অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പ്രതിരോധിക്കാം 10 രോഗങ്ങള്‍

 

പ്രമേഹം, ബി.പി., കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങളിലേക്കുള്ള എളുപ്പവഴിയിലൂടെയാണ് പല യുവാക്കളുടെയും സഞ്ചാരം.   ആഘോഷം പോലെ കൊണ്ടു നടക്കുന്ന ജീവിത ശൈലികളില്‍ പലതും ആരോഗ്യകരമല്ല എന്നതാണ് ഇതിന്‍റെ പ്രധാന കാരണം.   കൊഴുപ്പുകൂടിയ ഫാസ്റ്റ് ഫുഡ് ഭക്ഷണത്തോടുള്ള പ്രിയവും വ്യായാമം ചെയ്യാനുള്ള മടിയും കസേരയില്‍ മണിക്കൂറുകള്‍ ചടഞ്ഞിരുന്നുള്ള ജോലിയും ലഹരിയോടുള്ള ആസക്തിയും എല്ലാം ചേര്‍ന്ന് ദുര്‍മേദസ്സും കുടവയറും ചോദിച്ചു വാങ്ങുകയാണ്.
കൂടെക്കൂട്ടിയാല്‍ കൂടപ്പിറപ്പാകുന്ന ഈ രോഗങ്ങള്‍ യൗവനത്തില്‍ തന്നെ ജീവിതത്തെ  കയ്പ്പുനീര്‍ കുടിപ്പിക്കും.  അവഗണിച്ചാല്‍ അത് വൃക്കയേയും കരളിനേയും ഹൃദയത്തേയുമെല്ലാം തകരാറിലാക്കി കൂടുതല്‍ അപകടകാരിയാക്കും.  അതുകൊണ്ട് യൗവനത്തിന്റെ ചോരത്തിളപ്പിലും ആഘോഷങ്ങള്‍ക്കിടയിലും പതിയിരിക്കുന്ന രോഗഭീഷണികള്‍ തിരിച്ചറിയണം. അനുസൃതമായി  ജീവിതരീതികളില്‍ മാറ്റം വരുത്തണം.
അറിയാന്‍
25 വയസ്സു കഴിയുമ്പോള്‍ തന്നെ പ്രമേഹം, ബി.പി., കൊളസ്‌ട്രോള്‍ എന്നിവ ഇല്ലെന്ന് പരിശോധനയിലൂടെ ഉറപ്പു വരുത്തണം.  പ്രതേ്യകിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ ഇല്ലാത്തവരാണെങ്കില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പരിശോധിക്കുക.  40 വയസ്സുകഴിഞ്ഞാല്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും പരിശോധന വേണം.   അമിതവണ്ണം, പാരമ്പര്യഘടകം, ജനനസമയത്ത് ഭാരക്കൂടുതലുള്ളവര്‍, സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവര്‍ നേരത്തെ തന്നെ വര്‍ഷത്തില്‍ ഒരു തവണ പരിശോധന നടത്തണം.

രക്താതിമര്‍ദം

രക്താതിമര്‍ദം യുവാക്കളുടെ ഇടയില്‍ കൂടുകയാണ് ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുണ്ടായ മാറ്റം.  ഉറക്കമൊഴിച്ചുള്ളതും സമ്മര്‍ദ്ദം കൂടിയതുമായ ജോലി, പാരമ്പര്യ ഘടകങ്ങള്‍, ചില ഹോര്‍മോണുകളുടെ അമിത ഉത്പാദനം, ലഹരിയോടുള്ള ആസക്തി തുടങ്ങിയവയെല്ലാം ഇതിന് കാരണമാകുന്നു.   ഐ.ടി.മേഖലയില്‍ ജോലിചെയ്യുന്ന ചെറുപ്പക്കാരില്‍ പലരിലും 30 വയസ്സിനു മുമ്പുതന്നെ ബി.പി. കൂടുതലായി കാണുന്നുണ്ട്.
കേരളത്തില്‍ 75 ലക്ഷണത്തിലേറെ പേര് രക്താതിമര്‍ദത്തിന്റെ ആഘാതങ്ങള്‍ അനുഭവിക്കുന്നവരാണെന്ന് പഠനങ്ങള്‍ പറയുന്നു.   24 ശതമാനം ഹൃദ്രോഗത്തിന്റെയും 57 ശതമാനം പക്ഷാഘാതത്തിന്റെയും പ്രത്യക്ഷ കാരണം ബി.പി.യാണ്.
സൂചന:  ബി.പി.യെ ‘നിശ്ശബ്ദ കൊലയാളി’ എന്നു വിശേഷിപ്പിക്കാറുണ്ട്.  പലപ്പോഴും ലക്ഷണങ്ങളൊന്നും പുറത്തുകാട്ടിയെന്നു വരില്ല.  തലവേദന, പ്രതേ്യകിച്ചും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലയുടെ പിന്‍ഭാഗത്ത് അനുഭവപ്പെടുന്ന വേദന, തലയ്ക്ക് ഭാരം, തളര്‍ച്ച, ശ്വാസംമുട്ടല്‍, കാഴ്ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ ചിലപ്പോള്‍ വന്നേക്കാം.
പരിശോധന:  ബി.പി.യുണ്ടോ എന്നും ഉണ്ടെങ്കില്‍ അത് മറ്റ് അവയവങ്ങളെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധനയിലൂടെ അറിയാം.  സ്ഫിഗ്‌മോ മാനോമീറ്റര്‍ എന്ന ഉപകരണത്തിലൂടെ ബി.പി.കണ്ടുപിടിക്കാം.   പരിശോധനയ്ക്ക് മുമ്പായി അഞ്ചുമിനുട്ട് ശാന്തമായിരിക്കുക.  അരമണിക്കൂര്‍ മുമ്പ് പുകവലിയും കാപ്പികുടിയും ഒഴിവാക്കണം.   പല സാഹചര്യങ്ങള്‍കൊണ്ടും ബി.പി. ഉയരാം.   അതുകൊണ്ട് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം രണ്ടോ മൂന്നോ തവണ രേഖപ്പെടുത്തിയാല്‍ മാത്രമേ രക്താതിമര്‍ദമായി കണക്കാക്കൂ.  80-120 ആണ് നോര്‍മല്‍ ബി.പി.

പ്രമേഹം

പണ്ട് 55 വയസ്സു കഴിഞ്ഞെത്തിയിരുന്ന പ്രമേഹം ഇപ്പോള്‍ കൗമാരത്തിലും യൗവനത്തിലും പിടികൂടിത്തുടങ്ങി.  രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുമ്പോള്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങളുടെ കൂട്ടമാണ് പ്രമേഹം.   കേരളത്തില്‍ 40 ലക്ഷത്തിലേറെ പ്രമേഹരോഗികളുണ്ടെന്നാണ് കണക്ക്.   തെറ്റായ ജീവിതരീതി, വിശ്രമമില്ലാത്ത ജോലി, പിരിമുറുക്കം, ആരോഗ്യകരമല്ലാത്ത ഭക്ഷണരീതികള്‍, അലസജീവിതം, പാരമ്പര്യഘടകങ്ങള്‍ തുടങ്ങിയവയെല്ലാം പ്രമേഹസാധ്യത കൂട്ടും.   പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ അത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും നാഡീഞരമ്പുകള്‍, വൃക്ക, കരള്‍, കണ്ണ്, തലച്ചോര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കുകയും ചെയ്യും.  ചെറുപ്പക്കാരില്‍ ഒട്ടേറെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും പ്രമേഹം വഴിവെക്കും.   പ്രമേഹം നിയന്ത്രണവിധേയമായിരിക്കുമ്പോള്‍ മാത്രമേ വാഹനങ്ങള്‍ ഓടിക്കാവൂ.   രക്തത്തിലെ ഗ്ലൂക്കോസ് നില അമിതമായി താഴുന്ന ഹൈപ്പോഗ്ലൈസീമിയ അബോധാവസ്ഥ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.   യാത്രയില്‍ ചികിത്സാരേഖകള്‍ സൂക്ഷിക്കണം.
സൂചന:  അമിതദാഹവും വിശപ്പും ക്ഷീണവും നന്നായി ഭക്ഷണം കഴിച്ചാലും ഭാരക്കുറവും ക്ഷീണവും ഉണ്ടാവുക, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക-പ്രതേ്യകിച്ചും രാത്രിയില്‍, മുറിവുകള്‍ ഉണങ്ങാതിരിക്കുക, കാലില്‍ തരിപ്പ്, കാഴ്ച തകരാറുകള്‍ തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്.
പരിശോധന:  സാധാരണ നിലയില്‍ ഭക്ഷണത്തിന് മുമ്പ് ഗ്ലൂക്കോസിന്റെ അളവ് 100 മില്ലി ഗ്രാം/ഡെസി ലിറ്ററില്‍ കുറവും ഭക്ഷണത്തിന് ശേഷം രണ്ടുമണിക്കൂറിനുള്ളില്‍ 140 മില്ലിഗ്രാമില്‍ കുറവുമായിരിക്കണം.   ഭക്ഷണത്തിന് മുമ്പ് 100-120 നുമിടയിലും ഭക്ഷണശേഷം 140-199 നുമിടയിലുമാണങ്കില്‍ പ്രമേഹ പൂര്‍വ്വാവസ്ഥയാണ്.   ഇവരില്‍ രോഗസാധ്യത കൂടുതലാണ്.   ഭക്ഷണത്തിന് മുമ്പ് 126-ന് മുകളിലും ഭക്ഷണശേഷം 200-ന് മുകളിലാണെങ്കില്‍ പ്രമേഹ അവസ്ഥയിലെത്തി.

കൊളസ്‌ട്രോള്‍ വ്യതിയാനം

ആഹാരരീതിയിലെ ദോഷകരമായ മാറ്റമാണ് മലയാളികളെ കൊളസ്‌ട്രോളിന്റെ അപകടമേഖലയിലെത്തിച്ചത്.   ശരീരകലകളിലും രക്തത്തിലുമുള്ള മെഴുകു പോലുള്ള പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍.  ഇത് നല്ലതും ചീത്തയുമുണ്ട്.   സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍-ന്റെ അളവ് കൂടുന്നതാണ് അപകടമാകുന്നത്.
അതോടൊപ്പം നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്ലിന്റെ അളവ് കുറയുകയും ചെയ്യുന്നു.   ശരീരത്തില്‍ കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നുണ്ട്.   ഇതിന് പുറമെ കൊഴുപ്പുകൂടിയ ഭക്ഷണത്തിലൂടെയും മറ്റും വലിയതോതില്‍ കൊഴുപ്പ് ശരീരത്തിലെത്തുന്നു.   അതോടെ അളവ് ക്രമാതീതമായി കൂടും.   ചെറുപ്പക്കാരില്‍ കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ കാരണങ്ങളില്‍ പാരമ്പര്യഘടകവും ഫാസ്റ്റ് ഫുഡ് ശീലവും അമിത മദ്യപാനവും വ്യായാമക്കുറവുമെല്ലാമുണ്ട്.   പ്രമേഹം, കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍, വൃക്കരോഗങ്ങള്‍, അമിതവണ്ണം തുടങ്ങിയവയ്‌ക്കെല്ലാം അമിതകൊഴുപ്പ് ഇടയാക്കാറുണ്ട്.   നിയന്ത്രിച്ചില്ലെങ്കില്‍ ഇത് ഹൃദ്രോഹത്തിന് ഇടയാക്കും.
സൂചന:  കൊളസ്‌ട്രോള്‍ കൂടുന്നതിന് പ്രത്യക്ഷ സൂചനകളൊന്നും ലഭിക്കണമെന്നില്ല.   മറ്റ് രോഗങ്ങളുടെ ലക്ഷണമായി തിരിച്ചറിയാനാകും.
പരിശോധന:  ലിപിഡ് പ്രൊഫൈല്‍ പരിശോധനയാണ് നടത്തേണ്ടത്.   9-10 മണിക്കൂര്‍ നേരത്തെ ഉപവാസത്തിന് ശേഷം പ്രാതലിന് മുമ്പ് പരിശോധന നടത്തണം.

മെറ്റബോളിക് സിന്‍ഡ്രോം

ഒരുകൂട്ടം രോഗാവസ്ഥകള്‍ ഒന്നിച്ചുകാണുന്നതിനെയാണ് മെറ്റബോളിക്  സിന്‍ഡ്രോം എന്ന് വിളിക്കുന്നത്.   ഉപാപയചയവുമായി ബന്ധപ്പെട്ടു കിടക്കുന്ന രോഗാവസ്ഥയാണിത്.   രക്താതിമര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍ വ്യതിയാനങ്ങള്‍, വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടുക തുടങ്ങിയവയെല്ലാം ഒന്നിച്ചെത്തി ശരീരത്തെ അപകടപ്പെടുത്തുന്നു.   ഇതില്‍ ഏതെങ്കിലും ഒരു രോഗാവസ്ഥ മാത്രമാണെങ്കില്‍ അതിനെ മെറ്റബോളിക്  സിന്‍ഡ്രോം എന്നു പറയാറില്ല.   ഒന്നോ അതിലധികമോ രോഗാവസ്ഥകള്‍ ബാധിക്കുമ്പോഴാണ് മെറ്റബോളിക് സിന്‍ഡ്രോമായി കണക്കാക്കുന്നത്.    ഈ അവസ്ഥ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിങ്ങനെ ഗുരുതരമായ രോഗങ്ങള്‍ക്ക് ഇടവരുത്തും.
അരക്കെട്ടിലും വയറിലുമായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് കലകള്‍ വിഘടിച്ചുണ്ടാക്കുന്ന
സ്വതന്ത്ര ഫാറ്റി ആസിഡുകള്‍ മെറ്റബോളിക്  സിന്‍ഡ്രോം ഉണ്ടാക്കും.  എല്‍.ഡി.എല്ലിന്റെ അളവ് കൂടാനും കരളില്‍ കൂടുതല്‍ കൊഴുപ്പ് അടിഞ്ഞുകൂടി കരളിലെ ഇന്‍സുലിന്‍ വിഘടനത്തെ തടയാനും സ്വതന്ത്ര ഫാറ്റി ആസിഡുകള്‍ കാരണമാകും.  ഇന്‍സുലിന്റെ അളവ് രക്തത്തില്‍ കൂടാനും ഇന്‍സുലിന്‍ പ്രതിരോധനത്തിനും ഇടയാക്കും.
സൂചനകള്‍:  പൊണ്ണത്തടി, രക്താതിമര്‍ദം, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയെല്ലാമാണ് മെറ്റബോളിക് സിന്‍ഡ്രോമിന്റെ സൂചനകള്‍.
പരിശോധന:  മെറ്റബോളിക് സിന്‍ഡ്രോമിലേക്ക് നയിക്കുന്ന ഏതെങ്കിലും ഒരു രോഗാവസ്ഥയുടെ സൂചന ലഭിച്ചാല്‍ തന്നെ പരിശോധന നടത്തണം.

ഫാറ്റിലിവര്‍

ചെറുപ്പക്കാരില്‍ ഇപ്പോള്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ് ഫാറ്റിലിവര്‍.   കരളിലെ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.   അമിത മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമെല്ലാം ചെറുപ്പക്കാര്‍ക്കിടയില്‍ ഫാറ്റിലിവര്‍ കൂടാന്‍ ഇടയാക്കി.   രോഗം പുരോഗമിക്കുകയാണെങ്കില്‍ സിറോസിസ് എന്ന ഗുരുതരമായ അവസ്ഥയിലേക്കെത്തും.
സൂചന:  വിശപ്പിലായ്മ, വയറിന്റെ വലതുഭാഗത്ത് വേദന, മഞ്ഞപ്പിത്തം, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ചിലരില്‍ കണ്ടേക്കാം.   രോഗം പരിശോധിച്ച് സിറോസിസ് ആകുമ്പോഴേ പലപ്പോഴും പ്രത്യക്ഷ ലക്ഷണങ്ങള്‍ തിരിച്ചറിയാനാകൂ.
പരിശോധന:  കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയവ ഉള്ളവര്‍ കരളിന്റെ ആരോഗ്യം പരിശോധിക്കാന്‍ ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ് എന്ന രക്തപരിശോധന നടത്തണം.   അള്‍ട്രാ സൗണ്ട് സ്‌കാനിങ്ങും ബയോപ്‌സിയും നടത്തുന്നത് പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കും.

ഹൃദ്രോഗം

മാറിയ ജീവിതരീതിയും തെറ്റായ ഭക്ഷണ ശീലവും ചെറുപ്പക്കാര്‍ക്കിടയില്‍ ഹൃദ്രോഗസാധ്യത വര്‍ധിപ്പിച്ചു.  പുകവലി, അമിത വണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍, രക്താതിമര്‍ദം, വ്യായാമരഹിതമായ ജീവിതരീതി തുടങ്ങിയവയെല്ലാം ഹൃദ്രോഗസാധ്യത കൂട്ടുന്നു.  പ്രമേഹവും കൊളസ്‌ട്രോളും രക്താതിമര്‍ദവും ചെറുപ്പക്കാരുടെ ഹൃദയാരോഗ്യം ദുര്‍ബലമാകാന്‍ ഇടയാക്കി.   ഹോമോസിസ്റ്റീന്‍ എന്ന അമിനോ ആസിഡിന്റെ വര്‍ധന, ലൈപ്പോപ്രോട്ടീന്‍-എ അളവ് ഉയരുന്നത്, ഇന്‍സുലിന്‍ പ്രതിരോധം, ഫൈബ്രിനോജന്‍ നില ഉയരുന്നത് എന്നിവയും ഹൃദയത്തിന്റെ ആപത്ഘടകങ്ങളാണ്.  ജീവിതശൈലിമാറ്റത്തെ തുടര്‍ന്ന് ഏറ്റ്വും കൂടുതല്‍ കണ്ടുവരുന്ന ഹൃദ്രോഗം ഹാര്‍ട്ട് അറ്റാക്ക് ആണ്.   ഹൃദയപേശികളിലെ കോശങ്ങളിലേക്ക് രക്തമെത്തിക്കുന്ന കൊറോണറി ധമനിയിയില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഉള്‍വ്യാസം കുറയുന്നതാണ് പ്രശ്‌നം. ഭക്ഷണത്തിലൂടെയും മറ്റും അമിതമായി എത്തുന്ന കൊഴുപ്പ് രക്തക്കുഴലിലൂടെ അകവശത്തെ എന്‍ഡോതീലിയത്തില്‍ പറ്റിപ്പിടിച്ചാണ് ഉള്‍വ്യാസം കുറയുന്നത്.
സൂചന: ഹൃദയഭാഗത്തുണ്ടാകുന്ന അതിശക്തമായ വേദനയാണ് ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം.   വേദനയുടെ സ്വഭാവം പലരിലും പലതരത്തിലാകാറുണ്ട്.  നെഞ്ചില്‍ വലിയൊരു ഭാരം ഉള്ളതുപോലെ അനുഭവപ്പെടാം.  കുത്തുന്നതുപോലെയും വലിഞ്ഞുമുറുകുന്നതുപോലെയും തോന്നാം.  വേദന തോളുകളില്‍ലേക്ക് വ്യാപിക്കുന്നതും സാധാരണമാണ്.  ഇടതുകൈയിലേക്ക് വേദന വരുന്നതായും അനുഭവപ്പെടാം.   ചിലരില്‍ ഉടതുകൈ, താടി എന്നിവിടങ്ങളിലും വേദന ഉണ്ടാകാം.   ഛര്‍ദ്ദി, ശ്വാസം മുട്ടല്‍, തലകറക്കം, വയറിളക്കം തുടങ്ങിയവ ഉണ്ടാകാനും സാധ്യതയുണ്ട്.
പരിശോധന:  ഹൃദയാഘാതം തിരിച്ചറിയാന്‍ ഇ.സി.ജി. പരിശോധനയിലൂടെ കഴിയും.  ഹൃദയാഘാതത്തെത്തുടര്‍ന്ന് ഹൃദയത്തിലെ ചില എന്‍സൈമുകള്‍ സാവകാശം രക്തത്തിലേക്ക് കലരാമെന്നതിനാല്‍ രക്തപരിശോധനയിലൂടെ തിരിച്ചറിയാനാകും.  ഇക്കോകാര്‍ഡിയോഗ്രാം, സ്‌ട്രെസ് ടെസ്റ്റ്, എം.ആര്‍.ഐ. എന്നിവയും രോഗനിര്‍ണയത്തിന് ഉപയോഗിക്കാറുണ്ട്.

സ്‌ട്രോക്ക്

സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം മുമ്പ് 50-60 വയസ്സിലാണ് ബാധിച്ചിരുന്നത്.   ഇപ്പോള്‍ ചെറുപ്പക്കാരെത്തന്നെ സ്‌ട്രോക്ക് ആക്രമിച്ചു തുടങ്ങി.   സ്ത്രീകളെക്കാള്‍ പുരുഷ•ാരിലാണ് സ്‌ട്രോക്ക്  കൂടുതലായി കാണുന്നത്.   വ്യയാമക്കുറവ്, തെറ്റായ ഭക്ഷണ രീതികള്‍, അനിയന്ത്രിതമായ പ്രമേഹം, കൊളസ്‌ട്രോള്‍, രക്താതിമര്‍ദം എന്നിവയും പ്രായം, പാരമ്പര്യഘടകം തുടങ്ങിയവയുമെല്ലാം സ്‌ട്രോക്കിന് കാരണമാകും.
തലച്ചോറിലെ ഏതെങ്കിലും ഭാഗത്തെ പ്രവര്‍ത്തനം പെട്ടെന്ന് മന്ദീഭവിക്കുകയോ ഭാഗീകമായി നാശം നേരിടുകയോ ചെയ്യുന്ന അവസ്ഥയാണ് സ്‌ട്രോക്ക്.   മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്‌സിജനും പോഷകങ്ങളും ലഭിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ മസ്തിഷ്‌കത്തിന് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാനാകൂ.   അല്ലെങ്കില്‍ മസ്തിഷ്‌കകോശങ്ങള്‍ നശിച്ചു തുടങ്ങും.   മസ്തിഷ്‌കത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉള്‍വ്യാസം കുറഞ്ഞുപോവുക, രക്തക്കട്ടകള്‍ വന്നടിഞ്ഞ് രക്തമൊഴുക്ക് തടസ്സപ്പെടുക, ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടാവുകയും ഇവയൊക്കെയാണ് സ്‌ട്രോക്കിന് ഇടവരുത്തുന്നത്.   തലച്ചോറിലെ കോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ പിന്നീട് ഉണ്ടാവാത്തതാണ് എന്നതും പ്രശ്‌നം സങ്കീര്‍ണ്ണമാക്കും.
സൂചന:  ശരീരഭാഗങ്ങളിലുണ്ടാകുന്ന തളര്‍ച്ചയാണ് പ്രധാന സൂചന.   അതിശക്തമായ തലവേദന, ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെട്ട് എഴുന്നേല്‍ക്കാനോ നടക്കാനോ കഴിയാതെ വരിക, തരിപ്പ്, കാഴ്ചാപ്രശ്‌നങ്ങള്‍, മുഖം കോടിപ്പോവുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞു പോവുക എന്നിവയും ഉണ്ടാകാം.
പരിശോധന:  സ്‌ട്രോക്കിന്റെ ചെറിയ സൂചനകള്‍ ഉണ്ടായാല്‍ തന്നെ ഉടന്‍ ചികിത്സ ലഭ്യമാക്കണം.   തലച്ചോറിലെ കോശങ്ങള്‍ക്കുണ്ടായ ക്ഷതം ബ്രെയ്ന്‍ സി.ടി. സ്‌കാനിലൂടെ തിരിച്ചറിയാം.   എം. ആര്‍. ഐ., ബ്ലഡ് ടെസ്റ്റ് എന്നിവയും നടത്താറുണ്ട്.

വൃക്കരോഗം

ജീവിതരീതിയില്‍ വന്ന മാറ്റമാണ് വൃക്കരോഗത്തിന് കാരണം.  പ്രമേഹവും രക്താതിമര്‍ദവും നിയന്ത്രിച്ചാല്‍ 75 ശതമാനം വൃക്കത്തകരാറുകളും തടയാന്‍ കഴിയും.  വൃക്കകളുടെ പ്രവര്‍ത്തനശേഷി കാലക്രമത്തില്‍ കുറഞ്ഞുവരുന്ന അവസ്ഥയാണ് വൃക്കരോഗം.   വൃക്കകളുടെ പ്രവര്‍ത്തനം സ്ഥായിയായി കുറയുന്ന സാഹചര്യമാണ് ക്രോണിക്ക് റീനല്‍ ഫെയ്‌ലിയര്‍.   വൃക്കകളുടെ പ്രവര്‍ത്തനത്തകരാര്‍ അതിന്റെ ഘടനയെ ബാധിക്കും വിധം മൂന്നുമാസത്തിലധികം നീണ്ടു നില്‍ക്കുന്ന അവസ്ഥയാണ് ക്രോണിക് കിഡ്‌നി ഡിസീസ്.   അനിയന്ത്രിതമായ പ്രമേഹം, രക്താതിമര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ ഉള്ളവരിലും ലഹരി ഉപയോഗിക്കുന്നവരിലും വൃക്കരോഗസാധ്യത കൂടുന്നു.  പാരമ്പര്യഘടകവും രോഗകാരണമാകാറുണ്ട്.
സൂചന:  തുടക്കത്തില്‍ പ്രതേ്യകിച്ച് യാതൊരു സൂചനയും തരില്ല.  വൃക്കയുടെ പ്രവര്‍ത്തനശേഷി മുപ്പതുശതമാനത്തിലും താഴെയായി ചുരുങ്ങുമ്പോള്‍ മാത്രമേ ചെറിയ ലക്ഷണങ്ങളൊക്കെ കണ്ടെന്നു വരൂ.   കൈകളില്‍ നീര്, വിശപ്പില്ലായ്മ, ക്ഷീണം, ഉറക്കക്കുറവ്, പേശിപിടിത്തം, മൂത്രമൊഴിക്കുന്നതിന്റെ ഇടവേള കൂടുകയോ കുറയുകയോ ചെയ്യുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടെത്താം.
പരിശോധന:  രക്തത്തിലെ ക്രിയാറ്റിനിന്‍, യൂറിയ എന്നിവ കണക്കാക്കുന്ന കിഡ്‌നി ഫങ്ഷന്‍ ടെസ്റ്റ്, വൃക്കകളുടെ ഘടനയും വലുപ്പവും മനസ്സിലാക്കുന്ന അള്‍ട്രാസൗണ്ട്, സി.ടി., എം.ആര്‍.ഐ. വൃക്കയിലെ കോശങ്ങള്‍ പരിശോധിക്കുന്ന ബയോപ്‌സി, മൂത്രപരിശോധന എന്നിവ നടത്താറുണ്ട്.

കാന്‍സര്‍

കോശവിഭജനം അനിയന്ത്രിതമായി മാറുമ്പോഴുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങളാണ് കാന്‍സര്‍.   പുരുഷ•ാരില്‍ വായിലെ കാന്‍സറുകളും ശ്വാസകോശ കാന്‍സറുമാണ് ഏറെക്കാലമായി കാണുന്നത്.   ഭക്ഷണരീതിയിലും ജീവിതശൈലിയിലും ചുറ്റുപാടുകളിലുമൊക്കെയുണ്ടായ ദോഷകരമായ മാറ്റമാണ് കാന്‍സര്‍ വ്യാപനത്തിന് വേഗം കൂട്ടിയത്.   കാന്‍സറിനെ ഇപ്പോള്‍ ജീവിതശൈലിരോഗമായാണ് കണക്കാക്കുന്നത്.   കേരളത്തില്‍ ഒരു വര്‍ഷം അരലക്ഷം പേരില്‍ കാന്‍സര്‍ രോഗം സ്ഥിരീകരിക്കുന്നുണ്ട്.   പുരുഷ•ാരില്‍ ബ്ലഡ്കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, മലാശയ കാന്‍സര്‍, ലിംഫോമ, തൈറോയ്ഡ് കാന്‍സര്‍, ശ്വാസകോശ കാന്‍സര്‍ തുടങ്ങിയവയെല്ലാം കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ കണക്കനുസരിച്ച് പുരുഷ•ാരില്‍ കാന്‍സര്‍ മരണങ്ങളില്‍ കൂടുതലും ശ്വാസകോശ കാന്‍സര്‍ ബാധിച്ചാണ്.  കാന്‍സറിലേക്കു നയിക്കുന്ന ഒട്ടേറെ കാരണങ്ങളുണ്ട്.   കൊഴുപ്പും ഉപ്പും കൂടിയ ഭക്ഷണരീതിയോടുള്ള അമിത താത്പര്യം, വ്യായാമത്തിന്റെ കുറവ്, കീടനാശിനികള്‍ അടങ്ങിയ പഴങ്ങളുടെയും പച്ചക്കറിയുടെയും ഉപയോഗം, ഫാസ്റ്റ് ഫുഡ്, കൃത്രിമ നിറങ്ങള്‍, പാരമ്പര്യ ഘടകങ്ങള്‍, അന്തരീക്ഷ മലിനീകരണം തുടങ്ങിയവയെല്ലാം കാരണമാകാം.
സൂചന: അകാരണമായി ശരീരഭാരം കുറയുക, മുഴകളും തടിപ്പുകളും, തുടര്‍ച്ചയായി വന്നുപോയുമിരിക്കുന്ന പനി, കാരണമില്ലാതെ തുടര്‍ച്ചയായി ഉണ്ടാകുന്ന ദഹനക്കുറവ്, വായില്‍ ഉണങ്ങാതക്കത വ്രണങ്ങളുണ്ടാവുക, ശരീരഭാഗങ്ങളില്‍ വിട്ടുമാറാത്ത വേദന, അകാരണമായ വിട്ടുമാറാത്ത ക്ഷീണം തുടങ്ങടിയവ കാന്‍സറിന്റെ ലക്ഷണമായേക്കാം.   ഇത്തരം സമാന ലക്ഷണങ്ങള്‍ മറ്റു രോങ്ങള്‍ക്കും ഉണ്ടാവാറുണ്ട്.
പരിശോധന:  രോഗം നേരത്തെ കണ്ടെത്തിയാല്‍ പല കാന്‍സറുകളും ചികിത്സിച്ച് ഭേദമാക്കാം.  ഓരോതരം കാന്‍സറുകളും നിര്‍ണയിക്കാന്‍ ഓരോതരം പരിശോധനാരീതികള്‍ ഉപയോഗിക്കാറുണ്ട്.   പൊതുവേ വിവിധതരം ബയോപ്‌സികള്‍, സി.ടി.സ്‌കാന്‍, എക്‌സ്‌റേ, എം. ആര്‍.ഐ., രക്തപരിശോധനകള്‍ എന്നിവ പ്രയോജനപ്പെടുത്താം.

സന്ധിവേദന

ഒരുകാലത്ത് പ്രായമായവരില്‍ കണ്ടുവരുന്ന വേദനകള്‍ ഇപ്പോള്‍ ചെറുപ്പക്കാരുടെയും രോഗങ്ങള്‍ കമ്പ്യൂട്ടറിനു മുമ്പില്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുള്ള ജോലിയും വാഹനങ്ങളിലുള്ള സ്ഥിരയാത്രയും വ്യായാമക്കുറവും ചെറുപ്പക്കാരില്‍ സന്ധിവേദന സാധ്യത വര്‍ധിപ്പിച്ചു.  കമ്പ്യൂട്ടറിനു മുന്നില ദീര്‍ഘനേരം ചെലവിടുന്നവരില്‍ കഴുത്തുവേദന സാധാരണമായി.   കശേരുക്കളുടെ തേയ്മാനവും നാഡീഞരമ്പുകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും കാരണം വേദന തോളിലേക്കും കൈകളിലേക്കും വ്യാപിക്കും.  ഇരുചക്രവാഹനം ഉപയോഗിക്കുന്നവരിലും ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലും നടുവേദന കൂടുന്നു.   സന്ധിതേയ്മാനത്തെ തുടര്‍ന്നുള്ള ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്സും ചെറുപ്പക്കാരില്‍ കൂടുന്നുണ്ട്.
കടപ്പാട് : ഡോ. മനോജ്
സീനിയര്‍ കണ്‍സല്‍ട്ടന്റ്, ജനറല്‍ മെഡിസിന്‍
മിംസ് ഹോസ്പിറ്റല്‍, കോഴിക്കോട്
മാതൃഭൂമി ആരോഗ്യമാസിക

അവസാനം പരിഷ്കരിച്ചത് : 7/27/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate