Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിചികിത്സ - ചില അറിവുകള്‍ 1

കൂടുതല്‍ വിവരങ്ങള്‍

ആഹാരം

ആരോഗ്യം അഭംഗുരം ആയുഷ്കരമായി വർത്തിക്കുന്നതിൽ ആഹാരത്തിനുള്ള പങ്ക് സുപ്രധാനമാണ്. ‘അന്നംഹി സർവഭൂതാനാം ജ്യേഷ്ഠം തസ്മാത് സർവൗഷധമൂച്യതേ' എന്ന സംസ്കൃത സുഭാഷിതം തന്നെ ഭക്ഷണത്തിന്റെ സർവാധിക പ്രാധാന്യത്തെയാണല്ലൊ പ്രകടമാക്കുന്നത്. ഈ പ്രകരണത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹിപ്പോക്രറ്റസിന്റെ ആശംസ ഉദ്ധർത്തവ്യമാണ്- 'നിന്റെ ആഹാരം നിനക്കു ഔഷധമായിരിക്കട്ടെ; നിന്റെ ഔഷധങ്ങളെല്ലാം ആഹാരമായിരിക്കട്ടെ’.

കേരളീയർക്കു പണ്ടുമുതൽക്കേ “അന്നവിചാരം മുന്നവിചാര'മാണ്. പടയാളികളിൽ ചിലരെങ്കിലും ഊണിനുമുമ്പും പടയ്ക്ക് പിമ്പുമായിരുന്നു. അവർക്ക് അന്നം പൊന്നല്ല രത്നം തന്നെയാണ്. 'പൃഥിവ്യാംത്രീണിരത്നാനി ജലമന്നം സുഭാഷിതം’ എന്നാണല്ലോ ചൊല്ല്. കടം വാങ്ങിയും മൃഷ്ടാന്നം ഭുജിക്കണമെന്നാണ് അവരുടെ ആദർശം. അതിന് "ഋണംകൃത്വാഘ്രതം പിബേത്' എന്ന ഗീർവാണവാണിതന്നെ പ്രമാണം.

ആഹാരം നാലുതരം - ഖാദ്യം, പേയം, ലേഹ്യം, ഭോജ്യം. ഖാദ്യം കടിച്ചു തിന്നാവുന്നത്, പേയം കുടിക്കാവുന്നത്, ലേഹ്യം നക്കിക്കഴിക്കാവുന്നത്, ഭോജ്യം ഉണ്ണാവുന്നത്.

എന്നാൽ എല്ലാതരം ആഹാരങ്ങളും ആരോഗ്യകരമല്ല. ഏതിലുമെന്നപോലെ അവയിലുമുണ്ടു നല്ലതും തീയതും. സാത്വികമായ അഥവാ സ്വാഭാവികമായ ആഹാരമാണ് ഉത്തമം. അത്തരം ആഹാരത്തെ ആരോഗ്യത്തിന്റെ കേദാരമെന്നു വിശേഷിപ്പിക്കാം. ഏതാണ് സ്വാഭാവികമായ ആഹാരം? അതു തിരിച്ചറിയേണ്ട ഇന്ദ്രിയങ്ങൾ നാക്കും മൂക്കുമാണ്. പക്ഷേ പരിഷ്കാരത്തിന്റെ പിടിയിൽപെട്ടു സ്വാഭാവികേതരമായ ഭക്ഷണം ഭുജിച്ചും മലിനവും ദുർഗന്ധിയുമായ വായു ശ്വസിച്ചും രണ്ടിന്റേയും വിവേചനാശക്തി വിനഷ്ടമായിരിക്കുകയാണ്. അപ്പോൾ പിന്നെ സ്വാഭാവിക ഭക്ഷണത്തെക്കുറിച്ചു സാമാന്യവും സംഗതവുമായ ജ്ഞാനം ലഭിക്കാൻ പ്രകൃതിയെത്തന്നെ നിരീക്ഷിക്കുകയേ അഥവാ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.

ജന്തുവർഗത്തെത്തന്നെ നോക്കാം. അവയിൽ സസ്യഭുക്കുകളുണ്ട്, മാംസഭുക്കുകളുണ്ട്. സസ്യഭുക്കുകളിലും മാംസഭുക്കുകളിലും തന്നെ ഈ രണ്ടു വർഗങ്ങളുമുണ്ട്; സസ്യഭുക്കുകളിൽ പുല്ലും ചെടിയും മറ്റും തിന്നുന്ന ഒരു വർഗം; കായും പഴങ്ങളും തിന്നുന്ന മറ്റൊരു വർഗം. മാംസഭുക്കുകളിൽ പ്രാണികളെ തിന്നുന്ന ഒരുവക; മാംസളങ്ങളായ ജന്തുക്കളെത്തിന്നുന്ന മറ്റൊരുവക. കിട്ടുന്നതെല്ലാം തിന്നുന്ന മൂന്നാമതൊരു കൂട്ടവുമുണ്ട്.

ജന്തുക്കളുടെ പല്ലു പരിശോധിച്ചു പ്രായം കണക്കാക്കുന്ന പതിവുണ്ടല്ലൊ. അതുപോലെ പല്ലു പരിശോധിച്ചു ജന്തുമാംസഭുക്കാണോ, സസ്യഭുക്കാണോ എന്നും തിരിച്ചറിയാം. മാംസഭുക്കുകളായ ജന്തുക്കളുടെ പല്ലുകൾ ദൃഢങ്ങളും ബലിഷഠങ്ങളുമായിരിക്കും. മറ്റു ജന്തുക്കളെ കടിച്ചുതിന്നുന്നതിനു അവയ്ക്കു അത്തരം പല്ലുകൾ അത്യാവശ്യമാണ്. പുല്ലു തിന്നുന്ന ജന്തുക്കൾക്കു അതിനു യോജിച്ച പല്ലുകളാണുണ്ടായിരിക്കുക. കായും പഴങ്ങളും തിന്നുന്ന ജന്തുക്കളുടെ പല്ലിനോടാണു മനുഷ്യരുടെ പല്ലിനു സാമ്യം. ജന്തുക്കളുടെ ആമാശയം പരിശോധിച്ചും മനുഷ്യനുയോഗ്യമായ ഭക്ഷണം എന്താണെന്നു കണ്ടുപിടിക്കാം. മാംസഭുക്കുകളായ ജന്തുക്കളുടെ ആമാശയം ഉരുണ്ടിരിക്കും. കുടലിനു ദേഹത്തിന്റെ അഞ്ചിരട്ടി നീളമുണ്ടാകും. തൃണഭുക്കുകളുടെ ആമാശയം കൂടുതൽ വിശാലമായിരിക്കും അഥവാ ദീർഘമായിരിക്കും. അതിനു ശരീരത്തിന്റെ ഇരുപത്തെട്ട് ഇരട്ടി നീളമുണ്ടാകും. ഫലഭുക്കുകളായ ജന്തുക്കളുടെ ആമാശയവും പ്രൂഥലംതന്നെ. അതിനു ദേഹത്തിന്റെ പന്ത്രണ്ടു മടങ്ങു നീളം കാണും. വായ മുതൽ പൃഷ്ഠം വരെയാണു ദേഹത്തിന്റെ നീളം കണക്കാക്കിയിരിക്കുന്നത്. അങ്ങനെ പല്ലിന്റേയും കുടലിന്റേയും സ്വഭാവം പരിശോധിച്ചാൽ മനുഷ്യർ സസ്യഭുക്കുകളാണ്. മനുഷ്യന്റേയും മൃഗങ്ങളുടേയും ഇന്ദ്രിയങ്ങളുടെ അവസ്ഥ നോക്കി ആഹാരരീതി നിർണയിക്കാം. പല മൃഗങ്ങളും മണംപിടിച്ചാണ് ഇര തേടിപ്പിടിക്കുന്നത്. സിംഹത്തിനു പശുവിനെക്കാണുമ്പോൾ ബുഭുക്ഷ പെരുകുന്നു. മറിച്ച്, നല്ല മാമ്പഴമോ മറ്റോ കണ്ടാലാണു നമുക്കു വായിൽ വെള്ളമൂറുക. അതിനാൽ മനുഷ്യൻ സ്വാഭാവികമായ ഭോജ്യങ്ങൾ ത്യജിച്ചു മത്സ്യമാംസാദികൾ ഭക്ഷിക്കുന്നതു പ്രകൃതിവിരുദ്ധമാണ്.

പ്രകൃതിസിദ്ധമായ ആഹാരവസ്തുക്കൾ വേവിച്ചും വികൃതമാക്കിയും പല പോഷകാംശങ്ങളും നഷ്ടപ്പെടുത്തിയുമാണു ഏറെപേരും ഉപയോഗിക്കുന്നത്. കാരറ്റ്, തക്കാളി, വെള്ളരിക്ക, കക്കരിക്ക, മധുരച്ചീര തുടങ്ങി പലതും പച്ചയ്ക്കുതന്നെ തിന്നാവുന്നവയാണ്. ചില ഫലമൂലാദികൾ പാകപ്പെടുത്തിയാലേ ഭക്ഷിക്കാൻ കഴിയൂ. അവ വെള്ളം ഏറെ ഒഴിച്ചു വേവിക്കുകയോ, വേവിച്ച വെള്ളം ഊറ്റിക്കളയുകയോ അരുത്. ഭക്ഷ്യങ്ങളിൽ ഫലങ്ങളാണുത്തമം. ധാന്യങ്ങളും കിഴങ്ങുകളും പരിമിതമായി ഉപയോഗിക്കാം. കണ്ണിനും മൂക്കിനും നാക്കിനും പിടിക്കുന്നവയാണു നല്ല ഭോജ്യവസ്തുക്കൾ. വേവിച്ചവ, വേവിക്കാത്തവയെപ്പോലെ വേഗം ദഹിക്കുകയില്ല. അതുപോലെ, ഏറെ പാകമാകാത്ത കായും പഴങ്ങളുമാണ് ഏറെ പാകമായവയേക്കാൾ എളുപ്പം ദഹിക്കുക. വൃക്ഷലതാദികളിൽ നിന്നു അപ്പപ്പോൾ പറിച്ചെടുക്കുന്ന ഫലങ്ങൾക്കു ദഹനക്ഷമത വളരെകൂടും.

വിശപ്പില്ലെങ്കിലും പതിവുനേരത്തു ഒരു വഴിപാടുപോലെ അഥവാ നിത്യക്യത്യം പോലെ ഉണ്ണുന്നവരുണ്ട്. അതു ശരിയല്ല. നല്ല വിശപ്പുള്ളപ്പോൾ ഊണിന്റെ രസം പരമാവധി ആസ്വദിച്ചാണ് ഉണ്ണണ്ടത്. വാരിവലിച്ചുതിന്നുന്നതു ദഹനക്കേടിനെ വിളിച്ചു വരുത്തും. വിശപ്പും ശീലവും തമ്മിൽ ചേർച്ചയുണ്ട്. ഉണ്ടുശീലിച്ചനേരം വരുമ്പോൾ വിശപ്പുതോന്നും. ആ വിശപ്പു രണ്ടുതരമുണ്ട്; കള്ളവിശപ്പും നല്ല വിശപ്പും.

കടലയോ ചെറുപയറുപരിപ്പോ ഇട്ടു വേവിച്ച ഉണക്കലരിച്ചോറിൽ ചിരകിയ തേങ്ങയും പഴവും ചേർത്താൽ രുചിരവും രുചികരവുമായ മൃഷ്ടാന്നമായി. കടലപ്പൊടിയോ, ഉഴുന്നുപൊടിയോ വെളളത്തിൽ കുഴച്ചു പഴം ചേർത്തു കഴിക്കുന്നവരുമുണ്ട്. പൊടി കുഴയ്ക്കാൻ വെള്ളത്തിനുപകരം തേങ്ങാപ്പാൽ ഉപയോഗിക്കുന്നതു കൂടുതൽ സ്വാദിഷ്ഠമാണ്. പ്രകൃതിചികിത്സാപരമായി വളരെ ഹിതകരമായ ആഹാരമാണു അവലും മലരും പഴവും തേങ്ങയും ചേർന്ന മിശ്രാന്നം.

പാൽ കുടിക്കുന്നുവെങ്കിൽ കറന്ന ചൂടോടെയുള്ള നറുംപാൽ കുടിക്കുന്നതാണു നല്ലത്. നറുംപാലിന്റെ ഗീർവാണനാമം തന്നെ അമ്യതിന്റെ പര്യായവാചിയായ പീയുഷമെന്നാണ്. അത് നറുംപാലിന്റെ അതുല്യമായ ശ്രൈഷ്ഠ്യം പ്രസ്പഷ്ടമാക്കുന്നു. കാച്ചിയാൽ പാലിലെ പല പോഷകാംശങ്ങളും നഷ്ടപ്പെടും.

പകലിനു രണ്ടു ഭാഗങ്ങളുണ്ട്; പൂർവാഹ്നം, അപരാഹ്നം. പൂർവാഹനത്തിൽ പൂർവാധികം ഉത്സാഹവും ഉന്മേഷവുമുണ്ടാകും. അപരാഹ്നത്തിലാകട്ടെ വൈക്ലബ്യവും വൈവശ്യവുമാണനുഭവപ്പെടുക. ഇളംവെയിലിൽ സഞ്ചരിക്കുന്നതു ഓജസ്കരമാണ്. പൂർവാഹ്നത്തിൽ ദഹനശക്തി കൂടുതലും അപരാഹ്നത്തിൽ കുറവുമായിരിക്കും. അതുപോലെ, പകൽ ഊർജസ്വലവും രാത്രി അലസതാത്മകവുമായിരിക്കും. ജോലി ചെയ്യാൻ പകലും ഉറങ്ങാൻ രാത്രിയുമാണു പ്രകൃതി ഉഴിഞ്ഞു വച്ചിരിക്കുന്നത്. ഋതുക്കളിലുമുണ്ടീ വിപര്യാസം. വസന്തകാലത്തു ഹർഷപ്രകർഷവും ശീതകാലത്തു ഉന്മേഷക്ഷയവും ഔദാസീന്യവുമുണ്ടാകും. കൃഷ്ണപക്ഷം നിരുന്മേഷകരമാണെങ്കിൽ ശുക്ലപക്ഷം ഉന്മേഷഭരിതമാണ്.

മനുഷ്യരുടെ സ്വാഭാവികമായ ഭക്ഷണം പ്രക്യതിയിൽനിന്നു നേരിട്ട് കിട്ടുന്ന ജലവർഗങ്ങളും അണ്ടിവർഗങ്ങളും കായ്കനികളുമാകുന്നു. പ്രത്യേകസംരക്ഷണമൊന്നും കൂടാതെ താനേ വളരുന്നവയ്ക്ക് ഗുണമേറും. മുരിങ്ങ, കൂവളം, സാമ്പാർ ചീര, തകര, തവിഴാമ, നിലപ്പാല, നിലപ്പന, അകത്തിച്ചീര, മധുരക്കീര (ചെക്കുർ മാനിസ്), ചെഞ്ചീര, പച്ചച്ചീര, കറുക, പയറ്, മല്ലി, മത്തൻ, കുമ്പളം ഇവയുടെ ഇലകളും തെങ്ങിന്റെ ഇളം മണ്ടയും പോഷകങ്ങളുടെ കലവറയാണ്. വളരെ നാളുകളായി ശീലിച്ച ഭക്ഷണക്രമം പെട്ടെന്നു മാറ്റാൻ പലർക്കും പ്രയാസം കാണും. അവർ ക്രമേണ ശീലം മാറ്റിയെടുക്കുന്നതാണു നല്ലത്. മാംസാഹാരം പാടേ പരിത്യജിക്കണം. പകരം പാലും തൈരും മോരും വെണ്ണയുമുപയോഗിക്കാം. മുട്ട രോഗജനകമാണ്. ഉരുളക്കിഴങ്ങ്, പരിപ്പ് മുതലായവയുടെ ഉപഭോഗവും കുറയ്ക്കേണ്ടതാണ്. മധുരപലഹാരങ്ങൾ, ചോക്കലേറ്റ്, ചായ, കാപ്പി, കൊക്കോ തുടങ്ങിയവ ദഹനശക്തിയെത്തളർത്തും. മദ്യം, പുകയില, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കൾ ആരോഗ്യത്തിന്റെ ആജന്മ ശത്രുക്കളാണ്. പലർക്കും രാവിലെ ഒരുകപ്പു ചായ കുടിക്കുന്ന പതിവുണ്ട്. ചായ പല കുറി കുടിക്കുന്നവരും കുറവല്ല. അവർ ചായ കുടി നിറുത്തി ബ്രാണ്ടി കുടി തുടങ്ങണം. തെറ്റിദ്ധരിക്കരുതേ. പാലും കരുപ്പട്ടിയും കുത്തരിത്തവിടും ചേർന്ന പാനീയമാണു ബ്രാൻ (തവിട്) + ടീ. പ്രകൃതിദത്തമായ ഉത്തമപാനീയം കരിക്കിൻ വെള്ളവും ശുദ്ധജലവുമാണ്. ചവയ്ക്കാവുന്ന ഘനപദാർത്ഥങ്ങളാണു ഭക്ഷണത്തിനു കൂടുതൽ അനുയോജ്യം. നിർബന്ധമുള്ളവർക്കു ആഹാരത്തിൽ ലേശം ഉപ്പു ചേർക്കാം.

മാമ്പഴം, വാഴപ്പഴം, ഈത്തപ്പഴം, മുന്തിരി, ചക്കപ്പഴം, സീതപ്പഴം, ആപ്പിൾ, മധുരനാരങ്ങ, കൈതച്ചക്ക (പൈനാപ്പിൾ), സപ്പോട്ട, പപ്പായ, പേരയ്ക്ക, ചെറുനാരങ്ങ, ചാമ്പയ്ക്ക, ചെറി മുതലായ പഴങ്ങൾക്കു ആഹാരത്തിൽ മുഖ്യസ്ഥാനവും പങ്കും നല്കണം. പഴങ്ങൾ കൂടുതൽ ഭക്ഷിക്കുന്നവരുടെ ദേഹം ശക്തവും മനസ്സ് ഹൃഷ്ടവുമായിരിക്കും. രുചിയും മണവും ജീവനുമുള്ള പഴങ്ങൾ നാക്കിനും മൂക്കിനും വപുസ്സിനും മാത്രമല്ല മനസ്സിനും ഹിതകരമാണ്. രുചികരമാണ്. വേവിച്ച ആഹാരം തീർത്തും വേണ്ടെന്നു വയ്ക്കാൻ പറ്റാത്തവർക്കു ചോറും തേങ്ങാപ്പാലൊഴിച്ചു വേവിച്ച സസ്യങ്ങളും കഴിക്കാം. കള്ളും പുളിപ്പും ചേർക്കാത്ത അപ്പവും കശുവണ്ടി, കപ്പലണ്ടി, ബദാം തുടങ്ങിയ അണ്ടിവർഗങ്ങളും ഉപയോജ്യമാണ്. ചൂടും ബലവും തരുന്ന അണ്ടിവർഗം മുഖ്യാഹാരമാക്കുന്നതു ആരോഗ്യവർധകമത്രേ. പ്രകൃതി മനുഷ്യനും അണ്ണാനും മുഖ്യാഹാരമായി വിധിച്ചിട്ടുള്ളത് അണ്ടിവർഗമാണ്. അണ്ടിവർഗങ്ങളും പഴങ്ങളും മാത്രം തിന്നു നല്ല ആരോഗ്യത്തോടെ ജീവിക്കുന്നവരുണ്ട്.

പ്രകൃതി കനിഞ്ഞരുളുന്ന തീറ്റി തിന്നു പുലരുന്ന ജീവികളെല്ലാം നല്ല ആരോഗ്യമുള്ളവയാണ്. തന്റെ രുചിക്കും വാസനയ്ക്കും പിടിക്കുന്ന ഭക്ഷണമാണു കഴിക്കേണ്ടത്. സിംഹത്തിന്റെ ദേഹക്കൂറിനു മാംസവും കാളയുടേതിനു പുല്ലുമാണു പറ്റിയത്. അതുപോലെ മനുഷ്യന്റെ ദേഹക്കൂറിനു ചേരുന്നതു പഴങ്ങളും, അണ്ടിവർഗങ്ങളും പച്ചക്കറികളുമാണ്. മത്സ്യമാംസാദി പ്രധാനമായ ഭക്ഷണം മനസ്സിൽ മദമാത്സര്യാദി വികാരങ്ങളും വിഷയാസക്തിയും ഉദ്ദീപിപ്പിക്കുന്നതാണ്. സസ്യഭക്ഷണം അഥവാ സാത്ത്വിക ഭക്ഷണം കഴിക്കുന്നവർ പ്രായേണ സൽസ്വഭാവികളായിരിക്കും.

ഒടുവിലൊന്നു ചുരുക്കിപ്പറയാം, ഭക്ഷണം എറെ വേവിച്ചോ സത്ത് ഊറ്റിക്കളഞ്ഞോ കഴിക്കരുത്. നല്ലവണ്ണം ചവച്ചുതിന്നണം. മത്സ്യമാംസാദികൾ തൊടരുത്. ആവശ്യത്തിനു മാത്രം ഭക്ഷിക്കുക. ഭക്ഷണകാര്യത്തിൽ സമയനിഷ്ഠ പാലിക്കണമെന്നില്ല. വിശക്കുമ്പോൾ മാത്രം ഭക്ഷിക്കുക. ആഹാരത്തിലേറിയ കൂറും ഫലമൂലാദികളും സസ്യങ്ങളുമായിരിക്കണം. കാപ്പി, ചായ, മദ്യം, എരിവ്, പുളി, മസാല തുടങ്ങിയവ പൂർണമായി വർജിക്കണം. ഒരേസ്ഥലത്ത് ഏറെ നേരമിരുന്നു ജോലിചെയ്യരുത്. ഉറക്കമിളയ്ക്കരുത്, മുറയ്ക്കു വ്യായാമം ചെയ്യണം, വേണ്ടത്ര ഉറങ്ങണം. ദേഹത്തിൽ അത്യാവശ്യത്തിനുവേണ്ട വസ്ത്രമേ ധരിക്കാവു. കാറ്റും വെളിച്ചവും സമൃദ്ധമായി ഏൽക്കണം.

ഇപ്രകരണത്തിൽ ഡോ. ഡി. എച്ച്. ക്രേഡിന്റെ ഭക്ഷണക്രമത്തെക്കുറിച്ചുള്ള വിദഗ്ധാഭിപ്രായം ശ്രദ്ധേയമാണ്. ഭക്ഷണം കഴിഞ്ഞാൽ അതു ദഹിച്ച ശേഷമേ വേറെ ഭക്ഷണം കഴിക്കാവൂ. ഭക്ഷണം കഴിഞ്ഞ് അല്പനേരം വിശ്രമിക്കണം. അടുത്ത ഭക്ഷണത്തിനു അഞ്ചുമണിക്കൂറെങ്കിലും കഴിയണം. മൂന്നുനേരത്തിൽ കൂടുതൽ ഭക്ഷിക്കരുത് (ഭാരതീയരുടെ ഭക്ഷണം മൂന്നുനേരമാണല്ലൊ). ഇരുന്നു ജോലിചെയ്യുന്നവരും ബുദ്ധിജീവികളും രണ്ടുതവണ ഭക്ഷിച്ചാൽ മതി. ഉറങ്ങാൻ പോകുന്നതിനു രണ്ടു മണിക്കൂറെങ്കിലും മുമ്പ് അത്താഴം കഴിക്കണം. കിടക്കാൻ പോകുമ്പോൾ മധുരനാരങ്ങനീരോ, മധുരനാരങ്ങനീരു ചേർത്ത വെള്ളമോ കുടിക്കുന്നതു നല്ലതാണ്.

ഏറെ ചൂടുള്ളതും ഏറെ തണുത്തതുമായ ആഹാരം ഉദരത്തിനു പിടിക്കുകയില്ല. തുലോം ചൂടുള്ള ഭക്ഷണപാനീയങ്ങൾ തൊണ്ടയും ആമാശയവും കേടുവരുത്തും. ചിലർക്ക് അതുകൊണ്ടു തൊണ്ടവീക്കവും പഴുപ്പും വരാം. ആവശ്യത്തിലേറെ ചൂടുവെള്ളം കുടിക്കുന്നതു നന്നല്ല; അതു ദഹനക്കേടുണ്ടാക്കും. അധ്വാനിച്ചു തളർന്നിരിക്കുമ്പോൾ ഭക്ഷണം കഴിച്ചാൽ പചനശക്തിപതറും. ജോലി കഴിഞ്ഞ് അല്പം വിശ്രമിച്ചു വേണം ആഹാരം കഴിക്കാൻ. ഒരേനേരത്തു പലതരം ഭക്ഷണസാധനങ്ങൾ കഴിക്കരുത്. ഉണ്ണുന്നതിനിടയ്ക്കു വെള്ളം കുടിക്കരുത്. എളുപ്പം ദഹിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളെ ഭക്ഷിക്കാവു. നല്ലവണ്ണം ചവച്ചരയ്ക്കാതെ വാരിവലിച്ചു തിന്നരുത്. ഭക്ഷണത്തിനു രുചി കൂട്ടാനുപയോഗിക്കുന്ന മസാലകളും മറ്റും രോഗഹേതുകമാണ്.

ഭക്ഷണം ദേഹത്തെ പോഷിപ്പിക്കും. അതു ശരീരത്തിലെ നശിച്ചുപോകുന്ന ഭാഗങ്ങളുടെ കുറവു നികത്തുകയും ശരീരത്തിന് ചൂടും ഓജസ്സും നല്കുകയും ചെയ്യും. ഭക്ഷണത്തിലെ പ്രോട്ടീൻ എന്ന പോഷകാംശം മാംസപേശിയും ഞരമ്പും ബലപ്പെടുത്തും. കൊഴുപ്പും മേദസ്സും ചൂടുണ്ടാക്കുന്നു. കാർബോഹൈഡ്രേറ്റ് (സ്റ്റാർച്ചും പഞ്ചസാരയും) ചൂടുണ്ടാക്കുകയും മേദസ്സായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. വേനൽക്കാലത്തു കാർബോഹൈട്രേറ്റ് അധികമുള്ള ആഹാരവസ്തുക്കൾ കഴിക്കരുത്.

പ്രാസംഗികമായി, അമേരിക്കൻ ഭരണകൂടത്തിന്റെ ഭക്ഷ്യവസ്തുക്കളെ. സംബന്ധിച്ച പുസ്തകത്തിലെ പ്രസക്തഭാഗം കൂടി ഉദ്ധരിക്കാം.

ദഹനശക്തി കുറഞ്ഞവർ പഴങ്ങളും സസ്യങ്ങളും ഒന്നിച്ചു ഭക്ഷിക്കരുത്. കൊഴുപ്പു ചേർത്തതോ, വറുത്തതോ ആയ സാധനങ്ങളും വർജിക്കണം. ധാന്യങ്ങളും പഴങ്ങളും പ്രാതലിനും അത്താഴത്തിനും യോജിച്ചവയാണ്. ഭക്ഷണത്തിന്റെ തുടക്കത്തിലാണ്, ഒടുക്കത്തിലല്ല പഴങ്ങൾ ഭക്ഷിക്കേണ്ടത്. ഉച്ചയാണു സസ്യങ്ങൾ ഭുജിക്കാൻ നല്ലനേരം. ഉഷ്ണപ്രദേശങ്ങളിൽ മാംസത്തേയും കൊഴുപ്പിനേയുംകാൾ നല്ല ഭക്ഷണം ധാന്യങ്ങളും പഴങ്ങളുമാണ്. തണുപ്പുകാലത്തും തണുപ്പുദേശത്തും ഉപയോഗിക്കാവുന്ന ആഹാരമാണു മാംസവും കൊഴുപ്പും. എല്ലാ സസ്യങ്ങളും ധാന്യങ്ങളും വേവിച്ചു ഭക്ഷിക്കണം. പാചകത്തിന്റെ സ്ഥിതിയെ ആശ്രയിച്ചിരിക്കും ദഹനക്ഷമത. അണ്ടിവർഗങ്ങൾ പൊടിച്ചു പാലിൽ ചേർത്തുകഴിക്കുന്നതു നല്ലതാണ്. മസാല, ഉപ്പ്, മുളക്, പുളി എന്നിവ ദഹനത്തെ കെടുത്തുമെന്നു ശരീരശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈദഗ്ധ്യമുളളവർ അഭിപ്രായപ്പെടുന്നു. ഭൂമിയുടെ അടിയിൽ വളരുന്നവയേക്കാൾ സൂര്യപ്രകാശം തട്ടിവളരുന്നവയ്ക്കാണു മേന്മ. ദേഹത്തിന് ആവശ്യകമായ ഉപ്പ്, ചുണ്ണാമ്പ്, ഗന്ധകം തുടങ്ങിയ ക്ഷാരങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പരിപ്പുകൾ, അണ്ടികൾ, സസ്യങ്ങൾ, ജലം എന്നിവയിൽ നിന്നു ലഭിക്കും. അല്ലാതെ അവയെ പ്രത്യേകം ഉപയോഗിക്കരുത്. ആഹാരം മന്ദം മന്ദം ചവച്ചിറക്കണം. രോഗങ്ങൾ കൂടുതലുണ്ടാകുന്നത് അതിഭക്ഷണത്തിൽനിന്നാണ്; വിശപ്പിൽ നിന്നല്ല. ശീതളപാനീയങ്ങൾ സാവധാനമേ കുടിക്കാവൂ. മെലിഞ്ഞവർക്കു തടിക്കണമെങ്കിൽ പ്രോട്ടീനും കൊഴുപ്പുമുള്ള സാധനങ്ങൾ, അതായതു ധാന്യങ്ങൾ, പരിപ്പുകൾ, അണ്ടികൾ, മധുരവും സ്റ്റാർച്ചുമുള്ള പദാർത്ഥങ്ങൾ ഇവ ഭക്ഷിക്കണം. വണ്ണം കുറയേണ്ടവർ സസ്യങ്ങൾ, പഴങ്ങൾ മുതലായ കൊഴുപ്പും പ്രോട്ടീനുമില്ലാത്തവ തിന്നണം. കുടിക്കുവാൻ ഗോതമ്പുകാപ്പിയോ, തൈരോ, മോരോ ഉപയോഗിക്കാം.

ഭക്ഷണം മിതവും ഹിതവുമായിരിക്കണം. അമിതമായാൽ വയറുചാടും. വാതം, പിത്തം, ദഹനക്കേട്, മൂത്രരോഗങ്ങൾ, നീര്, പക്ഷവാതം തുടങ്ങിയ രോഗങ്ങൾ വന്നുകൂടും. തന്മൂലം ഭക്ഷണം തെല്ലുകുറഞ്ഞാലും ഒട്ടും കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്നത്തെ പലരോഗങ്ങളും ആധുനിക പരിഷ്കാരത്തിന്റെ അച്ചിൽ വാർത്ത ആഹാരരീതിയുടെ ദുർഭഗസന്തതികളാണ്. ഭക്ഷണം രുചിരവും രുചികരവുമാക്കുന്ന കൃത്രിമസാധനങ്ങളാണു ഇന്നാട്ടിൽ അശ്രുതപൂർവങ്ങളായ രോഗങ്ങളെപ്പോലും വിളിച്ചുവരുത്തുന്നത്.

ഫ്ളെച്ചറിസം

ആരോഗ്യപരിപാലനത്തിനു ഫ്ളെച്ചർ എന്ന അമേരിക്കൻ ചികിത്സകൻ കണ്ടുപിടിച്ച കുറുക്കുവിദ്യയാണു ഫ്ളെച്ചറിസം. അഞ്ചുതത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു ഫ്ളെച്ചറിസം ആവിഷ്കൃതമായിരിക്കുന്നത്.

 1. നല്ല വിശപ്പു തോന്നാതെ ഭക്ഷിക്കരുത്. കിട്ടുമ്പോഴൊക്കെ ഭക്ഷിക്കുന്ന സമ്പദായം ത്യജിക്കണം.
 2. ഭക്ഷ്യവിഭവങ്ങളിൽ കൂടുതൽ രുചിയുള്ളവ മുമ്പു ഭക്ഷിക്കണം.
 3. ഭക്ഷണം ചവച്ചരച്ചു അതിന്റെ സ്വാദും രസവും ആസ്വദിച്ചു വെള്ളപ്പരുവമാക്കിയിരിക്കണം.
 4. ഭക്ഷിക്കുമ്പോൾ അറപ്പോ, വെറുപ്പോ, രോഗമോ, ദ്വേഷമോ ഉണ്ടാകരുത്.
 5. വിശപ്പടങ്ങുംവരെ അപ്രകാരം ഭക്ഷിക്കാം.

ഫ്ളെച്ചർ പറഞ്ഞതൊക്കെ പ്രവർത്തിച്ചു കാട്ടിയിരുന്നു. അദ്ദേഹം ആഹാരം ചവച്ചരച്ചു അതിലെ രസം മുഴുവൻ നുകർന്ന് ആസ്വദിച്ചാനന്ദിച്ചാണു കഴിച്ചിരുന്നത്. ചവച്ചരച്ചവ കീഴോട്ടിറങ്ങുന്നതു തന്നെ അറിയാറില്ല. അദ്ദേഹം നല്ല വിശപ്പുള്ളപ്പോഴല്ലാതെ ഭക്ഷിച്ചിരുന്നില്ല. മധ്യാഹ്നവും സായാഹ്നവുമായിരുന്നു ഭക്ഷണസമയം. ഫ്ളെച്ചർ ഇന്ന ആഹാരമേ കഴിക്കു എന്ന് നിർബന്ധം പിടിച്ചിരുന്നില്ല. മൂക്കിനും, നാക്കിനും പിടിച്ച ഏതാഹാരവും കഴിച്ചിരുന്നു. വിശപ്പുള്ളപ്പോള്‍ ഭക്ഷിക്കും. മതിയെന്നുതോന്നുമ്പോള്‍ നിര്‍ത്തും. അതായിരുന്നു ആഹാരച്ചിട്ട

.പ്രഭാതത്തിൽ ആഹാരം കഴിക്കുന്നതിനോട് അദ്ദേഹം യോജിച്ചിരുന്നില്ല. രാവിലെ ഭക്ഷിച്ചു ശീലമായിട്ടുള്ളവർ പച്ചവെളളമോ, പാലോ കഴിക്കട്ടെ. എന്നാണദ്ദേഹത്തിന്റെ പക്ഷം. നല്ല വിശപ്പുവരുമ്പോൾ വായിൽ വെള്ളമൂറും. മധുരപലഹാരങ്ങളും മറ്റും കാണുമ്പോൾ വായിൽ വെള്ളമൂറുന്നതു വിശപ്പുകൊണ്ടല്ല. ചോറോ, മറ്റുസാധാരണ വിഭവങ്ങളോ കാണുമ്പോൾ വായിൽ വെള്ളമൂറുന്നതാണു വിശപ്പിന്റെ ലക്ഷണം. ചർവണം ക്രമാതീതമായാൽ ഭക്ഷിക്കുന്നതിലുള്ള രസം നശിക്കും. ചർവണവും രസാസ്വാദനവും ഒന്നിച്ചുണ്ടാകണം. ഫ്ളെച്ചറിസം നീണ്ടതും മുഷിപ്പനുമായ ചർവണമല്ല. ചില വിശിഷ്ടവിഭവങ്ങൾ ചവയ്ക്കേണ്ടി തന്നെ വരില്ല.

അവയവങ്ങളിൽ മുഖ്യം ഉദരമാണ്. അതുമുറയ്ക്ക് പ്രവർത്തിച്ചാൽ ദേഹമാസകലം ഉന്മേഷപൂർണമാകും; ഇല്ലെങ്കിൽ നിരുന്മേഷവും ദഹനക്കേടുമുണ്ടാകും; രക്തം അശുദ്ധമാകും. അനന്തരഫലം ശരീരവ്യാപാരത്തിന്റെ മൊത്തത്തിലുള്ള താളപ്പിഴ. ദേഹത്തിലുടനിളം രക്തവിതരണം നടത്തുന്നതു ഹ്യദയമാണ്. രക്തത്തിന്റെ അശുദ്ധി ഹ്യദയത്തെ ബാധിക്കും. ഹൃദയത്തിന്റെ വ്യാപാരത്തിനു വീഴ്ച വന്നാൽ ശ്വാസകോശത്തിന്റെ പ്രവർത്തനം തടസ്സപ്പെടും. അതിന്റെ ജോലി രക്തശുദ്ധീകരണമാണ്. തന്മൂലം ശ്വാസകോശം ദുർബലമാകുമ്പോൾ ശുദ്ധരക്തം കുറയും. ശുദ്ധരക്തം കുറഞ്ഞാൽ മൂത്രസഞ്ചികൾ യഥാവിധം പ്രവർത്തിക്കുകയില്ല. അവയുടെ മൂഖ്യകർമം ദേഹത്തിലെ മാലിന്യങ്ങളെ ബഹിഷ്കരിക്കുകയാണ്. അവ പണിമുടക്കിയാൽ ദേഹത്തിൽ ദുഷ്ടു തങ്ങി പലരോഗങ്ങളും അഴിഞ്ഞാടും.

ചർമമാണു ശുദ്ധീകരണപ്രവർത്തനത്തിൽ അനുസ്യൂതം വ്യാപകമായ മറ്റൊരവയവം. അതു രോമകൂപങ്ങളിലെ ദുഷ്ട്ടിനെ സ്വേദരൂപത്തിൽ പുറംതളളുന്നു. ദഹനവും വിസർജനവും സ്വാഭാവികരീതിയിലായാൽ രക്തം ശുദ്ധമാകും. ദഹനത്തിനുവേണ്ട ദ്രാവകമൂറുന്നതു പിത്താശയത്തിൽ നിന്നാണ്. ഭക്ഷണത്തെ രൂപാന്തരപ്പെടുത്തി ദേഹത്തിൽ അലിയിക്കുന്നതും ദ്രവിച്ച അവ യവാംശങ്ങളെ രൂപഭേദപ്പെടുത്തി മൂത്രസഞ്ചി വഴി ബഹിഷ്കരിക്കുന്നതും പിത്താശയമാണ്.

ഒരു വസ്തുവിനു രസതന്ത്രപരമായി രണ്ടു ഗുണങ്ങളുണ്ട്. അമ്ലവും ക്ഷാരവും. ആരോഗ്യവാന്റെ ശരീരത്തിൽ എൺപതുശതമാനം ക്ഷാരവും ഇരുപതു ശതമാനം അമ്ലവുമുണ്ടെന്നാണു കണക്ക്. അമ്ലാംശത്തിന്റെ ആധിക്യം, രോഗഹേതുകമാണ്. അതിനാൽ അമ്ലത്തിന്റെ അനുപാതം വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ക്ഷാരപ്രധാനമായ ആഹാരരീതി ശീലിച്ചാൽ അമ്ലാംശം വർദ്ധിക്കുകയില്ല. മാംസം, ചോറ്, പാൽ തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അപ്രധാനമാണ്. കുമ്പളങ്ങ, പടവലം, തടിയൻകാ, വെള്ളരിക്ക, വാഴപ്പിണ്ടി തുടങ്ങിയവയാണു ക്ഷാരപ്രധാനങ്ങൾ. വേവിക്കാത്ത തക്കാളി, കാരറ്റ് തുടങ്ങിയ പച്ചക്കറികളും പഴങ്ങളുമാണ് സ്വാഭാവിക ഭക്ഷണം. പക്ഷേ, പരമ്പരാഗതമായി ശീലിച്ചുവന്ന, പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന രീതിക്കു പെട്ടെന്നൊരു മാറ്റം വരുത്തുക ദുഷ്കരമായിരിക്കും. അതിനാൽ പ്രകൃതി ചികിത്സ പാചകസമ്പദായവുമായി ഒരൊത്തു പൊരുത്തത്തിനു തയ്യാറാകുന്നുണ്ട്. അതനുസരിച്ചു ബേക്ക് ചെയ്തതും പുഴുങ്ങിയതുമായ ആഹാരസാധനങ്ങൾക്കു പ്രകൃതിചികിത്സ അർധമനസ്സോടെ അംഗീകാരം നല്കിയിരിക്കുന്നു. ബേക്കിംഗുകൊണ്ടു ആഹാരത്തിലെ പോഷകാംശം അല്പമേ നഷ്ടപ്പെടുന്നുള്ളൂ. ആവിയിൽ വേവിക്കുന്ന രീതിയാണു പുഴുക്കൽ. ആഹാരം പ്രഷർകുക്കറിൽ പാകപ്പെടുത്തുന്നതു കൂടുതൽ നല്ലതാണ്. ആവി നഷ്ടപ്പെടാതെ കുക്കറിൽത്തന്നെ നില്ക്കുമെന്നുള്ളതും വേവാൻ അല്പസമയം എടുക്കും എന്നുളളതുമാണ് അതിന്റെ മെച്ചം. ആവിയിൽ വേവുന്ന പുട്ടും ഇഡലിയും മറ്റും പ്രകൃതിചികിത്സയ്ക്ക് സ്വീകാര്യമാണ്.

അമ്ളാംശം അധികമുള്ളവർ അര ഗ്ലാസ്സ് വാഴപ്പിണ്ടി നിര് പാതിവെളളം ചേർത്തു കുടിക്കുന്നതു ക്ഷിപ്രഫലപ്രദമാണ്. മൊത്തം ആഹാരത്തിന്റെ പകുതിയെങ്കിലും പഴങ്ങളും വേവിക്കാത്ത മലിക്കറികളുമാക്കണം. എണ്ണയിൽ പൊരിച്ച ആഹാരം പരിച്ഛേദം പരിത്യജിക്കണം. എരിവും ഉപ്പും തീരെ വർജിക്കാൻ പറ്റില്ലെങ്കിൽ പരമാവധി കുറച്ചുപയോഗിക്കുക. രാത്രി തൈരും മോരും കഴിക്കരുത്. പഞ്ചസാര 'വെളുത്തവിഷ'മാണ്. മാധുര്യം കൂടിയേ തീരുവെങ്കിൽ കരിപ്പെട്ടിയോ, തേനോ, പഴചാറോ ഉപയോഗിക്കുക. ആഹാരത്തിനിടയ്ക്ക് വെള്ളം കുടിക്കരുത്. ഊണിനു അരമണിക്കൂറെങ്കിലും മുമ്പോ, പിമ്പോ കുടിക്കാം. ഒരു കണക്കനുസരിച്ചു അറുപതുകിലോ ഭാരമുള്ളയാൾ ദിവസേന മൂന്നു ലിറ്റർ വെളളം കുടിക്കണം. ആഹാരത്തിലൂടെ ഒന്നരലിറ്റർ വെള്ളം ഉൾക്കൊളളുമെന്നു കരുതുക. ബാക്കി ഒന്നരലിറ്റർ വെള്ളം പലപ്പോഴായി കുടിച്ചിരിക്കണം.

ഭോജ്യമായ പച്ചിലകൾ ക്ഷാരഗുണത്തിന്റെ ഖനികളാണ്. അവ വേണ്ടത് കഴിച്ചാൽ അമ്ലാംശം ലഘൂകരിച്ചു ദേഹത്തെ രോഗമുക്തമാക്കാം. പച്ചിലകളിൽ നിന്നു ദേഹത്തിനുവേണ്ടി ജീവകങ്ങളും ധാതുക്കളും നേരിട്ടു ലഭിക്കും. മധുരക്കീര പോലുള്ള ഇലകൾ പച്ചക്കുതന്നെ തിന്നുന്നതാണു കൂടുതല്‍ ഗുണകരം. വേവുമ്പോൾ ഇൻസുലിനും ചില ധാതുക്കളും ജീവകങ്ങളും നഷ്ടപ്പെടും.

അരുചികരമാവാത്തവിധം കൂടുതൽ കറിവേപ്പിലയും ഉള്ളിയും തേന്‍ ചേർത്ത് ചമ്മന്തി മുഖ്യാഹാരത്തോടൊപ്പം ഉപയോഗിക്കാം. കറിവേപ്പിലയോടൊപ്പം മധുരക്കീരയും ചേർക്കാവുന്നതാണ്. പുളി വേണമെങ്കിൽ തക്കാളിയോ ചെറുനാരങ്ങാനീരോ ചേർത്താൽ മതി.

തക്കാളി, കാരറ്റ്, കാബജ്, വെള്ളരിക്ക, സവാള, അല്പം ചെറുനാരങ്ങനീര് ഇവ ചേർത്തുണ്ടാക്കുന്ന സലാഡ് വളരെ രുചികരമാണ്. കൂടെ മല്ലി ഇലയും വേപ്പിലയും കൂടി ചേർക്കുന്നതു കൂടുതൽ ആസ്വാദ്യമാണ്. തവിടുകളയാത്ത അരിവേവിച്ചു അതിൽ സാമ്പാർച്ചീര, തഴുതാമയില, വേപ്പില, മല്ലിയില തുടങ്ങിയ ഇലകളും തക്കാളി, കാരറ്റ്, വെള്ളരിക്ക, സവാള തുടങ്ങിയ പച്ചക്കറികളും ചേർത്തു വറ്റിച്ചെടുത്തു ചിരകിയ തേങ്ങയും ചേർത്ത ചോറ് നല്ല പഥ്യാഹാരമാണ്.

ഇലകൾ സൂപ്പായുമുപയോഗിക്കാം. അവ ഉള്ളി ചേർത്തു വെള്ളത്തിൽ വേവിച്ചു പിഴിഞ്ഞുകിട്ടുന്ന ചാറിൽ വെളുത്തുള്ളിയും കുരുമുളകുപൊടിയും കൂടി ചേർത്താൽ ഒന്നാംതരം സൂപ്പായി.

ആധുനാതനതയുടെ പരിവേഷമുളള മിൽക്കുഷേക്കും പ്രകൃതിചികിത്സാ രിതിയിലുണ്ടാക്കാം. മാമ്പഴം, ചക്കപ്പഴം, ഈന്തപ്പഴം, ആപ്പിൾ, മുന്തിരി തുടങ്ങിയ പുളിരസമില്ലാത്ത ഏതു പഴവുമുപയോഗിക്കാം.

ആദ്യം പഴം ചെറുതായരിഞ്ഞു മിക്സിയിലിട്ടു എണ്ണപ്പരുവമാക്കിയെടുക്കണം. പിന്നീട് പശുവിൻപാലോ, തേങ്ങാപ്പാലോ, അണ്ടിപ്പരിപ്പിൻപാലോ ചേർത്തിളക്കി ഉപയോഗിക്കാം. കൂടുതൽ മധുരം വേണമെങ്കിൽ കരിപ്പെട്ടിയോ, തേനോ ചേർക്കണം.

പഥ്യാഹാരം മാത്രം കഴിക്കുന്നവർക്കു ഒരു രോഗവും പിടിപെടുകയില്ലെന്നാണു ഭാഗവതം (അജാമിളോപാഖ്യാനം) പറയുന്നത്.

"നാശ്നതപഥ്യമേവാന്നം വ്യാധയോ അഭിഭവന്തിഹി,

ചുരുക്കത്തിൽ, ദേഹത്തിന്റെ വളർച്ചയ്ക്കും ഊർജാത്പാദനത്തിനും ആഹാരം അപരിഹാര്യമാണ്. അതിൽ ജൈവകണങ്ങളും (ഓർഗാനിക് കോംപൗണ്ട്സ്) അജൈവകണങ്ങളും (ഇൻഓർഗാനിക് കോംപൗണ്ട്) അടങ്ങിയിട്ടുണ്ട്. മാംസ്യം (പ്രോട്ടീൻ), അന്നജം (കാർബോഹൈഡറ്റ്). ജീവകങ്ങൾ (വിറ്റാമിനുകൾ), കൊഴുപ്പ് (ഫാറ്റ് എന്നിവയാണു ജൈവകണങ്ങൾ. വെള്ളം, സോഡിയം, പൊട്ടാസിയം തുടങ്ങിയവ അജൈവകണങ്ങളില്‍പ്പെടുന്നു. ശരീര നിർമിതിക്കു രണ്ടും ആവശ്യകമാണ്.

മാംസ്യങ്ങൾ-ഹോർമോണുകൾ, എൻസൈമുകൾ എന്നിവ ഉത്പാദിപ്പിക്കുന്നു. മാംസം, പാൽ, മുട്ട തുടങ്ങിയവയിൽ മാംസ്യങ്ങൾ സുലഭമാണ്. ഊർജം-അന്നജത്തിന്റേയും കൊഴുപ്പിന്റെയും ഓക്സീകരണം (ഓക്സിഡഷൻ) കൊണ്ടു ഉത്പാദിപ്പിക്കപ്പെടുന്നു. ധാന്യവർഗങ്ങളിൽ അന്നജവും പഴങ്ങളിൽ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ജീവകങ്ങൾ ശരീരവ്യാപാരം നിയന്ത്രിക്കുന്നു. അവ വളരെ കുറച്ചേ ആവശ്യമുള്ളൂ. കോബാൾട്ട്, സിങ്ക് എന്നിവയും ശാരീരിക പ്രവർത്തനം ഒരു പരിധിവരെ നിയന്ത്രിക്കുന്നുണ്ട്. ജീവകങ്ങൾ, വെള്ളത്തിൽ ലയിക്കുന്നവയും കൊഴുപ്പിൽ ലയിക്കുന്നവയും എന്നിങ്ങനെ രണ്ടുതരമുണ്ട്, അനേകം ജീവകങ്ങളടങ്ങുന്ന ജി.ബി (ബി കോംപ്ലക്സ്), ജി.സി, ജി.പി. എന്നിവ വെള്ളത്തിൽ ലയിക്കും. "ജീവകം എ'യാണ് കണ്ണിനു കാഴ്ചശക്തിയുണ്ടാക്കുന്നത്. അത് 'കരോട്ടിൻ എന്ന സസ്യപദാർഥത്തിൽനിന്നു ലഭിക്കുന്നു. കാരറ്റിൽ കരോട്ടിൻ ധാരാളമുണ്ട്. മീനെണ്ണ, മുട്ട, പയർ എന്നിവയിലുള്ള റോഡോപ്സിനും കാഴ്ചശക്തി വർദ്ധിപ്പിക്കും. വി.ബി, ബി1, ബി2, ബി6, ബി12, നിയാസിൻ, ഫോളിക്കാസിഡ് തുടങ്ങിയ ജീവകങ്ങൾ ബി.കോംപ്ലക്സിൽ പെടും. വി, ബി1 ജീവകം കുറഞ്ഞാൽ ബെറിബെറി എന്ന രോഗം പിടിപെടുന്നതാണ്. തന്മൂലം അതിനു ആന്റിബറ വിറ്റാമിൻ എന്ന ഒരു മറുപേരുകൂടിയുണ്ട്. ബി2 ജീവകം ഓക്സീകരണം വഴി ഊർജോത്പാദനം നടത്തുന്നു. അതിന്റെ അഭാവത്തിൽ തിമിരം, വായ്പ്പുണ്ണ് തുടങ്ങിയ രോഗങ്ങളുണ്ടാകാം. കരളിലും യീസ്റ്റിലും മറ്റും ബി2 ജീവകം ധാരാളമുണ്ട്. ബി12 ജീവകം രക്തവാഹിനി നാളങ്ങളുടെ നിർമിതിക്കും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്. മത്സ്യം, മാംസം, മുട്ട, പാൽ എന്നിവയിലാണ് അതുള്ളത്. സസ്യങ്ങളിലില്ല. പിരിഡോക്സിൻ എന്ന മറുപേരുള്ള ബി6 ജീവകം കൊഴുപ്പിന്റെ വിഘടനത്തിനും അതു ശരീരത്തിൽ ഉപയോഗപ്പെടുന്നതിനും സഹായിക്കുന്നു. പാലിലും മാംസത്തിലും പച്ചക്കറികളിലും അതു ധാരാളമുണ്ട്. നിയാസിൻ കുറഞ്ഞാൽ ചർമത്തിനു പരുപരുപ്പുണ്ടാകും. മുഖത്തിന്റെയും കൈകളുടേയും മൃദുത്വം കുറയും.

പ്രാചീന ഭാരതീയരുടെ ഭക്ഷണചികിത്സ

പ്രാചീന ഭാരതീയർക്കു ഭക്ഷണം കൊണ്ടു ചികിത്സിച്ചു രോഗം മാറ്റുന്ന പതിവുണ്ടായിരുന്നു. അത്തരം ചില ചികിത്സാമുറകൾ വിവരിക്കാം.

 • അതിസാരം - എള്ളരച്ചു പഞ്ചസാര ചേർത്തു കഴിക്കുക.
 • അർശസ്സ് - എന്നും രാവിലെ കോലാട്ടിൻപാൽ കുടിക്കുക.
 • കൃമികടി -  കരിക്കിൻ നീരിൽ തേൻ ചേർത്തു കുടിക്കുക. പപ്പരയ്ക്ക പച്ചക്കോ പഴമായോ തിന്നുക.
 • ഭ്രാന്ത് - രാവിലെ ഇഞ്ചിയും ശർക്കരയും വൈകുന്നേരം ത്രിഫലയും തേനും കഴിക്കുക.
 • ചടവ് - നെല്ലിക്കപ്പൊടി ചേർത്തു കാച്ചിയ പാൽ കുടിക്കുക. കരിക്കിൻ നീരിൽ പച്ചപ്പാലൊഴിച്ചു പലതവണ കുടിക്കുക.
 • ഛർദ്ദി - പഞ്ചസാര ചേർത്ത് ചെറുനാരങ്ങനീരു പലപ്പോഴായി കുടിക്കുക.
 • ജലദോഷം - ഉറങ്ങും മുമ്പ് നാഴിപച്ചവെള്ളം കുടിക്കുക.
 • ദഹനക്കേട് - ചുക്കുപൊടിയും നെയ്യും ചേർത്ത് ചൂടുവെള്ളം കുടിക്കുക.
 • ദീർഘായുസ്സ് - എന്നും ചുക്കുപൊടിച്ചു തേനിലും നെയ്യിലും ചേർത്തു കഴിക്കുക.
 • നീര് - ചുക്കും കുരുമുളകും പൊടിച്ചു പഴയശർക്കരയിൽ ചേർത്തു തിന്നുക.
 • പനി - 'നാഴിപാലും ഇടങ്ങഴി വെളളവും ചേർത്തു വറ്റിച്ചു നാഴിയാക്കി കുടിക്കുക.
 • മലബന്ധം - വാളൻപുളി കലക്കിയ വെള്ളത്തിൽ ശർക്കര ചേർത്തു കഴിക്കുക.
 • മന്ത് - ഏഴു വെറ്റിലയെടുത്ത് അരച്ച് ഇന്തുപ്പ് ചേർത്ത് കഴിച്ചു ചൂടുവെള്ളവും കുടിക്കുക.
 • മൂത്രമൊഴിവ് - തലേന്നു രാത്രി കുറച്ചു മഞ്ഞൾ ചതച്ചിട്ട വെള്ളം പിറ്റേന്നു രാവിലെ കുടിക്കണം. ദാഹിക്കുമ്പോഴൊക്കെ മോരാണു കുടിക്കേണ്ടത്.
 • വണ്ണം - അതിരാവിലെ തേനൊഴിച്ച് രക്തത്തിന്റെ ചൂടുള്ള വെള്ളം കുടിക്കുക.
 • വിഷഭയം - നെയ്യ്, തേൻ, വെണ്ണ, കുരുമുളകുപൊടി, ചുക്ക്, ഇഞ്ചി ഇവ സമം ചേർത്ത് കഴിക്കുക.
 • ശുക്ലസാവം - പച്ചപുളിനീരു തേനിൽ ചേർത്തു കഴിക്കുക.

ദഹനം

മുഖം മുതൽ ഗുദം വരെയുള്ള അവയവങ്ങളുടെ സമവായമാണു ദഹനപഥം. ആ മാർഗത്തിൽ എങ്ങാനുമുണ്ടാകുന്ന ഏതു തകരാറുകളും ദഹനപരമായ പ്രശ്നങ്ങൾക്കു നിദാനമാകും. സാധാരണയായി ആമാശയത്തിന്റെ ചലനക്കുറവും അമ്ലത്വ  (അസിഡിറ്റി)ത്തിലെ ന്യൂനാതിരേകവുമാണ് ദഹനക്കേട് വരുത്തി വയ്ക്കുന്നത്.

വിശപ്പ് അഥവാ ജഠരാഗ്നി ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. മന്ദാഗ്നി, തീക്ഷ്ണാഗ്നി, സമാഗ്നി, വിഷമാഗ്നി എന്നിങ്ങനെ നാലുതരം ജഠരാഗ്നിയുണ്ട്.

കഫാധിക്യമുളളവരാണു മന്ദാഗ്നിക്കാർ. എളുപ്പം ദഹിക്കുന്ന മലരുപോലുള്ള ഭക്ഷ്യങ്ങൾ പോലും തെറ്റ് കൂടുതൽ കഴിച്ചാൽ ഇത്തരക്കാർക്കു ദഹനക്കേടുണ്ടാകാം. തീക്ഷ്ണാഗ്നിക്കാർ ഭക്ഷിക്കുന്നതെന്തും വേഗം ദഹിക്കും. അതിനാൽ ആ കൂട്ടർക്കു ദഹനക്കേടിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. പക്ഷേ തീക്ഷ്ണാഗ്നിക്കു ദോഷവശമുണ്ട്. കഴിക്കുന്ന ആഹാരമെല്ലാം നല്ലവണ്ണം ദഹിച്ചു ദേഹത്തിൽ ചേരുന്നതുകൊണ്ട് പൊണ്ണത്തടി ഉണ്ടാകാൻ സാധ്യത കൂടും. പൊണ്ണത്തടി പലതരത്തിലും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതാണു പല രോഗങ്ങൾക്കും വഴിയൊരുക്കുന്നത്. വാതാധിക്യമുള്ളവരാണു വിഷമാഗ്നി പ്രകൃതക്കാർ. ചിലപ്പോൾ ആഹരിക്കുന്നതെന്തും ദഹിക്കുകയും ചിലപ്പോൾ തിന്നുന്നതൊന്നും ദഹിക്കാതിരിക്കുകയും ചെയ്യുന്നതാണു വിഷമാഗ്നി പ്രകൃതക്കാരുടെ സവിശേഷത. പ്രസ്തുത വിവരങ്ങൾ മനസ്സിലാക്കി അവരവരുടെ ജടരാഗ്നിക്ക് അനുരൂപമായ ആഹാരക്രമം പരിശീലിച്ചാൽ ദഹനസംബന്ധിയായ പല പ്രശ്നങ്ങളും പരിഹരിക്കാം.

വേദന ഒരു താക്കീതാണ് അഥവാ രോഗങ്ങളുടെ മുന്നോടിയാണ്. അതിനാൽ ദേഹത്തെവിടെയെങ്കിലും വേദന വന്നാൽ സൂക്ഷിക്കണം. വിദഗ്ദനായ ചികിത്സകനു വേദനയുടെ സ്വഭാവം നിരീക്ഷിച്ചു രോഗനിർണയം നടത്താൻ സാധിക്കും. വേദന അനുഭവപ്പെടുന്നതു എവിടെയാണ്, അവിടെ നിന്ന് അത് ഏതെല്ലാം ഭാഗങ്ങളിലേക്കു പ്രസരിക്കുന്നു. വേദന എങ്ങനെയൊക്കെ അനുഭവപ്പെടുന്നു. വാളുകൊണ്ട് അറുക്കുന്നതു പോലെയോ, കത്തികൊണ്ടു കുത്തുന്നതുപോലെയോ, വരിഞ്ഞുമുറുക്കുന്നതുപോലെയോ, പിളർക്കുന്നതുപോലെയോ ആണോ? എപ്പോഴെല്ലാമാണു വേദനയുണ്ടാകുന്നത്? തുടങ്ങിയ ലക്ഷണങ്ങൾ നിരീക്ഷിച്ചാണു രോഗ നിർണയം നടത്തുക.

ദഹനക്കേടും ഒരു രോഗ ലക്ഷണമാണ്. എന്നാൽ ദഹനക്കേടുള്ളവർക്കെല്ലാം രോഗം ഉണ്ടായിക്കൊള്ളണമെന്നില്ല. ചിലർക്കു രോഗമില്ലെങ്കിലും ഗ്യാസുകൊണ്ടു വയറു വല്ലാതെ വീർത്തിരിക്കുന്നതായി തോന്നും. ചിലർക്കു ഉദരത്തിന്റെ ഉപരിഭാഗത്താണു വേദന അനുഭവപ്പെടുക. മറ്റു ചിലർക്കു നെഞ്ചെരിച്ചിൽ, ഏമ്പക്കം, വയറ്റിളക്കം, ഉദരസ്തംഭനം എന്നിവയും ഉള്ളതായിത്തോന്നും. എന്നാൽ ഇവരെ പരിശോധിച്ചാൽ ഉദരത്തിലെ ആമാശയത്തിനോ ചെറുകുടലിനോ ഒന്നും ഒരാമയവും ഉള്ളതായി കാണുകയില്ല. ഉദരത്തിനു അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ജോലിചെയ്യാനുള്ള അവരുടെ കഴിവിൽ ഒരു കുറവുമുണ്ടാവില്ല. ഏറിയകൂറും ചെറുപ്പക്കാരിൽ കാണപ്പെടുന്ന ഈ ദഹനക്കേടിനു വ്രണേതരാഗ്നിമാന്ദ്യം (നോൺ അൾസർ ഡിസ്പെൻസിയ) എന്നു പറയുന്നു.

യുവാക്കൾക്കിടയിൽ പരിഷ്കാരത്തിന്റെ പരഭാഗമായി പരിണമിച്ചിരിക്കുന്ന അമിതമദ്യപാനം, പുകവലി, ശീതളപാനീയങ്ങളുടെ നിരന്തരമായ ഉപയോഗം തുടങ്ങിയവ ദഹനക്കേടുണ്ടാക്കുന്നതിൽ ബ്യഹത്തായ പങ്കുവഹിക്കുന്നുണ്ട്. ദേഹത്തിന്റെ തൂക്കക്കൂടുതലും ദഹനക്കേടുണ്ടാക്കും. അതിനാൽ പൊക്കത്തിനൊത്ത തൂക്കം നിലനിറുത്താൻ നോക്കണം.

ഗാർഹികമായോ, ഔദ്യോഗികമായോ നേരിടുന്ന പിരിമുറുക്കങ്ങളും (ടെൻഷനും) വിശപ്പിനെ കെടുത്തും. കരൾവീക്കം, മഞ്ഞപ്പിത്തം, കാൻസർ, മൂത്രാശയത്തിലെ കല്ല് തുടങ്ങിയ രോഗങ്ങളും ദഹനരസങ്ങളുടെ പ്രവർത്തനം അവതാളത്തിലാക്കി ആമാശയത്തിലെ അമ്ലത്വം വർദ്ധിപ്പിച്ച് അഗ്നിമാന്ദ്യമുണ്ടാക്കുന്ന വില്ലന്മാരാണ്.

പിരിമുറുക്കം കൊണ്ടുണ്ടാകുന്ന ദഹനക്കേടു മാറ്റാൻ യോഗാഭ്യാസവും ധ്യാനാനുശീലനവും വളരെ പ്രയോജനകരമാണ്.

 • അമിതമായ സന്തോഷം, സന്താപം, ക്രോധം തുടങ്ങിയ വികാരങ്ങൾ ഉണ്ടാകാതെ നോക്കുകയോ, ഉണ്ടായാൽ നിയന്ത്രിക്കുകയോ ചെയ്യുക.
 • ദിവസന പ്രഭാതത്തിൽ ഉദയസൂര്യന്റെ കിരണങ്ങൾ ഏറ്റും ശുദ്ധവായു ശ്വസിച്ചും ക്ഷീണം തോന്നാത്തത്ര ദൂരം നടക്കുക.
 • രാത്രി ഗാഢമായി ഉറങ്ങുക.
 • കുറെ സുഹൃത്തുക്കളുമായി ഏറെനേരം ഇടപഴകി സരസസംഭാഷണത്തിൽ ഏർപ്പെടാൻ വേണ്ടത്ര സമയം കണ്ടെത്തുക.
 • വീട്ടിലും ജോലിസ്ഥലത്തും പിരിമുറുക്കം ഉണ്ടാകുന്ന സാഹചര്യം പരമാവധി ഒഴിവാക്കുക.
 • ഭക്ഷണം നല്ലവണ്ണം ചവച്ചരച്ചു കഴിക്കുക.
 • അയവുള്ള വസ്ത്രങ്ങൾ ധരിക്കുക.
 • ഇലക്കറികൾ, പച്ചക്കറികൾ, തവിടുകളയാത്ത ധാന്യങ്ങൾ ഇവ ധാരാളം കഴിക്കുക.
 • ഭക്ഷിച്ച് അല്പനേരം കഴിഞ്ഞ് കുറേദൂരം നടക്കുക. അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണമെന്നാണ് പഴഞ്ചൊല്ല്.
 • മൈദ, റവ തുടങ്ങിയ നാരില്ലാത്ത ധാന്യപ്പൊടികൊണ്ടുണ്ടാക്കിയ ആഹാരം ഒഴിവാക്കുക.
 • ലഹരിവസ്തുക്കൾ പൂർണമായി വർജിക്കുക.
 • കൊഴുപ്പും മധുരവും കൂടുതലുള്ള കുഴപ്പമുണ്ടാക്കുന്ന ഭക്ഷണം കഴിയുന്നത്ര കുറയ്ക്കുക.
 • ഭക്ഷണം കഴിഞ്ഞ ഉടനെ കിടക്കാതിരിക്കുക.
 • ഉണങ്ങിയ പയർ, കടല, കിഴങ്ങുവർഗങ്ങൾ, പരിപ്പ് തുടങ്ങിയവ പരമാവധി ഉപയോഗിക്കാതിരിക്കുക.
 • ആമാശയഭിത്തിയിലെയും കുടലിലെയും കോശങ്ങൾക്കു നാശമുണ്ടാക്കുന്ന മുളക് കഴിയുന്നത് കുറച്ച് ഉപയോഗിക്കുക. അതിലടങ്ങിയിരിക്കുന്ന 'കാപ്സൈസിൻ' രോഗജനകമാണ്.
 • ദഹിക്കാൻ എളുപ്പമുള്ള വെജിറ്റബിൾ സൂപ്പ്, പച്ചക്കറിസ്റ്റു, പൊടിയരിക്കഞ്ഞി, പാൽക്കഞ്ഞി, ഇഡ്ഡലി, പുട്ട്, കൂവ വിരകിയത്, ചൗവ്വരി തുടങ്ങിയവ മിതമായി ഉപയോഗിക്കാം. എരിവു കൂടാതെ പുളി, മസാലകൾ, അച്ചാറുകൾ, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതും, ഇറച്ചി, കടുപ്പം കൂടിയ കാപ്പിയും ചായയും ഇവ ഒഴിവാക്കണം. ഭക്ഷണത്തിന്റെ അളവും ആരോഗ്യത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. ഒരുനേരം കൂടുതൽ അളവിൽ ഭക്ഷണം കഴിക്കുന്നതിനേക്കാൾ പലനേരങ്ങളിലായി കുറഞ്ഞ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഒരുദിവസം എട്ടുപത്തു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കണം. എന്നാൽ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുടിക്കരുത്. അതു ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും.

ആജന്മമരണം ആരോഗ്യം പരിരക്ഷിക്കുന്നത് ആഹാരമാണ്. എന്നാൽ ഭക്ഷണം യഥാതഥം ശരീരം സ്വാംശീകരിക്കുന്നില്ല. ഭക്ഷണത്തിലെ സങ്കിർണ തന്മാത്രകൾ (Complex molecules) അവയുടെ മൗലികമായ, സൂക്ഷമമായ തന്മാത്രകളായി വിഘടിക്കപ്പെട്ടാണ് ആഹാരം ദഹനേന്ദ്രിയം വഴി ആഗിരണം ചെയ്യപ്പെടുന്നത്. പ്രസ്തുത പ്രക്രിയയാണ് ദഹനം.

ദഹനേന്ദ്രിയം മൂന്നു കർമങ്ങളാണു മുഖ്യമായി നിർവഹിക്കുന്നത്. ഒന്നാമതായി ഭക്ഷണം സ്വീകരിക്കുന്നു. പിന്നെ സ്വീകരിച്ച ഭക്ഷണം ചവച്ചരച്ചു കുഴമ്പുപരുവത്തിലാക്കി ആഗിരണം ചെയുന്നു. ബാക്കിവരുന്ന അവശിഷ്ടത്തെ അമേധ്യരൂപത്തിൽ വിസർജിക്കുന്നതാണു മൂന്നാമത്തെ കർമം.

പിത്തരസ(Bile)വും ആഗ്നേയരസ(Pancreatic juice)വുമാണു ദഹനപ്രക്രിയയെ ഉദ്ദീപിപ്പിക്കുന്നത്. അവ പിത്തനാളി, ആഗ്നേയനാളി എന്നിവയിലൂടെ ചെറുകുടലിലെത്തുന്നു. കരളാണു പിത്തരസത്തിന്റെ പ്രഭവസ്ഥാനം.

ആമാശയം ആഹാരസംഭരണിയാണ്. അതിനു 1.2 ലിറ്റർ ഭക്ഷണം കൊള്ളാനുള്ള ഉൾക്കോളുണ്ട്. വെറും വയറ്റിൽ ആമാശയം J എന്ന ഇംഗ്ലീഷ് ലിപിയുടെ രൂപത്തിൽ കിടക്കും. എന്നാൽ വയറുനിറഞ്ഞാൽ മുഷ്ടിയുദ്ധക്കാരുടെ കൈയുറപോലെ വീർക്കും.

ആമാശയത്തിൽവച്ച് ആഹാരം കുഴമ്പുപരുവത്തിലാകാൻ മുന്നു മുതൽ ആറുമണിക്കൂർവരെ എടുക്കും. ആമാശയം ഭക്ഷണത്തെ ചലിപ്പിക്കുന്നതിന്റെ തോത് നിയന്ത്രിക്കുന്നതു ഗ്രഹണി(ഡ്യൂയോഡിനം)യാണ്. സ്പിൻക്റ്റര്‍ അഥവാ സംവരണിയാണ് ആമാശയ പേശികളെ വേണ്ടവണ്ണം ചലിപ്പിക്കുന്നതും. അതുവഴി ദഹനത്തെ നിയന്ത്രിക്കുന്നതും. ഗ്യാസ്ട്രിൻ എന്ന ഹോർമോൺ ദഹനം ത്വരിതപ്പെടുത്തുന്നു.

എന്നാൽ വിശപ്പു തോന്നിപ്പിക്കുന്നതു ആമാശയമല്ല. ആമാശയത്തിന്റെ അഭാവത്തിലും വിശപ്പ് അനുഭവപ്പെടും. പിന്നെ ആ പ്രവ്യത്തി യഥാസമയം നിർവഹിക്കുന്നതു തലസ്ഥാനം മസ്തിഷ്കം തന്നെ.

ഉദരരോഗങ്ങൾ പലതരമുണ്ട്, പിത്തസഞ്ചിയെയോ, പിത്തക്കുഴലിനെയോ ബാധിക്കുന്ന രോഗങ്ങൾ കൊണ്ട് മഞ്ഞപ്പിത്തം, മലമ്പനി, ചൊറിച്ചിൽ, കടുത്തനോവ് എന്നിവയും കരൾരോഗം കൊണ്ട് കാലിലും വയറ്റിലും നീരും രക്തം ഛർദ്ദിക്കലും സ്വഭാവത്തിൽ മാറ്റവും മഞ്ഞപ്പിത്തവും ആഗ്നേയഗ്രന്ഥിയെ പിടിപെടുന്ന രോഗംകൊണ്ട് മലത്തിലൂടെ എണ്ണമയം ഊറി വരുകയും ഉദരത്തിന്റെ ഉപരിഭാഗത്തു വളരെനേരം നീണ്ടുനില്ക്കുന്ന കഠിനമായ വേദനയുമുണ്ടാകും.

ഉദരരോഗങ്ങൾക്കു കാരണം ശാരീരികം മാത്രമല്ല, മാനസികം കൂടിയാണ്. കാരണം വപുസ്സും മനസ്സും തമ്മിൽ അഭേദ്യബന്ധമുണ്ട്. മനസ്സിൽ പിരിമുറുക്കമുള്ളവർക്കു വയറ്റുവേദനയും ഛർദിയും വിശപ്പില്ലായ്മയും പരീക്ഷയ്ക്കു പുറപ്പെടുന്ന മനസ്സുറപ്പില്ലാത്ത കുട്ടിക്കു വയറ്റിളക്കവും മറ്റുമുണ്ടാകുന്നതും മാനസികാവസ്ഥയുടെ മറിമായം കൊണ്ടാണ്.

മിതവും ഉദരത്തിനുഹിതവുമായ ആഹാരം കഴിക്കുകയും മനസ്സ് കഴിയുന്നത്ര സന്തുഷ്ടമാക്കുകയുമാണ് ഈ ആധിവ്യാധികളിൽ നിന്ന് മുക്തി നേടാനുളള യുക്തമായ മാർഗം.

രുചിയും മണവും

രുചിക്കും മണത്തിനും തമ്മിൽ ബന്ധമുണ്ട്. നല്ല വിഭവങ്ങളുടെ ഹൃദ്യമായ ഗന്ധം ആരുടെ വായിലും വെള്ളമൂറിക്കും. രുചിയും മണവുമുള്ള നല്ല ഭക്ഷണം ക്ഷിപ്രം ദഹിക്കും. നല്ലവണ്ണം ദഹിച്ചാൽ ഭക്ഷണത്തിലെ പോലെ പോഷകാംശങ്ങൾ ദേഹത്തിൽ ലയിച്ച് ആരോഗ്യം വർധിക്കുന്നു.

ശബ്ദത്തിന്റെയും പ്രകാശത്തിന്റെയും തരംഗങ്ങളിൽ പരിവർത്തനമുണ്ടാക്കി അവയുടെ മാനപത്രം തയ്യാറാക്കാനും അളവെടുക്കാനും കഴിയും. കാഴ്ചയും ശബ്ദവും പോലുള്ള ഭൗതികാനുഭൂതികളെ അളക്കാനും പുനരുത്പാദിപ്പിക്കാനും സാധിക്കും. ഒരു കുറികേട്ട ശബ്ദത്തെ കണ്ഠം, ജിഹ്വ, അധരങ്ങൾ തുടങ്ങിയ അവയവങ്ങൾകൊണ്ട് ആവർത്തിക്കാനാവും. അപ്രകാരം ഒരു കുറികണ്ട വസ്തുവിനെ ഓർമ്മശക്തിയുടെ സഹായം കൊണ്ട് ചിത്രീകരിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്യാം. എന്നാൽ വേദന, ക്ഷോഭം തുടങ്ങിയ വൈകാരികാനുഭൂതികളെ ചിത്രീകരിക്കാനോ, രേഖപ്പെടുത്താനോ സാധിക്കുകയില്ല. അവ അനുഭവക്ഷമ മാത്രമാണ്. അതുപോലെത്തന്നെയാണ് രുചിയും മണവും. രുചിച്ചും മണത്തും മാത്രമേ അവയുടെ ഗുണം അനുഭവ വേദ്യമാകൂ. അതും വ്യക്തിയും പ്രസക്ത വസ്തുവും തമ്മിലുള്ള ബന്ധം നിലനില്ക്കുന്ന മാത്രവരെമാത്രം. ഇനി ജനകജന്യത്തെ പറ്റിപ്പറയുകയാണെങ്കിൽ പഞ്ചസാര മാധുര്യവും പനിനീർപൂവ് സുഗന്ധവുമുണ്ടാക്കുന്നു. അവയുടെ വർത്തമാനാനുഭൂതിയെ ഭൂതകാലാനുഭൂതിയുമായി തുലനപ്പെടുത്താനുമാവും. എത്ര സൂക്ഷ്മമാത്രയിലുള്ള മിശ്രണവും തിരിച്ചറിയാനുള്ള സംവേദനക്ഷമത നമ്മുടെ ഘ്രാണ-രസനേന്ദ്രിയങ്ങൾക്കാണ്. അതുമാത്രമല്ല നാസികയ്ക്കു ഒരു മിശ്രിതത്തിൽ അടങ്ങിയിട്ടുള്ള വിഭിന്ന പദാർഥങ്ങളെ വേർതിരിച്ചറിയാനും കഴിയും.

രുചി കുടികൊള്ളുന്ന നാവ് ഒരു അസാധാരണമായ അവയവമാണ്. ജിഹ്വ ഭക്ഷണത്തിനും, കണ്ഠത്തിനും മധ്യസ്ഥമായി വർത്തിക്കുന്നു. ദേഹത്തിലെ ചർമ്മത്തെപ്പോലെ ജിഹ്വയ്ക്കും സ്പർശനപ്രതികരണമുണ്ട്. ജിഹ്വ കണ്ഠത്തിന്റെ സഹായത്തോടെ ശബ്ദത്തെ നിയന്ത്രിക്കുകയും അതിന് ഏറ്റക്കുറച്ചിലുണ്ടാക്കുകയും ചെയ്യുന്നു. ചലനക്ഷമമായ ജിഹ്വ സങ്കോചിച്ചാലോ, വികസിച്ചാലോ മുഖാകൃതി പാടേ മാറിപ്പോകും. രുചിക്കുന്നതിനും മണക്കുന്നതിനും പുറമേ ജിഹ്വ ഭക്ഷണം ചവച്ചരച്ച് ചാറാക്കുന്നതിനുമുതകുന്നു. ജിഹ്വയിൽ രുചിവേദനം സാർവത്രികമായി വ്യാപിച്ചിരിക്കുന്നു. ഉന്നത ശ്രേണിയിലുള്ള മൃഗങ്ങൾക്കു രുചി അറിയാനുള്ള കഴിവ് വായിൽ മാത്രമേയുള്ളൂ. എന്നാൽ ശ്രേണിയിലുള്ള ജീവികൾക്ക് ഈ കഴിവ് ദേഹമാസകലം വിവിധഭാഗങ്ങളിൽ വ്യാപ്തമായിരിക്കുന്നു. ഉദാഹരണത്തിനു മത്സ്യങ്ങൾക്കു ചെകിളകൾക്കുള്ളിലാണ് ഈ കഴിവുള്ളത്.

മാധുര്യം, കയ്പ്, എരുവ്, പുളിപ്പ്, ചവർപ്പ് തുടങ്ങി പലതരം രുചികളറിയാനും നാവിൽ വെവ്വേറെ രുചിസ്ഥാനങ്ങളുണ്ട്. പ്രത്യക്ഷത്തിൽ ഒന്നുപോലെ തോന്നുമെങ്കിലും രസതന്ത്രപരമായി നോക്കമ്പോൾ അവ വെവ്വേറെയായിക്കാണാം. അതുകൊണ്ടാണു ഭിന്നരുചികൾ അനുഭവപ്പെടുന്നത്. മുലകുടിച്ചു വളരുന്ന ജീവികളുടെ രുചിസ്ഥാനങ്ങളുടെ കണക്ക് ഏറക്കുറെ തിട്ടപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ചു അണ്ണാന് ആറായിരവും ആടിനു പതിനായിരവും കടവാതിലിനു(വവ്വാൽ) എന്നൂറും കാളയ്ക്ക് മുപ്പത്തയ്യായിരവും പന്നിക്ക് പതിനയ്യായിരവും മനുഷ്യനു ഒമ്പതിനായിരവും മുയലിനു പതിനേഴായിരവും രുചിസ്ഥാനങ്ങളുണ്ട്. രുചിയുടെ കാര്യത്തിൽ മനുഷ്യനെ വളരെ പിന്നാക്കം തളളുന്ന പല ജന്തുക്കളുമുണ്ടെന്നാണു കണക്കു കാണിക്കുന്നത്.

പ്രായപൂർത്തിയെത്തിയ വ്യക്തിയുടെ നാവിന്റെ നടുവിൽ രുചിസ്ഥാനമില്ല. കയ്പ്, ചവർപ്പ്, പുളിപ്പ് എന്നീ രസങ്ങളുടെ സംവേദന സ്ഥാനങ്ങൾ ചിന്നിച്ചിതറിക്കിടക്കുകയാണ്. മുൻഭാഗത്തു മാധുര്യത്തിന്റെയും പിൻഭാഗത്തു കയ്പിന്റെയും ഒരു വശത്തു പുളിപ്പിന്റെയും മറുവശത്തു ഉപ്പുരസത്തിന്റെയും സ്ഥാനങ്ങളാണ്. പ്രായഭേദമനുസരിച്ചു രുചിഭേദവുമുണ്ടാകും. മാധുര്യമാണ് കുട്ടികൾക്കിഷ്ടം. കാരണം കുട്ടികളുടെ നാവിൽ, വിശേഷിച്ച് മുൻഭാഗത്തും കവിളുകളുടെ ആന്തരഭാഗങ്ങളിലും വളരെയേറെ രുചിസ്ഥാനങ്ങളുണ്ട്.

വ്യത്യസ്ത വ്യക്തികളിൽ രുചിബോധം ഗുണത്തിലും അളവിലും വളരെ വ്യതിയാനമുള്ളതായിരിക്കും. തന്മൂലം ശരാശരി പൊതുജനാഭിപ്രായത്തിനു മാത്രമേ രുചിയെക്കുറിച്ചുള്ള നിഗമനത്തെ പ്രതിനിധാനം ചെയ്യാനാവും. ജനസംഖ്യയിൽ ഏറിയകൂറും രുചികരുടെതാണ്. അതായത് രുചിയിലെ സൂക്ഷ്മാതി സൂക്ഷ്മമായി ഭേദങ്ങൾ കൃത്യമായി തിരിച്ചറിയാനുള്ള കണിശമായ വിവേചനബുദ്ധിയില്ലാത്തവരാണ്. ചില പരീക്ഷണങ്ങൾ അതു വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഒന്നിൽ “ഫിനൈല്‍തയോ കാർബമൈഡ്' ആണ് പരീക്ഷണോപാധിയാക്കിയത്, അതിന്റെ രുചി വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്തരീതിയിൽ അനുഭവപ്പെട്ടു. ഉത്പത്തി വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണു ഈ രുചിഭേദം വ്യാഖ്യാനിക്കപ്പെടുന്നത്.

സോഡിയം ബെൻസയാറ്റി (Solium benzoate)ന്റെ ഇന്ദ്രിയപരമായ മൂല്യനിർണയവും തുടങ്ങുകയുണ്ടായി. പ്രഭാതഭക്ഷണത്തിനുശേഷം സമ്മേളിച്ച മുതിര്‍ന്ന ആളുകളെയാണു പരീക്ഷിച്ചത്. ഓരോരുത്തർക്കും ആ വെളുത്ത പൗഡർ 0.5 ഗ്രാം വീതം കൊടുത്തു. എന്നാൽ അതു എന്താണെന്ന് അവരെ അറിയിച്ചിരുന്നില്ല. അവരിൽ 30 ശതമാനം പേർക്ക് അത് രുചിയൊന്നുമില്ലാത്തതായും 17 ശതമാനം പേർക്കു ഉപ്പുരസമുളളതായും 15 ശതമാനം പേർക്കു മധുരമായും 10 ശതമാനം പേർക്കു കയ്പുള്ളതായും 9 ശതമാനം പേർക്ക് പുളിപ്പുളളതായും 9 ശതമാനം പേർക്കു മാധുര്യം കലർന്ന ഉപ്പുരസമുള്ളതായും 4 ശതമാനം പേർക്കു ക്ഷാരരസമുള്ളതായും അനുഭവപ്പെട്ടു. 4 ശതമാനം പേർ പറഞ്ഞറിയിക്കാൻ കഴിവില്ലാത്തവരും. 2 ശതമാനം പേര്‍ രുചിവ്യത്യാസം അറിയാൻ പറ്റാത്തവരുമായിരുന്നു.

രുചിയും പോഷണവും

മുകുളത്തിലെ രുചികോശങ്ങളിൽ അജ്ഞാതമായ ഒരു രാസപദാർഥമുണ്ട്. ഒരുപക്ഷേ പോഷണസ്വഭാവമുളളതും ഓരോ രുചിഗുണത്തെയും വ്യത്യാസപ്പെടുത്തുന്നതുമായ, അതായിരിക്കാം രുചിവേദനമുളവാക്കുന്ന മുഖ്യ ഹേതുകം.

രുചിബോധത്തിന്റെ രസതന്ത്രപരമായ അടിസ്ഥാനം അതിന്റെ പോഷണസ്വഭാവമാണ്. കയ്പിന്റെയും മാധുര്യത്തിന്റെയും ബോധമുണ്ടാകുന്നതു സംബന്ധിച്ചു അതു കൂടുതൽ ശരിയാണെന്നു കാണാം.

സ്വാദും മണവും ഫ്ളേവറിനെ വ്യഞ്ജിപ്പിക്കുന്നു. മണം ബാഷ്പശീലത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു പറയാം.

അതിവിദഗ്ധരായ രുചിജ്ഞാനികൾ തിളങ്ങുന്നത് തേയിലയുടെ വിപണനരംഗത്താണ്, അവർ കാതൊഴികെയുള്ള പഞ്ചേന്ദ്രിയങ്ങൾ ഒന്നിച്ചുപയോഗപ്പെടുത്തി തലനാരിഴ കീറിപ്പരിശോധിച്ചു തേയിലയുടെ ഗുണനിലവാരം സൂക്ഷ്മമായി, കൃത്യമായി തിട്ടപ്പെടുത്തുന്നു.

പല തേയിലക്കമ്പനികളും വിദഗ്ധരായ ടേയിസ്റ്റർമാർക്കു വമ്പിച്ച ശമ്പളമാണു നല്കുന്നത്. ടേയിസ്റ്റർമാർ കൂടുതൽ എരിവുള്ള ഭക്ഷണം, മദ്യപാനം, പുകവലി എന്നിവ തീരെ വർജിക്കുന്നു. കാരണം അവ ടേയിസ്റ്റർമാരുടെ രുചിബോധത്തെ വികലമാക്കിയെന്നുവരാം. ചായ രുചിക്കുമ്പോൾ ഇറക്കുവാൻ പാടില്ല. ടെയിസ്റ്റംഗ് മുറിയിൽ നിരനിരയായി വച്ചിരിക്കുന്ന പാത്രങ്ങൾളിൽ പാലും പഞ്ചസാരയും ചേർക്കാത്ത ചായയുടെ പല സാമ്പിളുകളുണ്ടാവും. ഓരോ സാമ്പിളിലേയും രുചിഭേദം കൃത്യമായി തിരിച്ചറിയണം. ഒരു സാമ്പിളിൽനിന്നു അല്പം ചായ ഒരു സ്പൂണിലെടുത്തു ചുണ്ടുകൊണ്ട് ശബ്ദമുണ്ടാക്കി വലിച്ചെടുത്തു നാവിലാക്കി ലിക്കർ വായിലിട്ടു ഒരു വട്ടം കറക്കും. ഉടൻ അടുത്ത സാമ്പിൾ. പലപ്പോഴും നൂറുകണക്കിനു സാമ്പിളുകള്‍ ഒറ്റയടിക്കു രുചിക്കേണ്ടിവരും. അടുത്ത ഒന്നു രണ്ടു നാളത്തേക്കു ഒന്നും കഴിക്കാൻ പറ്റാത്ത പരുവത്തിൽ നാവെത്തിയിരിക്കും.

മൃഗങ്ങളുടെ ഘ്രാണബോധത്തെ കുറിച്ചുകൂടി പ്രതിപാദിക്കാം. അമ്മയുടെ മുലപ്പാൽ മാത്രം കുടിച്ചു വളരുന്ന മൃഗശിശുക്കൾക്കു വാസന അറിയാനുള്ള കഴിവ് ഉണ്ടായിരിക്കുകയില്ല. പിന്നെ മുലകുടി മാറുമ്പോഴാണു മണം പിടിക്കാനുള്ള കഴിവു കുറേശ്ശേ വളരുക. മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രായപൂർത്തിയായാലുടൻ ഘ്രാണബോധം അതിന്റെ മൂർധന്യത്തിൽ എത്തിച്ചേരുകയും നാല്പത്തഞ്ചുവയസ്സിനുശേഷം അതുകുറയുകയും ചെയ്യും.

മൂക്കിലെ മണം പിടിക്കുന്ന ഭാഗം എപ്പോഴും നിറമുള്ളതായിരിക്കും. അതു മനുഷ്യരിൽ മഞ്ഞച്ചും മൃഗങ്ങളിൽ കറുത്തുചെമ്പിച്ചുമിരിക്കും. അങ്ങനെ മൂക്കിൽ നിറമില്ലാത്ത മൃഗങ്ങൾക്കു വിഷബാധയേൽക്കാനെളുപ്പമാണ്. അതിനാൽ വിവരമുള്ള കൃഷിക്കാർ കറുത്തപന്നികളെ മാത്രമേ വളർത്തു, വിവേചനാബോധമില്ലാത്ത വെളുത്തപന്നികൾ വിഷവസ്തുക്കളും ഭക്ഷിക്കും. അവയുടെ മാംസവും വിഷസങ്കലിതമായിരിക്കും.

രുചിയെക്കുറിച്ചുള്ള ഇഷ്ടാനിഷ്ടങ്ങൾ പലപ്പോഴും നിയന്ത്രിക്കുന്നതു നമ്മുടെ ജീവിതാവശ്യങ്ങളാണ്. നമ്മുടെ ശരീരത്തിനു വേണ്ടവയാണ് നാം സാധാരണമായി ഇഷ്ടപ്പെടുക. ലക്ഷക്കണക്കിനു ഘ്രാണകോശങ്ങളും ആയിരക്കണക്കിനു രുചിമുകുളങ്ങളും (ടേയിസ്റ്റ് ബഡ്) മസ്തിഷ്കത്തിലേക്കു പരസഹസ്രം സന്ദേശങ്ങൾ
അയച്ചുകൊണ്ടിരിക്കുന്നു. എങ്കിൽപ്പോലും സ്വാദിന്റെയും മണത്തിന്റെയും അദ്ഭുതകരമായ തരംതിരിക്കൽ കേന്ദ്രങ്ങൾ അവയുമായി നിഷ്പ്രയാസം പൊരുത്തപ്പെടുകയും ഉടൻ ഉറച്ച തീർപ്പു കല്പിക്കുകയും ചെയുന്നു.

ഫൈറ്റോഈസ്ട്രജന്‍-ഒരു വ്യാധിവിരോധി

പ്രകൃതി ചികിത്സാരംഗത്തെ ഒരു നൂതനപ്രതിഭാസമാണ് ഫൈറ്റോഈസ്ട്രജന്‍, പേരത്ര ശ്രുതിസുഖമുള്ളതല്ലെങ്കിലും പ്രകൃതി ജീവന പ്രേമികൾക്ക് അത് അതീവ പ്രിയങ്കരമാണ്. ചേന, പയറുവർഗങ്ങൾ, സോയാബീൻ തുടങ്ങിയ പച്ചക്കറികൾക്കാണ് ഈ പോഷണഗുണം ഭൂഷണമായി വർത്തിക്കുന്നത്.

സോയാബീൻ ഫൈറ്റോഈസ്ട്രജന്‍റെ ഒരു കലവറയാണെന്നു പറയാം. അർബുദം, ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള രോഗങ്ങൾ, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കാൻ ഫൈറ്റോഈസ്ട്രജന്‍ പ്രത്യേക വൈചക്ഷണ്യമുണ്ട്. അതിനാൽ സസ്യാഹാരം സമൃദ്ധമായി കഴിക്കുന്നവർക്ക് അത്തരം രോഗങ്ങളെ അത് ഭയപ്പെടാനില്ല. ശരീരത്തിന്റെ സ്വാഭാവികമായ സവിശേഷതകളെയും അതു സമർഥമായി സംരക്ഷിക്കുന്നു. കാച്ചിൽ, ഉമികളയാത്ത ധാന്യപ്പൊടി, ഗ്രാമ്പു, ചേന, പയറുവർഗങ്ങൾ എന്നിവയിലും ഫൈറ്റോഈസ്റ്റജൻ പ്രഭൂതമായുണ്ട്.

ഫൈറ്റോഈസ്ട്രജന് പ്രധാനമായി രണ്ടുതരം പ്രതിരോധ സമ്പ്രദായങ്ങളാണുള്ളത്. പ്ലാസ്മയിലെ ഈസ്റ്റ്ജൻ നിലവാരം നിയന്ത്രിച്ചു സ്തനാർബുദത്തിനെതിരെ ഫൈറ്റോഈസ്ട്രജന്‍ 'ഫൈറ്റ് ചെയ്യുന്നു.

മാംസാഹാരം പരിച്ഛേദം പരിത്യജിച്ചു സസ്യഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നവരെയും ഫൈറ്റോഈസ്റ്റജൻ, ഹൃദ്രോഗം കടന്നാക്രമണം നടത്തുന്നതിൽനിന്നു കാത്തുരക്ഷിക്കും.

അണ്ഡാശയത്തിലെ തീക്കാ (Theeca), ഗ്രാനുലോസ (Granulosa) എന്നി കോശങ്ങളെ നിർമ്മിക്കുന്നതു ഈ ഈസ്റ്റജനാണ്. ആരോഗ്യശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ പ്രസ്തുത ഈസ്റ്റജൻ പ്രകൃതിദത്തമായ ഒരു സ്റ്റീരോയിഡ് ആണ്. ഈ ഈസ്റ്റജന്റെ ഉത്പാദനത്തിൽ അഡ്രിനൽ ഗ്രന്ഥിയും വളരെ പരിമിതമായ പങ്കുവഹിക്കുന്നുണ്ട്. അതു 'ഈസ്ട്രാഡിഡിയാൾ' ആയി ഉരുവപ്പെടുന്നു.

വിവിധ ശാരീരിക വ്യാപാരങ്ങളിൽ ഈ ഈസ്റ്റജൻ ഇടപെടുന്നുണ്ട്. സ്ത്രീ ശരീരത്തിന്റെ ആക്യതി രൂപപ്പെടുത്തുന്നതിൽ അതു പ്രധാന പങ്ക് വഹിക്കുന്നു. ആർത്തവാരംഭത്തിൽ ഹോർമോണിന്റെ അളവു വര്‍ധിക്കുന്നതിലും അതിനു കൈയുണ്ട്. ഗർഭാശയം. സ്തനം എന്നിവയുടെ ക്രമാതീത വളർച്ചയെ ഈ ഈസ്റ്റജൻ നിയന്ത്രിക്കും. പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിൽ കൊളസ്റ്റാളിന്റെ അളവു കുറവാണ്. ഈ അളവു കുറവിനു മറ്റു ചില ഘടകങ്ങൾക്കു കൂട്ടുനില്ക്കുന്നതും ഈ ഈസ്റ്റജനാണ്. ഫൈറ്റോഈസ്റ്റജൻ കൂടുന്നതും നന്നല്ല. കുറയുന്നതും നന്നല്ല. അതിനെ ആരോഗ്യത്തിനു അനുഗുണമായ നിലയിൽ നിലവാരപ്പെടുത്തി നിയന്ത്രിച്ചു നിറുത്തണം.

ആർത്തവവിരാമകാലത്ത് ഈസ്ട്രജന്റെ അളവു കുറയുന്നതു സ്ത്രീകളെ വല്ലാതെ വലയ്ക്കും. അണ്ഡാശയങ്ങളുടെ പ്രവർത്തനം പൂർണമായ സമാപനത്തിലേക്കു സമീപിക്കുന്നതോടെ അഥവാ അവസാനിക്കുന്നതോടെ സ്ത്രീകളുടെ ദേഹത്തിലെ ഹോർമോണുകളുടെ സമതുലനം അപ്പാടെ അവതാളപ്പെടും. അത് നിദ്രാരാഹിത്യം, തലവേദന, അമിതമായ വിയർപ്പ്, വൈകാരികവ്യതിയാനങ്ങൾ, വിഷാദം, വല്ലാത്ത ചൂട് തുടങ്ങിയ പല ഏടാകൂടങ്ങൾക്കും ഉടലിൽ കൂടൊരുക്കും. അത്രയും കൊണ്ടുമായില്ല. ഈ ഈസ്ട്രജന്റെ കുറവു മൂത്രത്തിൽ അണുബാധയുണ്ടാക്കും, രോമം അമിതമായി വളർത്തും. സ്ത്രീകളുടെ ഉപസ്ഥത്തിൽ വരൾച്ച വരുത്തും. കാൽസിയം കാര്യമായി കുറയ്ക്കും. സ്യൂഡോസൈസിസ് (Psuedlocysis) എന്ന അപൂർവാവസ്ഥയും ഈ ഈസ്റ്റജന്റെ കുറവുണ്ടാക്കും. സ്ത്രീകളുടെ വയറു പെരുപ്പവും, തൂക്കം കൂടുതലും, ക്ഷീണാധിക്യവും കാരണം ഗർഭിണിയാണെന്ന പ്രതീതി ഉളവാക്കുന്ന സ്ഥിതിവിശേഷമാണു സ്യൂഡോസിസ്.

ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള ഇസ്റ്റജൻ ദൗർലഭ്യം പരിഹരിക്കുന്നതിനു നൂതനമായ ഒരു ചികിത്സാസമ്പ്രദായം ആവിഷ്ക്യതമായിട്ടുണ്ട്. അതിനു ഹോർമോൺ പുനർനിക്ഷേപചികിത്സ (ഹോർമോൺ റീപേമെന്റ് തെറാപ്പി) എന്നു പറയുന്നു. പക്ഷേ, ഈ ചികിത്സാരീതി തീർത്തും ദോഷമുക്തമല്ല. ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള പല ശാരീരികപ്രശ്നങ്ങളും, അതു ഒരു പരിധിവരെ പരിഹരിക്കുമെങ്കിലും അതിനു അനാരോഗ്യകരമായ ചില പാർശ്വഫലങ്ങളുണ്ട്. സ്തനാർബുദം എന്ന മാരകരോഗം ഉണ്ടാവാനുള്ള സാധ്യതയാണു കൂടുതലായി മുഴച്ചു നില്ക്കുന്ന കാരണം. അമിതമായ രക്തസ്രാവവും കരൾ രോഗവും മറ്റുമുള്ളവരിൽ ഹോർമോൺ പുനർനിക്ഷേപചികിത്സ നടത്താറില്ല. പ്രസ്തുത ഈസ്റ്റജന്റെ ദൗർലഭ്യത്തെ പരിഹരിക്കാനുള്ള പ്രധാന പ്രവ്യത്തി ഫൈറ്റോഈസ്ട്രജന് സുലഭമായുള്ള ഭക്ഷ്യവസ്തുക്കൾ ആഹരിക്കുകയാണ്. ഹൃദ്രോഗത്തിനു മാത്രമല്ല, പുരുഷന്മാരുടെ വന്ധ്യതയ്ക്കും അത് നല്ലൊരു പ്രതിവിധിയാണെന്നു പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഫൈറ്റോഈസ്ട്രജന് ഐസോഫ്ളോവൺസ് (Isoflavones) എന്ന അപരാഭിധാനവുമുണ്ട്. ഗുണഭൂയിഷ്ഠത കണ്ട് ഫൈറ്റോഈസ്റ്റജൻ അടങ്ങിയ ഭക്ഷ്യപദാർഥങ്ങൾ അമിതമായി ഉപയോഗിച്ചാൽ അതു ആരോഗ്യത്തെ അവതാളത്തിലാക്കും. അമിതമായാൽ അമൃതും വിഷമാണല്ലോ. ഒരു ദിവസം 45 മില്ലിഗ്രാമിൽ കൂടിയാൽ അതു പല കുഴപ്പങ്ങളുമുണ്ടാക്കും. ഗർഭാശയത്തിലെ കോശങ്ങൾ പെരുത്തുണ്ടാകുന്ന പ്രോളിഫറേഷൻ ആൻഡ് എൻഡോമെട്രിയൽ, ഹൈപ്പർപ്ലാസിയോ തുടങ്ങിയ പല പാർശ്വഫലങ്ങൾക്കും അതു പാതയൊരുക്കും. സോയാബീൻ ഭക്ഷിക്കുന്നതിനു മുമ്പും ഭക്ഷിച്ചതിനു പിമ്പുമുള്ള 'ബയോപ്സി' യെടുത്തു നടത്തിയ പരിശോധനയിലാണു അർബുദമുണ്ടാകാനുള്ള സാധ്യത തെളിഞ്ഞു കണ്ടത്.

പാശ്ചാത്യ രാജ്യങ്ങളിൽ ഈ രംഗത്തു ചില പ്രമുഖരായ വൈദ്യശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണനിരീക്ഷണങ്ങൾ കൊണ്ടു വളരെ പ്രയാജനകരമായ പല വസ്തുക്കളും കണ്ടുപിടിക്കാൻ സാധിച്ചിട്ടുണ്ട്, അസ്ഥിക്ഷയം, പ്രോസ്ട്രേറ്റ് കാൻസർ, സ്തനാർബുദം, ഹ്യദാഗം തുടങ്ങിയ മാരകരോഗങ്ങളെ വളരെ ഫലപ്രദമായി പ്രതിരോധിക്കാൻ സോയാബീൻ അടങ്ങിയ ഭക്ഷണത്തിനു അന്യാദൃശക്ഷമതയുണ്ടെന്നും അവരുടെ ശാസ്ത്രീയ പഠനങ്ങളിൽ പ്രകടമായിരിക്കുന്നു. സെറ്റ്മെൽ, ആഡലര്‍ർ ക്രൂസ്സ് എന്നീ വൈദ്യശാസ്ത്ര വിചക്ഷണരാണു പഠനം നടത്തിയത്. യൂറോപ്പും അമേരിക്കയും കൂടാതെ ചൈന, ജപ്പാൻ തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും അത്തരം പഠനങ്ങൾ ഏറെ നടത്തിയിട്ടുണ്ട്, നടക്കുന്നുണ്ട്. അർബുദം, ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള രോഗങ്ങൾ, ഹൃദ്രോഗം തുടങ്ങിയവ സസ്യാഹാരം കഴിക്കുന്നവരിൽ വളരെ കുറവായേ കാണുന്നുള്ളുവെന്നു അവരുടെ പരീക്ഷണങ്ങളിൽ വെളിപ്പെട്ടിരിക്കുന്നു.

"ഭക്ഷണത്തിലെ അമൃത് എന്നാണു ഫൈറ്റോഈസ്ട്രജന്‍ വിശേഷിപ്പിക്കപ്പെടുന്നത്. പ്രസ്തുത വരേണ്യമായ വിശേഷണം തന്നെ അതിന്റെ അദൃശമായ ഗുണവിശേഷം വിശദമാക്കുന്നു.

ഭക്ഷണം സ്വാദിഷ്ഠം, പക്ഷേ, വിഷം ഭൂയിഷ്ഠം

സ്വാദിന്റെ പിന്നാലെ പോകുന്നത് പലപ്പോഴും അപകടകരമാണ്. സ്വാദു കൂട്ടാൻ ഹോട്ടലുകളിലും മറ്റും ചേർക്കുന്ന ചേരുവകളും ആഹാരസാധനങ്ങളുടെ ആകർഷകത്വം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന നിറക്കൂട്ടുകളും ആരോഗ്യത്തിനുവരുത്തുന്ന ഹാനി പരിഭ്രമജനകമാണ്. അവയിൽ അജിനോമോട്ടോ എന്ന പദാർത്ഥത്തിനാണ് സർവപ്രാഥമ്യം. അതിന് ചൈനീസ് സാൾട്ട്, എം.എസ്.ജി. എന്നീ ചെല്ലപ്പേരുകളുമുണ്ട്. അജിനോമോട്ടോ ചേർത്ത പദാർത്ഥങ്ങൾ പതിവായി ഉപയോഗിക്കുന്നതുകൊണ്ട് നെഞ്ചിലും, സന്ധികളിലും, കഴുത്തിനുമുമ്പിലും, പിമ്പിലും കടുത്ത വേദനയും മരവിപ്പും അനുഭവപ്പെടാം, ചിലർക്ക് വയറ്റിളക്കം, തലകറക്കം, തലവേദന എന്നിവയും ഉണ്ടാകും. ദോഷവശങ്ങൾ മനസ്സിലാക്കിയതോടെ അത് ബേബിഫുഡിലും മറ്റും ചേർക്കുന്നത് പല കമ്പനികളും നിറുത്തി വച്ചിരിക്കുകയാണ്.

ലാഭക്കണ്ണുള്ള കൃഷിക്കാർ വിളകൂട്ടാൻ കീടനാശിനികളും മറ്റും കണ്ടമാനം ഉപയോഗിക്കുന്നതുമൂലം നമുക്കു ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ഒരളവോളം വിഷം കലർന്നവയാണ്. നല്ല പച്ചക്കറികളും പഴങ്ങളും ലഭിക്കണമെങ്കിൽ അവ നാം തന്നെ നട്ടുവളർത്തണ്ട സ്ഥിതി വിശേഷമാണ് ഇന്നു ഉള്ളത്. തമിഴ്നാട്ടിൽ നിന്നാണ് ഏറിയകൂറും പച്ചക്കറികൾ കേരളത്തിലെത്തുന്നത്. അവയ്ക്ക് എത്രനാളത്തെ പഴക്കമുണ്ടെന്ന് ദൈവത്തിനു മാത്രമേ അറിയു. പഴക്കം ഒരുപരിധിവരെ സഹിക്കാം. പച്ചക്കറികൾ പറിച്ചുവച്ച് അഞ്ചോ ആറോ മണിക്കൂർ കഴിഞ്ഞാൽ പാതിയോളം പോഷകമൂല്യങ്ങൾ നഷ്ടപ്പെടുമെന്നാണ് ആരോഗ്യശാസ്ത്രജ്ഞരുടെ മതം. എന്നാൽ മണിക്കൂറുകളല്ല, ദിവസങ്ങൾതന്നെ പഴക്കമുള്ളവയാണ് സാധാരണമായി നമുക്ക് ലഭിക്കുന്നത്. ലാഭക്കൊതിയരായ കൃഷിക്കാരും കച്ചവടക്കാരും പുതുമ ഏറെ നാളത്തേക്കു പോകാതിരിക്കാൻ വിഷമയമായ ദ്രാവകം തളിക്കുന്നു. അത്തരം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർക്ക് പലതരം അസുഖങ്ങൾ പിടിപെടും. കൂടാതെ നമ്മുടെ ആധുനികപാചക സമ്പ്രദായങ്ങളും ആരോഗ്യഹാനിക്ക് ആക്കം കൂട്ടുന്നുണ്ട്. വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ വായ്ക്ക് രുചികരമാണെങ്കിലും വയറിന് ദോഷകരമാണ്. വറുക്കാനുപയോഗിക്കുന്ന ചേരുവകകളിൽ ചിലതെങ്കിലും ഉദരത്തിനു പറ്റിയതല്ല. പറ്റാത്തതിന്റെ സാന്നിദ്ധ്യത്തിൽ വയറുവിപ്ലവമുണ്ടാക്കുന്നു. ഗ്യാസ് ട്രബിൾ, വയറ്റിളക്കം, നെഞ്ചെരിച്ചിൽ, ഛർദ്ദി എന്നിവയുടെ രൂപങ്ങളിൽ അവ പ്രകടമാകും. പരിപ്പ്, വൻപയർ, മുതിര എന്നിവയും ഈ രോഗങ്ങളുണ്ടാക്കുന്നതിൽ മുൻപന്തിയിലാണ്. ചെറുപയറും കടലയും അത്രകുഴപ്പക്കാരല്ല.

പച്ചക്കറികളിൽ ഉരുളക്കിഴങ്ങ്, ബീറ്റ്റൂട്ട്, കാബേജ്, ഗ്രീൻ പീസ്, മരച്ചീനി എന്നിവയ്ക്ക് ഗ്യാസുണ്ടാക്കുന്നതിൽ ചാതുര്യമേറും. പഴങ്ങളിൽ ചക്കപ്പഴത്തോളം ഗ്യാസുണ്ടാക്കുന്നത് വേറെ ഉണ്ടെന്നു തോന്നുന്നില്ല.

ഒരുകാര്യം ശ്രദ്ധേയമാണ്. ഗ്യാസിനല്പം പക്ഷപാതിത്വം ഉണ്ട്. ഇത് പിടിപെടുന്നത് ആളും തരവും നോക്കിയാണ്. ഒരാൾക്കു ഗ്യാസുണ്ടാക്കുന്ന പദാർതറം മറ്റൊരാൾക്ക് ഗ്യാസുണ്ടാക്കണമെന്നില്ല. അതുപോലെ ഒരു നേരത്തുകഴിക്കുന്ന ഭക്ഷണം വേറൊരു നേരത്തുകഴിക്കുമ്പോൾ ഗ്യാസുണ്ടായെന്നു വരില്ല. ഉദാഹരണത്തിന് ഒരു ശല്യവുമുണ്ടാക്കാത്ത മദ്ധ്യാഹ്നഭക്ഷണം തന്നെ രാതികഴിക്കുമ്പോൾ ഗ്യാസിന്റെ കുഴപ്പമുണ്ടാകാം.

വീട്ടു ഭക്ഷണവും ഹോട്ടൽ ഭക്ഷണവും തമ്മിൽ അജഗജാന്തരമുണ്ട്. വീട്ടുഭക്ഷണം താരതമ്യേന ആരോഗ്യകരമാണെങ്കിൽ കൂടെക്കൂടെയുള്ള ഹോട്ടൽ ഭക്ഷണം അനാരോഗ്യകരമാണ്. ആളുകളുടെ ആരോഗ്യകാര്യം പാടേ അവഗണിച്ച് ലാഭലോഭികളായ ഹോട്ടലുടമകൾ ഭക്ഷണപദാർത്ഥങ്ങൾക്ക് സ്വാദും നിറവും കൂട്ടാൻ പഞ്ഞം കൂടാതെ നഞ്ഞുകലർത്തുന്നുണ്ട്. കൂടാതെ വനസ്പതി തുടങ്ങിയ എണ്ണകളും ആരോഗ്യം കെടുത്തുന്നതിൽ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. അവ വായയ്ക്ക് കൊള്ളാമെങ്കിലും വയറ്റിനു കൊള്ളുകയില്ല. ഇതിനെല്ലാം പുറമെ, ആഹാരപദാർത്ഥങ്ങളിൽ മായം ചേർക്കുന്നത് ആരോഗ്യത്തിനു മറ്റൊരു ഭീഷണിയാണ്.

വേറൊരു അപകടം പതിയിരിക്കുന്നത് ഭക്ഷണം പൊതിയാനുപയോഗിക്കുന്ന പത്രക്കടലാസിലും ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങളിലുമാണ്. അരിപ്പൊടി, കുടംപുളി, നെയ്യ്, തൈര്, മോരു തുടങ്ങിയവ പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ചു വയ്ക്കുന്നതും, ഉപ്പേരിയും മീനും മറ്റും വറുത്ത് ഉരുളിയിൽ നിന്നോ ചീനചട്ടിയിൽനിന്നാ പത്രക്കടലാസിൽ കോരിയിടുന്നതും വയ്യാവേലി വലിച്ചു വയ്ക്കും. തന്മൂലം രാസവസ്തുക്കൾ ഉള്ളില്‍ക്കടന്ന് പിത്താശയം, വൃക്ക തുടങ്ങിയ ആന്തരാവയവങ്ങൾ വികലമാക്കി പലതരം മാരകരോഗങ്ങൾ ഉണ്ടാക്കുന്നു. പത്രക്കടലാസിൽ വയ്ക്കുന്ന ഭക്ഷ്യസാധനങ്ങൾ അതിലെ അച്ചടിമഷി വലിച്ചെടുക്കും. അച്ചടിമഷിയിൽ പലതരം രോഗജനകമായ വസ്തുക്കളുണ്ട്. അവ അകത്തു കടന്ന് കാൻസർ തുടങ്ങിയ ഭയങ്കര രോഗങ്ങൾ ഉണ്ടാക്കാം.

ബോസ്റ്റണിലെ (അമേരിക്ക) റഫറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ പ്രോഫസർ അനാസോട്ടോ നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക് നിർമ്മിക്കാനുപയോഗിക്കുന്ന ബൈസഫിനോൾ-എ, താലേറ്റ് എന്നീ രാസവസ്തുക്കൾ ഗർഭാശയത്തിലെ ഭ്രൂണത്തിന്റെ വളർച്ച മുരടിപ്പിക്കുമെന്ന് തെളിഞ്ഞിരിക്കുന്നു. ഇത്തരം രാസവസ്തുക്കൾ പുരുഷന്മാരിൽ 'ഷണ്ഡത'യും ഉണ്ടാക്കുമത്രേ.

അച്ചാർ പോലെ ക്ഷാരസ്വഭാവമുള്ള ഭക്ഷ്യവസ്തുക്കൾ പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കുന്നതു ദോഷകരമാണ്. അവയിലെ എണ്ണ പ്ലാസ്റ്റിക് പാത്രത്തിലെ രാസവസ്തുക്കൾ വലിച്ചെടുക്കും. ഇത്തരം എണ്ണ ഉപയോഗിക്കുന്നവർക്ക് പല ഉദരരോഗങ്ങളും ചില ഇതരരോഗങ്ങളും പിടിപെടാനിടയുണ്ട്. പപ്പടം, പൂരി, ഉപ്പേരി തുടങ്ങിയവ വറുക്കാനുപയോഗിക്കുന്ന എണ്ണ സൂക്ഷിച്ചു വച്ച് വീണ്ടും ഉപയോഗിക്കുന്നത് ദോഷകരമാണ്.

പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകി വൃത്തിയാക്കുമ്പോൾ പോറൽ വീഴാതെ സൂക്ഷിക്കണം. പോറലോ വിള്ളലോ വീണപാത്രങ്ങൾ ഭക്ഷണം എടുക്കാൻ ഉപയോഗിക്കരുത്, ഉപയോഗിച്ചാൽ പ്ലാസ്റ്റിക് അംശങ്ങൾ ഭക്ഷണത്തിൽ കലരാനും ആ ഭക്ഷണം ഉപയോഗിക്കുന്നതുകൊണ്ട് നാനാതരം രോഗങ്ങൾ വന്നുപെടാനും കൂടുതൽ സാദ്ധ്യതയുണ്ട്.

വൃക്കയുടെ സുകരമായ പ്രവർത്തനത്തിന് ധാരാളം വെള്ളം കുടിക്കണം. എന്നാൽ വെള്ളത്തിനു പകരം കൊക്കോക്കോളാ, പെപ്സി, കടകളിൽനിന്നു കിട്ടുന്ന സ്ക്വാഷ് തുടങ്ങിയ പാനീയങ്ങൾ കുടിക്കുന്നതുകൊണ്ട് ഗുണത്തിനു പകരം ദോഷമാണുണ്ടാകുക. നല്ല പഴച്ചാറുകൾ, വീട്ടിലുണ്ടാക്കുന്ന മോര്. ചെറുനാരങ്ങാ നീരു ചേർത്ത് തിളപ്പിച്ച വെള്ളം എന്നിവയും ആരോഗ്യകരമായ ദാഹശമനികളാണ്. എന്നാൽ പാനീയങ്ങളിൽ കരിക്കിൻ വെള്ളത്തെ വെല്ലാൻ ഒന്നുമില്ലതന്നെ.

ഉപ്പ് കുറച്ചു ആയുസ്സ് കൂട്ടുക

'ചുക്കില്ലാത്ത കഷായമില്ല’ എന്ന ചൊല്ല്പോലെ ഉപ്പില്ലാത്ത കറിയില്ല. പക്ഷേ, കറിക്കു രസം കൂട്ടാൻ ചേർക്കുന്ന ഉപ്പ് ഒരു വിഷവസ്തുവാണെന്ന വസ്തുത ഏറെപേർക്കും അറിഞ്ഞുകൂടാ. അതിന്റെ നിരന്തരമായ ഉപയോഗം രക്താതിസമ്മർദം, ജലദോഷം തുടങ്ങി പലതരം രോഗങ്ങളും വരുത്തിവയ്ക്കാം. കൂടുതൽ ഉപ്പു ചേർത്ത ഭക്ഷണം പതിവായി കഴിക്കുന്നവർക്കു ഉദരാർബുദം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ ഇരട്ടിയാണെന്നു ആരോഗ്യശാസ്ത്രജ്ഞർ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്.

ദേഹത്തിൽ ഉപ്പിന്റെ ശരിയായ വിഹിതം നിലനിറുത്തുന്നതിനും അധികപ്പറ്റായി വരുന്ന ഉപ്പിനെ വിസർജിക്കുന്നതിനും സഹായിക്കുന്നതു അഡ്രിനൽ കോർടെക്സ് ഹോർമോണുകളാണ്. ഉപ്പ് ആവശ്യത്തിലേറെ കഴിച്ചാൽ പ്രസ്തുത ഹോർമോണിന്റെ പ്രവർത്തനഭാരം വർധിക്കുകയും അതു ശാരീരികമായ പല തകരാറുകൾക്കും കാരണമാവുകയും ചെയ്യും.

ഇന്ന് ഉപ്പിന് അത്രവിലയില്ലെങ്കിലും ഒരു കാലത്തു ഉപ്പു വളരെ വിലപ്പെട്ടതായിരുന്നു. അന്നു റോമയിലെ പട്ടാളക്കാർക്കു പണത്തിനുപകരം ഉപ്പാണു ശമ്പളമായി കൊടുത്തിരുന്നത്. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ പണത്തിനുപകരമായി ഉപ്പു ഉപയോഗിച്ചിരുന്നു. ദാമ്പത്യ ബന്ധത്തിനു അത്രവലിയ വിലയോ, പവിത്രതയോ കല്പിക്കാത്ത ആ ആഫ്രിക്കക്കാർ ഉപ്പിനുപകരം ഭാര്യയെപ്പോലും മാറ്റച്ചരക്കായി ഉപയോഗിച്ചിരുന്നുവത്രേ.

കുഞ്ചൻനമ്പ്യാർ ഉപ്പുവില്പനക്കാരനുപോലും ഒരു വിലയും നിലയും കല്പിച്ചിരുന്നില്ല. അതുകൊണ്ടാണല്ലൊ അദ്ദേഹം

'ഉപ്പും വിറ്റുനടക്കുന്നവന്

കർപ്പൂരത്തിന്റെ വിലയറിയാമോ?"

എന്നു ചോദിച്ചത്.

പക്ഷേ, ഉപ്പിനെ അത്ര കൊച്ചായിക്കാണാനാവില്ല. അതുകൊണ്ട് പല ഉപയോഗങ്ങളുമുണ്ട്. ആധുനിക ഔഷധനിർമാണ വ്യവസായരംഗത്ത് ഉപ്പ് ഒരപരിഹാര്യവസ്തുവാണ്. ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിച്ചുവരുന്നു. ഉരുക്ക്, വളം എന്നിവയുടെ നിർമിതിക്കും ഉപ്പു വേണം. ഉപ്പും കൂടി ഉപയോഗിച്ചാണ് ചില ലോഹങ്ങൾ ഉരുക്കുന്നത്. എണ്ണകളും കൊഴുപ്പുകളും ശുദ്ധീകരിക്കാനും ഉപ്പ് ഉപയോഗിക്കുന്നു. വിമാനകേന്ദ്രങ്ങളിൽനിന്നു മഞ്ഞുകട്ട നീക്കുന്നതു ഉപ്പു കൊണ്ടാണ്. കൂടാതെ തോൽ ഊറക്കിടാനും ചായങ്ങൾ ഉണ്ടാക്കാനും ദന്തചൂർണം നിർമിക്കാനും മറ്റും ഉപ്പു ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്ത്യൻ സ്വാതന്ത്യ സമരവുമായും ഉപ്പിനു സാരമായ ബന്ധമുണ്ട്. 1836-ലെ സാൾട്ടുകമ്മീഷന്റെ ശുപാർശപ്രകാരം ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പിന്റെ കുത്തകാവകാശം സർക്കാർ ഏറ്റെടുത്തു. അതു ബിട്ടീഷുകാരുടെ കയറ്റുമതി വ്യാപാരത്തെ പ്രോത്സാഹിപ്പിച്ചെങ്കിലും ഭാരതീയർക്കു വിനയായി പരിണമിച്ചു. തുടർന്ന് നാട്ടിലുടനീളം ഉത്കടമായ പ്രക്ഷോഭണം ഇരമ്പി. ഉപ്പ് ഉത്പാദിപ്പിച്ച് ഉപജീവനം നടത്തിയിരുന്ന ഗുജറാത്തിലെ സാധാരണ ജനങ്ങളെ അതു പട്ടിണിയിലാഴ്ത്തി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 'ഉപ്പു നിയമം മാറ്റുക എന്ന മുദ്രാവാക്യവുമായി പ്രക്ഷോഭണത്തിനു മുന്നിട്ടിറങ്ങി. ഉപ്പുനിയമം ലംഘിക്കാൻ ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡി തിരഞ്ഞെടുത്തു. 320 കി. മീറ്റർ ദൂരെയുള്ള സബർമതി ആശ്രമത്തിൽനിന്ന് 1930 മാർച്ച് 12-നു ദണ്ഡിയിലേക്കു പുറപ്പെട്ടു. ഏപ്രിൽ 5-നു ദണ്ഡിയിലെത്തി. 6-ാം തീയതി പ്രഭാതത്തിൽ കടലിൽ കുളിച്ചശേഷം കുറച്ചു സമുദ്രജലം വറ്റിച്ച് ഉപ്പുണ്ടാക്കി. അങ്ങനെ ബ്രിട്ടീഷുകാരുടെ ഉപ്പുനിയമത്തെ തൃണവത്ഗണിച്ചു ലംഘിച്ചു.

ഈ അല്പമായ മണ്ഡൂകപ്ലൂതം നിറുത്തി കാര്യത്തിന്റെ കാതലിലേക്കു കടക്കാം. സോഡിയവും ക്ലോറിനും ചേർന്നുണ്ടാകുന്ന യൗഗികമാണ് ഉപ്പ്. ഭക്ഷണപദാർഥങ്ങളിൽ ചേർക്കുന്ന ലവണമായതുകൊണ്ട് അതിനെ കറിയുപ്പ് എന്നു പറയുന്നു.

അപരിഷ്കൃതരായ പ്രാചീന ജനങ്ങൾ ഉപ്പ് ഉപയോഗിച്ചിരുന്നില്ല. പ്രക്യത്യാഭക്ഷണപദാർഥങ്ങളിലുള്ള ലവണങ്ങൾ കൊണ്ടുതന്നെ അവർക്കു ആരോഗ്യം ലഭിച്ചിരുന്നു. പരിഷ്കാരത്തിന്റെ പ്രചരണത്തോടെയാണ് ഉപ്പ് ഭക്ഷ്യപദാർഥങ്ങളിൽ കടന്നുപറ്റി നിത്യജീവിതത്തിലെ മാറ്റി നിറുത്താനാവാത്ത ഘടകമായിത്തീർന്നത്. എന്തിനേറെ! ദൈവാരാധനയിൽ ഇതര ധാന്യങ്ങളോടൊപ്പം ഉപ്പും ഒരു അർച്ചനാദ്രവ്യമായിത്തീർന്നു. ചില പെരുന്നാളുകളിൽ ഭക്തന്മാർക്കു ഉപ്പും കുരുമുളകുമാണു നിവേദ്യമായി കൊടുക്കുന്നത്.

കറിയുപ്പിനു മുഖ്യമായി നാലു സ്രോതസ്സുകളാണുള്ളത്. സമുദ്രജലം, തടാകത്തിലെ ഉപ്പുകലർന്ന വെള്ളം, പാറയുപ്പുണ്ടാക്കുന്ന ഖനികൾ, ഉപ്പു, കലർന്ന മണ്ണ്.

സമുദ്രജലത്തിൽ ശരാശരി 3 ശതമാനം കറിയുപ്പു കലർന്നിട്ടുണ്ട്. ഇന്ത്യയിൽ കടലിൽനിന്നു ഏകദേശം 40 ലക്ഷം ടണ്ണും തടാകങ്ങളിൽനിന്നു 4000 -ത്തിലേറെ ടണ്ണും കറിയുപ്പും ശേഖരിക്കുന്നു.

മനുഷ്യനു അത്യാവശ്യം വേണ്ട കറിയുപ്പിന്റെ അളവ് എത്രയാണെന്നു ഇതേവരെ തിട്ടപ്പെടുത്തിയിട്ടില്ല. പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ സോഡിയത്തിന്റെ അംശം വളരെ കുറവാണെങ്കിലും പാകപ്പെടുത്തുമ്പോൾ ഉപ്പ് ഉപയോഗിക്കുന്നതിനാൽ അതിന്റെ കുറവ് അത്ര അനുഭവപ്പെടാറില്ല. മനുഷ്യരുടെയും ജന്തുക്കളുടെയും ഉപചയാപചയങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്ന ഒരു ലോഹഅയോൺ ആണു സോഡിയം. ധാരാളം വിയർക്കേണ്ടിവരുന്ന അവസരങ്ങളിൽ കറിയുപ്പു കൂടുതൽ ഉപയോഗിക്കണം.

പലരും സാധാരണയായി ഉപയോഗിക്കുന്ന പോപ്കോൺ ബിസ്കറ്റ്, (കീം ക്രാക്കർ, ചിപ്സ്, മീൻ, വെണ്ണ, ഉണക്കമീൻ, വീറ്റ് ഫ്ളെയിക്ക്, ചോളം, വേഗം വേവുന്ന ഓട്സ്, ഇറച്ചി, ഡപ്പിസൂപ്പ്, ടിന്നിലാക്കിയതോ തണുപ്പിച്ചതോ ആയ ഉണക്കിയ മലക്കറികൾ തുടങ്ങിയവയിൽ ലവണാംശം വളരെ കൂടുതലുണ്ട്. ഉപ്പിലിട്ട ഭക്ഷ്യവസ്തുക്കൾ കേടുവരാതെ സൂക്ഷിക്കുന്ന ഇന്നത്തെ പുത്തൻ ഭക്ഷ്യസംസ്കരണ സമ്പ്രദായങ്ങളെല്ലാം ലവണാംശം കൂട്ടുന്നവയാണ്. ഒരു പൊട്ടറ്റോ ചിപ്സ് കഷണത്തിൽ അതേ വലുപ്പത്തിലുള്ള ഉരുളക്കിഴങ്ങു കഷണത്തിലുള്ളതിനേക്കാൾ മുന്നുറ്റിനാല്പതിരട്ടി ലവണാംശം കൂടുതലുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.

സാധാരണ ഉപ്പ് (സോഡിയം ക്ലോറൈഡ്) ഭക്ഷ്യവസ്തുക്കളിലുള്ള ലവണങ്ങളിൽ ഒന്നുമാത്രമാണ്. കേക്കും, പേസ്ട്രിയും, ബഡും, ബന്നും മറ്റും ഉണ്ടാക്കാൻ സോഡിയം കാർബണേറ്റ് എന്ന ലവണയിനത്തിൽപെട്ട് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറുമാണ് ഉപയോഗിക്കുന്നത്. പൂപ്പു വരാതിരിക്കാൻ സോഡിയം പ്രാപ്പിയനൈറ്റ് എന്ന ലവണവും ചേർക്കാറുണ്ട്. സോഡിയം നൈട്രേറ്റു ചേർത്താണു മാംസം കേടുവരാതെ സംസ്കരിക്കുന്നത്. മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷനുകളിലെയും മറ്റും ജലശുദ്ധീകരണപദ്ധതികൾ ജലത്തിൽ ആവശ്യത്തിലേറെ ലവണാംശം കൂട്ടുന്നുണ്ട്.

ഒരാള്‍ക്ക് എത്രമാത്രം ഉപ്പ് ആവശ്യമുണ്ട്. ഉത്തരം ലളിതം. ഭക്ഷണപദാർഥത്തിൽ പ്രകൃത്യാ ഉള്ള ലവണാംശം മാത്രമേ ആവശ്യമുള്ളൂ. പിന്നെ രുചിക്കുവേണ്ടി അപ്രാകൃതികമായ ഉപ്പു കറികളിലും മറ്റും കൂട്ടി മനുഷ്യൻ ആയുസ്സ് കുറയ്ക്കുകയാണ്.

ഉപ്പ് പ്രകൃതിക്കു ചേർന്ന ഭക്ഷ്യവസ്തുവല്ല. കൊച്ചുകുട്ടികൾക്കു ഉപ്പ് ഒട്ടും ഇഷ്ടമല്ല. എന്നാൽ പഴങ്ങളും പച്ചക്കറികളും കൊടുത്തു നോക്ക് അവർ രുചിയോടെ യഥേഷ്ടം കഴിക്കും. അതു ഭക്ഷ്യവസ്തുവല്ലെന്നതിനു മറ്റൊരു തെളിവ് ലോകത്തിൽ പലവർഗ്ഗക്കാരും പക്ഷിമൃഗാദികളും അത് ഉപയോഗിക്കുന്നില്ലെന്നുള്ളതാണ്. മൈന തുടങ്ങിയ ചെറിയ ഇനം പക്ഷികള്‍ ഉപ്പ് കഴിച്ചാല്‍ ചത്തുപോകും.

അൾജീരിയയിലെ ആദിവാസികളും കൊളമ്പിയ നദിയുടെ തീരദേശവാസികളും ഉപ്പു ഒട്ടും ഉപയോഗിക്കാത്തവരാണ്. സഹാറാ മരുഭൂമിയിലെ ബദു  വർഗക്കാർക്ക് ഉപ്പ് ഉപയോഗിക്കുന്നതു മാനക്കേടാണ്. മധ്യാഫ്രിക്കയിലെ ആദിവാസികളും ശാന്തമഹാസമുദ്രത്തിലെ മധ്യദ്വീപുനിവാസികളും സെലേറിയയിലെ ആദിവാസികളും ചീനയിലെ ചില ഉൾനാടുകളിലുള്ളവരും ഉപ്പിനോടു വെറുപ്പുളളവരാണ്. ജോർജ് സ്റ്റീഫൻസൺ 'ആർക്ക് ടിക് പര്യവേക്ഷണം' എന്ന തന്റെ ഗ്രന്ഥത്തിൽ എസ്കിമോ ജാതിക്കാർക്കു ഉപ്പിനോടുള്ള അറപ്പും വെറുപ്പും വ്യക്തമാക്കിയിട്ടുണ്ട്.

ഉപ്പിനു കുറവുകൾ മാത്രമല്ലാ, കുറച്ചൊക്കെ മികവുകളുമുണ്ട്. കുരുമുളകുപൊടിയും ഉപ്പും ചേർത്തുകഴിച്ചാൽ തൊണ്ടവേദനയും തൊണ്ട കാറലും ശമിക്കും. ചിലരെ വായനാറ്റം വല്ലാതെ അലട്ടാറുണ്ട്. അത്തരക്കാർ ഉപ്പിട്ടു തിളപ്പിച്ചാറ്റിയ വെളളം പലതവണ കവിൾക്കൊണ്ടശേഷം ശുദ്ധജലം കൊണ്ടു വായ കഴുകി വൃത്തിയാക്കി രണ്ട് ഏലയ്ക്ക ചവയ്ക്കുക. ഇങ്ങനെ ഏതാനും നാൾ ചെയ്താൽ പിന്നെ വായനാറ്റമുണ്ടാവുകയില്ല. ദന്തരോഗങ്ങളിൽ നിന്നു രക്ഷപ്പെടുകയും ചെയ്യാം.

ഉപ്പുപൊടിച്ചു നെയ്യിൽ ചേർത്തു ചുണ്ടിൽ പുരട്ടിയാൽ ചുണ്ടു വിണ്ടുകീറുന്നതു മാറും, വെള്ളരിക്ക ഉപ്പു ചേർത്തു കഴിച്ചാൽ ദഹനശക്തി വർധിക്കും. ഇളം ചൂടുള്ള ഉപ്പുവെള്ളം കവിൾക്കൊള്ളുകയും തൊണ്ടക്കുഴിയിൽ കുറച്ചുനേരം നിറുത്തുകയും ചെയ്താൽ തൊണ്ടയിലെ കഫക്കെട്ടിനു ശമനം കിട്ടും. മുരിങ്ങയിലയും ഉപ്പും ചേർത്ത് അരച്ചുപുരട്ടിയാൽ ദേഹത്തിലെ നീരു വേഗം വലിയും. ഉപ്പു കുട്ടികളുടെ കരപ്പൻ രോഗത്തെയും തുരത്തും. ചെറു ചൂടുള്ള ഉപ്പുവെള്ളത്തിൽ തുണിമുക്കി കരപ്പനു മുകളിൽ ചുറ്റിക്കെട്ടണം, വെള്ളം വലിഞ്ഞുകഴിഞ്ഞാൽ ഇതാവർത്തിക്കണം. ഇങ്ങനെ ഒരാഴ്ച ചെയ്താൽ കരപ്പൻ മാറും.

ദേഹത്തിൽ ഉപ്പിന്റെ അളവു വേണ്ടതിലേറെ കുറഞ്ഞാൽ കൈകാലുകൾക്കു കോച്ചലുണ്ടാകും. പേശികളിൽ തീവ്രമായ വേദനയോടെയുണ്ടാകുന്ന സങ്കോചങ്ങളാണു രോഗലക്ഷണം. നല്ല പച്ചവെള്ളത്തിൽ ഒരു ചായക്കരണ്ടി ഉപ്പു കലർത്തി കുടിച്ചാൽ കോച്ചൽ ശമിക്കും.

കറിയുപ്പ് വെളിച്ചെണ്ണയിൽ ചേർത്തു കാച്ചി തലയിൽ തേച്ചാൽ തലയിലെ ചുണങ്ങ്, നീരിറക്കം, മുടി കൊഴിച്ചിൽ എന്നിവ ഇല്ലാതാകും.

ഉപ്പു ചേർത്തു കാച്ചിയ വെളിച്ചെണ്ണ തേച്ചു കുളിച്ചാൽ ചൊറിച്ചിലിനും വ്രണത്തിനും ആശ്വാസം കിട്ടും.

തീപ്പൊള്ളൽ, ചതവ്, വിരൽപഴുപ്പ് എന്നിവയ്ക്കു ഉപ്പു വെള്ളം കൊണ്ട് ധാരനടത്തുകയോ, ഉപ്പു ചേർത്തു കാച്ചിയ എണ്ണ പുരട്ടുകയോ ചെയ്താൽ നല്ല ശമനം കിട്ടും.

കടന്നൽ, തേനീച്ച തുടങ്ങിയവയുടെ കുത്തലിനും പ്രസ്തുത പ്രയോഗം നല്ല പ്രതിവിധിയാണ്.

ഇന്തുപ്പ് ഒരുകഴഞ്ച്, ജീരകം രണ്ടുകഴഞ്ച്, അയമോദകം മൂന്നുകഴഞ്ച്, തിപ്പലി നാലുകഴഞ്ച്, കടുക്കാത്തോടു പതിനഞ്ചു കഴഞ്ച്, ചുക്ക് അരക്കഴഞ്ച് ഇവ കഴുകിയുണക്കിപ്പൊടിച്ചു ശീലപ്പൊടിയാക്കി സൂക്ഷിക്കുക. ഇവ കുറേശ്ശേ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറ്റുനോവും വായുകോപവും ശമിക്കും, ചൂടുവെള്ളത്തിൽ കഴിച്ചാൽ വയറ്റിളക്കം മാറും.

ഓരോ കിലോ ഉപ്പു നിറച്ച് നാലു തുണിസഞ്ചികൾ രണ്ടു തോളിലും ദേഹത്തിലെ ചർമത്തോടു ചേർത്തുതുക്കിയിട്ടു വിയർക്കും വരെ നടക്കണം. ഇങ്ങനെ ഏതാനും ആഴ്ചകൾ ചെയ്താൽ സ്പോൺഡിലൈറ്റിസ് എന്ന അസുഖത്തിനു നല്ല ശമനം കിട്ടുന്നതാണ്. ഉപ്പു നിറച്ച തുണിസഞ്ചി നടുവിനു നാലുപുറത്തും വച്ചു കെട്ടിയാൽ നടുവേദന മാറും.

ഉപ്പ് ഒരു വേദനസംഹാരിയാണ്, ദേഹമാകെ വേദന തോന്നുമ്പോൾ ഒരു പിടി ഉപ്പുചേർത്ത് വെള്ളത്തിൽ കുളിച്ചാൽ വേദനമാറും. അതൊരു അണുനാശകം കൂടിയാണ്. അതുകൊണ്ടാണു മുറിവുകൾ കഴുകാൻ ഉപ്പുവെള്ളം ഉപയോഗിക്കുന്നത്. ഒരു സ്പൂൺ ഉപ്പുപൊടി കൈയിൽത്തിരുമ്മിപ്പിടിച്ചു അല്പനേരം ആവിപിടിക്കുകയോ ചെറുചൂടുവെള്ളത്തിൽ കൈ കഴുകുകയോ ചെയ്താൽ ചേമ്പും ചേനയും മറ്റും കൈയിൽ പിടിച്ചു ചെത്തിയതുകൊണ്ടുള്ള ചൊറിച്ചിൽ മാറും.

ഫ്രിഡ്ജും മറ്റും പ്രചാരത്തിൽ വരും മുമ്പ് കറിക്കുള്ള അരപ്പുകൾ നേരത്തെ അരച്ച് മീതെ ഉപ്പു വിതറി വയ്ക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ ചെയ്താൽ കറി രണ്ടോ മൂന്നോ ദിവസം കേടുകൂടാതെ ഇരിക്കുമായിരുന്നു. തെങ്ങിൻതടത്തിൽ ഉപ്പു ചേർത്താൽ ഈർപ്പം വേനലിലും നിലനിൽക്കും. മാത്രമല്ല ഉപ്പു തെങ്ങിനു വളത്തിന്റെ ഫലവും ചെയ്യും. വിറക് അടുക്കുമ്പോൾ ഇടയ്ക്കിടക്ക് ഉപ്പ് വിതറിയാൽ ചിതലിന്റെ ശല്യമുണ്ടാവുകയില്ല.

ക്ഷുദ്ര കീടങ്ങൾ കുത്തിയാൽ കുത്തിയഭാഗത്തുനിന്നു അവയുടെ മുള്ള് എടുത്തുകളഞ്ഞു അല്പം ഉപ്പുപൊടിച്ചു തിരുമ്മിയാൽ ദുസ്സഹമായ കടച്ചിലും വേദനയും വേഗം മാറും. കടിയേറ്റഭാഗം വീങ്ങുകയുമില്ല.

ഉപ്പുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. ഒരു രാജാവ് പുത്രിമാരെ വിളിച്ചു അദ്ദേഹത്തോടു എത്രമാത്രം സ്നേഹമുണ്ടെന്നു ചോദിച്ചു. മൂത്തപുത്രി പറഞ്ഞു. തനിക്ക് അച്ഛനോട് തന്റെ ജീവനേക്കാളേറെ സ്നേഹമുണ്ടെന്ന്. രണ്ടാമത്തെ പുത്രി പറഞ്ഞു തനിക്കു അച്ഛനോട് ഒരാനയോളം സ്നേഹമുണ്ട്. മൂന്നാമത്തെ പുത്രി പറഞ്ഞു തനിക്ക് അച്ഛനോട് കടലോളം സ്നേഹ മുണ്ടെന്ന്. നാലാമത്തെ പുതിയും പിന്നിലാകാൻ ഒരുങ്ങിയില്ല. അവൾ പറഞ്ഞു തനിക്കു അച്ഛനോട് ആകാശത്തോളം സ്നേഹമുണ്ടെന്ന്. ഇതെല്ലാം കേട്ട് ഒരു കോണിൽ ഒതുങ്ങി നിന്നിരുന്ന ഏറ്റവും ഇളയ മകൾ പറഞ്ഞു "എനിക്ക് അച്ഛനെ ഉപ്പോളം ഇഷ്ട്ടമാണ്'. അതുകേട്ട് രാജാവിനു ദേഷ്യം വന്നു. അതിനാൽ സ്വത്തു വീതംവച്ചപ്പോൾ അവൾക്കുമാത്രം വീതം കൊടുത്തില്ല. അവളും ഭർത്താവും പണിയെടുത്തു നിത്യവൃത്തി കഴിച്ചുവന്നു. രാജാവ് പണക്കാരായ പെൺമക്കളുടെ വീടുകളിൽ ഊഴമിട്ടു പാർത്തുവന്നു. കാലക്രമത്തിൽ ആ പണക്കാരികൾക്കു അച്ഛനെ കൂടെ പാർപ്പിച്ചു പോറ്റുന്നതു പറ്റാതായി, ഒടുവിൽ എല്ലാവരും രാജാവിനെ അവരവരുടെ വീടുകളിൽ നിന്നു പുറത്താക്കി, ഒടുവിൽ ദുഃഖിതനും അശരണനുമായ രാജാവ് ഏറ്റവും ഇളയ മകളുടെ വീട്ടിൽത്തന്നെ ചെന്നു. അവൾ അച്ഛനെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. അപ്പോഴേയ്ക്കും സ്ഥിര പരിശ്രമം കൊണ്ട് അവർ സമ്പന്നരായിക്കഴിഞ്ഞിരുന്നു. ക്ഷീണിച്ചു തളർന്നുചെന്ന് അച്ഛനു മകൾ വിഭവസമൃദ്ധമായ ഊണു നല്കി. പക്ഷേ ഭക്ഷണത്തിൽ ഉപ്പു ചേർത്തിരുന്നില്ല. ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റാതെ അദ്ദേഹം കുഴങ്ങി. അപ്പോഴാണു രാജാവിനു മകൾ പണ്ടുപറഞ്ഞതിന്റെ പൊരുൾ തിരിഞ്ഞത്.

ഉപ്പുരസത്തിന്റെ പര്യായം ലാവണ്യമാണ്. അതുതന്നെ ഉപ്പിന്റെ മേന്മയ്ക്ക് ഉദാഹരണമാണ്. പണ്ട് ദാനം ചെയ്യാനായി ഉപ്പുകൊണ്ടുണ്ടാക്കിരുന്ന പശുവിനെ "ലവണധേനു' എന്നാണു പറഞ്ഞിരുന്നത്. ദാനം ചെയ്യുമ്പോൾ ചൊല്ലേണ്ട മന്ത്രത്തിന്റെ പേരു 'ലവണമന്ത്രം' എന്നാണ്. ദാനം ചെയ്യാൻ സജ്ജമാക്കുന്ന ഉപ്പുകുന്ന് "ലവണാചലം'.

ഉപ്പു മൂന്നുതരമുണ്ട്. ഇന്തുപ്പ്, വിളയുപ്പ്, സുവർച്ചിലയുപ്പ്. അവയിൽ ഇന്തുപ്പാണു ഉത്തമം. അതുകൊണ്ട് അതിനെ ലവണോത്തമമെന്നു പറയുന്നു. ഉപ്പിന്റെ ചരിത്രത്തിലേക്കു കടന്നാൽ അതിന് അത്ര പ്രാചീനതയ്ക്ക് അവകാശമില്ലെന്നു കാണാം. പുരാതനകാലത്തെ ജനങ്ങൾ ഉപ്പിന്റെ ഉപയോഗത്തെക്കുറിച്ച് അജ്ഞരായിരുന്നു. രണ്ടായിരത്തഞ്ഞൂറു കൊല്ലങ്ങൾക്കു മുമ്പു വിരചിതവും ഗ്രീക്കു സാഹിത്യത്തിലെ ഇതിഹാസഗ്രന്ഥവുമായ 'ഇലിയറ്റ് അൻഡ് ഒഡീസിയിലെ വീര കഥാപാത്രമായ ഒഡീസ്സ തന്റെ യാത്രാമധ്യേ ഒരു ദ്വീപിൽ തങ്ങാൻ ഇടയായപ്പോൾ അവിടത്തെ ജനങ്ങളോട് ഉപ്പിനെക്കുറിച്ച് സംസാരിച്ചു. അവർ ഭക്ഷണത്തിൽ ഉപ്പു ചേർത്തപ്പോൾ കൂടുതൽ സ്വാദുള്ളതായി അനുഭവപ്പെട്ടു. തുടർന്ന് അവർ ഉപ്പ് ഉപയോഗിച്ചു തുടങ്ങി.

ഇന്ത്യയിലെ തോഡർ എന്ന മലവർഗക്കാർ ഉപ്പ് ഉപയോഗിച്ചിരുന്നില്ല. തന്മൂലം അവർ നല്ല ആരോഗ്യവാന്മാരായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ അവരുടെ ആ നല്ലശീലത്തെ വികലമാക്കി. ഭക്ഷണത്തിൽ ഉപ്പ് ചേർത്ത് ഉപയോഗിക്കാൻ അവരെ ഉപദേശിച്ചു. ഉപ്പു ചേർത്തപ്പോൾ ആഹാരത്തിനു കൂടുതൽ രുചി തോന്നി. പിന്നെ ഉപ്പു ചേർക്കാതെ ആഹാരം കഴിക്കാൻ പറ്റാത്ത നിലയായി. അതോടെ ബ്രിട്ടീഷുകാരുടെ ഉപ്പു വ്യാപാരം കൊഴുക്കുകയും അവൻ ലാഭം വാരിക്കൂട്ടുകയും ചെയ്തു.

ബൈബിൾ പ്രകാരം ജൂതന്മാർ ഉപ്പിനെ ബുദ്ധിയുടെയും ആത്മാർഥതയുടെയും പ്രതീകമായി കരുതിയിരുന്നു.

ഇന്ത്യയിൽ വിശിഷ്ടാതിഥികളെയും മറ്റും പൂച്ചെണ്ടു നല്കി സ്വീകരിക്കുകയാണല്ലോ പതിവ്. എന്നാൽ ചില നാടുകളിൽ ഉപ്പു നല്കിയാണു സ്വീകരിക്കുന്നത്.

സഹാറാ മരുഭൂമിയിൽ ഒരു റോഡിന്റെ പേര് 'സാൾട്ട് റോഡ്' എന്നാണെന്നും അവിടത്തെ ആളുകളുടെ മുഖ്യ വരുമാനമാർഗം ഉപ്പു വ്യവസായമാണെന്നും സുപ്രസിദ്ധ ചരിത്രകാരൻ ഹെർഡോട്ട്സ് രേഖപ്പെടുത്തിയിരിക്കുന്നു.

ഉപ്പിനെക്കുറിച്ചു ചില അന്ധവിശ്വാസങ്ങളുണ്ട്. വിശ്വവിശ്രുത ചിത്രകാരൻ ലീയാനാഡോ ഡാവിഞ്ചി ആലേഖനം ചെയ്ത അവസാനത്തെ അത്താഴം(ലാസ്റ്റ് സപ്പർ) എന്ന ചിത്രത്തിൽ ജൂദാസ്സിന്റെ സമീപമുള്ള ഒരു ഉപ്പു ഭരണി മറിഞ്ഞു കിടപ്പുണ്ട്. അത് ഒരു അശുഭലക്ഷണമായി ചിലർ കരുതുന്നു.

മുമ്പ് റഷ്യയിൽ വിവാഹം തുടങ്ങിയ ചടങ്ങുകളിൽ ഉപ്പു തളിക്കുക പതിവായിരുന്നു. അപ്രകാരം ചെയ്യുന്നതുകൊണ്ട് ആ ഗൃഹത്തിൽ ശാന്തിയും സമാധാനവും സമ്പന്നതയും കളിയാടുമെന്നായിരുന്നു അവരുടെ വിശ്വാസം. അപരിഷ്കൃതരായ ചില വർഗക്കാർക്കിടയിൽ ഗൃഹത്തിൽ ആദ്യം ജനിക്കുന്ന ശിശുവിനെ ഉപ്പു വെള്ളത്തിൽ മുക്കിയെടുക്കുന്ന ആചാരം ഇപ്പോഴും നിലനില്ക്കുന്നതായി പറയപ്പെടുന്നു. അങ്ങനെ ചെയ്യുന്നതുകൊണ്ട് ശിശുവിനു നല്ല ആരോഗ്യമുണ്ടാകുമെന്നാണ് അവരുടെ വിശ്വാസം.

ഇംഗ്ലീഷിൽ ഉപ്പുമായി ബന്ധപ്പെട്ട ചില പദപ്രയോഗങ്ങളുണ്ട്. Above or below the Salt മാന്യരോ നിന്ദ്യരോ ആയ അതിഥികൾ, Cast salt on one’s tail ഒരുത്തനെ പിടിക്കുക, Salt of the earth ലോകത്തിലെ ഉന്നത ജാതി "To take with a grain of salt പൂർണമായി വിശ്വസിക്കാതിരിക്കുക, To eat one’s Salt  വിരുന്നുന്നുക.

തൈരുകുട്ടി ആരോഗ്യം കൂട്ടുക

പ്രാചീനകാലം മുതൽക്കേ ഭാരതീയർ തൈരിനു ഭക്ഷ്യവിഭവങ്ങളിൽ മുഖ്യസ്ഥാനം നല്കിയിരുന്നു. പാശ്ചാത്യർ ഭാരതീയരോളം ദധിപ്രിയരാണെന്നു തോന്നുന്നില്ല.

തൈരിലെ പ്രോട്ടീൻ പാലിലെ പ്രോട്ടീനിനേക്കാൾ വേഗം ദഹിക്കും. ദേഹത്തിലെ ചർമത്തിനും നാഡികൾക്കും തൈരിലെ പോഷകാംശങ്ങൾ നവോന്മേഷം നല്കുന്നു. ചർമത്തെ കൂടുതൽ മൃദുവാക്കുന്ന ഒരുതരം ബാക്ടീരിയ തൈരിലുണ്ട്.

ദധി സൗന്ദര്യവർധകം കൂടിയാണ്. കാൽകപ്പു തൈരും ഒരു ടേബിൾ സ്പ്പൂൺ ഓറഞ്ചുനീരും ചേർത്തു മുഖത്തു പുരട്ടി പതിനഞ്ചോ, ഇരുപതോ മിനിറ്റു കഴിഞ്ഞു കഴുകിക്കളയുക. ഇങ്ങനെ തുടർച്ചയായി കുറച്ചുനാൾ ചെയ്താൽ മുഖസൗന്ദര്യം ദ്വിഗുണീഭവിക്കും.

ഓട്ടുമീലിന്റെയും തൈരിന്റെയും മിശ്രിതം മേനിയിൽ തേച്ചാൽ ചർമത്തിനു മിനുപ്പും മൃദുത്വവും കൂടും.

തൈര്, തീക്ഷ്ണമായ വെയിലേറ്റുണ്ടാകുന്ന അസുഖങ്ങൾ മാറ്റും. ദേഹത്തിലെ ദുർമേദസ്സ് ദുരീകരിക്കാനും ചിലതരം അർബുദങ്ങൾ തടയാനും തൈരിനുകഴിയും.

പാൽപുളിപ്പിച്ചാണല്ലൊ തൈരുണ്ടാക്കുന്നത്. പുളിക്കുമ്പോൾ പാലിലെ പ്രോട്ടീന്റെ അളവ് വളരെയേറെ വർധിക്കുന്നു. അപ്പോൾ തെരിൽ ആൽക്കഹോൾ, കാർബൺഡയോക്സൈഡ്, ലാക്റ്റിക് ആസിഡ്, വിറ്റാമിനുകൾ തുടങ്ങിയവ ഉണ്ടാകുന്നു. കൂടാതെ "വിറ്റമിൻ ബി'യുടെ അളവ് ഇരട്ടിയാകും. ശരീരത്തെ ബലപ്പെടുത്താനും രോഗങ്ങളെ പ്രതിരോധിക്കാനുമുള്ള ശക്തി തൈരിനു നല്കുന്നതു ഈ ഘടകങ്ങളാണ്.

ദേഹം, മണിക്കൂറിൽ പാലിന്റെ മുപ്പത്തഞ്ചുശതമാനം ആഗിരണം ചെയ്യുമ്പോൾ തൈരിന്റെ തൊണ്ണൂറു ശതമാനം ആഗിരണം ചെയ്യുന്നു. തൈരിലെ 'മെതിയോണൽ' എന്ന അമിനോആസിഡ് കരളിലെ അമിതമായ മേദസ്സുമാറ്റുകയും ഹൃദ്രോഗത്തിനു ഹേതുകമായ 'ആർട്ടറിയോസ് ക്ലെരോസിസ്സ്' ലഘുകരിക്കുകയും ചെയ്യും.

ബാൾക്കൻ രാജ്യങ്ങളിലെ ജനങ്ങളുടെ അനന്യസാമാന്യമായ ആരോഗ്യത്തിന്റെയും ദീർഘായുസ്സിന്റെയും രഹസ്യം നല്ല പുളിയുള്ള തൈരിന്റെ സുലഭമായ ഉപയോഗമാണെന്നു നോബൽ സമ്മാനം നേടിയ 'മെച്ച് കിനോഫ് എന്ന ശാസ്ത്രജ്ഞന്റെ പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ദഹനേന്ദ്രിയങ്ങളിലെ അമ്ലത്വം നേരിയ തോതിൽ വർധിപ്പിച്ച് തൈരു കുടലിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്നു. തൈരിലെ ‘ലാക്റ്റോബാസിലസ് ബാക്റ്റീരിയ’ ഉത്പാദിപ്പിക്കുന്ന ലാക്ടിക് ആസിഡ് രോഗഹേതുകങ്ങളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും ചെയ്യും.

തൈരിന്റെയും തൈരുത്പന്നങ്ങളുടെയും നിരന്തരമായ ഉപയോഗം രക്തത്തിലെ പ്രതിരോധകോശങ്ങളുടെ എണ്ണം കൂട്ടിയും ദേഹത്തിനു വളരെ ഉപകാരകമായ എൻസൈമുകളുടെ ഉത്പാദനം വർധിപ്പിച്ചും പ്രതിരോധശക്തി പെരുപ്പിക്കുന്നു.

തൈര് പഞ്ചസാരയോ, ഉപ്പും ജീരകമോ, ഇഞ്ചിയും ഉള്ളിയുമോ ചേർത്ത് ഉപയോഗിക്കാറുണ്ട്.

ആയുർവേദമനുസരിച്ചു തൈര് ദിവസവും കഴിക്കുന്നതു നന്നല്ല. ചൂടാക്കി കഴിക്കുന്നതും ദോഷകരമാണ്. പുളിക്കാത്ത മധുരമുള്ള തൈരും ആരോഗ്യകരമല്ല. തൈര് അരുചിയും വിശപ്പില്ലായ്മയും മാറ്റും. തൈരിന്റെ കൂടെ ചെറുപയര്‍, തേൻ, നെല്ലിക്ക എന്നിവ ചേർത്തു കഴിക്കുന്നതു ആരോഗ്യവർധകവും തൈരിന്റെ ദോഷാംശനാശകവുമാണ്.

മുളപ്പിച്ച ധാന്യം പോഷണബഹുലം

ജീവിതത്തിന്റെ സുഗമമായ പുരോഗതിക്കു ആരോഗ്യം അനിവാര്യമാണ്. അതിനാൽ ശരീരത്തെ ആരോഗ്യവത്തായി പരിരക്ഷിക്കേണ്ടതു ഓരോ വ്യക്തിയുടെയും പരമപ്രധാനമായ കർത്തവ്യമത്രേ, ഭാരതം പോലുള്ള വികസ്വര രാജ്യത്ത് ആവശ്യകമായ പോഷകാംശമുള്ള ഭക്ഷണം വേണ്ടത്ര ലഭിക്കുക ദുഷ്കരമാണ്. ആപ്പിൾ, പൈനാപ്പിൾ, ഓറഞ്ചു തുടങ്ങിയ വിലകൂടിയ പഴങ്ങൾ സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം ആർഭാടവസ്തുക്കളാണ്. പ്രസ്തുത സാഹചര്യത്തിൽ ദേഹത്തിനു വേണ്ട അളവിൽ പോഷകാംശം ലഭിക്കാൻ എന്തുണ്ടുമാർഗം? അങ്ങനെ അന്തമായ അനിശ്ചിതത്വത്തിന് ആധാരമില്ല. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്നല്ലേ ചൊല്ല്. വഴി നമ്മുടെ മുമ്പിൽത്തന്നെയുണ്ട്. അതു തിരിച്ചറിയാത്ത കുറവേയുള്ളൂ. ദേഹത്തിലെ വിറ്റാമിന്റേയും പ്രോട്ടീനിന്റെയും ദൗർലഭ്യം പരിഹരിച്ചു പര്യാപ്തമാത്രയിൽ പോഷണം നല്കുന്ന അപരാർധ്യപദാർഥമേതാണെന്നല്ലേ? അതേവർക്കും സുപരിചിതമാണ്. നാം നിത്യം ഉപയോഗിക്കുന്ന ധാന്യമില്ലേ? അതൊന്നു മുളപ്പിക്കുകയേ വേണ്ടു. പോഷണ സമൃദ്ധമായ ആഹാരം സാകാരമായി.

പ്രാചീന ഭാരതത്തിലെ ചില മഹർഷിമാർ മുളപ്പിച്ച ധാന്യങ്ങളും പഴങ്ങളും മാത്രം ഭക്ഷിച്ചാണു കാലയാപനം ചെയ്തിരുന്നത്. മുളപ്പിച്ച ധാന്യം വേവിച്ചോ, വേവിക്കാതെയോ ഉപയോഗിക്കാം. പ്രകൃതിതന്നെ അതിനെ ആവശ്യത്തിനുതകുംവിധം വേവിച്ചിട്ടുണ്ട്. പിന്നെ മനുഷ്യൻ കൂടുതൽ വേവിക്കേണ്ട ആവശ്യമില്ല. വേണ്ടത്ര ഉപ്പും മുളകും (കുരുമുളകാണു നല്ലത്) മറ്റും ചേർത്ത് ഉപയോഗിക്കുകയേ വേണ്ടു. അതു ശുദ്ധ സസ്യാഹാരികൾക്കു വളരെ പഥ്യമുള്ള സാത്ത്വിക ഭക്ഷണമാണ്. ഭഗവത്ഗീതയെപ്പോലുള്ള മഹദ്ഗ്രന്ഥത്തിൽ സാത്ത്വിക ഭക്ഷണത്തെക്കുറിച്ച് പരാമർശമുണ്ട്.

ആയുഃ സത്ത്വബലാരോഗ്യ-

സുഖപ്രീതിവിവർധനാ:

രസ്യാ: സ്നിഗ്ധാ സ്ഥിരഹൃദ്യാ

ആഹാരാ: സാത്ത്വികപ്രിയാ:

ആയുസ്സ്, ഓജസ്സ്, ബലം, ആരോഗ്യം, സുഖം, തൃപ്തി ഇവ വർധിപ്പിക്കുന്നവയും മെഴുക്കും രസവുമുള്ളവയും പുഷ്ടിപ്രദവും ഹിതകരവുമായ ആഹാരങ്ങളാണു സാത്വികപ്രിയങ്ങൾ.

ആഹാരവും മനസ്സും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. ആഹാരതീതി അനുസരിച്ചാണു ഒരാളുടെ സ്വഭാവം രൂപപ്പെടുക. സത്ത്വഗുണപ്രധാനമായ ആഹാരം കഴിക്കുന്നവൻ സാത്ത്വികനും (ശിഷ്ടനും) രജോഗുണ പ്രധാനമായ ആഹാരം ഭക്ഷിക്കുന്നവൻ രാജസനും (ലൗകികനും) തമോഗുണ പ്രധാനമായ ആഹാരം കഴിക്കുന്നവൻ താമസനും (ദുഷ്ടനും) ആയിരിക്കും. സാത്ത്വികസ്വഭാവത്തിനു ലളിതവും അകൃത്രിമവുമായ ആഹാരം അപരിഹാര്യമാണ്. മുളപ്പിച്ച ധാന്യമാണ് യഥാർഥമായ സാത്ത്വികാഹാരം. നാവിന് രുചികരം ദേഹത്തിനു ഹിതകരം ആവണമെന്നില്ല. മാംസവും മധുരപലഹാരങ്ങളും മറ്റും പലർക്കും രുചികരമാണ്. പക്ഷേ അവ ദഹനത്തിനു ഗുണകരമല്ല. അവയുടെ നിരന്തരമായ ഉപയോഗം പല രോഗങ്ങൾക്കും കാരണമാകും. വേഗം ദഹിക്കുന്നതും പോഷണാത്മകവുമായ ഭക്ഷണമാണു ആരോഗ്യപ്രദം. മുളപ്പിച്ച ധാന്യങ്ങളിൽനിന്നും ശരീരത്തിന് ആവശ്യകമായ എല്ലാതരം പോഷണങ്ങളും ലഭിക്കുന്നു. അതിനു വിലയോ തുച്ചം ഗുണം മെച്ചവും. പാകം ചെയ്യാനാണെങ്കിൽ നേരവും കുറച്ചുമതി.

ഏതു ധാന്യവും വീട്ടിൽ സൗകര്യപൂർവം മുളപ്പിക്കാം. അതിനു കുടുംബിനിയോ കുടുംബാംഗങ്ങളോ വിശേഷിച്ചു പണിപ്പെടണമെന്നില്ല. ചെറുപയറ്, നിലക്കടല, കടല, സോയാബീൻ, നെല്ല് തുടങ്ങിയവ മുളപ്പിച്ച് പച്ചയ്ക്കു (വേവിക്കാതേ) കഴിക്കാം. മുളപ്പിച്ച ധാന്യത്തിന് അതിന്റെതായ ഗുണ വിശേഷമുണ്ട്. കാരണം കൃതിമമായി, അപ്രാക്യതികമായി പാകം ചെയ്ത് സ്വാദിഷ്ഠമാക്കുന്നതുകൊണ്ട് ദേഹത്തിനു ആവശ്യമുള്ള പല പോഷകാംശങ്ങളും നഷ്ടപ്പെടുന്നു. മുളപ്പിച്ച ധാന്യം ഭക്ഷിക്കുന്നത് കൊണ്ട് എണ്ണയ്ക്കും, കറിക്കൂട്ടിനും ഇന്ധനത്തിനും മറ്റും വേണ്ടിവരുന്ന അനാവശ്യമായ ചെലവ് ഒഴിവാക്കാം. മിതവ്യയം എന്ന ആദർശത്തിന്റെ അധിഷ്ഠാനത്തില്‍ ജീവിതം നയിക്കുകയും ചെയ്യാം.

മുളപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ പ്രാധാന്യം മഹാത്മാഗാന്ധി തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വേവിക്കാത്ത ആഹാരം വേവിച്ചതിനേക്കാൾ തീർത്തും ഉത്കൃഷ്ടവും മനുഷ്യരുടെ ആരാധ്യത്തിനു ഉത്തമവുമാകുന്നു. പ്രസിദ്ധ തത്ത്വചിന്തകനായ റൂസ്സോവിന്റെ പ്രകൃതിയിലേക്കു പ്രത്യാഗമിക്കുക എന്ന ആഹ്വാനത്തിൽ അടങ്ങിയിരിക്കുന്ന ആശയവും മറ്റൊന്നല്ല. മനുഷ്യർ പ്രകൃതിയിൽ നിന്നും അകലുംതോറും കൃത്രിമത്വത്തിന്റെ ആവരണത്തിൽപ്പെട്ടു  ആപത്കരമായ രോഗങ്ങളെ വിളിച്ചു വരുത്തുന്നു.

ധാന്യം മുളപ്പിക്കുന്നതു വളരെ ലളിതമാണ്. അതിനു വിശേഷിച്ചു വ്യയമോ ശ്രമമോവേണ്ട. ധാന്യം പന്ത്രണ്ടു മണിക്കൂർ വരെ വെള്ളത്തിൽ കുതിർത്തുവച്ചശേഷം പന്ത്രണ്ടു മണിക്കൂർ വരെ ശുദ്ധമായ തുണിയിൽ കെട്ടിവയ്ക്കുകയോ വേണ്ടൂ, മുളപ്പിച്ച പോഷക ഭക്ഷണം തയ്യാർ! ചിലപ്പോൾ അത്രയും സമയത്തിനു മുമ്പും ധാന്യം മുളച്ചെന്നുവരാം. എന്നും പ്രാതലായി കഴിക്കാൻ തക്കവണ്ണം ധാന്യം കുതിർത്ത മുളയ്ക്കാൻ വയ്ക്കാവുന്നതാണ്. സാധാരണക്കാരിൽ സാധാരണനും ധനികരിൽ ധനികനും ഇപ്രകാരം ആരോഗ്യം സംരക്ഷിക്കാൻ കഴിയും.

മുളപ്പിച്ച ധാന്യത്തിന്റെ തൊലി(തോട്)യിൽ ധാരാളം സൾഫറിക് ആസിടുണ്ട്. സോയാബീനിൽ ക്ഷാരീയ പദാർഥങ്ങളുടെ കലവറയാണ്. മുളപ്പിച്ച കടല വേഗം ദഹിക്കും. അതു സമീകൃതാഹാരം കൂടിയാണ്. ഭാരതത്തിലെ അധ്വാനിക്കുന്ന തൊഴിലാളികൾക്ക് മുളപ്പിച്ച ധാന്യം വളരെ പ്രയോജനകരവും ശക്തിവർധകവുമാണ്. മുളപ്പിച്ച നിലക്കടല കൊണ്ടു പാലുണ്ടാക്കാനും സാധിക്കും. പ്രോട്ടീനിന്റെ ഭണ്ഡാരമാണ് സോയാബീൻ. ഇതിന്റെ എന്നുമുള്ള ഉപഭോഗം അവയവങ്ങളെ ശക്തിപ്പെടുത്തുകയും ദഹനശക്തി വർധിപ്പിക്കുകയും ചെയ്യും. മുളപ്പിച്ച ധാന്യത്തോടൊപ്പം തക്കാളി, കാരറ്റ്, ചെറുനാരങ്ങ നീര്, ഇഞ്ചി നീര് തുടങ്ങിയവ ചേർത്തു രുചികരമായ സലാഡും ഉണ്ടാക്കാം.

മുളപ്പിച്ച ധാന്യം ലളിതമായ ലഘുഭക്ഷണമാണ്. അതു കഫാധിക്യവും പിത്താധിക്യവും ഇല്ലാതാക്കും. സോയാബീൻ മുളപ്പിച്ചശേഷം അരച്ചു പാലുണ്ടാക്കുകയും ആ പാലിൽ ഉറ ചേർത്തു തൈരുണ്ടാക്കുകയും ചെയ്യാം. രസതന്ത്രപരമായ വിശ്ലേഷണത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ ദേഹത്തിന് ആവശ്യമുള്ള എല്ലാ പോഷക പദാർഥങ്ങളുമടങ്ങിയിട്ടുണ്ട്. മുളപ്പിച്ച ധാന്യത്തിന്റെ പോഷണപരമായ മൂല്യാതിരേകത്തെ പരിഗണിച്ചു പ്രകൃതി ചികിത്സകർ അതു കൂടുതൽ കൂടുതൽ ആഹാരത്തിൽ ഉൾപ്പെടുത്താൻ ഉപദേശിക്കുന്നു. കാരണം ഇത്ര മേന്മയുള്ള ആഹാരത്തിനു ചെലവും കുറവുമതി ശ്രമവും കുറവുമതി. അത് ഉപയോഗിക്കുന്നതുകൊണ്ട് ഒരുതരത്തിലുള്ള ഉദര പ്രശ്നങ്ങളും ഉദ്ഭവിക്കുന്നില്ല. ഉദര സംബന്ധിയായ തകരാറുകളാണല്ലോ സകല രോഗങ്ങൾക്കും കാരണം. പ്രകൃതിയിൽനിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഒരു ആഹാരരീതിയും ആരോഗ്യത്തിന് അനുഗുണമല്ല. വല്ലതുമൊക്കെ വാരിവലിച്ചു തിന്നുന്നതുകൊണ്ട് വയറുനിറയ്ക്കാമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല. മറിച്ച് ദോഷങ്ങളുണ്ടുതാനും. അതു പല ഉദരരോഗങ്ങളും വിളിച്ചുവരുത്തും.

യന്ത്രങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ആഹാരപദാർഥങ്ങൾക്ക് വിലകൂടും. അതേസമയം ഗുണം കുറയുകയും ചെയ്യും. മനോഹരമായ ഡബ്ബകളിലും വർണാഞ്ചിതമായ പായ്ക്കറ്റുകളിലും മറ്റും വിപണിയിലെത്തുന്ന ബിസ്കറ്റ്, ചോക്കലൈറ്റുകൾ തുടങ്ങിയവ പോഷണഗുണത്തിന്റെ കാര്യത്തിൽ തീരെ ദരിദ്രങ്ങളാണ്. ഗോതമ്പിലും അരിയിലും തവിടുകളയുന്നതോടെ അവയിലെ 'വിറ്റാമിൻ ബി' നഷ്ടപ്പെടുന്നു. എന്നാൽ മുളപ്പിച്ച ഗോതമ്പിൽ വിറ്റാമിൻ അതേപടി നിലനില്ക്കും. മുളപ്പിച്ച ധാന്യം മുളകും ഉപ്പും ചേർക്കാതെ ചേർക്കാതെ കഴിക്കുന്നതാണു നല്ലത്. വേണമെങ്കിൽ രുചികൂട്ടാൻ കുറച്ചു ചിരകിയ തേങ്ങ ചേര്‍ക്കാം.

ഭാരതത്തിൽ ഇന്നു സാമാന്യജനങ്ങളുടെ ആരോഗ്യസ്ഥിതി വേണ്ടത്ര കലോറിയുടെ അളവു കുറവുകൊണ്ട് ശോചനീയാവസ്ഥയിലാണ്. ഉപ്പു തൊട്ടു കർപ്പൂരം വരെയുള്ള സകല സാധനങ്ങൾക്കും തീപിടിച്ച വിലയുള്ള ഇക്കാലത്തു മുളപ്പിച്ച ധാന്യത്തിന്റെ ആഹാരം പാവപ്പെട്ടവർക്കു ഒരു അനുഗ്രഹമത്രേ. അവർക്കു ആ അനുഗ്രഹം ഉപയോഗപ്പെടുത്താനുള്ള വകതിരിവു വേണമെന്നേയുള്ളു. പോഷണ സമൃദ്ധമായ മുളപ്പിച്ച ധാന്യത്തിന്റെ ആരോഗ്യപരമായ പ്രാധാന്യത്തെക്കുറിച്ചു സാധാരണ ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതു വളരെ പ്രയോജനകരവും ഉപകാരപ്രദവുമായിരിക്കും. നമ്മുടെ നാട്ടിലെ പാതിയിലേറെയും ജനങ്ങൾ പോഷണക്കുറവിന്റെ ഇരകളാണ്. നാട്ടുകാരുടെ ആരോഗ്യനിലവാരം വികസിതരാജ്യങ്ങളിലെ ജനങ്ങളുടെതുമായി തട്ടിച്ചു നോക്കുമ്പോൾ എത്രയോ താഴ്ന്ന തലത്തിലാണ്. മുളപ്പിച്ച ധാന്യാഹാരത്തിന്റെ വ്യാപകമായ ഉപയോഗം അഥവാ ഉപഭോഗം പ്രസ്തുത പോഷണക്കുറവിനെ വലിയ ഒരളവോളം പരിഹരിക്കും.

കടപ്പാട്: പ്രകൃതിചികിത്സ

എം.കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

 

3.11764705882
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top