অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഉദരപ്രശ്നങ്ങള്‍

അടിക്കടി ടോയ്ലറ്റില്‍ പോകാനുള്ള തോന്നലായിരുന്നു നാല്‍പത്താറുകാരനായ അയാളുടെ പ്രശ്നം. പലതവണ പോയി വന്നാലും അല്‍പം കഴിഞ്ഞ് പിന്നെയും പോകാന്‍ തോന്നും.  അങ്ങനെയിരിക്കേയാണ് മലത്തില്‍ രക്തം കണ്ടത്. അതോടെ പ്രശ്നം പൈല്‍സ് എന്നുറപ്പിച്ചു. നാട്ടുചികിത്സയും തുടങ്ങി. പക്ഷേ, ഒരുവര്‍ഷം കഴിഞ്ഞിട്ടും അസുഖം ഭേദമായില്ല. മാത്രമല്ല, ബുദ്ധിമുട്ടുകള്‍ കൂടാനും തുടങ്ങി. അങ്ങനെയാണ് അയാള്‍  ഉദരരോഗ വിദഗ്ധനെ തേടിയത്തെിയത്. പരിശോധനയില്‍ വന്‍കുടലില്‍ കാന്‍സറാണെന്ന് കണ്ടത്തെി. പക്ഷേ, അപ്പോഴേക്ക് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത വിധം കാന്‍സര്‍ വ്യാപിച്ചിരുന്നു. തുടക്കത്തിലേ ചികിത്സ തേടിയിരുന്നെങ്കില്‍ ഭേദമാക്കാമായിരുന്ന രോഗം വഷളാക്കിയത് സ്വയം ചികിത്സയും തെറ്റിദ്ധാരണയുമാണ്. 
‘ഉദരനിമിത്തം ബഹുകൃതവേഷം’  എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധം  ഉദരനിമിത്തം പലവിധ രോഗം എന്ന നിലയില്‍ ഉദരരോഗങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ പരമ്പരാഗത ജീവിതരീതിയും ഭക്ഷണവുമൊക്കെ ഒട്ടേറെ മാറി. അതിന് നമ്മള്‍ കൊടുക്കേണ്ടി വരുന്ന വിലയാണ് ഇത്തരം രോഗങ്ങള്‍. 

ആധുനിക വൈദ്യഭാഷയില്‍ ഉദരമെന്ന് വിളിക്കുന്നത് പ്രധാനമായി വായമുതല്‍ മലദ്വാരം വരെ ഭക്ഷണം സഞ്ചരിക്കുന്ന പചനവ്യൂഹത്തിന്‍െറ മുഴുവന്‍ ഭാഗങ്ങളും ചേര്‍ന്നതിനെയാണ്. അന്നനാളം, ആമാശയം, ചെറുകുടല്‍, വന്‍കുടല്‍, കരള്‍, പാന്‍ക്രിയാസ്, പിത്താശയം തുടങ്ങിയ അവയവങ്ങളൊക്കെ വിശാലമായ ഈ വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവയെയൊക്കെ ബാധിക്കുന്ന രോഗങ്ങളെല്ലാം ഉദരരോഗങ്ങളെന്ന വലിയ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

കൂടുതല്‍ കരള്‍ രോഗങ്ങള്‍


ഓരോ വര്‍ഷവും ഉദരരോഗികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കേരളത്തില്‍ ഇന്ന് കൂടുതലായി കാണപ്പെടുന്ന ഉദരപ്രശ്നങ്ങളില്‍ വലിയൊരു പങ്കും കരളിനെ ബാധിക്കുന്ന രോഗങ്ങളാണ്. മദ്യത്തിന്‍െറ അമിതമായ ഉപഭോഗം തന്നെയാണ് ഇതിന് കാരണം. മദ്യപാനം മൂലമുണ്ടാകുന്ന ലിവര്‍ സീറോസിസാണ് അതില്‍ പ്രധാനം. കരളില്‍ കൊഴുപ്പടിഞ്ഞുകൂടിയുണ്ടാകുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറും വ്യാപകമാണ്.  ഹെപ്പറ്റൈറ്റിസ് വൈറസ് ബാധമൂലമുണ്ടാകുന്ന കരള്‍ പ്രശ്നങ്ങളായ  ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയവയാണ് മറ്റൊരു വലിയ വിഭാഗം. കരള്‍ കാന്‍സറും കൂടിവരുകയാണ്. എന്നാല്‍, ഉദരരോഗങ്ങളില്‍ മുമ്പ് കൂടുതലായി കണ്ടിരുന്ന അള്‍സര്‍ രോഗങ്ങള്‍ കുറഞ്ഞുവരുകയാണ്. അതേസമയം, ഉദരസംബന്ധമായ എല്ലാതരം കാന്‍സറുകളും കൂടിവരുകയാണ്. ഉദരസംബന്ധമായ രോഗങ്ങളില്‍ വലിയൊരു പങ്കും  ഇന്ന് കാന്‍സറുകളാണ്. 

അടുത്ത കാലത്ത് വര്‍ധിച്ച, ഉദരസംബന്ധമായ മറ്റുരണ്ട് അസുഖങ്ങള്‍ കുടലിനെ ബാധിക്കുന്ന ക്രോണിക് ഇന്‍ഫ്ളമേറ്ററി ബവല്‍ ഡിസീസും (ക്രോണ്‍സ് രോഗം) അള്‍സറേറ്റിവ് കോളൈറ്റിസുമാണ്. കേരളത്തില്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു ഈ രണ്ട് ഉദരരോഗങ്ങളും. കഴിഞ്ഞ 10-15 കൊല്ലത്തിനുള്ളിലാണ് ഈ രോഗം മലയാളികള്‍ക്കിടയില്‍ വ്യാപകമായത്. ജീവിതശൈലി, ഭക്ഷണം, പരിസ്ഥിതി എന്നിവയിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണം.

ഉദരപ്രശ്നങ്ങള്‍ രണ്ടുവിധം


ആമാശയ, കുടല്‍ വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നങ്ങള്‍ രണ്ടുവിധമുണ്ട്. ഉദര, കുടല്‍ രോഗങ്ങളും ഉദര കുടല്‍ പ്രവര്‍ത്തന തകരാറുകളുമാണ്(ഫങ്ഷനല്‍ ഡിസോഡര്‍) അവ. മിക്കവാറും ആശുപത്രികളിലത്തെുന്ന അധിക ഉദരപ്രശ്നങ്ങളും ഫങ്ഷനല്‍ ഡിസോഡറുകളാണ്. പൊതുവെ ആളുകള്‍ ഉപയോഗിക്കുന്ന വായ്മൊഴിയിലുള്‍പ്പെടുന്ന ‘അസിഡിറ്റി’, ‘ഗ്യാസ്’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി എന്നിവയൊക്കെ ഉദര, കുടല്‍ വ്യവസ്ഥയുടെ പ്രവര്‍ത്തന തകരാറുകളാണ്.  ഫങ്ഷനല്‍ ഡിസോഡറുകളും ഉദരരോഗങ്ങളും തമ്മിലുള്ള വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.  വെയിലുകൊള്ളുമ്പോഴും ടെന്‍ഷന്‍ ഉണ്ടാകുമ്പോഴും തലവേദന ഉണ്ടാകാം. അതുപോലെ മസ്തിഷ്കത്തിലെ ട്യൂമറിന്‍െറ ലക്ഷണമായും തലവേദന അനുഭവപ്പെടാം. വെയിലുകൊള്ളുമ്പോള്‍ തലവേദനയുണ്ടാകുന്നത് പോലെയുള്ള പ്രശ്നങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍. അവ രോഗമല്ല. സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്നാല്‍, ബ്രെയിന്‍ ട്യൂമര്‍ മൂലമുണ്ടാകുന്ന തലവേദന രോഗ ലക്ഷണമാണ്. ഘടനാപരമായ പ്രശ്നങ്ങളോ രോഗങ്ങളോ ഇല്ലാതെയുണ്ടാകുന്ന ലക്ഷണങ്ങളാണ് ഫങ്ഷനല്‍ ഡിസോഡറുകള്‍.

ഫങ്ഷണല്‍ ഡിസോഡറുകള്‍ പലവിധം


ഡോക്ടറുടെയടുത്തത്തെുന്ന ഉദരപ്രശ്നങ്ങളില്‍ കുറഞ്ഞത് 60 ശതമാനവും ഇത്തരം പ്രവര്‍ത്തന തകരാറുകളാണ്.‘അസിഡിറ്റി’, മലബന്ധം, ഐ.ബി. എസ്., ജി. ഇ. ആര്‍. ഡി. എന്നിവയെല്ലാം വ്യാപകമായി കാണപ്പെടുന്ന പ്രവര്‍ത്തന തകരാറുകളാണ്. എന്‍ഡോസ്കോപ്പി, എക്സ് റേ, രക്തപരിശോധന എന്നിവയിലൊന്നിലും ഇത്തരം പ്രശ്നങ്ങളില്‍ അസ്വാഭാവികത കാണാനാവില്ല. ലക്ഷണങ്ങള്‍ വഴിയാണ് രോഗനിര്‍ണയം.

"അസിഡിറ്റി'


വയറ്റില്‍ എരിച്ചിലും പുകച്ചിലും എന്ന പരാതിയുമായി ഡോക്ടറെ കാണാനത്തെുന്നവര്‍ ഒട്ടേറെയാണ്. ഇത്തരം പ്രശ്നങ്ങളെ പൊതുവേ ആളുകള്‍ വിളിക്കുന്ന പേരാണ് അസിഡിറ്റി. വൈദ്യശാസ്ത്ര ഭാഷയില്‍ ഇതിന് ഡിസ്പെപ്സിയ (Dyspepsia)എന്നു പറയും. ദഹനവ്യവസ്ഥയില്‍ എന്തോ തകരാറുണ്ടെന്നതിന്‍െറ സൂചനയാണിത്. അധിക പേരിലും ഇത് നിസ്സാര പ്രശ്നമായിരിക്കും. എന്നാല്‍, അള്‍സറിന്‍െറ ലക്ഷണമായും ഇത്തരം പ്രശ്നങ്ങള്‍ അനുഭവപ്പെടാം. 
വയറ്റില്‍ വേദന, വയറുപെരുക്കം, മനംപിരട്ടല്‍, നെഞ്ചെരിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതിന്‍െറ ഫലമായി അനുഭവപ്പെടും. മദ്യപാനം, പുകവലി, മാനസികപിരിമുറുക്കം, മസാല കൂടുതലുള്ള ഭക്ഷണം, സസ്യേതര ഭക്ഷണം, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കല്‍, ചില ഒൗഷധങ്ങള്‍ എന്നിവയൊക്കെ ഡിസ്പെപ്സിയയുണ്ടാക്കും. ഇവയുണ്ടാക്കുന്ന ഘടകങ്ങള്‍ കണ്ടത്തെി ഒഴിവാക്കിയാല്‍ ഈ അവസ്ഥ പ്രതിരോധിക്കാം. മസാലയും ഉപ്പും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കിയും മദ്യപാനവും പുകവലിയും നിര്‍ത്തിയും സമയത്തിന് പോഷകാഹാരം കഴിച്ചും മാനസിക സംഘര്‍ഷം കുറച്ചും ഇതിനെ പ്രതിരോധിക്കാം.

ഐ.ബി.എസ്


മനസ്സിന്‍െറ അസ്വസ്ഥതയും പിരിമുറുക്കങ്ങളും വയറിനെയും കുടലിനെയും ബാധിക്കുന്ന മനോജന്യ ശാരീരിക അസ്വസ്ഥതയാണ് ഇറിറ്റബ്ള്‍ ബവല്‍ സിന്‍¤്രഡാം അഥവ ഐ.ബി.എസ്. തിരക്കേറിയ ജീവിതം നയിക്കുന്ന ചെറുപ്പക്കാരില്‍ ഇത് കൂടിവരുകയാണ്. കുടിലിന്  രോഗങ്ങളൊന്നുമില്ലാതെ തന്നെ കുടലിന്‍െറ അമിത പ്രതികരണം കൊണ്ടുണ്ടാകുന്ന വ്യത്യസ്ത അനുഭവങ്ങളെ പൊതുവേ വിളിക്കുന്ന പേരാണ് ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോം. ആഹാര രീതിയും ജീവിതരീതികളും മാറിവരുമ്പോഴും ടെന്‍ഷന്‍ വര്‍ധിക്കുമ്പോഴുമൊക്കെ കുടല്‍ കൂടുതലായി പ്രതികരിക്കും.  വയറിളക്കം, മലബന്ധം, വയറ്റില്‍ പിടിത്തം, വീണ്ടുംവീണ്ടും ടോയ്ലറ്റില്‍ പോവാനുള്ള തോന്നല്‍, വയറ്റില്‍ കൊളുത്തി പിടിക്കല്‍, മലശോധനയില്‍ തൃപ്തിയില്ലാതിരിക്കുക, വയറിനുള്ളില്‍ പുകച്ചില്‍, പുളിച്ചുതികട്ടല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ക്രോണ്‍സ് രോഗം, അള്‍സറേറ്റിവ് കോളൈറ്റിസ്, ഗ്യാസ്ട്രോ എന്‍ററൈറ്റിസ് തുടങ്ങിയ രോഗങ്ങളിലും സമാന ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്നതിനാല്‍ പരിശോധിച്ച് ഇവയല്ളെ്ളന്ന് ഉറപ്പുവരുത്തണം. ലക്ഷണങ്ങളും അത് ദൈനംദിനം ജീവിതത്തെ എങ്ങിനെ ബാധിക്കുന്നു എന്നതും വിലയിരുത്തിയാണ് ചികിത്സ നിശ്ചയിക്കുന്നത്.  മാനസിക പിരിമുറുക്കം നിയന്ത്രിക്കുക, കൊഴുപ്പ് കൂടിയ ഭക്ഷണം കുറക്കുക, നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക തുടങ്ങിയവ ഐ.ബി.എസ് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

മലബന്ധം


വന്‍ കുടലിന്‍െറ പ്രവര്‍ത്തന തകരാറ് മൂലം സ്വാഭാവിക മലശോധന ലഭിക്കാത്ത അവസ്ഥയാണിത്. മലശോധന കുറയുക, മലശോധനക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുക, മലം ഉറച്ചുപോവുക, വയറ്റില്‍ വേദന, വയര്‍ വീര്‍ത്തിരിക്കുക, ഛര്‍ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. തുടര്‍ച്ചയായി മലബന്ധം ഉണ്ടാകുന്നുണ്ടെങ്കില്‍ കാരണം കണ്ടത്തെുകയും ചികിത്സ തേടുകയും വേണം. പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കുന്നത് കുറയുക, മാംസാഹാരം മാത്രം കഴിക്കുക, ഭക്ഷണവൈകല്യങ്ങള്‍, വ്യായാമക്കുറവ്, മലശോധന തടഞ്ഞുവെക്കുക, ചില ഒൗഷധങ്ങള്‍, മാനസിക പിരിമുറുക്കം, ഇറിറ്റബ്ള്‍ ബവല്‍ സിന്‍¤്രഡാം എന്നിവയാണ് പ്രധാന കാരണങ്ങള്‍.  മലബന്ധത്തിനിടയാക്കുന്ന ഘടകങ്ങള്‍ കണ്ടത്തെി ഒഴിവാക്കുകയാണ് പരിഹാരം. പ്രായമാകുമ്പോള്‍ ശാരീരിക ആയാസം കുറയുന്നതും ഭക്ഷണരീതികള്‍ മാറുകയും അവയവങ്ങളുടെ പ്രവര്‍ത്തനശേഷി കുറയുകയും ചെയ്യുന്നതൊക്കെ മലബന്ധത്തിനിടയാക്കും. വെള്ളം കുടിക്കുക, സമീകൃതാഹാരം കഴിക്കുക, വ്യായാമം പതിവാക്കുക, കൃത്യമായി മലശോധന നടത്തുക എന്നിവയിലൂടെ മലബന്ധം പ്രതിരോധിക്കാനാവും.

നെഞ്ചെരിച്ചില്‍


ആമാശയത്തില്‍നിന്ന് അമ്ളരസം കലര്‍ന്ന ഭക്ഷണഘടകങ്ങളും വായുവും മറ്റും  അന്നനാളത്തിലേക്ക് കയറിവരുന്ന അവസ്ഥയാണ് ഗ്യാസ്¤്രടാ ഈസോഫാഗിയല്‍ റിഫ്ളക്സ് ഡിസോഡര്‍(ജി. ഇ. ആര്‍. ഡി). ഇത് നെഞ്ചെരിച്ചിലിനും നെഞ്ചുവേദനക്കും ചുമക്കും ഒക്കെ ഇടയാക്കും. ജീവിതരീതിയുടെയും ഭക്ഷണക്രമത്തിന്‍െറയും പ്രശ്നങ്ങളാണ് ഇതിനും കാരണം. ദഹനരസങ്ങളെ ആമാശയത്തില്‍ തന്നെ സൂക്ഷിക്കുന്ന ലോവര്‍ ഈസോഫാഗിയല്‍ സ്ഫിങ്ടര്‍ എന്ന പേശീവാല്‍വ് ദുര്‍ബലപ്പെടുന്നത് ജി. ഇ. ആര്‍. ഡിക്ക് ഇടയാക്കും. ചിലതരം ഭക്ഷണങ്ങള്‍, മരുന്നുകള്‍, പൊണ്ണത്തടി, മാനസികപിരിമുറുക്കം തുടങ്ങിയവയൊക്കെ നെഞ്ചെരിച്ചിലിന് ഇടയാക്കാം. ഒൗഷധചികിത്സ, ഭക്ഷണക്രമീകരണം എന്നിവയിലൂടെ ഇത് പരിഹരിക്കാനാവും.

അള്‍സര്‍


ആമാശയം, കുടല്‍ എന്നിവയുടെ സ്തരത്തില്‍ പുണ്ണുണ്ടാകുന്ന അവസ്ഥയാണിത്. ഡ്യൂവോഡിനം, ആമാശയം, അന്നനാളം എന്നിവിടങ്ങളില്‍ അള്‍സര്‍ വരാം. കൂടുതലായി കാണപ്പെടുന്നത് ചെറുകുടലിന്‍െറ ഉപരിഭാഗമായ ഡ്യുവോഡിനത്തെ ബാധിക്കുന്ന അള്‍സറാണ്. ഹെലിക്കോ ബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് അള്‍സറിന് പ്രധാന കാരണക്കാരന്‍. ദഹനരസത്തിന്‍െറ അമിതോല്‍പാദനം, മാനസിക പിരിമുറുക്കം, മസാലയും കൊഴുപ്പുമൊക്കെ കൂടുതലടങ്ങിയ ഭക്ഷണം, പുകവലി, മദ്യപാനം, വേദനസംഹാരികളുടെ അമിതോപയോഗം തുടങ്ങിയവയൊക്കെ അള്‍സറുള്ളവരില്‍ കൂടുതല്‍ രൂക്ഷമായ ലക്ഷണങ്ങളുണ്ടാക്കാന്‍ കാരണമാകും. വയറിന്‍െറ മധ്യത്തിലോ മുകള്‍ഭാഗത്തോ രാത്രിയിലോ ഭക്ഷണ സമയങ്ങള്‍ക്കിടയിലോ ഉണ്ടാകുന്ന കടുത്ത വേദന, നെഞ്ചെരിച്ചില്‍, ഓക്കാനം, ഛര്‍ദ്ദി, വയറുവീര്‍ക്കല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഒൗഷധ ചികിത്സയിലൂടെ അള്‍സര്‍ ഭേദമാക്കാനാവും.

ഉദര കാന്‍സറുകള്‍


ആമാശയ കാന്‍സര്‍, വന്‍കുടല്‍ കാന്‍സര്‍, പാന്‍ക്രിയാറ്റിക് കാന്‍സര്‍, അന്നനാള കാന്‍സര്‍, പിത്തസഞ്ചി കാന്‍സര്‍ എന്നിങ്ങനെ ഉദര, കുടല്‍ വ്യവസ്ഥയിലെ അവയവങ്ങളെ ബാധിക്കുന്ന എല്ലാതരം കാന്‍സറുകളും വര്‍ധിച്ചുവരുകയാണ്. ശസ്ത്രക്രിയ, കീമോതെറപ്പി, റേഡിയേഷന്‍ എന്നിവയാണ് പ്രധാന ചികിത്സകള്‍. തുടക്കത്തിലാണ് കാന്‍സറെങ്കില്‍ ശസ്ത്രക്രിയ മതിയാകും. കാന്‍സര്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ കീമോയും വേണ്ടിവരും. അപൂര്‍വം അവസരങ്ങളില്‍ റേഡിയേഷനും വേണ്ടിവരും. ടാര്‍ഗറ്റഡ് കീമോതെറപ്പി പോലുള്ള ആധുനിക ചികിത്സകളും ഇന്ന് ലഭ്യമാണ്.

ഉദരചികിത്സയിലെ മാറ്റങ്ങള്‍


രോഗനിര്‍ണയത്തിലും ചികിത്സയിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്.  ഒട്ടുമിക്ക രോഗങ്ങളും വളരെ സൂക്ഷ്മമായി കണ്ടുപിടിക്കാന്‍ കഴിയുന്ന ഒട്ടേറെ സാങ്കേതികവിദ്യകള്‍ ഇന്ന് ലഭ്യമാണ്.  വയര്‍, ചെറുകുടല്‍, വന്‍കുടല്‍ എന്നിവ പരിശോധിക്കാനുള്ള പലതരം എന്‍ഡോസ്കോപ്പികള്‍, കൊളണോ സ്കോപ്പി, അള്‍ട്രാസൗണ്ട്, സി. ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍ തുടങ്ങിയവയുണ്ട്. ഉദരവ്യവസ്ഥയെ ബാധിക്കുന്ന പലരോഗങ്ങളും എന്‍ഡോസ്കോപ്പി ഉപയോഗിച്ച് ചികിത്സിക്കാനും കഴിയും. മുഴകള്‍ നീക്കം ചെയ്യാനും രക്തസ്രാവം തടയാനും, ട്യൂമറുകള്‍ നീക്കാനുമൊക്കെ ഇന്ന് എന്‍ഡോസ്കോപ്പി ഉപയോഗിക്കുന്നുണ്ട്. ഉദരരോഗചികിത്സയില്‍ ഫലപ്രദമായ ഒട്ടേറെ ആധുനിക ഒൗഷധങ്ങളും ഇന്ന് ലഭ്യമാണ്.

പ്രതിരോധം

ജീവിതശൈലി പരിഷ്കരിച്ച് പ്രതിരോധിക്കാം

  • ആരോഗ്യകരമായ ഭക്ഷണ, ജീവിത രീതികള്‍ ശീലിച്ചാല്‍ ഒട്ടുമിക്ക ഉദരപ്രശ്നങ്ങളും പ്രതിരോധിക്കാനാവും. അതിന് സഹായകരമായ ചില നിര്‍ദേശങ്ങള്‍ ഇതാ:
  • ഭക്ഷണം കഴിക്കുന്നതിന് ശരിയായ സമയക്രമം പാലിക്കുക.
  • പുകവലി, മദ്യാപനം ഉപേക്ഷിക്കുക
  • പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.
  • ഭക്ഷണം ശരിയായി വേവിച്ചും ചവച്ചരച്ചും കഴിക്കുക.
  • ഭക്ഷണം കഴിക്കുന്നതിനിടെ ഇടക്കിടെ വെള്ളം കുടിക്കാതിരിക്കുക.
  • ശുചിത്വം പാലിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • വ്യായാമം പതിവാക്കുക.
  • വയറ് നിറയെ ഭക്ഷണം കഴിക്കാതിരിക്കുക.
  • എണ്ണയും കൊഴുപ്പും മസാലയും കൂടിയ ഭക്ഷണം ഒഴിവാക്കുക.
  • ആഹാരം കഴിച്ച ഉടനെ കിടക്കാതിരിക്കുക.
  • മാനസിക പിരിമുറുക്കം കുറക്കുക.
  • സമയത്ത് ഭക്ഷണം കഴിക്കണം.
  • ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക.
  • രോഗം വന്നാല്‍ വൈദ്യോപദേശം തേടുക. സ്വയം ചികിത്സയ്ക്ക് മുതിരരുത്.

 

കടപ്പാട് : ഡോ. കെ. വിനയചന്ദ്രന്‍ നായര്‍


(കോഴിക്കോട് ഡിസ്ട്രിക്ട് കോഓപറേറ്റിവ്  ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ററോളജിസ്റ്റ് ആണ് ലേഖകൻ)

അവസാനം പരിഷ്കരിച്ചത് : 5/25/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate