অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യ പരിപാലനം -2

ആരോഗ്യ പരിപാലനം -2

വായ്‌നാറ്റം; ശ്രദ്ധിക്കപ്പെടാത്ത കാരണങ്ങളും പരിഹാരവും (Treating Bad Breath)

ഉച്ഛ്വാസ വായുവിൽ ദുർഗന്ധം കലർന്നിരിക്കുന്ന അവസ്ഥയാണ് വായ്‌നാറ്റം. ഫെറ്റർ ഒറിസ്, ഓറൽ മാൽഓഡർ, ഫെറ്റർ എക്സ് ഓറെ തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു.

പല്ലുമായി ബന്ധപ്പെട്ട കാരണങ്ങളാലും മറ്റ് ചില രോഗാവസ്ഥകൾ മൂലവും വായ്‌നാറ്റം ഉണ്ടാകാം. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

വായ്‌നാറ്റത്തിന്റെ കൂടുതൽ അറിയപ്പെടാത്ത കാരണങ്ങളും അത് എങ്ങനെ നിയന്ത്രിക്കാം എന്നതുമാണ് ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്.

സൾഫർ സംയുക്തങ്ങളായ ഡൈമീഥൈൽ സൾഫൈഡും ഹൈഡ്രജനും വായിൽ നിന്ന് ദുർഗന്ധം വമിക്കുന്നതിനുള്ള കാരണങ്ങളാണ്. ബാഷ്പീകരിച്ചുപോകുന്ന സൾഫർ സംയുക്തങ്ങളിൽ 90% ഇവയാണ്.

വായ്‌നാറ്റത്തിന്റെ കൂടുതലായി അറിയപ്പെടാത്ത കാരണങ്ങളിൽ ഇനി പറയുന്നവയും ഉൾപ്പെടുന്നു;

  • പോസ്റ്റീരിയർ ടംഗ് ഫ്ളോറ: ദിവസവും പല്ല് ശരിയായ രീതിയിൽ വൃത്തിയാക്കുന്നവരും വായ്‌നാറ്റം മൂലം ബുദ്ധിമുട്ടുന്നെങ്കിൽ അതിനു കാരണം നാവിന്റെ പിൻഭാഗമായിരിക്കും. നാവിന്റെ പിൻഭാഗം ഒരു പ്ളാസ്റ്റിക് സ്പൂൺ ഉപയോഗിച്ച് ചുരണ്ടി നോക്കിയാൽ ഒട്ടിപ്പിടിക്കുന്ന രീതിയിലുള്ള ദുർഗന്ധമുള്ള ഒരു ആവരണം ഇളകി വന്നേക്കാം. ചില അവസരങ്ങളിൽ ഇതിന് മഞ്ഞ നിറമായിരിക്കും. മിക്കവാറും മൂക്കിനു മുകൾ ഭാഗത്തു നിന്ന് സ്ഥിരമായുള്ള ഒലിപ്പുണ്ടാകുന്നതായിരിക്കും ഇതിനു കാരണം. തുടക്കത്തിൽ ഇതിന് ദുർഗന്ധമുണ്ടായിരിക്കില്ല എന്നാൽ സൂക്ഷ്മാണുക്കൾ ധാരാളമായി ചീഞ്ഞളിയാൻ തുടങ്ങുന്നതോടെ ദുർഗന്ധം വമിച്ചു തുടങ്ങും.
  • വയറ് : ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് (ആമാശയത്തിൽ ഉത്പാദിപ്പിക്കുന്ന അമ്ലം തെറ്റായ ദിശയിൽ അന്നനാളത്തിൽ എത്തുന്ന അവസ്ഥ) പോലെയുള്ള വയറിനെ ബാധിക്കുന്ന രോഗങ്ങൾ ഉദര രസങ്ങളുടെ ദുർഗന്ധം വമിപ്പിക്കാൻ കാരണമായേക്കാം.

വായയുടെ ദുർഗന്ധം നിയന്ത്രിക്കാനുള്ള ചില മാർഗങ്ങൾ

ഇനി പറയുന്ന പ്രകൃതിദത്തമായ വസ്തുക്കൾ ചവയ്ക്കുന്നതിലൂടെ താൽക്കാലികമായി വായ്‌നാറ്റത്തെ നിയന്ത്രിക്കാൻ സാധിക്കും;

  • ഏലയ്ക്ക
  • ശതകുപ്പ
  • പെരും‌ജീരകം
  • ഗ്രാമ്പൂ
  • കറുവാപ്പട്ട
  • പാർസ്ളി ഇല
  • പാൽ: ഒരു സ്പൈസി ആഹാരത്തിനു ശേഷം വായിൽ നിന്ന് വെള്ളുള്ളിയുടെ ഗന്ധം ഇല്ലാതാക്കണമെങ്കിൽ ഒരു ഗ്ളാസ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള മറ്റ് ഉൽപ്പന്നങ്ങളും വെള്ളവും കുടിച്ചാൽ മതിയാകും. വെള്ളുത്തുള്ളി കഴിക്കുന്നതിനു മുമ്പ് പാൽ അല്ലെങ്കിൽ കൊഴുപ്പ് കൂടുതലുള്ള ഉത്പന്നങ്ങളും വെള്ളവും കുടിക്കുന്നത് അതിന്റെ ഗന്ധം ഇല്ലാതാക്കാൻ കൂടുതൽ ഫലപ്രദമായ വഴിയാണെന്ന് ഒരു പഠനത്തിൽ പറയുന്നുണ്ട്.
  • ചുംബിക്കൽ: സൂക്ഷ്മാണുക്കളുടെ എണ്ണത്തിൽ വ്യത്യാസം വരുത്തി വായ്നാറ്റം ഇല്ലാതാക്കാനുള്ള മറ്റൊരു വഴിയാണ് നിങ്ങൾ പങ്കാളിയുമായി ചുംബനത്തിൽ ഏർപ്പെട്ട് നല്ല ബാക്ടീരിയകളെ വായിലെത്തിക്കുന്നത് എന്ന് ഡോ. സീമന്തിനി ദേശായി (എം ഡി) അഭിപ്രായപ്പെടുന്നു. 10 സെക്കൻഡ് നീളുന്ന ഒരു ചുംബനത്തിലൂടെ ഏകദേശം 80 ദശലക്ഷം ബാക്ടീരിയകൾ കൈമാറ്റം ചെയ്യപ്പെടുന്നുവെന്ന് നെതർലഡിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അക്ഷയ് കുമാറിന്റെ ശരീരം നിങ്ങളെ കൊതിപ്പിക്കുന്നോ? (How Akshay Kumar Remains Fit Without Going To The Gym)

ബോളിവുഡിലെ കരുത്തനായ ആക്ഷൻ ഹീറോ ആണ് അക്ഷയ് കുമാർ എന്ന അക്കി. കരുത്തുറ്റ മനോഹരമായ ശരീരമാണ് അക്കിയെ വ്യത്യസ്തനാക്കുന്നത്. തന്റെ 49 ആം വയസ്സിലും കരുത്തുറ്റ ശരീരം കാത്തുസൂക്ഷിക്കുന്നത് മൂലം ഇദ്ദേഹം ബോളിവുഡിന്റെ സ്വപ്ന താരമായി നിലകൊള്ളുന്നു. എന്നാൽ, അക്കി ജിമ്മിൽ പോകാതെയാണ് തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന് എത്രപേർക്ക് അറിയാം? അച്ചടക്കമുള്ള ജീവിതശൈലിയും ശരീരത്തിനു വേണ്ടി മാത്രം ദിവസവും ഒരു മണിക്കൂർ നീക്കിവയ്ക്കുന്നതുമാണ് താരത്തിന് തന്റെ ശരീരസൗന്ദര്യവും ആരോഗ്യവും നിലനിർത്താൻ സഹായകമാവുന്നത്.

അതിരാവിലെ എഴുന്നേൽക്കുന്നതും സ്വാഭാവിക രീതിയിലുള്ള വ്യായാമങ്ങളും അക്ഷയ് കുമാറിന്റെ രീതിയാണ്. തികച്ചും ഉത്സാഹിയായ താരം സമീകൃതാഹാരം വേണമെന്ന കാര്യത്തിലും നിഷ്ഠ പുലർത്തുന്നു. ഇദ്ദേഹത്തിന് ഒരു ഫിറ്റ്നെസ് പരിശീലകൻ ഇല്ല എന്ന കാര്യം ഒരു പക്ഷേ നിങ്ങൾ വിശ്വസിച്ചേക്കില്ല!

‘ഷോബിസ്’ എന്നു പറയുന്നത് വളരെയധികം ചുറുചുറുക്ക് വേണ്ടിവരുന്ന ഒന്നാണ്. ദൈനം ദിനമെന്നോണമാണ് താരങ്ങൾക്ക് വെല്ലുവിളികളും മാനസിക സംഘർഷങ്ങളും നേരിടേണ്ടിവരുന്നത്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന് അക്ഷയ് കുമാർ ആശ്രയിക്കുന്നത് യോഗയെയും ആയോധനകലകളെയുമാണ്.

അക്ഷയ് കുമാറിന്റെ ഡയറ്റ് മന്ത്രം

വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണത്തോടാണ് അക്ഷയ് കുമാറിന് താല്പര്യം. അമ്മ തയ്യാറാക്കുന്ന ഭക്ഷണമാണ് ലോകത്തിൽ ഏറ്റവും നല്ലത് എന്ന അഭിപ്രായക്കാരനാണ് അക്കി. താരം ഭക്ഷണക്രമീകരണം (ഡയറ്റിംഗ്) നടത്താറില്ല. എന്നാൽ, എന്ത് ഭക്ഷണമായാലും അത് കൃത്യസമയത്ത് കഴിക്കും. ഗുജറാത്തി ഭക്ഷണമാണ് അക്ഷയ് കുമാറിന് ഏറ്റവും ഇഷ്ടം. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ഗുജറാത്തിൽ നിന്നുള്ള സഹപ്രവർത്തകരുടെ ഭക്ഷണവുമായി വച്ചുമാറുന്നതിനും അദ്ദേഹം മടി കാട്ടാറില്ല.

പ്രാതൽ: പ്രാതലിന് പറാത്തയും ഒരു ഗ്ളാസ് പാലും.

ഉച്ചഭക്ഷണത്തിനു മുമ്പുള്ള സ്നാക്ക്: രാവിലെ ഏകദേശം 11 മണിയോടെ പഴങ്ങളും നട്ട്സും.

ഉച്ചഭക്ഷണം: തവിട്ടു നിറത്തിലുള്ള അരിയുടെ ചോറാണ് താല്പര്യം. ധാരാളം പച്ചക്കറികൾ അല്ലെങ്കിൽ കൊഴുപ്പുകളഞ്ഞ ഇറച്ചി, പയർ, സംഭാരം.

രാത്രിഭക്ഷണം: വളരെ ലളിതമായ അത്താഴമാണ് കഴിക്കുന്നത്. മിക്കപ്പോഴും സൂപ്പ് അല്ലെങ്കിൽ എണ്ണയും കൊഴുപ്പും കുറച്ച് വറുത്തെടുക്കുന്ന പച്ചക്കറികൾ.

വൈകിട്ട് 6.30-7 മണിക്ക് ശേഷം ദഹനത്തിന് കൂടുതൽ സമയം വേണ്ടിവരുന്ന കട്ടി ആഹാരങ്ങൾ ഒന്നും അദ്ദേഹം കഴിക്കാറില്ല. രാത്രി ഭക്ഷണത്തിനു ശേഷമുള്ള വിശപ്പ്, സൂപ്പ് അല്ലെങ്കിൽ മുട്ടയുടെ വെള്ളക്കരു ഉപയോഗിച്ചുള്ള ഓം‌ലെറ്റ് എന്നിവകൊണ്ട് അടക്കിനിർത്തുകയാണ് പതിവ്.

രാത്രിഭക്ഷണം പുറത്തുനിന്നാണെങ്കിൽ കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി പ്രോട്ടീനുകൾ മാത്രമേ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുള്ളൂ.

സ്വാഭാവിക ഭക്ഷണങ്ങളാണ് താരത്തിന് കൂടുതൽ ഇഷ്ടം. പ്രോസസു ചെയ്തതും ജങ്കു ഭക്ഷണവും അദ്ദേഹം ഒഴിവാക്കുന്നു.

 

ദിവസേനയുള്ള വ്യായാമം

ശരീര സംരക്ഷണത്തിന് എളുപ്പവഴികൾ ഒന്നുമില്ല എന്നാണ് അക്ഷയ് കുമാറിന്റെ നിലപാട്. ഒരു ആഴ്ചയിൽ അഞ്ച് മുതൽ ആറ് മണിക്കൂർ വരെ അദ്ദേഹം വ്യായാമത്തിനായി മാറ്റിവയ്ക്കുന്നു.

കിക്ക് ബോക്സിംഗ്, ഷാഡോ ബോക്സിംഗ് എന്നിവയിൽ വിദഗ്ധനാണ് അക്കി. കുയുക്കായ് ഗോജര്യു കരാട്ടെയിൽ സിക്സ്ത് ഡിഗ്രീ ബ്ളാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുമുണ്ട്. കൂടാതെ, മുന്നിലുള്ള തടസ്സങ്ങളെ അതിവേഗത്തിൽ മറികടക്കാൻ പഠിപ്പിക്കുന്ന കായിക ഇനമായ ‘പാർക്കർ’ സ്ഥിരം പരിശീലിക്കുന്ന ആളുമാണ് അദ്ദേഹം. മറ്റു കായിക ഇനങ്ങളിൽ ബാസ്കറ്റ് ബോളും ട്രക്കിംഗുമാണ് അദ്ദേഹം ഏറ്റവും ആസ്വദിക്കുന്നത്.

അക്ഷയ് കുമാർ കായികക്ഷമത കാത്തുസൂക്ഷിക്കുന്നത് ഇങ്ങനെ;

  • വെളുപ്പിന് 4.30 ന് ഉണർന്ന ശേഷം ഒരു മണിക്കൂർ നീന്തൽ.
  • ഒരു മണിക്കൂർ കരാട്ടെ പോലെയുള്ള കായികാഭ്യാസങ്ങളുടെ പരിശീലനം.
  • യോഗയും സ്ട്രെച്ചിംഗ് വ്യായാമങ്ങളും
  • ഒരു മണിക്കൂർ ധ്യാനം.

പരിപൂർണമായ രീതിയിലുള്ള ആരോഗ്യ സംരക്ഷണത്തിനാണ് താരം ലക്ഷ്യമിടുന്നത്. അതിനാൽ, ശരീരഭാരത്തിലും ശ്രദ്ധചെലുത്തുന്നു. റോക്ക്-ക്ളൈമ്പിംഗ്, ഹൈക്കിംഗ്, സ്കിപ്പിംഗ്, സ്വിംഗിംഗ് എന്നിവ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഇനങ്ങളാണ്. വെള്ളത്തിൽ ഉള്ള വ്യായാമങ്ങളും ഇഷ്ടപ്പെടുന്ന താരം മിക്കപ്പോഴും വെള്ളത്തിനടിയിൽ വച്ചുള്ള കിക്കിംഗിൽ ഏർപ്പെടാറുമുണ്ട്.
ബോഡി ബിൽഡിംഗിനായി ഫൂഡ് സപ്ളിമെന്റുകൾ, പൗഡറുകൾ, ഷേക്കുകൾ എന്നിവ ഉപയോഗിക്കുന്നതിനോട് താരത്തിന് യോജിപ്പില്ല. മദ്യപാനം, പുകവലി, ചായ, കാപ്പി തുടങ്ങിയ ശീലങ്ങളിൽ നിന്ന് എപ്പോഴും അകലം പാലിക്കുന്ന ആളാണ് അക്ഷയ് കുമാർ. ജലദോഷം പോലെയുള്ള രോഗങ്ങൾക്കു നെല്ലിക്ക ജ്യൂസ് പോലെയുള്ള പ്രകൃതിദത്ത ഔഷധങ്ങളാണ് അക്ഷയ് കുമാർ ഉപയോഗിക്കുന്നത്.

ഇതൊക്കെയാണ് അക്ഷയ് കുമാറിന് സ്വാഭാവിക ശരീരസൗന്ദര്യം നൽകുന്ന ഘടകങ്ങൾ!

ചുമയെ പ്രതിരോധിക്കാൻ എട്ട് വഴികൾ (8 Ways Of Preventing Cough)

 

ശ്വാസനാളിയിലെ സ്രവങ്ങൾ പുറത്ത് എത്തിക്കാൻ ചുമ സഹായിക്കുമെങ്കിലും നിർത്താതെയുള്ള ചുമ അസ്വസ്ഥതയുളവാക്കുന്ന ഒരു അനുഭവമായിരിക്കും. പ്രതിവർഷം ഏകദേശം 30 ദശലക്ഷം ആളുകളാണ് ചുമ മൂലമുള്ള പ്രശ്നങ്ങൾ കാരണം ഡോക്ടറെ സന്ദർശിക്കുന്നത്. ഇതു തന്നെയാവണം ഏറ്റവും കൂടുതൽ ആളുകൾ ഡോക്ടറെ സന്ദർശിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. ജലദോഷത്തിനു ശേഷം ആളുകൾക്ക് ഏറ്റവും അസ്വസ്ഥത പകരുന്ന ഒരു കാര്യമാണ് ആഴ്ചകൾ അല്ലെങ്കിൽ മാസങ്ങൾ നീണ്ടു നിൽക്കുന്ന ‘വരണ്ട ചുമ’. ദീർഘകാലം നിലനിൽക്കുന്ന ചുമയെ പ്രതിരോധിക്കുന്നതിന് ശരിയായ രീതിയിലുള്ള രോഗ പ്രതിരോധശേഷി ആവശ്യമാണ്.

ചുമയ്ക്കുള്ള കാരണങ്ങൾ

അണുബാധകൾ, പൊടിയിൽ നിന്നും പുകയിൽ നിന്നുമുള്ള അലർജികൾ, പരിസ്ഥിതിയിൽ നിന്ന് ഉണ്ടാകുന്ന അസ്വസ്ഥതകളോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധം എന്നിങ്ങനെ നിരവധി അവസ്ഥകളുടെ സൂചനയായിട്ടാവാം ചുമ ഉണ്ടാവുന്നത്. ജലദോഷവും പനിയുമാണ് മിക്കപ്പോഴും ചുമയ്ക്കുള്ള കാരണമാവുന്നത്. ഇതിലൂടെ, ബാഹ്യവസ്തുക്കളെ കഫത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കുന്നു. മൂക്കിനു മുകളിൽ നിന്നുള്ള ഒലിപ്പ്, ആമാശയത്തിലെ ദഹനരസം തിരികെ അന്നനാളത്തിലെത്തുന്ന ആസിഡ് റിഫ്ളക്സ്, മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവയും ചുമയ്ക്ക് കാരണാമാവാം.

ചുമയെ പ്രതിരോധിക്കാനുള്ള വഴികൾ

ചുമയെ പ്രതിരോധിക്കാനുള്ള വളരെ ലളിതമായ വഴികളെ കുറിച്ച് നോക്കാം;

1. കൈകൾ കഴുകുകയും അണുവിമുക്തമാക്കുകയും ചെയ്യുക;

അണുബാധ പകരാതിരിക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ് കൈകൾ വൃത്തിയായി കഴുകുന്നത്. സാധാരണ അണുബാധകൾ പ്രതിരോധിക്കാൻ കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നത് സഹായിക്കും. ജലദോഷം മാത്രമല്ല, ഏതൊരു രോഗത്തെ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വം പാലിക്കുന്നത് സഹായിക്കും.

2. ശ്വാസകോശ അണുബാധയുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക;

ശ്വാസകോശ അണുബാധയുള്ളവർക്ക് ഹസ്തദാനം നൽകുക, അവർ കഴിക്കുന്ന പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കുക തുടങ്ങിയ നടപടികൾ അണുബാധ പകരാൻ കാരണമായേക്കാം. രോഗബാധിതരിൽ നിന്ന് സൗകര്യപ്രദമായ അകലം സൂക്ഷിക്കുന്നത് എപ്പോഴും നല്ലതാണ്.

3. വസ്ത്രങ്ങളും കൈലേസും മറ്റും അണുവിമുക്തമാക്കുക;

വസ്ത്രങ്ങളും ടവ്വലുകളും കിടക്കവിരിയും മറ്റും കൃത്യമായി അലക്കുകയും പൊടിവിമുക്തമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. കിടക്കമുറിയിലെ തുണികളിലും മറ്റും അടിഞ്ഞുകൂടുന്ന പൊടിയിൽ ബാക്ടീരിയകൾ വളരാൻ സാധ്യതയേറെയാണെന്ന് മനസ്സിലാക്കുക. വൃത്തിയാക്കുന്ന അവസരത്തിൽ ഒന്നോ രണ്ടോ തുള്ളി ഡെറ്റോൾ പോലെയുള്ള അണുനാശിനികളും ഉപയോഗിക്കുക. മുഷിയുന്നതിന് അനുസരിച്ച് വസ്ത്രങ്ങൾ കഴുകുന്ന ഇടവേളകളും കുറയ്ക്കുക.

 

4. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക;

ആവശ്യമായ തോതിൽ വെള്ളം കുടിക്കുന്നത് കഫം നേർത്തതാക്കുകയും അത് പുറന്തള്ളുന്നതിന് സഹായകമാവുകയും ചെയ്യും. അയാസരഹിതമായി കഫം പുറത്തു പോകുന്നത് ചുമ കുറയ്ക്കും.

5. വീട്ടിൽ തന്നെ കഴിയുക;

നിങ്ങൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ ജോലി അല്ലെങ്കിൽ പഠനത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുക. മറ്റുള്ളവരിലേക്ക് അണുബാധപകരാനുള്ള സാധ്യത ജോലിസ്ഥലത്തും സ്കൂളിലും വളരെ കൂടുതലാണ്.

6. പ്രതിരോധ കുത്തിവയ്പ്;

വില്ലൻ ചുമയെ പ്രതിരോധിക്കുന്നതിന് പെർട്യൂസിസ് വാക്സിൻ എടുക്കുന്നത് സഹായിക്കും. നിങ്ങളുടെ കുട്ടിക്ക് മാത്രമല്ല നിങ്ങൾക്കും പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ഇക്കാര്യം ഓർക്കുക, പെർട്യൂസിസ് വാക്സിൻ എടുത്താൽ പോലും വില്ലൻ ചുമ പിടിപെടാം.

7. ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുന്നത് ഒഴിവാക്കുക;

അണുബാധയുണ്ടാക്കുന്ന സ്രവങ്ങൾ വീണ പ്രതലങ്ങളിൽ (മേശ, പുസ്തകങ്ങൾ തുടങ്ങിയവ) സ്പർശിച്ച ശേഷം മുഖത്ത്, പ്രത്യേകിച്ച് കണ്ണുകൾ, മൂക്ക്, വായ, സ്പർശിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

8. പാസീവ് സ്മോക്കിംഗ് (നിഷ്ക്രിയ ധൂമപാനം) നിർത്തുക;

ഏതു തരത്തിലുള്ള പുകയില ഉപയോഗവും ശ്വാസനാളിയിൽ അസ്വസ്ഥത ഉണ്ടാക്കും. അത് വരണ്ട ചുമയുടെ രൂപത്തിലായിരിക്കും പ്രത്യക്ഷമാവുക. പാസീവ് സ്മോക്കിംഗ് ആസ്ത്മയ്ക്കും മറ്റ് ശ്വസന തകരാറുകൾക്കും കാരണമായേക്കാം. നിക്കോട്ടിൻ പുനസ്ഥാപന (നിക്കോട്ടിൻ റീപ്ളേസ്മെന്റ് തെറാപ്പി) ചികിത്സ നടത്തുന്നതിലൂടെ പുകവലിയിൽ നിന്ന് മോചനം നേടാൻ സാധിക്കും.

അമ്മ? കണ്ടാൽ പറയില്ല കേട്ടോ! (5 Tips To Get Your Pre-Baby Body Back)

പ്രസവത്തിനു ശേഷം സ്ത്രീകളെ അലട്ടുന്ന കാര്യങ്ങളിൽ ഒന്നാണ് ശരീരഭാരം സംബന്ധിച്ച പ്രശ്നങ്ങൾ. ഗർഭകാലത്ത് വർദ്ധിച്ച ഭാരം എങ്ങനെ കുറയ്ക്കാമെന്ന് ആലോചിച്ച് തലപുകയ്ക്കുന്നവരായിരിക്കും ഏറെയും. ഈ സമയത്ത് ഏതാനും കിലോ ഗ്രാം മാത്രം ഭാരം കൂടിയവർ ഭാഗ്യമുള്ളവരാണ്. എന്നാൽ, വളരെയധികം ഭാരം കൂടിയവർ തങ്ങളുടെ ശാരീരിക പ്രതിച്ഛായയെ ഓർത്ത് വിഷമിക്കുകയും അമിതഭാരത്തോട് പടപൊരുതാൻ തീരുമാനിക്കുകയും ചെയ്യും. എന്നാൽ, ഇത് ലോകാവസാനമാണെന്ന് ഓർത്ത് വിഷമിക്കേണ്ട കാര്യമില്ല! സ്ഥിരോത്സാഹവും മന:ശക്തിയും പ്രദർശിപ്പിച്ചാൽ നിങ്ങൾക്ക് ഭാരം കുറയ്ക്കാൻ സാധിക്കും. അതെങ്ങനെയെന്ന് അറിയേണ്ടെ?

എഴുന്നേൽക്കുക, നടക്കുക

അതെ, നിങ്ങൾ ക്ഷീണിതയാണെന്നും ഉറക്കത്തിന് തടസ്സം നേരിടുന്നുവെന്നും പ്രസവ ശേഷമുള്ള മാനസിക സമ്മർദത്താൽ അസ്വസ്ഥയാണെന്നും ഞങ്ങൾക്ക് അറിയാം. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം, വ്യായാമം ആരംഭിക്കുക. എന്നാൽ, പ്രസവം കഴിഞ്ഞ് ആറ് ആഴ്ച പൂർത്തിയായതിനു ശേഷം മാത്രമേ വ്യായാമം ആരംഭിക്കാവൂ. തുടക്കത്തിൽ, വളരെ കുറച്ചു ദൂരം നടക്കാം. പൊതുവെ സജീവമായി നിലകൊള്ളുന്നത് ശരീരത്തിൽ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കുന്നതിനും ശരീരഭാരം ഏതാനും കിലോ ഗ്രാം കുറയുന്നതിനും സഹായകമാവും. ദിവസവും ഹ്രസ്വദൂരം നടക്കുന്നത് സുഖപ്രദമായി അനുഭവപ്പെട്ടു തുടങ്ങിയ ശേഷം പതുക്കെ വേഗതയും സമയവും വർദ്ധിപ്പിക്കാം.

ഭാരം ഉയർത്തി ശക്തിയാർജിക്കാം

നിങ്ങൾക്ക് വീട്ടുജോലികൾക്കു പുറമെ ഇപ്പോൾ ഒരു കുഞ്ഞിന്റെ കാര്യം കൂടി നോക്കേണ്ടതുണ്ട്.  അതിലുപരി, നിങ്ങൾ ഉദ്യോഗസ്ഥയായ വീട്ടമ്മയാണെങ്കിൽ ജോലിഭാരം വീണ്ടും വർധിക്കും. ഇതിനെല്ലാം നിങ്ങൾ കൂടുതൽ ശക്തയാവേണ്ടിയിരിക്കുന്നു. ആഴ്ചയിൽ മൂന്നോ നാലോ തവണ മിതമായ രീതിയിൽ ഭാരം എടുക്കുന്നത് (വെയ്റ്റ് ലിഫ്റ്റ്) വയറിലെ മാംസ മടക്കുകൾ ഇല്ലാതാക്കുന്നതിനും പേശികൾ ശക്തിപ്പെടുത്തുന്നതിനും വണ്ണം കുറയ്ക്കുന്നതിനും സഹായകമാവും. ഇത് നിങ്ങളുടെ കായികക്ഷമതയും ശക്തിയും വർധിപ്പിക്കുന്നതിനു സഹായിക്കും.

വിവേകത്തോടെ വേണം ഭക്ഷണം

നിങ്ങൾ വിവേകമതിയായി വേണം ഭക്ഷണത്തെ സമീപിക്കേണ്ടത്. മുലയൂട്ടുന്നുണ്ട് എന്നു കരുതി കിട്ടുന്നതെന്തും വെട്ടിവിഴുങ്ങാനുള്ള ലൈസൻസ് നിങ്ങൾക്കില്ല. പിസ, ബർഗർ, വറുത്ത ആഹാരസാധനങ്ങൾ, മധുരപലഹാരങ്ങൾ എന്നിവ ശരീരഭാരം കൂട്ടുമെന്നതിനാൽ അവയുടെ ഉപഭോഗം നിയന്ത്രിക്കുക. ആരോഗ്യദായകങ്ങളായ പാൽ ഉത്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ എന്നിവ ആ‍ാഹാരത്തിൽ ഉൾപ്പെടുത്തുക. ഓരോ രണ്ടു മണിക്കൂർ കൂടുമ്പോഴും ഭക്ഷണം കഴിക്കുക. ഭക്ഷണക്രമത്തിൽ ആവശ്യത്തിനുള്ള പാനീയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ഇത്തരത്തിൽ, വകതിരിവോടെ ഭക്ഷണത്തെ സമീപിച്ചാൽ ഏതൊരു വ്യായാമത്തെക്കാളും പ്രത്യക്ഷ ഫലങ്ങൾ നിങ്ങളിലുണ്ടാവും.

ആവശ്യത്തിന് വിശ്രമിക്കുക

തളർന്നവരും പരവശരുമായ അമ്മമാർക്ക് ഭാരം കുറയ്ക്കുന്നതിനായി പ്രത്യേക പരിശ്രമമൊന്നും നടത്താൻ കഴിഞ്ഞെന്നുവരില്ല. നിങ്ങൾ ശരീരത്തിന് ആവശ്യമുള്ള വിശ്രമം നൽകിയാൽ മാത്രമേ വേഗം പഴയനിലയിൽ എത്തുന്നതിനും ഭാരം കുറയ്ക്കുന്നതിനുള്ള ശ്രമം വേഗത്തിലാക്കുന്നതിനും കഴിയുകയുള്ളൂ. കുഞ്ഞിനെ പരിപാലിക്കുന്നതിന് ആരുടെയെങ്കിലും സഹായം തേടിയശേഷം നന്നായി ഉറങ്ങുക. കുറച്ചു സമയം മാത്രം നീണ്ടുനിൽക്കുന്ന പകലുറക്കങ്ങൾ പോലും നിങ്ങളുടെ മനോനിലയിൽ കാര്യമായ വ്യത്യാസത്തിനു കാരണമാവും. ഉറക്കം അനാവശ്യമായ വിശപ്പിനെ ഒഴിവാക്കാൻ സഹായിക്കുമെന്നും ഓർക്കുക.

വ്യായാമങ്ങൾ വ്യത്യസ്ത രീതികളിൽ

എല്ലാ സ്ത്രീകൾക്കും ഭാരം ഉയർത്തുന്ന തരത്തിലുള്ള വ്യായാമങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല എന്നുവരാം. എന്നാൽ, ഇവിടെ നിരാശരാവേണ്ട കാര്യമില്ല. യോഗ, നീന്തൽ, ലഘുവായ സൈക്ളിംഗ് തുടങ്ങിയ ഫലപ്രദങ്ങളായ വ്യായാമങ്ങൾ ചെയ്യാവുന്നതാണ്. ഇവ സന്ധികൾക്ക് അയവു നൽകാനും സഹായകമാവും. ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക, ഓട്ടം, എയ്‌റോബിക്സ് തുടങ്ങിയ കടുപ്പമുള്ള വ്യായാമങ്ങളിൽ ഏർപ്പെടുന്നത് നല്ലതാണെങ്കിലും അതിനു മുമ്പ് ഡോക്ടറുടെ അ
നുവാദം വാങ്ങിയിരിക്കണം.

ക്രമമായും ചിട്ടയോടും കൂടി മുകളിൽ പറഞ്ഞിരിക്കുന്ന ചുവടുകൾ പിന്തുടരുകയാണെങ്കിൽ ഗർഭിണിയായിരിക്കുന്ന സമയത്ത് വർദ്ധിച്ച ഭാരം കുറയ്ക്കാനാവും.

ഓർക്കുക, എല്ലാം ഒരു ദിവസംകൊണ്ട് സംഭവിക്കില്ല!

നിങ്ങൾക്ക് ഒൻപത് മാസം കൊണ്ടാണ് ഇത്രയും ഭാരം വർദ്ധിച്ചത് എന്ന കാര്യം മറക്കരുത്. അതിനാൽ, അത് കുറയ്ക്കുന്നതിനും സമയമെടുക്കും എന്ന കാര്യം അവഗണിക്കരുത്. ആരോഗ്യത്തോടെയിരിക്കുക, അതിലുപരി കുഞ്ഞിനൊപ്പമുള്ള പുതിയ ജീവിതം ആസ്വദിക്കുക. മാനസിക സംഘർഷം ഒഴിവാക്കുക, അത് മറ്റ് സങ്കീർണതകൾക്ക് വഴിതെളിക്കും.

വ്യായാമം ആരംഭിക്കുന്നതും ഫലമുണ്ടാക്കുന്നതും എങ്ങനെ? (How To Begin Exercising And Get Results)

 

അഭിനന്ദനങ്ങൾ! നിങ്ങൾ വ്യായാമം ചെയ്തു തുടങ്ങുന്നതിനും ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിക്കുന്നതിനും തീരുമാനിച്ചിരിക്കുന്നു. ഇനിയെന്ത്? ഈ തീരുമാനമെടുത്തതിലൂടെ നിങ്ങൾ ആരോഗ്യകരമായ ഒരു ജീവിതശൈലിയിലേക്കുള്ള ഒരു ചുവട് വച്ചു കഴിഞ്ഞു. എന്നാൽ, അതുകൊണ്ടുമാത്രം എല്ലാം ഭദ്രമായിട്ടില്ല. നിങ്ങൾ വ്യായാമ പദ്ധതി നടപ്പാക്കണം എന്നുമാത്രമല്ല ഉദ്ദേശിച്ച ഫലം ലഭിക്കുന്നതു വരെ അത് തുടരുകയും വേണം.

വ്യായാമശീലങ്ങൾ നിലനിർത്തുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും ഏറ്റവും നല്ല ഫലങ്ങൾ ലഭിക്കുന്നതിനും സഹായകമാവുന്ന ചില ടിപ്പുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്;

  • ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുക – വ്യായാമം ചെയ്തു തുടങ്ങുന്നതിനു മുമ്പ് യാഥാർത്ഥ്യബോധത്തോടെ ഒരു ലക്ഷ്യം ഉണ്ടാക്കുക എന്നത് ഏറെ പ്രധാനമാണ്. ഉദാഹരണത്തിന്, മൂന്ന് മാസത്തിനുള്ളിൽ അഞ്ച് കിലോഗ്രാം ഭാരം കുറയ്ക്കണം എന്ന ലക്ഷ്യം. ഈ ലക്ഷ്യം പേപ്പറിൽ എഴുതുകയും നിങ്ങൾ എളുപ്പം ശ്രദ്ധിക്കുന്ന സ്ഥലങ്ങളിൽ പതിക്കുകയും ചെയ്യുക. ഇത് സ്ഥിരമായ ഓർമ്മപ്പെടുത്തലിന് സഹായകമാവും. ഉദാഹരണത്തിന്, ഫ്രിഡ്ജിനു മേൽ, കുളിമുറിയിലെ കണ്ണാടിയിൽ, കിടപ്പുമുറിയിൽ, ജോലിസ്ഥലത്ത്.
  • സാവധാനം ആരംഭിക്കുക – തുടക്കത്തിന്റെ ആവേശത്തിൽ നാം എന്തും അമിതമായി ചെയ്യാൻ പ്രേരിതരാവാറുണ്ട്. വ്യായാമത്തിന്റെ കാര്യത്തിലും ഇതേ അവസ്ഥയാണ്. തുടങ്ങുന്ന ദിവസം തന്നെ കഴിയാവുന്നിടത്തോളം ചെയ്തേക്കാമെന്ന മാനസികാവസ്ഥ വച്ചുപുലർത്തുന്നവരുണ്ട്. ഇത്തരം സമീപനം മൂലം ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷമുണ്ടാകാം. ഇടത്തരം വ്യായാമങ്ങളിലൂടെ ആരംഭിക്കുക എന്നതാണ് പ്രധാനം. തുടക്കത്തിൽ, 30 മിനിറ്റ് നീളുന്ന ഇടത്തരം വ്യായാമങ്ങൾ ചെയ്യുന്നതിനും ക്രമേണ വ്യായാമത്തിന്റെ കാഠിന്യവും സമയവും വർദ്ധിപ്പിക്കുന്നതിനുമായിരിക്കും ഡോക്ടർമാർ ശുപാർശചെയ്യുക.
  • വ്യായാമം ഒരു ശീലമാക്കുക – നല്ല ഫലങ്ങൾ ലഭിക്കുന്നതിന് നിങ്ങൾ ദീർഘകാലം വ്യായാമം ചെയ്യേണ്ടതുണ്ട്. കുളിക്കുകയും പല്ലു ശുചിയാക്കുകയും ചെയ്യുന്നതുപോലെ വ്യായാമത്തെയും ഒരു ദൈനം ദിന പ്രവർത്തിയായി കരുതുക. നടത്തം, ഓട്ടം, ജോഗിങ്ങ്, ജിം, ഏറോബിക്സ് തുടങ്ങി ഏതു രീതിയിലുള്ള വ്യായാമത്തിൽ വേണമെങ്കിലും ഏർപ്പെടാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് ഇതുമാത്രം, വ്യായാമം ഒരു ശീലമാക്കി വളർത്തിയെടുക്കണം.

നിങ്ങൾ ചെയ്യുന്നത് ആസ്വദിക്കുക ചെയ്യുന്ന പ്രവർത്തി ആസ്വദിക്കുകയാണെങ്കിൽ അതിൽ അനായാസം വിജയം കൈവരിക്കാനാവും. ദിവസം തോറുമുള്ള വ്യായാമത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്. വ്യായാമം ചെയ്യുന്നതു വഴി നിങ്ങൾക്ക് ഇഷ്ടമുള്ള  മറ്റെന്തെങ്കിലും സാധിക്കാനായാലും അതിന്റെ ആസ്വാദ്യത കൂടും. ഉദാഹരണത്തിന്, സുഹൃത്തുക്കളുമായുള്ള ഒത്തുചേരൽ, തമാശ സംഘങ്ങളുമായുള്ള കൂടിച്ചേരൽ, പുതിയ സുഹൃത്തുക്കളെ കണ്ടെത്തൽ, പാട്ടു കേൾക്കുക തുടങ്ങിയവ. ചെയ്യുന്ന പ്രവർത്തിക്ക് ആസ്വാദ്യത ഉണ്ടെങ്കിൽ അത് ദീർഘകാലം തുടരുന്നതിനും ലക്ഷ്യമിടുന്ന ഫലം ലഭ്യമാകുന്നതിനും സഹായകമാവും.

  • നിങ്ങളുടെ ശരീരത്തെ മനസ്സിലാക്കുക – വ്യായാമം ആരംഭിക്കുന്നതിനു മുമ്പ് നിങ്ങളുടെ ശരീരത്തെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകുന്നത് അനുയോജ്യമായ വ്യായാമ മുറകൾ തെരഞ്ഞെടുക്കുന്നതിന് സഹായകമാവും. കഴിയുമെങ്കിൽ, ഇതിനായി പ്രഫഷണലുകളുടെ സഹായം തേടണം.
  • വ്യായാമം ചെയ്യേണ്ടത് ശരിയായ രീതിയിൽ – ശരിയായ രീതിയിൽ ചെയ്താൽ മാത്രമേ വ്യായാമം മൂലം ഗുണഫലങ്ങൾ ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. ഏത് തരത്തിലുള്ള വ്യായാമം ആയിരുന്നാലും അത് ഏത് ശാരീരിക സ്ഥിതിയിൽ വേണം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കണം. ഉദാഹരണത്തിന്, യോഗയുടെ ശാരീരികവിന്യാസങ്ങൾ ശരിയായ രീതിയിൽ മനസ്സിലാക്കുന്നതിന് വൈദഗ്ധ്യം നേടിയ ഒരാളുടെ ശിക്ഷണത്തിൽ വേണം ആരംഭിക്കേണ്ടത്.
  • വ്യായാമത്തിന് പ്രത്യേക സമയമില്ല – നിങ്ങൾ വ്യായാമത്തിനു മാത്രമായി ഒരു ദിവസത്തിൽ പ്രത്യേക സമയം മാറ്റിവയ്ക്കുന്നുണ്ട് എങ്കിലും മറ്റു സമയങ്ങളിൽ നിങ്ങൾ ഏർപ്പെടുന്ന പ്രവൃത്തികളും വ്യായാമത്തിന്റെ ഫലം ചെയ്യും. എസ്കലേറ്ററുകൾ ഉപയോഗിക്കുന്നതിനു പകരം പടികൾ ഉപയോഗിക്കുക, വാഹനങ്ങൾ ഉപയോഗിക്കുന്നതിനു പകരം ചെറിയ ദൂരങ്ങളിൽ നടന്നു പോവുക, ജോലിസ്ഥലത്ത് പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമങ്ങൾ ചെയ്യുക തുടങ്ങിയവ ദൈനം ദിന വ്യായാമത്തോടൊപ്പം ചെയ്യുന്നത് വളരെയധികം പ്രയോജനം ചെയ്യും.

ആരോഗ്യമുള്ള ശരീരത്തിനു മാത്രമല്ല, മനസ്സിനെ ഏകാഗ്രമാക്കുന്നതിനും വ്യായാമങ്ങൾ സഹായകമാണ്. ആരോഗ്യകരമായ ഒരു വ്യായാമരീതി പിന്തുടരുന്നത് പിരിമുറുക്കം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്. നിങ്ങൾ താമസിച്ചിട്ടില്ല. ഇപ്പോൾ  തുടങ്ങൂ, ആരോഗ്യത്തോടെയിരിക്കൂ, നിങ്ങൾക്ക് സന്തോഷകരമായ വ്യായാമം ആശംസിക്കുന്നു!

ശൈത്യകാലത്ത് ശരീരഭാരം കൂടാതിരിക്കാൻ (Tips To Avoid Winter Weight Gain)

തണുപ്പുകാലത്ത് ശരീരഭാരം വർദ്ധിക്കുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത് – ശാരീരിക പ്രവർത്തനങ്ങൾ കുറയുക, സുഖപ്രദമായ ഭക്ഷണം, പാർട്ടികളിൽ കൂടുതലായി മുഴുകൽ.

ദൈർഘ്യം കുറഞ്ഞ പകലുകളും തണുത്ത കാലാവസ്ഥയും ശൈത്യകാലത്ത് വീടിനു വെളിയിൽ വ്യായാമം ചെയ്യുന്നത് ദുഷ്കരമാക്കുന്നു. അതിനാൽ, വ്യായാമം ഒഴിവാക്കാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. തണുപ്പുകാലത്ത് വീടിനുള്ളിൽ അധികസമയം ഇരിക്കുന്നത് മധുരപലഹാരങ്ങളും കേക്കും പോലെയുള്ള ഉയർന്ന കലോറി ആഹാരങ്ങൾ കൂടുതൽ കഴിക്കാനുള്ള പ്രേരണ നൽകും. ഇതിനെല്ലാം പുറമെ ക്രിസ്തുമസും പുതുവത്സരവും ഈ സീസണിൽ തന്നെയാണ്, ആഘോഷിക്കാതെ വേറെ വഴിയില്ലല്ലോ! ഇതിനെന്താണ് ഒരു പരിഹാരം? തണുപ്പുകാലത്ത് ശരീരഭാരം കൂടാതിരിക്കാൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് ടിപ്പുകൾ ഇതാ;

വ്യായാമം ഒഴിവാക്കരുത്

ദൈർഘ്യം കുറഞ്ഞ പകലുകളും തണുത്ത കാലാവസ്ഥയും മൂലം വ്യായാമത്തെ അവഗണിക്കാൻ പാടില്ല. പകരം, നിങ്ങളുടെ ദിനചര്യകളിൽ മാറ്റങ്ങൾ വരുത്തുകയും കഴിയുന്നിടത്തോളം വ്യായാമങ്ങൾ ചെയ്യുകയും വേണം. നടത്തവും ജോഗിങ്ങും ഉന്മേഷം പകരുന്നതും നിങ്ങളുടെ ശരീരത്തിനെ ചൂടാക്കുന്നതുമാണ്. എന്നാൽ, തണുപ്പിൽ പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നില്ല എങ്കിൽ, യോഗ, സുംബ അല്ലെങ്കിൽ ഏയ്‌റോബിക്സ് ഡിവിഡികളുടെ സഹായത്തോടെ വീട്ടിൽ തന്നെ വ്യായാമം ചെയ്യുക.

വെയിൽ കൊള്ളണം

ശൈത്യകാലത്ത് വെയിൽ കൊള്ളാൻ ലഭിക്കുന്ന സാഹചര്യങ്ങൾ അവഗണിക്കരുത്. സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നത് ഉയർന്ന കലോറി ആഹാരങ്ങളോടുള്ള (കേക്ക്, ചിപ്സ്, ചോക്കളേറ്റ്) ആഗ്രഹം വർദ്ധിപ്പിച്ചേക്കാം. ഇതിനു കാരണം, സൂര്യപ്രകാശം ഏൽക്കാതിരിക്കുന്നതു മൂലം തലച്ചോറിൽ സെറോട്ടോണിൻ ഉത്പാദിപ്പിക്കപ്പെടാതിരിക്കുന്നതാണ്. ഈ ഹോർമോൺ ആഹാരത്തോടുള്ള അമിതമായ ആർത്തിയും അമിതമായി ഭക്ഷിക്കാനുള്ള ആഗ്രഹവും അടക്കാൻ സഹായിക്കും.

ആരോഗ്യദായകമായ ആഹാരങ്ങൾ ശേഖരിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും ലഭ്യമാവുന്ന സമയമാണിത്. ഇക്കാലത്ത് വിപണികൾ പഴങ്ങളും പച്ചക്കറികളും കൊണ്ട് നിറഞ്ഞുകവിയുന്ന അവസ്ഥയുണ്ടാവും. ഇത്തരത്തിലുള്ള ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങൾ ശേഖരിച്ചുവയ്ക്കുന്നത് നല്ലൊരു ആശയമാണ്. വിശക്കുമ്പോൾ ഇവയ്ക്കായി തെരഞ്ഞു നടക്കേണ്ടിവരില്ല എന്നു മാത്രമല്ല, ഒരു ആപ്പിൾ അല്ലെങ്കിൽ ഓറഞ്ച് അതുമല്ലെങ്കിൽ ഒരു പച്ചക്കറി സൂപ്പ്, ഇഷ്ടമുള്ള സമയത്ത് രുചിക്കാനും ഇതു സഹായിക്കും.

ഭക്ഷണത്തിനും വേണം ആസൂത്രണം

ആസൂത്രണം ഇല്ലെങ്കിൽ ഏതു സമയത്തു വേണമെങ്കിലും നിങ്ങൾ അമിതമായി ഭക്ഷണം കഴിച്ചേക്കാം. അതിനാൽ, ഒരാഴ്ചക്കാലത്തെ ഭക്ഷണത്തെ കുറിച്ച് നേരത്തെ തന്നെ ആസൂത്രണം ചെയ്യുന്നത് നന്നായിരിക്കും. പദ്ധതിക്ക് അനുസരിച്ച് കുറച്ച് ഭക്ഷണം/പലവ്യഞ്ജനങ്ങൾ ശേഖരിച്ചുവയ്ക്കണം. ആരോഗ്യകരമായ ഇത്തരം പദ്ധതികൾ ഉള്ളപ്പോൾ അനാരോഗ്യകരമായ ഭക്ഷണത്തിനു പിന്നാലെ പോകുന്ന പ്രവണത വളരെയധികം കുറയും.

ശരീരത്തിൽ ജലാംശം നിലനിർത്തണം

ശൈത്യകാലത്ത് താപനില കുറവായതിനാൽ നമുക്ക് സ്വാഭാവികമായും ദാഹം തോന്നില്ല. എന്നിരിക്കിലും, അനുയോജ്യമായ രീതിയിൽ ജലീകരണം നടത്തുന്നത് അനാവശ്യമായി ഭക്ഷണത്തോടു തോന്നുന്ന ആർത്തി ഇല്ലാതാക്കും. അതിനാൽ, ദിവസവും 8-10 ഗ്ളാസ് വെള്ളം കുടിക്കുമെന്ന് സ്വയം നിശ്ചയിക്കുക. ശൈത്യകാലത്ത് ജലീകരണം നടത്തുന്നതിന് ഗ്രീൻ ടീ, ലെമൺ ടീ അല്ലെങ്കിൽ സൂപ്പ് കഴിക്കുന്നതും ഉത്തമമാണ്.

 

പാനീയങ്ങളിലും ശ്രദ്ധ വേണം

ഒരു വലിയ കപ്പ് നിറയെ ചൂടുള്ള ക്രീം കോഫി അല്ലെങ്കിൽ ചൂടുള്ള ചോക്കളേറ്റ് പാനീയം, തണുപ്പ് കാലത്ത് ആരായാലും ഇത് ആഗ്രഹിച്ചുപോകും. ഇത്തരം സീസണുകളിൽ ഇത് ആരെയും കൊതിപ്പിക്കും എന്നത് വാസ്തവമാണ്. എന്നാൽ, ശരീരഭാരത്തെ കുറിച്ച് ശ്രദ്ധയുള്ളവർ ആണെങ്കിൽ ഇത്തരം പാനീയങ്ങൾ ഓർഡർ ചെയ്യുന്നതിനു മുമ്പ് രണ്ട് തവണ ആലോചിക്കും. ഇവയിൽ ക്രീമും പഞ്ചസാരയും അധികമായി അടങ്ങിയിരിക്കുന്നതിനാൽ കാലറിയും അധികമായിരിക്കും. ഇത്തരം പാനീയങ്ങൾക്ക് പകരം സാധാരണ ചായയോ കാപ്പിയോ കഴിക്കുന്നതായിരിക്കും ശുപാർശചെയ്യപ്പെടുന്നത്.

ഒഴിഞ്ഞ വയറോടെ പാർട്ടികൾക്ക് പോകരുത്

ശൈത്യകാലത്ത് ക്രിസ്തുമസും പുതുവത്സരവും ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെയും പാർട്ടികളുടെയും കാലമാണ്. ആഘോഷവേളകളിൽ നാമെന്താണ് ചെയ്യാറുള്ളത്? ഉയർന്ന കലോറികളിലുള്ള ഭക്ഷണപാനീയങ്ങൾ ധാരാളമായി അകത്താക്കുക, അത്ര തന്നെ! ഇത്തരം അവസരങ്ങളിൽ ഭക്ഷണപാനീയങ്ങളോടുള്ള അമിതമായ ആഗ്രഹം എങ്ങനെ നിയന്ത്രിക്കും? പാർട്ടിക്ക് അല്ലെങ്കിൽ ആഘോഷത്തിനു പോകുന്നതിനു മുമ്പ് കുറച്ച് ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനെതിരെ പ്രയോഗിക്കാവുന്ന ഒരു തന്ത്രം. ഒഴിഞ്ഞ വയറോടെ പാർട്ടിക്ക് പോയാൽ നമ്മൾ ആവശ്യത്തിലും അതിലധികവും ഭക്ഷണം അകത്താക്കും. അതിനാൽ, ഭക്ഷണത്തോടുള്ള ആവേശം നിയന്ത്രിക്കണമെങ്കിൽ, ആരോഗ്യകരമായ അൽപ്പം ഭക്ഷണം കഴിച്ച ശേഷം പാർട്ടികളിൽ പങ്കെടുക്കാൻ പോവുക.

തണുപ്പുകാലത്ത് ഈ ടിപ്പുകൾ പിന്തുടരുകയാണെങ്കിൽ നിങ്ങൾക്ക് ശരീരഭാരം കൂടാതെ നോക്കാൻ കഴിയും.

മരുന്നുകൾ ശരീരഭാരം കൂട്ടുമോ? (Are My Medications Causing Weight Gain)

നിങ്ങൾ ദിവസവും വ്യായാമം ചെയ്യുകയും ഭക്ഷണത്തിൽ കർശനമായ ചിട്ടകൾ പിന്തുടരുകയും ചെയ്യുന്ന ആളായിരിക്കാം. എന്നാൽ, നിങ്ങളുടെ ശരീരഭാരം കൂടുകയല്ലാതെ കുറയുന്നില്ല. എന്തായിരിക്കും ഇതിനു കാരണം? ഉത്തരം നിങ്ങളുടെ മരുന്ന് പെട്ടിക്ക് ഉള്ളിൽ തന്നെ ഉണ്ടായിരിക്കും!

മരുന്നുകൾ ഉപയോഗിക്കുന്നത് ഭാരം കൂടാൻ കാരണമായേക്കും. മരുന്ന് ഉപയോഗിക്കുന്നതുമൂലം വിശപ്പ് വർദ്ധിക്കാം അല്ലെങ്കിൽ കാലറികൾ കത്തിച്ചു കളയുന്നതിനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ശരീരത്തിൽ അധികം ജലാംശം നിലനിർത്തുകയും ചെയ്യാം. ചില അവസരങ്ങളിൽ ഇതു രണ്ടും സംഭവിക്കാം.

എല്ലാവരിലും മരുന്നുകളുടെ സ്വാധീനം ഒരുപോലെ ആയിരിക്കണമെന്നില്ല. മരുന്ന് ഉപയോഗം മൂലം ഒരാൾക്ക് 3-4 കിലോ ഭാരം കൂടാം. എന്നാൽ, അതേ മരുന്ന് ഉപയോഗിക്കുന്നതു മൂലം മറ്റൊരാൾക്ക് ഭാരം വർദ്ധിക്കണമെന്നില്ല.

നിങ്ങളുടെ ഭാരം കൂട്ടുന്ന ചില മരുന്നുകളെ കുറിച്ചാണ് ഇവിടെ പറയുന്നത്;

ആന്റിഡിപ്രസന്റുകൾ:

സാധാരണയായി നിർദേശിക്കപ്പെടുന്ന ആന്റിഡിപ്രസന്റുകളാണ് എസ്എസ്ആർഐകൾ എന്ന് വിളിക്കുന്ന സെലക്ടീവ് സെറോട്ടോണിൻ റീഅപ്ടേക്ക് ഇൻഹിബിറ്റേഴ്സ്. മനോനിലയെ നിയന്ത്രിക്കുന്ന ഹോർമോൺ ആണ് സെറോട്ടോണിൻ. വിഷാദരോഗമുള്ളവരിൽ ഇതിന്റെ നില കുറവായിരിക്കും. വിശപ്പിനെ നിയന്ത്രിക്കുന്നതിനും സെറോട്ടോണിൻ സഹായിക്കുന്നു. അതായത്, എസ്എസ്ആർഐകൾ ഭാരം കുറയാൻ സഹായകമാണ്. എന്നിരുന്നാലും, വിശപ്പിനെ നിയന്ത്രിക്കുന്ന മറ്റ് ഹോർമോണുകളും സെറോട്ടോണിനും തമ്മിലുള്ള സങ്കീർണമായ പ്രതിപ്രവർത്തനങ്ങൾ മൂലം എസ്എസ്ആർഐകൾ നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുകയും അതുവഴി ഭാരം വർദ്ധിപ്പിക്കുകയും ചെയ്യും.

ബീറ്റാ ബ്ളോക്കറുകൾ:

ഹൃദയസംബന്ധമായ രോഗങ്ങൾക്കും ഉയർന്ന രക്തസമ്മർദത്തിനുള്ള ചികിത്സയ്ക്കുമാണ് ബീറ്റ ബ്ളോക്കറുകൾ ഉപയോഗിക്കുന്നത്. അറ്റെനൊലോൾ, പ്രൊപനൊലോൾ, മെറ്റൊപ്രൊലോൾ തുടങ്ങിയവയാണ് സാധാരണയായി ഉപയോഗിക്കുന്ന ബീറ്റ ബ്ളോക്കറുകൾ. ഇവ നിങ്ങളുടെ മെറ്റാബോളിസത്തെ സാവധാനത്തിലാക്കുകയും വ്യായാമത്തോടുള്ള ശരീരത്തിന്റെ പ്രതികരണത്തെ കുറയ്ക്കുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യുന്നതിന് ആനുപാതികമായി കാലറികൾ കത്തുകയില്ല. കൂടുതലായി, ബീറ്റാ ബ്ളോക്കറുകൾ തളർച്ച ഉണ്ടാക്കുകയും ക്രമേണ ശാരീരിക പ്രവർത്തനങ്ങൾ കുറയുകയും കാലറികളുടെ ഉപഭോഗം കുറയുകയും ചെയ്യും.

കോർട്ടിക്കോസ്റ്റിറോയിഡുകൾ:

പ്രിഡ്നിസൊളോൺ, പ്രിഡ്നിസോൺ അല്ലെങ്കിൽ മീഥൈല്പ്രിഡ്നിസൊളോൺ തുടങ്ങിയ കോർട്ടിക്കോസ്റ്റിറോയിഡുകൾക്ക് ശക്തമായ ആന്റി ഇൻഫ്ളമേറ്ററി സ്വഭാവമുണ്ട്. ആസ്ത്മ, ചർമ്മത്തിലെ അലർജികൾ, ആർത്രൈറ്റിസ്, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ (പ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിയുന്ന അവസ്ഥ) തുടങ്ങിയവയ്ക്കാണ് സാധാരണ ഇവ ഉപയോഗിക്കുന്നത്. ശരീരത്തിൽ ജലാംശം കെട്ടിക്കിടക്കുന്നതിനും വിശപ്പ് വർദ്ധിപ്പിക്കുന്നതിനും കോർട്ടിക്കോസ്റ്റിറോയിഡുകൾ കാരണമാകുന്നു. ഇത്തരം മരുന്നുകൾ കഴിക്കുന്നതു മൂലം അധികമായി ഉണ്ടാകുന്ന കൊഴുപ്പ് അരക്കെട്ടിൽ അടിഞ്ഞുകൂടുമെന്നതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നത്.

ആന്റി-അലർജി മരുന്നുകൾ:

സിട്രിസിൻ, ഡൈഫൻഹൈഡ്രാമിൻ, ഫെക്സൊഫെൻഡിൻ, ലൊററ്റഡിൻ തുടങ്ങി അലർജികൾ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ഹിസ്റ്റമിൻ ഹോർമോണിന്റെ പ്രവർത്തനത്തെ തടയുന്നു. നമ്മുടെ വിശപ്പിനെ നിയന്ത്രിക്കാൻ ഹിസ്റ്റമിനു കഴിയും. അത് തലച്ചോറിലെ ഒരു പ്രത്യേക റെസപ്റ്ററുമായി (ബോധേന്ദ്രിയം) ചേർന്നു പ്രവർത്തിക്കുമ്പോൾ വിശപ്പിനെ അടക്കാൻ സാധിക്കുന്നു. ഹിസ്റ്റമിന്റെ പ്രവർത്തനം തടസ്സപ്പെടുമ്പോൾ വിശപ്പ് അധികമാവുകയും ഭാരം വർദ്ധിക്കുകയും ചെയ്യും.

പ്രമേഹ മരുന്നുകൾ:

സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ രോഗികൾക്കായി നിർദേശിക്കുന്ന ഇൻസുലിൻ ഒരു അനബോളിക് (ആഹാരസാധനങ്ങൾ ധാതുക്കളാക്കി മാംസമായും ഓജസ്സായും പരിണമിക്കാൻ സഹായിക്കുന്ന) ഹോർമോൺ ആണ്. കൊഴുപ്പ്, ഗ്ളൂക്കോസ്, പ്രോട്ടീൻ എന്നിവ സംഭരിക്കപ്പെടാൻ ഇത് കാരണമാകുന്നു. അതിനാൽ, ഇത് ഭാരം വർദ്ധിക്കാൻ കാരണമാകുന്നു. സൾഫണൽ യൂറിയാസ്, പയോഗ്ളിറ്റസോൺ തുടങ്ങിയ ടൈപ്പ് 2 പ്രമേഹത്തിന് നൽകുന്ന ഓറൽ മരുന്നുകൾ പാൻക്രിയാസിനെ ഉത്തേജിപ്പിച്ച് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനൊപ്പം ഭാരം വർദ്ധിക്കുന്നതിനും കാരണമാവുന്നു. പ്രമേഹരോഗികളിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ഹൈപ്പോഗ്ളൈസിമിയയെ നേരിടാൻ അമിതമായി ഭക്ഷണം കഴിക്കേണ്ടിവരുന്നതും കാലറി അധികമാകാൻ കാരണമാകുന്നു.

മൂഡ് സ്റ്റെബിലൈസറുകൾ:

സ്കീസോഫ്രീനിയ, ഉന്മാദ വിഷാദരോഗം (ബൈപോളാർ ഡിസീസ്) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളാണ് ലിഥിയം, റിസ്പെരിഡോൺ, ഒലാൻസപീൻ എന്നിവ. ഇവ വിശപ്പ് ഗണ്യമായി വർദ്ധിപ്പിക്കുകയും ഭാരം കൂടുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ശരീരഭാരം വർദ്ധിക്കുന്നത് പല മരുന്നുകളുടെയും പാർശ്വഫലമാണ്. എന്നുകരുതി ചികിത്സ അവസാനിപ്പിക്കാൻ കഴിയില്ല. ഭാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ശാരീരികമായി ഊർജ്ജസ്വലത പുലർത്തുകയും കർശനമായ ഭക്ഷണക്രമം പിന്തുടരുകയും ചെയ്യുകയാണ് നിങ്ങൾക്ക് പിന്തുടരാവുന്ന ഏറ്റവും നല്ല മാർഗം. ഡോക്ടറുമായി ചർച്ച ചെയ്ത് ശരീരഭാരത്തെ കൂടുതലായി ബാധിക്കാത്ത തരം മരുന്നുകൾ കഴിക്കുകയാണ് കൂടുതലായി ചെയ്യാൻ കഴിയുന്നത്.

തൊഴിലില്ലായ്മ? പിരിമുറുക്കത്തെ എങ്ങനെ നേരിടും? (Unemployment Stress)

രണ്ടാഴ്ച മുമ്പാണ് നിങ്ങൾക്ക് ജോലിയിൽ നിന്ന് പുറത്തു പോകേണ്ടിവന്നത്. ഇതുവരെയായും വാടക നൽകിയിട്ടില്ല. എല്ലാ മാസവും കൊടുക്കേണ്ട ബില്ലുകൾ വേറെ. കുടുംബഭാരം സ്വന്തം ചുമലിൽ മാത്രവും! തൊഴിൽ നഷ്ടപ്പെടുന്ന അവസരത്തിൽ ജീവിത സുരക്ഷ സംബന്ധിച്ച വിശ്വാസവും നഷ്ടമാകുന്നു. അതു മൂലം, ദൈനം ദിന പ്രവർത്തികളിൽ വ്യത്യാസം വരും എന്നു മാത്രമല്ല ജോലിയുമായി ബന്ധപ്പെട്ട സാമൂഹിക ബന്ധവും ഇല്ലാതാവും.

എന്നാൽ, ഇത് സ്വന്തം കഴിവുകളെ തിരിച്ചറിയേണ്ടതും അവസരങ്ങളുടേതു മാത്രമായ ഒരു പുതിയ ലോകത്തേക്ക് വാതായനങ്ങൾ തുറന്നിടേണ്ടതുമായ സമയമാണ്. കോർപ്പറേറ്റ് സമ്മർദങ്ങളും ദിവസേനയുള്ള യാത്രയും ഇല്ലാത്ത ഈ അവസരത്തിൽ നിങ്ങൾ കുടുംബത്തിനൊപ്പം അൽപസമയം ചെലവഴിക്കുകയും കുറച്ചു കൂടുതൽ ഉറങ്ങുകയും ചെയ്യുക.

വസ്തുതകൾ: തൊഴിൽരാഹിത്യം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ എങ്ങനെ ബാധിക്കും

  • തൊഴിൽരാഹിത്യം മൂലമുള്ള പിരിമുറുക്കം സ്ത്രീകളെക്കാൾ കൂടുതൽ പുരുഷന്മാരിലാണ് മാനസികാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.
  • 2008-2010 ൽ മാന്ദ്യം അനുഭപ്പെട്ട സമയത്ത് 155 സ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ 800 പുരുഷന്മാരാണ് ജീവനൊടുക്കിയത്.

മിക്കപ്പോഴും പുരുഷന്മാർ അവരുടെ തൊഴിലിലാണ് തങ്ങളുടെ വ്യക്തിത്വം കണ്ടെത്തുന്നത്. തൊഴിൽരാഹിത്യം മൂലം വിഷാദരോഗം, ഉത്കണ്ഠ, ആത്മാഭിമാനമില്ലായ്മ എന്നിവയുടെ ലക്ഷണങ്ങൾ പ്രകമായേക്കാം. തൊഴിൽ നഷ്ടം മൂലമുള്ള പിരിമുറുക്കത്തേ നേരിടാൻ കഴിയാതെ വരുന്നത് ഗുരുതരമായ ശാരീരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചുവേദന, ഉയർന്ന രക്തസമ്മർദം, മയക്കം, എല്ലുകൾക്കും സന്ധികൾക്കുമുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടിവരും.

ചെയ്യാവുന്നവയും അരുതാത്തവയും

  1. വർത്തമാനകാലത്തിൽ ജീവിക്കുക:

കഴിഞ്ഞ കാലത്ത് നല്ലരീതിയിൽ എങ്ങനെ മുന്നോട്ടു പോകാമായിരുന്നു എന്ന് ഓർത്ത് വിഷമിക്കുന്നതിനു പകരം വർത്തമാനകാലത്തെ കുറിച്ച് ചിന്തിക്കുക. ഇന്നു മുതൽ കാര്യങ്ങൾ ശരിയായ രീതിയിൽ ചെയ്യാൻ ശ്രമിക്കുക. പുതിയ നൈപുണ്യങ്ങൾ നേടുകയും വ്യക്തിവിവരത്തിൽ അത് ഉൾപ്പെടുത്തുകയും ചെയ്യുക. ആവശ്യമെങ്കിൽ പ്രഫഷണൽ സഹായം തേടുക.

  1. സ്വയം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കുക:

നിങ്ങൾക്ക് മാറ്റാൻ കഴിയാത്ത കഴിയാത്ത കാര്യങ്ങളെ കുറിച്ചുള്ള കുറ്റബോധം ഒഴിവാക്കുക. സ്വയം കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കും. പ്രശ്നങ്ങളുടെ രൂക്ഷത അവസാനിക്കുമ്പോഴേക്കും നിങ്ങൾ കൂടുതൽ കരുത്താർജിക്കും.

  1. . പ്രത്യേകാഭിരുചികൾ വളർത്തിയെടുക്കുകയും നിങ്ങളുടെ അഭിരുചികൾ കണ്ടെത്തുകയും ചെയ്യുക:

നിങ്ങൾക്ക് താല്പര്യമുള്ള കാര്യങ്ങൾ ചെയ്യാൻ തയ്യാറാകുക. ഇഷ്ടവിനോദങ്ങളിൽ അല്ലെങ്കിൽ അഭിരുചികളിൽ മുഴുകാൻ ഇക്കാലമത്രയും സമയം ഉണ്ടായിരുന്നിരിക്കില്ല. ഇപ്പോൾ അതിനുള്ള സമയമാണ്. പഴയ സുഹൃത്തുക്കളെ കാണുക, പുതിയൊരു വിഭവം പരീക്ഷിക്കുക, പുതിയ ഒരു കായികവിനോദത്തിൽ പങ്കെടുക്കുക, കഴിവുകൾ പരീക്ഷിക്കുക. ലോകം അവിശ്വസനീയമായ രീതിയിൽ അവസരങ്ങൾ നിറഞ്ഞതാണെന്ന് നിങ്ങൾക്ക് മനസ്സിലാവും.

  1. ഓൺലൈൻ പ്രൊഫൈൽ കാലികമാക്കുക:

അത്യുത്സാഹം പ്രദർശിപ്പിക്കുക. നിങ്ങളുടെ ഓൺലൈൻ പ്രൊഫൈൽ കാലികമാക്കുക. നിങ്ങളുടെ നേട്ടങ്ങളും നൈപുണ്യങ്ങളും ഉയർത്തിക്കാട്ടുന്നതായിരിക്കണം അത്. തൊഴിൽ ദാതാക്കളെ ആകർഷിക്കുന്ന രീതിയിൽ സൂചക പദങ്ങളും മറ്റും ഉൾപ്പെടുത്തി വേണം വ്യക്തിവിവരണ രേഖ തയ്യാറാക്കേണ്ടത്. അതായത്, നിങ്ങളെ അവർക്ക് മാർക്കറ്റ് ചെയ്യുക.

ആസൂത്രണമില്ലാത്തതും അനാവശ്യവുമായ ചെലവുകൾ ഒഴിവാക്കുക:

പെട്ടെന്നുള്ള ഷോപ്പിംഗ് നിങ്ങളുടെ ബഡ്ജറ്റിന്റെ താളം തെറ്റിച്ചേക്കാം. അനാവശ്യ വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിനു പകരം നിങ്ങൾക്ക് പുതിയ നൈപുണ്യങ്ങൾ സ്വന്തമാക്കുന്നതിനും അംഗീകരിക്കപ്പെടുന്നതിനും വേണ്ടി ഈ ബഡ്ജറ്റ് ഉപയോഗിക്കുക!

  1. പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുക:

മറ്റു കമ്പനികളിലെ ഒഴിവുകളെ കുറിച്ച് അറിയുന്നതിന് നല്ല ബന്ധങ്ങളും സൗഹൃദവലയങ്ങളും സഹായകമാവും. റിക്രൂട്ടിംഗ് സ്ഥാപനങ്ങളുമായി ബന്ധമുണ്ടാക്കുന്നത് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ സഹായകമാവും.

  1. വ്യായാമവും മെഡിറ്റേഷനും ഒഴിവാക്കരുത്:

ദിവസവും വ്യായാമത്തിൽ ഏർപ്പെടുന്നതും മെഡിറ്റേഷൻ പരിശീലിക്കുന്നതും ലാഘവത്വം കൈവരിക്കാൻ സഹായകമാവും. ഇത് നിങ്ങൾ കൂടുതൽ ജാഗരൂകരാകുന്നതിനും ആത്മവിശ്വാസമുള്ളവരാകുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും സഹായകമാവും.

രാവിലെ കാരറ്റ്-ഇഞ്ചി ജ്യൂസ് കുടിച്ചാൽ (Benefits Of Having Carrot Ginger Juice)

പ്രഭാതഭക്ഷണത്തിനൊപ്പം ആരോഗ്യദായകമായ ഒരു ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അത് നിങ്ങളുടെ വിശപ്പിന് ശമനമുണ്ടാക്കും എന്നു മാത്രമല്ല ശരീരത്തിനാവശ്യമായ വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നൽകുകയും ചെയ്യും. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനെക്കാൾ എളുപ്പമാണ് ജ്യൂസ് കുടിക്കുന്നത്. ഇത് ശരീരത്തിന് ആഗിരണം ചെയ്യുന്നതിനും എളുപ്പമാണ്.

കൂടുതൽ ഇന്ത്യക്കാരും രാവിലെ ഒരു കപ്പ് കാപ്പി അല്ലെങ്കിൽ ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഇത്തരം കഫീൻ അടങ്ങിയ പാനീയങ്ങൾക്ക് പകരമായി ധാരാളം പാനീയങ്ങൾ ഉണ്ട് എന്ന് ഓർക്കുക. രാവിലെ, കാരറ്റ് ജ്യൂസിൽ ഇഞ്ചി ചേർത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങൾക്ക് ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നൽകും. ഇത് വളരെ വേഗം ദഹിക്കുന്നതും ശരീരത്തിന് വളരെ വേഗം ആഗിരണം  ചെയ്യാൻ കഴിയുന്നതുമാണ്.

 

ജ്യൂസുകളുടെ പ്രയോജനം ഏറ്റവുമധികം ലഭിക്കുന്നത് അവ വെറും വയറ്റിൽ കഴിക്കുമ്പോഴാണ്. എല്ലാ ദിവസവും രാവിലെ കാരറ്റ് ജ്യൂസിൽ ഇഞ്ചി ചേർത്ത് കഴിച്ചാൽ ലഭിക്കുന്ന അവിശ്വസനീയമായ അഞ്ച് ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്

1. ശരീരത്തെ വിഷമുക്തമാക്കുകയും സുഖപ്പെടുത്തുകയും ചെയ്യും:

വിഷമുക്തമാക്കാൻ സഹായിക്കുന്ന ജ്യൂസുകൾ കുടിക്കുന്നതാണ് ഏറ്റവും എളുപ്പം ശരീരത്തെ വിഷമുക്തമാക്കാനുള്ള വഴി. കാരറ്റിനും ഇഞ്ചിക്കും ശുചീകരണ ഗുണങ്ങൾ ഉണ്ട്. ഇവ കോശജ്വലനത്തിന് (ഇൻഫ്ളമേഷൻ) എതിരായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവ മുറിവുകൾ വേഗം സുഖപ്പെടുത്താനും സഹായിക്കുന്നു.

2. ചർമ്മ സംരക്ഷണത്തിനും ഉത്തമം:

ബീറ്റാ-കരോട്ടിൻ, വൈറ്റമിൻ സി എന്നിവയുടെ കലവറയാണ് കാരറ്റ്. ഇവ നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്. ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ വേണ്ട ‘കൊളാജൻ’ ഉത്പാദിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. വൈറ്റമിൻ ഇ യുടെയും ഒരു സ്രോതസ്സാണ് കാരറ്റ്. സൂര്യപ്രകാശത്തിൽ നിന്ന് സ്വാഭാവികമായി സംരക്ഷണം നൽകുന്ന ഇത്  ഇത് ഒരു ആന്റിഓക്സിഡന്റുമാണ്. ഒരു കപ്പ് കാരറ്റ് – ഇഞ്ചി ജ്യൂസ് 1.5 മില്ലി ഗ്രാം വൈറ്റമിൻ ഇ നൽകുന്നു (ഇത് ദിവസവും വേണ്ട വൈറ്റമിൻ ഇ യുടെ 10% ആണ്).

3. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു;

കാരറ്റിൽ അടങ്ങിയിരിക്കുന്ന ബീറ്റാ-കരോട്ടിൻ, ആൽഫ-കരോട്ടിൻ, ല്യൂട്ടിൻ എന്നിവ ഹൃദയത്തിന്റെയും രക്തധമനികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇതിനുപരി, കൊളസ്ട്രോൾ നില നിയന്ത്രണാധീനമാക്കാൻ സഹായിക്കുന്ന ഒരു ഉത്തമ സ്രോതസ്സാണ് ഇഞ്ചി.

4. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു;

കാരറ്റ്-ഇഞ്ചി ജ്യൂസ് കുടിക്കുന്നത് പ്രമേഹത്തെ വരുതിയിലാക്കാൻ സഹായിക്കും. മിതമായി ഉപയോഗിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഒരു നല്ല വീട്ടുമരുന്നാണ് ഇഞ്ചി. ഇൻസുലിൻ ഉത്പാദനത്തെ സ്വാധീനിക്കാൻ ഇതിനു കഴിയും. എന്നാൽ, ഇത് എത്രത്തോളം ഉപയോഗിക്കണം എന്നും പാർശ്വഫലങ്ങളെ കുറിച്ച് മനസ്സിലാക്കുന്നതിനും ഡോക്ടറുടെ സഹായം തേടണം.

5. പ്രതിരോധശേഷി ഉയർത്തുന്നു;

കാരറ്റ് – ഇഞ്ചി ജ്യൂസിൽ ധാരാളം വൈറ്റമിൻ എ യും വൈറ്റമിൻ സി യും അടങ്ങിയിരിക്കുന്നു. ഇത് കുട്ടികളിലെയും മുതിർന്നവരിലെയും പ്രതിരോധശേഷി ഉയർത്താൻ സഹായിക്കുന്നു. മജ്ജയിലെ സ്റ്റെം കോശങ്ങളുമായി ചേർന്ന് ശ്വേതരക്താണുക്കൾ വികാസം പ്രാപിക്കുന്നതിന് വൈറ്റമിൻ എ സഹായിക്കുന്നു.

കടപ്പാട്-www.modasta.com

അവസാനം പരിഷ്കരിച്ചത് : 5/23/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate