Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആയുഷും ബദല്‍ ചികിത്സകളും / പ്രകൃതി ചികിത്സ / അപകടം പെടുമ്പോൾ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

അപകടം പെടുമ്പോൾ ചെയ്യേണ്ട പ്രഥമ ശുശ്രൂഷ

കൂടുതല്‍ വിവരങ്ങള്‍

അപസ്മാരം

അപസ്മാര രോഗികൾ പലപ്പോഴും ബോധംകെട്ടു നിലത്തു വീഴും. അപ്പോൾ ബോധം തെളിയിക്കാൻ ശ്രമിക്കരുത്. ബലാൽക്കാരമായി വായ തുറപ്പിക്കാനും ഒരുങ്ങരുത്. ഉണരും മുമ്പ് പാനീയമോ, ആഹാരമോ കൊടുക്കാനും പാടില്ല. താക്കോലോ, ഇരുമ്പുകഷണമോ കയ്യിൽ പിടിച്ചാൽ അപസ്മാരം ശക്തിപ്പെടില്ല.

ഉടൻ കൈകളും കാലുകളും ഉയർത്തി മലർത്തിക്കിടത്തണം. വസ്ത്രം മുറുക്കി ഉടുത്തിട്ടുണ്ടെങ്കിൽ അത് അയച്ചു കൊടുക്കണം.

അരണ കടിച്ചാൽ

“അരണകടിച്ചാൽ ഉടൻ മരണം' എന്നൊരു പഴഞ്ചൊല്ലുണ്ട്. അതിലൊരു കഴമ്പുമില്ല. ഉടൻ വേണ്ടതു ചെയ്താൽ ഒരു മാരണവുമുണ്ടാവില്ല, അമരിവേരു കഷായം വച്ചു കുടിക്കുകയും ദേഹത്തു തേയ്ക്കുകയും ചെയ്താൽ മതി. മുരിങ്ങ, വേപ്പ്, നെന്മേനിവാക, പയ്യാനിവേരിന്റെ തൊലി ഇവ സമം കൂട്ടിയരച്ചു പച്ചവെള്ളത്തിൽ കലക്കി ദേഹമാസകലം പുരട്ടുന്നതു നല്ലതാണ്. ഓന്തു കടിച്ചാലും ഇതുതന്നെ ചെയ്താൽ മതി.

അസ്ഥിഭംഗം

അസ്ഥികൾക്കു പലതരം പരുക്കുകൾ പറ്റാറുണ്ട്. അസ്ഥിഭംഗത്തെ നാലുതരമായി തിരിക്കാം. (1) ശകലിതഭംഗം (2) ആഘാതഭംഗം (3) അപൂർണ ഭംഗം (4) നതഭംഗം

ശകലിതഭംഗം:- അസ്ഥികൾ പല ശകലങ്ങളായി ഒടിയുന്നതാണ് ശകലിതഭാഗം.

ആഘാതഭംഗം:- അസ്ഥിയുടെ ഒടിഞ്ഞ അറ്റങ്ങൾ വീഴ്ചയുടെയോ കൂട്ടിമുട്ടലിന്റെയോ ഊക്കുകൊണ്ടു പരസ്പരം കോർത്തിട്ടുള്ളതു ആഘാതഭംഗം.

അപൂർണഭംഗം:- ചിലപ്പോൾ അസ്ഥികൾ മുഴുവനായി പൊട്ടിയെന്നു വരില്ല. മരത്തിന്റെ ഒരു പച്ചക്കമ്പു വളച്ചാലുണ്ടാകുന്ന ഒടിവുപോലെ നിസ്സാരമായിരിക്കും. അത്തരം ഒടിവുകൾ, അപൂർണഭംഗത്തിൽ പെടുന്നു.

നതഭംഗം:- തലയോടിന്റെ മേൽഭാഗമോ വശമോ ഒടിഞ്ഞോ, പൊട്ടിയോ ഉള്ളിലോട്ടു കുഴിഞ്ഞിരിക്കുന്നതു നതഭംഗം.

രോഗലക്ഷണങ്ങൾ

 • ഒടിഞ്ഞിടത്തോ, അതിനടുത്തോ വേദന.
 • അവിടം മൃദുവായിരിക്കും. പയ്യേ, ഒന്നമർത്തിയാൽ പോലും അസ്വാസ്ഥ്യം അനുഭവപ്പെടും.
 • എല്ലു തെറ്റിയിരിക്കുക. ചർമത്തോടു തൊട്ടുള്ളതാണെങ്കിൽ തൊട്ടു നോക്കുമ്പോൾത്തന്നെ ആ തെറ്റിക്കിടപ്പു മനസ്സിലാകും.
 • പരുക്കേറ്റ ഭാഗം പതിവുപോലെ അനക്കാൻ ആവില്ല. മുമ്പത്തെ ആക്യതിക്കു വ്യത്യാസം വരാം. പേശികളുടെ പ്രവർത്തനം കൊണ്ടു ഒടിഞ്ഞ അവയവങ്ങൾ അങ്ങോട്ടുമിങ്ങോട്ടും കടന്നിരിക്കാം. അതുകൊണ്ടു അവയുടെ നീളം കുറഞ്ഞുപോകാം.
 • ഒടിഞ്ഞിടത്തു നീർവീക്കവും മറ്റുമുണ്ടായാൽ ഒടിവിന്റെ ഇതര ലക്ഷണങ്ങൾ ശ്രദ്ധിക്കാൻ കഴിയാതെ വരും.
 • പരുക്കേറ്റ ഇടം ചെറുതായി അമർത്തി നോക്കിയാൽ എല്ലുതട്ടുന്ന ഒച്ച കേൾക്കും.
 • സന്ധികളിലുള്ളപോലെ ഒടിഞ്ഞിടത്തു ചലനമുണ്ടാകും.

ഒടിവിനു പ്രസ്തുത എല്ലാ ലക്ഷണങ്ങളുമുണ്ടാകണമെന്നില്ല. പരുക്കുള്ള ഭാഗവും പരുക്കില്ലാത്ത ഭാഗവും തമ്മിൽ ഒത്തുനോക്കി ആ അന്തരം മനസ്സിലാക്കാം. കൂടാതെ ധരിച്ചിരിക്കുന്ന തുണിയിലും, തൊലിപ്പുറത്തുമുള്ള മാറ്റം നോക്കിയും ഭംഗഭാഗം അനുമാനിക്കാം.

ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാനുള്ളത് ഒടുവിലത്തെ രണ്ടു ലക്ഷണങ്ങൾ ഉണ്ടോ എന്നു അറിയാൻ ഒടിവുപറ്റിയ ഇടം ചലിപ്പിച്ചു നോക്കാൻ പാടില്ലെന്നുള്ളതാണ്.

പരുക്കേറ്റ വ്യക്തിയെ പരുക്കേറ്റ സ്ഥലത്തുനിന്നു അശുദ്ധമായി എടുത്തുകൊണ്ടു പോകാൻ പാടില്ല. നടുപൊട്ടിയ വ്യക്തിയെ ഒരിക്കലും വാരിയെടുക്കരുത്. വളരെ ശ്രദ്ധാപൂർവം മലർത്തിക്കിടത്തിയാൽ മതി.

ഇടിമിന്നലേറ്റാൽ

നെയ്യും നെല്ലിക്കനീരും അല്പം ഇന്തുപ്പും ചേത്തോ, എണ്ണയും അല്പം ഇന്തുപൊടിച്ചതും ചേർത്തോ ധാര ചെയ്യുക. ബോധക്ഷയം വന്നിട്ടുണ്ടെങ്കിൽ നവസാരം അരച്ചു ചേർത്ത കറുകനീര് മൂക്കിൽ മണപ്പിക്കണം. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടാൽ ശുദ്ധിചെയ്ത തുരിശും അഞ്ജനക്കല്ലും ചേർത്ത് നല്ലവണ്ണം പൊടിച്ചു കലർത്തിയ മുലപ്പാല് ചെറുചൂടോടെ കണ്ണിലൊഴിക്കുക. മിന്നലേറ്റു നാവു മരവിച്ചിട്ടുണ്ടെങ്കിൽ നറുനെല്ല് ചൂടാക്കി പുരട്ടുക.

ഉളുക്ക്

സന്ധിയിലെ സ്നായുക്കളും കല(ടിഷ്യൂ)കളും പിരിയുകയോ കീറുകയോ ചെയ്യുമ്പോഴുണ്ടാകുന്ന അനുഭവമാണ് ഉളുക്ക്. ഉളുക്കുണ്ടാകുന്ന ഭാഗത്തു കടുത്ത വേദനയും നീരുമുണ്ടാകും. അവിടം ചതഞ്ഞതുപോലെ തോന്നാം.

പരിചരണം

 • പരുക്കേറ്റ ഭാഗം ആശ്വാസം തോന്നുന്ന വിധം വയ്ക്കുക.
 • ഉയർത്തുമ്പോൾ ഉളുക്കുള്ള ഭാഗം ഇളകാതിരിക്കാൻ ശ്രദ്ധിക്കുക.
 • ആ ഭാഗത്തെ വസ്ത്രം മാറ്റി മുറുക്കെ ബാന്റേജ് ഇടുക.
 • തണുത്ത വെള്ളമൊഴിച്ചു ബാന്റേജു നനയ്ക്കുക.
 • തണുപ്പു പോകാതെ ആവുന്നത്രനേരം നിലനിറുത്തുക.
 • അതുകൊണ്ടും ആശ്വാസം തോന്നുന്നില്ലെന്നു കണ്ടാൽ ബാന്റേജ് അഴിച്ചു വീണ്ടും കെട്ടുക.

കടന്നൽ കുത്തിയാൽ

മുക്കുറ്റിയരച്ചു പശുവിൻ വെണ്ണയിൽ ചേർത്തു കഴിക്കുകയും കുത്തേറ്റിടത്തു അതു പുരട്ടുകയും ചെയ്താൽ കടന്നൽ വിഷം പമ്പകടക്കും.

കണ്ണിൽ കരടു പോയാൽ

 • കണ്ണിൽ കരടു പോയാൽ ഒരിക്കലും കണ്ണു തിരുമ്മരുത്. തിരുമ്മിയാൽ കണ്ണിൽ മുറിവോ പോറലോ ഉണ്ടാകാനിടയുണ്ട്.
 • മുകളിലെ കൺപോള തെല്ല് മുമ്പോട്ട് വലിച്ചു പിടിച്ചാലുണ്ടാകുന്ന കണ്ണീരിൽ കരട് ഒഴുകിപ്പോകാം.
 • ചൂണ്ടുവിരലും പെരുവിരലും കൊണ്ടും ഇരു കൺപോളകളും അകറ്റിപ്പിടിച്ച് ഊക്കോടെ ഊതുക.
 • വിരലുകൾ കൊണ്ടു കൺപോളകൾ അകറ്റുമ്പോൾ കരടു കാണാൻ പറ്റുമെങ്കിൽ ശുദ്ധമായ തുണിയുടെ അറ്റം കൊണ്ടു പതുക്കെ എടുക്കാം.
 • കരട് എടുത്തുകഴിഞ്ഞും കണ്ണിൽ നീറ്റലും നോവുമുണ്ടെങ്കിലോ, കണ്ണിൽ ചോരപ്പാടു കണ്ടാലോ, കണ്ണ് വ്യത്തിയുള്ള തുണികൊണ്ട് മൂടിക്കെട്ടി നേത്രചികിത്സകന്റെ സഹായം തേടണം.
 • കണ്ണിനു സാരമായ പരുക്കുപറ്റിയാൽ ആദ്യം തലയണയിൽ തലവച്ചു കണ്ണടച്ച് അല്പനേരം മലർന്നു കിടക്കുക. പിന്നെ ആവും വേഗം വൈദ്യസഹായം തേടുക.

കണ്ണിൽ ക്ഷതമേറ്റാൽ

മുലപ്പാലിൽ ജീരകം ചതച്ചിട്ട് അരിച്ചെടുത്ത നീര് കണ്ണിലൊഴിക്കുക. ജീരകവും കാഞ്ഞിരക്കൂമ്പും നൂലു നീക്കിയ ചെത്തിപ്പൂവും സമം ചേർത്തു ചതച്ച് തുണിയിൽ കിഴികെട്ടിപ്പിഴിഞ്ഞു രണ്ടു കണ്ണിലുമൊപ്പം നീരു വീഴ്ത്തുക.

കൺപോളയിൽ കുരു

തുപ്പലോ മൂത്രമോ കുരുവുള്ള ഭാഗത്തു പുരട്ടുക. കൺപോളയിൽ കുരുവന്നാൽ പഴുക്കത്തൊണ്ടു ചതച്ചു നീരെടുത്തു വെരുകിൻ പുഴു ചേർത്തു കുരു ഉള്ളിടത്തു പുരട്ടുക.

കാസ്റ്റിക്ക് സോഡാ കണ്ണിൽ വീണാൽ

ഉടൻ മുട്ടയുടെ വെള്ളയും മുലപ്പാലും ചേർത്തോ, നല്ല വെളിച്ചെണ്ണയും ചെറുനാരങ്ങനീരും ചേർത്തോ കണ്ണിലൊഴിക്കുക.

കീടങ്ങളുടെ കുത്തേറ്റാൽ

തേനീച്ച, കടന്നൽ തുടങ്ങിയ ക്ഷുദ്രകീടങ്ങളുടെ കുത്തേറ്റതെങ്കിൽ വേദന വളരെ ഏറിയിരിക്കും. ഫോഴ്സെപ്സോ, സൂചിയാ കൊണ്ട്, കുത്തേറ്റിടത്തു കുത്തിയ ജന്തുവിന്റെ മുള്ള് ഇരുപ്പുണ്ടെങ്കിൽ എടുത്തുമാറ്റണം. കുത്തേറ്റഭാഗത്ത് ചുവന്നുള്ളി നീരു പുരട്ടാം.

ചതവ്

ചതവുപറ്റിയാൽ ഉടൻ ചതഞ്ഞ ഭാഗത്തു തേൻ പുരട്ടിയാൽ വേദനയും കുറയും, നീർവീക്കവും ഉണ്ടാവില്ല.

ചതവു പറ്റിയാൽ

ചതഞ്ഞാലോ, ചതഞ്ഞു മുറിവുപറ്റിയാലോ, മുലപ്പാലിൽ വെണ്ണ ചേർത്തു നല്ലവണ്ണം ചാലിച്ചു കുഴമ്പാക്കി പുരട്ടുക. കുറുന്തോട്ടി വേരു കഷായം വച്ച് ആറിയശേഷം പശുവിൻ പാലു ചേർത്തു ധാര ചെയ്യുന്നതു നല്ലതാണ്. ഒരു നാഴിക കഴിഞ്ഞു ധാര നിറുത്തി ചതഞ്ഞ ഭാഗത്തു തുടയ്ക്കണം.

ചതവു വയറ്റത്തായാൽ

വയറ്റത്തു ചതവുപറ്റിയാൽ മൂത്രതടസ്സമുണ്ടാവാനിടയുണ്ട്. അങ്ങനെ വന്നാൽ ഞെരിഞ്ഞിലും ചെറുപൂളവേരും ചേർത്ത കഷായത്തിൽ അല്പം ഏലത്തരി പൊടിച്ചു ചേർത്തു സേവിക്കുക.

ചുണ്ണാമ്പു കണ്ണിലായാൽ

തൈരിന്‍ വെള്ളമോ ഇളംപാക്കിന്‍റെ നീരോ കണ്ണിലൊഴിക്കുക.

ചുണ്ണാമ്പുതിന്നാൽ

മുലപ്പാലും ആവണക്കെണ്ണയും സമം ചേർത്തു കഴിക്കുക.

ചെവിയിൽ എന്തെങ്കിലും കേറിയാൽ

കടലാസ്സു ചുരുൾ, കുരുക്കൾ, തെർമോക്കോൾ കഷണങ്ങൾ, പൂക്കളുടെ ഭാഗങ്ങൾ, മുത്ത് തുടങ്ങി പല വസ്തുക്കളും ചെവിക്കുളളിൽ പോകാം. സാധാരണമായി വിവരമില്ലാത്ത കൊച്ചു കുട്ടികളാണു അങ്ങനെ ചെയ്യാറുള്ളത്. അവ ഉളളിലിരുന്നു പഴകി അണുബാധയുണ്ടായി ദുർഗന്ധം വമിക്കുകയും സ്രവം വരുകയും ചെയ്യുമ്പോഴാണു രക്ഷാകർത്താക്കളറിയുക.

ചെവിക്കുള്ളിൽ എന്തെങ്കിലും പോയാൽ ഒരിക്കലും പെൻസിലോ ഈയർ ബഡ്സോ കൊണ്ട് എടുക്കാൻ ഒരുങ്ങരുത്. തന്മൂലം വസ്തു കൂടുതൽ ഉള്ളിലേക്കു കടക്കാനും അതു തട്ടി കർണപടം പൊട്ടിപ്പോകാനുമിടയുണ്ട്. അതു ബധിരതയ്ക്കു കാരണമാകും. അതിനാൽ എത്രയും വേഗം ഒരു കർണരോഗചികിത്സകന്റെ സേവനം തേടണം.

ചെവിയിൽ ഉറുമ്പോ മൂട്ടയോ മറ്റു പ്രാണികളോ കടന്നാൽ

10 മിനിട്ട് ഉപ്പുവെളളം ചെവിയിൽ നിറുത്തുക. പ്രാണി അല്പസമയത്തിനുള്ളിൽ പൊങ്ങിവരും. തലചെരിച്ച് വെള്ളം കളയുക. വേദന മാറി ആശ്വാസമാകും. ഇഞ്ചിയും തുളസിയിലയും പുകയിലയും ചതച്ച് ചാറെടുത്തു ചെവിയിലൊഴിക്കുക.

ചൊറിച്ചിൽ

ചൊറിയണം തട്ടിയാൽ ദേഹം ചൊറിഞ്ഞു തടിക്കും. ചൊറിയൻ പുഴുവിന്റെ സ്പർശനവും വല്ലാത്ത ചൊറിച്ചിലുണ്ടാക്കും. അതും ദേഹത്തു തടിപ്പുണ്ടാക്കും. ആ ഭാഗം ചെമന്നു വീർത്തിരിക്കും.

തടിപ്പും ചൊറിച്ചിലുമുണ്ടായാൽ ആദ്യം ചെയ്യേണ്ടതു ആ ഭാഗത്തു വെളിച്ചെണ്ണ പുരട്ടുകയാണ്. പിന്നീട് നല്ല പച്ചവെള്ളത്തിൽ മേലാകെ ഇഞ്ചയോ, ചെറുപയറുപൊടിയോ തേച്ചു കുളിക്കണം. അവ ദേഹത്തു അമർത്തി തേച്ചുകഴിയുമ്പോൾ വളരെ ആശ്വാസം കിട്ടും. അലർജിക്ക് എതിരെയുള്ള മരുന്നുകൾ പുരട്ടുന്നതും ചൊറിച്ചിൽ കുറയ്ക്കാനുതകും.

ഞെരിഞ്ഞുണ്ടാകുന്ന പരുക്ക്

യന്ത്രഭാഗങ്ങൾക്കിടയിലോ, വലിയ ഭാരത്തിനിടയിലോ മറ്റോ പെട്ട് ഞെരിഞ്ഞുപരുക്കുണ്ടാകാം. അതു മാംസപേശികൾക്കും മൃദുകലകൾക്കും കടുത്ത ആഘാതമേല്പിക്കും.

പരിചരണം

 • കുടിക്കാൻ ധാരാളം വെള്ളം കൊടുക്കുക (ബോധക്ഷയമില്ലെങ്കിൽ)
 • ഞെരിഞ്ഞഭാഗം ഉയർത്തി തുറന്നുവയ്ക്കുക.
 • രക്തചംക്രമണം തിരിച്ചു കിട്ടാൻ സൗകര്യപ്പെടുത്തുക.
 • ഞെരിഞ്ഞഭാഗം ഇളകാതെ നോക്കുക.
 • ഞെരിഞ്ഞ ഭാഗങ്ങളിൽനിന്നുത്ഭവിക്കുന്ന ചില പദാർഥങ്ങൾ വൃക്കകളെ ഹാനികരമായി ബാധിച്ചേക്കാം. അതു അവയുടെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും തന്മൂലം രക്തശുദ്ധീകരണം മുറയ്ക്കു നടക്കാതിരിക്കുകയും ചെയ്യാം. അതു പിന്നീട് പല രോഗങ്ങൾക്കും കാരണമാകാം. ധാരാളം വെള്ളം കൊടുത്താൽ വ്യക്കയുടെ പ്രവർത്തനം മന്ദീഭവിപ്പിക്കുന്ന വസ്തുക്കൾ മൂത്രത്തിലൂടെയും മറ്റും പുറത്തുപൊയ്ക്കൊളളും.

തലയ്ക്കു തട്ടേറ്റാൽ

സൈക്കിളിൽ നിന്നോ, മതിലിൽനിന്നോ, ബസ്സിൽ നിന്നോ മറ്റോ വീണു തലയ്ക്ക് പരുക്കു പറ്റാം. ക്രിക്കറ്റുബാറ്റും ബോളും തട്ടിയും തലയിൽ ക്ഷതമുണ്ടാകാം.

പരിചരണം

 • പരുക്കേറ്റിടത്തു നല്ലവണ്ണം തിരുമ്മുക.
 • മുഴച്ചിട്ടുണ്ടെങ്കിൽ ആ ഭാഗത്ത് ഐസ്പായ്ക്ക് വയ്ക്കുക. മിൽമാ പാൽക്കവറിൽ വെള്ളം നിറച്ചു ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു ഐസ്പാക്ക് ഉണ്ടാക്കാം. തലപൊട്ടി മുറിഞ്ഞിട്ടുണ്ടെങ്കിൽ മുറിവു വൃത്തിയുള്ള തുണികൊണ്ടു പൊതിഞ്ഞു കെട്ടുക. മുറിവിൽ മാലിന്യങ്ങൾ ഉണ്ടായിരിക്കരുത്.

മുൻകരുതൽ

 • മഴ പെയ്തു നനഞ്ഞിട്ടുള്ള ടെറസ്സിലും മതിലിലും കേറാൻ കുട്ടികളെ അനുവദിക്കരുത്.
 • ഊണുമേശ പോലുള്ള ഉയർന്ന ഇടങ്ങളിൽ കുഞ്ഞുങ്ങളെ ഇരുത്തരുത്.
 • കുഞ്ഞുങ്ങളെ കട്ടിലിൽ കിടത്തി ഉറക്കുമ്പോൾ ഇരുവശത്തും തലയണകൾ വയ്ക്കുക.

തീപ്പൊള്ളലേറ്റാൽ

ഉടൻ തേൻ പുരട്ടുകയോ, കോഴിനെയ്യ് പുരട്ടുകയോ, കോഴിമുട്ടയുടെ വെള്ളയും വെളിച്ചെണ്ണയും സമം ചേർത്തു പുരട്ടുകയോ ചെയ്യുക.

തൊണ്ടയിൽ മീൻമുള്ളു തങ്ങിയാൽ

സസ്യേതരാഹാരപ്രിയർക്കു ചിലപ്പോൾ പറ്റാറുള്ള ഒരു ഇടങ്കേടാണു തൊണ്ടയിൽ മീൻമുള്ളുതങ്ങൽ. അതു തൊണ്ടയിൽ വല്ലാത്ത വല്ലായ്മയും ഓക്കാനവും ഛർദിയും ചുമയുമൊക്കെയുണ്ടാക്കും. മിക്കവാറും ചുമയും ഛർദിയും കൊണ്ടുതന്നെ അതു പുറത്തുപോകാം. ഇല്ലെങ്കിൽ നല്ലവണ്ണം കാർക്കിച്ചു നോക്കുക. പുറത്തു പോകാതിരിക്കുകയില്ല.

നട്ടെല്ലിനു ഒടിവു പറ്റിയാൽ

കാരണങ്ങൾ

 • മുതുകിൽ കനമുള്ള വസ്തുക്കൾ വീഴുക.
 • മുകളിൽനിന്നു ഒരു കമ്പിനു കുറുകെ ആൾ വീഴുക.
 • പ്രത്യക്ഷമായോ, പരോക്ഷമായോ നട്ടെല്ലിനു സമ്മർദമേല്‍ക്കുക.
 • തലകുത്തിവീണു കഴുത്തിന്റെ പിൻഭാഗത്ത് ഒടിവുണ്ടാകുക.
 • ഏറെ കുനിയുമ്പോൾ അരക്കെട്ടിന്റെ ഭാഗത്തുള്ള നട്ടെല്ലിനു ഒടിവുണ്ടാകുക. (ഇവ രണ്ടും പരോക്ഷമായ സമ്മർദം കൊണ്ടുണ്ടാകുന്ന നട്ടെല്ലൊടുവിന് ഉദാഹരണമാണ്.)
 • നട്ടെല്ലൊടിവ് മാരകമായ പല രോഗങ്ങളുമുണ്ടാക്കും. ഒടിയുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും തെന്നുന്ന അസ്ഥിശകലങ്ങളും സ്ഥാനഭ്രംശമുണ്ടായ കശേരുക്കളും സുഷുമ്നനാഡിയെ ക്ഷതപ്പെടുത്തും. തന്മൂലം ഭാഗികമായോ, സമഗ്രമായോ ശക്തിക്ഷയം സംഭവിക്കാം. പരുക്കിനു താഴെയുള്ള ദേഹഭാഗം മുഴുവൻ തളർന്നുപോകാനും വഴിയുണ്ട്.

പരിചരണം

 • അനങ്ങാതെ കിടത്തുക.
 • ബോധക്കേടുണ്ടെങ്കിൽ നാക്ക് താണ് ശ്വാസതടസ്സം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക.
 • വൈദ്യസഹായം ലഭിക്കുംവരെ ഒരു ബ്ലാങ്കറ്റുകൊണ്ട് പുതപ്പിക്കുക.
 • കാൽകുഴകൾക്കിടയിലും മുട്ടുകൾക്കിടയിലും 'പാഡ് വയ്ക്കുക,
 • കാൽകുഴകളും പാദങ്ങളും ചേർത്ത് '8' ആകൃതിയിൽ ബാന്‍റെജ് കെട്ടുക.

പല്ലിളകി വീണുപോയാൽ

കാൽ തെന്നിയോ, വഴുതിയോ, മുഖമടിച്ചു വീണോ, അബദ്ധത്തിൽ പന്തേറോ, കല്ലേറോ കൊണ്ടോ മറ്റോ പല്ലിളകി വീണുപോകാറുണ്ട്. വീണ പല്ല് സശ്രദ്ധം എടുത്ത് നല്ല പച്ചവെള്ളത്തിൽ കഴുകി പാലിൽ ഇട്ടുവയ്ക്കുക. അല്ലെങ്കിൽ നനഞ്ഞ തുണിയിൽ പൊതിഞ്ഞുവച്ചാലും മതി. തുണി ഉണങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം. മോണയിൽനിന്നു രക്തം ഒഴുകുന്നുണ്ടെങ്കിൽ വൃത്തിയുള്ള തുണി മടക്കി മുറിവിൽ അമർത്തിപ്പിടിക്കണം. ഉടൻ വൈദ്യസഹായം തേടുകയും വേണം.

പാമ്പുകടിയേറ്റാൽ

പാമ്പുകടിയേല്‍ക്കുന്ന പലരും പരിഭ്രാന്തരാകാറുണ്ട്. എല്ലാ പാമ്പിനും വിഷമില്ല. വേണ്ടവണ്ണം സമാശ്വസിപ്പിച്ചു അവർക്കു ധൈര്യമുണ്ടാക്കണം. കാലിലാണു കടിയേറ്റതെങ്കിൽ മുട്ടിനുമുകളിൽ കാൽവണ്ണയിൽ ഒരു ചരടു മുറുകെ കെട്ടുക. മുറിവ് സോപ്പുവെളളം ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. പാമ്പുകടിയേറ്റയാളെ ഒരിക്കലും നടത്തരുത്. ചിലർ മുറിവിൽ നിന്നു വാകൊണ്ടു ദ്രവം വലിച്ചെടുത്ത് തുപ്പിക്കളയാറുണ്ട്. വിഷം വലിച്ചെടുക്കുന്ന ആളുടെ വായിൽ വല്ല മുറിവോ, പരുവോ ഉണ്ടെങ്കിൽ അത് അപകടം വരുത്തിവയ്ക്കും.

പേശി ഉരുണ്ടുകയറിയാൽ

പേശിയോ, പേശികളോ അനിയന്ത്രിതമായി സങ്കോചിക്കുന്നതാണു പേശികളുടെ ഉരുണ്ടുകയറ്റം. സാധാരണമായി കഠിനമായ ജോലികളോ, കായികാഭ്യാസമോ ചെയ്തശേഷം കുളിക്കുമ്പോഴാണു പേശികൾ ഉരുണ്ടുകയറാറുള്ളത് അഥവാ സങ്കോചിക്കാറുള്ളത്. ഛർദി, വയറിളക്കം തുടങ്ങി ദേഹത്തിലെ ജലാംശം നശിപ്പിക്കുന്ന രോഗങ്ങൾ വരുമ്പോഴും പേശി ഉരുണ്ടുകയറാറുണ്ട്. അപ്പോൾ ജലാംശത്തിന്റെ കുറവു നികത്താൻ വേണ്ട പാനീയം കൊടുക്കണം. പേശി സങ്കോചിക്കുന്ന ഭാഗത്തു തിരുമ്മിയാൽ ഉരുണ്ടുകയറ്റം മാറും. വെള്ളം ചൂടാക്കിപ്പിടിക്കുന്നതു നല്ലതാണ്.

പൊള്ളൽ

പൊള്ളൽ പലതരമുണ്ട്. രൂക്ഷമായ സൂര്യാതപമേറ്റോ, ചുട്ടുപഴുത്ത ലോഹം ദേഹത്തുകൊണ്ടോ, തീ നാളമോ, തീക്കനലോ തട്ടിയോ, ഉയർന്ന 'വോൾട്ടത'യിലുള്ള വിദ്യുത്പ്രവാഹമേറ്റോ, ഇടിമിന്നൽ കൊണ്ടോ ഒക്കെ പൊള്ളലുണ്ടാകും. ഘർഷണം (ഉരസൽ) മൂലവും പൊളളലുണ്ടാകും. കറങ്ങുന്ന ചക്രത്തിൽ തൊടുമ്പോഴും ഫാനിന്റെ അലകുകൾ കൊള്ളുമ്പോഴും ഓടുന്ന കന്നുകാലികളുടെ കയർ ഉരസുമ്പോഴും പൊള്ളലുണ്ടാകും. ക്ഷാരണസ്വഭാവമുള്ള രാസപദാർഥം ദേഹത്തിൽ വീണാലും പൊള്ളും. നല്ല ചൂടുള്ള വെള്ളം മേനിയിൽ വീണാലും പൊള്ളലുണ്ടാകും. പൊള്ളലേറ്റ് തൊലി ചുമക്കുകയോ, കുമിളപോലെ പൊങ്ങിവരുകയോ ചെയ്യും.

 • വസ്ത്രത്തിൽ തീപിടിച്ചാൽ ഒരിക്കലും ഓടരുത്. ഓടുമ്പോൾ തീ ആളിക്കത്തുകയും അതു കൂടുതലപകടമുണ്ടാകുകയും ചെയ്യും.
 • തീ കെടുത്താൻ ആദ്യം കാറ്റുകടക്കാത്തവിധം ചാക്കുകൊണ്ടു പൊതിയണം. പിന്നീടു നിലത്തുകിടന്നുരുളണം. ദേഹത്തു ആഭരണമോ വസ്ത്രങ്ങളോ ഇറുകിക്കിടക്കുന്നുണ്ടെങ്കിൽ അവ മെല്ലേ നീക്കം ചെയ്യണം.
 • പൊള്ളലേറ്റ ഭാഗത്തു തേനോ (ചെറുതേനാണു കൂടുതൽ നല്ലത്), കോഴിനെയ്യോ, മഷിയോ പുരട്ടുക. ദേഹത്തു കുമിളകൾ ഉണ്ടെങ്കിൽ അതു പൊട്ടിക്കുകയോ, മുറിവിൽ ഐസ് വയ്ക്കുകയോ ചെയ്യരുത്.
 • തൊലിക്കു മുറിവു പറ്റാത്ത ചെറിയ പൊള്ളലാണെങ്കിൽ പൊള്ളിയ ഭാഗത്തു പച്ചവെള്ളം ഒഴിച്ചു കൊണ്ടിരിക്കണം. അല്ലെങ്കിൽ പൊള്ളിയ ഭാഗം പച്ചവെള്ളത്തിൽ മുക്കിപ്പിടിക്കണം. പിന്നീട് ആ ഭാഗം നല്ല വൃത്തിയുള്ള തുണികൊണ്ടു പൊതിയുക.

ബോധക്ഷയം

നാഡിവ്യവസ്ഥയുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധമുണ്ടായി തലച്ചോറിന്റെ വ്യാപനസംവിധാനം തകരാറിലാകുമ്പോഴാണു ബോധക്ഷയമുണ്ടാകുന്നത്. മസ്തിഷ്കമുൾപ്പെടെയുള്ള ശരീരഭാഗങ്ങളിലെ അസുഖങ്ങളുടെയും ക്ഷതങ്ങളുടെയും അനന്തരഫലമായും ബോധക്കേടുണ്ടാകാം.

ഉയർന്ന താപനില, അപസ്മാരം, തലച്ചോറിനേൽക്കുന്ന മുറിവ്, തലച്ചോറിലെ രക്തസ്രാവം, ചുഴലി, തളർച്ച, പ്രമേഹം, വിഷം, ശ്വാസംമുട്ടൽ, ഷോക്ക്, ഹൃദയാഘാതം തുടങ്ങിയ രോഗങ്ങൾ ഇവയാണ് ബോധക്ഷയത്തിന്റെ പ്രധാന കാരണങ്ങൾ.

പരിചരണം

 • കഴുത്ത്, നെഞ്ച്, ഇടുപ്പ് എന്നീ ഭാഗങ്ങളിൽ വസ്ത്രം ഇറുകിയിട്ടുണ്ടെങ്കിൽ അയച്ചിടുക.
 • ദേഹമാസകലം പുതപ്പിക്കുക.
 • ശ്വാസം നിലയ്ക്കുകയോ, ശ്വാസം പോകാൻ പ്രയാസപ്പെടുകയോ ചെയ്യുന്നുവെങ്കിൽ കമഴ്ത്തിക്കിടത്തി കൃത്രിമശ്വാസോച്ഛ്വാസം നല്കുക.
 • ജനാലകളും കതകും തുറന്നിടുക.
 • ശ്വസിക്കുമ്പോൾ ശബ്ദം പുറപ്പെടുവിക്കുന്നുണ്ടെങ്കിൽ മലർത്തിക്കിടത്തി തലയും ചുമലുകളും അല്പം ഉയർത്തി വയ്ക്കുക. തല ഒരുവശം ചരിഞ്ഞിരിക്കണം.
 • ആ കിടപ്പിൽ ശ്വാസതടസ്സമുണ്ടാകുന്നുവെങ്കിൽ ഉടനെ നേരെ കിടത്തുക.
 • ബോധക്ഷയമുള്ളപ്പോൾ ആഹാരമോ പാനീയമോ കൊടുക്കരുത്.
 • ബോധം വന്നു തുടങ്ങിയാൽ ചുണ്ടിൽ വെള്ളം നനച്ചു കൊടുക്കാം.

മണ്ണണ്ണ, പെട്രോൾ, ടർപ്പന്റയിൽ ഇവ ഉള്ളിൽച്ചെന്നാൽ

മുട്ടയുടെ വെള്ളയും പശുവിൻപാലും സമം ചേർത്തും കഴിക്കുക. മൂന്നിനും ഒരേ ചികിത്സയാണ്.

മരുന്നു കൂടുതൽ കഴിച്ചാൽ

ബോധം കെട്ടിട്ടില്ലെങ്കിൽ മരുന്നു കൂടുതൽ കഴിച്ചയാളെ ഛർദിപ്പിക്കുക. ബോധമില്ലാത്ത ആളിനെ ഛർദിപ്പിക്കാൻ പാടില്ല. ഛർദിച്ചു മരുന്നു പുറത്തു പോയിക്കഴിഞ്ഞാൽ സുഖം ലഭിക്കും.

മുറിഞ്ഞു ചോര വന്നാൽ

ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിക്കുക. വല്ലാതെ ചോര വരുന്നുണ്ടെങ്കിൽ നല്ല പച്ചവെള്ളത്തിൽ തുണി മുക്കിയമർത്തുക. മുറിവിനു മേൽഭാഗത്തു തുണിചുറ്റി മുറുകെ കെട്ടണം. തത്കാലഫലത്തിനു വിരലുകൊണ്ടമർത്താം.

മുറിവ്

ചെറിയ മുറിവാണെങ്കിൽ ഗൃഹചികിത്സ കൊണ്ടുതന്നെ മാറ്റാവുന്നതേയുള്ളൂ. വൃത്തിയുള്ള തുണി കൊണ്ടു മുറിവിൽ മൃദുവായൊന്നമർത്തിയാൽ രക്തം വരവു നില്ക്കും. ശുദ്ധജലം കൊണ്ടു കഴുകി മുറിവു വൃത്തിയാക്കി അണുമുക്തമാക്കണം. കഴുകിയശേഷം അണുമുക്തമായ പഞ്ഞികൊണ്ടു ഒപ്പി നനവു മാറ്റണം.

മൂക്കിൽനിന്നു രക്തം വന്നാൽ

ചിലപ്പോൾ മൂക്കിൽനിന്നു രക്തം വരാം. അതു രോഗം കൊണ്ടുമാകാം അല്ലാതെയുമാകാം.

അപ്പോൾ കഴുത്തിൽ ഇറുകിക്കിടക്കുന്ന ആഭരണങ്ങൾ അയച്ചിടുകയോ, ഊരിമാറ്റുകയോ ചെയ്യുക. ഇറുകിയ വസ്ത്രങ്ങളും അയച്ചിടണം. തളളവിരലും ചൂണ്ടുവിരലും കൊണ്ടു മൂക്കിന്റെ മൃദുവായഭാഗത്തു അമർത്തുക. അതു രക്തപ്രവാഹം തടയും. ഒരിക്കലും തല ഉയർത്തിവയ്ക്കരുത്. അന്നേരം മൂക്കു ചീറ്റാൻ പാടില്ല. മൂക്കിൽ പഞ്ഞിയും മറ്റും വയ്ക്കരുത്.

വായിൽ നിന്നു രക്തം വന്നാൽ

അത്തരം സന്ദർഭങ്ങളിൽ തല മെല്ലേ ചരിച്ചുവച്ചു ഇരുത്തുകയോ കിടത്തുകയോ ചെയ്യുക. വായ തുണികൊണ്ട് അമർത്തിപ്പിടിച്ചശേഷം രക്തം തുപ്പിക്കളയണം. വായ കഴുകരുത്. പത്തുപന്ത്രണ്ടു മണിക്കൂർ കഴിഞ്ഞേ വെള്ളം കുടിക്കാവു. താടിയുടെ മുൻഭാഗത്തുനിന്നോ, നാവിൽ നിന്നോ രക്തസ്രാവമുണ്ടാകാം. അപ്പോൾ അല്പം പഞ്ഞി മുറിവിൽ വച്ചു വിരലുകൾ കൊണ്ട് അമർത്തുക. പല്ലുറച്ചിരിക്കുന്ന കുഴിയിൽ നിന്നാണു രക്തസ്രാവമെങ്കിൽ അണുവിമുക്തമായി കുറച്ചു പഞ്ഞി അവിടെ വച്ചു അതിന്മേൽ ഒരു കോർക്കോ അതുപോലുള്ള മറ്റെന്തെങ്കിലുമോ വയ്ക്കുക. രോഗി കോർക്കിൽ കടിച്ചു പഞ്ഞിയെ യഥാസ്ഥാനം അമർത്തണം.

വെള്ളം വളരെക്കുടിച്ചാൽ

ആറിലോ കുളത്തിലോ മറ്റോ മുങ്ങി നിയന്ത്രണം വിട്ട് വെളളം വല്ലാതെ കുടിച്ചാൽ വായ കൂട്ടാതെ വച്ചു കമഴ്ത്തിക്കിടത്തി കൈകൊണ്ടു ഇരുവശങ്ങളിലും നടുവിൽ പിടിച്ചു മെല്ലേ മേലോട്ടുയർത്തുക. അപ്പോൾ വെള്ളം ഛർദിക്കും. മൂക്കിലും വായിലും നിന്നും വെള്ളം പോകുന്നുവെങ്കിൽ അല്പനേരം വിശ്രമിപ്പിച്ചശേഷം വീണ്ടും ചെയ്യുക. പിന്നീട് തുണിചുരുട്ടി വയറ്റത്തു വച്ചു മുതുകിൽ കൈപിടിച്ചു കീഴോട്ടമർത്തിയാൽ വെള്ളം പുറത്തുപോകും. ഉടനെ കൈ എടുക്കണം. ഇങ്ങനെ തുടരെത്തുടരെ പലവട്ടം ചെയ്യണം.

ശ്വാസംമുട്ടൽ

ശ്വാസകോശത്തിനുളളിൽ വേണ്ട്രത ശുദ്ധവായു എത്തുന്നില്ലെങ്കിൽ മുഖ്യമായ അവയവങ്ങളും അവയെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ നാഡീകേന്ദ്രങ്ങളും പ്രാണവായുവിന്റെ കുറവുകൊണ്ട് പ്രവർത്തനരഹിതമാകും. അതു ബോധക്കേടിലേക്കും ആത്യന്തികമായി മരണത്തിലേക്കും നയിക്കാം.

കാരണങ്ങൾ

 • മുങ്ങുമ്പോൾ ശ്വാസനാളങ്ങളിൽ വെള്ളം കയറുന്നത്.
 • വൈദ്യുതിയുടെ ആഘാതം ഏല്ക്കുന്നത്.
 • കോൾഗ്യാസ്, പുക, അഴുക്കുചാൽ, ദുർഗന്ധം, അമോണിയ, യന്ത്രങ്ങളിൽ നിന്നു നിർഗമിക്കുന്ന വാതകങ്ങൾ തുടങ്ങിയവ ശ്വാസനാളങ്ങളിൽ കടക്കുന്നത്. ചില വാതകങ്ങൾ മസ്തിഷ്കത്തിലെ ശ്വസനകേന്ദ്രത്തെപ്പോലും തകരാറിലാക്കും.
 • തൊണ്ടയ്ക്കുള്ളിലെ കലകൾ തിളച്ച ദ്രാവകമോ, സംക്ഷാരകങ്ങളോ, കടന്നലിന്റെയും മറ്റും കുത്തോ, തൊണ്ടയെ ബാധിക്കുന്ന അസുഖങ്ങളോ കൊണ്ട് ക്രമാതീതമായി വീർത്തിരിക്കുന്നത്.
 • ബോധക്ഷയമുള്ള ആളെ തലയണയിലോ മറ്റോ കമഴ്ത്തി കിടത്തുന്നത്.
 • ബോധമില്ലാതെ ഛർദിക്കുമ്പോൾ പുറത്ത് വരുന്ന ഛര്‍ദി (എപ്പിഗ്ലോട്ടിസ് പ്രവർത്തിക്കാതിരിക്കുമ്പോൾ ഛർദി ശ്വാസക്കുഴലിനു തടസ്സമുണ്ടാക്കുന്നു.)
 • നാക്ക് വരണ്ടു വലിയുന്നത്.
 • ഒടിഞ്ഞ താടിയെല്ലിൽ നിന്നു രക്തം പ്രവഹിക്കുന്നത്.
 • നെഞ്ചിൽ സമ്മർദമുണ്ടാകുന്നത്. വല്ലാത്ത ജനത്തിരക്കില്‍പ്പെടുമ്പോൾ ശ്വാസം വിടാൻ പറ്റാത്തവണ്ണം നെഞ്ചിൽ സമ്മർദമുണ്ടാവുക. കല്ലുവെട്ടു കുഴികളിലും മണൽ കുഴികളിലും ഖനികളിലും ജോലി ചെയ്യുമ്പോൾ മണ്ണിടിഞ്ഞുവീണു നെഞ്ചിൽ സമ്മർദമുണ്ടാകുക.
 • ചില വിഷങ്ങൾ കൊണ്ടും ടെറ്റനസ് പോലുള്ള രോഗങ്ങൾ കൊണ്ടും ശ്വസന പേശികൾക്കു കോച്ചിപ്പിടുത്തമുണ്ടാകുന്നത്.
 • പോളിയോ, മെലജൈറ്റിസ് തുടങ്ങിയ രോഗങ്ങൾ.
 • നെഞ്ചിലെ പേശികൾക്കോ ഡയഫ്രത്തിനോ തളർച്ച ബാധിക്കുന്നത്.
 • ഇടിവെട്ടേൽക്കുന്നത്.

ലക്ഷണങ്ങൾ

 • കണ്ഠത്തിലെ സിരകൾ വീർക്കുന്നു.
 • ക്ഷീണം
 • തലകറക്കം
 • ഹൃദയമിടിപ്പ് ദ്രുതതരമാകൽ.
 • ഭാഗികമായ ബോധക്ഷയം
 • മുഖത്തു രക്തം കെട്ടിനിന്നു കവിളും ചുണ്ടും നീലനിറമാകുന്നത്. (ശ്വാസംമുട്ടലിന്റെ തോതനുസരിച്ച് ലക്ഷണങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകാം)
 • ചുണ്ടുകൾ, മൂക്ക്, ചെവികൾ, കൈകാൽ വിരലുകൾ എന്നിവ നീല ചാര നിറമാകും.
 • ശ്വസനം ഇടവിട്ടോ, ഇല്ലാതയോ ആകും.
 • ബോധക്ഷയമുണ്ടാകും.

പരിചരണം

 • കഴിവതും ശ്വാസമുട്ടലിന്റെ കാരണങ്ങൾ ഒഴിവാക്കുക.
 • ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം സുഗമമാക്കുക.
 • കൃതിമശ്വാസോച്ഛ്വാസം നല്കുക.
 • മുങ്ങിയതുകൊണ്ടുള്ള ശ്വാസംമുട്ടലിനു കൃത്രിമശ്വാസോച്ഛാസം നല്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പകരം ഈർപ്പമില്ലാത്ത വസ്ത്രം കൊണ്ടു പുതപ്പിക്കുക.
 • കഴുത്തിറുകിപ്പോയിട്ടുണ്ടെങ്കിൽ തൊണ്ടയിൽ ചുറ്റിയിരിക്കുന്ന കയറോ, മുണ്ടോ മുറിച്ചോ, അഴിച്ചോ മാറ്റുക.
 • കെട്ടിത്തൂങ്ങിയിരിക്കുകയാണെങ്കിൽ കാലിൽ പിടിച്ചു ദേഹം ഉയർത്തുക. കയർ അറുത്തോ അഴിച്ചോ കഴുത്തു പുറത്താക്കുക.
 • വായു തടസ്സമാണെങ്കിൽ തടസ്സമുണ്ടാക്കുന്ന വസ്തുക്കൾ മാറ്റുക. തലയും ചുമലും മുന്നോട്ടു വളയ്ക്കുക. ഈ ശ്രമം ഫലിച്ചില്ലെങ്കിൽ രണ്ടുവിരലുകൾ തൊണ്ടയിലേക്കു കടത്തി ഛർദിക്കാൻ പ്രേരിപ്പിക്കുക.
 • തൊണ്ടയ്ക്കുള്ളിൽ നീരുണ്ടെങ്കിൽ ശ്വാസോച്ഛ്വാസം പുനഃസ്ഥാപിച്ചു തണുത്തവെള്ളം കുറേശെ വായിലൊഴിച്ചു കൊടുക്കുക. അല്ലെങ്കിൽ വെണ്ണയോ, ഒലീവെണ്ണയോ കൊടുക്കുക.
 • പുക കൊണ്ടുള്ള ശ്വാസതടസ്സമാണെ ങ്കിൽ നനച്ച തുണിയോ തോർത്തോ ശുശ്രൂഷകൻ തന്റെ വായിലും മൂക്കിലും അടച്ചുകെട്ടി പുകയുള്ളിടത്തു കടന്നു പെട്ടെന്നു പീഡിതനെ അവിടെനിന്നു മാറ്റുക. പുകയുള്ളിടത്തു കുനിഞ്ഞു നടക്കുന്നതാണു നല്ലത്.

ക്ഷൗരക്കത്തിവിഷത്തിന്

അമൽപ്പൊരിയുടെ വേര് കാടിവെള്ളത്തിലരച്ചു പുരട്ടുക.

കടപ്പാട്: പ്രകൃതിചികിത്സ

ശ്രീ. എം.കെ. ശ്രീധരന്‍, സ്വാമിനി ശ്രീധരന്‍

2.77777777778
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top