অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ജീവിത ശൈലി വിവരങ്ങള്‍

ഗര്‍ഭകാല സൗന്ദര്യ സംരക്ഷണം

പ്രസവ ശേഷമുള്ള സൗന്ദര്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരാണ് പല സ്ത്രീകളും. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മുതല്‍ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാം.

മുടിയഴകിന്

ഹോര്‍മോണുകളുടെ വ്യതിയാനം മൂലം മുടി കൂടുതല്‍ കൊഴിയുന്ന സമയമാണിത്. അതിനാല്‍ ആദ്യ മൂന്ന് മാസങ്ങളില്‍ മുടി വെട്ടുന്നത് ഒഴിവാക്കണം. അമോണിയ ഫ്രീ ഡൈയോ വെജിറ്റബിള്‍ ഡൈയോ പുരട്ടാമെങ്കിലും ഹെയര്‍ കളര്‍ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഡൈ ചെയ്യുമ്പോള്‍ തലയോട്ടിയില്‍ പുരളാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജിയുണ്ടാക്കില്ല എന്ന് ഉറപ്പാക്കിയിട്ടേ ഡൈ ഉപയോഗിക്കാവു. ഈ സമയത്ത് ഹെന്നയും പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടതില്ല. നാച്ചുറല്‍ ഹെന്ന ചെയ്യാം. എന്നാല്‍ പായ്ക്കറ്റില്‍ കിട്ടുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഹെന്ന ഉപയോഗിക്കരുത്.

മുടി ഒരുപാട് മുറുക്കിെക്കട്ടുന്നതും മുടി കൊഴിച്ചിലിന് കാരണമാകാം. ചെറു ചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്ത് മുടി കെട്ടിവയ്ക്കണം. രാവിലെ വീര്യം കുറഞ്ഞ ഷാമ്പുവോ താളിയോ ഉപയോഗിച്ച് ഇത് കഴുകി കളയാം. മുടി നന്നായി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവയ്ക്കുക.

മേക്കപ്പ്

ഗര്‍ഭകാലത്ത് മേക്കപ്പ് പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. മിതമായ മേക്കപ്പ് ഉപയോഗിക്കാം. ലിക്വഡ് മേക്കപ്പാണ് കൂടുതല്‍ നല്ലത്. ഫൗേണ്ടഷനും ഉപയോഗിക്കാം.

ചര്‍മ്മത്തിന്റെ നിറത്തേക്കാളും ഇളം നിറത്തിലുള്ള കണ്‍സീലര്‍, ലിപ് ലൈനര്‍, ലിപ്സ്റ്റിക്,ലിപ് ഗ്ലോസ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.

മുഖമെപ്പോഴും എണ്ണമയമില്ലാതെ വ്യത്തിയായി സൂക്ഷിക്കണം. എന്നാല്‍ സ്‌ക്രബറുകള്‍ ഉപയോഗിക്കരുത്. ജെന്റില്‍ ക്ലെന്‍സറോ മോയിസ്ചറൈസറോ ഉപയോഗിക്കാം.

ഭക്ഷണം

സൗന്ദര്യം നിലനിര്‍ത്തുന്നതില്‍ ഭക്ഷണത്തിനുമുണ്ട് പ്രാധാന്യം. ഗര്‍ഭിണികള്‍ ധാരാളം വെളളം കുടിക്കണം. നല്ല ഭക്ഷണം കഴിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. നല്ല പഴങ്ങളും പച്ചക്കറികളും കഴിക്കണം.

മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍,ഇല വര്‍ഗങ്ങള്‍ എന്നിവയും ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു. മത്സ്യവും മാംസവും കഴിക്കുമ്പോള്‍ നന്നായി വേവിച്ചു കഴിക്കണം.

പാദ സംരക്ഷണം

നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. നെയില്‍ പോളീഷ് ഉപയോഗിക്കാം. പെഡിക്യൂറും മാനിക്യൂറും ചെയ്യാമെങ്കിലും പെഡിക്യൂര്‍ ചെയ്യുമ്പോള്‍ കണങ്കാലിലെ അസ്ഥിയിലും ഉപ്പൂറ്റിയിലും മസാജ് ചെയ്യേണ്ടതില്ല.

ഫേഷ്യലുകള്‍

വീട്ടിലുണ്ടാക്കുന്ന ഫേസ് പാക്കുകള്‍ ഉപയോഗിക്കാം. ബ്ലീച്ചിങ് ഒഴിവാക്കുന്നതാണ് നല്ലത്. അലര്‍ജിയുണ്ടാക്കുന്നതോ അസ്വസ്തതയുണ്ടാക്കുന്നതോ ആയ ക്രീമുകള്‍ ഉപയോഗിക്കരുത്.

അത്തരം ക്രീമുകളിലടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ കുഞ്ഞിനെ ബാധിക്കും. ഗര്‍ഭകാലത്ത് സ്വാഭാവികമായും മുഖം വീര്‍ക്കുന്നതുകൊണ്ട് മുഖത്തുണ്ടാകുന്ന ചുളിവുകള്‍ തിരിച്ചറിയില്ല.

വിറ്റമിന്‍ എ,വിറ്റമിന്‍ കെ,ബിഎച്ച്എ,സാലിസിലിക് ആസിഡ് എന്നിവ അടങ്ങിയ ക്രീമുകളും നല്ലതല്ല. പകരം എച്ച്എ, ഫ്രൂട്ട് ആസിഡ് 
എന്നിവ ചേര്‍ന്ന ആന്റി റിങ്കിള്‍ ക്രീം ഉപയോഗിക്കാം.

അശ്വതി അശോക്

ഈ പ്രായത്തില്‍ ഇനി എന്തുകഴിക്കാനാ

മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണ് വൃദ്ധരായവര്‍ക്ക് ആവശ്യം. അതിനുവേണ്ടി പ്രായമായവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി പെരുമാറാന്‍ മറ്റുള്ളവര്‍ തയാറാകണം

അമ്മയുടെ പിടിവാശി ദിവസങ്ങള്‍ കഴിയുന്തോറും കൂടി വരുന്നുണ്ടെന്നായിരുന്നു ഭാര്യയുടെ പരാതി. ഭക്ഷണം കഴിക്കാന്‍ മടി. എന്തുകൊടുത്താലും വേണ്ട. നിര്‍ബന്ധിച്ച് ഭക്ഷണം കൊടുത്തിട്ടും കഴിക്കുന്നില്ല. എപ്പോഴും ഒറ്റയ്ക്ക് ഒരേ ഇരിപ്പ്.

ഒടുവില്‍ ഭക്ഷണക്കുറവ് മൂലം തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടപ്പോഴാണ് പോഷകാഹാരക്കുറവാണെന്നു മനസിലാക്കുന്നത്.

ശാരീരികവും മാനസികവുമായി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് വാര്‍ധക്യത്തിലാണ്. വാര്‍ധക്യത്തെ രണ്ട് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. യങ് ഓള്‍ഡും ഓള്‍ഡ് ഓള്‍ഡും. 50 വയസു മുതല്‍ 74 വയസ് വരെ പ്രായമുള്ളവരാണ് യങ് ഓള്‍ഡില്‍ ഉള്‍പ്പെടുന്നത്.

74 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ ഓള്‍ഡ് ഓള്‍ഡ് വിഭാഗത്തിലും. ഇവയില്‍ ഏതു വിഭാഗത്തിലും വാര്‍ധക്യസഹചമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഏറെക്കുറെ ഒരുപോലെ ആയിരിക്കും. ശാരീരിക അസ്വസ്ഥതകളാണ് പ്രായമായവരെ അലട്ടുന്ന പ്രധാന പ്രശ്‌നം.

ഒറ്റപ്പെടലില്‍ തളരാതെ

ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ ഒറ്റപ്പെടല്‍ കൂടിയാകുമ്പോള്‍ പ്രായമായവര്‍ തളര്‍ന്നു പോകും. പ്രായമായവരില്‍ പലരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് ഒറ്റപ്പെടല്‍. പ്രായമായവരിലെ ഈ ഒറ്റപ്പെടല്‍ വിഷാദത്തിനു വരെ ഇടയാക്കും. ജീവിതപങ്കാളിയോ മക്കളോ അടുത്തില്ലാത്ത സാഹചര്യം ഇവരെ കൂടുതല്‍ വിഷമത്തിലാക്കും.

വിശ്രമജീവിതം ആയതിനാല്‍ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ തയാറാകുന്നതും ശാരീരിക - മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങളില്‍ ചിലതാണ്. മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യമാണ് വൃദ്ധരായവര്‍ക്ക് ആവശ്യം.

അതിനുവേണ്ടി പ്രായമായവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കി പെരുമാറാന്‍ മറ്റുള്ളവര്‍ തയാറാകണം. മാനസികമായ പിന്തുണ, നല്ല ഭക്ഷണക്രമം ഇവയൊക്കെ കൃത്യമായി പരിപാലിച്ചാല്‍ പ്രായമായവരുടെ ആരോഗ്യം സംരക്ഷിക്കാനാകും. ശരിയായ ഭക്ഷണക്രമമില്ലാത്തതാണ് പ്രായമായവരുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് 
പ്രധാന കാരണം.

ആരോഗ്യ പ്രശ്‌നങ്ങള്‍

വാര്‍ധക്യത്തിലെ തെറ്റായ ഭക്ഷണരീതി ശാരീരികമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടാക്കാം. പ്രായാധിക്യം മൂലമുള്ള രോഗങ്ങള്‍ പിടിമുറുക്കുന്നത് വാര്‍ധക്യത്തിലാണ്. ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വാര്‍ധക്യത്തില്‍ കണ്ടു വരുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനം.

ഭക്ഷണത്തില്‍ വേണ്ടവിധം ശ്രദ്ധനല്‍കാത്തത് വാര്‍ധക്യത്തില്‍ ശാരീരിക പ്രശ്‌നങ്ങള്‍ കൂടുന്നതിന് ഇടയാക്കും. ഭക്ഷണപദാര്‍ഥങ്ങള്‍ വിഴുങ്ങാനുള്ള ബുദ്ധിമുട്ട് പലപ്പോഴും പ്രായമായവരിലുണ്ടാകാം.

അതുപോലെ തന്നെ വായിലെ ഉമിനീരിന്റെ ഉത്പാദനവും കുറവായിരിക്കും. ഇവയൊക്കെ കൃത്യമായ ഭക്ഷണരീതികള്‍ക്ക് തടസമാകും. ഉമിനീരിന്റെ കുറവ് കൊണ്ട് വായില്‍ വരള്‍ച്ച അനുഭവപ്പെടാനിടയുണ്ട്. ഭക്ഷണത്തോടുള്ള വിരക്തിക്ക് ഇവയൊക്കെ കാരണമായേക്കാം.

എല്ലുകളുടെയും പല്ലുകളുടെയും ബലക്കുറവ് ഈ പ്രായത്തിലാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഭക്ഷണങ്ങള്‍ നന്നായി ചവച്ചരച്ച് കഴിക്കാന്‍ കഴിയില്ല. പല്ലിനുള്ള കേടുപാടുകള്‍, കൃത്രിമപ്പല്ല് തുടങ്ങി പല ഘടകങ്ങള്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കുന്നു.

രുചിയും മണവും അറിയാതെ

പ്രായമായവരെ സംബന്ധിച്ച് കഴിക്കുന്ന ഭക്ഷണത്തിന്റെ രുചിയോ, ചേരുവകളുടെ ഗന്ധമോ തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ എന്തു കഴിച്ചാലും പൂര്‍ണതൃപ്തിയും ഇവര്‍ക്കുണ്ടാകില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് പ്രായമായവരുടെ ഭക്ഷണക്രമത്തില്‍ കുടുംബാംഗങ്ങള്‍് കൂടുതല്‍ ആശങ്കപ്പെടുന്നത്. വയോധികരുടെ അവസ്ഥ മനസിലാക്കി ഭക്ഷണം ക്രമീകരിക്കാന്‍ മറ്റുള്ളവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

നിരന്തരം ഭക്ഷണം കുറയുമ്പോള്‍ ചെറുകുടലില്‍ കൊഴുപ്പ് ആഗിരണം ചെയ്യുന്നതിന്റെ ശതമാനം താരതമ്യേന കുറയും. ഇത് രക്തയോട്ടം കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കൂടുന്നതിനും കാരണമാകും.

ഭക്ഷണത്തിന്റെ കുറവ് ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ അളവ് കുറയ്ക്കും. അതുപോലെ വാര്‍ധക്യത്തില്‍ ഹൃദയത്തിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നെന്നുവരില്ല.

ഈ മാറ്റങ്ങള്‍ രക്തധമനികളില്‍ രക്തകട്ട അടിഞ്ഞു കൂടുന്ന അവസ്ഥയുണ്ടാക്കും. ഇത് രക്തയോട്ടം കുറയുന്നതിനും രക്തധമനികളുടെ ഇലാസ്തികത നഷ്ടമാകുന്നതിനും കാരണമാകാം. ഇവയൊക്കെ പ്രായമായവരില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.

ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനുള്ള കഴിവ് വൃക്കകളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നതിലൂടെ നഷ്ടമാകും. പ്രായമായവരില്‍ ഭക്ഷണത്തിന്റെ കുറവ്‌കൊണ്ട് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. ശരിയായ ഭക്ഷണക്രമത്തിലൂടെ മാത്രമേ ഇവ പരിഹരിക്കാനാകൂ.

പോഷകാഹാരങ്ങളുടെ കുറവ്

പ്രായമായവരിലെ ശാരീരിക മാറ്റങ്ങള്‍ പോഷകാഹാരങ്ങളുടെ അപര്യാപ്തതയിലേക്ക് എത്തിക്കും. പോഷകാഹാരങ്ങളുടെ കുറവ് പ്രമേഹം പോലുള്ള ദീര്‍ഘകാല രോഗങ്ങള്‍ക്ക് ഇടയാക്കും. ഇത്തരം രോഗങ്ങള്‍ തടയാന്‍ പ്രായമായവര്‍ക്ക് പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങള്‍ കൂടുതല്‍ നല്‍കണം.

അതോടൊപ്പം കൃത്യമായ വ്യായാമം കൂടി ശീലമാക്കിയാല്‍ വാര്‍ധക്യത്തിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. ശരിയായ ഭക്ഷണശീലമില്ലാത്തവരില്‍ കലോറി കുറവായിരിക്കും.

വാര്‍ധക്യത്തില്‍ എന്തെങ്കിലും കഴിക്കുക എന്ന രീതിയായിരിക്കരുത്. എന്തെങ്കിലും ഭക്ഷണങ്ങള്‍ കഴിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ഇത് പോഷകാഹാരത്തിന്റെ കുറവ് വര്‍ധിക്കുന്നതിനേ ഉപകരിക്കൂ.

സ്ത്രീയെയും പുരുഷനെയും പോഷകാഹാരങ്ങളുടെ കുറവ് പലതരത്തില്‍ ബാധിക്കാം. ശരീരത്തില്‍ വൈറ്റമിന്‍ ഡി യുടെ കുറയുന്നത് എല്ലുകളുടെ ബലം കുറയുന്നതിനും ഒസ്റ്റിയോപൊറോസിസ് എന്ന രോഗത്തിനും കാരണമാകാം.

ഫോളേറ്റിന്റെ കുറവു മൂലം വിളര്‍ച്ച, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാം. പ്രായമായവരില്‍ രോഗപ്രതിരോധ ശക്തി പൊതുവേ കുറവായിരിക്കും. പോഷകാഹാരക്കുറവ് മൂലം പലതരത്തിലുള്ള അണുബാധ ഉണ്ടാകാനുള്ള 
സാധ്യതയുമുണ്ട്.

എങ്ങനെ പരിഹരിക്കാം


പ്രായമായവരുടെ ഭക്ഷണശീലത്തില്‍ ഒരുദിവസം കൊണ്ട് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. പ്രായമായവരെ പരിചരിക്കുന്ന എല്ലാവരും ഇത് മനസിലാക്കി പെരുമാറാന്‍ ശ്രമിക്കണം. അമിതമായി ഭക്ഷണം ഒരിക്കലും നിര്‍ബന്ധിച്ച് നല്‍കരുത്. പോഷകഗുണങ്ങളുള്ള ആഹാരങ്ങള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

എത്രത്തോളം ഭക്ഷണം കഴിക്കുന്നു എന്നതില്‍ കാര്യമില്ല. അവ പോഷകസമ്പൂര്‍ണമായിരിക്കണം. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവ് കുറച്ച് ഇടവിട്ട് ഭക്ഷണം നല്‍കുന്നതാണ് ഉചിതം. വളരെ വേഗം ദഹിക്കുന്ന ഭക്ഷണങ്ങള്‍ നല്‍കുന്നത് നന്നായിരിക്കും.

പെട്ടെന്നു ചവയ്ക്കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കാവുന്നതാണ്. പാലും പാലുല്‍പന്നങ്ങളും ഭക്ഷണത്തോടൊപ്പം ഉള്‍പ്പെടുത്തുക. കുടുതലും ആവിയില്‍ പുഴുങ്ങിയ ഭക്ഷണങ്ങള്‍ നല്‍കുക. ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും.

ഓരേ ഭക്ഷണം നല്‍കാതെ ദിവസവും ഓരോ ഭക്ഷണങ്ങള്‍ പരീക്ഷിക്കുക. ചവയ്ക്കാനുള്ള ബുദ്ധിമുട്ട് മനസിലാക്കി അത്തരം ഭക്ഷണങ്ങള്‍ നല്‍കുക. ധാരാളം പച്ചക്കറികള്‍ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ക്ഷീണവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പരിഹരിക്കാന്‍ സൂപ്പ് നല്‍കുക. തൈര്, പരിപ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്താവുന്നതാണ്.

ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കുക. പ്രായമായവരില്‍ ഗ്യാസ് ട്രബിള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് നാരുകളടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ നല്‍കാന്‍ ശ്രദ്ധിക്കണം.

പഴങ്ങളും പച്ചക്കറികളും ധാരാളം നല്‍കുക. അയണിന്റെയും കാല്‍സ്യത്തിന്റെയും അഭാവം ഉണ്ടാകുമ്പോഴാണ് അസിഡിറ്റി ഉണ്ടാകുന്നത്.

അതുകൊണ്ട് അസിഡിറ്റി ഒഴിവാക്കാന്‍ ഇരുമ്പും കാത്സ്യവും കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പ്രായമായവര്‍ക്ക് നല്‍കാന്‍ ശ്രമിക്കണം. ചൂടുള്ള കാലാവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുക. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ക്രോണിക് ഡിസീസ് ഉള്ളവര്‍ ഡയറ്റീഷന്റെ നിര്‍ദേശപ്രകാരമുള്ള ഭക്ഷണക്രമീകരണങ്ങള്‍ പാലിക്കുക.

പ്രായമായവര്‍ക്കും വീട്ടില്‍ പ്രത്യേക പരിഗണന നല്‍കുക. ഒറ്റപ്പെടുത്തലുകളും അവഗണനകളും മാനസികമായി ഇവരെ ഏറെ ദുഃഖത്തിലാക്കും. അതുകൊണ്ട് മാനസിക സന്തോഷത്തോടൊപ്പം നല്ല ഭക്ഷണവും സംരക്ഷണവും പ്രായ 
മായവര്‍ക്ക് നല്‍കേണ്ടതുണ്ട്.

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

രമ്യ ജോഷി പുത്തന്‍കളം 
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ന്യൂട്രിഷ്യനിസ്റ്റ് 
സെന്റ് തോമസ് ഹോസ്പിറ്റല്‍, ചെത്തിപ്പുഴ

ആര്‍ത്തവവിരാമം ക്ഷീണം

മധ്യവയസ് പ്രത്യേകിച്ച് സ്ത്രീകളില്‍ മാനസിക സമ്മര്‍ദങ്ങളുടെ സമയമാണ്. ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങള്‍ പലരിലും വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാനിടയുണ്ട്.

നിനക്ക് ഈയിടെയായി നല്ല ക്ഷീണമുണ്ടല്ലോ? ഓഫിസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകയുടെ ചോദ്യമെത്തി. മറുപടി ഒരു ചിരിയിലൊതുക്കി. പരിചയക്കാരുടെ ഒക്കെ ചോദ്യമിതാണ്. ബന്ധുക്കളുളോടും സഹപ്രവര്‍ത്തകരോടും മറുപടി പറഞ്ഞുമടുത്തു.

വീട്ടിലെത്തിയപ്പോള്‍ നല്ല ക്ഷീണം തോന്നി. അല്‍പ്പനേരം കട്ടിലില്‍ തന്നെ ഇരുന്നു. മുന്‍പിലുള്ള കണ്ണാടിയില്‍ വെറുതെ ഒന്നു നോക്കി. ശരിയാണ് അടുത്തിടെയായി വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്. ഉറക്കക്കുറവ്, മറവി, തലവേദന, മുടികൊഴിച്ചില്‍, ദഹനപ്രശ്‌നങ്ങള്‍ ഇവയൊക്കെ വല്ലാതെ അലട്ടുന്നുണ്ട്.

മാനസികവും ശാരീരികവുമായി വളരെയേറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ സ്ത്രീജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടമാണ് ആര്‍ത്തവവിരാമം.

45 - 50 വയസിനുമേല്‍ പ്രായമുള്ള ഒരു സ്ത്രീയില്‍ 12 മാസത്തേക്ക് തുടര്‍ച്ചയായി ആര്‍ത്തവം ഉണ്ടാകാതിരിക്കുന്ന അവസ്ഥയെ ആര്‍ത്തവവിരാമമായി കണക്കാക്കാം. ഇതോടെ അവരുടെ അണ്ഡാശയങ്ങളുടെ പ്രവര്‍ത്തനം നശിക്കുകയും അതോടൊപ്പം സന്താനോത്പാദന ക്ഷമത ഇല്ലാതാകുകയും ചെയ്യുന്നു.

മധ്യവയസ് പ്രത്യേകിച്ച് സ്ത്രീകളില്‍ മാനസിക സമ്മര്‍ദങ്ങളുടെ സമയമാണ്. ആര്‍ത്തവവിരാമത്തെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക മാനസിക വ്യതിയാനങ്ങള്‍ പലരിലും വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാനിടയുണ്ട്്. ശരീരത്തിലുള്ള പ്രൊജസ്‌ട്രോണ്‍, ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍, എന്നീ ഹോര്‍മോണുകളുടെ അളവില്‍ വരുന്ന വ്യതിയാനങ്ങള്‍ ഈ അവസ്ഥയ്ക്ക് കാരണമായിത്തീരുന്നു.

ശാരീരിക പ്രശ്‌നങ്ങള്‍

ശാരീരികമായ പലവിധ മാറ്റങ്ങള്‍ ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ ഉണ്ടാകാനിടയുണ്ട്്. മാനസികമായ മാറ്റങ്ങളെക്കാള്‍ വളരെ വേഗം പ്രകടമാകുക ശാരീരിക മാറ്റങ്ങളാണ്.

  1. ചൂടുകൂടുതലായി അനുഭവപ്പെടുക
  2. രാത്രിയില്‍ പെട്ടെന്ന് തണുപ്പ് അനുഭവപ്പെടുക
  3. പെട്ടെന്ന് വിയര്‍ക്കുക
  4. ദഹനപ്രശ്‌നങ്ങള്‍
  5. തലവേദന
  6. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവ്,
  7. ഹൃദയസ്പന്ദനത്തിലെ വ്യതിയാനം
  8. ലൈംഗിക താല്‍പര്യക്കുറവ്
  9. ക്ഷീണം
  10. മറവി
  11. വായുകോപം
  12. ഉറക്കകുറവ്
  13. മുടികൊഴിച്ചില്‍
  14. സന്ധികളിലും പേശികളിലും വേദന
  15. അമിതവിശപ്പ്
  16. ത്വക്കിന് ചുവപ്പ് നിറം
  17. ത്വക്കില്‍ ചുളിവുണ്ടാകുക
  18. ശരീരത്തില്‍ കുരുക്കള്‍ ഉണ്ടാകുക
  19. ശരീരത്തിന്റെ ഭാരം വര്‍ധിക്കുക
  20. കൊളസ്‌ട്രോള്‍ കൂടുക.

ആര്‍ത്തവ വിരാമത്തെ തുടര്‍ന്നുണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളില്‍ ഏറ്റവും സാധാരണയായി അനുഭവപ്പെടുന്നവയാണിത്.

ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭക്ഷണശീലങ്ങള്‍ ആര്‍ത്തവാനന്തര ബുദ്ധിമുട്ടുകള്‍ കുറയ്ക്കുന്നതില്‍ വളരെയധികം സഹായിക്കും. ആര്‍ത്തവ രക്തത്തിലൂടെ അയണ്‍ കൂടുതല്‍ നഷ്ടപ്പെടാറുണ്ട്. ആര്‍ത്തവവിരാമമാകുന്നതോടെ രക്തം നഷ്ടപ്പെടുന്നില്ല.

അതുകൊണ്ട് തന്നെ ഇരുമ്പിന്റെ അളവ് ശരീരത്തില്‍ കൂടാനിടയുണ്ട്. ശാരീരീക ആരോഗ്യം നിലനിര്‍ത്താന്‍ ആര്‍ത്തവ വിരാമത്തിനു ശേഷം ഭ 
ക്ഷണത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ ഏറ്റവുമധികം ഉള്‍പ്പെടുത്തേണ്ടതും ഈ സമയത്താണ്. ആര്‍ത്തവവിരാമത്തിനു ശേഷം പച്ചക്കറികള്‍ കൂടുതല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും. മാംസഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ അധികരിക്കുന്നതിന് ഇടയാക്കിയേക്കാം.അതുകൊണ്ട് മാംസഭക്ഷണങ്ങള്‍ ഒഴിവാക്കാവുന്നതാണ്. 

ആര്‍ത്തവവിരാമ സമയത്ത് ഹോര്‍മോണിന്റെ കുറവിനോടൊപ്പം ശരീരത്തില്‍ കാല്‍സ്യം, ജീവകങ്ങള്‍, പോഷകങ്ങള്‍ എന്നിവയുടെ കുറവും ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ദിവസേന 1000 - 1500 മില്ലി ഗ്രാം കാല്‍സ്യം അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

പാല്‍, പാലുല്‍പ്പന്നങ്ങള്‍, മുള്ളോടു കൂടിയ ചെറിയ മത്സ്യങ്ങള്‍, ഇലക്കറികള്‍, എള്ള്, റാഗി, എന്നിവ ഉള്‍പ്പെടുത്തുക. ഏറ്റവുമധികം ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥമാണ് സൊയാബീന്‍. ദിവസവും രണ്ട് ഗ്ലാസ് സൊയാമില്‍ക്ക് കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഐസോഫ്ളെവോണ്‍സ് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കും.

വേണം പുതിയ ഭക്ഷണരീതി

ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള ഭക്ഷണക്രമം വളരെ പ്രധാനപ്പെട്ടതാണ്. ചിട്ടയായുള്ള ഭക്ഷണരീതി ക്രമപ്പെടുത്തുന്നതിലൂടെ ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുവാന്‍ സാധിക്കും. കൃത്യ സമയത്തും അനുയോജ്യമായ ഇടവേളകളിലും കഴിവതും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

ആര്‍ത്തവ വിരാമത്തിന് ശേഷം ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. ഇത് പരിഹരിക്കുന്നതിനായി ദിവസേന ഭക്ഷണത്തില്‍ ഈസ്ട്രജന്‍ ഘടകങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടുത്തണം. പയറുവര്‍ഗങ്ങള്‍, ചേന, കാച്ചില്‍ എന്നിവ ധാരാളമായി കഴിക്കണം.

ഫൈറ്റോഈസ്ട്രജന്‍ പച്ചക്കറികളില്‍ കൂടുതല്‍ അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണം (എണ്ണയില്‍ വറുത്ത ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍) എന്നിവ ഒഴിവാക്കി നിറമുള്ള പച്ചക്കറികള്‍ ക്യാരറ്റ്, ബീറ്റ് റൂട്ട്, മത്തങ്ങ, തക്കാളി തുടങ്ങിയവ കൂടുതല്‍ കഴിക്കുക.

ജീവകം ഡി, ഇ എന്നിവയുടെ ന്യൂനത ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്്. ചായ, കാപ്പി എന്നിവ കാല്‍സ്യം അമിതമായി ശരീരത്തില്‍നിന്നും പുറം തള്ളാന്‍ ഇടയാക്കുന്നു. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുക.

പോഷകാഹാരങ്ങളുടെ ഗുണം

മുട്ടവെള്ള - 
കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണിത്.

മത്സ്യങ്ങള്‍ - 
മുള്ളോടുകൂടിയ ചെറിയ മത്സ്യങ്ങള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ ദിവസേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പാല്‍, പാലുത്പന്നങ്ങള്‍ - 
പാലില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ എല്ലുകളെ ദൃഢപ്പെടുത്തുകയും ശരീരത്തിന് വേണ്ടി വരുന്ന ധാതുക്കള്‍ പ്രധാനം ചെയ്യുന്നതിനും സഹായിക്കും.

ഇലക്കറികള്‍ - 
പച്ച ഇലക്കറികളിലുള്ള ജീവകങ്ങള്‍ ആര്‍ത്തവവിരാമത്തിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താനാകും. കശുവണ്ടി, ബദാം, കപ്പലണ്ടി, എന്നിവയില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.

പച്ചക്കറികള്‍ - 
ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മത്തന്‍ കുരു, ക്യാബേജ്. കാരറ്റ് ആര്‍ത്തവവിരാമം മൂലമുണ്ടാകുന്ന ടെന്‍ഷന്‍, രാത്രി കാലങ്ങളില്‍ ഉണ്ടാകുന്ന അമിത വിയര്‍പ്പ് എന്നിവ കുറയ്ക്കും. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന ലവണങ്ങള്‍ ശരീരത്തിലെ ഹോര്‍മോണിനെ തുലനപ്പെടുത്തുകയും ശരീരത്തിലെ അമിതമായ ചൂടിനെ കുറയ്ക്കുകയും ചെയ്യുന്നു.

മത്തന്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, സിങ്ക് എന്നിവ ആര്‍ത്തവവിരാമത്തിന് ശേഷമുണ്ടാകുന്ന ഓസ്റ്റിയോപോറോസിസിനെ തടയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും സഹായിക്കും.

മത്തന്‍ കുരുവും എള്ളും കൂടി പൊടിച്ച് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നത് ആര്‍ത്തവിരാമത്തിന് ശേഷമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കും. ക്യാബേജില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റോനൂട്രിയന്‍സുകളും സള്‍ഫോറഫാനും ശരീരത്തിലെ ഹോര്‍മോണുകളേയും എന്‍സൈമുകളെയും തുലനപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു.

സൊയാബീനില്‍ അടങ്ങിയിരിക്കുന്ന ലെസിത്തിന്‍ നെഞ്ചിടിപ്പ്, നെര്‍വസ് ടെന്‍ഷന്‍ എന്നിവ കുറയ്ക്കുന്നു. ഒലിവ് ഓയില്‍ ആര്‍ത്തവവിരാമത്തിനു ശേഷം ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ ചെറുക്കാന്‍ സഹായിക്കും.

ഇവ പാലിലോ വെള്ളത്തിലോ പച്ചക്കറി സാലഡിലോ ചേര്‍ത്ത് ഉപയോഗിക്കാം. വെളുത്തുള്ളി രക്തക്കുഴലുകളെ വികസിപ്പിക്കുകയും അതുവഴി രക്തപ്രവാഹം സുഗമമാകുകയും ചെയ്യുന്നു.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍

ഒസ്റ്റിയോപോറോസിസ്: 
എല്ലുകളുടെ കാഠിന്യം കുറയുകയും എല്ലുകള്‍ വേഗത്തില്‍ പൊട്ടിപോകുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാം.

ഹൃദ്രോഗം: - 
ഈസ്ട്രജന്റെ അളവ് കുറയുന്നതു വഴി ശരീരത്തിലുള്ള കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നു. ആര്‍ത്തവവിരാമത്തിന് ശേഷം ഹൃദയാഘാതം വരാനുള്ള സാധ്യതയുണ്ട്.

യോനിയില്‍ വരള്‍ച്ച: - 
ധാരാളം വെള്ളം ദിവേസന കുടിച്ചാല്‍ വരള്‍ച്ച ഒഴിവാക്കാം.

അമിതശരീരഭാരം:- േ 
ഹാര്‍മോണിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പടിയുകയും അതുവഴി പൊണ്ണത്തടി ഉണ്ടാകുകയും ചെയ്യാം.

പ്രമേഹം: - 
ഈസ്ട്രജന്റെ അളവ് കുറയുകയും ടെന്‍ഷന്‍ ഹോര്‍മോണായ കോള്‍ട്ടിസോള്‍, വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണായ ഗ്രലിന്‍ എന്നിവയുടെ അളവ് ശരീരത്തില്‍ കൂടുന്നത് അമിതവിശപ്പും അതുവഴി രക്തത്തിലുള്ള ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിനും കാരണമാകുന്നു.

ഗര്‍ഭാശയ കാന്‍സര്‍ : - 
ആര്‍ത്തവവിരാമത്തിന് ശേഷം ഗര്‍ഭാശയ കാന്‍സറിനുള്ള സാധ്യത കൂടുതലാണ്.

രക്താതിസമ്മര്‍ദം: - 
ഹോര്‍മോണുകളുടെ വ്യതിയാനം മൂലം രക്തകുഴലുകള്‍ ചുരുങ്ങുകയും അതുമൂലം രക്താതി സമ്മര്‍ദം വര്‍ധിക്കാനുമിടയുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.

  1. ചിട്ടയായ ഭക്ഷണരീതി ശീലമാക്കുക.
  2. ദിവസവും പത്ത് മിനിറ്റ് വ്യായാമത്തിനായി കണ്ടെത്തുക.
  3. യോഗ പരിശീലിക്കുക.
  4. ശരിയായ ഉറക്കം.
  5. ശരീരഭാരം നിയന്ത്രിക്കുക.
  6. ഉത്കണ്ഠ ഒഴിവാക്കി, പോസിറ്റീവ് എനര്‍ജി നേടിയെടുക്കുക.
  7. ടെന്‍ഷന്‍ കുറയ്ക്കാന്‍ സുഹൃത്തുക്കളുമായി അല്‍പ്പസമയം ചിലവിടുക.
  8. ഇഷ്ടപ്പെട്ട വിനോദങ്ങളില്‍ ഏര്‍പ്പെടുക.
  9. സ്വന്തം കാര്യങ്ങള്‍ക്കായി അരമണിക്കൂര്‍ ചിലവഴിക്കുക.

തയാറാക്കിയത് : നീതു സാറാ ഫിലിപ്പ്

പരീക്ഷകാലത്തെ ഭക്ഷണരീതി

ബീന്‍സ്, ബ്രഡ്, ബ്രൗണ്‍ ബ്രഡ് തുടങ്ങിയവയടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം അന്നജം അടങ്ങിയതാണ്. ഇരുമ്പിന്റെ അംശമുള്ളതും അയഡിനും ബുദ്ധിക്കും, ക്ഷീണമില്ലാതെ പഠി ക്കുന്നതിനും ഉന്മേഷം പകരുന്നു.

പരീക്ഷക്കാലങ്ങളില്‍ ആഹാരത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് ആവശ്യമാണ്. 
പരീക്ഷ അടുക്കുന്ന സമയത്ത് കൂടുതലായും അന്നജത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഭക്ഷണമാണ് മുഖ്യമായും കുട്ടികള്‍ക്ക് നല്‍കേണ്ടത്. തലച്ചോറിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും ആവശ്യമായി വേണ്ടത് ഗ്ലൂക്കോസ് ആണ്. അത് ആവശ്യത്തിനു ലഭിക്കുന്ന ഭക്ഷണമാണ് പരീക്ഷക്കാലത്തെ മികച്ച ഭക്ഷണം.

ബീന്‍സ്, ബ്രഡ്, ബ്രൗണ്‍ ബ്രഡ് തുടങ്ങിയ ഭക്ഷണങ്ങളില്‍ ധാരാളം അന്നജം അടങ്ങിയതാണ്. ഇരുമ്പിന്റെ അംശമുള്ളതും അയഡിനും ബുദ്ധിക്കും, ക്ഷീണമില്ലാതെ പഠി ക്കുന്നതിനും ഉന്മേഷം പകരുന്നു.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. അതുപോലെ പഴസത്തും പച്ചക്കറികളുമടങ്ങിയ ആഹാരം കൂടുതലായും കഴിക്കണം. കാരണം ഇവ ശരീരത്തിനു വേണ്ട ഊര്‍ജം പ്രദാനം ചെയ്യുകയും മനസിനെ കുളിര്‍മപ്പെടുത്തുകയും ചെയ്യുന്നു.

പച്ചക്കറികളില്‍ പാവയ്ക്ക, ചുവന്ന ചീര, ഇലക്കറികള്‍, മത്തി, അയല തുടങ്ങിയവപോലുള്ള മീനുകള്‍ വേണ്ടത്ര അയഡിനും ഇരുമ്പും നല്‍കും. വിറ്റാമിന്‍ സി, നാഡികള്‍ക്കു ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കരുത്തു പകരുന്ന ജീവകങ്ങളാണ്.

പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ ധാരാളമായി കഴിക്കുന്നത് ഫലപ്രദമാണ്. പരീക്ഷക്കാലങ്ങളില്‍ ഇലക്കറികള്‍, നെല്ലിക്ക, മാതളനാരങ്ങ, ഓറഞ്ച് എന്നിവ കഴിക്കുന്നത് പരീക്ഷക്കാലങ്ങളിലെ ക്ഷീണവും മാനസിക പിരിമുറുക്കവും അകറ്റുന്നു. കൂടാതെ തലച്ചോറിന് കൂടുതല്‍ ഉത്തേജനം തന്ന് സഹായിക്കുകയും ചെയ്യുന്നു.

രാത്രി ഭക്ഷണം

രാത്രി കാലങ്ങളില്‍ കുട്ടികള്‍ ചോറാണ് കഴിക്കുന്നതെങ്കില്‍ അവര്‍ക്ക് അതുതന്നെ കൊടുക്കുക. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വേഗം ഉറക്കം വരാതിരിക്കാന്‍ ദോശയും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കി കൊടുക്കുന്നവരുണ്ട്. എന്നാല്‍ ഇത് ശരിയായ രീതിയല്ല.

അവര്‍ ചോറാണ് കഴിക്കുന്നതെങ്കില്‍ പരീക്ഷക്കാലത്ത് മറ്റ് ആഹാരസാധാനങ്ങള്‍ തേടിപോകേണ്ടതില്ല. അവര്‍ക്ക് കഴിക്കാന്‍ പതിവായി കഴിക്കുന്ന ഭക്ഷണ സാധനം തന്നെ നല്‍കുക. കാരണം പതിവായി കഴിക്കുന്ന ആഹാരത്തില്‍ പെട്ടെന്ന് മാറ്റം വരുത്തിയാല്‍ അത് ദഹനക്കേടിന് കാരണമാകും.

പഠിക്കുന്ന സമയങ്ങളില്‍ കുട്ടികള്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. ദാഹമുണ്ടെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നന്നായിരിക്കും. കാരണം ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടാതിരിക്കുവാനും എപ്പോഴും പ്രസരിപ്പോടെയിരിക്കുവാനും ഇത് സഹായിക്കും.

കട്ടിയായ ആഹാരം ഒഴിവാക്കണം

വളരെ കട്ടിയായ ഭക്ഷണം പരീക്ഷക്കാലത്ത് കഴിക്കുന്നത് ഒഴിവാക്കണം. കൊഴുപ്പ്, കൊളസ്‌ട്രോള്‍, എണ്ണ എന്നിവ കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കണം.

അതുപോലെ വറുത്ത ആഹാരങ്ങള്‍, പുളി കൂടുതലായുള്ള ആഹാരങ്ങള്‍, മാംസാഹാരങ്ങള്‍, മധുരപലഹാരങ്ങള്‍, സോഫ്ട് ഡ്രിംഗ്‌സ്, കാപ്പി, മിഠായികള്‍ ഇവയൊന്നും പരീക്ഷക്കാലങ്ങളില്‍ നല്ലതല്ല. ഇവ ആമാശയത്തിലെ അമ്ലത കൂട്ടുമെന്നതിനാല്‍ മാനസിക പിരിമുറുക്കം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കോളകള്‍, ചിപ്‌സ്, ബര്‍ഗര്‍, ചോക്‌ലേറ്റ് എന്നിവ കഴിവതും ഒഴിവാക്കണം. മീനും ഇറച്ചിയും തൈരുമൊക്കെ കുറച്ച് ആവാം. ഉറക്കം വരാതിരിക്കുവാനായി കുട്ടികള്‍ക്ക് മറ്റ് മരുന്നുകളൊന്നും വാങ്ങിക്കൊടുക്കരുത്.

വിശപ്പ് മാറ്റിയശേഷം പഠനം

വിശന്ന വയറുമായി പഠിക്കാനിരിക്കുന്നത് പഠനത്തെ ബാധിക്കും. അതുകൊണ്ട് വിശപ്പ് മാറ്റാനുള്ള അത്രയും ആഹാരം മാത്രം കുട്ടിക്ക് നല്‍കുക. ഭക്ഷണം കൃത്യമായ ഇടവേളകളിലാവുകയും വേണം. മിതമായി മാത്രമേ കഴിക്കാവു എന്നു മറന്നുപോവുകയുമരുത്.

ഉറക്കം വരാതിരിക്കുവാന്‍ വേണ്ടി ഇടയ്ക്കിടെ കാപ്പിയും ചായയും കുട്ടികള്‍ക്ക് കുടിക്കാന്‍ കൊടുക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. തല്ക്കാലമുള്ള ആശ്വാസമാണ് അതില്‍ നിന്നും ലഭിക്കുക.

നാം കഴിക്കുന്ന ആഹാരം നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നു. അതുകൊണ്ടാണ് പരീക്ഷക്കാലങ്ങളിലെ ഭക്ഷണ രീതികള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു പറയുന്നത്.

പരീക്ഷക്കാലത്ത് നന്നായി പഠിക്കുവാനും പരീക്ഷയെഴുതുവാനും പോഷകസമൃദ്ധമായ ആഹാരം കുട്ടികള്‍ കഴിക്കണം. അതുകൊണ്ട് കുട്ടികള്‍ക്കായി എളുപ്പം തയാറാക്കാവുന്ന ഒരു പാചകവിധി.

ബനാന റാഗി അവലോസ് അപ്പം

അരിപ്പൊടി - 15 ഗ്രാം 

റാഗിപ്പൊടി - 15 ഗ്രാം 
ബനാന - 2 എണ്ണം 
തേങ്ങ - 10 ഗ്രാം 
ജീരകം - ഒരു നുള്ള് 
ശര്‍ക്കര - 15 ഗ്രാം

തയാറാക്കുന്ന വിധം

  1. ആദ്യം റാഗിപ്പൊടി, അരിപ്പൊടി തുടങ്ങിയ ചേരുകള്‍ ചൂടാക്കുക.
  2. നേന്ത്രപ്പഴത്തിലെ കറുത്ത അരി നീക്കംചെയ്ത് മിക്‌സിയില്‍ അടിച്ചെടുക്കുക.
  3. ശര്‍ക്കര അധികം വെള്ളം ചേര്‍ക്കാതെ പാനിയാക്കുക. അതിലേക്ക് പൊടിയും ജീരകവും ഇടുക. അതിനു ശേഷം മിക്‌സിയില്‍ അടിച്ചെടുത്ത നേന്ത്രപ്പഴച്ചാറ് പൊടിയു

മായി കലര്‍ത്തി മിക്‌സ് ചെയ്ത് കുഴമ്പുപോലെയാക്കി അപ്പത്തിന്റെ ആകൃതിയിലെടുക്കുക.

ഇരുമ്പ്, കാല്‍സ്യം എന്നിവ ധാരാളമടങ്ങിയിട്ടുള്ളതാണ് റാഗി. അരിയില്‍ വേണ്ടത്ര കാര്‍ബോഹൈഡ്രേറ്റ് ഉണ്ട്. അതുപോലെ ആവശ്യമുള്ള കാര്‍ബോഹൈഡ്രേറ്റ് റാഗി 
യിലും ഉണ്ട്. അതുകൊണ്ടുതന്നെ കുട്ടികള്‍ക്ക് ശരീരത്തിന് നല്ല ശക്തി ലഭിക്കാനും, ക്ഷീണമകറ്റാനും ഊര്‍ജം നല്‍കാനും സാധിക്കുന്നു.

കടപ്പാട്:
മേഘ അരുണ്‍
ഡയറ്റീഷന്‍, കൊച്ചി

പ്രമേഹ നിയന്ത്രണം പ്രകൃതി ജീവനത്തില്‍

അമിതദാഹം, അടിക്കടി മൂത്രമൊഴിക്കണമെന്ന തോന്നല്‍, കൈകാലുകള്‍ക്ക് പുകച്ചില്‍, വ്രണങ്ങള്‍ സുഖപ്പെടാന്‍ താമസം, ലൈംഗികാവയവങ്ങളില്‍ പൂപ്പല്‍, വ്രണങ്ങള്‍, വായില്‍ അടിക്കടി വ്രണങ്ങള്‍, ശരീരം ക്ഷീണിക്കുക, കാഴ്ചകുറയുക, തലമുടി കനം കുറയുക, നഖങ്ങളുടെ കട്ടികുറഞ്ഞ് പൊട്ടുക, ഉറക്കം തൂങ്ങുക, മൂത്രം പതയുക, മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പ് വരിക, മൂത്രത്തിന് കട്ടി കൂടുക, മലബന്ധം ഇങ്ങനെ ധാരാളം ലക്ഷണങ്ങള്‍ പ്രമേഹം തിരിച്ചറിയാന്‍ സഹായിക്കും.

പ്രിഡയബെറ്റിക്, ബോര്‍ഡര്‍ ലെവല്‍ ഡയബറ്റിക് എന്നൊക്കെ പറഞ്ഞ് പ്രമേഹം ഇല്ലെന്നു സ്വയം ബോധ്യപ്പെടുത്താന്‍ പാടുപെടുന്നവരാണ് പലരും. മരുന്നുകളുടെ സഹായമില്ലാതെ ചിട്ടയായ ജീവിതക്രമത്തിലൂടെ ഈ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ പ്രകൃതിചികിത്സ പ്രയോജനപ്പെടുന്നു.

എന്താണ് പ്രമേഹം

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവുകൂടുന്ന അവസ്ഥയാണ് പ്രമേഹം. 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 80 മുതല്‍ 120 മില്ലിഗ്രാം ഗ്ലൂക്കോസ് ആണ് സ്വാഭാവികമായി കാണുന്നത്. ഇതില്‍ കൂടുമ്പോള്‍ പ്രമേഹ രോഗമാകുന്നു.

പ്രമേഹം ഏതെല്ലാം

ടൈപ്പ് -1 : ഇന്‍സുലിന്‍ വെളിയില്‍നിന്നു നല്‌കേണ്ടി വരുന്ന അവസ്ഥ.

ടൈപ്പ് - 2 : ഇന്‍സുലിന്‍ ഉല്പാദനം ഉണ്ട്. പക്ഷേ മതിയാകാതെ വരുന്നു. 
ജെന്റ് സ്‌റ്റേഷണല്‍ : ഗര്‍ഭിണികളില്‍ കണ്ടുവരുന്ന പ്രമേഹം. പ്രസവശേഷം പലരിലും അപ്രത്യക്ഷമാകുന്നു.

മോഡി : യുവാക്കളില്‍ പെട്ടെന്നു പിടിപെടുന്നത്. കൂടാതെ പാന്‍ക്രിയാസിനു പഴുപ്പു ബാധിക്കുന്നതുമൂലം ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാന്‍ കഴിയാതെവരിക, പാന്‍ക്രിയാസില്‍ കല്ലുണ്ടായി ഇന്‍സുലിന്‍ രക്തത്തിലേക്കെത്തിക്കുന്ന കുഴല്‍ അടഞ്ഞുപോവുക, പാന്‍ക്രിയാസ് നീക്കിയശേഷമുണ്ടാകുന്ന പ്രമേഹം. പ്രമേഹത്തിന് പൊതുവായി ഒരു കാരണമേയുള്ളൂ. ഇന്‍സുലിന്‍ ഉല്പാദനം കുറയ്ക്കുക അല്ലെങ്കില്‍ ഒട്ടും തന്നെ ഇല്ലാതാവുക.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍

അമിതദാഹം, അടിക്കടി മൂത്രമൊഴിക്കണമെന്ന തോന്നല്‍, കൈകാലുകള്‍ക്ക് പുകച്ചില്‍, വൃണങ്ങള്‍ സുഖപ്പെടാന്‍ താമസം, ലൈംഗികാവയവങ്ങളില്‍ പൂപ്പല്‍, വ്രണങ്ങള്‍, വായില്‍ അടിക്കടി വൃണങ്ങള്‍, ശരീരം ക്ഷീണിക്കുക, കാഴ്ചകുറയുക, തലമുടി കനം കുറയുക, നഖങ്ങളുടെ കട്ടികുറഞ്ഞ് പൊട്ടുക, ഉറക്കം തൂങ്ങുക, മൂത്രം പതയുക, മൂത്രമൊഴിക്കുന്നിടത്ത് ഉറുമ്പ് വരിക, മൂത്രത്തിന് കട്ടി കൂടുക, മലബന്ധം ഇങ്ങനെ ധാരാളം ലക്ഷണങ്ങള്‍ പ്രമേഹം തിരിച്ചറിയാന്‍ സഹായിക്കും.

ഗ്ലൂക്കോസ് രക്തത്തില്‍

കാര്‍ബോഹൈഡ്രേറ്റ് ദഹനവിധേയമാക്കി ഗ്ലൂക്കോസ് ഉല്പാദിപ്പിക്കുന്നു. മനുഷ്യന്റെ അടിസ്ഥാന ഭക്ഷ്യാവശ്യത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്നത് കാര്‍ബോഹൈഡ്രേറ്റുകളാണ്.

അരി, ഗോതമ്പ്, കപ്പ, കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങ്, പഞ്ഞപ്പുല്ല്, ഓട്‌സ്, പഴങ്ങള്‍, പഞ്ചസാര, കരിമ്പ്, തേന്‍, ശര്‍ക്കര, ചക്കര ഇവയെല്ലാം തന്നെ ഗ്ലൂക്കോസ് ഉല്പാദിപ്പിക്കാന്‍ കഴിയുന്ന കാര്‍ബോഹൈഡ്രേറ്റുകളാണ്.

ശരീരത്തിന്റെ കേടുപാടുകള്‍ നീക്കുക, പുതിയ കോശങ്ങള്‍ നിര്‍മ്മിക്കുക, ശരീരത്തിന്റെ ഘടനാ ഭദ്രത നിലനിര്‍ത്തുക, ഇതിനാവശ്യമായ വസ്തുക്കള്‍ എത്തിച്ചുകൊടുക്കുക എന്നതാണ് ഭക്ഷണത്തിന്റെ ഉദേശം.

ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിനെ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്റെ സഹായത്തോടെ വിഘടിപ്പിച്ച് സൗരോര്‍ജ്ജത്തെ തിരിച്ചെടുക്കുകയും കാര്‍ബണ്‍ഡയോക്‌സൈഡും ജലവും ഉപോല്പന്നമായി ഉണ്ടാവുകയും ചെയ്യണം. ഇതിനെ ഗ്ലുക്കോസ് മെറ്റബോളിസം എന്നു പറയുന്നു.

പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനമാന്ദ്യം ബീറ്റാകോശങ്ങളുടെ ഇന്‍സുലിന്‍ ഉല്പാദനത്തെ ബാധിക്കുകയും ഉല്പാദനം കുറയുകയും ചെയ്യുന്നു. അതോടെ ഗ്ലൂക്കോസിന്റെ കോശങ്ങളിലേക്കുള്ള പ്രവേശനം തടയപ്പെടുകയും രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് 120 മില്ലിഗ്രാമിലും കൂടുന്നു.

പരിശോധനാ മാര്‍ഗങ്ങള്‍

ആധുനികശാസ്ത്രം മൂത്രപരിശോധനയിലൂടെ പ്രമേഹത്തിന്റെ തീവ്രത അറിഞ്ഞിരുന്നു. ഇന്ന് ചെറിയ വിലയ്ക്കു ലഭിക്കുന്ന ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിച്ച് ആഹാരത്തിനു മുന്‍പ്, ശേഷം എന്നിങ്ങനെ രോഗനിര്‍ണയം നടത്താം. ഏറ്റവും നല്ല ലാബറട്ടറി സ്വന്തം ശരീരം തന്നെയാണ്.

കൈകാലുകള്‍ പുകയുക, മൂത്രത്തിന്റെ കട്ടി കൂടുക, മൂത്രം നന്നായി പതയുക ഇങ്ങനെ പല ലക്ഷണങ്ങളിലൂടെ പ്രമേഹത്തെക്കുറിച്ച് ശരീരം മുന്നറിയിപ്പു നല്‍കുന്നു.

രക്തത്തില്‍ ഗ്ലൂക്കോസ് അധികമായി ഉണ്ടാക്കുന്ന ഭക്ഷണശീലം ഉപേക്ഷിക്കുകയാണ് പ്രമേഹ നിയന്ത്രണത്തിന് പ്രകൃതിജീവനത്തില്‍ നിര്‍ദേശിക്കുന്നത്.

ജലപ്രയോഗങ്ങള്‍

പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനശേഷി മെച്ചപ്പെടുത്താന്‍ പ്രകൃതിചികിത്സയില്‍ ഉപയോഗിക്കുന്ന ചിലവിധികള്‍ കാലക്രമത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം വര്‍ധിപ്പിച്ച് പ്രമേഹം പൂര്‍ണമായും സുഖപ്പെടുന്നതിന് സഹായകരമാകും.

ഹിപ്പ് ബാത്ത്

പ്രമേഹരോഗികള്‍ ഇറങ്ങിയിരിക്കാന്‍ വലിപ്പമുള്ള ഒരു പാത്രത്തില്‍ നിറച്ച് വെള്ളമെടുത്ത് കാലുകള്‍ വെളിയിലിട്ട് അതിലിറങ്ങിയിരിക്കുക. 20 മിനിട്ടിനുശേഷം തല പച്ചവെള്ളത്തില്‍ കഴുകുക.

അബ്‌ഡോമിന്‍ വെറ്റ്പായ്ക്ക്

ഹിപ്പ് ബാത്ത് സാധ്യമാകാത്തവര്‍ക്ക് ഈറന്‍മുണ്ട് നീളത്തില്‍ നാലായി മടക്കി വയറ്റത്തു ചുറ്റികെട്ടുന്നതും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ സഹായിക്കും. ശരീരത്തിന്റെ ചൂടുകൊണ്ട് തുണിയുണങ്ങുന്നതാണ് കണക്ക്. ഉദ്ദേശം 45 മിനിട്ട്.

കടപ്പാട്:
ഡോ. എം. എസ്. വിശ്വംഭരന്‍
ചീഫ് ഫിസിഷന്‍
അമൃതം പ്രകൃതി ജീവനകേന്ദ്രം, വാഴൂര്‍

സ്ത്രീ രോഗങ്ങള്‍ക്ക് ഹോമിയോപ്പതി

സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന അശ്രദ്ധയാണ് പല രോഗങ്ങള്‍ക്കും കാരണം.

ലോകമെത്ര പുരോഗമിച്ചാലും വൈദ്യശാസ്ത്രം എത്ര മാറിയാലും സ്ത്രീകളുടെ ബുദ്ധിമുട്ടുകളും അസുഖങ്ങളും എന്നും അങ്ങനെ തന്നെ തുടരും. കൂലിവേല ചെയ്യുന്നവര്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന ജോലി ചെയ്യുന്ന സ്ത്രീകളില്‍ വരെ ഈ അസുഖങ്ങള്‍ക്കൊന്നും ഒരു മാറ്റവുമില്ല.

സ്വന്തം ആരോഗ്യകാര്യങ്ങളില്‍ സ്ത്രീകള്‍ കാണിക്കുന്ന അശ്രദ്ധയും ഈ രോഗങ്ങള്‍ക്ക് ഒരു പ്രധാന കാരണമാണ്. സാധാരണയായി സ്ത്രീകളില്‍ കണ്ടുവരുന്ന പ്രധാനപ്പെട്ട അസുഖങ്ങള്‍ ഇവയാണ്.

ആര്‍ത്തവവേദന

ആര്‍ത്തവ സമയത്ത് ആര്‍ത്തവം തടുങ്ങുന്നതിന് മുമ്പോ ആ ദിവസങ്ങളിലോ അടിവയറ്റിലും ഇടുപ്പിലും ഉണ്ടാകുന്ന ശക്തമായ വേദനയാണ് ഇത്. ഈ വേദന ചിലപ്പോള്‍ നടുവിലേക്കും തുടകളിലേക്കും പടര്‍ന്നേക്കും.

ഏതു പ്രായത്തിലുള്ള സ്ത്രീകളിലും ഇതു കണ്ടേക്കാമെങ്കിലും കൗമാരക്കാരായ പെണ്‍കുട്ടികില്‍ ഇതു കൂടുതല്‍ കാണപ്പെടുന്നു. 13 - 19 വയസു വരെയാണ് കൗമാരക്കാലം.

സ്വഭാവ രീതിയിലുള്ള മാറ്റങ്ങള്‍, ആഹാര രീതിയിലും ശീലങ്ങളിലും ഉള്ള വ്യതിയാനങ്ങള്‍, വിളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ ഈ പ്രായത്തില്‍ കാണപ്പെടുന്നു.

വേദനാജനകമായ ഈ അവസ്ഥ മിക്കവരിലും പ്രസവത്തോടെ അപ്രത്യക്ഷമാകുന്നു. എങ്കിലും 30 - 45 വയസില്‍ ചില സ്ത്രീകില്‍ ഈ അവസ്ഥ പിന്നെയും കണ്ടേക്കാം.

ചില ഗര്‍ഭാശയ രോഗങ്ങളുടെ ലക്ഷണമാകാമിത്. ഗര്‍ഭാശയ മുഴകള്‍, സിസ്റ്റുകള്‍, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ആദ്യ ലക്ഷണം ആര്‍ത്തവ സമയത്തുള്ള അതിശക്തമായ വേദനയും അമിത രക്തസ്രാവവുമാണ്.

ഗര്‍ഭാശയ മുഴകള്‍

ആര്‍ത്തവാരംഭം മുതല്‍ അവസാനം വരെ ഉണ്ടായേക്കാവുന്ന രോഗമാണ് ഗര്‍ഭാശയത്തിലെ മുഴകള്‍. ഗര്‍ഭാശയത്തിനുള്ളിലോ പുറത്തോ ഇത് ഉണ്ടാകാം.

ആര്‍ത്തവ സമയത്ത് അമിതമായി രക്തം പോവുക, സഹിക്കാനാവാത്ത അടിവയര്‍ വേദന, നടുവേദന, ആര്‍ത്തവ സമയത്തും അല്ലാതെയുമുള്ള രക്തസ്രാവം ഇവയൊക്കെയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലത്. മൂത്രം പോകാതിരിക്കുകയോ കൂടുതല്‍ തവണ പോവുകയോ ചെയ്‌തേക്കാം

ഓവേറിയന്‍ സിസ്റ്റ്

അണ്ഡാശയങ്ങളില്‍ കാണപ്പെടുന്ന ചെറിയ കുമിളകള്‍ പോലെയുള്ളതാണ് സിസ്റ്റുകള്‍. ഇത് ഒന്നോ അതിലധികയോ കാണപ്പെടാം. പെട്ടെന്നുണ്ടാകുന്ന അതികഠിനമായ അടിവയര്‍ വേദന, വേദന നിറഞ്ഞ ലൈംഗിക ബന്ധം, ആര്‍ത്തവ തകരാറുകള്‍, അമിത രോമവളര്‍ച്ച എന്നിവയൊക്കെ ഈ അസുഖത്തിന്റെ ലക്ഷണങ്ങളാണ്.

മലബന്ധം, കൂടുതല്‍ മൂത്രം പോവുക, വന്ധ്യത എന്നിവ ഈ അസുഖങ്ങളുടെ തുടര്‍ച്ചയാണ്. ശരിയായരീതിയിലുള്ള ചികിത്സ കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ കാന്‍സറിനു കാരണമായേക്കാം.

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയത്തിലോ മൂത്രനാളികളിലോ കാണപ്പെടുന്ന അണുബാധയാണ് ഇതിനു കാരണം. വളരെനേരം മൂത്രം പിടിച്ചുനിര്‍ത്തുന്നതും വൃത്തിയില്ലായ്മയും ആവശ്യമായ അളവില്‍ വെള്ളം കുടിക്കാതിരിക്കുന്നതുമൊക്കെ ഈ രോഗങ്ങള്‍ക്ക് കാരണമാണ്.

ശക്തമായ വയര്‍വേദന, പനി, വിറയല്‍, മൂത്രം ഒഴിക്കുമ്പോള്‍ ഉണ്ടാകുന്ന പുകച്ചില്‍ എന്നിവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ചിലരില്‍ നിയന്ത്രണമില്ലാതെ മൂത്രം പോയേക്കാം. മറ്റു ചിലരില്‍ മൂത്ര തടസവും.

ആര്‍ത്തവം നിലയ്ക്കുക

45 - 55 വയസിനിടയ്ക്കാണ് സാധാരണ ആര്‍ത്തവം നിലയ്ക്കുന്നത്. തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആര്‍ത്തവം ഉണ്ടാകാതിരുന്നാല്‍ ആര്‍ത്തവം നിലച്ചു എന്ന് മനസിലാക്കാം. ചിലപ്പോള്‍ ഇടയ്ക്ക് തുള്ളിയായോ രക്തസ്രാവമായോ കാണപ്പെട്ടേക്കാം.

ആര്‍ത്തവ സമയങ്ങളിലോ അല്ലാതെയാ കാണപ്പെടുന്ന അമിത രക്തസ്രാവം, വേദന നിറഞ്ഞ ലൈംഗിക ബന്ധം, തളര്‍ച്ച, കാലുകളില്‍ നീരും വേദനയും കാണപ്പെടുക, അമിതമായ ഉഷ്ണം, പുകച്ചില്‍, വയറ്റിലുണ്ടാകുന്ന എരിച്ചില്‍, മലബന്ധം തുടങ്ങിയവയൊക്കെ ആര്‍ത്തവം നിലയ്ക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

ഈ അസുഖങ്ങള്‍ക്കെല്ലാം ഹോമിയോപ്പതിയില്‍ ഫലപ്രദമാ യ ചികിത്സ ലഭ്യമാണ്. പള്‍സാറ്റില, നാട്രംമൂര്‍, പ്ലാറ്റിനാ, സെപ്പിയ ലാക്കസിസ്, മാഗ്‌ഫോസ് തുടങ്ങിയവ ഇതിനായുള്ള ചില മരുന്നുകളാണ്. വിദഗ്ധനായ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ഈ മരുന്നുകള്‍ കഴിച്ചാല്‍ ശസ്ത്രക്രിയ കൂടാതെ പല അസുഖങ്ങളില്‍ നിന്നും പൂര്‍ണമായും രക്ഷനേടാം.

ഡോ. എസ്. ശ്രീകുമാരി
ആദിത്യ ഹോമിയോ
മെഡിക്കല്‍ സെന്റര്‍, കോതനല്ലൂര്‍, കോട്ടയം

പ്രമേഹ ബാധിതരില്‍ ക്ഷയരോഗത്തിനു സാധ്യത

ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാവല്‍ പടയാളികളാണ് വെളുത്ത രക്താണുക്കള്‍. പ്രമേഹബാധിതരില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിക്കാനിടയുണ്ട്.

ജീവിതശൈലി രോഗങ്ങളുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനത്താണ് പ്രമേഹം. പ്രമേഹം ശരീരത്തിന്റെ ഒരു ഗ്രന ്ഥിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. ഹൃദയം, വൃക്കകള്‍, കണ്ണ്, നാഡീഞരമ്പുകള്‍ തുടങ്ങി അടിമുടി എല്ലാ കോശസമൂഹങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.

പ്രമേഹബാധിതരില്‍ സൂക്ഷ്മാണുജന്യ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. നമുക്കിടയില്‍ സാധാരണ കണ്ടുവരുന്ന ക്ഷയരോഗത്തിന്റെ കഥയും ഇതു തന്നെ. ഇതൊരു പുതിയ അറിവല്ല.

ഭാരതീയ വൈദ്യശാസ്ത്ര കുലപതി സുശ്രുതനും അറബ് വൈദ്യശാസ്ത്ര പ്രതിഭ അവിസെന്നയും പ്രമേഹവും ക്ഷയരോഗവും തമ്മിലുള്ള സാഹോദര്യബന്ധം നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ കണ്ടെത്തിയിരുന്നു. രണ്ടു രോഗാവസ്ഥകള്‍ ഒന്നിച്ചുവരുന്നത് കൂടുതല്‍ അപകടകരമാണ് എന്നതില്‍ സംശയമില്ല.

പ്രമേഹ ബാധിതര്‍ക്ക് ക്ഷയംമൈക്കോ ബാക്ടീരിയം ട്യൂബര്‍കുലോസിസ് എന്ന സൂക്ഷ്മാണുവാണ് ക്ഷയരോഗത്തിന് കാരണം. വായുവില്‍ കൂടിയാണ് രോഗാണു ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

നമ്മുടെ നാട്ടില്‍ ഈ രോഗം വളരെ കൂടുതലായി കാണപ്പെടുന്നതുകൊണ്ട് രോഗാണു വ്യാപനം വളരെ എളുപ്പമാണ്. എന്നാല്‍ രോഗാണു ശരീരത്തില്‍ എത്തിയതു കൊണ്ടു മാത്രം ആരും രോഗിയാവുന്നില്ല.

ക്ഷയരോഗാണുക്കള്‍ക്ക് ശരീരത്തില്‍ സജീവമല്ലാതെ കഴിയാന്‍ പ്രത്യേക കഴിവുണ്ട്. നമ്മുടെ ജനസംഖ്യയുടെ 40 - 50 ശതമാനം പേരിലും ഇങ്ങനെ ഉറങ്ങിക്കിടക്കുന്ന ക്ഷയരോഗാണുക്കള്‍ ഉണ്ട്. ഇതില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്കു മാത്രമേ രോഗം പിടിപെടുന്നുള്ളു.

സുസജ്ജമായ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന്റെ ശക്തിയാണ് ഇതു കാണിക്കുന്നത്. എന്നാല്‍ പ്രതിരോധ ശക്തി കുറയുന്ന സാഹചര്യത്തില്‍ ഈ അണുക്കള്‍ പതുക്കെ ശരീരത്തെ കീഴ്‌പ്പെടുത്തുന്നു. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അക്കൂട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

ശരീരത്തെ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്ന കാവല്‍ പടയാളികളാണ് വെളുത്ത രക്താണുക്കള്‍. പ്രമേഹബാധിതരില്‍ ഇവയുടെ പ്രവര്‍ത്തനത്തിന് തകരാര്‍ സംഭവിക്കാനിടയുണ്ട്. ചില പ്രോട്ടീനുകളുടെയും കോശഘടകങ്ങളുടെയും അഭാവം, പ്രവര്‍ത്തനക്കുറവ് തുടങ്ങിയവയും പ്രമേഹമുള്ളവരില്‍ കണ്ടുവരാറുണ്ട്.

ഇതെല്ലാം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറച്ച് അണുബാധയ്ക്കിടയാക്കുന്നു. ക്ഷയരോഗം മിക്കപ്പോഴും ശ്വാസകോശങ്ങളെയാണ് ബാധിക്കാറ്. പ്രത്യേകിച്ച് ശ്വാസകോശങ്ങളുടെ മുകള്‍ ഭാഗത്തെ. പ്രമേഹബാധിതരില്‍ ശ്വാസകോശങ്ങളുടെ അടിഭാഗങ്ങളിലും ശ്വാസകോശത്തിനു പുറത്തും ക്ഷയരോഗ ബാധ കൂടുതലായി കണ്ടുവരാറുണ്ട്.

എന്തുകൊണ്ട് പ്രമേഹം ക്ഷയരോഗികളില്‍

ക്ഷയരോഗികള്‍ക്ക് പ്രമേഹത്തിനുള്ള സാധ്യത കൂടുതലാണോ? ഈ ചോദ്യത്തിന് വളരെ കൃത്യമായ ഒരുത്തരം നല്‍കുക ബുദ്ധിമുട്ടാണ്. എന്നാല്‍ഗ്ലക്കോസിന്റെ അപചയത്തിനുണ്ടാകുന്ന വൈകല്യങ്ങള്‍ ക്ഷയരോഗികളില്‍ കൂടുതലാണ്.

ഇത് ക്ഷയരോഗത്തിനു മുന്നോടിയായി വര്‍ത്തിക്കാം. നിരവധി പഠനങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഏതൊരസുഖവും ശരീരത്തെ സമ്മര്‍ദത്തിലാഴ്ത്തും.

ക്ഷയരോഗ ബാധിതരിലുണ്ടാകുന്ന ഇത്തരം സമ്മര്‍ദം അഥവാ പിരിമുറുക്കം പ്രമേഹം പോലുള്ള രോഗാവസ്ഥകള്‍ക്ക് കാരണമായേക്കാം. ഇതിനു പുറമേ ക്ഷയരോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന റിഫാംപിസിന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകാറുണ്ട്. ഇത് പ്രമേഹ നിയന്ത്രണത്തിന്റെ താളം തെറ്റിക്കാനിടയുണ്ട്.

രോഗനിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍

ശരീരത്തിനുണ്ടാകുന്ന ഭാരക്കുറവ്, വിശപ്പില്ലായ്മ, ശരീരക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ രണ്ടു രോഗാവസ്ഥകളിലും കണ്ടുവരാറുണ്ട്. ഇതു പലപ്പോഴും ഏതൊരസുഖമാണോ ആദ്യമുണ്ടായത്, അതിന്റെ ലക്ഷണങ്ങള്‍ മാത്രമായി കരുതുപ്പെടാന്‍ സാധ്യത ഏറെയാണ്.

രണ്ടാമതുണ്ടായ അസുഖം കണ്ടുപിടിക്കുന്നതു വൈകാന്‍ കാരണമാവുകയും ചെയ്യാം. പ്രമേഹമോ ക്ഷയമോ ബാധിച്ചവരില്‍ ഇത്തരം രോഗ ലക്ഷണങ്ങളെയും ശാരീരികാസ്വസ്ഥകളെയും ഗൗരവത്തോടെ കാണുകയും വേണ്ട പരിശോധനകള്‍ താമസം കൂടാതെ നടത്തുകയും ചെയ്യണം.

ചികിത്സകള്‍ എങ്ങനെയെല്ലാം


ചികിത്സയും നിയന്ത്രണവും വഴി നിയന്ത്രണ വിധേയമാക്കാന്‍ കഴിയുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം. രക്തത്തിലെ ൂക്കോസിന്റെ അളവ് ക്രമീകരിച്ചു നിര്‍ത്തുക വഴി രോഗസങ്കീര്‍ണതകളും ഒരു പരിധിവരെ ഒഴിവാക്കാം.

നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം ഉള്ളവരിലാണ് ക്ഷയരോഗം കൂടുതലായി കണ്ടുവരുന്നത്. ഇന്‍സുലിന്റെ കുറവു മൂലം ഉണ്ടാകുന്ന പ്രമേഹത്തിലും ഇതു കൂടുതലായി കാണാം.

എന്നാല്‍ നിയന്ത്രണവിധേയമായ പ്രമേഹരോഗികളില്‍ ക്ഷയരോഗം മറ്റുള്ളവരുടെയിടയില്‍ കാണുന്ന തോതിലേ ഉണ്ടാവുകയുള്ളു എന്നത് പ്രമേഹ നിയന്ത്രണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാകുന്ന അസുഖമാണ് ക്ഷയം. കൃത്യമായ ഇടവേളകളിലും അളവിലും ചുരുങ്ങിയത് ആറുമാസമെങ്കിലും മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. അതിനാല്‍ മുടക്കം വരുത്തുന്നത് അപകടം ചെയ്യും.

ഈ കാലയളവില്‍ പ്രമേഹ ചികിത്സയ്ക്ക് ഇന്‍സുലിന്‍ ഉപയോഗിക്കുന്നതാണ് നല്ലത്. എന്നാല്‍ അത്ര തീവ്രമല്ലാത്ത പ്രമേഹ ബാധിതതരില്‍ ഗുളികകളും ഉപയോഗിക്കവുന്നതേയുള്ളു. പ്രമേഹരോഗികളില്‍ പലരും സ്വയം ചികിത്സ അവലംബിക്കാറുണ്ട്.

ഒട്ടും ആശ്വാസ്യമല്ലാത്ത ഒരു പ്രവണതയാണിത്. പ്രത്യേകിച്ച് ക്ഷയരോഗം പോലുള്ള അസുഖങ്ങള്‍ ഉള്ളവരില്‍. കൃത്യമായ ഇടവേളകളില്‍ രക്ത പരിശോധന നടത്തേണ്ടതും വിദഗ്ധ പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യേണ്ടത് ചികിത്സാ വിജയത്തിന് അത്യന്താപേക്ഷിതമാണ്.

പ്രമേഹം ഉള്ളവരിലും ക്ഷയരോഗ ചികിത്സ പൂര്‍ണവിജയം കൈവരിക്കും. എന്നാല്‍ മരുന്നു ഫലിക്കാത്ത ക്ഷയരോഗം വരാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. അതുകൊണ്ടു തന്നെ ചികിത്സാ കാലയളവില്‍ കൂടുതല്‍ ശ്രദ്ധയും മേല്‍നോട്ടവും ആവശ്യമായി വരും.

കടപ്പാട്:
ഡോ. പി.എസ്. ഷാജഹാന്‍

ആരോഗ്യ ജീവിതത്തിലേക്ക് 25 വഴികള്‍

പുതുവര്‍ഷ ആഘോഷങ്ങള്‍ കഴിയുന്നു. വ്യത്യസ്തമായൊരു ആരോഗ്യജീവിതത്തിന് തുടക്കം കുറിക്കാന്‍ അനുയോജ്യമായ സമയം. ആരോഗ്യജീവിതത്തിലേക്ക് 25 വഴികള്‍.

എല്ലാ വര്‍ഷവും നടത്തി വരാറുള്ള 'ജനുവരി ഒന്നു മുതല്‍ നന്നാവാം' എന്ന തീരുമാനം ഈ വര്‍ഷവും എടുത്ത വിവരം എല്ലാ സുഹൃത്തുക്കളെയും അറിയിക്കുന്നു.' വാട്‌സ് ആപ്പില്‍ പുതുവര്‍ഷ തീരുമാനം അറിയിച്ചുകൊണ്ടുള്ള സന്ദേശം ഇപ്പോഴും നിറയുന്നു.

പതിവ് പോലെ പുതിയൊരു കലണ്ടര്‍ കൂടി എത്തിക്കഴിഞ്ഞു. പുതുവര്‍ഷത്തേക്കുള്ള പുതിയ പ്രതിജ്ഞകള്‍ ഇതിനോടകം പലരും എടുത്തിട്ടുണ്ടാകും. പക്ഷേ ആ തീരുമാനങ്ങള്‍ വര്‍ഷാവസാനം വരെ പാലിക്കുന്നവര്‍ വളരെ ചുരുക്കമാണ് എന്നുമാത്രം.

വെറുതെ കുറെ തീരുമാനങ്ങള്‍ എടുത്തിട്ട് എന്ത് കാര്യം? പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ഒരു മാറ്റമാകാം. പാലിക്കാന്‍ കഴിയുന്ന തീരുമാനങ്ങള്‍ മാത്രം തിരഞ്ഞെടുക്കാം.

ഈ പുതുവര്‍ഷത്തില്‍ ജീവിതം കൂടുതല്‍ സന്തോഷകരമാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാം. മാറ്റത്തിന്റെ ദിനങ്ങള്‍ കിടക്ക വിട്ട് എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തുടങ്ങാം.

പുഞ്ചിരിയോടെ തുടങ്ങാം :

ഓരോ ദിവസവും ഒരു പുതിയ തുടക്കമാണ്. എല്ലാ ദിവസവും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ വിടര്‍ത്തുക. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസമായിരിക്കും എന്നു മനസില്‍ ഉറപ്പിക്കുക. കഴിഞ്ഞ ദിവസത്തെ മോശം അനുഭവങ്ങള്‍ ഉണര്‍ന്നാലുടന്‍ ചിന്തിക്കരുത്. അതേക്കുറിച്ചോര്‍ത്ത് ആകുലപ്പെടുകയും വേണ്ട. കഴിഞ്ഞ ദിവസത്തെ സങ്കടങ്ങളുടെ തുടര്‍ച്ചയല്ല ഇന്ന് എന്ന ചിന്തയോടെ പുതിയ ദിനത്തെ സ്വീകരിക്കുക.

വ്യായാമത്തിനും സമയം :

സന്തോഷത്തോടൊപ്പം നല്ല ആരോഗ്യം കൂടി സംരക്ഷിക്കാം. അതിനു വ്യായാമത്തിനായി കുറച്ച് സമയം കണ്ടെത്തണം. ഒന്നിനും സമയമില്ലെന്ന പരാതികള്‍ പുതിയ വര്‍ഷത്തില്‍ വേണ്ട. സമയം വേണ്ട രീതിയില്‍ വിനിയോഗിച്ചാല്‍ എല്ലാ ആവശ്യങ്ങള്‍ക്കും സമയം കിട്ടും. ദിവസവും അരമണിക്കൂര്‍ വ്യായാമത്തിനായി മാറ്റി വയ്ക്കാം. അരമണിക്കൂര്‍ നടക്കാനെങ്കിലും ശ്രമിക്കുക. ഇത് മനസിനും ശരീരത്തിനും ഉന്മേഷം നല്‍കും.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്:

ഇനി സമയമില്ല, ഭക്ഷണം വേണ്ട. രാവിലെ ഭക്ഷണം കഴിക്കാന്‍ പറയുമ്പോള്‍ പലരുടെയും മറുപടി ഇതാണ്. ഭക്ഷണം കഴിക്കണമല്ലോ എന്നു കരുതി ആഹാരത്തിനു മുന്നില്‍ ഇരിക്കുന്നവരുണ്ട്. ധൃതി വച്ച് വാരി വലിച്ച് കഴിക്കുന്ന ശീലം വേണ്ടേ വേണ്ട. ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ തീരുമാനിക്കുക. അതിനായി സമയം കണ്ടെത്തുക. കഴിക്കുമ്പോള്‍ മറ്റു ടെന്‍ഷനുകള്‍ ഒഴിവാക്കുക. ഭക്ഷണസമയം റിലാക്‌സ് ചെയ്യാനുള്ള നേരമാക്കി മാറ്റുക.

പുതിയ സൗഹൃദങ്ങള്‍ കണ്ടെത്തുക:

സൗഹൃദങ്ങള്‍ എപ്പോഴും ജീവിതത്തില്‍ നല്ല നിമിഷങ്ങള്‍ നല്‍കും. പഴയ സുഹൃത്തു ക്കളുമായി ആത്മബന്ധം നിലനിര്‍ത്തുന്നതിനൊപ്പം പുതിയ ബന്ധങ്ങള്‍ നേടിയെടുക്കുന്നതിനും ശ്രമിക്കുക. പല മേഖലകളില്‍ നിന്നുളള സുഹൃത്ത് വലയങ്ങള്‍ എപ്പോഴും ജീവിതത്തില്‍ മുതല്‍ക്കൂട്ടാണ്. അവരുടെ അനുഭവങ്ങളും ജീവിതവീക്ഷണങ്ങളും എപ്പോഴെങ്കിലും ജീവിതത്തില്‍ പ്രയോജനപ്പെടാം.

സൗഹൃദങ്ങള്‍ നിലനിര്‍ത്തുക :

പിണക്കങ്ങളും ഇണക്കങ്ങളും എല്ലാ സൗഹൃദങ്ങളിലും പതിവാണ്. സൗഹൃദത്തിന്റെ ആഴം മനസിലാക്കി പെരുമാറുക. ആഴ്ചയില്‍ ഒന്നെങ്കിലും സുഹൃത്തുക്കളുമായി ഒത്തുചേരാം. ഫോണിലൂടെയോ സമൂഹ മാധ്യമങ്ങളിലൂടെയോ സൗഹൃദം നിലനിര്‍ത്തുക.

എല്ലാവരെയും സ്‌നേഹിക്കാം:

പതിഫലം ആഗ്രഹിക്കാതെ എല്ലാവരെയും സ്‌നേഹിക്കുവാനും കരുതുവാനും ശ്രമിക്കുക. മറ്റുള്ളവരെ സഹായിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തി സ്വയം ഉണ്ടാകും.

നല്ല കേള്‍വിക്കാരാകുക:

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ നേടിയെടുക്കുക. മറ്റുള്ളവരുടെ പ്രശ്‌നങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുമ്പോള്‍ അത് ശ്രദ്ധയോടെ കേള്‍ക്കുക. നിര്‍ദേശങ്ങള്‍ ആവശ്യമായി വന്നാല്‍ അതവര്‍ക്ക് നല്‍കുക. കേള്‍ക്കാന്‍ താല്‍പര്യമില്ലാത്ത പോലെ പെരുമാറാതിരിക്കുക. നിങ്ങളോട് സംസാരിക്കുമ്പോള്‍ അവരുടെ മനസ് ശാന്തമാകുമെന്നു ഓര്‍ക്കുക. നിങ്ങളിലുള്ള വിശ്വാസവും നിങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയുമാണ് അവര്‍ സന്തോഷമോ സങ്കടമോ പങ്കിടാന്‍ നിങ്ങളെ തിരഞ്ഞെടുത്തതെന്ന കാര്യം മറക്കരുത്.

എല്ലാ കാര്യത്തിലും ചിട്ട വേണം:

ഓഫീസിലെത്തിയാല്‍ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്തു തീര്‍ക്കുക. ചെയ്യുന്ന ജോലിയിലും ഈ ചിട്ട പിന്തുടരാനാകും. ഓരോ ദിവസവും ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം. ചെയ്തു തീര്‍ക്കുമെന്നു മനസിലുറപ്പിച്ച കാര്യങ്ങള്‍ സമയബന്ധിതമായി തന്നെ പൂര്‍ത്തീകരിക്കുക.

ജോലിയോട് ആത്മാര്‍ഥത പുലര്‍ത്തുക:

ഏത് കാര്യവും ആസ്വദിച്ച് ചെയ്താല്‍ ചെയ്യുന്ന ജോലിയോടു താല്‍പര്യമുണ്ടാകും. അതുകൊണ്ട് ജോലിയോട് അങ്ങേയറ്റം നീതി പുലര്‍ത്തുക. മറ്റുള്ളവര്‍ എന്തു ചെയ്യുന്നുവെന്നു ശ്രദ്ധിക്കാതെ സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കുക.

ക്ഷമ ചോദിക്കാന്‍ മടിക്കണ്ട:

തെറ്റ് സംഭവിച്ചാല്‍ അത് ഉള്‍ക്കൊണ്ട് ക്ഷമ പറയാന്‍ മടിക്കേണ്ടതില്ല. തെറ്റ് സ്വയം തിരിച്ചറിഞ്ഞ് തിരുത്തുന്നത് ഒരിക്കലുമൊരു കുറവായി കാണേണ്ട. തെറ്റ് ഏറ്റുപറയുമ്പോള്‍ മറ്റുള്ളവരുടെ ഇടയില്‍ നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കൂടുകയേയുള്ളൂ.

വലിയ സ്വപ്നങ്ങള്‍ കാണുക:

ജീവിതത്തില്‍ നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന വലിയ ലക്ഷ്യങ്ങളെക്കുറിച്ച് മനസില്‍ കാണുക. ആ ലക്ഷ്യങ്ങള്‍ നേടാനായി പരിശ്രമിക്കുക. ഒരിക്കല്‍ പരാജയപ്പെട്ടാലുടന്‍ ലക്ഷ്യങ്ങളില്‍നിന്നും ഒളിച്ചോടരുത്. പരാജയപ്പെടുമോ എന്ന ഭയം മനസില്‍നിന്ന് ഒഴിവാക്കുക. നിരന്തരപരിശ്രമത്തിലൂടെ ലക്ഷ്യപ്രാപ്തിയില്‍ എത്തിച്ചേരുക.

തോല്‍വി പാഠമാക്കുക:

ജോലിയിലും ബിസിനസിലും ഉണ്ടാകുന്ന തോല്‍വി സാധാരണമാണ്. തോല്‍വിയില്‍ തളര്‍ന്നിരുന്നാല്‍ ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കില്ല. 
പരാജയങ്ങള്‍ നല്‍കിയ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് വിജയങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുക.

മറ്റുള്ളവരെ അഭിനന്ദിക്കുക:

അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. തിരിച്ച് മറ്റുള്ളവരെ അഭിനന്ദിക്കാന്‍ അല്‍പം മടിയുണ്ടെന്നു മാത്രം. സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുമ്പോള്‍ നിങ്ങള്‍ അവരെ അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് സഹപ്രവര്‍ത്തകര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ ഒരു നേട്ടമുണ്ടാകുമ്പോള്‍ അവരെ അഭിനന്ദിക്കാന്‍ മടിക്കേണ്ടതില്ല. മറ്റുള്ളവരിലെ നന്മ തിരിച്ചറിഞ്ഞ്, ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് അഭിനന്ദിക്കുക. അത് അവര്‍ക്കൊരു പ്രചോദനമായിരിക്കും.

ക്രീയേറ്റീവ് ആകുക:

ജോലിയിലും ജീവിതത്തിലും ക്രീയേറ്റീവ് ആകാം. നിങ്ങള്‍ക്കുള്ള കഴിവുകളെ കഴിവതും പ്രയോജനപ്പെടുത്തുക. പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെ നിങ്ങളിലുള്ള സര്‍ഗാത്മകതയെ വളര്‍ത്തിയെടുക്കാനാകും. ഏത് കാര്യത്തിലും പുതുമ കണ്ടെത്തുക. അതിനു നിങ്ങള്‍ എപ്പോഴും അപ്‌ഡേറ്റഡ് ആകുക.

അല്‍പ്പനേരം ഒറ്റയ്ക്കിരിക്കാം:

ഏകാന്തതയില്‍ നിന്നാണ് മഹാന്മാര്‍ പല തത്വങ്ങളും ആശയങ്ങളും രൂപപ്പെടുത്തിയിട്ടുള്ളത്. സ്വന്തം കഴിവുകള്‍ വികസിപ്പിക്കുന്നതിനും നൂതന ആശയങ്ങള്‍ കണ്ടെത്തുന്നതിനും അല്‍പ്പസമയം ഒറ്റയ്ക്കിരുന്ന് ചിന്തിക്കാവുന്നതാണ്.

ബന്ധങ്ങള്‍ ദൃഢമാക്കുക:

പുതുവര്‍ഷത്തില്‍ ദൃഢമായ മാനസിക ബന്ധങ്ങള്‍ നിലനിര്‍ത്തുക. ആത്മാര്‍ഥതയോടെ മറ്റുള്ളവരോട് ഇടപെടുക. സുഹൃത്തുക്കളുമായി നല്ല ആത്മ ബന്ധം ഉണ്ടാക്കിയെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പണത്തേക്കാള്‍ ബന്ധങ്ങള്‍ക്ക് മൂല്യം നല്‍കുന്ന സമൂഹമായി മാറുക.

ഇന്‍ഡിപ്പന്‍ഡന്റ് ആകുക :

ചെയ്യാന്‍ കഴിയുമെന്നു ബോധ്യമുള്ള കാര്യങ്ങള്‍ സ്വയം ചെയ്യുക. മറ്റുള്ളവരെ ആശ്രയിക്കരുത്. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക.

പ്രശ്‌നങ്ങളെ നേരിടുക :

പ്രശ്‌നങ്ങളെ ധൈര്യപൂര്‍വ്വം അഭിമുഖീകരിക്കുക. എല്ലാത്തിനും പരിഹാരമുണ്ടെന്ന ശുഭാപ്തി വിശ്വാസം എപ്പോഴും ഉണ്ടാകണം.

റോള്‍ മോഡലുകള്‍ വേണം :

ജീവിതത്തില്‍ ഏതു ഘട്ടത്തിലും ഒരു റോള്‍ മോഡല്‍ ഉണ്ടാകണം. അവരുടെ നല്ല മാതൃകകള്‍ സ്വീകരിക്കുക. ഒന്നിലധികം റോള്‍ മോഡലുകള്‍ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നതും നല്ലത്. ഔദ്യോഗിക ജീവിതത്തില്‍ നിങ്ങളെ സ്വാധീനിച്ച ഒന്നിലധികം പേരുടെ നന്മകള്‍ മാത്രം നിങ്ങള്‍ തെരഞ്ഞെടുക്കുക.

വീട് ഓഫീസ് ആക്കരുത്:

ഓഫീസിലെ ടെന്‍ഷനുകള്‍ വീട്ടിലേക്ക് കൊണ്ടുവരരുത്. വീട്ടിലെത്തിയാല്‍ കുടുംബത്തിലുള്ളവരുമായി സമയം ചിലവിടുക. കുട്ടികളോടൊപ്പം അല്‍പസമയം പങ്കിടുക. ഓഫീസ് കാര്യങ്ങള്‍ വീട്ടിലിരുന്ന് ചെയ്തു തീര്‍ക്കുന്ന രീതി പരമാവധി ഒഴിവാക്കുക. വൈകുന്നേരങ്ങള്‍ കുടുംബത്തിനായി മാറ്റി വയ്ക്കാം.

സമയപരിധി നിശ്ചയിക്കാം:

വീട്ടിലെത്തിയാല്‍ എല്ലാ കാര്യങ്ങള്‍ക്കും സമയം നിശ്ചയിക്കുക. ടി.വി കാണുന്നതിനും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സമയം ചിലവിടുന്നതിനും സമയം നിശ്ചയിക്കുക. ഏതൊക്കെ പ്രോഗ്രാമുകള്‍ കാണണമെന്നു നേരത്തെ തീരുമാനിക്കുക. വീട്ടിലെത്തിയാല്‍ മുഴുവന്‍ സമയവും ടി.വി കണ്ടും ഫോണില്‍ സംസാരിച്ചും പാഴാക്കരുത്.

വിനോദങ്ങളാകാം:

വൈകുന്നേരങ്ങളില്‍ കുട്ടികളുമായി അല്‍പസമയം വിനോദങ്ങളില്‍ ഏര്‍പ്പെടുക. ഇത് മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. കുടുംബവുമായി ആഴ്ചയില്‍ ഒരിക്കല്‍ യാത്രകള്‍ പോകാം. മാസത്തില്‍ ഒന്നോ രണ്ടോ സിനിമ, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും ഒരു ചേയ്ഞ്ച് നല്‍കും.

മനസു തുറന്ന് ചിരിക്കാം:

ഒഴിവു സമയങ്ങളില്‍ കുടുംബാംഗങ്ങളുമായി ചിലവഴിക്കുക. തമാശകളുമായി വീട്ടുകാര്‍ക്കൊപ്പം സന്തോഷിക്കുക. മനസ് തുറന്ന് ചിരിക്കുക.

വേണം സേവിങ്‌സ്:

ആഘോഷങ്ങള്‍ മാത്രമല്ല, അല്‍പം സമ്പാദ്യവും ശീലമാക്കാം. ഉള്ളതില്‍ ഒരു ചെറിയ ശതമാനം സേവിങ്‌സിനായി മാറ്റി വയ്ക്കാം. ഭാവിയില്‍ ഒരു അത്യാവശ്യം വരുമ്പോള്‍ ഈ സമ്പാദ്യം നിങ്ങള്‍ക്ക് ഉപകരിക്കും.

പ്രപഞ്ചത്തിന്റെ സൗന്ദര്യം ആസ്വദിക്കുക :

പ്രകൃതിയെ സ്‌നേഹിക്കുവാനും സംരക്ഷിക്കാനും തയാറാകുക. പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്രവര്‍ത്തികള്‍ ഒഴിവാക്കുക. പ്രപഞ്ചവുമായിട്ടുള്ള അടുപ്പം കൂട്ടുക.

നീതു സാറാ ഫിലിപ്പ്

ടി.പി ജാവദ്
കണ്‍സള്‍ട്ടന്റ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍, കോഴിക്കോട്

ഗര്‍ഭകാലവും അസ്വസ്ഥതകളും

ഗര്‍ഭകാലത്ത് അസ്വസ്ഥ തകള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എങ്കിലും അവയൊന്നും നിസ്സാര മായി തള്ളിക്കളയേണ്ട കാര്യങ്ങളല്ല.

''ജന്മദിനം- ഒരു കുഞ്ഞ് കരയുന്നത് കണ്ട് അമ്മ ചിരിക്കുന്ന ഒരേയൊരു ദിവസം''- മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാമിന്റെവാക്കുകളാണിത്. അമ്മയാകുന്നതിലൂടെയാണ് സ്ത്രീജന്മം പൂര്‍ണ്ണമാകുന്നത്.

പക്ഷേ ഗര്‍ഭകാലത്തെ ശാരീരികപ്രശ്‌നങ്ങളും പ്രസവവേദനയും സ്ത്രീ തനിയെ അനുഭവിക്കേണ്ടവയാണ്. തികച്ചും സ്വാഭാവികമായ ഗര്‍ഭകാലപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും...

ഓക്കാനം- ഛര്‍ദ്ദി- തലകറക്കം

ഗര്‍ഭിണികളില്‍ സാധാരണമാണീ ലക്ഷണം. ഒന്നു മുതല്‍ നാലുമാസക്കാലത്താണ് ഇത് കൂടുതലും കാണപ്പെടുന്നത്. മിക്കവരിലും ഓക്കാനം രാവിലെയാണ്.

ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുക, രാത്രി കിടക്കുന്നതിനു മുന്‍പും രാവിലെ എഴുന്നേറ്റ ഉടനെയും അന്നജം അടങ്ങിയ ലഘുഭക്ഷണം കഴിക്കുക.

തലകറക്കമുണ്ടെങ്കില്‍ കൂടുതല്‍ നേരം നില്‍ക്കാതെ, ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്യുക. ഗര്‍ഭാവസ്ഥയുടെ അവസാനകാലങ്ങളില്‍ മലര്‍ന്നുകിടക്കുമ്പോള്‍ തലകറക്കവും കണ്ണില്‍ ഇരുട്ടുകയറലുമൊക്കെ ഉണ്ടായാല്‍ പെട്ടെന്ന് ഒരു വശം ചരിഞ്ഞുകിടക്കുക. ഇവ രണ്ടും കൂടുതലാണെങ്കില്‍ ഡോക്ടറെ കാണണം.

നെഞ്ചെരിച്ചിലുണ്ടോ ?

നെഞ്ചിന്‍കൂടിന്റെ മധ്യഭാഗത്താണ് ഗര്‍ഭകാലത്തിന്റെ അവസാന ആഴ്ചകളില്‍ നെഞ്ചെരിച്ചില്‍ വരുന്നത്. കൂടുതല്‍ നേരം കുനിഞ്ഞുനിന്ന് ജോലിചെയ്യുന്നത് ഒഴിവാക്കുക, ചെറിയ അളവില്‍ പല പ്രാവശ്യമായി ഭക്ഷണം കഴിക്കുക. വലതുവശം ചരിഞ്ഞുകിടക്കുക. തല ഉയര്‍ത്തിവച്ച് കിടക്കുക.

വ്യാക്കൂണുണ്ടോ ?

ഗര്‍ഭിണികള്‍ക്ക് ചില പ്രത്യേകതരം ഭക്ഷണങ്ങളോട് കൊതി തോന്നുന്നത് തികച്ചും സ്വാഭാവികം. ശരീരത്തിന് ഹാനികരമല്ലെങ്കില്‍ അവ കഴിക്കുക. അപൂര്‍വ്വം ചിലരില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ചില വസ്തുക്കളോടും കൊതിതോന്നും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലമുണ്ടാവുന്നതാണിത്.

മലബന്ധം ശ്രദ്ധിക്കണം

ധാരാളം വെള്ളം കുടിക്കുക, ഭക്ഷണത്തില്‍ നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉള്‍പ്പെടുത്തുക, തവിടോടുകൂടിയ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക എന്നിവയൊക്കെ മലബന്ധം മാറാന്‍ സഹായിക്കും.

രാവിലെ എഴുന്നേറ്റ ഉടനെ ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുന്നതും അല്‍പ്പം നടക്കുന്നതും ഏറെ ഗുണം ചെയ്യും. മലബന്ധം തക്കസമയത്ത് പരിഹരിച്ചില്ലെങ്കില്‍ പിന്നീടത് പ്രശ്‌നമാകും.

നടുവേദന സ്വാഭാവികം

ഗര്‍ഭകാലത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ നടുവേദന കണ്ടുവരാറുണ്ട്. ഒരുപാട് സമയം നില്‍ക്കാതിരിക്കുക, വലിയ ഹീലുള്ള ചെരിപ്പുകള്‍ ഉപയോഗിക്കാതിരിക്കുക, നില്‍ക്കുമ്പോള്‍ അല്‍പ്പം കാല്‍ അകത്തിവച്ച് നില്‍ക്കുക, വശം ചരിഞ്ഞു കിടക്കുക ഇതു കൊണ്ടൊക്കെ നടുവേദന കുറയ്ക്കാം.

കാലുകളുടെ മരവിപ്പ്

ഗര്‍ഭകാലത്തിന്റെ അവസാന മാസങ്ങളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. കാലുകള്‍ മസാജ് ചെയ്യുക, കിടക്കുമ്പോള്‍ കാലുകള്‍ തലയിണ വച്ച് ഉയര്‍ത്തിവയ്ക്കുക, കാല്‍പ്പാദങ്ങള്‍ക്ക് വ്യായാമം നല്‍കുക, ചെറിയ ചൂട് വയ്ക്കുക, കിടക്കുന്നതിനു മുന്‍പ് ചെറുചൂടുവെള്ളത്തില്‍ മേല്‍ കഴുകുക.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വിറ്റാമിന്‍ ബി. കോംപ്ലക്‌സ് ഗുളികകള്‍, കാല്‍സ്യം ഗുളികകള്‍ കഴിക്കാം.

മൂത്രശങ്ക, വെള്ളപോക്ക്

ഇതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ലെങ്കിലും മൂത്രശങ്കയോടൊപ്പം വേദനയും ചൊറിച്ചിലും പഴുപ്പും ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് പരിഹാരം തേടണം.

ചൊറിച്ചിലോ മറ്റ് അസ്വാസ്ഥ്യങ്ങളോ ഉണ്ടാക്കാത്ത വെളുത്തതോ നിറമില്ലാത്തതോ ആയ യോനീശ്രവം ഗര്‍ഭകാലത്ത് സാധാരണമാണ്. ദിവസേന മൂന്നു പ്രാവശ്യം ശുദ്ധജലത്തില്‍ കഴുകി ഗുഹ്യഭാഗങ്ങള്‍ തുടച്ചു വൃത്തിയാക്കുക, കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക.

ഗര്‍ഭകാല വ്യായാമം

ഗര്‍ഭിണിയുടെ ആരോഗ്യം വളരെ പ്രധാനമാണ്. ഗര്‍ഭകാലത്ത് വ്യായാമം ചെയ്ത് ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാം.

ഗര്‍ഭകാലത്ത് വ്യായാമം എന്നു പറയുമ്പോഴേ മടിക്കുന്നവരാണ് നമ്മള്‍ ഇന്ത്യാക്കാര്‍. മടി അല്ല, മറിച്ച് ഭയമാണ്. ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ തന്നെ സ്ഥിരം വ്യായാമങ്ങള്‍പോലും മാറ്റിവയ്ക്കുന്നവരാണ് ഭൂരിഭാഗവും.

പക്ഷേ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വ്യായാമങ്ങളില്‍ അല്പം വ്യത്യാസം വരുത്തിയാല്‍ അത് സുഖപ്രസവത്തിന് സഹായകമാകും. വ്യായാമത്തിന്റെ അളവും കാഠിന്യവും ചെയ്യുന്ന ആളിന്റെ ആരോഗ്യനില അനുസരിച്ചാവും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുക.

വ്യായാമത്തിന്റെ ഗുണങ്ങള്‍.​

  1. വ്യായാമം ഗര്‍ഭിണികളെ ദിവസം മുഴുവന്‍ ഊര്‍ജസ്വലരായി ഉന്മേഷത്തോടെയിരിക്കാന്‍ പിന്തുണയ്ക്കും..
  2. അനുയോജ്യമായ വ്യായാമങ്ങള്‍ നടുവേദന കുറച്ച്, പുറത്തെയും തുടയിലെയും പേശികള്‍ക്ക് ആയാസം നല്‍കും.
  3. ദഹനപ്രക്രിയ നേരെയാക്കി മലബന്ധം ഒഴിവാക്കും.
  4. സന്ധികള്‍ അയവുള്ളതാക്കി സന്ധിവേദനയും കഴപ്പും മാറ്റും.
  5. സുഖ ഉറക്കം നല്കും.
  6. ആകാംക്ഷയും മാനസികസമ്മര്‍ദവും കുറയ്ക്കും.
  7. വ്യായാമം ത്വക്കിലേക്കുള്ള രക്തപ്രവാഹം കൂട്ടി, ചര്‍മത്തിന് കൂടുതല്‍ മിനുസവും തുടിപ്പും നല്‍കും.
  8. വ്യായാമം വഴി ശരീരപേശികള്‍ ദൃഢമാകുകയും, പ്രസവസമയത്ത് പേശീചലനം എളുപ്പമാക്കുകയും ചെയ്യുന്നു.

വ്യായാമങ്ങള്‍ തെരഞ്ഞെടുക്കാം

  1. ശരീരത്തിനനുയോജ്യമായ വ്യായാമങ്ങളാവണം തെരഞ്ഞെടുക്കേണ്ടത്.
  2. ചെയ്തുവന്ന വ്യായാമങ്ങള്‍ തന്നെ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് മാറ്റം വരുത്തിത്തുടരാം.
  3. ശീലമില്ലാത്തവര്‍ ഒറ്റയടിക്ക് കഠിനവ്യായാമങ്ങള്‍ ചെയ്യരുത്. പതിയെപ്പതിയെ ചെയ്തുതുടങ്ങാം.
  4. ആഴ്ചയില്‍ അഞ്ചുദിവസം അരമണിക്കൂര്‍ മാത്രം വ്യായാമത്തിനായി മാറ്റിവച്ചാല്‍ ധാരാളം.

ഏതുതരം വ്യായാമങ്ങള്‍

  1. താല്പര്യവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്തുവേണം വ്യായാമം തെരഞ്ഞെടുക്കാന്‍.
  2. എന്നുമുള്ള നടത്തം, നീന്തല്‍, വാട്ടര്‍ എയ്‌റോബിക്‌സ് എന്നിവ വളരെ നല്ലതാണ്. ഇതില്‍ എടുത്തു പറയേണ്ടത് നീന്തലാണ്, കാരണം ഇത് ശരീരത്തിന് ആയാസം നല്കുന്നു.
  3. യോഗയാണ് ചെയ്യാന്‍ താല്പര്യമെങ്കില്‍ അതില്‍ വക്രാസനം (Twisted pose) , ഉത്കാസനം (Chair pose), കോണാസനം (Angle pose), പര്യാങ്കാസനം (Han's pose with one leg) , ഹസ്ത പാനംഗുസ്താസനം (Extended hand to big low pose), ഭദ്രാസനം (Butterfly pose), പര്‍വതാസനം (Mountain pose), യസ്തികാസനം (Stick pose) എന്നിവ ചെയ്യാന്‍ ശ്രദ്ധകാണിക്കുക. മറ്റ് ആസനങ്ങള്‍ അത്ര ഉചിതമല്ല.
  4. നടക്കുന്നത് വളരെ നല്ലതാണ്. സാവധാനവും വേഗവും സമയവും ക്രമേണ കൂട്ടിയുള്ള നടത്തമാണ് ഉത്തമം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തളര്‍ച്ച, തലകറക്കം, വല്ലാത്ത കിതപ്പ്, ശ്വാസംമുട്ടല്‍, ഇടുപ്പിനും പുറത്തും വേദന, മൂത്രംപോക്ക് എന്നിവയില്‍ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ ഗര്‍ഭിണികള്‍ വ്യായാമം നിര്‍ത്തി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്.

ചെയ്യരുതാത്തവ

  1. ആദ്യ മൂന്നുമാസം നിലത്തുകിടന്നുള്ള വ്യായാമമുറകള്‍ ഒഴിവാക്കുക,
  2. കുതിച്ചുകൊണ്ടുള്ള വ്യായാമമുറകള്‍ ഒഴിവാക്കുക.
  3. വശങ്ങളിലേക്ക് പെട്ടെന്ന് തിരിയുന്നതായ വ്യായാമങ്ങള്‍ ഒഴിവാക്കുക.
  4. അപകടകരമായ വ്യായാമങ്ങള്‍ ഒഴിവാക്കുക.

വ്യായാമത്തിന് മുന്‍പേ ഉറപ്പുവരുത്തേണ്ടവ

  1. ഡോക്ടറുടെ ഉപദേശമനുസരിച്ചേ ഗര്‍ഭിണി വ്യായാമമാരംഭിക്കാവൂ.
  2. ചെറു വ്യായാമങ്ങളില്‍ തുടങ്ങി വലുതിലേക്കു മാറുക. (അനുയോജ്യമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
  3. ആവശ്യത്തിന് വെള്ളം കുടിക്കുക.
  4. അസുഖമുള്ളപ്പോഴും വലിയ ചൂടിലും വ്യായാമം മാറ്റിവയ്ക്കുക.
  5. അതീവശ്രദ്ധയോടെ വേണം വ്യായാമം ചെയ്യാന്‍.

ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ടത്

  1. ജലാംശമുള്ള ആഹാരം ധാരാളം കഴിക്കാന്‍ ശ്രമിക്കുക.
  2. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക
  3. കനത്ത ഭക്ഷണത്തിനുശേഷം മൂന്നുമണിക്കൂര്‍ കഴിഞ്ഞും, ലഘുഭക്ഷണത്തിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞുമാവണം വ്യായാമം ചെയ്യാന്‍.
  4. വ്യായാമം ചെയ്യുന്ന ദിവസങ്ങളില്‍ സാധാരണയുള്ള അളവില്‍ക്കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

അലീഷ നിഷ അലക്‌സ്

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate