অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പൊതുവായ ആരോഗ്യം

പൊതുവായ ആരോഗ്യം

  1. കരളിലെ ക്യാന്‍സര്‍
  2. ഹൈ കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം
  3. ഇടിമിന്നലേറ്റവരെ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
  4. ഡയപ്പര്‍ റാഷ് ഇല്ലാതാക്കാന്‍ ചില വഴികളിതാ
  5. ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍
  6. താറാവുമുട്ടയ്ക്കും ഗുണങ്ങള്‍ ഏറെയുണ്ട്
  7. മൈക്രോവേവ് ഓവന്‍: ഉപയോഗം സൂക്ഷിച്ചുവേണം
  8. പതിമുകം ശീലമാക്കിയാല്‍ ഗുണങ്ങളേറെയാണ്
  9. കുഞ്ഞുങ്ങളെ എറിഞ്ഞ് പിടിക്കല്ലേ
  10. എന്താണ് സെപ്റ്റിക് ഷോക്ക്?
  11. നെല്ലിക്ക ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍
  12. കുട്ടികളിലെ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍
  13. വൃക്കയില്‍ കല്ല്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  14. ചര്‍മകാന്തി നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
  15. കണ്ണിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  16. കാന്‍സറിന്‍റെ ആരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാം

കരളിലെ ക്യാന്‍സര്‍

ഇന്നത്തെ  കാലത്ത് ഏറ്റവും പേടിപ്പിയ്ക്കുന്ന രോഗത്തെക്കുറിച്ചു ചോദിച്ചാല്‍ ആദ്യത്തെ പേര് മിക്കവാറും ക്യാന്‍സര്‍ എന്നായിരിയ്ക്കും. ക്യാന്‍സറിന്‍റെ പല രൂപം പലരേയും മരണത്തിലേയ്ക്കു പോലും തള്ളിയിടുന്നു.

ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ സാധിയ്ക്കാത്തതു തന്നെയാണ് കൂടുതല്‍ ഗുരുതരമാകുന്നത്. തുടക്കത്തില്‍ കണ്ടു പിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ശമിപ്പിയ്ക്കാവുന്ന ഒരു രോഗമാണ് ഇത്. എന്നാല്‍ മറ്റു പല രോഗലക്ഷണങ്ങളോടും സാമ്യമുള്ളതു കൊണ്ടുതന്നെ ക്യാന്‍സറിന്‍റെ പല ലക്ഷണങ്ങളും ആളുകള്‍ അവഗണിയ്ക്കുകയാണ് പതിവ്. ഇതു തന്നെയാണ് ഈ രോഗത്തെ കൂടുതല്‍ ഗുരുതരമാക്കുന്നതും.

ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിയ്ക്കാം. പലതരം ക്യാന്‍സറുകളുടെ ലക്ഷണം വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും. ചില അവയവങ്ങളെ ബാധിയ്ക്കുന്ന ക്യാന്‍സര്‍ മറ്റ് അവയവങ്ങളെ ബാധിയ്ക്കുന്നവയെ അപേക്ഷിച്ചു കൂടുതല്‍ ഗുരുതരവുമായിരിയ്ക്കും.

ശരീരധര്‍മങ്ങള്‍ നിര്‍വഹിയ്ക്കുന്ന പ്രധാന അവയവങ്ങളിലൊന്നാണ് ലിവര്‍.. .  കരള്‍ എന്ന പേരില്‍ തന്നെ അതിന്‍റെ പ്രാധാന്യം ഏതാണ്ടു വ്യക്തവുമാണ്. ശരീരത്തിലെ അരിപ്പയെന്നു വേണമെങ്കില്‍ ലിവറിനെ വിശേഷിപ്പിയ്ക്കാം. ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതാണ് ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. ഇതുകൊണ്ടു തന്നെ ശരീരത്തില്‍ നിന്നും വിഷം പുറന്തള്ളുകയെന്നത് ശരീരത്തിലെ ഓരോ അവയവത്തിന്‍റെയും ആകെ ശരീരത്തിന്‍റെയും ധര്‍മമാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ലിവറിന്‍റെ ആരോഗ്യം കേടാകുന്നത് ശരീരത്തിന്‍റെ ആകെയുള്ള ആരോഗ്യത്തെയും പിടിച്ചുലയ്ക്കും. ശാരീരിക ധര്‍മങ്ങള്‍ നേരാംവണ്ണം നടക്കാതെയാകും.

ലിവറിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെ പെടുന്നു. ക്യാന്‍സറും ലിവറിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കുന്ന വലിയൊരു രോഗമാണ്. ടോക്സിനുകള്‍ നീക്കം ചെയ്ത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ലിവറിനെ തന്നെ ക്യാന്‍സര്‍ ബാധിച്ചാല്‍ കാര്യം ഗുരുതരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, അമിതമായ പ്രമേഹം, ചില മരുന്നുകള്‍ എന്നിവയെല്ലാം ലിവര്‍ ക്യാന്‍സറിനുള്ള കാരണങ്ങളി്ല്‍ പെടുന്നു. ഹെപാറ്റോസെല്ലുലാല്‍ കാര്‍സിനോമയാണ് കരളിനെ ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്ന ക്യാന്‍സര്‍..  സ്ത്രീകളെ സംബന്ധിച്ച്‌ പുരുഷന്മാരെയാണ് കൂടുതലായി ലിവര്‍ ക്യാന്‍സര്‍ ബാധിയ്ക്കുന്നത്.

നാലു സ്റ്റേജുകളിലായാണ് ലിവര്‍ ക്യാന്‍സര്‍ പൊതുവെ വളര്‍ന്നു പടരുന്നത്. ആദ്യത്തെ അവസ്ഥയില്‍ ലിവറില്‍ ഒരു ട്യൂമറുണ്ടാകും. രണ്ടാമത്തെ സ്റ്റേജില്‍ ഇത് ഒന്നില്‍ കൂടുതല്‍ ട്യൂമറാകാം. അല്ലെങ്കില്‍ ഉള്ള ഒരു ട്യൂമര്‍ തന്നെ രക്തക്കുഴലിലേയ്ക്കു കടക്കുകയും ചെയ്യാം. മൂന്നാമത്തെ സ്റ്റേജില്‍ ഈ വലിയ ട്യൂമര്‍ ചെറിയ രക്തക്കുഴലിലൂടെ പ്രധാന രക്തക്കുഴലിലെത്താം. ഗോള്‍ ബ്ലാഡറിനേയും ബാധിയ്ക്കാം. അല്ലെങ്കില്‍ വലിയ ഒന്നില്‍ കൂടുതല്‍ ട്യൂമറുകളുണ്ടാകാം. നാലാമത്തെ സ്റ്റേജാണ് മെറ്റാസിസ് എന്നറിയപ്പെടുന്നത്. അതായത് ലിവര്‍ ക്യാന്‍സര്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കും പടര്‍ന്നു പിടിയ്ക്കുന്ന അവസ്ഥ.

മറ്റേതു ക്യാന്‍സറിനേയും രോഗങ്ങളേയും പോലെ ലിവര്‍ ക്യാന്‍സറിനും തുടക്ക ലക്ഷണങ്ങള്‍ ഏറെയുണ്ട്. ഇവ പലതും പലപ്പോഴും മറ്റു രോഗങ്ങളുടെ ലക്ഷണങ്ങള്‍ പോലെയാകുകയും ചെയ്യും. ഇതാണ് പലരും ഇതവഗണിയ്ക്കാന്‍ കാരണമാകുന്നതും. ലിവര്‍ ക്യാന്‍സറിന്‍റെ പൊതുവായ ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

വയര്‍

വയര്‍ വന്നു വീര്‍ക്കുന്നതാണ് ലിവര്‍ ക്യാന്‍സറിന്‍റെ പൊതുവായ ഒരു ലക്ഷണം. പെരിട്ടോനിയല്‍ ക്യാവിറ്റിയില്‍ വെള്ളം വന്നു നിറയുന്നതാണ് ഇതിന്‍റെ ഒരു കാരണം. ലിവറിന്‍റെ പ്രവര്‍ത്തനം തകരാറിലാകുന്നതു കൊണ്ടുതന്നെ ശരീരത്തിലുള്ള ഫ്ളൂയിഡുകള്‍ പുറന്തള്ളാന്‍ ശരീരത്തിന് കഴിയാതെ വരുന്നു. ഇതാണ് വയര്‍ വന്നു വീര്‍ക്കാന്‍ കാരണമാകുന്നത്.

സ്പ്ലീന്‍, ലിവര്‍

ലിവര്‍ ക്യാന്‍സര്‍ ബാധിച്ചാല്‍ സ്പ്ലീന്‍, ലിവര്‍ എന്നിവ വന്നു വീര്‍ക്കും. ഇത് ശരീരത്തിന്‍റെ പുറമേ നിന്നു തന്നെ അറിയാനും സാധിയ്ക്കും. ലിവര്‍ വലതു വശത്തെ വാരിയെല്ലിന്റെ താഴെയായാണ് വന്നു വീര്‍ക്കുക. സ്പ്ലീന്‍ ഇടതു വശത്തെ വാരിയെല്ലിന്റെ താഴെയായും. സ്പര്‍ശത്തിലൂടെയും ഇതറിയാന്‍ സാധിയ്ക്കും.

മഞ്ഞ

ലിവര്‍ ക്യാന്‍സര്‍ ബാധിച്ചവര്‍ക്ക് മഞ്ഞപ്പിത്തവുമുണ്ടാകും. ചര്‍മത്തിലും കണ്ണിലും മൂത്രത്തിലുമെല്ലാം മഞ്ഞ നിറമാകും. രക്തത്തിലെ ബിലിറൂബിന്‍ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ലിവര്‍ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ബിലിറൂബിന്‍ പുറന്തള്ളാന്‍ ശരീരത്തിന് കഴിയാതെ വരുന്നതാണ് ഇതിന് കാരണം.

വയറുവേദന

വയറുവേദന പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ലിവര്‍ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ്. വയറിന്‍റെ മുകള്‍ ഭാഗത്തായാണ് പതുക്കെ തുടങ്ങി രൂക്ഷമാകുന്ന വേദനയുണ്ടാകാറ്. ഇത് വയറ്റില്‍ ദ്രാവകം വന്നടിയുന്നതു കാരണം വയറിന്‍റെ ലൈനിംഗിന് മര്‍ദമേല്‍ക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ വയറുവേദനയുണ്ടാകുന്നതും സാധാരണയാണ്.

ചൊറിച്ചിലും തടിപ്പും

ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പുമുണ്ടാകുന്നത് ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ലിവര്‍ പുറന്തള്ളാത്തതു കാരണം രക്തത്തില്‍ അടിഞ്ഞു കൂടുന്ന ബിലിറൂബിന്‍ തന്നെയാണ് കാരണം.

വിശപ്പില്ലായ്മ

വിശപ്പില്ലായ്മ ലിവര്‍ ക്യാന്‍സറിന്‍റെ ഒരു ലക്ഷണം കൂടിയാണ്. അല്‍പമെങ്കിലും കഴിച്ചാല്‍ വയര്‍ വല്ലാതെ നിറഞ്ഞതായി തോന്നുന്നതും മറ്റൊരു ലക്ഷണം. ഇത് മറ്റു കാരണങ്ങള്‍ കൊണ്ടുണ്ടാകാമെങ്കിലും കരളില്‍ ക്യാന്‍സര്‍ പിടിമുറുക്കുമ്പോഴുമുണ്ടാകും.

മലത്തിന്‍റെയും മൂത്രത്തിന്‍റെയും നിറത്തില്‍ വരുന്ന വ്യത്യാസവും

മലത്തിന്‍റെയും മൂത്രത്തിന്‍റെയും നിറത്തില്‍ വരുന്ന വ്യത്യാസവും കരള്‍ ക്യാന്‍സര്‍ ലക്ഷണമാണ്. മൂത്രത്തിന്‍റെ നിറം ബിലിറൂബിന്‍ കാരണം ഇരുണ്ട മഞ്ഞയും ബ്രൗണുമാകും. മലത്തിന്‍റെ നിറം ഏതാണ്ട് വെളുപ്പിനോടടുത്താകും. ശരീരത്തിനാവശ്യമില്ലാത്ത ബൈല്‍ സാള്‍ട്ട ലിവര്‍ പുറന്തള്ളുന്നതാണ് മലത്തിന്‍റെ സ്വാഭാവികമായ നിറത്തിനു കാരണം. ലിവറിന്‍റെ  പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ഇത് നടക്കാതെ വരുന്നു. ബൈല്‍ സാള്‍ട്ടില്ലാത്തതാണ് ഈ നിറം മാറ്റത്തിനു കാരണമാകുന്നത്.

ഛര്‍ദി, മനംപിരട്ടില്‍, ക്ഷീണം

മറ്റു കാരണങ്ങളില്ലാതെ വരുന്ന ഛര്‍ദി, മനംപിരട്ടില്‍, ക്ഷീണം തുടങ്ങിയവ ലിവര്‍ തകരാറിലാകുന്നതിന്‍റെ ലക്ഷണം കൂടിയാണ്. ലിവര്‍ ക്യാന്‍സറിനും ഇത്തരം ലക്ഷണങ്ങളുണ്ടാകും.

ശരീരഭാരം

പ്രത്യേക കാരണങ്ങളില്ലാതെ ശരീരഭാരം കുറയുന്നതും ലിവര്‍ ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടുന്ന ഒന്നാണ്. ഇത് പല ക്യാന്‍സറുകളേടേയും പൊതുവായ ലക്ഷണങ്ങള്‍ പെടും. ഇതൊടൊപ്പം മറ്റു ലക്ഷണങ്ങ്ള്‍ കൂടിയുണ്ടെങ്കില്‍ ലിവര്‍ ക്യാന്‍സര്‍ സംശയിക്കാം.

തുടക്കത്തില്‍ കണ്ടെത്തിയാല്‍ സര്‍ജറിയിലൂടെയും ലിവര്‍ ട്രാന്‍സ്പ്ലാന്‍റിലൂടെയുമെല്ലാം ലിവര്‍ ക്യാന്‍സര്‍ ഭേദമാക്കാം. കീമോതെറാപ്പി പോലുള്ള സാധാരണ ക്യാന്‍സര്‍ ചികിത്സാ സമ്പ്രദായങ്ങളും ഇതിനായി ഉപയോഗിച്ചു വരുന്നു.

ഹൈ കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാം

കൊളസ്ട്രോള്‍ ശരീരത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പെന്നു തന്നെ പറയാം. ഹൃദയപ്രശ്നങ്ങളുള്‍്പ്പെടെ പല പ്രശ്നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍.

ശരീരത്തിന്‍റെ എല്ലാ കോശങ്ങളിലും അലിഞ്ഞു ചേര്‍ന്നിരിയ്ക്കുന്ന ലിപിഡുകളാണ് കൊളസ്ട്രോള്‍. . ഇത് ഒരു ലിമിറ്റു വരെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യവുമാണ്. ഇത് ബൈല്‍ ഉല്‍പാദനത്തിന് അത്യാവശ്യമാണ്. കൊഴുപ്പു ദഹിപ്പിയ്ക്കാനും ഇത് ആവശ്യം തന്നെയാണ്. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ചില ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും കൊളസ്ട്രോള്‍ അത്യാവശ്യമാണ്. എന്നാല്‍ ഈ ലിമിറ്റ് വിട്ടു പോകുമ്പോഴാണ് പ്രശ്നമുണ്ടാകുന്നത്. ഹൃദയത്തിനു തന്നെ ദോഷകരമായി മാറും.

ലിവറാണ് അധികമുള്ള കൊളസ്ട്രോള്‍ ശരീരത്തില്‍ നിന്നും നീക്കിക്കളയുന്നത്. ലിവറിന് നീക്കം ചെയ്യാവുന്നതില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുമ്പോഴാണ് ഹൈ കൊളസ്ട്രോള്‍ എന്ന രീതിയില്‍ എത്തുന്നതും.

ശരീരത്തില്‍ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോള്‍ എല്‍ഡിഎല്‍ കൊളസ്ട്രോളാണ്.

കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ബ്ലോക്കുകളുണ്ടാകും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള് പല പ്രശ്നങ്ങളിലേയ്ക്കു വഴി വയ്ക്കും.

ശരീരത്തില്‍ കൊളസ്ട്രോള്‍ പ്രധാനമായും എത്തിച്ചേരുന്നത് ഭക്ഷണങ്ങളിലൂടെയാണ്. കൊഴുപ്പു കലര്‍ന്ന ഭക്ഷണങ്ങള്‍. വറുത്തതും കൊഴുപ്പുള്ള മാംസവുമെല്ലാം ഇതിന് കാരണമാകും. വ്യായാമക്കുറവും ഇതിന് കാരണമാണ്.

കൊളസ്ട്രോള്‍ സാധാരണ രക്തപരിശോധന നടത്തിയാലാണ് തിരിച്ചറിയുക. ഇതല്ലാതെ നമ്മുടെ ശരീരം തന്നെ കൊളസ്ട്രോള്‍ കൂടുതലാണെങ്കില്‍ ചില ലക്ഷണങ്ങള്‍ കാട്ടിത്തരുന്നുണ്ട്. ഇത്തരം ചില തുടക്ക ലക്ഷണങ്ങളെക്കുറിച്ചറിയൂ, നിങ്ങള്‍ക്കും കൊളസ്ട്രോള്‍ പ്രശ്നം തുടങ്ങിയെന്ന് സൂചിപ്പിയ്ക്കുന്ന ചില ലക്ഷണങ്ങളിതാ

ഗ്യാസ്

എല്‍ഡിഎല്‍ കൊളസ്ട്രോള്‍, അതായത് ചീത്ത കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ ദഹനക്കേടും വയറ്റില്‍ ഗ്യാസുമെല്ലാം ഉണ്ടാകും. മറ്റു കാരണങ്ങള്‍ കൊണ്ടല്ലെങ്കിലും പെട്ടെന്ന് ഇത്തരം പ്രശ്നങ്ങള്‍ തുടങ്ങുകയാണെങ്കില്‍ അത് ഹൈ കൊളസ്ട്രോളിന്‍റെ ലക്ഷണമായി വേണം കരുതാന്‍..

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പും

കയ്യിലുണ്ടാകുന്ന വീര്‍പ്പും മരവിപ്പുമെല്ലാം ഹൈ കൊളസ്ട്രോളിന്‍റെ തുടക്കലക്ഷണങ്ങളാണ്. അടിഞ്ഞു കൂടുന്ന കൊളസ്ട്രോള്‍ രക്തപ്രവാഹം തടസപ്പെടത്തുന്നതാണ് ഇതിന് കാരണം. ഇതു കാരണം മസിലുകള്‍ക്കും മറ്റും ആവശ്യമുള്ള ഓക്സിജന്‍ ലഭിയ്ക്കാതെ പോരുകയും ചെയ്യുന്നു.

വായ്നാറ്റം

വായ്നാറ്റം കൂടിയ കൊളസ്ട്രോളുള്ളവര്‍ക്കു വരുന്ന ഒരു പ്രശ്നമാണ്. ഹാലിറ്റോസിസ് എന്നാണ്കാരണമുണ്ടാകുന്ന ഈ അവസ്ഥയ്ക്കു പറയുന്നത്. ഇതിനു കാരണം ലിവറിലുണ്ടാകുന്ന ഒരു ഘടകമാണ്. കൊളസ്ട്രോള്‍ അധികമാകുമ്ബോള്‍ വേണ്ട വിധത്തില്‍ ദഹിപ്പിയ്ക്കാന്‍ കരളിന് കഴിയില്ല. ഇത് വായില്‍ ഉമിനീരു കുറയാനും വായ്നാറ്റത്തിനുമെല്ലാം കാരണമാകുന്നു.

രക്തപ്രവാഹം

കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ രക്തപ്രവാഹം തടസപ്പെടും. ഇത് തലചുറ്റല്‍, തലവേദന തുടങ്ങിയ പല പ്രശ്നങ്ങളുമുണ്ടാക്കും.

കണ്ണിന്

കൊളസ്ട്രോള്‍ അധികമാകുമ്പോള്‍ കണ്ണിന് പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. കാഴ്ചക്കുറവും തെളിച്ചമില്ലായ്മയും കണ്ണ് മഞ്ഞനിറത്തോടെ അല്‍പം തള്ളി വരുന്നതുമെല്ലാം കൊളസ്ട്രോള്‍ അധികമാകുമ്പോഴുണ്ടാകാം.

മലബന്ധം

മലബന്ധമാണ് മറ്റൊരു പ്രശ്നം. ഇത് കൊളസ്ട്രോള്‍ തോത് അധികമാകുമ്പോഴും ഉണ്ടാകും. ലിപിഡുകള്‍ ദഹനത്തെ ബാധിയ്ക്കുന്നതാണ് കാരണം. പല കാരണങ്ങള്‍ കൊണ്ടും മലബന്ധമുണ്ടാകാമെങ്കിലും കൂടിയ കൊളസ്ട്രോളും മലബന്ധത്തിനുള്ള കാരണമാകും.

നെഞ്ചുവേദന

നെഞ്ചുവേദന ഹാര്‍ട്ട് അറ്റാക്ക് അടക്കമുള്ള പല രോഗങ്ങളുടേയും ലക്ഷണമാണ്. എന്നാല്‍ ഇത് കൊളസ്ട്രോള്‍ അധികമാകുമ്പോഴും അനുഭവപ്പെടാം. രക്തപ്രവാഹം തടസപ്പെടുന്നതാണ് ഇത്തരത്തിലെ വേദനയക്കു കാരണം. കൊളസ്ട്രോള്‍ കാരണം രക്തപ്രവാഹം നേരെ നടക്കാത്തത്.

തളര്‍ച്ചയും ക്ഷീണവും

തളര്‍ച്ചയും ക്ഷീണവും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഇത് ചിലപ്പോള്‍ അസുഖമാകണമെന്നുമില്ല, ചില പ്രത്യേക ശാരീരിക അവസ്ഥകള്‍ കൊണ്ടോ അന്തരീക്ഷത്തിലെ ചൂടുയരുമ്പോഴോ ഒക്കെയാകാം. എന്നാല്‍ കൊളസ്ട്രോള്‍ കൂടുമ്പോഴും തളര്‍ച്ചയും ക്ഷീണവുമുണ്ടാകാം. ശരീരത്തിലെ രക്തപ്രവാഹം തടസപ്പെടുന്നതിനൊപ്പം ഓക്സിജന്‍ പ്രവാഹവും തടസപ്പെടുന്നതാണ് കാരണം.

ചര്‍മപ്രശ്നങ്ങള്‍

ചര്‍മപ്രശ്നങ്ങള്‍ കൊളസ്ട്രോള്‍ തോത് കൂടുന്നതിന്‍റെ മറ്റൊരു ലക്ഷണമാണെന്നു പറയാം. ചര്‍മത്തില്‍ ചൊറിച്ചിലും ചുവന്ന തടിപ്പുകളും പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

ഭക്ഷണ അലര്‍ജി

ഭക്ഷണ അലര്‍ജിയും കൊളസ്ട്രോള്‍ അധികമാകുന്നവര്‍ക്ക് സാധാരണയാണ്. ലിവറിലും മറ്റും അധികം കൊഴുപ്പടിഞ്ഞു കൂടുന്നതാണ് ഒരു കാരണം. ഭക്ഷണശേഷവും കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലുമാണ് മിക്കവാറും ഇത്തരം പ്രശ്നങ്ങളുണ്ടാകുക.

ഇടിമിന്നലേറ്റവരെ രക്ഷിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ഇടിമിന്നലേറ്റ വ്യക്തിക്ക് ചലനമുണ്ടോ , സംസാരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അങ്ങനെയുണ്ടെങ്കില്‍ വളരെ നല്ല ലക്ഷണമാണ്.

നാഡിമിടിപ്പ് നോക്കുക ഇല്ലെങ്കില്‍ ഹൃദയഭാഗത്തായി നെഞ്ചില്‍ ശക്തിയായി അമര്‍ത്തി (AED) ഹൃദയ പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം.

രോഗി ബോധാവസ്ഥയിലാണെങ്കിലും, അല്ലെങ്കിലും. ഇനി ശ്വാസം കഴിക്കുന്നില്ലെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കണം. (CPR) മൂക്കിലൂടെ ശ്വാസം ഉള്ളിലേക്ക് കൊടുത്ത് നെഞ്ചില്‍ അമര്‍ത്തി അത് പുറത്ത് കളയുക. ഇങ്ങനെ പലതവണ ആവര്‍ത്തിച്ച്‌ രോഗി തനിയെ ശ്വാസം എടുക്കുന്നത് വരെ ചെയ്യണം.

ഇടിമിന്നലേറ്റ വ്യക്തിയെ സുരക്ഷിതമായി മാറ്റി കിടത്തുക. അവയവങ്ങള്‍ ഓരോന്നും മെല്ലെ ഉയര്‍ത്തി നോക്കുക.ഗുരുതരമാണെങ്കില്‍ അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കുക.

മുറിവുകളുണ്ടോയെന്ന് പരിശോധിക്കുക. സാധാരണനിലയില്‍ ഉണ്ടാവാറില്ല, വീഴ്ചയില്‍ കൂര്‍ത്ത ഭാഗങ്ങളില്‍ തട്ടിയല്ലാതെ.പൊള്ളലേറ്റ ഭാഗങ്ങള്‍ പരിശോധിക്കുക.

ഇടിമിന്നലേല്‍ക്കുന്നവര്‍ക്ക് പൊള്ളലേല്‍ക്കുന്നത് സാധാരണയാണ്. തീപൊള്ളലേറ്റവര്‍ക്ക് ചെയ്യേണ്ട പ്രഥമ ശുശ്രൂഷ തന്നെയാണ് ഇതിനും അവലംബിക്കേണ്ടത്.പെട്ടന്ന് വൈദ്യസഹായം ലഭ്യമാക്കുക.

ഡയപ്പര്‍ റാഷ് ഇല്ലാതാക്കാന്‍ ചില വഴികളിതാ

ഡയപ്പര്‍ റാഷ് എന്താണെന്ന് പലര്‍ക്കും അറിയില്ല. കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിന്‍റെ ഭാഗത്ത് ചുവന്ന തടിപ്പുകള്‍ ഉണ്ടാക്കുന്നു. ആദ്യം ഇതിന്‍റെ ഭാഗമായി ചുവന്ന നിറത്തിലുള്ള കുരുക്കളാണ് ഉണ്ടാവുന്നത്. എന്നാല്‍ പിന്നീട് സംഗതി അല്‍പം കൂടി ഗുരുതരമാകും. ഇത് കുഞ്ഞിന് വലിയ രീതിയില്‍ തന്നെ അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കാം. ഡയപ്പര്‍ റാഷ് കണ്ടാല്‍ പിന്നീട് കുഞ്ഞിനെ യാതൊരു കാരണവശാലും ഡയപ്പര്‍ ധരിപ്പിക്കരുത്. ഇന്നത്തെ കാലത്ത് സൗകര്യം നോക്കി അമ്മമാര്‍ ഡയപ്പര്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പടി മുന്നിലാണ്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അമ്മമാര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവാരമുള്ളവ വേണം തിരഞ്ഞെടുക്കാന്‍. മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പറുകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പെണ്‍ കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിന് കാരണമാകാം. മാത്രമല്ല പല വിധത്തിലുള്ള അണുബാധ ഉണ്ടാവാനും കാരണമാകുന്നു.

കുഞ്ഞിന്‍റെ കാലുകള്‍ക്കിടയിലാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ ഡയപ്പര്‍ മുറുക്കിക്കെട്ടുന്നത് മൂലമാണ് ഇത്തരത്തില്‍ ഉണ്ടാവുന്നതെന്ന് കണക്കാക്കാം. മാത്രമല്ല വിയര്‍പ്പും കുട്ടികളില്‍ ഡയപ്പര്‍ റാഷിന് കാരണമാകുന്നു. സോപ്പിനോടുള്ള അലര്‍ജിയും ഡയപ്പര്‍ റാഷിലേക്ക് നയിക്കുന്നു. ചില കുട്ടികളില്‍ ഫംഗസ് ആക്രമണവും ഡയപ്പര്‍ റാഷിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളിതാ...

ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം

കുട്ടികളെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്നങ്ങള്‍ക്ക് വളരെയധികം പരിഹാരം നല്‍കുന്ന ഒന്നാണ്. ഇളംചൂടുവെള്ളത്തിലെ കുളി എന്തുകൊണ്ടും ഡയപ്പര്‍ റാഷിനേയും ഫംഗസ് അണുബാധയേയും ഇല്ലാതാക്കുന്നു. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ എന്തായാലും ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ ശ്രമിക്കുക.

മുലപ്പാല്‍

ഡയപ്പര്‍ റാഷ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം മുലപ്പാല്‍ തേച്ച്‌ പിടിപ്പിക്കുന്നതും ഇത്തരം ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നു. അമ്മിഞ്ഞപ്പാലിന് മാറ്റാന്‍ പറ്റാത്ത ഒരു രോഗവും കുട്ടികളില്‍ ഇല്ല എന്നത് തന്നെയാണ് സത്യം. ഡയപ്പര്‍ റാഷ് മാറാന്‍ ഇത്രയേറെ ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇത്.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡക്ക് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാനുള്ള കഴിവുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ നാല് കപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് കുട്ടികളുടെ താഴ്ഭാഗം ഇത് കൊണ്ട് തുടച്ച്‌ കൊടുക്കുക. മാത്രമല്ല ഇടക്കിടക്ക് ഡയപ്പര്‍ മാറ്റാനും ശ്രദ്ധിക്കുക. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു.

ഓട്സ്

ഓട്സ് കൊണ്ട് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഓട്സ് കുളിക്കുന്ന വെള്ളത്തില്‍ ഇട്ട് 15 മിനിട്ടോളം ഇത് കുതിര്‍ത്ത് വെക്കാം. ഇതില്‍ കുട്ടിയെ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു. അതിലുപരി ഇത്തരത്തില്‍ കുട്ടികളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

വിനാഗിരി

ചെറിയ ആസിഡ് അടങ്ങിയ ദ്രാവകം പോലും കുഞ്ഞിന്‍റെ ചര്‍മ്മത്തെ പൊള്ളിക്കും. അതുകൊണ്ട് തന്നെ വിനാഗിരി ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഉയര്‍ന്ന അളവില്‍ പിച്ച്‌ ലെവല്‍ ഉണ്ട് വിനാഗിരിയില്‍. അരക്കപ്പ് വിനാഗിരിക്ക് അരബക്കറ്റ് വെള്ളമാണ് കണക്ക്. ഇതില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് കുഞ്ഞിനെ തുടച്ച്‌കൊടുക്കാം. ഇത് സ്ഥിരമായിട്ട് ചെയ്താല്‍ കുഞ്ഞിന്‍റെ ഡയപ്പര്‍ റാഷ് ഇല്ലാതാവുന്നു.

ഷിയ ബട്ടര്‍

ഷിയ ബട്ടറാണ് ഡയപ്പര്‍ റാഷിനുള്ള മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇതില്‍ യീസ്റ്റ് കില്ലിംഗ് പ്രോപ്പര്‍ട്ടീസ് ഉണ്ടെന്ന് പറയാം. നിങ്ങളുടെ കുഞ്ഞിന്‍റെ താഴ് ഭാഗം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച്‌ കഴുകാം. ഇതിനു ശേഷം അല്‍പം ഷിയ ബട്ടര്‍ ഉപയോഗിച്ച്‌ നല്ലതു പോലെ പുരട്ടിക്കൊടുക്കാവുന്നതാണ്. ഒരു മിനിട്ടിന ശേഷം നിങ്ങള്‍ക്ക് പുതിയ ഡയപ്പര്‍ ധരിപ്പിക്കാം.

വെളിച്ചെണ്ണ

ഏത് പ്രശ്നത്തിനും പരിഹാരം കാണാനുള്ള കഴിവ് വെളിച്ചെണ്ണക്കുണ്ട്. വെളിച്ചെണ്ണ അല്‍പം എടുത്ത് റാഷസ് ഉള്ള ഭാഗങ്ങളില്‍ തേച്ച്‌ പിടിപ്പിക്കുക. ഇത് റാഷസ് മാറ്റുന്നു. കുട്ടികളിലായാലും വലിയവരിലായാലും വെളിച്ചെണ്ണ യാതൊരു തരത്തിലുള്ള ദോഷവും വരുത്തില്ല എന്നതാണ് സത്യം.

കറ്റാര്‍വാഴ നീര്

ചര്‍മ്മസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച്‌ ഇത്തരം പ്രതിസന്ധികള്‍ കുട്ടികളിലാണെങ്കില്‍ പോലും ഇല്ലാതാക്കാം. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ഡയപ്പര്‍ റാഷ് ഉള്ള സ്ഥലത്ത് തേച്ച്‌ പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ തരത്തിലും കുട്ടികളില്‍ ഉണ്ടാവുന്ന ചര്‍മ്മ അലര്‍ജിയെ ചെറുക്കുന്നു.

എപ്സം സാള്‍ട്ട്

ചര്‍മ്മ പ്രശ്നങ്ങള്‍ കുട്ടികളിലാണെങ്കില്‍ പോലും എപ്സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് കുട്ടികളിലെ ചര്‍മ്മ പ്രശ്നത്തേപ്പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഡയപ്പര്‍റാഷിന് എപ്സം സാള്‍ട്ട് ഉപയോഗിക്കാം.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ് പുരട്ടുന്നതും കുട്ടികളില്‍ ഉണ്ടാവുന്ന ഡയപ്പര്‍ റാഷിനെ ചെറുക്കുന്നു. കുട്ടികളിലെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രശ്നബാധിത സ്ഥലത്ത് ക്രാന്‍ബെറി ജ്യൂസ് ചെറുതായി തേച്ച്‌ കൊടുക്കുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഉണ്ടാവുന്ന ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കുട്ടികളിലെ ഡയപ്പര്‍ റാഷിന് ഉത്തമ പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്‍റെ ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നു.

കോണ്‍സ്റ്റാര്‍ച്ച്‌

കോണ്‍ സ്റ്റാര്‍ച്ച്‌ ഇത്തരത്തില്‍ കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം അമ്മമാര്‍ക്ക് വിശ്വസിച്ച്‌ ഉപയോഗിക്കാവുന്ന നാടന്‍ ഒറ്റൂലിയില്‍ മികച്ചതാണ് കോണ്‍ സ്റ്റാര്‍ച്ച്‌..

വായുസഞ്ചാരം

വായുസഞ്ചാരം കടക്കാതെ എപ്പോഴും ഡയപ്പര്‍ ഉപയോഗിക്കുമ്പോഴും ഡയപ്പര്‍ റാഷസ് കുട്ടികളില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തിലാണ് കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ എപ്പോഴും ഡയപ്പര്‍ ഉപയോഗിക്കാതെ വീട്ടിലിരിക്കുന്ന സമയത്ത് ഫ്രീ ആയിട്ട് വിടണം.

തുണി ഉപയോഗിക്കാം

ഡയപ്പര്‍ ഉപയോഗിക്കുന്നതിനു പകരം തുണി ഉപയോഗിക്കുന്നതും നല്ലൊരു ആശയമാണ്. ഇത് കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കില്ല എന്നതിലുപരി കുഞ്ഞിന്‍റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം കുഞ്ഞിന്‍റെ അസ്വസ്ഥ മാറി ആരോഗ്യമുള്ള കുഞ്ഞായി മാറാനും സഹായിക്കുന്നു.

ദിവസവും ആപ്പിള്‍ കഴിച്ചാലുള്ള ഗുണങ്ങള്‍

ആപ്പിളില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. അത് ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.

ആപ്പിള്‍ രക്തത്തിന്‍റെ  നൈട്രിക്ക് അമ്ലത്തിന്‍റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തം കട്ടപിടിക്കുന്ന അവസ്ഥ ഇല്ലാതാക്കുകയും ഹ്യദയസ്തംഭനം ഒഴിവാകുകയും ചെയ്യുന്നു.

ആപ്പിളില്‍ ക്വര്‍സെറ്റിന്‍, ട്രൈറ്റെര്‍ ഫിനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ തടയുന്നതില്‍ സഹായകരമാണ്.  കോളന്‍ , ലംഗ്സ്, ബ്രെസ്റ്റ് ക്യാന്‍സറുകള്‍..

ദഹന പ്രശ്നങ്ങള്‍ മാറാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്.

പ്രമേഹം കുറയ്ക്കാന്‍ ആപ്പിള്‍ സഹായിക്കും. ഇതിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ , ആന്റിഓക്സിഡന്റുകള്‍, പോളിഫിനോളുകള്‍ എന്നിവയാണ് ഇതിനു സഹായിക്കുന്നത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കും.

വിളര്‍ച്ചയുള്ളവര്‍ക്ക് കഴിയ്ക്കാന്‍ പറ്റിയ ഒരു ഫലവര്‍ഗമാണിത്.  ഇതില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും രണ്ടു മൂന്ന് ആപ്പിള്‍ കഴിയ്ക്കുന്നത് ശരീരത്തിന് ആവശ്യമായ മുഴുവന്‍ ഇരുമ്പും ലഭിക്കാന്‍ സഹായിക്കും.

നിങ്ങളുടെ തലച്ചോറിലെ കോശങ്ങള്‍ക്ക് ഉന്‍മേഷം നല്‍കാനും ബുദ്ധിശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിളിന് പ്രത്യേക കഴിവുണ്ട്.

പല്ലുകളുടെ തിളക്കം വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ കഴിക്കുക.  ദിവസവും ആപ്പിള്‍ കഴിച്ചാല്‍ തിളങ്ങുന്ന പല്ലുകള്‍ നിങ്ങള്‍ക്ക് ലഭിക്കും.

ഒരാപ്പിള്‍ കഴിക്കുന്നതിലൂടെ ഒരു ദിവസം ആവശ്യമായ വിറ്റാമിന്‍ സിയുടെ 14 ശതമാനത്തോളം ലഭ്യമാകും . ഇതിലൂടെ പനി, ജല ദോഷം എന്നിവ വരുന്നത് തടയാന്‍ സാധിക്കും

താറാവുമുട്ടയ്ക്കും ഗുണങ്ങള്‍ ഏറെയുണ്ട്

മുട്ട ആരോഗ്യത്തിന് ഏറെ നല്ല ഒരു ഭക്ഷണമാണ്. സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്. പ്രോട്ടീനുകളും കാല്‍സ്യവും വൈറ്റമിനുകളുമെല്ലാം അടങ്ങിയ ഒന്നാണ്. മുട്ട. വൈറ്റമിന്‍ ഡിയുടെ ഒരു ഉറവിടം കൂടിയാണ് മുട്ട. വളരെ ചുരുക്കം ഭക്ഷണങ്ങളിലേ വൈറ്റമിന്‍ ഡിയുള്ളൂ.

മുട്ടയില്‍ തന്നെ സാധാരണ കോഴിമുട്ടയാണ് നാം ഉപയോഗിയ്ക്കാറ്. കോഴിമുട്ട കൂടാതെ താറാമുട്ട എന്നറിയപ്പെടുന്ന താറാവുമുട്ടയും ആരോഗ്യഗുണങ്ങളില്‍ മുന്‍പന്തിയിലാണ്. എന്നാല്‍ അധികം പേര്‍ ഇതുപയോഗിയ്ക്കാറില്ലെന്നതാണ് സത്യം.

താറാവുമുട്ടയ്ക്കും ഗുണങ്ങള്‍ ഏറെയുണ്ട്. കോഴിമുട്ടയെപ്പോലെയോ അതിനേക്കാളേറെയോ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണിത്. പ്രോട്ടീന്‍ സമ്പുഷ്ടമാണ് താറാവുമുട്ട. ശരീരത്തിന് ദിവസവും വേണ്ടതിന്‍റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും.

മറ്റൊന്ന് ഇതില്‍ അടങ്ങിയിരിയ്ക്കുന്ന വൈറ്റമിന്‍ എ ആണ്. ദിവസവും വേണ്ട വൈറ്റമിന്‍ എയുടെ 9.4 ശതമാനം ഒരു താറാവുമുട്ടയില്‍ നിന്നും ലഭിയ്ക്കും. വൈറ്റമിന്‍ എ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. പോരാത്തതിന് പ്രതിരോധശേഷിയ്ക്കും എല്ലുകള്‍ക്കും.

ദിവസവും ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഇയില്‍ 3 ശതമാനവും താറാവുമുട്ടയിലുണ്ട് വൈറ്റമിന്‍ എയ്ക്കും വൈറ്റമിന്‍ ഇയ്ക്കു പുറമെ വൈറ്റമിന്‍ ബി 12 താറാമുട്ടയിലുണ്ട്.

സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്‍റിന്‍റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയേണ്‍ രക്തമുണ്ടാകാനും ഓക്സിജന്‍ കോശങ്ങളിലെത്തിയ്ക്കാനും സഹായിക്കും. ഇതിനു പുറമെ ഇതില്‍ സിങ്ക്, ഫോസഫറസ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

താറാവുമുട്ടയുടെ ഒരു പ്രശ്നമെന്നു പറയാവുന്നത് ഇതിലെ കൊളസ്ട്രോള്‍ തോതാണ്. ഒരു താറാവുമുട്ടയില്‍ 619 മില്ലീഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വേണ്ടതിനും ഇരട്ടിയെന്നു പറയാം. എന്നാല്‍ ഇത് മിതമായ തോതില്‍ കഴിച്ചാല്‍ ദോഷം വരികയുമില്ല.  ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ഒഴിവാക്കി ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും താറാവുമുട്ട ഏറെ ന്ല്ലതാണ്.

ദിവസം ഒരു താറാവുമുട്ട  കഴിച്ചാല്‍ ഗുണം അദ്ഭുതപ്പെടുത്തും
ദഹനേന്ദ്രിയത്തിന്‍റെആരോഗ്യത്തിന് : ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. ഇതില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ എന്നിവയാണ് ഇതിനായി സഹായിക്കുന്നത്. വൈറ്റമിന്‍ ഇ ഉള്ളതുകൊണ്ടുതന്നെ ഇത് എളുപ്പത്തില്‍ ദഹിയ്ക്കുകയും ചെയ്യും.

എല്ലുകളുടെ ആരോഗ്യത്തിന് : എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് താറാവുമുട്ട. എല്ലുകള്‍ക്കൊപ്പം പല്ലുകളുടെ ആരോഗ്യത്തിനും ഇത് അത്യുത്തമമാണ്. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമാണ് ഈ ഗുണം നല്‍കുന്നത്.

ശരീരത്തിന് പ്രതിരോധശേഷി : ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ സാധിയ്ക്കുന്ന ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ എ തന്നെയാണ് പ്രധാന ഗുണം നല്‍കുന്നത്. വൈറ്റമിന്‍ എ പൊതുവെ ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

കണ്ണിന്‍റെ ആരോഗ്യത്തിന് : കണ്ണിന്‍റെ ആരോഗ്യത്തിന് സഹായിക്കുന്ന പല ഘടകങ്ങളും ഒരു താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച്‌ വൈറ്റമിന്‍ എ, തിമിരം, നിശാന്ധത തുടങ്ങിയ പല പ്രശ്നങ്ങള്‍്ക്കുമുളള നല്ലൊരു മരുന്നാണിത്.

തടി കുറയ്ക്കാന്‍ : താറാവുമുട്ട തടി കുറയ്ക്കാനും ഏറെ നല്ലതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്‍റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി തടി കുറയ്ക്കാനും കൊഴുപ്പു കത്തിച്ചു കളയാനുമെല്ലാം ഏറെ നല്ലതാണ്. മാത്രമല്ല, വൈറ്റമിന്‍ എയ്ക്കൊപ്പം വൈറ്റമിന്‍ ഇ ചേരുമ്പോള്‍ ആന്‍റിഓക്സിഡന്‍റ് ഗുണമാണ് നല്‍കുന്നത്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളും ടോക്സിനുമെല്ലാം അകറ്റും. ഇതും തടി കുറയാന്‍ സഹായിക്കും.

രക്താണുക്കളുടെ ഉല്‍പാദനത്തിന് : രക്താണുക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്നാണ് താറാവുമുട്ട. ആര്‍ബിസി ഉല്‍പാദനത്തിന് സഹായിക്കുന്നതു കൊണ്ടുതന്നെ അനീമിയ പോലെ പ്രശ്നങ്ങളുള്ളവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ ഒന്നാണിത്. ഇതില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ളതാണ് ഗുണം ചെയ്യുന്നത്.

മസിലുകളുണ്ടാകാന്‍ : പുരുഷന്മാര്‍ക്ക് മസിലുകളുണ്ടാകാന്‍ പറ്റിയ നല്ലൊരു വഴിയാണിത്. മാത്രമല്ല, കഠിനമായ ശാരീരിക അധ്വാനം വേണ്ടി വരുന്നവര്‍ക്ക് ശക്തിയും ബലവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്.

തലച്ചോറിന്‍റെ ആരോഗ്യത്തിന് : തലച്ചോറിന്‍റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് താറാവുമുട്ട. പ്രത്യേകിച്ചു കുട്ടികള്‍ക്ക്. ബുദ്ധിശക്തിയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇതിലെ ഘടകങ്ങള്‍ സഹായിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ നല്ലപോലെ നടക്കാന്‍ സഹായിക്കും.

ഊര്‍ജം നല്‍കാന്‍ : ശരീരത്തിന് ഊര്‍ജം നല്‍കാന്‍ പറ്റിയ വഴിയാണ് താറാവുമുട്ട. ഇതില്‍ കൊഴുപ്പും പ്രോട്ടീനുമുണ്ട്. ഇത് എളുപ്പത്തില്‍ ഊര്‍ജമായി മാറും. പ്രോട്ടീന്‍ ഉള്ളതുകൊണ്ടുതന്നെ പെട്ടെന്നു വയര്‍ നിറഞ്ഞ തോന്നലുമുണ്ടാകും.

ചര്‍മത്തിന്‍റെ ആരോഗ്യത്തിന് : ചര്‍മത്തിന്‍റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് താറാവുമുട്ട. ഇതിലെ വൈറ്റമിന്‍ ഡി വരണ്ട ചര്‍മത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് തിളക്കവും ചെറുപ്പവുമെല്ലാം നല്‍കും. ചുളിവുകള്‍ തീര്‍ക്കും. വൈറ്റമിന്‍ ഡിയും വൈറ്റമിന്‍ ഇയുമെല്ലാം ചര്‍മാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

മൈക്രോവേവ് ഓവന്‍: ഉപയോഗം സൂക്ഷിച്ചുവേണം

ഇന്ന് അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളില്‍ ഒന്നായി മൈക്രോവേവ് ഓവനുകള്‍ മാറിക്കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ പെട്ടെന്ന് ചൂടാക്കി എടുക്കാനും പാകം ചെയ്യാനും കഴിയുന്ന ഉപകരണമെന്ന നിലയില്‍ സ്ത്രീകളുടെ ഇഷ്ടഉപകരണങ്ങളുടെ പട്ടികയിലാണ് ഓവനുകള്‍ ഉള്ളത്. എളുപ്പത്തിലും വേഗത്തിലും ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാന്‍ ഓവന്‍ സഹായിക്കുന്നുവെന്നത് നേര് തന്നെ. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് വഴിയുള്ള ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ എത്ര പേര്‍ക്ക് അറിയാം?

മൈക്രോവേവ് ഓവന്‍ പ്രസരിപ്പിക്കുന്ന റേഡിയേഷന്‍ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓവനില്‍ ഭക്ഷണ പദാര്‍ഥം വെച്ച്‌ ബട്ടണ്‍ ഓണ്‍ ചെയ്യുന്നതോടെ മെക്രോവെയ്വ് തരംഗങ്ങള്‍ ഓവനുള്ളില്‍ പ്രസരണം ചെയ്യപ്പെടുകയും അതുവഴി ഭക്ഷണം ചൂടാകുകയോ പാകപ്പെടുകയോ ചെയ്യുകയാണ്. ഈ സമയം 2,500 മെഗാഹേര്‍ട്സ് ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓവനുകള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മനുഷ്യന്‍റെ പ്രത്യുത്പാദന വ്യവസ്ഥയെ ഇത് താറുമാറാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതുവഴി ജനിതക വൈകല്യങ്ങള്‍ക്ക് വരെ ഓവന്‍ കാരണമാകുന്നുണ്ട്. സ്ഥിരമായ ഓവന്‍ ഉപയോഗം ക്യഅന്‍സറിനും വഴിവെക്കും. മനുഷ്യന്‍റെ രോഗപ്രതിരോധ ശേഷിയേയും ഇത് തകരാറിലാക്കുന്നു. ഓവനില്‍ പാകം ചെയ്ത ഭക്ഷണ പഥാര്‍ഥങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ചിലരില്‍ ഉയര്‍ന്ന തോതിലുള്ള പ്രമേഹത്തിനും കാരണമാകുന്നുണ്ട്.

മെക്രോവേവ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓവനുകള്‍ തീരെ ഉപയോഗിക്കരുതെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച്‌ സുരക്ഷിതമായ രീതിയില്‍ ഉപയോഗിച്ച്‌ അതുവഴിയുള്ള പ്രത്യാഘാതങ്ങള്‍ ഒരു പരിധി വരെ തടയാനാകും.

  • കുട്ടികള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു കാരണത്താലും ഓവനില്‍ തയ്യാറാക്കരുത്.
  • ഓവനില്‍ പാകം ചെയ്യുന്ന വസ്തുക്കള്‍ നന്നായി കഴുകിയ ശേഷം ഓവനില്‍ വെക്കുക.
  • നിര്‍ദിഷ്ട സമയത്തിലും കൂടുതല്‍ നേരം ഓവന്‍ പ്രവര്‍ത്തിപ്പിക്കരുത്.
  • മാംസങ്ങളും ലഘുകടികളും ഉണ്ടാക്കുന്നതിന് പകരം പച്ചക്കറികള്‍ പാകം ചെയ്യാന്‍ ഓവന്‍ ഉപയോഗിക്കുക.
  • വെള്ളമോ വറ്റു ദ്രവ്യ വസ്തുക്കളോ ഓവനില്‍ അമിതമായി ചൂടാക്കരുത്. വെള്ളവും മറ്റും ചൂടാക്കാന്‍ ഓവന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.
  • പതിമുകം ശീലമാക്കിയാല്‍ ഗുണങ്ങളേറെയാണ്

നഗരങ്ങളിലും ഗ്രാമങ്ങളിലും ദാഹശമനത്തിനായി അധികം പേരും ഉപയോഗിക്കുന്ന ഒരു വൃക്ഷമാണ് പതിമുകം. ഇതിന്‍റെ നിറമാര്‍ന്ന വെള്ളം ഏറെ രുചികരം. ഒട്ടും വാസനയില്ലാത്ത പതിമുകവെള്ളത്തിനു അതിയായ ഔഷധഗുണമുണ്ടെന്ന കാര്യം ഇപ്പോള്‍ ഏറെ പേര്‍ അറിഞ്ഞുകഴിഞ്ഞു. ഇതിന്‍റെ കാതലാണ് ദാഹശമിനിയായി ഉപയോഗിച്ചുവരുന്നത്.

പതിമുകം കാതലിന് റേഡിയോ പ്രസരണത്തില്‍ പ്രതിരോധശേഷിയുണ്ടെന്ന് കരുതപ്പെടുന്നു. ത്വക്ക് ദൂഷ്യം, രക്തത്തിലെ ദൂഷ്യം, മൂത്രാശയ കല്ലുകള്‍, പുകച്ചില്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ഫലപ്രദമാണ്.നെഞ്ചെരിച്ചില്‍, ദഹനക്കുറവ്, വിശപ്പില്ലായ്മ, വയറ് എരിച്ചില്‍ എന്നിവയ്ക്ക് ശമനം തരുന്നു.

ചപ്പങ്ങം എന്ന പേരില്‍ പറമ്പിന്‍റെ മൂലയില്‍ മാറ്റിനിര്‍ത്തിയിരുന്ന ഒരു തരം മുള്‍വൃക്ഷമാണ് പതിമുകം. വ്യാവസായികാവശ്യങ്ങള്‍ക്കും ഭക്ഷ്യയോഗ്യമായ നിറമായും വ്യാപകമായി ഉപയോഗിക്കുവാന്‍ തുടങ്ങിയത് മുതല്‍ പതിമുകത്തിന്‍റെ നിലവാരമുയര്‍ന്നു. പെട്ടെന്ന് വളര്‍ച്ച പ്രാപിക്കുന്നതും ഏറെ ശ്രദ്ധയൊന്നും ആവശ്യമില്ലാത്തതുമായ ഒരു വൃക്ഷമാണിത്. 

ഗര്‍ഭസ്ഥിരീകരണ സ്വഭാവമുള്ളതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതും ശരീരത്തെ തടിപ്പിക്കുന്നതുമായ പതിമുകം ആയുര്‍വേദത്തില്‍ നിരവധി ഔഷധങ്ങളില്‍ ഉപയോഗിച്ചുവരുന്നുണ്ട്. നവജാത ശിശുക്കളെ പതിമുകം ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുളിപ്പിച്ചാല്‍ ചര്‍മ്മത്തിന് നിറം കൂടുകയും ത്വക്ക് രോഗങ്ങള്‍ വരാതിരിക്കുകയും ചെയ്യും. കൂടാതെ യുവതി-യുവാക്കള്‍ക്കുണ്ടാകുന്ന മുഖക്കുരു, മുഖത്തെ കറുത്തപാടുകള്‍, കരിവാളിപ്പ് എന്നീ അസുഖങ്ങള്‍ക്ക് പതിമുകം തിളപ്പിച്ച വെള്ളം കൊണ്ട് കഴുകുന്നതും ഇതേവെള്ളം ധാരാളം കുടിക്കുന്നതും നല്ല ഗുണം ചെയ്യും.

രക്തശുദ്ധീകരണ പ്രക്രിയയില്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ ഏറെ സഹായിക്കുന്ന ഈ വൃക്ഷകാതലിനോടൊപ്പം ഞെരിഞ്ഞല്‍, ഏകനായകം, തഴുതാമവേര്‍ കൂട്ടിചേര്‍ത്ത് വെന്ത വെള്ളം കുടിക്കുന്നത് പ്രമേഹരോഗികള്‍ക്കും കൊളസ്ട്രോള്‍ കൂടുതലുള്ളവര്‍ക്കും രോഗശമനത്തിനു വേഗത കൂട്ടും.

കുഞ്ഞുങ്ങളെ എറിഞ്ഞ് പിടിക്കല്ലേ

നിറുത്താതെ കരയുന്ന കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ കൈകളില്‍ നിന്ന്പൊക്കി മുകളിലേക്ക് എറിഞ്ഞ് തിരികെ കൈകളില്‍ പിടിക്കുന്ന മാജിക്ക് കാണിക്കുന്നവരാണ് ഏറെയും. എന്നാല്‍, ഇത്തരത്തില്‍ കുട്ടികളുടെ ശരീരം ഉലയുന്നത് മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങളും മരണവും വരെ സംഭവിച്ചേക്കാംഎന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇങ്ങനെ കുലുക്കുന്നതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെ ഷേയ്ക്കന്‍ ബേബി സിന്‍ഡ്രോം എന്നാണ് വിളിക്കുന്നത്.

ഇങ്ങനെ ശരീരത്തിനുണ്ടാകുന്ന ഉലച്ചില്‍ തലച്ചോറിന്ക്ഷതമേല്‍ക്കാന്‍ കാരണമാകാം. ഇത് പിന്നീട് അപസ്മാരത്തിനും മറ്റ് വൈകല്യങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം. പുറത്ത് ബാഹ്യ ലക്ഷണങ്ങള്‍ ഒന്നുംഉണ്ടാവില്ല എന്നതിനാല്‍ പെട്ടെന്ന് കണ്ടെത്താനും ബുദ്ധിമുട്ടാണ്.

എന്താണ് സെപ്റ്റിക് ഷോക്ക്?

ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന അണുബാധ മൂലം രക്തസമ്മര്‍ദം അപകടകരമാം വിധം താഴുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് ടോക്സിക് ഷോക്ക് സിന്‍ഡ്രോം. രോഗകാരണമായ ബാക്ടീരിയ, ഫംഗസ് അല്ലെങ്കില്‍ വൈറസ് അല്ലെങ്കില്‍ ഇവയുടെ വിഷാംശം ഒരു പ്രത്യേക ഭാഗത്തെയോ അല്ലെങ്കില്‍ ശരീരത്തെ പൊതുവായോ ആക്രമിക്കുന്നതിനെയാണ് സെപ്സിസ് എന്നു പറയുന്നത്.

കാരണങ്ങള്‍

സെപ്റ്റിക്ക് ഷോക്ക് ആയിമാറുന്ന അണുബാധയ്ക്ക് ബാക്ടീരിയകളാണ് സാധാരണ കാരണമാവുന്നത്. ഫംഗസുകളും ഇതിനു കാരണമാകാമെങ്കിലും വൈറസുകള്‍ മൂലം അപൂര്‍വമായി മാത്രമേ ഈ സ്ഥിതിവിശേഷമുണ്ടാവുകയുള്ളൂ.

ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് പുറത്തുവിടുന്ന വിഷപദാര്‍ത്ഥങ്ങള്‍ മൂലം കോശകലകള്‍ക്ക് തകരാര്‍ സംഭവിക്കുന്നു. ശരീരം ഇതിനെതിരെ ശക്തമായ കോശജ്വലനത്തോടെയുള്ള (ഇന്‍ഫ്ളമേഷന്‍))) പ്രതികരണം നടത്തുകയാണെങ്കില്‍ സെപ്സിസ് ഗുരുതരമാവും. രക്തധമനികളില്‍ ഉണ്ടാകുന്ന ചെറിയ തടസ്സങ്ങള്‍ മൂലം ശരീരത്തിലെ വിവിധ കോശകലകളിലേക്കുള്ള ഓക്സിജന്‍റെയും പോഷകങ്ങളുടെയും വിതരണം തടസ്സപ്പെടാന്‍ കാരണമാവുന്നു. അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിനും രക്തസമ്മര്‍ദം കുറയുന്നതിനും ഇത് കാരണമായേക്കാം. കുറഞ്ഞ രക്തസമ്മര്‍ദത്തോടു കൂടിയ ഗുരുതരമായ സെപ്സിസിനെയാണ് സെപ്റ്റിക് ഷോക്ക് എന്ന് വിളിക്കുന്നത്. ഈ അവസ്ഥ സങ്കീര്‍ണതകള്‍ക്കും മരണത്തിനും വരെ കാരണമായേക്കാം.

അപകടസാധ്യതാ ഘടകങ്ങള്‍

  • പ്രമേഹം
  • രക്താര്‍ബുദം
  • ലിംഫോമ
  • പ്രതിരോധ ശേഷി ദുര്‍ബലമാക്കുന്ന എയിഡ്സ് പോലെയുള്ള രോഗാവസ്ഥകള്‍
  • ജനീഷ്യോയൂറിനറി സംവിധാനത്തെയും ആമാശയത്തെയും കുടലുകളെയും കരള്‍, പിത്തസഞ്ചി, പിത്താശയക്കുഴലുകള്‍ എന്നിവയെയും ബാധിക്കുന്ന രോഗങ്ങള്‍
  • ഉള്ളില്‍ കടത്തുന്ന കത്തീറ്ററുകള്‍
  • ദീര്‍ഘകാലം ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്
  • അടുത്തകാലത്ത് ഉണ്ടായ അണുബാധ
  • അടുത്തകാലത്ത് നടത്തിയ ശസ്ത്രക്രിയ
  • സ്റ്റിറോയിഡുകളുടെ ഉപയോഗം (പ്രതിരോധശേഷിയെ അമര്‍ച്ചചെയ്യുന്ന മരുന്നുകള്‍)
  • അവയവം മാറ്റിവയ്ക്കല്‍ അല്ലെങ്കില്‍ മജ്ജ മാറ്റിവയ്ക്കല്‍

ലക്ഷണങ്ങള്‍

തലച്ചോര്‍, ഹൃദയം, വൃക്കകള്‍, കുടല്‍ തുടങ്ങി ശരീരത്തിന്‍റെ ഏതു ഭാഗയത്തെ വേണമെങ്കിലും സെപ്റ്റിക് ഷോക്ക് ബാധിക്കാം. ഇതിന്‍റെ ലക്ഷണങ്ങള്‍ ഇനി പറയുന്നു;

  • വിളറിയതും തണുത്തതും ഈര്‍പ്പമുള്ളതുമായ ചര്‍മ്മം
  • വളരെ താഴ്ന്നത് അല്ലെങ്കില്‍ ഉയര്‍ന്ന ശരീരോഷ്മാവ്
  • തലയ്ക്ക് ഭാരമില്ലായ്മ
  • താഴ്ന്ന രക്തസമ്മര്‍ദം
  • നെഞ്ചിടിപ്പ്
  • ഹൃദയമിടിപ്പ് വേഗത്തിലാവുക
  • ഓക്കാനവും ഛര്‍ദിയും
  • കിതപ്പ്
  • ക്ഷീണം, മയക്കം, വിക്ഷോഭം

ചികിത്സ

സെപ്റ്റിക് ഷോക്ക് നേരത്തെ കണ്ടുപിടിക്കുന്നത് ജീവന്‍ നിലനിര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കും. അണുബാധയുടെ കാരണം, പ്രവര്‍ത്തനരഹിതമായ അവയവങ്ങള്‍, എത്രത്തോളം വേഗത്തില്‍ ചികിത്സ ലഭ്യമാക്കി എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സെപ്റ്റിക് ഷോക്ക് ബാധിച്ച വ്യക്തിയുടെ അതിജീവനം.

പ്രതിരോധം

ബാക്ടീരിയ അണുബാധകള്‍ക്ക് ശരിയായ ചികിത്സ തേടുന്നത് സഹായകരമായിരിക്കും. സെപ്റ്റിക്ക് ഷോക്കിന്‍റെ മിക്ക കേസുകളും പ്രതിരോധിക്കാന്‍ കഴിയാത്തതാണ്.

സങ്കീര്‍ണതകള്‍

  • ശ്വസന പ്രക്രിയ തടസ്സപ്പെടുന്നു
  • ഹൃദയാഘാതം
  • വൃക്കത്തകരാര്‍
  • ഗംഗ്രീന്‍ (രക്തയോട്ടമില്ലാത്തതു കാരണമോ അണുബാധ മൂലമോ കോശകലകള്‍ നശിക്കുന്ന അവസ്ഥ)

അപകട സൂചനകള്‍

സെപ്റ്റിക്ക് ഷോക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടിയന്തിരമായി വൈദ്യസഹായം തേടുക.

നെല്ലിക്ക ജ്യൂസിന്‍റെ ആരോഗ്യഗുണങ്ങള്‍

നെല്ലിക്ക ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യകരമായ മാറ്റങ്ങളെക്കുറിച്ചറിയൂ..

നെല്ലിക്ക ജ്യൂസ് പ്രമേഹ രോഗികള്‍ക്ക് ഉത്തമ ഔഷധമാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൃത്യമാക്കുന്നു. ഇതിലൂടെ പ്രമേഹം നിയന്ത്രണവിധേയമാകുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കുന്ന കാര്യത്തിലും നെല്ലിക്ക മുന്‍പിലാണ്. ചില സമയങ്ങളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് കൊളസ്ട്രോളിന്റെ അളവ് കുറയുകയും കൂടുകയും ചെയ്യുന്നു. ഇതിനെ പ്രതിരോധിയ്ക്കാന്‍ നെല്ലിക്ക ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് നല്ലതാണ്. ആന്‍റെ ഓക്സിഡന്‍റ് ധാരാളം അടങ്ങിയതിനാല്‍ ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.

ജലദോഷവും പനിയുമാണ് മറ്റൊരു പ്രശ്നം. ഇതിനെ എളുപ്പത്തില്‍ തുരത്താനും നെല്ലിക്ക ജ്യൂസ് കഴിച്ചാല്‍ മതി.

വായിലെ അള്‍സറിനെ പ്രതിരോധിയ്ക്കാനും നെല്ലിക്ക ജ്യൂസ് ഉത്തമമാണ്.

ലൈംഗിക ജീവിതം ആസ്വാദ്യകരമാക്കാനും നെല്ലിക്ക ജ്യൂസ് കഴിയ്ക്കാം.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ടെന്നത് തന്നെയാണ് ഇതിന് കാരണം.മുടി വളര്‍ച്ച മെച്ചപ്പെടുത്തുന്നതിന് നെല്ലിക്ക ജ്യൂസ് ശീലമാക്കാം. എല്ലാ ദിവസവും രാവിലെ നെല്ലിക്ക ജ്യൂസ് കഴിയ്ക്കുന്നത് മുടി വളര്‍ച്ചയെ വേഗത്തിലാക്കുന്നു.

ചര്‍മ്മസംരക്ഷണത്തിനും ഏറ്റവും ബെസ്റ്റ് മാര്‍ഗ്ഗമാണ് നെല്ലിക്ക ജ്യൂസ്. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങളില്‍ നിന്ന് സഹായിക്കുന്നു.

കുട്ടികളിലെ വിളര്‍ച്ചയുടെ ലക്ഷണങ്ങള്‍

കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ പല തരത്തിലാണ് ബാധിക്കുന്നത്. കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതുകൊണ്ട് തന്നെയാണ് അസുഖങ്ങള്‍ വളരെ വേഗത്തില്‍ കുട്ടികളെ പിടികൂടുന്നത്. അനീമിയ ഇത്തരത്തില്‍ കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. കുട്ടികളില്‍ പല കാരണങ്ങള്‍ കൊണ്ടും അനീമിയ ഉണ്ടാവാം. ഭക്ഷണത്തിന്‍റെ അഭാവം തന്നെയാണ് പലപ്പോഴും കുട്ടികളിലെ വിളര്‍ച്ചക്ക് കാരണം.

അനീമിയ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയും. എന്നാല്‍ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ഇത് കുട്ടികളില്‍ പല തരത്തിലുള്ള വൈകല്യങ്ങളും ഉണ്ടാക്കും. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

തളര്‍ച്ചയും ക്ഷീണവും ഓക്‌സിജന്‍ വഹിക്കുന്ന ചുവപ്പ് രക്തകോശങ്ങളുടെ കുറവ് മൂലം ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതാവും. ശരീരത്തിന്‍റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനത്തിന് ഓക്‌സിജന്‍ ആവശ്യമായതിനാല്‍ അതിന്‍റെ  അപര്യാപ്തത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

വിളറിയ ചര്‍മ്മം അനീമിയ ഉള്ള കുട്ടികള്‍ ചുവന്ന രക്തകോശങ്ങള്‍ കുറഞ്ഞവരോ, അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞവരോ ആണ്. ഇത് വിളര്‍ച്ചയുണ്ടാക്കും. കുട്ടികളിലെ അനീമിയയുടെ പ്രധാന ലക്ഷണമാണ് വിളര്‍ച്ച.

ശ്വാസതടസ്സം കുട്ടികളുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന രക്തകോശങ്ങള്‍ കുറവായിരിക്കും. ഹൃദയത്തിലേക്കുള്ള ഓക്‌സിജന്‍റെ കുറവ് ശ്വാസതടസ്സത്തിന് കാരണമാകും

അസാധാരണമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം ചില കുട്ടികള്‍ക്ക് ഐസ്, പെയിന്‍റ്, സ്റ്റാര്‍ച്ച് തുടങ്ങിയവയോട് ആസക്തിയുണ്ടാകും. അനീമിയ ഉള്ള കുട്ടികളിലെ പെരുമാറ്റ മാനസിക നിലയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്.

വിശപ്പില്ലായ്മ അനീമിയ ഉള്ള കുട്ടികള്‍ ക്ഷീണിതരും തളര്‍ച്ചയുള്ളവരുമായിരിക്കും. സാധാരണമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ പോലും അവര്‍ക്ക് പ്രയാസമായിരിക്കും. ഇതാണ് വിശപ്പ് കുറവിന് പിന്നിലെ പ്രധാന കാരണം.

ഇടക്കിടെയുള്ള അണുബാധ ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കുറവ് രോഗപ്രതിരോധ ശേഷി കുറക്കുക മാത്രമല്ല, ഇടക്കിടെ രോഗബാധയ്ക്കും കാരണമാകും. ഇത് അനീമിയയുടെ പ്രധാന ലക്ഷണമാണ്.

റെസ്റ്റ്ലെസ് ലെഗ് സിന്‍ഡ്രോം(ആര്‍എല്‍എസ്) അനീമിയ ഒരു അവസ്ഥ അല്ലെങ്കില്‍ തകരാറ് രൂപപ്പെടാന്‍ കാരണമാകും. റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ തോന്നലാണ്. രാത്രിയിലാണ് പകല്‍ സമയത്തേക്കാള്‍ ഈ പ്രശ്‌നം അനുഭവപ്പെടുക.

വൃക്കയില്‍ കല്ല്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൃക്കയില്‍ കല്ല് എന്നു കേള്‍ക്കുമ്പോഴേ വേദനിക്കും. എന്നാല്‍ ജീവിതശൈലിയില്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ കല്ലുകളെ പ്രതിരോധിക്കാവുന്നതേ ഉള്ളൂ.

കല്ലുകള്‍ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളിലൊന്നു വെള്ളം കുടിക്കാത്തതാണ്. അല്ലെങ്കില്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുന്നതാണ്. ചായ, കാപ്പി തുടങ്ങിയ പാനീയങ്ങള്‍ കുറച്ചിട്ട് പ‍ഴം, പച്ചക്കറി ഇവയടങ്ങിയ ജ്യൂസുകള്‍ കുടിക്കുക.

ഭക്ഷണം നിയന്ത്രിച്ചാല്‍ വൃക്കയിലെ കല്ലിനെ അകറ്റാം. മാംസാഹാരം അമിതമായി ക‍ഴിക്കാതിരിക്കുക, ആ‍ഴ്ചയില്‍ ഒരു മുട്ടയും പാലുല്‍പന്നങ്ങള്‍ ചെറിയ തോതിലും ഉപയോഗിക്കുക.കാല്‍സ്യത്തിന്‍റെ അളവ് കൂടുതലുള്ള മത്സ്യങ്ങള്‍ ഒ‍ഴിവാക്കുക. ഇലക്കറികള്‍ നല്ലതാണ് പക്ഷെ മൂത്രാശയ രോഗങ്ങളുള്ളവര്‍ക്ക് നിയന്ത്രണം ആവശ്യമാണ്.

പ‍ഴങ്ങള്‍ നല്ലതാണ് പക്ഷെ യൂറിക് ആസിഡ് അമിതമായുള്ള കറുത്ത മുന്തിരി , സപ്പോട്ട എന്നിവ ഉപേക്ഷിക്കുന്നതാണ് ഉത്തമം. ഭക്ഷണവും വെള്ളവും ആവശ്യമായ രീതിയില്‍ നിയന്ത്രിച്ചാല്‍ കല്ലിനുള്ള സാധ്യതകള്‍ കുറയുമെങ്കിലും കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ഗുരുതരാവസ്ഥ ഉണ്ടാകുന്നത് തടയാനും വര്‍ഷത്തിലൊരിക്കല്‍ വയറിന്‍റെ അള്‍ട്രാ സൗണ്ട് സ്കാന്‍ ചെയ്യുന്നത് നല്ലതാണ്.

ചര്‍മകാന്തി നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ശരിയായ ഭക്ഷണക്രമം നമ്മുടെ ചർമത്തിന് പ്രസരിപ്പുംഓജസും പ്രദാനം ചെയ്യുന്നു. ചർമം വരളാതിരിക്കാൻ ശരിയായ ഭക്ഷണക്രമംപാലിക്കേണ്ടതുണ്ട്. ചർമകാന്തി നിലനിർത്തുന്ന ഭക്ഷണക്രമത്തെക്കുറിച്ചറിയൂ...

പഴങ്ങളും പച്ചക്കറികളും: നമ്മുടെഅനുദിന ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തുക. അവയിൽധാരാളം വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റ്സും അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെചർമത്തെ സംരക്ഷിക്കുന്നു. സിട്രസ് ഫ്രൂട്ട്സായ ഓറഞ്ച്, നാരങ്ങ, മുന്തിരി, മന്താറിൻ എന്നിവ ചർമത്തിന്‍റെ സ്വാഭാവിക ആകൃതി നിലനിർത്താൻ സഹായിക്കും. ഇവയുടെ കുറവ് ത്വക് രോഗങ്ങൾക്കും ചർമം ചുളിയാനും വരണ്ടതാക്കുവാനും കാരണമാകുന്നു.
മാംസ്യത്തിന്‍റെ പ്രാധാന്യം: പാന്‍റോന്തെനിക് ആസിഡ്  ഊർജോൽപാദനത്തിനും ഫാറ്റ്മെറ്റബോളിസം നടക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടുതലായിഅടങ്ങിയിരിക്കുന്നത് കോഴിയിറച്ചി, കരൾ, മുട്ട, തവിടോടുകൂടിയ ധാന്യങ്ങൾഎന്നിവയിലാണ്.
റൈബോഫ്ളാവിെൻറ കുറവ് ചുണ്ടുകളിലെ വിള്ളൽ, ഉണങ്ങാത്ത മുറിവ്, ത്വക്കിലെ അസ്വസ്ഥത (ചർമവീക്കം) എന്നിവയിലേക്ക്നയിക്കുന്നു. ഇത് കൂടുതലായി അടങ്ങിയിരിക്കുന്നത് പാൽ, പാലുത്പന്നങ്ങൾ (പാൽക്കട്ടി, തൈര്) എന്നിവയിലും ചീര, വെണ്ണപ്പഴം, കൂണ്‍, ചിക്ക്പീസ്എന്നിവയിലുമാണ്.
വെള്ളം കുടിക്കണം: ചർമത്തിന്‍റെ ആരോഗ്യത്തിന് നിർജലീകരണം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ തന്നെവെള്ളം, പച്ചക്കറികൾ, പഴവർഗങ്ങൾ (ജ്യൂസ്) എന്നിവ ധാരാളമായി ഉപയോഗിക്കുക. ഒരുദിവസം ഒന്നര/രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിച്ചിരിക്കണം. വിറ്റാമിൻഎ സമൃദ്ധമായ കാരറ്റ് ത്വക്കിന് ക്ഷീണമുണ്ടാക്കാതെ സംരക്ഷിക്കുന്നു.

മുഴുധാന്യങ്ങൾ, നട്സ്, പച്ചക്കറികൾ, യീസ്റ്റ് എന്നിവയിൽ നിന്നുമാണ് വിറ്റാമിൻ ബി നമുക്ക് ലഭിക്കുന്നത്. ബയോട്ടിൻ, റൈബോഫ്ളാവിൻ, പാന്‍റോന്തെനിക് ആസിഡ് എന്നിവ ചർമത്തിന്‍റെ ആരോഗ്യത്തിന്അത്യന്താപേക്ഷിതമാണ്. ബയോട്ടിൻ (ബി7) കൂടുതലായി ഉള്ളത് സോയാബീൻ, ഓട്സ്, ബാർലി, കോണ്‍ എന്നിവയിലാണ്. 

കൊളാജെൻ ഒരു സ്പോഞ്ചുപോലെ പ്രവർത്തിച്ച് ചർമത്തിലെ ഈർപ്പംനിലനിർത്തുന്നു. കൊളാജെൻ ഉത്പാദനത്തിന് സഹായിക്കുന്നത് വിറ്റാമിൻസി ആണ്.സിങ്കിലുള്ള ആന്‍റി ഇൻഫ്ളമേറ്ററി കഴിവുപയോഗിച്ച് ത്വക്കിന്‍റെ മൃദുത്വം നിലനിർത്തുന്നു.
കൊഴുപ്പ് : കൊഴുപ്പ്ത്വക്കിന്‍റെ  ഒരു ഭാഗമാണ്. ഇത് ത്വക്കിന്‍റെ സംരക്ഷകരാണ്. ത്വക്കിൽ ആവശ്യത്തിന് കൊഴുപ്പില്ലാതിരുന്നാൽ ജലാംശം പെട്ടെന്ന് നഷ്ടപ്പെടുകയും ചർമം വരണ്ടുപോവുകയും ചെയ്യും. പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്സ് (PUFA)ചർമത്തിൽ ഇൻട്രാ സെല്ലുലാർ ലിക്വിഡ് ഉണ്ടാക്കാൻ സഹായിക്കുന്നു. രണ്ടുതരത്തിലുള്ള ഫാറ്റി ആസിഡുകളായ ഒമേഗ 3യും ഒമേഗ 6ഉം നമുക്ക് കിട്ടുന്നത്ഭക്ഷണത്തിൽ നിന്നാണ്. ഒമേഗ 3 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത്സാൽമണ്‍, അയില, മത്തി എന്നീ മത്സ്യങ്ങളിലും ഫ്ളാങ്ക് സീഡ് എന്നിവയിലുമാണ്.ഒമേഗ 6 ഫാറ്റി ആസിഡ് കൂടുതലായി അടങ്ങിയിരിക്കുന്നത് സണ്‍ഫ്ളവർ ഓയിൽ, കോണ്‍ഓയിൽ എന്നിവയിലാണ്.
ചായയും കാപ്പിയും കുറയ്ക്കാം : ആൽക്കഹോൾ, ബിവറേജ് (ചായ, കാപ്പി മുതലായവ) എന്നിവയിൽ കഫീൻ അടങ്ങിയിരിക്കുന്നതിനാൽ ചർമത്തിന്‍റെ വരൾച്ചയ്ക്കും നിർജലീകരണത്തിനും വഴിതെളിക്കുന്നു. അതുകൊണ്ട് ഇവ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.വിറ്റാമിൻ ഇ ചർമത്തിന് അത്യാവശ്യമായ മറ്റൊരു ഘടകമാണ്. ഇത് ധാരാളമടങ്ങിയിരിക്കുന്നത് ചീര, നട്സ്, ഒലീവ് എന്നിവയിലാണ്.

നമ്മുടെ ചർമത്തിന് ചെറിയൊരളവ് വെളിച്ചെണ്ണ അത്യാവശ്യമാണ്. ഇത് ചർമത്തിന് അയവുവരുത്തുകയും കുരുക്കളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

കണ്ണിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കണ്ണ് ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ പലപ്പോഴും കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ചെറിയ കുട്ടികള്‍ മുതലങ്ങോട്ട് പലരും കണ്ണട വെക്കേണ്ടതായി വരുന്നത്. ഭക്ഷണ രീതിയും ജീവിതശൈലിയിലെ മാറ്റങ്ങളും എല്ലാമാണ് പലപ്പോഴും കണ്ണിന്‍റെ ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്.

എന്നാല്‍ കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കിയാല്‍ അത് കണ്ണിനേയും കാഴ്ച ശക്തിയേയും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി.

കണ്ണിന്‍റെ ആരോഗ്യം നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ച്‌ കിട്ടാന്‍ എന്തൊക്കെ ചെയ്തിട്ടും ഫലമില്ല. അതുകൊണ്ട് തന്നെയാണ് കണ്ണിന്‍റെ ആരോഗ്യകാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നമ്മള്‍ നല്‍കേണ്ടത്. അല്ലാത്ത പക്ഷം കണ്ണിന്‍റെ ആരോഗ്യം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി ഇത്തരം കാര്യങ്ങളില്‍ ചിലത് ശ്രദ്ധിച്ചാല്‍ കണ്ണിനെ നമുക്ക് പൊന്നുപോലെ സംരക്ഷിക്കാം. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഭക്ഷണം : കണ്ണിന്‍റെ ആരോഗ്യവും മതിയായ കാഴ്ചശക്തിയും നിലനിര്‍ത്തുന്നതിന് വൈറ്റമിന്‍ എ യും കെയും അടങ്ങിയ ഭക്ഷണം അത്യന്താപേക്ഷിതമാണ്. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാന്‍ ശ്രമിക്കണം

ഇടവേളയെടുക്കുക: കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നവരും പുസ്തകം വായിക്കുന്നവരും ഇടക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ഇത് സഹായകരമാകും. കണ്ണില്‍ തണുത്ത വെള്ളമൊഴിച്ച്‌ കണ്ണുകള്‍ അഞ്ച് മിനിറ്റ് അടച്ചുവെക്കുക. ഇതിന് ശേഷം ജോലി,വായന തുടരുക

കൃഷ്ണമണികള്‍: :

ഇടക്ക് കൃഷ്ണമണികള്‍ അഞ്ചുമിനിറ്റ് വൃത്താകൃതിയില്‍ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടക്കുകയോ ചെയ്യുക. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ രണ്ട് കൈയും ചേര്‍ത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികള്‍ കണ്ണിന് മുകളില്‍ വെക്കുകയും വേണം. ഈര്‍പ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്‍റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

വെള്ളരി : വെള്ളരിവൃത്താകൃതിയില്‍ അരിഞ്ഞ് കണ്ണിന് മുകളില്‍ വെക്കുന്നത് വഴി കണ്ണിന് ഈര്‍പ്പം ലഭിക്കും. ചുറ്റുമുള്ള കറുത്ത നിറം കുറക്കാനും ചുവന്നുകലങ്ങല്‍ ഒഴിവാക്കി കണ്ണിനെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കാനും ഇത് വഴി കഴിയും.

ഈര്‍പ്പം : കണ്ണിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് ഈര്‍പ്പം. വെള്ളരി ലഭിക്കാത്ത പക്ഷം മോയിസ്ചറൈസിംഗ് ഡ്രോപ്പ് ഉപയോഗിക്കുക

കണ്ണ് തിരുമുന്നത് ഒഴിവാക്കുക: രാവിലെ എഴുന്നേല്‍ക്കുമ്പോഴോ കണ്ണില്‍ എന്തെങ്കിലും പോയാലോ കണ്ണ് തിരുമുന്നത് ഒഴിവാക്കുക. പകരം കണ്ണിലേക്ക് തണുത്ത വെള്ളം ചീറ്റിക്കുക

സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക: പുറത്ത് പോകുമ്പോള്‍ സണ്‍ഗ്ളാസുകള്‍ ഉപയോഗിക്കുക. കണ്ണുകളില്‍ വെയിലടിക്കുന്നത് ഈര്‍പ്പം കുറയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വര്‍ധിക്കാനും കാരണമാകും. കാഴ്ച ശക്തിയെ സാരമായി തകരാറിലാക്കാനും കാരണമാകുന്നു.

കണ്ണില്‍ കരട് പോയാല്‍ :അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ ഒരു സ്ഥലത്താണ് നമ്മുടെ ജീവിതം. അതുകൊണ്ട് തന്നെ കണ്ണില്‍ കരട് പോവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇനി ഇത്തരത്തില്‍ കണ്ണില്‍ കരട് പോയാല്‍ അതിനെ എടുക്കുന്നതിനായി ഒരിക്കലും കണ്ണ് തിരുമ്മരുത്. കാരണം കണ്ണ് തിരുമ്മുന്നത് കാഴ്ച ശക്തിയെ വരെ ദോഷകരമായി ബാധിക്കുന്നു.

വെള്ളം ധാരാളം കുടിക്കുക : കണ്ണിന്‍റെ  ആരോഗ്യത്തിനും വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് കണ്ണിന്‍റെ ആരോഗ്യത്തേയും വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുക. അത് കൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

കാന്‍സറിന്‍റെ ആരംഭ ലക്ഷണങ്ങള്‍ തിരിച്ചറിയാം

ഒരോരുത്തരിലും കാന്‍സര്‍ ഓരോ രൂപത്തിലാണ് വരിക.എന്നാല്‍ ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ സുഖപ്പെടുത്താന്‍ സാധിക്കുന്ന രോഗമാണ് കാന്‍സര്‍..  കൃത്യമായ ശ്രദ്ധയും നിരീക്ഷണവുമുണ്ടെങ്കില്‍ കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. ശരീരം തരുന്ന ഈ മുന്നറിയിപ്പുകള്‍ ഒരിക്കലും അവഗണിയ്ക്കരുതേ

കാന്‍സറിന്‍റെ ലക്ഷണങ്ങള്‍

  • ശരീരത്തില്‍ കാണപ്പെടുന്ന മുഴകളുംതടിപ്പുകളും
  • ഉണങ്ങാത്ത വ്രണങ്ങള്‍
  • മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന അസാധാരണമായ മാറ്റങ്ങള്‍
  • വായിക്കുള്ളില്‍ പഴുപ്പ് , വെള്ള നിറത്തിലോ പുവന്ന നിറത്തിലോ ഇള്ള പാടുകളും മുറിവുകളും
  • സ്തനങ്ങളിലെ മുഴകള്‍ വീക്കം
  • പെട്ടന്നുള്ള ഭാരക്കുറവ്
  • വിട്ടുമാറാത്ത ചുമയും തൊണ്ടയടപ്പും
  • മറുക്, കാക്കപ്പുള്ളി, അരിമ്പാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.
  • അസ്വഭാവികമായ രക്തസ്രാവം / വെള്ളപോക്ക്
  • ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും

ഇവയൊന്നും തന്നെ കാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍ ഈ ലക്ഷണങ്ങളിലേതെങ്കിലും ചികിത്സയ്ക്കു ശേഷം പതിനഞ്ചു ദിവസത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം.

കടപ്പാട് : ഇന്‍ഫോ മാജിക്

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate