Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / എന്താണ്‌ എ.ഡി.എച്ച്.ഡി ?
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എന്താണ്‌ എ.ഡി.എച്ച്.ഡി ?

കൂടുതല്‍ വിവരങ്ങള്‍

എ.ഡി.എച്ച്.ഡി

ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ മൂന്ന് മാസമോ അതിലധികമോ ഒരാളില്‍ നിലനില്‍ക്കുകയാണെങ്കില്‍ എ.ഡി.എച്ച്.ഡി ഉണ്ടായേക്കാം. ഹൈപ്പര്‍ ആക്ടിവിറ്റി, ഇംപള്‍സിവിറ്റി ഇവ ഒരാളില്‍ പ്രകടമാകാത്ത അവസ്ഥയാണ് എഡിഡി.

വാഷിംങ് മെഷിന്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമായി വിളിച്ച കസ്റ്റമറോട് ഗ്രൈന്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനെക്കുറിച്ച് വിവരിച്ചു. അതായിരുന്നു തുടക്കം. ജോലിയില്‍ പ്രവേശിച്ച ആദ്യദിനങ്ങളിലെ പരിചയക്കുറവായിരിക്കുമെന്നു സഹപ്രവര്‍ത്തകര്‍ കരുതി.

ദിവസങ്ങള്‍ കഴിയുന്തോറും പരാതികള്‍ കൂടിക്കൊണ്ടിരുന്നു. ഏല്‍പ്പിക്കുന്ന ജോലികള്‍ കൃത്യസമയത്ത് തീര്‍ക്കില്ല, അലസന്‍ എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ വേറെയും.

സിറ്റിയിലെ പ്രമുഖ സ്ഥാപനത്തിലെ കോള്‍സെന്ററിലെ ജോലി നഷ്ടപ്പെടുമെന്ന അവസ്ഥ എത്തിയപ്പോഴാണ് ആ ചെറുപ്പക്കാരന്‍ സൈക്കോളജിസ്റ്റിനെ സമീപിക്കുന്നത്. സൈക്കോമെട്രിക്ക് പരിശോധനകളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് എഡിഎച്ച്ഡിയാണെന്നു തിരിച്ചറിഞ്ഞു.

ഗുരുതരമാകുന്ന ശ്രദ്ധത്തകരാര്‍

കുട്ടികളിലും, അപൂര്‍വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന ന്യൂറോ ബിഹേവിയറല്‍ ഡവലപ്‌മെന്റല്‍ ഡിസോഡറാണ് എഡിഎച്ച്ഡി (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോഡര്‍). എഡിഎച്ച്ഡി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി ഇവ മൂന്നും എഡിഎച്ച്ഡിയുള്ള ഒരാളില്‍ പ്രകടമാകാം.
1. ഇന്‍ അറ്റെന്‍ഷന്‍:
വളരെ വേഗം അസ്വസ്ഥനാകുക, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ, പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനോ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ കഴിയാതെ വരിക, ഒന്നിലധികം കാര്യങ്ങള്‍ അടങ്ങിയ നിര്‍ദേശങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുക, വളരെ പെട്ടെന്നു ബോറടിക്കുക, മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച് കേള്‍ക്കാന്‍ കഴിയാതെ വരുന്ന അവസ്ഥ.

2. ഇംപള്‍സിവിറ്റി :
ഒരു കാര്യത്തിനും ക്ഷമയില്ലാത്ത അവസ്ഥ, വരുംവരായ്കകളെ കുറിച്ച് ചിന്തിക്കാതെ എടുത്തു ചാടുന്ന സ്വഭാവം, വിട്ടുവീഴ്ച മനോഭാവം കുറവ്്, ആഗ്രഹിച്ച കാര്യങ്ങള്‍ ഉടന്‍ നേടിയെടുക്കണമെന്ന നിര്‍ബന്ധം, മറ്റുള്ളവരുടെ സംസാരമോ പ്രവര്‍ത്തിയോ തടസപ്പെടുത്തുക.

3. ഹൈപ്പര്‍ ആക്റ്റിവിറ്റി :
അടങ്ങിയിരിക്കാത്ത പ്രകൃതം, ഞെളിപിരി കൊള്ളുക, നിര്‍ത്താതെയുള്ള സംസാരം, ശാന്തമായി ഇരുന്ന് ജോലി ചെയ്യാന്‍ കഴിയാതെ വരിക. ഇന്‍ അറ്റെന്‍ഷന്‍, ഇംപള്‍സിവിറ്റി, ഹൈപ്പര്‍ ആക്ടിവിറ്റി എന്നിവ മൂന്ന് മാസമോ അതിലധികമോ ഒരാളില്‍ നിലനില്‍ക്കുകയാണെങ്കില്‍ എഡിഎച്ച്ഡി ഉണ്ടായേക്കാം. ഹൈപ്പര്‍ ആക്ടിവിറ്റി, ഇംപള്‍സിവിറ്റി ഇവ ഒരാളില്‍ പ്രകടമാകാത്ത അവസ്ഥയാണ് എഡിഡി. അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോഡറാണ് എഡിഡി. മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി പോലെതന്നെ എഡിഡിയും ഗൗരവമായി കാണേണ്ടതുണ്ട്.

ലക്ഷണങ്ങള്‍

  1. ശ്രദ്ധക്കുറവ്
  2. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക.
  3. ചുമതലകള്‍ നിര്‍വഹിക്കാനോ അവയ്ക്ക് നേതൃത്വം നല്‍കാനോ കഴിയാത്ത അവസ്ഥ.
  4. ഒന്നിലധികം കാര്യങ്ങള്‍ ഓര്‍ത്ത് ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാകുക.
  5. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ നീട്ടിക്കൊണ്ടു പോകുക.
  6. അലസത
  7. ഭയം
  8. വിഷാദം

കാരണങ്ങള്‍

ജനിതകപരമായും പാരിസ്ഥിതികപരമായും ഒന്നിലധികം കാരണങ്ങള്‍ക്കൊണ്ട് എഡിഎച്ച്ഡി ഉണ്ടാകാം. എങ്കിലും എഡിഎച്ച്ഡിക്കുള്ള യഥാര്‍ഥ കാരണം ഇപ്പോഴും അവ്യക്തമാണെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
ജനിതകപരമായി മാതാപിതാക്കളില്‍ ആര്‍ക്കെങ്കിലും എഡിഎച്ച്ഡി ഉണ്ടെങ്കില്‍ കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതോടൊപ്പം ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ തെറ്റായ ഭക്ഷണശീലവും എഡിഎച്ച്ഡിക്ക് കാരണമാകാം.

ഗര്‍ഭാവസ്ഥയിലെ അമ്മമാരുടെ മദ്യപാനം, പുകവലി, തുടങ്ങിയവയൊക്കെ കുട്ടിയില്‍ എഡിഎച്ച്ഡി ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. മൂന്ന് വയസു വരെയുള്ള കുട്ടികളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗം, കാര്‍ട്ടൂണ്‍, വീഡിയോ ഗെയിം തുടങ്ങിയവയും എഡിച്ച്ഡിക്ക് കാരണമാകാം. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും എഡിഎച്ച്ഡി സാധാരണയിലും വര്‍ധിക്കുന്നതിനു ഇടയാക്കിയേക്കാം.

മുതിര്‍ന്നവരില്‍ ഫാസ്റ്റ് ഫുഡ്, മൊബൈല്‍, ടെലിവിഷന്‍ തുടങ്ങിയവയുടെ അമിത ഉപയോഗം ചെറിയ തോതിലെങ്കിലും എഡിഎച്ച്ഡിയിലേക്ക് നയിക്കാം. മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി ഉണ്ടാകാനുള്ള കാരണങ്ങളില്‍ പ്രധാനം ചെറുപ്പത്തിലുണ്ടായിരുന്ന എഡിഎച്ച്ഡി പ്രായപൂര്‍ത്തിയായ ശേഷവും നിലനില്‍ക്കുന്നതാണ്.

മസ്തിഷ്‌കത്തിനേല്‍ക്കുന്ന ക്ഷതങ്ങള്‍ കൊണ്ടും അപൂര്‍വമായി എഡിഎച്ച്ഡി ഉണ്ടായേക്കാം. ജനിതകമോ പാരിസ്ഥിതികമോ ഇവയില്‍ ഏതു കാരണങ്ങള്‍കൊണ്ടാണ് എഡിഎച്ച്ഡി ഉണ്ടാകുന്നതെന്നു വ്യക്തമായി വിലയിരുത്തപ്പെട്ടിട്ടില്ലെങ്കിലും ഇവയിലേതെങ്കിലും എഡിഎച്ച്ഡിക്ക് കാരണമാകാം.

നിത്യജീവിതത്തെ ബാധിക്കുന്നു

കുട്ടികളിലെ എഡിഎച്ച്ഡി പഠനവൈകല്യങ്ങളെ ബാധിക്കുമ്പോള്‍ മുതിര്‍ന്നവരില്‍ എഡിഎച്ച്ഡി ദൈനംദിന ജീവിതത്തെയാണ് ബാധിക്കുക. എഡിഎച്ച്ഡി ഉള്ളവരില്‍ ശ്രദ്ധ കുറവായതിനാല്‍ ജോലിയില്‍ കൂടുതല്‍ സമയം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാതെ വരും. ഒന്നിലധികം കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ല.
വളരെ സങ്കീര്‍ണമായ ജോലികള്‍ പിന്തുടരാന്‍ കഴിയാതെ വരും. ചെയ്യുന്ന ജോലി സമയ ക്ലിപ്തമായി ചെയ്തു തീര്‍ക്കാന്‍ സാധിക്കാതെ വരുമ്പോള്‍ പ്രവര്‍ത്തനമേഖലയെ ഇതു പ്രതികൂലമായി ബാധിക്കും. ഒരു കാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയാത്തതിനാല്‍ ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ ചിലതു മാത്രമേ എഡിഎച്ച്ഡി ഉള്ളവര്‍ക്ക് ചെയ്തു തീര്‍ക്കാന്‍
സാധിക്കൂ.

സമൂഹത്തില്‍ ഒറ്റപ്പെടുന്നു

സമൂഹം പലപ്പോഴും ഇത്തരക്കാരെ ഒന്നിനും കൊള്ളാത്തവനായും മടിയനായും മുദ്രകുത്താറുണ്ട്. ജോലി സ്ഥലത്തും സമൂഹത്തിന്റെ വിവിധ മേഖലകളിലും ഇത്തരത്തിലുള്ളവരുണ്ട്.
എന്നാല്‍ ഇതൊരു സ്വഭാവവൈകല്യമാണെന്ന തിരിച്ചറിവ് പലര്‍ക്കുമുണ്ടാകില്ല. ചെറിയ പ്രായത്തില്‍ തിരിച്ചറിയാതെ പോയതോ, അല്ലെങ്കില്‍ കൃത്യമായ ചികിത്സ ലഭിക്കാതെ പോയവരിലോ ആണ് എഡിഎച്ച്ഡി മുതിര്‍ന്നതിനു ശേഷവും നിലനില്‍ക്കുന്നത്.

സമൂഹത്തിലോ തൊഴില്‍മേഖലയിലോ ഉദ്ദേശിക്കുന്ന രീതിയില്‍ ഉയരാന്‍ എഡിഎച്ച്ഡി ഉള്ളവര്‍ക്ക് കഴിഞ്ഞെന്നു വരില്ല. നിരന്തരം മറ്റുള്ളവരുടെ പരിഹാസം കൂടിയാകുമ്പോള്‍ വിഷാദത്തിലേക്കും ഇത്തരക്കാര്‍ വഴുതി വീഴാന്‍ ഇടയാകും. ദാമ്പത്യജീവിതത്തിലും തൊഴില്‍രംഗത്തും നിരവധി പ്രശ്‌നങ്ങള്‍ ഇതു മൂലം സംഭവിക്കാം.

കുടുംബകാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കാന്‍ കഴിയാതാകുമ്പോള്‍ ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങള്‍ അവിടെ തുടങ്ങും. ചെയ്യുന്ന കാര്യങ്ങളിലൊന്നും തൃപ്തി കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു തന്നെ ഉദ്യോഗസ്ഥിരതയോ ഉദ്യോഗത്തില്‍ ഉയര്‍ച്ചയോ ലഭിക്കാതാകുമ്പോള്‍ വളരെ പെട്ടെന്നു എഡിഎച്ച്ഡിയുള്ളവര്‍ അസ്വസ്ഥരാകാം.

ചികിത്സയുണ്ട്

എഡിഎച്ച്ഡിക്ക് സൈക്കോതെറാപ്പി ഫലപ്രദമാണ്. ഏതു തരത്തിലുള്ള തെറാപ്പി നല്‍കുമെന്നത് എഡിഎച്ച്ഡിയുള്ള ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും.
ജീവിതരീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള തെറാപ്പി ഉള്‍പ്പെടെ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു സഹായകമാകുന്ന തെറാപ്പി വരെ ചികിത്സയുടെ ഭാഗമായി നല്‍കുന്നു.

എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളുള്ളവരില്‍ അധികം വൈകാതെ ചികിത്സ ആരംഭിക്കേണ്ടതുണ്ട്. എഡിഎച്ച്ഡി ഉള്ള വ്യക്തിയുടെ ജീവിത സാഹചര്യങ്ങള്‍, കുട്ടിക്കാലം, ഗര്‍ഭകാലത്തില്‍ അമ്മയുടെ ശാരീരിക മാനസികാവസ്ഥ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തെറാപ്പി നിശ്ചയിക്കുക.

എഡിഎച്ച്ഡിയുള്ള കുട്ടികളെ അപേക്ഷിച്ച് മുതിര്‍ന്നവരില്‍ യുക്തിപൂര്‍വം ചിന്തിക്കാനുള്ള കഴിവുണ്ട്. മുതിര്‍ന്നവരില്‍ അലസതയുണ്ടെങ്കിലും അതിനു മാറ്റം വരുത്തണമെന്ന വിചാരം അവരിലുണ്ടായിരിക്കും. പ്രവര്‍ത്തനമേഖലയില്‍ മുന്നേറണമെന്ന ആഗ്രഹമുള്ളവരായിരിക്കും. അതിനുള്ള തെറാപ്പി നല്‍കുകയാണ് പ്രധാനം.

ചെറുപ്പത്തില്‍ തന്നെ എഡിഎച്ച്ഡി തിരിച്ചറിഞ്ഞ് ചികിത്സിക്കാന്‍ കഴിയണം. അതിനുള്ള ബോധവത്കരണം വളരെ അനിവാര്യമാണ്. തക്ക സമയത്ത്് ചികിത്സ നല്‍കിയാല്‍ മുതിര്‍ന്നവരിലും കുട്ടികളിലുമുള്ള എഡിഎച്ച്ഡി ഒരു പരിധി വരെ പരിഹരിക്കാനാകും.

കടപ്പാട്-morningcolumn.com

3.03571428571
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top