Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / പ്രകൃതി ചികിത്സ / പ്രകൃതിചികിത്സയിലെ നീപ്പ് സമ്പ്രദായം
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിചികിത്സയിലെ നീപ്പ് സമ്പ്രദായം

കൂടുതല്‍ വിവരങ്ങള്‍

ആമുഖം

പ്രസിദ്ധ ആസ്ത്രിയൻ പ്രകൃതിചികിത്സകൻ ജോഹന്നസ് സ്ക്രോഥിന്റെ സമകാലികനാണു ബൽജിയത്തിലെ ബവേറിയക്കാരനായ നീപ്പ്. വിശ്വവിഖ്യാതനായ പ്രകൃതിചികിത്സകനെന്നതിനുപുറമേ, വിദ്യാഭ്യാസ പ്രവർത്തകനും ജനസേവനനിരതനുമായ ഒരു പാതിരികൂടിയായിരുന്നു അദ്ദേഹം. മതപരമായ പ്രവർത്തനങ്ങൾക്കിടയിലും രോഗികളെ ചികിത്സിക്കാൻ നീപ്പ്സമയം കണ്ടിരുന്നു. അദ്ദേഹം ആരംഭിച്ച ഒരു ആതുരാലയം അരനുറ്റാണ്ടോളം രോഗികളുടെ ആശാ കേന്ദ്രമായി പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു.

രോഗത്തിന്റെ നിദാനത്തേയോ, രോഗിയുടെ ശരീരസ്ഥിതിയേയോ കുറിച്ചൊന്നും വിസ്തരിച്ച വിചാരണയ്ക്കു മെനക്കെടാതെയാണു അദ്ദേഹം തന്റെ ചികിത്സ നടത്തിയിരുന്നത്. ആ ചികിത്സയുടെ പുതുമയും മഹിമയും ആളുകളെ അത്യധികം ആകർഷിച്ചു. നീപ്പിന്റെ 'ജലചികിത്സ' എന്ന പുസ്തകത്തിനു ലോകവ്യാപകമായ പ്രചാരമുണ്ട്. ജലപ്രയോഗം കൊണ്ടു ദേഹത്തിലെ താപമാനം ക്രമപ്പെടുത്തി ഏതുരോഗവും മാറ്റാമെന്നാണ് അദ്ദേഹത്തിന്റെ ആപ്താഭിപ്രായം. പ്രകൃതി ചികിത്സകർ പൊതുവേ ഔഷധവിരോധികളാണല്ലൊ. എന്നാൽ നീപ്പ് ചില രോഗങ്ങൾക്കു പച്ചമരുന്ന് ഉപയോഗപ്പെടുത്തിയിരുന്നു.

ചികിത്സ

നീപ്പിന്റെ ചികിത്സാരീതി വളരെ വൈവിധ്യമുള്ളതാണ്. ഓരോ രോഗത്തിനും ഓരോതരമാണു ചികിത്സ. എന്നാൽ രോഗമൊന്നേയുള്ളു; ചികിത്സയുമൊന്നേ ഉള്ളൂവെന്നാണല്ലോ സാധാരണ പ്രകൃതിചികിത്സകരുടെ സിദ്ധാന്തം. പക്ഷേ, നീപ്പ് പ്രകൃതിചികിത്സാ പദ്ധതിയിലെ ഏകാന്തപഥികനായി മുന്നോട്ടു പോയി. ജലസ്നാനങ്ങൾ, നനഞ്ഞ പുതപ്പ്, ബാഷ്പസ്നാനങ്ങൾ, ധാര, പ്രക്ഷാളനം, നനഞ്ഞകെട്ട്, ജലപാനം എന്നീ ചികിത്സാരീതികൾ അതതുരോഗത്തിന്റെ സ്വഭാവം നോക്കി ഉപയോഗപ്പെടുത്തി.

നനഞ്ഞ പുതപ്പ്

 • പുതപ്പു പുതയ്ക്കൽ: കനമുള്ള പരുത്തിനൂൽ പുതപ്പു നീളത്തിൽഅഞ്ചാറു മടക്കുമടക്കി വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞു ആപാദകണ്ഠം പുതയ്ക്കുക. മീതെ ഒരു കമ്പിളി രണ്ടോ മൂന്നോ മടക്കു മടക്കിയിടുകയും അതിനു ചുറ്റും മെത്തകൊണ്ടു മൂടുകയും വേണം. കഴുത്തിൽ ഒരു പാനൽ കെട്ടുന്നതും കൊള്ളാം. ഉണങ്ങുമ്പോൾ തുണി വീണ്ടും പച്ചവെള്ളത്തിൽ മുക്കണം. നാല്പ്പത്തഞ്ചു മിനിറ്റു മുതൽ ഒരു മണിക്കൂർ വരെ അങ്ങനെ കിടക്കാം. പിന്നീട് എണീറ്റു വ്യായാമം ചെയ്യുകയോ, മെത്തയിൽ തന്നെ കുറേനേരംകൂടി കിടക്കുകയോ വേണം. ആമാശയത്തിലും ആന്ത്രത്തിലുമുള്ള മലിനവാതങ്ങളകറ്റാൻ (ദുഷിച്ചവായു) അതു തുലോം ഉതകുന്നതാണ്.
 • പുതപ്പിൽ കിടക്കൽ: മേൽചൊന്നപോലെ തുണി നനച്ചു പിഴിഞ്ഞു കണ്ഠം മുതൽ പൃഷ്ഠം വരെ എത്തത്തക്കവിധം വിരിച്ചു കിടക്കുക. പിന്നെയെല്ലാം കൂടി പുതയ്ക്കണം. ശേഷം മേപ്പടിതന്നെ. ഈ പ്രയോഗം കഠിനജ്വരംപോലും മാറ്റും.
 • പുതച്ചുകിടപ്പ്: ഒന്നാമത്തേതുപോലെ പുതപ്പുകൊണ്ടു പുതയ്ക്കുകയും രണ്ടാമത്തേതുപോലെ പുതപ്പിൽ കിടക്കുകയും ചെയ്യുന്ന സംയുക്ത സമ്പ്രദായമാണിത്. സമയം നാൽപ്പത്തഞ്ചു മിനിറ്റു മുതൽ ഒരു മണിക്കൂർവരെ.
 • വയറുപുതയ്ക്കല്‍: മെത്തയിൽ കിടക്കുന്ന രോഗിയുടെ ഉദരത്തിൽ ഒരു തുണി അഞ്ചാറായി മടക്കി നനച്ചു പിഴിഞ്ഞിടണം. ചെറു നാരങ്ങ നീരൊഴിച്ച വെള്ളത്തിലോ, ചൊറുക്കയിലോ, മുക്കിപ്പിഴിഞ്ഞിടുന്നതാണു കൂടുതൽ ഗുണകരം. ചില സസ്യങ്ങളുടെ ഇലയിട്ട് തിളപ്പിച്ച വെള്ളവും നീപ്പ് ഉപയോഗിച്ചിരുന്നു. തുണിയിട്ടശേഷം മീതേ കുപ്പായവുമിട്ടു കമ്പിളി പുതച്ചു കിടക്കണം. സമയം മേൽപ്പറഞ്ഞതുപോലെ. ഇതു വയറ്റുനോവ്, ദഹനക്കേട് തുടങ്ങിയ ഉദരരോഗങ്ങൾ മാറാനുള്ള പ്രയോഗമാണ്.

സ്നാനങ്ങള്‍

 • പാദസ്നാനം: ഒരു മിനിറ്റു മുതൽ മൂന്നു മിനിറ്റുവരെ മുട്ടിനു താഴെ പച്ചവെള്ളത്തിൽ നില്ക്കുന്നതാണു പാദസ്നാനം. ഉപ്പോ, ചാരമോ ചേർത്തു ചൂടുവെള്ളത്തിലും പാദസ്നാനം നടത്താം. സമയം 12 മുതൽ 15 മിനിറ്റുവരെ. ചൂടുവെള്ളത്തിൽ പാദസ്നാനം കഴിഞ്ഞാൽ പാദം പച്ചവെള്ളം കൊണ്ടു കഴുകണം. പാദസ്നാനം ചൂടിനേയും ദുഷ്ട്ടിനേയും കീഴോട്ടാകർഷിക്കുന്നു. ക്ഷീണിതർക്കും, അധ്വാനികൾക്കും, ശീതഭീരുക്കൾക്കും പാദസ്നാനം ഹിതകരമാണ്, ഗുണകരമാണ്.
 • അർധസ്നാനം: ഇതു പാദം തൊട്ടു നാഭിവരെയുള്ള സ്നാനമാണ്. മുട്ടുവരെ വെള്ളത്തിൽ നില്ക്കുക, തുട നനച്ചിരിക്കുക, പൊക്കിൾ വരെ വെള്ളത്തിലിരിക്കുക ഇവയെല്ലാം അർധസ്നാനങ്ങളാണ്, പച്ചവെളളം മാത്രമേ ഉപയോഗിക്കാവു. ഇതരസ്താനങ്ങളോടൊപ്പമാണ് അർധസ്നാനം നടത്തുക. സമയം അരമിനിറ്റു മുതൽ മൂന്നു മിനിറ്റു വരെ.
 • നിഷണ്ണസ്നാനം: ഒരു പാത്രത്തിൽ നാഭിവരെ പച്ചവെള്ളമൊഴിച്ചു കാലുനനയ്ക്കാതെ ഇരിക്കുക. ഇങ്ങനെ രാത്രി കുളിക്കുന്നതാണു കൂടുതൽ പ്രയോജനകരം. അങ്ങനെ മൂന്നു മിനിറ്റുവരെ ഇരിക്കാം. ഇളം ചൂടുവെള്ളത്തിലും നിഷണ്ണസ്നാനം നടത്താം. അപ്പോൾ പതിനഞ്ചു മിനിറ്റ് ഇരിക്കണം.
 • സാധാരണസ്നാനം: ആരോഗ്യമുള്ളവർക്കു ഇഷ്ടാനുസരണം വെള്ളത്തിൽ കിടക്കുകയോ, നീന്തുകയോ ചെയ്യാം. രോഗികൾ ഏറെനേരം വെള്ളത്തിൽ കിടക്കരുത്. മുങ്ങാൻ വയ്യാത്ത രോഗികൾ ദേഹക്ഷാളനം ചെയ്താലും മതി. ചൂടുവെള്ളമാണെങ്കിൽ തൊട്ടിയിൽ 20 മുതൽ 25 മിനിറ്റുവരെ ഇരിക്കാം. ആദ്യം പത്തുമിനിറ്റു പച്ചവെള്ളത്തിലും പിന്നീട് പത്തുമിനിറ്റു ചൂടുവെള്ളത്തിലും കുളിക്കുന്നതു കൂടുതൽ നന്ന്. ആരോഗ്യവാന്മാർ ചൂടുവെള്ളത്തിൽ കുളിക്കേണ്ടതില്ല. ജോലിക്കാർക്കു ഈ കുളികൊണ്ടു നവോന്മേഷം ലഭിക്കും. ചില മരുന്നും ഇലയുമിട്ടു തിളപ്പിച്ചാറ്റിയ വെള്ളത്തിലാണു നീപ്പ് രോഗികളെ കുളിപ്പിച്ചിരുന്നത്.
 • അംഗസ്നാനം: രോഗമുള്ള അവയവത്തെ മാത്രം കുളിപ്പിക്കുന്നതാണു അംഗസ്നാനം. കൈവിരലിലെ രോഗം മാറാൻ കൈ മുഴുവൻ കുളിപ്പിക്കണം. നേരം രണ്ടു മുതൽ പതിനഞ്ചു മിനിറ്റുവരെ. ശിരോരോഗം മാറാൻ തലമാത്രം ഒരു മിനിറ്റു വെള്ളത്തിൽ മുക്കണം. ചൂടുവെള്ളമാണെങ്കിൽ ഏഴുമിനിറ്റുവരെ മുക്കണം. വെള്ളത്തിനു ഇളംചൂടേ ഉണ്ടാകാവു. പച്ചവെള്ളവും ചൂടുവെള്ളവും ഇടവിട്ട് ഉപയോഗിച്ചാൽ മുടി പൊഴിച്ചിലും മറ്റും മാറും. കണ്ണുനോവുമാറാൻ അരമിനിറ്റു വീതം അഞ്ചാറു കുറി തുടർച്ചയായി ശുദ്ധമായ പച്ചവെള്ളത്തിൽ തുറന്നു പിടിച്ചു കണ്ണു മുക്കണം. ആദ്യം ചെറുചൂടുള്ള വെള്ളത്തിലും പിന്നീടു പച്ചവെള്ളത്തിലും മുക്കുന്നരീതിയുണ്ട്.
 • ബാഷ്പസ്നാനം: വളരെ പ്രയോജനകരമാണു ബാഷ്പസ്നാനം. പക്ഷേ അവധാനപൂർവം വേണം നടത്താൻ. ആവിക്കുളി കഴിഞ്ഞാലുടൻ ദേഹം തണുപ്പിക്കണം. ചിലഭാഗം മാത്രം വിയർപ്പിച്ചാലും ദേഹമാകെ വിയർപ്പിച്ച ഫലമുണ്ടാകുമെന്നാണു നീപ്പിന്റെ പക്ഷം. തലമാത്രമായി വിയർപ്പിക്കുന്നതും നല്ലതാണ്. നീപ്പ് ചില ഇലകളിട്ടു തിളപ്പിച്ചാറ്റിയ വെള്ളം കൊണ്ടാണ് രോഗികളുടെ മുഖം, കണ്ഠം, നെഞ്ച്, ഉദരം എന്നിവിടങ്ങളിൽ ആവിപിടിച്ചിരുന്നത്. ആവികുളി കഴിഞ്ഞാലുടൻ പച്ചവെള്ളത്തിൽ കുളിക്കണം. പാദം മാത്രമായി വിയർപ്പിക്കുന്നതും ചില രോഗങ്ങൾ മാറാൻ നല്ലതാണ്.

ധാര

 • ജാനുധാര: രോഗി കസേരയിലിരുന്നു കാൽ ഒരു പാത്രത്തിൽ വയ്ക്കണം. അപ്പോൾ ചെടി നനയ്ക്കാൻ ഉപയോഗിക്കുന്നതുപോലുള്ള ഒരു പാത്രം കൊണ്ടു കാലിലെ ചെറുവിരൽ മുതൽ മുട്ടുവരെ ജലശീകരധാര നടത്തണം. മുട്ടിന്റെ ചിരട്ടയിലും ധാരാളം ജലാഭിഷേകം ചെയ്യണം. സമയം പന്ത്രണ്ടുമുതൽ പതിനഞ്ചുമിനിറ്റുവരെ. ഒടുവിൽ പാത്രത്തിന്റെ വലിയ വായിൽക്കൂടി പാദത്തിൽ വെളളം വീഴ്ത്തി നിറുത്തണം. രോഗം മാറിവരുന്നവർക്കും രക്തം കുറഞ്ഞവർക്കും പേശികൾ മെലിഞ്ഞവർക്കും മറ്റും ഈ ധാര വളരെ ഗുണകരമാണ്. പതിനഞ്ചുമിനിറ്റു നേരം ധാര സഹിക്കാൻ ശക്തിയില്ലാത്തവർക്ക് സഹ്യമായ സമയമെടുത്താൽ മതി.
 • ഊരു ധാര: പെരുവിരൽ മുതൽ മേലോട്ട് അര വരെ പെട്ടെന്നു പെട്ടെന്നു വെള്ളമൊഴിക്കുന്നതാണു ഊരുധാര. എഴുന്നേറ്റു നടന്നു ധാര ചെയ്യുന്നതാണ് ഉത്തമം. ഈ ധാരകൊണ്ടു തുടകൾക്കു കൂടുതൽ പ്രയോജനം ലഭിക്കുന്നു.
 • നിതംബ-ജഘനധാര: രോഗി എണീറ്റുനിന്നു രണ്ടുമൂന്നു പാത്രം വെള്ളമെടുത്ത് ആദ്യം പിന്നര മുതൽ കാൽവിരൽ വരേയും പിന്നീടു മുന്നര മുതൽ കാൽവിരൽ വരേയും ധാര ചെയ്യുന്നതാണു നിതംബ-ജഘനധാര. പാദം വിയർപ്പിച്ച ശേഷം ധാര ചെയ്യുന്നതു കൂടുതൽ നന്ന്.
 • ആകണ്പാദധാര: ആകണ്പാദം  നാലഞ്ചുപാത്രം വെള്ളം ധാര ചെയ്യുന്നതാണ് ആകണ്ഠപാദധാര. അപ്പോൾ നട്ടെല്ലിൽ ധാരാളമായി വെളളം വീഴ്ത്താൻ ശ്രദ്ധിക്കണം, ധാരയ്ക്കു ശേഷം കൈയും നെഞ്ചും വയറും കഴുകണം. ജലധാരകൊണ്ടു പലരോഗങ്ങളും സുഖപ്പെടും.
 • ശരീരധാര: ആകണ്ഠപാദം ഇരുപുറവും വെവ്വേറെ ചെയ്യുന്ന ധാര. ആദ്യം മുന്നിലും പിന്നെ പിന്നിലും നാലഞ്ചുപാത്രം വെളളമൊഴിക്കണം. നട്ടെല്ല്, പിൻകഴുത്ത്, വയറ് എന്നീ ഭാഗങ്ങളിൽ പ്രത്യേകം ധാര ചെയ്യണം. തണുപ്പു സഹിക്കാൻ പറ്റാത്തവർ ഈ ധാര ചെയ്യേണ്ടതില്ല. പാദം വിയർപ്പിച്ച ശേഷവും ധാര നടത്താം. വൃദ്ധന്മാർക്കു ചെറുചൂടുള്ള വെള്ളമുപയോഗിക്കാവുന്നതാണ്. വാതരോഗികൾക്കും, തടിച്ചവർക്കും ഈ ധാര വളരെ ഗുണം ചെയ്യും.
 • ഭുജധാര: കൈത്തലംതൊട്ടു തോൾ വരെ വെള്ളം വീഴ്ത്തുന്നതാണു ഭുജധാര. കൈകളുടെ ഇരുപുറവും വെള്ളം വീഴണം. കൈയ്ക്ക് ബലമുണ്ടാവാനും വേദനയും രക്തക്കുറവും മാറ്റാനും ഈ ധാര ഉപകരിക്കുന്നു.
 • ശിരോധാര: തലയിലൂടെ തലയ്ക്കും, ചെവിക്കും, കവിളിനും അടച്ച കണ്ണിനും ജലധാര ചെയ്യുന്നതാണു ശിരോധാര. അതു ശ്രോത്രനേത്രരോഗങ്ങൾ സുഖപ്പെടുത്തും.

പ്രക്ഷാളനം

ദേഹം പൂർണമായോ ഭാഗികമായോ പ്രക്ഷാളനം ചെയ്യാം. വേഗം വേഗം ചെയ്യണം. രണ്ടുമിനിറ്റിലേറരുത്.

 • പൂർണപ്രക്ഷാളനം: കണം മുതൽ കീഴോട്ടു വേഗം വേഗം കഴുകുന്നതാണു പൂർണ പ്രക്ഷാളനം. ഒരു തുണി വെളളത്തിൽ മുക്കി നെഞ്ചും വയറും പുറവും യഥാക്രമം തുടയ്ക്കുക. പിന്നെ കൈകാലുകൾ കൂടി കഴുകുക. പിന്നെ, ദേഹം തോർത്താതെ വസ്ത്രം ധരിച്ച് വ്യായാമം ചെയ്യണം. ഉണർന്നെണീറ്റശേഷമോ, ഉറങ്ങാൻ പോകും മുമ്പോ ആണു ശരീരപ്രക്ഷാളനത്തിനു പറ്റിയ നേരം. രോഗികൾ തലയൊഴികെയുളള ഭാഗം പെട്ടെന്നു തണുപ്പിക്കണം. ആദ്യം അരമിനിറ്റുകൊണ്ടു പുറവും പിന്നീടു മൂന്നോ നാലോ മിനിറ്റുകൊണ്ടു നെഞ്ചും വയറും കൈകാലുകളും മുറയ്ക്കു കഴുകണം.
 • ഭാഗിക പ്രക്ഷാളനം: രോഗികൾ ഒരുദിവസം രണ്ടോ മൂന്നോ വട്ടം രോഗമുളള അവയവങ്ങൾ മാത്രം കഴുകുന്നതു ഭാഗിക പ്രക്ഷാളനം. കഴുകുന്ന വെള്ളത്തിൽ നാരങ്ങനീര്, മോര് ഇവ ചേർക്കുന്നതു കൂടുതൽ നല്ലതാണ്. പനി, വസൂരി തുടങ്ങിയ രോഗങ്ങൾ പ്രക്ഷാളനം കൊണ്ടു പെട്ടെന്നു ഭേദമാവുന്നു.

വച്ചുകെട്ടുകൾ

 • ശിരോവേഷ്ടനം: തലയും മുഖവും ശുദ്ധജലം കൊണ്ടു നനച്ചു കണ്ണും മൂക്കും നെറ്റിയും ഒഴികെയുള്ള ഭാഗങ്ങൾ ഉണങ്ങിയ തുണികൊണ്ടു കാറ്റുകേറാതെ മൂടിക്കെട്ടുന്നതാണു ശിരോവേഷ്ടനം. അരമണിക്കൂറിനുള്ളിൽ മുടിയുണങ്ങും. അങ്ങനെ രണ്ടു മൂന്നു വട്ടം തലയിൽ കെട്ടാം. കെട്ടുകഴിഞ്ഞു തലയും കഴുത്തും വേഗം കഴുകണം. തലനോവ്, ചൊറി, ചാരണം മുതലായവ ഈ കെട്ടുകൊണ്ടു മാറിപ്പോകും.
 • കണ്ഠവേഷ്ടനം: കഴുത്തു നനച്ചു മൂന്നുനാലു മടക്കു ഉണങ്ങിയ തുണി ചുറ്റുന്നതാണു കണ്ഠവേഷ്ടനം. നനഞ്ഞ തുണി അടിയിലും ഉണങ്ങിയ തുണി മീതേയും കഴുത്തിൽ ചുറ്റി പ്ളാനൽകൊണ്ടു മൂടിക്കെട്ടുന്ന മറ്റൊരു രീതിയുമുണ്ട്. ആദ്യത്തെ തുണി ഉണങ്ങിയാൽ വീണ്ടും നനയ്ക്കണം. ഒന്നരമണിക്കൂർവരെ കെട്ടി ഇരിക്കാം.
 • ഊർധ്വകായ വേഷ്ടനം: ചതുരത്തിലുള്ള തുണി ത്രികോണാകൃതിയിൽ മടക്കി ശുദ്ധജലത്തിൽ മുക്കിപ്പിഴിഞ്ഞു പുറത്തും നെഞ്ചത്തുമായി പ്ളാനൽ കൊണ്ടോ, ഉണങ്ങിയ തുണികൊണ്ടോ മൂടിക്കെട്ടണം. ഒന്നൊന്നര മണിക്കൂർ അങ്ങനെയിരിക്കാം. ശിരോ രോഗങ്ങളും സ്ത്രീകളുടെ മനശ്ചാഞ്ചല്യവും ഈ കെട്ടുകൊണ്ടു മാറിക്കിട്ടും.
 • പാദവേഷ്ടനം: തുണി നനച്ചു കാലിൽ ചുറ്റി പുറത്ത് ഉണങ്ങിയ തുണികെട്ടുന്നതാണ് പാദവേഷ്ടനം. ധ്വരമാർ സോക്സ് നനച്ച് അതിന്റെമേൽ തുണി ചുറ്റുകയാണു പതിവ്. മുട്ടിനുമുകൾ വരെ കെട്ടാം. കെട്ടി ഒന്നൊന്നര മണിക്കുർ ഇരിക്കണം. മറ്റു കെട്ടുകളുടെ ഗുണം കൂട്ടാൻ അവയ്ക്ക് അനുബന്ധമായോ അനുപൂരകമായോ പാദവേഷ്ടനം നടത്താം. ഉദരരോഗങ്ങൾക്കും ഉരോരോഗങ്ങൾക്കും പാദവേഷ്ടനം ഫലപ്രദമാണ്.
 • ശരീരവേഷ്ടനം; നനച്ചുപിഴിഞ്ഞ തുണി വിരിച്ച ഒരു പുതപ്പ് കക്ഷം മുതൽ കാലുവരെ പുതച്ചുമൂടുന്നതു ശരീരവേഷ്ടനം. തണുപ്പുതീരെ സഹിക്കാനാവാത്തവർക്കു തുണി നനയ്ക്കാൻ ചൂടുവെളളമുപയോഗിക്കാം. സാധാരണക്കാർ വെളളത്തിൽ മുക്കിപ്പിഴിഞ്ഞ ചാക്കിൽ കാലും ദേഹവും കടത്തി മെത്തയിൽ കിടന്നു പുതപ്പുകൊണ്ടു പുതയ്ക്കുകയാണു പതിവ്. ഇതുകൊണ്ടു മൂത്രാശയ രോഗങ്ങളും  വാതവും മാറും.
 • ആകക്ഷജാനുവേഷ്ടനം: കക്ഷം മുതൽ മുട്ടുവരെ നനച്ചു മുണ്ടുചുറ്റി മീതെ പുതപ്പ് പുതയ്ക്കുന്നതാണ് ആകക്ഷജാനുവേഷ്ടനം. സമയം രണ്ടുമണിക്കൂർ വരെ. ആരോഗ്യമുള്ളവരും ആഴ്ചയിലൊരിക്കൽ ആകക്ഷജാനുവേഷ്ടനം ചെയ്യുന്നതു ആരോഗ്യവർധകമാണ്. കഫക്കെട്ട്, ഹൃദ്രോഗം, നെഞ്ചുരോഗം തുടങ്ങിയവ മാറാനിതുപകരിക്കും.
 • കഞ്ചുകവേഷ്ടനം: നനച്ചു പിഴിഞ്ഞ കുപ്പായമിട്ടു മൂടിപ്പുതച്ചു കിടക്കുന്നതു കഞ്ചുകവേഷ്ടനം. ഒന്നരമണിക്കൂർ വരെ കിടക്കാം. ഇതുകൊണ്ടു ചർമരോഗങ്ങൾ മാറുന്നു.
 • സന്യാസിവേഷ്ടനം: സന്യാസിമാരുടേതോ പാതിരിമാരുടേതോ പോലുള്ള ഒരു വസ്ത്രം നനച്ചു പിഴിഞ്ഞു ധരിച്ച് പുറത്തു കമ്പിളികൊണ്ടു ആപാദകണ്ഠം കാറ്റുകേറാതെ പുതച്ചാൽ സന്യാസിവേഷ്ടനമായി. ഇതുകൊണ്ട് അർശസ്സ്, ഹൃദ്രോഗം, വസൂരി, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ ശമിക്കുന്നതാണ്.

ജലപാനം

ദാഹിക്കുമ്പോഴേ വെള്ളം കുടിക്കാവൂ. ഉണ്ണുമ്പോൾ വെള്ളം കുടിക്കേണ്ട കാര്യമില്ല. വെള്ളം ഉമിനീരിന്റേയും ദീപനരസങ്ങളുടേയും വീര്യം കുറയ്ക്കും; ഒന്നും വെള്ളത്തിൽ കലക്കി ഭക്ഷിക്കരുത്; ദാഹിച്ചാൽ ഊണിനു മുമ്പു വെള്ളം കുടിക്കാം; ചൂടുവെള്ളത്തേക്കാൾ പച്ചവെള്ളമാണു നല്ലത്. ഇവയാണു നീപ്പിന്റെ ജലപാനസിദ്ധാന്തങ്ങൾ.

പൂർണ ഫലസിദ്ധിക്കു പ്രസ്തുത പ്രകിയകളോടൊപ്പം ആഹാരം പ്രക്യതിക്കനുസൃതമാക്കുകയും, ധാരാളം കാറ്റും വെളിച്ചവുമേൽക്കുകയും വേണം. വസ്ത്രം അത്യാവശ്യത്തിനു വേണ്ടതേ ധരിക്കാവൂ. ക്രമമായും മിതമായും വ്യായാമം ചെയ്യുകയും വേണം.

കടപ്പാട്: പ്രകൃതിചികിത്സ,

എം. കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

3.28571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top