Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

സമഗ്ര ആരോഗ്യം

കൂടുതല്‍ വിവരങ്ങള്‍

വെള്ള ചന്ദനം

ശക്തിയായ ശീതദ്രവ്യം, ഹൃദ്യമായ സുഗന്ധദ്രവ്യം എന്നീ നിലകളില്‍ അറിയപ്പെടുന്ന ഒരു വൃക്ഷമാണ് ചന്ദനം.


കുടുംബം : സന്റൊലേസി
ശാസ്ത്രനാമം : സന്റൊലം ആല്‍ബം

തെക്കേ ഇന്ത്യയിലെ ചില വരണ്ട മേഖലകളിലെ വനങ്ങളിലാണ് ചന്ദനം സ്വാഭാവികമായി വളരുന്നത്. കര്‍ണ്ണാടകത്തിലും കേരളത്തില്‍ മറയൂരിലുമാണ് ചന്ദനം പ്രധാനമായും കാണപ്പെടുന്നത്. ചന്ദനമരം അര്‍ധപരാദ ജീവിതമാണ് നയിക്കുന്നത്. ഇതു കാരണം ചന്ദനകൃഷി വിപുലമാക്കാന്‍ ബുദ്ധിമുട്ടാണ്.

വളരെ സാവധാനത്തില്‍ വളരുന്ന ചന്ദനവൃക്ഷത്തിന് പത്തു മീറ്റര്‍വരെ ഉയര്‍ച്ചയുണ്ടാകും. നല്ല കട്ടിയുള്ളതും സുഗന്ഷത്തോടു കൂടിയതുമാണ് ഇതിന്റെ തടി. ഇലകള്‍ ചെറുതും കൂര്‍ത്തതുമായിരിക്കും. ചന്ദനത്തിന്റെ ചെറിയെ വൃക്ഷങ്ങള്‍ക്ക് മണമോ ഭംഗിയോ കാണില്ല. മഞ്ചാടിക്കുരുവിന്റെ വലിപ്പത്തിലുള്ള ഫലങ്ങള്‍ ആദ്യം പച്ചനിറത്തിലും പിന്നെ ചുമപ്പും പച്ചനിറത്തിലുമായി മാറുന്നു.

ശരീരത്തിന് കുളിര്‍മയും ഉന്മേഷവും തണുപ്പും നല്കുന്ന ചന്ദനം രക്തവും ശുദ്ധീകരിക്കുന്നു. ചന്ദനത്തൈലം ഡൈസൂറിയ (മൂത്രതടസ്സം) എന്ന രോഗത്തിന്റെ ചികിസ്തയ്ക്ക് വളരെ ഫലപ്രദമാണ്. മൂത്രവിസര്‍ജനം ഉത്തേജിപ്പിക്കുക, അര്‍ശസ്സ്, രക്താതിസാരം എന്നിവയിലെ രക്തവാര്‍ച്ച ശമിപ്പിക്കുന്നതിനും ചന്ദനം ഔഷധമായി ഉപയോഗിക്കുന്നു.

ചില ഔഷധപ്രയോഗങ്ങള്‍

 • രക്തം അധികം പോകുന്ന അര്‍ശസ്സുള്ളവര്‍ മൂന്നു ഗ്രാം മുതല്‍ ആറു ഗ്രാം വരെ ചന്ദനം അരച്ച് 250 മില്ലി ലിറ്റര്‍ മേരില്‍ കലക്കി ദിവസവും രണ്ടു പ്രാവശ്യം വീതം കുടിക്കാമെങ്കില്‍ രക്തപ്പോക്ക് നില്ക്കും.
 • മൂത്രച്ചൂടില്‍ മൂത്രം അല്പാല്പം പോകുക, മൂത്രത്തിലെ രക്താംശം, മൂത്രപ്പഴുപ്പ് എന്നീ അസുഖമുള്ളവര്‍ വെള്ളചന്ദനമരച്ച് പാലില്‍ കുടിക്കണം. ദിവസവും രണ്ടു നേരം വീതം നാലോ അഞ്ചോ ദിവസം ഇത് തുടരേണ്ടതാണ്.
 • കുട്ടികളുടെ ഛര്‍ദിക്ക് വെള്ളചന്ദനമരച്ച് വെള്ലത്തില്‍ കലക്കിക്കൊടുക്കുന്നത് നല്ലതാണ്.
 • ചന്ദനത്തടി വെള്ളം തൊട്ട് അരച്ചെടുത്ത് നീരുള്ള ഭാഗത്തും തലവേദനയ്ക്ക് നെറ്റിയിലും ത്വക്ക് രോഗ ഭാഗങ്ങളിലും പുരട്ടിയാല്‍ ഫലം സിദ്ധിക്കും.

 

കുട്ടികളിലെ ഓട്ടിസം കണ്ടെത്താം..


“ഈ കുട്ടി എന്താ ഇങ്ങനെ? മറ്റു കുട്ടികളുടെ കൂടെ കളിക്കാതെ, കൂട്ട് കൂടാതെ, എപ്പോഴും തനിച്ചിരുന്ന് അവന്‍റെ കളിപാട്ടങ്ങള്‍ മാത്രം അടുക്കിപെറുക്കിവെച്ച്… “ നിങ്ങളുടെ കുട്ടി ഇങ്ങനെ ആണ് എന്ന് നിങ്ങള്‍ പരിതപ്പിക്കാറുണ്ടോ? ഒരു പക്ഷേ ഓട്ടിസം എന്നപേരില്‍ അറിയപെടുന്ന, കുട്ടികളിലെ മനോവ്യക്തിത്വ വികസനത്തിന് തടസമുണ്ടാക്കുന്ന ഒരു പ്രതേകസ്ഥിതിവിശേഷം നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിരിക്കാം..

എന്താണ് ഓട്ടിസം ?

പരിസരവുമായി ബന്ധമില്ലാതെ കുട്ടി അവന്റേതായ ലോകത്ത് വിരഹിക്കുന്ന ഒരുതരം അവസ്ഥയാണ് ‘ഓട്ടിസം' എന്ന വാക്കുക്കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികളിലെ വളര്‍ച്ചാവികാസത്തിലുണ്ടാകുന്ന അപാകതകളില്‍ ( പെര്‍വാസീവ് ഡെവലപ്പ്മെന്റല്‍ ഡിസോര്‍ഡെര്‍സ് ) ഏറ്റവും പധാനപ്പെട്ട ഒന്നാണ് ‘ഓട്ടിസം'. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ 2 പേര്‍ക്കെങ്കിലും ‘ഓട്ടിസം' ഉണ്ട്. ചിലസവിശേഷമായ പ്രതേകതകള്‍ ഓട്ടിസത്തെ ഒരു മാനസികവൈകല്യത്തിനേക്കാളുപരി ഒരു മാനസികാവസ്ഥയായി കാണാന്‍ ആധുനിക മനശാസ്ത്രത്തിനെ പ്രേരിപ്പിക്കുന്നു.

ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. വിവിധ വ്യക്തികളില്‍ പലനിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്ല്യമുള്ളതും സംസാരശേഷി തീരെകുറഞ്ഞ അവസ്ഥമുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഓട്ടിസത്തില്‍ കാണാം. ലോക്പ്രസക്ത ഭൌതിക ശാസ്ത്രക്ഞനായാ സര്‍ ഐസക്ക് ന്യൂടണ്ണ്‍, കലാകാരനായ മൈക്കല്‍ആന്‍ജലോ, മൈക്രോസോഫ്റ്റ് അതികായകന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.


കാരണങ്ങള്‍ .

നിരവധി ഘടകങ്ങള്‍ ഓട്ടിസത്തിന് കാരണമായിത്തീരുന്നുണ്ട്. ഇതേ സംബന്ധിച്ച് അന്വേഷണങ്ങളും പഠനങ്ങളും നിരന്തരം നടന്നുവരുന്നു. ചിലയിനം ഒൌഷധങ്ങള്‍ , മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍ , ചില വാക്സിനുകള്‍ , ചില ആഹാരവസ്തുക്കള്‍ എന്നിവയ്ക്ക് ഓട്ടിസത്തിനു കാരണമായിത്തീരാനുള്ള കഴിവുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭകാലത്ത് മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ പോട് അടയ്ക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വ്യാവസായിക മാലിന്യമായും മറ്റും പരിസരങ്ങളില്‍ പരക്കുന്ന മെര്‍ക്കുറി വലിയ അപകടകരമായ സ്ഥിതി വിശേഷമാണ് സംജാതമാക്കുന്നത്. വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറി ചേരുന്ന വാക്സിനുകള്‍ക്ക് എതിരെ ജനകീയ മുന്നേറ്റങ്ങളും നിയമയുദ്ധങ്ങളും ധാരാളം നടക്കുന്നുണ്ട്. മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവയ്ക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍. വാക്സിന്‍ ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. പൊതുവില്‍ രാസവസ്തുക്കളടങ്ങിയ ഒൌഷധങ്ങളുടെ അമിതോപയോഗം, കീടനാശിനികളുടെ വ്യാപനം, മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ അവയുടേതായ സംഭാവന നല്കുന്നുണ്ട്.

വ്യക്തിയുടെ ജനിതകഘടന ഓട്ടിസത്തിനനുകൂലമായി കാണപ്പെടുന്നതും പ്രധാനപ്പെട്ട ഒരുകാരണമായി പരിഗണിക്കണം. മുമ്പേ സൂചിപ്പിച്ച ഘടകങ്ങളുമായി ഇടപഴകുന്ന എല്ലാ കുഞ്ഞുങ്ങളും രോഗബാധിതരാകുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരത്തിലുള്ള ജനിതക കാരണത്തിന്റെ അടിസ്ഥാനം.

എങ്ങിനെ ഓട്ടിസ്റ്റിക്ക് കുട്ടികളെ തിരിച്ചറിയാം?

ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം (ഇന്‍ഫാന്റയില്‍ ഓട്ടിസം ) ഉളള കുട്ടികള്‍ ശൈശവത്തില്‍ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ പതിനഞ്ചു മുതല്‍ പതിനെട്ടു മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക്‌ കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും.സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്ക്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിരഹിക്കുന്നവരാകും അധികം ഓട്ടിസ്റ്റിക്ക് കുട്ടികളും.

ഓട്ടിസത്തിന്റെ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ് . ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്.
മറ്റു കുട്ടികളുടെ കൂടെ കൂടി ഓട്ടിസ്റ്റിക്ക് കുട്ടികള്‍ കളിക്കാറില്ല. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നീ കാര്യങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം . ദൈനംദിന കാര്യങ്ങള്‍ ഒരേ പോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ് , ഇരിക്കുവാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറല്‍ , ഗൃഹോപകരണങ്ങള്‍ മാറ്റല്‍ , ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.

ഓട്ടിസം ചികിത്സ ഹോമിയോപ്പതിയിലൂടെ


കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രതേകതകള്‍ പഠിച്ച് , പാരമ്പര്യ രോഗപ്രവണതകള്‍ കണക്കിലെടുത്ത് ചികിത്സിക്കുന്ന രീതിയാണ് ഓട്ടിസം ചികിത്സയില്‍ ഹോമിയോപതി അവലംബിച്ചു വരുന്നത്. ഹോമിയോപതി ചികിത്സ എത്രയും പെട്ടെന്ന് ആരംഭിക്കുന്നുവോ അത്രയും ഗുണകരമായിതീരും. കുട്ടി ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുക. ഒരുപക്ഷേ ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നുകൊണ്ട് പോകുന്നത് കുട്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്ന അത്രയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ അവനെ സഹായിക്കുന്നു. ഇവരുടെ പെരുമാറ്റ രൂപീകരണത്തിനുളള പരിശീലനം വീട്ടില്‍വച്ചും, സ്കൂളില്‍വച്ചും നല്‍കേണ്ടി വരുന്നു. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുളള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.


മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് പരിഗണയും അന്ഗീകാരവും മറ്റുകുട്ടികള്‍ക്ക് കൊടുക്കുന്നത് പോലെ കൊടുക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങളില്‍ കുട്ടിക്ക് നിര്‍ദേശങ്ങളും പരിശീലനങ്ങളും കൊടുക്കുക.

ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ചെറുതാക്കി വിശദീകരിച്ചു കൊടുക്കുക.
കുട്ടിയെ ദേഹത്ത് തൊട്ട് പേരുചൊല്ലി വിളിക്കുക.

അമിതമായ ചോദ്യങ്ങള്‍ ചോദിക്കാതെ ലളിതമായി സ്നേഹത്തോട് കൂടി സംസാരിക്കുക.
കുട്ടിക്ക് പ്രതികരിക്കാനുളള സമയം നല്‍കുക
സംസാരത്തിലോ മറ്റോ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ കളിയാക്കുകയോ അനുകരിക്കുകയോ ചെയ്യരുത്.
കുട്ടിയെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കരുത്.

ആടലോടകം

ഇന്ത്യയില്‍ എല്ലായിടത്തും കാണപ്പെടുന്ന കുറ്റിച്ചെടിയാണിത്. വലുതും ചെറുതുമായി ഇതു രണ്ടുതരമുണ്ട്. കൂടുതല്‍ ഔഷധഗുണം ചെറുതിനാണ്. ഇല, വേര്, പൂവ് എന്നിവയാണ് ഔഷധയോഗ്യം. എല്ലാവിധ ശ്വാസകോശ രോഗങ്ങള്‍ക്കും പ്രധാന ഔഷധമാണിത്. ശ്വാസകോശത്തിന്റെ സങ്കോചവികാസക്ഷമത വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഇത് കഫക്കെട്ട്, രക്തപിത്തം, ക്ഷയം, നീരുദോഷം എന്നിവയ്ക്കു ഔഷധവുമാണ്.

ചില ഔഷധപ്രയോഗങ്ങള്‍
ആടലോടകത്തിന്റെ ഇലച്ചാറില്‍ തേനും പഞ്ചസാരയും ചേര്‍ത്ത് സേവിച്ചാല്‍ രക്തപിത്തം ശമിക്കും. ഇതിന്റെ വേര് കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സേവിച്ചാലും ഇതേഫലം ലഭിക്കും.

 • ചെറിയ ആടലോടകത്തിന്റെ ഇലച്ചാറില്‍ സമം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ രക്തം തുപ്പുന്ന രോഗം ഒരാഴ്ച കൊണ്ട് ശമിക്കും.
 • ഇതിന്റെ ഇലച്ചാറില്‍ നല്ലെണ്ണ ചേര്‍ത്ത് സേവിക്കുന്നത് ശുലയ്ക്ക് സിദ്ധൗഷധമാണ്.
 • ചെറിയ ആടലോടകത്തിന്റെ ഇല നിഴലില്‍ ഉണക്കി കഷായം വെച്ച് പഞ്ചസാര ചേര്‍ത്ത് സിറപ്പ് രൂപത്തില്‍ ആക്കി സേവിച്ചാല്‍ ചുമ, ബ്രോങ്കൈറ്റിസ്, നെഞ്ചിലെ കഫക്കെട്ട് എന്നിവ ശമിക്കും.
 • ആര്‍ത്തവം അധികമായാല്‍ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലി ലിറ്ററും ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിക്കുന്നത് നന്ന്
 • ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്ക് കീഴില്‍ പുരട്ടിയാല്‍ പ്രസവം വളരെ വേഗം നടക്കും.

പ്രധാനമായ ഒരു പച്ചക്കറി വിളയാണ് ചുവന്നുള്ളി. അടുത്തക്കാലത്താണ് ചുവന്നുള്ളിക്ക് ശരീരത്തില്‍ ദുര്‍മേദസ്സിനെ നിര്‍മ്മാര്‍ജനം ചെയ്യാനുള്ള ശക്തിയുണ്ടെന്ന് ശാസ്ത്രലോകം കണ്ടെത്തിയത്.

കുടുംബം : ലിപ്പിയോസീ
ശാസ്ത്രനാമം : അല്ലിയം സെപ

ഇന്ത്യയിലുടനീളം ചതുപ്പുപ്രദേശങ്ങളില്‍ കൃഷി ചെയ്യപ്പെടുന്ന ചുവന്നുള്ളി കൂടുതലായി കൃഷി ചെയ്യുന്നത് കേരളത്തിലും തമിഴ് നാട്ടിലുമാണ്.

മുപ്പതു മുതല്‍ തൊണ്ണൂറ് സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഔഷധിയാണ് ചുവന്നുള്ളി. അതീവ ഹ്രസ്വമായ കാണ്ഡത്തിന്റെ അധരഭാഗത്തി നീനുമ് വേരുകള്‍ പുറപ്പെടുന്നു. ഒപ്പം ഈ കാണ്ഡത്തിന്റെ ഉപരിഭാഗത്തു നിന്നും അനവധി ഇലകളും പുറപ്പെടുന്നു. പൊള്ളയും സിലിണ്ടര്‍ ആകൃതിയിലുമുള്ള പത്രഫലകത്തിന്റെ പത്രധാരഭാഗത്തിന് കനം വച്ചാണ് ബള്‍ബ് (ഉള്ളി) രൂപപ്പെടുന്നത്.

ബള്‍ബില്‍ ഏരിവും രൂക്ഷഗന്ധവും ബാഷ്പീകരണ സ്വഭാവവുമുള്ള തലമുണ്ട്. കൂടാതെ സള്‍ഫര്‍, പഞ്ചസാര, സില്ലാപിക്രിന്‍, സില്ലാമാക്രിന്‍, സില്ലിനൈന്‍ എന്നീ കര്‍മകാരി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ.ബി.സി സ്റ്റാര്‍ച്ച്, ധാതുലവണങ്ങള്‍, പ്രോട്ടീന്‍, കൊഴുപ്പ് ഇവയും അടങ്ങിയിരിക്കും. തൈലത്തില്‍ അല്ലെങ്കില്‍ സള്‍ഫൈഡ് പ്രൊപൈല്‍ ഡൈസള്‍ഫൈഡ് ഇവയും അടങ്ങിയിട്ടുണ്ട്.

ദഹനശക്തിയെ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ഹൃദയത്തിന്റെ സങ്കോചവികാസ ക്ഷമതയെ കൂട്ടുന്നതിനും ചുവന്നുള്ളി നല്ലതാണ്. ആര്‍ത്തവരകതത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ആര്‍ത്തവം ക്രമപ്പെടുത്തുകയും ചെയ്യുന്നു. ചുവന്നുള്ളിയെ ചവച്ചിറക്കിയാല്‍ ദന്തരോഗങ്ങള്‍ ശമിക്കും. ഇത് നല്ലൊരു വേദനസംഹാരിയാണ്.

ചില ഔഷധപ്രയോഗങ്ങള്‍

രക്താര്‍ശ്ശസ്സുള്ളവര്‍ ഉള്ളി നെയ്യില്‍ മൂപ്പിച്ചു കഴിക്കുന്നത് നല്ലതാണ്.

 • അപസ്മാര രോഗിക്ക് ബോധം തെളിയാന്‍ അല്പം ഉള്ളിനീര് മൂക്കിലൊഴിച്ച് കൊടുത്താല്‍ മതി.
 • അധികം ദുര്‍മേദസ്സുള്ളവര്‍ കുറച്ചധികം ഉള്ളി അരിഞ്ഞ് അല്പം നാരങ്ങാനീര് ചേര്‍ത്ത് ആഹാരത്തോടു കൂടി പതിവായി ഏറെനാള്‍ കഴിക്കുന്നത് വളരെ ഉത്തമമാണ്.
 • ചൊറി, വ്രണം ഇവയിലും വിഷജന്തു കടിച്ച ഭാഗത്തുംപച്ചവെളിച്ചെണ്ണയില്‍ ഉള്ളി ചതച്ചിട്ട് കാച്ചി തേയ്ക്കുന്നത് വളരെ ഉത്തമമാണ്.
 • ഇഞ്ചിനീരും ചുവന്നുള്ളിനീരും സമമെടുത്ത് തേണ്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി, ചുമ, ശ്വാസംമുട്ടല്‍ ഇവ ശമിക്കും.
 • ചുക്ക്, ചുവന്നുള്ളി ഇവ സമം എടുത്ത് കഷായം വച്ചു കുടിച്ചാല്‍ പ്രതിവ്യയം ശമിക്കും.
 • ഉള്ളി ചേര്‍ത്തുണ്ടാക്കിയ ചക്കരക്കാപ്പി കുടിച്ചാല്‍ ഉറക്കം കിട്ടും.


തലയില്‍ തേയ്ക്കാന്‍ തേങ്ങാപ്പാ


1 കുളി കഴിഞ്ഞാല്‍ മുടി നല്ലപോലെ പരത്തിയിട്ട് ജലാംശം പരിപൂര്‍ണ്ണമായും ഇല്ലാതായതിനുശേഷമേ മുടി കെട്ടുകയോ പിന്നിയിടുകയോ ചെയ്യാവൂ.
2 പൂവ്വാംകുരുന്നിലയും, വിഷ്ണുക്രാന്തിയും ചതച്ചിട്ട് മൂപ്പിച്ച വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ച് കുളിക്കുന്നത് മുടിക്ക് കറുപ്പുനിറം കിട്ടുവാനും പൊട്ടിപോകുന്നത് തടയുവാനും വളരെ വിശേഷമാണ്.

3 തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നത് അമിതമായ ചൂടുകൊണ്ട് മുടി കൊഴിയുന്നതിനെ തടുക്കും.

4 ഇലമംഗലത്തിന്റെ ഇല ചതച്ച് വെള്ളത്തിലിട്ട് വെച്ച് 15 മിനുട്ട് കഴിഞ്ഞ് ആ ഇലകള്‍ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ചളി പോകാനും മുടിക്ക് നല്ല സുഗന്ധമുണ്ടാകാനും ഇത് ഏറെ ഫലപ്രദമാണ്.

5 ചെമ്പരത്തിയില, ഉലുവ, ചെറുപയര്‍ ഇവയെല്ലാം മെഴുക്കിളക്കുവാനും (താളിയായി ഉപയോഗിക്കാന്‍) മുടിയുടെ ആരോഗ്യസംരക്ഷണത്തിന്നും ഉത്തമമാണ്.

6 കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ശിരോചര്‍മത്തിലെയും മുടിയിലെയും ചളി പോകുവാനും താരന്‍ കുറയുവാനും വിശേഷമാണിത്. കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ചാല്‍ മുടിക്ക് വണ്ണവും കറുപ്പുനിറവും കിട്ടും.

7 തെച്ചിവേരും തുളസിയിലയും ചതച്ചിട്ട് മൂപ്പിച്ചഎണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് നിറം കൊടുക്കും.

8 തൃഫലത്തോടും നന്നാറിയും ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് പതിവായി തല കഴുകിയാല്‍ മുടിക്ക് നല്ല കറുപ്പുനിറവും സുഗന്ധവും ഉണ്ടാകും.

9 ഇരട്ടിമധുരവും, നന്നാറിയും ചതച്ചിട്ട് കാച്ചിയഎണ്ണ മുടിക്ക് ആരോഗ്യത്തെ ഉണ്ടാക്കും. മുടി വളരാനും വിശേഷമാണ്.

10 ശീമക്കൊട്ടം വറുത്ത് കരിച്ച് പൊടിച്ച് പതിവു തൈലത്തില്‍ ചാലിച്ച് വട്ടത്തില്‍ മുടികൊഴിയുന്നിടത്ത് പുരട്ടുന്നത് ഉത്തമം.

അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്സ്പുലാമന്തോള്‍, പെരിന്തല്‍മണ്ണ

ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്(സൈനസൈറ്റിസനെ നേരിടാം ശ്രദ്ധയോടെ)


ജലദോഷം പിടിപെട്ടാൽ ഒരാഴ്ച കഴിയുന്പോൾ അത് താനെ മാറുമെന്നാണ് നമ്മുടെ പ്രതീക്ഷ. പക്ഷേ, ദിവസങ്ങൾ കഴിഞ്ഞിട്ടും മാറുന്നില്ലെങ്കിൽ അത് മറ്റൊരു അസുഖത്തിന്റെ ലക്ഷണമാണ്. മൂക്കിൽ അതി ശക്തമായ അസ്വസ്ഥത. മൂക്ക് പിഴിച്ചിൽ, തുമ്മൽ എന്നിവ ഒപ്പം കൂടും. ഇതിനിടയിൽ മൂക്കൊലിപ്പ് മാറി, പകരം ശക്തിയായ മൂക്കടപ്പ് എത്തും.

പുറത്തേക്ക് തുപ്പുന്നത് കട്ടിയായ കഫം. മിക്കപ്പോഴും അടഞ്ഞിരിക്കുന്ന മൂക്കിൽ നിന്ന് വരുന്ന സ്രവത്തിൽ നിറംമാറ്റം. പകൽ സമയത്തുള്ള തലവേദന. കണ്ണുകൾക്ക് ചുറ്റും വേദന അനുഭവപ്പെടും. തലയിൽ ആകെക്കൂടി ഒരു ഭാരം. നിങ്ങൾക്ക് ഇപ്പോൾ ജലദോഷമില്ല. പക്ഷേ സൈനസൈറ്റിസ് എന്ന രോഗമാണ് നിങ്ങളെ ബാധിച്ചതെന്ന് അപ്പോൾ മനസിലാക്കാം.

പ്രശ്നബാധിത സ്ഥലങ്ങൾ
മുൻ ഭാഗത്തെ രണ്ട് സൈനസുകൾ : കണ്ണുകൾക്ക് തൊട്ടു മുകളിലായി നെറ്റിയുടെ അടിയിലുള്ള അസ്ഥിയിലാണ് ഈ രണ്ടു വിടവുകൾ കാണുന്നത്.

മാക്സിലർ സൈനസുകൾ : കവിളെല്ലുകളിലാണ് ഇവയുടെ സ്ഥാനം.

ഏത്മോയിഡൽ സൈനസുകൾ : കണ്ണുകൾക്കടുത്താണെങ്കിലും മൂക്കിന്റെ രണ്ടു വശത്തുമായിട്ടാണ് ഇവ കാണപ്പെടുന്നത്. തേനീച്ച കൂടുപോലെയാണിത്.

സ്പെനോയിഡൽ : മൂക്കിനു പിന്നിൽ തലയോടിന് അടിയിലായി ഇത് സ്ഥിതിചെയ്യുന്നു. ഈ സൈനസുകളെല്ലാം മൂക്കിലേക്ക് തുറക്കുന്നതിനാൽ ഇവയിൽ നിന്ന് ഉത്ഭവിച്ചു വരുന്ന സ്രവവും (മൂക്കള) നീരും മൂക്കിലൂടെയാണ് പുറത്തുവരുന്നത്. മൂക്കിനു ചുറ്റുമുള്ള ചെറു അസ്ഥികൾക്കിടയിൽ ശൂന്യമായ വിടവുകളുണ്ട്. അവിടെ സ്രവം കട്ടപിടിച്ചാണ് സൈനസൈറ്റിസ് രൂക്ഷമാകുന്നത്.

ശ്രദ്ധിച്ചില്ലെങ്കിൽ പ്രശ്നമാണ്
മൂക്കിനുള്ളിൽ രോഗാണുക്കൾ കടക്കുന്നതോടെ സൈനസുകൾക്ക് രോഗബാധയുണ്ടായി സൈനസൈറ്റിസിന് ഇടയാകുന്നു. ഈ സൈനസുകളിൽ സീലിയ എന്ന പേരിൽ ചെറുരോമങ്ങളുടെ പടലമുണ്ട്. ഈ രോമപടലം മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ അതിൽ രൂപം കൊള്ളുന്ന സ്രവം, അന്തരീക്ഷ വായുവിലെ ബാക്ടീരിയയെ വലിച്ചെടുക്കുന്നു. അങ്ങനെ നമ്മൾ ശ്വസിക്കുന്ന വായുവിൽ നിന്ന് ബാക്ടീരിയയെ നീക്കിയശേഷം ശുദ്ധമായ വായുവാണ് ശരീരത്തിനുള്ളിലേക്ക് കടത്തിവിടുന്നത്.

അണുബാധയെ തുടർന്ന് സൈനസിന് വീക്കമുണ്ടാകുന്പോൾ സീലിയയിലെ രോമപടലങ്ങൾക്ക് ശരിയായി പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. തന്മൂലം സൈനസിലെ ശൂന്യമായ വിടവുകളിൽ സ്രവവും അഴുക്കും നിറയുന്നു. അവിടെ രോഗാണുക്കൾ യഥേഷ്ടം പെരുകുകയും ചെയ്യും.

സൈനസിലെ ചർമ്മങ്ങളുടെ വീക്കം വളരെയധികം വർദ്ധിക്കുന്പോൾ കൂടുതൽ കഫം അവിടെ തളം കെട്ടുന്നു. അത് ഗുരുതരമായ സൈനസൈറ്റിസ് ആയി മാറുന്നു. മൂക്കൊലിപ്പിൽ നിന്ന് വ്യത്യസ്തമായി മൂക്കിനുള്ളിൽ കട്ടി കൂടിയ കഫം നിറയുന്നു. കഫം പച്ച നിറമോ, മഞ്ഞ നിറമോ ആയി മാറുന്നു. കടുത്ത പനി, ചുമ, മുകൾനിരയിലെ പല്ലുകൾക്ക് വേദന, പകൽ സമയത്തെ തലവേദന. കുനിയുന്പോഴോ മറ്റോ മുഖത്തിന്റെ മുൻഭാഗത്ത് കടുത്ത വേദനയും തലയ്ക്ക് ഭാരവും അനുഭവപ്പെടുന്നു. സൈനസൈറ്റിന്റെ പ്രഥമവും പ്രധാനവുമായ കാരണം ജലദോഷമാണ്.

സൈനസൈറ്റിസ് ഏറെനാൾ തുടരുകയും മൂക്കടപ്പ് മാറാതിരിക്കുകയും ചെയ്യുന്പോൾ രോഗം പഴക്കം ചെന്ന സൈനസൈറ്റിസാണെന്ന് മനസ്സിലാക്കാം. ശക്തിയായ മൂക്കടപ്പിനൊപ്പം നെറ്റിയിലും മുഖത്തിന്റെ മുൻഭാഗത്തും വലിയ ഭാരം അനുഭവപ്പെടും. ചുമയ്ക്കുന്പോഴും കുനിയുന്പോഴും ചാരിയിരിക്കുന്പോഴും കലശലമായ വേദന അനുഭവപ്പെടും. മണവും രുചിയും അറിയാൻ കഴിയില്ല.

രോഗം രണ്ട് തരം
സൈനസൈറ്റിസ് അഥവാ സൈനസിന്റെ രോഗത്തെ നമുക്ക് രണ്ടായി തരം തിരിക്കാം. തീവ്രമായ സൈസൈറ്റിസ്, പഴക്കം ചെന്ന സൈനസൈറ്റിസ്. ജലദോഷത്തോടൊപ്പം മൂന്നു മുതൽ പത്തു വരെ ദിവസം അസുഖം നിലനിൽക്കുന്നത് തീവ്രമായ സൈസൈറ്റിസ് ആണ്. എന്നാൽ അതിലും കൂടുതൽ നാൾ, ഇടയ്ക്കിടെ രോഗം മൂ‌ർച്ഛിക്കുകയും ചെയ്തുകൊണ്ട് തുടർന്നാൽ അത് പഴക്കം ചെന്ന സൈനസൈറ്റിസാണ്. തീവ്രമായ സൈനസൈറ്റിസ് നിയന്ത്രിച്ചു നിർത്തിയില്ലെങ്കിൽ രോഗം പഴക്കം ചെന്ന സൈനസൈറ്റിസായി മാറും

ആയുർവേദത്തിൽ ചികിത്സയുണ്ട്

പുക വലിക്കാതിരിക്കുക, അലർജി ഉണ്ടാക്കുന്ന അഴുക്ക്, പൊടി തുടങ്ങിയ വസ്തുക്കളെ അകറ്റി നിർത്തുക, ഈ രണ്ടു മാർഗ്ഗങ്ങൾ സ്വീകരിക്കാത്തിടത്തോളം കാലം സൈനസൈറ്റിസ് രോഗിക്ക് ഇടയ്ക്കിടെ ഈ രോഗത്തിന്റെ കടുത്ത ആക്രമണങ്ങളെ നേരിടേണ്ടി വരും. ആയുർവേദചികിത്സയിലൂടെയും സൈനസൈറ്റിസിനെ ഒഴിവാക്കാൻ കഴിയും.

ഇളനീരിന്‍ ഗുണങ്ങള്‍

വിലപിടിച്ച ശീതള പാനീയങ്ങള്‍ക്കു വേണ്ടി ഓരോ ദിവസവും എത്ര

രൂപയാണ് നിങ്ങള്‍ ചിലവാക്കുന്നത് ,എന്നാലോ കഴിക്കുന്നത്‌ വിഷമയവും വ്ര്‍ത്തിഹീനവുമായ പാനീയങ്ങളും .ദിവസവും ഓരോ ഇളനീര്‍ കഴിക്കൂ ദാഹവും ക്ഷീണവും അകറ്റാനും അഴകും ആരോഗ്യവും സമ്പാദിക്കുവാനും അത്ത്യുത്തമം ആണ് ഇളനീര്‍ .ദേഹ കാന്തിക്കും ദിവസം മുഴുവന്‍ ഉന്മേഷവും ഉണര്‍വും നിലനിര്‍ത്താനും ഇളനീര്‍ സഹായിക്കുന്നു .സ്വന്തം കൃഷി ചെയിതുണ്ടാക്കിയ ഇളനീര്‍ കുടിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന ആത്മ സംത്ര്‍പ്തി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ് .
ഇളനീരിന്റെ ചില ഔഷധ ഗുണങ്ങള്‍ താഴെ വിവരിക്കാം
*ഇളനീരില്‍ ചെരുനാരങ്ങാനീര്‍ ചേര്‍ത്ത് കഴിക്കുന്നത്‌ രക്ത ശുദ്ധിക്ക് നല്ലതാണ്
*ഇളനീരില്‍ ചുവന്ന തുളസിയില നീര് പിഴിഞ്ഞ് കഴിക്കുന്നത്‌ അലര്‍ജിക്ക് നല്ലതാണ് .
*തേങ്ങാവെള്ളം കൊണ്ട് നിത്യവും മുഖം കഴുകുകയും ദിവസവും ഓരോ ഗ്ലാസ് തേങ്ങാ വെള്ളം കുടിക്കുകയും ചെയിതാല്‍ മുഖക്കുരു മാറുന്നതാണ് .
*ഇളനീര്‍ പതിവായി കുടിച്ചാല്‍ മൂത്രാശയ രോഗങ്ങള്‍ വരില്ല .
*പ്രെമേഹരോഗികളില്‍ രക്തത്തിലെ മധുരാംശം കുറയുംപോഴുണ്ടാകുന്ന ആഘാതം മാറാന്‍ ഇളനീര്‍ നല്ല ഔഷതം ആണ് .

പപ്പായ

വീട്ടുവളപ്പില്‍ കായ്ച്ചുനില്‍കുന്ന പപ്പായയെ വിലകുറച്ചുകാണേണ്ട. അത് കാന്‍സറില്‍നിന്നും ഹൃദയാഘാതത്തില്‍നിന്നും പ്രമേഹരോഗത്തില്‍നിന്നും സംരക്ഷിക്കുമെന്ന് പഠനം. പാകിസ്താനിലെ കറാച്ചി സര്‍വകലാശാലയിലെ അഗ്രിക്കള്‍ച്ചര്‍ ആന്‍ഡ് അഗ്രിബിസിനസ് വിഭാഗ വിദ്യാര്‍ഥികളുടേതാണ് കണ്ടെത്തല്‍. പപ്പായ ജ്യൂസ് കഴിക്കുന്നത് വൃക്കകളെ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്തുമെന്ന് പഠനം അവകാശപ്പെടുന്നു. പപ്പായയിലെ ഫ്ളേവനോയ്ഡ്സ്, ഫെനോട്ടിക് എന്നിവ വൃക്കകളെ പ്രവര്‍ത്തനരഹിതമാക്കുന്ന രോഗാണുക്കളെ തടയുമെന്നതിനാലാണിത്. പലതരം അണുബാധയില്‍നിന്നും പപ്പായ ശരീരത്തെ ചെറുക്കുന്നു. പതിവായി പപ്പായ ജ്യൂസ് ഉപയോഗിച്ച കുട്ടികളില്‍ വിരശല്യം കുറഞ്ഞതായി പഠനം വെളിപ്പെടുത്തി. ഇവ കരളിനും പരിരക്ഷ നല്‍കുന്നു. ട്യൂമറിന്‍െറ വളര്‍ച്ചയെ തടയുന്ന പ്രത്യേക സംയുക്തവും പപ്പായയിലുണ്ട്. വൈറ്റമിന്‍ സി, പൊട്ടാസ്യം, കാല്‍സ്യം, അയണ്‍, തയാമിന്‍, മഗ്നേഷ്യം എന്നിവയാല്‍ സമ്പന്നമാണ് പപ്പായ. പപ്പായ ഭക്ഷണത്തിന്‍െറ ഭാഗമാക്കുന്നതു വഴി കാന്‍സര്‍ സാധ്യത കുറക്കാം. ദഹനക്കേടുള്‍പ്പെടെ അസ്വസ്ഥതകളെയുമകറ്റാം. കാഴ്ചശക്തിയും പ്രത്യുല്‍പാദനശേഷിയെയും വരെ മെച്ചപ്പെടുത്താന്‍ പപ്പായ ഉത്തമമാണെന്ന് ഗവേഷകര്‍ പറയുന്നു.

ചുമ മാറാന്‍ ചില നാട്ടുമരുന്നുകള്‍

ചുമ വന്നാല്‍ കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ബുദ്ധിമുട്ടും. കഫ് സിറപ്പുകളാണ് ഇതിന് പലരും കാണാറുള്ള പരിഹാരം. എന്നാല്‍ കഫ് സിറപ്പുകള്‍ ഉറക്കം വരുന്ന ഒരു പ്രതീതിയാണ് ഉണ്ടാക്കുക. ഇതിലെ ചേരുവകള്‍ തരുന്ന പാര്‍ശ്വഫലങ്ങള്‍ വേറെ. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെ ചുമക്ക് ശമനം നല്‍കുന്ന ഔഷധങ്ങള്‍ ഉണ്ടാക്കുകയെന്നതാണ്.

തുളസി ചുമ മാറാനുള്ള നല്ലൊന്നാന്തരം മാര്‍ഗമാണ്. ഒരു കപ്പ് വെള്ളത്തില്‍ കുറച്ച് തുളസി ഇലകളും ഒരു കഷ്ണം ഇഞ്ചിയും പൊടിച്ച കുരുമുളകും ഇട്ട് തിളപ്പിക്കുക. ഇത് ഊറ്റിയെടുത്ത് കുടിക്കാം. ദിവസം രണ്ടു നേരം ഇത് കുടിക്കുന്നത് ചുമക്ക് ശമനം നല്‍കും.

രണ്ട് കപ്പ് ഇഞ്ചി നുറുക്കിയത് നാല് കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. ഇഞ്ചി മൃദുവാകുന്നതു വരെ തിളയ്ക്കണം. ഇത് 14 മണിക്കൂര്‍ തണുപ്പിക്കുക. അടുത്ത ദിവസം ഇത്ര തന്നെ സിഡാര്‍ വിനെഗര്‍ ഈ വെള്ളത്തില്‍ ഒഴിച്ച് തിളപ്പിക്കണം. ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് ഇത് പല തവണയായി കുടിക്കാം. ചുമ കുറയും.

ചെറി ഉപയോഗിച്ചും ചുമയ്ക്കുള്ള മരുന്നുണ്ടാക്കാം. രണ്ട് കപ്പ് വെള്ളത്തില്‍ കുറച്ചു ചെറിയും ചെറുനാരങ്ങാ കഷ്ണങ്ങളും ഇട്ട് തിളപ്പിക്കുക. തിളച്ചു കഴിഞ്ഞാല്‍ ഇതില്‍ കുറച്ച് വെളുത്തുള്ളി ചേര്‍ക്കാം. ഈ പാനീയവും ചുമയക്ക് നല്ലതാണ്.

ചെറിയ ഉള്ളി, കല്‍ക്കണ്ടം എന്നിവ ചേര്‍ത്ത് ചതച്ച് അതിന്റെ നീര് കുടിച്ചാല്‍ ചുമ കുറയും. സവാള ഗ്രേറ്റ് ചെയ്്ത് പിഴിഞ്ഞ ജ്യൂസില്‍ ചെറുനാരങ്ങാ നീര് ചേര്‍ത്ത് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി വച്ച ശേഷം ഇതില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

 

ചെറുമത്സ്യങ്ങള്‍

ചെറുമത്സ്യങ്ങള്‍ ആഴ്ചയില്‍ മൂന്നു പ്രാവശ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. പാലും പാല്‍ ഉത്പന്നങ്ങളും ഇറച്ചി, മത്സ്യം, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ ദിവസവും ഉള്‍പ്പെടുത്തുകയാണെങ്കില്‍ പൊണ്ണത്തടി, ഡയബറ്റീസ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ കുറയും.

കൊളസ്ട്രോള്‍ പ്രധാനമായും കാണപ്പെടുന്നത് മുട്ടയുടെ മഞ്ഞ, മാംസാഹാരങ്ങള്‍ തുടങ്ങിയവയിലാണ്. മത്തി, അയല, നെയ്തോലി തുടങ്ങിയ ചെറുമത്സ്യങ്ങള്‍ ആഴ്ചയില്‍മൂന്നു പ്രാവശ്യം കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

500 രൂപയ്ക്ക് ആജീവനാന്ത ക്യാന്‍സര്‍ സുരക്ഷ നേടാം .

മനുഷ്യവംശത്തിനു തന്നെ ഭീതിയായി തീര്‍ന്നിരിക്കുന്ന ക്യാന്‍സര്‍ എന്ന മഹാവ്യാധിക്കു മുമ്പില്‍ നാം ഇന്നും പകച്ചു നില്‍ക്കുകയാണ്‌. എന്തെല്ലാം കണ്ടുപിടുത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഈ മഹാവ്യാധിയുടെ കാരണവും അതിന്‍റെ പ്രതിവിധിയും ജനത്തെ ആശങ്കയില്‍ നിര്‍ത്തുകയാണ്. മനുഷ്യശരീരത്തില്‍ അണുബാധ കാരണം ചില ഭാഗങ്ങളിലെ കോശങ്ങള്‍ക്ക്‌ അസാധാരണമായ വളര്‍ച്ചയുണ്ടായി അത്‌ നശിക്കുന്നു. അതാണ്‌ ക്യാന്‍സര്‍ എന്ന്‌ പൊതുവില്‍ പറയാം.

നമ്മുടെ ഭക്ഷണവും ജീവിത ശൈലിയും തന്നെയാണ് കാന്‍സര്‍ ഇങ്ങനെ വ്യാപകമായി പിടിപെടാന്‍ കാരണം. മിക്ക കാന്‍സര്‍ രോഗബാധിതരും തങ്ങള്‍ ആ മഹാമാരിക്ക് അടിമയായി എന്നറിയുന്നത് തന്നെ അതിന്റെ അവസാന സ്റ്റെജിലോ മറ്റോ ആകും. അത് കൊണ്ട് തന്നെ മരണം തന്നെയാകും അവരെ പിന്നീടു കാത്തിരിക്കുന്നത്. ഇതില്‍ നിന്നൊരു മോചനം വേണ്ടേ മനുഷ്യ സമൂഹത്തിന് ? കാന്‍സര്‍ രോഗ സാധ്യത ആദ്യമേ അറിഞ്ഞാല്‍ മിക്ക ആളുകള്‍ക്കും അതില്‍ നിന്നും മോചനം നേടാന്‍ സാധ്യത ഉണ്ടെന്നാണ് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പറയുന്നത്. ഇങ്ങനെ നമ്മുടെ ശരീരത്തില്‍ ഉള്ള കാന്‍സര്‍ സാധ്യതകളെ ആദ്യമേ കണ്ടു പിടിച്ച് പൂര്‍ണമായും സൌജന്യമായി ചികിത്സിക്കാനുള്ള ഒരു പദ്ധതിയുമായി ആര്‍ സി സി രംഗത്ത് വന്നിരിക്കുന്നത്.

കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. കുടുംബത്തിന്‍റെ സാമ്പത്തികഭദ്രത കാന്‍സര്‍ തകര്‍ക്കും. അതൊഴിവാക്കാന്‍ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫില്‍ അംഗമായി ചേരണം. വെറും 500 രൂപയ്ക്ക് 50,000 രൂപയുടെ ആജീവനാന്ത കാന്‍സര്‍ പരിരക്ഷ ഉറപ്പുവരുത്താനുള്ള പദ്ധതിയാണ് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്‍റെ കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്.

കുടുംബത്തിലെ ഒരംഗത്തിന് 500 രൂപ കൊടുത്താല്‍ 50,000 രൂപയുടെ സൗജന്യ ചികിത്സലഭിക്കും. 1000 രൂപയ്ക്ക് ഒരുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 1,500 രൂപയ്ക്ക് ഒന്നരലക്ഷം രൂപയുടെ ചികിത്സ ലഭിക്കും. 2000 രൂപ മുടക്കിയാല്‍ രണ്ടുലക്ഷം രൂപയുടെ ചികിത്സലഭിക്കും. 10,000 രൂപ മുടക്കിയാല്‍ 5 ലക്ഷം രൂപയുടെ ചികിത്സലഭിക്കും. ഒറ്റത്തവണ മാത്രം അടച്ചാല്‍ മതി.

ഇനി കുടുബാംഗങ്ങള്‍ക്ക് ഒന്നാകെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അതിലും ഓഫര്‍ ഉണ്ട്. 3 അംഗങ്ങള്‍ക്ക് ഒരുമിച്ചു അംഗമാകാന്‍ 1500 നു പകരം 1400 അടച്ചാല്‍ മതി. നാല് പേര്‍ക്കാണെങ്കില്‍ 2000 രൂപക്ക് പകരം 1700 അടച്ചാല്‍ മതി. 5 അംഗ കുടുംബത്തിനുള്ള ഫീ 2000 രൂപയാണ്. തിരുവനന്തപുരത്തിന് പുറത്തുള്ള കാന്‍സര്‍ സെന്ററുകളില്‍ ചികിത്സ വേണമെങ്കില്‍ 10000 രൂപ മെമ്പര്‍ഷിപ്പുള്ള മറ്റൊരു പദ്ധതിയും ഉണ്ട്.

കാന്‍സര്‍ രോഗികളല്ലാത്ത, നേരത്തേ കാന്‍സര്‍ ബാധിച്ചിട്ടില്ലാത്ത ഏതൊരു പൗരനും ഈ പദ്ധതിയില്‍ അംഗമാകാം. അംഗത്വമെടുത്ത് രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷാഫോറം ആര്‍.സി.സി.യില്‍ നിന്ന് നേരിട്ടോ തപാലിലോ ലഭ്യമാണ്.
http://www.rcctvm.org/ എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് അംഗത്വമെടുക്കാം. അംഗത്വഫീസ് ആര്‍.സി.സി. കാഷ് കൗണ്ടറില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും 3.30 പി.എം.വരെ പണമായി അടച്ച് അംഗമാകാം. കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ് അക്കൗണ്ട്, റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം എന്ന പേരില്‍ ഡി.ഡി.യോ, ചെക്കോ സഹിതം ഡയറക്ടര്‍ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍ കോളേജ് പി.ഒ. തിരുവനന്തപുരം-11 എന്ന വിലാസത്തില്‍ തപാലിലും അപേക്ഷ സമര്‍പ്പിക്കാം.

അംഗത്വഫീസ് ഒറ്റത്തവണ മാത്രം അടച്ചാല്‍ മതിയാകും. വാര്‍ഷിക പ്രീമിയം അടയ്‌ക്കേണ്ട ആവശ്യമില്ല. രണ്ടുവര്‍ഷത്തിനുശേഷം ആജീവനാന്ത സംരക്ഷണം ലഭിക്കും. അംഗത്വമായി ചേരുന്നതിന് യാതൊരുവിധ വൈദ്യപരിശോധനയും ആവശ്യമില്ല.

ഇതില്‍ ചേര്‍ക്കുന്നതിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല.

0471 2522324,
0471 2522288
എന്നീ ആര്‍.സി.സി. യിലെ ഫോണ്‍നമ്പരില്‍ വിശദാംശങ്ങള്‍ കിട്ടും

ആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ

ആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ 
ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ വളരെ വലുതാണ്. മനുഷ്യന്റെ ജീവിതദൈർഘ്യം കൂട്ടുന്നതിലും ആരോഗ്യകരമായ അവസ്ഥ നിലനിറുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് ആന്റിബയോട്ടിക്കുകൾ തന്നെ. എന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളും ഇവ തആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ ന്നെ. ഈ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പതുക്കെയെങ്കിലും പാശ്ചാത്യലോകം ഈ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ് അതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രശ്നത്തിന്റെ ഗൗരവംപോലും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെപ്പറ്റിയുള്ളതാണ് ഡോ. ഇന്ദിരയും ഡോ. രമയും ഡോ. രാജ്‌മോഹനും മറ്റുംചേർന്നു നടത്തിയ പഠനം.

ഉപയോഗവും ദുരുപയോഗവും

ആന്റിബയോട്ടിക്കുകൾ ജീവൻരക്ഷാ ഔഷധങ്ങളാണ്. ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധയിൽ നിന്നാണ് പ്രധാനമായും ആന്റിബയോട്ടിക്കുകൾ മനുഷ്യരെ രക്ഷിക്കുന്നത്. നഗ്നനേത്രത്തിന് ഗോചരമല്ലാത്ത കോടാനുകോടി ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും മറ്റനേകം ജീവജാലങ്ങളും നമുക്ക് ചുറ്റുമുള്ള ഓരോ ചതുരശ്ര സെന്റിമീറ്ററിലുമുണ്ട്. ഇവയെല്ലാം മനുഷ്യന് ഹാനികരമായവയല്ല.

ബഹുഭൂരിപക്ഷവും മനുഷ്യന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഗുണം ചെയ്യുന്നതാണ്. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ പോലും എല്ലായ്പ്പോഴും ദോഷം ചെയ്യുന്നവയല്ല. പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് അവ രോഗങ്ങളുണ്ടാക്കുന്നത്. ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധകൾക്കു മാത്രമാണ് ആന്റിബയോട്ടിക്കുകൾ ഫലപ്രദമാവുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. വൈറസ് മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം രോഗങ്ങൾക്കും മനുഷ്യൻ ഇതുവരെ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ബഹുഭൂരിപക്ഷം വൈറസ് രോഗങ്ങൾ മരുന്നുകൾ കൂടാതെതന്നെ മാറുന്നവയാണുതാനും.

ഇങ്ങനെയുള്ള വൈറസ് ബാധകൾക്ക് വിശ്രമവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയുമല്ലാതെ വേറെ ചികിത്സയുടെ ആവശ്യമില്ല. നമുക്ക് സാധാരണ വരുന്ന പനി, ജലദോഷം, ചുമ, വയറിളക്കം എന്നിവയിൽ 80 ശതമാനത്തോളം ഉണ്ടാക്കുന്നത് വൈറസുകളാണ്. ഈ അസുഖങ്ങൾ താനേ മാറുമെന്നുള്ളതും ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഒട്ടും ഫലപ്രദമല്ല എന്നുള്ളതും വളരെ പ്രധാനമാണ്.

ഇങ്ങനെ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം?

ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നതുകൊണ്ട് രോഗിക്കും അതിനെക്കാളേറെ സമൂഹത്തിനും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.
രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രധിരോധശേഷിയുണ്ടാക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനം. മനുഷ്യർ തങ്ങൾക്ക് വരുന്ന രോഗങ്ങൾക്കെതിരെ പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതുപോലെ തന്നെ ബാക്ടീരിയകളും തങ്ങൾക്കെതിരെ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കാനുള്ള ശേഷി ഉണ്ടാക്കുന്നു. ജനിതക മ്യൂട്ടേഷനുകൾ വഴിയും, വൈറസുകളുടെ ജനിതക ഘടനയുമായുള്ള പ്രതിപ്രവർത്തനം വഴിയും, മനുഷ്യരിൽ സാധാരണ കാണുന്ന ബാക്ടീരിയകളുടെ ജനിതക ഘടനയുമായുള്ള പ്രതിപ്രവർത്തനം വഴിയുമാണ് പലപ്പോഴും രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കാനുള്ള ശേഷി ആർജ്ജിക്കുന്നത്. ഉദാഹരണത്തിന് ടൈഫോയിഡ് രോഗത്തിന്റെ കാര്യമെടുക്കാം. ഈ രോഗം ഉണ്ടാക്കുന്നത് സാൽമോണെല്ല എന്ന വിഭാഗം ബാക്ടീരിയകളാണ്. ടെട്രാസൈക്ലിൻ എന്ന മരുന്ന് 1950 മുതൽ ഈ രോഗത്തിനെതിരെ ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ 1970കളോടെ ഈ മരുന്ന് ടൈഫോയിഡിന് ഫലപ്രദമല്ലാതായിത്തുടങ്ങി. ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പിന്നീട് കണ്ടുപിടിക്കുകയുണ്ടായി. എങ്ങനെയാണ് ഈ ബാക്ടീരിയകൾ ഈ ശേഷി ആർജ്ജിച്ചത് എന്നുള്ളതിനെക്കുറിച്ചുള്ള വിശകലനം ടെട്രാസൈക്ലിന്റെ അമിത ഉപയോഗത്തിലേക്കാണ് വിരൽ ചൂണ്ടിയത്. അനാവശ്യമായി ടെട്രാസൈക്ലിൻ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ കുടലുകളിൽ സാധാരണ കാണുന്ന ബാക്ടീരിയകൾ ജനിതക മ്യൂട്ടേഷൻ വഴി മരുന്ന് പ്രതിരോധശേഷി ആർജ്ജിക്കുകയും പിന്നീട് ഇങ്ങനെയുള്ള ബാക്ടീരിയകളുമായുള്ള പ്രതിപ്രവർത്തനം മൂലം ടൈഫോയിഡ് ഉണ്ടാക്കുന്ന സാൽമോണെല്ല ബാക്ടീരിയകൾക്ക് ഈ ശേഷി കൈമാറ്റം ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.

ഇങ്ങനെ പ്രതിരോധശേഷി ആർജ്ജിച്ചാൽ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ ഇവയ്ക്കെതിരെ ഫലപ്രദമല്ലാതായി മാറുകയും കൂടുതൽ ശക്തിയുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇപ്പോൾ പല മരുന്നുകൾക്കുമെതിരെ ഒരുപോലെ പ്രതിരോധശേഷിയുള്ള ബാക്ടീരിയകളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകൾക്ക് ഒരു മരുന്നും ഫലപ്രദമല്ലാതായി തുടങ്ങിയിരിക്കയാണ്. വലിയ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലുണ്ടാകുന്ന അണുബാധകളിൽ പലതും ഇങ്ങനെയുള്ള ബാക്ടീരിയകൾ മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ മരുന്നുകളെയും പോലെ ആന്റിബയോട്ടിക്കുകൾക്കൂം പാർശ്വഫലങ്ങൾ ഉണ്ട്. മരുന്ന് കൊണ്ടുണ്ടാകുന്ന ഗുണം പാർശ്വഫലങ്ങളേക്കാൾ അധികമാണെന്ന് ഉറപ്പുവരുത്തി വേണം ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കേണ്ടത്. മാത്രമല്ല പലപ്പോഴും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗലക്ഷണങ്ങളെയും മറ്റും മാറ്റിമറിക്കും. ഇതുവഴി യഥാർത്ഥ രോഗനിർണയവും ചികിത്സയും വൈകുകയും ചെയ്യുന്നു.

നമ്മുടെ ചികിത്സാ ചെലവ് പരിശോധിച്ചാൽ അതിൽ 60 മുതൽ 80 ശതമാനംവരെയും പോകുന്നത് ആന്റിബയോട്ടിക്കുകൾക്കാണ്.

ഡോ. ഇന്ദിരയുടെ നേതൃത്വത്തിലുള്ള പഠനം

തിരുവനന്തപുരം, ചെന്നൈ, വെല്ലൂർ, ലക്‌നൗ എന്നീ കേന്ദ്രങ്ങളിൽ ഏകദേശം 10,000 രോഗികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു ഈ പഠനം. 350ഓളം ഡോക്ടർമാരും പങ്കെടുത്തു.

കണ്ടെത്തലുകൾ

ഏഴ് ദിവസത്തിൽ താഴെയുള്ള പനി, ചുമ, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി വന്ന 70 ശതമാനം രോഗികൾക്കും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചു. (ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പരിധിയെക്കാൾ 50 ശതമാനം കൂടുതലാണ്.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകളിൽ 30 ശതമാനവും ശ്വാസകോശസംബന്ധമായ അണുബാധകൾക്കു പോലും അനുയോജ്യമായിരുന്നില്ല.

സ്വകാര്യ ആശുപത്രികളിൽനിന്നു നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ താരതമ്യേന വില കൂടുതലുള്ളവയായിരുന്നു. സർക്കാർ ആശുപത്രികളിൽ കോട്രൈമൊക്‌സസോൾ, അമോക്‌സിസിലിൻ തുടങ്ങിയ വില കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചപ്പോൾ, സ്വകാര്യ ആശുപത്രികൾ റോക്‌സിത്ത്രോമൈസിൻ, സെഫാലെക്‌സിൻ തുടങ്ങിയ വില കൂടിയ മരുന്നുകളാണ് ഉപയോഗിച്ചത്.

മേൽപ്പറഞ്ഞ രോഗങ്ങളുള്ള 10 ശതമാനം രോഗികൾക്ക് ഡോക്ടർമാർ ഇഞ്ചക്‌ഷനുകളും നൽകിയിരുന്നു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ ഗ്രാമ-നഗരങ്ങൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഒന്നിൽ കൂടുതൽ ലക്ഷണമുള്ളവയ്ക്കും രണ്ടാമത്തെ പ്രാവശ്യം ഡോക്ടറെ കണ്ടവർക്കും കൂടുതൽ ആന്റിബയോട്ടിക്കുകൾ നൽകിയിരുന്നു.

കുട്ടികൾക്ക് കൂടുതൽ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞു.

ഉയർന്ന സാമൂഹിക, സാമ്പത്തിക ശ്രേണിയിലുള്ളവർക്ക് കൂടുതൽ ആന്റിബയോട്ടിക്കുകൾ, അതും കൂടിയ വിലയുള്ളവ നിർദ്ദേശിക്കപ്പട്ടിരുന്നു.

രോഗികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ആന്റിബയോട്ടിക്കുകൾ വേണമെന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിരുന്നുള്ളൂ.

സ്‌പെഷ്യലൈസേഷൻ ഉള്ള ഡോക്ടർമാർ വളരെ കരുതിയാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നത്. ഡോക്ടർമാരുടെ പ്രായം കൂടുംതോറും ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറഞ്ഞുവന്നു. മെഡിക്കൽ ജേണലുകളും ഇന്റർനെറ്റുമെല്ലാം കൃത്യമായി നോക്കിയിരുന്ന ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളൂ. എന്നാൽ മെഡിക്കൽ റെപ്രസന്റേറ്റീവുമാരും മരുന്നു കമ്പനികളും പറയുന്നതുകേട്ട് പ്രവർത്തിച്ചിരുന്ന ഡോക്ടർമാർ കൂടുതൽ ആന്റിബയോട്ടിക്കുകൾ എഴുതുന്നതായി കണ്ടെത്താൻ കഴിഞ്ഞു.

ചര്‍മസൗന്ദര്യത്തിന്‌ സ്വാദിഷ്‌ട വിഭവങ്ങള്

കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്‌.

നമ്മുടെ പാരമ്പര്യവും ജീവിതശൈലിയും ചര്‍മ സൗന്ദര്യത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. എങ്കിലും ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നും നിലനില്‍ക്കുന്നതാണ്‌. മുഖക്കുരു അകറ്റാന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. നല്ല ചര്‍മ്മത്തിന്‌ ദിവസം ഒരു ഇലക്കറി വീതം കഴിച്ചിരിക്കണം.
വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണ്ണുകളുടെ തിളക്കത്തിന്‌ ചീര, മുരങ്ങയില, അഗസ്‌തി ചീര, ബീന്‍സ്‌, കാരറ്റ്‌, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക. വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.

ദിവസവും കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്‌ മടികാണിക്കരുത്‌. അതുപോലെ പെട്ടെന്ന്‌ വണ്ണം വയ്‌ക്കുന്നതും അത്‌ പൊടുന്നനെ കുറയ്‌ക്കുന്നതും ചര്‍മ്മം വലിയുന്നതിനും, തന്മൂലം ചുളിവുകളും, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ വീഴുന്നതിനും കാരണമാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്‌തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും ലാഭിക്കാം. ചര്‍മ്മം സുന്ദരവുമാക്കാം. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌

കാരറ്റ്‌ - ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) - കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി - 4, 5 എണ്ണം
പഞ്ചസാര/ തേന്‍ - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ - യോഗര്‍ട്ട്‌ സ്‌മൂത്തി

ഏത്തപ്പഴം - ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) - അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

ഫ്യൂഷന്‍ സാലഡ്‌

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
വെള്ളരിക്ക - അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ - മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി - അരക്കപ്പ്‌
സവാള അരിഞ്ഞത്‌ - ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തൈര്‌ - വേണമെങ്കില്‍
പച്ചമുളക്‌ - ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.

ആംലാ - ജിഞ്ചര്‍ പഞ്ച്‌

നെല്ലിക്ക - അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു സ്‌പൂണ്‍
പുതിനയില - ഒരു ചെറിയ സ്‌പൂണ്‍
തുളസിയില - കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ പായസം

നന്നായി പഴുത്ത പപ്പായ
(
തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) - ഒരെണ്ണം
ശര്‍ക്കര പാനി - അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ - രണ്ടു തേങ്ങയുടെ
(
ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി - 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) - 4 എണ്ണം
തേന്‍ - ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി - 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) - ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ - ബദാം ഷേക്ക്‌

ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ - ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) - കാല്‍ കപ്പ്‌
പാല്‍ - മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.

പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌

റവ - 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - അര കപ്പ്‌
എള്ള്‌ - 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) - 250 ഗ്രാം
ഏലയ്‌ക്കാപൊടി - ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു നുള്ള്‌
മത്തങ്ങാക്കുരു - ഒരു വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌

തക്കാളി തൊലിയോടെ
മിക്‌സിയില്‍ അടിച്ചെടുത്തത്‌ - 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ - 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ആവശ്യത്തിന്‌
എള്ള്‌ - ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില - ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ - 6 കപ്പ്‌
പഞ്ചസാര - 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ - 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത

ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) - അഞ്ച്‌ എണ്ണം
കാരറ്റ്‌ - ഒരു ചെറിയ കഷണം
തേങ്ങ - ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ - ഒന്ന്‌
തൈര്‌ - അര കപ്പ്‌

തയാറാക്കുന്ന വിധം

ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

അന്നാ ജിതിന്‍ വര്‍ഗീസ്‌

കടപ്പാട്-paravannurselas.blogspot.in

2.94444444444
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ