Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / പ്രകൃതി ചികിത്സ / പ്രകൃതിചികിത്സ ഉത്ഭവവും ഉന്നമനവും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പ്രകൃതിചികിത്സ ഉത്ഭവവും ഉന്നമനവും

കൂടുതല്‍ വിവരങ്ങള്‍

പ്രകൃതി ഒരു മഹാസുന്ദരി

ഉത്പത്തി പുസ്തകത്തിന്റെ (ബൈബിൾ) ഒന്നാം അധ്യായത്തിൽ പറയുന്നു ആറാം ദിവസത്തിന്റെ അന്ത്യത്തിൽ "ദൈവം താൻ സ്യഷ്ടിച്ചതെല്ലാം കണ്ടു. അവ വളരെ മികവുറ്റതായി മനസ്സിലാക്കി. ചിലവ മാത്രമല്ലാ, ഓരോ വസ്തുവും വെറും മികവുറ്റവയല്ല ഏറെ മികവുറ്റവ. എന്നാൽ നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ സൗന്ദര്യം എത്ര പേർ ആസ്വദിക്കുന്നുണ്ട്. ആധുനിക ജീവിതത്തിന്റെ പ്രാരാബ്ധങ്ങളിലും പരക്കം പാച്ചിലിലുംപെട്ട അവർ ആനന്ദാനുഭൂതി നഷ്ടപ്പെടുത്തുന്നു.

പ്രഖ്യാത ഗ്രന്ഥകാരൻ ഹാമെർട്ടൻ (Hamerton) അദ്ദേഹത്തിന്റെ സുപ്രസിദ്ധഗ്രന്ഥമായ ലാൻഡ് സ്കേപ് (Land scape)ൽ അനിർവചനീയമായ നാലു പുതിയ അനുഭവങ്ങളെപ്പറ്റി പരാമർശിക്കുന്നുണ്ട്.

  • സമുദ്രത്തിന്റെ പ്രഥമദർശനം
  • മരുഭൂമിയിലേക്കുള്ള പ്രഥമ യാത്ര
  • അഗ്നിപർവതത്തിൽനിന്നു പൊട്ടിയൊഴുകുന്ന ലാവയുടെ കാഴ്ച
  • വലിയ ഹിമസംഹതി (പർവതത്തിന്റെ മുകളിൽ നിന്നു സൂര്യാതപത്താൽ ഉരുകി കീഴോട്ടു മന്ദ മന്ദം പ്രവഹിക്കുന്ന മഞ്ഞ്)യിലൂടെയുള്ള നടത്തം.

അവയുടെ ദൃശ്യസുഷമ വിവരിക്കാൻ വാക്കുകൾ അസമർഥങ്ങളാണ്.

എന്നാൽ പലരും കരുതുന്നത്, അവർ ജീവിക്കുന്നതു ഈ ലോകത്തിലാണെങ്കിലും അവർക്കു ഈ ലോകവുമായി ബന്ധമില്ലെന്ന മട്ടിലാണ്. അവർ കണ്ണുകളുണ്ടെങ്കിലും കാണുന്നില്ല. കാതുകളുണ്ടെങ്കിലും കേൾക്കുന്നില്ല. ഒരു വസ്തുവിനെ വെറുതേ കണ്ടാൽപ്പോരാ, വേണ്ടവണ്ണം കാണണം. കാണുക കാണാതിരിക്കുന്നതിനേക്കാൾ എളുപ്പമാണ്. എന്നാൽ ഒന്നിനെ വേണ്ടവണ്ണം കണ്ടറിയുക മഹത്തായ ഒരു സിദ്ധിയാണ്. റസ്കിന്റെ അഭിപ്രായത്തിൽ ലോകത്തിൽ മനുഷ്യനു ചെയ്യാവുന്ന ഒരു വലിയ കാര്യം "വേണ്ടവയെക്കാണുകയും കണ്ടവയെക്കുറിച്ച് ലളിതമായ രീതിയിൽ വിവരിക്കുകയുമാണ്.’

ശ്രദ്ധയുള്ള കണ്ണിനു വർഷത്തിലെ ഓരോ നിമിഷത്തിനും അതിന്റേതായ സൗന്ദര്യമുള്ളതായി കാണാൻ കഴിയു'മെന്ന് എമേഴ്സൺ (Emerson) പറയുന്നു. മാത്രമല്ല, ഓരോ മണിക്കൂറിലും മുമ്പു കണ്ടിട്ടില്ലാത്തതും മേലില്‍ കാണാൻ പറ്റാത്തതുമായ ചിത്രമാണു ദർശിക്കുന്നത്. പ്രതിനിമിഷം വർത്തനം ചെയ്തുകൊണ്ടിരിക്കുന്ന സ്വർഗം അതിന്റെ ഇരുളും വെളിച്ചവും ഭൂമിയിൽ പ്രതിബിംബിപ്പിക്കുന്നു.

പ്രകൃതി പ്രേമം വലിയൊരു സിദ്ധിയാണ്. അതിന്റെ അഭാവം ഒരിക്കലും നികത്താനാവാത്ത നഷ്ടമാണെന്നു പറയാം. എന്നുവച്ച് പ്രകൃതി പ്രേമമില്ലാത്തവൻ അധമനും ഉള്ളവൻ തീർത്തും ഉത്തമനുമാണെന്നർഥമില്ല. പക്ഷേ പ്രകൃതി പ്രേമം മനസ്സിനു പ്രഹർഷമുണ്ടാക്കും. മനസ്സ് പ്രഹൃഷ്ടമായാൽ വപുസ്സ് .ബലിഷ്ഠമാകും. അതിനാൽ മാനസികാമോദവും ശാരീരികാരോഗ്യവും പരസ്പരാപേക്ഷകങ്ങളാണു, പരസ്പരപൂരകങ്ങളാണ്. പ്രസിദ്ധ പാശ്ചാത്യ സാഹിത്യകാരി കോബ്ലി (Coble)ന്റെ പക്ഷത്തിൽ സൗന്ദര്യമെന്ന കവാടത്തിലൂടെയാണു ക്ഷേത്രത്തിലേക്കു പ്രവേശിക്കേണ്ടത്.

സൂര്യന്റെ ഉദയാസ്തമയങ്ങൾ പോലുള്ള പ്രകൃതിയുടെ ചേതോഹരമായ അദ്ഭുതങ്ങൾ ചിലരെ ആഹ്ലാദഭരിതരാക്കുന്നു. കരകാണാക്കടലിന്റെ കാഴ്ചയാണ് ചിലർക്കു കൗതുകകരമെങ്കിൽ അതിന്റെ ആഴവും പരപ്പുമാണ് ചിലർക്കു പ്രിയങ്കരം. കൊടുങ്കാറ്റുകൊണ്ടു പ്രകമ്പനം കൊള്ളുന്നതോ കിളികളുടെ കളകൂജനം കൊണ്ടു മുഖരിതമായതോ ആയ കാടുകളും, ഉത്തുംഗമായ പർവതങ്ങളും മറ്റും ചിലരുടെ ഹൃദയങ്ങളെ സ്പർശിച്ചെന്നു വരില്ല. സ്വർഗത്തിലേയും ഭൂമിയിലേയും അത്തരം മഹിമാതിരേകങ്ങൾ അവരുടെ ശ്രദ്ധയെ തെല്ലുതഴുകാത്ത നിത്യനിസ്സാര സംഭവങ്ങളാണ്.

അത്തരക്കാർ തീർച്ചയായും അനുകമ്പ അർഹിക്കുന്നവരാണ്. പക്ഷേ ഭാഗ്യവശാൽ അവരുടെ സംഖ്യ വളരെ വിരളമത്രെ. ഭൂരിഭാഗം പേരും പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നതിൽ ആസക്തരാണ്. വസന്തകാലത്തിന്റെ പ്രാരംഭത്തിനു ഒരു പ്രത്യേക ചാരുതയുണ്ട്. ജീവിതം തന്നെ സമൃദ്ധം. വായു പരിമളഭരിതം, സൂര്യാതപം സുഖാവഹം, ചിത്താകർഷകം നാമ്പുനീട്ടുന്ന തൃണങ്ങളുടെ നർത്തനം നയനമോഹനം, തരുലതാദികളിലെ വികസിതങ്ങളായ പുഷ്പങ്ങളുടെ പുഷ്കലമായ സുഗന്ധത്തിന്റെ പ്രസരണം പ്രഹർഷപ്രദം.

ജെഫെറീസ് (Gefferies) എന്ന സാഹിത്യകാരൻ തന്റെ 'പാഞ്ജന്റെ ഓഫ് സമ്മർ' (pageant of summer) എന്ന കൃതിയിൽ പ്രകൃതി സൗന്ദര്യത്തെ കുറിച്ചു സരസമായി വർണിച്ചിട്ടുണ്ട്. “നീണ്ട തൃണങ്ങളുടെയും ഇലച്ചാർത്തിന്റെ ഇടതൂർമയുടെയും വായുവിന്റെ മർമരത്തിന്റെയും മധ്യത്തിൽ വർത്തിക്കുകയാണ് എനിക്കിഷ്ടം. സൂര്യപ്രകാശം നവോന്മേഷം പ്രദാനം ചെയ്യുന്നതായും തെക്കൻ കാറ്റ് ജീവിതത്തിന്റെ ഭവ്യഭാഗത്തേക്ക് ആഹ്വാനം ചെയ്യുന്നതായും പ്രതീതി ജനിപ്പിക്കുന്നു.'

‘കുരുത്ത പുല്ലുകളിൽ നിന്നും പെരുത്ത പ്രതങ്ങളിൽ നിന്നും പടർന്നു പന്തലിച്ച വൃക്ഷത്തഴപ്പിൽ നിന്നും കരുമാലിക്കിളികളുടെ നിഷ്കളങ്കമായ സന്തോഷത്തിൽനിന്നും ഞാൻ ഉന്മേഷം ഉൾക്കൊള്ളുന്നു.'

"കരുമാലിക്കിളികളുടെ കളഗാനത്തിലെ ഒരു രാഗം എന്റേതാണ്. ചോളങ്ങളുടെ ചാഞ്ചാട്ടം എനിക്കുവേണ്ടിയാണ്; ചലനം അവയുടേതാണെങ്കിലും പുഷ്പങ്ങൾ ആയിരക്കണക്കിനു മുഖങ്ങളോടെ പ്രഭാതത്തിന്റെ ചുംബനങ്ങൾ സമാഹരിക്കുന്നു. അവ അനുഭവിച്ചുകൊണ്ടു അവയുടെ ജീവിതത്തിന്റെ പൂർണത എനിക്കും അനുഭവപ്പെടുന്നു. പ്രകൃതിസൗന്ദര്യത്തിൽ ആമഗ്നമാകുന്ന അനുത്തമസമയത്തുമാത്രമാണു നാം യഥാർഥത്തിൽ ജീവിക്കുന്നത്. അങ്ങനെ എത്ര കണ്ടു വർത്തിക്കാൻ കഴിയുമോ അത്ര കണ്ടു വർത്തിക്കണം. ആ മുഹൂർത്തത്തിലാണു ആത്മാവ് ആനന്ദത്തിലാറാടുന്നത്. മനസ്സ് സന്തോഷഭരിതമാകുന്നത്. അതുമാത്രമാണു യഥാർഥജീവിതം മറ്റുള്ളതെല്ലാം വെറും മിഥ്യ.'

നിർഭയം പ്രശാന്തവും സുന്ദരവും ആയിരിക്കുക എന്നതാണു പ്രകൃതിയുടെ ആദർശം, ഓരോ ഋതുവിനും അതിന്റേതായ ഋജുത്വവും ഭംഗിയുമുണ്ട്. ടെനിസ (Tennyson)ന്റെ ഒരു ഗീതകമുണ്ട്.

"The daughters of the year

Dance into light and die in the shade.’

"വർഷത്തിന്റെ പുത്രിമാർ വെളിച്ചത്തിൽ നൃത്തം ചെയ്ത തണലിൽ മരിക്കുന്നു.'

പക്ഷിമൃഗാദികളോട് സ്നേഹപൂർവം പെരുമാറിയാൽ അവയും നമ്മോട് സ്നേഹത്തോടെ പെരുമാറും, വിശ്വാസത്തോടെ അടുത്തുവന്നു പുന്നാരം പ്രകടിപ്പിക്കും. അവയുടെ ശരീരഘടനയും സ്വഭാവവിശേഷങ്ങളും ബുദ്ധിശക്തിയും, മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിദ്യയുമൊക്കെ പഠനവിധേയമാക്കുക അതിരറ്റ അദ്ഭുതവും രസവുമുളവാക്കും.

പുഷ്പങ്ങൾ മാത്രമല്ല, പത്രങ്ങളും പ്രകൃതിസൗന്ദര്യം വർദ്ധിപ്പിക്കുന്നു. റസ്കിന്റെ അഭിപ്രായത്തിൽ “പുഷ്പങ്ങൾ പാവങ്ങൾക്കു ഒരു സാന്ത്വനമാണ്.' അശോകവും, മുല്ലയും, തേന്മാവും, കണിക്കൊന്നയും, പിച്ചകവും, റോസയും, താമരയും മറ്റും പൂത്തുനില്ക്കുന്ന കാഴ്ച എത്ര ഹൃദയാഹ്ലാദകരമാണ്.

വസന്തം, വർഷം, ഹേമന്തം, ശരത്, ഗ്രീഷ്മം എന്നീ കാലങ്ങളിലെല്ലാം കാട്ടിലും മേട്ടിലും കടല്‍ത്തീരങ്ങളിലും കായലോരങ്ങളിലും തടാകങ്ങളിലുമൊക്കെ സസ്യലതാദികൾ എത്ര നേത്രാനന്ദകരമാണ്.

ചില ആദിവാസികൾ ഇന്നും വൃക്ഷാരാധകരാണ്. വൃക്ഷങ്ങളോടു വളരെ അടുത്തുപെരുമാറി നോക്കു. ഹൃദയം ചേർത്തു വച്ചു വൃക്ഷവുമായി താദാത്മ്യം പൂണ്ടു ശ്രദ്ധിച്ചു നോക്കൂ. അതു നിങ്ങളോടു സംസാരിക്കുന്നതായിത്തോന്നും. അവ നമ്മെ പ്രത്യക്ഷത്തിൽ വശീകരിക്കുന്നില്ലെങ്കിലും നാം വശീകൃതമായിപ്പോകുന്നു. പകൽ അവ രഹസ്യാത്മകങ്ങളാണ്. രാത്രി ആ രഹസ്യാത്മകത്വം കൂടുതൽ അനുഭവപ്പെടും.

വൃക്ഷവും വെള്ളവും പ്രാകൃതികമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളമില്ലാത്ത ഒരു ഭൂപ്രദേശവും പൂർണമല്ല. മേലേ ആകാശത്തു മേഘങ്ങൾ സ്വർഗത്തിനു സൗന്ദര്യമരുളുന്നു. കുളങ്ങളും തോടുകളും തടാകങ്ങളും ആറുകളും പ്രകൃതിക്കു ജീവൻ നല്കുംപോലെ തോന്നും. നമ്മുടെ പൂർവികർ അവയ്ക്ക് ജീവനുള്ളതായിത്തന്നെ കരുതിയിരുന്നു. ജലം കുളങ്ങളിലും അരുവികളിലും ആറുകളിലും ആഴികളിലും മറ്റും അതിന്റെ വിവിധ ഭാവങ്ങളിൽ വിമോഹനമാണ്. അതു സസ്യലതാദികളെ വളർത്തുന്നു. അതു പച്ചപ്പുകൊണ്ടു സമതലത്തെയും മഞ്ഞുകൊണ്ടു മലകളേയും ഉടുപ്പണിയിക്കുന്നു. അതു പാറകളിൽ കൊത്തുപണി നടത്തുന്നു; താഴ്വരകളിൽ ഉദ്ഖനനം നടത്തുന്നു. ഇത്തരം പണികൾ ഏറിയകൂറും നടത്തിയിരുന്നതു മഴ മുഖാന്തരമാണ്.

വെളളം ഭൂമിയേക്കാൾ മനുഷ്യനാണു ഉണർവും ഉന്മേഷവും നല്കുന്നത്. പകലത്തെ പാടുപെട്ടുള്ള പണികഴിഞ്ഞു കായലിന്റെയോ, ആറിന്റെയോ, കടലിന്റെയോ തീരത്തിരുന്ന് ശുദ്ധവായു ഏല്ക്കുന്നതു എത്ര ഉന്മേഷപ്രദമാണ്. അതുപോലെത്തന്നെ കടലിൽ പ്രതിബിംബിക്കുന്ന സൂര്യനും കടലിൽനിന്നു കരകേറി വരുന്ന ചെറുതിരകൾ മണലിലുണ്ടാക്കുന്ന നുരകളും കൺകുളിർപ്പിക്കുന്നവയാണ്.

പലർക്കും കടൽക്കാഴ്ച ഒരു ഹരമാണ്. അവർ അതിനെ തങ്ങളുടെ രണ്ടാം ഗ്യഹമായിക്കരുതുന്നു. കടൽക്കാറ്റ് ആരോഗ്യ വർധകമാണ്. അതേൽക്കുന്നതു ടോണിക്കിന്റെ ഫലമുണ്ടാക്കുമെന്നാണു ചൊല്ല്. തന്മൂലം കടലിനെ കുറിച്ചുള്ള ചിന്തപോലും നാഡികളിലെ രക്തത്തെ നൃത്തം ചെയ്യിപ്പിക്കും. കടൽ മനുഷ്യർക്കു ആകാശത്തേക്കാൾ കൂടുതൽ സ്വാതന്ത്യബോധവും വിശാലാശ്രയത്വവും പ്രദാനം ചെയ്യുന്നു.

പകൽ ചിലപ്പോൾ സൂര്യരശ്മികൾകൊണ്ടു പ്രകാശപൂരിതവും, ചിലപ്പോൾ കാർമേഘപടലങ്ങൾ കൊണ്ടു പ്രകാശരഹിതവുമായിരിക്കും. മേഘം മൂടിയ പകൽ ദുർദിനം (മേഘഛഗ്നf ഹ്നി ദുർദിനം) ആണെന്നാണു വയ്പ്. രാത്രിക്കും പകലിനെപ്പോലെ ഭാവമാറ്റവും രൂപാന്തരവുമുണ്ടാകും. ചിലപ്പോള്‍ ഇരുളാകുന്ന കരിംകമ്പിളികൊണ്ടു മൂടിപ്പുതയ്ക്കും. ചിലപ്പോൾ പൂനിലാവുകൊണ്ടു പുഞ്ചിരിപൊഴിച്ചു കൊണ്ടിരിക്കും.

സരസ്സകൾ കടലുകളെ അപേക്ഷിച്ചു കുറിയവയാണെങ്കിലും ചിലകാര്യങ്ങളിൽ കടലിനേക്കാൾ മുന്തിയവയാണ്. കടൽത്തീരം താരതമ്യേന ശൂന്യമാണ്. എന്നാൽ കായൽത്തീരം സസ്യസമൃദ്ധമായിരിക്കും.

മഴവില്ല് ആരുടെ മനസ്സാകുന്ന മയൂരത്തെയാണു നൃത്തം ചെയ്യിപ്പിക്കാത്തത്. അതിന്റെ ശബളിമയുടെ ഏഴഴക് ഏതിനുണ്ട്? അതിനു ഇന്ദ്രധനുസ്സ് എന്നാണു പേര്. അതു ദേവേന്ദ്രന്റെ വില്ലായി കരുതപ്പെടുന്നു. അത് മേന്മയേറിയ മഴവില്ലുണ്ടാകാൻ നാം വെള്ളത്തോടാണു കടപ്പെട്ടിരിക്കുന്നത്. പ്രകാശത്തിനു പ്രദർശന പ്രഭാവമുണ്ടെങ്കിലും സൗന്ദര്യത്തിന്റെ കാഴ്ചപ്പാടിൽ വർണത്തിനാണു കൂടുതൽ പൊലിമ. കിളികളും, പൂമ്പാറ്റകളും, പുഷ്പങ്ങളും, രത്നങ്ങളും, മഴവില്ലും മറ്റും വർണത്തിന്റെ അവർണനീയമായ വരേണ്യത വിളിച്ചോതുന്നു.

ഈ മനോഹരമായ ലോകത്തിന്റെ അനുപമമായ ദൃശ്യം, രൂപത്തിന്റെ വിശിഷ്ടമായ വൈരുദ്ധ്യം, വർണങ്ങളുടെ പൊലിമ, വനങ്ങളുടെയും, നിലങ്ങളുടെയും, കാടുകളുടെയും, മേടുകളുടെയും, കായലുകളുടെയും, പായലുകളുടെയും, പർവതങ്ങളുടെയും വിവിധ ദൃശ്യങ്ങൾ, ആകാശത്തിന്റെ ആകർഷകത്വം, ഇവയെല്ലാം പ്രകൃതി മനുഷ്യർക്കു കനിഞ്ഞു നല്കിയിട്ടുള്ള വരപ്രസാദമാണ്.

ആകാശത്തിനുള്ളത്ര ചിത്രകലാവൈദഗ്ധ്യം മറ്റാർക്കുമുണ്ടായിരിക്കാനിടയില്ല. അതു മേഘങ്ങളെക്കൊണ്ടു നടത്തുന്ന ചിത്രപ്പണി എത്ര മേൽത്തരമാണ്, മോഹനമാണ്.

ലക്ഷക്കണക്കിനു പ്രകാശഗോളങ്ങളേയും, അവയുടെ ഗതിവിഗതികളേയും ദർശിക്കാൻ അദ്ഭുതഭക്ത്യാദരങ്ങളോടല്ലാതെ മേലോട്ടുനോക്കുവാനാവില്ലെന്നാണ് സെനിക്കയുടെ അഭിപ്രായം. നമുക്ക് നിശ്ചലങ്ങളായിത്തോന്നുന്ന നക്ഷത്രങ്ങൾ എത്രയോ വേഗത്തിലാണു കറങ്ങിക്കൊണ്ടിരിക്കുന്നത്.

ചുരുക്കത്തിൽ പ്രകൃതിയുടെ ആകൃതിയും പ്രകൃതവും വിവിധങ്ങളാണ്, വിചിത്രങ്ങളാണ്, ശാസ്ത്രജ്ഞരുടെ തീക്ഷണബുദ്ധിക്കുപോലും പിടികൊടുക്കാത്ത അദ്ഭുതങ്ങളാണ്. പക്ഷേ പ്രകൃതിയെ സേവിക്കുന്നവരെ, പ്രകൃതിയുമായി താദാത്മ്യപ്പെട്ടു കഴിയുന്നവരെ പ്രകൃതി സദാ അനുഗ്രഹിച്ചു കൊണ്ടിരിക്കും.

എന്താണ് പ്രകൃതി ചികിത്സ

ചികിത്സയ്ക്കു മരുന്നുവേണമെന്നാണല്ലോ യാഥാസ്ഥിതികവും സാധാരണവുമായ ധാരണ. എന്നാൽ മരുന്നില്ലാതെ രോഗം മാറ്റുന്ന രോഗശമനപദ്ധതിയാണു പ്രകൃതിചികിത്സ. മരുന്നില്ലാതെ എന്തു ചികിത്സ എന്ന ചോദ്യമുദിക്കാം. ചോദ്യം യുക്തിസഹമാണ്. പ്രസ്തുത ചോദ്യത്തിന്റെ യുക്തിയും പ്രസക്തിയും പരിഹരിക്കാൻ ഇപ്പോൾ പ്രകൃതിചികിത്സയെ 'പ്രകൃതിജീവന'മായി പരിഷ്കരിച്ചിട്ടുണ്ട്. പ്രകൃതിജീവനമെന്നാൽ പ്രകൃത്യനുസൃതമായ ജീവിതമെന്നർഥം. പക്ഷേ “പാമ്പായാലും പഴതല്ലേ നല്ലത്? അതിനാൽ പഴകിപ്പതിഞ്ഞ പദമായ പ്രകൃതിചികിത്സ തന്നെ ഉപയോഗിക്കട്ടെ. നിഷ്കൃഷ്ടാർഥവാദികൾ ക്ഷമിക്കണേ.

രോഗം മാറ്റുകയാണല്ലൊ ചികിത്സയുടെ ഏകാന്ത ലക്ഷ്യം. ചികിത്സയില്ലാതെ രോഗം മാറ്റുന്ന പ്രകൃതിചികിത്സയെ അല്പം വൈരുധ്യാത്മകമായി "ചികിത്സയല്ലാച്ചികിത്സയെ'ന്നു വിളിക്കാം. എന്താണു രോഗം? 'രുജതി ഇതി രോഗ:' വേദനിപ്പിക്കുന്നതാണു രോഗം. വേദനാജനകമായ രോഗം എങ്ങനെ വരുന്നു? ഉത്തരം സുലളിതം; നാം വഴിയിൽ പച്ചപ്പരവതാനി വിരിച്ചു കൊടുത്തിട്ടു തന്നെ. ഒരു രോഗവും വലിഞ്ഞു കേറിവരുകയില്ല. നാം രോഗത്തെ കൈപിടിച്ചു കയറ്റുകയാണ്. രോഗത്തെ അകറ്റിയാൽ അരോഗരാകാം. അരോഗത തന്നെ ആരോഗ്യം.

"ആരോഗ്യം സർവ ധനാത് പ്രധാനം' 'ശരീരമാദ്യം ഖലൂധർമസാധനം'

തുടങ്ങിയ ഗീർവാണസൂക്തങ്ങൾ ആരോഗ്യത്തിന്റെ സർവാധികമായ പ്രാമുഖ്യത്തിലേക്കാണല്ലോ വിരൽ ചൂണ്ടുന്നത്. ആരോഗ്യപ്രശസ്തി പ്രകടമാക്കുന്ന ഒരു പ്രസിദ്ധ സംസ്കൃത ശ്ലോകമുണ്ട്.

"സർവമന്യത് പരിത്യജ്യ ശരീരമനുപാലയേത്'

തദഭാവേഹി ഭാവാനാം സർവാഭാവഃ ശരീരിണാം'

മറ്റെല്ലാം വെടിഞ്ഞാലും ആരോഗ്യം പുലർത്തണം. അതില്ലെങ്കിൽ യാതൊന്നുമുണ്ടാവില്ല.

"സുശ്രുതസംഹിത' എന്ന സുശ്രുതമായ ആയുർവേദ ഗ്രന്ഥം സ്വസ്ഥന്റെ അഥവാ അരോഗ്യവാന്റെ സാമാന്യലക്ഷണം നിർവചിച്ചിട്ടുണ്ട്.

'സമദോഷഃസമാഗ്നിശ്ച സമധാതുമലക്രിയ

പ്രസന്നാത്മേന്ദ്രിയമനഃ സ്വസ്ഥ ഇത്യഭിധീയതെ'

"ത്രിദോഷങ്ങൾ വൃദ്ധിക്ഷയമില്ലാതെ സമാവസ്ഥയിൽ വർത്തിക്കുക, ദഹനം, ധാതുപരിണാമം, മലവിസർജനം എന്നീ പ്രക്രിയകൾ മുറയ്ക്ക് നടക്കുക, ആത്മാവ്, ഇന്ദ്രിയങ്ങൾ, മനസ്സ് ഇവ പ്രസന്നമായിരിക്കുക.

"സ്വാധീനസ്വാസ്ഥ്യമഹാവിദ്യാ' എന്ന സംസ്കൃതത്തിലുള്ള പ്രകൃതിചികിത്സാഗ്രന്ഥത്തിലെ ആരോഗ്യ നിർവചനവും ശ്രദ്ധേയമാണ്.

"ദേഹേ സർവത്ര ചോഷ്ണസ്യ സമതാലാഘവം സുഖം

ക്ഷുത് തീക്ഷ്ണാഗാഢനിദ്രാച, മനസോപി പ്രസന്നതാ

ശരീരേകർമസാമർഥ്യം, അനാലസ്യം ചകർമസു

സ്വതഃ സ്വേദോദ്ഗമഃ കാലേ സ്വസ്ഥതാപ്രവക്ഷ്യന്തിഹ'

ദേഹമാസകലം ഉഷ്ണസാമ്യത, സുഖകരമായ ശരീരലാഘവം, നല്ലവിശപ്പ്, ഗാഢനിദ്ര, മനസ്സിന്റെ പ്രസന്നത, കർമക്ഷമത, അനാലസ്യം, സ്വാഭാവികമായ സ്വേദോദ്ഗമം, യഥാകാലം മാലിന്യബഹിഷ്കരണം ഇവയുടെ സമവേതാവസ്ഥയാണ് ആരോഗ്യം.

അത്ര അനർഘമായ ആരോഗ്യം പരിരക്ഷിക്കേണ്ടത് പരമപ്രധാനമായ കർത്തവ്യമാണല്ലൊ. മനുഷ്യശരീരത്തിൽ അദ്ഭുതകരമായ ഒരു മംഗലമഹാശക്തി മരുവുന്നുണ്ട്. അതിനെ ജീവശക്തി, ഓജസ്, തേജസ് എന്നീ വിവിധ പേരുകളിൽ വ്യപദേശിക്കാം. ജീവശക്തി സർവോത്കർഷേണ വർത്തിക്കുന്നിടത്തോളം രോഗത്തിനു ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. ഇനി വഴി തെറ്റിവന്നാൽ തന്നെ ജീവശക്തി രോഗത്തെ പുകച്ചു പുറത്തു ചാടിക്കും.

ബലം, ഉത്സാഹം, ആത്മവിശ്വാസം എന്നിവയുടെ സമവായമാണ് ജീവശക്തി. മാനത്ത് മതിമറന്ന് വിഹരിക്കുന്ന വിഹഗങ്ങളുടെ കളകൂജനത്തിലും, ചാടിത്തുള്ളിക്കളിക്കുന്ന കുട്ടികളുടെ ഉത്സാഹത്തിമർപ്പിലും, കാട്ടുജന്തുക്കളുടെ കാടിളക്കിയുള്ള കൂത്താട്ട്ത്തിലും ആ മഹാശക്തിയുടെ വിളയാട്ടം കാണാം.

ജീവശക്തി മുറയ്ക്ക് പ്രവർത്തിക്കാതെ വരുമ്പോൾ ശരീരവ്യാപാരങ്ങൾക്കു താളപ്പിഴ പറ്റുന്നു. വേണ്ടാത്തവ ഭക്ഷിക്കുക, വേണ്ടുന്നവ ഭക്ഷിക്കാതിരിക്കുക, വിശപ്പില്ലെങ്കിലും ഭക്ഷിക്കുക, വിരുദ്ധാഹാരം കഴിക്കുക. വേണ്ടവണ്ണം ചവയ്ക്കാതിരിക്കുക, വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുക, ദുര്‍ഗന്ധമുള്ള കാറ്റു കൊളളുക, മലീമസമായ അന്തരീക്ഷത്തിൽക്കഴിയുക, മാനസികവും ശാരീരികവുമായ കഴിവുകൾ ദുർവിനിയോഗം ചെയ്യുക, ലഹരിവസ്തുക്കൾക്കടിമപ്പെടുക തുടങ്ങിയ ദുശ്ശീലങ്ങളാണു ജീവശക്തിയുടെ പ്രവർത്തനം അവതാളത്തിലാക്കുന്നത്. ജീവശക്തി മുറയ്ക്ക് പ്രവർത്തിക്കാതെ വരുമ്പോൾ ഉദരത്തിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. സാധാരണഗതിയിൽ പ്രകൃതി പ്രസ്തുത മാലിന്യങ്ങളെ മൂത്രം, മലം, നാസാമലം, സ്വേദം, ഉമിനീര് എന്നിവ വഴി ബഹിഷ്കരിക്കും. പക്ഷേ, വേണ്ടതിലേറെ ഭക്ഷിക്കുമ്പോൾ ആമാശയത്തിനു വേണ്ടവണ്ണം ദഹിപ്പിക്കാൻ പറ്റാതെ വരുന്നു. ദഹിക്കാത്ത വസ്ത ദുഷ്ടായിത്തീരുന്നു. അപ്പോൾ ആ ദുഷിനെ പുറംതളളാൻ ദേഹം വെപ്രാളപ്പെടും. ആ വെപ്രാളത്തിന്റെ ലക്ഷണങ്ങളാണ് വയറ്റിളക്കം, തലനോവ്, പനി, ഛർദ്ദി തുടങ്ങിയ രോഗങ്ങളായി പ്രകടമാവുന്നത്. അത്തരം രോഗങ്ങൾ ശരീരത്തിലെ മാലിന്യം ബഹിഷ്കരിക്കാനുള്ള പ്രകൃതിയുടെ ശ്രമങ്ങളാണ്. അപ്പോൾ നാം പൂർണമായി സഹകരിച്ചു പ്രകൃതിയുടെ പ്രവൃത്തി സഫലമാക്കുകയാണു വേണ്ടത്. എന്നാൽ ഏറെപ്പേരും എന്താണു ചെയ്യുന്നത്? ആരോഗ്യപ്രദമായ ആ പ്രവൃത്തിയെ ഡോക്ടർമാരുടെ സഹായത്തോടെ പരാജയപ്പെടുത്താൻ പരമാവധി പരിശ്രമിക്കുന്നു. ഡോക്ടർ കൊടുക്കുന്ന മരുന്നു രോഗത്തെ നിശ്ശേഷം മാറ്റുകയല്ല, തത്കാലം അമർത്തിവയ്ക്കുകയാണു ചെയ്യുന്നത്. തന്മൂലം അനുകൂലമായ അവസരം കിട്ടുമ്പോൾ രോഗം പൂർവാധികം രൂക്ഷതയോടെ പുറത്തുവന്നു വിശ്വരൂപം പ്രദർശിപ്പിക്കും.

കീടാണുസിദ്ധാന്തം

അലോപ്പതിയനുസരിച്ചു രോഗങ്ങളെല്ലാം കീടാണുക്കൾ നിമിത്തമാണുണ്ടാകുന്നത്. എന്നാൽ പ്രകൃതിചികിത്സകരുടെ അഭിപ്രായത്തിൽ ശരീരത്തിലെ പരപദാർഥ (ഫോറിൻമാറ്റർ)മാണു സകലരോഗങ്ങൾക്കും കാരണം. തന്മൂലം കീടാണുസിദ്ധാന്തം അസംഗതമാണ്, അസംബന്ധമാണ്. പക്ഷേ, രോഗിയുടെ ശരീരത്തിലെ കീടാണുവിന്റെ അസ്തിത്വത്തെ അവർ ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്യുന്നത്, രോഗത്തിന്റെ കാരണം കീടാണുവാണെന്ന സിദ്ധാന്തത്തെയാണ്.

പരപദാർഥത്തിന്റെ അഥവാ ദുഷ്ടിന്റെ ആയുർവേദീയ നാമം "ആമം' എന്നാണ്. 'ദുഷ്ടമാമാശയ ഗതം രസം ആമം പ്രചക്ഷതെ' എന്നാണു ആമത്തിന് ആയുർവേദം നല്കുന്ന നിർവചനം. ആമം അഥവാ ദുഷ്ട് അല്പാല്പമായി ശരീരത്തിൽ കടന്നുകൂടി തരം പോലെ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നു. തുടക്കത്തിൽ ഉദരത്തിന്റെ അടിഭാഗത്താണ് അതടിഞ്ഞുകൂടുക. കൂടിക്കൂടി ചീഞ്ഞുകുമിയുമ്പോള്‍ ദുഷ്ട് രൂപാന്തരം പ്രാപിക്കുന്നു. വസ്തുവിനു ദാർഢ്യം, ജലം, വായു (ഖരം, ദ്രവം, വാതകം) എന്നീ മൂന്നു രൂപങ്ങളുണ്ടല്ലോ. അന്യപദാർഥത്തിനും മൂന്നു രൂപങ്ങളുണ്ട്. ദൃഢവസ്തു മലമായും ജലവസ്തു രക്തമായും വായുവസ്തു ഗ്യാസാ (വായുകോപം)യും രൂപാന്തരപ്പെടുന്നു. ജലവസ്തു രക്തത്തോടു ചേർന്ന് ചൊറി, ചിരങ്ങ്, പിത്തം, വസൂരി, മൂലക്കുരു, ഭഗന്ദരം, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നു. ഉദരത്തിലെ അന്യവസ്തുവിന്റെ ജീർണനത്തിന് ഉഷ്ണം അനുപേക്ഷണീയമാണ്. ആ ഉഷ്ണം മാലിന്യത്തിൽ നിന്നു സ്വയമുദ്ഭവിക്കുന്നു. പലപ്പോഴും വേനൽക്കാലത്തെ ഉഷ്ണം പ്രസ്തുത ജീർണനത്തെ ത്വരപ്പെടുത്താറുണ്ട്. അതു കൊണ്ടാണു കുംഭം, മീനം തുടങ്ങിയ വേനൽ മാസങ്ങളിൽ വസൂരി, പനി തുടങ്ങിയ ഉഷ്ണരോഗങ്ങൾ ആനുപാതികമായി അധികമുണ്ടാകുന്നത്. ശരീരത്തിലെ വിജാതീയവസ്തു (ദുഷ്ട്) ചീയുന്നതുകൊണ്ടുണ്ടാകുന്ന ചൂട് ഉഷ്ണരോഗങ്ങളെ ഉയിർപ്പിക്കുന്നു.

അടച്ചുപൂട്ടിയിട്ടിരുന്നാൽ ഒരു മുറി കുറേക്കഴിയുമ്പോൾ കൊതുക്, ചിതല്, പുഴുക്കൾ തുടങ്ങിയ ക്ഷുദ്രജീവികളുടെ താവളമായി മാറും. അഴുക്കിൽ നിന്നാണ് അവയെല്ലാമുണ്ടാകുന്നത്; അല്ലാതെ, അഴുക്ക് അവയിൽ നിന്നുണ്ടാകുന്നതല്ല. അതു പോലെ രോഗാണുക്കൾ കൊണ്ടല്ല രോഗമുണ്ടാകുന്നത്. രോഗം കൊണ്ടാണു കീടാണുക്കളുണ്ടാകുന്നത്. തിന്നാൻ വകയുള്ളിടത്ത് പ്രാണികൾ തിങ്ങിപ്പെരുകുക സ്വാഭാവികമാണല്ലോ.

രക്തത്തിൽ പലതരം കീടാണുക്കളുണ്ടെന്നു പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പക്ഷേ അവയൊന്നും രോഗകരങ്ങളല്ല. എന്നാൽ രോഗാണുക്കളാണു രോഗമുണ്ടാക്കുന്നതെന്ന അബദ്ധപ്പഞ്ചാംഗത്തിന്റെ പ്രവക്താക്കളും പ്രചാരകരും അലോപ്പതി ഡോക്ടർമാരാണ്. അവർ പാവപ്പെട്ട രോഗികളെ ഭ്രമിപ്പിച്ച് ചികിത്സ നടത്തി സ്വാർഥപൂർത്തി വരുത്തുന്നു.

കീടാണുക്കൾ രോഗമുണ്ടാക്കുന്നുവെന്ന സിദ്ധാന്തത്തിന്റെ പൊള്ളത്തരം ചില പാശ്ചാത്യ ചികിത്സകർ തന്നെ തുറന്നു കാട്ടിയിട്ടുണ്ട്. പ്രസിദ്ധ ജർമൻ പ്രകൃതി ചികിത്സകൻ പാറ്റൻ കോഫർ ഒരു പരീക്ഷണനാളി നിറയെ കീടാണുക്കളെത്തിന്നു തനിക്കു ചുറ്റും നിന്നിരുന്ന ശിഷ്യരെ അമ്പരപ്പിക്കുകയുണ്ടായി. സ്വിറ്റ്സർലണ്ടിലെ ഒരാശുപ്രതിയിൽ വച്ച് മറ്റൊരു പ്രകൃതിചികിത്സകനും ഡിഫ്തീരിയയുടെ രോഗാണുക്കൾ കഴിച്ചു കീടാണുക്കളാണു രോഗമുണ്ടാക്കുന്നതെന്ന സിദ്ധാന്തത്തിന്റെ അന്തസ്സാരശൂന്യത വെളിപ്പെടുത്തി. കീടാണു ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പകരാറുണ്ട്. കാറ്റിലും വെളളത്തിലും ഏറെ കീടാണുക്കളുണ്ട്. അവയിലൂടെയാണു കീടാണുക്കൾ ആളുകളില്‍ പകരുന്നത്. പക്ഷേ ആ പകർച്ച എല്ലാവർക്കും രോഗഹേതുകമാകണമെന്നില്ല. പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ഒരു വീട്ടിലെ എല്ലാരേയും ഒന്നിച്ചു പിടികൂടാറില്ല. എന്താണീ പക്ഷപാതപ്രവണതയ്ക്കു കാരണം. കീടാണുക്കൾക്കു തിന്നു കൊഴുത്തു തിമർക്കാൻ തക്കവണ്ണം അഴുക്കുകുമിഞ്ഞുകൂടിയവരിലാണ് അവ എളുപ്പം കടന്നുകൂടി കൈയൂക്കു കാണിക്കുക.

കീടാണുക്കൾ പലതരമുണ്ട്. പക്ഷേ ദുഷ്ട് മൗലികമായി ഒന്നുമാത്രം. എന്നാൽ അതു പല രൂപങ്ങളുമെടുക്കാറുണ്ട്, പല വേഷങ്ങളും കെട്ടാറുണ്ട്. കുടലിന്റെ കീഴെ ഒതുങ്ങാതെ വരുമ്പോൾ ദുഷ്ട് ദേഹത്തിന്റെ ഇതരഭാഗങ്ങളിലേക്കു കടന്നു കേറുന്നു. ഒപ്പം ഓരോരോ രൂപങ്ങളിൽ പല പലരോഗങ്ങളായി പ്രത്യക്ഷപ്പെടുകയും ചെയ്യും.

സ്നേഹംകേറി, പല്ലുമുളയ്ക്കും മുമ്പേ, കുട്ടികൾക്ക് കണ്ടകടശ്ശാണിയൊക്കെ തിന്നാൻ കൊടുത്താൽ വേണ്ടെത ചവയ്ക്കാൻ പറ്റാതെ വരുകയും തിന്നതിലേറിയ കൂറും വയറ്റിൽക്കിടന്നളിയുകയും ചെയ്യുന്നു. ഈ അളിപിളി പലരോഗങ്ങളും വിളിച്ചു വരുത്തുന്നു. അങ്ങനെ 'ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യു'മെന്നു പറയും പോലെയും "വെളുക്കാൻ തേച്ചത് പാണ്ടാകും' പോലെയും സ്നേഹം ദ്രോഹമായി തീരുന്നു. ചില മാതാപിതാക്കൾക്ക് പൊതുവെ മറ്റൊരു ദുശ്ശീലമുണ്ട്, അവർ കുട്ടികളെ അവരുടെ ഇഷ്ടം പോലെ വെയിലും മഴയുമൊന്നും കൊള്ളാൻ അനുവദിക്കുകയില്ല. കൊണ്ടാൽ വല്ല സുഖക്കേടും പിടിച്ചെങ്കിലോ എന്നാണു പേടി. വാസ്തവത്തിൽ അത്തരം പേടിയാണു കുട്ടികളെ രോഗത്തിന്റെ പിടിയിൽപ്പെടുത്തുന്നത്. അല്പം വെയിലും മഴയുമൊക്കെ കൊണ്ടു പ്രകൃതിയുമായി അടുത്ത ചങ്ങാത്തത്തിൽ കഴിയുന്നവരെ പിടിക്കാൻ രോഗം പേടിക്കും.

ശസ്ത്രക്രിയ

മരുന്നുകൊടുത്തു ചികിത്സിച്ചു നോക്കിയിട്ടു രോഗം മാറാതെ വരുമ്പോൾ ഡോക്ടർമാർ നടത്തുന്ന 'അറ്റകൈപ്രയോഗ'മാണു ശസ്ത്രക്രിയ, വാസ്തവത്തിൽ ശസ്ത്രക്രിയ ഒരു രോഗത്തിനും ശാശ്വതമായ പരിഹാരമല്ല. തത്കാലം രോഗം മാറിയാൽ ഡോക്ടറും ഇനി രോഗമുണ്ടാവില്ലെന്ന ധാരണയിൽ രോഗിയും തൃപ്തരാകും. കാര്യം തീർന്നതു കൊണ്ടു കാരണം തീരുന്നില്ല. അവശിഷ്ടമായ കാരണം അനുലോമമായ അവസരം വരുമ്പോൾ വീണ്ടും കാര്യമുണ്ടാക്കും. ഡോക്ടർമാർ ചെയ്യുന്നതു കാരണത്തെ നിറുത്തി കാര്യത്തെ മാത്രം അറുക്കുകയാണ്. കട നിറുത്തി തല അറുത്തതു കൊണ്ടെന്തു കാര്യം? കട പിന്നെയും പൊടിച്ചു വളരും.

ഉദാഹരണത്തിന് ഒരു അപ്പന്റിസൈറ്റിസ് രോഗിയുടെ കഥ നോക്കാം. ഉദരത്തിനുള്ളിൽ ചെറുകുടലും വൻകുടലും ചേരുന്നിടത്തു വിരലിനോളം വലുപ്പത്തിലുള്ള പുച്ഛത്തിനാണു "അപ്പെന്റിക്സ്' എന്നു പറയുന്നത്. ഗീർവാണനാമം "ഉണ്ദൂകം'. അപ്പെന്റിക്സിന് അണുബാധമൂലമോ മറ്റോ ഉണ്ടാകുന്ന നീർകെട്ടും പഴുപ്പുമാണ് അപ്പന്റിസൈറ്റിസ്.

കൊല്ലങ്ങളോളം പഴക്കമുള്ള മലബന്ധം കൊണ്ടുണ്ടാകുന്ന ദുഷ്ട് അപ്പെന്റിക്സസിനെ വീർപ്പിക്കുകയും തീവ്രമായ വേദനയുണ്ടാക്കുകയും ചെയ്യുന്നു. ഡോക്ടർമാരെ സമീപിച്ചാൽ അവർ ശസ്ത്രക്രിയ നടത്തി അപ്പന്റിക്സ് മുറിച്ചു മാറ്റും. അവരുടെ ശരീരശാസ്ത്രമനുസരിച്ചു അപ്പെന്റിക്സസ് ശരീരത്തിൽ അജാഗളസ്തനം പോലെ നിരുപയോഗ വസ്തുവാണ്. എന്നാൽ പ്രകൃതി ഒരവയവവും ഉപയോഗരഹിതമായി സൃഷ്ടിക്കുന്നില്ല. ഓരോ അവയവത്തിനും അതതിന്റേതായ ധർമകർമങ്ങളുണ്ട്. കുടലുകൾക്കു എണ്ണമയമുണ്ടാക്കുകയാണ് അപ്പെന്റിക്സിന്റെ കർമം. അപ്പെന്റിക്സിന്റെ ശസ്ത്രക്രിയയ്ക്കു ശേഷം രോഗിക്കു മുമ്പത്തെപ്പോലെ ഉദരത്തിൽ വേദനയുണ്ടാകാം. പല്ലുവേദനയുടെ കഥയും മറിച്ചല്ല. പല്ലുവേദന മാറ്റാൻ സമീപിച്ചാൽ ഡോക്ടർ ഉടൻ പല്ലുപിഴുതു മാറ്റും. പക്ഷേ, കുറേക്കഴിയുമ്പോൾ വേറെ പല്ലിൽ വേദന തുടങ്ങുകയായി. ശസ്ത്രക്രിയയ്ക്കു ശേഷവും എന്തു കൊണ്ടാണു രോഗങ്ങളുണ്ടാകുന്നതെന്ന ചോദ്യത്തിനു ഡോക്ടർമാർക്കു ഉത്തരമില്ല.

പ്രകൃതി ചികിത്സകൻ രോഗം മാത്രമല്ല, അതിന്റെ വേരും കൂടി പിഴുതുമാറ്റുന്നു. രോഗം മരം പോലെയാണ്. ലക്ഷണങ്ങൾ ശാഖകൾ, മരത്തെ നശിപ്പിക്കണമെങ്കിൽ ശാഖകൾ വെട്ടിമാറ്റിയതു കൊണ്ടു മാത്രമായില്ല അതിനെ വേരോടെത്തന്നെ പിഴുതുമാറ്റണം.

ശരീരത്തിൽ മാലിന്യത്തിനു കടന്നുകൂടാൻ മുഖ്യമായി രണ്ടു മാർഗങ്ങളാണുള്ളത്, വായും മൂക്കും. ഈ ഇരുവഴികളും ഹിതകരമല്ലാത്തവയെക്കൊള്ളാൻ ഉത്സാഹം കാണിക്കാറില്ല. മൂക്കു ദുർഗന്ധത്തെ വെറുക്കുന്നു. വളിച്ചു പുളിച്ച ഭക്ഷണം വായ്ക്കും പിടിക്കുകയില്ല. അങ്ങനെ സ്വാഭാവികമായി ആരോഗ്യകരമല്ലാത്ത ഭക്ഷ്യങ്ങൾ അവയ്ക്കു വികർഷകങ്ങളാണ്. എന്നാൽ മനുഷ്യന്റെ വഴിവിട്ട സുഖാസക്തി അവന്റെ സ്വഭാവം മാത്രമല്ല, വായുംമൂക്കും കൂടി ദുഷിപ്പിക്കുന്നു.

തന്മൂലം രണ്ടിനും, നല്ലത് തീയതും, തീയത് നല്ലതുമായിത്തീരുന്നു. പുതുതായി പുകവലിക്കുമ്പോഴും മദ്യം കുടിക്കുമ്പോഴും ഛർദിക്കുകയും വീർപ്പുമുട്ടുകയുമൊക്കെ ചെയ്യാറുണ്ട്. അത് അരുതാത്തതു ചെയ്യരുതെന്ന പ്രകൃതിയുടെ കർശനമായ ശാസനയാണ്, താക്കീതാണ്. പക്ഷേ ആരുണ്ടതു കേൾക്കാൻ വിലക്കപ്പെട്ട കനി ആസ്വദിക്കാനുള്ള അദമ്യമായ അഭിവാഞ്ഛയും ചില സുഹൃദംമന്യന്മാരുടെ പ്രബലമായ പ്രേരണയും കൊണ്ടു പിടിവിടാതെ കുടി തുടങ്ങുന്നു. പിന്നപ്പിന്നെ കുടിയാണു പിടിവിടാതിരിക്കുക. ഇന്നു സമൂഹത്തിന്റെ മേത്തട്ടിലുള്ളവരെന്നു കരുതപ്പെടുന്നവരുടെ അന്തസ്സിന്റെ അടയാളമായിട്ടുണ്ടു കുടി. ദൃശ്യമാധ്യമങ്ങളിൽ കുടി കൂടാത്ത രംഗങ്ങൾ തന്നെ വളരെ വിരളമല്ലേ അവയും യുവാക്കളുടെ അപഥസഞ്ചാരത്തിനു നല്കുന്ന സംഭാവനകൾ ചില്ലറയല്ല. ലഹരിവസ്തുക്കളുടെ വിഷാംശം രക്തത്തിൽ കലർന്നു കാലക്രമത്തിൽ ശരീരം പല തരം രോഗങ്ങളുടെ അഴിഞ്ഞാട്ടത്തിനുള്ള അരങ്ങായിത്തീരുന്നു.

ദുഷിനെ പുറംതളളി ദേഹം ശുദ്ധമാക്കുകയും പ്രകൃതിയുമായി പരമാവധി പൊരുത്തപ്പെട്ടു ജീവിക്കുകയുമാണു പ്രകൃതി ചികിത്സയുടെ അടിസ്ഥാനതത്ത്വം. എന്നാൽ പുത്തൻ പരിഷ്കാരത്തിന്റെ ആകർഷണ വലയത്തിൽപ്പെട്ട് ആളുകൾ പ്രകൃതിയിൽ നിന്നു ബഹുദൂരം അകന്നു കഴിയുകയാണ്. ദേഹം കഴിവതും വിവസ്ത്രമായിരിക്കുകയാണു സ്വാസ്ഥ്യകരം. പക്ഷേ, ആളുകൾ കാറ്റും വെളിച്ചവും ഏൽപ്പിക്കാതെ തടി അടിമുടി ഉടുപ്പുകൾ കൊണ്ടും മറ്റും മൂടിപ്പുതച്ചു പ്രകൃതിയെപ്പേടിച്ചു കഴിയുന്നു. പ്രകൃതിയോടുള്ള പേടിയേക്കാൾ പുത്തൻ പരിഷ്കാരത്തിനൊപ്പിച്ചു താനും നടക്കുന്നുണ്ടെന്നു നാലാളെക്കാണിച്ചു മേനിനടിക്കുകയാണു ആ നടത്തത്തിന്റെ മുഖ്യമായ ഉന്നം. അത്തരക്കാർ മുമ്പു പറഞ്ഞതുപോലെ കുട്ടികളെ മണ്ണിലും പൊടിയിലും കളിക്കാൻ വിടുന്നില്ല. മഴയത്തും വെയിലത്തും ചാടിത്തുള്ളി രസിക്കാൻ സമ്മതിക്കുന്നില്ല. അതിനാൽ കുഞ്ഞുങ്ങൾക്കു കാലിൽ സോക്സും ഷൂസുമൊക്കെ വലിച്ചു കേറ്റേണ്ടി വരുന്നു. അക്കാര്യത്തിൽ വിദ്യാലയാധികൃതരെ വെല്ലുന്ന ശ്രദ്ധയും ശാഠ്യവുമാണു ചില മാതാപിതാക്കൾക്കുള്ളത്.

പ്രകൃതിയുമായി ഇണങ്ങിക്കഴിയുന്ന പക്ഷിമൃഗാദികൾക്ക് ഒരു രോഗവുമുണ്ടാകുന്നില്ല. ഇനി വല്ലരോഗവും ഓർക്കാപ്പുറത്തു വന്നുപെട്ടാൽത്തന്നെ അവ തീറ്റ തീരെ തിരസ്കരിച്ച് ഉപവസിക്കുന്നു. അതോടെ രോഗം പമ്പകടക്കും. എന്നാൽ മനുഷ്യൻ പരിഷ്കാരഭ്രമവും വിവരക്കേടും കൊണ്ടു പ്രകൃതിവിരുദ്ധമായി ജീവിച്ചു വല്ലാത്ത രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

പ്രകൃതി ചികിത്സയുടെ പ്രാരംഭത്തിൽ രോഗിക്ക് വിരസങ്ങളും വികർഷകങ്ങളുമായ അനുഭവങ്ങളുണ്ടാകും. ശരീരം മെലിയും, മൂത്രത്തിന്റേയും മലത്തിന്റേയും നിറം മാറും, വിയർപ്പും ചൂടും കൂടും, രോഗാധിക്യവുമുണ്ടാകും. അവ കണ്ട് പരിഭ്രമിക്കരുത്. പ്രത്യക്ഷത്തിൽ ആരോഗ്യത്തിനു പ്രതികൂലമായിതോന്നുന്ന പ്രസ്തുത പ്രതിഭാസങ്ങൾ പരോക്ഷമായി അനുകൂലങ്ങളാണ്.

ദുഷ്ട് പെരുകി പുറത്തുപോകാൻ വെമ്പി ശരീരോപരി വന്നു കൂടുമ്പോഴാണു വണ്ണമുണ്ടാകുന്നത്. ദുഷ്ട് പുറത്തു പോയിക്കഴിഞ്ഞാൽ വണ്ണം കുറയും. അതിനാൽ മെലിയുന്നതിൽ ബേജാറാകേണ്ട കാര്യമില്ല. മൂത്രത്തിന്റെ നിറം മാറുന്നതു മൂത്രാശയത്തിലൂടെ ദുഷ്ട നിർഗമിക്കുന്നതുകൊണ്ടും മലത്തിന്റെ നിറം മാറുന്നതു ഉള്ളിൽ കുമിഞ്ഞളിഞ്ഞ ദുഷ്ട മലാശയത്തിലൂടെ ബഹിർഗമിക്കുന്നതുകൊണ്ടുമാണ്. ചർമത്തിലൂടെ ദുഷ്ട്ടു പുറത്തുപോകുന്നതുകൊണ്ടാണു കൂടുതൽ വിയർപ്പുണ്ടാകുന്നത്. പ്രകൃതിചികിത്സ രക്തസഞ്ചാരം ക്രമപ്പെടുത്തുന്നതിനാൽ ശരീരത്തിൽ പൂർവാധികം ചൂടുണ്ടാകും. ചികിത്സകൊണ്ടു പ്രവൃദ്ധമായ ഓജസ് രോഗത്തെ ഗളഹസ്തം ചെയ്യുമ്പോഴുണ്ടാകുന്ന വിക്ഷോഭമാണു രോഗാധിക്യം.

പ്രകൃതിചികിത്സ പൂർണമായും ശാസ്ത്രീയമാണ്, വ്യവസ്ഥിതമാണ്. തന്മൂലം പ്രകൃതിചികിത്സ കൊണ്ടു മാറ്റാനാവാത്ത ഒരു രോഗവും ഭൂമുഖത്തില്ല. പ്രകൃതിചികിത്സയിൽ രോഗനിദാനം കണ്ടെത്തുക വളരെ എളുപ്പമാണ്. കാരണം പ്രകൃതി ചികിത്സകന്റെ ദൃഷ്ടിയിൽ ഏതു രോഗത്തിനും ഒരു നിദാനമേയുള്ളു, ശരീരത്തിൽ അന്യപദാർഥത്തിന്റെ സാന്നിധ്യം. മറിച്ച്, അലോപ്പതി ഡോക്ടർമാരും മറ്റും നിദാനം കണ്ടെത്തുവാൻ മൂത്രപരിശോധന, മലപരിശോധന, രക്ത പരിശോധന, ഉമിനീരുപരിശോധന, നാഡീപരിശോധന തുടങ്ങി നീണ്ട പരിശോധനാപരമ്പര നടത്തുന്നു. അതിന്റെ പേരിൽ രോഗി വഹിക്കേണ്ട, സഹിക്കേണ്ട കഷ്ടനഷ്ടങ്ങൾ ചില്ലറയല്ല.

പ്രകൃതിചികിത്സ ജീവിതത്തിൽ നിഷ്കൃഷ്ടമായ നിഷ്ഠയും ചിട്ടയും അനുശാസിക്കുന്നു. മുറയ്ക്കും നെറിക്കും ജീവിക്കാത്തവരിൽ അത് ഏശുകയില്ല. അപ്രകാരം പ്രകൃതിചികിത്സ കൊണ്ട് ഏതു രോഗവും മാറ്റാമെങ്കിലും എല്ലാ രോഗിയുടേയും രോഗം മാറ്റാനാവില്ല. പ്രസംഗവശാൽ പ്രസക്തമായ ഒരു പദ്യം ഓർമ വരുന്നു.

“പഥ്യമുണ്ടെങ്കിൽ രോഗിക്കു ഫലമെന്തൌഷധത്തിനാൽ

പഥ്യമില്ലെങ്കിൽ രോഗിക്കുഫലമെന്തൌഷധത്തിനാൽ

പ്രകൃതി ചികിത്സ ഉദ്ഭവവും ഉന്നമനവും

“ആരോഗ്യം സർവധനാത് പ്രധാനം” എന്നാണല്ലോ ചൊല്ല്. ആരോഗ്യ സംരക്ഷണത്തിൽ പ്രകൃതി ചികിത്സയോളം ഫലപ്രദമായ മറ്റൊരു ചികിത്സാസമ്പ്രദായമില്ലെന്നു നിസ്സംശയം പറയാം. പ്രകൃതി ചികിത്സയുടെ പ്രാദുർഭാവത്തിനു മനുഷ്യനോളം തന്നെ പഴക്കം കാണും. പക്ഷേ, ഏറെക്കുറെ രണ്ടു നൂറ്റാണ്ടുകൾക്കുമുമ്പു വിൻസെന്റ് പ്രിസ്നീസിന്റെ കാലം മുതൽക്കാണു അതിനു നൂതനമായ മുഖച്ഛായയും അന്തശ്ചൈതന്യവും ലഭിച്ചത്. പ്രകൃതിചികിത്സയുടെ പ്രസ്തുത പൂർവ്വാചാര്യനേയും അനുയായികളേയും അല്പമൊന്നു പരിചയപ്പെടാം.

വിൻസെന്റ് പ്രിസ്നീസ്

പ്രിസ്നീസ് ഒരു സാധാരണ കൃഷിക്കാരനായിരുന്നു. കഴിവതും പരാശ്രയം കൂടാതെ ജീവിക്കുക എന്നതായിരുന്നു അദ്ദേഹം മുറുകെപ്പിടിച്ച ആദർശം. തനിക്കു രോഗം പിടിപെട്ടപ്പോഴും അദ്ദേഹം ആ ആദർശത്തിൽ നിന്നു അണുവിട വ്യതിചലിച്ചില്ല. രോഗം സ്വയം ചികിത്സിച്ച് ഭേദപ്പെടുത്താനായി ശ്രമം. ആ ശ്രമത്തിനിടയിലാണു ജലത്തിന്റെ അദ്ഭുതകരമായ രോഗശമനശക്തി പ്രിസ്നീസിന് ബോധ്യപ്പെട്ടത്. തുടർന്നു ആ തുറയിൽ അദ്ദേഹം നിരന്തരമായ നിരീക്ഷണപരീക്ഷണങ്ങൾ നടത്തി. അവയിൽ നിന്നു ഉരുത്തിരിഞ്ഞു വന്നതാണു പ്രകൃതി ചികിത്സാ സമ്പ്രദായം. 1829-ൽ പ്രിസ്നീസ് ഗ്രെഫൻ ബർഗിൽ ഒരു പ്രകൃതി ചികിത്സാകേന്ദ്രം സ്ഥാപിച്ചു. അവിടെ വച്ചു അദ്ദേഹം ജലചികിത്സകൊണ്ടു പലതരം രോഗങ്ങൾ നിശ്ശേഷം സുഖപ്പെടുത്തി. പ്രിസ്തീസിന്റെ പുതിയ ചികിത്സാരീതിയെക്കുറിച്ചു കേട്ടറിഞ്ഞ് ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും രോഗികൾ എത്തിച്ചേരാൻ തുടങ്ങി. അങ്ങനെ അതൊരു അന്താരാഷ്ട്ര പ്രശസ്തിയുള്ള ചികിത്സാലയമായി വളർന്നുവന്നു.

പുതിയ ചികിത്സാരീതിയുടെ അദ്ഭുതകരമായ പ്രചാരവും വിജയവും കണ്ടപ്പോൾ അക്കാലത്ത് യാഥാസ്ഥിതികരായ ചികിത്സകർക്കു പൊറുതിമുട്ടി. അവർ അദ്ദേഹത്തെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. കള്ളക്കഥകൾ പലതും കെട്ടിച്ചമച്ചു. പല കള്ളക്കേസുകളിലും അദ്ദേഹത്തെക്കുടുക്കി. പക്ഷേ പ്രിസ്നീസ് ഒന്നു കൊണ്ടും ഒട്ടും വിചലിതനായില്ല. ഒരു ഫലവും കാണാതായപ്പോൾ എതിർപ്പുകൾ കാലക്രമത്തിൽ കെട്ടടങ്ങി. എന്നാൽ, ആ എതിർപ്പുകൾക്കു ഒരു പാർശ്വഗുണമുണ്ടായി. ഉർവശീശാപം ഉപകാരമായതു പോലെ പ്രതിയോഗികളുടെ ശക്തമായ എതിർപ്പുകളും അപവാദപ്രചാരണവും മറ്റും അദ്ദേഹത്തിനും പ്രകൃതി ചികിത്സയ്ക്കും വലിയ പ്രചാരവേലയുടെ ഫലം ചെയ്തു.

മനുഷ്യശരീരത്തിലെ ആന്തരമായ രോഗപ്രതിരോധശക്തി അനുക്രമം വർദ്ധിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വളരെ പഴക്കം ചെന്ന രോഗങ്ങളെപ്പോലും നിശ്ശേഷം മാറ്റിയിരുന്നത്. ശരീരത്തിൽ കുമിഞ്ഞുകൂടിയ ദുഷ് ദൂരീകരിക്കപ്പെട്ടാൽ മാത്രമേ രോഗപ്രതിരോധശക്തി വർദ്ധിക്കൂ. ഉപവാസം, വ്യായാമം, പഥ്യാഹാരം, ജലപ്രയോഗം എന്നിവ കൊണ്ടാണ് അദ്ദേഹം ശരീരത്തിലെ ദുഷ്ട് നീക്കിക്കളഞ്ഞിരുന്നത്.

മറ്റു ചികിത്സാരീതികൾ കൊണ്ടു രോഗം പെട്ടെന്നു മാറ്റാൻ കഴിഞ്ഞേക്കാം. പക്ഷേ അതു സ്ഥായിയായ മാറ്റമാകണമെന്നില്ല. കാലക്രമത്തിൽ സാഹചര്യം അനുകൂലമാകുമ്പോൾ രോഗം വീണ്ടും തലപൊക്കുകയാണു പതിവ്. പ്രകൃതിചികിത്സ കൊണ്ടു രോഗം മാറാൻ ചിലപ്പോൾ കൂടുതൽ സമയമെടുക്കുമെങ്കിലും, ഒരിക്കൽ മാറിയാൽ പിന്നെ അതു വീണ്ടും വരുകയില്ല. അതിന് ചില ചിട്ടകൾ പാലിക്കണമെന്നു മാത്രം.

ലൂയി കൂനി

പ്രകൃതി ചികിത്സകരിൽ അഗ്രഗണ്യനും പ്രസിദ്ധനും ലൂയി കൂനിയാണ്. ചികിത്സാരംഗത്തു വെള്ളം കൊണ്ടും, മണ്ണു കൊണ്ടും മഹാദ്ഭുതങ്ങൾ സൃഷ്ടിച്ച ആ ജർമൻകാരൻ പ്രകൃതിചികിത്സാപ്രേമികൾക്കു പ്രാതഃസ്മരണീയനത്രേ.

“എന്തിരുപതു മുറി മുപ്പതിൽ” ലൂയികുനി കവിളൊട്ടി കണ്ഠം കുഴിഞ്ഞു തീരെ ദുർബലനായിക്കഴിഞ്ഞു വരുകയായിരുന്നു. ഒന്നല്ല, രണ്ടല്ല പല രോഗങ്ങളുടേയും സംഘടിതാക്രമണം കൊണ്ട് അദ്ദേഹം വല്ലാതെ വലഞ്ഞുപോയിരുന്നു. നാട്ടുനടപ്പനുസരിച്ചു വളരെനാൾ അലോപ്പതി ചികിത്സ നടത്തിനോക്കി, എങ്കിലും പറയത്തക്ക ഒരു ഫലവുമുണ്ടായില്ല. ഒടുവിൽ ചികിത്സിച്ചു മടുത്തു.

ആ അവസരത്തിലാണു പ്രകൃതി ചികിത്സയെപ്പറ്റി അറിയാനിട വന്നത്. എന്നാലതൊന്നു പരീക്ഷിച്ചുനോക്കാമെന്നു വച്ചു. ഫലം അദ്ഭുതാവഹമായിരുന്നു. ഏതാനും നാൾ കഴിഞ്ഞപ്പോൾ ആരോഗ്യം പൂർണ്ണമായി വീണുകിട്ടി. ഒരു പുതിയ കണ്ടുപിടിത്തം നടത്തിയ ആഹ്ലാദപ്രകർഷം അദേഹത്തിനുണ്ടായി. രോഗം തടയാനും മാറ്റാനും പ്രകൃതിചികിത്സയെപ്പോലെ ഫലപ്രദമായ മറ്റൊരു ചികിത്സാപദ്ധതിയുമില്ലെന്നു അദ്ദേഹത്തിനു ബോധ്യപ്പെട്ടു. അതിനാൽ തന്റെ ശിഷ്ടജീവിതം അതിന്റെ പ്രയോഗത്തിനും പ്രചാരണത്തിനുമായി അദ്ദേഹം ഉഴിഞ്ഞു വച്ചു. വളരെ വർഷങ്ങൾ അദ്ദേഹം പ്രകൃതി ചികിത്സയെ സംബന്ധിച്ച് സവിസ്തരമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി. 1883-ൽ ലീപ്സിഗിൽ ഒരു ആരോഗ്യ ഭവനം സ്ഥാപിച്ചു.

ആതപസ്നാനം, ബാഷ്പസ്നാനം, ഉദരസ്നാനം, ഉപസ്ഥസ്നാനം തുടങ്ങിയവയാണു അദ്ദേഹത്തിന്റെ ചികിത്സാപദ്ധതിയിലെ പ്രധാന ഇനങ്ങൾ. മനസ്സും വപുസ്സും ഒന്നു പോലെ പരിശുദ്ധമാക്കി വച്ചാൽ രോഗമുണ്ടാവില്ലെന്നാണു ലൂയി കൂനിയുടെ ദൃഢാഭിപ്രായം. അവ രണ്ടും പരിശുദ്ധമാകണമെങ്കിൽ മാംസാഹാരം പൂർണമായി വർജിക്കണം. അതുപോലെ ലഹരിവസ്തുക്കളും, ഒപ്പം ഭക്ഷണത്തിൽ എരിവും പുളിയും കഴിവതും കുറയ്ക്കുകയും വേണം.

രോഗികളുടെ മുഖത്തുനോക്കിയാണ് അദ്ദേഹം രോഗം നിർണയിച്ചിരുന്നത്. ചിലപ്പോൾ കണ്ഠവും പരിശോധിച്ചിരുന്നു. നൂതനരോഗശമനസിദ്ധാന്തം (ന്യൂ സയൻസ് ഓഫ് ഹീലിംഗ്), മുഖഭാവശാസ്ത്രം (ദി സയൻസ് ഓഫ് ഫേഷ്യൽ എക്സ്‌പ്രഷൻ) എന്നിവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങൾ, 'ദി ന്യൂ സയൻസ് ഓഫ് ഹീലിംഗ്” മിക്കവാറും ലോകത്തിലെ എല്ലാ പ്രധാന ഭാഷകളിലും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. എല്ലാ

രോഗങ്ങളുടേയും അടിസ്ഥാനം അഥവാ മൂലരൂപം ഒന്നാണെന്ന സിദ്ധാന്തത്തെ ആസ്പദമാക്കിയാണു ലൂയി കൂനി തന്റെ ചികിത്സാപദ്ധതി ആവിഷ്കരിച്ചത്.

ജോഹൻ സ്ക്രോഥ്‌

മറ്റൊരു പ്രകൃതി ചികിത്സകനായിരുന്നു ആസ്ത്രിയക്കാരനായ ജോഹൻ സ്ക്രോഥ്‌ (Johannes Schroth), അദ്ദേഹം പല പരീക്ഷണങ്ങളും നടത്തി പ്രകൃതിചികിത്സാസംബന്ധിയായ ചില നൂതന ചികിത്സാരീതികൾ ആവിഷ്കരിച്ചു.

ആദ്യമായി നായകളിലും കുതിരകളിലുമാണു പരീക്ഷണങ്ങൾ നടത്തി നോക്കിയത്. അവ വളരെ വിജയകരമായി കണ്ടപ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിച്ചു. പിന്നീട് പ്രസ്തുത പരീക്ഷണങ്ങളിൽ നിന്ന് ഉൾക്കൊണ്ട് അറിവിന്റെ വെളിച്ചത്തിൽ മനുഷ്യരെ ചികിത്സിക്കാൻ തുടങ്ങി. ചികിത്സ മൃഗങ്ങളിലേക്കാൾ കൂടുതൽ ഫലിച്ചു കണ്ടത് മനുഷ്യരിലാണ്. അതോടെ അദ്ദേഹത്തിന്റെ കീർത്തി നാടെങ്ങും പരന്നു. ചികിത്സാർഥം ദൂരദേശങ്ങളിൽ നിന്നുപോലും രോഗികൾ എത്തിച്ചേരാൻ തുടങ്ങി. അപ്പോൾ കൂടുതൽ രോഗികൾക്കു കൂടി ചികിത്സ നൽകാൻ ചെക്കോസ്ലോവാക്യയിലെ ലിഡേവിസ് എന്ന സ്ഥലത്തു ഒരു പ്രകൃതിചികിത്സാകേന്ദ്രം സ്ഥാപിച്ചു. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും രോഗികൾ അവിടെയെത്തി രോഗം മാറ്റിപ്പോയിക്കൊണ്ടിരുന്നു.

അന്നാട്ടിലെ അസൂയാകുക്ഷികളായ ഡോക്ടർമാർക്കു സ്ക്രോഥിന്‍റെ സർവവ്യാപകമായ പ്രഖ്യാതിയും പ്രകൃതിചികിത്സയുടെ പ്രവൃദ്ധമായ പ്രചാരവും കണ്ടു സഹിച്ചിരിക്കാൻ കഴിഞ്ഞില്ല. അവർ സംഘടിതമായി സ്ക്രോഥിനെ പല തരത്തിലും അലട്ടാൻ തുടങ്ങി. പല കള്ളക്കേസുകളിലും കുടുക്കി. ഒരു കേസിൽ ജയിൽ ശിക്ഷ പോലും അനുഭവിക്കേണ്ടി വന്നു. അവരുടെ പ്രചണ്ഡമായ എതിർപ്പും ഉപ്രദവങ്ങളും ഇരുപതു കൊല്ലത്തോളം നീണ്ടു നിന്നു.

1849-ൽ കരുത്തനായ ഒരു സുഹൃത്ത് സഹായത്തിനെത്തിയതോടെ ശ്രതുക്കളെല്ലാം വാലും ചുരുട്ടി താന്താങ്ങളുടെ മാളങ്ങളിലേക്കു പിൻവലിഞ്ഞു. വിൻഡ്ബർക്കിലെ ഡ്യൂക്കായിരുന്നു ആ മിത്രം.

ഡ്യൂക്കും സ്ക്രോഥ്‌മായുണ്ടായ ദൃഢരൂഢമായ മൈത്രീബന്ധത്തിന്റെ പിന്നിലൊരു കഥയുണ്ട്. ഡ്യൂക്കിന്റെ കാലിനെങ്ങനെയോ ഗുരുതരമായ പരിക്കുപറ്റി. കാലാകെ പഴുത്തു പുണ്ണായി. അലോപ്പതി ഡോക്ടർമാരും മറ്റും കഴിയുന്നത്ര ശ്രമിച്ചുനോക്കിയിട്ടും സുഖപ്പെടുത്താൻ സാധിച്ചില്ല. ഒടുവിൽ കാലുമുറിച്ചു കളയുകയല്ലാതെ മാർഗാന്തരമില്ലെന്നു ഡോക്ടർമാർ വിധിച്ചു. അല്ലാത്തപക്ഷം ഡ്യൂക്കിന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കും. എന്തൊക്കെയായാലും കാലു മുറിക്കുന്നതു പ്രഭുവിനു പ്രാണസങ്കടമായിരുന്നു. അതുകൂടാതെ കഴിക്കാൻ വല്ല മാർഗ്ഗവുമുണ്ടോയെന്നു അദ്ദേഹം വ്യാപകമായ അന്വേഷണം നടത്തി. അപ്പോഴാണ് സ്ക്രോഥിന്റെ ചികിത്സാലയത്തെപ്പറ്റി അറിയാൻ കഴിഞ്ഞത്. ഉടൻ ആ കച്ചിത്തുരുമ്പിൽ കടന്നു പിടിച്ചു. അവിടെക്കൂടി ഒന്നു പരീക്ഷിച്ചു നോക്കിയ ശേഷം കാലുമുറിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കാമെന്നുവച്ചു. അവിടെയെത്തി ഏതാനും മാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ കാലിലെ അസുഖം തീർത്തും മാറുകയും ആരോഗ്യം പൂര്‍ണമായി വീണ്ടുകിട്ടുകയും ചെയ്തു. അങ്ങനെ

പിടിച്ചത് കച്ചിത്തുരുമ്പിലല്ല, ഇരുമ്പു കമ്പിയിലാണെന്നു തെളിഞ്ഞു.

പിന്നീട് പ്രഭു പ്രകൃതി ചികിത്സയുടെ വലിയ പ്രചാരകനായിത്തീർന്നു പ്രകൃതി ചികിത്സയെപ്പറ്റിയുള്ള വളരെ ലഘുലേഖകൾ സ്വന്തം ചെലവില്‍ അച്ചടിച്ചു നാട്ടിലുടനീളം വിതരണം നടത്തി. ആസ്ത്രിയയിൽ പട്ടാളക്കാർക്കിടയിൽ പ്രകൃതി ചികിത്സ പ്രചരിപ്പിക്കാൻ അദ്ദേഹം വളരെ ഫലപ്രദമായി പരിശ്രമിച്ചു.

വിൻസെന്റ് പ്രിസ്നീസ് തോടുകളിലേയും അരുവികളിലേയും ശുദ്ധമായ ജലമാണ് ചികിത്സയ്ക്ക് പ്രധാനമായി ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ സ്ക്രോഥ് പ്രാധാന്യം നല്കിയിരുന്നത് നല്ല രോഗനിവാരണ ശക്തിയുള്ള നീരാവിക്കാണ്. അദ്ദേഹത്തിന്റെ ചികിത്സാരീതി സ്ക്രോഥ് ചികിത്സ' എന്ന പേരിൽ അറിയപ്പെടുന്നു. പ്രകൃതി ചികിത്സാസമ്പ്രദായമനുസരിച്ചു സ്ക്രോഥ്‌ ഒരു പ്രത്യേക ആഹാരശാസ്ത്രം തന്നെ ആവിഷ്കരിച്ചിട്ടുണ്ട്.

ഫാദർ സെബാസ്റ്റ്യൻ നീപ്പ്

സ്ക്രോഥിന്‍റെ സമകാലികനായ മറ്റൊരു പ്രകൃതിചികിത്സകനാണു ബവേറിയക്കാരനായ ഫാദർ സെബാസ്റ്റ്യൻ നീപ്പ്. നാല്പത്തിയഞ്ചുകൊല്ലക്കാലത്തോളം അദ്ദേഹം ഒരു പ്രകൃതി ചികിത്സാകേന്ദ്രം വളരെ പ്രശസ്തമായ നിലയിൽ നടത്തി, മിക്കവാറും എല്ലാ രോഗങ്ങൾക്കും അവിടെ ചികിത്സ നടത്തിയിരുന്നു.

ജലചികിത്സാരംഗത്താണ് അദ്ദേഹം അപ്രതിമമായ പേരും പെരുമയും നേടിയത്. ഫാദർ നീപ്പിന്റെ “ജലചികിത്സ' എന്ന പുസ്തകം പ്രസിദ്ധമാണ്. ലോകത്തിലുടനീളം അതിനു വമ്പിച്ച പ്രചാരം സിദ്ധിച്ചിട്ടുണ്ട്. രോഗത്തിന്റെ സ്ഥിതിയും ശരീരപ്രകൃതിയുമായി പൊരുത്തപ്പെടുന്ന താപമാനത്തിലുള്ള ജലം ഉപയോഗിച്ചാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്.

ക്രിസ്ത്വബ്ദം 1897-ൽ ഫാദർ നീപ്പ് ദിവംഗതനായി.

ആർണോൾഡ് റിക്ളി

ആർണോൾഡ് റിക്ളിയാണു പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു പ്രകൃതി ചികിത്സകൻ. വായുവും വെയിലും ഉപയോഗിച്ചാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. അപ്രകാരം ചികിത്സ നടത്താനുള്ള സകല സജീകരണങ്ങളോടെ ആസ്ത്രിയയിലെ കെൻ പ്രവിശ്യയിൽ 'ടെൻഡാസ്’ എന്ന പേരിൽ ഒരു പ്രകൃതി ചികിത്സാ സാനറ്റോറിയം സ്ഥാപിച്ചു. ലോകത്തിൽ അത്തരമൊരു ചികിത്സാ കേന്ദ്രം അതൊന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ആ ചികിത്സാപദ്ധതിക്കു സാർവത്രികമായ അംഗീകാരവും പ്രചാരവും ലഭിച്ചു. പാരിസ്ഥിതികചികിത്സ 'അറ്റ്മോസ്ഫിയറിക് ക്യൂർ' എന്ന പേരിലും അത് അറിയപ്പെട്ടിരുന്നു. മലബന്ധത്തിൽ നിന്നാണു മിക്കരോഗങ്ങളും ഉദ്ഭവിക്കുന്നത്. മലബന്ധം വിട്ടുമാറാനുള്ള വളരെ ഫലപ്രദമായ ഒരു ചികിത്സാരീതിയാണത്.

മനുഷ്യരുടെ മാംസാഹാരശീലത്തെ നിശിതമായി എതിർത്തിരുന്ന ഒരു തനി സസ്യഭുക്കായിരുന്നു റിക്ളി. പ്രകൃതി ചികിത്സ സംബന്ധിച്ച് അദ്ദേഹം പ്രചരിപ്പിച്ച ആരോഗ്യതത്ത്വങ്ങൾ എത്രമാത്രം വസ്തുനിഷ്ഠവും പ്രായോഗികവുമാണെന്നുള്ളതിനു അദ്ദേഹത്തിന്റെ ജീവിതം തന്നെ മകുടോദാഹരണമാണ്. ജീവിതത്തിൽ ഒരിക്കലും അദ്ദേഹത്തിനു രോഗം പിടിപെട്ടിരുന്നില്ല. പ്രകൃതിയുമായി അലിഞ്ഞുചേർന്ന് അതിലളിതമായ ജീവിതം നയിച്ച ആ ഋഷികല്പ്പൻ നൂറു വയസ്സോളം ജീവിച്ചു. കൃത്യമായിപ്പറഞ്ഞാൽ 97-)൦ വയസ്സിലാണു മൃതിയടഞ്ഞത്. മരിക്കുന്ന നിമിഷം വരെ ഓർമശക്തിക്കോ, കാഴ്ചയ്ക്കോ ഒരു കുറവും സംഭവിച്ചിരുന്നില്ല.

അപ്പോഴും നല്ല ആരോഗ്യവാനായി കാണപ്പെട്ടിരുന്നു. മുടിനരച്ചുപോയിയെന്നു മാത്രം. അതൊന്നേ വാർദ്ധക്യലക്ഷണമായി കണ്ടിരുന്നുള്ളൂ.

ഹെന്‍ററിക്ക് ലാമൻ

പ്രകൃതി ചികിത്സാ രംഗത്തു മായാത്ത വ്യക്തിമുദ്ര പതിച്ച മറ്റൊരു ജർമൻകാരനാണു ഹെന്‍ററിക്ക് ലാമൻ (Henrich Lamman).

ആരോഗ്യസംരക്ഷണത്തിനു നാം കഴിക്കുന്ന ഭക്ഷണത്തിൽ എന്തെത്യാവശ്യഘടകങ്ങൾ അടങ്ങിയിരിക്കണം, എന്നതിനെപ്പറ്റി അദ്ദേഹം വിസ്തൃതമായ പഠനവും ഗവേഷണവും നടത്തി. അക്കാര്യത്തിൽ പാൽ ഒരു മാനദണ്ഡമായി പരിഗണിക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

മാംസാഹാരത്തെ അപേക്ഷിച്ചു സസ്യാഹാരത്തിനുള്ള മികവും മേന്മയും അദ്ദേഹം പരീക്ഷണങ്ങൾ കൊണ്ടു തെളിയിച്ചു കാട്ടി. സസ്യാഹാരത്തിൽത്തന്നെ വേവിക്കാത്തതിൽ വേവിച്ചതിനേക്കാൾ പോഷകാംശമേറിയിരിക്കും.

ഉപ്പു കൂടുതലുപയോഗിക്കുന്നതുകൊണ്ടുള്ള ദോഷവും മദ്യപാനം കൊണ്ടുണ്ടാകുന്ന കേടും കെടുതികളും അദ്ദേഹം സോദാഹരണം വിദഗ്ദമായി വിവരിച്ചു കൊടുത്തപ്പോഴാണു അതുവരെ അവ രണ്ടും സുലഭമായി ഉപയോഗിച്ചിരുന്ന: വെള്ളക്കാരുടെ കണ്ണു തുറന്നത്.

ജർമനിയിലെ ഡ്രെസ്ഡെൻ (Dresden) എന്ന സ്ഥലത്ത് അദ്ദേഹം സ്ഥാപിച്ച പ്രകൃതിചികിത്സാകേന്ദ്രം ലോകത്തെമ്പാടുമുള്ള രോഗാതുരരുടെ ആശാകേന്ദ്രമായി വളരെ വർഷങ്ങളോളം പ്രവർത്തിച്ചു.

അഡോൾഫ് ജസ്റ്റ്

മറ്റൊരു ജർമൻകാരനായ പ്രസിദ്ധ പ്രകൃതിചികിത്സകനായിരുന്നു അഡോൾഫ് ജസ്റ്റ്. അദ്ദേഹത്തിന്റെ 'പ്രകൃതിയിലേക്കു പ്രത്യാഗമിക്കുക (റിട്ടേൺ ടു നേച്ചർ)’ എന്ന ഗ്രന്ഥം യാഥാസ്ഥിതികരായ പ്രകൃതിചികിത്സകരുടെ വേദപുസ്തകമാണെന്നു പറയാം.

പ്രകൃതിയുമായി ഒത്തിണങ്ങി ജീവിച്ചാൽ ഒരു രോഗവുമുണ്ടാവില്ലെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം, വെയിലും മഴയും കൊണ്ട് കായും കനിയും തിന്ന്, കാട്ടിലും മേട്ടിലും കിടന്നുറങ്ങി കാലം കഴിക്കുന്നവർക്കുള്ള കരുത്തും ആരോഗ്യവും മെയ്യനങ്ങാതെ മണിമേടകളിലിരുന്നു വിഭവസമൃദ്ധമായി മൃഷ്ടാന്നം കഴിച്ചു വെടി പറഞ്ഞു നേരം കളഞ്ഞ് പതുപതുത്ത പട്ടുമെത്തയിൽ പള്ളികൊള്ളുന്ന പ്രമാണിമാർക്ക് കണികാണാനൊക്കുമോ?

പാദരക്ഷ ഉപയോഗിക്കുന്നതിനെപ്പോലും അദ്ദേഹമെതിർത്തിരുന്നു. ഭൂമിക്ക് മനുഷ്യരിൽ നവചൈത്യന്യം പകരുന്ന ചില ശക്തി വിശേഷങ്ങളുണ്ട്. നഗ്നപാദരായി നടന്നു ഭൂമിയുമായി ശാരീരികസമ്പർക്കം പുലർത്തിയാലേ ആ ശക്തിവിശേഷം നമ്മിലേക്ക് ആവാഹിക്കാൻ സാധിക്കൂ. “നടന്ന കാലിൽ ശ്രീദേവി ഇരുന്ന കാലിൽ മൂതേവി” എന്നാണല്ലോ ചൊല്ല്.

(പഭാതവേളയിൽ മഞ്ഞണിഞ്ഞ പുൽത്തകിടിയിലൂടെ പാദരക്ഷ കൂടാതെ ഒന്നു നടന്നു നോക്കൂ. അപ്പോഴുണ്ടാകുന്ന സുഖം അനുഭവിച്ചറിയേണ്ടതാണ്. ജസ്റ്റ് സ്ഥാപിച്ച പ്രകൃതി ചികിത്സാകേന്ദ്രം അദ്ദേഹത്തിന്റെ ആദർശത്തിന് അനുഗുണമായ സ്ഥലത്തായിരുന്നു. പട്ടണപ്പരിഷ്കാരത്തിന് ഒരു തരത്തിലും കടന്നാക്രമണം നടത്താൻ പറ്റാത്ത ഹാർസ് പർവതത്തിൽ.

ജെയിംസ് സി. ജാക്സൺ

ജെയിംസ് സി. ജാക്സൺ അമേരിക്കക്കാരനാണ്. അമേരിക്കയിലെ പ്രകൃതിചികിത്സകരിൽ മുമ്പനും വമ്പനും അദ്ദേഹം തന്നെ. ക്രിസ്ത്വബ്ദം 1811-ലാണ് ജനനം. മുപ്പത്തിനാലാമത്തെ വയസ്സിൽ രോഗിയായിത്തീർന്നു. അമേരിക്കയിലെ പ്രസിദ്ധ ഡോക്ടർമാരെല്ലാം ചികിത്സിച്ചു കൈയൊഴിഞ്ഞു.

ആയിടയ്ക്കാണ് പ്രസിദ്ധ പ്രകൃതി ചികിത്സകൻ പ്രിസ്നീസിന്‍റെ ശിഷ്യൻ സൈലസ് ഒ. ഗ്ലീസനെപ്പറ്റി കേട്ടത്. അദ്ദേഹം അമേരിക്കയില്‍ ഒരു പ്രകൃതിചികിത്സാലയം നടത്തി വന്നിരുന്നു. ഉടനെ ജാക്സണ്‍ ആ ചികിത്സാലയത്തിൽ പ്രവേശനം നേടി. ഒരു കൊല്ലത്തിനുള്ളിൽ രോഗം തീരെ മാറിക്കിട്ടി. അതോടെ അദ്ദേഹം പ്രകൃതി ചികിത്സയുടെ പ്രമുഖ പ്രചാരകനായി. ഒപ്പം മെഡിക്കൽ കോളേജിൽ ചേർന്ന് വൈദ്യപഠനവുമാരംഭിച്ചു.

അവിടെ നിന്ന് അദ്ദേഹം ചികിത്സ നടത്താനുള്ള ലൈസൻസ് നേടി. പിന്നീട് ന്യൂയോർക്കിൽ 'ജാക്സൺ സാനറ്റോറിയം' സ്ഥാപിച്ചു. കാലക്രമത്തിൽ അതു അമേരിക്കയിലെ എണ്ണപ്പെട്ട ആരോഗ്യസംരക്ഷണകേന്ദ്രങ്ങളിലൊന്നായി ഉയർന്നു വന്നു. അവിടത്തെ ചികിത്സാക്രമത്തിൽ ഔഷധത്തിന് ഒരു സ്ഥാനവുമുണ്ടായിരുന്നില്ല. വെള്ളം, പഥ്യഭക്ഷണം, ശാസ്ത്രീയമായ വ്യായാമം, വിഹിതമായ വിശ്രമം തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണു അസുഖം ഭേദപ്പെടുത്തിയിരുന്നത്.

85-)൦ വയസ്സിൽ ജാക്സൺ മൃതിയടഞ്ഞു. പിന്നീട് ആ സ്ഥാപനം പ്രസിദ്ധ പ്രകൃതി ചികിത്സകൻ വർണർ മൈക്ക ഫേഡിന്‍റെ മേൽനോട്ടത്തിലാണു നടന്നു വന്നത്.

ഡോ. റസ്സൽ. ടി. ട്രാൾ എം. ഡി

അമേരിക്കയിലെ മറ്റൊരു പ്രകൃതി ചികിത്സകനാണ് ഡോ. റസ്സൽ. ടി. ട്രാൾ. അദ്ദേഹം പ്രകൃതി ചികിത്സയെ സംബന്ധിച്ച് പല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അലോപ്പതിയിലാണു വൈദ്യബിരുദം നേടിയിരുന്നതെങ്കിലും അദ്ദേഹം പ്രകൃതി ചികിത്സകനായാണു വൈദ്യസേവനം നടത്തിയിരുന്നത്. ഡോ. ട്രാൾ ന്യൂയോർക്കിലെ ഫ്ളോറൻസ് എന്ന സ്ഥലത്ത് "ഹൈജീനിക് തെറാപ്യൂട്ടിക് കോളേജ്' എന്ന ഒരു പ്രകൃതി ചികിത്സാപരിശീലനകേന്ദ്രം സ്ഥാപിക്കുകയുണ്ടായി.

ഡോ. ഹെൻറി ലിൻഡ്ലഹർ

ഡോ. ഹെൻറിലിൻഡ്ലഹർ (Henry Lindlahr) അമേരിക്കയിലെത്തന്നെ മറ്റൊരു പ്രസിദ്ധ പ്രകൃതി ചികിത്സകനായിരുന്നു. അലോപ്പതി ഡോക്ടറായിട്ടാണ് അദ്ദേഹവും വൈദ്യരംഗത്തു പദമൂന്നിയത്.

ഒരിക്കൽ അദ്ദേഹത്തിനു ഓർക്കാപ്പുറത്തൊരു രോഗം പിടിപെട്ടു. പക്ഷേ, ആ രോഗം മാറ്റുന്നതിൽ അദ്ദേഹത്തിന്റെ ആഴമേറിയ അലോപ്പതി വൈദ്യപരിജ്ഞാനവും ശസ്ത്രക്രിയാ വൈദഗ്ധ്യവും തോറ്റു തുന്നം പാടി.

ഒടുവിൽ ആശ്രയിച്ചതു പ്രകൃതി ചികിത്സയെയാണ്. ഏതാനും മാസത്തെ ചികിത്സ കൊണ്ടു സുഖക്കേടു പൂർണമായും മാറിക്കിട്ടി. അതോടെ പ്രകൃതിചികിത്സയിൽ വലിയ വിശ്വാസമുണ്ടായി. തുടർന്നു പ്രസ്തുത മണ്ഡലത്തില്‍ സവിസ്തരമായ പഠനങ്ങളും പരീക്ഷണങ്ങളും നടത്തി. തത്ഫലമായി അദ്ദേഹം പ്രകൃതി ചികിത്സാരംഗത്തെ പ്രാമാണികനായിത്തീർന്നു.

എന്തെങ്കിലും രോഗം പിടിപെട്ടാൽ ഉടൻ ഡോക്ടറെ കണ്ടു മരുന്നു വാങ്ങിക്കഴിച്ചും കുത്തിവയ്പ്പിച്ചും രോഗം മാറ്റാനാണു പലർക്കും തിടുക്കം. പ്രസ്തുത പ്രവണത ജനങ്ങളിൽ പടർന്നു പിടിക്കുന്നത് അത്യന്തം ആപത്കരമാണെന്നാണു അദ്ദേഹത്തിന്റെ കർശനമായ താക്കീത്. കാരണം മരുന്നുകൊണ്ടും കുത്തിവയ്പ്പ് കൊണ്ടും തത്കാലം അമർത്തിനിറുത്തുന്ന രോഗങ്ങൾ പിൽക്കാലത്തു പഴുതുകിട്ടുമ്പോൾ പുറത്തുചാടി കൂടുതലുഗ്രതയോടെ ആക്രമണം നടത്തും. രോഗത്തെ അമർത്തി വയ്ക്കാതെ നിർമൂലം നിർമാർജനം ചെയ്യുകയാണു വേണ്ടത്. അതാണു പ്രകൃതി ചികിത്സകർ ചെയ്യുന്നത്.

ഇറിഡിയഗ്നോസിസ് (Irdiagnosis), ഫിലോസഫി ആന്റ് പ്രാക്റ്റീസ്, നേച്യുറൽ തെറാപ്യൂട്ടിക് എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ രണ്ടു പ്രകൃതി ചികിത്സാഗ്രന്ഥങ്ങളാണ്.

ഡോ. ജെ. എച്ച്. കെല്ലോംഗ്

ഡോ. ജെ. എച്, കെല്ലോംഗ് പ്രകൃതി ചികിത്സാസംബന്ധിയായ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി വിശ്വപ്രസിദ്ധിയാർജിച്ച മറ്റൊരു അമേരിക്കക്കാരനാണ്. മച്ചുഗണിലെ ലോകപ്രസിദ്ധമായ ബെറ്റിൽക്രീറ്റ് സാനറ്റോറിയത്തിന്റെ ഡയറക്ടറായിരുന്നു അദ്ദേഹം.

 

 

 

 

ഡോ. ജെ. എച്ച്. ടിൽഡൺ

മറ്റൊരു അമേരിക്കക്കാരനായ ഡോ. ടി. എച്ച്. ടിൽഡണും പ്രകൃതിചികിത്സാരംഗത്തു പ്രസിദ്ധമായ സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഏറ്റവും നല്ല ചികിത്സ മികച്ച ആരോഗ്യത്തോടെ സത്സ്വഭാവികളായി തങ്ങൾക്കും സമൂഹത്തിനും വേണ്ടി ജീവിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ്.

ഫാദർ നീപ്പിന്റെ ശിഷ്യൻ ബനഡിക്റ്റ് ലസ്റ്റ്, ഡോ. ഡീവി (Dewey), അൽഫ്രഡ്, ഡബ്ലിയു മെക്കൻ, സുപ്രസിദ്ധ ഭക്ഷ്യശാസ്ത്രജ്ഞൻ ഡോ.എൺഡ്യൂ ഹാലിസ്റ്റ്, ഡാനിയൽ സി പാമർ, സ്റ്റാൻലി ലി ലീഫ് തുടങ്ങിയ പലരും തലപ്പന്തിയിലുള്ള പ്രകൃതി ചികിത്സകരാണ്.

പ്രകൃതി ചികിത്സ പ്രാചീന ഭാരതത്തിൽ

പ്രകൃതിയുമായി തീർത്തും താദാത്മ്യപ്പെട്ടിട്ടുള്ളതായിരുന്നു പ്രാചീന ഭാരതീയരുടെ ജീവിതരീതി. ശരീരശാസ്ത്രത്തെക്കുറിച്ച് ഇന്നത്തെ ഡോക്ടർമാരേക്കാൾ അവഗാഢമായ അവബോധം അന്നത്തെ ഭിഷഗ്വരന്മാർക്കുണ്ടായിരുന്നു. ഗൗതമസ്മൃതിയിലേയും യാഞ്ജവല്ക്യ സ്മൃതിയിലേയും ശരീരവർണനങ്ങളിൽ നിന്ന് അക്കാര്യം സ്പഷ്ടമായി മനസ്സിലാക്കാം, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം ഘനിഷ്ഠമാണെന്നും പൂർണമായ ആരോഗ്യത്തിനു രണ്ടിന്റേയും സംപോഷണം അത്യന്താപേക്ഷിതമാണെന്നും അവ വ്യക്തമാക്കുന്നു.

ശരീരത്തിന്റെ സമഗ്രമായ ആരോഗ്യസംരക്ഷണത്തിന് അവർ ശാസ്ത്രീയമായ ഒരു വ്യായാമപദ്ധതി ആവിഷ്കരിച്ചു. അതാണു ഹഠയോഗം. രോഗനിവാരണവും ആരോഗ്യപരിപാലനവുമാണു മുഖ്യലക്ഷ്യമെങ്കിലും ഹഠയോഗത്തിനു ആധ്യാത്മികതയുടെ ഒരു പരിവേഷമുണ്ട്. പരമാത്മാവാണു പഞ്ചഭൂതസഞ്ചിതമായ ശരീരത്തിലെ ജീവാത്മാവിനെ നിയന്ത്രിക്കുന്നതെന്നും ജീവാത്മാവ് പരമാത്മാവിന്റേയും നാഡികൾ ജീവാത്മാവിന്റേയും നിർദ്ദേശാനുസരണം പ്രവർത്തിക്കുന്ന കർമകാരികളാണെന്നും നാഡികൾ ശുദ്ധമായാൽ ശരീരം അരോഗമാകുമെന്നും പഞ്ചപ്രാണങ്ങൾ ശരീരത്തിലെ മാലിന്യങ്ങളകറ്റി അംഗങ്ങളെ ബലിഷ്ഠങ്ങളാക്കുമെന്നും ഹഠയോഗികൾ വിശ്വസിക്കുന്നു. പഞ്ചഭൂതങ്ങളിൽ അഗ്രിമത്വം ജീവസന്ധാരകമായ വായുവിനാണ്, അതിനാൽ വായുവിനെ കേന്ദ്രീകരിച്ചാണു ഹഠയോഗം ആസൂത്രണം ചെയ്തിരിക്കുന്നത്.

ഹഠയോഗസിദ്ധാന്തപ്രകാരം ആരും ദുഷ്ടരായി ജനിക്കുന്നില്ല. ദുഷ്ടരെന്നു കരുതുന്നവർ മൗലികമായി ദുഷ്ടരല്ല. ചില ഗ്രന്ഥികളുടെ വൈകല്യം മൂലം അവരങ്ങനെ ആയിത്തീരുന്നുവെന്നു മാത്രം. ഹഠയോഗം കൊണ്ടു പ്രസ്തുത വൈകല്യം പരിഹരിക്കാൻ പറ്റും.

ബ്രഹ്മചര്യമനുഷ്ഠിച്ചും മിതമായി ഭക്ഷിച്ചും ഒരു കൊല്ലം ഹഠയോഗം അനുഷ്ഠിച്ചാൽ സിദ്ധനായിത്തീരുമെന്നാണു ഹഠയോഗവിധി.

വേണ്ടത്ര സ്നേഹരസമുള്ളതും മധുരവുമായ ആഹാരത്തിന്റെ നാലിലൊന്നു വെടിഞ്ഞു പ്രാണപ്രീതിക്കായി ഭുജിക്കുന്നതാണു മിതാഹാരം.

“സുസ്നിഗ്ധമധുരാഹാര

ശ്ചതുർധാംശവിവർജിത:

ഭൂജ്യതേശിവസംപ്രീത്യൈ

മിതാഹാര:സ ഉച്യതേ"

ഇനി യോഗിക്ക് അപഥ്യമായ ഭക്ഷണ പദാർഥങ്ങൾ:-

“കട്വമ്ലതീക്ഷ്ണലവണോഷ്ണഹരിതശാക

സൌവീരതൈലതിലസർഷപമദ്യമത്സ്യാൻ

അജാദിമാംസദധിതക്രകുലതകോല-

പിണ്യാക ഹിംഗുലശുനാദ്യമപഥ്യമാഹുഃ”

എരിവ്, പുളി, മുളക്, ഉഷ്ണദ്രവ്യങ്ങൾ (പഞ്ചസാരയും മറ്റും) പച്ചക്കറികൾ, ഇലക്കറികൾ, കാടി, എണ്ണ, എള്ള്, കടുക്, മദ്യം, മത്സ്യം, ആട്, മാട് തുടങ്ങിയവയുടെ മാംസം, തൈര്, മോര്, മുതിര, ലന്തക്കുരു, പിണ്ണാക്ക്, കായം, ഉള്ളി തുടങ്ങിയവ.

ഹഠയോഗകർത്താവായ ആത്മാരാമന്റെ അഭിപ്രായത്തിൽ ഗോതമ്പ്, ചമ്പാവരി, യവം, ഞവര, ചാമ, വരിനെല്ലു മുതലായ ധാന്യങ്ങൾ പാൽ, നെയ്യ്, കൽക്കണ്ടം, വെണ്ണ, തേൻ, ചുക്ക്, പടവലം, ചെറുപയറ്, അടപതിയൻ, (ചീര), ശുദ്ധജലം ഇവയാണു രോഗികൾക്കു പഥ്യമായ ഭക്ഷണം. അപ്രകാരം വിഹിതമായ ആഹാരം കഴിച്ചും പ്രാണായാമം ചെയ്തും യോഗാസനങ്ങൾ അനുഷ്ഠിച്ചും മനസ് സംയമനത്തോടെ ജീവിക്കുന്നവനു സൗഖ്യവും സ്വാസ്ഥ്യവുമുണ്ടാകും.

ശരീരം സമഗ്രമായി സംശുദ്ധമാകാൻ ഷട്കർമങ്ങൾ അനുഷ്ഠിക്കണമെന്നാണ് ആത്മാരാമന്റെ അനുശാസനം. ധൗതി, വസ്തി, നേതി, ത്രാടകം, നൗളി, കപാലഭ്രാന്തി ഇവയാണു ഷട്കർമങ്ങൾ. തുണി വെളളത്തിൽ നനച്ചു വിഴുങ്ങി ഉദരമിളക്കി തിരിയേ എടുക്കുന്നതു ധൗതിയും, വയറ്റിൽ വസ്തി വഴി വെള്ളം കയറ്റി വിസർജ്ജിപ്പിക്കുന്നതു വസ്തിയും, ഒരു മൂക്കിലൂടെ നൂലു കടത്തി വായിലൂടെ മറ്റേമൂക്കിൽ വരുത്തുന്നതു നേതിയും, ഒരു കൊച്ചുവസ്തുവിൽ കണ്ണിമയ്ക്കാതെ കണ്ണീർ വരും വരെ നോക്കുന്നതു ത്രാടകവും, തോൾതാഴ്ത്തിയിട്ടു ഉദരത്തെ ഇടത്തു നിന്നും വലത്തോട്ടും വലത്തു നിന്നു ഇടത്തോട്ടും ചലിപ്പിക്കുന്നതു ധൗതിയും, കൊല്ലന്റെ ഉല പോലെ വേഗം വേഗം ഉച്ഛ്വസിക്കുന്നതും നിശ്വസിക്കുന്നതും കപാലഭ്രാന്തിയുമാണ്.

ധൗതികൊണ്ട് ശ്വാസകോശരോഗങ്ങൾ, പ്ലീഹ, കുഷ്ഠം തുടങ്ങിയവയും വസ്തി കൊണ്ടു ഗുല്‍മം, പ്ലീഹ, ജലോദരം, വാതം, പിത്തം എന്നിവയും മാറും. വസ്തി ധാതുക്കൾക്കും മനസ്സിനും പ്രസാദമുണ്ടാക്കുകയും ദഹനശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. നേതികൊണ്ടു കണ്ണിനു കാഴ്ച കൂടും, ശിരോരോഗങ്ങൾ മാറും. ത്രാടകത്തിന്റെ ഫലവും കാഴ്ചശക്തിയുടെ വർദ്ധനമാണ്. ധൗതി ജഠരാഗ്നിയെ ജ്വലിപ്പിച്ചു വിശപ്പു വർദ്ധിപ്പിക്കുകയും മലശോധന സുഗമമാക്കുകയും വാതാദിരോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യും. കപാലഭ്രാന്തി കഫം സംബന്ധിച്ച രോഗങ്ങളെ പോക്കുന്നു.

യുവാവിനും വൃദ്ധനും അതിവൃദ്ധനും രോഗിക്കും ദുർബലനും ഹഠയോഗം അഭ്യസിച്ചു സിദ്ധി കൈവരിക്കാം.

“യുവാ വൃദ്ധോതിവൃദ്ധോവാ

വ്യാധിതോ ദുർബലോപിവാ

അഭ്യാസാത് സിദ്ധിമാപ്നോതി

സർവയോഗേഷ്വതിന്ദ്രിതഃ”

ആർഷ ഭാരതം വാനപ്രസ്ഥജീവിതത്തിനു പ്രാധാന്യം കല്പിച്ചിരുന്നു. മരച്ചുവട്ടിൽ പാർക്കുക, മരവുരിയോ ചെറുതുണിയോ ധരിക്കുക, ബ്രഹ്മചര്യമനുഷ്ഠിക്കുക, വെറും നിലത്തു കിടക്കുക, ഫലമൂലങ്ങളും ശുദ്ധ ജലവും ഭക്ഷണമാക്കുക, മൂന്നു നേരം കളിക്കുക, കേശവും മീശയും നഖവും വളർത്തുക, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുക, സർവഭൂതങ്ങളോടും കരുണ കാണിക്കുക, തേൻ, മാംസം, കൂണുകൾ, ലഹരിവസ്തുക്കൾ, ഉഴുതനിലത്തോ, കൃഷി ചെയ്തോ ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾ ഇവ വർജിക്കുക എന്നിവയാണു വാനപ്രസ്ഥത്തിനു വിധിച്ചിരിക്കുന്ന ജീവിതസപര്യ.

മനുസ്മൃതി വളരെ ആരോഗ്യകരമായ ദിനചര്യയാണു നിർദ്ദേശിക്കുന്നത്-ബ്രാഹ്മമുഹൂർത്തത്തിൽ (സൂര്യോദയത്തിനു മുമ്പു രണ്ടുനാഴിക മുതൽ നാലു നാഴികവരെ) ഉണരുക, ഉദയത്തിനുമുമ്പു കുളിയും പല്ലുതേപ്പും നടത്തുക, മാവിന്റെ കമ്പു കൊണ്ടു പല്ലു തേക്കുക, കുളി കഴിഞ്ഞ് ആചമനം (അല്പം ജലപാനം നടത്തുക) മാംസം, മധുരപലഹാരങ്ങൾ തുടങ്ങിയവ വർജിക്കുക, പ്രഭാതസ്നാനം കഴിഞ്ഞു സൂര്യനമസ്കാരം ചെയ്യുക, അതിരാവിലേയും അന്തിക്കും ഭക്ഷിക്കാതിരിക്കുക, ഉച്ചയ്ക്കും രാത്രിയും മാത്രം ഭക്ഷിക്കുക, രണ്ടുനേരമെങ്കിലും കുളിക്കുക, യഥാസമയം പ്രാണായാമം നടത്തുക.

ഭക്ഷണം

ഭക്ഷണം ശുദ്ധവും രുചികരവുമായിരിക്കണമെന്നു പ്രാചീനർക്കു നിഷ്കർഷയുണ്ടായിരുന്നു. തലമുടിയും പുഴുക്കളും വീണതും, തലേന്നാള്‍ വേവിച്ചതും, പട്ടി, രജസ്വല, കാക്ക, പശു, കിളി മുതലായവ സ്പർശിച്ചതുമായ ഭക്ഷണം കഴിക്കരുതെന്നാണു യാജവല്ക്യ മഹർഷിയുടെ വിലക്ക്. പായസവും നിഷിദ്ധമാണ്. ഉശനാസ്മൃതിയനുസരിച്ചു ഭക്ഷണം കുറ്റവും കുറവും പറയാതെ സസന്തോഷം കഴിക്കണം. കിഴക്കോട്ടോ, തെക്കോട്ടോ തിരിഞ്ഞിരുന്ന് ഉണ്ണണം. ആഹാരാനന്തരം രണ്ടുകുറി കുലുക്കുഴിയണം. കിഴക്കോട്ടു തിരിഞ്ഞിരുന്നാൽ ദീർഘായുസ്സും, തെക്കോട്ടായാൽ കീർത്തിയും പടിഞ്ഞാട്ടായാൽ ഐശ്വര്യവുമുണ്ടാകും.

ഭക്ഷണത്തിനു മുമ്പും പിമ്പും ഉദരംവരെ എത്താവുന്നത്ര മാത്രം വെള്ളം കുടിക്കണം. ഉണ്ണുമ്പോൾ മിണ്ടരുതെന്നാണു അത്രി മഹർഷിയുടെ ശാസനം. ഉള്ളി, വെളുത്തുള്ളി, കൂണ്‍ മുതലായവ ഭക്ഷിക്കുന്ന ബ്രാഹ്മണൻ ചാന്ദ്രിയവ്രതമെടുത്ത് ഉപവസിക്കണമെന്ന് സംവർത്ത മഹർഷി വിധിക്കുന്നു. ആതിഥ്യത്തിനു ഉപ്പ്, തേൻ, മദ്യം, മാംസം എന്നിവ ഉപയോഗിച്ചാൽ പരിഹാരമായി ആതിഥേയൻ ഉപവാസമനുഷ്ഠിക്കണമെന്നാണു കാത്യായന മഹർഷിയുടെ മതം. ശീമച്ചക്കയോ വൃക്ഷങ്ങളുടെ കറയോ മറ്റോ ഭക്ഷിക്കുന്നവർ മൂന്നു ദിവസം ഉപവസിച്ച ശേഷം പഞ്ചഗവ്യം സേവിക്കണമെന്നു പരാശരമഹർഷി അനുശാസിക്കുന്നു. ശ്രാദ്ധത്തിനു ഉഴുന്ന്, ഉപ്പ്, ഉരുണ്ട കിഴങ്ങുകൾ, കുരുമുളക്, വറ്റൽ മുളക്, വഴുതിനങ്ങ, പടവലങ്ങ, കൂണ് എന്നിവ ഉപയോഗിക്കരുതെന്നും പായസമുണ്ടാക്കരുതെന്നുമാണു ശാഖമഹർഷിയുടെ ശാസ്ത്രം. ഗൗതമമഹർഷിയുടെ പക്ഷം ഇലക്കറികൂട്ടി ചോറുണ്ണണമെന്നും പൂജിച്ച ശേഷം നിവേദ്യം കഴിക്കണമെന്നും പെറ്റ ആടിന്റേയോ പശുവിന്റെയോ പാൽ പത്തുനാൾ വരെ ഉപയോഗിക്കരുതെന്നുമാണ്.

സ്നേഹദ്രവ്യങ്ങളും ഉപ്പും കറിയും ദാനം ചെയ്യരുതെന്നു വസിഷ്ഠൻ വിലക്കുന്നു. ദഹനക്കേടുള്ളപ്പോഴും ഉച്ചയ്ക്കും, സന്ധ്യയ്ക്കും, പാതിരായ്ക്കും നനഞ്ഞ വസ്ത്രമുടുത്തിരിക്കുമ്പോഴും വെള്ളത്തിൽ നിൽക്കുമ്പോഴും ചരിഞ്ഞു കിടക്കുമ്പോഴും ഭക്ഷിക്കാൻ പാടില്ല. പാദക്ഷാളനത്തിന് ശേഷം ഭക്ഷിക്കുന്നവൻ ആയുഷ്മാനാകുമെന്നാണ് മനുവിന്റെ മതം. മാംസം ഭക്ഷിക്കുന്നതിന്റെ കേടു തീരാൻ പന്ത്രണ്ടു ദിവസം ഉപവസിക്കണമെന്ന് ഉശനാസ്മൃതി അനുശാസിക്കുന്നു.

മദ്യപാനം

മദ്യപാനം അതിനിഷിദ്ധമായിട്ടാണ് പൂർവികർ കരുതിയിരുന്നത്. യാഞ്ജവല്ക്യൻ മദ്യപാനിക്കു അതിക്രൂരമായ കൊടിയശിക്ഷ വിധിക്കുന്നു. യാഞ്ജ വല്ക്യസംഹിതയനുസരിച്ചു മദ്യപാനിക്കു ദോഷമുക്തിയുണ്ടാവാൻ മദ്യമോ, വെള്ളമോ, നെയ്യോ, ഗോമൂത്രമോ, പാലോ വെട്ടിത്തിളപ്പിച്ചു കുടിച്ചുമരിക്കണം. എങ്കിൽപ്പോലും മദ്യപാനി അടുത്ത ജന്മത്തിൽ കഴുതയാകുമത്രേ.

മദ്യപാനി കൃച്ഛ്റതപം ചെയ്തു ശുദ്ധിവരുത്തിയില്ലെങ്കിൽ അയാളെ സ്പർശിക്കരുതെന്നു യമസംഹിതയും മദ്യമെടുത്ത് പാത്രത്തിൽ വെള്ളം കുടിച്ചാൽ പ്രായശ്ചിത്തം ചെയ്യണമെന്ന് അതിമഹർഷിയും മദ്യപാനി ചാന്ദ്രയണമനുഷ്ഠിച്ചു ദേഹശുദ്ധിവരുത്തണമെന്നു സംവർത്തനും മദ്യപാനിക്കു അടുത്തജന്മം കറുത്ത പല്ലും രക്തപിത്തവുമുണ്ടാകുമെന്നു ശതാതപസംഹിതകാരനും ബ്രാഹ്മണൻ അബദ്ധത്തിൽ മദ്യം സേവിച്ചാൽ വിണ്ടും ഉപനയനം നടത്തണമെന്നും ബോധപൂർവം കുടിച്ചാൽ ജീവൻ തന്നെ ത്യജിക്കണമെന്നും മനുവും അനുശാസിക്കുന്നു.

മൈഥുനം

മൈഥുനത്തെ സംബന്ധിച്ചും പൂർവ്വികർ ചില ആചാര മര്യാദകൾ പുലർത്തിയിരുന്നു. മനുസ്മൃതിയനുസരിച്ചു പുരുഷൻ സ്ത്രീയുമായി ബന്ധപ്പെടുന്നതു തീണ്ടാരി തുടങ്ങി പതിനാറു ദിവസങ്ങൾക്കുള്ളിലാകണം. തീണ്ടാരിയുടെ ആദ്യത്തെ നാലുനാളുകളിലും വെളുത്തവാവിനും സുരതം നിഷിദ്ധമാണ്. പതിനൊന്നാമത്തെയും പതിമൂന്നാമത്തെയും നാളുകളും നല്ലവയല്ല. ലൈംഗിക വേഴ്ച ഇരട്ട ദിവസങ്ങളിലാണെങ്കിൽ പുത്രനും ഒറ്റദിവസങ്ങളിലാണെങ്കിൽ പുത്രിയും ജനിക്കും. പുത്രാർഥികൾ 4, 6, 8, 10, 12, 14,16 എന്നീ നാളുകളിൽ രതിക്രീഡ നടത്തണം. ഇരട്ടദിവസങ്ങളിലാണങ്കിൽപോലും സ്ത്രീയുടെ വികാരാധിക്യത്താൽ പുത്രി ജനിക്കാം. സ്ത്രീയുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ ദിവസനിഷ്ഠ പാലിക്കാതെയും വിഷയോപസേവ നടത്താമെന്നാണു യാജ്ഞവൽക്യമതം.

വിഷ്ണുസംഹിതപ്രകാരം ഉപവാസക്കാലത്തും പകലും സന്ധ്യയ്ക്കും സ്ത്രീപുരു ഷന്മാർ വൃത്തിഹീനരായിരിക്കുമ്പോഴും സ്ത്രീസംഗം നിഷിദ്ധമാണ്. രോഗികളും മുതിർന്നവരും രക്തബന്ധമുള്ളവരുമായ സ്ത്രീകളുമായി രതിക്രിയയിൽ ഏർപ്പെടാൻ പാടില്ല; ഏർപ്പെടുന്നതു പാപമാണ്.

മനസ്സു മാത്രമല്ല, വപുസ്സും വിശുദ്ധമായിരിക്കണമെന്നു പൂർവികർക്കു നിർബന്ധമുണ്ടായിരുന്നു. അതിനാൽ പല കുറി കുളിച്ച് അവർ പുറം മ്യഷ്ടവും അകം ഹൃഷ്ടവുമാക്കിയിരുന്നു. ക്ഷേത്രത്തിനടുത്തു തടാകമില്ലെങ്കിൽ കുളത്തിൽ കുളിക്കണമെന്നും, കുളിക്കാൻ പോകുമ്പോൾ നാലുപിടി കളിമണ്ണുകൊണ്ടു പോകണമെന്നും അത്രി മഹർഷി നിർദേശിക്കുന്നു. എണ്ണ, ശുക്ലം, രക്തം, മജ്ജ, മൂത്രം, മലം, ചെവിക്കായം, നഖം, കഫം, കൺപീള, വിയർപ്പ് എന്നിങ്ങനെ പന്ത്രണ്ടു മലങ്ങളുണ്ട്. ആദ്യത്തെ ആറെണ്ണം മണ്ണും വെള്ളവും കൊണ്ടും പിന്നത്തെ ആറെണ്ണം വെള്ളം കൊണ്ടും ശുദ്ധമാക്കണം.

പകൽ സൂര്യരശ്മി ശുദ്ധമാക്കിയ വെള്ളത്തിൽ കുളിക്കണം. അത് ആരോഗ്യകരവും ഉന്മേഷപ്രദവുമാണ്. ചന്ദ്രഗ്രഹണമുള്ളപ്പോഴല്ലാതെ രാത്രി കുളിക്കരുതെന്നു പരാശര മഹർഷി അനുശാസിക്കുന്നു. ശംഖാചാര്യനും സ്നാനവിധി വിവരിക്കുന്നുണ്ട്. അതനുസരിച്ചു ദേഹത്തിലെ അഴുക്ക് മണ്ണും വെള്ളവും കൊണ്ടു കഴുകിത്തുടച്ചു കളഞ്ഞു മുങ്ങണം. പിന്നീട് അല്പം ആചമിച്ചശേഷം മന്ത്രമുരുവിടണം. വീണ്ടും വെള്ളത്തിൽ മുങ്ങി മന്ത്രം ജപിച്ചു നനഞ്ഞ വസ്ത്രങ്ങൾ മാറ്റി ശുഭ്രവസ്ത്രം ധരിക്കണം.

മരിച്ചവരുടെ വീട്ടിൽ പോവുകയും, ശവസംസ്കാരത്തിൽ പങ്കുകൊള്ളുകയും ചെയ്തതിനും, സുരതത്തിനും, ദുസ്സ്വപ്നത്തിനും ക്ഷൗരത്തിനും മലവിസർജനത്തിനും ശേഷം സ്നാനം അത്യാവശ്യമാണെന്നു വിഷ്ണു സ്മൃതി വിധിക്കുന്നു.

കുളിക്കുമ്പോൾ മുണ്ടു നനയ്ക്കാതെ, അതു തന്നെ കുളി കഴിഞ്ഞ് ഉടുക്കരുത്. തുമ്മുക, ചീറ്റുക, ഉറങ്ങുക, തുപ്പുക, മദ്യപിക്കുക, ഭക്ഷിക്കുക, കുളിക്കുക, വഴി നടക്കുക, മലമൂത്രവിസർജനം ചെയ്യുക, പഠിക്കുക ഇവ ചെയ്യുന്നതിനു മുമ്പു വായിൽ വെള്ളമൊഴിച്ചു കുലുക്കുഴിയണമെന്നും വിഷ്ണു സ്മൃതി ഉപദേശിക്കുന്നു.

പൊക്കിളിനു താഴെയോ, കൈകളിലോ അഴുക്കുപറ്റിയാൽ അവിടെ മണ്ണും വെള്ളവും കൊണ്ടു ശുദ്ധമാക്കണം. അന്യരുടെ കുളത്തിൽ കുളിക്കരുത്. രോഗിക്കു കുളി നല്ലതല്ല. കഴിവതും നഗ്നനായി നിന്നു കുളിക്കരുത്. അരുണോദയം കണ്ടു കൊണ്ടുള്ള കുളിയാണ് ഉത്തമം. കുളി കഴിഞ്ഞു മുടികുടഞ്ഞു വെള്ളം കളയരുത്. വെള്ളം കൈകൊണ്ടോ, തോർത്തുകൊണ്ടോ തുടച്ചു കളയണം. വിഷ്ണുസ്മൃതി അഭ്യംഗസ്നാനത്തെ അനുകൂലിക്കുന്നില്ല. ദേഹത്തെ എണ്ണകാണിക്കരുത്. കുളി കഴിഞ്ഞു മേലും തലയിലും വസ്ത്രം ധരിക്കണം. ആറ്റിലോ, ഊറ്റിലോ കുളിക്കാൻ പറ്റുകയില്ലെങ്കില്‍ കുളത്തിൽ കുളിക്കണം. മണ്ണും വെള്ളവും കൊണ്ടു ദേഹം ശുദ്ധമാക്കി മുങ്ങിക്കുളിക്കണം. കുളി കഴിഞ്ഞു ഈറനുടുത്തു ആചമനവും തർപണവും ചെയ്യണം.

ദേഹശുദ്ധി

വസിഷ്ഠസ്മൃതി, ശംഖസ്മൃതി, മനുസ്മൃതി തുടങ്ങിയ പ്രാക്തനഗ്രന്ഥങ്ങളാണു ശരീരശുദ്ധിയെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുന്നത്. വസിഷ്ഠസ്മൃതിയനുസരിച്ചു മൈഥുനം, ഭക്ഷണം, മലമൂത്രവിസർജനം, യോഗം (യോഗാസനം) ഇവ രഹസ്യമായി ചെയ്യണം. വയസ്സ്, തപസ്സ്, ധനം, ബുദ്ധി ഇവ വെളിപ്പെടുത്തരുത്. പകൽ വടക്കോട്ടും രാത്രി തെക്കോട്ടുമിരുന്ന് മലമൂത്രവിസർജ്ജനം ചെയ്യണം. വല്ലാതെ മുട്ടിയാൽ മലമൂത്രവിസർജനത്തിനു സ്ഥലകാലങ്ങൾ നോക്കേണ്ടതില്ല. ശൗചത്തിന് ആറ്റിൻകരയിലെ മണ്ണും വെള്ളവും ഉപയോഗിക്കണം. വെള്ളത്തിലുള്ളത്, എലി തുരന്നിട്ടത്, അമ്പലത്തിലുള്ളത്, കുന്നിൻപുറത്തുള്ളത്, ഉറുമ്പുകൂനകൂട്ടിയത് എന്നീ അഞ്ചുതരം മണ്ണു ശൗചത്തിനു നിഷിദ്ധമാണ്. ലിംഗം ഒരു കുറിയും കാലുകൾ രണ്ടു കുറിയും ഗുദം അഞ്ചുകുറിയും കൈകൾ ഏഴു കുറിയും മണ്ണുകൊണ്ടു ശുദ്ധമാക്കണം. ഇതിലിരട്ടി ബ്രഹ്മചാരിയും, മൂന്നിരട്ടി വാനപ്രസ്ഥനും, നാലിരട്ടി യതിയും ചെയ്യണം, തുപ്പലോ, വഴിയിലെ ചളിയോ പൊക്കിളിനു മേലെ വീണാൽ ഉടൻ കുളിക്കണം.

മലമൂത്രവിസർജനത്തിനു ശേഷം ലിംഗവും, ഗുദവും കളിമണ്ണുകൊണ്ടു തുടച്ചു കഴുകണമെന്നും ലൈംഗികവേഴ്ചയ്ക്കു ശേഷം ലിംഗം രണ്ടുകുറിയും കൈകൾ ഏഴുകുറിയും മണ്ണുതേച്ചു കഴുകണമെന്നും നഖം ചെത്തിയാൽ കൈകൾ മൂന്നുകുറി തേച്ചുകഴുകി വൃത്തിയാക്കണമെന്നും കളിമണ്ണും ജലവും കൊണ്ടു പാദങ്ങൾ വൃത്തിയാക്കി വയ്ക്കണമെന്നും ശംഖസ്മൃതി ഉദ്ബോധിപ്പിക്കുന്നു.

മലമൂത്രവിസർജ്ജനം ചെയ്യുമ്പോൾ തടിയും തലയും മറയ്ക്കണമെന്നും മിണ്ടാതിരിക്കണമെന്നും ഭൂമിയെ കട്ടയോ, കല്ലോ, തടിയോ, കമ്പോ, ഇലയോ കൊണ്ടു മറയ്ക്കണമെന്നും മലശോധനം, ശൗചം, കുളി, പല്ലുതേപ്പ്, മഷി എഴുത്ത്, ഈശ്വരഭജനം ഇവ അരുണോദയത്തിനു മുമ്പു ചെയ്യണമെന്നും മനു അനുശാസിക്കുന്നു, മുൻചൊന്ന പന്ത്രണ്ടുതരം മലങ്ങൾ പുറത്തുപോകുമ്പോഴും കളിമണ്ണും വെള്ളവും ഉപയോഗിക്കുകയും മലമൂത്ര വിസർജനത്തിനും ഭക്ഷണത്തിനും ശേഷം മൂന്നു കുറി അല്പം വെള്ളം കുടിക്കുകയും മൂന്നുകുറി വെള്ളം കവിൾകൊള്ളുകയും വേണം.

ജലപാനം

ജലപാനവിധങ്ങളിൽ വിശിഷ്ടം ആചമനമാണ്. കൈയിലെ വെള്ളയിൽ വെളളമെടുത്തു കുടിക്കുകയും വാ കഴുകുകയും നവദ്വാരങ്ങൾ നനഞ്ഞ കൈകൊണ്ടു സ്പർശിക്കുകയും ചെയ്യുന്ന ക്രിയയാണ് ആചമനം. മൂന്നുകുറി വെള്ളം കുടിക്കുകയും രണ്ടു കുറി വാ കഴുകുകയും ഒരു കുറി നവദ്വാരങ്ങളെ സ്പർശിക്കുകയും വേണം. ചൂടോ, പതയോ, നുരയോ ഇല്ലാത്ത ശുദ്ധമായ വെള്ളമാണ് ആചമനത്തിനുപയോഗിക്കേണ്ടത്. സന്ധ്യാകാലങ്ങളിലും ഊണിനു മുമ്പും കുളിക്കു പിമ്പും ആചമിക്കണം.

തണ്ണീർപ്പന്തലുകളിൽ കൊടുക്കുന്നതും കാട്ടിൽ കെട്ടികിടക്കുന്നതും, ഉഴുതനിലങ്ങളിലുള്ളതും കുളങ്ങളിൽ നിന്നൊഴുകുന്നതുമായ വെള്ളം കുടിക്കരുതെന്നു വസിഷ്ഠമഹർഷി പ്രബോധിപ്പിക്കുന്നു. നിറമോ, ഗന്ധമോ, രുചിയോ ചേർത്ത വെളളം ദോഷകരമാണ്. ഉറങ്ങുക, കള്ളം പറയുക, മദ്യപിക്കുക, തുപ്പുക, ഭക്ഷിക്കുക ഇവയ്ക്കുശേഷം ആചമനം ആവശ്യമാണെന്നു വിധിക്കുന്നു.

ക്ഷൗരം

സ്മൃതികളനുസരിച്ചു സന്ന്യാസിക്കും ബ്രഹ്മചാരിക്കും തല മുണ്ഡനം ചെയ്യണം, വാനപ്രസ്ഥൻ മുടിയും മീശയും നഖവും മുറിക്കരുത്, ശൂദ്രൻ മാസത്തിലൊരിക്കലേ ക്ഷൗരം ചെയ്യാവൂ. ക്ഷൗരാനന്തരം കുളിക്കണം, വിധവകൾ തല മുണ്ഡനം ചെയ്യണം, ആപസ്തംബന്റെ അഭിപ്രായത്തിൽ വ്രതങ്ങൾ അനുഷ്ഠിക്കുമ്പോൾ മാത്രമേ നഖം മുറിക്കേണ്ടു.

ആർത്തവം

ആർത്തവകാലത്തെ ശുദ്ധാപരണത്തെക്കുറിച്ചുള്ള ആപസ്തംബ മുനിയുടെ ആപ്തോക്തി ശ്രദ്ധാർഹമാണ്. രജസ്വലയായതിന്റെ നാലാം നാൾ കുളിക്കണം. രക്തം പോക്കുനിന്നശേഷമേ രതിക്രീഡയിൽ ഏർപ്പെടാവൂ. രക്തം പോക്കുള്ളിടത്തോളം ശരീരം ശുദ്ധമായിരിക്കുകയില്ല. നാലാം നാൾ സന്തത്യുത്പാദനത്തിനു യോഗ്യമാണ്. ഋതുമതിയേയോ, ഗർഭിണിയേയോ സ്പർശിക്കുന്ന ബ്രാഹ്മണൻ കൃച്ഛ്റ തപസ്സ് ചെയ്യണം. ഋതുകാലത്ത് മൂന്നു നാളത്തേക്കു കണ്ണിൽ മഷിയെഴുതുകയോ, തറയിൽ കിടക്കുകയോ, പകലുറങ്ങുകയോ, തീയിൽ തൊടുകയോ, പല്ല് തേക്കുകയോ, മാംസം ഭക്ഷിക്കുകയോ, നക്ഷത്രങ്ങളെ നോക്കുകയോ, ചിരിക്കുകയോ, ജോലി എടുക്കുകയോ, ഓട്, ചെമ്പ്, ഇരുമ്പ് എന്നിവ കൊണ്ടുള്ള പാത്രങ്ങളിൽ വെള്ളമെടുത്തു കുടിക്കുകയോ ചെയ്യരുതെന്നു വസിഷ്ഠൻ നിർദ്ദേശിക്കുന്നു.

ഉറക്കം

വിഷ്ണുസംഹിതയനുസരിച്ചു നനഞ്ഞ കാലോടെ കിടന്നുറങ്ങരുത്, തല പടിഞ്ഞാട്ടോ വടക്കോട്ടോ വച്ചു കാലു തൂക്കിയിട്ടും, പച്ചമുള കൊണ്ടുണ്ടാക്കിയ കട്ടിലിലും അമ്പലത്തിലും ശ്മശാനത്തിലും ഭ്രാന്തന്മാർക്കിടയിലും. പശു, അഗ്നി, മദ്യം ഇവയുടെ സമീപത്തും സ്ത്രീകൾക്കിടയിലും മലമുകളിലും അശുദ്ധസ്ഥലത്തും ചാരത്തിന്റെ പുറത്തും പകലും സന്ധ്യയ്ക്കും ഊണു കഴിഞ്ഞും വാകഴുകാതെയും ഉറങ്ങാൻ പാടില്ല. അരുണോദയത്തിൽ ഉറങ്ങിയാൽ പകൽ മുഴുവൻ നിൽക്കണമെന്നും സന്ധ്യയ്ക്ക് ഉറങ്ങിയാൽ രാത്രി മുഴുവനും ഇരിക്കണമെന്നും വസിഷ്ഠൻ ശഠിക്കുന്നു.

പ്രായശ്ചിത്തം

പ്രാചീനകാലത്ത് കുറ്റത്തിനുള്ള ശിക്ഷ പ്രായശ്ചിത്തവും ഉപവാസവും സ്നാനവുമായിരുന്നു. സാധാരണ കുറ്റങ്ങൾക്കു ചാന്ദ്രയണമായിരുന്നു ശിക്ഷ. അതൊരുതരം ഉപവാസമാണ്. ചാന്ദായണം അനുഷ്ഠിക്കുമ്പോൾ ഓരോ ദിവസം ഓരോ ഉരുള കൂട്ടി ശുക്ലപക്ഷത്തിലും ഓരോദിവസം ഓരോ ഉരുള കുറച്ചു കൃഷ്ണപക്ഷത്തിലും ഭക്ഷിക്കണമെന്നാണു വിധി. ഉരുളയ്ക്ക് കോഴിമുട്ടയേക്കാൾ വലുപ്പം കൂടരുത്. ചാന്ദ്രായണം എല്ലാ പാപങ്ങളും പോക്കുമത്രെ.

ആരോഗ്യലാഭത്തിനും പാപമുക്തിക്കുമായി പൂർവികർ വിധിച്ചിട്ടുള്ള ചില തപങ്ങളെക്കുറിച്ചു കൂടിപ്പറയാം. ഇന്നു പഞ്ചഗവ്യം സേവിച്ചു നാളെ ഉപവസിക്കുന്നതു സാന്തപനം. ആറു ദിവസം പഞ്ചഗവ്യം സേവിച്ചു ഏഴാം ദിവസം ഉപവസിക്കുന്നതു മഹാസാന്തപനം. പ്ലാശ്, കുശം, താമര ഇവയുടെ രസം കഴിച്ച് ഉപവസിക്കുന്നതു പൂർണകൃച്ഛ്റം. അതിന്റെ മൂന്നിരട്ടി സമയത്തും കൈവെള്ളയിൽ കൊളളുന്ന ചോറുണ്ടും അനുഷ്ഠിക്കുന്ന പാദകൃച്ഛ്റം പ്രാജാപത്യം. 215 ദിവസം പാൽ കുടിച്ചു കഴിയുന്നതു കൃച്ഛ്റാതികൃച്ഛ്റം. പ്രസ്തുത ഭക്ഷ്യങ്ങൾ മൂന്നു ദിവസം രാത്രി കഴിച്ചു പതിനഞ്ചു ദിവസം ഉപവസിക്കുന്നതു തുലാപുരുഷം. നിസ്സാരമായ പാപങ്ങൾക്കും കുറ്റങ്ങൾക്കും നൂറുകുറി പ്രാണായാമം ചെയ്യുകയാണു ശിക്ഷ. നരഹത്യയ്ക്കു പകൽ മുഴുവൻ വായുഭക്ഷണത്തോടുകൂടി കഴിയുകയും രാത്രി വെള്ളത്തിലിറങ്ങി നിൽക്കുകയും രാവിലെ ആയിരം കുറി ഗായത്രി ജപിക്കുകയും വേണം. വജ്രം മോഷ്ടിച്ചാൽ പന്ത്രണ്ടു ദിവസം ഉപവസിക്കണം. ഉള്ളിയോ, വെളുത്തുള്ളിയോ തിന്നാൽ ചാന്ദ്രയണവും മൂത്രമോ, മലമോ ചേർന്ന വെള്ളം കുടിച്ചാൽ സന്താപനവും നിത്യകർമങ്ങളുപേക്ഷിക്കുന്ന ഗൃഹസ്ഥൻ ഒരു

ദിവസത്തെ ഉപവാസവും അനുഷ്ഠിക്കണം. മദ്യം തൊട്ട് ബ്രാഹ്മണർ മൂന്നു പ്ര

കുറി പ്രാണായാമം ചെയ്യണം.

അത്രി മഹർഷിയുടെ പക്ഷത്തിൽ മൂന്നു ദിവസത്തിലൊരിക്കൽ മാത്രം ഒരു ഉരുള അന്നം കഴിക്കുന്നതു അതികൃച്ഛ്റവും മൂന്നുദിവസം ചൂടുവെള്ളവും മൂന്നുദിവസം കാച്ചിയപാലും മൂന്നു ദിവസം ഉരുക്കിയനെയ്യും മൂന്നു ദിവസം വായും ഭക്ഷണമാക്കുന്നതു തപ്തകൃച്ഛറവും തൈരോ, വെള്ളമോ മൂന്നുദിവസവും നെയ്യു മൂന്നു ദിവസവും വായു മൂന്നു ദിവസവും ആഹാരമാക്കുന്നതു ശീതളകൃച്ഛ്റവും ഒരു പിണ്ണാക്കുകഷണവും തൈരും ധാന്യം പൊടിച്ചതും നാലു ദിവസം ഭക്ഷിക്കുകയും ഒരു ദിവസം ഉപവസിക്കുകയും ചെയ്യുന്നതു സൗകര്യകൃച്ഛ്റവും പന്ത്രണ്ടു ദിവസം ഉപവസിക്കുന്നതു പരമകൃച്ഛ്റവും കുരാലി (തവിട്ടുനിറമുള്ള)പ്പശുവിന്റെ പാൽ കറന്നു ചൂടോടെ കുടിക്കുന്നതു വ്യാസകൃച്ഛ്റവും രാത്രിയിൽ മാത്രം ഭക്ഷിക്കുന്നതു നക്തകൃച്ഛ്റവുമാണ്.

പൊന്നുകട്ടവൻ മൂന്നുനേരം കുളിക്കുകയും പർണശാലയിൽ പാർക്കുകയും കാട്ടിലെ കായ്കനികൾ തിന്നുകയും നിലത്തുകിടക്കുകയും വേണമെന്നു ശംഖമഹർഷി വിധിക്കുന്നു. അങ്ങനെ പന്ത്രണ്ടു കൊല്ലം കഴിയണം. വെള്ളം മാത്രം കുടിക്കുകയും ഇലകൾ മാത്രം തിന്നുകയും സ്വർണം നക്കുകയും നെയ്യു കൂട്ടുകയും ചെയ്താൽ പാപങ്ങൾ തീരുമെന്നാണു ഗൗതമമഹർഷിയുടെ പക്ഷം. എൺപതിൽ കൂടുതലും പതിനാറിൽത്താഴെയും വയസ്സുള്ളവരും സ്ത്രീകളും രോഗികളും അർധവ്രതം നോറ്റാൽ മതിയെന്നാണു വിധി.

വിഷ്ണു സൂതിയിൽ അഘമർശന കൃച്ഛ്റം, പ്രാജാപത്യം, ഉദകകൃച്ഛ്റം, മൂലകൃച്ഛറം, വിലകൃച്ഛറം, തുലാപുരുഷം, പൂർണ്ണകൃച്ഛ്റം എന്ന് ഏഴുതരം കൃച്ഛ്റങ്ങളെക്കുറിച്ചു വിവരിക്കുന്നു.

മൂന്നുനാൾ ഉപവസിക്കുകയും എന്നും മൂന്നുകുറി കുളിക്കുകയും അഘമർശന മന്ത്രം ചൊല്ലുകയും പകലന്തിയോളം നില്ക്കുകയും രാതിയൊടുങ്ങുവോളം ഇരിക്കുകയും വ്രതാവസാനം ഗോദാനം നടത്തുകയും ചെയ്യുന്നത് അഘമർശന കൃച്റം. പ്രാജാപത്യം മൂന്നു ദിവസം രാവിലേയും മൂന്ന് ദിവസം വൈകുന്നേരവും മൂന്നുദിവസം വല്ലപ്പോഴും ഭക്ഷണം കഴിക്കുകയോ മൂന്നുദിവസം ഉപവസിക്കുകയുമാണ്. ബാർലി പൊടിച്ചതും പച്ച വെളളവും മാത്രം ഒരു മാസം കഴിക്കുന്നതു ഉദകകൃച്ഛ്റം. കിഴങ്ങുകൾ മാത്രം ഭക്ഷിക്കുന്നതു മൂലം കൃച്ഛ്റം, വില്വ (കൂവളം) ഫലം കൊണ്ടുമാത്രം ജീവിക്കുന്നത് വില്വകൃച്ഛറം. ഒരു ദിവസം, പിണ്ണാക്കു തിന്നുകയും പിറ്റേന്ന് ഉപവസിക്കുകയും അടുത്തനാൾ, അരിതിളച്ചു വരുമ്പോഴത്തെ പത പാനം ചെയ്യുകയും, അതിന്റെ പിറ്റേന്ന് ഉപവസിക്കുകയും പിന്നീട് മോരു കുടിക്കുകയും അടുത്തദിവസം വീണ്ടും ഉപവസിക്കുകയും ചെയ്യുന്നതാണ് തുലാപുരുഷവ്രതം. കശപുല്ല്, പലാശപത്രം, ഉദുംബരപത്രം, പത്മപത്രം, വടപത്രം, ശംഖുപുഷ്പപത്രം, ബ്രഹ്മിപത്രം ഇവയുടെ കഷായം ദിവസേന ഒരാഴ്ച കുടിച്ചാൽ പൂർണ്ണ കൃച്ഛ്റമായി.

കൃച്ഛ്റങ്ങൾ അനുഷ്ഠിക്കുന്നവർ തലമുണ്ഡനം ചെയ്യുകയും എന്നും മൂന്നുനേരം കുളിക്കുകയും ആത്മസംയമനം പാലിക്കുകയും കട്ടിലിൽ കിടക്കുകയും വേണം. സ്ത്രീകളോടും നീചന്മാരോടും സംസാരിക്കരുത്.

ലളിതവും പ്രകൃതിക്കനുസൃതവുമായ ജീവിതചര്യം മനസ്സിനും വപുസ്സിനും സുഖം നല്കുമെന്നു പൂർവികർ മനസ്സിലാക്കിയിരുന്നു. തന്മൂലം അതനുസരിച്ചാണ് അവർ ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. പ്രകൃതിയുമായി ഇണങ്ങി അമ്പലങ്ങളിൽ ഭജനം പാർക്കുന്നവരുടെ മാരകമായ രോഗങ്ങൾ പോലും മാറിപ്പോകുന്നത് അനുഭവസിദ്ധമാണല്ലോ.

കടപ്പാട്: പ്രകൃതിചികിത്സ,

എം.കെ.ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

2.57142857143
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top