অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ശരിയായ ആരോഗ്യം

ശരിയായ ആരോഗ്യം

  1. ഡയറ്റിങ്
  2. പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍
  3. സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും
  4. മഴക്കാലത്തെ ഭക്ഷണം
  5. ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്
  6. മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും
  7. കുട്ടികളുടെ ബുദ്ധിശക്തി
  8. മഴക്കാല ജീവിതചര്യ
  9. ബുദ്ധിശക്തി വര്‍ധിക്കാന്‍ ആയുര്‍വേദം
  10. പ്രമേഹവും ആയൂര്‍വേദവും
  11. കൊളസ്‌ട്രോള്‍ പോലെ, പ്രമേഹം പോലെ, കാന്‍സറിനെയും നിയന്ത്രിച്ചുനിര്‍ത്താനാവും. വൈദ്യശാസ്ത്രം പ്രതീക്ഷയോടെ, ലോകവും
  12. അമിതവണ്ണമുള്ളവര്‍ക്ക് ഓര്‍മശക്തി കുറയും
  13. നേന്ത്രപ്പഴം കൊഴുപ്പില്ലാതാക്കും, അമിതവണ്ണവും
  14. ഫ്രിഡ്ജ് ഉണ്ടെന്നു കരുതി എല്ലാം അവിടെ സൂക്ഷിക്കരുത്, ഫ്രിഡ്ജില്‍ വയ്ക്കരുതാത്തവ ഇവയൊക്കെ
  15. ഇക്കിളെടുത്താല്‍ മാറ്റാന്‍ ഒട്ടേറെ നാടന്‍ പൊടിക്കൈകള്‍, ചെവി തിരുമ്മല്‍ മുതല്‍ ശ്വാസം പിടിച്ചുവയ്ക്കല്‍ വരെ
  16. ബെല്‍റ്റുകളും മരുന്നുകളും പോരാ, നടുവേദന കുറയ്ക്കുന്നതു കൃത്യമായ വ്യായാമം
  17. രോഗമറിഞ്ഞ് സുഖകരമായി ഉറങ്ങാം,  ഉറക്കം കണ്ടാല്‍ രോഗവുമറിയാം... സുഖസുഷുപ്തിക്കു വഴികളേറെ
  18. ഇയര്‍ വാക്‌സ് മാറ്റാന്‍ വിനാഗിരിയും ആല്‍ക്കഹോളും
  19. കോശങ്ങളെ നിര്‍ജീവമാക്കുന്ന കുരുക്കുകള്‍ അഴിയുന്നു
  20. കുടവയറും ദുര്‍മേദസും കുറയ്ക്കാന്‍ ബലൂണ്‍ വിഴുങ്ങല്‍ പ്രയോഗം
  21. ഉമിനീര്‍ പരിശോധിച്ചാല്‍ നമ്മുടെ മരണമെപ്പോഴെന്നു കണ്ടെത്താം.
  22. ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്കു ദുസഹജീവിതം, ഭര്‍ത്താവിന്റെ പരിഗണന കൊതിക്കുന്ന സമയം
  23. ഒമ്പതുമണിക്കൂര്‍ ഉറക്കവും പകല്‍ വെറുതേയിരിപ്പും ചേര്‍ന്നാല്‍ അകാലമരണ സാധ്യത നാലിരട്ടി
  24. കാന്‍സറിന് മഞ്ഞളില്‍നിന്ന് ഫലപ്രദമരുന്ന്
  25. ആകൃതി നിലനിര്‍ത്താന്‍ കൂടുതല്‍ സമയം ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക; സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യത
  26. അമിത രക്തസമ്മര്‍ദം മരുന്നു കൂടാതെഒഴിവാക്കാന്‍ 10 മാര്‍ഗങ്ങള്‍
  27. കൗമാരത്തില്‍ അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് പെട്ടെന്നുള്ള ഹൃദ്രോഗമരണസാധ്യത കൂടുതല്‍, തടി കുറച്ചിട്ടും കാര്യമില്ല
  28. മുന്നറിയിപ്പില്ലാതെത്തുന്ന സ്‌ട്രോക്ക്; സാധ്യത ഇല്ലാതാക്കാം, വന്നാലുടനേ ചികിത്സ തേടണം
  29. സംസ്‌കരിച്ച ഇറച്ചിക്കു കാന്‍സര്‍ സാധ്യത, പുകവലിക്ക് തുല്യമെന്നു പഠനം
  30. കഷണ്ടിക്കു മരുന്നു പരീക്ഷിച്ചു വരുന്നു
  31. വലതുകൈയില്‍ പതിനൊന്നിലേറെ മറുകുണ്ടെങ്കില്‍ ത്വക് കാന്‍സര്‍ സാധ്യത അഞ്ചിരട്ടി
  32. ഒരാള്‍ എത്രമാത്രം വെള്ളം കുടിക്കണം
  33. എന്റെ കരളേയെന്നു നേരത്തേ വിളിച്ചു തുടങ്ങാം, വൈകിയാല്‍ മാരകമാകും, പണച്ചെലവും കൂടും
  34. അല്‍ഷീമേഴ്‌സ് ചികിത്സയില്ലാത്ത രോഗം, ലക്ഷണങ്ങള്‍ തുടക്കത്തിലേ അറിയാം, രോഗം വരാതിരിക്കാന്‍ കുറെയൊക്കെ നിയന്ത്രിക്കാം
  35. അല്‍ഷിമേഴ്‌സും മറവിരോഗവും തടയാന്‍ കൊക്കോ ചോക്ലേറ്റ്
  36. കൂടുതല്‍ നേരം ജോലി ചെയ്യുന്നവര്‍ക്കു പക്ഷാഘാത സാധ്യത 33 % കൂടുതല്‍
  37. മരിച്ചാലുടനെ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നത്...
  38. മൊബൈല്‍ ഉപയോഗം കാന്‍സറുണ്ടാക്കുമോ? തെളിവായില്ല, പക്ഷേ സാധ്യതയുണ്ട്
  39. രണ്ടു മണിക്കൂര്‍ ഇരുപ്പ് കുറയ്്ക്കാം, നില്ക്കുകയോ നടക്കുകയോ ചെയ്യുക, മൂന്നിഞ്ചു കുടവയര്‍ കുറയും
  40. ശക്തമായി പല്ലുതേക്കരുത്, ഉടന്‍ വെള്ളമൊഴിച്ചു കുലുക്കുഴിയരുത്...ബ്രഷിംഗില്‍ ശ്രദ്ധിക്കാനുണ്ടേറെ
  41. അമിതഭക്ഷണത്തിനും ആര്‍ത്തിക്കും പിന്നില്‍ ഹോര്‍മോണ്‍
  42. പനി, ജലദോഷം മൂക്കൊലിപ്പ്... വീട്ടില്‍ത്തന്നെയുണു പൊടിക്കൈകള്‍
  43. വേദനാസംഹാരികള്‍ സ്വയം കഴിക്കുമ്പോള്‍ സൂക്ഷിക്കുക, ഹൃദയ-പക്ഷാഘാതസാധ്യത കൂടുതല്‍
  44. നിസാരമെന്നു കരുതി ചില വേദനകളെ അവഗണിക്കരുത്
  45. നീന്തല്‍ കുളത്തിലിറങ്ങുന്നവരുടെ കണ്ണ് ചുവക്കാന്‍ കാരണം ക്ലോറിനല്ല, മൂത്രം

ഡയറ്റിങ്

ഡയറ്റിങ് എന്ന വാക്ക് നിങ്ങളോട് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ ശരീരഭാഷയില്‍ അടിമുടി ആ വാക്ക് ഉണ്ട്. അന്നാഹാരം ഉപേക്ഷിക്കേണ്ടത്ര ദാരിദ്ര്യമൊന്നും നിങ്ങള്‍ക്കില്ലെങ്കിലും'ഡയറ്റിങ്' വിട്ട് നിങ്ങള്‍ക്കൊരു കളിയില്ല. പക്ഷേ, അതിന്റെ പേരില്‍ നിങ്ങളീച്ചെയ്യുന്നതെല്ലാം നന്നോ? ഒന്ന് മനസ്സിരുത്തിച്ചിന്തിക്കാലോ!

ഡയറ്റിങ്-തെറ്റും ശരിയും

ചളുപിളുന്നനെയുള്ള ശരീരം നിങ്ങളെന്നല്ല ആരും ആഗ്രഹിക്കുന്നില്ല. ഒന്ന് നന്നായി വെട്ടിയൊതുക്കിയ ദേഹം-അത്രയ്‌ക്കേ വേണ്ടൂ. പക്ഷേ, അതില്‍ ഒതുങ്ങില്ല നിങ്ങള്‍. തടി കുറച്ചു കുറച്ചു കുറച്ച്, മെലിഞ്ഞു മെലിഞ്ഞ് കൊലുന്നനെയുള്ള സുന്ദരിയാകണം. സിനിമയിലും ടെലിവിഷനിലും ഒരുപാട് രൂപമാതൃകകള്‍ ഉണ്ടല്ലോ. ചെറുപ്രായത്തിലേ ചിലര്‍ തുടങ്ങും ആഹാരനിയന്ത്രണം. തടി കൂടുന്നുണ്ടെങ്കില്‍മാത്രം കുറച്ചാല്‍ പോരേ? അതല്ല സംഭവിക്കാറ്. ഭാവിയില്‍ വണ്ണംവെക്കാതിരിക്കാന്‍ ചുമ്മാ അങ്ങ് തുടങ്ങുകയാണ് പട്ടിണി കിടക്കല്‍. രാവിലെയോ രാത്രിയിലോ ഭക്ഷണം തീരെ ഒഴിവാക്കും.

ഉച്ചയ്ക്ക് വല്ല ഫാസ്റ്റ് ഫുഡോ കോളയോ ഒക്കെ 'ലൈറ്റ്' ആയി അകത്താക്കും.
കൈയിലിരിക്കുന്ന കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുന്നപോലെയാണീ പരിപാടി. വണ്ണം കുറയ്ക്കാനെന്ന പേരില്‍ സാധാരണ ഭക്ഷണം ഉപേക്ഷിച്ച് കോളയുടേയും ഫാസ്റ്റ് ഫുഡിന്റേയും പിറകെ പോകുന്നവര്‍ ഓര്‍ക്കുക, ഇവയിലെ പൂരിത കൊഴുപ്പുകളും ഗ്ലൂക്കോസുമൊക്കെ നിങ്ങളുടെ ശരീരഭാരം കൂട്ടുകയാണ് ചെയ്യുക. നേര്‍ വിപരീതഫലം.

മനസ്സിലാകുന്നുണ്ടോ നിങ്ങള്‍ക്ക്, 'ഡയറ്റിങ്' എങ്ങനെ വേണമെന്ന് നിങ്ങള്‍ക്കറിയില്ല. വെറുതെ ആഹാരം ഉപേക്ഷിക്കലല്ല 'ഡയറ്റിങ്.' അങ്ങനെ ചെയ്താല്‍ ഫലം പോഷകാംശക്കുറവു മൂലമുള്ള മാനസിക, ശാരീരിക വൈകല്യങ്ങളാണ്. അമിതമായ ഡയറ്റിങ് നിങ്ങള്‍ക്ക് തരുന്ന രോഗങ്ങള്‍ എന്തെന്നറിയാമോ? അറിയണം.

അനോരക്‌സിയ

അനോരക്‌സിയ ബാധിച്ച ആള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.

ബുലൂമിയ

അമിത ഡയറ്റിങ് പറ്റിക്കുന്ന മറ്റൊരു രോഗാവസ്ഥയാണിത്; അതേ സമയം ഏറെ വിചിത്രവും. ഈ അവസ്ഥയ്ക്കടിമയായ പെണ്‍കുട്ടികള്‍ പട്ടിണി കിടക്കില്ല. ഇടയ്ക്കിടെ കഴിക്കും. പക്ഷേ, ആഹാരം ദഹിച്ച് ശരീരത്തില്‍ പിടിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. തൊണ്ടയില്‍ കൈ കടത്തിയോ, മരുന്നു കഴിച്ചോ അകത്താക്കിയ ആഹാരം മുഴുവന്‍ ഛര്‍ദിച്ചുകളയും!
ഇവര്‍ക്ക് വിശപ്പുണ്ടാകില്ല, തൂക്കക്കുറവും കാണില്ല. പക്ഷേ, പിറകെ വരുന്നുണ്ടാവും മറ്റു പലതും. കുറച്ചെണ്ണം മാത്രം പറയാം.

1. അള്‍സര്‍
2. വിളര്‍ച്ച
3. ഉറക്കമില്ലായ്മ
4. പ്രമേഹം
5. അസ്ഥിസ്രാവം
6. വാതം
7. പോഷകാഹാരക്കുറവ്
8. പാന്‍ക്രിയാറ്റൈറ്റിസ്
9. ഡിപ്രഷന്‍

എല്ലാം സാധ്യതകളാണെന്ന് വെറുതെ പുച്ഛിച്ചുതള്ളുന്നവരോട് ഒന്നേ പറയാനുള്ളുവല്ലോ-കണ്ടറിഞ്ഞില്ലെങ്കില്‍ കൊണ്ടറിഞ്ഞോളും.
അനോരക്‌സിയ നന്നായി ബാധിച്ച ഒരാള്‍ ഒരാഴ്ചകൊണ്ട് ഒന്നര കിലോഗ്രാം വരെ തൂക്കം വര്‍ധിപ്പിച്ചേ മതിയാവൂ. 3500 കലോറി ഊര്‍ജമെങ്കിലും ലഭിച്ചിരിക്കണം ഓരോ ദിവസവും. പ്രത്യേക ആഹാരക്രമം ഇതിനാവശ്യമാണ്.

സിനിമയും ടെലിവിഷനും നമ്മളെ ഇന്നു വല്ലാതെ സ്വാധീനിക്കുന്നു. പക്ഷേ, എത്രവരെ പോകണം, എവിടെ നിര്‍ത്തണം എന്ന് നമ്മള്‍ തന്നെയല്ലേ തീരുമാനിക്കേണ്ടത്. എത്രയോ വൈവിധ്യമുള്ളതല്ലേ ഓരോരുത്തരുടേയും സൗന്ദര്യവും ശരീരവും. അതൊക്കെ ടീവീല് കണ്ട താരത്തിന്റേതുപോലെയാക്കലല്ല ശരിയായ രീതിയെന്ന് തിരിച്ചറിയുകയാണ് കൃത്യമായ പ്രതിവിധി. മനോഹരിയാകാന്‍ നോക്കിയിട്ട് മാറാരോഗിയായി മാറുന്നതിനേക്കാള്‍ എത്രയോ നല്ലതല്ലേ ജന്മംകൊണ്ട് നമ്മളില്‍ നിറഞ്ഞ നൈസര്‍ഗികതയുടെ സൗഭാഗ്യങ്ങള്‍ നിറംമങ്ങാതെ സൂക്ഷിക്കല്‍.

ഇണയുടെ സൗന്ദര്യസങ്കല്പം പലര്‍ക്കും പലതല്ലേ. ചിലര്‍ക്ക് തടിച്ചവരെ, ചിലര്‍ക്ക് മെലിഞ്ഞവരെ. ചിലര്‍ക്ക് കറുപ്പിനെ, ചിലര്‍ക്ക് വെളുപ്പിനെ... അങ്ങനെ ചിന്തിച്ചാല്‍ പട്ടിണി കിടക്കാന്‍ ഒരുങ്ങുന്ന പാവാടക്കാരികളേ, നിങ്ങള്‍ക്ക് പിന്മാറാന്‍ ബുദ്ധിതെളിയും.
അതുകൊണ്ട്, ഒരു കാര്യം കൂടി ചെയ്യാം. സുന്ദരിമാരാകാന്‍ കൊതിക്കുന്നവര്‍ മാത്രമല്ല അവരുടെ തന്തതള്ളമാരും ഇതൊന്ന് വായിക്ക്. എന്നിട്ട് ചെറുതായൊന്നു നിരീക്ഷിച്ചുതുടങ്ങ്, തീന്‍മേശയില്‍ എണ്ണം പഠിക്കാനെന്നപോലെ നുള്ളിപ്പെറുക്കി അന്നം അകത്താക്കുന്ന മക്കളെ.

വിവരങ്ങള്‍ക്ക് കടപ്പാട്:


ബുള്‍ബിന്‍ ജോസ്

സീനിയര്‍ ഡയറ്റീഷന്‍
ലേക്ക്‌ഷോര്‍ ഹോസ്​പിറ്റല്‍, കൊച്ചി

പ്രമേഹം നേരിടാന്‍ ആയുര്‍വേദ വഴികള്‍

കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ, ആയുര്‍വേദാചാര്യന്മാരായ ചരകനും സുശ്രുതനും വാഗ്ഭടനും, പ്രമേഹം ബാധിച്ചാല്‍ ധാരാളമായി മൂത്രമൊഴിക്കുമെന്നും മൂത്രം വീഴുന്ന സ്ഥലത്ത് മാധുര്യം നിമിത്തം ഉറുമ്പുകള്‍ ഓടിക്കൂടുമെന്നും വ്യക്തമാക്കിയിരുന്നു. അതിനാലാകണം മധുമേഹം എന്ന് ഈ രോഗത്തിനവര്‍ പേരു നല്‍കിയത്.

നേരത്തേ കണ്ടെത്തുക

വര്‍ധിച്ച അളവിലുള്ള വിയര്‍പ്പ്, ശരീരത്തിന് പ്രത്യേക ഗന്ധം, സന്ധിബന്ധങ്ങള്‍ക്ക് അയവ് അനുഭവപ്പെടുക, ആലസ്യവും തളര്‍ച്ചയും, ധാരാളമായി മൂത്രം പോകുക, തൊണ്ട വരള്‍ച്ച, ദാഹം, ശരീരം മെലിയുക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ പ്രമേഹത്തിന്റെ പൂര്‍വ രൂപങ്ങളിലുള്‍പ്പെടുന്നു.

അഗ്‌ന്യാശയ (പാന്‍ക്രിയാസ്)ത്തിന്റെ ഒരുഭാഗം പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ദ്രാവകം കുറയുകയോ തീരെ ഇല്ലാതാവുകയോ ആണ് മധുേമഹത്തിന്റെ അടിസ്ഥാന കാരണം. ശരീരകോശങ്ങള്‍ക്ക് ഗ്ലൂക്കോസ് ഉപയോഗപ്പെടുത്താന്‍ ഇന്‍സുലിന്റെ സാന്നിധ്യം ആവശ്യമാണ്. ഇന്‍സുലിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ കോശങ്ങള്‍ക്ക് പഞ്ചസാര ഉപയോഗപ്പെടുത്താന്‍ കഴിയാതെയായി അതു രക്തത്തില്‍ കെട്ടിനില്‍ക്കും. ചില പ്രത്യേക കാരണങ്ങളാല്‍ മഹാരോഗങ്ങളുടെ കൂട്ടത്തിലാണ് പ്രമേഹത്തെ ആയുര്‍വേദം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗള്‍ഫ് പോലുള്ള വിദേശ രാജ്യങ്ങളില്‍ ഏതാനും വര്‍ഷം ജോലിചെയ്തു മടങ്ങിവരുന്നവരില്‍ ഭൂരിപക്ഷത്തിനും പ്രമേഹബാധ കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍രംഗത്തെ സംഘര്‍ഷങ്ങളും ഉറ്റബന്ധുക്കളെ പിരിഞ്ഞിരിക്കേണ്ടി വരുമ്പോഴുണ്ടാകുന്ന മാനസിക പിരിമുറുക്കവുമാണ് ഇതിനു പിന്നില്‍. 

പഥ്യം പ്രധാനം; ചികിത്സ പിന്നീട്

ഈ രോഗത്തില്‍ ചികിത്സയ്ക്കു കേവലം രണ്ടാംസ്ഥാനമേ ഉള്ളൂ. ആഹാരവിഹാരങ്ങളിലെ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടുന്ന പഥ്യക്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാലേ ചികിത്സ ഫലപ്രദമാകൂ. പ്രമേഹത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കും രോഗിയുടെ ശരീരപ്രകൃതിക്കും അനുയോജ്യമായ തരത്തിലുള്ള ധാരാളം മരുന്നുകള്‍ ആയുര്‍വേദത്തിലുണ്ട്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി ഇന്‍സുലിന്‍ ഉല്‍പാദനം പൂര്‍വസ്ഥിതിയിലാക്കുക എന്നതാണ് ആയുര്‍വേദ ഔഷധങ്ങളുടെ മുഖ്യ ലക്ഷ്യം.

ആഹാരശൈലിയിലും വേണം മാറ്റങ്ങള്‍. വ്യക്തിയുടെ ജീവിത സാഹചര്യം, ശരീരപ്രകൃതി, ജോലിയുടെ സ്വഭാവം തുടങ്ങിയവ പരിഗണിച്ച്, അയാളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ അളവിലുള്ള ഊര്‍ജം പ്രധാനം ചെയ്യാന്‍ തക്ക അളവിലുള്ള ആഹാരക്രമത്തിനു രൂപം നല്‍കണം. കേവലം രോഗശമനം ലക്ഷ്യമാക്കി പ്രമേഹരോഗിയുടെ ആഹാരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ശരീരബലം, പോഷണം, ഓജസ്സ് എന്നിവയ്ക്കു മതിയാകാതെ വരികയും ധാതുക്ഷയം നിമിത്തം തരിപ്പ്, വേദന, കഴപ്പ് തുടങ്ങിയ കടുത്ത വാതരോഗങ്ങള്‍ക്ക് അതു കാരണമാകുകയും ചെയ്യും.

എന്തൊക്കെ കഴിക്കാം

സ്വതവേ തടിച്ച ശരീരം ഉള്ളവര്‍ക്ക് തടി കുറയ്ക്കുന്നതും മേദോഹരമായതും ഗുരുത്വം ഏറിയതുമായ ആഹാരം പഥ്യമായിരിക്കും. മെലിഞ്ഞ ശരീരപ്രകൃതക്കാര്‍ക്ക് ലഘുവായതും പുഷ്ടിയുണ്ടാക്കുന്നതും ബലവര്‍ധകവുമായ ആഹാരമായിരിക്കും ഹിതം. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം കണക്കാക്കി അതിനു പറ്റിയ അളവിലുള്ള മാംസ്യവും കൊഴുപ്പും ഉള്‍ക്കൊള്ളുന്ന ആഹാരം നല്‍കണം. പൊതുവെ മധുര വസ്തുക്കള്‍, മധുര പലഹാരങ്ങള്‍, പഴവര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍, മുട്ട എന്നിവ പ്രമേഹരോഗിക്കു പഥ്യമല്ല. വെണ്ണ, കൊഴുപ്പിലധികമുള്ള ഭക്ഷ്യവസ്തുക്കള്‍, എണ്ണയില്‍ വറുത്ത ആഹാരം എന്നിവ ഒഴിവാക്കണം.

തവിടു കളയാത്ത ധാന്യങ്ങള്‍ മിതമായും നാരുകളടങ്ങിയ പച്ചക്കറികള്‍ ധാരാളമായും കഴിക്കാം. ഇതു മലബന്ധം അകറ്റുന്നതോടൊപ്പം ശരീരത്തിനു മതിയായ പോഷണം നല്‍കുകയും ചെയ്യും. അരിക്കു പകരം ഗോതമ്പ് ഉപയോഗിക്കാം എന്ന ധാരണ ശരിയല്ല. രണ്ടിലും അന്നജം ഒരേ അളവില്‍ത്തന്നെ അടങ്ങിയിരിക്കുന്നു. ഒരു പിടി ചോറ്, രണ്ട് ചപ്പാത്തി, ധാരാളം പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗപ്പെടുത്തണം. ഇടനേരങ്ങളില്‍ മധുരം ചേര്‍ക്കാത്ത ചായ, പാട നീക്കിയ പാല്‍, മോര്, ചെറുനാരങ്ങാ നീര് എന്നിവ ഉപയോഗിക്കാം. ഏകനായകം, പൊന്‍കുരണ്ടി വേര്, കരിങ്ങാലി ഇവയിലേതെങ്കിലും ചേര്‍ത്തു തിളപ്പിച്ച വെള്ളം ധാരാളമായി ഉപയോഗിക്കണം.

വ്യായാമം മറക്കരുത്

വ്യായാമത്തിന് മുന്തിയ പ്രാധാന്യം നല്‍കണം. ഒരു കിണര്‍ കുഴിക്കാനാണ് സുശ്രുതന്‍ പ്രമേഹരോഗിയെ ഉപദേശിക്കുന്നത്. നടക്കല്‍ നല്ല വ്യയാമമാണ്. രാവിലെ എണീറ്റ് ആഹാരം കഴിക്കാതെ വേണം നടക്കേണ്ടത്. രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ നിസ്സാര രോഗം പോലും പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തില്‍ ഒരുതരത്തിലും മുറിവുകളുണ്ടാവാതെ ശ്രദ്ധിക്കണം. മനസ്സ് പ്രക്ഷുബ്ധമാകാതെ സൂക്ഷിക്കണം. മാംസപേശികള്‍, മൂത്രനാളം എന്നിവിടങ്ങളിലെ അണുബാധ, കൈകാലുകളില്‍ തരിപ്പും കഴമ്പും മരവിപ്പും, വൃക്കകളിലുണ്ടാകുന്ന രോഗാവസ്ഥകള്‍, കണ്ണിന്റെ കാഴ്ചശക്തിക്കുണ്ടാകുന്ന ക്ഷയം, ഞരമ്പുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നതിനാല്‍ ഹൃദയാഘാതമുണ്ടാകുമ്പോള്‍ വേദന അറിയാതിരിക്കുക എന്നിങ്ങനെ പലവിധ ഗൗരവമേറിയ ഉപദ്രവങ്ങളും പ്രമേഹരോഗിക്കുണ്ടാകും. തുടക്കംമുതല്‍ ഈ രോഗം നിയന്ത്രണവിധേയമാക്കി നിര്‍ത്തിയില്ലെങ്കില്‍ ദാമ്പത്യജീവിതം ദുഷ്‌കരമാകുംവിധം ലൈംഗിക പരാജയം സംഭവിക്കും.

സ്ത്രീകളിലെ നടുവേദനയും ആയുര്‍വേദ പ്രതിവിധിയും

പ്രായഭേദമെന്യേ സ്ത്രീ, പുരുഷന്മാരില്‍ സാധാരണ കണ്ടുവരുന്ന അസുഖമാണ് നടുവേദനയെങ്കിലും സ്ത്രീകളിലാണ് കൂടുതലായി രേഖപ്പെടുത്തിയിട്ടുള്ളത്. നട്ടെല്ല് ശരീരത്തിന്റെ പുറകുവശത്തിന് ബലം നല്‍കുന്നതോടൊപ്പം അവയ്ക്കിടയില്‍ ഇടവിട്ട് കാണപ്പെടുന്ന ഡിസ്‌ക് അഥവാ തരുണാസ്ഥികളുടെ വിടവു മൂലം ശരീരം നിശ്ചിത അളവില്‍ വളയ്ക്കാനും നമുക്ക് കുനിയാനും നിവരാനും കഴിയുന്നു.

കഠിനാധ്വാനം, ഭാരമെടുക്കല്‍, ഒരേ ഇരുപ്പില്‍ അധികസമയം ഇരുന്നുള്ള ജോലി, യാത്ര, അധികസമയം നില്‍ക്കല്‍, പൊക്കമുള്ള ചെരുപ്പുകള്‍ ധരിച്ച് അധികദൂരം നടക്കല്‍, ഇരുചക്രവാഹനങ്ങളോടിക്കല്‍ മുതലായവ നടുവേദനയ്ക്ക് കാരണമാകും. നട്ടെല്ലിന് ഇരുവശത്തുനിന്നും പുറപ്പെടുന്ന നാഡീഞരമ്പുകള്‍, ചുറ്റുമുള്ളതും വശങ്ങളിലേക്കുള്ളതുമായ പേശികളെ പ്രവര്‍ത്തനോന്മുഖമാക്കുന്നു. തെറ്റായ ചലനം മൂലം സുഷുമ്‌നാനാഡികള്‍ക്കു സമ്മര്‍ദമേല്‍ക്കുക, രക്തക്കുഴലുകളമരുക ഇവ മൂലം നടുവേദന, പുറംവേദന, കാലുവേദന ഇവയുണ്ടാകും.

പോഷകാഹാരക്കുറവ്, പ്രത്യേകിച്ച് കാത്സ്യം കുറഞ്ഞ ആഹാരം നിത്യവുമുപയോഗിക്കുക, പുളിരസമുള്ള കറികള്‍, നാരങ്ങാനീര് ഇവ അധികമുപയോഗിക്കുക, ഗര്‍ഭിണികള്‍ക്ക് ആഹാരത്തിലൂടെ കാത്സ്യം വേണ്ടമാത്രയില്‍ ലഭിക്കാതിരിക്കുക ഇവയാലും നട്ടെല്ലിന് കട്ടി കുറയാനും അവയില്‍ ചെറുസുഷിരങ്ങളുണ്ടാവാനുമിടയാകും. ആര്‍ത്തവം നിലച്ച് പത്ത് വര്‍ഷത്തിനുശേഷവും, ചെറുപ്പത്തിലേ ഗര്‍ഭപാത്രം നീക്കം ചെയ്യപ്പെട്ടവരിലും ഇത്തരം അവസ്ഥ സംജാതമാകും. തണുപ്പധികമേല്‍ക്കുക, തണുത്ത വെള്ളത്തില്‍ കുളിക്കുക, തുണി അധികസമയം നിന്ന് കഴുകുക, തറ തുടയ്ക്കുക, വീട്ടിനുള്ളില്‍ തണുപ്പുകാലത്ത് ചെരുപ്പിടാതെ നടക്കുക മുതലായവയാല്‍ നടുവേദനയുണ്ടാകും. തണുത്ത ആഹാരം അമിതമായി കഴിക്കുക, തൈര്, മോര്, ഉലുവ മുതലായ ശീതഗുണമുള്ള ആഹാരം അധികം ഉപയോഗിക്കുക, പാല്‍, വെണ്ണ, നെയ്യ് ഇവ ഒട്ടുമുപയോഗിക്കാതിരിക്കുക, സൂര്യപ്രകാശമൊട്ടുമേല്‍ക്കാതിരിക്കുക, ഉറക്കമൊഴിയുക, ഭയം, ഉത്ക്കണ്ഠ, മാനസികസംഘര്‍ഷങ്ങള്‍ മുതലായവയും നടുവേദനയ്ക്ക് കാരണമാകും.

സ്ത്രീകളില്‍ ഗര്‍ഭകാലത്ത് 4-7 മാസങ്ങള്‍ക്കിടയില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയും ഭാരക്കൂടുതലും മൂലം നട്ടെല്ല് അല്പം വളയുകയും ക്രമേണ, അധികസമയം നില്‍ക്കുകയോ നടക്കുകയോ ഭാരമെടുക്കുകയോ ചെയ്താല്‍ നടുവേദനയുണ്ടാവും. കാലതാമസം നേരിടുന്ന പ്രസവത്താലും പ്രസവാനന്തരം വിശ്രമമെടുക്കാതിരുന്നാലും നടുവേദനയുണ്ടാകും. ആര്‍ത്തവസംബന്ധമായ രോഗങ്ങളും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയമുഖം ചുരുങ്ങിയിരുന്നാല്‍ ആര്‍ത്തവരക്തസ്രാവം സുഗമമല്ലാതാവുകയും തന്മൂലം ആര്‍ത്തവത്തോടനുബന്ധമായി വയര്‍വേദന, നടുവേദന ഇവയുണ്ടാകും.

ഗര്‍ഭാശയത്തിലുണ്ടാകുന്ന നീര്, അണുബാധ, മുഴകള്‍ ഇവയും നടുവേദനയ്ക്ക് കാരണമാകും. ഗര്‍ഭാശയം താഴോട്ടിറങ്ങിവരുന്നവരില്‍, അധികസമയം നില്‍ക്കുന്നത് തീവ്രമായ നടുവേദനയുണ്ടാക്കും. പരിശോധനകളിലൂടെ രോഗകാരണം മനസ്സിലാക്കി പ്രതിവിധികള്‍ ചെയ്തു നടുവേദന നിശ്ശേഷം മാറ്റാം. ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുണ്ടാകുന്ന നടുവേദന പെട്ടെന്ന് അനുഭവപ്പെടുകയില്ല. നടുവില്‍ ത്രികാസ്ഥി ഭാഗത്ത് അവ്യക്തരൂപത്തിലായിരിക്കും വേദന. ശരീരത്തിന് പുറത്തു ഏതെങ്കിലും ഭാഗങ്ങള്‍ സ്​പര്‍ശിച്ചാലോ അമര്‍ത്തിയാലോ വേദന തോന്നില്ല.

ഇതിന് വിപരീതമായി ശ്രോണീഫലകത്തിന് മുകളില്‍ അനുഭവപ്പെടുന്ന വേദന, നട്ടെല്ലിന്റെ ഏതെങ്കിലും ഒരുവശത്ത് അനുഭവപ്പെടുന്ന തീവ്രവേദന, കാല്പാദത്തിലേക്ക് വ്യാപിക്കുന്ന വേദന, കുനിയാനോ നിവരാനോ പ്രയാസം തുടങ്ങിയവ അസ്ഥിരോഗങ്ങള്‍ മൂലമുണ്ടാകുന്ന നടുവേദനയാണെന്ന് തിരിച്ചറിയണം.

സ്ത്രീകള്‍ക്കുണ്ടാകുന്ന നടുവേദനയില്‍ 20 ശതമാനം മാത്രമേ ഗര്‍ഭാശയസംബന്ധമായ രോഗങ്ങള്‍മൂലമുള്ളതായി കാണുന്നുള്ളൂ. ജോലി ചെയ്യുന്നതോടൊപ്പം ശരീരത്തിനാവശ്യമായ വിശ്രമമെടുക്കാനും മറക്കരുത്. കഠിനാധ്വാനം, ഭാരമെടുക്കല്‍, അധികയാത്ര, ഇരുപ്പ് ഇവ നടുവേദനയുള്ളപ്പോള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം.

ആര്‍ത്തവകാലത്തെ വേദന, അമിത രക്തസ്രാവം, അടിക്കടിയുള്ള ആര്‍ത്തവം, യോനീസ്രാവം അഥവാ വെള്ളപോക്ക്, ഗര്‍ഭാശയ സംബന്ധമായ രോഗങ്ങള്‍ ഇവ എത്രയും വേഗം ചികിത്സിച്ചു ഭേദമാക്കണം. പുളി, കയ്പ്പ് ഇവയധികമുള്ള ആഹാരം, ക്രമം തെറ്റിയ ഭക്ഷണരീതി, ഉറക്കൊഴിയുക ഇവ ഒഴിവാക്കണം.

നട്ടെല്ലിന് അമിതമായി ആയാസം നല്‍കുന്ന ജോലികള്‍ ഒഴിവാക്കുക. നടുവേദനയുള്ളവര്‍ പോഷകമൂല്യമുള്ളതും കാത്സ്യം അധികമുള്ളതുമായ പാലും മറ്റും ആഹാരത്തിലുപയോഗിക്കണം. ദിവസവും എണ്ണ തേച്ച് ചൂടുള്ള വെള്ളംകൊണ്ട് കുളിക്കുന്നത് നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കും. വിശ്രമം, വ്യായാമം ഇവ ശരിയായ രീതിയില്‍ ചെയ്യണം. അസ്ഥിസംബന്ധമായ രോഗങ്ങളില്‍ വിശ്രമത്തോടൊപ്പം ശരിയായ ഔഷധസേവ കൂടാതെ തൈലങ്ങളായ സഹചരാദി തൈലമോ, കൊട്ടന്‍ചുക്കാദി തൈലമോ, ബലാതൈലമോ കൊണ്ടു തടവുക. കിഴി, പിഴിച്ചില്‍, ഞവരക്കിഴീ, തൈലവസ്തി, കടീവസ്തി മുതലായ ചികിത്സകള്‍ നടുവേദന ഇല്ലാതാക്കുവാന്‍ സഹായിക്കും. കുറുന്തോട്ടി പാല്‍ക്കഷായമായി കഴിക്കുന്നതും ഫലപ്രദമാണ്.

മഴക്കാലത്തെ ഭക്ഷണം

സഹജമായ ബലം ഏറ്റവും കുറഞ്ഞിരിക്കുന്ന മഴക്കാലത്ത് ത്രിദോഷങ്ങളും വര്‍ധിച്ച് വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ജലം, വായു, ഭൂമി എന്നിവ ഒരേ പോലെ മലിനമാകുന്ന ഇക്കാലത്ത് ജലജന്യമായ അതിസാരം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ്(ആന്ത്രികജ്വരം), വയറുകടി എന്നിവ ഉണ്ടാകുകയും പടരുകയും ചെയ്യുന്നു.

പരിസരവും അന്തരീക്ഷവും മലിനമാകുന്നതുമൂലം കൊതുക്, ഈച്ച, എലി, ചെള്ള്, മൂട്ട എന്നിവ പെരുകുകയും മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, മന്ത്, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു.

ബാഹ്യമായ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്നത് ഒരു പരിധിവരെ മാത്രം സാധ്യമായിട്ടുള്ളതിനാല്‍ ഓരോവ്യക്തിയും തന്റെ ശരീരത്തിന്റെ രോഗം സംജാതമാകുന്ന അവസ്ഥ ഇല്ലായ്മ ചെയ്യാന്‍ പരിശ്രമിക്കേണ്ടതാണ്. എണ്ണതേച്ച് മൃദുവായി തലോടിയുള്ള കുളി, മാസത്തിലൊരിക്കല്‍ അവിപത്തി ചൂര്‍ണം മുതലായവ കൊണ്ടുള്ള വയറിളക്കല്‍ (വിരേചനം) എന്നിവ രോഗപ്രതിരോധത്തിന് നല്ലതാണ്.

ശീലിക്കേണ്ട ആഹാരങ്ങള്‍

1.ചെറു ചൂടുള്ളതും ദഹിക്കുവാന്‍ എളുപ്പമുള്ളതും വൃത്തിയായ രീതിയില്‍ പാകം ചെയ്തതും അല്പം ഉപ്പും പുളിയും ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍ നല്ലതാണ്.
2.ഗോതമ്പ്, ചെറുപയര്‍, മലര്‍ക്കഞ്ഞി, തേന്‍, ചെറുപയറിന്‍ രസം, മാംസത്തിനുപകരം സൂപ്പ് എന്നിവ ഉപയോഗിക്കാം.
3.ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂര്‍ണം തുടങ്ങിയവ ഏതെങ്കിലും കൊണ്ട് തിളപ്പിച്ചജലം ഉപയോഗിക്കാം.
4.തക്കാളി, മത്തങ്ങ, കാബേജ്, കുമ്പളങ്ങ, വഴുതനങ്ങ, പാവയ്ക്ക തുടങ്ങിയവ ആവശ്യത്തിന് ഉയോഗിക്കുക.
5.അലൂമിനിയം പാത്രങ്ങള്‍ക്കുപകരം സ്റ്റീല്‍, മണ്‍, ഓട് പാത്രങ്ങള്‍ പാചകത്തിനായി ഉപയോഗിക്കുക.
6.കാപ്പി, ചായ എന്നിവ മിതമായി ശീലിക്കാവുന്നതാണ്.

ഒഴിവാക്കേണ്ട ആഹാരങ്ങള്‍

1.തണുത്തവെള്ളം, ചോളം വറുത്തതും പൊരിച്ചതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങള്‍.
2.മൈദ, ബിരിയാണി. തണുത്തതും ശീതികരിച്ചതുമായ ആഹാരസാധനങ്ങള്‍, വറുത്ത മാംസങ്ങളും മത്സ്യങ്ങളും. ആഹാരസാധനങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുക.
3.രാത്രിയില്‍ മാംസ ഭക്ഷണം, തൈര്, പൊറോട്ട എന്നിവ നിര്‍ബന്ധമായും ഒഴിവാക്കുക.

ശീലിക്കേണ്ട രീതികള്‍

1.രാത്രിയില്‍ കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക. നേരത്തേ ഉറങ്ങുക. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറക്കം ശീലിക്കുക.
2.മിതമായ ലൈംഗിക വൃത്തി ശീലിക്കുക.
3.മദ്യത്തിനുപകരം അരിഷ്ടാസവങ്ങള്‍ ഔഷധമാത്രയില്‍ ശീലിക്കുക.

ഒഴിവാക്കേണ്ട വിഹാരങ്ങള്‍

1.പകലുറങ്ങുക. കൂടുതല്‍ മഴ നനയുക, അമിതാധ്വാനം, നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് അധികനേരം നില്‍ക്കുക.
മേല്‍പ്പറഞ്ഞവ കൂടാതെ അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം, ഇന്ദുകാന്തയോഗം, വിദാര്യാദിയോഗം, ച്യവനപ്രാശം, അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ശരീരബലം വര്‍ധിക്കുവാന്‍ യുക്തിയുക്തമായി ഉപയോഗിക്കാവുന്നതാണ്.

ഡോ. എ.എം. മനോജ്

മെഡിക്കല്‍ ഓഫീസര്‍
ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറി, കാവാലം

ആയുര്‍വേദത്തിലെ ഫസ്റ്റ് എയ്ഡ്

ഡോ. രമ്യാകൃഷ്ണന്‍

ആയൂര്‍വേദത്തില്‍ ഫസ്റ്റ് എയ്‌ഡോ..ഇത് കേള്‍ക്കുന്നവര്‍ക്കൊക്കെ പെട്ടന്ന് ആശ്ചര്യം തോന്നിയേക്കാം. നിത്യജീവിതത്തില്‍ അടിയന്തിരപ്രാധാന്യം ആവശ്യമുള്ള ഘട്ടങ്ങളില്‍ ഫലപ്രാപ്തയുണ്ടാകുന്നതിന് താഴെപറയുന്ന ആയൂര്‍വേദചികിത്സകള്‍ ഉപകാരപ്രദമാകും.

ക്ഷണിക്കപ്പെടാത്ത അതിഥികളായി രോഗങ്ങള്‍ വീടുവീടാന്തരം കയറിയിറങ്ങുന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വീട്ടില്‍ ആയുര്‍വേദ ഔഷധങ്ങളാല്‍ സജ്ജമായ ഒരു 'ഫസ്റ്റ് എയ്ഡ് ബോക്‌സ്' ഉണ്ടെങ്കില്‍ ആരോഗ്യകരമായി ഇവയെ വകവരുത്താനാകും. എന്നാല്‍ വൈദ്യ നിര്‍ദേശത്തില്‍ ജീവിതചര്യയിലെ ആരോഗ്യകരമായ മാറ്റങ്ങള്‍ സ്വീകരിച്ചുകൊണ്ടുവേണം ഈ എമര്‍ജന്‍സി ബോക്‌സിനെ വിനിയോഗിക്കാന്‍.

പൊള്ളലുകള്‍

ചെറിയ തീപ്പൊള്ളലുകളേല്‍ക്കുമ്പോള്‍ പൊള്ളലേറ്റഭാഗത്ത് ജാത്യാദിഘൃതം നനച്ച് പഞ്ഞിയിടുക. വലിയ പൊള്ളലാണെങ്കില്‍, പൊള്ളലേറ്റഭാഗം പഴുക്കാതിരിക്കാനും പെട്ടെന്നു സാധാരണ ചര്‍മം വരുന്നതിനും പുനര്‍നവാദി കഷായഗുളിക കൂടി വീട്ടില്‍ കരുതുക. ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങള്‍ പാല്‍, പാലുത്പന്നങ്ങള്‍, ബേക്കറി സാധനങ്ങള്‍ ബ്രഡ്, ബണ്‍ തുടങ്ങിയവയടക്കം, എണ്ണ, പുളിയും ഉപ്പും അധികമുള്ള അച്ചാറുകള്‍ തുടങ്ങിയവ, പുളിയുള്ള പഴങ്ങള്‍ ഇവ നിശ്ചിതകാലം അപഥ്യമാണ് (ഒഴിവാക്കേണ്ടതാണ്.)

മുറിവ്, ചതവുകള്‍

ഉടനടി മുറിവോ ചതവോ പറ്റിയ ഭാഗം നല്ല വെള്ളത്തില്‍ കഴുകി ഉണക്കിയതിനു ശേഷം ആ ഭാഗത്ത് മുറിവെണ്ണ നനച്ച് പഞ്ഞിയിടുക. വലിയ മുറിവാണെങ്കില്‍ വൈദ്യനിര്‍ദേശപ്രകാരം മുറിവു പഴുക്കാതിരിക്കാനും പെട്ടെന്നു കരിയാനും വില്വാദിഗുളിക വളരെ പ്രയോജനം ചെയ്യും. വേദനയും നീരും കുറയ്ക്കാനായി ദശമൂലം കഷായഗുളികയും ആവശ്യംവരും.

വയറിളക്കം, ഛര്‍ദി:

മേല്പറഞ്ഞ രോഗലക്ഷണങ്ങള്‍ പെട്ടെന്നു തുടങ്ങുമ്പോള്‍ വില്വാദിഗുളിക, ദാഡിമാഷ്ടകചൂര്‍ണം എന്നിവ വൈദ്യനിര്‍ദേശത്തില്‍ പ്രയോജനപ്പെടും. ഈ അവസ്ഥയില്‍ മലരും ജീരകവും വെന്ത വെള്ളം അല്പാല്പമായി ചെറുചൂടോടെ ഇടയ്ക്കിടെ കുടിക്കണം.

മേല്പറഞ്ഞ ഔഷധങ്ങള്‍ അണുജന്യവിഷാംശങ്ങളെ ശക്തമായി നിര്‍വീര്യമാക്കി പുറന്തള്ളി രോഗശമനമുണ്ടാക്കും. മലര്‍വെള്ളം ശരീരത്തിലെ നിര്‍ജലാവസ്ഥയെയും ധാതുഅസന്തുലിതാവസ്ഥയെയും മലത്തിലൂടെയുള്ള ദ്രവനഷ്ടത്തെയും ശ്രേഷ്ഠമാംവിധം പരിഹരിക്കും.

പഥ്യം: ഉപ്പിട്ട കഞ്ഞി മാത്രം ചെറുചൂടോടെ വളരെ ചെറിയ മാത്രയില്‍ ഇടയ്ക്കിടെ നല്‍കണം.

താഴ്ന്ന ബി.പി

ബി.പി. ക്രമാതീതമായി കുറഞ്ഞിരിക്കുമ്പോള്‍ ദശമൂലം കഷായഗുളികയോ ധാന്വന്തരം ഗുളികയോ പ്രയോജനം ചെയ്യും. മേല്പറഞ്ഞ ഔഷധം തലച്ചോറിലേക്കുള്ള രക്തചംക്രമണത്തെ ശക്തിപ്പെടുത്തുകയും അങ്ങനെ ബി.പി. കുറഞ്ഞിട്ടുണ്ടാകുന്ന തലകറക്കത്തെയും മറ്റും പ്രതിരോധിക്കുകയും ബി.പി. കൂട്ടുകയും ചെയ്യും.

പഥ്യം: ദ്രവാംശം ഏറിയ ആഹാരം ദഹിക്കാനെളുപ്പമുള്ള രീതിയില്‍ ചെറുചൂടോടെ കഴിക്കാം.

പെട്ടെന്നു തുടങ്ങുന്ന പനി

വീട്ടില്‍ അമൃതോത്തരം കഷായഗുളിക സൂക്ഷിക്കുകയാണെങ്കില്‍ ഏതു പനിയിലും വൈദ്യ നിര്‍ദേശത്തില്‍ കൊടുത്തുതുടങ്ങാം. അണുജന്യവിഷാംശങ്ങളെ നിര്‍വീര്യമാക്കിയും പുറന്തള്ളിയും രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തിയും ഈ ഔഷധം പനിയുടെ കാരണത്തോട് (ഏത് 'അണു'ആയാലും) ആരോഗ്യകരമായി പൊരുതും. കൂടാതെ രാസ്‌നാദി ചൂര്‍ണം തളംവെക്കുന്നതുകൊണ്ട് പനി മസ്തിഷ്‌കത്തെ ബാധിക്കുന്നത് തടയാം.

പഥ്യം (ശീലിക്കേണ്ടത്): ഉപ്പിട്ട കഞ്ഞിമാത്രം വിശപ്പിനനുസരിച്ച് ശീലിച്ചുതുടങ്ങി, വിശപ്പു കൂടുന്നതിനനുസരിച്ച് കഞ്ഞിയും പയറും ആക്കാം. ചുക്കും മല്ലിയും വെന്തവെള്ളം മാത്രം ഇടയ്ക്കിടെ ചൂടോടെ കുടിക്കണം.

പെട്ടെന്നു ബി.പി. കൂടിയാല്‍

ഉയര്‍ന്ന രക്താതിമര്‍ദത്തെ മിനിറ്റുകള്‍ക്കകം കുറയ്ക്കാനായി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദി ഗുളിക വൈദ്യനിര്‍ദിഷ്ടമായ രീതിയില്‍ ഏറെ പ്രയോജനം ചെയ്യും. രക്തചംക്രമണത്തിലുണ്ടാകുന്ന താളപ്പിഴവിനെ ശരിയാക്കിയാണ് ഈ ഔഷധം ബി.പി. കുറയ്ക്കുന്നത്. പിന്നീട് ഒരുമാസത്തോളം രക്തചംക്രമണം സ്വാഭാവികമാക്കുന്നതിനുള്ള ആയുര്‍വേദചികിത്സ പൂര്‍ണപഥ്യത്തോടെ ആവശ്യമാണ്. ചുക്കും മല്ലിയും വെന്ത വെള്ളം ബി.പി. ഉടനടി കുറയ്ക്കാന്‍ വിശിഷ്ടമാണ്.

അപഥ്യം: ദഹനത്തെ കുറയ്ക്കുന്നവ, ഉപ്പും പുളിയും ഏറിയ സാധനങ്ങള്‍, പുളിയുള്ള പഴങ്ങള്‍, ചെറുപഴം.

പെട്ടെന്നുണ്ടാകുന്ന ഉളുക്ക്, കോച്ചിപ്പിടിത്തം, കഴുത്ത്-നടുവേദനകള്‍

പേശികളിലും സ്‌നായുക്കളിലുമുണ്ടാകുന്ന നീര്‍ക്കെട്ടാണ് ഇപ്പറഞ്ഞ വേദനകള്‍ക്ക് കാരണം. പെട്ടെന്നുതന്നെ അമൃതോത്തരം കഷായഗുളിക വൈദ്യനിര്‍ദേശത്തില്‍ കഴിക്കുക. വേദനയുള്ള ഭാഗത്ത് തൈലം, ക്രീം, ഓയിന്‍മെന്റ്, വെള്ളം ഇവയൊന്നുംതന്നെ പുരട്ടരുത്. ഏതുതരം ഓയിന്‍മെന്റ് ആണെങ്കിലും ഈയവസരത്തില്‍ വേദന കൂടാന്‍ കാരണമാകും. വരണ്ട ചൂട് ഏല്പിക്കുകയും വേണം (ഇരുമ്പുചട്ടിയില്‍ തുണി ചൂടാക്കിയോ, വാമര്‍ ഉപയോഗിച്ചോ, വാട്ടര്‍ബാഗ് ഉപയോഗിച്ചോ).

പഥ്യം: ദഹിക്കാനെളുപ്പമുള്ള ലഘുവായ ആഹാരം മാത്രം. ചുക്കും ഞെരിഞ്ഞിലും ഇട്ടു വെന്തവെള്ളം (നീര്‍ക്കെട്ടിനെ ഇല്ലാതാക്കാന്‍) കുടിക്കുക. അമിതമായ ഉപ്പ്, പുളി ഇവ വര്‍ജിക്കണം.

പെട്ടെന്നുണ്ടാകുന്ന അലര്‍ജികൊണ്ടുള്ള ശ്വാസതടസ്സം

ശ്വാസാനന്ദം ഗുളിക വൈദ്യനിര്‍ദിഷ്ട മാത്രയില്‍ കനകാസവത്തില്‍ പലവട്ടമായി അല്പാല്പം കഴിച്ചുതുടങ്ങണം. അരമണിക്കൂറിനുള്ളില്‍ത്തന്നെ വിമ്മിട്ടം നന്നായി കുറയും. എന്നാല്‍ ഇതു കുറയുമ്പോള്‍ അലര്‍ജിക്കുള്ള (ശരീരത്തിലെ കാരണത്തിന്) ആയുര്‍വേദ ചികിത്സ ഒന്നുരണ്ടുമാസത്തോളം പഥ്യത്തോടെ ആവശ്യമായി വരും.

ഹൃദ്രോഗത്തിന് സമാനമായ ലക്ഷണങ്ങള്‍

ഇങ്ങനെ സംശയം തോന്നുന്ന അവസ്ഥയിലെല്ലാംതന്നെ ഉടനടി അഭയാരിഷ്ടത്തില്‍ കസ്തൂര്യാദിഗുളിക പ്രയോജനം ചെയ്യും (വൈദ്യനിര്‍ദേശത്തില്‍). ഇത് ഹൃദയത്തിലേക്കുള്ള രക്തചംക്രമണത്തെ ഉടനടി മെച്ചപ്പെടുത്തുകയും ഹൃദ്രോഗത്തിന്റെ പ്രത്യാഘാതങ്ങളെ ഏറെ ഫലപ്രദമായി തടുക്കുകയും ചെയ്യുന്നതായി കണ്ടുവരുന്നുണ്ട്. ഒപ്പം ചുക്കും മല്ലിയും വെന്തവെള്ളം ചെറുചൂടോടെ അല്പാല്പമായി നല്കുകവഴി രക്തചംക്രമണം മെച്ചപ്പെടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയാനുള്ള സാഹചര്യം മാറിവരികയുംചെയ്യും. ഹൃദ്രോഗമാണെങ്കിലും അല്ലെങ്കിലും ഇത് പ്രയോജനം ചെയ്യും.

ഒരു രോഗത്തിന് ഒരു മരുന്ന് എന്നുള്ള രീതി ആയുര്‍വേദത്തില്‍ ഇല്ല. എങ്കിലും മേല്‍പ്പറഞ്ഞ ചികിത്സകള്‍ കൊണ്ട് രോഗസാഹചര്യത്തെ ആരംഭത്തില്‍ത്തന്നെ നിഷ്പ്രഭമാക്കാം.

പൊതുവായി ശ്രദ്ധിക്കേണ്ടത്

മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ വീട്ടില്‍ കരുതുകയും, എന്നാല്‍ വൈദ്യനിര്‍ദേശത്തില്‍ മാത്രം ഔഷധങ്ങള്‍ തിരഞ്ഞെടുക്കുകയും വേണം.

ഇത് ആരംഭത്തില്‍ത്തന്നെ ശരിയായി ചെയ്യുന്നതുകൊണ്ട് പിന്നീടുണ്ടാകാന്‍ സാധ്യതയുള്ള പ്രത്യാഘാതത്തെ വലിയൊരളവു തടയാന്‍ കഴിയും. പക്ഷേ തുടര്‍ന്നുള്ള വൈദ്യോപദേശം രോഗലക്ഷണങ്ങള്‍ കുറഞ്ഞാലും ഇല്ലെങ്കിലും ദേഹസുരക്ഷയ്ക്ക് ആവശ്യമാണ്.

രോഗാവസ്ഥയ്ക്കനുസൃതമായ ജീവിതചര്യ ശ്രദ്ധാപൂര്‍വം അനുഷ്ഠിക്കുക. അനുകൂലമായ ശരീരസാഹചര്യം ഇങ്ങനെയുണ്ടാവുകയും, അങ്ങനെ ഔഷധപ്രവര്‍ത്തനം ത്വരപ്പെടുകയും, രോഗശമനം എളുപ്പമാവുകയും ചെയ്യും.

രോഗങ്ങളെയും രോഗാണുക്കളെയും കണ്ടുപിടിക്കുന്നതിനെക്കാള്‍ പ്രാധാന്യം ശരീരത്തിലെ രോഗസാഹചര്യത്തെ കണ്ടുപിടിച്ച് ശീലിക്കുന്ന പഥ്യത്തിനും സേവിക്കുന്ന ഔഷധങ്ങള്‍ക്കുമുണ്ട്. ഇന്ന് പലപ്പോഴും രോഗലക്ഷണങ്ങളുമായെത്തുന്ന രോഗിയില്‍ രോഗം കണ്ടുപിടിക്കുന്നതിനുള്ള ലാബ് ടെസ്റ്റ് റിസള്‍ട്ട് വരുന്നതിനുമുമ്പുതന്നെ രോഗി ആയുര്‍വേദചികിത്സയാല്‍ രോഗം മാറി ആരോഗ്യവാനായിത്തീരുന്ന സന്ദര്‍ഭങ്ങളുണ്ടാകുന്നതിനുള്ള പ്രധാനകാരണം മേല്‍പ്പറഞ്ഞ വസ്തുതയാണ്.

ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ വേണ്ട മരുന്നുകള്‍


1. അമൃതോത്തരം കഷായഗുളിക.
2. വില്വാദിഗുളിക.
3. ദശമൂലം കഷായഗുളിക.
4. ശ്വാസാനന്ദം ഗുളിക.
5. ധാന്വന്തരം ഗുളിക.
6. അഭയാരിഷ്ടം
7. കസ്തൂര്യാദി (വായു) ഗുളിക.
8. മലര്
9. മുറിവെണ്ണ, ജാത്യാദിഘൃതം.
10. രാസ്‌നാദിചൂര്‍ണം
11. പുനര്‍ന്നവാദി കഷായഗുളിക
12. ഇന്ദുകാന്തം കഷായഗുളിക.

മനഃസംഘര്‍ഷം കാരണങ്ങളും പരിഹാരവും

ഡോ. കെ.മുരളീധരന്‍പിള്ള

വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ വികാരങ്ങള്‍ ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ശരീരവും മനസ്സും തമ്മില്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഉദാഹരണസഹിതം ആയുര്‍വേദാചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മനഃസ്താപം ശരീരത്തേയും തപിപ്പിക്കും. കടുത്ത മനഃസംഘര്‍ഷം തലവേദനയ്ക്കും അതിയായ ദുഃഖവും ഭയവും അതിസാരത്തിനും കാരണമാകുമെന്ന് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നു. ഭയചകിതനായ ഒരാളില്‍ അതിസാരം (Irritable Bowel Syndrome) ഉണ്ടാകത്തക്കവണ്ണമുള്ള രാസപരിണാമങ്ങള്‍ ശരീരാന്തര്‍ഭാഗത്ത് നടക്കുന്നുണ്ടെന്ന് ആയുര്‍വേദാചാര്യന്മാര്‍ മനസ്സിലാക്കിയിരുന്നു. ശാരീരിക രോഗമായ ജ്വരത്തിന്റെയും മറ്റും ചില പ്രത്യേക ഘട്ടങ്ങളില്‍, മാനസികലക്ഷണങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്. ദുഃഖം, ആകുലത തുടങ്ങിയ മനോവികാരങ്ങള്‍ വാതത്തെയും കോപം പിത്തത്തെയും മനോവൈക്ലബ്യം കഫത്തേയും വര്‍ധിപ്പിച്ച് ശാരീരിക രോഗങ്ങള്‍ക്ക് കാരണമായിത്തീരുന്നു. വൈകാരികമായ പിരിമുറുക്കം, ആകാംക്ഷ എന്നീ മാനസിക വികാരങ്ങള്‍ ശാരീരികാവയവങ്ങളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍ വികലമാക്കി ഗുരുതരമായ പല രോഗങ്ങള്‍ക്കും കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മാനസികമായ പിരിമുറുക്കം എന്നു പറഞ്ഞാല്‍, മാറ്റങ്ങളോട് അല്ലെങ്കില്‍ അവസ്ഥാഭേദങ്ങളോട് ശാരീരികമായും മാനസികമായും നിങ്ങള്‍ പ്രതികരിക്കുന്ന രീതി എന്നാണര്‍ഥം. മാറ്റങ്ങളെപ്പോലെത്തന്നെ സമ്മര്‍ദവും ഗുണപരമോ അല്ലാത്തതോ ആകാം. എല്ലാ വ്യക്തികളും സമ്മര്‍ദം അനുഭവിക്കുന്നുണ്ടെങ്കിലും ഓരോരുത്തരിലും അത് വ്യത്യസ്ത അളവിലായിരിക്കുകയും ഓരോരുത്തരും അതിനോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു. പ്രവര്‍ത്തനമേഖലയില്‍ ഒരു നിര്‍ണായകഘട്ടം മുന്നിലെത്തുമ്പോഴും കുടുംബപരമായ ആവശ്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുമ്പോഴും എന്തിനേറെ ഒരു ഗതാഗതക്കുരുക്കിലകപ്പെടുമ്പോള്‍ പോലും സമ്മര്‍ദമനുഭവപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഈ പിരിമുറുക്കമുള്ള ജീവിതരീതി നമ്മളില്‍ ശാരീരികമായും വൈകാരികമായും മാനസികമായും സമ്മര്‍ദമുണ്ടാക്കുന്നു. ഇതിന്റെ ഫലമായി പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, പ്രവൃത്തികളില്‍ ഏകാഗ്രത നഷ്ടപ്പെടുക, തലവേദന ഉണ്ടാകുക എന്നിവ അനുഭവവേദ്യമാകും. അള്‍സര്‍, വിഷാദരോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെച്ചേക്കും. ശാരീരികമായ ശക്തിക്ഷയം, തളര്‍ച്ച, ശ്രദ്ധയില്ലായ്മ എന്നിവയും സമ്മര്‍ദവുമായി ബന്ധപ്പെട്ട രോഗങ്ങളായ ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസ്തംഭനം, ഉറക്കമില്ലായ്മ, മുടികൊഴിച്ചില്‍, ത്വക്ക്തടിപ്പ്, ഉദരരോഗങ്ങള്‍ എന്നിവയും ഉണ്ടാകും. ദേഷ്യം, മടുപ്പ്, ആശാഭംഗം എന്നിവയുണ്ടാക്കുന്ന അസ്വസ്ഥപൂര്‍ണമായ മാനസികാവസ്ഥയ്ക്കും കടുത്ത മനഃസമ്മര്‍ദങ്ങള്‍ വഴിവെക്കുന്നു. സമ്മര്‍ദത്തോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ നമുക്ക് നിയന്ത്രിക്കാനാകാതെ വരുമ്പോഴോ, സമ്മര്‍ദത്തോട് പൊരുത്തപ്പെടാനാകാതെ വരുമ്പോഴോ അത് നമ്മുടെ മനസ്സിനും ശരീരത്തിനും ഹാനികരമായിത്തീരും. സമ്മര്‍ദങ്ങളോട് പൊരുത്തപ്പെടണമെങ്കില്‍ അടിസ്ഥാനപരമായി വിവിധ സാഹചര്യങ്ങളോടുള്ള നമ്മുടെ പ്രതികരണങ്ങളും പ്രതിപ്രവര്‍ത്തനങ്ങളും പരിവര്‍ത്തനപ്പെടുത്തേണ്ടതുണ്ട്. ആഴത്തിലുള്ള ശ്വാസോച്ഛാസവും മാംസപേശികളുടെ വലിവ് കുറക്കുവാനുള്ള മാര്‍ഗങ്ങളും പരിശീലിച്ച് നമ്മുടെ ശരീരത്തിനും മനസ്സിനും വിശ്രമം നല്‍കുവാന്‍ ശീലിക്കണം. തങ്ങള്‍ക്ക് അസ്വീകാര്യങ്ങളായ കാര്യങ്ങളെച്ചൊല്ലി ഒട്ടേറെ ആളുകള്‍ വ്യാകുലപ്പെടാറുണ്ട്. ഇത് മറ്റാരുടെയെങ്കിലും വികാരങ്ങളോ വിശ്വാസങ്ങളോ അതുപോലെയുള്ള തങ്ങളെക്കൊണ്ട് മാറ്റാനാകാത്ത കാര്യങ്ങളെച്ചൊല്ലിയായിരിക്കും. മറ്റുള്ളവരെ അംഗീകരിക്കുക വഴി നിങ്ങള്‍ക്ക് നിങ്ങളുടെ സമ്മര്‍ദത്തിന്റെ തീവ്രത കുറയ്ക്കുവാന്‍ സാധിക്കുന്നതാണ്.

ജോലി, ഉറക്കം, ബന്ധങ്ങള്‍ നിലനിര്‍ത്തല്‍, ഉല്ലാസം തേടല്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി യാഥാര്‍ഥ്യബോധത്തോടെ ഒരു സമയക്രമം വിന്യസിപ്പിച്ചെടുക്കുക. നിങ്ങളുടെ സമയവും ഊര്‍ജവും കഴിയാവുന്നത്ര ഫലപ്രദമായി വിനിയോഗിക്കുവാന്‍ ശ്രദ്ധിക്കണം. കായികക്ഷമത നിലനിര്‍ത്താനായി അനുയോജ്യമായ വ്യായാമമുറകള്‍ പരിശീലിക്കുന്നത് നല്ലതാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ എപ്പോഴും സമ്മര്‍ദത്തില്‍ നിന്നും മുക്തി തരുന്നു. നിങ്ങളെ ബാധിക്കുന്ന സമ്മര്‍ദം ക്ലേശപൂര്‍ണമായ ഒരവസ്ഥയിലേക്ക് മാറും മുമ്പ് അത് കുറക്കാനായി സ്ഥിരമായ ഒരു വ്യായാമമുറയ്ക്ക് രൂപം കൊടുക്കണം. ശ്വാസനിയന്ത്രണ പരിശീലനം, നടത്തം, ഓട്ടം, നൃത്തം, നീന്തല്‍ എന്നിവയിലേതെങ്കിലും സ്വീകരിക്കാം. ഓരോ കാര്യം ചെയ്യുവാനും വേണ്ടത്ര സമയം അനുവദിക്കുക. ഇടവിട്ട് വാച്ചില്‍ നോക്കി സമയം പോകുന്നതിനെക്കുറിച്ചോര്‍ത്ത് പരിതമിക്കാതിരിക്കുക. കാര്യങ്ങള്‍ അല്പം പതുക്കെ ചെയ്ത് ശീലിക്കണം. ജീവിതത്തിന്റെ എല്ലാ സന്ദര്‍ഭങ്ങളിലും നിങ്ങള്‍ ജയിക്കുകയോ തോല്‍ക്കുകയോ ചെയ്യണമെന്നില്ല. ഒരു സംഗതിയോടുള്ള നിങ്ങളുടെ സമീപനം അത് നിങ്ങളില്‍ നിന്നെന്താവശ്യപ്പെടുന്നു എന്നതിനനുസരിച്ച് ക്രമീകരിക്കുക. വിരസമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രസകരവും സന്തോഷം നല്‍കുന്നതുമായ പ്രവൃത്തികള്‍ക്ക് സമയം കണ്ടെത്തണം. നിങ്ങള്‍ക്ക് ഉല്ലാസപ്രദമെന്ന് തോന്നുന്ന കലാകായിക പ്രവര്‍ത്തനങ്ങള്‍, കൈത്തൊഴിലുകള്‍, ഹോബികള്‍ തുടങ്ങി എന്തെങ്കിലും ചെയ്യാന്‍ സമയം നീക്കിവെക്കുക. ദൈനംദിന സമ്മര്‍ദങ്ങള്‍ക്ക് ഒരു നല്ല പ്രത്യൗഷധമാണ് ഹോബികള്‍ എന്നോര്‍ക്കുക. ഒന്നു നടക്കാന്‍ പോയോ, ശരീരത്തില്‍ എണ്ണതേച്ച് ഒന്നു കുളിച്ചോ അനുഭൂതിദായകമായ സംഗീതം കേട്ടോ പിരിമുറുക്കങ്ങളെ നേരിടാന്‍ കഴിയും. പോഷകസന്തുലിതമായ ആഹാരം ദിവസം മുഴുവന്‍ നിങ്ങള്‍ക്കാവശ്യം ഉള്ള ഊര്‍ജം പ്രദാനം ചെയ്യും. ആഹാരകാര്യത്തില്‍ സമയനിഷ്ഠ ഉറപ്പുവരുത്തണം. വൈദ്യോപദേശം ഇല്ലാതെ ഒരു മരുന്നും കഴിക്കരുത്. പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുകയും വേണം. നിങ്ങളെ സഹായിക്കുവാന്‍ താത്പര്യം ഉള്ള അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളുമായി സൗഹൃദസംഭാഷണത്തിന് സമയം കണ്ടെത്തുകയും നിങ്ങള്‍ക്കനുഭവപ്പെടുന്ന സമ്മര്‍ദത്തെക്കുറിച്ച് സംസാരിക്കുകയും വേണം. ദിനംപ്രതിയുള്ള പരസ്​പരാശയ വിനിമയം, തുടര്‍ച്ചയായ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, ഇടയ്ക്കിടെ അടുപ്പമുള്ളവരുമായി മനസ്സുതുറക്കല്‍ എന്നിവ സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.വര്‍ധിച്ച മനഃസംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഗുണപരവും ശുഭകരവും അനുകൂലവുമായ ചിന്തകള്‍ ഉണ്ടാവുക ആവശ്യമാണ്. ജീവിതത്തിന്റെ നല്ല വശങ്ങള്‍ നോക്കിക്കാണുന്നത് മനഃശക്തിയും നിശ്ചയദാര്‍ഢ്യവും വര്‍ധിക്കുവാന്‍ സഹായിക്കുന്നു. എന്നുതന്നെയുമല്ല, മനഃസംഘര്‍ഷങ്ങളെ ജീവിതത്തിന്റെ ഭാഗമായി കാണാനും അവയെ അതിജീവിക്കാനുമുള്ള കരുത്ത് നല്‍കുകയും ചെയ്യും.വൈകാരിക പ്രശ്‌നങ്ങളില്‍ മാനസികഘടകങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ഉണ്ട്. ചിലപ്പോഴൊക്കെ വ്യക്തിയുടെ ജീവിത പ്രശ്‌നങ്ങളും ചുറ്റുപാടില്‍ നിന്നുള്ള സമ്മര്‍ദങ്ങളും സാമ്പത്തിക പരാധീനതകള്‍, ലൈംഗിക പരാജയങ്ങള്‍, മോഹഭംഗങ്ങള്‍, പ്രിയപ്പെട്ടവരുടെ വേര്‍പാട്, തൊഴിലില്ലായ്മ എന്നിവയും മനഃസംഘര്‍ഷങ്ങള്‍ക്ക് വഴി തെളിക്കാറുണ്ട്. സമ്മര്‍ദത്തെ ദുരീകരിക്കുമ്പോള്‍ ജീവിതം കൂടുതല്‍ ആസ്വാദ്യകരമാകുന്നു. മനസ്സ് സന്തോഷഭരിതമാകുന്നു. മറ്റുള്ളവര്‍ക്കിടയില്‍ സ്വസ്ഥനും സ്വതന്ത്രനും കര്‍മനിരതനും ആകുവാനും കഴിയുന്നു. ഓജസ്സ് വീണ്ടെടുക്കാനും ശാരീരികവും മാനസികവുമായ കര്‍മശേഷി വര്‍ധിപ്പിക്കുവാനുമുതകുന്ന ഔഷധങ്ങള്‍ വിദഗ്ധമേല്‍നോട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതും നല്ലതു തന്നെ.
ഡോ. കെ.മുരളീധരന്‍പിള്ള,

റിട്ട. പ്രിന്‍സിപ്പല്‍,
ആയുര്‍വേദ കോളേജ്,
തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍

കുട്ടികളുടെ ബുദ്ധിശക്തി

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കഴിവു നിര്‍ണയിക്കുന്നതില്‍ പാരമ്പര്യം, ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും പ്രത്യേകതകള്‍ എന്നിവയ്ക്ക് നിര്‍ണായക പങ്കാണുള്ളത്. അച്ഛനമ്മമാരുടെ രൂപം, ശബ്ദം, സംഭാഷണരീതി, നടക്കുന്ന രീതി എന്നീ ബാഹ്യലക്ഷണങ്ങള്‍ പകര്‍ന്നു ലഭിക്കുന്നതുപോലെ ആന്തരികമായ സ്വഭാവവിശേഷങ്ങളും അവരിലേക്ക് പകരുന്നുണ്ട്. കലാപരമായ വാസനകള്‍, സ്വഭാവഗുണങ്ങള്‍, ബുദ്ധിശക്തി തുടങ്ങി പലകാര്യങ്ങളും ശിശുക്കള്‍ മാതാപിതാക്കളെയും ചിലപ്പോള്‍ മറ്റു പൂര്‍വികരെയും അനുസരിക്കുന്നത് പാരമ്പര്യസ്വഭാവം കൊണ്ടാണ്. മാതാപിതാക്കളുടെ സംയോഗസമയം തുടങ്ങി ശിശുവിന് പ്രായമാകുന്നതുവരെയുള്ള പല കാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ജനിച്ചുവളരുന്ന പരിതസ്ഥിതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗര്‍ഭിണിയായ സ്ത്രീകളുടെ ബാഹ്യവും ആന്തരികവുമായ അവസ്ഥകള്‍, പ്രസവസമയത്തെ വിഘ്‌നങ്ങള്‍, മറ്റു വിഷമതകള്‍, തുടര്‍ന്നു ശിശുവിന് നേരിടേണ്ടിവരുന്ന കാലദേശാവസ്ഥകള്‍, സംരക്ഷണ സമ്പ്രദായങ്ങള്‍, വിദ്യാഭ്യാസ രീതികള്‍ എന്നിവയും ജനിച്ചു വളരുന്ന സാഹചര്യങ്ങളില്‍ പെടുന്നു.ഗര്‍ഭിണിയുടെ ആഹാരരീതികളും ഗര്‍ഭസമയത്തെ മാനസിക വികാരങ്ങളും വിക്ഷോഭങ്ങളും ശിശുവിനെ ബാധിക്കുന്നു. പോഷകാഹാര ന്യൂനതകള്‍ മാതാവിനുണ്ടായാല്‍ ശിശുവിന്റെ ശാരീരിക-മാനസിക വളര്‍ച്ചയെ അതു ദോഷകരമായി ബാധിക്കും. തീക്ഷ്ണവികാരങ്ങള്‍ ഗര്‍ഭിണിക്കുണ്ടായാല്‍ അത് വിഷമകരമായ നിലയില്‍ ഗര്‍ഭാശയത്തെ സങ്കോചിപ്പിക്കുകയും ഗര്‍ഭസ്ഥശിശുവിന് ലഭിക്കേണ്ട പോഷണത്തിനു ന്യൂനത വരുത്തി കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മാനസികശക്തിക്കും ക്ഷീണം വരുത്തുകയും ചെയ്യും. പ്രസവസമയത്തെ ആഘാതങ്ങള്‍, ശസ്ത്രജന്യമായ ക്ഷതങ്ങള്‍ എന്നിവ ശിശുവിന്റെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. മാതാവിനുണ്ടാകുന്ന അന്തര്‍ ഗ്രന്ഥിവൈകല്യങ്ങള്‍ (തൈറോയ്ഡ് തുടങ്ങിയവ) അവര്‍ക്കു ജനിക്കുന്ന കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവിനെ ദോഷകരമായി ബാധിക്കും. ജനനാനന്തര പരിതസ്ഥിതികള്‍ക്ക്, അതായത് ശിശുവളരുന്ന സാഹചര്യം, മാതാപിതാക്കളുടെ ശ്രദ്ധ, വിദ്യാഭ്യാസ സമ്പ്രദായം തുടങ്ങിയവയ്ക്കും കുഞ്ഞിന്റെ ബുദ്ധിപരമായ കഴിവില്‍ സ്വാധീനം ചെലുത്താനാകും. മാതാപിതാക്കളുടെ സാമുദായിക നിലയും തൊഴിലും ശിശുവിന്റെ മാനസികഭാവങ്ങളെ ബാധിക്കുന്നുണ്ട്. ശിശുക്കളുടെ ബുദ്ധിവികാസത്തിനും മാനസികോന്നമനത്തിനും ശരിയായ ഇന്ദ്രിയസംവേദനം ആവശ്യമാണ്. ആദ്യമായി ഇന്ദ്രിയങ്ങള്‍ക്ക് അനുഭവവേദ്യമായ ശേഷമേ, അറിവ് മനസ്സിലേക്കു പ്രവേശിക്കുകയുള്ളൂ. വൈകല്യങ്ങളൊന്നുമില്ലാത്ത ജ്ഞാനേന്ദ്രിയങ്ങള്‍ -കണ്ണ്, മൂക്ക്, ചെവി, നാക്ക്, ത്വക്ക് എന്നിവ - സൂക്ഷ്മതയോടെ കര്‍മക്ഷമമായ ശിശുവിന്റെ ബുദ്ധി യഥാസമയം സമ്പുഷ്ടമാകും. ജ്ഞാനേന്ദ്രിയങ്ങളെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താന്‍ ആവശ്യമായ ശ്രദ്ധയും താത്പര്യവും അവരിലുണ്ടാകാനുള്ള പരിശീലനം ശിശുവിന് യഥാസമയം നല്‍കണം. അങ്ങനെയായാല്‍ ശരിയായ ബുദ്ധിവികസനം ശിശുവിലുണ്ടാകും. മൂന്നു വയസ്സുമുതല്‍ ഏഴ് വയസ്സുവരെയാണ് ഇന്ദ്രിയ ശിക്ഷണത്തിനു ഏറ്റവും അനുയോജ്യമായ ഘട്ടം. ഭാഷയില്‍ നിന്നാണല്ലോ മനസ്സിന്റെ സ്വഭാവം ഗ്രഹിക്കുവാന്‍ എളുപ്പത്തില്‍ കഴിയുന്നത്. പ്രായമായവര്‍ ശിശുക്കളുടെ കൊഞ്ചലുകളും അബദ്ധോച്ചാരണങ്ങളുംആവര്‍ത്തിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വികാസത്തിനു തടസ്സമുണ്ടാക്കുമെന്നോര്‍ക്കുക. കുട്ടികള്‍ കേള്‍ക്കെ ആദ്യമേ തന്നെ സ്ഫുടവും വ്യക്തവുമായ പദങ്ങള്‍ ഉച്ചരിക്കണം. മുന്‍കൂട്ടി പ്ലാന്‍ ചെയ്തു പഠിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണം. വെറുതെ പുസ്തകത്തിലൂടെ കണ്ണോടിക്കുന്നതിലര്‍ഥമില്ല. സജീവമായ വായനയാണാവശ്യം. സ്വയം ചോദ്യം ചോദിക്കുകയും അതിനുത്തരം പറയാന്‍ കഴിയുകയും ചെയ്യുന്ന രീതിയിലായിരിക്കണം വായിക്കേണ്ടത്.കുട്ടികളെ അവര്‍ സന്തോഷത്തോടെ ആസ്വദിച്ചു വരുന്ന പരിപാടികളില്‍ നിന്നും പരീക്ഷയുടെ പേരില്‍ നിര്‍ബന്ധപൂര്‍വം പിന്തിരിപ്പിക്കാന്‍ പാടില്ല. പകരം അവയൊക്കെ ഒന്നു ക്രമപ്പെടുത്താന്‍ ഉപദേശിക്കാം. കുട്ടി ശരിയായി ഉറങ്ങുന്നുണ്ടെന്നുറപ്പ് വരുത്തുകയും വേണം. മറ്റുകുട്ടികളുടെ മാനസിക നിലവാരവും ബുദ്ധിശക്തിയുമായി നിങ്ങളുടെ കുട്ടിയെ ഒരിക്കലും താരതമ്യപ്പെടുത്തരുത്. വികാരപരമായ ഒരു പിന്തുണ തീര്‍ച്ചയായും നിങ്ങളില്‍ നിന്നും കുട്ടിക്കുണ്ടാകാന്‍ ശ്രദ്ധിക്കണം. ഭയമകറ്റി കാര്യങ്ങളെ നിസ്സാരമായി കാണാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിവുണ്ടാകുംവിധം പോഷകസമൃദ്ധമായ ആഹാരത്തിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കപ്പെടണം. പോഷകമൂല്യം ഉറപ്പുവരുത്തപ്പെട്ടിട്ടുള്ള ആഹാര, പാനീയങ്ങള്‍ അവര്‍ക്കു നല്‍കണം എന്നുകരുതി അമിതഭക്ഷണം ഒഴിവാക്കുകതന്നെ വേണം. തവിട്, നാര് എന്നിവ ധാരാളമായി ഭക്ഷണത്തിലുണ്ടാകണം. ഇലക്കറികളും പച്ചക്കറികളും കലര്‍ന്ന വൈവിധ്യമേറിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം. മുന്‍പുള്ളതും ഇപ്പോഴത്തേതുമായ കുട്ടിയുടെ പെര്‍ഫോമന്‍സ് കണ്ടറിഞ്ഞ് അതിനനുസരിച്ചുള്ള പ്രതീക്ഷ മാത്രമേ കുട്ടിയെക്കുറിച്ച് മാതാപിതാക്കള്‍ വെച്ചുപുലര്‍ത്താവൂ. വീട്ടിലിരിക്കുമ്പോള്‍ പഠിത്തത്തെക്കുറിച്ചും പരീക്ഷയെക്കുറിച്ചും കൂടെക്കൂടെ ഓര്‍മിപ്പിച്ചും പഠിക്കാന്‍ കടുത്ത സമ്മര്‍ദമേല്പിച്ചും കുട്ടിയെ കടുത്ത മനഃസംഘര്‍ഷത്തിലാക്കുന്നതില്‍ മാതാപിതാക്കള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നോര്‍ക്കുക. മിക്ക രക്ഷാകര്‍ത്താക്കളും ഇതവരുടെ കടമയായാണ് കാണുന്നത്. പരീക്ഷയടുക്കുന്തോറും കുട്ടികളുമായി കൂടുതല്‍ സമയം ഉല്ലാസപ്രദമായി ചെലവഴിക്കാനും അവരുടെ മനഃസംഘര്‍ഷം ലഘൂകരിക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
ഡോ.കെ.മുരളീധരന്‍ പിള്ള

തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍

മുഖലേപം ഉപയോഗിക്കുമ്പോള്‍

വെളുത്തു മിനുത്ത മുഖം എല്ലാവരുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ മോഹമാണ്. ഈ ആഗ്രഹത്തെ ചൂഷണം ചെയ്തുകൊണ്ടാണ് ഫേസ്‌ക്രീമുകള്‍ (മുഖലേപങ്ങള്‍) വിപണിയില്‍ തള്ളിക്കയറ്റം നടത്തുന്നത്. ഇവയില്‍ത്തന്നെ ആയുര്‍വേദിക് ക്രീമുകള്‍ക്ക് പ്രിയം കൂടുതലാണ്. എന്നാല്‍, ഇവയുടെ ഉപയോഗത്തിന് ആയുര്‍വേദത്തില്‍ പറയുന്ന യഥാര്‍ഥ മുഖലേപവുമായി യാതൊരു ബന്ധവും ഇല്ല. മാത്രമല്ല ഇവ ആയുര്‍വേദ തത്ത്വങ്ങള്‍ക്ക് വിപരീതവുമാണ്. നിലവില്‍ ഉപയോഗിക്കുന്ന മിക്ക ക്രീമുകളിലും രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ക്രീമുകള്‍ മുഖത്തു പുരട്ടുന്നത് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നു. ഇതുമൂലം ചിലര്‍ക്ക് മുഖത്ത് കുരുക്കള്‍, ചുട്ടുനീറ്റല്‍, കറുപ്പുനിറം എന്നിവ ഉണ്ടാകുന്നുണ്ട്. ചെറുപ്രായത്തില്‍ ഇത്തരം ക്രീമുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്, മധ്യവയസ്സില്‍ മുഖത്ത് കറുപ്പുനിറം ഉണ്ടാക്കുന്നതായി അടുത്തകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം മുഖലേപങ്ങള്‍ തൊലിയുടെ ഉപരിതലത്തിലെ കോശങ്ങളെ നശിപ്പിക്കുന്നു. അതാണ് നിറംമാറ്റം വരുന്നതിനു നിദാനം. ഇതിന്റെ ഫലമായി തൊലിയുടെ സാധാരണ രോഗപ്രതിരോധശേഷി ഇല്ലാതാകും. ഇതു രോഗബാധ എളുപ്പമാക്കുന്നു. മുഖത്തു കുരുക്കള്‍, കറുത്തപാടുകള്‍, പഴുപ്പ് തുടങ്ങി കാന്‍സര്‍വരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുറം തൊലി നശിക്കന്നതുകൊണ്ട് വെയിലുകൊണ്ടാല്‍ പൊള്ളലും ചുവപ്പുനിറവും കുരുക്കള്‍ എന്നിവയും ഉണ്ടാകുന്നു. ക്രീമുകളില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും സൂര്യപ്രകാശം തട്ടുമ്പോള്‍ കറുത്ത നിറമായി മാറുന്നതാണ്.യഥാര്‍ഥ മുഖലേപം തൊലിയുടെ രോഗപ്രതിരോധശേഷി കൂട്ടുന്നതായിരിക്കണം. രക്തചംക്രമണം ശരിയാക്കുന്നതും ആയിരിക്കണം. ആയുര്‍വേദത്തില്‍ വിധിക്കുന്ന മുഖലേപത്തിന്റെ ശാസ്ത്രീയത ഇതാണ്. അതു മനസ്സിലാക്കി വേണം മുഖലേപം ഉപയോഗിക്കേണ്ടത്. തൊലി രണ്ടുവിധമുണ്ട്. വരണ്ടത്, എണ്ണമയമുള്ളത് എന്നിങ്ങനെ. ഇതു രണ്ടുമല്ലാത്ത സാധാരണ ചര്‍മവും കാണപ്പെടുന്നു.ആഹാരത്തിന്റെ സ്വഭാവമനുസരിച്ച് ത്വക്കിനു മാറ്റം ഉണ്ടാകും. അതുപോലെ കാലാവസ്ഥയ്ക്കനുസരിച്ചും തൊലിയില്‍ വ്യത്യാസം കാണപ്പെടും. അതുകൊണ്ട് തൊലിയുടെ സ്വഭാവത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ചുള്ള ഔഷധം വേണം മുഖത്ത് ലേപനം ചെയ്യാന്‍. ആയുര്‍വേദത്തില്‍ മൂന്നുവിധത്തില്‍ മുഖലേപം പറയുന്നുണ്ട്. 1. ദോഷത്തെ ശമിപ്പിക്കുന്നത്:- ഇതു മുഖത്തുണ്ടാകുന്ന രോഗങ്ങള്‍ക്കനുസരിച്ച് യുക്തമായ ഔഷധങ്ങള്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്. 2. വിഷശമനം:- അന്തരീക്ഷ മലിനീകരണം മൂലം മുഖത്ത് പലവിധ വിഷവസ്തുക്കളും അടിഞ്ഞുകൂടി പലവിധ ഉപദ്രവങ്ങളും ഉണ്ടാക്കും. അതുപോലെ സോപ്പുകള്‍, ക്രീമുകള്‍ എന്നിവയുടെ അത്യുപയോഗം പല വിഷവികാരങ്ങളും ഉണ്ടാക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ വിഷശമനമായ ഔഷധങ്ങള്‍ കൊണ്ട് മുഖത്തു ലേപനം ചെയ്യാം. 3. വര്‍ണം ഉണ്ടാക്കുന്നത്:- മുഖത്തിനു മിനുസവും തിളക്കവും ഉണ്ടാക്കുന്ന ഔഷധങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിറമുണ്ടാക്കുന്ന പല ഔഷധങ്ങളും ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. കാലാവസ്ഥയ്ക്കനുസരിച്ചും ശരീരപ്രകൃതിക്കനുസരിച്ചും വേണം ലേപന ഔഷധങ്ങള്‍ തിരഞ്ഞെടുക്കാന്‍. ചൂടോടുകൂടിയും തണുപ്പിച്ചും ലേപനം ചേയ്യേണ അവസ്ഥകള്‍ ഉണ്ട്. രോഗാവസ്ഥയില്‍ ഒരു സെന്റിമീറ്റര്‍ കനത്തില്‍ വേണം ലേപനം ചെയ്യാന്‍. വിഷശമനത്തിനായി നാലിലൊന്ന് സെ.മീ. കനത്തിലും നിറം ലഭിക്കാന്‍ മൂന്നിലൊന്നു സെ.മീ. കനത്തിലും ലേപനം ചെയ്യുന്നു. ഔഷധങ്ങള്‍ യുക്തമായ ദ്രവത്തില്‍ അരച്ചുവേണം ലേപനം ചെയ്യാന്‍. മരുന്നുകള്‍ തരി ഒട്ടുമില്ലാതെ സൂക്ഷ്മമായി അരയ്ക്കണം. ശുദ്ധജലം, പനിനീര്‍, പാല്‍, മോര്, വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തേന്‍ എന്നിവയാണ് സാധാരണ ചേര്‍ക്കാന്‍ വിധിക്കുന്ന ദ്രവ്യങ്ങള്‍. ഇവ അവസ്ഥാനുസരണം ഉപയോഗച്ചാല്‍ യഥാര്‍ഥ ഫലം ലഭിക്കും. ഏലാദി ചൂര്‍ണം, മുഖദൂഷികാദി ലേപം, ത്രിഫല ചൂര്‍ണം, നാല്പാമരാദി ചൂര്‍ണം എന്നിവ സാമാന്യമായി ലേപനത്തിന് ഉപയോഗിക്കുന്ന ഔഷധങ്ങളാണ്. ഋതുക്കള്‍ക്കനുസരിച്ചുള്ള മുഖലേപം മഞ്ഞുകാലം, മഴക്കാലം, ചൂടുകാലം എന്നിവയുടെ മാറ്റത്തിനനുസരിച്ച് ആറ് ഋതുക്കള്‍ ഉണ്ട്. ശിശിരം, വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം എന്നിവയാണ് അവ. ഋതുക്കള്‍ക്കനുസരിച്ച് അന്തരീക്ഷത്തില്‍ മാറ്റം കാണപ്പെടും. അതനുസരിച്ച് ചര്‍മത്തിനും വ്യത്യസ്തത അനുഭവപ്പെടും. അതിനാല്‍ ഋതുക്കള്‍ക്കനുസരിച്ചുള്ള ചര്‍മസംരക്ഷണം വേണ്ടിവരുന്നു. ആയുര്‍വേദത്തില്‍ ഓരോ ഋതുവിലും പ്രത്യേകം പ്രത്യേകം മുഖലേപം വിധിക്കുന്നുണ്ട്. ഈ ലേപങ്ങള്‍ വളരെ ഫലപ്രദവും ആണ്. ശിശിരകാലം:- (മകരം, കുംഭം മാസം): ഈ സമയത്ത് കണ്ടകാരി വേര്, കറുത്ത എള്ള്, മരമഞ്ഞള്‍ തൊലി, തൊലികളഞ്ഞ യവം എന്നിവ യുക്തമായ ദ്രവ്യത്തില്‍ അരച്ച് മുഖത്ത് ലേപനം ചെയ്യാം. വസന്തകാലം:- (മീനം-മേടം): ഈ കാലത്ത് ദര്‍ഭവേര്, ചന്ദനം, രാമച്ചം, നെന്മേനി വാക, ശതകുപ്പ, പച്ചരി എന്നിവ ചേര്‍ത്ത് ലേപനത്തിന് ഉപയോഗിക്കുന്നു. ഗ്രീഷ്മകാലം:- (എടവം-മിഥുനം): ആമ്പല്‍ക്കിഴങ്ങ്, ചെങ്ങെഴുനീര്‍ കിഴങ്ങ്, സൗഗന്ധിക പുഷ്പം, കറുക, ഇരട്ടിമധുരം, ചന്ദനം എന്നിവ ചേര്‍ത്ത് ലേപനം ആവാം. വര്‍ഷകാലം:- (കര്‍ക്കടകം-ചിങ്ങം): ഈ ഋതുവില്‍ ചന്ദനം, എള്ള്, രാമച്ചം, ജടാമാഞ്ചി, തകര, പതിമുഖം എന്നിവ ചേര്‍ത്ത് ഉപയോഗിക്കാം. ശരത്കാലം:- (കന്നി-തുലാം): ഈ സമയത്ത് താലീസപത്രം, പൊട്ടപ്പുല്ല്, പുണ്ഡരികക്കരിമ്പ്, ഇരട്ടിമധുരം, കുശപ്പുല്ല്, ആറ്റുദര്‍ഭ, തകര, അകില്‍ എന്നിവ ഫലപ്രദമാണ്. ഹേമന്തകാലം:- (വൃശ്ചികം-ധനു): ഇക്കാലത്തേക്കായി ലന്തപ്പരിപ്പ്, ആടലോടകവേര്, പാച്ചൊറ്റിത്തൊലി, വെളുത്ത കടുക് എന്നിവ വിധിക്കുന്നു. കാലാവസ്ഥയ്ക്കനുസരിച്ച് മേല്പറഞ്ഞ ഔഷധങ്ങള്‍ നന്നായി അരച്ച് മുഖത്ത് ലേപനം ചെയ്യണം. ലേപം ഉണങ്ങിപ്പിടിക്കുന്നതിനു മുന്‍പുതന്നെ എടുത്തുകളയണം. അല്ലെങ്കില്‍ ഇടയ്ക്കിടെ നനച്ചുകൊണ്ടിരിക്കണം. ഏകദേശം 10 മിനിറ്റുനേരം ലേപം മുഖത്തു നിര്‍ത്തിയാല്‍ മതി. ഇതു നീക്കം ചെയ്യുന്നത്, പാലുകൊണ്ടോ മറ്റു ദ്രവങ്ങളെക്കൊണ്ടോ നനച്ചുവേണം. തുടര്‍ന്ന് മുഖത്ത് വെളിച്ചെണ്ണ തേച്ച് തിരുമ്മി കഴുകിക്കളയണം. മുഖലേപനം ചെയ്യുന്ന ദിവസങ്ങളില്‍ പകല്‍ ഉറങ്ങരുത്. തീയിന്റെ ചൂട്, വെയില്‍ എന്നിവയും ഏല്ക്കരുത്. അധികം സംസാരിക്കുക, ദേഷ്യപ്പെടുക, വ്യസനിക്കുക എന്നിവ പാടില്ലാത്തതാണ്. കാരണം അതുകൊണ്ട് മുഖത്ത് രക്തചംക്രമണം വ്യത്യാസപ്പെടുകയും വിപരീതഫലം ഉണ്ടാവുകയും ചെയ്യും. ജലദോഷം, ദഹനക്കേട്, കടുത്ത വേദന എന്നിവ ഉള്ളവര്‍, ഉറക്കമൊഴിച്ചിരിക്കേണ്ടിവരുന്നവര്‍, മൂക്കില്‍ മരുന്നുറ്റിക്കുന്നവര്‍ തുടങ്ങിയവര്‍ ഈ സമയത്ത് മുഖലേപം പ്രയോഗിക്കരുത്. ഗുണങ്ങള്‍: ശരിയായി മുഖലേപം ഉപയോഗിച്ചാല്‍ അകാലത്തിലുള്ള ജരാനരകള്‍, കരിമുഖം, തിമിരരോഗം, മുഖത്തുണ്ടാകുന്ന പാടുകള്‍ എന്നിവ ഇല്ലാതാകും. കണ്ണിനു കാഴ്ചശക്തി വര്‍ധിക്കും. മുഖം എല്ലായേ്പാഴും പ്രസന്നവും മിനുസമുള്ളതും താമരപ്പൂപോലെ മനോജ്ഞവും ആയിരിക്കും. ശാസ്ത്രീയമായുള്ള മുഖലേപനത്തോടൊപ്പം, ധാരാളം വെള്ളം കുടിക്കുകയും പോഷകപ്രധാനവും സാത്വികവുമായ ആഹാരം ശീലിക്കുകയും വേണം. സര്‍വോപരി മാനസികമായ ശാന്തതയും സന്തോഷവും മുഖത്തിന് ആരോഗ്യവും സൗന്ദര്യവും ഉണ്ടാകും. മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ.

ഡോ. ശ്രീകൃഷ്ണന്‍,

ആയുര്‍വേദ കോളേജ്,
കോട്ടക്കല്‍-676501.

മഴക്കാല ജീവിതചര്യ

മഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്. ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്. ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്. ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്. മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു. ഡോ. എസ്. ഗോപകുമാര്‍
ലക്ചറര്‍, ഗവ. ആയുര്‍വേദ കോളേജ്,
തിരുവനന്തപുരം

ബുദ്ധിശക്തി വര്‍ധിക്കാന്‍ ആയുര്‍വേദം

മുത്തിള്‍:
ബുദ്ധിവികാസത്തിനുപയോഗയോഗ്യമായ ഒരൗഷധ സസ്യമാണ് മുത്തിള്‍. 'കുടങ്ങല്‍' എന്നാണിത് പൊതുവേ അറിയപ്പെടുന്നത്. ബുദ്ധിസാമര്‍ഥ്യം, ഗ്രഹണശക്തി, ഓര്‍മശക്തി, ഏകാഗ്രത എന്നിവയ്ക്ക് ഇത് വളരെ നല്ലതാണ്. മുത്തിള്‍ ചേര്‍ന്ന ധാരാളം ഔഷധങ്ങള്‍ ആയുര്‍വേദത്തിലുണ്ട്.
ബ്രഹ്മി:
ബുദ്ധിശക്തിയും മേധാശക്തിയും വര്‍ധിപ്പിക്കുന്ന ബ്രഹ്മി ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ്. അധികമാത്രയില്‍ സേവിച്ചാല്‍ വയറിളക്കം ഉണ്ടാക്കും. ബ്രഹ്മിനീര് നെയ്യില്‍ച്ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കിയാല്‍ ഓര്‍മശക്തിയും ധാരണാശക്തിയും വര്‍ധിക്കും. സാരസ്വതാരിഷ്ടം, ബ്രഹ്മീഘൃതം എന്നിവയില്‍ ബ്രഹ്മി ഉള്‍ക്കൊള്ളുന്നു. ശംഖുപുഷ്പം: കേരളത്തില്‍ ധാരാളമായി കാണുന്ന ശംഖുപുഷ്പം ബുദ്ധിവികാസത്തിന് ഏറെ സഹായിക്കും. ഉറക്കം വര്‍ധിപ്പിക്കാനും പനി കുറയ്ക്കാനും കഴിവുള്ള ഈ ഔഷധസസ്യത്തിന്റെ വേരും പൂവും ചിലപ്പോള്‍ സമൂലവും ഉപയോഗപ്പെടുത്തുന്നു. ശംഖുപുഷ്പത്തിന്റെ വേര് പച്ചയ്ക്കരച്ച് നെയ്യിലോ വെണ്ണയിലോ വെറുംവയറ്റില്‍ നല്‍കിയാല്‍ ബുദ്ധിശക്തിയും ധാരണാശക്തിയും മെച്ചപ്പെടും

തലവേദനയ്ക്ക് കര്‍പ്പൂരലേപനം

തലവേദനകള്‍ 150 ഓളമുണ്ട്. ടെന്‍ഷന്‍ തലവേദന, മൈഗ്രേന്‍, കഌസ്റ്റര്‍ തലവേദന, അപകടങ്ങള്‍, മദ്യപാനം, അണുബാധകള്‍, വിവിധ രോഗങ്ങള്‍ തുടങ്ങിയവ മൂലമുള്ള തലവേദനകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനം. ടെന്‍ഷന്‍ തലവേദനയാണ് ഏറ്റവും വ്യാപകം. പുരുഷന്മാരില്‍ മൂന്നില്‍ രണ്ട് പേരും സ്ത്രീകളില്‍ നാലില്‍ മൂന്ന് പേരും ടെന്‍ഷന്‍ തലവേദന അനുഭവിക്കുന്നവരാണ്. ടെന്‍ഷനുണ്ടാകുമ്പോള്‍ മുഖം, നെറ്റി, കഴുത്ത് എന്നിവിടങ്ങളിലെ പേശികള്‍ മുറുകുന്നതാണ് ഇത്തരം തലവേദനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. തലവേദനകളില്‍ ഏറ്റവും ശല്ല്യക്കാരന്‍ മൈഗ്രേനാണ്. മൈഗ്രേന്‍ കൂടുതലും സ്ത്രീകളിലാണ്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രേന്‍ ലക്ഷണങ്ങളാണ്. കഌസ്റ്റര്‍ തലവേദന പുരുഷന്മാരിലാണ് കൂടുതല്‍. മുഖത്തിന്റെ ഒരു ഭാഗത്തായിരിക്കും വേദന. കണ്‍പോളകള്‍ പിടയുക, കണ്ണില്‍ വെള്ളം നിറയുക, മൂക്കടയുക തുടങ്ങിയ അസ്വസ്ഥതകളും അനുഭവപ്പെടാം. 15 മിനുട്ട് മുതല്‍ 3 മണിക്കൂര്‍ വരെ നീളാവുന്ന കഌസ്റ്റര്‍ തലവേദന പിന്നീട് താനേ മാറും. ബിപി, സ്‌ട്രോക്, ശ്വാസകോശരോഗങ്ങള്‍, തലയ്ക്കുള്ളിലെ രക്തസ്രാവം, കാഴ്ച പ്രശ്‌നങ്ങള്‍, സൈനസൈറ്റിസ്, അലര്‍ജി, ഇസ്‌നോഫീലിയ തുടങ്ങിയ രോഗങ്ങളും കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലുണ്ടാകുന്ന അസ്വസ്ഥതകളും തലവേദനയുണ്ടാക്കാം. തലവേദനക്ക് പതിവായി വേദന സംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. സ്ഥിരമായി ലേപനൗഷധങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. സംവേദന നാഡികളില്‍ മരവിപ്പുണ്ടാക്കി താത്ക്കാലികാശ്വാസം നല്‍കുന്ന ഇവ അലര്‍ജിക്കിടയാക്കാം. മഞ്ഞ്, മഴ, വെയില്‍, പുക എന്നിവ കൊള്ളുന്നതും അസമയത്ത് കുളിക്കുന്നതും ഉറക്കമിളക്കുന്നതും ഒഴിവാക്കണം. ചെറുനാരങ്ങ നീരില്‍ ചന്ദനവും കര്‍പ്പൂരവും ചാലിച്ച് നെറ്റിയിലിടുന്നത് ആശ്വാസമേകും. ചുക്ക്, കുരുമുളക്, മഞ്ഞള്‍ എന്നിവ തുല്യ അളവിലെടുത്ത് പൊടിച്ച് തുണിയില്‍ വെച്ച് തിരിയാക്കി നെയ്യില്‍ മുക്കി കത്തിച്ച് പുക ശ്വസിക്കുന്നത് സൈനസൈറ്റിസ് തലവേദനക്ക് ഫലപ്രദമാണ്. മുലപ്പാല്‍ കൊണ്ട് നസ്യം ചെയ്യുന്നതും നല്ലതാണ്. നെല്ലിക്കയുടെ തൊലി പശുവിന്‍ പാലിലരച്ച് നെറ്റിയിലിടുന്നതും ആശ്വാസം നല്‍കും.

പ്രമേഹവും ആയൂര്‍വേദവും

പ്രമേഹം നിയന്ത്രിക്കാന്‍ ആയുര്‍വേദവഴികള്‍ ആയുര്‍വേദം പ്രമേഹത്തെ ഒരു മഹാ രോഗമായിട്ടാണ് കണക്കാക്കുന്നത്. ഒരു രോഗത്തെ മഹാരോഗം എന്ന ഗണത്തില്‍ പെടുത്തുന്നത് രോഗത്തിന് മൂന്ന് പ്രത്യേകതകള്‍ ഉണ്ടാകുമ്പോഴാണ്. രോഗം ദീര്‍ഘകാലം നിലനില്‍ക്കുന്ന അവസ്ഥ, രോഗത്തിന്റെ ആന്തരിക വ്യാപ്തി, സാമ്പ്രദായിക ചികിത്സാരീതികള്‍ക്ക് വഴങ്ങാത്ത രോഗത്തിന്റെ സ്വഭാവം എന്നിവയാണത്.പ്രമേഹത്തെക്കുറിച്ച് ഭാരതീയ വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളില്‍ വിശദമായ പരാമര്‍ശമുണ്ട്.നൂറ്റാണ്ടുകള്‍ ഏറെ പിന്നിട്ടിട്ടും രോഗത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വന്നിട്ടില്ല. പലതിനും കാലിക പ്രസക്തിയുമുണ്ട്. പ്രമേഹം എന്ന പേര് രോഗത്തിന്റെ ഒരു പ്രധാന ലക്ഷണത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. കൂടുതലായി മൂത്രം പോവുക എന്ന അവസ്ഥയെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇന്ന് പ്രമേഹം എന്ന പേരില്‍ അംഗീരിച്ചിട്ടുള്ള ഡയബെറ്റിസ് മെലിറ്റസ് എന്ന രോഗം ആയുര്‍വേദത്തിലെ മധുമേഹമാണ്. ഇതിനുപുറമേ 19 തരം പ്രമേഹത്തെകൂടി ആയുര്‍വേദത്തില്‍ വിവരിച്ചിട്ടുണ്ട്. എല്ലാ പ്രമേഹങ്ങളും ആത്യന്തികമായി മധുമേഹമായി പരിണമിക്കുന്നു എന്നതാണ് ആയുര്‍വേദസിദ്ധാന്തം. പ്രമേഹം ഇന്‍സുലിന്‍ ഹോര്‍മോണിന്റെ കേവലമോ ആപേക്ഷികമോ ആയ കുറവു കൊണ്ടുണ്ടാകുന്ന രോഗമാണ്. ഈ അവസ്ഥയില്‍ ശരീരത്തിന്റെ ഉപാപചയ പ്രക്രിയകള്‍ എല്ലാം തകരാറിലാകുന്നു. ദഹനരസങ്ങളും അന്തസ്രാവങ്ങളും ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് പാന്‍ക്രിയാസ്. ദഹനരസങ്ങള്‍ ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയെ വിശ്ലേഷിപ്പിച്ച് ആഗിരണം സുഗമമാക്കുന്നു. ഇന്‍സുലിന്‍, ഗ്ലൂക്കഗോണ്‍, സൊമാറ്റോസ്റ്റാറ്റിന്‍ എന്നീ ഹോര്‍മോണുകളാണ് പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസ് നിശ്ചിത അനുപാതത്തില്‍ ക്രമീകരിക്കുന്നത് ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം മൂലമാണ്. ജൈവപ്രവര്‍ത്തനങ്ങളുടെ താളം തെറ്റുന്നു ഇത്തരം ഹോര്‍മോണുകള്‍, ദഹനരസങ്ങള്‍ എന്നിവയെ ശരീരാന്തര്‍ഗതമായ ഒരഗ്നിസമുച്ചയമായാണ് ആയുര്‍വേദം കാണുന്നത്. ജഠരാഗ്നി, ധാത്വാഗ്നി, ഭൂതാഗ്നി എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.പാകപരിണാമപ്രക്രിയ , ഊര്‍ജവിനിയോഗം എന്നീ ജൈവപ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടാകുന്ന തകരാറുകളാണ് പ്രമേഹരോഗത്തിന് വഴിയൊരുക്കുന്നത്. ഇതിന് അടിസ്ഥാനകാരണം ശരീരാന്തര്‍ഗതമായ അഗ്നിസമുച്ചയത്തിന്റെ പ്രവര്‍ത്തനവൈകല്യമാണ്.ഇതുകാരണം കഫം, മേദസ്സ് മുതലായ ധാതുക്കള്‍ക്ക് ദുഷ്ടിവരികയാണ് പ്രമേഹത്തില്‍ സംഭവിക്കുന്നത്. ഊര്‍ജദായകമായ പദാര്‍ഥങ്ങള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു. തത്ഫലമായി ഓജസ്സ് കുറയും. ഒട്ടേറെ ശാരീരിക മാനസിക വ്യഥകള്‍ അനുഭവപ്പെടും. ആയുര്‍വേദശാസ്ത്രപ്രകാരം പ്രമേഹത്തിന് കാരണമായ വൈകല്യങ്ങള്‍ കേവലം പാന്‍ക്രിയാസ് (ആഗ്നേയഗ്രന്ഥി) എന്ന അവയവത്തില്‍ മാത്രം ഒതുങ്ങുന്നില്ല. വൃക്ക, ഹൃദയം, മസ്തിഷ്‌ക്കം എന്നീ മര്‍മ്മസ്ഥാനങ്ങളെക്കൂടി ഇത് ബാധിക്കുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ പ്രമേഹരോഗികളില്‍ ആദ്യമേ ദര്‍ശിക്കാനാവും. രോഗങ്ങളുടെ അനുബന്ധമായി പ്രമേഹം ഉണ്ടാകാമെന്ന് ആയുര്‍വേദത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പ്രത്യേകതരം അര്‍ശസ് ഉള്ളവര്‍ക്ക് കാലക്രമേണ പ്രമേഹം ഉണ്ടാകാം

ബുദ്ധിയും ഓര്‍മയും കൂട്ടാന്‍ ആയുര്‍വേദം

കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ കഴിവ് നിര്‍ണയിക്കുന്നതില്‍ പാരമ്പര്യം, ജനിച്ചുവളരുന്ന പരിതസ്ഥിതികളുടെ പ്രത്യേകത എന്നിവയ്ക്ക് നിര്‍ണായകമായ പങ്കാണുള്ളത്. അച്ഛനമ്മമാരുടെ രൂപം, ശബ്ദം, സംഭാഷണരീതി, നടപ്പ് എന്നീ ബാഹ്യലക്ഷണങ്ങള്‍ കുഞ്ഞിന് പകര്‍ന്നുകിട്ടുന്നതുപോലെ ആന്തരമായ സ്വഭാവവിശേഷങ്ങളും മക്കളില്‍ പ്രതിഫലിക്കാറുണ്ട്. കലാവാസന, സ്വഭാവം, പെരുമാറ്റം, ബുദ്ധിശക്തി തുടങ്ങിയ പല കാര്യങ്ങളിലും ശിശുക്കള്‍ മാതാപിതാക്കളെയും ചിലപ്പോള്‍ മറ്റു പൂര്‍വികരെയും അനുകരിക്കുന്നത് പാരമ്പര്യസ്വഭാവം കൊണ്ടാണ്. നമ്മുടെ മാനസിക ശക്തിയും സ്വഭാവ വിശേഷങ്ങളുമെല്ലാം ജനനത്തിനു മുമ്പുതന്നെ തീരുമാനിക്കപ്പെടുന്നുണ്ടെന്ന് ഇതു സംബന്ധിച്ചു നടത്തിയ ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. സാഹചര്യം പ്രധാനം ഒരേ മാതാപിതാക്കളുടെ സന്താനങ്ങളില്‍തന്നെ സ്വഭാവത്തിലും ബുദ്ധിശക്തിയിലും മറ്റും വലിയ അന്തരം കാണുന്നുവെങ്കില്‍ അതിനു കാരണം ജനിച്ചു വളരുന്ന സാഹചര്യങ്ങളുടെ സവിശേഷതകളാണെന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. പരിതസ്ഥിതികള്‍ക്കും ഇക്കാര്യത്തില്‍ നിര്‍ണായക പങ്കുണ്ട്. മാതാപിതാക്കളുടെ സംയോഗ സമയം തുടങ്ങി ശിശുവിനു പ്രായമാകുന്നതുവരെയുള്ള പലകാര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പരിതസ്ഥിതികള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഇവയില്‍ പ്രധാനം മാതാപിതാക്കളുടെ സംയോഗ സമയത്തെ മനഃസ്ഥിതി, ഗര്‍ഭിണിയായ സ്ത്രീയുടെ ബാഹ്യവും ആഭ്യന്തരവുമായ അവസ്ഥകള്‍, പ്രസവസമയത്തെ വിഘ്‌നങ്ങള്‍, മറ്റു വിഷമതകള്‍, തുടര്‍ന്നു ശിശുവിനു നേരിടേണ്ടിവരുന്ന കാലദേശാവസ്ഥകള്‍, സംരക്ഷണ സമ്പ്രദായങ്ങള്‍, വിദ്യാഭ്യാസ രീതികള്‍ എന്നിവയാണ്. സംയോഗസമയത്ത് പ്രസന്നമായ മനസ്സും ഈശ്വരവിശ്വാസവും പരസ്​പരം പരിപാവനമായ പ്രേമവും ഉണ്ടായിരുന്നാല്‍ ജനിക്കുന്ന ശിശു നല്ല സ്വഭാവഗുണമുള്ളവനും ബുദ്ധിശാലിയുമായിരിക്കും. നേരെമറിച്ച് മദ്യാസക്തരും മനസ്സില്‍ മലിന വികാരങ്ങള്‍ നിറഞ്ഞവരും പ്രേമരഹിതരുമായ ദമ്പതികള്‍ ബന്ധപ്പെട്ടുണ്ടാകുന്ന കുട്ടികള്‍ നീചരായിത്തീരുവാനേ സാദ്ധ്യതയുള്ളൂ.ഗര്‍ഭിണിയുടെ ആഹാരരീതികളും മാനസിക വികാരങ്ങളും ശിശുവിനെ ബാധിക്കും. പോഷകാഹാര ന്യൂനതയുള്ളവള്‍ക്കുണ്ടാകുന്ന ശിശുവിനു ശാരീരികവും മാനസികവുമായ വളര്‍ച്ച ഉണ്ടാവില്ല. മാത്രമല്ല അവന്റെ പ്രജ്ഞാധമനികള്‍ ക്ഷീണിച്ചു പോകുകയും മാനസികമായി ശക്തിക്ഷയം സംഭവിക്കുകയും ചെയ്യും. തീക്ഷ്ണവികാരങ്ങള്‍ ഗര്‍ഭിണിക്കുണ്ടായാല്‍ അവ ഗര്‍ഭാശയത്തെ വിഷമകരമായ വിധത്തില്‍ സങ്കോചിപ്പിച്ച് ഗര്‍ഭസ്ഥ ശിശുവിന് ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ക്കു വ്യത്യാസം വരുത്തുകയും അതുനിമിത്തം കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും മാനസിക ശക്തികള്‍ക്കും ന്യൂനത സംഭവിക്കുകയും ചെയ്യും. മാതാപിതാക്കള്‍ക്ക് ക്ഷയം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ അര്‍ബുദം, കുഷ്ഠം, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ദീര്‍ഘകാലാനുബന്ധിയായ രോഗങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ശിശുവിനു ശാരീരികവും മാനസികവുമായ ക്ഷീണം സംഭവിക്കാം. മദ്യപാനത്താലോ രാസൗഷധങ്ങളാലോ മാതാപിതാക്കളുടെ രക്തം വിഷമയമായാലും അതു കുഞ്ഞുങ്ങളുടെ മാനസിക നിലവാരത്തെ ബാധിക്കും. പ്രസവസമയത്തു ശിശുവിനു സംഭവിച്ചേക്കാവുന്ന ആഘാതങ്ങള്‍, ശാസ്ത്രജന്യമായ ക്ഷതങ്ങള്‍ എന്നിവ കുഞ്ഞിന്റെ ശരീരത്തെയും മനസ്സിനെയും പ്രതികൂലമായി ബാധിക്കും. മാതാവിനുണ്ടാകുന്ന അന്തര്‍ഗ്രന്ഥീവൈകല്യങ്ങളും (ഉദാ: തൈറോയ്ഡ് ഗ്രന്ഥികളുടെ വൈകല്യങ്ങള്‍ തുടങ്ങിയവ) അവര്‍ക്കുണ്ടാകുന്ന കുട്ടികളുടെ ബുദ്ധിപരമായ കഴിവിനെ വളരെ പ്രതികൂലമായി ബാധിക്കുന്നതാണ് ജനനാന്തര പരിതസ്ഥിതികള്‍ അതായത്, വളരുന്ന അന്തരീക്ഷം, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍, മാതാപിതാക്കളുടെ ശ്രദ്ധ തുടങ്ങിയവയും പാരമ്പര്യജന്യമായ സ്വഭാവ വിശേഷങ്ങളെയും ബുദ്ധിപരമായ കഴിവുകളെയും വ്യത്യാസപ്പെടുത്തും. ഇന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കുക മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നത് ഇന്ദ്രിയങ്ങളാണ്. ചെവി, തൊലി, കണ്ണ്, മൂക്ക്, നാക്ക് എന്നിവ ജ്ഞാനേന്ദ്രിയങ്ങളും കൈകള്‍, കാലുകള്‍, മലവിസര്‍ജനേന്ദ്രിയം, ജനനേന്ദ്രിയം, വാക്ക് ഇവ കര്‍മേന്ദ്രിയങ്ങളും ആണ്. ഇന്ദ്രിയ സംവേദനമില്ലാതെ ബാഹ്യലോകവുമായി ഇടപെടാന്‍ മറ്റുമാര്‍ഗങ്ങളൊന്നും ശിശുവിനില്ല. ബുദ്ധിവികാസത്തിനും മാനസിക ഉല്‍ക്കര്‍ഷത്തിനും അടിസ്ഥാനം ശരിയായ ഇന്ദ്രിയ സംവേദനമാണ്. എന്തും ആദ്യം ഇന്ദ്രിയങ്ങള്‍ക്കു അനുഭവവേദ്യമായശേഷമേ മനസ്സിലേക്കു പ്രവേശിക്കുകയുള്ളു. വൈകല്യങ്ങളൊന്നുമില്ലാത്തതും മതിയായ സൂക്ഷ്മതയുള്ളതുമായ ഇന്ദ്രിയങ്ങള്‍ കൊണ്ട് അനുഗൃഹീതരായ ശിശുക്കള്‍ പോലും അവയെ വേണ്ടവിധത്തില്‍ ഉപയോഗിക്കുവാന്‍ ഉദ്യമിക്കുന്നില്ലെങ്കില്‍ അത് അവരുടെ ബുദ്ധിപരമായ കഴിവിനെ ദോഷകരമായി ബാധിക്കും. ഇതിനുള്ള താത്പര്യവും ശ്രദ്ധയും അങ്കുരിപ്പിക്കുവാനുള്ള പരിശീലനം ശിശുക്കള്‍ക്കു വളരെ നേരത്തെ നല്‍കണം. അങ്ങനെ ചെയ്യുന്നത് ഇന്ദ്രിയങ്ങളെ ഏറ്റവും സമൃദ്ധമായ സ്വീകരണത്തിനു പ്രാപ്തമാക്കുവാനും ഇന്ദ്രിയസംവേദനങ്ങളെ വേണ്ടവിധം സ്വീകരിക്കുവാന്‍ മനസ്സിനെ സജ്ജമാക്കാനും സഹായിക്കും. മൂന്നു വയസ്സുമുതല്‍ ഏഴു വയസ്സുവരെയാണ് ഇന്ദ്രിയ ശിക്ഷണഘട്ടം. ശിശുവിന്റെ വിജ്ഞാനത്തെയും ബുദ്ധിശക്തിയെയും സമ്പുഷ്ടമാക്കുന്നതില്‍ ഓര്‍മശക്തിക്ക് മുഖ്യമായ സ്ഥാനമാണുള്ളത്. എന്നു കരുതി വലിയ ഓര്‍മശക്തിയുള്ള ആള്‍ ബുദ്ധിമാനോ ജ്ഞാനിയോ ആയിക്കൊള്ളണമെന്നില്ല. അതുപോലെ അസാമാന്യ ബുദ്ധിശക്തിയുള്ള ആള്‍ വലിയ ഓര്‍മശക്തി ഉള്ളവനായിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് തന്നെ ഓര്‍മശക്തി കുറവുള്ള കുട്ടിയെ ഒരിക്കലും മഠയനായി മുദ്രകുത്താന്‍ പാടില്ല. ഉച്ചാരണം സ്ഫുടമാക്കുക ഭാഷയില്‍ നിന്നാണല്ലോ മനസ്സിന്റെ സ്വഭാവം എളുപ്പം ഗ്രഹിക്കാന്‍ കഴിയുന്നത്. ജന്മസിദ്ധമായ ബുദ്ധിശക്തി, സാമുദായികനില, കുഞ്ഞ് ജനിച്ചുവളര്‍ന്ന സമൂഹത്തിന്റെ സാംസ്‌കാരിക നിലവാരം, സഹജരുടെ സാന്നിദ്ധ്യം തുടങ്ങി പല ഉപാധികള്‍ക്കും വിധേയമായിട്ടാണ് ശിശുക്കളുടെ ശബ്ദകോശം വികസിക്കുന്നത്. പ്രായമായവര്‍ ശിശുക്കളുടെ കൊഞ്ചലുകളും അബദ്ധോച്ചാരണങ്ങളും ആവര്‍ത്തിച്ചുകൊണ്ട് അവരോട് സംസാരിക്കുന്നത് കുഞ്ഞുങ്ങളുടെ ബുദ്ധിപരമായ വികാസത്തിനു തടസ്സമാകും. കുട്ടികള്‍ കേള്‍ക്കെ ആദ്യം തന്നെ സ്ഫുടവും വ്യക്തവുമായി പദങ്ങള്‍ ഉച്ചരിക്കണം. തെറ്റായ പദങ്ങള്‍ കുഞ്ഞുങ്ങളില്‍ ഉറച്ചുപോയാല്‍ അത് മാറ്റിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടേണ്ടിവരും.അറിവും യുക്തിബോധവും 'വിജ്ഞാനം' എന്നാല്‍ ലൗകിക ജീവിതത്തിന് ആവശ്യമായ വിഷയങ്ങളെക്കുറിച്ചുള്ള അറിവാണ്. ഒരു ശിശുവിന്റെ വിജ്ഞാനം എത്രത്തോളം അഭിവൃദ്ധമാകുന്നുവോ അത്രത്തോളം അവന്റെ ചിന്താശക്തിക്കും മറ്റു മാനസിക ഭാവങ്ങള്‍ക്കും വികാസമുണ്ടാവും. എന്നുകരുതി നിരവധി ആശയപരമ്പരകള്‍ ഒരേ സമയം കുത്തിച്ചെലുത്തി അവരെ എളുപ്പം വിജ്ഞാനികളാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്. പഴയ അനുഭവങ്ങളെ ആസ്​പദമാക്കി പുതിയ വിഷമങ്ങളെ തരണം ചെയ്യുവാനുള്ള ശക്തിയാണ് യുക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത്. യുക്തി വികസിപ്പിക്കുവാനായി, ഉചിതമായ പ്രശ്‌നങ്ങള്‍ അടങ്ങുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി സ്വയം അവയ്ക്ക് സമാധാനം കണ്ടുപിടിക്കാന്‍ ശിശുക്കളെ പരിശീലിപ്പിക്കണം. കൊച്ചു കുട്ടികളുടെ കാര്യത്തില്‍ അവരുടെ ജിജ്ഞാസ ഉണര്‍ത്തുന്ന സാധനങ്ങളുടെ പ്രദര്‍ശനം തന്നെ മതിയാകും. ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് അഞ്ചുവയസ്സുവരെയുള്ള കാലഘട്ടത്തില്‍ കുട്ടികളെ ആസ്ത്മപോലുള്ള ശ്വാസകോശ രോഗങ്ങളും ത്വഗ്രോഗങ്ങളും കൂടുതലായി ബാധിക്കുന്നു. അമിത വണ്ണം, വിഷാദരോഗം, ആര്‍ത്തവപ്രശ്‌നങ്ങള്‍, ടൈപ്പ്-1 പ്രമേഹം, എന്നിവ 10 മുതല്‍ 20വരെ യുള്ള കാലത്ത് കുഞ്ഞുങ്ങളെ ബാധിച്ചേക്കാം. ഇത്തരം രോഗബാധകള്‍ക്കെതിരെ പ്രതിരോധശേഷി കൈവരിക്കാന്‍, കഴിയുന്നത്ര കാലം കുഞ്ഞിനു മുലയൂട്ടണം. ഒരു വയസ്സുമുതല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങണം. വീട്ടില്‍ പാകം ചെയ്യുന്ന സാധാരണ ഭക്ഷണ പാനീയങ്ങള്‍ കുഞ്ഞിനെ ശീലിപ്പിക്കണം. കൂട്ടുകാരുമായി കളിച്ചു വളരുവാനനുവദിക്കുക നല്ല സുഹൃദ്ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുക, ശുചിത്വത്തിന് ഊന്നല്‍ കൊടുക്കുക, ലൈംഗികത സംബന്ധിച്ച ശരിയായ അറിവു പകര്‍ന്നു നല്‍കുക, അമിത വണ്ണം ഉണ്ടാകാതെ ശ്രദ്ധിക്കുക, ലഹരി പദാര്‍ത്ഥങ്ങള്‍ ശീലിക്കാനിടവരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, മുടങ്ങാതെ വ്യായാമം ശീലിപ്പിക്കുക, ഉത്കണ്ഠ വിഷാദരോഗങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നിരീക്ഷിക്കുക എന്നിവയിലും ശ്രദ്ധിക്കേണ്ടതുണ്ട്.അമിതഭക്ഷണം ഒഴിവാക്കുക അമിത ഭക്ഷണം, വ്യായാമമില്ലായ്മ, ക്രമം തെറ്റിയുള്ള ഭക്ഷണശീലം വറുത്തതും പൊരിച്ചതും കൊഴുപ്പേറിയതുമായ ഭക്ഷണത്തിന്റെ അമിതമായ ഉപയോഗം എന്നിവയാണ് അമിതവണ്ണം ഉണ്ടാക്കുന്നത്. സ്‌കൂളുകളില്‍ വ്യായാമം കുട്ടികളുടെ ദിനചര്യയുടെ ഭാഗമായി പരിശീലിപ്പിക്കണം. പണ്ടത്തെ കാലത്ത് കുഞ്ഞുങ്ങള്‍ക്ക് മതിയായ വ്യായാമം ലഭ്യമാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. പുഴയില്‍ നീന്തിത്തുടിച്ച് കുളത്തില്‍ ചാടിക്കളിച്ച്, പാടവരമ്പിലൂടെ ഓടിനടന്ന് അവധിക്കാലം ആസ്വദിക്കുന്ന കുട്ടികളെ ഇന്നു കാണാന്‍ കഴിയില്ല. ടെലിവിഷന്റെ ആവിര്‍ഭാവം കുഞ്ഞുങ്ങളെ അതിന്റെ 'അഡിക്ടാ'ക്കിയിരിക്കുന്നു. ശല്യപ്പെടുത്താതിരിക്കുവാന്‍ ടി.വി. തുറന്ന്‌വെച്ച് മക്കളെ അതിന്നു മുന്നില്‍ പിടിച്ചിരുത്തുന്ന അമ്മമാരുണ്ട്-ഒപ്പം കൊറിക്കാനായി കുറെ വറവു സാധനങ്ങളും. ഇന്റര്‍നെറ്റും വീഡിയോ ഗെയ്മും കൂടിയുണ്ടെങ്കില്‍ സംഗതി കുശാല്‍! അണുകുടുംബങ്ങളില്‍ കുട്ടികള്‍ വീടിന്റെ മതില്‍ക്കെട്ടിനുള്ളിലേക്കു കൂടുതല്‍ തളച്ചിടപ്പെടുന്നു. സ്വന്തം ചിറകിനുള്ളില്‍ കുഞ്ഞുങ്ങള്‍ വളരണമെന്ന വാശിയിലാണ് ഓരോ രക്ഷിതാവും. ഇതു കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസം നഷ്ടമാക്കുന്നു.പാഠപുസ്തകങ്ങളിലും ടി.വി.യിലും മാത്രമായി വിദ്യാര്‍ത്ഥികളുടെ ലോകം ചുരുങ്ങുമ്പോള്‍ അവരിലെ സര്‍ഗാത്മകതയും കായിക ശേഷിയും നശിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനുതകുന്ന രീതിയില്‍ പഠനവ്യവസ്ഥ മാറുക തന്നെ വേണം. തവിട്, നാര് എന്നിവ ധാരാളമായി ഭക്ഷണത്തിലുണ്ടാകണം. ഇലക്കറികളും പച്ചക്കറികളും കലര്‍ന്ന വൈവിധ്യമേറിയ ഭക്ഷണം കുട്ടികള്‍ക്കു നല്‍കണം. ആവിയില്‍ വേവിച്ച ഇഡ്ഡലി പോലുള്ള ഭക്ഷ്യവസ്തുക്കള്‍ ശിശുക്കള്‍ക്കനുയോജ്യമാണ്. കഴിയുന്നത്ര സസ്യഭക്ഷണങ്ങള്‍ ധാരാളമായി കൊടുക്കുക. വറുത്തതും പൊരിച്ചതും മാംസഭക്ഷണവും വര്‍ജിക്കുന്നതാണഭികാമ്യം. ആഹാരത്തിലൂടെ കുട്ടികളുടെ ഉള്ളിലെത്തുന്ന വിഷാംശങ്ങളെക്കുറിച്ച് നാം ബോധവാന്മാരാകണം. ചോക്ലേറ്റ്, ശീതളപാനീയങ്ങള്‍ എന്നിവയിലൂടെയും മറ്റും കുട്ടികളിലെത്തുന്ന മാരക രോഗങ്ങളുടെ ബീജങ്ങള്‍ ശ്രദ്ധിക്കണം. ദഹനവ്യവസ്ഥയെ പാടേ തകരാറിലാക്കുന്ന, കുഞ്ഞുങ്ങളുടെ ശാരീരിക-മാനസിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുന്ന ലെഡ്ഡും കാഡ്മിയവുമടങ്ങുന്ന ഭക്ഷ്യവസ്തുക്കളും ഒഴിവാക്കണം.
ഡോ. കെ. മുരളീധരന്‍ പിള്ള

മുന്‍ പ്രിന്‍സിപ്പല്‍, ആയുര്‍വേദ കോളേജ്
തൈക്കാട്ടുശ്ശേരി, ഒല്ലൂര്‍, തൃശ്ശൂര്‍

കൊളസ്‌ട്രോള്‍ പോലെ, പ്രമേഹം പോലെ, കാന്‍സറിനെയും നിയന്ത്രിച്ചുനിര്‍ത്താനാവും. വൈദ്യശാസ്ത്രം പ്രതീക്ഷയോടെ, ലോകവും

കാന്‍സറിനെ ഭയക്കാത്തവരില്ല. എല്ലാവരുടെയും പേടിസ്വപ്നം. രോഗം ബാധിച്ചാല്‍ ജീവിതം തീര്‍ന്നുവെന്ന് എല്ലാവരും കരുതുന്നു. തുടക്കത്തില്‍ കണ്ടെത്തിയാല്‍ കാന്‍സര്‍ രോഗം ചികിത്സിച്ചു ഭേദമാക്കാമെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ ഭീകരതയായി എല്ലാവരും കണക്കാക്കുന്ന രോഗമാണിത്.
എന്നാല്‍ പ്രമേഹം പോലെയും ബി പി പോലെയും കൊളസ്‌ട്രോള്‍ പോലെയും കാന്‍സറിനെ നിയന്ത്രിച്ചു നിര്‍ത്താന്‍ പറ്റുന്ന ഒരു കാലം താമസിയാതെ കൈവരുമെന്ന സന്തോഷസൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എലികളില്‍ നടത്തിയ പഠനമാണ് ഈ സൂചന നല്‍കുന്നത്.
വലിയ ഡോസില്‍ കീമോതെറാപ്പി നടത്തി കാന്‍സര്‍ കോശങ്ങളെ ഒറ്റയടിക്കു നശിപ്പിക്കുന്ന ചികിത്സാരീതിയാണ് ഇപ്പോഴുള്ളത്. എന്നാല്‍ ഒരു കാന്‍സര്‍ ട്യൂമറില്‍ വ്യത്യസ്തയിനം കോശങ്ങളാണുള്ളത്. പ്രതിരോധശേഷി കൂടിയവയും കുറഞ്ഞവയും. വന്‍തോതില്‍ കീമോതെറാപ്പി ചെയ്യുമ്പോള്‍ പ്രതിരോധശേഷി കുറഞ്ഞ കോശങ്ങള്‍ നശിക്കുന്നു. 
പ്രതിരോധശേഷി കൂടിയ കോശങ്ങള്‍ മരുന്നുപ്രയോഗം നിലയ്ക്കുന്നതോടെ വീണ്ടും പെരുകുകയും കാന്‍സര്‍ ട്യൂമറുകള്‍ വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. കാന്‍സര്‍ ട്യൂമറുകളിലെ പരമാവധി കോശങ്ങള്‍ നശിക്കാതെ മരുന്നു നല്‍കിയാല്‍ എന്തു സംഭവിക്കുമെന്നാണ് യു എസ് ഗവേഷകര്‍ പരിശോധിച്ചത്.
പ്രതിരോധശേഷിയുള്ള കോശങ്ങള്‍ പെരുകി അര്‍ബുദം ശരീരത്തെ കീഴടക്കുന്നതു തടയാന്‍, നശിക്കാതെ കിടക്കുന്ന മറ്റു കോശങ്ങള്‍ക്കു സാധിക്കുമെന്നാണ് യുഎസ് ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ടു വലിയതോതില്‍ കീമോതെറാപ്പി നടത്തി അര്‍ബുദകോശങ്ങളെ ഒറ്റയടിക്കു നശിപ്പിക്കുന്നതിനു പകരം ചെറിയതോതില്‍ കീമോതെറാപ്പി മരുന്നു പ്രയോഗിച്ചു കാന്‍സറിനെ നിയന്ത്രിച്ചുനിര്‍ത്താമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.
അതുകൊണ്ടാണ് പ്രമേഹവും കൊളസ്‌ട്രോളും അമിതരക്തസമ്മര്‍ദവും പോലെ കാന്‍സറും നിയന്ത്രിച്ചുനിര്‍ത്താന്‍ പറ്റുമെന്ന പ്രതീക്ഷയുണ്ടായിരിക്കുന്നത്. ഇതു ഫലപ്രദമായാല്‍ മരുന്നു കഴിച്ച് കാന്‍സര്‍ മാരകവും വ്യാപകവുമാകാതെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. അങ്ങനെ വന്നാല്‍ അന്താരാഷ്ട്ര വൈദ്യശാസ്ത്രരംഗത്തു വിപ്ലവാത്മകമായ മാറ്റങ്ങളാണുണ്ടാവുക.
രണ്ടു വ്യത്യസ്തയിനം സ്തനാര്‍ബുദം ബാധിച്ച എലികളില്‍ രണ്ടു തരത്തില്‍ കീമോതെറാപ്പി നല്‍കി പരീക്ഷിച്ചു നോക്കി. കീമോതെറാപ്പി മരുന്നായ പാക്ലിടാക്‌സല്‍ സാധാരണപോലെ വന്‍തോതില്‍ എലികളില്‍ പ്രയോഗിച്ചപ്പോള്‍ എലിയിലെ കാന്‍സര്‍ ട്യൂമര്‍ ചുരുങ്ങി. പക്ഷേ മരുന്നു നല്‍കുന്നതു നിര്‍ത്തിയതോടെ ട്യൂമര്‍ തിരിച്ചെത്തി. ആദ്യം വലിയതോതിലും പിന്നീട് ചെറിയതോതിലും മരുന്നു നല്‍കിയപ്പോള്‍ എലികളിലെ കാന്‍സര്‍ കുറയുന്നതു കൂടുതല്‍ ഫലപ്രദമാണെന്നു കണ്ടെത്തി.
സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ എന്ന ജേര്‍ണലിലാണ് ഈ പഠനത്തെപ്പറ്റി വിശദീകരിച്ചിരിക്കുന്നത്.

അമിതവണ്ണമുള്ളവര്‍ക്ക് ഓര്‍മശക്തി കുറയും

 

അമിതവണ്ണമുള്ളവര്‍ക്കു തൊട്ടുമുമ്പു നടന്ന സംഭവത്തെക്കുറിച്ചുള്ള ഓര്‍മ കുറയുമെന്നു സൂചന. 
ദുര്‍മേദസും മറവിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു നടത്തിയ ഒരു ഹൃസ്വപഠനത്തിലെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് എക്‌സിപെരിമെന്റല്‍ സൈക്കോളജി എന്ന ജേര്‍ണലിലാണ്. അമ്പതു പേരില്‍ നടത്തിയ പഠനത്തില്‍ പറയുന്നത് അമിതവണ്ണമുള്ളവര്‍ക്കു തൊട്ടുമുമ്പിലുണ്ടായിരുന്ന ഭക്ഷണത്തെപ്പറ്റിയുള്ള ഓര്‍മപോലും കുറവായിരിക്കുമെന്നാണ്. അതുകൊണ്ടു തന്നെ അതോര്‍ക്കാതെ പുതിയ ഭക്ഷണത്തില്‍ താത്പര്യമുണ്ടാകുകയും അമിതമായി കഴിക്കുകയും ചെയ്യും.
എന്നാല്‍ പൊതുവിജ്ഞാനം പോലുള്ള കാര്യങ്ങളില്‍ ഇൗ മറവി ബാധകമായിരിക്കുകയില്ല. വയറില്‍ ദുര്‍മേദസും കൊഴുപ്പുമടിഞ്ഞുകൂടുന്നവരില്‍ ഓര്‍മശക്തി കുറവാണെന്ന് എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായി. എന്നാല്‍ മനുഷ്യരില്‍ നടത്തിയ പരീക്ഷണം മിശ്രപ്രതികരണമാണുണ്ടാക്കിയത്.
ദുര്‍മേദസുള്ളവരില്‍ നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായത് നമ്മുടെ മനസിലെ വീഡിയോ ടേപ്പ്, അതായത് തൊട്ടടുത്ത സംഭവത്തെപ്പറ്റിയുള്ള ഓര്‍മ ദുര്‍ബലമായിരിക്കുമെന്നാണ്. നാം തൊട്ടുമുമ്പു കുടിച്ച കാപ്പിയുടെ ഗന്ധം, അല്ലെങ്കില്‍ നമ്മുടെ ശരീരത്തിലുള്ള കരസ്പര്‍ശത്തിന്റെ 'ഫീല്‍' തുടങ്ങിയ ഓര്‍മകള്‍ ദുര്‍മേദസുള്ളവരില്‍ ഇല്ലാതാകുമെന്നാണ്. അമ്പതു തടിയന്മാരില്‍ നടത്തിയ ഓര്‍മശക്തി പരിശോധനയില്‍ വ്യക്തമായത് അവര്‍ക്കു മെലിഞ്ഞവര്‍ക്കുള്ളതിനെക്കാള്‍ 15 ശതമാനം മറവിയുണ്ടെന്നാണ്.
നമ്മില്‍ വിശപ്പുണ്ടാക്കുന്ന ഹോര്‍മോണുകള്‍ക്കു നമ്മുടെ ഭക്ഷണത്തിന്റെ അളവു നിയന്ത്രിക്കാനാകും. എന്നാല്‍ ടി വി കണ്ടുകൊണ്ടിരിക്കെ നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവു കൂടിയെന്നുവരും. ഇതുപോലെയാണ് ദുര്‍മേദസുള്ളവരില്‍ അറിയാതെ ഭക്ഷണത്തിന്റെ അളവും കൂടും.

നേന്ത്രപ്പഴം കൊഴുപ്പില്ലാതാക്കും, അമിതവണ്ണവും

 

നേന്ത്രപ്പഴം അല്ലെങ്കില്‍ ഏത്തപ്പഴം നമ്മുടെ തൂക്കം കൂട്ടുമോ കുറയ്ക്കുമോ? ഇക്കാര്യത്തില്‍ തെറ്റിദ്ധരിക്കപ്പെടുന്ന പഴമാണ് ഏത്തപ്പഴം.
യഥാര്‍ത്ഥത്തില്‍ നമ്മുടെ അമിതവണ്ണം കുറയ്ക്കുന്ന ഒന്നാണ് ഏത്തപ്പഴം. പൊട്ടാസ്യം നന്നായി അടങ്ങിയിട്ടുണ്ട് ഏത്തപ്പഴത്തില്‍. ശരീരത്തില്‍ ജലം കെട്ടിക്കിടക്കുന്ന അവസ്ഥ ഇതു തടയും. അങ്ങനെ ശരീരം വീര്‍ക്കുന്നതും നീരുവയ്ക്കുന്നതുമായ സാഹചര്യം ഇല്ലാതാകും. 
കുടവയറില്ലാത്ത അവസ്ഥയാണ് ഏത്തപ്പഴമുണ്ടാക്കുന്നത്. കൊളൈന്‍, വൈറ്റമിന്‍ ബി തുടങ്ങിയ പോഷകങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഇവ ശരീരത്തില്‍ കൊഴുപ്പടിയുന്നത് ഒഴിവാക്കും. പ്രത്യേകിച്ചു ഉദരഭാഗത്ത്. ശരീരത്തില്‍ കൊഴുപ്പടിയുന്ന ജീനുകളില്‍ നേരിട്ട് പ്രവര്‍ത്തിച്ച് കൊഴുപ്പ് എരിയിച്ചുകളയുന്ന ഏര്‍പ്പാട് ത്വരിതപ്പെടുത്തും. 
ജങ്ക് ഫുഡുകളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളോടുള്ള നമ്മുടെ പ്രതിപത്തിയാണ് ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പടിയാനും അനാരോഗ്യമുണ്ടാക്കാനും ഇടയാക്കുന്നത്. അമ്മാതിരി ഭക്ഷണശൈലി ഒഴിവാക്കും ഏത്തപ്പഴം പതിവായി കഴിച്ചാല്‍. അനാരോഗ്യകരമായ ഭക്ഷണത്തിനു പകരം ഏത്തപ്പഴം കഴിച്ചാല്‍ നമ്മുടെ വിശപ്പു ശമിക്കുകയും അമ്മാതിരി ഭക്ഷണത്തോടുള്ള ആസക്തി കുറയുകയും ചെയ്യും.
ജീവകങ്ങളും ലവണങ്ങളുമൊക്കെയുള്ളതിനാല്‍ ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ പ്രവേശിക്കുകയും ദഹനപ്രക്രിയ മെച്ചപ്പെടുകയും ചെയ്യും. ദഹനം കുറയുമ്പോഴാണ് അമിത കൊഴുപ്പടിയുന്നത്.

ഫ്രിഡ്ജ് ഉണ്ടെന്നു കരുതി എല്ലാം അവിടെ സൂക്ഷിക്കരുത്, ഫ്രിഡ്ജില്‍ വയ്ക്കരുതാത്തവ ഇവയൊക്കെ

 

ഒരു ഫ്രിഡ്ജ് ഉണ്ടെങ്കില്‍ എല്ലാം അതില്‍ സൂക്ഷിക്കാമെന്നാണ് മിക്കവരുടെയും ധാരണ. ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ അതില്‍ വയ്ക്കും. പിന്നെ ദിവസങ്ങള്‍, ആഴ്ചകള്‍, ചിലപ്പോള്‍ മാസങ്ങള്‍....ഫ്രിഡ്ജിലിരുന്നാല്‍ സാധനത്തിനു യാതൊരു കുഴപ്പവും കേടും വരില്ലെന്നും ഫ്രെഷ്‌നെസും ഗുണവും ഒട്ടും ചോരാതിരിക്കുമെന്നുമാണ് പൊതുവേയുള്ള ധാരണ.
എന്നാല്‍ ഫ്രിഡ്ജില്‍ വയ്ക്കരുതാത്തതും വച്ചാല്‍ ഗുണം നഷ്ടപ്പെടുന്നതുമായ പല സാധനങ്ങള്‍ നാമറിയാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നുണ്ട്. അവയേതൊക്കെയെന്നു നോക്കാം.
1. ബ്രെഡ്- ബ്രെഡ് ഫ്രിഡ്ജില്‍ വച്ചാല്‍ തണുക്കുമെന്നതു വാസ്തവം. എന്നാല്‍ ബ്രെഡ് പെട്ടെന്നു വരണ്ടുപോകുമെന്നുറപ്പ്. തന്മൂലം അതു തന്നെ നാം സ്ഥിരമായി കഴിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് നിങ്ങള്‍ വാങ്ങുന്നതു നാലു ദിവസം കൊണ്ടു കഴിക്കുന്ന അത്രത്തോളം ബ്രെഡ് സാധാരണപോലെ, അന്തരീക്ഷ ഊഷ്മാവില്‍ തണുത്ത കപ്‌ബോര്‍ഡിലോ ബ്രെഡ്‌ബോക്‌സിലോ സൂക്ഷിക്കുക. ബാക്കിയുള്ളവ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അപ്പോള്‍ ആ നാലു ദിവസത്തേക്കെങ്കിലും നിങ്ങള്‍ക്കു ഫ്രെഷ് ബ്രെഡ് കഴിക്കാനാവും.
2. പുതിയ ഇലവര്‍ഗങ്ങളോ ഔഷധച്ചെടിയോ വാങ്ങിയാലുടനേ നാം ഉണങ്ങിപ്പോകാതിരിക്കാന്‍ നേരേ ഫ്രിഡ്ജില്‍ വയ്ക്കാറുണ്ട്. പക്ഷേ അതിലിരുന്ന് ഇവ പെട്ടെന്ന് ഉണങ്ങുകയോ വാടുകയോ ചെയ്യുകയാണ്. പകരം, വെള്ളം നിറച്ച ജാറില്‍ ഇട്ട് കിച്ചണ്‍ കൗണ്ടറില്‍വയ്ക്കുന്നതാണു കൂടതല്‍ നന്ന്.
3. ഉരുളക്കിഴങ്ങ്- ഫ്രിഡ്ജില്‍ വയ്ക്കുന്ന ഉരുളക്കിഴങ്ങിന്റെ രുചി പെട്ടെന്നു മാറുന്നതു നാമറിയുന്നില്ല. അതുകൊണ്ട് ഉരുളക്കിഴങ്ങ് പേപ്പര്‍ബാഗില്‍ സൂക്ഷിക്കുന്നതാണു നല്ലത്. പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചാല്‍ ഈര്‍പ്പമുണ്ടാകുകയും കിഴങ്ങ് ചീയുകയും ചെയ്യും.
4. ആപ്പിള്‍, ഏത്തപ്പഴം, സൈട്രസ് ഫ്രൂട്ട്, ബെറി, പീച്ചസ്, ആപ്രികോട്‌സ് തുടങ്ങിയ പഴങ്ങളെല്ലാം ഫ്രിഡ്ജില്‍ വയ്ക്കാവുന്നവയല്ല. അവയുടെ രുചിയും ആകൃതിയും മാറും. എന്നാല്‍ കഴിക്കാനുള്ള സുഖത്തിനായി 30 മിനിട്ട് മുമ്പു വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഓറഞ്ച്, നാരങ്ങ തുടങ്ങിയവയും സാധാരണ ഊഷ്മാവില്‍ അലമാരയില്‍ സൂക്ഷിക്കുന്നതാവും ഉചിതം.
5. ഉള്ളി- ഉള്ളിയും സവാളയുമൊക്കെ പേപ്പര്‍ ബാഗിലാക്കി ഇരുണ്ട സ്ഥലത്തുവയ്ക്കുന്നതാണു നല്ലത്. ഉരുളക്കിഴങ്ങ് മാറ്റിവയ്ക്കണം, അല്ലെങ്കില്‍ ഈര്‍പ്പം ബാധിച്ച് പ്രത്യേക വാതകം പുറത്തുവന്ന് ഉള്ളിയും സവാളയുമൊക്കെ നശിച്ചുപോകുകയും ചെയ്യും. അടുത്തുവച്ചിരിക്കുന്ന മറ്റു വസ്തുക്കളെയും ഇതു ബാധിക്കും.
6 തക്കാളി- ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്കു സ്വാദ് നഷ്ടപ്പെടും. തന്മൂലം തക്കാളിയും പേപ്പര്‍ ബാഗില്‍ വയ്ക്കുന്നതാവും നല്ലത്.
7. സോസും പുറത്തുസൂക്ഷിക്കുന്നതാവും നല്ലത്.
8. ഭക്ഷ്യധാന്യങ്ങള്‍ ഫ്രഷായിരിക്കാന്‍ ഫ്രിഡ്ജിലുള്ള സഹവാസമില്ലാതിരിക്കുകയാവും നല്ലത്.
9- ഏതാണ്ടെല്ലാ ഇനം എണ്ണകളും സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്. കടലയെണ്ണപോലുള്ള നട്‌സില്‍നിന്നുള്ള എണ്ണകള്‍ മാത്രം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. സണ്‍ ഫഌര്‍ ഓയില്‍ പോലുള്ളവ ഫ്രിഡ്ജിന്റെ ഡോറില്‍ സൂക്ഷിക്കാം.
10. കാപ്പിപ്പൊടി നന്നായി മൂറുക്കിയടച്ച പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. ഫ്രിഡ്ജില്‍ വച്ചാല്‍ അതിന്റെ സ്വാദ് പോകും.
11. അച്ചാറുകള്‍- നന്നായി പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തിട്ടുള്ളതുകൊണ്ട് അച്ചാറുകള്‍ ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല. അവ പുറത്താണു സൂക്ഷിക്കേണ്ടത്. വായു കടക്കുന്ന സ്ഥലത്താണ് അച്ചാര്‍ വയ്‌ക്കേണ്ടത്. 
12. തണ്ണിമത്തന്‍ ഫ്രിഡ്ജിലല്ല സൂക്ഷിക്കേണ്ടത്. ഫ്രിഡ്ജില്‍ വച്ചാല്‍ അവ പൊട്ടിപ്പോയെന്നുവരും. സ്വാദ് നഷ്ടപ്പടാതിരിക്കാന്‍ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്. എന്നാല്‍ തണ്ണിമത്തന്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍ 3-4 ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
13. പീനട്ട് ബട്ടര്‍ സൂക്ഷിക്കാന്‍ ഫ്രിഡ്ജ് വേണമെന്നില്ല, അല്പം തണുപ്പുള്ള ഇടം മതിയാകും.
14. തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കട്ടിയാകും. അതുകൊണ്ട് ഫ്രിഡ്ജിനു പുറത്ത് സൂര്യപ്രകാശമേല്‍ക്കാത്തയിടത്താണ് സൂക്ഷിക്കേണ്ടത്.
15. ജാം- ജാമില്‍ പ്രസര്‍വേറ്റീവുകളുള്ളതിനാല്‍ പുറത്തുവച്ചാല്‍ മതിയാകും.
16. വെളുത്തുള്ളി ഫ്രിഡ്ജില്‍വച്ചാല്‍ സ്വാദ് മാത്രമല്ല നഷ്ടപ്പെടുന്നത്, അതിന്റെ ആയുസും കുറയും. അതിനാല്‍ പേപ്പര്‍ബാഗില്‍വയ്ക്കുന്നതാവും നല്ലത്.
17.മസാലകളും ഫ്രിഡ്ജില്‍ വയ്‌ക്കേണ്ടതില്ല.
കൂടാതെ സ്‌ക്വാഷുകള്‍, ഉണക്കമീന്‍, കുരുമുളക് പൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും സാധാരണ ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ മതിയാകും

ഇക്കിളെടുത്താല്‍ മാറ്റാന്‍ ഒട്ടേറെ നാടന്‍ പൊടിക്കൈകള്‍, ചെവി തിരുമ്മല്‍ മുതല്‍ ശ്വാസം പിടിച്ചുവയ്ക്കല്‍ വരെ

 

ഇക്കിളെടുക്കാത്തവരില്ല. ഗര്‍ഭസ്ഥശിശു മുതല്‍ പടുവൃദ്ധന്‍ വരെ ജീവിതത്തിന്റെ പല ഘട്ടങ്ങളായി ഇക്കിളെടുത്തിട്ടുണ്ട്. ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാവാം കൂടുതലായി ഇക്കിള്‍ അനുഭവപ്പെടുക.
ലിന്‍കനിലുള്ള ഇരുപത്തേഴുകാരിയായ ലിസ ഗ്രേവ്‌സ് എന്ന യുവതിക്കു എട്ടുവര്‍ഷമായി നിര്‍ത്താത്ത ഇക്കിളാണ്. മിക്കവാറും മണിക്കൂറിലൊരു തവണവീതം, ചില ദിവസങ്ങളില്‍ നൂറു തവണ വരെ.
മിക്ക ഇക്കിളുകളും ഏതാനും മിനിട്ടുകള്‍ കൊണ്ടു മാറും, നാം പ്രതിവിധി തേടി നടക്കുന്നതിനിടയില്‍ അതങ്ങ് അപ്രത്യക്ഷമാകും. ചിലപ്പോള്‍ അതു കൂടുതല്‍ നേരം ദീര്‍ഘിച്ചെന്നുവരും. നമ്മുടെ ശരീരത്തിനുള്ളിലെ ഡയഫ്രം (ഉദരത്തിനും ശ്വാസകോശത്തിനുമിടയില്‍ അവയെ വേര്‍തിരിക്കുന്ന പേശീഭിത്തി) സങ്കോചിക്കുമ്പോഴാണ് ഇക്കിളുണ്ടാകുക. ഇതോടെ നമുക്കുണ്ടാകുന്ന ദീര്‍ഘമായ ശ്വാസം വോക്കല്‍കോര്‍ഡില്‍ തടയപ്പെടുന്നു. 
ഡയഫ്രത്തിനുണ്ടാകുന്ന പ്രകോപനമാണ് ഇക്കിളുണ്ടാക്കുന്നതെന്നു ബ്രിട്ടീഷ് സോസൈറ്റി ഓഫ് ഗാസ്‌ട്രോഎന്ററോളജിയിലെ ഗവേഷകനായ ഡോ. ആന്റണ്‍ ഇമ്മാനുവല്‍ പറയുന്നു. നെഞ്ചില്‍നിന്നോ ഉദരത്തില്‍നിന്നോ ഞരമ്പുകളില്‍നിന്നോ ഇക്കിളിനു കാരണമാകുന്ന പ്രകോപനമുണ്ടാകാം. നമ്മുടെ ഭക്ഷണം, കുടിക്കുന്ന വെള്ളമൊക്കെ കാരണമാകാം. പ്രത്യേകിച്ചു കൊഴുപ്പടങ്ങിയ ഭക്ഷണം, മദ്യം തുടങ്ങിയവയൊക്കെ ഡയഫ്രത്തിനു പ്രകോപനമോ സങ്കോചമോ ഉണ്ടാക്കാം. 
ഗര്‍ഭമുണ്ടായി രണ്ടാം മാസം മുതല്‍ ഗര്‍ഭസ്ഥശിശുവിന് ഇക്കിളുണ്ടാകാം. ഇക്കിളിലൂടെയാണു ഗര്‍ഭസ്ഥശിശുവിന്റെ പേശികള്‍ ശ്വസനത്തിനു സജ്ജമാകുന്നതെന്നു കരുതുന്നുണ്ട്. അമ്‌നിയോറ്റിക് ഫഌയിഡ് ശ്വാസകോശത്തില്‍ കടക്കാതെ നോക്കുന്നതും ഇക്കിളാണെന്ന ധാരണയുമുണ്ട്.
ചില അവസരങ്ങളില്‍ ഇക്കിള്‍ നമുക്ക് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കി ദീര്‍ഘനേരം മാറാതിരിക്കും.അതുകൊണ്ട് അതിനെതിരായി ഒട്ടേറെ പൊടിക്കൈകള്‍ പരമ്പരാഗതമായി നാം കണ്ടുവച്ചിട്ടുണ്ട്. ചില നാടന്‍ പ്രയോഗങ്ങളാണിവിടെ കുറിക്കുന്നത് നല്ല തണുത്ത വെള്ളം കുടിക്കുക. ചിലര്‍ മുക്ക് അടച്ചുപിടിച്ചുകൊണ്ടു വെള്ളം കുടിക്കാറുണ്ട്. നമ്മുടെ ശ്രദ്ധതിരിക്കാനുള്ള മാര്‍ഗമാണ് തണുത്തവെള്ളം കുടിക്കുന്നത്. തണുത്തവെള്ളം നമ്മുടെ ഉദരത്തെ നേരിയതോതില്‍ സങ്കോചിപ്പിക്കുന്നു.ഒപ്പം ഉള്ളിലെ അമിതവായു പുറത്തേക്കു തള്ളുകയും ചെയ്യുന്നു. 
എന്നാല്‍ ഈ മാര്‍ഗം കാര്യമായ ഗുണം ചെയ്യുന്നില്ലെന്നാണ് ഡോ ഇമ്മാനുവല്‍ പറയുന്നത്. തൊണ്ടയില്‍ ഐസ് ബാഗ് വയ്ക്കുന്നതു നമ്മുടെ ഞരമ്പുകള്‍ വഴി ഡയഫ്രത്തിലേക്കു സന്ദേശമെത്തിക്കുന്നതാണ്. ഏറ്റവും പഴയ കാലം മുതലുള്ള പ്രതിവിധി ഇതാണ്; നമ്മുടെ ശ്വാസം കുറെനേരം ഉള്ളില്‍ പിടിച്ചുനിര്‍ത്തുക. ശ്വാസം നാം പിടിച്ചുനിര്‍ത്തുമ്പോള്‍ ഡയഫ്രം വികസിക്കുകയും അതു കൂടുതല്‍ അയഞ്ഞു കിട്ടുകയും ചെയ്യും. നാലോ അഞ്ചോ തവണ ശ്വാസം പിടിച്ചുനിര്‍ത്തുന്നതോടെ പ്രശ്‌നം തീരും. ചിലര്‍ 5-6 സെക്കന്‍ഡ് നേരം ശ്വാസം പിടിച്ചുനിര്‍ത്തുന്നതൊടെ ഇക്കിളിന്റെ കഥ തീരും.
നിങ്ങളുടെ ചെവിയില്‍ നന്നായി തിരുമ്മിയാല്‍ ഇക്കിള്‍ പോകുമെന്നൊരു നിഗമനമുണ്ട്. ചെവിയുടെ തൊങ്ങലില്‍ നന്നായി അമര്‍ത്തി തിരുമ്മിയാല്‍ ചെവിയിലെ ഞരമ്പുകള്‍ സന്ദേശമെത്തിക്കുമെന്നും ഡയഫ്രത്തിനുണ്ടാകുന്ന മര്‍ദം കുറയ്ക്കുമെന്നുമാണ് ശാസ്ത്രം. എന്നാല്‍ ഈ മാര്‍ഗം അത്രയെളുപ്പം ഫലപ്രാപ്തിയില്‍ വരാറില്ല. പേപ്പര്‍ ബാഗിലേക്കു പത്തുതവണ ഊതുകയും പത്തുതവണ ബാഗില്‍നിന്നു അകത്തേക്കു ശ്വാസം വലിക്കുകയും ചെയ്യുന്നതു ഫലപ്രദമാണ്. ഇതുമൂലം രക്തത്തിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവു കൂടുകയും ഞരമ്പുകളെ ശാന്തമാക്കുകയും ഡയഫ്രം റിലാക്‌സാകുകയും ചെയ്യും.
നാക്കില്‍ തേന്‍ പുരട്ടുക. പെട്ടെന്നു മധുരമനുഭവപ്പെടുന്നതോടെ ഞരമ്പുകളെ ത്രസിപ്പിക്കുകയും തലച്ചോറിലേക്കും ഉദരത്തിലേക്കും അതിന്റെ സന്ദേശമെത്തുകയും ചെയ്യുന്നതോടെ ഡയഫ്രത്തിലെ സമ്മര്‍ദം കുറയും. നാരങ്ങ മുറിച്ചു ചവയ്ക്കുന്നതും അയ്‌മോദകം ചവയ്ക്കുന്നതും ഇക്കിളകറ്റുന്ന കാര്യങ്ങളാണ്. 
മറ്റൊന്ന് നിങ്ങള്‍ താഴെയിരുന്ന്, മുട്ടുകള്‍ മടക്കി മുന്നോട്ട്, നെഞ്ചിലേക്കടുപ്പിക്കുകയും നമ്മുടെ ശരീരം മുന്നോട്ടു വളച്ച് നെഞ്ചമര്‍ത്തുകയും ചെയ്യുക. ഇതോടെ ജയഫ്രം അമര്‍ന്ന് അവിടത്തെ പേശികളുടെ സങ്കോചം മാറുകയും ചെയ്യും.

ബെല്‍റ്റുകളും മരുന്നുകളും പോരാ, നടുവേദന കുറയ്ക്കുന്നതു കൃത്യമായ വ്യായാമം

നടുവേദന മാറാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം പതിവായ വ്യായാമമാണെന്നു പുതിയ ഗവേഷണഫലം. സ്‌ട്രെച്ചിംഗ്, മസില്‍ എക്‌സര്‍സൈസ്, സ്റ്റാമിന ട്രെയ്‌നിംഗ് തുടങ്ങി പല തരത്തിലുമുള്ള വ്യായാമങ്ങള്‍ നടത്തിയാല്‍ നടുവേദന 12 മാസം കൊണ്ടു 35 ശതമാനം കുറയ്ക്കാമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. അതോടൊപ്പം കൃത്യമായ പോസ്ചറില്‍ നന്നായി ഇരിക്കുകയും ഭാരം കൃത്യമായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്താല്‍ നടുവേദന 45 ശതമാനം കുറഞ്ഞു കാണുന്നുവെന്നു ഗവേഷകര്‍ പറയുന്നു. എന്നാല്‍ നടുവിനെ താങ്ങിനിര്‍ത്തുന്ന ഉപകരണങ്ങളും ബെല്‍റ്റുകളും ഷൂ ഇന്‍സോളുകളുമൊന്നും കാര്യമായ പ്രയോജനമുണ്ടാക്കുന്നില്ലെന്നു വിദഗ്ധര്‍ പറയുന്നു. അഞ്ചില്‍ നാലുപേര്‍ക്കും ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നടുവേദന കാണപ്പെടാറുണ്ട്. തെറ്റായ രീതിയില്‍ ഭാരമുയര്‍ത്തുന്നതു മൂലമോ വല്ലാത്ത രീതിയില്‍ വളയുകയും തിരിയുകയും ചെയ്യുമ്പോഴോ ആണു മിക്കപ്പോഴും നടുവേദനയുടെ ആരംഭം. മിക്കവാറും പേരിലും ഏതാനും ആഴ്ചയ്ക്കകം വേദന തനിയെ മാറാറുണ്ട്. എന്നാല്‍ പകുതിപ്പേരിലും 12 മാസത്തിനിടയില്‍ വേദന വീണ്ടുമെത്തിയെന്നുവരും. ചിലരിലാകട്ടെ, വര്‍ഷങ്ങളോളം നടുവേദന കണ്ടെന്നു വരും. സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സയന്റിസ്റ്റുകള്‍ 30,850 പേരിലായി നടത്തിയ 23 തരം പഠനങ്ങളുടെ ഫലങ്ങള്‍ വിശകലനം ചെയ്താണ് പുറം വേദനയ്ക്കു ഫലപ്രദമായ ചികിത്സ തേടിയത്. കൃത്യമായി വ്യായാമം ചെയ്യുന്നവരില്‍ 12 മാസം കൊണ്ടു നടുവേദന കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി. നടുവിനു താഴെഭാഗത്തുണ്ടാകുന്ന വേദനയാണ് ലോകമാകെ ഏറ്റവും കൂടുതല്‍ പേരില്‍ ദുരിതമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുള്ളതെന്നു ജാമാ ഇന്റര്‍നാഷണല്‍ മെഡിസിന്‍ എന്ന മാസികയില്‍ ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തുന്നു. ഈ രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നതും ജോലിയില്‍നിന്നു മാറിനിന്നു കൂടുതല്‍സമയം ചെലവഴിക്കുന്നതും. നടുവേദന ഇല്ലാതാക്കാന്‍ മരുന്നുകളോ ഇന്‍ജക്ഷനോ ഉണ്ടായിരുന്നെങ്കില്‍ അവ ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടേനെ. എന്നാല്‍ അങ്ങനെ ഒറ്റയടിക്കു നടുവേദന അപ്രത്യക്ഷമാക്കുന്ന ഒരു ചികിത്സയില്ലെന്നു ഗവേഷകര്‍ കരുതുന്നു.

രോഗമറിഞ്ഞ് സുഖകരമായി ഉറങ്ങാം
ഉറക്കം കണ്ടാല്‍ രോഗവുമറിയാം...
സുഖസുഷുപ്തിക്കു വഴികളേറെ

നാം ഉറങ്ങുന്ന രീതി നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ആരോഗ്യത്തിനു ഗുണകരമാകുന്ന തരത്തില്‍ നമ്മുടെ ഉറക്കത്തിന്റെ ശൈലിയും പോസിഷനും മാറ്റാവുന്നതാണ്.
ഉദാഹരണത്തിന്, ഇടതുവശം ചേര്‍ന്നു കിടന്നാല്‍ ദുസ്വപ്‌നം കാണാന്‍ സാധ്യതയേറെയാണ്. ഉറക്കത്തിന്റെ സ്വഭാവം കാണുമ്പോള്‍ അയാള്‍ക്ക് അകാലവാര്‍ധക്യം സംഭവിക്കുമോയെന്ന് ഊഹിക്കാമത്രേ. ഒരാള്‍ക്കു അല്‍ഷൈമേഴ്‌സ് രോഗമുണ്ടാകുമോയെന്ന് ഉറക്കം കണ്ടാലറിയാമത്രേ.
ഉറക്കത്തിന്റെ ഓരോ ശൈലിയും പരിശോധിക്കാം- ഇടതു തിരിഞ്ഞു കിടക്കുന്നതിന്റെ ഗുണദോഷങ്ങള്‍ ആദ്യം നോക്കാം.
ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചില്‍ രോഗമനുഭവിക്കുന്നവരാണ്. ഇടതുവശം ചേര്‍ന്നുകിടന്നപ്പോള്‍ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല. രാത്രി സമയത്താണു കൂടുതല്‍ പേര്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്. നാം ഇടതു ചേര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ ആ വശത്തേക്കു ചരിയുകയും ഉദരത്തില്‍നിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ് നെഞ്ചെരിച്ചില്‍ കുറയുന്നതെന്ന് ബാബിലോണ്‌ഹെല്‍ത്. കോം എന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി വെബ്‌സൈറ്റില്‍ ഡോ മാത്യു നോബിള്‍ രേഖപ്പെടുത്തുന്നു.
എന്നാല്‍ ഇടതുവശം ചേര്‍ത്തുകിടക്കുന്ന 40.9 പേര്‍ക്കു രാത്രിയില്‍ ദുസ്വപ്‌നങ്ങളുണ്ടാകുന്നെന്നു തുര്‍ക്കിയിലെ യുസുന്‍കു യില്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. വലതു വശം ചേര്‍ന്നു കിടക്കുന്ന 14.6 ശതമാനം പേര്‍ക്കു മാത്രമേ ദുസ്വപ്‌നങ്ങളുണ്ടാകുന്നുള്ളൂ.
പുറകു ചേര്‍ന്നു കിടക്കുന്നവര്‍, അതായതു മലര്‍ന്നു കിടക്കുന്നവര്‍ക്ക് പുറംവേദന വരാനുള്ള സാധ്യത കുറവാണ്. തലയുടെ ഭാഗത്തോ കാല്‍മുട്ടിന്റെ ഭാഗത്തോ തലയിണ വച്ചു കിടക്കുന്നവര്‍ക്കു പുറംവേദന കുറയുന്നതായി കാണാം. നമ്മുടെ നട്ടെല്ലിന്റെ പൊസിഷന്‍ ശരിയായി സൂക്ഷിക്കാനാണ് തലയിണ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കു താരതമ്യേന ശാന്തമായ ഉറക്കം കിട്ടുന്നുണ്ടെന്നു ലണ്ടനിലെ ഹോപ് ഓസ്റ്റിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു.
കൂടാതെ നിങ്ങളുടെ മുഖം തലയിണയില്‍ അമരാത്തതിനാല്‍ മുഖത്തു പാടുകളോ ചുളിവുകളോ വീഴുന്നില്ല, ആറുമണിക്കൂര്‍ നേരമെങ്കിലും. തലയിണയില്‍ മുഖമമര്‍ത്തിക്കിടന്നാല്‍ മുഖം വിയര്‍ക്കാനും കുരുക്കളുണ്ടാകാനും സാധ്യതയുണ്ട്.
എന്നാല്‍ ഈ പൊസിഷന്‍ കൊണ്ടു ദോഷങ്ങളുമുണ്ട്. കൂര്‍ക്കം വലിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്ന( ആപ്‌നിയ) അസുഖത്തിനും സാധ്യതയുണ്ടാക്കും. ഇതു പകല്‍സമയത്തെ മയക്കത്തിനും അമിതരക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും വിഷാദരോഗത്തിനും കാരണമാകാറുണ്ട്.
മലര്‍ന്നു കിടക്കുമ്പോള്‍ നമ്മുടെ നാവ് പുറകിലേക്ക്, തൊണ്ടയിലേക്കു മലര്‍ക്കുന്നു. ഇതുമൂലം നമ്മുടെ ശ്വാസം സ്വതന്ത്രമായി പോകാനാവാതെ തടസമുണ്ടാക്കുന്നു.
ഗര്‍ഭസ്ഥശിശുവിനെപ്പോലെ കിടന്നാല്‍..
ഗര്‍ഭസ്ഥശിശു കിടക്കുന്ന തരത്തില്‍ വശം ചേര്‍ന്നു കാലുകള്‍ മടക്കി ഉറങ്ങുന്ന രീതി നല്ല ഉറക്കം പ്രദാനം ചെയ്യും. നട്ടെല്ല് വഴങ്ങി, എളുപ്പത്തില്‍ ശ്വസിച്ചു കിടക്കുന്നവര്‍ രാവിലെ കൂടുതല്‍ ഫ്രെഷായിരിക്കുമത്രേ. 
എന്നാല്‍ നിങ്ങള്‍ക്കു കഴുത്തുവേദനയുണ്ടെങ്കില്‍ അതു കൂടുതല്‍ വഷളാക്കുന്നതാണ് ആ രീതിയിലുള്ള ഉറക്കം. നിങ്ങളുടെ നട്ടെല്ലും കഴുത്തും തലയും ഒരേ നിലയിലാക്കാന്‍ തലയ്ക്കു താഴെ തലയിണ വെയ്‌ക്കേണ്ടിവരും. അല്ലെങ്കില്‍ നിങ്ങളുടെ കഴുത്തു സ്റ്റിഫ് ആകുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ഉറങ്ങുമ്പോള്‍ തല നേരേയായിരിക്കണം. ചുമലും നട്ടെല്ലുമൊക്കെ അതിനൊപ്പം ഒരേ ലൈനിലായിരിക്കണം. നെഞ്ചളവു കൂടിയ ഒരാളാണെങ്കില്‍ വലുപ്പം കൂടിയ തലയിണ വയ്‌ക്കേണ്ടിവരും. നിങ്ങള്‍ക്കു പുറം വേദനയുണ്ടെങ്കില്‍ മുട്ടിനിടയില്‍ കനം കുറഞ്ഞ തലയിണ വയ്ക്കുന്നതു നട്ടെല്ലിനു സുഖം നല്‍കും.
വലതുവശം ചേര്‍ന്നു കിടക്കുന്നത്: 
നിങ്ങള്‍ അമതരക്തസമ്മര്‍ദരോഗിയാണെങ്കില്‍ വലതുവശം ചേര്‍ന്നു കിടക്കുന്നതാവും ഉചിതം.അങ്ങനെയാവുമ്പോള്‍ ഹൃദയത്തിനടുത്ത്, നെഞ്ചിന്റെ ഇടതുവശത്ത്, നെഞ്ചിനുളളിലായി അല്പം സ്ഥലം(കാവിറ്റി) ലഭ്യമാകും. അതു നിങ്ങളുടെ നിങ്ങളുടെ രക്തസമ്മര്‍ദം കുറയ്ക്കും. നെഞ്ചിടിപ്പിന്റെ നിരക്കു കുറയ്ക്കും. ഇതു ഹൃദ്രോഗമുള്ളവര്‍ക്കു നല്ലതാണ്.
ഇടതാണെങ്കിലും വലതാണെങ്കിലും വശം ചേര്‍ന്നു കിടക്കുന്നതു അല്‍ഷൈമേഴ്‌സ് രോഗം തടയുമത്രേ. കാരണം അതു മൂലം തലച്ചോറിലെയും മസ്തിഷ്‌കത്തിലെയും നാഡീശൃംഖലയിലെയും മാലിന്യങ്ങള്‍ കൂടുതലായി നീക്കം ചെയ്യപ്പെടുമെന്നു ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഗര്‍ഭിണികള്‍ വലതുവശം ചേര്‍ന്നു കിടക്കുന്നതു ശരിയല്ലെന്നു വിദഗ്ധര്‍ പറയുന്നു. താമസിച്ചുണ്ടാകുന്ന ഗര്‍ഭധാരണമാണെങ്കില്‍ പ്രത്യേകിച്ച്. ഗര്‍ഭസ്ഥശിശുവന്റെ ആരോഗ്യത്തെ ബാധിക്കും. ജനനത്തോടെ കുഞ്ഞു മരിക്കാനുള്ള സാധ്യത കൂടുതലാണത്രേ. 
വലതുവശം ചേര്‍ന്നു കിടക്കുന്ന ഗര്‍ഭിണിക്കു രക്തയോട്ടം നിയന്ത്രിതമാകുന്നതാകാം കാരണമെന്നു പഠനങ്ങള്‍ പറയുന്നു.
കമിഴ്ന്നു കിടന്നാല്‍...
ബെഡില്‍ കമിഴ്ന്നു കിടന്ന് സൈഡിലേക്കു കൈയുയര്‍ത്തിയുള്ള സുഖകരമായ കിടപ്പ് നമ്മുടെ ആന്തരികാവയവങ്ങളുടെ നിലയും സുഖകരമാക്കും. ഇങ്ങനെയുള്ള കിടപ്പ് നന്നായി ഭക്ഷണം കഴിച്ചവര്‍ക്കുപോലും ദഹനം സുഗമമാക്കുകയും ചെയ്യും. സന്തോഷകരമായ സ്വപ്‌നങ്ങള്‍ കാണാന്‍ ഇതു സഹായിക്കുമെന്ന് ഹോങ്കോംഗിലെ ഷ്യൂ യാന്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ നമ്മുടെ പേശികളെയും അസ്ഥിയെയും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും അനാരോഗ്യകരമായ ഉറക്കമാണിത്. നന്നായി ശ്വാസോച്ഛാസം ചെയ്യാന്‍ മുഖം എപ്പോഴും സ്വതന്ത്രമായിരിക്കുകയും മണിക്കൂറുകള്‍ വൃത്താകൃതിയില്‍ ചലിക്കുകയും വേണം.

ഇയര്‍ വാക്‌സ് മാറ്റാന്‍ വിനാഗിരിയും ആല്‍ക്കഹോളും

നമ്മുടെ ചെവിക്കുള്ളില്‍ മെഴുകുപോലെ ഒന്നിച്ചു കൂടുന്ന അഴുക്കി( ഇയര്‍ വാക്‌സ്)നോടു നിരന്തരം പട പൊരുതുന്നവരാണ് നാമൊക്കെ. രണ്ടറ്റം പഞ്ഞിപിടിപ്പിച്ച ഇയര്‍ബഡോ തുണി കൂര്‍പ്പിച്ചോ ചിലപ്പോള്‍ തീപ്പെട്ടിക്കൊള്ളിപോലുമോ ഉപയോഗിച്ച് അവ പൂര്‍ണമായും ഇല്ലാതായി എന്നുറപ്പുവന്നാലേ നമുക്കു സമാധാനമാകൂ. അതിനു വേണ്ടി എത്രസമയം കളയാനും നമുക്കു മടിയില്ല. എന്നാല്‍ അത്രമാത്രം ഉപദ്രവകാരികളല്ല അവയെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ചെവിയിലേക്കു കൂടുതല്‍ അഴുക്കു കടക്കാതെ അതു സംരക്ഷണവലയം തീര്‍ക്കുന്നു. അണുക്കളോ കീടങ്ങളോ ബാക്ടീരിയയോ ഫംഗസോ കടക്കാതെ അവ തടയു്ന്നു. എന്നാല്‍ ഇയര്‍ വാക്‌സ് ബുദ്ധമുട്ടുണ്ടാക്കുന്ന സമയങ്ങളുമുണ്ട്. അങ്ങനെയുള്ളപ്പോള്‍ അടുക്കളയില്‍ത്തന്നെ അതിന്റെ എളുപ്പമാര്‍ഗങ്ങളുണ്ടെന്നാണ് നോര്‍ത്ത് കരോലിനയിലെ വിമിംഗ്ടണിലുള്ള ശിശുരോഗവിദഗ്ധന്‍ ഡോ. ഡേവിഡ് ഹില്‍ പറയുന്നത്. വിനാഗിരിയും ആല്‍ക്കഹോളും മിക്‌സ് ചെയ്ത് ചെവിയില്‍ സൂക്ഷിച്ചു ഫ്‌ളഷ് ചെയ്താല്‍ മതിയത്രേ. നമുക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഇയര്‍വാക്‌സിനെ നേര്‍പ്പിച്ച് പുറത്തേക്കു പോകാന്‍ ഇതു സഹായിക്കുമത്രേ. ഇയര്‍ വാക്‌സ് അത്ര പ്രശ്‌നകാരിയല്ലെന്നു ഡോ ഹില്‍ പറയുന്നു. ചെവിക്കു സുരക്ഷിതത്വമൊരുക്കുന്നവയാണ് ഇയര്‍വാക്‌സ്. കൂടുതലായും അതിനെ വെറുതേ വിടുന്നതാണ് ആരോഗ്യകരം. നമ്മുടെ ശ്രവണപാതയിലുള്ള വളരെ നേര്‍ത്ത ത്വക്കിന് ഉപദ്രവമേല്‍ക്കാതിരിക്കാന്‍ സംരക്ഷണകവചമൊരുക്കുന്നതാണ് സെരുമെന്‍ എന്നു വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്ന ഇയര്‍വാക്‌സ്. അസിഡിക് ഘടകമുള്ള അവ ചെവിക്കുള്ളില്‍ ബാക്ടീരിയയും ഫംഗസുമേല്‍ക്കാതെ രാസകവചവുമൊരുക്കുന്നു. എന്നാല്‍ ഇയര്‍വാക്‌സ് ചെവിക്കുള്ളില്‍ കുന്നുകൂടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഇയര്‍ ബഡോ ക്യൂ ടിപ്പോ ഉപയോഗിച്ചു അവ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. കാരണം ഇയര്‍വാക്‌സ് ചിലപ്പോള്‍ കൂടുതല്‍ ചെവിക്കുള്ളിലേക്കു തള്ളിമാറ്റാനാണ് അവ കാരണമാകുന്നത്. ചിലരുടെ ചെവിക്കുള്ളിലെ ഇയര്‍ഡ്രമ്മില്‍ ദ്വാരമുണ്ടാകും. അത്തരക്കാരില്‍ ഏതെങ്കിലും തരത്തിലുള്ള ദ്രാവകമൊഴിച്ച് വാക്‌സ് മാറ്റാന്‍ ശ്രമിക്കുന്നതും തെറ്റായ നീക്കമാണ്. അതു ചെവിക്കുള്ളില്‍ അണുബാധയുണ്ടാക്കും. അതുകൊണ്ട് ഒരു ഡോക്ടരുടെ ഉപദേശപ്രകാരം മാത്രമേ ദ്രാവകമൊഴിക്കുന്ന പരിപാടി നടത്താവൂ.

കോശങ്ങളെ നിര്‍ജീവമാക്കുന്ന കുരുക്കുകള്‍ അഴിയുന്നു

 

വാര്‍ധക്യ കാലത്തെ ഏറ്റവും വലിയ ഭീഷണിയാണ് അല്‍ഷൈമേഴ്‌സ് രോഗം. മറവിയും അസ്വസ്ഥതകളും തിരിച്ചറിയാനാവാത്ത അവസ്ഥയും സുബോധമില്ലാത്ത മനോനിലയും എല്ലാം കൂടി വൃദ്ധരുടെ ജീവിതം ഏറ്റവും ദുരിതപൂര്‍ണമാക്കുന്നു ഈ രോഗം. രോഗിക്കു മാത്രമല്ല, രോഗിയെ സ്‌നേഹിക്കുന്നവര്‍ക്കും ഏറെ ദു: ഖകരമായ അവസ്ഥ. ലോകത്താകെ ഓരോ ദിവസവും ഈ രോഗികളുടെ എണ്ണം കൂടിവരികയാണ്. ഇന്നേവരെ ഫലപ്രദമായ ചികിത്സയോ മരുന്നോ കണ്ടെത്തിയിട്ടില്ലാത്ത അല്‍ഷൈമേഴ്‌സ് രോഗം ആധുനികവൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായി കരുതപ്പെടുന്നു. എന്നാലിപ്പോള്‍ ഗവേഷകര്‍ ഈ രോഗം പ്രതിരോധിക്കാനുള്ള വഴിയില്‍ അതിവേഗം മുന്നോട്ടു സഞ്ചരിക്കുകയാണ്. അല്‍ഷൈമേഴ്‌സ് രോഗത്തിനു മരുന്നു കണ്ടെത്താനുള്ള ശ്രമത്തിന്റെ തുടക്കമായി പ്രതിരോധവാക്‌സിന്‍ വികസിപ്പിക്കാനുള്ള സംരംഭത്തിനു തൊട്ടുടുത്തെത്തി നില്‍ക്കുകയാണു ഗവേഷകര്‍. അല്‍ഷൈമേഴ്‌സ് രോഗികളിലെ തലച്ചോറിലുള്ള കോശങ്ങള്‍ കെട്ടുപിണഞ്ഞുണ്ടാകുന്ന മറവിയും രോഗാവസ്ഥയും ഒഴിവാക്കാനുള്ള പ്രതിരോധമരുന്നാണു വികസിപ്പിച്ചുവരുന്നത്. തലച്ചോറില്‍ പ്രധാന പോഷകങ്ങളെ കോശങ്ങളിലൂടെ മുന്നോട്ടു ചലിക്കാന്‍ അനുവദിക്കാതെ തടസപ്പെടുത്തുന്ന കെട്ടുപിണയലുകളാണ് അല്‍ഷൈമേഴ്‌സ് രോഗത്തിനു കാരണമാകുന്നത്. തലച്ചോറിലെ കോശങ്ങള്‍ക്കിടയിലെ ഗതാഗതശൃംഖല തടസപ്പെടുത്തുന്ന ഈ കുരുക്കുകള്‍ ഒഴിവാക്കുകയാണ് രോഗം തടയാനുള്ള മാര്‍ഗം. ഈ തടസങ്ങള്‍ മൂലം പ്രധാനപോഷകങ്ങള്‍ തലച്ചോറിലെ കോശങ്ങളിലെത്താതെ വരുകയും പിന്നീട് ആ കോശങ്ങള്‍ നിര്‍ജീവമാകുകയും ചെയ്യുമ്പോഴാണ് രോഗം പ്രകടമാകുന്നത്. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ വാക്‌സിന്‍ ഈ കുരുക്കുകളിലുള്ള താവു എന്ന പ്രോട്ടീനുകളിലാണു പ്രയോഗിക്കപ്പെടുന്നത്. അതോടെ അവ കുരുക്കുകള്‍ക്കൊപ്പം വിമുക്തമാകുന്നതോടെ രോഗം കുറയ്ക്കുകയും ചെയ്യുന്നു. നമ്മുടെ കേന്ദ്ര നാഡീവ്യവസ്ഥയില്‍ സുലഭമായ പോഷകമാണ് താവു. നിലവില്‍ അല്‍ഷൈമേഴ്‌സ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മാത്രമേ ചികിത്സ കൊണ്ടു സാധിക്കുന്നുള്ളൂ. രോഗം ഇല്ലാതാക്കാന്‍ സാധിക്കുന്നില്ല. ചികിത്സയിലൂടെ വളരെ അപൂര്‍വമായി രോഗത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രമേ സാധിക്കുന്നുള്ളു. സോമര്‍സെറ്റിലെ ബാത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ വിദഗ്ധരാണു പ്രതിരോധമരുന്നു കണ്ടെത്താന്‍ പഠനം നടത്തുന്നത്. തലച്ചോറില്‍ കോശങ്ങളിലൂടെ ഭക്ഷണവും പോഷകങ്ങളും മറ്റും കൈമാറ്റം ചെയ്യപ്പെടുന്നതു തലച്ചോറിലുണ്ടാകുന്ന കെട്ടുപിണയലുകളാണു തടയുന്നത്. ഇവയുടെ ഒഴുക്കിനെ തടയാതെ അവയുടെ സഞ്ചാരപാത നേരേയാക്കാന്‍ സഹായിക്കുന്ന പോഷകമാണ് താവു. ഇവയുടെ തകര്‍ച്ച മൂലം കുരുക്കുകള്‍ രൂപപ്പെടുന്നു. അതോടെയാണ് പോഷകങ്ങള്‍ തടയപ്പെടുന്നതും പിന്നീട് കോശങ്ങള്‍ നിര്‍ജീവമാകുന്നതും. ഇതാണ് നമ്മുടെ ഓര്‍മ നഷ്ടപ്പെടുന്നത്. ബാത്, ലിവര്‍പൂള്‍, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നടത്തുന്ന ഗവേഷണങ്ങളിലൂടെ രോഗം ബാധിച്ചവരില്‍ നല്കുന്ന പ്രതിരോധവാക്‌സിന്‍ വഴി കുരുക്കുകളിലെ താവുവിനെ വിമുക്തമാക്കുന്ന ആന്റി ബോഡികള്‍ നല്കുകയാണു ചെയ്യുന്നത്. അല്‍ഷൈമേഴ്‌സ് രോഗം പഴകിയവരിലും ഈ വാക്‌സിന്‍ ഫലപ്രദമാകുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ. എന്നാല്‍ ഇതൊരു ചികിത്സയായി വിപണിയിലെത്താന്‍ വര്‍ഷങ്ങളെടുത്തേക്കുമെന്നാണു അല്‍ഷൈമേഴ്‌സ് സൊസൈറ്റി ഗവേഷണവിഭാഗം തലവന്‍ ഡോ സൈമണ്‍ പിക്കറ്റ് പറയുന്നത്.

കുടവയറും ദുര്‍മേദസും കുറയ്ക്കാന്‍ ബലൂണ്‍ വിഴുങ്ങല്‍ പ്രയോഗം

കുടവയറും ദുര്‍മേദസും കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കാണുന്നത് ഗാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയയാണ്. നമ്മുടെ ഭക്ഷണം ചെന്നു വീഴുന്ന ആമാശയത്തിന്റെ മുകള്‍ ഭാഗത്ത് പ്രത്യേകതരം കെട്ടിട്ട് ആമാശയത്തിന്റ വലിപ്പം കുറച്ച് കൂടുതല്‍ ഭക്ഷണം ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യമുണ്ടാക്കുന്നതാണ് ഗാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയ. ഇതുമൂലം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ദുര്‍മേദസ് കുറയുകയും ചെയ്യും. ഇപ്പോള്‍ ദുര്‍മേദസ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ബ്രിട്ടണില്‍. പ്രത്യേകതരം ബലൂണ്‍ വിഴുങ്ങുന്നതാണ് പുതിയ രീതി. ഈ രീതി പരീക്ഷിച്ചാല്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഒരു ഹൈടെക് ബലൂണ്‍ നാം വിഴുങ്ങുന്നു. അത് ആമാശയത്തിലേക്കു നിക്ഷേപിക്കപ്പെടുമല്ലോ. അവ വീര്‍പ്പിക്കുന്നതോടെ ആമാശയത്തിലതു നിറയുകയും അതിനെത്തുടര്‍ന്ന് ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നതാണു രീതി. ഗാസ്ട്രിക് ബലൂണിന് ഈയിടെയാണ് ബ്രിട്ടണില്‍ അംഗീകാരം നേടിയത്. സാധാരണ ആഹാരനിയന്ത്രണം സാധിക്കാത്തവരിലാണ് ഗാസ്ട്രിക് ബലൂണ്‍ വിദ്യ പ്രയോഗിക്കുന്നത്. നാലു മാസത്തിനുള്ളില്‍ നന്നായി ഫലം കാണുന്നതാണ് ഈ ചികിത്സാരീതി. വളരെ നേര്‍ത്ത പോളിമര്‍ ഫിലിം കൊണ്ടു നിര്‍മിതമാണ് ഗാസ്ട്രിക് ബലൂണ്‍. കാപ്‌സ്യൂള്‍ പരുവത്തിലുള്ള ഇത് രോഗി വിഴുങ്ങുന്നു. അതിനെ ഒരു കത്തീറ്ററുമായി (വളരെ ചെറിയ ട്യൂബ്) ബന്ധിപ്പിച്ചിട്ടുണ്ടാവും. കാപ്‌സ്യൂള്‍ വയറ്റിലെത്തിയാല്‍ കത്തീറ്ററിലൂടെ ഡോക്ടര്‍ വെള്ളം കയറ്റിവിടുന്നു. അതോടെ വയറ്റിനുള്ളിലുള്ള ബലൂണ്‍ വീര്‍ക്കുന്നു. തുടര്‍ന്ന് കത്തീറ്റര്‍ ബന്ധം വിച്ഛേദിക്കുന്നു. വീര്‍ത്ത ബലൂണ്‍ ആമാശയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതോടെ കൂടുതല്‍ ആഹാരം കഴിക്കാന്‍ സ്ഥലമില്ലാതെ വരികയും രോഗിയുടെ വിശപ്പു കുറയുകയും ചെയ്യും. ഭക്ഷണത്തിന്റെ അളവു കുറയുന്നതോടെ തടിയും ദുര്‍മേദസും കുറയും. ഏതാണ്ടു നാലുമാസമാകുന്നതോടെ ബലൂണിലെ വാല്‍വ് തുറക്കപ്പെടും. അതോടെ അതു ചുങ്ങിപ്പോകുകുയും സാധാരണ ദഹനപ്രക്രിയതുടരുകയും ചെയ്യും. അതോടെ സാധാരണപോലെയുള്ള ഭക്ഷണം നാം അകത്താക്കാന്‍ തുടങ്ങും. ബ്രിട്ടണില്‍ തീവ്രവാദത്തെക്കാള്‍ വലിയ ഭീഷണിയാണു ദുര്‍മേദസെന്നു ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രൊഫ്. ഡെയിം സാലി ഡേവീസ് പറയുന്നു. ഇപ്പോള്‍ 32 ദശലക്ഷം ദുര്‍മേദസ് രോഗികള്‍ ബ്രിട്ടണിലുണ്ടത്രേ. 2025 ആകുമ്പോള്‍ എണ്ണം 36 ദശലക്ഷം ആകുമെന്നാണ് ലോക ഒബീസിറ്റി ഫോറത്തിന്റെ കണക്കുകൂട്ടല്‍. ശസ്ത്രക്രിയ ഫലപ്രദമാണെങ്കിലും അമിത ഭാരക്കാരില്‍ അതു കൂടുതല്‍ റിസ്‌കാണുണ്ടാക്കുന്നത്. ഗാസ്ട്രിക് ബലൂണ്‍ യുഎസ് കമ്പനിയായ അലൂറിന്‍ ടെക്‌നോളജീസ് ആണു നിര്‍മിക്കുന്നത്. ബ്രിട്ടണിലും യൂറോപ്പിലും വിപണനം നടത്താന്‍ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലൂടെ നാലുമാസത്തിനിടയില്‍ 10 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനാവുമെന്നു പഠനം കണ്ടെത്തിയിട്ടുണ്ട്.

ഉമിനീര്‍ പരിശോധിച്ചാല്‍ നമ്മുടെ മരണമെപ്പോഴെന്നു കണ്ടെത്താം.

ഉമിനീര്‍ പരിശോധിച്ചാല്‍ എത്രനാള്‍നാള്‍ കൂടി നാം ജീവിച്ചിരിക്കുമെന്നറിയാമെന്നു പുതിയ പഠനം. നമ്മുടെ ഉമിനീരിലുള്ള ചില പ്രത്യേക ആന്റിബോഡിയുടെ നില നോക്കിയാല്‍ നമ്മുടെ ആയുസ് നിര്‍ണയിക്കാനാവുമെന്നാണു ഗവേഷകര്‍ പറയുന്നത്. 1995-ല്‍ 639 പേരില്‍നിന്ന് ഉമിനീരെടുത്തു കഴിഞ്ഞ 19 വര്‍ഷങ്ങളായി നടത്തിയ പഠനത്തില്‍നിന്നാണു ഉമിനീരില്‍നിന്നു ആയൂസ് കണ്ടെത്തുന്ന വിദ്യ കണ്ടെത്തിയത്. ഉമിനീരിലെ ഇമ്യൂണോഗ്ലോബിന്‍ എ എന്ന ആന്റീബോഡി പരിശോധിച്ചാല്‍ ആയുസ് നിര്‍ണയിക്കാനാവുമെന്നാണു ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഡോ. അന്നാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പറയുന്നത്. ആന്റി ബോഡിയാണ് അണുബാധയെ നേരിടുന്നത്. രക്തത്തിലെ ശ്വേതാണുക്കളാണു ആന്റി ബോഡി ഉത്പാദിപ്പിക്കുന്നത്. ഇമ്യൂണോഗ്ലോബിന്‍ എ പരിശോധനയിലൂടെ നമ്മുടെ ശരീരത്തിന്റെ മൊത്തം ആരോഗ്യസ്ഥിതി നിര്‍ണയിക്കാനാവും. ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നതിന് ഒട്ടേറെ ഘടകങ്ങളുണ്ട്. ചില കാര്യങ്ങള്‍ നമുക്കു നിയന്ത്രിക്കാനാവുന്നതല്ല. വാര്‍ധക്യം, പാരമ്പര്യഘടകങ്ങള്‍, രോഗബാധ തുടങ്ങിയവ. എന്നാല്‍ നാം സ്വയമുണ്ടാക്കുന്ന ചില കാര്യങ്ങളുണ്ട്; മാനസികസംഘര്‍ഷം, ഭക്ഷണശൈലി, വ്യായാമം, മദ്യപാനം, പുകവലി തുടങ്ങിയവ. അവയും നമ്മുടെ ആന്റി ബോഡിയുടെ ഉത്പാദനപ്രക്രിയയെ നിയന്ത്രിക്കുന്നുണ്ട്. ഒരാളുടെ ലൈംഗികതൃഷ്ണ, അല്‍ഷീമര്‍രോഗം പിടിപെടാന്‍ സാധ്യതയുണ്ടോ, വിവിധതരം കാന്‍സര്‍രോഗങ്ങള്‍ക്കു സാധ്യതയുണ്ടോ എന്നൊക്കെ കണ്ടെത്താന്‍ ഉമിനീര്‍ പരിശോധനയാണു കൂടുതല്‍ ഫലപ്രദം

ആര്‍ത്തവവിരാമം വന്ന സ്ത്രീകള്‍ക്കു ദുസഹജീവിതം, ഭര്‍ത്താവിന്റെ പരിഗണന കൊതിക്കുന്ന സമയം

എല്ലാ സ്ത്രീകള്‍ക്കും അനിവാര്യമായ ഘട്ടമാണ് ആര്‍ത്തവവിരാമം. ആര്‍ത്തവവിരാമത്തിനുശേഷമുണ്ടാകുന്ന ശാരീരിക- മാനസികപ്രക്രിയകള്‍ വളരെ വലുതാണ്. എന്നാല്‍ ആരും പുറത്തുപറയാറില്ല. അതിന് പലരും തയാറുമല്ല. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാലഘട്ടമാണിത്. സ്ത്രീകള്‍ മാത്രമല്ല, അവരുടെ ഭര്‍ത്താക്കന്മാരും. ഭാര്യയെ ഏറ്റവും കരുതലോടെയും സ്‌നേഹത്തോടെയും സമീപിക്കേണ്ടി വരുന്ന കാലഘട്ടം. പെട്ടെന്നുണ്ടാകുന്ന രോഷം, ആത്മസംയമനമില്ലായ്മ, സെക്‌സിനോടു താത്പര്യമില്ലായ്മ...ഇതൊക്കെ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങളാണ്. തങ്ങളിലെ പ്രത്യുത്പാദനക്ഷമത അവസാനിക്കുന്നുവെന്നു സ്ത്രീ ഭീതിയോടെ മനസിലാക്കുന്ന കാലഘട്ടം. എന്നാല്‍ ഇതിലൊക്കെയുപരി പകുതിയിലേറെ സ്ത്രീകളിലും ആശങ്കയുളവാക്കുന്ന പല മാനസിക- ശാരീരികപ്രശ്‌നങ്ങളും ഈ ഘട്ടത്തില്‍ കണ്ടുവരാറുണ്ടെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ആര്‍ത്തവവിരാമം സംഭവിച്ച 51 ശതമാനം സ്ത്രീകളെയും വിഷമിപ്പിക്കുന്നത് അവരുടെ ലൈംഗികാവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. മിക്കവരും അതു പുറത്തുപറയാന്‍ മടിക്കുകയും ചെയ്യും. ഗുഹ്യഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചില്‍, വേദന, ദ്രാവകമൊഴുക്ക്, ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ ഇത്തരക്കാരെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. ചിലരില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അനിയന്ത്രിതമായ മൂത്രം പോക്ക്, അനിയന്ത്രിതമായ മാലിന്യമൊഴുക്ക്, വസ്തിപ്രദേശത്തുണ്ടാകുന്ന(പെല്‍വിക്) സ്ഥാനമാറ്റം തുടങ്ങിയവ മാനസിക ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നു. എന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും ചികിത്സ തേടാറില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതു പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്യുന്നു. അടുത്തയിടെ ഹോളിവുഡ്താരം ആന്‍ജലീന ജൂലി തനിക്കുണ്ടാകുന്ന ആര്‍ത്തവവിരാമപ്രശ്‌നങ്ങള്‍ പുറം ലോകവുമായി പങ്കുവയ്ക്കുകയുണ്ടായി. തന്റെ ഓവറി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിലൂടെ അകാലത്തില്‍ ആര്‍ത്തവവിരാമം വന്നതിനെപ്പറ്റി അവര്‍ വിശദമാക്കുന്നുണ്ട്. പകുതിയിലേറെ സ്ത്രീകള്‍ക്കും ലൈംഗികാവയവങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്. അവരുടെ ജീവിതശൈലിയില്‍ത്തന്നെ മാറ്റം വരുത്താന്‍ അവരെ നിര്‍ബന്ധിതരാക്കുന്ന പ്രശ്‌നങ്ങളാണിവ. വൈകാരിക- ലൈംഗികജീവിതം പോലും മാറ്റിമറിക്കപ്പെടുന്ന അവസ്ഥ. ജെനിറ്റോ യൂറിനറി സിന്‍ഡ്രോം ഓഫ് മെനോപോസ് എന്നാണ് ഈ പ്രശ്‌നങ്ങളെ ഡോക്ടര്‍മാര്‍ തരം തിരിച്ചിട്ടുള്ളത്. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അമ്പത്തഞ്ചുവയസ് കഴിഞ്ഞ 358 സ്ത്രീകളില്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ 51 ശതമാനം പേരില്‍ ലൈംഗികാവയവ(വജൈനല്‍)പ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തി. 40 ശതമാനം പേരില്‍ ഇതുമൂലം വൈകാരികപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്, 33 ശതമാനം സ്ത്രീകള്‍ ഇമ്മാതിരി പ്രശ്‌നങ്ങളാല്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തിയവരാണ്. 76 ശതമാനം പേരിലും ലൈംഗികാവയവത്തിലെ പ്രശ്‌നങ്ങള്‍ കാരണം ലൈംഗികജീവിതത്തെ ദോഷകരമായി ബാധിച്ചു. പകുതി പേരില്‍ അനിയന്ത്രിതമായ മൂത്രം പോക്കുണ്ടാകുന്നു. ഇതൊക്കെയാണെങ്കിലും പ്രശ്‌നങ്ങളേറെയുണ്ടായിട്ടും 33 ശതമാനം സ്ത്രീകളും ഇതുവരെയും ഇക്കാര്യങ്ങളുടെ പേരില്‍ ഇതുവരെ ഒരു ഡോക്ടറുടെ ഉപദേശം തേടാന്‍ തയാറായിട്ടില്ല.

ഒമ്പതുമണിക്കൂര്‍ ഉറക്കവും പകല്‍ വെറുതേയിരിപ്പും ചേര്‍ന്നാല്‍ അകാലമരണ സാധ്യത നാലിരട്ടി

ഉറക്കം ആരോഗ്യത്തിന് ഉത്തമമാണെന്നാണു നാം പഠിച്ചിട്ടുള്ളത്. പല പ്രശ്‌നങ്ങള്‍ക്കും ഉറക്കമാണു മരുന്നെന്നും പറയാറുണ്ട്. എന്നാല്‍ അമിതമായ ഉറക്കം ആരോഗ്യത്തിനു ഹാനികരമാണെന്നു പുതിയ പഠനം പറയുന്നു. രാത്രി ഒമ്പതുമണിക്കൂറിലേറെ ഉറങ്ങുകയും ഒപ്പം ശരീരമനങ്ങാതെ പകല്‍ കൂടുതല്‍ നേരം കുത്തിയിരിക്കുകയും ചെയ്താല്‍, അതു പുകവലി പോലെയോ മദ്യപാനം പോലെയോ ആരോഗ്യത്തിനു ദോഷം ചെയ്യുന്നതാണെന്നാണു പഠനം. കായികാദ്ധ്വാനമില്ലാതെ കൂടുതല്‍ നേരം ഉറക്കത്തിനു ചെലവഴിക്കുന്നവര്‍ മറ്റുള്ളവരെക്കാള്‍ നേരത്തേ മരിച്ചുപോകുമത്രേ. അകാലമരണത്തിന് ഇക്കൂട്ടര്‍ക്കു നാലിരട്ടി സാധ്യതയുണ്ട്. സിഡ്‌നി യൂണിവേഴ്‌സിറ്റിയാണ,് കൂടുതല്‍ ഉറക്കവും കൂടുതല്‍ നേരം വെറുതേയിരിക്കുന്നതും ഒത്തുചേര്‍ന്നാല്‍ ശരീരത്തിനുണ്ടാക്കുന്ന ദോഷഫലങ്ങളെക്കുറിച്ചു പഠനം നടത്തിയത്. കൂടുതല്‍ ഉറങ്ങുന്നതു ശരീരത്തിനു ഗുണം ചെയ്യുമെന്നായിരുന്നു മുന്‍ പഠനങ്ങള്‍ തെളിയിച്ചിരുന്നത്. കൂടുതല്‍ ഉറക്കവും വെറുതേയിരിപ്പും ഒരാളില്‍ പ്രകടമായാല്‍ അതു പുകവലിക്കും മദ്യപാനത്തിനും തുല്യമായ ദോഷമാണു ശരീരത്തിനു ചെയ്യുകയെന്നു സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ റിസേര്‍ച്ച് ഫെലോ ഡോ. മെലഡി ഡിംഗ് പറയുന്നു. 45 വയസിനു മുകളിലുള്ള 230,000 പേരിലാണ് ഡോ ഡിംഗിന്റെ നേതൃത്വത്തിലുള്ള സംഘം പഠനം നടത്തിയത്. ഇത്തരക്കാരിലുള്ള ജീവിതശൈലി സംബന്ധിച്ച് ഓസ്‌ട്രേലിയയിലെ ഏറ്റവും വിപുലമായ ആരോഗ്യപഠനമായിരുന്നു ഇത്. വളരെക്കുറച്ചുമാത്രമിരിക്കുകയും വളരെക്കുറച്ചു മാത്രം ഉറങ്ങുകയും ചെയ്യുന്നവരിലും കുറച്ചുനേരം മാത്രമിരിക്കുകയും കൂടുതലുറങ്ങുകയും ചെയ്യുന്നവരിലും ഈ സംഘം വ്യത്യസ്ത പഠനങ്ങള്‍ നടത്തി. ഈ മൂന്നു വിഭാഗക്കാരിലുമുണ്ടാക്കുന്ന ദോഷഫലങ്ങളാണു പഠനത്തിനു വിധേയമാക്കിയത്. അവരില്‍ ഏറ്റവും കൂടുതല്‍ ഉറങ്ങുകയും ശരീരമനക്കാതെ കുത്തിയിരുന്നു കഴിക്കുകയും ചെയ്യുന്നവരിലാണ് കൂടുതല്‍ മരണസാധ്യത കാണുന്നത്. എന്നാല്‍ രാത്രിയില്‍ ഏഴുമണിക്കൂറില്‍ താഴെ മാത്രം ഉറങ്ങുകയും പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ക്കും നാലിരട്ടി അകാലമരണസാധ്യതയുണ്ടെന്നു പഠനം വ്യക്തമാക്കുന്നു.

കാന്‍സറിന് മഞ്ഞളില്‍നിന്ന് ഫലപ്രദമരുന്ന്

ഭോപ്പാല്‍: ആയിരത്തിലേറെ വര്‍ഷങ്ങളായി ഭാരതത്തില്‍ ഏറ്റവും ഫലപ്രദമായ ഔഷധമായോ ഔഷധക്കൂട്ടിലെ പ്രധാന ചേരുവയായോ ഉപയോഗിക്കുന്ന വസ്തുവാണ് മഞ്ഞള്‍. സൗന്ദര്യസംവര്‍ധകമായും മഞ്ഞളുപയോഗിക്കുന്നു. മാരകരോഗങ്ങളും വാര്‍ധക്യവും പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റ് ഏറെയുണ്ടു മഞ്ഞളില്‍. കേരളീയര്‍ നിത്യേന ഉപയോഗിക്കുന്ന മഞ്ഞളില്‍നിന്ന് അര്‍ബുദം ഭേദമാക്കാനുള്ള മരുന്നുകണ്ടെത്തി. ഭോപ്പാലിലെ സര്‍വകലാശാലയായ രാജീവ് ഗാന്ധി പ്രൗദ്യോഗികി വിശ്വവിദ്യാലയ(ആര്‍.ജി.പി.വി.)മാണ് അര്‍ബുദചികിത്സയില്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മഞ്ഞളില്‍ അര്‍ബുദം പ്രതിരോധിക്കാനുള്ള രണ്ടിനം തന്മാത്രകളുണ്ടത്രേ. ഇവയ്ക്ക് സി.ടി.ആര്‍.17, സി.ടി.ആര്‍.20 എന്നിങ്ങനെ പേരും നല്‍കി. വിവിധയിനം കാന്‍സറുകളുടെ ചികിത്സയില്‍ ഈ കണ്ടെത്തല്‍ വിപ്ലവാത്മകമായ ചലനങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 12 വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ഇതിന്റെ പേറ്റന്റിനായും അപേക്ഷിച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. പീയുഷ് ത്രിവേദിയും അധ്യാപകന്‍ ഡോ. സി. കാര്‍ത്തികേയനും പറഞ്ഞു. മധ്യപ്രദേശില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏക സാങ്കേതിക സര്‍വകലാശാലയാണ് (ആര്‍.ജി.പി.വി). അര്‍ബുദരോഗികള്‍ക്കിടയില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ വിസ്മയിപ്പിക്കുന്ന ഫലമാണ് ഉണ്ടായതെന്നും ഇവര്‍ അവകാശപ്പെട്ടു. മറ്റ് അര്‍ബുദമരുന്നുകളെപ്പോലെ ഇതിന് പാര്‍ശ്വഫലങ്ങളില്ല. അര്‍ബുദം ബാധിച്ച കോശങ്ങളെ മാത്രമേ ഈ മരുന്ന് നശിപ്പിക്കൂ. മറ്റ് കോശങ്ങളെ യാതൊരുതരത്തിലും ബാധിക്കില്ലെന്ന് ഇരുവരും അവകാശപ്പെട്ടു. കാനഡയിലെ അഡ്വാന്‍സ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചായിരുന്നു ഗവേഷണം. അര്‍ബുദം ബാധിച്ച കോശങ്ങളുടെ വിഭജനം തടയുകയാണ് മഞ്ഞളിലെ പ്രതിരോധതന്മാത്രകള്‍ ആദ്യം ചെയ്യുന്നത്. ഇതിനായി കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ സുപ്രധാന പങ്കുവഹിക്കുന്ന 'ട്യുബുലിന്‍' എന്ന പ്രോട്ടീന്റെ വളര്‍ച്ചതടയുകയാണ് ഇവ ചെയ്യുന്നതെന്നും ഇവര്‍ വിശദീകരിച്ചു

ആകൃതി നിലനിര്‍ത്താന്‍ കൂടുതല്‍ സമയം ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവര്‍ ശ്രദ്ധിക്കുക; സ്തനാര്‍ബുദമുണ്ടാകാന്‍ സാധ്യത

ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നതു സൗന്ദര്യസംരക്ഷണത്തിനു പ്രധാനമായിരിക്കാം. ആരോഗ്യസംരക്ഷണത്തിനും നല്ലതാണെന്നാവും കൂടുതല്‍ സ്ത്രീകളും കരുതുന്നത്. കൂടുതല്‍ ഇറുകിയത് കൂടുതല്‍ മെച്ചമെന്നു കരുതുന്നവരാണ് മിക്ക സ്ത്രീകളും. ഇറുകിയ ബ്രേസിയര്‍ ധരിച്ചാല്‍ സ്തനങ്ങള്‍ നല്ല ആകൃതി പ്രകടമാക്കും. സ്ഥിരമായി ധരിച്ചാല്‍ സ്തനങ്ങളുടെ ഷെയ്പ് നിലനില്‍ക്കുമെന്നു പ്രതീക്ഷിച്ച് ഉറക്കത്തിലും ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവരാണ് മിക്ക സ്ത്രീകളും. ഈയിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഇറുകിയ ബ്രായും ബ്രെസ്റ്റ് കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്നാണ്. ഇറുകിയ ബ്രേസിയര്‍ രക്തയോട്ടത്തിനു തടസമുണ്ടാക്കുന്നതും കോശദ്രവകലകളെ(ലിംഫ് ടിഷ്യൂകള്‍) നശിപ്പിക്കുന്നതുമാണ് കാരണം. പഠനമനുസരിച്ച് കോശങ്ങളിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും വിതരണം കുറയുമ്പോള്‍ കോശങ്ങളില്‍നിന്നു മാലിന്യങ്ങള്‍ പുറത്തുപോകാതിരിക്കും. പ്രത്യേകിച്ചു ദിവസവും 12 മണിക്കൂറിലേറെ ബ്രേസിയര്‍ ധരിക്കുന്നവരിലും ബ്രേസിയര്‍ ധരിച്ചുകൊണ്ടു കിടന്നുറങ്ങുന്നവരിലും. മധ്യവര്‍ഗക്കാരായ സ്ത്രീകളിലാണ് സ്താനാര്‍ബുദം കൂടുതല്‍ കണ്ടുവരുന്നത്. കാരണം കൂടുതല്‍സമയം ജോലി ചെയ്യുന്നവര്‍ ഇടത്തരം സാമ്പത്തികനിലയുള്ള സ്ത്രീകളാണല്ലോ. കോശദ്രവക്കുഴലുകള്‍ വളരെ നേരിയതാണ്.അതുകൊണ്ട് സമ്മര്‍ദമുണ്ടാകുമ്പോള്‍ സെന്‍സിറ്റീവായ കുഴലുകള്‍ വളരെയധികം ഞെരുങ്ങും. ഇറുകിയ ബ്രേസിയര്‍ ധരിക്കുമ്പോള്‍ സ്തനത്തിലെ കോശദ്രവത്തിന്റെ ഒഴുക്ക് നിയന്ത്രിക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്യാന്‍ സാധ്യതയുള്ളതുകൊണ്ടാണ് ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നത് സ്തനാരോഗ്യത്തിനു ഹാനികരമാണെന്നു പറയുന്നത്. കോശദ്രവങ്ങളിലൂടെയാണ് നമ്മുടെ സ്തനത്തിലുണ്ടാകുന്ന മാലിന്യങ്ങളും വിഷാംശങ്ങളും ഒഴുക്കിക്കളയുന്നത്. ഇറുകിയ ബ്രേസിയര്‍ ഈ പ്രക്രിയയ്ക്ക് ഒരുപരിധിവരെ തടസമാകുന്നു. സ്തനത്തില്‍ കെട്ടിക്കിടക്കുന്ന വിഷാംശങ്ങള്‍ കാലക്രമേണ വര്‍ധിച്ചു സ്താനാര്‍ബുദമായി മാറാന്‍ സാധ്യതയുണ്ട്. കൃത്യമായ ആഹാരശീലവും വ്യായാമവുമുണ്ടെങ്കില്‍ കാന്‍സറുണ്ടാകില്ലെന്നാണ് മിക്ക സ്ത്രീകളും വിശ്വസിക്കുന്നത്. എന്നാല്‍ കോശദ്രവങ്ങളുടെ ഒഴുക്കു തടയുന്നതരത്തിലുള്ള ബ്രേസിയര്‍ കൂടുതല്‍ സമയമോ ഉറങ്ങുന്ന സമയത്തോ ധരിച്ചവരില്‍ സ്തനാര്‍ബുദം കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ സ്മിതി കാമത്ത് വെളിപ്പെടുത്തുന്നു. സാധാരണ കോശദ്രവപ്രവാഹമില്ലെങ്കില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞ അനോക്‌സിയ എന്ന അവസ്ഥയ്ക്കു കാരണമാകും. ഈ അവസ്ഥ ഫൈബ്രോസിസിനു( കലകളുടെ വീക്കം)കാരണമാകും. പിന്നീടതു കാന്‍സറായി മാറാനുള്ള സാധ്യത കൂട്ടുകയും ചെയ്യും. കുടുംബത്തില്‍ സ്തനകാന്‍സര്‍ ചരിത്രമുള്ളവര്‍ പ്രത്യേകിച്ച് ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണെന്ന് ഓങ്കോളജിസ്റ്റ് ഡോ എം വി ഷാ അഭിപ്രായപ്പെടുന്നു.ഡയോക്‌സിന്‍, ബെന്‍സീന്‍ എന്നിവയുള്‍പ്പെടെയുള്ള അര്‍ബുദകാരിയായ രാസവസ്തുക്കളും കാന്‍സര്‍ കോശങ്ങളും വിഷാംശങ്ങളും സ്വയം ഒഴുകിപ്പോകാതെ സ്തനത്തിന്റെ കൊഴുപ്പില്‍ അവ അടിഞ്ഞുകിടക്കുകയാണു ചെയ്യുക. സ്തനത്തിന്റെ ടിഷ്യൂകളില്‍നിന്നു മാലിന്യം നീക്കം ചെയ്യപ്പെടാത്ത മുഴകളുണ്ടെങ്കില്‍ അവയില്‍ കോശദ്രവങ്ങള്‍ നിറയ്ക്കപ്പെടുകയും അവ ചലനാത്മകമാക്കുകയുമാണു വേണ്ടത് ഇത്രയും വായിക്കുമ്പോള്‍ ഇറുകിയ ബ്രേസിയര്‍ ധരിക്കുന്നവര്‍ക്കെല്ലാവര്‍ക്കും സ്താനാര്‍ബുദമുണ്ടാകുമെന്ന ആശങ്ക വേണ്ടാ.

അമിത രക്തസമ്മര്‍ദം മരുന്നു കൂടാതെഒഴിവാക്കാന്‍ 10 മാര്‍ഗങ്ങള്‍

നാല്‍പതു വയസ് കഴിഞ്ഞാല്‍ അമിതരക്തസമ്മര്‍ദം (ബ്ലഡ് പ്രഷര്‍) നമ്മെ തേടിയെത്തിയെന്നു വരാം. ഇരുന്നുള്ള ജോലി, വ്യായാമമില്ലാത്ത ജീവിതം, ഉപ്പു ചേര്‍ന്ന ഭക്ഷണം കൂടുതല്‍ കഴിക്കുന്നത്, കുടുംബ പാരമ്പര്യം തുടങ്ങിയവയൊക്കെ അമിതരക്തസമ്മര്‍ദത്തിനു കാരണമാകാറുണ്ട്. പുതിയ ജീവിത- ഭക്ഷണശൈലി കൊണ്ടാവാം ചെറുപ്പക്കാരിലും ഇപ്പോള്‍ ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നു. 140-90 എന്ന അളവില്‍ കൂടുതലാണ് നിങ്ങളുടെ ബിപിയെങ്കില്‍ നിങ്ങള്‍ അടിയന്തരമായി ചികിത്സ തേടേണ്ടിവരും. ഇതില്‍ 140 എന്നതു സിസ്റ്റോളിക് പ്രഷറും(ഹൃദയം രക്തം ശരീരത്തിലേക്കു പമ്പു ചെയ്യുമ്പോഴുണ്ടാകുന്ന സമ്മര്‍ദം) 90 എന്നതു ഡയസ്‌റ്റോളിക് പ്രഷറും (ഹൃദയം അയയുമ്പോഴുണ്ടാകുന്ന ഹൃദയമിടിപ്പിന്റെ ഏറ്റവും കുറഞ്ഞ സമ്മര്‍ദം) ആണ്. അമിതരക്തസമ്മര്‍ദമുള്ളവരില്‍ ബഹുഭൂരിപക്ഷവും മരണം വരെ മരുന്നു കഴിക്കുന്നവരാണ്. അമിതരക്തസമ്മര്‍ദരോഗികളാണെന്നു തിരിച്ചറിഞ്ഞാല്‍ എല്ലാദിവസവും ഗുളികകഴിക്കാനാണ് ഡോക്ടര്‍ നിര്‍ദേശിക്കാറുള്ളത്. അമിതരക്തസമ്മര്‍ദം പിടിപെടാതിരിക്കാനും പിടിപെട്ടാല്‍ നിയന്ത്രിച്ചുനിര്‍ത്താനും ചിട്ടയായി ജീവിതശൈലി പിന്തുടര്‍ന്നാല്‍ മതി. ഗുളികകളൊഴിവാക്കാന്‍ അതു സഹായിക്കും. അവ എന്തൊക്കെയെന്നു നോക്കാം. 1 ആഴ്ചയിലൊരിക്കലെങ്കിലുമുള്ള ജോഗിംഗ്: ആഴ്ചയിലൊരിക്കലെങ്കിലും ഓരോ മണിക്കൂര്‍ വേഗത്തിലുള്ള നടപ്പോ വേഗം കുറഞ്ഞ ഓട്ടമോ നടത്തുന്നവര്‍ക്ക് ആറുവര്‍ഷം കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ നാം കൂടുതല്‍ ഓക്‌സിജന്‍ ശ്വസിക്കുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയാരോഗ്യം കൂടും, കൂടുതല്‍ രക്തം അനായാസം പമ്പ് ചെയ്യപ്പെടുന്നു. അങ്ങനെ നമ്മുടെ രക്തധമനികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം കുറയുന്നു. 2. ദിവസവും ഓരോ ഗ്ലാസ് തൈര് കുടിക്കുക. തൈര് പതിവായി കഴിച്ചാല്‍ രക്തസമ്മര്‍ദം മൂന്നിലൊന്നായി കുറയുമത്രേ. ഇതുമൂലം ശരീരത്തിനു ലഭ്യമാകുന്ന കാല്‍സ്യം നമ്മുടെ രക്തക്കുഴലുകള്‍ക്കു അയവും വഴക്കവുമുണ്ടാക്കും. അവ ചെറുതായി വികസിക്കുന്നതോടെ രക്തമൊഴുക്കിന്റെ സമ്മര്‍ദം കുറയും. 3. ഏത്തപ്പഴം പതിവായി കഴിക്കുക. ഏത്തപ്പഴത്തില്‍ നന്നായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം സമൃദ്ധമായുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുകയും ഉപ്പ് നിയന്ത്രിക്കുകയും ചെയ്യുന്നതു രക്തസമ്മര്‍ദമുള്ളവര്‍ക്കു പ്രധാനമാണ്. പൊട്ടാസ്യം ശരീരത്തിലെ ദ്രാവകസന്തുലനം നിയന്ത്രിക്കുന്ന ധാതുപദാര്‍ത്ഥമാണ്, രക്തസമ്മര്‍ദം കുറയ്ക്കുന്ന ഘടകമാണിത്. ദിവസവും നാലോ അഞ്ചോ ഏത്തപ്പഴം കഴിക്കുന്നത് ഉത്തമമാണ്. 4. ഉപ്പ് നിയന്ത്രിക്കുക. രക്തധമനികളിലെ രക്തസമ്മര്‍ദം കൂട്ടുന്ന പ്രധാനഘടകമാണ് ഉപ്പ്. നമ്മുടെ ഫാസ്റ്റ് ഫുഡുകളിലും ബിസ്‌ക്കറ്റുകളിലും പപ്പടത്തിലും അച്ചാറുകളിലുമൊക്കെ ആവശ്യത്തിലേറെ ഉപ്പു കലര്‍ന്നിട്ടുണ്ട്. 5. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുക.അമിതവണ്ണവും ദുര്‍മേദസും ഹൃദയത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലപ്പെടുത്തുന്നതാവും. 6. പുകവലി പാടേ ഉപേക്ഷിക്കുക. സിഗററ്റിലും ബീഡിയിലുമുള്ള നിക്കോട്ടിന്‍ ശരീരത്തില്‍ അഡ്രിനാലിന്‍ ഉത്പാദിപ്പിക്കുകയും ഹൃദയമിടിപ്പ് കൂട്ടുകയും ചെയ്യും, ഹൃദയത്തിന് അമിതജോലിയാണിതുണ്ടാക്കുന്നത്. 7. ജോലിസമയം നിയന്ത്രിക്കുക. ആഴ്ചയില്‍ 40 മണിക്കൂറിലേറെ ഓഫീസ് ജോലി ചെയ്യുന്നവരില്‍ അമിതരക്തസമ്മര്‍ദമുണ്ടാകാനുള്ള സാധ്യത 14 ശതമാനം കൂടുതലാണ്. 51 മണിക്കൂറിലേറെ ജോലി ചെയ്യുന്നവര്‍ക്കു 29 ശതമാനം കൂടുതലാണ്. 8. കൂര്‍ക്കം വലി സൂക്ഷിക്കുക. അമിതമായ കൂര്‍ക്കം വലി ഉറക്കതടസത്തിന്റെ ലക്ഷണമാണ്. നന്നായി കൂര്‍ക്കം വലിക്കുന്നവരില്‍ പകുതിയിലേറെപ്പേര്‍ക്കും അവരുടെ പ്രായത്തിലേതിനെക്കാള്‍ രക്തസമ്മര്‍ദം കണ്ടുവരാറുണ്ട്. 9. കാപ്പി കുടി കുറയ്ക്കാം. കോഫിയിലെ കഫീന്‍ രക്തസമ്മര്‍ദം കൂട്ടുമത്രേ. 500 മില്ലീഗ്രാം കഫീന്‍ അതായത്, മൂന്നു കപ്പ് കാപ്പി രക്തസമ്മര്‍ദം മൂന്നു പോയിന്റ് കൂട്ടുമെന്നാണു ഗവേഷകര്‍ പറയുന്നത്. രക്തക്കുഴലുകളെ മുറുക്കുകയും സംഘര്‍ഷം കൂട്ടുകയുമാണ് ചെയ്യുന്നത്. 10. ബീറ്റ് റൂട്ട് ജ്യൂസ് കഴിക്കുക. ദിവസവും 250 മില്ലിഗ്രാം ബീറ്റ് റൂട്ട് ജ്യൂസ് കഴിച്ചാല്‍ നമ്മുടെ അമിതരക്തസമ്മര്‍ദം ഏഴു ശതമാനം കുറയ്ക്കാമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ബീറ്റ് റൂട്ടിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന തോതിലുള്ള നൈട്രേറ്റാണു കാരണം.

കൗമാരത്തില്‍ അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് പെട്ടെന്നുള്ള ഹൃദ്രോഗമരണസാധ്യത കൂടുതല്‍, തടി കുറച്ചിട്ടും കാര്യമില്ല

ദുര്‍മേദസുള്ളവര്‍ക്കു ഹൃദ്‌രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ഏവര്‍ക്കുമറിവുള്ള കാര്യമാണ്. എന്നാല്‍ പുതുതായി നടത്തിയ പഠനം ഒരുപടികൂടി കടന്നാണു മുന്നറിയിപ്പ് നല്കുന്നത്. സ്ത്രീകള്‍ക്കു കൗമാരകാലത്തു അമിതവണ്ണമുണ്ടെങ്കില്‍ പിന്നീടുള്ള ജീവിതകാലത്തു പെട്ടെന്നുള്ള ഹൃദയാഘാതമരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു പഠനം വ്യക്തമാക്കുന്നത്. അവര്‍ തടി കുറച്ചിട്ടും കാര്യമില്ലത്രേ. പെട്ടെന്നുള്ള ഹൃദ്രോഗമരണത്തിന്റെസാധ്യത കുറയ്ക്കാന്‍ ആരോഗ്യകരവും ക്രമമായതുമായ തൂക്കവും തടിയും രൂപപ്പെടുത്തുക മാത്രമേയുള്ളൂവെന്ന് ഇതു സംബന്ധിച്ച പഠനം നടത്തിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സ്‌റ്റെഫാനി ച്യുവ് പറയുന്നു. ദുര്‍മേദസോ സാമാന്യം വണ്ണമോ ഉള്ളവര്‍ക്ക് സംഭവിക്കാവുന്ന പെട്ടെന്നുണ്ടാകുന്ന ഹൃദ്രോഗമരണസാധ്യത വണ്ണവും ദുര്‍മേദസും കുറച്ചതുകൊണ്ടു പൂര്‍ണമായി ഇല്ലാതാകുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. 1980-2012 കാലത്തുള്ള 72,484 ആരോഗ്യവതികളായ സ്ത്രീകളിലാണു പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കകാലത്ത് അവരുടെ തൂക്കവും ഉയരവും രേഖപ്പെടുത്തി. 18-ാം വയസിലുണ്ടായിരുന്ന തൂക്കവും ഉയരവും ഓര്‍മയില്‍നിന്നു രേഖപ്പെടുത്തുകയും ചെയ്തു. അവരുടെ ബോഡി-മാസ് ഇന്‍ഡെക്‌സും (ബി എം ഐ) മരണകാരണമാകാവുന്നവിവിധങ്ങളായ ഹൃദ്രോഗങ്ങളും ഈരണ്ടു വര്‍ഷം വീതം ക്രമമായി പഠിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മുപ്പത്തിരണ്ടു വര്‍ഷം നീണ്ടുനിന്ന ഗവേഷണത്തില്‍ 445 പേരുടെ പെട്ടെന്നുള്ള ഹൃദയസ്തംഭനമരണവും 1286 പേരുടെ ഗുരുതരമായ കൊറോണറി ഹൃദ്രോഗവും 2272 പേരുടെ ഗുരുതരമല്ലാത്ത ഹൃദയാഘാത കേസുകളും രേഖപ്പെടുത്തപ്പെട്ടു. ബിഎംഐ എന്നതു ഒരാള്‍ക്ക് അയാളുടെ ഉയരത്തിനനുസരിച്ചുള്ള തൂക്കമാണോയെന്നു തിരിച്ചറിയാനുള്ള ആനുപാതിക മാനദണ്ഡമാണ്, ഒരാള്‍ക്കു ദുര്‍മേദസുണ്ടോയെന്നു ബിഎംഐ നോക്കി തിരിച്ചറിയാനാവും. കൂടുതല്‍ ബഎംഐ കൂടുതലുള്ള സ്ത്രീകള്‍ക്കു പെട്ടെന്നുള്ള ഹദ്രോഗമരണസാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. കൂടുതല്‍ തടിയുള്ള സ്ത്രീകളില്‍ 1.5- 2 ഇരട്ടി ഹൃദ്രോഗമരണമുണ്ടാകുന്നു.

മുന്നറിയിപ്പില്ലാതെത്തുന്ന സ്‌ട്രോക്ക്; സാധ്യത ഇല്ലാതാക്കാം, വന്നാലുടനേ ചികിത്സ തേടണം

ഓരോ വര്‍ഷവും ലോകത്തു 60 ലക്ഷം പേരാണ് പക്ഷാഘാതം (സ്‌ട്രോക്ക്) പിടിപെട്ടു മരിക്കുന്നത്. ഏറ്റവും കൂടുതല്‍ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പക്ഷാഘാതത്തിന്. നിശബ്ദമായി എത്തുന്ന മരണമാണ് പക്ഷാഘാതം മൂലമുണ്ടാകുന്നത്. ഹൃദയാഘാതമുണ്ടാകുമ്പോള്‍ നെഞ്ചുവേദനയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. എന്നാല്‍ പക്ഷാഘാതത്തിന് പ്രത്യക്ഷമായ ലക്ഷണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഹൃദയത്തിന്റെ പ്രധാനപ്രവര്‍ത്തനം രക്തം പമ്പ് ചെയ്യുന്നതായതിനാല്‍ പ്രശ്‌നബാധിതഭാഗം പെട്ടെന്നു കണ്ടെത്താനാകും എന്നാല്‍ പക്ഷാഘാതം പിടിപെടുന്ന തലച്ചോറിന് നിരവധി പ്രവര്‍ത്തനങ്ങളുള്ളതിനാല്‍ രോഗബാധിതഭാഗങ്ങള്‍ പെട്ടെന്നു നിര്‍ണയിക്കാനായെന്നു വരില്ല. സ്‌ട്രോക് ഉണ്ടാകുന്നതു തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു തകരാര്‍ സംഭവിക്കുമ്പോഴാണ്. തത്ഫലമായി തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നു, തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്നു. അതുകൊണ്ടാണ് തലച്ചോറിലെ ആശയസംവേദനം നടത്തുന്ന ഭാഗത്തുണ്ടാകുന്ന ഭാഗത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്നതോടെ രോഗിക്കു സംസാരിക്കാനാവാതെ വരുന്നത്. പക്ഷാഘാതത്തിന്റെ മറ്റു ലക്ഷണങ്ങള്‍ ഇവയാണ്- കൈകാലുകളും മറ്റ് അവയവങ്ങളും ചലിക്കാതെ വരുന്നു. ചെറിയ കാര്യങ്ങള്‍ പോലും നമുക്ക് ചെയ്യാന്‍ പറ്റാതെ വരുന്നു. മുഖം ഒരു വശത്തേക്കു താണു പോകുന്നു. സംസാരത്തില്‍ സ്പഷ്ടതയില്ലായ്മ. വാചകങ്ങള്‍ കൂട്ടിക്കെട്ടാനാവാതെ വരുന്നു. ചരിത്രാതീതകാലം മുതല്‍ സ്‌ട്രോക് മനുഷ്യനെ ബാധിച്ചിരുന്നതായി കാണാം ഈജിപ്ഷ്യന്‍ മമ്മികളുടെ പഠനത്തിലും പക്ഷാഘാതം മൂലം അന്നത്തെ മനുഷ്യര്‍ മരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ ഭക്ഷണ- ജീവിതശൈലി കൊണ്ടാവാം, ഇരുപത്തഞ്ചു വയസുകാരില്‍പ്പോലും സ്‌ട്രോക് കണ്ടുവരാറുണ്ട്. കൊളസ്‌ട്രോള്‍, ദുര്‍മേദസ്, പ്രമേഹം, അമിതമദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ ഇതിനു കാരണങ്ങളാണ്. മനസ്സംഘര്‍ഷവും പരോക്ഷകാരണമാണ്. അമിതരക്തസമ്മര്‍ദം, തുടര്‍ച്ചയായ ജോലി മൂലമുള്ള മനോസമ്മര്‍ദങ്ങള്‍ തുടങ്ങിയവയൊക്കെ നമ്മില്‍ പക്ഷാഘാതം ക്ഷണിച്ചുവരുത്തുന്നു. ശക്തമായ പക്ഷാഘാതം പലപ്പോഴും മാരകമാവാം. ചിലപ്പോള്‍ ഗുരുതരവും ദീര്‍ഘനാളത്തേക്കുളളതുമായ തളര്‍ച്ച ശരീരത്തിനു സംഭവിച്ചു കിടന്നുപോകാം. സംസാരശേഷി നശിക്കാം. എന്നാല്‍ പലപ്പോഴും പക്ഷാഘാതത്തെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചികിത്സിച്ചുമാറ്റപ്പെടാറുണ്ട്. ക്ഷമയോടെയുള്ള ചികിത്സയും ഫിസിയോതെറാപ്പിയും വഴി തളര്‍ന്നു പോയവര്‍ വീണ്ടും പൂര്‍വസ്ഥിതിയിലെത്താറുണ്ട്. പക്ഷേ ചിലരില്‍ അതു സാധിക്കാറുമില്ല. സ്‌ട്രോക്കിനു കാരണമാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയാണു വേണ്ടത്. രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുക. സ്‌ട്രോക്കുണ്ടായാല്‍ ഉടനേ ആശുപത്രിയിലെത്തിക്കുന്നതു പരമപ്രധാനമാണ്. 3-4 മണിക്കൂര്‍ നിര്‍ണായകമാണ്

സംസ്‌കരിച്ച ഇറച്ചിക്കു കാന്‍സര്‍ സാധ്യത, പുകവലിക്ക് തുല്യമെന്നു പഠനം

 

ന്യൂയോര്‍ക്ക്: സംസ്‌കരിച്ച ഇറച്ചി സിഗരറ്റ് പോലെ കാന്‍സര്‍ ഉണ്ടാക്കുമെന്നു ലോകാരോഗ്യസംഘടന. സംസ്‌കരിച്ച ഇറച്ചി, പ്രത്യേകിച്ചു ചുവന്ന മാംസം 50 ഗ്രാം ദിവസവും കഴിക്കുന്നവര്‍ക്ക് കുടലിലെ അര്‍ബുദ സാധ്യത 18 ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ ഫ്രാന്‍സ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കാന്‍സര്‍ റിസര്‍ച്ച് സംഘടനയാണ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയത്. ഹോട് ഡോഗ്‌സ്( സാന്‍ഡ് വിച്ച് അടക്കം ചെയ്ത ഇറച്ചി), ഹാം( ഉപ്പിട്ടുണക്കിയ പന്നിത്തുട) എന്നിവ സംസ്‌കരിച്ചത് ലോകാരോഗ്യസംഘടനയുടെ പഠനപ്രകാരം കാന്‍സര്‍സാധ്യതയുള്ള ഒന്നാം ഗ്രൂപ്പില്‍പ്പെടുന്നവയാണ്. പുകയില, ആസ്ബസ്റ്റോസ്, ഡീസല്‍ പുക തുടങ്ങിയവ ഇത്തരത്തില്‍ ഒന്നാം ഗ്രൂപ്പില്‍ പെടുന്നവതന്നെ. കുടല്‍ കാന്‍സറിനാണ് ഇവ വഴിവയ്ക്കുന്നതെങ്കിലും ഇറച്ചിയുടെ അളവനുസരിച്ചാണ് കാന്‍സര്‍സാധ്യതയും. സംസ്‌കരിച്ച മാട്ടിറച്ചി, ആട്ടിറച്ചി, പന്നിയിറച്ചി എന്നിവയുണ്ടാക്കുന്ന കാന്‍സര്‍ സാധ്യത രണ്ടാം ഗ്രൂപ്പില്‍പെടുന്നവയാണ്. ഇതോടെ സംസ്‌കരിച്ച മാംസ പദാര്‍ത്ഥങ്ങളും അവയുടെ ഉപോല്‍പ്പന്നങ്ങളും അര്‍ബുദത്തിന് കാരണമായേക്കാവുന്ന വിഭാഗത്തില്‍ ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയേക്കും. അര്‍ബുദത്തിനു കാരണമാകുന്ന സിഗരറ്റ്, ആല്‍കഹോള്‍ എന്നീ വിഭാഗത്തിലാണ് സംസ്‌കരിച്ച ഇറച്ചിയെയും ഉള്‍പെടുത്തുന്നത്. എന്നാല്‍, ഇറച്ചിയുടെ ഉപയോഗം കാന്‍സറിന് എത്രമാത്രം കാരണമാകും എന്ന് റിപ്പോര്‍ട്ടില്‍ സൂചന ഇല്ല. എണ്ണയില്‍ പൊരിച്ചെടുക്കുന്നവയും ചുട്ടെടുക്കുന്നതുമായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ കാന്‍സറിനെ കൂടിയ തോതില്‍ ക്ഷണിച്ചു വരുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വ്യക്തിയില്‍ കുടല്‍ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഇറച്ചിയുടെ ഉപഭോഗത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. വളരെ പോഷകമൂല്യമുള്ളതും ഇരുമ്പ്, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവയുടെ പ്രധാന സ്രോതസ്സുമാണ് ഇറച്ചി. സംസ്‌കരിച്ച മാംസം കഴിക്കുന്നതിലൂടെയും ക്രമം തെറ്റിയുള്ള ഭക്ഷണരീതികളിലൂടെയുമുണ്ടാകുന്ന കാന്‍സര്‍ കാരണം ഓരോ വര്‍ഷവും ഏകദേശം 34,000 പേര്‍ മരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ലോക ജനത തങ്ങളുടെ ആഹാരക്രമത്തില്‍ ജാഗ്രത പാലിക്കണമെന്നും സംഘടന അറിയിക്കുന്നു.

കഷണ്ടിക്കു മരുന്നു പരീക്ഷിച്ചു വരുന്നു

 

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നു പറയുന്നതു പഴങ്കഥയാകുമോ? തലയിലെ മുടി ഒന്നൊന്നായി കൊഴിയുന്നതു കണ്ടു വിഷമിക്കുന്നവര്‍ക്കു പ്രതീക്ഷയ്ക്കു വക നല്‍കുന്ന കണ്ടുപിടിത്തം നടന്നുവരുന്നു. കഷണ്ടി തടയുന്ന മരുന്നു പരീക്ഷണശാലയില്‍ തയാറായി വരുന്നു. തലമുടി പെട്ടെന്നു വളരുന്നതിനു സഹായകമായ മരുന്നുകള്‍ പരീക്ഷിച്ചുവരുകയാണ്. തലയിലെ രോമകൂപങ്ങളില്‍ മുടി കൊഴിയാന്‍ കാരണമാകുന്ന എന്‍സൈം തടയുന്നതാണ് പുതിയ മരുന്ന്. ഇതിലൂടെ കഷണ്ടിയുണ്ടാകുന്നതും തടയാനാവുമത്രേ. കൊളംബിയ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകയായ ഏന്‍ജല എം ക്രിസ്റ്റ്യാനോയും സംഘവും എലികളിലാണ് ആദ്യം പരീക്ഷണം നടത്തിനോക്കിയത്. തൊലിപ്പുറമേ പുതിയ മരുന്നു പുരട്ടിയാല്‍ തലയിലെ രോമകൂപങ്ങളില്‍ ജാനസ് കിനാസേ കുടുംബത്തില്‍പ്പെട്ട എന്‍സൈമുകളെ തടയുന്നതായും രോമങ്ങള്‍ വളരെ വേഗം വളരുന്നതായും പഠനം വ്യക്തമാക്കി. മനുഷ്യരുടെ കഷണ്ടി മാറ്റാന്‍ ഇത് എത്രമാത്രം ഫലപ്രദമാണെന്നതു സംബന്ധിച്ച ഗവേഷണം നടന്നു വരുന്നതേയുള്ളൂ. എന്നാല്‍ പ്രതീക്ഷയ്ക്കു വകനല്‍കുന്നതാണ് ഗവേഷണം. എലികളില്‍ മരുന്ന് അകത്തേക്കു കൊടുത്തപ്പോള്‍ കിട്ടുന്നതിനേക്കാള്‍ ഫലപ്രദമായിരുന്നു പുറമേ പുരട്ടിയപ്പോള്‍.

വലതുകൈയില്‍ പതിനൊന്നിലേറെ മറുകുണ്ടെങ്കില്‍ ത്വക് കാന്‍സര്‍ സാധ്യത അഞ്ചിരട്ടി

 

നമ്മുടെ ഒരു കൈയില്‍ പതിനൊന്നില്‍ കൂടുതല്‍ മറുകുകളുണ്ടെങ്കില്‍ മെലനോമയെന്ന ത്വക്ക് കാന്‍സര്‍ സാധ്യത കൂടുതലാണെന്നു ഗവേഷകര്‍. വലതുകൈയിലെ മറുകുകളുടെ എണ്ണം നോക്കിയാണ് ശരീരത്തിലെ മൊത്തം മറുകുകള്‍ ഏകദേശം മനസിലാക്കി വരുന്നത്. മൊത്തം നൂറു മറുകില്‍ കൂടുതലുണ്ടെങ്കില്‍ ത്വക് കാന്‍സര്‍ സാധ്യത അഞ്ചിരട്ടിയാണത്രേ. ബ്രിട്ടനിലെ 3000 ഇരട്ടകളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയ വിശദാംശങ്ങള്‍ ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് ഡെര്‍മറ്റോളജി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും 13000 പേര്‍ക്കാണു മെലനോമയെന്ന ത്വക് കാന്‍സര്‍ പിടിപെടുന്നത്. അസാധാരണമായ മറുകുകളില്‍നിന്നാണ് മെലനോമയുടെ തുടക്കം. അതുകൊണ്ട് രോഗിയുടെ മറുകുകളുടെ എണ്ണവും ത്വക് കാന്‍സറും തമ്മില്‍ ബന്ധമുണ്ട്. ലണ്ടനിലെ കിംഗ്‌സ് കോളജിലെ ഗവേഷകര്‍ എട്ടു വര്‍ഷമായി ഇരട്ടകളായ വലിയൊരു സംഘം സ്ത്രീകളിലെ മറുകുകളും ചുണങ്ങുകളും ത്വക്കിലെ നിറം മാറ്റങ്ങളും പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഒപ്പം മെലനോമ ബാധിച്ച 400 സ്ത്രീപുരുഷന്മാരിലും പഠനം നടത്തിയാണ് ത്വക് കാന്‍സര്‍ സാധ്യതകളെപ്പറ്റി പുതിയ കണ്ടെത്തല്‍ നടത്തിയത്. സ്ത്രീകളുടെ വലതുകരത്തില്‍ ഏഴു മറുകില്‍ കൂടുതലുണ്ടെങ്കില്‍ ശരീരത്തിലാകെ അമ്പതിലേറെ മറുകുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ത്വക് കാന്‍സര്‍ സാധ്യതയും കൂടുതലാണ്. പുരുഷന്മാരിലാണെങ്കില്‍ വലതുകരത്തില്‍ 11-ലേറെ മറുകുകളുണ്ടെങ്കില്‍ ശരീരത്തിലാകെ നൂറിലേറെ മറുകുകളുണ്ടാകും. ഇത്തരക്കാരിലും മെലനോമ സാധ്യത കൂടുതലാണ്. മറുകുകളുടെ ആധിക്യത്തെക്കുറിച്ചു ആധിയുള്ളവര്‍ വിദഗ്ധഡോക്ടറെ കാണിച്ചാല്‍ വലതുകരത്തിലുള്ള മറുകുകളുടെ എണ്ണമാണ് തിട്ടപ്പെടുത്താറ്. മലനോമയായി മാറുന്നത് അമ്പതു ശതമാനവും നമ്മുടെ ശരീരത്തില്‍ നിലവിലുള്ള മറുകുകളില്‍നിന്നാണെന്നു ബ്രിട്ടണിലെ കാന്‍സര്‍ റിസേര്‍ച്ചിലുള്ള ഹെല്‍ത് ഇന്‍ഫര്‍മേഷന്‍ മാനേജര്‍ ഡോ. ക്ലയര്‍ നൈറ്റ് പറയുന്നു. നമ്മുടെ ത്വക്കിലെ മാറ്റങ്ങള്‍ നാം പതിവായി നിരീക്ഷിക്കണം. ത്വക്കിലുണ്ടാകുന്ന പാടുകളിലോ മറുകുകളുടെ രൂപത്തിലോ നിറത്തിലോ വലുപ്പത്തിലോ മാറ്റം കണ്ടാല്‍ ഉടനേ വിദഗ്ധഡോക്ടറെ കാണിക്കേണ്ടതുണ്ട്. വലതുകരം മാത്രം നോക്കിയാല്‍ പോരാ, ശരീരത്തിന്റെ എല്ലാ ഭാഗത്തുമുള്ള ത്വക്കില്‍ മെലനോമ പിടിപെടാന്‍ സാധ്യതയുണ്ട്. പുരുഷന്മാരില്‍ കൈകാലുകളെക്കാള്‍ മറ്റു ഭാഗങ്ങളിലും സ്ത്രീകളില്‍ കാലുകളിലുമാണ് കൂടുതല്‍ രോഗസാധ്യത.

ഒരാള്‍ എത്രമാത്രം വെള്ളം കുടിക്കണം

 

വെള്ളം മനുഷ്യശരീരത്തിന് അത്യന്താപേക്ഷിതമായ 'മരുന്നാ'ണ്. ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ ഒഴുക്കിക്കളയുന്നതു വെള്ളത്തിലൂടെയാണ്. ഒരാള്‍ ഓരോ ദിവസവും എട്ടു ഗ്ലാസ് വെള്ളം കുടിക്കണമെന്നാണു വയ്പ്. എന്നാല്‍ കൃത്യമായി എത്രമാത്രം വെള്ളം കുടിക്കണമെന്നതിനെപ്പറ്റി ശരിയായ വിവരം പലര്‍ക്കുമില്ല. ഓരോ വ്യക്തിക്കും എട്ടു ഗ്ലാസ് വെള്ളം യോജിക്കുന്ന അളവാകണമെന്നില്ല. പൊതുവായി പറഞ്ഞാല്‍ 8-10 ഗ്ലാസ് വെള്ളം എന്നതിനെക്കാള്‍ 12- 15 ഗ്ലാസ് ദ്രാവകമാണ് കൂടുതല്‍ ഉചിതമായി പറയാവുന്നത്. വെള്ളം മാത്രമല്ല, ചായ, കാപ്പി, സൂപ്പ് തുടങ്ങി എല്ലാമടങ്ങിയ ദ്രാവകപദാര്‍ത്ഥങ്ങള്‍. ഏകദേശം 2.5 ലിറ്റര്‍ വരുമിത്. നമ്മുടെ ജീവിതശൈലി അടിസ്ഥാനപ്പെടുത്തിയാണ് ഒരു മനുഷ്യന്റെ ശരീരത്തിന് എത്രമാത്രം ജലം ആവശ്യമാണെന്നു തീരുമാനിക്കാന്‍. ശരീരമനങ്ങാത്ത, അധികം കായികാദ്ധ്വാനമില്ലാത്ത ജീവിതം നയിക്കുന്നവരാണെങ്കില്‍, എ സി അന്തരീക്ഷത്തിലാണു ജീവിതമെങ്കില്‍ നിങ്ങളുടെ വിയര്‍പ്പിലൂടെ അധികജലം പുറത്തേക്കു പോയെന്നു വരില്ല. അങ്ങനെയുള്ളവര്‍ 2-2.5 ലിറ്ററില്‍ കൂടുതല്‍ വെള്ളം അകത്താക്കുന്നതു നല്ലതല്ല. കാരണം അമിതജലപാനം വൃക്കയെ ദോഷകരമായി ബാധിക്കാനും നീര്‍ക്കെട്ടുണ്ടാകാനും സാധ്യതയുണ്ട്. സെയില്‍സ്മാന്‍മാര്‍ പോലുള്ള മിതമായ കായികാദ്ധ്വാനമുള്ളവര്‍ മൂന്നു ലിറ്റര്‍ വെള്ളം കുടിക്കണം. കൂടുതല്‍ വിയര്‍പ്പൊഴുക്കുന്നവരോ കൂടൂതല്‍ കായികാദ്ധ്വാനം ചെയ്യുന്നവരോ കൂടുതല്‍ വെള്ളം കുടിക്കണം. ഓരോ കാലാവസ്ഥയുമനുസരിച്ചു വെള്ളത്തിന്റെ അളവിലും മാറ്റം വരുത്തണം. വേനല്‍ക്കാലത്തു കൂടുതല്‍ വെള്ളം അകത്താക്കണം, കാരണം നമ്മുടെ ശരീരത്തിനു കൂടുതല്‍ ജലാംശം ആവശ്യമാണ്. പ്രമേഹമോ അമിതരക്തസമ്മര്‍ദമോ ഇല്ലാത്തയാളാണെങ്കില്‍ ഗ്ലൂക്കോസ് വെള്ളം പോലുള്ളവ കഴിക്കുന്നതു നല്ലതാണ്. കാരണം ഇത്തരം ദ്രാവകങ്ങള്‍ നമുക്കു കൂടുതല്‍ ഊര്‍ജം നല്‍കും. രാവിലെ തന്നെ കൂടുതല്‍ വെള്ളം കുടിക്കുന്നതാണ് ഉത്തമം. ഉണര്‍ന്ന് ദിവസത്തിന്റെ ആദ്യസമയങ്ങളില്‍ 2-4 ഗ്ലാസ് വെള്ളം കുടിക്കുന്നത് അത്യുത്തമം. ഒപ്പം നാരങ്ങയോ തേനോ ചേര്‍ത്താലും നന്ന്.

എന്റെ കരളേയെന്നു നേരത്തേ വിളിച്ചു തുടങ്ങാം, വൈകിയാല്‍ മാരകമാകും, പണച്ചെലവും കൂടും

 

ഹൃദയത്തെ ഓര്‍ത്തു നാം ഒത്തിരി കുണ്ഠിതപ്പെടാറുണ്ട്. ഹൃദ്രോഗം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍...ഇവയൊക്കെ ഹൃദയാരോഗ്യത്തിനു ദോഷകരമാണെന്നു മനസിലാക്കി നേരത്തേ വേണ്ട പ്രതിരോധനടപടികളും ചികിത്സകളും മരുന്നും ചെയ്യാന്‍ മറക്കാറില്ല. എന്നാല്‍ ഹൃദയത്തിനു തൊട്ടു താഴെയുള്ള അതിലും വലുപ്പമുള്ള അവയവമായ കരളിനു വേണ്ടി നാം ഒരു കരുതലുമെടുക്കാറില്ല. കരളിന് അതിലും ദോഷകരമായ അസുഖങ്ങളുണ്ടാകാമെന്നും അവയുണ്ടാകാതെ നോക്കണമെന്നും നാം ചിന്തിക്കാറില്ല. എന്തിനേറെ, കരളിനു നിലവില്‍ രോഗമുണ്ടോയെന്നു പോലും മിക്കവരും ശ്രദ്ധിക്കാറില്ല. കരളിനു മാരകമായ രോഗലക്ഷണങ്ങളാകുമ്പോഴാണ് നാം അതേപ്പറ്റിയറിയുന്നതും 'എന്റെ കരളേ...' എന്നു വിളിച്ചു പോകുന്നതും. അപ്പോഴേക്കും കരള്‍ ഒരു 'പരുവമായി'ക്കഴിഞ്ഞിരിക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതികവകുപ്പ് മന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിനു സംഭവിച്ചതതാണ്. ചെന്നൈ ആശുപത്രിയില്‍ അദ്ദേഹം പ്രവേശിപ്പിക്കപ്പെടുമ്പോള്‍ ചികിത്സിച്ചു ഭേദമാക്കാനാവാത്ത വിധം സങ്കീര്‍ണമായിക്കഴിഞ്ഞിരുന്നു അദ്ദേഹത്തിന്റെ കരള്‍ രോഗം. അതുകൊണ്ടു രോഗാവസ്ഥയുണ്ടായി ചികിത്സിക്കുന്നതിനെക്കാള്‍ പ്രധാനമാണ് കരളിനു രോഗം വരാതെ നോക്കുന്നത്. മനുഷ്യശരീരത്തിനു വേണ്ടി ഒട്ടേറെ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന അവയവമാണ് കരള്‍. അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അത്രത്തോളം കര്‍മങ്ങളെ ബാധിക്കുകയും ചെയ്യും. കൊഴുപ്പിനെയും കാര്‍ബോഹൈഡ്രേറ്റിനെയും രൂപാന്തരപ്പെടുത്തുന്നതു കരളിലാണ്. ശരീരത്തിലുള്ള വിഷാംശം നീക്കുന്ന കടമയും കരളിനാണ്. പോഷകങ്ങള്‍ സംശ്ലേഷണം ചെയ്യുക, പിത്തരസം പുറപ്പെടുവിച്ചു ദഹനത്തെ സഹായിക്കുക തുടങ്ങി ശരീരത്തിന്റെ അതിപ്രധാന പ്രക്രിയകളൊക്കെ കരളിലാണു നടക്കുക. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്‍കൂട്ടിയറിയുക അത്ര ലളിതമായ കാര്യമല്ല. പ്രാരംഭലക്ഷണങ്ങളൊക്കെ പലപ്പോഴും അവഗണിക്കപ്പെടുകയും ചെയ്യും. ക്ഷീണം, തളര്‍ച്ച, അനീമിയ, മയക്കം, കാലില്‍ നീരു കെട്ടല്‍ തുടങ്ങിയവയാണു ആദ്യലക്ഷണങ്ങള്‍. പല രോഗങ്ങളുമായി ബന്ധപ്പെട്ടു ചെക്കപ്പിനെത്തുമ്പോഴാണ് പലപ്പോഴും കരള്‍രോഗങ്ങള്‍ കണ്ടെത്തുന്നത്. രോഗനിര്‍ണയം വൈകുന്നതുമൂലം രോഗിക്കുണ്ടാകുന്ന നഷ്ടം വലുതാണ്. സിറോസിസ്, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ; കൂടാതെ കരളിനുണ്ടാകുന്ന ടൂമറും കാന്‍സറുമൊക്കെയാണു കരളിനുണ്ടാകുന്ന സങ്കീര്‍ണരോഗങ്ങള്‍. ഇന്ത്യയില്‍ത്തന്നെ രണ്ടുലക്ഷത്തിലേറെ പേര്‍ പ്രതിവര്‍ഷം കരള്‍രോഗത്തെത്തുടര്‍ന്നു മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ 2011 ലെ കണക്ക്. സിറോസിസ് കരളിനുണ്ടാകുന്ന ഏറ്റവും പ്രധാനവും സങ്കീര്‍ണവുമായ രോഗമാണ്. മദ്യപാനമാണ് രോഗകാരണമായി പൊതുവേ കരുതപ്പെടുന്നതെങ്കിലും അതുമാത്രമല്ല കാരണം. ഹെപ്പറ്റൈറ്റിസ് ബി, സി ഡി രോഗങ്ങള്‍ ഫാറ്റി ലിവര്‍ എന്നീ രോഗങ്ങള്‍ മൂലവും സിറോസിസ് ഉണ്ടാകാം. ദുര്‍മേദസ്, അനാരോഗ്യകരമായ ഭക്ഷണശൈലി, പ്രമേഹം, തുടങ്ങിയവയൊക്കെ മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവറിനു കാരണമാകാറുണ്ട്.(നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്- എന്‍ എ എഫ് എല്‍ ഡി). അതുകൊണ്ടു മദ്യപാനം മൂലമോ അല്ലാത്തതോ ആയ സിറോസിസ് ഉണ്ടാകാതിരിക്കാന്‍ പ്രധാനമായും ചെയ്യേണ്ടത് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയെന്നതാണ്. ഹൃദ്രോഗത്തെ നാം പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതു പോലെ പ്രധാനമാണ് കരള്‍രോഗത്തെ പ്രതിരോധിക്കുന്നതും. ജങ്ക് ഫുഡ് ഒഴിവാക്കിയുള്ള ആരോഗ്യകരമായ ഭക്ഷണം, വ്യായാമം തുടങ്ങിയവ പരമപ്രധാനമാണ്. ആശുപത്രികളിലെ തെറ്റായ പ്രവണതയാണ് ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ പ്രധാന കാരണം. ആശുപത്രി ഉപകരണങ്ങളില്‍നിന്നാണു രോഗബാധയുണ്ടാകുന്നത്. പ്രത്യേകിച്ചു അണുവിമുക്തമാക്കാത്ത സൂചികളുപയോഗിച്ചുള്ള കുത്തിവയ്പ്. പലപ്പോഴും ലൈംഗികവേഴ്ചകളും രോഗകാരിയാകുന്നു. ശാരിരികസ്രവങ്ങളില്‍നിന്നു രോഗം പകരുന്നതാണ് കാരണം. ചെറുപ്പകാലത്തു തുടങ്ങുന്ന മദ്യപാനം കൂടുതല്‍ സിറോസിസ് രോഗികളെയുണ്ടാക്കുന്നുണ്ട്. 16 വയസുകാരില്‍ വരെ സിറോസിസ് രോഗം ബാധിച്ചു കാണുന്നുണ്ട്. രോഗം ബാധിച്ചാല്‍ മദ്യപാനം നിര്‍ത്തുകയല്ലാതെ മറ്റു വഴിയില്ല, കരള്‍മാറ്റിവയ്ക്കലാണ് ഒടുവിലത്തെ ചികിത്സ. ആല്‍ക്കഹോള്‍ കരളിനെയും( സിറോസിസ്) പാന്‍ക്രിയാസിനെയും ( പാന്‍ക്രിയറ്റൈറ്റിസ്) വളരെ അപൂരവമായി രണ്ടിനെയും ബാധിക്കുന്നു. നേരത്തെ രോഗം നിര്‍ണയിച്ചില്ലെങ്കില്‍ മാരകമായി മാറുന്നു. കരളിനെ സംബന്ധിച്ച രോഗങ്ങള്‍ ബാധിക്കാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടതു മദ്യപാനം നിര്‍ത്തുകയെന്നതാണ്. ചികിത്സ കഴിഞ്ഞാല്‍ കരളിനെ പുനരുജ്ജിവിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ പലപ്പോഴും അതിന്റെ പ്രവര്‍ത്തനം പഴയപടിയാക്കാന്‍ സാധിക്കുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു 12-14 ലക്ഷം രൂപയാണു ചെലവ് വരുന്നത്.

അല്‍ഷീമേഴ്‌സ് ചികിത്സയില്ലാത്ത രോഗം, ലക്ഷണങ്ങള്‍ തുടക്കത്തിലേ അറിയാം, രോഗം വരാതിരിക്കാന്‍ കുറെയൊക്കെ നിയന്ത്രിക്കാം

മറവിരോഗങ്ങളില്‍ പ്രധാനമാണ് അല്‍ഷിമേഴ്‌സ് ഡിസീസ്. ചികിത്സിച്ചു മാറ്റാനാവാത്ത രോഗമാണിത്. മിക്കവാറും വാര്‍ധക്യമാകുന്നതോടെ മനസിന്റെ ശക്തി ക്ഷയിക്കുകയും സാധാരണജീവിതം നയിക്കാനാവാതെ വരുകയും ചെയ്യും. ഇന്ത്യയില്‍ 50 ലക്ഷത്തിലേറെപേര്‍ക്കാണ് മറവിരോഗമുള്ളതായി കണക്കാക്കിയിട്ടുള്ളത്. അതില്‍ 80 ശതമാനവും അല്‍ഷീമറാണ്. 2030 ആകുന്നതോടെ ഇന്ത്യയിലെ അല്‍ഷീമര്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാള്‍ക്ക് അല്‍ഷീമര്‍ രോഗമുണ്ടോയെന്ന് എങ്ങനെയാണു തിരിച്ചറിയുക? ന്യൂഡല്‍ഹി ഫോര്‍ടിസ് ആശുപത്രിയിലെ ന്യൂറോളജി വകുപ്പ് മേധാവി ഡോ. രാജേഷ് ഗാര്‍ഗ് പറയുന്നതിങ്ങനെ: ഓര്‍മക്കുറവും മറവിയും തന്നെയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണം. ചോദിച്ച ചോദ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിക്കും. സാധാരണ ഉപയോഗിക്കുന്ന വാക്കുകള്‍ മറന്നു പോകും. ചില വാക്കുകള്‍ മാറിപ്പോകും. ഉദാഹരണത്തിന്, മേശയ്ക്കു പകരം ബെഡ് എന്നു പറയും. പതിവായി ചെയ്യുന്ന ജോലികള്‍ തീര്‍ക്കാന്‍ വളരെയധികം സമയം വേണ്ടി വരുന്നു. എടുത്ത സാധനങ്ങള്‍ പതിവു തെറ്റിച്ചു തിരിച്ചുവയ്ക്കും, സാധനങ്ങള്‍ വെയ്‌ക്കേണ്ടിടത്തായിരിക്കില്ല വയ്ക്കുക. സുപരിചിതമായ സ്ഥലത്തേക്കു നടന്നുപോവുകയോ ഡ്രൈവ് ചെയ്യുകയോ ചെയ്യുമ്പോള്‍ വഴിതെറ്റിപ്പോകുന്നു. പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നു മാനസികാവസ്ഥ മാറുന്നു. നമുക്ക് ഓര്‍മക്കുറവുണ്ടാകുന്നതു നിയന്ത്രിക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വൈദ്യശാസ്ത്രത്തില്‍ ഇതു തെളിയിക്കാന്‍ കാരണമൊന്നുമില്ലെങ്കിലും ഒരുപരിധിവരെ വാര്‍ധക്യത്തില്‍ ഓര്‍മക്കുറവുണ്ടാകുന്നതു നിയന്ത്രിക്കാം. പരമാവധി എന്തെങ്കിലും ജോലികളില്‍ വ്യാപൃതനായിരിക്കുക, വെറുതേ മടിപിടിച്ചിരിക്കരുത്. പ്രമേഹം, അമിതരക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയവ കൃത്യമായി പരിശോധിച്ചു നിയന്ത്രിച്ചു നിര്‍ത്തുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക. നല്ല പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഉണക്കിയ പഴവര്‍ഗങ്ങള്‍ തുടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഓര്‍മയെ ബാധിക്കുന്ന മനോസംഘര്‍ഷങ്ങളും ഉത്ക്കണ്ഠയും ഒഴിവാക്കി സന്തോഷകരമായി ജീവിക്കുക. പ്രകൃത്യായുള്ള പോഷകാഹാരങ്ങളാണു അല്‍ഷിമര്‍ രോഗം വരാതിരിക്കാന്‍ പ്രയോജനപ്പെടുന്നത്. പഴങ്ങള്‍, ഫ്രഷായ പച്ചക്കറികള്‍, പ്രോട്ടീനുകള്‍, മിനറലുകള്‍, കൃത്യമായ വൈറ്റമിനുകള്‍ തുടങ്ങിയവയ്ക്കാണു പ്രാധാന്യം കൊടുക്കേണ്ടത്. ഇവ കുറച്ചുകൊണ്ട് കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രോസെസ്ഡ് ഫുഡുകളും മധുരപലഹാരങ്ങളും ഉപയോഗിച്ചാല്‍ ശരീരത്തില്‍ കൂടുതല്‍ വിഷാംശങ്ങളടിയുകയാവും ഫലം. തന്മൂലം തലച്ചോറില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടുകയും നീര്‍ക്കെട്ടും അണുബാധയുമുണ്ടാകാന്‍ ഇടവരികയും ചെയ്യും, ഇതു നമ്മുടെ തിരിച്ചറിയല്‍ ശക്തിയെയാണു ക്ഷയിപ്പിക്കുന്നത്. സൂക്ഷിക്കപ്പെട്ട പാല്‍ക്കട്ടി ശരീരത്തില്‍ പ്രോട്ടീനടിയാന്‍ കാരണമാകും അത് അല്‍ഷീമറിനു നല്ലതല്ല. നൈട്രോസമീന്‍ അടങ്ങിയ പ്രസെര്‍വ് ചെയ്ത മാംസ്യവും കരളില്‍ കൊഴുപ്പുണ്ടാക്കുകയും അതു തലച്ചോറിനെ ബാധിക്കുകയും ചെയ്യും. നൈട്രൈറ്റ് അടങ്ങിയ ബിയര്‍ കഴിക്കുന്നതു അല്‍ഷിമര്‍ രോഗികള്‍ക്കു ദോഷം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. പസ്ത, കേക്കുകള്‍, പഞ്ചസാര, വെള്ളയരി തുടങ്ങിയ വൈറ്റ് ഫുഡുകള്‍ ഇന്‍സുലിന്‍ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവയും പരമാവധി കുറയ്‌ക്കേണ്ടതാണ്. എന്നാല്‍ ഇലക്കറികള്‍, ശീതജലമത്സ്യങ്ങള്‍, കോഫി, ചോക്ലേറ്റ്, വെളിച്ചെണ്ണ തുടങ്ങിയവയൊക്കെ അല്‍ഷിമര്‍ രോഗത്തിനു ദോഷകരമല്ല. ഇഷ്ടം പോലെ വെള്ളം കുടിക്കുക, കൂടുതല്‍ ഉപ്പ് ഉപയോഗിക്കാതിരിക്കുക, മധുരം കുറയ്ക്കുക, കൊഴുപ്പും കൊളസ്‌ട്രോളുണ്ടാക്കുന്നതുമായ മാംസവും വറുത്ത ആഹാരങ്ങളും കുറയ്ക്കുക. കൂടുതല്‍ ദുര്‍മേദസുണ്ടാകാത്ത തരത്തിലുള്ള ഭക്ഷണശീലം പിന്തുടരുക.... ഇതൊക്കെയാണു ഭാവിയില്‍ അല്‍ഷീമര്‍ രോഗം വരാതെ നോക്കാന്‍ പറ്റുന്ന കൊച്ചുകാര്യങ്ങള്‍.

അല്‍ഷിമേഴ്‌സും മറവിരോഗവും തടയാന്‍ കൊക്കോ ചോക്ലേറ്റ്

പ്രായമായവര്‍ക്കിടയില്‍ തലച്ചോറിനുണ്ടാകുന്ന നാശം തടയുന്നതിന് ചോക്‌ലേറ്റിനു സാധിക്കുമെന്നു കണ്ടെത്തി. കൊക്കോയില്‍നിന്നു സംസ്‌കരിച്ചെടുത്തു പ്രത്യേകമായി നിര്‍മിക്കുന്ന ചോക്‌ലേറ്റാണു അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയുമെന്നു പഠനത്തില്‍ പറയുന്നത്. പ്രായമായവര്‍ക്കിടയില്‍ നാഡികോശങ്ങള്‍ക്കുണ്ടാകുന്ന തളര്‍ച്ചയും നാശവും തടയാനും ഇങ്ങനെയുണ്ടാക്കുന്ന ചോക്ക്‌ലേറ്റിനു സാധിക്കുമത്രേ. കൊക്കോയില്‍നിന്നു സംസ്‌കരിച്ചെടുത്തതും വൈദ്യശാസ്ത്രവിധിപ്രകാരമുണ്ടാക്കിയതുമാകണം ചോക്‌ലേറ്റ്. തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ ഇത്തരം ചോക്കലേറ്റിനാവുമത്രേ. വാര്‍ധക്യത്തില്‍ നാഡികള്‍ക്കുണ്ടാകുന്ന നാശവും തകരാറുകളുമാണ് അല്‍ഷീമേഴ്‌സ് രോഗത്തിനും ഡിമെന്‍ഷ്യയെന്ന മറവിരോഗത്തിനും കാരണമാകുന്നത്. ലോകത്തെമ്പാടുമായി 4.4 കോടി പേര്‍ക്കാണ് ഈ രോഗം ബാധിച്ചിട്ടുള്ളത്. സംസ്‌കരിച്ചെടുത്ത കൊക്കോയില്‍ പോളിഫെനോള്‍ അടങ്ങിയിരിക്കും. വാര്‍ധക്യത്തില്‍ ശരീരത്തിനു ഗുണകരമാകുന്ന മൈക്രോന്യൂട്രിയന്‍സ് ഇതിലുണ്ട്. കാര്യങ്ങള്‍ തിരിച്ചറിയാനും ഗ്രഹിക്കാനുമുള്ള ശേഷിക്കു തകരാറുണ്ടാക്കുന്ന വാര്‍ധക്യപ്രശ്‌നങ്ങള്‍ കുറയ്ക്കാനും തലച്ചോറിനെ വാര്‍ധക്യം ബാധിക്കുന്നതു തടയാനും പോളിഫെനോളിനു സാധിക്കും. തലച്ചോറില്‍ വിഷമയമായ പ്രോട്ടീനുകള്‍ അസാധാരണമായി കൂടിച്ചേരുന്നതു തടയാന്‍ കൊക്കോയിലെ പോളിഫെനോളുകള്‍ക്കാവുമത്രേ

കൂടുതല്‍ നേരം ജോലി ചെയ്യുന്നവര്‍ക്കു പക്ഷാഘാത സാധ്യത 33 % കൂടുതല്‍

 

ദീര്‍ഘനേരം തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ക്കു പക്ഷാഘാതം(സ്‌ട്രോക്ക്) വരാനുള്ള സാധ്യത കൂടുതലാണെന്നു പുതിയ പഠനം. ആഴ്ചയില്‍ 55 മണിക്കൂറിലധികം നേരം ജോലി ചെയ്യുന്നവര്‍ക്കു മുപ്പത്തഞ്ചിനും നാല്പതിനുമിടയില്‍ മണിക്കൂര്‍ ജോലി ചെയ്യുന്നവരെ അപേക്ഷിച്ചു പക്ഷാഘാതം വരാനുള്ള സാധ്യത 33 ശതമാനം കൂടുതലാണെന്നു വൈദ്യശാസ്ത്രമാസികയായ ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദമാക്കുന്നു. മാനസികസംഘര്‍ഷം, ശാരീരികമായി അദ്ധ്വാനമില്ലാതെ വരുന്നത്, അമിത മദ്യപാനം എന്നതൊക്കെയാണു പ്രധാനകാരണങ്ങള്‍. 5,28,908 സ്ത്രീപുരുഷന്മാരില്‍ 7.2 വര്‍ഷം നീണ്ട ഗവേഷണങ്ങളാണ് ഇങ്ങനെ വ്യക്തമാക്കുന്നത്. 41-48 മണിക്കൂര്‍ ജോലിയിലേര്‍പ്പെടുന്നവരില്‍ 10 ശതമാനം പക്ഷാഘാതസാധ്യത കൂടുതലുണ്ട്. 49-54 മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്കാകട്ടെ, 27 ശതമാനം സാധ്യത കൂടുതലുണ്ട്. അധികനേരം ജോലി ചെയ്യുന്നവര്‍ക്കു കൊറോണറി ഹൃദ്രോഗമുണ്ടാകാനുള്ള സാധ്യത 13 ശതമാനം കൂടുതലുണ്ട്. ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിന്റെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയുമായി ആറുലക്ഷത്തിലേറെ സ്ത്രീപുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണു ഹൃദ്രോഗവും ജോലിഭാരവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളുള്‍പ്പെടെ സങ്കീര്‍ണമായ പല കാരണങ്ങളും പക്ഷാഘാതത്തിനും ഹൃദ്രോഗത്തിനുമുണ്ട്. എന്നാല്‍ ശരീരത്തിനു വ്യായാമമില്ലാത്ത അവസ്ഥയും അമിതമദ്യപാനവും മാനസികസംഘര്‍ഷവും രോഗസാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. വികസിതരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരുള്ളത് ടര്‍ക്കിയിലാണ്. അവിടെ അമ്പതു മണിക്കൂറിലേറെ ജോലി ചെയ്യുന്നതു 43 ശതമാനം പേരാണ്. ഏറ്റവും കുറവുള്ളത് നെതര്‍ലാന്‍ഡ്‌സും- ഒരു ശതമാനത്തില്‍ താഴെ.

മരിച്ചാലുടനെ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നത്...

 

മരിച്ചുകഴിഞ്ഞാലുടനേ നമ്മുടെ ശരീരത്തിന് എന്തുസംഭവിക്കുമെന്ന് അറിയാനാഗ്രഹമില്ലേ? മരണം അനിവാര്യവും അതോടൊപ്പം ഭ്രമിപ്പിക്കുന്നതുമാണെന്നു ചിന്തിക്കുന്നവര്‍ ഇതു കൂടി അറിയുക. മരിച്ചാലുടനേ നമ്മുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെപ്പറ്റി കൃത്യമായി പറയാനാവുന്നവര്‍ ദിനേന അതുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍തന്നെയാകും. പതോളജി എക്‌സ്‌പേര്‍ട്ട് കമ്പനിയുടെ സിഇഒയും സാന്‍ഫ്രാന്‍സിസ്‌കോയിലെ ഫോറന്‍സിക് പതോളജിസ്റ്റുമായ ഡോ. ജൂഡി മെലിനിക് 2500 ലേറെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുള്ള അനുഭവങ്ങളില്‍നിന്നു പറയുന്നതു വായിക്കുക. നിങ്ങള്‍ മരിച്ചാലുടനെ സംഭവിക്കുന്നതു നിങ്ങളുടെ ഹൃദയമിടിപ്പ് നിലയ്ക്കുമെന്നതാണ്. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനം സ്തംഭിക്കും. അതോടെ രക്തത്തിന്റെ ഓട്ടവും അവസാനിക്കും. നിങ്ങളുടെ ശരീരം കിടക്കുന്ന തറയുമായി ബന്ധപ്പെടുന്ന ശരീരഭാഗങ്ങളില്‍ രക്തം തളം കെട്ടും. രക്തം കരുവാളിച്ച അവസ്ഥയിലാകും. രക്തമൊഴുക്ക് പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ ഓക്‌സിജന്‍ കിട്ടാതെ ശരീരത്തിലെ കലകളും കോശങ്ങളും പരിണാമത്തിനു വിധേയമാകാതെ നിര്‍ജീവമാകും. കണ്ണുകള്‍ അനന്തവിഹായസിലേക്ക്, പേശികള്‍ വിറങ്ങലിക്കുകയും പിന്നെ രണ്ടുമുതല്‍ ആറുവരെ മണിക്കൂറിനുള്ളില്‍ ദൃഢമാകുകയും ചെയ്യും. ശരീരത്തിന്റെ ഊഷ്മാവ് അന്തരീക്ഷോഷ്മാവിലേക്കു താഴും. തുടര്‍ന്ന് നിങ്ങളുടെ കുടലില്‍നിന്നും ശ്വാസനാളത്തിന്റെ മുകള്‍ഭാഗത്തുനിന്നും ബാക്ടീരിയകള്‍ രക്തക്കുഴലുകളിലേക്കു കടക്കും. അതോടെ ശരീരം അഴുകാന്‍ തുടങ്ങും. ശരീരത്തിലെ സെല്ലുലാര്‍ എന്‍സൈമുകള്‍ കോശങ്ങളെ നശിപ്പിക്കാനാരംഭിക്കും. ഓട്ടോലൈസിസ് എന്നാണ് ഇതറിയപ്പെടുക. ഇതിനൊക്കെ അതിന്റേതായ സമയമെടുക്കും, പല സാഹചര്യവും കാലാവസ്ഥയുമനുസരിച്ചു സമയത്തില്‍ വ്യത്യാസം വരാം. ഇതൊക്കെ നമ്മുടെ ജീവിതവൃത്തത്തിന്റെ ഓരോ അനിവാര്യഘട്ടങ്ങളാണ്. നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതൊക്കെ അതിന്റെ വഴിക്കു നടന്നോളും.

മൊബൈല്‍ ഉപയോഗം കാന്‍സറുണ്ടാക്കുമോ? തെളിവായില്ല, പക്ഷേ സാധ്യതയുണ്ട്

 

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്നു പറയുന്നതു വെറും 'കോര്‍പറേറ്റ് താത്പര്യമാ'ണോ ? ചിലര്‍ പറയും മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദോഷം മനസിലാക്കാന്‍ സമയമായിട്ടില്ല, മൊബൈല്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടു 10-15 വര്‍ഷമല്ലേയായുള്ളൂവെന്ന്. എന്നാല്‍ മൊബൈല്‍ നമ്മുടെ ആരോഗ്യത്തിനു ഹാനികരമാണെന്നാണു പുതിയ പഠനം. ഫോണുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവ പോലുള്ള വയര്‍ലെസ് ഉപകരണങ്ങളില്‍നിന്നുള്ള റേഡിയേഷന്‍ ഒട്ടനവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമത്രേ. കാന്‍സര്‍ മുതല്‍ തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ് , അല്‍ഷീമര്‍ രോഗം വരെ ഇതില്‍പ്പെടും. റേഡിയേഷന്‍ മൂലം നമ്മുടെ ശരീരത്തില്‍ പലതരം അസന്തുലിതാവസ്ഥയും ഓക്‌സിഡേറ്റീവ് പ്രശ്‌നങ്ങളുമുണ്ടാക്കുന്നതാണ് കാരണം. പല ഗുരുതര-മാരകരോഗങ്ങളുമായി ബന്ധമുള്ള കോശ നശീകരണപ്രക്രിയയെയാണ് ഓക്‌സിഡേറ്റീവ് എന്നു പറയുന്നത്. ജീവനുള്ള കോശങ്ങളില്‍ റേഡിയോ ഫ്രിക്വന്‍സി റേഡിയേഷനുണ്ടാക്കുന്ന ചലനങ്ങള്‍ പുതിയ പഠനത്തിനു വിധേയമാക്കിയതോടെ മൊബൈല്‍ ഫോണുകള്‍ ഒരു വ്യക്തിയുടെ ഡിഎന്‍എ വരെ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നു കണ്ടെത്തി. ഇതു കാന്‍സര്‍ സാധ്യത കൂട്ടുകയും ചെയ്യും. തലവേദന, തളര്‍ച്ച, ത്വക്ക് രോഗങ്ങള്‍ എന്നിങ്ങനെയുള്ള നിസാരപ്രശ്‌നങ്ങള്‍ വേറേയും. യുക്രെയ്‌നിലെ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിലുള്ള ഡോ. ഇഗോള്‍ യാകിമെന്‍കോയാണ് ഇതുസംബന്ധിച്ചു കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. പ്രതിദിനം 20 മിനിട്ട് മൊബൈലില്‍ സംസാരിക്കുന്നയാള്‍ അഞ്ചു വര്‍ഷം അങ്ങനെ സംസാരിക്കുന്നുണ്ടെങ്കില്‍ പ്രത്യേകതരം ബ്രെയിന്‍ ട്യൂമറുണ്ടാവാനുള്ള സാധ്യത മൂന്നിരട്ടിയാണത്രേ. ഒരുമണിക്കൂര്‍വച്ചു നാലു വര്‍ഷം സംസാരിക്കുന്നവര്‍ക്ക് മറ്റു ടൂമറുകളുണ്ടാവാനുള്ള സാധ്യത 3-5 ഇരട്ടിയും. മൊബൈല്‍ ഉപയോഗം മൂലമുള്ള കാന്‍സര്‍സാധ്യതയ്ക്ക് അപൂര്‍വസാധ്യതയേയുള്ളൂവെങ്കില്‍കൂടി ദശാബ്ദങ്ങള്‍ക്കുശേഷമാവാം ഇതിന്റെ ദോഷങ്ങള്‍ നമ്മുടെ ശരീരത്തെ ബാധിച്ചതായി നമുക്കു ബോധ്യമാവുന്നതും കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുവരുന്നതും. അതുകൊണ്ടുതന്നെ മൊബൈലിനെ പരമാവധി തലയില്‍നിന്നകറ്റി നിര്‍ത്താനാണ് പല ഡോക്ടര്‍മാരും ഉപദേശിക്കുക. ബ്രസീല്‍, ഫിന്‍ലാന്‍ഡ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്നാണ് ഇദ്ദേഹം ഇതുസംബന്ധിച്ച പഠനം നടത്തിയത്. കഴിഞ്ഞ 15 വര്‍ഷമായി ശാസ്ത്രലോകം നടത്തിയ പഠനങ്ങള്‍ മൊബൈലുപയോഗവും കാന്‍സറും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായ നിഗമനങ്ങളിലെത്തിച്ചില്ലെങ്കിലും ദീര്‍ഘനാളത്തെ ഉപയോഗം മൂലം ഗ്ലിയോമ എന്നയിനം ബ്രെയിന്‍ കാന്‍സറിനു കാരണമാകുന്നതായി സൂചന നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗികനിലപാടു പ്രകാരം മൊബൈലിലെ റേഡിയോ ഫ്രിക്വന്‍സി മൈക്രോവേവ് റേഡിയേഷന്‍ മനുഷ്യരില്‍ കാന്‍സര്‍സാധ്യതയുണ്ടാക്കുമെന്നു തന്നെയാണ്. 2011-ല്‍ കാന്‍സര്‍ ഗവേഷണം സംബന്ധിച്ച അന്താരാഷ്ട്ര ഏജന്‍സി മൊബൈലിനെ കാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന ഘടകങ്ങളുടെ പട്ടികയില്‍ ആദ്യമായി പെടുത്തിയിട്ടുണ്ട്. മൊബൈലുകള്‍ കാന്‍സര്‍ ഉണ്ടാക്കുമെന്നു ഏജന്‍സിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും അതുസംബന്ധിച്ച് ഒരു അനുമാനത്തിലെത്താന്‍ തെളിവുകളൊന്നുമായിട്ടുമില്ല. അതേസമയം, ബ്രിട്ടണിലെ കാന്‍സര്‍ റിസേര്‍ച്ചിനെ സംബന്ധിച്ചിടത്തോളം മൊബൈല്‍ ഉപയോഗം കൊണ്ടു തലയ്ക്കുള്ള കാന്‍സര്‍ മാത്രമല്ല ഒരുതരത്തിലുമുള്ള കാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. എന്നാല്‍ പൂര്‍ണമായി സാധ്യത തള്ളിക്കളയുന്നുമില്ല. ഫ്രഞ്ച് ഗവേഷകര്‍ പറയുന്നത്, ഓരോ മാസവും 15 മണിക്കൂറിലേറെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലീയോമയും മെനിന്‍ജിയോമയും പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 2-3 ഇരട്ടിയാണത്രേ.

രണ്ടു മണിക്കൂര്‍ ഇരുപ്പ് കുറയ്്ക്കാം, നില്ക്കുകയോ നടക്കുകയോ ചെയ്യുക, മൂന്നിഞ്ചു കുടവയര്‍ കുറയും

പ്രതിദിനം രണ്ടു മണിക്കൂര്‍ ഇരുപ്പ് കുറയ്ക്കാമെങ്കില്‍ നിങ്ങളുടെ വയര്‍ മൂന്നിഞ്ചു കുറയ്ക്കാനാവും. സോഫയില്‍ സുഖിച്ചുള്ള ഇരുപ്പിനു പകരം നിങ്ങള്‍ സ്വന്തം കാലില്‍നിന്നാലും കുടവയര്‍ കുറഞ്ഞുകിട്ടും. വെറുതേ വീടിനകത്തുകൂടി നടക്കുകയോ ചുറ്റിത്തിരിയുകയോ ചെയ്‌തോളൂ. നിങ്ങളുടെ വയറും വയറിനു ചുറ്റുപാടും കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സ്ഥിരമായുള്ള ഇരുത്തമാണ് കുറയ്‌ക്കേണ്ടത്. ഇരുപ്പ് ഏറ്റവും കുറയ്ക്കുകയും കൂടുതല്‍ സമയം 'സ്വന്തം കാലിലാകുകയും' ചെയ്യുന്നവര്‍ മെലിഞ്ഞവരാകുകയും കൂടുതല്‍ ആരോഗ്യമുള്ളവരാകുകയും ചെയ്യുന്നുവെന്നാണ് പഠനം. മാത്രമല്ല, ഹൃദ്രോഗവും പ്രമേഹവുമുണ്ടാകാനുള്ള സാധ്യത കുറവുമാണ്. ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് യുണിവേഴ്‌സിറ്റിയിലെ വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ കൂടുതല്‍ സമയം നില്‍ക്കുന്നവരില്‍ ബ്ലഡ് ഷുഗര്‍, കൊളസ്‌ട്രോള്‍, രക്തത്തില്‍ കുറഞ്ഞ കൊഴുപ്പ് എന്നിവയുള്ളതായി കണ്ടെത്തി. 782 പേരില്‍ ഒരാഴ്ച നടത്തിയ പഠനമാണ് ഈ കണ്ടെത്തലിനു സഹായിച്ചത്. ഉണര്‍ന്നിരിക്കുന്ന സമയത്തിന്റെ 60 ശതമാനവും കസേരയിലിരിക്കുന്നവരിലും രണ്ടു മണിക്കൂര്‍ കുറച്ചിരിക്കുന്നവരിലും നല്ല വ്യത്യാസങ്ങളാണു കാണുന്നത്. കൂടുതലായി രണ്ടു മണിക്കൂര്‍ നടക്കുന്നവരില്‍ ശരാശരി 7.5 സെന്റീമീറ്റര്‍ വയര്‍ കുറവായിരിക്കും. അതുകൊണ്ട് ഓഫീസില്‍ കംപ്യൂട്ടറിനു മുന്നില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ എണീറ്റ് നടക്കാന്‍ശ്രമിക്കുക. ഇരിപ്പു കുറയ്ക്കുക. നില്ക്കുകയും നടക്കുകയും ചെയ്യുക- ആരോഗ്യമുള്ള ശരീരത്തിന് ആദ്യം ചെയ്യേണ്ട കാര്യമാണിത്.

ശക്തമായി പല്ലുതേക്കരുത്, ഉടന്‍ വെള്ളമൊഴിച്ചു കുലുക്കുഴിയരുത്...ബ്രഷിംഗില്‍ ശ്രദ്ധിക്കാനുണ്ടേറെ

 

തെറ്റാണു ചെയ്യുന്നതെന്നറിയാതെ പതിവായി തെറ്റിച്ചു ചെയ്യുന്ന ദിനചര്യയാണു ബ്രഷു കൊണ്ടുള്ള പല്ലുതേക്കല്‍. പലര്‍ക്കും അറിയില്ല താന്‍ പല്ലുതേക്കുന്നതു ശരിയായ വിധത്തിലാണോയെന്ന്. ഒരു ദിവസം പോലും മുടങ്ങാതെ പ്രഭാതത്തില്‍ ചെയ്യുന്ന ദിനചര്യയില്‍ എന്തൊക്കെ തെറ്റുണ്ടെന്നു വിദഗ്ധരുടെ അഭിപ്രായം നോക്കാം. 1. ബ്രഷു ചെയ്താല്‍ ഉടന്‍തന്നെ വായില്‍ വെള്ളമൊഴിച്ചു കുലുക്കുഴിയുന്ന പരിപാടി ശരിയല്ലെന്നാണു വിദഗ്ധാഭിപ്രായം. ബ്രഷു ചെയ്താലുടന്‍തന്നെ വായുടെ പഴയ സ്ഥിതി തിരിച്ചു വരണമെന്നാണു നമ്മുടെ ആഗ്രഹം. എന്നാല്‍ അരമണിക്കൂര്‍നേരം പേസ്റ്റിലെ ഫ്‌ളൂറൈഡ് അംശം അല്പമെങ്കിലും വായില്‍ തുടരുന്നതാണേ്രത നല്ലത്. അതുകൊണ്ടു വെള്ളം റിന്‍സ് ചെയ്യാതെ പേസ്റ്റ് തുപ്പിക്കളയാം. 2 രാവിലെ എണീറ്റയുടനേയുള്ള നമ്മുടെ ആദ്യപരിപാടി ബ്രഷ് ചെയ്യലാണെങ്കിലും ഭക്ഷണം കഴിഞ്ഞു 30 മിനിട്ടു കഴിഞ്ഞു ബ്രഷ് ചെയ്യുന്നതാണു പല്ലിന്റെ ആരോഗ്യത്തിനു നല്ലതെന്നാണ് ബ്രിട്ടണിലെ പ്രമുഖ ദന്തിസ്റ്റായ ഡോ. മൈക്കിള്‍ ടാം പറയുന്നത്. ഭക്ഷണവും ഓറഞ്ച് ജൂസ് പോലുള്ള അസിഡിക് ഡ്രിങ്കുകളും പല്ലുകളുടെ ഇനാമെലിനെ മാര്‍ദവമുള്ളതാക്കും. കൂടുതല്‍ നേരം അതു വായിലുളളതും ശരിയല്ല. 3. ബ്രഷുകൊണ്ടു ശക്തമായി പല്ലുതേക്കുന്നതു വളരെ തെറ്റാണെന്നു മലയാളികള്‍ക്കറിയില്ല. ഏറ്റവും ശക്തമായി തേയ്ക്കുന്തോറും പല്ലുകള്‍ കൂടുതല്‍ വൃത്തിയാകുമെന്നാണു നമ്മുടെ ധാരണ. എന്നാല്‍ വളരെ സോഫ്റ്റായ രോമങ്ങളുള്ള ബ്രഷുപയോഗിച്ചു വളരെ മാര്‍ദവത്തോടെ മാത്രമേ തേക്കാവൂ. അല്ലെങ്കില്‍ പല്ലുകള്‍ക്കു തേയ്മാനവും കേടും വരും. മുതിര്‍ന്ന പലരുടെയും പല്ലുകള്‍ കേടുവരാന്‍ കാരണം ഇങ്ങനെയുള്ള ശക്തമായ ബ്രഷിംഗുണ്ടാക്കുന്ന തേയ്മാനമാണ്. 4. ഒരാളുടെ ശരാശരി ബ്രഷിംഗ് സമയം രണ്ടുമിനിട്ടാണ്. വിദഗ്ധരുടെ അഭിപ്രായം ബ്രഷ് ചെയ്യുന്ന സമയം രണ്ടുമിനിട്ടില്‍ കുറയരുതെന്നാണ്. രണ്ടുമിനിട്ടില്‍ കുറഞ്ഞ സമയമാണ് പല്ലുതേക്കുന്നതെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങളും പല്ലിലെ കറയുമൊക്കെ പൂര്‍ണമായി പല്ലില്‍നിന്നു പോകണമെന്നില്ല. കുറഞ്ഞസമയം മാത്രമെടുത്തു ശക്തമായി ബ്രഷ് ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്നര്‍ത്ഥം. തിടുക്കപ്പെടാതെ വളരെ സാവധാനം വേണം ഈ ദിനചര്യ. 5 ഇടനേരങ്ങളില്‍ സ്‌നാക്‌സ് കഴിച്ചുകൊണ്ടിരിക്കുന്ന പരിപാടി അമിതമായാല്‍ പല്ലുകള്‍ക്കാപത്താണ്. അങ്ങനെയുള്ളവരില്‍ ബ്രഷിംഗ്‌സമയത്തു പല്ലുകള്‍ക്കു നാശമുണ്ടാകും. സാധാരണ നമ്മുടെ വായില്‍ പിഎച് ലെവല്‍ ന്യൂട്രലായിരിക്കും. ഇടനേരങ്ങളില്‍ സ്‌നാക്‌സ് കഴിക്കുന്നവരില്‍ പിഎച് ലെവല്‍ താഴും. അതോടെ വായ്ക്കകത്തെ അസിഡിക് ഘടകം പല്ലിന്റെ ഇനാമെലിനെ ദോഷകരമായി ബാധിക്കും. 6. ബ്രഷ് ചെയ്യുമ്പോള്‍ ടാപ്പില്‍നിന്നുള്ള വെള്ളമുപയോഗിക്കുന്നതാണ് നല്ലത്. കാരണം, ടാപ് വെള്ളത്തില്‍ ഫ്‌ളൂറൈഡുണ്ടാവും. ഫില്‍റ്റേര്‍ഡ് ജലത്തില്‍ മിനറലുകള്‍ നഷ്ടപ്പെട്ടിരിക്കും. ഫ്‌ളൂറൈഡ് അടങ്ങിയ ജലം പല്ലുകളുടെ ആരോഗ്യത്തിനു നല്ലതാണ്. 7. നല്ല വെളുത്ത ചിരിക്കുവേണ്ടി പല്ലിന്റെ മുന്‍ഭാഗത്താണു ബ്രഷ് ചെയ്യുമ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുക. പല്ലിന്റെ പിന്‍ഭാഗം അവഗണിക്കുകയുംചെയ്യും. അവിടെ മാലിന്യമടിഞ്ഞു കട്ടയാകുന്നു(പ്ലാക്). അതുകൊണ്ടു ബ്രഷ് ചെയ്യുമ്പോള്‍ പല്ലിന്റെ മുമ്പും പുറകും വശങ്ങളും ബ്രഷ് ചെയ്യാന്‍ ശ്രദ്ധിക്കുക.

അമിതഭക്ഷണത്തിനും ആര്‍ത്തിക്കും പിന്നില്‍ ഹോര്‍മോണ്‍

എത്ര കഴിച്ചാലും മതിയാകാതെ വരിക, വിശപ്പു മാറിയാലും ഭക്ഷണത്തോട്, പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ ആഹാരത്തോട് ആര്‍ത്തിയുണ്ടാകുക തുടങ്ങിയവയ്ക്കു പ്രധാനകാരണം നമ്മുടെ പ്രത്യേക ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥയാണെന്നു പുതിയ പഠനം. ഇതു സംബന്ധിച്ചു വിശദീകരിക്കുന്ന സെല്‍ റിപ്പോര്‍ട്ട്‌സ് എന്ന പ്രിസിദ്ധീകരണത്തില്‍ പറയുന്നതു നമ്മുടെ കേന്ദ്ര നാഡീവ്യവസ്ഥയില്‍ ഗ്ലൂക്കാജൊന്‍ ലൈക് പെപ്‌റ്റൈഡ്-1( ജിഎല്‍പി-1 )എന്ന ഹോര്‍മോണ്‍ കുറഞ്ഞാല്‍ നാം അമിതഭക്ഷണം കഴിക്കുമെന്നാണ്. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ ഹോര്‍മോണ്‍ കുറഞ്ഞപ്പോള്‍ അവ അമിതമായി ഭക്ഷണം കഴിച്ചതായി കണ്ടെത്തി. എലികളില്‍ അവ കൂടുതല്‍ നല്‍കിയപ്പോള്‍ വളരെ കുറവ് ഭക്ഷണമേ അകത്താക്കിയുള്ളൂ. അതായത് ജിഎല്‍പി-1 ഹോര്‍മോണിന്റെ കൂടുതലും കുറവുമനുസരിച്ച് ഭക്ഷണത്തോടും കൊഴുപ്പടങ്ങിയ ആഹാരത്തോടും ആകര്‍ഷണത്വം കൂടിയും കുറഞ്ഞുമിരുന്നു. ശരീരത്തിന്റെ ആഹാരനിയന്ത്രണവ്യവസ്ഥകളെ നിയന്ത്രിക്കുന്ന അമിനോആസിഡുകളടങ്ങിയതാണ് ജിഎല്‍പി-1 ഹോര്‍മോണ്‍. ചെറുകുടലിലും തലച്ചോറിലുമുള്ള കോശങ്ങളില്‍നിന്നു സ്രവിക്കുന്ന ഈ ഹോര്‍മോണ്‍ ആണ് നമ്മുടെ വയര്‍നിറയുമ്പോള്‍ അക്കാര്യം നമ്മെ അറിയിക്കുന്നത്. ഇത്രയും നാള്‍ ഇക്കാര്യം അജ്ഞാതമായിരുന്നു. തലച്ചോറില്‍നിന്നും സ്രവിക്കുന്ന ജിഎല്‍പി-1 ആണു നമ്മുടെ വിശപ്പിനെ നിയന്ത്രിക്കുന്നതെന്നു പുതിയ പഠനത്തിലാണു വ്യക്തമായത്. ഈ ഹോര്‍മോണുകളെ സജീവമാക്കി ആഹരിക്കുന്നതിന്റെ ഏറ്റക്കുറച്ചില്‍ നിയന്ത്രിക്കാനാവുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. ജിഎല്‍പി-1 കൂടുതല്‍ കൊടുത്തുകഴിഞ്ഞാല്‍ ശരീരത്തിനു കൊഴുപ്പു കൂടുതല്‍ നല്‍കുന്ന ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനാവുമെന്നു ചുരുക്കം. നമ്മുടെ കേന്ദ്രനാഡീവ്യൂഹമാണ് നമ്മള്‍ എത്രമാത്രം കഴിക്കണം, എപ്പോള്‍ ഭക്ഷണം നിര്‍ത്തണം എന്നതൊക്കെ നിയന്ത്രിക്കുന്നത്. ജിഎല്‍പി-1 ഹോര്‍മോണിന്റെ ദൗത്യവും പ്രയോഗവും സംബന്ധിച്ച പഠനം ഭാവിയില്‍ അമിതവണ്ണത്തിനും തന്മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു ഗവേഷകര്‍.

പനി, ജലദോഷം മൂക്കൊലിപ്പ്... വീട്ടില്‍ത്തന്നെയുണു പൊടിക്കൈകള്‍

മഴക്കാലമാകുമ്പോള്‍ പനി, തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ് തുടങ്ങിയവ അനുഭവിക്കാത്തവരുണ്ടാവാറില്ല. ആശുപത്രികളില്‍ പോയാല്‍ ഒരു കെട്ടു മരുന്നു തരും. അക്കൂടെ ആന്റി ബയോട്ടിക് ഉറപ്പ്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന ഒരുമാതിരിപ്പെട്ട പനിക്കും ജലദോഷത്തിനും നമുക്കു വീട്ടില്‍ത്തന്നെ ചികത്സിക്കാവുന്നതാണ്. 1 ആവി കൊള്ളുക. ഇത്രയും ഫലപ്രദമായ മറ്റൊരു കാര്യമില്ല. മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയവയ്ക്ക് ഉത്തമമാര്‍ഗം. വലിയൊരു പാത്രത്തില്‍ വെള്ളം നന്നായി ചൂടാക്കി ബാത് റൂമില്‍ വച്ച് അതിന്റെ ചൂടു നീരാവി കുട്ടികളെക്കൊണ്ടു മൂക്കില്‍ കൂടി വലിപ്പിക്കുക . 15-20 മിനിട്ട് ചൂട് ആവി കൊള്ളണം. യൂക്കാലിപ്ടസ് ഓയില്‍ അതിലൊഴിക്കുന്നതും നല്ലതാണ്. 2. ദിവസം രണ്ടു മൂന്നു തവണ തേന്‍ സേവിക്കുന്നതും നല്ലതാണ്. അഞ്ചു വയസിനു മുകളിലുള്ള കുട്ടിയാണെങ്കില്‍ തേനില്‍ കറുവപ്പട്ടയുടെ പൊടി തേര്‍ക്കുന്നതും നല്ലതാണ്. 3. തുളസിയിലയിട്ടു വെള്ളം തിളപ്പിച്ചു കഴിക്കുന്നതു ചുമ കുറയ്ക്കും. നെഞ്ചിലുണ്ടാകുന്ന കുത്തലും മാറും 4. രണ്ടു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ നെഞ്ചില്‍ തടവുന്നതു നല്ലതാണ്. കടുകെണ്ണയില്‍ വെളുത്തുള്ളി ചേര്‍ത്തു കുഞ്ഞിന്റെ നെഞ്ചിലും പുറംഭാഗത്തും കഴുത്തിലും തടവുക. കടുകെണ്ണ കുഞ്ഞിന്റെ കൈപ്പത്തിയിലും കാല്പാദത്തിലും നന്നായി തേയ്ക്കുന്നതും ആശ്വാസമുണ്ടാക്കും. 5. കുഞ്ഞിന്റെ ശരീരത്തില്‍ ജലാംശം കുറയാന്‍ യാതൊരു കാരണവശാലും അവസരമുണ്ടാക്കരുത്. തുമ്മലും ചീറ്റലും ചുമയും അടിക്കടിയുണ്ടാകുമ്പോള്‍ ജലാംശം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു ഇടയ്ക്കിടെ ശുദ്ധജലം നല്കിക്കൊണ്ടിരിക്കണം. തൊണ്ടയിലുണ്ടാകുന്ന നീര്‍ക്കെട്ട്, സാധാരണ ജലദോഷം, അണുബാധ എന്നിവയില്ലാതാക്കാന്‍ ശുദ്ധജലം ഇടവിട്ടു നല്കണം. മറ്റു പഴച്ചാറുകള്‍ നല്കുന്നതും നല്ലതാണ്, ഊര്‍ജം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും. ഫ്രിഡ്ജില്‍ വച്ചതോ തണുത്തതോ പഴകിയ പഴങ്ങളോ ആവരുത്. 6. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പിട്ടു ചെറുതായി ചൂടാക്കി വായില്‍ കൊള്ളണം തൊണ്ട വരെയെത്തക്കവണ്ണം പ്രതിദിനം രണ്ടു തവണ വീതം ഗാര്‍ഗിള്‍ ചെയ്യണം. ഉപ്പുവെള്ളം വേദനയില്ലാതാക്കും. 7. വൈറല്‍ ബാധയ്‌ക്കെതിരായ ഏറ്റവും ഫലപ്രദമായ വസ്തുവാണ് മഞ്ഞള്‍. ചുമ, ജലദോഷം എന്നിവയ്‌ക്കെതിരേ മഞ്ഞളിന്റെ ആന്റിസെപ്റ്റിക് പ്രവര്‍ത്തനം ഫലപ്രദമാണ്. ചെറിയതോതില്‍ ചൂടായ പാലില്‍ മഞ്ഞള്‍പൊടി ചേര്‍ത്തു എല്ലാദിവസവും രാത്രി കുഞ്ഞുങ്ങള്‍ക്കു കുടിക്കാന്‍ കൊടുക്കുക. തൊണ്ടവേദനയ്ക്കും മൂക്കൊലിപ്പിനും അപ്പോള്‍ത്തന്നെ ശമനമുണ്ടാകും. പാലില്‍ കാല്‍സ്യമുള്ളതിനാല്‍ കുഞ്ഞിന് ശരിയായ ഊര്‍ജവും ലഭിക്കും.

വേദനാസംഹാരികള്‍ സ്വയം കഴിക്കുമ്പോള്‍ സൂക്ഷിക്കുക, ഹൃദയ-പക്ഷാഘാതസാധ്യത കൂടുതല്‍

വേദനാസംഹാരികള്‍ കഴിക്കുന്നതു പലപ്പോഴും ദോഷം ചെയ്യാറുണ്ട്. ചിലപ്പോള്‍ ദോഷം മാരകമായ തോതിലായിരിക്കും. പ്രമേഹം, അമിതരക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ വൃക്കരോഗം തുടങ്ങിയവയുള്ളവരാണെങ്കില്‍ അവര്‍ വേദനാസംഹാരികള്‍ ഉപയോഗിച്ചാല്‍ ഹൃദയാഘാതവും പക്ഷാഘാതവുമുണ്ടാകാനുള്ള സാധ്യതയുണ്ടത്രേ. ഇന്ത്യയിലെവിടെച്ചെന്നാലും മെഡിക്കല്‍ ഷോപ്പുകളില്‍നിന്നു നേരിട്ടു ലഭ്യമാകുന്ന വേദനാസംഹാരികളും, പനിയും ശരീരത്തിലെ ചൂടും കുറയ്ക്കുന്ന മരുന്നുകളും നാം പ്രത്യേകിച്ചാരുടെയും ഉപദേശം കൂടാതെ കഴിക്കാറുണ്ട്. എന്നാല്‍ മുന്‍പറഞ്ഞ രോഗികള്‍ അവ ഉപയോഗിക്കുന്നതു സൂക്ഷിച്ചു വേണമെന്നു അമേരിക്കയിലെ മരുന്നു നിയന്ത്രണവകുപ്പ് വ്യക്തമാക്കുന്നു. ഇതു പലപ്പോഴും മരണത്തിനു വരെ കാരണമാകുമെന്നാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കഴിഞ്ഞ പത്തു വര്‍ഷമായി നടത്തിയ ഗവേഷണത്തിലൂടെയാണ് അവര്‍ ഈ മുന്നറിയിപ്പ് നല്‍കുന്നത്. വേദനാസംഹാരികളായ അനാള്‍ജെസിക് മരുന്നുകളും പനി കുറയ്ക്കാനുപയോഗിക്കുന്ന ആന്റി പൈററ്റിക് മരുന്നുകളുമടങ്ങിയ, നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ലമേറ്ററി മരുന്നുകള്‍( എന്‍ എസ് എ ഐ ഡി എസ്) എന്ന വിഭാഗത്തില്‍പ്പെട്ടവ ഹൃദയാഘാതത്തിനു കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇത്തരം മരുന്നുകളുപയോഗിച്ചവര്‍ക്ക് ആദ്യ ആഴ്ചയില്‍ത്തന്നെ ഹൃദയാഘാതമുണ്ടാകുന്നതായി കണ്ടിട്ടുണ്ട്. ദീര്‍ഘകാലം ഉപയോഗിക്കുന്നവരില്‍ വളരെക്കൂടുതല്‍ അപകടസാധ്യതയുണ്ടെന്നു അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ് ഡി എ) വ്യക്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇത്തരം മരുന്നുകള്‍ ബ്രുഫെന്‍, വൊവറാന്‍, മെഫ്താള്‍ ഫോര്‍ട്ട് തുടങ്ങിയവയാണ്. ഇവയൊക്കെ ഏറ്റവുമെളുപ്പത്തില്‍ ലഭ്യമാകുന്നവയും സ്വയം ചികിത്സയായി മിക്കവരും ഉപയോഗിക്കുന്നവയുമാണ്. ഡോക്ടര്‍മാര്‍ പോലും സൂക്ഷിച്ചു കുറിക്കേണ്ടവയാണെന്നാണ് എഫ് ഡി എ അഭിപ്രായപ്പെടുന്നത്. ഇത്തരം മരുന്നുകള്‍ കഴിച്ചശേഷം നെഞ്ചുവേദനയോ ശ്വാസം മുട്ടലോ ശരീരത്തിന്റെ ഒരുവശത്തു തളര്‍ച്ചയോ സംസാരത്തില്‍ ഇടര്‍ച്ചയോ ഒക്കെയുണ്ടാവുന്നുണ്ടെങ്കില്‍ അടിയന്തരമായി ഡോക്ടറെ കാണേണ്ടതാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. രക്തസമ്മര്‍ദം, പ്രമേഹം, വൃക്കരോഗം തുടങ്ങിയ രോഗങ്ങളില്ലാത്തവര്‍ക്കും ഇത്തരം മരുന്നുകള്‍ മൂലം ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള നേരിയ സാധ്യതയുണ്ടത്രേ.

നിസാരമെന്നു കരുതി ചില വേദനകളെ അവഗണിക്കരുത്

 

ശരീരത്തില്‍ വേദനയുണ്ടാകുമ്പോള്‍ നാം ആദ്യം ഭയപ്പെടും. പിന്നെ അതു സ്വയം മാറുമെന്നു കരുതി കാത്തിരിക്കും. ചിലര്‍ സ്വാഭാവികമായുണ്ടാകുന്നതാണെന്നു കരുതി ഏതു വേദനയും അവഗണിക്കാന്‍ ശ്രമിക്കും, ഡോക്ടറെ കാണാനും ആശുപത്രിയില്‍ പോകാനുമൊക്കെയുള്ള ബുദ്ധിമുട്ടോര്‍ത്ത്. ഒട്ടുമിക്ക വേദനകളും തനിയെ മാറുന്നതായിരിക്കും. ഡോക്ടറുടെ അടുത്തുചെല്ലുമ്പോള്‍ നിസാരമെന്നു കരുതി വേദനാസംഹാരി തന്നുവിടും. അതു കഴിക്കുന്നതോടെ മിക്കവേദനകളും പറപറക്കും. അങ്ങനെ മാറുന്നതാണെന്നു കരുതി പലരും ഡോക്ടറെ കാണാന്‍ മെനക്കെടാതെ കുറെനാള്‍ വേദന സഹിച്ചെന്നും വരും. എന്നാല്‍ എല്ലാ വേദനകളും അങ്ങനെയാകണമെന്നില്ല. ചില വേദനകള്‍ സൂക്ഷിക്കേണ്ടതുണ്ട്. കൃത്യസമയത്തുതന്നെ രോഗം നിര്‍ണയിക്കാനായാല്‍ കൃത്യമായി ചികിത്സിച്ചു ഭേദപ്പെടുത്താനായെന്നു വരും. സൂക്ഷിക്കേണ്ടതും അവഗണിക്കാന്‍ പാടില്ലാത്തതുമായ ചില വേദനകളാണു താഴെ കൊടുക്കുന്നത്. നെഞ്ചുവേദന: മിക്കവാറും നെഞ്ചുവേദനകള്‍ക്കു കാരണം ദഹനപ്രശ്‌നം, ഗ്യാസ് പ്രശ്‌നം, മാനസികസമ്മര്‍ദം, പനി, ജലദോഷം, മറ്റു ശരീരവേദനകള്‍ എന്നിവയൊക്കെയാകാം. എന്നാല്‍ നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുത്. പലപ്പോഴും അത് ഹൃദ്രോഗത്തിനോ ഹൃദയപേശികള്‍ക്കുണ്ടാകുന്ന മറ്റു രോഗങ്ങള്‍ക്കോയുള്ള തുടക്കമാകാം. നെഞ്ചുവേദനയ്‌ക്കൊപ്പം തൊണ്ട, താടിയെല്ല്, നെഞ്ചിന്റെ മുകള്‍ഭാഗം, ഇടതു ചുമല്‍ എന്നിവിടങ്ങളിലും വേദനയുണ്ടായാല്‍ തീര്‍ച്ചയായും ഉടനേ ഹൃദ്രോഗവിദഗ്ധനെ കാണിക്കേണ്ടതാണ്. തലവേദന: ഒരാള്‍ക്കു തലവേദനയുണ്ടാകാന്‍ പ്രത്യേകിച്ചു കാരണങ്ങളൊന്നും വേണമെന്നില്ല. കുടുംബത്തിലെ എല്ലാ പ്രശ്‌നങ്ങളും നമ്മുടെ തലവേദനകളായി പരിണമിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി നിങ്ങള്‍ക്കു തലവേദനയുണ്ടാവുന്നുണ്ടെങ്കില്‍ അതു ബ്രെയ്ന്‍ ടൂമറോ തലച്ചോറിനുണ്ടാകുന്ന രക്തസ്രാവമോ മൂലമല്ലെന്നു ഡോക്ടറെ കാണിച്ച് ഉറപ്പു വരുത്തണം. പെട്ടെന്നുണ്ടാകുന്ന, അതിശക്തമായ തലവേദനയാണെങ്കില്‍ പ്രത്യേകിച്ച്. നടുവേദന: നടുവേദനയുണ്ടാകാനും ഒട്ടേറെ കാരണങ്ങളുണ്ട്. മാനസികസംഘര്‍ഷം, ഭാരമെടുക്കല്‍ പോലുള്ള കഠിനമായ ജോലി, വയറ്റിലെ രോഗങ്ങള്‍ എന്നിവയൊക്കെ ഉദാഹരണങ്ങള്‍. എന്നാല്‍ ഹൃദയധമനിയിലെ പരിക്കുകളും രോഗങ്ങളും, ഹൃദയഭിത്തിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവ മൂലവും നടുവേദന വരാം. സൂക്ഷിച്ചില്ലെങ്കില്‍ ഹൃദയാഘാതമായിരിക്കും ഫലം. അമിതരക്തസമ്മര്‍ദമുള്ളവര്‍, പുകവലിക്കുന്നവര്‍, പ്രമേഹരോഗികള്‍ തുടങ്ങിയവരില്‍ നടുവേദനയുണ്ടാകുമ്പോള്‍ നിസാരമായി തള്ളരുത്. വയറ്റിലുണ്ടാകുന്ന വേദന: വയറ്റില്‍ അസഹ്യമായ വേദനയുണ്ടാകുമ്പോള്‍ അപ്പെന്‍ഡിസൈറ്റിസാകാമെന്നു കരുതാം. എന്നാല്‍ എല്ലായ്‌പോഴും അതായിരിക്കണമെന്നില്ല. പലപ്പോഴും അതിനു കാരണം അള്‍സറാകാം, കുടലിലുണ്ടാകുന്ന തടസമാകാം, അല്ലെങ്കില്‍ പാന്‍ക്രിയാസിനുണ്ടാകുന്ന രോഗമാകാം. കാലിലും പാദത്തിലുമുണ്ടാകുന്ന നീറ്റല്‍; കാലില്‍ നീറ്റലുണ്ടാകുന്നതു ചിലപ്പോള്‍ നിസാരം കൊതുകു കടിച്ചിട്ടാകാം. എന്നാല്‍ പെരിഫെറല്‍ ന്യൂറോപ്പതി എന്ന രോഗത്തിന്റെ ആദ്യലക്ഷണം കാലിലും പാദത്തിലുമുണ്ടാകുന്ന തരിപ്പും നീറ്റലുമാണെന്നു അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ പറയുന്നു. ഇടയ്ക്കിടെയോ തുടര്‍ച്ചയായോ നീറ്റലുണ്ടാകുന്നതു ഞരമ്പുകള്‍ക്കു ക്ഷതമുണ്ടായതുകൊണ്ടാവാം.

നീന്തല്‍ കുളത്തിലിറങ്ങുന്നവരുടെ കണ്ണ് ചുവക്കാന്‍ കാരണം ക്ലോറിനല്ല, മൂത്രം

നീന്തല്‍ കുളത്തില്‍ നീന്തി തുടിച്ച ശേഷം കരയ്ക്കു കയറുമ്പോള്‍ നമ്മുടെ കണ്ണുകള്‍ ചുവന്നിരിക്കുന്നതിനു കാരണമെന്താണ്? വെള്ളത്തിലെ ക്ലോറിനാണു കാരണമെന്നാവും പറയുക. എന്നാല്‍ അതല്ല, വെള്ളത്തിലെ നമ്മുടെ മൂത്രമാണു കാരണം. നീന്തല്‍ കുളത്തില്‍ നാം ആരുമറിയാതെ മൂത്രമൊഴിക്കുമ്പോള്‍ ആ മൂത്രം വെള്ളത്തിലെ ക്ലോറിനുമായി ചേര്‍ന്നുണ്ടാകുന്ന രാസവസ്തുവാണു നമ്മുടെ കണ്ണുകളില്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നു അമേരിക്കന്‍ ഹെല്‍ത്തി സ്വിമ്മിംഗ് പ്രോഗ്രാം പറയുന്നു. അതേ രാസവസ്തു നമ്മുടെ ശ്വാസകോശത്തെയും ഹൃദയത്തെയും നാഡിവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുന്ന വിഷവാതകവുമുണ്ടാക്കുന്നുണ്ടത്രേ. നീന്തല്‍ കുളത്തില്‍ നമുക്കനുഭവപ്പെടുന്ന ക്ലോറിന്‍ ഗന്ധം യഥാര്‍ത്ഥത്തില്‍ ക്ലോറിനുണ്ടാക്കുന്നതല്ലത്രേ. നീന്തുന്നവരുടെ മൂത്രം, വിയര്‍പ്പ്, അഴുക്ക് എന്നിവയുമായി ജലത്തിലെ ക്ലോറിന്‍ കൂടിക്കലരുമ്പോഴുണ്ടാകുന്ന രാസവസ്തുവിന്റെ മണമാണതെന്നു യു എസ് വാട്ടര്‍ ക്വാളിറ്റി ആന്‍ഡ് ഹെല്‍ത്ത് കൗണ്‍സിലിന്റെ അധ്യക്ഷനായ ക്രിസ് വിയന്റ് പറയുന്നു. വെള്ളത്തിന്റെ നിറം നോക്കിയാല്‍ നീന്തലുകാര്‍ മൂത്രമൊഴിച്ചിട്ടുണ്ടായെന്നറിയാമെന്ന് പലരും കരുതുന്നു. എന്നാല്‍ അതിലുമെളുപ്പം കണ്ണു ചുവന്നിട്ടുണ്ടായെന്നു നോക്കുന്നതാണല്ലോ. കൂടുതല്‍ മൂത്രമൊഴിക്കുന്തോറും നീന്തല്‍ കുളത്തില്‍ ക്ലോറിന്‍ കൂടുതല്‍ നിക്ഷേപിക്കേണ്ടിവരും. കാരണം മൂത്രം കൂടുതലാകുന്തോറും ക്ലോറിന്റെ പ്രയോജനമില്ലാതെ വരും. ക്ലോറിനുണ്ടെന്നു കരുതി വെള്ളത്തിലെ അണുക്കള്‍ ഇല്ലാതെ വരുന്നില്ല. ക്ലോറിന്‍ ഇട്ടാലും മൂത്രവും അഴുക്കുമൊക്കെ ചേര്‍ന്നു സാധാരണ രോഗങ്ങളുണ്ടാക്കുന്ന അണുക്കള്‍ ദിവസങ്ങളോളം വെള്ളത്തില്‍ അതിജീവിച്ചെന്നുവരും. അതുകൊണ്ടു ആരോഗ്യകരമായി നീന്താന്‍ ആഗ്രഹമുള്ളവര്‍ നീന്തല്‍ കുളത്തിലിറങ്ങും മുമ്പു തങ്ങള്‍ ശരീരം നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്നുറപ്പു വരുത്തണം, അല്ലാതെ നീന്തല്‍ കുളത്തിലിറങ്ങിയിട്ടു വൃത്തിയാക്കാമെന്നു കരുതരുത്. നീന്താനുള്ളവര്‍ നീന്തല്‍കുളം നീന്താനും മൂത്രമൊഴിക്കാനുള്ളവര്‍ ടോയ്‌ലെറ്റില്‍ കയറി മൂത്രമൊഴിക്കാനും കുളിക്കാനുള്ളവര്‍ ബാത്‌റുമില്‍ കയറി കുളിക്കാനും ശ്രദ്ധിക്കുക. അതല്ലാതെ ഇതെല്ലാം കൂടി നീന്തല്‍ കുളത്തില്‍ സാധിക്കാമെന്നു കരുതരുത്.

മലബന്ധമുള്ളവര്‍ കൂടുതലും നഗരവാസികള്‍, ഭക്ഷണരീതി മാറ്റിയാല്‍ പരിഹാരമാകും

 

ഇന്ത്യയില്‍ നഗരപ്രദേശങ്ങളിലെ 14 ശതമാനം പേര്‍ക്കു കഠിനമായ മലബന്ധമുള്ളതായി പ്രമുഖ ഹെല്‍ത് കെയര്‍ കമ്പനിയായ അബോട്ട് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ലോകത്തെ മൊത്തം കണക്കെടുത്താല്‍ ഇതു 10 ശതമാനം മാത്രമാണ്. പ്രായം കൂടുന്തോറുമാണ് സ്ഥിരമായ മലബന്ധപ്രശ്‌നമുണ്ടാകുന്നത്. 45-65 പ്രായമുള്ളവരില്‍ പത്തില്‍ രണ്ടു പേര്‍ക്കുവീതം മലബന്ധമുണ്ടെന്നാണു കണക്കുകള്‍. അതായതു 20 ശതമാനം. സ്ഥിരമായി മലബന്ധമുള്ളവരില്‍ 65 ശതമാനം പേര്‍ക്കും മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രമേ മലവിസര്‍ജനം സാധിക്കുന്നുള്ളൂവെന്നു സര്‍വേ പറയുന്നു. അബോട്ട് കമ്പനി നടത്തിയ സര്‍വേ ആറു നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. മലബന്ധമുള്ളവരില്‍ 80 ശതമാനം പേരും പ്രശ്‌നം വളരെ സങ്കീര്‍ണമായ ശേഷം ചികിത്സ തേടിയവരാണ്. മുംബൈയിലും കോയമ്പത്തൂരുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്, പത്തുപേരെയെടുത്താല്‍ രണ്ടിലധികം പേര്‍ തീവ്രമലബന്ധമുള്ളവരാണ്. ഡല്‍ഹിയിലും കോല്‍ക്കത്തയിലുമുള്ളവരില്‍ 13 ശതമാനം പേര്‍ തീവ്രമലബന്ധമനുഭവിക്കുന്നു. മലം പോകാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നതാണു മലബന്ധം. പലരും പല തരത്തിലാണു ഇതിനെ കാണുന്നത്. ചിലര്‍ക്കു പതിവായി വിസര്‍ജനം നടത്താനാവാതെ വരുന്നത്, മറ്റു ചിലര്‍ക്കു മലം പുറത്തേക്കു തള്ളാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നത് എന്നിങ്ങനെ. ചിലര്‍ക്കു പൂര്‍ണമായും പോകാത്തതു കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, ചിലര്‍ക്കു മലബന്ധത്തിനു പിന്നാലെ വയറിളക്കമുണ്ടാകുന്നു. മൂന്നു ദിവസം കൂടുമ്പോള്‍മാത്രം മലവിസര്‍ജനം നടത്തുന്നതോ ആഴ്ചയില്‍ മൂന്നു ദിവസം മാത്രം നടത്തുന്നതോ ആണ് ഇക്കൂട്ടരില്‍ പതിവായി കാണുന്ന പ്രശ്‌നം. രോഗം അതിലേറെയായി കണ്ടാല്‍ ഡോക്ടറെ കണ്ടു അടിയന്തരചികിത്സ ചെയ്യേണ്ടിവരും. മൂന്നു ദിവസത്തില്‍ കൂടുതല്‍ നമ്മുടെ കുടലില്‍ ഭക്ഷണാവശിഷ്ടം കിടന്നാല്‍ അവ കൂടുതല്‍ കട്ടിയാവുകയും പിന്നീടു പുറത്തേക്കു പോകുമ്പോള്‍ കൂടുതല്‍ ബുദ്ധിമുട്ടും വേദനയും അനുഭവിക്കുകയും ചെയ്യും. എല്ലാ പ്രായക്കാരിലും ഈ പ്രശ്‌നമുണ്ടാകാറുണ്ട്. നവജാതശിശുമുതല്‍. എന്നാല്‍ പ്രായമായവരിലാണു പതിവായി കണ്ടുവരുന്നത്. പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണു മലബന്ധം കൂടുതലായി കാണാറുള്ളത്. ദഹനത്തിലെ പാളിച്ചയാണു പ്രധാനകാരണം. നാരുള്ള(ഫൈബര്‍) ഭക്ഷണത്തിന്റെ അഭാവം, കൂടുതല്‍ ജലാംശം ഉള്ളില്‍ ചെല്ലാത്തത്..ഇതൊക്കെയാണു പ്രധാനമായും വഴിമരുന്നിടുന്നത്. ഗര്‍ഭകാലത്തും ചില മരുന്നുകളുടെ ഉപയോഗം മൂലവും വ്യായാമമില്ലായ്മ കാരണവും മാനസികസംഘര്‍ഷം മൂലവുമൊക്കെ ചിലരില്‍ മലബന്ധം കണ്ടുവരുന്നുണ്ട്. ചിലര്‍ കൃത്യസമയത്തു മലവിസര്‍ജനം നടത്താത്തതുമൂലം ഈ പ്രശ്‌നമനുഭവിക്കുന്നുണ്ട്. നമ്മുടെ ഭക്ഷണശൈലിയിലും ജീവിതചര്യയിലും മാറ്റം വരുത്തിയാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണിത്. നാരുള്ള ഭക്ഷണം കൂടുതലായി കഴിക്കുക, പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഒരു ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കുക, മിതമായ രീതിയില്‍ വ്യായാമം ചെയ്യുക- സാധാരണതരത്തിലുള്ള മലബന്ധമൊക്കെ ഇവ കൊണ്ടു മാറാവുന്നതേയുള്ളൂ.

ആര്‍ത്തവവിരാമം വന്ന വണ്ണം കൂടിയ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍

തടി കൂടുതലുള്ള സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷം സ്തനാര്‍ബുദം പിടിപെടാന്‍ സാധ്യത കൂടുതലെന്നു പുതിയ പഠനം. ആര്‍ത്തവവിരാമം( മെനോപോസ്) സംഭവിച്ചു 13 വര്‍ഷം കഴിഞ്ഞ 67,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വണ്ണമുള്ള സ്ത്രീകളിലാണു ബ്രെസ്റ്റ് കാന്‍സര്‍ കൂടുതലായി കണ്ടെത്തിയത്. കൂടുതല്‍ അമിതഭാരമുള്ളവരില്‍ കൂടുതല്‍ സ്തനാര്‍ബുദസാധ്യതയുള്ളതായി പഠനത്തില്‍ തെളിഞ്ഞു. ബോഡി മാസ് ഇന്‍ഡെക്‌സ് 35-ല്‍ കൂടുതലുള്ളവരില്‍ 58 ശതമാനം കൂടുതല്‍ സാധ്യതയാണു സാധാരണ ആരോഗ്യമുള്ള സ്ത്രീകളെക്കാള്‍ കൂടുതലുള്ളത്. ശരീരഭാരത്തെ (കിലോഗ്രാമില്‍) ഉയരത്തിന്റെ (മീറ്ററില്‍)ഇരട്ടികൊണ്ടു ഹരിക്കുന്നതാണു ബോഡി മാസ് ഇന്‍ഡെക്‌സ്. നന്നായി വ്യായാമം ചെയ്യുന്നവരില്‍നിന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നവരില്‍നിന്നും എല്ലാത്തരം കാന്‍സറുകളും അകന്നുനില്‍ക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ ഉപദേശിച്ചിരുന്നത്. എന്നാല്‍ അമേരിക്കയിലെ സിയാറ്റിലിലുള്ള ഗവേഷകര്‍ നടത്തിയ ഈ സമഗ്രമായ പഠനം തീര്‍ത്തും വ്യത്യസ്തമായ കണ്ടെത്തലുകളാണു നടത്തിയിട്ടുള്ളത്, അമിതവണ്ണമുള്ളവരില്‍ സ്താനാര്‍ബുദസാധ്യത കൂടുതലാണെന്ന്. ബ്രിട്ടനില്‍ പ്രതിവര്‍ഷം അമ്പതിനായിരം സ്ത്രീകളിലാണ് സ്തനാര്‍ബുദം പുതുതായി നിര്‍ണയിക്കപ്പെടുന്നത്. അമിതവണ്ണം ഇവിടെ കൂടുതല്‍ കാന്‍സര്‍ബാധിതരെ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ചു 2030 ആകുമ്പോഴേക്കും ബ്രിട്ടനില്‍ 64 ശതമാനം സ്ത്രീകള്‍ അമിതവണ്ണക്കാരാവുമെന്നാണു കണക്ക്. ഇപ്പോളതു 59 ശതമാനമാണ്. അതായത് ബ്രിട്ടണില്‍ സ്തനാര്‍ബുദരോഗികളുടെ എണ്ണം കൂടുകയേയുള്ളുവെന്നര്‍ത്ഥം. ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ മധ്യത്തില്‍ തുടങ്ങിയ പഠനം ആര്‍ത്തവിരാമം സംഭവിച്ച 50-79 വയസുള്ളവരിലാണ് നടത്തിയത്. ഇക്കാലഘട്ടത്തില്‍ 3,388 സ്ത്രീകളില്‍ സ്താനാര്‍ബുദം കണ്ടെത്തി. എന്‍ഡോക്രീന്‍ റിസെപ്റ്റര്‍ പോസിറ്റീവ് എന്ന ഏറ്റവും സാധാരണമായി കാണപ്പെടുന്ന(75 ശതമാനം) സ്താനാര്‍ബുദവും ശരീരഭാരവുമായി നേരിട്ടു ബന്ധമുള്ളതായി പഠനം തെളിയിക്കുന്നു. ബോഡി മാസ് ഇന്‍ഡെക്‌സ് 25-ല്‍ കൂടുതലാണെങ്കില്‍ പോലും കാന്‍സര്‍ സാധ്യത 17 ശതമാനം കൂടുതലാണ്. ബിഎംഐ 30 നുമുകളിലാണെങ്കില്‍ 37 ശതമാനം സാധ്യത കൂടുതല്‍ 9

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate