অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രമേഹം ഇനി കുടുംബകാര്യം

കൂടുമ്പോൾ ഇമ്പം ഉള്ളതാണല്ലോ ‘കുടുംബം’. പ്രമേഹത്തിന്റെ കാര്യത്തിലും ഇത്‌ വളരെ ശരിയാണ‌്. കുടുംബത്തിന്റെ പിന്തുണ ഉണ്ടെങ്കിൽ പ്രമേഹത്തെ നിയന്ത്രണത്തിലാക്കാനും പ്രതിരോധിക്കാനും കൂടുതൽ എളുപ്പമാണ്‌. 2018, 2019–- ലെ പ്രമേഹദിനസന്ദേശം ‘കുടുംബവും പ്രമേഹവും’ എന്നതാണ്‌. രണ്ടുവർഷം ഒരേ സന്ദേശം വയ്‌ക്കുമ്പോൾത്തന്നെ അത്രയധികം പ്രാധാന്യം ഈ വിഷയത്തിനുണ്ട്‌ എന്നത്‌ സ്‌പഷ്ടം.

2018‐19ലെ ലോക പ്രമേഹദിന ക്യാമ്പയിന്റെ പ്രഥമലക്ഷ്യം‐ പ്രമേഹം കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച്‌ അവബോധം ഉണ്ടാക്കുകയും പ്രമേഹം നിയന്ത്രിക്കുന്നതിൽ കുടുംബത്തിനുള്ള പങ്കിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതാണ്‌. പ്രധാനമായും മൂന്നു തലങ്ങളിലാണ്‌ കുടുംബത്തിന്റെ ഇടപെടൽ കേന്ദ്രീകരിക്കുന്നത്‌. 1 കണ്ടുപിടിക്കുക. 2. പ്രതിരോധിക്കുക 3. നിയന്ത്രിക്കുക.

പാരമ്പര്യം നേരത്തെ കണ്ടെത്താം

ജീവിതശൈലീരോഗമായ ടൈപ്പ്‌ 2 പ്രമേഹത്തിന്‌ പാരമ്പര്യം ഒരു പ്രധാന റിസ്‌ക്‌ഫാക്ടർ ആണല്ലോ. ടൈപ്പ്‌ 2 പ്രമേഹരോഗികളുടെ അടുത്തബന്ധുക്കൾക്ക്‌ (മക്കൾ, കൂടപ്പിറപ്പുകൾ, അനന്തിരവർ) പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണല്ലോ. മാതാപിതാക്കൾക്ക്‌ പ്രമേഹം പിടിപെടുന്നത്‌ 50 വയസ്സിനുമുമ്പാണെങ്കിൽ മക്കൾക്ക്‌ പ്രമേഹം വരാനുള്ള സാധ്യത ഏഴിലൊന്നും മറിച്ച്‌, മാതാപിതാക്കളിൽ പ്രമേഹം വരുന്നത്‌ 50 വയസ്സിനുശേഷമാണെങ്കിൽ മക്കൾക്ക്‌ പ്രമേഹം വരാനുള്ള സാധ്യത 13ൽ ഒന്നുമാണെന്നാണ്‌ പറയപ്പെടുന്നത്‌.

മാതാപിതാക്കളിൽ ഒരാൾക്ക്‌ പ്രമേഹമുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക്‌ പ്രമേഹം വരാനുള്ള സാധ്യത 50 ശതമാനവും രണ്ടുപേർക്കുമുണ്ടെങ്കിൽ 75 ശതമാനവുമാണ്‌. അതിനാൽ അടുത്ത ബന്ധുക്കൾക്ക്‌ പ്രമേഹം ഉണ്ടെങ്കിൽ 30 വയസ്സാവുമ്പോൾത്തന്നെ പ്രമേഹം കണ്ടുപിടിക്കാനുള്ള പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യാൻ കുടുംബാംഗങ്ങൾ ശ്രദ്ധിക്കണം. അമിതവണ്ണമുള്ളവരാണെങ്കിൽ 30 വയസ്സുവരെ കാത്തുനിൽക്കണമെന്നില്ല. പ്രമേഹപൂർവാവസ്ഥയിൽത്തന്നെ കണ്ടെത്താനായാൽ പ്രമേഹം പിടിപെടുന്നത്‌ വൈകിപ്പിക്കാനും പ്രമേഹം തടയാൻപോലും സാധിച്ചേക്കാം. കണക്കുകൾപ്രകാരം പ്രമേഹരോഗികളിൽ രണ്ടിൽ ഒരാൾക്ക്‌ (50%) രോഗം കണ്ടുപിടിക്കപ്പെടുന്നില്ല.

പ്രതിരോധിക്കാം

പ്രമേഹപ്രതിരോധം ആരംഭിക്കുന്നത്‌ കുടുംബത്തിലാണ്‌; ആരോഗ്യകരമായ ഭക്ഷണരീതികളും ജീവിതശൈലികളും സ്വായത്തമാക്കുകവഴി ടൈപ്പ്‌ 2 പ്രമേഹത്തെ ഒരുപരിധിവരെ തടയാൻ സാധിക്കും. അതിനാൽ കുടുംബത്തിൽ ഒരാൾക്ക്‌ പ്രമേഹം ഉണ്ടെങ്കിൽ കുടുബാംഗങ്ങളെല്ലാം ആരോഗ്യകരമായ ഭക്ഷണവും ജീവിതരീതികളും പിന്തുടരുക എന്നതാണ്‌ പ്രമേഹത്തെ പ്രതിരോധിക്കാനുള്ള എളുപ്പമാർഗം. പ്രമേഹരോഗിക്കായി പ്രത്യേകഭക്ഷണം എന്നല്ല, മറിച്ച്‌ കുടുംബത്തിൽ എല്ലാവരും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ്‌ വേണ്ടത്‌. കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച്‌ വ്യായാമം ചെയ്യുന്നത്‌ പരസ്‌പരം പ്രചോദനം നൽകാനും സഹായിക്കും

നിയന്ത്രിക്കാം

പ്രമേഹരോഗത്തിന്‌ സ്ഥിരമായ ചികിത്സയും കൃത്യമായ ഇടവേളകളിലുള്ള പരിശോധനകളും ആരോഗ്യകരമായ ഭക്ഷണവും ജീവതശൈലിയും തുടർപഠനവും അത്യാവശ്യമാണ്‌. ഇക്കാര്യങ്ങളിലെല്ലാംതന്നെ കുടുംബം ഒരു നെടുംതൂണായി വർത്തിക്കും. പ്രമേഹരോഗത്തെക്കുറിച്ചും അതിന്റെ സങ്കീർണതകളെക്കുറിച്ചും എല്ലാ കുടുംബാംഗങ്ങളും അറിയണം. പലപ്പോഴും പ്രായംകൂടിയ രോഗികൾക്കും കുഞ്ഞുങ്ങൾക്കും മറ്റ്‌ കുടുംബാംഗങ്ങളുടെ സഹായമില്ലാതെ സ്വന്തമായി  രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ പരിശോധിക്കാനോ, മരുന്ന്‌ കൃത്യസമയത്ത്‌ കൃത്യഅളവിൽ എടുക്കാനോ സാധിക്കില്ല. പലപ്പോഴും കടുത്ത പ്രമേഹമുള്ളവർക്ക്‌ കാര്യങ്ങൾ ശരിയായരീതിയിൽ ഗ്രഹിക്കാനും സാധിക്കില്ല. അതിനാൽ ചികിത്സയിൽ കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണ്‌.

അതുപോലെ പ്രമേഹം കൂടിനിൽക്കുമ്പോഴും രക്തത്തിലെ പഞ്ചസാര ക്രമാതീതമായി താഴുമ്പോഴും രോഗിയിൽ അമിതമായി ദേഷ്യം, ക്ഷീണം മുതലായവ കാണപ്പെടും. ഇതെല്ലാം കുടുംബാംഗങ്ങൾ മനസ്സിലാക്കിയിരുന്നാൽ കൃത്യസമയത്ത്‌  കണ്ടെത്തി ചികിത്സ നൽകാൻ സഹായിക്കും. പ്രമേഹചികിത്സയിലും ഭക്ഷണരീതികൾക്കും ജീവിതശൈലിക്കും വളരെ പ്രാധാന്യമുണ്ട്‌. മരുന്നുകൊണ്ടുമാത്രം പ്രമേഹനിയന്ത്രണം സാധ്യമാകില്ല. മരുന്നിനോടൊപ്പംതന്നെ ഭക്ഷണനിയന്ത്രണത്തിനും വ്യായാമത്തിനും തുല്യപ്രാധാന്യമുണ്ട്‌. ഭക്ഷണനിയന്ത്രണത്തിലും വ്യായാമത്തിലും വലിയൊരു പങ്കുവഹിക്കാൻ കുടുംബത്തിന്‌ കഴിയും. പലപ്പോഴും കുടുംബാംഗങ്ങൾ കൂടെവരുന്ന രോഗികൾക്കാണ്‌ പ്രമേഹത്തെ നിയന്ത്രിക്കാൻ സാധിക്കുന്നത്‌ എന്നതാണ്‌ എന്റെ അനുഭവം.

പ്രമേഹചികിത്സ ആജീവനാന്തം തുടരേണ്ട ഒന്നാണ്‌. അതുപോലെതന്നെ പ്രമേഹത്തിന്റെ സങ്കീർണതകളുടെ ചികിത്സയും വളരെ ചെലവേറിയതാണ്‌. ഇതെല്ലാംതന്നെ കുടുംബത്തിന്റെ സാമ്പത്തികാവസ്ഥയെ ബാധിച്ചേക്കാം. കുടുംബത്തിലെ ചെലവു നോക്കുന്ന വ്യക്തിക്ക്‌ രോഗംമൂലം ജോലിക്ക്‌ പോകാൻ സാധിക്കാതെവരികയോ, രോഗം ആ വ്യക്തിയുടെ അകാലമരണത്തിന്‌ ഇടയാക്കുകയോ ചെയ്‌താൽ അതും കുടുംബത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയ്‌ക്ക്‌ കാരണമാകും. അതുകൊണ്ടുതന്നെ പ്രമേഹം കുടുംബത്തെ മൊത്തത്തിൽ ബാധിക്കുന്ന ഒരു നിശബ്ദകൊലയാളി ആണെന്നതാണ്‌ വാസ്‌തവം. ആരോഗ്യപ്രദമായ ഭക്ഷണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നമ്മുടെ കുടുംബത്തിൽനിന്നും ഈ വില്ലനെ അകറ്റിനിർത്താൻ ഓരോ കുടുംബാംഗങ്ങളും പ്രതിജ്‌ഞാബദ്ധരായേ മതിയാകൂ.

കുടുംബത്തിൽ സ്വായത്തമാക്കാവുന്ന ചില കാര്യങ്ങൾ

പഞ്ചസാരയുടെയും മധുരപലഹാരങ്ങളുടെയും ഉപയോഗം പരമാവധി കുറയ്‌ക്കുക

കുടുംബകൂട്ടായ്‌മകളിൽ ആരോഗ്യപ്രദമായ ഭക്ഷണംമാത്രം വിളമ്പുക.

ശീതളപാനീയങ്ങൾ, കാലറികൂടിയ ഭക്ഷണങ്ങൾ തുടങ്ങിയ അനാരോഗ്യകരമായ ഭക്ഷണം വീട്ടിൽനിന്നും ഒഴിവാക്കുക.

കൃത്യസമയത്തും കുറഞ്ഞ അളവിലും ആഹാരം കഴിക്കുക.

കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ച്‌ വ്യായാമം ചെയ്യാൻ ശ്രമിക്കുക.

ആരോഗ്യകരമായ ജീവിതശൈലി പ്രാപ്‌തമാക്കാൻ കുടുംബാംഗങ്ങൾ പരസ്‌പരം പ്രചോദനമാകണം.

കുട്ടിക്കാലംമുതൽതന്നെ ആരോഗ്യകരമായ ഭക്ഷണവും ജീവിതശൈലിയും കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate