অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗങ്ങളും ഹോമിയോപ്പതി ചികിത്സകളും

ആമുഖം

ഒരു തലമുറ നിലനിര്‍ത്തികൊണ്ട്‌ പോകുന്ന മഹത്തായ സൃഷ്‌ടിയാണ്‌ സ്‌ത്രീ. ഈസ്‌ട്രജന്‍, പ്രജസ്‌റ്ററോണ്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍ സ്‌ത്രീ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. സ്‌ത്രീ-പ്രത്യുത്‌പാദന അവയവങ്ങളായ ഗര്‍ഭപാത്രം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍ എന്നിവയ്‌ക്കുണ്ടാകുന്ന രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്‌. ഗര്‍ഭാശയ കാന്‍സര്‍, വിളര്‍ച്ച, ഫൈബ്രോയ്‌ഡ്, വെള്ളപോക്ക്‌, പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌, തൈറോയിഡ്‌ സംബന്ധമായ അസുഖങ്ങള്‍ എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി ചികിത്സ ഗുണകരമാണ്‌.

ഗര്‍ഭാശയ കാന്‍സര്‍

കേരളത്തില്‍ സ്‌ത്രീകളില്‍ കണ്ടുവരുന്ന കാന്‍സറുകളില്‍ മൂന്നാം സ്‌ഥാനത്താണ്‌ ശര്‍ഭാശയഗള കാന്‍സര്‍. ആരംഭത്തിലേ തിരിച്ചറിയുകയും ശരിയായ രീതിയില്‍ ചികിത്സിക്കുകയും ചെയ്‌താല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന ഒരു രോഗമാണിത്‌. കാന്‍സറിന്റെ പ്രാരംഭഘട്ടത്തില്‍ ഹോമിയോ ചികിത്സ ഫലപ്രദമാണ്‌. ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ മൂലമുണ്ടാകുന്ന അണുബാധയാണ്‌ ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന കാരണം. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍, ലൈംഗിക ശുചിത്വമില്ലായ്‌മ, അടുപ്പിച്ചുള്ള പ്രസവം എന്നിവ ഇതിന്‌ മുഖ്യ കാരണമാണ്‌. കാന്‍സറിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ടങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രോഗം ഗര്‍ഭാശയമുഖത്തു നിന്നും സമീപമുള്ള ശരീരകലകളിലേയ്‌ക്കു വ്യാപിക്കുമ്പോള്‍ രക്‌തസ്രാവം കാണപ്പെടുന്നു.

ലക്ഷണങ്ങള്‍

ആര്‍ത്തവവിരാമത്തിനു ശേഷവും നിലനില്‍ക്കുന്ന രക്‌തസ്രാവം, രക്‌തം കലര്‍ന്ന വെള്ളപോക്ക്‌, സംഭോഗത്തിനു ശേഷം രക്‌തസ്രാവം എന്നിവ രോഗത്തിന്റെ തുടക്കത്തില്‍ കാണപ്പെടുന്നു.പാപ്‌സ്മിയര്‍ പോലുള്ള ലഘുപരിശോധനകള്‍ വഴി ഗര്‍ഭാശയ കാന്‍സര്‍ മുന്‍കൂട്ടി കണ്ടുപിടിക്കാന്‍ സാധിക്കും. ഈ പരിശോധനയില്‍ കോശവ്യതിയാനംശ്രദ്ധയില്‍പെട്ടാല്‍ കോള്‍പോസ്‌കോപ്പി എന്ന പരിശോധന നടത്തുന്നു. ഗര്‍ഭാശയമുഖം 8 മുതല്‍ 21 ഇരട്ടി വരെ വലുതാക്കി കാണിക്കുന്ന ഈ പരിശോധന കാന്‍സറായി മാറാന്‍ സാധ്യതയുള്ള ഭാഗം വ്യക്‌തമായി ചൂണ്ടികാണിക്കുന്നു. കൃത്യമായ ഹോമിയോപ്പതി ചികിത്സയിലൂടെ ഇത്‌ കാന്‍സറാകാതെ തടയാം.കാര്‍സിനോസിന്‍, സെപിയ, ഹൈഡ്രാസ്‌റ്റിസ്‌, ഫൈറ്റൊലക്ക, കോണിയം മാക്ക്‌, പള്‍സാറ്റില, ലാക്കസിസ്‌ എന്നീ മരുന്നുകള്‍ ശര്‍ഭാശയഗള കാന്‍സറിന്‌ ഫലപ്രദമായി ഹോമിയോപ്പതിയില്‍ ഉപയോഗിച്ചു വരുന്നു.

തൈറോയിഡ്‌

തൈറോയിഡ്‌ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടുന്നത്‌ സ്‌ത്രീകളെയാണ്‌. അന്തഃസ്രാവ ഗ്രന്ഥിയായ തൈറോയിഡാണ്‌ ടി3, ടി4 എന്നീ ഹോര്‍മോണുകള്‍ ഉത്‌പാദിപ്പിക്കുന്നത്‌. ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം എന്നീ അവസ്‌ഥകളോടനുബന്ധിച്ച്‌ ഹോര്‍മോണുകളിലുണ്ടാകുന്ന മാറ്റങ്ങള്‍, തുടര്‍ന്ന്‌ പ്രതിരോധശക്‌തിയിലും മാനസികാവസ്‌ഥയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ്‌ സ്‌ത്രീകളില്‍ തൈറോയിഡ്‌ തകരാര്‍ കൂടുതലായി കാണപ്പെടുന്നതിനു കാരണം. ഹോമിയോപ്പതി രോഗത്തെയല്ല, രോഗലക്ഷണത്തെയാണ്‌ ചികിത്സിക്കുന്നത്‌. കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, തൈറോയ്‌ഡിനം, നാട്രം മ്യൂര്‍, ലാക്കസിന്‍ ബ്രേമിയം, പൈലോകാര്‍പ്പസ്‌ എന്നീ മരുന്നുകള്‍ രോഗതീവ്രത, രോഗസ്വഭാവം, രോഗിയുടെ പ്രായം, മാനസികനില എന്നിവയുടെ അടിസ്‌ഥാനത്തില്‍ നല്‍കി വരുന്നു.

വിളര്‍ച്ച

ലോകജനസംഖ്യയുടെ 30 ശതമാനം ആളുകള്‍ക്ക്‌ വിളര്‍ച്ച രോഗമുണ്ടെന്നാണ്‌ കണക്ക്‌. ഇതില്‍ ഭൂരിഭാഗവും സ്‌ത്രീകളാണെന്ന്‌ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ശരീരകോശങ്ങളില്‍ പ്രാണവായു എത്തിക്കുക എന്ന സുപ്രധാന ധര്‍മം നിര്‍വഹിക്കുന്നത്‌ രക്‌തത്തിലെ ഹീമോഗ്ലോബിന്‍ ആണ്‌. ചുവന്ന രക്‌താണുക്കളുടെയും ഹീമോഗ്ലോബിന്റെയും എണ്ണത്തിലും ഗുണത്തിലുമുള്ള കുറവിനെയാണ്‌ വിളര്‍ച്ച എന്നു പറയുന്നത്‌. ഇരുമ്പിന്റെ അംശം കുറയുക, രക്‌തസ്രാവം, അര്‍ബുദം, മലേറിയ, വാതപ്പനി, കരള്‍ രോഗങ്ങള്‍ എന്നിവ മൂലം വിളര്‍ച്ചയുണ്ടാകാം. സ്‌ത്രീകളില്‍ ആര്‍ത്തവസമയത്തുള്ള അമിത രക്‌തസ്രാവമാണ്‌ ഈ രോഗാവസ്‌ഥയ്‌ക്കുള്ള മറ്റൊരു കാരണം.

ലക്ഷണങ്ങള്‍

ഹൃദയമിടിപ്പു കൂടുക, ത്വക്കിന്റെ എണ്ണമയം നഷ്‌ടപ്പെടുക, ക്ഷീണം, തളര്‍ച്ച, ശരീരം മെലിയുക, ഉത്സാഹം കുറയുക എന്നീ ലക്ഷണങ്ങളാണ്‌ പൊതുവെ കാണപ്പെടുന്നത്‌. വിളര്‍ച്ചയ്‌ക്ക് ഹോമിയോപ്പതി ചികിത്സയില്‍ കൂടുതലായി ഉപയോഗിച്ചു വരുന്നത്‌ ഫെറംഫോസ്‌, ഫെറം അസറ്റിക്കം, ലെസിത്തിന്‍, ഫോസ്‌ഫറസ്‌, ഫെറം മെറ്റ്‌ എന്നീ മരുന്നുകളാണ്‌.

ഫൈബ്രോയ്‌ഡ്

30-45 വയസിനിടയ്‌ക്കുള്ള സ്‌ ത്രീകളില്‍ കാണുന്ന ഗര്‍ഭാശയ രോഗമാണ്‌ ഫൈബ്രോയ്‌ഡ്. ഇത്‌ പല തരത്തിലുണ്ട്‌. ഗര്‍ഭപാത്രത്തിന്റെ ഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുന്ന മുഴകളെ 'ഇന്‍ട്രാമ്യൂറല്‍' എന്നും ഗര്‍ഭപാത്രത്തിനു വെളിയിലേക്കു വളരുന്ന മുഴകളെ 'സബ്‌സീറസ്‌' എന്നും ഗര്‍ഭപാത്രത്തിനകത്തേക്കു വളരുന്ന മുഴകളെ 'സബ്‌മ്യൂക്കസ്‌ ഫൈബ്രോയ്‌ഡ്' എന്നും വിളിക്കുന്നു. സ്‌ത്രീകളില്‍ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ ഈ മുഴകളുടെ വളര്‍ച്ചയെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവ വിരാമത്തിനു ശേഷം ഈ മുഴകള്‍ ചുരുങ്ങുന്നു. വളരെ ചെറുപ്പത്തിലേ ഋതുമതിയാകുന്നവരിലും പ്രസവിക്കാത്ത സ്‌ത്രീകളിലും വന്ധ്യതയുള്ളവരിലും അമിതഭാരമുള്ളവരിലും ഫൈബ്രോയ്‌ഡിനുള്ള സാധ്യത കൂടുതലാണ്‌. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങളാണ്‌ ഗര്‍ഭാശയമുഴയുടെ പ്രധാന ലക്ഷണം. പെട്ടെന്നുണ്ടാകുന്ന, ശക്‌തമായ വയറുവേദന രോഗസങ്കീര്‍ണതയുടെ ലക്ഷണമാണ്‌. ആര്‍ത്തവസമയത്തെ അമിത രക്‌തസ്രാവം, ക്രമം തെറ്റിയ ആര്‍ത്തവം, വിളര്‍ച്ച, തുടരെയുള്ള ഗര്‍ഭം അലസല്‍, വന്ധ്യത തുടങ്ങിയവ ഫൈബ്രോയ്‌ഡിന്റെ ലക്ഷണങ്ങളാവാം. രോഗിയുടെ മാനസികവും ശാരീരികവുമായ പ്രത്യേകതകളനുസരിച്ച്‌ സെപിയ, ലാക്കസിസ്‌, പള്‍സാറ്റില, നാട്രം മ്യൂര്‍, ഓവടോസ്‌റ്റ, കാല്‍ക്കേരിയ ഫ്‌ളൂര്‍ എന്നീ മരുന്നുകള്‍ നല്‍കുന്നു

പോളിസിസ്‌റ്റിക്‌ ഒവേറിയന്‍ ഡിസീസ്‌ (പിസിഒഡി)

അണ്ഡമുകുളങ്ങള്‍ വികസനഘട്ടത്തില്‍ മുന്നേറാനാകാതെ മുരടിച്ചു നില്‍ക്കുന്ന രോഗാവസ്‌ഥയാണ്‌ പിസിഒഡി. അമിതവണ്ണമുള്ളവരില്‍ ഇതിനു സാധ്യത കൂടുതലാണ്‌.മുഖത്തും ശരീരഭാഗങ്ങളിലുമുണ്ടാകുന്ന അമിത രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍, ക്രമരഹിതമായ ആര്‍ത്തവചക്രം, അമിതവണ്ണം എന്നിങ്ങനെ ഏതെങ്കിലും ഒരു രോഗലക്ഷണം പ്രകടമാകുന്നു. അപൂര്‍വം ആളുകളില്‍ എല്ലാ രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
സെപിയ, ഫൈറ്റൊലക്ക, പള്‍സാറ്റില, കാല്‍ക്കേരിയ കാര്‍ബ്‌, അയഡിന്‍, ഫോസ്‌ഫറസ്‌, ലാക്കസിസ്‌, ഫെറംഫോസ്‌ എന്നീ മരുന്നുകളാണ്‌ നല്‍കുന്നത്‌.

വെള്ളപോക്ക്‌

സ്‌ത്രീകളില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ്‌ വെള്ളപോക്ക്‌. സ്‌ത്രീഹോര്‍മോണായ ഈസ്‌ട്രജനില്‍ വരുന്ന വ്യതിയാനമാണ്‌ ഈ രോഗാവസ്‌ഥ. യോനിയില്‍ നിന്നും വെള്ളയോ മഞ്ഞയോ നിറത്തില്‍ കട്ടിയായി വരുന്ന ദ്രാവകമാണ്‌ വെള്ളപോക്ക്‌. ചിലരില്‍ യോനീഭാഗത്ത്‌ ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവ ഉണ്ടാക്കുന്നു. ഗര്‍ഭാശയ ഭിത്തികളും യോനീഭിത്തികളുമാണ്‌ ഈ ദ്രാവകം ഉത്‌പാദിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത്‌. ആര്‍ത്തവസമയങ്ങളിലും ഗര്‍ഭിണിയായിരിക്കുമ്പോഴും വെള്ളപോക്ക്‌ കൂടുതലായിരിക്കും. ശുചിത്വമില്ലായ്‌മ, അണുബാധ, പൂപ്പല്‍ബാധ തുടങ്ങിയവയും ഇതിന്‌ കാരണമാകാറുണ്ട്‌. മാനസികസമ്മര്‍ദങ്ങളുള്ളവരിലും ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുന്നവരിലും വെള്ളപോക്ക്‌ പ്രശ്‌നക്കാരനാകാറുണ്ട്‌. ചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ യോനീഭാഗം വൃത്തിയാക്കുന്നത്‌ ഒരു പരിധി വരെ ആശ്വാസം നല്‍കും.ദ്രാവകത്തിന്‌ വെള്ളനിറം, യോനീ ഭാഗത്ത്‌ കഠിനമായ ചൊറിച്ചില്‍, പുകച്ചില്‍ എന്നിങ്ങനെ ലക്ഷണങ്ങളിലുള്ള വ്യതിയാനമനുസരിച്ച്‌ കാല്‍ക്കേരിയ കാര്‍ബ്‌, സള്‍ഫര്‍ കോളോഫില്ലം, പള്‍സാറ്റില, ലിലിയം ടിഗ്‌, ഹൈഡ്രാസ്‌റ്റിസ്‌, സെപിയ എന്നീ മരുന്നുകള്‍ നല്‍കുന്നു.

കടപ്പാട് : chirimacinimaa.blogspot.in

അവസാനം പരിഷ്കരിച്ചത് : 3/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate