অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തണുപ്പുകാലത്തെ ആരോഗ്യ സംരക്ഷണം

തണുപ്പുകാലത്തെ ആരോഗ്യ സംരക്ഷണം

പ്രകൃതിയും മനുഷ്യനും പുനര്‍നിര്‍മാണത്തിലേര്‍പ്പെടുന്ന കാലമാണ് കര്‍ക്കടകം . തണുപ്പുകാലംകൂടിയാണ്‌. ഇടമുറിയാതെ പെയ്യുന്ന മഴയില്‍ ഈറനണിഞ്ഞ്‍ പ്രകൃതി സുന്ദരിയാകുമ്ബോള്‍ മനുഷ്യനുള്‍പ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് ജീവന്റെ നിലനില്‍പ്പിനായി കരുതല്‍ഭക്ഷണത്തിന്റെ കെട്ടഴിക്കേണ്ടിവരുന്നു .
പണ്ടു കാലത്ത് ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടുംസൂക്ഷിച്ചിരുന്നത് കര്‍ക്കടത്തിലേക്കായിരുന്നു.മടിയുടെ പുതപ്പു മൂടുന്നകാലഘട്ടത്തില്‍ മനസിനും ശരീരത്തിനും ഉണര്‍വേകാന്‍ എണ്ണതേച്ചുകുളി, ആയുര്‍വേദ ചികിത്സകള്‍ എന്നിങ്ങനെ പലതും ശീലിച്ചു പോന്നു .
മാറിയ പുതിയ കാലഘട്ടത്തില്‍ കരുതല്‍ ഭക്ഷണശേഖരങ്ങള്‍ ഒന്നും ഇല്ല . എന്നാലും കര്‍ക്കടക ഭയം പലരിലും ഉണ്ട് . അന്ന് പഞ്ഞ കര്‍ക്കടകം എന്ന് വിശേഷിപ്പിച്ചിരുന്ന ഈ മാസത്തെ എങ്ങനെ തള്ളി നീക്കും എന്ന ചിന്ത പലരെയും അസ്വസ്ഥതപെടുത്താറുണ്ടാകാം.
അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങള്‍ പൊതുവേ പുതപ്പിനുള്ളില്‍ മൂടിക്കിടക്കാന്‍ മനസിനെ പ്രേരിപ്പിക്കുന്നു . മനസിന്റെ ഈ ഉത്സാഹക്കുറവ് ശരീരത്തെയും ബാധിക്കുന്നു .മടിപിടിച്ച മനസ്‌സും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാകുന്നു . ദഹനവും രക്തചംക്രമണവും കുറയുന്നത് കാരണം വാതസംബന്ധമായ രോഗങ്ങളും ഏറിവരുന്നു . നല്ല ആഹാരക്രമീകരണവും വ്യായാമവും കര്‍ക്കടകത്തിലെ ആലസ്യം അകറ്റി ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും.

ഭക്ഷണം ശ്രദ്ധയോടെ

ഈ കാലയളവില്‍ എളുപ്പം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളും , മലബന്ധം തുടങ്ങിയവ തടയാന്‍ സഹായിക്കുന്നതുമായവ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പയറുവര്‍ഗങ്ങള്‍,മുഴുധാന്യങ്ങള്‍ ,ഇലക്കറികള്‍ തുടങ്ങിയവയ്ക്കു പ്രാധാന്യം നല്‍കാം.
തക്കാളി , വെള്ളരിക്ക ,മത്തന്‍,കുമ്ബളം ,തടിയങ്ക ,ബീറ്റ്റൂട്ട് ,ഇഞ്ചി വെളുത്തുള്ളി ,പപ്പായ , അവയ്‌ക്കോട, കിവി , അത്തിപ്പഴം , വാഴപ്പഴം,ഉലുവ,ചണപയര്‍, ചിയാവിത്തുകള്‍ , ഫ്ലാക് സീഡ് ,മുളപ്പിച്ച ചെറുപയര്‍, മുതിര ,ചമ്ബാവരി ,കുപ്പച്ചീര ,തഴുതാമ,കറിവേപ്പില ,പുതിന ,തുടങ്ങിയവ ഉത്തമം .കൂടാതെ പ്രോബിയോട്ടിക്‌സ് ആയ തൈര്, യോഗര്‍ട് തുടങ്ങിയവയും ഉപയോഗിക്കാം .മല്‍സ്യ മാംസാദികള്‍ ഈ കാലയളവില്‍ മിതമായി ഉപയോഗിക്കുക.ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാന്‍ ആല്ക്കലയിന്‍ അടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ സഹായിക്കും.
മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. മലബന്ധമുണ്ടായാല്‍ അതേത്തുടര്‍ന്നും മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ധാരളമായി കഴിക്കാം. ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതുംഒഴിവാക്കുന്നതാണ് നല്ലത്.
ദഹനപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ഏറെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.രാത്രിയില്‍ മിതമായും കൊഴുപ്പില്ലാത്തവയും എളുപ്പം ദഹിക്കുന്നവയും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. പ്രമേഹം,ഹൃദ്രോഗം എന്നിവഉള്ളവര്‍ കൃത്യമായും ആഹാര ക്രമീകരണം ശ്രദ്ധിക്കണം

ഉറക്കം

പൊതുവേ മൂടിപ്പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്ന കാലമാണെങ്കില്‍ക്കൂടി പകല്‍ നേരത്തെ ഉണര്‍ന്ന് രാത്രിയില്‍ നേരത്തെ ഉറങ്ങാന്‍ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. എട്ടുമണിക്കൂര്‍ ഉറക്കം ശീലമാക്കുക.

വ്യായാമം

മഴയും തണുപ്പും പലരെയും രാവിലെ നടത്തം ഒഴിവാക്കാന്‍നിര്‍ബന്ധിതരാക്കും .വീട്ടിനുള്ളില്‍നിന്നും ചെയ്യാവുന്ന വ്യായാമ മുറകള്‍ ശീലിക്കുന്നത് ഉത്തമം .ശരീരത്തിന് അയവു ലഭിക്കാനും ,കര്‍ക്കടകത്തിന്റെ ആലസ്യം അകറ്റാനും യോഗ ശീലിക്കുന്നത്‌ നല്ലതാണ് .ദീര്‍ഘശ്വസനം, നാഡീശുദ്ധിപ്രാണായാമം ,തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉള്‍പ്പെടുത്താം.

ശുചിത്വം

അന്തരീക്ഷത്തില്‍തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താല്‍ ജലജന്യരോഗങ്ങള്‍ക്കും അതുപോലെ മറ്റു രോഗങ്ങള്‍ക്കും സാധ്യത കൂടുതലായതിനാല്‍ പരിസരശുചിത്വവും,വ്യക്തിശുചിത്വവുംഅനിവാര്യമാണ് . ദിവസേന രണ്ടുനേരം കുളി , കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക , വീടും പരിസരവും മാലിന്യ മുക്തമാക്കുക തുടങ്ങിയവ അനിവാര്യമായവയാണ്. കൃത്യമായ ആഹാരക്രമീകരണം, വ്യായാമം എന്നിവ കൊണ്ട് ഈ കള്ള കര്‍ക്കടകത്തില്‍ ആരോഗ്യത്തോടെ ഇരിക്കാം .
കടപ്പാട്:deshabhimani-epaper

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate