অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ മനസ്സിലാക്കാം!

പച്ചക്കറിയില്‍ വിഷമുണ്ടോ? എങ്ങനെ മനസ്സിലാക്കാം!

ഭക്ഷണം നാം ആരോഗ്യത്തിനായി കഴിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഭക്ഷണത്തിലെ മായം ഇന്ന് ആരോഗ്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഒന്നാണ്. ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭൂരിഭാഗം വസ്തുക്കളിലും മായം കലര്‍ന്നിട്ടുണ്ടെന്നതാണ് വാസ്തവം. ഇത് സാധാരണക്കാര്‍ക്കു തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും വരില്ല. ഇതുപോലെയാണ് പച്ചക്കറികളുടെ കാര്യവും. പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളവയാണ് മിക്കവാറും എല്ലാ പച്ചക്കറികളും. എന്നാല്‍ ഇന്നു മാര്‍ക്കറ്റില്‍ നിന്നും നാം വാങ്ങുന്ന മിക്കവാറും പച്ചക്കറികള്‍ വിഷാംശമായാണ് എത്തുന്നത്. കാരണം കെമിക്കലുകള്‍ തന്നെയാണ്. പച്ചക്കറികള്‍ കേടാകാതിരിയ്ക്കാനും വലിപ്പം വര്‍ദ്ധിപ്പിയ്ക്കാനും എളുപ്പം പഴുക്കാനുമെല്ലാമായി ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളാണ് ഇവയില്‍ പലതിലും അടിയ്ക്കുന്നത്. ഇത് ക്യാന്‍സറടക്കമുളള പല രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരം പച്ചക്കറികള്‍, കെമിക്കലുകളുടെ അംശം തിരിച്ചറിയാന്‍ സാധാരണക്കാര്‍ക്കു കഴിയാത്തതാണ് പ്രശ്‌നം. ഇതുവഴി ആരോഗ്യത്തിനു വേണ്ടി വില കൊടുത്തു പച്ചക്കറികള്‍ വാങ്ങുമ്പോള്‍ നാം രോഗങ്ങള്‍ കൂടി വിലയ്‌ക്കെടുക്കുകയാണ് ചെയ്യുന്നത്. ചില പച്ചക്കറികള്‍ കെമിക്കലുകള്‍ അടിച്ചതാണോയെന്നു തിരിച്ചറിയാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ, ഇതുവഴി ഒരു പരിധി വരെ നമുക്കു വിഷത്തില്‍ നിന്നും ഇതുവഴി വരുന്ന രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യാം. ക്യാരറ്റ് ക്യാരറ്റ് പൊതുവേ കാഴ്ചയ്ക്കു നല്ല നിറമുള്ള, നല്ല വലിപ്പമുള്ളതു നോക്കിയാണ് നാം തെരഞ്ഞെടുക്കുക. പെട്ടെന്നു കണ്ണില്‍ പെടുന്നത് ഇതാണെന്നതാണ് വാസ്തവം. എന്നാല്‍ ഇത്തരം ക്യാരറ്റുകള്‍ നല്ലതല്ല. അധികം നിറമില്ലാത്ത, വലിപ്പമില്ലാത്ത ക്യാരറ്റുകളാണ് ആരോഗ്യത്തിന് ഏറെ നല്ലത്. മറ്റുള്ളവ പലപ്പോഴും കെമിക്കല്‍ സമ്പുഷ്ടമായിരിയ്ക്കും. ഉരുളക്കിഴങ്ങ് ഒരുവിധം എല്ലാവരും ഉപയോഗിയ്ക്കുന്ന ഭക്ഷണവസ്തുവാണ് ഉരുളക്കിഴങ്ങ്. ഇതുകൊണ്ടുള്ള വിഭവങ്ങള്‍ ഏറെ സ്വാദിഷ്ടവുമാണ്. ഇത് പല രൂപത്തിലും, കറിയായും വറുത്തുമെല്ലാം കഴിയ്ക്കുന്നതും സാധാരണം. എന്നാല്‍ ഇവ ധാരാളം കെമിക്കലുകള്‍ പെട്ടെന്നു തന്നെ വലിച്ചെടുക്കുന്ന വിധമാണ്. ഉരുളക്കിഴങ്ങ് വാങ്ങുമ്പോള്‍ അധികം വലിപ്പത്തിലുള്ളതു നോക്കി വാങ്ങാതിരിയ്ക്കുക. ഇടത്തരം, ചെറുത് എന്നിവയാണ് ആരോഗ്യത്തിന് ഗുണകരമായവ. അല്ലാത്തവ മിക്കവാറും പല കെമിക്കലുകളും അടിച്ചതാകാന്‍ വഴിയുണ്ട്. തക്കാളി തക്കാളിയും ഇതുപോലെ കെമിക്കലുകള്‍ അടങ്ങിയ ഒന്നാണ്. തക്കാളിയില്‍ വെളുത്ത വരകളുണ്ടെങ്കില്‍ ഇത് നൈട്രേറ്റ് എന്ന കെമിക്കലുകളെ സൂചിപ്പിയ്ക്കുന്നു. ഇതുപോലെ ഇവ തൊട്ടുനോക്കിയാല്‍ നല്ലതാണോയെന്നറിയാം. തക്കാളിയില്‍ സ്പര്‍ശിയ്ക്കുമ്പോള്‍ തൊലി കൃത്രിമമായി തോന്നുന്നുവെങ്കില്‍ ഇത് കെമിക്കലുകള്‍ അടങ്ങിയതാണെന്നര്‍ത്ഥം. കുക്കുമ്പര്‍ കുക്കുമ്പര്‍ അഥവാ ചെറുവെള്ളരി ആരോഗ്യകരമായ ഒന്നാണ്. സാലഡുകളിലെ പ്രധാന ചേരുവ. ധാരാളം വെള്ളമടങ്ങിയ ഇത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ളതുമാണ്. കുക്കുമ്പര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കീഴറ്റം നല്ല കട്ടിയുള്ളതുനോക്കി വാങ്ങുന്നതാണ് നല്ലത്. ഇതുപോലെ ഇവ മുറിയ്ക്കുമ്പോള്‍ ഇതില്‍ കുരുവില്ലൈങ്കില്‍ ഇതുപയോഗിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഇതില്‍ ധാരാളം വിഷാംശമുണ്ടെന്നതാണ് ഇതു കാണിയ്ക്കുന്നത്. ക്യാബേജ് ഇലക്കറിയായ ക്യാബേജിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. എന്നാല്‍ ഇതിലും ധാരാളം കെമിക്കലുകളടങ്ങാന്‍ സാധ്യതയുമുണ്ട്. പ്രത്യേകിച്ചും ഇലവര്‍ഗത്തില്‍ പെട്ട ഇതില്‍ പുഴുവും മറ്റും വരാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ. കട്ടി കുറഞ്ഞ, അധികം വലിപ്പമില്ലാത്ത ഒരേ നിറത്തിലെ ക്യാബേജ് നോക്കി വാങ്ങുക. ഇവയില്‍ എന്തെങ്കിലും പാടുകളോ കുത്തുകളോ ഉണ്ടെങ്കിലും വാങ്ങരുത്. ആപ്പിള്‍ ആപ്പിളുകളും ധാരാളം കെമിക്കലുകളടങ്ങാന്‍ സാധ്യതയുള്ള ഒന്നാണ്. സാധാരണ നല്ല നിറത്തിലുള്ള, തൊലിയില്‍ പാടുകളോ മറ്റോ ഇല്ലാത്ത നല്ലപോലെ പഴുത്ത പോലുള്ളവയാണ് നാം നോക്കുക. ഇതുപോലെ തിളക്കമുള്ള തൊലിയും. എന്നാല്‍ തിളക്കമുള്ള തൊലി പലപ്പോഴും മെഴുകിന്റെ അംശമാണ് കാണിയ്ക്കുന്നത്. അല്‍പം പച്ചനിറമുള്ള, അത്രക്ക് അഴകില്ലാത്ത, അധികം വലിപ്പമില്ലാത്ത ആപ്പിള്‍ നോക്കി വാങ്ങാന്‍ ശ്രദ്ധിയ്ക്കുക. ഇത് കെമിക്കല്‍ അംശം കുറച്ചു മാത്രം അടങ്ങിയതാകും. മത്തങ്ങ മത്തങ്ങയും ആരോഗ്യഗുണങ്ങള്‍ ഏറെ അടങ്ങിയ ഒന്നാണ്. മത്തങ്ങയും കുരുവുമെല്ലാം ഒരുപോലെ ആരോഗ്യകരവുമാണ്. എന്നാല്‍ മത്തങ്ങ പുറംതൊലിയില്‍ അധികം പാടുകളില്ലാത്ത, മിനുസമുളളവ നോക്കി വാങ്ങുക. ഇത് ആരോഗ്യപരമായി നല്ലതാണ്. അതേ സമയം പുറംതൊലിയില്‍ വരകളുള്ള, പ്രത്യേകിച്ചു നേര്‍വരകളല്ലാത്തവയെങ്കിലും ഇരുണ്ട നിറത്തിലെ കുത്തുകളുണ്ടെങ്കിലും വാങ്ങാതിരിയ്ക്കുക. ഇത് രാസപ്രയോഗത്തിന്റെ സൂചനായാണ് കാണിയ്ക്കുന്നത്. ആരോഗ്യപരമായി നല്ലതല്ലെന്നര്‍ത്ഥം. സ്‌ട്രോബെറി സ്‌ട്രോബെറിയും ഇതു പോലെ രാസവളപ്രയോഗം നടന്നവയാണെങ്കില്‍ ആരോഗ്യപരമായി ദോഷങ്ങളുണ്ടാക്കും. നാം സാധാരണയായി കാണാന്‍ നല്ല നിറമുള്ള, വലിപ്പമുള്ള സ്‌ട്രോബെറി നോക്കിയാണ് വാങ്ങാറ്. കടുത്ത നിറമുള്ളവ മിക്കാവാറും കെമിക്കല്‍ അടങ്ങിയവയാകും. ഇതുപോലെ അധികവലിപ്പമുള്ളവയും. സാധാരണയായി കെമിക്കലുകള്‍ അടങ്ങാത്ത സ്‌ട്രോബെറി വെള്ളത്തിലിട്ടാല്‍ അല്‍പം കഴിയുമ്പോള്‍ ജ്യൂസ് പുറത്തു വിടും. എന്നാല്‍ കെമിക്കലുകള്‍ അടങ്ങിയവയില്‍ ഇതുണ്ടാകില്ല. അവ അതേ രൂപത്തില്‍ തന്നെ കിടക്കും. ഇതുപോലെ സ്‌ട്രോബെറിയ്ക്ക് സാധാരണ മണമുണ്ടെങ്കില്‍ ഇത് രാസവസ്തുക്കള്‍ അടങ്ങിയിട്ടില്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഇതും ഇവയിലെ വിഷാംശം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒന്നാണ്. തണ്ണിമത്തന്‍ തണ്ണിമത്തനും സീസണില്‍ വാങ്ങിയില്ലെങ്കില്‍ കെമിക്കല്‍ പ്രയോഗം അടങ്ങിയതാകാന്‍ വഴിയുണ്ട്. തണ്ണിമത്തന്‍ മുറിയ്ക്കുമ്പോള്‍ നല്ല ചുവപ്പു നിറവും അതേ സമയം മഞ്ഞ നാരുകളുമെങ്കില്‍ രാസപ്രയോഗമുള്ളവയെന്നര്‍ത്ഥം. സാധാരണ കെമിക്കല്‍ അടങ്ങാത്ത തണ്ണിമത്തനില്‍ വെള്ള ഫൈബറുകളാണ് ഉണ്ടാവുക. ഇതുപോലെ തണ്ണിമത്തന്‍ മുറിയ്ക്കുമ്പോള്‍ ഇതിലെ മാംസളമായ ഭാഗത്തു പിളര്‍പ്പുണ്ടെങ്കില്‍ ഇതും രാസപ്രയോഗ സൂചനയാണ് നല്‍കുന്നത്. നാം പലപ്പോഴും ഇത് നല്ലപോലെ പഴുത്ത തണ്ണിമത്തന്‍ അടയാളമായി കാണാറുണ്ട്. എന്നാല്‍ വാസ്തവം ഇതല്ല. ചെറി ചെറികളിലും ധാരാളം കെമിക്കലുകള്‍ അടങ്ങാന്‍ സാധ്യതയേറെയാണ്. ചെറികള്‍ നല്ല തെളിഞ്ഞ നിറവും എല്ലായിടത്തും ഒരേ നിറവുമെങ്കില്‍ ഇത് നല്ലതാണെന്നാണ് സൂചന നല്‍കുന്നത്. കെമിക്കലുകളെങ്കില്‍ പലയിടത്തും പല നിറങ്ങളുണ്ടാകും. പ്രത്യേകിച്ചും വെളുത്തു കുത്തുകളുമുണ്ടാകും. ഇതിനര്‍ത്ഥം ഇതില്‍ രാസവസ്തുക്കളുണ്ടെന്നതാണ്. ഇതുപോലെ ഇതിന്റെ മണവും വ്യത്യസ്തമാകും. ചെറികള്‍ ചൂടുവള്ളത്തിലിട്ടാല്‍ അല്‍പ സമയത്തിനു ശേഷം ഇതിന്റെ മണം വ്യത്യാസപ്പെടുന്നില്ലെങ്കില്‍ ഇതിനര്‍ത്ഥം രാസവസ്തുക്കള്‍ അടങ്ങിയവയല്ലെന്നതാണ്. പഴങ്ങളും പച്ചക്കറികളും പഴങ്ങളും പച്ചക്കറികളും വാങ്ങുമ്പോള്‍ കയ്യില്‍ പിടിച്ചു നോ്ക്കുക. കനമുള്ളവ നോക്കി വാങ്ങുക. ഇത് സ്വാഭാവികരീതിയില്‍ വളര്‍ത്തിയാകും. ഇതുപോലെ ഇവയില്‍ പ്രാണികളോ പുഴുക്കുത്തോ കണ്ടാലും കേടായതെന്നു കരുതേണ്ട. ഇതില്‍ കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്. എപ്പോഴും സീസണല്‍ അതായത് അതാതു സീസണില്‍ ലഭിയ്ക്കുന്ന പച്ചക്കറികളും പഴവര്‍ഗങ്ങളും വാങ്ങുക്. സീസണല്ലാത്തവ കൃത്രിമ വഴികളുപയോഗിച്ചു വളര്‍ത്തിയതാകാന്‍ സാധ്യതയേറെയാണ്.

കടപ്പാട്
boldsky.com

അവസാനം പരിഷ്കരിച്ചത് : 6/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate