Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ആരോഗ്യം ശ്രദ്ധിക്കാം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം ശ്രദ്ധിക്കാം

കൂടുതല്‍ വിവരങ്ങള്‍

നിലക്കടലയെന്ന പോഷകക്കലവറ

മദ്ധ്യേന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന എണ്ണക്കുരുവാണ്‌ നിലക്കടല.  പോർച്ചുഗീസുകാരാണ്‌ നിലക്കടല ഇന്ത്യയിൽ എത്തിച്ചത്. ഇന്ന് ഇന്ത്യ നിലക്കടലയുടെ  ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉല്പാദകരാണ്‌. നിലക്കടല, കപ്പലണ്ടി എന്നിങ്ങനെയുളള പേരുകളില്‍ അറിയപ്പെടുന്ന ഭക്ഷ്യവസ്തു സ്വാദും അതേ സമയം ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒന്നാണ്.ഇതില്‍ നിന്നെടുക്കുന്ന എണ്ണയ്ക്കും ആരോഗ്യവശങ്ങള്‍ ഏറെയുണ്ട്. മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാള്‍ പ്രോട്ടീന്‍ നിലക്കടലയിലുണ്ട്‌. പലരുടേയും പ്രിയപ്പെട്ട ഒന്നാണ് നിലക്കടല. ഇത് കൊറിയ്ക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ വിരളമായിരിക്കും. നിലക്കടല കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ ഏറെയാണ്‌.

1.ആഴ്ചയില്‍ ഒരൗണ്‍സ് കപ്പലണ്ടിയോ അല്ലെങ്കില്‍ പീനട്ട് ബട്ടറോ കഴിയ്ക്കുന്നത് ഗോള്‍ സ്‌റ്റോണ്‍ തടയാൻ സഹായിക്കും.

2.ആഴ്ചയില്‍ രണ്ടു തവണ രണ്ടു ടീസ്പൂണ്‍ വീതം പീനട്ട് ബട്ടര്‍ കഴിയ്ക്കുന്നത് സ്ത്രീകളില്‍ കുടല്‍ ക്യാന്‍സര്‍ സാധ്യത 58 ശതമാനവും പുരുഷന്മാരില്‍ 27 ശതമാനവും കുറയ്ക്കും.

3.പാലിനൊപ്പം നിലക്കടല കഴിച്ചാല്‍ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങള്‍ ശരീരത്തിനു ലഭിക്കും.

4.നിലക്കടല അധികം കഴിയ്ക്കുന്നതും നല്ലതല്ല. ഇത് ചിലരില്‍ അലര്‍ജിയുണ്ടാക്കും. ഇത് കഴിച്ചാല്‍ അസ്വസ്ഥതയനുഭവപ്പെടുന്നെങ്കില്‍ അലര്‍ജി ടെസ്റ്റെടുക്കുക.

5.കപ്പലണ്ടി മിഠായി പാലിനൊപ്പം കഴിക്കുന്നത്‌ ആരോഗ്യവും ശരീര പുഷ്ടിയുമുണ്ടാക്കും. ക്ഷയം, കരള്‍ രോഗങ്ങള്‍ തുടങ്ങിയവക്കെതിരെ ഇത്‌ പ്രതിരോധം പ്രധാനം ചെയ്യും.

6.കപ്പലണ്ടിയ്ക്ക് പച്ച കലര്‍ന്ന നിറമുണ്ടെങ്കില്‍ ഇത് ഒഴിവാക്കുക. കാരണം ഇത് അഫ്‌ളാടോക്‌സിന്‍ ഫഌസ് എന്ന ഫംഗസ് കാരണമാകാം. ഇതുണ്ടാക്കുന്ന അഫഌടോക്‌സിന്‍ സ്‌കിന്‍, ലിവര്‍ ക്യാന്‍സറുകള്‍ക്കുള്ള ഒരു പ്രധാന കാരണമാണ്.

7.നിലക്കടലയിലെ ട്രിപ്‌റ്റോഫാന്‍ സോറോട്ടിനിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കുകയും  ഡിപ്രഷന്‍ തടയുകയും ചെയ്യും.

8.നിലക്കടലയുടെ തൊലി മാറ്റി വെള്ളത്തില്‍ നന്നായി കുതിര്‍ത്ത്‌ അരച്ച്‌ മൂന്നിരട്ടി പാലില്‍ നേര്‍പ്പിച്ചാല്‍ നിലക്കടലപ്പാല്‍ തയ്യാറായി. നല്ലൊരു പോഷകപാനീയമാണിത്‌.

9.വയറിലുണ്ടാകുന്ന ക്യാന്‍സര്‍ തടുക്കാന്‍ ഇത് ഏറെ ഫലപ്രദമാണ്. ഇതിലെ പോളിഫിനോളിക് ആ്ന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുന്ന നൈട്രസ് അമീന്‍ ഉല്‍പാദനം കുറയ്ക്കുന്നതാണിതിനു കാരണം.

10.ഹീമോഫീലിയ, കാപ്പിലറി ഞരമ്പുകള്‍ പൊട്ടുന്നതിലൂടെ ഉണ്ടാകുന്ന മൂക്കിലെ രക്തസ്രാവം. അമിതാര്‍ത്തവം എന്നിവയുള്ളപ്പോള്‍ നിലക്കടലയോ നിലക്കടലയുല്‍പ്പന്നങ്ങളോ കഴിക്കുന്നത്‌ നല്ലതാണെന്ന്‌ ബ്രിട്ടനില്‍ നടന്ന ഒരു പഠനം പറയുന്നു.

11.എല്ലുകളുടെ ആരോഗ്യത്തിന് നിലക്കടല കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന വൈറ്റമിനുകള്‍ ഇതില്‍ ധാരാളമുണ്ട്.

12.പ്രോട്ടീന്‍ സമ്പുഷ്ടമായ ഒരു സസ്യാഹാരമാണ് നിലക്കടല. ഇത് കുട്ടികള്‍ക്കും പ്രോട്ടീന്‍ കുറവുള്ള മുതിര്‍ന്നവര്‍ക്കും ഏറെ ഫലപ്രദമാണ്.

സ്ലിംബ്യൂട്ടിയാകാം; ആരോഗ്യം നിലനിര്‍ത്താം

 

അമിത ശരീരഭാരത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അത് കുറയ്ക്കുവാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഹീല്‍ വെല്‍നസ്സ് നിര്‍ദ്ദേശിക്കുന്നു. വ്യായാമത്തിന്‍റെ സഹായത്തോടുകൂടിയല്ലാതെ ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം വണ്ണം കുറയ്ക്കാനാവും എന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു.

ചായയും കടിയും കുറയ്ക്കാം

ദിവസേന ചായകുടി ശീലമാക്കിയവരാണ് മലയാളികളില്‍ ഭൂരിപക്ഷവും. ചായയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ് വണ്ണം കുറക്കുന്നതിലേക്കുള്ള ആദ്യപടി. 100 മി.ലി പാലും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും അടങ്ങിയ ഒരു ഗ്ലാസ് ചായയിൽ 120 കലോറി അടങ്ങിയിരിക്കുന്നു. ഒരു ദിവസം 2 ഗ്ലാസ് ചായയില്‍ കൂടുതല്‍ കുടിക്കാതിരിക്കുകയും അതില്‍ തന്നെ ഒരു ഗ്ലാസ്സ് പഞ്ചസാരയില്ലാതെ കുടിക്കുകയും ചെയ്യുന്നത് ശരീരത്തിലെ കലോറികളെ എരിച്ച്കളയാനും അതുവഴി ഭാരം കുറയ്ക്കാനും സഹായിക്കുന്നു.

ചായയ്ക്കൊപ്പം നമ്മള്‍ ഭക്ഷിക്കുന്ന സ്നാക്സ് കഴിവതും ഒഴിവാക്കുകയാണ് മികച്ച മറ്റൊരു മാര്‍ഗ്ഗം. ഇത്തരം ചായപലഹാരങ്ങള്‍ കൂടുതലും എണ്ണയും പഞ്ചസാരയും നിറഞ്ഞതാണ്‌. ഇവ ഒഴിവാക്കുന്നതിലൂടെത്തന്നെ ഒരു മാസം 2 കിലോയോളം കുറക്കാന്‍ സാധിക്കും. ഇനി ചായയോടൊപ്പം എന്തെങ്കിലും കഴിച്ചേ പറ്റൂ എന്ന നിര്‍ബന്ധമുള്ളവര്‍ക്ക് പലഹാരത്തിന് പകരം ചെറുപഴം ഭക്ഷിക്കാവുന്നതാണ്. കൂടാതെ ഊണിനു ശേഷം മധുര പലഹാരങ്ങള്‍ നിര്‍ബന്ധമുള്ളവരും അവയുടെ ഉപയോഗം നിര്‍ത്തി പകരം ചെറുപഴം അല്ലെങ്കില്‍ മറ്റു പഴവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കാം. 50 മുതല്‍ 100 കലോറിയാണ് മിക്ക പഴവര്‍ഗ്ഗങ്ങളിലും അടങ്ങിരിക്കുന്നത്. ഇത് മധുര പലഹാരങ്ങളില്‍ അടങ്ങിയിരിക്കുന്ന കലോറികളെക്കാള്‍ ഗണ്യമായി കുറവാണ്. അങ്ങനെ പലഹാരങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ ശരീരഭാരത്തെ കുറയ്ക്കാനും അതിന് ആനുപാതികമായി ശരീരത്തിലെ ചയാപചയ നിരക്കിനെ കൂട്ടാനും ഉപകരിക്കുന്നു.

വറുത്തമീന്‍ വേണ്ട

ഉച്ചയൂണിനൊപ്പം ദിവസേന വറുത്തമീന്‍ കഴിക്കുന്ന ശീലമുള്ളവര്‍ അത് ആഴ്ചയില്‍ ഒരു ദിവസം എന്ന കണക്കില്‍ കുറയ്ക്കുക. മത്സ്യം ആരോഗ്യത്തിനു നല്ലതാണെങ്കിലും അത് വറുത്തു ഭക്ഷിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും. ഒരു കഷ്ണം വറുത്ത മീനില്‍ 220 കലോറി അടങ്ങിയിരിക്കുന്നു. അത് ദിവസേന കഴിക്കുമ്പോള്‍ 1540 കലോറിയാണ് ഒരാഴ്ചകൊണ്ട് ഒരാളുടെ ശരീരത്തില്‍ നിറയുന്നത്. വറുത്ത മീന്‍ ആഴ്ചയില്‍ ഒന്നായി കുറക്കുന്നത് 1320 കലോറി ലാഭിക്കാനും ഏകദേശം 1കിലോയോളം വണ്ണം ഒരു മാസംകൊണ്ട് കുറയ്ക്കാനും സാധിക്കുന്നു.

തേങ്ങയും എണ്ണയുടെ ഉപയോഗവും കുറയ്ക്കാം

ഒരു മാസം ഒരു ശരാശരി മലയാളി കുടുംബത്തില്‍ 40 തേങ്ങയോളം പാചകത്തിന് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. ഇതിനെ 20 തേങ്ങയായി കുറക്കുന്നത് വഴി വീട്ടിലെ ഓരോ അംഗത്തിനും ഏറ്റവും കുറഞ്ഞത്‌ അര കിലോയെങ്കിലും കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ പാചകയെണ്ണയുടെ അമിതമായ ഉപയോഗം കുറയ്ക്കുന്നതും വണ്ണം കുറയ്ക്കാനുള്ള മറ്റൊരു പോംവഴിയാണ്. ഒരു ലിറ്റര്‍ പാച്ചകയെണ്ണയില്‍ 9000 കലോറികളുണ്ട്. അതുകൊണ്ട് 4 ലിറ്റര്‍ പാച്ചകയെണ്ണ ഉപയോഗിക്കുന്ന ഒരു കുടുംബം അത് 2 ലിറ്ററായി കുറച്ചാല്‍ ചുരുങ്ങിയ കാലളവില്‍ തന്നെ കുടുംബാംഗങ്ങളുടെ വണ്ണം ഗണ്യമായ നിരക്കില്‍ കുറയുന്നതാണ്.

ജീവിതശൈലീ രോഗങ്ങള്‍ക്കും ഒറ്റമൂലികള്‍

നമുക്കുണ്ടാകുന്ന രോഗങ്ങള്‍ മിക്കപ്പോഴും നാം തന്നെ വിളിച്ചുകൂട്ടുന്നതാണ് ഇപ്പോഴത്തെ പതിവ്. ഹൃദ്രോഗം, പ്രമേഹം, രക്താതിമര്‍ദം, കൊളസ്‌ട്രോള്‍, കരള്‍ രോഗങ്ങള്‍ എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്. ആരോഗ്യരംഗത്ത് ഭീഷണിയുയര്‍ത്തി പെരുകി വരികയാണിവ. പിടിപെട്ടു കഴിഞ്ഞാല്‍ ചികിത്സിച്ചു മാറ്റുക ഏറെ വിഷമകരമായ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ ജീവിതശൈലിയില്‍ തന്നെ ആരോഗ്യകരമായ ചിട്ടകള്‍ ഉള്‍പ്പെടുത്തുകയാണ് അഭികാമ്യം. വ്യായാമവും പ്രകൃതിഭക്ഷണ രീതിയുമെല്ലാം ഇതില്‍ വിലപ്പെട്ട പങ്കാണു വഹിക്കുന്നത്. അതോടൊപ്പം, ഒറ്റമൂലികളായി ഉപയോഗിക്കാന്‍ പറ്റുന്ന ചില പ്രത്യേക ഔഷധങ്ങള്‍ക്കും പ്രമുഖ സ്ഥാനമുണ്ട്.

നമ്മുടെ ദൈനംദിന ശീലങ്ങള്‍ മൂലം ശരീരത്തിനകത്തെ മര്‍മപ്രധാനമായ ചില അവയവങ്ങളുടെ കാര്യക്ഷമതയ്ക്ക് കോട്ടം തട്ടുമ്പോഴാണ് രോഗങ്ങളിലേക്കു നീങ്ങുംവിധം അവയില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതുകൊണ്ടു തന്നെ, പ്രസ്തുത അവയവങ്ങളുടെ കാര്യക്ഷമത നിലനിര്‍ത്താനുതകുന്ന പ്രകൃതിദത്ത ഔഷധങ്ങള്‍ വഴി രോഗത്തെ ചെറുക്കാം. രോഗത്തിന്റെ ആദ്യാവസ്ഥയിലും പ്രാഥമിക ചികിത്സയെന്ന നിലയില്‍ ഇത് ഉപയോഗപ്പെടുത്താം.

അമിതമായ കൊളസ്‌ട്രോളും കരള്‍ രോഗങ്ങളും പ്രധാനമായും കരളിന്റെ പ്രവര്‍ത്തമാന്ദ്യം കൊണ്ടാണുണ്ടാകുന്നത്. പ്രമേഹത്തിന് ആഗ്‌നേയഗ്രന്ഥി (പാന്‍ക്രിയാസ്)യുടെ ക്ഷീണമാണു കാരണം. വൃക്കകള്‍ക്കും ഇതില്‍ പങ്കുണ്ട്. ഹൃദ്രോഗത്തിലും രക്താതിമര്‍ദ്ദത്തിലും ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കുമാണു പ്രവര്‍ത്തനമാന്ദ്യമെങ്കിലും ആദ്യത്തെ പങ്ക് വയറിനാണ്. ഈ ഭാഗങ്ങളെ ഊര്‍ജവത്താക്കുകയാണു ഒറ്റമൂലികളുടെ ധര്‍മം

വയറിനെ സംരക്ഷിക്കാം രോഗങ്ങളിൽ നിന്നും

ഇന്നത്തെക്കാലത്ത് നമ്മൾ പലരുടേയും ദിവസം ആരംഭിക്കുന്നതു തന്നെ വയറ്റിൽ കൈവച്ച‍ു കൊണ്ടാണെന്നു പറയേണ്ടിവരും. അത്ര മാത്രം വ്യാപകവും രൂക്ഷവുമാണ് വയറുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകളും രോഗങ്ങളും. ലോകജനസംഖ്യയിൽ ഏതാണ്ട് മൂന്നിലൊന്നാള‍ുകൾക്കും ദഹനസംബന്ധമായ എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ടെന്നാണു കണക്ക്. വയറുവീർപ്പ്, അസിഡിറ്റി, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ, ദഹനക്കേട്, വയറുവേദന, മലബന്ധം എന്നിങ്ങനെ പോകുന്നു അവരിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ. ഈ പ്രശ്നങ്ങൾ പ്രമേഹം പോലുള്ള രോഗാവസ്ഥകൾക്ക് ഇടയാക്കുകയും പൊതുവായ ആരോഗ്യനിലയെ ബാധിക്കുകയും ചെയ്യാമെന്നതിനാൽ മാരകരോഗങ്ങളേക്കാൾ ആളുകൾ ഇവയെ ഭയപ്പെടുന്നു. ഇത്തരം ലക്ഷണങ്ങളുടെ അടിസ്ഥാനകാരണം തിരഞ്ഞ‍ുപോയാൽ ഭൂരിഭാഗം പേരിലും ദഹനേന്ദ്രിയവ്യവസ്ഥ (Gastro intestinal tract) യുമായി ബന്ധപ്പെട്ട ഘടനാപരമായ തകരാറുകളോ പ്രവർത്തന ക്ഷമതയില്ലായ്മയോ കാണാറില്ല. പകരം പ്രതിയാകുന്നത് അന്നന്നു കഴിച്ച ആഹാരപദാർഥങ്ങളാകും .

വയറിലെ പ്രശ്നത്തിനു ഭക്ഷണപ്ലേറ്റിലേക്കു കൂടി നോക്കണമെന്നു സാരം. ആയുർവേദം ഇതു പണ്ടേ പറഞ്ഞിട്ടുണ്ട്. ദഹന–കുടൽവ്യവസ്ഥയുടെ ആരോഗ്യവും ഭക്ഷണവും തമ്മിൽ ബന്ധമുണ്ടെന്നതിന് ആധുനികവൈദ്യവും അടിവരയിട്ടു കഴിഞ്ഞു. ലോകഗ്യാസ്ട്രോ എന്ററോളജി അസോസിയേഷന്റെ 2016–ലെ പ്രചരണ വിഷയം തന്നെ ഭക്ഷണവും കുടലിന്റെ ആരോഗ്യവും എന്നതാണ്. എങ്ങനെയാണ് ഭക്ഷണം ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ടാക്കുന്നത് എന്നാദ്യം നോക്കാം.

അടുക്കളയിൽ നിന്നു ഹോട്ടലുകളിലേക്കുള്ള ചുവടുമാറ്റമാണ് നമ്മുടെ ഭക്ഷണസംസ്കാരത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റ്. അതിനു നമ്മൾ കൊടുക്കുന്ന വിലയാണ് അസിഡിറ്റിയും ഡിസ്പെപ്സിയയും പോലുള്ള പ്രശ്നങ്ങൾ. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിത എണ്ണയും കൊഴുപ്പും മസാലയും, അജിനോമോട്ടോയും കൃത്രിമ നിറങ്ങളും പോലുള്ള ദോഷകാരികളായ ഘടകങ്ങൾ, വറുത്തതും പൊരിച്ചതുമായ മാംസം ഇവയെല്ലാം പതിവായാൽ ക‍ുടലിന് അസ്വസ്ഥതയുണ്ടാകും. പുളിച്ചുതികിട്ടൽ , ഏമ്പക്കം, നെഞ്ചെരിച്ചി‌ൽ, വയറിന്റെ മുകൾഭാഗത്ത് അസ്വാസ്ഥ്യങ്ങൾ എന്നീ ലക്ഷണങ്ങളോടെ വരുന്ന ഗ്യാസ്ട്രോ ഈസോഫാഗൽ റിഫ്ളക്സ് ഡിസീസ് എന്ന ഗർഡിന്റെ പ്രധാനകാരണം ഇത്തരം ഭക്ഷണശീലങ്ങളാണ്. ഇത്തരം ഭക്ഷണങ്ങൾ അന്നനാളത്തെയും ആമാശയത്തെയും വേർതിരിക്കുന്ന വാൽവിന്റ‍െ പ്രവർത്തനത്തെ താളംതെറ്റിക്കും. വീടുകളിലാണെങ്കിൽ നമ്മൾ കൃത്യസമയത്തു തന്നെ കഴിക്കും. ഇനി അത്ര കൃത്യനിഷ്ഠയില്ലെങ്കിലും വിശന്നുതുടങ്ങുമ്പോഴെങ്കിലും കഴിക്കും. എല്ലാവരും സന്തോഷത്തോടെയിരുന്ന് ആവശ്യത്തിന് സമയമെടുത്ത് ചവച്ചരച്ചാണ് കഴിക്കുക. ഹോട്ടലുകളിൽ പോയി കഴിക്കുമ്പോഴോ? വിശപ്പോടെ ചെന്നിരുന്ന് ഏറെ സമയം കഴിഞ്ഞാവും ഭക്ഷണം ലഭിക്കുക. ചിലപ്പോൾ രുചിയുണ്ടാകില്ല, തിരക്കാണെങ്കിൽ വേഗം കഴിച്ചെഴുന്നേൽക്കുകയും വേണം. ഈ ശീലങ്ങൾ ദഹനവ്യവസ്ഥയ്ക്ക് അമിതായാസമുണ്ടാക്കും.

ഉദരരോഗങ്ങൾ പരിഹരിക്കാൻ ഭക്ഷണം തന്നെ ഒൗഷധമാകുന്ന രീതിയിൽ മാറ്റിയെഴുതലുകൾ വേണം.

∙ദോഷകാരിയായ ഭക്ഷണം നീക്കുക. പ്രശ്നങ്ങളുണ്ടക്കുന്ന ഭക്ഷണങ്ങൾ കണ്ടെത്തി ഒഴിവാക്കുക. ഉദാഹരണത്തിന് കഫീൻ, മദ്യപാനം, സംസ്കരിച്ച ഭക്ഷണം, അധികം മസാലയും എരിവും എന്നിവയൊക്കെ പൊതുവായി ഒഴിവാക്കാവുന്നവയാണ്.

പ്രശ്നക്കാരായ ഭക്ഷണം മൂലം കുടലിനുണ്ടായ സമ്മർദം സുഖമാകാനുള്ള സമയം കൊടുക്കുക. ഈ കാലയളവിൽ പച്ചക്കറികളും പഴങ്ങളും പോലുള്ള ആന്റി ഒാക്സിഡന്റുകളും നാരുകളുമുള്ള ഭക്ഷണങ്ങൾ കൂടുതൽ ഉൾപ്പെടുത്തുക. ദിവസവും 30–40 ഗ്രാം നാരുകൾ കഴിക്കണം. ഭക്ഷണശുചിത്വത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം കഴിക്കൽ താൽക്കാലികമായെങ്കിലും നിർത്തുക. കൃത്യസമയത്ത് സാവധാനം ചവച്ചരച്ച് കഴിക്കുക. മൂന്നുനേരം കഴിച്ചിരുന്ന ഭക്ഷണം ആറുനേരമായി കഴിക്കുക.

ഗുണകാരികളായ ബാക്ടീരിയകളെ വീണ്ടെടുക്കുക– പണ്ടൊക്കെ വീടുകളിൽ വയറിളക്കം പോലുള്ള ചെറിയ ഉദരപ്രശ്നങ്ങൾക്കൊക്കെ തൈരും മോരും ഉപയോഗിച്ചിരുന്നു. കുടലിനു ഗുണകാരികളായ ബാക്ടീരിയകൾ അവയില‍ുണ്ട്. ഇവയെ പ്രോബയോട്ടിക് ഭക്ഷണമെന്നു പറയും. യോഗർട്ടും മോരും ഉദാഹരണം.

ഭക്ഷണം ശരീരത്തിനു വേണ്ട ഇന്ധനം മാത്രമല്ല എന്ന തിരിച്ചറിവിലാണ് ആധുനികവൈദ്യശാസ്ത്രം. അടിസ്ഥാനകോശ ഘട്ടത്തിൽ വരെ മാറ്റങ്ങൾ വരുത്തുവാൻ പോന്ന ശക്തിയുള്ള ഒൗഷധമാണ് ഭക്ഷണമെന്ന തിര‍ിച്ചറിയലാണ് ഫൂഡ് തെറപ്പി അഥവാ ഭക്ഷണചികിത്സ എന്ന പുതിയ ആശയത്തിന്റെ അടിസ്ഥാനം. ബിപിയും പ്രമേഹവും ഹൃദ്രോഗവും പോലുള്ള ഭക്ഷണപ്രശ്നങ്ങൾ അടിസ്ഥാനകാരണമായ രോഗങ്ങൾക്കു മാത്രമല്ല മറ്റു നിരവധി രോഗാവസ്ഥകളിലും ഭക്ഷണത്തെ എങ്ങനെ ഒൗഷധമായി ഉപയോഗിക്കാമെന്നു ഗവേഷണങ്ങൾ നടക്കുകയാണ്. ഭക്ഷണങ്ങൾ മാത്രമല്ല ആരോഗ്യകരമെന്ന് അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ട മെഡിറ്ററേനിയൻ ഡയറ്റ് പോലുള്ള ഭക്ഷണരീത‍ികളും ഫൂഡ് തെറപ്പിയുടെ ഭാഗമായി ഉപയോഗിക്കുന്നു. ഒരോ രോഗത്തേയും തടയാൻ കഴിവുള്ള ഭക്ഷണം ഉൾപ്പെടുത്തുക, രോഗാവസ്ഥ വഷളാക്കാൻ ഇടയുള്ള ഭക്ഷണങ്ങളെ ഒഴിവാക്കുക. ചില പ്രത്യേക ഭക്ഷണക്കൂട്ടുകൾ രൂപപ്പെടുത്തുക എന്നിവയൊക്കെയാണ് ഈ തെറപ്പിയുടെ അടിസ്ഥാനം. ഹാർവാർഡ് ഉൾപ്പെടെയുള്ള വൈദ്യഗവേഷണ സ്ഥാപനങ്ങൾ ഒാരേ‍ാ രോഗത്തിനും ഫലപ്രദമാകുന്ന ഭക്ഷണങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്. രോഗത്തിന് മരുന്നുപെട്ടിയിൽ തിരയുന്നതിനു പകരം ഭക്ഷണമേശയിലേക്കു തിരിഞ്ഞാൽ മതി എന്നു പറയാൻ അധികം വൈകില്ല.

കുട്ടികളുടെ ഭക്ഷണം: അമ്മമാർ ശ്രദ്ധിക്കാൻ

കൊച്ചുകുട്ടികൾ ചോറും പച്ചക്കറികളും കഴിക്കാൻ മടി കാണിക്കുന്നു എന്നത് പല അമ്മമാരുടെയും പരാതിയാണ്. എത്ര നിർബന്ധിച്ചാലും മധുരപലഹാരങ്ങൾ മാത്രം മതിയെന്ന പിടിവാശിക്കാരാണ് കു‍ഞ്ഞുങ്ങൾ. എന്നാൽ വൈദ്യശാസ്ത്രം പറയുന്നത് കുട്ടികളെ ഇങ്ങനെ മധുരക്കൊതിയന്മാരായി മാറ്റിയെടുക്കുന്നത് അമ്മമാർ ശീലിപ്പിക്കുന്ന ഭക്ഷണരീതി തന്നെയാണെന്നാണ്.

കടയിൽ കിട്ടുന്ന ബേബിഫുഡ് വാങ്ങിക്കൊടുത്ത് കുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിലാണ് അമ്മമാർക്ക് താൽപര്യം. അമിതമായ മധുര ചേരുവകളുള്ള ഇത്തരം ബേബി ഫുഡ് ശീലിക്കുന്നതുകൊണ്ടാണ് കുട്ടികൾക്ക് ചോറിനോടും പച്ചക്കറികളോടും താൽപര്യക്കുറവ് തോന്നുന്നതെന്നാണ് ലണ്ടനിൽ നടന്ന ഗവേഷണം വ്യക്തമാക്കുന്നത്. ഗ്ലാസ്‌ഗോ സർവകലാശാലയിൽ നടന്ന പഠനത്തിന്റെ ഭാഗമായി മുന്നൂറോളം ബ്രാൻഡഡ് ബേബി ഫുഡിലെ ചേരുവകളാണ് വിശകലനം ചെയ്തത്. ഇവയിൽ ഭൂരിപക്ഷവും കൃത്രിമമായി സംസ്കരിച്ച മധുരച്ചേരുവകളാണ് ആവശ്യത്തിലധികം ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം കൃത്രിമ രുചി ആദ്യം മുതലേ നാവിൽ ശീലിക്കുന്ന കുഞ്ഞുങ്ങൾക്ക് പിന്നീട് എരിവും ചവർപ്പും കലർന്ന പച്ചക്കറികളോടും കിഴങ്ങുകളോടും താൽപര്യം നഷ്ടപ്പെടുന്നു. ബേബി ഫുഡ് കഴിക്കുന്ന കുഞ്ഞുങ്ങൾ പിൽക്കാലത്ത് പൊണ്ണത്തടിയന്മാരായി വളരാനും സാധ്യതയുണ്ട്. കഴിവതും നേരത്തെ തന്നെ കുഞ്ഞുങ്ങളെ പ്രകൃതിദത്തവും സ്വാഭാവികവുമായ ഭക്ഷണരീതികളോടു പൊരുത്തപ്പെടുത്തുകയാണ് വേണ്ടതെന്നാണ് ഗവേഷകരുടെ വാദം.

ശ്രദ്ധിക്കൂ ചില കാര്യങ്ങള്‍...

ജോലി സംബന്ധമായ സമ്മര്‍ദ്ദങ്ങള്‍ ഇന്ന് നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുന്നു. ഇത് കാരണം ജീവിതത്തിന്‍റെ താളം നഷ്ടപ്പെടുവാനും ഭാവിയില്‍ ചിലപ്പോള്‍ പലവിധ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യതകളും ഏറെയാണ്‌. ഇതിനെ ഫലപ്രദമായി പ്രധിരോധിക്കുവാന്‍ ഉതകുന്ന ചില എളുപ്പ മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

നല്‍കാം ശുഭപ്രതീക്ഷകള്‍

നെഗറ്റീവ് ചിന്തകളില്‍ നിന്നും നിങ്ങള്‍ സ്വയം മോചിതരാകുക. ഇത്തരം ചിന്തകള്‍ നിങ്ങളെ മാനസിക പിരിമുറുക്കങ്ങളില്‍ അകപ്പെടുത്തുന്നു. അതിനാല്‍ എപ്പോഴും നല്ല കാര്യങ്ങള്‍ ചിന്തിക്കുക. ഇതിനുതകുന്ന ധാരാളം സ്ട്രെസ്സ് റിലീസിംഗ് ട്രെയിനിംഗ് പ്രോഗ്രാമുകള്‍ ഇന്ന് സാധാരണമാണ്.

കേള്‍ക്കാം ഇമ്പമുള്ള പാട്ടുകള്‍

നിങ്ങള്‍ സ്ട്രെസ്സ് അനുഭവിക്കുന്നുണ്ടെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഇമ്പമാര്‍ന്ന പാടുകള്‍ കേള്‍ക്കുക. മനസ്സ് ശാന്തമാക്കാന്‍ പാട്ടിനേക്കാള്‍ ശക്തിയുള്ള വേറൊരു മരുന്നുമില്ല.

തുറന്നു പറയാം ഇഷ്ടങ്ങള്‍

അഭിപ്രായങ്ങളും മറ്റും മടി കൂടാതെ തുറന്നു പറയുക. ജോലി സംബന്ധമായി പലതരം ചര്‍ച്ചകള്‍ നടക്കാറുണ്ട് അപ്പോഴെല്ലാം നിങ്ങളുടെ ആശയങ്ങള്‍ തുറന്നു പറയുവാന്‍ ശ്രമിക്കുക. അതുപോലെ കൂടെ ജോലി ചെയ്യുന്നവരുടെ പെരുമാറ്റത്തിലോ മറ്റോ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ അത് പറയുവാന്‍ ഒരിക്കലും മടിക്കരുത്. മനസ്സില്‍ വെച്ചുകൊണ്ടിരുന്ന് സമ്മര്‍ദ്ദം അനുഭവിക്കുന്നതിലും നല്ലതല്ലേ തുറന്നു പറയുന്നത്? തുറന്നു സംസാരിക്കാതെ മാറ്റങ്ങള്‍ സംഭവിക്കുകയുമില്ലല്ലോ. എന്നുകരുതി മേലുദ്യോഗസ്ഥരോടോ മറ്റോ തട്ടിക്കയറുക, ദേഷ്യപ്പെടുക തുടങ്ങിയ അനാവശ്യമായ സംസാരങ്ങളില്‍ ഏര്‍പ്പെടുന്നത് ഉചിതമല്ല. കാരണം അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് ജോലി തന്നെ നഷ്ടമാകാന്‍ കാരണമായേക്കാം

നിയന്ത്രിക്കാം സമയത്തെ

സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങള്‍ക്കുതകുന്നത് പോലെ സമയം ഓരോ കാര്യത്തിന് വേണ്ടിയും നീക്കി വെക്കുക. സമയമനുസരിച്ച് എന്തെല്ലാം ഒരു ദിവസം ചെയ്യണമെന്നു ലിസ്റ്റ് തയ്യാറാക്കുന്നത് ഉചിതം. ഇതില്‍ പ്രാധാന്യമനുസരിച്ച് തയ്യാറാക്കുക.

ഒഴിവാക്കാം അനാവശ്യ ചര്‍ച്ചകള്‍

സമ്മര്‍ദ്ദത്തിലേക്ക് വഴി വെക്കുന്ന ആവശ്യമില്ലാത്ത ചര്‍ച്ചകള്‍ പരമാവധി ഒഴിവാക്കണം.

സാഹചര്യത്തിനൊപ്പം മാറുക

സാഹചര്യത്തിനൊത്ത് ഉയര്‍ന്ന്‍ ഏതു കാര്യവും നന്നായി കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ഓരോ കാര്യത്തിനോടും ഉള്ള നമ്മളുടെ സമീപനം ക്രിയാത്മകമായിരിക്കുവാന്‍ ശ്രദ്ധിക്കുക.

ടേക്ക് എ ബ്രേക്ക്‌!

വ്യായാമവും, യോഗയും മറ്റും ചെയ്യുക. ജോലിക്കിടെ ചായ ഭക്ഷണം എന്നിവ കഴിക്കുവാന്‍ മറക്കരുത്. ഇതെല്ലാം സ്ട്രെസ്സ് മാറ്റാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

ഇതോടൊപ്പം ആത്മവിശ്വാസവും, ആത്മ നിയന്ത്രണവും, നിങ്ങള്‍ക്കുണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ തമാശകള്‍ പറയുന്നതും കേള്‍ക്കുന്നതുമെല്ലാം സമ്മര്‍ദ്ദം കുറയ്ക്കുന്നു. സ്ട്രെസ്സ് കുറച്ച് ജീവിതം ആസ്വദിക്കൂ!

മൈഗ്രേയ്‌നെ നേരിടാൻ മീനും ഇഞ്ചിയും

വെറും തലവേദന ആണോ എന്നു ചോദിച്ചാൽ അല്ല. 24 മുതൽ 48 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന തലവേദനയാണു ചെന്നിക്കുത്ത് അഥവാ മൈഗ്രേൻ. തലച്ചോറിലേക്കുള്ള രക്തചംക്രമണവും രാസപ്രവർത്തനങ്ങളും വ്യത്യാസപ്പെടുമ്പോഴാണു പ്രധാനമായും മൈഗ്രേൻ ഉണ്ടാകുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളും മൈഗ്രേൻ ഉണ്ടാക്കാമെന്നു ഗവേഷണങ്ങൾ പറയുന്നു. എല്ലാവരിലും ഭക്ഷണം മൈഗ്രേൻ ഉണ്ടാക്കുമെന്നു കരുതരുത്. ഭക്ഷണം എന്ന ഒരൊറ്റ ഘടകം കൊണ്ടു മാത്രം മൈഗ്രേൻ വരാമെന്നതും തെറ്റായ ധാരണയാണ്. ചിലർ ജനിതകമായിത്തന്നെ മൈഗ്രേൻ വരാൻ സാധ്യത കൂടുതലുള്ളവരായിരിക്കും. ഇത്തരക്കാരിൽ ചില പ്രത്യേക ഭക്ഷണങ്ങൾ മൈഗ്രേനു കാരണമാകാം.

ഭക്ഷണവും മൈഗ്രേനും

ഭക്ഷണം എങ്ങനെയാണു മൈഗ്രേനുണ്ടാക്കുന്നത് എന്നു നോക്കാം. ഭക്ഷണപദാർഥങ്ങളിലെ നൈട്രേറ്റ്, ടൈറമിൻ പോലുള്ള രാസഘടകങ്ങൾ ജനിതകപരമായി തലവേദന സാധ്യതയുള്ള ഗ്രൂപ്പിൽ പെട്ടവരുടെ രക്ത—നാഡീ കോശങ്ങളെ ഉത്തേജിപ്പിച്ചാണു തലവേദനയുണ്ടാക്കുന്നത്. ചിലരിൽ ഭക്ഷണത്തിലെ രാസഘടകങ്ങളുടെ പ്രവർത്തനം മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തചംക്രമണം തടസപ്പെടുകയും ചെയ്യും. ഇതുകൊണ്ടാണു ചിലരിൽ മൈഗ്രേനോടനുബന്ധിച്ചു കാഴ്ചക്കുറവു വരുന്നത്. തലച്ചോറിനു പുറമെയുള്ള രക്തക്കുഴലുകൾ വികസിച്ചു വീങ്ങുമ്പോഴാണ് അസഹ്യമായ വേദന അനുഭവപ്പെടുക.

ഏറ്റവും രസകരമായ വസ്തുത, നമ്മൾ നിത്യജീവിതത്തിൽ സാധാരണ ഉപയോഗിക്കുന്ന ചോക്ലേറ്റ്, വൈൻ തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം ഇത്തരം മൈഗ്രേൻ ഉത്തേജക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ചില ഭക്ഷണങ്ങളെ അലർജനുകളായി ശരീരം കരുതി പ്രവർത്തിക്കുമ്പോഴാണു തലവേദനയുണ്ടാകുന്നതെന്നാണു ചില ഗവേഷകരുടെ മതം. അതായതു രാസപദാർഥം അടങ്ങിയിട്ടില്ലാത്ത ഭക്ഷണവും തലവേദന ഉണ്ടാക്കാം.

ചെന്നിക്കുത്തിന് ഇഞ്ചി

നാട്ടുപ്രയോഗം എന്നതു മാത്രമല്ല ഇഞ്ചിയുടെ പ്രസക്തി. മൈഗ്രേനും മറ്റു തലവേദനകളും കുറയ്ക്കാൻ ഇഞ്ചിക്കു കഴിയുമെന്നതിനു നിരവധി പഠനങ്ങളുടെ പിൻബലമുണ്ട്. പാകപ്പെടുത്താത്ത ഇഞ്ചി ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവരിൽ മൈഗ്രേൻ വരുന്ന തവണകളും വേദനയുടെ തീവ്രതയും കുറഞ്ഞതായി കണ്ടത്തിയത്രെ. പഠനങ്ങളനുസരിച്ചു വേദനാസംഹാരിയായ ആസ്പിരിനോടു സമാനമായ പ്രവർത്തനമാണു ഇഞ്ചിയുടേത്. വേദനയ്ക്കും വീക്കത്തിനും  കാരണമാകുന്ന ഹോർമോൺ സമാന പദാർത്ഥങ്ങളായി പ്രോസ്റ്റാഗ്ലാൻഡിനുകളെ തടഞ്ഞാണ് ഇഞ്ചി മൈഗ്രേൻ കുറയ്ക്കുക.

മീനും മൈഗ്രേനും

മൈഗ്രേൻ പ്രതിരോധിക്കാൻ മീൻ സഹായിക്കും. അയല, മത്തി പോലുള്ള കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങൾ ദിവസേന കഴിക്കുന്നത് മൈഗ്രേൻ തവണകൾ കുറയ്ക്കുമെന്നു ഗവേഷണങ്ങൾ പറയുന്നു. മീൻ മാത്രമല്ല, മീനെണ്ണയും മൈഗ്രേനിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ട്.

കടുത്ത മൈഗ്രേൻ രോഗികൾക്ക് ആറാഴ്ച മീനെണ്ണ ഗുളികകൾ നൽകിയപ്പോൾ അവരിൽ 60 ശതമാനം പേരിലും ശമനമുണ്ടായതായി സിൻസിനാറ്റി മെഡിക്കൽ കോളജിൽ നടത്തിയ പരീക്ഷണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ദിവസവു 20 ഗ്രാം വീതം മീനെണ്ണ അടങ്ങിയ ഗുളികകൾ കഴിക്കുന്നതു ചില മൈഗ്രേൻ രോഗികൾക്കു ആശ്വാസം നൽകുന്നതായി കാണുന്നു.

അന്നജം കൂട്ടാം

ധാരാളം ബീകോംപ്ലക്സും പഞ്ചസാരയും അന്നജവും മൈഗ്രേനിന് ആശ്വാസം നൽകുന്നുണ്ട്. ആപ്പിൾ, ചെറിപച്ചമുന്തിരി എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവു ഉയർത്തി മൈഗ്രേൻ കുറയ്ക്കും. ഇത്തരം പഴങ്ങൾ ഉച്ചഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണു നല്ലത്. തണ്ണിമത്തൻ സത്ത് തണുപ്പിക്കാതെ കുടിക്കുന്നതും നല്ലതാണ്.

വേണം പ്രോട്ടീൻ

രക്തത്തിലെ പഞ്ചസാരയുടെ നില കുറയുന്നതു മൈഗ്രേൻ തലവേദനയ്ക്കു കാരണമാകുമെന്നു പറയാറുണ്ട്. ചിക്കൻ പോലുള്ള കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാതെ നിലനിർത്തും. മുട്ട, ബീഫ്, പയറുവർഗങ്ങൾ എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തുന്നതും ഗുണം ചെയ്യും.

ചിലരിൽ മൈഗ്രേൻ വരുന്നതിനു മുമ്പോ ശേഷമോ മഗ്നീഷ്യത്തിന്റെ നില താഴുന്നതായി കാണാറുണ്ട്. അതുകൊണ്ടു മഗ്നീഷ്യം അടങ്ങിയ ബ്രെഡ്, ഉരുളക്കിഴങ്ങ്, പാൽ തുടങ്ങിയവ കഴിക്കുന്നതും മൈഗ്രേൻ കുറയ്ക്കും.

മൈഗ്രേൻ ഉണ്ടാക്കുന്ന ഭക്ഷണം

എല്ലാ ഭക്ഷണങ്ങളും മൈഗ്രേൻ ഉണ്ടാക്കുകയില്ല. അതുകൊണ്ടു തന്നെ ഏതു ഭക്ഷണമാണു പ്രശ്നമാകുന്നതെന്നു തിരിച്ചറിഞ്ഞു ഒഴിവാക്കണം.

സാധാരണയായി കാപ്പി, ചായ, കോള തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ, ചോക്ലേറ്റ്, അണ്ടിപ്പരിപ്പുകൾ, ആൽക്കഹോൾ, പൈൻആപ്പിൾ, ഓറഞ്ച്, പഴുത്ത മുന്തിരി, നാരങ്ങ, ഉള്ളി, ബീൻസ് മുതലായ പച്ചക്കറികൾ, ചിലതരം ബ്രെഡുകൾ കൃത്രിമമധുരം എന്നിവ പൊതുവെ മൈഗ്രേനും തലവേദനയും ഉണ്ടാക്കാൻ സാധ്യതയുള്ള ഭക്ഷണങ്ങളാണ്. ഇവ ഒരു മാസത്തേയ്ക്ക് ഒഴിവാക്കുക.

പതിവായി കാപ്പി, ചായ പോലുള്ള കഫീൻ പാനീയങ്ങൾ കുടിയ്ക്കുന്നവർ രണ്ടാഴ്ചത്തേയ്ക്കു നിർത്തുക.

തലവേദന കുറവുണ്ടെങ്കിൽ പതിയെ ഒഴിവാക്കിയ ഭക്ഷണങ്ങൾ ഓരോന്നായി കഴിച്ചു തലവേദന ഉണ്ടാകുന്നോ എന്നു നിരീക്ഷിക്കുക. ഉണ്ടെങ്കിൽ അവ ഒഴിവാക്കണം. ഭക്ഷണം കഴിച്ചു 24 മണിക്കൂർ കഴിഞ്ഞേ തലവേദന പ്രകടമാവുകയുള്ളൂ എന്നോർക്കുക.

നിത്യോപയോഗ വസ്തുക്കളിലെ രാസഘടകങ്ങള്‍

ഫാതലേറ്റ്സ്, പാരബീന്‍ തുടങ്ങിയ വസ്തുക്കള്‍ ശരീരത്തിന് ദോഷകരമാണ്. നമ്മള്‍ നിത്യവും കഴിക്കുന്നതും ഉപയോഗിക്കുന്നതുമായ വസ്തുക്കളിലൂടെ ഇവ നമ്മുടെ ശരീരത്തിലെത്തുന്നുണ്ട്. നാം അറിയാതെ അല്പം മാത്രമെങ്കിലും ഇവ നമ്മുടെ ശരീരത്തില്‍ എത്തിയാല്‍ തന്മൂലം അമിത വണ്ണം, തലച്ചോറിന് തകരാറ്, അമിതോത്സാഹം, പ്രത്യുത്പാദന തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

ഫാതലേറ്റ്സ്

എളുപ്പത്തില്‍ പാചകം ചെയ്ത് കഴിക്കാവുന്ന ഭക്ഷണപദാര്‍ത്ഥങ്ങളാണ് ഇന്ന് ഏറെ ഉപയോഗിക്കപ്പെടുന്നത്. പാക്ക് ചെയ്ത ആഹാരസാധനങ്ങളും ഇന്ന് സുലഭമാണ്. എളുപ്പത്തിന് വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരം കഴിക്കുന്നവരുണ്ട്. എന്നാല്‍ അത്തരം സാധനങ്ങള്‍ക്ക് അവ അവകാശപ്പെടുന്ന പോഷകഗുണങ്ങളൊന്നും ഉണ്ടാകണമെന്നില്ല. ആരോഗ്യവും, പണവും നഷ്ടപ്പെടാതിരിക്കാന്‍ ഇത്തരം ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ മടിക്കേണ്ടതില്ല. ശരീരത്തിന് ദോഷം ചെയ്യുന്ന ഇത്തരം ഉത്പന്നങ്ങളില്‍ ഫാതലേറ്റ്സ് എന്ന രാസഘടകം അടങ്ങിയിട്ടുണ്ടെന്നാണ്‌ ഏറ്റവും പുതിയ കണ്ടെത്തല്‍.

പ്ലാസ്റ്റിക്‌, പ്ലാസ്ടിക്കില്‍ പൊതിഞ്ഞു വരുന്ന ഭക്ഷണ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫര്‍ണിച്ചര്‍, കാര്‍ ഇന്റീരിയര്‍, വിനയില്‍ ഫ്ലോറിംഗ്, ഒട്ടിക്കാനുപയോഗിക്കുന്ന പശ, സുഗന്ധ വസ്തുക്കള്‍, ഡിറ്റര്‍ജന്‍സ്, എയര്‍ ഫ്രഷ്‌നര്‍സ് തുടങ്ങിയവയില്‍ എല്ലാം ഫാതലേറ്റ്സ് അടങ്ങിയിട്ടുണ്ട്.

പാരബീന്‍

നാം നിത്യവും ഉപയോഗിക്കുന്ന സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ചര്‍മത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന മോയ്ചറൈസറുകളിലും അടങ്ങിയിരിക്കുന്ന രാസഘടകമായ പാരബീന്‍ അര്‍ബുദത്തിനിടയാക്കുമെന്നാണ് ഏറ്റവും പുതിയ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരം വസ്തുക്കളില്‍ അണുനാശിനിയായാണ് പാരാബീന്‍ ഉപയോഗിക്കുന്നത്. എണ്‍പത്തിയഞ്ച് ശതമാനം വ്യക്തിഗത ഉത്പന്നങ്ങളിലും പാരബീന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചെറിയ അളവിലുള്ള ഉപയോഗംപോലും അര്‍ബുദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന് സമാനമായ രാസഘടനയുള്ള പാരബീന് ശരീരത്തില്‍ ഹോര്‍മോണായി പ്രവര്‍ത്തിക്കാന്‍ കഴിയും. അര്‍ബുദത്തിന് കാരണമായ കോശവളര്‍ച്ചയ്ക്ക് ഇത് ആക്കംകൂട്ടുമെന്നാണ് പഠനം പറയുന്നത്. സിറപ്പ്, ജാം, ശീതളപാനീയം, ജെല്ലി തുടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങളിലും സോപ്പ്, ഷാമ്പു, ബോഡി ലോഷന്‍, ക്ലീനര്‍, ഫൗണ്ടേഷന്‍, ലിപ്സ്റ്റിക്, മസ്‌കാര, സണ്‍സ്‌ക്രീന്‍ ലോഷന്‍ തുടങ്ങിയവയിലും ഹെയര്‍ സ്‌റ്റൈല്‍ ഉത്പന്നങ്ങളിലുമാണ് പാരബീന്‍ കൂടുതലായി കണ്ടുവരുന്നത്. കാലിഫോര്‍ണിയയില്‍ 183 പേരില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരുടെയും മൂത്രത്തില്‍ പാരബീനിന്‍റെ സാന്നിധ്യം കണ്ടെത്തി. കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളിലുമാണ് പാരബീനുകളുടെ അളവ് കൂടുതല്‍.

ചില ശീലങ്ങള്‍ വരുത്തി വെയ്ക്കുന്ന വിനകള്‍

മലയാളിയുടെ പുതിയ ശീലമാണ് പായ്ക്കറ്റുകളായി വരുന്ന വെള്ളവും മറ്റ് ശീതള പാനീയങ്ങളുടെയും ഉപയോഗം. കാർബണേറ്റഡ് ഡ്രിങ്ക്സ്, കോക്ക്, ഫിസ്സി ഡ്രിങ്ക്, പോപ്പ് ഡ്രിങ്ക്, കൂൾ ഡ്രിങ്ക് എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന സോഫ്റ്റ് ഡ്രിങ്കുകൾ ഇതില്‍ ഉള്‍പ്പെടും. യാത്രയിൽ ഒരു കുപ്പി വെള്ളമെങ്കിലും കൂടെക്കരുതുന്ന നമുക്ക് അതില്‍നിന്നുണ്ടാകുന്ന വിഷവസ്തുവിനെ അറിയാന്‍ കഴിയില്ല. സൗഹൃസദസ്സുകളിലും പാർട്ടികളിലും കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപ്പെടുന്നത് പ്ലാസ്റ്റിക് ബോട്ടിലുകളിലെ നിറമുള്ള പാനീയങ്ങളുടെ ലഹരിയാണ്. ഈ സോഫ്റ്റ് ഡ്രിങ്കുകൾ വരുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? നമ്മള്‍ അറിയാത്ത ചില പിന്നാമ്പുറ രഹസ്യങ്ങള്‍ ഹീല്‍ വെല്‍നസ്സ് നിങ്ങളോട് പങ്കുവെയ്ക്കുന്നു.

ബി.പി.എ

ബിസ്‌പെനോള്‍ എ എന്നറിയപ്പെടുന്ന രാസഘടകം ടിന്നില്‍ അടച്ച് വരുന്ന മിക്ക ഭക്ഷണപദാര്‍ഥങ്ങളിലും അടങ്ങിയിട്ടുണ്ട്. കോള ഉത്പ്പന്നങ്ങള്‍, കവര്‍പാല്‍, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവയില്‍ ബി.പി.എയുടെ അംശം അടങ്ങിയിരിക്കുന്നു. കവര്‍പാലില്‍ ബിസ്‌പെനോളിന്‍റെ അംശം ചെറിയതോതില്‍ കലരുന്നുണ്ട്. പ്ലാസ്റ്റിക്കില്‍ നിന്നാണ് ഇവ പാലില്‍ കടക്കുന്നത്. ഇത് സ്ത്രീകളുടെ ബീജത്തിന്‍റെ ഉത്പാദനത്തെ തടയുന്നു. സ്ത്രീകളുടെ അണ്ഡോത്പാദനത്തെയും ബാധിക്കുന്നതിനാല്‍ വന്ധ്യതയ്ക്ക് വരെ സാധ്യതയുണ്ട്.

ട്രൈക്ളോസാന്‍

വായിലെ ബാക്റ്റീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം കുറയ്ക്കുന്നു എന്ന വാദവുമായി വിപണിയില്‍ എത്തുന്ന പല ടൂത്ത്‌പേസ്റ്റുകളിലും അപകടം പതിയിരിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് എത്രപേര്‍ക്കറിയാം? കൈകഴുകാന്‍ ഉപയോഗിക്കുന്ന ദ്രവസോപ്പുകളിലും, പാത്രം കഴുകുന്ന ദ്രാവകങ്ങളിലും, തറ കഴുകുന്ന ദ്രാവകങ്ങളിലും കണ്ടുവരുന്ന ക്ലോറോഫിനോള്‍ വര്‍ഗ്ഗത്തില്‍ പെടുന്ന ട്രൈക്ളോസാന്‍ എന്ന രാസവസ്തുവാണ് ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ട്രൈക്ളോസാന്‍ മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണെന്ന സംശയത്താല്‍ ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ അതിന്‍റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഉപയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.

മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ട്രൈക്ളോസാന്‍ അന്തര്‍ഗ്രന്ഥിശ്രവങ്ങളെ മാറ്റിമറിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം കാംക്ഷിക്കുന്നവര്‍ ഇത്തരം ഉത്പന്നങ്ങള്‍ സ്വമേധയാ വര്‍ജിക്കുക. ടൂത്ത്‌പേസ്റ്റ്‌, സോപ്പുകള്‍ ഇവ വാങ്ങുമ്പോള്‍ അവയിലെ ചേരുവകളില്‍ ട്രൈക്ളോസാന്‍ ഉണ്ടോ എന്ന് പരിശോധിച്ചുറപ്പാക്കുക.

4-നോനില്‍ ഫിനോള്‍

4-നോനില്‍ ഫിനോള്‍ ഒരുതരം രാസഘടകമാണ്. അന്തസ്രാവി ഗ്രന്ഥികളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന ഈ വിഷരാസഘടകം അലക്ക് സോപ്പുകള്‍, ഡിറ്റര്‍ജന്ടുകള്‍, കാര്‍പെറ്റ് ക്ലീനറുകള്‍, ഡ്രൈക്ലീനിംഗ്, കോസ്മെറ്റിക്സ്‌, പെയിന്‍റുകള്‍ തുടങ്ങിയവയില്‍ നിന്നുണ്ടാകുന്നതാണ്.

ഓര്‍ഗാനോ ഫോസ്ഫേറ്റ്സ് എന്ന വില്ലന്‍

വിപണിയില്‍ വില്പനയ്ക്കെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും അമിതമായ തോതില്‍ കീടനാശിനിയുടെ അംശങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, അത് വാങ്ങാതിരിക്കാന്‍ നമുക്ക് ആകുമോ? ഒരു ശരാശരി മലയാളിയുടെ നിത്യജീവിതത്തില്‍ പച്ചക്കറികളോ മീനോ ഇല്ലാതെ ആഹാരമൊരുക്കാന്‍ കഴിയില്ല. എന്നാല്‍ അതിര്‍ത്തി കടന്നെത്തുന്ന ഈ പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന വിഷാംശം നമ്മില്‍ മാരക രോഗങ്ങള്‍ വരുത്തുമെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. ആരോഗ്യത്തിന് ഹാനികരമായ അളവിലാണ് പഴങ്ങളിലും പച്ചക്കറികളിലും കീടനാശിനി ഉപയോഗിച്ചിരിക്കുന്നത്.

പച്ചക്കറികളില്‍ കീടനാശിനിയുടെ അംശമുണ്ടെന്ന പരാതികള്‍ നിരന്തരം ഉണ്ടെങ്കിലും അവ വരുത്തിവെയ്ക്കുന്ന ഭവിഷ്യത്ത് എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ചില പ്രധാന പഴങ്ങളും പച്ചക്കറികളും പരിശോധനയ്ക്കായി തിരഞ്ഞെടുത്തപ്പോള്‍ അതില്‍ ഉയര്‍ന്ന തോതില്‍ കീടനാശിനിയുണ്ടെന്ന് കണ്ടെത്തി. ഓര്‍ഗാനോ കോളറോ, കാര്‍ബോഫുറാന്‍, ഓര്‍ഗാനോ ഫോസ്ഫേറ്റ്സ് തുടങ്ങിയ കീടനാശിനികളാണ് ഇവയില്‍ കണ്ടത്. നിയമപ്രകാരം പഴങ്ങളിലും പച്ചക്കറികളിലും ഇവ ഉപയോഗിക്കാമെങ്കിലും അനുവദനീയമായ പരിധിക്ക് മുകളിലും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമായി. അതില്‍ ഓര്‍ഗാനോ ഫോസ്ഫേറ്റ്സ് എന്ന കീടനാശിനി നമ്മുടെ ശരീത്തില്‍ ഗുരുതരമായ പ്രതാഘാതങ്ങളുണ്ടാക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഹരിതവിപ്ലവത്തിന്‍റെ ചുവടുപിടിച്ച് ഉല്‍പാദനവര്‍ധനവ് എന്ന ആശയം കാര്‍ഷികശാസ്ത്രഞ്ജരില്‍ സജീവമായപ്പോഴാണ് തോട്ടങ്ങളിലും പാടങ്ങളിലും കീടനാശിനിപ്രയോഗം എന്ന ആശയം ഉടലെടുക്കുന്നത്. കന്യാനിലങ്ങളില്‍ രാസവളമിട്ടും കീടങ്ങളെയും പ്രാണികളെയും കളകളെയും തുരത്താന്‍ നിര്‍ബാധം കീടനാശിനി പ്രയോഗിച്ചും കാര്‍ഷികശാസ്ത്രഞ്ജര്‍ ഉല്‍പാദനവര്‍ധനവ് എന്ന ലക്ഷ്യത്തിലേക്ക് കുതിച്ചു. അതില്‍ പ്രധാനമായിരുന്നു ഓര്‍ഗാനോ ഫോസ്ഫേറ്റ്സ് എന്ന കീടനാശിനി. നാഡീവ്യൂഹത്തെ കാര്യമായി ബാധിക്കുന്ന വിഷമാണിവ. മാലത്തിയോണ്‍ എന്ന പ്രാണിനാശിനിയാണ് ഇതില്‍ മുഖ്യം. ഫെനിട്രോത്തിയോണ്‍, മാലത്തിയോണ്‍, പാരത്തിയോണ്‍ എന്നിവയും ഈ വിഭാഗത്തില്‍പ്പെടും.

ഛര്‍ദ്ദി, തലവേദന, തല ചുറ്റല്‍, പേശികള്‍ വലിഞ്ഞു മുറുകല്‍, അതിസാരം, ആസ്ത്മ, ശ്വാസംമുട്ടല്‍, പ്രതിരോധശേഷിയെ തകര്‍ക്കുന്ന അവസ്ഥ ഇവയൊക്കെ ഓര്‍ഗാനോ ഫോസ്ഫേറ്റ്സ്കൊണ്ട് ഉണ്ടാകുന്ന രോഗാവസ്ഥകളാണ്.

അലര്‍ജിയുടെ വഴികള്‍

 

ആരോഗ്യം ശ്രദ്ധിക്കാംവൈറസ്, ബാക്ടീരിയ പോലെയുള്ള സൂക്ഷ്മ ജീവികള്‍ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുമ്പോഴാണ് സാധാരണയായി നമുക്ക് രോഗങ്ങള്‍ വരുന്നത്. ദോഷകരമെന്ന് ശരീരം കരുതുന്ന ഏതു വസ്തുവുമായി ബന്ധപ്പെടുമ്പോഴും ശരീരത്തിലെ ശ്വേതരക്താണുക്കള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഇവ അലര്‍ജന്റ്‌സിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കുന്നു. ഇങ്ങനെ അലര്‍ജന്റ്‌സും ആന്റിബോഡിയും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ചില രാസവസ്തുക്കളും സൃഷ്ടിക്കപ്പെടും. ഇവയാണ് മീഡിയേറ്റേഴ്‌സ്. ഇവയാണ് ശരീരത്തില്‍ തടിപ്പ് പോലെ കാണുന്ന അലര്‍ജിലക്ഷണങ്ങള്‍ക്ക് കാരണം.

അലര്‍ജന്റ്‌സിന്‍റെ സാന്നിധ്യത്തില്‍ ശരീരം ആന്റിബോഡീസ് ഉല്‍പാദിപ്പിക്കും. ഓരോ ആന്റിജന്‍സ് അല്ലെങ്കില്‍ അലര്‍ജന്റ്‌സിന് വേണ്ടിയും ശരീരം ഓരോ തരം ആന്റിബോഡിയാണ് ഉല്‍പാദിപ്പിക്കുന്നത്. ഇതിനെ കൈകാര്യം ചെയ്യാന്‍ ശരീരം തയ്യാറെടുത്തിട്ടുണ്ടാവും. അലര്‍ജന്റ്‌സിനെ തിരിച്ചറിയുമ്പോള്‍ തന്നെ ശരീരം ആന്റിബോഡി ഉല്‍പാദിപ്പിക്കും. അലര്‍ജി എന്ന അവസ്ഥയ്ക്ക് കാരണം ഇതാണ്.

കാരണങ്ങള്‍

അലര്‍ജിയ്ക്ക് പല കാരണങ്ങളുമുണ്ട്. അതില്‍ പ്രധാനം പാരമ്പര്യം തന്നെയാണ്. മാതാപിതാക്കളില്‍ ഒരാള്‍ക്ക് അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്കും അലര്‍ജിയുണ്ടാകാന്‍ 50 ശതമാനം സാധ്യതയുണ്ട്. രണ്ടുപേര്‍ക്കും അലര്‍ജിയുണ്ടെങ്കില്‍ കുട്ടിയ്ക്ക് വരാനുള്ള സാധ്യത 75 ശതമാനമാണ്. പാരമ്പര്യമായി അലര്‍ജിയുള്ളവര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുമ്പോള്‍ തന്നെ ചികിത്സ തേടേണ്ടതാണ്.

മാറിയ ജീവിതശൈലികളും സാഹചര്യങ്ങളും അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ജങ്ക് ഫുഡിന്‍റെയും മായം കലര്‍ന്ന ഭക്ഷണത്തിന്‍റെയും ഉപയോഗം അലര്‍ജിയുടെ സാധ്യത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പല ഭക്ഷണങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന വസ്തുക്കള്‍ അലര്‍ജിയ്ക്ക് കാരണമാകുന്നുണ്ട്. ചെറിയ പ്രായത്തില്‍ അമിതമായി ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വരുന്നവരില്‍ അലര്‍ജിയ്ക്കുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ജനിച്ച ആറ് മാസത്തിനുള്ളില്‍ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടി വന്നവരില്‍ അലര്‍ജി വരാനുള്ള സാധ്യത അമ്പതു ശതമാനത്തിലധികമാണ്.

ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുമ്പോഴും അലര്‍ജി വരാനുള്ള സാധ്യത വര്‍ദ്ധിക്കും. ഭക്ഷണം കഴിക്കാതിരിക്കുക, കൂടുതല്‍ നിയന്ത്രിക്കുക, ഗര്‍ഭകാലത്തെ പോഷകാഹാരക്കുറവ്, അമിതമായ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ പ്രതിരോധ ശേഷി കുറയാന്‍ സാധ്യത വളരെയാണ്. അപ്പോഴും അലര്‍ജിയ്ക്ക് സാധ്യത വര്‍ദ്ധിക്കും. ആഗോളതാപനവും അലര്‍ജിസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനങ്ങളില്‍ തെളിയുന്നു. ഉയര്‍ന്ന താപനിലയും അപ്രതീക്ഷിത മഴയുമാണ് പ്രധാന കാരണങ്ങള്‍.

കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍

അലര്‍ജി കണ്ടെത്താന്‍ ഇന്ന് പലവിധ ടെസ്റ്റുകളുണ്ട്. ഏതൊക്കെ വസ്തുക്കളോടാണ് ശരീരം അമിതമായി പ്രതികരിക്കുന്നതെന്ന് കണ്ടെത്താനുള്ള ടെസ്റ്റുകളാണ് അലര്‍ജി സ്‌കിന്‍ ടെസ്റ്റ്. രക്തപരിശോധനയിലൂടെയും അലര്‍ജന്റ്‌സിനെ കണ്ടെത്താം. എന്നാല്‍ സ്‌കിന്‍ ടെസ്റ്റിന്‍റെ അത്ര കൃത്യമാവില്ല ഇത്. തൊലിപ്പുറത്തുള്ള അലര്‍ജിയുടെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്‌കിന്‍ പാച്ച് ടെസ്റ്റ് സഹായിക്കും.

ഒഴിവാക്കാന്‍ എന്തു ചെയ്യണം?

അലര്‍ജി പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്നും പരമാവധി ഒഴിഞ്ഞു നില്‍ക്കുക എന്നതാണ് വഴി. എങ്കിലും ചില കാര്യങ്ങളില്‍ നാം കരുതലെടുത്താല്‍ ഇവ ഒരുപരിധിവരെ ഒഴിവാക്കാം.

1. കുഞ്ഞുങ്ങള്‍ക്ക് ആറുമാസം വരെ നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം.

2. പൊടി അടിഞ്ഞുകൂടാന്‍ സാധ്യതയുള്ളവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കാര്‍പ്പറ്റ്, ചവിട്ടുമെത്ത എന്നിവ വൃത്തിയായി സൂക്ഷിക്കുക

3. വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഗ്ലാസ് ഉയര്‍ത്തി വെയ്ക്കുകയും പൊടി ശ്വസിക്കാതെ ശ്രദ്ധിക്കുകയും ചെയ്യുക.

4. ബാത്‌റൂം പോലെ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നനവില്ലാതെ സൂക്ഷിക്കാന്‍ ശ്രമിക്കുക.

5. കൃത്രിമഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. പ്രകൃതിദത്ത ആഹാരങ്ങള്‍ ശീലമാക്കുക.

6. അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ നിന്നും വസ്തുക്കളില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തുക.

7. അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുക.

8. സിഗററ്റ് പുക ശ്വസിക്കരുത്. പുകയിലുള്ള ടോക്‌സിക് കെമിക്കല്‍സ് അലര്‍ജി വര്‍ദ്ധിപ്പിക്കും.

പെണ്ണിനെ പെണ്ണാക്കും ഈസ്ട്രജന്‍

സ്ത്രീകള്‍ക്ക് സ്‌ത്രൈണത നല്‍കുന്ന ഹോര്‍മോണാണ് ഈസ്ട്രജന്‍. സ്ത്രീകളില്‍ കൂടിയ അളവിലും പുരുഷന്മാരില്‍ കുറഞ്ഞ അളവിലും ഇത് കാണപ്പെടുന്നു. സ്തനഭംഗി, നിതംബഭംഗി, മൃദുലമായ ശരീരം, ചര്‍മത്തിളക്കം എന്നിവ നല്‍കുന്നതില്‍ ഈസ്ട്രജന് പ്രധാന പങ്കുണ്ട്. സുഖകരമായ ലൈംഗികതക്കും ഈസ്ട്രജന്‍ അത്യാവശ്യമാണ്. മെനോപോസിനോടനുബന്ധിച്ച് (ആര്‍ത്തവവിരാമം) സ്ത്രീകളില്‍ ഈസ്ട്രജന്‍ അളവ് കുറയുന്നത് സാധാരണമാണ്. ഇതാണ് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ കുറഞ്ഞ പ്രായത്തിലുള്ള സ്ത്രീകളിലും ചിലപ്പോള്‍ ഈസ്ട്രജന്‍റെ കുറവ് അനുഭവപ്പെടും. ഈസ്ട്രജന്‍ കുറവിന് ശരീരം പല ലക്ഷണങ്ങളും കാണിക്കും.

ആര്‍ത്തവവിരാമം അഥവാ മെനോപോസ് സംഭവിയ്ക്കുന്നതാണ് ഈസ്ട്രജന്‍ കുറവിന്‍റെ ഒരു ലക്ഷണം. ഇതോടനുബന്ധിച്ച് ശരീരത്തിന് അകാരണമായ ചൂട് അനുഭവപ്പെടുകയും വിയര്‍ക്കുകയും ഹൃദയമിടിപ്പില്‍ വര്‍ദ്ധന വരികയും ചെയ്യും. എപ്പോഴും ശരീരത്തിന് തളര്‍ച്ച തോന്നുക, രാത്രിയില്‍ ശരിയായി ഉറക്കം ലഭിയ്ക്കാതിരിയ്ക്കുക എന്നിവ ഈസ്ട്രജന്‍ കുറവിന്‍റെ മറ്റൊരു ലക്ഷണമാണ്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുമ്പോള്‍ സ്ത്രീകള്‍ക്ക് പെട്ടെന്നു തടി വര്‍ദ്ധിയ്ക്കാറുമുണ്ട്. ചര്‍മത്തിലും വജൈനയിലും വരള്‍ച്ചയനുഭവപ്പെടുക, ലൈംഗികതാല്‍പര്യങ്ങള്‍ കുറയുക, ലൈംഗികബന്ധം വേദനാജനകമാകുക, വജൈനല്‍ അണുബാധ എന്നിവയും ഈസ്ട്രജന്‍ കുറവിന്‍റെ ലക്ഷണങ്ങളാണ്. ഈസ്ട്രജന്‍ കുറവ് യോനീസ്രവ ഉല്‍പാദത്തിന്‍റെ കുറവിന് കാരണമാകുന്നതിനാലാണിത്.

ഈസ്ട്രജന്‍ കുറയുമ്പോള്‍ എല്ലുകളിലെ കാല്‍സ്യത്തിന്‍റെ അളവും കുറയും. ഇത് സന്ധിവേദനയ്ക്കും ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ക്കും വഴിയൊരുക്കും. ഹോര്‍മോണ്‍ വ്യതിയാനം സ്ത്രീകളില്‍ മൂഡ് മാറാന്‍ കാരണമാകും. ഇത് ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ആര്‍ത്തവ ക്രമക്കേട്, സ്ത്രീ ശരീരത്തില്‍ രോമവളര്‍ച്ച ത്വരിതപ്പെടുക എന്നിവയും ഈസ്ട്രജന്‍ കുറവിന്‍റെ ലക്ഷണങ്ങളാവാം. ചര്‍മത്തിന്‍റെ മൃദുത്വവും തിളക്കവും കുറയുകയും ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ശ്രദ്ധിക്കാം അസ്ഥിക്ഷയം

യൗവ്വനത്തില്‍ നിന്ന് വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുന്നതിനനുസരിച്ച് നമ്മുടെ ശരീരം പല മാറ്റങ്ങള്‍ക്കും വിധേയമാകും. അതില്‍ വളരെ പ്രധാനമായ ഒന്നാണ് അസ്ഥികളുടെ കട്ടി കുറഞ്ഞുവരികയും ബലം കുറയുകയും ചെയ്യുക എന്നത്. മെഡിക്കല്‍ സയന്‍സ് ഇതിനെ 'അസ്ഥിക്ഷയം' (Osteoporosis) എന്നാണ് പറയുന്നത്. ഇന്ത്യയിലെ സ്ത്രീകളില്‍ അന്‍പത് ശതമാനം പേര്‍ക്കും പുരുഷന്മാരില്‍ മുപ്പത്തിയാറ് ശതമാനം പേര്‍ക്കും അസ്ഥിക്ഷയം വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അസ്ഥിക്ഷയം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവ വിരാമമെത്തിയ സ്ത്രീകള്‍ക്കാണെന്ന് ചില പഠനങ്ങളില്‍ വ്യക്തമാണ്.

‘സുഷിരമുള്ള എല്ലുകള്‍ ഉള്ള അവസ്ഥ’ എന്നാണ് ഓസ്റ്റിയോ പോറോസിസ് എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ആരോഗ്യാവസ്ഥയില്‍ ഒരാളില്‍ എല്ലുകളുടെ സുഷിരങ്ങള്‍ ചെറുതും ഭിത്തികള്‍ കട്ടിയുള്ളവയുമായിരിക്കും. എന്നാല്‍, അസ്ഥിക്ഷയം ബാധിക്കുന്നതോടെ സുഷിരങ്ങള്‍ വലുതായി ഭിത്തികളുടെ കനം കുറയും. എല്ലുകളുടെ കരുത്തും സാന്ദ്രതയും കുറയുന്നതിനെത്തുടര്‍ന്ന് വളരെ പെട്ടെന്ന് അസ്ഥികള്‍ ഒടിയും. ഇതാണ് പ്രധാന രോഗലക്ഷണം. ഇത് ഗുരുതരമാകുന്നതോടെ ചെറിയ വീഴ്ചകള്‍ കൊണ്ടുപോലും എല്ലുകള്‍ പൊട്ടാനിടവരുന്നു.

വാര്‍ദ്ധക്യസംബന്ധമായി ഉണ്ടാവുന്ന അസ്ഥിക്ഷയവും 60-70 വയസ്സിനു ശേഷമുണ്ടാവുന്ന അസ്ഥിക്ഷയവും സ്ത്രീ പുരുഷന്മാരില്‍ ഇന്ന് ഒരേ പോലെ കാണപ്പെടുന്നു. വര്‍ഷങ്ങളോളം ലക്ഷണങ്ങള്‍ പ്രകടമാക്കാറില്ല എന്നത് ചികിത്സയെ ബാധിക്കാറുണ്ട്. കൈകാലുകള്‍ ചെറുതായി തട്ടുകയോ മടങ്ങുകയോ ചെയ്യുക, ഭാരം ഉയര്‍ത്തുക തുടങ്ങിയ ലഘുവായ ആഘാതങ്ങളില്‍ എല്ലുകള്‍ക്കുണ്ടാകുന്ന ഒടിവുകളാണ് രോഗത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. നട്ടെല്ലിനുണ്ടാകുന്ന ചെറിയ ഒടിവുകള്‍ നടുവേദനക്കും പൊക്കക്കുറവിനും കാരണമാകാറുണ്ട്. ഇടുപ്പെല്ല്, തുടയെല്ല്, കൈക്കുഴ തുടങ്ങിയ ഭാഗങ്ങളിലും അസ്ഥിക്ഷയം മൂലം പൊട്ടലുണ്ടാകാറുണ്ട്. വയര്‍ ചാടല്‍, കൂന്, മുടികൊഴിയല്‍, പല്ലിളകിക്കൊഴിയല്‍ തുടങ്ങിയവയും അസ്ഥിക്ഷയവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നവയാണ്

അമിത വണ്ണം വരാതെ ശ്രദ്ധിക്കുക, ഭക്ഷണ നിയന്ത്രണവും വ്യായാമവും ചെയ്തുകൊണ്ട് പൊണ്ണത്തടി വരാതെ നോക്കുക, ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങളില്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ചെയ്യുക തുടങ്ങിയ പ്രക്രിയകളിലൂടെ അസ്ഥിക്ഷയത്തെ ഒരുപരിധിവരെ തടയാം. പ്രായം കൂടുന്നതിനനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ലഘു വ്യായാമങ്ങളും ശീലമാക്കുന്നത് അനിവാര്യമാണ്.

പ്രോട്ടീന്‍ കുറവ് തിരിച്ചറിയാൻ അഞ്ച് വഴികൾ

തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീൻ‍. എന്നാല്‍ പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍കൊണ്ട് ഒരു വ്യക്തിക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

മധുരത്തോടുള്ള ആസക്തി

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും ഈ കൊതി മാറില്ല. കാരണം ശരീരത്തിനാവശ്യം മധുരമല്ല പ്രോട്ടീനാണ് എന്നത് തന്നെ. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി ലഭിക്കും.

പേശി‍, സന്ധിവേദന

ഇവയ്ക്കും പ്രോട്ടീന്‍ കുറവ് കാരണമാകും. സന്ധികളില്‍ ഉള്ള സിനോവിയല്‍ ഫ്ലൂയിഡ് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്‍കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫ്ളൂയിഡിന്റെ അഭാവത്തിന് കാരണമാകും. ഫലം സന്ധിവേദന.

ക്ഷീണം

പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും-തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. അതിനാല്‍ ഉത്സാഹക്കുറവ് തോന്നുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറവിന്‍റെ ലക്ഷണമായേക്കാം.

ഉറക്കക്കുറവ്

ഉറക്കക്കുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവിന്‍റെ മറ്റു ചില ലക്ഷണങ്ങളാണ്.

പ്രോട്ടീൻ കുറവു പരിഹരിക്കാം

പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ പല തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മരുന്നുകളുമെല്ലാം ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും അത്ര സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. മാത്രമല്ല ഒന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ കുറവുകള്‍ മാറ്റാവുന്നതേയുള്ളു. ഒരു ശരാശരി പുരുഷന് ഒരു ദിവസം വേണ്ടത് 56-60 ഗ്രാം വരെ പ്രോട്ടീനാണ്. സ്ത്രീക്ക് 48-52 ഗ്രാം വരെയും. നോണ്‍ വെജിറ്റേറിയന്‍ ശീലമുള്ളവരാണെങ്കില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മാംസം കഴിക്കുക എന്നത്. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും.

ഇനി മാംസമോ മീനോ എന്നും കഴിക്കാന്‍ മടിയുള്ളവരാണെങ്കില്‍ മുട്ടയും പ്രോട്ടീന്‍ ഉള്ളിലെത്താന്‍ നല്ല ഭക്ഷണമാണ്. ഒരു മുട്ടയില്‍ എഴു ഗ്രാം വരെ പ്രോട്ടീന്‍ ഉണ്ടാകും. പക്ഷെ മുട്ട മാത്രം കഴിച്ച് ഒരു ദിവസത്തെ പ്രോട്ടീന്‍ തികയ്ക്കാന്‍ കഴിയില്ല. ചോറില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം മാത്രവും ഗോതമ്പില്‍ 10 ഗ്രാമുമാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ ഇവ കൊണ്ടും ഒരു ദിവസത്തെ പ്രോട്ടീന്‍ തികക്കാനാകില്ല.

അപ്പോള്‍ ചില ധാന്യങ്ങളുടെ സഹായം തേടാം. പ്രോട്ടീന് ഏറ്റവും മികച്ച ധാന്യം കിഡ്നി ബീന്‍സ് ആണ്. 100 ഗ്രാമില്‍ 24 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. അതായത് ഏതാണ്ട് റെഡ് മീറ്റിന് തുല്യം. പനീറാണ് മറ്റൊരു വഴി. 100 ഗ്രാമില്‍ 19 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. നിലക്കടലയും പ്രോട്ടീന്‍ ഉള്ളിലെത്താന്‍ മികച്ച ഭക്ഷണമാണ്. 26 ഗ്രാം പ്രോട്ടീനാണ് നിലക്കടലയില്‍ ഉള്ളത്. എന്നാല്‍ നിലക്കടലയില്‍ കൊഴുപ്പിന്‍റെ അംശം കൂടുതലായിരിക്കും. ഒരു ഗ്ലാസ് പാലിലും ഏതാണ്ട് 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

വിവിധ ഭക്ഷണങ്ങളിലെ പ്രോട്ടീന്‍റെ അളവ് മനസ്സിലാക്കിയ സ്ഥിതിക്ക് ഇവ ക്രമീകരിച്ച് ഒരു ദിവസത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനുള്ള മെനു തയ്യാറാക്കിക്കൊള്ളൂ. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വൈകാതെ തന്നെ മാറിക്കോളും

പുറംവേദന മാറ്റാന്‍ ചില ടിപ്‌സുകള്‍

പുറം വേദന അല്ലെങ്കില്‍ നടുവേദന മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രശ്‌നമാണ്. ഓഫീസ് ജോലി ചെയ്യുന്നവരിലാണ് ഇത് കൂടുതലായി കാണുന്നത്. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുമ്പോള്‍ പുറം വേദനയും, നടുവേദനയും വന്നില്ലെങ്കിലേ അതിശയമുള്ളൂ. പണ്ട് പ്രായം ആകുന്നതിനനുസരിച്ചായിരുന്നു ഇത്തരം രോഗങ്ങള്‍ പിടിപ്പെടുന്നത്. എന്നാല്‍ ഇന്നത് ചെറിയ പ്രായത്തില്‍ തന്നെ അനുഭവിക്കേണ്ടി വരികയാണ്. ഇവര്‍ ശരീരത്തിന് കൂടുതല്‍ ഭാരം ഏല്‍പ്പിക്കുന്നു എന്നാണ് പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടും പുറം വേദന ഉണ്ടാകുന്നുണ്ട്.

കിടപ്പ് രീതി

ശരിയല്ലാതായി മാറുമ്പോള്‍, വ്യായാമം ഇല്ലാതാകുമ്പോള്‍, സ്‌ട്രെസ്സ് കൂടുമ്പോള്‍, ടെന്‍ഷന്‍ കൂടുമ്പോള്‍ എന്നിവയൊക്കെ കാരണം പുറം വേദന ഉണ്ടാകുന്നു. എന്നാല്‍ വീട്ടില്‍ നിന്നു തന്നെ ഇത്തരം വേദനകള്‍ മാറ്റിയെടുക്കാം. നിങ്ങളുടെ ജീവിതരീതികള്‍ ചെറുതായി ഒന്നു മാറ്റാം. ചില ടിപ്‌സുകള്‍ അതിനായി പറഞ്ഞുതരാം

ശരീരത്തിന് ഏല്‍ക്കേണ്ടിവരുന്ന ഭാരം

ശരീരത്തിന് നിങ്ങള്‍ കൂടുതല്‍ ഭാരം കൊടുക്കാതിരിക്കുക. സമ്മര്‍ദ്ദം കൂടുമ്പോഴാണ് ഇത്തരം പുറം വേദനകളും നടുവേദനയും ഉണ്ടാകുന്നത്.

മസാജ്

പുറം വേദനയുള്ളവര്‍ ഗാര്‍ലിക് ഓയിലോ, യൂകാലിപ്റ്റസ് തൈലമോ ഉപയോഗിച്ച് പുറം നന്നായി മസാജ് ചെയ്യുക. ഇത് നിങ്ങളുടെ വേദന പെട്ടെന്ന് മാറ്റി തരും.

ചൂടു വെള്ളം

പുറം വേദനയുള്ളവര്‍ ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ഒഴിച്ച് കുടിക്കുക.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി നിങ്ങളുടെ ശരീരത്തില്‍ അത്യാവശ്യമാണ്. നടവേദനയുള്ളവരും ഇത് ശ്രദ്ധിക്കുക. നിങ്ങളുടെ ഡയറ്റില്‍ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക.

പുറത്ത് ചൂടു പിടിക്കാം

പുറം വേദനയുള്ളവര്‍ ചൂടു വെള്ളത്തില്‍ അല്‍പം ഉപ്പ് ഇടുക. ഒരു ടവല്‍ ഈ വെള്ളത്തില്‍ മുക്കി പുറത്ത് ചൂടു പിടിപ്പിക്കാം. ഇത് നിങ്ങള്‍ക്ക് നല്ല ആശ്വാസം തരും.

നിങ്ങളുടെ ഇരിപ്പ്

കസേരയില്‍ ഒരേ ഇരിപ്പ് ഇരിക്കുന്നതും നിങ്ങള്‍ ഒഴിവാക്കുക. ഒരേ ഭാഗം മണിക്കൂറുകളോളം ഇരിക്കുന്നതു കൊണ്ടാണ് പുറം വേദന ഉണ്ടാകുന്നത്. കുനിഞ്ഞ് ഇരിക്കാതിരിക്കുക, നിവര്‍ന്ന് ഇരിക്കണം.

നിയന്ത്രിക്കാം ആസ്‌ത്‌മയെ

ശ്വാസകോശങ്ങളെ ബാധിക്കുന്ന അസുഖമാണ് ആസ്‌ത്‌മ. കിതപ്പ് എന്ന് അര്‍ഥംവരുന്ന ഗ്രീക് വാക്കായ 'പാനോസി'ല്‍നിന്നാണ് ആസ്‌ത്‌മ എന്ന പദത്തിന്റെ ഉത്ഭവം. ശ്വാസനാളികള്‍ ചുരുങ്ങി ശ്വാസതടസ്സം അനുഭവപ്പെടുന്ന അവസ്ഥയാണ് ആസ്ത്മ എന്നു പറയാം. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു എന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായത്തിലും ആസ്ത്മ വരാം.

ആസ്‌ത്‌മയ്ക്ക് വഴിയൊരുക്കുന്ന അലര്‍ജിഘടകങ്ങള്‍ നിരവധിയാണ്. വീടിനകത്തും തൊഴിലിടങ്ങളിലും ചുറ്റുപാടുകളിലുമെല്ലാം ഇത്തരം അലര്‍ജിഘടകങ്ങള്‍ ധാരാളമുണ്ട്. ശ്വാസകോശങ്ങളെ അലര്‍ജി ബാധിക്കുന്നതോടെ ആസ്ത്മ ഉണ്ടാകുന്നു. ഒരാളില്‍ത്തന്നെ ഒന്നിലധികം അലര്‍ജിഘടകങ്ങള്‍ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്.

അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ചില രാസവസ്തുക്കള്‍ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവ ശ്വാസനാളങ്ങള്‍ ചുരുങ്ങി ശ്വാസംമുട്ടല്‍ ഉണ്ടാകാന്‍ ഇടയാക്കുന്നു. പാരമ്പര്യമായും ചിലരില്‍ ആസ്ത്മ ഉണ്ടാകാം.

പൊടിയില്‍ ജീവിക്കുന്ന പൊടിച്ചെള്ളുകളാണ് ആസ്ത്മയ്ക്കു പിന്നിലെ പ്രധാന വില്ലന്‍. കര്‍ട്ടനുകള്‍, കിടക്കവിരികള്‍, തലയണ ഉറകള്‍ ഇവയിലെ പൊടികള്‍ ആസ്ത്മയ്ക്ക് വഴിയൊരുക്കുന്ന പ്രധാന ഘടകമാണ്. കൂടാതെ പുസ്തകങ്ങള്‍, കാര്‍പെറ്റുകള്‍, തുണികള്‍ ഇവയിലെ പൊടികളും ആസ്ത്മയ്ക്ക് ഇടയാക്കും.

സിഗരറ്റ് പുക, വാഹനങ്ങളില്‍നിന്നുള്ള പുക, അടുപ്പില്‍നിന്നുള്ള പുക, ഇവ ആസ്ത്മാ ലക്ഷണങ്ങള്‍ക്ക് കാരണമാകാറുണ്ട്്. വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍ ഇവയുടെ രോമങ്ങള്‍, ചിറകുകള്‍, ഉമിനീര്‍, ചര്‍മപാളികള്‍, മൂത്രം എന്നിവ ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്.

പ്രിന്റിങ്, പെയിന്റിങ്, കീടനാശിനി, പ്ളാസ്റ്റിക് വ്യവസായം, ക്വാറികള്‍, കയര്‍മേഖല ഇവയുമായി ബന്ധപ്പെട്ട് തൊഴില്‍ചെയ്യുന്നവര്‍ക്കും ആസ്ത്മയ്ക്ക് സാധ്യത കൂടുതലാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സ്ത്രീകളില്‍ ആസ്ത്മയുണ്ടാകാന്‍ ഇടയാക്കാറുണ്ട്. ഗര്‍ഭധാരണവേളകള്‍, ആര്‍ത്തവത്തിനുമുമ്പ്, ആര്‍ത്തവവിരാമം തുടങ്ങിയ ഘട്ടങ്ങളില്‍ ചിലരില്‍ ആസ്ത്മ ഉണ്ടാകാറുണ്ട്. മാനസിക പിരിമുറുക്കം, ജലദോഷം, വൈറസ്ബാധ ഇവയും ആസ്ത്മയ്ക്ക് ഇടയാക്കും. ചിലയിനം ഭക്ഷണങ്ങളും ആസ്ത്മയ്ക്ക് ഇടവരുത്താറുണ്ട്. പൂമ്പൊടി, കൊതുകുതിരി, കാലാവസ്ഥയിലെ മാറ്റങ്ങള്‍, കാറ്റുള്ള ദിവസങ്ങള്‍ ഇവയൊക്കെ ആസ്ത്മയെ ഉദ്ദീപിപ്പിക്കുന്ന ഘടകങ്ങളായതിനാല്‍ പ്രത്യേക ശ്രദ്ധ വേണം.

സാധാരണഗതിയില്‍ ശ്വാസനാളികളിലെ അയഞ്ഞപേശികളും നേര്‍ത്ത കലകളും വായുസഞ്ചാരത്തെ സുഗമമാക്കും. ആസ്ത്മയുള്ളവരില്‍ പലതരത്തില്‍ വായുസഞ്ചാരത്തിന് തടസ്സങ്ങള്‍ വരാറുണ്ട്. അലര്‍ജിഘടകങ്ങളോട് ശരീരത്തിന്റെ അമിത പ്രതികരണംമൂലം ശ്വാസനാളിയുടെ ഭിത്തികള്‍ മുറുകി ചുരുങ്ങുന്നത് വായുവിന് കടന്നുപോകാന്‍ വേണ്ടത്ര സ്ഥലം ഇല്ലാതാക്കുന്നു. കൂടാതെ ശ്വാസനാളങ്ങള്‍ക്കകത്തുള്ള ശ്ളേഷ്മപാളികള്‍ക്ക് നീര്‍ക്കെട്ടുണ്ടാകുന്നതും വായുസഞ്ചാരം കുറയ്ക്കുന്നു. നീരുകെട്ടിയ ശ്വാസനാളികളില്‍നിന്ന് കഫം ധാരാളം ഉല്‍പ്പാദിപ്പിക്കുന്നതും വായുസഞ്ചാരം തടസ്സപ്പെടുത്തും. ഇതിനുപുറമെ ശ്വാസനാളികളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പേശീസഞ്ചയങ്ങള്‍ ആസ്ത്മാരോഗിയില്‍ പെട്ടെന്ന് സങ്കോചിക്കുന്നത് ശ്വാസനാളങ്ങള്‍ വലിഞ്ഞുമുറുകി അവയുടെ വ്യാസത്തെ കുറച്ച് ശ്വസനത്തെ ആയാസകരമാക്കുന്നു.

ശ്വാസതടസ്സം ഇടയ്ക്കിടെ ഉണ്ടാവുക, ചുരുങ്ങിയ ശ്വാസനാളത്തില്‍ക്കൂടി വായു കടക്കുമ്പോഴുണ്ടാകുന്ന കുറുങ്ങല്‍, ഇടവിട്ട് നീണ്ടുനില്‍ക്കുന്ന ചുമ. കൂടെക്കൂടെ കഫക്കെട്ട്, നെഞ്ചില്‍ വലിഞ്ഞുമുറുക്കം, രാത്രിയില്‍ ചുമ കാരണം ഉറക്കത്തിന് തടസ്സം നേരിടുക, വ്യായാമസമയത്തുണ്ടാകുന്ന ശ്വാസതടസ്സം, ചുമ, ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്നപോലെയുള്ള ശബ്ദം, കൂടെക്കൂടെ ജലദോഷവും ചുമയും, അധ്വാനിക്കുമ്പോള്‍ കിതപ്പ്.

രക്തബന്ധമുള്ളവര്‍ക്ക് ആസ്ത്മയോ, അലര്‍ജിയോ അതുമൂലമുള്ള രോഗങ്ങളോ വന്നിട്ടുണ്ടെങ്കിലും രോഗലക്ഷണങ്ങളെ പ്രത്യേക പരിഗണനയോടെ കാണണം.

കുട്ടികളില്‍ ഏറിവരുന്ന ആസ്ത്മയുടെ കാരണങ്ങള്‍ പലതാണ്. അന്തരീക്ഷ മലിനീകരണം, കുപ്പിപ്പാലിന്റെയും ടിന്‍ഫുഡിന്റെയും അമിതോപയോഗംപോലെയുള്ള ആഹാരരീതിയില്‍ വന്ന  മാറ്റങ്ങള്‍, വേണ്ടത്ര മുലപ്പാല്‍ നല്‍കാതിരിക്കുക ഇവ കുട്ടികളില്‍ പ്രധാനമായും ആസ്ത്മയ്ക്ക് ഇടയാക്കാറുണ്ട്. ആറുമാസത്തിനു മേല്‍ പ്രായമുള്ള കുഞ്ഞുങ്ങളില്‍മുതല്‍ ആസ്ത്മ കണ്ടുവരുന്നു. വീടിനുപുറത്ത് നന്നായി കളിച്ചുവളരാത്ത കുട്ടികളിലും ആസ്ത്മയ്ക്കുള്ള സാധ്യത കൂടുതലാണ്. നേരം പുലരാറാകുമ്പോഴുള്ള ചുമ, അര്‍ധരാത്രിയില്‍ തുടരെയുള്ള ചുമ, ശ്വാസംമുട്ടല്‍മൂലം സംസാരിക്കാന്‍ കഴിയാതിരിക്കുക, ശ്വാസംമുട്ടല്‍മൂലം കൈകള്‍ വശത്തു കുത്തി എഴുന്നേറ്റിരിക്കുക തുടങ്ങിയവയാണ് ആസ്ത്മയുള്ള കുട്ടികളുടെ പ്രധാന ലക്ഷണങ്ങള്‍.

കൃത്യമായി ഔഷധങ്ങള്‍ കഴിക്കുന്നതോടൊപ്പം മാതാപിതാക്കളുടെ ക്രിയാത്മകമായ സമീപനവും കുട്ടികളുടെ ആസ്ത്മാ നിയന്ത്രണത്തില്‍ അനിവാര്യമാണ്. രോമങ്ങള്‍കൊണ്ടുള്ള കളിപ്പാട്ടങ്ങള്‍, കമ്പിളികള്‍, പഴയ സാധനങ്ങള്‍ ഇവ ഒഴിവാക്കണം. ആസ്ത്മാബാധിതരായ കുട്ടികള്‍ക്ക് അമിതനിയന്ത്രണമോ ലാളനയോ പാടില്ല. ക്ളാസ് ടീച്ചറോട് ആസ്ത്മാരോഗമുള്ള കാര്യം രക്ഷിതാക്കള്‍ തുറന്നുപറയണം. കളിക്കിടയില്‍ ആസ്ത്മാ കൂടുന്നുവെങ്കില്‍ അതിനുള്ള മരുന്നും സ്കൂളില്‍ കൊടുത്തുവിടേണ്ടതാണ്.

ആസ്ത്മയുള്ള സ്ത്രീകളില്‍ ഗര്‍ഭിണികളാകുമ്പോള്‍ ചിലരില്‍ രോഗം വര്‍ധിക്കാറുണ്ട്. മറ്റു ചിലരില്‍ രോഗാവസ്ഥ അതേപടി നിലനില്‍ക്കുന്നു. ഗര്‍ഭകാലത്ത് ആസ്ത്മാരോഗം കുറയുന്നവരുമുണ്ട്. ശ്വാസകോശത്തിനും അനുബന്ധ അവയവങ്ങള്‍ക്കും ഗര്‍ഭകാലത്ത് പലവിധ വ്യതിയാനങ്ങള്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. ഉള്ളില്‍ വളരുന്ന കുഞ്ഞിനു വേണ്ടിവരുന്ന അധിക ഓക്സിജനുവേണ്ടി ശ്വാസകോശങ്ങള്‍ ഗര്‍ഭകാലത്ത് കൂടുതല്‍ പ്രവര്‍ത്തിക്കാറുണ്ട്.

ഗര്‍ഭിണിക്ക് സ്ഥിരമായി ആസ്ത്മ വന്നാല്‍ കുഞ്ഞിന്റെ വലുപ്പം കുറയാനും മാസംതികയാതെ പ്രസവിക്കാനും സാധ്യതയേറെയാണ്. അമ്മയ്ക്ക് ആസ്ത്മ ഗുരുതരമായാല്‍ ഗര്‍ഭസ്ഥശിശുവിന് ഓക്സിജന്‍ ആവശ്യത്തിന് ലഭിക്കാതെ വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം ഇവ ഉണ്ടാകാം. അതിനാല്‍ ആസ്ത്മയുള്ളവര്‍ ഗര്‍ഭകാലത്ത് ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നുകഴിക്കേണ്ടത് അനിവാര്യമാണ്.

പരിസരമലിനീകരണം ഉണ്ടാക്കുന്നതില്‍ ഒന്നാമന്‍ പുകയിലപ്പുകയാണ്. ആസ്ത്മയുണ്ടാക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്ന് പുകയിലപ്പുകയാണ്. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും ഇത് ഇടയാക്കാറുണ്ട്. കൌമാരത്തില്‍ പുകവലിക്കുന്നവരെ ആസ്ത്മ വിടാതെ പിടികൂടാറുണ്ട്. എരിയുന്ന സിഗരറ്റ്/ബീഡി ഇവയില്‍നിന്നു പരക്കുന്ന പുകയില്‍ അപകടഘടകങ്ങള്‍ ഏറെയാണ്.

ഗര്‍ഭകാലത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ തൂക്കം കുറയ്ക്കും. കൂടാതെ കുഞ്ഞിന്റെ ശ്വാസനാളവ്യാപ്തിയും ശ്വാസകോശവളര്‍ച്ചയും കുറഞ്ഞിരിക്കും. കുട്ടിക്കാല ആസ്ത്മ ഇവരില്‍ കൂടുതലാകും.

നിക്കോട്ടിന്‍, അമോണിയ, അക്രോലിന്‍, അസെറ്റാല്‍ഡിഹൈഡ്, ഹൈഡ്രോസയനിക് ആസിഡ് തുടങ്ങി പുകയിലപ്പുകയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശ്വാസനാളത്തിന് തകരാറുണ്ടാക്കി ആസ്ത്മയ്ക്ക് ഇടയാക്കുന്നു. പരോക്ഷ പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ ലക്ഷണങ്ങള്‍ ശക്തമാകും. ആസ്ത്മയെ തടയാന്‍ പുകയിലയെ അകറ്റിനിര്‍ത്തിയേ മതിയാകൂ.

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി അത് ഒഴിവാക്കുന്നത് ചികിത്സയുടെ ഭാഗമാണ്. ഔഷധത്തോടൊപ്പം ജീവിതശൈലി ക്രമീകരണം, ലഘുവ്യായാമം, ശ്വസനവ്യായാമം, വിശ്രമം ഇവയും അനിവാര്യമാണ്. ക്ഷീണം പരിഹരിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ചികിത്സകള്‍ ഫലപ്രദമാണ്.

കൂടുതൽ സമയം കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നവർ അറിയാൻ

ഇടവേളയില്ലാതെ കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലികള്‍ ചെയ്തു കൊണ്ടേയിരിക്കുന്നവര്‍ക്കു നിരവധി ആരോഗ്യപ്രശ്നങ്ങളും അസ്വസ്തതകളും ഉണ്ടായേക്കാം. കമ്പ്യൂട്ടര്‍ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളുകള്‍ക്കിടയില്‍ അഞ്ചില്‍ നാലു പേര്‍ക്കും ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നാണ് അടുത്തിടെ നടത്തിയ ചില പഠനങ്ങൾ തെളിയിക്കുന്നത്. ജോലി ചെയ്യുന്ന രീതിയുടെ തകരാറുകളാണ് ഇത്തരത്തിലുള്ള മിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം.

പ്രധാന പ്രശ്നങ്ങൾ

കൈകള്‍ക്ക് ബലക്കുറവ് അഥവാ തൊറാസിക് ഔട്ട്‌ലെറ്റ് സിന്‍ഡ്രോം

കൈകള്‍ക്ക് ബലക്കുറവും മരവിപ്പും അനുഭവപ്പെടുന്നതാണ് തൊറാസിക് ഔട്ട്‌ലെറ്റ് സിന്‍ഡ്രോം. കഴുത്തില്‍ നിന്ന് കൈകളിലേക്ക് വരുന്ന ഞരമ്പുകളും രക്തക്കുഴലുകളും നാഡികളും ഞെരുങ്ങുന്നതു മൂലമാണ് ഇതുണ്ടാകുന്നത്. ഏറെ നേരം ഒരേ തരത്തില്‍ കുനിഞ്ഞിരുന്ന് കൈവിരലുകള്‍ ചലിപ്പിച്ച് ജോലി ചെയ്യുന്നത് വഴിയാണ് ഇതുണ്ടാകുക

പേശിവേദന അഥവാ മയോഫേഷ്യല്‍ സിന്‍ഡ്രോം

കഴുത്ത്, തോള്‍, നടുവ്, കൈമുട്ട് തുടങ്ങിയ ഭാഗങ്ങളിലെ പേശികള്‍ വലിയുകയും പിണയുകയും ചെയ്യുന്നതിനാല്‍ വേദന അനുഭവപ്പെടുന്ന ആരോഗ്യ പ്രശ്നമാണിത്. വളരെയേറെ സമയം ഉപയോഗിച്ചു കൊണ്ടേയിരിക്കുന്ന പേശികള്‍ക്കാണ് ഇത്തരത്തിലുള്ള അസ്വസ്ഥത അനുഭവപ്പെടുക.

കൈകളില്‍ വേദനയും തരിപ്പും അഥവാ കാര്‍പല്‍ ടണല്‍

പ്രധാനമായും കൈപ്പത്തിയിലാണ് ഇത് അനുഭവപ്പെടുക. കൈവിരലുകളും കൈപ്പത്തിയും ഉപയോഗിച്ച് നിരന്തരമായി ജോലി ചെയ്യുമ്പോള്‍ കൈപ്പത്തിയിലെ നാഡികള്‍ ഞെരുങ്ങുകയും അതിനാല്‍ വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യും.

വേദനയും നീര്‍ക്കെട്ടും അഥവാ ടെന്റനൈറ്റിസ്

കൈപ്പത്തികള്‍, കൈമുട്ടുകള്‍, തോള്‍ തുടങ്ങിയ സന്ധി ഭാഗങ്ങളിലും മറ്റും നീര്‍ക്കെട്ടും വേദനയുമുണ്ടാകുന്ന രോഗാവസ്ഥയാണിത്. അസ്ഥികളെയും പേശികളെയും ബന്ധിപ്പിക്കുന്ന ടെന്‍ഡനുകള്‍ എന്ന പേശീനാരുകള്‍ക്ക് തുടര്‍ച്ചയായുള്ള അമിതായാസം മൂലം നീർക്കെട്ട് ഉണ്ടാകുന്നതാണ് കാരണം.

ചികിത്സകൾ

ജീവിതശൈലിയുടെയും ശാരീരിക നിലകളുടെയും പ്രശ്‌നങ്ങളാണ് ഇവയ്കെല്ലാം കാരണമാകുന്നത് എന്നതിനാൽ തന്നെ മരുന്നുകൾ ഈ പ്രശ്നങ്ങൾക്ക് ഒരു പ്രതിവിധിയല്ല. ഇരിപ്പിന്റെയും നില്പിന്റെയും രീതികള്‍ ഏറ്റവും ആരോഗ്യകരമാക്കാന്‍ ശ്രദ്ധിക്കുക, ശരിയായ നിലകളെന്തെന്ന് പഠിക്കുക തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ ഗുണപ്രദം. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയാൽ ഫിസിയോതെറാപ്പി ചികിത്സകളാണ് വേണ്ടിവരിക.

കടപ്പാട്-http:healwellnessnews.in

2.77272727273
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ