Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യ പരിപാലനം / കർക്കിടകത്തിലെ സുഖചികിത്സ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കർക്കിടകത്തിലെ സുഖചികിത്സ

കർക്കിടകത്തിലെ ചികിത്സയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

സുഖകർക്കടകം

കർക്കടകം. പതിവുപോലെ സുഖചികിൽസയെ കുറിച്ച് ഓർക്കാനുള്ള സമയം. നമ്മുടെ ശരീരത്തിനുള്ള റീ ചാർജാണ് കർക്കടക മാസത്തിലെ സുഖചികിൽസ. കടുത്ത വേനൽച്ചൂടിനു ശേഷം വർഷപാതവും ശീതപാതവും അളപാതവും കഴിഞ്ഞ് ശുദ്ധപാതം എത്തുന്ന കർക്കടകം സുഖചികിൽസയ്‌ക്കും ആരോഗ്യ പരിപാലനത്തിനും യോജിച്ച മാസമാണ്. ഇത്രയും കാലത്തെ അലച്ചിലും അധ്വാനവും തളർത്തിയ ശരീരത്തിന് ഉണർവും ഊർജവും നൽകും കർക്കടക ചികിൽസ.

ആരോഗ്യ കാര്യത്തിലും ആത്മീയ കാര്യത്തിലും ഏറെ പ്രാധാന്യമുള്ള മാസമാണ് കർക്കടകം. മഴക്കാലത്ത് ശരീരത്തിൽ വാതം പ്രകോപിതമാകും. ശരീരത്തിൽ അധികമുള്ള വാതദോഷത്തെ പുറത്തുകളയാൻ വേണ്ടിയാണ് കർക്കടക ചികിൽസ. മസാജ്, ധാര, പൊടിക്കിഴി, പച്ചക്കിഴി, ഉധ്വർത്തനം തുടങ്ങിയവയാണ് ഇതിൽ പ്രധാനം. സുഖ ചികിൽസയ്‌ക്കു മൂന്നു ദിവസം മുതൽ ഒരു മാസം വരെ നീളുന്ന വിവിധ പാക്കേജുകളുണ്ട്. വീട്ടിൽ വച്ചു തന്നെ ചെയ്യാവുന്ന ലഘുചികിൽസയാണ് എണ്ണതേച്ചുകുളി.

ആയുർവേദ ആശുപത്രികളിലും മർമ ചികിൽസാലയങ്ങളിലും കർക്കടക മാസ ചികിൽസകളായ ഉഴിച്ചിലും പിഴിച്ചിലും ഔഷധക്കഞ്ഞി വിതരണവും സജീവമാണിപ്പോൾ. പ്രായഭേദമെന്യേ മുതിർന്നവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമെല്ലാം സുഖചികിൽസ നടത്താം. വിശ്രമവും പഥ്യവുമാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. ഓരോ ചികിൽസാവിധിക്കും ഓരോ സമയപരിധിയുണ്ട്. ഒരു ചികിൽസാ രീതി നിശ്‌ചയിച്ചു കഴിഞ്ഞാൽ ഇടയ്‌ക്കു വച്ചു നിർത്താൻ പറ്റില്ല. ശരീരത്തെ ചികിൽസയ്‌ക്കു വിധേയമാക്കി വീണ്ടും പഴയ പടിയെത്തിക്കും വരെയുള്ള ഒരു ചക്രം പൂർത്തിയാക്കുമ്പോഴേ ചികിൽസ പൂർണമാകൂ.

എണ്ണതേച്ചുള്ള കുളി

എണ്ണതേച്ചുള്ള കുളി (അഭ്യംഗസ്‌നാനം) ആണ് വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിൽസ. പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, രക്‌തയോട്ടത്തിലുണ്ടാകുന്ന കുറവ് തുടങ്ങിയവ പരിഹരിക്കാൻ എണ്ണതേച്ചുള്ള കുളി ഉത്തമമാണ്. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു തരത്തിലുള്ള തൈലമാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടണം.

ഉഴിച്ചിലും തിരുമ്മലും

നാഡീ ഞരമ്പുകളെ ഉണർത്തി ഊർജസ്വലത നൽകുന്നതിനുള്ള ചികിൽസകളാണ് ഉഴിച്ചിലും തിരുമ്മലും. വാതരോഗ ശമനത്തിനും ശരീരത്തിലെ മാലിന്യം വിയർപ്പ്, മലം, മൂത്രം എന്നിവ വഴി പുറന്തള്ളുന്നതിനും ഏറെ സഹായകമാണ് ഇത്. ഉഴിച്ചിൽ നടത്തുമ്പോൾ പ്രത്യേക ചിട്ടകൾ പാലിക്കേണ്ടിവരും. ഏഴു ദിവസം മുതൽ 14 ദിവസം വരെയാണ് ഈ ചികിൽസ നടത്തേണ്ടത്. ഔഷധ ഇലകൾ നിറച്ച കിഴികൾ ഉപയോഗിച്ചു തൈലങ്ങൾ ശരീരത്തിൽ തിരുമ്മി പിടിപ്പിക്കുന്നതാണ് തിരുമ്മൽ. ചെറുചൂടുള്ള തൈലം തിരുമ്മി പിടിപ്പിക്കാം. ഇതിനു പുറമെ നവരക്കിഴി ചികിൽസ, ഇലക്കിഴി ചികിൽസ, വസ്തിനസ്യം തുടങ്ങിയവ വിദഗ്ധ വൈദ്യന്മാരുടെ മേൽനോട്ടത്തിൽ ചെയ്യാവുന്ന സുഖചികിൽസകളാണ്.

ഔഷധക്കഞ്ഞി

പൊതുവെ ദഹനശക്‌തി കുറയുന്ന സമയമായതിനാൽ ദഹനം ത്വരിതപ്പെടുത്തുന്നതിനും വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളുടെ ബുദ്ധിമുട്ടുകളിൽനിന്നു രക്ഷ തരുന്നതിനും ഒട്ടേറെ ഔഷധക്കൂട്ടുകളടങ്ങിയ കർക്കടക കഞ്ഞി ഉത്തമമാണ്. അരിയാറ്, ചെറുപയർ, നല്ല ജീരകം, കരിംജീരകം, പെരുംജീരകം, ആശാളി, ഉലുവ, കൊത്തമല്ലി, കരിങ്കുറിഞ്ഞി, അയമോദകം, കുറുന്തോട്ടി, മഞ്ഞൾ, ചുക്ക്, ശതകുപ്പ, ഏലത്തരി, ജാതി പത്രി, കരയാമ്പൂ, തക്കോലം, നറുനീണ്ടി (നന്നാറി), ഓരില, മൂവില, അടപതിയൻ, നിലപ്പന, വയൽചുള്ളി, പുത്തരിച്ചുണ്ട, തഴുതാമ, ചങ്ങലവരണ്ട തുടങ്ങിയവ ഔഷധങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന കഷായത്തിലാണ് കഞ്ഞി തയാറാക്കുന്നത്. കഷായം അരിച്ചെടുത്ത് അതിൽ നവര അരി വേവിച്ചെടുത്ത് പശുവിൻ പാലിലോ ആട്ടിൻ പാലിലോ തേങ്ങാപ്പാലിലോ ചേർത്ത് കഴിക്കാം. നവര അരി ഇല്ലെങ്കിൽ പഴയ നെല്ലിന്റെ തവിടു കളയാത്ത മട്ടപ്പച്ചരി ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ കഴിക്കുന്നതാണ് ഉത്തമം. വൈകുന്നേരവും കഴിക്കാം. തുടർച്ചയായി ഒരു മാസം ഉപയോഗിക്കുന്നതു ഗുണം ചെയ്യുമെങ്കിലും 10, 20, 30, 40 ദിവസം എന്നിങ്ങനെ ആവശ്യം പോലെ ഔഷധക്കഞ്ഞി സേവിക്കുന്നവരുണ്ട്. ഔഷധക്കഞ്ഞിയും ച്യവനപ്രാശ്യവുമെല്ലാം നമ്മുടെ ആമാശയത്തിന്റെ പ്രവർത്തനത്തെ കൃത്യതയുള്ളതാക്കാൻ സഹായിക്കും.

ലൈംഗിക ഉണർവ്

ആരോഗ്യകരമായ ലൈംഗിക ജീവിതത്തിനും കർക്കടക ചികിൽസ ഗുണം ചെയ്യും. കർക്കടക ചികിൽസ ശരീരത്തിലെ ഓരോ നാഡികളിലൂടെയുമുള്ള രക്‌തയോട്ടം വർധിക്കാൻ സഹായകമാകും. പേശികൾക്കു ബലമേറും. ലൈംഗിക സംതൃപ്‌തിയുടെ പ്രധാന ഘടകങ്ങളാണിവയെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു.

പഥ്യം

മൽസ്യ, മാംസാഹാരങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല പഥ്യം. ആയുർവേദ വിധിപ്രകാരം രോഗത്തിനും ഔഷധത്തിനും ചേരുന്നതും ചേരാത്തതുമായവ തിരിച്ചറിഞ്ഞുകൊണ്ടുള്ള ഭക്ഷണക്രമത്തെയാണു പഥ്യം എന്നു പറയുന്നത്. ചില രോഗങ്ങൾ ഉള്ളവർക്കു ചില ഭക്ഷണപഥാർഥങ്ങൾ ചേരില്ല. ചില മരുന്നുകൾ ഉപയോഗിക്കുമ്പോഴും ചില ഭക്ഷണങ്ങൾ ഉപേക്ഷിക്കേണ്ടി വരും. ഇവ ഒഴിവാക്കി, ഡോക്‌ടർ നിർദേശിക്കുന്ന ഭക്ഷണക്രമം പിന്തുടരുന്നതിനെയാണ് പഥ്യം എന്നു പറയുന്നത്. മിതമായ ഭക്ഷണമാണ് അഭികാമ്യം. കർക്കടകത്തിലെ സുഖചികിൽസാ കാലത്ത്, ദഹിക്കാൻ വിഷമമുള്ള ഭക്ഷണപഥാർഥങ്ങൾ ഒഴിവാക്കാനാണു ഡോക്‌ടർമാർ പറയുക. എരിവ്, ചവർപ്പ്, കയ്‌പ് തുടങ്ങിയ രുചികൾ ഒഴിവാക്കണമെന്നു പറയുന്നതും പഥ്യത്തിന്റെ ഭാഗമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

∙ പഴകിയ അരി കൊണ്ടുള്ള ആഹാരം കഴിക്കുക.

∙ മാംസരസം (സൂപ്പ്) ഉപയോഗിക്കുക.

∙ ചെറുപയർ കൊണ്ടുള്ള സൂപ്പ് കഴിക്കുക.

∙ നാട്ടിൽ കിട്ടുന്ന പത്ത് ഇലക്കറികൾ കഴിക്കുക.

∙ ആയാസമുള്ള ജോലികൾ ഒഴിവാക്കുക.

∙ മധുര രസം, എരിവ് എന്നിവ ഒഴിവാക്കാം.

∙ തൈര് ഒഴിവാക്കാം. മോര് ധാരാളമായി ഉപയോഗിക്കാം.

∙ കുളിക്കുന്നതിനു മുൻപ് ധന്വന്തരം, ബലാശ്വഗന്ധാദി തൈലങ്ങൾ ദേഹത്തു പുരട്ടാം.

∙ മൽസ്യം മാംസം, മുട്ട എന്നിവയൊക്കെ ഒഴിവാക്കണം.

∙ പകലുറക്കം, വ്യായാമം എന്നിവ കുറയ്ക്കണം.

∙ മദ്യം, പുകവലി, മറ്റ് ലഹരി പദാർഥങ്ങൾ എന്നിവ വർജിക്കണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പി. കൃഷ്‌ണദാസ്, ചീഫ് ഫിസിഷ്യൻ, അമൃതം ആയുർവേദിക് ഹോസ്‌പിറ്റൽ ആൻഡ് റിസർച് സെന്റർ പെരിന്തൽമണ്ണ.

ഡോ. പി. വിജേഷ്, ഫിസിഷ്യൻ, ആര്യവൈദ്യശാല, കോട്ടയ്ക്കൽ.

ഉടലിനും ഉയിരിനും സൗഖ്യം തരുന്ന ഔഷധസസ്യങ്ങൾ

തുളസി

പവിത്രതയ്ക്കും നൈർമല്യത്തിനും പര്യായമായി എന്നും വാഴ്ത്തിപ്പോരുന്ന തുളസി രണ്ടിനമുണ്ട്. കറുത്ത കൃഷ്ണ തുളസിയും വെളുത്ത രാമ തുളസിയും. വസൂരി, ചിക്കൻപോക്സ് എന്നിവയുടെ ചികിൽസയ്ക്കു തുളസി ഉപയോഗിക്കാറുണ്ട്. മഞ്ഞപ്പിത്തത്തിനും മലേറിയക്കും തുളസിയിലച്ചാറു കഴിക്കാറുണ്ട്. തുളസിയിലച്ചാറ് തലവേദന മാറ്റാനും മുഖക്കുരു മാറ്റാനും നല്ലത്. കൃഷ്ണ തുളസിക്കാണ് ഒൗഷധമൂല്യം കൂടുതൽ.

ശംഖുപുഷ്പം

ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ എന്ന പാ‍ട്ട് അറിയാം, പക്ഷെ ശംഖു പുഷ്പം ഏതെന്ന് അറിയാത്തവരാണു കൂടുതലും. നീലയും വെള്ളയും എന്നിങ്ങനെ രണ്ടിനത്തിലാണ് ഇൗ വള്ളിച്ചെടി. ശംഖുപുഷ്പത്തിന്റെ വേര് വെണ്ണ ചേർത്ത് എന്നും രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ബുദ്ധി കൂടുമത്രെ. മൂർഖൻ പാമ്പിന്റെ വിഷം നിർവീര്യമാക്കാൻ ഇതിന്റെ വേരിനു കഴിവുണ്ടെന്നും ഗ്രന്ഥങ്ങളിൽ പറയുന്നു. മാനസിക രോഗ ചികിൽസയ്ക്കും ശംഖുപുഷ്പം ഉപയോഗിക്കാറുണ്ട്.

തഴുതാമ

തഴുതാമയുടെ എല്ലാ ഭാഗവും ഔഷധമാണ്. വേര് അരച്ച് എണ്ണയിൽ കാച്ചി തേച്ചാൽ തലകറക്കം മാറും. തഴുതാമ തോരൻ കാഴ്ച ശക്തി വർധിപ്പിക്കും. മൂത്ര തടസ്സം, നീർക്കെട്ടുകൾ എന്നിവ മാറ്റും. രക്തത്തിലെ കൊഴുപ്പിന്റെ അളവു കുറയ്ക്കും. രക്ത സമ്മർദം, ഹൃദ്‌രോഗം എന്നിവയുടെ ചികിൽസയിലും ഉപയോഗിക്കുന്നു. കൺപോളകളുടെ കീഴിലുണ്ടാകുന്ന നീര് ഇല്ലാതാക്കാനും തഴുതാമ നീര് രാവിലെയും വൈകിട്ടും ഉപയോഗിക്കുന്നതു നല്ലതാണ്. പുനർനവ എന്നാണു സംസ്കൃതത്തിലെ പേര്.

ശവക്കോട്ടപ്പച്ച

എവിടെയും വളരുന്നതിനാലാണ് ഇൗ പേര്. അർബുദ രോഗത്തിനുള്ള ഔഷധമാണിത്. പ്രമേഹ ചികിൽസയ്ക്കും രക്ത സമ്മർദം കുറയ്ക്കാനും ഉപയോഗിക്കുന്നു. കഷായമാക്കി കഴിച്ചാൽ പ്രമേഹം കുറയ്ക്കും. ഇല ഇടിച്ചു പിഴിഞ്ഞ നീരു കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറും. ചെടി ഉണക്കിപ്പൊടിച്ചു പാലിൽ ചേർത്തു കഴിക്കുന്നതു രക്താർബുദത്തിനു മരുന്നാണെന്നും ആയുർവേദ ഗ്രന്ഥങ്ങളിൽ കാണുന്നു. കാട്ടു റോസ് എന്നും ഇതിനു പേരുണ്ട്.

സർപ്പഗന്ധി

രക്ത സമ്മർദം മൂലം ക്ലേശിക്കുന്നുണ്ടോ? എങ്കിൽ സർപ്പഗന്ധിയിലൊരു കണ്ണുവച്ചോ. സർപ്പഗന്ധിയുടെ വേരിൽ നിന്നാണു രക്തസമ്മർദത്തിനുള്ള മരുന്ന്. മറ്റു ചികിൽസാ രീതികളും സർപ്പഗന്ധിയുടെ കഴിവ് അംഗീകരിച്ചിട്ടുണ്ട്. ഉറക്കമുണ്ടാക്കാനുള്ള മരുന്നായും ഇത് ഉപയോഗിക്കുന്നു.

തൊട്ടാവാടി

ആളൊരു തൊട്ടാവാടിയാണെന്നൊക്കെ നാം ചിലരെക്കുറിച്ചു പറയാറുണ്ടെങ്കിലും തൊട്ടാവാടിച്ചെടിക്ക് അത്ര നാണമില്ല. ഒന്നു തൊട്ടാൽ അപ്പോൾ ഇലകൾ കൂപ്പി വിനയാന്വിതനാവുമെങ്കിലും തണ്ടിൽ നിറയെ മുള്ളുണ്ട്. ആസ്മ, അലർജി എന്നിവയുടെ ചികിൽസയ്ക്ക് ഉത്തമം. കുട്ടികളിലെ ശ്വാസംമുട്ടലിനു തൊട്ടാവാടി ഇല പിഴിഞ്ഞു കരിക്കിൻ വെള്ളത്തിൽ ചേർത്തു കൊടുക്കാം. പ്രമേഹ രോഗ ചികിൽസയ്ക്കും ഉപയോഗിക്കാറുണ്ട്.

തുമ്പ

വയറ്റിലെ കുഴപ്പങ്ങൾക്കു തുമ്പനീര് നല്ലതാണ്. തേൾ വിഷത്തിനു തുമ്പയും പച്ചമഞ്ഞളും അരച്ചു മുറിവിൽ തേച്ചാൽ മതിയെന്നു പറയുന്നു. തുമ്പത്തളിർ ചതച്ചു വെളിച്ചെണ്ണയിൽ ചാലിച്ചു പുരട്ടിയാൽ കുഴിനഖം മാറും. അണുനാശക ശക്തിയും കൊതുകിനെ തുരത്താനുള്ള ശക്തിയും തുമ്പയ്ക്കുണ്ട്.

ഉലുവ

ഭക്ഷണത്തിനു രുചിയും ഗുണവും നൽകുന്ന പയറു വർഗത്തിൽപ്പെട്ട സസ്യം. കർക്കടകത്തിലെ ഉലുവക്കഞ്ഞിക്ക് ഇന്നും ഡിമാൻഡുണ്ട്. ഉലുവ പൊടിച്ചു പാലിൽച്ചേർത്തു കഴിച്ചാൽ പ്രമേഹത്തിന് ഉത്തമം. രക്ത സമ്മർദവും കൊളസ്ട്രോളും കുറയ്ക്കാൻ ഉലുവ ഉപയോഗിക്കുന്നു. വയറിളക്കത്തിനും വയറുകടിക്കും ഔഷധമാണ്. ഉലുവ വറുത്തുപൊടിച്ചു കാപ്പിപ്പൊടിക്കു പകരം ഉപയോഗിക്കാം. ഉലുവപൊടിച്ചു തലയിൽ തേയ്ക്കുന്നതു മുടികൊഴിച്ചിൽ മാറ്റാനും താരനും പ്രതിവിധിയാണ്.

മുക്കുറ്റി

വഴിവക്കിൽ കുടചൂടി പൂവിരിച്ചു നിൽക്കുന്ന ചെടിയാണു മുക്കുറ്റി. മഞ്ഞപ്പൂക്കൾ. ഇല അരച്ച് മോരിൽ കാച്ചി കുടിച്ചാൽ വയറിളക്കം പോകും. വിത്ത് അരച്ചു വ്രണത്തിൽ പുരട്ടിയാൽ പൊറുക്കും. ചെടി അരച്ചു തേനിൽ ചേർത്തു കഴിച്ചാൽ ചുമയും കഫക്കെട്ടും ഇല്ലാതാവും. ചെടി വെള്ളം ചേർക്കാതെ അരച്ചു മുറിവിൽ കെട്ടുന്നതു മുറിവുണക്കാൻ നല്ലത്.

ഒാരില

ദശമൂല സസ്യങ്ങളിലെ ഒരിനമാണ് ഒാരില. വേര് ഹൃദ്‌രോഗ ചികിൽസയ്ക്ക് ഉപയോഗിക്കുന്നു. വാതം, പിത്തം, കഫം എന്നിങ്ങനെ ശരീരത്തിന്റെ മൂന്നു ദോഷങ്ങൾക്കും ശമനമുണ്ടാക്കുന്നു. ഹൃദയ പേശികളെ ബലപ്പെടുത്തും. ഒരില വേര് ചില പ്രത്യേക സമയങ്ങളിൽ ശേഖരിച്ചാൽ മാത്രമേ ഔഷധ ഗുണമുള്ളൂ എന്നു ശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണുന്നു.

മുത്തങ്ങ

പുല്ലേ എന്നു പറയാൻ വരട്ടെ, വയറിളക്കം, ദഹനക്കുറവ്, ഗ്രഹണി എന്നിവയ്ക്കു മുത്തങ്ങ കിഴങ്ങ് നല്ലതാണ്. അരച്ചു തേനിൽച്ചാലിച്ചു കഴിക്കാം. കുട്ടികൾക്കു വിരശല്യം, ജ്വരം, രുചിയില്ലായ്മ എന്നിവയ്ക്കു മുത്തശ്ശിമാർ പണ്ടുമുതലേ ഉപയോഗിച്ചു വരുന്ന മരുന്നാണിത്.

കുറുന്തോട്ടി

കുറുന്തോട്ടിക്കും വാതമോ എന്ന ചോദ്യത്തിൽ തന്നെ കുറുന്തോട്ടിയുടെ ഔഷധ മേൻമയുണ്ട്. രണ്ടിനം, വെള്ള കുറുന്തോട്ടിയും ആന കുറുന്തോട്ടിയും. കുറുന്തോട്ടി വേര് അരച്ചുകലക്കി പാലും എണ്ണയും ചേർത്തു തലയിൽ പുരട്ടിയാൽ വാതം പടികടക്കുമെന്നാണു ശാസ്ത്രം. കുറുന്തോട്ടി താളി തലമുടിക്കു കരുത്തു നൽകും. മുടി വളരാനും ഉത്തമം. കുറുന്തോട്ടിവേരു ചതച്ച് പാലിൽ ചേർത്തു കഴിച്ചാൽ രക്ത സമ്മർദ്ദം കുറയും. കുറുന്തോട്ടി കഷായം പനിക്കും ഉത്തമം. ആയുർവേദത്തിൽ ബല എന്ന പേരിൽ അറിയപ്പെടുന്ന കുറുന്തോട്ടി ശ്വാസ തടസ്സം ഇല്ലാതാക്കാനും നല്ലതാണ്.

കടലാടി

പൂർണമായും ഔഷധ യോഗ്യം. മൂത്ര തടസ്സം, വൃക്ക രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വേര് ഉണക്കിപ്പൊടിച്ചു തേനിൽ ചാലിച്ചു കഴിച്ചാൽ വയറുവേദന മാറും. കടലാടി വേരു ചതച്ചു പല്ലുതേച്ചാൽ പല്ലുകൾ വെളുക്കും

കറുക

ദശമൂലങ്ങളിൽ പെടുന്ന പുല്ലുവർഗത്തിലെ ചെടി. പലതരം വിറ്റാമിനുകളും ലവണങ്ങളും കറുകയിലുണ്ട്. വെള്ളക്കറുകയെന്നും നീലക്കറുകയെന്നും വേർതിരിവുണ്ട് ചെടികൾക്ക്. തണ്ട് നോക്കിയാൽ ഇതറിയാം. വയറു വേദനയ്ക്കും പ്രമേഹത്തിനും കറുക ഔഷധമാണ്. തീപ്പൊള്ളലിനു കറുക നീരു പുരട്ടാറുണ്ട്. കറുകനീരിൽ ഇരട്ടിമധുരം അരച്ചു കലക്കി വെളിച്ചെണ്ണ ചേർത്തു കാച്ചിപ്പുരട്ടിയാൽ വ്രണം പൊറുക്കും. അപസ്മാര ചികിൽസയ്ക്കും കറുക ഉപയോഗിക്കാറുണ്ട്.

കീഴാർനെല്ലി

നെല്ലിയുടെ കുടുംബക്കാരനാണെങ്കിലും വഴിവക്കിലാണു വാസം. നെല്ലിയിലകൾ പോലെ ഇലയും നെല്ലിക്കാ പോലുള്ള ചെറു കായ്കളും ഇതിലുണ്ടാവും. മഞ്ഞപ്പിത്തത്തിന് ഏറ്റവും ഫലപ്രദമായ ഔഷധം. കരൾ രോഗങ്ങൾക്കും മൂത്ര തടസ്സത്തിനും ഉത്തമം. കീഴാർനെല്ലി ചതച്ചു താളിയാക്കി തലയിൽ തേച്ചാൽ താരനും മുടികൊഴിച്ചിലും മാറും. വിപണിയിൽ ഇന്നു ലഭിക്കുന്ന മിക്കവാറും എണ്ണകളിൽ കീഴാർ നെല്ലിയുണ്ട്. ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചെടികളിൽ ഒന്നാണിത്.

ബ്രഹ്മി

ഒാർമ വർധിപ്പിക്കുമെന്ന ഗുണമുള്ളതിനാൽ ബ്രഹ്മി മരുന്നുകൾ മക്കൾക്കു വാങ്ങി നൽകാൻ മാതാപിതാക്കൾക്കു വലിയ ഉൽസാഹമാണ്. എന്നാൽ മുറ്റത്തു നിൽക്കുന്ന ഇൗ ലഘു സസ്യമാണു ബ്രഹ്മിയെന്ന് അറിയുന്നവർ എത്ര. പാട വരമ്പിലും ജലാശയങ്ങൾക്കു ചുറ്റും ബ്രഹ്മി ധാരാളമായുണ്ടാവും. ബ്രഹ്മി നീര് അത്രയും അളവു വെണ്ണയും ചേർത്തു പതിവായി രാവിലെ കുട്ടികൾക്കു കൊടുത്താൽ ഒാർമശക്തി കൂടും. ഉൻമാദം, അപസ്മാരം, എന്നീ രോഗങ്ങളുടെ ചികിൽസയ്ക്കും ബ്രഹ്മി ഉപയോഗിക്കാറുണ്ട്.

ആടലോടകം

ആടലോടകത്തിന്റെ ഇലയിൽ നിന്നു തയാറാക്കുന്ന വാസിസൈൻ എന്ന മരുന്നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ആടലോടകത്തിന്റെ ഇല പിഴിഞ്ഞ നീരിൽ ആട്ടിൻപാൽ ചേർത്തുകഴിച്ചാൽ ആസ്മ, ചുമ, ശ്വാസംമുട്ടൽ എന്നിവ ശമിക്കും. പനി, ചുമ, കഫക്കെട്ട്, രക്തം ഛർദിക്കൽ എന്നിവയ്ക്കും ആടലോടകം ഫലപ്രദമാണ്.

ആവണക്ക്

വെള്ള ആവണക്കാണ് ഒൗഷധ സസ്യം. വേരും വിത്തും ഉപയോഗിക്കാം. ആവണക്കിൻ വേരുകൊണ്ടുള്ള കഷായം വയറുവേദന, കൃമിശല്യം, മൂത്രാശയ രോഗങ്ങൾ വാത രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കാറുണ്ട്. ആവണക്കിൻ വേര് അരച്ചു കവിളിൽ പുരട്ടിയാൽ പല്ലുവേദന കുറയും. കൈകാൽ വേദന, തൊണ്ടകുത്തി ചുമ, കാൽ വിണ്ടുകീറൽ, മുടികൊഴിച്ചിൽ, നര എന്നിവയ്ക്കും ഒൗഷധമായി ഉപയോഗിക്കുന്നു. വിഷാംശം അകത്തുചെന്നാൽ ആവണക്കെണ്ണ കഴിച്ച് വയറിളക്കാറുണ്ട്.

നിലപ്പന

പനയുടെ ചെറുപതിപ്പാണു നിലപ്പന. നീണ്ട ഇലകളും കിഴങ്ങും ഉണ്ട്. കിഴങ്ങ് അരച്ചു പാലിൽച്ചേർത്തു കഴിക്കുന്നതു മഞ്ഞപ്പിത്തം ഇല്ലാതാക്കും. നിലപ്പന കിഴങ്ങ് അരച്ച് എണ്ണകാച്ചി തലയിൽ തേച്ചു കുളിക്കാറുണ്ട്. ശരീരത്തിലെ നീരു കുറയ്ക്കാൻ നിലപ്പന കിഴങ്ങും വേപ്പെണ്ണയും ചേർത്ത മിശ്രിതം തേയ്ക്കാറുണ്ട്.

കയ്യുണ്യം

പാടവരമ്പിൽ സാധാരണ കാണുന്ന നാട്ടുചെടി. മുടിയുടെ വളർച്ചകൂട്ടാൻ പേരുകേട്ട ചെടിയാണിത്. വെളിച്ചെണ്ണയിൽ മൂപ്പിച്ചു തലയിൽ തേച്ചാൽ നല്ല കുളിർമ ലഭിക്കും. ഭൃംഗരാജൻ എന്നാണ് ആയുർവേദത്തിലെ പേര്. വണ്ടിന്റെ കറുപ്പുപോലെ മുടി കറുത്തുവരും. മറ്റു എണ്ണകൾക്കു കൂടുതൽ തണുപ്പുള്ളതിനാൽ, തലനീരിറക്കം ഉള്ളവർക്ക് ഉത്തമം കയ്യുണ്യം കാച്ചിയ എണ്ണയാണ്. കരളിന്റെ പ്രവർത്തനം കൂട്ടുകയും കാഴ്ച ശക്തി വർധിപ്പിക്കുകയും ചെയ്യും.

കർക്കടകത്തിൽ കരുത്തു നേടാം

ശീലങ്ങളിലും ചികിൽസയിലും ജീവിതരീതിയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട മാസമാണു കർക്കടകം. കർക്കടകം ദക്ഷിണായനകാലത്തിന്റെ തുടക്കമാണ്. വിസർഗ കാലം എന്നും ദക്ഷിണായനകാലത്തെ അറിയപ്പെടുന്നു. നമ്മുടെ ശര‍ീരത്തിനാവശ്യമായ ഊർജവും വളർച്ചയും ഉണ്ടാകുന്ന സമയം.

ഏറ്റവും കൂടുതൽ മഴ കിട്ടുന്ന കാലമാണല്ലോ കർക്കടകം. പഞ്ചഭൂതഘടനയിലെ മാറ്റം കൊണ്ടു പ്രകൃതിയിലും ജീവജാലങ്ങളിലും ആറു രസങ്ങളിലൊന്നായ പുളിരസം (അമ്ലത്വം) വർധിക്കുന്ന സമയമാണിത്.

അറിയാം, ആരോഗ്യപുഷ്ടിക്ക്

കർക്കടക മാസത്തിലെ തണുപ്പു ശരീരത്തിനു മൊത്തത്തിൽ പുഷ്ടിയുണ്ടാക്കും. ശരീരത്തിൽ ജലാംശം കൂടുതലായുള്ളതിനാൽ കുടലിൽ ആഗ്നേയ രസങ്ങള്‍ വർധിക്കും. വിശപ്പുകൂടും. ദഹനപ്രക്രിയ മെച്ചപ്പെടും. ശരീരം പുഷ്ടിപ്പെടും. കഴിക്കുന്നതു ശരീരത്തിൽ പിടിക്കും. ഉറക്കം നന്നായി കിട്ടുന്ന കാലമാണ്. അമിതമായി ഉറങ്ങേണ്ട ആവശ്യമില്ല, കൃത്യസമയത്ത് ഉറങ്ങിയെണീക്കാം. കർക്കടകത്തിൽ പകലുറക്കം പാടില്ല.

മൂലക്കുരു പോലെ ചൂടിന്റെ അസുഖങ്ങൾക്കുള്ള ചികിൽസ ഇക്കാലത്ത് ആരംഭിക്കാം.

ശുദ്ധമായ ജലം കുളങ്ങളിൽ എത്തുന്നതിനാൽ നീന്തിക്കുളിക്കാൻ താൽപര്യമുള്ളവർക്ക് അതിനു പറ്റിയ സമയമാണ്. നീന്തൽ വ്യായാമമെന്ന നിലയിൽ ഏറ്റവും മികച്ചതാണ്. കാരണം, വ്യായാമം ചെയ്യുമ്പോൾ ശരീരത്തിന്റെ ഭാരം കാലിൽ കേന്ദ്രീകരിക്കാതെ ശരീരം മുഴുവനായി വീതിക്കപ്പെടുന്നു. മാത്രമല്ല, ശര‍ീരം പെട്ടെന്നു ചൂടാകുകയുമില്ല.

നേത്രരോഗങ്ങൾ ഉള്ളവർക്കു (കണ്ണുപുകച്ചിൽ പോലെ ചൂടിന്റെ അസുഖമുള്ളവർക്കു പ്രത്യേകിച്ച്) ഈ മാസം മുതൽ ചികിൽസ ആരംഭിക്കാം. കാഴ്ച വർധിപ്പിക്കാനും കണ്ണിന്റെ പുഷ്ടിക്കുമുള്ള ചികിൽസകൾ ഈ മാസം ആരംഭിക്കാം. മരുന്നു ചേർത്ത ആവണക്കെണ്ണ ഉപയോഗിച്ചു ചെറിയതോതിൽ വയറിളക്കി വയർ ശുദ്ധീകരിക്കാം.

കർക്കടകത്തിൽ ചെടികള‌ിലും മനുഷ്യരിലും ആവശ്യത്തിനു ജലാംശം ഉണ്ടാകും. ചുട്ടുനീറ്റൽ, പുകച്ചിൽ തുടങ്ങിയ രോഗങ്ങളുടെ തീവ്രത കുറയും. പ്രമേഹം, രക്തവാതം തുടങ്ങിയ ചൂടിന്റെ അസുഖമുള്ളവരിലും മാനസിക അസുഖമുള്ളവർക്കും അതിന്റെ കാഠിന്യം കുറയും.അസിഡിറ്റി (നെഞ്ചെരിച്ചിൽ, വയർ എരിച്ചിൽ തുടങ്ങയവ) ഉള്ളവർ പുളിരസമുള്ള ഭക്ഷണം കഴിക്കരുത്.

തണുപ്പു കൂടുന്ന കാലമായതിനാൽ വാതരോഗം കൂടാൻ സാധ്യതയുള്ള സമയമാണ്.

പുരുഷന്മാർക്ക്

കായികമായ അധ്വാനങ്ങൾക്കു മികച്ച സമയമാണ്. കളരിയുൾപ്പെടെയുള്ള കായികമായ വ്യായാമങ്ങൾക്കു പ്രാധാന്യം നൽകാം. ശരീരത്തെ പുഷ്ടിയും വഴക്കവുമുള്ളതുമായി മാറ്റാം. തണുപ്പ് പുരുഷ ബീജങ്ങളുടെ എണ്ണം കൂട്ടാൻ സഹായകമായതിനാൽ പുരുഷ വന്ധ്യതയുള്ളവർക്കു ബീജത്തിന്റെ അളവു കൂട്ടാനുള്ള ചികിൽസ ആരംഭിക്കാനും മരുന്നു കഴിക്കാനും പറ്റിയ സമയമാണ്.

മുടി കൊഴിച്ചിൽ ഉള്ളവർക്കു തലകുളിർക്കെ എണ്ണതേച്ചു മുടി പുഷ്ട‍ിപ്പെടുത്താൻ തുടങ്ങാം. മുടിയിൽ നന്നായി എണ്ണ തേയ്ക്കാം. ശരീരം ശുദ്ധിപ്പെടുത്താനുള്ള വെള്ളം ധാരാളമുണ്ടല്ലോ. കഷണ്ടിയുള്ളവർക്കും കഷണ്ടി വരാൻ സാധ്യതയുള്ളവർക്കും മുൻകരുതൽ ചികിൽസകൾ ആരംഭിക്കാൻ പറ്റിയ സമയമാണ്. ശരീരത്തിനു ദുർഗന്ധമുണ്ടാക്കുന്ന വിയർപ്പ് ഉള്ളവർക്കും അതിനെതിരായ പ്രതിരോധ ചികിൽസ ചെയ്യാൻ തുടങ്ങാം. നെയ് സേവ പോലുള്ള ചികിൽസകൾ അമ‍ിതമായ വിയർപ്പു നിയന്ത്രിക്കും.

സ്ത്രീകൾക്ക്

മൂത്രച്ചൂട്, വെള്ളപോക്ക് പോലുള്ള രോഗങ്ങൾ കുറയുന്ന സമയമായതിനാൽ ചികിൽസ ആരംഭിക്കാം. കർക്കടകം ചന്ദ്രന്റെ മാസമായതിനാൽ ആർത്തവ സംബന്ധമായ രോഗങ്ങൾക്കു ശമനമുണ്ടായി, കൃത്യമായ ആർത്തവം ഉണ്ടാകാറുള്ള കാലമാണ്. ആർത്തവ സംബന്ധമായ രോഗങ്ങൾക്കു ചികിൽസ ചെയ്യുന്നവരുണ്ടെങ്കിൽ ഇപ്പോൾ ആരംഭിക്കുന്നതാണു നല്ലത്. മുലപ്പാൽ വര്‍ധിപ്പിക്കുന്നതിനുള്ള ചികിൽസകൾക്കും നല്ല സമയമാണ്.മുടി വളർച്ച കൂട‍ാനും മുടി പുഷ്ടിയോടെ വളർത്താനും ആവശ്യമായ കരുതലുകളെടുക്കാം.

പ്രായമായവർക്ക്

ശരീരത്തിലെ ധാതുക്കളുടെ അളവു കുറയുന്നതാണു പ്രായമായവർ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നം. അതു കൊണ്ടു വാതരോഗങ്ങൾക്കു സാധ്യത കൂടുതലാണ്. കൃത്യസമയത്തു സമീകൃതാഹാരം കഴിക്കാൻ ശ്രദ്ധിക്കണം. ലളിതമായ ഭക്ഷണശൈലിയാണു നല്ലത്. ഭക്ഷണവും വെള്ളവും ചൂടോടെ ഉപയോഗിക്കണം. ഞരമ്പ്, നാഡി സംബന്ധമായ രോഗങ്ങൾക്കും അസ്ഥി തേയ്മാനത്തിനും അസ്ഥിക്ഷയത്തിനും സാധ്യതയുള്ള കാലമാണ്. എള്ള്, ഗോതമ്പ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മരുന്നുകഞ്ഞി, മാംസരസം (സൂപ്പ്) തുടങ്ങിയവ ഉപയോഗിക്കാം.

മലബന്ധ സാധ്യത പ്രായമായവരിൽ കൂടുതലാണ്. മലശോധന കൃത്യമാക്കാൻ ചെറിയതോതിൽ ആവണക്കെണ്ണ ചേർത്ത മരുന്ന് ഉപയോഗിക്കാം. പ്രായമായവർക്കു മാനസിക വിഷമം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാലാവസ്ഥ ഇരുണ്ടതായതിനാൽ മനസ്സിൽ മരണഭയം ഉണ്ടാകും. ശരീരത്തിനു പ്രതിരോധ ശേഷി കുറയുന്ന കാലമായതിനാൽ കരുതൽ േവണം. പ്രായമായവരുടെ കാര്യങ്ങളിൽ മറ്റുള്ളവർ കൂടുതൽ ശ്രദ്ധ പുലർത്തണം.

കുട്ടികൾക്ക്

സ്കൂളിലുള്‍പ്പെടെ കൂടുതൽ സമയം പുറത്തു പോകുന്നവരാണു കുട്ടികൾ. മഴയും തണുപ്പുമേറ്റു പനി, കഫക്കെട്ട്, കാലുകൾക്കു കടച്ചിൽ തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. വൈറൽ രോഗങ്ങൾ ഉണ്ടാകാം. കുട്ടികൾക്കു കുടിക്കാനും കഴിക്കാനും ചൂടുള്ള ഭക്ഷണം മാത്രം നൽകുക. നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ഉണങ്ങിയ വസ്ത്രങ്ങൾ നൽകുക. നനഞ്ഞ ഷൂസിനുള്ളിൽ പേപ്പർ പോലെ വെള്ളം വലിച്ചെടുക്കുന്ന വസ്തുക്കൾ തിരുകിക്കയറ്റി ഉണക്ക‍ിയെടുക്കുക. ഉണങ്ങിയ സോക്സ് മാത്രം ഇടാൻ അനുവദിക്കുക. ഒരുകാരണവശാലും പച്ചവെള്ളം കുടിപ്പിക്കരുത്. ചുക്ക്, തുളസി തുടങ്ങിയവയിട്ടു ചൂട‍ാക്കിയ വെള്ളം ഉത്തമം.

ഭക്ഷണം എങ്ങനെ

ആവശ്യമായ ഭക്ഷണം പല ഇടവേളകളിലായി കഴിക്കുന്നതാണുത്തമം. സൂപ്പ്, മരുന്നുകഞ്ഞി എന്നിവ വൈദ്യ നിർദേശപ്രകാരം തയാറാക്കി കഴിക്കാം. ഇവ വാങ്ങാനും കിട്ടും. ഒരു വർഷത്തേക്കു ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള സമയമാണ് കർക്കടകം. അത‍ിനാൽ അതിനുള്ള കരുതലുകൾ നടത്താം. കഴിവുള്ളവർക്ക് ഒരാഴ്ചയെങ്കിലും ഉഴിച്ചിൽ, പിഴിച്ചിൽ, ഞവരക്കിഴി, വസ്തി തുടങ്ങിയ ആയുർവേദ ചികിൽസകൾ ചെയ്യാം.

വൃത്തിയും വെടിപ്പും

വീടിനുള്ളിൽ നനഞ്ഞ തുണികൾ കൂട്ടിയിടുകയോ തോരാനിടുകയോ ചെയ്യരുത്. അഴുക്കായ പാത്രങ്ങൾ കൂട്ടിയിടാതെ കഴ‍ുകി വൃത്തിയാക്കി റാക്കിനുള്ളിൽ സൂക്ഷിച്ചു വയ്ക്കുക. വീടിനുള്ളിലെ പൊടിയും അഴുക്കും തൂത്തു വൃത്തിയാക്കിയിടാം. പാറ്റ, പല്ലി, ചിലന്തി തുടങ്ങിയ ചെറുപ്രാണികൾ വീടിനുള്ളിൽത്തന്നെ തങ്ങുന്ന കാലമാണ്. ഇവയെയും രോഗാണുക്കളെയും അകറ്റാൻ വീടും പരിസരവും വൃത്തിയാക്കണം. വെള്ളം കെട്ടിനിൽക്കാന്‍ അനുവദിക്കരുത്. വീടിനുള്ളിൽ വായു ശുദ്ധീകരണം നടത്താം.

വീടിനകത്തും പുറത്തും പുക നൽകുന്നതു നല്ലതാണ്. കുന്തിരിക്കം, ഗുൽഗുലു, അഷ്ടഗന്ധം, ചന്ദനത്തിരികൾ എന്നിവ ഉപയോഗിച്ചു സന്ധ്യയ്ക്കും പുലർച്ചെയും പുകയ്ക്കുന്നതു നല്ലതാണ്.

ജാഗ്രത

ഹൃദ്രോഗം, പ്രമേഹം, രക്ത സമ്മർദം തുടങ്ങിയവയുള്ളവർ കൃത്യമായ വൈദ്യപരിശോധന നടത്തണം. ശരീര സുഖമുള്ള മാസമായതിനാൽ ഈ രോഗങ്ങളെല്ലാം കുറഞ്ഞതായി തോന്നും. പ്രത്യക്ഷത്തിൽ രോഗലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. രോഗം കുറഞ്ഞെന്നു കരുതി ചികിൽസയും മരുന്നും മുടക്കാൻ സാധ്യത കൂടുകയും ചെയ്യും. ഇത് അപകടമാണ്.

വീട്ടിലുണ്ടാക്കാം മരുന്നുകഞ്ഞി

കുറുന്തോട്ടി, കരിങ്കുറിഞ്ഞി, ദേവതാരം ഇവ 50 ഗ്രാം വീതമെടുത്തു ചതയ്ക്കുക. നാലു ലീറ്ററിൽ കഷായംവച്ച് രണ്ടു ലീറ്ററായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത കഷായത്തിൽ 60 ഗ്രാം ഞവര അരി വേവിക്കുക. ആവശ്യമുള്ളവർക്കു ഗോതമ്പും എള്ളും കൂടി ചേർക്കാം. അങ്ങനെയാണെങ്കിൽ 30 ഗ്രാം ‍ഞവര അരിയും 15 ഗ്രാം വീതം എള്ളും ഗോതമ്പും ചേർക്കാം. അസ്ഥി തേയ്മാനം ഉള്ളവർക്ക് എള്ളും പ്രമേഹം ഉള്ളവർക്ക‍ു ഗോതമ്പും ചേർക്കുന്നത് ഉത്തമമാണ്.

കഞ്ഞി വേവുന്നതോടെ അതിൽ ആട്ടിൻപാലോ പശുവിൻപാലോ അല്ലെങ്കിൽ രണ്ടും കൂടി സമമായോ ചേർക്കാം. ഇതു വീണ്ടും തിളപ്പിക്കണം. ഇതിൽ അരവു മരുന്നുകള്‍ ചേർക്കണം.

(ജീരകം, കരിം ജീരകം, മഞ്ഞൾ, ശതകുപ്പ, ഉലുവ, അയമോദകം, ആശാളി, കക്കുംകായ, കടുക്, കുരുമുളക്, നാളികേരം ച‍ിരകി വറുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇന്തുപ്പ് തുടങ്ങിയവയാണ് അരവു മരുന്നുകൾ). അരവു മരുന്നുകൾ പാകത്തിന് അരച്ചു കഞ്ഞിയിലിട്ടു വീണ്ടും തിളപ്പിക്കുക. ചെറിയ ഉള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ചു തയാറാക്കിയ കഞ്ഞി വറവിടുക. സാധാരണയായി രാവിലെ പത്തിനും വൈകിട്ട് ഏഴിനും കഴിക്കാം.

പഥ്യം : പച്ചവെള്ളം, വളരെ കട്ടിയുള്ള ആഹാരങ്ങൾ കഴിക്കരുത്. വെയിൽ കൊള്ളുക, കാറ്റുകൊള്ളുക, ആയാസമുള്ള ജോലി ചെയ്യുക തുടങ്ങിയവ ചെയ്താൽ ഫലം കുറയും. അസിഡിറ്റി, മൂലക്കുരു ഉള്ളവരും വൈദ്യ നിർദേശപ്രകാരം മാത്രം മരുന്നുകഞ്ഞി കുടിക്കണം. പകൽ കിടന്നുറങ്ങരുത്. മരുന്നു കഞ്ഞി 21 അല്ലെങ്കിൽ 28 ദ‍ിവസം കഴിക്ക‍ുക.

വിവരങ്ങൾക്കു കടപ്പാട് :

ഡോ. കെ.ടി. വിനോദ് കൃഷ്ണൻ (അമിയ ആയുർവേദ നഴ്സിങ് ഹോം)

കർക്കടകത്തിലെ സുഖചികിത്സ

കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സയാണു കർക്കടക ചികിത്സ. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അതുകൊണ്ട് ഈ ചികിത്സയെ സുഖചികിത്സ എന്നും പറയാറുണ്ട്.

രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾക്കു വർധന ഉണ്ടാകുന്ന സമയമാണു കർക്കടകം. അതിശക്തമായ മഴക്കാലമായതിനാൽ, കാർഷിക വൃത്തികളിൽ വ്യാപൃതരായിരുന്ന കേരളീയർക്ക് ആയുർവേദ ചികിത്സയ്ക്കും പഥ്യത്തിനും കൂടുതൽ സമയം കണ്ടെത്താൻ സാധിക്കുന്നതും കർക്കടകമാസത്തിലെ ആയുർവേദ ചികിത്സയ്ക്കു പ്രാധാന്യം കൂട്ടി.

ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ

ജൂലൈ മധ്യത്തിൽ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കർക്കടക ചികിത്സാകാലം. യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ.

കർക്കടക കഞ്ഞിക്കൂട്ട്

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാർകോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തവിഴാമ എന്നീ 18 തരം ദ്രവ്യങ്ങൾ സമമെടുത്തു പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കി വറ്റിച്ച് അതിൽ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേർത്ത് അൽപം ഇന്തുപ്പും കൂടി ചേർക്കുക. ഈ ഔഷധക്കഞ്ഞി നെയ്യിൽ താളിച്ചു സേവിക്കുക.

കർക്കടക ശീലങ്ങൾ

കർക്കടകമെത്തി. മനസും ശരീരവും ഒരു വർഷക്കാലത്തേക്ക് ഉന്മേഷത്തോടെ നിലനിർത്താൻ തയാറെടുക്കേണ്ട കാലമായിരിക്കുന്നു. ആയുർവേദം കർക്കടകത്തിൽ പാലിക്കേണ്ട ശീലങ്ങളെ കുറിച്ചു പറഞ്ഞിട്ടുണ്ട്.

കർക്കടകത്തിൽ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോ ഷശമനങ്ങളുമായ ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം. പഞ്ചകോലം, കൂവളയില, പഴ മുതിര, ചെറുപയർ, അയമോദകം, ജീരകം, ദശമൂലം, ഇന്തുപ്പ് തുടങ്ങി നിരവധി ഔഷധങ്ങൾ ചേർന്ന കർക്കടക കഞ്ഞി ഏറ്റവും വിശേഷമത്രെ.

വാതശമനത്തിന് ഔഷധങ്ങൾ സേവിക്കുകയും എണ്ണ, കുഴമ്പ് ഉപയോഗിച്ച് തേച്ചുകുളിക്കുകയും ചെയ്യാം. ദിവസേന തേച്ചുകുളി (അഭ്യംഗം) ആയുർവേദത്തിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. തേച്ചുകുളി വാതം, ക്ഷീണം എന്നിവ ശമിപ്പിക്കുന്നതിനും ജരാനരകൾ തടയുന്നതിനും കാഴ്‌ച ശക്‌തി, ദേഹപുഷ്‌ടി, ദീർഘായുസ്സ്, നല്ല ഉറക്കം, തൊലിക്ക് മാർദ്ദവവും ഉറപ്പും എന്നിവയ്‌ക്ക് കാരണമാകുന്നു. തേച്ചുകുളിക്ക് നല്ലെണ്ണ മികച്ചതെന്ന് പഠനങ്ങളിൽ വ്യക്‌തമായിട്ടുണ്ട്. രോഗങ്ങളെ ചെറുക്കുന്നതിൽ നല്ലെണ്ണയ്‌ക്ക് പ്രത്യേക കഴിവുണ്ട്. തലയിലും ചെവിയിലും ഉള്ളം കാലിലും പ്രത്യേകമായി എണ്ണ തേയ്‌ക്കണം. കഫം വർധിച്ചിരിക്കുന്നവരും, ഛർദ്ദിപ്പിക്കുക, വയറിളക്കുക എന്നിവയ്‌ക്ക് വിധേയമായിരിക്കുന്നവരും അഭ്യംഗം ചെയ്യരുത്. അജീർണമുള്ളവരും എണ്ണ തേയ്‌ക്കരുത്.

പ്ലാവില, വാതം കൊല്ലിയില, ആവണക്കില, കടുക്കതോട് ഇവയിട്ട് തിളപ്പിച്ച വെള്ളം കുളിക്കാൻ ഉപയോഗിക്കാം. ധന്വന്തരം തൈലം കുഴമ്പ്, ബലാശ്വഗന്ധാദി തൈലം, സഹചരാദി തൈലം എന്നിവ ദേഹത്തും ക്ഷീരബല തൈലം, അസനവില്വാദി തൈലം തുടങ്ങിയവ തലയിലും പുരട്ടാം.

രാവിലെ തയാറാക്കിയ കർക്കടക കഞ്ഞി തേച്ചു കുളികഴിഞ്ഞ് പത്തു മണിയോടെ കഴിക്കാം.

ശരീരശുദ്ധി വരുത്തി പഞ്ചകർമ ചികിത്സ പ്രധാനമായി കഷായവസ്‌തി ചെയ്യാം. കഷായ വസ്‌തിക്കു ശേഷം പഴക്കം ചെന്ന ഗോതമ്പ്, കാട്ടുഴുന്ന്, കാട്ടുപയറ് എന്നീ ധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കുന്ന ആഹാരങ്ങൾ കഴിക്കാം.

എപ്പോഴും പുകച്ച വസ്‌ത്രം ഉപയോഗിക്കണം. പകലുറക്കം പാടില്ല. കൂടുതൽ അധ്വാനം, വെയിൽ ഒഴിവാക്കണം.

ദഹനക്കേട് ഉണ്ടാക്കേണ്ട : പകരം പത്തില കഴിക്കാം

കർക്കടക മാസത്തിൽ താളു തകരയെന്നിങ്ങനെ പത്തില തിന്നണമെന്നു പഴമക്കാർ പറയും. ഇലക്കറികൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എത്രമാത്രമുണ്ടെന്നതിനു തെളിവ്. വറുതിയുടെ കർക്കടകകാലത്ത് തൊടിയിൽനിന്ന് എളുപ്പം ലഭിക്കുന്നത് ഇലകളായിരുന്നു. അതിനാൽ ഇലക്കറികൾക്ക് അക്കാലത്ത് ഉപയോഗമേറി.

മാംസ്യം, കൊഴുപ്പ്, നാര്, അന്നജം, കാൽസ്യം, ഇരുമ്പ്, ജീവകങ്ങൾ തുടങ്ങി പോഷണമൂലകങ്ങളെല്ലാം ഇലക്കറികളിലുണ്ട്. ചീര, ചേമ്പിൻതാള്, തഴുതാമ, ചേനത്തണ്ട്, തകര, പയറിന്റെ ഇല തുടങ്ങിയവ ഉൾപ്പെടുത്തണം. കുടലിന്റെ ചലനം വർധിപ്പിച്ച്, കുടലിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളെ പുറം തള്ളാൻ ഇവ സഹായിക്കും. ചെറുപയർ, മുതിര തുടങ്ങിയ വെന്തു വരുന്ന ജലം കുടിക്കാൻ ഉപയോഗിക്കാം. തൈർത്തെളിയും (തൈര് ഉറയ്‌ക്കുന്ന സമയത്ത് മുകളിൽ വരുന്ന വെള്ളം) ഉത്തമമാണ്.

മധുരം, പുളി, ഉപ്പ് തുടങ്ങിയവയായിരിക്കണം കർക്കടക ഭക്ഷണത്തിന്റെ പ്രധാന രുചികൾ. (രക്‌തസമ്മർദമുള്ളവർ ഉപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം). എരിവ്, ചവർപ്പ്, കയ്‌പ് തുടങ്ങിയ രുചികൾ അരുത്. ഇതു വാതത്തെ പ്രകോപിപ്പിക്കും.

വർജിക്കേണ്ട ഭക്ഷണങ്ങൾ

എളുപ്പത്തിൽ ദഹനം നടക്കാത്ത കഠിന ഭക്ഷണങ്ങൾ ഒഴിവാക്കണം. ചെറുപയർ ഒഴികെയുള്ള പയറുവർഗങ്ങൾ, കടല, പൊറോട്ട, അമരക്കായ, ഉഴുന്നുചേർത്ത ഭക്ഷണങ്ങൾ തുടങ്ങിയവ ഇതിൽപ്പെടും. ഐസ്‌ക്രീം പോലെ റഫ്രിജറേറ്ററിൽ വച്ച തണുത്ത ആഹാരങ്ങളും ഒഴിവാക്കണം. മൽസ്യാഹരത്തിന്റെ അമിതമായ ഉപയോഗവും വർജിക്കണം.

മുരിങ്ങയില വേണ്ട

ഭഗവതിയുടെ താലിയാണ് മുരിങ്ങയില, അതിനാൽ അതുപയോഗിക്കരുതെന്ന് കർക്കടക കാലത്ത് ആരെങ്കിലുമൊക്കെ പറയുന്നതു കേട്ടിട്ടുണ്ടോ? ആയുർവേദവും കർക്കടകത്തിൽ മുരിങ്ങയില കറിക്കുപയോഗിക്കുന്നതിനെതിരാണ്. കാലാവസ്‌ഥാ വ്യതിയാനവും നീണ്ടു നിൽക്കുന്ന മഴയും മുരിങ്ങയിലയിൽ വിഷസ്വഭാവം (കട്ട്) ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണിത്.

കർക്കടകക്കഞ്ഞി

മരുന്നു കഞ്ഞി കർക്കടകത്തിലേക്കു മാത്രമുള്ളതല്ല. ചരകസംഹിതയിൽ വിവിധയിനം കഞ്ഞികളെക്കുറിച്ചു പ്രതിപാദിക്കുന്ന അധ്യായം തന്നെയുണ്ട്. വർഷത്തിൽ 12 മാസവും ശീലിക്കേണ്ട ഒന്നാണു കഞ്ഞിയെന്ന് ആയുർവേദം പറയുന്നു.

ഓരോ നാട്ടിലും കഞ്ഞി തയ്യാറാക്കുന്നതു പല രീതികളിലാണ്. കുറുന്തോട്ടി വേരിന്മേൽതൊലി, ജീരകം, പഴുക്കപ്ലാവില ഞെട്ട് മുതലായവ ഒരു നിശ്‌ചിത തോതിൽ അരച്ച് ആട്ടിൻപാലും പശുവിൻപാലും സമം ചേർത്ത് അതിൽകലക്കി നാലിരട്ടി വെള്ളം ചേർത്ത് അടുപ്പത്ത് വച്ചുവറ്റിച്ച് പകുതി വറ്റിയാൽ പാകത്തിൽ നവരയുടെ ഉണക്കലരിയിട്ട് വെന്തു പാകമായാൽ വാങ്ങി ആറി രാവിലെ പ്രാതലിനു പകരം കഴിക്കുകയാണ് സാധാരണ പതിവുള്ളത്.

ഭക്ഷ്യയോഗ്യവും ഔഷധയോഗ്യവുമായ, വിശ്വസനീയമായി ലഭ്യമാകുന്ന ഔഷധക്കൂട്ടുകൾ നവരയരിയോ ഉണക്കലരിയോ ചേർത്ത് രുചിപ്രധാനമായി ഉപയോഗിക്കാം എന്ന് കർക്കടകക്കഞ്ഞിയെക്കുറിച്ചു പൊതുവായി പറയാം.

ഉച്ചയുറക്കം വേണ്ടേ വേണ്ട...

കർക്കടക മാസത്തിലെ ഒരിക്കലും പാടില്ലാത്ത ശീലങ്ങളിലൊന്നാണ് ഉച്ചയുറക്കം. പകലുറക്കം വിശപ്പു കുറയ്‌ക്കും. ശരിയായ ദഹനത്തെയും ഇതു ബാധിക്കും. പൊതുവേ ദഹനശക്‌തി കുറവുള്ള സമയമാണു വർഷകാലം. വിശപ്പു കുറവായിരിക്കും. വിശപ്പുണ്ടാക്കുകയാണു കർക്കടകക്കഞ്ഞിയുടെ ദൗത്യം. പകലുറങ്ങുമ്പോൾ ശരിയായ രീതിയിൽ ദഹനം നടക്കാതെ വരികയും ശരീരത്തിൽ വേണ്ടവിധം ദഹിക്കാതെ പോഷണ പദാർഥങ്ങൾ അടിഞ്ഞുകൂടുകയും ചെയ്യും. ഇതു പിന്നീടു രോഗങ്ങളായി പരിണമിക്കും. പകലുറക്കം കഫ, പിത്തദോഷങ്ങളെ വർധിപ്പിക്കും. ഇതും വിശപ്പുകുറയ്‌ക്കാനിടയാക്കും.

മഴക്കാല ഭക്ഷണം

ഇനി മഴക്കാലം. ആടി തിമിർത്തു പെയ്യുന്ന മഴ മണ്ണിനും മനസിനും കുളിരേകുമ്പോൾ തന്നെ മഴക്കാലത്തു കഴിക്കാൻ പറ്റിയ ഭക്ഷണങ്ങളെപ്പറ്റിയും, കഴിക്കാൻ പാടില്ലാത്തവയുമെല്ലാം ചിന്തിക്കേണ്ടതുണ്ട്.

ആഹാരത്തിന്റെ സർവോത്തരമായ പ്രാധാന്യം പണ്ടേ ഭാരതീയർക്കറിയാമായിരുന്നു. ആഹാരകാര്യങ്ങളിൽ നല്ല ശ്രദ്ധ ചെലുത്തിയിരുന്നതുകൊണ്ടാവാം. ഇന്നു ലൈഫ്സ്റ്റൈൽ ഡിസീസസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന പ്രമേഹം, അർബുദം, രക്തസമ്മർദം, ഹൃദ്രോഗം, പൊണ്ണത്തടി മുതലായ രോഗങ്ങളിൽ നിന്നും നമ്മുടെ പൂർവികർ ഏറെക്കുറെ മുക്തരായിരുന്നു.

മഴക്കാല പാചകം

മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹന വൈഷമ്യങ്ങളും മറ്റും ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ടു വേവിക്കാത്ത ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുകയും കുടിക്കാൻ തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുകയുമാണ് അഭികാമ്യം.

തിളപ്പിക്കൽ, ആവിയിൽ പുഴുങ്ങൽ തുടങ്ങിയ ഈർപ്പമുള്ള ചൂട് ഉപയോഗിച്ചുള്ള കേരളീയരുടെ സാധാരണ പാചകരീതികൊണ്ടുണ്ടാകുന്ന പോഷകാംശം തടയാൻ ക്വഥനാങ്കത്തിനു താഴെ (ബോയിലിങ് പോയിന്റ്) ഉള്ള താപത്തിൽ പാകം ചെയ്യുകയും, ധാന്യങ്ങളും മറ്റും വേവിക്കാൻ ഉപയോഗിക്കുന്ന അധികജലം കറികൾ, സൂപ്പുകൾ, പരിപ്പുകറി എന്നിവ ഉണ്ടാക്കാൻ എടുക്കുകയും ചെയ്യാം. വെള്ളത്തിൽ അധികനേരം കുതിർത്തു വയ്ക്കുന്നതും പല പ്രാവശ്യം അരി കഴുകുന്നതും പോഷകനഷ്ടത്തിനു വഴിയൊരുക്കുന്നു.

മഴക്കാലത്തു ദഹനശക്തി വൈഷമ്യങ്ങൾ ഉണ്ടാകാനിടയുള്ളതുകൊണ്ട് കഞ്ഞിയായിട്ടു തന്നെ കുടിക്കുന്നതു നല്ലതാണ്. ഇതുതന്നെ ആവശ്യത്തിനു മാത്രം വെള്ളം ചേർത്തു മിതമായ ചൂടിൽ പാകം ചെയ്യുക.

ഭക്ഷണം ചെറുചൂടോടെ

അരിയുടെയും മറ്റും പോഷകഘടനയിൽ മാറ്റം വരുന്നതുകൊണ്ടു പഴകുമ്പോഴാണ് അരിക്കും ഗോതമ്പിനും ഗുണം കൂടുക. ഇത്തരത്തിലുള്ള പഴയനെല്ല്, ഗോതമ്പ്, യവം എന്നിവയുടെ ചോറ് നെയ്യിൽ വറുത്തിട്ട പരിപ്പുചാറും കൂട്ടി വർഷ — ഋതുവിൽ സേവിക്കാനാണ് ആയുർവേദവിധി. മാംസരസവും (സൂപ്പ്), കറിയുമൊക്കെ മഴക്കാലത്തു പഥ്യമത്രെ. മഴക്കാലത്തു കുറച്ച് ഉപ്പും പുളിയുമൊക്കെ ആകാം.

ഭക്ഷണം ചെറുചൂടോടെ വേണം കഴിക്കാൻ. കഴിക്കുന്ന ഭക്ഷണം ലഘുവും സ്നിഗ്ധവുമാകണം. തുടർച്ചയായിപ്പെയ്യുന്ന മഴയുള്ള ദിനങ്ങളിൽ ഉരുട്ടാവുന്ന വിധത്തിലുള്ളതും തേൻ ചേർത്തതുമായ ഭക്ഷണം നന്ന്. ചെറുചൂടോടെ മാംസരസം (സൂപ്പ്) ചുക്ക് മേമ്പൊടി ചേർത്തു സേവിക്കാം. സസ്യഭുക്കുകൾക്കു വെജിറ്റബിൾ സൂപ്പ്, പരിപ്പുചാറ് എന്നിവ സേവിക്കാം.

ആരോഗ്യം കൂട്ടാൻ തേൻ

ധാരാളം വെള്ളം ചേർത്തു പഴകിയ മദ്യവും അരിഷ്ടവുമൊക്കെ മഴക്കാലത്തു സേവിക്കാൻ ആയുർവേദം വിധിക്കുന്നുണ്ട്. ഇവിടെ മദ്യം എന്നുള്ളതുകൊണ്ട് ആയുർവേദ വിധിപ്രകാരം പച്ചമരുന്നുകളും പഴച്ചാറുമൊക്കെ സംഭരണികളിൽ നിശ്ചിതകാലം നിശ്ചിത താപത്തിൽ സൂക്ഷിച്ചുവച്ച് ഉണ്ടാക്കിയെടുക്കുന്ന സെൽഫ് ജനറേറ്റിംഗ് ആൽക്കഹോൾ ആണ് ഉദ്ദേശിക്കുന്നത്.

അരിഷ്ടങ്ങളും ഇത്തരത്തിൽ പാകപ്പെടുത്തിയെടുക്കുന്ന മദ്യത്തിന്റെ വകഭേദം തന്നെയാണ്. നൈസർഗിക പ്രക്രിയയിലൂടെ ഉണ്ടാകുന്ന ആൽക്കഹോൾ ഇവയിലൊന്നും ഒരു പരിധിക്കപ്പുറം ഉണ്ടാവുകയുമില്ല. വെള്ളത്തിൽ തുവർച്ചിലയുപ്പും പഞ്ച്കോലവും പൊടിച്ചിട്ടു സേവിക്കുന്നതും നന്ന്. ആഹാരത്തിൽ കുറച്ചു തേൻ ചേർത്തു സേവിക്കുന്നതും മഴക്കാലത്തു നല്ലതാണ്.

മഴക്കാലത്തു പൊതുവെ ചെന്നെല്ല്, നവരനെല്ല്, ഗോതമ്പ്, യവം, ചെറുപയർ, തേൻ, പടോലം, നെല്ലിക്ക, മുന്തിരിങ്ങ എന്നിവ പഥ്യങ്ങളാകുന്നു.

ഒഴിവാക്കേണ്ട ഭക്ഷണം

മഴക്കാലത്തു വാതകോപത്തിനുള്ള, സാധ്യത കണക്കിലെടുത്ത് ആഹാരം നിയന്ത്രിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാനുള്ള സാഹചര്യം കൂടുതലാണ്.

ഒരു കാരണവശാലും തിളപ്പിക്കാത്തതും അശുദ്ധവുമായുള്ള വെള്ളമുപയോഗിക്കരുത്. നദിയിലെ വെള്ളം, മലർപ്പൊടി കലക്കിയ വെള്ളം എന്നിവ നിഷിദ്ധമാണ്. ദഹിക്കാൻ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകൽ ഉറക്കം പാടില്ല. ചാറ്റൽമഴ ഏൽക്കരുത്. ചെരുപ്പില്ലാതെ നടക്കാൻ പാടില്ല. ആയാസകരമായ ജോലികൾ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയിൽ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ മവേണം.

വാതം അകറ്റാൻ മരുന്നുകഞ്ഞി

പണ്ടൊക്കെ മഴക്കാലം തുടങ്ങിയാൽപ്പിന്നെ വേലിപ്പടർപ്പുകളിലും ഇടവഴിയോരങ്ങളിലും ഒക്കെ ചുറ്റിക്കറങ്ങി കരിങ്കുറിഞ്ഞി, കുറുന്തോട്ടി, പുത്തരിച്ചുണ്ടവേര്, നന്നാറിക്കിഴങ്ങ്, തഴുതാമവേര്, മൂവിലവേര്, ഉഴിഞ്ഞ വേര്, നിലപ്പനക്കിഴങ്ങ് എന്നിവ സംഘടിപ്പിച്ച്, വെള്ളത്തിലിട്ടു കുതിർത്തു കഴുകി ജീരകവും മല്ലിയും ചേർത്തരച്ചു കുഴമ്പു പരുവമാക്കി, ഉണക്കലരി വെള്ളത്തിൽ വെന്തുവരുമ്പോൾ ചേർത്തു കഞ്ഞിവച്ചു പ്രാതലിനു പകരം വിസ്തരിച്ചൊരു കഞ്ഞികുടി പതിവായിരുന്നു.

മരുന്നുകഞ്ഞിയിലെ ഘടകഒൗഷധങ്ങൾക്കു ശരീരത്തിൽ രക്തശുദ്ധി വരുത്തുക, വാതകോപമകറ്റുക തുടങ്ങിയ ധർമങ്ങൾ ഉണ്ടെന്നുള്ള വസ്തുത മനസിലാത്തിയാണു അവയെ കഞ്ഞിയിൽ ചേർത്തിരുന്നത്. ഉലുവയും ഉണക്കലരിയും കഞ്ഞിവച്ച് അതിൽ ഇല്ലംകെട്ടി, നന്നാറി, പുത്തരിചുണ്ടവേര്, മല്ലി, ജീരകം, മഞ്ഞൾ, തേങ്ങ എന്നിവ അരച്ചുചേർത്തുള്ള മരുന്നുകഞ്ഞിയും മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റിയതാണ്. ഈ സമയത്തു മത്സ്യമാംസാദികൾ ഉപേക്ഷിക്കുകയാണു പതിവ്

3.14634146341
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ