Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഡാന്‍സ് കളിച്ചാല്‍ വണ്ണം കുറയുമോ?
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഡാന്‍സ് കളിച്ചാല്‍ വണ്ണം കുറയുമോ?

ഡാന്‍സ് കളിച്ചാല്‍ വണ്ണം കുറയുമോ? അഴകളവുകള്‍ തികഞ്ഞൊരു ശരീരം ആരാണ് കൊതിക്കാത്തത്. പക്ഷേ, അതിനായി മെനക്കെടാന്‍ അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്.

ഡാന്‍സ് കളിച്ചാല്‍ വണ്ണം കുറയുമോ?
അഴകളവുകള്‍ തികഞ്ഞൊരു ശരീരം ആരാണ് കൊതിക്കാത്തത്. പക്ഷേ, അതിനായി മെനക്കെടാന്‍ അല്‍പ്പം ബുദ്ധിമുട്ട് തന്നെയാണ്. ഓട്ടവും ചാട്ടവും ജിമ്മില്‍ പോക്കുമെല്ലാം അല്‍പ്പം ബോറന്‍ ഏര്‍പ്പാട് തന്നെയാണെന്ന് എല്ലാവരും തലകുലുക്കി സമ്മതിക്കും. കളിച്ചുല്ലസിച്ച് ആടിപ്പാടി ഫിറ്റ്‌നസ് നേടാമെങ്കിലോ... കൊള്ളാം അല്ലേ...സുംബയുടെ സ്ഥാനം ഇവിടെയാണ്.
ഇപ്പോള്‍ നൃത്തമെന്നാല്‍ ഭരതനാട്യവും കുച്ചിപ്പുഡിയും മാത്രമല്ല. സുംബയും സല്‍സയും ഹിപ്‌ഹോപ്പും കണ്ടംപററിയുമെല്ലാം മലയാളിയുടെ നൃത്തപരിസരത്ത് വേരുറപ്പിച്ചു കഴിഞ്ഞു. ചുവടുകളുടെയും ഭാവത്തിന്റെയും സ്വാതന്ത്ര്യം തന്നെയാണ് ഇവയെ പ്രിയങ്കരമാക്കുന്നത്. ശരീരം സുന്ദരമാക്കാമെന്ന ഗുണവുമുണ്ട്. അഴകളവുകള്‍ തികഞ്ഞൊരു ശരീരം ആരാണ് കൊതിക്കാത്തത് അല്ലേ...
danceതല മുതല്‍ കാല് വരെ
അടിതൊട്ട് മുടിവരെയാണ് സുംബ കൊണ്ടുള്ള പ്രയോജനമെന്ന് പറയുന്നു പരിശീലകര്‍. ശരീരത്തിന്റെ ഓരോ ഭാഗങ്ങള്‍ക്കും ഇണങ്ങുന്ന രീതിയിലാണ് ഇതിലെ സ്റ്റെപ്പുകള്‍. ഒരു മണിക്കൂര്‍ നീളുന്ന പരിശീലനത്തില്‍ 11 മുതല്‍ 13 വരെ പാട്ടുകളുണ്ടാകും. ഉയര്‍ന്ന താളത്തിലും പതിഞ്ഞ താളത്തിലും മാറിമാറിയാണ് പാട്ടുകള്‍ വരുന്നത്.  ഹൃദയാരോഗ്യത്തെ കണക്കിലെടുത്താണ് താളത്തിന്റെ വ്യതിയാനം. കൈയുടെയും കാലിന്റെയും പേശികളുടെ ആരോഗ്യത്തിനുമുണ്ട് പ്രത്യേക ശ്രദ്ധ. മുഴുവന്‍ സമയവും ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഇത് പ്രധാനമാണ്. അരക്കെട്ടിനും ഇടുപ്പിനും വയറിനുമെല്ലാം ഉദ്ദേശിച്ച് പ്രത്യേകം സ്റ്റെപ്പുകളുണ്ട്.
ആഴ്ചയില്‍ മൂന്ന് ക്ലാസുകള്‍ എന്ന കണക്കിലാണ് പലയിടത്തും സുംബ പരിശീലനം. ആരോഗ്യത്തോടെയിരിക്കാന്‍ ഇത് മതിയാകുമെന്നാണ് പരിശീലകര്‍ പറയുന്നത്. 10 മുതല്‍ 15 മിനിറ്റ് വരെ നീളുന്ന വാം അപ്പോടെയാണ് പരിശീലനം തുടങ്ങുന്നത്. ശരീരത്തെ നൃത്തത്തിന്റെ താളത്തിലേക്ക് ചുവടുവയ്പിക്കുന്നതിനുള്ള പൊടിക്കൈകളാണ് വാം അപ്പ്. ശരീരത്തെ ഉണര്‍ത്താനുള്ള ചുവടുകളെന്നും വിശേഷിപ്പിക്കാം. ഇതിനും അനുബന്ധമായി പാട്ടുണ്ടാകും. അവസാനമായി 10 മുതല്‍ 15 മിനിറ്റ് വരെ കൂള്‍ ഡൗണ്‍ സ്റ്റെപ്പുമുണ്ടാകും. ആഴ്ചയില്‍ ഒരു ദിവസം ഫ്‌ലോര്‍ എക്‌സര്‍സൈസ് എന്ന പേരില്‍ വ്യായാമമുറകളും ചിലര്‍ നല്‍കാറുണ്ട്. വയര്‍ കുറയ്ക്കണം, കൈ വണ്ണം കുറയ്ക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളുമായി എത്തുന്നവരെ ഉദ്ദേശിച്ചാണിത്.
വ്യായാമം മാത്രമാക്കല്ലേ...
നൃത്തം കൊണ്ട് ശാരീരികമായി മാത്രമല്ല മാനസികമായും പ്രയോജനമുണ്ടെന്ന് പറയുകയാണ് കടവന്ത്രയിലെ ഡാസ്‌ലേഴ്‌സ് ഡാന്‍സ് സ്റ്റുഡിയോയിലെ ശ്രീജിത്ത്. നൃത്തത്തിനൊരു താളവും ലയവുമുണ്ട്. അത് ആസ്വദിച്ച് ചെയ്യാനാകണം. ശാസ്ത്രീയ നൃത്തത്തിന് മാത്രമല്ല ഇത് ബാധകം. മനസ്സറിഞ്ഞ് ചെയ്യുകയെന്നത് നൃത്തത്തില്‍ പ്രധാനമാണ്. ആസ്വദിച്ചാല്‍ നൃത്തത്തേക്കാള്‍ മികച്ചൊരു വ്യായാമമില്ല. എന്നാല്‍ നൃത്തത്തെ വ്യായാമം മാത്രമായി കാണുന്നതും നല്ലതല്ലെന്ന് ശ്രീജിത്ത് പറയുന്നു.
ശ്രീജിത്തിന്റെ ഡാന്‍സ് സ്റ്റുഡിയോയില്‍ കണ്ടംപററി, ബോളിവുഡ്, ഹിപ്‌ഹോപ്, ഫ്രീ സ്‌റ്റൈല്‍ എന്നിവയിലെല്ലാം പരിശീലനമുണ്ട്. നൃത്ത പഠനത്തിന് പ്രായപരിധിയൊന്നുമില്ല. പക്ഷേ, കണ്ടംപററി പഠിക്കാനെത്തുന്നവരില്‍ ഏറെയും നൃത്ത പശ്ചാത്തലമുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.
കലോറി കുറയുമെന്നേ... ഉറപ്പ്
ഒരു പ്രായത്തിനുശേഷം നൃത്തം പഠിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും ചോദിക്കുന്ന ചോദ്യമാണ് എത്ര കലോറി കുറയുമെന്നത്. മുടങ്ങാതെ ചെയ്താല്‍ കലോറിയെല്ലാം പമ്പ കടക്കുമെന്ന് പറയുകയാണ് കങ്ങരപ്പടി അയാം സ്റ്റുഡിയോയിലെ സുംബ ട്രെയിനര്‍ കവിത. സുംബയില്‍ ഒരു മണിക്കൂറാണ് ക്ലാസ്. അത്രയും സമയം നൃത്തം ചെയ്യുമ്പോള്‍ എരിഞ്ഞുതീരുന്നത് 600 മുതല്‍ 800 വരെ കലോറിയാണ്.
പ്രശ്‌നമല്ല പ്രായം
സുംബയില്‍ പ്രായം ഒരു പ്രശ്‌നമേയല്ല. വിവിധ പ്രായക്കാര്‍ക്ക് ഇണങ്ങുന്ന രീതിയിലുള്ള സ്റ്റെപ്പുകള്‍ ഇതിലുണ്ട്. പതിനേഴുകാരിയുടെ ചടുലതയൊന്നും പ്രായമായവര്‍ക്ക് പറ്റില്ല. ശരീരത്തിന്റെ ആയാസം കുറയ്ക്കാനും ചലനാത്മകത ഉറപ്പുവരുത്താനും സുംബയ്ക്ക് കഴിയും. ആരോഗ്യപ്രശ്‌നങ്ങളും ശാരീരികാവസ്ഥയുമെല്ലാം പരിഗണിച്ച്, അതിനനുസരിച്ചാണ് പ്രായമായവരെ പരിശീലിപ്പിക്കുന്നത്. തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നാണ് സുംബയ്ക്ക് പരിശീലകര്‍ നല്‍കുന്ന വിശേഷണം. തടി കുറയ്ക്കാന്‍ മാത്രമല്ല ശരീരം ഫിറ്റായി സൂക്ഷിക്കാനും സുംബ സഹായിക്കും. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പുകള്‍ കുറയും. ശരീരത്തിനും മനസ്സിനും ഉന്മേഷം പകരും. മാനസിക സമ്മര്‍ദവും ജോലിസമ്മര്‍ദവും കുറയ്ക്കാനും ഇതിലും നല്ലൊരു മാര്‍ഗമില്ല. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ ഡാന്‍സിനായി മാറ്റിവയ്ക്കാം. ഓരോരുത്തരുടെയും ആരോഗ്യവും ശരീരപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് വ്യായാമത്തിന്റെ സമയം നിര്‍ദേശിക്കുക.
യൂ ട്യൂബ് ക്ലാസ് വേണോ...
എന്തും ഏതും വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഈ കാലത്ത് സുംബ പഠിക്കാന്‍ ക്ലാസില്‍ തന്നെ പോകണോയെന്ന് ചോദിക്കുന്നവരും കുറവല്ല. 'യൂ ട്യൂബിലെ സുംബ സെഷനുകളില്‍ ഏതെങ്കിലും ഒന്ന് തുറന്നുവയ്ക്കും. പിന്നെ അതിനൊപ്പം നൃത്തം ചെയ്യും. കുട്ടികള്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ മൂന്നുമണിവരെ ഞാന്‍ ഫ്രീയാണ്. ഇതിനിടയില്‍ എപ്പോഴെങ്കിലും അരമണിക്കൂറാണ് ഡാന്‍സ് സമയം. പുറത്ത് പഠിക്കാന്‍ പോയാല്‍ അവരുടെ സമയത്തിന് ചെല്ലണ്ടേ.. ഇതാകുമ്പോള്‍ എന്റെ ഇഷ്ടത്തിനാകാം എല്ലാം.' വീട്ടമ്മയായ നീനയുടെ വാക്കുകള്‍. പരിശീലകരില്‍ ഭൂരിഭാഗം പേരും 'യൂ ട്യൂബ് പഠനം' പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു പരിശീലകന്റെ കീഴില്‍ പഠിക്കുന്നതാണ് നല്ലതെന്ന് ഇവര്‍ പറയുന്നു. ഇത്തരം പഠനത്തിന് ഗുണങ്ങള്‍ ഏറെയുണ്ട്. ഓരോരുത്തരുടെയും ശരീരപ്രകൃതിയ്ക്ക് അനുസരിച്ചാണ് അവര്‍ നൃത്തച്ചുവടുകളും സമയവുമെല്ലാം ക്രമീകരിക്കുക.
ചരിത്രം ഇങ്ങനെ
ബെറ്റോ പെരസ് എന്ന കൊളംബിയന്‍ നര്‍ത്തകനാണ് സുംബയുടെ സ്രഷ്ടാവ്. ഫിറ്റ്‌നസ് ഡാന്‍സ് എന്ന ഗണത്തിലാണ് സുംബ വരുന്നത്. സല്‍സ, മരെംഗേ, കൂമ്പിയ, റെഗറ്റോണ്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്ന നൃത്തരൂപങ്ങളാണ്. ഹിപ്‌ഹോപ്പും സുംബയുടെ ഒരു ഭാഗമാണ്. ഈ നൃത്തരൂപങ്ങള്‍ക്കൊപ്പം ചില ഫിറ്റ്‌നസ് ടെക്‌നിക്കുകളും സുംബയില്‍ സമന്വയിക്കുന്നു.
ഹിപ് ഹോപ്
അമേരിക്കയിലെ നൃത്തരൂപമാണ് ഹിപ്‌ഹോപ്. ഇതിലുള്‍പ്പെടുന്ന ഒരു ശൈലിയാണ് ബ്രേക് ഡാന്‍സ്. ഇതുള്‍പ്പെടെ 200 ഓളം ശൈലികളുണ്ട് ഹിപ് ഹോപ്പില്‍.
സല്‍സ
സോഷ്യല്‍ ഡാന്‍സ് എന്നാണ് സല്‍സയ്ക്കുള്ള വിശേഷണം.
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൂടിയതോടെ പൊതുവേ സുംബയോടുള്ള താത്പര്യം കൂടിയിട്ടുണ്ട്. ഇത് പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഫിറ്റ്‌നസ് പ്രോഗ്രാമാണ് സുംബ. ചിട്ടവട്ടങ്ങള്‍ പിന്തുടര്‍ന്ന് ശാസ്ത്രീയമായ രീതിയില്‍ വേണം ഇത് പഠിക്കാനും പഠിപ്പിക്കാനും.
ആരോഗ്യത്തെ ബാധിക്കുന്നതായതിനാല്‍ ഏറെ ശ്രദ്ധ വേണം. നൃത്തം അറിയുന്ന പലരും യൂ ട്യൂബില്‍ നോക്കി പഠിച്ച പലതും  സുംബയെന്ന പേരില്‍ പഠിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ സുംബ പഠിപ്പിക്കുന്നതിന് ലൈസന്‍സ് ആവശ്യമാണ്. പഠിക്കാനെത്തുന്നവര്‍ക്ക് അതിനെക്കുറിച്ച് ധാരണയില്ലാത്തത് തട്ടിപ്പിന് ഇടയാക്കുന്നുണ്ട്. പരിശീലിപ്പിക്കുന്നവര്‍ക്ക് ലൈസന്‍സുണ്ടോയെന്ന് ചോദിച്ചറിയണം. സുംബ പഠിക്കുന്നതിന് നൃത്തം അറിയണമെന്നില്ല. എന്നാല്‍ പഠിക്കുന്നത് അംഗീകൃത പരിശീലകരില്‍ നിന്നാണെന്ന് ഉറപ്പിക്കേണ്ടത് അത്യാവശ്യം.
കടപ്പാട്:മാതൃഭൂമി
4.25
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top