অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ അറിവുകള്‍

ആരോഗ്യ അറിവുകള്‍

  1. മൈഗ്രേൻ ഹൃദ്രോഗ കാരണമോ?
  2. നിങ്ങളെ പലർക്കും ആവശ്യമുണ്ട്
  3. വരൂ, രക്തം ദാനം ചെയ്യാം
  4. രക്തദാനം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കാമോ?
  5. ഹാർലിക്വിൻ കുട്ടികളുണ്ടാവുന്നതെങ്ങനെ?
  6. മഴക്കാലം എത്തി; രോഗം വരാതെ കുട്ടികളെ കാക്കാം
  7. ഈ മഴക്കാല രോഗങ്ങളെ സൂക്ഷിക്കൂ...
  8. ഇന്ത്യയിലെ പോളിയോ തിരിച്ചുവരവിനെ ഭയക്കണോ?
  9. പഠിക്കാത്ത കുട്ടിയെ അടിക്കല്ലേ, പഠന വൈകല്യമാവാം
  10. മഴയത്തു തെന്നിവീണാൽ: ഫസ്റ്റ് എയ്ഡ്
  11. രക്തദാനം പോലൊരു രക്തമൂലകോശദാനം !
  12. സെൽഫി ആരോഗ്യത്തിനു ഹാനികരമോ?
  13. ‌കൂർക്കംവലി നിർത്താം, വെറും ഏഴുദിവസം കൊണ്ട്
  14. ഷിഗല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
  15. നിങ്ങളുടെ കൃഷ്ണമണിക്ക് വലുപ്പവ്യത്യാസം ഉണ്ടോ?
  16. മദ്യപിക്കുമ്പോൾ ശരീരത്തിനു സംഭവിക്കുന്നത്?
  17. പുകവലി പുരുഷവന്ധ്യതയ്ക്കു കാരണമോ?
  18. മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?
  19. സി.ടി സ്കാന്‍ കാന്‍സര്‍ ഉണ്ടാക്കുമോ?
  20. ഒൗഷധച്ചേരുവ നിരോധനം ഗുണകരമോ?
  21. അന്തരീക്ഷമലിനീകരണം ബുദ്ധിവളർച്ചയ്ക്കു വില്ലനാകും

മൈഗ്രേൻ ഹൃദ്രോഗ കാരണമോ?

മൈഗ്രേൻ ഹൃദ്രോഗ സാധ്യത കൂട്ടുകയും നേരത്തേയുള്ള മരണത്തിനു കാരണമാക്കുകയും ചെയ്യുമെന്ന് പഠനം. തലയുടെ മുൻപിലോ വശങ്ങളിലോ ഉണ്ടാകുന്ന അതികഠിനമായ വേദനയാണ് മൈഗ്രേൻ. പുരുഷൻമാരെ അപേക്ഷിച്ച് സത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.

ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെയും യു.എസിലെ ഹാർവാർഡ് ടിച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിയലെയും ഗവേഷകർ മൈഗ്രേൻ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമോ എന്നു പഠനം നടത്തി.

25 മുതൽ 42 വയസുവരെ പ്രായമുള്ള 115541 പേരിൽ 1989 മുതൽ 2011 വരെയുള്ള കാലയളവിലാണു പഠനം നടത്തിയത്. ഇവരിൽ 18,000 പേർ മൈഗ്രേൻ എന്ന അതികഠിനമായ തലവേദന അനുഭവിക്കുന്നവരായിരുന്നു.

20 വർഷങ്ങൾക്കു ശേഷം പഠനത്തിൽ പങ്കെടുത്ത 1329 പേർക്ക് ഗുരുതരമായ ഹൃദ്രോഗം ബാധിക്കുകയും 223 പേർ ഹൃദ്രോഗം മൂലം മരിക്കുകയും ചെയ്തു. മൈഗ്രേൻ അനുഭവിക്കുന്ന 50 ശതമാനം സ്ത്രീകൾക്കും മൈഗ്രേൻ ബാധിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.

ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള പ്രധാനപ്പെട്ട ഒരു സൂചകമായി മൈഗ്രേനിനെ കാണണമെന്നാണ് ഈ പഠനഫലം സൂചിപ്പിക്കുന്നത്. പക്ഷാഘാതവും മൈഗ്രേനും തമ്മിൽ ബന്ധമുണ്ടെന്ന് മുൻപേ തെളിഞ്ഞതാണ്. എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങളും മരണനിരക്കുമായും മൈഗ്രേൻ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന ഈ പഠനം ബയോമെഡിക്കൽ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിങ്ങളെ പലർക്കും ആവശ്യമുണ്ട്

എല്ലാവർക്കും അനുഭവപ്പെടുന്നതാണ് ശരീരത്തിനുള്ളിലെ ഹൃദയത്തിന്റെ മിടിപ്പ്, ഈ മിടിപ്പുള്ളവരെല്ലാം ലോകത്തിലെ ഏറ്റവും മഹത്തായ ഒരു സമ്പത്തിനാൽ അനുഗൃഹീതരാണ്. അതാണ് രക്തം. മനുഷ്യരക്തത്തിനു പകരം നിൽക്കുന്ന ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല. അതിനാൽ നിങ്ങളെ പലർക്കും ആവശ്യമുണ്ട്. കാൻസർ രോഗി, അപകടം പറ്റിയയാൾ, സിക്കിൾ സെൽ രോഗി, ഗർഭിണിയായ യുവതി തുടങ്ങിയവർക്കെല്ലാം ഏതു സമയവും നിങ്ങളെ ആവശ്യം വന്നേക്കാമെന്ന് ഓർക്കുക.

രക്തദാനംകഥകളും യാഥാർഥ്യവും

രക്തം ദാനം ഭയങ്കരമായ വേദനയ്ക്ക് കാരണമാകും?

ഇത് തെറ്റാണ് രക്തദാനം ചെയ്യുന്ന ഒരാളിൽ നിന്നും ഒരു തവണ പരമാവധി 450 ml രക്തമാണ് എടുക്കുക. ഈ കുറവ് നികത്തപ്പെടാൻ ഏതാനും മണിക്കൂറുകൾ മാത്രം മതി. ഒരു സൂചി കുത്തുന്ന വേദന മാത്രമേ അനുഭവപ്പെടൂ.

സസ്യാഹാരികൾ രക്തദാനം പാടില്ല?

ഇത് തെറ്റാണ്,ആരോഗ്യകരമായ ഏത് ഭക്ഷണരീതി പിന്തുടരുന്ന ഏതൊരാൾക്കും രക്തം ദാനം ചെയ്യാനാകും.

ടാറ്റൂ പതിച്ചവർക്ക് രക്തം കൊടുക്കാനാവില്ല?

ഇത് ഭാഗീകമായി ശരിയാണ്. ടാറ്റൂ പതിക്കാനുപയോഗിക്കുന്ന ഉപകരണങ്ങള്‍ പലപ്പോഴും അണുക്കൾ പകരാനിടയാക്കുന്നതിനാൽ ബോഡി ആർട്ട് കഴിഞ്ഞ് ഒരു ആറുമാസം കഴിഞ്ഞ് മാത്രമേ രക്തം ദാനം ചെയ്യാവൂ എന്നാണ് വിദഗ്ദരുടെ അഭിപ്രായം.‌‌

രക്തദാനം ഈ സാഹചര്യത്തിൽ വേണ്ട

ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, കാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല. മാത്രമല്ല മൂന്നുമാസത്തിലൊരിക്കൽ ദാനം ചെയ്യുകയാണ് സുരക്ഷിതമെന്ന് വിദഗ്ദർ പറയുന്നു.

എന്തിന് ദാനം ചെയ്യണം?

നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം. രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നുമില്ല. മാത്രമല്ല ശരീരത്തിന് കൂടുതൽ പ്രവർത്തന ക്ഷമത ലഭിക്കാനിടയാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇതൊരു പുണ്യപ്രവർത്തി കൂടിയാണെന്നോർക്കുക. നമുക്ക് ഒരു ചെലവുമില്ലാത്ത ഉപകാരം ഒരു കുടുംബത്തിന്റെ പുഞ്ചിരിക്ക് കാരണമാകും.

സ്വന്തം രക്തം സൂക്ഷിച്ചു വയ്ക്കാനാകും?

ഇത് പലപ്പോഴും അപൂർവ രക്തഗ്രൂപ്പുള്ളവർ ചെയ്യാറുണ്ട്. ആവശ്യമായ പരിശോധനകൾക്ക് ശേഷം സ്വന്തം രക്തം നിശ്ചിത ഇടവേളകളിൽ സൂക്ഷിച്ചു വയ്ക്കും. എന്തെങ്കിലും ശസ്ത്രക്രിയയോ മറ്റോ വേണ്ടി വരുമ്പോള്‍ ഉപയോഗിക്കാനാകും. ബ്ലഡ് ബാങ്കുകളുമായി ബന്ധപ്പെട്ടാണ് ഇത് ചെയ്യുന്നത്.

വരൂ, രക്തം ദാനം ചെയ്യാം

ജൂൺ 14 ലോക രക്തദാനദിനമാണ്. അവയവദാനം പോലെ തന്നെ മഹത്തരമായ കാര്യമാണ് രക്തദാനവും. വളരെ ലളിതമായ കാര്യമായിട്ടും രക്തം ദാനം ചെയ്യാൻ പലരും മടിക്കുകയോ ഭയപ്പെടുകയോ െചയ്യുന്നതായിട്ടാണു കണ്ടു വരുന്നത്. രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും അതിനു പിന്നിൽ. നൽകുന്ന ഒരോ തുള്ളി രക്തവും ഒരു രോഗിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുമെന്നു മാത്രമല്ല, ദാതാവിന് പല വിധത്തിലുള്ള ഗുണങ്ങളും രക്തദാനം കൊണ്ട് ലഭിക്കുന്നുമുണ്ട്. അതു മനസ്സിലാക്കി കൂടുതൽ പേർ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വന്നാൽ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികൾക്ക് ജീവൻ തിരിച്ചു കിട്ടാൻ സഹായിക്കും.

പ്ലേറ്റ്ലെറ്റ് കൗണ്ട് കുറഞ്ഞു പോകുന്ന ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങൾ വളരെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മിക്ക ആശുപത്രികളിലും പതിവിലും കൂടുതൽ രക്തം ആവശ്യമായി വരും. കാൻസർ രോഗത്തിനു കരൾരോഗത്തിനുമൊക്കെ പ്രത്യേക ചികിത്സാവിഭാഗങ്ങളുള്ള ആശുപത്രികളിൽ രക്തത്തിെൻറ ആവശ്യം വളരെയേറെയാണ്. കേരളത്തിലെ വിവിധ ആശുപത്രികളിലായി ഒരു ദിവസം ആവശ്യമായി വരുന്ന രക്തത്തിെൻറ കണക്ക് ആയിരം യൂണിറ്റിലേറെയാണ്. (ഒരു വ്യക്തിയിൽ നിന്ന് ഒരു തവണ ശേഖരിക്കാൻ പറ്റുന്ന രക്തമാണ് ഒരു യൂണിറ്റ്. െഎഎംഎയുടെ കണക്കു പ്രകാരം 450 മില്ലിയും ചിലയിടത്ത് 350 മില്ലിയുമാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്)

തിരുവനന്തപുരം ജില്ലയിൽ 300 മുതൽ 350 യൂണിറ്റു വരെയും എറണാകുളത്ത് 250 മുതൽ 300 യൂണിറ്റു വരെയുമാണ് ഒരു ദിവസം ആവശ്യം. എന്നാൽ പലപ്പോഴും ആവശ്യത്തിനു രക്തം കിട്ടാതെ അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികളുടെ ബന്ധുകൾ പരിഭാന്തരാവുന്ന കാഴ്ചയാണു കാണാൻ കഴിയുക. കൊച്ചിയിൽ ഒരു ദിവസം ലഭ്യമായ രക്തത്തിെൻറ കണക്ക് ശരാശരി നൂറിനും നൂറ്റമ്പതിനും ഇടയിലാണ്. ആവശ്യമുള്ളതിെൻറ പകുതി പോലും രക്തം കൊച്ചിയിലെ ബ്ലഡ് ബാങ്കുകളിൽ സ്റ്റോക്കില്ല. കൊച്ചിയേക്കാൾ പരിതാപകരമാണ് കേരളത്തിെൻറ ഇതരജില്ലകളുടെ അവസ്ഥ. പല സന്നദ്ധ സംഘടനകളും വ്യക്തികളും സജീവമായി രക്ത ദാനത്തെ പ്രോത്സാഹിപ്പിച്ച് മുൻപന്തിയിലുണ്ടെങ്കിലും ഈ ദൗർലഭ്യം പരിഹരിക്കപ്പെട്ടിട്ടില്ല.

പുറ്റിങ്ങൽ വെടിക്കെട്ട് ആപകടം പോലെ അപ്രതീക്ഷിതമായ അപകടങ്ങളുണ്ടാകുമ്പോഴാണ് രക്തത്തിെൻറ ലഭ്യത എത്രമാത്രം കുറവാണെന്ന് നാം തിരിച്ചറിയുന്നത്. അന്ന് അയ്യായിരത്തോളം പേർ രക്തം ദാനം ചെയ്യാൻ മുന്നിട്ടിറങ്ങിയതുകൊണ്ട് അപകടത്തിൽപ്പെട്ട ഒട്ടേറെ രോഗികൾക്ക് പ്രയോജനം ചെയ്തു. അപകടം ഉണ്ടാവാൻ കാത്തിരിക്കാതെ ഒേരാ വ്യക്തിയും രക്തദാനത്തിെൻറ മഹത്വം മനസ്സിലാക്കി മുന്നിട്ടിറങ്ങിയാൽ കേരളത്തിലെ രക്തബാങ്കുകൾ നിറയും, ഒട്ടേെറ പേരുടെ ജീവൻ രക്ഷിക്കാനും സാധിക്കും.

രക്തദാനത്തെക്കുറിച്ചുള്ള യഥാർഥ വസ്തുതകൾ മനസ്സിലാക്കിയാൽ ദാനം ചെയ്യാൻ മടിച്ചു നിൽക്കുകയോ ഭയപ്പെടുകയോ വേണ്ട എന്നു മനസ്സിലാവും. ആരോഗ്യമുള്ള ഒരു വ്യക്തിയ്ക്ക് ഒരു വർഷം നാലു തവണ വരെ രക്തം ദാനം ചെയ്യാം. ജീവിതത്തിൽ ഇതുവരെ 100 തവണ വരെ രക്തം ദാനം ചെയ്യുകയും വളരെ ആരോഗ്യത്തോടെ ജീവിതം നയിക്കുകയും ചെയ്യ്യുന്നവരെ നേരിട്ടറിയാം. സ്ത്രീകൾ നാലു മാസം കൂടുമ്പോൾ മാത്രമേ രക്തദാനം നടത്താൻ പാടുള്ളൂ.

ദാതാവിനുള്ള നേട്ടം

* ശരീരത്തിലെ കൊളസ്ട്രോളിെൻറ അളവ് കുറയ്ക്കും.
* ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയും.
* ചിലതരം ക്യാൻസറുകളെ അകറ്റും.
* ശരീരഭാരം കുറയ്ക്കാം.
* ചുവന്ന രക്താണുക്കളുടെ നിർമ്മാണം വർദ്ധിക്കുന്നു.
* ഹീമോക്രോമാറ്റസിനെ ചെറുക്കാൻ സഹായിക്കുന്നു.
* പുതിയ രക്തം ഉണ്ടാവുന്നു.
* രക്തദാതാവിന് എന്തെങ്കിലും ഗുരുതരമായ അസുഖം ഉണ്ടെങ്കിൽ തിരിച്ചറിയാൻ സഹായിക്കുന്നു.
* ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള മാനസിക സംതൃപ്തി.
* ദാതാവിനോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ എെന്തങ്കിലും കാരണവശാൽ രക്തം ആവശ്യമായി വന്നാൽ സൗജന്യമായി ഉടൻ ലഭിക്കും.

ആർക്കൊക്കെ രക്തം ദാനം ചെയ്യാം

* നല്ല ആരോഗ്യമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളർക്ക് രക്തദാനത്തിൽ പങ്കാളികളാവാം.
* ഹീമോഗ്ലോബിൻ അളവ് പുരുഷൻമാർക്ക് 12 ഗ്രാം, സ്ത്രീകൾക്ക് 12.5 ഗ്രാം.

രക്തദാനം നടത്താൻ പാടില്ലാത്തവർ

* രക്തസ്രാവരോഗമുള്ളവർ, ഹൃദയം, കിഡ്നി, കരൾ, തൈറോയിഡ്, അപസ്മാരം ടിബി, കുഷ്ഠം, ആസ്ത്മ, കാൻസർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ലൈംഗികരോഗങ്ങൾ, മാനസികരോഗങ്ങൾ തുടങ്ങിയവ ഉള്ളവർ രക്തം ദാനം ചെയ്യാൻ പാടില്ല.
* ശസ്ത്രക്രിയ, തൈറോയിഡ്, മഞ്ഞപ്പിത്തം, നായയുടെ കടി, പെട്ടെന്ന് ഭാരം കുറയുക തുടർച്ചയായ പനിയുണ്ടായി തുടങ്ങിയ പ്രശ്നങ്ങൾ വന്ന് ഒരു വർഷം പൂർത്തിയാവാത്തവർ.
* ശരീരത്തിൽ പച്ച കുത്തുക, പല്ലെടുക്കുക, റൂട്ട് കനാൽ ചികിത്സ, അക്വുപംങ്ചർ, വാക്സിനേഷൻ തുടങ്ങിയവ ചെയ്തിട്ട് ആറു മാസം പൂർത്തിയാവാത്തവർ.
* മദ്യപിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടില്ലാത്തവർ.

രക്തദാനത്തിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യം

* ആറു മണിക്കൂറെങ്കിലും ഉറക്കവും വിശ്രമവും
* നല്ല ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക.
* മാനസികമായി തയാറെടുക്കണം.
* മികച്ച ആരോഗ്യം.
* രക്തദാനത്തിനു മുമ്പുള്ള 48 മണിക്കുറിൽ മരുന്നുകൾ ഒന്നും കഴിക്കരുത്.
* രക്തദാനത്തിന് 24 മണിക്കൂർ മുൻപ് മദ്യപിക്കുകയോ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുകയോ െചയ്യരുത്.
* രക്തദാനം ചെയ്തു കഴിഞ്ഞാൽ പ്രത്യേക മരുന്നോ ഭക്ഷണമോ കഴിക്കേണ്ടതില്ല. ധാരാളം വെള്ളമോ ജ്യൂസോ കുടിക്കാം.
* രക്തദാനത്തിനു ശേഷം ഒരു മണിക്കൂറിനുള്ളിൽ പുകവലിക്കരുത്.
* തലകറക്കത്തിനു സാധ്യതയുള്ളതിനാൽ രക്തദാനത്തിനു ശേഷം ഉടൻ ലിഫ്റ്റ് ഉപയോഗിക്കരുത്.
* തലചുറ്റലുണ്ടായാൽ പാദങ്ങൾ ഉയർത്തി കിടക്കുക. 10 – 20 മിനിറ്റിനുള്ളിൽ ശരിയാവും.
* കടുത്ത വ്യായാമവും കായികാദ്ധ്വാനവും ഒഴിവാക്കണം.

രക്തം ആവശ്യമുള്ള രോഗികൾ

അപകടത്തിൽപ്പെട്ടവർ, ശസ്ത്രക്രിയ ആവശ്യമായ രോഗികൾ, കാൻസർ രോഗികൾ, പൂർണ്ണഗർഭമെത്തും മുൻപ് പ്രസവിക്കുന്ന കുഞ്ഞുങ്ങൾ എന്നിവർക്കാണ് പ്രധാനമായും രക്തം ആവശ്യമായി വരുന്നത്. ഒരാളിൽ നിന്ന് ശേഖരിക്കുന്ന രക്തം മൂന്ന് ഘടകങ്ങളായി വേർതിരിച്ചാണു സൂക്ഷിക്കുക. രക്തമായി തന്നെ സൂക്ഷിക്കും. പ്ലാസ്മയായും പ്ലേറ്റ്ലെറ്റ്സായും സൂക്ഷിക്കും. കരൾ സംബന്ധമായ രോഗം ബാധിച്ചവർക്ക് പ്ലാസ്മയായിരിക്കും ആവശ്യമായി വരിക. ചില രോഗികൾക്ക് പ്ലേറ്റ്ലെറ്റായിരിക്കും ആവശ്യം. ഇങ്ങനെ രക്തത്തിെൻറ വിവിധ ഘടങ്ങൾ ആവശ്യമായി വരുന്ന രോഗികൾക്കെല്ലാം തന്നെ ജീവൻ നിലനിർത്താൻ സഹാക്കുന്ന മഹത് കാര്യമാണ് രക്തദാനം കൊണ്ട് ഉണ്ടാകുന്നത്. ഒരു തവണ ശേഖരിക്കുന്ന രക്തം 35 മുതൽ 42 ദിവസം വരെ സൂക്ഷിക്കാം. നാലു മുതൽ എട്ടു ഡിഗ്രി സെൽഷ്യസ് വരെ താപനിലയിലാണ് സൂക്ഷിക്കുക. പ്ലാസ്മയായി ഒരു വർഷം വരെ സൂക്ഷിക്കാം. അത് മൈനസ് 40 ഡിഗ്രിയിലാണ് സൂക്ഷിക്കുന്നത്. പ്ലേറ്റ്ലറ്റ് സാധാരണ താപനിലയിൽ (22 ഡിഗ്രി സെൽഷ്യസ്) ആണ് സൂക്ഷിക്കുക. ഇങ്ങനെ അഞ്ചുദിവസം വരെ സൂക്ഷിക്കാം.

ദാനം ചെയ്യുന്ന രക്തം 24 മണിക്കൂർ മുതൽ 48 മണിക്കൂറിനുള്ളിൽ പുനസ്ഥാപിക്കപ്പെടും. ആഗ്യവാനായ ഒരു പുരുഷന്റെ ഹീമോഗ്ലോബിൻ അളവ് ശരാശരി 14–15 ഗ്രാം / ഡെസി ലീറ്റർ ആണ്. സ്ത്രീക്ക് 12–13 ഗ്രാം / ഡെസി ലീറ്ററും. ഒരു തവണ രക്തം കൊടുക്കുമ്പോൾ ഇതിൽ ഒരു ഗ്രാം മാത്രമാണ് കുറയുന്നത്. ഇങ്ങനെ കുറയുന്നത് രണ്ടു മാസത്തിനകം പഴയതു പോലെയോ അതിലധികമോ ആയി പുനഃസ്ഥാപിക്കപ്പെടും. രക്തം ദാനം ചെയ്യുന്നതിലൂടെ എയിഡ്സ് തുടങ്ങിയ രോഗങ്ങൾ പകരില്ല.

ലോകാരോഗ്യ സംഘടന 2016 ലെ ലോക രക്തദാന ദിന തീമായി പ്രചരിപ്പിക്കുന്നത് ’Blood connects us all’ എന്നാണ്. നേരിൽ കാണുകപോലും ചെയ്യാത്തവരെ സുഹൃത്തുക്കളാക്കി കണക്ടു ചെയ്തു നിർത്തുന്ന സോഷ്യൽ മീഡിയുടെ ഈ കാലത്ത് കാണാത്ത – അറിയാത്ത രോഗികൾക്കു വേണ്ടി രക്തം ദാനം ചെയ്ത് നമുക്ക് പരസ്പരം കണക്ഡടാവാം. രക്തദാനം ഏറ്റവും മഹത്തരമാവുന്നതു തന്നെ അതുകൊണ്ടാണ്, നൽകുന്നവരോ സ്വീകരിക്കുന്നവരോ പരസ്പരം കാണുകയോ അറിയുകയോ ചെയ്യണമെന്നില്ല, എന്നിട്ടും അവർ രക്തം കൊണ്ട് കണക്ടഡാവുന്നു.

( കൊച്ചി വിപിഎസ് ലേക്േഷാർ ഗ്ലോബൽ ലൈഫ് കെയറിൽ കൺസൽട്ടൻറ് ന്യൂറോസർജനായ ഡോ. അരുൺ ഉമ്മൻ 19 വയസ്സുമുതൽ രക്തദാനത്തിൽ സജീവമായി പങ്കെടുത്തു വരുന്നു. ഇതുവരെ 35 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്)

രക്തദാനം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ വിശ്വസിക്കാമോ?

രക്തദാനത്തിന്റെ മഹത്വത്തെ പറ്റിയും അതിന്റെ പ്രാധാന്യത്തിനെപ്പറ്റിയും നമ്മൾക്കറിയാം. വാട്സ് ആപ്പും ഫെയ്സ്ബുക്കും പോലെയുള്ള സാമൂഹിക മാധ്യമങ്ങൾ ഒരപകടമുണ്ടായി അല്ലെങ്കിൽ രക്തം ആവശ്യമായി വരുന്ന ഒരു സാഹചര്യത്തിൽ രക്തദാതാക്കളെ കണ്ടെത്താനായി വലിയ സേവനമാണ് ചെയ്യുന്നത്.

പല രക്തഗ്രൂപ്പുകളുള്ള ആൾക്കാരെ നിമിഷനേരത്തിനുള്ളിൽ കണ്ടെത്താനായി രക്തദാന സേനയായി മാറിയ നിരവധി ഗ്രൂപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രശംസനീയമായ സേവനം ചെയ്യുന്നുമുണ്ട്. എന്നാൽ പലപ്പോഴും പരക്കുന്ന തെറ്റായ സന്ദേശങ്ങൾ ആൾക്കാരിൽ തെറ്റിദ്ധാരണ പരത്താനിടയാക്കുന്നുണ്ട്.

വേൾഡ് ബ്ലഡ് ബാങ്ക് എന്ന ലാഭരഹിത, സന്നദ്ധ സംഘടനയുടെ സ്ഥാപകൻ റേ മാത്യു വർഗീസ് രക്തദാനത്തിലെ സേവനങ്ങളെക്കുറിച്ചും തെറ്റിദ്ധാരണകളെക്കുറിച്ചും പലയിടങ്ങളിലും അരങ്ങേറുന്ന തട്ടിപ്പുകളെക്കുറിച്ചും വിശദീകരിക്കുന്നു.

പുരുഷൻമാർക്ക് എല്ലാ മൂന്ന് മാസത്തിലും സ്ത്രീകൾക്ക് നാലു മാസം കൂടുമ്പോഴും രക്തം ദാനം ചെയ്യാനാവും. പതിനെട്ട് വയസ്സിനുശേഷമാണ് ഒരാൾക്ക് രക്തദാതാവാകാൻ കഴിയുക. പല ക്യാമ്പുകളിലും രക്തദാനത്തെപ്പറ്റി പല ഭയങ്ങളും പൊതുജനങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

രക്തദാനത്തിന് ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ല. ആരോഗ്യത്തിന് ഹാനികരമല്ലെന്നു തന്നെയല്ല രക്തദാതാവിന്റെ രോഗ പ്രതിരോധശേഷി കൂടുകയാണ് ചെയ്യുക. മാത്രമല്ല 1800ൽ അധികം ചിലവ് വരുന്ന രക്തപരിശോധന രക്തദാനത്തിന്റെ സമയത്ത് സൗജന്യമായി നടത്തുകയും ചെയ്യുന്നു.

രക്തദാനത്തിനു തൊട്ട് മുമ്പത്തെ ദിവസം ശരിക്കുറങ്ങുക, മദ്യപിക്കാതിരിക്കുക, ഭക്ഷണം കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല അംഗീകൃത ബ്ലഡ് ബാങ്കുകളിലാണ് രക്തം നൽകേണ്ടത്. രോഗമുള്ളവരും വിദേശരാജ്യങ്ങളിൽ പോയവരുമൊക്കെ രക്തദാനം ഒഴിവാക്കേണ്ടതാണ്. രക്തദാനം ചെയ്യുന്നയാൾ സത്യസന്ധമായി സംസാരിക്കുന്നയാളുമായിരിക്കണം.

വാട്സ് ആപ്പും ഫെയ്സ്ബുക്കും

രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള പ്രചാരണത്തിന് വാട്സ് ആപ്പും ഫെയ്സ്ബുക്കും പോലുള്ള മാധ്യമങ്ങൾ സഹായകമാകുന്നുണ്ട്. എന്നാൽ പലപ്പോഴും വളരെ തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.

ഇന്ന ആശുപത്രിയിൽ ഇത്ര വയസ്സുള്ള കുട്ടി അത്യാസന്ന നിലയിലാണ്, ആ കുട്ടിയെ രക്ഷിക്കാൻ ഈ ബ്ലഡ് ഗ്രൂപ്പ് ആവശ്യമുണ്ട് എന്ന മട്ടിൽ പോകുന്ന സന്ദേശങ്ങള്‍. പലപ്പോഴും അപൂർവ്വ ഗ്രൂപ്പുകാരെ തേടിപ്പിടിച്ച് ചൂഷണം ചെയ്യുന്നതിന്റെ ഭാഗമായിരിക്കും ഇത്തരം സന്ദേശങ്ങൾ. നമ്പരുകളിൽ ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തണം.

ഇത് മാത്രമല്ല രക്തദാന സംഘടനക്ക് കേരളത്തിൽ ഓഫീസ് തുടങ്ങണം അതിന് ധനസഹായം വേണമെന്ന മട്ടിൽ മറ്റൊരു തട്ടിപ്പുമുണ്ട്, സത്യത്തിൽ ഇത്തരമൊരു സന്നദ്ധ സംഘടനക്ക് ഓഫീസില്ലെങ്കിലും കുഴപ്പമില്ല. ഇതൊക്കെ പരിശോധിക്കപ്പെടേണ്ടതാണ്.

വേൾഡ് ബ്ളഡ് ഡോണേഴ്സ് എന്ന സന്നദ്ധ സംഘടനയിൽ 3 ലക്ഷം അംഗങ്ങളുണ്ട്, ഏത് രക്ത ഗ്രൂപ്പിലുള്ളവരെയും http://worldbloodbank.org/എന്ന വെബ്സൈറ്റിൽ തെരഞ്ഞ് കണ്ടെത്താനാവും. പൂർണ്ണമായും സേവനം സൗജന്യമാണ്. അപൂർവ ഗ്രൂപ്പിലുള്ളവരുടെ ഫോൺ നമ്പർ പോലും ചൂഷണമൊഴിവാക്കാനായി വെബ്സൈറ്റിൽ നൽകാറില്ല, പകരം എന്റെ നമ്പർ നൽകും. വിളിക്കുന്നവരെ ഞാൻ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.

നല്ല ബ്ലഡ് ബാങ്കുകളിൽ രക്തം നൽകിയാൽ അത് മൂന്ന് ജീവനുകൾ രക്ഷിക്കാൻ സഹായിക്കുമെന്നോർക്കുക,രക്തത്തിലെ ശ്വേതരക്താണുക്കളെയും അരുണരക്താണുക്കളെയുമൊക്കെ വേർതിരിച്ച് സൂക്ഷിക്കാനാവുമെന്നതിനാൽ ഇത്തരം അംഗീകൃത ബ്ലഡ് ബാങ്കുകളിൽത്തന്നെ രക്തം നൽകുക.
വേൾഡ് ബ്ലഡ് ബാങ്ക് എന്ന സംഘടനയുടെ മുദ്രാവാക്യം എന്റെ രക്തം എന്റെ സുഹൃത്തിന്റെ ജീവനുവേണ്ടിയെന്നതാണ് മാത്രമല്ല ഈ വർഷത്തെ ലോക രക്തദാന ദിന സന്ദേശം Blood connects us all എന്നതുമാണെന്നോർക്കുക.

ഹാർലിക്വിൻ കുട്ടികളുണ്ടാവുന്നതെങ്ങനെ?

ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് (Harlequin ichthyosis)എന്ന ഗുരുതരമായ ജനിതക വൈകല്യത്തോടുകൂടി ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ കുട്ടി മരിച്ച വാർത്ത ഞെട്ടലോടെയാണ് നാം കേട്ടത്. നാഗ്പൂറിലെ സ്വകാര്യ ആശുപത്രിയിലാണ് അപൂർവങ്ങളിൽ അപൂർവമായി മാത്രം സംഭവിക്കാവുന്ന ഹാർലിക്വിൻ കുട്ടി ജനിച്ചത്. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം?, ഈ രോഗാവസ്ഥയെ അതിജീവിച്ചവരുണ്ടോ? വായിക്കാം

ഹാര്‍ലിക്വിന്‍ ഇച്തിയോസിസ് രോഗം?

ചര്‍മത്തെ ബാധിക്കുന്ന ഗുരുതരമായ വൈകല്യമാണ് ഹാര്‍ലിക്വിന്‍ ഇച്തിയോസിസ്. ജനിച്ചുവീഴുന്ന കുട്ടികൾക്ക് മഞ്ഞനിറമുള്ള കട്ടിയേറിയ തൊലിയാണ് ഉണ്ടാവുക. മത്സ്യങ്ങളെപ്പോലെ ശൽക്കങ്ങളുടെ രൂപത്തിലാണ് കാണപ്പെടുക. ഗ്രീക്ക് വാക്കായ ഇക്തിസിലെയും ലാറ്റിൻ വാക്കായ ഇക്ത്യോസിലെയും മത്സ്യമെന്നർഥം വരുന്ന വാക്കിൽ നിന്നാണ് ഈ അസുഖത്തിന്റെ േപരുണ്ടായത്.

യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കുപ്രകാരം ഈ രോഗം വളരെ അപൂർവമാണ്. 300000 കുട്ടികൾ പിറക്കുമ്പോൾ ഒരു കുട്ടി ഹാര്‍ലിക്വിന്‍ ആകാൻ സാധ്യതയുണ്ട്.

എങ്ങനെയാണ് ഈ അവസ്ഥയുണ്ടാവുന്നത്?

എബിസിഎ12 ജീനിൽ വരുന്ന മാറ്റങ്ങളാണ് ഇത്തരം അവസ്ഥയിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്നത്. കോശങ്ങളിൽ കൊഴുപ്പ് എത്തിക്കുന്നതിനും പുറംചർമത്തിന്റെ രൂപീകരണത്തിലും ഏറെ സഹായിക്കുന്ന ജീനാണിത്. ജീനുകളിൽ വരുന്ന ഈ തകരാറ് എബിസിഎ12 പ്രോട്ടീന്റെ ഉൽപാദനം പകുതിയായി കുറയ്ക്കുന്നു. ഇതിന്റെ ഫലമായി ചർമം രൂപപ്പെടാത്ത അവസ്ഥയിലേക്ക് കുഞ്ഞുങ്ങൾ എത്തുന്നു.

പാരമ്പര്യ രോഗമാണോ?

ജനിതകമാറ്റങ്ങളിലൂടെ ജനിക്കുന്ന കുഞ്ഞിന്റെ അച്ഛനോ അമ്മയ്ക്കോ ആർക്കെങ്കിലും ഒരാൾക്ക് പരിവർത്തനം സംഭവിച്ച എബിസിഎ12 ജിൻ ഉണ്ടാകാം. ഈ വൈകല്യത്തിന് ശാശ്വതപരിഹാരം എന്ന നിലയിൽ ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.

എന്തെങ്കിലും പരിഹാരം?

ഈ ശാരീരികാവസ്ഥയ്ക്ക് ഒരു ചികിത്സ ഇതേവരെ സാധ്യമായിട്ടില്ല. കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയുന്നതിൽ ആധുനിക ചികിത്സ വിജയിപ്പിച്ചിട്ടുണ്ട്.

ജീവിതത്തിലേക്ക് തിരിച്ചുവന്നവർ

യുകെ സ്വദേശിനിമായ നുസ്രത് ഷഹീൻ എന്ന 32 വയസ്സുള്ള സ്ത്രീ, യുഎസ് സ്വദേശിനിയായ സ്റ്റെഫാനി ടർണർ, 21 വയസ്സുള്ള ഹണ്ടർ സ്റ്റെയിന്റിസ് എന്നിവർ ഈ അസുഖത്തെ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നരാണ്.

മഴക്കാലം എത്തി; രോഗം വരാതെ കുട്ടികളെ കാക്കാം

മഴക്കാലം രോഗങ്ങളുടെയും കാലമാണ്. ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഉറപ്പ്. കുട്ടികളെയാണ് മഴക്കാലരോഗങ്ങൾ ഏറ്റവും എളുപ്പം പിടികൂടുന്നത്. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾക്ക് പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഏറെയാണ്. രോഗങ്ങൾ വരുന്നതിനേക്കാൾ വരാതിരിക്കാനാണ് മുൻകരുതൽ വേണ്ടത്. രോഗങ്ങളെ ചെറുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* മഴക്കാലത്തു വെള്ളത്തിലൂടെയുള്ള രോഗങ്ങൾ പകരാൻ സാധ്യത കൂടുതലാണ്. മലിനിമായ ജലവും ഭക്ഷണവും മഞ്ഞപ്പിത്തം വയറിളക്കം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവും. അതിനാൽ തിളപ്പിച്ചാറിയ ശുദ്ധജലം മാത്രം കുട്ടികൾക്ക് കുടിക്കാൻ നൽകുക.

* സ്കൂളിൽ പോകുമ്പോൾ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളം കൊടുത്തു വിടാൻ പ്രത്യേകം ശ്രദ്ധിക്കുകയും കടകളിൽ നിന്നുള്ള വെള്ളമോ ജ്യൂസോ വാങ്ങിക്കുടിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുകയും വേണം. മഴക്കാലത്ത് ചൂട് അനുഭവപ്പെടില്ലെങ്കിലും ശരീരത്തിൽ ജലാംശം ആവശ്യമാണ് അതിനാൽ ദാഹമില്ലെങ്കിൽ പോലും ദിവസവും ആവശ്യത്തിനു വെള്ളം കുടിക്കാൻ കൊടുക്കണം.

* അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക്തണുത്ത വെള്ളം കുടിക്കാൻ കൊടുക്കരുത്.മഴയുടെ തണുപ്പിനൊപ്പം തണുത്ത ഭക്ഷണപദാർഥങ്ങളും കൂടി ഉള്ളിൽ ചെന്നാൽ ഫാരിൻജൈറ്റിസ് പോലെയുള്ള തോണ്ടയുമായി ബന്ധപ്പെട്ട രോഗങ്ങളും ജലദോഷളും വരാം. അതിനാൽ മഴിക്കാലത്ത് കുട്ടികൾക്കു ചൂടുള്ള ഭക്ഷണപദാർഥങ്ങൾ നൽകാം. ഇളം ചൂടുവെള്ളവും സൂപ്പും ഉത്തമാണ്.

* തുറന്നു വച്ച ഭക്ഷണപദാർഥങ്ങൾ കഴിക്കാൻ നൽകരുത്. തെരുവിൽ നിന്നു കിട്ടുന്ന ഭക്ഷണം വാങ്ങിക്കഴിക്കരുതെന്ന് കുട്ടികേളാട് നിർബന്ധമായും പറയണം.

* കൈകൾ വൃത്തിഹീനമായാൽ രോഗം പിടിപെടുമെന്ന് ഉറപ്പ്. കൈ നന്നായി കഴുകിയതിനു ശേഷം മാത്രം ആഹാരം കഴിക്കാൻ കുട്ടികളെ പരിശീലിപ്പിക്കണം. ചെറിയ കുട്ടികൾ മലിനമായ വസ്തുക്കളിലും മറ്റും പിടിക്കാൻ സാധ്യതയുള്ളതുകൊണ്ട് ആഹാരം നൽകുന്നതിനു മുൻപ് സോപ്പിട്ട് നന്നായി കൈകഴുകിക്കാൻ ശ്രദ്ധിക്കണം.

* മഴക്കാലത്ത് രോഗപ്രതിരോധശേഷി പൊതുവേ കുറയും. നല്ല പോഷകങ്ങളടങ്ങിയ ഭക്ഷണം നൽകണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

* അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെ ഒരു കാരണവശാലും ചെളിവെള്ളത്തിൽ കളിക്കാൻ അനുവദിക്കരുത്. നനഞ്ഞ കാലുകൾ എപ്പോഴും തുടച്ചു വൃത്തിയാക്കി സൂക്ഷിക്കണം.

* മഴക്കാലത്ത് ചെറിയ ചൂടുവെള്ളത്തിൽ മാത്രമേ കുട്ടികളെ കുളിപ്പിക്കാവൂ. മഴനനഞ്ഞ് സ്കൂളിൽ നിന്നും എത്തുന്ന കുട്ടികളെ ഇളം ചൂടുവെള്ളത്തിൽ കുളിപ്പിച്ച് തല നന്നായി തോർത്തിക്കൊടുക്കുകയും ശരീരത്തിലെ നനവ് നന്നായി ഒപ്പിയെടുക്കുകയും വേണം. പല പ്രതലത്തിൽ തട്ടി വീഴുന്ന മഴവെള്ളത്തിൽ നിന്ന് ശരീരത്തിൽ പറ്റിപ്പിടിക്കുന്ന അഴുക്ക് കഴുകിക്കളായാനും ശരീരത്തിെൻറ താപനിലയിൽ പെട്ടെന്നു നേരിട്ട വ്യത്യാസത്തെ കുറേ കൂടി സാവധാനത്തിൽ തിരികെ കൊണ്ടുവരാനും ഈ കുളി സഹായിക്കും.

* നനഞ്ഞതും ഇറുകിയതുമായ വസ്‌ത്രങ്ങൾ ഉപയോഗിക്കരുത്. വ‍ത്തിയുള്ളതും ഉണങ്ങിയതുമായ വസ്ത്രങ്ങൾ, സോക്സ് ഷൂസ് എന്നിവ അണിയാൻ ശ്രദ്ധിക്കണം. ചെരിപ്പിടാതെ നടക്കരുത്.

* വയറിളക്കം കണ്ടാൽ ഒ.ആർ.എസ്. പാനീയം കുടിക്കാൻ നൽകുക. മഴക്കാലത്തു കുട്ടികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നതു കടുത്ത പനിയും ജലദോഷവുമാണ്അ. സുഖങ്ങൾ വന്നാൽ സ്വയം ചികിൽസിച്ചു ഗുരുതരമാക്കാതെ വൈദ്യസഹായം തേടണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നിർമൽ ഭാസ്കർ,
അസോഷ്യേറ്റ് പ്രഫസർ, പീഡിയട്രിക് വിഭാഗം, ഗവ: മെഡിക്കൽ കോളജ്, തൃശൂർ.

ഈ മഴക്കാല രോഗങ്ങളെ സൂക്ഷിക്കൂ...

അപകടം ഉണ്ടാവാനും രോഗങ്ങൾ വരാനും ഏറെ സാധ്യതയുള്ള കാലമാണ് മഴക്കാലം. വെള്ളത്തിലൂടെയും കൊതുകിലൂടെയുമാണ് ഏറ്റവും കൂടുതൽ രോഗങ്ങൾ പിടിപെടുന്നത്. രോഗം വരാതെ മുൻകരുതലെടുക്കുന്നതിനോടൊപ്പം രോഗലക്ഷണം കണ്ടാൽ ഉടൻ വൈദ്യസഹായം തേടാനും ശ്രദ്ധിക്കണം. മഴക്കാലത്തു കണ്ടുവരാറുള്ള ചില രോഗങ്ങളും അവയുടെ ലക്ഷണങ്ങളും അറിയാം.

വൈറൽ പനി
പനി, ജലദോഷം, ചുവന്ന പാടുകൾ എന്നിവയാണു സാധാരണ രോഗലക്ഷണങ്ങൾ. അഞ്ചു ദിവസം മുതൽ ഒരാഴ്‌ച വരെ നീണ്ടുനിൽക്കാം. ധാരാളം വെള്ളം കുടിക്കുക, പോഷകസമൃദ്ധമായ ആഹാരം കഴിക്കുക, ആവശ്യത്തിനു വിശ്രമിക്കുക, ഡോക്‌ടറുടെ നിർദേശമനുസരിച്ചു മരുന്നുകൾ കഴിക്കുക.

ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണു ഡെങ്കിപ്പനി പരത്തുന്നത്. പനി, തലവേദന, സന്ധിവേദന, ചർമത്തിലെ ചുവന്ന പാടുകൾ, ശ്വാസഗതി വേഗത്തിലാവുക, ശ്വാസംമുട്ടൽ, പിച്ചും പേയും പറയുക, തലചുറ്റൽ, മൂത്രത്തിന്റെ അളവ് കുറയുക, രക്‌തസ്രാവം, രക്‌തസമ്മർദം കുറയുക എന്നിവയാണു ലക്ഷണങ്ങൾ.

മലേറിയ
കൊതുകു പരത്തുന്ന മഴക്കാല രോഗമാണു മലേറിയ. തണുപ്പും വിറയലും കൂടിയ പനി, പേശിവേദന എന്നിവയാണു ലക്ഷണങ്ങൾ. വീട്ടിലും പരിസരത്തും പ്ലാസ്‌റ്റിക് കുപ്പി, പാത്രങ്ങൾ, ഓട, ചിരട്ട എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. കിടക്കുമ്പോൾ കൊതുകുവല ഉപയോഗിക്കുക, വൈകുന്നേരം ജനലും വാതിലും അടച്ചിടുക, കുട്ടികളെയും മറ്റും കൈ നീളമുള്ള ഉടുപ്പുകൾ ഉപയോഗിക്കുക.

ജപ്പാൻജ്വരം
ക്യൂലക്‌സ് കൊതുകുകൾ പരത്തുന്ന രോഗമാണ് ജപ്പാൻ ജ്വരം. കുട്ടികളെയും പ്രായമായവരെയുമാണു രോഗം മാരകമായി ബാധിക്കുന്നത്. പനിയോടൊപ്പം ശക്‌തമായ തലവേദന, ഓർമക്കുറവ്, അസാധാരണമായ പെരുമാറ്റം, കൈകാൽ തളർച്ച എന്നിവ ജപ്പാൻ ജ്വരത്തിന്റെ ലക്ഷണങ്ങളാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

മഞ്ഞപ്പിത്തം
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് മഞ്ഞപ്പിത്തം പടരുന്നത്. ഭക്ഷണശുചിത്വം കർശനമായി പാലിക്കുക. വൃത്തിയുള്ള സ്‌ഥലങ്ങളിൽനിന്നു മാത്രം ഭക്ഷണം വാങ്ങി കഴിക്കുക. കണ്ണിനു മഞ്ഞനിറമോ മൂത്രത്തിനു നിറവ്യത്യാസമോ കണ്ടാൽ വൈദ്യസഹായം തേടണം. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തണം.

എലിപ്പനി
എലിയുടെ മൂത്രത്തിലൂടെ രോഗാണുക്കൾ പുറത്തുവരികയും കെട്ടിക്കിടക്കുന്ന അഴുക്കുവെള്ളത്തിൽ കലരുകയും ചെയ്യുന്നു. ശരീരത്തിലെ ചെറിയ മുറിവുകളിലൂടെ രോഗാണുക്കൾ ഉള്ളിൽ പ്രവേശിക്കുന്നു. പനി, ശരീരവേദന, കണ്ണിനു ചുവപ്പുനിറം എന്നിവ എലിപ്പനിയുടെ പ്രാഥമിക ലക്ഷണങ്ങളാകാം. ഇവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം.

വയറിളക്കം
മഴക്കാലത്തു സാധാരണമായി കാണപ്പെടുന്ന ജലജന്യ രോഗമാണ് വയറിളക്കം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. വയറിളക്കത്തിനും ടൈഫോയ്ഡിനും ഹെപ്പറ്റൈറ്റിസിനുമുള്ള പ്രതിരോധ കുത്തിവയ്‌പുകൾ ഉറപ്പുവരുത്തുക. ശരീരത്തിലെ ജലാംശം നഷ്‌ടമാകാതിരിക്കാൻ ധാരാളം വെളളം കുടിക്കാം.

ന്യൂമോണിയ
ചെറിയ കുട്ടികൾക്കും പ്രായമായവർക്കും മഴക്കാലത്തു ന്യൂമോണിയ വരാനുള്ള സാധ്യത കൂടും. വായുവിൽക്കൂടി പകരുന്ന രോഗമാണിത്. രോഗം മൂർച്ഛിച്ചാൽ പനിയോടൊപ്പം ശ്വാസംമുട്ടൽ, ചുമ, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങളും കാണും.

ടൈഫോയ്‌ഡ്
രോഗിയുടെയും രോഗാണുവാഹകരുടെയും വിസർജ്യങ്ങൾ കലർന്ന വെള്ളത്തിലൂടെയും ഭക്ഷണസാധനങ്ങളിലൂടെയും രോഗം പടരും. ഈച്ചകളാണു പ്രധാന രോഗവാഹകർ. ഇടവിട്ട പനി, വിശപ്പില്ലായ്‌മ എന്നിവയാണു ലക്ഷണങ്ങൾ. രക്‌തപരിശോധന നടത്തി രോഗം നിർണയിക്കാം.

വഴുതിവീഴലും പൊട്ടലും
വഴുക്കുന്ന പായലുകൾ നിറഞ്ഞ പൊതുസ്ഥലത്ത് മഴക്കാലത്ത് വഴുതി വീഴാനുള്ള സാധ്യത വളരെയേറെയാണ്. വീഴലും പൊട്ടലും ഏറ്റവും കൂടുതൽ ഉണ്ടാവുന്നത് മഴക്കാലത്താണ്. കുട്ടികളും പ്രായമായവരും വളരെയേറെ സൂക്ഷിക്കേണ്ട കാലം കൂടിയാണ്. മിനുസമുള്ള കുളിമുറി, സ്റ്റെയർ കെയ്സ്, ടെറസ് എന്നിവിടങ്ങളും റോഡുകളും അപകടമുണ്ടാക്കാം. ഗ്രിപ്പുള്ള ചെരിപ്പ് ഉപയോഗിക്കണം. വീട്ടിൽ വഴുക്കൽ ഉള്ളിടത്ത് ബ്ലീച്ചിങ് പൊടി ഉപയോഗിച്ച് കഴുകണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നിർമൽ ഭാസ്കർ,
അസോഷ്യേറ്റ് പ്രഫസർ, ഗവ: മെഡിക്കൽ കോളജ്, തൃശൂർ

ഇന്ത്യയിലെ പോളിയോ തിരിച്ചുവരവിനെ ഭയക്കണോ?

പോളിയോ നിർമാർജനത്തിന് ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലൊന്ന് -20 വർഷം മുൻപ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ഇന്ത്യയെപ്പറ്റി ചിന്തിച്ചിരുന്നത് അങ്ങനെയായിരുന്നു. 1995 കാലത്ത് പ്രതിവർഷം അരലക്ഷം കുട്ടികൾക്ക് എന്ന കണക്കിലായിരുന്നു ഇന്ത്യയിൽ പോളിയോമെലിറ്റസ് വൈറസ് ബാധിച്ചിരുന്നത്. അവിടെ നിന്നു തുടങ്ങിയതാണ് ഈ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടം. ശതകോടികളാണ് കുരുന്നുകളെ പോളിയോബാധയിൽ നിന്നു രക്ഷിക്കാൻ രാജ്യം ചെലവിട്ടത്. ഒപ്പം 23 ലക്ഷത്തിലേറെ പോളിയോ വൊളന്റിയര്‍മാർ, ഒന്നരലക്ഷത്തിലേറെ സൂപ്പർവൈസർമാർ, വീടുകളിലും റയിൽവേ സ്റ്റേഷനുകളിലും ആശുപത്രികളിലുമെല്ലാം പോളിയോ നിർമാർജനത്തിനായുള്ള വാക്സിനേഷനുകൾ.

2000ത്തിലാണ് അവസാനമായി കേരളത്തിൽ, മലപ്പുറത്ത്, പോളിയോബാധ റിപ്പോർട്ട് ചെയ്യുന്നത്. 2011ൽ ബംഗാളിലെ ഹൗറയിൽ ഒരു പോളിയോബാധ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലെ അവസാനത്തേതായിരുന്നു. കൃത്യതയോടെ എല്ലാം മുന്നോട്ടു പോയപ്പോൾ 2014 മാർച്ചിൽ ലോകാരോഗ്യസംഘടന തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു- ഇന്ത്യയിൽ പുതിയ പോളിയോ വൈറസ് ബാധകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, രാജ്യം ഇനി സമ്പൂർണ പോളിയോരഹിതം.

ആ സന്തോഷത്തിന് നേരിയ ഒരു തിരിച്ചടി പകർന്നു കൊണ്ടാണ് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നിന്നൊരു വാർത്ത. നഗരത്തിലെ അമ്പർപെട്ടിൽ നിന്നു ശേഖരിച്ച മാലിന്യജല സാമ്പിളിൽ പോളിയോ വൈറസിന്റെ സാന്നിധ്യം. ഇതിനെത്തുടർന്ന് അവിടെ ഊർജിത പോളിയോ നിർമാർജന യജ്ഞത്തിനും ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം രാജ്യം പോളിയോവിമുക്തമാണെന്നും പേടിക്കാനൊന്നുമില്ലെന്നുമാണ് കേന്ദ്രആരോഗ്യ വകുപ്പിന്റെ അറിയിപ്പ്.

ടൈപ് 1,2,3 വിഭാഗങ്ങളിൽപ്പെട്ട പോളിയോ വൈറസുകളുണ്ട്. അവയിൽ ടൈപ് 2 ആണ് ഹൈദരാബാദിൽ കണ്ടെത്തിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ‘മാരക’ വൈറസ്ബാധ അവസാനമായി 1999ലാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോൾ കണ്ടെത്തിയ ടൈപ് 2 വൈറസ് ‘മാരകം’ എന്ന വിഭാഗത്തിൽപ്പെടുത്താനാകില്ല. പകരം ജനിതക പരിവർത്തനം സംഭവിച്ച് രൂപപ്പെട്ടതാണ്. അത് അത്ര പേടിക്കാനുള്ളതല്ലെങ്കിലും മുൻകരുതലുകളില്ലെങ്കിൽ തിരിച്ചടികൾക്ക് സാധ്യതയുണ്ട്.

പോളിയോ രോഗബാധിതനായ വ്യക്തിയുടെ വിസർജ്ജ്യത്തിലൂടെയാണ് വൈറസ് പുറത്തെത്തുക. ഈ വിസർജ്ജ്യവുമായി സമ്പർക്കത്തിൽ വരുന്ന കുടിവെള്ളം, ഭക്ഷണം മുതലായവ മറ്റൊരു വ്യക്തി കഴിക്കാനിട വരുമ്പോഴാണ് രോഗം പകരുന്നത്. വായിലൂടെ വൈറസ് കുടലിലെത്തി, രക്ത ചംക്രമണ വ്യവസ്ഥയിലേക്കു കടന്ന് കേന്ദ്രനാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കുന്നു.

പോളിയോ വൈറസിനെ തടുക്കാനുള്ള മരുന്നായി നൽകുന്നതും ഇതേ ജീവനുള്ള വൈറസിനെത്തന്നെയാണ്. പക്ഷേ നിഷ്ക്രിയമാക്കിയാണെന്നു മാത്രം. ശരീരത്തിലെത്തുന്ന ഈ ‘നിഷ്ക്രിയ’ വൈറസുകൾ രക്തത്തിൽച്ചേർന്ന് കുട്ടികൾക്ക് പോളിയോക്കെതിരെ പ്രതിരോധശേഷി സമ്മാനിക്കുകയും ചെയ്യും. ആറു മുതൽ എട്ടാഴ്ച വരെ ഈ ‘നിഷ്ക്രിയ’ വൈറസ് ശരീരത്തിലുണ്ടാകും. ശേഷം വിസർജ്യത്തിലൂടെ പുറത്തുപോകും. എന്നാൽ ചില ‘നിഷ്ക്രിയർ’ ഇക്കാലയളവിനിടെ അൽപം ശക്തി പ്രാപിച്ചിട്ടുണ്ടാകും. അതായത് അവയ്ക്ക് ‘ജനിതക പരിവർത്തനം’ സംഭവിക്കും. പ്രത്യേകിച്ച് രോഗപ്രതിരോധ ശേഷി കുറഞ്ഞ കുട്ടികളിൽ. ഇത്തരത്തിൽ ‘ശക്തരായി’ പുറത്തു വരുന്നവയാണ് വാക്സിൻ-ഡിറൈവ്ഡ് പോളിയോവൈറസ്(വിഡിപിവി). ഇത്തരത്തിലൊന്നാണ് ഹൈദരാബാദിൽ കണ്ടെത്തിയതും.

വിഡിപിവികൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് നിരന്തരമായി ഇവയെ കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ഏതാനും വർഷത്തിനിടെ ഇത്തരത്തിൽ പലയിടത്തു നിന്നും വാക്സിൻ-ഡിറൈവ്ഡ് പോളിയോവൈറസുകളെ കണ്ടെത്തുകയും ചെയ്തു.

പുറംതള്ളപ്പെടുന്ന പോളിയോ വൈറസുകളിലേറെയും പാശ്ചാത്യരാജ്യങ്ങളിൽ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഏതാനും ആഴ്ചകൾക്കുള്ളിൽ നശിക്കുകയാണു പതിവ്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള ‘ട്രോപ്പിക്കൽ’ രാജ്യങ്ങളിൽ ഈ വൈറസിന് ഒരു വർഷം വരെ നിലനിൽക്കാനും പെരുകാനുമുള്ള സാഹചര്യങ്ങളുണ്ട്. ഇന്ത്യയിലെ പോളിയോവാക്സിനേഷൻ ശക്തമായതിനാൽ ഈ വൈറസ് കുട്ടികളിലെത്തിയാലും ബാധിക്കാറില്ല. എന്നാൽ വാക്സിനേഷൻ ലഭിക്കാത്ത കുട്ടികളെ ഇത് ബാധിച്ചേക്കാം. രോഗം ബാധിച്ച് ശരീരം തളരുക വരെ ചെയ്യാം, വളരെ അപൂർവമായി മാത്രം.

നേരത്തേ ഡൽഹിയിലും പാട്നയിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും പ്രതിരോധവാക്സിനേഷൻ നൽകിയിരുന്നു. ഹൈദരാബാദിൽ പോളിയോ വൈറസ് സാംപിൾ കിട്ടിയയിടത്തു നിന്ന് ഇത് കുട്ടികളിലേക്കെത്താൻ സാധ്യതയേറെയുണ്ടെന്ന ആശങ്കയെത്തുടര്‍ന്നാണിപ്പോൾ വാക്സിനേഷൻ ശക്തമാക്കാൻ ആരോഗ്യവകുപ്പ് ഒരുങ്ങുന്നത്. ജൂൺ 20 മുതലുള്ള പോളിയോ നിർമാർജന യജ്ഞം വഴി 2.81 ലക്ഷം കുട്ടികൾക്കായിരിക്കും വാക്സിനേഷൻ നൽകുക.

പഠിക്കാത്ത കുട്ടിയെ അടിക്കല്ലേ, പഠന വൈകല്യമാവാം

ജൂണിൽ സ്കൂൾ തുറക്കുമ്പോൾ മുതൽ കേട്ടു തുടങ്ങും ഈ പരാതി – കുട്ടി പഠിക്കുന്നില്ല, എഴുതുന്നതു മുഴുവൻ അക്ഷരത്തെറ്റാണ്. കണക്കു കൂട്ടാൻ അറിയില്ല. ക്ലാസിൽ ഉഴപ്പാണ് എന്നിങ്ങനെ. മാതാപിതാക്കളുടെയും അധ്യാപകരുടെയും പരാതിക്കും വഴക്കിനും നടുവിൽ നിസ്സഹായരായ കുട്ടികളും!

കുട്ടികളെ കുറ്റപ്പെടുത്തുന്നതിനും വഴക്കുപറയുന്നതിനും മുൻപ് ലേണിംഗ് ഡിസ്‌എബിലിറ്റി എന്ന വൈകല്യങ്ങളുണ്ടോ എന്നു തിരിച്ചറിയുന്നതു നല്ലതാണ്. പഠന വൈകല്യം നേരത്തേ തന്നെ മനസ്സിലാക്കി ചികിത്സയും പരിശീലനവും നൽകിയാൽ അവർ മിടുക്കരായി വളരും.

ഒന്നിലേറെ വൈകല്യങ്ങൾക്കുളള പൊതുനാമമാണ് – ലേണിംഗ് ഡിസ്‌എബിലിറ്റി, വിവിധ കഴിവുകൾ സ്വന്തമാക്കാനും യഥാസമയം ഉപയോഗിക്കാനും ഇത്തരം വൈകല്യം ബാധിച്ച കുട്ടികൾക്ക് കഴിയില്ല. പഠന വൈകല്യം ഉണ്ടെന്നു കരുതി കുട്ടികൾ മണ്ടൻമാരാണെന്ന് വിധിയെഴുതരുത്. ഇത്തരം കുട്ടികൾക്ക് സാവധാനത്തിൽ മാത്രമേ പഠിക്കാനാകു. പക്ഷേ, ശരാശരിയോ അതിലധികമോ ബദ്ധിശക്‌തി ഉണ്ടായിരിക്കും. .

ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക്, വായിക്കുക, എഴുതുക, സ്‌പെല്ലിങ് പഠിക്കുക, കണക്കുകൂട്ടുക തുടങ്ങിയ കഴിവുകൾ ശീലിക്കാൻ പൊതുവെ പ്രയാസമുണ്ടാകും. ഒരു ഘട്ടം കഴിഞ്ഞാൽ കുട്ടികൾ ഇതിൽ വൈദഗ്‌ധ്യം നേടും. ഇതിലേതെങ്കിലും ഒരു കഴിവിൽ കുട്ടിക്ക് വൈദഗ്‌ധ്യം പോരെങ്കിൽ ആ കുട്ടിയ്ക്ക് പഠനവൈകല്യം ഉണ്ടെന്നു കരുതാം.

ഡിസ്‌ലെക്‌സിയ (വായിക്കാനുള്ള ബുദ്ധിമുട്ട്)
വായിക്കുന്നത് ഡിസ്‌ലെക്‌സിയയുള്ള കുട്ടിയെ മടുപ്പിക്കും. ചൂണ്ടുവിരൽ കൊണ്ട് അക്ഷരങ്ങൾ കണ്ടെത്തി വളരെ സാവധാനത്തിൽ തപ്പിത്തടഞ്ഞിട്ടാവും വായന. അക്ഷരങ്ങൾ വിട്ടുപോവുക, സ്വന്തമായി കൂട്ടിച്ചേർക്കുക, ചിഹ്നങ്ങൾ ശ്രദ്ധിക്കാതിരിക്കുക, ആദ്യത്തെ അക്ഷരം മാത്രം കാണുക, ബാക്കി ഊഹിച്ച് വായിക്കുക എന്നിവയാണ് ലക്ഷണങ്ങൾ. ചിലപ്പോൾ നേരത്തെ വായിച്ച വരികൾ വീണ്ടും വായിച്ചെന്നും വരും. ഇവർ ഒരേ താളത്തിൽ വായിക്കുകയാണ് പതിവ്.

ഡിസ്‌ഗ്രാഫിയ (എഴുതാനുള്ള ബുദ്ധിമുട്ട്)
ഡിസ്ഗ്രാഫിയയുള്ള കുട്ടികൾക്ക് എഴുത്ത് പേടി സ്വപ്‌നമാണ്. വളരെ സാവധാനം എഴുതുക, മോശം കൈയക്ഷരം, വിചിത്രമായ രീതിയിൽ പെൻസിൽ പിടിക്കുക, വരികൾക്കിടയിലെ അകലം തെറ്റുക, ചിഹ്നങ്ങൾ ഇടാതിരിക്കുക, വലിയക്ഷരങ്ങൾ, ദീർഘം, വളളി എന്നിവ വിട്ടുപോവുക എന്നിവയാണ് അസുഖ ലക്ഷണങ്ങൾ. ഡിസ്‌ഗ്രഫിയയുള്ള കുട്ടികൾക്ക് ക്ലാസിൽ ടീച്ചർ പറഞ്ഞു കൊടുക്കുന്ന നോട്‌സ് പൂർണമായി എഴുതാൻ കഴിയുകയില്ല. ബോർഡിൽ നിന്നു പകർത്തിയെഴുതുന്നതും ബുദ്ധിമുട്ടായിരിക്കും. സ്‌പെല്ലിങ്ങും വാക്യഘടനയും വ്യാകരണവും മോശമായിരിക്കും. ചിലർക്ക് അക്ഷരങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അക്ഷരങ്ങളും വാക്കുകളുമെല്ലാം പരസ്പരം മാറിപ്പോകും. ചിലർ സ്വന്തമായി സ്‌പെല്ലിങ് ഉണ്ടാക്കാറുണ്ട്.

ഡിസ്‌കാൽകുലിയ (കണകുട്ടുന്നതിനുള്ള ബുദ്ധിമുട്ട്)
ഡിസ്കാൽകുലിയ ഉള്ള കുട്ടികൾ, എട്ടു വയസ്സിനു ശേഷവും കണക്കു കൂട്ടാൻ കൈവിരലുകൾ ഉപയോഗിക്കും. സങ്കലന, ഗുണനപട്ടികകൾ ഒാർത്തുവയ്‌ക്കാൻ ഇവർക്ക് കഴിയില്ല. സംഖ്യകൾ തലതിരിച്ചായിരിക്കും വായിക്കുക. 32 എന്നുള്ളത് 23 എന്നു മാറിപ്പോകാം. ഉത്തരക്കടലാസിന്റെ ഒരു ഭാഗത്ത് കൃത്യമായി കണക്കു ചെയ്ത് ഉത്തരം കണ്ടെത്തിയാലും എടുത്തെഴുതുമ്പോൾ തല തിരി‍ഞ്ഞു പോകാം. സമയം നോക്കി പറയാൻ ചില കുട്ടികൾ ബുദ്ധിമുട്ടും. ഇന്നലെയും നാളെയും തമ്മിൽ തെറ്റിപ്പോകാം. സ്വന്തം വിലാസവും ഫോൺ നമ്പരും പോലും ഇവർ മറന്നെന്നു വരും. പക്ഷേ അപ്രധാനമായ പല കാര്യങ്ങളും ഓർത്തിരിക്കുകയും ചെയ്യും. ഇവർക്ക് അടുക്കും ചിട്ടയും ഉണ്ടാകാറില്ല. പുസ്‌തകവും പേനയും എപ്പോഴും അലക്ഷ്യമായി ഇടാം. പലപ്പോഴും ഹോം വർക്ക് ചെയ്യാനും മറന്നുപോകാം.

പഠനവൈകല്യങ്ങൾക്കുളള കാരണങ്ങൾ
പഠന വൈകല്യമുള്ള കുട്ടികളുടെ മസ്‌തിഷ്‌ക കോശങ്ങൾ സാധാരണ കുട്ടികളിൽ നിന്നും വ്യത്യസ്‌തമായിട്ടാണ്. ജനിതകപരവും പരിസ്‌ഥിതിപരവുമായ കാരണങ്ങൾ കൊണ്ട് ഇതു സംഭവിക്കാം. കുടുംബത്തിൽ ആർക്കെങ്കിലും പഠനവൈകല്യമുണ്ടെങ്കിൽ അടുത്ത ബന്ധുക്കൾക്ക് വരാനുള്ള സാധ്യത 85 ശതമാനമാണ്. ആൺകുട്ടികളിലാണ് ഈ വൈകല്യം കൂടുതൽ കണ്ടു വരുന്നത്. അപകടവും രോഗവും കൊണ്ട് തലച്ചോറിന് ഉണ്ടാകുന്ന ക്ഷതങ്ങൾ, ഗർഭകാലത്തും പ്രസവകാലത്തും ഉണ്ടാകുന്ന വൈറസ് അണുബാധ, മരുന്നുകളുടെ ഉപയോഗം, പോഷകാഹാരക്കുറവ് എന്നിവയും ഇതിനു കാരണമാകാം.

ചികിത്സ
പീഡിയാട്രീഷ്യൻ, സൈക്യാട്രിസ്‌റ്റ്, സൈക്കോളജിസ്‌റ്റ്, അധ്യാപകൻ, സ്‌പീച്ച് തെറാപ്പിസ്‌റ്റ് എന്നിവരുൾപ്പെടുന്ന ഒരു സംഘമാണ് രോഗം സംബന്ധിച്ച പരിശോധനകൾ നടത്തുക. എത്രകാലമായി കുട്ടിയ്ക്ക് പ്രശ്നം ആരംഭിച്ചിട്ട്, ഏതു തരത്തിലുള്ള പ്രശ്നമാണ് എന്നൊക്കെയുള്ള വിശദമായ ചരിത്രം, അധ്യാപകരുടെ റിപ്പോർട്ട്, ശാരീരിക– മാനസിക പരിശോധന, കാഴ്‌ചശക്‌തി-കേൾവിശക്‌തി പരിശോധന, ബുദ്ധിശക്‌തി പരിശോധന, കുട്ടിയുടെ വിദ്യാഭ്യാസപരമായ നേട്ടങ്ങൾ, മറ്റു കഴിവുകൾ എന്നിവയാണ് മെഡിക്കൽ ടീം ആദ്യം പരിശോധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. തുടർന്ന്, വായിക്കാനും എഴുതാനും കണക്കുകൂട്ടാനുമുളള കുട്ടിയുടെ കഴിവുകൾ അളക്കും. ഇതിന്റെ റിപ്പോർട്ടനുസരിച്ചാണ് ചികിത്സ നിശ്‌ചയിക്കാറുളളത്.

കുട്ടിക്ക് പഠനവൈകല്യമുണ്ടെന്നു തിരിച്ചറിഞ്ഞാൽ, കുറ്റപ്പെടുത്തുകയോ വഴക്കു പറയുകയോ ചെയ്യാതെ, ആത്മവിശ്വാസം പകരുന്ന രീതിയിൽ അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയാണ് അധ്യാപകരും മാതാപിതാക്കളും ചെയ്യേണ്ടത്. തോമസ് ആൽവാ എഡിസൺ, ആൽബർട്ട് ഐൻസ്‌റ്റീൻ, ലിയനാഡോ ഡാവിഞ്ചി, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന വിൻസ്‌റ്റൺ ചർച്ചിൽ എന്നിവർക്കെല്ലാം പഠനവൈകല്യം ഉണ്ടായിരുന്നു.

വിവരങ്ങൾക്കും കടപ്പാട്:
ഡോ. ദിപു. കെ,
കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ
മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

മഴയത്തു തെന്നിവീണാൽ: ഫസ്റ്റ് എയ്ഡ്

 

മഴക്കാലത്ത് ഏറ്റവും കൂടുതൽ നടക്കുന്ന അപകടങ്ങളിലൊന്നാണ് വഴുക്കലുള്ള പ്രതലത്തിൽ തെന്നി വീണ് പരുക്കു പറ്റുന്നത്. നിസാര പരുക്കുമുതൽ അസ്ഥി ഒടിയുന്ന ഗുരുതരമായ അവസ്ഥ വരെ മഴക്കാലത്തു ധാരാളം കണ്ടു വരാറുണ്ട്. പൊതുസ്ഥലത്തും ജോലിസ്ഥലത്തും വീട്ടിലും ആരെങ്കിലും വീഴുന്നതു കണ്ടാൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു പോകാറുണ്ട്. പ്രഥമശുശ്രൂഷയെക്കുറിച്ചു മനസ്സിലാക്കി, വേണ്ടതു ചെയ്താൽ അപകടത്തിെൻറ ഗുരുതരാവസ്ഥ കുറയ്ക്കാനും സുരക്ഷിതമായ രീതിയിൽ ആശുപത്രിയിൽ എത്തിക്കാനും സാധിക്കും. അസ്ഥിയ്ക്ക് ഉടവു പറ്റിയതായി സംശയിച്ചാൽ ചെയ്യേണ്ട പ്രഥമശുശ്രൂഷയെക്കുറിച്ച് മനസ്സിലാക്കാം,

അസ്ഥി ഉടയൽ പലതരം
* അസ്ഥിക്ക് ചെറിയ രീതിയിലോ അല്ലാതെയോ ഉടവു പറ്റുന്നു എന്നല്ലാതെ പുറം ഭാഗത്തിനോ ത്വക്കിനോ മുറിവോ പരുക്കോ പറ്റാത്ത സിംപിൾ ഫ്രാക്ച്ചർ. 
* അസ്ഥി ഒടിഞ്ഞ ഭാഗം മുറിയുകയും, ചിലപ്പോൾ ഒടിഞ്ഞ ഭാഗത്തുകൂടി അസ്ഥിയുടെ ഭാഗം പുറത്തേക്കു വരികയും ചെയ്യുന്ന കോംപൗണ്ട് ഫ്രാക്ച്ചർ. 
* അസ്ഥിയുടെ ഒടിവിനു പുറമേ, നാഡികൾ, രക്തക്കുഴലുകൾ മറ്റ് ആന്തരികഅവയവങ്ങൾ എന്നിവയ്ക്കു നാശം സംഭവിക്കുന്ന കോംപ്ലിക്കേറ്റഡ് ഫ്രാക്ച്ചർ. 
* ഒടിഞ്ഞ അസ്ഥിയുടെ കഷണങ്ങൾ തമ്മിൽ കോർത്തിരിക്കുന്ന ഇംപാക്റ്റഡ് ഫ്രാക്ചർ
* തലയോട്ടിയുടെയും മറ്റും പരന്ന എല്ലുകൾക്ക് പൊട്ടലുണ്ടായി, വേർപെട്ടഭാഗം താഴേക്ക് അമർന്നുപോകുന്ന ഡിപ്പാർട്ടഡ് ഫ്രാക്ചർ.

ലക്ഷണങ്ങൾ
*അസ്ഥി ഉടയുന്നത് ഒരുപക്ഷേ രോഗിക്കു തന്നെ മനസ്സിലാക്കാം. ഗുരുതരമായ പൊട്ടലാണെങ്കിൽ ചിലപ്പോൾ ശബ്ദം വരെ കേൾക്കാം.
* അസ്ഥിക്കു ക്ഷതമേറ്റ ഭാഗത്ത് ശക്തമായതോ അതി കഠിനമായതോ ആയ വേദന, നീരു വന്നു വീർക്കുക, 
* സാധാരണയിലുള്ള ചലനങ്ങൾ സാധ്യമാവാതിരിക്കുക.,
* അസ്ഥിയുടെ ഉപരിതലത്തിൽ സ്പർശിച്ചാൽ പൊട്ടലുള്ള ഭാഗത്ത് അസാധാരണത്വം അനുഭവപ്പെടുക.
* ഒടിഞ്ഞ ഭാഗത്തിനു രൂപവൈകൃതമുണ്ടാവുകയോ, അപകടത്തിൽപ്പെട്ട വ്യക്തി ഷോക്കിെൻറ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്യുക.

പ്രഥമശൂശ്രൂഷകൻ ചെയ്യേണ്ടത്
* കഴിയുന്നതും അപകടം നടന്ന സ്ഥലത്തു വച്ചു തന്നെ പ്രഥമശുശ്രൂഷ നൽകണം. ശ്വാസോച്ഛ്വാസം പരിശോധിച്ച്, ആവശ്യമെങ്കിൽ കൃത്രിമ ശ്വാസം നൽകണം.
* രോഗിയെ വളരെ ശ്രദ്ധാപൂർവം അധികം ഇളക്കാതെ വേണം പ്രLമശുശ്രൂഷ നൽകാൻ. ഒടിവുപറ്റിയ അവയവും അനങ്ങാതെ പിടിക്കണം.
* സാധിക്കുമെങ്കിൽ പ്ലിറ്റ്, സ്ലിങ് ബാൻഡേജ് എന്നിവ ഉപയോഗിച്ച് ക്ഷതമേറ്റ അവയവത്തെ ചലനരഹിതമാക്കാം. അതിനു ശേഷം 
അവയവം ഉയർത്തി വയ്ക്കണം. നീരുവരുന്നത് ഇപ്രകാരം തടയാം. 
* അസ്ഥിയുടെ ഭാഗം പുറത്തേക്ക് തള്ളി നിൽക്കുകയാണെങ്കിൽ യാതൊരു കാരണവശാലും അകത്തേക്കു തള്ളിക്കയറ്റാൻ ശ്രമിക്കുകയോ, അസ്ഥിയിൽ തൊടുകയോ, കഴുകുകയോ മരുന്നു വയ്ക്കുകയോ ചെയ്യരുത്. 
* ഇങ്ങനെയുള്ള അവസരങ്ങളിൽ രക്തസ്രാവം നിയന്ത്രിക്കാൻ മുറിവിെൻറ വക്കുകൾ തള്ളി നിൽക്കുന്ന അസ്ഥിയോട് ചേർത്തു അമർത്തിപ്പിടിക്കുക.
* രോഗാണു വിമുക്തമായ തുണികൊണ്ടു മൂടി ഉടൻ ആശുപത്രിയിൽ എത്തിക്കണം.

തലയ്ക്ക് ക്ഷതം പറ്റിയാൽ
* രോഗി സുബോധാവസ്ഥയിലാണെങ്കിൽ ചാരി ഇരുത്തണം.
* മുറിവുകളിൽ കൂടി രക്തസ്രാവമുണ്ടെങ്കിലും തലയോട്ടിക്ക് പൊട്ടലുണ്ടെങ്കിൽ അമർത്തിപ്പിടിക്കരുത്. 
* ചെവിയിൽക്കൂടി രക്തമോ ദ്രവങ്ങളോ ഒഴുകി വരുന്നുണ്ടെങ്കിൽ തല ആ വശത്തേക്ക് ചരിച്ചിരുത്തുക. രക്തം പുറത്തേക്ക് ഒഴുകിപ്പോകാനാണ് ഇത്. ചെവിതുടയ്ക്കുകയോ, ഇയർ ബഡ് ഉപയോഗിക്കുകയോ ചെയ്യരുത്. 
* കൃഷ്ണമണികൾക്കു വലുപ്പ വ്യത്യാസമുണ്ടെങ്കിൽ സ്ട്രോക്ക് വന്നതായി അനുമാനിക്കുകയും വേണ്ട മുൻകരുതൽ സ്വീകരിക്കുകയും ഉടൻ വൈദ്യസഹായം ലഭ്യമാക്കുകയും വേണം.

മുഖം താടിയെല്ല്, കഴുത്ത് എന്നിവിടങ്ങളിലെ അസ്ഥി ഉടഞ്ഞാൽ
* മുഖത്തെ അസ്ഥിയ്ക്കാണ് ഉടവു പറ്റിയതെങ്കിൽ ആ ഭാഗം െഎസു വച്ചു തണുപ്പിക്കുക. നീര്, വേദന, രക്തസ്രാവം എന്നിവ നിയന്ത്രിക്കാനാണ് ഇത്. 
* കീഴ്ത്താടിയുടെ അസ്ഥി പൊട്ടിയിട്ടുണ്ടെങ്കിൽ, രോഗിയോടു സംസാരിക്കരുത് എന്നു പറയുക. തല മുൻപോട്ട് അൽപം ചരിച്ചു പിടിക്കണം. കീഴ്ത്താടി മുകളിൽ തലയോട് ചേർത്തു കെട്ടി ഒരു ബാരൽ ബാൻഡേജ് കൊടുക്കാം. ഛർ‍ദിലുണ്ടാവുകയാണെങ്കിൽ ഉടനെ ഇത് അഴിച്ചു മാറ്റണം. 
* മുഖാസ്ഥിയും താടിയെല്ലും പൊട്ടിയാൽ ശ്വസന പഥത്തിനു തടസ്സം ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊണ്ടയിൽ രക്തം എത്തുന്നുണ്ടെങ്കിൽ അതു തുപ്പിക്കളായാൻ അപകടത്തിൽപ്പെട്ട വ്യക്തിയോടു പറയാം. 
* കഴുത്തിൽ ഫ്രാക്ചറുണ്ടായാൽ, ഒട്ടും തന്നെ തല അനക്കരുത്. രോഗിയുടെ തലയും കഴുത്തും ഒരാൾ അനങ്ങാതെ പിടിച്ച് ആശുപത്രിയിൽ എത്തിക്കുക.

നട്ടെല്ലിനു പൊട്ടലുണ്ടായാൽ
വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ക്ഷതമാണ് നട്ടെല്ലിെൻറ പൊട്ടലും ഒടിവുകളും. നട്ടെല്ലിനുള്ളിലെ സുഷുമ്നാ നാളത്തിൽ സ്ഥിതി ചെയ്യുന്ന സുഷുമ്നാ കാണ്ഡത്തിനു ക്ഷതമേറ്റാൽ രോഗിക്ക് വിവിധ തരത്തിലുള്ള തളർച്ചകളും നാഡീ വൈകല്യങ്ങളുമുണ്ടാകാം. നടുവിന് അതിയായ വേദന, സ്പർശന ശക്തിക്കുറവ്, കാലുകളുടെ ചലനമില്ലായ്മ, തളർച്ച എന്നിവയാണ് നട്ടെല്ല് പൊട്ടലിെൻറ ലക്ഷണങ്ങൾ. നട്ടെല്ലിെൻറ ഉപരിതലത്തിൽ അസ്വാഭാവികതയും കാണപ്പെടാം.

നട്ടെല്ലിനു ക്ഷതമേറ്റ രോഗിയോട് കഴിയുന്നത്ര അനങ്ങാതെ കിടക്കാൻ പറയണം. തലയും കഴുത്തും അനക്കാതെ പിടിക്കുക. കാലുകൾക്കിടയിൽ സ്്പ്ലിൻറ് വച്ച് പരസ്പരം ബാൻഡേജ് ചെയ്യണം. സ്ട്രച്ചറിൽ കിടത്തിയിട്ടു വേണം ആശുപത്രിയിലെത്തിക്കാൻ. സ്ര്ടച്ചറിെൻറ ക്യാൻവാസ് ബെഡ് മാറ്റി പകരം കട്ടിയുള്ള പലകയിട്ട് കിടത്തുകയാണു വേണ്ടത്. ശരീരം പരമാവധി അനങ്ങാതെ വേണം സ്ര്ടച്ചറിലേക്ക് കിടത്താൻ. കഴുത്ത്, നടുവ് എന്നിവയ്ക്കു താഴെ തുണി മടക്കി പാഡുവയ്ക്കാം.

വിവരങ്ങൾക്കു കടപ്പാട്:
ഡോ. എ. പി വർമ,
ഇൻറസ്ട്രിയൽ ഡോക്ടർ & പ്രഥമശുശ്രൂഷാ പരിശീലകൻ,
കളമശേരി, കൊച്ചി

രക്തദാനം പോലൊരു രക്തമൂലകോശദാനം !

 

രക്താർബുദം (Blood Cancer) പോലുള്ള നൂറിലധികം മാരക രക്തജന്യ രോഗങ്ങൾക്കുള്ള അവസാന പ്രതീക്ഷയാണ് രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ). രക്തദാനം പോലെ തന്നെ വളരെ എളുപ്പവും സുരക്ഷിതവുമാണ് രക്തമൂലകോശദാനവും. രക്തദാനത്തിനു രക്ത ഗ്രൂപ്പ് സാമ്യം ( Blood Group Match ) വേണ്ടതുപോലെ രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്. കുടുംബത്തിൽനിന്നോ സഹോദരങ്ങളിൽനിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ഇന്ത്യയിലുള്ള ഒരാൾക്ക് ഇവിടെനിന്നു മാത്രമേ ജനിതക സാമ്യമുള്ള രക്തമൂലകോശം കിട്ടാനിടയുള്ളൂ എന്നുചുരുക്കം.

HLA Typing : HLA (Human Leukocyte Antigen) Typing ആണ് രക്തമൂലകോശദാനത്തിനു ജനിതക സാമ്യം നിർണയിക്കുന്നത്. 8 മുതൽ 10 ആഴ്ച വരെ വേണം ഒരു HLA Typing ചെയ്ത് Report ലഭിക്കുവാൻ. അതിനാൽ രക്തമൂലകോശം ആവശ്യം വരുമ്പോൾ HLA നോക്കാം എന്നു വിചാരിക്കുന്നത് പ്രശ്നം വലുതാക്കുന്നു. കൃത്യ സമയത്ത് രക്തമൂലകോശ ദാതാവിനെ കണ്ടെത്താനാവാതെ വരുമ്പോൾ രോഗിയുടെ അവസാന പ്രതീക്ഷയും ഇല്ലാതാകുന്നു.

Blood Stem Cell Donors Registry: ലോകത്തെമ്പാടുമുള്ള donors Registries ചെയ്യുന്നത്, HLA Typing Reports ന്റെ വലിയൊരു വിവരശേഖരം ഉണ്ടാക്കുകയാണ്. അതുവഴി ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. ആവശ്യക്കാർക്ക് ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ കണ്ടെത്തുവാൻ donor registries നെ സമീപിക്കാം. ലോകമെമ്പാടുമായി അൻപതോളം donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകൾ HLA റജിസ്ട്രേഷൻ ചെയ്തിട്ടുമുണ്ട്. എന്നിരുന്നാലും അവയിൽ ഇന്ത്യയിൽ നിന്നുള്ളവർ കുറവാണെന്നതിനാൽ ഇവിടെയുള്ള രോഗികൾക്ക് സഹായകരമാവുന്നില്ല. ഇന്ത്യയിലെ donor registry ൽ റജിസ്റ്റർ ചെയ്താൽ ഇതിനൊരു പരിഹാരമാവും.

ആയിരക്കണക്കിന് രോഗികളാണ് donor registries ൽ രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്നത്. ഇവരിലേറെയും കൊച്ചു കുട്ടികളാണ്. കൂടുതൽ ആളുകൾ രക്തമൂലകോശ ദാനത്തെയും അതിന്റെ പ്രാധാന്യത്തെയും പറ്റി മനസിലാക്കണം. കഴിയുന്നത്ര ആളുകൾ donor registry ൽ HLA റജിസ്റ്റർ ചെയ്യുകയും വേണം. നാളെ ചിലപ്പോൾ നമ്മളിലാർക്കും രക്തമൂലകോശം ആവശ്യമായിവരാം. അല്ലെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ നമുക്കായെന്നും വരാം.

18 മുതൽ 50 വയസ്സ് വരെ പ്രായമുള്ള ആർക്കും രക്തമൂലകോശദാതാവായി റജിസ്റ്റർ ചെയ്യാം. രക്തമൂലകോശ ദാനപ്രക്രിയയെ പറ്റി മനസ്സിലാക്കുക, പേരും മേൽവിലാസവും നൽകുക. ഒരു ചീക്ക് (കവിൾ) സ്വാബ് സാമ്പിൾ നൽകുക - HLA നിർണയിക്കുന്നതിനായി , അണുനശീകരിച്ച പഞ്ഞി ഉൾകവിളിൽ ഉരസി കോശങ്ങളുടെ സാമ്പിൾ എടുക്കുന്നു. HLA Typing ശേഷം വിവരങ്ങൾ donor registry ൽ സൂക്ഷിക്കുന്നു. രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുന്ന ആർക്കെങ്കിലും നിങ്ങളുടെ HLA യോജിച്ചാൽ, അവർ നിങ്ങളെ അറിയിക്കും. ദാതാവാകാൻ സന്നദ്ധത പ്രകടിപ്പിച്ചാൽ മാത്രം ദാന പ്രക്രിയയിലേക്ക് പോകാം.

രക്തമൂലകോശദാനം എങ്ങനെ ?

∙ HLA Typing സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിക്കുന്നു.

∙ ഒരു ആരോഗ്യ പരിശോധന നടത്തുന്നു. ദാതാവിനു മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്നു ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണിത്.

∙ മജ്ജയിലുള്ള രക്തമൂലകോശങ്ങളെ രക്തത്തിലേയ്ക്ക് കൊണ്ടുവരുന്നതിനായി രക്തമൂലകോശം ദാനം ചെയുന്നതിന് മുൻപ് തുടർച്ചയായി 5 ദിവസം ഓരോ GCSF Injection എടുക്കുന്നു.

∙ അഞ്ചാം ദിവസം 3-4 മണിക്കൂറുകൾ കൊണ്ട് ദാനം നൽകുന്ന രക്തത്തിൽനിന്നു മൂലകോശങ്ങൾ മാത്രം വേർതിരിച്ചത്തിനു ശേഷം രക്തം തിരികെ നൽകുന്നു.

∙ കോശം ദാനം ചെയ്യാൻ രോഗിയുള്ള സ്ഥലത്തേക്കു പോകേണ്ടതില്ല. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗി എവിടെയാണോ അവിടെയ്ക്ക് donor registry എത്തിച്ചുകൊടുത്തുകൊള്ളും.

∙ രക്തമൂലകോശം ദാനം ചെയ്യാൻ ദാതാവിന് ആശുപത്രി വാസം ആവശ്യമില്ല. GCSF Injections ദാതാവിന്റെ ദിനചര്യയ്ക്ക് തടസ്സമാകുന്നില്ല.

കേരളത്തിൽനിന്ന് HLA റജിസ്റ്റർ ചെയ്യേണ്ടവർക്ക് ദാത്രിയുടെ (DATRI Blood Stem Cell Donors Registry) സേവനം ലഭ്യമാണ്. ദാത്രിയുടെ കൊച്ചിയിലുള്ള ഓഫീസിലും വെബ്സൈറ്റ് വഴിയും റജിസ്റ്റർ ചെയ്യാം. കുറച്ചധികം ആളുകൾക്കായി ക്യാംപ് നടത്തിയും റജിസ്റ്റർ ചെയ്യാം. ഒരു HLA Typing ന് 10000 രൂപയോളം ചെലവുണ്ട്. ദാത്രിയിൽ ഇത് നിർബന്ധമായി വാങ്ങാറില്ല, താല്പര്യമുണ്ടെങ്കിൽ കൊടുക്കാവുന്നതാണ്. റജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന ഡോണർ ID ഉപയോഗിച് 60 ദിവസം കഴിഞ്ഞ് ടെസ്റ്റിന്റെ റിപ്പോർട്ട് ദാത്രിയിൽ നിന്നു വാങ്ങാം. ഇന്ത്യയിൽ 1,32,704 ആളുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, 170 പേർ രക്തമൂലകോശദാനം നടത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
DATRI Blood Stem Cell Registry
Signature Business Centre, Bank Road, Kaloor, Cochin
www.datri.org
Contact : 9645078285, 9744499484, 04844013637

സെൽഫി ആരോഗ്യത്തിനു ഹാനികരമോ?

 

സെൽഫി പ്രേമികളെ ഭയപ്പെടുത്തുന്ന ഒരു പഠനമാണ് ഇപ്പോൾ ചര്‍ച്ചാ വിഷയം. സെൽഫിയെടുത്താൽ സൗന്ദര്യം പോകുമത്രെ. ഫ്ളാഷ്​ലൈറ്റ് പോലുള്ളവ എപ്പോഴും മുഖത്തുപതിക്കുന്നതും റേഡിയേഷൻ ഏൽക്കുന്നതും ത്വക്കിന് കേടുപാടുണ്ടാകാൻ കാരണമാകുമെന്ന് ഒരുകൂട്ടം ത്വക് രോഗ വിദഗ്ദർ പറയുന്നു.

സ്മാർട്ട് ഫോണുകളിൽ നിന്നുള്ള പ്രകാശവും വികിരണങ്ങളും തുടർച്ചയായി മുഖത്തേക്ക് അടിക്കുന്നത് ചർമത്തിനു ദോഷം ചെയ്യും. വേഗത്തിൽ പ്രായം ബാധിക്കുകയും മുഖത്ത് ചുളിവുകൾ ഉണ്ടാകുകയും ചെയ്യുമെന്ന് ചർമരോഗ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

ഏതു കൈ കൊണ്ടാണ് ഒരാൾ ഫോൺ പിടിക്കുന്നതെന്ന് അറിയാൻ അയാളുടെ മുഖത്തിന്റെ ഏതു ഭാഗത്താണ് കൂടുതൽ കേടുപാടു പറ്റിയതെന്നു പരിശോധിച്ചാൽ ഡോക്ടർമാർക്കു പറയാൻ സാധിക്കും.

സ്ക്രീനുകളിൽനിന്ന് പതിക്കുന്ന നീലവെളിച്ചം പോലും ത്വക്കിന് ചെറിയ തകരാറുണ്ടാക്കുന്നുണ്ട്. യുകെയിലെ ലിനിയ സ്കിൻ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടറായ സൈമണ്ഡ സോകെയാണ് സെൽഫി ഏതെല്ലാം വിധത്തിൽ ആരോഗ്യത്തിനു ദോഷകരമാകുന്നുവെന്ന പഠനവുമായി എത്തിയത്.

മൊബൈലിലെ ഇലകട്രോ മാഗ്നെറ്റിക് റേഡിയേഷൻ ത്വക്ക് കോശങ്ങളിലെ ഡിഎൻഎക്ക് കേടുപാടുണ്ടാക്കാൻ കാരണമാകുകയും ത്വക്കിന്റെ പുനരുജ്ജീവന പ്രക്രിയയെ ബാധിക്കുകയും വേഗം ചുളിവുകളും മറ്റും ഉണ്ടാകാനിടയാക്കുകയും ചെയ്യുമെന്ന് ഇവർ പറയുന്നു.

ത്വക്കിലെ ചില ഘടകങ്ങളെ കാന്തിക തരംഗങ്ങൾ ബാധിക്കുന്നു. ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ തേടേണ്ടതുണ്ട്. പ്രകാശത്തിന്റെ കാന്തിക പ്രഭാവമാണ് ചർമത്തിലെ ഈ മാറ്റത്തിനു കാരണമെന്നു വിദഗ്ധർ പറയുന്നു. കാന്തിക മേഖലയാണ് ചർമത്തിലെ കോശങ്ങൾക്ക് മാറ്റം വരുത്തുന്നതെന്നും മൊബൈൽഫോൺ വികിരണങ്ങളിൽ നിന്നും സൺസ്ക്രീൻ സംരക്ഷിക്കില്ലെന്നും പഠനത്തിൽ പറയുന്നു.

‌കൂർക്കംവലി നിർത്താം, വെറും ഏഴുദിവസം കൊണ്ട്

 

പങ്കാളിയുടെ കൂർക്കംവലി കാരണം ഉറങ്ങാനാവുന്നില്ലേ?. അടുത്ത് കിടന്നുറങ്ങുന്നവരിലാണ് കുര്‍ക്കം വലി കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുക, എന്നാൽ കൂർക്കം വലി ഒരു ശല്യം മാത്രമല്ല പല വിധത്തിലുള്ള അനാരോഗ്യത്തിന്റെ ലക്ഷണംകൂടിയാണ്. ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ വായു കടന്നുപോകുന്ന വഴിയിലെവിടെയെങ്കിലും തടസ്സങ്ങളുണ്ടാകുമ്പോഴാണ് പലപ്പോഴും അസഹ്യമായി കൂർക്കംവലിക്കുക.

എന്നാൽ ഈ ശബ്ദശല്യം ഏഴുദിനം കൊണ്ട് പരിഹരിക്കാനാകുമത്രെ. ഏഴുദിനം കൊണ്ട് കൂർക്കം വലി നിർത്താമെന്ന അവകാശവാദവുമായി എത്തുകയാണ് ഒരുകൂട്ടം തായ്​വാൻ ഗവേഷകർ. ടംഗ് മസിൽ ട്രെയിനർ എന്ന ഉപകരണവും ദിവസവും ഏതാനും മിനിട്ടുള്ള നാവിന്റെ വ്യായാമവുമാണ് ഇതിനായി വേണ്ടത്.

 

സ്ലീപ് അപ്നിയ ഉള്ള ഏകദേശം 120 ആളുകളിൽ ഇപ്പോൾ ഈ ഉപകരണം ഉപയോഗിച്ച് പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ് ഗവേഷകർ. മുൻപ് നടത്തിയ പരീക്ഷണങ്ങളിലും പകുതിയലധികം പേരുടെ കൂർക്കംവലി മാറിയത്രെ. പൂർണ്ണമായും വിജയകരമാകുമ്പോൾ വിപണിയിലേക്കെത്തുമന്നാണ് പ്രതീക്ഷ.

വായു സമ്മർദ്ദം ചെലുത്താവുന്ന ഒരു പമ്പും അറ്റത്ത് വായുമർദ്ദിതമായ ബൾബുമുള്ള ഉപകരണമാണിത്. വായ്ക്കുള്ളിലാക്കി വായുസമ്മർദ്ദം ചെലുത്തുന്നതിനനുസരിച്ച് നാക്കുകൊണ്ട് ആ ഉപകരണത്തിൽ തിരികെ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടത്. തൊണ്ടയിലെ പേശികൾ ഇതിനാൽ ബലവത്താകുകയും വിശ്രാന്തിയിലായിരിക്കുമ്പോൾ ശ്വാസനാളം അടയുന്നത് കുറയുകയും ചെയ്യുമത്രെ.

കൂർക്കംവലി നിർത്താനാവുന്ന ചിലസ്വാഭാവിക മാർഗ്ഗങ്ങൾ നോക്കാം

1. കിടപ്പിന്റെ ശൈലി മാറ്റുക, കുറുനാക്ക് ശ്വാസോച്ഛാസത്തിന് തടസം നിൽക്കുന്നത് ചിലപ്പോൾ ചരിഞ്ഞുകിടന്നാൽ പരിഹാരമായേക്കും.

2. കിടക്കുന്നതിനുമുമ്പ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും അൽപ്പദിവസം കൂടുമ്പോള്‍ ആവി പിടിക്കുന്നതുമൊക്കെ ശ്വാസോച്ഛാസം അനായാസമാകാൻ സഹായകമാകും.

3. അലർജിയുണ്ടാക്കുന്നവ ഒഴിവാക്കുക. അലർജിമൂലം ശ്വാസതടസമുണ്ടാക്കുന്ന വസ്തുക്കൾ മുറിയിൽനിന്ന് ഒഴിവാക്കുക.

4. ഭാരം കുറയ്ക്കുക, കഴുത്തിന്റെ ഭാഗത്തൊക്കെ കൊഴുപ്പ് അ‍ടിഞ്ഞുകൂടുന്നത് പലപ്പോഴും കൂർക്കം വലിക്കാനിടയാക്കുന്നുണ്ട്.

ഷിഗല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 

ഷിഗല്ല ബാക്ടീരിയ മൂലമുള്ള വയറിളക്കത്തിനു കാരണം മലിനജലത്തിന്റെ ഉപയോഗം. വ്യക്തിതലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധിവരെ രോഗം പകരുന്നതു തടയാം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം.

ഫലപ്രദമായ ചികിത്സ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ.

കുടൽ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരീയ; സംസ്ഥാനത്ത് ജാഗ്രതാ നിർദേശം

∙ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.

∙ ഭക്ഷണത്തിനു മുൻപു കൈ കഴുകുന്നതു ശീലമാക്കുക.

∙ ശുചിമുറി ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക.

∙ ഭക്ഷണം തയാറാക്കുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക.

∙ പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നവർ വൃത്തിയായി പാചകം ചെയ്ത ഭക്ഷണമാണു കഴിക്കുന്നതെന്ന് ഉറപ്പാക്കുക.

∙ പൂർണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക.

∙ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.

∙ ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.

∙ കുട്ടികളിലാണു രോഗസാധ്യത കൂടുതൽ. കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകൾ കഴുകുന്നുവെന്നു സ്കൂൾ അധികൃതരും ഉറപ്പാക്കുക.

നിങ്ങളുടെ കൃഷ്ണമണിക്ക് വലുപ്പവ്യത്യാസം ഉണ്ടോ?

 

കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിൾ (Pupil). കണ്ണിനുള്ളിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധർമം. നല്ല വെളിച്ചത്തിൽ ഇതു ചുരുങ്ങുകയും അരണ്ട വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. രണ്ടു കൃഷ്ണമണികളുടെയും വലുപ്പം സാധാരണഗതിയിൽ ഒരേപോലായിരിക്കും. താരതമ്യം ചെയ്യുമ്പോൾ പ്യൂപ്പിളുകൾക്കു വലുപ്പവ്യത്യാസം ഉണ്ടെങ്കിൽ അതിനെയാണു അനൈസോകൊറിയ (Anisocoria) എന്നു പറയുക.

ഏതാണ്ട് 20 ശതമാനം പേരിൽ ഈ വലുപ്പവ്യത്യാസം കാണാറുണ്ട്. എന്നാൽ ഈ വ്യത്യാസം 0.4 മി.മീ. തൊട്ട് 1 മി.മീ. വരെ മാത്രമായിരിക്കും. വലുപ്പവ്യത്യാസം ഒരു മില്ലി മീറ്ററിൽ താഴെയാണെങ്കിൽ സാധാരണഗതിയിൽ രോഗമാകാനിടയില്ല. ചില കുട്ടികളിൽ ജനിക്കുമ്പോൾതന്നെ ഈ വലുപ്പവ്യത്യാസം കണ്ടെന്നിരിക്കും. അനുബന്ധപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇതു രോഗമാകാനിടയില്ല. കുട്ടിയുടെ അച്ഛനമ്മമാരിലോ അടുത്ത ബന്ധുക്കളിലോ അനൈസോകൊറിയ കണ്ടെന്നുമിരിക്കും.

എന്നാൽ ഒരു മി.മീറ്ററിൽ കൂടുതൽ വലുപ്പവ്യത്യാസമുള്ള അനൈസോകൊറിയ ചിലപ്പോൾ അതീവഗുരുതരമായ രോഗങ്ങളുടെ ലക്ഷണവുമാകാം. ഒരു കണ്ണിലെ പ്യൂപ്പിൾ വലുതായിരിക്കുമ്പോൾ മറ്റേതു ചെറുതായിരിക്കും. പക്ഷേ, ഇതിൽ വലുതിനാണോ ചെറുതിനാണോ പ്രശ്നം എന്നുള്ളതു കണ്ടു പിടിക്കേണ്ടിവരും. ചെറിയ വെട്ടത്തിലും ഇരുട്ടിലും മാറിമാറി പരിശോധിച്ച് ഇതു തിട്ടപ്പെടുത്താനാകും.

പെട്ടെന്നുണ്ടാകുന്നതും മാറാതെ (പൂർവസ്ഥിതി പ്രാപിക്കാതെ) നിൽക്കുന്നതുമായ അനൈസോകൊറിയ അപകടകരകമാകാം. പഴയ ഫൊട്ടോ ഗ്രഫ്സ് (ഉദാ: പാസ്പോർട്ട്. ഡ്രൈവിങ് ലൈസൻസ്) എടുത്തു നോക്കിയാൽ ഇതു പണ്ടേ ഉണ്ടായിരുന്നതാണോ എന്നു മനസ്സിലാക്കി അനാവശ്യ ആശങ്കകൾ അകറ്റാം.

തലച്ചോറിലെ രക്തസ്രാവം, തലയോട്ടിയിൽ ഏൽക്കുന്ന ക്ഷതങ്ങൾ, ബ്രയിൻ ട്യൂമർ, പഴുപ്പുകെട്ടലുകൾ ഇവയൊക്കെ കൃഷ്ണമണിയുടെ വലുപ്പവ്യത്യാസത്തിനു കാരണമാകാറുണ്ട്. കണ്ണിലെ മർദം കൂട്ടുന്ന ഗ്ലോക്കോമയിലും ഇതു കണ്ടുവരുന്നുണ്ട്. സ്ട്രോക്ക്, മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റ്സ് എന്നിവയ്ക്കു പുറമേ ചില പ്രത്യേകതരം മൈഗ്രേനുകളിലും അനൈസോകൊറിയ ഉണ്ടാകാം.

നേത്രരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും മരുന്നായിരിക്കും മിക്കപ്പോഴും ഈ രേഗത്തിനു കാരണം. ആസ്മയ്ക്കുപയോഗിക്കുന്ന ചില സ്പ്രേകളും ഈ വലുപ്പവ്യത്യാസത്തിനു കാരണമായേക്കാം. മരുന്നു നിർത്തുന്നതോടെ ഇതു മാറും. അതീവ ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമായും അനൈസോകൊറിയ വന്നെന്നിരിക്കം. ഇതു പൊതുവേ അപൂർവമാണ്. അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടാകുന്ന ഹോണേഴ്സ് സിൻഡ്രോമിന്റെ (Horner's Syndrome) ഭാഗമായി ആയിരിക്കും ചിലപ്പോൾ അനൈസോകൊറിയ പ്രത്യക്ഷപ്പെടുക. മൂന്നാം ക്രാനിയൽ നെർവിനു (3rd Cranial nerve) ഏതെങ്കിലും തരത്തിൽ തലച്ചോറിൽ പ്രശ്നമുണ്ടായാലും അനെസോകൊറിയ വരാം. കണ്ണുമായി ബന്ധപ്പെട്ട മറ്റ് ചില അനുബന്ധപ്രശ്നങ്ങളും ഇതോടുകൂടി വരാം.

പ്രശ്നങ്ങളും ചികിത്സയും
തലവേദന, കാഴ്ചക്കുറവ്, പ്രകാശം സഹിക്കാതെ വരിക, കണ്ണുവേദന, രണ്ടായിക്കാണുക, മുകളിലെ കൺപോള അടഞ്ഞുപോവുക ഇതെല്ലാം അപകടസാധ്യത വർധിപ്പിക്കും. ഇവയ്ക്കു പുറമെ പനി, കൺഫ്യൂഷൻ, മാനസികനിലയിൽ വ്യത്യാസം എന്നിവയൊക്കെ കണ്ടെന്നുവരും. ഈ വിഷയത്തിൽ അതിവൈദഗ്ധ്യം ലഭിച്ചിട്ടുള്ള (സൂപ്പർ സ്പെഷലിസ്റ്റ്) ഡോക്ടർമാരെ കാണുന്നതുതന്നെയാണ് ഉത്തമം. എം.ആർ.ഐ മുതലായ പരിശോധനകൾ വേണ്ടിവരാം. അനുബ്ധപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അനൈസോകൊറിയ ഒരു ന്യൂറോ എമർജൻസി ആയാണു കരുതുന്നത്. എത്രയും വേഗം ചികിത്സ തേടണം.

മദ്യപിക്കുമ്പോൾ ശരീരത്തിനു സംഭവിക്കുന്നത്?

സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോൾ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിർത്തിയാൽ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ,

മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആൽക്കഹോൾ ഡി-അഡിക്ഷൻ വിദഗ്ദയായ ഡോ നിയാൽ കാംപ്ബെൽ.

24 മണിക്കൂറിനുള്ളിൽ

മദ്യപിക്കുമ്പോൾ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവർ. മദ്യപാനം നിയന്ത്രിക്കുമ്പോൾതന്നെ നമ്മുടെ ശരീരം ശുദ്ധമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാകുന്നു. ബുദ്ധിയും ബോധവുമൊക്കെ ശരിക്കും പ്രവർത്തിക്കുന്നു. മാനസിക സമ്മർദ്ദം കുറയുന്നു. മാത്രമല്ല പോക്കറ്റിൽ കൂടുതൽ കാശും മിച്ചം പിടിക്കാൻ കഴിയും.

ഒരാഴ്ചക്കുള്ളിൽ

മദ്യപാനം ഉറക്കക്കുറവിന് കാരണമാകുമെന്ന് നമുക്കറിയാം. മാത്രമല്ല ശരീരത്തിലെ ജലാംശം കൂടുതൽ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. എന്നാൽ മദ്യപാനം നിർത്തി ഒരാഴ്ചക്കുള്ളി‍ൽ ഉറക്കം സാധാരണഗതിയിലാകുമത്രെ. മാത്രമല്ല കൂടുതൽ ഉന്മേഷം തോന്നുകയും ചെയ്യും.

രണ്ടു ദിവസത്തിനകം

ആൽക്കഹോളിലെ കലോറിയുടെ അംശം വളരെക്കൂടുതലാണ്. ശരീരത്തിന് ഒരു ഗുണവും തരാത്ത കലോറിയാണ് മദ്യത്തിലൂടെ ശരീരത്തിനുള്ളിൽ ചെല്ലുന്നത്. ഇത് ഉപേക്ഷിക്കുന്നത് അമിതഭാരം കുറയാൻ സഹായകമാകും.

3-4 ആഴ്ചക്കുള്ളിൽ

മദ്യപാനം രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും. മദ്യപാനം പൂർണമായും നിർത്തി ആഴ്ചകൾക്കുള്ളിൽ പ്രകടമായ വ്യത്യാസം കാണാനാകും.

4-8 ആഴ്ചക്കുള്ളിൽ

കരളിന്റെ പ്രവർത്തനം മെച്ചപ്പെടാൻ തുടങ്ങും. അമിതമായ ബിയർ-വൈൻ ഉപയോഗം ഫാറ്റി ലിവർ ഉണ്ടാക്കും. മദ്യപാനം പൂർണമായും നിർത്തിയാൽ‌ ഫാറ്റി ലിവറിനെ ഭയപ്പെടേണ്ടതില്ല.

ഒരു മാസത്തിനുള്ളിൽ

മദ്യപാനികളെ കണ്ടാൽ പലപ്പോഴും നമുക്കു തിരിച്ചറിയാൻ കഴിയാറുണ്ട്. ആൽക്കഹോൾ ഇവരുടെ ത്വക്കിന് വരുത്തുന്ന കേടുപാടു കാരണമാണ് ഇതിനു സാധിക്കുന്നത്. മദ്യപാനം നിർത്തിയവരെ കണ്ടാൽ കാഴ്ചയിൽത്തന്നെ വ്യത്യാസമറിയാനും സാധിക്കും.

പുകവലി പുരുഷവന്ധ്യതയ്ക്കു കാരണമോ?

പുകവലിക്കുന്ന പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്, പുകവലി നിങ്ങളിൽ വന്ധ്യത ഉണ്ടാക്കിയേക്കാം. പുകവലി, ബീജത്തിന്റെ ഡിഎൻഎയെ തകരാറിലാക്കുകയും പ്രത്യുൽപാദനത്തെ ബാധിക്കുകയും ചെയ്യുമെന്നു പഠനം. പുകവലിക്കുന്നവരും വലിക്കാത്തവരുമായ 20 പുരുഷന്മാരെ വീതം പഠനത്തിനായി തിരഞ്ഞെടുത്തു. ഇവരുടെ ബീജത്തിലെ 422 പ്രോട്ടീനുകളെ നിരീക്ഷിച്ചു. പുകവലിക്കാരിൽ ഒരു പ്രോട്ടീന്റെ അഭാവം ഉണ്ടായിരുന്നു. ഈ പ്രോട്ടീനുകളെ അപഗ്രഥിച്ചതിൽനിന്ന് സിഗററ്റുവലി പുരുഷൻമാരിലെ പ്രത്യുൽപാദനവ്യവസ്ഥയെ ബാധിക്കുന്നതായി കണ്ടു.

പുകവലി പുരുഷൻമാരുടെ പ്രത്യുൽപാദനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നു തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് ഈ പഠനത്തിനു നേതൃത്വം നൽകിയ ഡോ. റിക്കാർഡോ പിമെന്റ ബെർടോല്ല പറഞ്ഞു. പുകവലിക്കുന്നവരുടെ ശുക്ലത്തിനു രൂപാന്തരം സംഭവിച്ചിരുന്നു. ഇതിന് ഇൻഫ്ലമേറ്ററി സ്വഭാവം (ആരോഗ്യകരമായ ഗർഭധാരണം സാധ്യമാക്കുന്ന ബീജസംയോഗം നടത്താനുള്ള ബീജത്തിന്റെ കഴിവു കുറയുന്ന അവസ്ഥ) ഉണ്ടായിരുന്നു. ഡിഎൻഎ ഫ്രാഗ്മെന്റേഷൻ കൂടുതലായിരുന്നു.

മാറ്റം സംഭവിച്ച ഡിഎൻഎ കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഈ പഠനം മുന്നറിയിപ്പു നൽകുന്നു. ബിജെയു ഇന്റർനാഷണൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്

മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

മനഃശാസ്ത്ര വിദഗ്ധർ മനോരോഗങ്ങളെ സൈക്കോസിസ് എന്നും ന്യൂറോസിസ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. മിഥ്യാവിശ്വാസങ്ങളും തോന്നലുകളും ഉണ്ടാവുകയും യാഥാർഥ്യബോധം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സൈക്കോസിസ്. ന്യൂറോസിസിൽ വ്യക്തിക്ക് സ്വയവും മറ്റുള്ളവരുമായി ഇടപെടാനുള്ള ബുദ്ധിമുട്ടുകളുമാണ് ഉള്ളത്. ഉത്കണ്ഠരോഗങ്ങൾ, (obsessive compulsive Disorder) സംഘർഷ രോഗങ്ങൾ, കൺവേർഷൻ രോഗം somatoform disorder എന്നിവയാണ് പ്രധാനപ്പെട്ട ന്യൂറോസിസ് രോഗങ്ങൾ. സൈക്കോസിസ് രോഗങ്ങളിൽ പ്രധാനപ്പെട്ടത് സ്കിസോഫ്രീനിയയും മിഥ്യാവിശ്വാസ രോഗങ്ങളുമാണ്. സ്കിസോഫ്രീനിയ എന്നത് ഒരു പ്രത്യേക രോഗമല്ല, ഒരു കൂട്ടം രോഗങ്ങളാണ്.

ഒരു ലാബ് പരിശോധനയിലൂടെ കണ്ടെത്തുന്നതുപോലെ, നുറുശതമാനം വസ്തുനിഷ്ഠമായ മനോരോഗനിർണയ രീതി മനഃശാസ്ത്ര ചികിത്സയിൽ സാധ്യമല്ല. രോഗിയുടെ പെരുമാറ്റവും പ്രകൃതവും നിരീക്ഷിച്ചും അയാളോടും കുടുംബാംഗങ്ങളോടും സംസാരിച്ചും അയാളുടെ ശ്രദ്ധ, സ്ഥലകാല - വ്യക്തിബോധം, ഓർമശക്തി, ഗ്രഹണശേഷി, സാമാന്യബുദ്ധി തുടങ്ങിയ മാനസികതലങ്ങളെ വിലയിരുത്തിയുമാണ് മനഃശാസ്ത്രജ്ഞൻ രോഗനിർണയം നടത്തുന്നുത്.

മനോരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചില വ്യക്തികളിൽ കൂടുതലും ചിലരിൽ കുറവുമാണ്. പാരമ്പര്യം, ജൈവഘടന, മസ്തിഷ്കത്തിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസങ്ങൾ, കുട്ടിക്കാല അനുഭവങ്ങൾ, ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾ, നിത്യജീവിതത്തിലെ സംഘർഷങ്ങൾ തുടങ്ങിയവ ഒരാളെ മാനസികരോഗങ്ങളിലേക്കു നയിക്കാം.

മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

അസാധാരണമായ പെരുമാറ്റമോ സംസാരമോ തുടർച്ചയായി ഉണ്ടാവുക, ശാരീരിക രോഗങ്ങളെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ, മാരകരോഗങ്ങൾ ഉണ്ടെന്നുള്ള ഭയം, വൈദ്യ പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞിട്ടും രോഗലക്ഷണമുണ്ടെന്ന തോന്നലുമായി പല ഡോക്ടർമാരെയും മാറിമാറി സന്ദർശിക്കുക, ചെയ്ത കാര്യങ്ങൾതന്നെ വീണ്ടും ചെയ്യുക, അനാവശ്യ സംശയങ്ങൾ, തനിയെ സംസാരിക്കുക, ചിരിക്കുക, കരയുക, തനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നുവെന്നും തന്നെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നുള്ള സംശയവും അത് അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളും, അമിതമായ ഉത്കണ്ഠ, ഭയം, നിരാശ, കുറ്റബോധം, ഭാവിയെപ്പറ്റിയുള്ള തെറ്റായ ചിന്തകൾ, ശ്രദ്ധക്കുറവ്, ഒന്നിലും താല്പര്യവും സന്തോഷവും ഇല്ലാതിരിക്കുക, എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറാനും എല്ലാത്തിൽനിന്നും പിൻവലിയാനുമുള്ള പ്രവണത, തുടർച്ചയായ ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, കാരണമില്ലാതെ ശരീരത്തിന്റെ തൂക്കം കുറയുക, വിശപ്പില്ലായ്മ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുക, ലഹരിവസ്തുക്കളോട് അമിത താൽപര്യം, അമിതമായ ഭക്തി തുടങ്ങിയവയിൽ ഒന്നിലേറെ ലക്ഷണങ്ങൾ ഒരു നിശ്ചിത കാലയളവിൽ തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ മനോരോഗമാണെന്ന് കണക്കാക്കാം.

പ്രധാനപ്പെട്ട ചില മനോരോഗ ലക്ഷണങ്ങൾ

ഹാലൂസിനേഷൻ (Hallucination)

കാഴ്ച, രുചി, കേൾവി, മണം, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങളിലൂടെ കിട്ടുന്ന തെറ്റായ ബോധമാണ് ഹാലൂസിനേഷൻ. മറ്റാർക്കും കാണാനാകാത്ത കാഴ്ച ഒരാൾ കാണുന്നത് Visual Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത മണം ഒരാൾക്ക് അനുഭവപ്പെടുന്നത് Olfactory Hallucination, ഒറ്റയ്ക്കിരിക്കുമ്പോൾ ചെവിയിൽ ആരോ സംസാരിക്കുന്നതുപോലെ തോന്നുക, ശബ്ദം കേൾക്കുക എന്നത് Auditory Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത രുചി അനുഭവപ്പെടുന്നത് Gustatory Hallucination, ശരീരത്തിൽ ആരോ സ്പർക്കുന്നവെന്ന തോന്നൽ Tactile Hallucination.

മിഥ്യാവിശ്വാസങ്ങൾ (Delusions)

യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് ഈ ഗണത്തിൽ പെടുത്തുക. മറ്റുള്ളവർ തന്നെക്കുറിച്ചാണ് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന തെറ്റായ വിശ്വാസം, തന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം നശിച്ചുപോയെന്ന വിശ്വാസം, താൻ അപരാധിയാണെന്ന അമിതമായ കുറ്റബോധം, ജീവിതപങ്കാളിക്ക് മറ്റാരെങ്കിലുമായി രഹസ്യബന്ധമുണ്ടെന്ന തെറ്റായ വിശ്വാസം, സമൂഹത്തിലെ ഉന്നതനായ ഒരാൾക്ക് തന്നെ ഇഷ്ടമാണെന്ന തെറ്റായ ധാരണ, ഗുരുതരമായ രോഗമുണ്ടെന്നും അതിനിയും കണ്ടുപിടിച്ചിട്ടില്ല എന്നുമുള്ള തോന്നൽ, തന്നെ ചിലർ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തോന്നൽ, മറ്റുള്ളവരേക്കാൾ സാമ്പത്തികശേഷിയും കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന തെറ്റായ വിശ്വാസം, ഒരു ചിന്തയിൽനിന്നോ ആശയത്തിൽനിന്നോ പരസ്പരബന്ധമില്ലാത്ത മറ്റൊരു ചിന്തയിലേക്കോ ആശയത്തിലേക്കോ തെന്നിപ്പോവുക, ഒരേ കാര്യംതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുക, സംസാരം കുറഞ്ഞുവന്ന് ആശയങ്ങൾ ഇല്ലാതാകുക, അസാധാരണമായ ഊർജത്തോടെയും ഭാവഹാവാദികളോടെയും സംസാരിക്കുക, മനസ്സ് പെട്ടെന്ന് ശൂന്യമാകുകയും പിന്നീട് പുതിയ ചിന്ത ഉടലെടുക്കുകയും ചെയ്യുക, ഇഷ്ടമില്ലാത്ത ചിന്തകളും ആശയങ്ങളും മനസിലേക്കു കടന്നുവരിക, അത് തിരിച്ചറിയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാവാതിരിക്കുക, കൈ കഴുകുക, തുപ്പുക തുടങ്ങിയ ചില ചേഷ്ടകൾ ആവർത്തിച്ചുകൊണ്ടിരിക്കുക, മനസ്സിന്റെ സ്ഥായിഭാവവും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിവരുന്ന മനസ്സിന്റെ ഭാവവും അസാധാരണമായി പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

മതിഭ്രമം (Illusions)

ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റായി മനസ്സിലാക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നതാണ് മതിഭ്രമം. ഇത് മനോരോഗമില്ലാത്തവർക്കും അനുഭവപ്പെടാം.

മനോരോഗങ്ങൾക്ക് പ്രകടമായ ചില പൊതുലക്ഷണങ്ങളുണ്ട്. ഓരോ രോഗത്തിനും അതിന്റേതായ ലക്ഷണങ്ങളുമുണ്ട്. പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെപ്പറ്റി മാത്രമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

ആരാണ് മനോരോഗ ചികിത്സകർ?

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽവർക്കർ, സൈക്യാട്രിക് നഴ്സ് തുടങ്ങിയവരാണ് മനോരോഗചികിത്സയിൽ മുഖ്യപങ്കു വഹിക്കുന്നവർ. എംബിബിഎസ്സിനുശേഷം സൈക്യാട്രിയിൽ ഡിപ്ലോമയോ ഡോക്ടർ ബിരുദമോ നേടിയവരാണ് സൈക്യാട്രിസ്റ്റുകൾ. മാനസികരോഗനിർണ്ണയവും അതിനുള്ള ഔഷധചികിത്സയുമാണ് സൈക്യാട്രിസ്റ്റുകൾ ചെയ്യുന്നത്.

ഔഷധരഹിത സൈക്കോതെറാപ്പി രീതികൾ ഉപയോഗിച്ച് ചികിത്സിക്കുന്നവരാണ് സൈക്കോളജിസ്റ്റുകൾ. അംഗീകൃത സർവകലാശാലകളിൽനിന്ന് ചികിത്സാമനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ നേടിയവരും ഡോക്ടറേറ്റ് ളള്ളവരും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവരുമായിരിക്കണം സൈക്കോളജിസ്ററുകൾ.

മനോരോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നവരാണ് സോഷ്യൽവർക്കർമാർ. സൈക്യാട്രിക് സോഷ്യൽവർക്കിൽ എംഎസ്ഡബ്ല്യു നേടിയവരാണിവർ. ബിഎസ്‌സി നഴ്സിങ്ങിനുശേഷം മനോരോഗചികിത്സയിലെ നഴ്സിങ്ങിൽ ഉപരിപഠനം നടത്തിയവരാണ് സൈക്യാട്രിക് നഴ്സുകൾ.

സൈക്കോതെറാപ്പികൾ

കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി
വ്യക്തിയുടെ യുക്തിരഹിതമായ ചിന്തകളേയും മനോഭാവങ്ങളെയും നിർണ്ണയിച്ച് ആരോഗ്യകരമായ ചിന്താരീതികളും പെരുമാറ്റവും രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന തെറാപ്പിയാണിത്.

ബിഹേവിയർ തെറാപ്പി
തെറ്റായ ശീലങ്ങൾ മാറ്റി നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്ന തെറാപ്പിയാണിത്.

ഹിപ്നോതെറാപ്പി
വ്യക്തിയെ വിശ്രമാവസ്ഥയിൽ എത്തിച്ച് മനസിനെ ഏകാഗ്രമാക്കി ഗുണകരമായ നിർദേശങ്ങൾ നൽകുന്ന ചികിത്സയാണിത്.

ഗൈഡൻസ് ആൻഡ് കൗൺസിലിങ്
വ്യക്തിയുടെ ഉൾക്കാഴ്ച വികസിപ്പിക്കാനും പ്രശ്നപരിഹാരശേഷി വർധിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.

ഇന്റർപേഴ്സണൽ തെറാപ്പി
വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സഹായം നൽകുന്ന ചികിത്സാരീതി.

ഫാമിലി തെറാപ്പി
ആരോഗ്യകരമായ കുടുംബബന്ധങ്ങൾ സൃഷ്ടിക്കാനും കുടുംബാംഗങ്ങളുമായുള്ള ആശയവിടവ് പരിഹരിക്കാനും ഊന്നൽ നൽകുന്ന ചികിത്സ.

ഡോ. പ്രസാദ് അമോർ
കൺസൾട്ടന്റ് സൈക്കളജിസ്റ്റ്
സോഫ്റ്റ് മെൻഡ് ലക്ഷ്മി ഹോസ്പിറ്റൽ
അരൂർ

സി.ടി സ്കാന്‍ കാന്‍സര്‍ ഉണ്ടാക്കുമോ?

 

നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി രോഗനിര്‍ണ്ണയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒന്നാണ് സി.ടി സ്കാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി. എക്സ്-റേയുടെ കണ്ടുപിടിത്തത്തോടു കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ത കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.

ലോകമെമ്പാടും ചെയ്യുന്ന സി.ടി സ്കാനുകളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ബ്രിട്ടണില്‍ മാത്രം ഒരു വര്‍ഷം 3 മില്യണ്‍ സി.ടി സ്കാനുകളാണ് ചെയ്യുന്നത്. അതേസമയം, ഇത്തരം സ്കാനുകള്‍ക്ക് വിധേയമാകുന്നവരില്‍ കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

സി.ടി സ്കാന്‍ അഥവാ ക്യാറ്റ് (CAT) സ്കാന്‍ പരമ്പരാഗത എക്സ്-റേ നല്‍കുന്നതിനെക്കാള്‍ ശരീരത്തിനുള്ളിലെ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. എന്നാല്‍ നൂറ് തവണയോ അതിലധികമോ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് സമാനമായ അയനൈസിംഗ് റേഡിയേഷനാണ് രോഗിയ്ക്ക് ലഭിയ്ക്കുക. ഈ അയനൈസിംഗ് റേഡിയേഷന്‍ ശരീരത്തിലെ കോശജാലത്തിന് തകരാറുണ്ടാക്കുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റേഡിയേഷന്റെ തോതിന് ആനുപാതികമായിരിക്കും അപകടസാധ്യതയും.

കൂടുതല്‍ തവണ റേഡിയേഷന്‍ ഏല്‍ക്കുന്നതിനനുസരിച്ച് അപകട സാധ്യതയും കൂടും. അതേസമയം, മുതിര്‍ന്നവരെക്കാള്‍ കുട്ടികളെയാകും ഇത് കൂടുതല്‍ ബാധിക്കുക. ഉദരസംബന്ധമായ സി.ടി സ്കാനിന് വിധേയനാകുന്ന ഒരാള്‍ക്ക് സാധാരണ പരിസ്ഥിതിയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് ലഭിക്കുന്ന റേഡിയേഷന്റെ ആറിരട്ടി റേഡിയേഷനാണ് ലഭിക്കുന്നതെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്തിടെ യു.കെയില്‍ നടന്ന പഠനം പറയുന്നത്, കൂടുതല്‍ സി.ടി സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞ അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികളെക്കാള്‍ ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള അര്‍ബുദങ്ങള്‍ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ്. സി.ടി സ്കാനിംഗിന് വിധേയരായ 180, 000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 200 പേര്‍ക്കാണ് 17 വര്‍ഷത്തിനിടെ കാന്‍സര്‍ കണ്ടെത്തിയത്. ഈ 200 ല്‍ 170 പേര്‍ക്കും സി.ടി.സ്കാനില്‍ നിന്നുള്ള ഉയര്‍ന്ന റേഡിയേഷന്റെ ഫലമായാണ്‌ കാൻസറുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.

യു.സിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനവും ഇത് ശരിവയ്ക്കുന്നു. യു.സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാൻസറിന്റെ 2% സി.ടി.സ്കാന്‍ റേഡിയേഷന്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് യു.എസ് ഗവേഷകര്‍ കണ്ടെത്തി. യു.സിന്റെ അഞ്ചിലൊന്ന് സി.ടി.സ്കാനുകള്‍ നടക്കുന്ന യു.കെയില്‍ 0.4% ക്യാന്‍സര്‍ സി.ടി.സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഇത് വളരെ ചെറിയ സംഖ്യയായി തോന്നാമെങ്കിലും യു.കെയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കാൻസർ കേസുകളില്‍ 350, 000 –ത്തിൽ 1400 എണ്ണവും സി.ടി.സ്കാന്‍ റേഡിയേഷന്‍ വഴിയാണെന്ന് സാരം. മെഡിക്കല്‍ ഉപയോഗം കൂടുന്നതനുസരിച്ച് ഭാവിയില്‍ ഈ നിരക്ക് വര്‍ധിച്ചേക്കാം.

പലപ്പോഴും സി.ടി സ്കാനിന്റെ ഗുണങ്ങള്‍ക്ക് മേല്‍ അതിന്റെ ദോഷങ്ങള്‍ അവഗണിക്കപ്പെടുകയാണ്. റേഡിയേഷന്റെ തോത് ക്രമാതീതമായതിനാല്‍ ഒരൽപം
ചിന്തിച്ചശേഷമേ സി.ടി. സ്‌കാന്‍ പരിശോധനയ്ക്ക് തയ്യാറാകാവൂ. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. എങ്കിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും തീരെ അവശ്യ സന്ദര്‍ഭങ്ങളില്‍ സ്കാനിംഗിന് വിധേയമാക്കാറുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ശ്വാസകോശാര്‍ബുദ നിര്‍ണയത്തിന് സി.ടി. സ്‌കാന്‍ അത്യന്താപേക്ഷിതമാണ്. സി.ടി. സ്‌കാന്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത നല്ലതുപോലെ ഡോക്ടറോട് ചോദിച്ചു മനസിലാക്കണം.

ഒൗഷധച്ചേരുവ നിരോധനം ഗുണകരമോ?

അശാസ്ത്രീയവും അപകടസാധ്യത ഉണ്ടാകുന്നതുമായതിനാൽ 344 മരുന്നു സംയുക്തങ്ങൾ കേന്ദ്രസർക്കാര്‍ നിരോധിച്ചു. ഈ നിരോധനം ഗുണകരമാണോ? മരുന്നുകളുടെ വിലവർധനവിന് ഇതു കാരണമാകുമോ? പകരം എന്തു മരുന്നുകൾ കഴിക്കാം?

ജീവൻരക്ഷാ ഒൗഷധങ്ങളുടെ വില കുറയ്ക്കാൻ പോകുന്നു എന്ന ശുഭവാർത്ത കേട്ട് സന്തോഷിച്ചിരുന്നവരുടെ മേൽ ഇടിത്തീപോലെയാണ് മരുന്നുനിരോധനത്തിന്റെ വാർത്ത വന്നത്. 344 മരുന്നു സംയുക്തങ്ങൾ(ഫിക്സഡ് ഡോസ് കോമ്പിനേഷൻ) അശാസ്ത്രീയവും(irrational) സുരക്ഷിതവുമല്ലാത്തതും മനുഷ്യരിൽ അപകടസാധ്യതയുണ്ടാക്കുന്നതുമാണ് എന്നതിനാൽ നിരോധിച്ചു എന്നായിരുന്നു വാർത്ത. നിരോധിക്കപ്പെട്ട മരുന്നുകളിൽ വളരെ സാധാരണമായി ഉപയോഗിച്ചിരുന്ന ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികള്‍, പ്രമേഹമരുന്നുകൾ എന്നിവയെല്ലാമുണ്ട് എന്നറിഞ്ഞപ്പോൾ ഞെട്ടൽ പരിഭ്രാന്തിയിലേക്ക് വഴിമാറി. നിരോധിച്ചത് 344 എണ്ണമാണെങ്കിലും വിപണിയിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നത് ഈ മരുന്നുസംയുക്തങ്ങൾ ചേർത്ത് പല ബ്രാൻഡ് പേരിൽ വിൽക്കപ്പെട്ടിരുന്ന ആയിരക്കണക്കിന് മരുന്നുകളാണ്. ‘ഇത്രനാളും നിലവാരം കുറഞ്ഞ മരുന്നായിരുന്നോ ഡോക്ടർ എനിക്കു തന്നത്’ എന്ന രോഗികളുടെ ചോദ്യത്തിനു മുന്നിൽ ഡോക്ടർമാരും പതറിപ്പോവുന്നു. അതുകൊണ്ടു തന്നെ ഈ നിരോധനം ഉയർത്തുന്ന ചോദ്യങ്ങൾ നിരവധിയാണ്. എന്താണ് ഈ മരുന്നുസംയുക്തങ്ങളുടെ ദോഷങ്ങൾ? ഇനി പകരം എന്തു മരുന്നു കഴിക്കണം? നിരോധനം മരുന്നിന്റെ വില കൂടാനിടയാക്കുമോ?

എന്താണ് മരുന്നുസംയുക്തങ്ങൾ

ഒന്നിലധികം മരുന്നുകൾ നിശ്ചിതമായ അനുപാതത്തിൽ ചേർത്തു നിർമിച്ചിട്ടുളള ഒറ്റമരുന്നുകളാണ് ഫിക്സഡ് ഡോസ് കോമ്പിനേഷനുകൾ(മരുന്നുസംയുക്തങ്ങൾ). അമേരിക്ക, യു.കെ പോലുളള വിദേശരാജ്യങ്ങളിൽ നിന്നു വ്യത്യസ്തമായി ഇന്ത്യയിലെ മരുന്നുവ്യാപാരമേഖലയിൽ നല്ലൊരു ശതമാനവും സ്വകാര്യ കമ്പനികളിറക്കുന്ന ഫിക്സഡ് ഡോസ് കോമ്പിനേഷനുകളാണ്. അതുകൊണ്ടു തന്നെ മരുന്നു നിരോധനം ഒൗഷധമേഖലയിൽ ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. സർക്കാർ നിരോധത്തിനെതിരെ മിക്ക കമ്പനികളും കോടതിയെ സമീപിച്ചിരിക്കുകയാണ്. ചിലര്‍ താൽക്കാലികമായി സ്റ്റേ വാങ്ങിച്ചു കഴിഞ്ഞു.

മരുന്നുസംയുക്തങ്ങൾ ഇന്നേവരെ രോഗികൾക്ക് അപകടമുണ്ടാക്കിയതായി കണ്ടിട്ടില്ലെന്നാണ് മരുന്നുകമ്പനികളുടെ വാദം. ചില ഒൗഷധച്ചേരുവകൾക്ക് വില കുറവാണെന്നും രോഗികൾക്ക് ഉപയോഗിക്കാൻ എളുപ്പമാണെന്നും അവർ പറയുന്നു. മുന്നറിയിപ്പില്ലാതുളള നിരോധനം മൂലം തങ്ങളുടെ ഭാഗം വ്യക്തമാക്കാൻ സാധിച്ചിട്ടില്ല എന്നാണവരുടെ പരാതി. എന്നാൽ സർക്കാർ ഈ ആരോപണങ്ങളെ പാടെ തള്ളിക്കളയുന്നു. 2013–ൽ തന്നെ ഇക്കാര്യം കമ്പനികളെ അറിയിച്ചതാണെന്നും പ്രതികരണം ഇല്ലാഞ്ഞതിനാലാണ് നിരോധനം വേണ്ടിവന്നതെന്നുമാണ് സർക്കാരിന്റെ വാദം.

അശാസ്ത്രീയ സംയുക്തങ്ങൾ ദോഷകരം

മരുന്നുചേരുവകൾ ഒറ്റമരുന്നുകളെ അപേക്ഷിച്ച് ദോഷകരമാണെന്നതിൽ ഡോക്ടർമാർക്ക് തർക്കമില്ല. മരുന്നു സംയുക്തങ്ങൾക്ക് പാർശ്വഫലങ്ങളും കൂടുതലാണ്. ഒരു മരുന്നു മാത്രമാണ് ആവശ്യമുളളതെങ്കിലും വേണ്ടാത്ത മരുന്നു കൂടി കഴിക്കേണ്ടിവരുന്നു. നിരോധിച്ച മരുന്നു കൂട്ടുകെട്ടുകളിൽ ചിലത് രണ്ട് ആന്റിബയോട്ടിക്കുകളുടെ ചേരുവയാണ്. പല ധാതുക്കളും പല വിറ്റമിനുകളും കൂട്ടിച്ചേർത്തുളള കോമ്പിനേഷനുകളുമുണ്ട്. ഇതൊന്നും ശാസ്ത്രീയമല്ല. ആവശ്യമില്ലാതുളള മരുന്നു കഴിക്കൽ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനു കാരണമാകുന്നതു മിച്ചം.

രാത്രി കഴിക്കേണ്ട മരുന്നും രാവിലെ കഴിക്കേണ്ട മരുന്നും ഒരുമിച്ചു ചേർത്തുളള ചേരുവകളുണ്ട്. ചേരുവയിലുളള മരുന്നുകളുടെ ഡോസ് വ്യത്യാസപ്പെടുത്താൻ കഴിയില്ല. പാർശ്വഫലങ്ങളുണ്ടായാൽ ചേരുവയിലെ ഏതു മരുന്നാണ് കാരണമെന്ന് പെട്ടെന്ന് തിരിച്ചറിയാനുമാകില്ല. ഇതൊക്കെയാണ് മരുന്നുസംയുക്തങ്ങളുടെ പ്രധാന ദോഷമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

‘‘ഇത്തരം കാരണങ്ങൾ കൊണ്ട് ലോകാരോഗ്യസംഘടനപോലും മരുന്നു സംയുക്തങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു വർഷങ്ങളോളം. ഇപ്പോഴും ലോകാരോഗ്യസംഘടനയുടെ അവശ്യമരുന്നു പട്ടികയിൽ ഏതാണ്ട് 18–ഒാളം മരുന്നു സംയുക്തങ്ങളെ ഉളളൂ. അതും ടിബി, എച്ച്ഐവി പോലുളള മാരകമായ പകർച്ചവ്യാധികളുടെ അണുക്കളെ ഒറ്റമരുന്ന് കൊണ്ട് മാത്രം തളയ്ക്കാനാവില്ലെന്നു ബോധ്യം വന്നതിനാൽ. ശാസ്ത്രീയമായി മരുന്നുകളെക്കുറിച്ച് പഠനം നടത്തുന്ന അമേരിക്ക, യു.കെ പോലുളള രാജ്യങ്ങളിലും ഇത്തരം മരുന്നുസംയുക്തങ്ങൾ കുറവാണെന്നു കാണാം. ഇന്ത്യ, ബംഗ്ലാദേശ് പോലുളള വികസ്വര രാജ്യങ്ങളിലാണ് കൂടുതലും വിറ്റഴിക്കപ്പെടുന്നത്.’’– കേരള ഫാർമസ്യൂട്ടിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ.കെ.ജി രവികുമാർ പറയുന്നു.

ഈ നിരോധനത്തിന് എത്രയോ മുമ്പ് 1975–ലെ ഹാതെ കമ്മറ്റി റിപ്പോര്‍ട്ടിൽ മരുന്നു സംയുക്തങ്ങളുടെ ദോഷങ്ങളെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. അശാസ്ത്രീയമായ മരുന്നു സംയുക്തങ്ങൾ അതിഭീമമായ ദേശീയ ഒൗഷധനഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇത്തരം ഒൗഷധ അബദ്ധങ്ങളെ തുടച്ചുനീക്കുന്നതിന് അതിവേഗത്തിൽ നടപടിയെടുക്കണമെന്നും കമ്മറ്റി നിർദേശിച്ചിരുന്നു. അന്ന് 1000 കോടി മാത്രമായിരുന്ന ഒൗഷധവ്യവസായം ഇതേ മരുന്നു സംയുക്തങ്ങളുടെ വിൽപനയിലൂടെ ഇന്ന് ഒരു ലക്ഷം കോടി കടന്നിരിക്കുകയാണ്.

വിലനിയന്ത്രണം മറികടക്കാൻ

വില നിയന്ത്രണത്തിൽ നിന്നു രക്ഷപെട്ട് തോന്നിയ വില നിശ്ചയിക്കാനുളള മരുന്നുകമ്പനികളുടെ ബിസിനസ് തന്ത്രങ്ങളിലൊന്നാണ് ഒൗഷധച്ചേരുവകൾ. ഒൗഷധവില നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നത് ഒറ്റമരുന്നുകൾ മാത്രമാണ്. നിലവിലുളള ഒരു മരുന്നിനൊപ്പം മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ അതിനെ പുതിയ മരുന്നായാണ് കണക്കാക്കുന്നത്. നിലവിലുളള മരുന്നിന്റെ വില നിയന്ത്രണം ഈ പുതിയ മരുന്നിനു ബാധകമായിരിക്കില്ല. ഉദാഹരണത്തിന് സാൽബ്യൂട്ടമോൾ സിറപ്പിന് 10 രൂപയിൽ താഴെയാണ് വില. അതിനൊപ്പം വേറൊരു ഘടകവും കൂടി ചേർത്ത് പേരിൽ എക്സ്ട്രായോ പ്ലസോ ചേർത്ത് വിപണിയിലേക്കെത്തുമ്പോൾ വില 40 രൂപ. ഒറ്റ കുപ്പിയിൽ ലാഭം മുപ്പതുരൂപയിലേറെ. രണ്ടോ മൂന്നോ മരുന്ന് പ്രത്യേകമായി വിൽക്കുന്നതിന്റെ മൂന്നിലൊന്നേ അവ ചേർന്ന മരുന്നു സംയുക്തം വിപണിയില്‍ ഇറക്കാൻ ചെലവാകൂ എന്നതു ബോണസാണ്.

അനധികൃത നിർമാണം

2015–ലെ ചന്ദ്രകാന്ത് കോക്കട് കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരമാണ് മരുന്നു സംയുക്തങ്ങൾ നിരോധിക്കാനുളള തീരുമാനം ഗവൺമെന്റ് എടുത്തത്. 963 മരുന്നുസംയുക്തങ്ങൾ നിരോധിക്കാനായിരുന്നു കമ്മിറ്റിയുടെ നിർദേശം. സുരക്ഷിതമല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയധികം മരുന്നുകൾ നിർമിക്കാൻ ലൈസൻസ് നൽകി എന്നാണ് മിക്കവരുടെയും സംശയം.

യഥാർഥത്തിൽ നിരോധിക്കപ്പെട്ട മരുന്നുസംയുക്തങ്ങളിൽ പലതിനും കേന്ദ്രത്തിൽ നിന്നുമുളള മരുന്നു നിർമാണ ലൈസൻസ് ലഭിച്ചിട്ടില്ല. മരുന്നുസംയുക്തങ്ങൾ വിൽക്കാൻ ഡ്രഗ് കൺട്രോൾ ജനറലിന്റെയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡാർഡ് ഒാർഗനൈസേഷന്റെയും (സിഡിഎസ്ഒ) അനുമതി വേണമെന്നാണ് തത്വം. ഇതു വകവയ്ക്കാതെ തോന്നുംപടി സംസ്ഥാനതലത്തിൽ ഒൗഷധച്ചേരുവകൾക്ക് നൽകിയ ലൈസൻസുകളാണ് നിലവാരമില്ലാത്ത മരുന്നുകൾ വിപണിയിലെത്താൻ കാരണം എന്ന് സര്‍ക്കാർ തന്നെ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു.

2015–ൽ പിഎൽഒഎസ് ജേണലിൽ വന്ന പഠനത്തിൽ ഇന്ത്യയിൽ നാലു വിഭാഗങ്ങളിലായി ഇറക്കിയിട്ടുളള 175 ഫിക്സഡ് ഡോസ് കോമ്പിനേഷനുകളിൽ (ഇത് 400 ബ്രാൻഡ് വരും) 34 ശതമാനവും സി.ഡി.എസ്.ഒ യുടെ അനുമതിയില്ലാത്തവയാണെന്ന് പറയുന്നു. ഇന്ത്യയിൽ ആകെ 60,000 നും 85,000നും ഇടയിൽ മരുന്നു ഫോർമുലകൾ ഉണ്ടെന്നാണ് അനുമാനം. സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗങ്ങൾ യാതൊരു മാനദണ്ഡവുമില്ലാതെ ലൈസൻസ് നൽകുന്നതാണ് ഈ മരുന്നുപെരുപ്പത്തിന്റെ കാരണമത്രെ.

ഡോക്ടർമാർ സ്വാഗതം ചെയ്യുന്നു

മരുന്നുനിരോധനത്തെ ഭൂരിഭാഗം ഡോക്ടർമാരും സ്വാഗതം ചെയ്തു കഴിഞ്ഞു. വർഷങ്ങളായി ഇന്ത്യൻ ഔഷധമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രയത്നിച്ച ഡോ.ബി.ഇക്ബാലിനെ പോലുളളവർ ഈ നീക്കത്തെ വലിയൊരു മാറ്റത്തിന്റെ തുടക്കമായി കാണുന്നു. ‘‘പല ഒൗഷധച്ചേരുവകളും ആരോഗ്യത്തിനു ഹാനികരമാണെന്നതിൽ സംശയമില്ല. ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുളള ഒൗഷധച്ചേരുവകളൊഴികെയുളള മരുന്നുകളുടെ കാര്യത്തിൽ ഏകമാത്ര മരുന്നുകൾ നിർദേശിക്കാൻ ഡോക്ടർമാർ ശ്രദ്ധിക്കണം. ജനറിക് മരുന്നുകൾ എഴുതി തുടങ്ങിയാൽ ദോഷകാരികളായ ഔഷധച്ചേരുവകളുടെ ഉപയോഗം താനേ കുറയും’’–അദ്ദേഹം പറയുന്നു.

ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ യും മരുന്നു സംയുക്തങ്ങളുടെ നിരോധനത്തെ സ്വാഗതം ചെയ്യുന്നു. ‘‘മരുന്നു മിശ്രിതങ്ങളുടെ മേൽ ശക്തമായ നിയന്ത്രണം വേണം. ശാസ്ത്രീയമായ മിശ്രിതങ്ങളെ പാടുളളൂ. നിലവിൽ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ ലഭിക്കില്ല എന്ന ആശങ്കയുടെ ആവശ്യമില്ല. മരുന്നുകളല്ല, ഏതൊക്കെ മരുന്നുമിശ്രിതങ്ങളാണ് അനുവദനീയം എന്നതാണ് പ്രശ്നം. നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഔഷധച്ചേരുവകളിലെ മരുന്നുകൾ ഒറ്റയ്ക്കൊറ്റക്ക് ഇനിയും ലഭ്യമാണ്– ഐഎംഎയുടെ കേരളഘടകം പ്രസിഡന്റ് ഡോ.ശ്രീജിത് എൻ.കുമാർ വ്യക്തമാക്കുന്നു.

ചികിത്സാചെലവു കൂടുമോ?

മരുന്നുസംയുക്തങ്ങൾ നിരോധിച്ച രീതി ഏറെ പ്രായോഗികബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് കേരള കെമിസ്റ്റ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് പി.വി ടോമിയുടെ അഭിപ്രായം. നിലവിലുളള മരുന്നുകൾ വിറ്റഴിക്കാനുളള സാവകാശമെങ്കിലും നൽകേണ്ടതായിരുന്നു. നിരോധിച്ച ഔഷധച്ചേരുവകളേക്കാൾ ഏറെ വില കൂടിയ ചേരുവകൾ ഇനിയുമുണ്ട് വിപണിയിൽ. ഫലത്തിൽ നിലവിൽ ചെലവഴിക്കുന്നതിന്റെ അഞ്ചിരട്ടിയെങ്കിലും കൂടുതൽ പണം ഇനി മരുന്നിനായി ചെലവഴിക്കേണ്ടി വരും. പകരം നൽകാനുളള മരുന്നുകളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. പുതിയ ബ്രാൻഡുകൾ ഡോക്ടർമാർക്ക് പരിചിതമാകണം. മരുന്നു നിരോധനം നല്ലതാണെങ്കിലും നടപ്പാക്കിയ രീതി പ്രാകൃതമായിപ്പോയി. നിലവിൽ സ്റ്റോക്കുളള മരുന്നുമിശ്രിതങ്ങളുടെ കാര്യത്തിൽ കോടതിവിധിക്കായി കാത്തിരിക്കുകയാണ് അസോസിയേഷനെന്നും അദ്ദേഹം പറയുന്നു.

വില കൂടില്ല, മരുന്നു പിൻവലിക്കും

നിരോധിച്ച മരുന്നുകൾ അടിയന്തിരമായി തന്നെ പിൻവലിക്കാൻ നിർദേശം നൽകിയതായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ പി. ഹരിപ്രസാദ് പറഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്നുസംയുക്തങ്ങൾ നൽകുന്നില്ലാത്തതിനാൽ മരുന്നുനിരോധനം അവിടങ്ങളിലെ മരുന്നു ലഭ്യതയെ ബാധിക്കാറില്ല. ചില കമ്പനികൾ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിട്ടുണ്ടെങ്കിലും അതൊന്നും മരുന്നുപിൻവലിക്കുന്നതിന് തടസ്സമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരോധിച്ച മരുന്നുകൾ രോഗികൾക്ക് നൽകരുതെന്ന് ഡോക്ടർമാർക്കും ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാർ മുഖേന ഫാർമസിസ്റ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മരുന്നുസംയുക്തങ്ങൾ നിരോധിച്ചതിനു തിരിച്ചടിയായി നിലവിലുളള മരുന്നുകളുടെ വില കൂട്ടാൻ കമ്പനികൾ ശ്രമിച്ചേക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാല്‍ 80 ശതമാനത്തോളം അവശ്യമരുന്നുകളും വിലനിയന്ത്രണത്തിനു കീഴിലാണെന്നും അതുകൊണ്ട് ഉടനെയൊരു വിലകൂട്ടലിനെക്കുറിച്ച് ഭയക്കേണ്ടതില്ലെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നു.

ഈ ഏപ്രിൽ ഒന്നു മുതൽ 500–ഒാളം മരുന്നുകൾക്ക് പുതുക്കിയ വില വന്നുകഴിഞ്ഞു. ഇതോടെ ഒട്ടുമിക്ക ജീവൻരക്ഷാഔഷധങ്ങളുടെയും വില കുറയും. പൊതുവേ ചെലവേറിയ മരുന്നുമിശ്രിതങ്ങൾ നിരോധിക്കപ്പെടുകയും ഏകതന്മാത്ര മരുന്നുകൾക്ക് വില കുറയുകയും ചെയ്യുന്നത് ചികിത്സാരംഗത്ത് ഏറെ ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.

നിയമങ്ങൾ കർശനമാകണം

കഴുത്തറപ്പൻ കച്ചവടമാകരുത് ഒൗഷധവ്യാപാരം. ലാഭത്തിനു മാത്രമല്ല ചില ധാർമികമൂല്യങ്ങൾക്കും അവിടെ സ്ഥാനമുണ്ടാവണം. മരുന്നു വ്യാപാര മേഖലയിലെ നിയമങ്ങൾ കർക്കശമാക്കണം. ഇന്ത്യയിൽ നിർമിക്കുന്ന ഏതൊരു മരുന്നിനും ജനറിക് എന്നോ ബ്രാൻഡ് എന്നോ വ്യത്യാസമില്ലാതെ ഒരേ ഗുണമേന്മ ഉറപ്പാക്കണം. അതിനു ചില നിർദേശങ്ങളാണ് ചുവടെ.

1. ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതിക്ക് വളരെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങളാണുളളത്. പുറത്തേക്കു കയറ്റി അയയ്ക്കുന്നതിനു തുല്യമായ ഗുണമേന്മ പാലിക്കുന്ന മരുന്നാണ് രാജ്യത്തിനകത്തും ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തണം.

2. കേന്ദ്ര ഡ്രഗ്സ് കൺട്രോൾ വിഭാഗം കാര്യക്ഷമവും സുതാര്യവുമായ പ്രവര്‍ത്തനം ഉറപ്പാക്കണം. സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കണം. മരുന്നുകളും കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യണം. അനധികൃതമായി ലൈസൻസ് നൽകുന്ന സംസ്ഥാന വിഭാഗങ്ങൾക്കെതിരെ നടപടി വേണം.

3. അമേരിക്കയിൽ എഫ്ഡിഎ ഏതെങ്കിലും ഒരു പുതിയ ഔഷധ കമ്പനിക്ക് ലൈസൻസ് നൽകിയാൽ അവർ അത് ‘ഒാറഞ്ച് ബുക്കി’ൽ രേഖപ്പെടുത്തും. ഏതു കമ്പനി ഏതു മരുന്ന് എപ്പോൾ ഇറക്കുന്നു എന്നറിയാനുളള സംവിധാനമാണിത്. ഇന്ത്യയിലും സമാനമായ സംവിധാനങ്ങൾ കൊണ്ടുവരണം.

നിരോധിച്ച പ്രധാന മരുന്നുകൾ

പ്രമേഹമരുന്നുകൾ

സെമി ട്രൈബറ്റ് , ട്രയോബിമെറ്റ്, ഗ്ലൂക്കോനോം പി.ജി. (ഗ്ലിമിപ്രൈഡ്, പയോഗ്ലിറ്റസോൺ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ) ഡയബട്രോൾ, ഡയബറ്റട്രയോഗ്ലിബൻ ടോട്ടൽ പി, ട്രൈഗ്ലൈക്കോമേറ്റ് ഫോർട്ടെ (ഗ്ലിബൻക്ലമൈഡ്, മെറ്റ്ഫോമിൻ, പയോഗ്ലിറ്റസോൺ മിശ്രിതങ്ങൾ) വോഗിപാക്സ് എം.പി (മെറ്റ്ഫോമിൻ, പയോഗ്ലിറ്റസോൺ, വോഗ്ലിബോസ് മിശ്രിതങ്ങൾ)
ഗ്ലൂക്കാനോം–പി, ഗ്ലൈസിഫേജ്, പസോമെറ്റ്, പയോഗ്ലിറ്റ് എം.എഫ്, പയോഗ്ലിറ്റ് എം.എഫ്. ഫോർട്ടെ(പയോഗ്ലിറ്റസോൺ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ) എക്സ്മെറ്റർ, ഗ്ലൂട്ടോർവ, മെറ്റോർവ

(അറ്റോർവ സ്റ്റാറ്റിൻ, മെറ്റ്ഫോമിൻ മിശ്രിതങ്ങൾ)

കഫ് സിറപ്പുകൾ

കോറക്സ്,
കോറക്സ് ഡിഎക്സ്
ടസ്ക് എക്സ് പ്ലസ്
ടസ്ക് എക്സ് എസ്എഫ്
അലക്സ് പ്ലസ്
അസ്കോറിൽ ‍ഡി(കൊഡീൻ കലർന്ന കഫ് സിറപ്പുകൾ)

പനി, ജലദോഷ മരുന്നുകൾ

സീകോൾഡ്–500
ക്രോസിൻ കോൾഡ് & ഫ്ലൂ 500
ക്രോസിന്‍ കോൾഡ് & ഫ്ലൂ മാക്സ്
ഡി കോൾഡ്

മനോരോഗ മരുന്നുകൾ

ആൻക്സിഡെപ്,
ഇമിപാംഡെപ്നിൽ ഫോർട്ടെ
‍ഡെപ്നിൽ പ്ലസ്
ഡെപിക് പ്ലസ്
ഡയാമിൻ പ്ലസ്

വേദനസംഹാരികൾ

കോമ്പിപാര ആർ
ഡോളോസ്റ്റാറ്റ് പ്ലസ്
വിവോജെസിക് പ്ലസ്
റൂമാകോർട്ട്
നൊവാജെസിക് ഡി ജെൽ

പ്രമേഹകൂട്ടുമരുന്നുകൾനിരോധനം ഗുണകരം

നിരോധിച്ച മരുന്നുസംയുക്തങ്ങളിൽ പ്രമേഹമരുന്നുകളുമുണ്ട്. ഗ്ലിബൻക്ലമൈഡ്, മെറ്റ്ഫോമിൻ, പയാഗ്ലിറ്റസോൺ കൂട്ടുകെട്ടിലുളള ആറ് ബ്രാന്റ് മരുന്നുകൾ, ഗ്ലിമിപ്രൈഡ്, മെറ്റ്ഫോമിൻ, പയാഗ്ലിറ്റസോൺ കോമ്പിനേഷനിലെ 310 മരുന്നുകൾ, ഗ്ലിപിസൈഡ്, മെറ്റ്ഫോമിൻ കൂട്ടുകെട്ടിലെ നാലു മരുന്നുകൾ എന്നിങ്ങനെ പോകുന്നു നിരോധിക്കപ്പെട്ടവ.

‘‘പയാഗ്ലിറ്റസോൺ ധാരാളം പാർശ്വഫലങ്ങളുളള മരുന്നാണ്. അത് നിരോധിച്ചത് നല്ലതാണ്. നിരോധിക്കപ്പെട്ടവ മരുന്നുസംയുക്തങ്ങളിൽ പലതും മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നവയല്ല. തന്നെയുമല്ല എല്ലാ പ്രമേഹരോഗികൾക്കും രണ്ടും മൂന്നും മരുന്നു വേണ്ടിവരില്ല. മെറ്റ്ഫോമിൻ മാത്രമാണ് എല്ലാവർക്കും വേണ്ടത്. ആദ്യഘട്ടത്തിൽ ഒരു മരുന്നു നൽകി അതുകൊണ്ടു പ്രയോജനമില്ലെങ്കിലേ രണ്ടു മരുന്നിലേക്കു പോകാറുളളൂ. തന്നെയുമല്ല കൂട്ടിച്ചേർക്കുന്ന മരുന്നുകൾ തമ്മിൽ പ്രതിപ്രവർത്തിച്ച് ദോഷഫലങ്ങളുണ്ടാകുമോ എന്ന് ആരും പഠിപ്പിച്ചിട്ടുമില്ല.

ചില മരുന്നുകൾ രാവിലെ കഴിക്കേണ്ടതാണ്. ചിലതു രാത്രിയിലും. ഇവയെ കൂട്ടിക്കലർത്തിയാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം – പ്രശസ്ത പ്രമേഹരോഗവിദഗ്ധനായ ഡോ. ആർ.വി ജയകുമാർ പറയുന്നു.

പകരം ജനറിക് മരുന്നുകളോ?

ഇനി മുതലെങ്കിലും കുറിപ്പടികളിൽ ബ്രാൻഡ് മരുന്നുകൾ എഴുതുന്നത് ഒഴിവാക്കി ജനറിക് മരുന്നുകൾ എഴുതണം എന്ന വാദം മരുന്നു നിരോധനത്തെ തുടർന്ന് ശക്തമായിക്കഴിഞ്ഞു. കാരണം ജനറിക് മരുന്നുകളെല്ലാം തന്നെ ഒറ്റമരുന്നുകളാണ്, കോമ്പിനേഷനുകളല്ല. രണ്ട് ജനറിക് മരുന്നുകൾക്ക് പൊതുവേ വില കുറവാണ്. രോഗിക്ക് വില കുറഞ്ഞ മരുന്നു ലഭിക്കാൻ ഈ നീക്കം സഹായിക്കും. എന്നാൽ ബ്രാൻഡ് മരുന്നില്‍ നിന്നും ജനറിക് മരുന്നിലേക്കുളള നീക്കം നിലവാരം കുറഞ്ഞ മരുന്നുകളുടെ വര്‍ധനവിന് ഇടയാക്കുമെന്നാണ് ഒരു കൂട്ടം ഡോക്ടർമാരുടെ വാദം.

എന്നാൽ ഈ പറയുന്ന ബ്രാൻഡ് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മരുന്നു കമ്പനികളുടെ പ്രതിനിധികൾ പറയുന്നതിനപ്പുറം മറ്റെന്തു സാക്ഷ്യമാണ് ഡോക്ടർമാർക്ക് ഉളളത്? ബ്രാൻഡിലുളള വിശ്വാസം മാത്രമല്ലേ കാരണം?

ജനറിക് മരുന്നുകൾ എഴുതി തുടങ്ങുകയാണ് വേണ്ടതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി വിഭാഗം അസി. പ്രഫസർ ഡോ.അനീഷ് ടി.എസ് അഭിപ്രായപ്പെടുന്നു. ‘‘നമ്മൾ പഠിക്കുന്ന പാഠപുസ്തകങ്ങളിലൊന്നും തന്നെ ബ്രാൻഡഡ് മരുന്നുകളെഴുതാൻ പഠിപ്പിക്കുന്നില്ല. പിന്നെ, ജനറിക് മരുന്നുകൾക്ക് ഗുണമേന്മയില്ല എന്നത് ഡോക്ടർമാരുടെ തലവേദനയാണോ? അത്തരം കാര്യങ്ങളൊക്കെ പരിഹരിക്കേണ്ടത് ഡ്രഗ്സ് കൺട്രോൾ ജനറൽ ഉൾപ്പെടെയുളള നമ്മുടെ ഭരണസംവിധാനങ്ങളാണ്. ’’ ഡോക്ടർ പറയുന്നു.

ജനറിക് മരുന്നിനു ഗുണമില്ല എന്നു മുറവിളിയുയരുമ്പോള്‍ ഇൻസുലിനെ ഒാർക്കുക. എത്രയോ കാലമായി വിപണിയിലുളള ഇൻസുലിൻ ജനറിക് മരുന്നാണ്. ഇന്നേവരെ അതിനു ഗുണമേന്മയില്ലെന്നൊരു പരാതി കേട്ടിട്ടുണ്ടോ?

വിലക്കുറവിൽ ജനൗഷധി മരുന്ന്

ജനറിക് മരുന്നുകൾ തീരെ കുറഞ്ഞവിലയിൽ പൊതുജനത്തിന് നൽകാൻ നടപ്പാക്കിയ പുതിയ കേന്ദ്ര ഗവൺമെന്റ് സ്കീമാണ് ജനൗഷധി. പൊതു–സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് മരുന്നുകൾ മൊത്തമായി വാങ്ങി അവയെ ജനൗഷധി എന്നു റീബ്രാന്‍ഡ് ചെയ്ത് വിൽക്കുന്നു. ആന്റിബയോട്ടിക്കുകൾ, വേദനസംഹാരികൾ, വിറ്റാമിനുകൾ, ഹൃദയധമനീരോഗങ്ങൾ, ശ്വാസകോശപ്രശ്നങ്ങൾ, പ്രമേഹം, ഗ്യാസ്ട്രോ പ്രശ്നങ്ങൾ, കാൻസർ എന്നിവയുള്‍പ്പെടുന്ന 504 ജീവൻരക്ഷാ ഒൗഷധങ്ങളാണ് ആദ്യെഘട്ടത്തിൽ ലഭ്യമാക്കുന്നത്. അടുത്ത ഘട്ടത്തിൽ കുറച്ചുകൂടി മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ലഭ്യമാകും. സാധാരണവിലയുടെ നാലിൽ ഒന്ന് ചെലവിൽ ഗുണമേന്മയുളള മരുന്നു ലഭിക്കുമെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഉദാഹരണത്തിന് പുറത്ത് 8000 രൂപ വില വരുന്ന കാൻസർ മരുന്ന് ജനൗഷധിയിൽ ഏതാണ്ട് 500 രൂപയ്ക്ക് ലഭിക്കും. ഇന്ത്യയിലാകെ 263 ജനൗഷധി സ്റ്റോറുകളുണ്ട്. കേരളത്തിൽ തൃശൂരിലും കോഴിക്കോടുമാണ് ജനൗഷധി മെഡിക്കൽ സ്റ്റോറുകളുളളത്.

ബ്യൂറോ ഒാഫ് ഫാർമ പബ്ലിക് സെക്ടർ അണ്ടർടേക്കിങ് ഒഫ് ഇന്ത്യ എന്ന ഫാർമസ്യൂട്ടിക്കൽ വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയാണ് ഈ സ്കീം നടപ്പിലാക്കുന്നത്. ഇതോടെ ജനറിക് മരുന്നുകളെല്ലാം ഒരു കുടക്കീഴിൽ വരും. ഭാവിയിൽ സർക്കാർ ആശുപകത്രികളിൽ ഈ മരുന്നുകൾ നിർബന്ധിതമാക്കാനും പദ്ധതിയുണ്ട്.

ജനൗഷധി കടകൾ– തൃശൂർ– റൂം നം –19/4416, ഗ്രൗണ്ട് ഫ്ളോർ, സെന്റർ പോയിന്റ്, തൃശൂർ

കോഴിക്കോട് – കെ.എം.സി.റ്റി. മെഡി. കോളേജ് ഫാർമസി പി.ഒ, മനാശ്ശേരി, മുക്കം

അന്തരീക്ഷമലിനീകരണം ബുദ്ധിവളർച്ചയ്ക്കു വില്ലനാകും

നഗരങ്ങളിലേക്കു ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. നാട്ടുമ്പുറത്തെ ശുദ്ധവായുവും വെള്ളവും ഉപേക്ഷിച്ച് നഗരങ്ങളിലേക്കു താമസം മാറ്റുന്നവർ പറയുന്ന ന്യായം പലപ്പോഴും, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസസൗകര്യം നഗരങ്ങളിൽ ഉറപ്പാക്കാനാകും എന്നാണ്. എന്നാൽ അത്തരം മാതാപിതാക്കൾ ഒന്നു മനസ്സിലാക്കിക്കോളൂ, നഗരങ്ങളിലെ വായുമലിനീകരണവും ജലമലിനീകരണവും നിങ്ങളുടെ കു‍ഞ്ഞുങ്ങളുടെ ബുദ്ധിശക്തിയെ പ്രതികൂലമായി ബാധിച്ചേക്കാം. 

മലിനമായ അന്തരീക്ഷത്തിൽ വളരുന്ന കുട്ടികളുടെ ബുദ്ധിവളർച്ച മറ്റു കുട്ടികളുടേതിനേക്കാൾ കുറവായിരിക്കുമെന്നാണ് ലോസ് ആഞ്ചൽസിൽ നടന്ന പഠനങ്ങൾ അവകാശപ്പെടുന്നത്. ബുദ്ധിവികാസത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നു മാത്രമല്ല, നാഡീസംബന്ധമായ രോഗങ്ങൾ പിടിപെടുന്നതിനും ഇത്തരം കുട്ടികൾക്കു സാധ്യത കൂടുതലാണ്.

പഠനവൈകല്യങ്ങളും ഓട്ടിസം പോലെയുള്ള ഗുരുതര രോഗങ്ങളും ഇവർക്കു പിടിപെട്ടേക്കാം. ശ്വസിക്കുന്ന വായുവിൽ അടങ്ങിയ വിഷവാതകങ്ങളാണ് ഇതിനു കാരണം. വ്യവസായ മേഖലകളിൽ താമസിക്കുന്ന കുട്ടികളിലാണ് ഇത്തരം വൈകല്യങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ഇവിടെയുള്ള അന്തരീക്ഷത്തിൽ അടങ്ങിയ ലെഡ്, മെർക്കുറി തുടങ്ങിയ ഘടകങ്ങളാണ് കുട്ടികളുടെ ബുദ്ധിവികാസത്തെ തടസ്സപ്പെടുത്തുന്നത്. ഇവ അടങ്ങിയ അന്തരീക്ഷത്തിൽ ജീവിക്കുന്ന കുട്ടികൾക്ക് കണക്കും ശാസ്ത്രവിഷയങ്ങളും ക്രമേണ പഠിക്കാൻ പ്രയാസമാകുന്നതായി കണ്ടുവരുന്നുണ്ടത്രേ.

കടപ്പാട് മനോരമ ഓണ്‍ലൈന്‍

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate