অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യകരമായ അറിവുകള്‍

മറവി

കാര്യങ്ങള്‍ മറക്കുക സാധാരണം.. എന്നാല്‍ സ്ഥിരമായി മറവിയുണ്ടെങ്കില്‍ കരുതിയിരിക്കണം അല്‍ഷിമേഴ്‌സ് മറവിരോഗമല്ല, അവസ്ഥ മാത്രമാണ്. ശരീരത്തിലെ ചില തകരാര്‍ മൂലമുണ്ടാകുന്ന രോഗാവസ്ഥ. അല്‍പം കരുതലും പിന്തുണയുമാണ് ഇത്തരക്കാര്‍ക്കാവശ്യം.

''അപ്പൂപ്പനു എപ്പോഴും സംശയമാണ്. ഒരു കാര്യം തന്നെ തിരിച്ചും മറിച്ചും ചോദിക്കും'' ഒന്നാം ക്ലാസ്സുകാരി മീനുകുട്ടി അച്ഛനോട് പരാതി പറഞ്ഞു. അപ്പുപ്പനോട് എത്ര തവണ പറഞ്ഞാലും മറന്നു പോകും. എന്റെ ടോയ്‌സ് എല്ലാം എടുത്ത് അപ്പൂപ്പന്റെ റൂമില്‍ വെക്കും.

മീനുക്കുട്ടിയുടെ പരാതി കഴിഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞു, ''മോളെ അപ്പൂപ്പനു വയസ്സായില്ലേ, അപ്പോള്‍ കുറച്ച് പ്രശ്‌നങ്ങളും ഉണ്ടാകും. അതുകൊണ്ടാണ് ഓരോ കാര്യങ്ങള്‍ അപ്പൂപ്പന്‍മറന്നു പോകുന്നത്.

മോളു അതിനു വഴക്കിടാതെ അപ്പൂപ്പന്റെ കൂടെയിരുന്ന് കളിക്കാനും ആഹാരം കഴിക്കാനുമൊക്കെ കൂട്ടണം കേട്ടോ''. അച്ഛന്‍ പറഞ്ഞതിലെ കാര്യം മുഴുവനായി മീനുകുട്ടിക്ക് മനസ്സിലായില്ലെങ്കിലും അപ്പൂപ്പനോട് വഴക്കിടരുതെന്ന് മനസ്സിലായി.

ഇന്ന് ഓര്‍മ്മയില്‍ ഉണ്ടാകുന്ന തകറാര്‍ സാധാരണമായിരിക്കുന്നു. 65 വയസ്സു കഴിഞ്ഞവരിലാണ് ഓര്‍മ്മകുറവ് കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാരിലും ഈ അവസ്ഥ കണ്ടു വരുന്നുണ്ട്.

മറവി രോഗം

എല്ലാ കാര്യങ്ങളും മറന്നു പോവുക, വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ വരിക, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടന്നുള്ള മിഥ്യാധാരണകള്‍ തുടങ്ങിയ ഓര്‍മ്മക്കുറവ് മൂലമുണ്ടാകാം. സാധാരണ രീതിയില്‍ മറവി ഒരു രോഗമല്ല. അത് രോഗമായി മാറുന്നത്, 'ഡിമെന്‍ഷ്യ' അഥവാ മേധാക്ഷയം എന്ന അവസ്ഥയിലാണ്.

പൂര്‍ണ്ണമായി ഈ രോഗം ഭേദമാക്കാന്‍ കഴിയില്ലെങ്കിലും ശരിയായ ചികിത്സയും കരുതലും പിന്തുണയുമുണ്ടങ്കില്‍ രോഗി എന്നവസ്ഥയില്‍ നിന്നുള്ള മോചനം ലഭിക്കും. കാരണം തനിക്ക് രോഗമുണ്ടെന്നും തന്നെ എല്ലാവരും രോഗിയായി കാണുകയാണെന്നുമുള്ള തോന്നലുകള്‍ പലപ്പോഴും പ്രതികൂലമായ സാഹചര്യമുണ്ടാക്കും.

ഓര്‍മ്മക്കുറവ് ബാധിച്ചവര്‍ക്ക് ആദ്യം മനോരോഗ വിദഗ്ദന്റെ ചികിത്സയാണ് ആവശ്യം. അമിതമായ ദേഷ്യം,വീട്ടില്‍ നിന്നും ഇറങ്ങിപോവുക,അകാരണമായ സംശയങ്ങള്‍,മിഥ്യാധാരണകള്‍ ഇവയ്ക്കാണ് മനോരോഗ വിദഗ്ദന്റെ സേവനം ആവശ്യമുള്ളത്. 

ഇന്ന് ഭൂരിഭാഗം പേരിലും 'അല്‍ഷിമേഴ്‌സ് ഡിമെന്‍ഷ്യ' എന്ന മറവിരോഗമാണ് ബാധിക്കുന്നത്. ഈ അവസ്ഥയില്‍ നിന്നുള്ള പൂര്‍ണ്ണ മോചനം സാധ്യമല്ലെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്ന മരുന്നുകള്‍ ലഭ്യമാണ്.

ഇത്തരക്കാര്‍ക്കു മരുന്നുകളേക്കാറേ മാനസികധൈര്യമാണ് ഫലമുണ്ടാക്കുന്നത്. അതിനായി കുടുംബാംഗങ്ങളും പരിചാരകരും കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. സ്‌നേഹത്തോടെ നിര്‍ബന്ധിച്ചാല്‍ അവര്‍ അനുസരിക്കും.

സുരക്ഷ

ഓര്‍മ്മക്കുറവ് ബാധിച്ചരുടെ സുരക്ഷയ്ക്കാണ് എപ്പോഴും മുന്‍തൂക്കം നല്‍കേണ്ടത്. യാതൊരു കാരണവശാലും രോഗിയെ തനിച്ച് താമസിക്കാന്‍ അനുവദിക്കരുത്. ആഹാരം പാകം ചെയ്യുക,വാഹനം ഓടിക്കുക തുടങ്ങിയ കാര്യങ്ങളില്‍ എപ്പോഴും മറ്റൊരാളുടെ നിരീക്ഷണത്തില്‍ മാത്രമേ അനുവദിക്കാവൂ.

കഴിവതും ഇവ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് നല്ലത്. രോഗിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും മാറ്റമുണ്ടാക്കുന്നതിനേക്കാള്‍ സൗകര്യം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും. ഒരു വ്യക്തിയുടെ സാതന്ത്ര്യത്തെ ബാധിക്കുന്ന തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം.

വീടിനുള്ളില്‍

വീട്ടിലെ ചില രീതികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ സാധ്യതയുണ്ട്. അതിനായി കുറച്ച് മാറ്റങ്ങള്‍ വരുത്തുന്നത് നന്നായിരിക്കും. അത് എല്ലാവര്‍ക്കും പുതുമയുണ്ടാക്കുകയും ചെയ്യും. ഓര്‍മ്മകുറവുള്ളര്‍ക്ക് ശരിയായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ അപകട സാധ്യതയുമേറെയാണ്.

തറയില്‍ ഇട്ടിരിക്കുന്ന കാര്‍പ്പെറ്റ്, കോണിപടികള്‍,മൂര്‍ച്ചയേറിയ ആയുധങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം അപകടമുണ്ടാക്കും. കൂടെയുള്ളവരുടെ നിരീക്ഷണം എപ്പോഴും രോഗിയോടൊപ്പമുണ്ടായിരിക്കണം.

രോഗിയോട് നന്നായി സംസാരിക്കുക. മുതിര്‍ന്നവരോട് സംസാരിക്കുന്നപോലെ സംസാരിക്കുക. രോഗി എന്നൊരു സങ്കല്‍പത്തിലോ വിശ്വാസത്തിലോ അവരോട് പെരുമാറരുത്.

സംസാരിക്കുന്നതിനിടയില്‍ കൈയ്യില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കുന്നത് അവരിലെ ഒറ്റപെടലെന്നുള്ള തോന്നല്‍ ഒഴിവായി ആത്മവിശ്വാസം വര്‍ധിക്കും. മറുപടി പറയുന്നതിനോ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതിനോ ആവശ്യമായ സമയം നല്‍കുക.

രോഗിയുമായി തര്‍ക്കിക്കാനിട വരുത്തരുത്. അവരുടെ സമീപനം,മുഖഭാവം,സംസാര രീതി എന്നിവ നിരീക്ഷിച്ച ശേഷം അവരോട് സംസാരിക്കുക. 
നിങ്ങളുടെ ദേഷ്യമോ വിഷമമോ ഒരിക്കലും രോഗിക്കു മുന്നില്‍ കാണിക്കാതിരിക്കുക. ചോദ്യങ്ങളും സംശയങ്ങളും ചോദിക്കാന്‍ പ്രേരിപ്പിക്കുക.

കിടപ്പു മുറിയില്‍

രോഗിയുടെ കിടപ്പു മുറിയുടെ ക്രമീകരണത്തില്‍ അതീവ ശ്രദ്ധചെലുത്തണം. കാരണം അവര്‍ ചിലപ്പോള്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് അവരുടെ മുറിയില്‍ തന്നെയാകാം.

അടച്ചിട്ടതും ഇരുണ്ടതുമായ മുറികളില്‍ കഴിയുന്നത് സാധാരണ വ്യക്തിയെപോലും ദോഷമായി ബാധിക്കും. ഓര്‍മ്മയിലുണ്ടായ തകരാറിനു മനസ്സിന്റെ ശക്തിയാണ് പ്രധാനമായി വേണ്ടത്. അതിനാല്‍ രോഗിയുടെ അനുവാദത്തോടെ മുറിയില്‍ ചിലമാറ്റങ്ങള്‍ വരുത്തണം.

പകല്‍ സമയങ്ങളില്‍ ജനാലകള്‍ തുറന്നിടുക. സൂര്യപ്രകാശം രോഗിയുടെ മുറിയില്‍ ആവശ്യമാണ്. വളരെ പെട്ടന്ന് തന്നെ തുറക്കാനും അടയ്ക്കാനും കഴിയുന്ന തരത്തിലായിരിക്കണം ജനാലകളുടെ ക്രമീകരണങ്ങള്‍.

മുറിയുടെ മധ്യഭാഗത്തായി കിടക്ക സ്ഥാപിക്കുന്നതാണ് നല്ലത്. കാരണം ഇരുവശത്തു കൂടിയും രോഗികള്‍ക്ക് കിടക്കാനും എഴുന്നേല്‍ക്കാനും സാധിക്കുന്ന തരത്തില്‍ വേണം കട്ടില്‍ ക്രമീകരിക്കാന്‍.

മങ്ങിയവെളിച്ചമുള്ള ഒരു ബള്‍ബ് രാത്രിസമയങ്ങളില്‍ കിടപ്പു മുറിയില്‍ പ്രകാശിപ്പിക്കുക. കുളിമുറിയിലേക്കും അടുക്കളയിലേക്കും മറ്റുമുറികളിലേക്കും അടയാളങ്ങള്‍ സ്ഥാപിക്കുന്നത് രോഗികള്‍ക്ക് സഹായമാകും.

കുളിമുറിയില്‍

അപകട സാധ്യത കൂടുതലായതിനാല്‍ ലൈറ്റുകള്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണം. ഒരാള്‍ സഹായത്തിനുള്ളത് ആശ്വാസകരമായിരിക്കും. 
ബാത്ത്ടബ്ബ് ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഹാന്‍ഡില് സ്ഥാപിക്കണം. ടൈലുകള്‍ തെന്നിവീഴാത്തതാണെന്നുറപ്പിക്കുക.

അടുക്കളയില്‍

രോഗാവസ്ഥയുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. എന്നാല്‍ ഒരിക്കലും അവരെ മാറ്റി നിര്‍ത്താനും പാടില്ല. മൂര്‍ച്ചയേറിയ കത്തി,ബ്ലേഡ്, തുടങ്ങിയ ആയുധങ്ങളുടെ ഉപയോഗം പൂര്‍ണമായും വിലക്കണം.

ഉപയോഗശേഷം ഗ്യാസ് കൃത്യമായി ഓഫാക്കിയെന്ന് ഉറപ്പുവരുത്തണം. ഫ്രിഡ്ജ്, ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്‌സി, തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുക.

സ്വീകരണമുറിയില്‍

അതിഥികള്‍ വരുമ്പോള്‍ രോഗിയെ ഒരു കാരണവശാലും സ്വീകരണമുറിയില്‍ നിന്നും ഒഴിവാക്കാന്‍ പാടില്ല. അറിയാവുന്നവര്‍ ആണെങ്കിലും പരിചയപ്പെടുത്താനും സൗഹൃദം പുതുക്കാനും ഉത്സാഹിപ്പിക്കുക.

ടിവി കാണുമ്പോള്‍ സമയം നിശ്ചയിക്കുന്നതിനോടൊപ്പം രോഗിയുടെ താല്‍പര്യം കൂടി കണക്കിലെടുക്കണം. ഇരിപ്പിടങ്ങള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണംമുകളിലത്തെ മുറികളിലേക്ക് രോഗികളെ കയറ്റാതിരിക്കുന്നതാണ് നല്ലത്. അതോടൊപ്പം കോണിപ്പടികളില്‍ സംരക്ഷണതടസ്സങ്ങള്‍ സ്ഥാപിക്കുക.

രോഗിക്ക് പുറത്ത് പോകാനുള്ള താല്‍പര്യം പ്രകടിപ്പിക്കാം. അതിനാല്‍ വാതിലുകള്‍ സുരക്ഷിതമായി അടച്ചിടുക. എന്നാല്‍ സഹായിയോടൊപ്പം അല്‍പദൂരം നടക്കുകയും ചെയ്യാം.

ജീവിത രീതിയില്‍ മാറ്റം

സാധാരണ മറവി രോഗമല്ലാത്തതു കൊണ്ട് തന്നെ ചികിത്സയേക്കാളാവശ്യം ചിട്ടയോടുള്ള ജീവിത രീതികളും കുടുംബാംഗങ്ങളുടെ സഹകരണവും പിന്തുണയുമാണ്. അതിനായി കൃത്യമായ ടൈംടേബിള്‍ രൂപപ്പെടുത്താം. എന്നാല്‍ ഇവയൊന്നും അവരില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്.

എല്ലാ ദിവസവും വ്യായാമത്തിനായി സമയം മാറ്റിവെയ്ക്കുക. അവരോടൊപ്പം വീട്ടുകാരും ഏര്‍പ്പെടുന്നത് രോഗിക്കും മറ്റുള്ളവര്‍ക്കും പോസിറ്റീവ് ആറ്റിട്യൂഡ് വളര്‍ത്താന്‍ സഹായിക്കും.നിശ്ചിത സമയം ഉറങ്ങാനും ഉണരാനും ശീലിപ്പിക്കുക. മുറിക്കു പുറത്ത് സമയം ചെലവഴിക്കാന്‍ പഠിപ്പിക്കുക.

ആഹാര രീതി

ദിവസവും 556 തവണകളായി ചെറിയ അളവിലുള്ള ഭക്ഷണരീതിയാണ് ഉത്തമം രോഗിയുടെ താല്‍പര്യം കണക്കിലെടുത്ത് ആഹാരം തയ്യാറാക്കുക. എല്ലാവര്‍ക്കും വ്യത്യസ്ത രീതിയുള്ളആഹാരം ഒഴിവാക്കുക. കഴിയുമെങ്കില്‍ രോഗിക്ക് തയ്യാറാക്കുന്ന ആഹാരം കുടുംബത്തിലെ എല്ലാവരും കഴിക്കുക.

ശാന്തമായ അന്തരീക്ഷത്തില്‍ അംഗങ്ങള്‍ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. വ്യതസ്ത തരം ഭക്ഷണം തയ്യാറാക്കുകയും ഭംഗിയായി വിളമ്പാനും ശ്രദ്ധിക്കുക. നന്നായി ഒരുക്കിയ പ്ലേറ്റ് നിറഞ്ഞ പ്ലേറ്റിനേക്കാള്‍ മികച്ചതാണ്.

ദിവസവും 2 ലിറ്റര്‍ വെള്ളം കുടിക്കുക. നാരുകളടങ്ങിയ ആഹാരം കൂടുതലായി ഉള്‍പ്പെടുത്തുക. മലബന്ധം തടയാന്‍ സഹായിക്കും. വിറ്റാമിന്‍ ഡി, കാല്‍സ്യം, എന്നിവയടങ്ങുന്ന ആഹാരം നല്‍കുക. ഇടയ്ക്കിടെ ഗുളികളായും നല്‍കാം.

പാനീയങ്ങളുടെ ചൂട് കുറച്ച് കൊടുക്കാന്‍ ശ്രദ്ധിക്കുക. അതോടൊപ്പം ചായ,കാപ്പി തുടങ്ങിയവയ്ക്ക് നിയന്ത്രണവും മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. ഇവ ഉത്കഠയും ഉറക്കക്കുറവുമുണ്ടാക്കും. കഴിവതും പ്ലാസ്റ്റിക് പാത്രങ്ങള്‍ കഴിക്കാനായി ഉപയോഗപ്പെടുത്തുക.

പ്രഭാതത്തിലെ ആദ്യമണിക്കൂറുകളില്‍ ചൂടുള്ള പാനീയം നല്‍കുക. 
രാത്രിയില്‍ എഴുന്നേല്‍ക്കുമ്പോള്‍ അല്പ സമയം (112 മിനുട്ട്) ഇരുന്നതിനു ശേഷം മാത്രമേ നടക്കാന്‍ പാടുള്ളുയെന്ന് ശീലിപ്പിക്കുക. മാസത്തിലൊരിക്കല്‍ ഫിസിഷ്യനെ കാണിച്ച് ആരോഗ്യമുറപ്പുവരുത്തണം.

വീട്ടില്‍ കൊച്ചുകുട്ടികളുണ്ടെങ്കില്‍ അവരോടൊപ്പം കളിക്കാനും രോഗികള്‍ക്ക് അവസരമുണ്ടാക്കുക. പൂന്തോട്ടം ഉണ്ടാക്കുന്നതിലോ കൃഷി ചെയ്യുന്നതിലോ താല്‍പര്യമുണ്ടാക്കിയെടുക്കുക.കോഗ്നറ്റീവ് സ്റ്റിമുലേഷന്‍ തെറാപ്പി, കോഗ്നറ്റീവ് റെമെഡിയേഷന്‍ എന്നിവ ചെയ്യുക.

കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയുള്ളത് ഓര്‍മ്മക്കുറവ് ബാധിച്ചവര്‍ക്കാശ്വാസം പകരും. സ്മൃതി നാശം തങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചാലും ഒരു വ്യക്തി എന്ന നിലയില്‍ ചെയ്യാന്‍ പലതുമുണ്ടെന്ന തോന്നല്‍ അവരില്‍ വളര്‍ത്തിയെടുക്കണം. ഈ തിരിച്ചറിവാണ് അവരെ മുന്നോട്ടു നയിക്കേണ്ടത്.

പുറത്ത് പോകുമ്പോള്‍

അപ്പൂപ്പനോ അമ്മൂമ്മയ്‌ക്കോ ഓര്‍മ്മകുറവുണ്ടെന്നു കരുതി വീട്ടില്‍ തന്നെ അടച്ചിടാന്‍ പാടില്ല. അവര്‍ക്കും പണ്ട് സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളും ഉണ്ടായിരുന്നു. രോഗാവസ്ഥയില്‍ ചിലപ്പോ അതെല്ലാം മറന്നിട്ടുണ്ടാകും. എങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെന്നുള്ള തോന്നലുളവാക്കാന്‍ ചെറിയ യാത്രകളും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതും സഹായിക്കും.

രോഗിയുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കാണുമ്പോള്‍ ആദ്യസമയങ്ങളില്‍ രോഗി അയാളോട് സംസാരിച്ചു എന്നുവരില്ല. വീണ്ടും വീണ്ടും പ്രോത്സാഹിപ്പിക്കണം. അയാളുമൊത്തുള്ള സന്ദര്‍ഭങ്ങളും ഓര്‍മ്മകളും പറഞ്ഞുകൊടുക്കുക. എല്ലാ കാര്യങ്ങളും ഓര്‍ത്തെടുക്കാന്‍ സമയവും സാവകാശവും നല്‍കുക.

ചെറിയകൂട്ടായ്മകളില്‍ സ്ഥിരമായി പങ്കെടുപ്പിക്കുക. അവിടെയും പുതിയ സൗഹൃദങ്ങള്‍ ഉണ്ടാക്കുവാനും അഭിപ്രായങ്ങള്‍ പറയാനും പ്രോത്സാഹിപ്പിക്കുക. 
രോഗിയുള്ള സമയങ്ങളില്‍ രോഗത്തെപ്പറ്റി ആരോടും സംസാരിക്കരുത്.

കടപ്പാട്:

ഡോ. നദാലിയ എലിസബത്ത് ചാക്കോ
സൈക്കാട്രി സ്‌പെഷിലിസ്റ്റ്
കാരിത്താസ് ഹോസ്പിറ്റല്‍, കോട്ടയം

കെ. ആര്‍ ഹരിശങ്കര്‍

അണുബാധ

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

സാധാരണയായി സ്ത്രീകള്‍ പുറത്തു പറയാന്‍ മടിക്കുന്നതും മാരകരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് അണുബാധകള്‍. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം.

പുരുഷന്‍മാരേ അപേക്ഷിച്ച് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണുബാധകള്‍ പലതരത്തിലുണ്ടാകാം.

ഗര്‍ഭധാരണം, ജനനേന്ദ്രിയത്തിന്റെ ഘടന, വിയര്‍പ്പ് ഈര്‍പ്പം തുടങ്ങിയവ തങ്ങിനില്‍ക്കുക, ആന്റിബയോട്ടിക്‌സിന്റെ തുടര്‍ച്ചയായ ഉപയോഗം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയെല്ലാം സ്ത്രീകളില്‍ അണുബാധയ്ക്കു കാരണമായിത്തീരാം. അണുബാധയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ഒന്നാണെങ്കിലും, അണുബാധയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമായി 
രിക്കും.

സ്ത്രീകളില്‍ കൂടുതല്‍

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം ഇറുകിയ അടിവസ്ത്രങ്ങള്‍, ഈര്‍പ്പം തങ്ങിനില്‍ക്കുക, രോഗപ്രതിരോധ ശേഷി കുറയുക എന്നിവയും അണബാധയ്ക്കു കാരണമാകാറുണ്ട്.

സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍

  1. അസഹ്യമായ ചൊറിച്ചില്‍
  2. വേദന, പുകച്ചില്‍
  3. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
  4. ചെറിയ വൃണങ്ങള്‍ (വെള്ളം നിറഞ്ഞിരിക്കുന്നതുപോലുള്ള ചെറിയ കുമിളകള്‍)
  5. നോക്കിയാല്‍ കാണുന്ന കുരുക്കള്‍
  6. യോനീസ്രവങ്ങള്‍
  7. പ്രമേഹമുള്ളവരിലും അണുബാധ ഉണ്ടാകാം.

ഫംഗസ്

പൂപ്പല്‍ വര്‍ഗത്തില്‍പ്പെട്ട പ്രത്യേക ജൈവഘടകമാണ് ഈ രോഗത്തിനു കാരണം. പെട്ടെന്നുള്ള അസഹ്യമായ ചൊറിച്ചില്‍, തൈരു കടഞ്ഞതുപോലുള്ള ദ്രാവകം യോനിയില്‍ക്കൂടി വരിക, മുറിവുകള്‍ ഉണ്ടാകുക, ചെറിയ തടിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ചികിത്സയിലൂടെ ഫംഗസ് അണുബാധയ്ക്ക് ശാശ്വത പരിഹാരം സാധ്യമാണ്. ഓയില്‍മെന്റും ഉള്ളില്‍ വയ്ക്കുന്നതിനുള്ള ഗുളികയുമാണ് സാധാരണ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കേണ്ടതായുംവരാം.

ലൈംഗിക പങ്കാളിക്കും ഇത് പകരാമെന്നതിനാല്‍ അവര്‍ക്കും ചികിത്സ ആവശ്യമാണ്. ഡോക്ടര്‍ പറയുന്ന സമയത്തോളം മരുന്ന് തുടര്‍ച്ചയായി കഴിക്കണം. അല്ലെങ്കില്‍ രോഗം വീണ്ടും വരുകയും പങ്കാളിയിലേക്ക് പകരുകയും ചെയ്യാം.

വൈറസ്

വൈറസ് മൂലം ഉണ്ടാകുന്ന അണുബാധയില്‍ പ്രധാനപ്പെട്ടതാണ് അരിമ്പാറ രോഗം. ഈ രോഗം കാന്‍സറാണോയെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അതോര്‍ത്ത് മാനസികപ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇത് അരിമ്പാറപ്പോലെ ജനനേന്ദ്രിയങ്ങള്‍ മുഴുവന്‍ വ്യാപിക്കുന്നു.

കോണ്ടിലോമ അക്യുമുലേറ്റ വൈറസുകളാണ് ഈ രോഗത്തിനു കാരണം.ലൈംഗികബന്ധം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, ഗര്‍ഭധാരണം എന്നിവയെല്ലാം രോഗം കൂടുന്നതിനു കാരണമാകാം.

ഡോക്ടറെ കണ്ടു പരിശോധിച്ച ശേഷം മാത്രമേ മരുന്നുകള്‍ ഉയോഗിക്കാന്‍ പാടുള്ളൂ. പുറമേ ഉപയോഗിക്കാവുന്ന മരുന്നുകളിലൂടെ അരിമ്പാറ രോഗം പൂര്‍ണമായും മാറ്റാം.

ഹെര്‍പ്പിസ് ടൈപ്പ് 2

വളരെ വേദനാജനകമായ ഒന്നാണ് ഹെര്‍പ്പിസ് ടൈപ്പ് 2. വൈറസാണ് ഈ രോഗത്തിനും കാരണം. ചിക്കന്‍പോക്‌സിന്റെ കുമിളപോലെയും (വെള്ളം നിറഞ്ഞ കുമിളകള്‍) അള്‍സര്‍പോലെയുമാണ് ഇത് കാണപ്പെടുന്നത്.

മൂത്രം ഒഴിക്കുമ്പോള്‍ വേദന, പുകച്ചില്‍, ലൈംഗികബന്ധം വേദനാജനകമാകുക, അള്‍സര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പുറമേ പുരട്ടാനുള്ള മരുന്നുകളാണ് സാധാരണ നല്‍കുന്നത്. കുറവില്ലെങ്കില്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടതായുംവരാം.

ബാക്ടീരിയ

ബാക്ടീരിയമൂലം ഉണ്ടാകുന്ന ഒന്നാണ് ബാര്‍ത്തൊളിനിറ്റീസ് ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമംവരെ ആര്‍ക്കും ഇത് വരാം. സെക്‌സുമായി ഈ രോഗത്തിന് ഒരു ബന്ധവുമില്ല.

വെള്ളം നിറഞ്ഞ മുഴപോലെയാണ് ഇത് കാണപ്പെടുന്നത്. ചിലപ്പോള്‍ അണുബാധവന്ന് വേദന ഉണ്ടാകാം. ചിലരില്‍ മുഴ തന്നെ പൊട്ടിപ്പോകുന്നു.

അല്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഒരു ലഘു ശസ്ത്രക്രിയയിലൂടെ മുഴ പൊട്ടിച്ചു കളയണം. ബാര്‍ത്തൊളീന്‍ ഗ്രന്ഥിക്കുണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിനു കാരണം. ലൂബ്രിക്കേഷനു സഹായിക്കുന്ന ഗ്രന്ഥിയാണ് ബാര്‍ത്തൊളിനിറ്റീസ്.

പ്രസവസമയത്ത് ഇടേണ്ടിവരുന്ന മുറിവുകള്‍ മൂലം ബാര്‍ത്തൊളിന്‍ ഗ്രന്ഥിക്ക് ക്ഷതങ്ങള്‍ ഉണ്ടാകുകയും, ഈ മുറിവ്് വീര്‍ത്ത് മുഴകളായി മാറുകയും ചെയ്യുന്നു.

ഫോളിക്യുലെയിറ്റീസ്

ജനനേന്ദ്രിയ ഭാഗത്തെ രോമകൂപങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. മുഖക്കുരു വരുന്നതുപോലെ ഇടയ്ക്കിടെ കുരുക്കള്‍ വരുന്നതാണ് ലക്ഷണം.

ഈ കുരുക്കള്‍ തനിയെ പോകുന്നതാണ്. എന്നാല്‍ കുരുക്കള്‍ പഴുക്കുകയാണെങ്കില്‍ ആശുപത്രിയില്‍പോയി ലഘു ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്.

ചിലര്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ആറുമാസംവരെ കഴിക്കേണ്ടതായി വന്നേക്കാം.ഇത്തരം അണുബാധയുള്ളവര്‍ രോമം ഷേവ് ചെയ്യരുത്. കട്ട് ചെയ്ത് മാത്രം കളയുക. അല്ലെങ്കില്‍ അണുബാധയുടെ തോത് വര്‍ധിക്കാം. 

അണുബാധ വരാതിരിക്കാന്‍ മറ്റെന്തിനേക്കാളും പ്രധാനം വൃത്തിയാണ്. അണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ദിവസവും അടിവസ്ത്രങ്ങള്‍ മാറാനും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. മലമൂത്ര വിസര്‍ജനത്തിനുശേഷം ഈര്‍പ്പം നന്നായി ഒപ്പിയെടുത്തശേഷം മാത്രമേ അടിവസ്ത്രം ധരിക്കാവൂ. ആര്‍ത്തവശുചിത്വത്തിലും ഒരു വിട്ടു വീഴ്ചയും അരുത്.

ലൈംഗിക രോഗങ്ങളായ സിഫിലിസ്, വെനേറിയ, ട്രെക്ക് വെനോസ തുടങ്ങിയവയും വജനയിലെ അണുബാധയ്ക്ക് കാരണമാകാം.

ഡോക്ടര്‍ക്കു ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാന്‍ കഴിയും. എങ്കിലും യോനീസ്രവമെടുത്ത് പരിശോധിച്ചശേഷം മാത്രമായിരിക്കും ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുക.

മഞ്ഞുകാലത്തെ സൗന്ദര്യ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ രൂപം കൊള്ളുന്നത് പ്രധാനമായും മഞ്ഞു കാലത്താണ്. നിത്യജീവിതത്തെ ബാധിക്കുന്ന തരത്തില്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ അധികരിക്കുമ്പോഴാണ് പലരും ആശങ്കപ്പെടുക.

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കിയെങ്കിലും, ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്നിലിരുന്നത് ചെറിയൊരു ആശങ്കയോടെയാണ്. ചോദ്യങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗം ഹസ്തദാനത്തിനായി കൈ നീട്ടി.

അതുവരെ തോന്നാത്ത അപകര്‍ഷധാബോധം പെട്ടെന്നു മനസില്‍ തോന്നി. വരണ്ട്, തൊലി പൊളിഞ്ഞ കൈ നീട്ടി ഹസ്തദാനം നല്‍കാന്‍ ഒന്നു മടിച്ചു.

ചര്‍മ്മത്തെ അലട്ടുന്ന പ്രശ്‌നങ്ങള്‍ രൂപം കൊള്ളുന്നത് പ്രധാനമായും മഞ്ഞു കാലത്താണ്. നിത്യജീവിതത്തെ ബാധിക്കുന്ന തരത്തില്‍ സൗന്ദര്യപ്രശ്‌നങ്ങള്‍ അധികരിക്കുമ്പോഴാണ് പലരും ആശങ്കപ്പെടുക.

മഞ്ഞുകാലത്ത് ശരീരത്തിലെ ഈര്‍പ്പം നഷ്ടപ്പെട്ടു തൊലി വരണ്ടു പോകുന്ന അവസ്ഥയുണ്ടാകുന്നത് സ്വാഭാവികമാണ്്. മഞ്ഞു കാലത്ത് സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന പ്രധാന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണിത്.

തൊലി വരണ്ടു പോകുക, ഈര്‍പ്പം നഷ്ടപ്പെടുക, തൊലി പൊളിയുക, ചുളിവുകള്‍ ഉണ്ടാകുക, ചൊറിച്ചില്‍, വെള്ളപ്പാണ്ട് തുടങ്ങിയവയാണ് മഞ്ഞു കാലത്തുണ്ടാകുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍.

കൈകാലുകള്‍ക്ക് ചൊറിച്ചില്‍, കാലുകള്‍ വിണ്ടു കീറുക, ചൊറിഞ്ഞു പൊട്ടുക, ചര്‍മ്മം കട്ടി കൂടുക, നിറവ്യത്യാസം, കറുപ്പ് നിറം. സൗന്ദര്യപ്രശ്‌നങ്ങള്‍ കൂടുതലും ബാധിക്കുന്നത് മുഖം, ദേഹം, കൈകാലുകള്‍ എന്നിവിടങ്ങളിലാണ്.

കാരണങ്ങള്‍

ചര്‍മ്മം എപ്പോഴും ഈര്‍പ്പം നിറഞ്ഞ അവസ്ഥയിലാണ് കാണപ്പെടുക. മഞ്ഞു കാലത്ത് ശരീരത്തിലെ ഈര്‍പ്പം കുറയുന്നു. എന്നാല്‍ മഞ്ഞുകാലത്ത് ശരീരത്തിനു വേണ്ടി ഈര്‍പ്പം പുറത്തെ അന്തരീക്ഷം വലിച്ചെടുക്കും.

വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിയില്ല. അവര്‍ക്ക് ഈര്‍പ്പം നഷ്ടപ്പെടും. സാധാരണക്കാര്‍ക്ക് കുറച്ച് ഈര്‍പ്പം നഷ്ടപ്പെടുമ്പോള്‍ വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കൂടുതല്‍ ഈര്‍പ്പം നഷ്ടമാകും.

അപ്പോള്‍ വരണ്ട ചര്‍മ്മക്കാരുടെ ചര്‍മ്മം കൂടുതല്‍ കട്ടിയുള്ളതാകും. ശരീരത്തിലെ തൊലികള്‍ വരണ്ട് അവസ്ഥയിലെത്തും. ഈര്‍പ്പം അന്തരീക്ഷത്തിലേക്ക് വലിച്ചെടുക്കപ്പെടുകയാണ് ചെയ്യുന്നത്. അപ്പോള്‍ ശരീരത്തില്‍നിന്ന് ഈര്‍പ്പം വലിഞ്ഞു പോകും. അങ്ങനെ ചര്‍മ്മം വരണ്ടു പോകും.

ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുക

ചര്‍മ്മത്തിന് ഈര്‍പ്പം ആവശ്യമാണ്. അതുകൊണ്ട് ചര്‍മ്മത്തിനു നന്നായി ഈര്‍പ്പം കിട്ടുന്നതു വരെ വെള്ളം ദേഹത്തൊഴിച്ചു കുളിക്കുക. കുളിച്ചാലുടന്‍ ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനുള്ള ലേപനങ്ങള്‍ പുരട്ടാവുന്നതാണ്. കോള്‍ഡ് ക്രീം വിഭാഗത്തില്‍പ്പെടുന്ന ലേപനങ്ങളാണ് ഇതിനു ഉത്തമം.

കുളിച്ചതിനു ശേഷം ഈര്‍പ്പം പൂര്‍ണമായും തുടച്ചു കളയുന്ന രീതി ഒഴിവാക്കുക. പകരം ചര്‍മ്മത്തില്‍ അല്‍പ്പം ഊര്‍പ്പം നിലനിര്‍ത്തുക. ഇങ്ങനെ വെള്ളത്തോടെ ലേപനം പുരട്ടാവുന്നതാണ്. അപ്പോള്‍ ഈര്‍പ്പം നഷ്ടപ്പെടാതെ ശരീരം സംരക്ഷിക്കാനാകും. ഈ കാലാവസ്ഥയില്‍ ധാരാളം വെള്ളം കുടിക്കുക.

കഴിവതും വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍കൊണ്ട് മാത്രമല്ല, ചില അസുഖങ്ങളുടെ ഭാഗമായിട്ടും തൊലി വരണ്ടതാകാം.

ജന്മനാ ചര്‍മ്മം വരണ്ടതായതോ അല്ലെങ്കില്‍ കൗമാരപ്രായത്തില്‍ ഉണ്ടാകുന്ന വരള്‍ച്ചയും ഇതിനു കാരണമാകാം. ഇതു മഞ്ഞു കാലരോഗവുമായി ബന്ധമില്ല. അതു വരണ്ട ചര്‍മ്മമായി തന്നെ നിലനില്‍ക്കും.

സോപ്പ് ഉപയോഗിക്കുമ്പോള്‍

ചര്‍മ്മസംരക്ഷണത്തില്‍ ഏറ്റവും പ്രധാനം സോപ്പുകളുടെ ഉപയോഗമാണ്. സോപ്പ് ഉപയോഗിക്കുമ്പോള്‍ ആല്‍ക്കലൈന്‍ അടങ്ങിയ സോപ്പ് തിരഞ്ഞെടുക്കുക.

സാധാരണ സോപ്പിനേക്കാള്‍ ചര്‍മ്മത്തിനു നല്ലത് ആല്‍ക്കലൈന്‍ അടങ്ങിയ സോപ്പുകളാണ്. അതായത് ശാരഗുണമുള്ള സോപ്പ് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.

ചര്‍മ്മത്തിലെ സ്വയസിദ്ധമായ ഈര്‍പ്പം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ഒരു ആവരണമുണ്ട്. സാധാരണ സോപ്പിന്റെ അമിത ഉപയോഗം ഇതു നഷ്ടപ്പെടുത്തുന്നതിനു ഇടയാക്കും.

പിഎച്ച് മൂല്യം അനുസരിച്ചാണ് ഇത്തരം ഉത്പന്നങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് ചര്‍മ്മ സൗന്ദര്യത്തിനു മുന്‍തൂക്കം നല്‍കുമ്പോള്‍ ആല്‍ക്കലൈന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കണം.

മഞ്ഞു കാലത്തെ ചര്‍മ്മ സംരക്ഷണം

സാധാരണ ചര്‍മ്മസൗന്ദര്യത്തിനായി ചെയ്യുന്നതൊക്കെ മഞ്ഞുകാലത്തും തുടരേണ്ടതുണ്ട്. ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ കുറേയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

  1. വൈറ്റമിന്‍സും മിനറല്‍സും കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക.
  2. ബാലന്‍സ്ഡ് ഡയറ്റ് പാലിക്കുക.
  3. അമിതമായി ഭക്ഷണരീതി ഒഴിവാക്കുക.
  4. സൗന്ദര്യസംരക്ഷണത്തിനായി പ്രകൃതിദത്ത ഉത്പന്നങ്ങള്‍ ഉപയോഗിക്കുക. = രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ ഉത്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടും. ഇത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.
  5. വെളിച്ചെണ്ണ ശരീരത്തില്‍ തേക്കുന്നത് ചര്‍മ്മസംരക്ഷണത്തിനു ഉത്തമമാണ്.
  6. ഒന്നിലധികം തവണ ഉപയോഗിച്ച എണ്ണകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇത്തരം എണ്ണയില്‍ ഹൈഡ്രോകാര്‍ബണ്‍സ്് കൂടുതലാണ്. അത് ശരീരത്തിലെ നാച്ചുറല്‍ ഫാറ്റി ആസിഡിനു ദോഷം ചെയ്യും. അപ്പോള്‍ കോശങ്ങള്‍ നശിക്കുന്നതിനു കാരണമാകും. ഇത് ചര്‍മ്മത്തെ ദോഷമായി ബാധിക്കും
  7. ആരോഗ്യമുള്ള ചര്‍മ്മത്തിനു നാടന്‍ ഭക്ഷണങ്ങളാണ് നല്ലത്.
  8. കൃത്രിമ ചേരുവകള്‍ ചേര്‍ന്ന ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.
  9. ചര്‍മ്മത്തിന്റെ സ്വാഭാവികതയ്ക്ക് പഴങ്ങള്‍ ധാരാളം കഴിക്കുക. സ്വാഭാവിക സൗന്ദര്യം നിലനിര്‍ത്താന്‍ പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
  10. വൈറ്റമിന്‍ ഇ ചര്‍മ്മത്തിനു വളരെ ആവശ്യമാണ്. വൈറ്റമിന്‍ ഇ അടങ്ങിയ ലേപനങ്ങള്‍ ഉപയോഗിക്കുക.

വിവരങ്ങള്‍ക്ക് കടപ്പാട്:

പ്രെഫസര്‍ ഡോ. സദീപ്
ത്വക്ക്‌രോഗ വിഭാഗം
മെഡിക്കല്‍ കോളജ്, കോട്ടയം

ഉറക്കമില്ലായ്മ

വിശ്രമമില്ലാത്ത ബാഹ്യജോലികളില്‍ നിന്ന് വിട്ട് അല്‍പ്പം വിശ്രമം ശരീരത്തിനും മനസിനും നല്‍കുന്ന ശാന്തതയാണ് ഉറക്കം. ആ ഉറക്കം നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍പോലും നമുക്കാവില്ല. ഏതാനും മണിക്കൂര്‍ ബോധമില്ലാതെ കിടക്കുന്ന ഒരവസ്ഥ മാത്രമല്ല ഉറക്കം. നമ്മുടെ ജീവിതത്തിന്റെ പകുതിയിലേറെ ഇതിനുവേണ്ടി തന്നെ മാറ്റിവയ്ക്കുന്നു. ഉറക്കമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഉറക്കവും മാനസിക ആരോഗ്യവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. മാനസിക ആരോഗ്യത്തെക്കുറിച്ച് നാം പലപ്പോഴും ബോധവാന്‍മാരല്ല.

മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെ ബാധിക്കുമ്പോഴാണ് നാം അതിനെ ശ്രദ്ധിക്കുന്നത്. ഉറക്കം കുറയുന്നതിന്റെ ഒരു പ്രധാന കാരണം മാനസിക സംഘര്‍ഷമാണ്. ചായ, കാപ്പി, മദ്യം തുടങ്ങിയ പാനീയങ്ങളുടെ അമിതമായ ഉപയോഗം, ഉറങ്ങാന്‍ കിടക്കുന്നതിന് മുമ്പുള്ള കമ്പ്യൂട്ടര്‍ ജോലി, ഉച്ചയ്ക്കുള്ള അമിതമായ ഉറക്കം, പുകവലി, ശരിയായ കിടക്കയില്ലാത്ത അവസ്ഥ, അമിതവണ്ണം, ശ്വാസകോശം, കഫക്കെട്ട് എന്നിവയാണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണങ്ങള്‍. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ ഇതുമാത്രമല്ല ഉറക്കക്കുറവിന്റെ കാരണങ്ങള്‍.

ഉറക്കവും മാനസിക പ്രവര്‍ത്തനങ്ങളും തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനം മാനസിക, ശാരീരിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു മോട്ടോര്‍വാഹനത്തിന്റെ എഞ്ചിന്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് അല്‍പസമയം നിര്‍ത്തിയിടുന്നതുപോലെ മനുഷ്യശരീരത്തിനും വിശ്രമം ആവശ്യമാണ്. അത് ഉറക്കത്തിന്റെ രൂപത്തില്‍ മനുഷ്യന് ലഭിച്ചിട്ടുമുണ്ട്. അത് ശരിയായ അളവിലും രീതിയിലും ശരീരത്തിന് ലഭിച്ചില്ലായെങ്കില്‍ മാനസികാരോഗ്യത്തെ തന്നെ അത് തകര്‍ത്തുകളയും. അതുവഴി ശരീരത്തേയും ജീവിതത്തെയും ബാധിക്കും.

മാനസിക സമ്മര്‍ദ്ദം

മാനസിക സംഘര്‍ഷം അനുഭവപ്പെടുന്ന അവസ്ഥയാണ് സ്ട്രസ്. ഈ സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ ഉറക്കത്തെ സാരമായിതന്നെ ബാധിക്കാം. ശരിയായ ഉറക്കം ലഭിക്കാതെവന്നാല്‍ ഹോര്‍മോണ്‍ വ്യതിയാനം മൂലം തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയാതെവരുന്നു. അതുമൂലം സ്ട്രസ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇതുകൊണ്ട് അമിതമായ ഡിപ്രഷന്‍, ബ്ലഡ് പ്രഷര്‍, ഷുഗര്‍, അള്‍സര്‍, മൈഗ്രന്‍ പോലുള്ള തലവേദന അനാരോഗ്യ അവസ്ഥകളിലേക്ക് എത്തുന്നു.മാനസികസമ്മര്‍ദ്ദം മൂലമുള്ള അവസ്ഥയ്ക്ക് തികച്ചും പരിഹാരമാര്‍ഗങ്ങളുണ്ട്. മരുന്നുകളേക്കാളുപരി നമ്മുടെ മാനസിക സമ്മര്‍ദ്ദമുണ്ടാകാനുള്ള കാരണം സ്വയം കണ്ടെത്തി ആ അവസ്ഥയെ നേരിടാന്‍ മനസിനെ പ്രാപ്തമാക്കുകയാണ് ചെയ്യേണ്ടത്.

വിഷാദരോഗം

മാനസിക സമ്മര്‍ദ്ദം കൂടുന്നതുമൂലം എത്തിച്ചേരുന്ന അവസ്ഥയാണിത്. ഈ അവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ മാനസികമായും ശാരിരികമായും തകര്‍ന്ന ഉറക്കംപോലുമില്ലാത്ത അവസ്ഥയിലെത്തിച്ചേരുന്നു. ശരിയായി ഉറങ്ങാത്തതുമൂലം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യതയില്ലാതാകുന്നു. ഉറക്കമില്ലാത്ത അവസ്ഥയില്‍ ഡിപ്രഷന്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കമെന്നു അവസ്ഥയിലെത്തുന്നു.

ബെഡ്‌റൂമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബെഡ്‌റൂം ക്രമീകരിക്കുന്ന രീതിയില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണം. തലച്ചോറിനെ ശാന്തമാക്കുന്ന ഇളം നിറത്തിലുള്ള പെയിന്റ് ഉപയോഗക്കുക. ബോണ്‍സായി ചെടികള്‍ കിടപ്പുമുറിയില്‍ വയ്ക്കാതിരിക്കുക. മുറി എപ്പോഴും വൃത്തിയും വെടിപ്പുമായി സൂക്ഷിക്കുക. കിടപ്പുമുറിയോട് ചേര്‍ന്നുള്ള ടോയ്‌ലറ്റ് എപ്പോഴും വൃത്തിയായിരിക്കണം. ഉറങ്ങാന്‍ പോകുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കു.

വാര്‍ധക്യകാല പ്രശ്‌നങ്ങള്‍ക്ക് ഹോമിയോപ്പതി

വാര്‍ധക്യകാല രോഗങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും ഹോമിയോപതി ഫലപ്രദമാണ്.

ജീവിതത്തിലെ അനിവാര്യമായ വാര്‍ധക്യം നാം ഇഷ്ടപ്പെടാതെ തന്നെ കടന്നു വരുന്നു. ശൈശവത്തിന്റെ നിഷ്‌ക്കളങ്കതയും ബാല്യത്തിന്റെ കൗതുകവും, കൗമാരത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചങ്കൂറ്റവും, വാര്‍ധക്യത്തിലെത്തുമ്പോള്‍ ആശങ്കയും ആകുലതയുമായി മാറുന്നു. വാര്‍ധക്യം ഒരു രോഗമല്ലെന്നും ജീവിതാവസ്ഥയാണെന്നുമുള്ള തിരിച്ചറിവ് ഈ അവസ്ഥയെ ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ സൃഷ്ടിക്കുന്നു.

ഇന്നത്തെ മാറിയ ജീവിത സാഹചര്യം പലരെയും ഏകാന്തതയിലേക്കും അതിലൂടെ ആശങ്കയിലേയ്ക്കും നയിക്കുന്നു. ഇന്ന് വാര്‍ധക്യം നേരിടുന്ന പ്രധാന വെല്ലുവിളി ഈ ഏകാന്തതയും ആശങ്കയുമാണ്. ഇവ മറ്റു പ്രശ്‌നങ്ങളിലേക്കു നയിക്കുന്നു.

ഉറക്കകുറവ്, ഓര്‍മ്മക്കുറവ്, വിശപ്പില്ലായ്മ മറ്റു ശാരീരികാവശതകള്‍ തുടങ്ങിയവ വാര്‍ധക്യത്തിന്റെ പ്രശ്‌നങ്ങളായി മാറുന്നു. കുടുംബാംഗങ്ങളുടെ ശ്രദ്ധയും പരിഗണനയും പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അതിനുതകുന്ന കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ കുടുംബാംഗങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

മരുന്നിനെ കൂടുതല്‍ ആശ്രയിക്കുന്ന പ്രവണത വാര്‍ധക്യകാലത്ത് ചിലരില്‍ കണ്ടുവരുന്നു. ഇത്തരക്കാരുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍ണ്ണമായ സമീപനം, കാഠിന്യം കുറഞ്ഞ മരുന്നുകള്‍ നല്‍കാവുന്നതാണ്. ജീവിതത്തിലെ ക്ലേശങ്ങള്‍ പേറിയ വൃദ്ധജനങ്ങള്‍ക്ക് അവരുടെ ജീവിതസായാഹ്‌നത്തില്‍ ശാന്തതയും പരിഗണനയും ലഭ്യമാക്കേണ്ടതുണ്ട്.

വരും നാളുകളില്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ മാനസികോല്ലാസത്തോടെ ശിഷ്ടകാലം കഴിച്ചു കൂട്ടുന്നതിന് ഉതകുന്ന നടപടികള്‍ ആസൂത്രണം ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് കുടുംബാംഗങ്ങളുടെ പിന്തുണയും സഹകരണവും അതോടൊപ്പം ക്ഷമയും ആവശ്യമാണ്.

ശരീരത്തിനു ബലക്കുറവ്, ക്ഷീണം, തളര്‍ച്ച, ഉന്‍മേഷമില്ലായ്മ, വിശപ്പില്ലായ്മ, ദഹനക്കുറവ്, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവ വാര്‍ധക്യകാലത്ത് കാണപ്പെടുന്നു. ഇവ ക്രമേണ കൂടുതല്‍ സങ്കീര്‍ണ്ണമായ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കുന്നു.

ആദ്യഘട്ടത്തില്‍ ദിനചര്യകളിലും, ഭക്ഷണരീതിയിലും മാറ്റം വരുത്തുന്നതു നല്ലതാണ്. കഠിനാദ്ധ്വാനം കുറയ്ക്കുക, വെറുതെയിരിക്കുന്നത് ഒഴിവാക്കി താല്പര്യമുള്ള എന്തെങ്കിലും കാര്യത്തില്‍ ഏര്‍പ്പെടുക, കലോറി കുറഞ്ഞതും നാരുകളടങ്ങിയതുമായ ഭക്ഷണം കഴിക്കുക, ഇലക്കറികള്‍ കഴിക്കുക, കൂടുതല്‍ വെള്ളം കുടിക്കുക എന്നിവ ചെയ്യുന്നത് നല്ലതാണ്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹോമിയോ മരുന്നുകള്‍ ലക്ഷണനപ്രകാരം ഉപയോഗിക്കാവുന്നതാണ്.

ശാരീരികാസ്വസ്ഥതകള്‍ ക്രമേണ ഉത്കണ്ഠയിലേക്കും പിന്നീട് ഉറക്കക്കുറവിലേക്കും നയിക്കുന്നു. തന്റെ കര്‍മ്മമണ്ഡലത്തിലെ സജീവ സാന്നിദ്ധ്യം ശാരീരികാവശതകള്‍ മൂലം പിന്തള്ളപ്പെടേണ്ടതായി വരുന്നത് തിരിച്ചറിയുന്ന വ്യക്തി സ്വാഭാവികമായും ഉത്കണ്ഠാകുലനാകുന്നു.

ഈ ഉത്കണ്ഠ പ്രശ്‌നങ്ങളെ വഷളാക്കുന്നു. ഇത് ക്രമേണ ഒറ്റപ്പെടലിനു കാരണമാകുന്നു. ഈ ഒറ്റപ്പെടല്‍ ചിലരില്‍ ഭയത്തിനും ഓര്‍മ്മക്കുറവിനും, മാറിയ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്ത അവസ്ഥയ്ക്കും കാരണമാകുന്നു.

ഇത്തരം വ്യക്തികളില്‍ അവരുടെ താല്‍പര്യം സംരക്ഷിക്കുന്നതും അവര്‍ക്കിഷ്ടപ്പെട്ട വസ്തുക്കള്‍ കാണാവുന്ന സ്ഥലത്ത് സ്ഥാപിക്കുന്നതും നല്ലതാണ്. ഇത് പിരിമുറുക്കത്തിന് അയവു വരുത്തുന്നതിനും ഓര്‍മ്മ തെളിമയോടെ നിലനിറുത്താനും സഹായിക്കുന്നു.

ഉത്കണ്ഠ

ഒരു പരിധിവരെ അനുവദനീയമായ ഉത്കണ്ഠ വാര്‍ധക്യകാലത്ത് പരിധിവിടുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതക്കും, ശാരീരികരോഗ പീഡകള്‍ക്കും കാരണമാകുന്നു. ഇവ ശാരീരികാസ്വസ്ഥത, ഉറക്കകുറവ്, രുചിക്കുറവ്, വിശപ്പില്ലായ്മ, അകാരണമായ ദേഷ്യം, ഭയം എന്നിവയ്ക്ക് ഇടയാക്കുന്നു.

ചിലപ്പോള്‍ പരിചരിക്കുന്നവരോട് ദേഷ്യപ്പെടുന്നതിനും കാരണമാകുന്നു. തന്റെ പരിമിതിയും ശാരീരികാവശതയും പലപ്പോഴും ഉള്‍ക്കൊള്ളാന്‍ രോഗി തയാറാകുന്നില്ല. ഇത് പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു. ഈ ഘട്ടത്തില്‍ അനുയോജ്യമായ ഹോമിയോപ്പതി മരുന്നുകള്‍ നല്കി അനുകൂലമായ സാഹചര്യം സൃഷ്ടിക്കാവുന്നതാണ്.

മറവിരോഗം (അല്‍ഷിമേഴ്‌സ്ഡിസീസ്)

വാര്‍ധക്യത്തില്‍ കൂടുതലായി കണ്ടുവരുന്ന മറ്റൊരു പ്രശ്‌നക്കാരനാണ് മറവി രോഗം. തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത് ക്രമേണ മറവിരോഗത്തിനു കാരണമാകുന്നു.

70 വയസ് പ്രായമായവരില്‍ 20-ല്‍ ഒരാള്‍ക്ക് വീതം മറവി രോഗം കണ്ടുവരുന്നു. എന്നാല്‍ 80 വയസ് ആകുമ്പോഴേക്കും അത് അഞ്ചില്‍ ഒരാള്‍ക്ക് എന്ന നിരക്കിലേക്ക് മാറുന്നു.

തലച്ചോറിനേറ്റ ക്ഷതം, മദ്യപാനം, പോഷകാഹാരക്കുറവ് പ്രത്യേകിച്ചും വിറ്റാമിന്‍ ബി12ന്റെ അപര്യപ്തത, രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞു നില്‍ക്കുന്നത്, മാനസിക സംഘര്‍ഷം എന്നിവയെല്ലാം മറവിരോഗത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങളാണ്. കോശനാശത്തിന്റെ തോതനുസരിച്ച്, വ്യക്തിയില്‍ ബുദ്ധിക്കും, ഓര്‍മ്മക്കും, സ്വഭാവപെരുമാറ്റങ്ങള്‍ക്കും മാറ്റം സംഭവിക്കുന്നു.

ഉറക്കകുറവ് അതോടനുബന്ധിച്ചുണ്ടാകുന്ന അസ്വസ്ഥയുമാണ് ആദ്യ ലക്ഷണം. പരസ്പര വിരുദ്ധമായി സംസാരിക്കുക, തീരുമാനമെടുക്കാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവയും അനുഭവപ്പെടുന്നു. പഴയകാല സംഭവങ്ങള്‍ ഓര്‍മ്മയില്‍ തെളിയുകയും എന്നാല്‍ സമകാലീന കാര്യങ്ങള്‍ മനസില്‍ നിന്നു മായുകയും ചെയ്യുന്നു.

ചുറ്റുപാടില്‍ നിന്നു ഉള്‍വലിഞ്ഞ് തന്റേതായ ലോകത്ത് ജീവിക്കുന്ന വ്യക്തി മറ്റുള്ളതെല്ലാം വിസ്മരിച്ച്, വ്യക്തിശുചിതത്വം, ആഹാരകാര്യം, വേഷധാരണം എന്നിവയിലെല്ലാം താല്‍പര്യമില്ലായ്മ പ്രകടിപ്പിക്കുന്നു.

രോഗതീവ്രത കൂടിയവരില്‍, തന്റെ കുടുംബാംഗങ്ങളെയും വീടിനെയും മറന്ന് പരിസരബോധം നഷ്ടപ്പെട്ട് വീടുകളില്‍ നിന്നും ഇറങ്ങിപ്പോകാനുള്ള പ്രവണതയും കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ ഹോമിയോപ്പതി മരുന്നുകള്‍ ലക്ഷണപ്രകാരം നിയന്ത്രണവിധേയമാക്കാവുന്നതാണ്.

പ്രമേഹാനുബന്ധ വ്രണങ്ങള്‍

ഏറെ നാളായി നീണ്ടു നില്‍ക്കുന്ന പ്രമേഹ രോഗം വാര്‍ധക്യകാലത്ത് വളരെയധികം വിഷമതകള്‍ സൃഷ്ടിക്കുന്നു. പ്രമേഹ രോഗികളില്‍ ഉണ്ടാകുന്ന പരുക്കളും വ്രണങ്ങളും കരിയാന്‍ താമസം നേരിടുന്നു. കിടപ്പുരോഗികളില്‍ കുമിളകള്‍ പൊട്ടി പഴുക്കുന്നതും സാധാരണ ഹോമിയോപ്പതി ഫലപ്രദമാണ്.

പ്രമേഹരോഗികളുടെ ശരീരഭാഗത്തുണ്ടാവുന്ന വ്രണങ്ങള്‍ നിയന്ത്രിക്കാനും, തടിപ്പില്ലാത്ത ചൊറിച്ചില്‍ നിയന്ത്രിക്കാനും, വൃദ്ധരായ പ്രമേഹരോഗികളില്‍ ഉണ്ടാകുന്ന കൈകാല്‍ മരവിപ്പ് പരിഹരിക്കാനും മരുന്നുകള്‍ ലഭ്യമാണ്.

അസ്ഥിശോഷണം

വാര്‍ധക്യത്തിലെത്തിയ സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി കണ്ടുവരുന്ന രോഗാവസ്ഥയാണ് എല്ലുകളുടെ ശോഷണം അഥവാ ഓസ്റ്റിയോപോറോസിസ്. ഈസ്‌ട്രോജന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം നില്‍ക്കുന്നതോടെ അസ്ഥികള്‍ക്ക് പൊട്ടലും ഒടിവും സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ശക്തമായ നടുവേദന, നിവര്‍ന്നുനില്‍ ക്കാനുള്ള വിഷമത എന്നിവയും കണ്ടുവരുന്നു. ഈ ഘട്ടത്തില്‍ ഉപയോഗപ്പെടുത്താവുന്ന ഹോമിയോ മരുന്നുകള്‍ ലഭ്യമാണ്.

സന്ധിവീക്കം

65 വയസ് പ്രായമാകുന്നതോടെ 80 ശതമാനം ആളുകളുടെയും സന്ധികളില്‍ ഘടനാമാറ്റം സംഭവിക്കുന്നു. ഇതു മൂലം സന്ധികളുടെ സ്വഭാവിക ചലനം കുറയാന്‍ ഇടയാകുന്നു. നീര്‍വീക്കം, വേദന എന്നിവയും സന്ധികളില്‍ അനുഭവപ്പെടുന്നു. ചിലപ്പോള്‍ തരുണാസ്ഥികളുടെ ശോഷണത്തിനും അസ്വാഭാവിക വളര്‍ച്ചയ്ക്കും കാരണമാകുന്നു. ഇത് സന്ധികളുടെ സ്വാഭാവിക ചലനത്തേയും ബാധിക്കുന്നു.

പ്രായമായ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. പ്രധാനമായും ഭാരം താങ്ങുന്ന സന്ധികളായ ഇടുപ്പ്, കാല്‍മുട്ട് എന്നിവയെ ബാധിക്കുന്നു. ഏതെങ്കിലും ഒന്നോ രണ്ടോ സന്ധികളെ മാത്രമായിരിക്കും ചിലപ്പോള്‍ വീക്കം പിടിപെടുന്നത്. ക്രമേണ ആരംഭിക്കുന്ന ഇടവിട്ടുള്ള വേദന സന്ധികളുടെ ചലനം മൂലം അധികരിക്കുകയും വിശ്രമസമയത്ത് ഇല്ലാതാവുകയും 
ചെയ്യുന്നു.

രോഗകാഠിന്യം വര്‍ധിക്കുമ്പോള്‍ ചലനശേഷി കുറഞ്ഞ് വേദന അധികരിക്കുന്നു. വേദന രോഗിയുടെ ഉറക്കത്തെയും ചലനത്തേയും ബാധിക്കുന്നു. ഇത്തരം ഘട്ടത്തില്‍ രോഗിക്ക് വിശ്രമവും സന്ധികളില്‍ ആഘാതം ഉണ്ടാകാതെയും നോക്കേണ്ടതാണ്.

ശരീരഭാരം കൂടിയവരില്‍ രോഗസാധ്യത വര്‍ദ്ധിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മുന്‍കരുതല്‍ രോഗകാഠിന്യം ലഘൂകരിക്കാനും പ്രതിരോധിക്കാനും സഹായിക്കുന്നു. ഒട്ടും നടക്കാതിരിക്കുന്നതും സന്ധികളുടെ ചലനശേഷി കുറയ്ക്കുന്നു. അതിനാല്‍ സന്ധികളുടെ ചലനശേഷി നിലനിറുത്തുന്നതിന് നിരപ്പായ സ്ഥലത്തു കൂടി സാവധാനത്തിലുള്ള നടത്തം സഹായിക്കുന്നു.

രൂപമാറ്റം സംഭവിച്ച സന്ധികളെ പൂര്‍വസ്ഥിതിയിലെത്തിക്കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തുടങ്ങുന്നത് രൂപമാറ്റത്തെ പ്രതിരോധിക്കുന്നു. രൂപമാറ്റം സംഭവിച്ചാല്‍ രോഗ ശമനത്തിനുള്ള ചികിത്സ നല്‍കാവുന്നതാണ്. രോഗിയുടെ മാനസികാവസ്ഥയും രോഗലക്ഷണവുമനുസരിച്ച് മരുന്നുകളും അതോടൊപ്പം മറ്റു ലേപനങ്ങളും ഉപയോഗപ്പെടുത്താം.

പ്രവര്‍ത്തനക്ഷമമായ ശരീരവും ഉന്മേഷം നിറഞ്ഞ മനസും വാര്‍ധക്യത്തിന്റെ അവശതകളെ ഒരുപടി അകലേക്കു മാറ്റി നിറുത്തുമെന്നും, അതിന് ഹോമിയോപ്പതി താങ്ങായി പ്രവര്‍ത്തിക്കുമെന്നതും അറിയുക. അങ്ങനെ സങ്കീര്‍ണ്ണതകളില്ലാതെയും ക്ലേശരഹിതമായും ഇവിടെ നിന്നും കടന്നുപോകുന്നതിന് ഹോമിയോപ്പതിയുടെ സാധ്യതകളെ പ്രയോജനപ്പെടുത്താം.

ഡോ. എ.എം. തോമസ്
മെഡിക്കല്‍ ഓഫീസര്‍
ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, എരുമേലി

ആസ്ത്മ

മഞ്ഞുകാലത്ത് ആസ്ത്മാരോഗികള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രയിലും നിത്യജീവിതത്തിലും ആസ്ത്മ രോഗികള്‍ കരുതിയിരിക്കേണ്ട കാര്യങ്ങള്‍.

ഊട്ടി എന്നുകേള്‍ക്കുമ്പോള്‍തന്നെ ടീച്ചര്‍മാരുടെയും കൂട്ടുകാരുടെയും കരഞ്ഞു കലങ്ങിയ മുഖമാണ് പത്താം ക്ലാസുകാരന്‍ അപ്പുവിന്റെ ഓര്‍മയില്‍ തെളിയുന്നത്. മരുന്നുമണക്കുന്ന വൃത്തിഹീനമായ നഴ്‌സിംഗ് ഹോമിലെ തണുത്തുമരവിച്ച കട്ടിലില്‍ ശ്വാസം കിട്ടാതെ ശരീരം കുടഞ്ഞു പിടയുകയായിരുന്നു.

ഊട്ടിയുടെ തണുപ്പില്‍ കമ്പിളിപ്പുതപ്പിനുള്ളില്‍ എല്ലാവരും ചുരുണ്ടു കൂടിയപ്പോഴാണ് അപ്പുവിന്റെ നെഞ്ചില്‍ ശ്വാസം ഉറഞ്ഞുപോകുന്നതുപോലെ അനുഭവപ്പെട്ടത്. പിന്നീട് സമീപത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക്. കുട്ടിക്കാലം മുതല്‍ വിടാതെകൂടിയ ആസ്ത്മ തണുപ്പുകടന്നെത്തി കലശലാവുകയായിരുന്നു.

കാത്തുകാത്തിരുന്ന് വന്നുചേര്‍ന്ന ക്ലാസ്ടൂറിന്റെ രസച്ചരട് മുറിഞ്ഞ ആ യാത്ര അന്ന് അവിടെ അവസാനിപ്പിച്ചു. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ അലട്ടുന്ന ശ്വാസകോശരോഗമാണ് ആസ്ത്മ.

മഞ്ഞുകാലത്താണ് ആസ്ത്മ രോഗികള്‍ ഏറെ ബുന്ധിമുട്ടുകള്‍ അനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ മനോഹരമായ മഞ്ഞുകാലം ആസ്ത്മ രോഗികള്‍ക്ക് പേടിസ്വപ്നമാകുന്നു. തണുപ്പുക്കൂടുമ്പോള്‍ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടാവുന്നതാണ് ഇതിനുകാരണം.

മഞ്ഞുകാലം വില്ലനാകുമ്പോള്‍

മഞ്ഞുകാലത്തെ പനിക്കാലം എന്നും വിശേഷിപ്പിക്കാം. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ ശാരീരികപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ഇതിന്റെ ഫലമായി പനിയും ജലദോഷവും പോലുള്ള അസുഖങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ആസ്ത്മ രോഗികളില്‍ രോഗം മൂര്‍ച്ഛിക്കാന്‍ ഇത് ഇടവരുത്തുന്നു. വൈറല്‍ പനിയാണ് മഞ്ഞുകാലത്തോടനുബന്ധിച്ച് പ്രധാനമായും കണ്ടുവരുന്ന ആരോഗ്യപ്രശ്‌നം. ആസ്ത്മ രോഗിക്കാണ് പനി പിടിപെടുന്നതെങ്കില്‍ കടുത്ത ശ്വാസതടസവും ബുദ്ധിമുട്ടുകളും അനുഭവപ്പെടാനിടയുണ്ട്. തണുപ്പുകാലത്ത് പുറത്തിറങ്ങി നടക്കാനോ രാവിലെ നടക്കാനിറങ്ങാനോ ആസ്ത്മ രോഗികള്‍ക്ക് കഴിയാറില്ല.

വീടിനുള്ളിലെ വായു

മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ വാതിലുകളും ജനലുകളും അടച്ചിടുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ശുദ്ധവായു വീടിനുള്ളില്‍ പ്രവേശിക്കുന്നതിന് തടസമുണ്ടാകുന്നു. ഉള്ളിലുള്ള വായുവില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് വര്‍ധിക്കുന്നു.

ഇതില്‍ ആസ്ത്മ രോഗികള്‍ക്ക് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ അലിഞ്ഞ് ചേര്‍ന്നിട്ടുണ്ട്. അതുകൊണ്ട് ജനലുകളും വാതിലുകളും പൂര്‍ണമായി അടച്ചിടുന്ന ശീലം മാറ്റണം.

ജനലുകളുടെ ഒരു പാളിയെങ്കിലും തുറന്നിട്ട് ശുദ്ധവായു അകത്തുകടക്കാന്‍ അനുവദിക്കണം. ഇത് വീടിനുള്ളിലെ വായുവില്‍ അടങ്ങിയിരിക്കുന്ന അലര്‍ജിനുകളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു.

രാവിലെയുള്ള നടത്തം

രാവിലെയുള്ള നടത്തം ശരീരത്തിനും മനസിനും ഉന്‍മേഷവും ഉണര്‍വും നല്‍കുന്നു. ആസ്ത്മ രോഗം നിയന്ത്രിക്കാന്‍ ഒരുപരിധിവരെ നടത്തം സഹായിക്കാറുണ്ട്. എന്നാല്‍ ആസ്ത്മയുള്ളവര്‍ മഞ്ഞുകാലത്ത് അതിരാവിലെയുള്ള നടത്തം ഒഴിവാക്കണം.

മഞ്ഞുകാലത്ത് നടത്തം ഉപേക്ഷിക്കണം എന്നല്ല ഇതു കൊണ്ട് അര്‍ദ്ധമാക്കുന്നത്. തണുപ്പു കുറഞ്ഞതിനു ശേഷം നടക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വ്യായാമം ചെയ്യുന്ന സമയം കൂട്ടണം.

ശ്വസനവ്യായാവും യോഗയുമാണ് ആസ്ത്മയുള്ളവര്‍ക്ക് കൂടുതലായും നിര്‍ദേശിക്കുന്നത്. ഈ വ്യായാമം ചെയ്യുന്നതു വഴി ശ്വാസകോശം വികസിക്കുന്നതിന് സഹായിക്കുന്നു.

യാത്ര ചെയ്യുമ്പോള്‍

വിനോദയാത്രകള്‍ക്കായി തിരഞ്ഞെടുക്കുന്നത് മഞ്ഞുകാലമാണ്. ആസ്ത്മയുള്ളവര്‍ക്ക് ഈ സമയത്തെ യാത്ര ഏറ്റവും അപകടം പിടിച്ചതുമാണ്. ആസ്ത്മയുള്ള വ്യക്തികള്‍ ഈ യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.

സ്‌കൂളില്‍ നിന്നും വിനോദയാത്രക്കു പോകുമ്പോള്‍ ആസ്ത്മയുള്ളകുട്ടിയെ യാത്രയില്‍ നിന്നും ഒഴിവാക്കിയാല്‍ താനൊരു തീരാരോഗിയാണെന്ന ചിന്ത കുട്ടികളില്‍ ഉണ്ടാകുന്നു.

ഇത് ഒഴിവാക്കാന്‍ ചില മുന്‍കരുതലുകളോടെ കുട്ടിയെ വിനോദയാത്രയ്ക്ക് അനുവദിക്കാം.

  • യാത്രയ്ക്ക് മുമ്പ് ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുക.
  • വാഹനത്തിന്റെ ജനലിന്റെ വശങ്ങളിലിരുന്നുള്ള യാത്ര ഒഴിവാക്കുക.
  • ഇരിക്കുന്ന സീറ്റില്‍ കാറ്റ് അടിക്കില്ല എന്ന് ഉറപ്പുവരുത്തുക.
  • ചെവിയില്‍ പഞ്ഞിവയ്ക്കുകയോ, സ്‌കാര്‍ഫ് ധരിക്കുകയോ ചെയ്യുക.
  • തണുപ്പുള്ള പ്രദേശമാണെങ്കില്‍ സ്വറ്റര്‍ ധരിക്കാന്‍ ശ്രദ്ധിക്കുക.
  • ഇന്‍ഹെയ്‌ലര്‍ എപ്പോഴും കൈയില്‍ തന്നെ സൂക്ഷിക്കുക.
  • മാതാപിതാക്കളുമൊത്തല്ല യാത്രയെങ്കില്‍ കുട്ടിയുടെ കാര്യം വേണ്ടപ്പെട്ടവരോട് (അധ്യാപകരോട്) പറയേണ്ടതാണ്.

ഹോട്ടലുകളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ആഹാരം കഴിക്കുന്നത് ഒഴിവാക്കിയാല്‍ നല്ലത്. ദിവസങ്ങള്‍ നിണ്ടുനില്‍ക്കുന്ന യാത്രയാണെങ്കില്‍ പുറത്തുനിന്നും ആഹാരം കഴിക്കേണ്ടി വരും. ചൂടുള്ള ഭക്ഷണവും വെള്ളവും കഴിക്കാന്‍ ശ്രദ്ധിക്കുക.

വീട് വൃത്തിയാക്കുമ്പോള്‍

മഞ്ഞുകാലത്ത് പൊതുവേ പൊടിയുടെ ശല്യം കൂടുതലായിക്കും. ആസ്ത്മയുള്ളവര്‍ക്ക് പൊടി അലര്‍ജിക്കു കാരണമാകുന്നു. ആസ്ത്മയുണ്ടെന്നു പറഞ്ഞ് ചെയ്യേണ്ട ജോലികളില്‍ നിന്ന്ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ല.

അതുകൊണ്ട് വീട് വൃത്തിയാക്കുമ്പോള്‍ പൊടിശ്വസിക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ എടുക്കണം. മാസ്‌ക് ധരിച്ച് വീട് വൃത്തിയാക്കിയാല്‍ പൊടിയില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും. വീടിനുള്ളിലെ പൊടിച്ചെള്ളാണ് ആസ്ത്മരോഗം മൂര്‍ച്ഛിക്കാന്‍ പ്രധാനകാരണം.

ഭക്ഷണരീതി

ഫ്രിഡ്ജില്‍ വച്ചതും തണുത്തതുമായ ആഹാര സാധനങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. ഒരോരുത്തരിലും അലര്‍ജിയുണ്ടാക്കുന്നത് പല ആഹാര സാധനങ്ങളാണ്. ചിലര്‍ക്ക് പാല്‍ കുടിക്കുന്നതാകും അവരുടെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

എന്നാല്‍ മറ്റുചിലര്‍ക്ക് ഇത് അലര്‍ജിക്ക് കാരണമാകുന്നു. ഏത് ആഹാരസാധനമാണോ അലര്‍ജി ഉണ്ടാക്കുന്നത് എന്ന് കണ്ടെത്തി അത് ഒഴിവാക്കാല്‍ ശ്രദ്ധിക്കുക. അസിഡിറ്റി ഉണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിക്കരുത്.

വയറു നിറച്ച് ആഹാരം കഴിക്കാതെ ഇടവിട്ട് കഴിക്കുന്ന രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ബേക്കറി സാധനങ്ങള്‍ കഴിക്കരുത്. കാരണം ഇത്തരം സാധനങ്ങള്‍ക്ക് നിറം ലഭിക്കാനായി ഉപയോഗിക്കുന്ന വസ്തുക്കള്‍ ആസ്ത്മ രോഗികള്‍ക്ക് അലര്‍ജി ഉണ്ടാക്കും.

കാരണങ്ങള്‍ കണ്ടെത്തുക

അലര്‍ജിയുള്ള വസ്തുക്കളെ കണ്ടെത്തി അവ നിത്യജീവിതത്തില്‍ നിന്നും ഒഴിവാക്കുകയാണ് ആസ്ത്മ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം. കുത്തിവയ്പിലൂടെയും രക്തപരിശോധനയിലൂടെയും അലര്‍ജിക്കു കാരണം കണ്ടെത്താനാവും.കംപ്യൂട്ടറിന്റെ സഹായത്തോടെ ആസ്ത്മ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ സാധിക്കും.

ഇന്‍ഹെയ്‌ലര്‍

ആസ്ത്മ രോഗികള്‍ക്ക് മരുന്നായി നല്‍കുന്നത് ഇന്‍ഹെയ്‌ലര്‍. കാരണം ആന്റിബയോട്ടിക്കിനെ അപേക്ഷിച്ച് ഇന്‍ഹെയ്‌ലര്‍ പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെയില്ല. ഇന്‍ഹെയ്‌ലര്‍ ആസ്ത്മ രോഗികളുടെ ശ്വാസകോശത്തിന്റെ വികാസത്തിനും നീര്‍ക്കെട്ടും അകറ്റാനുള്ള ചികിത്സയാണ് നല്‍കുന്നത്.

ഇന്‍ഹെയ്‌ലര്‍ ലക്ഷ്യസ്ഥാനത്തു മാത്രമേ പ്രവര്‍ത്തിക്കൂ, എന്നാല്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങത്തും എത്തുകയും പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു. ഇന്‍ഹെയ്‌ലര്‍ ഉപയോഗിച്ച ശേഷം പച്ചവെള്ളം ഉപയോഗിച്ച് വായ് കഴുകാന്‍ ശ്രദ്ധിക്കണം.

പ്രതിരോധ കുത്തിവയ്പ്പ്

ആസ്ത്മ രോഗം മഞ്ഞുകാലത്ത് മൂര്‍ഛിക്കുന്നതു തടയാനും പനി വരാതിരിക്കാനും വാക്‌സിന്‍ കുത്തിവയ്പ്പ് ഇപ്പോള്‍ നിലവിലുണ്ട്. ഈ കുത്തിവയ്പ്പിന്റെ ഫലം ഒരു വര്‍ഷം വരെ നിലനില്‍ക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പനിയും ജലദോഷവും വന്നാല്‍ ആസ്ത്മ രോഗം കൂടുമെന്ന ബോധം ഉണ്ടായിരിക്കണം.പനിയുള്ളവരുമായി അടുത്ത് ഇടപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പനിയുള്ളവരെ സന്ദര്‍ശിക്കുമ്പോഴും അവരുമായി സംസാരിക്കുമ്പോഴും പനിയുടെ അണുക്കള്‍ വായുവില്‍ പകര്‍ന്ന് അത് ശ്വാസിക്കുന്നതു വഴി പനി പിടിപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണ്.

പനി വന്നാല്‍

പനിയുടെ ലക്ഷണങ്ങആസ്ത്മ രോഗികള്‍ക്ക് മരുന്നായി നല്‍കുന്നത് ഇന്‍ഹെയ്‌ലര്‍. കാരണം ആന്റിബയോട്ടിക്കിനെ അപേക്ഷിച്ച് ഇന്‍ഹെയ്‌ലര്‍ പാര്‍ശ്വഫലങ്ങള്‍ ഒട്ടും തന്നെയില്ല. കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറേ കണ്ട് വേണ്ട ചികിത്സകള്‍ നേടെണ്ടതാണ്. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സിച്ചാല്‍ വലിയ അപകടങ്ങളില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.

സ്വയം ചികിത്സ ഒഴിവാക്കുക

നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്ന ഒരു കാര്യമാണ് സ്വയം ചികിത്സകള്‍. ചെറിയ പനിയോ, ചുമയോ വന്നാല്‍ അതു കാര്യമാക്കില്ല. ഉടന്‍ തന്നെ അടുത്ത മെഡിക്കല്‍ ഷോപ്പില്‍ പോയി ഗുളികയുടെ പേരു പറഞ്ഞ് അത് വാങ്ങി കഴിക്കും.

ആസ്ത്മ രോഗികള്‍ ഇങ്ങനേ ചെയ്യുന്നത് വലിയ അപകടമാണ് ക്ഷണിച്ചു വരുത്തുന്നത്. 'സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ടിവരുന്ന അവസ്ഥ'. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ഇങ്ങനേ കഴിക്കുന്ന മരുന്നുകള്‍ ആസ്ത്മ രോഗം മൂര്‍ച്ഛിക്കുന്നതിത് കാരണമാകുന്നു.

വിശ്രമം

പനി വന്നാല്‍ വിശ്രമമാണ് ഏറ്റവും നല്ല മരുന്ന്. കാരണം ആന്റിബയോട്ടിക്കുകള്‍ ഇവരെ വളരെ ദോഷകരമായി ബാധിക്കും എന്നതു തന്നെ. അതുകൊണ്ട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ വിശ്രമിച്ച് പനി മാറ്റിയെടുക്കാന്‍ ശ്രദ്ധിക്കണം.

ഡോ. അഭിലാഷ്. കെ
പള്‍മണോളജിസ്റ്റ്
മരിയന്‍ മെഡിക്കല്‍ സെന്റര്‍ പാല

കിഡ്‌നി സ്‌റ്റോണ്‍

ഒരു പരിധിവരെ ജീവിതശൈലിയുമായി കിഡ്‌നി സ്‌റ്റോണ്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒഴിവാക്കാനുമാവും നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല് അഥവാ യൂറിനറി സ്‌റ്റോണ്‍ ഡിസീസ്. സഹിക്കാന്‍ കഴിയാത്ത വേദനയാണ് മൂത്രത്തില്‍ കല്ലിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്.

ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഇവിടെയും നല്ലത്.

ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ് വൃക്കകള്‍.

വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്തുക്കളുടെ അഭാവത്തില്‍ ഇത് വൃക്കയിലെ സ്തരങ്ങളില്‍ പറ്റിപ്പിടിച്ച് കല്ലുകള്‍ ഉണ്ടാകുന്നതിന് അടിത്തറയിടുന്നു.

തുടര്‍ന്ന് ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു. വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്.

  • സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍, കീമോതെറാപ്പി മരുന്നുകള്‍, വിറ്റാമിന്‍ ഡി, സി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ.
  • തുടരെത്തുടരെയുള്ള മൂത്രാശയ അണുബാധ. പ്രത്യേകിച്ചും സ്ത്രീകളില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു.
  • ഗൗട്ട്, പ്രൈമറി ഹൈപ്പര്‍ എന്നീ രോഗങ്ങളുള്ളവര്‍ക്കും രോഗങ്ങള്‍മൂലം ചലനശേഷി കുറഞ്ഞവര്‍ക്കും കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
  • വൃക്കകളുടെ ജന്മനാലുള്ള വൈകല്യങ്ങളും കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാം.

കല്ലുകള്‍ വരാതെ സൂക്ഷിക്കാം

നമ്മുടെ ജീവിതരീതിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത് വലിയൊരു പരിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. വൃക്കയിലെ കല്ല് എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന് മിക്കവര്‍ക്കും ഇന്ന് അറിയാം.

എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. ഈ അറിവില്ലായ്മയാണ് രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്്്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച് രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ് ഈ മുന്‍കരുതലുകള്‍.

വെള്ളം കുടിയുടെ അഭാവം

പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത്. ആരോഗ്യവാനായ ഒരാള്‍ ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇതിലും അധികമായിരിക്കണം.

ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്, കാരറ്റ് ജ്യൂസ്, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്) ആവശ്യത്തിനു ഉപയോഗിക്കാം.

ഭക്ഷണനിയന്ത്രണം

മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ബീഫ്, മട്ടണ്‍ തുടങ്ങിയവ. ആഴ്ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്. പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം.

മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്. കാരണം ഇവയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്.

പച്ചക്കറികളില്‍ ശ്രദ്ധിക്കേണ്ടത്

ഇലക്കറികള്‍ കഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. ചീര, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക.

പഴവര്‍ഗങ്ങള്‍ കഴിക്കുമ്പോള്‍

പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ് ഉത്തമം.

നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുത്തു നോക്കുന്നത് നല്ലതാണ്.

ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം.

ഡോ. എം. നാസര്‍
സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ആന്‍ഡ് ആന്‍ഡ്രോളജിസ്റ്റ്
യൂറോളജി വിഭാഗം മേധാവി
വണ്ടാനം മെഡിക്കല്‍ കോളജ് ആലപ്പുഴ

ദന്തസംരക്ഷണം

ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലും വരെ പഴുപ്പ് എത്തുകയും ഗു
രുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ആവശ്യമാണ്.

ജീവിതശൈലിയുടെ പ്രത്യേകതയാണ് വര്‍ധിച്ചു വരുന്ന ദന്തരോഗങ്ങള്‍ക്ക് കാരണം. ദന്തസംരക്ഷണത്തിന് ആയുര്‍വേദം ചില ചിട്ടകള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ പല്ലുവേദനയ്ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്.

കൃമികളുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന കൃമിദന്തം, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഉണ്ടാകുന്ന ചെറിയ ഇളക്കം, പുളിപ്പുപോലുള്ള വേദനകള്‍, പല്ലില്‍ വാതം കോപിച്ച് തണുത്ത ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശീതദന്തം, കഫദോഷം രക്തത്തോട് ചേര്‍ന്നുനിന്നുകൊണ്ട് രണ്ടുമൂന്നു പല്ലുകളോട് ചേര്‍ന്ന് കുമിളകള്‍ ഉണ്ടാകുന്ന ദന്തകുക്കുടം, പല്ലിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന സുഷിരങ്ങള്‍, വീഴ്ചകള്‍ മൂലമോ മറ്റു കാരണങ്ങളാലോ പല്ലിന് ഇളക്കംതട്ടി മുറിവുകള്‍ ഉണ്ടായി പഴുപ്പ് മോണയിലേക്കു ഇറങ്ങുന്ന വിദര്‍ഫ ദന്തരോഗം തുടങ്ങിയവയെല്ലാം പല്ലുവേദനയ്ക്കു കാരണമാകാം.

ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്‍നിന്ന് താടിയെല്ലിലേക്കും തുടര്‍ന്ന് ചെവിയിലും തലച്ചോറിലേക്കും വരെ പഴുപ്പ് എത്തുകയും ഗുരുതരമായ അവസ്ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്‍ക്ക് ശരിയായ ചികിത്സ ആവശ്യമാണ്.

പല്ലുവേദന

  • ചുക്ക്, കുരുമുളക്, തിപ്പലി ഇവ പൊടിച്ച് വെള്ളത്തിലിട്ട്് തിളപ്പിച്ച് കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്‍ത്ത് പേയിസ്റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്ക്കുക.
  • എരുക്ക്, ഏലിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.
  • ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച് മോണയില്‍ തേയ്്ക്കുക. കേടുള്ള പല്ലില്‍ വയ്ക്കാവുന്നതുമാണ്.
  • അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച് കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്ക്കുകയോ ചെയ്യുക.
  • ത്രിഫലചൂര്‍ണ്ണം തേനില്‍ ചാലിച്ച് മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്.

ശര്‍ക്കരദന്തം അഥവാ പ്ലാക്ക്

പഞ്ചസാരപോലെ പ്ലാക്ക് പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ് ശര്‍ക്കരദന്തം. ഇത് പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യണം. പ്ലാക്കിന്റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ ചവര്‍ക്കാരം പൊടിച്ച് തേനും ചേര്‍ത്ത് കുഴച്ച് പല്ലില്‍ ഉരച്ചാല്‍ മതിയാവും.

പല്ലിന്റെ നിറവ്യത്യാസം

പല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. മഞ്ഞ, കറുപ്പ് തുടങ്ങിയ നിറങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുന്നത്.

  • ഇരട്ടിമധുരം, കായം, ചവര്‍ക്കാരം, പൊട്ടം, വിളാലരി ഇവ പൊടിച്ച് കിഴിയാക്കി പല്ലിനു മുകളില്‍ ചൂട് കൊടുക്കുക.
  • നാല്‍പാമര കഷായം കവിള്‍ കൊള്ളുക.

വായ്‌നാറ്റം

ദന്തരോഗങ്ങള്‍ക്കൊണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം. രോഗങ്ങളാണ് വായ്‌നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്‌നാറ്റം ഒഴിവാക്കാവുന്നതാണ്. വായ്‌നാറ്റം മാറാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

  • പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച് വായിലേക്ക് പുക പിടിക്കുക.
  • കാവിമണ്ണ്, ഇന്തുപ്പ്, കോലരക്ക് ഇവ പൊടിച്ച് സമം വെള്ളം ചേര്‍ത്ത് യോജിപ്പിച്ച് മോണയില്‍ തേയ്ക്കുക.
  • ഗ്രാമ്പു വെള്ളത്തിലിട്ട് തിളപ്പിച്ച് കവിള്‍ കൊള്ളുക.

വായ്പ്പുണ്ണ്

കവളിന്റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ് അള്‍സര്‍ അഥവാ വായ്പ്പുണ്ണ്. പഴകിയ ബ്രഷ് ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്റെ കുറവ്, പുളിയുള്ള വസ്തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.

വയറ്റിലെ അള്‍സര്‍ മുതല്‍ വന്‍കുടലിലെ കാന്‍സറിന്റെ വരെ ലക്ഷണമായും വായ്പ്പുണ്ണ് പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്ണം, ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം എന്നിവയും അള്‍സറിനുള്ള കാരണങ്ങളാണ്. അള്‍സറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്.

  • കാവിമണ്ണ് തേന്‍ ചേര്‍ത്ത് പുരട്ടുക.
  • ത്രിഫലപ്പൊടി കഴിക്കുകയോ വെള്ളത്തിലിട്ട്് കവിള്‍ കൊള്ളുകയോ ചെയ്യുക.

വരള്‍ച്ച

വായ് വരണ്ടുണങ്ങിയിരിക്കുന്ന അവസ്ഥ. ദന്തരോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ് വായവരണ്ട് ഉണങ്ങുന്നത്. പ്രമേഹം, പനി, ഛര്‍ദി, ജലദോഷം എന്നിവയെല്ലാം വരള്‍ച്ചയുടെ കാരണങ്ങളാണ്. ശരീരത്തിന് ആവശ്യത്തിനു വെള്ളം കിട്ടാതെ വരുന്നതാണ് ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ് വരള്‍ച്ചയുടെ ചികിത്സ.രാമച്ചം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വരള്‍ച്ച കുറയാന്‍ സഹായിക്കും.

ആരോഗ്യമുള്ള പല്ലുകള്‍ക്ക്

ദന്തപരിചരണത്തെക്കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന് പ്രഥമ സ്ഥാനമാണ് ആയുര്‍വേദ ആചാര്യന്‍മാര്‍ നല്‍കിയിരിക്കുന്നത്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് മലമൂത്ര വിസര്‍ജനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് പല്ലുകള്‍ വൃത്തിയാക്കലാണ്.

പേരാല്‍, നീര്‍മരുത്, കരിങ്ങാലി, മാവ്, ഉങ്ങ് തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത് അറ്റം ചതച്ച് പല്ലു തേയ്ക്കണമെന്നാണ്് ആയുര്‍വേദ ആചാര്യന്‍മാര്‍ പറയുന്നത്.

ഈ കമ്പിന് ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച് നീളവും ഉണ്ടായിരിക്കണം. ചുക്ക്, തിപ്പലി, കുരുമുളക് ഇവ പൊടിച്ചതോ ഏലയ്ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല് വൃത്തിയാക്കാന്‍.

പല്ല് തേയ്ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച് പറയുന്നതിനൊപ്പം പല്ല് തേയ്ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്‍വേദം പറയുന്നുണ്ട്. എന്നാല്‍ ഇവര്‍ 12 തവണ കുലുക്കുഴിയണം.

ഗര്‍ഭാവസ്ഥയില്‍ ഛര്‍ദിയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ് സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്ക്കുന്നതില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച് കുലുക്കുഴിയണം.

  • ഉമ്മിക്കരിയും ഉപ്പും ചേര്‍ത്ത്് തേയ്ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ് രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാം.
  • പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്‍ത്ഥങ്ങള്‍ അമിതമായി കഴിക്കുന്നത് കുറയ്ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.
  • വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന് ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
  • കാല്‍സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുട്ടയുടെ വെള്ള, മുള്ള് കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്‍സ്യത്തിന്റെ സ്രോതസുകളാണ്്.
  • ഇലക്കറികളും ധാന്യവര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മോണയുടെ ആരോഗ്യത്തിന് വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.
  • ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ് വൃത്തിയായി കഴുകണം.
  • പല്ലിന്റെ ഇടയില്‍ അവശിഷ്ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്. ഇത് ദന്തക്ഷയത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.
  • കൊച്ചു കുട്ടികള്‍ക്ക് കിടക്കാന്‍നേരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ് കഴുകിക്കണം.
  • ഗര്‍ഭിണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുഞ്ഞിന് ഗുണപ്രദമാണ്.

കടപ്പാട്: ഡോ. പി.ആര്‍.ജയ

വാര്‍ധക്യം

പ്രായം കൂടുക എന്നത് ഒരു രോഗമല്ല. പക്ഷേ, പ്രായം കൂടുന്നതോടൊപ്പം രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധശക്തി കുറയുന്നതിന്റെ ഫലമായി രോഗം വരാനുള്ള സാധ്യത വര്‍ധിക്കും. ശരീരഭാഗങ്ങളുടെ ഘടനകളില്‍ വ്യത്യാസമുണ്ടാവുകയും ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവുകയും ചെയ്യുന്നു.

വാര്‍ധക്യം പല രീതിയില്‍ പിടികൂടാം. പ്രധാനമായത് ജനിതക കാരണങ്ങളാണ്. ഡി.എന്‍.എയ്ക്കുണ്ടാകുന്ന കേടുപാടുകള്‍, ഹോര്‍മോണുകള്‍ക്കുണ്ടാകുന്ന വ്യതിയാനങ്ങള്‍, പ്രായമുള്ളവരില്‍ സെല്ലുകളുടെ പുനര്‍നിര്‍മ്മാണം ഉണ്ടാവാതിരിക്കുക, പ്രതിരോധശക്തി കുറയുക, പ്രായമായ സെല്ലുകള്‍ ക്രമാതീതമായി കൂടുക മുതലായവയാണ് മറ്റ് കാരണങ്ങള്‍.

ആയുര്‍ദൈര്‍ഘ്യം

ആഗോളതലത്തില്‍ വിലയിരുത്തുമ്പോള്‍ വയസായവരുടെ എണ്ണം ക്രമാതീതമാണ്. നല്ല പോഷകാഹാരത്തിന്റെ ലഭ്യത, ശുദ്ധജലത്തിന്റെ ലഭ്യത, പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാനും രോഗം വന്നാല്‍ ചികിത്സിക്കാനുമുള്ള വൈദ്യശാസ്ത്രത്തിന്റെ അത്ഭുതാവഹമായ പുരോഗതി മുതലായവയാണ് ആയുര്‍ദൈര്‍ഘ്യം കൂടാനുതകിയ ഘടകങ്ങള്‍.

2000-ല്‍ ലോകത്ത് 42 കോടി വൃദ്ധജനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ 2030 ല്‍ ഇത് 98 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടല്‍. ആകെയുള്ള വയോധികരില്‍ 60 ശതമാനവും വസിക്കുന്നത് വികസ്വരരാജ്യങ്ങളിലാണ്.

80 വയസ് കഴിഞ്ഞവരില്‍ 13 ശതമാനം അമേരിക്കയിലാണ്. 40 ശതമാനം ഏഷ്യന്‍ രാജ്യങ്ങളിലും. ഇതില്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ കൂടുതലാണ്. 100 വയസ് കഴിഞ്ഞവരില്‍ 85 ശതമാനവും സ്ത്രീകളകാണ്. ജനിതകകാരണങ്ങളാല്‍ ചില കുടുംബങ്ങളിലുള്ളവര്‍ കൂടുതല്‍ കാലം ജീവിക്കാം.

വിട്ടുമാറാത്ത രോഗങ്ങള്‍

പ്രായം കൂടുന്നതിനൊപ്പം ശാരീരികാവശതകളും കൂടുന്നു. കാരണം പ്രായംകുടുന്നതോടെ രോഗപ്രതിരോധശക്തി കുറയുകയും, രോഗമുണ്ടാവാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. രോഗമുണ്ടായാല്‍ അവ വിട്ടുമാറുന്നതും മന്ദഗതിയിലായിരിക്കും.

ആഗോളതലത്തില്‍ 2005ലെ കണക്കുകള്‍പ്രകാരം 70 കഴിഞ്ഞവരില്‍ 30 ശതമാനം പേര്‍ക്ക് ഹൃദ്രോഗങ്ങളും, 13 ശതമാനം പേര്‍ക്ക് പലവിധത്തിലുള്ള കാന്‍സറും, 7 ശതമാനം പേര്‍ക്ക് ശ്വാസകോശരോഗങ്ങളും 20 ശതമാനം പേര്‍ക്ക് പ്രമേഹവും മരണകാരണങ്ങളായി കണകാക്കപ്പെടുന്നു. അമേരിക്കയില്‍ 65 കഴിഞ്ഞവരില്‍ 60-85 ശതമാനം വരെയുള്ളവര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, 18-20 ശതമാനം പ്രമേഹവും കാണപ്പെടുന്നു.

85 കഴിഞ്ഞവരില്‍ 30 ശതമാനം പേര്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള കാന്‍സറുള്ളതായി കണകാക്കപ്പെടുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍മൂലം മരണമടയുന്നവരുടെ സംഖ്യ 2000 നുശേഷം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. സാര്‍വദേശീയമായി പുകവലി കുറഞ്ഞതും, മെച്ചപ്പെട്ട ചികിത്സാരീതികളുമാകാം ഇതിനു കാരണം.

വാര്‍ധക്യത്തിലെ അവശതകള്‍

ദൈനംദിന കൃത്യങ്ങളായ വസ്ത്രംമാറല്‍, കുളി, ആഹാരം കഴിക്കല്‍, മലമൂത്രവിസര്‍ജ്ജനം, യാത്ര മുതലായവ പ്രായമേറുമ്പോള്‍ ദുഷ്‌കരമായ മാറുന്നു. കൂടാതെ സാമ്പത്തികപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, ഫോണ്‍ചെയ്യുക, കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങുക, വീട് വൃത്തിയാക്കുക, പാചകം ചെയ്യുക എന്നിവ അനായാസം ചെയ്യാന്‍ സാധിക്കാതെ വരുക, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെ വേച്ചുപോവുക, വീഴാന്‍ തുടങ്ങുക, കാഴ്ചക്കുറവുണ്ടാവുക, കേഴ്‌വി കുറയുക എന്നിവയ്ക്ക് പുറമേ വണ്ടിയോടിക്കാന്‍ ബുദ്ധിമുട്ട് എന്നിങ്ങനെ ഒരുകൂട്ടം പ്രശ്‌നങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകാം.

ട്രാഫിക്‌നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ലംഘിക്കുന്നത് കൗമാരപ്രായക്കാരും, വൃദ്ധജനങ്ങളുമാണ്. ഇത്തരത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങള്‍ മാനസികമായി ഇക്കൂട്ടരെ തളര്‍ത്തുന്നു. അതവരെ സാമൂഹികമായി ഒറ്റപ്പെടുത്തിയേക്കാം.

പോഷകാഹാരക്കുറവ്

വയോധികരില്‍ പൊതുവേ പോഷകാഹാരക്കുറവ് പ്രകടമാണ്. തന്മൂലം ഭാരം കുറയുന്നു. ശരീരത്തില്‍ ആല്‍ബുമിന്റെ അളവിലും കുറവുണ്ടാവുന്നു. കൊളസ്റ്ററോളും കുറയുന്നു. ഈ പ്രായത്തില്‍ പല കാരണങ്ങള്‍കൊണ്ടും പോഷകാഹാരങ്ങള്‍ ശരീരത്തിന് ആവശ്യത്തിന് ലഭിക്കുന്നില്ല.

വിശപ്പില്ലായ്മയാണ് അതില്‍ പ്രധാനം. കേടുള്ള പല്ലുകള്‍, ഇളകിയ പല്ലുകള്‍ എന്നിവ ആഹാരം ശരിയായി കഴിക്കുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ശരീരത്തിനുണ്ടാകുന്ന രോഗങ്ങള്‍മൂലമോ രോഗങ്ങള്‍ക്കുപയോഗിക്കുന്ന മരുന്നുകള്‍മൂലമോ വിശപ്പില്ലായ്മ അനുഭവപ്പെടാം. ഇതിന് പുറമെ മാനസികമായ തളര്‍ച്ചയും ആഹാരത്തിനോട് മടുപ്പുതോന്നിപ്പിക്കാം.

ചെറിയ വയറിളക്കമോ ഛര്‍ദ്ദിയോ പ്രായമായവരില്‍ ജലത്തിന്റെ അംശം അപകടകരമായി കുറയ്ക്കുകയും പെട്ടെന്ന് ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകള്‍ക്ക് തകരാറുകള്‍ക്കുവരെ ഇത് കാരണമാകാം. സാധാരണ പനിപോലും ഇക്കൂട്ടരില്‍ മറ്റുള്ളവരില്‍നിന്നും വ്യത്യസ്ത പ്രതികരണങ്ങളുണ്ടാക്കുന്നു.

പലപ്പോഴും പനി ഇവരില്‍ മാനസികവിഭ്രാന്തിക്ക് കൊണ്ടെത്തിക്കാം. വയോജനങ്ങളില്‍ പലരും കരള്‍, വൃക്കകള്‍ എന്നിവയുടെ തകരാറുള്ളവരായിരിക്കും. അതിനാല്‍ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടും. അതുകൊണ്ട് അത്യാവശ്യസന്ദര്‍ഭങ്ങളില്‍ മാത്രം അത്യാവശ്യത്തിനുള്ള മരുന്നുകള്‍ ഒരു ഡോക്ടറുടെ മേല്‍നോട്ടത്തില്‍ പ്രായമായവര്‍ക്ക് കൊടുക്കാന്‍ ശ്രദ്ധി 
ക്കണം.

വാര്‍ധക്യകാല രോഗങ്ങള്‍

അകാരണമായ ഭയം പ്രായമായവരില്‍ സാധാരണയാണ്. ജീവിത സായാഹ്നത്തില്‍ എത്തിക്കഴിഞ്ഞു. ഇനി എപ്പോള്‍ വേണമെങ്കിലും അസ്തമിക്കാം എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം. നിസാരമായ അസുഖങ്ങള്‍ക്കുപോലും അമിതവെപ്രാളം കാണിക്കുക സാധാരണമാണ്. അതുകാരണം മറ്റുള്ളവര്‍ അത് കാര്യമായെടുക്കുകയില്ല.

പലപ്പോഴും ഇതുമൂലം ശരിയായ രോഗത്തിന്റെ കടന്നുവരവ് അറിയാതെ പോകുന്നു. പ്രായമായവരില്‍ വിചാരിച്ചിരിക്കാതെയുള്ള മാനസികവിഭ്രാന്തി താല്ക്കാലികവും, ചിലപ്പോള്‍ നീണ്ടുനില്‍ക്കുന്നതുമായേക്കാം. ഇവരില്‍ ഉറക്കത്തിന്റെ രീതിതന്നെ മാറാം. പകല്‍ ഉറങ്ങുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യും.

പകല്‍ ഉറങ്ങുന്ന കാര്യം വിസ്മരിച്ച്, രാത്രിയില്‍ ഉറക്കം കിട്ടുന്നില്ലെന്ന് പരാതിപ്പെടുക സാധാരണമാണ്. ഒരാള്‍ക്ക് വിശ്രമം (ഉദ്ദേശം 6 മുതല്‍ 8 മണിക്കൂര്‍ വരെ) മാത്രമാണ് ആവശ്യം. ഉറക്കം കൂടിയേ തീരൂ എന്നില്ല. പക്ഷേ മാനസികമായി, ഉറങ്ങിയില്ലല്ലോ എന്ന വിചാരം ഇവരെ അലട്ടിക്കൊണ്ടിരിക്കും.

ഈ സാഹചര്യത്തില്‍ ഉറക്കഗുളികകള്‍ അത്യാവശ്യമെങ്കിലേ ഉപയോഗിക്കാവൂ. ഇതുകൂടാതെ ചിലര്‍ക്ക് ഇല്ലാത്ത സംഗതികള്‍ ഉണ്ടെന്ന് തോന്നാറുണ്ട്. കാണാത്ത ചില കാഴ്ചകള്‍ കാണുന്നതായോ കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നതായോ ഇവര്‍ക്ക് അനുഭവപ്പെടാം.

ആരൊക്കെയോ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്നും മറ്റും തോന്നലും ഇവരില്‍ ശക്തമാണ്്. മറവിരോഗമായ ആല്‍സിമേഴ്‌സും സാധാരണ കാണപ്പെടുന്നത് പ്രായമായവരിലാണ്. പല മരുന്നുകളും പാര്‍ക്കിന്‍സണ്‍രോഗം ക്ഷണിച്ചുവരുത്തും എന്നതിനാല്‍ മുകളില്‍ പറഞ്ഞരോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ കുറഞ്ഞ അളവില്‍ മാത്രം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ചില മുന്‍കരുതലുകള്‍

  • കാന്‍സര്‍ നിര്‍ണയത്തിനുള്ള പരിശോധനകള്‍ നടത്തുക. പ്രത്യേകിച്ചും സ്തനാര്‍ബുദം, പ്രൊസ്‌റ്റേറ്റ് കാന്‍സര്‍, ശ്വാസകോശത്തിലെ കാന്‍സറുകള്‍, വന്‍കുടലിലുണ്ടാകുന്ന കാന്‍സര്‍ എന്നിവയുണ്ടോയെന്ന് വര്‍ഷംതോറും പരിശോധിക്കുന്നത് നല്ലതാണ്.
  • പ്രായമായവര്‍ക്ക് ഒരു വിധത്തിലും ആഹാരത്തിന്റെ കുറവുണ്ടാവാതെ സൂക്ഷിക്കുക. പോഷകമൂല്യങ്ങളുള്ള ആഹാരം ലഭ്യമാക്കുക.
  • വേണ്ടത്ര വ്യായാമം ഉറപ്പുവരുത്തുക. സൈക്കിള്‍ സവാരിയോ, നീന്തലോ ആണ് ഏറ്റവും നല്ലത്. അതിന് സാധിക്കുകയില്ലെങ്കില്‍ ദിവസം 20 മിനിട്ടെങ്കിലും നടക്കുക.
  • പുകവലി പൂര്‍ണമായും വര്‍ജിക്കുക. അതിന് പ്രത്യേക പ്രായമില്ല. ഏത് പ്രായത്തില്‍ നിര്‍ത്തിയാലും അതിന്റെ ഗുണം ഉണ്ടാവും.
  • മൂത്രസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍, 2 മണിക്കൂര്‍ ഇടവിട്ട് മൂത്രമൊഴിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുകയും പിന്നീട് 3-4 മണിക്കൂര്‍ ആക്കിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്യാവുന്നതാണ്.
  • അമിതഭാരമുള്ളവര്‍ തൂക്കം കുറയ്ക്കാന്‍ ശ്രദ്ധിക്കുക. ആഹാരം കുറയ്ക്കുകയും വ്യായാമം ചെയ്യുകയുമാണ് വേണ്ടത്.
  • എല്ലുകളുടെ ആരോഗ്യം പരിശോധിക്കുക.
  • രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, കൊളിസ്റ്റിറോള്‍ എന്നിവയുടെ അളവ് 6 മാസത്തിലൊരിക്കലെങ്കിലും പരിശോധി ക്കുക.

ഡോ. എം. ഹനീഫ്
(
റിട്ട. പ്രൊഫ. ആന്‍ഡ് എച്ച്.ഒ.ഡി)
കിംസ് ഹോസ്പിറ്റല്‍, കോട്ടയം

 

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate