Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിചികിത്സ നവീനഭാരതത്തില്‍

കൂടുതല്‍ വിവരങ്ങള്‍

പ്രകൃതിചികിത്സ നവീനഭാരതത്തില്‍

പ്രകൃതി ചികിത്സ പടിഞ്ഞാറുനിന്നാണു ഭാരതത്തിൽ പ്രവേശിച്ചത്. പക്ഷെ, അതിനെത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ പ്രക്യതി ചികിത്സയുടെ പല പ്രധാന തത്ത്വങ്ങളും ഭാരതീയ വൈദ്യസമ്പ്രദായം സ്വാംശീകരിച്ചു കഴിഞ്ഞിരുന്നു. പ്രകൃതിചികിത്സയെപ്പോലെ ആയുർവേദവും ഉപവാസത്തിനു വലിയ പ്രാധാന്യം കല്പിക്കുന്നുണ്ട്. 'ലംഘനം പരമൗഷധം' എന്ന ആയുർവേദ വിധി തന്നെ അതിനുദാഹരണമാണല്ലോ, ലംഘനം ഉപവാസമാണ്.

അധുനാതനമായ പ്രക്യതി ചികിത്സയുമായി ഭാരതത്തിനു ഇരുപതാം നൂറ്റാണ്ടിനു മുമ്പു തന്നെ മുഖപരിചയം ഉണ്ടായിരുന്നു. എങ്കിലും ആത്മബന്ധം പുലർത്താൻ തുടങ്ങീട്ടു ഒരു നൂറ്റാണ്ടോളമേ ആയിട്ടുളളു. പ്രസ്തുത
ബന്ധത്തിനു കൂടുതൽ ദാർഢ്യവും വ്യാപ്തിയും ഔപചാരികതയും കൈവരുത്താൻ ഒരു സംഘടനയുടെ മാധ്യമം അത്യാവശ്യമായിത്തീർന്നു. അങ്ങനെ 1856-ൽ "ഇന്റർനേഷണൽ ഫെഡറേഷൻ ഓഫ് പ്രാക്ടീഷനേഴ്സ് ഓഫ് നേച്യുറൽ തെറാപ്യൂട്ടിക്സി'ന്റെ ഘടകമായി അഖിലഭാരത പ്രകൃതി ചികിത്സാപരിഷത്ത് രൂപവത്കൃതമായി.

പ്രകൃതി ചികിത്സയിൽ പരിശീലനം നല്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലു പ്രകൃതി ചികിത്സാ കോളേജുകളുമുണ്ട്. അവയിൽ ഹൈദ്രാബാദിലെ നേചർ ക്യൂർ ആശുപ്രതിയോടനുബന്ധിച്ചുള്ള കോളേജാണു പ്രധാനം. നാലുവർഷത്തെ ഡിഗ്രി കോഴ്സാണവിടെ. പ്രവേശനത്തിനു പ്രീഡിഗ്രിയോ, പ്ലസ്ടുവോ എങ്കിലും പാസ്സായിരിക്കണം. കൊൽക്കത്ത, ജയ്പൂർ, ഭീമാവരം (ആന്ധ) എന്നിവിടങ്ങളിലാണു മറ്റു പ്രകൃതി ചികിത്സാ വിദ്യാലയങ്ങൾ. മൂന്നിടത്തും ഏകവത്സര പാഠ്യക്രമമാണ്.

പൂനയ്ക്കടുത്തു മഹാത്മാഗാന്ധി സ്ഥാപിച്ച ഉരുളീകാഞ്ചൻ ആശുപത്രിയാണ് ഭാരതത്തിലെ ആദ്യത്തെ പ്രകൃതി ചികിത്സാകേന്ദ്രം. പഴക്കത്തില്‍ മാത്രമല്ല, വലുപ്പത്തിലും അതിനു തന്നെയാണിന്നു പ്രഥമസ്ഥാനം. നൂറിലേറെ കിടക്കകളുണ്ട്. സുഖവാസയോജ്യവും പ്രകൃതിമനോഹരവുമാണ് ആ സ്ഥലം. കേന്ദ്രസര്‍ക്കാര്‍, ഗാന്ധിസ്മാരകനിധി, സംസ്ഥാന സർക്കാർ എന്നിവയുടെ കൂട്ടുടമയിലാണ് ഇതു പ്രവർത്തിക്കുന്നത്.

ഭാരതത്തെപ്പോലുള്ള ഒരു ദരിദ്രരാജ്യത്തിന് ഏറ്റവും പറ്റിയ ചികിത്സാരീതി പ്രകൃതിചികിത്സയാണെന്നായിരുന്നു മഹാത്മജിയുടെ ദ്യഢമായ അഭിപ്രായം. എനിക്കായിരം രോഗികളെത്തരിക. തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് രോഗികളെയും മണ്ണ്, വെള്ളം, വെയില്, പഥ്യാഹാരം എന്നിവ കൊണ്ട് ചികിത്സിച്ച് സുഖപ്പെടുത്താം' എന്നാണു രാഷ്ട്രപിതാവ് ഉദ്ഘോഷിച്ചത്.

തന്നെത്തന്നെ ചികിത്സിച്ച് ആത്മവിശ്വാസവും അനുഭവജ്ഞാനവും കൈവരിച്ച ശേഷമാണ് അദ്ദേഹം മറ്റുള്ളവരെ ചികിത്സിക്കാനൊരുമ്പെട്ടത്. ആദ്യം പുത്രകളത്രാദികളെ ചികിത്സിച്ചു പരിചയം പരിപോഷിപ്പിച്ചു. മകൻ മണിലാലിനു കഠിനമായ മസൂരിയും, പിന്നീടൊരിക്കൽ ഒന്നിച്ചു ടൈഫോയ്ഡും ന്യുമോണിയയും പിടിപെട്ടപ്പോഴും പ്രക്യതിചികിത്സകൊണ്ടാണു ഭേദപ്പെടുത്തിയത്. പനി 104 ഡിഗ്രിയുണ്ടായിരുന്നു. 'ഹിപ്പ് ബാത്തും' നനഞ്ഞ പായ്ക്കും മുറയ്ക്ക് ഉപയോഗിച്ചപ്പോൾ പനി ക്രമേണ കുറഞ്ഞു വന്നു. പച്ചവെള്ളം ചേർത്ത മധുരനാരങ്ങനീരു മാത്രമേ കഴിക്കാൻ കൊടുത്തിരുന്നുള്ളൂ. ഏതാനും നാൾക്കകം തന്നെ പനി പൂർണമായും മാറി.

ഡർബനിൽ പാർക്കുമ്പോൾ ഒരിക്കൽ കസ്തൂർബാഭായിക്ക് ഭയങ്കരമായ രക്തസ്രാവമുണ്ടായി. രോഗം മാറണമെങ്കിൽ 'ബീഫ്' കഴിക്കണമെന്നായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശം. കസ്തൂർബാഭായിയുണ്ടോ ഗോമാംസസൂപ്പ് കഴിക്കാൻ കൂട്ടാക്കുന്നു. സൂപ്പ് കഴിക്കുന്നില്ലെങ്കിൽ രോഗിണിയെ തന്‍റെ നഴ്സിംഗ് ഹോമിൽ നിന്നു കൊണ്ടുപോകണമെന്നായി ഡോക്ടര്‍. കാരണം മരണത്തിനു മൂകസാക്ഷിയാകാൻ ഡോക്ടർ ഇഷ്ടപ്പെട്ടില്ല. ഗാന്ധിജിയൊട്ടും നിരാശനായില്ല. പത്നിയെ വീട്ടിൽ കൊണ്ടു വന്നു പക്ഷേ പ്രകൃതിചികിത്സ തന്നെ ചെയ്തു രോഗം പൂർണമായും മാറ്റി.

ഭാര്യയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ സാധിച്ചതിനെത്തുടർന്നു ബാപ്പുജിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് സേവാഗ്രാമത്തില്‍ പത്ത് ടൈഫോയിഡ് രോഗികളെ ചികിത്സിക്കുകയും പത്തു പേരേയും രോഗമുക്തരാക്കുകയും ചെയ്തു.

ഭാരതത്തില്‍ പ്രകൃതിചികിത്സയ്ക്ക് സാര്‍വ്വത്രികമായ പ്രചാരം ലഭിക്കണമെന്നത് മഹാത്മജിയുടെ പ്രധാനമായ ജീവിതാഭിലാഷമായിരുന്നു. തന്മൂലം ഗാന്ധിസ്മാരകനിധി 1967-ല്‍ ആ അഭിലാഷത്തിന്‍റെ സാക്ഷാരത്തിനായി ഒരു പ്രകൃതിചികിത്സാ വിഭാഗം ആരംഭിച്ചു. 1970 മുതല്‍ അത് ഗാന്ധിസ്മാരക പ്രകൃതിചികിത്സാ സമിതി എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്നു.

അതിനുമുമ്പ് 1956ല്‍ ഭാരതത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പ്രകൃതി ചികിത്സാകേന്ദ്രങ്ങളേയും പ്രകൃതിചികിത്സകരേയും ഒന്നിപ്പിക്കുന്നതിനുളള പരിശ്രമത്തിന്റെ ഭാഗമായി അഖിലഭാരതിയ പ്രകൃതി ചികിത്സാപരിഷത്ത് രൂപവത്കൃതമായി. അന്നത്തെ ഗുജറാത്ത് ഗവർണറും പ്രസിദ്ധ ഗാന്ധിയനുമായിരുന്ന ശ്രീമന്നാരായണൻ പരിഷത്തിന്റെ പ്രസിഡന്റും ദേവേന്ദ്രകുമാർ ഗുപ്ത സെക്രട്ടറിയുമായി. 1972-ൽ പ്രസ്തുത പരിഷത്തിനു അന്താരാഷ്ട പ്രകൃതിചികിത്സകസംഘത്തിൽ അംഗത്വം ലഭിച്ചു. പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പ്രകൃതിചികിത്സയുടെ പ്രചാരണാർഥം "സ്വസ്ഥ് ജീവൻ എന്ന ഹിന്ദി മാസികയും പ്രസിദ്ധപ്പെടുത്തിവരുന്നു.

ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നേച്വറൽ തെറാപ്യൂട്ടിക്സിന്റെ സ്ഥാപക ഡയറക്ടർ കെ. ലക്ഷ്മണ ശർമ്മ, അദ്ദേഹത്തിന്റെ പുത്രൻ എൽ. ഗണേശ ശർമ്മ, ഡോ സി. ആർ. ആർ. വർമ്മ, ഡോ. സ്വാമിനാഥൻ, മൊറാർജി ദേശായി, വിനോബഭാവേ, ബാലഗോപാലഭാവേ തുടങ്ങിയവരും പ്രകൃതിചികിത്സാ പദ്ധതി പുഷ്കലമാക്കിയ പുണ്യാത്മാക്കളാണ്.

ഒരു നൂറ്റാണ്ടു മുമ്പുതന്നെ കേരളത്തിലും പ്രകൃതിചികിത്സയ്ക്ക് പ്രചാരം ലഭിച്ചിരുന്നു. മലയാളി പത്രാധിപരായിരുന്ന എം. ആർ. മാധവവാരിയർ, വെൺമണി രാമവാരിയർ, ടി. വി. രയരക്കുറുപ്പ് എന്നിവരാണ് ആ രംഗത്തു ആദ്യമായി പദമുദ്ര പതിച്ച പ്രമുഖ വ്യക്തികൾ.

1935 മുതൽക്കാണെന്നു തോന്നുന്നു, പ്രകൃതിരമണീയമായ ശാസ്താംകോട്ട കായലിന്റെ തീരത്ത് പരേതനായ ഡോ. പി. എൻ. ഗോപാലപിളള ഒരു പ്രകൃതിചികിത്സാ സാനറ്റോറിയം നടത്തി വന്നിരുന്നു.

പത്തനംതിട്ടയ്ക്കടുത്തു മൈലപ്രയിലെ മനോഹരമായ മലഞ്ചെരുവിൽ പരേതനായ കാക്കുവൈദ്യൻ വളരെ പ്രശസ്തമായ നിലയിൽ നടത്തിയ പ്രക്യതിചികിത്സാശാല വർഷങ്ങളോളം രോഗികളുടെ ആശ്വാസകേന്ദ്രമായി വർത്തിച്ചു. പഞ്ചഭൂതനിർമിതമായ ദേഹത്തിലെ കൂടുതലുള്ള ഭൂതാംശത്തെ കുറിച്ചും കുറവുള്ളതിന് കൂട്ടിയും ക്രമപ്പെടുത്തിയാണു കാക്കുവൈദ്യൻ രോഗം മാറ്റിയിരുന്നത്. കാക്കുവൈദ്യന്റെ വളരെ ഫലപ്രദമായ മണ്ണുചികിത്സ പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചില രോഗങ്ങൾ മാറ്റാൻ രോഗികളെ മണ്ണിനടിയിൽ കിടത്താറുണ്ട്. ദിവസം മൂന്നു മണിക്കൂർ നേരമാണു കിടത്തുക. കുഷ്ഠം മാറ്റുന്നതിനു രോഗികളെ നൂറ്റഞ്ചു ദിവസത്തോളം മണ്ണുമൂടി കിടത്താറുണ്ടത്രേ. ദീനമുളള ഭാഗത്തു മണ്ണ് കുഴച്ചു വച്ചുകെട്ടുന്ന സമ്പ്രദായവുമുണ്ട്. കളിമണ്ണോ, നാറ്റമില്ലാത്ത ചളിയോ വെള്ളത്തിൽ കുഴച്ചു തുണിയിൽ പുരട്ടിയാണ് വച്ചു കെട്ടുക. സുഖപ്രസവത്തിനും മുറിവുകൾ കരിയുന്നതിനും മലബന്ധം മാറുന്നതിനും ഇതു കുറിക്കുകൊള്ളുന്ന വിദ്യയാണത്രേ. മണ്ണുകൂടാതെ, വെള്ളം, വായു, വെയിൽ, ആവി എന്നിവ ഉപയോഗിച്ചും അദ്ദേഹം ചികിത്സ നടത്തിയിരുന്നു.

1968 നവംബറിൽ പാലക്കാടു ജില്ലയിലെ കടമ്പഴിപ്പുറത്തു കേരള സർവോദയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രകൃതിചികിത്സാകേന്ദ്രം സ്ഥാപിക്കുകയുണ്ടായി. പ്രകൃതി ചികിത്സയിൽ പ്രത്യേക പരിശീലനം നേടിയ ടി. കെ. രാമൻകുട്ടിനായരായിരുന്നു അവിടത്തെ ചികിത്സകൻ. ഉദരസ്നാനം, ബാഷ്പസ്നാനം, കശേരുകസ്നാനം എന്നീ പ്രകിയകൾക്കുവേണ്ട ഉപകരണങ്ങളും സാമാന്യം ഭേദപ്പെട്ട ഒരു ഗ്രന്ഥശാലയും അവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക ചികിത്സകളെല്ലാം ചെയ്തുനോക്കിയിട്ടും ഒരു ഫലവും കിട്ടാതിരുന്ന പല രോഗികളും ആ കേന്ദ്രത്തിൽ ചികിത്സ നടത്തി രോഗത്തിൽനിന്നു രോഗമുക്തി നേടിയിട്ടുണ്ട്.

'കേരളഗാന്ധി' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ സ്വാതന്ത്യസമര സേനാനി കെ. കേളപ്പനൊന്നിച്ചു മലയാള മനോരമയുടെ പത്രാധിപസമിതി അംഗമായിരുന്ന കെ. പി. കരുണാകരപ്പിഷാരടി പ്രസ്തുത കേന്ദ്രം സന്ദർശിക്കുകയും കേന്ദ്രത്തിന്റെ മാതൃകാപരമായ പ്രവർത്തനത്തിൽ മതിപ്പും, മോദവും പ്രകടിപ്പിക്കുകയുണ്ടായി. ഏറെക്കുറെ അരനൂറ്റാണ്ടു മുമ്പു തൃശൂർ വച്ചു നടന്ന കേരള പത്രപ്രവർത്തകസംഘത്തിന്റെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അവസരത്തിലാണ് അദ്ദേഹം സൗഹൃദ സംഭാഷണമധ്യേ, ആ കേന്ദ്രത്തെക്കുറിച്ച് ഈ ലേഖകനോടു സംസാരിച്ചത്.

തളിപ്പറമ്പ് പ്രകൃതി ചികിത്സാകേന്ദ്രം, കോഴിക്കോട് ഹൈജീൻ പ്രകൃതി ചികിത്സാലയം, തിരൂർഗാന്ധിയൻ പ്രകൃതി ചികിത്സാലയം, കുറ്റിപ്പുറം പ്രകൃതി ചികിത്സായോഗ കേന്ദ്രം എന്നിവയും പ്രകൃതി ചികിത്സാരംഗത്തു പ്രശംസാർഹമായ സേവനമനുഷ്ഠിച്ചുവരുന്നു.

കേരളസർക്കാരിന്റെ ആഭിമുഖ്യത്തിൽ വർക്കലയിലെ പാപനാശം കടപ്പുറത്തു ഒരു പ്രകൃതി ചികിത്സാലയം നടത്തി വരുന്നുണ്ട്. 1980-ലാണ് അതു സ്ഥാപിതമായത്. പ്രകൃതിമനോഹരമായ കടപ്പുറത്തെ ആരോഗ്യകരമായ കടൽക്കാറ്റും സമൃദ്ധമായ ആതപവും ഏൽക്കാൻ വേണ്ടത്ര സൗകര്യമുള്ള കൊച്ചു കൊച്ചു കുടിലുകളിലാണു രോഗികൾ പാർക്കുന്നത്. ഒറ്റ നോട്ടത്തിൽ അതൊരു ഋഷി വാടമാണോ എന്നു തോന്നിപ്പോകും.

1972-ലാണു ഒരു പ്രകൃതി ചികിത്സാസംഘടന - കേരള നാച്യുർ ക്യൂർ അസോസിയേഷൻ കേരളത്തിൽ രൂപം കൊണ്ടത്. അധ്യക്ഷൻ കൈനിക്കരകുമാരപിള്ളയും കാര്യദർശി കെ. ജെനാർഡുമായിരുന്നു. അവരുടെ ദേഹവിയോഗത്തിനു ശേഷം സംഘടനയും നിശ്ചെതനമായി.

1972-ൽ തന്നെ ആ സംഘടനയുടെ ആഭിമുഖ്യത്തിൽ ഇൻഡ്യൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് നേച്വറൽ തെറാപ്യൂട്ടിക്സിന്റെ ഒരു ട്രെയിനിംഗ് കോഴ്സ് തിരുവനന്തപുരത്തു നടത്തുകയുണ്ടായി. ആ കോഴ്സിന്റെ അവസാനം നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവരെ മാത്രമേ കേന്ദ്രസംഘടനയിൽ അംഗങ്ങളായിച്ചേർത്തിരുന്നുള്ളൂ. ഈ ലേഖകൻ പങ്കെടുത്തു വിജയിച്ച ആ പരിശീലനക്കോഴ്സിൽ ഇന്ത്യയുടെ നാനാഭാഗത്തുനിന്നു ഡോക്ടർമാരുൾപ്പെടെ പല പ്രമുഖവ്യക്തികളും സംബന്ധിച്ചിരുന്നു.

അവരിൽ ഡോ. ആർ. സി. മണ്ഡൽ, ഡോ. കെ. കെ. നായർ, ഡോ. ടി. എം. ലളിത, ഡോ. എ. കെ. ഉബാൽഡ്, ഡോ. എസ്. ഗോവിന്ദൻ പോറ്റി, ഡോ., ഡോ. കെ. തങ്കം, ഡോ. എൻ. വിജയലക്ഷ്മി, ഡോ. ആർ. ചന്ദ്രശേഖരന്‍, എസ്. ഹരീന്ദ്ര ദത്തൻ, ഡോ. എൻ. സുകുമാരൻ നായർ, ഡോ. വി. ധനഞ്ജയൻ, റവ. ഫാദർ ഒ. അയ്യനേത്ത്, ജോർജ്ജ് മുത്തേരിൽ, ഡോ. അലോഷ്യസ്, സുധീരഞ്ജൻ മണ്ഡൽ, പന്നലാൽ അനേജ, ഷമ്പാരേഖാമണ്ഡൽ, സി. സി. രഞ്ജന, സീമാമൈനി, ഡോ. സത്യഭൂഷൺ മൈനി, എം. മൈനി എന്നിവരുടെ പേരുകൾ പ്രത്യേകം പരാമർശാർഹമാണ്.

തിരുവനന്തപുരം ആർച്ചുബിഷപ്പ് മാർ ഗ്രിഗോറിയോസ് പ്രസ്തുത ട്രെയിനിംഗ് കോഴ്സിന്റെ വിജയകരമായ സമാപ്തിക്ക് നിർലോഭമായ സഹായ സഹകരണങ്ങൾ നല്കുകയുണ്ടായി.

കടപ്പാട്: പ്രകൃതിചികിത്സ, M K ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

3.08333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top