অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ ശീലങ്ങള്‍

ആരോഗ്യ ശീലങ്ങള്‍

വളർത്താം... ആരോഗ്യമുള്ള ഭക്ഷണശീലം

‘‘നിങ്ങളുടെ ഭക്ഷണശീലം ബാങ്ക്‌ അക്കൗണ്ട്‌ പോലെയാണ്‌. ആരോഗ്യകരമായ ഭക്ഷണം മികച്ച നിക്ഷേപത്തിന്‌ തുല്യവും’’ -ബെഥനി ഫ്രാങ്കൽ

അമ്മേ, അച്ഛൻ വരുമ്പോൾ എനിക്കൊരു ജ്യൂസ്‌ വാങ്ങിയിട്ട്‌ വരാൻ പറയുമോ...?‘‘മോനേ, രണ്ടു ദിവസമല്ലേ ആയുള്ളു ജ്യൂസ്‌ വാങ്ങിയിട്ട്‌. ഇത്തരം കൃത്രിമ പാനീയങ്ങൾ സ്ഥിരമായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ നല്ലതല്ല.’’

‘‘അമ്മേ, ജ്യൂസിന്‌ നല്ല ടെയ്‌സ്റ്റല്ലേ ? എല്ലാവരും വാങ്ങി കുടിക്കുന്നുണ്ടല്ലോ ?’’‘‘മറ്റുള്ളവർ ചെയ്യുന്നതെല്ലാം നമ്മൾ അനുകരിക്കണമെന്നില്ല. ഭക്ഷണമായാലും പാനീയമായാലും നമ്മുടെ വായുടെ രുചി മാത്രം നോക്കിയാൽ പോരാ. അതു നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും എന്നുകൂടി ചിന്തിക്കണം.’’

‘‘വേനൽക്കാലത്ത്‌ ജ്യൂസൊക്കെ കുടിക്കുന്നത്‌ നല്ലതാണെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ടല്ലോ ?’’‘‘വേനൽക്കാലത്ത്‌ ചൂടു കൂടുമ്പോൾ നമ്മുടെ ശരീരത്തിൽ നിന്നും ധാരാളം വെള്ളം നഷ്ടപ്പെടും. അതുകൊണ്ടുതന്നെ, നാം ആ സമയത്ത്‌ ധാരാളം വെള്ളം കുടിക്കേണ്ടതാണ്‌. പഴച്ചാറുകളും മറ്റും കുടിക്കുന്നതു നല്ലതാണ്‌. എന്നാൽ, ടിന്നിലും കുപ്പിയിലും നിറച്ചു വരുന്ന കൃത്രിമ പാനീയങ്ങൾ ആരോഗ്യത്തിന്‌ ഒട്ടും ഗുണകരമല്ല.’’

‘‘പൈനാപ്പിളിന്റെയും മാംഗോയുടെയും ഓറഞ്ചിന്റെയും ഒക്കെ ജ്യൂസാണല്ലോ ടിന്നിലും കുപ്പിയിലും ഒക്കെ വരുന്നത്‌ ?’’‘‘മോനേ, അതൊക്കെ കൃത്രിമമായി ഉണ്ടാക്കുന്ന നിറവും രുചിയുമാണ്‌. യഥാർഥത്തിലുള്ള പഴച്ചാറുകളൊന്നും ഇതിൽ ചേർക്കുന്നില്ല.’’‘‘ഇത്തരം ജ്യൂസുകൾ സ്ഥിരമായി കഴിച്ചാൽ ആരോഗ്യത്തിന്‌ ദോഷമാണെന്നാണോ അമ്മ പറയുന്നത്‌ ?’’‘‘അതെ, മനുക്കുട്ടാ ഇത്തരം ജ്യൂസുകൾ മാത്രമല്ല, സ്ഥിരമായി ബേക്കറി പലഹാരങ്ങൾ കഴിക്കുന്നതും നല്ലതല്ല. കൂടാതെ, വറുത്തതും പൊരിച്ചതും അധികമായി കഴിക്കുന്നതും നമ്മുടെ ദഹനപ്രക്രിയയ്ക്ക്‌ ദോഷം ചെയ്യും.’’‘‘കൃത്രിമ പാനീയങ്ങളുടെയും ജങ്ക്‌ ഫുഡിന്റെയും ഉപയോഗം എങ്ങനെയൊക്കെയാണ്‌ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്‌ ?’’

‘‘കൃത്രിമ പാനീയങ്ങളുടെ കാര്യമെടുക്കാം, കൃത്രിമ പാനീയങ്ങളിൽ ആസിഡിന്റെ അളവ്‌ കൂടുതലുണ്ടാകും. കൂടാതെ, പഞ്ചസാരയുടെ ഉപയോഗവും കൂടും. ഇതു രണ്ടും ആരോഗ്യത്തിന്‌ നന്നല്ല.’’‘‘ഫ്രഷ്‌ ജ്യൂസ്‌ നല്ലതാണോ?’’‘‘മധുരം കുറഞ്ഞ ഫ്രഷ്‌ ജ്യൂസ്‌ നല്ലതാണ്‌, വെജിറ്റബിൾ ജ്യൂസും നല്ലതാണ്‌. എന്നാൽ, എല്ലാം നിശ്ചിത അളവിലേ ഉപയോഗിക്കാവൂ. ‘അധികമായാൽ അമൃതും വിഷം’ എന്ന്‌ കേട്ടിട്ടില്ലേ... ? മറ്റൊരു കാര്യം, ഏതുതരം ജ്യൂസ്‌ കഴിച്ചാലും വായ കഴുകാൻ മറക്കരുത്‌.’’ ‘‘അതെന്തിനാണമ്മേ’’?‘‘ജ്യൂസിൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്‌. ഇതു വായിലിരുന്നാൽ ദന്തക്ഷയത്തിന്‌ കാരണമാകും.’’

‘‘ജ്യൂസൊഴിവാക്കി വെറും വെള്ളം കുടിച്ചാൽ മടുക്കില്ലേ ? അതിനെന്താണ്‌ ഒരു പോംവഴി?’’‘‘പറഞ്ഞല്ലോ, നമുക്ക്‌ ഫ്രഷ്‌ ജ്യൂസ്‌ ഉപയോഗിക്കാം. ജ്യൂസായിട്ടല്ലാതെ പഴങ്ങൾ ധാരാളമായി കഴിക്കുന്നതും നല്ലതാണ്‌. കൂടാതെ ലസ്സി, സംഭാരം, കരിക്കിൻ വെള്ളം തുടങ്ങിയവയെല്ലാം ശരീരത്തിനു ഗുണകരമായ പാനീയങ്ങളാണ്‌.’’‘‘വറുത്തതും പൊരിച്ചതുമായ ഭക്ഷണം നല്ലതല്ല എന്നല്ലേ അമ്മ പറഞ്ഞത്‌. പക്ഷേ, ടെയ്‌സ്റ്റ്‌ കൂടുതൽ അതിനാണല്ലോ ?’’

‘‘അതാണ്‌ നേരത്തെ പറഞ്ഞത്‌, നമ്മൾ രുചി മാത്രം നോക്കിയാൽ പോരാ, ഗുണം കൂടി നോക്കണമെന്ന്‌. വല്ലപ്പോഴും വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണം കഴിക്കണമെന്നു തോന്നിയാൽ, അത്‌ വീട്ടിൽ നിന്നാകുന്നതാണ്‌ നല്ലത്‌. കടകളിലും മറ്റും പലപ്പോഴും ഉപയോഗിച്ച എണ്ണ തന്നെ വീണ്ടും ഉപയോഗിക്കുന്നതായി കാണാറുണ്ട്‌. വീണ്ടും വീണ്ടും എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത്‌ കാൻസറിനും അൾസറിനുമെല്ലാം കാരണമാകും.’’‘‘അതൊക്കെ കൊണ്ടാണോ സ്ഥിരമായി ഹോട്ടൽ ഭക്ഷണം കഴിക്കരുതെന്ന്‌ പറയുന്നത്‌ ?’’

‘‘അതെ മനുക്കുട്ടാ, അജിനാമോട്ടോ പോലുള്ള രാസവസ്തുക്കൾ ഭക്ഷണത്തിന്‌ രുചി കൂട്ടുമെങ്കിലും അമിതമായ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക്‌ വഴിതെളിക്കും. ഒരിക്കൽ കഴിച്ചാൽ വീണ്ടും അത്തരം ഭക്ഷണം കഴിക്കാനുള്ള ഒരാസക്തിയും ഇത്തരം രാസവസ്തുക്കളുടെ പ്രത്യാഘാതങ്ങളിൽ ഒന്നാണ്‌.’’

‘‘ഐസ്‌ക്രീമും സ്വീറ്റ്‌സും എല്ലാം കഴിക്കുന്നത്‌ നല്ലതാണോ?’’‘‘ഇതു രണ്ടും കുട്ടികളുടെ പ്രിയപ്പെട്ട ഭോജനങ്ങളാണ്‌. ഇവയുടെ രുചിയും എല്ലാവർക്കും ഇഷ്ടമാണ്‌. എന്നാൽ, ഇവയിലെ അമിത കലോറി ഹൃദ്രോഗ സാധ്യതയ്ക്ക്‌ വഴിതെളിക്കും. പൂരിത കൊഴുപ്പ്‌ കൂടുതലായതു കൊണ്ട്‌ കൊളസ്‌ട്രോൾ നിലയും വർധിക്കും. അതുകൊണ്ട്‌, ഇവയുടെ ഉപയോഗവും വല്ലപ്പോഴുമായി ചുരുക്കുന്നതാണ്‌ നല്ലത്‌.’’‘‘അമ്മേ, ഇത്തരം ഭക്ഷണസാധനങ്ങൾ നിയന്ത്രിക്കണമെന്ന്‌ പറഞ്ഞല്ലോ ? ആരോഗ്യത്തിന്‌ ഗുണകരമായ ഭക്ഷണശീലങ്ങൾ എന്തെല്ലാമാണ്‌ ?’’

‘‘വളർന്നുവരുന്ന ‘ഫാസ്റ്റ്‌ ഫുഡ്‌’ സംസ്കാരം നമ്മുടെ നാടൻ വിഭവങ്ങളെ നാടുകടത്തിക്കൊണ്ടിരിക്കുകയാണ്‌. നാരടങ്ങിയതും പോഷകം നിറഞ്ഞതുമായ ആഹാര സാധനങ്ങൾ കഴിക്കാൻ നാം ശ്രദ്ധിക്കണം. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, ഭക്ഷണത്തിന്റെ രുചിയേക്കാൾ പ്രാധാന്യം ഗുണത്തിനാണെന്നു തിരിച്ചറിയണം. വയറു നിറഞ്ഞാൽ എത്ര രുചിയുള്ള ഭക്ഷണമായാലും പിന്നീട്‌ കഴിക്കരുത്‌. മറ്റൊരു കാര്യം ടി.വി. കണ്ടുകൊണ്ട്‌ ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്‌. കാരണം, ടി.വി.യിൽ ശ്രദ്ധിച്ചിരിക്കുമ്പോൾ നമ്മളറിയാതെ ആവശ്യത്തിലധികം ഭക്ഷണം കഴിച്ചുപോകും.’’

‘‘ഭക്ഷണം അധികമായാൽ എന്താണ്‌ ദോഷം ?’’.‘‘ഭക്ഷണം അധികമാകുന്നത്‌ പൊണ്ണത്തടിക്കു മാത്രമല്ല, മറ്റു രോഗങ്ങൾക്കും കാരണമാകും. കൂടാതെ, അധികമായി ഭക്ഷിച്ചാൽ നമ്മൾ പതിയെ ഒരു മയക്കത്തിന്റെ അവസ്ഥയിലെത്തും. പഠനത്തിലും ജോലിയിലുമെല്ലാം താത്‌പര്യം കുറയും.’’‘‘ഭക്ഷണ-പാനീയങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല കരുതൽ ആവശ്യമാണെന്ന്‌ ചുരുക്കം?’’

‘‘അതെ മോനേ... അല്പം ശ്രദ്ധ നമ്മുടെ ആരോഗ്യവും ആയുസ്സും വർദ്ധിപ്പിക്കും.’’‘‘ഇനിമുതൽ ‘ജങ്ക്‌ഫുഡും’ കൃത്രിമ പാനീയങ്ങളും പരമാവധി ഒഴിവാക്കാൻ ഞാൻ ശ്രദ്ധിക്കുമമ്മേ ?’’‘‘നല്ലകാര്യം... ആരോഗ്യമുള്ള ശരീരമാണ്‌ ആരോഗ്യമുള്ള മനസ്സിനും ഹേതുവാകുന്നത്‌. മോന്റെ തീരുമാനം തീർച്ചയായും നല്ലതാണ്‌.’’‘‘താങ്ക്‌യൂ അമ്മേ... എനിക്കിതെല്ലാം പറഞ്ഞുതന്നതിന്‌.’’

ഭാരം കൂടിയ ഹാന്‍ഡ് ബാഗും ഉറക്കക്കുറവും

എട്ട് മണിക്കൂര്‍ ഉളള ഉറക്കം നഷ്ടപ്പെടുത്തുന്നത് ഹോര്‍മോണ്‍ വ്യതിയാനം,ശ്രദ്ധക്കുറവ്, പൊണ്ണത്തടി തുടങ്ങി ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും

കാറില്‍ ഏറെ ദൂരം യാത്ര ചെയ്യുമ്പോള്‍ ജനല്‍ താഴ്ത്തി പുറത്തെ കാഴ്ചകളെല്ലാം കണ്ടാസ്വദിക്കുക, കൈയിലെ ഹാന്‍ഡ് ബാഗില്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം കുത്തിനിറയക്കുക, ചെറിയ കാര്യങ്ങള്‍ മറന്നു പോയാല്‍ ടെന്‍ഷനടിക്കുക എന്നിവ നമ്മള്‍ ദിവസവും ചെയ്യുന്ന കാര്യങ്ങള്‍. എന്നാല്‍ ഇത്തരം ശീലങ്ങള്‍ക്കുളളില്‍ ഒരുപാട് ആരോഗ്യപ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അറിയാം അത്തരം ചില കാര്യങ്ങള്‍....

  • വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയുളള യാത്ര

ദൂര യാത്ര പോകുമ്പോഴും മറ്റും വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യാനാണ് നാം എപ്പോഴും ഇഷ്ടപ്പെടുക. ഗ്ലാസ് താഴ്ത്തിയുളള  യാത്ര പലപ്പോഴും മടുപ്പിക്കുന്നതായാണ് നമുക്ക് തോന്നാറുളളത്. എന്നാല്‍ ഇത്തരത്തില്‍ ഗ്ലാസ് താഴ്ത്തിയുളള ദീര്‍ഘ ദൂര യാത്രകളിലൂടെ നമ്മുടെ ശ്വാസകോശത്തില്‍ അടിയുന്ന വിഷലിപ്തമായ പുകയെക്കുറിച്ചും പൊടിപടലങ്ങളെക്കുറിച്ചും നമ്മള്‍ ചിന്തിക്കാറേയില്ല. എന്നാല്‍ കാര്യമത്ര നിസ്സാരമല്ലെന്നാണ് കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നത്. പഠന പ്രകാരം ആറ് മണിക്കൂറുകളോളം തുടര്‍ച്ചയായി ഗ്ലാസ് താഴ്ത്തി യാത്ര ചെയ്യുന്നത് വഴി 45 ശതമാനത്തോളം വിഷലിപ്തമായ വായുവാണ് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുക.നഗരപ്രദേശങ്ങളിലാണെങ്കില്‍ ഇത്തരത്തില്‍ ധാരാളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും പഠനം പറയുന്നു. അതുകൊണ്ട് തന്നെ തിരക്കേറിയ ടൗണുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തുന്നതിന് പകരം യാത്ര പുറപ്പെടും മുന്‍പ് കാറിന്റെ ഗ്ലാസ് അല്പ നേരം താഴ്ത്തി വെയ്്ക്കുക.

  • ഹാന്‍ഡ് ബാഗിന്റെ അമിതഭാരം

ഫോണും പഴ്‌സും താക്കോലും കുടിക്കാനുളള വെള്ളവും തുടങ്ങി സാധനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ടാകും മിക്കവരുടെയും ഹാന്‍ഡ് ബാഗില്‍. എന്നാല്‍ ദിവസവും ഇത്തരത്തില്‍ ഭാരമുളള ഹാന്‍ഡ് ബാഗില്‍ തോളില്‍ തൂക്കുന്നത് കഴുത്തു വേദന, ഡിസ്‌കിന് ആരോഗ്യപ്രശ്‌നങ്ങള്‍, ആര്‍ത്രൈറ്റിസ് തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

  • ഒഴിവാക്കാം അമിതമായ വ്യായാമം

ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വ്യായാമത്തിന്റെ പങ്ക് ചെറുതൊന്നുമല്ല. എന്നാല്‍ അമിതമായ വ്യായാമം നേരെ വിപരീത ഫലമാണ് തരിക. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിന് കാരണമാകും. കൂടാതെ രോഗപ്രതിരോധ ശേഷി കുറയുന്നതിനും, മസിലുകളുടെ ആരോഗ്യം നശിക്കുന്നതിനും നടുവേദനയ്ക്കും കാലുകളുടെ ബലക്കുറവിനും കാരണമാകും.

  • ഉറക്കക്കുറവ്

ശരീരഭാരം നിയന്ത്രിച്ചും ആവശ്യത്തിന് വ്യായാമം ചെയ്തും മറ്റും ആരോഗ്യകാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പലരും ഉറങ്ങുന്ന സമയത്തിന് ചിട്ട പുലര്‍ത്തണമെന്നില്ല. എന്നാല്‍ മറ്റെല്ലാ കാര്യങ്ങളെപ്പോലെയും എട്ട് മണിക്കൂര്‍ ഉളള ഉറക്കം നഷ്ടപ്പെടുത്തുന്നത് ഹോര്‍മോണ്‍ വ്യതിയാനം,ശ്രദ്ധക്കുറവ്, പൊണ്ണത്തടി തുടങ്ങി ഒരു പാട് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

  • ചെറിയ മറവികളെക്കുറിച്ചുളള ആകുലതകള്‍

വീട്ടിലെ വാതില്‍ കൃത്യമായി പൂട്ടിയോ? ഗ്യാസ് ഓഫ് ആക്കാന്‍ മറന്നുപോയോ? തുടങ്ങി ഒരുകൂട്ടം കാര്യങ്ങളായിരിക്കും ഓഫീസിലിരിക്കുമ്പോള്‍ ആലോചിക്കുക. എന്നാല്‍ വീട്ടില്‍ ചെന്നാലോ ജോലി സ്ഥലത്ത് ചെയ്യാന്‍ ഏല്‍പ്പിച്ച ജോലിയില്‍ വല്ല പിഴവും വന്നോ എന്ന ആകുലതയുമായിരിക്കും. എന്നാല്‍ ഇത്തരം അനാവശ്യ ആകുലതകള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുതൊന്നുമല്ല. തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസിഡിറ്റി, നെഞ്ച് വേദന, ഉറക്കക്കുറവ് തുടങ്ങി ഇത്തരം ടെന്‍ഷനുകള്‍ ഒത്തിരി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കാര്യങ്ങള്‍ കൃത്യമായി ചിട്ടയോടെ ചെയ്യുകയും ചെയ്യുന്ന ജോലിയില്‍ മുഴുകി സന്തോഷം കണ്ടെത്താനും ശ്രമിക്കുക.

  • കഴിക്കുന്ന മരുന്ന് പെട്ടെന്ന് നിര്‍ത്തുക

ജലദോഷമോ പനിയോ വന്നാല്‍ രണ്ട് ദിവസം ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം മരുന്ന് കഴിക്കും. രോഗം അല്പ്പമൊന്ന് സുഖപ്പെട്ടാല്‍ പിന്നെ മരുന്ന് കഴിക്കാനുളള താത്പര്യം ഉണ്ടാകില്ല. എന്നാല്‍ ഇത് തരുന്ന ഫലമോ പോയ രോഗത്തിന്റെ ഇരട്ടി ശക്തിയോടെയുളള തിരിച്ചുവരവും. അതുകൊണ്ട് തന്നെ ഡോക്ടര്‍ നിര്‍ദ്ദേശിച്ച ദിവസങ്ങളില്‍ തുടര്‍ച്ചയായി മരുന്ന് കഴിക്കുക.

  • മറക്കരുത് ബ്രേയ്ക്ക്ഫാസ്റ്റ്

ബ്രെയ്ക്ക്ഫാസ്റ്റ് ഫോര്‍ ബ്രെയിന്‍ എന്ന ചൊല്ല് കേട്ട് പഴകയിതാണെങ്കിലും തലയില്‍ ഒരു നൂറുകൂട്ടം കാര്യമുണ്ടാകുന്ന തിരക്കിട്ട പ്രഭാതവേളകളില്‍ പലരും ബ്രെയ്ക്ക്ഫാസ്റ്റ് ഒഴിവാക്കും. എന്നാല്‍ ഇത് ക്ഷീണം, പൊണ്ണത്തടി, പ്രമേഹം എന്നിവയിലേക്ക് നയിക്കും.

മുഖാമുഖം സംസാരിക്കാനെന്താ മടി

31 ശതമാനം പേര്‍ മാതാപിതാക്കളുമായും 33 ശതമാനം പേര്‍ കുട്ടികളുമായും 35 ശതമാനം പേര് സുഹൃത്തുക്കളുമായും മുഖാമുഖ സംസാരത്തിലേര്‍പ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്

മൊബൈല്‍ഫോണും സാമൂഹികമാധ്യമങ്ങളും അധികരിച്ചതോടെ വലിയൊരുവിഭാഗം ജനങ്ങളും പ്രിയപ്പെട്ടവരോടുവരെ മുഖാമുഖ സംഭാഷണങ്ങള്‍ക്ക് മടിക്കുന്നു. ബന്ധങ്ങളുടെ തകര്‍ച്ചയ്ക്കുള്ള പ്രധാന കാരണമായാണ് ഇപ്പോള്‍ ഈ അകല്‍ച്ച ചൂണ്ടിക്കാട്ടുന്നത്.

ജര്‍മനിയിലെ വുര്‍സ്ബര്‍ഗ് സര്‍വകലാശാലയിലെ മീഡിയാ സൈക്കോളജിസ്റ്റ് ആസ്ട്രിഡ് കാര്‍ലസിന്റെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 31 ശതമാനം പേര്‍ മാതാപിതാക്കളുമായും 33 ശതമാനം പേര്‍ കുട്ടികളുമായും 35 ശതമാനം പേര് സുഹൃത്തുക്കളുമായും മുഖാമുഖ സംസാരത്തിലേര്‍പ്പെടുന്നില്ലെന്നാണ് കണ്ടെത്തിയത്. ഇവരുമായി സാമൂഹമാധ്യമങ്ങളിലൂടെ സംസാരിക്കുന്നതാണ് ഇതിന് പ്രധാന കാരണം.

ഉറ്റവര്‍ അടുത്തില്ലാത്ത അവസരങ്ങളിലാണ് അവരുമായി ബന്ധപ്പെടാന്‍ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ പ്രയോജനപ്പെടുത്തേണ്ടത്. ദൈനംദിന ബന്ധങ്ങള്‍ക്ക് പകരംവെയ്ക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിക്കരുതെന്ന് ആസ്ട്രിഡ് കാര്‍ലസ് പറയുന്നു.ബന്ധങ്ങളുണ്ടാക്കാന്‍ സാമൂഹികമാധ്യമങ്ങള്‍ എളുപ്പം സഹായിക്കുമെങ്കിലും ജനങ്ങളെ ഇത് എപ്പോഴും സന്തോഷകരമായ ബന്ധങ്ങളിലേക്ക് നയിക്കണമെന്നില്ല. ഇതിനുപുറമേ ഇവയുടെ അമിതോപയോഗംമൂലം പലപ്പോഴും മാതാപിതാക്കള്‍ക്ക് മക്കളുമായി സംസാരിക്കാനോ അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനോവരെ സാധിക്കുന്നില്ലെന്നും 21 ശതമാനംപേരും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കരഞ്ഞിട്ട് മരിച്ചാലും നരകത്തിലാണെങ്കില്‍ കുലുങ്ങിച്ചിരിച്ചിട്ട് മരിച്ചൂടേ..

നമുക്ക് ചിരിയോടെ ജീവിക്കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. മറ്റുള്ളവരെ കൂടി ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമാണ് ജീവിതത്തിലുള്ളത്

ശബ്ദം വെച്ച് കരയുന്നില്ലെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, അവരുടെ മുഖത്തും ഭാവങ്ങളിലും സംസാരത്തിലുമൊക്കെ കരച്ചിലിന്റെ ഈണമുണ്ടായിരുന്നു. കുറേ രോഗലക്ഷണങ്ങളാണ് അവര്‍ പറഞ്ഞത്. ഈ ലക്ഷണങ്ങളുള്ളതിനാല്‍ ചികിത്സ തേടാനായി സൗദിയില്‍ നിന്ന് നാട്ടിലേക്ക് വന്നതാണ്. ഭര്‍ത്താവുമൊത്ത് കുറച്ചായി സൗദിയില്‍ കഴിയുകയാണ് അവര്‍.

തലച്ചോറില്‍ ട്യൂമറുണ്ടോ എന്നതാണ് സംശയം. മിക്കപ്പോഴുമുള്ള തലവേദന. പലപ്പോഴും ഛര്‍ദിക്കാന്‍ തോന്നല്‍. തല വിങ്ങുന്നതായി അനുഭവം. ട്യൂമറിന്റേതായി പറഞ്ഞു കേട്ടിട്ടുള്ള ഇത്തരം ചില പ്രാഥമിക ലക്ഷണങ്ങളാണ് അവര്‍ക്കുണ്ടായിരുന്നത്. അടുത്ത ബന്ധുക്കളിലൊരാള്‍ ട്യൂമര്‍ വന്ന് മരിച്ചിട്ടുമുണ്ടായിരുന്നു. അവര്‍ക്ക് പേടി പിടിപെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അതായിരുന്നു.

എന്നാല്‍, വിശദമായ പരിശോധനകളിലും അത്തരം ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. രോഗഭീതിയും മറ്റ് ടെന്‍ഷനുകളുമൊക്കെയാണ് പ്രശ്‌നമെന്നും തല്‍ക്കാലം ട്യൂമറിന്റെയോ മറ്റ് കാന്‍സറുകളുടെയോ സാധ്യതകളൊന്നും കാണുന്നില്ലെന്നും പറഞ്ഞു. അപ്പോഴും പക്ഷേ, അവരുടെ വിഷാദ ഭാവത്തിന് വലിയ മാറ്റങ്ങളൊന്നുമില്ലായിരുന്നു. മറ്റെന്തൊക്കെയോ നിങ്ങളെ അലട്ടുന്നുണ്ടല്ലോ.. എന്താണ് പ്രശ്‌നം പറയൂ... എന്ന് പറഞ്ഞപ്പോഴും അവര്‍ കാര്യമായൊന്നും പറഞ്ഞില്ല. ഭര്‍ത്താവ് എവിടെയാണ്, വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ...

ഭര്‍ത്താവും ഇവര്‍ക്കൊപ്പം സൗദിയിലാണ്. സന്തുഷ്ട കുടുംബം. പിന്നെ... പഠിക്കുന്ന കാലത്ത് ഇവര്‍ നല്ല വിദ്യാര്‍ഥിയായിരുന്നു. മൈക്രോബയോളജിയില്‍ എം.എസ്‌സി. നല്ല നിലയില്‍ പാസ്സായി. ഗവേഷണവും തുടര്‍ പഠനങ്ങളുമായിരുന്നു സ്വപ്നം. എന്നാല്‍ അതിനു കഴിഞ്ഞില്ല. കല്യാണവും കുടുംബവും ഒക്കെയായി. സൗദിയിലേക്ക് പോകുകയും ചെയ്തു. ഇതൊക്കെ പറയുമ്പോള്‍ അവര്‍ കരയാന്‍ തുടങ്ങിയിരുന്നു.

രസകരമായി എനിക്ക് തോന്നിയത് അവര്‍ക്ക് 30 വയസ്സു പോലും ആയിട്ടില്ല എന്നതാണ്. ഗവേഷണം പോലുള്ള കാര്യങ്ങളില്‍ അതൊന്നും ഒരു പ്രായാധിക്യമേ അല്ലല്ലോ. പഠനം കഴിഞ്ഞിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. താത്പര്യമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് ഇനിയും എത്രയോ സാധ്യതകള്‍ കിടക്കുന്നു. പഠനനേട്ടങ്ങളും പ്രൊഫഷനുമൊക്കെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണെന്ന് അവരോട് വീണ്ടും വീണ്ടും പറഞ്ഞു. ജീവിതത്തിലുണ്ടാകുന്ന ഏതു നേട്ടത്തെക്കാളും എത്രയോ മഹത്തായതാണ് ജീവിതം.   ചില സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഒരിത്തിരി വൈകുന്നു എന്നത് ജീവിതത്തെ വിഷാദ ഭരിതമാക്കുന്നുവെങ്കില്‍ ആര്‍ക്കാണ് ജീവിതത്തില്‍ സന്തോഷമുണ്ടാവുക.

ജീവിതാഹ്ലാദം നമ്മുടെ മനോഭാവത്തിനനുസരിച്ചാണ്. കുറച്ച് സമയമെടുത്തെങ്കിലും അവരോടു സംസാരിക്കുന്നത് രസകരമായിരുന്നു. മഴക്കാറ് നീങ്ങി ആകാശം തെളിയുന്നതു പോലെ അവര്‍ പതുക്കെ തെളിഞ്ഞു വന്നു. മനസ്സു തുറന്ന് ആരോടെങ്കിലുമൊന്നു സംസാരിക്കാത്തതായിരുന്നിരിക്കണം അവരുടെ അടിസ്ഥാന പ്രശ്‌നം. അത് പക്ഷേ അവര്‍ക്കു തന്നെ അനുഭവപ്പെട്ടത് ട്യൂമര്‍ എന്ന പേടിയായിട്ടായിരുന്നു എന്നു മാത്രം.

എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ ആദ്യ ഞായറാഴ്ച കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റി നടത്തുന്ന കമ്യൂണിയനില്‍ വരാന്‍ പറഞ്ഞു അവരോട്. എത്രയെത്ര വൈവിധ്യ പൂര്‍ണമായ ജീവിത സാഹചര്യങ്ങളിലായിരുന്നവരാണ് കാന്‍സറിനെ തോല്പിച്ച് ജീവിതത്തെ പുതിയൊരു മഹത്ത്വത്തിലേക്ക് ഉയര്‍ത്തിയതെന്ന് നേരിട്ടു കാണാമെന്ന് പറഞ്ഞു. തീര്‍ച്ചയായും വരും ഡോക്ടര്‍ എന്ന് ചിരിച്ചു കൊണ്ടാണ് അവര്‍ പറഞ്ഞത്.കുറച്ചു നാള്‍ മുമ്പ് ഒരു കുട്ടി ചികിത്സയിലുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി. ഒരു കൊച്ചു മിടുക്കി. അവളുടെ ഒപ്പമുണ്ടായിരുന്നത് അമ്മയായിരുന്നു.

അമ്മയ്ക്ക് വേവലാതി മകളുടെ അസുഖത്തെക്കുറിച്ചായിരുന്നില്ല. ആ അമ്മയ്‌ക്കൊപ്പം ജോലി ചെയ്യുന്ന ഒരു സഹപ്രവര്‍ത്തകയുടെ മകന്‍ മകളുടെ സഹപാഠിയാണ്. ക്ലാസ്സില്‍ മാര്‍ക്ക് വാങ്ങുന്ന കാര്യത്തില്‍ മത്സരം ഈ സഹപ്രവര്‍ത്തകരുടെ മക്കള്‍ തമ്മിലാണ്. ചികിത്സ മൂലം മകളുടെ ക്ലാസ് നഷ്ടപ്പെട്ടാല്‍ അവള്‍ക്ക് മാര്‍ക്ക് കുറഞ്ഞു പോകുമല്ലോ എന്നതായിരുന്നു അവരുടെ വേവലാതി. അമ്മയുടെ ഈ വേവലാതി ആ പാവം മകള്‍ക്കുണ്ടാക്കിയിരുന്ന ടെന്‍ഷന്‍ എത്ര വലുതായിരുന്നെന്നോ! 
അച്ഛനമ്മമാര്‍ തന്നെയാണ് മക്കളിലേക്ക് ഇത്തരം ടെന്‍ഷനുകള്‍ കുത്തിവെയ്ക്കുന്നത്. അടുത്തിടെ പൂര്‍ത്തിയായ സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലുള്ള വേദികളില്‍ നിന്നു വന്ന വാര്‍ത്തകള്‍ കേട്ടപ്പോള്‍ അച്ഛനമ്മമാരുണ്ടാക്കുന്ന ഈ അമിതഭാരത്തെക്കുറിച്ച് ഓര്‍ത്തിരുന്നു. കലാ സാംസ്‌കാരിക പരിപാടികളൊക്കെ മനസ്സില്‍ സ്വസ്ഥതയും സമാധാനവുമാണ് ഉണ്ടാക്കുന്നത്. എന്നാല്‍, കലോത്സവവേദികള്‍ ഒട്ടു മിക്കപ്പോഴും കടുത്ത മത്സര മനോഭാവത്തിന്റെ വേദികളാണല്ലോ.

ആദ്യം പറഞ്ഞ സൗദിക്കാരി വന്നു പോയി അര മണിക്കൂറിനകം മറ്റൊരു സ്ത്രീ വന്നു. ഒരു രോഗിയോടൊപ്പം വന്ന് പോയ അവര്‍ വീണ്ടും കയറി വരികയായിരുന്നു. അവരും ഒരുതരം വിഷാദത്തിലായിരുന്നു. 
ദുഃഖവും സങ്കടങ്ങളും നിറഞ്ഞ മുഖങ്ങളാണ് മിക്കപ്പോഴും ഡോക്ടര്‍മാര്‍ക്കു മുന്നിലെത്താറുള്ളത്. അവിടെ പ്രകാശത്തിന്റെ ഒരു കൈത്തിരി കൊളുത്താനാണ് കിണഞ്ഞു ശ്രമിക്കാറുള്ളത്. ഒരു നേരിയ തെളിച്ചം കണ്ടാല്‍ പോലും നമുക്ക് മനസ്സില്‍ വലിയൊരു സന്തോഷമുണരും. എന്താണ് വീണ്ടും വന്നത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു ഞാന്‍ ഡോക്ടറോട് ഒരു കടപ്പാടും നന്ദിയും പറയാന്‍ വന്നതാണ്. അവരെ പക്ഷേ, ഞാന്‍ ചികിത്സിച്ചിട്ടില്ലല്ലോ...

ഇല്ല ഡോക്ടര്‍. ചികിത്സയിലായിരുന്നിട്ടില്ല. എന്റെ ഭര്‍ത്താവ് നല്ലൊരു മദ്യപനായിരുന്നു. പല തരം ചികിത്സകളൊക്കെ നടത്തിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല. എന്നാല്‍, ഭര്‍ത്താവ് ഡോക്ടറുടെ പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ അതിലെ ജീവിതാനുഭവങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെ പറയുന്ന കൂട്ടത്തില്‍ ഞങ്ങള്‍ സ്വന്തം ജീവിതാനുഭവങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ഒരു വെളിപാടു പോലെ ഭര്‍ത്താവ് ഒരു ദിവസം പറഞ്ഞു ശരി. ഇനി ഞാന്‍ മദ്യം കൈകൊണ്ട് തൊടില്ല. ഭര്‍ത്താവ് വാക്കു പാലിച്ചു. എത്രയോ നാളായി അദ്ദേഹം പൂര്‍ണമായും മദ്യം ഉപേക്ഷിച്ചു. ഡോക്ടറുടെ എഴുത്തും വാക്കുകളുമാണ് ഞങ്ങളുടെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്നത്.

സന്തോഷിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്. ചില പ്രത്യേക നിമിഷങ്ങളിലാണ് നമ്മുടെയൊക്കെ ജീവിതം മാറി മറിയുന്നത്. അത് പലപ്പോഴും നമ്മുടെ പൂര്‍ണ നിയന്ത്രണത്തിലോ ചിലപ്പോള്‍ ബോധത്തില്‍ പോലുമോ ഉള്ള കാര്യം ആയിക്കൊള്ളണമെന്നില്ല. ജീവിതത്തില്‍ നമുക്ക് നേടിയെടുക്കാവുന്ന വലിയ കാര്യം സന്തോഷമാണ്. പഴയൊരു സിനിമാ പാട്ടുണ്ടല്ലോ. ചിരിക്കാം ചിരിക്കാം ചിരിച്ചു കൊണ്ടിരിക്കാം...

കരഞ്ഞിട്ടു മരിച്ചാലും നരകത്തിലാണെങ്കില്‍ കുലുങ്ങിച്ചിരിച്ച് മരിച്ചൂടേ...കരച്ചിലിന്റെ വേളകളില്‍ ഒരല്പനേരം ഇരുന്ന് ഒന്നാലോചിച്ചാല്‍ നമുക്കു തന്നെ വെളിപ്പെടും എത്ര നിസ്സാരമാണ്, അല്ലെങ്കില്‍ എങ്ങനെ മറികടക്കാവുന്നതാണ് കരച്ചിലിന്റെ കാരണങ്ങള്‍ എന്ന്. ചിരിച്ച് ജീവിക്കുക എന്നത് വലിയൊരു കാര്യമാണ്. നമുക്ക് ഒരു ചിരി ഉള്ളിലുണ്ടെങ്കില്‍ അതിന്റെ പ്രകാശം ലോകത്തിനു തന്നെ വെളിച്ചമാകും.  ഇന്നസെന്റ് പലപ്പോഴും പറയാറുണ്ട് നമുക്ക് ചിരിയോടെ ജീവിക്കാന്‍ കഴിഞ്ഞാല്‍ വലിയ കാര്യമാണ്. മറ്റുള്ളവരെ കൂടി ചിരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ എന്തു നേട്ടമാണ് ഡോക്ടറേ ജീവിതത്തിലുള്ളത്....

എരിവുള്ള മുളക് കഴിച്ചോളൂ; ആയുസ് കൂട്ടാം

മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന കാപ്‌സീസിന്‍ എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തേ തന്നെ കണ്ടെത്തിയിരുന്നു.

മലയാളികള്‍ക്ക് ഭക്ഷണത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ് എരിവ്. കറിയൊന്നുമില്ലെങ്കിലും നല്ല എരിവുള്ള മുളകും കടിച്ച് ചോറും കഞ്ഞിയും കഴിക്കുന്നവര്‍. പുറത്തു നിന്നെത്തുന്നവര്‍ മലയാളികളുടെ ഈ എരിവ് സ്നേഹം അനുഭവിച്ച് വെള്ളം കുടിച്ച് പോവുന്നതും പതിവു കാഴ്ച. എന്നാല്‍ ഇങ്ങനെ എരിവ് കഴിക്കുന്നവര്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൗണ്ടിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

നല്ല എരിവുള്ള മുളക് കഴിച്ചാല്‍ ആയുസ് വരെ കൂട്ടാനാവുമെന്നാണ് ഇവരുടെ പഠനം ചൂണ്ടിക്കാട്ടുന്നത്.  കഴിഞ്ഞ 19 വര്‍ഷമായി നല്ല എരിവുള്ള മുളക് കഴിക്കുന്ന 19000 പേരെയാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. ആയുസ് കൂട്ടാന്‍ മാത്രമല്ല ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മസ്തിഷ്‌കാഘാതം, കാന്‍സര്‍ എന്നിവയെ വരെ ഒരു പരിധിവരെ മുളകിന് തടയാനാവുമെന്ന നിഗമനത്തിലാണ് ഗവേഷകര്‍. പ്‌ളോസ് വണ്‍ എന്ന വെബ് സൈറ്റാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ മുളക് കഴിക്കുന്നത് കൊണ്ടാണോ ഇതെന്ന് ഉറപ്പിച്ച് പറയാനായിട്ടില്ലെന്നും ഇതിന് കുറച്ച് കൂടി പഠനം വേണ്ടി വരുമെന്നും ഗവേഷകര്‍ പറയുന്നു.

മുളകില്‍ അടങ്ങിയിരിക്കുന്ന എരിവ് നല്‍കുന്ന കാപ്സീസിന്‍ എന്ന ഘടകം പൊണ്ണത്തടി, കാന്‍സര്‍ എന്നിവയെ തടഞ്ഞ് നിര്‍ത്തുമെന്ന് പല പഠനങ്ങളിലും നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. പ്രധാന വേദനസംഹാരിയായും കാപ്സീസിന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ശാസ്ത്രീയമായി തെളിയിച്ചതാണ്. മുളകില്‍ അടങ്ങിയിരിക്കുന്ന ഈ കാപ്സീസിന്‍ മനുഷ്യ ശരീരത്തില്‍ കടക്കുന്നത് കൊണ്ടാണ് ഏറെ നാളായി മുളക് ഉപയോഗിക്കുന്നവരില്‍ രോഗ പ്രതിരോധ ശേഷി കൂട്ടുന്നത് എന്നാണ് നിഗമനം.

നന്നായി നടക്കാന്‍ മുതിര്‍ന്നവരും പഠിക്കണം

നിവര്‍ന്ന്, തല ഉയര്‍ത്തി, തോളെല്ലുകള്‍ വളയ്ക്കാതെയുളള നടത്തമാണ് ആരോഗ്യകരമായത്

ടക്കാന്‍ പഠിക്കുക എന്നത് കുഞ്ഞുങ്ങള്‍ക്ക് മാത്രം പറഞ്ഞിട്ടുളള കാര്യമാണോ? ഒന്നോര്‍ത്താല്‍ മുതിര്‍ന്നവരില്‍ എത്രപേര്‍ നന്നായി നടക്കാനറിയുന്നവരാണ്. മാത്രമല്ല  നടത്തത്തില്‍ വരുന്ന തെറ്റായ രീതികളാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നതും. നിവര്‍ന്ന്, തല ഉയര്‍ത്തി, തോളെല്ലുകള്‍ വളയ്ക്കാതെയുളള നടത്തമാണ് ആരോഗ്യകരമായത്. നന്നായി നടക്കാന്‍ പിന്തുടരേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം....

1.  ശരീരം വളയാതെ നിവര്‍ന്ന് , കഴുത്ത് ഉയര്‍ത്തിപ്പിടിച്ച് നടക്കാന്‍ ശീലിക്കുക.

2. ഉയരമുളളയിടങ്ങള്‍ കയറുന്നതൊഴിച്ചാല്‍ മുമ്പോട്ടോ പിറകിലേക്കോ വളയുന്നത് ഒഴിവാക്കാം. ഇത് ശരീരത്തിന് പുറകിലെ മസിലുകള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കിയേക്കാം.

3. നടക്കുമ്പോള്‍ താഴേക്ക് നോക്കുന്നതിനു പകരം നേരെ നോക്കുക. നടക്കുമ്പോള്‍ ശ്രദ്ധ 20 അടി അകലത്തോളം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കുക. ഇത് നടത്തത്തിനിടെ സഞ്ചരിക്കേണ്ട വഴി വ്യക്തമായി കാണാനും കഴുത്തിനുണ്ടാകുന്ന ആയാസം ഇല്ലാതാക്കാനും സഹായിക്കും.

4. ഇരു കൈകളും വീശി നടക്കുന്നത് നടത്തത്തിന്റെ വേഗത നിയന്ത്രിക്കാനും ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകാതിരിക്കാനും സഹായിക്കും.

5. താടിയെല്ലുകള്‍ക്ക് ആയാസമില്ലാത്ത തരത്തില്‍ കഴുത്ത് വളയാതെ നടക്കുക.

6. അല്‍പ്പം നടന്നു കഴിഞ്ഞാല്‍ കൈകളും തോളെല്ലുകളും അരക്കെട്ടും ആയാസമില്ലാത്ത രീതിയില്‍ ചെറുതായി മുന്നോട്ടും പിമ്പോട്ടും ചലിപ്പിക്കുക. ഇത് ടെന്‍ഷനും ക്ഷീണവും കുറയ്ക്കാന്‍ സഹായിക്കും.

7. നടത്തത്തിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കുക ഇത് കഴുത്തിന് ആയാസം നല്‍കും.

പഴങ്ങളുടെ നിറത്തിലുമുണ്ട് കാര്യം

പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റിന് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുളള കഴിവുണ്ടെന്നാണ് പുതിയ പഠനം

ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണെന്ന് അറിയാമെങ്കിലും കഴിക്കുന്ന ഫ്രൂട്ട്‌സുകളുടെ നിറമൊന്നും നാം കണക്കിലെടുക്കാറില്ല. എന്നാല്‍ പഴങ്ങള്‍ക്ക് നിറം നല്‍കുന്ന ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റിന് ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാനുളള കഴിവുണ്ടെന്നാണ് പുതിയ പഠനം.

ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ് കൂടുതലായി അടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നത് പുകവലി കാരണമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയത്. പുകവലി കാരണം ശരീരത്തില്‍ അമിതമായ അളവിലെത്തുന്ന നിക്കോട്ടിന്‍ എന്ന രാസഘടകത്തെ ചെറുത്ത് ബീറ്റ- ക്രിപ്‌റ്റോസാന്തിന്‍ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്‌റ്റോസാന്തിന്‍ കോശങ്ങളിലെ അര്‍ബുദ വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നിക്കോട്ടിനിലെ കാന്‍സറിന് കാരണമാകുന്ന രാസവസ്ത്തു എലികളില്‍ കുത്തിവെച്ചശേഷം ദിനംപ്രതി ബീറ്റ ക്രിപ്‌റ്റോസാന്തിന്‍ നല്‍കി നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകരുടെ ഈ നിഗമനം.

ലേഡീസ് ഓണ്‍ലി ഹെല്‍ത്ത് ആപ്പുകള്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വളരെ കൃത്യമായ വിവരങ്ങളാണ് ലഭ്യമാക്കുക

പ്പോള്‍ ആപ്പുകള്‍ എന്തും നമ്മുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കും. ആരോഗ്യ രംഗത്തും കാര്യമായ സ്വാധീനമാണ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ചെലുത്തുന്നത്. ശരീരഭാരം നിയന്ത്രിക്കാന്‍ മുതല്‍ കാന്‍സര്‍ രോഗം തിരിച്ചറിയാന്‍ വരെ ആപ്പുകള്‍ ലഭ്യമാണ്. പരിചയപ്പെടാം സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനായുളള ആപ്പുകള്‍...

1. ക്ലൂ പിരീഡ് ട്രാക്കര്‍

ആര്‍ത്തവം, അണ്ഡവിസര്‍ജനം, ഗര്‍ഭധാരണ സാധ്യതയുളള ദിനങ്ങള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുളള കണക്കുകൂട്ടലുകള്‍ക്കും സംശയനിവാരണത്തിനുമായുളള ഒരു ആപ്പ് ആണിത്. ഇതിലെ കലണ്ടര്‍ സംവിധാനം ഉപയോഗപ്പെടുത്തി ക്രമം തെറ്റിയ ആര്‍ത്തവചക്രത്തെക്കുറിച്ച് മനസ്സിലാക്കാനും അടുത്ത ആര്‍ത്തവ ദിനം മനസ്സിലാക്കാനും സാധിക്കും. കൂടാതെ ഓരോ മാസത്തെയും ആര്‍ത്തവദിനം രേഖപ്പെടുത്തി അടുത്ത മാസത്തേക്കായി റിമൈന്‍ഡറും ഉണ്ടാക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ ആപ്പ് വളരെ കൃത്യമായ വിവരങ്ങളാണ് ലഭ്യമാക്കുക.ഗൂഗിള്‍  പ്ലേ സ്റ്റോര്‍ വഴി ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഫ്‌ളോ പിരീഡ് ട്രാക്കര്‍, പിരീഡ് ട്രാക്കര്‍ എന്നിവയാണ് സമാനമായ മറ്റ് ആപ്പുകള്‍.

2. ഐ ബ്രസ്റ്റ് ചെക്ക്

സ്തനാര്‍ബുദ്ദത്തെക്കുറിച്ച് മനസ്സിലാക്കാനും ലക്ഷണങ്ങള്‍ തിരിച്ചറിയാനും സ്തനപരിശോധന എങ്ങനെ ചെയ്യണമെന്നുമുളള കാര്യങ്ങള്‍ വിശദമായി ഈ ആപ്പിലൂടെ മനസ്സിലാക്കാവുന്നതാണ്. ഈ ആപ്പുവഴി പ്രാഥമിക ഘട്ടത്തില്‍ തന്നെ സ്തനാര്‍ബുദത്തെ തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും സാധിക്കും.

3. മൈ പ്രഗ്നന്‍സി ആന്‍ഡ് ബേബി ടുഡെ

അമ്മയാകാനുളള കാലഘട്ടത്തിനിടെ ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളും ഓരോ മാസവുമുളള കുഞ്ഞിന്റെ വളര്‍ച്ചയും അറിയാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. പ്രസവതീയ്യതി രേഖപ്പെടുത്തി ലോഗിന്‍ ചെയ്ത് വളരെ ലളിതമായി കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. പിന്നീട് ഓരോ മാസത്തിലും കഴിക്കേണ്ട ഭക്ഷണം, ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍, കുഞ്ഞിന്റെ വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ അറിയാം. ഇത് കൂടാകെ കുട്ടിയ്ക്ക് ഇടാവുന്ന പേരുകള്‍, കുട്ടിയുടെ ചലനം നിരീക്ഷിക്കാന്‍ സഹായിക്കുന്ന കിക്ക് കൗണ്ടര്‍ എന്നിവയും ഈ ആപ്പില്‍ ലഭ്യമാണ്. രേഖപ്പെടുത്തിയ പ്രസവതീയ്യതിയ്ക്ക് ശേഷം പിന്നീട് കുഞ്ഞിന്റെ പരിചരണം സംബന്ധിച്ച വിവരങ്ങള്‍, താരാട്ടു പാട്ടുകള്‍ എന്നിവ ഈ ആപ്പിലൂടെ ലഭ്യമാകും. മൈ ബേബീസ് ബീറ്റ്, ഫുള്‍ ടേം, ബേബി പൂള്‍ എന്നിവയാണ് മറ്റ് സമാന ആപ്പുകള്‍.

4. വിമന്‍സ് ഹെല്‍ത്ത് ഡയറി

ശരീരഭാരം, ബോഡി മാസ് ഇന്‍ഡക്‌സ്, ആര്‍ത്തവചക്രം എന്നീ കാര്യങ്ങള്‍ കണക്കാക്കാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. ഇത് കൂടാകെ സ്ത്രീകള്‍ പിന്തുടരേണ്ട ഭക്ഷണക്രമം, ഓരോ പ്രായത്തിലും ചെയ്യേണ്ട വ്യായാമങ്ങള്‍ തുടങ്ങി ഒട്ടേറെ ഹെല്‍ത്ത് ടിപ്‌സും ഈ ആപ്പില്‍ ലഭ്യമാണ്.

വരുന്നു; ലാസ ഫിവര്‍,നിപ വൈറസ് പിന്നെ....

വളരെ പെട്ടെന്ന് തന്നെ പടരുമെന്നത് കൂടാതെ മതിയായ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമല്ലെന്ന കാര്യവും ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്.

ല്ലാ രോഗങ്ങളും ഭയം വിതയ്ക്കുന്നതാണ്. എന്നാല്‍ മതിയായ പ്രതിരോധ സംവിധാനങ്ങളില്ലാതെ ലോകമെമ്പാടും ഒരു പകര്‍ച്ചവ്യാധി പെട്ടെന്ന് പകരുമെന്ന് കേട്ടാലുണ്ടാകുന്ന ഭീതി കുറച്ചൊന്നുമല്ല. ലോകത്തെ ഞെട്ടിച്ച് ഭൂമുഖത്ത് പെട്ടെന്ന് പ്രത്യക്ഷമായ എബോള രോഗത്തിനും സിക വൈറസിനും തൊട്ടുപിറകെ ലോകം മൂന്ന് പകര്‍ച്ചവ്യാധികളെ ഭയക്കണമൊണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ചേര്‍ന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ സി.ഇ.പി.ഐ ( Coalition for Epidemic Preparedness Innovations )നടത്തിയ കണ്ടെത്തല്‍. മിഡില്‍ ഈസ്റ്റേണ്‍ റെസിപിറേറ്ററി സിന്‍ഡ്രോം, ലാസ ഫീവര്‍, നിപ വൈറസ് എന്നിവയാണ് ആഗോളതലത്തില്‍ തന്നെ ജനങ്ങള്‍ക്ക് ഭീഷണിയായി പകരാന്‍ സാധ്യതയുളള ആ മൂന്ന് രോഗങ്ങള്‍.

ഇതില്‍ മിഡില്‍ ഈസ്റ്റ് റെസിപറേറ്ററി സിന്‍ഡ്രോം കൊറോണവൈറസ് പരത്തുന്ന രോഗമാണ്. കടുത്ത പനി, കഫക്കെട്ട്, ശ്വാസതടസ്സം എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിക്ക് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടും. വവ്വാല്‍, ഒട്ടകം എന്നിവയിലൂടെ രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതിനെക്കുറിച്ചുളള ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്. 2015ല്‍ സൗദി അറേബ്യയിലും ദക്ഷിണ കൊറിയയിലും റി്‌പ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ രോഗം camel flu എന്നും അറിയപ്പെടുന്നുണ്ട്.

1969ല്‍ നൈജീരിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലാസ ഫിവര്‍ എലിയുടെ വിസര്‍ജ്യത്തില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗമാണ്. ഒരിക്കല്‍ രോഗം ബാധിച്ചാല്‍ രോഗിയുടെ ശരീരത്തിലെ സ്രവങ്ങള്‍ വഴി മറ്റുളളവരിലേക്ക് വളരെ പെട്ടെന്ന് തന്നെ ലാസ ഫിവര്‍ പടരുകയും ചെയ്യും. വെസ്റ്റ് ആഫ്രിക്കയില്‍ വ്യാപകമായി കണ്ടുവരു ഈ രോഗം ഇതുവരെ പ്രതിവര്‍ഷം 5000 പേരുടെ മരണത്തിനാണ് കാരണമായിരിക്കുത്.വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്  മലേഷ്യയിലാണ്. കടുത്ത പനി, തലവേദന, ഉറക്കം തൂങ്ങുക, ക്ഷീണം എന്നിവയാണ് നിംഫ വൈറസിന്റെ ലക്ഷണങ്ങള്‍. ഇതുവരെ 196 പേരാണ് നിംഫ വൈറസ് ബാധിച്ച് മരിച്ചത്.

വളരെ പെട്ടെന്ന് തന്നെ പടരുമെന്നത് കൂടാതെ മതിയായ പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമല്ലെന്ന കാര്യവും ഏറെ ആശങ്ക ജനിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ പ്രതിരോധമരുന്ന് വികസിപ്പിക്കാനും രോഗത്തെ ശക്തമായി പ്രതിരോധിക്കാനുളള സംവിധാനങ്ങള്‍ ഒരുക്കുതിനുമായി വേണ്ട ഫണ്ട് ശേഖരിക്കുവാനും ഫോറം തീരുമാനിച്ചു.രോഗം പടരുന്നത് തടയാനായി  മൂന്ന് രോഗങ്ങള്‍ക്കുമായി രണ്ട് പരീക്ഷണ വാക്‌സിനുകള്‍ വീതം ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കാനും പിന്നീട് മതിയായ ഗവേഷണം നടത്തിയ ശേഷം വാക്‌സിനുകള്‍ പ്രചാരത്തില്‍ കൊണ്ടു വരാനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. സാധാരണ രീതിയില്‍ ഇത്തരത്തില്‍ ആഗോള ഭീഷണി ഉയര്‍ത്തുന്ന രോഗങ്ങളെ നേരിടാന്‍ അഞ്ചും ആറും വാക്‌സിനുകള്‍ വീതം വികസിപ്പിച്ചെടുക്കാറുണ്ടെങ്കിലും ഇപ്പോള്‍ സമയദൗര്‍ലഭ്യവും ആശങ്കയും കണക്കിലെടുത്താണ് വാക്‌സിനുകളുടെ എണ്ണം രണ്ടായി ചുരുക്കിയതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

അലസരാകല്ലേ..പ്രായം കൂടൂം

ഏറെക്കാലമായി തുടരുന്ന അലസത പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ഡീഗോ സര്‍വ്വകലാശാലയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്

കോശങ്ങളും ജീനുകളുമാണ് ഒരാളുടെ പ്രായം നിശ്ചയിക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ അതോടൊപ്പം തന്നെ ശരീരത്തിനകത്തും പുറത്തുമുളള ഒട്ടനവധി ഘടകങ്ങളും മദ്യപാനം, പുകവലി, മാനസികസമ്മര്‍ദ്ദം തുടങ്ങി മറ്റ് നിരവധി കാരണങ്ങളും ഒരാളുടെ പ്രായത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം അലസതയും പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം.

ഏറെക്കാലമായി തുടരുന്ന അലസത പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോ സര്‍വ്വകലാശാലയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കുറഞ്ഞ കായികാധ്വാനം ആവശ്യമുളള ജോലിയില്‍ സ്ഥിരമായി ഏര്‍പ്പെടുന്നതും ഏറെ നേരം തുടര്‍ച്ചയായി ഇരിക്കുന്നതും അലസതയിലേക്കും പെട്ടെന്നുളള പ്രായക്കൂടുതലിലേക്കും നയിക്കുന്നു.

വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച് വ്യായാമം ചെയ്യാത്തവരുടെ കോശങ്ങള്‍ക്ക് എട്ട് വയസ്സുവരെ പ്രായവ്യത്യാസം അനുഭവപ്പെടുന്നതായി പഠനം പറയുന്നു. ഇത് കൂടാതെ ക്രോമസോമിലുളള ടോലോമീയര്‍ എന്ന ഘടനയാണ് നമ്മുടെ  പ്രായത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. ഒരാള്‍ക്ക് പ്രായം കൂടുന്നതനുസരിച്ച് ടോലോമീയറിന്റെ നീളം കുറഞ്ഞു വരുന്നു. ശരീരത്തിലെ കോശം പൂര്‍ണ്ണമായും നശിക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.

ദിവസവും മുപ്പത് മിനിട്ടോളം വ്യായാമത്തിലേര്‍പ്പെടുന്ന മദ്ധ്യവയസ്‌കരായ സ്ത്രീകളുടെ ടെലിമീയറുകള്‍ക്ക് വ്യായാമത്തിലേര്‍പ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച് നീളം കുറവാണ്. ഇത്തരത്തില്‍ പെട്ടെന്നുളള കോശഘടനയിലുളള വ്യത്യാസം പ്രായം കൂടാന്‍ കാരണമാകും.

ഒരായുഷ്‌ക്കാലത്തേക്കായി ശേഖരിക്കാം ഈ ഒരു തുളളി രക്തം

ജനന സമയത്ത് ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന് ശേഖരിക്കുന്ന രക്തകോശം ആ കുഞ്ഞിന്റെ ആജീവനാന്തകാല സംരക്ഷണത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ലളിതമായി പറഞ്ഞാല്‍ സ്റ്റെം സെല്‍ ബാങ്കിങ്.

നനസമയത്ത് ശേഖരിക്കുന്നപൊക്കിള്‍ക്കൊടിയിലെ ഒരു തുളളി രക്തം ജീവന് ഒരായുഷ്‌ക്കാലത്തേക്ക് സംരക്ഷണം നല്‍കുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടായിരിക്കുമല്ലേ? എന്നാല്‍ വൈദ്യശാസ്ത്ര രംഗത്തെ എക്കാലത്തേയും മികച്ച ഒരു നേട്ടമാണ് സ്റ്റെം സെല്‍ ബാങ്കിങ്. ജനന സമയത്ത് ശിശുവിന്റെ പൊക്കിള്‍ക്കൊടിയില്‍ നിന്ന് ശേഖരിക്കുന്ന രക്തകോശം ആ കുഞ്ഞിന്റെ ആജീവനാന്തകാല സംരക്ഷണത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ലളിതമായി പറഞ്ഞാല്‍ സ്റ്റെം സെല്‍ ബാങ്കിങ്. വര്‍ധിച്ചു വരുന്ന കാന്‍സര്‍ പോലുളള രോഗങ്ങളുടെ ചികിത്സയില്‍ ഈ കോശങ്ങള്‍ വളരെ നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു.

പൊക്കിള്‍ക്കൊടിയിലും പ്ലാസന്റയിലും പ്രസവശേഷമുളള രക്തമാണ് കോഡ് രക്തം അഥവാ പൊക്കിള്‍ക്കൊടി രക്തം(umblical blood). ഇതില്‍ കാണപ്പടുന്ന മൂല കോശത്തിന്( stem cell) രക്ത കോശമായും കലകളായും, അവയവമായും പരിണമിക്കാനുളള കഴിവുണ്ട്. ഇത് ഭാവിയില്‍ കുഞ്ഞ് നേരിടേണ്ടി വരാവുന്ന രോഗങ്ങള്‍ ചികിത്സിച്ച് മാറ്റാന്‍ സഹായകരമാകും. ഉദാഹരണത്തിന് ഓട്ടിസം, തലച്ചോറിനേല്‍ക്കുന്ന ക്ഷതങ്ങള്‍, കാന്‍സര്‍, പ്രമേഹം തുടങ്ങി നിരവധി രോഗങ്ങള്‍ എളുപ്പത്തില്‍ ഭേദമാകാന്‍ ഈ കോശങ്ങള്‍ ഉപയോഗിക്കാം.

കേള്‍ക്കുമ്പോള്‍ സങ്കീര്‍ണ്ണമായി തോന്നാമെങ്കിലും വളരെ ലളിതമായ ഒരു പ്രക്രിയയാണ് സ്റ്റെ സെല്‍ ശേഖരിക്കുകയെന്നത്. പ്രസവസമയത്ത് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വേര്‍പ്പെടുത്തുന്ന സമയത്താണ് ഡോക്ടര്‍ ഇതിനാവശ്യമായ രക്തം ശേഖരിക്കുക. പൊക്കിള്‍ക്കൊടിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുക. എന്നാല്‍ ഇത് കുഞ്ഞിനോ അമ്മയ്‌ക്കോ വേദനയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ സൃഷ്ടിക്കില്ല. മാത്രമല്ല 510 മിനിട്ടിനുളളില്‍ രക്തം ശേഖരിക്കുന്ന പ്രക്രിയ അവസാനിക്കും.

പ്രസവം കഴിഞ്ഞ് ഏറെ നേരം കഴിഞ്ഞാല്‍ പൊക്കിള്‍ക്കൊടിക്കുളളിലെ രക്തം കട്ടപിടിക്കുമെന്നതിനാല്‍ വളരെ പെട്ടെന്ന് തന്നെ രക്തം ശേഖരിക്കുന്നതാണ് നല്ലത്. പൊക്കിള്‍ക്കൊടിയിലെ രക്തത്തോടൊപ്പം ചില രാജ്യങ്ങളില്‍ പൊ്ക്കിള്‍ക്കൊടി തന്നെ ശേഖരിച്ചു വെക്കുന്ന രീതി നിലവിലുണ്ട്. ഇതിലെ രക്തകോശങ്ങള്‍ പ്രയോജനപ്പെടുമെന്ന് കരുതിയാണിത്. എങ്കിലും ഈ രീതി എത്രത്തോളം ഫലപ്രദമാണെന്ന കാര്യത്തില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

കുഞ്ഞിന്റെ രക്തത്തോടൊപ്പം തന്നെ അമ്മയുടെ രക്തവും ശേഖരിക്കും. അമ്മയുടെ രക്തത്തില്‍ അണുബാധയോ മറ്റോ ഉണ്ടോ എന്നറിയാനാണിത്. ഇത്തരത്തില്‍ പൊക്കിള്‍ക്കൊടിയില്‍ നിന്നും ശേഖരിച്ച രക്തം സ്റ്റെം ബാങ്കില്‍ എത്തിച്ച് ശീതീകരിച്ച് ക്രയോജനിക് നൈട്രജന്‍ ഫ്രീസറില്‍ സൂക്ഷിക്കുന്നു. ഇതിനു ശേഷം രക്തത്തിലെ പ്ലാസ്മയില്‍ നിന്നും ശ്വേതരക്താണുക്കളില്‍ നിന്നും സ്റ്റെം സെല്ലുകള്‍ വേര്‍തിരിച്ചെടുത്ത് പ്രത്യേകമായി സൂക്ഷിക്കുന്നു. ഇത്തരത്തില്‍ എത്ര കാലം വേണമെങ്കിലും സ്റ്റെം സെല്ലുകള്‍ ശേഖരിച്ചു വെക്കാവുന്നതാണ്.സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും പൊക്കിള്‍ക്കൊടിയിലെ രക്തം ഇത്തരത്തില്‍ ശേഖരിക്കാം. ഇതിനായി പബ്ലിക് കോഡ് ബ്ലഡ് ബാങ്കുകളും പ്രൈവറ്റ് കോഡ് ബ്ലഡ് ബാങ്കുകളും നിലവിലുണ്ട്.

പൊക്കിള്‍ക്കൊടിയിലെ രക്തത്തില്‍ മനുഷ്യശരീരത്തിലെ രോഗപ്രതിരോധശേഷി നിര്‍ണ്ണയിക്കുന്ന ധാരാളം മൂലകോശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത്തരം കോശങ്ങള്‍ക്ക് ആ വ്യക്തി ജീവിക്കുന്ന കാലഘട്ടത്തില്‍ നേരിടേണ്ടി വരുന്ന മിക്കരോഗങ്ങളില്‍ നിന്നും അയാളെ സംരക്ഷിക്കാന്‍ സാധിക്കും. ഇത് കൂടാതെ ശരീരകോശങ്ങള്‍ക്ക്് ഏല്‍ക്കുന്ന ക്ഷതങ്ങളെ ഭേദമാക്കാനും സാധിക്കുന്നു.ഒരാളുടെ എല്ലുകളിലും, തലമുടിയിലും, പല്ലിലും, പേശികളിലും സ്റ്റെം സെല്ലുകള്‍ അഥവാ മൂലകോശങ്ങള്‍ കാണപ്പെടുന്നുണ്ടെങ്കിലും രോഗപ്രതിരോധശേഷി സംരക്ഷിക്കാന്‍ ഏററവും ഫലപ്രദമായത് ശിശുവിന്റെ പൊക്കിള്‍ക്കൊടിയിലെ രക്തമാണ് എന്നതാണ് സ്റ്റെം സെല്‍ ബാങ്കുകളെ ഇത്രയേറെ പ്രാധാന്യമുളളതാക്കി മാറ്റുന്നത്.

കാന്‍സര്‍ പോലുളള രോഗങ്ങളില്‍ , രോഗത്തിന് കാരണമായ കോശങ്ങളെ കീമോതെറാപ്പി പോലുളള ചികിത്സാ രീതികള്‍ വഴി ഇല്ലാതാക്കി പുതിയ കോശങ്ങളുടെ പുനര്‍ജ്ജീവനം ഉറപ്പാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രോഗത്തിന് മുന്നില്‍ സങ്കീര്‍ണ്ണചികിത്സ പോലും തോറ്റുപോകുന്ന ഘട്ടങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ ശേഖരിച്ച് വെച്ച സ്റ്റെം സെല്ലുകള്‍ ട്രാന്‍സ്പ്ലാന്റേഷനായി ഉപയോഗിക്കാം. ഇത്തരത്തില്‍ രോഗം പൂര്‍ണ്ണമായും ഭേദമാകാനുളള സാധ്യത ഏറെയാണ്. സ്റ്റെം സെല്‍ ബാങ്കിങ് സൗകര്യമുളള ആസ്പത്രി വഴി രാജ്യാന്തര സെല്‍ ബാങ്കിങ് ഡയറക്ടറിയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ലോകത്തെവിടെയുമുളള ആവശ്യക്കാര്‍ക്ക് സ്റ്റെ സെല്ലുകള്‍ ലഭ്യമാക്കുകയും സ്വീകരിക്കുകയും ചെയ്യാം.

തൊണ്ടയില്‍ തടസ്സം വരുമ്പോള്‍

വലിയവരില്‍ വരണ്ട, അനിയന്ത്രിതമായ ചുമ, വിട്ടുവിട്ടുള്ള ശബ്ദവ്യതിയാനം, ഇടയ്ക്കിടെയുള്ള തൊണ്ടകാറല്‍, തൊണ്ടയില്‍ തടസ്സം, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍

സുഗമമായുള്ള ഭക്ഷണം കഴിക്കലിന് നമ്മുടെ ചുണ്ടുകള്‍ മുതല്‍ ആമാശയംവരെയുള്ള ഭാഗങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ ഭാഗങ്ങളില്‍ എവിടെ അസുഖംവന്നാലും അത് ഭക്ഷണം വിഴുങ്ങി ആമാശയത്തില്‍ എത്തുന്നതുവരെയുള്ള പ്രക്രിയകള്‍ക്ക് തടസ്സമു ണ്ടാക്കുന്നു. ഇതില്‍ ഭൂരിഭാഗവും  അന്നനാളത്തിനും മുകള്‍ഭാഗത്തിനും തൊണ്ടയുടെ പിന്‍ഭാഗത്തിനുമിടയിലുള്ള  അസുഖങ്ങളാണ് . സാധാരണനിലയ്ക്കുള്ള നീര്‍ക്കെട്ടുമുതല്‍ പല മാരകമായ അസുഖങ്ങള്‍കൊണ്ടും ഇത് സംഭവിക്കാം.

ഇവിടെ പരാമര്‍ശിക്കുന്നത് ഇപ്പോള്‍ വളരെ സാധാരണയായി കണ്ടുവരുന്ന തൊണ്ടയിലെ തടസ്സമല്ലെങ്കില്‍ Laryngo Pharyngeal Reflux (പുളിച്ചു തികട്ടലും അതിനോടനുബന്ധിച്ച  അസുഖങ്ങളും) ആണ്.  ഈ അസുഖത്തിനെ LPRD എന്നാണ് സാധാരണ അറിയപ്പെടുന്നത്. ഇത് ചെറിയ കുട്ടികളില്‍മുതല്‍ പ്രായംച്ചെന്നവരില്‍വരെ വളരെ സാധാരണയായി കാണപ്പെടുന്നു.  തക്കസമയത്ത് രോഗനിര്‍ണയം നടത്തുകയും   ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍   പലവിധത്തിലുള്ള മാരകമായ അസുഖങ്ങള്‍ക്കും കാരണമായേക്കാവുന്ന ഒന്നുമാണ്.

ഈ അസുഖത്തിന്റെ കാരണം ആമാശയത്തിലുള്ള ആസിഡ്, ഭക്ഷണപദാര്‍ഥങ്ങള്‍, പിത്തരസം തുടങ്ങിയവ മേല്‌പോട്ട് തികട്ടുകയും സ്വനപേടകത്തിലും മൂക്കിന്റെ പിന്‍ഭാഗത്തെത്തുകയും ചെയ്യുന്നതുമൂലം അവിടെയുള്ള മൃദുലമായ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതുമാണ്. അന്നനാളത്തിന്റെ മുകളിലും അടിയിലുമായി രണ്ട് വൃത്താകൃതിയിലുള്ള പേശികളുണ്ട്. ഭക്ഷണം വായില്‍ നിന്ന് അന്നനാള ത്തിലേക്ക് പോകുന്നതിനുവേണ്ടിമാത്രം തുറക്കാനും അല്ലാത്തസമയത്ത് അടഞ്ഞുകിടന്ന് ആമാശയത്തിലെ ആസിഡ് തുടങ്ങിയവയെ മേല്‍്‌പോട്ടു പോകാതിരിക്കാനുംവേണ്ടി ക്രമീകരിച്ചിരിക്കുന്നു.

പല കാരണങ്ങളില്‍ ഈ പേശികളുടെ ശക്തി കുറയുകയും പ്രവര്‍ത്തനം വേണ്ടരീതിയില്‍ നടക്കാതിരിക്കുകയും ചെയ്യുമ്പോഴാണ് ഈ അസുഖമുണ്ടാകുന്നത്.ഈ അസുഖം നേരത്തെത്തന്നെ കണ്ടുപിടിക്കുകയാണെങ്കില്‍ ജീവിതശൈലിമാറ്റംകൊണ്ടും മരുന്നുകള്‍കൊ ണ്ടും വളരെ ഫലപ്രദമായി മാറ്റിയെടുക്കാവുന്നതുമാണ്.

ഈ അസുഖമുള്ളവര്‍ ഉറങ്ങാന്‍ കിടക്കുന്നതിന് രണ്ടുമൂന്നു മണിക്കൂര്‍മുമ്പ് ഭക്ഷണം കഴിച്ചിരിക്കണം. മദ്യം പൂര്‍ണമായും ഒഴിവാക്കു ന്നതാണ് നല്ലത്. വയറുനിറയെ ഭക്ഷണം കഴിക്കാതിരിക്കുന്നതും സാവധാനത്തില്‍ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്. പിന്നെ ഓരോ രോഗിക്കും ഏതുഭക്ഷണം കഴിച്ചാലാണ് തൊണ്ടയിലെ ഈ തടസ്സവും ചുമയും കൂടുന്നതെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.

ആ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ഉചിതമാണ്. പിന്നെ കാപ്പി, ഗ്യാസ് നിറച്ചിട്ടുള്ള പാനീയങ്ങള്‍, ചോക്കലേറ്റ്, അമിതമധുരം, ബേക്കറി പലഹാരങ്ങള്‍, തക്കാളി, നാരങ്ങവര്‍ഗത്തിലുള്ള പഴങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗവും എണ്ണ, കൊഴുപ്പുള്ള ഭക്ഷണ പദാര്‍ഥ ങ്ങള്‍, പുകവലി, അമിതഭാരം എന്നിവയും ഇതിന് കാരണമാകുന്നു. കൂടാതെ ഇന്നത്തെ ഫാസ്റ്റ്ഫുഡ് കമ്പവും ഈ അസുഖത്തിന് കാര ണമാകുന്നു. ഗര്‍ഭിണികളില്‍ ഈ അസുഖം കൂടുതലായി കാണുന്നു.

കുട്ടികളില്‍ ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ വിട്ടുമാറാത്ത ചുമ, ശബ്ദത്തിലുള്ള വ്യതിയാനം ശബ്ദത്തോടുകൂടിയുള്ള ശ്വാസംവലി, ആസ്തമ, കൂര്‍ക്കംവലി, ആയാസകരമായ ഉറക്കം, തരുപ്പില്‍പ്പോകലും ശ്വാസതടസ്സവും തുടങ്ങി വളര്‍ച്ചക്കുറവും കാണപ്പെടുന്നു. കുട്ടി കളിലെ വലിവ് രോഗത്തിലുള്ള ഒരു പ്രധാന കാരണവും ഇതാണ്.

വലിയവരില്‍ വരണ്ട, അനിയന്ത്രിതമായ ചുമ, വിട്ടുവിട്ടുള്ള ശബ്ദവ്യതിയാനം, ഇടയ്ക്കിടെയുള്ള തൊണ്ടകാറല്‍, തൊണ്ടയില്‍ തടസ്സം, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. കുട്ടികളിലായാലും വലിയവരിലായാലും ഇതിന്റെ പ്രധാനകാരണം തെറ്റായ ജീവിതശൈ ലിയും ഭക്ഷണക്രമവുമാണ്.

ഈ അസുഖം വളരെ ലളിതമായ ചില പരിശോധനകളിലൂടെ കണ്ടുപിടിക്കാവുന്നതാണ്. ആദ്യമായി Video Laryngoscopy Test, ചിലപ്പോള്‍ upper GI Endoscopy എന്ന ടെസ്റ്റും ആവശ്യമായി വന്നേക്കാം. പിന്നീടുള്ള ടെസ്റ്റുകള്‍ അസുഖത്തിന്റെ സ്വഭാവവും സ്റ്റേജും അനുസരിച്ചായി രിക്കും.അതിനാല്‍ മേല്‍പ്പറഞ്ഞ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഒരു വിദഗ്ധ ഡോക്ടറെക്കണ്ട് പ്രാഥമിക പരിശോധനയായ Video Laryngoscopy എന്ന ടെസ്റ്റ് ചെയ്യുകയും കൃത്യമായ ചികിത്സ തുടങ്ങേണ്ടതുമാണ്.

പ്രതിരോധിക്കാം, മഞ്ഞുകാലരോഗങ്ങളെ

.മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍

വേനല്‍ക്കാലത്തിന് മുന്നോടിയായി മഞ്ഞുകാലം തുടങ്ങി. അതിരാവിലെയും വൈകുന്നേരങ്ങളിലുമുളള മഞ്ഞുവീഴ്ച പലവിധ രോഗങ്ങള്‍ക്കും കാരണമാകും.മൂക്കൊലിപ്പ്, പനി, ചുമ, അലര്‍ജി, തുമ്മല്‍, അക്യൂട്ട് ബ്രോങ്കൈറ്റിസ്, ആസ്ത്മ തുടങ്ങിയവയാണ് പൊതുവേ കാണുന്ന തണുപ്പുകാലപ്രശ്‌നങ്ങള്‍. അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള മുഖ്യകാരണം.

കാലാവസ്ഥ മാറുമ്പോള്‍ മിക്കവര്‍ക്കും പനിവരുന്നത് പതിവാണ്. പനി മാറിയിട്ടും ചുമയും കഫക്കെട്ടും തുടരുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ശ്വാസനാളിയിലുള്ള നീര്‍ക്കെട്ട്, ശ്വാസംമുട്ടല്‍ എന്നിവയുടെ ലക്ഷണമാകാം ഇത്തരം ബുദ്ധിമുട്ടുകള്‍. കഫക്കെട്ടും മറ്റ് പ്രശ്‌നങ്ങളും വൈറല്‍ ന്യുമോണിയയിലേക്ക് നയിച്ചേക്കാം. 

വിട്ടുമാറാത്ത ചുമ ആസ്ത്മയുടെ കാരണമാകാം. ചിലര്‍ക്ക് സീസണലായി ആസ്ത്മ വരും. കൃത്യമായ മരുന്നിലൂടെ ആസ്ത്മ പൂര്‍ണമായും നിയന്ത്രിക്കാം. ഒരുമാസം ചുമ തുടരുക, ഭാരക്കുറവ്, കഫത്തില്‍ രക്തത്തിന്റെ അംശം എന്നിവയുണ്ടെങ്കില്‍ കഫം പരിശോധിക്കണം. ചിലപ്പോള്‍ ടി.ബി.യുടെ ലക്ഷണമാകാം.

സി.ഒ.പി.ഡി. (ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) ഉള്ളവര്‍ക്ക് അത് കൂടാന്‍ ഇടയുണ്ട്. പുകവലികാരണമുണ്ടാകുന്ന ഇത്തരം പ്രശ്‌നം പ്രായംചെന്നവരിലാണ് കൂടുതലായുണ്ടാവുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള കുത്തിവെപ്പ് ഫലപ്രദമാണ്.

മുന്‍കരുതല്‍

• ആരോഗ്യപ്രശ്‌നം ഒഴിവാക്കാന്‍ പൊടി, തണുപ്പ് തുടങ്ങിയ സാഹചര്യങ്ങളില്‍നിന്ന് മാറി നില്‍ക്കുക
•  ജോലിസ്ഥലത്തും യാത്രയിലും മുഖകവചം ഉപയോഗിക്കുക
•  പെര്‍ഫ്യൂം, ചന്ദനത്തിരി, കൊതുകുതിരി തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിക്കുക
•  തണുത്ത ഭക്ഷണവും ജങ്ക്ഫുഡും വേണ്ട. മുളപ്പിച്ച ധാന്യങ്ങള്‍, പച്ചക്കറി എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

• സ്വയംചികിത്സ ഒഴിവാക്കുക. അസുഖം കണ്ടെത്താതെ ലക്ഷണങ്ങള്‍ക്കുമാത്രം മരുന്നുവാങ്ങിക്കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കും. താത്കാലികശമനം മാത്രമാണ് സ്വയംചികിത്സയിലൂടെ ലഭിക്കുക. ഡോക്ടറെക്കണ്ടുതന്നെ മരുന്ന് വാങ്ങുക.  
• ഡോക്ടറുടെ സേവനം ഉറപ്പാക്കുക. കൃത്യമായി മരുന്ന് കഴിക്കുന്നതിലൂടെ അസുഖമകറ്റാം.
•  നേരത്തേ അസുഖമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പൈട്ടന്ന് ആശ്വാസം നല്‍കുന്നതും അസുഖം തടയുന്നതുമായ മരുന്നുകള്‍ കൈയില്‍ കരുതുക.
•  പ്രതിരോധശേഷി കുറവുള്ളവരും പ്രായമേറിയവരും സി.ഒ.പി.ഡി. പോലുള്ള അസുഖമുള്ളവരും പ്രതിരോധകുത്തിവെപ്പെടുക്കുന്നത് നല്ലതാണ്.

(കടപ്പാട്: ഡോ. എം.സി. സാബിര്‍,കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റ്, ബേബി മെമ്മോറിയല്‍ ആസ്പത്രി, കോഴിക്കോട്)

തിരിച്ചറിയാം ഡയബെറ്റിക് ന്യൂറോപ്പതിയെ

ശരീരത്തെ മുഴുവന്‍ ബാധിക്കുമെങ്കിലും ഡയബെറ്റിക് ന്യൂറോപ്പതി പാദങ്ങളിലെ ഞരമ്പുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നത്

നെരിപ്പോടിന്റെ ചെറുചൂട്, ഇളംകാറ്റിന്റെ കുളിര്‍മ, വസ്ത്തുക്കളുടെ മൃദുലത ഇവയെല്ലാം ഓരോ സെന്‍സേഷനുകളാണ്. നമുക്ക് എങ്ങനെയാണ് ഇവ അനുഭവഭേദ്യമാകുന്നത്? അനുഭവങ്ങള്‍ ഇലക്ട്രിക് സിഗ്നലുകളായി ശരീരത്തിലെ നാഡീവ്യൂഹത്തിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി സംവദിക്കുമ്പോഴാണ് നാം അവ തിരിച്ചറിയുന്നത്.

ഇപ്രകാരം തലച്ചോറില്‍ നിന്ന് ഇന്ദ്രിയങ്ങളിലേക്കും തിരിച്ചുമുളള സംവേദനങ്ങള്‍ ഇടതടവില്ലാതെ ഒരായുഷ്‌കാലം മുഴുവന്‍ നടക്കുന്നു. എന്നിരുന്നാലും പ്രമേഹത്തിന് ഈ മാസ്റ്റര്‍ കമ്മ്യൂണിക്കേഷന്‍ സിസ്‌ററത്തെ ഭേദിച്ച് അതിലെ സര്‍ക്യൂട്ടുകളെ നശിപ്പിക്കാനുളള പ്രഹരശേഷിയുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അമിതയളവ് ദീര്‍ഘകാലം നിലനിന്നാല്‍ അത് നാഡികളെ നശിപ്പിക്കുകയും ഈ അവസ്ഥയെ ഡയബെറ്റിക് ന്യൂറോപ്പതി എന്നും പറയുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നത് 50% രോഗികളും 25 വര്‍ഷകാലയളവില്‍ വേദനയോടു കൂടിയ ഡയബെറ്റിക് ന്യൂറോപ്പതിക്ക് അടിമപ്പെടുന്നുവെന്നാണ്.

ശരീരത്തെ മുഴുവന്‍ ബാധിക്കുമെങ്കിലും ഡയബെറ്റിക് ന്യൂറോപ്പതി പാദങ്ങളിലെ ഞരമ്പുകള്‍ക്കാണ് കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാക്കുന്നത്. ഇതിനെ പെരിഫെറല്‍ ഡയബെറ്റിക് ന്യൂറോപ്പതി എന്നുപറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീര്‍ഘകാലം അനിയന്ത്രിതമായി തുടരുമ്പോള്‍ ഊ അവസ്ഥയുണ്ടാകുന്നു. അനിയന്ത്രിതമായ പ്രമേഹം ഇന്ത്യയില്‍ വ്യാപകമായിരിക്കുകയാണ്. ഇന്ത്യയിലെ 50-60% പ്രമേഹരോഗികളും രക്തത്തിലെ ഗ്ലൈസിമിക് അളവ് 7%ത്തിലും താഴെയെന്ന ലക്ഷ്യം കൈവരിക്കുന്നില്ല. 6.2 കോടിയിലധികം പ്രമേഹബാധിതരുളള നമ്മുടെ രാജ്യത്തെ ഡയബെറ്റിക് ന്യൂറോപ്പതി ബാധിതരെക്കുറിച്ചുളള കണക്കുകള്‍ ആശങ്കാജനകമാണ്.

ചില ലക്ഷണങ്ങള്‍

  • കാലുകളില്‍ കഠിനമായ വേദന
  • പേശീ വലിവ്
  • മരവിപ്പ്
  • പേശികള്‍ക്ക് ബലഹീനതട
  • സ്പര്‍ശനത്തോട് അമിതമായ ബലഹീനത
  • ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുക
  • താപനിലയിലെ വ്യതിയാനങ്ങള്‍ തിരിച്ചറിയാന്‍ പ്രയാസം

നമ്മുടെ ശരീരത്തില്‍ മോട്ടോര്‍, സെന്‍സറി, ഒട്ടോണമിക് എന്നിങ്ങനെ മൂന്ന് തരം പെരിഫെറല്‍ നാഡികളാണുളളത്.  പെരിഫെറല്‍ ന്യൂറോപ്പതി മൂലം ഏതുതരം നാഡികളാണ് നശിച്ചിരിക്കുന്നത് എന്നതനുസരിച്ചാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ചിലപ്പോള്‍ 3 തരം നാഡികളെയും രോഗം ബാധിക്കാറുണ്ട്്. കുറച്ച്  വര്‍ഷങ്ങള്‍ക്ക് മുമ്പ് 70 വയസ്സ് പ്രായമുളള ഒരു രോഗി എന്നോട് പറഞ്ഞത് അദ്ദേഹത്തിന് കാലുകളില്‍ തീ പൊളളുന്നതു പോലെ തോന്നുന്നു എന്നാണ്. 65 വയസ്സുളള മറ്റൊരു രോഗിയുടെ പരാതി അവര്‍ക്ക് തന്റെ കാലുകള്‍ എവിടൊണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെന്നാണ്.

രാജ്യത്തെ 10% പ്രമേഹരോഗികള്‍ക്ക് കാലുകളില്‍ തുടര്‍ച്ചയായി വേദന അനുഭവപ്പെടുന്നു. ഇത് ക്രോണിക് ഡയബെറ്റിക് ന്യൂറോപ്പതിയാണ്. രാത്രിയില്‍ വേദന ക്രമാതീതമായി കൂടുന്നു. ഇത് ചിലര്‍ക്ക് ഉറക്കം കെടുത്തുന്നതും ദൈനംദിന പ്രവൃത്തികളെ ബാധിക്കുന്ന തരത്തില്‍ അസഹനീയവുമാണ്. ഡയബെറ്റിക് ന്യൂറോപ്പതി മൂലമുളള വേദന സംബന്ധിച്ചു നടത്തിയ പഠനങ്ങളില്‍ കാണുന്നത് ഏകദേളം 50% പ്രമേഹരോഗികളും ദൈനംദിന ജീവിതത്തില്‍ മിതമായതു മുതല്‍ കഠിനമായതുമായ വേദന അനുഭവിക്കുന്നുവെന്നതാണ്.

50-70 ശതമാനം രോഗികള്‍ അവരുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ വേദനയനുഭവിക്കുന്നു. ഇപ്പോള്‍ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന പ്രമേഹ ബാധിതരില്‍ 72% ആളുകള്‍ പ്രവര്‍ത്തനക്ഷമതക്കുറവ് നേരിടുന്നു. ഡയബെറ്റിക്  ന്യൂറോപ്പതി   വേദന ജീവിതത്തിന്റെ ആസ്വാദ്യത കുറയ്ക്കുന്നു. നാഡീ സംവേദനയില്ലായ്മ മൂലം രോഗിയ്ക്ക് കാലുകളിലുണ്ടാവുന്ന മുറിവുകളും മറ്റും തിരിച്ചറിയാനാവുന്നില്ല. ഇത് ഡയബെറ്റിക് ഫുട്ട് അള്‍സറിനും, കാല്‍ മുറിച്ചുമാറ്റുന്നതിനും വഴിയൊരുക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • കാലുകളില്‍ മുറിവ് , വിളളല്‍, നിറംമാറ്റം, അണുബാധ എന്നിവയുണ്ടോയെന്ന് ദിവസവും പരിശോധിക്കുക.
  • കാല്‍നഖങ്ങള്‍ ശ്രദ്ധാപൂര്‍വം മുറിക്കുക
  • ചെരിപ്പിടാതെ നടക്കുന്നത് ഒഴിവാക്കുക
  • കൃത്യമായ അളവിലുളള പാദരക്ഷകള്‍ ധരിക്കുക
  • ചെരിപ്പ്-വ്രണം ഒഴിവാക്കാന്‍ പുതിയ പാദരക്ഷകള്‍ക്കൊപ്പം സോക്‌സ് ധരിക്കുക
  • മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന പാദരക്ഷകള്‍ ഉപയോഗിക്കുക

നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഡയബെറ്റിക് ന്യൂറോപ്പതിയെക്കുറിച്ചുളള അവബോധം വളരെ കുറവാണ്.  മിക്കവാരും രോഗലക്ഷണങ്ങളെ പ്രായാധിക്യത്തിന്റെ  ലക്ഷണങ്ങളാണെന്ന് തെറ്റിദ്ധരിച്ച് കണ്ടില്ലെന്ന് നടിക്കുകയാണ് പതിവ്. ഇത് അപകടകരമായ പ്രവണതയാണ്. ഡയബെറ്റിക് ന്യൂറോപ്പതി ജീവിതത്തിന്റെ നിലവാരം കുറയ്ക്കുക മാത്രമല്ല കാലുകള്‍ നഷ്ടപ്പെടാനും ഇടയാക്കും.

ഡയബെറ്റിക് ന്യൂറോപ്പതി ചികിത്സയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം, മിക്കരോഗികളും സ്വയം ചികിത്സകളും വീട്ടുമരുന്നും കുറേനാള്‍ പരീക്ഷിച്ച് ഫലപ്രദമല്ലാതെ വരുമ്പോള്‍ അവസാന പോംവഴി എന്ന നിലയ്ക്കാണ് ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ സന്ദര്‍ശിക്കുന്നത്. ഈ പ്രവണത ഗുണത്തേക്കാളും ദോഷങ്ങള്‍ വരുത്തിവെയ്ക്കുന്നു. സാധാരണ വേദനസംഹാരികള്‍ ഡയബെറ്റിക് ന്യൂറോപ്പതി മൂലമുളല വേദന തടയാന്‍ പ്രാപ്തമല്ല. സ്വയം ചികിത്സ ശരിയായ ചികിത്സ വൈകിപ്പിക്കുകയും കൂടാതെ ഉപയോഗിച്ച മരുന്നുകളുടെ പാര്‍ശ്വഫലങ്ങളെ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

ഡയബെറ്റിക് ന്യൂറോപ്പതി വേദനയ്‌ക്കെതിരെയുളള ചികിത്സാ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നത് ഇന്ത്യയിലിന്ന് പ്രത്യേക പരിഗണനയിലാണ്. പ്രമേഹത്തിന്റെ തുടക്കം മുതലുളള ചികിത്സ ഡയബെറ്റിക് ന്യൂറോപ്പചി വരുന്നതിനെ തടയുകയും വേദന നിയന്ത്രിക്കുകയും ചെയ്യും.

നിലവില്‍ ഡയബെറ്റിക് ന്യൂറോപ്പതിക്ക് ഒരു ശാശ്വത പരിഹാരം കണ്ടെത്തിയിട്ടില്ല. പകരം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിച്ച് പോവുകയാണ് ചെയ്യുന്നത്. ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കണ്ട് ശരിയായ ചികിത്സ നേരത്തെ തന്നെ തുടങ്ങുന്നത് ഡയബെറ്റിക് ന്യൂറോപ്പത ബാധിതര്‍ക്ക് വേദനാരഹിതമായ ജീവിതം നയിക്കാന്‍ ഏറെ സഹായിക്കും.

ഡോ.പി.എ.മുഹമ്മദ് കുഞ്ഞ്, ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം

മനസ്സിന്റെ ശരീരം

അതോടെ അയാൾ പഴയ ഗേജ് അല്ലാതായി. സ്വഭാവമാകെ തകിടംമറിഞ്ഞു

മനസ്സിന്റെ ശരീരം ഏതാണ്?  ശാസ്ത്രത്തേക്കാൾ ഭാവനയുടെയും ചിന്തയുടെയും സൈദ്ധാന്തിക തലങ്ങളിൽ കുടുങ്ങിക്കിടന്ന മനസ്സെന്ന പ്രതിഭാസത്തിന്റെ ഇരിപ്പിടം എവിടെയാണ്? ഈ വിഷയത്തെപ്പറ്റി തലപുകഞ്ഞുകൊണ്ടിരുന്ന   ശാസ്ത്രലോകം ഏറെക്കാലമെടുത്തു മനസ്സിന്റെ ശരീരം തലച്ചോറുതന്നെയാണെന്ന് കണ്ടെത്താൻ. ഈ കണ്ടെത്തലിലേക്ക്് ശാസ്ത്രത്തെ നയിച്ചസംഭവം 168 വർഷംമുമ്പ് നടന്ന ഒരു അപകടമായിരുന്നു. ഫിന്നസ് ഗേജ് എന്ന ഒരു പാവം തൊഴിലാളിയുടെ ജീവിതം തകർത്തുകളഞ്ഞ ആ അപകടത്തിന് അങ്ങനെ ശാശ്വതമായ ഒരു അസ്തിത്വം കൈവന്ന കഥയാണിത്.

മനസ്സിന്റെ ലോലതലങ്ങളുമായി എന്നും വ്യാപരിക്കുന്ന ഒരാൾ എന്നനിലയിൽ എന്നെങ്കിലുമൊരിക്കൽ ഫിന്നസ് ഗേജിന്റെ ഓർമകൾ ഉറങ്ങുന്ന മണ്ണിൽ ചെല്ലണമെന്നതും വൈദ്യശാസ്ത്രചരിത്രത്തിൽ ഇടംനേടിയ സാധാരണക്കാരിൽ സാധാരണക്കാരനായ ആ തൊഴിലാളിയുടെ സ്മരണകൾക്കുമുന്നിൽ ഒരു നിമിഷം കുമ്പിടണമെന്നതും ഇതെഴുതുന്നയാളുടെ ആഗ്രഹമായിരുന്നു. ഈയിടെയാണത് നടന്നത്. കഴിഞ്ഞ ​െസപ്‌റ്റംബർ 13-നായിരുന്നു ഫിന്നസ് ഗേജിന്‌ സംഭവിച്ച അപകടത്തിന്റെ 168-ാം വാർഷികം.

ഇനി ഗേജിന്റെ കഥ പറയാം. അദ്ദേഹമൊരു റെയിൽവേത്തൊഴിലാളിയായിരുന്നു. അമേരിക്കയുടെ കിഴക്കൻ പ്രദേശത്ത് കാനഡയുടെ അടുത്തുള്ള വെർമോണ്ടിലുള്ള കാവൻഡിഷ് എന്ന ശാന്തമായൊരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. കഠിനാധ്വാനിയും സൽസ്വഭാവിയുമായ മനുഷ്യനായിരുന്നു ഗേജ്. താൻ ചെയ്യുന്ന ജോലിയിൽ അങ്ങേയറ്റം പ്രവീണൻ. സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടുമുള്ള പെരുമാറ്റത്തിൽ മാന്യതയുടെ ആൾരൂപം. കാനഡയിൽനിന്ന്‌ നെവർമോണ്ടിലേക്ക് റെയിൽപ്പാത നീട്ടുമ്പോൾ റെയിൽവേ ഫിന്നസ് ഗേജി ന്റെ സഹായംതേടി. കാരണം, തുരങ്കങ്ങൾ നിർമിക്കുമ്പോൾ പാറ യിൽ തുളകളുണ്ടാക്കി സ്ഫോടനം നടത്തുന്നതിൽ വിദഗ്ധനായിരുന്നു ഗേജ്.

അങ്ങനെയൊരു ദിവസം ജോലിക്കിടയിൽ ആരോ ഗേജിനെ വിളിച്ചു. ഒരുനിമിഷം! ശ്രദ്ധ പതറി. വൻ സ്ഫോടനമായിരുന്നു ഫലം. പാറയിൽ തുളയിട്ടുകൊണ്ടിരുന്ന കൂർത്ത കമ്പി അയാളുടെ മേൽത്താടിയും തുളച്ച് കണ്ണിനുപിന്നിലൂടെ തലയോട്ടിയും തകർത്ത് ഒരു ജാവലിൻപോലെ പുറത്തേക്കുപോയി. അദ്‌ഭുതം, ഗേജിന് എന്നിട്ടും ബോധക്ഷയമുണ്ടായില്ല. സഹപ്രവർത്തകർ അയാളെ ഉടനെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ആസ്പത്രിയിലെ ഡോക്ടർ ഹാർലോ  അന്നത്തെ മട്ടിലുള്ള മരുന്നുകൾ

വെച്ചുകെട്ടി ഗേജിനെ രക്ഷിക്കാൻ ശ്രമിച്ചു. വൈകാതെ മുറിവുണങ്ങി. ഗേജ് ആരോഗ്യം വീണ്ടെടുത്തു. പക്ഷേ, അതോടെ അയാൾ പഴയ ഗേജ് അല്ലാതായി. സ്വഭാവമാകെ തകിടംമറിഞ്ഞു. മുമ്പ് മദ്യപിച്ചിട്ടില്ലാത്ത അയാൾ ഒരു മുഴുക്കുടിയനായി മാറി. അയാളെപ്പേടിച്ച് സ്ത്രീകൾക്ക് നിരത്തിലിറങ്ങാൻ ഭയമായി. ‘ബിവേയർ ഓഫ് ഫിന്നസ് ഗേജ്’ എന്ന ബോർഡ് പലയിടത്തും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ജോലി നഷ്ടപ്പെട്ട് താളംതെറ്റിയ ജീവിതവുമായി അയാൾ അലഞ്ഞു. തന്റെ മുടിമാറ്റി, പൊട്ടിയ തലയോട്ടിയുടെ ഭാഗം പ്രദർശിപ്പിച്ച് കാശുവാങ്ങി ജീവിക്കുന്ന അവസ്ഥവരെ ഗേജ് എത്തി.
ശല്യം സഹിക്കവയ്യാതായപ്പോൾ ബന്ധുക്കൾ അയാളെയുംകൊണ്ട് ചിലിയിലേക്ക് പോയി. പിന്നെ സാൻഫ്രാൻസിസ്കോയിലേക്കും. അവിടെവെച്ച് തുടർച്ചയായി അപസ്മാരബാധിതനായ ഗേജ് അധികം വൈകാതെ മരിച്ചു. ഗേജിനെ ചികിത്സിച്ച ഡോക്ടർ ഹാർലോ പക്ഷേ, അദ്ദേഹത്തെ പിന്തുടരുന്നുണ്ടായിരുന്നു. ഗേജിന്റെ മാറ്റങ്ങളും ലക്ഷണങ്ങളും അദ്ദേഹം പഠിക്കുന്നുണ്ടായിരുന്നു. ഗേജിനെ അടക്കംചെയ്ത സ്ഥലത്തുചെന്ന് അദ്ദേഹം പ്രത്യേക അനുമതിയോടെ മൃതശരീരം പുറത്തെടുത്ത് ആ തലയോട്ടിയും തലയോട്ടിയിൽ തുളഞ്ഞുകയറിയ കമ്പിയുമെല്ലാം ഉപയോഗിച്ച് തന്റെ പഠനം തുടർന്നു. ‘ഗേജ് റെസ്റ്റ് ഇൻ പീസ്’ ആയില്ല. അതായത് കുഴിമാടത്തിലും ഗേജിന് സ്വസ്ഥതയുണ്ടായില്ല എന്ന് അക്കാലത്ത് ഇതേപ്പറ്റി പറയാറുണ്ടായിരുന്നത്രെ.

ഹാർലോയുടെ പഠനങ്ങളുടെ തുടർച്ചയായി പിൽക്കാലത്ത് ഡിജിറ്റൽ ഡീ കൺസ്ട്രക്‌ഷൻ വഴിയും ഗേജിന്റെ കേസ് പഠിക്കപ്പെട്ടു. മനസ്സിന്റെ ഇരിപ്പിടം തലച്ചോറുതന്നെയാണെന്ന്‌ ഉറപ്പിക്കുന്നതായിരുന്നു ഈ പഠനങ്ങൾ. മനുഷ്യനെ മനുഷ്യനാക്കുന്നത് തലച്ചോറിന്റെ വളർച്ചയാണല്ലോ. അതിൽ കണ്ണിനുപിന്നിലുള്ള തലച്ചോറിന്റെ മുൻവശത്തിന്- കൃത്യമായി പറഞ്ഞാൽ കണ്ണുണ്ടയ്ക്കും നെറ്റിക്കും ഇടയിലുള്ള ഫ്രോണ്ടൽ ലോബിന്- വളരെയധികം പ്രധാന്യമുണ്ട്.

അതാണ് മനുഷ്യനെ വിവേകശാലിയാക്കുന്നതും സാമൂഹിക മര്യാദകൾക്കനുസരിച്ച് ജീവിക്കാൻ പ്രേരിപ്പിക്കുന്നതും. വൈദ്യശാസ്ത്രചരിത്രത്തിലെ നിർണായകമായ ഈ കണ്ടെത്തലിന് സഹായിച്ചത് ഫിന്നസ്‌ഗേജിന്റെ തലയോട്ടിയായിരുന്നു.

സാൻഫ്രാൻസിസ്കോയിലാണ് മരിച്ചതെങ്കിലും അപകടംനടന്ന സ്ഥലത്ത് ഗേജിനൊരു സ്മാരകം പണിതിട്ടുണ്ട്. അതുപോലെ ഗേജിന്റെ തലയോട്ടിയും തലയോട്ടിയിൽ തറച്ച കമ്പിയും 
ബോസ്റ്റണിലെ ഹാർവാഡ് സർവകലാശാലയിലെ വാറൻ അനാട്ടമിക്കൽ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുമുണ്ട്.

ഇതിന്റെ പേരിലാണ് ഈ മ്യൂസിയം ഇന്ന്‌ അറിയപ്പെടുന്നതുതന്നെ.  ഈ മ്യൂസിയത്തിൽ ഫോട്ടോഗ്രാഫി അനുവദനീയമല്ല എന്നുകൂടി പറയട്ടെ. അമേരിക്കൻ അനാട്ടമിയിലെ സൂപ്പർസ്റ്റാർ, ന്യൂറോ സൈക്യാട്രിയിലെ പ്രശസ്തനായ രോഗി... അങ്ങനെ കാലം ഫിന്നസ് ഗേജിന് പല വിശേഷണങ്ങളും ചാർത്തിക്കൊടുത്തിരിക്കുന്നു.

1860-ലാണ് ഗേജ് മരിക്കുന്നത്. ഗേജിന്റെ സ്മാരകത്തിൽ ഈ അപകടത്തെപ്പറ്റിയും ഗേജിന്റെ കേസിനെപ്പറ്റിയും വിശദമായി എഴുതിവെച്ചിട്ടുണ്ട്. അപകടം നടന്നതിന്‌ ഒരു കിലോമീറ്റർ അകലെയാണ് ഈ സ്മാരകം. കാവൻഡിഷ് മുനിസിപ്പൽ ബിൽഡിങ്ങിനുസമീപം കാവൻഡിഷ് ഹിസ്റ്റോറിക്കൽ സൊസൈറ്റി 1998-ൽ ഇതിന്റെ 150-ാം വാർഷികം കൊണ്ടാടിയപ്പോഴും ഗേജ് വാർത്തകളിൽ നിറഞ്ഞു. തലയോട്ടിയും കുത്തികയറിയ കമ്പിയും ഫലകത്തിൽ ഉറപ്പിച്ചിടത്ത് ഗേജിനെപ്പറ്റിയും ഈ അപകടത്തെപ്പറ്റിയും വിശദമായി എഴുതിവെച്ചത് വായിച്ച് അവിടെ നിൽക്കുമ്പോൾ, ഈ ലേഖകൻ ജനിക്കുന്നതിനും 100 വർഷംമുമ്പ് ജീവിച്ചുമരിച്ച ആ മനുഷ്യന്റെ ഓർമകൾ വികാരാധീനനാക്കുന്നത് ഞാനറിഞ്ഞു.

അധികമായാല്‍ ശബ്ദവും കുഴപ്പമാണ്

വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും

നാമെല്ലാം സിനിമാശാലയില്‍ പേകപന്നവരല്ലേ? എത്ര ഉറക്കെയാണ് അവിടെ ശബ്ദം കേള്‍പ്പിക്കുന്നത്! ശബ്ദത്തിന്റെ ആധിക്യംമൂലം ചിലരെങ്കിലും ചെവി പൊത്തിയിരിക്കുന്നതു കണ്ടിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമാശാലയില്‍ ശബ്ദമലിനീകരണത്തിനെതിരായ ഒരു പരസ്യം കാണാനിടയായി. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച ആ പരസ്യം കഴിഞ്ഞു സിനിമ തുടങ്ങിയപ്പോള്‍ ശബ്ദം അസഹ്യമായിരുന്നു.

സിനിമയിലെ സംഭാഷണങ്ങള്‍ ഇത്രയും ഉറക്കെ കേള്‍പ്പിക്കേണ്ട കാര്യമുണ്ടോ? സിനിമാശാലയ്ക്കുള്ളിലിരിക്കുന്നവര്‍ കേട്ടാല്‍പ്പോരേ? അവരുടെ ചെവിയിലേക്ക് ശബ്ദം അടിച്ചുകയറ്റേണ്ട കാര്യമില്ലല്ലോ? നമ്മളെല്ലാവരും ടെലഫോണിലൂടെയും സംസാരിക്കാറുണ്ട്. അപ്പോഴൊന്നും ഇത്ര ഉച്ചത്തിലല്ലല്ലോ കേള്‍ക്കുന്നത്? അത്രയും കുറഞ്ഞ ശബ്ദവും നമുക്കു കേള്‍ക്കാനും സംഭാഷണം തിരിച്ചറിയാനും കഴിയും എന്നതു സത്യമല്ലേ? പിന്നെയെന്തിന് സിനിമാശാലകളിലും സംഗീതപരിപാടികളിലുമെല്ലാം ഇത്ര ഉച്ചത്തില്‍ കേള്‍പ്പിക്കണം?

വളരെ ഉച്ചത്തിലുള്ള ശബ്ദം പൊതുവെ ഒരു ശല്യമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ വളരെ ഉച്ചത്തിലുള്ള ശബ്ദമില്ലെങ്കില്‍ എന്തോ കുറവുള്ളതുപോലെ ചിലര്‍ക്കെങ്കിലും തോന്നുന്നു, അല്ലേ?

ഇത് വെറും ശല്യം മാത്രമല്ല മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും ശബ്ദകോലാഹലം പരിസരത്തില്ലാതിരുന്ന കാലത്ത് ജീവിച്ചിരുന്നവരെ അപേക്ഷിച്ച് ഇന്നുള്ളവരുടെ കേള്‍വിശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ആരോഗ്യത്തെ എങ്ങിനെയാണ് ശബ്ദശല്യം ബാധിക്കുകയെന്നും, അത്ര വലിയ ശബ്ദമാണോ നമുക്ക് അനുഭവപ്പെടാറുള്ളത് എന്നും ഒന്ന് പരിശോധിക്കാം.

ആദ്യമായി, നാമെങ്ങിനെയാണ് ശബ്ദം കേള്‍ക്കുന്നതു് എന്നുനോക്കാം. വായുവിന്റെ മര്‍ദ്ദം കൂടിയും കുറഞ്ഞും ഉണ്ടാകുന്ന തരംഗങ്ങളാണ് ശബ്ദമായി  നമുക്ക് അനുഭവപ്പെടുന്നത്. ബാഹ്യകര്‍ണ്ണം ( external ear ) എന്നു പേരിട്ടിരിക്കുന്ന ഭാഗമാണ് വെളിയില്‍നിന്നുള്ള ശബ്ദത്തെ സ്വീകരിച്ച് ശരീരത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത്.

നാം ചെവിക്കല്ല് എന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ tympanic membrane എന്നും വിളിക്കുന്ന ചര്‍മ്മത്തിലാണ് ശബ്ദം എത്തിച്ചേരുന്നത്. ആ ചര്‍മ്മം ശബ്ദത്തിനൊത്ത് ചലിക്കുകയും അതിനോടു തൊട്ടിരിക്കുന്ന മൂന്നു കുഞ്ഞ് എല്ലിന്‍കഷണങ്ങള്‍ ആ ചലനത്തെ കൊക്ക്ലിയ ( cochlea ) എന്നു പേരുള്ള ആന്തരികകര്‍ണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒച്ചിന്റെ രൂപമുള്ള ഒരു ചെറിയ ഭാഗമാണ് ഇത്. ഒരുതരം ദ്രാവകം നിറച്ച, വര്‍ത്തുളാകൃതിയിലുള്ള (spiral)  ഒരു കുഴലാണ് ഇതിന്റെ പ്രധാനഭാഗം.

കൊക്ക്ലിയയ്ക്കുള്ളിലുള്ള ഒരു ഭാഗമാണ് ഓര്‍ഗന്‍ ഒഫ് കോര്‍ടി (organ of Corti) എന്നു വിളിക്കുന്നത്. ഇതിനുള്ളില്‍ കാണപ്പെടുന്ന ചെറിയ രോമംപോലുള്ള കോശങ്ങളാണ് ശബ്ദത്തെ വൈദ്യുതതരംഗങ്ങളാക്കി നമ്മുടെ നാഡീവ്യൂഹത്തിലേക്കു് എത്തിക്കുന്നത്. അവിടെനിന്ന് വൈദ്യുതസ്പന്ദനങ്ങള്‍ തലച്ചോറില്‍ എത്തുമ്പോഴാണ് നാം ശബ്ദം 'കേള്‍ക്കുന്നത്'.

ഇതിന്റെ ശാസ്ത്രീയവശങ്ങള്‍ പ്രതിപാദിക്കുന്ന ഒരു അഭിമുഖം കൈരളി ടിവിയില്‍ കാണിച്ചത് യൂട്യൂബില്‍ ഇവിടെ ലഭ്യമാണ്: https://www.youtube.com/watch?v=X-kjO4JbU3M. അതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഓണററി സെക്രട്ടറിയായ ഡോ. രാജീവ് ജയദേവന്‍ സംസാരിക്കുന്നതു കേള്‍ക്കാം. നാം കേള്‍ക്കുന്നതെങ്ങിനെ എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ചാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. കാഴ്ചയുടെ പ്രക്രിയയുമായി താരതമ്യംചെയ്താണ് അദ്ദേഹം കേള്‍വിയേപ്പറ്റി സംസാരിക്കുന്നത്. ഐഎംഎ നടത്തിയ പഠനത്തേക്കുറിച്ചും അവരുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണത്തിലൂടെ എറണാകുളം നഗരത്തില്‍ ശബ്ദം കുറയ്ക്കാന്‍ കഴിഞ്ഞതിനേപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.

അതിശക്തമായ പ്രകാശം കണ്ണിലടിച്ചാല്‍ നാം അറിയാതെതന്നെ കണ്ണുചിമ്മി കണ്ണിനു ക്ഷതമേല്ക്കാതെ രക്ഷിക്കുന്നു. എന്നാല്‍ ചെവി നമുക്ക് അടയ്ക്കാനാകുന്നില്ല. അതുകൊണ്ട് പലപ്പോഴും ശ്രവണേന്ദ്രിയത്തിന് താങ്ങാനാവാത്ത ശബ്ദം സഹിക്കേണ്ടി വരികയും അത് ഒഴിവാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

നമുക്ക് ആവശ്യമില്ലാത്ത (ശല്യമാകുന്ന) ശബ്ദത്തെയാണ് 'ശബ്ദമലിനീകരണം' എന്നു വിളിക്കുന്നത്. ഇത് എങ്ങിനെയെല്ലാമുണ്ടാകുന്നു എന്നു പരിശോധിക്കാം.

ആദ്യമായി വീട്ടില്‍നിന്നുതന്നെ തുടങ്ങാം. പഠിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അതുപോലെ ശ്രദ്ധയോടെ എന്തെങ്കിലും ചെയ്യുന്ന വ്യക്തിക്ക് ടെലിവിഷനില്‍നിന്നു വരുന്ന ശബ്ദം മലിനീകരണമാണ് അഥവാ ശല്യമാണ്. ടെലിവിഷന്‍ കൂടാതെ, വീട്ടില്‍ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന യന്ത്രങ്ങളാണ് മിക്‌സറുകള്‍, വാഷിങ്ങ് മെഷീന്‍, ടെലഫോണ്‍ തുടങ്ങിയവ. ഇക്കാലത്ത് ഇവ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ടെലിവിഷന്‍ ശബ്ദം കുറച്ചുവയ്ക്കുക പ്രയാസമില്ലല്ലോ.

വീട്ടിനു പുറത്തിറങ്ങിയാല്‍, നഗരങ്ങളിലാണെങ്കില്‍ വിശേഷിച്ചും വാഹനങ്ങളുടെ ശബ്ദമായിരിക്കും ഏറ്റവും മുന്തി നില്‍ക്കുന്നത്. യന്ത്രത്തിന്റെ ശബ്ദവും ടയര്‍ റോഡില്‍ ഉരയുന്നതിന്റെ ശബ്ദവും വാഹനമോടുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് വാഹനങ്ങളില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ ശബ്ദം ഹോണിന്റേതാണ്. അതു് ആവശ്യത്തിനും വെറുതേയും ഉപയോഗിക്കുക എന്നത് ശീലമായിരിക്കുന്നു. പലപ്പോഴും ആവശ്യമില്ലാതെ ഹോണടിക്കാനായി ഡ്രൈവിങ് അദ്ധ്യാപകര്‍തന്നെ പ്രേരിപ്പിക്കാറുണ്ട്.

ഇനി ജോലിസ്ഥലത്താണെങ്കില്‍ അവിടെയും യന്ത്രങ്ങളുടെയും മനുഷ്യരുടെയും സൈറന്‍, സ്പീക്കറുകളിലൂടെയുള്ള അറിയിപ്പുകള്‍, തുടങ്ങി പലതും ശബ്ദമലിനീകരണത്തിലേക്കു സംഭാവനചെയ്യുന്നു. ഇങ്ങനെ ഉയര്‍ന്ന ശബ്ദസാന്ദ്രതയുള്ള പരിസ്ഥിതിയിലാണ് നാമിന്നു ജീവിക്കുന്നത്.

ഇതിനും പുറമെയാണ് എന്തെങ്കിലും സമ്മേളനമോ സംഗീതപരിപാടിയോ ഒക്കെ നടത്തുന്നതിന്റെ ഭാഗമായി സ്പീക്കറുകളിലൂടെ ഉച്ചത്തില്‍ എല്ലാവരെയും പാട്ടു കേള്‍പ്പിക്കുന്നത്. മാത്രമല്ല, പല ആരാധനാലയങ്ങളിലും വെളുപ്പാന്‍കാലത്തു മുതല്‍ സ്പീക്കറിലൂടെ ഗാനപ്രക്ഷേപണം തുടങ്ങുകയായി. ചുറ്റുപാടും ജീവിക്കുന്നവരെ ശല്യപ്പെടുത്തുന്ന ഈ പതിവിനു പണം നല്‍കുന്നതും ചുറ്റിലും ജീവിക്കുന്നവര്‍തന്നെയാണ് എന്നതാണ് ഇതിലെ വിരോധാഭാസം.

ശബ്ദമലിനീകരണം എന്തെല്ലാം ദോഷം ചെയ്യുന്നു എന്നു നോക്കാം.

നാം ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതാണ് ആദ്യത്തെ പ്രശ്‌നം. ടെലിവിഷനോ മറ്റെന്തെങ്കിലുമോ ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഇടത്ത് ഇരുന്നുകൊണ്ട് കുട്ടികളോട് നന്നായി പഠിക്കാന്‍ പറയുന്നതിലെ മണ്ടത്തരമൊന്ന് ആലോചിച്ചുനോക്കൂ. കുട്ടിയുടെ ശ്രദ്ധ ടെലിവിഷനില്‍ എന്തു നടക്കുന്നു എന്നതിലായിരിക്കും എന്നുതന്നെയല്ല, ആ ശബ്ദംതന്നെ കുട്ടിയുടെ ശ്രദ്ധ പഠിത്തത്തില്‍നിന്നു മാറ്റും.

ഇത്രയും മാത്രമാണെങ്കില്‍പ്പോലും ഈ ശബ്ദമലിനീകരണം നമുക്കു വേണ്ടാത്ത ഒന്നാണെന്നതിനു സംശയമുണ്ടാവില്ല. അതിനു പുറമെ, വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും.

ശബ്ദമലിനീകരണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഇഎന്‍ടി ഡോക്ടറന്മാരുടെ അസോസിയേഷന്‍ ഭാരവാഹിയായ ഡോക്ടര്‍ ജോണ്‍ പണിക്കര്‍ പറയുന്നു: 'മുമ്പൊക്കെ 75 വയസ്സു കഴിഞ്ഞവര്‍ കേള്‍വി പ്രശ്‌നവുമായി വരാറുണ്ടായിരുന്നെു. ഇപ്പോള്‍ 45 വയസ്സു കഴിഞ്ഞവര്‍ പോലും കേള്‍വിക്കു പ്രശ്‌നവുമായി വരുന്നു...വാഹനങ്ങളുടെ ഹോണ്‍ നിയന്ത്രിക്കുന്നതിനും ഉച്ചഭാഷിണികളുടെ ഉപയോഗത്തിനും നിയമപരമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും കര്‍ശനമായി നടപ്പിലാക്കുന്നില്ല'.

മേല്പറഞ്ഞ ശബ്ദകോലാഹലമൊന്നും പോരാഞ്ഞിട്ടെന്ന വണ്ണം നമ്മുടെ യുവാക്കളില്‍ പലരും എപ്പോഴും ഇയര്‍ഫോണും ചെവിയില്‍ തിരുകി വളരെ ഉച്ചത്തില്‍ സംഗീതവും കേട്ടുകൊണ്ടാണ് നടക്കുന്നത്. പരിസരത്തു നടക്കുന്നതൊന്നും അവരറിയുന്നില്ലെന്നു മാത്രമല്ല പ്രായമാകുന്നതിനു മുമ്പുതന്നെ കേള്‍വി തകരാറിലാക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ശ്രദ്ധതിരിക്കുക മാത്രമല്ല ശബ്ദമലിനീകരണം ചെയ്യുന്നത്. ഉയര്‍ന്ന തോതില്‍ ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരുടെ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നതായിരിക്കുമെന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്.

ജര്‍മ്മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് നാം തീരെ അവഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ്: രക്തക്കുഴലുകള്‍ കട്ടിപിടിക്കുന്ന അതേറോസ്‌ക്ക്‌ലീറോസിസ് (atherosclerosis) എന്ന അവസ്ഥ ഉയര്‍ന്ന ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരില്‍ കൂടുതലായി കാണുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനവും മറ്റും ഉണ്ടാവാനുള്ള ഒരു കാരണം ഇതാണ്. അതായത് ഉയര്‍ന്ന ശബ്ദം കേട്ടുകൊണ്ടിരിക്കുന്നത് മരണത്തിലേക്കോ വളരെ ഗൗരവമായ രോഗാവസ്ഥയിലേക്കോ നയിക്കാം എന്നര്‍ത്ഥം.

ഭൂപ്രദേശത്തിന്റെ ഉപയോഗമനുസരിച്ച് ശബ്ദമലിനീകരണത്തിന്റെ ആവശ്യത്തിനായി നാലായി തിരിക്കാറുണ്ട്: വ്യാവസായികമേഖല (indistrial zone), വാണിജ്യമേഖല (commercial zone), ജനവാസമേഖല (residential zone), നിശ്ശബ്ദമേഖല (silent zone) എന്നിങ്ങനെ. ഇവയില്‍ അവസാനത്തേത് റോഡരുകിലെ ചില ബോര്‍ഡുകളില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നത് എല്ലാവരും കണ്ടിരിക്കും.

ആസ്പത്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുള്ള ഇടങ്ങളെയാണ് നിശ്ശബ്ദമേഖലയായി അടയാളപ്പെടുത്തിയിട്ടുള്ളതു്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഹോണടിക്കരുത് എന്നാണു് നിയമം. പക്ഷെ നമ്മളില്‍ എത്രപേര്‍ അത് അനുസരിക്കാറുണ്ട്?

ഇന്ത്യയില്‍പ്പോലും ശബ്ദമലിനീകരണനിയന്ത്രണ നിയമമുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ മേല്പറഞ്ഞ നാലു മേഖലകളായി സര്‍ക്കാര്‍ വിഭജിക്കണമെന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന പരിധിക്കുള്ളിലാവണം ഓരോ മേഖലയിലെയും ശബ്ദമെന്ന് ഉറപ്പു വരുത്തണമെന്നും നിയമത്തില്‍ പറയുന്നു. പകലും രാത്രിയിലും പരമാവധി എത്ര ശബ്ദമുണ്ടാവാം എന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. 2000 ഫിബ്രവരി 14ന് ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണിത്.

എന്നാല്‍ ഈ മേഖലകള്‍ അടയാളപ്പെടുത്തുകയും ശബ്ദം നിയന്ത്രിക്കുകയും ചെയ്യേണ്ടത് നിയമമനുസരിച്ച് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്. കേരളസര്‍ക്കാര്‍ എന്തായാലും ഇതു ചെയ്തിട്ടുള്ളതായി അറിവില്ല.

കൂടാതെ രാത്രികാലങ്ങളില്‍ സമ്മേളനങ്ങളോ മറ്റു പരിപാടികളോ നടത്തുമ്പോള്‍ അതു നടത്തുന്ന സ്ഥലത്തു (ഹാളിലോ ആഡിറ്റോറിയത്തിലോ) മാത്രം ഒതുങ്ങിനില്‍ക്കുന്ന വിധത്തില്‍ വേണം ഉച്ചഭാഷിണികളും മറ്റും സ്ഥാപിക്കാന്‍ എന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ഈ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനും അവര്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്ന ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, തുടങ്ങിയവര്‍ക്കുമാണ്. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ ശബ്ദം ഉണ്ടാകുന്ന പക്ഷം ഇവരോട് പരാതിപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

കേരളത്തില്‍ മിക്കയിടത്തും ശബ്ദമലിനീകരണത്തിനു കാരണമാകുന്നത് വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികളാണ്. ചില ആരാധനാലയങ്ങളില്‍ വെളുപ്പിന് നാലര മണിക്കു മുതല്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതു കേള്‍ക്കാം. ഇത് നിയമവിരുദ്ധമാണ്. ആരാധനാലയമായതിനാല്‍ ജനങ്ങള്‍ പരാതിപ്പെടാനും മടിക്കുന്നു.

രോഗികള്‍, വയോധികര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി അനേകം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടും മേല്‍പ്പറഞ്ഞതുപോലെ അവരുടെ ആരോഗ്യത്തിനു ഹാനിയും ഉണ്ടാക്കുന്ന ഇത്തരം പതിവുകള്‍ ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ?

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)

രോഗികള്‍ക്കുമുണ്ട് ചില മര്യാദകള്‍

രോഗം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം വേണ്ടത് സ്വന്തം രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയാണ്. ഏതു ചികില്‍സ ചെയ്യണമെന്നും എത്രത്തോളം വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള കഴിവ് ഉണ്ടായാല്‍ വളരെ നല്ലത്.

 

ഡോക്ടര്‍-രോഗി ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എപ്പോഴും എല്ലായിടത്തും ഉണ്ടാകാറുള്ളതാണ്. ഡോക്ടര്‍മാര്‍ രോഗികളോട് എങ്ങനെ പെരുമാറണം, അവരുടെ കാര്യങ്ങളില്‍ എത്രത്തോളം ഇടപെടണം, അവരുടെ സ്വകാര്യതയെ എങ്ങനെയൊക്കെ മാനിക്കണം എന്നിങ്ങനെ ഒട്ടനവധി ചര്‍ച്ചകള്‍. രോഗവുമായി വരുന്നവരോടുള്ള സംസാരങ്ങളിലും പൊതു പരിപാടികളിലും ഒക്കെ പലപ്പോഴും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുമുണ്ട്. ഡോക്ടര്‍മാര്‍ പാലിക്കേണ്ട പൊതുധാര്‍മികത എന്ന നിലയില്‍ പല കാര്യങ്ങളും തിട്ടപ്പെടുത്തിയിട്ടുമുണ്ട്. ഐ.എം.എ. പോലുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ക്കൊക്കെ ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനുള്ള എത്തിക്‌സ് സമിതികള്‍ തന്നെ ഉണ്ടാവാറുമുണ്ട്.

കഴിഞ്ഞ ദിവസം ആസ്പത്രിയിലെത്തിയ ഒരു കുട്ടി സംസാരത്തിനിടെ വെറുതേ ചോദിച്ചു ഡോക്ടറേ, ചികില്‍സ തേടി എത്തുന്ന ഒരു രോഗി എങ്ങനെയൊക്കെ പെരുമാറണമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത് എന്ന്. കുറച്ചു കാലം ചികില്‍സയിലിരുന്ന് സുഖപ്പെട്ടു പോയ കുട്ടിയാണ്. അതുകൊണ്ടു തന്നെ ഉപചാരങ്ങളൊന്നുമില്ലാതെ വെറുതേ വര്‍ത്തമാനം പറയുകയായിരുന്നു ഞങ്ങള്‍. ഒരു രോഗി ഇന്ന തരത്തില്‍പ്പെട്ട ആളായിരിക്കണം എന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലല്ലോ. പക്ഷേ, മറ്റെല്ലായിടത്തും എന്ന പോലെ, ചികില്‍സ തേടി ഡോക്ടറെ സമീപിക്കുമ്പോഴും ഓരോരുത്തരും സ്വയം പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. ചികില്‍സയുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഡോക്ടര്‍രോഗി ബന്ധത്തെ യാന്ത്രികവും നിര്‍വികാരവുമായ വെറും 'പ്രൊഫഷനല്‍ റിലേഷന്‍' മാത്രമായി ചുരുക്കാതിരിക്കാനും ഇത് സഹായകമായിരിക്കും.

അതില്‍ ഏറ്റവും പ്രധാനം, താന്‍ ചികില്‍സ തേടിയെത്തുന്ന ഡോക്ടറുടെ കാര്യത്തില്‍ രോഗിക്ക് വിശ്വാസമുണ്ടായിരിക്കുക എന്നതാണ്. ഡോക്ടറുടെ കാര്യത്തിലുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടു പോകുന്ന സാഹചര്യങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്; സമ്മതിക്കുന്നു. എങ്കിലും നിവൃത്തിയുള്ളിടത്തോളം കേട്ടറിവെങ്കിലുമുള്ള, വിശ്വസിക്കാവുന്നയാള്‍ എന്നു കുറച്ചെങ്കിലും ബോധ്യമുള്ള സ്ഥാപനത്തിലോ, ഡോക്ടറുടെ അടുത്തോ പോവുക എന്നത് പ്രധാനമാണ്.

പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ രോഗികള്‍ നിസ്സഹായരായിരിക്കും. അനാവശ്യമായ പിടിവാശികള്‍ ചിലര്‍ക്ക് ഉണ്ടാകാമെങ്കിലും ചിലപ്പോഴൊക്കെ അത് രോഗാവസ്ഥയോടുള്ള ഒരു പ്രതികരണം കൂടിയാവും; അങ്ങനെയല്ലാത്തവരുമുണ്ടെങ്കിലും.

രോഗം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം വേണ്ടത് സ്വന്തം രോഗാവസ്ഥയെക്കുറിച്ച് മനസ്സിലാക്കുകയാണ്. ഏതു ചികില്‍സ ചെയ്യണമെന്നും എത്രത്തോളം വേണമെന്നുമൊക്കെ തീരുമാനിക്കാനുള്ള കഴിവ് ഉണ്ടായാല്‍ വളരെ നല്ലത്. പരിശോധനകളുടെ കാര്യത്തിലൊക്കെ ഡോക്ടര്‍മാരോട് നയത്തില്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനുള്ള കഴിവ് രോഗികളുടെ ഭാഗത്തുള്ള മികവാണ്.


പല പരിശോധനകളും ആവശ്യമാണോ എന്ന കാര്യത്തിലൊക്കെയുള്ള ചര്‍ച്ചകള്‍ക്ക് പലപ്പോഴും ഒരവസാനവുമുണ്ടാവില്ല. ഡോക്ടര്‍ ഒരു പരിശോധന നിര്‍ദേശിച്ചിരിക്കുന്നത് എന്തിനാണ് എന്ന് ചോദിച്ചറിയാന്‍ രോഗിക്ക് അവകാശമുണ്ട്. അത് വിശദീകരിച്ചു കൊടുക്കേണ്ടത് ഡോക്ടറുടെ കടമയാണ്. അത്തരം ചോദിച്ചറിയലും പറയലും ഇല്ലാതെ പോകുന്നതുകൊണ്ടാണ് പലപ്പോഴും പരിശോധനകളുടെയൊക്കെ കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നത്.

ചില രോഗികളുണ്ട്. ഒരു തവണ വന്ന് കാര്യങ്ങള്‍ പറഞ്ഞ് പരിശോധനയൊക്കെ കഴിഞ്ഞു പോയാല്‍ പിന്നെ കുറേ നാളത്തേക്ക് കാണുകയേ ഇല്ല. അതിനിടെ മറ്റൊരു ഡോക്ടറെ കണ്ടിട്ടുണ്ടാവും. അവിടെ നിന്ന് പകുതി ചികില്‍സ നടത്തിയിട്ട് വീണ്ടും വരും. മറ്റൊരു ഡോക്ടറുടെ അടുത്ത് പോയി ഉപദേശങ്ങള്‍ സ്വീകരിക്കുന്നത് ഇപ്പോള്‍ സാധാരണയാണ്. മറ്റൊരുപദേശം തേടാന്‍ പോകുമ്പോള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍ അറിയാതെ പോകുന്നത് ശരിയല്ല. അങ്ങനെ ഉപദേശം തേടി പോകുമ്പോള്‍ എന്തൊക്കെയാണ് പറയേണ്ടത് എന്ന കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കാന്‍ കഴിയുന്നത് ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍ക്കായിരിക്കുമല്ലോ. അത് ചോദിച്ചറിഞ്ഞും പറഞ്ഞും പോകണം.

ഡോക്ടര്‍ രോഗിക്കു നല്‍കുന്ന ബഹുമാനം തിരിച്ചും നല്‍കേണ്ടതാണ്. രോഗികളല്ല, പലപ്പോഴും രോഗിയുടെ തുണയാളുകളാണ് ഡോക്ടര്‍മാരെയും ആസ്പത്രിയിലെ പരിചരണവിഭാഗത്തില്‍പ്പെട്ടവരെയും കുറ്റപ്പെടുത്തുകയോ ചിലപ്പോഴൊക്കെ അപമാനിക്കുകയോ ചെയ്യുന്ന വിധത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യാറുള്ളത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ കഴിയേണ്ടതാണ്.
അടുത്ത കാലത്തായി പലപ്പോഴും അനിഷ്ടം തോന്നിക്കാറുള്ള ഒരു കാര്യം രോഗിയും തുണയാളുകളും ഡോക്ടറുടെ സ്വകാര്യതയെ മാനിക്കാതിരിക്കുന്ന ചില സാഹചര്യങ്ങളാണ്. രോഗിയോട് എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യാന്‍ തുടങ്ങുമ്പോഴേക്ക് പതുക്കെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് അതിലെ വോയ്‌സ് റെക്കോഡര്‍ ഓണ്‍ ചെയ്ത് ഒന്നുമറിയാത്ത മട്ടിലിരിക്കും. പറയുന്ന കാര്യങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുകയുമില്ല. ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ റെക്കോഡ് ചെയ്യുകയാണ് അവര്‍. അത് ഡോക്ടറുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം തന്നെയാണ്.

ഡോക്ടറോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണ് ഇങ്ങനെ റെക്കോഡ് ചെയ്യുന്നതെങ്കില്‍ അതിനൊരു ന്യായീകരണമെങ്കിലുമുണ്ട്. ഇത്തരം സംഭാഷണം റെക്കോഡ് ചെയ്തിട്ട് അതിന്റെ പേരില്‍ ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

ഡോക്ടറുടെ അടുത്തു ചെല്ലുമ്പോള്‍ രോഗികളും കൂട്ടാളുകളും പാലിക്കേണ്ട ചില സാമാന്യ മര്യാദകളെ ഇങ്ങനെ ചുരുക്കിപ്പറയാമെന്നാണ് തോന്നുന്നത്. പരസ്പരം വിശ്വാസമുള്ളവരായിരിക്കുക, കാര്യങ്ങള്‍ തുറന്നു പറയുക, സാമാന്യ മര്യാദകള്‍ പാലിക്കുക ഇത്രയും ആയാല്‍ തന്നെ വലിയ കാര്യം.

കടപ്പാട്-http:www.mathrubhumi.com/

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate