Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിചികിത്സ ചില അറിവുകള്‍-3

കൂടുതല്‍ വിവരങ്ങള്‍

പ്രാര്‍ത്ഥന ഒരു ദിവ്യൗഷധം

പ്രാർഥന ഏതു മാരക രോഗത്തിനും ഒരു ദിവ്യൗഷധമാണ്. മനമുരുകി നിരന്തരം പ്രാർഥിച്ചാൽ മാറാത്ത ഒരു രോഗവുമില്ല. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽ മാണിക്യം ക്ഷേത്രം തുടങ്ങിയ ദേവാലയങ്ങളിൽ ഭജനമിരുന്നു എത്രയോപേരുടെ മാറാരാഗങ്ങൾ നിശ്ശേഷം മാറിയിരുന്നു. ഏറ്റുമാനൂർ ശിവക്ഷേത്രത്തിൽ ആരാധന നടത്തുന്നതു ദുർദേവതാബാധ ഒഴിക്കുന്നതിനും മനോരോഗങ്ങൾ മാറ്റുന്നതിനുമാണ്. എലിവിഷം ബാധിച്ചവർ അതിന്റെ ദോഷം തീരാനായി തൃണയം കുടം ശ്രീരാമക്ഷേത്രത്തിൽ ആരാധന നടത്തുക പതിവാണ്. ചോറ്റാനിക്കര ഭഗവതിയെ മുട്ടിപ്പായി പ്രാർഥിച്ചാൽ അപസ്മാരവും ഒരു മനോരോഗങ്ങളും മാറുമെന്നു വിശ്വസിക്കപ്പെടുന്നു. ഗുരുവായൂർ ക്ഷേത്രത്തിലെ മേല്പത്തൂർ നാരായണ ഭട്ടതിരിയുടെ വാതരോഗം ശമിച്ചെന്ന വസ്തുത പ്രസിദ്ധമാണല്ലൊ. അഖിലേന്ത്യാ പ്രഖ്യാതനായ സംഗീതജ്ഞൻ ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കു തന്‍റെ നഷ്ടപ്പെട്ട അനുഗ്രഹീത ശബ്ദം തിരിച്ചു കിട്ടിയതും ഉള്ളഴിഞ്ഞ പ്രാർഥനയുടെ പ്രഭൂത പ്രഭാവം കൊണ്ടാണ്.

ആധുനിക കാലത്തെ പ്രാർഥനയുടെ പ്രകൃഷ്ടമായ പ്രാണദായക പ്രഭാവത്തെക്കുറിച്ചു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെപ്പോലെ പ്രബോധവാന്മാരായ വ്യക്തികൾ ഏറെയുണ്ടെന്നു തോന്നുന്നില്ല. 'ഞാൻ അചഞ്ചലഭക്തിയോടെ എന്നും പ്രാർഥിക്കുന്നില്ലായിരുന്നുവെങ്കിൽ എന്നേ ഭ്രാന്തനായിപ്പോകുമായിരുന്നു' എന്നു ബാപ്പുജിതന്നെ പലകുറി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഭ്രാന്താശുപത്രികളിൽ കിടന്നു നരകിക്കുന്നവരെ കൊണ്ട് എന്നും കുറച്ചുനേരം പ്രാർഥിച്ചിരുന്നുവെങ്കിൽ അവർക്കു ക്രമേണ രോഗമുക്തി ലഭിക്കുമായിരുന്നു.

നോബൽ സമ്മാനം നേടിയ "ദി അൺനോൺ' എന്ന പുസ്തകത്തിന്റെ കർത്താവായ ഡോ. ഐലേവജികരോൾ ഉദ്ഘോഷിക്കുന്നതു പ്രാർഥനയുടെ അത്യന്തം പ്രവൃധമായ ശക്തി ഭൂ-ഗുരുത്വാകർഷണശക്തിയെപ്പോലെ തന്നെ വാസ്തവികമാണെന്നാണ്. "ഞാൻ ഒരു ഡോക്ടറാണ്. എന്റെ അനുഭവത്തിൽ പലരോഗികളുടെയും എത്രയൊക്കെ ചികിത്സിച്ച് നോക്കിയിട്ട് മാറാത്ത രോഗങ്ങൾ ഭക്തിപൂർവം പ്രാർഥിച്ചതുകൊണ്ടുമാത്രം വിട്ടൊഴിഞ്ഞിട്ടുണ്ട്.

പ്രാർഥന റേഡിയത്തെപ്പോലെ പ്രകാശത്തിന്റെയും ശക്തിയുടെയും പ്രഭവകേന്ദ്രമാണ്. പ്രാർഥന മുഖാന്തരം മനുഷ്യൻ തന്റെ പരിമിതമായ കഴിവുകളെ അപരിമിതമായ കഴിവുകളുടെ ഉറവയിൽ ലയിപ്പിച്ച പെരുപ്പിക്കാൻ ഉദ്യമിക്കുന്നു. പ്രാർഥിക്കുമ്പോൾ പ്രാര്‍ത്ഥകന്റെ ഹ്യദയം പരാശക്തിയുമായി ബന്ധപ്പെടുന്നു. അപ്പോൾ പ്രാർഥയാതാവിന്റെ അഭിലാഷം തന്റെ ജീവിതാവശ്യങ്ങൾ നിർവഹിക്കാനുതകുമാറു ആ ശക്തിയുടെ ഒരംശം തനിക്കു ലഭിക്കണമെന്നാണ്.

പ്രാർഥിക്കുമ്പോൾ ദൈവം നമ്മുടെ കുറവുകൾ നികത്തുന്നു. നാം കൂടുതൽ ശക്തരും സ്വസ്ഥരുമായിത്തീരുന്നു. ഭക്തിപൂർവം ദൈവത്തെ സ്മരിക്കുന്നതുകൊണ്ടു പ്രാർഥകൻ സ്വന്തം ശരീരത്തെയും ആത്മാവിനെയും ഉദ്ധരിക്കുന്നു. പ്രാർഥിക്കുന്ന സമയം കുറവായാലും അതിനുള്ള ഫലം കിട്ടാതിരിക്കുകയില്ല. പ്രസിദ്ധ തത്ത്വശാസ്ത്ര പ്രാഫസർ വില്യം ജെയിംസ് ഹാവർഡ് പറയുന്നു. എനിക്കു പളളിയെ തരംതിരിക്കുന്ന വിവിധ സമ്പ്രദായങ്ങളിൽ ഒരു മതിപ്പുമില്ല. എന്നാൽ മതം എനിക്കുവേണ്ടി എന്തൊക്കെ ചെയ്യുന്നുവോ, അവയിലെല്ലാം വൈദ്യുതിയുടെയും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഉപയോഗത്തിലുള്ളത് തന്നെ ഗാഢമായ ശ്രദ്ധയുണ്ട്. അവയെല്ലാം എന്റെ ജീവിതം സുഖകരമാക്കുന്നതിനു തീർത്തും ഉപയുക്തമാണ്. എന്നാൽ അവ യേക്കാൾ ഏറെക്കാര്യം മതം എനിക്കുവേണ്ടി ചെയ്യുന്നുണ്ട്. അത് എനിക്കു ആധ്യാത്മികജ്ഞാനമുണ്ടാക്കുന്നു. ശ്രദ്ധയും ആശയും ഉത്സാഹവും പ്രദാനം ചെയ്യുന്നു. വ്യാകുലത, ചിന്തഭയം, പിരിമുറുക്കം (ടെൻഷൻ) എന്നിവ ദൂരീകരിക്കുന്നു. ജീവിതത്തിനു ഒരു ഉദ്ദേശ്യവും ദിശാബോധവുമുണ്ടാക്കുന്നു. അഭൂത പൂർവമായ ആനന്ദാഭിവൃദ്ധി സംജാതമാക്കുന്നു. പൂർണമായ ആരോഗ്യം പ്രദാനം ചെയ്യുകയും ജീവിതമാകുന്ന മരുഭൂമിയിൽ ശാന്തിയുടെയും സമാധാനത്തിന്റെയും മരുപ്പച്ചയുളവാക്കാൻ എന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മഹറനെലി ക്ഷയരോഗാശുപ്രതി ഡോ. സോഹൻലാൽ ചാവടയുടെ അഭിപ്രായത്തിൽ പ്രകൃതിയിലെ ഓരോ വസ്തുവിനെയും വാഴ്ത്തുന്നതും ദൈവത്തെ ഓരോ നിമിഷവും ഓര്‍ക്കുന്നതുമാണ് ഏറ്റവും വലിയ ചികിത്സ.

സമുദ്രത്തിന്‍റെ ഉപരിതലത്തിലെ കാറ്റും ഓളവുമൊന്നും അതിന്‍റെ അഗാധതലത്തെ തെല്ലും സ്പര്‍ശിക്കുകയില്ല. അതുപോലെ മനുഷ്യന് മിതമായ ജീവിതത്തിലെ ഉയര്‍ച്ചയും താഴ്ചയും അവനെ ഒട്ടും എശുകയുമില്ല. അവ അവനു തൃണതുല്യമാണ്. യഥാര്‍ത്ഥമായ ധര്‍മനിഷ്ടയുള്ളവന്‍ ജീവിതത്തിലെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിരന്തരം നിരതനും നിപുണനുമായിരിക്കും.

പ്രാർഥന കൊണ്ട് മനുഷ്യനിൽ ഉത്കടമായ ശക്തി ഉദ്ഭൂതമാകുന്നുവെന്നാണു വിശ്വവിഖ്യാതനായ ഒരു ശാസ്ത്രജ്ഞന്റെ പക്ഷം. പിന്നെ പ്രാർഥനകൊണ്ട് അദ്ഭുതകരമായ ശക്തി കൈവരിച്ചു അതിനെ എന്തുകൊണ്ട് ഉപകാരപ്രദമായി ഉപയോഗപ്പെടുത്തിക്കൂടാ, എന്ന് അദ്ദേഹം ചോദിക്കുന്നു. പ്രകൃതിയുടെ, പ്രാർഥനയുടെ പ്രസ്തുത പ്രബർഹശക്തി നമ്മുടെ രക്ഷയ്ക്കുള്ളപ്പോൾ നാമെന്തിനു ദൈവത്തെ കുറിച്ചുളള 'രാമറഹീംക്രിസ്തു’ തർക്കവിതർക്കങ്ങളിൽപെട്ട് വിലപ്പെട്ട കാലം പാഴാക്കുന്നു.

സുപ്രസിദ്ധ മനോരോഗചികിത്സകൻ ഡോ. കാൾജൂഗ് തന്റെ 'ആധുനിക മനുഷ്യൻ ആത്മാന്വേഷണത്തിൽ മോഡേൺ മാൻ ഇൻ സെർച്ച് ഓഫ് ദി (സോൾ) എന്ന പുസ്തകത്തിൽ എഴുതുന്നു- കഴിഞ്ഞ മൂന്നു ദശകങ്ങളിലായി ഞാൻ ലോകത്തിലെ പരിഷ്കൃതങ്ങളായ വിഭിന്നരാജ്യങ്ങളിലെ നൂറുകണക്കിനു രോഗികളെ ചികിത്സിച്ചിട്ടുണ്ട്. അവരിൽ മുപ്പത്തഞ്ചു വയസ്സിൽ കൂടുതൽ പ്രായമുള്ളവരെല്ലാം പ്രാർഥന പതിവാക്കിയവരായിരുന്നു. മനുഷ്യൻ ആധ്യാത്മികശക്തിയുടെ സഹായത്തോടെയാണു ജീവിക്കുന്നത്. ആ ശക്തിയുടെ ആത്യന്തികാഭാവത്തിന്റെ അർഥം മ്യത്യുവാണ്.

മനശ്ശാസ്ത്രത്തിന്റെ കാഴ്ച്ചപ്പാടിലും പ്രാർഥനകാണ്ടു പലതരം രോഗങ്ങൾ മാത്രമല്ലാ, ഭയം, ദുഃഖം, ക്രോധം തുടങ്ങിയവയും മാറ്റാൻ പറ്റും. പ്രസിദ്ധ മനശാസ്ത്രജ്ഞൻ ഡോ. എ.എ. ബ്രോളിന്റെ പക്ഷത്തിൽ എന്നും പ്രാർഥിക്കുന്ന ഒരാൾക്കു അയാളുടെ ജീവിതകാലത്ത് ഒരിക്കൽ പോലും സ്നായുരോഗം പിടിപെടുകയില്ല. അങ്ങനെ മനശാസ്ത്രജ്ഞരും ഒരു തരത്തിൽ മതോപദേശകരായി മാറിയിരിക്കുന്നു. അധ്യാത്മികജീവിതം നയിക്കാൻ ഉദ്ബോധിപ്പിക്കുന്നു. പക്ഷേ അവർ പ്രാർഥനാ നിരതമായ ജീവിതം നയിക്കാൻ ഉപദേശിക്കുന്നതു മരണാനന്തരം നരകത്തിൽ പോവാതിരിക്കാനല്ല, ജീവിച്ചിരിക്കുമ്പോൾ തന്നെ ഹ്യദ്രോഗം, കാൻസർ തുടങ്ങിയ മാരക രോഗങ്ങളിൽ നിന്നു മുക്തി പ്രാപിക്കാനാണ്.

ഡെയിൽ കാർണീഗി 'ചിന്തവെടിഞ്ഞു സുഖത്തോടെ ജീവിക്കുക’ എന്ന തന്റെ പുസ്തകത്തിൽ പറയുന്നു "അമേരിക്കയിൽ ശരാശരി ഓരോ മുപ്പത്തഞ്ചു മിനിറ്റിലും ഏതെങ്കിലും ഒരു വ്യക്തി ആത്മഹത്യ ചെയ്യുകയും ഓരോ നൂറ്റിരുപതു മിനിറ്റിലും ഏതെങ്കിലും ഒരു വ്യക്തി ഭ്രാന്തനായിത്തീരുകയും ചെയ്യുന്നു. അത്തരക്കാർ പ്രാർഥനയുടെ ശ്രേഷ്ഠമായ മാർഗത്തിലേക്ക് തിരിഞ്ഞിരുന്നുവെങ്കിൽ ജീവിതം ദുരുപയോഗപ്പെടാതെ, സദുപയോഗപ്പെടുമായിരുന്നു.

മനുഷ്യരുടെ മനസ്സില്‍ അന്തര്‍ലീനമായ അത്യത്ഭുതമായ ശക്തി വിശേഷങ്ങളെ ഉത്തേജിപ്പിച്ച് ഉദ്ധരിക്കാൻ പ്രാർഥനയ്ക്ക് പ്രാവീണ്യമുണ്ട്. അപ്രകാരം പ്രവർത്തിച്ചവരാണു പിന്നീട് അമാനുഷിക പ്രഭാവമുള്ളവരായിത്തീർന്ന മഹാത്മാക്കൾ. ശങ്കരാചാര്യസ്വാമികൾ, വിവേകാനന്ദസ്വാമികൾ, ശ്രീരാമകൃഷ്ണപരമഹംസർ, ശ്രീനാരായണഗുരുസ്വാമികൾ, ശ്രീ ചട്ടമ്പിസ്വാമികൾ തുടങ്ങിയവർ ആ ഗണത്തിൽപെടുന്നു. പഴയ നിയമത്തിലെ ഏലിയപ്രവാചകൻ ഒരു സാധാരണ മനുഷ്യനായിരുന്നു. അദ്ദേഹം പ്രാർഥനയിലൂടെയും പ്രവൃത്തിയിലൂടെയും തന്നിൽ അന്തർലീനമായ ശക്തിവിശേഷങ്ങളെ ഉദ്ദീപിച്ചു ആത്മോന്നതിയിലെത്തി വിശുദ്ധ പദവിയാർജിച്ചു. അപ്രകാരം പ്രാർഥന സർവരോഗഹരമായ ദിവ്യൗഷധം മാത്രമല്ലാ, ആത്മോന്നതിയിലേക്കുള്ള, ആത്മസാക്ഷാത്കാരത്തിലേക്കുള്ള അനുപമസോപാനം കൂടിയാണ്.

പ്രാർഥനയ്ക്കു അവശ്യം വേണ്ട ഒരു സുപ്രധാന ഘടകം ദൃഢവിശ്വാസമാണ്. സർവോത്കർഷേണ വർത്തിക്കുന്ന സർവജ്ഞനും സർവാന്തര്യാമിയുമായ ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും പരിപാലിക്കുമെന്നും നമുക്കാവശ്യമുള്ളതു തരുമെന്നും ഉത്തമവിശ്വാസമുണ്ടായിരിക്കണം. അപ്രകാരമുളള ദൃഢവിശ്വാസത്തോടു കൂടിയ ആത്മാർഥവും ഏകാഗ്രവുമായ പ്രാർഥന ആധ്യാത്മികവും ആരോഗ്യപരവും അദ്ഭുതകരവുമായ ഫലമുളവാകും.

മനുഷ്യനെ പലതരം ആധിവ്യാധികൾ പിടികൂടാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ അവന്റെ മനസ്സിനു ശാന്തിയും സമാധാനവും നൽകുന്നതു പ്രാർഥനയാണ്. തങ്ങളുടെ ഏകതാനമായ വിശ്വാസത്തിന്റെ കേന്ദ്രികൃതശക്തിയിൽ ആത്മാർപ്പണം ചെയ്യുന്നതാണു പ്രാർഥന. ബ്രഹ്മജ്ഞാനികൾ തപസ്സനുഷ്ഠിച്ചു അന്തർമുഖരായി നടത്തുന്ന ആത്മാരാധനയും ആരാധനാദേങ്ങളിൽപെടുന്നു. വനാന്തരങ്ങളുടെ ഏകാന്തതയിൽ മനസ്സിനെ ഏകാഗ്രമാക്കി പരാശക്തിക്ക് സർവാർപണം നടത്തുന്നതും ആരാധനാന്തരമാണ്. ചിലര് മഹാദേവാലയങ്ങൾ സന്ദർശിച്ചു സാഷ്ടാംഗപ്രണാമം നടത്തി മനശ്ശാന്തിയും രോഗശാന്തിയും നേടുന്നു.

ദേവന്മാരെ മാത്രമല്ല, മഹാത്മരായ മനുഷ്യരേയും ആരാധിക്കുന്ന സമ്പ്രദായം പ്രാചീനകാലത്തു ചില രാജ്യത്തിൽ നടപ്പുണ്ടായിരുന്നു. ബി.സി. 2980-ൽ ഈജിപ്തിലെ ഫറോ രാജാവിന്റെ പ്രധാനമന്ത്രി ഐമോടെപ്പ്> സര്‍വശാസ്ത്രപാരംഗതനായിരുന്ന വാസ്തുവിദ്യ, തത്വശാസ്ത്രം, ഇന്ദ്രജാലം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെല്ലാം അന്യാദൃശമായ വൈദഗ്ധ്യം ആർജിച്ചിരുന്നതുകൊണ്ട് അദ്ദേഹം സർവജനങ്ങളുടെയും മതിപ്പും മമതയും സമ്പാദിച്ചു. മരണാനന്തരം ആളുകൾ അദ്ദേഹത്തെ ആരാധിക്കാൻ തുടങ്ങി. മോടെപ്പിന്റെ പ്രതിമകൾ പ്രതിഷ്ഠിച്ചുകൊണ്ടുളള ദേവാലയങ്ങൾ നാടിന്റെ നാനാഭാഗത്തും നിർമ്മിക്കപ്പെട്ടു.

പ്രസ്തുത പ്രവണതയ്ക്കു ഈജിപ്തിൽ മാത്രമല്ല, കാലാന്തരത്തിൽ ഗ്രീസിലും പ്രചാരം ലഭിച്ചു. ബി.സി. 2000-ാമാണ്ടിൽ പൂജാതനായ എസ്കലപ്പിയസ്സ് എന്ന ഭിഷഗ്വരനും മരണാനന്തരം ജനങ്ങളുടെ ആരാധനാ പാത്രമായി. അദ്ദേഹത്തിന്റെ പ്രതിമാസ ഹിതമുള്ള ആരാധനാലയങ്ങൾ ഗ്രീസിൽ മാതമല്ല, യൂറോപ്പിലെ പലഭാഗങ്ങളിലും സ്ഥാപിതമായി. പ്രസ്തുത ആരാധനാലയങ്ങളിലും രോഗികൾ പോയി രോഗ ശമനത്തിനു മുട്ടിപ്പായി പ്രാർഥന നടത്തുകയും പലർക്കും രോഗശാന്തി കൈവരുകയും ചെയ്തിരുന്നു.

ഇന്നു ലൂർദുപളളിപോലുള്ള ദേവാലയങ്ങളിൽ ചെന്നു പ്രാർത്ഥിച്ചു എത്രയോ രോഗികൾ രോഗമുക്തരായി തിരിച്ചു പോകുന്നു. ഇദം പ്രഥമമായി അവയവങ്ങളുടെ ട്രാൻസ്പ്ലാന്റേഷൻ നടത്തി നോബൽ സമ്മാനം നേടിയ അലക്സിസ്റ്റ് കാരൽ രോഗശാന്തിയുടെ രഹസ്യം ആരാഞ്ഞു ലൂര്‍ദിൽ താമസിച്ചു പഠനം നടത്തി രചിച്ച പുസ്തകമാണ് മാൻ ദി അൺനോൺ (അജ്ഞാതനായ മനുഷ്യൻ). പ്രസ്തുത പുസ്തക രചനയെത്തുടർന്ന് അദ്ദേഹം വലിയ തത്ത്വജ്ഞാനിയായി മാറി. ഈ ഖുർ ആനിൽ വിശ്വാസികൾക്കു കാരുണ്യവും ആശ്വാസവും നല്കുന്നതു ഞാൻ അവതരിപ്പിക്കുന്നു. (സൂറത്ത് അൽ ഇസറാത്ത് - 82) എന്ന നബിസൂക്തവും ആ വസ്തുത തന്നെയാണു പ്രകടമാക്കുന്നത്.

കഠിനമായ തൊണ്ടവേദനകൊണ്ടു ഒരാൾക്കു പൊറുതിമുട്ടി. രോഗം അയാൾ പലവൈദ്യന്മാരെക്കൊണ്ടും ചികിത്സിപ്പിച്ചു നോക്കി. പക്ഷേ അവരുടെ ചികിത്സകൾ കൊണ്ടൊന്നും ഒരു രക്ഷയും കിട്ടിയില്ല. ഒടുവിൽ അയാൾ പ്രവാചകനായ നബി തിരുമേനിയെത്തന്നെ സമീപിച്ചു. തന്നെ ആ രോഗത്തിൽനിന്നു മുക്തനാക്കണമെന്നു താണുകേണപേക്ഷിച്ചു. പരമകാരുണ്യകനായ തിരുമേനി ഖുർആൻ നിത്യപാരായണം നടത്തുക എന്നായിരുന്നു രോഗമുക്തിക്കു കല്പിച്ച പ്രതിവിധി. മറ്റൊരിക്കൽ ദീർഘകാലമായി നെഞ്ച് വേദനകൊണ്ടും വയറുവേദന കൊണ്ടും വല്ലാതെ വലഞ്ഞിരുന്ന രണ്ടുപേർ തങ്ങൾക്കു ഏതുവിധമെങ്കിലും രോഗമുക്തി ഉണ്ടാക്കികൊടുക്കണമെന്നു പ്രാർഥിച്ചു. അവരോടു അഞ്ചുനേരവും മുടങ്ങാതെ നമസ്ക്കാരം നടത്തണമെന്നായിരുന്നു നബി തിരുമേനി അരുളി ചെയ്തത്. അരുൾപ്പാടനുസരിച്ചു പ്രവര്‍ത്തിച്ചതുമൂലം അവർക്കും രോഗശമനം ലഭിച്ചു.

ചുരുക്കത്തിൽ പ്രാർഥന ജീവിതഭാരങ്ങൾ ഇറക്കിവയ്ക്കാനുള്ള ഒരത്താണിയാണ്. എല്ലാ രോഗങ്ങളിൽനിന്നും മനുഷ്യനെ മുക്തമാക്കുന്ന സർവരോഗസംഹാരിണിയാണ്.

മന്ത്രത്തിന്‍റെ ശബ്ദശക്തി അഥവാ ദേവോര്‍ജ്ജം

മന്ത്രത്തിനു അഗ്രമേയമായ പ്രഭാവമുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. മനസിനെ ഏകാഗ്രമാക്കി ഉച്ചരിക്കുന്ന ഓരോ വാക്കും ഊക്കും ഊർജ്ജമുറ്റതാണ്. അതിനു മന്ത്രശക്തി മാത്രമല്ല ദിവ്യത്വവുമുണ്ടെന്ന് അഭിജ്ഞമതം. (പ്രപഞ്ചം തന്നെ ഒരു മനോവിക്ഷേപം (mental projection) ആണെന്നാണു ശ്രീ ശങ്കരാചാര്യരുടെ അർഥഗർഭമായ അഭിപ്രായം.

ആധ്യാത്മികതയോട് ആഭിമുഖ്യം പുലർത്തുന്ന ചില സാഹിത്യകാരന്മാർ മന്ത്രത്തിന്റെ അദ്ഭുതകരമായ ശക്തിയിൽ ദൃഢമായ വിശ്വാസമുള്ളവരാണ്. അക്കൂട്ടത്തിൽപെട്ട ഫ്രാൻസിബേക്കൺ അന്ധവിശ്വാസങ്ങളെന്നു പറയപ്പെടുന്നവയെല്ലാം തികച്ചും അന്ധവിശ്വാസങ്ങളായിരിക്കയില്ലെന്നും അതിനാൽ തങ്ങൾക്കു മനസ്സിലാകാത്ത കാര്യങ്ങളെ അന്ധവിശ്വാസങ്ങളെന്ന പേരിൽ തളളിക്കളയുന്നതു സൂക്ഷിച്ചു വേണമെന്നും താക്കീത് നല്കുന്നു.

മനസ്സിന്റെ മഹാസിദ്ധി വാക്കുകളിലൂടെ പ്രകാശിപ്പിക്കുന്ന ഉപാധിയാണു മന്ത്രം, ഏകാഗ്രമായ ധ്യാനം കൊണ്ടും തപോനിഷ്ഠകൊണ്ടും പൂർണമായി മനോനിയന്ത്രണം നേടിയ യോഗികളുടെ വാക്കുകൾക്കു മാത്രമല്ല, യോഗികൾ അഥവാ താപസന്മാർ അല്ലാത്തവർക്കും സൂക്ഷിച്ച് ഉപയോഗിക്കുന്ന വാക്കുകൾ കൊണ്ട് പല വിസ്മയങ്ങളും സൃഷ്ടിക്കാൻ കഴിയും. വിയന്നയിലെ ഒരു ശാസ്ത്രജ്ഞൻ നടത്തിയ പരീക്ഷണം അക്കാര്യം തെളിയിക്കുകയുണ്ടായി. അദ്ദേഹം തന്റെ വസതിയുടെ മുറ്റത്തു നട്ടുപിടിപ്പിച്ചിരുന്ന ഓരോ കൂട്ടം സസ്യങ്ങളിൽ ഒരു കൂട്ടത്തെ പ്രഭാതത്തിൽ ഉണർന്നെണീറ്റ ഉടനെ ചെന്നു അനുഗ്രഹിക്കുകയും മറ്റേ കൂട്ടത്തെ ശപിക്കുകയും പതിവാക്കി. പ്രസ്തുത കർമപരിപാടി അദ്ദേഹം കുറച്ചുകാലം അനുസൃതം തുടർന്നു. ഒടുവിൽ അദ്ദേഹം അനുഗ്രഹിച്ചിരുന്ന കുട്ടം തഴച്ചു കാണപ്പെട്ടു. ഒരു നിഷ്ഠയോടെ അനുഗ്രഹിക്കുകയും ശപിക്കുകയും ചെയ്താൽ ഫലിക്കുമെന്നാണല്ലൊ അതു പ്രകടമാക്കുന്നത്. എങ്കിൽ പിന്നെ മനസ്സിനെ കീഴ്പ്പെടുത്തിയ തേജസ്വികളായ തപസ്വികളുടെ ഊർജ്ജസ്സുറ്റ ഉക്തികൾ വിഫലമാകുമോ?

ആധുനികമായ ഭൗതികശാസ്ത്രത്തെ സർവഥാ അതിശയിക്കാനുള്ള ശ്രേഷ്ഠത പ്രാചീനതയുടെ പരിവേഷമുള്ള ഗുപ്തശാസ്ത്രത്തിനു അഥവാ മന്ത്രത്തിനുണ്ട്. ഗുപ്തശാസ്ത്രം ദേവാർജത്തെ ആവാഹിച്ചാണ് അദ്ഭുതം സൃഷ്ട്ടിക്കുന്നത്. പക്ഷേ ഭൗതികശാസ്ത്രത്തിനു അഥവാ ജഡശാസ്ത്രത്തിനു എത്ര കുതികുത്തി മറിഞ്ഞാലും ഗുപ്തശാസ്ത്രത്തിന്റെ അഥവാ ദേവോർജ്ജശാസ്ത്രത്തിന്റെ എട്ടകലത്തുപോലും എത്താനൊക്കുകയില്ല.

നിശ്ചിതാർഥമുള്ള വാക്കുകളിൽ നിരന്തരം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മനസ്സിലെ ദേവോർജ്ജം അതിൽ ആവേശിക്കുമെന്നുള്ളതിനു വേറെയും ഉദാഹരണമുണ്ട്. ഇംഗ്ലണ്ടിൽ ഉള്ളി രാജാവ് എന്ന പേരിൽ പ്രസിദ്ധനായ ഒരു കർഷകപ്രമുഖനുണ്ടായിരുന്നു. അദ്ദേഹം തന്റെ ഉള്ളിത്തോട്ടത്തിൽ ആറു റാത്തലോളം തൂക്കം വരുന്ന ഊക്കൻ ഉള്ളിയെ വളർത്തിയുണ്ടാക്കി. ഏറ്റവും വലുപ്പമുള്ള ആ ഉളളി വളർത്തിയുണ്ടാക്കി ലോകത്തെ വിസ്മയിപ്പിച്ച ഉള്ളി രാജാവിന്റെ പേര് ടെയ്ലർ എന്നാണ്.

അദ്ദേഹം എന്നും പ്രഭാതത്തിൽ ഉള്ളിത്തോട്ടത്തിലെത്തി ഉള്ളികളെ താലോലിക്കും. അവയോടു നർമ്മ സംഭാഷണം നടത്തും. സ്വന്തം കുട്ടികളോടെന്നപോലെ വാത്സല്യപൂർവം ശാസിക്കും. അങ്ങനെ താലോലിച്ചും തമാശ പറഞ്ഞുമാണു ഉള്ളിയുടെ തൂക്കം കൂട്ടിയിരുന്നത്. ആ വസ്തുത ജംഗമ വസ്തുക്കളിൽ മാത്രമല്ല, സ്ഥാവരവസ്തുക്കളിലും ശബ്ദത്തിന്റെ ദേവോർജ്ജ പ്രഭാവം ഏല്ക്കുമെന്നുള്ളതു തെളിയിക്കും.

പ്രപഞ്ചം ഒരു മനോവിക്ഷേപമാണെന്ന ശാങ്കരസിദ്ധാന്തം സർ ജെയിംസ് ജീൻസ് തുടങ്ങിയ പാശ്ചാത്യശാസ്ത്രജ്ഞരും കാൺറു തുടങ്ങിയ പാശ്ചാത്യതത്ത്വചിന്തകരും ഒന്നുപോലെ അംഗീകരിച്ചിട്ടുണ്ട്. പ്രപഞ്ചം 'ചക്ഷരാദികരണദ്വാരം’ വെളിയിൽ സ്പന്ദിക്കുന്ന മനസ്സു തന്നെയാണെന്നും ആചാര്യ സ്വാമികൾ വ്യക്തമാക്കിയിട്ടുണ്ട്. അതിനർഥം മനുഷ്യൻ മനസ്സിന്റെ ഇച്ഛാനുസരണം പ്രവർത്തിക്കുന്ന പാവയെന്നാണ്. മനസ്സ് എന്ന ഒന്നില്ലെങ്കിൽ പിന്നെ ബാക്കിയൊന്നുമില്ലെന്നു ഗൗഡപാദരും സമർഥിച്ചിട്ടുണ്ട്.

തന്റെ ഇച്ഛയ്ക്കനുസരിച്ചാണു താൻ പ്രവർത്തിക്കുന്നതെന്നു കരുതുന്ന മനുഷ്യൻ തികഞ്ഞ അന്ധവിശ്വാസിയാണ്. കാരണം മനസ്സ് മനുഷ്യാധീനമല്ല, പ്രകൃത്യധീനമാണ്. 'നീയില്ല. പ്രകൃതിയാണു പ്രവർത്തിക്കുന്നതെ'ന്നു ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ വ്യക്തമാക്കുന്നുണ്ട്, അതായതു പ്രക്യതിയുടെ വിക്യതിയാണു പ്രപഞ്ചമെന്നു താത്പര്യം. മനസ്സിന്റെ ശക്തിയെ ഏകമുഖമാക്കിയാൽ പല അദ്ഭുതങ്ങളും സൃഷ്ടിക്കാം അതിനു ഏകാഗ്രമായ മനസ്സിൽ മനനം ചെയ്യുന്ന ശബ്ദങ്ങളിൽ മന്ത്രത്തിന്റെ ദേവോർജം ആവേശിപ്പിക്കണം. ആപസ്തംബാചാര്യന്റെ അഭിപ്രായത്തിൽ മന്ത്രവും ബ്രാഹ്മണ (ബ്രഹ്മജ്ഞാനം)വും ചേർന്നതു വേദമാണ്. ‘മന്ത്രബ്രാഹ്മണയോർവേദനാമധേയം’.

മണ്ണിന്‍റെ മേന്മ

മൊഴികൾക്കു വഴങ്ങാത്തത്ര കേമമാണു മണ്ണിന്റെ മേന്മ. അതിന്റെ ശക്തിയും സിദ്ധിയും അത്ഭുതാവഹമെന്ന പറയേണ്ടു, സകല ജീവികൾക്കും മണ്ണിൽ നിന്നാണു പ്രാണശക്തി ലഭിക്കുന്നത്. മണ്ണിന്റെ അഥവാ ഭൂമിയുടെ ഉപരിതലത്തിലും അന്തർഭാഗത്തും ആലക്തികശക്തി പ്രവഹിക്കുന്നുണ്ടെന്നാണു ശാസ്ത്രജ്ഞപക്ഷം. ഭൂമിയുടെ ഉപരിഭാഗത്തു ഒരുവാര ഉയരം വരെയാണ് ആലക്തിക പ്രവാഹമുള്ളത്. പഴമക്കാർ വടക്കോട്ടു തല വച്ചു കിടക്കരുതെന്നു പറയുന്നതു വെറുതെയല്ല, കാന്തശക്തിയുടെ പ്രവാഹം ഉത്തരധ്രുവത്തിൽ നിന്നാണല്ലൊ.

മണ്ണിൽ ജീവിക്കുന്ന മനുഷ്യനു മണ്ണുമായി നിതാന്ത സമ്പർക്കമുണ്ടായിരിക്കണമെന്നാണു പ്രകൃതിനിയമം. പ്രകൃതിയുമായി താദാത്മ്യപ്പെട്ടുകൊണ്ട് രാവിലെ നല്ല പുൽത്തകിടിയിലൂടെ നടക്കുന്നതും അതിൽ കിടക്കുന്നതും കിടന്നുരുളുന്നതുമൊക്കെ എത്ര രസകരമാണ്, ആഹ്ലാദാത്മകമാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് കുട്ടിക്കാലത്തു, ആറാട്ടുപുഴ പൂരം കണ്ടശേഷം കരുവന്നൂർപ്പുഴയുടെ മണൽത്തിട്ടയിൽ കിടന്നുറങ്ങി അതിരാവിലെ ഉണർന്നപ്പോൾ അനുഭവപ്പെട്ട സുഖവും ഉന്മേഷവും ഇന്ന് ഒരു മധുരസ്മരണയായി മനസ്സിൽ തങ്ങി നില്ക്കുന്നു.

രാത്രി ഇളം കാറ്റേറ്റു പുൽത്തകിടിയിൽ കിടന്നുറങ്ങുന്ന രോഗികളുടെ അസുഖം കൂടുതൽ വേഗം മാറിയിരുന്നുവെന്നാണു പ്രസിദ്ധ പ്രകൃതിചികിത്സകൻ അഡോൾഫ് ജസ്റ്റിന്റെ അനുഭവസാക്ഷ്യം.

മിക്കരോഗങ്ങൾക്കും കാരണം ദഹനക്ഷയമാണ്. ദഹനക്ഷയം മലബന്ധമുണ്ടാക്കുന്നു. മലബന്ധം മാറാനുള്ള കൈകണ്ട ചികിത്സയാണു മൃത്തികാശയനം (മണ്ണിൽ കിടപ്പ്). മണ്ണിൽ കിടക്കുമ്പോൾ പുതിയൊരു പ്രാണശക്തി മണ്ണിൽനിന്നു ദേഹത്തിൽ സംക്രമിക്കുന്നു.

പക്ഷിമൃഗാദികൾക്ക് ഭൂമിയിൽനിന്നു ചൈതന്യം ആവാഹിക്കാനുള്ള സഹജാവബോധമുണ്ട്. മാനും മുയലും മറ്റും രാത്രി കിടന്നുറങ്ങുന്നതു ഇലകളെല്ലാം മാറ്റിയശേഷം വെറും മണ്ണിലാണ്. വയറ്റുനോവു വരുമ്പോൾ പച്ചമണ്ണുമാന്തി വയറുമണ്ണിൽ അമർത്തിക്കിടക്കുന്നു. വല്ലാതെ ക്ഷീണം തോന്നുമ്പോൾ കുതിര മണ്ണിൽ കിടന്നുരുളും, ഉരുൾച്ച കഴിഞ്ഞാൽ അതിനു നവോന്മേഷം ലഭിക്കാറുണ്ട്. കുറുക്കൻ, കരടി മുതലായ ജന്തുക്കളും ചപ്പും ചവറുമൊക്കെ മാറ്റി വെറും മണ്ണിലാണു കിടക്കുക.

വെറും മണ്ണിൽ കിടക്കാൻ മടിയോ, മടുപ്പോ ഉള്ളവർക്കു പുൽപ്പായയോ, തുണിയോ വിരിച്ചു കിടക്കാം. തുടക്കക്കാർക്കു വേണ്ടത്ര ഉറക്കം കിട്ടിയെന്നുവരില്ല. പക്ഷേ, ക്ഷീണം അനുഭവപ്പെടുകയില്ല. ക്രമേണ ഉറക്കം ശരിക്കു കിട്ടിക്കൊള്ളും. അല്‍പം തണുപ്പുള്ള മണ്ണിൽ കിടന്നാൽ ശരീരത്തിലെ ദുഷടു കുറച്ചൊക്കെ മണ്ണ് വലിച്ചെടുക്കും. ഇളംവെയിലത്തു മണ്ണിൽ കിടക്കുന്നതു രോഗം വേഗം മാറാൻ നല്ലതാണ്. വീട്ടിനുള്ളിൽ മണ്ണിട്ടു കിടക്കുന്നതുകൊണ്ടു പ്രയോജനമില്ല. മാനമാകുന്ന മേലാപ്പിനു കീഴേ ശീതളമായ മൃത്തികാതല്പത്തിൽ സുഷുപ്തി കൊള്ളുന്നതിന്റെ ഗുണവും സുഖവുമൊന്നു വേറെയാണ്.

മണ്ണു ദഹനത്തെ സഹായിക്കും. സ്വാഭാവികാവസ്ഥയിൽ മിക്ക ഭക്ഷ്യവസ്തുക്കളിലും മണ്ണു കാണും. ജന്തുക്കൾ അറിഞ്ഞും അറിയാതെയും മണ്ണ് തിന്നുന്നുണ്ട്. അവയ്ക്കു മണ്ണ് ഒരൗഷധമാണ്. കൊച്ചുകുട്ടികൾക്കു മണ്ണു തിന്നാൻ ഒരു ജന്മ വാസന തന്നെയുണ്ട്. പിടക്കോഴികൾക്ക് മണ്ണിന്റെ അംശം കിട്ടിയില്ലെങ്കിൽ ചിറകുകളുടെ മിനുസം പൊയിപ്പോകും. കടുത്ത മലബന്ധമുള്ളവർക്കു കടൽത്തീരത്തെ പൊടിമണ്ണു തിന്നാൽ മലശോധനയുണ്ടാകാറുണ്ട്. ആദ്യം മലം കറുത്തിരിക്കുമെങ്കിലും ക്രമേണ സ്വാഭാവികാവസ്ഥയിലാകും.

മണ്ണിനു മുന്തിയ ഔഷധമൂല്യമുണ്ട്. രോഗമുള്ളിടത്തു മണ്ണു കുഴച്ചുവച്ചു കെട്ടിയാൽ തണുപ്പ് ഏറെ നേരം നിലനില്ക്കുകയും രോഗം വേഗം മാറുകയും ചെയ്യും. കളിമണ്ണോ, നാറ്റമില്ലാത്ത ചളിയോ വെള്ളത്തിൽ കുഴച്ചു തുണിയിൽ പിടിപ്പിച്ചു കെട്ടണം. സുഖപ്രസവത്തിനും മുറിവുകൾ കരിയാനും മലശോധനം സുഗമമാകാനും പ്രസ്തുതപ്രയോഗം വളരെ സഹായകമാണ്. നല്ല ചളി കല്ലും കരടും കളഞ്ഞു ദേഹത്തിൽ ആകണ്ഠം പൊതിഞ്ഞു മേലേ തുണി ചുറ്റിക്കിടക്കുന്നതു ആരോഗ്യവർധകമത്രേ. മലബന്ധമുള്ളവർ മുറ്റത്തു മണ്ണിളക്കി വെള്ളമൊഴിച്ചു ആ നനച്ചമണ്ണിൽ വയറമർത്തി ഒന്നുരണ്ടു മണിക്കൂർ കിടന്നാൽ മലശോധനയുണ്ടാകും. കടുത്ത മലബന്ധക്കാർക്കു കൂടുതൽനേരം കിടക്കേണ്ടിവരും.

രോഗാവസ്ഥയിൽ മുട്ടിനു മേലോട്ടു ചൂടും കീഴോട്ടു പാദത്തിൽ തണുപ്പും അനുഭവപ്പെടുക സാധാരണമാണ്. പാദത്തിലെ തണുപ്പു മാറ്റി ദേഹത്തിലെ ചൂടു കുറച്ചാലേ രോഗം മാറൂ. ചൂടു കുറയ്ക്കാൻ ഏതു മരുന്നിനേക്കാളും മണ്ണാണ് കൂടുതൽ ഫലപ്രദം.

ചികിത്സക്ക് ഒരു പ്രത്യേക തരത്തിലാണ് മണ്ണോരുക്കേണ്ടത്. കളിമണ്ണു സുലഭമല്ലെങ്കിൽ അഞ്ചാറടി ആഴത്തിൽ നിന്നു കുഴിച്ചെടുത്ത മണ്ണാണ് ഉപയോഗിക്കേണ്ടത്. ആ മണ്ണ് അല്പാല്പമെടുത്ത് വെളളത്തിൽ കലക്കണം. അപ്പോള്‍ അതിലെ മൺതരികളും കൽക്കഷണങ്ങളും മറ്റും അടിയും. ആ അടിക്കാടു മാറ്റി ചളിവെള്ളമെടുത്തു ഒരു പാത്രത്തിൽ ഒരു രാതി വച്ചിരുന്നാൽ ചളി അടിഞ്ഞു കിടക്കും. അടിഞ്ഞ ചളി ഒരു തുണിത്തുണ്ടിലോ, തോർത്തിലോ, കിഴികെട്ടി തൂക്കിയിട്ടാൽ വെള്ളം വാർന്നുപോയി ചളികട്ടയായിത്തീരും. ആ കട്ട കൊച്ചുകൊച്ചു ഉരുളകളാക്കി വെയിലത്തുവച്ച് ഉണക്കിയെടുക്കണം. അവ സൂക്ഷിച്ചു വച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.

ആവശ്യം വരുമ്പോൾ ആ മണ്ണുഗുളികകൾ പാത്രത്തിലിട്ടു പച്ചവെള്ളമൊഴിക്കണം. നല്ലവണ്ണം കുതിരുമ്പോൾ അതുകുഴച്ചു കുഴമ്പുപരുവത്തിലാക്കി ശുദ്ധമായ തുണിത്തുണ്ടിൽ അരയിഞ്ചു കനത്തിൽ പരത്തണം. ഏതു ശരീരഭാഗത്താണോ മണ്ണു പരത്തിയ തുണി വയ്ക്കാനുദ്ദേശിക്കുന്നത് ആ ഭാഗത്തിനുചേരുന്ന നീളവും വീതിയും തുണിക്കുണ്ടാവണം. അടിവയറ്റിൽ വയ്ക്കാനുള്ള തുണിക്കു ഒമ്പതിഞ്ചു നീളവും ആറിഞ്ചുവീതിയും വേണ്ടിവരും. മണ്ണു പരത്തിയ തുണി രോഗബാധിതമായ ഭാഗത്തു മലർത്തിയോ കമഴ്ത്തിയോ വയ്ക്കാം. കമഴ്ത്തി വയ്ക്കുന്നതാണു കൂടുതൽ ഫലപ്രദം. ചളിക്കുമുകളിൽ ഒരീറൻ തുണിവിരിച്ച് അതിനുമുകളിൽ ഒരു ഫ്ളാനൽ ചുറ്റുന്നതു കൂടുതൽ ഗുണകരമാണ്. മണ്ണുവച്ചു കുറച്ചു കഴിഞ്ഞാൽ രോഗി സുഖമായി ഉറങ്ങണം; ഉറങ്ങിപ്പോകും. മണ്ണുണങ്ങിയാൽ മാറ്റി പകരം മണ്ണ് വയ്ക്കണം. പ്രഥമ പ്രയോഗം കൊണ്ടുതന്നെ വേദന കുറഞ്ഞു രോഗി ഉറങ്ങിയാൽ ഒരു മണിക്കൂര്‍ കഴിഞ്ഞോ, രോഗി ഉണർന്നതിനുശേഷമോ ആണ് മണ്ണു മാറ്റേണ്ടത്.

ഉറക്കമില്ലായ്മ, തലനോവ്, ചെന്നിക്കുത്ത്, മോണപഴുപ്പ്, പനി, പല്ലുവേദന, നെഞ്ചുവേദന, മൂത്ര തടസ്സം, നീര്. കൈകാൽ കഴപ്പ് തുടങ്ങിയ രോഗങ്ങൾക്കു മണ്ണുചികിത്സ വളരെ ഫലപ്രദമാണ്.

വേട്ടാവളിയൻ കൂടുണ്ടാക്കിയ മണ്ണാണു കൂടുതൽ ഗുണകരം. മോന്തായങ്ങളിലും തട്ടിൻപലകകളിലും മറ്റും ഉണ്ടാക്കാറുള്ള വേട്ടാവളയൻ കൂടിന്‍റെ മണ്ണിനു “നിലം തൊടാമണ്ണ്' എന്നൊരു നാടൻ പേരുണ്ട്.

മുറിവുകളിലും വ്രണങ്ങളിലും മണ്ണുചികിത്സ നിഷിദ്ധമാണ്. പുറ്റുമണ്ണാണു മണ്ണു ചികിത്സയ്ക്ക് ഉത്തമം. നല്ല കളിമണ്ണും മണലും ചേർത്ത മിശ്രിതവും മണ്ണു ചികിത്സയ്ക്ക് പറ്റിയതുതന്നെ.

മണൽ മാത്രമായും മണ്ണചികിത്സയ്ക്കു ഉപയോഗിക്കാറുണ്ട്. മലബന്ധത്തിനാണു മണ്ണുചികിത്സ കൂടുതൽ ഫലവത്തായി കണ്ടിട്ടുള്ളത്‌. വിരേചനൗഷധങ്ങൾ ഉപയോഗിച്ചാൽ ഉദരത്തിൽനിന്നും മലത്തെക്കാള്‍ കൂടുതല്‍ വെള്ളമാണു പുറത്തുപോവുക. മണൽ, കട്ട പിടിച്ച മലത്തെ മുറിച്ച് ബഹിഷ്കരിക്കും. മണൽ ചികിത്സ കൊണ്ടു കടുത്ത മലബന്ധം മാറിയ ഒരു രോഗിയുടെ കഥ കഥനീയമാണ്.

അയാൾ ഏറെ വർഷങ്ങളായി കടുത്ത മലബന്ധം കൊണ്ട് കഷ്ടപ്പെടുകയായിരുന്നു. സാധാരണ ഭക്ഷണം കഴിച്ചാൽ വയർ വീർക്കും, കുറച്ചു മലം പോയാലും വയർ കനത്തിരുന്നു. ചിലപ്പോൾ, മലം വരണ്ടും ചിലപ്പോൾ തീരെ അയഞ്ഞും പോകാറുണ്ട്. അലോപ്പതിക്കാരുടെ വിരേചനൗഷധങ്ങൾ സേവിച്ചിട്ടും ഒരു പ്രയോജനവും കിട്ടിയില്ല. വൻകുടലിൽ മലം കുന്നുകൂടിയിരുന്നു. തപ്പിനോക്കിയാൽ ഒരു കയറിനെപ്പോലെ തോന്നും. വയറ്റിലെപ്പോഴും വേദനയായിരുന്നു. കൂടക്കൂടെ പുളിച്ചുതികട്ടിയിരുന്നു.

അയാൾക്കു മൂന്നു നാളത്തേക്കു പാൽ മാത്രം കൊടുത്തുവന്നു. ഒപ്പം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും മുപ്പതു കുന്നിത്തൂക്കം മണ്ണില്ലാത്ത നേരിയ മണൽ ചൂടുവെള്ളത്തിൽ സേവിപ്പിച്ചു. പാലിനോടൊപ്പം ഉറുഞ്ചിക്കുടിക്കാവുന്ന മാമ്പഴവും യഥേഷ്ടം നല്കിയിരുന്നു. അടുത്ത നാൾ തൊട്ട് മലമിളകിപ്പോകാൻ തുടങ്ങി. മലം കറുത്തും നേർത്തുമിരുന്നു. മലശോധന സാധാരണ ഗതിയിലായതോടെ വയറ്റുനോവു മാറുകയും വിശപ്പ് ഏറുകയും ചെയ്തു.

മണൽ കഴിച്ചാൽ മൂത്രത്തിൽ കല്ലുണ്ടാകുമെന്നു ഒരു മിഥ്യാധാരണയുണ്ട്. മണൽ അന്നനാളത്തിലൂടെ കുടലിലെത്തി മലമിളക്കി ഗുദത്തിലൂടെ ബഹിർഗമിക്കുന്നു. അതിനു മൂത്രനാളമായോ മൂത്രാശയമായോ ഒരു ബന്ധവുമില്ല. പിന്നെങ്ങനെ മണൽ കഴിച്ചാൽ മൂത്രത്തിൽ കല്ലുണ്ടാകും.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മണ്ണുചികിത്സയുടെ അച്ചട്ടായ ഫലം അനുഭവസിദ്ധമാക്കുകയുണ്ടായി. ജർമൻ പ്രകൃതിചികിത്സകൻ അഡോൾഫ് ജസ്റ്റിന്റെ 'പ്രകൃതിയിലേക്കു മടങ്ങുക' എന്ന പുസ്തകത്തിലെ മണ്ണുചികിത്സയെ സംബന്ധിച്ച ഭാഗം അദ്ദേഹത്തെ അത്യധികം ആകർഷിക്കുകയും ഉടൻ, തന്നെ ബാധിച്ചിരുന്ന മലബന്ധം മാറ്റാൻ അതിലെ ചികിത്സാവിധി പ്രാവർത്തികമാക്കുകയും ചെയ്തു. അക്കാര്യത്തെപ്പറ്റി അദ്ദേഹം വിവരിച്ചിരിക്കുന്നതു മൊഴിമാറ്റിപ്പറയാം.

'വയലിലെ കറുത്തതോ, ചെമന്നതോ ആയ മണ്ണുകൊണ്ടുവന്ന് അതിൽ വേണ്ടത്ര വെളളമൊഴിച്ച് വൃത്തിയുള്ള നേരിയ നനഞ്ഞ തുണികൊണ്ടു പൊതിഞ്ഞ് വയറ്റത്തുവച്ച് പട്ടീസ് കെട്ടി. രാത്രി ഉറങ്ങുന്ന നേരത്താണു കെട്ടിയിരുന്നത്. രാവിലെയോ, രാത്രി ഉണരുമ്പോഴോ അതു അഴിച്ചുമാറ്റിയിരുന്നു. അതുകൊണ്ട് എന്റെ മലബന്ധം നിശ്ശേഷം മാറി. പിന്നീട് പ്രസ്തുത മണ്ണുചികിത്സ എന്നിലും എന്റെ പല സുഹൃത്തുക്കളിലും നടത്തി. അവരിലാർക്കും ആ ചികിത്സ ഫലിക്കാതിരുന്നിട്ടില്ലെന്ന് എനിക്കിപ്പോൾ ഓർമയുണ്ട്.' (ബാപ്പുജി ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴത്തെ സംഭവത്തെപ്പറ്റിയുള്ള ആത്മകഥയിലെ അനുസ്മരണം)

മൃത്സനമെന്നാണു നല്ല മണ്ണിനുള്ള ഗീർവാണനാമം. കൂട്ടത്തിൽ പറയട്ടെ-പേൾ. എസ്സ്. ബക്കിന്റെ നോബൽ സമ്മാനം നേടിയ കൃതിയുടെ പേരും നല്ല മണ്ണ് (ഗുഡ് എർത്ത്) എന്നാണ്. കാലദേശവിധസ്ഥിതിഭേദമനുസരിച്ച് മണ്ണിനു ഗുണവും ദോഷവുമുണ്ട്.

ഊഷരം ഓരുള്ളതും ഉർവരം വളക്കൂറുള്ളതും അപ്രഹതം ഒന്നും വളരാത്തതും പങ്കിലം ചളിയുള്ളതും അനൂപം വെള്ളം കെട്ടിയതും കച്ഛം വെളളത്തോടു തൊട്ടുളളതും (പുഴവക്കും മറ്റും) ശാർക്കരം ചരലുള്ളതും സികതാവതി മണലുള്ളതും ശാദ്വലം പുല്ലുള്ളതും സാമാന്യസ്ഥിതിയിലുള്ളതും ധന്വാവ് ജലമില്ലാത്തതുമായ മണ്ണാണ്. തരിശായ മണ്ണിനു ജാംഗലമെന്നു പറയുന്നു. വിവീതം മേച്ചിൽ സ്ഥലമാണ്. സസ്യങ്ങൾ വിളയാത്ത സ്ഥലത്തിന്റെ പേര് ഭുമിച്ഛിദ്രം. അന്തർദ്വീപം നദിയാൽ ചുറ്റപ്പെട്ടതും പ്രസ്തര (പാറ) മയമോ ഗുഹയോ ആയ സ്ഥലം പർവതവും ചേറും നീരുമുള്ളത് വഞ്ചുനോദകവും മണൽമയമായതു തുരിണവും നീരും നിഴലുമില്ലാത്തതു "ഉദകസംബഹീനവുമാണ്. വെള്ളപ്പൊക്കമുണ്ടാകുന്ന തീരപ്രദേശം പൂരവേലം. ജീവിതത്തിനുവേണ്ട ധാന്യാദികൾ വിളയുന്നതു ആസാധാരണവും ആപത്ക്കാലങ്ങളിൽ അന്യരെപ്പാറ്റാൻ വേണ്ട പദാർഥങ്ങൾ വിളയുന്നതു പരധാരണവും പുരുഷ പ്രയത്നത്തിനു പറ്റിയതു പൗരുഷെയവും ഗോക്കൾക്കു ജീവിക്കാൻ നല്ലതു ഗവ്യവും നദീജലം കൊണ്ടു വിളയുന്നതു നദീമാതൃകവുമാണ്.

അമ്മ ജന്മം തരുന്നുവെങ്കിൽ, മണ്ണാണു മനുഷ്യനെ പഞ്ചഭൂതാത്മകമാക്കുന്നത്. അതിനാൽ അമ്മയും മണ്ണും സ്വർഗത്തേക്കാൾ ശ്രേഷ്ഠങ്ങളാണു- "ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസീ', എന്നാൽ മനുഷ്യർ ഭൂമിയെ പലതരത്തിലും വിഷമയമാക്കിക്കൊണ്ടിരിക്കുന്നു. വിളവു വർധിപ്പിക്കാനുപയോഗിക്കുന്ന രാസവളവും വിളവു രക്ഷിക്കാനുപയോഗിക്കുന്ന കീടനാശിനികളും മറ്റും മണ്ണിനു വരുത്തുന്ന കേടും കെടുതിയും ഭയാനകമാണ്. അതിനു പുറമേ യന്ത്രശാലകളിൽ നിന്നു നിർഗമിക്കുന്ന സൾഫർ ഡയോക്സൈഡ്, ഹൈഡ്രജൻ സൾഫൈയിഡ് തുടങ്ങിയ വാതകങ്ങൾ അന്തരീക്ഷം മലീമസമാക്കി മഴവെളളത്തിൽ കലർന്ന്‍ വർഷിച്ചു. നാടാകെ വിഷാംശം പടർത്തുന്നു. ആ ദുഷിച്ച ജലമേറ്റ് വളരുന്ന തരുലതാദികളുടെ ഫലങ്ങളും വിഷമുക്തമായിരിക്കുകയില്ല. പക്ഷേ, പറഞ്ഞിട്ടെന്ത് ഫലം, അവ തിന്നുകയല്ലാതെ ഗത്യന്തരമുണ്ടോ? ജീവിച്ചു പോകണ്ടേ?  ചെറുപ്പത്തിലെ ശീലിച്ചു വന്നതല്ലേ? അവയിലെ വിഷാംശത്തിന്റെ ദോഷഫലം പെട്ടെന്നു പ്രത്യക്ഷപ്പെടുകയില്ല. കാലാന്തരത്തിലാണു കണക്കു പറയേണ്ടിവരിക.

പാറ പൊടിഞ്ഞാണു മണ്ണുണ്ടാകുന്നത്. എക്കൽമണ്ണ്. ചെങ്കൽമണ്ണ്, ചെമ്മണ്ണ്, പിറ്റുമണ്ണ്, മണൽമണ്ണ്, വനമണ്ണ് എന്നിങ്ങനെ പലതരം മണ്ണുകളുണ്ട്. തീരപ്രദേശങ്ങളിലെ മണൽ മണ്ണിൽ തോറിയം, ഇൽമനൈറ്റ്, മാംഗനീസ് തുടങ്ങിയ ധാതുപദാർഥങ്ങൾ കലർന്നിട്ടുണ്ട്, വനമണ്ണ് കാട്ടിലെ തരുലതാദികളുടെ അവശിഷ്ടം ചേർന്നതാകയാൽ ജൈവപദാർഥ സമൃദ്ധമാണ്. എക്കൽമണ്ണ് കുട്ടനാട്ടിലും കോൾനിലങ്ങളിലുമാണുള്ളത്. ഒരുതരം കറുത്ത മണ്ണാണു പിറ്റുമണ്ണ് (കരിനിലം). അതിൽ ജൈവാംശവും അമ്ലാംശവും അത്യധികമുണ്ട്. ആ മണ്ണിൽ വായു എളുപ്പം കടക്കുകയില്ല, അതിനു ജലം നിർഗമിപ്പിക്കാനുള്ള കഴിവും കുറവാണ്.

ശ്വാസകോശം

മനുഷ്യനു ഉരസ്സിന്റെ മധ്യരേഖയുടെ ഇരുവശത്തായി രണ്ടു ശ്വാസകോശങ്ങളുണ്ട്. അവയ്ക്കിടയ്ക്കാണു ഹൃദയം. ശ്വാസകോശത്തിനു അയവും മയവും സുഷിരങ്ങളും ചുറ്റും ബലമുള്ള നേർത്ത സഞ്ചിയുമുണ്ട്. സഞ്ചിയുടെ ഒരു ഭാഗം ശ്വാസകോശത്തോടും മറുഭാഗം നെഞ്ചിന്റെ മേൽക്കൂരയോടും ചേർന്നിരിക്കുന്നു.

മൂക്ക്, കണ്ഠം, ശ്വാസനാളം എന്നിവയിലൂടെയാണു വായു ശ്വാസകോശത്തിലെത്തുന്നത്. ശ്വസിക്കുമ്പോൾ മൂക്കിലെ നേരിയ മാംസപേശിയിൽ തട്ടി വായു ചൂടാവുകയും കണ്ഠം വഴി ശ്വാസനാളത്തിലെത്തുകയും ചെയ്യുന്നു. നെഞ്ചിനടിയിലെ ബലിഷ്ഠമായ തടിച്ച മാംസപേശി (ഡയഫ്രം) വികസിക്കുമ്പോൾ ശ്വാസകോശവും വക്ഷസ്സും വീർത്ത് വായു അതിൽ കടക്കുകയും സങ്കോചിക്കുമ്പോൾ ബഹിർഗമിക്കുകയും ചെയ്യുന്നു.

ഹ്യദയത്തിലെ വലതുഭാഗത്തു സിരകളിലൂടെ സംഭ്യതമാകുന്ന മലിന രക്തം ചെറുനാളങ്ങളിലുടെ ശ്വാസകോശത്തിൽ സംക്രമിക്കും. ശ്വസിക്കുന്ന (പാണവായുവുമായി ചേരുമ്പോൾ ചീത്ത രക്തത്തിലെ വിഷാംശങ്ങൾ വായു രൂപത്തിൽ നിഷക്രമിക്കുന്നു, അപ്പോൾ മലിനരക്തം ശുദ്ധമായി വീണ്ടും ഹ്യദയത്തിലെ വാമകോശത്തിൽ പ്രവേശിക്കുന്നു. ശുദ്ധവായു ശ്വസിക്കുന്നതു കൊണ്ടാണു രക്തമങ്ങനെ ശുദ്ധമാകുന്നത്. അതിനാൽ ശരിയായ ശ്വാസോച്ഛ്വാസം ആരോഗ്യം അഭംഗുരം പരിരക്ഷിക്കും. അതുകൊണ്ടാണ് ഭാരതത്തിലെ യോഗികളും സിദ്ധരും പ്രാണായാമത്തിനു പ്രത്യേക പ്രാധാന്യം കല്പ്പിച്ചിരിക്കുന്നത്.

ശ്വാസകോശത്തിലെ വായുവിന്റെ സമ്പർക്കം കൊണ്ടു രക്തത്തിൽ നിന്നു ഇംഗാലാമ്ലം പുറത്തുപോയി പ്രാണവായു രക്തത്തിൽ കലർന്നു ദേഹത്തിൽ സർവത്ര വ്യാപിക്കുന്നു. രക്തത്തിന്റെ നാലിലൊന്നു പ്രാണവായു ആയിരിക്കണം. അതാണു നശിക്കുന്ന അവയവങ്ങളെ പുനർജനിപ്പിക്കുന്നതും രക്തത്തിൽ കലർന്നു ദഹനശക്തിയുണ്ടാക്കുന്നതും.

രക്തമാണു ശരീരത്തിന്റെ പോഷണ സാധനം, ദഹനവും ശ്വാസോച്ഛാസവും ക്രമികമായാലേ ശുദ്ധരക്തമുണ്ടാകൂ, ശ്വാസോച്വാസം ക്രമരഹിതമായാൽ ദഹനശക്തി കുറയുകയും ദേഹം ദുർബലമാവുകയും ചെയ്യും. പ്രാണവായുവിന്റെ അപര്യാപ്തത ശരീരപോഷണത്തയും മലവിസർജനത്തെയും ബാധിക്കും. പ്രാണവായു മലിനരക്തത്തെ ദഹിപ്പിച്ച് ബഹിഷ്കരിക്കുമ്പോൾ ദേഹത്തിനു വേണ്ടത്ര ചൂട് ലഭിക്കുന്നു. ക്രമമായ ശ്വാസോച്ഛ്വാസമുള്ളവരേ ജലദോഷം തീണ്ടുകയില്ല. അതുപോലെ രക്തതാപം യഥാതഥമുളളവരെ അന്തരീക്ഷത്തിലെ വ്യതിയാനങ്ങളും ബാധിക്കുകയില്ല.

ശ്വാസകോശത്തിന്റെ സങ്കോചവികാസങ്ങൾ മിനിറ്റിൽ ശരാശരി പതിനാറു പ്രാവശ്യം നടക്കുന്നു. മേരുദണ്ഡ(നട്ടെല്ല്)ത്തിന്റെ മേലറ്റത്ത് ഉപമസ്തിഷക(സെറിബല്ല)ത്തിന്റെ ചോട്ടിലുള്ള ജ്ഞാനതന്തുക്കളാണു ശ്വാസോച്ഛാസത്തെ സാമാന്യമായി നിയന്ത്രിക്കുന്നത്. അവയുടെ ആജ്ഞാനുസരണം പ്രാണവായുവിന്റെ മാത്ര കൂട്ടാനും കുറയ്ക്കാനുമായി ശ്വാസോച്ഛ്വാസം നിയന്ത്രിക്കാം.

വായിലൂടെ ശ്വാസോച്ഛ്വാസം നടത്തിയും ജീവിക്കാം. പക്ഷേ, സ്വാഭാവിവികമായ മാർഗം നാസാരന്ധ്രമാണ്. അവ വഴി ശ്വസിക്കുമ്പോൾ വായുവിലെ പൊടിയും മറ്റും നാസാരോമങ്ങൾ തടഞ്ഞു നിറുത്തും. കൂടാതെ മൂക്കിൽ നാസാരന്ധ്രം ആർദ്രമാക്കിക്കൊണ്ടിരിക്കുന്ന ഒരു ദ്രവവസ്തുവുണ്ട്. അതു ശ്വാസത്തിലെ കീടാണുക്കളെ നശിപ്പിച്ചു ശ്വാസത്തിനു ശുചിത്വവും നേർമയുമുണ്ടാക്കുന്നു. തന്മൂലം നാസികാദ്വാരത്തിലൂടെ ശ്വസിക്കുമ്പോൾ വായു ശുദ്ധീകൃതമായി ശ്വാസനാളത്തിലെത്തുന്നു.

ഓരോ ശ്വാസോച്ഛ്വാസത്തിലും ശ്വാസകോശത്തിലെ വായുവിന്റെ ഏഴിലൊരംശം പോവുകയും വരുകയും ചെയ്യുന്നു. ഏഴിലാറുഭാഗവും അവിടെ സദാസംഭ്യതമായിരിക്കുമെന്നർഥം. സക്ഷ്മമായ രക്തകണങ്ങളിൽ കലർന്നിരിക്കുന്ന ഇംഗാലാമ്ലം (കാർബൺ ഡയോക്സൈഡ്) ശ്വാസകോശത്തിലെത്തിയാൽ അതിലെ ഒരുവശം അരിച്ചു ശുദ്ധമായ പ്രാണവായുവാക്കി മറുവശം നിറയ്ക്കുന്നു.

ശ്വാസോച്ഛ്വാസം വിശിഷ്ടമായ വ്യായാമ പദ്ധതിയാണ്. യോഗിമാർ പ്രാണായാമം കൊണ്ടുമാത്രം ദേഹം അരോഗസ്വഭഗമാക്കിയിരുന്നു. പ്രാണവായുവിനു വിഷ്ണുപദാമ്യതമെന്ന ഒരു പേരുതന്നെയുണ്ട്. അത് അതിന്റെ അനുപമപാധാന്യമാണല്ലൊ വ്യഞ്ജിപ്പിക്കുന്നത്.

പ്രാണചികിത്സ

പ്രാണായാമം ഭാരതീയരുടെ സുപ്രധാനമായ പ്രകൃതി ചികിത്സാപദ്ധതിയാണ്. യോഗാഭ്യാസത്തിന്റെ ഉപജ്ഞാതാവായ പതഞ്ജലി മഹർഷിയുടെ പക്ഷം പ്രാണായാമം ശരീരത്തിലുള്ള സകല മലങ്ങളേയും ദഹിപ്പിക്കുകയും മനസ്സ് ശാന്തമാക്കുകയും ചെയ്യുമെന്നാണ്. പ്രാണായാമം കൊണ്ടു ശുദ്ധവായു ഉള്ളിൽ ചെന്നു രക്തം ശുദ്ധീകരിക്കുകയും മാലിന്യം ബഹിഷ്കരിക്കുകയും ചെയ്യുന്നു. കൂടാതെ ആന്തരാവയവങ്ങൾക്കു വ്യായാമം സിദ്ധിക്കുകയും രക്തസഞ്ചാരം നിയമിതമാക്കുകയും ചെയ്യും, ഓജസ്സ് വർദ്ധിപ്പിക്കാനും മാലിന്യം ദൂരീകരിക്കാനും പ്രാണായാമം കൈകണ്ട പ്രക്യതിചികിത്സയാണ്.

പ്രാണായാമം പലതരമുണ്ട്. എളുപ്പം ചെയ്യാവുന്ന ഏതാനും തരം വിവരിക്കാം. പ്രാണായാമത്തിനു ഹരിശ്രീ കുറിക്കുക 'പൂർണശ്വാസ' ത്തോടെയാണ്. അതിനാൽ അതുതൊട്ടു തുടങ്ങാം.

പൂർണശ്വാസം

അഭ്യാസക്രമം-നിന്നോ, ഇരുന്നോ മൂക്കിലൂടെ അവിരാമമായി ശ്വാസം വലിക്കുക. ആദ്യം ശ്വാസകോശത്തിന്റെ അടിവശത്തു ശ്വാസം കേറ്റണം. ഉരസ്സിനേയും ഉദരത്തെയും വേർതിരിക്കുന്ന മാംസപേശികൾ കീഴോട്ടിറങ്ങി വയറിനു വീർപ്പുണ്ടാക്കുമ്പോൾ അടിവശത്തു ശ്വാസം ചെല്ലുന്നു. പിന്നെ മധ്യത്തിൽ ശ്വാസം കേറ്റി നെഞ്ചിലെ എല്ലുകളേയും വാരിയെല്ലുകളേയും മുന്നോട്ടുന്തി മുകളിൽ ശ്വാസം കേറ്റി ഉരസ്സിന്റെ മേൽഭാഗം മുന്നോട്ടു തള്ളണം. അന്നേരം ഉദരം ഉളേളാട്ടല്‍പം വലിഞ്ഞിരിക്കും. ശ്വാസം വിടാതെ പിടിച്ചു കൊണ്ടിരിക്കണം. ഇതെല്ലാം ഒറ്റശ്വാസത്തിൽ ചെയ്യേണ്ടതാണ്. കുറച്ചുനേരം ശ്വാസം ഉള്ളിൽ നിറുത്തണം. പിന്നെ നെഞ്ചുനേരെ പിടിച്ചു വയറലപം ഉള്ളാട്ടു വലിച്ചു സാവധാനം ശ്വാസം പുറത്തുവിടാം. ശ്വാസം പൂർണമായി പുറത്തുപോയാൽ നെഞ്ചിനും വയറ്റിനും അല്പം വിശ്രമം നല്കണം. ഉഛ്വാസം തീരുമ്പോൾ തോൾ അല്പം ഉയർത്തണം. അപ്പോൾ ശ്വാസം നിശ്ശേഷം പുറത്തുപോകും. പൂർണശ്വാസപരിശീലനം കൊണ്ടു ശ്വാസകോശങ്ങളുടെ സർവഭാഗങ്ങളും പ്രവർത്തനനിരതമാകുകയും ക്രമേണ ശ്വാസോച്ഛ്വാസം മുറയ്ക്കാകുകയും ചെയ്യും.

പൂർണശ്വാസം ശീലിക്കുന്നവരെ രോഗങ്ങൾ തീണ്ടുകയില്ല. ശ്വാസകോശങ്ങൾ മുറയ്ക്കു പ്രവർത്തിക്കാതെ അവയവങ്ങൾക്കു ബലക്ഷയം വരുമ്പോഴാണല്ലോ രോഗമുണ്ടാകുന്നത്? ശ്വാസകോശത്തിലെ ശുദ്ധവായുവിന്റെ സങ്കലനം കൊണ്ടു രക്തം ശുദ്ധമാവുകയും ദേഹത്തിലെ മാലിന്യത്തിന്റെ ഒരു ഭാഗം രക്തത്തിലൂടെ നിഷക്രമിക്കുകയും ചെയ്യുന്നു. പ്രാണവായുവിന്റെ സംസർഗം കൊണ്ടാണ് മാലിന്യത്തിന്റെ നിഷ്ക്രമണം സുസാധമാക്കുന്നത്. ആഹാരം ശരിക്കു ദഹിക്കണമെങ്കിൽ അതു രക്തത്തിലെ പ്രാണവായുവിനോടു ചേരണം. പൂർണശ്വാസം കൊണ്ട് നെഞ്ചിനടിയിലെ മാംസപേശി (ഡയഫ്രം) ചുരുങ്ങുകയും പിത്താശയം, ആമാശയം മുതലായ അവയവങ്ങൾ പയ്യെ അമുങ്ങുകയും അത് അവയ്ക്കു ബലമുണ്ടാക്കുകയും ചെയ്യുന്നു.

ശുദ്ധിശ്വാസം

പേരു സൂചിപ്പിക്കും പോലെ ശ്വാസകോശം ശുദ്ധമാക്കുന്ന വ്യായാമമാണു ശുദ്ധിശ്വാസം. എല്ലാ വ്യായാമങ്ങൾക്കുമൊടുവിൽ ശുദ്ധിശ്വാസം ചെയ്യണം.

അഭ്യാസ ക്രമം:-

 • ആദ്യമായി ആവുന്നിടത്തോളം ശ്വാസം ഉള്ളിൽപിടിക്കുക.
 • ആ ശ്വാസം കുറേനേരം ഉള്ളിൽ നിറുത്തുക.
 • ചൂളമിടാൻ ചുണ്ടു പുളുത്തുന്നതുപോലെ പിടിച്ചു ചിറിക്കിടയിലെ ചെറുദ്വാരങ്ങളിലുടെ ശ്വാസം ഊക്കോടെ പുറത്തുകളയുക. ഇതുകൊണ്ടു ക്ഷീണം പെട്ടെന്നു മാറും.

നാഡീബലദശ്വാസം

ഇതു നാഡിയെ ബലപ്പെടുത്തുന്നു.

അഭ്യാസക്രമം:-

 • നിവർന്നു നില്ക്കുക.
 • ദീർഘമായി ശ്വസിച്ച് ശ്വാസം അല്പനേരമുള്ളിൽ നിറുത്തുക.
 • കൈകൾ അയച്ചുമുന്നോട്ടു നീട്ടുക. (ഒട്ടും ബലപ്പിക്കരുത്).
 • പതുക്കേ കുറേശ്ശെ ബലം കൂട്ടി കൈകളെ തോളിലേക്കു മടക്കുക. തോളോടടുക്കുമ്പോൾ കൈ മുറുകെപ്പിടിച്ചിരിക്കണം. ഒരു കമ്പനം അനുഭവപ്പെടത്തക്ക മുറുക്കം കൈക്കുണ്ടാകണം.
 • വീണ്ടും കൈ മുന്നോട്ടു നീട്ടുകയും പുറകോട്ടു വേഗം വലിക്കുകയും വേണം. ഇങ്ങനെ പലകുറി ചെയ്യണം.
 • വായു ശക്തിയായി ഉച്ഛ്വസിക്കു.
 • ശുദ്ധിശ്വാസം ചെയ്യുക.

ഇവകൂടാതെ ഓരോ അവയവത്തെയും ബലപ്പെടുത്തുന്ന വ്യായാമങ്ങളുണ്ട്. ശ്വാസം പിടിച്ച ശേഷം കുറച്ചുനേരം ഉള്ളിൽ നിറുത്തുന്നത് ശ്വാസകോശത്തിനു ഗുണകരമാണ്. അപ്പോൾ ദുഷ്ട് ശ്വാസത്തോടൊത്തു പുറത്തുപോവുകയും ശ്വാസകോശത്തിലെ വായു ശുദ്ധമാവുകയും ചെയ്യുന്നു. ആമാശയം, പിത്താശയം, രക്തം ഇവ ശുദ്ധമാക്കാൻ ഈ വ്യായാമം പ്രയോജനപ്രദമാണ്.

അഭ്യാസക്രമം:-

 • ആദ്യമായി നിവർന്നു നില്ക്കുക.
 • ദീർഘമായി ശ്വസിക്കുക.
 • ശ്വാസം അനായാസമായി എത്രനേരം ഉളളിൽ പിടിച്ചു നിറുത്താൻ കഴിയുമോ അത്രനേരം പിടിച്ചു നിറുത്തുക.
 • വാതുറന്നു ശക്തിയായി ഉച്വസിക്കുക,
 • ശുദ്ധിശ്വാസം ചെയ്യുക. ക്രമേണ ഏറെ നേരം ശ്വാസം ഉളളിൽ പിടിച്ചു നിറുത്താൻ കഴിയും. തുടക്കത്തിൽ അല്പനേരം നിറുത്തി കുറേശെ നേരം കൂട്ടിക്കൊണ്ടാൽ മതി.

വാരിയെല്ലിന്‍റെ ബലത്തിന്

വല്ലാത്ത ഇരിപ്പും നടപ്പും വാരിയെല്ലുകൾക്കു കടുപ്പമുണ്ടാക്കാം. അവയ്ക്കു അയവുണ്ടാക്കാനാണി വ്യായാമം.

അഭ്യാസക്രമം:-

 • നേരേ നിവർന്നു നില്ക്കുക.
 • കൈകൾ കക്ഷത്തിൽ പതിച്ചു തള്ളവിരൽ പുറകിലും മറ്റു വിരലുകൾ നെഞ്ചത്തുമായി വയ്ക്കുക.
 • ദീർഘമായി ശ്വസിക്കുക.
 • കുറേനേരം ശ്വാസം ഉള്ളിൽ നിറുത്തുക.
 • നെഞ്ചിന്റെ ഇരുവശങ്ങളും പയ്യേ അമർത്തി ശ്വാസം പുറത്തുവിടുക.
 • ശുദ്ധിശ്വാസം ചെയ്യുക.

ഈ വ്യായാമം ഏറെനേരം ചെയ്യരുത്.

നേരേ നടക്കുന്നതിനു

അഭ്യാസക്രമം:-

 • ശിരസ്സുയർത്തി, താടി ഉള്ളോട്ടു വലിച്ചു, തോൾ പുറകോട്ടു തള്ളി കാൽ താളക്രമത്തിൽ ആക്കി നടക്കുക,
 • ഒന്നു മുതൽ എട്ട് വരെ എണ്ണി ഓരോ എണ്ണത്തിനും ഓരോ അടിവച്ചു ശ്വാസം പിടിക്കുക.
 • അതുപോലെ എട്ടടി വച്ചു എട്ടെണ്ണി ശ്വാസം പുറത്തുവിടുക.
 • എട്ടടി ശ്വാസം പിടിക്കാതെയും വിടാതെയും നടക്കുക. പിന്നെ വിശ്രമിക്കുക. ഇങ്ങനെ എന്നും പലകുറി ചെയ്യണം.

(പഭാതവ്യായാമം

അഭ്യാസക്രമം:-

 • തലപൊക്കി മുമ്പോട്ടു നോക്കി തോൾ പുറകാട്ടു വലിച്ച് കാൽമുട്ടുകൾ മുറുക്കി കൈകൾ ഇരുവശങ്ങളിലുമിട്ടു നില്ക്കുക.
 • പൂര്‍ണമായി ശ്വസിച്ചുകൊണ്ടു പതുക്കേ കാൽ വിരലൂന്നിപ്പൊങ്ങുക.
 • ആ നിലയിൽ നിന്നു കൊണ്ടു ശ്വാസം ഉള്ളിൽ നിറുത്തുക.
 • മൂക്കിൽകൂടി സാവധാനം ഉച്ഛ്വസിച്ചുകൊണ്ടു പതുക്ക ഉപ്പൂറ്റി താഴ്ത്തി നിലം തൊടിക്കുക.

സഹജപ്രാണായാമം

അഭ്യാസക്രമം:

 • ഉപ്പുറ്റി ചേർത്തുവച്ചും കൈകൾ ദേഹത്തോടു തൊട്ടു നീട്ടിയിട്ടും മലർന്നു കിടന്നു പയ്യേ ശ്വസിച്ചുകൊണ്ടു കൈകൾ തലയ്ക്ക് മുകളിലൂടെ പുറകിൽ തറയിലേക്കു നീട്ടിവയ്ക്കുക. പിന്നെ പതുക്കെ ഉച്ഛസിച്ചു വീണ്ടും കൈകളുയർത്തി പൂർവസ്ഥിതിയിൽ കൊണ്ടുവരുക. ഇതു ഒരു മിനിറ്റുനേരം ആവർത്തിക്കണം.
 • അതേപ്രകാരം കിടന്നു ശ്വസിച്ചു വലതുകാൽ ഉയർത്തുകയും ഉച്ഛ്വസിച്ചു താഴ്ത്തുകയും ചെയ്യുക. ഇടതു കാലുകൊണ്ടും അപ്രകാരം ചെയ്യണം. ഒരു മിനിറ്റ് അവർത്തിച്ചശേഷം വിശ്രമിക്കുക,
 • ഏതെങ്കിലും ധ്യാനമുദയിൽ ഇരിക്കുകയോ, നേരെ നിവർന്നു നിൽക്കുകയോ ചെയ്യുക.
 • ശ്വാസകോശത്തിന്റെ കഴിവനുസരിച്ചു ശ്വാസം വലിച്ചു പതുക്കെ വായിൽക്കൂടി ഒറ്റയടിക്കു ഉച്ഛ്വസിക്കുക. ഇപ്രകാരം രണ്ടു മിനിറ്റു ചെയ്യണം. ഇതു ശ്വാസകോശത്തിലെ എല്ലാ തകരാറുകളും പോക്കുകയും മാലിന്യം പുറം തള്ളുകയും ചെയ്യും. ഉദരത്തിലും യകൃത്തിലുമുണ്ടാകുന്ന രോഗങ്ങളേയും മാറ്റും.
 • ഏതെങ്കിലും ധ്യാനമുദ്രയിലോ കസേരയിലോ നേരേയിരിക്കുക. ശക്തിയായി ഉച്ഛ്വസിച്ചു, തലകുനിച്ചു. താടി കണ്ഠകൂപത്തിലാഴ്ത്തണം. പിന്നീടു നല്ലവണ്ണം ശ്വാസം വലിച്ചു തലയുയർത്തണം. ഇതു രണ്ടു മൂന്നു മിനിറ്റുനേരം അഭ്യസിച്ചാൽ മതി.
 • ഏതെങ്കിലും ധ്യാനമുദയിലിരുന്നു ഉദരംവരെ ഒഴിയത്തക്കവിധം ഉഛ്വസിക്കുക.
 • ഉദരനാഡികൾക്ക് ഉലച്ചിലുണ്ടാക്കാതെ നാഭിയെ ഉളേളാട്ടു വലിക്കുക.
 • പിന്നീട് ശ്വാസം വേണ്ടിടത്തോളം വലിക്കുക, സമയം രണ്ടു മൂന്നു മിനിറ്റുവരെ. കഴിയുന്നിടത്തോളം ശ്വാസം അടക്കിയിരുന്നശേഷം സാവധാനം നിശ്വസിക്കുക. ഇതുകൊണ്ടു ചുമ, ജലദോഷം, സന്നിപാതജ്വരം, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളിൽനിന്നു മുക്തിനേടാം. ഇതു രോഗ പ്രതിരോധകവുമാണ്. പ്രാണായാമം ദഹനശക്തി വർദ്ധിപ്പിക്കുകയും ഉദരഭാഗത്തെ മേദസ്സ് കുറയ്ക്കുകയും അവിടത്തെ നാഡികളും പേശികളും ശക്തമാക്കുകയും ചെയ്യും. കൂടാതെ പുരുഷന്റെ വൃഷണങ്ങളും സ്ത്രീയുടെ അണ്ഡാശയവും ബലിഷ്ഠമാക്കും.

പ്രാണവായുവിന്റെ പ്രധാന ധർമം ശ്വാസോച്ഛ്വാസമാണ്. രണ്ടു നാസാദ്വാരങ്ങളിലൂടെ ഒരേസമയം എപ്പോഴും ശ്വസനം നടക്കുന്നില്ല. സാധാരണയായി ഒരു നാസാദ്വാരത്തിലൂടെയാണു ശ്വസനം നടക്കുക. ചിലപ്പോൾ മൂക്കിന്റെ ഇടതുദ്വാരത്തിലും ചിലപ്പോൾ വലതുദ്വാരത്തിലും മറ്റുചിലപ്പോൾ ഇരുദ്വാരങ്ങളിലൂടെയുമാകും ശ്വസനം.

ഇടതുനാഡിദ്വാരത്തിലൂടെ ശ്വാസസഞ്ചാരമുണ്ടാകുമ്പോൾ ഇഡാനാഡിയിൽ (പാണൻ തുടിക്കുന്നു. വലതുനാസാദ്വാരത്തിലെ ശ്വാസം പിംഗല (സൂര്യ) നാഡിയെ സ്പർശിക്കുന്നു. ഒരു ദ്വാരത്തിൽനിന്ന് മറ്റൊന്നിലേക്ക് ശ്വാസഗതി മാറുമ്പോൾ ഇരുദ്വാരങ്ങളിലും ശ്വാസസഞ്ചാരം സമമാകും. അപ്പോഴാണു സുഷുമ്നാനാഡിക്കു ശ്വാസസ്പർശമുണ്ടാകുന്നത്. ഈ നാഡി നട്ടെല്ലിന്നിടത്തും പിംഗല വലത്തും സുഷുമ്ന അകത്തുമാകുന്നു. ഇഡാനാഡി സത്കർമ്മങ്ങൾക്കും പിംഗലാനാഡി ദുഷ്കർമങ്ങൾക്കും പ്രചോദകവും സുഷുമ്ന സത്കൃത്യങ്ങൾക്കു പ്രതിബന്ധകവുമാണ്. ഇഡയ്ക്കു പൂർവോത്തര ദിക്കുകളുടേയും പിംഗലയ്ക്കു പശ്ചിമ-ദക്ഷിണ ദിക്കുകളുടേയും ആധിപത്യമുണ്ട്.

ഇടതുനാസാദ്വാരത്തിലൂടെ ശ്വാസം ചരിക്കുമ്പോഴാണു വിദേശയാത്ര, ആശ്രമദർശനം, യോഗാഭ്യാസാരംഭം, ഭവന നിർമിതി, സാധനസംഭരണം, കുളവും കിണറും കുഴിക്കൽ, ദാനധർമം, വിവാഹം, നവവസ്ത്രധാരണം, സ്നേഹസമ്പാദനം, ഗ്യഹപ്രവേശം, വിദ്യാരംഭം, മിത്രദർശനം, ചികിത്സാരംഭം, തീർഥാടനം, ധനസമാഹരണം, കൃഷി തുടങ്ങിയ സത്കർമങ്ങൾ നടത്തേണ്ടത്.

മനസ്സിടിയുമ്പോഴോ, പനിയോ അപസ്മാരമോ മറ്റോ പിടിപെടുമ്പോഴോ, അന്യരെ ആശ്വസിപ്പിക്കുമ്പോഴോ ഇടതുനാസാദ്വാരത്തിലൂടെ ശ്വാസം ചരിപ്പിക്കണം. വലതുദ്വാരത്തിലൂടെ ശ്വാസം ചരിക്കുമ്പോൾ മദ്യം സേവിക്കുകയും വേട്ടയാടുകയും പശുക്കളെ വില്‍ക്കുകയും കുന്നുകയറുകയും കത്തെഴുതുകയും മോഷ്ടിക്കുകയും വ്യായാമം ചെയ്യുകയും കളിക്കുകയും മറ്റും ചെയ്യാം. അപ്പോൾ ഭക്ഷിച്ചാൽ ദഹനക്കേടുണ്ടാവില്ല.

സുഷുമ്നയിൽ ശ്വാസം ചരിക്കുമ്പോൾ ഈശ്വരപ്രാർഥനയും പ്രാണായാമവുമൊഴികെ മറ്റൊരു കാര്യവും ചെയ്യരുത്.

ഒരു നാസാദ്വാരത്തിൽനിന്ന് മറു നാസാദ്വാരത്തിലേക്കു ശ്വാസം ചരിപ്പിക്കാൻ ചില വിദ്യകളുണ്ട്. ഏതു നാസാദ്വാരത്തിലൂടെ ശ്വാസം ചരിക്കുന്നുവോ, ആ വശം ചരിഞ്ഞു കിടന്നു കക്ഷത്തിൽ അമർത്തിയാൽ മറു നാസാദ്വാരത്തിലൂടെ ശ്വാസം ചരിക്കും. അല്ലെങ്കിൽ ശ്വാസം ചരിക്കുന്ന മൂക്കില്‍ പഞ്ഞിവച്ചാലും മതി.

ശുക്ലപക്ഷത്തിൽ പ്രഥമ, ദ്വിതീയ, തൃതീയ, സപ്തമി, അഷ്ടമി, നവമി, ത്രയോദശി, ചതുർദശി, പഞ്ചദശി ഈ ദിവസങ്ങളിൽ രാവിലെ ഒരു മണിക്കൂർ നേരം 'ഇഡ'യിൽ ശ്വാസസഞ്ചാരമുണ്ടാകും. പിന്നീട് ഓരോ മണിക്കൂർ കഴിയുമ്പോഴും മാറി മാറി ശ്വാസസഞ്ചാരമുണ്ടാകും. മറ്റുദിവസങ്ങളിൽ രാവിലെ സൂര്യ(പിംഗലി) നാഡിയിലാണു ശ്വാസസഞ്ചാരമുണ്ടാവുക. കൃഷ്ണപക്ഷത്തിൽ സഞ്ചാരം നേരേമറിച്ചാണ്. ജലദോഷവും ശ്വാസംമുട്ടും മറ്റുമുള്ളവർക്കു ഈ ക്രമത്തിൽ ശ്വാസം ചരിക്കുകയില്ല. ക്രമംവിട്ടു ശ്വാസം ചരിച്ചാൽ രോഗമോ മറ്റെന്തെങ്കിലും അസ്വാസ്ഥ്യമോ ഉണ്ടെന്നനുമാനിക്കാം.

ശുക്ലപക്ഷത്തിൽ പ്രഥമ ദിവസം രാവിലെ വലതുമൂക്കിലൂടെ ശ്വാസമോടിയാൽ അന്നു സുഖകരമായിരിക്കും. ഇടതിലൂടെയാണെങ്കിൽ ജലദോഷാദിദീനങ്ങളുണ്ടാകും, എന്തെങ്കിലും അസുഖം വന്നാൽ ശുക്ലപക്ഷത്തിൽ വലതും കൃഷ്ണപക്ഷത്തിൽ ഇടതും നാസാദ്വാരം അടച്ചു രാവിലെ ശ്വാസം ചരിപ്പിച്ചു ശീലിക്കണം.

ശുക്ലപക്ഷത്തിൽ ദ്വിതീയദിവസം ഞായറാഴ്ച വരുന്നുവെങ്കിൽ അന്നു രാവിലെ ഇടതുനാസാദ്വാരത്തിലൂടെ ശ്വാസം ചരിച്ചാൽ ധനലാഭവും തിങ്കളാഴ്ച്ചയാണെങ്കിൽ സന്തോഷവുമുണ്ടാകും. രാവിലെ ഉണർന്ന ഉടനേ ശ്വാസമോടുന്ന വശത്തെ കൈവെളളകൊണ്ടു മുഖം തടവിയാൽ അഭീഷ്ടപൂർത്തി കൈവരും.

ശ്വാസനിയന്ത്രണം കൊണ്ടു പല അസുഖങ്ങളും മാറ്റാം. പനിയോ, തലവേദനയോ വന്നാൽ ഏതു നാസാദ്വാരത്തിലുടെ ശ്വാസമോടുന്നുവെന്നു നോക്കി അതു പഞ്ഞിവച്ചടച്ച് ആ വശം ചരിഞ്ഞുകിടന്നാൽ അസുഖം മാറും. കാസമുണ്ടാകുമ്പോൾ ശ്വാസമോടുന്ന നാഡിയിൽ കൂടി ഉച്ഛ്വസിച്ചാൽ ശമനമുണ്ടാകും. വലതുനാസാദ്വാരത്തിലൂടെ ശ്വാസം ചരിപ്പിച്ചു മലർന്നുകിടന്നു ചന്ദ്രനെ ധ്യാനിച്ചാൽ ഉറക്കം കിട്ടും. രാവിലേയും വൈകുന്നേരവും വാ പൊളിച്ചു നാക്കിന്റെ അറ്റം അണ്ണാക്കിൽ തൊടുവിച്ചു ദീർഘമായി ശ്വാസോച്ഛ്വാസം നടത്തിയാൽ രക്തദൂഷ്യം മാറും.

ഭക്ഷണം കഴിക്കുമ്പോഴും വിസർജിക്കുമ്പോഴും പിംഗലാനാഡിയിലും വെള്ളം കുടിക്കുമ്പോഴും മൂത്രമൊഴിക്കുമ്പോഴും ഇഡാനാഡിയിലും ശ്വാസം സഞ്ചരിപ്പിച്ചാൽ ഉദരരോഗങ്ങളൊന്നുമുണ്ടാവില്ല.

ശീതളിപ്രാണായാമം

ചുണ്ടുകൾക്കിടയിൽ നാക്കു പുറത്തേക്കു നീട്ടി പക്ഷികളുടെ കൊക്കു പോലാക്കുക. പിന്നെ നാക്കിന്റെ അറ്റത്തൂടെ പതുക്കെ ശ്വാസം വലിച്ചു അഞ്ചു സെക്കന്ഡ് നേരം തൊണ്ടയിൽ തടഞ്ഞുവച്ചിട്ടു പതുക്കെപ്പതുക്കെ വായുവിനെ മൂക്കിൽ കൂടി പുറത്തു വിടണം. ഇതു ഒറ്റയിരിപ്പിൽ മൂന്നു മിനിറ്റു ചെയ്യണം. ഒരിക്കലും പത്തുമിനിറ്റിൽ കൂടുതലാകരുത്. പിത്തപ്രകൃതക്കാരുടെ കൈകാൽ ചുട്ടുനീറ്റത്തിനു ഇതു നല്ല പ്രതിവിധിയാണ്. രക്ത ശുദ്ധീകരണക്ഷമമായതുകൊണ്ടു ചർമരോഗങ്ങൾ മാറും. ഇത് പരിശീലിക്കുന്നവർക്കു പാമ്പിൻ വിഷം പോലും ഏൽക്കില്ലെന്നാണു യോഗശാസ്ത്രപക്ഷം.

പ്രാണശക്തിക്കു അത്ഭുതകരമായ കഴിവുകളുണ്ട്, അതുവേണമെങ്കില്‍ മറ്റൊരാളിലേക്കു സംക്രമിപ്പിക്കാൻ സാധിക്കും. കൈ ഉഴിഞ്ഞു രോഗിയുടെ ദേഹത്തിൽ പ്രാണശക്തി കേറ്റിയാണു രോഗശമനമുണ്ടാക്കുന്നത്. തലോടിയും ഉഴിഞ്ഞും തിരുമ്മിയും മറ്റും രോഗം മാറ്റുന്ന രീതിക്കു ഭാരതത്തിൽ പണ്ടേ (പചാരമുണ്ട്. മണ്ണിലൂടെയും കൈയിലൂടെയും ശ്വാസകോശത്തിലൂടെയും പ്രാണശക്തി സംക്രമിപ്പിക്കാം. കൈകൊണ്ടു ഉഴിയുകയോ തടവുകയോ മറ്റോ ചെയ്യുമ്പോൾ രോഗമുളളിടത്തു തറച്ചു നോക്കണം. അപ്പോൾ പ്രാണശക്തി നമ്മിൽനിന്നു പ്രവഹിക്കുന്നുവെന്നു മനസ്സിൽ ധ്യാനിക്കണം. രോഗമുള്ളിടത്തേക്കു ഉച്ഛ്വസിച്ചു രോഗശക്തി സംക്രമിപ്പിക്കാം.

ഉഴിച്ചൽ

കൈകൊണ്ടുള്ള ഉഴിച്ചൽ പ്രാണചികിത്സയുടെ ഒരു പ്രധാനസമ്പ്രദായമാണ്. കൈകൾ പ്രത്യേകം പിടിക്കുക. വിരലുകൾ അകറ്റി നിവർത്തിപ്പിടിക്കണം. രോഗി ഇരിക്കുകയാണെങ്കിൽ കൈ രോഗിയുടെ തലയ്ക്കു മുകളിൽ പൊക്കി മുൻവശത്തുകൂടി സാവധാനം താഴോട്ടു കൊണ്ടുവരണം. മുട്ടിന്റവിടെ വരുമ്പോൾ തൂത്തുവാരിക്കളയുംപോലെ ക്രിയ കാണിക്കണം. കാലിന്റവിടെവരെ കൊണ്ടുവന്നു കൈയിൽനിന്നു വെള്ളം കുടഞ്ഞുകളയും പോലെ ഒരു വശത്തേക്കു കയെടുക്കണം. വിരൽ മടക്കി കാലിൽനിന്നു ദേഹത്തിന്റെ വശങ്ങളിൽ കൂടി മേലോട്ടു കൈകൊണ്ടുപോകണം. കൈയുടെ വെള്ള ദേഹത്തിനഭിമുഖമായിരിക്കണം. തലയ്ക്കു മുകളിൽ കൈ ചെല്ലുമ്പോൾ ആദ്യം പറഞ്ഞതുപോലെ കൈ മുൻവശത്തൂടെ കീഴോട്ടു കൊണ്ടുവരണം. ഇപ്രകാരം ചെയ്യുമ്പോൾ രോഗിയെ പ്രാണശക്തിയിൽ കുളിപ്പിക്കുകയാണെന്നു ധ്യാനിക്കണം. അന്നേരം വിരലിന്‍റെ അറ്റത്തുനിന്നു പ്രാണശക്തി രോഗിയുടെ ദേഹത്തിലേക്കു പായുന്നു. ഒരു സംശയവും കൂടാതെ ഉറച്ച വിശ്വാസത്തോടെ ചെയ്യണം. പരിചയം കൂടുംതോറും ഫലസിദ്ധിയും കൂടും. ഏതുഭാഗത്തു ദീനമുണ്ടോ ആ ഭാഗത്തൂടെ ഉഴിയണം. ഉഴിയുമ്പോൾ വിരലുകളിൽ നിന്ന് പ്രാണശക്തി പ്രവഹിക്കുന്നതായി സങ്കലിപിക്കണം. കൈ എത്ര ദൂരം പിടിക്കണമെന്നു പരിചയം കൊണ്ട് നിശ്ചയിക്കാവുന്നതാണ്. ദേഹത്തിൽനിന്ന് മൂന്നുനാലിഞ്ച് അകലെ പിടിച്ചു സാവധാനം തടവുന്ന ഭാവം കാണിക്കുന്നതു സുഖപ്രദമാണ്. ഒരടി അകലെ പിടിച്ചു അതിവേഗം തടവിയാൽ ഉന്മഷമുണ്ടാകും. രണ്ടടി ദൂരം കൈപിടിച്ചു ശക്തിയാടെ വേഗം തടവുന്നതും ഉന്മേഷജനകമാണ്.

കൈകൊണ്ടു ദേഹം തലോടി വേണം. പ്രാണചികിത്സയിൽ ഉഴിച്ചിൽ അവസാനിപ്പിക്കാൻ. രോഗമുള്ളിടത്തോ, ദേഹമാസകലമോ വിരലുകളുടെ അറ്റം കൊണ്ടു ലഘുവായി സ്പർശിക്കുന്നതാണു തലോടൽ. ഒരു വശത്തേക്കല്ലാതെ അങ്ങോട്ടുമിങ്ങോട്ടും തടവരുത്. തൊട്ടുതൊട്ടില്ല എന്നവിധം സാവധാനം തലോടണം. ദേഹം മുഴുവൻ തലോടണമെങ്കിൽ ആദ്യം തല മുതൽ അരവരേയും പിന്നീട് അര മുതൽ പാദം വരേയും തലോടണം.

തിരുമ്മ്

തിരുമ്മു (പാചീന ചികിത്സാരീതികളിലൊന്നാണ്. കൈകൊണ്ടു ദേഹം തിരുമ്മി പ്രാണശക്തി രോഗിയുടെ ഉള്ളിൽ നിവേശിപ്പിക്കുന്നു. ഒട്ടും ശക്തിയെടുക്കാതെ തീർത്തും അനായാസമായി പയ്യെ തിരുമ്മണം. തിരുമ്മാൻ കൈത്തലവും വിരലുകളുടെ ചുവടും മാത്രമേ ഉപയോഗിക്കാവു. വിരൽ പുറകോട്ട് വളച്ചു പിടിക്കണം. കീഴോട്ടാണു തിരുമ്മേണ്ടത്. ചിലർ വിരലറ്റം അമർത്തിയും തിരുത്താറുണ്ട്. ചികിത്സകന്റെ വശംപാലെ എങ്ങനെയും തിരുമ്മാം. പ്രാണശക്തി പ്രവഹിക്കുന്നതാണു (പധാനകാര്യം. ദീനസ്ഥലത്തു വാച്ചിന്റെ സൂചി തിരിയുംപോലെ വൃത്തത്തിലും തിരുമ്മാം. വാതം, തളർച്ച തുടങ്ങിയ രോഗങ്ങൾക്കു മാംസപേശികളെ പിടിച്ചു വലിച്ചു തമ്മിൽ ഉരുമ്മിയും തിരുമ്മാറുണ്ട്. ഇതു മൂന്നുവിധം

 • തളളവിരൽ കൊണ്ടും ചൂണ്ടുവിരൽകൊണ്ടും ചർമം കുറേനേരം വലിച്ചു പിടിച്ചശേഷം വിടണം. ഇതുരണ്ടു കൈകൊണ്ടും ഒരേസമയം ചെയ്യാം.
 • കൈകൊണ്ടു ദശയും മാംസവും മുറുകെപ്പിടിച്ചു തിരുമ്മാം. വലിയ ശക്തി എടുക്കരുത്. ഇരുകൈകളും മാറിമാറി ഉപയോഗിക്കാം. കൈക്കു ചുറുചുറുക്കുണ്ടെങ്കിൽ പ്രാണശക്തി നിരർഗളം നിർഗളിക്കുകയുള്ളൂ. തള്ളവിരലും ചൂണ്ടുവിരലും കൊണ്ടു ദശ പിടിച്ചു സമീപഭാഗത്തു അമർത്തിയും തിരുമ്മാം. ചോരയോട്ടം കുറവാണെങ്കില്‍ കൈകൊണ്ടു തട്ടി രക്തമോട്ടമുണ്ടാക്കാം. വിരൽ പകുതിമടക്കി കൈവെള്ളയും വിരലിന്റെ അറ്റവും ദേഹത്തു മുട്ടത്തക്കവണ്ണം സാവധാനം മർദിക്കണം. അല്ലെങ്കിൽ വിരൽ മടക്കാതെ നിവർത്തിപ്പിടിച്ചു കൈത്തലത്തിന്റെ ഒരുവശം കൊണ്ടു വെട്ടം പോലെ പതുക്കെത്തട്ടണം. അതുമല്ലെങ്കിൽ വിരൽ നിവര്‍ത്തിപ്പിടിച്ച് അടിച്ച് ഒച്ച കേള്‍പ്പിക്കണം. അപ്പോൾ കൈകൊട്ടിയാലുള്ളതുപോലെ ശബ്ദം കേള്‍ക്കാം. വിരല്‍ കൂട്ടിപ്പിടിച്ചു ദേഹത്തില്‍ തട്ടി ചോരയോട്ടമുണ്ടാക്കുകയും ചെയ്യാം.

ചികിത്സകന്റെ കൈവിരലുകൾ രോഗമുളളിടത്തുറപ്പിച്ചു കൈയുടെ മാംസ പേശികളിൽ ഒരു ചലനശക്തിയുണ്ടാക്കി പ്രാണശക്തി നിർഗമിപ്പിക്കാം. പക്ഷേ, ഈ ചികിത്സയ്ക്കു പ്രത്യേക പരിചയം വേണം. വിദഗ്ധരായ ചികിത്സകർ അപ്രകാരം കൈവച്ചാൽ ആലക്തികശക്തി ഉള്ളിലോട്ടു നിർഗളിക്കുന്നതുപോലെ തോന്നും.

ചികിത്സകർ ഉഴിയുകയോ, തിരുമ്മുകയോ ചെയ്യുംമുമ്പ് ഇരുകൈകളും കൂട്ടി തിരുമ്മി നല്ല കൈവഴക്കമുണ്ടാക്കണം. മുറുക്കിപ്പിടിച്ചു പലകുറി അയച്ചാൽ കൈക്കു ചുറുക്കും വഴക്കവുമുണ്ടാകും. ചില ചികിത്സകർ സ്വയം ചികിത്സ നടത്തിയതിനുശേഷമേ പൊതുചികിത്സ തുടങ്ങു. പൊതുചികിത്സകൊണ്ടു രക്തസഞ്ചാരം ക്രമപ്പെടുകയും മാംസപേശികൾ ബലപ്പെടുകയും ചെയ്യും.

പൊതുചികിത്സാക്രമം

രോഗിയെ കമഴ്ത്തിക്കിടത്തുക. തലയണയിൽ തലവച്ച് കൈ നിവർത്തി ദേഹത്തോടു ചേർത്തു വയ്ക്കണം, ചൂണ്ടുവിരലും നടുവിരലും നട്ടെല്ലിനു രണ്ടു വശവും വച്ച് പതുക്കെ എന്നാൽ മുറുകേ വിരലുകൾ നട്ടെല്ലിനു താഴോട്ടു കൊണ്ടുവരുക. അങ്ങനെ കൈകൊണ്ടുവരുമ്പോൾ ഇളയ എല്ലുകളും ഞരമ്പുകളും അറിയാം. അവിടെയൊക്കെ സാവധാനം തിരുമ്മണം. തണുത്തോ, ഇളന്നോ കാണപ്പെടുന്നിടം പ്രത്യേകം തിരുമ്മി പരുവപ്പെടുത്തണം. പിന്നീടു മലർത്തിക്കിടത്തി ദേഹമാസകലം കീഴോട്ടു തടവുക. ഇളന്നഭാഗങ്ങൾ, മുഴകൾ എന്നിവയുണ്ടെങ്കിൽ പ്രത്യേകം തിരുമ്മണം. പൊതുചികിത്സയുടെ തുടക്കത്തിൽ കഴുത്തു മുതൽ നട്ടെല്ലുവരെ സാവധാനം തിരുമ്മണം. നട്ടെല്ലിന്റെ ഓരോ വശവും പ്രത്യേകമാണു തിരുമ്മേണ്ടത്. തിരുമ്മിയശേഷം കൈ നട്ടെല്ലിൽവച്ചു ഭുജം ചലിപ്പിച്ചു പ്രാണശക്തി ഉള്ളിൽ നിവേശിപ്പിക്കണം. ഒടുവിൽ തലോടണം. കഴുത്തിന്റെ പുറകുവശവും തൊണ്ടയും നല്ല പോലെ തിരുമ്മണം. ഭുജം മുതൽ വിരൽവരെ തലോടുന്നതും കൊള്ളാം. പിന്നീട് നെഞ്ചും പുറവും എളിയും തിരുമ്മണം. തിരുമ്മിക്കഴിഞ്ഞ് തലോടരുത്, കാലും ഇതുപോലെ തിരുമ്മുകയും തലോടുകയും വേണം, പൊതുചികിത്സയ്ക്കുശേഷമാണു പ്രത്യേക ചികിത്സ നടത്തേണ്ടത്.

യോഗചികിത്സ

യോഗചികിത്സയ്ക്ക് ആറു വിഭാഗങ്ങളുണ്ട്. ധൗതി, വസ്തി, നേതി, ആസനം, മുദ്ര, പ്രാണായാമം.

ധൗതി

ധൌതിയെന്നാൽ കഴുകി ശുദ്ധമാക്കുകയെന്നർഥം. ധൗതിതന്നെ നാലു തരമുണ്ട്. വമനധൌതി, വാരിസാരധൗതി, അഗ്നിസാരധൗതി, സഹജ അഗ്നിസാരധൗതി.

വമനധൌതി

അഞ്ചാറു ഗ്ലാസ് ചൂടുവെള്ളം കുടിച്ച് ചൂണ്ടുവിരലും മധ്യവിരലും തൊണ്ടയിലേക്കു കടത്തി ഒന്നിളക്കിയാൽ ഛർദ്ദിക്കും. കുടിച്ച വെള്ളം മുഴുവൻ ഛർദ്ദിച്ചു പോകുന്നതുവരെ ഈ ക്രിയ ആവർത്തിക്കണം. കൈവിരലിട്ടു ഛർദ്ദിക്കാൻ പറ്റാത്തവർ ചൂടുവെള്ളത്തിൽ അല്പം ഉപ്പുകൂടെ ചേർത്താൽ മതി. പക്ഷെ എല്ലാദിവസവും ഉപയോഗിക്കരുത്. വമനധൌതി കൊണ്ട് ആമാശയത്തിൽ അടിഞ്ഞുകിടക്കുന്ന ഹാനികരമായ കഫം, പിത്തം, രോഗബീജങ്ങൾ എന്നിവ ബഹിഷ്ക്യതമാകുന്നു. തന്മൂലം അത് അമ്ലാധിക്യം, ജലദോഷജന്യമായ രോഗങ്ങൾ, ദഹനക്കെട് എന്നിവയെ മാറ്റി ശരീരം അരോഗദൃഢമാക്കുന്നു.

വാരിസാരധൗതി

മൃദുവും മൂന്നടി നീളവും അരയിഞ്ച് വ്യാസവുമുളള ഒരു റബർക്കുഴൽ തിളച്ച വെളളത്തിൽ മൂന്നുനാലു മിനിട്ടു നേരമിട്ട് രോഗാണുവിമുക്തമാക്കിയ ശേഷം എട്ടോ, പത്തോ ഗ്ലാസ് വെള്ളം കുടിക്കണം. വെള്ളം വ്യത്തിയുള്ള തുണികൊണ്ട് അരിച്ചു വേണം കുടിക്കാൻ. അല്പം കഴിഞ്ഞ് തെല്ലുമുന്നോട്ടു ചരിഞ്ഞിരുന്നുകൊണ്ട് റബർക്കുഴൽ ഉളളിലേക്കു കടത്തണം. കുഴലിന്റെ ഒരറ്റം വായുടെ ഇടതുഭാഗത്തു തൂങ്ങിക്കിടക്കണം. കുഴൽ തൊണ്ടയ്ക്കു താഴെയെത്തുന്നതോടെ കുടിച്ച വെളളമെല്ലാം ശക്തിയോടെ പുറത്തേക്കൊഴുകും. ഒരാഴ്ചയോളം ഇതു ശീലിച്ചാൽ കുഴൽ വിഴുങ്ങാനുള്ള വിഷമം മാറും. ദിവസവും കുറേശ്ശേ വേണം കുഴൽ വിഴുങ്ങി ശീലിക്കാൻ. ഒന്നു രണ്ടാഴ്ചകൊണ്ട് പൂർണ്ണമായി തൊണ്ടയിൽ കൂടി താഴോട്ടിറങ്ങിക്കൊള്ളും. ഇതു ശീലിച്ചാൽ കുടിച്ചവെളളം ഒന്നിച്ചു ചരർദ്ദിച്ചുപോകാതെ കുഴലിൽക്കുടി കുറഞ്ഞു പുറത്തുപോകും. അതോടൊപ്പം അകത്തുളള മാലിന്യങ്ങളും ബഹിഷ്കൃതമാകും. അപ്രകാരം വെള്ളം പൂർണ്ണമായി പുറത്തു പോയാൽ ആറേഴു മിനിട്ടു കഴിഞ്ഞ് അഗ്ന്യാശയത്തിൽ കെട്ടിക്കിടക്കുന്ന വിഷവസ്തുക്കളും കീടാണുക്കളും മുറയ്ക്കു പുറത്തുപോയിക്കൊള്ളും. കുഴലിനെ കുറച്ചുകൂടെ ഇറക്കിയാൽ വീണ്ടും വെള്ളം പുറത്തേക്ക് ഒഴുകും. തുടർച്ചയായി പലതവണ കുഴലിറക്കിയാലേ പൂർണ്ണമായി ആഭ്യന്തരശുദ്ധി വരുത്താൻ പറ്റു. ഈ ധൗതി ഉദരാമയം (Neuralgia) ശ്വേതകുഷ്ഠം, ക്ഷയരോഗാക്രമണം, ജലദോഷം എന്നിവയെ തടയുകയും ചർമ്മരോഗങ്ങളെ പോക്കുകയും ചെയ്യുന്നു.

വാരിസാരധൗതി ചെയ്തശേഷം അഞ്ചു മിനിട്ടെങ്കിലും കഴിയാതെ ഭക്ഷണമൊന്നും കഴിക്കരുത്. വമനധൗതി ഭാഗികമായി മാത്രമേ ആമാശയം ശുദ്ധമാക്കൂ. എന്നാൽ വാരിസാരധൗതി ആമാശയവും അടിവയറും കൂടി ശുദ്ധമാക്കുന്നു.

അഗ്നിധാരധൗതി

ശ്വസിക്കുമ്പോൾ വയറിനു താഴെയുള്ള ഭാഗവും നാഭിയും ഉള്ളിലേക്ക് ആവും വിധം വലിക്കുക. പൂർണ്ണമായി ശ്വസിച്ചശേഷം നിശ്വസിച്ച് ഉദരം അയച്ചു വിടണം. പത്തു പന്ത്രണ്ടു തവണ ഇതാവർത്തിക്കാം. യോഗാസനശാസ്ത്രപ്രകാരം ഈ കിയ ആരോഗ്യവാന്മാർക്ക് ആറു തവണ വരെ ആവർത്തിക്കാം. “നാഭീഗന്ഥിമേരുദണ്ഡശതവാരഞ്ചകാരയേത്".

ഇതഭ്യസിച്ചാൽ ദഹനം വർദ്ധിക്കുകയും യകൃത്തിന്റെയും പ്ലീഹയുടെയും വൈകല്യങ്ങൾ മാറുകയും ചെയ്യും. എല്ലാത്തരം ഉദരരോഗങ്ങളും ഇതു കൊണ്ടു മാറുന്നതാണ്.

സഹജഅഗ്നിസാരധൗതി

ഇടുപ്പുകളിൽ കൈകൾ വച്ച് തളളവിരൽ ഒടുവിലത്തെ വാരിയെല്ലിനു താഴെയും ഇതരവിരലുകൾ നാഭിപ്രദേശത്തും വരത്തക്കവണ്ണം വിരലുകൾ നീട്ടുക. തള്ളവിരലിനെ വച്ചിടത്തു നിന്നിളക്കാതെ മറ്റെ വിരലുകൾ കൊണ്ടു നാഭിപ്രദേശത്തെ കശക്കി നട്ടെല്ലിലേക്കമർത്തുക. ഇരുപത്തഞ്ചു മുതൽ നൂറുതവണ വരെ ഇതാവർത്തിക്കാം. ഈ ധൗതി മുറയ്ക്കു ചെയ്യാൻ പഠിച്ചുകഴിഞ്ഞാൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്താൽ മതിയാകും. വണ്ണമുള്ളവർക്ക് നാഭിപ്രദേശത്തിന്റെ നട്ടെല്ലിലേക്കെത്തിക്കാൻ പ്രയാസം അനുഭവപ്പെടാം. അത്തരക്കാർ അങ്ങനെ ചെയ്യാന്‍ ശ്രമിച്ചാൽ മതി. ക്രമേണ നാഭിയഥാവിധി വഴങ്ങിക്കൊള്ളും. ഈ വ്യായാമം അടിവയറ്റിലേക്ക് ശുദ്ധരക്തവും ശുദ്ധവായുവും എത്തിക്കുന്നു. ഈ രക്തം ഉദരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു.

വസ്തി

യോഗശാസ്ത്രത്തിൽ അനേകം വസ്തിക്രിയകൾ നിർദ്ദേശിക്കുന്നുണ്ട്. ജലവസ്തി, സ്ഥലവസ്തി തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. എന്നാൽ ദുർബലർക്കും രോഗികൾക്കും ഇവ ചേർന്നതല്ല. അവർക്ക് സഹജവിക്രിയകളാണ് അനുരൂപം. അവ പലവിധമുണ്ട്. രാവിലെ എണീറ്റാൽ ഉടൻ സഹജ വസ്തിക്രിയ ചെയ്യണം. പഴക്കമുളള മലബന്ധമുണ്ടെങ്കിൽ രണ്ടൗൺസ് നാരങ്ങാനീരും അര ഔൺസ് ഉപ്പും ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ ചേർത്തു കുടിക്കണം. പിന്നീടു മലർന്നു കിടന്ന് നാലഞ്ചു മിനിട്ടു നേരം വിപരീകരണിമുദ്രയും മയൂരാസനവും പാദഹസ്താസനവും നാലുതവണ വീതം ചെയ്യുക. മയൂരാസനം ചെയ്യുവാൻ കഴിയാത്തവർ പകരം ശലഭാസനം ചെയ്താലും മതി. അഞ്ചുമിനിട്ടിനകം മലം പോകും. എന്നിട്ടും മലം പോകുന്നില്ലെങ്കിൽ ഭുജംഗാസനവും ധനുരാസനവും ചെയ്താൽ സുഗമമായി മലം പോകും.

നേതി

നല്ല വായയുള്ള പാത്രത്തിൽ വെള്ളമെടുത്ത് അതിൽ മുക്കും വായും മുക്കുക. ശ്വാസം വലിച്ച് കുറച്ചു വെള്ളം മൂക്കിലേക്കെടുക്കുക. ആദ്യം മൂക്കിനുള്ളിൽ നീറ്റലും തുമ്മലും ഉണ്ടാകാം. ഈ വിഷമം മാറിക്കഴിഞ്ഞാൽ മൂക്കിൽ കൂടി വെള്ളം കുടിക്കാൻ കഴിയും. രോഗശമനത്തിനായി ഒരു ദിവസം ഏഴെട്ടൗൺസോ അതിലും അല്പം കൂടുതലോ വെളളം കുടിക്കണം. ഈ വെള്ളം വായിൽ കൂടി തുപ്പിക്കളയണം. കാരണം അതിൽ മാലിന്യമുണ്ടാകും. ഒരു മാസം തുടർച്ചയായി ഇതു ശീലിച്ചാൽ ആഴ്ചയിൽ ഒരു ദിവസം വീതം അനുഷ്ഠിച്ചാൽ മതി. ഈ നേതിക്രിയ ശിരസ്സിനെ ശീതളമായി സൂക്ഷിക്കുന്നു. പനിയും തലവേദനയും വരാതിരിക്കാനും ഇതു നല്ലതാണ്.

ആസനങ്ങൾ

ഹഠയോഗികളുടെ പക്ഷത്തിൽ ഒരാളും ദുഷ്ടനായി പിറക്കുന്നില്ല. ഗ്രന്ഥികളുടെ പ്രവർത്തനവൈകല്യമോ, പരിസ്ഥിതിയുടെ പ്രാതികൂല്യമോ ആണ് ഒരുത്തനെ താന്തോന്നിയോ തെമ്മാടിയോ ആക്കുന്നത്. ഉചിതമായ ആഹാരക്രമം കൊണ്ടും ദുശ്ശീലങ്ങളെ ദൂരീകരിക്കാം. യോഗാഭ്യാസം കൊണ്ടു എല്ലാത്തരം രോഗങ്ങളും മാറ്റാൻ കഴിയുമെന്നാണ് യോഗാചാര്യന്മാർ അസന്ദിഗ്ധമായി അഭിപ്രായപ്പെടുന്നത്. കൊറോണറി ത്രോംബോസിസ്, രക്തചാപം, വയറുകടി തുടങ്ങി പല രോഗങ്ങളും നിർമ്മൂലനം ചെയ്യാമെന്നാണ് അവരുടെ ദൃഢമായ മതം.

മറ്റ് ചികിത്സാപദ്ധതികളെല്ലാം പരാജയപ്പെടുന്നിടങ്ങളിൽ യോഗ ചികിത്സ വിജയ പതാക പാറിപ്പറപ്പിക്കുന്നത് അതിന്റെ അനിതരസാധാരണമായ ഔത്കൃഷ്ട്യം പ്രകടമാക്കുന്നു. സാധാരണ ചികിത്സകൊണ്ട് പഴക്കമുള്ള രോഗങ്ങൾ മാറുക ദുസ്സാധമല്ലെങ്കിലും, വളരെ ദുഷ്ക്കരമാണ്. യോഗ ചികിത്സ അത്തരം രോഗങ്ങളെ വേരോടെ പിഴുതു മാറ്റുന്നു.

ഹഠയോഗം രണ്ടുതരമുണ്ട്. ലയയോഗവും സ്വരോദയയോഗവും ലയയോഗം മുഖാന്തരം എകാഗ്രതയും സരോദയയോഗം വഴി ശ്വസനനിയന്ത്രണജ്ഞാനവും ലഭിക്കുന്നു.

ആസനങ്ങളെ രണ്ടായി തരം തിരിക്കാം. ഒന്ന് സാധനാപരം മറ്റൊന്ന് സാധനപരം. ആദ്യത്തേത് മാനസികവും രണ്ടാമത്തേത് ശാരീരികവും. താപസന്മാർക്കാണ് സാധനാപരമായ ആസനങ്ങളുടെ ആവശ്യം. സാധനപരമായി ആസനങ്ങളുടെ ആവശ്യം സാധാരണക്കാർക്കാണ്. സാധനപരമായ ആസനങ്ങൾ സാധാരണക്കാരുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തുന്നു.

മുദ്ര

മുദ്രകൾ പലതരമുണ്ട്. വിപരീതകരണിമുദ്ര, യോഗമുദ്ര, ശക്തിചാലിനിമുദ്ര എന്നിവയാണ് പ്രധാനം.

വിപരീതകരണിമുദ

ദേഹത്തിന്റെ വിപരീത സ്ഥിതി ഈ മുദ്രയിൽ സൂര്യസമാനമായ അഗ്നിഗ്രന്ഥികളെ മേലോട്ടും ചന്ദ്രസ്ഥാനമായ ശിരസ്സിനെ കീഴോട്ടും ആക്കുമ്പോൾ ഉണ്ടാകുന്നു. "ഊര്ധ്വശ്ചനീയതെ സൂര്യശ്ചന്ദ്രശ്ച അധ:ആനയേത്”.

കൈകൾ നേരെ ശരീരത്തോടു ചേർത്തു വച്ച്, കാലുകൾ നീട്ടി കിടന്ന് അവ പതുക്കെ മുപ്പതു ഡിഗ്രികോണിൽ ഉയർത്തുക. അപ്പോൾ രണ്ട് കൈ കൊണ്ടും ഇടുപ്പ് താങ്ങി ഉയർത്തണം. പതുക്കെ ശരീരവും കാലുകളും താഴ്ത്തുക. ഇതഞ്ചു മിനിട്ടു നേരം ചെയ്യാറായിക്കഴിഞ്ഞാൽ ഓരോ നേരം ചെയ്താൽ മതി. ഇത് നാഭോഗ്രന്ഥികളെ ശക്തിപ്പെടുത്തി രക്തക്കുറവ്, ദഹനക്കേട്, മലബന്ധം തുടങ്ങിയ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യും.

യോഗമുദ്ര

പത്മാസനത്തിലോ വജ്രാസനത്തിലോ ഇരുന്ന് കൈകള്‍ പിറകിലാക്കി വലത്തേക്കൈത്തണ്ടയിൽ ഇടതു കൈ കൊണ്ട് പിടിച്ച് ശ്വാസം വലിക്കുകയും ദേഹവും തലയും കുനിച്ച് മുൻഭാഗത്ത് തറയിൽ നിശ്വസിച്ചു കൊണ്ട് നെറ്റി തൊടുക. അപ്രകാരം അഞ്ചു സെക്കന്റിരുന്നു ശ്വസിച്ചു കൊണ്ടുയരുക. ഇത് ഒറ്റയിരുപ്പിൽ ഏഴു മുതൽ പത്തു തവണ വരെ ചെയ്യാം. തുടക്കത്തിൽ രണ്ടാമൂന്നോ തവണയേ പാടുള്ളൂ. കുറേശ്ശെ എണ്ണം വർദ്ധിപ്പിക്കാം. ഇത് യകൃത്തും പ്ലീഹയും ആരോഗ്യവത്താക്കുന്നു.

ശക്തിചാലിനിമുദ്ര

പത്മാസനത്തിലോ ഗോമുഖാസനത്തിലോ ഇരുന്ന് കൂഹു ശംഖിനി നാഡികളെ ശാഖോപശാഖകളോടൊപ്പം പതുക്കെ ശ്വസിച്ചു പതുക്കെ നിശ്വസിച്ചു കൊണ്ട് അവയെ അയച്ചു വിടണം. ഇത് രാവിലെയും വൈകുന്നേരവും പത്തു മുതൽ പന്ത്രണ്ടുതവണ വരെ ആവർത്തിക്കാം. ഇത് കാമാസക്തിയും ശുക്ലസാവവും ശമിപ്പിക്കുന്നു.

പ്രാണായാമം

യോഗശാസ്ത്രത്തിൽ പലതരം പ്രാണായാമങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ രോഗികൾക്കു പ്രയോജനകരം സഹജപ്രാണായാമവും ഭമണപ്രാണായാമവുമാണ്. ക്ഷയം, പ്ലൂരസി, ന്യൂമോണിയ, ആസ്ത്മ, ചുമ, ജലദോഷം തുടങ്ങി ഇരുപതുതരം രോഗങ്ങളെ പ്രാണായാമം കൊണ്ടു മാറ്റാം.

സഹജ പ്രാണായാമം

വിധം ഒന്ന്

ഉപ്പൂറ്റി ചേർത്തു വച്ചും കൈകൾ ദേഹത്തിനടുത്തു നീട്ടി വച്ചും മലർന്ന് പതുക്കെ ശ്വസിച്ച് കൈകൾ തലയ്ക്ക് മുകളിലൂടെ പുറകിൽ തറയിലേക്കു നീട്ടിവയ്ക്കുക. പിന്നീടു പതുക്കെ ഉച്ചസിച്ച് വീണ്ടും കൈകൾ ഉയർത്തി പൂർവ്വസ്ഥിതിയിൽ കൊണ്ടു വരുക. ഇത് ഒന്നോ രണ്ടോ മിനിട്ടു നേരത്തേക്കു ചെയ്തശേഷം വിശ്രമിക്കണം.

മേൽപ്രകാരം കിടന്ന് ശ്വസിച്ചു കൊണ്ട് വലതുകാലുയർത്തുകയും ഉച്ചസിച്ചു കൊണ്ട് താഴ്ത്തുകയും ചെയ്യുക. ഇടതുകാൽ കൊണ്ടും ഇപ്രകാരം ചെയ്യണം. ഇതും ഒന്നോ രണ്ടോ മിനിട്ടു നേരം ചെയ്തശേഷം വിശ്രമിക്കണം.

ഇതു ഹ്യദയവും ശ്വാസകോശവും ശക്തമാക്കുകയും വാതം, ചുമ, ജലദോഷം എന്നിവ മാറ്റുകയും ചെയ്യും.

വിധം ഒന്ന് - ഏതെങ്കിലും ധ്യാനമുദ്രയിലിരുന്ന് ആകാവുന്നിടത്തോളം ശ്വാസം വലിച്ച് പതുക്കെ വായിൽക്കൂടി ഒറ്റയടിക്ക് ഉച്ഛ്വസിക്കുക. ഇത് രണ്ടു മൂന്നു മിനിട്ടുനേരം ചെയ്യുക. ഇത് ഉദരത്തിലും യകൃത്തിലും ഉണ്ടാകുന്ന രോഗങ്ങളും ശ്വാസകോശത്തിലെ തകരാറുകളും മാറ്റുന്നു.

വിധം രണ്ട് - ഏതെങ്കിലും ധ്യാനമുദ്രയിലിരുന്ന് ആകാവുന്നിടത്തോളം ശ്വാസം വലിച്ച് പതുക്കെ വായിൽക്കൂടി ഒറ്റയടിക്ക് ഉച്ഛ്വസിക്കുക. ഇത് രണ്ടു മൂന്നു മിനിട്ടു നേരം ചെയ്യുക. ഇത് ഉദരത്തിലും യകൃത്തിലും ഉണ്ടാകുന്ന രോഗങ്ങളും ശ്വാസകോശത്തിലെ തകരാറുകളും മാറ്റുന്നു.

വിധം മൂന്ന്‍ - ഏതെങ്കിലും ധ്യാനമുദ്രയിലിരുന്ന് ശക്തമായി ഉഛ്വസിച്ചു കൊണ്ട് ശിരസ്സ് കുനിച്ചു താടിയെ കണ്ഠരൂപത്തിലേക്ക് താഴ്ത്തുക. വീണ്ടും ശ്വാസം വലിച്ചു തല ഉയര്‍ത്തണം. രണ്ട് മിനിറ്റ് നേരം ഇങ്ങനെ ചെയ്യുക. ശ്വസിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഉഛ്വസിക്കുന്നതിന് എടുക്കണം. ഇതു കൊണ്ട് ചുമ, ജലദോഷം, ഇൻഫ്ലുവൻസ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങൾ മാറുന്നു.

വിധം നാല് - ഇഷ്ടമുള്ള ധ്യാനമുദ്രയിലിരുന്ന് ഉദരം വരെ ശൂന്യമാകത്തക്ക വിധം മുഴുവൻ വായുവും ഉച്ഛ്വസിക്കുകയും ഉദരനാഡികൾക്ക് ഉലച്ചിലുണ്ടാക്കാതെ നാഭിയെ ഉള്ളോടു വലിക്കുകയും ശ്വാസം ആവുന്നത്ര നേരം അടക്കിപ്പിടിക്കുകയും വേണം. പിന്നെ ശ്വാസം പുറത്തേക്കു വിടുക. ഇങ്ങനെ രണ്ടുമൂന്നു മിനിട്ട് ആവർത്തിക്കുക. ഇത് ദഹനക്കേടിനെ മാറ്റുകയും ഉദരത്തിലെ മേദസ്സിനെ കുറയ്ക്കുകയും നാഡികളെ ശക്തമാക്കുകയും ചെയ്യും.

വിധം അഞ്ച് - നല്ലവണ്ണം മലർന്നു കിടന്ന് കൈകൾ കൊണ്ട് നാഭിയെ വരിഞ്ഞ് പ്രാണവായു നാഭിപ്രദേശം വരെ എത്തത്തക്കവിധം മൂക്കിൽ കൂടി ശ്വസിക്കുകയും പിന്നീട് പതുക്കെ ഉച്ഛ്വസിക്കുകയും ചെയ്യുക. ഇതു മന:ശക്തിയും ആരോഗ്യവും വർദ്ധിപ്പിക്കും.

വിധം ആറ് - ഏതെങ്കിലും ധ്യാനമുദ്രയിലിരുന്ന് പൂർണ്ണമായി ശ്വാസം വലിച്ച് ചുണ്ടുകളെ കിളികളുടെ ചുണ്ടുകളെപ്പോലെ കൂർപ്പിച്ച് പതുക്കെ ശ്വാസം വിടുക. ഇത് എട്ടു പത്തു തവണ ചെയ്യണം. വായിലും തൊണ്ടയിലുമുളള രോഗാണുക്കളെ നശിപ്പിക്കുകയും ശ്വാസനാളിയെ ബലിഷ്ഠമാക്കുകയും ചെയ്യും.

വിധം എഴ് - സൗകര്യപൂർവ്വം നേരെ ഇരുന്ന് തളളവിരൽ വലത്തേമൂക്കിൽ ഉറപ്പിക്കുക. ഇതര വിരലുകള്‍ മടക്കുക. ഇടത്തെ മൂക്കിലൂടെ പതുക്കെ ശ്വാസം വലിച്ചു തള്ളവിരല്‍ മാറ്റി ഇടതു മൂക്കടച്ചു വലതു മൂക്കിലൂടെ ശ്വാസം വിടുക. അപ്പോൾ ഇടത്തെ മൂക്ക് തളളവിരൽ കൊണ്ടമർത്തിയടയ്ക്കണം. വലതു മൂക്കിലൂടെ ശ്വാസം വലിച്ച് അതിനെ തള്ളവിരൽ കൊണ്ടടച്ച് ഇടതുമൂക്കിലൂടെ ശ്വാസം സാവധാനം വിടുക. പത്തോ പതിനഞ്ചോ തവണ ഇതനുഷ്ഠിക്കാം. ഇതുകൊണ്ട് ഇഡ, പിംഗള, സുഷ്മ്ന എന്നീ നാഡികൾ ശുദ്ധമാവുകയും ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങൾ മാറുകയും ചെയ്യും. വിധം എട്ട് - ചുണ്ടുകൾക്കിടയിലൂടെ നാക്കു നീട്ടി പക്ഷികളുടെ കൊക്കുപോലാക്കി നാക്കിന്റെ അറ്റത്തുകൂടി പതുക്കെ ശ്വാസം വലിച്ച് അഞ്ചുസെക്കന്റ് തൊണ്ടയിൽ നിറുത്തി പതുക്കെ മൂക്കിലൂടെ പുറത്തു വിടുക. മൂന്നു നാലു മിനിട്ട് ഒറ്റയിരുപ്പിൽ ചെയ്യണം. പത്തു മിനിട്ടിൽ കൂടരുത്. ഇതിന് ശീതളി പ്രാണായാമം എന്നും പേരുണ്ട്. പിത്തം കൊണ്ടു കാലുകളിലുണ്ടാകുന്ന ചുട്ടുനീറ്റം, ചൊറിചുണങ്ങുകൾ തുടങ്ങിയവ ഇതു കൊണ്ടു മാറുന്നു. ശൈത്യകാലത്ത് ഈ പ്രാണായാമം നിഷിദ്ധമാണ്.

വിധം ഒൻപത് - നേരെ നിന്ന് കൈകൾ രണ്ടും അതതു വശത്തെ നെഞ്ചത്തു ചേർത്ത് മുട്ടുകൾ ആവുന്നത്ര പിന്നോട്ട് വലിക്കുകയും നെഞ്ചിലേയും, കൈകളിലേയും മാംസപേശികൾക്കും ധമനികൾക്കും ആയാസമുണ്ടാകും വിധം മൂക്കുകൊണ്ട് ദീർഘമായി ശ്വസിക്കുകയും ചെയ്യുക. പിന്നീട് കൈകൾക്കും നെഞ്ചിനും ആയാസം കുറച്ച് പതുക്കെ ശ്വാസം പുറത്ത് വിടുക. ഇങ്ങനെ അഞ്ചാറു തവണ ചെയ്യണം, ഇതുകൊണ്ടു നെഞ്ചിനു വികാസവും ഹൃദയത്തിനും ശ്വാസകോശത്തിനും ശക്തിയും കിട്ടും.

വിധം പത്ത് - തലയ്ക്കു മുകളിൽ കൈ ഉയർത്തി നിവർന്നു നില്ക്കുക. പതുക്കെ കൈകൾ താഴ്ത്തി ശ്വാസം വിട്ട് ദേഹം മുന്നോട്ടു വളച്ച് കാൽമുട്ടിൽ കൈത്തലം വച്ച് വീണ്ടും ശ്വാസം വലിച്ച് ദേഹം നിവർക്കുകയും കൈകൾ തലയ്ക്കു മുകളിൽ കൊണ്ടു പോവുകയും ചെയ്യുക. അല്പം വിശ്രമിച്ചിട്ട് ആറോ എട്ടോ തവണ ഇതു ചെയ്യുക. പ്ലൂരസി, ക്ഷയം തുടങ്ങിയ രോഗങ്ങളെ ഇതു പ്രതിരോധിക്കുന്നു.

(ഭമണപ്രാണായാമം

നടന്നു പ്രാണായാമം ചെയ്യുന്നതാണ് ഭ്രമണപ്രാണായാമം. ശ്വാസം വലിക്കുന്നത് പതുക്കെ ദ്യഢമായും ദീർഘമായും ഒന്നു രണ്ട് മൂന്ന് നാല് എന്നെണ്ണി കാലടി വച്ചു കൊണ്ടായിരിക്കണം. പിന്നീട് ആറു വരെ എണ്ണിത്തീരുമ്പോൾ ഉച്ഛ്വസിച്ച് തീർക്കണം. ശ്വാസം വിടുമ്പോൾ ഉദരം നല്ലവണ്ണം ചൊട്ടിക്കേണ്ടതാണ്. ശ്വാസം വലിക്കുന്നത് പന്ത്രണ്ടു കാലടിയിലും വിടുന്നത് പതിനെട്ടു കാലടിയിലും ആക്കാം. അരമണിക്കൂർ നേരം ഈ പ്രാണായാമം ചെയ്യാറായാൽ പ്ലൗരസി, ക്ഷയം, ആസ്തമ, സന്നിപാതജ്വരം, ഇൻഫ്ളുവൻസ തുടങ്ങിയ രോഗങ്ങളുണ്ടാവുകയില്ല.

വ്യായാമം

വായാമം ജീവിതത്തിന്റെ സർവതോമുഖമായ സാന്നതിക്ക് സഹായകമാകുന്നു. അത് ആരോഗ്യം പരിരക്ഷിക്കുന്നു. ശരീരം ആകർഷകമാക്കുന്നു. മനസ്സ് വികസ്വരമാക്കുന്നു. ധിഷണതീക്ഷണമാക്കുന്നു.

ആരോഗ്യതത്പരൻ ഇരിപ്പിലും നില്പിലും നടപ്പിലും കൂടി ശ്രദ്ധിക്കണം. അതായത്, നിവർന്നിരിക്കണം, നിവർന്നു നില്ക്കണം, നിവർന്നു നടക്കണം. നട്ടെല്ല് വളയ്ക്കുകയോ, കുനിക്കുകയോ ചെയ്യരുത്. താടി പുറകോട്ടല്പം വലിച്ചാൽ നട്ടെല്ലു നിവർന്നിരിക്കും. നട്ടെല്ലു നിവർന്നിരുന്നാലേ അതിലെ ഞരമ്പുകൾ യഥാവിധം കർമക്ഷമമാകൂ. കുനിഞ്ഞിരുന്നു ശീലിച്ചാൽ നെഞ്ച് കൂടുകെട്ടുകയും പിത്താശയവും കുടലും മറ്റും ഇടിഞ്ഞുകിടക്കുകയും ചെയ്യും. 'നട്ടെല്ലുള്ളവൻ' എന്നു പറഞ്ഞാൽ തന്നെ പൗരുഷമുള്ളവൻ എന്നാണല്ലൊ അർഥം.

നട്ടെല്ല് ആരോഗ്യത്തിന്റെ അടിത്തറയാണ്. ദേഹത്തിനു ഉറപ്പും അയവും നല്കുന്നതു നട്ടെല്ലാണ്. നിവർന്നു നടക്കുകയും ഇരിക്കുകയും ചെയ്താലേ നട്ടെല്ലിനു കരുത്തുണ്ടാകു. ഋജുവായ നട്ടെല്ല് ആരോഗ്യത്തിന്റെ ലക്ഷണമാണ്.

നട്ടെല്ലു നേരെയാക്കാൻ ചില ലഘുവ്യായാമങ്ങളുണ്ട്. ഒരു ഭിത്തിയുടെ അടുത്തുനിന്നു കാലിന്റെ ഉപ്പൂറ്റിയും തലയുടെ പുറകും ഭിത്തിയിൽ കൊള്ളിക്കുക, തല അല്പം പിറകോട്ടു തളളിയാൽ നെഞ്ചു വികസിക്കുകയും നട്ടെല്ലു നിവരുകയും ചെയ്യും. കൈ രണ്ടും കഴുത്തിനു പുറകിൽ കെട്ടി തലയും കൈമുട്ടുകളും പുറകോട്ട്‌ തള്ളിയാലുംനെഞ്ച് വികസിക്കുകയും നട്ടെല്ല് നിവരുകയും ചെയ്യും. അങ്ങനെ നില്ക്കുമ്പോൾ കൈ രണ്ടുവശത്തേക്കു വിടണം.

നട്ടെല്ലിന്റെ മേൽഭാഗം നേരെയാക്കാനൊരു വ്യായാമമുണ്ട്. അതിനു നട്ടെല്ലിന്‍റെ മേല്‍ഭാഗം നിവര്‍ത്ത് പിടിക്കുക. തലയും അല്പം പുറകോട്ടാക്കിപ്പിടിക്കുക. താടി കീഴോട്ടും പുറകോട്ടും അകത്തോട്ടും പിടിക്കുക. ഇങ്ങനെ ദിവസംതോറും പലകുറി ആവര്‍ത്തിക്കണം. ഓജോവര്‍ദ്ധകമായ ഈ വ്യായാമം ഒരു വശത്തേക്ക് തല ചരിച്ചും ചെയ്യാം.

നട്ടെല്ല് ബലപ്പെടുത്തുന്ന പത്തു വ്യായാമങ്ങൾ വേറെയുണ്ട്.

 • തല കഴിയുന്നതും മുന്നോട്ടു കുനിച്ചു നെഞ്ചത്തു താടി തൊടുക. തല പുറകോട്ടു വളച്ചു നേരേ മേലോട്ടു നോക്കുക. ഇങ്ങനെ പലകുറി ചെയ്യണം.
 • തല രണ്ടുവശത്തേക്കും തിരിച്ചു തോളിൽ തൊടുവിക്കുക. കഴുത്തു ഇടത്തോട്ടും വലത്തോട്ടും പുറകോട്ടും തിരിക്കുക. തല ഇടത്തോട്ടു കുനിക്കുക; പിന്നെ വലത്തോട്ടും പിറകോട്ടും. ഇരുവശത്തേക്കും ഞെട്ടിക്കുകയും വേണം. ഇടതുവശം നെഞ്ചിലേക്കു കുനിച്ചു തല വലതുവശം പുറകോട്ടു തെളിച്ചശേഷം വലതുവശത്തേക്ക് കുനിക്കുകയും പിന്നീടു ഇടതുവശം പിറകോട്ടു ഞെളിക്കുകയും വേണം.
 • തല വൃത്താകാരത്തിൽ രണ്ടുവശവും തിരിക്കുക. ഒരു വശത്തേക്കു കുറേ നേരം തിരിച്ചശേഷം മറുവശത്തേക്കു കറക്കണം.
 • ഒരു കൈ മേലോട്ടു നീട്ടാവുന്നിടത്തോളം നീട്ടുക. മറുകൈ അത്രയും നേരം കീഴോട്ടും നീട്ടാവുന്നിടത്തോളം നീട്ടുക
 • .പുരയുടെ ഉത്തരത്തിലോ, വളയിലോ കൈ രണ്ടും പിടിച്ചു നട്ടെല്ല് നിവര്‍ത്ത് തൂങ്ങുക.
 • ഒറ്റക്കൈ വളയിൽ പിടിച്ചു തുടങ്ങുക. ഒരു തോൾപൊങ്ങിയിരിക്കുന്നതു നിവരാനിതുതകും.
 • നേരെ നിവര്‍ന്ന് കാലുറപ്പിച്ചു നിന്ന് മുട്ടു വളയ്ക്കാതെ മുന്നോട്ട് കുനിഞ്ഞു താഴെത്തൊടുക.
 • കാലു രണ്ടും അകറ്റി നില്‍ക്കുക. വലതുകൈ ഇടതുകാലിന്റെ നേരെയും ഇടതുകൈ വലതുകാലിന്റെ നേരെയും നൂർത്തു പിടിച്ച് നില്ക്കുക. പിന്നീട് കൈകൾ നേരെ എതിരേ പിടിക്കുക. അങ്ങനെ അഞ്ചട്ടുകുറി ചെയ്യണം.
 • കുനിച്ചു വൃത്താകാരത്തിൽ മുതുകിനെ തിരിക്കുക.
 • കാൽമുട്ട് നിലത്തുകുത്തി കൈകൾ തറയിൽ വച്ചു കുട്ടികൾ ആന കളിക്കുന്നത് പോലെ വൃത്താകാരത്തില്‍ ശരീരം തിരിക്കുക.
 • കാലുകളുടെ മുട്ടും തലയുടെ ഉച്ചിയും നിലത്തു കുത്തിയ ശേഷം കുത്തിമറിയുക.
 • രണ്ടു കാലും കുറേ അകറ്റി നില്ക്കുക. കൈ മുന്നോട്ടു നീട്ടി മുട്ടുമടക്കി നെഞ്ചു മൂട്ടിൽ കൊള്ളിക്കുക. തല പെട്ടെന്ന് മുന്നോട്ട് കുനിക്കുക. ദീർഘശ്വാസം പിടിച്ചുകൊണ്ടു വേണം അങ്ങനെ ചെയ്യാൻ. പിന്നീട് ഉഛ്വസിക്കുക. അതുകഴിഞ്ഞ് കുറച്ചുനേരം ദീർഘമായി ശ്വാസോച്ഛ്വാസം നടത്തണം. വീണ്ടും വ്യായാമം ചെയ്യണം.

വലിച്ചു നൂര്‍ക്കുന്നതുകൊണ്ടും വ്യായാമം ചെയ്യുന്നതുകൊണ്ടും എല്ലുകളെ താങ്ങുന്ന സ്നായുക്കൾ അയഞ്ഞും ബലവത്തായുമിരിക്കും.

പുറം ബലപ്പെടുത്തുന്ന വ്യായാമം

ബലമുളള പുറക് ദീർഘായുസ്സിന്റെ ലക്ഷണമാണ്. പുറം ബലപ്പെടുത്താനുള്ള വ്യായാമങ്ങൾ.

 • കൈ രണ്ടും ബലമായി കൂട്ടിപ്പിടിച്ചു തല പുറകോട്ടു തള്ളി നട്ടെല്ല് ഉള്ളിലേക്കു വലിക്കുക. അപ്പോൾ പുറകിനു ബലം നല്കുന്നുവെന്നു സങ്കല്പിക്കണം.
 • എണീറ്റുനിന്നു ഒരു കാലിന്റെ മുട്ടുമടക്കി രണ്ടുകൈയും അതിലമർത്തി മുട്ട് കീഴോട്ടും കൈ മേലോട്ടും കൊണ്ടുപോകാൻ ബലമിക്കുക.
 • നിവർന്നുനിന്ന് മുട്ടുവളയ്ക്കാതെ താഴെനിന്നു കനമുള്ള ഒരു വസ്തു മുറുകെപ്പിടിച്ചെടുത്തു പൊക്കുക.
 • കമിഴ്ന്നുകിടന്നു കാലു രണ്ടും പൊക്കാവുന്നിടത്തോളം പൊക്കുക. കമിഴ്ന്നുകിടന്നു കെ പിറകിൽ കെട്ടി തല, തോൾ, നെഞ്ചു ഇവ പൊക്കാവുന്നിടത്തോളം പൊക്കുക.
 • കാൽമുട്ടു മടക്കി മലർന്നു കിടക്കുക. കാലിന്റെ വിരലുകളിലും തോളിലും ഭാരം വരത്തക്കവിധം അര ഉയർത്തുക.

കൃകപിണ്ഡം ബലപ്പെടുത്തുന്ന വ്യായാമം

കൃകപിണ്ഡം എന്ന ഗ്രന്ഥി കഴുത്തിന്റെ മുൻവശം ഉന്തിനില്ക്കുന്ന എല്ലിന്‍റെയും തോളെല്ലിന്റെയും മധ്യത്തിലാണ്. തൈറോയിഡ് എന്ന് ഇംഗ്ലീഷിൽ പറയുന്ന ആ ഗ്രന്ഥിയിൽ നിന്നു സ്രവിക്കുന്ന രസം ശരീരപോഷണത്തിനു അപരിഹാര്യമാണ്. അതു പുകയില, മദ്യം തുടങ്ങിയവ ഉള്ളിൽ കടത്തുന്ന വിഷങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നു. പ്രസ്തുത ഗ്രന്ഥി ബലപ്പെടുത്താന്‍ പ്രസിദ്ധ ശരീരശാസ്ത്രജ്ഞന്‍ മാക്ഫാഡര്‍ ആറു വ്യായാമങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

 • വലംകൈയുടെ വെള്ള കണ്ഠഗ്രന്ഥിയില്‍വച്ച് പതുക്കെ അമര്‍ത്തുക.
 • താടി മേലോട്ടു പൊക്കി കഴുത്തിനു മുൻവശത്തുള്ള മാംസപേശിയെ മേലോട്ടു വലിച്ചു വിടർത്തിവിടുക. അപ്രകാരം പലകുറി ചെയ്യണം.
 • താടി അകത്തോട്ടും പിറകോട്ടും താഴോട്ടും വലിക്കുക. അങ്ങനെ പലകുറി ചെയ്യണം.
 • തല ഇടത്തോട്ടു തിരിച്ചു മേൽപ്പറഞ്ഞപോലെ ചെയ്യുക.
 • താടി ശക്തിയോടെ കുനിച്ചു നെഞ്ചത്തു തൊടുവിക്കുക. പിന്നീടു തല വലത്തോട്ടും തിരിക്കുക.
 • താടി ഓരോ വശത്തേക്കും കുനിച്ചു തോളിൽ തൊടാൻ ശ്രമിക്കുക. അങ്ങനെ പലകുറി ചെയ്യണം.

വൃദ്ധർക്കു കൂടുതൽ ഗുണകരമായ വ്യായാമങ്ങൾ

 • രാവിലെ ഉണർന്നാലുടൻ കൈവിരലുകളെല്ലാം മടക്കുകയും നിവർക്കുകയും ചെയ്യുക.
 • എണീറ്റുനിന്നു കൈ രണ്ടുവശത്തേക്കും നീട്ടി പെരുവിരലിൽ പൊങ്ങി ദേഹമാസകലം വലിവുണ്ടാക്കുക.
 • കൈ രണ്ടുവശത്തേക്കും നീട്ടി മുറുകെ മടക്കുക.
 • മലർന്നുകിടന്നു കൈ രണ്ടുവശത്തുമിട്ടു കാലു രണ്ടും മടക്കി മുട്ടിന്മേൽ കൈ മുറുകെപ്പിടിച്ചു പകുതി ഇരിക്കുക.
 • മലർന്നുകിടന്നു ഓരോ കാലുകൊണ്ടും ആഞ്ഞു തൊഴിക്കുന്ന ഭാവം കാണിക്കുക.
 • കൈയും കാൽമുട്ടും കുത്തിനിന്നശേഷം ഉടൽമാത്രം നല്ലപോലെ നിവര്‍ക്കുക.
 • കൈപുറകിൽ കുത്തി ഇരുന്നശേഷം കൈപുറകോട്ടു തള്ളി ഉടലും അരയും പൊക്കുക. ഉപ്പുറ്റിയും പൊങ്ങിയിരിക്കണം.

വ്യായാമം ദഹനശക്തിയെ വർദ്ധിപ്പിക്കുന്നു. മാത്രമല്ല, വ്യായാമം ചെയ്യുമ്പോൾ കൂടുതൽ പ്രാണവായു ഉൾക്കൊളളാനും കഴിയുന്നു. തന്മൂലം ദേഹത്തിൽ തത്തുല്യമായ ജാരണം (ഓക്സിഡേഷൻ) നടക്കുന്നതിനാൽ അന്തർലീനമായ വിഷാംശങ്ങളിലേറിയക്കൂറും ഭസ്മീകൃതമാകും. അതിനാൽ ശരീരത്തിലെ (പാണവായുവിന്റെ സമൃദ്ധമായ സാന്നിധ്യത്തിനർഥം ശരിരിമുപയോഗിച്ച ഭക്ഷ്യവസ്തുക്കളിലെ വിഷാംശം ഭസ്മീക്യതമായിയെന്നാണ്. അങ്ങനെ വ്യായാമം ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ ഒരപരിഹാര ഘടകമാണ്.

നടത്തം

നടത്തം നല്ല ആരോഗ്യകരമായ ചികിത്സയാണ്. എന്നും മുടങ്ങാതെയുള്ള നടത്തം ശ്വാസോച്ഛ്വാസത്തിന്റേയും രക്തസഞ്ചാരത്തിന്റെയും കർമ്മക്ഷമത വർദ്ധിപ്പിക്കുന്നു. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ പ്രചോദിപ്പിക്കുന്നു. ചർമ്മത്തിലെയും മാംസപേശികളിലെയും കോശങ്ങളിൽ രക്തത്തിന്റെ ലഭ്യത പെരുപ്പിക്കും. മസ്തിഷ്ക്കത്തിൽ കൂടുതൽ ഓക്സിജൻ ലഭിക്കുന്നതിനാൽ ചിന്താശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. അത് ദുർമ്മേദസ് ദൂരീകരിച്ച് മാംസപേശികളെ സുദ്യഡമാക്കി ഓജസും തേജസ്സും തെഴുപ്പിക്കുന്നു.

മേദസ്സിന്റെ ആധിക്യമാണ് ശ്വാസകോശരോഗങ്ങൾ തുടങ്ങിയവയ്ക്ക് വഴിയൊരുക്കുന്നത്. ഹൃദയാഘാതം പ്രതിരോധിക്കുന്നതിനുള്ള ഫലപ്രദമായ പദ്ധതികൂടിയാണ് പതിവായിട്ടുളള നടത്തം. നടക്കുമ്പോൾ രക്തക്കുഴലുകളിലെ തടസ്സം നീങ്ങിപ്പോകും. മാനസികമായ പിരിമുറുക്കം കുറച്ച് മേനിയും മനവും ആയാസരഹിതമാക്കാനും നടത്തം സഹായിക്കുമെന്ന് പരിക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മേനിക്ക് മികവും മിഴിവുമുണ്ടാക്കാനും നടത്തം ഉതകുന്നതാണ്.

പാരമ്പര്യം ആയുസ്സിന്റെ നിർണയനത്തിൽ ഒരു പ്രധാന ഘടകമാണെങ്കിലും ജീവിതശൈലി ഒരുപരിധി വരെ ആയുസ്സിന് ആക്കം കൂട്ടാം. മുപ്പതു വയസ്സു കഴിഞ്ഞ് ഓരോ പതിറ്റാണ്ടിനുശേഷവും ഹൃദയത്തിന്റെ രക്തം പമ്പു ചെയ്യാനുള്ള ശക്തി ആറു മുതൽ എട്ടു ശതമാനം വരെ കുറയുകയും, രക്തസമ്മർദ്ദം അഞ്ചു മുതൽ ആറു ശതമാനം വരെ വർധിക്കുകയും മാംസപേശികൾ മൂന്നു മുതൽ നാലു ശതമാനം വരെ നശിക്കുകയും ചെയ്യുന്നു. അതോടൊപ്പം ശ്വാസകോശത്തിന്റെ വികാസസങ്കോചക്ഷമതയും, ഇലാസ്തികതയും കുറഞ്ഞുവരുന്നു. ശരീരത്തിന്റെ ഊർജ്ജസ്വലതയനുസരിച്ച് വാർദ്ധക്യത്തിന്റെ ഗതി മന്ദീഭവിക്കുന്നു. ഊർജ്ജസ്വലത ഊർജ്ജിതമാക്കാൻ നടത്തത്തിന് നല്ല കഴിവുണ്ട്.

നടത്തം കൊണ്ടു കൂടുതൽ ഫലം ലഭിക്കണമെങ്കിൽ കുറഞ്ഞത് ആഴ്ചയിൽ മൂന്നു കുറിയെങ്കിലും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നടക്കണം. കാൽ മണിക്കൂറിൽ തുടങ്ങി ക്രമേണ സമയം നീട്ടുന്നതാണ് നല്ലത്. പ്രഭാതവും പ്രദോഷവും ഉലാത്തലിനുള്ള ഉചിതമായ സമയമാണ്. പോക്കുവെയിലേറ്റാൽ പൊന്നാകുമെന്നാണല്ലോ ചൊല്ല്. അതുപോലെ ആദ്യത്ത ആതപമേറ്റും അദേഹം ആകർഷകമാക്കാം.

നടത്തത്തെ മൂന്നായി തരംതിരിക്കാം; ഉലാത്തൽ (Strolling) നടപ്പുനടത്തം (Normal walking) ദ്രുതഗമനം (Acrobic Walking) വ്യക്തിഗതമായ ശാരീരികസ്ഥിതിയനുസരിച്ച് അവയിൽ ഉചിതമായ വിധം സ്വീകരിക്കാം.

ഉലാത്തൽ വളരെ ആയാസരഹിതവും ആഹ്ലാദകരവുമായ വ്യായാമമാണ്. എന്നും കാൽ മണിക്കൂർ നടന്നാൽ തന്നെ ശരീരത്തിന്റെ വണ്ണവും ഭാരവും ഏതാനും നാളുകൾകൊണ്ട് ഗണ്യമായി കുറയ്ക്കാം. സാധാരണ നടത്തത്തിൽ മണിക്കുറിൽ ഇരുന്നൂറു കലോറിയോളവും ദ്രൂതഗമനത്തിൽ മൂന്നുറുകലോറിയോളവും ഊർജ്ജം ചെലവാകുന്നു. ഏതു പ്രായത്തിലും നടത്തം ആരോഗ്യകരമാണ്. അതു വാഹനക്കൂലി ലാഭിക്കാനും, സാമൂഹികബന്ധങ്ങൾ മെച്ചപ്പെടുത്താനും കൂടി ഉപകരിക്കുന്നു.

നെഞ്ചുവിരിച്ച് നട്ടെല്ലു നിവർത്തി നടക്കണം. കയ് രണ്ടും പിറകിൽ കെട്ടിയാലതെളുപ്പമാകും. നടക്കുമ്പോൾ മുട്ടുകൾ നിവർന്നു നില്ക്കുകയും വേണം. നടത്തം കൊണ്ടുള്ള ഗുണങ്ങളെ സൂചിപ്പിക്കുന്ന പല പഴമൊഴികളും പഴമക്കാർക്ക് മുഖസ്ഥമാണ്. "നടന്ന കാലിൽ ശ്രീദേവി, ഇരുന്ന കാലിൽ മൂതേവി. ചുമ്മാതിരുന്നാൽ നന്മയുണ്ടാവില്ലെന്നർത്ഥം. "നടന്നാൽ നാടെല്ലാം സ്നേഹം. കിടന്നാൽ പായും പകയ്ക്കും”. “അന്നനട നടക്കുക", "നടന്നു കെട്ടവൈദ്യനും, ഇരുന്നു കെട്ട വേശ്യയുമില്ല." അവരവരുടെ തൊഴിലനുസരിച്ചു പ്രവർത്തിച്ചാൽ തക്കഫലം ഉണ്ടാകുമെന്നർഥം.

പ്രസിദ്ധ പ്രകൃതി ചികിത്സകനായിരുന്ന കെ. ലക്ഷ്മണശർമ്മ എൺപത്തഞ്ചാമത്തെ വയസ്സിൽ രാവിലെയും വൈകുന്നേരവും രണ്ടു മൈൽ വീതം നടന്നിരുന്നു. കൂടാതെ പന്ത്രണ്ടു മുതൽ പതിനാറുമണിക്കൂർ വരെ വായനയ്ക്കും വിനിയോഗിച്ചിരുന്നു.

നല്ല തണുപ്പുള്ളപ്പോൾ ചുറു ചുറുക്കോടെ നടക്കുന്നത് വിശപ്പില്ലായ്മയും പനിയും മാറ്റും. അപ്പോൾ തണുപ്പേല്ക്കാതിരിക്കാൻ ദേഹം പുതച്ചു മൂടാവുന്നതാണ്. അനാവശ്യകമായ വായു ശ്വാസകോശങ്ങളിൽ പ്രവേശിക്കാതിരിക്കാനും ആവശ്യമായവ പ്രവേശിക്കാനും നാസാദ്വാരങ്ങളിൽ പ്രകൃതിസിദ്ധമായ സംവിധാനമുണ്ട്. എന്നാൽ ശീതവായു ഉത്തമമായ ഔഷധം കൂടിയാണ്. സംരക്ഷണോപാധി പ്രവർത്തിക്കുമ്പോൾ നീരിളക്കമുണ്ടാകുകയും മൂക്കിലൂടെ മാലിന്യങ്ങൾ ബഹിഷ്കൃതമാവുകയും ചെയ്യും. അതിരാവിലെ നഗ്നപാദനായി പച്ചപ്പുല്ലിലൂടെ നടക്കുന്നത് മാംസപേശികളെ ഊർജ്ജസ്വലമാക്കുകയും സിരകളിലെ രക്തസഞ്ചാരം ക്രമികമാക്കുകയും ചെയ്യുന്നു.

താളക്രമത്തിലുള്ള ശ്വാസോച്ഛ്വാസത്തോടെ തുറസ്സായ സ്ഥലത്തിലൂടെ സഞ്ചരിക്കുന്നത് ആരോഗ്യവർദ്ധകമാണ്. വാഹനഗതാഗതം കൊണ്ടുണ്ടാകുന്ന വായു മലിനീകരണത്തിൽ നിന്ന് തീർത്തും മുക്തമായിരിക്കണം ആ സ്ഥലം.

നടക്കുമ്പോൾ ശ്വാസം ദീർഘമായി സാവധാനം ഉള്ളിലോട്ടു വലിച്ച് അതിലിരട്ടി സമയംകൊണ്ട് പുറത്തേക്കു വിടുന്നത് കൂടുതൽ ആരോഗ്യപ്രദമാണ്. ഒരു താളക്രമമനുസരിച്ച് ശ്വാസോച്ഛ്വാസം നടത്തി കാൽ നീട്ടി വലിച്ചു നടക്കുന്നതു ഏറെ പ്രയോജനകരമാകും.

കടപ്പാട്: പ്രകൃതിചികിത്സ

എം.കെ.ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

2.78571428571
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top