Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യചിന്തകള്‍

കൂടുതല്‍ വിവരങ്ങള്‍

വൃ​ക്ക​യെ​ക്കു​റി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം..

മനുഷ്യനെപ്പോലെ ഉയര്‍ന്ന പടിയിലുള്ള ജന്തുക്കളില്‍ വിസര്‍ജനം നടക്കുന്നത് പ്രധാനമായും ഒരു ജോഡി വൃക്കകള്‍ വഴിയാണ്. വാരിയെല്ലുകള്‍ക്ക് താഴെ ഉദരാശയത്തിനുള്ളില്‍ നട്ടെല്ലിനോടു ചേര്‍ന്ന് പയര്‍വിത്തിന്‍റെ ആകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഈ അവയവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാം..

വൃക്കയും വിസര്‍ജനവ്യവസ്ഥയും

ശരീരത്തിലെ അധികമുള്ള ജലം, ലവണങ്ങൾ, യൂറിയ തുടങ്ങിയവയെ രക്തത്തില്‍ നിന്ന് അരിച്ചുമാറ്റുക എന്നതാണ് വൃക്കയുടെ പ്രധാന ജോലി. വൃക്കാസിര, വൃക്കാധമനി, മൂത്രാശയം, മൂത്രനാളം എന്നിവയുള്‍പ്പെട്ട വിസര്‍ജനവ്യവസ്ഥയാണ് ഇതിന് വേണ്ട പ്രവര്‍ത്തനങ്ങളെല്ലാം നടത്തുന്നത്. വൃക്കാധമനിയാണ് വൃക്കയിലേക്ക് രക്തം എത്തിക്കുന്നത്. വൃക്കാസിരയാവട്ടെ വൃക്കയില്‍നിന്ന് രക്തം പുറത്തേക്ക് വഹിക്കുന്നു. അരിച്ചുമാറ്റിയ മൂത്രം താത്കാലികമായി സംഭരിക്കപ്പെടുന്നത് മൂത്രാശയത്തിലാണ്. മൂത്രനാളം വഴി ഇതു പുറത്തേക്ക് പോവുകയും ചെയ്യുന്നു.

വൃക്കയുടെ ഘടന

വൃക്കയുടെ നെടുകെയുള്ള ഛേദം പരിശോധിച്ചാല്‍ കോര്‍ട്ടക്സ്, മെഡുല, പിരമിഡുകൾ, പെല്‍വിസ്, നെഫ്രോണ്‍ എന്നീ ഭാഗങ്ങള്‍ കാണാം. ഏറ്റവും പുറമെ കാണപ്പെടുന്ന ഇരുണ്ടു ചുവപ്പുനിറത്തോടു കൂടിയ ഭാഗമാണ് കോര്‍ട്ടക്സ്. കോര്‍ട്ടക്സിനുള്ളില്‍ കാണപ്പെടുന്ന മങ്ങിയ ചുവപ്പുനിറത്തോടുകൂടിയ ഭാഗമാണ് മെഡുല. മെഡുലയില്‍ പെല്‍വിസിലേക്ക് തള്ളി നില്‍ക്കുന്ന ഭാഗങ്ങളാണ് പിരമിഡുകൾ. മൂത്രവാഹിയുടെ മുകള്‍ഭാഗം പെല്‍വിസ് എന്നറിയപ്പെടുന്നു. വൃക്കയുടെ അടിസ്ഥാന യൂനിറ്റാണ് നെഫ്രോണ്‍. ഒരു വൃക്കയില്‍തന്നെ അനേകായിരം നെഫ്രോണുകള്‍ കാണപ്പെടുന്നു.

നെഫ്രോണിന്‍റെ ഘടനയും ധര്‍മവും

ഒരറ്റം തുറന്നതും മറ്റേയറ്റം അടഞ്ഞതുമായ നീണ്ടു ചുരുണ്ട കുഴലാണ് നെഫ്രോണുകൾ. രക്തത്തില്‍നിന്ന് മൂത്രം വേര്‍തിരിച്ചെടുക്കുക എന്നതാണ് നെഫ്രോണുകളുടെ ജോലി.

ബോമാന്‍സ് കാപ്സ്യൂള്‍

നെഫ്രോണിന്‍റെ അടഞ്ഞ അറ്റത്ത് സ്ഥിതിചെയ്യുന്ന കപ്പുപോലെയുള്ള ഇരട്ട ഭിത്തിയോടുകൂടിയ ഭാഗമാണ് ബോമാന്‍സ് കാപ്സ്യൂൾ. ഇതിന്‍റെ രണ്ടു ഭിത്തികള്‍ക്കിടയിലുള്ള സ്ഥലം കാപ്സ്യൂലാര്‍ സ്പെയ്സ് എന്നറിയപ്പെടുന്നു.

ഗ്ലോമറുലസ്

ബോമാന്‍സ് കാപ്സ്യൂളിന്‍റെ ഉള്ളില്‍ കാണപ്പെടുന്ന നേര്‍ത്ത ഭിത്തിയുള്ള രക്തക്കുഴലുകളാണ് ഗ്ലോമറുലസ്.

ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ്

വൃക്ക ആദ്യമായി അരിച്ചെടുക്കുന്ന ജലം, ലവണങ്ങൾ, യൂറിയ എന്നിവയടങ്ങുന്ന ദ്രാവകമാണ് ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റ്. ബോമാന്‍സ് കാപ്സ്യൂളിന്‍റെ ഇരട്ടഭിത്തികള്‍ക്കിടയിലേക്ക് ഇത് ഊറിയിറങ്ങുന്നു. അവിടെനിന്നു ശരീരത്തിനാവശ്യമായ ജലം, ഗ്ലൂക്കോസ് എന്നിവ രക്തക്കുഴലുകളിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെട്ടതിനുശേഷം അവശേഷിക്കുന്ന ദ്രാവകമാണ് മൂത്രമായി പുറത്തുപോകുന്നത്.

അളവ് നിയന്ത്രിക്കുന്നത്

ശരീരത്തിലുള്ള ജലത്തിന്‍റെ അളവനുസരിച്ച് ഗ്ലോമറുലാര്‍ ഫില്‍ട്രേറ്റില്‍നിന്ന് എത്രത്തോളം ജലം പുനരാഗിരണം ചെയ്യണമെന്ന് നെഫ്രോണിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നത് പിറ്റ്യൂറ്ററി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ആന്‍റിഡൈ യുറെറ്റിക് ഹോര്‍മോണ്‍ (ADH) ആണ്.

വൃക്കരോഗങ്ങള്‍

വരുംനാളുകളില്‍ കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നം വൃക്കരോഗങ്ങളാണെന്ന് ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഒഫ് നെഫ്രോളജി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രമേഹരോഗികളുടെ എണ്ണം കേരളത്തില്‍ പെരുകുന്നതാണ് ഈ മുന്നറിയിപ്പിനു കാരണം. മലയാളികളുടെ മാറിയ ഭക്ഷണശൈലിയാണ് പ്രധാന കാരണം. വൃക്കരോഗങ്ങള്‍ പെരുകാന്‍ ഒരു പ്രധാന കാരണം, പ്രമേഹ രോഗത്തിന്‍റെ അനന്തരഫലമാണ് – മലയാളികളുടെ ഭക്ഷണത്തില്‍ മാംസാഹാരത്തിന്‍റെ പ്രാധാന്യം കൂടിയതും മറ്റൊരു കാരണമാണ്.

വൃക്ക ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍

ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്‍ച്ചയ്ക്കും സഹായിക്കുന്ന എറിത്രോ പോയിറ്റിന്‍ എന്ന ഹോര്‍മോണ്‍ വൃക്കകളാണ് ഉത്പ്പാദിപ്പിക്കുന്നത്. വൃക്കകള്‍ തകരാറിലാകുമ്പോള്‍ ചുവന്ന രക്താണുക്കളുടെ അളവു കുറയുന്നു. പെട്ടെന്നുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും ഇതിന്‍റെ ലക്ഷണമാകാം.

ഡയാലിസിസ്

വൃക്കകള്‍ പ്രവര്‍ത്തന രഹിതമാകുന്ന അവസ്ഥയില്‍ രക്തത്തില്‍ യൂറിയ, യൂറിക്കാസിഡ്, ജലം എന്നിവയുടെ അളവ് വർധിക്കുന്നു. ഈ മാലിന്യങ്ങള്‍ നീക്കുകയും ശരീരത്തിലെ വെള്ളം, ഉപ്പ് തുടങ്ങിയ ഘടകങ്ങളുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്ന കൃത്രിമ രീതിയാണ് ഡയാലിസിസ്. ഇതിനെ രണ്ടായി തിരിച്ചിട്ടുണ്ട്. ഹീമോ ഡയാലിസിസ്, പെരിട്ടോണിയല്‍ ഡയാലിസിസ് എന്നിങ്ങനെയാണ്. ഹീമോ ഡയാലിസിസില്‍ രക്തം ശരീരത്തിനു പുറത്തേക്കെടുത്ത് പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഫില്‍ട്ടറിലൂടെ കടത്തിവിട്ട് ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. പെരിട്ടോണിയല്‍ ഡയാലിസിസില്‍ പ്രത്യേകം തയാറാക്കിയ ഒരു ദ്രാവകം പെരിട്ടോണിയത്തില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ഉദരത്തില്‍ ആന്തരാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന ഒരു ആവരണമാണ് പെരിട്ടോണിയം.

വൃക്ക മാറ്റിവയ്ക്കല്‍

ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഒരാളുടെ ആരോഗ്യമുള്ള വൃക്ക തകരാറിലായ വൃക്കകള്‍ക്കു പകരം മാറ്റിവയ്ക്കാം. രോഗികളുടെ വൃക്കകള്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ ഈ ശസ്ത്രക്രിയ നടത്താറുള്ളൂ. വൃക്കദാതാവിന്‍റെയും സ്വീകര്‍ത്താവിന്‍റെയും രക്തഗ്രൂപ്പുകള്‍ യോജിക്കുന്നതായാല്‍ മാത്രമേ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താറുള്ളൂ.

വിഷാദരോഗികൾക്ക് ടോക്കിങ് തെറാപ്പി

വിഷാദരോഗത്തിന് അടിമപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരികയാണ് നമ്മുടെ കൊച്ചുകേരളത്തിലും. അമിതമായ മാനസികസമ്മർദം താങ്ങാനാകാതെ വരുമ്പോഴാണ് പലരും വിഷാദരോഗത്തിന് അടിമപ്പെടുന്നത്. ഇത്തരക്കാർക്കുവേണ്ടി പ്രത്യേക ടോക്കിങ് തെറാപ്പി വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ലണ്ടനിലെ മനഃശാസ്ത്രജ്ഞന്മാർ.

മനസ്സിലെ സങ്കടങ്ങളും വിഷമങ്ങളും ആരോടു പറയാനില്ലാതെ വരുന്നതുകൊണ്ടാണ് പലരും അതെല്ലാം മനസ്സിൽതന്നെ കുഴിച്ചുമൂടി വിഷാദരോഗത്തിന് കീഴ്പ്പെടുന്നത്. ഇങ്ങനെ രോഗം ബാധിച്ചവരോട് പോസിറ്റീവ് ആയി സംസാരിച്ചും ഇടപഴകിയും രോഗശമനം വരുത്തുന്നതിനെയാണ് ടോക്കിങ് തെറാപ്പി എന്നു പറയുന്നത്.

ജൂനിയർ മെന്റൽ ഹെൽത്ത് വർക്കർമാർക്കുപോലും ഇതു ചെയ്യാവുന്നതാണ്. സംസാരിച്ചുസംസാരിച്ച് വിഷാദരോഗിയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ചിലർക്ക് ടോക്കിങ് തെറാപ്പികൊണ്ടു തന്നെ വിഷാദരോഗം മാറിയേക്കാം. മറ്റു ചിലർക്ക് ടോക്കിങ് തെറാപ്പിയുടെകൂടെ അത്യാവശ്യം മരുന്നുകളും വേണ്ടിവന്നേക്കാം എന്നാണു ഡോക്ടർമാർ പറയുന്നത്.

ലോകത്താകെ 350 ദശലക്ഷം പേർക്കാണ് വിഷാദരോഗം പിടിപെട്ടതായി കണ്ടെത്തിയിട്ടുള്ളത്. രേഖപ്പെടുത്താത്ത കേസുകൾ ഒട്ടനവധി വേറെയും കാണും. പോസിറ്റീവ് ആയ സംസാരങ്ങളും പെരുമാറ്റങ്ങളും സൗഹൃദങ്ങളും ഇവരുടെ മാനസികാവസ്ഥയെ സന്തോഷകരമാക്കി മാറ്റും എന്ന ലളിതമായ തത്വം ആണ് ടോക്കിങ് തെറാപ്പിയുടെ പിന്നിൽ. നിങ്ങളുടെ സുഹൃത്തുക്കളിൽ ആർക്കെങ്കിലും വിഷാദരോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കഴിയുന്നതും നേരം അവരോടു സംസാരിച്ചും ഇടപെട്ടും നിങ്ങൾക്കും ഈ ടോക്കിങ് തെറാപ്പി നടത്താവുന്നതാണ്.

കറിവേപ്പിലയുടെ ഒൗഷധപ്രയോഗങ്ങൾ

ആറു മീറ്ററോളം വരെ ഉയരത്തില്‍ വളരുന്ന ഒരു കുറ്റിച്ചെടിയാണു കറിവേപ്പ്. കറികൾക്കു രുചിയും സുഗന്ധവും നൽകുന്ന കറിവേപ്പില ഒൗഷധാവശ്യത്തിനും ഉപയോഗിക്കുന്നു. ആഹാരത്തിലുണ്ടാകുന്ന വിഷാംശത്തെ ഇല്ലാതാക്കാനും കറിവേപ്പിലയ്ക്ക് കഴിവുണ്ടെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ‘റൂട്ടേബിയെ’ സസ്യകുടുംബത്തിൽപ്പെടുന്ന കറിവേപ്പിലയുടെ ശാസ്ത്രനാമം ‘മുരയ കൊനീജിയൈ’ എന്നാണ്. കറിവേപ്പില ദഹനശക്തി വർധിപ്പിക്കും. അതിസാരം, വയറുകടി ഇവയ്ക്കു ഫലപ്രദമാണ്. വിഷത്തെ നശിപ്പിക്കും. ബുദ്ധിശക്തി വർധിപ്പിക്കുന്നതുമാണ്. കാൻസറിനെതിരെ പ്രവർത്തിക്കുന്നതിനുളള കഴിവും കറിവേപ്പിലയ്ക്കുണ്ടെന്ന് ആധുനിക ഗവേഷണങ്ങൾ.

കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്നീഷ്യം, ചെമ്പ്, അന്നജം, നാരുകൾ, സ്റ്റീറോൾ, കാർബസോൾ ആൽക്കലോയിഡുകൾ, അമിനോ ആസിഡുകൾ, ആന്റി ഒാക്സിഡന്റ്, ഗ്ലൈക്കോസൈഡ് എന്നിവയെല്ലാം കറിവേപ്പിലയിലുണ്ട്. വിറ്റമിൻ എ, ബി, സി, ഇ തുടങ്ങിയവയും ധാരാളം അടങ്ങിയിരിക്കുന്നു.

കൃഷി ചെയ്യുന്ന വിധം

കറിവേപ്പിന്റെ വേരിൽ നിന്നും വിത്തിൽ നിന്നുമാണ് തൈകൾ ഉണ്ടാക്കുന്നത്. ഒരടി നീളവും ഒരടി വീതിയും ഒരടി താഴ്ചയും ഉളള കുഴിയെടുത്ത് ചെടിക്കും മണ്ണിനും ഇളക്കം തട്ടാത്ത വിധത്തിൽ നടുക. ചെടി നട്ട് മണ്ണ് ചുറ്റും അമർത്തി യോജിപ്പിച്ചശേഷം വെളളം ഒഴിക്കണം.

ഒൗഷധപ്രയോഗങ്ങൾ

കറിവേപ്പിലയും മഞ്ഞളും സമം അളവിൽ പതിവായി കഴിച്ചാൽ അലർജി മാറും.

കറിവേപ്പില, ചുക്ക്, കുരുമുളക് സമം അളവിൽ കഷായം വച്ചു കുടിച്ചാൽ പനി മാറും.

കറിവേപ്പിലയുടെ പത്തു തണ്ടിന്റെ ഇലകൾ, കുരുമുളക് 10 എണ്ണം, ഇഞ്ചി, പുളി, ഉപ്പ് ഇവ ആവശ്യത്തിനു ചേർത്തരച്ചു ദിവസവും കഴിച്ചാൽ തുമ്മൽ, ഈസ്നോഫീലിയ, ഈസ്നോഫീലിയ കൊണ്ടുളള ചുമ എന്നിവ മാറും.

തേൾ കുത്തിയാൽ കറിവേപ്പില പാലിൽ അരച്ചു ലേപനം ചെയ്യുക.

കറിവേപ്പിന്റെ കുരുന്നിലകൾ ചവച്ചു തിന്നുന്നത്, ദഹനമില്ലാതെ കഫത്തോടും ദുർഗന്ധത്തോടുംകൂടി ഉണ്ടാകുന്ന അതിസാരത്തിൽ പലപ്രദമായി കണ്ടിട്ടുണ്ട്.

സ്വരശുദ്ധിക്ക് കറിവേപ്പില ദിവസവും അരച്ചു കഴിക്കുക.

കറിവേപ്പില അരച്ചു ചേർത്തു വെളിച്ചെണ്ണ കാച്ചി തേക്കുന്നത് അകാലനര ഒഴിവാക്കും. ഇതോടൊപ്പം തന്നെ കറിവേപ്പില അരച്ചു കഴിക്കുക.

ദിവസവും ആഹാരങ്ങളിൽ കറിവേപ്പില ചേർക്കുന്നതുകൊണ്ട് ദഹനശക്തി വർധിക്കുന്നു. വിഷാംശം ഉണ്ടെങ്കിൽ നിർവീര്യമാക്കുകയും ചെയ്യും.

കുറച്ചു കറിവേപ്പിലയും മൂന്നു കുരുമുളകും ചേർത്തു ദിവസവും രാവിലെ ചവച്ചരച്ചു കഴിക്കുന്നതു രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കും.

ചൂടുകുരുവിനും തിണർപ്പിനും കറിവേപ്പില വെണ്ണ പോലെ അരച്ച് പുരട്ടുക.

കറിവേപ്പിലയും മഞ്ഞളും ചേർത്ത് മോരു കാച്ചി ദിവസവും രാവിലെ വെറുംവയറ്റിൽ കഴിക്കുന്നതു ദഹനസംബന്ധ രോഗങ്ങൾ മാറ്റും.

കറിവേപ്പില വിഭവങ്ങൾ

കറിവേപ്പില ചമ്മന്തി

കറിവേപ്പില– 25 തണ്ടിന്റെ ഇലകൾ, ഇടത്തരം വലിപ്പമുളള നാളികേരം ചിരകിയത്, കുരുകളഞ്ഞ കോൽപുളി– ഒരു നെല്ലിക്കാ വലുപ്പം, ഉണക്കമുളക് ചതച്ചത് – മൂന്നു ടീസ്പൂണ്‍, ഉപ്പ്– ആവശ്യത്തിന്

തയാറാക്കുന്ന വിധം– കറിവേപ്പില ചട്ടിയിലിട്ട് മൊരിയിക്കുക. നാളികേരം ചിരകിയതും ചതച്ച മുളകും മറ്റൊരു പാത്രത്തിൽ ചുവക്കുന്നതുവരെ വറുത്തെടുത്ത് മൊരിയിച്ചെടുത്ത കറിവേപ്പില, പുളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക.

കറിവേപ്പില റൈസ്

അരി– ഒരു കപ്പ്, ചുവന്നുളളി– കാൽ കപ്പ്, തക്കാളി– രണ്ട്, നെയ്യ്– നാലു ടേബിൾ സ്പൂൺ, ഉണക്ക ചുവന്ന മുളക്– 10, കായം പൊടിച്ചത്– ഒരു നുളള്, തയാറാക്കുന്ന വിധം– അരി വേവിച്ച് ഒരു ടീസ്പൂൺ നെയ്യൊഴിച്ചു ഗ്രാമ്പു, ഏലയ്ക്ക, കറുവാപ്പട്ട ഇവ വറക്കുക. ഇതിലേക്ക് ചുവന്നുളളിയും തക്കാളിയും അരിഞ്ഞു ചേർക്കുക. നന്നായി വഴറ്റി അരച്ചുവച്ച ചേരുവകളും ചേർത്തിളക്കുക. ശേഷം വേവിച്ച അരിയും ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കുക. വറുത്ത അണ്ടിപ്പരിപ്പ് ചേർത്ത് അലങ്കരിക്കുക.

ജീവിതശൈലി രോഗത്തിലെത്തിക്കുമോ?

നല്ല ജീവിതശൈലി എന്നാലെന്താണ്? നാം ശരീരത്തെ, മനസ്സിനെ, പ്രവൃത്തികളെ ദിവസം മുഴുവനും എങ്ങനെ ക്രമീകരിക്കുന്നു എന്നതു തന്നെയാണ് ജീവിതശൈലി. നാം എന്തു കഴിക്കുന്നു? അത് സമീകൃതാഹാരമാണോ? അതോ കിട്ടുന്നതെന്തും കഴിക്കുകയാണോ? കുടിക്കുന്ന വെള്ളം ശുദ്ധമാണെന്നുറപ്പുണ്ടോ? ആവശ്യത്തിനു വെള്ളം കുടിച്ചെന്നുറപ്പുണ്ടോ? എപ്പോൾ ഉണരുന്നു? എങ്ങനെ ഉറങ്ങുന്നു? മലമൂത്ര വിസർജന ശീലങ്ങൾ എങ്ങനെയാണ്? വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും മറ്റു പാഴ്‌വസ്തുക്കളും നിർമാർജനം ചെയ്യുന്ന രീതി കുറ്റമറ്റതാണോ?

രാത്രി കിടക്കുന്നതിനു മുൻപ് പല്ലു തേക്കുന്നുണ്ടോ? ഭക്ഷണത്തിനു മുൻപും കക്കൂസിൽ പോയതിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാറുണ്ടോ? മദ്യം, പുകവലി, മറ്റു ലഹരിസാധനങ്ങൾ ഉപയോഗിക്കുന്നുണ്ടോ? മനസ്സിൽ നല്ല ചിന്തകളാണോ കൊണ്ടുനടക്കുന്നത്? അതോ എപ്പോഴും അസൂയ, ദേഷ്യം, പക, പരദൂഷണ ശൈലി ഇവയാണൊ? അമിതാഹാരം ഒഴിവാക്കാൻ വേണ്ട ശീലങ്ങളുണ്ടോ? വൈദ്യുതി പാഴാക്കാതിരിക്കുന്ന ശീലം, വെള്ളം പാഴാക്കാതിരിക്കുന്ന ശീലം എന്നുവേണ്ട നാം ദിവസവും പതിവായി ചെയ്യുന്നതെല്ലാം നമ്മുടെ ജീവിതശൈലിയാണ്.

ഇതിൽ നല്ലതേത്, മോശമേത് എന്നു തിരിച്ചറിയാൻ നമ്മെ പ്രാപ്തരാക്കുന്നതാകണം നമ്മുടെ വിദ്യാഭ്യാസം. നല്ല ശീലങ്ങൾ പ്രാവർത്തികമാക്കാൻ, നല്ല ജീവിതശൈലി എല്ലാ വ്യക്തികൾക്കും ലഭ്യമാക്കാൻ വേണ്ടി സമൂഹത്തെ പ്രാപ്തരാക്കാനാവണം ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും എല്ലാ ഭരണകർത്താക്കളും ശ്രദ്ധിക്കേണ്ടത്. നല്ല ജീവിതശൈലികൾ ജനങ്ങളിലുണ്ടാക്കാൻ വേണ്ട സാമൂഹിക സാമ്പത്തിക പരിഷ്കാരങ്ങളാണ് ഏറ്റവും വലിയ ആരോഗ്യ പ്രവർത്തനം. കാരണം എല്ലാ രോഗങ്ങളും ജീവിതശൈലീ രോഗങ്ങളാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാന ജീവിതശൈലീരോഗം പകർച്ചവ്യാധികളാണെന്നും ഓർക്കണം. പകർച്ചവ്യാധികൾ എങ്ങനെ ജീവിതശൈലീ രോഗമാകുന്നു? എല്ലാ പകർച്ചവ്യാധികൾക്കും കാരണം ഇവയാണ്. മൂന്നു നേരവും സമീകൃതാഹാരം കഴിക്കാത്തതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു. പ്രതിരോധ ശേഷി കുറ‍ഞ്ഞ ശരീരത്തിൽ രോഗാണുക്കൾ കടക്കാനിടയാവുന്നതാണെങ്കിൽ അതിനുകാരണം തെറ്റായ ജീവിതശൈലിയാണ്. ഭക്ഷണസാധനങ്ങളും ചപ്പുചവറുകളും പ്ലാസ്റ്റിക്കും ടിന്നുകളും എല്ലാം എവിടെയും വലിച്ചെറിയുന്ന ശീലം (ഒരു തെറ്റായ ജീവിതശൈലിയാണ്) കൊതുകുകളും മറ്റു പല രോഗാണുക്കളും യഥേഷ്ടം വളരാനും നമ്മുടെ ശരീരത്തിലെത്താനും ഇടയാക്കുന്നു. ഭക്ഷണസാധനങ്ങൾ, കുടിവെള്ളം ഇവ കൈകാര്യം ചെയ്യുമ്പോൾ വ്യക്തിശുചിത്വമില്ലാത്തതുകൊണ്ട് രോഗാണുക്കൾ അവയിൽ കടന്നുകൂടുന്നു.

(പട്ടണങ്ങളിലാണെങ്കിൽ ഓരോ പത്തു സെന്റിലും കിണറും സെപ്റ്റിക് ടാങ്കും എന്ന രീതിമൂലം പലപ്പോഴും വെള്ളം മലിനമാക്കപ്പെടുന്നു). പകർച്ചവ്യാധികൾക്ക് ഏറ്റവും പ്രധാന കാരണം പോഷകാഹാരക്കുറവു തന്നെയാണ്–കാരണം സമീകൃതാഹാരം എന്ത് എന്നുപോലും പലർക്കും അറിയില്ല. സമീകൃതാഹാരം എന്ന ജീവിതശൈലി പ്രാവർത്തികമാക്കാൻ സമൂഹത്തെ ശാക്തീകരിച്ചിട്ടില്ല. സമീകൃതാഹാരം 90% പേർക്കും കിട്ടുന്നില്ല. കിട്ടുന്നവർ പോലും കഴിക്കുന്നുമില്ല. പകർച്ചവ്യാധികളുടെ അടുത്ത കാരണങ്ങൾ വ്യക്തിശുചിത്വമില്ലായ്മയും പരിസര ശുചിത്വമില്ലായ്മയുമാണ്. നമ്മുടെ തെറ്റായ ജീവിതശൈലി മൂലം രോഗാണുക്കൾ എല്ലായിടത്തും സുലഭമാണ്. തെറ്റായ ശീലങ്ങൾ മൂലം അവ നമ്മുടെ ശരീരത്തിലെത്തുന്നു. സമീകൃതാഹാരം കഴിക്കാത്തതുമൂലം ശരീരത്തിൽ അവയ്ക്ക് പെറ്റുപെരുകാൻ സാധിക്കുന്നു. ഇതേ ജനം തന്നെ പുകവലിക്കുകയും മദ്യപിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും ചെയ്താലോ?

പുകവലിക്കെതിരായ ബോധവൽക്കരണം ഒരുപരിധി വരെ ഫലപ്രദമാവുന്നുണ്ട്. അതിനെക്കാൾ എത്രയോ മാരകമാണ് മദ്യപാനം. അതിനെതിരെ ശരിയായ ബോധവൽക്കരണം നടക്കുന്നില്ല. മാത്രമല്ല മദ്യപാനം ഒരു ശീലമാക്കാൻ വേണ്ട രീതിയിൽ ചില തെറ്റായ ബോധവൽക്കരണവും നടക്കുന്നുണ്ട്. ഉദാഹരണത്തിന് 30 മില്ലിലീറ്റർ മദ്യം ഹൃദ്രോഗത്തെ തടയുമത്രേ!! വീഞ്ഞ് കുടിക്കുന്നതും മദ്യത്തിന്റെ അംശമുള്ള അരിഷ്ടം കഴിക്കുന്നതും ശരീരത്തിനു നല്ലതാണെന്നു വിശ്വസിക്കുന്നവരാണധികവും.

ഒരു സത്യം പറയാം. ഒരു തുള്ളി മദ്യംപോലും ശരീരത്തിനാവശ്യമില്ല. എത്ര കുറച്ചു മദ്യവും ശരീരത്തിനു ദോഷവുമാണ്. മദ്യമെന്ന വിഷത്തെ താങ്ങാനുള്ള കഴിവ് ഓരോ ശരീരത്തിനും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ദിവസവും 30 മില്ലി മദ്യം വർഷങ്ങളോളം കഴിച്ചിട്ടും ഒരാൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെങ്കിൽ അതിനു കാരണം മദ്യമല്ല, അയാളുടെ മറ്റു നല്ല ശീലങ്ങളാണ്. അയാളുടെ നല്ല ശീലങ്ങൾ മദ്യത്തിന്റ ദോഷം അയാളെ ബാധിക്കാതെ സംരക്ഷിക്കുന്നു. എന്നാൽ, ഏതെങ്കിലും കാരണംകൊണ്ട് കരളിന്റെ പ്രവർത്തനശേഷി കുറഞ്ഞ ഒരാളാണ് വീഞ്ഞോ, അരിഷ്ടമോ പതിവായി കഴിക്കുന്നതെങ്കിൽ അയാളുടെ കരൾരോഗം തീർച്ചയായും മൂർഛിച്ചിരിക്കും. വർധിച്ചുവരുന്ന കരൾ രോഗത്തിന് പ്രധാന കാരണം മദ്യം മാത്രമല്ല– അമിതാഹാരവുമാണ്. അമിതാഹാരം ഒരു തെറ്റായ ജീവിതശൈലിയാണ്. അമിതാഹാരം മൂലം ശരീരത്തിൽ എല്ലാ ഭാഗങ്ങളിലും കൊഴുപ്പ് അടിഞ്ഞുകൂടുന്നു. മുഖത്ത്, വയറിൽ, കരളിൽ, രക്തക്കുഴലുകളിൽ ഒക്കെ. കരളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് മദ്യത്തോളം തന്നെ ദോഷം ചെയ്യും.

പലപ്പോഴും അമിതാഹാരം കഴിക്കുന്നവർ തന്നെയാണ് മദ്യം കഴിക്കുന്നതും ഇവ രണ്ടും തെറ്റായ ജീവിതശൈലികളാണ്. ഇവ രണ്ടും ഒഴിവാക്കിയാൽ തന്നെ ഇന്ത്യ സാമ്പത്തികമായി രക്ഷപ്പെടും. നമുക്കു തെറ്റായ ജീവിതശൈലികൾ തരാൻ കമ്പോളവും കമ്പോളത്തിന്റെ വക്താക്കളായ താരങ്ങളും മൽസരിക്കുകയാണ്. എല്ലാവരെക്കൊണ്ടും അമിതമായി ഭക്ഷണം കഴിപ്പിച്ച് (കഴിക്കുന്നതോ സമീകൃതാഹാരമല്ല, മറിച്ച് ഫാസ്റ്റ് ഫുഡും ചവറു ഭക്ഷണങ്ങളും) അവരെ അലസൻമാരാക്കി അവരെക്കൊണ്ടുതന്നെ മദ്യപാനശീലവും നടപ്പാക്കി രോഗങ്ങളെ കൃഷി ചെയ്തുകൊണ്ടിരിക്കുകയാണ്. 2030 എങ്കിലും ആകുമ്പോഴേക്കും എല്ലാവർക്കും രോഗം എന്ന ലക്ഷ്യം നേടാൻ സാധിക്കുമെന്നാണ് തോന്നുന്നത്! അന്ന് ഓരോ വീട്ടിലും നിന്ന് എല്ലാവരെയും എംബിബിഎസിനു ചേർക്കാൻ ശ്രമിക്കണം!! ഓരോ വില്ലേജിലും മെഡിക്കൽ കോളജും തുടങ്ങാം!!!

പ്രമേഹ രോഗം വരുന്നത് അമിതാഹാരവും വ്യായാമക്കുറവും മാനസിക സംഘർഷങ്ങളും പോഷകാഹാരക്കുറവും പലതരം വിഷാംശങ്ങൾ തെറ്റായ ശീലങ്ങൾമൂലം ഉള്ളിൽ കടക്കുന്നതും കൊണ്ടാണ്. ഉയർന്ന രക്തസമ്മർദമാണെങ്കിൽ അമിതാഹാരാം, വ്യായാമക്കുറവ്, ഉപ്പ് കൂടുതൽ കഴിക്കുന്നത്, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, പച്ചക്കറികളും പഴങ്ങളും കഴിക്കാതിരിക്കൽ, ഉയർന്ന മാനസിക സമ്മർദങ്ങൾ, പുകവലി, മദ്യപാനം എന്നിവയുടെ സംഭാവനയാണ്.

ചുരുക്കിപ്പറഞ്ഞാൽ എല്ലാ രോഗങ്ങളും ജീവിതശൈലീ രോഗങ്ങളാണ്. നല്ല ജീവിതശൈലി എന്താണെന്നു പറ‍ഞ്ഞുകൊടുക്കാനും പഠിപ്പിക്കാനും പ്രാവർത്തികമാക്കാനും വേണ്ടി നമ്മുടെ വിദ്യാഭ്യാസത്തെ, സമൂഹത്തെ, ആരോഗ്യമേഖലയെ പരിഷ്കരിച്ചുകൊണ്ടേ ആരോഗ്യം എല്ലാവർക്കും എന്ന സ്വപ്നം സാക്ഷാത്കരിക്കാനാവൂ.

വേദന നിറഞ്ഞ ലൈംഗികത; കാരണം അറിയാം

വേദന നിറഞ്ഞ ലൈംഗികബന്ധം മനോഹര നിമിഷങ്ങളെ നശിപ്പിക്കും. ലൈംഗികതയോടുള്ള ഭയം, കുറഞ്ഞ ലൈംഗികാസക്തി, അടുപ്പക്കുറവ് ഇവയെല്ലാം ഇതിന്റെ പരിണിതഫലമായി ഉണ്ടാകാം.

2009–ലെ നാഷണൽ സർവേ ഓഫ് സെക്ഷ്വൽ ഹെൽത്ത് അനുസരിച്ച് ഏതാണ്ട് 30 ശതമാനം സ്ത്രീകളും ലൈംഗികബന്ധത്തിൽ വേദന അനുഭവിക്കുന്നവരാണ്. ഇത് സാധാരണയാണ് എന്നതിനർഥം അവഗണിക്കേണ്ടതാണ് എന്നല്ല.

ബ്ലൂമിങ്ടണിലെ ഇന്ത്യാന സർവകലാശാലയിലെ ഗവേഷകയായ മെബ്റ ഹെർബെനിക് പറയുന്നത്, എന്തോ ശരിയല്ലാത്തതു സംഭവിക്കുമ്പോൾ ശരീരം നൽകുന്ന അടയാളമാണ് വേദന എന്നാണ്.

നിങ്ങളുടെ പങ്കാളി നിങ്ങൾക്ക് വേദന സമ്മാനിക്കുന്നതിന്റെ ചില കാരണങ്ങൾ ഇതാ:

1. തിടുക്കത്തിലുള്ള ശാരീരികബന്ധം

പൂർവകേളികൾ സ്ത്രീക്ക് അത്യവശ്യമാണ്. സ്ത്രീകൾ പുരുഷൻമാരെ അപേക്ഷിച്ച് സാവധാനത്തിലേ ഉണർന്നുവരൂ. പൂർവകേളികൾ എന്നാൽ ചുംബനമോ സ്പർശമോ മുതൽ ഓറൽ സ്റ്റിമുലേഷൻ വരെയാകാം. ഉത്തേജനം പ്രധാനമാണ്. എന്തുകൊണ്ടെന്നാൽ ഇത് ലൈംഗികാവയവങ്ങളിലേക്ക് രക്തപ്രവാഹം കൂട്ടുകയും ക്രമേണ ലൂബ്രിക്കേഷൻ കൂട്ടുകയും ചെയ്യും. തിടുക്കത്തിൽ ശാരീരികബന്ധത്തിൽ ഏർപ്പെടാതിരുന്നാൽ വേദന ഒഴിവാക്കാം.

2. ലൂബ്രിക്കേഷന്റെ അഭാവം

പങ്കാളിയോടൊത്ത് സ്നേഹം പങ്കുവയ്ക്കാൻ നിങ്ങൾ ഉത്സുകരാണ്. എങ്കിലും മതിയായ ലൂബ്രിക്കേഷൻ(സ്നിഗ്ധത, അയവ്) ഇല്ലെങ്കിൽ ലിംഗം കടത്തുന്നത് വേദന നിറഞ്ഞതാക്കും.<br />
നിങ്ങളുടെ തലച്ചോർ പ്രവർത്തി ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞ് 5 മുതൽ 7 വരെ മിനിറ്റ് വേണ്ടിവരും യോനി മതിയായി ലൂബ്രിക്കേറ്റഡ് ആകാൻ. കൗതുകകരമെന്നു പറയട്ടെ… സാധാരണ പ്രവർത്തികളായ ചൂടുവെള്ളത്തിൽ കഴുകൽ യോനീസ്രവങ്ങളെ വരണ്ടതാക്കും. ഡോസ് കുറഞ്ഞ ഗർഭനിരോധന ഗുളികകളും യോനീകോശങ്ങളെ വരണ്ടതാക്കും.

3. ജനനേന്ദ്രിയങ്ങളിലെ അണുബാധ

ലൈംഗികത അസ്വസ്ഥത നിറഞ്ഞതാകാൻ ഇനിയുമുണ്ട് കാരണങ്ങൾ. ജനനേന്ദ്രിയങ്ങളിലെ അണുബാധ വേദന നിറഞ്ഞ ലൈംഗികബന്ധത്തിനു കാരണമാകാം. ജെനിറ്റൽ ഹെർപ്പിസ്, ട്രൈക്കോമോനിയാസിസ്, യീസ്റ്റ് ഇൻഫെക്ഷനുകൾ തുടങ്ങിയവ അവയിൽ ചിലതാണ്. ചിലപ്പോൾ സ്ത്രീകൾ ഈ അണുബാധയെപ്പറ്റി അജ്ഞരാകും. യോനിയിലോ സ്ത്രീ ലൈംഗികാവയവത്തിലോ ഉള്ള ചെറിയ മാറ്റംപോലും അവരിൽ വേദന സൃഷ്ടിക്കും.

4. എൻഡോമെട്രിയോസിസ്

ഗർഭപാത്രത്തെ ആവരണം ചെയ്യുന്ന കോശം അതാതയത് ഗർഭാശയസ്തരം ഗർഭാശയത്തിനു പുറത്ത് മറ്റു പ്രദേശങ്ങളിൽ വളരാൻ തുടങ്ങുന്ന അവസ്ഥയാണിത്. എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകൾക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ സഹിക്കാൻ പറ്റാത്ത വേദന ഉണ്ടാക്കുമെന്ന് ലൈംഗികാരോഗ്യ വിദഗ്ധൻ ഡെന്നിസ് ഫോർട്ടൻബറി പറയുന്നു.

നിലക്കടല നിസാരക്കാരനല്ല

നിലക്കടല രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുക മാത്രമല്ല ആരോഗ്യത്തിനും വളരെ നല്ലതാണ്. പതിവായി നിലക്കടല കഴിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നു. ശരീരത്തിനു വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി നിയന്ത്രിക്കുകയും ചെയ്യുന്നു.

പൂരിത കൊഴുപ്പിനു പുറമേ ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം, മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന നിലക്കടല ആഴ്ചയിൽ ഒരൗൺസ് എങ്കിലും കഴിക്കുന്നത് വളരെ നല്ലതാണ്.

ബട്ടറിനു പകരം പീനട്ട് ബട്ടർ ഉപയോഗിക്കുന്നതിലൂടെയും സാലഡുകളിലും ആപ്പിറ്റൈസറുകളിലും ഉപയോഗിക്കുന്നതിലൂടെയും ഭക്ഷണത്തിൽ നിലക്കടല ഉൾപ്പെടുത്താൻ സാധിക്കും. ആഴ്ചയിൽ രണ്ടുതവണയെങ്കിലും നിലക്കടല ഉപയോഗിക്കുന്നത് ശരീരഭാരം കൂട്ടുകയുമില്ല.

ചുവപ്പുമുന്തിരിയിൽ കാണപ്പെടുന്ന റെഡ്‌വെരാട്രോൾ എന്ന ഫിനോളിക് ആന്റിഓക്സിഡന്റ് നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദം, ഹൃദ്രോഗം, നാഡീരോഗങ്ങൾ, മറവിരോഗം എന്നിവയെയെല്ലാം പ്രതിരോധിക്കുന്നു. ആപ്പിൾ, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിലെല്ലാം അടങ്ങിയിരിക്കുന്നതിനെക്കാൾ അധികം ആന്റിഓക്സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്.

100ഗ്രാം നിലക്കടലയിൽ 567 കാലറി അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജത്തിന്റെ കലവറയാണ്. മോണോ അൺസാച്ചുറേറ്റഡ്, ഫാറ്റി ആസിഡുകൾ പ്രത്യേകിച്ചും ഒലേയിക് ആസിഡ് നിലക്കടലയിലുണ്ട്. ഇത് ചീത്തകൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിനെ കൂട്ടുന്നു. പോളിഫിനോളിക് ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ വയറിലെ അർബുദം തടയാൻ ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യമേകുന്ന നിരവധി ഘടകങ്ങൾ നിലക്കടലയിലുണ്ട്. കടല കഴിച്ചാൽ വണ്ണം വയ്ക്കുമെന്നാണ് പലരുടെയും ധാരണ. എന്നാൽ ആഴ്ചയിൽ രണ്ടുതവണയെങ്കിലും നിലക്കടല പോലുള്ള അണ്ടിപ്പരിപ്പു വർഗങ്ങൾ കഴിക്കുന്നവർക്ക് ഇതു കഴിക്കാത്തവരെ അപേക്ഷിച്ച് ശരീരഭാരം കൂടുകയില്ല എന്നാണ് ഒബേസിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാൽസ്യം, അയൺ, മഗ്നീഷ്യം, സിങ്ക്, സെലെനിയം എന്നീ ധാതുക്കൾ നിലക്കടലയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

ബികോംപ്ലക്സ് ഗ്രൂപ്പിൽപ്പെട്ട ജീവകങ്ങളായ റൈബോഫ്ലേവിൻ, നിയാസിൻ, തയാമിൻ, പാന്റോതെനിക് ആസിഡ്, ജീവകം ബി, ഫോളേറ്റുകൾ എന്നിവ നിലക്കടയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 100ഗ്രാം നിലക്കടല 85%നിയാസിൻ തരുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നിയാസിൻ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് മറവിരോഗത്തെ പ്രതിരോധിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

100ഗ്രാം നിലക്കടലയിൽ 8ഗ്രാം ജീവകം ഇ അടങ്ങിയിട്ടുണ്ട്. ഇത് ഉപദ്രവകാരികളായ ഫ്രീറാഡിക്കലുകളിൽ നിന്നും ചർമത്തെ സംരക്ഷിക്കുന്നു. ഒമേഗ3 ഫാറ്റിആസിഡുകൾ തലമുടിക്ക് ആരോഗ്യമേകുന്നു. നിലക്കടലയിലടങ്ങിയ അമിനോആസിഡുകൾ വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്നു.

കുടലിലെ അർബുദം തടയുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടുതവണ രണ്ടു സ്പൂൺ വീതം പീനട്ട് ബട്ടർ കഴിക്കുന്നത് കോളൻ കാൻസർ സാധ്യത സ്ത്രീകളിൽ 57 ശതമാനവും പുരുഷൻമാരിൽ 27 ശതമാനവും കുറയ്ക്കുന്നു.

ഗർഭിണി ആകാൻ തയാറെടുക്കുന്നതിനു മുൻപ് നിലക്കടല കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ന്യൂറൽ ഡിഫക്ടുകൾ 70 ശതമാനം കുറയ്ക്കാൻ സഹായിക്കുന്നു.

എന്നാൽ ചിലർക്ക് നിലക്കടല അലർ‌ജിയുണ്ടാക്കും. ഛർദ്ദി, വയറുവേദന, തൊണ്ടവീക്കം എന്നിവയെല്ലാം ചിലരിൽ ഉണ്ടാകാം. ഇങ്ങനെയുള്ളവർ നിലക്കടല ഉപയോഗിക്കാതിരിക്കുന്നതാണു നല്ലത്. ഫംഗൽ ഇൻഫെക്ഷൻ ബാധിക്കാൻ സാധ്യതയുള്ള ഒരു വിളയാണിത്.

നിലക്കടല വറുക്കുകയോ തിളപ്പിക്കുകയോ ചെയ്യുമ്പോൾ ഇവയിലെ ആന്റിഓക്സിഡന്റുകൾ രണ്ടോ നാലോ ഇരട്ടിയായി വർധിക്കുമെന്നു പഠനങ്ങൾ പറയുന്നു. നിലക്കടല മുളപ്പിച്ചു കഴിക്കുന്നതും വളരെ നല്ലതാണ്.

ഗർഭിണിയായിരുക്കുമ്പോളുള്ള ലൈംഗികബന്ധം പ്രശ്നമാകുമോ?

ഗര്‍ഭകാലത്തെ ലൈംഗികബന്ധം ഗര്‍ഭിണികളെയും ഭര്‍ത്താക്കന്മാരെയും അലട്ടുന്ന ചോദ്യമാണ്. ഭയവും നിരവധി സംശയങ്ങളും ഏവർക്കും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഗര്‍ഭകാലത്ത് സാധാരണഗതിയിൽ ലൈംഗികമായി ബന്ധപ്പെടുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഗര്‍ഭധാരണത്തില്‍ ഏതെങ്കിലും തരത്തിലുള്ള സങ്കീര്‍ണതകളുണ്ടെങ്കില്‍ ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്‌.

ഗര്‍ഭകാലത്തെ ആദ്യമൂന്നുമാസം ഗര്‍ഭം അലസാന്‍ സാധ്യതയുള്ള മാസങ്ങളാണ്. അതിനാല്‍ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതുണ്ടെന്നും ഓർക്കുക.
ഗർഭകാലത്തെ ലൈംഗികബന്ധത്തെ അനുകൂലിക്കുന്ന ഒരു വിഭാഗം ഡോക്ടർമാരുണ്ട്. ഗർഭകാലത്ത് ബന്ധപ്പെടുമ്പോൾ ഓക്സിടോസിൻ എന്ന ഹോർമോൺ കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്നു .’സ്നേഹ ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഓക്സിടോസിന്‍ ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത കൂട്ടുന്നു.

ലൈംഗികബന്ധം സ്ത്രീകളുടെ മനസ്സിനെ ശാന്തമാക്കും. മാത്രമല്ല രക്തസമ്മർദ്ദം കുറയാനും കാരണമാകും. ഗര്‍ഭകാലത്ത് കിടപ്പറയിൽ സ്ത്രീകൾക്ക് മുന്‍ഗണന കൊടുക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് അനുയോജ്യമായ പൊസിഷനുകള്‍ സ്വീകരിക്കുകയെന്നത് ശ്രദ്ധിക്കുക. മാത്രമല്ല സ്ത്രീകള്‍ക്ക് പൂര്‍ണ താല്‍പര്യമുണ്ടെങ്കില്‍ മാത്രം ലൈംഗികബന്ധത്തിനു മുതിരുക.

രോഗങ്ങളും പെയ്യുന്ന കാലം

മഴയോടൊപ്പം മഴക്കാല രോഗങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളാണ് വർധിച്ചുവരുന്നത്. കെട്ടിക്കിടക്കുന്ന വെള്ളവും മാലിന്യവും രോഗം പരത്തുന്ന കൊതുകുകളുടെ താവളമാകുന്നു.

ഡങ്കിപ്പനി, എലിപ്പനി, മലമ്പനി, മഞ്ഞപ്പിത്തം, ജപ്പാൻജ്വരം, ടൈഫോയിഡ്, ഛർദി അതിസാരരോഗങ്ങൾ, കോളറ, അമീബിയാസിസ്, വിരബാധ തുടങ്ങിയ രോഗങ്ങളാണ് മഴക്കാലത്ത് പടർന്നുപിടിക്കുന്നത്. തക്കസമയത്ത് ചികിൽസ കിട്ടിയില്ലെങ്കിൽ മരണം സംഭവിക്കാവുന്ന രോഗങ്ങളാണ് ഇവയിൽ മിക്കതും. ഇതിൽ ഡങ്കിപ്പനിയും എലിപ്പനിയുമാണ് ഏറെ അപകടകരം.

ഡങ്കിപ്പനി

ഉഷ്ണമേഖലാ പ്രദേശങ്ങളിലും സമശീതോഷ്ണമേഖലയിലും കണ്ടുവരുന്ന ഫ്ലേവി വൈറിഡേ എന്ന കുടുംബത്തിൽപ്പെട്ട ഫ്ലേവി എന്ന വൈറസുകളാണ് ഡങ്കിപ്പനിക്ക് കാരണം. ഇൗഡിസ് വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് പനി പരത്തുന്നത്. കറുത്ത ശരീരത്തിൽ വളരെ വ്യക്തമായി കാണാവുന്ന വെള്ള വരകളും തലയിലും ദേഹത്തും കാണുന്ന വെളുത്ത കുത്തുകളും നിമിത്തം ഇവ ടൈഗർ കൊതുകുകൾ എന്നറിയപ്പെടുന്നു.

പകൽസമയത്ത് കൂടുതലായി മനുഷ്യനെ കടിക്കുന്ന ഇവ ഇൗർപ്പമുള്ള സ്ഥലങ്ങൾ, വെള്ളക്കെട്ടുള്ള കുഴികൾ, ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, മരപ്പൊത്തുകൾ, അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ എന്നിവയിൽ മുട്ടയിട്ട് പെരുകുന്നു. ഇൗഡിസ് ആൽസോ വിക്ടസ് എന്ന വിഭാഗം കൊതുകിന്റെ മുട്ടയിലൂടെയും വൈറസുകൾ അടുത്ത തലമുറയിലേക്ക് കടക്കുന്നു. സാധാരണ ഡങ്കിപ്പനിയിൽ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടും.

സാധാരണ ഡങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമൂണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തിൽ കലാശിച്ചേക്കാം. വളരെ പെട്ടെന്ന് വർധിക്കുന്ന പനി, കഠിനമായ തലവേദന, പേശിവേദന, സന്ധികളിൽ വേദന എന്നിവയും ലക്ഷണങ്ങളാണ്. തൊണ്ടയിൽ കരകരപ്പ്, വയറുവേദന, രുചിവ്യത്യാസം, മലബന്ധം, വിഷാദം തുടങ്ങിയ രോഗലക്ഷണങ്ങൾ മാറിമാറി വന്ന് രോഗി കിടപ്പിലാകും. കൊതുകുകളെ നിയന്ത്രിക്കലാണ് ഡങ്കിപ്പനി തടയാൻ ഏറ്റവും ഉചിതമായ നടപടി. ഇൗഡിസ് കൊതുകുകൾ നൂറു മീറ്ററിനുള്ളിൽ മാത്രമാണ് പറക്കുന്നത്. വീടിനു ചുറ്റും കൊതുക് പെരുകാനുള്ള സൗകര്യം ഇല്ലാതാക്കണം.

എലിപ്പനി

മലിനമാക്കപ്പെട്ട വെള്ളവും മണ്ണും കൈകാര്യം ചെയ്യുമ്പോഴാണ് എലിപ്പനി പിടിപെടുന്നത്. എലി വഴിയാണ് ഈ രോഗം വ്യാപിക്കുന്നത്. മൃഗങ്ങളും രോഗാണുവാഹകരാകാറുണ്ട്. എലി മൂത്രത്തിലൂടെയാണ് പ്രധാനമായും രോഗം മനുഷ്യരിലെത്തുന്നത്. ശരീരത്തിലെ മൃദുലമായ ത്വക്കിലൂടെയും മുറിവിലൂടെയും രോഗാണു ശരീരത്തിൽ പ്രവേശിക്കും. എലിമൂത്രം കലർന്ന വെള്ളമോ മണ്ണോ കൈകാര്യം ചെയ്താൽ രോഗം വരാം. കരൾ, വൃക്ക, ശ്വാസകോശം എന്നീ അവയവങ്ങളെ രോഗം ബാധിക്കുന്നതിനാൽ ലക്ഷണം പ്രത്യക്ഷപ്പെടുമ്പോൾ തന്നെ ചികിൽസ തേടണം. ഏഴു മുതൽ 21 ദിവസത്തിനകം ഇതിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തുടക്കത്തിൽ വിറയലോടു കൂടിയ പനി, പേശിവേദന എന്നിവ അനുഭവപ്പെടും. തൊണ്ടവേദന, ദേഹത്ത് രക്തം പൊടിയുക, തൊലിപ്പുറത്തുണ്ടാകുന്ന തടിപ്പ്, കണ്ണിനുണ്ടാകുന്ന ചുവപ്പ് എന്നിവയും രോഗലക്ഷണങ്ങളാണ്. ചികിൽസിക്കാതിരുന്നാൽ ഇൗ രോഗം മാരകമായി മഞ്ഞപ്പിത്തം, ന്യൂമോണിയ എന്നിവ ഉണ്ടാകാം.

പരിസരശുചിത്വം പാലിക്കുകയാണ് ഇൗ രോഗം നിയന്ത്രിക്കാനുള്ള പ്രധാനമാർഗം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൈകാലുകൾ കഴുകുകയോ, കുളിക്കുകയോ ചെയ്യാതിരിക്കുക, ആഹാരപദാർഥങ്ങൾ മൂടിവച്ച് ഉപയോഗിക്കുക, മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുക തുടങ്ങിയ നിയന്ത്രണങ്ങളും സ്വീകരിക്കണം.

മലമ്പനി (മലേറിയ)

ശുദ്ധജലശേഖരങ്ങളിൽ പെറ്റുപെരുകുന്ന അനോഫലീസ് കൊതുകുകൾ പരത്തുന്ന രോഗമാണ് മലമ്പനി. നാലുതരം മലമ്പനികളാണ് പ്രധാനമായും കണ്ടുവരുന്നത്. ഇതിൽ 70 ശതമാനത്തോളം പ്ലാസ്മോണിയം വൈമാക്സ് എന്നറിയപ്പെടുന്ന മലമ്പനിയാണ്. രണ്ടാമത്തെ ഇനമായ ഫ്ലാസിപാരോ 25 മുതൽ 30% വരെ കണ്ടുവരുന്നു.

വളരെ അപകടകാരിയായ ഇൗ രോഗം തലച്ചോറിനെയും ബാധിക്കും. രക്തത്തിൽ ഹീമോഗ്ലോബിൻ കലർന്ന് കറുപ്പ് നിറത്തിലുള്ള മൂത്ര വിസർജനമുണ്ടാകും. അന്തരീക്ഷത്തിൽ ഇൗർപ്പം വർധിക്കുമ്പോൾ കൊതുകുകൾ കൂടുതലായി ഭക്ഷണം കഴിക്കുന്നതിനാൽ ഇൗ കാലത്താണ് ഇവ പെറ്റുപെരുകുന്നത്. കൂടുതൽ ഭക്ഷണം തേടുന്നതിനാൽ ഇൗ കാലത്ത് ഇവയുടെ ആക്രമണവും ഏറുന്നു. അനോഫിലസ് കൊതുക് ശുദ്ധജലത്തിൽ വളരുന്നവയായതിനാൽ കുത്തിയൊലിച്ച് പെയ്യുന്ന മഴയിൽ ഇവയ്ക്ക് വളരുവാൻ സാധിക്കില്ല. പ്രധാന രോഗലക്ഷണങ്ങൾ വിറയലോടുകൂടിയ പനിയാണ്. കൂടാതെ മൂന്നുഘട്ടങ്ങളിലൂടെയും രോഗം പ്രത്യക്ഷപ്പെടാം. തണുത്ത അവസ്ഥയിൽ ചൂടും വിയർപ്പും മാറിമാറി വരും. തലവേദന, ഓക്കാനം എന്നിവയും ഉണ്ടാകാം. രണ്ടാംഘട്ടത്തിൽ പനിയും മറ്റ് ലക്ഷണങ്ങളെല്ലാം വർധിക്കും. ത്വക്ക് വരണ്ടതായി മാറും. മൂന്നാംഘട്ടത്തിൽ തണുക്കുകയും രോഗി മയക്കത്തിലാവുകയും ചെയ്യും. രണ്ടോ മൂന്നോ ദിവസത്തേക്ക് ഇൗ അവസ്ഥ തുടരാം.

ജപ്പാൻ ജ്വരം

ക്യൂലക്സ് കൊതുകുകൾ പരത്തുന്ന ജപ്പാൻ ജ്വരത്തിന്റെ വൈറസുകൾ പെരുകുന്നത് മൃഗങ്ങളിലാണ്. പ്രത്യേകിച്ച് പക്ഷികൾ, പന്നി, കുതിര എന്നിവയിൽ. എന്നാൽ ഇവയെ കടിക്കുന്ന കൊതുകും മറ്റു പ്രാണികളും മനുഷ്യനെ കടിക്കുമ്പോൾ രോഗം മനുഷ്യരിലുമെത്തുന്നു.

എന്നാൽ പന്നിയിൽ രോഗലക്ഷണങ്ങൾ കാണുകയില്ല. മനുഷ്യശരീരത്തിൽ രോഗാണു പ്രവേശിച്ചാൽ ഒൻപതു മുതൽ 12 ദിവസത്തിനുള്ളിൽ പെരുകി രോഗലക്ഷണങ്ങൾ കാണിക്കും. തലച്ചോർ, സുഷുമ്നനാഡി എന്നിവയെയാണ് രോഗാണുക്കൾ ബാധിക്കുന്നത്. തലവേദന, പനി, കോച്ചിവലിവ് എന്നിവ പ്രധാന ലക്ഷണങ്ങളാണ്. കൃത്യമായ ചികിൽസ നൽകിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഇത് പരത്തുന്ന ക്യൂലക്സ് കൊതുകുകൾ പ്രധാനമായും കാൽമുട്ടിന് താഴെയാണ് കടിക്കുന്നത്. മന്ത് രോഗവും ഇവ തന്നെയാണ് പരത്തുന്നത്.

ടൈഫോയിഡ്

സാൽ മൊണല്ലാ ടൈഫി എന്ന രോഗാണു പരത്തുന്ന ഇൗ രോഗത്തിന്റെ പ്രധാന വാഹകർ മനുഷ്യർ തന്നെ. രോഗിയുടെ വിസർജ്യത്തിലൂടെയാണ് രോഗാണു പുറത്തുവരുന്നത്. ഇൗച്ചയും പ്രാണികളും മലമൂത്ര വിസർജ്യത്തിൽ നിന്നുള്ള അണുക്കളെ കുടിവെള്ളത്തിലും ആഹാരപദാർഥങ്ങളിലും പകർത്തുന്നു. എസെിലും എസ്ക്രെീമിലും ഇതിന്റെ അണുക്കളെ കണ്ടെത്തിയിട്ടുണ്ട്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് രോഗം കൂടുതലായും കണ്ടുവരുന്നത്.

രോഗാണു ശരീരത്തിൽ കടന്നാൽ മൂന്ന് ദിവസം മുതൽ മൂന്ന് ആഴ്ചക്കുള്ളിൽ രോഗലക്ഷണങ്ങൾ പുറത്തുവരും. വിറയോട് കൂടിയ പനി, തലവേദന, തൊണ്ടവേദന, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒരാഴ്ചക്കുള്ളിൽ ഉണ്ടാകുന്ന വയറിളക്കവും രോഗലക്ഷണമാണ്. ശരീരത്തിൽ റോസ് നിറത്തിൽ പൊക്കിളിനു ചുറ്റും നെഞ്ചിന്റെ മുൻവശത്തും ചെറിയ തിണർപ്പുകൾ പ്രത്യക്ഷപ്പെടും.

തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താതിരിക്കുക, വെള്ളം, പാൽ എന്നിവ തിളപ്പിച്ച ശേഷം മാത്രം ഉപയോഗിക്കുക, വഴിയോരങ്ങളിൽ മുറിച്ച് വിൽക്കുന്ന പഴവർഗങ്ങൾ ഉപയോഗിക്കാതിരിക്കുക, രോഗിയുടെ മലമൂത്രവിസർജ്യ വസ്തുക്കൾ നന്നായി അണു വിമുക്തമാക്കിയശേഷം സംസ്കരിക്കുക, വസ്ത്രങ്ങൾ അണുവിമുക്തമാക്കി ചൂടുവെള്ളത്തിൽ കഴുകി എടുക്കുക തുടങ്ങിയവയിലൂടെ രോഗം നിയന്ത്രിക്കാം.

മഴക്കാലരോഗങ്ങൾ പരുത്തുന്നതിൽ രോഗിയോടൊപ്പം തന്നെ രോഗാണു വാഹകർക്കും പ്രധാന പങ്കുണ്ട്. പ്രത്യേക രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഇവരുടെ മലത്തിലൂടെയും മൂത്രത്തിലൂടെയുമൊക്കെ ലക്ഷക്കണക്കിനു രോഗാണുക്കൾ വിസർജിക്കപ്പെടുന്നു. അപൂർണമായ ചികിത്സകൊണ്ടും, രോഗാണുക്കൾക്കെതിരായ പ്രതിരോധ ശക്തി ആർജിക്കുന്നതുകൊണ്ടുമൊക്കെ ഒരു വ്യക്തി രോഗാണുവാഹകനായി മാറിയേക്കാം.

ടൈഫോയിഡ്, അമീബിയാസിസ് തുടങ്ങിയ രോഗങ്ങൾ ബാധിച്ചവർ ശരിയായ ചികിത്സ പൂർണമായ കാലയളവിൽ ചെയ്യണം. രോഗം ഭേദമായതിനു ശേഷവും ഡോക്ടറുടെ നിർദേശപ്രകാരം തുടർപരിശോധനകൾക്കും വിധേയമാകണം. രോഗം സുഖമായതിനുശേഷം ആറ് മാസത്തേക്കെങ്കിലും, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ ശരിയായ വ്യക്തിശുചിത്വം പാലിക്കണം.

വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതുകൊണ്ടുള്ള ചില ഗുണങ്ങള്‍

ഇളം ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യകരമാണ്. രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ, ചര്‍മത്തിലെയും ശരീരത്തിലെയും വിഷാംശം നീക്കം ചെയ്യുവാന്‍ വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കും, ഇത് തിളങ്ങുന്ന ചര്‍മം നല്‍കും,ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്,തലവേദന ഒഴിവാക്കാനുള്ള ഒരു പ്രധാന വഴിയാണ് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത്,ശരീരം കുടല്‍ വൃത്തിയാക്കാന്‍ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറ്റവും ഉത്തമമാണ്,ശരീരത്തിന്‍റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഗുണം ചെയ്യും, അപചയപ്രക്രിയ ശക്തിപ്പെടുന്നത് തടിയും കൊഴുപ്പും കുറയ്ക്കും,തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്,രാവിലെ വെള്ളം കുടിയ്ക്കുന്നത് ശോധനയെ സഹായിക്കും, ഇതുവഴി വിശപ്പു വര്‍ദ്ധിയ്ക്കും, ശരീരത്തിന് ഊര്‍ജം ലഭിയ്ക്കും.ശരീരത്തില്‍ കൂടുതല്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിയ്ക്കുന്നതിന് വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.ഇതുകൊണ്ട് വയറിനു സുഖം ലഭിയ്ക്കും, പല അസുഖങ്ങളും അകലുകയും ചെയ്യും.

ചോര മരുന്നാക്കി കഷണ്ടി മാറ്റാം

കഷണ്ടിക്കും അസൂയയ്ക്കും മരുന്നില്ലെന്നാണു പഴമൊഴി. പക്ഷേ കഷണ്ടിക്കു ഫലപ്രദമായ മരുന്നുണ്ടെന്നു ഡോക്ടർമാരുടെ പുതുമൊഴി. ചോര നീരാക്കി എന്ന പ്രയോഗത്തിന് ചെറിയ മാറ്റം – ഇവിടെ സ്വന്തം ചോര മരുന്നാക്കണം. സ്വന്തം രക്തത്തിൽ നിന്നു കടഞ്ഞെടുത്ത പ്ലാസ്മയുമായി കഷണ്ടിയെ പ്രതിരോധിക്കാൻ കഴിയും. ഈ സാങ്കേതിക വിദ്യയ്ക്കു പിആർപി – പ്ലേറ്റ്‌ലറ്റ് റിച്ച് പ്ലാസ്മ എന്നാണു പേര്.

എല്ലാവിധ കഷണ്ടിക്കാരെയും പിആർപി രീതിയിൽ ചികിത്സിക്കില്ല. പൂർണ ആരോഗ്യവാനായിരിക്കണം. രക്ത സമ്മർദം, പ്രമേഹം തുടങ്ങിയവ ഉൾപ്പെടെയുള്ള രോഗങ്ങൾ പാടില്ല.

അമിത മദ്യപർ, പുകവലിക്കാർ എന്നിവരുടെ കഷണ്ടിക്കും ചികിത്സയില്ല. കരൾ രോഗം, കാൻസർ, പ്ലേറ്റ്ലറ്റ് ഡിസ്ഫങ്ഷൻ സിൻഡ്രം, അലർജി തുടങ്ങിയ രോഗങ്ങളുള്ളവരെയും പരിഗണിക്കില്ല. തലനിറയെ മുടിയാക്കാൻ ഇവർക്ക് മറ്റു മാർഗങ്ങൾ പ്രയോഗിക്കാം. അൻപതു ശതമാനത്തിലധികം കഷണ്ടിയുള്ളവരെയാണ് പിആർപി ചികിത്സയ്ക്കായി ആശുപത്രികൾ പരിഗണിക്കുന്നത്.

രക്തത്തിന്റെ പ്ലാസ്മ തലയിൽ കുത്തിവച്ച്, തലയോട്ടിയുടെ പുറത്തുള്ള ത്വക്കിനെ ഉത്തേജിപ്പിച്ചാണ് പിആർപി എന്ന ചികിത്സാ രീതിയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ കോസ്മെറ്റിക് സർജറി വിഭാഗത്തിലെ ഡോ. കുൽദീപ് സിങ് പറഞ്ഞു. ശസ്ത്രക്രിയയിൽ വളരെ ചെറിയ സൂചി ഉപയോഗിച്ചാണ് തലയോട്ടിയിലെ ത്വക്കിൽ രക്തത്തിന്റെ പ്ലാസ്മ കടത്തുന്നത്. 300 മുതൽ 350 മില്ലി ലീറ്റർ രക്തമാണ് ഒരാളിൽനിന്ന് എടുക്കുക. ബ്ലഡ് ബാങ്കിൽ തന്നെ രക്തത്തെ പ്ലേറ്റ്ലറ്റ് പ്ലാസ്മയാക്കാൻ കഴിയും.

350 മില്ലി ലീറ്റർ രക്തത്തിൽനിന്ന് ഏകദേശം 35 മില്ലി ലീറ്റർ പ്ലേറ്റ്ലറ്റ് പ്ലാസ്മ ലഭിക്കും. ഈ പ്ലാസ്മയാണ് തലയോട്ടിയിലേക്കു കടത്തുന്നത്.

മാസത്തിൽ ഒന്നു വീതം നാലു മാസം രക്തത്തിന്റെ പ്ലാസ്മ തലയിലേക്കു കടത്തണം. 20,000 രൂപ മുതൽ 30,000 രൂപ വരെയാണ് ഓരോ സിറ്റിങ്ങിനും ചെലവ്. മറ്റ് ഹെയർ ട്രാൻസ്പ്ലാന്റ് രീതിയെ അപേക്ഷിച്ചു പിആർപിയിൽ വേദന കുറവാണ്. ചെറിയ വേദന ത്വക്കിൽ അനസ്തീസിയ നൽകി ഒഴിവാക്കാം. സ്വന്തം രക്തത്തിൽ നിന്നുള്ള ചികിത്സയായതിനാൽ അണുബാധയെയോ അലർജിയെയോ പേടിക്കാനില്ല.

സൗന്ദര്യ വർധനയ്ക്കായി പിആർപി രീതി വർഷങ്ങളായി ഉപയോഗിച്ചു വരുന്നു. ത്വക്ക് ചുളിയുന്നത് ഉൾപ്പെടെയുള്ള അകാല വാർധക്യ പ്രശ്നങ്ങളെ പ്രതിരോധിക്കാനാണ് പിആർപി ഉപയോഗിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ യൗവനം വീണ്ടെടുക്കാനുള്ള മാർഗം. പിആർപി രീതിയിൽ തലമുടി വളർത്താമെന്ന ആശയത്തിന് അധികം പഴക്കമില്ലെന്നു ഡോ. കുൽദീപ് പറഞ്ഞു.

വിവിധ രീതികളിലൂടെ കഷണ്ടിയെ ഒരു പരിധി വരെ ചികിത്സിച്ചു ഭേദപ്പെടുത്താം, പക്ഷേ അസൂയയ്ക്കു മാത്രം ഇന്നും മരുന്നായിട്ടില്ല.

‘നോ ടെൻഷൻ’

എപ്പോഴും ക്ഷീണം.. ഒന്നിനും ഒരു ഉൽസാഹവുമില്ല. വല്ലാത്തൊരു തളർച്ച.. ഇതാണോ നിങ്ങളുടെ പതിവുപരാതി? എങ്കിൽ ക്ഷീണമകറ്റി ഊർജസ്വലത നേടാൻ ഇതാ ചില കുറുക്കുവഴികൾ..

രണ്ടു മാസം കൂടുമ്പോൾ ഏതെങ്കിലും ഡോക്ടറെ കണ്ട് അത്യാവശ്യം വേണ്ട ഹെൽത്ത് ചെക്കപ്പുകൾ നടത്തുക. ആവശ്യമെങ്കിൽ വിറ്റാമിൻ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം.

എപ്പോഴും എന്തെങ്കിലും ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക. വെറുതെയിരുന്ന് മുഷിയരുത്

∙ശരീരത്തിനും മനസ്സിനും വിശ്രമം നൽകുന്ന യോഗ, മെഡിറ്റേഷൻ എന്നിവ ശീലമാക്കുക
∙ധാരാളം വെള്ളം കുടിക്കുക.

∙നേരത്തെ ഉറങ്ങി, നേരത്തെ ഉണരുന്നത് ശീലമാക്കുക

∙ഇടയ്ക്കിടെ ചെറിയ യാത്രകൾക്കോ ബോട്ടിങ്ങിനോ മറ്റോ പോയി മനസ്സിന് ഉല്ലാസം നൽകുക

∙മറ്റുള്ളവരുമായി സംഭാഷണങ്ങളിൽ ഏർപ്പെടുകയും നർമങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുക.

അധികം മസിലുപിടിത്തം വേണ്ട

∙വേണ്ടത്ര പോഷകാംശമുള്ള ആഹാരങ്ങൾ കഴിക്കുക. അമിതഭക്ഷണം വേണ്ട.

∙ഈശ്വരവിശ്വാസം മനസ്സിന് പോസിറ്റീവ് എനർജി നൽകാൻ നല്ലതാണ്.

അർബുദ നിർണയം ഇനി വീട്ടിൽവച്ചും

പ്രഗ്നൻസി ടെസ്റ്റും ബ്ലഡ് ഷുഗർ ടെസ്റ്റും വീട്ടിൽവച്ച് സ്വയം ചെയ്യാറില്ലേ, അതുപോലെ ഇനി നിങ്ങൾക്ക് അർബുദം ഉണ്ടോ എന്നും പരിശോധിക്കാവുന്ന കാലം വിദൂരമല്ല. ഓഹിയോ സ്റ്റേറ്റ് സർവകലാശാലയിലെ ഗവേഷകർ അർബുദം ഉൾപ്പടെയുള്ള രോഗങ്ങൾ നിർണയിക്കാനുള്ള പേപ്പർസ്ട്രിപ്പ് വികസിപ്പിച്ചു.

വീട്ടിലിരുന്ന് ഒരു തുള്ളി രക്തം പേപ്പർസ്ട്രിപ്പിലേക്ക് ഇറ്റിച്ചശേഷം അത് ലാബിലേക്ക് അയയ്ക്കാം. ടെസ്റ്റ് പോസിറ്റീവ് ആണെങ്കിൽ മാത്രം ഡോക്ടറെ കണ്ടാൽ മതി. രക്തസാമ്പിൾ എടുത്ത് ഒരു മാസത്തിനുശേഷവും പരിശോധനാഫലം കൃത്യമായിരിക്കുമെന്നും നിരീക്ഷണത്തിൽ കണ്ടു. നഗരങ്ങളിൽനിന്ന് അകലെ താമസിക്കുന്നവർക്കായിരിക്കും ഇത് ഏറെ ഗുണം ചെയ്യുക.

ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിലും തെക്കുകിഴക്കൻ ഏഷ്യയിലും ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകൾ മലേറിയ മൂലം മരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്ട്രിപ്പിനെക്കുറിച്ച് ഗവേഷകർ ചിന്തിച്ചത്. ഇവിടെയുള്ള ആളുകൾക്ക് കുറഞ്ഞ ചെലവിൽ രോഗനിർണയം സാധ്യമാക്കുന്നതിനു വേണ്ടിയാണ് ഗവേഷകനായ ഏബ്രഹാം ബദു താവിയ ഇത്തരം പേപ്പർസ്ട്രിപ്പുകൾ വികസിപ്പിച്ചത്. വൻകുടലിലെ അർബുദം, ഗർഭാശയ കാൻസർ എന്നിവയുൾപ്പടെ, മനുഷ്യശരീരം ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്ന ഏതു രോഗവും നിർണയിക്കാൻ ഈ ടെസ്റ്റിനു കഴിയുമെന്ന് ഗവേഷകർ അവകാശപ്പെടുന്നു.

വൈദ്യസഹായം അപ്രാപ്യമായ മേഖലകളിലുള്ള ആളുകൾക്കും പതിവായി ഡോകടറെ കാണാനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തവർക്കും ഇത് വളരെയധികം പ്രയോജനപ്പെടും. ഈ സാങ്കേതികവിദ്യയുടെ പേറ്റന്റിന് അപേക്ഷിച്ചതായും താവിയ പറഞ്ഞു.

മായം ചേർത്ത മത്സ്യവും മാംസവും തിരിച്ചറിയാൻ ചില പൊടിക്കൈകൾ

ഫോർമലിൻ ചേർത്ത മത്സ്യം: ശരീരഭാഗങ്ങളോ മറ്റു ചെറു ജന്തുക്കളേയോ ഒക്കെ അഴുകാതെ ദീർഘകാലം സൂക്ഷിക്കാനുപയോഗിക്കുന്ന രാസലായനിയാണ് ഫോർമലിൻ. ഈ വിഷപദാർഥം മത്സ്യം കേടാകാതെയിരിക്കാൻ ചേർക്കുന്നതു കാണാറുണ്ട്. അപകടകരമായ ഒരു മായം ചേർക്കലാണിത്. ഇതു തിരിച്ചറിയാനുള്ള പ്രത്യേകതകളിൽ പ്രധാനം ഫോർമലിൻ ചേർത്ത മത്സ്യം കൂടുതൽ മൃദുത്വമുള്ളതായിതീരുന്നുവെന്നതാണ്. മത്സ്യത്തിന്റെ തിളക്കമുള്ള കണ്ണുകൾ ഫോർമലിൻ സാന്നിധ്യത്തിൽ മങ്ങിയനിറമുള്ളതാകും. ചെകിളയുടെ നിറവും മങ്ങും. മാത്രമല്ല മീന‍ിന്റെ സാധാരണ ഗന്ധം കാണുകയുമില്ല. ഈ ലക്ഷണങ്ങൾ കൂട്ടിച്ചേർത്തു മത്സ്യം നിരീക്ഷിച്ചാൽ ഫോർമലിൻ സാന്നിധ്യം എളുപ്പത്തിൽ മനസ്സിലാവും. ഫോർമലിൻ കലർന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല.

മുട്ട കേടായതെങ്കിൽ: നല്ല മുട്ടയും കേടായ മുട്ടയും പൊട്ടിച്ചു നോക്കാതെ തന്നെ തിരിച്ചറിയാൻ വഴിയുണ്ട്. ഒരു ഗ്ലാസിൽ മുക്കാൽ ഭാഗത്തോളം തണുത്ത വെള്ളം ഒഴിക്കുക. ആ വെള്ളത്തിലേക്ക് സാവധാനം മുട്ടവയ്ക്കുക. കൈവിട്ട ഉടനെ തന്നെ മുട്ട വെള്ളത്തിൽ താഴ്ന്ന ഗ്ലാസിന്റെ അടിത്തട്ടിലേക്ക് പതിക്കുകയാണെങ്കിൽ അത് നല്ല മുട്ടയാണ്. എന്നാൽ മുട്ട താഴാതെ ചത്തമീൻപോലെ വെള്ളത്തിൽ ഉയർന്നു കിടക്കുകയാണെങ്കിൽ മുട്ട കേടായി ഭക്ഷ്യയോഗ്യമല്ലെന്ന് മനസ്സിലാക്കാം. എന്നാൽ ചില മുട്ട അട‍‌ിത്തട്ടിൽതട്ടി വീണ്ടും ഉയർന്ന് വീണ്ടും താഴ്ന്ന് സാവധാനം അടിത്തട്ടിൽ തങ്ങും. ഈ മുട്ട ഉപയോഗയോഗ്യമാണെങ്കിലും അത്ര ഫ്രഷ് ആയിരിക്കില്ല.

മാംസത്തിലെ മായം: വിലയേറിയ ആട്ടിറച്ചിയിൽ താരതമ്യേന വിലകുറഞ്ഞ മാട്ടീറച്ചി കലർത്തുന്നാണ് മാംസത്തിലെ സാധാരണമായം ചേർക്കൽ മാംസത്ത‍ിന്റെയും എല്ലുകളുടേയും ഘടന താരതമ്യം ചെയ്താൽ ഈ വ്യത്യാസം തിരിച്ചറിയാം. മാംസത്തിന്റെ ഗുണനിലവാരം നിറം നോക്കിയും മനസ്സിലാക്കാം. മാംസം പഴകുന്തോറും കുടുതൽ വിളറുകയും മൃദുലമാവുകയും ഗന്ധത്തിൽ മാറ്റം വര‍ുകയും ചെയ്യും. ബീഫ് പഴകുമ്പോൾ കൂടുതൽ ഇരുളും.

മെലിയോഡോസിസ്

മെലിയോഡോസിസ് എന്ന രോഗം കാരണം ഓരോ വർഷവും 89,000 പേർ മരിക്കുന്നു.ബർഖോൽഡെറിയ സ്യുഡോമല്ലെ എന്ന അപകടകരിയായ ബാക്ടീരിയയാണ് ഈ രോഗത്തിന് കാരണം.ഈ രോഗം തലച്ചോറിനെയാണ് ബാധിക്കുന്നത്.ബർഖോൽഡെറിയ സ്യുഡോമല്ലെ മൂക്കിലൂടെയാണ് തലച്ചോറിലേക്കും സ്പൈനൽ കോഡിലേക്കുമെത്തുന്നതെന്ന് ഗവേഷകർ കണ്ടെത്തിക്കഴിഞ്ഞു. 24 മണിക്കൂർകൊണ്ടാണ് തലച്ചോറിൽ കടക്കുന്ന ബാക്ടീരിയ വ്യാപിക്കുന്നത്. മൂക്കിലൂടെ ട്രൈജമിനൽ നാഡി വഴി കേന്ദ്ര നാഡീവ്യൂഹത്തിലേക്ക് എത്തുകയാണു ചെയ്യുന്നതെന്ന് ഓസ്ട്രേലിയയിലെ ഗ്രിഫിത് സർവകലാശാലാ പ്രഫസർ ബെക്ഹാം പറഞ്ഞു.മൈക്രോബയോളജി ലാബിൽ മാത്രമേ ബർഖോൽഡെറിയ ബാക്ടീരിയയെ തിരിച്ചറിയാന്‍ കഴിയൂ എന്നതിനാലും മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലും രോഗനിർണ്ണയം പലപ്പോഴും ബുദ്ധിമുട്ടാകുന്നു.പ്രമേഹരോഗികൾ, വൃക്കരോഗികൾ‍, അമിത മദ്യപാനികൾ എന്നിവരെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുക. അഞ്ചാംപനി, എലിപ്പനി, ഡെങ്കി എന്നിവയേക്കാള്‍ ഭീഷണിയാണ് മെലിയോഡോസിസ്.

ഓറഞ്ച് കഴിക്കാന്‍ മാത്രമുള്ളതല്ല

ചര്‍മസംരഭണത്തിന് പ്രകൃതിദത്ത മാര്‍ഗങ്ങളില്‍ ഒന്നാണ് ഓറഞ്ച് തൊലി. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ധിപ്പിക്കാനും നിറം വയ്ക്കാനുമെല്ലാം സഹായിക്കും. ഓറഞ്ച് തൊലി അരച്ചോ ഉണക്കിപ്പൊടിച്ചോ തൈരിലോ പാലിനൊപ്പമോ ചേര്‍ത്ത്കലര്‍ത്തി മുഖത്ത് പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ തണുത്ത വെള്ളമുപയോഗിച്ച് കഴുകിക്കളയാം. ചര്‍മം വൃത്തിയാക്കുന്നതിനും കൂടുതല്‍ തിളക്കം ലഭിക്കുന്നതിനും ഇത് നല്ലതാണ്.വരണ്ട ചര്‍മത്തിന് പറ്റിയ നല്ലൊരു പരിഹാരമാണ്,ഓറഞ്ച് തൊലി അരച്ചോ പൊടിച്ചോ, ചന്ദനപ്പൊടി, പനിനീര്‍ എന്നിവ കലര്‍ത്തി മുഖത്ത് തേയ്ക്കാം. ഇത് ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖക്കുരു മാറാനും ചര്‍മത്തിന് തിളക്കം നല്‍കാനുമെല്ലാം സഹായിക്കുന്ന ഫേസ് പായ്ക്കാണിത്, ഓറഞ്ചു തൊലി ഉണക്കി പൊടിച്ചതും മഞ്ഞള്‍പ്പൊടിയും തൈരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന് നിറം നല്‍കാന്‍ സാഹായിക്കും. മുഖത്തെ കരുവാളിപ്പ് മാറാനും ഇത് നല്ലതാണ്, ഓറഞ്ച് പൊടി അരച്ചത്, തേന്‍, ചെറുനാരങ്ങനീര് എന്നിവ കലര്‍ത്തി മുഖത്ത് പുരട്ടാം. മുഖത്ത് പുരട്ടി ഉണങ്ങി കഴിയുമ്പോള്‍ കഴുകിക്കളയാം. ഇത് ചര്‍മത്തിന് മൃദുത്വവും നിറം നല്‍കാനും സഹായിക്കും. ഇതിലെ തേന്‍ ചര്‍മം വരണ്ടു പോകുന്നതില്‍ നിന്ന് തടയുന്നു. ചെറുനാരങ്ങയാകട്ടെ ബ്ലീച്ച് ഗുണമാണ് നല്‍കുന്നത്.

അമിതമായ ഉറക്കവും അല്‍പം ഉറക്കവും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍

ആരോഗ്യമുള്ള മനുഷ്യന്‍ ഒരു ദിവസം എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങള്‍. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുമ്പോള്‍ ഫാറ്റ് വര്‍ദ്ധിക്കുന്നു. കൂടുതല്‍ ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും ആരോഗ്യത്തിന് ഹാനികരമാണെന്ന് പഠനങ്ങളില്‍ പറയുന്നു. ഉറക്കത്തിന് സമയക്രമം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നും അതുമൂലം നേരത്തെയുള്ള മരണത്തിലേക്ക് നയിക്കുമെന്നും പഠനത്തില്‍ പറയുന്നു.

ബയോളജിക്കാന്‍ സൈക്കാസ്ട്രി എന്ന ജേര്‍ണലിന്റെ എഡിറ്റര്‍ ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നത്, അമിതമായ ഉറക്കവും ഉറക്കമില്ലായ്മയും ദഹനപ്രക്രിയയെ ബാധിക്കുന്നുവെന്നും മാനസികസംഘര്‍ഷത്തിന് വരെ ഇത് കാരണമാകും എന്നാണ്. ശരീരത്തിലെ രക്തയോട്ടം ക്രമമായി നടക്കാതിരിക്കാനും സാധ്യതയുള്ളതായി ഡോ. ജോണ്‍ ക്രിസ്റ്റല്‍ പറയുന്നു. അമിതമായ ഉറക്കം ഹെല്‍ത്ത് കണ്ടീഷനെ ബാധിക്കുന്നു- കാര്‍ഡിയോ വാസ്‌കുലര്‍ പ്രശ്‌നം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രഷര്‍ വേരിയേഷനിലെ വ്യത്യാസം, ടൈപ്പ് 2 ഡയബറ്റിസ് എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നു. ഉറക്കവും രോഗപ്രതിരോധശേഷിയും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.

യുസിഎല്‍ഇയിലെ റിസേച്ചേഴ്‌സിന്റെ അസോസിയേഷന്‍ മുന്‍കൈയെടുത്ത്, ഡോക്ടര്‍മാരുടെ മോല്‍നോട്ടപ്രകാരം 72 ആര്‍ട്ടിക്കിളുകള്‍ ഇതേക്കുറിച്ച് പഠിച്ചിരുന്നു. 50,000 പേരെ പഠനങ്ങള്‍ക്കായി ഇവര്‍ നിരീക്ഷിച്ചു. ഇവരുടെ പഠനങ്ങള്‍ പ്രകാരം ഉറക്കം ദഹനപ്രകിയയെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തി. 7-8 മണിക്കൂര്‍ ഉറക്കമാണ് ശരീരത്തിന് ആവശ്യമായി വേണ്ടതെന്നും ഇവര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സി.ടി സ്കാന്‍ കാന്‍സര്‍ ഉണ്ടാക്കുമോ?

നമ്മുടെ നാട്ടില്‍ അടുത്തകാലത്തായി രോഗനിര്‍ണ്ണയത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഒന്നാണ് സി.ടി സ്കാന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി. എക്സ്-റേയുടെ കണ്ടുപിടിത്തത്തോടു കൂടി ശരീരത്തിനുള്ളിലെ എല്ലുകൾക്ക് സംഭവിച്ച വൈകല്യങ്ങളും പൊട്ടലുകളും മറ്റും കണ്ടെത്താൻ പറ്റുമായിയിരുന്നെങ്കിലും അതിനു പല ന്യൂനതകളും ഉണ്ടായിരുന്നു. എക്സ്-റേയിൽ ഒരു കോണിൽ നിന്നുള്ള ചിത്രമാണ് കിട്ടുന്നതെങ്കിൽ സി.ടി സ്കാനിംഗിൽ 360 ഡിഗ്രിയിലുള്ള അഥവാ വ്യത്യസ്ത കോണുകളിൽ നിന്നും എക്സ്-റേ ചിത്രം നമുക്ക് ലഭിക്കുന്നു. രോഗനിർണ്ണയം കൂടുതൽ കാര്യക്ഷമമാക്കാൻ ഇത് ഉപകരിക്കുന്നു.

ലോകമെമ്പാടും ചെയ്യുന്ന സി.ടി സ്കാനുകളുടെ എണ്ണം പ്രതിദിനം കുതിച്ചുയരുകയാണ്. ബ്രിട്ടണില്‍ മാത്രം ഒരു വര്‍ഷം 3 മില്യണ്‍ സി.ടി സ്കാനുകളാണ് ചെയ്യുന്നത്. അതേസമയം, ഇത്തരം സ്കാനുകള്‍ക്ക് വിധേയമാകുന്നവരില്‍ കാന്‍സര്‍ മുതലായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണെന്ന ആശങ്കയും ഉയരുന്നുണ്ട്.

സി.ടി സ്കാന്‍ അഥവാ ക്യാറ്റ് (CAT) സ്കാന്‍ പരമ്പരാഗത എക്സ്-റേ നല്‍കുന്നതിനെക്കാള്‍ ശരീരത്തിനുള്ളിലെ കൂടുതല്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. എന്നാല്‍ നൂറ് തവണയോ അതിലധികമോ എക്‌സ്‌റേ പരിശോധന നടത്തുന്നതിന് സമാനമായ അയനൈസിംഗ് റേഡിയേഷനാണ് രോഗിയ്ക്ക് ലഭിയ്ക്കുക. ഈ അയനൈസിംഗ് റേഡിയേഷന്‍ ശരീരത്തിലെ കോശജാലത്തിന് തകരാറുണ്ടാക്കുകയും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ലഭിക്കുന്ന റേഡിയേഷന്റെ തോതിന് ആനുപാതികമായിരിക്കും അപകടസാധ്യതയും.

കൂടുതല്‍ തവണ റേഡിയേഷന്‍ ഏല്‍ക്കുന്നതിനനുസരിച്ച് അപകട സാധ്യതയും കൂടും. അതേസമയം, മുതിര്‍ന്നവരെക്കാള്‍ കുട്ടികളെയാകും ഇത് കൂടുതല്‍ ബാധിക്കുക. ഉദരസംബന്ധമായ സി.ടി സ്കാനിന് വിധേയനാകുന്ന ഒരാള്‍ക്ക് സാധാരണ പരിസ്ഥിതിയില്‍ നിന്ന് ഒരു വര്‍ഷം കൊണ്ട് ലഭിക്കുന്ന റേഡിയേഷന്റെ ആറിരട്ടി റേഡിയേഷനാണ് ലഭിക്കുന്നതെന്നാണ് കണക്കുകൂട്ടുന്നത്.

അടുത്തിടെ യു.കെയില്‍ നടന്ന പഠനം പറയുന്നത്, കൂടുതല്‍ സി.ടി സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികള്‍ക്ക് കുറഞ്ഞ അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്ന കുട്ടികളെക്കാള്‍ ലുക്കീമിയ, ബ്രെയിന്‍ ട്യൂമര്‍ പോലെയുള്ള അര്‍ബുദങ്ങള്‍ പിടിപെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്നാണ്. സി.ടി സ്കാനിംഗിന് വിധേയരായ 180, 000 കുട്ടികളിലാണ് പഠനം നടത്തിയത്. ഇവരില്‍ 200 പേര്‍ക്കാണ് 17 വര്‍ഷത്തിനിടെ കാന്‍സര്‍ കണ്ടെത്തിയത്. ഈ 200 ല്‍ 170 പേര്‍ക്കും സി.ടി.സ്കാനില്‍ നിന്നുള്ള ഉയര്‍ന്ന റേഡിയേഷന്റെ ഫലമായാണ്‌ കാൻസറുണ്ടായതെന്ന് ഗവേഷകര്‍ പറയുന്നു.

യു.സിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനവും ഇത് ശരിവയ്ക്കുന്നു. യു.സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാൻസറിന്റെ 2% സി.ടി.സ്കാന്‍ റേഡിയേഷന്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് യു.എസ് ഗവേഷകര്‍ കണ്ടെത്തി. യു.സിന്റെ അഞ്ചിലൊന്ന് സി.ടി.സ്കാനുകള്‍ നടക്കുന്ന യു.കെയില്‍ 0.4% ക്യാന്‍സര്‍ സി.ടി.സ്കാന്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് മൂലമാണ് ഉണ്ടാകുന്നത്. ഇത് വളരെ ചെറിയ സംഖ്യയായി തോന്നാമെങ്കിലും യു.കെയില്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കാൻസർ കേസുകളില്‍ 350, 000 –ത്തിൽ 1400 എണ്ണവും സി.ടി.സ്കാന്‍ റേഡിയേഷന്‍ വഴിയാണെന്ന് സാരം. മെഡിക്കല്‍ ഉപയോഗം കൂടുന്നതനുസരിച്ച് ഭാവിയില്‍ ഈ നിരക്ക് വര്‍ധിച്ചേക്കാം.

പലപ്പോഴും സി.ടി സ്കാനിന്റെ ഗുണങ്ങള്‍ക്ക് മേല്‍ അതിന്റെ ദോഷങ്ങള്‍ അവഗണിക്കപ്പെടുകയാണ്. റേഡിയേഷന്റെ തോത് ക്രമാതീതമായതിനാല്‍ ഒരൽപം ചിന്തിച്ചശേഷമേ സി.ടി. സ്‌കാന്‍ പരിശോധനയ്ക്ക് തയ്യാറാകാവൂ. ഗര്‍ഭിണികളായ സ്‌ത്രീകളോ ഗര്‍ഭിണിയാകാന്‍ തയാറെടുക്കുന്നവരോ ഒരിക്കലും സി.ടി. സ്‌കാന്‍ ചെയ്യാന്‍ പാടുള്ളതല്ല. എങ്കിലും ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും തീരെ അവശ്യ സന്ദര്‍ഭങ്ങളില്‍ സ്കാനിംഗിന് വിധേയമാക്കാറുണ്ട്. ശ്വാസകോശ രോഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ശ്വാസകോശാര്‍ബുദ നിര്‍ണയത്തിന് സി.ടി. സ്‌കാന്‍ അത്യന്താപേക്ഷിതമാണ്. സി.ടി. സ്‌കാന്‍ ചെയ്യേണ്ടുന്നതിന്റെ ആവശ്യകത നല്ലതുപോലെ ഡോക്ടറോട് ചോദിച്ചു മനസിലാക്കണം.

കൊഴുപ്പ് നീക്കാന്‍ ചില ഭക്ഷണശീലങ്ങള്‍

കൊളസ്ട്രോളാണ് നമ്മുടെ പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്ന്. ഭക്ഷണശീലങ്ങളും ജോലിയുടെ സ്വഭാവവുമെല്ലാം ഇതിന് കാരണമാണ്. ഭക്ഷണത്തില്‍ താഴെ പറയുന്ന കാര്യങ്ങൾ ഉള്‍പ്പെടുത്തിയാല്‍ രക്തത്തിലെ ചീത്ത കൊഴുപ്പിന്‍റെ അളവ് കുറയ്ക്കാനാവും.

1. മാതളം

മാതളത്തില്‍ അടങ്ങിയിട്ടുള്ള ഫൈടോകെമിക്കല്‍സ് ഒന്നാന്തരം ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിക്കും. ഇത് രക്തധമനികളുടെ ഭിത്തിയെ സംരക്ഷിക്കുന്നു. ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നു. അതു മാത്രമല്ല ശരീരത്തിലെ നൈട്രിക് ഓക്സൈഡ് ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിലൂടെ രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. ഇതും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ചെറുക്കുന്നു.

2. ബ്രോക്കോളി

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കൊളി. അമിതമായ കാല്‍സ്യത്തിൽനിന്നു രക്തധമനികളെ വിറ്റമിന്‍ കെ സംരക്ഷിക്കും. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ബ്രോക്കൊളിയില്‍ അടങ്ങിയ വിറ്റാമിന്‍ കെ ഉപകരിക്കും.

3. മഞ്ഞള്‍

ഇന്‍ഫ്ളമേഷന്‍ തടയാനുള്ള കഴിവാണ് മഞ്ഞളിനെ കൊളസ്ട്രോളുമായി ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തില്‍ മുന്നില്‍ നിര്‍ത്തുന്നത്. ഇതിലൂടെ രക്തധമനികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ മഞ്ഞളിന് സാധിക്കും. രക്തം കട്ടപിടിക്കുന്നത് തടയാനും മഞ്ഞള്‍ മികച്ച ഉപാധിയാണ്. മാത്രമല്ല ഹൃദയത്തിലെ ധമനികളുടെ കട്ടി കൂടുന്ന അസുഖമായ ആര്‍ടെറിയോസ്ലറോസസൈന്‍ ചെറുക്കാനും മഞ്ഞളിന് സാധിക്കും.

4. കറുവാപ്പട്ട

കൊഴുപ്പ് അടിഞ്ഞുകൂടി ധമിനികളില്‍ ഉണ്ടാകുന്ന പ്ലേക്കുകളെ അലിയിച്ച് പുതിയ പ്ലേക്കുകള്‍ വരാതെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒന്നാണ് കറുവാപ്പട്ട. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ രക്തത്തിന്‍റെ ഓക്സീകരണം തടഞ്ഞും ഹൃദയത്തിന്‍റെ ആരോഗ്യം കാക്കുന്നു

5. ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള കാറ്റേച്ചിന്‍ രക്തത്തിലെ ലിപിഡ് പരിധി നിയന്ത്രിക്കുന്നു. ഇതിലൂടെ ധമനികളില്‍ ബ്ലോക്കുണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

6. പപ്പായയുടെ കുരു

കൊഴുപ്പ് എരിച്ചു കളയുന്നതിനു നല്ലൊരു ഒറ്റമൂലിയാണ് പപ്പായയുടെ കുരു. കരളിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിനു മുമ്പു തന്നെ ഇത് കഴിക്കുന്നത് കരളിനെ ശുദ്ധീകരിച്ച് ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഇതുമൂലം സാധിക്കും.

വിഷാദം കിടപ്പറയിൽ വില്ലനാകുമ്പോൾ…

എപ്പോഴും ഒന്നാമതെത്താനുള്ള ത്വര പൊതുവേ മലയാളികൾക്കിടയിൽ കൂടുതലാണ്. ഇതു തന്നെയാണ് കടുത്ത ഡിപ്രഷൻ, വിഷാദരോഗം, സ്ട്രെസ് തുടങ്ങി പല പേരുകളിൽ അറിയപ്പെടുന്ന ഓമനരോഗം വിളിച്ചു വരുത്തുന്നതും. ഇതിന് അടിപ്പെടുന്നവരുടെ എണ്ണമാകട്ടെ ദിനംപ്രതി വർധിച്ചു വരുന്നു. ഇവ വ്യക്തികളെ കടന്ന് കുടുംബബന്ധങ്ങളെയും ബാധിച്ചു തുടങ്ങുമ്പോഴാണ് രോഗത്തിന്റെ ഗൗരവത്തെക്കുറിച്ച് പലരും മനസിലാക്കുന്നത്.

വിഷാദം കിടപ്പറയിലെ വില്ലൻ

ബെഡ്റൂമിലേക്കു കടക്കുമ്പോൾതന്നെ ഒരു വിരക്തി, ഭാര്യയെ അല്ലെങ്കിൽ ഭർത്താവിനെ അഭിമുഖീകരിക്കാൻ തന്നെ ബുദ്ധിമുട്ട് തോന്നുക, മാനസികമായി ലൈംഗികതയോടു പൊരുത്തപ്പെടാൻ സാധിക്കാതിരിക്കുക എന്നീ പ്രശ്നങ്ങളാണ് പ്രധാനമായും വിഷാദരോഗികൾക്ക് കിടപ്പറയിൽ അഭിമുഖീകരിക്കേണ്ടി വരുന്നത്.

ഏതു പ്രായത്തിലുള്ളവരെയും ബാധിക്കാവുന്ന ഒരു പ്രശ്നക്കാരനാണ് വിഷാദം. വിഷാദരോദമുള്ള 50 ശതമാനം പേരിലും ലൈഗികവിരക്തിയും അനുഭവപ്പെടാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്റെ തീവ്രത കൂടുന്നതിനനുസരിച്ച് ലൈംഗികപ്രശ്നങ്ങളും കൂടിവരുന്നു. ഇതാകട്ടെ ആത്മഹത്യയിലേക്കു വരെ പലരേയും നയിക്കുന്നുമുണ്ട്.

ഉദ്ധാരണക്കുറവും താൽപര്യമില്ലായ്മയും

വിഷാദരോഗികളായ പുരുഷൻമാരിൽ കണ്ടു വരുന്ന പ്രധാനപ്രശ്നം ഉദ്ധാരണശേഷിക്കുറവാണ്. വിഷാദത്തോടൊപ്പം അമിത ഉത്കണ്ഠയുള്ളവർക്കാകട്ടെ ശീഘ്രസ്ഖലനം ഉൾപ്പടെയുള്ള പ്രശ്നങ്ങളും കാണുന്നുണ്ട്. ഉദ്ധാരണശേഷി കുറയുമ്പോൾ ലൈഗികതയെക്കുറിച്ചുള്ള ആശങ്കകൾ കൂടിവരുന്നു. ഇണയെ തൃപ്തിപ്പെടുത്താൻ സാധിക്കാതെ വരുമ്പോൾ രോഗം വീണ്ടും വഷളാകുന്നു.

വിഷാദരോഗവുമായി എത്തുന്ന സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്ന പ്രശ്നം ലൈംഗികതയോടുള്ള വിരക്തിയാണ്. ഭർത്താവ് എങ്ങനെയൊക്കെ സന്തോഷിപ്പിക്കാൻ നോക്കിയാലും അതിലൊന്നും തന്നെ ഒരു താൽപര്യവും തോന്നാറില്ല. എന്നു മാത്രമല്ല, ഭർത്താവിന്റെ സാമീപ്യം തന്നെ ചിലർക്ക് അരോചകമായി മാറാം. അഥവാ ഭർത്താവിന്റെ താൽപര്യത്തിനൊന്നു നിന്നുകൊടുത്താൽ തന്നെ ഒരുതരം നിർവികാരതയായിരിക്കാം ഇക്കൂട്ടർക്ക് അനുഭവപ്പെടുക. യോനിയിൽ വരൾച്ച അനുഭവപ്പെട്ട് പേശികൾ ചുരുങ്ങി വേദനയുണ്ടാകുന്ന യോനീസങ്കോചം എന്ന അവസ്ഥയിലേക്കും എത്തുന്നു. ഇത് ലൈംഗികതയെ തീർത്തും അസഹനീയമാക്കി മാറ്റുന്നു.

പോംവഴി ചികിത്സ മാത്രം

ഏതെങ്കിലും രീതിയിലുള്ള സമ്മർദ്ദമോ, വിഷാദമോ പിടികൂടുമ്പോൾ, കാര്യങ്ങൾ നിങ്ങളുടെ വഴിക്കു നിൽക്കുന്നില്ലഎന്നു കണ്ടാൽ എത്രയും പെട്ടെന്ന് വിദഗ്ധോപദേശം തേടണം. ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത പ്രശ്നങ്ങളൊന്നുമില്ലെന്ന് ആദ്യം മനസിലാക്കണം. പലരിലും മരുന്നുകൾ പോലും വേണ്ടി വരാതെ തന്നെ കൗൺസിലിങ്ങിലൂടെ പരിഹാരം ലഭിക്കാറുണ്ട്.

സുഗന്ധവ്യഞ്ജനങ്ങൾ ശ്രദ്ധയോടെ

കുരുമുളകും കറുപ്പട്ടയുമൊക്കെ ഉൾപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ മായം ചേർക്കൽ സാധാരണമാണ്. കാഴ്ചയിലും ചിലപ്പോൾ ഗന്ധത്തിലുമുള്ള സമാനതകൾ മൂലം പലതും തിരിച്ചറിയാതെ പോവാം. എന്നാൽ അൽപം ശ്രദ്ധചെലുത്തിയാൽ കബളിപ്പിക്കൽ ഒഴിവാക്കാം.

∙ കുരുമുളകിൽ പപ്പായക്കുരുചേർത്താൽ: പപ്പായക്കുരുവും കുരുമുളകും വളരെ എളുപ്പത്തിൽ തിരിച്ചറിയാം. പപ്പായക്കുരു കുരുമുളകിനെക്കാൾ ചെറുതായിരിക്കും. ഒാവൽ ആകൃതി ആയിരിക്കും. പച്ചകലർന്ന തവിട്ടുനിറമോ തവിട്ടുനിറം കലർന്ന കറുപ്പോ ആയിരിക്കും പപ്പായക്കുരു. ശ്രദ്ധിച്ചാൽ മനസ്സിലാകും.

∙ കുരമുളകിൽ മിനറൽ ഒായിൽ പുരട്ടിയാൽ: നിറവും തിളക്കവും തോന്നിക്കാനാണ് കുരുമുളകിൽ പെട്രോളിയം ഉൽപ്പന്നമായ മിനറൽ ഒായിൽ പുരട്ടുന്നത്. മിനിറൽ ഒായിൽ പുരട്ടിയ കുരുമുളകിന് മണ്ണെണ്ണയുടെ ഗന്ധം ഉണ്ടാകും.

കറുവപ്പട്ട തിരിച്ചറിയാം

∙ കറുവപ്പട്ടയിൽ കാസിയയുടെ പട്ട ചേർ‌ത്താൽ: വളരെ നേര‍ിയതും പെട്ടന്നു ചുരുട്ടാവുന്നതുമാണ് യഥാർഥ കറുവപ്പട്ട. എന്നാൽ കാസിയയുടെ പട്ട വളരെ കട്ടിയുള്ളതും ചുരുട്ടാവുന്നതുമല്ല. കറുവപ്പട്ടയ്ക്ക് പ്രത്യേക സുഗന്ധം ഉണ്ടായിരിക്കും. കാസിയ പട്ടയ്ക്ക് കറുവയ്ക്കു തുല്യമായ സുഗന്ധം ഇല്ല.

∙ കായത്തിൽ മറ്റു റെസിനുകൾ ചേർത്താൽ: ശുദ്ധമായ കായം ഒരു സ്പൂണിൽ എടുത്ത് കത്തിച്ചാൽ‌ അതു കർപ്പുരം കത്തുന്നതുപോലെ കത്തുന്നതാണ്. കായപ്പൊട‍ി വെള്ളത്തിൽ കലക്കിവച്ചാൽ മണ്ണു ചേർത്തിട്ടുണ്ടെങ്കിൽ അടിയിൽ അടിയും.

∙ മഞ്ഞളിന്റെ പുറത്ത് ലെഡ് ക്രോമേറ്റ് പുരട്ടിയാൽ: മഞ്ഞൾ കഷണത്തിന്റെ പുറത്ത് ലെഡ്ക്രോമേറ്റ് പുരട്ടുന്നത് മഞ്ഞനിറം കൂട്ടാനാണ്. മഞ്ഞൾ കഷണം വെള്ളത്തിൽ ഇടുമ്പോൾ വെള്ളത്തിനു മഞ്ഞനിറം ഉണ്ടാകുന്നുണ്ടെങ്കിൽ ഈ രാസവസ്തുവിന്റെ സാന്നിധ്യം ഉറപ്പാക്കാം.

മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

മനഃശാസ്ത്ര വിദഗ്ധർ മനോരോഗങ്ങളെ സൈക്കോസിസ് എന്നും ന്യൂറോസിസ് എന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. മിഥ്യാവിശ്വാസങ്ങളും തോന്നലുകളും ഉണ്ടാവുകയും യാഥാർഥ്യബോധം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് സൈക്കോസിസ്. ന്യൂറോസിസിൽ വ്യക്തിക്ക് സ്വയവും മറ്റുള്ളവരുമായി ഇടപെടാനുള്ള ബുദ്ധിമുട്ടുകളുമാണ് ഉള്ളത്. ഉത്കണ്ഠരോഗങ്ങൾ, (obsessive compulsive Disorder) സംഘർഷ രോഗങ്ങൾ, കൺവേർഷൻ രോഗം somatoform disorder എന്നിവയാണ് പ്രധാനപ്പെട്ട ന്യൂറോസിസ് രോഗങ്ങൾ. സൈക്കോസിസ് രോഗങ്ങളിൽ പ്രധാനപ്പെട്ടത് സ്കിസോഫ്രീനിയയും മിഥ്യാവിശ്വാസ രോഗങ്ങളുമാണ്. സ്കിസോഫ്രീനിയ എന്നത് ഒരു പ്രത്യേക രോഗമല്ല, ഒരു കൂട്ടം രോഗങ്ങളാണ്.

ഒരു ലാബ് പരിശോധനയിലൂടെ കണ്ടെത്തുന്നതുപോലെ, നുറുശതമാനം വസ്തുനിഷ്ഠമായ മനോരോഗനിർണയ രീതി മനഃശാസ്ത്ര ചികിത്സയിൽ സാധ്യമല്ല. രോഗിയുടെ പെരുമാറ്റവും പ്രകൃതവും നിരീക്ഷിച്ചും അയാളോടും കുടുംബാംഗങ്ങളോടും സംസാരിച്ചും അയാളുടെ ശ്രദ്ധ, സ്ഥലകാല – വ്യക്തിബോധം, ഓർമശക്തി, ഗ്രഹണശേഷി, സാമാന്യബുദ്ധി തുടങ്ങിയ മാനസികതലങ്ങളെ വിലയിരുത്തിയുമാണ് മനഃശാസ്ത്രജ്ഞൻ രോഗനിർണയം നടത്തുന്നുത്.

മനോരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ചില വ്യക്തികളിൽ കൂടുതലും ചിലരിൽ കുറവുമാണ്. പാരമ്പര്യം, ജൈവഘടന, മസ്തിഷ്കത്തിന്റെ ഘടനയിലും പ്രവർത്തനത്തിലുമുള്ള വ്യത്യാസങ്ങൾ, കുട്ടിക്കാല അനുഭവങ്ങൾ, ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾ, നിത്യജീവിതത്തിലെ സംഘർഷങ്ങൾ തുടങ്ങിയവ ഒരാളെ മാനസികരോഗങ്ങളിലേക്കു നയിക്കാം.

മനോരോഗങ്ങൾ എങ്ങനെ തിരിച്ചറിയാം?

അസാധാരണമായ പെരുമാറ്റമോ സംസാരമോ തുടർച്ചയായി ഉണ്ടാവുക, ശാരീരിക രോഗങ്ങളെക്കുറിച്ച് അനാവശ്യമായ ഉത്കണ്ഠ, മാരകരോഗങ്ങൾ ഉണ്ടെന്നുള്ള ഭയം, വൈദ്യ പരിശോധനയിൽ രോഗമില്ലെന്ന് തെളിഞ്ഞിട്ടും രോഗലക്ഷണമുണ്ടെന്ന തോന്നലുമായി പല ഡോക്ടർമാരെയും മാറിമാറി സന്ദർശിക്കുക, ചെയ്ത കാര്യങ്ങൾതന്നെ വീണ്ടും ചെയ്യുക, അനാവശ്യ സംശയങ്ങൾ, തനിയെ സംസാരിക്കുക, ചിരിക്കുക, കരയുക, തനിക്കെതിരെ ആരൊക്കെയോ ഗൂഢാലോചന നടത്തുന്നുവെന്നും തന്നെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നു എന്നുള്ള സംശയവും അത് അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികളും, അമിതമായ ഉത്കണ്ഠ, ഭയം, നിരാശ, കുറ്റബോധം, ഭാവിയെപ്പറ്റിയുള്ള തെറ്റായ ചിന്തകൾ, ശ്രദ്ധക്കുറവ്, ഒന്നിലും താല്പര്യവും സന്തോഷവും ഇല്ലാതിരിക്കുക, എല്ലാവരിൽനിന്നും ഒഴിഞ്ഞുമാറാനും എല്ലാത്തിൽനിന്നും പിൻവലിയാനുമുള്ള പ്രവണത, തുടർച്ചയായ ഉറക്കക്കുറവ്/ ഉറക്കക്കൂടുതൽ, കാരണമില്ലാതെ ശരീരത്തിന്റെ തൂക്കം കുറയുക, വിശപ്പില്ലായ്മ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയും കാഴ്ചകൾ കാണുകയും ചെയ്യുക, ലഹരിവസ്തുക്കളോട് അമിത താൽപര്യം, അമിതമായ ഭക്തി തുടങ്ങിയവയിൽ ഒന്നിലേറെ ലക്ഷണങ്ങൾ ഒരു നിശ്ചിത കാലയളവിൽ തുടർച്ചയായി കാണപ്പെടുകയാണെങ്കിൽ മനോരോഗമാണെന്ന് കണക്കാക്കാം.

പ്രധാനപ്പെട്ട ചില മനോരോഗ ലക്ഷണങ്ങൾ

ഹാലൂസിനേഷൻ (Hallucination)

കാഴ്ച, രുചി, കേൾവി, മണം, സ്പർശം എന്നീ ഇന്ദ്രിയാനുഭവങ്ങളിലൂടെ കിട്ടുന്ന തെറ്റായ ബോധമാണ് ഹാലൂസിനേഷൻ. മറ്റാർക്കും കാണാനാകാത്ത കാഴ്ച ഒരാൾ കാണുന്നത് Visual Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത മണം ഒരാൾക്ക് അനുഭവപ്പെടുന്നത് Olfactory Hallucination, ഒറ്റയ്ക്കിരിക്കുമ്പോൾ ചെവിയിൽ ആരോ സംസാരിക്കുന്നതുപോലെ തോന്നുക, ശബ്ദം കേൾക്കുക എന്നത് Auditory Hallucination, മറ്റാർക്കും അനുഭവപ്പെടാത്ത രുചി അനുഭവപ്പെടുന്നത് Gustatory Hallucination, ശരീരത്തിൽ ആരോ സ്പർക്കുന്നവെന്ന തോന്നൽ Tactile Hallucination.

മിഥ്യാവിശ്വാസങ്ങൾ (Delusions)

യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങളാണ് ഈ ഗണത്തിൽ പെടുത്തുക. മറ്റുള്ളവർ തന്നെക്കുറിച്ചാണ് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് എന്ന തെറ്റായ വിശ്വാസം, തന്റെ ശരീരത്തിലെ ഏതെങ്കിലും ഒരു അവയവം നശിച്ചുപോയെന്ന വിശ്വാസം, താൻ അപരാധിയാണെന്ന അമിതമായ കുറ്റബോധം, ജീവിതപങ്കാളിക്ക് മറ്റാരെങ്കിലുമായി രഹസ്യബന്ധമുണ്ടെന്ന തെറ്റായ വിശ്വാസം, സമൂഹത്തിലെ ഉന്നതനായ ഒരാൾക്ക് തന്നെ ഇഷ്ടമാണെന്ന തെറ്റായ ധാരണ, ഗുരുതരമായ രോഗമുണ്ടെന്നും അതിനിയും കണ്ടുപിടിച്ചിട്ടില്ല എന്നുമുള്ള തോന്നൽ, തന്നെ ചിലർ അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന തോന്നൽ, മറ്റുള്ളവരേക്കാൾ സാമ്പത്തികശേഷിയും കഴിവും സൗന്ദര്യവും തനിക്കുണ്ടെന്ന തെറ്റായ വിശ്വാസം, ഒരു ചിന്തയിൽനിന്നോ ആശയത്തിൽനിന്നോ പരസ്പരബന്ധമില്ലാത്ത മറ്റൊരു ചിന്തയിലേക്കോ ആശയത്തിലേക്കോ തെന്നിപ്പോവുക, ഒരേ കാര്യംതന്നെ ആവർത്തിച്ചു കൊണ്ടിരിക്കുക, സംസാരം കുറഞ്ഞുവന്ന് ആശയങ്ങൾ ഇല്ലാതാകുക, അസാധാരണമായ ഊർജത്തോടെയും ഭാവഹാവാദികളോടെയും സംസാരിക്കുക, മനസ്സ് പെട്ടെന്ന് ശൂന്യമാകുകയും പിന്നീട് പുതിയ ചിന്ത ഉടലെടുക്കുകയും ചെയ്യുക, ഇഷ്ടമില്ലാത്ത ചിന്തകളും ആശയങ്ങളും മനസിലേക്കു കടന്നുവരിക, അത് തിരിച്ചറിയുന്നുണ്ടെങ്കിലും നിയന്ത്രിക്കാനാവാതിരിക്കുക, കൈ കഴുകുക, തുപ്പുക തുടങ്ങിയ ചില ചേഷ്ടകൾ ആവർത്തിച്ചുകൊണ്ടിരിക്കുക, മനസ്സിന്റെ സ്ഥായിഭാവവും സാഹചര്യങ്ങൾക്ക് അനുസരിച്ച് മാറിവരുന്ന മനസ്സിന്റെ ഭാവവും അസാധാരണമായി പ്രകടിപ്പിക്കുക തുടങ്ങിയവ ഇതിൽപ്പെടുന്നു.

മതിഭ്രമം (Illusions)

ഒരു വസ്തുവിനെ മറ്റൊന്നായി തെറ്റായി മനസ്സിലാക്കുകയും അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നതാണ് മതിഭ്രമം. ഇത് മനോരോഗമില്ലാത്തവർക്കും അനുഭവപ്പെടാം.

മനോരോഗങ്ങൾക്ക് പ്രകടമായ ചില പൊതുലക്ഷണങ്ങളുണ്ട്. ഓരോ രോഗത്തിനും അതിന്റേതായ ലക്ഷണങ്ങളുമുണ്ട്. പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെപ്പറ്റി മാത്രമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.

ആരാണ് മനോരോഗ ചികിത്സകർ?

സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സോഷ്യൽവർക്കർ, സൈക്യാട്രിക് നഴ്സ് തുടങ്ങിയവരാണ് മനോരോഗചികിത്സയിൽ മുഖ്യപങ്കു വഹിക്കുന്നവർ. എംബിബിഎസ്സിനുശേഷം സൈക്യാട്രിയിൽ ഡിപ്ലോമയോ ഡോക്ടർ ബിരുദമോ നേടിയവരാണ് സൈക്യാട്രിസ്റ്റുകൾ. മാനസികരോഗനിർണ്ണയവും അതിനുള്ള ഔഷധചികിത്സയുമാണ് സൈക്യാട്രിസ്റ്റുകൾ ചെയ്യുന്നത്.

ഔഷധരഹിത സൈക്കോതെറാപ്പി രീതികൾ ഉപയോഗിച്ച് ചികിത്സിക്കുന്നവരാണ് സൈക്കോളജിസ്റ്റുകൾ. അംഗീകൃത സർവകലാശാലകളിൽനിന്ന് ചികിത്സാമനഃശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമോ പിജി ഡിപ്ലോമയോ നേടിയവരും ഡോക്ടറേറ്റ് ളള്ളവരും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തവരുമായിരിക്കണം സൈക്കോളജിസ്ററുകൾ.

മനോരോഗികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നവരാണ് സോഷ്യൽവർക്കർമാർ. സൈക്യാട്രിക് സോഷ്യൽവർക്കിൽ എംഎസ്ഡബ്ല്യു നേടിയവരാണിവർ. ബിഎസ്‌സി നഴ്സിങ്ങിനുശേഷം മനോരോഗചികിത്സയിലെ നഴ്സിങ്ങിൽ ഉപരിപഠനം നടത്തിയവരാണ് സൈക്യാട്രിക് നഴ്സുകൾ.

സൈക്കോതെറാപ്പികൾ

കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി
വ്യക്തിയുടെ യുക്തിരഹിതമായ ചിന്തകളേയും മനോഭാവങ്ങളെയും നിർണ്ണയിച്ച് ആരോഗ്യകരമായ ചിന്താരീതികളും പെരുമാറ്റവും രൂപപ്പെടുത്തുന്നതിന് സഹായിക്കുന്ന തെറാപ്പിയാണിത്.

ബിഹേവിയർ തെറാപ്പി
തെറ്റായ ശീലങ്ങൾ മാറ്റി നല്ല ശീലങ്ങൾ പരിശീലിപ്പിക്കുന്ന തെറാപ്പിയാണിത്.

ഹിപ്നോതെറാപ്പി
വ്യക്തിയെ വിശ്രമാവസ്ഥയിൽ എത്തിച്ച് മനസിനെ ഏകാഗ്രമാക്കി ഗുണകരമായ നിർദേശങ്ങൾ നൽകുന്ന ചികിത്സയാണിത്.

ഗൈഡൻസ് ആൻഡ് കൗൺസിലിങ്
വ്യക്തിയുടെ ഉൾക്കാഴ്ച വികസിപ്പിക്കാനും പ്രശ്നപരിഹാരശേഷി വർധിപ്പിക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.

ഇന്റർപേഴ്സണൽ തെറാപ്പി
വ്യക്തിബന്ധങ്ങളും സാമൂഹികബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിന് സഹായം നൽകുന്ന ചികിത്സാരീതി.

ഫാമിലി തെറാപ്പി
ആരോഗ്യകരമായ കുടുംബബന്ധങ്ങൾ സൃഷ്ടിക്കാനും കുടുംബാംഗങ്ങളുമായുള്ള ആശയവിടവ് പരിഹരിക്കാനും ഊന്നൽ നൽകുന്ന ചികിത്സ.

കഞ്ഞി കുടിക്കൂ… ആയുസ്സ് കൂട്ടാം

അരി, ഗോതമ്പ്, ബാർലി, ചാമ, റാഗി ഇതെല്ലാം ഒരുകാലത്ത് നമ്മൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. മരുന്നുകളും ആശുപത്രിവാസവും അന്ന് ആവശ്യവുമില്ലായിരുന്നു. കുത്തരിക്കഞ്ഞി മലയാളിയുടെ ആരോഗ്യശീലമായിരുന്നു. പാടങ്ങള്‍ നികന്നപ്പോൾ നമുക്ക് നഷ്ടമായത് ആരോഗ്യം കൂടിയാണ്. തവിടു കളഞ്ഞ് വെളുപ്പിച്ച് പോളിഷ് ചെയ്ത പായ്ക്കറ്റ് അരിയാണല്ലോ ഇന്നു നമുക്കു പ്രിയം.

എന്നാൽ തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്നാണു പഠനങ്ങൾ പറയുന്നത്. ഇത് ആരോഗ്യവും ദീർഘായുസും നൽകും.

ധാന്യങ്ങളായ തവിടു കളയാത്ത അരി, ഗോതമ്പ്, ചാമ, ഓട്സ് മുതലായവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ജീവകം ബിയും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. നാരുകൾ ധാരാളമായി ഉള്ളതിനാൽത്തന്നെ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തി ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ്–2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയെ കുറയ്ക്കുന്നു. ധാന്യങ്ങൾ റിഫൈൻ പ്രക്രിയയിലൂടെ കടന്നു പോകുമ്പോൾ ഗുണങ്ങളെല്ലാം നഷ്ടമാകും.

തവിടു കളയാത്ത ധാന്യങ്ങൾ ദിവസവും കഴിച്ചാൽ ഹൃദ്രോഗം, അർബുദം മുതലായ രോഗങ്ങൾ മൂലമുള്ള മരണസാധ്യതയെ കുറയ്ക്കാനാകുമെന്നു പഠനം. എത്രയധികം ധാന്യം കഴിക്കുന്നുവോ, അത്രയധികമായിരിക്കും ഗുണഫലം.

ഒരു നേരം 16 ഗ്രാം ധാന്യാഹാരം കഴിക്കുന്നതുമൂലം മരണസാധ്യത ഏഴു ശതമാനം കുറയും. ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമുള്ള മരണം ഒൻപതു ശതമാനവും അർബുദം മൂലമുള്ള മരണസാധ്യത അഞ്ചു ശതമാനവും കുറയുമെന്നും പഠനം പറയുന്നു.

ദിവസവും മൂന്നു തവണ അതായത് 48 ഗ്രാം ധാന്യം കഴിച്ചാൽ മരണസാധ്യത 20 ശതമാനം കുറയും. ഹൃദ്രോഗം മൂലമുള്ള മരണസാധ്യത 25 ശതമാനവും അർബുദം മൂലമുള്ളത് 14 ശതമാനവുമാക്കി കുറയ്ക്കാനും സാധിക്കുമത്രേ.

യു.എസിലെ ഹാർവാർഡ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. അമേരിക്ക, ബ്രിട്ടൻ, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 1970 മുതൽ 2010 വരെ നടത്തിയ പഠനങ്ങൾ പരിശോധിച്ചു. 786076 സ്ത്രീപുരുഷൻമാരിൽ നടത്തിയ 12ഓളം പഠനങ്ങളാണു പരിശോധിച്ചത്.

തവിടു കളയാത്ത ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം എല്ലാവരും ശീലമാക്കണമെന്നും രോഗങ്ങൾ വരാതിരിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ധാന്യാഹാരം ശീലമാക്കുന്നതിലൂടെ സാധിക്കുമെന്നും പഠനം പറയുന്നു.

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതോടൊപ്പം കഴിക്കുന്ന ധാന്യത്തിന്റെ പകുതിയെങ്കിലും തവിടു കളയാത്തതവ ആയിരിക്കണമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദേശിക്കുന്നു. സർക്കുലേഷൻ ജേണലിന്റെ ഒൺലൈൻ എഡിഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടപ്പാട് : malayalam.tipofindia.com

3.10526315789
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ