തലയില്‍ തേച്ചുപിടിപ്പിച്ച്‌ പത്തുമിനിറ്റിന് ശേഷം കുളിക്കുക. 8. ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിച്ച്‌ അരമണിക്കൂറിന് ശേഷം കഴുകി കളയുക.

 

താരൻ മാറാൻ നാട്ടുവഴികൾ

 

കടുകരച്ച് പുരട്ടുക
-തലയിൽ വെളിച്ചെണ്ണ പുരട്ടിയ ശേഷം വേപ്പില അരച്ചു തേക്കുക
-തലയോട്ടിയിൽ തൈര് തേച്ചു പിടിപ്പിക്കുക
-അല്പ്പം വിനാഗിരിയും നാരങ്ങാനീരും ചേർത്ത് പുരട്ടുക
-ഉലുവ അരച്ചുപുരട്ടുക
-തുളസിയില,വെറ്റില,ചെമ്പരത്തിയില ഇവയുടെ നീരെടുത്ത് വെളിച്ചെണ്ണ കാച്ചി തേക്കുക
-വേപ്പിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് തല കഴുകുക
-കറ്റാർവാഴ തേച്ചു പിടിപ്പിക്കുക
-സവാള മുറിച്ച് തലയോട്ടിയിൽ നന്നായി ഉരച്ചു പിടിപ്പിക്കുക
-ചെറുനാരങ്ങാ നീര് പുരട്ടുക
-ഉമ്മത്തില നീര് വെളിച്ചെണ്ണ ചേർത്ത് പുരട്ടുക
-മുട്ടവെള്ളയും തൈരും ചേർത്ത് പുരട്ടുക
-തേങ്ങാപ്പാൽ പുരട്ടുക

മുടി തഴച്ചുവളരാൻ ഒരു എണ്ണ

പാരമ്പര്യമായി കൈമാറിവരുന്ന ഔഷധക്കൂട്ടുകൾ പുതുതലമുറയ്ക്കൊരു മുതൽക്കൂട്ടാണ്.മുടി വളരാൻ മുത്തശ്ശിമാർ ഉപയോഗിച്ചു പോന്നൊരു കൂട്ട് ഇതാ.

വേണ്ട സാധനങ്ങൾ

കറ്റാർവാഴ നീര്
ഉലുവ
വെളിച്ചെണ്ണ

ഉണ്ടാക്കേണ്ട വിധം

കറ്റാർവാഴ നീരിൽ ഉലുവ ഇട്ട് മൂന്ന് ദിവസം വയ്ക്കുക.അപ്പോൾ ഉലുവയ്ക്ക് മുള വന്നിരിക്കും.ഇത് ഉണക്കിപ്പൊടിച്ച് വെളിച്ചെണ്ണയിൽ ചേർത്ത് വെയിലത്ത് വച്ച് ചൂടാക്കി ആറിയാൽ തലയിൽ തേച്ചു കുളിക്കുക.മുടി സമൃദ്ധമായി വളരും.

താരൻ മാറാനും,മുടി വളരാനും ധൂർദ്ധൂരപത്രാദി തൈലം

താരനും,തലയോട്ടിയിലെ ചർമ്മരോഗങ്ങളും മാറി മുടി വളരാൻ വിശേഷപ്പെട്ട ഒരു എണ്ണയാണ് ധൂർദ്ധൂരപത്രാദി തൈലം.

വേണ്ടുന്ന സാധനങ്ങൾ

നീല ഉമ്മത്തില
കരിന്തുമ്പ
അമരിയില
കയ്യന്നി
കുന്നിക്കുരുച്ചെടിയുടെ ഇല
കൊട്ടം
ഇരട്ടിമധുരം
കരിംജീരകം
ത്രിഫലത്തോട്
എണ്ണ

ഉണ്ടാക്കുന്ന വിധം

നീല ഉമ്മത്തില,കരിന്തുമ്പ ,അമരിയില ,കയ്യന്നി ,കുന്നിക്കുരുച്ചെടിയുടെ ഇല ഇവയുടെ നീരെടുത്ത് കൂടെ കൊട്ടം,ഇരട്ടിമധുരം,കരിംജീരകം,ത്രിഫലത്തോട് ഇവ അരച്ചെടുത്ത് എണ്ണയുടെ കൂടെ ചേർത്ത് കാച്ചിയരിച്ച് ഉപയോഗിക്കുക

അകാലനര അകറ്റാൻ നാട്ടുവഴികൾ

അകാലനരയുടെ പാരമ്പര്യമുള്ളവർ അതിന്റെ പ്രതിവിധികൾ നേരത്തെ തന്നെ ചെയ്തു തുടങ്ങിയാൽ നല്ല ഫലം ലഭിക്കുന്നതാണ്.

-നെല്ലിക്ക തൈരിലരച്ച് തലയിൽതേക്കുക
-കറിവെപ്പിലയിട്ട് മുറുക്കിയ എണ്ണ കാച്ചിത്തേക്കുക
-കീഴാർ നെല്ലി താളിയാക്കി തേക്കുക
-ഉണക്കനെല്ലിക്ക കുരു നീക്കിയത് എണ്ണ കാച്ചി തേക്കുക
-വേപ്പിൻ പശ കയ്യണ്ണിനീരിലരച്ച് എണ്ണ കാച്ചി തേക്കുക
-സവാള നീര് പുരട്ടുക
-തേയില വെള്ളം കൊണ്ട് മുടി കഴുകുക
-കയ്യണ്ണി അരച്ചു തലയിൽ തേക്കുക

മുടി നരയ്ക്കാതിരിക്കാൻ ആയുർവേദ വഴികൾ

നരച്ച മുടി കറുക്കാൻ സഹായിക്കുന്ന ഔഷധങ്ങളാണ് കയ്യണ്ണി,മയിലാഞ്ചി,നെല്ലിക്ക,കറിവേപ്പില,അഞ്ജനക്കല്ല് തുടങ്ങിയവ.

ഇന്ന് മിക്കവർക്കും കണ്ടു വരുന്ന ഒരു പ്രശ്നമാണ് അകാലനര.ക്ലോറിൻ അടങ്ങിയ വെള്ളത്തിലെ കുളി,മുടിയിൽ രാസ വസ്തുക്കളടങ്ങിയ സാധനങ്ങളുടെ ഉപയോഗം,പാരമ്പര്യ ഘടകങ്ങൾ ഇവയൊക്കെ കൊണ്ട് കാലമെത്തുന്നതിനു മുൻപേ മുടി നരക്കുന്നു.

മുടി നരയ്ക്കാതിരിക്കാനും നരച്ച മുടി കറുക്കാനും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

-അണുതൈല നസ്യം(നിത്യവും അണുതൈലം 2 തുള്ളി മൂക്കിൽ ഒഴിക്കുക.)
-ത്രിഫല വെള്ളത്തിൽ തിളപ്പിച്ച് തണുത്ത ശേഷം മുടി കഴുകുക.
-ഹെന്ന ചെയ്യുക.
-കയ്യണ്ണിയും മയിലാഞ്ചിയും ചേർത്തരച് ഹെയർ പാക്ക് ഇടുക.
-കയ്യുണ്ണി നീര് ,നെല്ലിക്കാ പൊടി,അഞ്ജനക്കല്ല് പൊടിച്ചത് ഇവ കൊണ്ട് ഹെയർ പാക്ക് ഇടുക.
-കറിവേപ്പില അരച്ചതിൽ അഞ്ജനക്കല്ല് പൊടിച്ചിട്ട് പാക്ക് ഇടുക.
-കറിവേപ്പില മയിലാഞ്ചി നെല്ലിക്ക കയ്യണ്ണി ചെമ്പരത്തി തുളസി ഇവയിട്ട് എണ്ണ കാച്ചിത്തേക്കുക.

നര മാറാനുള്ള ആയുർവ്വേദ എണ്ണകൾ

ഭ്രിന്ഗാമലകാദി തൈലം & കേരം
മാലത്യാദി കേരം
ത്രിഫലാദി തൈലം & കേരം

എൻ.ബി :- അഞ്ജനക്കല്ല് ചെറുനാരങ്ങാ നീരിൽ നന്നായി ശുദ്ധി ചെയ്തതിനു ശേഷം മാത്രം ഉപയോഗിക്കുക.

 

അവസാനം പരിഷ്കരിച്ചത് : 4/3/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate