Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / മഴക്കാല രോഗങ്ങളും കർക്കിടകവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

മഴക്കാല രോഗങ്ങളും കർക്കിടകവും

മഴക്കാല രോഗങ്ങളും കർക്കിടകവും - കൂടുതൽ വിവരങ്ങൾ

കര്‍ക്കടകത്തില്‍ ശ്രദ്ധിക്കേണ്ടത്

ഡോ. ഉഷ കെ പുതുമന

കാലാവസ്ഥാ വ്യതിയാനങ്ങള്‍കൊണ്ട് ഉണ്ടാകുന്ന രോഗങ്ങളില്‍നിന്ന് ശരീരത്തെ പരിരക്ഷിക്കാന്‍ ഓരോ ഋതുവിലും ജീവിതരീതികള്‍ എങ്ങിനെ ചിട്ടപ്പെടുത്തണമെന്ന് ആയുര്‍വേദം നിര്‍ദേശിക്കുന്നു. "ഋതുചര്യ' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആറു ഋതുക്കള്‍ ചേര്‍ന്നതാണ് ഒരുവര്‍ഷം. ഒരു ഋതുവിന്റെ അവസാനത്തെ ഒരാഴ്ചയും അടുത്ത ഋതുവിന്റെ ആദ്യത്തെ ഒരാഴ്ചയും ചേര്‍ന്ന കാലയളവ് ഋതുസന്ധി എന്ന് അറിയപ്പെടുന്നു. ഈ സമയത്ത് ഉണ്ടാകുന്ന ഏതു രോഗവും ശ്രദ്ധിച്ചില്ലെങ്കില്‍ മാരകമാകാമെന്ന് ആയുര്‍വേദം പറയുന്നു.

കേരളത്തില്‍ എല്ലാ ഋതുക്കളും അത്ര പ്രകടമല്ല. നാലുമാസത്തോളമുള്ള വര്‍ഷഋതു അഥവാ മഴക്കാലം ഇവിടത്തെ പ്രത്യേകതയാണ്. മകരംതൊട്ട് മിഥുനംവരെയുള്ള മാസങ്ങള്‍ ഉത്തരായനത്തിലും കര്‍ക്കടകംതൊട്ട് ധനുവരെയുള്ള മാസങ്ങള്‍ ദക്ഷിണായനത്തിലുംപെടുന്നു. ദക്ഷിണായനകാലത്ത് സൂര്യന്റെ ചൂട് കുറഞ്ഞ അളവിലാണ് ഭൂമിയില്‍ പതിക്കുന്നത്. ശാരീരികവും മാനസികവുമായ ബലം കുറയുന്ന മാസങ്ങളാണിത്. ജൂണ്‍മുതല്‍ സെപ്തംബര്‍വരെയുള്ള മഴക്കാലത്ത് വാത-പിത്ത-കഫങ്ങളാകുന്ന മൂന്നു ദോഷങ്ങളും വര്‍ധിക്കുന്നു. മലിനമാക്കപ്പെടുന്ന ജലസ്രോതസ്സുകളാലും പരിസരമലിനീകരണത്താലും രോഗാണുക്കള്‍ പെരുകുന്നു. രോഗപ്രതിരോധശേഷി ഏറ്റവും കുറഞ്ഞ ഈ കാലയളവില്‍ വേനല്‍ക്കാലത്ത് ശരീരത്തില്‍ ഒളിച്ചിരുന്ന പല രോഗാണുക്കളും ശക്തിപ്രാപിച്ച് രോഗകാരണമാകുന്നു. ചൂട്, തണുപ്പ്, വായു, ജലം, ആഹാരം, ഔഷധദ്രവ്യങ്ങള്‍ എന്നിവയ്ക്കുണ്ടാകുന്ന ഗുണവ്യത്യാസങ്ങള്‍ ശരീരബലത്തിനും ദഹനശക്തിക്കും ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലുകള്‍ ഇവയെല്ലാം കണക്കിലെടുത്തുവേണം ഓരോ ഋതുവിലും ജീവിതചര്യകള്‍ ക്രമപ്പെടുത്തേണ്ടത്.

മഴക്കാലത്ത് വാതം വര്‍ധിക്കുകയും വാതരോഗലക്ഷണങ്ങള്‍ നന്നായി പ്രകടമാകുകയും ചെയ്യുന്നു. രോഗത്തെ സഹിക്കാനുള്ള ശേഷി കുറയുന്നു. ശരീരബലം കുറയുന്നു. ദഹനശക്തി കുറയുന്നു. അഗ്നിയുടെ ബലം കുറയുന്നു (ശരീരത്തിനുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശക്തിയെ അഗ്നിയെന്നു പറയാം). ഈ കാലത്ത് ലഘുവായ പഞ്ചകര്‍മചികിത്സ ചെയ്യാം. അശുദ്ധിയാണ് രോഗം; നൈര്‍മല്യമാണ് ആരോഗ്യം എന്നാണ് ആയുര്‍വേദ സിദ്ധാന്തം. ശുദ്ധീകരിക്കലാണ് ഛര്‍ദിപ്പിക്കല്‍, വയറിളക്കല്‍, വസ്തി, നസ്യം, രക്തമോക്ഷം തുടങ്ങിയ പഞ്ചകര്‍മങ്ങളാല്‍ നിര്‍വഹിക്കപ്പെടുന്നത്. മഴക്കാലത്തുള്‍പ്പെട്ട കര്‍ക്കടകമാസത്തില്‍ വാതരോഗലക്ഷണങ്ങള്‍ ഏറ്റവും പ്രകടമാണ്. ഇക്കാലത്ത് ശരീരശക്തിക്കനുസരിച്ച് പഞ്ചകര്‍മ ചികിത്സകള്‍ ചെയ്യുന്നത് നല്ലതാണ്. ഇത്തരം ചികിത്സകളാല്‍ ആന്തരിക ശുദ്ധി വരുത്തിയശേഷം ഉപയോഗിക്കുന്ന ഔഷധക്കഞ്ഞി ശരീരത്തിന് ഏറെ ഗുണം നല്‍കും.

"ആഹാരം മഹാഭൈഷജ്യം' എന്നാണ് ആയുര്‍വേദം പറയുന്നത്. ആഹാരത്തെ ഔഷധമായിത്തന്നെ ഉപയോഗിക്കാന്‍ പലപ്പോഴും രോഗികളോട് നിര്‍ദേശിക്കാറുമുണ്ട്. പലതരം മുക്കുടികള്‍ ഉദാഹരണമാണ്. വയര്‍ ശുദ്ധമാക്കാനാണ് ഇത് നിര്‍ദേശിക്കാറുള്ളത്്. മാറാത്ത വയറിളക്കമുള്ളവര്‍ക്ക് പുളിയാറില ചേര്‍ത്ത് മോരു കാച്ചി മുക്കുടിയായി നിര്‍ദേശിക്കാറുണ്ട്. ഇതുപോലെ വൈദ്യനിര്‍ദേശപ്രകാരം വിവിധതരം മുക്കുടികള്‍ തയ്യാറാക്കാവുന്നതാണ്.ഈ ആശയത്തില്‍നിന്നാവണം കര്‍ക്കടകക്കഞ്ഞിയുടെയും ആവിര്‍ഭാവം. വിവിധ രോഗാവസ്ഥകളില്‍ ഉപയോഗിക്കാവുന്ന ഔഷധക്കഞ്ഞികള്‍ ചരകാചാര്യന്‍ നിര്‍ദേശിച്ചിട്ടുണ്ട്. തിപ്പല്ലി, കാട്ടുതിപ്പല്ലി, കാട്ടുമുളകിന്‍ വേര്, കൊടുവേലി, ചുക്ക് ഇവ ഒന്നിച്ചുചേരുന്നതാണ് പഞ്ചകോലം. പഞ്ചകോലം ചേര്‍ത്തുവയ്ക്കുന്ന കഞ്ഞി വയറിനുള്ളിലെ അസ്വസ്ഥതകള്‍ മാറാനും ദഹനശക്തി വര്‍ധിക്കാനും ഉപയോഗപ്പെടുന്നു. മുന്തിരിങ്ങ, നറുനീണ്ടി, മലര്, ചുക്ക്, തിപ്പല്ലി ഇവ ചേര്‍ത്തുള്ള കഞ്ഞി തേന്‍ ചേര്‍ത്ത് ഉപയോഗിച്ചാല്‍ ശരീരത്തിലെ ചൂട് കുറയും. വറുത്ത ഗോതമ്പിന്റെ കഞ്ഞി ശരീരത്തെ ശോഷിപ്പിക്കും. ചുമ, ശ്വാസംമുട്ടല്‍, കഫ രോഗങ്ങള്‍ എന്നിവയുടെ ശമനത്തിന് ദശമൂലം ചേര്‍ത്ത കഞ്ഞി പ്രയോജനപ്പെടും. ആശാളി, ജീരകം, തിപ്പലി, ചുക്ക്, കുരുമുളക്, വിഴാലരി, കുറുന്തോട്ടിവേര്, ചെറൂളവേര് ഇവ പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളത്തില്‍ ഞവര അരിയും ഉലുവയും ചേര്‍ത്ത് കഞ്ഞി തയ്യാറാക്കാം.50 ഗ്രാം ഞവര അരിക്ക് 10 ഗ്രാം ഉലുവ എന്ന അനുപാതത്തില്‍ ഇവ ചേര്‍ത്ത് ആവശ്യമനുസരിച്ച് കഞ്ഞിവയ്ക്കാം. ആവശ്യമുള്ളവര്‍ക്ക് പാലും ചേര്‍ത്ത് പാല്‍ക്കഞ്ഞിയാക്കാം.

വിവിധ രോഗങ്ങളുള്ളവര്‍ ഏതുതരം കഞ്ഞിയാണു കഴിക്കാന്‍ ഉത്തമമെന്ന് ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദേശം സ്വീകരിക്കുന്നതാണ് നല്ലത്. ഔഷധക്കഞ്ഞിയോടൊപ്പം പത്തിലത്തോരനും കേരളത്തില്‍ പ്രചരിച്ചിരുന്നു. ചേമ്പിന്‍താള്, ചേനത്തണ്ട്, തകര, കുമ്പളം, മത്തന്‍, ആനത്തുമ്പ, പയറില, തഴുതാമ, നെയ്യുണ്ണി, ചീര തുടങ്ങിയവയാണ് തോരനായി ഉപയോഗിക്കാറുള്ളത്. പ്രാദേശികമായി ഇവയുടെ പേരുകളില്‍ വ്യത്യാസമുണ്ട്. (പത്തനംതിട്ട ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചീഫ് മെഡിക്കല്‍ ഓഫീസറാണ് ലേഖിക)

മഴക്കാലരോഗപ്രതിരോധത്തിന്ഹോമിയോ

[ഡോ. സന്തോഷ് മോഹന്‍]

മഴക്കാലത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നതും, അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെഏറ്റക്കുറച്ചിലുകള്‍ രോഗത്തിലേക്ക് നയിക്കുന്നതും സ്വാഭാവികം. ഓരോ തവണയും കടന്നെത്തുന്ന പുതിയ പനിക്കായി സമൂഹം കാത്തിരിക്കുമ്പോള്‍, പലരെയും പറ്റിച്ച് പനി പഴയരൂപത്തിലും തിരിച്ചെത്തുന്നു. ആ കൂട്ടത്തില്‍ നാം പണ്ട് ആട്ടിയോടിച്ചുവെന്ന് വീമ്പുപറഞ്ഞ രോഗങ്ങളും കടന്നെത്തുമ്പോള്‍ പകച്ചുനില്‍ക്കുന്നത് ആരോഗ്യരംഗമാണ്. ഒരു സാധാരണ ഡോക്ടര്‍ക്കുതന്നെ ചികിത്സിച്ചു ഭേദമാക്കാവുന്ന സാധാരണപനിയാണു കൂടുതലും. പനി ഒരു ഭീകരാവസ്ഥയല്ല എന്നു പറയുന്നതോടൊപ്പംതന്നെ മാറിയ ജീവിതസാഹചര്യങ്ങളില്‍ ശ്രദ്ധക്കുറവുകള്‍കൊണ്ട് പനിയും ഗുരുതരമാകാം എന്ന കാര്യവും മറക്കരുത്.

കാലത്തിന്റെ വ്യതിയാനങ്ങള്‍, രോഗത്തിന്റെ രൂപങ്ങള്‍ മാറ്റുന്നുവെന്നു മാത്രം. ആദ്യകാലത്ത് വൈറല്‍ പനി, ഛര്‍ദി, അതിസാരം, കോളറ, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് ഇവയേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് അതു മാറി എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എന്നിവയിലെത്തി. പനിയും കഫക്കെട്ടും തുടക്കത്തില്‍ത്തന്നെ ചികിത്സതേടിയാല്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. ശരിയായ ചികിത്സയിലൂടെയും പ്രതിരോധ മരുന്നുകളിലൂടെയും ഇവ പടരുന്നതിനുള്ള സാധ്യത തടയാവുന്നതാണ്. മഴക്കാലത്ത് ജലദോഷവും തുമ്മലും കഫക്കെട്ടുമായി ഏറെ ബുദ്ധിമുട്ടുന്നത് ചെറിയ ക്ലാസിലെ കുട്ടികളാണ്. ഇവരുടെ സഹവാസത്തിലൂടെ ഇവ പടരുകയും ചെയ്യുന്നു. ഇതുവഴി വീട്ടിലേക്കും രോഗാണുക്കള്‍ കടന്നെത്തുന്നു. പനിക്കായി മരുന്നുഷോപ്പുകളില്‍ നേരിട്ടെത്തി സ്വയംചികിത്സ തേടുന്നതിനു പകരം ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകഴിക്കുകയാണ് വേണ്ടത്.

പനി പലതരത്തിലായതിനാല്‍ സ്വയംചികിത്സ പൂര്‍ണമായും ഒഴിവാക്കുക. പനിയായാലും ചുമയായാലും ആദ്യം ഡോക്ടറെ കാണാനെത്തുമ്പോള്‍ രോഗിയെയും കൂടെ നിര്‍ബന്ധമായും കൂട്ടുക. പനിയുള്ള ഒരു കുട്ടിയെ മാത്രം സാമ്പിള്‍പോലെ കൊണ്ടുവരികയും, മറ്റു രണ്ടുപേരെ കൊണ്ടുവരാതെ മരുന്നു വാങ്ങിക്കൊണ്ടു പോകുന്ന രീതി ഒരു ആരോഗ്യശാഖയും പ്രോത്സാഹിപ്പിക്കുന്നില്ല, പനിയായാലും രോഗിയെ നേരിട്ടുകണ്ട് ചികിത്സിക്കുന്നതുതന്നെയാണ് ഉത്തമം. പ്രത്യേകിച്ചും രക്ത-മൂത്ര പരിശോധനകള്‍ അനിവാര്യമെങ്കില്‍ രോഗിയില്ലാതെ നിര്‍വാഹമില്ല. വെള്ളംകുടിക്കുന്നത് കുറയുന്നതും മൂത്രത്തില്‍ പഴുപ്പും ചിലരില്‍ പനിക്ക് കാരണമാകുന്നു. ഇവരുടെ മൂത്രപരിശോധന അനിവാര്യമാണ്. ഇത്തരക്കാര്‍ക്ക് മൂത്രത്തില്‍ പഴുപ്പിന് മരുന്നു നല്‍കിതയാലേ പനി മാറുകയുള്ളൂ.പ്രതിരോധ ചികിത്സയില്‍ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്ന ചികിത്സാവിഭാഗമാണ് ഹോമിയോപ്പതി.

ഏതുതരം പനിക്കും ഹോമിയോപ്പതിയില്‍ പ്രതിരോധമരുന്നുകള്‍ ലഭ്യമാണ്. പകര്‍ച്ചപ്പനിക്കെതിരെയും ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ ഇവയ്ക്കെതിരെയും മുന്‍വര്‍ഷങ്ങളില്‍ ഹോമിയോപ്പതിയില്‍ പ്രതിരോധമരുന്നുകള്‍ നല്‍കിയതും പ്രതിരോധ ക്യാമ്പുകളും ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയതും മലയാളിയുടെ പനിഭീതി ഒരളവുവരെയെങ്കിലും അകറ്റിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. (തൃശൂര്‍ വേലൂര്‍ ചൈത്രം ഹോമിയോപ്പതി ക്ലിനിക്കില്‍ ഡോക്ടറാണ് ലേഖകന്‍)

മഴക്കാലരോഗങ്ങള്‍ പ്രതിരോധിക്കാം

ഡോ. കെ മുരളീധരന്‍പിള്ള

മഴക്കാലം സാധാരണക്കാരുടെ ജീവിതത്തെ അവശതയിലേക്കും ദാരിദ്ര്യത്തിലേക്കും നയിക്കുന്ന വ്യാപകമായ പകര്‍ച്ചവ്യാധികളുടെ കാലഘട്ടംകൂടിയാണ്. മഴക്കാലത്ത് ചീറ്റലും തുമ്മലും കഫക്കെട്ടും എല്ലാം സ്വാഭാവികമാണെങ്കിലും ഗുരുതരങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയും മഴക്കാലത്ത് വ്യാപകമാണ്. മഴക്കാലത്ത് ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പണ്ടേ വ്യാപകമായിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ഇത്രയും രൂക്ഷമായത് അന്തരീക്ഷ മലിനീകരണം വര്‍ധിച്ചതുകൊണ്ടാണ്.

പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് മണ്‍സൂണ്‍കാലത്ത് പ്രത്യക്ഷപ്പെടുന്നത.് ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരുന്നവ, വാഹകജീവികളിലൂടെ പകരുന്നവ. വൈറസുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ വായുവിലൂടെ പകരുമ്പോള്‍, ജലത്തിലൂടെ ഉദരസംബന്ധിയായ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കുന്നു. വാഹകജീവികള്‍ പരത്തുന്ന രോഗങ്ങള്‍ മുഖ്യമായും കൊതുകിലൂടെ വ്യാപിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയാണ്. മലിനീകരണത്തിന്റെ ഫലമായി വേനല്‍ക്കാലത്ത് വര്‍ധിച്ചതോതിലുള്ള വായുവിലെ വിഷവാതകങ്ങളും, അന്തരീക്ഷത്തിലെ രോഗാണുക്കളും മഴയോടൊപ്പം മണ്ണിലും ജലത്തിലുമെത്തും. വേനലിലെ കടുത്ത ചൂടില്‍ മാസങ്ങളായി കഴിയുന്ന മനുഷ്യശരീരത്തിന്റെ ഊഷ്മാവിന് ആദ്യത്തെ കരുതല്‍മഴയോടെതന്നെ സാരമായ മാറ്റം സംഭവിക്കുന്നതിനാല്‍ പനി വരാന്‍ സാധ്യത കൂടും. പുതുമഴ നഞ്ഞാല്‍ പനി പിടിക്കുമെന്ന് നാട്ടില്‍ സാധാരണയായി ഒരു വിശ്വാസം ഉണ്ടല്ലോ.

മഴക്കാലത്ത് ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവിലും തീക്ഷ്ണതയിലും മാന്ദ്യം സംഭവിക്കുന്നതിനാല്‍, രോഗാണുക്കള്‍ക്കും, രോഗാണുവാഹകരായ കൊതുകുപോലുള്ള ക്ഷുദ്രജീവികള്‍ക്കും പ്രജനത്തിന് അനുകൂലമാകും. മഴക്കാലത്ത് വെള്ളം സ്പര്‍ശിക്കാതെ നമുക്കു ജീവിക്കാനാവില്ല. ഇതു രോഗബാധ കൂടുതല്‍ സംക്രമിക്കപ്പെടാന്‍ കാരണമാകുന്നു. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു എലിമൂത്രത്തിലൂടെ ജലത്തിലെത്തിയാണ് മനുഷ്യരില്‍ രോഗകാരിയാകുന്നത്. ആദാനകാലമായ ഉഷ്ണകാലത്തെ ശരീരബലനഷ്ടം, മനുഷ്യനില്‍ മഴക്കാലത്തിന്റെ ആരംഭത്തിലും ഉണ്ടാകുമെന്നതിനാലും, നീണ്ട വേനലിലെ നിരന്തരമായ ജലബാഷ്പീകരണം ദഹനവ്യവസ്ഥയെ ക്ഷീണിപ്പിക്കും എന്നതിനാലും, രോഗപ്രതിരോധശേഷി ക്ഷയിച്ചിരിക്കുന്ന സമയമായതിനാല്‍ മഴക്കാലം തുടങ്ങുന്ന ഘട്ടത്തില്‍ രോഗങ്ങള്‍ വളരെ പെട്ടെന്ന് ശരീരത്തെ ബാധിക്കുന്നതാണ്.

മഴക്കാലത്ത് ഏറ്റവും അധികം പടര്‍ന്നുപിടിക്കുന്ന രോഗമാണ് വൈറല്‍ ഫീവര്‍. കടുത്ത ശരീരവേദന, തലവേദന, പനി, കുളിര് എന്നീ ലക്ഷണങ്ങളുള്ള ഈ പനി ഒരാഴ്ചയെടുക്കും സുഖപ്പെടാന്‍. രോഗം പകരുന്നതാകയാല്‍ വൈറല്‍ ഫീവര്‍ ബാധിച്ചവര്‍ മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവര്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും ചൂടുവെള്ളത്തില്‍ കഴുകുകയും വേണം. എലിപ്പനിക്കു കാരണം എലിമൂത്രത്തിലൂടെ രോഗാണുക്കള്‍ കലര്‍ന്ന വെള്ളം കുളിക്കാനും കുടിക്കാനും ഉപയോഗിക്കുന്നതാണ്. പേശീവേദന, കണ്ണുചുവപ്പ്, പനി, ഛര്‍ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തക്കസമയത്ത് ചികിത്സ ചെയ്തില്ലെങ്കില്‍ കരള്‍, ഹൃദയം, വൃക്ക എന്നിവയുടെ പ്രവര്‍ത്തനം തകരാറിലായി മരണംവരെ സംഭവിക്കാം.

കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടു പെരുകുന്ന "ഈഡിസ് ഈജിപ്തി' എന്ന ഇനം കൊതുകാണ് രോഗം പരത്തുന്നത്. സാധാരണ പനിയായിട്ടാകും രോഗം ആരംഭിക്കുക. തുടര്‍ന്ന് ശക്തമായ ശരീരവേദന അനുഭവപ്പെടും. എല്ല് നുറുങ്ങുംപോലെ വേദന ഉണ്ടാകുമെന്നതിനാല്‍ "ബ്രേക്ക് ബോണ്‍ ഡിസീസ്' എന്ന പേരും ഇതിനുണ്ട്. പനി തുടങ്ങി മൂന്നാം ദിവസം കണ്ണുചുവക്കും, ചെറിയ ചുവന്ന കുരുക്കള്‍ ദേഹത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്യും. രക്തസമ്മര്‍ദം കുറഞ്ഞ് രോഗി മരിക്കാനുള്ള സാധ്യത ഏറെയാണ്. പനി, സന്ധികളില്‍ നീര്, വേദന, ദേഹത്ത് ചുവന്ന തടിപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ നിവര്‍ന്നുനില്‍ക്കാന്‍പോലും കഴിയാതെ രോഗി മാസങ്ങളോളം കഷ്ടപ്പെടും. രോഗം ഭേദപ്പെട്ടാലും സന്ധിവേദന വളരെക്കാലം തുടര്‍ന്നേക്കാം.

വയറിളക്കം മഴക്കാലത്തെ ഒരു പ്രധാന രോഗമാണ്. ജലരൂപത്തില്‍ തുടര്‍ച്ചയായി മലവിസര്‍ജനം, വയറുവേദന, ഛര്‍ദി, പനി തുടങ്ങിയ ലക്ഷണങ്ങളുള്ള ഈ രോഗത്തില്‍, ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് രോഗി വേഗംതന്നെ അവശനായിത്തീരും. ജലാംശം തക്കസമയത്തുതന്നെ ശരീരത്തിനു ലഭിച്ചില്ലെങ്കില്‍ മരണംപോലും സംഭവിക്കാം. ടൈഫോയ്ഡിന്റെ മുഖ്യലക്ഷണങ്ങള്‍ തുടര്‍ച്ചയായ പനിയും, തലവേദന, വിറയല്‍ എന്നിവയുമാണ്. ചിലപ്പോള്‍ കറുത്ത നിറത്തില്‍ മലം സ്രവിച്ചുപോകും. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ രോഗം പകരുന്നു. രോഗം ശമിച്ചാലും രണ്ടുമാസത്തോളം രോഗിയുടെ വിസര്‍ജ്യത്തിലൂടെ രോഗാണുക്കള്‍ പടരുന്നു.

മഴക്കാലത്ത് വ്യാപകമായി പടര്‍ന്നുപിടിക്കുന്ന മറ്റൊരു രോഗമാണ് മഞ്ഞപ്പിത്തം. ജലത്തിലാണ് ഇതിന്റെ രോഗാണുക്കള്‍ കാണപ്പെടുന്നത്. വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, ഛര്‍ദി എന്നിവയ്ക്കൊപ്പം, മൂത്രത്തിനും കണ്ണുകള്‍ക്കും നല്ല മഞ്ഞനിറം പ്രത്യക്ഷപ്പെടുകയും ചെയ്യും. രക്തപരിശോധനയിലൂടെ രോഗം നിര്‍ണയിക്കാന്‍കഴിയും. ആഹാരത്തിലൂടെയും ദുഷിച്ച ജലത്തിലൂടെയും പകുരന്ന മറ്റൊരു രോഗമാണ് കോളറ. ഛര്‍ദിയും വയറിളക്കവും പനിയുമാണ് മുഖ്യലക്ഷണങ്ങള്‍. വയറിളകുന്നത് കഞ്ഞിവെള്ളത്തിന്റെ നിറത്തിലാകും. രോഗി ജലാഭാവത്താല്‍ തലചുറ്റി വീഴാനിടയുണ്ട്. വൈദ്യസഹായം ഉടന്‍ ലഭ്യമാക്കേണ്ട രോഗമാണിത്.

വളംകടി മഴകാലത്ത് പലരിലും കണ്ടുവരുന്നു. വിരലുകള്‍ക്കിടയിലുള്ള ത്വക്കില്‍ അണുബാധയുണ്ടായി പഴുത്ത് നീരും വേദനയും ഉണ്ടാകുന്നു. അസഹ്യമായ ചൊറിച്ചിലും ഉണ്ടാകും. ഉപ്പിട്ട് തളിപ്പിച്ച വെള്ളത്തില്‍ ചെറുചൂടില്‍ കാല്‍ മുക്കിവയ്ക്കുകയും, ചെരിപ്പിട്ടു മാത്രം പുറത്തു സഞ്ചരിക്കുകയും വേണം. പുറത്തുപോയി വന്നാലുടന്‍ ചൂടുവെള്ളത്തില്‍ കാല്‍ കഴുകാന്‍ ശ്രദ്ധിക്കുകയും വേണം. മേല്‍സൂചിപ്പിച്ച മിക്ക രോഗങ്ങളും ഒരാളില്‍നിന്ന് മറ്റൊരാളിലേക്കു പകരുന്നവയാണെന്നും, രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് രോഗം വ്യാപിക്കുന്നതെന്നും കാണാം.

പൊതുവായ സ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്തുന്നതിലൂടെ സമീപപ്രദേശങ്ങളിലെല്ലാം രോഗാണുക്കള്‍ പടരുന്നു. ചെടികളിലും ഇലകളിലും പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും പുറത്തും ഇവ എത്തിച്ചേരും. ജലത്തിലൂടെ ദൂരപ്രദേശങ്ങളിലും രോഗാണുക്കള്‍ എത്തിപ്പെടാം. കായ്കനികളും പച്ചക്കറികളും വേണ്ടത്ര ശുചിയാക്കാതെയും വേവിക്കാതെയും ഭക്ഷിക്കുമ്പോള്‍ അവ മറ്റുള്ളവരില്‍ എത്തിപ്പെടാം. പാത്രങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ജലം മാലിന്യം ഉള്ളതായാലും അണുബാധയ്ക്കു കാരണമാകും. മഴക്കാലത്ത് പൊതുവെ ദഹനമാന്ദ്യം ഉള്ള കാലമാകയാല്‍ അമിതാഹാരവും ദഹിക്കാന്‍ വിഷമമുള്ള ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം. അശുചിയായ ജലം വര്‍ജിക്കുക. നല്ലവണ്ണം തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ഭക്ഷ്യവസ്തുക്കള്‍ ഒരിക്കലും തുറന്നുവയ്ക്കരുത്. ആഹാരം നന്നായി വേവിച്ചുമാത്രം ഉപയോഗപ്പെടുത്തുക.

ആസ്മാ രോഗികള്‍ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. കടുത്ത തണുപ്പ് ശ്വാസംമുട്ടലും ചുമയും വര്‍ധിപ്പിക്കും. പ്രമേഹരോഗികള്‍ അവരുടെ പാദങ്ങള്‍ മഴക്കാലത്ത് പ്രത്യേകിച്ചും സംരക്ഷിക്കണം. ചെറുചൂടുള്ള ഉപ്പുവെള്ളത്തില്‍ ദിവസവും കുറച്ചുസമയം പാദങ്ങള്‍ മുക്കിവച്ചിരിക്കുന്നതു നല്ലതാണ്. തുടര്‍ന്ന് നന്നായി തുടച്ചുവൃത്തിയായി സൂക്ഷിക്കുക. സന്ധിവാതരോഗികളിലും മഴക്കാലത്തെ തണുപ്പ് ഏറെ ബുദ്ധിമുട്ടുണ്ടാക്കും എന്നതിനാല്‍ തണുപ്പേല്‍ക്കാതെ സൂക്ഷിക്കുക. കൊതുകുകള്‍ മുട്ടയിട്ടു പെരുകാന്‍ സഹായകമാണെന്നതിനാല്‍ വീട്ടിനുള്ളിലോ ചുറ്റുപാടുമോ ഒരു കാരണവശാലും വെള്ളം കെട്ടിനില്‍ക്കാന്‍ ഇടവരരുത്. തിളപ്പിച്ചാറ്റിയ വെള്ളം അടച്ചുവെച്ച് സൂക്ഷിച്ചുമാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചെരിപ്പ് ഉപയോഗിച്ചുമാത്രം യാത്രചെയ്യുക. പച്ചക്കറികളും, പഴവര്‍ഗങ്ങളും ശുദ്ധജലത്തില്‍ നന്നായി കഴുകി ഉപയോഗിക്കുക. തടികൊണ്ടുള്ള വീട്ടുപകരണങ്ങളില്‍ പൂപ്പല്‍ പരക്കുന്നത് തടഞ്ഞില്ലെങ്കില്‍ ശ്വാസംമുട്ടല്‍ രോഗം കൂടുതലാവും. തണുത്ത ആഹാരപാനീയങ്ങളും തുറന്നുവച്ച ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കാന്‍പാടില്ല. ചളിവെള്ളത്തില്‍ കുളിക്കാന്‍പാടില്ല. കുഞ്ഞുങ്ങളെ അതില്‍ കളിക്കാനും അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളണം. ശരീരത്തില്‍ വേപ്പെണ്ണ പുരട്ടിയശേഷം മാത്രം വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലിക്കിറങ്ങുക. രോഗാണുക്കളെ പ്രതിരോധിക്കാന്‍ ഒരുപരിധിവരെ ഇത് ഉപകരിക്കും.

അശുദ്ധജലത്തില്‍ കാലുകള്‍ സ്പര്‍ശിക്കുന്നതാണ് വളംകടിയുടെ പ്രധാന കാരണം. ഇങ്ങനെ ചില മുന്‍കരുതലുകളെടുത്താല്‍ മഴക്കാലം രോഗകാലം അല്ലാതാക്കാന്‍ കഴിയും. കടുത്ത വ്യായാമങ്ങളും പകലുറക്കവും മഴക്കാലത്ത് വര്‍ജിക്കണം. തണുപ്പും കാറ്റും ഏറ്റുകൊണ്ടുള്ള ദീര്‍ഘദൂരയാത്ര ഹിതമല്ല. ആഹാരം കഴിക്കുന്നതിനു മുമ്പും ടോയ്ലറ്റില്‍ പോയിക്കഴിഞ്ഞും സോപ്പുകൊണ്ട് കൈ വൃത്തിയായി കഴുകാന്‍ ശ്രദ്ധിക്കണം. പഴകിയതും അശുചിയായതുമായ ഭക്ഷണ പാനീയങ്ങള്‍ ഒരുകാരണവശാലും ഉപയോഗിക്കരുത്. ചുരുക്കത്തില്‍ ഓരോ വ്യക്തിയും സ്വന്തം ആരോഗ്യം സംരക്ഷിക്കുകയും വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പുവരുത്തുകയും ചെയ്താല്‍ മഴക്കാലരോഗങ്ങളെ നമുക്ക് പൂര്‍ണമായും പ്രതിരോധിക്കാനാകും.

(ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ മെഡിക്കല്‍ കോളേജ് റിട്ടയഡ് പ്രിന്‍സിപ്പാളാണ് ലേഖകന്‍)

2.78571428571
Somya Mani Sep 10, 2015 01:57 PM

വളരെ നല്ലത്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ