অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

നമ്മുടെ ആരോഗ്യ വിവരങ്ങള്‍

നമ്മുടെ ആരോഗ്യ വിവരങ്ങള്‍

  1. പ്രമേഹബാധിതര്‍ക്കു വേണ്ടത് ജിഐ കുറഞ്ഞ ആഹാരം
  2. ആദ്യം സലാഡ്, പിന്നാലെ കപ്പയും ചേമ്പും മിതമായി
  3. ഏറെനേരം ഇരിക്കേണ്ട
  4. ശുദ്ധമായ കുടിവെളളം നമ്മുടെ അവകാശം
  5. പ്രമേഹ അനുബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍
  6. പ്രമേഹരോഗിക്ക് ലഘുഭക്ഷണമായി എന്തു കഴിക്കാം ?
  7. കുടിവെള്ളസംരക്ഷണം സമൂഹത്തിന്റെ കടമ
  8. പ്രോസ്‌റ്റേറ്റ് കാന്‍സറും ലഭ്യമായ ചികിത്സാ രീതികളും
  9. വ്യക്തിശുചിത്വം പാലിക്കാം
  10. കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്
  11. വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ വെളിച്ചെണ്ണ രണ്ടു ദിവസംകൊണ്ടു ഇല്ലാതാക്കുമെന്നു പഠനം
  12. അര്‍ബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം
  13. പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്
  14. ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം
  15. ഗര്‍ഭകാല പ്രമേഹം
  16. കാന്‍സര്‍ തടയാന്‍ മഞ്ഞള്‍
  17. സ്തനാര്‍ബുദം; തെറ്റിദ്ധാരണകളും യാഥാര്‍ഥ്യങ്ങളും
  18. ജനിതകമാറ്റവും സ്തനാര്‍ബുദവും
  19. കാന്‍സര്‍ പ്രതിരോധത്തിന് ആന്റി ഓക്‌സിഡന്റ്
  20. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ അതിജീവനസാധ്യത കൂടും
  21. സിക വൈറസ് -കൊതുകു പരത്തുന്ന മഹാവ്യാധി
  22. കാന്‍സര്‍: മുന്നറിയിപ്പുകള്‍ അവഗണിക്കരുത്
  23. ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക
  24. യൗവ്വനം നിലനിര്‍ത്താന്‍ നെല്ലിക്കാക്കൂട്ട്
  25. കൊളസ്‌ട്രോളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം
  26. അവഗണിക്കരുത്; കണ്ണിന്റെ പ്രശ്‌നങ്ങള്‍

പ്രമേഹബാധിതര്‍ക്കു വേണ്ടത് ജിഐ കുറഞ്ഞ ആഹാരം

പ്രമേഹമുള്ളവര്‍ക്ക് ആഹാരരീതിയാണ് എന്നും കീറാമുട്ടി. ഇഷ്ടമുള്ള ആഹാരസാധനങ്ങളൊന്നും കഴിക്കാന്‍ കഴിയില്ലെന്നുള്ളതാണ് അവരുടെ പരാതിയും നിരാശയും. അതുകൊണ്ട് ഒരു വിഭാഗം രോഗികള്‍ കരുതലിന്റെ ഭാഗമായ നിയന്ത്രണം വകവയ്ക്കാതെ വിലക്കപ്പെട്ട എല്ലാ ആഹാരസാധനങ്ങളും കഴിക്കും. അങ്ങനെ നിയന്ത്രണമില്ലാതെ പ്രമേഹത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഏറ്റുവാങ്ങി ജീവച്ഛവങ്ങളായി കഴിയുന്നു. ഡോക്ടര്‍മാര്‍ ആഹാരത്തെക്കുറിച്ച് ഒന്നും വ്യക്തമായി പറയുന്നില്ല. ഡയറ്റീഷന്റെയടുത്തു ചെന്നാലോ അവരുടെ ഇഷ്ടങ്ങളൊന്നും കണക്കാക്കാതെ കുറെ കലോറിക്കണക്കും പറഞ്ഞ് ഒരു ലിസ്റ്റ് കൊടുത്തുവിടും. മിക്കവരും അത് ചവറ്റുകുട്ടയിലെറിഞ്ഞ് അവര്‍ക്കിഷ്ടമുള്ളതു കഴിക്കും. പ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണെങ്കില്‍ മാത്രമേ അതുകൊണ്ടു പ്രയോജനമുള്ളൂ.

ആഹാരത്തിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ്(ജിഐ), അതായതു ഗ്ലൂക്കോസുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ആഹാരവും ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നതിന്റെ അനുപാതം അനുസരിച്ചാണ് പ്രമേഹക്കാര്‍ക്ക് കഴിക്കാവുന്നവ എന്തൊക്കെയാണെന്ന് തീരുമാനിക്കുന്നത്. ഗ്ലൂക്കോസിന്റെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് 100 ആണ്. എന്നുവച്ചാല്‍ 100 ശതമാനവും ആഗിരണം ചെയ്യപ്പെടുന്നുവെന്നതാണതിനര്‍ഥം. ജിഐ കുറഞ്ഞ ആഹാരമാണു പ്രമേഹക്കാര്‍ക്കു വേണ്ടത്. ജിഐ -70നു മുകളിലുള്ള ആഹാരസാധനങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഉദാഹരണം: ഉരുളക്കിഴങ്ങ് (96), കോണ്‍ ഫ്‌ളേക്‌സ് (90), പച്ചരി (96), തണ്ണിമത്തന്‍ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ.

ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കേണ്ടതുണ്ട്.

1. ധാന്യങ്ങളുടെ തവിട്, തൊലി തുടങ്ങിയവ കളഞ്ഞാല്‍ ജിഐ കൂടും. ഗോതമ്പ്, പഞ്ഞപ്പുല്ല് (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാന്‍. തൊലി അരിച്ചുകളയാന്‍ പാടില്ല. റിഫൈന്‍ ചെയ്ത ധാന്യപ്പൊടികള്‍ (ഉദാ- മൈദ) ഒഴിവാക്കേണ്ടതാണ്. പുഴുങ്ങിക്കുത്തിയ നെല്ലിന്റെ തവിടുകളയാത്ത ചുവന്ന അരിയാണ് ചോറിനുത്തമം. വെള്ളയരിയാണു ഷുഗറുകാര്‍ക്കു നല്ലതെന്ന വിശ്വാസം തെറ്റാണ്. കാരണം ചുവന്ന അരി (കുത്തരി)യുടെ ജിഐ 65 ആണെങ്കില്‍ വെള്ളയരിയുടേത് 80 ആണെന്നറിയുക.

2. ഖരരൂപത്തിലുള്ളതുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാനീയ രൂപത്തിള്ളതിന് ജിഐ കൂടും. ചോറിനേക്കാള്‍ ജിഐ കൂടും കഞ്ഞിക്ക്. റാഗിപുട്ടിനെക്കാള്‍ ജിഐ കൂടും റാഗി കാച്ചിയതിന്.

കടപ്പാട്:ഡോ.യു. രാജേന്ദ്രന്‍,
ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ ഓഫീസര്‍,& ഡയബറ്റോളജിസ്റ്റ്,റാന്നി, പത്തനംതിട്ട.

ആദ്യം സലാഡ്, പിന്നാലെ കപ്പയും ചേമ്പും മിതമായി

പ്രമേഹബാധിതരുടെ ഇഷ്ടംകൂടി കണക്കിലെടുത്തുള്ള ഒരു ആഹാരരീതിയാണ് പ്രായോഗികം, ഗുണപ്രദം. ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും പാകം ചെയ്യുന്നതിലും ചില പ്രത്യേക കാര്യങ്ങള്‍ക്ക് ഊന്നല്‍കൊടുക്കേണ്ടതുണ്ട്.

* വേവുകൂടിയാല്‍ ജിഐ കൂടും. ഓട്‌സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്.

* പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍ അതിന്റെ കൊന്തുസഹിതം വേണം വിഴുങ്ങാന്‍. അതായത് ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്റെ നീര് മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടുതന്നെ കൊന്തില്ലാത്ത ജ്യൂസുകള്‍ നിഷിദ്ധമാണ്. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്ക്കുകയോ ചെയ്താല്‍ അതിന്റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്റെ ദോഷമിതാണ്.

* ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്, ഒരു തക്കാളി, 10 കോവയ്ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ് പാകത്തിന് ഉപ്പും നാരങ്ങാനീരോ നെയ്യ് മാറ്റിയ തൈരോ ചേര്‍ത്ത് ചോറു കഴിക്കുന്നതിനു മുമ്പ് കഴിക്കുന്നത് ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്ടാണ് സാലഡ് തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്. കാരറ്റ് ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്റെ ജിഐ 100 ആയതുകൊണ്ട് തീരെ ഒഴിവാക്കുക.

* കപ്പ, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക് വളരെ ഇഷ്ടമാണ്. അവയുടെ ജിഐ ഏതാണ്ട് 100 ആയതിനാല്‍ ഒഴിവാക്കേണ്ടതുമാണ്. നിങ്ങള്‍ക്കു കൊതിയുണ്ടെങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്ട്. ഇവ കഴിക്കുന്നതിനു മുമ്പ് ഒരു പാത്രം സലാഡ് കഴിക്കുക. സലാഡിന്റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

ഏറെനേരം ഇരിക്കേണ്ട

സ്ഥിരമായ ചലനത്തിന് പര്യാപ്തമായ രീതിയിലാണ് മനുഷ്യശരീരം ക്രമപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉണര്‍ന്നിരിക്കുന്നതിലെ പകുതിയിലധികം സമയവും ഇരുന്നുകൊണ്ട് ചെലവഴിക്കുന്നവരാണ് പകുതിയിലധികം പേരും. ഏറ്റവും അലസസ്വഭാവം ഉള്ളവര്‍ യാതൊരു ജോലിയും ചെയ്യാതെ കൂടുതല്‍ സമയം ഇരുന്ന് ടിവി കാണുകയും കംപ്യൂട്ടര്‍ ഗെയിം കളിക്കുകയും വായനാശീലം ഉള്ളവരാണെങ്കില്‍ എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ അവരുടെ ജോലിയുടെ പ്രത്യേകതകള്‍ മൂലം, ഉണര്‍ന്നിരിക്കുന്ന സമയത്തിലെ കൂടുതല്‍ സമയവും ഇരുന്നുകൊണ്ട് ജോലികള്‍ ചെയ്യുന്നവരാണ്. ഓഫീസ് ജോലിക്കാര്‍, ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നവര്‍, കംപ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നവര്‍, ഡോക്ടര്‍മാര്‍, തയ്യല്‍ക്കാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ദിവസത്തില്‍ ശരാശരി 15 മുതല്‍ 16 മണിക്കൂര്‍ വരെ ഉണര്‍ന്നിരിക്കുന്ന ഇവര്‍ എട്ടു മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്നു ജോലി ചെയ്യുന്നവരും ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ യാത്ര ചെയ്യുന്നവരുമായിരിക്കും.

രോഗസാധ്യത ഏറെ

ശരീരത്തിന് പ്രത്യേകിച്ച് ചലനങ്ങള്‍ ഒന്നും ഇല്ലാതെ ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം, കൊളസ്‌ട്രോള്‍ എന്നീ ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇരുന്ന് സമയം ചെലവഴിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന ഒരാളില്‍ നഷ്ടപ്പെടുന്ന ഊര്‍ജത്തിനെക്കാള്‍ ഏകദേശം 30 മുതല്‍ 40 ശതമാനം വരെ അധികം ഊര്‍ജം നിന്ന് ജോലി ചെയ്യുന്ന ഒരാളില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ സമയം ഇരുന്ന് ചെലവഴിക്കേണ്ടി വരുന്നവരുടെ ആരോഗ്യസ്ഥിതി മോശമാകുന്നതിനെക്കുറിച്ച് പൂര്‍ണമായ കണ്ടെത്തലുകള്‍ ഒന്നും ഇല്ലെങ്കിലും ഇത്തരക്കാരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കുറയുന്നതായിട്ടാണ് കാണപ്പെടുന്നത്.

ആരോഗ്യപ്രശ്‌നങ്ങള്‍

* വളരെ സമയം ഇരുന്ന് ജോലി ചെയ്യുന്നതുമൂലം ശരീരത്തില്‍ നിന്നുള്ള ആകെ ഊര്‍ജനഷ്ടം കുറയുന്നു. ഇത് അമിതവണ്ണം, ദഹനപ്രക്രിയകളിലെ താമസവും തടസവും, പ്രമേഹം, ഹൃദ്‌രോഗം എന്നിവയ്ക്കു കാരണമാകുന്നു.

* അധികസമയം ഇരിക്കുന്നത് ശരീരം ഇന്‍സുലിനോട് പ്രതികരിക്കുന്നതിനെ ബാധിക്കുകയും പ്രമേഹരോഗത്തിന് ഇടയാക്കുകയും ചെയ്യുന്നു.

* ധാരാളം സമയം ഇരിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് പ്രമേഹം, ഹൃദ്‌രോഗം എന്നിവ ഉണ്ടാകാനുള്ള സാധ്യത രണ്ട് ഇരട്ടിയിലും അധികമാണ്. ദിവസം ശരാശരി എട്ട് മണിക്കൂറിലധികം ഇരുന്ന് ജോലി ചെയ്യുന്നത് ടൈപ്പ് – 2 വിഭാഗത്തില്‍പ്പെട്ട പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയെ 90 ശതമാനം വര്‍ധിപ്പിക്കുന്നു.

* കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളില്‍ കരള്‍, സ്തനങ്ങള്‍, ഗര്‍ഭാശയത്തിന്റെ ഉള്‍ഭാഗത്തെ എന്‍ഡോമെഡ്രിയം എന്നറിയപ്പെടുന്ന ആവരണം എന്നിവിടങ്ങളില്‍ കാന്‍സര്‍ രോഗം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനുള്ള കാരണങ്ങളെക്കുറിച്ച് പരിപൂര്‍ണമായ ധാരണ ഇല്ലെങ്കിലും അമിതമായ കോശവളര്‍ച്ചയ്ക്ക് സഹായകമാകുന്ന തരത്തില്‍ ശരീരത്തില്‍ ഇന്‍സുലിന്‍ ഉത്പാദനം നടക്കുന്നതോ, കാന്‍സറിനു കാരണമായേക്കാവുന്ന ഫ്രീ റാഡിക്കല്‍സിനെ പുറത്തേക്കുകളയാന്‍ സഹായകമായ ആന്റി ഓക്‌സിഡന്റുകളുടെ പ്രവര്‍ത്തനം കുറയുന്നതോ ആകാം എന്നാണ് സംശയിക്കപ്പെടുന്നത്.

* അധികസമയം ഇരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന അമിതഭാരം, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ദഹനപ്രക്രിയ മന്ദീഭവിക്കുക, നീര്‍ക്കെട്ട് ഉണ്ടാക്കുക മുതലായവ ശരീരത്തില്‍ ഉണ്ടാക്കുന്ന രാസപരിണാമങ്ങള്‍ എല്ലാം തന്നെ കാന്‍സറിനുള്ള സാധ്യതകളെയും വര്‍ധിപ്പിക്കുന്നു.

* ആഹാരം കഴിച്ചതിനുശേഷം ഉടന്‍ തന്നെ ഇരിക്കുകയോ, കിടക്കുകയോ ചെയ്യുന്നതു നമ്മുടെ ആമാശയത്തില്‍ എത്തിയിരിക്കുന്ന ആഹാരം അവിടെ ചുരുങ്ങിയിരിക്കുന്നതിനു കാരണമാകുകയും ദഹനക്കുറവ് അനുഭവപ്പെടുകയും ചെയ്യും. തത്ഫലമായി വയറുവേദന, വായുകോപം, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവയെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരമായിട്ടായിരിക്കാം ഒരു പക്ഷേ, ” അത്താഴം കഴിഞ്ഞാല്‍ അരക്കാതം” എന്ന് പഴമക്കാര്‍ പറഞ്ഞിരുന്നതും, ആഹാരശേഷം അല്‍പസമയം നടക്കുന്നതിന് വേണ്ടി അവര്‍ സമയം കണ്ടെത്തിയിരുന്നതും.

* കൂടുതല്‍ സമയം ഇരിക്കുന്നതുമൂലം തലച്ചോറിലേക്കുള്ള രക്തപ്രവാഹവും ഓക്‌സിജനും കുറയാന്‍ സാധ്യതയുണ്ട്. അവ മാനസികമായ അവസ്ഥകളെ നിയന്ത്രിക്കുന്ന പല രാസപദാര്‍ഥങ്ങളും തലച്ചോറില്‍ നിന്നു ഉത്പാദിപ്പിക്കുന്നതിനെ മന്ദീഭവിപ്പിക്കും. തല്‍ഫലമായി പലരിലും വിഷാദരോഗങ്ങള്‍ പോലെയുള്ള അവസ്ഥകള്‍ സംജാതമാകുന്നു.

* കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യേണ്ടിവരുമ്പോള്‍ കഴുത്തും തലയും മുന്നിലേക്ക് ഉയര്‍ത്തിപ്പിടിക്കേണ്ടിവരുന്നു. ഇതുമൂലം കഴുത്തിലെ കശേരുക്കള്‍ക്ക് കൂടുതല്‍ ആയാസം ഉണ്ടാകുകയും അവയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുകയും ചെയ്യും. തത്ഫലമായി കഴുത്തിലും തോളിലും വേദനയും നീര്‍ക്കെട്ടുമുണ്ടാകാന്‍ സാധ്യത ഏറെയാണ്.

നട്ടെല്ലില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടാകുന്നതുകൊണ്ട് പുറംവേദന, നടുവു വേദന, മരവിപ്പ്, കാലുകള്‍ക്ക് വേദനയും മരവിപ്പും എന്നിവ ഉണ്ടാകും. കൂടുതല്‍ സമയം ഇരുന്ന് ജോലി ചെയ്യുന്നവരിലും കംപ്യൂട്ടര്‍ ഗെയിം മുതലായ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നവരിലും ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലായി കാണപ്പെടുന്നു.

നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലായി കാണുന്ന ഡിസ്ക് എന്നറിയപ്പെടുന്ന കുഷ്യന്‍ നാം ചലിക്കുന്നതിനനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന വിധത്തിലുള്ള രൂപഘടനയോടു കൂടിയതാണ്. ഈ സ്വഭാവം കാരണം നാം ചലിക്കുമ്പോള്‍ ഇവയിലേക്കുള്ള രക്തപ്രവാഹം വര്‍ധിക്കുകയും പോഷകങ്ങള്‍ എത്തിച്ചേരുകയും ചെയ്യുകമൂലം ഇവ ആരോഗ്യത്തോടെ ഇരിക്കും. എന്നാല്‍ അധികസമയം ഇരിക്കുന്നതുകൊണ്ട് കശേരുക്കള്‍ക്കും ഡിസ്ക്കിനും ഞെരുക്കം അനുഭവപ്പെടുകയും കാലക്രമത്തില്‍ ഡിസ്ക്കുകളുടെ ചുരുങ്ങാതെ വികസിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യും.

നിന്നുകൊണ്ട് ജോലി ചെയ്യുന്നത് വയറിലെയും നടുവിലെയും പേശികള്‍ക്ക് ബലം ഉണ്ടാക്കുന്നതിന് സഹായകമാണ്. എന്നാല്‍ കൂടുതല്‍ സമയം ഇരിക്കുക മൂലം ഇവയ്‌ക്കെല്ലാം ശക്തിക്ഷയമാണ് ഉണ്ടാകുന്നത്. വളരെ സമയം ഇരിക്കുക മൂലം പേശികള്‍ക്ക് ഉണ്ടാകുന്ന ബലക്ഷയം, ഓടാനും ചാടാനും പോലെ തന്നെ മറ്റു എല്ലാ കായിക പ്രവര്‍ത്തനങ്ങള്‍ക്കും തടസം ഉണ്ടാക്കും. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലുള്ള പല വാതരോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പരിഹാരമാര്‍ഗങ്ങള്‍

തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ജോലിയുടെ ഇടയില്‍ തന്നെ അല്‍പസമയം എഴുന്നേറ്റ് നില്‍ക്കുകയോ, ജോലി സ്ഥലത്ത് തന്നെ അല്‍പദൂരം നടക്കുകയോ, ചെയ്യുന്നതും നല്ലതാണ്.

ദീര്‍ഘകാലമായി ഏറെ നേരം ഇരുന്നു ജോലി ചെയ്യുന്നവരില്‍ സന്ധി, അസ്ഥി, പേശികള്‍, കശേരുക്കള്‍, ഡിസ്ക്കുകള്‍ എന്നിവയ്ക്ക് ഉണ്ടാകുന്ന ആയാസത്തെ കുറയ്ക്കുന്നതിനും രക്തസഞ്ചാരം ക്രമപ്പെടുത്തുന്നതിനും ദഹന പ്രക്രിയകളെ സുഗമമാക്കുന്നതിനും തൈലങ്ങള്‍ ഉപയോഗിച്ചുള്ള തിരുമ്മലുകളും കിഴിപ്രയോഗങ്ങളും വളരെയധികം സഹായകമാണ്.

ശരീരത്തിനുണ്ടായിരിക്കുന്ന ആയാസത്തിന്റെ തോതനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരാഴ്ചയോ, രണ്ട് ആഴ്ചയോ ഇത്തരം ചികിത്സാക്രമങ്ങള്‍ ചെയ്യുന്നത് ആരോഗ്യം സംരക്ഷിക്കുന്നതിനു നല്ലതാണ്.

ഡോ.ആര്‍ രവീന്ദ്രന്‍ ബിഎഎംഎസ്
അസി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍
ദി ആര്യവൈദ്യ ഫാര്‍മസി (കോയമ്പത്തൂര്‍) ലിമിറ്റഡ് ബ്രാഞ്ച്
സിഎംഎസ് കോളജ് റോഡ്, കോട്ടയം.

ശുദ്ധമായ കുടിവെളളം നമ്മുടെ അവകാശം

കുടിവെള്ളപ്പാത്രങ്ങളും അണുവിമുക്തമാക്കാം

*  ചോര്‍ച്ചയുളള ജലവിതരണ െൈപപ്പുകളും ടോയ്‌ലറ്റില്‍ നിന്നുളള വേസ്റ്റ് പൈപ്പുകളും അറ്റകുറ്റപ്പണികള്‍ നടത്തി പ്രശ്‌നം പരിഹരിക്കുക. പൊതുസ്ഥാപനങ്ങള്‍ മാത്രമല്ല വീടുകളും ഇക്കാര്യത്തില്‍ സജീവശ്രദ്ധ പുലര്‍ത്തണം. കുടിവെളളവും ജലസ്രോതസുകളും മലിനപ്പെടുന്നതു തടയാന്‍ അതുപകരിക്കും.

*  ഉപയോഗത്തിനു ശേഖരിച്ച കുടിവെളളം അടച്ചുസൂക്ഷിക്കുക. തിളപ്പിച്ചാറിച്ച വെളളവും അടച്ചുസൂക്ഷിക്കണം. ചെറുപ്രാണികള്‍, അവയുടെ വിസര്‍ജ്യങ്ങള്‍ എന്നിവ കുടിവെളളത്തില്‍ വീഴാനും കലരാനുമുളള സാധ്യത അപ്രകാരം തടയാം. വാട്ടര്‍ ടാങ്കുകളും അടച്ചുസൂക്ഷിക്കണം. പക്ഷികളുടെയും മരപ്പട്ടി, പൂച്ച തുടങ്ങിയവയുടെ വിസര്‍ജ്യങ്ങള്‍ കലരുന്നതും അങ്ങനെ ഒഴിവാക്കാം.

* അടുക്കളയില്‍ വെളളം സൂക്ഷിക്കുന്ന പാത്രം ദിവസവും കഴുകി വൃത്തിയാക്കണം. ടാങ്കുകള്‍ മാസത്തില്‍ ഒരു തവണയെങ്കിലും കഴുകി വൃത്തിയാക്കണം. പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേര്‍പ്പിച്ച ലായനി വെളളത്തില്‍ കലര്‍ത്തി തളിച്ചാല്‍ അണുവിമുക്തമാക്കാം.

* ടെറസില്‍ നിന്നു മഴവെളളം ശേഖരിക്കുമ്പോള്‍ അണുക്കളും പക്ഷികളുടെ വിസര്‍ജ്യ അവശിഷ്ടങ്ങളും കലരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുക. മഴവെളള സംഭരണികളുടെ ശുചിത്വവും ഉറപ്പാക്കുക. ഇക്കാര്യത്തില്‍ പ്രാദേശിക ആരോഗ്യകേന്ദ്രങ്ങളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശം തേടുക.

* കീടനാശിനികളുടെയും രാസവളങ്ങളുടെയും ഉപയോഗം പരമവധി കുറയ്ക്കുക. പൂര്‍ണമായും ഒഴിവാക്കുകയാണെങ്കില്‍ അത്രയും നല്ലത്. ജലമലിനീകരണസാധ്യത കുറയും. സാധ്യമെങ്കില്‍ ജൈവകൃഷി സ്വീകരിക്കാം. ശുദ്ധമായ പച്ചക്കറികള്‍ അടുക്കളയ്ക്ക് അനുഗ്രഹമാവും; ആയുസിനും.

*  അടുക്കളയില്‍ നിന്നുളള മലിനജലം ഒഴുക്കിക്കളയാതെ ജൈവ പച്ചക്കറിത്തോട്ടം നനയ്ക്കുന്നതിന് ഉപയോഗപ്പെടുത്താം. മലിനജലം ശുദ്ധജല സ്രോതസുകളെ മലിനപ്പെടുന്നതു തടയാന്‍ അതുപകരിക്കും. കൂടാതെ അടുക്കളയിലേക്കു കീടനാശിനികളില്‍ കുളിക്കാത്ത ശുദ്ധമായ നാടന്‍പച്ചക്കറികള്‍ ദിവസേന ലഭ്യമാവുകയും ചെയ്യും.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പലപ്പോഴും വിനോദയാത്രകളുടെ രസംകൊല്ലുന്നത് അസുഖങ്ങളാവാം. മാലിന്യങ്ങള്‍ കലര്‍ന്ന കുടിവെളളത്തിലൂടെയാവാം പലപ്പോഴും അസുഖങ്ങള്‍ മനസറിയാതെയെത്തുന്നത്. ഇ. കോളി പോലെയുളള ബാക്ടീരിയകള്‍ ആമാശയരോഗങ്ങള്‍ക്ക് ഇടയാക്കുന്നു. ഹെപ്പറ്റൈറ്റിസ് എ വൈറസ്, പോളിയോ വൈറസ്, റോട്ട വൈറസ് എന്നിവയും മലിനജലത്തിലൂടെയാണ് എത്തുന്നത്.

* തിളപ്പിച്ചാറിച്ച വെളളം കുടിക്കുക എന്നതാണ് പ്രതിരോധതന്ത്രം. യാത്രകളില്‍  തിളപ്പിച്ചാറിച്ച വെളളം കരുതുന്നത് ഉത്തമം. രാമച്ചം, അയമോദകം എന്നിവയിലൊന്നു ചേര്‍ത്തു തിളപ്പിച്ച വെളളം രണ്ടു ദിവസത്തേക്ക് ചീത്തയാവില്ല. ഫ്‌ളാസ്കില്‍ തിളപ്പിച്ച വെളളം കരുതുന്നതും ഉചിതം.

* തിളപ്പിച്ചാറിച്ച വെളളം, മറ്റു ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ശുദ്ധീകരിച്ച വെളളം, വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നു വാങ്ങുന്ന കുപ്പിവെളളം എന്നിവ ഉപയോഗിക്കാം.

* മലിനീകരിക്കപ്പെട്ട ജലം കുടിക്കുന്നതുകൊണ്ടുമാത്രമല്ല രോഗാണുക്കള്‍ ശരീരത്തിലെത്തുക. പല്ലു തേയ്ക്കുന്നതിനും കുളിക്കുന്നതിനും അത്തരം വെളളം ഉപയോഗിക്കുന്നതിലൂടെ, കണ്ണാടിയോ കൃത്രിമ പല്ലുസെറ്റോ കഴുകാന്‍ മലിനജലം ഉപയോഗിക്കുന്നതിലൂടെ…. രോഗാണുക്കള്‍ മനസറിയാതെ ശരീരത്തിലെത്തും. കുളവും പുഴയും മറ്റും മലിനീകരിക്കപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞാല്‍ അത്തരം ഇടങ്ങളിലെ കുളി ഒഴിവാക്കുന്നതാണ് ആരോഗ്യജീവിതത്തിനു ഗുണപ്രദം.

* യാത്രകള്‍ക്കിടെ സാലഡുകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു ഗുണകരം. മലിനജലത്തില്‍ കഴുകിയ പച്ചക്കറികളും പഴങ്ങളും രോഗാണുക്കളെ ശരീരത്തിലെത്തിക്കും എന്നത് ഓര്‍ക്കുമല്ലോ.

പ്രമേഹത്തെ കീഴടക്കാം – കൊഴുപ്പു കുറയ്ക്കാം, പച്ചക്കറി കൂട്ടാം

ആഹാരക്രമത്തില്‍ ശ്രദ്ധിക്കണം

പാരമ്പര്യമായി പ്രമേഹസാധ്യതയുള്ളവര്‍ ആഹാരക്രമത്തില്‍ ഏറെ ശ്രദ്ധിക്കണം. മൂന്നു നേരമായാണ് സാധാരണയായി നാം പ്രധാനമായും ആഹാരം കഴിക്കാറുള്ളത്. ആകെ വേണ്ട ഊര്‍ജത്തിന്റെ 25 ശതമാനം രാവിലെ, 30-33 ശതമാനം വരെ ഉച്ചയ്ക്കും രാത്രിയും. ബാക്കിയുള്ളത് ഇടനേരങ്ങളിലുള്ള ലഘുഭക്ഷണമായി കഴിക്കാം. സാധാരണ ഒരാള്‍ കഴിക്കുന്ന അന്നജത്തിന്റെ പകുതി മാത്രമേ പ്രമേഹ പാരമ്പര്യമുള്ളവര്‍ കഴിക്കാവൂ. പ്രത്യേകിച്ചും ചോറ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങി അന്നജം കൂടുതലുള്ള ആഹാരം നിയന്ത്രിക്കണം.

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കില്‍

അച്ഛനും അമ്മയ്ക്കും പ്രമേഹമുണ്ടെങ്കില്‍ മക്കള്‍ക്കും രോഗസാധ്യതയുണ്ട്. അമിതഭാരം, അരക്കെട്ടിന്റെ ചുറ്റളവ് കൂടുക എന്നിവയും പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ ആഹാരക്രമത്തില്‍ ശ്രദ്ധിച്ച്
തൂക്കം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തണം.

വയറു കൂടിയാല്‍ പ്രമേഹസാധ്യതയേറും

പ്രായത്തിനും ഉയരത്തിനും അനുസരിച്ചുളള ശരീരഭാരം നിലനിര്‍ത്തണം. ഒപ്പം അരക്കെട്ടിന്റെ വണ്ണം നിയന്ത്രിതമാക്കണം. മയറീാലി ീയലശെ്യേ((കുടവയര്‍) പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. അരക്കെട്ടിന്റെ ചുറ്റളവ്(നാഭിയുടെ തൊട്ടു മുകളില്‍ വച്ചാണ് അളവ് എടുക്കേണ്ടത്) പുരുഷന്മാര്‍ക്കു 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്കു 80 സെന്റിമീറ്ററിലും കൂടാന്‍ പാടില്ല. വയറു കൂടിയാല്‍ പ്രമേഹസാധ്യതയേറും.

കൊഴുപ്പടങ്ങിയ വിഭവങ്ങള്‍, മധുരപലഹാരങ്ങള്‍, ബീഫ്, പന്നിയിറച്ചി തുടങ്ങിയ കൊഴുപ്പു കൂടുതലുളള മാംസം എന്നിവ അമിതമായി കഴിക്കുന്നതും വണ്ണം വയ്ക്കുന്നതിന് ഇടയാക്കുന്നു. ഇവയുടെ ഉപയോഗത്തില്‍ കാര്യമായ നിയന്ത്രണം ആവശ്യമാണ്. ഒഴിവാക്കുന്നതും ഉത്തമം. രോഗപ്രതിരോധശേഷി കൂടാന്‍ സഹായകമായി പച്ചക്കറികള്‍ ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം.

മധുരത്തില്‍ നിയന്ത്രണം അനിവാര്യം

കൊഴുപ്പു കൂടുതലുളള ഭക്ഷണം അമിതമായി കഴിക്കുന്നതാണ് വണ്ണം കൂടുന്നതിന് ഇടയാക്കുന്നത്. മധുരപലഹാരങ്ങളോട് അമിതഭ്രമം ഉള്ളവര്‍ അതു നിയന്ത്രിക്കണം. പ്രമേഹം ഇല്ലാത്ത ഒരാള്‍ മധുരം ഉപേക്ഷിക്കണം എന്നു പറയുന്നില്ല, പക്ഷേ, മധുരപലഹാരങ്ങളുടെ ഉപയോഗത്തില്‍ നിയന്ത്രണം അനിവാര്യം. ഒരു വിഭവവും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടുളള നിയന്ത്രണം പാടില്ല. ഒരു ദിവസം ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനു വേണ്ട അളവില്‍ മാത്രം എല്ലാം മിതമായി കഴിക്കാം.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

പ്രമേഹത്തെ കീഴടക്കാം – ശരീരഭാരം നിയന്ത്രിക്കാം

പ്രമേഹ അനുബന്ധ പ്രശ്‌നങ്ങള്‍ തടയാന്‍

ഭാവിയില്‍ പ്രമേഹ അനുബന്ധ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതു തടയാനാണ് പ്രമേഹ നിയന്ത്രണത്തില്‍ പ്രാധാന്യം നല്കുന്നത്. ആദ്യം പ്രമേഹം തടയാനുളള വഴികള്‍ തേടും. പക്ഷേ, വന്നു കഴിഞ്ഞാല്‍ ഡയറ്റ് നിയന്ത്രിക്കാന്‍ ശ്രമിക്കണം. മറ്റുളള അവയവങ്ങളെ പ്രമേഹം ബാധിക്കാതെ നോക്കുക എന്നതാണ് തുടര്‍ന്നു ശ്രദ്ധിക്കേണ്ട കാര്യം. കണ്ണുകള്‍, വൃക്കകള്‍, ഹൃദയം തുടങ്ങിയ അവയവങ്ങളെ പ്രമേഹം തകരാറിലാക്കാനിടയുണ്ട്.

യാത്രകളില്‍ മിഠായി കരുതാം

മറ്റു രോഗങ്ങള്‍ക്കു ചികിത്സ തേടുന്നവര്‍ പ്രമേഹമുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചികിത്സകനെ അറിയിക്കണം. കൃത്യസമയത്തു ഭക്ഷണം കഴിക്കാന്‍ പ്രമേഹബാധിതര്‍ ശ്രദ്ധിക്കണം. മരുന്നു കഴിക്കുന്നവര്‍ കൃത്യസമയത്തു ഭക്ഷണം കഴിച്ചില്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് തീരെ കുറയും. ചിലര്‍ മരുന്നു കൃത്യമായി കഴിക്കും, പക്ഷേ, ഭക്ഷണം കൃത്യസമയത്തു കഴിക്കുന്നതില്‍ വീഴ്ചവരുത്തും. അപ്പോഴാണ് ഷുഗര്‍ കുറഞ്ഞ് വഴിയില്‍ മയങ്ങിവീണുപോകുന്നത്. ഇന്‍സുലിന്‍ എടുക്കുന്നവര്‍ യാത്രാവേളകളിലും മറ്റും മിഠായി, പഞ്ചസാര തുടങ്ങിയ കരുതുന്നതു ഗുണകരം. രക്തത്തിലെ പഞ്ചസാരയുടെ തോത് തീരെ കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ എന്നറിയപ്പെടുന്നത്.

ശരീരഭാരം ആരോഗ്യകരമായ തോതില്‍

ഡയബറ്റിക് ഭക്ഷണക്രമം, വ്യായാമം, മരുന്ന്, പ്രമേഹ ബോധവത്കരണം, പ്രമേഹചികിത്സ അതൊക്കെ പ്രമേഹബാധിതന്റെ നിത്യജീവിതവുമായി ബന്ധമുളള ചില കാര്യങ്ങള്‍. ശരീരഭാരം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുകയാണ് ഏറ്റവും പ്രധാനം. സെന്റിമീറ്ററിലുളള പൊക്കത്തില്‍ നിന്ന് 100 കുറച്ചാല്‍ കിട്ടുന്നതാണ് ഒരാളിന്റെ ഐഡിയല്‍ ശരീരഭാരം. അതില്‍ കൂടിയാല്‍ പ്രമേഹസാധ്യതയേറും. അമിതഭാരമാണോ എന്നു തിരിച്ചറിയാം. ഉദാഹരണത്തിന് 165 സെമി പൊക്കമുളള ഒരാള്‍ക്കു വേണ്ടത് 65 കിലോ. അയാള്‍ക്ക് ഇപ്പോഴുളള തൂക്കം 80 കിലോ ആണെങ്കില്‍ 15 കിലോ അധികമാണെന്നു മനസിലാക്കാം. പ്രായം കൂടുംതോറും മസില്‍സ് കുറഞ്ഞിട്ട് ഫാറ്റ് കൂടും. പ്രായം കൂടുംതോറും ചിലപ്പോല്‍ 2-3 കിലോ ചിലപ്പോള്‍ കൂടും. അതാണ് ഡിസയറബിള്‍ വെയിറ്റ്. അപ്പോള്‍ വ്യക്തി ഫിറ്റാണോ എന്നു പരിശോധിക്കേണ്ടി വരും.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

പ്രമേഹരോഗിക്ക് ലഘുഭക്ഷണമായി എന്തു കഴിക്കാം ?

പ്രമേഹരോഗിയുടെ ഭക്ഷണക്രമം എന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മിക്കവര്‍ക്കും ആശങ്കയേറും. എന്തു കഴിക്കാം, എന്തു കഴിക്കാന്‍ പാടില്ല… എന്നതില്‍ സംശയം തുടങ്ങും.

മൈദവിഭവങ്ങള്‍ ഒഴിവാക്കാം

പ്രഭാതഭക്ഷണത്തില്‍ മൈദ പോലെ സംസ്കരിച്ച ധാന്യപ്പൊടി കൊണ്ടു തയാറാക്കിയ വിഭവങ്ങള്‍ ഒഴിവാക്കണം. റവ, മൈദ എന്നിവ കുറയ്ക്കുക. ദോശ, ഇഡ്ഡലി എന്നിവയ്‌ക്കൊപ്പം സാമ്പാര്‍ ഉപയോഗിക്കുക. തേങ്ങാച്ചമ്മന്തി ഒഴിവാക്കുക. പുട്ടിനൊപ്പം പയറോ കടലയോ കഴിക്കാം.

രാത്രിഭക്ഷണം ചപ്പാത്തി

രാത്രിഭക്ഷണത്തിന് ചപ്പാത്തി തന്നെയാണ് ഉത്തമം. പക്ഷേ കറികള്‍ ഒരോ ദിവസവും ഓരോ കറി മാറി കഴിക്കണം. വെളളം കൂടുതലുളള പച്ചക്കറികള്‍ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കണം.

എണ്ണയും തേങ്ങയും കുറച്ചുമാത്രം

കഴിക്കുന്ന ആഹാരത്തിന്റെ തോതും കുത്തിവയ്ക്കുന്ന ഇന്‍സുലിന്റെ ഡോസും പൊരുത്തമുളളതാവണം. ചിലതരം ആഹാരം എത്ര വേണമെങ്കിലും വയറു നിറയുംവരെ കഴിക്കാം. ചുരയ്ക്ക, കുമ്പളങ്ങ, വെളളരിക്ക, തക്കാളി, ഉളളി, പീച്ചിങ്ങ തുടങ്ങിയവ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങള്‍ വയറു നിറച്ചു കഴിക്കാം. പക്ഷേ, എണ്ണയും തേങ്ങയും അളവു കുറച്ചു മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചോറ് ഒന്നര കപ്പില്‍ കൂടരുത്

മലയാളിക്കു സാധാരണയായി ഉച്ചഭക്ഷണം ചോറാണ്. ഒരു പ്ലേറ്റിന്റെ പകുതിയും ചോറാണ് എടുക്കുന്നത്. അതിനു പകരം പ്ലേറ്റിന്റെ പകുതി സ്ഥലത്ത് രണ്ടു തരം പച്ചക്കറി കൊണ്ടുളള കറിയും തൈരു ചേര്‍ക്കാത്ത പച്ചക്കറി സാലഡും. കാല്‍ ഭാഗം ചോറ്. ബാക്കി കാല്‍ ഭാഗം മീന്‍കറിയോ വെജിറ്റേറിയന്‍ ആണെങ്കില്‍ പരിപ്പു കറിയോ വിളമ്പാം. ചോറ് മാക്‌സിമം ഒന്നര കപ്പു(200 ാഹ കപ്പ്) വരെ എടുക്കാം.

ലഘുഭക്ഷണം

കുതിര്‍ത്ത കടല വേവിച്ചതില്‍ തേങ്ങ ചേര്‍ത്ത് കടു വറുത്ത് തയാറാക്കുന്ന വിഭവം കഴിക്കാം. പയറു മുളപ്പിച്ചതു കടു വറുത്തു കഴിക്കാം. അവലു കൊണ്ടു തയാറാക്കിയ ഉപ്പുമാവ് കഴിക്കാം. ഗോതമ്പ് കൊണ്ടു തയാറാക്കിയ ബ്രഡും മല്ലി ചഡ്ണിയും കഴിക്കാം.

നാരുകള്‍ കൂടുതലുള്ള ഭക്ഷണം

നാരുകള്‍ കൂടുതലുളള ഭക്ഷണം പഞ്ചസാരയുടെ തോതു നിയന്ത്രിക്കാന്‍ സഹായകം. തവിടു നീക്കം ചെയ്യാത്ത ധാന്യങ്ങള്‍, ഉലുവ, പാവയ്ക്ക. വീട്ടില്‍ വളര്‍ത്തുന്ന വാഴയുടെ പിണ്ടി, കൂമ്പ് എന്നിവ ഉപയോഗിക്കാം.

അധികം പഴുക്കാത്ത ഫലങ്ങള്‍ കഴിക്കാം

അധികം പഴുക്കാത്ത ഫലങ്ങള്‍ കഴിക്കാം. ചക്കപ്പഴം, മാമ്പഴം, സപ്പോട്ട എന്നിവയില്‍ കലോറി അധികമാണ്. പഴം ഏതു തന്നെയായാലും അധികം പഴുക്കാത്തത് ആണെങ്കില്‍ കഴിക്കാം. അധികം പഴുക്കാത്ത പപ്പായ, പേരയ്ക്ക, സബര്‍ജല്ലി, കട്ടിയുളള ആപ്പിള്‍ എന്നിവ ഉത്തമം. ഓറഞ്ചും ആപ്പിളും ഇടത്തരം വലുപ്പമുളളതും അധികം പഴുക്കാത്തതും ആയത് ഒരെണ്ണം കഴിക്കാം.

വിവരങ്ങള്‍:
ഡോ. അനിതമോഹന്‍
ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

കുടിവെള്ളസംരക്ഷണം സമൂഹത്തിന്റെ കടമ

കുപ്പിവെളളം ശുദ്ധമോ?

കുപ്പിവെള്ളം ഏറ്റവും ശുദ്ധമാണ് എന്ന വിശ്വാസത്തിലാണ് നമ്മളില്‍ പലരും. കുപ്പിവെളളം എവിടെയും കിട്ടും.ലേബല്‍ പതിച്ച് കുപ്പികളില്‍ കിട്ടുന്ന വെളളത്തിലും പലപ്പോഴും ആരോഗ്യജീവിതത്തിനു ദോഷകരമായ മാലിന്യങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വന്‍കിട കമ്പനികള്‍ക്ക് വെളളമെത്തിക്കുന്നതിനു കരാറെടുത്തവര്‍ പലപ്പോഴും അതിന്റെ ശുദ്ധിയെപ്പറ്റി വേണ്ടത്ര ബോധവാന്‍മാരല്ല എന്നതാണു വാസ്തവം. വ്യാജന്‍മാരും ഈ രംഗത്തുണ്ട് എന്നതു പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

എല്ലാ കരാറുകാരും വെളളം ശുദ്ധീകരിക്കാന്‍ ഫലപ്രദവും കൃത്യവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതായി വ്യക്തമായ തെളിവുകളില്ല. നീരുറവകളില്‍ നിന്നും നീര്‍ച്ചോലകളില്‍ നിന്നും ശേഖരിക്കുന്ന വെളളമെന്ന പരസ്യലേബലില്‍ ഇവ വിറ്റഴിക്കപ്പെടുന്നു. ഇത്തരം ജലസ്രോതസുകള്‍ മലിനപ്പെടാനുളള സാധ്യതകള്‍ ധാരാളം. പലപ്പോഴും കുപ്പിവെളളത്തിന്റെ കൃത്യമായ ഉറവിടം ലേബലുകളില്‍ രേഖപ്പെടുത്താറില്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പൊതുജനജാഗ്രത ആവശ്യമാണ്. തിളപ്പിച്ചാറിച്ച വെളളം ലഭിക്കാന്‍ കൈയെത്തും ദൂരത്ത് മാര്‍ഗങ്ങള്‍ വേറേ ഉളളപ്പോള്‍ കുപ്പിവെളളം ആശ്രയിക്കേണ്ടതുണ്ടോ എന്നതും ചര്‍ച്ചയാകട്ടെ. ഏതു സ്രോതസില്‍ നിന്നുളള വെളളവും തിളപ്പിച്ചാറിച്ചു കുടിക്കുന്നതാണ് ആരോഗ്യത്തിനു സുരക്ഷിതം. യാത്രകളില്‍ കഴിവതും തിളപ്പിച്ചാറിച്ച വെളളം കരുതുകയാണ് ഉചിതം.

ജലസംരക്ഷണം: നമുക്കും ചിലതു ചെയ്യാം

കുടിവെളളത്തിനു ക്ഷാമം നേരിടുന്ന വേനല്‍ക്കാലത്താണ് കുപ്പിവെളളം ഏറ്റവും ചെലവാകുന്നത്. പകര്‍ച്ചവ്യാധികള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ഈ കാലയളവില്‍ത്തന്നെ.

പകര്‍ച്ചവ്യാധികള്‍ അകന്നുനില്ക്കണമെങ്കില്‍ കുടിവെളളം ശുദ്ധമായിരിക്കണം. വെളളം ശുദ്ധമാകണമെങ്കില്‍ നാം തന്നെ മുന്നിട്ടിറങ്ങണം. ടാങ്കര്‍ ലോറികളിലെത്തിക്കുന്ന കുടിവെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. ശാസ്ത്രീയമായി ശുദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. അംഗീകൃത ലാബുകളില്‍ പരിശോധിച്ച് കുടിവെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാം. പിഎച്ച് മൂല്യം അനുവദനീയ തോതിലാണെന്ന് ഉറപ്പുവരുത്തണം. കുടിവെളളത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടോ എന്നു കണ്ടെത്താന്‍ ശാസ്ത്രീയമായ ലാബ്പരിശോധന സ്വീകരിക്കാം.

തിളപ്പിച്ചാറിച്ച വെളളം ശീലമാക്കാം. യാത്രകളില്‍ കുപ്പിവെളളവും ചെറുകടകളിലെ എല്ലായ്‌പ്പോഴും ശുദ്ധി ഉറപ്പില്ലാത്ത വെളളം കൊണ്ടു തയാറാക്കിയ ഡ്രിംഗ്‌സും സര്‍ബത്തും തുണയാകുമെന്നു കരുതാതെ ചെറിയ കുപ്പിയില്‍ തിളപ്പിച്ചാറിച്ച വെളളം കരുതുക. ജലസ്രോതസുകള്‍ മലിനപ്പെടാതെ സൂക്ഷിക്കുക. ജലസ്രോതസുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

വീടുകളില്‍ ശേഖരിച്ചു വയ്ക്കുന്ന ജലം അടച്ചു സൂക്ഷിക്കണം. വെളളം സൂക്ഷിക്കാനുപയോഗിക്കുന്ന പാത്രങ്ങളും കഴുകി വൃത്തിയാക്കണം. കിണറുകളും കുളങ്ങളും വക്കുകെട്ടി മാലിന്യങ്ങള്‍ കലരുന്നതു തടയാം. പൊട്ടാസ്യം പെര്‍മാംഗനേറ്റ്, ബ്ലീച്ചിംഗ് പൗഡര്‍ തുടങ്ങിയവ കലര്‍ത്തി ജലം ശുദ്ധമാക്കാം.

സാമൂഹിക കൂട്ടായ്മകള്‍ക്കും കുടുംബശ്രീ, അയല്‍ക്കൂട്ടം പോലെയുളള സംവിധാനങ്ങള്‍ക്കും സ്കൂളുകള്‍ക്കും ഇക്കാര്യത്തില്‍ ബോധവത്കരണപരിപാടികള്‍ സംഘടിപ്പിക്കാം. ഇക്കാര്യത്തില്‍ വ്യക്തികളുടെ മാത്രമല്ല സമൂഹത്തിന്റെ ശ്രദ്ധയും പ്രധാനം.

പ്രോസ്‌റ്റേറ്റ് കാന്‍സറും ലഭ്യമായ ചികിത്സാ രീതികളും

സാധാരണ 60 വയസില്‍ പുരുഷന്മാരില്‍ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാന്‍സറുകളിലൊന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. വളരെ സാവധാനത്തില്‍ വളരുന്ന സ്വഭാവമുള്ള ഈ കാന്‍സര്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ വളരെ പെട്ടെന്നു വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ച് മാരകമായിതീരുകയും ചെയ്യുന്നു. എന്നാല്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ബാധിച്ച രോഗിയെ ഉടന്‍ ചികിത്സയ്ക്കു വിധേയനാക്കാന്‍ സാധിച്ചാല്‍ രോഗി സുഖം പ്രാപിക്കും. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ രോഗമാണെങ്കിലും മികച്ച സംവിധാനങ്ങളുടെ സഹായത്താല്‍ ഒരു വിദഗ്ദ്ധ ഡോക്ടറിനു ചികിത്സിച്ചു നിയന്ത്രണ വിധേയമാക്കാവുന്നതാണ്. എന്നാല്‍, എല്ലാ രോഗികള്‍ക്കും ഒരു പോലെയല്ല ചികിത്സ എന്നതു മറ്റൊരു വസ്തുതയാണ്.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളില്‍നിന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ വളരുന്നത്. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലുണ്ടാകുന്ന മുഴയുടെ രുപത്തിലുള്ള കാന്‍സര്‍ വളര്‍ച്ചയാണു പ്രോസ്റ്റേറ്റ് കാന്‍സര്‍.

മറ്റു കാന്‍സറുകളെ അപേക്ഷിച്ച്, പ്രോസ്റ്റേറ്റ് കാന്‍സറിന്റെ വളര്‍ച്ച വളരെ പതുക്കെയാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥിക്ക് പുറത്തേക്ക് കാന്‍സര്‍ വളര്‍ച്ച വ്യാപിച്ചിട്ടില്ലെങ്കില്‍ രോഗി അഞ്ചു വര്‍ഷത്തിനു മേല്‍ ജീവിച്ചിരിക്കും. എന്നാല്‍, പുറത്തേക്കു വ്യാപിക്കുകയും രോഗം മൂര്‍ച്ഛിക്കുകയും ചെയ്താല്‍ രോഗി കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ മരണപ്പെട്ടിരിക്കും.

Digital Rectal Examination ( DRE ) ടെസ്റ്റ് ഓരോ വര്‍ഷവും നടത്തണം. Prostate Specific Antigen ( PSA ) ടെസ്റ്റ് 50 വയസ്സ് മുതലും നടത്തേണ്ടതാണ്. അതില്‍ താഴെ പ്രായമുള്ളവര്‍ അപകടസാധ്യതയുണ്ടെങ്കില്‍ ഈ ടെസ്റ്റ് നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള വിവിധതരം ചികിത്സാ രീതികള്‍

* റേഡിയേഷന്‍ തെറാപ്പി
* ഹോര്‍മോണ്‍ തെറാപ്പി
* പ്രോസ്റ്റേറ്റക്ടമി സര്‍ജറി
* കീമോതെറാപ്പി

ആധുനിക കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ ചികിത്സാരീതികള്‍ കാന്‍സര്‍ രോഗ നിവാരണത്തിനു നല്‍കുന്നതാണ്. പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെന്ന തെറ്റായ ധാരണയാണ് പല രോഗികളിലും നിലനില്‍ക്കുന്നത്. രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങള്‍ കാന്‍സര്‍ ചികിത്സകരുമായി ചര്‍ച്ച ചെയ്ത് ഏറ്റവും ഉചിതമായ തീരുമാനങ്ങളെടുത്താല്‍ മെച്ചപ്പെട്ട ചികിത്സയും മികച്ച ജീവിത നിലവാരവും രോഗികള്‍ക്ക് ലഭിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

ഡോ. ടി.കെ. പദ്മനാഭന്‍ എം. ഡി
Hon. സീനിയര്‍ കണ്‍സള്‍ട്ടന്റ് , റേഡിയേഷന്‍ ഓങ്കോളജി, കിംസ് പിനക്കിള്‍ കോംപ്രഹെന്‍സീവ് കാന്‍സര്‍ സെന്റര്‍.

വ്യക്തിശുചിത്വം പാലിക്കാം

അത്യുഷ്ണത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ് കേരളം. അമിതചൂടും കാലാവസ്ഥാ വ്യതിയാനവും മൂലം ഒരുകാലത്ത് നിയന്ത്രണവിധേയമായിരുന്ന പകര്‍ച്ചവ്യാധികള്‍ പലതും ഗുരുതരമായ രൂപത്തില്‍ തിരിച്ചുവരികയോ പുതിയ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയോ ചെയ്യുന്നത് ആരോഗ്യരംഗത്തെ പുത്തന്‍ പ്രവണതയാണ്. എമര്‍ജിംഗ് ആന്‍ഡ് റീഎമര്‍ജിംഗ് ഇല്‍നെസ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇത്തരത്തിലൊന്നാണ് തക്കാളിപ്പനി അഥവാ ഹാന്‍ഡ് ഫുട്ട് മൗത്ത് ഡിസീസ്. പിക്കോര്‍ണാ വൈറസ് കുടുംബത്തില്‍പ്പെട്ട കോക്‌സാക്കി, എന്ററോ വൈറസുകളാണ് തക്കാളിപ്പനിക്ക് കാരണം.

ചരിത്രം: 1957-ല്‍ ടൊറന്റോ നഗരത്തില്‍നിന്നാണ് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1988-ല്‍ 1988-ല്‍ തായ്‌വാനില്‍ 1.5 മില്യണ്‍ ജനങ്ങളെ ബാധിച്ച ഈ രോഗം 78 പേരുടെ മരണത്തിനും നാനൂറിലധികം പേര്‍ക്കു ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവച്ചു. 2008-ല്‍ ചൈനയില്‍ ഈ രോഗം നാല്‍പതിലധികം പേരുടെ ജീവനെടുത്തു. 2003-ലാണ് കേരളത്തില്‍ ആദ്യമായി ഈ രോഗം

റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിലെ പല ജില്ലകളില്‍നിന്നും ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2003-ല്‍ ഹരിയാനയില്‍ ശരീരം തളര്‍ന്ന അഞ്ചുവയസുകാരന്റെ മലത്തില്‍നിന്ന് എന്ററോ വൈറസിനെ വേര്‍തിരിച്ചത് ഒരു പ്രധാന വഴിത്തിരിവാണ്. ഭാരതത്തില്‍ ഈ രോഗംമൂലം ജീവഹാനിയോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായിട്ടില്ലെങ്കില്‍ക്കൂടി, നമ്മുടെ സമീപരാജ്യങ്ങളിലെല്ലാം തക്കാളിപ്പനി വ്യാപകമാണെന്നതും അവിടങ്ങളില്‍ ജീവഹാനിക്ക് കാരണമായി എന്നതും തക്കാളിപ്പനിയെ ഗൗരവത്തോടെ വീക്ഷിക്കണം എന്നതിന്റെ സൂചനയാണ്.

രോഗകാരണം

കോക്‌സാക്കി വൈറസിന്റെ എ5, എ10, എ16 ജീനോ ടൈപ്പുകളും എന്ററോ വൈറസ് 71-ന്റെ എ, ബി, സി ജീനോ ടൈപ്പുകളുമാണ് പ്രധാനമായും ഈ രോഗം പരത്തുന്നത്. എന്ററോ വൈറസിലുള്ള ജനിതകമാറ്റം മൂലം പുതിയതരം ജീനോ ടൈപ്പുകള്‍ ഉണ്ടാവുകയും ഇവമൂലമുള്ള അണുബാധമൂലം ലോകത്തിന്റെ പലഭാഗങ്ങളിലും ജനങ്ങള്‍ മരണപ്പെട്ടതും തക്കാളിപ്പനിയെ ഗൗരവത്തോടെ കാണേണ്ടതാണെന്ന കാര്യം നമ്മെ ഓര്‍പ്പെടുത്തുന്നു. ഉയര്‍ന്ന അന്തരീക്ഷോഷ്മാവും ആര്‍ദ്രതയും വൈറസുകളില്‍ ജനിതകമാറ്റം വരുത്തുന്ന പ്രധാന ഘടകങ്ങളാണ്.

പകരുന്ന വിധം

തക്കാളിപ്പനി ബാധിതനായ ഒരാള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ രോഗാണു അന്തരീക്ഷത്തില്‍ കലരുകയും മറ്റുള്ളവരുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാല്‍ എന്ററോ വൈറസ് മലത്തിലൂടെയാണ് പകരുന്നത്. വ്യക്തിശുചിത്വം പാലിക്കാത്തവരിലാണ് ഇത് പ്രധാനമായും കാണുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 5-7 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

ഡോ.ജയേഷ് പി.
സ്കിന്‍ സ്‌പെഷലിസ്റ്റ്, പാനൂര്‍, കണ്ണൂര്‍. ഫോണ്‍: 0490 2316330

കുട്ടികളിലെ പെരുമാറ്റ പ്രശ്‌നങ്ങള്‍ അവഗണിക്കരുത്

ഏപ്രില്‍ 2 ലോക ഓട്ടിസം ദിനം

കൊച്ചുകുട്ടികളില്‍ കണ്ടുവരുന്ന ഗൗരവമേറിയ പെരുമാറ്റ ക്രമക്കേടാണ് ഓട്ടിസം. നാഡീസംബന്ധമായ തകരാറുകളുടെ ഫലമാണിത്. തലച്ചോറിന്റെ സാധാരണപ്രവര്‍ത്തനങ്ങള്‍, വ്യക്തിയുടെ ആശയവിനിമയപാടവം, സാമൂഹികജീവിതം എന്നിവയെ ഓട്ടിസം ദോഷകരമായ രീതിയില്‍ ബാധിക്കുന്നു. 100 ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും 250 പെണ്‍കുട്ടികളില്‍ ഒരാള്‍ക്കും ഓട്ടിസം സാധ്യതയെന്നു പഠനം. മൂന്നു വയസോടെയാണ് ഓട്ടിസം പ്രകടമായിത്തുടങ്ങുന്നത്്.

സാമൂഹിക- സൗഹൃദ ഇടങ്ങളിലൊക്കെ സാധാരണ മട്ടില്‍ പെരുമാറിയിരുന്നകുട്ടി പെട്ടെന്നൊരു ദിവസം സാമൂഹിക ജീവിതത്തില്‍ നിന്ന് എല്ലാ തരത്തിലും പിന്‍വലിയുന്നു. മാനസികവും നാഡീസംബന്ധവുമായ പ്രശ്‌നങ്ങളാണ് ഇതിനു കാരണം. പുറമേ നിന്നുള്ള പ്രേരണകളോടും പ്രശ്‌നങ്ങളോടുമുള്ളപ്രതികരണം പ്രകടമാക്കുന്നതു സാമൂഹികജീവിതത്തില്‍ നിന്നു പിന്‍വലിഞ്ഞുകൊണ്ടായിരിക്കാം.

ലക്ഷണങ്ങള്‍

* സാമൂഹികമായ കഴിവുകളില്‍ പ്രകടമായ വ്യതിയാനം.

* മറ്റുളളവരെ കാണാനോ അവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനോ പ്രകടിപ്പിക്കുന്ന വൈമുഖ്യം

* കണ്ണുകളില്‍ നോക്കി സംസാരിക്കുന്നതിനു വിമുഖത കാട്ടുന്നു

* മറ്റുളളവരുടെ വികാരങ്ങളും പ്രശ്‌നങ്ങളും മനസിലാക്കുന്നതിനും അവരെ ഉള്‍ക്കൊള്ളുന്നതിനുമുളള കഴിവു നഷ്ടമാകുന്നു

* മറ്റുളളവരുമായി മനസുതുറന്നു സംസാരിക്കുന്നതിനും ആശയങ്ങള്‍ പരസ്പരം കൈമാറുന്നതിനുമുളള കഴിവു കുറയുന്നു

* മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവരുടെ ആലിംഗനം ഇഷ്ടപ്പെടാതെയാകല്‍

* ഉച്ചത്തിലുളള ശബ്ദം, ചിലതരം ഗന്ധം, പ്രകാശതീവ്രതയിലുളള വ്യതിയാനം എന്നീ സാഹചര്യങ്ങളില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നു.

* സംസാരവൈകല്യം പ്രകടിപ്പിക്കുന്നു

* ചില വാക്കുകളോ വാചകങ്ങളോ ആവര്‍ത്തിച്ചു പറയുന്നു

* ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യാന്‍ താത്പര്യം കാട്ടുന്നു. മുറിയുടെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഒറ്റക്കാലില്‍ തുള്ളുക, ഓരേ ചിത്രം അനവധി തവണ വരയ്ക്കുക തുടങ്ങിയ പ്രവൃത്തികളിലേര്‍പ്പെടുന്നു.

* ദൈനം ദിനപ്രവൃത്തികളുടെ ക്രമത്തില്‍ മാറ്റമുണ്ടാകുമ്പോള്‍ ഓട്ടിസം ബാധിച്ച കുട്ടി അസ്വസ്ഥനാകുന്നു.

* കാര്യങ്ങള്‍ മനസിലാക്കുന്നതിലും പഠിക്കുന്നതിലും ഓട്ടിസം ബാധിച്ച കുട്ടിയുടെ രീതികള്‍ പ്രവചിക്കാനാവില്ല.

* കാര്യങ്ങള്‍ എങ്ങനെ എളുപ്പം ചെയ്യാം എന്നതിനേക്കാള്‍ കാര്യങ്ങള്‍ ഏറ്റവും പ്രയാസമേറിയ രീതിയില്‍ ഏങ്ങനെ ചെയ്യാം എന്നാവും ഇക്കൂട്ടര്‍ ചിന്തിക്കുക.

* അപരിചിതത്വം പ്രകടിപ്പിക്കുന്നു. ഒന്നിലും താത്പര്യമില്ലാതെ ഒഴിഞ്ഞുമാറുന്നു.

* പ്രതിരോധശക്തിയില്‍ തകരാറുണ്ടാകുന്നു. സംസാരവൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്നു.

* വിദ്യാലയത്തില്‍ മറ്റുളള കുട്ടികള്‍ക്കൊപ്പം സഹകരിച്ചു പോകാനുള്ള കഴിവു കുറയുന്നു

കാരണങ്ങള്‍

ഓട്ടിസത്തിന്റെ യഥാര്‍ഥകാരണങ്ങളെക്കുറിച്ചുളള പഠനങ്ങള്‍ നടന്നുവരുന്നു. വിഷലോഹങ്ങളുടെ സാന്നിധ്യം, പോഷകക്കുറവ്, വിഷമാലിന്യങ്ങളെ ശരീരത്തില്‍ നിന്നു നീക്കം ചെയ്യാനുള്ള കഴിവില്‍ കുറവ് എന്നിവയാണ് ഓട്ടിസത്തിന്റെ അടിസ്ഥാനമെന്നു തലമുടിനാരിലെ ധാതുക്കളെ അടിസ്ഥാനപ്പെടുത്തിയുളള പഠനം വ്യക്തമാക്കുന്നത്.

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തിലെത്താനിടയുള്ള വിഷലോഹങ്ങള്‍ കുഞ്ഞിലേക്കു പ്രവേശിക്കാനുളള സാധ്യതയും ഏറെയാണ്. ജനിക്കുന്ന കുട്ടിക്ക് സ്വാഭാവികമായും ഓട്ടിസത്തിനുളള സാധ്യതയുണ്ട്.

മീനിലൂടെ എത്തുന്ന മെര്‍ക്കുറി, മാംസത്തിലും പാലുത്പന്നങ്ങളിലും കലരുന്ന ലെഡ്, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ എന്നിവയും ശരീരത്തിലെത്താനിടയുണ്ട്. കോസ്‌മെറ്റിക്‌സിലെ രാസസാന്നിധ്യം വേറെ. സ്കിന്‍ ക്രീം, ഷാംപൂ എന്നിവയിലൂടെ ഇത്തരം വിഷപദാര്‍ഥങ്ങള്‍ ശരീരത്തിലെത്തുന്നതിനെക്കുറിച്ച് പലരും ബോധവതികളല്ല.

വിറ്റാമിന്‍ ഡി, ഒമേഗ 3 എന്നിവയുടെ അളവു ശരീരത്തില്‍ കുറയുകയും വിഷമാലിന്യസാന്നിധ്യം ഏറുകയും ചെയ്യുന്ന സ്ഥിതിയാണ് ആധുനികജീവിതശൈലി നല്കുന്നത്. പോഷകങ്ങളുടെ അപര്യാപ്തത, വിഷലോഹങ്ങളുടെ ആധിക്യം, മാനസികസംഘര്‍ഷം എന്നിവ ഓട്ടിസം ബാധിച്ച കുട്ടികളിലും അവരുടെ മാതാപിതാക്കളിലും വര്‍ധിച്ച തോതിലായിരുന്നു എന്നാണ് കോശങ്ങളിലെ ധാതുക്കളുടെ സാന്നിധ്യത്തെ സംബന്ധിച്ച മറ്റൊരു പഠനം സൂചിപ്പിക്കുന്നത്. മെര്‍ക്കുറിയുടെ സാന്നിധ്യവും ഓട്ടിസത്തിനിടയാക്കുമെന്നു വിദഗ്ധര്‍.

പ്രതിരോധത്തിന്

* കൗമാരപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്കു പോഷകസമൃദ്ധമായ ആഹാരം നല്കുക. ഭാവിയില്‍ കുഞ്ഞിനു ജന്മം നല്‌കേണ്ട അവസരത്തില്‍ ശരീരത്തെ അതിനു സജ്ജമാക്കുന്നതിനുളള ആരോഗ്യപരമായ കരുതല്‍ ഇതിലൂടെ സാധ്യമാകും.

* ആരോഗ്യജിവിതം നയിക്കുന്നതിനു യോജ്യമായ ജീവിതരീതി സ്വീകരിക്കണം. പോഷകസമൃദ്ധമായ ഭക്ഷണം. മതിയായ ഉറക്കം. വിഷ-മാലിന്യവിമുക്തമായ ഭക്ഷണം. ശുദ്ധജലം. ശുദ്്ധവായു. ടെന്‍ഷന്‍ ഫ്രീ ജീവിതം.

* ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും മതിയായ പോഷകാഹാരം

* ഫാസ്റ്റ്ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക.

* മരുന്നുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

* മെര്‍ക്കുറി വിഷബാധയ്ക്കുളള സാധ്യതകള്‍ ഒഴിവാക്കുക.

* കുട്ടികളുടെ നാഡിവ്യവസ്ഥയുടെ ആരോഗ്യത്തിനു ഗുണപ്രദമായ ഡയറ്റ്്് ക്രമപ്പെടുത്തുക.

* പഞ്ചസാര, മധുരമുളള മറ്റു വസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുക.

* വിഷലോഹങ്ങള്‍ ശരീരത്തിലേക്ക്്് ആഗിരണം ചെയ്യപ്പെടുന്നതു തടയുന്ന സിങ്ക്്്, സെലിനിയം തുടങ്ങിയ ധാതുക്കളടങ്ങിയ ആഹാരം കഴിക്കുക

* ദിവസവും മതിയായ തോതില്‍ വെളളം കുടിക്കുക

* ദഹനവ്യസ്ഥയുടെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധ പുലര്‍ത്തുക

* ശരീരത്തിലെ പോഷകങ്ങളുടെ സന്തുലനം സാധ്യമാക്കുക.

പരിശീലനം സിദ്ധിച്ച അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക്് ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാനാകും. എത്രയും നേരത്തേ ഓട്ടിസം തിരിച്ചറിയുന്നുവോ അത്രയും ഫലപ്രദമായി അവരെ സാധാരണജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും.

വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ വെളിച്ചെണ്ണ രണ്ടു ദിവസംകൊണ്ടു ഇല്ലാതാക്കുമെന്നു പഠനം

സ്ത്രീപുരുഷന്മാരെ ഒരുപോലെ ബാധിക്കുന്ന രോഗമാണ് വന്‍കുടലിലെ കാന്‍സര്‍. ഈ കാന്‍സറിനെ തടയാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇന്നുണ്ടെങ്കിലും അവയിലെ രോഗപ്രതിരോധഘടകങ്ങള്‍ കണ്ടെത്താനാവശ്യമായ ഗവേഷണങ്ങള്‍ വേണ്ടവിധം നടക്കുന്നില്ലെന്ന് ആരോഗ്യരംഗത്തുള്ളവര്‍തന്നെ സമ്മതിക്കുന്ന ഒന്നാണ്. മാത്രമല്ല, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അനുദിനം പുതിയ മരുന്നുകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും ലക്ഷ്യം സാമ്പത്തികനേട്ടത്തില്‍ മാത്രം ഒതുങ്ങുന്നു. മനുഷ്യരുടെ ആരോഗ്യത്തെ മാനിക്കുന്നില്ല. എന്നുകരുതി മനുഷ്യനു ഗുണകരമായ ഗവേഷണങ്ങള്‍ നടക്കുന്നില്ലെന്നും പബ്ലിഷ് ചെയ്യുന്നില്ലെന്നും വിചാരിക്കേണ്ട എന്നാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്.

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണഫലം ഇതിനുദാഹരണമാണ്. ലാറിക് ആസിഡിനു വന്‍കുടലിനെ ബാധിക്കുന്ന കാന്‍സര്‍ ഇല്ലാതാക്കാന്‍ കഴിവുണ്ടെന്നും ലാറിക് ആസിഡ് ഉപയോഗിച്ച് 48 മണിക്കൂറിനുള്ളില്‍ കാന്‍സറിനെ തടയാമെന്നുമാണ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. വെളിച്ചണ്ണയില്‍ 50 ശതമാനത്തോളം ലാറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടിട്ടുണ്ടെന്നാണ് വിവരം. ലാബില്‍ നടത്തിയ പരീക്ഷണങ്ങളിലും ശുഭസൂചനയാണു നല്കുന്നത്.

ലാറിക് ആസിഡിന് കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കുന്നതോടൊപ്പം ശരീരത്തിലെ ഗ്ലൂട്ടാതയോണിന്റെ അളവ് കുറയ്ക്കാനുള്ള കഴിവുമുണ്ട്. ഉപയോഗപ്രദമായ ഇത്തരം കണ്ടുപിടിത്തങ്ങള്‍ക്ക് വളരെയധികം പണച്ചെലവുണ്ട്. മാത്രമല്ല സ്‌പോണ്‍സര്‍മാര്‍ക്ക് ഇത്തരം കണ്ടുപിടിത്തങ്ങളില്‍ താത്പര്യമില്ല എന്നതും ഈ കണ്ടുപിടിത്തങ്ങളെ പുറകിലേക്കു വലിക്കുന്നു. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമാണ് ലാറിക് ആസിഡ്. ഇത് ഒരു ഫാറ്റി ആസിഡ് ആയതിനാല്‍ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

പ്രമേഹം, അസ്ഥികളിലെ തേയ്മാനം, വിവിധ വൈറല്‍ അസുഖങ്ങള്‍, കാന്‍സര്‍ തുടങ്ങിയവയെ സുഖപ്പെടുത്താന്‍ വെളിച്ചണ്ണയ്ക്കു കഴിവുണ്ടെന്ന് അമേരിക്കന്‍ നൂട്രീഷന്‍ അസോസിയേഷന്റെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, കീമോതെറാപ്പി കാരണമുള്ള പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും കഴിവുണ്ട്.

ഫാമര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ശ്രമിച്ചാല്‍ പ്രകൃതിദത്ത ഉത്പന്നങ്ങളില്‍നിന്ന് മിക്ക മാരക രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കണ്ടെത്താവുന്നതേയുള്ളൂ. എന്നാല്‍, പരീക്ഷണങ്ങളും ഗവേഷണങ്ങളും ഇല്ലെങ്കില്‍ ഒന്നും നടക്കില്ല.

അര്‍ബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാം

സ്തനാര്‍ബുദം

ആഗോളതലത്തില്‍ തന്നെ സ്ത്രീകളിലെ മരണകാരണമായ രോഗങ്ങളില്‍ ഏറ്റവും മുന്നിലാണ് സ്തനാര്‍ബുദം. എന്നാല്‍, തുടക്കത്തിലെ കണ്ടെടത്തി ചികിത്സിക്കാനായാല്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതാണ് സ്തനാര്‍ബുദം.

സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടടത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തനപരിശോധനയിയൂടെയും രോഗം കണ്ടടത്താവുന്നതാണ്.

ഗര്‍ഭാശയഗള കാന്‍സര്‍

മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാവുന്ന കാന്‍സറാണു ഗര്‍ഭാശയഗള കാന്‍സര്‍ സെര്‍വിക്കല്‍ (കാന്‍സര്‍). സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണിത്. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാകുന്ന മാറ്റമാണു കാന്‍സറിനു കാരണമാകുന്നത്. രോഗം പ്രകടമാകുന്നതിനു 10-15 വര്‍ഷം മുമ്പുതന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കും. അതുകൊണ്ട് സ്ക്രീനിങ്ങിലൂടെ കോശമാറ്റങ്ങള്‍ കണ്ടടത്താനും രോഗസാധ്യത തിരിച്ചറിയാനും പറ്റും.

ലൈംഗികബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്ക്രീനിങ്ങ് നടത്തണം.

പാപ്‌സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്. നഗ്നനേത്രങ്ങള്‍ കൊണ്ട് ഗര്‍ഭാശയമുഖത്തെ നിരീക്ഷിക്കുകയാണ് ആദ്യ പടി. പിന്നീട് ഗര്‍ഭാശയമുഖത്തിന്റെ അകത്തും പുറത്തുമുള്ള കോശങ്ങള്‍ സ്പാറ്റുല എന്ന ഉപകരണം കൊണ്ട് ശേഖരിച്ചു പരിശോധിക്കും. ഈ കോശങ്ങളെ സൂക്ഷ്മ നിരീക്ഷണിയിലൂടെ മാറ്റങ്ങളുണ്‌ടോയെന്നു നോക്കുന്നു.

പാപ് സ്മിയറില്‍ എന്തെങ്കിലും പ്രകടമായ മാറ്റം കണ്ടാല്‍ കോള്‍പ്പോസ്‌കോപ്പി പരിശോധന നടത്താം. എച്ച് പി വി ടെസ്റ്റും സ്ക്രീനിങ്ങിന് ഉപയോഗിക്കുന്നു. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പ്രോസ്റ്റേറ്റ് കാന്‍സര്‍ അറിയാം

പുരുഷന്മാരില്‍ കണ്ടുുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പ്രായം കൂടുന്നത് ഈ കാന്‍സറിനുള്ള സാധ്യതയെ സ്വാധീനിക്കാം.

മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്‌നങ്ങളാണു പ്രേസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്‌സി എന്നിവ ചെയ്യും.

40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. . 40 വയസ്സിനു ശേഷം എല്ലാ പുരുഷന്മാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

കൊളോറെക്ടല്‍ കാന്‍സര്‍

വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും വന്‍കുടലില്‍ മുഴകള്‍ ഉണ്ടായിട്ടുങ്കെില്‍ 10 വയസ്സിനു മുമ്പേ മറ്റ് അംഗങ്ങളും സ്ക്രീനിംഗ് തുടങ്ങണം. മലത്തില്‍ രക്തത്തിന്റെ സാന്നിധ്യം പരിശോധിക്കുന്നതിനുള്ള ഫീക്കല്‍ ഔക്കള്‍ട്ട് ബ്ലഡ് ടെസ്റ്റ് (എഫ്ഒബി) കോളനോ സ്‌കോപ്പി എന്നീ പരിശോധനകളാണ് സ്ക്രീനിങ്ങിനായി ഉപയോഗിക്കുന്നത്. ഇവയില്‍ എഫ്.ഒ.ബി വര്‍ഷന്തോറുമാണ് നടത്തേണ്ടത്. കൂടുതലും പ്രായം ചെന്നവരിലാണ് ഇത്തരം കാന്‍സറുകള്‍ കണ്ടുവരുന്നത് എന്നതുകൊണ്ട് 40 വയസു മുതല്‍ ഇത്തരം സ്ക്രീനിങ്ങിനു വിധേയരാക്കേണ്ടതാണ്.

ശ്വാസകോശ കാന്‍സര്‍

ശ്വാസകോശ കാന്‍സറിന്റെ കാര്യത്തില്‍ പലപ്പോഴും രോഗം ഗുരുതരമായി കഴിഞ്ഞേ ലക്ഷണങ്ങള്‍ പ്രകടമാകൂ എന്നതുകൊണ്ടു തന്നെ മുന്‍കൂട്ടി തിരിച്ചറിയല്‍ പ്രയാസമാണ്. പക്ഷേ, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ചെസ്റ്റ് എക്‌സ്-റേയിലൂടെ രോഗതീവ്രത ഉണ്ടോ എന്നറിയാം. പുകവലി പതിവാക്കിയവര്‍, ആസ്ബറ്റോസ്, ചില രാസവസ്തുക്കള്‍ എന്നിവയുമായി സ്ഥിരം ബന്ധപ്പെടുന്ന ജോലികളിലേര്‍പ്പെടുന്നവര്‍ തുടങ്ങിയവരെല്ലാം പ്രകടമായ ലക്ഷണങ്ങളില്ലെങ്കിലും സിടി സ്കാന്‍ പരിശോധനയ്ക്കു വിധേയരാകുന്നത് നല്ലതാണ്.

മൂന്നാംലോക രാഷ്ട്രങ്ങളില്‍ കണ്ടടത്തുന്ന 80 ശതമാനം കാന്‍സറുകളും ഗുരുതരാവസ്ഥയിലെത്തിയതിനു ശേഷമാണ് തിരിച്ചറിയപ്പെടുന്നത്. ഇത്തരം കേസുകളില്‍ 70-80 ശതമാനവും മുന്‍കൂട്ടി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താനാവും എന്നതൊരു ദു: ഖ സത്യമാണ്. അതുകൊണ്ടു തന്നെ, സ്‌പെഷ്യലിസ്റ്റുകളുടെ ഈ യുഗത്തില്‍ ഫാമിലി ഡോക്ടര്‍ എന്ന ആശയത്തിന് പ്രസക്തിയേറുന്നു. വര്‍ഷാവര്‍ഷമുള്ള പരിശോധനകളില്‍ നിങ്ങള്‍ക്കാവശ്യമുള്ള കാന്‍സര്‍ സ്ക്രീനിങ്ങുകള്‍ ഉപ്പെടുത്താനും ലക്ഷണങ്ങളോടൊപ്പം കുടുംബപാരമ്പര്യവും ജീവിതശൈലിയും കണക്കിലെടുത്ത് രോഗം മുന്‍കൂട്ടി തിരിച്ചറിയാനും വേണ്ട സമയത്ത് ചികിത്സ തുടങ്ങാനും കുടുംബഡോക്ടര്‍ക്ക് എളുപ്പം കഴിഞ്ഞേക്കും. പുകയില ഒഴിവാക്കുന്നത് ശ്വാസകോശാര്‍ബുദം തടയുന്നതിനു സഹായിക്കും.

ഈ കാന്‍സര്‍ ലക്ഷണങ്ങളിലൂടെ അറിയാം

നാസോഫാരിംഗ്‌സ്
മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും.

ലാരിങ്‌സ്
തുടര്‍ച്ചയായി ഒച്ചയടപ്പ് ഒരു മാസത്തില്‍ കൂടുതല്‍.

ആമാശയം
മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം.

സ്കിന്‍ മെലനോമ
കൃത്യമായ അരികുകളില്ലാതെ പടര്‍ന്നു കിടക്കുന്ന തവിട്ടുനിറമുള്ള പാടുകള്‍, ചൊറിച്ചിലുള്ളതോ രക്തം വരുന്നതോ ആയ പാടുകള്‍.

മറ്റ് ത്വക്ക് കാന്‍സറുകള്‍
ത്വക്കിലെ ഭേദമാകാത്ത പാടുകള്‍.

മൂത്രാശയ കാന്‍സര്‍
വേദന, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രംപോക്ക്, മൂത്രത്തില്‍ രക്തം കാണപ്പെടുക

ടെസ്റ്റിക്കുലര്‍ കാന്‍സര്‍
ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്

തൈറോയിഡ് കാന്‍സര്‍
കഴുത്തിലെ വീക്കം

തലച്ചോറില ട്യൂമര്‍
തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം

ഈ ലക്ഷണങ്ങള്‍ കൊണ്ടു മാത്രം കാന്‍സര്‍ ഉറപ്പിക്കാനാവില്ല. പക്ഷേ, ലക്ഷണങ്ങള്‍ കാന്‍സറിന്റേതല്ലെന്ന് ഉറപ്പുവരുത്തണം.

ഡോ. ജയപ്രകാശ്
ഓങ്കോളജിസ്റ്റ്, കിംസ് കാന്‍സര്‍ സെന്റര്‍, തിരുവനന്തപുരം

പ്രമേഹബാധിതരുടെ ശ്രദ്ധയ്ക്ക്

* ഇന്‍സുലിന്‍ കുത്തിവയ്ക്കാനുപയോഗിക്കുന്ന സൂചിയും സിറിഞ്ചും അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തണം.

* ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്നുകളുടെ അളവില്‍ മാറ്റം വരുത്താവൂ.

* പ്രമേഹബാധിതര്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു നിയന്ത്രണവിധേയമാണെന്ന് ഉറപ്പു വരുത്തണം.

* പ്രമേഹബാധിതരില്‍ ചിലപ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴാനിടയുണ്ട്. അതിനാല്‍ യാത്രാവേളയില്‍ ഗ്ലൂക്കോസ് അടങ്ങിയ ബിസ്കറ്റ് കരുതുന്നതു ബോധക്കേട് ഒഴിവാക്കാന്‍ പ്രയോജനപ്പെടും.

* മറ്റു രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന പ്രമേഹരോഗികള്‍ ചികിത്സിക്കുന്ന ഡോക്ടറോട് പുതുതായി കഴിക്കുന്ന മരുന്നുകളുടെ വിവരം അറിയിക്കണം. ഇത്തരം മരുന്നുകള്‍ പ്രമേഹനിയന്ത്രണത്തെ ബാധിക്കാതിരിക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രമേഹത്തിനു കഴിക്കുന്ന മരുന്നുകളുടെ ഡോസില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.

* പ്രമേഹരോഗികള്‍ മരുന്നു കഴിച്ചതിനു ശേഷമേ രക്തപരിശോധന നടത്താവൂ.

* രാവിലത്തെ ഭക്ഷണത്തിനു മുമ്പും ഭക്ഷണംകഴിഞ്ഞ് രണ്ട് മണിക്കൂറിനു ശേഷവുമുളള രക്തപരിശോധനയാണ് ആവശ്യം.

* ചര്‍മസംരക്ഷണത്തിന് അതീവപ്രാധാന്യം നല്കണം. ഫംഗസ് ബാധ ഒഴിവാക്കുന്നതിന് അതു സഹായകം

* പാദസംരക്ഷണത്തില്‍ പ്രത്യേകശ്രദ്ധ ചെലുത്തണം.

* പ്രമേഹം കാലുകളിലെ ഞരമ്പിനെ ബാധിക്കാനിടയുളളതിനാല്‍ ഇടയ്ക്ക് ഇതു സംബന്ധിച്ച പരിശോധ നയ്ക്കു വിധേയമാകണം.

* മദ്യപാനം ഉപേക്ഷിക്കണം. ബിയര്‍ പോലും ഉപയോഗിക്കരുത്.

* ആഹാരത്തിന്റെ അളവില്‍ നിയന്ത്രണം പാലിക്കണം; കഴിക്കുന്നതില്‍ സമയനിഷ്ഠയും.

* വ്യായാമം എല്ലാ ദിവസവും ഒരേതോതില്‍ ചെയ്യണം. ഹൃദ്രോഗികള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള വ്യായാമമുറകള്‍ സ്വീകരിക്കണം.

* പ്രമേഹം പൂര്‍ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ സാധ്യമല്ല; എന്നാല്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ പാലിക്കാനുളള മനസും ജീവിതശൈലിയില്‍ വരുത്താവുന്ന ഗുണപരമായ മാറ്റവും പ്രമേഹം നിയന്ത്രിക്കാന്‍ സഹായകം.

ജീവിതശൈലീ രോഗങ്ങളെ അകറ്റിനിര്‍ത്താം

ഡോ. സിസ്റ്റര്‍ ബെര്‍ത്ത എസ്എബിഎസ്

ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് ഇന്നു മലയാളികള്‍. അച്ചടക്കമില്ലാത്ത ജീവിതശൈലികളും ഭക്ഷണക്രമങ്ങളും മൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പലതും പലരുടെയും ആരോഗ്യത്തിന്റെ താളെ തെറ്റിക്കുന്നു. ചിലരുടെ ആയുസിന്റെ നീളം കുറയ്ക്കുന്നു. പ്രമേഹം ഇത്തരത്തില്‍ വ്യാപകമായി കണ്ടുവരുന്ന ഒരു ജീവിതശൈലീ രോഗമാണ്.

പ്രമേഹം എന്ന പേടിസ്വപ്നം

പ്രമേഹത്തെക്കുറിച്ച് എത്രമാത്രം പറഞ്ഞാലും പഠിപ്പിച്ചാലും എഴുതിയാലും ഇപ്പോഴത്തെ ആളുകളെ സ്വാധീനിക്കുവാന്‍ അതൊന്നും മതിയാവുന്നില്ല എന്നു തോന്നിപ്പോകുകയാണ്. അടുത്തുനിന്നും വിദൂരത്തുനിന്നും തീരാരോഗങ്ങളുമായി (ഞരമ്പുരോഗം, പാദരോഗം, ഹൃദ്രോഗം, വൃക്കരോഗം, നേത്രരോഗം) പ്രമേഹരോഗികള്‍ ആശുപത്രിയില്‍ എത്തുന്നതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. അല്പം ശ്രദ്ധിച്ചാല്‍ എല്ലാവര്‍ക്കും വേദനയും കഷ്ടപ്പാടും ഒഴിവാക്കുകയും പണം മുടക്ക് ഇല്ലാതാക്കുകയും ചെയ്യാനാവും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി (ഭക്ഷണത്തിനു മുമ്പ് 126 എംജിയില്‍ കൂടുതലും ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂറില്‍ 200-ല്‍ കൂടുതലും) ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയാണ് പ്രമേഹം. ചിലരില്‍ ഭക്ഷണത്തിനു മുമ്പ് 100-126 എംജിവരെയും ഭക്ഷണശേഷം 140-200 എംജി വരെയും കാണാം. അവര്‍ പ്രീ-ഡയബറ്റിസ് – പ്രമേഹത്തിന്റെ മുന്നോടിയായുള്ള അവസ്ഥയിലാണ്. ചിലര്‍ക്ക് എഫ്ബിഎസ് മാത്രവും മറ്റുചിലര്‍ക്ക് പിപിബിഎസ് മാത്രവുംകൂടിയിരിക്കും.

ഈ കൂട്ടരെല്ലാം തങ്ങള്‍ക്കു പ്രമേഹരോഗം വരാതിരിക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് തീരുമാനങ്ങള്‍ എടുക്കുക. അതിനു ശരീരത്തിന്റെ തൂക്കം ക്രമമായ അളവിലായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1. ശരീരത്തിന്റെ തൂക്കം, പൊക്കം, ഉദരഭാഗത്തിന്റെ ചുറ്റളവ് ഇവ അളക്കുക. ഉത്തമമായ തൂക്കം പുരുഷന്മാര്‍ക്ക് തങ്ങളുടെ ഉയരത്തില്‍ (സെന്റിമീറ്റര്‍) നിന്ന് 100 കുറയ്ക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ്. സ്ത്രീകള്‍ക്ക് ഇങ്ങനെ കിട്ടുന്ന സംഖ്യയില്‍ നിന്നു 10 ശതമാനം കൂടി കുറച്ചാല്‍ കിട്ടുന്ന സംഖ്യയാണ് ഉത്തമമായ തൂക്കം.

2. ബോഡി മാസ് ഇന്‍ഡെക്‌സ്- തൂക്കത്തെ (കിലോഗ്രാം) ഉയര(മീറ്റര്‍) ത്തിന്റെ വര്‍ഗം കൊണ്ടു ഹരിക്കുന്നോള്‍ കിട്ടുന്ന സംഖ്യയാണ്. 20 മുതല്‍ 24 വരെയാണ് ഉത്തമമായ സംഖ്യ,

3. ഉദരഭാഗം ചുറ്റളവ്: പുരുഷന്മാര്‍ക്ക് 90 സെന്റിമീറ്ററിലും സ്ത്രീകള്‍ക്ക് 80 സെന്റിമീറ്ററിലും താഴെയായിരിക്കുന്നതാണ് ഉത്തമം.

ശരിയായ രീതിയില്‍ ഭാരമുള്ളവര്‍ക്ക് ഒരു കിലോഗ്രാം തൂക്കത്തിന് 30 കലോറി വച്ചും അമിതഭാരമുള്ളവര്‍ക്ക് 20 കലോറിവച്ചും തൂക്കം കുറഞ്ഞവര്‍ക്ക് 40 കലോറിവച്ചും ഊര്‍ജം ദിവസേന ആവശ്യമാണ്. പ്രമേഹ സാധ്യതയുള്ളവര്‍ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഭക്ഷണവും വ്യായാമവും അധ്വാനവും ക്രമീകരിച്ചുകൊണ്ട് 4-6 ആഴ്ചകള്‍ നന്നായി പരിശ്രമിക്കുക. അതിനുശേഷം പ്രമേഹത്തെക്കുറിച്ച് അറിയാവുന്ന ഡോക്ടറെ കാണുക. വേറെ പല രോഗങ്ങള്‍ക്കും സാധ്യതയുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് നിയന്ത്രിക്കുക. ജീവിതശൈലിയില്‍ വ്യത്യാസം വരുത്തല്‍ പ്രമേഹരോഗികള്‍ക്കും പ്രീ-ഡയബറ്റിസിനും പാരമ്പര്യമായി കുടുംബത്തില്‍ പ്രമേഹമുള്ളവര്‍ക്കും അത്യാവശ്യംതന്നെ.

പുകവലി, പൊടിവലി എന്നിവ രക്തമൊഴുക്കിന്റെ തകരാറിലേക്കും മദ്യപാനം പഞ്ചസാരയുടെ നിയന്ത്രണത്തകരാറിലേക്കും കരളിന്റെ തകരാറിലേക്കും ഞരമ്പു രോഗത്തിലേക്കും നയിക്കുന്നതിനാല്‍ അവ ഉപേക്ഷിക്കണം.

പ്രമേഹം നാലുതരം

സാധാരണയായി പ്രമേഹം നാലുതരത്തില്‍ കാണപ്പെടുന്നു.

ടൈപ്പ്-1: കുട്ടികളിലും ചെറുപ്പക്കാരിലുമാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. ഇതില്‍ പാരമ്പര്യത്തിന് കാര്യമായ പങ്കില്ല. പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങള്‍ കേടുവന്നു നശിച്ചുപോയതുകൊണ്ട് ഇന്‍സുലിന്‍ ഉത്പാദനം നിലച്ചുപോകുന്നതിനാല്‍ ഇന്‍സുലിന്‍ പുറമെനിന്നു കൊടുക്കേണ്ടിവരുന്നു. ചിട്ടയുള്ള ജീവിതശൈലി ആരംഭംമുതലേ പാലിക്കണം. ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇന്‍സുലിന്‍ എടുക്കാന്‍ പഠിക്കുകയും പഞ്ചസാര പരിശോധിച്ച് (ഗ്ലൂക്കോമീറ്റര്‍ വഴിയോ ലാബുവഴിയോ) ഒരു ബുക്കില്‍ ക്രമമായി എഴുതി സൂക്ഷിക്കുകയും ഡോക്ടറെ കാണിച്ച് നിര്‍ദേശങ്ങളോടു സഹകരിക്കുകയും ചെയ്താല്‍ പേടികൂടാതെ ജീവിക്കാം.

അസുഖം ഒരു ഭാരമായി കാണാരുത്. അതിനെ അതിജീവിക്കാന്‍ സാധിക്കുമെന്ന ഉറപ്പും ബോധ്യവും കരുതലും ഉണ്ടാവുകയാണ് ആവശ്യം. 6-7 മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. വിവാഹം ആലോചിക്കുമ്പോള്‍ അസുഖമുണ്ടങ്കില്‍ ആ വിവരം അറിയിക്കണം. അസുഖവിവരം കുടുംബാംഗങ്ങള്‍ അറിഞ്ഞാല്‍ അവരും രോഗിയെ ജീവിതശൈലി പരിപാലിച്ചുപോകാന്‍ സഹായിക്കുക. മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കണം.

ടൈപ്പ്-2: ഇവിടെ പാരമ്പര്യം ഒരു നിര്‍ണായകഘടകമാണ്. അതുപോലെ വ്യായാമത്തിന്റെ കുറവും അമിതവണ്ണവും കാരണങ്ങളാണ്. ജീവിതശൈലി മാറ്റി ശരീരത്തിന്റെ തൂക്കം നോര്‍മല്‍ ആക്കണം. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് കൃത്യമായി കഴിക്കണം. ഭക്ഷണത്തിന്റെ സമയവും അളവും പാലിക്കണം.

ടൈപ്പ്-3: കൂടെക്കൂടെ പാന്‍ക്രിയാറ്റിറ്റിസ് (fibro calculous pancreatitic diabetes FCPD) ഉണ്ടാവുക, ആല്‍ക്കഹോള്‍ മൂലം പാന്‍ക്രിയാറ്റിറ്റിസ് പലപ്രാവശ്യം ഉണ്ടാവുക, ആസ്ത്മ, Rheumatic Arthritis, cerebral oedema, ചില കാന്‍സര്‍ ചികിത്സ ഇവയ്ക്കു കൊടുക്കുന്ന സ്റ്റിറോയ്ഡ് മരുന്നുമൂലമുണ്ടാകുന്ന പ്രമേഹം. പാന്‍ക്രിയാസിന്റെ ഓപ്പറേഷന്‍ മൂലവും ഇതുണ്ടാകാം.

ടൈപ്പ്-4: ഗര്‍ഭകാലത്ത് ചിലരില്‍ കാണുന്നു. പ്രസവശേഷം 1-2 മാസത്തിനുള്ളില്‍ പഞ്ചസാര നോര്‍മല്‍ ആയില്ലെങ്കില്‍ അത് ടൈപ്പ്-2 ആണ്. തത്കാലം മാറിയശേഷം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും വരാം. അവര്‍ ഇടയ്ക്ക് ടെസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതു നല്ലതാണ്. ആഹാരക്രമം, വ്യായാമം ഇവയില്‍ ശ്രദ്ധിച്ചാല്‍ വീണ്ടും വരാതിരിക്കാം. കുട്ടിയുടേയും അമ്മയുടേയും ആരോഗ്യത്തിനു ഗര്‍ഭിണികളുടെ പ്രമേഹം നന്നായി നിയന്ത്രിക്കേണ്ടതുണ്ട്.

പ്രമേഹത്തിന്റെ ദീര്‍ഘകാല സങ്കീര്‍ണതകള്‍

ഞരമ്പു രോഗം: ഇതു പലതരത്തിലുണ്ട്. സ്പര്‍ശന ശേഷി തിരിച്ചറിയുന്ന സെന്‍സറി ഞരമ്പുകള്‍, ശരീരത്തിന്റെ ആന്തരിക പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഓട്ടോണോമിക് ഞരമ്പുകള്‍, ചലനശേഷിയെ നിയന്ത്രിക്കുന്ന മോട്ടോര്‍ ഞരമ്പുകള്‍ ഇവയെയെല്ലാം ഈ രോഗം ബാധിക്കും.

രക്തമൊഴുക്കിലെ തകരാറുകള്‍: പ്രമേഹരോഗികള്‍ക്കും പുകവലിക്കാര്‍ക്കും ബാധിക്കുന്ന രോഗമാണിത്. തലച്ചോറു മുതല്‍ വിരലറ്റം വരെ ഏതു ഭാഗത്തും വരാം. കാലുകളിലെ പള്‍സ് നോക്കി കണ്ടുപിടിക്കാം. Doppler test, Angiography, പരിശോധനകള്‍ നടത്താം. അസഹനീയമായ കാലുവേദനയ്ക്ക് വേദനസംഹാരികള്‍ ശമനം നല്കില്ല. രക്തക്കുഴലുകളുടെ പലഭാഗങ്ങളില്‍ തടസങ്ങള്‍ (obstructionnarrowing) ഉണ്ടാകാം. ഏതെങ്കിലും ഭാഗങ്ങളില്‍ Angioplasty tbm Bypass Surgeryയോ ചെയ്താലും മറ്റുഭാഗങ്ങളിലെ തടസങ്ങള്‍ അവശേഷിക്കുന്നതിനാല്‍ രോഗി അസ്വസ്ഥത കാണിക്കും. കാലിലെ വ്രണങ്ങള്‍ ഉണങ്ങുകയില്ല.

ചെറിയ രക്തക്കുഴലുകളെ പ്രമേഹം ബാധിക്കുന്നതുവഴി നേത്രങ്ങള്‍, വൃക്കകള്‍, ഞരമ്പുകള്‍ ഇവ തകരാറിലാകുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇതു സംഭവിക്കുന്നത്, വളരെ താമസിച്ചാണ് രോഗി ഇതിന്റെ ലക്ഷണങ്ങള്‍ മനസിലാക്കുന്നതും. ചിട്ടയോടെ പ്രമേഹ ചികിത്സ നടത്തിയാലെ ഈ അവയവങ്ങളെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കൂ.

നേത്രരോഗം: വളരെ ലളിതമായി തുടങ്ങുന്നതു നാം അറിയുകില്ല. എല്ലാവര്‍ഷവും ഒരുപ്രാവശ്യം കണ്ണില്‍ തുള്ളിമരുന്ന് ഒഴിച്ച് കുറച്ചുസമയം കഴിഞ്ഞ് കണ്ണു ഡോക്ടര്‍ പരിശോധിച്ച് പറയും. അതു ചികിത്സിക്കാതിരുന്നാല്‍ തകരാര്‍ കൂടി കാഴ്ച നഷ്ടപ്പെടും. അതുപോലെ പ്രമേഹ രോഗികളില്‍ കാറ്ററാക്ട് (തിമിരം), ഗ്ലൂക്കോമ എന്നീ അസുഖങ്ങളും കൂടുതലായി കണ്ടുവരുന്നു.

ഞരമ്പുരോഗത്തെത്തുടര്‍ന്ന് ജോയിന്റ് തകരാറുകള്‍ സംഭവിക്കാം. ഇതേക്കുറിച്ചൊന്നും രോഗി അറിയാത്തതുകൊണ്ട്, വളരെക്കാലത്തെ ഉയര്‍ന്ന പഞ്ചസാരയുടെ നില സാരമില്ലെന്നുവച്ച് അവസാനം അവയവങ്ങള്‍ സമരം ചെയ്യുമ്പോള്‍ വീല്‍ചെയറില്‍ പ്രകൃതിചികിത്സയ്ക്കായി എത്തുന്ന രോഗികളെ കാണുമ്പോള്‍ പ്രമേഹത്തിന്റെ ആദ്യവര്‍ഷത്തില്‍ ഇവിടെയെത്തിയിരുന്നെങ്കില്‍ എന്നു ചിന്തിക്കാറുണ്ട്. പലയിടങ്ങളിലുള്ള എല്ലാ ചികിത്സയ്ക്കും ശേഷമല്ല പ്രകൃതിചികിത്സ ചെയ്യേണ്ടത്.

കുടുംബാംഗങ്ങള്‍ പ്രമേഹ രോഗിയെ മനസിലാക്കി അവര്‍ക്കുവേണ്ടതായ സഹാചര്യങ്ങള്‍ ഒരുക്കി, നല്ല ഭക്ഷണരീതി പ്രോത്സാഹിപ്പിച്ച്, വ്യായാമങ്ങളും ഒരുമിച്ചു ചെയ്തു മനസിനു സമാധാനവും സന്തോഷവും നല്‍കിയാല്‍ പ്രമേഹജീവിതം ഒരു ഭാരമാവില്ല. മറ്റേവരേയുംപോലെ ജീവിതം ആസ്വദിക്കാം.

Declusive Vascular disease ന് 1988 മുതല്‍ മേഴ്‌സി ഹോസ്പിറ്റലില്‍ നടത്തുന്ന ഒരു ജര്‍മന്‍ ചികിത്സയാണ് Hot (Haematogenous Oxidation Therapy) . ഇതിലൂടെ കൂടുതല്‍ ഓക്‌സിജന്‍ കോശങ്ങള്‍ക്കു കിട്ടുന്നു. ആവശ്യമായ രക്തമൊഴുക്ക് ഉണ്ടാകുന്നു. രോഗികളുടെ വേദന ശമിക്കുന്നു, വ്രണങ്ങള്‍ സാവധാനം കരിയുന്നു. കാലിലെ കറുപ്പു നിറം മാറുന്നു. കൂടുതല്‍ ദൂരം നടക്കാന്‍ അവര്‍ക്കു സാധിക്കുന്നു. വിരലുകളും കാലും മുറിക്കാതെ അനേകം പേരെ ഇതിലൂടെ സൗഖ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്.

(തലയോലപ്പറമ്പ് പൊതി മേഴ്‌സി ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറും ചീഫ് ഫിസിഷ്യനുമാണു ലേഖിക)

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭധാരണം, പ്രസവം എന്നിവ സാധാരണ പ്രക്രിയയാണെങ്കിലും നിര്‍ഭാഗ്യവതികളായ ചില സ്ത്രീകള്‍ക്ക് അതൊരു പരീക്ഷണഘട്ടമായി മാറുന്നുണ്ട്. അമ്മയ്ക്ക് ഗര്‍ഭകാലത്തിന് മുന്‍പുള്ള രോഗങ്ങള്‍, ഗര്‍ഭധാരണത്തിന് ശേഷമുണ്ടാകാവുന്ന രോഗങ്ങള്‍, ഗര്‍ഭസ്ഥ ശിശുവിന്റെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ സാധാരണയില്‍ നിന്നു ഗര്‍ഭാവസ്ഥയെ സങ്കീര്‍ണ്ണമായിത്തീര്‍ക്കാറുണ്ട്. അതിനൊരുദാഹരണമാണ് “ഗര്‍ഭകാല പ്രമേഹം’ അഥവാ “ജസ്റ്റേഷണല്‍ ഡയബറ്റീസ്’ (Gestational diabetes) എന്നത്.

ഏതാണ്ട് 20% കേരളീയരില്‍ പ്രമേഹം കാണുന്നു എന്നതാണ് ഏറ്റവും അടുത്ത കാലത്തുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. “ഗര്‍ഭകാല പ്രമേഹവും’ ഇതേ തോതില്‍ കൂടി വരികയാണ് എന്നതാണ് വളരെ ആശങ്കാ ജനകമായ വസ്തുത.

രോഗസാധ്യതയുള്ളവര്‍

ഗര്‍ഭകാല പ്രമേഹം വരാന്‍ സാദ്ധ്യതയുള്ളവര്‍ ആരൊക്കെയാകാമെന്ന് നമുക്ക് ഒരു പരിധി വരെ മുന്‍കൂട്ടി അനുമാനിക്കാവുന്നതാണ്. കുടുംബത്തില്‍ രക്തബന്ധമുള്ളവര്‍ക്ക് പ്രമേഹരോഗമുള്ളവര്‍, പ്രായം 30 വയസ്സിനു മുകളിലുള്ളവര്‍, “പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ്’ Polycystic Ovarian disease) എന്ന രോഗാവസ്ഥയുള്ളവര്‍, ഗര്‍ഭകാല പ്രമേഹം വന്നിട്ടുള്ളവര്‍, കഴിഞ്ഞ പ്രസവങ്ങളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ അകാരണമായ മരണമോ, അമിതഭാരമുള്ള കുഞ്ഞിന്റെ ജനനമോ ഉണ്ടായിട്ടുള്ളവര്‍ എന്നിവരിലാണ് ഗര്‍ഭകാല പ്രമേഹം അധികമായി കാണാന്‍ സാദ്ധ്യതയുള്ളത്. മേല്‍പ്പറഞ്ഞ സ്ത്രീകള്‍ ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍ ആദ്യത്തെ മാസം തൊട്ട് നിശ്ചിത കാലയളവില്‍ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കേണ്ടതാണ്. മൂത്ര പരിശോധന, കഴിഞ്ഞ മൂന്നു മാസങ്ങളിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നിലവാരമറിയാനുള്ള പരിശോധന, “ഓറല്‍ ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റ്’ (Oral Glucose Tolerance Test) അഥവാ OGTT) എന്നിവയാണ് നിശ്ചയമായും ചെയ്തിരിക്കേണ്ട പരിശോധനകള്‍.

ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ അമിതമായ രക്തസമ്മര്‍ദവും (Hypertension) അതുമായി ബന്ധപ്പെട്ട പ്രീ എക്ലാംപ്‌സിയ (Pre eclampsia) എന്ന രോഗാവസ്ഥയും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അമ്മയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനും ഗുരുതരാവസ്ഥയിലെത്താനും ഇടയാക്കാവുന്ന ഒന്നാണ് പ്രീ എക്ലാംപ്‌സിയ. മൂത്രത്തിലെ അണുബാധ, മാസം തികയാതെയുള്ള പ്രസവം ഇവയെല്ലാം ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ കാണാം.

ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കാം

ഗര്‍ഭകാലപ്രമേഹം കൊണ്ട് ഗര്‍ഭസ്ഥശിശുവിന് ഉണ്ടാകാനിടയുള്ള ദൂഷ്യഫലങ്ങളും വളരെ ഗുരുതരമാകാം. മറുപിള്ളയുടെ അപര്യാപ്തത (placental insufficiency) മൂലം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച ക്കുറവോ ചിലപ്പോള്‍ മരണം (intrauterine growth retardation or intrauterine death)വരെയോ സംഭവിക്കാം. അമ്മയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രണാതീതമാവുമ്പോള്‍ ഗര്‍ഭസ്ഥശിശുവിന് അമിതഭാരം (macrosomia) ഉണ്ടാകാനും സാദ്ധ്യതയേറും. അമിതഭാരമുള്ള ഗര്‍ഭസ്ഥശിശുവിന്റെ ജനനസമയത്ത് കുഞ്ഞിന്റെ തോളുകള്‍ തടയുക മൂലം (shoulder dystour)കുഞ്ഞിന്റെ തോളെല്ല് പൊട്ടുകയോ (clavick fracture) കൈയിലേക്കുള്ള ഞരമ്പിന് കേടുണ്ടാവുക മൂലം ഏബ്‌സ് പാല്‍സി (Erb’s palsy) എന്ന അവസ്ഥ വരികയോ ചെയ്യാം.

മാസം തികയാതെയുള്ള പ്രസവവും അതുമൂലം കുഞ്ഞിന്റെ ശ്വാസകോശം പൂര്‍ണവളര്‍ച്ചയെത്താത്തതിന്റെ പ്രശ്‌നങ്ങളും (Respiratory distress syndrome) സംഭവിക്കാന്‍ അധികസാദ്ധ്യതയുണ്ട്. അപ്രകാരമുള്ള കുഞ്ഞുങ്ങള്‍ക്ക് നവജാതശിശുക്കളുടെ തീവ്രപരിചരണം ആവശ്യമാവുകയും ചെയ്യാനിടയുണ്ട്. അമ്മയുടെ രക്തത്തിലുള്ള അമിതമായ ഗ്ലൂക്കോസ് മറുപിള്ളയിലൂടെ ഗര്‍ഭസ്ഥശിശുവിലെത്തുന്നതിനാല്‍ ജനിച്ചയുടനെ ഈ കുഞ്ഞുങ്ങളില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അധികോല്‍പാദനമുണ്ടാകാനും അതുമൂലം രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കുറഞ്ഞു പോകാനുമുള്ള സാധ്യത കൂടുതലാണ്. ഗര്‍ഭകാലപ്രമേഹം വന്നിട്ടുള്ള സ്ത്രീകള്‍ക്ക് ഭാവിയില്‍ പ്രമേഹമുണ്ടാകാനുള്ള സാദ്ധ്യത ഉള്ളതു പോലെ തന്നെയാണ് അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും എന്നത് അറിഞ്ഞിരിക്കേണ്ട വസ്തുതയാണ്. അപ്രകാരമുള്ള കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ പ്രമേഹത്തോടൊപ്പം അമിതവണ്ണം (Obesity) ഉണ്ടാകാനുള്ള സാദ്ധ്യതയും വളരെക്കൂടുതലാണ്.

ചികിത്സാരീതി

ഗര്‍ഭകാല പ്രമേഹം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ പിന്നീടങ്ങോട്ടുള്ള ചികിത്സയില്‍ ഒരു എന്‍ഡോ ക്രൈനോളജി വിദഗ്ധന്റെയും ന്യൂട്രീഷനിസ്റ്റിന്റെയും പങ്ക് അനിവാര്യമാണ്. OGTT എന്ന പരിശോധനയിലൂടെയും ആവശ്യാനുസരണം ഭക്ഷണത്തിനു മുന്‍പും പിന്‍പുമുള്ള (FBS/PPBS) രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മനസ്സിലാക്കിയതിനു ശേഷം ആഹാരനിയന്ത്രണം മാത്രം മതിയോ അതോ മരുന്നുകള്‍ വേണോ എന്നത് തീരുമാനിക്കുകയാണ് പതിവ്. കൃത്യമായ വ്യായാമവും ഇതോടൊപ്പം നിര്‍ബന്ധമാക്കേണ്ടതാണ്. പ്രമേഹത്തിന്റെ കാഠിന്യമനുസരിച്ച് മെറ്റ്‌ഫോമിന്‍ ഗുളിക, ഇന്‍സുലിന്‍ കുത്തിവയ്പ് എന്നിവയാണ് ഇവരുടെ ചികിത്സയ്ക്കായി സാധാരണ നല്‍കാറുള്ളത്. അതോടൊപ്പം ഇവരെ സ്വന്തമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള “ഹോം ഷുഗര്‍ മോണിട്ടറിംഗ്’ (Home sugar monitoring) ചെയ്യാനും പഠിപ്പിക്കേണ്ടതാണ്.

ഗര്‍ഭിണികള്‍ക്ക് ഭക്ഷണകാര്യത്തില്‍ ഇഷ്ടാനിഷ്ടങ്ങള്‍ ധാരാളമുണ്ടാവും. ഗര്‍ഭകാല പ്രമേഹമുള്ളവര്‍ക്ക് ആഹാരനിയന്ത്രണം അനിവാര്യ മായതിനാല്‍ അതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കാനും അനുവദനീയമായ ആഹാരമെന്തൊക്കെയാണെന്ന് പറഞ്ഞു കൊടുക്കാനും ഒരു ന്യൂട്രീഷനിസ്റ്റിന്റെ സഹായം കൂടിയേ തീരു. ഗര്‍ഭിണികളോടൊപ്പം അവരുടെ ഭര്‍ത്താവിനും അമ്മയ്ക്കുമൊക്കെ ഇതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. കാരണം മധുരപലഹാരങ്ങളുമായി വരുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണം.

ഗര്‍ഭകാല പ്രമേഹം നിയന്ത്രിക്കാം

ഗര്‍ഭകാല പ്രമേഹമുള്ളവരില്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്കുറവോ കൂടുതലോ ഉണ്ടാകുന്നുണ്ടോ എന്നറിയാനായി 28 ആഴ്ചതൊട്ട് ഓരോ മാസവും അള്‍ട്രാ സൗണ്ട് സ്കാനിങ് ചെയ്യേണ്ടതാണ്. അതിനനുസൃതമായി വേണം കരുതലോടെ മുന്നോട്ടു പോകേണ്ടത്. ആഹാരനിയന്ത്രണത്തിലൂടെ മാത്രം ഗര്‍ഭകാല പ്രമേഹം നിയന്ത്രണത്തിലാക്കുന്നവര്‍ക്ക് 40 ആഴ്ചവരെ പ്രസവത്തിനായി സമയം കൊടു ക്കാവുന്നതാണ്. എന്നാല്‍ മരുന്നു കൊണ്ടുള്ള ചികിത്സ തുടങ്ങിക്കഴിഞ്ഞവരെ 38 ആഴ്ചയോടെ പ്രസവിപ്പിക്കേണ്ടേതാണ്. ഇപ്രകാരം നേരത്തേ പ്രസവം വേണമെന്നുള്ളവര്‍ക്ക് അവരുടെ ഗര്‍ഭസ്ഥശിശുവിന്റെ ശ്വാസകോശങ്ങളുടെ പൂര്‍ണ്ണവളര്‍ച്ചയ്ക്കായി സ്റ്റിറോയിഡ് കുത്തിവയ്പ് നല്‍കേണ്ടിവരാം.

37 ആഴ്ചയില്‍ ആശുപത്രിയില്‍ കിടത്തി അമ്മയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നോക്കിക്കൊണ്ട് വേണം 24 മണിക്കൂര്‍ ഇടവേളയില്‍ രണ്ടു സ്റ്റിറോയിഡ് കുത്തി വയ്പുകള്‍ നല്‍കേണ്ടത്. കാരണം സ്റ്റിറോയിഡ് മരുന്ന് രക്തത്തിലെ ഗ്ലൂക്കോസ് വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യതയുള്ളതാണ്. പ്രമേഹം വന്നവരെ സിസേറിയന്‍ ശസ്ത്രക്രിയ ചെയ്യണമെന്ന് ചിലര്‍ക്കൊക്കെ ഒരു ധാരണയുണ്ട്. മരുന്നുകള്‍ കൊടുത്തും മറ്റ് ഉപാധികളിലൂടെയും പ്രസവവേദന ഉണ്ടാക്കി സാധാരണ പ്രസവം സാദ്ധ്യമാക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിനു കഴിഞ്ഞില്ലെങ്കില്‍ മാത്രമേ സിസേറിയന്‍ ശസ്ത്രക്രിയയുടെ ആവശ്യം വേണ്ടി വരികയുള്ളൂ. അതേ പോലെ അള്‍ട്രാ സൗണ്ട് സ്കാ നിങ്ങിലൂടെ ഗര്‍ഭസ്ഥശിശുവിന് അമിത വളര്‍ച്ച യുണ്ടെന്ന് ബോദ്ധ്യപ്പെട്ടാല്‍, അവര്‍ക്ക് സാധാരണ പ്രസവം അസാദ്ധ്യമാണെന്ന് പരിശോധനയിലൂടെ തോന്നുകയും ചെയ്താല്‍ പിന്നീടവരെ സിസേറിയന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ടതാണ്.

ജീവിതശൈലിയില്‍ മാറ്റം വരുത്തിയും ആഹാരനിയന്ത്രണം പാലിച്ചും ഈ രോഗത്തെ അകറ്റി നിര്‍ത്താം. ഗര്‍ഭകാല പ്രമേഹം വന്നവര്‍ക്ക് ഭാവിയില്‍ പ്രമേഹം വരാനുള്ള സാദ്ധ്യത കൂടുതലായതിനാല്‍ അവരും അതിനെ തടയാനുള്ള ഉപാധികള്‍ ചെയ്യേണ്ടത് അനിവാര്യമാണ്.

സുനില്‍

കടപ്പാട്: ഡോ. മായാദേവി കുറുപ്പ്
സീനിയര്‍ കണ്‍സല്‍ട്ടന്റ് ആന്‍ഡ് ഹെഡ്, ആസ്റ്റര്‍ വുമന്‍സ് ഹെല്‍ത്ത് , ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി.

കാന്‍സര്‍ തടയാന്‍ മഞ്ഞള്‍

ബാക്ടീരിയയെ ചെറുത്തു തോല്പിക്കാനുളള കഴിവ് മഞ്ഞളിനുണ്ട്. മഞ്ഞള്‍ ആന്റി സെപ്റ്റിക്കാണ്. മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ സുഖപ്പെടുത്താന്‍ മഞ്ഞളിനാകും.

നാരുകള്‍, വിറ്റാമിന്‍ സി, ബി6, മാംഗനീസ്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്നു.

വിവിധതരം കാന്‍സറുകള്‍ തടയാന്‍ മഞ്ഞള്‍ ഫലപ്രദമെന്നു വിവിധ പഠനങ്ങള്‍ പറയുന്നു. മഞ്ഞളിലെ കുര്‍ക്യുമിന്‍ എന്ന ഘടകമാണ് കാന്‍സര്‍ ത്വക്ക് കാന്‍സര്‍, സ്തനാര്‍ബുദം എന്നിവയ്‌ക്കെതിരേ ശരീരത്തിനു പ്രതിരോധശക്തി നേടാന്‍ മഞ്ഞള്‍ സഹായിക്കുന്നു. സ്തനാര്‍ബുദം ശ്വാസകോശത്തിലേക്കു വ്യാപിക്കാതെ തടയാനുളള ശേഷി മഞ്ഞളിനുണ്ട്.

കുട്ടികളില്‍ രക്താര്‍ബുദം ഉണ്ടാകാനുളള സാധ്യത കുറയ്ക്കുന്നു. കാന്‍സര്‍ വ്യാപനം തടയുന്നു. ചില കീമോതെറാപ്പി മരുന്നുകളുടെ പാര്‍ശ്വഫലം കുറയ്ക്കാന്‍ മഞ്ഞള്‍ ഫലപ്രദമാണത്രേ.

മഞ്ഞള്‍ കറികളില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു ഗുണപ്രദമെന്നു മിക്ക പഠനങ്ങളും നിര്‍ദേശിക്കുന്നു. മഞ്ഞള്‍ കോളിഫഌവറുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതു പ്രോസ്‌റ്റേറ്റ് കാന്‍സറിനെ തടയുമെന്നു ചില പഠനങ്ങള്‍
പറയുന്നു.

ചര്‍മത്തിന്റെ ആരോഗ്യത്തിനു മഞ്ഞള്‍ ഗുണം ചെയ്യുമെന്നു പണ്ടേ നാം തിരിച്ചറിഞ്ഞിരുന്നു. പച്ചമഞ്ഞളരച്ചതു തേച്ചുളള കുളി പണ്ടേ പ്രസിദ്ധം. ചര്‍മത്തിലെ മുറിവുകള്‍, പാടുകള്‍ എന്നിവ മാറാന്‍ ഇതു ഗുണപ്രദം. ചര്‍മം ശുദ്ധമാകുമ്പോള്‍ സൗന്ദര്യം താനേ വരും. മുറിവുകള്‍ ഉണക്കുന്നതിനും നഷ്ടപ്പെട്ട ചര്‍മത്തിനു പകരം പുതിയ ചര്‍മം രൂപപ്പെടുന്നതിനും മഞ്ഞള്‍ ഗുണപ്രദം. ത്വക്ക് രോഗങ്ങളെ ചെറുക്കാന്‍ മഞ്ഞള്‍ ഫലപ്രദം. സോറിയാസിസ് പോലെയുളള പല ചര്‍മരോഗങ്ങളുടെയും ചികിത്സയ്ക്കു മഞ്ഞള്‍ ഫലപ്രദം.

വളളരിക്കയുടെയോ നാരങ്ങയുടെയോ നീരുമായി മഞ്ഞള്‍ ചേര്‍ത്തു മുഖത്തു പുരട്ടന്നതു ശീലമാക്കിയാല്‍ മുഖത്തിന്റെ തിളക്കം കൂടുമത്രേ.

അതുപോലെ തന്നെ പ്രസവശേഷം സ്ത്രീകളില്‍ അടിവയറ്റില്‍ വെളുത്ത വരകള്‍ ഉണ്ടാകാറുണ്ട്. അതാണ് സ്ട്രച്ച് മാര്‍ക്ക് എന്നറിയപ്പെടുന്നത്. മഞ്ഞളും തൈരും ചേര്‍ത്തു പുരട്ടി അഞ്ചുമിനിട്ടിനു ശേഷം തുടച്ചുകളയുക. അതു തുടര്‍ച്ചയായി ചെയ്താല്‍ ചര്‍മത്തിന്റെ ഇലാസ്തിക സ്വഭാവം നിലനില്ക്കും. സ്ട്രച്ച് മാര്‍ക്കുകള്‍ മായും.
മഞ്ഞളില്‍ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. മഞ്ഞള്‍പ്പൊടി നേില്‍ ചേര്‍ത്തു ദിവസവും കഴിച്ചാല്‍ വിളര്‍ച്ച മാറും.

കരളില്‍ അടിഞ്ഞുകൂടുന്ന വിഷമാലിന്യങ്ങളെ നീക്കാന്‍ മഞ്ഞള്‍ സഹായകം. അതുപോലെ തന്നെ മാനസികപിരിമുറുക്കവും വിഷാദരോഗവും അകറ്റുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു പഠനങ്ങള്‍ പറയുന്നു.

ഡിപ്രഷന്‍ കുറയ്ക്കാനുളള ചൈനീസ് മരുന്നുകളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആല്‍സ്‌ഹൈമേഴ്‌സ് രോഗത്തെ പ്രതിരോധിക്കുന്നതിനു മഞ്ഞള്‍ ഫലപ്രദമെന്നു ചില പഠനങ്ങള്‍ പറയുന്നു.

പ്രമേഹം, ബിപി, കൊളസ്‌ട്രോള്‍ നിയന്ത്രിതമാക്കുക ഈ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്:

* പാദങ്ങളിലെ നീര്‍വീക്കം.
* കാലിലെ നിറവ്യത്യാസം (ചുവപ്പ്, നീല, കറുപ്പ്).
* നടക്കുമ്പോഴും വിശ്രമിക്കുമ്പോഴും കാലിനു വേദന.
* വ്രണങ്ങള്‍ (അവ എത്ര ചെറുതായാല്‍പോലും).
* കുഴിനഖം.
* നഖത്തിനിടയിലെ പഴുപ്പ്.
* രോമക്കുത്ത് പഴുക്കല്‍.
* കാല്‍വെള്ളയിലെ ആണി, തടിപ്പുകള്‍, വിണ്ടുകീറല്‍.
* വിരലിനിടയിലുള്ള പൂപ്പല്‍ബാധ.

മറക്കരുത്

* പാദങ്ങളില്‍ അള്‍സര്‍ ഉള്ള പ്രമേഹരോഗികളില്‍ ഹൃദ്രോഗബാധ, സ്‌ട്രോക്ക്, അകാലമരണം എന്നിവയുണ്ടാകാനുള്ള സാധ്യത അള്‍സര്‍ ഇല്ലാത്ത പ്രമേഹരോഗികളെക്കാള്‍ വളരെ കൂടുതലാണ്.
* 25 ശതമാനം പ്രമേഹരോഗികളിലും അവരുടെ ജീവിതകാലഘട്ടത്തില്‍ ഒരുതവണയെങ്കിലും പാദങ്ങളില്‍ അള്‍സര്‍ ഉണ്ടാവാറുണ്ട്.
* പ്രമേഹരോഗികളില്‍ രോഗത്തിന്റെ മൂര്‍ധന്യത്തില്‍ കാല്‍ മുറിച്ചുമാറ്റപ്പെടാനുള്ള സാധ്യത പ്രമേഹരോഗബാധിതരല്ലാത്തവരേക്കാള്‍ 25 ഇരട്ടി കൂടുതലാണ്.
* ലോകത്ത് ഇന്നു നടക്കുന്ന കാല്‍ മുറിച്ചുമാറ്റല്‍ ശസ്ത്രക്രിയകളില്‍ 70 ശതമാനവും പ്രമേഹരോഗികളിലാണ്. ഓരോ മുപ്പത് സെക്കന്‍ഡിലും ഒരു പ്രമേഹരോഗിയുടെ കാല്‍ മുറിച്ചുമാറ്റേണ്ടിവരുന്നു.
* ശരിയായ പാദരക്ഷകള്‍ ഉപയോഗിക്കാത്തതുമൂലം വികസിതരാജ്യങ്ങളില്‍ 15 ശതമാനം പ്രമേഹരോഗികളില്‍ വ്രണങ്ങളുണ്ടാകുന്നു. വികസ്വരരാജ്യങ്ങളില്‍ ഇത് 40 ശതമാനമാണ്.

ചികിത്സ

പ്രമേഹം, രക്താതിസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുക എന്നുള്ളതാണ് ആദ്യപടി. പുകവലി, മദ്യപാനം ഇവ പൂര്‍ണമായും നിര്‍ത്തുക. കാലിലെ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ആസ്പിരിന്‍, ക്ലോപിഡോഗ്രല്‍, പെന്റോക്‌സിഫില്ലിന്‍ എന്നീ മരുന്നുകള്‍ സഹായിക്കും.

അള്‍സറില്‍ അണുബാധയുണ്ടെങ്കില്‍ കള്‍ച്ചര്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രം ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുക. പൊവിഡോണ്‍ അയഡിന്‍ വ്രണത്തില്‍ പുരട്ടരുത്. വിപണിയില്‍ ലഭ്യമായ കാല്‍സ്യം ആല്‍ജിനേറ്റ്, ഹൈഡ്രോജെല്‍, പോളിയൂറേത്രേന്‍ ഡ്രസിംഗുകള്‍ നല്ല ഗുണംചെയ്യും.

മുറിവുണക്കത്തിന് സിറ്റോസ്റ്റിറോള്‍, ലൈസീന്‍, ബെക്കാപ്ലെര്‍മിന്‍ജെല്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. ജനറ്റിക് എന്‍ജിനിയറിംഗ് വഴി വികസിപ്പിച്ചെടുത്ത അപ്ലിഗ്രാഫ്റ്റ്, ഡെര്‍മാഗ്രാഫ്റ്റ് എന്നിവ അള്‍സര്‍ ചികിത്സയിലെ നൂതനരീതികളാണ്. ആല്‍ഫാ ലൈപോയിക് ആസിഡ്, ഈവനിംഗ് പ്രിംറോസ് ഓയില്‍ എന്നിവയടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ നല്ലതാണ്.

കിടത്തിച്ചികിത്സ

താഴെപറയുന്ന സാഹചര്യങ്ങളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടതാണ്.
* വ്രണത്തിന് കറുപ്പുനിറം.
* അള്‍സറില്‍നിന്ന് അണുബാധ എല്ലുകളിലേക്കു വ്യാപിച്ചാല്‍.
* അള്‍സര്‍ പാദങ്ങളില്‍നിന്ന് കാലുകളിലേക്കു വ്യാപിച്ചാല്‍.
* അള്‍സറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴുപ്പ് നിറയുകയാണെങ്കില്‍.
* അനിയന്ത്രിതമായി രക്തത്തിലെ പഞ്ചസാര ഉയര്‍ന്നാല്‍.

സ്തനാര്‍ബുദം; തെറ്റിദ്ധാരണകളും യാഥാര്‍ഥ്യങ്ങളും

തെറ്റിദ്ധാരണ 4 – സ്തനാര്‍ബുദം പൂര്‍ണമായും തടയാനാകും

വാസ്തവം- വ്യത്യസ്തങ്ങളായ പല കാരണങ്ങള്‍ കൊണ്ടാണു സ്തനാര്‍ബുദം ഉണ്ടാകുന്നത്. ഇവ പൂര്‍ണമായും കണ്ടെത്താനാകാത്തതിനാല്‍ സ്തനാര്‍ബുദം പൂര്‍ണമായും തടയാന്‍ വഴിയേതുമില്ല.പക്ഷേ, ആരോഗ്യകരമായ ജീവിതശീലങ്ങള്‍ പാലിക്കുന്നതിലൂടെ സ്തനാര്‍ബുദസാധ്യത ഒരുപരിധിവരെ കുറയ്ക്കാനാവും. ഉയര്‍ന്ന സ്തനാര്‍ബുദസാധ്യത സ്ഥിരീകരിച്ചവരില്‍ ടമോക്‌സിഫെന്‍, റാലോക്‌സിഫീന്‍ എന്നീ മരുന്നുകളുടെ സഹായത്തോടെ റിസ്ക് കുറയ്ക്കാം. സ്തനാര്‍ബുദം തടയുന്നതിനു കുര്‍ക്യുമിന്‍ ടാബ്്‌ലറ്റുകളും ഫലപ്രദം.

തെറ്റിദ്ധാരണ 5 – വര്‍ഷംതോറും മാമോഗ്രാം സ്ക്രീനിംഗിനു വിധേയമാകുന്നവര്‍ക്കു റേഡിയേഷന്‍ അധിമായി ഏല്‍ക്കേണ്ടിവരുന്നു. അത് കാന്‍സറിന് ഇടയാക്കുന്നു

വാസ്തവം – എല്ലാവരും വര്‍ഷംതോറും മാമോഗ്രാമിന് വിധേയമാണ്ടേതില്ല. ചില പ്രത്യേക തരം റിസ്ക് ഘടകങ്ങള്‍ ഉള്ളവര്‍ മാത്രമാണ് വിദഗ്ധ ചികിത്സകന്റെ നിര്‍ദേശപ്രകാരം മാമോഗ്രാമിനു വിധേയമാകേണ്ടത്. മാമോഗ്രാം പരിശോധനയ്ക്കു വിധേയമാകുമ്പോള്‍ ഏല്‌ക്കേണ്ടിവരുന്നതു നേരിയ തോത്ിലുളള റേഡിയേഷന്‍ മാത്രമാണ്. അതു സുരക്ഷിതമെന്നാണ് കരുതപ്പെടുന്നത്്. കാന്‍സര്‍സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്നതിനു വേണ്ടി നേരിയ അളവിലുളള റേഡിയേഷന്‍ ഏല്‍ക്കേണ്ടി വരുന്നതു കാര്യമാക്കാനില്ല. റിസ്ക് ഘടകങ്ങള്‍ ഇല്ലാത്ത ആളുകളില്‍ ആര്‍ത്തവ വിരാമത്തിനുശേഷം എടുക്കുന്ന ആദ്യ തവണത്തെ മാമോഗ്രാം നോര്‍മല്‍ ആണെങ്കില്‍ അടുത്ത മാമോഗ്രാം അഞ്ച് വര്‍ഷത്തിനുശേഷം മാത്രമേ ആവശ്യപ്പെടാറുള്ളു. എന്നാല്‍ അവര്‍ എല്ലാ വര്‍ഷവും അള്‍ട്രാസൗണ്ട് സ്കാനിംഗിനു വിധേയമാകുന്നതു നന്നായിരിക്കും.

തെറ്റിദ്ധാരണ 6 – മുലയൂട്ടല്‍ സ്തനാര്‍ബുദസാധ്യത കൂട്ടുന്നു

വാസ്തവം – വാസ്തവത്തില്‍ മുലയൂട്ടല്‍ സ്തനാര്‍ബുദസാധ്യത കുറയ്ക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും പ്രീമെനോപോസല്‍ സ്തനാര്‍ബുദസാധ്യത കുറയ്ക്കുന്നു. മുലയൂട്ടുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോലാക്ടിന്‍ ഹോര്‍മോണ്‍ സ്തനങ്ങള്‍ക്കു സംരക്ഷണകവചമാകുന്നു.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088.

ഹോമിയോമരുന്നുകള്‍ കഴിക്കുമ്പോള്‍…

1. ഹോമിയോപ്പതി രോഗത്തെ മാത്രം ചികിത്സിക്കുന്ന ചികിത്സാവിധിയല്ല, മറിച്ച് ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിയുടെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയാണു ചെയ്യുന്നത്.

2. രോഗം എന്നത് ഒരു അവയയവത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല, മറിച്ച് ശരീരത്തിന്റെ രോഗാവസ്ഥ ഒരു അവയവത്തില്‍ കൂടുതലായി പ്രതിഫലിക്കുന്നതു കൊണ്ടാണ് പലപ്പോഴും രോഗങ്ങള്‍ ചില അവയവങ്ങളില്‍ മാത്രമായിക്കാണുന്നത്.

3. ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ സവിശേഷതകളെയും വൈകല്യങ്ങളെയും കണക്കിലെടുത്താണ് ഹോമിയോപ്പതിയില്‍ മരുന്ന് നിര്‍ണയിക്കുന്നത്. ആയതിനാല്‍ ലക്ഷണങ്ങള്‍ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നത് അനുയോജ്യമായ മരുന്ന് തെരഞ്ഞെടുക്കുന്നതിനു തടസമായേക്കാം.

4. അസുഖമുളള വ്യക്തിയുടെ അതതു സമയത്തെ പ്രത്യേകതകള്‍ അനുസരിച്ചാണ് മരുന്നു നിര്‍ണയിക്കുന്നത്. അതേ അസുഖമുളള വേറെ വ്യക്തിക്കോ ആ വ്യക്തിക്കു തന്നെ പിന്നീട് ഇതേ അസുഖം വന്നാലോ പ്രസ്തുത മരുന്ന് ഗുണം ചെയ്യണമെന്നില്ല.

5. രോഗി നേരിട്ടു വന്ന് വിവരങ്ങള്‍ ധരിപ്പിക്കുന്നതാണ് അഭികാമ്യം.

6. ഹോമിയോപ്പതി ഔഷധങ്ങള്‍ സേവിക്കുമ്പോള്‍ ആഹാരക്രമത്തിലും ജീവിതചര്യയിലും നിയന്ത്രണം വേണ്ടതാണ്

7. ആഹാരക്രമം വ്യക്തികള്‍ക്കും അസുഖങ്ങള്‍ക്കും അനുസരിച്ചു വ്യത്യസ്തമായിരിക്കും.

8. ലഹരിപദാര്‍ഥങ്ങള്‍, ഫാസ്റ്റ് ഫുഡ്, മറ്റ് കൃത്രിമ സംസ്കരണ പദാര്‍ഥങ്ങള്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവ ഉപേക്ഷിക്കുക.

9. മരുന്ന് ഉപയോഗിച്ച ശേഷം ഉണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങള്‍ ഡോക്ടറെ ധരിപ്പിക്കുക.

10. ഹോമിയോപ്പതി ചികിത്സ സ്വീകരിക്കുമ്പോള്‍ മറ്റ് നാടന്‍, അലോപ്പതി, ആയുര്‍വേദ ചികിത്സാവിധികള്‍ ഡോക്ടറുടെ അറിവോടെ മാത്രം ഉപയോഗിക്കുക.

11. മരുന്ന് ഉപയോഗിക്കുന്നത് വായ കഴുകി വൃത്തിയാക്കിയതിനുശേഷവും കഴിയുന്നിടത്തോളം വെറും വയറ്റിലുമാ
യിരിക്കണം. ഹോമിയോ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതിന് അര മണിക്കൂര്‍ മുമ്പും പിമ്പും ശക്തമായ മണമുളള വസ്തുക്കള്‍ ഉപയോഗിക്കരുത്.

12. മരുന്നുകഴിക്കുന്ന വേളയില്‍, 24 മണിക്കൂര്‍ സമയപരിധിക്കുളളില്‍ ആശ്വാസമുണ്ടാകാതിരിക്കുകയോ രോഗാവസ്ഥ മൂര്‍ച്ഛിക്കുകയോ ചെയ്യുകയാണെങ്കില്‍ അടിയന്തരമായി ഏറ്റവുമടുത്തുളള ഹോമിയോപ്പതി ഡിസ്പന്‍സറിയിലെ ഡോക്ടറെ കാണേണ്ടതാണ്.

13. ഹോമിയോ മരുന്നുകള്‍ രൂക്ഷതയാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍, കര്‍പ്പൂരം തുടങ്ങിയ പദാര്‍ഥങ്ങളില്‍ നിന്ന് അകറ്റി സൂക്ഷിക്കണം.

14. മരുന്നുകള്‍ തണുപ്പുളളതും വരണ്ടതും സൂര്യപ്രകാശം നേരിട്ടേല്‍ക്കാത്തതുമായ സ്ഥലത്താണു സൂക്ഷിക്കേണ്ടത്.

15. എല്ലാ മരുന്നുകളും കുട്ടികള്‍ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഇടങ്ങളില്‍ സൂക്ഷിക്കണം.

16. ഹോമിയോമരുന്നുകള്‍ സംബന്ധിച്ച സംശയങ്ങള്‍ അംഗീകൃത ഹോമിയോപ്പതി ഡോക്ടറോട് ചോദിച്ചു നിവാരണം ചെയ്യാം. തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ അതു സഹായകം.

വിവരങ്ങള്‍: ജില്ലാ ഗവ. ഹോമിയോ ആശുപത്രി, കോട്ടയം.

ജനിതകമാറ്റവും സ്തനാര്‍ബുദവും

നമ്മുടെ ശരീരകോശങ്ങള്‍ വിഭജിക്കുന്നതും വളരുന്നതുമൊക്കെ ജീനുകളുടെ നിയന്ത്രണത്തിലാണ്. ജീനുകള്‍ക്ക് യഥാവിധി പ്രവര്‍ത്തിക്കാനാകാതെ വരുമ്പോള്‍ ജനിതക തകരാര്‍ അഥവാ മ്യൂട്ടേഷന്‍ സംഭവിക്കുന്നു. ഇത്തരം ജനിതകവ്യതിയാനം തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയതോ അല്ലെങ്കില്‍ പൊടുന്നനെ സംഭവിച്ചതോ ആകാം. മാതാപിതാക്കളില്‍ ഒരാളില്‍ നിന്ന് ഒരസാധാരണ ജീന്‍ (ജനിതക തകരാര്‍ സംഭവിച്ച ജീന്‍) ജനനത്തോടെ കുട്ടിയിലേക്കു പകര്‍ന്നു കിട്ടുന്നതാണ് ഇന്‍ഹെറിറ്റഡ് മ്യൂട്ടേഷന്‍.

പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ജനിതക വ്യതിയാനം സംഭവിച്ച ആഞഇഅ1, ആഞഇഅ 2 എന്നീ ജീനുകളുടെ സാന്നിധ്യം സ്ത്രീകളില്‍ സ്തനാര്‍ബുദവും മറ്റു കാന്‍സറുകളും രൂപപ്പെടാനുളള സാധ്യത(റിസ്ക്) വര്‍ധിപ്പിക്കുന്നു.

ഇന്‍ഹെറിറ്റഡ് മ്യൂട്ടേഷന്‍ സ്തനാര്‍ബുദത്തിനു കാരണമാകുന്നത് 5-10 ശതമാനം കേസുകളില്‍ മാത്രം. അതേസമയം 90-95 ശതമാനം കേസുകളിലും സ്‌പൊണ്ടേനിയസ് മ്യൂട്ടേഷന്‍ (ജീവിതകാലയളവിനുള്ളില്‍ ഏതു സമയത്തും സംഭവിക്കാവുന്ന ജീന്‍ വ്യതിയാനം) ആണ് കാരണമാകുന്നത്. ഏതുതരം ജീന്‍വ്യതിയാനത്തിനും പിന്നിലുള്ള യഥാര്‍ഥ കാരണം ഇന്നും നിഗുഢമായി തുടരുന്നു.

കോശവളര്‍ച്ചയുമായി ബന്ധമുള്ള (കോശവളര്‍ച്ചയെ നിയന്ത്രിക്കുന്ന) രണ്ടുതരം ജീനുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ജീനുകളില്‍ സംഭവിക്കുന്ന തകറാരുകളാണ് ആരോഗ്യമുളള സാധാരണ കോശങ്ങളെ കാന്‍സര്‍ കോശങ്ങളാക്കി രൂപാന്തരപ്പെടുത്തുന്നത്.

1. ഓങ്കോജീന്‍ – സാധാരണനിലയിലുള്ള കോശവളര്‍ച്ചയ്ക്കും വിഭജനത്തിനും സഹായകമായ ജീനുകളാണ് പ്രോട്ടോ – ഓങ്കോജീനുകള്‍. പക്ഷേ, പാരമ്പര്യമായോ പൊടുന്നനെയോ ഇത്തരം ജീനുകളില്‍ വ്യതിയാനമുണ്ടായാല്‍ അത് കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ചയ്ക്ക് ഇടയാക്കും. ചിലപ്പോള്‍ അതു കാന്‍സറിനിടയാക്കാം. അതിനാല്‍ ഇവ കാന്‍സര്‍ പ്രൊമോട്ടിംഗ് ജീന്‍ എന്നറിയപ്പെടുന്നു. ഇത്തരം ജീനുകളാണ് ഓങ്കോജീനുകള്‍.

2. ട്യൂമര്‍ സപ്രസര്‍ ജീന്‍- കോശവിഭജനം സാവധാനത്തിലാക്കുന്ന ജീനുകളാണ് ട്യൂമര്‍ സപ്രസര്‍ ജീനുകള്‍. ഡിഎന്‍എ തകരാറുകള്‍ പരിഹരിക്കുന്നതും ഇതിന്റെ ധര്‍മം. മ്യൂട്ടേഷന്റെ ഫലമായി ഇത്തരം ജീനുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതെയാകുമ്പോള്‍ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നു. അതു കാന്‍സറിനിടയാകുന്നു.

പ്രായമായി സ്വാഭാവികമായി മരിക്കുന്ന കോശങ്ങളെ (apoptosis or programmed cell death) ശരീരം നശിപ്പിച്ചു കളയാറുണ്ട്. അത്തരം പ്രവര്‍ത്തനത്തെ മ്യൂട്ടേഷന്‍ സംഭവിച്ച ട്യൂമര്‍ സപ്രസര്‍ ജീനുകള്‍ തടയും. അതും കാന്‍സറിനിടയാക്കും. BRCS1,BRCA2 എന്നിവ ട്യൂമര്‍ സപ്രസര്‍ ജീനുകളാണ്.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

രക്തസമര്‍ദ്ദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് രക്തസമര്‍ദ്ദം. ഒരുപക്ഷെ ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും ഭയക്കേണ്ടതായ രോഗവും ഇതു തന്നെ. എന്നാല്‍ നിയന്ത്രിച്ചു നിര്‍ത്താവുന്ന രോഗം മാത്രമാണ് രക്തസമര്‍ദ്ദം എന്ന തിരിച്ചറിവും ഉണ്ടാവേണ്ടതുണ്ട്. രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോള്‍ കുഴലിന്റെ ഉള്‍വശങ്ങളില്‍ സ്വാഭാവികമായി ഒരു മര്‍ദം അനുഭവപ്പെടും. 120/80 എംഎം എച്ച്ജി എന്നതാണ് ആരോഗ്യമുള്ള മനുഷ്യശരീരത്തിലെ അനുയോജ്യമായ രക്തമര്‍ദം. എന്നാല്‍ രക്തമര്‍ദത്തില്‍ വലിയ വിത്യാസം ഉണ്ടാവുകയും അത് തുടരുകയും ചെയ്യുമ്പോള്‍ രക്തസമര്‍ദ്ദമായി മാറുന്നു. ബ്ലഡ് പ്രഷര്‍ എന്ന പേരില്‍ ഇന്ന് വ്യാപകമായി കണ്ടു വരുന്ന രോഗാവസ്ഥയാണിത്.

പ്രത്യക്ഷത്തില്‍ രക്തസമര്‍ദ്ദം മനസിലാകണമെന്നില്ല. പതുക്കെയാവും ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ആരംഭഘട്ടത്തിലാണെങ്കില്‍ ജീവിത ശൈലിയിലെ അനുയോജ്യമായ മാറ്റങ്ങളോടെ ഇതിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ശ്രദ്ധിച്ചില്ലെങ്കില്‍ മസ്തിഷ്കാഘാതത്തിന്റെയോ, ഹൃദയാഘാതത്തിന്റെയോ രൂപത്തില്‍ രക്തസമര്‍ദ്ദം മാരകമായി മാറാം. പക്ഷാഘാതത്തിനുള്ള പ്രധാന കാരണവും അമിത രക്തസമര്‍ദ്ദമാണ്.

പൊണ്ണത്തടി, പുകവലി, മദ്യപാനം, അമിത ഭക്ഷണം, മാലിന്യങ്ങള്‍ കലര്‍ന്ന ഭക്ഷണം എന്നിവയൊക്കെ രക്തസമര്‍ദ്ദത്തിന് കാരണമാകും. വ്യായാമത്തിന്റെ കുറവാണ് മറ്റൊരു പ്രധാന വില്ലന്‍. വൃക്ക രോഗങ്ങളും, ഹോര്‍മോണ്‍ വ്യതിയാനവും രക്തസമര്‍ദ്ദം കൂട്ടാന്‍ കാരണമാകും. ഉപ്പും, കൊഴുപ്പും, മധുരവും ചേര്‍ന്ന ബേക്കറി സാധനങ്ങളുടെ അമിത ഉപയോഗം, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അച്ചാറുകളുടെ ഉപയോഗം, ചുവന്ന മാസം, സംസ്കരിച്ച മാസം എന്നിവയുടെ അമിത ഉപയോഗം എന്നിവയും രക്തസമര്‍ദ്ദത്തിന് കാരണമാകും.

തലകറക്കം, തലയ്ക്ക് പുറകില്‍ വേദന, കിതപ്പ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രക്തസമര്‍ദ്ദം ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയാല്‍ ഉപ്പിന്റെ ഉപയോഗം ക്രമീകരിക്കുകയാണ് ആദ്യം വേണ്ടത്. ഡോക്ടറുടെ നിര്‍ദേശത്തോടെ കൃത്യമായ വ്യായാമം ആരംഭിക്കണം. ധാന്യങ്ങള്‍, പച്ചക്കറികള്‍, അയല, മത്തി, ചൂര, കിളിമീന്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പൊട്ടാസ്യം, വാഴപ്പഴം, തക്കാളി, ഓറഞ്ച്, ഉരുളക്കിഴങ്ങ് ഇവ രക്തസമര്‍ദ്ദത്തെ പ്രതിരോധിക്കുന്നവയാണ്.

മുരിങ്ങയില, ചീരയില, തഴുതാമയില, പാലക്, ചീര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, ബീറ്റ്‌റൂട്ട് ഇവ രക്തസമര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഉത്തമമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ഓര്‍ഗാനോ സള്‍ഫര്‍ സംയുക്തങ്ങള്‍ രക്തക്കുഴലുകളുടെ പേശികളെ ഭാഗികമായി അയച്ച് രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഉയര്‍ന്ന രക്തസമര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കുകയും ചെയ്യും. നെല്ലിക്ക, മഞ്ഞള്‍, പാടനീക്കിയ മോര്, ചുവന്നുള്ളി ഇവയും ഏറെ ഗുണകരമാണ്.

കാന്‍സര്‍ പ്രതിരോധത്തിന് ആന്റി ഓക്‌സിഡന്റ്

നിറമുളള പഴങ്ങളും പച്ചക്കറികളും കാന്‍സര്‍സാധ്യത കുറയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു. അവയിലെ ആന്റി ഓക്‌സിഡന്റ് സാന്നിധ്യമാണ് കാന്‍സറിനെ തടയുന്നത്. കാരറ്റിലെ കരോട്ടീനും നിറമുളള പഴങ്ങളിലെ പുറംതൊലിയില്‍ അടങ്ങിയ ലൈകോപീനും ആന്റി ഓക്‌സിഡന്റുകളാണ്. ഇവ കാന്‍സര്‍ തടയുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നു.

വിവിധതരം വിറ്റാമിനുകള്‍, കരോട്ടിനോയ്ഡ്, ഫ്‌ളേവനോയിഡ്, സെലിനിയം എന്നിവയും ആന്റിഓക്‌സിഡന്റുകളാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ ആന്റിഓക്‌സിഡന്റ് ഉറവിടങ്ങള്‍. ആപ്പിള്‍, മുന്തിരിങ്ങ, ഏത്തപ്പഴം, മാതളനാരങ്ങ, മാമ്പഴം, ചക്കപ്പഴം, മുരിങ്ങയില, കറിവേപ്പില, മല്ലിയില, ഈന്തപ്പഴം, നിലക്കടല, കുരുമുളക്, ബദാംപരിപ്പ്, തേന്‍ തുടങ്ങിയവയെല്ലാം ആന്റി ഓക്‌സിഡന്റിന്റെ ഉറവിടങ്ങളാണ്. ഇവയെല്ലാം നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ജൈവരീതിയില്‍ വിളയിച്ച പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും (രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയുളള കൃഷിയിലൂടെ) മുന്‍ഗണന നല്കണം. വീട്ടുമുറ്റത്തെ പപ്പായയും തൊടിയിലെ ചക്കയും നെല്ലിക്കയും നാട്ടുമാമ്പഴവും സമ്മാനിക്കുന്ന പോഷകപുണ്യം നാം കണ്ടില്ലെന്നു നടിക്കരുത്. വീട്ടില്‍ പച്ചക്കറിത്തോട്ടം രൂപപ്പെടുത്തണം. ചട്ടിയിലും ചാക്കിലും ഗ്രോബാഗിലും മണ്ണുനിറച്ച് ടെറസില്‍ വച്ചും പച്ചക്കറികള്‍ വളര്‍ത്താനാവും.

കീടനാശിനിയിലെ രാസപദാര്‍ഥങ്ങള്‍ കാര്‍സിനോജനുകളാണ്. പുറമേ നിന്നു വാങ്ങിയ പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു മുമ്പു കീടനാശിനികളുടെ സാന്നിധ്യം കുറയ്ക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പുളിവെളളത്തില്‍ മുക്കിവയ്ക്കുന്നതും കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വെജിവാഷിന്റെ സഹായത്തോടെ കഴുകുന്നതും പച്ചക്കറികളില്‍നിന്ന് ഒരുപരിധി വരെ കീടനാശിനികള്‍ നീക്കുന്നതിനു സഹായകം. വീട്ടുവളപ്പിലോ മട്ടുപ്പാവിലോ പച്ചക്കറി കൃഷി ചെയ്യുകയാണ് കാന്‍സര്‍പ്രതിരോധത്തിലേക്കുള്ള ആദ്യചുവട്.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ അതിജീവനസാധ്യത കൂടും

ഫലപ്രദമായ ചികിത്സയ്ക്കു വിധേയരായ 90 ശതമാനം സ്തനാര്‍ബുദബാധിതരിലും സാധാരണയായി ചുരുങ്ങിയത് അഞ്ചു വര്‍ഷം വരെ രോഗം വീണ്ടെടുക്കാറില്ല. ചിലരില്‍ ജീവിതകാലയളവില്‍ പിന്നീടൊരിക്കലും രോഗം മടങ്ങിവരില്ല.

ഡേക്ടര്‍നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കണം. ഒപ്പം തുടര്‍ പരിശോധനകള്‍ക്കു വരാന്‍ നിര്‍ദേശിക്കുന്ന ദിവസംതന്നെ ആശുപത്രിയിലെത്തി വിദഗ്ധ ഡോക്ടറുടെ മേല്‍നോട്ടത്തില്‍ അതിനു വിധേയമാകണം. ശാസ്ത്രീയത ഇല്ലാത്ത മരുന്നുകള്‍ക്കും ചികിത്സാരീതികള്‍ക്കും പിന്നാലെ പോകരുത്. തുടര്‍ചികിത്സ ഇടയ്ക്കുവച്ചു നിര്‍ത്തരുത്. ശാരീരിക മാറ്റങ്ങളും പ്രത്യേകതകളും ഡോക്ടറമായി പങ്കുവയ്ക്കുക.

സ്തനാര്‍ബുദം തുടക്കത്തില്‍ത്തന്നെ കണ്ടെത്തി കൃത്യമായ ചികിത്സ സ്വീകരിച്ചവരിലാണ് അതിജീവന സാധ്യത കൂടുന്നത്. സ്തനാര്‍ബുദം മറ്റ് അവയവങ്ങളിലേക്കു ബാധിക്കാത്തവരിലും അതിജീവനസാധ്യതയേറും. എത്രയും നേരത്തേ കണ്ടെത്തുക, ഫലപ്രദമായ ചികിത്സ സ്വീകരിക്കുക… ഇതാണ് അതിജീവനത്തിലേക്കുളള വഴികള്‍.

എത്രയും നേരത്തേ(തുടക്കത്തില്‍ തന്നെ) രോഗം കെണ്ടെത്തുക. രോഗാവസ്ഥ ആദ്യഘട്ടത്തില്‍ത്തന്നെ തിരിച്ചറിയുക. കാന്‍സര്‍ ചികിത്സാകേന്ദ്രങ്ങളിലെത്തി ആധുനികവും ഫലപ്രദവുമായ വിദഗ്ധചികിത്സ ഓങ്കോളജിസ്റ്റിന്റെ മേല്‍നോട്ടത്തില്‍ സ്വീകരിക്കുക. ആത്മവിശ്വാസം കൈവെടിയാതെ രോഗകാലം അതിജീവിക്കുക. പുതുജീവിതം സാധ്യമാകും.

സ്തനാര്‍ബുദസാധ്യത കുറയ്ക്കാം

1. ശരീരത്തിന്റെ തൂക്കം ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുക. ആര്‍ത്തവവിരാമത്തിനുശേഷം തൂക്കം കൂടുന്നത് സ്തനാര്‍ബുദസാധ്യത കൂട്ടും.
2. വ്യായാമം ശീലമാക്കുക
3. മദ്യപാനം ഉപേക്ഷിക്കുക.
4. പോസ്റ്റ് മെനോപോസല്‍ ഹോര്‍മോണ്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
5. കഴിയുന്നിടത്തോളം മുലയൂട്ടല്‍ തുടരുക
6. ധ്യാനം, പ്രാര്‍ഥന തുടങ്ങിയവ ശീലമാക്കുക., ടെന്‍ഷന്‍ കുറയ്ക്കുക.
7. കൊഴുപ്പു കുറഞ്ഞ ഭക്ഷണക്രമം ശീലമാക്കുക
9. അനാവശ്യമായി ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കരുത്. സ്വയംചികിത്സ പാടില്ല.
10. കീടനാശിനികളുടെ സാന്നിധ്യമില്ലാത്ത ജൈവപച്ചക്കറികള്‍ ശീലമാക്കുക. വീട്ടുമുറ്റത്തും മട്ടുപ്പാവിലും കൃഷിചെയ്യുക.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. & പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

സിക വൈറസ് -കൊതുകു പരത്തുന്ന മഹാവ്യാധി

ഡെങ്കുവും ചിക്കന്‍ഗുനിയയും പരത്തുന്ന ഈഡീസ് കൊതുകുകള്‍ വഴി പരത്തുന്ന പകര്‍ച്ചവ്യാധിയാണ് സിക വൈറസ്. ഗര്‍ഭിണികളായ സ്ത്രീകളില്‍നിന്നു നവജാത ശിശുവിന്റെ തലയോട്ടി ചുരുങ്ങുന്ന മൈക്രോ സെഫാലി എന്ന ഗുരുതര അസുഖം ബാധിക്കുകയും ചെയ്യുന്നതുമൂലം ഈ പകര്‍ച്ചവ്യാധിയെ വളരെ അപകടകാരിയായി കണക്കാക്കേണ്ടതായിരിക്കുന്നു. 1947ല്‍ ആഫ്രിക്കയിലെ ഉഗാണ്ടയിലെ കുരങ്ങുകളിലാണ് സിക വൈറസ് ആദ്യമായി കണ്ടെത്തിയത്. എന്നാല്‍ ഇത്ര വ്യാപകമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങിയത് 2014 മുതല്‍ വടക്ക് കിഴക്കന്‍ ബ്രസീലിലാണ്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചില ദ്വീപ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 24 രാജ്യങ്ങളില്‍ സിക വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലോ ഇന്ത്യയിലോ സിക വൈറസ് ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യവും കൊതുകുകളുടെ ശക്തമായ സാന്നിധ്യവും അപായസൂചനയാണ്. സികബാധിത പ്രദേശങ്ങളിലേക്കു യാത്ര നടത്തരുതെന്നു ഗര്‍ഭിണികള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നവജാതശിശുവിനെ ബാധിക്കുന്നതിനൊപ്പം ഗര്‍ഭിണികള്‍ക്കും ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ക്കും വൈറസ് അപകടകാരിയാണ്. സിക വൈറസ് തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രോഗം വരാതെ പ്രതിരോധിക്കാനുള്ള ശക്തമായ പ്രതിരോധമാണു ഗര്‍ഭിണികള്‍ സ്വീകരിക്കേണ്ടത്. ഗര്‍ഭിണികളായ സ്ത്രീകള്‍ ഉള്ള വീടുകളിലും മറ്റും കൊതുകുകള്‍ വളരാനുള്ള സാഹചര്യം പൂര്‍ണമായി ഒഴിവാക്കണം. കൊതുകുകടി ഒഴിവാക്കുന്നതിനുവേണ്ടി ശരീരഭാഗങ്ങള്‍ പരമാവധി മറച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. കൊതുക് വീടിന് അകത്ത് കയറാതെ ജനാലകളും വാതിലുകളും അടച്ചിടുക. രാത്രിയില്‍ പരമാവധി കൊതുകു വലകളും ഉപയോഗപ്പെടുത്തുക.

സിക വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്കു പടരുകയാണെന്നു ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ചെറിയ തോതിലുള്ള പനി, സന്ധികള്‍ക്കുണ്ടാകുന്ന വേദന, ചൊറിച്ചില്‍ ശരീരത്തിലൂണ്ട ാകുന്ന പാടുകള്‍, കണ്ണുകളില്‍ ഉണ്ടാകുന്ന അണുബാധയും വേദനയും, തലവേദന എന്നിവ സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ആണ്. ഇത്തരം രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ക്ക് രക്ത പരിശോധനയിലൂടെ സിക വൈറസ് ബാധ ഉണ്ടോ എന്ന് കണ്ടെ ത്താവുന്നതാണ്. ധാരാളം വെള്ളം കുടിക്കുന്നതും പാരസിറ്റമോള്‍ ഉപയോഗിക്കുന്നതും രോഗ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിനും സഹായിക്കും.

ഡോ. ആന്‍സി ടി ജോക്കബ്
ഗൈനക്കോളജിസ്റ്റ്, കിംസ് ഹോസ്പിറ്റല്‍ കൊച്ചി

കാന്‍സര്‍: മുന്നറിയിപ്പുകള്‍ അവഗണിക്കരുത്

നമ്മുടെ ശരീരത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങളെയും മാറ്റങ്ങളെയും അവഗണിക്കരുത്. ആപത്തിന്റെ മുന്‍സൂചനകളാവാം അവയില്‍ പലതും. കാന്‍സര്‍സാധ്യത എത്രയും നേരത്തേ കണെ്ടത്തുന്നുവോ ചികിത്സയുടെ വിജയസാധ്യതയും കൂടും. ശരീരത്തില്‍ പ്രകടമാകുന്ന അസാധാരണ ലക്ഷണങ്ങള്‍ രണ്ടു മൂന്ന് ആഴ്ചകള്‍ക്കപ്പുറം നീണ്ടുനില്‍ക്കുകയാണെങ്കില്‍ പരിചയസമ്പന്നനും വിദഗ്ധനുമായ ഡോക്ടറെ സന്ദര്‍ശിച്ചു വിദഗ്്ധ പരിശോധനയ്ക്കു വിധേയമാകണം. ലക്ഷണത്തിനു പിന്നിലുളള കാരണം കാന്‍സര്‍ തന്നെ ആകണമെന്നില്ല. ആണെങ്കില്‍ നേരത്തേയുള്ള കൃത്യവും കാര്യക്ഷമവുമായ രോഗനിര്‍ണയവും ആധുനിക ചികിത്സയും രോഗം ഭേമാക്കുന്നതിനുളള സാധ്യത വര്‍ധിപ്പിക്കും. സ്വയം ചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടകരം. ലക്ഷണങ്ങള്‍ താഴെ പറയുന്നവയാണ്:

1. ഇടവിട്ടുണ്ടാകുന്ന വയറിളക്കവും മലബന്ധവും കോളന്‍ കാന്‍സറിന്റെ സൂചനയാവാം.
2. ഗര്‍ഭാശയഗളം, ശ്വാസകോശം, ആമാശയം, തൊണ്ട, നാക്ക് തുടങ്ങി ശരീരത്തിന്റെ ഏത് അവയവത്തിലുമുണ്ടാകുന്ന ഭേദമാകാത്ത വ്രണം.
3. മലദ്വാരം, യോനി, തൊണ്ട, ശ്വാസകോശം, സ്തനാഗ്രം എന്നിവയില്‍ നിന്നുള്ള അസാധാരണ രക്തസ്രാവം.
4. സ്തനം, ഗര്‍ഭാശയം,കരള്‍, തൈറോയ്ഡ്, ശ്വാസകോശം, അണ്ഡാശയം, വൃഷണം, വൃക്ക തുടങ്ങിയവയിലെ മുഴകളും തടിപ്പുകളും.
5. ദഹനക്കേട്, ആഹാരം വിഴുങ്ങുന്നതിനു പ്രയാസം.
6. മറുക്, അരിമ്പാറ എന്നിവയുടെ നിറം, വലുപ്പം, രൂപം എന്നിവയില്‍ പ്രകടമാകുന്ന മാറ്റം.
മറുകിലും അരിമ്പാറയിലും ഉണ്ടാകുന്ന തടിപ്പുകള്‍. വായിലെ ഉണങ്ങാത്ത വ്രണത്തിലെ
തടിപ്പ്..
7. വേദനയോടുകൂടിയ ചുമ.
8. മൂത്രവിസര്‍ജനത്തിന്റെ സ്വഭാവത്തിലും മൂത്രത്തിന്റെ സ്വഭാവത്തിലുമുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍.
9. ചുമയ്ക്കുമ്പോള്‍ രക്തം വരിക.
10. സ്ഥിരമായി നീണ്ടുനില്‍ക്കുന്ന തലവേദന.
11. അസാധാരണമായി തൂക്കം കുറയല്‍, അമിതവിശപ്പ്.
12. എല്ലുകളില്‍ കടുത്ത വേദന.
13. അടിക്കടി ആവര്‍ത്തിക്കുന്ന ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി.
14. ഇടവിട്ടുവരുന്ന പനി.

ഡോ.തോമസ് വര്‍ഗീസ് MS FICS(Oncology)FACS
സീനിയര്‍ കണ്‍സള്‍ട്ടന്റ് & സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ്
Renai Medicity, കൊച്ചി.
& പ്രസിഡന്റ്, കേരള കാന്‍സര്‍ കെയര്‍ സൊസൈറ്റി, ഫോണ്‍: 9447173088

ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക

* റൈസ് ബ്രാന്‍എണ്ണയും(തവിടെണ്ണ) സോയാബീന്‍ എണ്ണയും കടുകെണ്ണയുമാണ് എണ്ണകളില്‍ പൊതുവെ ആരോഗ്യത്തിനു ഗുണകരം.
* ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതല്‍ ഉളള എണ്ണ പാചകത്തിന് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതാണു ഹൃദയത്തിനു സംരക്ഷണം നല്കുന്നത്; സ്‌ട്രോക്ക് വരാതെ നമ്മെ സംരക്ഷിക്കുന്നത്. ഒമേഗ 3 ആന്റി ത്രോംബോട്ടിക്(രക്തം കട്ടപിടിക്കാതെ ശ്രദ്ധിക്കുന്നു) ആണ്; ആന്റി ഇന്‍ഫ്‌ളമേറ്ററി(രക്തക്കുഴലുകളിലും മറ്റും നീരുണ്ടാകാതെ സംരക്ഷണം നല്കുന്നത്) ആണ്. അതു രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ട്രൈ ഗ്ലിസറൈഡ്‌സ്, എല്‍ഡിഎല്‍(ചീത്ത കൊളസ്‌ട്രോള്‍) എന്നിവയുടെ തോത് കൂടുന്നതു തടയുന്നു.

അത്രമേല്‍ ഗുണങ്ങള്‍ ഒമേഗ 3 ഫാറ്റി ആസിഡിന് ഉണ്ട്. കുഞ്ഞുങ്ങള്‍ക്കും കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഒമേഗ 3 അവശ്യം. ഒമേഗ 3 യുടെ കുറവ് ഓര്‍മക്കുറവിനും പഠനപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നതായി വിവിധ പഠനങ്ങള്‍ സൂചന നല്കുന്നു. നാഡികള്‍, ചര്‍മം, കോശഭിത്തി, എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതം. ഹൃദയത്തിനു സംരക്ഷണം നല്കുന്ന എല്ലാ എണ്ണയും തലച്ചോറിനും സംരക്ഷണം നല്കും. അതിനാല്‍ ഒമേഗ 3 ഫാറ്റിആസിഡ് കൂടുതലായി അടങ്ങിയ എണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. കടുകെണ്ണയിലാണ് ഒമേഗ 3 ഏറ്റവും കൂടുതലുളളത്. കടുകെണ്ണയില്‍ പത്തു ശതമാനത്തോളം ഒമേഗ 3 ഉണ്ട്. സോയാബീന്‍ എണ്ണയിലും ഒമേഗ 3 ഉണ്ട്. പാമോയിലില്‍ ഒമേഗ 3 തീരെ കുറവാണ്.

* പാചകത്തിനു വെളിച്ചെണ്ണയുടെ അളവു കുറയ്ക്കുക. അതില്‍ 90 ശതമാനവും പൂരിത കൊഴുപ്പാണുളളത്. പാംഓയില്‍, വസസ്പതി ഇവയുടെ അളവും കുറയ്ക്കണം.

*ഏതുതരം എണ്ണ ഉപയോഗിച്ചാലും അളവു കുറയ്ക്കുക. സാധാരണയായി മിതമായി ജോലിചെയ്യുന്ന, പ്രായപൂര്‍ത്തിയായ ഒരാള്‍ക്കു ദിവസം 20 ഗ്രാം എണ്ണയാണ് ആവശ്യം. അതായത് 4 ടീസ്പൂണ്‍ എണ്ണ. കഠിനമായി അധ്വാനിക്കുന്ന ഒരാള്‍ക്കു 30-35 ഗ്രാം വരെ ആകാം. ഗര്‍ഭിണികള്‍ക്കും 35 ഗ്രാം വരെ ആകാം. പാലൂട്ടുന്ന അമ്മമാര്‍ക്കു 45 ഗ്രാം വരെ ആകാം. കുട്ടികള്‍ക്ക് 25 ഗ്രാം വരെ ആകാം. പ്രായമേറിയവര്‍ക്കും 4 ടീസ് സ്പൂണ്‍ എണ്ണ ആവശ്യമാണ്.

* പാചകത്തിനു നേരിട്ട്ഉയോഗിക്കുന്ന എണ്ണയുടെ അളവാണു നാം പലപ്പോഴും
എണ്ണഉപയോഗത്തിന്റെ പരിധിയില്‍ കാണുന്നത്. അതല്ലാതെ മറ്റു ഭക്ഷണങ്ങളില്‍ക്കൂടിയും ഫാറ്റ്(കൊഴുപ്പ്) ശരീരത്തിലെത്തുന്നുണ്ട്. അതിനാല്‍ നാം നേരിട്ട് ഉപയോഗിക്കുന്ന എണ്ണയുടെ അളവില്‍ കുറവു വരുത്തണം.

* എണ്ണയില്‍ വെളളം വീണാല്‍ കനച്ചു പോകും. ചീത്തയായ എണ്ണ പശ പോലെ ഒട്ടും. ഗന്ധം കൊണ്ടും തിരിച്ചറിയാം. അത്തരം എണ്ണ ഉപയോഗിക്കരുത്.

* ലൂസ് ഓയിലില്‍ മറ്റ് എണ്ണകള്‍ കലര്‍ത്താനുളള സാധ്യത(മായം ചേര്‍ക്കല്‍) ഏറെയാണ്. പലപ്പോഴും നിറവ്യത്യാസം കൊണ്ടും മറ്റും തിരിച്ചറിയാം. ടെസ്റ്റ് ചെയ്യാനുളള സംവിധാനം സംസ്ഥാന സര്‍ക്കാരിന്റെ അനലിറ്റിക്കല്‍ ലാബിലുണ്ട്. മായം കലര്‍ന്ന എണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം.

വിവരങ്ങള്‍: ഡോ. അനിതമോഹന്‍ ക്ലിനിക്കല്‍ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സള്‍ട്ടന്റ്

യൗവ്വനം നിലനിര്‍ത്താന്‍ നെല്ലിക്കാക്കൂട്ട്

യൗവ്വനം നിലനിര്‍ത്താന്‍ നെല്ലിക്കയോളം കഴിവുള്ള മറ്റൊരു ഫലവുമില്ല. ജരാനരകളെ തടഞ്ഞ് യൗവ്വനം നിലനിര്‍ത്താന്‍ കഴിയുന്ന ഔഷധമായിട്ടാണ് നെല്ലിക്കയെ ആയുര്‍വേദത്തില്‍ പരിഗണിക്കുന്നത്. വൈറ്റമിന്‍ സിയുടെ കലവറയാണ് നെല്ലിക്ക. പ്രോട്ടീന്‍, ജീവകം എ, ജീവകം ബി3, കാല്‍സ്യം, അയണ്‍, ഫോസ്ഫറസ് തുടങ്ങി നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് നെല്ലിക്കയില്‍. നെല്ലിക്ക ശീലമാക്കിയാല്‍ രോഗങ്ങള്‍ അകന്നു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ആയുര്‍വേദ വിധി പ്രകാരം ശീതവീര്യവും ഗുരുഗുണവുമാണ് നെല്ലിക്കയ്ക്ക് ഉള്ളത്. ത്രിദോഷങ്ങളെയും ശമിപ്പിക്കാന്‍ ഉത്തമം. പ്രതിരോധ ശക്തിയും ധാതുപുഷ്ടിയും വര്‍ദ്ധിപ്പിക്കും.

നെല്ലിക്ക സമം ശര്‍ക്കര ചേര്‍ത്ത് ഏലയ്ക്ക, ഗ്രാമ്പു, കറുവപ്പട്ട എന്നിവയും ഉള്‍പ്പെടുത്തി മണ്‍ഭരണിയില്‍ സൂക്ഷിച്ച് ഒരു മാസത്തിനു ശേഷം പുറത്തെടുത്ത് അതിന്റെ നീര് കുടിക്കുന്നത് ജരാനരകളെ അകറ്റി നിര്‍ത്തുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. അമ്ലപിത്ത കഫരോഗങ്ങള്‍ ശമിപ്പിക്കുവാനും നേത്രരോഗങ്ങള്‍ക്കും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കാനീര് നിത്യവും കഴിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ കഴിയും.

നിത്യവും ഉപയോഗിക്കേണ്ട തേന്‍നെല്ലിക്ക തയാറാക്കുന്നവിധം:

നല്ല മൂപ്പെത്തിയ നെല്ലിക്ക മൂന്ന് കിലോ, ഒരു കിലോ ശര്‍ക്കര എന്നിവ മണ്‍ഭരണയില്‍ ഇടകലര്‍ത്തിയെടുക്കുക. ഇതില്‍ 25ഗ്രാം മഞ്ഞള്‍പ്പൊടി, ഏലം, ഗ്രാമ്പു, കറുവപ്പട്ട എന്നിവ അഞ്ചു ഗ്രാം വീതം ചേര്‍ക്കുക. തുടര്‍ന്ന് ഈ കൂട്ട് ഒരു മാസം അടച്ച്‌കെട്ടി സൂക്ഷിക്കുക. ശേഷം ഓരോ നെല്ലിക്കയും അതില്‍ നിന്നും രൂപപ്പെടുന്ന തേനും ചേര്‍ത്ത് നിത്യവും കഴിക്കുക. യൗവ്വനം നിലനിര്‍ത്താനും ദേഹപുഷ്ടിക്കും ഇത് ഉത്തമമാണ്. നെല്ലിക്കയുടെ ഗുണങ്ങള്‍ പൂര്‍ണ്ണമായും ലഭിക്കാനും ഈ തേന്‍നെല്ലിക്കാക്കൂട്ട് ഉത്തമം തന്നെ.

കൊളസ്‌ട്രോളിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ശരീരത്തില്‍ ആവശ്യമുള്ള കൊളസ്‌ട്രോളിന്റെ എണ്‍പതു ശതമാനവും കരളാണ് ഉല്‍പാദിപ്പിക്കുന്നത്. ബാക്കി ഇരുപതു ശതമാനം ലഭിക്കുന്നത് ഭക്ഷണം മുഖേനയും. ഭക്ഷണത്തിലെ കൊളസ്‌ട്രോളിന്റെ അളവാണ് കരളിലെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത്. ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് കൂടുമ്പോള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിന്റെ ഉല്‍പാദനം കുറയുകയും ചെയ്യും. അതുകൊണ്ട് രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ സാധാരണ നിലയില്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും. എന്നാല്‍ പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണത്തിന്റെ ഉപയോഗം അനിയന്ത്രിതമായി കൂടിയാല്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കാന്‍ തുടങ്ങും.

ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ശരീരത്തിലെ നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഹൃദയാഘാതമാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം. രക്തസമര്‍ദ്ദം, പക്ഷാഘാതം എന്നിവയും ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് മൂലം സംഭവിക്കാവുന്ന പ്രശ്‌നങ്ങളാണ്. കരളില്‍ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന കരള്‍ രോഗങ്ങള്‍ ഏറെ മാരകം തന്നെയാണ്. പിത്താശയക്കല്ല് രൂപപ്പെടുന്നതിലും കൊളസ്‌ട്രോളിന് വലിയ പങ്കുണ്ട്.

നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളും

സാന്ദ്രത കൂടിയ നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍), സാന്ദ്രത കുറഞ്ഞ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍), സാന്ദ്രത വളരെ കുറഞ്ഞ കൊളസ്‌ട്രോള്‍ (വിഎല്‍ഡിഎല്‍) എന്നിങ്ങനെ മൂന്ന് തരം കൊളസ്‌ട്രോളാണ് ശരീരത്തിലുള്ളത്.

ഇതില്‍ എച്ച്.ഡി.എല്‍ എന്ന നല്ല കൊളസ്‌ട്രോള്‍ രക്തക്കുഴലുകളെ ശുചിയാക്കുന്നു. മാത്രമല്ല കൊളസ്‌ട്രോളിന്റെ അളവ് ക്രമീകരിച്ച് നിരവധി രോഗങ്ങളുടെ കടന്നു വരവിനെ ചെറുക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ ഘടകങ്ങള്‍ രൂപാന്തരം സംഭവിച്ച് ശരീരത്തിന് ദോഷകരമായി മാറുന്നതിനെ തടയുന്നതും നല്ല കൊളസ്‌ട്രോളാണ്. നല്ല കൊളസ്‌ട്രോള്‍ ശരീരത്തില്‍ ഇത്രയേറെ ഗുണഫലങ്ങള്‍ ചെയ്യുമ്പോള്‍ ചീത്ത കൊളസ്‌ട്രോള്‍ ഏറെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. രക്തക്കുഴലിന്റെ ഉള്‍ഭാഗത്ത് കൊഴുപ്പ് അടിഞ്ഞ് ധമനി പ്രതിചയം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അഥവാ ചീത്ത കൊളസ്‌ട്രോളിന്റെ വര്‍ധനവാണ്. ഇങ്ങനെ സംഭവിക്കുന്നതോടെ പ്രധാന അവയവങ്ങളിലേക്കുള്ള രക്തസഞ്ചാരം കുറഞ്ഞ് ഹൃദ്രോഗം ഉള്‍പ്പെടയുള്ള പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു.

കൊളസ്‌ട്രോളിന് പരിഹാരങ്ങള്‍

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഔഷധത്തിന് മാത്രം സാധിക്കുകയില്ല. നിത്യജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കം ഇതിന് ഏറെ പ്രധാനപ്പെട്ടതാണ്. ഭക്ഷണനിയന്ത്രണവും വ്യായാമവുമാണ് ഇതിന് ഏറ്റവും പ്രധാനം. ഹോട്ടല്‍ ഭക്ഷണങ്ങളും ഫാസ്റ്റുഫുഡും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് സാധിക്കുമെങ്കില്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ പ്രകൃതിയില്‍ തന്നെയുണ്ട്. നിത്യജീവിതത്തിലെ ആഹാരമായി അവയെ ഉള്‍പ്പെടുത്തി തന്നെ കൊളസ്‌ട്രോളില്‍ നിന്ന് രക്ഷപെടാം.

ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്ന ആഹാരങ്ങള്‍

വെളുത്തുള്ളി, മുതിര, നെല്ലിക്ക, മുരിങ്ങയില, പപ്പായ എന്നിവ ചീത്ത കൊളസ്‌ട്രോളിനെ നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്. കാലത്ത് രണ്ടു മൂന്നോ വെളുത്തുള്ളി വെറും വയറ്റില്‍ ചവച്ച് കഴിക്കുന്നത് കൊളസ്‌ട്രോളിനെ കുറയ്ക്കും. ദിനവും ഈ ശീലം തുടരേണ്ടതാണ്. മുരിങ്ങയിലയും ചൂട് ചോറും ചേര്‍ത്ത് കഴിക്കുന്നത് വളരെ വേഗം കൊളസ്‌ട്രോളിനെ നിയന്ത്രിക്കും.

പച്ച പപ്പായ തൊലിയും കുരുവും കളയാതെ ചൂടുവെള്ളത്തില്‍ പുഴുങ്ങിയെടുത്ത് അതിന്റെ വെള്ളം കുടിക്കുന്നതും വളരെ വേഗം കൊളസ്‌ട്രോളിനെ കുറയ്ക്കും. ആഴ്ചയില്‍ രണ്ട് തവണ പപ്പായ ഈവിധം കഴിച്ചതിനു ശേഷം കൊളസ്‌ട്രോളിന്റെ അളവ് പരിശോധിക്കേണ്ടതാണ്. കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമായി എങ്കില്‍ പിന്നീട് ഉപയോഗിക്കേണ്ടതില്ല.

തവിടോട് കൂടിയ അരി, ഓട്‌സ്, ഗോതമ്പ്, കടല, ഉലുവ, ചെറുപയര്‍, വന്‍പയര്‍ എന്നി ആഹാരങ്ങളും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന മത്തി, അയല എന്നി മത്സ്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കൊളസ്‌ട്രോള്‍ വന്നു കഴിഞ്ഞാല്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍

ചുവന്നമാസം, മുട്ടയുടെ മഞ്ഞക്കുരു, കൊഴുപ്പടങ്ങിയ പാല്‍, ഞണ്ട്, കൊഞ്ച് തുടങ്ങിയവ തീര്‍ത്തും വര്‍ജ്ജിക്കേണ്ടതാണ്. ഒരു തവണ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും നല്ലതല്ല.

അവഗണിക്കരുത്; കണ്ണിന്റെ പ്രശ്‌നങ്ങള്‍

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കാഴ്ചയില്ലാത്ത അവസ്ഥ എന്തെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. അഞ്ചുനിമിഷം ഇരു കണ്ണുകളും അടച്ചിരുന്നാല്‍ ഉണ്ടാകുന്ന അനുഭവം നമുക്കറിയാം.

ശരീരത്തില്‍ കണ്ണിന്റെ ഉളളിലുളള രക്തധമനികളും നാഡികളും മാത്രമാണ് ഒരു ഡോക്ടര്‍ക്കു നേരിട്ടു കാണാനാകുന്നത്. പുറമേനിന്നു നോക്കിയാല്‍ ശരീരത്തിന്റെ മറ്റൊരുഭാഗത്തും ഇവ കാണാനാവില്ല. അതിനാല്‍ കണ്ണു പരിശോധിച്ചാല്‍ രക്തസമ്മര്‍ദം, പ്രമേഹം, തലച്ചോറിലെ മുഴകള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, ചിലതരം രക്താര്‍ബുദങ്ങള്‍ എന്നിവ നിര്‍ണയിക്കാനാവും. അതിനാലാണ് ശരീരത്തിന്റെയും തലച്ചോറിന്റെയും കിളിവാതിലാണ് കണ്ണുകള്‍ എന്നു പറയുന്നത്.

ഇന്നുളള അതിനൂതനമായ കാമറയ്ക്കുപോലും കണ്ണിന്റെ കാര്യക്ഷമതഉണ്ടാവില്ല. ഇപ്രകാരം ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കണ്ണുകളുടെ സംരക്ഷണത്തിലും നാം അതീവ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തണം. ശരീരത്തിലെ മറ്റവയവങ്ങള്‍ക്കു നല്കുന്ന ശ്രദ്ധയും പരിചരണവും കണ്ണുകള്‍ക്കും നല്കണം. കണ്ണുകളുടെ സുതാര്യമായ മുന്‍ഭാഗത്തിനു(കോര്‍ണിയ) മുറിവുപറ്റി സുതാര്യത നഷ്ടമായാല്‍ അതു കാഴ്ചയെ ബാധിക്കും.

ദ്രവം നിറഞ്ഞ ഒരു ചെറിയ ഗോളമാണ് കണ്ണ്. ശക്തമായ സമ്മര്‍ദമുണ്ടായാല്‍ നേത്രഗോളം പൊട്ടാന്‍ സാധ്യതയുണ്ട്. സാധാരണയായി കണ്ണിനുനേര്‍ക്ക് ഏതെങ്കിലും ഒരു വസ്തു പാഞ്ഞുവന്നാല്‍ നമ്മള്‍ പെട്ടെന്നു കണ്ണുകളടയ്ക്കും. ഇമകള്‍ ഒരു പരിധിവരെ കണ്ണുകള്‍ക്കു സംരക്ഷണം നല്കുന്നുണ്ട്. എങ്കിലും പലപ്പോഴും അപകടങ്ങളില്‍ കണ്ണുകള്‍ക്കു പരിക്കേല്‍ക്കാറുണ്ട്.

കണ്ണുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുദ്ധജലത്തില്‍ സോപ്പുപയോഗിച്ചു മുഖം കഴുകി വൃത്തിയായി സൂക്ഷിക്കണം. കണ്ണിനെ ബാധിക്കുന്ന ചെറിയ പ്രശ്‌നങ്ങളും വിഷമതകളും അവഗണിക്കരുത്. കാഴ്ചക്കുറവ്, ചൊറിച്ചില്‍, ചുവപ്പ്, പീളകെട്ടല്‍ എന്നിവയുണെ്ടങ്കില്‍ എത്രയും പെട്ടെന്ന് ഒരു നേത്രരോഗവിദഗ്ധനെ കാണിച്ച് ഉപദേശം തേടണം

കണ്ണുകളില്‍ പൊടി, അശുദ്ധജലം, ലായനികള്‍ എന്നിവ വീഴാതെ സൂക്ഷിക്കണം. നഗ്നനേത്രങ്ങള്‍ കൊണ്ടു വെല്‍ഡിംഗ്, സൂര്യഗ്രഹണം എന്നിവ കാണരുത്.

കുട്ടികള്‍ക്കു കോങ്കണ്ണ് ഉണെ്ടന്നു സംശയമുണെ്ടങ്കില്‍ ഒട്ടും വൈകാതെ നേത്രരോഗവിദഗ്ധനെ കാണിച്ച് പരിശോധന നടത്തണം. കോങ്കണ്ണിനു നേരത്തേ വേണ്ടത്ര ചികിത്സ കൊടുത്തില്ലെങ്കില്‍ കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്.

കണ്ണില്‍ പൊടി, ആസിഡ്, കറ വീണാല്‍

സാധാരണയായി കണ്ണിനു നേരേ ഏതെങ്കിലും വസ്തു പാഞ്ഞുവന്നാല്‍ ഇടമകള്‍ അടയും. ഒരു പരിധിവരെ മറ്റു വസ്തുക്കള്‍ കണ്ണില്‍ വീഴാതിരിക്കാന്‍ ഇതു സഹായിക്കും. അഥവാ കണ്ണില്‍ പൊടിവീണാല്‍ രണ്ടു വിരലുകള്‍ കൊണ്ടു കണ്ണു തുറന്നുപിടിച്ച് ധാരാളം വെളളമൊഴിച്ചു കണ്ണു കഴുകണം. ആസിഡ്, ആല്‍ക്കലി പോലെയുളളവ കണ്ണില്‍ തെറിച്ചാല്‍ ഒരു പരന്ന പാത്രത്തില്‍ ശുദ്ധജലമെടുത്ത് കണ്ണ് തുറന്നുപിടിച്ച് അതില്‍ കഴുകണം. അതിനുശേഷം പ്രയാസം അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടതാണ്. ചെടികള്‍ വെട്ടുമ്പോള്‍ അതിന്റെ കറ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കണ്ണുകള്‍ ശുദ്ധജലത്തില്‍ നല്ലതുപോലെ കഴുകണം, പിന്നീടു വിദഗ്ധാഭിപ്രായം തേടണം. സ്വയംചികിത്സയും ചികിത്സ വൈകിപ്പിക്കുന്നതും അപകടം.

വിവരങ്ങള്‍: ഡോ.വര്‍ഗീസ് മാത്യു
അസിസ്റ്റന്റ് പ്രഫസര്‍. ഒഫ്ത്താല്‍മോളജി വിഭാഗം, പുഷ്പഗിരി മെഡിക്കല്‍ കോളജ്, തിരുവല്ല ഫോണ്‍ 9496570630.

തയാറാക്കിയത്:ടി.ജി.ബൈജുനാഥ്

അവസാനം പരിഷ്കരിച്ചത് : 7/2/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate