Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / പ്രകൃതി ചികിത്സ / നടരാജഗുരുവിന്റെ അന്ത്യദിനങ്ങളും പ്രകൃതിചികിത്സയും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നടരാജഗുരുവിന്റെ അന്ത്യദിനങ്ങളും പ്രകൃതിചികിത്സയും

കൂടുതല്‍ വിവരങ്ങള്‍

നടരാജഗുരുവിന്‍റെ അന്ത്യദിനങ്ങളും പ്രകൃതിചികിത്സയും

1972 ജൂണിലും അതിനു തൊട്ടു മുമ്പത്തെ കുറേ മാസങ്ങളിലും ശ്രീ നടരാജഗുരു ഒരു വിശ്രമവുമില്ലാതെയാണ് ജോലി ചെയ്തിരുന്നത്. ശ്രീനാരായണാദർശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്യന്തം ശുഷ്കാന്തിയും താൻപോരിമയുമാണല്ലോ അദ്ദേഹം ആമരണം പ്രദർശിപ്പിച്ചിരുന്നത്. ഒരിക്കൽ വളരെയേറെ വെള്ളക്കാർ ബാംഗ്ളൂരിലെ ശ്രീനാരായണഗുരുകുലാശ്രമത്തിലെത്തിയിരുന്നു. അവർക്ക് തത്ത്വശാസ്ത്രത്തെക്കുറിച്ചു പൊതുവിലും ശ്രീനാരായണദർശനത്തെപ്പറ്റി പ്രത്യേകിച്ചും ക്ലാസ്സെടുക്കുന്നതിലാണ് ഗുരു തന്റെ സമയമേറിയകൂറും ചെലവഴിച്ചിരുന്നത്.

വിഷയമെത്ര കഠിനമാകട്ടെ, ഗഹനമാകട്ടെ, ഗുരുവിന്റെ രസനാരംഗത്തു വന്നാൽ പിന്നെ അതു കുഞ്ഞുങ്ങൾക്കുപോലും മനസ്സിലാകത്തക്കവിധം ലളിതമായിത്തീരാറുണ്ട്. പ്രധാനമായും ഈ സിദ്ധിവിശേഷമായിരിക്കണം പാശ്ചാത്യ പിപഠിഷുക്കളെ ഗുരുസന്നിധിയിലേക്കാകർഷിച്ചത്.

നിരന്തരമായ അദ്ധ്യാപനത്തിനു പുറമെ, ശ്രീശങ്കരാചാര്യരുടെ 'സൗന്ദര്യ ലഹരി' വെള്ളിത്തിരയിൽ പകർത്തുന്നതിനുള്ള സ്കിറ്റ് തയ്യാറാക്കിയിരുന്നതും ശ്രീ നടരാജഗുരുവാണ്. സ്കിറ്റ് കൈയോടെ വാങ്ങിക്കൊണ്ടു പോകാനായി ഹോളിവുഡിലെ ഒരു പ്രമുഖ ചലച്ചിത്രനിർമ്മാതാവ് ബാംഗ്ളൂരിലെത്തിയിട്ടുമുണ്ടായിരുന്നു.

എന്തിനേറെ പറയുന്നു ആരോഗ്യമവഗണിച്ചുള്ള അദ്ധ്വാനത്തിന്റെ ഫലമായി 1972 ജൂൺ 23-ാം തീയതി ഗുരു കിടപ്പിലായി. ആയിടെ ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി: Without any rest I have been working at something almost impossible (മിക്കവാറും അസാദ്ധ്യമായ ഒരു കാര്യത്തിനുവേണ്ടി ഞാൻ വിശ്രമമില്ലാതെ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ ആ കാര്യമെന്താണെന്ന് ആർക്കുമിന്നേവരെ അറിഞ്ഞുകൂടാ. ഒരു പക്ഷേ ആ 'അസാധ്യം' 'സാധ്യമാക്കാനുള്ള ഭഗീരഥശ്രമമായിരിക്കണം ഗുരുവിന്റെ ജീവനപഹരിച്ചത്.

രോഗം പിടിപെട്ടതിനെത്തുടർന്ന് ഗുരുവിന്റെ പാശ്ചാത്യ ശിഷ്യർ അദ്ദേഹത്തെ ബാംഗ്ലൂരിലെ പ്രസിദ്ധമായ സെന്റ് മാർത്താസ് നെഴ്സിംഗ് ഹോമിൽ പ്രവേശിപ്പിച്ചു.

'ഈ കേസ് ഇങ്ങോട്ടു കൊണ്ടുവരേണ്ടായിരുന്നു. ഇതു ക്ഷീണം കൊണ്ടു വന്നതാണ്. ഇതിനു മരുന്നും ചികിത്സയുമൊന്നും വേണ്ട. നല്ല പരിചരണം മാത്രം മതി എന്നായിരുന്നു അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ പറഞ്ഞത്. ഏതായാലും അതൊരു നേഴ്സിങ് ഹോമാണല്ലോ. പരിചരണം അവിടെവച്ചുതന്നെ ആയിക്കളയാമെന്നു തീരുമാനിച്ചു. അപ്പോൾ ഗുരുവിന്റെ വലതു വശത്തിനു നല്ല സ്വാധീനമുണ്ടായിരുന്നില്ല.

ജൂലായ് 5ന് ഗുരുവിനു സ്ട്രോക്ക് (പക്ഷാഘാതം) ഉണ്ടായി. ജൂലായ് 13ന് രണ്ടാമതൊരു സ്ട്രോക്കു കൂടി ഉണ്ടായി. അതു കൂടുതൽ രൂക്ഷമായിരുന്നു. മൂന്നാമത്തെ സ്ട്രോക്ക് ഏതവസരത്തിലും വരാമെന്നും അതവസാനത്തേതുകുടി ആയിരിക്കുമെന്നും അറിഞ്ഞപ്പോൾ പാശ്ചാത്യ ശിഷ്യർ പരിഭ്രമിച്ചു. അവരുടനെ ഒരു സമാധി മന്ദിരം പണിതീർക്കാൻ തീരുമാനിച്ചു. അതനുസരിച്ചു പയ്യന്നൂർ കടൽക്കരയിലുളള ഏഴിമലദ്വീപിലെ ശ്രീനാരായണഗുരുകുലത്തിൽ സമാധിമന്ദിരം പണിതീർപ്പിക്കുകയും ചെയ്തു. വെള്ളക്കാരുടെ നിയന്ത്രണത്തിലുള്ളതാണ് പ്രസ്തുത ഗുരുകുലം.

ഈയവസരത്തിലാണ് ഗുരുവിന്റെ ഒരു പ്രധാന ശിഷ്യനായ നിത്യചൈതന്യയതി ആസ്ത്രേലിയായിൽ നിന്നു ബാംഗ്ലൂരിൽ പറന്നെത്തിയത്. ഗുരുവിന്റെ അത്യാസന്ന നില മനസ്സിലാക്കിയ യതി വർക്കലയിലുള്ള ശ്രീനാരായണ ഗുരുകുലം ഹെഡ്ക്വാർട്ടേഴ്സിലെ കാര്യങ്ങളെല്ലാമൊന്നു ക്രമീകരിക്കുന്നതിനായി തിരുവനന്തപുരത്ത് പറന്നെത്തി.

വിമാനത്താവളത്തിൽവച്ച് പ്രമുഖ പ്രകൃതി ചികിത്സകനായ ശ്രീ. കെ. ജെനാർഡ് യതിയോടു ചോദിച്ചു- "ഗുരു എങ്ങനെയിരിക്കുന്നു!

ഈ സമയത്ത് ഗുരു ശ്വാസോച്ഛ്വാസം ചെയ്യുന്നുണ്ടോ എന്നുപോലും തീർത്തുപറയാനൊക്കുകയില്ല എന്നായിരുന്നു ഉത്തരം.

അതുകേട്ടപ്പോൾ ഗുരുവിന്റെ ഏറ്റവും അടുത്ത ഒരു ശിഷ്യൻകൂടിയായ ശ്രീ. ജനാർഡിനു വലിയ വിഷമവും വിഷാദവുമുണ്ടായി. ഉടനദ്ദേഹം രണ്ടു സുഹൃത്തുക്കളുമൊന്നിച്ചു ബാംഗ്ലൂർക്ക് പുറപ്പെട്ടു. ഗുരുവിനെ കണ്ടപ്പോഴേ ശ്രീ. ജനാർഡിനും കൂട്ടർക്കും ശ്വാസം നേരെ വീണുള്ളൂ.

"ഇവർ പറയുന്നത് ഇതിനു മരുന്നൊന്നും കഴിക്കേണ്ടെന്നാണ്. നല്ല നേഴ്സിംഗ് മതിയത്രെ, അതിന്റെയർത്ഥം ഇതിനു ചികിത്സയില്ലെന്നല്ലെ ഗുരു ശ്രീ. ജനാർഡിനോടു ചോദിച്ചു.

അതേ. ഈ രോഗത്തിന് ഔഷധമില്ല. അതിനാൽ ഔഷധമില്ലാത്ത ചികിത്സയാണ് വേണ്ടത്. ഔഷധമില്ലാത്ത ഏറ്റവും മികച്ച ചികിത്സ പ്രകൃതിചികിത്സയാണ്. ഇവിടെ രാഷ്ട്രപതി ശ്രീ, വി. വി. ഗിരിയുടെ സ്വകാര്യവസതിക്കെതിർവശം ശ്രീ. ഗിരി തന്നെ ഉദ്ഘാടനം ചെയ്തിട്ടുള്ള ഒരു പ്രകൃതിചികിത്സാ സാനിറ്റോറിയമുണ്ട്. മൈസൂർ ആരോഗ്യവകുപ്പ് മന്ത്രിയെ ചികിത്സിക്കാനെത്തിയിട്ടുള്ള ഹൈദ്രാബാദ് ഗാന്ധി നാച്ചർ ക്യൂർ ആസ്പത്രിയിലെ പ്രധാന ഡോക്ടർ ശ്രീ. വി. വെങ്കിട്ടറാവു ഇപ്പോൾ പ്രസ്തുത സാനിട്ടോറിയത്തിലുണ്ട്. ഞാനദ്ദേഹവുമായി ഫോണിൽ സംസാരിച്ച് ഗുരുവിനു ഒരു ബെഡ് അവിടെ റിസർവ് ചെയ്തിരിക്കുകയാണ്.

ഇത്രയും പറഞ്ഞു കേട്ടപ്പോൾ ഗുരുവിനു സന്തോഷമായി. സാനിട്ടോറിയത്തിൽ പോകാമെന്ന് ഉടനെ സമ്മതിച്ചു. പക്ഷേ പാശ്ചാത്യ ശിഷ്യർക്ക് ആ തീരുമാനം തൃപ്തികരമായി തോന്നിയില്ല. പാശ്ചാത്യർ നടത്തുന്ന സെന്റ് മാർത്താസ് നഴ്സിംഗ് ഹോമിലേതിനേക്കാൾ മെച്ചപ്പെട്ട പരിചരണസൗകര്യങ്ങൾ പ്രകൃതിചികിത്സാസാനിറ്റോറിയത്തിൽ ലഭിക്കുമോ എന്ന് അവർക്ക് ബലമായ സംശയമുണ്ടായിരുന്നു. അതറിഞ്ഞപ്പോൾ ഗുരു പറഞ്ഞു.

“ഡോക്ടർ നാഗരാജൻ വരട്ടെ, നമുക്കദ്ദേഹവുമായി ചർച്ച ചെയ്യാം. ശ്രീ. നാഗരാജൻ അഖിലേന്ത്യ പ്രശസ്തനായ ന്യൂറോളജിസ്റ്റും പ്രസ്തുത സാനിറ്റോറിയത്തിലെ പ്രധാന ഡോക്ടറുമാണ്. അധികം വൈകാതെത്തന്നെ ഡോക്ടറെത്തി. അപ്പോൾ ഗുരു ശ്രീ. ജനാർഡിനെ ചൂണ്ടിക്കാട്ടി ഡോക്ടറോട് പറഞ്ഞു“ഇദ്ദേഹം കേരളത്തിൽ നിന്നെത്തിയിട്ടുള്ള ഒരു പ്രകൃതി ചികിത്സാ ഡോക്ടറാണ്. അദ്ദേഹം പറയുന്നത് അവർക്കീ രോഗത്തിനു ചില പ്രത്യേകചികിത്സകളുണ്ടെന്നാണ്. എന്റെ ബുദ്ധിയും വിവേകവും ഉപദേശിക്കുന്നതും പ്രകൃതി ചികിത്സ പറ്റിയതാണെന്നാണ്. എനിക്കതിൽ വിശ്വാസവുമുണ്ട്."

“തീർച്ചയായും ഈ രോഗത്തിനു പറ്റിയ മരുന്നുമില്ല, ചികിത്സയുമില്ല. ഏറ്റവും പ്രധാനമായി ചെയ്യാനുള്ളത് നല്ലവണ്ണം പരിചരിക്കുകയാണ്. അതാണ് ഞങ്ങളിവിടെ ചെയ്തുവരുന്നത്. ഏതു നിലയിലുമത് തുടരുകയും വേണം. ഗുരുവിനെ പ്രകൃതി ചികിത്സാലയത്തിൽ ചികിത്സിപ്പിക്കുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല. ആ വഴിക്ക് പോകുമ്പോൾ, ഞാനവിടെ വന്ന് ഗുരുവിനെ കണ്ടുകൊള്ളാം.

ഡോക്ടർ നാഗരാജന്റെ സമ്മതം ലഭിച്ചതിനെ തുടർന്നു ഗുരുവിനെ പ്രകൃതി ചികിത്സാ സാനിട്ടോറിയത്തിൽ കൊണ്ടുപോകാനുളള ഏർപ്പാടുകൾ ചെയ്തു. അന്നു ബുധനാഴ്ചയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് പോകാമെന്നു ഗുരു പറഞ്ഞു. (ശി. ജനാർഡിന്റെ നിർദ്ദേശപ്രകാരം അന്നു കരിക്കിൻവെള്ളം മാത്രമേ ഗുരു കഴിച്ചുള്ളൂ. ടോണിക്കും മറ്റ് ആഹാരസാധനങ്ങളും തീരെ വർജ്ജിച്ചു.

വ്യാഴാഴ്ച രാവിലെ ഏഴുമണിക്കു ഗുരു ജനാർഡിനെ വിളിച്ചു. അപ്പോൾ ഗുരുവിന്റെ ഇടതുവശം ഒന്നു കോടിയിരുന്നു.

'എനിക്ക് ഒരു ഗിഡിനെസ് (തലചുറ്റൽ) വരുന്നു. അതെന്താണ്? ആദ്യം ഇങ്ങനെ വന്നു അന്നങ്ങനെ മയങ്ങിക്കിടക്കുമ്പോഴാണ് ആദ്യത്തെ സ്ട്രോക്കുണ്ടായത്. "രണ്ടാമത്തെ സ്ട്രോക്കിന് തൊട്ട് മുമ്പും എനിക്കിതേ തലചുറ്റൽ അനുഭവപ്പെട്ടിരുന്നു. ഇപ്പോഴും എനിക്ക് ഗിഡിനെസ് വരുന്നു' എന്നു പറഞ്ഞു ഗുരു കണ്ണടച്ചു.

ശ്രീ. ജനാർഡ് ആകെ പരിഭ്രമിച്ചുപോയി. മൂന്നാമത്തെ സ്ട്രോക്ക് അവസാനത്തേതാണല്ലോ! അദ്ദേഹമുടനെ ഗുരുവിന്റെ വയർ തൊട്ടു നോക്കി. അത് അടുപ്പത്തിരിക്കുന്ന ദോശക്കല്ലുപോലെ ചുട്ടു പഴുത്തിരുന്നു, കൈകാലുകൾ ഐസുപോലെ തണുത്തു. ഉടനെ അടുത്തുണ്ടായിരുന്ന വാട്ടർബേസിനിൽനിന്നും രണ്ടു കൈകൊണ്ടും പച്ചവെള്ളം കോരി ആ വിസ്താരമേറിയ വയറ്റത്തു തളിച്ചു. അത് തളിച്ചപാടേ വറ്റിപ്പോയി. കുറേനേരം വെള്ളം തളിക്കലും വറ്റലും ആവർത്തിച്ചുകൊണ്ടിരുന്നു. അതോടൊപ്പം ചൂടുവെള്ളം നിറച്ച ബാഗുകൊണ്ട് കൈകാലുകൾ ചൂടാക്കിക്കൊണ്ടുമിരുന്നു.

അൽപ്പം കഴിഞ്ഞപ്പോൾ വയറ്റിൽ തളിക്കുന്ന വെള്ളം വറ്റിപ്പോകുന്നതിനു നേരമെടുത്തു തുടങ്ങി. പിന്നെയും രണ്ടു മൂന്നു മിനിറ്റുകൂടി കഴിഞ്ഞപ്പോൾ ഗുരു ചോദിച്ചു 'എന്താണ് ഈ സ്ട്രോക്കിങ്ങനെ വരുന്നത്?"

ചോദ്യം കേട്ടപ്പോൾ എല്ലാവർക്കും വലിയ ആശ്വാസമായി, സന്തോഷമായി. മയക്കം മാറിക്കിട്ടിയല്ലോ.

"സ്ട്രോക്ക് വരുന്നതെന്തുകൊണ്ടാണ്” ചോദ്യം ആവർത്തിക്കപ്പെട്ടു.

'ഗുരുവിന്റെ കൈകാലുകൾ തണുത്തിരുന്നു. അപ്പോഴങ്ങോട്ടുള്ള ചോരയോട്ടം നിലച്ചു. സഞ്ചാരതടസ്സം നേരിട്ടപ്പോൾ രക്തമെല്ലാം ഉദരഭാഗത്ത് മറ്റുമായി തിങ്ങിക്കൂടി. അതാണ് വയറ്റിൽ ചൂടുകൂടാൻ കാരണം. വയറ്റിലെ മിതമായ ചൂട് മേലോട്ടുള്ള രക്തസഞ്ചാരത്തെ ത്വരിപ്പിച്ചു. പ്രസ്തുത രക്തത്തള്ളലാകട്ടെ തലച്ചോറിലെ രക്തധമനികളുടെ സാധാരണ പ്രവർത്തനത്തെ തകരാറിലാക്കി. വീതികുറഞ്ഞ തോട്ടിൽ ഒഴുക്ക് വർദ്ധിച്ചാൽ തീരങ്ങൾ ഇടിഞ്ഞു പോകുന്നപോലെ ചിലപ്പോൾ രക്തസഞ്ചാരത്തിന്റെ വേഗാധിക്യം കൊണ്ട് സൂക്ഷ്മധമനികൾ പൊട്ടിപ്പോയെന്നും വരും. രക്തധമനികൾക്കു നേരിടുന്ന തകരാറ് നാഡീവ്യൂഹത്തേയും ബാധിക്കുന്നു. അപ്പോൾ നാഡികൾ നിയന്ത്രിക്കുന്ന അവയവങ്ങളും പ്രവർത്തനരഹിതമാകും. അങ്ങനെയാണ് സ്ട്രോക്കുണ്ടാകുന്നത്.

ശ്രീ. ജനാർഡിന്റെ ഉത്തരം ഗുരുവിനു സമ്മതമായതുപോലെ തോന്നി. മുൻ നിശ്ചയപ്രകാരം വ്യാഴാഴ്ച രാവിലെ ഒൻപതു മണിക്ക് ഗുരുവിനെ ജയനഗർ പ്രകൃതി ചികിത്സാ സാനിറ്റോറിയത്തിൽ പ്രവേശിപ്പിച്ചു.

10 ദിവസത്തെ ചികിത്സ ചെയ്താൽ പിന്നീട് സ്ട്രോക്ക് വരില്ലെന്നും തളർവാതം കാലക്രമത്തിൽ മാറിപ്പോകുമെന്നും ഗുരുവിനെ പരിശോധിച്ച ശേഷം ഡോക്ടർ വെങ്കിട്ടറാവു പറഞ്ഞു. തുടർന്നു മുറപ്രകാരമുള്ള പ്രകൃതിചികിത്സയാരംഭിച്ചു. കുറേനാൾ കഴിഞ്ഞപ്പോൾ ചിറിയുടെ കോട്ടം നിശ്ശേഷം മാറിക്കിട്ടി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ലഘുവായ വ്യായാമങ്ങളുമെടുത്തു തുടങ്ങി. അങ്ങിനെ 40 ദിവസത്തെ ചികിത്സ പൂർത്തിയാക്കി. പിന്നീട് നേരെ തിരുവനന്തപുരത്തേക്ക് പോരുകയാണുണ്ടായത്. പ്രകൃതിചികിത്സ കുറച്ചുനാൾ കൂടി തുടർന്നെടുക്കണമെന്നായിരുന്നു ഡോക്ടർ റാവുവിന്റെ അഭിപ്രായം. എന്നാൽ ഏറ്റവും മെച്ചപ്പെട്ട വൈദ്യശുശ്രൂഷ ലഭിക്കാനായി ഗുരുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്. അവിടത്തെ നാലുമാസത്തെ ചികിത്സ കഴിഞ്ഞപ്പോൾ കാലിന്റെ സ്വാധീനക്കുറവ് മാറി. പിന്നീട് വർക്കല ശ്രീനാരായണ ഗുരുകുലത്തിൽ കൊണ്ടുവന്നു.

ബാംഗ്ലൂരിൽ നിന്നു പോന്നശേഷം ആഹാരരീതി പാടേ മാറിപ്പോയിരുന്നു. അദ്ദേഹം ആഹാരം ഒന്നും കഴിക്കാതായി. വിറ്റാമിൻ ഗുളികകൾ കൊടുത്തിരുന്നതുപോലും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഒരു സ്വച്ഛന്ദ സമാധിക്ക് ഗുരു ഒരുങ്ങുന്നതുപോലെ തോന്നിയിരുന്നു. 1973 മാർച്ച് 19-ാം തിയതി ആ ദീപം പൊലിഞ്ഞു. അങ്ങനെ ശ്രീനാരായണഗുരുദേവന്റെ ശിഷ്യപരമ്പരയിലെ ഏറ്റവും കാന്തിയും മൂല്യവുമുള്ള രത്നം ലോകത്തിനു നഷ്ടമായി.

കടപ്പാട്: പ്രകൃതിചികിത്സ

ശ്രീ. എം.കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

2.8125
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top