অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പാരമ്പര്യ ചികിത്സ രീതികള്‍

പാരമ്പര്യ ചികിത്സ രീതികള്‍

പാരമ്പര്യ ചികിത്സ രീതികള്‍

കളരി, നാട്ടുവൈദ്യം, വിഷ ചികിത്സ തുടങ്ങിയവ. ഇതിനു പ്രത്യേക പരിശീലനവും, പഠനവും ആവശ്യമാണു. ഇത്‌ പൊതുവേ തലമുറകളിലൂടെ മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു.

പാരബര്യ ചികിത്സാ രീതികള്‍ക്ക്‌ ഉദാഹരണമായി കളരി ചികിത്സയെ ഉള്‍പ്പെടുത്താം. ഒടിവ്‌, ചതവ്‌, ഉളുക്ക്‌, തുടങ്ങിയവയ്ക്ക്‌ കളരി ചികിത്സയില്‍ ഒരുപാട്‌ രീതികളുണ്ട്‌

വിഷ വൈദ്യം

പരമ്പരാഗത ചികിത്സയില്‍ പ്രഗത്ഭരായ വിഷവൈദ്യന്മാരും സര്‍പ്പവിഷത്തിന്   വിഷചികിത്സയും ഉണ്ട്.

കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊര്‍ദ്ധ്വഗചികിത്സ, ശല്യചികിത്സ, ദംഷ്ട്രചികിത്സ, നരചികിത്സ, വിഷചികിത്സ, എന്നിവയാണ് ആയുര്‍വേദത്തിലെ പ്രധാന ചികിത്സാ വിഭാഗങ്ങള്‍.

വിഷത്തെ ആദ്യമായി സ്ഥാവര വിഷമെന്നും, ജംഗമ വിഷമെന്നും രണ്ടായി ഭാഗിക്കാം.

സ്ഥാവര വിഷം

വള്ളികള്‍, വൃക്ഷങ്ങള്‍ ഇവയുടെ വേര്, ഇല, പൂവ്, കായ്, പാല്‍,  ഇവയില്‍ നിന്നുണ്ടാകുന്ന വിഷമാണ് സ്ഥാവര വിഷമെന്ന് പറയുന്നത്.

ജംഗമ വിഷം

പാമ്പ്, പട്ടി, പൂച്ച തുടങ്ങിയ ജന്തുക്കള്‍ കടിച്ചുണ്ടാകുന്ന വിഷമാണ്. ഇവയില്‍ പ്രാധാന്യമുള്ളത് ജംഗമ വിഷത്തിനാണ്.

സ്ഥാവരവിഷ ചികിത്സ

എരിക്കിന്‍പാല്‍, കള്ളിപ്പാല്‍, മേന്തോണി, കണമിരം, കറുപ്പ്, കുന്നി,  ഉമ്മത്ത് എന്നിങ്ങനെ ഉപവിഷങ്ങള്‍ ഏഴാകുന്നു.

ഈ ഉപവിഷങ്ങളില്‍ ഏതെങ്കിലും ഉള്ളില്‍പെട്ടാല്‍ പരുത്തിപ്പൂവ് പിഴിഞ്ഞ് നീരെടുത്ത് പഞ്ചസാര ചേര്‍ത്ത് തുടരെ കൊടുത്തു കൊണ്ടിരിക്കണം. പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്ത് കൊടുക്കുക.

വിവിധതരം വിഷബാധകള്‍

ചേര്

താന്നിത്തൊലി പച്ചവെള്ളത്തില്‍ അരച്ച് പുരട്ടുകയും സേവിക്കുകയും ചെയ്യുക.

ത്രികോല്‍പ്പ

ശതാവരിക്കിഴങ്ങ് കഷായം വെച്ച് ധാരകോരുകയും സേവിക്കുകയും ചെയ്യുക.

നാഗദന്തി

ശതാവരിക്കിഴങ്ങ് കഷായം വെച്ച് സേവിക്കുകയും കുളിക്കുകയും ചെയ്യുക.

നായ്ക്കുരണ

പൂവരത്തി തൊലി പശുവിന്‍പാലിലരച്ച് പശുവിന്‍ നെയ്യില്‍ ചേര്‍ത്ത് ദേഹത്ത് തേച്ച് ചൂടുവെള്ളം ഒഴിക്കുക.

മുള്ള് കുത്തിയാല്‍

മുള്ള് എടുക്കാന്‍ വിഷമമുണ്ടെങ്കില്‍ പാലയുടെ പാല്‍ മുള്ള് കുത്തിയ വായില്‍ നിര്‍ത്തിയാല്‍ മുള്ള് വേഗം എടുക്കാം.  അതിനുശേഷം ചോറും ഉപ്പും കൂടി അരച്ച് മുറിവായില്‍ വെക്കുക.  ശേഷം എണ്ണതിരികൊണ്ട് ചൂട് പിടിപ്പിക്കുക, മുറി വേഗം ഉണങ്ങും.

കറുപ്പിന്റെ ലഹരി

കോവക്കിഴങ്ങും മുത്തങ്ങയും പച്ചമഞ്ഞളും സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

കഞ്ചാവ് ലഹരി

കോവക്കിഴങ്ങ്,  മുത്തങ്ങ, പച്ചമഞ്ഞള്‍ എന്നിവ സമമായെടുത്ത് കാടിയില്‍ അരച്ച് സേവിക്കുക.

മേന്തോന്നിക്കിഴങ്ങ്

നീലയമരി വേര് കാടിയിലരച്ച് സേവിക്കുക.

കാഞ്ഞിരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

ആവല്‍മരം

കൊടുവേലി തളിര്‍ പച്ചവെള്ളത്തിലരച്ച് കലക്കി സേവിക്കുക.

വെറ്റില പാമ്പ്

പേരയിലയുടെ നീരെടുത്ത് സേവിക്കുക.

നല്ലെണ്ണ

ഉപ്പ്  വെള്ളത്തില്‍ കലക്കി കുടിക്കുക.

കള്ള്, ബ്രാണ്ടി

ചെറുനാരങ്ങയുടെയും കോവയിലയുടെയും നീരെടുത്ത് സേവിക്കുക

പേപ്പട്ടി വിഷചികിത്സ

കടിയേറ്റ ഉടനെ കടിയേറ്റ ഭാഗത്ത് ശക്തിയായി വെള്ളം ഒഴിക്കുക.  എന്നിട്ട് ചുണ്ണാമ്പ് പുരട്ടുക.  അണുക്കളെ നശിപ്പിക്കാന്‍ ചൂടുചാരം ഉപ്പ്നീരില്‍ കൂട്ടി വെക്കുക.

പേപ്പട്ടി വിഷത്തിന് എതിരായുള്ള ഏറ്റവും ഫലപ്രദമായ മരുന്നാണ് ഉമ്മം.  ഉണങ്ങിയ കായും തഴുതാമയും സമൂലം ഉണക്കിപ്പൊടിച്ച് 2 നേരം സേവിച്ചാല്‍ പേപ്പട്ടിവിഷം മാറും.

പച്ചളി പെരുമാള്‍‍ കൂട്ട്. പട്ടികടിച്ചാല്‍‍ പേവിഷബാധ ഉണ്ടാകാതിരിക്കാന്‍‍ പച്ചളി പെരുമാള്‍ പച്ചവെള്ളത്തിലോ പശുവിന്‍പാലിലോ കലക്കി കഴിക്കാം.  ഈ മരുന്ന് കഴിച്ചയാള്‍ക്ക് ഭക്ഷണം പാകം ചെയ്യുമ്പോള്‍‍ വെണ്ണീര്‍ പാറാന്‍‍ പാടുള്ളതല്ല.  ഭക്ഷണപദാര്‍ത്ഥങ്ങളില്‍‍ മെഴുക്കോ ഉപ്പോ കൂട്ടാന്‍‍ പാടുള്ളതല്ല.  എണ്ണയോ വെളിച്ചെണ്ണയോ ഒന്നും തന്നെ തേച്ച് കുളിക്കാന്‍‍ പാടുള്ളതല്ല.  മുകളില്‍ പറഞ്ഞ ചിട്ടകള്‍ക്ക് വിട്ടുവീഴ്ച വരുത്തിയാല്‍ പേ ഇളകുകയും മരണം സംഭവിക്കുകയും ചെയ്യും

പേപ്പട്ടിവിഷത്തിന് വളരെ അധികം ഉപയോഗിച്ച് വരുന്നതാണ് അങ്കോലം.  ഇതില്‍ ദംഷ്ട്ര വിഷ ചികിത്സയാണ് ചെയ്യുന്നത്.

പട്ടികടിച്ചാല്‍ അപ്പപ്പാലയില്‍ ചുണ്ണാമ്പിട്ട് ഉള്ളം കയ്യില്‍ തിരുമ്മി മുറിവായില്‍ തേക്കുക.  പട്ടിച്ചെവിയന്‍ ഇലയരച്ച് പുരട്ടുകയും വേണം.

ചൂടുള്ള വിറക് കൊള്ളി പേപ്പട്ടി കടിച്ച ഭാഗത്ത് വെച്ച് അതിലേക്ക് വെള്ളം ഒഴിക്കുന്ന നാടന്‍‍ ചികിത്സയും ചെയ്യാറുണ്ട്.

എലി വിഷചികിത്സ

എലിവിഷം ശരീരത്തില്‍ അകപ്പെട്ടാല്‍ ആയുര്‍വേദ പ്രകാരം ത്രിദോഷകോപം ഉണ്ടായി പല രോഗലക്ഷണങ്ങളും കാണിക്കും.  എലികള്‍ പലവിധമുണ്ടെന്ന് പറയപ്പെടുന്നു.  പൌരാണിക സിദ്ധാന്തപ്രകാരം എലിവിഷം ശരീരത്തില്‍ ബാധിച്ചാല്‍ ശരീരത്തില്‍ മുഴകള്‍ പ്രത്യക്ഷപ്പെടുക എന്നതാണ് പ്രധാന ലക്ഷണം.  ശരീരത്തില്‍ നീരു വരിക, സന്ധികള്‍ പിളര്‍ന്ന് പോകുക, ബലക്ഷയം തുടങ്ങിയ ലക്ഷണങ്ങള്‍ കാണുന്നു.   വിഷം നശിപ്പിക്കുന്നത് ചിലതരം പച്ചമരുന്നുകള്‍ ഉപയോഗിച്ചാണ്.

എലി കടിച്ചയുടനെ കയ്യോന്നി നീര് കൊണ്ട് തലയില്‍‍ തളം വെയ്ക്കുക.  തവിഴാമ വേര് (പുണര്‍വ), ഇന്തുപ്പ്, മുത്തങ്ങ, നീലയമരിവേര് ഇവ സമം പാലില്‍‍ കഴിക്കുകയും പുരട്ടുകയും ചെയ്യുക.  കറുക ഇടിച്ച് പിഴിഞ്ഞനീരും ഇരട്ടിമധുരവും കല്‍ക്കമാക്കി കാച്ചിയരച്ച് തേക്കുകയാണ് ചെയ്യേണ്ടത്.

എലി കടിച്ച ഭാഗത്ത് മഞ്ഞളരച്ചിടുക, പശുവിന്‍പാല്‍ കറന്ന ഉടനെ ഒരുഗ്ലാസ്സില്‍ മുന്തിരി വലിപ്പത്തില്‍ ചുണ്ണാമ്പെടുത്ത് കലക്കി 10 ദിവസം കുടിക്കുക.   നെട്ടാനെടിയന്‍ അരച്ച് പുരട്ടുകയും ഇടിച്ച് പിഴിഞ്ഞ് നീര് കുടിക്കുകയും ചെയ്യുക.

പാമ്പ് വിഷചികിത്സ

പാമ്പു കടിക്കുന്നത് സാധാരണയായി കൈക്കോ കാലിനോ ആയിരിക്കും.  എത്ര ഉഗ്ര വിഷമായാലും വിഷത്തെ ദേഹത്തിലേക്ക് വ്യാപിക്കാതെ കടിവായില്‍ വച്ചുതന്നെ ഒരു കുറഞ്ഞ ശതമാനം പുറത്തെടുത്ത് കളയാം. പാമ്പു കടിച്ചാല്‍ വിഷം രക്തധമനികളില്‍ വ്യാപിക്കാതിരിക്കാന്‍ കടിയേറ്റ ഭാഗത്തിന് ഏതാനും മുകളിലായി മുറുക്കി കെട്ടുന്നതും നല്ലതാണ്.  തലമുടി ഉപയോഗിച്ച് കടിവായില്‍ നിന്ന് പാമ്പിന്റെ പല്ല് എടുക്കണം.

കടിയേറ്റ ഭാഗത്ത് പുതിയ ബ്ലേഡുകൊണ്ട് ചെറുതായി മുറിച്ച് രക്തം കളയണം.  കറിവേപ്പിലയും ഉപ്പും കൂടി അരച്ചിടുക.

കടിച്ച കോളുവായില്‍ ചെവിക്കായം തുപ്പലില്‍ ചാലിച്ച് പുരട്ടുക.  പിന്നീട് തുളസി, മഞ്ഞള്‍നീര് ഇവ കൊടുക്കുക.

അശ്വഗന്ധം പാലില്‍ അരച്ച് കൊടുക്കുക. കൂവളത്തില അരച്ചു കൊടുക്കുക. പിന്നീട് കുരുമുളക്, ചുക്ക്, വയമ്പ്, കര്‍ളകം, സര്‍പ്പഗന്ധി എന്നീ മരുന്നുകള്‍ നല്കി ഉടന്‍ നല്ല വിഷ വൈദ്യനെ സമീപിക്കുക.

പാമ്പ് വിഷത്തിന് ശമനം കിട്ടാന്‍ കാട്ടുചേനയുടെ കിഴങ്ങ് അരച്ച് മുറിയില്‍ പുരട്ടുക.

ഈശ്വരമൂലിയുടെ (കറളകം) ഇലയരച്ച് മുറിവായില്‍ ശക്തിയായി തിരുമ്മുക.  ഇതിന്റെ ഇല ഇടിച്ച് പിഴിഞ്ഞനീര് 10 മില്ലിയെടുത്ത് കുരുമുളക് പൊടി ചേര്‍ത്ത് ദിവസം 4 മണിക്കൂര്‍ ഇടവിട്ട് കൊടുക്കുക

താമരപ്പൂ അരച്ച് വെള്ളത്തില്‍ കലക്കി കൊടുക്കുക.

കീരിക്കിഴങ്ങ്, അമല്‍പൊരിയന്‍ ഇവ ഈറ്റക്കമ്പില്‍ അരച്ചത് നാക്കില്‍ തൊടുക.  കീരിക്കിഴങ്ങ് മുറിവായില്‍ പുരട്ടുകയും ചെയ്യുക

ചിലന്തി വിഷം

വെറ്റിലച്ചാറില്‍ കറിക്കായം ചേര്‍ത്ത് കടിച്ച അടയാളം പോകുന്നത് വരെ പുരട്ടുക.  നീലഅമരിയുടെ വേര് പാലില്‍ അരച്ച് കുടിക്കുക.  ഇല കാടിവെള്ളത്തില്‍ അരച്ച് പുരട്ടുക.  മഞ്ഞള്‍ അരച്ച് ധാര കോരുക. ഒരു കഷ്ണം മഞ്ഞളും ഒരു സ്പൂണ്‍ തുളസിനീരും ചേര്‍ത്ത് രണ്ടുനേരം പുരട്ടുക.  ചിലന്തി, ചെറിയ ചുരുട്ട മുതലായവയുടെ വിഷബാധയേറ്റാല്‍ അണലിവേങ്ങയുടെ തൊലി അരച്ച് മുറിവില്‍ പുരട്ടുക.  അല്പം നാക്കില്‍ തൊടുകയും വേണം

പൂച്ചവിഷം

പൂച്ചവിഷബാധയേറ്റയാള്‍‍ക്ക് മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് കൊടുക്കുക.  ആവണക്കിന്‍‍വേര്, കടുക്കാതോട്, പൊന്‍കാരം ഇവ തേന്‍‍ ചേര്‍ത്തരച്ച് കുടിക്കുകയും മുറിവില്‍ പുരട്ടുകയും ചെയ്താല്‍ പൂച്ച വിഷം ശമിക്കും.  പൂച്ച കടിച്ചാല്‍ പ്രധാനമായും മുറിവിനു ചികിത്സ ചെയ്യണം.  മുറിവെണ്ണ മുറിവില്‍ വെച്ച്കെട്ടുക,   ഈശ്വരമുല്ലയില അരച്ചിടുക എന്നിവയെല്ലാം വളരെ ഫലപ്രദമാണ്

മനുഷ്യ വിഷത്തിന്

അമരി വേര്, ചെറുചീര, നറുനീണ്ടി ഇവ പാലില്‍  അരച്ച്  കഴിച്ചാല്‍  മനുഷ്യരുടെ പല്ല്, നഖം എന്നിവ മൂലമുണ്ടാകുന്ന വിഷം ശമിക്കുന്നതാണ്

കടന്നല്‍, തേനീച്ച വിഷം

കടന്നല്‍, തേനീച്ച എന്നീ പ്രാണികള്‍ കുത്തിയാല്‍ കൊളവിപ്പുല്ലെടുത്ത് കുത്തിയഭാഗത്ത് പുരട്ടുക.

കടന്നല്‍ വിഷം

കടന്നല്‍ വിഷത്തിന് മുക്കുറ്റി അരച്ച്‌ നെയ്യില്‍ ചേര്‍ത്ത്‌ പുരട്ടുക. ചുവന്നതുളസിയില അരച്ച്‌ പുരട്ടുന്നതും നല്ലതാണ്‌.

തേനീച്ച കുത്തിയാല്‍

ശര്‍ക്കര ചെറുനാരങ്ങാ നീരില്‍ ചേര്‍ത്ത് പുരട്ടുക.  പച്ചമഞ്ഞളും തകരയും  കൂടി മൂന്നുനേരം അരച്ചിടുക.  മുക്കുറ്റി എണ്ണയില്‍ അരച്ചിടുക എന്നിവയെല്ലാം വളരെ നല്ലതാണ്.

ഇഴജന്തുക്കള്‍ കടിച്ചാല്‍ - വേപ്പിലയും പച്ചമഞ്ഞളും കൂടി അരച്ച് മുറിവിലും നീരിലും പുരട്ടുക.  വിഷം ശമിക്കുകയും മുറിവുണങ്ങുകയും ചെയ്യും

കുതിര വിഷചികിത്സ

വയമ്പ്, അമുക്കുരം, പച്ചോറ്റിത്തൊലി ഇവ പാലില്‍‍ അരച്ച് കഴിക്കുക.  കുതിരവിഷം ശമിക്കുന്നതാണ്

കുരങ്ങു വിഷചികിത്സ

ചുക്ക്, തിപ്പല്ലി, കായം ഇവ വെള്ളത്തില്‍ അരച്ച് കുടിക്കുകയും പുരട്ടുകയും ചെയ്യുക

കീരി വിഷചികിത്സ

അമരിയിലയും അതിന്റെ വേരുംകൂടി അരച്ച് കുടിക്കുകയും പുറമേ പുരട്ടുകയും ചെയ്താല്‍ കീരി കടിച്ചുണ്ടാകുന്ന വിഷം ശമിക്കും

തേള്‍ വിഷചികിത്സ

തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക.

തുമ്പച്ചാറ് പുരട്ടുക.

വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക.

തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക

ആനച്ചുവടി പുരട്ടുക

മുക്കറ്റി നീര് പുരട്ടുക

വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക

ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക.

അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക.  അല്പം നാക്കില്‍ തൊടുകയും വേണം.

വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക

പഴുതാര വിഷചികിത്സ

ആനച്ചുവടി അരച്ച് പുരട്ടുക

തുമ്പനീര് പുരട്ടുക.

തുളസി, മഞ്ഞള്‍, കരളകം, വേപ്പില ഇവ അരച്ചിടുക

പച്ചമഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുക.

അണലിവേങ്ങയുടെ തൊലി അരച്ച് മുറിവില്‍ പുരട്ടുക.  അല്പം നാക്കില്‍ തൊടുകയും വേണം.

പഴുതാരവിഷത്തിന് തേങ്ങാക്കൊത്ത് മരുന്ന് ചവച്ചുതിന്നുക.  ഒരുദിവസം ഉറങ്ങാതെ സൂക്ഷിക്കണം.  തലയിലാണ് കടിച്ചതെങ്കില്‍ രാവിലെയും വൈകീട്ടും ധാരാളം വെള്ളം ഒഴിക്കുക

മത്സ്യ വിഷചികിത്സ

ചില മത്സ്യങ്ങള്‍ കടിക്കാന്‍ ഇടയുണ്ട്.  ഇത് വിഷം ഉണ്ടാക്കുന്നു.

ഉദാ: കോട്ടി എന്ന പേരുള്ള  മീനിന്  സൂചി പോലുള്ള ഒരു മുള്ളുണ്ട്. അതുകൊണ്ട് കുത്തിയാല്‍  വിഷമുണ്ടാകും.   വിഷം നമ്മുടെ ശരീരത്തില്‍ കയറാതിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.  ഇതിന് ഉപയോഗിക്കാനാവശ്യമായ പച്ചമരുന്നുകള്‍ കാട്ടില്‍ നിന്നും മറ്റും ശേഖരിക്കുകയാണ് പതിവ്.

മീന്‍ കൊത്തിയാല്‍

ആനച്ചുവടി അരച്ച് പുരട്ടുക.

തുമ്പനീര് പുരട്ടുക.

തുളസി, മഞ്ഞള്‍, കരളകം, വേപ്പില എന്നിവയും തേക്കാനുപയോഗിക്കാവുന്നതാണ്

അവസാനം പരിഷ്കരിച്ചത് : 3/15/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate