Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഉദരരോഗങ്ങള്‍ ശമിക്കാന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഉദരരോഗങ്ങള്‍ ശമിക്കാന്‍

ഉദരരോഗങ്ങള്‍ ശമിക്കാന്‍ ഒറ്റമൂലി ചികിത്സ

ഉദരരോഗങ്ങള്‍ക്ക് പരമപ്രാധാന്യമാണ് നമ്മുടെ പൂര്‍വികര്‍ കല്‍പ്പിച്ചു നല്‍കിയത്. അതുകൊണ്ടാവാം ഉദരവുമായി ബന്ധപ്പെട്ട ഒരുപാട് ഒറ്റമൂലികള്‍ നമ്മുടെ നാട്ടറിവ് ശേഖരത്തില്‍ സജീവമായിരുന്നത്. നിത്യജീവിതത്തില്‍ നമ്മെ ഒരുപാട് വലയ്ക്കുന്ന ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിന്റെ കാര്യം തന്നെയെടുക്കുക. പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുകയെന്നത് വായുകോപത്തിനെതിരായ ആദ്യപടി. വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി രാത്രി ഭക്ഷണത്തിനുശേഷം കുടിക്കുന്നത് മറ്റൊരു ചികിത്സ. ഉലുവ വേവിച്ചവെള്ളം അരിച്ചെടുത്ത് സേവിച്ചാലും മതി. വയറിന് പല കാരണങ്ങള്‍കൊണ്ടും ശീലായ്മയുണ്ടാകും. ചക്കപ്പഴം അധികം കഴിച്ചാല്‍, പുളി അധികമായാല്‍, വാഴപ്പഴം ഒരുപാടായാല്‍... അതിനൊക്കെ നമുക്ക് മറുമരുന്നുണ്ട്. ചക്കപ്പഴം കഴിച്ച് ദഹനക്കേടുവന്നാല്‍ ചുക്കും കുരുമുളകും വെളുത്തുള്ളിയും ചവച്ചിറക്കണം; പഴം കഴിച്ചു ദഹനക്കേടു വന്നാല്‍ ഉപ്പുവെള്ളം അല്ലെങ്കില്‍ കാച്ചിയ മോര് പ്രതിവിധി; പുളി അധികം കഴിച്ചാല്‍ നല്ലെണ്ണ പ്രതിവിധി; പാല്‍ അധികം കഴിച്ച് വിഷമം വന്നാല്‍ തിപ്പലി പൊടിച്ചത്; ചിങ്ങംപഴം കഴിച്ച് ദഹനക്കേടു വന്നാല്‍ കുരുമുളകുപൊടി... ഇങ്ങനെയാണ് പൊടിക്കൈകള്‍. ഇനി സാധാരണ വയറുവേദനയുടെ കാര്യം കൃഷ്ണതുളസിയില പിഴിഞ്ഞ നീര് ഒരു സ്പൂണ്‍ കഴിച്ചാല്‍ മതിയത്രേ. ഇഞ്ചിയും ഉപ്പും ചേര്‍ത്ത് ചവച്ചിറക്കുന്നത് മറ്റൊരു വിദ്യ. പേരമരത്തിന്റെ അഞ്ചാറ് കുരുന്നിലകള്‍ അരച്ച് പശുവിന്‍പാലില്‍ കലക്കി കുടിച്ചാലും ആശ്വാസം ലഭിക്കും. തേനില്‍ ജാതിക്കയരച്ച് ദിവസം രണ്ടുനേരം കഴിക്കുന്നതും വയറുവേദനയ്ക്ക് ആശ്വാസം പകരും. കദളി ഇലയുടെ നീര് കഞ്ഞിവെള്ളത്തില്‍ കലക്കികുടിക്കുന്നതും വയറുവേദനയ്ക്കുള്ള നാടന്‍ ചികിത്സ. മുരിക്കില അരച്ച് പനംചക്കരയുമായി ചേര്‍ത്ത് ഗുളിക രൂപത്തില്‍ ഉരുട്ടിവച്ചാല്‍ വയറുവേദന വരുമ്പോള്‍ ഉപയോഗിക്കാം. ചുക്ക് ചൂടാക്കി ഇടിച്ചുപൊടിച്ചത് അരസ്പൂണ്‍ എടുത്ത് തേനില്‍ ചാലിച്ചു കഴിക്കുന്ന രീതിയും ചില സ്ഥലങ്ങളില്‍ അനുവര്‍ത്തിച്ചുവരുന്നു. വയറുകടിക്കും ഇതു നല്ലതാണ്. വയറിളക്കം, വയറുകടി തുടങ്ങിയ നാടന്‍ രോഗങ്ങള്‍ക്കെല്ലാം നമ്മുടെ പൂര്‍വികര്‍ ഞൊടുക്കുവിദ്യകള്‍ ഉപദേശിച്ചിട്ടുണ്ട്. അതിന് കട്ടന്‍ചായയില്‍ ചെറുനാരങ്ങാനീരും തെല്ല് ഉപ്പുംചേര്‍ത്ത് കഴിക്കണമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലൊ. പറങ്കിമാവിന്റെ കുരുന്നില ഉപ്പുചേര്‍ത്തരച്ചു കഴിക്കുന്നതും വയറിളക്കത്തിന് നന്നാണത്രെ. ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, കറിവേപ്പില മോരില്‍ അരച്ച് കലക്കിയ പാനീയം എന്നിവയൊക്കെ മറ്റു ചില സൂത്രമരുന്നുകള്‍. നെല്ലിക്കയുടെ തളിരില മോരില്‍ അരച്ചുകുടിച്ചാലും തൊട്ടാവാടി സമൂലം അരച്ച് പാലില്‍ കാച്ചി കുടിച്ചാലും ഇതേ ഫലം ഉറപ്പാണത്രെ. കൂനന്‍പാലയുടെ വേരിന്റെ തൊലി ചതച്ചിട്ട ചൂടുവെള്ളവും കൊടകപ്പാലയുടെ തൊലി അരച്ചുകലക്കിയ മോരും വയറൊഴിച്ചിലിന് പരിഹാരമായി നിര്‍ദ്ദേശിക്കാറുണ്ട്. ഇനി വയറിളക്കുന്നതിനുമുണ്ട് സൂത്രവിദ്യകള്‍. ഒന്നുകില്‍ ആവണക്കിന്റെ കായ് വറുത്തു പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കുക. അല്ലെങ്കില്‍ കടലാവണക്കിന്റെ ഇല അരച്ച് വെള്ളത്തില്‍ കലക്കിക്കുടിക്കുക. ഇതൊന്നും പറ്റിയില്ലെങ്കില്‍ ഏതാനും കടുക്കാതോട് ഇടിച്ചുപൊടിച്ച് മോരില്‍ ഇട്ടുവച്ച് പിറ്റേന്ന് എടുത്ത് കുടിച്ചാലും മതി സുഖശോധന ഉറപ്പ്. ഇനി വിശപ്പില്ലായ്മ അനുഭവപ്പെട്ടാലോ? തൊലി കളഞ്ഞ ഇഞ്ചി ചെറുകഷണങ്ങളാക്കി തേനിലിട്ടു മൂന്നുമാസം സൂക്ഷിക്കുക. വിശപ്പില്ലായ്മ തോന്നുമ്പോള്‍ അല്‍പ്പം കഴിക്കുക. കുരുമുളകും ജീരകവും സമം പൊടിച്ച് ഓരോനുള്ളുവീതം ഒരു സ്പൂണ്‍ ഇഞ്ചിനീരില്‍ ചേര്‍ത്ത് കഴിച്ചാലും ദഹനവും വിശപ്പും തീര്‍ച്ച. ഇഞ്ചി അച്ചാറും ഏതാണ്ടിതേ പ്രയോജനം നല്‍കും. പക്ഷേ കീടനാശിനി കുടിച്ചു മത്തുപിടിച്ച ഇഞ്ചിയെ ഒഴിവാക്കുക. നോക്കു, നമ്മുടെ സമ്പന്നമായ ജൈവവൈവിധ്യത്തെ ആകെ ഔഷധികളാക്കി മാറ്റിയ പൂര്‍വികരുടെ ബുദ്ധി! ഈ ഔഷധികളുടെ പ്രയോഗം തന്നെയായിരിക്കണം നാടിന്റെ ബയോഡൈവേഴ്‌സിറ്റി നശിക്കാതെ കാത്തുരക്ഷിച്ചിരുന്നതും. ആരോഗ്യകരമായ ജീവിതത്തിന് പോഷകപ്രധാനമായ ഭക്ഷണം കൂടിയേ തീരൂ. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കുറ്റമറ്റ വിസര്‍ജ്ജന വ്യവസ്ഥ. മലവും മൂത്രവും മുറതെറ്റാതെ പുറത്തുപോകാത്തപക്ഷം ആള്‍ ആശുപത്രിയിലെത്തിയതുതന്നെ. പക്ഷേ, അതൊക്കെ നിയന്ത്രിക്കാനും നമ്മുടെ തൊടിയില്‍ ഒരുപാട് കൂട്ടുകാരുണ്ട്. ആദ്യം മൂത്രതടസ്സത്തിന്റെ കാര്യം തന്നെയെടുക്കുക. എത്ര ചികിത്സകളാണെന്നോ നാട്ടറിവു നമുക്കുമുന്നില്‍ വയ്ക്കുന്നത്. മുള്ളന്‍ചീര അരച്ച് നാഭിക്കുചുറ്റും തേച്ചുപിടിപ്പിക്കുക; ശതാവരിക്കിഴങ്ങ് ചതച്ച് പാലിലിട്ട് കാച്ചികുടിക്കുക. കൊത്തമല്ലി ഇളനീരില്‍ കലക്കി കുടിക്കുക. കദളിപ്പഴം കരിക്കിന്‍ വെള്ളത്തില്‍ ഒരുനാള്‍ സൂക്ഷിച്ചശേഷം കഴിക്കുക. കുമ്പളങ്ങാനീര് പാല്‍ ചേര്‍ത്ത് കുടിക്കുക... അമരവേര് അരച്ച് പാലില്‍ കലക്കി കുടിച്ചാലും നീര്‍മാതളത്തിന്റെ ഇല അരച്ച ചാറില്‍ തുണിമുക്കി അടിവയറ്റില്‍ പുരട്ടിയാലും നിലപ്പന പൊടിച്ച് അടിവയറ്റില്‍ പുരട്ടിയാലും മൂത്രതടസത്തിന് ആശ്വാസം ഉറപ്പ്. ചെറുവഴുതനയുടെ നീരും തേനും ചേര്‍ത്തു കഴിക്കുന്നതും നെല്ലിക്കാത്തോട് പൊടിച്ച് ശര്‍ക്കരയില്‍ കുഴച്ച് കഴിക്കുന്നതും ഇതേ ഫലം നല്‍കുമത്രെ. ഇനി മൂത്രത്തില്‍ രക്തം കണ്ടാലോ? തുടക്കമെന്ന നിലയില്‍ ചെമ്പരത്തിപ്പൂക്കള്‍ ഇട്ട് സൂക്ഷിച്ച വെള്ളം കുടിക്കുന്നത് നന്ന്. മൂത്രമൊഴിവ് നിയന്ത്രിക്കാനുമുണ്ടൊരു മരുന്ന്... വള്ളിനാരങ്ങയെന്നു വിളിക്കുന്ന പാഷന്‍ഫ്രൂട്ടിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം സ്ഥിരമായി ഉപയോഗിക്കുക. ഇതൊക്കെയാണെങ്കിലും ഗൗരവതരമായ രോഗാവസ്ഥയില്‍ സ്വയം ചികിത്സ ഒരിക്കലും ആശാസ്യമല്ലെന്നോര്‍ക്കുക.

2.75
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top