Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / പ്രകൃതി ചികിത്സ / പൊതുജനാരോഗ്യവും ശസ്ത്രക്രിയയും പ്രാചീനഭാരതത്തില്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതുജനാരോഗ്യവും ശസ്ത്രക്രിയയും പ്രാചീനഭാരതത്തില്‍

കൂടുതല്‍ വിവരങ്ങള്‍

പൊതുജനാരോഗ്യം-പ്രാചീന ഭാരതത്തിൽ

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വിവരിക്കുന്ന പൊതുജനാരോഗ്യനിയമങ്ങൾ അധുനാതനകാലത്തുപോലും ആദരണീയമാണ് അനുകരണീയമാണ്.

അന്നു സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ സത്വരമായ പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നു. പകർച്ചവ്യാധി പിടിപെട്ട രോഗികളെ ചികിത്സിക്കുന്ന വൈദ്യൻ ആ വിവരം തൽക്ഷണം തന്നെ "ഗോപൻ എന്ന ഉദ്യോഗസ്ഥനെ അറിയിക്കണ്ടിയിരുന്നു, ഗോപൻ കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ വിവരിക്കുന്ന നഗരഭരണക്രമത്തിലെ പത്തു കുടുംബങ്ങളുടെ തലവനാണ്.

അതുപോലെ അമിതമായ ഭക്ഷണമോ മദ്യപാനമോ മൂലം അസുഖം പിടിപ്പെട്ടാൽ വൈദ്യൻ മാത്രമല്ല കുടുംബനാഥനും വിവരം അധികൃതരെ അറിയിക്കണമായിരുന്നു.

പട്ടണത്തിനകത്തോ, പരിസരപ്രദേശങ്ങളിലോ, തീർത്ഥസ്ഥലങ്ങളിലോ, ദേവാലയങ്ങളിലോ കാണപ്പെടുന്ന സാംക്രമിക രോഗങ്ങളേയും വ്രണബാധിതരേയും തടവിലാക്കപ്പെട്ടിരുന്നു. അത്തരക്കാരെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യേണ്ടത് ട്രാഫിക് ഉദ്യോഗസ്ഥന്റെ ചുമതലയായിരുന്നു.

അരിയോ മാംസമോ പാകം ചെയ്യുന്നിടങ്ങളിലും ആതുരാലയ പ്രാന്തങ്ങളിലും ചൂതാട്ടക്കളരികളിലും കൂടി അത്തരം രോഗികളുടെ പ്രവേശനം കർശനമായി നിരോധിച്ചിരുന്നു. പകർച്ചരോഗത്തെ പ്രതിരോധിക്കുന്നതിൽ അന്നത്തെ ഭരണകൂടം അത്രയേറെ നിഷ്ക്കർഷയാണു പ്രദർശിപ്പിച്ചിരുന്നത്.

കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ ക്ഷയരോഗത്തെക്കുറിച്ച് പറയത്തക്ക പരാമർശങ്ങളൊന്നുമില്ല. അക്കാലത്തു ക്ഷയം പൊതുജനാരോഗ്യത്തിന് ഒരു ഭീഷണിയായിരുന്നില്ലെന്നു വേണം അതിൽനിന്നനുമാനിക്കാൻ.

അന്നു പോഷകാഹാരക്കുറവുകൊണ്ടുള്ള രോഗങ്ങളും വളരെ വിരളമായിരുന്നു. കാരണം നാട്ടിലുടനീളം സമ്യദ്ധി കളിയാടിയിരുന്നു. നല്ല പോഷകാംശമുള്ള ആഹാരമാണ് ജനങ്ങൾ കഴിച്ചിരുന്നത്. അവർ അരോഗദൃഡഗാത്രരും സന്തുഷ്ടരുമായിരുന്നു. ഗ്രീക്കുസഞ്ചാരികൾ അവരുടെ യാത്രാക്കുറിപ്പുകളിൽ അക്കാര്യം വളരെ പ്രശംസാപരമായി പരാമർശിച്ചിട്ടുണ്ട്.

ഒരു പാടും പരാതിയുമില്ലാതെ കളിതമാശകളിലും കായികവിനോദങ്ങളിലും കലാകേളികളിലും മുഴുകിക്കഴിഞ്ഞിരുന്ന ജനത ഗ്രീക്കു സഞ്ചാരികളെ സംബന്ധിച്ചിടത്തോളം ഒരത്ഭുതമായിരുന്നു. അത്തരമൊരു ജനതയെ പിടികൂടുവാൻ രോഗങ്ങൾക്കുതന്നെ പേടിയായിരുന്നിരിക്കണം.

അക്കാലത്തെ ജനങ്ങൾ പൊതുവേ മാംസഭോജികളായിരുന്നു. മദ്യപാനം ഇന്നത്തെപ്പോലെ അത്രയൊന്നും മോശപ്പെട്ട ഒരു കാര്യമല്ലായിരുന്നു. തെമ്മാടികൾ മാത്രമല്ല തറവാടികളും മദ്യപാനം നടത്തിയിരുന്നുവെന്നു സാരം. സമൂഹം അതിനൊരുതരത്തിലുള്ള വിലക്കും കല്പിച്ചിരുന്നില്ല.

ബുദ്ധമതക്കാരുടേയും, പതഞ്‌ജലി, ചരകൻ, സുശ്രുതൻ എന്നിവരുടേയും ഗ്രന്ഥങ്ങളിൽ അന്നത്തെ ജനങ്ങളുടെ മാംസാഹാരശീലത്തയും മദ്യപാനാസക്തിയേയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. പ്രസ്തുത ഗ്രന്ഥങ്ങളനുസരിച്ച് ചോറും മാംസവുമായിരുന്നു ജനങ്ങളുടെ മുഖ്യാഹാരം.

നിരത്തുകളും രാജവീഥികളും നിത്യം തൂത്തുവീശി വ്യത്തിയാക്കിയിടുന്നതിൽ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. റോഡിൽ ചപ്പും ചവറും വാരിക്കൊണ്ടിടുകയോ മറ്റേതെങ്കിലും തരത്തിൽ മാർഗ്ഗതടസമുണ്ടാക്കുകയോ ചെയ്യുന്നവരിൽനിന്നു പിഴ ഈടാക്കിയിരുന്നു. രാജവീഥിയിലാണപ്രകാരം ചെയ്യുന്നതെങ്കിൽ പിഴ രണ്ടിരട്ടിയാണ്. അതുപോലെതന്നെ തീർത്ഥസ്ഥലങ്ങളിലോ ദേവാലയങ്ങളുടെ മതിൽക്കെട്ടിനകത്തോ കുളക്കരകളിലോ പൊതു സ്ഥാപനങ്ങളുടെ മുമ്പിലോ മൂത്രവിസർജനം നിഷിദ്ധമായിരുന്നു.

എന്നാൽ മൂത്രമൊഴിക്കുന്നതിനു ശിക്ഷ നൽകുന്ന കാര്യത്തിൽ ചില ദുർബലനിമിഷങ്ങളെ കണക്കിലെടുത്തുകൊണ്ട് അന്നത്തെ നിയമം അല്പം ദാക്ഷിണ്യം പ്രകടിപ്പിക്കുന്നുണ്ട്. രോഗംകൊണ്ടോ ഭയപ്പെട്ടോ ഒന്നുമുള്ളിപ്പോവുകയാണെങ്കിൽ അതിനു പിഴ ഈടാക്കിയിരുന്നില്ല. ഈ സംഗതികൾ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. അക്കാലത്ത് നിരത്തുകളിലും പൊതുസ്ഥലങ്ങളിലും കുപ്പത്തൊട്ടികളും പൊതുകക്കൂസുകളും മൂത്രപ്പുരകളും സ്ഥാപിച്ചിരുന്നു.

ചത്തപൂച്ച, നായ്, കീരി, പാമ്പ് എന്നിവയെ നഗരത്തിലെ നിരത്തുകളിൽ വലിച്ചെറിയുന്നതും ശിക്ഷാർഹമായിരുന്നു. ചത്ത കഴുത, ഒട്ടകം, കുതിര, പശു, കാള എന്നിവരെയാണു നഗരത്തിൽ കൊണ്ടിടുന്നതെങ്കിൽ കൂടുതൽ പിഴ ഈടാക്കിയിരുന്നു. മനുഷ്യശവങ്ങൾ കൊണ്ടിടുന്നവരിൽ നിന്നാണ് ഏറ്റവും കൂടിയ പിഴ വസൂലാക്കിയിരുന്നത്.

ശവം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ പ്രത്യക മാർഗ്ഗങ്ങളുണ്ടായിരുന്നു. നിശ്ചിതമാർഗ്ഗങ്ങളിലൂടെയല്ലാതെ കൊണ്ടുപോകുന്നവരിൽനിന്നു തക്കതായ പിഴ ഈടാക്കിയിരുന്നു. വഴിമാറ്റി കൊണ്ടുപോകാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥനും കൂടുതൽ ശിക്ഷ ലഭിച്ചിരുന്നു. ശ്മശാനത്തിലല്ലാതെ മറ്റിടങ്ങളിൽ ശവം മറവു ചെയ്യുന്നതും ദഹിപ്പിക്കുന്നതും കുറ്റകരമായിരുന്നു.

രാത്രി നഗരത്തിൽ എന്തെങ്കിലും കുറ്റകൃത്യങ്ങൾ നടന്നുവെന്നിരിക്കട്ടെ. ഡ്യൂട്ടിയിലുള്ള പോലീസുകാരൻ തൽക്ഷണം തന്നെ വിവരം നഗരാധ്യക്ഷ(മുനിസിപ്പൽ കമ്മീഷണർ)നു റിപ്പോർട്ടു ചെയ്തിരിക്കണം. ജുഡീഷ്യൽ അധികാരങ്ങളോടുകൂടിയ ഉദ്യോഗസ്ഥനാണ് നഗരാധ്യക്ഷൻ.

മറവുള്ള മാർഗ്ഗങ്ങളിലും ജലസംഭരണകേന്ദ്രങ്ങളിലും മറ്റും നിരന്തര നിരീക്ഷണം നടത്തിക്കൊണ്ടിരിക്കണമെന്നു രാത്രിപ്പാറാവുകാർക്ക് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. നിയമസമാധാനം മാത്രമല്ല പൊതുജനാരോഗ്യ സംരക്ഷണവും പ്രസ്തുത ഉദ്യോഗസ്ഥന്മാരുടെ കർത്തവ്യനിർവ്വഹണ പരിധിയിൽ ഉൾപ്പെട്ടിരുന്നുവെന്നതും അതുകൊണ്ട് തെളിയുന്നു.

അലക്കുകാർക്കും ചില വിലക്കുകളുണ്ടായിരുന്നു. അവർക്കു നിശ്ചയിച്ചിട്ടുള്ള വസ്ത്രമേ അവർ ധരിക്കാവൂ. മറ്റുള്ളവരുടെ വസ്ത്രങ്ങൾ കൂലിക്കുകൊടുക്കാനോ പണയം വയ്ക്കാനോ പാടില്ല.

വൈദ്യന്മാർക്ക് സമൂഹത്തിൽ വളരെ മാന്യമായ സ്ഥാനം കല്പിക്കപ്പെട്ടിരുന്നു. എന്നാൽ അവരും നിയമത്തിന്റെ മുഷ്ട്ടിയിൽനിന്നു മുക്തരായിരുന്നില്ല. തെറ്റിയ ചികിത്സകൊണ്ട് രോഗികളുടെ ആരോഗ്യമോ ജീവനോ അപകടത്തിലായാൽ വൈദ്യൻ ശിക്ഷിക്കപ്പെട്ടിരുന്നു. അധികൃതരുടെ അനുവാദത്തോടുകൂടി മാത്രമേ രോഗികളെ ചികിത്സിക്കാൻ പാടുണ്ടായിരുന്നുളളു. അധികൃതരെ അറിയിക്കാതെ ചികിത്സിക്കുകയും രോഗി സംഗതിവശാൽ മരിച്ചുപോവുകയും ചെയ്താൽ വൈദ്യനു കഠിനമായ ശിക്ഷ നൽകിയിരുന്നു. ചികിത്സയുടെ ദോഷംകൊണ്ട് ദേഹത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട അവയവത്തിനു കേടുപാടു പറ്റുകയോ വൈരൂപ്യം സംഭവിക്കുകയോ ചെയ്താലും വൈദ്യൻ ശിക്ഷാർഹനായിരുന്നു.

അങ്ങാടിയിൽ മാംസവില്പനയുടെ കാര്യത്തിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു, കാലും തലയുമില്ലാത്തതോ നീരുവന്നുവീർത്തതോ എല്ലില്ലാത്തതോ ആയ മൃഗങ്ങളുടെ മാംസം വില്ക്കാൻ പാടില്ലായിരുന്നു. ചത്തമൃഗങ്ങളുടെ മാംസവില്പനയും കർശനമായി തടഞ്ഞിരുന്നു.

ഭരണകൂടം പൊതുജനാരോഗ്യകാര്യത്തിൽ എത്രമാത്രം ബദ്ധശ്രദ്ധമായിരുന്നുവെന്നു പ്രസ്തുത നിയമങ്ങൾ പരിശോധിച്ചാലറിയാം. അത്തരം നിയമങ്ങൾ രണ്ടായിരം കൊല്ലങ്ങൾക്കുമുമ്പാണ് ഭാരതത്തിൽ പ്രാബല്യത്തിലുണ്ടായിരുന്നതെന്ന വസ്തുത അത്ഭുതകരമായിത്തോന്നുന്നില്ലേ?

ശസ്ത്രക്രിയ പ്രാചീനഭാരതത്തില്‍

വൈദിക കാലത്തുതന്നെ ആയുർവേദത്തിൽ അതിപ്രഗത്ഭരായ ചികിത്സകരും ശസ്ത്രക്രിയാവിദഗ്ധരുമുണ്ടായിരുന്നു. അശ്വിനികളായിരുന്നു ശസ്ത്രകർമ്മത്തിൽ അദ്വിതീയർ.

ഋഗ്വേദത്തിൽ ഒരു കഥയുണ്ട്. ദധ്യാപിമുനി ഇന്ദ്രനിൽ നിന്നു മധുവിദ്യ പഠിച്ചു. അതു മറ്റാർക്കും പഠിപ്പിച്ചുകൊടുക്കരുതെന്നാണു വ്യവസ്ഥ. കരാറു ലംഘിച്ചാൽ ശിക്ഷ ശിഷ്യന്റെ ശിരസ്സറുക്കുകയാണ്. അശ്വിനികൾക്കു ആ വിദ്യ പഠിക്കണമെന്ന് കലശലായ മോഹം, അവർ ദധ്യാപിയെ സമീപിച്ചു. ദധ്യാപി പറഞ്ഞുകൊടുക്കുമോ? അദ്ദേഹത്തിനു പ്രാണനിൽ കൊതിയില്ലേ? അശ്വിനികൾ മുനിയെ ഇന്ദ്രകോപത്തിൽനിന്നു രക്ഷിച്ചുകൊള്ളാമെന്ന് ഉറപ്പുകൊടുത്തു. പിന്നെന്തു കൂസാൻ? മുനി അവരെ മധുവിദ്യ പഠിപ്പിച്ചു. ഇന്ദ്രൻ ഇതറിഞ്ഞു. അപ്പോഴേക്കും അശ്വിനികൾ ദധ്യാപിയുടെ തലയറുത്തുമാറ്റി ഒരു കുതിരത്തല പകരം വച്ചുപിടിപ്പിച്ചു. ക്രൂദ്ധനായ ഇന്ദ്രൻ തലവെട്ടിയിട്ടു. പ്രതിജ്ഞാലംഘനത്തിനു തക്കശിക്ഷ നൽകിയല്ലോ. ഇന്ദ്രനു തൃപ്തിയായി. മിടുക്കന്മാരായ അശ്വിനികൾ ഉടനേ അസ്സൽതല കൊണ്ടുവന്ന് ഉടലിൽ വച്ചു ചേർത്തു. അപ്പോൾ സാക്ഷാൽ ദധ്യാപിയായി.

അശ്വിനികളുടെ അത്ഭുതകരമായ ശസ്ത്രക്രിയാ വൈദഗ്ധ്യം അവിടംകൊണ്ടും നിന്നില്ല. രുദ്രൻരുപിയുടെ പുത്രൻ യജ്ഞന്റെ തലയറുത്തിട്ടപ്പോഴും അശ്വിനികൾ തൽക്ഷണം തല ഉടലിൽ ചേർത്തുകൊടുത്തു. അതുപോലെ അവർ ദീർഘതപസ്സെന്ന ഋഷിയുടെ വേർപെടുത്തപ്പെട്ട ശിരസ്സും ഉടലോടു യോജിപ്പിക്കുകയുണ്ടായി. യുദ്ധത്തിൽ കാലൊടിഞ്ഞു പോകുമ്പോൾ പകരം ഇരുമ്പുകാല് ഉടലിൽ ഘടിപ്പിച്ചു കൊടുത്തിരുന്നതായും വേദങ്ങളിൽ കാണുന്നു. ദേവാസുരയുദ്ധത്തിൽ പങ്കെടുത്ത് അംഗഭംഗം വന്ന വിഷ്ഫലാറാണിയുടെ പടയാളികൾക്ക് കൃത്രിമ കാലുകളും നേത്രങ്ങളും വച്ചുകൊടുക്കുകയുണ്ടായി. അശ്വിനികൾ പുതിയ കണ്ണുകൾ ഭഗദേവനും പുതിയ പല്ലുകൾ പൂഷാവിനും വച്ചുകൊടുത്തതായും ഋഗ്വേദത്തിൽ പരാമർശമുണ്ട്. അതെല്ലാം ഋഗ്വേദകാലത്തെ ശസ്ത്രക്രിയാപരമായ മികവും മേന്മയും പ്രകടമാക്കുന്നവയാണല്ലൊ.

യജുർവേദത്തിലും അംഗശാരീരവും മർമ്മശാരീരവും മുറിവുകളും ഒടിഞ്ഞ അവയവങ്ങളും ചികിത്സിച്ചു ഭേദമാക്കാനുള്ള വിധികളും വിവരിക്കുന്നുണ്ട്. അഥർവവേദത്തിൽ ശസ്ത്രകിയയെയും അംഗശാരീരത്തെയും സംബന്ധിച്ച കൂടുതൽ വിശദമായ വിവരണമുണ്ട്. മഹാഭാരതം, അഗ്നിപുരാണം, ഗരുഡപുരാണം, ഹരിവംശപുരാണം എന്നിവയിൽ കാണപ്പെടുന്ന കാശിരാജാവ് ദിവോദാസൻ ശസ്ത്രക്രിയാവിദ്യയിൽ അദ്വിതീയനായിരുന്നു. കാശിരാജാവും വൈദ്യശാസ്ത്രപാരംഗതനുമായിരുന്ന ധന്വന്തരിയുടെ പൌത്രനാണ് ദിവോദാസൻ. തന്മൂലം പിതാമഹന്റെ ധന്വന്തരിനാമം പൗത്രനും ലഭിച്ചു. പൗത്രൻ വൈദ്യശാസ്ത്രവിജ്ഞാനത്തിൽ മുത്തച്ഛനേക്കാൾ ഒരുപടി കൂടി കടന്നു നിന്നിരുന്നുവെന്നുവേണം പറയാൻ. ദിവോദാസന്റെ ശിഷ്യനാണ് പ്രസിദ്ധ ആയുർവേദാചാര്യനായ സുശ്രുതൻ. അദ്ദേഹം ശസ്ത്രക്രിയയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ഒരു സംഗ്രഹഗ്രന്ഥം രചിച്ചു-സുശ്രുതസംഹിത. ഇതിലും മഹാഭാരതത്തിലുമുള്ള സൂചനപ്രകാരം വിശ്വാമിത്രന്റെ പുത്രനാണു സുശ്രുതൻ.

ഹെസ്സലറുടെയും മുഖോപാദ്ധ്യായയുടേയും കണക്കനുസരിച്ച് ക്രി.മു. 130-നടുത്താണു സുശ്രുതന്റെ കാലം. എന്നാൽ പാണിനീയത്തിൽ സുശ്രുതനാമമുപയോഗിച്ച് കാണുന്നതിനാൽ പാണിനിക്കും മുമ്പായിരിക്കണം സുശ്രുതൻ ജീവിച്ചിരുന്നത്. ക്രി. മു. 600-മാണ്ടിലാണു പാണിനി ജീവിച്ചിരുന്നതെന്നു കണക്കാക്കപ്പെടുന്നു. സുശ്രുതൻ ഒരു പ്രാചീന വൈദിക മഹർഷിയായിരുന്നുവെന്നാണു പ്രബലമായ മറ്റൊരുപക്ഷം. ആ വാദഗതിക്ക് ഉപോൽബലകമായി ശുക്രയജുർവേദത്തിലെ ഭാഗമുദ്ധരിക്കപ്പെടുന്നുണ്ട്. അതിൽ സുശ്രുതനെ മന്ത്രദൃഷ്ടാവായി വിശേഷിപ്പിച്ചിരിക്കുന്നു.

ഉയർപ്പിക്കുന്ന മൃതസഞ്ജീവനി, ഉടലിൽ തറയ്ക്കുന്ന അമ്പിൻമുനമുള്ള് മുതലായവ വലിച്ചെടുക്കാനുതകുന്ന വിശല്യകരണി, മുറിവുകൾ ഉണക്കുന്ന സന്ധാനകരണി, പോയ നിറം വീണ്ടും വരുത്തുന്ന സാവർണ്യകരണി മുതലായ മഹൗഷധങ്ങളെപ്പറ്റി വാൽമീകിരാമായണത്തിൽ പരാമർശമുണ്ട്. മഹാഭാരതകാലത്തു സൈനികഭിഷഗ്വരന്മാർ വേദന മാറ്റാനും മുറിവുകളുണക്കാനും മരുന്നുപയോഗിച്ചിരുന്നതായി കാണുന്നു. മഹാവർഗ്ഗമെന്ന ബൗദ്ധഗ്രന്ഥമനുസരിച്ചു ബുദ്ധനെ ചികിത്സിച്ചിരുന്നത് ജീവകനാണ്. അദ്ദേഹം വലിയ വൈദ്യപണ്ഡിതനും ശസ്ത്രക്രിയാവിദഗ്ധനുമായിരുന്നു. ക്രാണിയോട്ടമി പോലുള്ള വിഷമം പിടിച്ച പല ശസ്ത്രക്രിയകളും ജീവകൻ നിഷ്പ്രയാസം നിർവ്വഹിച്ചിരുന്നുവത്രേ.

ആകാശഗോത്രൻ എന്ന മറ്റൊരു ശസ്ത്രക്രിയാവിദഗ്ധൻ ഗുദത്തിലെ ഭഗന്ദരം ശസ്ത്രക്രിയ ചെയ്തു മാറ്റിയതായി മഹാവർഗ്ഗത്തിൽത്തന്നെ പ്രസ്താവിച്ചു കാണുന്നു. സുശ്രുതനാണു മൂക്കിൽ പ്ലാസ്റ്റിക് സർജറിയും, അംഗച്ഛേദവും, ഭഗന്ദരം, മൂലക്കുരു, മുഴ എന്നിവയ്ക്ക് ശസ്ത്രക്രിയയും ആദ്യമായി നടത്തിയതെന്നു മറ്റു ചില ഗ്രന്ഥങ്ങളിൽ കാണുന്നു. അപ്രതിമനായ ശസ്ത്രക്രിയാചാര്യനായിരുന്നു അദ്ദേഹം. സുശ്രുതൻ ശസ്ത്രക്രിയയെ എടുതരമായി തിരിച്ചിരിക്കുന്നു. ചോദ്യം, ഭേദ്യം, ലേഖ്യം, വേധ്യം, ഈഷ്യം, ആഹാര്യം, വിശ്രാവ്യം, സീവ്യം. അദ്ദേഹം യന്ത്രങ്ങളെ ആറും, ശസ്ത്രങ്ങളെ ഇരുപതും വ്രണങ്ങളിലെ വച്ചുകെട്ടുകളെ പതിനാലും തരമായി വിഭജിച്ചിട്ടുണ്ട്. ശസ്ത്രക്രിയാ വിഭാഗത്തിലുൾപ്പെടുന്നതാണു ക്ഷാരകർമ്മവും അഗ്നികർമ്മവും അട്ടയെക്കൊണ്ടു കടിപ്പിക്കുന്ന സമ്പ്രദായവും. ആധുനിക ശസ്ത്രക്രിയാശാസ്ത്രത്തിനു ഭാരതത്തിന്റെ സംഭാവനയത്രെ.

ക്രി: പി: 927-ൽ രചിച്ചതെന്നു കരുതപ്പെടുന്ന ഭോജപ്രബന്ധമെന്ന ഗ്രന്ഥത്തിൽ കപാലശസ്ത്രക്രിയ നടത്തിയതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. അക്കാലത്ത് ബോധം കെടുത്താൻ സമ്മോഹനി ഔഷധവും വീണ്ടും ബോധം വരുത്താൻ സഞ്ജീവനി ഔഷധവും ഉപയോഗിച്ചിരുന്നതായി കാണുന്നു. പ്രാചീനകാലത്തു വളരെ വിജയകരമായി നടത്തിപ്പോന്ന ശസ്ത്രക്രിയ പിൽക്കാലത്ത് എന്തുകൊണ്ടാണ് ലുപ്തയോഗമായിപ്പോയത്?

യാഥാസ്ഥിതികരായ ഹിന്ദു പുരോഹിതരുടേയും മന്ത്രവാദികളുടേയും ശക്തിമത്തായ എതിർപ്പായിരുന്നു പ്രധാന കാരണം. അക്കാലത്തെ പുരോഹിതന്മാർക്ക് തലപ്പത്തു വലിയ പിടിയുണ്ടായിരുന്നല്ലൊ? പൊതുജനങ്ങൾക്കും പുരോഹിതന്മാർ പറയുന്നതെല്ലാം വേദവാക്യമായിരുന്നു. രോഗികൾക്ക് കത്തിപ്രയോഗത്തോടുള്ള സ്വാഭാവികമായ ഭയവും മറ്റൊരു കാരണമാണ്. കൂടാതെ ബുദ്ധമതത്തിന്റെ അഹിംസാപ്രേമവും ശസ്ത്രക്രിയയുടെ അധോഗതിക്ക് ആക്കം കൂട്ടിയിരിക്കണം.

കടപ്പാട്: പ്രകൃതിചികിത്സ

ശ്രീ. എം.കെ.ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

3.04761904762
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top