Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യം കാക്കാം

കൂടുതല്‍ വിവരങ്ങള്‍

കണ്ണിനെ കൃഷ്ണമണിപോലെ കാക്കാം

അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവു കൂടുതലുള്ളതിനാൽ മഴക്കാലത്ത്‌ വൈറസ്‌ അണുബാധ സാർവത്രികമാണ്‌

മഴക്കാലം നമുക്ക്‌ ചൂടിൽ നിന്നും ആശ്വാസമേകുന്നുണ്ടെങ്കിലും കണ്ണിനുവേദനയും അസ്വസ്ഥതയും ഉളവാക്കുന്ന ഒട്ടനവധി അണുബാധകളുടെയും കാലമാണ്‌. അതിനാൽ കണ്ണിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നത്‌ ഇൗ കാലത്ത്‌ പ്രാധാന്യമർഹിക്കുന്നു. ഈ സമയത്ത്‌ പ്രധാനമായും ചെങ്കണ്ണ്‌, കൺകുരു, അന്ധതയിലേക്ക്‌ നയിക്കാവുന്ന കെരാറ്റെറ്റിസ്‌ (കൃഷ്ണമണിയുടെ അണുബാധ) എന്നിവ കണ്ടുവരുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവു കൂടുതലുള്ളതിനാൽ മഴക്കാലത്ത്‌ വൈറസ്‌ അണുബാധ സാർവത്രികമാണ്‌.

ചെങ്കണ്ണ്‌ പ്രധാനമായി മൂന്നുതരം

 1. വൈറസ്‌ അണുബാധ മൂലമുള്ളവ
 2. ബാക്ടീരിയ മൂലമുള്ളവ
 3. അലർജി കൊണ്ടുണ്ടാകുന്നവ

നേത്രാരോഗ്യത്തിനു വേണ്ടിയുള്ള ചില മുൻകരുതലുകൾ

 • വ്യക്തിശുചിത്വം പ്രാധാന്യമർഹിക്കുന്നു. വൃത്തിഹീനമായ കൈകൊണ്ട്‌ കണ്ണിൽ സ്പർശിക്കാതിരിക്കുക
 • കണ്ണുകളിൽ ഇടക്കിടെ കൈകൊണ്ട്‌ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക
 • നിങ്ങൾക്കോ നിങ്ങളുടെ ചുറ്റുവട്ടത്തോ ആർക്കെങ്കിലും ചെങ്കണ്ണ്‌ സംശയിക്കപ്പെടുന്നുണ്ടെങ്കിൽ ശുദ്ധജലത്തിൽ കണ്ണു കഴുകുകയും തണുപ്പ്‌ വെയ്ക്കുകയും ചെയ്യാം. അതിനുശേഷം അടുത്തുള്ള നേത്രരോഗ വിദഗ്ദ്ധനെ സമീപിക്കേണ്ടതാണ്‌.
 • ചെങ്കണ്ണ്‌  ബാധിച്ച രോഗിക്ക്‌ മരുന്ന്‌ ഒഴിക്കുന്നവർ അതിനുശേഷം കൈകൾ സോപ്പുപയോഗിച്ച്‌ കഴുകുക.
 • ചെങ്കണ്ണ്‌ ബാധിച്ച വ്യക്തി മറ്റുള്ളവരുമായി അടുത്തിടപെടാതിരിക്കുക.
 • രോഗി ഉപയോഗിക്കുന്ന തൂവാലകളും മറ്റു വസ്തുക്കളും മറ്റുള്ളവർ ഉപയോഗിക്കാതിരിക്കുക.
 • രോഗലക്ഷണമുള്ളയാൾ സ്വയം ചികിത്സക്കു മുതിരാതിരിക്കുക. മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മറ്റും കിട്ടുന്ന സ്റ്റിറോയ്‌ഡ്‌ അടങ്ങിയ തുള്ളിമരുന്നുകൾ പലപ്പോഴും ഹാനികരമാകാറുണ്ട്‌.
 • കോൺടാക്ട്‌ ലെൻസ്‌ ഉപയോഗിക്കുന്ന വ്യക്തികൾ ചെങ്കണ്ണോ മറ്റ്‌ അസ്വസ്തതയോ ഉള്ളപ്പോൾ ലെൻസ്‌ ഉപയോഗം പൂർണമായും വർജ്ജിക്കുക.
 • വൈറസ്‌ ഉണ്ടാക്കുന്ന ചെങ്കണ്ണ്‌ കൃഷ്ണമണിയെ  ബാധിക്കാൻ സാധ്യതയുണ്ട്‌. അതിനാൽ കാഴ്ചയേയും ബാധിക്കാം. അതുകൊണ്ട്‌ നേത്രരോഗവിദഗ്ദ്ധന്റെ നിർദേശപ്രകാരം ചികിത്സ തുടരേണ്ടത്‌ ആവശ്യമാണ്‌.
 • കുട്ടികളെ മഴക്കാലത്ത്‌ വെള്ളക്കെട്ടിലും ചെളിവെള്ളത്തിലും കളിക്കാൻ അനുവദിക്കാതിരിക്കുന്നതു വഴി അണുബാധ ഒരു പരിധിവരെ തടയുന്നതിനും സഹായകമാണ്‌.
 • വീടിനു പുറത്ത്‌ സഞ്ചരിക്കുമ്പോൾ സൺഗ്ളാസ്‌ ഉപയോഗിക്കുന്നത്‌ ശീലമാക്കുക. പ്രത്യേകിച്ച്‌ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർ ഗ്ളാസ്സുകൾ ധരിക്കുന്നത്‌ കണ്ണിന്റെ സംരക്ഷണത്തിന്‌ അത്യന്താപേക്ഷിതമാണ്‌.
 • കോൺടാക്ട്‌ ലെൻസ്‌ ഉപയോഗിക്കുന്ന വ്യക്തികൾ അതിന്റെ ശരിയായ ഉപയോഗക്രമമനുസരിച്ച്‌ ഉപയോഗിക്കുക. അതുപോലെ നീന്തൽക്കുളങ്ങളിൽ കോൺടാക്ട്‌ ലെൻസ്‌ ഉപയോഗിച്ച്‌ പോകാതിരിക്കുക.
 • പുറത്തുപോയി വന്നതിനുശേഷം കൈകൾ സോപ്പുപയോഗിച്ച്‌ വൃത്തിയാക്കുക.


പാലാരിവട്ടം ഡോ.ടോണി ഫെര്‍ണാണ്ടസ് ഐ ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റാണ് ലേഖിക

നവജാതശിശുക്കളുടെ ആദ്യ പ്രതിരോധമരുന്ന്‌ മുലപ്പാല്‍

പിറന്നുവീണ് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നത് ഉറപ്പുവരുത്തണമെന്ന് ശിശുരോഗവിഗഗ്ധരും യുണിസെഫ്, ഡബ്ല്യു.എച്ച്.ഒ. തുടങ്ങിയ സംഘടനകളും പറയുന്നു

നവജാതശിശുക്കള്‍ക്ക് ആദ്യം നല്‍കേണ്ട പ്രതിരോധമരുന്ന് എന്താണ്? ആലോചിച്ച് തലപുണ്ണാക്കേണ്ട. അത് പ്രകൃതിദത്തമാണ്, മുലപ്പാല്‍. പിറന്നുവീണ് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ കൊടുക്കുന്നത് ഉറപ്പുവരുത്തണമെന്ന് ശിശുരോഗവിഗഗ്ധരും യുണിസെഫ്, ഡബ്ല്യു.എച്ച്.ഒ. തുടങ്ങിയ സംഘടനകളും പറയുന്നു. ഒരു മണിക്കൂറിനുള്ളിലെ മുലപ്പാല്‍ നവജാതശിശുക്കളിലെ മരണം 41 ശതമാനം തടയാമെന്ന് പീഡിയാട്രിക്‌സ് ജേണലില്‍ (2006) വന്ന പഠനം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നും ഒട്ടേറെ സമാനമായ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പത്തുവര്‍ഷം മുന്‍പുതന്നെ ലോകാരോഗ്യസംഘടന ആദ്യമണിക്കൂറിലെ മുലയൂട്ടല്‍ സജീവമായ പ്രചാരണമായി കൊണ്ടുവന്നിരുന്നു. എന്നാല്‍, ആസ്​പത്രികള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റികളായി മാറുകയും പ്രസവം കഴിഞ്ഞ ഉടനെ അമ്മയെയും കുഞ്ഞിനെയും മാറ്റിക്കിടത്തുകയും ചെയ്യുന്ന പുതിയകാലത്ത് ആദ്യമണിക്കൂറില്‍ ലഭിക്കേണ്ട ഈ പ്രതിരോധമരുന്ന് കുഞ്ഞിന് ലഭിക്കാതെ പോകുന്നു.

ഇന്ത്യയിലെ ശിശുമരണങ്ങളില്‍ 50 ശതമാനവും നടക്കുന്നത് പോഷകാഹാരക്കുറവുകൊണ്ടാണ്. ഈ മരണങ്ങളില്‍ പകുതിയും അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് സംഭവിക്കുന്നത്. ഇക്കാരണത്താല്‍ത്തന്നെ നന്നേ ചെറിയ കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള മാര്‍ഗം മുലയൂട്ടലാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രസവാനന്തരം അമ്മയുടെ മുലപ്പാലായി വരുന്നത് മഞ്ഞനിറത്തിലുള്ള പശിമയുള്ള ദ്രാവകമാണ്. ഇതിനെ കൊളസ്ട്രം എന്നുപറയുന്നു. ഇത് രോഗപ്രതിരോധ ശേഷിയുള്ള ആന്റിബോഡികള്‍കൊണ്ടും അവശ്യപോഷകങ്ങള്‍കൊണ്ടും സമൃദ്ധമാണ്. ഇതേക്കുറിച്ചുള്ള അജ്ഞതകൊണ്ട് ആദ്യകാലത്ത് ഇത് കുട്ടിക്ക് കൊടുക്കാതെ പിഴിഞ്ഞ് കളയുന്ന പതിവുപോലും ഉണ്ടായിരുന്നു. ഇപ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടെങ്കിലും പ്രായോഗികമായ വൈഷമ്യങ്ങള്‍പറഞ്ഞ് കൊടുക്കുന്നതില്‍ ഉപേക്ഷ കാണിക്കുന്നവര്‍ ഏറെയുണ്ട്.

ജനിച്ചയുടന്‍ അമ്മയുടെ മാറത്തുചേര്‍ത്തുവെച്ച് മുലപ്പാല്‍ കൊടുക്കുന്നതിന് വേറെയും ഗുണങ്ങളുണ്ട്. ഗര്‍ഭപാത്രത്തില്‍നിന്ന് മാറിയ അന്തരീക്ഷത്തിലേക്ക് വന്ന കുഞ്ഞുങ്ങള്‍ക്ക് അത് ചൂടുപകരും. അവരുടെ ഹൃദയമിടിപ്പ്, ശ്വാസമെടുപ്പ് തുടങ്ങിയവ ക്രമീകരിക്കാനും ഇത് സഹായിക്കും.

ആദ്യത്തെ ആറുമാസം മുലപ്പാല്‍മാത്രമേ നല്‍കാവൂയെന്ന് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നു. ഇത് വയറിളക്കമരണങ്ങളും ന്യൂമോണിയബാധയും തടയാന്‍ സഹായിക്കും. കൂടാതെ, കുട്ടിക്ക് പിന്നീട് അമിതവണ്ണം വരാനുള്ള സാധ്യതയും ഇതുവഴി ഇല്ലാതാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മുലപ്പാല്‍മാത്രം ആറുമാസം നല്‍കുകയും പിന്നീട് കുറച്ചുകാലംകൂടി തുടരുകയും ചെയ്യുന്നത് കുട്ടികള്‍ക്ക് ഉയര്‍ന്ന ഐ.ക്യൂ. ഉണ്ടാകാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

കുട്ടികള്‍ക്ക് അറുമാസത്തിനകം കൃത്രമപാല്‍പ്പൊടി നല്‍കുന്നവര്‍ ഒരുകാര്യം അറിയുന്നില്ല, കുഞ്ഞിന്റെ ശരീരം അറിഞ്ഞ് അമ്മയുടെ ശരീരത്തിലുണ്ടാകുന്ന പാലിന് പകരംവെയ്ക്കാന്‍ ഫാക്ടറിയിലുണ്ടാക്കുന്ന വസ്തുക്കള്‍ക്കാവില്ല. കൂടാതെ, ഒന്നിലധികം കുട്ടികളുണ്ടായാലും അവര്‍ക്കാവശ്യമായ പാല്‍ അമ്മയുടെ ശരീരത്തിലുണ്ടാകും. തുടക്കത്തില്‍ കുറയുന്ന സന്ദര്‍ഭങ്ങളിലും തുടര്‍ന്നും മുലയൂട്ടുന്ന അമ്മമാരില്‍ ക്രമേണ പാലിന്റെ അളവ് കൂടും.

മുലയൂട്ടലിന്റെ ഗുണവശങ്ങളെക്കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട് അവയില്‍ കണ്ടെത്തിയ പ്രധാന വസ്തുതകളിലൊന്ന് മുലകുടിച്ച് വളര്‍ന്ന കുട്ടികളില്‍ പിന്നീടും പ്രതിരോധശേഷി ശക്തമായിരിക്കുമെന്നതാണ്. നവജാതശിശുക്കളില്‍ കാണുന്ന മരണം (സഡന്‍ ഇന്‍ഫന്റ് ഡത്ത് സിന്‍ഡ്രോം) മുലപ്പാല്‍മാത്രം കുടിക്കുന്ന, ആദ്യമണിക്കൂറില്‍ മുലപ്പാല്‍ലഭിച്ച കുട്ടികളില്‍ തീരെ കുറവാണെന്നും തെളിഞ്ഞു. അമിതഭാരം, എക്‌സിമ, ടൈപ്പ് 2 പ്രമേഹം, ആസ്ത്മ തുടങ്ങിയ രോഗങ്ങളും ഇത്തരക്കാരില്‍ കുറവായിരിക്കും.

ഇനി മുലയൂട്ടുന്ന അമ്മമാരില്‍ സ്താനാര്‍ബുദം, ഗര്‍ഭാശയകാന്‍സര്‍, പ്രമേഹം, അമിതവണ്ണം, പ്രസവാനന്തരമുള്ള വിഷാദം ഇവ കുറവാണെന്നും തെളിഞ്ഞിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും ആരോഗ്യകാര്യത്തില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന കേരളത്തില്‍ ആറുമാസം മുലപ്പാല്‍മാത്രം നല്‍കുന്ന അമ്മമാരുടെ എണ്ണം 53.3 ശതമനം മാത്രമാണെന്ന് ഒരു സര്‍വേ സൂചിപ്പിക്കുന്നു. നാലുമാസത്തിനുശേഷം കുട്ടിക്ക് അധികപോഷണം ആവശ്യമെന്നുകരുതി കൃത്രിമഭക്ഷണം കൊടുക്കുന്നവരാണ് അധികവും. ഇത് ശരിയല്ലെന്നതാണ് വിദഗ്ധമതം. പ്രത്യേക സന്ദര്‍ഭങ്ങളില്‍ ശിശുരോഗവിദഗ്ധന്റെ മറിച്ചുള്ള നിര്‍ദേശമില്ലെങ്കില്‍ ആറുമാസത്തിനിടെ വേനല്‍ക്കാലത്തുപോലും കുഞ്ഞിന് മുലപ്പാല്‍മാത്രം മതിയാകും.

യോഗ കാന്‍സര്‍ മാറ്റുമോ

യോഗയിലെ വ്യായാമമുറകള്‍ കാന്‍സര്‍ മാറ്റുമെങ്കില്‍ മിക്കവാറും എല്ലാ വ്യായാമങ്ങളും കാന്‍സര്‍ മാറ്റണം. ദിവസവും ഓടിയാലും അല്ലെങ്കില്‍ നീന്തിയാലും കാന്‍സര്‍ മാറണം

വ്യാജ വൈദ്യന്മാര്‍ക്കും കപടശാസ്ത്രം വില്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നല്ല കാലമാണ്. പുകവലി ആരോഗ്യത്തിനു ഹനികരമല്ല, വാക്‌സിനുകള്‍ അപകടകരമാണ് എന്നൊക്കെ പറയുന്നവരെ ക്ഷണിച്ചുവരുത്തി മെഡിക്കല്‍ കോളേജുകള്‍ പോലും ക്ലാസ്സുകള്‍ എടുപ്പിക്കുന്ന കാലമാണിത്. വൈദ്യന്മാരുടെയും ചില ഡോക്ടര്‍മാരുടെയും ഈ അപാരമായ തള്ളല്‍ കാരണം ഏതു വിശ്വസിക്കണം ആരെ വിശ്വസിക്കണം എന്നൊക്കെ നമ്മള്‍ സാധാരണക്കാര്‍ക്ക് സംശയങ്ങള്‍ ഉണ്ടാകാം.

ഇക്കാലത്ത് എല്ലാവരും കയറിപ്പിടിച്ചിരിക്കുന്നത് കാന്‍സറിലാണ്. പച്ചമരുന്നുകള്‍ മാത്രമല്ല, യോഗ ചെയ്തുവരെ കാന്‍സര്‍ മാറ്റാമെന്ന അവകാശവാദവും കേള്‍ക്കാറുണ്ട്. വെറുതെയല്ല, ഇങ്ങനെ കാന്‍സര്‍ മാറിയവരുടെ സാക്ഷ്യമൊക്കെ യൂടുബില്‍ ലഭ്യമാണ്.

സംഭവം സത്യമാണോ; യോഗ ചെയ്താല്‍ കാന്‍സര്‍ മാറുമോ?

സംഭവം സത്യമാണോ എന്ന് പറയുംമുന്‍പ് പറയേണ്ട മറ്റൊരു കാര്യമുണ്ട്. സാക്ഷ്യംപറഞ്ഞ് തെളിയിക്കുന്ന എതൊരു പരിപാടിയെയും സംശയത്തോടെ മാത്രമേ കാണാവൂ എന്നതാണത്. കാരണം ഇതെല്ലാ രോഗശാന്തി ശുശ്രൂഷകളുടെയും മറ്റെല്ലാ തട്ടിപ്പ് പരിപാടികളുടെയും പൊതുസ്വഭാവമാണ്. പണ്ട് ഇങ്ങനെ സാക്ഷ്യം കണ്ടു വിശ്വസിച്ച എനിക്കൊരു പണികിട്ടി. ഒരു ചങ്ങാതി ഒരു ചെറിയ ബോളും മൂന്നു കപ്പും വച്ച് മേശയില്‍ വേഗത്തില്‍ മാറ്റിക്കളിക്കുന്നു. ഇതു കപ്പിന്റെ അടിയിലാണ് ബോള്‍ എന്ന് പറഞ്ഞാല്‍ വച്ച കാശിന്റെ ഇരട്ടി കിട്ടും. ഇത് ഞാന്‍ കുറച്ചു നേരം വീക്ഷിച്ചു. സാക്ഷ്യം ശരിയാണ്. ചിലര്‍ക്കൊക്കെ അടിക്കുന്നു. സാക്ഷ്യം കണ്ടു വിശ്വസിച്ച എന്റെ യൂറോ കുറെ പോയി. സാക്ഷ്യത്തിന്റെ ശക്തി അപാരം തന്നെ! വേണ്ട എന്നുവച്ചാല്‍ പോലും വിശ്വസിച്ചുപോകും. സാക്ഷ്യത്തിന്റെ ഈ ശക്തിയാണ് രോഗശാന്തി പരിപാടികളെയൊക്കെ പിടിച്ചുനിര്‍ത്തുന്നത്. മിക്കവാറും സാക്ഷ്യം പറയുന്നവരൊക്കെ സാക്ഷ്യത്തൊഴിലാളികള്‍ ആയിരിക്കും എന്നതാണ് സത്യം.

തല്‍ക്കാലം സാക്ഷ്യം അവിടെ നില്‍ക്കട്ടെ. കാരണം സാക്ഷ്യം വിശ്വസിക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രീയമായ തെളിവുകള്‍ ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം. യോഗയെ നമുക്ക് വ്യായാമത്തിന്റെയും ( exercise ) ധ്യാനിക്കലിന്റെയും ( mindfulness, meditation ) കൂട്ടായി കണക്കാക്കാം. ലോകത്തില്‍ യോഗ മാത്രമല്ല, സമാനമായ സംഗതികള്‍ പലയിടത്തും നിലവിലുണ്ട്. ചൈനയിലെ തായ്-ചി ( Tai-chi ), ക്വിഗോങ്ങ് ( Quigong ), ഫാലും ഗോങ്ങ് ( Falun Gong ) എന്നിവയെല്ലാം ഉദാഹരണങ്ങളാണ്.

യോഗയിലെയും സമാനമായ മറ്റു വിദ്യകളിലെയും ശാരീരികമായ വ്യായാമത്തിന് നീന്തുകയോ ഓടുകയോ അല്ലെങ്കില്‍ ഫിസിയോ തെറാപ്പിയില്‍ നല്‍കപ്പെടുന്ന വ്യായാമങ്ങളില്‍ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ഗുണങ്ങള്‍ ഉള്ളതായി ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല. ഓരോ വ്യായാമ മുറയും അതുമായി ബന്ധപ്പെട്ട ശരീരഭാഗത്തിനു ഗുണപ്രദമാണ്, അത്രമാത്രം. ഉദാഹരണത്തിന് ഒന്നര മണിക്കൂര്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്ന ഫോര്‍വേഡ് താരമാകണമെങ്കില്‍ അതിന് യോഗ ചെയ്താലോ തായ്-ചി ചെയ്താലോ പോര, ഒടുകതന്നെ വേണം. അതുപോലെ നമ്മുടെ പൊതുവിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ കഠിനമായ, സന്ധികളെയും മറ്റും അനാവശ്യമായ സ്‌ട്രെസ് ചെയ്യിപ്പിക്കാത്ത വ്യായാമം തന്നെയാണ് നല്ലത്.

യോഗയിലെ ഒരു പ്രധാന ഭാഗം മനസിനെ നിയന്ത്രിച്ചുള്ള, നിങ്ങളുടെ മസ്തിഷ്‌കത്തിന് കൊടുക്കുന്ന ധ്യാനിക്കല്‍ ആണ്. ഞാന്‍ ഇവിടെ ധ്യാനിക്കല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 'ഹൂല ഹാലാ ല ലാ ലൂ....' എന്നൊക്കെ ഭാഷാവരം ലഭിക്കുന്ന ധ്യാനമല്ല, അലമ്പുണ്ടാക്കാതെ ഒരിടത്ത് മിണ്ടാതിരുന്ന് നിങ്ങളുടെ മനസ് പല കാര്യങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടക്കാതെ ചിന്തയെ പിടിച്ചുവച്ചുള്ള ധ്യാനിക്കലാണ്.

ധ്യാനിക്കലും അത് മസ്തിഷ്‌കത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും ശാസ്ത്രീയമായ ധാരാളം പഠനങ്ങള്‍ക്ക് വിധേയമായ കാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ശാസ്ത്രീയമായി പഠിക്കുന്നത് അത്ര എളുപ്പമല്ല. കാരണം ധാരാളം ആളുകളെ പഠിക്കണം. അതുപോലെ പല ഘടകങ്ങളുടെ സ്വാധീനം അതിലുണ്ടാകാം. അതുകൊണ്ടുതന്നെ ഇതില്‍ നിന്നുമുള്ള പഠനങ്ങള്‍ അവ എങ്ങനെ നടത്തി, എത്ര ആളുകളില്‍ നടത്തി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി കണക്കിലെടുത്താലേ പരിഗണിക്കാന്‍ കഴിയൂ. ഉദാഹരണത്തിന് ധ്യാനിക്കുന്ന 1000 ആളുകളെ നിങ്ങള്‍ പഠിക്കുന്നു എന്നിരിക്കട്ടെ. ഇവര്‍ എല്ലാവരും ഒരേ രീതിയിലാണോ ധ്യാനിക്കുന്നത്, ചിലര്‍ അവിടിരുന്നു ദിവാസ്വപ്നം കാണുകയായിരുന്നോ അവരുടെ ജീവിത സാഹചര്യങ്ങള്‍ ഒരുപോലെയാണോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ നിര്‍ണ്ണയിക്കാന്‍ ബുദ്ധിമുട്ടാണല്ലോ. എങ്കിലും പലയിടത്തായി നടന്ന ഒന്നിലധികം പഠനങ്ങള്‍ ഒരേകാര്യം പറയുന്നെങ്കില്‍ അത് വെറുതെയായിരിക്കില്ല.

പ്രശസ്തമായ 'ലാന്‍സറ്റ്' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം പറയുന്നത് യോഗ രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും എന്നതാണ്. അതുപോലെ യോഗയ്ക്ക് മാനസികമായ സമ്മര്‍ദ്ദങ്ങള്‍, അതായത് സ്ട്രെസ് ( stress ) കുറക്കാന്‍ സാധിക്കും എന്നത് ധാരാളം പഠനങ്ങള്‍ കാണിക്കുന്നുണ്ട്. എന്നുവച്ചാല്‍ മാനസികമായ ഒരു ഉണര്‍വ് യോഗയ്ക്ക് ഉണ്ടാക്കാന്‍ സാധിക്കും. അതുകൊണ്ട് വിഷാദരോഗത്തിനും യോഗ ഉത്തമമാണത്രേ.

മനസിനെ നിയന്ത്രിച്ചുകൊണ്ട് മസ്തിഷ്‌കത്തിന് നല്‍കുന്ന ധ്യാനിക്കല്‍ എന്ന വ്യായാമം നമ്മുടെ മസ്തിഷ്‌കത്തില്‍ ഭൗതികമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. നേച്ചറില്‍ പ്രസിദ്ധീകരിച്ച ഒരു റിവ്യൂ പറയുന്നത് ധ്യാനിക്കല്‍ മസ്തിഷ്‌കത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാം എന്നാണ്. എന്നാല്‍ ഇതിന്റെ കാരണങ്ങള്‍ വ്യക്തമല്ല. മസ്തിഷ്‌കത്തിലെ ഗ്രേ-മാറ്റര്‍ എന്ന ഭാഗം കൂടുതലായി ഉണ്ടാക്കപ്പെടുന്നു എന്നും ചില പഠനങ്ങള്‍ കാണിക്കുന്നുണ്ട്. സ്ട്രെസ് മസ്തിഷ്‌കത്തിലെ അമിഗ്ഡാല (amigdala) എന്ന ഭാഗത്ത് മാറ്റങ്ങള്‍ ഉണ്ടാക്കാമെന്നും ധ്യാനിക്കലിനു അതിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും പഠനങ്ങള്‍ കാണിക്കുന്നു.

എങ്കിലും ഇത്തരം പഠനങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായും ഒരു നിഗമനത്തില്‍ എത്താന്‍ പകപെട്ട വിധത്തില്‍ ശക്തമല്ല. എങ്കില്‍ കൂടിയും ധ്യാനിക്കല്‍ മസ്തിഷ്‌കത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നത് തന്നെയാണ് നിരീക്ഷണങ്ങള്‍ കാണിക്കുന്നത്.

പലപ്പോഴും നിങ്ങളുടെ പല രോഗങ്ങളും നിങ്ങളുടെ സ്‌ട്രെസ്സുമായി  ബന്ധപ്പെട്ടതാണ്. സ്ട്രെസ് ( stress ) നമുക്ക് പല രോഗങ്ങളും സമ്മാനിക്കും. ഇത് മാനസികമായ പലവിധ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറ്റു പല രോഗങ്ങളും ഉണ്ടാക്കാം. ഉദാഹരണത്തിന് വയറിലെ പ്രശ്‌നനങ്ങള്‍ ഹൃദ്രോഗം, അമിത വണ്ണം, ശ്വസനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നുതുടങ്ങി അനേകം പ്രശ്‌നങ്ങള്‍ സ്ട്രെസ് മൂലം ഉണ്ടാകാം. കാരണം സ്ട്രെസ് നമ്മുടെ ശരീരത്തില്‍ ധാരാളം കെമിക്കലുകള്‍ ഉണ്ടാക്കുകയും അതുപോലെ ചില ഹോര്‍മോണുകളുടെ ബാലന്‍സുകള്‍ തെറ്റിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിലെ ജൈവരാസപ്രവര്ത്തനങ്ങളുടെ താളം തെറ്റിക്കും, നമ്മെ രോഗികളാക്കും.

ഇവിടെയാണ് യോഗ കടന്നു വരുന്നത്. യോഗയും ധ്യാനവും ശരീരത്തിനും മനസിനും വ്യായാമം നല്‍കും, സ്ട്രെസ് കുറയ്ക്കും, സ്‌ട്രെസ്സ് കുറയുന്നതോടെ നിങ്ങളുടെ പല രോഗങ്ങളും മാറിവരും. ഇതിന് യോഗ തെന്നെ വേണമെന്നില്ല. സമാനമായ എന്ത് വ്യായാമവും സഹായകരമാണ്. ധ്യാനിക്കല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ മാത്രമല്ല, മനസിനെ നിയന്ത്രിക്കാനും സഹായിക്കും. പല മാനസികമായ പ്രശ്‌നങ്ങള്‍ക്കും ( personality disorder ) മനസിനെ നിയന്ത്രിച്ചുള്ള ധ്യാനം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്.

യോഗയും ധ്യാനവും വയറിലെ പ്രശനങ്ങള്‍ക്കും, ഹൃദ്രോഗത്തിനും ഗുണപ്രദമാണെന്നും അവകാശപ്പെടുന്നുണ്ട്. ഇവയും സ്ട്രെസുമായി ബന്ധപ്പെട്ടതാണ്. അതുപോലെ ചില ആസനങ്ങളും ചില പ്രശ്‌നങ്ങള്‍ക്ക് ഗുണപ്രദമാകും. ഉദാഹരണത്തിന് വ്യായാമം മൂലം വയറില്‍ ഉണ്ടാകുന്ന ചലങ്ങള്‍ നിങ്ങളുടെ ദഹനപ്രക്രിയയെ സഹായിച്ചേക്കാം. അതുപോലെ ശരീരത്തിലെ ചില വേദനങ്ങള്‍ക്ക് യോഗ ഗുണപ്രദമാണെന്നു കാണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് പുറംവേദന കൈവേദന തുടങ്ങിയവ. ഇവയും ചെയ്യുന്ന വ്യായാമമുറകളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ശരീരത്തില്‍ പല വേദനകളും മറ്റുമുള്ളവര്‍ എന്തെങ്കിലും വ്യായമത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ അവര്‍ക്ക് പൊതുവേ ചെറിയ ആശ്വാസം ലഭിക്കാറുണ്ടല്ലോ.

യോഗയിലൂടെ രോഗങ്ങളുടെ സുഖപ്പെടലില്‍ പ്ലെസിബോ പ്രതിഭാസവും ( placebo effect ) ഉണ്ടാകാം. അതായത് യോഗ ചെയ്താല്‍ രോഗം മാറുമെന്ന പ്രതീക്ഷ നിങ്ങളുടെ രോഗങ്ങള്‍ക്ക് സ്വാന്തനം നല്‍കും. അതുകൊണ്ട് ചിലര്‍ക്ക് ഇതിന്റെ ഫലം കൂടിയും കുറഞ്ഞും ഇരിക്കും. പല പഠനങ്ങളിലും നിഗമനങ്ങളില്‍ എത്താന്‍ കഴിയാത്തത് പ്ലെസീബോ പ്രതിഭാസത്തിനെ സ്വാധീനം കാരണമാണ്.

ചുരുക്കത്തില്‍, യോഗ ഒരു വ്യായാമ മുറ മാത്രമാണ്. ഇതിനു മറ്റു വ്യായമങ്ങള്‍ പോലെ ഗുണദോഷങ്ങളും ഉണ്ടാകാം. യോഗയിലെ ധ്യാനിക്കല്‍ സ്ട്രെസ് കുറയ്ക്കാനും മറ്റും സഹായിക്കുന്നു. ഇത്രയാണ് ശാസ്ത്രീയമായ പഠനങ്ങള്‍ കാണിക്കുന്നത്.

ഇനി നമ്മുക്ക് അറിയേണ്ടത് യോഗയും ധ്യാനവും കാന്‍സര്‍ മാറ്റുമോ എന്നതാണ്. യോഗയിലെ വ്യായാമമുറകള്‍ കാന്‍സര്‍ മാറ്റുമെങ്കില്‍ മിക്കവാറും എല്ലാ വ്യായാമങ്ങളും കാന്‍സര്‍ മാറ്റണം. ദിവസവും ഓടിയാലും അല്ലെങ്കില്‍ നീന്തിയാലും കാന്‍സര്‍ മാറണം. ഇനി അതല്ല യോഗയിലെ ഏതെങ്കിലും ചില ആസനം ചെയ്തുകൊണ്ട് കാലും കയ്യും പ്രത്യേക രീതിയില്‍ പൊക്കിപ്പിടിച്ചാല്‍ മാത്രമേ കാന്‍സര്‍ മാറുകയുള്ളൂ എങ്കില്‍ അതൊരല്പം വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമാണ്. അങ്ങനെ ചില പ്രത്യേക ആസനങ്ങള്‍ ചെയ്താല്‍ ശരീരത്തിലെ തന്മാത്രകള്‍ അവയെ തിരിച്ചറിഞ്ഞു കാന്‍സര്‍ മാത്രമല്ല, മറ്റെന്തെങ്കിലും രോഗങ്ങള്‍ മാറുമെന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

യോഗയിലൂടെ കാന്‍സറോ മറ്റെന്തെങ്കിലും മാരക രോഗങ്ങളോ മാറുമെന്ന് ഇതുവരെ യാതൊരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍ കാന്‍സര്‍ വന്നശേഷം കീമോതെറാപ്പിയൊക്കെ ചെയ്തിരിക്കുന്നവര്‍ക്ക് പൊതുവിലുള്ള ആരോഗ്യം വര്‍ദ്ധിക്കാന്‍ യോഗ സഹായിക്കും. കാരണം വ്യക്തമാണല്ലോ, വ്യായാമം കൊണ്ടുള്ള ആരോഗ്യം ശരീരത്തിനുണ്ടാകുന്നു. സ്ട്രെസ് കുറയുന്നു. അങ്ങനെ സ്ട്രെസ് കാരണമുണ്ടാകുന്ന വിഷമതകള്‍ കുറയുന്നു. പൊതുവിലുള്ള സന്തോഷവും വര്‍ദ്ധിക്കുന്നു.

ഇനി യോഗയെ പ്രചരിപ്പിക്കാന്‍ ഇത്ര വലിയ തള്ളല്‍ വേണോ എന്ന് ചിന്തിക്കാം. പച്ചവെള്ളം വെളിച്ചെണ്ണ ആണെന്ന് പറഞ്ഞു വില്‍ക്കാന്‍ ശ്രമിച്ചാല്‍ പണി പാളും. എന്നാല്‍ പച്ചവെള്ളം നല്ല കുപ്പിയിലാക്കി മനോഹരമായ ലേബല്‍ ഒക്കെ ഒട്ടിച്ചു വെള്ളമാണെന്നു തന്നെ പറഞ്ഞു വിറ്റാല്‍ എന്നും ചിലവാകും. ഇതുപോലെയാണ് യോഗയും നാം അവതരിപ്പിക്കേണ്ടത്. മൂലക്കുരു തുടങ്ങി കാന്‍സര്‍ വരെ എല്ലാ രോഗങ്ങളും മാറുന്ന പരിപാടിയായി യോഗയെയും മാറ്റിയാല്‍ അത് വിലപ്പോകില്ല. അവസാനം ഗോമൂത്രത്തിന്റെ വിലയെ യോഗക്കും ഉണ്ടാകൂ. മറ്റു വ്യായമങ്ങളെയും പോലെ മനസിനും ശരീരത്തിനുമുള്ള നല്ലൊരു വ്യായമമുറയായി മാത്രം യോഗയെ അവതരിപ്പിക്കുന്നതല്ലേ അതിന്റെ ശരി.

നിങ്ങളറിയാതെ നിങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുന്നു; കാരണങ്ങളറിയാം

ചെറുതെന്ന് കരുതി ഒഴിവാക്കുന്ന കാര്യങ്ങളിലൂടെ ഒരു പക്ഷേ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലായേക്കാം.

ആരോഗ്യം   ഒരാളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. പലപ്പോഴും നമ്മളറിയാതെ തന്നെ നമ്മുടെ ആരോഗ്യം നഷ്ടപ്പെടുന്നുണ്ട്. വളരെ ചെറുതെന്ന് കരുതി ഒഴിവാക്കുന്ന കാര്യങ്ങളിലൂടെ ഒരു പക്ഷേ നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലായേക്കാം. ഇത് എന്തൊക്കെയാണെന്ന് അറിയാം

അമിത മദ്യപാനം

മദ്യപാനം ആരോഗ്യത്തെ നശിപ്പിക്കും എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാലും

മിക്കപ്പോഴും നാം അത് അവഗണിക്കുകയാണ് ചെയ്യാറുള്ളത്.
മദ്യപാനത്തിലൂടെ  തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുകയും,  ഏകാഗ്രത കുറയുകയും ചെയ്യുന്നു. ഒപ്പം ഉറക്കകുറവിനും മദ്യപാനം കാരണമാകുന്നു. അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്നു.

വെെകിയുള്ള ഉറക്കം

വെെകി ഉറങ്ങുന്നവര്‍ക്ക് നേരത്തെ ഉറങ്ങുന്നവരേക്കാൾ മാനസിക പിരിമുറുക്കം കൂടുതലായിരിക്കുമെന്ന് പഠനങ്ങളുണ്ട്. വെെകി ഉറങ്ങുന്നത് ഉറക്ക ക്ഷീണത്തിന് കാരണമാകും. ദീര്‍ഘനാൾ വെെകി ഉറങ്ങുന്നവര്‍ക്ക്  ക്രമേണ ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് ശാരീരിക മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കും

ദീര്‍ഘ യാത്രകൾ

എല്ലാദിവസവും ഒാഫീസിലേക്കും, കോളേജിലേക്കും, ബിസിനസ് ആവശ്യങ്ങൾക്കുമൊക്കെയായി ദീര്‍ഘദൂര യാത്രകൾ ചെയ്യുന്നവരാണ് നമ്മൾ. ദീര്‍ഘ യാത്രകൾ ശരീരത്തിന് ഏറെ ആയാസകരമാണ് ഇത് ശാരീരികവും മാനസികവുമായ തളര്‍ച്ചക്ക് വഴിവെക്കും.

തെറ്റായ ഭക്ഷണശീലങ്ങൾ

ആരോഗ്യം നോക്കി ഭക്ഷണം കഴിക്കണം എന്നത് നമുക്ക് പുതിയ അറിവല്ല. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ രോഗങ്ങളെ വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്.

കടപ്പാട്- മാതൃഭൂമി.കോം

3.05882352941
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ