Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആയുർവേദം, കേരളത്തിൽ

ആയുർവേദം-ഉത്‌പത്തി

ആയുർവേദം

ആയുസ്‌ സംരക്ഷണത്തിന്‌ ആവശ്യമുള്ള ആരോഗ്യരക്ഷാമാർഗങ്ങള്‍ നിർദേശിക്കുന്ന ഒരു ഭാരതീയ വിജ്ഞാനശാഖ. ഭാരതീയ ചികിത്സാശാസ്‌ത്രമാണ്‌ ആയുർവേദം. വേദം എന്ന വാക്കിന്‌ (വിദ്‌ = ജ്ഞാനേ; ക്രമീകൃതമായ അറിവ്‌) ശാസ്‌ത്രം എന്നും അർഥം പറയാം. "ആയുഷഃ പാലനം വേദം', "വേദം വർധനം ആയുഷഃ' (ചരകം സൂത്രസ്ഥാനം 1-27) എന്നാണ്‌ ആയുർവേദം എന്ന വാക്കിന്‌ നല്‌കപ്പെട്ടിരിക്കുന്ന നിർവചനം. ആയുസ്സിനെ നിലനിർത്തുന്നതിനും നീട്ടിക്കൊണ്ടുപോകുന്നതിനും ആവശ്യമായ കാര്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ശാസ്‌ത്രമാണ്‌ ആയുർവേദം. ആയുർവേദചികിത്സാപദ്ധതികളുടെ ഉദ്‌ഭവത്തെയും വളർച്ചയെയും പ്രചാരത്തെയുംകുറിച്ചു വിവരിക്കുന്നു.

ആമുഖം

മനസ്സ്‌, ആങ്ങാവ്‌, ശരീരം എന്നീ മൂന്നു ഘടകങ്ങളും സമഞ്‌ജസവും സമുചിതവുമായി സംഘടിച്ചുനിന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്‌ ആയുസ്സ്‌ അഥവാ ജീവിതം. ചരകന്‍ ജീവിതത്തെ (1) സുഖം നിറഞ്ഞ (2) ദുഃഖഭൂയിഷ്‌ഠമായ (3) ലോകഹിതമായ (4) അഹിതഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന എന്നിങ്ങനെ നാലായി തിരിച്ചു കാണിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഈ നാല്‌ ഭാവങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട്‌ (1) സുഖപൂർണവും ലോകോപകാരപ്രദവുമായ ജീവിതം (2) ദുഃഖഭൂയിഷ്‌ഠവും പരപീഡനപ്രവണവുമായ ജീവിതം എന്നിങ്ങനെ ജീവിതത്തെ രണ്ടായി വിഭജിച്ചിരിക്കുന്നു. ചരകന്‍ നിർദേശിക്കുന്ന ജീവിതകാലാവധി നൂറുവർഷമാണ്‌. ഇതിൽ ആദ്യംപറഞ്ഞ സുഖപ്രദവും ഹിതകരവുമായ ജീവിതം നിലനിർത്തുന്നതിനും കഴിയുന്നത്ര നീട്ടിക്കൊണ്ടുപോകുന്നതിനും ദുഃഖപ്രദവും അഹിതകരവുമായ ജീവിതം ഉണ്ടാകാതിരിക്കുന്നതിനും എന്തെല്ലാം ചെയ്യണമെന്നും എന്തെല്ലാം ചെയ്‌തുകൂടെന്നും നിഷ്‌കൃഷ്‌ടമായി നിർദേശിക്കുന്ന ശാസ്‌ത്രമാണ്‌ ആയുർവേദം. "വിദ്‌' ധാതുവിന്‌ "വിദ്‌ വിചാരണെ', "വിദ്‌ലാഭെ' എന്നുംകൂടി അർഥമുണ്ട്‌. ആ നിലയിൽ "സ്വലക്ഷണതഃ സുഖാങ്കസുഖതോ ഹിതാങ്കഹിതതഃ പ്രമാണാങ്കപ്രമാണതശ്ച ആയുർവേദയതി യതശ്ചാങ്കയൂഷ്യാങ്കനായൂഷ്യാണി ദ്രവ്യഗുണകർമാണി വേദയതി അതോപി ആയുർവേദഃ' എന്ന്‌ ചരകാചാര്യനും "ആയുരസ്‌മിന്‍ വിദ്യതേ അനേനവാ ആയുർവിന്ദതി' എന്ന്‌ സുശ്രുതനും നല്‌കുന്ന നിർവചനങ്ങളെ ക്രാഡീകരിച്ച്‌, "വേദയതി വിന്ദതി വേത്തിവാ അനേന ആയു; അസ്‌മിന്‍ വാ ഇതി ആയുർവേദഃ' എന്ന്‌ ആയുർവേദം എന്ന വാക്കിന്‌ വ്യുത്‌പത്തി കല്‌പിക്കുന്നതു കൂടുതൽ ഉചിതമാവും.

ഇങ്ങനെ സുഖാരോഗ്യസമൃദ്ധമായ ജീവിതം പൂർണമായ അളവിൽ നയിക്കുന്നതുകൊണ്ട്‌ ധർമാർഥകാമമോക്ഷങ്ങള്‍ നേടാമെന്നും നേടണമെന്നും ആണ്‌ ആയുർവേദ സിദ്ധാന്തം. എന്നാൽ ഇത്തരം ഒരു ജീവിതം നയിക്കുവാന്‍ ആഗ്രഹിക്കുന്നവന്‌ അനുഷ്‌ഠേയങ്ങളെ എല്ലാം അനുഷ്‌ഠിക്കാനോ അനനുഷ്‌ഠേയങ്ങളെ എല്ലാം അനുഷ്‌ഠിക്കാതിരിക്കാനോ പലപ്പോഴും കഴിഞ്ഞില്ലെന്നുവരും. അതുകൊണ്ട്‌ ചിലപ്പോള്‍ ആരോഗ്യത്തിന്‌ ഹാനികരമായ, ജീവിതവിനാശകമായ രോഗങ്ങള്‍ ഉണ്ടായെന്നുവരാം. അപ്പോള്‍ ഏതു തെറ്റ്‌ എപ്പോള്‍ ചെയ്‌താൽ ഏതുരോഗം എങ്ങനെ ഉണ്ടാകുമെന്നും, ആ രോഗത്തിനെ പരിഹരിച്ച്‌ ആരോഗ്യം പൂർണമായി എങ്ങനെ വീണ്ടെടുക്കാമെന്നും എങ്ങനെ എന്തൊക്കെ ചെയ്‌താൽ ആ രോഗം വീണ്ടു ആവർത്തിക്കാതിരിക്കുമെന്നും അറിയുന്നതിന്‌ വ്യക്തമായ നിർദേശം ആവശ്യമാണ്‌. ആ നിർദേശവും വിശദമായും സർവംകഷമായും അടങ്ങിയിട്ടുള്ള ഒരു ശാസ്‌ത്രമാണ്‌ ആയുർവേദം. അതിനുവേണ്ടി ആയുർവേദഗ്രന്ഥത്തിൽ (1) സ്വസ്ഥവൃത്തം (2) ആതുരവൃത്തം എന്നു രണ്ടുവിഭാഗം കല്‌പിച്ചിരിക്കുന്നു. ഈ ഓരോ വിഭാഗവും മൂന്നു ഘടകങ്ങളോടുകൂടിയതാണ്‌. സ്വാസ്ഥ്യസംരക്ഷണത്തിനും രോഗനിവാരണത്തിനും അവയിലോരോന്നിന്റെയും കാരണം, ലക്ഷണം, സംരക്ഷണൗഷധം, നിവാരണൗഷധം എന്നിവ പ്രത്യേകം പ്രത്യേകം അറിയേണ്ടതുണ്ട്‌. അവയെ വ്യക്തമായി വിഭജിച്ചു പ്രസ്‌താവിച്ചിരിക്കുന്നതുകൊണ്ട്‌ ആയുർവേദം ഹേതുലിംഗൗഷധങ്ങളെന്ന ത്രിസൂത്രങ്ങളോടോ ത്രിസ്‌കന്ധങ്ങളോടോ കൂടിയതാണെന്നു പറയുന്നു.

അർഥവ്യാപ്‌തി

പരിമിത ലക്ഷ്യങ്ങളോടുകൂടിയ ഒരു ചികിത്സാപദ്ധതിമാത്രമല്ല ആയുർവേദം. സുഖമെന്നും ആരോഗ്യമെന്നുമുള്ള പദങ്ങള്‍ ആയുർവേദത്തിൽ ശരീരത്തിന്റെ എന്നപോലെ മനസ്സിന്റെയും ആങ്ങാവിന്റെയുംകൂടി ഭാവങ്ങളെ പരാമർശിക്കുന്ന പ്രയോഗങ്ങളാണ്‌. അങ്ങനെ ചരകന്റെ അഭിപ്രായത്തിൽ ശരീരത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും സംബന്ധിക്കുന്നവയും മാനസികവും സാമൂഹികവും സദാചാരപരവും ആങ്ങീയവുമായ എല്ലാത്തരം വൈകല്യങ്ങളിൽനിന്നും നിർമുക്തവുമായ ഭാവത്തെയാണ്‌ ശരിയായ ആരോഗ്യമായി കരുതേണ്ടത്‌. അങ്ങനെ ആയുർവേദം "ഉഭയലോകഹിത'മായിത്തീരുന്നു. ആയുർവേദോപദേശങ്ങളെ അനുസരിക്കുന്നതുമൂലം "അനുപഹതസത്വ ബുദ്ധിപരാക്രമചിത്തനാ'യിത്തീരുന്ന ഒരാള്‍ ഐഹികജീവിതത്തിൽ അവശ്യം അനുസന്ധാനം ചെയ്യേണ്ട മൂന്ന്‌ ഏഷണകളുണ്ട്‌: (1) പ്രാണൈഷണ (2) ധനൈഷണ (3) പരലോകൈഷണ. അഭീഷ്‌ടിസിദ്ധിക്കായി ചെയ്യുന്ന തീവ്രപ്രയത്‌നമാണ്‌ ഏഷണ. ഇവിടെ പ്രാണനും ധനവും പരലോകസുഖവുമാണ്‌ അഭീഷ്‌ടങ്ങള്‍. ജീവിക്കാനുള്ള വകയില്ലാതെ ദീർഘായുഷ്‌മാനായിത്തീരുന്ന ഒരാളെ മഹാപാപി എന്നാണ്‌ ചരകന്‍ പറയുന്നത്‌. അതുകൊണ്ട്‌ ജീവിതദൈർഘ്യം നേടുന്നതോടൊപ്പംതന്നെ ജീവിതത്തെ സുഖസമൃദ്ധമാക്കാനുള്ള വിഭവങ്ങളും നേടണം. ആ വിഭവങ്ങള്‍ ആവോളം ചെലവഴിച്ചുള്ള സുഖജീവിതം പരലോകഹിതമാംവച്ചം നയിക്കുകയും വേണം. ഇങ്ങനെ വ്യക്തിയെയും സമൂഹത്തെയും രാഷ്‌ട്രത്തെയും ആശാസ്യമായ ഔന്നത്യത്തിൽ കാത്തുസൂക്ഷിക്കാന്‍ കഴിവുള്ള ഒരു മഹനീയാവസ്ഥയാണ്‌ ആയുർവേദം വിഭാവനം ചെയ്യുന്ന ലക്ഷ്യം.

ഈ അർഥത്തിൽ ആയുർവേദം ഋഗ്യജുഃ സാമാഥർവവേദങ്ങളെ അപേക്ഷിച്ച്‌ പുണ്യതമമാണെന്ന്‌ ചരകന്‍ പറയുന്നു. ആയുർവേദത്തിന്‌ ചരകന്‍ നല്‌കിയിരിക്കുന്ന സ്വസ്ഥാതുരപരായണം, ശാശ്വതം, പുണ്യം തുടങ്ങിയ വിശേഷണങ്ങള്‍ അഥർവവേദത്തിൽ പറയുന്ന മാരണാദി ക്രൂരകർമങ്ങളുമായി ആയുർവേദത്തിന്‌ ബന്ധമില്ലെന്നും പ്രത്യുത സ്വാസ്ഥ്യസംരക്ഷണത്തിനും രോഗശാന്തിക്കും ഉതകുന്ന സാത്വികങ്ങളായ അഥർവവേദാനുശാസനങ്ങളോടു മാത്രമേ ആയുർവേദത്തിനു കടപ്പാടുള്ളൂ എന്നും എടുത്തുകാണിക്കാന്‍ വേണ്ടിയാണ്‌.

ഉത്‌പത്തി

ആയുർവേദത്തിന്റെ ഉപജ്ഞാതാവായി പൊതുവേ അറിയപ്പെടുന്നത്‌ ബ്രഹ്മാവ്‌ ആണ്‌. പക്ഷേ, ആയുർവേദത്തെ അതിന്റെ സമഗ്രരൂപത്തിൽ ബ്രഹ്മാവ്‌ ഒരു സുപ്രഭാതത്തിൽ സൃഷ്‌ടിച്ചു എന്നു പറയുന്നതു ശരിയല്ല. "നചാങ്കയുർവേദസ്യ അഭൂത്വോത്‌പത്തിരുപലഭ്യതേ, അന്യത്രാങ്കവബോധോപദേശാഭ്യാം' (പരമ്പരയായിട്ടു പഠിക്കുകയും പഠിപ്പിക്കുകുയം ചെയ്‌തിട്ടുണ്ടെന്നല്ലാതെ ഒരു ദിവസംകൊണ്ട്‌ ഒരാളും നിർമിച്ചതല്ല ആയുർവേദം) എന്ന്‌ ചരകന്‍ സ്‌പഷ്‌ടമായിത്തന്നെ പറഞ്ഞിരിക്കുന്നു. "ബ്രാഹ്മാസ്‌മൃത്വാ' എന്നാണ്‌ വാഗ്‌ഭടന്‍ ആയുർവേദോപക്രമണകഥ ആരംഭിക്കുന്നത്‌. സ്‌മരിക്കുന്നതു പഠിച്ചറിഞ്ഞിട്ടുള്ള കാര്യം മാത്രമേ ആകുകയുള്ളൂ. ബ്രഹ്മാവാണ്‌ ആയുർവേദത്തിന്റെ ഉപജ്ഞാതാവെന്ന സിദ്ധാന്തം തന്നെ സർവസമ്മതമല്ല. ശിവപുരാണത്തിൽ, "അംഗാനി വേദാശ്ചത്വാരോ മീമാംസാ ന്യായവിസ്‌തരഃ പുരാണം ധർമശാസ്‌ത്രഞ്ച വിദ്യാ ഹ്യേതാശ്ചതുർദശ; ആയുർവേദോ ധനുർവേദോ ഗാന്ധർവശ്ചേത്യനുക്രമാത്‌ അർഥശാസ്‌ത്രം പരം തസ്‌മാത്‌ വിദ്യാ ഹൃഷ്‌ടാദശ സ്‌മൃതാഃ; അഷ്‌ടാദശാനാമേതാനാം വിദ്യാനാം ഭിന്നവർങ്ങനാം ആദികർത്താ ശിവഃ സാക്ഷാത്‌ ശൂലപാണിരിതി സ്‌മൃതഃ' എന്നിങ്ങനെ ആയുർവേദമുള്‍പ്പെടെ പതിനെട്ടു ശാസ്‌ത്രങ്ങളുടെയും ഉപജ്ഞാതാവ്‌ ശിവനാണെന്നു പറഞ്ഞിരിക്കുന്നു. അങ്ങനെ ആയുർവേദത്തിൽ ബ്രാഹ്മസമ്പ്രദായം, ശൈവസമ്പ്രദായം എന്നു രണ്ടു വിഭാഗങ്ങളുള്ളതായി കാണാം. പ്രമുഖങ്ങളായ ഗ്രന്ഥങ്ങളിലെല്ലാം അല്‌പാല്‌പം വ്യത്യസ്‌തമായിട്ടാണ്‌ ആയുർവേദപരമ്പരയെ രേഖപ്പെടുത്തിയിട്ടുള്ളത്‌. ബ്രാഹ്മസമ്പ്രദായം ശൈവസമ്പ്രദായം ബ്രഹ്മാവ്‌ ശിവന്‍

പ്രജാപതി പാർവതി അശ്വിനി നന്ദി

ഇന്ദ്രന്‍ ധന്വന്തരി

(ചരകമതം) (സുശ്രുതമതം) (കാശ്യപമതം)

ഭരദ്വാജന്‍ ധന്വന്തരി കശ്യപന്‍

വസിഷ്‌ഠന്‍ അഗസ്‌ത്യന്‍ പുലസ്‌ത്യന്‍ ആത്രയപുനർവസു ദിവോദാസന്‍ അത്രി, ഭൃഗു തുടങ്ങിയവർ അഗ്നിവേശന്‍ സുശ്രുതന്‍ തേരയർ

ഭേളന്‍ ഔപധേനവന്‍ ജതൂകർണന്‍ യൂഹിമുനി പരാശരന്‍ ഔരഭ്രന്‍

ഹാരീതന്‍ പൗഷ്‌കലാവതന്‍ ക്ഷാരപാണി ഈ കഥകളെല്ലാംതന്നെ ഐതിഹ്യങ്ങളാണ്‌. അഷ്‌ടാംഗസംഗ്രഹത്തിൽ ഇന്ദ്രനിൽനിന്നും പുനർവസു, ധന്വന്തരി, ഭരദ്വാജന്‍, നിമി, കശ്യപന്‍, കാശ്യപന്‍, ലംബായനന്‍ തുടങ്ങിയവർ ഒരേസമയം ആയുർവേദം അഭ്യസിച്ചുവെന്നും അത്‌ അവരുടെ ശിഷ്യന്മാരായ അഗ്നിവേശന്‍, ഹാരീതന്‍, ഭേളന്‍, മാണ്ഡവ്യന്‍, സുശ്രുതന്‍, കരാളന്‍ തുടങ്ങിയവരെ പഠിപ്പിച്ചുവെന്നുമാണ്‌ സൂചന. പുരാണങ്ങളിൽ ഇതിലും ഭിന്നമായ കഥകളാണ്‌ ആയുർവേദാവതരണത്തെക്കുറിച്ചു പറഞ്ഞുവച്ചിട്ടുള്ളത്‌.

സവിശേഷ സിദ്ധാന്തങ്ങള്‍

മറ്റു ചികിത്സാശാസ്‌ത്രങ്ങളിലില്ലാത്ത പല സവിശേഷസിദ്ധാന്തങ്ങളും ആയുർവേദത്തിനുണ്ട്‌. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ (1) പഞ്ചഭൂതസിദ്ധാന്തം (2) ത്രിദോഷസിദ്ധാന്തം (3) രസഗുണവീര്യവിപാക പ്രഭാവസിദ്ധാന്തം എന്നിവയാണ്‌. ഭാരതീയദർശനങ്ങളെ അനുസരിച്ചുള്ളതാണ്‌ ഇവ. "യത്‌ കഠിനം സാ പൃഥിവീ, യദ്‌ദ്രവ്യം താ ആപഃയദ്‌ ഉഷ്‌ണം, തത്‌തേജഃ, യത്‌ ചലതി സ വായുഃ, യത്‌ സുഷിരം തദ്‌ ആകാശം'. കാഠിന്യം (solidity), ദ്രവത്വം (liquidity), ഔഷ്‌ണ്യം (energy), ചലനം (motion), സ്‌പേയ്‌സ്‌ (space) എന്നിവയാണ്‌ പഞ്ചഭൂതങ്ങളുടെ ലക്ഷണങ്ങള്‍. പഞ്ചഭൂതസഞ്ചിതമാണ്‌ ലോകത്തുള്ള സകലവസ്‌തുക്കളും. പഞ്ചഭൂതങ്ങള്‍ സത്വരജസ്‌തമോ ഗുണാങ്ങകമായ പ്രകൃതിയുടെ-പരിണാമഫലമാണെന്നുള്ള സാംഖ്യദർശനസിദ്ധാന്തം തന്നെയാണ്‌ ആയുർവേദത്തിനുമുള്ളത്‌. പക്ഷേ, ഈ ദാർശനികസിദ്ധാന്തങ്ങളെ ജീവിതപ്രയോജനത്തെ ലാക്കാക്കിയുള്ള പ്രയുക്തസിദ്ധാന്തങ്ങള്‍ (Applied Theories)എന്ന നിലയിലാണ്‌ ആയുർവേദം കൈക്കൊണ്ടിട്ടുള്ളത്‌. ദ്രവ്യഗുണകർമസാമാന്യവിശേഷസമവായങ്ങളെ ചരകനും അംഗീകരിക്കുന്നു; എന്നു മാത്രമല്ല, ആയുർവേദശാസ്‌ത്രത്തിന്റെ കാരണഭൂതങ്ങളായ അടിസ്ഥാനശിലകളായിത്തന്നെ ഇവയെ പ്രതിഷ്‌ഠിച്ചിരിക്കുന്നു; പക്ഷേ, അവയുടെ ക്രമത്തെ "സാമാന്യാഞ്ച വിശേഷഞ്ച ഗുണാന്‍ ദ്രവ്യാണി കർമ ച സമവായഞ്ച' എന്നു മാറ്റിമറിച്ചു. സാംഖ്യദർശനകാരന്റെ കാര്യകാരണവാദവും ആയുർവേദം അംഗീകരിക്കുന്നു. പക്ഷേ, കാര്യം ഇവിടെ ധാതുസാമ്യം-ആരോഗ്യമാണ്‌; ദർശനകാരനു പ്രപഞ്ചവും. പഞ്ചഭൂതങ്ങളുടെ പരമാണുക്കള്‍ കൂടിച്ചേർന്നാണ്‌ പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളും രൂപംകൊള്ളുന്നതെന്ന വൈശേഷികകാരന്റെ ആരംഭവാദവും ആയുർവേദം അനുവദിക്കുന്നു. പക്ഷേ, ഇതിലേതെങ്കിലും ഒരു ദർശനത്തെയോ ദർശനങ്ങളെയോ അന്ധമായി അതേപടി ആയുർവേദം അനുകരിക്കുന്നുവെന്നു പറയാന്‍ വയ്യ. അത്തരം കാര്യങ്ങളിൽ അങ്ങേയറ്റത്തെ വിശാലവും വിട്ടുവീഴ്‌ചനിറഞ്ഞതുമായ മനോഭാവമാണ്‌ ആയുർവേദത്തിനുള്ളത്‌. ആയുർവേദത്തിൽ "പ്രകൃതി' എന്നു പറയുന്നത്‌ "സ്വഭാവം, ഈശ്വരന്‍, കാലം, യദൃച്ഛാ, നിയതി, പരിണാമം' എന്നിവയെ ആണെന്ന്‌ സുശ്രുതന്‍ എടുത്തുപറഞ്ഞിരിക്കുന്നു. ദൈവം എന്നുപറയുന്നത്‌ പൂർവജന്മകൃതമായ കർമമാണെന്നും പൂർവജന്മകൃതമായ ദുഷ്‌കർമങ്ങളുടെ ഫലമായുണ്ടാകുന്ന രോഗത്തെപ്പോലും ശരിയും ശക്തവുമായ താത്‌കാലിക കർമംകൊണ്ട്‌ പരിഹരിക്കാന്‍ കഴിയുമെന്നും ആയുർവേദം അനുശാസിക്കുന്നു.

ത്രിദോഷ സിദ്ധാന്തം

പഞ്ചഭൂത സിദ്ധാന്തത്തിന്റെ സ്വാഭാവികവും യുക്തിയുക്തവുമായ പരിണാമമാണ്‌ ത്രിദോഷസിദ്ധാന്തം. ത്രിഗുണങ്ങള്‍ പരിണമിച്ച്‌ പഞ്ചഭൂതങ്ങള്‍ രൂപംകൊള്ളുന്നതുപോലെതന്നെ പഞ്ചഭൂതങ്ങളിൽനിന്നും രൂപംകൊള്ളുന്നവയാണ്‌ ത്രിദോഷങ്ങള്‍. ശരീരത്തിന്റെ ഉത്‌പത്തി, സ്ഥിതി, നാശം എന്നീ മൂന്നു ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്നവയാണ്‌ ഇവ. "ശീര്യതേ ഇതി' (എല്ലായ്‌പോഴും നശിച്ചുകൊണ്ടിരിക്കുന്നത്‌) എന്നാണ്‌ ശരീരം എന്ന വാക്കിന്റെ അർഥം. നാശം, ശ്വാസോച്ഛ്വാസാദികള്‍ ഗമനാഗമനങ്ങള്‍ തുടങ്ങിയ വിവിധവ്യാപാരങ്ങളുടെ അനിവാര്യഫലമാണ്‌. എപ്പോഴും നശിച്ചുകൊണ്ടിരിക്കുന്ന ഒന്ന്‌ നിലനല്‌ക്കണമെങ്കിൽ എപ്പോഴും ഉണ്ടായിക്കൊണ്ടുമിരിക്കണം. ശരീരം വളരുന്നു, നിലനില്‌ക്കുന്നു, ക്ഷയിക്കുന്നു എന്നു പറഞ്ഞാൽ നശിക്കുന്നതിനെക്കാള്‍ ഉണ്ടാകുന്നു, നശിക്കുന്നിടത്തോളം ഉണ്ടാകുന്നു. നശിക്കുന്നിടത്തോളം ഉണ്ടാകുന്നില്ല എന്നാണർഥം. ശരീരം ഉണ്ടാകുന്നതും നിലനില്‌ക്കുന്നതും ആഹാരത്തിൽനിന്നാണ്‌; ശരീരമെന്ന പോലെ ആഹാരവും പഞ്ചഭൂതാങ്ങകമാണ്‌. ആഹാരത്തിലെ പഞ്ചഭൂതഘടകങ്ങള്‍ ശരീരത്തിലെ ആഗ്നേയഭാവവുമായുള്ള സമ്പർക്കത്താൽ പരിണമിച്ച്‌ ശരീരത്തിലെ സമാനഘടകങ്ങളെ പോഷിപ്പിക്കുന്നുവെന്നാണ്‌ സിദ്ധാന്തം. ഇതിൽനിന്നും ഉത്‌പാദനപരം, പരിണാമപരം, വ്യാപാരപരം എന്നിങ്ങനെ മൂന്നു ഭാവങ്ങള്‍ ശരീരത്തിനുണ്ടെന്നും ഈ മൂന്നുഭാവങ്ങളേ ഉള്ളുവെന്നും മനസ്സിലാക്കാം. ഇതിൽ ഉത്‌പാദനപരമായ ഭാവങ്ങളെ കഫവും, പരിണാമപരമായ ഭാവങ്ങളെ പിത്തവും, വ്യാപാരപരമായ ഭാവങ്ങളെ വാതവും പ്രതിനിധാനം ചെയ്യുന്നു. ഇതുതന്നെ പഞ്ചഭൂതങ്ങളിൽ ആരോപിച്ചുപറഞ്ഞാൽ ഉത്‌പാദനപരമായ-മൂർത്തമായ-ഭാവങ്ങളെ പൃഥിവ്യപ്പുകളും, പചനപരമായ (പചനഫലമാണല്ലോ പരിണാമം) ഭാവങ്ങളെ അഗ്നിയും, വ്യാപാരപരമായവയെ വായ്വാകാശങ്ങളും പ്രതിനിധീകരിക്കുന്നു.

ദോഷാധാതുമല സിദ്ധാന്തം

ശരീരം ദോഷധാതുമലമൂലമാണെന്നാണ്‌ ആയുർവേദസിദ്ധാന്തം. നാം കഴിക്കുന്ന ആഹാരം ശരീരമായി മാറുന്നു എന്നു പറഞ്ഞാൽ സപ്‌തധാതുക്കളായി-രസ, രക്ത, മാംസ, മേദോƒസ്ഥി, മജ്ജാശുക്ലങ്ങളായി-തീരുന്നുവെന്നാണല്ലോ അർഥം. സ്ഥൂലമായി ശരീരം സ്‌പതധാത്വാങ്ങകമാണ്‌. ധാതുക്കളുടെ ചയാƒപചയങ്ങളെയാണ്‌ ശരീരത്തിന്റെ വൃദ്ധിക്ഷയങ്ങള്‍ എന്നുപറയുന്നത്‌; ഈ ചയാƒപചയ പ്രക്രിയയുടെ നിയാമകഘടകങ്ങളാണ്‌ വാതപിത്തകഫങ്ങള്‍. ഈ പ്രക്രിയക്കിടയിലുണ്ടാകുന്ന ഉപോത്‌പന്നങ്ങളാണ്‌ ദോഷമൂത്രപുരീഷാദിമലങ്ങള്‍. ഇതിൽനിന്നും ശരീരം "ദോഷധാതുമലമൂല'മാണ്‌ എന്ന്‌ ധർമപരമായി നിർവചിക്കാം. ഇതുപോലെ ശിരസ്സ്‌, മധ്യകായം, കൈകാലുകള്‍ എന്നീ ഷഡംഗങ്ങളടങ്ങിയതാണ്‌ ശരീരം (ഷഡംഗമംഗം) എന്ന നിർവചനം ഘടനാപരവും; പഞ്ചഭൂതാങ്ങകമാണ്‌ (ശരീരം' മഹാഗുണമയേഭ്യഃ ഖപവനതേജോജലഭൂമ്യാഖ്യേഭ്യോ മഹാഭൂതേഭ്യഃചേതനാധിഷ്‌ഠിതേഭ്യോƒഭി നിർവൃത്തിരംഗസ്യ'-സത്വരജസ്‌തമോ ഗുണമയങ്ങളും, ചേതനയിലധിഷ്‌ഠിതങ്ങളും പൃഥവ്യപ്‌തേജോവായ്വാകാശങ്ങളും ആയ പഞ്ചമഹാഭൂതങ്ങളിൽ നിന്നാണ്‌ ശരീരത്തിന്റെ ഉത്‌പത്തി) എന്ന നിർവചനം ഉത്‌പത്തിപരവുമാണ്‌. ത്രിഗുണങ്ങളും പഞ്ചഭൂതങ്ങളും തമ്മിലും പഞ്ചഭൂതങ്ങളും ത്രിദോഷങ്ങളും തമ്മിലും ഉള്ള ബന്ധത്തെ ജന്യജനകബന്ധമെന്നും, ത്രിദോഷങ്ങളും ശരീര (സപ്‌തധാതു)വും തമ്മിലുള്ള ബന്ധത്തെ ആശ്രയാശ്രയിബന്ധമെന്നും പറയാം. (മ). സത്വബഹുലമാകാശം, രജോബഹുലോ വായുഃ, ഉഭയബാഹുലോƒഗ്നിഃ, സത്വതമോബഹുലാ ആപഃ, തമോ ബഹുലാ പൃഥിവീ. (യ). വായ്വാകാശധാതുഭ്യാം വായുഃ ആഗ്നേയം പിത്തം; അംഭഃപൃഥിവീഭ്യാം ശ്ലേഷ്‌മാ. (ര). തത്രാസ്ഥിനിസ്ഥിതോ വായുഃപിത്തം തു സ്വേദരക്തയോഃ ശ്ലേഷമാ ശേഷേഷു. ഇതിനെ ഒരു പട്ടികയിലൂടെ കൂടുതൽ വ്യക്തമാക്കാം. സത്വഗുണം രജോഗുണം തമോഗുണം ആകാശം വായു അഗ്നി അപ്‌ പൃഥിവി

വായു പിത്തം കഫം

അസ്ഥി രക്തം

രസം മാംസം മേദസ്‌ മജ്ജ ശുക്ലം

ദ്രവ്യ രസഗുണവീര്യവിപാകപ്രഭാവ സിദ്ധാന്തം

ഇതും പഞ്ചഭൂതസിദ്ധാന്തവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

ദ്രവ്യ രസഗുണങ്ങള്‍

ദ്രവ്യം പഞ്ചഭൂതാങ്ങകമാണ്‌; ശരീരം ദ്രവ്യവുമാണ്‌; അതുകൊണ്ട്‌ ശരീരത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെ എല്ലാ ദ്രവ്യങ്ങളും ഉള്‍ക്കൊള്ളുന്ന സ്ഥൂലാംശം പൃഥിവ്യപ്പുകളാണ്‌. ആ പൃഥിവ്യപ്പുകളെ പല പ്രകാരത്തിൽ പരിണമിപ്പിക്കുന്ന ജോലി അഗ്നിയും അങ്ങനെ പചിച്ചുകിട്ടുന്ന അംഭഃപൃഥിവ്യംശങ്ങളെ വിവിധസ്ഥലങ്ങളിൽ വിന്യസിപ്പിക്കുന്ന ധർമം വായുവും അതിനാവശ്യമായ ഇടം നല്‌കുന്ന ധർമം ആകാശവും നിർവഹിക്കുന്നു. ദ്രവ്യനിഷ്‌ഠമായ ഘടകങ്ങളാണ്‌ രസാദികള്‍. രസം രസനേന്ദ്രിയത്തിന്റെ വിഷയവും പഞ്ചഭൂതങ്ങളിൽ ജലത്തിന്റെ ഗുണവുമാണ്‌. ആ രീതിയിൽ അത്‌ അവ്യക്തമാണ്‌. പിന്നീട്‌ അത്‌ മധുരം, അമ്ലം, ലവണം, തിക്തം, കടു, കഷായം എന്നിങ്ങനെ ആറു രസങ്ങളായി വ്യക്തമാകുന്നു. ഇത്‌ ഓരോ ദ്രവ്യത്തിലുമുള്ള ജലഭൂതം അതിൽതന്നെയുള്ള മറ്റു ഭൂതങ്ങളുമായി കൂടിച്ചേരുന്ന രീതിയിലുള്ള വ്യത്യാസംകൊണ്ടാണ്‌. ഓരോ ദ്രവ്യത്തിലും ഓരോ അനുപാതത്തിലായിരിക്കും പഞ്ചഭൂതങ്ങളുടെ അംശമുള്ളത്‌. അതിലുള്ള ജലാംശം പാകവിധേയമായി പരിണമിച്ചാണ്‌ വ്യക്തമായ ഏതെങ്കിലും രസത്തിനു രൂപംകൊടുക്കുന്നത്‌. ദ്രവ്യനിഷ്‌ഠമായ അഗ്നിയുടെ അളവിനെ ആശ്രയിച്ച്‌ അതിലുള്ള മറ്റു ഭൂതാംശങ്ങളുടെ പാകത്തിന്‌ ഏറ്റക്കുറവു വരും. അതുപോലെ പൃഥിവിയും മറ്റ്‌ അണുക്കളും ഓരോ അനുപാതത്തിലായിരിക്കും ഓരോ ദ്രവ്യത്തിലും കൂടിക്കലരുക. അതനുസരിച്ചും പാകത്തിനു വ്യത്യാസം വരാം. പക്ഷേ, ഈ എല്ലാ വ്യത്യാസങ്ങളെയും ആറായിട്ട്‌ വ്യവച്ഛേദിച്ചു പരിമിതപ്പെടുത്താന്‍ കഴിയും. കാരണം, ഈ ദ്രവ്യങ്ങളെല്ലാം രൂപംകൊള്ളുന്നത്‌ പ്രപഞ്ചത്തിൽ ഏതെങ്കിലും ഒരു കാലത്താണ്‌. കാലത്തിന്റെ എല്ലാ വ്യത്യസ്‌ത സ്വഭാവങ്ങളും അടങ്ങിയിരിക്കുന്ന ഏറ്റവും ചെറിയ ഘടകമാണത്‌ സംവത്സരത്തിന്റെ ആവർത്തനമാണല്ലോ അനന്തമായ കാലം. സംവത്സരാങ്ങകമായ കാലം വ്യത്യസ്‌തമായ ശീതോഷ്‌ണാവസഥയോടുകൂടിയ ആറ്‌ ഋതുക്കളടങ്ങിയതാണ്‌. ഈ ഋതുഭേദത്തിനുകാരണം സൂര്യന്റെ ഉത്തരായണദക്ഷിണായന രൂപത്തിലുള്ള ഗതിവിഗതികളും തന്മൂലം പ്രപഞ്ച ഘടകങ്ങളായ പഞ്ചഭൂതങ്ങളിലുണ്ടാകുന്ന ഗുണവ്യത്യാസങ്ങളുമാണ്‌. ഓരോ ഋതുവിലും മറ്റുള്ളവയെക്കാള്‍ ഈ രണ്ടു ഭൂതഗുണങ്ങള്‍ക്കു പ്രാബല്യം സിദ്ധിക്കുന്നുണ്ട്‌. അങ്ങനെ ആറ്‌ ഋതുക്കളിലായി ദ്രവ്യങ്ങള്‍ രൂപംകൊള്ളുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന മഹാഭൂതഗുണങ്ങളുടെ ഊനാതിരേകങ്ങള്‍കൊണ്ട്‌ ആപ്യഗുണം പല തരത്തിൽ പചിക്കപ്പെടുകയും ആറ്‌ പ്രത്യേകതരത്തിൽ പരിണമിച്ചു വ്യക്തമാകുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളിലും എല്ലാ രസങ്ങളുമുണ്ട്‌. പക്ഷേ, ആസ്വാദനാവസരത്തിൽ കൂടുതൽ വ്യക്തമാകുന്നതിനെ ആ ദ്രവ്യത്തിന്റെ "രസം' എന്നും, രുചിക്കുമ്പോള്‍ അവ്യക്‌തമായനുഭവപ്പെടുകയോ രുചിച്ചുകഴിഞ്ഞാൽ അല്‌പമാത്രയിൽ വ്യക്തമായിത്തന്നെ അനുഭവപ്പെടുകയോ ചെയ്യുന്ന രസത്തിനെ "അനുരസം' എന്നും പറയുന്നു.

ഗുണങ്ങള്‍ ദ്രവ്യനിഷ്‌ഠങ്ങളാണ്‌. പ്രധാനമായും ഇവ ഇരുപതാണ്‌. പഞ്ചഭൂതങ്ങളുടേതായ ഈ ഗുണങ്ങള്‍ സ്വാഭാവികമായും ദ്രവ്യത്തിൽ പ്രകടമാകുന്നു. ത്രിദോഷങ്ങളിലും ശരീരത്തിലും ഈ ഗുണങ്ങള്‍തന്നെയാണുള്ളത്‌. അതുകൊണ്ട്‌ ദോഷങ്ങള്‍ക്കും ശരീരത്തിനും സംഭവിക്കുന്ന വൈകല്യങ്ങളെ നികത്തി സമാവസ്ഥയിലാക്കുന്നതിനും ആ സമാവസ്ഥ നിലനിർത്തുന്നതിനും ദ്രവ്യത്തിനു കഴിയുന്നു.

ചരകന്‍ ഗുർവാദികളായ ഈ ഇരുപതു ഗുണങ്ങളോടുകൂടി അഞ്ച്‌ ഇന്ദ്രിയാർഥങ്ങളും, ബുദ്ധി, ഇച്ഛ, ദ്വേഷം, സുഖം, ദുഃഖം, പ്രയ്‌തനം, പരത്വം, അപരത്വം, യുക്തി, സംഖ്യ, സംയോഗം, വിഭാഗം, പൃഥക്ത്വം, പരിണാമം, സംസ്‌കാരം, അഭ്യാസം എന്നിവയും ചേർത്ത്‌ നാല്‌പത്തൊന്നു ഗുണങ്ങളെ പറയുന്നു.

വീര്യം

ദ്രവ്യനിഷ്‌ഠമായ കർമകരണശക്തിയാണ്‌ വീര്യം; ഇതു പ്രധാനമായും ഉഷ്‌ണം, ശീതം എന്നു രണ്ടുതരമുണ്ട്‌. ത്രിദോഷങ്ങളിൽ പിത്തത്തെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ശീതവീര്യങ്ങളെന്നും, വാതകഫങ്ങളെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളെ ഉഷ്‌ണവീര്യങ്ങളെന്നും സാമാന്യമായി പറയാം. മധുരതിക്തകഷായരസങ്ങളടങ്ങിയ ദ്രവ്യങ്ങള്‍ ശീതവീര്യങ്ങളും, അമ്ലലവണകടുരസങ്ങളടങ്ങിയദ്രവ്യങ്ങള്‍ ഉഷ്‌ണവീര്യങ്ങളുമാണ്‌; പക്ഷേ ഇതിന്നപവാദമുണ്ട്‌. മത്സ്യത്തിന്റെ രസം മധുരമാണ്‌; വീര്യമോ ഉഷ്‌ണവും. അകിൽ, ചെറുവഴുതിന ഇവ തിക്തരസമാണെങ്കിലും ഉഷ്‌ണവീര്യമാണ്‌. മഹത്‌പഞ്ചമൂലം കഷായം തിക്തരസ പ്രധാനമാണ്‌; എന്നാൽ ഉഷ്‌ണവീര്യമാണ്‌.

വിപാകം

ഇതും ദ്രവ്യനിഷ്‌ഠമാണ്‌. ദ്രവ്യങ്ങള്‍ ആഹരിച്ചാൽ അത്‌ ജഠരാഗ്നിസമ്പർക്കത്താൽ കോഷ്‌ഠത്തിൽവച്ച്‌ പാകപ്പെടുമ്പോള്‍ ദ്രവ്യനിഷ്‌ഠമായ രസങ്ങളിൽ പരിണമിച്ചു കർമക്ഷമമായി ഉരുത്തിരിയുന്ന രസമേതാണോ അതിനെയാണ്‌ വിപാകമെന്നു പറയുന്നത്‌. ഇവ മൂന്നാണ്‌: മധുരം, അമ്ലം, കടു. ദ്രവ്യനിഷ്‌ഠങ്ങളായ ഷഡ്‌ രസങ്ങള്‍ ജഠരാഗ്നിപാകം കഴിയുമ്പോഴേക്കും മൂന്നായി പരിണമിക്കുന്നു. ത്രിദോഷങ്ങള്‍ ശരീരമാകെ വ്യാപിച്ചുനില്‌ക്കുന്നുണ്ട്‌; ശരീരത്തിന്റെ ചില സ്ഥാനങ്ങളിൽ പ്രത്യേകം കേന്ദ്രീകരിച്ചു നില്‌ക്കുന്നുമുണ്ട്‌. ത്രിദോഷങ്ങളുടെ കോഷ്‌ഠത്തിലെ സ്ഥിതി പ്രാധാന്യേന ആമാശയത്തിൽ കഫം, പച്യമാനാശയത്തിൽ പിത്തം, പക്വാശയത്തിൽ വാതം എന്നീ രൂപത്തിലാണ്‌; ഇതുതന്നെ പഞ്ചഭൂതങ്ങളിലാരോപിച്ചു പറഞ്ഞാൽ, ആമാശയത്തിൽ പൃഥിവ്യുപ്പുകളും, പച്യമാനാശയത്തിൽ അഗ്നിയും പക്വാശയത്തിൽ വായ്വാകാശങ്ങളുമാണ്‌ ആധിക്യേന നില്‌ക്കുന്നത്‌. ഉള്ളിൽ കടക്കുന്ന ദ്രവ്യത്തിന്റെ പചനമാണ്‌ കോഷ്‌ഠത്തിൽ പ്രധാനമായും നടക്കുന്നത്‌. ഈ പചനം നടത്തുന്നത്‌ കോഷ്‌ഠത്തിലുള്ള ആഗ്നേയഭാവമാണ്‌. കോഷ്‌ഠവും മറ്റെല്ലാ ശരീരാവയവങ്ങളെയും പോലെ സൂക്ഷ്‌മങ്ങളായ അനേകമനേകം പരമാണുക്കളുടെ സംഘാതമാണ്‌. ഈ ഓരോ പരമാണുവും പഞ്ചഭൂതാങ്ങകമായതിനാൽ ഓരോ പരമാണുവിലുമുള്ള ആഗ്നേയാംശത്തെയാണ്‌ കോഷ്‌ഠത്തിലെ ആഗ്നേയഭാവം എന്നു പറയുന്നത്‌. അതുകൊണ്ട്‌ ഇതിനെ ഭൂതാഗ്നി എന്നു പറയാം. നാം കഴിക്കുന്ന ദ്രവ്യത്തിലുള്ള പാർഥിവാംശത്തെ ശരീരത്തിലുള്ള പാർഥിവാഗ്നിയും, ആപ്യാംശത്തെ ആപ്യാഗ്നിയും, തൈജസാംശത്തെ തൈജസാഗ്നിയും വായവ്യാംശത്തെ വായവ്യാഗ്നിയും, നാഭസാംശത്തെ നാഭസാഗ്നിയും ആണ്‌ പചിപ്പിക്കുന്നത്‌. പഞ്ചീകൃതപഞ്ചഭൂതങ്ങള്‍ ദ്രവ്യഘടനയിൽ പങ്കെടുക്കുന്നുവെന്നുള്ളതുകൊണ്ട്‌ ആഹാരദ്രവ്യത്തിന്റെ പരമാണുക്കളിലടങ്ങിയിരിക്കുന്ന പാർഥിവാദ്യഗ്നികളും അവയുടെ പചനത്തിൽ കൂട്ടുചേരുന്നു. അങ്ങനെ ആമാശയത്തിൽ വച്ച്‌ അവിടെ പ്രബലമായി നില്‌ക്കുന്ന പാർഥിവാപ്യാഗ്നികള്‍ ആഹാരത്തിലുള്ള പാർഥിവാപ്യഘടകങ്ങളെയും പച്യമാനാശയത്തിൽ വച്ച്‌ അവിടെ പ്രബലമായ തെജസാഗ്നി ആഹാരത്തിലെ തൈജസാംശത്തെയും, പക്വാശയത്തിൽവച്ച്‌ വായ്വാകാശാഗ്നികള്‍ ആഹാരത്തിലെ സമാനഘടകങ്ങളെയും പ്രധാനമായും പചിപ്പിക്കുന്നു. തത്‌ഫലമായി പാകാവസാനത്തിൽ ദ്രവ്യനിഷ്‌ഠമായ ആറു രസങ്ങള്‍ മൂന്നു വിഭാഗങ്ങളായി പിരിയുന്നു; മധുര ലവണങ്ങള്‍ മധുരവിപാകരസവും, അമ്ലം അമ്ലവിപാകരസവും, തിക്തോഷ്‌ണകഷായങ്ങള്‍ കടുവിപാകരസവും ആയിത്തീരുന്നു. ഈ മൂന്നു വിപാകരസങ്ങളിൽ ഏതാണോ പ്രാബല്യംകൊണ്ട്‌ കർമസമർഥമായിത്തീരുന്നത്‌ ("ഭൂയസാവ്യപദേശന്യായേന') ആ വിപാകരസത്തോടുകൂടിയതാണ്‌ ആ ദ്രവ്യം എന്നു പറയുന്നു. കടുരസമായ ചുക്ക്‌ മധുര വിപാകമാണെന്നു പറയുമ്പോള്‍ ആമപച്യമാനപക്വാശയങ്ങളിൽ വച്ചുള്ള പാകത്തിന്റെ ഫലമായി ചുക്കിലടങ്ങിയിരുന്ന ആറുരസങ്ങളും പരിണമിച്ചു മൂന്നു വിപാകരസങ്ങളാകുന്നുണ്ടെങ്കിലും അവസാനം കർമസാമർഥ്യം പ്രകടകമാകത്തക്കവച്ചം പ്രബലമായുരുത്തിരിഞ്ഞുനില്‌ക്കുന്നത്‌ മധുരമാണെന്നർഥം. ഇതിന്റെ ഫലമായിട്ടാണ്‌ കടുരസവും ഉഷ്‌ണവീര്യവുമായിട്ടും ചുക്ക്‌ വൃഷ്യം (ശുക്ലവർധനം) ആയിത്തീരുന്നത്‌.

പ്രഭാവം

ദ്രവ്യനിഷ്‌ഠമായ കർമകരണശക്തിയാണ്‌ വീര്യം എന്നു പറഞ്ഞു. ഈ കർമകരണശക്തി രണ്ടുതരത്തിലുണ്ട്‌: (1) ചിന്ത്യക്രിയാഹേതു (2) അചിന്ത്യ ക്രിയാഹേതു. ഇതിൽ അചിന്ത്യക്രിയാഹേതുവായ കർമകരണശക്തിയാണ്‌ പ്രഭാവം. ദ്രവ്യത്തിലുള്ള മറ്റെല്ലാ ഘടകങ്ങളെയും ജയിച്ച്‌ അവയ്‌ക്കൊന്നിനും കഴിയാത്ത തരത്തിലുള്ള പ്രത്യേകകർമം ചെയ്യാനുള്ള കഴിവിനെയാണ്‌ പ്രഭാവം എന്നു പറയുന്നത്‌.

ദ്രവ്യങ്ങളെ ഉത്‌പത്തികാരണമായ പഞ്ചഭൂതങ്ങളുടെ ഘടനയിൽ വരുന്ന പ്രത്യേകതകളെക്കൂടെ കണക്കിലെടുത്തുകൊണ്ട്‌ സമാനപ്രത്യയാരബ്‌ധം, വിചിത്ര പ്രത്യയാരബ്‌ധം എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. ജംഗമം, ഔദ്‌ഭിദം, പാർഥിവം എന്നീ മൂന്നു വിഭാഗങ്ങളിലായി പ്രപഞ്ചത്തിലുള്ള എല്ലാ ദ്രവ്യങ്ങളെയും ചികിത്സോപയോഗിയായ ദ്രവ്യമെന്ന നിലയിൽ ക്രാഡീകരിച്ചിട്ടുണ്ട്‌. മാത്രമല്ല ബാഹ്യമോ ആഭ്യന്തരമോ ആയ ഉപയോഗം മുഖേന ചികിത്സാകാര്യത്തിൽ എന്തെങ്കിലും പ്രയോജനം ചെയ്യാത്ത ഒരു ദ്രവ്യവും ലോകത്തില്ല.

ശുദ്ധചികിത്സ

ചികിത്സ ശുദ്ധമായിരിക്കണമെന്നു നിഷ്‌കർഷയുണ്ട്‌; അതായത്‌ ഒരു രോഗത്തിനുവേണ്ടി ചികിത്സിക്കുമ്പോള്‍ ആ രോഗവും രോഗകാരണമായ ദോഷവൈഷമ്യവും ശമിക്കുന്നതോടൊപ്പം മറ്റേതെങ്കിലും രോഗമോ രോഗകാരണമാംവിധം ദോഷവൈഷമ്യമോ, സംഭവിക്കാതിരിക്കണം. രോഗത്തെ "നിജം', "ആഗന്തു' എന്ന്‌ അടിസ്ഥാനപരമായി രണ്ടായി തിരിച്ചിരിക്കുന്നു. അപഥ്യാഹാരവിഹാരങ്ങള്‍കൊണ്ട്‌ വിഷമങ്ങളായിത്തീരുന്ന ത്രിദോഷങ്ങള്‍ ധാതുക്കളെ ദുഷിപ്പിച്ചുണ്ടാക്കുന്ന രോഗമാണ്‌ നിജം. അടി, ഇടി, മുറിവ്‌, അണുസംക്രമണം തുടങ്ങിയവമൂലം ആദ്യമേതന്നെ ധാതു ദുഷ്‌ടിയും തുടർന്ന്‌ ദോഷദുഷ്‌ടിയും സംഭവിക്കുന്ന രോഗങ്ങളാണ്‌ ആഗന്തു.

ഷഡ്‌ധാതുക പുരുഷസിദ്ധാന്തം

ശരീരോത്‌പത്തിയെക്കുറിച്ചുള്ള ആയുർവേദത്തിന്റെ സിദ്ധാന്തവും സവിശേഷമാണ്‌. മാതൃപിതൃബീജങ്ങള്‍ കൂടിച്ചേർന്ന സംയുക്തബീജം വളർന്നു ഗർഭമായിത്തീരുന്നുവെന്നാണല്ലോ ആധുനിക സിദ്ധാന്തം. ഇവിടെ പൂർവ കർമഫല പ്രരിതമായ ജീവാങ്ങാവാണ്‌ ഗർഭമായി തീരുന്നതെന്നും ജീവന്റെ ആവിഷ്‌കാരത്തിനുള്ള ഉപാധി മാത്രമാണ്‌ മാതൃപിതൃബീജങ്ങള്‍-പഞ്ചഭൂതാങ്ങകമായ ശരീരം-എന്നുമാണ്‌ സിദ്ധാന്തം. ഇതനുസരിച്ച്‌ ആയുർവേദത്തിൽ ചികിത്സാധികൃതനായ പുരുഷന്‍ ഷഡ്‌ധാതുകനാണ്‌; പഞ്ചമഹാഭൂതശരീരിസമവായമാണ്‌. ജഡമയമായ ശരീരത്തിന്റെ വൈകല്യങ്ങള്‍ നീക്കുന്നതോടൊപ്പം ജീവനെ അതിനോടു ദൃഢമായി ബന്ധിപ്പിച്ചുനിർത്താന്‍ ഉപകരിക്കുന്ന പ്രക്രിയയാണ്‌ ചികിത്സ.

ആയുർവേദവും രസതന്ത്രവും

ആയുർവേദശാസ്‌ത്രകാരന്മാർ ചികിത്സയ്‌ക്ക്‌ നാലു പാദങ്ങള്‍ കല്‌പിച്ചിട്ടുണ്ട്‌: (1) ചികിത്സകന്‍ (2) ഔഷധം (3) പരിചാരകന്‍ (4) രോഗി. ഈ നാലു ഘടകങ്ങളിൽ വച്ച്‌ ചികിത്സയുടെ ഉപകരണം ഔഷധമാണ്‌. ഏതു തരം ഉപകരണം ഉപയോഗിച്ച്‌ രോഗനിർഹരണം നേടുന്നു എന്നതിനെ ആധാരമാക്കി ചികിത്സയെ മൂന്നായി വിഭജിക്കുന്നുണ്ട്‌: (1) രസൗഷധങ്ങള്‍കൊണ്ടുള്ള ദൈവീ ചികിത്സ (2) മൂലികകള്‍കൊണ്ടുള്ള മാനുഷ ചികിത്സ (3) ശസ്‌ത്രം, ക്ഷാരം തുടങ്ങിയവകൊണ്ടുള്ള ആസുരചികിത്സ.

ഇതിൽ രസൗഷധങ്ങളെക്കൊണ്ടുള്ള ചികിത്സയെ ദൈവി എന്നു വിളിക്കുന്നത്‌ അതിന്റെ താരതമ്യേനയുള്ള ഔൽകൃഷ്‌ട്യത്തെ സൂചിപ്പിക്കാനാണ്‌. "രസേനകഥിതേ ദൈവീ, മാനുഷോമൂലികാദിഭിഃ; ആസുരാശസ്‌ത്രദാഹാദ്യാഃ' എന്നും "അധമാമാസുരിം വിദ്യാദ്‌ മധ്യമാം മാനുഷീം തഥാ, ഉത്താമം ദൈവികീം തസ്‌മാത്‌ ഭഗവാന്‍ പ്രാഹശങ്കരഃ' (രസാലങ്കാരം) എന്നും മറ്റുമുള്ള പ്രസ്‌താവനകള്‍ ഉദാരഹരണമായെടുക്കാം. ഈ ഔൽകൃഷ്‌ട്യത്തിന്‌ നാലുകാരണങ്ങള്‍ രസതന്ത്രപ്രണേതാക്കള്‍ എടുത്തുപറയുന്നുണ്ട്‌: (1) രസൗഷധം വളരെകുറഞ്ഞ അളവിൽ ഉപയോഗിച്ചാൽമതി (2) യാതൊരു അരുചിയും രോഗി സഹിക്കേണ്ടതില്ല (3) വളരെവേഗം രോഗനിർഹരണം സാധിക്കുന്നു (4) ഐഹികവും ആമുഷ്‌മികവും ആയ എല്ലാ സുഖത്തെയും (കാമത്തെയും മോക്ഷത്തേയും) നല്‌കുന്നു. "അല്‌പമാത്രാപയോഗിത്വാ- ദരുചേരപ്രസംഗതഃ ക്ഷിപ്രമാരോഗ്യജായിത്വാദ്‌ ഭേഷജേഭ്യോƒധികോ രസഃ ഭുക്തിമുക്തികരീ യസ്‌മാ- ത്തസ്‌മാദ്‌ജ്‌ഞേയാ ഗുണാധികാ' ഇവിടെ രസം എന്ന പദംകൊണ്ട്‌ എല്ലാ ഖനിജങ്ങളെയും, ആയുർവേദത്തിന്റെ സാങ്കേതികശബ്‌ദം ഉപയോഗിച്ചു പറഞ്ഞാൽ എല്ലാത്തരം ധാതുക്കള്‍, ഉപധാതുക്കള്‍, മഹാരസങ്ങള്‍, രസങ്ങള്‍, ഉപരസങ്ങള്‍, രത്‌നങ്ങള്‍, ഉപരത്‌നങ്ങള്‍ എന്നിവയെയെല്ലാം വിവക്ഷിക്കുന്നതായി മനസ്സിലാക്കണം. "സുവർണം സമലാഃ പഞ്ചലോഹാഃ സസിക്താഃ സുധാ മനഃ ശിലാലേ മണയോ ലവണം ഗൈരികാഞ്‌ജനേ ഭൗമമൗഷധമുദ്ദിഷ്‌ടം' എന്നു ചരകനും "സുവർണ, രജത, മണി, മുക്താ, മനഃശിലാ, മൃത്‌കഹലാ ദയഃ പാർഥിവാഃ' എന്നു സുശ്രുതനും നല്‌കുന്ന വിവരണം ഇക്കാര്യം വ്യക്തമാക്കുന്നു. ഖനിജദ്രവ്യങ്ങളെക്കുറിച്ചുള്ള പരാമർശം വേദങ്ങളിൽ പോലും കാണുന്നുണ്ട്‌. "അശ്‌മാചമേ, മൃത്തികാചമേ, പർവതാശ്ചമേ, സികതാശ്ചമേ, വാനസ്‌പത്യാശ്ചമേ, ഹിരണ്യഞ്ചമേ, അയശ്ചമേ ശ്യാമം ചമേ, ലോഹഞ്ചമേ, സീസംചമേ, ത്രപുചമേ യജ്ഞേന കല്‌പന്ത്യാം' (യജുഃ 18-19) എന്ന്‌ യജുർവേദത്തിൽ സ്വർണം (ഹിരണ്യം), ഇരുമ്പ്‌ (അയസ്സ്‌), ചെമ്പ്‌ (ശ്യാമം) എന്നിവയെ പരാമർശിക്കുന്നുണ്ട്‌. കുറേക്കൂടി സ്‌പഷ്‌ടമായ പരാമർശം അഥർവവേദത്തിലുണ്ട്‌. ഉദാഹരണത്തിന്‌ ധാതുക്കളെ തീയിൽ കാച്ചി പാകപ്പെടുത്തുന്ന പരാമർശം നോക്കുക:

"ഹരിതേ ത്രീണി രജതേ ത്രീണ്യയസി ത്രീണി തപസാ വിഷ്‌ഠി താനി' (അഥർവവേദം 4-28-1) ഇവിടെ ഹരിത രജത അയഃശബ്‌ദങ്ങള്‍ ക്രമേണ സ്വർണം, വെള്ളി, ഇരുമ്പ്‌ എന്നിവയെ പരാമർശിക്കുന്നു. ഈയത്തെക്കുറിച്ചുള്ള പ്രസ്‌താവം യജുർവേദത്തിൽ കാണുന്നില്ല. എന്നാൽ അഥർവവേദത്തിൽ, "ശ്യാമമയോƒസ്യ മാംസാനി, ലോഹിത മസ്യലോഹിതം, ത്രപുഭസ്‌മഹരിതം- വർണഃ പുഷ്‌കരമസ്യഗന്ധഃ" (അഥർവവേദം 11-3-7-8) ശ്യാമം (താമ്രം) ലോഹിതം (ലോഹം) ഹരിതം (സ്വർണം) എന്നിവയോടൊപ്പം ത്രപു(വെളുത്തീയം)വിനെയും പരാമർശിച്ചിരിക്കുന്നു. ധാതുക്കളുടെ ബാഹ്യാഭ്യന്തരോപയോഗങ്ങളെക്കുറിച്ചുള്ള ഇത്തരം പരാമർശങ്ങള്‍ വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍ എന്നിവയിലെല്ലാം ലഭ്യമാണ്‌.

സ്വർണം, ഇരുമ്പ്‌ തുടങ്ങിയ ലോഹങ്ങളെ സംസ്‌കരിച്ചെടുത്ത്‌ ഔഷധങ്ങളാക്കി അതുകൊണ്ട്‌ രോഗനിർഹരണം നടത്തുന്ന ഒരു പ്രത്യേക ചികിത്സാരീതി ഉരുത്തിരിഞ്ഞ്‌ ഉയർന്നുവന്നത്‌ സംഹിതാകാലത്തോടുകൂടിയാണെന്നു പറയാം. ആദ്യമായി ഈ വിദ്യ ആവിഷ്‌കരിച്ചതും കൈകാര്യം ചെയ്‌തതും ദ്രാവിഡരായിരുന്നു. ദ്രാവിഡവർഗത്തിന്റെ നേതാവായ ശിവനാണ്‌ രസചികിത്സയുടെ ഉപജ്ഞാതാവായി കല്‌പിക്കപ്പെട്ടിരിക്കുന്നത്‌. 7-ാം ശ.-ത്തിൽ നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ശിവപുരാണത്തിൽ വേദങ്ങള്‍, പുരാണങ്ങള്‍, ആയുർവേദം, ധനുർവേദം തുടങ്ങിയ 18 വിദ്യകളുടെയും ആദികർത്താവായി ശിവനെ സ്‌മരിക്കുന്നുണ്ട്‌.

ക്രിസ്‌തുവിനുമുമ്പ്‌ രണ്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന പതഞ്‌ജലി തന്റെ യോഗസൂത്രത്തിലെ കൈവല്യപാദം ആരംഭിക്കുന്നത്‌ "ജന്മൗഷധി മന്ത്രതപഃസമാധിജഃ സിദ്ധയഃ' എന്ന സൂത്രത്തോടുകൂടിയാണ്‌. ഇവിടെ പറയുന്ന അഞ്ചുതരം സിദ്ധികളിൽ രണ്ടാമത്തെതായ ഔഷധിജന്യസിദ്ധി അസുരന്മാർ രസായന വിദ്യകൊണ്ട്‌ നേടുന്നതായിട്ടാണ്‌ പരാമർശിക്കപ്പെട്ടിരിക്കുന്നത്‌. "അസുരഭവനേഷു രസായന ജാസ്‌താ ഔഷധിജാഃ യഥാ മനുഷ്യഃ കുതശ്ചിന്നിമിത്താദസുരഭവനം പ്രാപ്‌തസ്‌തത്‌ കന്യാദത്തരസായനാന്യുപയുജ്യ അജരാƒമരത്വം പ്രാപ്‌നോതി. ഇഹൈവ വാ കാചിത്തദുപയോഗേന' എന്നു നാഗോജിഭട്ടന്‍ യോഗസൂത്രവാർത്തികത്തിൽ ഇക്കാര്യം വിശദീകരിക്കുന്നു. കൗടില്യന്റെ അർഥശാസ്‌ത്രത്തിലും (ബി.സി. 325) സ്വർണത്തെക്കുറിച്ച്‌ "ജാംബൂനദം, ശാതകുംഭം, ഹാടകം, വൈണവം, ശ്രൃംഗ-ശുക്തിജം, ജാതരൂപം, രസവിദ്ധം ആകരോദ്‌ ഗതഞ്ചസുവർണം' (അർഥശാസ്‌ത്രം. അ. 13-3). "രസവിദ്ധ'രൂപത്തിലുള്ള സ്വർണത്തെ പ്രത്യേകം പരാമർശിക്കുന്നുണ്ട്‌. രസശാസ്‌ത്രഗ്രന്ഥങ്ങളിൽ പ്രതിപാദിക്കുന്ന സ്വേദനം, മർദനം, മൂർഛനം, ഉത്ഥാപനം തുടങ്ങിയ 18 തരം സംസ്‌കാരങ്ങളിൽ കൂടുതൽ വീര്യവത്താക്കപ്പെട്ട പാരദം (മെർക്കുറി) ഉപയോഗിച്ചു ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയ താണതരം ലോഹങ്ങളെ പരിവർത്തിച്ചുണ്ടാക്കുന്ന സ്വർണമാണ്‌ വേധജസ്വർണം. രസതന്ത്രത്തിന്റെ ആത്യന്തികസിദ്ധിയായിട്ടാണ്‌ ഇതു കരുതപ്പെടുന്നത്‌. പാരദത്തിന്‌ "സൂതം' എന്നൊരു പര്യായമുണ്ട്‌. ഈ പദത്തെ "ദേഹലോഹമയീം സിദ്ധിം സൂതേ സൂതസ്‌തതഃ സ്‌മൃതഃ' എന്നാണ്‌ നിർവചിച്ചിരിക്കുന്നത്‌. ദേഹത്തെ ഉരുക്കുപോലെ ദൃഢവും അനശ്വരവും-അജരവും അമരവും-ആക്കാന്‍ കഴിവുള്ളതുകൊണ്ടാണ്‌ ഈ പേരു നല്‌കിയിരിക്കുന്നത്‌. ശരീരത്തിന്‌ ഈ സിദ്ധി നല്‌കാന്‍ കഴിവുള്ളതാണോ പാരദം എന്നു തീരുമാനിക്കുന്നത്‌ അഷ്‌ടാംഗസംസ്‌കാരംകൊണ്ട്‌ ഗുണഗരിഷ്‌ഠമാക്കിയ പാരദത്തെ ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയലോഹങ്ങളിൽ പ്രയോഗിച്ചുനോക്കിയിട്ടാണ്‌. ഈ താഴ്‌ന്നതരം ലോഹങ്ങളെ സ്വർണമാക്കിമാറ്റാന്‍ കഴിവുള്ള പാരദത്തിനുമാത്രമേ ശരീരത്തെ അജരാമരമാക്കാന്‍ കഴിയുകയുള്ളൂ. ഇതുമൂലമാണ്‌ കൃത്രിമസ്വർണനിർമാണത്തിനുവേണ്ടിയുള്ള "രസവാദം' എന്നു ദ്രാവിഡഭാഷയിൽ ഈ പ്രസ്ഥാനം അവഹേളനത്തിനു പാത്രമായത്‌. കെമിസ്‌ട്രി എന്ന പദത്തിന്റെ ഉദ്‌ഭവകഥ ഇക്കാര്യത്തിൽ കൂടുതൽ വെളിച്ചം നല്‌കുന്നതാണ്‌. നിരന്തരം നിരീക്ഷണപരീക്ഷണങ്ങളിലേർപ്പെട്ടിരുന്ന ഭാരതീയ ശാസ്‌ത്രജ്ഞന്മാരുടെ അന്വേഷണബുദ്ധിയെ വെളിപ്പെടുത്തുന്നതാണിത്‌. ഏതു വസ്‌തുവിനെ കിട്ടിയാലും അതിനെ അപഗ്രഥിച്ച്‌ അതിന്റെ അന്തഃസത്തയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിൽ "കിമിയം ?' എന്ന ജിജ്ഞാസാഭരിതമായ ചോദ്യവുമായാണ്‌ അവർ അതിനെ സമീപിച്ചിരുന്നത്‌. ഇതെന്താണ്‌? എവിടെനിന്ന്‌, എങ്ങനെയാണ്‌ ഇതുണ്ടായത്‌? ഇതിന്റെ ഘടകങ്ങള്‍ ഏവ? ഇതിനെ എങ്ങനെ (കൃത്രിമമായി) ഉണ്ടാക്കാന്‍ കഴിയും? ഇത്തരം ചോദ്യങ്ങളെ ആധാരമാക്കി കൈയിൽ കിട്ടിയ എല്ലാ വസ്‌തുക്കളെയും അപഗ്രഥിച്ചു പഠിക്കുകയും നിരീക്ഷണപരീക്ഷണങ്ങള്‍ നടത്തുകയും ചെയ്‌തതിന്റെ ഫലമായി ലഭിച്ച വിജ്ഞാനത്തിന്റെ സമാഹാരം ആദ്യം "കിമിയം ശാസ്‌ത്രം' എന്നു വ്യവഹരിക്കപ്പെട്ടു. കിമിയം എന്ന പദം അറബികളുടെ കൈയിൽ കിട്ടിയപ്പോള്‍ ദ (THE) എന്ന അർഥത്തിലുള്ള അക എന്ന വാക്കുകൂടി ചേർത്ത്‌ ആൽകിമിയാ-ആൽകിമി-ആൽകെമി- എന്നു രൂപാന്തരപ്പെട്ടതായി പറയുന്നുണ്ട്‌. ധാതുവേധോപയോഗികളായ എല്ലാ സംസ്‌കാരങ്ങളും രോഗനിർഹരണകാര്യത്തിൽ ആവശ്യമില്ല. ആ നിലയിൽ രസത്തിന്റെ സംസ്‌കാരങ്ങളെ ഔഷധോപയോഗികള്‍, വേധോപയോഗികള്‍ എന്നു രണ്ടായി തിരിക്കാം. ആദ്യത്തെ എട്ടു സംസ്‌കാരങ്ങള്‍ ഔഷധോപയോഗികളും ഒടുവിലത്തെ പത്തു സംസ്‌കാരങ്ങള്‍ വേധോപയോഗികളും ആണ്‌. പാരദം ചേർത്തു സംസ്‌കരിക്കുന്നതുകൊണ്ട്‌ ചെമ്പ്‌, ഇരുമ്പ്‌ തുടങ്ങിയ ലോഹങ്ങള്‍ക്കും അമൂല്യങ്ങളായ ഔഷധങ്ങളായി മാറാന്‍ കഴിയും എന്നാണ്‌ സിദ്ധാന്തം. ഖനിജങ്ങളെ പൊതുവേ ധാതുക്കള്‍ എന്നു നാമകരണം ചെയ്യുന്നതുതന്നെ ("വലി, പലിത, ഖാലിത്യ, ദേഹാƒബല്യരുജാമയാന്‍ നിവാര്യദേഹം ദധതി നൃണാം')ജര, നര, കഷണ്ടി, ശാരീരികവും മാനസികവുമായ ദൗർബല്യം, വേദനകള്‍, രോഗങ്ങള്‍ എന്നിവകളെ മാറ്റി ശരീരത്തെ നിലനിർത്തുന്നത്‌ എന്ന അർഥത്തിലാണ്‌. ഈ ചികിത്സാവിഭാഗത്തിന്റെ ഉപജ്ഞാതാക്കള്‍ ശൈവമതാനുയായികളാണ്‌. വൈഷ്‌ണവമതാനുയായികളായ ആര്യന്മാർ ഇതിനെ പ്രകടമായി കൈകാര്യം ചെയ്യുന്നത്‌. എ.ഡി. എട്ടാം ശ.-ത്തോടുകൂടിയാണ്‌. എട്ടാം ശതാബ്‌ദത്തിൽ ജീവിച്ചിരുന്ന ഗോവിന്ദഭഗവത്‌പാദാചാര്യരുടെ രസഹൃദയതന്ത്രം എന്ന ഗ്രന്ഥമാണ്‌ രസതന്ത്രത്തിലെ ആദ്യത്തെ സംസ്‌കൃതഗ്രന്ഥം. തുടർന്ന്‌ രസേന്ദ്രചിന്താമണി, രസപ്രകാശസുധാകരം, രസാർണവം, രസരത്‌നാകരം, രുദ്രയാമലതന്ത്രം, ആയുർവേദപ്രകാശം, രസപദ്ധതി, രസകാമധേനു, രസരത്‌നസമുച്ചയം, രസതരംഗിണി, ആനന്ദകന്ദം, രസസാരം, രസമാർത്താണ്ഡം, രസമഞ്‌ജരി, രസചിന്താമണി, രസചൂഡാമണി, രസപ്രകാശസുധാകരം, രസചന്ദ്രിക, രസചണ്ഡാംശു, രസദർപ്പണം, രസായനസാരം, രസജലനിധി തുടങ്ങിയ അനേകം കൃതികള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. ഈ വിഷയത്തിൽ മലയാളത്തിൽ നിർമിക്കപ്പെട്ടിട്ടുള്ള ഒരു പ്രധാന കൃതിയാണ്‌ സിന്ദൂരമഞ്‌ജരി,

ഇതുകൊണ്ട്‌ ചരകസുശ്രുതാദികളുടെ കാലങ്ങളിൽ ആയുർവേദത്തിൽ പ്രചാരത്തിലില്ലാതിരുന്ന ഒന്നാണ്‌ രസചികിത്സാസമ്പ്രദായം എന്നു കരുതുന്നത്‌ ശരിയാവില്ല. ചരകത്തിലും സുശ്രുതത്തിലും പലേടത്തും പാരദം, ഗന്ധകം, മാക്ഷികം, അഭ്രകം, മല്ലം, ഹരിതാലം, മനഃശില എന്നീ മഹാരസങ്ങളുടെയും ഗൈരികം, കാസീസം, ഇത്ഥം, സ്രാതോഞ്‌ജനം, സൗവീരാഞ്‌ജനം, പുഷ്‌പാഞ്‌ജനം, ശിലാജതു, സിന്ദൂരം, സൗരാഷ്‌ട്രി, മംകുഷ്‌ഠം എന്നീ ഉപരസങ്ങളുടെയും വജ്രം, മുത്ത്‌, പ്രവാളം, സ്‌ഫടികം, വൈഡൂര്യം, മരതകം, കർക്കേതനം, ഗോമേദകം എന്നീ രത്‌നങ്ങളുടെയും സ്വർണം, രജതം, താമ്രം, ത്രപാസീസം, പിത്തള, ഇരുമ്പ്‌, മണ്ഡൂരം എന്നീ ലോഹങ്ങളുടെയും ബാഹ്യമോ ആഭ്യന്തരമോ ആയ പ്രയോഗങ്ങള്‍ വിവരിക്കപ്പെട്ടിരിക്കുന്നതായി കാണാം. ചരകത്തിൽ, "ഗന്ധകയോഗാദഥവാ സുവർണമാക്ഷികയോഗാദേവ, സർവവ്യാധിവിനാശനമദ്യാത്‌കുഷ്‌ഠീരസഞ്ചനിഗൃഹീതം' (ച.ചി. 7-71) എന്ന രസത്തിന്റെ ആന്തരോപയോഗ നിർദേശം വിളിച്ചോതുന്നത്‌ അന്ന്‌ സർവവ്യാധിഹരമായി രസഭസ്‌മപ്രയോഗം നിലവിലിരുന്നു എന്ന വസ്‌തുതയാണ്‌. പാരദം ചേർന്ന ഒരു ആന്തരൗഷധപ്രയോഗവും ചരകനോ സുശ്രുതനോ നിർദേശിക്കുന്നു. വാഗ്‌ഭടനും രസായനപ്രകരണത്തിൽ ഒരിടത്തുമാത്രമാണ്‌ രസം ഉള്‍പ്പെട്ട ഒരു യോഗം വിധിക്കുന്നത്‌. പക്ഷേ, ഇവരുടെ സമകാലികരായി വിദഗ്‌ധരായ രസചികിത്സകന്മാർ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ്‌ ചരകത്തിൽ മേൽ കാണിച്ച പരാമർശം.

രസചികിത്സ കൈകാര്യം ചെയ്‌തിരുന്ന സിദ്ധന്മാരെ പ്രാധാന്യേന മൂന്നുവർഗമായി തിരിക്കാം: (1) മൂലവർഗം (2) നവനാഥവർഗം (3) ബൗദ്ധശ്രമണവർഗം. ഈ മൂന്നു വർഗത്തിലുംപെട്ടവരായി ആയിരിക്കണക്കിനു സിദ്ധന്മാരുണ്ട്‌. അതിൽ ഏറ്റവും പ്രധാനപ്പെട്ടവരാണ്‌ പതിനെട്ടുസിദ്ധന്മാർ. ഈ പതിനെട്ടു സിദ്ധന്മാരുടെ പേരുകളിൽത്തന്നെ പല ഗ്രന്ഥകാരന്മാരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്‌. സിദ്ധന്മാരാൽ സ്വയം നിർമിതമെന്നു പറയപ്പെടുന്ന വൈദ്യ-വാദ-യോഗജ്ഞാനശാസ്‌ത്രത്തിലും മറ്റു തമിഴ്‌ഗ്രന്ഥങ്ങളിലും പ്രസ്‌താവിച്ചിട്ടുള്ള സിദ്ധന്മാരുടെ പേരുകള്‍തന്നെ വ്യത്യസ്‌തങ്ങളാണ്‌. ആനന്ദകന്ദം എന്ന ഗ്രന്ഥത്തിൽ നവനാഥന്മാരെയും ഷോഡശസിദ്ധന്മാരെയും കുറിച്ചുള്ള പ്രസ്‌താവം കാണാം. മൂലികൗഷധഗ്രന്ഥങ്ങളിൽ അഷ്‌ടാംഗഹൃദയം പോലെ ഒരു സമഗ്രസംഗ്രഹഗ്രന്ഥമായി രസചികിത്സാകാര്യത്തിൽ കരുതപ്പെടുന്ന രസരത്‌നസമുച്ചയത്തിൽ പരാമൃഷ്‌ടരായ സിദ്ധന്മാരുടേയും നാഥന്മാരുടേയും പേരുകള്‍ ഇതിലും വ്യത്യസ്‌തമാണ്‌. ബൗദ്ധസമ്പ്രദായത്തിലെ വജ്രയാനമതാനുയായികള്‍ 84 സിദ്ധന്മാരെക്കുറിച്ച്‌ പ്രസ്‌താവിക്കുന്നുണ്ട്‌.

രസതന്ത്രത്തെക്കുറിച്ച്‌ ആഭിമുഖ്യം വളർന്നുയർന്നതിന്റെ ഫലമായി ദർശനശാഖയിൽ രസത്തിനും സ്ഥാനം നല്‌കുകയും സായണമാധവാചാര്യന്‍ (14-ാം ശ.) തന്റെ സർവദർശനസംഗ്രഹത്തിൽ രസേശ്വരദർശനത്തെകൂടി ഉള്‍പ്പെടുത്തുകയും ചെയ്‌തിരിക്കുന്നു. രസേശ്വരദർശകന്മാർ താർക്കികവിഭാഗത്തിലാണ്‌ പെടുക. ഇവർ ജീവന്‍മുക്തിവാദികളാണ്‌. അതായത്‌ രസപ്രയോഗം കൊണ്ട്‌ ശരീരത്തെ അജരാƒമരമാക്കി, നിത്യനൂതനമാക്കി നിരന്തരാഭ്യാസത്തിലേർപ്പെട്ടാൽ ശരീരനാശമേല്‌ക്കാതെതന്നെ മോക്ഷപ്രാപ്‌തി സാധ്യമാണെന്നാണ്‌ സിദ്ധാന്തം.

ആയുർവേദവും ഇതരവേദങ്ങളും

ഋഗ്‌യജുസ്സാമാഥർവവേദങ്ങളിലെല്ലാംതന്നെ ആയുർവേദപരമായ പല പ്രസ്‌താവനകളും കാണാവുന്നതാണ്‌. "പ്രഥമോ ദൈവ്യോ ഭിഷക്‌' (യജു. 14-5) രുദ്രനെ ആദിവൈദ്യനെന്നു പ്രകീർത്തിക്കുന്നു. വിവിധങ്ങളായ ഓഷധികളെ തിരിച്ചറിയുന്നതിലും, അവ ഉപയോഗിച്ച്‌ ഔഷധങ്ങള്‍ നിർമിക്കന്നതിലും ആ ഔഷധങ്ങള്‍കൊണ്ട്‌ ചികിത്സിക്കുന്നതിലും പരിശീലനം നേടിയവരാണ്‌ "ഭിഷക്‌' എന്ന പ്രസ്‌താവവും ഋഗ്വേദത്തിൽ കാണാം. അതുപോലെ തന്നെ ചികിത്സയുടെ വിവിധവശങ്ങളെ പരാമർശിക്കുന്ന ഭാഗങ്ങളും വേദങ്ങളിൽ കാണാവുന്നതാണ്‌.

"അഥർവണീരാംഗരസീർദൈവീർ മനുഷ്യജാഉത ഔഷധയഃ പ്രജായന്തേ യദാ ത്വം പ്രാണജിന്വസി' (അഥർവ. 11-4-16) എന്ന അഥർവവേദസൂത്രത്തിൽ അഥർവണം (മന്ത്രങ്ങള്‍), ആംഗിരസുകള്‍ (ചെടികളുടെയും ജീവികളുടെയും ഭാവങ്ങള്‍), ദൈവീ (സൂര്യാതപം, അഗ്നി, ജലം, തുടങ്ങിയ പ്രകൃതിവസ്‌തുക്കള്‍), മനുഷ്യജങ്ങള്‍ (മനുഷ്യനിർമിതങ്ങളായ ഔഷധങ്ങള്‍) എന്നിവയെല്ലാംതന്നെ ചികിത്സാകാര്യത്തിൽ പ്രയോജനകരങ്ങളാണെന്നു പറഞ്ഞിരിക്കുന്നു. ഇതിൽനിന്നും വൈദികകാലത്തുതന്നെ മാനസികചികിത്സ, ജൈവചികിത്സ, പ്രകൃതിചികിത്സ, ഔഷധചികിത്സ എന്നുതുടങ്ങിയ ചികിത്സാവിഭാഗങ്ങളെക്കുറിച്ച്‌ പ്രാചീനഭാരതീയർ അഭിജ്ഞരായിരുന്നുവെന്നു കാണാം. വൈദികകാലത്തു പ്രശസ്‌തരായിരുന്ന ഭിഷക്കുകളുടെ ചികിത്സാപാടവം അദ്‌ഭൂതകരങ്ങളായ ഐതിഹ്യകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നത്‌ വേദസൂക്തങ്ങളിൽ പലേടത്തും കാണാം. ദസ്യുക്കളാൽ മുറിക്കപ്പെട്ട ദീർഘതമസ്സിന്റെ ശിരസ്സ്‌ വീണ്ടും കൂട്ടിയോജിപ്പിക്കുക, പൂഷാവിന്‌ നഷ്‌ടപ്പെട്ട പല്ലുകള്‍ വീണ്ടും വച്ചു കൊടുക്കുക, ഭഗന്‌ നഷ്‌ടപ്പെട്ട നേത്രങ്ങള്‍ വീണ്ടും നല്‌കുക, ഇന്ദ്രന്റെ ബാഹുസ്‌തംഭം ഇല്ലാതാക്കുക, ഖേല രാജാവിന്റെ പത്‌നിയായ വിഷ്‌ഫലയ്‌ക്ക്‌ കാൽ ഒടിഞ്ഞപ്പോള്‍ പുതിയ ആയസജംഘ നല്‌കുക, ദധീചിമഹർഷിയുടെ തല വെട്ടിമാറ്റി തത്‌സ്ഥാനത്ത്‌ കുതിരയുടെ തല വച്ചുപിടിപ്പിച്ച്‌ പ്രാണവിദ്യ ഉപദേശിച്ചശേഷം കുതിരത്തലമാറ്റി പഴയ തലതന്നെ വച്ചുയോജിപ്പിക്കുക തുടങ്ങി കേട്ടാൽ അദ്‌ഭുതം തോന്നുന്ന ശസ്‌ത്രക്രിയകള്‍ ദേവവൈദ്യന്മാരായ അശ്വിനീകുമാരന്‍മാർ ചെയ്‌തിരുന്നതായി ഋഗ്‌വേദത്തിൽ പ്രസ്‌താവങ്ങള്‍ കാണാം.

അതുപോലെതന്നെ രാജയക്ഷ്‌മാവ്‌ പിടിപെട്ട ചന്ദ്രനെ രോഗവിമുക്തനാക്കിയതും അമിതമായ സ്‌ത്രീസേവകൊണ്ട്‌ വിരൂപനും അകാലവൃദ്ധനുമായിത്തീർന്ന ച്യവനമഹർഷിയെ യുവതികളുടെ കച്ചിലുച്ചിയാകത്തക്കവച്ചം ചികിത്സകൊണ്ട്‌ യുവാവാക്കിത്തീർത്തതും അശ്വിനീകുമാരന്മാരുടെ അദ്‌ഭുതകരമായ ചികിത്സാപാടവത്തെ പ്രകീർത്തിക്കുന്ന വൈദികകഥകളാണ്‌. അഥർവവേദത്തിൽ രോഗങ്ങളെയും അവയുടെ നിവാരണോപായങ്ങളെയും വ്യക്തമായി വിഭജിച്ചു വിവരിക്കുന്ന പല ഭാഗങ്ങളുമുണ്ട്‌. ഇതുപോലെ ശതവീര്യ, ദൂർവ, വൃഷ, രോഹിണി, അപാമാർഗ തുടങ്ങിയ അനേകം ഔഷധങ്ങളെക്കുറിച്ചുള്ള പരാമർശവും ഔഷധിമണിമന്ത്രങ്ങളെപ്പറ്റിയുള്ള പ്രകീർത്തനങ്ങളും ധാരാളമായി കാണാം. നോ: അശ്വിനീദേവന്മാർ; അഷ്‌ടവൈദ്യന്മാർ; അഷ്‌ടാംഗസംഗ്രഹം; അഷ്‌ടാംഗഹൃദയം; ചരകന്‍; ച്യവനന്‍; ധന്വന്തരി; സുശ്രുതന്‍ നാഗാർജുനന്‍. രസതന്ത്രപ്രണേതാവെന്ന നിലയിൽ അഗസ്‌ത്യനെപ്പോലെയോ അതിലുമുപരിയായോ പ്രഖ്യാതനാണ്‌ നാഗാർജുനന്‍. രസത്തെ ശരിയായി സംസ്‌കരിച്ചെടുക്കുന്നതുവഴി ദാരിദ്യ്രത്തെ-രോഗത്തെ-മരണത്തെ-ഈ ഭൂമുഖത്തുനിന്നും ഉന്മൂലനം ചെയ്യാന്‍ സാധിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു.

"രസ സിദ്ധേ കരിഷ്യാമി നിർദാരിദ്യ്രമിദം ജഗത്‌ രസേ സിദ്ധേ കരിഷ്യാമി നിർജരാമരണം ജഗത്‌.' പാരദഖനി ആദ്യമായി കണ്ടെത്തിയതും നാഗാർജുനനത്ര.

പക്ഷേ, ചരിത്രത്തിൽ അനേകം നാഗാർജുനന്മാരെക്കുറിച്ചുള്ള പരാമർശം കാണാം. (1) ലോഹശാസ്‌ത്രാപജ്ഞാതാവായ രസതന്ത്രാചാര്യന്‍ (2) കാഷ്‌മീരേതി ഹാസപ്രസിദ്ധനായ ബൗദ്ധരാജാവ്‌ (3) സുശ്രുത സംഹിതയുടെ പ്രതിസംസ്‌കർത്താവ്‌ (4) മഹായാന മതപ്രണേതാവും മാധ്യമികനുമായ ബൗദ്ധഭിക്ഷു (5) കക്ഷപുടം, രസരത്‌നാകരം, രസേന്ദ്രമംഗളം തുടങ്ങിയ രസഗ്രന്ഥങ്ങളുടെ കർത്താവായ സിദ്ധനാഗാർജുനന്‍ (6) രസവൈശേഷികസൂത്രം എന്ന ഗ്രന്ഥത്തിന്റെ രചയിതാവായ ബൗദ്ധഭിക്ഷു.

ഇതിൽ മാധ്യമികസൂത്രകാരനായ നാലാമത്തെ ആളൊഴിച്ച്‌ മറ്റെല്ലാപേരും ബുദ്ധമതാനുയായികളും ആയുർവേദശാസ്‌ത്രജ്ഞന്‍മാരുമാണെന്നതിൽ ആർക്കും തർക്കമില്ല. ഹിസ്റ്ററി ഒഫ്‌ ഇന്ത്യന്‍ മെഡിസിന്‍ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ഗിരീന്ദ്രനാഥമുഖോപാധ്യായന്‍ പറയുന്നത്‌ രണ്ട്‌ നാഗാർജുനന്മാരാണ്‌ ഉണ്ടായിരുന്നതെന്ന്‌: (1) രസതന്ത്രകാരനും (2) മാധ്യമികവൃത്തികാരനും. രണ്ടുപേരും ബുദ്ധമതാവലംബികളെങ്കിലും ഒരാള്‍ മാത്രമാണ്‌ രസതന്ത്രജ്ഞന്‍. ബ്രജേന്ദ്രനാഥസീൽ പോസിറ്റീവ്‌ സയന്‍സസ്‌ ഒഫ്‌ ഏന്‍ഷ്യന്റ്‌ ഹിന്‍ഡൂസ്‌ (Positive Sciences of Ancient Hindus)എന്ന ഗ്രന്ഥത്തിൽ സുശ്രുതത്തിന്റെ പ്രതിസംസ്‌കർത്താവും, ലോഹശാസ്‌ത്രകാരനും, മാധ്യമികവൃത്തികാരനും ഒരാള്‍തന്നെയാണെന്ന്‌ അഭിപ്രായപ്പെടുന്നു. രസാചാര്യനായ സിദ്ധനാഗാർജുനന്‍ ബി.സി. 400-ൽ ജീവിച്ചിരുന്നുവെന്ന്‌ അഭിപ്രായപ്പെടുമ്പോള്‍ ഹരിശരണാനന്ദന്‍ അഭിപ്രായപ്പെടുന്നത്‌ എ.ഡി. 8-ാം ശ.-ത്തിൽ ജീവിച്ചിരുന്നുവെന്നാണ്‌. ഇങ്ങനെ വിരുദ്ധങ്ങളും വിവിധങ്ങളുമായ അഭിപ്രയാങ്ങളെ കണക്കിലെടുത്തുകൊണ്ട്‌ ഹിസ്റ്ററി ഒഫ്‌ ഇന്ത്യന്‍ മെഡിസിനിൽ വാസ്സിൽ ഡ്യൂ പറയുന്നത്‌ നാഗാർജുനന്‍ എന്ന പേര്‌ കേവലം സാങ്കല്‌പികമാണെന്നും വാസ്‌തവത്തിൽ അങ്ങനെയൊരാള്‍ ഉണ്ടായിരുന്നിട്ടേ ഇല്ലെന്നുമാണ്‌. ഈ നാഗാർജുനന്മാരെല്ലാം വിഭിന്നന്മാരാണെന്നു പറയുന്നതാവും കൂടുതൽ ശരി. (ഡോ. എന്‍. ശ്രീധരന്‍)

ആയുർവേദ വിദ്യാഭ്യാസം

ആദികാലത്ത്‌ ഉപദേശരൂപേണ കൈമാറിവന്ന ഈ ശാസ്‌ത്രം പിന്നീട്‌ വളരെക്കാലം ഗുരുകുലസമ്പ്രദായപ്രകാരമാണ്‌ പഠിപ്പിക്കപ്പെട്ടിരുന്നത്‌. ആയുർവേദാഭ്യസനത്തിൽ അതീവ താത്‌പര്യവും ആദരവും പ്രകടിപ്പിച്ചവരെ ജാതിമതഭേദമെന്യേ വിദ്യാർഥികളായി തിരഞ്ഞെടുത്തിരുന്നു. അവർക്ക്‌ ശാരീരികവും മാനസികവുമായ തികഞ്ഞ പരിശുദ്ധിയും അനുശാസിച്ചിരുന്നു. ലോഭേർഷ്യാദികളായ ദുഃസ്വഭാവമുള്ളവർക്ക്‌ വിദ്യാർഥികളായി സ്ഥാനം ലഭിച്ചിരുന്നില്ല. ബ്രഹ്മചര്യം നിർബന്ധമായിരുന്നു. സുമുഹൂർത്തത്തിൽ ശാസ്‌ത്രനിയമത്തിന്‌ വശംവദരായി വൈദ്യശാസ്‌ത്രം കൈകാര്യം ചെയ്‌തുകൊള്ളാമെന്ന്‌ വിദ്യാർഥിയെക്കൊണ്ട്‌ അഗ്നിസാക്ഷികമായി സത്യം ചെയ്യിക്കയും വൈദ്യവിദ്യാഭ്യാസത്തിനുള്ള അർഹത ആറുമാസം കൂടെത്താമസിപ്പിച്ചു പരീക്ഷിക്കുകയും ചെയ്‌തശേഷം മാത്രമാണ്‌ ഗുരു വൈദ്യോപദേശം നല്‌കിയിരുന്നത്‌. ഗുരുഗൃഹത്തിൽ ഒരംഗത്തെപ്പോലെ ഒഴിവുസമയങ്ങളിൽ ഗാർഹികജോലികളിൽ സഹായിച്ചും മറ്റുസമയങ്ങളിൽ വൈദ്യവിദ്യ അഭ്യസിച്ചും അനേകം വർഷങ്ങള്‍ വിദ്യാർഥിയായി ജീവിതം നയിക്കേണ്ടിയിരുന്നു. പദ്യങ്ങളെല്ലാം നല്ലപോലെ ഹൃദിസ്ഥമാക്കിയ ശേഷമായിരുന്നു അർഥാനുസന്ധാനത്തിലേക്കുള്ള പ്രവേശനം. "ഏകം ശാസ്‌ത്രമധീയാനൊ ന വിദ്യാത്‌ ശാസ്‌ത്രനിശ്ചയം തസ്‌മാത്‌ ബഹുശ്രുതഃ ശാസ്‌ത്രം വിജാനീയാത്‌ ചികിത്സകഃ' എന്ന സുശ്രുതവചനപ്രകാരം വൈദ്യ വിദ്യാർഥികള്‍ മറ്റുള്ള ശാസ്‌ത്രഗ്രന്ഥങ്ങളിലും പ്രാവീണ്യം സമ്പാദിക്കണമെന്നായിരുന്നു അന്നത്തെ നിശ്ചയം. ശാസ്‌ത്രജ്ഞാനത്തോടൊപ്പം പ്രായോഗികപരിചയവും നിർബന്ധമായിരുന്നു. ശിക്ഷണകാലമത്രയും ഔഷധങ്ങളെ തിരിച്ചറിയുക, ഔഷധനിർമാണം മനസ്സിലാക്കുക, രോഗികളെ പരിശോധിച്ച്‌ രോഗനിർണയനം ചെയ്യുക, ചികിത്സ നിർദേശിക്കുക എന്നു തുടങ്ങി എല്ലാ പ്രായോഗികപരിശീലനങ്ങളും ഗുരുകുലത്തിൽവച്ചുതന്നെ സമ്പാദിപ്പിച്ചിരുന്നു. നിർദിഷ്‌ടകാലം വൈദ്യവിദ്യാഭ്യാസം നേടിയശേഷം ശാസ്‌ത്രജ്ഞാനവും പ്രായോഗിക പരിചയവും വേണ്ടതുപോലെ ഉണ്ടായിട്ടുണ്ടെന്ന്‌ ഗുരുവിന്‌ പരിപൂർണബോധ്യം വന്നാൽ മാത്രമേ സ്വന്തമായി ചികിത്സിക്കാനുള്ള അനുവാദം നല്‌കിയിരുന്നുള്ളൂ. പ്രത്യുത്‌പന്നമതിത്വം, ഹസ്‌തലാഘവം, ശുചിത്വം, രോഗിയോടുള്ള അനുകമ്പ, കർമകുശലത, സത്യസന്ധത മുതലായ വൈദ്യഗുണങ്ങളെയും പരിശോധിച്ചിരുന്നു. ഗുരുവിന്‌ ഓരോ വിദ്യാർഥിയിലും പ്രത്യേകശ്രദ്ധ പതിപ്പിക്കുവാന്‍ കഴിഞ്ഞിരുന്നു. യഥാകാലം ഉപരിവിദ്യാഭ്യാസത്തിന്‌ സൗകര്യങ്ങളുമുണ്ടായിരുന്നു. രാജരക്ഷാധികാരത്തിൽ വൈദ്യവിദഗ്‌ധന്മാർ സമ്മേളിച്ച്‌ ചർച്ചകള്‍ നടത്തുകയും പുതിയ തത്ത്വങ്ങള്‍ ആവിഷ്‌കരിക്കുകയും അങ്ങനെ ശാസ്‌ത്രത്തിന്‌ വൈപുല്യവും പ്രചാരവും ഉണ്ടാക്കുകയും ചെയ്‌തിരുന്നു. ശത്രുക്കളിൽനിന്നുപോലും ശാസ്‌ത്രജ്ഞാനം നേടാന്‍ ശ്രമിക്കണമെന്നാണ്‌ ചരകാചാര്യന്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ഉപരിവിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സഹായകമായ സ്ഥാപനങ്ങള്‍ക്കും തുല്യമായിരുന്നു അന്നത്തെ വിദ്വത്‌പരിഷത്തുകള്‍. തക്ഷശിലയായിരുന്നു പ്രധാനപ്പെട്ട വൈദ്യവിദ്യാഭ്യാസകേന്ദ്രമെന്ന്‌ ബി.സി. ഒന്നാം ശ.-ത്തിൽ ഇന്ത്യ സന്ദർശിച്ച വിദേശികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. നാരദന്‍, അംഗിരസ്‌, ധന്വന്തരി, കപിലന്‍ മുതലായ പ്രഗല്‌ഭവൈദ്യപണ്ഡിതന്മാരായിരുന്നു അധ്യാപകന്മാർ. 639-645 കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ഹ്യുആന്‍സാങ്‌ അഞ്ചുകൊല്ലക്കാലം നാളന്ദയിൽ ചെലവഴിച്ചശേഷം അത്‌ ഒരു വിജ്ഞാനകേന്ദ്രമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശവിദ്യാർഥികള്‍ വളരെ ക്ലേശങ്ങള്‍ സഹിച്ച്‌ നാളന്ദസർവകലാശാലയെ ആശ്രയിക്കുക പതിവായിരുന്നു. വിശ്വവിശ്രുതമായ നാളന്ദയിൽ വിദ്യാഭ്യാസം നേടിയ നാളന്ദാസഹോദരർ എവിടെയും സമദൃതരായിരുന്നു. വിദ്യാർഥികളും അധ്യാപകരും മറ്റുമായി 12,000 ത്തോളം പേർക്ക്‌ സർവചെലവുകളും സൗജന്യമായി അവിടെ നല്‌കപ്പെട്ടിരുന്നുവത്ര. 675-685 കാലത്ത്‌ ഇന്ത്യയിൽ പര്യടനം നടത്തിയ ഇത്‌സിങ്‌ നാളന്ദയെപ്പറ്റി മികച്ച അഭിപ്രായമാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ആയുർവേദം, ഇന്ന്‌

കാലക്രമത്തിൽ സംസ്‌കൃതത്തിന്റെ പ്രചാരലോപം ആയുർവേദത്തിന്റെ പുരോഗതിക്ക്‌ പ്രതിബന്ധമായിത്തീർന്നു. ഔഷധീയചികിത്സ ദൈവികവും, ശസ്‌ത്രക്രിയ ആസുരവുമാണെന്ന വിശ്വാസം ശസ്‌ത്രിക്രിയ ചെയ്യുന്നവർക്ക്‌ ഭ്രഷ്‌ട്‌ കല്‌പിക്കാന്‍ കൂടി ഇടവരുത്തി. അങ്ങനെ ആ ശാഖയുടെ വളർച്ച മുരടിച്ചു. വിദേശികളുടെ നിരന്തരമായ ആക്രമണം, ഇതരവൈദ്യശാസ്‌ത്രങ്ങളുടെ ആവിർഭാവം, സദ്ദഃഫലം നല്‌കുന്ന നിർമിതൗഷധങ്ങളുടെ സൗലഭ്യം മുതലായവയോട്‌ പഥ്യം മുതലായ കർശനിയമങ്ങള്‍ ആവശ്യമായ ആയുർവേദത്തിനു മത്സരിക്കേണ്ടിവന്നു. വിദ്യാഭ്യാസത്തന്റെ പോരായ്‌മ, വൈദ്യവൃത്തിയിലെ ക്രമക്കേട്‌ മുതലായവ ആയുർവേദം മുറിവൈദ്യമാണെന്ന ധാരണയ്‌ക്കു വക നല്‌കി. ക്രമേണ ആയുർവേദത്തിന്റ മഹിമാപ്രസരത്തിന്‌ ഗ്ലാനി സംഭവിച്ചു. എന്നാൽ ഈ ദുഃസ്ഥിതിക്ക്‌ ഒരു പരിഹാരം പിന്നീടുണ്ടായി. അംഗീകൃതവൈദ്യവിദ്യാഭ്യാസം, ആധുനികയന്ത്രങ്ങളുപയോഗിച്ചുള്ള വിപുലമായ ഔഷധനിർമാണം, ഗവേഷണം മുതലായവയിലൂടെ ആയുർവേദം അടുത്തകാലത്ത്‌ വളരെയധികം വളർന്നിട്ടുണ്ട്‌. ഇതര വൈദ്യശാസ്‌ത്രകാരന്മാരും ആയുർവേദതത്ത്വങ്ങളെ മാനിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്തിന്റെ നാനാഭാഗത്തും വൈദ്യവിദ്യാഭ്യാസസ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും ചികിത്സാശാലകളും ഉണ്ടായി. ആയുർവേദത്തെ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന സമിതികള്‍ എല്ലാ സംസ്ഥാനങ്ങളിലും, ഒരു കേന്ദ്രസമിതി ഭാരതത്തിന്റെ തലസ്ഥാനത്തും ഇപ്പോള്‍ പ്രവർത്തിക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ ആയുർവേദ വിദ്യാഭ്യാസത്തിന്‌ പ്രത്യേക പ്രാധാന്യം കൈവന്നിട്ടുണ്ട്‌. ഗുജറാത്തിൽ ആയുർവേദ സർവകലാശാല (ജാംനഗർ), ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആയുർവേദ (ജയ്‌പൂർ), രാഷ്‌ട്രീയ ആയുർവേദ വിദ്യാപീഠം (ന്യൂഡൽഹി) എന്നിവയും ഇക്കൂട്ടത്തിൽ പ്രധാനപ്പെട്ടവയാണ്‌. കോട്ടക്കലിലെ ആയുർവേദ കോളജുകളും തൃപ്പൂണിത്തുറ ആയുർവേദ കോളജും, വൈദ്യരത്‌നം ആയുർവേദ കോളജ്‌ ഒല്ലൂർ, ഗവ. ആയുർവേദ കോളജ്‌ കച്ചൂർ, തൃപ്പൂണിത്തുറ എന്നിവയും ആയുർവേദ ആചാര്യ കോഴ്‌സുകളും വാചാസ്‌പതി, ശാല്യ, ശാകല്യ ക്രിയാഷാരിർ തുടങ്ങിയ കോഴ്‌സുകളും നടത്തിവരുന്നുണ്ട്‌. സ്വകാര്യ മേഖലയിൽ പങ്കജകസ്‌തൂരി ആയുർവേദ കോളജ്‌, കാട്ടാക്കട; നങ്ങേലിൽ ആയുർവേദ കോളജ്‌, കോതമംഗലം; വിഷ്‌ണു ആയുർവേദ കോളജ്‌, ഷോർണൂർ; ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളജ്‌, പാലക്കാട്‌; പറശ്ശിനിക്കടവ്‌ ആയുർവേദ മെഡിക്കൽ കോളജ്‌, കച്ചൂർ തുടങ്ങിയവയും ആയുർവേദ വിദ്യാഭ്യാസ രംഗത്ത്‌ മികച്ച കാൽവെയ്‌പാണ്‌ തുടർന്നുപോരുന്നത്‌. ആയുർവേദ ചികിത്സാരംഗത്തും ഗവേഷണരംഗത്തും മികച്ച സേവനവുമായി ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ആയുർവേദിക്‌ സ്റ്റഡീസ്‌ ആന്‍ഡ്‌ റിസർച്ച്‌ സെന്റർ, പൂത്തൂരും (കൊല്ലം) രംഗത്തുണ്ട്‌. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ആയുർവേദാഭിവൃദ്ധിയിൽ വിപുലമായ രീതിയിൽ ശ്രദ്ധപതിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്‌

ആയുർവേദം, കേരളത്തിൽ

പുരാതനകാലം മുതല്‌ക്കേ ആയുർവേദം കേരളത്തിൽ പ്രചരിച്ചുവരുന്നു. അടിസ്ഥാനപരമായി ഇത്‌ ഇതരഭാഗങ്ങളിലുള്ള ആയുർവേദസമ്പ്രദായങ്ങളിൽനിന്നും വ്യത്യസ്‌തമായിരുന്നില്ല. ചരകസുശ്രുതാദിഗ്രന്ഥങ്ങള്‍തന്നെയാണ്‌ കേരളീയവൈദ്യന്മാരും പിന്തുടർന്നിട്ടുള്ളത്‌. എങ്കിലും വാഗ്‌ഭടകൃതികളായ അഷ്‌ടാംഗസംഗ്രഹത്തിനും അഷ്‌ടാംഗഹൃദയത്തിനും ആണ്‌ ഇവിടെ ഏറ്റവും കൂടുതൽ പ്രചാരം ലഭിച്ചിട്ടുള്ളത്‌. 13-ാം ശ.-ത്തിൽ കേരളം സന്ദർശിച്ച മാർക്കോപോളോ ആയുർവേദവും വിഷവൈദ്യവും വളരെ ഫലവത്തായിത്തന്നെ കൈകാര്യം ചെയ്‌തുവന്നിരുന്ന വസ്‌തുത രേഖപ്പെടുത്തിയിട്ടുണ്ട്‌.

ആത്രയ മഹർഷിയിൽനിന്ന്‌ ശിഷ്യപരമ്പരവഴി പ്രചരിച്ച ആയുർവേദം ഹിമാലയന്‍ പ്രദേശങ്ങളിൽ വസിച്ചുവന്ന ആര്യന്മാർ കൈകാര്യം ചെയ്‌തുവന്നു. അവർ രാജ്യത്തിന്റെ തെക്കുള്ള ഉള്‍പ്രദേശങ്ങളിലേക്കു നീങ്ങിയപ്പോള്‍, അതുവരെ ഉപയോഗിച്ചുവന്ന നിരുപദ്രവങ്ങളും, എന്നാൽ ഫലപ്രദങ്ങളുമായ സസ്യൗഷധങ്ങള്‍ വേണ്ടത്ര ലഭിക്കായ്‌കയാൽ താരതമ്യേന കൂടുതൽ അപകടകാരികളായ ഖനിജദ്രവ്യങ്ങളും മറ്റും ഉപയോഗിച്ച്‌ ചികിത്സാവൃത്തി തുടരാന്‍ നിർബന്ധിതരായി. പിന്നെയും തെക്കോട്ടു നീങ്ങിയപ്പോള്‍ സസ്യൗഷധസമൃദ്ധമായ കേരളം അവരെ സവിശേഷം ആകർഷിച്ചു. വീണ്ടും തങ്ങളുടെ യഥാർഥ ചികിത്സാസമ്പ്രദായം പ്രയോഗിക്കുവാന്‍ അനുകൂല സാഹചര്യം സിദ്ധിക്കുകയാൽ അവർ തങ്ങളുടെ പഴയ ആവാസസ്ഥാനമായിരുന്ന സിന്ധുദേശത്തിലെ പ്രത്യേക ചികിത്സകള്‍ കേരളത്തിലും പ്രചരിപ്പിച്ചു. ഇതുമൂലമാണ്‌ ആത്രയ മഹർഷിയിൽനിന്ന്‌ പ്രചരിച്ച ചികിത്സാരീതി അടങ്ങിയ വാഗ്‌ഭടകൃതികള്‍ക്ക്‌ കേരളത്തിൽ ആദരവും പ്രാമുഖ്യവും ലഭിക്കാനിടയായത്‌. ഈ രണ്ടു കൃതികളുടെയും കർത്താവായ വാഗ്‌ഭടാചാര്യന്‍ കേരളം സന്ദർശിക്കുകയും തന്റേതായ ചികിത്സാമുറകളും അഭ്യസനരീതികളും കേരളത്തിൽ സ്ഥാപിക്കുകയും ചെയ്‌തു. കേരളത്തിലെ ചികിത്സകന്മാരിൽനിന്നും മറ്റുള്ളവരിൽനിന്നും ഹൃദയംഗമമായ സ്വീകരണവും അദ്ദേഹത്തിനു ലഭിച്ചു. കേരളത്തിലുള്ള ചിലർ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ച്‌ വൈദ്യശാസ്‌ത്രം അഭ്യസിക്കാന്‍ തുടങ്ങി. അവർ പാരമ്പര്യമായി ഈ ശാസ്‌ത്രം പ്രചരിപ്പിച്ചുവന്നു.

വാഗ്‌ഭടാചാര്യന്‍ കേരളത്തിൽ താമസിക്കുന്ന കാലത്താണ്‌ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥങ്ങളുടെ പ്രധാന ഭാഗങ്ങള്‍ രചിച്ചതെന്നും അതുകൊണ്ടാണ്‌ ആ രണ്ടു ഗ്രന്ഥങ്ങളിലും കേരളത്തിന്റെതായ പ്രത്യേകതകള്‍ പ്രാധാന്യേന വിവരിച്ചിരിക്കുന്നതെന്നും കരുതപ്പെടുന്നു. വാഗ്‌ഭടാചാര്യന്‍ ഏറിയകാലവും കഴിച്ചുകൂട്ടിയത്‌ കേരളത്തിലാണെന്നും പ്രധാന ഗ്രന്ഥഭാഗങ്ങള്‍ രചിച്ചത്‌ ആലപ്പുഴജില്ലയിലെ ചേർത്തല എന്ന സ്ഥലത്തുവച്ചാണെന്നും പറയപ്പെടുന്നു. വാഗ്‌ടശിഷ്യന്മാർ കേരളത്തിൽ താമസിച്ച്‌ ശിഷ്യപരമ്പരവഴി ശാസ്‌ത്രം പ്രചരിപ്പിച്ചവരാണ്‌. അഷ്‌ടാംഗഹൃദയത്തിന്‌ ശശിലേഖാവ്യാഖ്യാനം രചിച്ച ഇന്ദു ഒരു കേരളീയനാണ്‌. സംസ്‌കൃതത്തിലുള്ള വൈദ്യഗ്രന്ഥങ്ങള്‍ക്കു മുമ്പുതന്നെ വൈദ്യവിഷയങ്ങള്‍ അന്നത്തെ ജീവിതരീതികളോടും ആചാരങ്ങളോടും ബന്ധപ്പെട്ടിരുന്നതായും ജ്യോതിഷം, വേദാന്തം, മീമാംസ മുതലായവയെപ്പോലെ ആയുർവേദവും ഒരു സ്വതന്ത്രശാഖയായി വികസിച്ചു പരിലസിച്ചിരുന്നതായും കരുതപ്പെടുന്നു.

ബൗദ്ധപ്രഭാവകാലത്താണ്‌ കേരളത്തിൽ ആയുർവേദം ഉന്നതനിലവാരത്തിലേക്കുയർന്നതെന്ന്‌ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. എ.ഡി. അഞ്ചാം ശ.-ത്തിനും എട്ടാം ശ.-ത്തിനും ഇടയ്‌ക്കുള്ള കാലമാണത്‌. വാഗ്‌ഭടന്‍ ബുദ്ധമതാനുയായി ആയിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. ബുദ്ധവിഹാരങ്ങള്‍ ആതുരശുശ്രൂഷാകേന്ദ്രങ്ങള്‍ കൂടിയായിരുന്നു. ഇപ്പോഴും വിഹാരങ്ങളുടെ രൂപാന്തരങ്ങളെന്ന്‌ വിചാരിക്കേണ്ടിയിരിക്കുന്ന കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ രോഗികള്‍ക്കു മരുന്നു നല്‌കിവരുന്നത്‌ അന്ന്‌ നിലനിന്ന സമ്പ്രദായത്തിന്റെ അവശിഷ്‌ടമായിരിക്കണം. തിരുവിഴാക്ഷേത്രത്തിൽ ഭ്രാന്തിനും, തകഴി ക്ഷേത്രത്തിൽ കുഷ്‌ഠത്തിനും ഇക്കാലത്തും ചികിത്സനടത്തിപ്പോരുന്നത്‌ ബൗദ്ധകാലത്തെ അനുസ്‌മരിപ്പിക്കുന്നു.

അഷ്‌ടവൈദ്യന്‍മാർ. കേരളത്തിലെ ആയുർവേദത്തെപ്പറ്റി പറയുമ്പോള്‍ പ്രാതഃസ്‌മരണീയരാണ്‌ അഷ്‌ടവൈദ്യന്മാർ. കേരളത്തിൽ ആയുർവേദത്തിന്റെ പ്രചരണത്തിനും വളർച്ചയ്‌ക്കും ഏറ്റവുമധികം സഹായിച്ചത്‌ അവരാണ്‌. വാഗ്‌ഭടാചാര്യനിൽനിന്നും നേരിട്ട്‌ വൈദ്യവിദ്യാഭ്യാസം നേടി അഷ്‌ടാംഗങ്ങളിൽ ഓരോന്ന്‌ പ്രത്യേകമായി കൈകാര്യം ചെയ്‌തുവന്നിരുന്നവരാണ്‌ അഷ്‌ടവൈദ്യന്മാർ. വാഗ്‌ഭടാചാര്യന്‌ എട്ടു കുടുംബങ്ങളിൽ ശിഷ്യന്മാരുണ്ടായിരുന്നുവെന്നും, അവരിൽനിന്നാണ്‌ അഷ്‌ടവൈദ്യകുടുംബങ്ങളുണ്ടായതെന്നും പറയപ്പെടുന്നു. അഷ്‌ടവൈദ്യന്മാർ എന്നാൽ എട്ടു കുടുംബങ്ങളിൽപ്പെട്ടവർ എന്നു മാത്രമല്ല അർഥമെന്നും എട്ടുഭാഗങ്ങളടങ്ങിയ അഷ്‌ടാംഗഹൃദയം, അഷ്‌ടാംഗസംഗ്രഹം എന്നീ വാഗ്‌ഭടഗ്രന്ഥങ്ങള്‍ അഭ്യസിച്ചവരെല്ലാം അഷ്‌ടവൈദ്യന്മാരാണെന്നും ഇവർ പതിനെട്ടു കുടുംബങ്ങളിൽെപ്പട്ടവരായിരുന്നുവെന്നും "അഷ്‌ടാംഗ വൈദ്യന്മാർ' എന്നതിന്‌ മധ്യാക്ഷദ ലോപം സംഭവിച്ച "അഷ്‌ടവൈദ്യന്മാർ' എന്നായതായിരിക്കാമെന്നും ചിലർക്കഭിപ്രായമുണ്ട്‌. എന്നാൽ അഷ്‌ടവൈദ്യന്മാർ പുരാതനകാലം മുതല്‌ക്കുള്ള എട്ടുകുടുംബങ്ങള്‍ തന്നെയാണെന്ന്‌ പരക്കെ വിശ്വസിക്കപ്പെടന്നു. കുടുംബങ്ങള്‍ വിപുലമായും അന്യോന്യം വിവാഹബന്ധത്തിലേർപ്പെട്ടും ഇവ ഏതൊക്കെയെന്ന്‌ കൃത്യമായി പറയാന്‍ സാധിക്കാത്ത ഒരു നിലയാണിന്നുള്ളത്‌. ഇപ്പോള്‍ അറിയപ്പെടുന്ന അഷ്‌ടവൈദ്യകുടുംബങ്ങള്‍ പഴയ മലബാർ പ്രദേശത്തുള്ള പുലാമന്തോള്‍, ആലത്തിയൂർ (ആലത്തൂർ), പഴയകൊച്ചിയിലെ കുട്ടഞ്ചേരി, തൃശൂർ തൈക്കാട്‌, എളേടത്ത്‌ തൈക്കാട്‌, തിരുവിതാംകൂർ ഭാഗത്തുള്ള ചീരട്ടമണ്‍, വയസ്‌കര, വെള്ളോട്‌ എന്നിവയാണ്‌. ഇവയിൽ ആലത്തൂർവൈദ്യന്‍ മാത്രം നമ്പിയും മറ്റുള്ളവരെല്ലാം മൂസ്‌സന്‍മാരുമാണ്‌. ആലത്തൂർ, പുലാമന്തോള്‍, കാരത്തോള്‍, ചീരട്ടമണ്‍, വെള്ളോട്‌, എളേടത്തു തൈക്കാട്‌, പഴനെല്ലിപ്പുറത്തു തൈക്കാട്‌, കുട്ടഞ്ചേരി എന്നിവയാണ്‌ അഷ്‌ടവൈദ്യുകുടുംബങ്ങളെന്നും, വയസ്‌കര പുലാമന്തോളിന്റെ ഒരു ശാഖയായതിനാൽ പ്രത്യേകം പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അഭിപ്രായമുണ്ട്‌. കൊ.വ. 965 വരെ മാത്രം നിലനിന്ന കാരന്തോള്‍ ഒഴിവാക്കിയാൽ ഇപ്പോള്‍ ഏഴ്‌ അഷ്‌ടവൈദ്യകുടുംബങ്ങളേ ഉള്ളൂ എന്നും പറയപ്പെടുന്നു. പ്രത്യേകം ആരാധനാക്ഷേത്രങ്ങളുള്ള ഇവർക്ക്‌ പല ദിവ്യശക്തികളും സിദ്ധികളും ഉണ്ടായിരുന്നു എന്നതിന്‌ അനേകം ഐതിഹ്യങ്ങളുണ്ട്‌. പൊതുവേ പരദേവത ധന്വന്തരി ആണെങ്കിലും പുലാമന്തോള്‍ രുദ്രധന്വന്തരിയെയും, കുട്ടഞ്ചേരിക്കാർ നെല്ലുവായയിൽ വിഷഅണുധന്വന്തരിയെയും, എളേടത്തു തൈക്കാട്ടിൽ ധന്വന്തരി ഭഗവതിയെയും ആരാധിക്കുന്നു. ഇവരുടെ ശിഷ്യപരമ്പരയിൽ തലയെടുപ്പുള്ള അനേകം ആയുർവേദപണ്ഡിതന്മാരും ചികിത്സകന്മാരും ഉണ്ടായിട്ടുണ്ട്‌.

പഴയ പാരമ്പര്യം നിലനിർത്തിക്കൊണ്ടുവരുന്നവരാണ്‌ പാലക്കാട്‌ ജില്ലയിൽ മേഴത്തൂർ വൈദ്യമഠം നമ്പൂതിരിമാർ. യാഗാവസരങ്ങളിൽ ഇവരുടെ സാന്നിധ്യം ഒഴിച്ചുകൂടാന്‍ വയ്യാത്തതിനാൽ ഇവരെ യാഗശാലാവൈദ്യന്മാർ എന്നു വിളിച്ചുവരുന്നു. അഷ്‌ടവൈദ്യന്മാർ ശവപരിശോധനയും ശസ്‌ത്രക്രിയയും ചെയ്യുന്നതുകൊണ്ട്‌ പാതിത്യം കല്‌പിക്കപ്പെട്ടവരാകയാൽ അവർ യാഗശാലകളിൽ പ്രവേശിക്കാറില്ലത്ര. ചിലർ വൈദ്യമഠം കുടുംബത്തെ അര-അഷ്‌ടവൈദ്യഗണത്തിൽ പെടുത്താറുണ്ട്‌.

പാരമ്പര്യം. കേരളത്തിൽ പാരമ്പര്യമുറയ്‌ക്കാണ്‌ പല ചികിത്സാസമ്പ്രദായങ്ങളും നിലനിന്നു വന്നിട്ടുള്ളത്‌. നേത്ര ചികിത്സ, ബാലചികിത്സ, വിഷ ചികിത്സ, മർമ ചികിത്സ മുതലായവയിൽ ഓരോന്നിൽ പ്രത്യേക പ്രാവീണ്യം നേടിയ കുടുംബങ്ങളുണ്ട്‌. ആയുർവേദം പരമ്പരാഗതമായി നിലനിർത്തിപ്പോന്നിട്ടുള്ള കുടുംബങ്ങള്‍ നിരവധിയാണ്‌.

നമ്പൂതിരി, വാരിയന്‍, പിഷാരോടി, നമ്പീശന്‍, നായർ, ക്ഷത്രിയർ, ഈഴവർ, വേലന്‍, ഗണകന്‍ തുടങ്ങിയ സമുദായങ്ങളിലെല്ലാം ഇത്തരം കുടുംബങ്ങള്‍ വളരെയുണ്ട്‌. മുസ്‌ലിങ്ങള്‍, ക്രസ്‌തവർ തുടങ്ങിയവരുടെ ഇടയിലും പാരമ്പര്യപ്രശസ്‌തിനേടിയ വൈദ്യന്മാരുണ്ട്‌. വൈദ്യവൃത്തി നഷ്‌ടപ്പെട്ടിട്ടും "വൈദ്യ'നെന്ന കുലനാമം നിലനിർത്തുന്ന കുടുംബങ്ങളും വിരളമല്ല. ഇങ്ങനെ ആയുർവേദം കേരളത്തിൽ ജാതിമതനിരപേക്ഷമായി വളർന്നു പുഷ്‌ടിപ്പെട്ടുവന്നതായി കാണാം. എന്നാൽ പരമ്പരാഗതമായ വിജ്ഞാനം മറ്റുള്ളവർക്ക്‌ പകർന്നുകൊടുക്കാത്തതിന്റെ ഫലമായി ചില കുടുംബക്കാരുടെ പ്രത്യേക ചികിത്സാരീതികളും അഭ്യാസപാടവവും കുടുംബത്തോടൊപ്പം അന്യംനിന്നുപോയിട്ടുണ്ട്‌. അങ്ങനെ അനേകം അപൂർവ സിദ്ധൗഷധങ്ങളുടെ പ്രയോഗവും യുക്ത്യനുഭവങ്ങളിലുടെ രൂപംകൊണ്ട ഔഷധയോഗങ്ങളും നഷ്‌ടപ്പെട്ടുപോയിരിക്കുന്നു. വൈദ്യവിദ്യാഭ്യാസമോ, അംഗീകൃതപരിശീലനമോ നേടാതെ ചില പ്രത്യേകവിഭാഗങ്ങളിൽ വൈദ്യപരിചരണം കുലത്തൊഴിലാക്കിയവരാണ്‌ പ്രസവപരിചരണം നടത്തുന്ന വേലന്‍, മച്ചാന്‍; ബാലചികിത്സ കൈകാര്യം ചെയ്യുന്ന വേലപ്പണിക്കർ, ഗണകന്‍ (കണിയാന്‍); തിരുമ്മൽ, ഉഴിച്ചിൽ മുതലായവകൊണ്ട്‌ മർമചികിത്സ നടത്തുന്ന കുറുപ്പന്മാർ മുതലായവർ. പല രോഗങ്ങള്‍ക്കും നാട്ടുനടപ്പനുസരിച്ചുള്ള ചികിത്സകള്‍ മിക്ക വീടുകളിലും അറിയാമായിരുന്നു.

പാരമ്പര്യമായി മന്ത്രവാദചികിത്സ നടത്തുന്ന കുടുംബങ്ങളാണ്‌ കല്ലൂർ കുന്നുപറമ്പ്‌, കാലടി, കാട്ടുമാടം, കാട്ടളാമിറ്റം മുതലായവ. അതുപോലെ വിഷചികിത്സ കൈകാര്യം ചെയ്യുന്നവയാണ്‌ പാമ്പിന്മേയ്‌ക്കാട്‌, കോക്കരാകരാട്‌, ആമയട, മച്ചാർശാല, വെട്ടിക്കോട്‌, കളപ്പുറം മുതലായ കുടുംബങ്ങള്‍.

പ്രത്യേക ചികിത്സാവിധികള്‍. ആയുർവേദത്തെ സംബന്ധിച്ചിടത്തോളം കേരളത്തിന്റേതായ ചില പ്രത്യേക ചികിത്സാവിധികള്‍ എടുത്തുപറയാനുണ്ട്‌. സാധാരണ ആയുർവേദഗ്രന്ഥങ്ങളിൽ വിശദവിവരണങ്ങളില്ലാത്തതും, കേരളീയഗ്രന്ഥങ്ങളിൽ മാത്രം കാണുന്നതും, പാരമ്പര്യമായി നടത്തിവരുന്നതുമായ ചികിത്സാ വിധികളാണിവ. "പിണ്ഡസ്വേദം', "അന്നലേപനം' മുതലായ പേരിൽ അറിയപ്പെടുന്ന ഈ ചികിത്സാ സമ്പ്രദായങ്ങള്‍ സാധാരണ ചെയ്‌തുവരാറുള്ള സ്‌നേഹപാനം, സ്വേദനം, വമനം, വിരേചനം, വസ്‌തി, രക്തമോക്ഷം, നസ്യം, അഞ്‌ജനം മുതലായ പ്രക്രിയകള്‍ക്കു പുറമേയുള്ളവയാണ്‌. വാതരോഗികളിൽ പ്രത്യേകിച്ചും ഫലപ്രദങ്ങളായ ഈ ചികിത്സാരീതികള്‍ രോഗങ്ങളില്ലാത്തവർക്കും ആരോഗ്യപരിപാലനത്തിനായി പ്രയോഗിക്കാവുന്നവയും പ്രയോഗിക്കപ്പെട്ടുവരുന്നവയുമാണ്‌. പഴക്കം ചെന്ന രോഗങ്ങളിൽ വിശേഷിച്ചും ഇവ വളരെ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്‌. 1. പ്രത്യേകം കാച്ചി തയ്യാറാക്കിയ ഔഷധവീര്യമുള്ള "ചോറു'കള്‍ കിഴികളിലാക്കി തൈലം പുരട്ടിയ ശരീരത്തിൽ തടവി വിയർപ്പിക്കുന്ന സമ്പ്രദായമാണ്‌ "പിണ്ഡസ്വേദം'. ഇത്‌ പലതരം വാതരോഗങ്ങള്‍ക്കും, ശോഷിച്ചുപോയ ശരീരഭാഗങ്ങളെ തടിപ്പിക്കുന്നതിലും വളരെ ഫലപ്രദമായ ചികിത്സയാണ്‌.

2. കുറുന്തോട്ടിക്കഷായവും പാലും ചേർത്തതിൽ ഞവരെ എന്ന അരികൊണ്ട്‌ പായസംപോലെയുണ്ടാക്കി ശരീരത്തിൽതേച്ച്‌ തിരുമ്മുന്നസമ്പ്രദായമാണ്‌ "അന്നലേപനം'. പലതരം വാതരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സയാണിത്‌.

3. ഔഷധങ്ങളിട്ടുകാച്ചിയ തൈലങ്ങള്‍ ക്ലിപ്‌തയളവിൽ ചൂടാക്കി ഒരു പ്രത്യേകരീതിയിൽ ശരീരത്തിൽ പിഴിഞ്ഞും, അതോടെ തടവിയും ശരീരം വിയർപ്പിക്കുന്ന രീതിയാണ്‌ "കായസേകം' അഥവാ "പിഴിച്ചിൽ'. ഒരുവിധം എല്ലാ വാതരോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണിത്‌. ഇതിന്‌ "മുക്കിപ്പിഴിച്ചിൽ', "പിഴിഞ്ഞു പകർച്ച', "പിഴിഞ്ഞുവീഴ്‌ത്ത്‌' എന്നീ പേരുകളുമുണ്ട്‌.

4. ശിരോരോഗങ്ങള്‍ക്കും ചിലപ്പോള്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലുള്ള രോഗങ്ങള്‍ക്കും പ്രതിവിധിയായി "ശിരോഭ്യംഗം', "ശിരസ്സേകം' (ധാര), "പിചു', "ശിരോവസ്‌തി' എന്നീ നാലുരീതികളിൽ ശിരസ്സിൽ ഔഷധങ്ങള്‍ ഉപയോഗിച്ചുവരുന്നു. ശിരസ്സിൽ എച്ചതേയ്‌ക്കുന്ന സമ്പ്രാദയമാണ്‌ ശിരോഭ്യംഗം. ഔഷധങ്ങളിട്ടു തയ്യാറാക്കിയ പാൽ ഉറപകർന്നു കടഞ്ഞ്‌ വെച്ചയെടുത്തതായ മോരുകൊണ്ടും (തക്രധാര) പാലുകൊണ്ടും (ക്ഷീരധാര) സ്‌തന്യം (മുലപ്പാൽ) കൊണ്ടും (സ്‌തന്യധാര) എച്ചകൊണ്ടും (തൈലധാര) കഷായംകൊണ്ടും (കഷായധാര) യുക്തങ്ങളായ മറ്റു ദ്രവ്യങ്ങള്‍കൊണ്ടും ശിരസ്സിൽ ഒരു പ്രത്യേകരീതിയിൽ ഒഴുക്കുന്ന സമ്പ്രദായമാണ്‌ ധാര. ഔഷധങ്ങളിട്ടു തയ്യാറാക്കിയ എച്ചയിൽ തുണിമുക്കി ശിരസ്സിലിടുന്ന സമ്പ്രദായമാണ്‌ "പിചു'. ഉറപ്പുള്ള തോൽകൊണ്ടുണ്ടാക്കിയ ഒരു ഉറ (തൊപ്പി) രോഗിയുടെ തലയിൽവച്ച്‌ ഉഴുന്നുമാവ്‌ വച്ച്‌ ഉറപ്പിച്ചു ചോരാതാക്കിയശേഷം ക്ലിപതോഷ്‌മാവിലുള്ള, പ്രത്യേകം തയ്യാറാക്കിയ എച്ച ഒരളവു വരെ ഒഴിച്ച്‌ വേണ്ടത്രസമയം നിർത്തിയശേഷം എടുത്തുകളയുന്ന രീതിയാണ്‌ ശിരോവസ്‌തി. പലതരം നേത്രരോഗങ്ങള്‍ക്കും അർദിതം മതുലായ വാതരോഗങ്ങള്‍ക്കും വിധിക്കപ്പെട്ട ഒന്നാണ്‌ ഈ രീതി. ഔഷധങ്ങളരച്ച്‌ തലയിൽപ്പൊതിഞ്ഞ്‌, വാട്ടിയ ഇലകൊണ്ട്‌ മൂടിവയ്‌ക്കുന്ന സമ്പ്രദായമാണ്‌ "തലപൊതിച്ചിൽ'. കാഴ്‌ചവർധിപ്പിക്കാനും ഉറക്കക്കുറവ്‌ പരിഹരിക്കാനുമാണ്‌ പ്രധാനമായും ഈ രീതി പ്രയോജനപ്പെടുത്തിവരുന്നത്‌.

5. മേല്‌പറഞ്ഞ ചികിത്സയ്‌ക്കുപുറമേ സ്‌നേഹപാനം (രോഗിയുടെ ദീപനശക്തിക്കനുസരിച്ച്‌ വർധിച്ചുവരുന്ന അളവിൽ സ്‌നേഹദ്രവ്യങ്ങള്‍ (നെയ്യ്‌ മുതലായവ) ക്ലിപ്‌തകാലം നല്‌കിവരുന്ന പ്രത്യേക ചികിത്സാരീതി) മുതലായ ചികിത്സകളും കേരളത്തിൽ പ്രചാരത്തിലുണ്ട്‌.

വിഷചികിത്സ. പുരാതനകാലം മുതല്‌ക്കുതന്നെ കേരളം വിഷചികിത്സയിൽ പ്രാമാണ്യം നേടിയിരുന്നു. കൊച്ചി രാജകുടുംബം ഈ വിഷയത്തിൽ ചെയ്‌തിട്ടുള്ള സേവനങ്ങള്‍ വിലമതിക്കാന്‍ വയ്യാത്തവയാണ്‌. കൊച്ചിയിലെ അമ്മാവന്‍തമ്പുരാന്‍ വിഷചികിത്സയിൽ പ്രഗല്‌ഭനായിരുന്നു. അതുപോലെ കൊച്ചുച്ചിത്തമ്പുരാനും സിദ്ധഹസ്‌തനായ ഒരു വിഷവൈദ്യനായിരുന്നു. ഇദ്ദേഹം പഴയ വിഷ വൈദ്യഗ്രന്ഥങ്ങളെല്ലാം ക്രാഡീകരിച്ച്‌ മലയാളത്തിൽ പ്രയോഗസമുച്ചയം എന്നൊരു വിശിഷ്‌ട വിഷവൈദ്യഗ്രന്ഥം നിർമിച്ചിട്ടുണ്ട്‌. മിടുക്കന്‍ തമ്പുരാന്‍ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വലിയതമ്പുരാനും അദ്വിതീയനായ ഒരു വിഷവൈദ്യനായിരുന്നു. തെക്കേ മലബാറിൽ ഒറ്റപ്പാലത്തിനടുത്ത്‌ മനിശ്ശീരിയിൽ പരത്തിപ്പുറമനയിൽ പാരമ്പര്യമായി നടന്നുവന്ന കൈവിഷം ഛർദിപ്പിച്ചുകളയുന്ന സമ്പ്രദായം ഇന്നും നിലവിലുണ്ട്‌. വിഷചികിത്സകൂടി അടങ്ങിയ അഷ്‌ടാംഗഹൃദയത്തിനുപുറമേ മന്ത്രങ്ങളടങ്ങിയ നാരായണീയം, ഔഷധചികിത്സ വിവരിക്കുന്ന ഉഡ്ഡീശം, ഉല്‌പലം, മേഖല, മറ്റു ചികിത്സകള്‍ ഫലിക്കാതെവരുമ്പോള്‍ പ്രയോഗിക്കാനുള്ള മാർഗങ്ങളടങ്ങിയ കാലവഞ്ചനം, ലക്ഷ്‌ണാമൃതം മുതലായവയാണ്‌ ഈ വിഷയത്തിൽ കേരളീയരുടെ പ്രമാണഗ്രന്ഥങ്ങള്‍. ജ്യോത്സ്‌നിക, വിഷവൈദ്യപ്രവേശിക, സർവഗരളപ്രമോചനം തുടങ്ങി വേറെയും പല വിഷവൈദ്യഗ്രന്ഥങ്ങള്‍ ഇവിടെ ആവിർഭവിച്ചിട്ടുണ്ട്‌.

ബാലചികിത്സ. ആരോഗ്യകല്‌പദ്രുമം, ബാലചികിത്സ, മഹാസാരം, കരപ്പന്‍ മുതലായ ഗ്രന്ഥങ്ങളോടുകൂടി ബാലചികിത്സ പ്രത്യേകം കൈകാര്യം ചെയ്‌തുവന്നിരുന്നു. കേരളീയ ബാലചികിത്സാഗ്രന്ഥങ്ങളുടെ മൂലം സംസ്‌കൃതഗ്രന്ഥങ്ങള്‍തന്നെയാണെങ്കിലും കേരളീയർ ചികിത്സാവിഷയത്തിൽ വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്‌. പഴയകാലം മുതല്‌ക്കേ നിലവിലിരുന്ന പല യോഗങ്ങളും ചികിത്സാമർഗങ്ങളും സംഭരിച്ചു ചേർത്തിട്ടുള്ളവയാണ്‌ കേരളീയരുടെ ഗ്രന്ഥങ്ങള്‍.

നേത്രചികിത്സ. ശസ്‌ത്രക്രിയയടക്കം നേത്രചികിത്സ പ്രചുരപ്രചാരത്തിലുണ്ടായിരുന്നു. ആയുർവേദവിധിപ്രകാരം വിദഗ്‌ധമായി നേത്രചികിത്സ നടത്തിയിരുന്ന വൈദ്യന്മാർ പലരുമുണ്ട്‌. തിരുവിതാംകൂർ വിഭാഗത്തിൽ തേവലക്കരവൈദ്യന്മാരും കമ്മാഞ്ചേരി വൈദ്യന്മാരും കച്ചുചികിത്സയ്‌ക്കു ഖ്യാതിനേടിയവരാണ്‌. "കച്ചിനു കമ്മാഞ്ചേരി പുച്ചിനു തോട്ടക്കാരന്‍' എന്നൊരു ചൊല്ലുതന്നെയുണ്ട്‌. കളരിചികിത്സ. കഥകളിക്കാരും കളരിപ്പയറ്റുകാരുമാണ്‌ കളരിചികിത്സ കൂടുതലായി കൈകാര്യം ചെയ്‌തുവന്നത്‌. മർമചികിത്സയിൽ ചില പ്രത്യേക ഗുളികകള്‍, തൈലങ്ങള്‍, കുഴമ്പുകള്‍, കഷായക്കഞ്ഞികള്‍ മുതലാവയ ഉപയോഗിച്ചുവന്നു. മർമദർപണം ഒരു പ്രധാനഗ്രന്ഥമാണ്‌.

വസൂരിചികിത്സ. ഭദ്രകാളിക്കോപത്തോടു ബന്ധപ്പെടുത്തിയാണ്‌ വസൂരിബാധയെ ഒരു കാലത്ത്‌ കണ്ടിരുന്നത്‌. തൊച്ചൂറുതരം വസൂരിയുള്ളതായി പറയപ്പെടുന്നു. വസൂരിമാല ഈ വിഷയത്തിൽ ഒരു പ്രശസ്‌ത ഗ്രന്ഥമാണ്‌. ഹസ്‌ത്യായുർവേദം. ആനകള്‍ ധാരാളമുള്ള കേരളത്തിൽ ഹസ്‌ത്യായുർവേദവും സ്വാഭാവികമായി പുഷ്‌ടിപ്രാപിച്ചിരുന്നു. മാതംഗലീല എന്ന കേരളീയഗ്രന്ഥം ഈ വിഷയത്തിൽ കേരളം നല്‌കിയിട്ടുള്ള സംഭാവനയ്‌ക്ക്‌ ഉദാഹരണമാണ്‌.

ഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും. കേരളത്തിലെ വൈദ്യസാഹിത്യത്തെ പൊതുവേ മൂന്നായി തരംതിരിക്കാം: (1) മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും അവയിലേതന്നെ പ്രതിപാദ്യത്തെ ഉപജീവിച്ചെഴുതിയ സ്വതന്ത്രകൃതികളും, (2) നാട്ടിൽ പ്രചാരമുളളവയും പല വൈദ്യന്മാരും അപ്പപ്പോഴായി കുറിച്ചുവച്ചവയുമായ ഔഷധച്ചാർത്തുകളുടെയും ക്രിയാരീതികളുടെയും സമാഹാരങ്ങള്‍ (3) ആധുനികശാസ്‌ത്രവിജ്ഞാനം ഉള്‍ക്കൊണ്ടുകൊണ്ട്‌ എഴുതപ്പെട്ട നവീനകൃതികള്‍. വാഗ്‌ഭടകൃതികളുടെ ചില പ്രമുഖഭാഗങ്ങള്‍ കേരളത്തിൽവച്ചാണ്‌ രചിക്കപ്പെട്ടതെന്ന്‌ വിശ്വസിക്കപ്പെടുന്നതായി മേൽ പ്രസ്‌താവിച്ചിട്ടുണ്ട്‌. ഇതരഗ്രന്ഥങ്ങളിൽ കാണാത്തതും കേരളത്തിൽമാത്രം പ്രചുരപ്രചാരമുള്ളതും അദ്‌ഭൂതഫലദായകങ്ങളുമായ കൊമ്പഞ്ചാദി, കസ്‌തൂര്യാദി, ഇളനീർക്കുഴമ്പ്‌ തുടങ്ങി പ്രസിദ്ധങ്ങളായ പല യോഗങ്ങളും അടങ്ങിയ ഒരു തനികേരളീയഗ്രന്ഥമാണ്‌ സഹസ്രയോഗം, ധാരാകല്‌പം, സിന്ദൂരമഞ്‌ജരി, ആലത്തൂർ മണിപ്രവാളം, ചികിത്സാക്രമം, യോഗരത്‌ന പ്രകാശിക, വൈദ്യമഞ്‌ജരി, ചികിത്സാമഞ്‌ജരി, യോഗാമൃതം, സർവരോഗചികിത്സാരത്‌നം, ആരോഗ്യകല്‌പദ്രുമം മുതലായ സ്വതന്ത്രകൃതികള്‍ക്കു പുറമേ സംസ്‌കൃതത്തിലും മണിപ്രവാളത്തിലും അനേകം ആയുർവേദ ഗ്രന്ഥങ്ങള്‍ കേരളീയ പണ്ഡിതന്മാരുടെ സംഭാവനകളായുണ്ട്‌. വിഷവൈദ്യം, ബാലചികിത്സ, നേത്രചികിത്സ മുതലായവയിലുള്ള പ്രാമാണിക ഗ്രന്ഥങ്ങള്‍ക്കു പുറമേ സംസ്‌കൃതത്തിലും മലയാളത്തിലും അനേകം വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. ശശിലേഖ, കൈരളീ ഹൃദ്യം, ലളിത പാഠ്യം, ബൃഹത്‌പാഠ്യം, വാക്യപ്രദീപിക, സാരാർഥദർപണം, ഭാവപ്രകാശം, ഭാസ്‌കരം, ഹൃദയപ്രിയ, അരുണോദയം, വാസുദേവീയം മുതലായവ അഷ്‌ടാംഗഹൃദയത്തിന്റെ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങളാണ്‌. ശാർങ്‌ഗധരസംഹിത, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി മുതലായ ഗ്രന്ഥങ്ങള്‍ക്കും വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. പണ്ടുകാലത്ത്‌ സാഹിത്യകാരന്മാർ വൈദ്യശാസ്‌ത്രജ്ഞന്മാർ കൂടിയായിരുന്നതുകൊണ്ട്‌ സംസ്‌കൃതത്തിലും ഭാഷയിലും നിരവധി മൗലികഗ്രന്ഥങ്ങളും വ്യാഖ്യാനങ്ങളും ആവിർഭവിക്കുകയുണ്ടായി.

ആധുനിക ആയുർവേദശാസ്‌ത്രങ്ങളെ ബന്ധപ്പെടുത്തി രചിക്കപ്പെട്ട ഗ്രന്ഥങ്ങളാണ്‌ അഷ്‌ടാംഗശാരീരം, ബൃഹച്ഛാരീരം മുതലായവ. വിവിധ ആയുർവേദനിഘണ്ടുക്കളും ഔഷധനിഘണ്ടുവും പ്രചാരത്തിലുണ്ടായിരുന്നു. ഭിഷഗ്വരന്മാർ. കേരളത്തിന്‌ അഭിമാനിക്കത്തക്കവച്ചം സേവനമർപ്പിച്ചവരുടെ ഒരു പൂർണലിസ്റ്റ്‌ തയ്യാറാക്കുക ക്ഷിപ്രസാധ്യമല്ല. ഗ്രന്ഥനിർമാണത്തിലും ഗ്രന്ഥവ്യാഖ്യാനത്തിലും ചികിത്സയിലും അസാമാന്യ പ്രാഗല്‌ഭ്യം നേടിയവരും, ആയുർവേദത്തിന്റെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചവരും ഇവിടെ ധാരാളമുണ്ട്‌.

വയസ്‌കര ആര്യന്‍നാരായണന്‍ മൂസ്സ്‌, ആറ്റുപുറത്ത്‌ ഇമ്പിച്ചന്‍ഗുരുക്കള്‍, നരിക്കുനി ഉച്ചീരിക്കുട്ടിവൈദ്യന്‍, ഉപ്പോട്ടു കച്ചന്‍, കിഴക്കേപുല്ലത്ത്‌ കുഞ്ഞുച്ചിമൂസ്സത്‌, തൃശൂർ തൈക്കാട്ട്‌ നാരായണന്‍ മൂസ്സ്‌, വൈക്കത്ത്‌ പാച്ചുമൂത്തത്‌, അനന്തപുരത്തു രാജരാജവർമകോയിത്തമ്പുരാന്‍, പന്തളം കൃഷ്‌ണവാരിയർ, വാചസ്‌പതി ടി.സി. പരമേശ്വരന്‍ മൂസ്സത്‌, വെളുത്തേരി കേശവന്‍വൈദ്യന്‍, പെരുന്നെല്ലി കൃഷ്‌ണന്‍വൈദ്യന്‍, വൈലൂർ ശങ്കുവാരിയർ, കവിയൂർ പരമേശ്വരന്‍ മൂസ്സത്‌, മനക്കോടം കേശവന്‍വൈദ്യന്‍, കായിക്കര പി.എം. ഗോവിന്ദന്‍വൈദ്യന്‍, തോട്ടത്തിൽ ശങ്കുവൈദ്യന്‍, വൈദ്യവിചക്ഷണന്‍ എം. കുഞ്ഞന്‍ വാരിയർ, ചിങ്ങനേഴത്ത്‌ കൃഷ്‌ണന്‍വൈദ്യന്‍, മട്ടാഞ്ചേരി ഗോവിന്ദന്‍വൈദ്യന്‍, ചാവർകോട്ടു കൊച്ചുചെറുക്കന്‍ വൈദ്യന്‍, വ്യാഖ്യാതാവായ ചേപ്പാട്ട്‌ അച്യുതവാരിയർ, വാസുദേവന്‍ ഇളയത്‌, ആറന്മുള നാരായണപിള്ളവൈദ്യന്‍, കൈക്കുളങ്ങര രാമവാരിയർ, കുറേക്കാലം ആയുർവേദപ്രാഫസറും കൊച്ചികൊട്ടാരം വൈദ്യനുമായിരുന്ന പണ്ഡിതരാജന്‍ തൃക്കോവിൽ ഉഴുത്രവാരിയർ, അനേകം ആയുർവേദ പണ്ഡിതന്മാരുടെ ഗുരുവായിരുന്ന അഷ്‌ടവൈദ്യന്‍ കുട്ടഞ്ചേരി വാസുദേവന്‍ മൂസ്സത്‌, ഒരു പാഠശാലാസ്ഥാപകനും പ്രശസ്‌തചികിത്സകനും വ്യാഖ്യാതാവുമായ പുന്നശ്ശേരി നമ്പി നീലകണ്‌ഠശർമ, ഔഷധനിർമാണവിപണനം, ആയുർവേദവിദ്യാഭ്യാസം മുതലായവയിൽ വിപ്ലശ്ശവം തന്നെ സൃഷ്‌ടിച്ച വൈദ്യരത്‌നം പി.എസ്‌. വാരിയർ, അദ്ദേഹത്തിന്റെ മരുമകനും പ്രശസ്‌ത ചികിത്സകനുമായിരുന്ന പി. മാധവവാരിയർ, ആയുർവേദവും ആധുനികശാസ്‌ത്രവും തമ്മിൽ ബന്ധപ്പെടുത്തി അനേകം ഗ്രന്ഥങ്ങള്‍ രചിച്ച ഡോ.എൽ.എ. രവിവർമ, ഗ്രന്ഥരചയിതാവും കോവിലകം വൈദ്യനും സംസ്‌കൃതകോളജ്‌ പ്രിന്‍സിപ്പലുമായിരുന്ന പണ്ഡിതരാജന്‍ തൃക്കോവിൽ അച്യുതവാരിയർ, തിരുവനന്തപുരം ആയുർവേദകോളജ്‌ പ്രിന്‍സിപ്പലായിരുന്ന ഡോ. വി.കെ. ഗിരിജാവല്ലഭ മേനോന്‍, ഡോ. കെ.കെ. നമ്പ്യാർ, ഡോ. കെ.ജി. ഗോപാലപിള്ള, തിരുവിതാംകൂർ ആയുർവേദ ഡയറക്‌ടറായിരുന്ന കൊളത്തേരി ശങ്കരമേനോന്‍, അനേകകാലം കോട്ടയ്‌ക്കൽ ആയുർവേദകോളജ്‌ പ്രിന്‍സിപ്പലായിരുന്ന വൈദ്യവിശാരദ പി.കെ. രാമുച്ചിമേനോന്‍, വടയക്കാട്ടുകൊച്ചുരാമന്‍ വൈദ്യന്‍, വടക്കേപ്പാട്ട്‌ നാരായണന്‍നായർ, കേരളത്തിലെ ആയുർവേദ ഡയറക്‌ടറായിരുന്ന ഡോ.എം.എന്‍. കേശവപിള്ള, സി.ആർ. കേശവന്‍വൈദ്യന്‍, സി. ആർ. അയ്യപ്പന്‍വൈദ്യന്‍, കാലടിപരമേശ്വരന്‍ പിള്ള, കുമരകം പരമേശ്വരന്‍പിള്ള, വാസുദേവനുച്ചി എന്നിവർ അപ്രകാരം അവിസ്‌മരണീയരായവരിൽ ചിലർ മാത്രമാണ്‌. നേരിട്ടും അല്ലാതെയും ആയുർവേദോന്നമനത്തിന്‌ ഗണ്യമായ സംഭാവന നല്‌കിയിട്ടുള്ളവരാണ്‌ കൊച്ചി രാജകുടുംബാംഗങ്ങള്‍.

വൈദ്യവിദ്യാഭ്യാസം. ദീർഘകാലമായി ഗുരുകുല സമ്പ്രദായത്തിൽ നടന്നുവന്ന വൈദ്യവിദ്യാഭ്യാസം അംഗീകൃതപാഠശാലകളുടെ ഉദ്‌ഭവശേഷവും രാജ്യത്തിൽ അങ്ങിങ്ങു നിലനിന്നു. പ്രശസ്‌തഭിഷഗ്വരന്മാരുടെ കീഴിൽ ക്ലേശപൂർണമായ ജീവിതം നയിച്ചുകൊണ്ടുള്ള അഭ്യസനം അതിനിപുരണരായ ചികിത്സകന്മാർ പലേടത്തും ഉണ്ടാകാന്‍ സഹായിച്ചു. ഗുരുനാഥന്മാരിൽ അഷ്‌ടവൈദ്യകുടുംബങ്ങളിൽപ്പെട്ട പണ്ഡിതന്മാർ പ്രധാനികളായിരുന്നു. കൊ.വ. 1061-ൽ തിരുവനന്തപുരത്ത്‌ ശ്രീ. പരമേശ്വരന്‍ മൂത്തത്‌ ആരംഭിച്ച സ്വകാര്യ ആയുർവേദ പാഠശാല 1064-ൽ ഗവണ്‍മെന്റ്‌ ഏറ്റെടുത്ത്‌ നാട്ടുവൈദ്യവകുപ്പിന്റെ കീഴിൽ നടത്തിവന്നു. അഞ്ചുകൊല്ലത്തെ വൈദ്യവിദ്യാഭ്യാസത്തിൽ "ലോവർ', "ഹയർ' എന്ന രണ്ടു പരീക്ഷകളാണുണ്ടായിരുന്നത്‌. 1093-ൽ ഈ പാഠശാല കോളജായി ഉയർത്തപ്പെട്ടു. വൈദ്യശാസ്‌ത്രി, വൈദ്യകലാനിധി, പ്രാഫഷണൽ കോഴ്‌സ്‌, ഡി.ഐ.എം. എന്നീ കോഴ്‌സുകള്‍ക്കുശേഷം 1951-ൽ ആധുനിക വൈദ്യശാസ്‌ത്രഭാഗങ്ങള്‍ കൂടിച്ചേർത്ത സങ്കരവൈദ്യസമ്പ്രദായത്തിലുള്ള ഡി.എ.എം. (ഡിപ്ലശ്ശോമാ) കോഴ്‌സും 1952-ൽ ബി.എ.എം. (ഡിഗ്രി) കോഴ്‌സും സർവകലാശാലയുടെ കീഴിൽ ഏർപ്പെടുത്തി. 1957-ൽ ആധുനിക വൈദ്യവിഷയങ്ങള്‍ എടുത്തുമാറ്റി "ശുദ്ധ' ആയുർവേദത്തിലുള്ള പുതിയ ഡി.എ.എം. കോഴ്‌സും, പിന്നീട്‌ ബി.എ.എം. കോഴ്‌സും ആരംഭിച്ചു. ഇന്ന്‌ കേരളസർവകലാശാലയുടെ കീഴിൽ ബി.എ.എം. കോഴ്‌സുമാത്രമാണുള്ളത്‌.

കോട്ടയ്‌ക്കൽ ആര്യവൈദ്യശാലയോടു ബന്ധപ്പെട്ട്‌ ആര്യവൈദ്യസമാജത്തിന്റെ കീഴിൽ 1917-ൽ കോഴിക്കോട്ട്‌ ആരംഭിച്ച പാഠശാലയിൽ "ആര്യവൈദ്യന്‍' കോഴ്‌സാണ്‌ നടന്നുവന്നിരുന്നത്‌. പിന്നീട്‌ പാഠശാല കോട്ടയ്‌ക്കലേക്കു മാറ്റുകയും 1957-ൽ പുതിയ ഡിപ്ലശ്ശോമാകോഴ്‌സ്‌ അവിടെ ആരംഭിക്കുന്നതുവരെ ആര്യവൈദ്യന്‍കോഴ്‌സ്‌ തുടർന്നുവരികയും ചെയ്‌തു. 1972-ൽ കോട്ടയ്‌ക്കൽ ആയുർവേദകോളജിൽ കോഴിക്കോട്‌ സർവകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സ്‌ ആരംഭിച്ചതോടെ ഡിപ്ലശ്ശോമാകോഴ്‌സ്‌ ക്രമേണ നിർത്തലാക്കിവരികയാണ്‌. ചെറുതുരുത്തിയിൽ ഗുരുകുലസമ്പ്രദായപ്രകാരം നടന്നുവന്നിരുന്ന കോഴ്‌സ്‌ 1946-ൽ "കേരളീയ ആയുർവേദസമാജം' ഏറ്റെടുത്ത്‌ ഷൊർണൂരിൽ "വൈദ്യപാദന്‍' കോഴ്‌സ്‌ ഏർപ്പെടുത്തി. 1957-മുതൽ ഗവണ്‍മെന്റ്‌ അംഗീകരിച്ച ഡി.എ.എം. ഡിപ്ലശ്ശോമാ കോഴ്‌സാണ്‌ അവിടെ നടന്നുവരുന്നത്‌.

തൃപ്പൂണിത്തുറ, പട്ടാമ്പി സംസ്‌കൃതപാഠശാലകളിൽ സംസ്‌കൃതത്തോടൊപ്പം യഥാക്രമം "ആയുർവേദഭൂഷണം', "ആയുർവേദശിരോമണി' എന്നീ കോഴ്‌സുകള്‍ നടന്നുവന്നിരുന്നു. പട്ടാമ്പിയിലെ കോഴ്‌സ്‌ ക്രമേണ നിന്നുപോയി. തൃപ്പൂണിത്തുറയിൽ സംസ്‌കൃതകോളജിൽനിന്നു വേറിട്ട്‌ ഒരു ആയുർവേദകോളജ്‌ സ്ഥാപിക്കുകയും പുതിയ ഡിപ്ലശ്ശോമാകോഴ്‌സ്‌ ആരംഭിക്കുകയും ചെയ്‌തു. 1971-ൽ ഇവിടെ കേരള സർവകലാശാലയുടെ കീഴിൽ പുതിയ ബി.എ.എം. ഡിഗ്രികോഴ്‌സ്‌ ആരംഭിച്ചു.

കച്ചൂരിൽ മാധവമെമ്മോറിയൽ ആയുർവേദപാഠശാല എന്നൊരു സ്ഥാപനം ഉണ്ടായിരുന്നു. അവിടെ വൈദ്യവിഭൂഷണം എന്ന കോഴ്‌സും തുടർന്ന്‌ പുതിയ ഡിപ്ലശ്ശോമാകോഴ്‌സും ആരംഭിച്ചശേഷം ക്രമേണ ആ സ്ഥാപനം നിർത്തലാക്കപ്പെട്ടു. എറണാകുളത്ത്‌ ഏതാനും കൊല്ലം ഡി.എ.എസ്‌. എന്നൊരു കോഴ്‌സും നടത്തിവന്നിരുന്നു.

മേല്‌പറഞ്ഞവയ്‌ക്കു പുറമേ ശാസ്‌ത്രഭൂഷണം (ആ.), വൈദ്യഭൂഷണം, വ്യത്യസ്‌തവിഷയങ്ങളിൽ വൈദ്യവിശാരദ, ആയുർവേദശാസ്‌ത്രി, വിദ്വാന്‍ തുടങ്ങിയ കോഴ്‌സുകള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഗവണ്‍മെന്റ്‌ കോളജുകളിൽ കേരളസർവകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സും കോട്ടയ്‌ക്കൽ കോളജിൽ കോഴിക്കോട്‌ സർവകലാശാലയുടെ കീഴിലുള്ള ബി.എ.എം. കോഴ്‌സും ഷൊർണൂർ ആയുർവേദകോളജിൽ കേരളഗവണ്‍മെന്റ്‌ അംഗീകരിച്ച ഡി.എ.എം. കോഴ്‌സുമാണ്‌ കേരളത്തിൽ പ്രചാരത്തിലിരിക്കുന്ന കോഴ്‌സുകള്‍. 1971 മുതൽ തിരുവനന്തപുരം ആയുർവേദകോളജിൽ മൂന്നു കൊല്ലത്തെ ബിരുദാനന്തരകോഴ്‌സുകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്‌. മറ്റു ചില സ്ഥലങ്ങളിലും വ്യത്യസ്‌ത വിഷയങ്ങളിൽ ബിരുദാനന്തര കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ട്‌.

മറ്റുപ്രവർത്തനങ്ങള്‍. കേരളത്തിന്റെ ആയുർവേദചരിത്രത്തിൽ സുപ്രധാനമായ ഒരു മാറ്റംവന്നത്‌ ആയുർവേദപാഠശാലകളുടെ ഉദ്‌ഭവത്തോടെയാണ്‌. മറ്റൊരു സുപ്രധാനസംഭവം ഘൃതങ്ങള്‍, തൈലങ്ങള്‍, ഗുളികകള്‍ മുതലായ ഔഷധങ്ങള്‍ തയ്യാറാക്കി വിപണനംചെയ്യുന്ന സമ്പ്രദായത്തിൽവന്ന മാറ്റമാണ്‌. ആധുനികോപകരണങ്ങളുപയോഗിച്ച്‌ ചുരുങ്ങിയ സമയംകൊണ്ട്‌ വിപുലമായ അളവിൽ ഔഷധങ്ങള്‍ നിർമിച്ച്‌ കേടുകൂടാതെ വളരെക്കാലം സംരക്ഷിക്കാനും നവീനരീതിയിൽ സൂക്ഷിക്കാനും സാധിച്ചതോടെ ഔഷധങ്ങള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളിലും വിദേശങ്ങളിലും എത്തിത്തുടങ്ങി. കമനീയമായ പാത്രങ്ങളിലും ട്യൂബുകളിലും മറ്റുമാക്കി വിപണനം ചെയ്യുന്നതും എങ്ങും ഔഷധങ്ങള്‍ ലഭ്യമായിത്തുടങ്ങിയതും സാരമായ ഒരു പരിവർത്തനം തന്നെയാണ്‌. ഉയർന്നനിലവാരം പുലർത്തി ശാസ്‌ത്രീയരീതിയിൽ ഔഷധങ്ങള്‍ നിർമിക്കുന്ന അനേകം സ്ഥാപനങ്ങള്‍ സ്വകാര്യഉടമയിലും ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വത്തിലും നടക്കുന്നുണ്ട്‌. ആയുർവേദത്തിൽ പ്രാവീണ്യം നേടിയ പല കേരളീയരും ഇതരസംസ്ഥാനങ്ങളിലും ശാസ്‌ത്രീയൗഷധങ്ങള്‍ തയ്യാറാക്കി ചികിത്സ നടത്തിവരുന്നുണ്ട്‌. ആയുർവേദോദ്ധാരണത്തിനായി തിരുവനന്തപുരം, തൃശൂർ, ചെറുതുരുത്തി, കോട്ടയ്‌ക്കൽ മുതലായ സ്ഥലങ്ങളിൽ വിവിധ ഗവേഷണസ്ഥാപനങ്ങള്‍ നടന്നുവരുന്നു. ഇവയിൽ കേന്ദ്രസ്ഥാപനം ചെറുതുരുത്തിയിലേതാണ്‌. ആയുർവേദചികിത്സ, ഔഷധനിർമാണം, വിപണനം തുടങ്ങിയ വ്യത്യസ്‌ത തുറകളിൽ, നിയന്ത്രണത്തിനായി ഒരു കൗണ്‍സിൽ ഉണ്ട്‌. വ്യത്യസ്‌തവിഭാഗത്തിൽപ്പെട്ട ചികിത്സകന്മാർ അംഗങ്ങളായുള്ള സംഘടനകള്‍ പൊതുതാത്‌പര്യം മുന്‍നിർത്തി പ്രവർത്തിക്കുന്നു.

നാട്ടുചികിത്സാവകുപ്പിന്റെ കീഴിൽ രാജ്യത്തിന്റെ നാനാഭാഗത്തും സർക്കാർവക ആയുർവേദ ഡിസ്‌പന്‍സറികളും ആശുപത്രികളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌. കേരളത്തിലെ ആയുർവേദ ചികിത്സാരംഗത്ത്‌ പ്രത്യക്ഷം, ദർശനം, അനുമാനം, സ്‌പർശനം എന്നീ രീതിയിൽ കൗമാരഭൃത്യ (ബാലചികിത്സാക്രമം)യും വ്യക്തി ചികിത്സാരംഗത്തു സ്വസ്‌തവൃത്തിക്കായി ആയുർവേദ ഭക്ഷണക്രമവും, ഋതുചര്യ, ആയുർവേദ രസായനചികിത്സ, പ്രസൂത്രിതന്ത്രങ്ങള്‍, ശാലാക്യതന്ത്രങ്ങള്‍ തുടങ്ങിയവയും ഔഷധസസ്യങ്ങള്‍ ഉപയോഗിച്ചുള്ള രസായനതെറാപ്പിയും നടത്തിവരുന്നു. വസ്‌തികർമ, നാസ്യകർമ, രക്തമോക്ഷതെറാപ്പി, വമനചികിത്സ, വിരേചനതെറാപ്പി തുടങ്ങിയവയും ഈ കാലഘട്ടത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ട്‌. ആധുനികജീവിതക്രമത്തിൽ ആഹാരനിയന്ത്രണത്തിലൂടെയും പഞ്ചഭൂതങ്ങളുടെ തുലനാവസ്ഥ ക്രമീകരിച്ചു ആരോഗ്യം പരിപാലിക്കുന്നതിലൂടെയും ഇക്കാലത്ത്‌ വർധിച്ചുവരുന്ന പ്രമേഹം, ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം എന്നിവ വളരെയേറെ നിയന്ത്രണ വിധേയമാക്കുന്നതിന്‌ ആയുർവേദത്തിന്‌ ഒരളവുവരെ സാധിക്കുന്നുണ്ട്‌

ആയുർവേദഗ്രന്ഥങ്ങള്‍

ഔഷധചികിത്സാപ്രധാനവും ശസ്‌ത്രചികിത്സാപ്രധാനവുമായ ആയുർവേദശാഖകളെ കൈകാര്യം ചെയ്യുന്നവരായി രണ്ട്‌ ആചാര്യപരമ്പരകള്‍ പ്രവർത്തിച്ചുവന്നിരുന്നതായും ഒട്ടധികം ശാസ്‌ത്രഗ്രന്ഥങ്ങള്‍ ഇരുശാഖകളിലും നിർമിച്ചിട്ടുള്ളതായും ഭാരതീയ വൈദ്യശാസ്‌ത്രചരിത്രം വ്യക്തമാക്കുന്നു. അഗ്നിവേശസംഹിത, ഭേളസംഹിത, ജതൂകർണസംഹിത, പരാശരസംഹിത, ഹാരിതസംഹിത, ക്ഷാരപാണിസംഹിത, ചരകസംഹിത, സുശ്രുതസംഹിത, പുഷ്‌കലാവതസംഹിത, ഗോപുരക്ഷിതസംഹിത, ഭോജസംഹിത, ഭൂലുകിസംഹിത, വൃദ്ധസുശ്രുതം തുടങ്ങിയ പേരുകളിൽ അവ അറിയപ്പെടുന്നു. അവയിൽ ചിലതുമാത്രമേ ലഭ്യമായിട്ടുള്ളൂ; എന്നാൽ ലഭ്യമായിട്ടുള്ളവയുടെ വ്യാഖ്യാനങ്ങളിലും മറ്റും ലുപ്‌തതന്ത്രങ്ങളെപറ്റിയുള്ള പരാമർശങ്ങളും അവയിൽനിന്നുള്ള ഉദ്ധരണികളും കാണ്‍മാനുണ്ട്‌. ചരകവ്യാഖ്യാതാവായ ചക്രപാണിയും മാധവനിദാനവ്യാഖ്യാതാവായ വിജയരക്ഷിതനും സിദ്ധയോഗവ്യാഖ്യാതാവായ ശ്രീകണ്‌ഠനും ഇടയ്‌ക്ക്‌ ഉദ്ധരിച്ചുകാണുന്ന അഗ്നിവേശസംഹിത ഇന്ന്‌ കിട്ടാനില്ല; അഗ്നിവേശനിർമിതമെന്നു പറയപ്പെടുന്ന അഞ്‌ജനനിദാനവും അപ്രകാരംതന്നെ. ചക്രപാണിയും വിജയരക്ഷിതനും ഉദ്ധരിക്കുന്ന ജതൂകർണസംഹിത, വിജയരക്ഷിതനും ശ്രീകണ്‌ഠനും ശിവദാസസേനനും ഉദ്ധരിക്കുന്ന പരാശരസംഹിത, ക്ഷാരപാണിസംഹിത എന്നിവയും, ഹേമാദ്രി, വിജയരക്ഷിതന്‍ എന്നിവർ ഉദ്ധരിക്കുന്ന ഖരനാദസംഹിതയും, ചക്രപാണിയും ശിവദാസ സേനനും ഉദ്ധരിക്കുന്ന വിശ്വാമിത്രസംഹിതയും അഗസ്‌ത്യസംഹിത, അത്രിസംഹിത, സുശ്രുതന്റെ സഹപാഠികളായ ഔപധേനവും ഔരേന്ദ്രനും എഴുതിയ ശല്യതന്ത്രങ്ങള്‍ എന്നിവയും ലഭ്യമല്ല. നിദാനവ്യാഖ്യാനത്തിൽ വിജയരക്ഷിതനും സിദ്ധയോഗവ്യാഖ്യാനത്തിൽ ശ്രീകണ്‌ഠനും ഉദ്ധരിക്കുന്ന സുശ്രുതപാഠങ്ങള്‍ ഇന്നു കിട്ടിവരുന്ന സുശ്രുതത്തിൽ കാണ്‍മാനില്ല. അവ കിട്ടാനില്ലാത്ത വൃദ്ധസുശ്രുതത്തിൽനിന്നാണെന്ന്‌ അനുമാനിക്കപ്പെടുന്നു. ഇതുപോലെ വൈതരണതന്ത്രം, ഭോജതന്ത്രം, വിദേഹതന്ത്രം, നിമിതന്ത്രം, ശൗനകതന്ത്രം, കരാളതന്ത്രം എന്നിവയിൽനിന്നെല്ലാം ഉദ്ധരണികള്‍ കാണ്‍മാനുണ്ടെങ്കിലും അവയൊന്നും ലഭ്യമല്ല. കൗമാരഭൃത്യത്തിൽ ഡൽഹണന്‍ പരാമർശിക്കുന്ന പാർവകന്‍, ബന്ധകന്‍ എന്നിവരുടെ തന്ത്രങ്ങളുടെയും അഗദവിഷയത്തിൽ അലംബായന സംഹിത, ഉശനസംഹിത എന്നിവയുടെയും സ്ഥിതിയും ഇതുതന്നെ. ഇന്നു ലഭ്യമായിട്ടുള്ള പ്രധാന ആയുർവേദ ഗ്രന്ഥങ്ങളിൽ ചിലതിനെപ്പറ്റി മാത്രം താഴെ സൂചിപ്പിക്കുന്നു.

ചരകസംഹിത. ഇതുവരെ ലഭിച്ചിട്ടുള്ളവയിൽവച്ച്‌ ഏറ്റവും പ്രാചീനമായ ആയുർവേദഗ്രന്ഥമാണ്‌ ചരകം. ആത്രയ പുനർവസുവിന്റെ ശിഷ്യനായ അഗ്നിവേശന്‍ ഗുരുവചനങ്ങളെ സംഹിതയാക്കിയെന്നും അതിനെ പിന്നീട്‌ ചരകന്‍ പ്രതിസംസ്‌കരിച്ചുവെന്നും ക്രമേണ നഷ്‌ടപ്പെട്ട അതിലെ പല ഭാഗങ്ങളും ദൃഢബലന്‍ കൂട്ടിച്ചേർത്തു പൂരിപ്പിച്ചുവെന്നും അങ്ങനെ രൂപാന്തരം പ്രാപിച്ച അഗ്നിവേശ സംഹിതയാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിതയെന്നും പറയപ്പെടുന്നു. കായചികിത്സയ്‌ക്കാണ്‌ ഇതിൽ പ്രാധാന്യം. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരീരസ്ഥാനം, ഇന്ദ്രിയസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, സിദ്ധിസ്ഥാനം എന്നിങ്ങനെ എട്ടുവിഭാഗങ്ങളിലായി 120 അധ്യായങ്ങള്‍ ഇതിലുണ്ട്‌.

സുശ്രുതസംഹിത. ധന്വന്തരിയുടെ ശിഷ്യനായ സുശ്രുതന്‍ രചിച്ച ഗ്രന്ഥമാണിത്‌. ഇതിൽ ആദ്യം ശല്യചികിത്സ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പിന്നീട്‌ സിദ്ധനാഗാർജുനന്‍ പ്രതിസംസ്‌കരിക്കുകയും ഉത്തരതന്ത്രം കൂട്ടിച്ചേർക്കുകയും ചെയ്‌തതാണ്‌ ഇന്ന്‌ കിട്ടിവരുന്ന സുശ്രൂതസംഹിതയെന്നും വ്യാഖ്യാതാവായ ഡൽഹണന്‍ പറയുന്നു. ഇതിൽ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്‌പസ്ഥാനം, ഖിലസ്ഥാനം (ഉത്തരതന്ത്രം) എന്നീ ആറു വിഭാഗങ്ങളിലായി 186 അധ്യായങ്ങള്‍ അടങ്ങിയിരിക്കുന്നു; ശല്യചികിത്സയ്‌ക്കാണ്‌ ഇതിൽ പ്രാധാന്യം നല്‌കിയിട്ടുള്ളത്‌. കശ്യപസംഹിത. മാരീചകശ്യപന്‍ വൃദ്ധജീവകനെ ഉപദേശിച്ച രൂപത്തിലാണ്‌ ഈ സംഹിത. കശ്യപനും ജീവകനും ആത്രയന്റെ സമകാലികന്മാരായിരുന്നിരിക്കണം. ഈ കൃതി ഗുപ്‌തരാജാക്കന്മാരുടെ കാലത്താണ്‌ രചിക്കപ്പെട്ടതെന്ന്‌ അത്രിദേവവിദ്യാലങ്കാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വാത്സ്യന്‍ ഇതിനെ പ്രതിസംസ്‌കരിച്ചിട്ടുണ്ട്‌. പല ഭാഗങ്ങളും മുറിഞ്ഞുപോയ നിലയിൽ നേപ്പാളിൽനിന്നും കണ്ടുകിട്ടിയ ഈ ഗ്രന്ഥം ജ്വരസമുച്ചയം എന്ന മറ്റൊരു താളിയോലഗ്രന്ഥത്തിലെ നഷ്‌ടശിഷ്‌ടങ്ങള്‍കൂടി സംയോജിപ്പിച്ചാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. കൗമാരഭൃത്യം ഇതിൽ പ്രാധാന്യേന പ്രതിപാദിച്ചിരിക്കുന്നു. സൂത്ര-നിദാന-വിമാന-ശാരീര-ഇന്ദ്രിയ-ചികിത്സാ-സിദ്ധി-കല്‌പ-ഉത്തരസ്ഥാനങ്ങളിലായി 200 അധ്യായങ്ങള്‍ ഇതിലുണ്ട്‌.

ഭേളസംഹിത. ആത്രയപുനർവസുവിന്റെ ശിഷ്യനും അഗ്നിവേശന്റെ സതീർഥ്യനുമായ ഭേളനാണ്‌ ഇതിന്റെ കർത്താവ്‌. 1959-ൽ അപൂർണരൂപത്തിൽ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ചരകസംഹിതയിലെപ്പോലെയാണ്‌ ഇതിലെയും വിഷയവിഭജനം. പക്ഷേ ചരകത്തിലെ പ്രൗഢോജ്വലമായ ഭാഷാശൈലിയോ വിഷയവിശകലന രീതിയോ ഇതിൽ കാണുന്നില്ല. ചരകസംഹിതയിലെപ്പോലെ എട്ടു സ്ഥാനങ്ങളിലായി 120 അധ്യായങ്ങളാണ്‌ ഇതിലുള്ളത്‌.

അഷ്‌ടാംഗസംഗ്രഹം. കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊർധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണ ചികിത്സ എന്നീ അഷ്‌ടാംഗ ചികിത്സകള്‍ കൈകാര്യം ചെയ്‌തിട്ടുള്ള ശാസ്‌ത്രഗ്രന്ഥങ്ങളെ ഉദ്‌ഗ്രഥന രൂപത്തിൽ സംഗ്രഹിച്ചിട്ടുള്ളതാണ്‌ വാഗ്‌ഭടപ്രണീതമായ ഈ ഗ്രന്ഥം. അഷ്‌ടാംഗ വൈദ്യകമഹോദധി മഥിച്ചെടുത്ത മഹാമൃതരാശിയാണ്‌ ഇതെന്ന്‌ ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നു. പൂർവശാസ്‌ത്രകാരന്മാർ അത്രതന്നെ വ്യക്തമാക്കാത്ത മർമപ്രധാനമായ പല ശാസ്‌ത്രസങ്കേതങ്ങളും വിശദമാക്കാന്‍ ഗ്രന്ഥകർത്താവ്‌ സമർഥമായി യത്‌നിച്ചിട്ടുണ്ട്‌. അഷ്‌ടാംഗഹൃദയം. അഷ്‌ടാംഗസംഗ്രഹത്തെ ഒന്നുകൂടി സംക്ഷേപിച്ചു രചിച്ചിട്ടുള്ള ഈ ഗ്രന്ഥം ആയുർവേദ ശാസ്‌ത്രത്തിന്റെ രത്‌നസാരമാണ്‌. വൈദ്യന്‍മാർക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥവും ഇതുതന്നെ. രുഗ്‌വിനിശ്ചയം. എ.ഡി. 8-ാം ശ.-ത്തിൽ ബംഗാളിൽ ജീവിച്ചിരുന്ന മാധവകരന്‍ എന്ന പണ്ഡിതന്‍ രചിച്ചതാണ്‌ ഈ ഗ്രന്ഥം; മാധവനിദാനം എന്ന പേരിലാണ്‌ ഇതിന്‌ കൂടുതൽ പ്രസിദ്ധി. ആയുർവേദത്തിൽ ഒരു പ്രത്യേകവിഷയം മാത്രമെടുത്തു നിർമിക്കപ്പെട്ടിട്ടുള്ള ഒരേ ഒരു അംഗീകൃതഗ്രന്ഥം ഇതാണ്‌. ചരകം, സുശ്രുതം, അഷ്‌ടാംഗസംഗ്രഹം, അഷ്‌ടാംഗഹൃദയം തുടങ്ങിയ പൂർവഗ്രന്ഥങ്ങളിൽനിന്ന്‌ രോഗനിദാനങ്ങളെ സ്‌പർശിക്കുന്ന ഭാഗങ്ങള്‍ ക്രാഡീകരിച്ച്‌ വിഷയാവബോധം വരത്തക്കവിധം സുഗമമായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. രോഗങ്ങളുടെ നിദാനം, ലക്ഷണം, സംപ്രാപ്‌തി, സാധ്യാസാധ്യനിരൂപണം മുതലായവയാണ്‌ ഇതിലെ ഉള്ളടക്കം. ചികിത്സാസാരസംഗ്രഹം അഥവാ ചക്രദത്തം. രുഗ്‌വിനിശ്ചയത്തിന്റെ ചുവടുപിടിച്ച്‌ ചക്രപാണിദത്തന്‍ എന്ന ബംഗാളി പണ്ഡിതന്‍ രചിച്ചതാണ്‌ ഈ ഗ്രന്ഥം. രുഗ്‌വിനിശ്ചയത്തിൽ പ്രതിപാദിച്ചിട്ടുള്ള രോഗങ്ങള്‍ക്ക്‌ അതേക്രമത്തിൽ ചികിത്സ നിർണയിക്കുകയാണ്‌ ഇതിൽ ചെയ്‌തിട്ടുള്ളത്‌. ആത്രയസമ്പ്രദായം, ധന്വന്തരിസമ്പ്രദായം, ശൈവ (അഗസ്‌ത്യ) സമ്പ്രദായം എന്നിവയുടെ സമഞ്‌ജസസംയോജനം നിർവഹിച്ചിട്ടുണ്ടെന്നുള്ളതാണ്‌ ഇതിന്റെ പ്രത്യേകത. സിദ്ധവൈദ്യപ്രതിപാദിതങ്ങളായ രസൗഷധങ്ങളെ യഥോചിതം കൂട്ടിച്ചേർത്തിട്ടുള്ള ആദ്യത്തെ ആയുർവേദചികിത്സാഗ്രന്ഥം ഇതാണ്‌. ചക്രദത്തം എന്ന നാമാന്തരം ഗ്രന്ഥകാരന്റെ പേരിനെ സൂചിപ്പിക്കുന്നു. ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം എന്നീ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള ദ്രവ്യങ്ങളുടെ ഗുണങ്ങളെക്കുറിച്ച്‌ വിശദമായ പ്രതിപാദനം ഇതിൽ കാണാം.

നവനീതകം. 1890-ൽ ബോവർ എന്ന ബ്രിട്ടിഷ്‌ പട്ടാളോദ്യോഗസ്ഥന്‍ മധ്യേഷ്യയിലെ കാഷ്‌ഗറിലുള്ള ഒരു സ്‌തൂപത്തിന്റെ അവശിഷ്‌ടങ്ങളിൽനിന്നും കണ്ടെടുത്ത ഏഴു ഹസ്‌തലിഖിതങ്ങളിൽപ്പെട്ട ഒരു വൈദ്യഗ്രന്ഥമാണിത്‌. ചരകസുശ്രുതങ്ങളിലെ പാഠങ്ങള്‍ക്കു പുറമേ മഹാമായൂരിവിദ്യ, മാതാംഗിവിദ്യ മുതലായവ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം ഗുപ്‌തകാലത്തു രചിക്കപ്പെട്ടതാണെന്ന്‌ ഊഹിക്കപ്പെടുന്നു. സംസ്‌കൃതഭാഷയിൽ ബ്രാഹ്മിലിപിയിൽ എഴുതിയിട്ടുള്ള ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടിട്ടുണ്ട്‌. മൂലഗ്രന്ഥം ഓക്‌സ്‌ഫഡിൽ സൂക്ഷിച്ചിരിക്കുന്നു.

ശാർങ്‌ഗധരസംഹിത. ശാർങ്‌ഗധരപ്രണീതമായ ഈ കൃതി അഷ്‌ടാംഗഹൃദയത്തിനുശേഷം നിർമിക്കപ്പെട്ടിട്ടുള്ള ഏറ്റവും നല്ല സംഗ്രഹഗ്രന്ഥം എന്ന നിലയിൽ പ്രസിദ്ധമാണ്‌. ഔഷധനിർമാണയോഗങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീനമായ മുഖ്യ ഗ്രന്ഥമാണിത്‌. അവീന്‍, ആകാരകരഭം മുതലായ ഔഷധങ്ങളുടെയും നാഡീവിജ്ഞാനത്തിന്റെയും വിവരണം ഇതിൽ കാണാം. ഭാവപ്രകാശം. 15-ാം ശ.-ത്തിൽ ഭാവമിശ്രന്‍ രചിച്ചതാണ്‌ ഈ ഗ്രന്ഥം. ഇതിലെ ദ്രവ്യവിജ്ഞാനവിഭാഗത്തിൽ പൂർവഗ്രന്ഥങ്ങളിൽ പ്രസ്‌താവിച്ചിട്ടില്ലാത്ത അനേകം പുതിയ ദ്രവ്യങ്ങളെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌. ഫിരംഗം, പൂയസ്രാവം തുടങ്ങിയ ഗുഹ്യരോഗങ്ങളെപ്പറ്റി ഒരു ആയുർവേദാചാര്യന്‍ ആദ്യമായി പ്രതിപാദിക്കുന്നത്‌ ഈ ഗ്രന്ഥത്തിലാണ്‌. പറങ്കികളിൽനിന്നും പകർന്നു കിട്ടിയ ഈ രോഗങ്ങള്‍ക്ക്‌ ചീനപ്പാവും രസവും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു ചികിത്സാപദ്ധതി ഇതിൽ ആവിഷ്‌കൃതമായിരിക്കുന്നു. രസായന വാജീകരണങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോഴും ഗ്രന്ഥകാരന്‍ ഗതാനുഗതികത്വത്തെവിട്ട്‌ സ്വതന്ത്രമായ ഒരു ചിന്താഗതിയും സമീപനവും സ്വീകരിച്ചിരിക്കുന്നു.

ഭൈഷജ്യരത്‌നാവലി. ഗോവിന്ദദാസകൃതമായ ഈ ഗ്രന്ഥത്തിൽ ആയുർവേദചികിത്സകന്മാർക്കുള്ള അനവധി നിർദേശങ്ങളും ഔഷധവിധികളും അടങ്ങിയിരിക്കുന്നു. ഭാവപ്രകാശത്തിനുശേഷം പുതിയ രോഗങ്ങളുടെയും ഔഷധങ്ങളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചു നിർമിച്ചിട്ടുള്ള ഗ്രന്ഥമാണിത്‌. വൃക്കകളിലും മസ്‌തിഷ്‌കത്തിലും മറ്റും ആധുനികകാലത്ത്‌ പ്രചരിച്ചിട്ടുള്ള രോഗങ്ങളുടെ വിവരണവും ചികിത്സാവിധികളും ഇതിലുണ്ട്‌. യോഗരത്‌നാകരം. വൈദ്യന്മാർക്കിടയിൽ വളരെ പ്രചാരം ലഭിച്ചിട്ടുള്ള ഈ ഗ്രന്ഥത്തിന്റെ കർത്താവ്‌ ആരെന്നു നിശ്ചയമില്ല. 17-ാം ശ.-ത്തിലാണ്‌ ഇതിന്റെ ആവിർഭാവം. സി.കെ. വാസുദേവശർമ ഇതിന്‌ വൈദ്യരത്‌നവ്യാഖ്യ എന്ന പേരിൽ ഒരു മലയാള വ്യാഖ്യാനം എഴുതിയിട്ടുണ്ട്‌.

വൈദ്യജീവനം. 17-ാം ശ.-ത്തിൽ ലോലിംബരാജന്‍ എഴുതിയതാണ്‌ ഈ ഗ്രന്ഥം. ഇതിൽ അനുഭവസിദ്ധങ്ങളായ അനേകം ഔഷധയോഗങ്ങള്‍ അടങ്ങിയിരിക്കുന്നു. വീരസിംഹാവലോകം. ഗ്വാളിയറിലെ ഒരു രാജാവായിരുന്ന വീരസിംഹനാണ്‌ ഇതിന്റെ കർത്താവ്‌. ജ്യോതിഷം, വൈദ്യം, നിയമം എന്നിവയെല്ലാം ഇതിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ആയുർവേദസൂത്രം. യോഗശാസ്‌ത്രത്തെയും ആയുർവേദത്തെയും കൂട്ടിയിണക്കി, പ്രാണായാമം തുടങ്ങിയ യോഗശാസ്‌ത്രവിധികളെ രോഗനിരോധനത്തിനും രോഗനിവാരണത്തിനും പ്രയോജനപ്പെടുത്താമെന്നു കാണിക്കുന്ന ഒരു ഗ്രന്ഥമാണിത്‌.

ജീവാനന്ദനം. ആയുർവേദശാസ്‌ത്രത്തെ പ്രതിപാദ്യമാക്കി നിർമിച്ചിട്ടുള്ള ഒരു നാടകമാണിത്‌. പ്രധാനമായും രോഗങ്ങളാണ്‌ ഇതിലെ കഥാപാത്രങ്ങള്‍; ജീവനാണ്‌ കഥാനായകനായ രാജാവ്‌. ബുദ്ധിയും ജ്‌ഞാനവും അദ്ദേഹത്തിന്റെ സചിവന്മാർ; രാജയക്ഷ്‌മാവ്‌ (ക്ഷയം) പ്രതിനായകന്‍. ജ്വരം, കാസം, ശ്വാസം തുടങ്ങിയ അനുയായികളുടെ സഹായത്തോടെ കഥാനായകനായ ജീവനെതിരെ രാജയക്ഷ്‌മാവ്‌ യുദ്ധം പ്രഖ്യാപിക്കുന്നതും സുദീർഘമായ പോരാട്ടത്തിനുശേഷം ജീവന്‍ അനേകം ആയുർവേദൗഷധങ്ങളുടെ സഹായത്തോടെ അന്തിമവിജയം പ്രാപിക്കുന്നതും ഇതിൽ വർണിച്ചിരിക്കുന്നു. തഞ്ചാവൂർ രാജാവിന്റെ മന്ത്രിയായിരുന്ന ആനന്ദരായമാഘനാണ്‌ ഇതിന്റെ രചയിതാവ്‌.

രസരത്‌നസമുച്ചയം. 13-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഒരു വാഗ്‌ഭടന്റെ കൃതിയാണിത്‌. രസചികിത്സ സമഗ്രമായി പ്രതിപാദിക്കുന്ന ഒരു സംഗ്രഹഗ്രന്ഥമെന്ന നിലയിൽ ഇത്‌ വിലപ്പെട്ടതാണ്‌. രസങ്ങള്‍-മഹാരസങ്ങള്‍, ഉപരസങ്ങള്‍, സാധാരണരസങ്ങള്‍-രത്‌നങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ ശോധനാപ്രകാരവും ഭസ്‌മീകരണസമ്പ്രദായവും പൂർവഖണ്ഡത്തിലും സാമാന്യമായി എല്ലാ രോഗങ്ങളുടെയും രസൗഷധ പ്രധാനമായ ചികിത്സാക്രമം ഉത്തരഖണ്ഡത്തിലും നിബന്ധിച്ചിരിക്കുന്നു.

രസതന്ത്രകൃതികള്‍. രസതന്ത്രപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങള്‍ നിരവധിയാണ്‌. ഗോവിന്ദഭാഗവതർ എന്ന ബുദ്ധഭിക്ഷു രചിച്ച രസഹൃദയതന്ത്രം, നിത്യനാഥന്‍ രചിച്ച രസരത്‌നാകരം, നാഗാർജുനപ്രണീതമായ രസേന്ദ്രമംഗളം (ഇതിന്റെ നാല്‌ അധ്യായങ്ങളേ കിട്ടിയുട്ടുള്ളൂ), സിദ്ധനിത്യനാദന്റെ രസാകര രത്‌നം, ധുംദുക നാഥന്റെ രസേന്ദ്രചിന്താമണി, ഗോപാലകൃഷ്‌ണഭട്ടാചാര്യന്റെ രസേന്ദ്രസാരസംഗ്രഹം, ഗോവിന്ദാചാര്യന്റെ രസസാരം, മന്ഥാനസിംഹന്റെ രസനക്ഷത്രമാലിക, ദേവദത്തന്റെ ധാതുരത്‌നമാല, മാധവാചാര്യന്റെ രസകൗമുദി, രസേന്ദ്രകല്‌പദ്രുമം, രസപ്രദീപം, രസകല്‌പം. ബിന്ദുവിന്റെ രസപദ്ധതി മുതലായവ ആ വകുപ്പിൽപ്പെടുന്ന കൃതികളാണ്‌. മാധവോപാധ്യായന്റെ ആയുർവേദപ്രകാശം രസൗഷധഗ്രന്ഥങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. തിരുവനന്തപുരം സംസ്‌കൃത ഗ്രന്ഥാവലിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള രസവൈശേഷികത്തിന്റെ സൂത്രകർത്താവ്‌ ഭദന്തനാഗാർജുനനും ഭാഷ്യകാരന്‍ ഒരു നിരസിംഹനുമാണ്‌. ഇതിലെ പ്രതിപാദ്യം ആരോഗ്യശാസ്‌ത്ര തത്ത്വങ്ങളും രസനിരൂപണങ്ങളും മറ്റുമാണ്‌. പ്രസ്‌തുത ഗ്രന്ഥാവലിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥമാണ്‌ രസോപനിഷത്ത്‌. 18 അധ്യായങ്ങളടങ്ങിയ ഈ കൃതിയിലെ പ്രതിപാദ്യവും രസതന്ത്രം തന്നെ.

കേരളീയ സംഭാവനകള്‍. ആയുർവേദശാസ്‌ത്ര സാഹിത്യത്തിൽ പ്രശംസാർഹമായ സംഭാവനകള്‍ നല്‌കിയിട്ടുള്ളവരാണ്‌ കേരളീയർ. അവയിൽ ചിലതു താഴെ പറയുന്നു. ഹൃദയപ്രിയം. അഷ്‌ടാംഗഹൃദയം മുതലായ ഗ്രന്ഥങ്ങളിലെ പ്രതിപാദ്യത്തെ ആധാരമാക്കി വൈക്കത്തു പാച്ചുമൂത്തത്‌ എഴുതിയ ഗ്രന്ഥമാണ്‌ ഹൃദയപ്രിയം. ഇതിന്‌ സുഖസാധകം എന്ന പേരിൽ ഒരു സംക്ഷേപവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.

യോഗാമൃതം. പ്രസിദ്ധമായ ഒരു മണിപ്രവാള വൈദ്യഗ്രന്ഥമാണിത്‌. അഷ്‌ടാംഗഹൃദയത്തിന്‌ "ഭാസ്‌കര' വ്യാഖ്യാനം എഴുതിയ ഉപ്പോട്ടുകച്ചന്‍ തന്നെയാണ്‌ ഇതിന്റെ കർത്താവെന്ന്‌ സി.വി.കുഞ്ഞുരാമന്‍ ഖണ്ഡിതമായി പ്രസ്‌താവിക്കുന്നു.

വൈദ്യമനോരമ. കേരളീയരുടെ സവിശേഷ കൗശലങ്ങളെന്നു കരുതാവുന്നവയും മറ്റു ഗ്രന്ഥങ്ങളിൽ കാണാത്തവയുമായ പല ഔഷധപ്രയോഗങ്ങളും അടങ്ങിയിട്ടുള്ള ഈ ഗ്രന്ഥം കേരളീയ വൈദ്യന്മാർക്കിടയിൽ പ്രചുരപ്രചാരമുള്ള ഒന്നാണ്‌. ജ്വരം മുതൽ രസായനവാജീകരണങ്ങള്‍ വരെയുള്ള വിഷയങ്ങള്‍ 22 പടലങ്ങളിലായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. 20 പടലങ്ങള്‍മാത്രം അടങ്ങിയ ഇതേഗ്രന്ഥം യാദവശർമ ബോംബേയിൽനിന്ന്‌ നാഗരീലിപിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇതിന്റെ കർത്താവ്‌ വൈദ്യവര്യശ്രീ കാളിദാസന്‍ കേരളീയനാണെന്നു ശർമ പറയുന്നു.

ധാരാകല്‌പം. കേരളീയമായ ധാര എന്ന ചികിത്സാരീതിയെ ആസ്‌പദമാക്കി രചിച്ച കൃതിയാണ്‌ ധാരാകല്‌പം. "സഹസ്രയോഗ'ത്തിൽ ഇത്‌ ചേർത്തുകാണാം. സിന്ദൂരമഞ്‌ജരി. ചെമ്പ്‌, ഇരുമ്പ്‌, ഗന്ധകം, അഭ്രം, രസം മുതലായവയുടെ സംസ്‌കാരവിധികളടങ്ങുന്ന ഈ ഗ്രന്ഥം തൃശൂർ തൈക്കാട്ടു നാരായണ്‍ മൂസസ്‌തിന്റെ സ്വതന്ത്രകൃതിയാണ്‌. ആരോഗ്യകല്‌പദ്രുമം. കൈക്കുളങ്ങര രാമവാര്യരുടെ ഈ കൃതി പ്രസിദ്ധമായ ഒരു ബാലചികിത്സാഗ്രന്ഥമാണ്‌. മറ്റൊരു ബാലചികിത്സാഗ്രന്ഥമാണ്‌ വള്ളത്തോള്‍ നാരായണമേനോന്റെ ആരോഗ്യചിന്താമണി; കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ കരപ്പന്‍, എൽ.എ. രവിവർമയുടെ കുമാരഭൃത്യം എന്നിവയും ബാലചികിത്സാഗ്രന്ഥവിഭാഗത്തിൽപ്പെടുന്നു.

ആലത്തൂർ മണിപ്രവാളം. യോഗാമൃതം പോലെ മണിപ്രവാളത്തിൽ വിരചിതമായ ഒരു ചികിത്സാഗ്രന്ഥമാണിത്‌. സഹസ്രയോഗം. അഷ്‌ടാംഗഹൃദയത്തിലും മറ്റും കാണാത്തതും തലമുറകളായി കേരളത്തിൽ ഉപയോഗിച്ചുവരുന്നതുമായ കൊമ്പഞ്ചാദി, ധന്വന്തരം, കസ്‌തൂര്യാദി മുതലായ ഗുളികകളുടെയും ഇളനീർകുഴമ്പ്‌ മുതലായ അഞ്‌ജനങ്ങളുടെയും മറ്റും യോഗങ്ങളുള്‍ക്കൊള്ളുന്ന ഒരു മണിപ്രവാളഗ്രന്ഥമാണിത്‌.

മേല്‌പറഞ്ഞ ഗ്രന്ഥങ്ങള്‍ക്കുപുറമേ, ചികിത്സാക്രമം, യോഗരത്‌നപ്രകാശിക, വൈദ്യമഞ്‌ജരി, ചികിത്സാമഞ്‌ജരി, ചികിത്സാനൂൽ, സന്നിപാതചികിത്സ, നേത്രരോഗചികിത്സ തുടങ്ങി വേറെയും കൃതികള്‍ പഴയ കേരളീയ കുടുംബങ്ങളിൽ സുപരിചിതമാണ്‌. കേരളത്തിൽ പണ്ടുമുതല്‌ക്കേ നിലവിലിരുന്ന യോഗങ്ങളുടെയും ചികിത്സാക്രമങ്ങളുടെയും സമാഹാരങ്ങളാണിവ. പഞ്ചകർമം എന്ന പേരിൽ മനകോടം കേശവന്‍ വൈദ്യരും വസ്‌തിപ്രദീപം എന്ന പേരിൽ പാണാവള്ളി കൃഷ്‌ണന്‍ വൈദ്യരും നിർമിച്ച ഗ്രന്ഥങ്ങളും വളരെ പ്രയോജനകരമായ വൈദ്യസഹായികളാണ്‌. ചാവർകോട്ട്‌ കെ.എന്‍. കുഞ്ഞുശങ്കരന്‍വൈദ്യന്റെ സിദ്ധയോഗാവലിയും സി.ആർ. കേശവന്‍വൈദ്യരുടെ പ്രത്യൗഷധവിധിയും പ്രഥമ ചികിത്സയും എന്ന കൃതിയും ശ്രദ്ധേയങ്ങളായ ഗ്രന്ഥങ്ങളാണ്‌.

വിഷവൈദ്യം. കൈരളീയ വിഷവൈദ്യഗ്രന്ഥങ്ങളിൽ പ്രധാനം കാരാട്ടു നമ്പൂതിരിയുടേതെന്നു വിശ്വസിക്കപ്പെടുന്ന ജ്യോത്സ്‌നിക ആണ്‌. കൊച്ചുച്ചിത്തമ്പുരാന്‍ മലയാളത്തിലേക്കു വിവർത്തനം ചെയ്‌തിട്ടുള്ള പ്രയോഗസമുച്ചയം, പി.വി. കൃഷ്‌ണവാര്യരുടെ വിഷവൈദ്യം, ആറ്റൂർ കൃഷ്‌ണപ്പിഷാരടിയുടെ വിഷവൈദ്യസാരസംഗ്രഹം എന്നിവ ഈ വിഷയത്തിൽ ശ്രദ്ധേയങ്ങളായ സംഭാവനകളാണ്‌. നിഘണ്ടുക്കള്‍. ദ്രവ്യങ്ങളുടെ ലക്ഷണഗുണവർണനാപരങ്ങളായ വിവരങ്ങള്‍ ചരകം, സുശ്രുതം തുടങ്ങിയ എല്ലാ സംഹിതാഗ്രന്ഥങ്ങളിലും ലഭ്യമാണ്‌; എന്നാൽ അവയുടെ ലക്ഷണങ്ങളെയും രസവീര്യവിപാകപ്രഭാവങ്ങളെയും ഗുണങ്ങളെയും പ്രസ്‌താവിക്കാന്‍വേണ്ടിമാത്രം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള നിഘണ്ടുക്കള്‍ അഞ്ചാം ശ.-ത്തോടുകൂടിയാണ്‌ ആവിർഭവിച്ചുതുടങ്ങിയത്‌. ധന്വന്തരിനിഘണ്ടുവാണ്‌ ഏറ്റവും പഴക്കമുള്ള നിഘണ്ടു. അതിൽ അന്ന്‌ അറിയപ്പെട്ടിരുന്ന ദ്രവ്യങ്ങളെ ഏഴുവർഗങ്ങളായി തിരിച്ചു വിവരിച്ചിരിക്കുന്നു. 14-ാം ശ.-ത്തിൽ മദനപാലന്‍ നിർമിച്ച മദനവിനോദം നിഘണ്ടുവിൽ ദ്രവ്യങ്ങളെ 13 വർഗങ്ങളായി തിരിച്ചിട്ടുണ്ട്‌. 15-ാം ശ.-ത്തിൽ നിർമിക്കപ്പെട്ട രാജനിഘണ്ടുവും കൈയദേവനിഘണ്ടുവും ദ്രവ്യങ്ങളെ യഥാക്രമം 16-ഉം 9-ഉം വർഗങ്ങളായി തിരിച്ചാണ്‌ വിവരിച്ചിരിക്കുന്നത്‌. 16-ാം ശ.-ത്തിൽ നിർമിതമായ ഭാവപ്രകാശത്തിൽ ദ്രവ്യങ്ങളെ 22 വർഗങ്ങളായി തിരിച്ച്‌ കൂടുതൽ വിശദമായി വിവരിക്കുവാന്‍ യത്‌നിച്ചിട്ടുണ്ട്‌. 17-ാം ശ.-ത്തിലെ രാജവല്ലഭനിഘണ്ടുവിലും, 18-ാം ശ.-ത്തിലെ നിഘണ്ടുസംഗ്രഹത്തിലും, 19-ാം ശ.-ത്തിലെ നിഘണ്ടുരത്‌നാകരം, ശാലിഗ്രാമനിഘണ്ടു എന്നിവയിലും ഭാവപ്രകാശത്തിന്റെ വർഗീകരണരീതിയും പ്രതിപാദനരീതിയും ഏറെക്കുറെ അവലംബിച്ചിരിക്കുന്നു. ചക്രപാണിദത്തന്റെ ദ്രവ്യഗുണസംഗ്രഹത്തിൽ അന്നപാനാദികളെക്കുറിച്ചുള്ള വിവരണം അടങ്ങിയിരിക്കുന്നു. ഇവയ്‌ക്കു പുറമേ ആധുനികരീതിയിൽ അകാരാദിക്രമത്തിലും ആയുർവേദനിഘണ്ടുക്കള്‍ ഉണ്ടായിട്ടുണ്ട്‌.

സസ്യൗഷധസമൃദ്ധമായ കേരളത്തിൽ ഔഷധാദികളെക്കുറിച്ചുള്ള പഠനം പണ്ടുമുതൽ പുരോഗമിച്ചിട്ടുണ്ടെങ്കിലും നിഘണ്ടുരൂപത്തിൽ അവയെ സംഗ്രഹിക്കാന്‍ തുടങ്ങിയിട്ട്‌ വളരെ കാലമായിട്ടില്ല. 17-ാം ശ.-ത്തിൽ കൊച്ചിയിൽ ഡച്ചുഗവർണറായിരുന്ന വാന്‍ റീഡ്‌ ഹോർത്തൂസ്‌ ഇന്‍ഡിക്കസ്‌ മലബാറിക്കൂസ്‌ എന്ന പേരിൽ ഔഷധച്ചെടികള്‍ ഉള്‍പ്പെടെ കേരളത്തിലെ സസ്യങ്ങളെ സംബന്ധിച്ച്‌ 12 വാല്യങ്ങളുള്ള സമഗ്രമായ ഒരു സസ്യശാസ്‌ത്രഗ്രന്ഥം തയ്യാറാക്കുകയുണ്ടായി. ചേർത്തല കരപ്പുറത്തു കടക്കരപ്പള്ളിയിൽ കൊല്ലാട്ടുകുടുംബത്തിലെ ഇട്ടി അച്യുതന്‍ വൈദ്യനാണ്‌ പ്രധാനമായും ഈ ഗ്രന്ഥത്തിനാവശ്യമായ വിജ്ഞാനവിവരങ്ങള്‍ നല്‌കിയത്‌. ആയിരക്കണക്കിനു ചെടികളുടെ ചിത്രം, നിറം, മണം, സ്വാദ്‌, ഉപയോഗമായും വിശദമായും ഈ ഗ്രന്ഥസമുച്ചയത്തിൽ വിവരിച്ചിരിക്കുന്നു. 1906-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ആലപ്പുഴ തയ്യിൽ കുമാരകൃഷ്‌ണന്‍ വൈദ്യന്റെ ഔഷധ നിഘണ്ടു ഇന്നോളമുണ്ടായിട്ടുള്ള ആയുർവേദനിഘണ്ടുക്കളിൽവച്ചു അത്യുത്തമമെന്നാണ്‌ പണ്ഡിതമതം. സംസ്‌കൃതത്തിലും മലയാളത്തിലും ദ്രവ്യനാമങ്ങള്‍ നല്‌കി അവയുടെ രസവീര്യവിപാകങ്ങളെ സമഗ്രമായി ഇതിൽ വിവരിക്കുന്നു. ഈ നിഘണ്ടുവിന്റെ ഔൽകൃഷ്‌ട്യത്തെ അംഗീകരിച്ചുകൊണ്ട്‌ കേന്ദ്രഗവണ്‍മെന്റ്‌ എല്ലാ ഗവേഷണവിദ്യാർഥികള്‍ക്കും പണ്ഡിതന്മാർക്കും ഉപകരിക്കത്തക്കവച്ചം ഇതിനെ സംസ്‌കൃതത്തിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചോലയിൽ കെ.എം. വൈദ്യരും കാണിപ്പയ്യൂർ ശങ്കരന്‍ നമ്പൂതിരിപ്പാടും കോണത്തു രാമവാരിയരും ഓരോ ആയുർവേദനിഘണ്ടു നിർമിച്ചിട്ടുണ്ട്‌. ഗോവിന്ദപ്പിള്ളയുടെ ഔഷധനിഘണ്ടു, താമരക്കുളം ജി.കൊച്ചു ശങ്കരന്‍വൈദ്യരുടെ ആയുർവേദ ഔഷധനിഘണ്ടു, കെ.കെ. പണിക്കരുടെ ആയുർവേദവിശ്വകോശം എന്നിവ ഈ രംഗത്ത്‌ ഉയർന്നുവന്നിട്ടുള്ള പരിഗണനാർഹങ്ങളായ സംഭാവനകളാണ്‌.

വ്യാഖ്യാനങ്ങള്‍. ആയുർവേദത്തിലെ പ്രാമാണികങ്ങളായ പ്രാചീനഗ്രന്ഥങ്ങള്‍ സംസ്‌കൃതഭാഷയിലാണ്‌ എഴുതപ്പെട്ടിട്ടുള്ളത്‌. വ്യാഖ്യാനാപേക്ഷ കൂടാതെ അവസുഗ്രഹമല്ല. സംസ്‌കൃതത്തിലും പ്രാദേശികഭാഷകളിലും ചരകം, സുശ്രുതം, അഷ്‌ടാംഗഹൃദയം മുതലായ ഗ്രന്ഥങ്ങള്‍ക്ക്‌, പ്രത്യേകിച്ച്‌ അഷ്‌ടാംഗഹൃദയത്തിന്‌, അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്‌.

ചരകത്തിന്റെ ഏറ്റവും പഴയവ്യാഖ്യാനം ഭട്ടാരഹരിശ്ചന്ദ്രന്റെ ചരകന്യാസമാണ്‌. ആദ്യത്തെ മൂന്നധ്യായം മുറിഞ്ഞുപോയ നിലയിൽ മദ്രാസ്‌ ഓറിയന്റൽ ലൈബ്രറിയിലുണ്ട്‌. ഗംഗാധരപ്രണീതമാണ്‌ ചരകത്തിന്റെ കല്‌പതരൂടിക. നിരന്തരപദവ്യാഖ്യ എന്ന വ്യാഖ്യാനം വാഗ്‌ഭടശിഷ്യനായ ജജ്ജടന്‍ രചിച്ചതാണ്‌. കുറെയൊക്കെ നഷ്‌ടപ്പെട്ട നിലയിൽ ഈ വ്യാഖ്യാനത്തോടുകൂടിയ ചികകിത്സിതസ്ഥാനം ലാഹോറിൽനിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചരകപഞ്ചിക എന്ന വ്യാഖ്യാനം സ്വാമി കുമാരന്റേതാണ്‌. ആയുർവേദിദീപിക അഥവാ ചരകതാത്‌പര്യം ആണ്‌ ചക്രപാണിദത്തന്റെ വ്യാഖ്യാനം. തത്ത്വചന്ദ്രിക എന്ന വ്യാഖ്യാനം ശിവദാസസേനന്‍ എഴുതിയതാണ്‌. ഈ വ്യാഖ്യാനവും ഇപ്പോള്‍ പൂർണമായി കിട്ടാനില്ല. ചരകം ടി.സി. പരമേശ്വരന്‍ മൂസ്സ്‌ത്‌ മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌.

സുശ്രുത വ്യഖ്യാനങ്ങളിൽ ചക്രപാണിദത്തന്‍ എഴുതിയ ഭാനുമതീടീകയും ഡൽഹണാചാര്യന്‍ എഴുതിയ നിബന്ധസംഗ്രഹവുമാണ്‌ പ്രസിദ്ധം. ജജ്ജടന്‍ സുശ്രുതത്തിന്‌ ഒരു വ്യാഖ്യാനമെഴുതുകയും തിസ്സടപുത്രനായ ചന്ദ്രടന്‍ അതിനെ ആധാരമാക്കി സുശ്രുതത്തിന്‌ പാഠശുദ്ധി വരുത്തുകയും സ്വയം ഒരു വ്യാഖ്യാനമെഴുതുകയും ചെയ്‌തതായി പറയപ്പെടുന്നു. ഗംഗാധരറോയിയുടെ ശിഷ്യന്മാരിൽ പ്രമുഖനായ ഹാരാണചക്രവർത്തിയുടെ സുശ്രുതാർഥസന്ദീപനം എന്ന വ്യാഖ്യാനം സുശ്രുതസംഹിതയ്‌ക്ക്‌ എഴുതപ്പെട്ടിട്ടുള്ള വ്യാഖ്യാനങ്ങളിൽ ഒടുവിലത്തേതാണ്‌. ശസ്‌ത്രക്രിയ സംബന്ധിച്ച പ്രായോഗിക നിർദേശങ്ങള്‍ സ്വാനുഭവ പുരസ്‌കൃതമായി ഇതിൽ ധാരാളം കൊടുത്തിട്ടുണ്ട്‌. ഹിന്ദിയിൽ ഒരു വ്യാഖ്യാനമുള്ളത്‌ കവിരാജ്‌ ഡോ. അംബികാദത്തശാസ്‌ത്രി രചിച്ച ആയുർവേദതത്ത്വസംദീപികയാണ്‌. സി.കെ. വാസുദേവശർമ നിദാനസ്ഥാനവും ശാരീരസ്ഥാനവും ചികിത്സിതസ്ഥാനവും കല്‌പസ്ഥാനവും ഉത്തരസ്ഥാനവും, വടക്കേപ്പാട്ടുനാരായണന്‍ നായർ സൂത്രസ്ഥാനവും മലയാളത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്‌. എം.നാരായണന്‍ വൈദ്യന്‍ ശാരീരസ്ഥാനവും ചികിത്സാസ്ഥാനവും കല്‌പസ്ഥാനവും വ്യാഖ്യാനിച്ചിട്ടുള്ളതായി കാണുന്നു.

അഷ്‌ടാംഗസംഗ്രഹത്തിന്‌ ഇന്ദുവ്യാഖ്യാനമാണ്‌ പ്രചാരത്തിലിരിക്കുന്നത്‌. അഷ്‌ടാംഗഹൃദയത്തിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങള്‍ നിരവധിയാണ്‌. ഹേമാദ്രിയുടെ ആയുർവേദരസായനം, അരുണദത്തിന്റെ സർവാംഗസുന്ദരീവ്യാഖ്യാനം, ഇന്ദുവിന്റെ ശശിലേഖാവ്യാഖ്യാനം, ദാമോദരന്റെ സാങ്കേതമഞ്‌ജരി, ആശാധരന്‍, രാമനാഥന്‍, തോഡരമല്ലന്‍, ഭട്ടനരഹരി അഥവാ നൃസിംഹകവി എന്നിവരുടെ വ്യാഖ്യാനങ്ങള്‍, ചന്ദ്രചന്ദനന്റെ പാഠാർഥചന്ദ്രിക, അജ്ഞാതകർതൃകങ്ങളായ പാഠ്യം, ഹൃദയബോധിക എന്നിവ അക്കൂട്ടത്തിൽപെടുന്നു. കേരളത്തിൽ പ്രചാരമുള്ള വ്യാഖ്യാനമാണ്‌ പാഠ്യം. ഇതിനെ ആധാരമാക്കി പല വ്യാഖ്യാനങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്‌. പുലാമന്തോള്‍മൂസ്സ്‌ നിർമിച്ചതാണ്‌ കൈരളി എന്ന വ്യാഖ്യാനം; അഷ്‌ടാംഗഹൃദയം ഉത്തരസ്ഥാനം മാത്രമേ അതിൽ വ്യാഖ്യാനവിധേയമായിട്ടുള്ളൂ. ആലത്തിയൂർ പരമേശ്വരന്‍ നമ്പൂതിരിയുടെ വാക്യദീപിക, കൈക്കുളങ്ങര രാമവാര്യരുടെ സാരാർഥദർപണവും ഭാവപ്രകാശവും, ഉപ്പോട്ടു കച്ചന്റെ ഭാസ്‌കരം, കായിക്കര ഗോവിന്ദന്‍വൈദ്യരുടെ അരുണോദയം തുടങ്ങി നിരവധി വ്യാഖ്യാനങ്ങള്‍ അഷ്‌ടാംഗഹൃദയത്തിന്റെ സാരം വെളിപ്പെടുത്തുന്നവയായുണ്ട്‌. പ്രസിദ്ധമായ മറ്റു രണ്ടു വ്യാഖ്യാനങ്ങളാണ്‌ ഹൃദ്യയും ലളിതയും. ലളിതയുടെ കർത്താവ്‌ മറ്റൊരു പുലാമന്തോള്‍ മൂസ്സാണ്‌.

വാത്സ്യന്‍ പ്രതിസംസ്‌കരിച്ച കാശ്യപസംഹിത വ്യാഖ്യാനിച്ചിട്ടുള്ളത്‌ നേപാളരാജഗുരുവായ ഹേമരാജശർമയാണ്‌. കാശിരാമന്റെ ഗൂഢാർഥദീപികയും അധമല്ലന്റെ ദീപികയും ചേർത്താണ്‌ ശാർങ്‌ഗധരസംഹിത പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. പോപദേവനാണ്‌ മറ്റൊരു വ്യാഖ്യാതാവ്‌. മലയാളത്തിൽ ചേപ്പാട്ടു കെ. അച്യുതവാര്യർ ഗൂഢാർഥചന്ദ്രിക എന്ന പേരിലും ആനേക്കളീലിൽ എസ്‌. ഗോപാലപിള്ള ഹൃദയപ്രിയ എന്ന പേരിലും ഇതിന്‌ ഓരോ വ്യാഖ്യാനം എഴുതിയിട്ടുണ്ട്‌. മാധവനിദാനത്തിന്‌ രണ്ടു പ്രസിദ്ധ വ്യാഖ്യാനങ്ങളുണ്ട്‌: ഒന്ന്‌ വാചസ്‌പതി എഴുതിയ ആതങ്കദർപ്പണം; മറ്റേത്‌ വിജയരക്ഷിതനും ശ്രീകണ്‌ഠനും ചേർന്നെഴുതിയ മധുകോശവ്യാഖ്യാനം. മലയാളത്തിൽ പരവൂർ വി. കേശവനാശാന്റെ സാരചന്ദ്രിക എന്ന വ്യാഖ്യാനത്തിനാണ്‌ പ്രാമുഖ്യം. അദ്ദേഹം ശാർങ്‌ഗധരം, ഭാവപ്രകാശം, ഭൈഷജ്യരത്‌നാവലി എന്നിവയ്‌ക്ക്‌ അപൂർണവ്യാഖ്യാനങ്ങള്‍ നിർമിച്ചിട്ടുള്ളതായി കാണുന്നു. ബ്രഹ്മശങ്കരശാസ്‌ത്രിയാണ്‌ ഭാവപ്രകാശത്തിന്‌ സംസ്‌കൃതത്തിൽ വ്യാഖ്യാനം ചമച്ചിട്ടുള്ളത്‌; മലയാളത്തിൽ ചേപ്പാട്ട്‌ കെ. അച്യുതവാരിയരും.

മറ്റു പല ആയുർവേദഗ്രന്ഥങ്ങള്‍ക്കും മലയാളത്തിൽ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്‌. സഹസ്രയോഗത്തിന്‌ കെ.വി. കൃഷ്‌ണന്‍വൈദ്യനും എസ്‌. ഗോപാലപിള്ളയും ചേർന്നെഴുതിയ സുജനപ്രിയാവ്യാഖ്യാനവും സർവരോഗചികിത്സാരത്‌നത്തിന്‌ എസ്‌.ഗോപാലപിള്ള എഴുതിയ സുജനാനന്ദിനീവ്യാഖ്യാനവും, അർക്കപ്രകാശത്തിന്‌ കമ്മാഞ്ചേരി ഗോവിന്ദന്‍ വൈദ്യനും എ.എം. കൃഷ്‌ണനാശാനും ചേർന്നെഴുതിയ മുകുരസ്ഥീവ്യാഖ്യാനവും, ലോലിംബരാജന്റെ വൈദ്യജീവനം എന്ന ഗ്രന്ഥത്തിന്‌ ഒ.എന്‍. കൃഷ്‌ണക്കുറുപ്പെഴുതിയ സുജനപ്രിയാവ്യാഖ്യാനവും വൈദ്യമനോരമയ്‌ക്ക്‌ ടി.സി. പരമേശ്വരന്‍ മൂസ്സതും ധാരാകല്‌പത്തിന്‌ ആറ്റുപുരത്തു ഇമ്പിച്ചന്‍ഗുരുക്കളും എഴുതിയ വ്യാഖ്യാനങ്ങളും അവയിൽ ചിലതു മാത്രമാണ്‌. ആയുർവേദത്തിന്‌ ഇപ്പോള്‍ കൈവന്നിട്ടുള്ള ഉണർവ്‌ നിരവധി ആയുർവേദഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു കാരണമായിട്ടുണ്ട്‌. പലവക. ആയുർവേദത്തിന്റെ അവാന്തരവിഭാഗങ്ങളായ മൃഗായുർവേദത്തിലും വൃക്ഷായുർവേദത്തിലും ഗ്രന്ഥങ്ങള്‍ നിർമിക്കപ്പെട്ടിട്ടുണ്ട്‌. പാലകാപ്യന്റെ ഹസ്‌ത്യായുർവേദം, ജയദത്തന്റെ അശ്വവൈദ്യകം, നകുലന്റെ അശ്വചികിത്സ, സുരപാലന്റെ വൃക്ഷായുർവേദം എന്നിവ ഉദാഹരണങ്ങളാണ്‌.

ഇങ്ങനെ ആയുർവേദത്തിന്റെ വിവിധ ശാഖകളിലായി അസംഖ്യം ഗ്രന്ഥങ്ങള്‍ ആവിർഭവിച്ചിട്ടുണ്ടെങ്കിലും വൈദ്യലോകം പൊതുവേ സ്വീകരിച്ചിട്ടുള്ള പ്രമാണഗ്രന്ഥങ്ങള്‍ ചരകം, സുശ്രുതം, അഷ്‌ടാംഗസംഗ്രഹം എന്നിവ ഉള്‍ക്കൊള്ളുന്ന ബൃഹത്‌ത്രയിയും, അഷ്‌ടാംഗഹൃദയം, മാധവനിദാനം, ശാർങ്‌ഗധരസംഹിത എന്നിവ ഉള്‍ക്കൊള്ളുന്ന ലഘുത്രയിയുമാകുന്നു.

ആയുർവേദാചാര്യന്മാർ

ആയുർവേദം ഒരു ഉപവേദമാണെന്നും അതല്ല അഞ്ചാമത്തെ വേദമാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്‌. ഏതായാലും ആയുർവേദത്തിനു വേദങ്ങളോടുള്ള ബന്ധം അഭേദ്യമാണ്‌. ബ്രഹ്മവൈവർത്തപുരാണത്തിൽ, "ഋഗ്‌യജുസ്സാമാഥർവാഖ്യാന്‍ ദൃഷ്‌ട്വാ ദേവാന്‍ പ്രജാപതിഃ വിചിന്ത്യ തേഷാമർഥം ചൈ- വായുർവേദം ചകാര സഃ കൃത്വാ തു പഞ്ചമം വേദം.' എന്നു പറഞ്ഞിരിക്കുന്നു. എല്ലാ വേദങ്ങളെയും പോലെ ആയുർവേദവും ബ്രഹ്മമുഖത്തിൽനിന്നും ഉദ്‌ഭവിച്ചതാണെന്ന ഒരു സങ്കല്‌പം നിലവിലുണ്ട്‌. പുരാണങ്ങളിലെയും സംഹിതകളിലെയും പ്രസ്‌താവം അനുസരിച്ച്‌ ആയുർവേദത്തിന്റെ ആദ്യകാലാചാര്യന്മാർ ദേവന്മാരാണ്‌; അവരിൽനിന്ന്‌ മഹർഷിമാരിലേക്കും, മഹർഷിമാരിൽനിന്ന്‌ മനുഷ്യരിലേക്കും അത്‌ പകർന്നു. സൗകര്യാർഥം ആചാര്യന്മാർക്കു മൂന്നു കാലഘട്ടങ്ങള്‍ കല്‌പിക്കാം. പൂരാണഭിഷക്കുകള്‍. ഈ കാലത്തെ ആദ്യാചാര്യന്‍ മേൽ സൂചിപ്പിച്ച പ്രകാരം പ്രപഞ്ചസ്രഷ്‌ടാവും സർവവിജ്ഞാനങ്ങളുടെയും അധിദേവതയുമായ ബ്രഹ്മാവാണ്‌. ബ്രഹ്മപ്രണീതമായി ബ്രഹ്മസംഹിത എന്നൊരു ഗ്രന്ഥം ഉണ്ടായിരുന്നുവെന്നും അതിൽ ഒരു ലക്ഷം പദ്യങ്ങള്‍ അടങ്ങിയിരുന്നുവെന്നും സുശ്രുതന്‍ പറയുന്നു. അല്‌പായുസ്സുകളും അല്‌പപ്രജ്ഞരുമായ മനുഷ്യർക്ക്‌ അതുമുഴുവന്‍ പഠിച്ചു പ്രാഗല്‌ഭ്യം നേടാന്‍ സാധ്യമല്ലാതെ വന്നതുകൊണ്ട്‌ ആയുർവേദത്തെ കായചികിത്സ, ബാലചികിത്സ, ഗ്രഹചികിത്സ, ഊർധ്വാംഗചികിത്സ, ശല്യചികിത്സ, വിഷചികിത്സ, രസായനചികിത്സ, വാജീകരണചികിത്സ എന്നിങ്ങനെ അഷ്‌ടാംഗങ്ങളായി വിഭജിച്ചു. ബ്രഹ്മസംഹിത ഇന്നു കിട്ടാനില്ലെങ്കിലും ബ്രഹ്മസൃഷ്‌ടം എന്നു പറയപ്പെടുന്ന പതിനെട്ടോളം ഔഷധയോഗങ്ങള്‍ (ബ്രഹ്മരസായനം തുടങ്ങിയവ) ലഭ്യമാണ്‌. വൈദ്യശാസ്‌ത്രവുമായി ശിവനും ബന്ധമുണ്ട്‌. ഋഗ്വേദത്തിൽ ആദിവൈദ്യനായി പ്രകീർത്തിക്കപ്പെട്ടിരിക്കുന്നത്‌ ശിവനാണ്‌. അഥർവവേദത്തിൽ രുദ്രന്‍ ആദിവൈദ്യനായി പലതവണ പരാമൃഷ്‌ടനായിട്ടുണ്ട്‌. രസശാസ്‌ത്രവുമായിട്ടാണ്‌ ശിവന്‌ കൂടുതൽ ബന്ധം. പാർഥിവദ്രവ്യങ്ങളെ ഉപാശ്രയിച്ചുള്ള ചികിത്സാപദ്ധതിയാണ്‌ ശൈവന്മാർ മുഖ്യമായും പിന്തുടരുന്നത്‌. രസതന്ത്രപ്രധാനമായ സിദ്ധവൈദ്യത്തിൽ പാരദം (രസം) ശിവന്റെ ബീജമാണെന്നുവരെ പ്രസ്‌താവമുണ്ട്‌. ശിവന്റെ പേരുമായി ബന്ധപ്പെട്ട്‌ 60-ൽപരം യോഗങ്ങള്‍ ഇന്ന്‌ അറിയപ്പെടുന്നു. ആയുർഗ്രന്ഥം, കാമതന്ത്രം, വൈദ്യരാജതന്ത്രം, ശിവസിദ്ധാന്തം, കൈലാസകാരകം തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്തൃത്വവും ശിവനിൽ ആരോപിക്കപ്പെട്ടിരിക്കുന്നു.

ജീവജാലങ്ങളുടെയെല്ലാം രക്ഷകനായ പ്രജാപതിയാണ്‌ ദക്ഷന്‍. ബ്രഹ്മാവിൽനിന്ന്‌ ആയുർവേദം പഠിച്ച്‌, അത്‌ അശ്വിനീകുമാരന്മാർക്ക്‌ ഉപദേശിച്ചുകൊടുത്തു എന്ന പരാമർശമേ ദക്ഷനെപ്പറ്റി കിട്ടാനുള്ളു. ദേവവൈദ്യന്മാരായ അശ്വിനീകുമാരന്മാർ ശസ്‌ത്രക്രിയ ഉള്‍പ്പെടെ പല അദ്‌ഭുതചികിത്സകള്‍ ചെയ്‌തിട്ടുള്ളതായി ഋഗ്വേദസൂക്തങ്ങളിൽ കാണാം. അമ്പതോളം ഔഷധയോഗങ്ങള്‍ ഇവരുടേതായി പറയപ്പെടുന്നുണ്ട്‌. ചികിത്സാസാരതന്ത്രം, അശ്വിനീസംഹിത, ധാതുരത്‌നമാല, നാഡീനിദാനം എന്നീ നാലു ഗ്രന്ഥങ്ങളുടെ കർത്തൃത്വം ഇവരിൽ ആരോപിതമായിരിക്കുന്നു. ദേവാധിപനായ ഇന്ദ്രനും ഒരു വൈദ്യന്‍ എന്ന നിലയിൽ വർണിക്കപ്പെട്ടിട്ടുണ്ട്‌. ഭരദ്വാജന്‍, ധന്വന്തരി, കാശ്യപന്‍ മുതലായവരെ ആയുർവേദം പഠിപ്പിച്ചത്‌ ഇന്ദ്രനാണെന്നാണ്‌ സങ്കല്‌പം. ഇന്ദ്രനിർമിതമായതെന്നു കരുതപ്പെടുന്ന ഏതാനും ഔഷധയോഗങ്ങളും കിട്ടിയിട്ടുണ്ട്‌.

ധന്വന്തരി. അഗ്നി, വരുണന്‍, മരുത്ത്‌, സോമന്‍, ബൃഹസ്‌പതി എന്നിവരും പൗരാണികകാലത്തെ ആചാര്യന്മാരാണ്‌; എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രമുഖന്‍ ധന്വന്തരിയാണ്‌. ഇന്ന്‌ ആയുർവേദത്തിന്റെ അധിദേവതയായി പൂജിക്കപ്പെടുന്ന ധന്വന്തരി വിഷ്‌ണുവിന്റെ അവതാരമെന്ന നിലയിലും ആരാധിക്കപ്പെടുന്നു, ധന്വന്തരിയുടെ പേര്‌ വേദങ്ങളിലില്ല. മഹാഭാരതത്തിലും പുരാണങ്ങളിലും ധന്വന്തരിയെപ്പറ്റിയുള്ള പരാമർശം സുലഭമാണ്‌. ജീവജാലങ്ങളുടെ വാർധക്യത്തെയും മരണത്തെയും ഒഴിവാക്കാന്‍ കഴിവുള്ള അമൃതുമായി പാലാഴിമഥനവേളയിൽ പ്രത്യക്ഷപ്പെട്ട ദിവ്യനാണ്‌ ധന്വന്തരി. സ്‌കന്ദ-ഗാരുഡ-മാർക്കണ്ഡേയപുരാണങ്ങള്‍ ധന്വന്തരിയുടെ ആവിർഭാവത്തെക്കുറിച്ച്‌ മറ്റു ചില കഥകളാണ്‌ പറയുന്നത്‌. സുശ്രുതന്റെ പ്രസ്‌താവം അനുസരിച്ച്‌ കാശിരാജാവും തന്റെ ഗുരുനാഥനുമായ ദിവോദാസ മഹർഷിയാണ്‌ ധന്വന്തരി. ആയുർവേദത്തെ, വിശേഷിച്ച്‌ ശസ്‌ത്രക്രിയയെ, പ്രചരിപ്പിക്കാന്‍വേണ്ടി മഹാവിഷ്‌ണുവിന്റെ അവതാരമായ ആദിധന്വന്തരി കാശിയിൽ പുനർജന്മം കൈക്കൊണ്ടു എന്നാണ്‌ വിശ്വാസം. പില്‌ക്കാലം പ്രഗല്‌ഭരായ പല വൈദ്യന്മാരെയും ധന്വന്തരി എന്നു വിളിച്ചു വന്നിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. വിക്രമാദിത്യന്റെ രാജസദസ്സിലെ നവരത്‌നങ്ങളിൽ ആദ്യത്തെ ആള്‍ ധന്വന്തരിയാണ്‌. ചികിത്സാദർശനം, ചികിത്സാകൗമുദി, ചികിത്സാസാരസംഗ്രഹം, യോഗചിന്താമണി, സന്നിപാതകലിക, ധാതുകല്‌പം, അജീർണാമൃതമഞ്‌ജരി, രോഗനിദാനം, വൈദ്യചിന്താമണി, വൈദ്യപ്രകാശം, ധന്വന്തരിനിഘണ്ടു എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങള്‍ ധന്വന്തരിയുടേതായി പറയപ്പെടുന്നു.

ലങ്കാധിപതിയായ രാവണന്‍ ഒരു ആയുർവേദവിശാരദന്‍ കൂടിയായിരുന്നുവത്ര. നാഡീവിജ്ഞാനം, ബാലചികിത്സ എന്നീ വിഷയങ്ങളിൽ രാവണന്‍ പ്രത്യേക വൈദഗ്‌ധ്യം സമ്പാദിച്ചിരുന്നു. കുമാരതന്ത്രം, നാഡീപരീക്ഷ, അർക്കപ്രകാശം, ഉഡ്ഡീശതന്ത്രം എന്നിവയാണ്‌ രാവണപ്രണീതമായി അറിയപ്പെടുന്ന ഗ്രന്ഥങ്ങള്‍. രാവണന്റെ സമകാലികനായ സുഷേണന്റെ പേരിൽ സുഷേണവൈദ്യകം എന്നൊരു ഗ്രന്ഥം അറിയപ്പെടുന്നു. ഒറ്റമൂലി പ്രയോഗങ്ങളാണ്‌ അതിൽ ഏറിയകൂറും അടങ്ങിയിരിക്കുന്നത്‌. നേത്രചികിത്സാവിദഗ്‌ധന്‍ എന്ന നിലയിൽ നിമി എന്ന പുരാണപുരുഷനും പ്രസിദ്ധനാണ്‌. നിമി സീതാപിതാവായ ജനകമഹാരാജാവാണ്‌ എന്നും അതല്ല അദ്ദേഹത്തിന്റെ പിതാമഹനാണ്‌ എന്നും അഭിപ്രായഭേദങ്ങളുണ്ട്‌. വൈദ്യസന്ദേഹഭഞ്‌ജനം, ജനകതന്ത്രം എന്നീ രണ്ടുഗ്രന്ഥങ്ങള്‍ നിമിയുടെ പേരുമായി ബന്ധപ്പെട്ടവയാണ്‌. മഹർഷിമാർ. ഭരദ്വാജന്‍ തുടങ്ങി ആയുർവേദപ്രണേതാക്കളായ നിരവധി ഋഷിമാരെക്കുറിച്ചും പല ഇതിഹാസ പരാമർശങ്ങളുണ്ട്‌. തപസ്സുകൊണ്ട്‌ ജ്ഞാനം ആർജിച്ച സത്യദ്രഷ്‌ടാക്കളായ ഈ ഋഷിമാർ ആയുർവേദത്തിലെ ആപ്‌തന്മാരായ ആചാര്യന്മാരാണ്‌. ഭരദ്വാജന്‍, വസിഷ്‌ഠന്‍, അഗസ്‌ത്യന്‍, ഗാർഗ്യന്‍, ച്യവനന്‍, വ്യാസന്‍, മാർക്കണ്ഡേയന്‍, സനത്‌കുമാരന്‍, ശൗനകന്‍, അത്രി, ദത്താത്രയന്‍, ആത്രയപുനർവസു എന്നിവരാണ്‌ ഈ ഘട്ടത്തിൽ പ്രസിദ്ധന്മാർ. ഈ കൂട്ടത്തിൽ ആത്രയ പുനർവസുവാണ്‌ സർവാദൃതനായ ആചാര്യന്‍. ഇദ്ദേഹത്തിന്റെ കാലം ബി.സി. 800-നും 700-നും ഇടയ്‌ക്കാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ മുഖ്യനാണ്‌ അഗ്നിവേശന്‍. ഗുരുവചനങ്ങളെ സമുചിതമായി ഉദ്‌ഗ്രഥിച്ച്‌ അഗ്നിവേശന്‍ ഇദം പ്രഥമമായി നിർമിച്ച ഗ്രന്ഥമാകുന്നു അഗ്നിവേശസംഹിത. അതിന്റെ പരിഷ്‌കൃത രൂപമാണ്‌ ഇന്ന്‌ പ്രചാരത്തിലിരിക്കുന്ന ചരകസംഹിത.

ആത്രയപുനർവസുവിന്റെ മറ്റു ശിഷ്യന്മാരിൽ പ്രമുഖർ ഭേളന്‍, ജതുകർണന്‍, പരാശരന്‍, ഹാരീതന്‍, ക്ഷാരപാണി എന്നിവരാണ്‌. ഇവരെല്ലാം സ്വന്തംപേരുകളിൽ ചില സംഹിതകള്‍ നിർമിച്ചിട്ടുണ്ട്‌. പരാശരന്‍ തക്രകല്‌പം എന്നൊരു ഗ്രന്ഥം രചിച്ചിട്ടുള്ളതായി പറയപ്പെടുന്നു. പ്രശസ്‌തമൃഗചികിത്സാചാര്യനായ പാലകാപ്യന്‍ പരാശരനെ ഹസ്‌ത്യായുർവേദത്തിന്റെ പ്രാമാണികാചാര്യനായി പ്രകീർത്തിച്ചിട്ടുണ്ട്‌. ഹാരീതപ്രണീതമായ സംഹിത, മറ്റുള്ളവരുടെ സംഹിതകള്‍പോലെ ഇന്ന്‌ അലഭ്യമാണെങ്കിലും അർവാചീനരാരോ എഴുതിയ ഒരു ഗ്രന്ഥം ഹാരീതസംഹിത എന്നപേരിൽ പ്രചരിച്ചു വരുന്നുണ്ട്‌. ചരിത്രകാലം.

ദൃഢബലന്‍. ഇദ്ദേഹത്തിന്റെ കാലം എ.ഡി. നാലാം ശ.-ത്തിന്റെ ആദ്യദശകങ്ങളാണെന്ന്‌ ഊഹിക്കപ്പെടുന്നു. ഈ കാലമായപ്പോഴേക്കും ചരകസംഹിതയുടെ പല ഭാഗങ്ങളും നഷ്‌ടപ്പെട്ട നിലയിലായി; ചികിത്സാസ്ഥാനത്തിൽ 17 അധ്യായങ്ങളും കല്‌പസിദ്ധസ്ഥാനങ്ങള്‍ മുഴുവനും കിട്ടാനില്ലെന്നുവന്നു. ഇതുമുഴുവന്‍ എഴുതിച്ചേർക്കുക എന്ന അതിദുഷ്‌കരമായ കൃത്യം സമർഥമായി നിർവഹിച്ച പ്രതിഭാശാലിയാണ്‌ ദൃഢബലന്‍. വാഗ്‌ഭടന്‍. ആയുർവേദവുമായി ബന്ധപ്പെടുത്തി അനേകം വാഗ്‌ഭടന്മാരെപ്പറ്റി പറയുന്നുണ്ട്‌. അവരിൽ മൂന്നുപേരാണ്‌ പ്രസിദ്ധന്മാരും പരിഗണനാർഹരും: ഒന്ന്‌, അഷ്‌ടാംഗസംഗ്രഹത്തിന്റെ കർത്താവ്‌; രണ്ട്‌, അഷ്‌ടാംഗഹൃദയത്തിന്റെ കർത്താവ്‌; മൂന്ന്‌, രസരത്‌ന സമുച്ചയത്തിന്റെ കർത്താവ്‌. അഷ്‌ടാംഗസംഗ്രഹകർത്താവും അഷ്‌ടാംഗഹൃദയകർത്താവും ഒരാള്‍തന്നെയാണെന്ന്‌ ചില പണ്ഡിതന്മാർക്ക്‌ അഭിപ്രായമുണ്ട്‌. ഭട്ടാരഹരിശ്ചന്ദ്രന്‍. ആയുർവേദത്തിലും സംസ്‌കൃതത്തിലും നിപുണനായിരുന്ന ഇദ്ദേഹം രാജാസാഹസാങ്കന്റെ ആസ്ഥാന വൈദ്യനായിരുന്നു. എ.ഡി. നാലും അഞ്ചും ശ.-ങ്ങള്‍ക്കിടയ്‌ക്കാണ്‌ ഇദ്ദേഹത്തിന്റെ ജീവിതകാലം. മഹാകവി ബാണന്‍ ഇദ്ദേഹത്തെ ആദരപൂർവം സ്‌മരിക്കുന്നുണ്ട്‌. ചരകസംഹിതയുടെ ആദ്യത്തെ വ്യാഖ്യാനത്തിന്റെ രചയിതാവ്‌ ഇദ്ദേഹമാണെന്നു പറയപ്പെടുന്നു. ചരകന്യാസം എന്ന ആ വ്യാഖ്യാനം പൂർണരൂപത്തിൽ ഇന്നു ലഭ്യമല്ല.

മാധവകരന്‍. എ.ഡി. എട്ടാം ശ.-ത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഋഗ്വേദവ്യാഖ്യാതാവായ സായണാചാര്യന്റെ സഹോദരനാണ്‌. മാധവനിദാനം എന്ന അപരനാമത്താൽ സുപ്രസിദ്ധമായ രുഗ്‌വിനിശ്ചയം എന്ന ഗ്രന്ഥത്തിന്റ രചയിതാവ്‌ എന്ന നിലയിലാണ്‌ ആയുർവേദലോകത്ത്‌ ഇദ്ദേഹം അനശ്വരികീർത്തിയായിത്തീർന്നിട്ടുള്ളത്‌. ഇന്ദു. ഇദ്ദേഹം വാഗ്‌ഭടന്റെ ശിഷ്യന്‍ എന്ന നിലയിലും അഷ്‌ടാംഗസംഗ്രഹത്തിന്റെ വ്യാഖ്യാതാവെന്ന നിലയിലും പ്രശസ്‌തനാണ്‌. ശാസ്‌ത്രത്തിന്റെ മർമഗ്രന്ഥികളെ പ്രകടമാക്കുന്ന ഇദ്ദേഹത്തിന്റെ ശശിലേഖാവ്യാഖ്യാനം അഷ്‌ടാംഗസംഗ്രഹത്തിനുണ്ടായിട്ടുള്ള ഒരേയൊരു സംസ്‌കൃതവ്യാഖ്യാനമാണ്‌.

ജജ്ജടന്‍. വാഗ്‌ഭടശിഷ്യനും ഇന്ദുവിന്റെ സഹപാഠിയുമാണ്‌ ഇദ്ദേഹം. ചരകസംഹിതയ്‌ക്ക്‌ ഇദ്ദേഹം രചിച്ചിട്ടുള്ള നിരന്തരപദവ്യാഖ്യയുടെ ഏതാനും ചില അംശങ്ങള്‍ മാത്രമേ ഇപ്പോള്‍ കിട്ടാനുള്ളു. ദൽഹണന്‍. ഇദ്ദേഹം സുശ്രുതസംഹിതയുടെ ഏറ്റവും പ്രശസ്‌തമായ നിബന്ധസംഗ്രഹം എന്ന വ്യാഖ്യാനത്തിന്റെ രചയിതാവാണ്‌. ചക്രപാണിദത്തന്‍. 11-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഇദ്ദേഹം ഒരു ബംഗാളിയാണ്‌. നയപാലന്‍ എന്ന ഗൗഡദേശരാജാവിന്റെ പാചകശാലയിൽ ശുചീകരണനിർദേശങ്ങള്‍ നല്‌കുന്നതിന്‌ നിയുക്തനായിരുന്നു. ചരകസംഹിതയ്‌ക്കും സുശ്രുതസംഹിതയ്‌ക്കും ചക്രപാണിദത്തന്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്‌. ആയുർവേദദീപിക എന്ന ചരകവ്യാഖ്യാനത്തിന്റെ വൈശിഷ്‌ട്യത്തെ പുരസ്‌കരിച്ച്‌ ഇദ്ദേഹത്തിന്‌ "ചരകചതുരാനന്‍' എന്ന ബഹുമതി ബിരുദം ലഭിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ സുശ്രുതവ്യാഖ്യാനം ഭാനുമതി എന്ന പേരിൽ അറിയപ്പെടുന്നു. ഈ വ്യാഖ്യാനങ്ങള്‍ക്കുപുറമേ ചികിത്സാസാരസംഗ്രഹം, ദ്രവ്യഗുണസംഗ്രഹം എന്നീ മൗലിക ഗ്രന്ഥങ്ങളും മുക്താവലി, വ്യഗ്രദരിദ്രശുഭാകരം എന്നീ പേരുകളിൽ രണ്ടു ശബ്‌ദകോശഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

അരുണദത്തന്‍. അഷ്‌ടാംഗഹൃദയത്തിന്റെ സർവാംഗസുന്ദരാവ്യാഖ്യാനത്തിന്റെ കർത്താവെന്ന നിലയിൽ പ്രഖ്യാതനാണിദ്ദേഹം. ഭിക്ഷുഗോവിന്ദഭാഗവതന്‍. 12-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഒരു ബൗദ്ധഭിക്ഷുവാണിദ്ദേഹം. രസഹൃദയതന്ത്രം എന്ന സംസ്‌കൃതത്തിലുള്ള രസതന്ത്രഗ്രന്ഥത്തിന്റെ പ്രണേതാവെന്ന നിലയിൽ അറിയപ്പെടുന്നു. ആദിശങ്കരന്റെ ഗുരുവായ ഗോവിന്ദഭഗവത്‌പാദരാണ്‌ ഇദ്ദേഹം എന്നും അഭിപ്രായമുണ്ട്‌.

ശാർങ്‌ഗധരന്‍. വൈദ്യലോകത്ത്‌ പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള ശാർങ്‌ഗധരസംഹിത എന്ന പ്രശസ്‌ത ഗ്രന്ഥത്തിനുപുറമേ സദാചാരപരമായ കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‌കി ശാർങ്‌ഗധരപദ്ധതി എന്നൊരു ഗ്രന്ഥവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ആയുർവേദത്തിലെ അത്യുല്‌കൃഷ്‌ടങ്ങളായ ചരകസംഹിത, സുശ്രുതസംഹിത, അഷ്‌ടാംഗസംഗ്രഹം എന്നീ ഗ്രന്ഥത്രയത്തിന്‌ ബൃഹത്‌ ത്രയി എന്നു നാമകരണം ചെയ്‌തിരിക്കുന്നതുപോലെ അനന്തരകാലഗ്രന്ഥങ്ങളിൽ ഏറ്റവും സ്വീകാര്യങ്ങളായി അഷ്‌ടാംഗസംഗ്രഹം, മാധവനിദാനം, ശാർങ്‌ഗധരസംഹിത എന്നീ ഗ്രന്ഥങ്ങള്‍ക്കു ലഘുത്രയി എന്നും പറഞ്ഞുവരുന്നതിൽനിന്നും അർവാചീനഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ശാർങ്‌ഗധരസംഹിതയ്‌ക്കുള്ള സ്ഥാനമഹത്വം അനുക്തസിദ്ധമാണ്‌.

വീരസിംഹന്‍. സപ്‌തഗ്രഹരശ്‌മിസാകര്യമാണ്‌ മനുഷ്യശരീരം എന്ന ജ്യോതിഷസിദ്ധാന്തത്തിനും ധർമശാസ്‌ത്ര തത്ത്വങ്ങള്‍ക്കും പ്രാധാന്യം നല്‌കിക്കൊണ്ട്‌ ഗ്രഹങ്ങളുടെ ഗതി വിഗതികളെയും മനുഷ്യരുടെ പാപപുണ്യകർമങ്ങളെയും രോഗങ്ങളുമായി ബന്ധപ്പെടുത്തി വിവരിക്കുന്ന വീരസിംഹാവലോകം എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ ഇദ്ദേഹം. 14-ാം ശ.-മുതലാണ്‌ വീരസിംഹന്റെ ജീവിതകാലം. ഭാവമിശ്രന്‍. 15-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ഈ ആയുർവേദാചാര്യന്‍. ലാടകമിശ്രന്‍ എന്ന ഭിഷഗ്‌വരന്റെ പുത്രനാണ്‌. ഇദ്ദേഹത്തിന്‌ സംസ്‌കൃതസാഹിത്യത്തിലും മറ്റു ഭാരതീയശാസ്‌ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു. ആയുർവേദത്തിൽ ഇദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യത്തിനു നിദർശനമാണ്‌ ഭാവപ്രകാശം എന്ന ഗ്രന്ഥം. ആയുർവേദത്തിന്റെ എല്ലാ വിഭാഗങ്ങളെയും സംക്ഷിപ്‌തമായി ഇതിൽ വിവരിച്ചിട്ടുണ്ട്‌. ആധുനികകാലം. 19-ാം ശ.-ത്തിൽ ജീവിച്ചിരുന്ന ആചാര്യന്മാരുടെ പംക്തിയിൽ പരിഗണനാർഹരാണ്‌ ഭൈഷജ്യരത്‌നാവലിയുടെ കർത്താവായ ഗോവിന്ദദാസനും വൈദ്യശാസ്‌ത്രവ്യാഖ്യാതാക്കളായ ഗംഗാധര റോയിയും ഹാരാണചന്ദ്രചക്രവർത്തിയും. ഗംഗാധരറോയി പൗരാണികശാസ്‌ത്രങ്ങളിൽ അവഗാഹംനേടിയ ഒരു പണ്ഡിതനായിരുന്നു. ശാസ്‌ത്രപഠനത്തിന്‌ അനേകം ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ചിരുന്നു. ചരകസംഹിതയ്‌ക്ക്‌ അദ്ദേഹം എഴുതിയ ജല്‌പലകല്‌പതരു എന്ന വ്യാഖ്യാനം വിമർശനപാടവംകൊണ്ടും അപഗ്രനഥന നൈപുണ്യംകൊണ്ടും വൈദ്യന്മാർക്കിടയിൽ ആദരം നേടിയിട്ടുണ്ട്‌. ഈ വ്യാഖ്യാനത്തിനുപുറമേ അദ്ദേഹം ആഗ്നേയായുർവേദവ്യാഖ്യാ, രജതവല്ലഭീയദ്രവ്യഗുണവൃത്തി തുടങ്ങി പത്തോളം ആയുർവേദഗ്രന്ഥങ്ങള്‍ നിർമിച്ചിട്ടുണ്ട്‌.

ഗംഗാധരറോയിയുടെ ശിഷ്യന്മാരിൽ പ്രമുഖനാണ്‌ ഹാരാണചക്രവർത്തി. അദ്ദേഹം തന്റെ പ്രാവീണ്യം പ്രകടിപ്പിച്ചിട്ടുള്ളത്‌ ശല്യചികിത്സ(ശസ്‌ത്രക്രിയ)യിലാണ്‌. ശല്യചികിത്സാപ്രധാനമായ സുശ്രുതസംഹിതയ്‌ക്ക്‌ അദ്ദേഹം രചിച്ച സുശ്രുതാർഥസന്ദീപനം എന്ന വ്യാഖ്യാനം വളരെ പ്രസിദ്ധമാണ്‌. ഹാരാണ ചന്ദ്രനുണ്ടായിരുന്ന ഒരു വലിയ മേന്മ നേത്രസംബന്ധമായ ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ സുശ്രുതപ്രാക്തമായ എല്ലാ ശസ്‌ത്രക്രിയകളും അദ്ദേഹം നിർവഹിച്ചിരുന്നു എന്നുള്ളതാണ്‌.

കേരളത്തിൽ ഗുരുകുലസമ്പ്രദായപ്രകാരം ആയുർവേദശിക്ഷണം നല്‌കിയ ആചാര്യന്മാരുടെ കൂട്ടത്തിൽ അഷ്‌ടവൈദ്യന്മാർ, പുന്നശ്ശേരി നീലകണ്‌ഠശർമ, കൈക്കുളങ്ങര രാമവാര്യർ, വൈക്കം പാച്ചുമൂത്തത്‌, കായിക്കര പി.എ. ഗോവിന്ദന്‍ വൈദ്യന്‍, പരവൂർ വി. കേശവനാശാന്‍, തയ്യിൽ കുമാരകൃഷ്‌ണവൈദ്യന്‍, ചാവർകോട്ടുവൈദ്യന്മാർ, അനന്തപുരത്തു രാജരാജവർമ മൂത്തകോയിത്തമ്പുരാന്‍, വലപ്പാട്ടു മാമിവൈദ്യന്‍, മാലക്കര കൊച്ചു രാമന്‍വൈദ്യന്‍, ഉഴുത്രവാര്യർ, പ്രാണാചാര്യ വെങ്കടേശ്വരശാസ്‌ത്രി മുതലായ അനേകംപേർ പരിഗണനാർഹരായുണ്ട്‌.

ആയുർവേദൗഷധങ്ങള്‍

രോഗനിവാരണത്തിനായി ആയൂർവേദ വിധിപ്രകാരം നൽകുന്ന മരുന്നുകള്‍. ഔഷധമല്ലാത്ത ഒരു വസ്‌തുവും ലോകത്തിലില്ല എന്നാണ്‌ ആയുർവേദാചാര്യന്മാരുടെ മതം. ശരിക്കു കണ്ടറിഞ്ഞ്‌ സന്ദർഭാനുസരണം പ്രയോഗിക്കുവാന്‍ കഴിയണമെന്നുമാത്രം. അതിനുള്ള മാർഗങ്ങള്‍ ആയുർവേദത്തില "ദ്രവ്യവിജ്ഞാനീയ'ത്തിലും അതിന്റെ ഭാഗമായ "ഭേഷജകല്‌പ'ത്തിലും നിർദേശിച്ചിട്ടുണ്ട്‌.

വർഗവിഭാഗം. ഔഷധദ്രവ്യങ്ങളെ സാമാന്യേന മൂന്നു വർഗമായി തരംതിരിച്ചിരിക്കുന്നു: (1) ഔദ്‌ഭിദങ്ങള്‍ = സസ്യങ്ങള്‍ (മച്ചിനെ ഉദ്‌ഭേദിച്ചു = പിളർന്നു പൊങ്ങുന്നവ), (2) ജംഗമങ്ങള്‍ (ജന്തുക്കളിൽനിന്നു കിട്ടുന്നവ. ഉദാ. പാൽ, കൊമ്പ്‌, കുളമ്പ്‌, പല്ല്‌, അരക്ക്‌, മെഴുക്‌, തേന്‍, മാംസം മുതലായവ), (3) പാർഥിവങ്ങള്‍ (രസങ്ങള്‍, ലോഹങ്ങള്‍, ലവണങ്ങള്‍, രത്‌നങ്ങള്‍ മുതലായവ). ജംഗമങ്ങളും പാർഥിവങ്ങളുമായ ദ്രവ്യങ്ങളെ ഔഷധങ്ങളാക്കുമ്പോള്‍, ചില സംസ്‌കാരങ്ങള്‍ കൂടിയേ കഴിയൂ. അതിന്‌ ഏറെക്കുറെ സസ്യൗഷധങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരുന്നു. സസ്യൗഷധങ്ങളാകട്ടെ തനിച്ചും ഇതരദ്രവ്യങ്ങളോടുചേർത്തു സംസ്‌കരിച്ചും രണ്ടുപ്രകാരത്തിലും ഉപയോഗിക്കപ്പെടാവുന്നവയാണ്‌. അതുകൊണ്ട്‌ പ്രാധാന്യം സസ്യൗഷധങ്ങള്‍ക്കാണെന്നും പറയാം. ഈ മൂന്നു തരം മൗലികപദാർഥങ്ങളെയും യഥാവിധി സംസ്‌കരിച്ച്‌ ആസവങ്ങള്‍, അരിഷ്‌ടങ്ങള്‍, ശുക്തം, അർക്കം, കഷായം, ഗുളിക, വടകം, വടിക, വർത്തി, ഘൃതം, ചൂർണം, തൈലം, ഭസ്‌മം, ക്ഷാരം, രസക്രിയ, ലേഹ്യം, ലേപം എന്നിങ്ങനെ പലവിധത്തിൽ രൂപാന്തരപ്പെടുത്തി കേടുകൂടാതെ സൂക്ഷിച്ചുവച്ച്‌ സന്ദർഭാനുസരണം ആയുർവേദാചാര്യന്മാർ പ്രയോഗിച്ചുവരുന്നു. സ്വരസം (ഇടിച്ചു പിഴിഞ്ഞെടുത്ത നീര്‌), പാനകം, പിണ്ഡി, പേയം, പ്ലശ്ശോതം, മന്ഥം, മോദകം, പ്രക്ഷേപം, മണ്ഡം, അനുപാതം, പുടപാകം മുതലായി അപ്പപ്പോള്‍ തയ്യാർചെയ്‌ത്‌ പ്രയോഗിക്കത്തക്ക പ്രകാരഭേദങ്ങള്‍ വേറെയുമുണ്ട്‌. ഇവയിൽ ചിലത്‌ അകത്തേക്കോ അല്ലെങ്കിൽ പുറത്തേക്കോ മാത്രവും ചിലത്‌ തരംപോലെ രണ്ടിടത്തേക്കും പ്രയോഗിക്കപ്പെടുന്നതും ആയിരിക്കും.

ഔഷധധർമങ്ങള്‍. ഔഷധമായോ ആഹാരമായോ മറ്റു പ്രകാരത്തിലോ ഉപയോഗിക്കാവുന്ന നിരവധി ദ്രവ്യങ്ങളുണ്ട്‌. ഇവയുടെ രൂപ-ധർമ വൈവിധ്യത്തിനും പ്രയോജനഭേദങ്ങള്‍ക്കുമെല്ലാം കാരണം അവയിലെ മൂലഘടകങ്ങളുടെയും അവയുടെ ഘടനാരീതികളുടെയും സവിശേഷതകളാണ്‌. ഓരോ ദ്രവ്യത്തിന്റെ ഘടനയ്‌ക്കും സവിശേഷതയുണ്ട്‌. പൃഥ്വി, അപ്പ്‌, തേജസ്സ്‌, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളാണ്‌ എല്ലാറ്റിന്റെയും മൂലഘടകങ്ങള്‍ എന്നു കരുതപ്പെടുന്നു. ഇവയുടെ ഏറ്റക്കുറച്ചിലിനും ഘടനാരീതിക്കും അനുസരിച്ച്‌ ദ്രവ്യങ്ങള്‍ക്കു വൈവിധ്യമുണ്ടാകുന്നു എന്നു സാരം. ജന്തുശീരത്തിന്റെ മൂലഘടകങ്ങളും ഈ പഞ്ചഭൂതങ്ങള്‍തന്നെ; എന്നാൽ ശരീരത്തെസംബന്ധിച്ചു പ്രതിപാദിക്കുമ്പോള്‍ സൗകര്യത്തിനായി ഇവയെ (സംഗ്രഹിച്ച്‌) വായു, പിത്തം, കഫം എന്നീ ത്രിധാതുക്കള്‍-അഥവാ ത്രിദോഷങ്ങള്‍-ആയി വ്യവഹരിച്ചുവരുന്നു. ത്രിദോഷങ്ങളിൽ വിഷമാവസ്ഥയുണ്ടാകുന്നതാണ്‌ രോഗം. ഇതിനെ പരിഹരിച്ച്‌ ത്രിദോഷസാമ്യം ഉണ്ടാക്കലാണ്‌ ചികിത്സ. ഇതിന്‌ (പഞ്ചഭൂതഘടിതങ്ങള്‍തന്നെയായ) വിവിധദ്രവ്യങ്ങളെ കണ്ടറിഞ്ഞെടുത്തു പ്രയോഗിക്കുന്നു. രണ്ടു ദ്രവ്യങ്ങളുടെ ഘടന സമാനമാവാം. അതനുസരിച്ച്‌ അവയുടെ ധർമങ്ങളും സമാനങ്ങളോ വ്യത്യസ്‌തങ്ങളോ, വിരുദ്ധങ്ങള്‍തന്നെയോ ആകാം.

രസം, ഗുണം, വീര്യം, വിപാകം, പ്രഭാവം എന്നീ അഞ്ചെച്ചമാണ്‌ ആയുർവേദശാസ്‌ത്രപ്രകാരം ഒരു ദ്രവ്യത്തിലെ ക്രിയാക്ഷമങ്ങളായ-ശരീരത്തിൽ ഒരു ദ്രവ്യം എന്തെന്തുധർമങ്ങള്‍ നിർവഹിക്കുന്നു എന്നു നിർണയിക്കുവാന്‍ ആധാരങ്ങളായ-ഘടകങ്ങള്‍. ഇവയെ ആസ്‌പദിച്ചാണ്‌ ദ്രവ്യധർമങ്ങളെപ്പറ്റിയുള്ള വ്യവഹാരം. ഈ അഞ്ചിനും വെണ്ണേറെ അവാന്തര വിഭാഗങ്ങളുമുണ്ട്‌. ഒരേ ദ്രവ്യത്തിൽ ഈ ഘടകങ്ങളുടെ ധർമങ്ങള്‍ സമാനങ്ങളോ വ്യത്യസ്‌തങ്ങളോ ചിലപ്പോള്‍ വിരുദ്ധങ്ങള്‍തന്നെയോ ആകാവുന്നതാണ്‌. എങ്ങനെയായാലും ഇവയെല്ലാം തട്ടിക്കഴിച്ചുള്ള ആകെത്തുകയാണ്‌ ഒരു ദ്രവ്യത്തിന്റെ ധർമമായി വ്യവഹരിക്കപ്പെടുന്നത്‌. ഇവയിൽ രസം ആറുവിധമുണ്ട്‌: മധുരം, അമ്ലം (പുളി), ലവണം (ഉപ്പ്‌), തിക്തം (കയ്‌പ്‌), കടു (എരിവ്‌), കഷായം (ചവർപ്പ്‌). ഓരോന്നിനും വെണ്ണേറെ നിയതധർമങ്ങളുണ്ട്‌. ഓരോ രസവും പഞ്ചഭൂതങ്ങളിൽ ഇന്നിന്നവ ആധിക്യേന ചേർന്നാണ്‌ ഉണ്ടാകുന്നതെന്ന്‌ (ത്രിദോശ-ഷഡ്‌രസബന്ധം) വിവരിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും വാതം, പിത്തം, കഫം എന്നീ ദോഷത്രയത്തിൽ ഇന്നിന്നതിനെ വർധിപ്പിക്കുന്നു, ഇന്നിന്നതിനെ ക്ഷയിപ്പിക്കുന്നു എന്നും മനസ്സിലാക്കാം. വാതപ്രധാനമായ ഒരു രോഗത്തിനു ചികിത്സിക്കുമ്പോള്‍, അതിനെ വർധിപ്പിക്കുന്ന കയ്‌പ്‌, ചവർപ്പ്‌, എരിവ്‌ എന്നീ രസങ്ങളുള്ള ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്‌ പൊതുവേ ഹിതമാകില്ല. ഇത്തരത്തിൽ ഓരോന്നിന്റേയും രസത്തെപ്പറ്റിയുള്ള വിചാരം ആദ്യം നടക്കണം. രസധർമങ്ങള്‍ ദ്രവ്യം നാവിന്മേൽ സ്‌പർശിക്കുന്നതോടുകൂടിത്തന്നെ ശരീരത്തിനും ലഭിച്ചുതുടങ്ങും. രണ്ടാമത്തെതായ "ഗുണം' ഇരുപത്‌ വിധമുണ്ട്‌; ഗുരു, മന്ദം, ഹിമം, സ്‌നിഗധം, ശ്ലഷ്‌ണം, സാന്ദ്രം, മൃദു, സ്ഥിരം, സൂക്ഷ്‌മം, വിശദം, ലഘു, തീക്ഷണം, ഉഷ്‌ണം, രൂക്ഷം, ഖരം, ദ്രവം, കഠിനം, സരം, സ്ഥൂലം, പിച്ഛിലം, "വീര്യം' ചുരുക്കത്തിൽ രണ്ടുവിധമാണ്‌. ദ്രവ്യാംശം രക്തത്തിൽ വിലയിച്ചശേഷം രക്തസഞ്ചാരപദ്ധതിയിലൂടെയാണ്‌ ഇതിന്റെ ധർമങ്ങള്‍ ശരീരത്തിനു കിട്ടുന്നത്‌. "വിപാകം' ജഠരാഗ്നി (ദഹനരസ) സംയോഗം കൊണ്ടു വിപരിണാമംവന്ന "രസ'മാണ്‌. വിപാകത്തിൽ മധുരം മധുരംതന്നെയായും, ലവണം മധുരമായും അമ്ലം അമ്ലംതന്നെയായും വർത്തിക്കുമെന്നാണ്‌ സാമാന്യ നിയമം. അതുപോലെ കയ്‌പ്‌, എരിവ്‌, ചവർപ്പ്‌ എന്നിവ പ്രായേണ എരിവുരസമായിത്തീരുന്നു. (ഈ സാമാന്യ നിയമങ്ങള്‍ക്കു ചില അപവാദങ്ങളുണ്ട്‌: ഉദാ. വിപാകത്തിൽ, മധുരരസമായ വ്രീഹി (നെല്ല്‌) അമ്ലമാകും. ലവണരസമായ തുവർച്ചിലയുപ്പ്‌ കടുരസമായിത്തീരും. അമ്ലരസമായ നെല്ലിക്ക മധുരമാകും-പടവലവും ചുക്കും കടുക്കയും അമ്ലങ്ങളാകും). രസവും വിപാകവും ഒന്നു തന്നെയായി വരുന്ന സന്ദർഭത്തിൽ, (മധുരം, പുളി, എരിവ്‌ ഇവ സാമാന്യേന വിപാകത്തിൽ മറ്റൊന്നാവില്ല) അവയുടെ സംയുക്തകർമം കൂടുതൽ കാര്യക്ഷമമാകുന്നു. രക്തസഞ്ചാരപദ്ധതിയിലൂടെ പ്രവർത്തിക്കുന്ന "വീര്യം' കൂടുതൽ കാര്യക്ഷമമാണ്‌. ഒരു ദ്രവ്യത്തിൽ നിഷ്‌ഠങ്ങളായ ഗുണങ്ങള്‍ക്കും രസവിപാകങ്ങള്‍ക്കും സമാനത്വം ഉണ്ടാവുകയാണെങ്കിൽ തത്‌ഫലമായുണ്ടാകുന്ന ദ്രവ്യധർമത്തിന്‌ ഏകാഗ്രത കൂടിയിരിക്കും. മറിച്ച്‌, ധർമങ്ങള്‍ വ്യത്യസ്‌തങ്ങളാണെങ്കിൽ, മേല്‌പറഞ്ഞ ക്രമത്തിൽ ബലാധിക്യമുള്ള ഘടകധർമങ്ങളായിരിക്കും. അഞ്ചാമത്തേതായ "പ്രഭാവം' ഒരു ദ്രവ്യത്തിന്റെ വിശിഷ്‌ടധർമത്തെ ഉണ്ടാക്കുന്നു. ദ്രവ്യധർമത്തെക്കുറിച്ച്‌ അവസാനവിധിയെഴുതുന്ന ഘടകമാണത്‌. രസം, ഗുണം, വീര്യം, വിപാകം എന്നിവയിൽ സാമ്യമുണ്ടായിരിക്കെ, രണ്ടു ദ്രവ്യങ്ങളിൽ ഒന്ന്‌ വിശിഷ്‌ടകർമം ചെയ്യുന്നുവെങ്കിൽ, അതിനുകാരണം "പ്രഭാവ' മാണ്‌; ഉദാ. നാഗദന്തിയും കൊടുവേലിക്കിഴങ്ങും രസാദികളുടെ കാര്യത്തിൽ തുല്യങ്ങളാണ്‌; പക്ഷേ, കൊടുവേലി "ദീപനചാപന'മാണ്‌; നാഗദന്തിക്ക്‌ വയറളിക്കുക എന്നൊരു പ്രത്യേകധർമം കൂടിയുണ്ട്‌. മുന്തിരിങ്ങയും ഇരട്ടിമധുരവും രസാദികളെക്കൊണ്ട്‌ തുല്യങ്ങളാണെങ്കിലും, മുന്തിരിങ്ങയ്‌ക്കു മലശോധനയുണ്ടാക്കാനുള്ള ഒരു സവിശേഷശക്തിയുണ്ട്‌. നെയ്യും പാലും രസാദികളിൽ സമാനങ്ങളെങ്കിലും, നെയ്യിന്‌ ദീപനത്വവും പാലിന്‌ വിരേചനകാരിത്വവും പ്രത്യേക ധർമങ്ങളായുണ്ട്‌. മാധുര്യവും ഗുരുത്വവും ഉള്ളവ സ്വതേ വാതഹരങ്ങളാണ്‌. ഈ രണ്ടും ഗോതമ്പിനും യവത്തിനും ഉണ്ട്‌. എന്നാൽ ഗോതമ്പ്‌ വാതഹരവും യവം വാതകൃത്തുമാണ്‌. ഇങ്ങനെ ചില ഉദാഹരണങ്ങള്‍ കാണിക്കാമെങ്കിലും "പ്രഭാവം' ആണ്‌ ഈ വിശിഷ്‌ടധർമങ്ങള്‍ക്കു കാരണം.

ഔഷധഗണങ്ങള്‍. എല്ലാ ദ്രവ്യങ്ങളും പഞ്ചഭൂതമയങ്ങളാണെങ്കിലും പഞ്ചഭൂതങ്ങളുടെ തോത്‌ എല്ലാറ്റിലും ഒരു പോലെയായിരിക്കുകയില്ല. പൃഥിവിയുടെ അംശം അധികമുള്ളവയെ പാർഥിവദ്രവ്യങ്ങളെന്നു വിളിക്കുന്നു. ഇപ്രകാരം ആപ്യങ്ങള്‍, ആഗ്നേയങ്ങള്‍, വായവ്യങ്ങള്‍, നാഭസങ്ങള്‍ എന്നിങ്ങനെയും സാമാന്യമായി ദ്രവ്യങ്ങളെ വർഗവിഭാഗം ചെയ്‌തിട്ടുണ്ട്‌. മേല്‌പറഞ്ഞ രസ-ഗുണ-വീര്യ-പ്രഭാവങ്ങളെ അടിസ്ഥാനമാക്കിയാണ്‌ ഓരോന്നും ഇന്നിന്ന വർഗത്തിൽപ്പെടുന്നു എന്നു നിർണയിക്കുന്നത്‌.

അഗ്നിയുടെയും വായുവിന്റെയും ഭാഗങ്ങള്‍ അധികം ചേർന്നുണ്ടാകുന്ന ദ്രവ്യങ്ങള്‍ മിക്കതും ഛർദിയെ ഉണ്ടാക്കുന്നുവെന്നും, ഭൂമിയുടെയും ജലത്തിന്റെയും ഭാഗങ്ങള്‍ അധികം ചേർന്നുണ്ടായവ അതിസാരം ഉണ്ടാക്കുന്നുവെന്നും വിവരിച്ചിരിക്കുന്നു. "ദ്രവ്യമൂർധ്വഗമം തത്ര, പ്രായോഗ്നി പവനോല്‌ക്കടം; അധോഗാമിചഭൂയിഷ്‌ഠം ഭൂമിതോയഗുണാധികം' (അഷ്‌ടാംഗഹൃദയം സൂ. അ. 9). അഗ്നിവായുക്കളുടെ അംശം അധികമായുള്ള ദ്രവ്യം മിക്കവാറും മേല്‌പോട്ടുപൊങ്ങുന്ന സ്വഭാവമുള്ളതായിരിക്കും; ഭൂമിയുടെയും ജലത്തിന്റെയും അംശം അധികമായുള്ള ദ്രവ്യം അധികവും കീഴ്‌പോട്ടുപോകുന്ന സ്വഭാവത്തോടുകൂടിയവയും. ഇപ്രകാരം ശരീരത്തിൽ ഇന്നിന്ന സ്വഭാവത്തോടുകൂടിയ ധർമങ്ങള്‍ചെയ്യുന്നു എന്നതിനെ ആസ്‌പദിച്ച്‌ ദ്രവ്യങ്ങളെ പല ഗണങ്ങളായി തരംതിരിച്ചിട്ടുണ്ട്‌. ചരകാചാര്യന്‍ അങ്ങനെ 10 ദ്രവ്യങ്ങള്‍വീതം അടങ്ങിയ 50 ഗണങ്ങളെ എടുത്തു പറഞ്ഞിരിക്കുന്നു. സുശ്രുതന്‍ 760 ദ്രവ്യങ്ങളെ ഇപ്രകാരം 37 ഗണങ്ങളാക്കി തിരിച്ചുവച്ചിട്ടുണ്ട്‌. ഗണങ്ങള്‍ക്കു നാമനിർദേശം ചെയ്‌തിട്ടുള്ളതിന്‌ ചില ഉദാഹരണങ്ങള്‍ കാണിക്കാം. 1. കണ്ഡൂഘ്‌നം-ചൊറി മാറ്റുന്നത്‌ 2. കണ്ഡൂകരം-ചൊറിയുണ്ടാക്കുന്നത്‌ 3. കണ്‌ഠ്യം-കണ്‌ഠത്തിനു ഹിതം 4. കഫഹരം 5. കൃമിഘ്‌നം 6. ഗ്രാഹി-മലബന്ധമുണ്ടാക്കുന്നത്‌ 7. അർശോഘ്‌നം-മൂലക്കുരുവിനെ ശമിപ്പിക്കുന്നത്‌ 8. അശ്‌മരിഘ്‌നം-മൂത്രാശയത്തിലും മറ്റുമുണ്ടാകുന്ന കല്ലടപ്പിനെ ഹനിക്കുന്നത്‌ 9. ഛർദിനിഗ്രഹം 10. വിഷഘ്‌നം 11. വ്യവായി-വ്യാപനശീലമുള്ളത്‌- ഉദാ. കഞ്ചാവ്‌, മദ്യം 12. ശിരോവിരേചനീയം-ശിരസ്സിൽനിന്നും കഫം മുതലായതു കളയുന്നത്‌ 13. വിരേചനം-മലശോധനയുണ്ടാക്കുന്നത്‌ 14. വമനം-ഛർദിയുണ്ടാക്കുന്നത്‌ 15. വർണ്യം-നിറം നന്നാക്കുന്നത്‌ സസ്യൗഷധങ്ങള്‍. ഏതാണ്ട്‌ 2,000 സസ്യൗഷധങ്ങളെപ്പറ്റി ആയുർവേദഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്‌. ഔഷധചികിത്സയിൽ അദ്വിതീയനായിരുന്ന ചരകന്‍, ഔദ്‌ഭിദൗഷധങ്ങളെ സാമാന്യമായി വനസ്‌പതി, വാനസ്‌പത്യം, ഓഷധി, വീരുത്തുകള്‍ എന്നിങ്ങനെ നാലുതരമായി വിഭജിച്ചിരിക്കുന്നു. ഫലങ്ങളോടുകൂടിയ സസ്യൗഷധങ്ങള്‍-പൂവുകൂടാതെ കായ്‌ക്കുന്ന അത്തി, പുലാവ്‌ (പ്ലശ്ശാവ്‌), ആൽ മുതലായ മഹാവൃക്ഷങ്ങള്‍-ആണ്‌ വനസ്‌പതികള്‍; പുഷ്‌പങ്ങളുണ്ടായി പിന്നെ അവയെല്ലാം ഫലങ്ങളായിത്തീരുന്ന മാവ്‌, കൂവളം മുതലായ വൃക്ഷങ്ങള്‍ക്ക്‌ വാനസ്‌പത്യങ്ങള്‍ എന്നുപറയുന്നു. ഔഷധികള്‍ "ഫലപാകാന്ത'ങ്ങളാണ്‌; അതായത്‌, ഫലങ്ങള്‍ക്ക്‌ മൂപ്പുതികഞ്ഞാൽ സസ്യം നശിക്കും. നെല്ല്‌, വാഴ മുതലായവ ഈ ഇനത്തിൽപ്പെടുന്നു. പടർന്നുപിടിച്ചും ചുറ്റിപ്പിണഞ്ഞുമിരിക്കുന്ന വള്ളികള്‍ക്കുള്ള പേരാണ്‌ വീരുത്തുകള്‍; ചിറ്റമൃത്‌, മുന്തിരി, കുമ്പളം മുതലായ ലതാഭേദങ്ങള്‍ ഈ വർഗത്തിൽപ്പെടുന്നു.

ഈ പറഞ്ഞ നാലുതരത്തിനും ഏറെക്കുറെ ഔഷധത്വം കല്‌പിച്ചിട്ടുണ്ടെങ്കിലും, ഓരോന്നും ആമൂലാഗ്രം ഉപയോഗ യോഗ്യമല്ലെന്നുവരും. കിഴങ്ങ്‌, വേര്‌, വേരിന്‍മേൽതൊലി, തണ്ട്‌, അല്ലെങ്കിൽ തടി, തണ്ടിൽനിന്നെടുക്കുന്ന പശ, കാതൽ, തണ്ടിന്റെ തൊലി, പാൽ, മുള്ളുകള്‍, പൂവ്‌, പൂവിനുള്ളിലെ അല്ലികള്‍, തളിര്‌, ഇലകള്‍, ഇലയുടെ ഞരമ്പുകള്‍, ഇലയുടെയും മറ്റും നീര്‌, ഫലങ്ങള്‍, ഫലങ്ങളുടെ വിത്തുകള്‍, മാംസളഭാഗം (കഴമ്പ്‌), അതോടൊന്നിച്ചുണ്ടാകുന്ന വെള്ളം (ഉദാ. തേങ്ങാവെള്ളം), ചെടികളുടെ കൊമ്പുകള്‍, അങ്കുരങ്ങള്‍, വിത്തുകളിൽനിന്നെടുക്കുന്ന എച്ചകള്‍ (എള്ളെച്ച, വെളിച്ചെച്ച, ആവണക്കെച്ച, കുടകെച്ച, വേപ്പെച്ച, താന്നിയെച്ച, നീരട്ടി (മരോട്ടി) എച്ച മുതലായവ)-ഇങ്ങനെ ഓരോന്നിന്റെയും ഗ്രാഹ്യാംശം ഓരോന്നാണ്‌. ചിലതിന്റെ എല്ലാഭാഗങ്ങളും ആവശ്യംപോലെ ഉപയോഗിക്കാം. ഇന്നിന്ന ചെടികളുടെ വേരുകളാണ്‌ ഉപയോഗിക്കേണ്ടതെന്നും ഇന്നിന്നഫലങ്ങളാണ്‌ വേണ്ടതെന്നും മറ്റും നിർദേശങ്ങളുമുണ്ട്‌.

ഗ്രന്ഥങ്ങള്‍. ആയുർവേദചികിത്സയെ ശോധനം, ശമനം എന്നിങ്ങനെ പൊതുവേ രണ്ടായി തിരിച്ചിട്ടുണ്ട്‌. രോഗത്തിന്റെ ഉന്മൂലനാശത്തെ സംബന്ധിച്ചിടത്തോളം ശോധനചികിത്സയ്‌ക്കു പ്രാധാന്യം കൂടും. ചരകസംഹിതയിലെ കല്‌പസ്ഥാനം; സുശ്രുതസംഹിതയിൽ സൂത്രസ്ഥാനത്തിലെ "ദ്രവ്യസംഗ്രഹണീയം' എന്ന 39--ാം അധ്യായം; വാഗ്‌ഭടന്റെ കൃതിയായ അഷ്‌ടാംഗസംഗ്രഹത്തിലെ 14-ാം അധ്യായം; അതിലെ "മഹാകഷായ സംഗ്രഹം' എന്ന 15-ാം അധ്യായം; അഷ്‌ടാംഗഹൃദയത്തിലെ ശോധനാദിഗണസംഗ്രഹണീയം എന്ന 15-ാം അധ്യായം-ഈവക ഭാഗങ്ങളിലെല്ലാം ശമനങ്ങളും ശോധനങ്ങളുമായ അനേകം ഔഷധങ്ങളെയും യോഗങ്ങളെയും വിവരിച്ചിട്ടുണ്ട്‌. സുശ്രുതം മുതൽ അഷ്‌ടാംഗഹൃദയം വരെയുള്ള ഗ്രന്ഥങ്ങളുടെ കാലഘട്ടം ഏതാണ്ട്‌ ബി.സി. 6-ാം ശ. മുതൽ എ.ഡി. 500 വരെയാണെന്നാണ്‌ ചരിത്രകാരന്മാർ ഗണിച്ചിട്ടുള്ളത്‌. ഔഷധങ്ങളെപ്പറ്റിമാത്രം പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ പലതുണ്ട്‌: ധന്വന്തരിനിഘണ്ടുവിനാണ്‌ ഇവയിൽ ഏറ്റവും പഴക്കവും പ്രാമാണ്യവുമുള്ളത്‌. ഔഷധനിർമാണവിധികളടങ്ങുന്ന ഒരു പ്രാമാണിക പ്രാചീനഗ്രന്ഥമാണ്‌ ശാർങ്‌ഗധരസംഹിത (13-ാം ശ.); ലകടമിശ്രന്റെ പുത്രനായ ഭാവമിശ്രന്റെ ഭാവപ്രകാശം മറ്റൊരു പ്രമാണഗ്രന്ഥമാണ്‌. അഹിഫേനം (അവീന്‍), മേഥികാ (ഉലുവ), ഖാഖസം (കശകശ) മുതലായി നൂറ്റമ്പതോളം പുതിയ ദ്രവ്യങ്ങളെക്കൂടി ഇത്‌ ഉള്‍ക്കൊള്ളുന്നുണ്ടെന്നതോർത്താൽ, താരതമ്യേന വളരെ അർവാചീനമായ ഒരു ഗ്രന്ഥമാണ്‌ ഇതെന്നു കരുതാം (18-ാം ശ.). മദനപാലന്റെ മദനവിനോദം, നരഹരിയുടെ അഭിധാനചൂഡാമണി അഥവാ രാജനിഘണ്ടു (ഔഷധക്കൃഷിക്കു പറ്റിയ മച്ച്‌, ദേശസ്വഭാവം മുതലായതിന്റെ തരഭേദങ്ങളും ഇതിൽ വർണിച്ചിട്ടുണ്ട്‌), 17-ാം ശ.-ത്തിന്റെ ആദിയിൽ എഴുതിയതെന്നു കരുതപ്പെടുന്ന മോരേശ്വരഭട്ടന്റെ വൈദ്യാമൃതം (ചില പാരസീകൗഷധങ്ങളെക്കൂടി ഇത്‌ ഉള്‍ക്കൊള്ളുന്നു), 18-ാം ശ.-ത്തിന്റെ ആരംഭത്തിൽ കാശിയിലെ ഒരു പ്രസിദ്ധ വൈദ്യന്‍ എഴുതിയതായി വിശ്വസിക്കപ്പെടുന്ന ആതങ്കതിമിരഭാസ്‌കരം (ഇതിലെ ഭേഷജകല്‌പാധ്യായത്തിൽ ചായ മുതലായ ചില പുതിയ ചെടികളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു) എന്നിവ എടുത്തുപറയേണ്ട ചില ഔഷധഗ്രന്ഥങ്ങളാണ്‌. 18-ാം ശ.-ത്തിന്റെ മധ്യത്തിലായി വാസുദേവഗോഡ്‌ബാള്‍ എന്ന പണ്ഡിതന്‍ പ്രസിദ്ധപ്പെടുത്തിയ നിഘണ്ടുരത്‌നാകരത്തിൽ അമ്പതോളം പുതിയ ഔഷധങ്ങളെ വിവരിച്ചകൂട്ടത്തിൽ പുകയിലയും ഉള്‍പ്പെടുന്നു. ശാലിഗ്രാമനിഘണ്ടു രാജവല്ലഭനിഘണ്ടു, ഗോവിന്ദദാസന്റെ ഭൈഷജ്യരത്‌നാവലി (ഔഷധനിർമാണവിധികള്‍ അടങ്ങുന്നത്‌), ലോലിംബരാജന്റെ വൈദ്യജീവനം എന്നിവയും പ്രാമാണികഗ്രന്ഥങ്ങള്‍ തന്നെ.

ഓരോ ഔഷധത്തെപ്പറ്റിയും വ്യക്തമായ ബോധം, അതാതിന്റെ ഇലയുടെയും തണ്ടിന്റെയും വേരിന്റെയും ഫലത്തിന്റെയും എല്ലാം നിറം, ആകൃതി, രസം, ഔഷധ ധർമങ്ങള്‍ എന്നിവയെപ്പറ്റിയുള്ള ജ്ഞാനം, അവാന്തരവിഭാഗങ്ങളെപ്പറ്റിയുള്ള സൂക്ഷ്‌മജ്ഞാനം ഓരോന്നിന്റെയും സാർവദേശീയ നാമങ്ങള്‍, വിവിധ ഭാഷകളിലെ പര്യായങ്ങള്‍, ഓരോന്നിന്റെയും ഏതേതുഭാഗങ്ങള്‍ ഔഷധോപയോഗത്തിനെടുക്കുന്നു എന്ന വ്യക്തമായ വിവരം എന്നിവ അടങ്ങുന്ന സചിത്രങ്ങളായ ഗ്രന്ഥങ്ങളിൽ ചിലത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽത്തന്നെ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്‌. കീർത്തികർ, മേജർ ബാസു, ഡോ. കെ. എം. നാദ്‌കർണി എന്നിവരുടെ സംഭാവനകള്‍ ഇക്കൂട്ടത്തിൽ സ്‌മരണീയങ്ങളാണ്‌. ഡോ.കെ. എം. നാദ്‌കർണിയുടെ ഇന്ത്യന്‍ പ്‌ളാന്റ്‌സ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ (Indian Plants and Drugs)എന്ന ഗ്രന്ഥം 1908-ലാണ്‌ പ്രസിദ്ധപ്പെടുത്തിയത്‌; രണ്ടാം പതിപ്പ്‌ 1927-ൽ പ്രസിദ്ധം ചെയ്‌തു. 1954-ൽ ഇതിന്റെ ഒരു പരിഷ്‌കരിച്ച പതിപ്പ്‌ മകന്‍ ഡോ.എ.കെ. നാദ്‌കർണി ഡോ.കെ.എം. നാദ്‌കർണീസ്‌ ഇന്ത്യന്‍ മെറ്റീരിയാ മെഡിക്ക (Dr. K.M. Nadkarni's Indian Materia Medica) എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി. സസ്യൗഷധങ്ങളെപ്പറ്റി മാത്രമല്ല, മറ്റു വിഭാഗത്തിൽപ്പെട്ട ദ്രവ്യങ്ങളെപ്പറ്റിയുള്ള വിവരണങ്ങളും ഇതിലുണ്ട്‌. ലഫ്‌. കേണൽ ആർ.എന്‍. ചോപ്ര തയ്യാറാക്കിയ ഇന്‍ഡിജിനസ്‌ ഡ്രഗ്‌സ്‌ ഒഫ്‌ ഇന്ത്യ (Indigenous Drugs of India) എന്ന ഗ്രന്ഥവും മെറ്റീരിയാ മെഡിക്ക ഒഫ്‌ ഹിന്ദൂസ്‌ (Material Medica of Hindus)എന്ന ഡബ്ല്യു.സി. ദത്തിന്റെ പുസ്‌തകവും നല്ല സംഭാവനകളാണ്‌. കേരള സർവകലാശാലയിലെ ഫാർമകോഗ്നസി ഡിപ്പാർട്ടുമെന്റ്‌ തയ്യാറാക്കി പ്രസിദ്ധീകരിച്ച ഫാർമകോഗ്നസി ഒഫ്‌ ആയുർവേദിക്‌ ഡ്രഗ്‌സ്‌, കേരള (Pharmacognosy of Ayurvedic Drugs, Kerala) എന്ന ഗ്രന്ഥപരമ്പരയും ഇവിടെ പ്രത്യേകം പ്രസ്‌താവ്യമാണ്‌. മുന്‍ഗ്രന്ഥങ്ങളിലെ ന്യൂനതകളെ പരിഹരിക്കാന്‍ നാനാപ്രകാരത്തിലുള്ള ശ്രമങ്ങള്‍ ഇതിൽ നടന്നിട്ടുണ്ട്‌. സസ്യൗഷധങ്ങളെപ്പറ്റിയുള്ള സചിത്രങ്ങളായ വിവരണങ്ങള്‍ക്കു പുറമേ, പ്രാമാണിക സംസ്‌കൃതഗ്രന്ഥങ്ങളിൽനിന്ന്‌ പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ചുചേർത്തിരിക്കുന്നത്‌ ഈ പുസ്‌തകത്തിന്റെ ഒരു സവിശേഷതയാണ്‌. ഈ ഗ്രന്ഥപരമ്പര തുടർന്നുകൊണ്ടിരിക്കുന്നു.

ജംഗമങ്ങള്‍ (Animal Kingdom). ജംഗമദ്രവ്യങ്ങളിൽ ക്ഷീരത്തിനും ക്ഷീരോത്‌പന്നങ്ങള്‍ക്കും പ്രാധാന്യമുണ്ട്‌. മുലപ്പാൽ, പശുവിന്‍പാൽ, എരുമപ്പാൽ, ആട്ടിന്‍പാൽ, കുറിയാട്ടിന്‍പാൽ, ആനപ്പാൽ, കുതിരപ്പാൽ, കഴുതപ്പാൽ, ഒട്ടകപ്പാൽ മുതലായവ ഔഷധങ്ങളായി ഗണിക്കപ്പെട്ടിട്ടുണ്ട്‌; ഓരോന്നിന്റേയും വിശേഷധർമങ്ങളെ ആയുർവേദം വിവരിച്ചിട്ടുമുണ്ട്‌. മൃഗങ്ങളിൽ പലതിന്റേയും ചാണകം, മൂത്രം, മാംസം, മേദസ്സ്‌, അസ്ഥി, കൊമ്പ്‌, പല്ല്‌, നഖം, തോൽ മുതലായവയും ഔഷധങ്ങളാണ്‌. മാംസത്തിന്റെ സാമാന്യഗുണങ്ങള്‍ക്കുപുറമേ, വിവിധദേശങ്ങളിൽ താമസിക്കുന്ന പലതരം ജീവികളുടെ മാംസങ്ങളെ വർഗവിഭാഗം ചെയ്‌ത്‌ അവയുടെ ഗുണവിശേഷങ്ങളെ വ്യക്തമാക്കിയിട്ടുണ്ട്‌. മയിൽപ്പീലി, മുള്ളന്‍കോൽ, പവിഴം, ശംഖ്‌, കവിടി എന്നിവയും ജംഗമൗഷധങ്ങള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌.

പാർഥിവങ്ങള്‍ (Mineral Kingdom). മഹാരസങ്ങള്‍, ഉപരസങ്ങള്‍, സാധാരണരസങ്ങള്‍, രത്‌നങ്ങള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ (ധാതുക്കള്‍), പലതരം മച്ചുകള്‍ എന്നിവയെല്ലാം ഔഷധോപയോഗികളായ പാർഥിവദ്രവ്യങ്ങളിലുള്‍പ്പെടുന്നു. സസ്യൗഷധങ്ങളെയും ജംഗമൗഷദങ്ങളേയും അപേക്ഷിച്ച്‌ സ്വല്‌പമാത്രയിൽ ഉപയോഗിച്ചാൽ മതിയാകും എന്നും ദുസ്വാദില്ലാത്തവയാണെന്നും വേഗം ഫലംചെയ്യുമെന്നും ഉള്ള വസ്‌തുത പാർഥിവൗഷധങ്ങളുടെ മേന്മയായി ആചാര്യന്മാർ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

മേല്‌പറഞ്ഞ മൂന്നുതരം "രസ'ങ്ങളിൽ ഉള്‍പ്പെടുന്ന ചിലത്‌ രസം (Mercury), മനശ്ശില (മനയോല Arsenic disulphide), അന്നഭേദി (Sulphate of Iron), രസകം (Carbonate of Zinc), ഗൗരിപാഷാണം (White Arsenic), താളകം (Arsenic trisulphide), അഞ്‌ജനം (Antimony sulphide), സ്‌ഫടികക്കാരം (Alum) എന്നിവയാണ്‌. "രത്‌നങ്ങള്‍' എന്ന വിഭാഗത്തിൽപ്പെടുന്നവ പ്രധാനമായി നവരത്‌നങ്ങള്‍തന്നെ. സൂര്യകാന്തം, ചന്ദ്രകാന്തം മുതലായ ചില അപ്രധാന രത്‌നങ്ങളെയും കൂട്ടത്തിൽപ്പെടുത്തിയിട്ടില്ലെന്നില്ല. "ലവണങ്ങള്‍' എന്ന വർഗത്തിൽ നവസാരം (Ammonium chloride), സൈന്ധവം (Chloride of Sodium-Rock Salt), ടേങ്കണക്ഷാരം (Borax), സർജികക്ഷാരം (Crude Carbonate of Soda), യവക്ഷാരം (Crude Carbonate of Potash) മുതലായവയാണ്‌ രസതന്ത്രദൃഷ്‌ട്യാ പ്രധാനങ്ങള്‍. "ലോഹങ്ങള്‍' (ധാതുക്കള്‍) എന്ന വിഭാഗത്തിൽ പ്രധാനപ്പെട്ടവ സ്വർണം, വെള്ളി, വംഗം (തകരം), താമ്രം (ചെമ്പ്‌), സീസകം (ഈയം), യശദം (തുത്തനാകം-ദശിര), ലോഹം (ഇരുമ്പ്‌) മുതലായവയാണ്‌. "ഉപധാതുക്കള്‍' എന്നൊരു ഉപവിഭാഗവും കല്‌പിച്ചിട്ടുണ്ട്‌. സുവർണമാക്ഷികം, താരാമാക്ഷികം (Yellow and white Iron Pyrites), തെുത്ഥം (തുത്ത്‌-Copper sulphate) കന്മദം മുതലായവ ഇതിൽ ഉള്‍പ്പെടുന്നു. ചിലതരം "മണലും മച്ചും' സാധാരണൗഷധദ്രവ്യങ്ങളായി ഉപയോഗിച്ചുവരുന്നുണ്ട്‌. ഖടിക(ചോക്ക്‌-Carbonate of Calcium), കർദമം (Hydrous Silicate of Alumina), ഗോപീചന്ദനം (ഗോപിക്കട്ട-Silicate of Alumina), സികത (മണൽ-ടSilicon oxide), ഗൈരികം (Silicate of Alumina and Oxide of Iron) എന്നിവ ഇവയിൽ ചിലതാണ്‌. രസതന്ത്രവിഭാഗങ്ങള്‍. പാർഥിവദ്രവ്യങ്ങളെ ഔഷധങ്ങളാക്കുമ്പോള്‍ ഇതരദ്രവ്യങ്ങളെ അപേക്ഷിച്ച്‌ കൂടുതൽ നിഷ്‌കൃഷ്‌ടമായ "ശോധന-സംസ്‌കാര'ങ്ങള്‍ വേണ്ടിവരുന്നു. ഈ പ്രക്രിയകളെയും ഔഷധയോഗങ്ങളെയും വിവരിക്കുന്ന ഒരു പ്രത്യേക ശാഖതന്നെ ആയുർവേദത്തിനുണ്ട്‌; ഇതാണ്‌ ആയുർവേദത്തിലെ രസതന്ത്രം. ക്രിസ്‌തുവർഷാരംഭത്തിനു തൊട്ടുമുമ്പുള്ള രണ്ടുമൂന്നു നൂറ്റാണ്ടുകളിൽതന്നെ ഭാരതത്തിൽ രസതന്ത്രത്തിന്റെ ഉദ്‌ഭവവും വികാസവും ഗണ്യമായവിധം ഉണ്ടായിട്ടുണ്ടെന്ന്‌ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു.

രസരത്‌നസമുച്ചയം, രസേന്ദ്രസാരസംഗ്രഹം, രസാർണവം, രസകാമധേനു, രസസങ്കേതകലികാ, രസാർണവസുധാകരം എന്നീ സംസ്‌കൃത ഗ്രന്ഥങ്ങളാണ്‌ ഇന്ന്‌ നിലവിലുള്ള പ്രാമാണികങ്ങളായ രസതന്ത്രഗ്രന്ഥങ്ങള്‍. ഇവയിൽ ഏറ്റവും പ്രധാനം രസരത്‌നസമുച്ചയം തന്നെ. ഇത്‌ 13-ാം ശ.-ത്തിൽ രചിക്കപ്പെട്ടതാണെന്നു ഡോ. റേ അഭിപ്രായപ്പെടുന്നു. രസരാജതരംഗിണി, രസോപനിഷത്ത്‌, രസമാധവം മുതലായി സംസ്‌കൃതത്തിൽത്തന്നെ വേറെയും നല്ല ഗ്രന്ഥങ്ങളുണ്ട്‌. രസോപനിഷത്ത്‌ തിരുവനന്തപുരം ഗവണ്‍മെന്റ്‌ പ്രസ്സിൽ അച്ചിടിച്ചു പ്രസിദ്ധപ്പെടുത്തിയതാണ്‌. ബസവരാജീയം, രസവൈദ്യചിന്താമണി എന്നീ രണ്ടു പ്രധാനഗ്രന്ഥങ്ങള്‍ തെലുങ്കുഭാഷയിലുണ്ട്‌. പൂർവഗ്രന്ഥങ്ങളെ അവലംബിച്ച്‌ അടുത്തകാലത്ത്‌ ഹിന്ദിയിൽ ചില രസതന്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടുള്ളതും ഇവിടെ എടുത്തുപറയേണ്ടവയാണ്‌. സ്വേദനം, മൂർച്ഛനം, ഉത്ഥാപനം, പാതനം, രോധനം തുടങ്ങി 18 തരം "രസസംസ്‌കാര'ങ്ങളുടെ ക്രിയാരീതികളും ഇവയ്‌ക്കൊക്കെവേണ്ട പലതരം "യന്ത്ര'ങ്ങള്‍ "മൂഷ'കള്‍ എന്നിവയും മേല്‌പറഞ്ഞ ചില ഗ്രന്ഥങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

മകരധ്വജരസം, വസന്തകുസുമാകരം, പൂർണചന്ദ്രാദയം, രാജമൃഗാങ്കരസം, ലക്ഷ്‌മീവിലാസരസം, ലോകനാഥരസം, പഞ്ചാമൃതപർപ്പടി, ആനന്ദഭൈരവരസം, സ്വച്ഛന്ദഭൈരവം സന്നിപാതഭൈരവം, കനകസുന്ദര രസം, വാതരാക്ഷരസം, സൂര്യാവർത്തിരസം, തരുണാർക്കരസം, സമഗരളതരുണാർക്കരസം എന്നിവ പ്രസിദ്ധങ്ങളായ ചില രസതന്ത്രൗഷധങ്ങളാണ്‌.

ഔഷധങ്ങള്‍ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും ആവശ്യമായ അളവുകളുടെയും തൂക്കങ്ങളുടെയും വിവരങ്ങള്‍, ചരകസംഹിത മുതൽ ശർങ്‌ഗധരസംഹിതവരെയുള്ള പ്രാചീനവും അർവാചീനവുമായ ഗ്രന്ഥങ്ങളിൽ പലതിലും കാണാം; "മാനപരിഭാഷ' എന്നാണതിനു പേർ. ഇതുതന്നെ "മാഗധപരിഭാഷ' എന്നും "കലിംഗപരിഭാഷ' എന്നും രണ്ടു പ്രകാരത്തിലുണ്ട്‌. മാഗധപരിഭാഷയാണ്‌ അധികം നല്ലതെന്ന്‌ ചരകന്‍ പറയുന്നു. പ്രാചീനപരിഭാഷതന്നെയാണ്‌ ഇന്നും വൈദ്യന്മാർ സാമാന്യേന സ്വീകരിച്ചുവരുന്നത്‌.

ഔദിഭിദങ്ങള്‍, ജംഗമങ്ങള്‍, പാർഥിവങ്ങള്‍ എന്നീ മൂന്നു വിഭാഗത്തിൽപെട്ട ഔഷധങ്ങളും ഭാരതത്തിൽ സാമാന്യമായി എല്ലാഭാഗത്തും പ്രാചരത്തിലുണ്ട്‌; എന്നാൽ ചില ഭാഗങ്ങളിൽ ചിലതിന്‌ പ്രചാരം നന്നേ കുറയും. കേരളത്തിൽ രസതന്ത്രശാഖയിൽപെട്ട പാർഥിവദ്രവ്യങ്ങളുടെ പ്രയോഗം വിരളമാണ്‌. സസ്യൗഷധങ്ങള്‍ക്കും ജംഗമൗഷധങ്ങള്‍ക്കുമാണ്‌ കേരളത്തിൽ പ്രാധാന്യം. ഭൂമിശാസ്‌ത്രപരമായ കാരണങ്ങള്‍ ഇതിന്റെ പിന്നിൽ ഉണ്ടാകാം. സസ്യൗഷധങ്ങളുടെയും വെള്ളത്തിന്റെയും, സാമാന്യമായി വനസമ്പത്തിന്റെയും സമൃദ്ധികൊണ്ട്‌ അനുഗൃഹീതമാണല്ലോ കേരളം.

ആരോഗ്യവിജ്ഞാനം,ആയുർവേദത്തിൽ

ആയുർവേദത്തിന്‌ രണ്ടു മുഖ്യവിഭാഗങ്ങളുണ്ട്‌: (1) രോഗഗ്രസ്‌തമായ ശരീരത്തെ രോഗവിമുക്തമാക്കാനുള്ള ഉപായങ്ങള്‍-രോഗജ്ഞാനത്തിനും ചികിത്സയ്‌ക്കും വേണ്ട നിർദേശങ്ങള്‍-അടങ്ങുന്ന വിഭാഗം; ഇതിനെ ആതുരവൃത്തം (രോഗാതുരന്മാർക്കുവേണ്ടിയുള്ള ശാസ്‌ത്രഭാഗം) എന്നു വിളിക്കുന്നു. (2) അരോഗശരീരത്തെ രോഗബാധയിൽനിന്നു രക്ഷിക്കാനും ആരോഗ്യവും ആയുസ്സും വർധിപ്പിക്കാനുമുള്ള മാർഗങ്ങള്‍ നിർദേശിക്കുന്ന ഭാഗം; ഇതിനു സ്വസ്ഥവൃത്തം (സ്വസ്ഥന്മാർ = രോഗമില്ലാത്തവർ) എന്നു പേർ. ആയുർവേദത്തിലെ "ആരോഗ്യവിജ്ഞാനം', അലോപ്പതിയിലെ "രോഗനിവാരകൗഷധങ്ങളും ആരോഗ്യരക്ഷയും' (Preventive Medicine and Hygiene) എന്ന ചികിത്സാവിഭാഗത്തിന്റെ സ്ഥാനമാണ്‌ വഹിക്കുന്നത്‌. ഇതിൽ ആരോഗ്യരക്ഷയ്‌ക്കുതകുന്ന ദിനചര്യയും ഋതുചര്യകളും ആരോഗ്യപരങ്ങളായ ആഹാരവിഹാരക്രമങ്ങളും വ്യക്തികളുടെയും സമുദായത്തിന്റെയും പെരുമാറ്റച്ചട്ടങ്ങളും സ്ഥലജലകാലദേശാദികളും പ്രതിപാദിച്ചിരിക്കുന്നു.

അഷ്‌ടാംഗഹൃദയത്തിൽ ദിനചര്യ, ഋതുചര്യ, രോഗാനുത്‌പാദനീയം, അന്നരക്ഷാവിധി, വിരുദ്ധാന്നവിജ്ഞാനീയം, മാത്രാശിതീയം എന്നീ വ്യത്യസ്‌താധ്യായങ്ങളിലാണ്‌ ഇവ വിവരിക്കപ്പെട്ടിരിക്കുന്നത്‌. ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നലേക്കുന്നതു മുതൽ ഒരു ദിവസം ഒരാള്‍ അനുഷ്‌ഠിക്കേണ്ട പലതും "ദിനചര്യ' ഉള്‍ക്കൊള്ളുന്നു. ധർമബോധത്തിന്നാധാരമായ മാനസിക സംസ്‌കാരം വളർത്താനുതകുന്ന ചില ശാശ്വത മാനുഷിക മൂല്യങ്ങളെപ്പറ്റിയുള്ള ഉദ്‌ബോധനങ്ങളും "ദിനചര്യാവിഭാഗ'ത്തിലടങ്ങുന്നു. ഹേമന്തം, ശിശിരം മുതലായ ഋതുഭേദങ്ങളിൽ പ്രകൃതിയിൽ വരുന്ന ഭാവഭേദങ്ങള്‍ ജീവികളിലും പ്രതിഫലിക്കും എന്ന വിശ്വാസത്താൽ അതനുസരിച്ചു വേണ്ട വിശേഷവിധികളാണ്‌ "ഋതുചര്യ'യിലെ പ്രതിപാദ്യം. "രോഗാനുത്‌പാദനീയ'ത്തിൽ പതിനാലു "വേഗ'ങ്ങളെയും അവയെ വേണ്ടസമയത്ത്‌ പ്രവർത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെയും പറ്റി പറയുന്നു. അധോവായു, ഊർധ്വവായു (തികട്ടൽ), മലം, മൂത്രം, തുമ്മൽ, വെള്ളം, ദാഹം, വിശപ്പ്‌, ഉറക്കം, ചുമ, കിതപ്പ്‌ (അണപ്പ്‌), കോട്ടുവായ്‌ (ജൃംഭ), കച്ചുനീര്‌, ഛർദി, ശുക്ലം എന്നിവയുടെ സ്വാഭാവിക പ്രവർത്തനങ്ങള്‍ക്കുള്ള തോന്നലുകളാണ്‌ വേഗങ്ങള്‍. ഇവയുടെ "ഉദീരണധാരണ'ങ്ങള്‍ (തോന്നലില്ലാത്തപ്പോള്‍ മുക്കി പുറപ്പെടുവിക്കലും തോന്നുമ്പോള്‍ അടക്കിപ്പിടിക്കലും) കൊണ്ട്‌ എല്ലാത്തരം രോഗങ്ങളുമുണ്ടാകുന്നു; അതായത്‌ രോഗത്തിന്റെ സന്നികൃഷ്‌ടനിദാനമായ ത്രിദോഷവൈഷമ്യത്തിന്‌ ഇവ നിമിത്തകാരണങ്ങളാകുന്നുവെന്നർഥം. ആഹാരകാര്യത്തെയും നിദ്ര, മൈഥുനം മുതലായവയ്‌ക്കുള്ള ചില വിധിനിഷേധങ്ങളെയും മറ്റും പറ്റി "അന്നരക്ഷാവിധി' തൊട്ടുള്ള മൂന്ന്‌ അധ്യായങ്ങളിലായാണ്‌ വിവരിച്ചിട്ടുള്ളത്‌. ഇങ്ങനെയുള്ള സ്വസ്ഥവൃത്തത്തിന്‌ വ്യക്തിയുടെയും സമുദായത്തിന്റെയും സർവതോമുഖമായ അഭിവൃദ്ധിയെ സംബന്ധിച്ചിടത്തോളം ആതുരവൃത്തത്തോളമോ അതിലേറെയോ പ്രാധാന്യം കല്‌പിച്ചേ തീരൂ.

"പ്രക്ഷാളനാദ്ധി പങ്കസ്യ ദൂപാദസ്‌പർശനം വരം' ചെളി പറ്റിക്കഴിഞ്ഞു കഴുകാന്‍ മിനക്കെടുന്നതിനെക്കാള്‍ ചെളി പറ്റാതെ കഴിച്ചുകൂട്ടുന്നതാണ്‌ നന്ന്‌ എന്ന പ്രമാണവചനം ആരോഗ്യവിജ്ഞാനത്തിന്റെ പ്രാധാന്യത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌. ത്രിദോഷസിദ്ധാന്തവും ആരോഗ്യലക്ഷണങ്ങളും. ത്രിദോഷസിദ്ധാന്തമാണ്‌ ആയുർവേദശാസ്‌ത്രപ്രകാരം രോഗജ്ഞാനത്തിനും ചികിത്സയ്‌ക്കുമെല്ലാം മുഖ്യാസ്‌പദം. ത്രിദോഷങ്ങള്‍ സമാനാവസ്ഥയിൽ വർത്തിക്കുമ്പോള്‍ ശരീരമനസ്സുകള്‍ക്ക്‌ ആരോഗ്യവും അവയ്‌ക്ക്‌ വിഷമാവസ്ഥയുണ്ടാകുമ്പോള്‍ രോഗാവസ്ഥയും ഉണ്ടാകുന്നു. ശരീരത്തിന്റെ ഘടനാപരമായ ചില വൈഷമ്യങ്ങളെക്കൊണ്ടാണ്‌ ശരീരം രോഗഗ്രസ്‌തമാകുന്നതെന്നും ഇവയെ സമീകരിക്കലാണ്‌ ആരോഗ്യഹേതു എന്നും ഉള്ള തത്ത്വമാണ്‌ ഈ സിദ്ധാന്തത്തിന്റെ കാതൽ. രോഗാണുജന്യങ്ങളായും ആംഗികങ്ങളായും ആഗന്തുകരോഗങ്ങള്‍ ഉണ്ടാകാമെങ്കിലും അവകൊണ്ടുണ്ടാകുന്ന ഘടനാപരങ്ങളായ വൈഷമ്യങ്ങളെ പരിഹരിച്ചുകൊണ്ട്‌ ശരീരത്തിന്റെ സഹജമായ പ്രതിരോധകശക്തിയെ വർധിപ്പിക്കുകയും നിലനിർത്തുകയുമാണ്‌ ത്രിദോഷസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള ഉപക്രമങ്ങളുടെ ഫലം. മാനസികവും ശാരീരികവുമായ ഭാവങ്ങളെ സമഗ്രമായി സ്‌പർശിച്ചുകൊണ്ടുള്ള ഒരു ശാസ്‌ത്രീയസങ്കല്‌പമാണ്‌ ത്രിദോഷസിദ്ധാന്തമെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം.

ത്രിദോഷങ്ങള്‍ക്കു വൈഷമ്യം സംഭവിക്കുമ്പോള്‍-രോഗാവസ്ഥയുണ്ടാകുമ്പോള്‍-വിവിധ പ്രകൃതികളായ വ്യക്തികളുടെ മാനസികവും ശാരീരകങ്ങവുമായ എല്ലാ ഭാവങ്ങള്‍ക്കും ഒരു പോലെ അസ്വസ്ഥതയുണ്ടാകും. ത്രിദോഷസാമ്യത്തിൽ രണ്ടിനും ഒരുപോലെ സ്വാസ്ഥ്യവും ലഭിക്കുന്നു.

ദേശസ്വഭാവങ്ങള്‍. ആരോഗ്യരക്ഷാതത്ത്വങ്ങളെപ്പറ്റി ചിന്തിച്ചുതുടങ്ങുമ്പോള്‍, ഒരു വ്യക്തിയോ സമുദായമോ അധിവസിക്കുന്ന ദേശത്തിന്റെ സ്വഭാവവിശേഷങ്ങള്‍കൂടി കണക്കിലെടുക്കാതെ തരമില്ല. ആയുർവേദാചാര്യന്മാർ സകലദേശങ്ങളെയും സാമാന്യമായി ആനൂപം, ജാംഗലം, മിശ്രം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. നദികള്‍, ജലാശയങ്ങള്‍ എന്നിവ നിറഞ്ഞതും ചതുപ്പുള്ളതുമായ സ്ഥലമാണ്‌ ആനൂപദേശം; കഫപ്രധാനങ്ങളായ രോഗങ്ങളും വാതരോഗങ്ങളും അവിടെ സാധാരണങ്ങളാണ്‌. ജാംഗലം വരണ്ടിരിക്കുന്ന ദേശമാണ്‌; അവിടെ വെള്ളം ദുർലഭം; പിത്തസംബന്ധമായും രക്ത സംബന്ധമായും ഉള്ള രോഗങ്ങള്‍ അവിടെ അധികം ഉണ്ടാകാനിടയുണ്ട്‌. ആനൂപത്തിന്റെയും ജാംഗലത്തിന്റെയും പ്രകൃതികള്‍ ഇടകലർന്നുള്ളതാണ്‌ മിശ്രദേശം; അവിടെ അധികമായ തണുപ്പോ ചൂടോ ഉണ്ടായിരിക്കയില്ല. ആരോഗ്യത്തിനും ദീർഘായുസ്സിനും അനുകൂലമാകയാൽ ഇതാണ്‌ സ്വഭാവേന ഏറ്റവും നല്ലത്‌. ഇതിന്‌ "സാധാരണദേശം' എന്നും പേർ കൊടുത്തിട്ടുണ്ട്‌.

ജാംഗലദേശത്ത്‌ അധികമായുണ്ടാകുന്ന പക്ഷിമൃഗാദികളെ ജാംഗലജീവികള്‍ എന്നും ആനൂപദേശത്തുള്ളവയെ ആനൂപജീവികള്‍ എന്നും വിളിക്കുന്നു. ഇവയുടെ മാംസത്തിന്‌ (ദേശഭേദേന) ഗുണവ്യത്യാസമുണ്ട്‌; ഔഷധച്ചെടികളിലും ഈ വ്യത്യാസം പ്രതിഫലിക്കും. വിന്ധ്യ-മലയ-സഹ്യപർവതങ്ങള്‍ അഗ്നിഗുണഭൂയിഷ്‌ഠങ്ങളും ഹിമാലയപർവതം സൗമ്യഗുണഭൂയിഷ്‌ഠവുമാകുന്നു. അതിനാൽ വിന്ധ്യാധിപർവതങ്ങളിലുണ്ടാകുന്ന ഔഷധങ്ങള്‍ പ്രായേണ ഉഷ്‌ണവീര്യങ്ങളും ഹിമവാനിൽ ഉണ്ടാകുന്നവ ശീതവീര്യങ്ങളുമാണ്‌. പർവതങ്ങളിലല്ലാതെ വനങ്ങളിലും ഉപവനങ്ങളിലും ഉണ്ടാകുന്ന ഔഷധങ്ങളും ഓരോ ഋതുക്കളിലെ ശീതോഷ്‌ണസ്ഥിതിയനുസരിച്ച്‌ ശീതവീര്യങ്ങളായും ഉഷ്‌ണവീര്യങ്ങളായും ഇരിക്കും. ഈ ദേശ കാലസ്വഭാവഭേദങ്ങള്‍ മനസ്സിലാക്കിവച്ചെങ്കിൽ മാത്രമേ വിഭിന്നപ്രകൃതികളായ വ്യക്തികള്‍ക്ക്‌ വേണ്ടവിധം ആരോഗ്യരക്ഷാമാർഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയൂ. ദിനചര്യ. ആരോഗ്യവും ദീർഘായുസ്സും ആഗ്രഹിക്കുന്നയാള്‍ നിത്യം അനുഷ്‌ഠിക്കേണ്ട ചില കൃത്യങ്ങളുണ്ട്‌; അഷ്‌ടാംഗഹൃദയത്തിൽ "ദിനചര്യ' എന്ന അധ്യായത്തിൽ അവയെ പ്രതിപാദിച്ചിരിക്കുന്നു. ബ്രഹ്മമുഹൂർത്തത്തിൽ ഉണർന്നേഴുന്നേല്‌ക്കുന്നതു തൊട്ടാണ്‌ ദിനചര്യ ആരംഭിക്കേണ്ടത്‌. സൂര്യോദയത്തിന്‌ സുമാർ രണ്ടുമണിക്കൂർ മുമ്പുള്ള സമയമാണ്‌ ബ്രഹ്മമുഹൂർത്തം. ശരീരത്തിന്റെ അന്നന്നത്തെ ആരോഗ്യസ്ഥിതിയെപ്പറ്റി ചിന്തിക്കാനും അതനുസരിച്ച്‌ ശുചീകരണക്രിയകളെല്ലാം ശരിക്കു നടത്തി താന്താങ്ങളുടെ പ്രവൃത്തികള്‍ക്ക്‌ സൂര്യോദയത്തിനു മുമ്പുതന്നെ തയ്യാറെടുക്കാനും ഉള്ള സമയമിതാണ്‌. ഉണർന്നെഴുന്നേറ്റാൽ താമസിയാതെ മലമൂത്രാദികളെ വിസർജിക്കുകയും മലായനങ്ങള്‍ ശുദ്ധിവരുത്തുകയും വേണം. ശൗചകർമത്തിനുപയോഗിക്കുന്ന ജലം നിർമലവും അപ്പോള്‍ കോരിയെടുത്തതും ആകണം. ദൗർഗന്ധ്യാദികള്‍ നീക്കാന്‍ നല്ല മച്ചും ഉപയോഗിക്കാം ("അഭ്യംദ്ധൃതാഭിഃ ശുചിഭിരദ്‌ഭിർമൃദ്‌ശ്ചയോജയേൽ' അ.സം. സൂ.) കുളങ്ങളിലും മറ്റും ചെന്നിരുന്ന്‌ ശൗചം നടത്തുന്ന സമ്പ്രദായം രോഗസംക്രമണത്തിന്‌ കാരണമാണ്‌. അധികം ചൂടുള്ളതോ നാറ്റമുള്ളതോ നുരയും പതയും ക്ഷാരവുമുള്ളതോ ആയ വെള്ളം ഉപയോഗിക്കരുത്‌; മുഖം കഴുകുന്നതിനും മറ്റും രണ്ടുകൈകൊണ്ടും ധാരാളം വെള്ളം കോരിയെടുക്കണം. ("നാഗ്നിപക്വൈർന്ന പൂതിഭിഃനഫേന ബുദ്‌ബുദക്ഷാരൈർനൈകഹസ്‌ താർപ്പിതൈർ ജലൈ:'-അ.സം.സൂ.)

പല്ലുതേപ്പ്‌. ദിനചര്യയിലെ അടുത്ത ഇനം പല്ലുതേപ്പാണ്‌; ഇത്‌ കാലത്തും ഭക്ഷണശേഷവും വേണ്ടതാണ്‌. അതിന്‌ ദന്തചൂർണയോഗങ്ങള്‍ പലതുമുണ്ട്‌. ചുക്ക്‌, മുളക്‌, തിപ്പലി എന്നിവയുടെ തേനിൽക്കുഴച്ച പൊടിയോ എച്ചയിൽ ഭാവനചെയ്‌ത ഇന്തുപ്പുപൊടിയോ, ചെറുപ്പുന്നയരിപ്പൊടിയോ, ത്രിഫലപ്പൊടിയോ ഉപയോഗിക്കാം. ചവർപ്പ്‌, എരുവ്‌, കയ്‌പ്‌ എന്നീ രസങ്ങളുള്ള ദ്രവ്യങ്ങളാണ്‌ ദന്തശുദ്ധിയുണ്ടാവാന്‍ നല്ലത്‌. അങ്ങനെയുള്ള വൃക്ഷങ്ങളുടെയോ ചെടികളുടെയോ ചില്ലകള്‍, ചെറുവിരൽവച്ചത്തിലും സുമാർ 30 സെ.മീ. നീളത്തിലും മുറിച്ചെടുത്ത്‌ ("കനീന്യഗ്രസമസ്ഥൂലം പ്രഗുണം ദ്വാദശാംഗുലം') ഒരഗ്രം ചതച്ച്‌ "മൃദ്വഗ്ര'മാക്കി (ബ്രഷ്‌പോലെ) ദന്തചൂർണത്തിൽ ഒപ്പി പല്ലുതേയ്‌ക്കാം. എരുക്ക്‌, ഉങ്ങ്‌, നീർമരുത്‌, പേരാൽ, കരിങ്ങാലി, പിച്ചകം, കടലാടി, കണവീരം, കൂവളം, മാവ്‌, ചെമ്പകം, കടമ്പ്‌, കുടകപ്പാല എന്നിവയൊക്കെ അതിന്‌ വിധിച്ചിട്ടുള്ളവയാണ്‌; കമുക്‌, തെങ്ങ്‌ (വേരും പൂക്കുലത്തണ്ടും), പന, ഈന്തപ്പന, കൈത (വേരും പൂക്കുലത്തണ്ടും) എന്നിവയും ഉപയോഗിക്കാവുന്നതാണ്‌. ഈ ഔഷധക്കോലുകള്‍ക്ക്‌ ദന്തപവനങ്ങള്‍, ദന്തകാഷ്‌ഠങ്ങള്‍, ദന്തശോധനങ്ങള്‍ എന്നൊക്കെ പര്യായങ്ങളുണ്ട്‌. ഇവകൊണ്ട്‌ ഓരോ പല്ലും വെണ്ണേറെ തേയ്‌ക്കണം ("ഏകൈകം ഘർഷയേൽ ദന്തം'- സുശ്രുതസംഹിത). ഔഷധക്കോലുകള്‍ക്ക്‌ ഔഷധഗുണമുണ്ടെന്നതിനു പുറമേ, അന്നന്നത്തെ ഉപയോഗംകഴിഞ്ഞാൽ വലിച്ചെറിയാമെന്നതുകൊണ്ട്‌, നിത്യവും പുതിയവ ഉപയോഗിക്കയുമാവാം.

ദന്തശുദ്ധിവരുത്തിയശേഷം നാവ്‌ വടിച്ചു വെടിപ്പാക്കണം; അതിന്‌ പൊളിച്ചെടുത്ത ദന്തകാഷ്‌ഠം തന്നെയോ അതിന്റെ ഇലയോ ഉപയോഗിക്കാം. സ്വർണം, ചെമ്പ്‌, വെള്ളി എന്നിവകൊണ്ട്‌ വളഞ്ഞ ആകൃതിയിൽ ഉണ്ടാക്കിയ "ജിഹ്വാനിർലേഖന'ങ്ങള്‍ ഉപയോഗിക്കാനും വിധിയുണ്ട്‌.

അഞ്‌ജനം. അടുത്തതായി കച്ചിൽ അഞ്‌ജനമെഴുതുകയാണ്‌ വേണ്ടത്‌, നിത്യം ശീലിക്കുവാന്‍ പറ്റിയത്‌ "സൗവീരാഞ്‌ജനം' ആണ്‌; ഇത്‌ കച്ചിലെ സ്വാഭാവിക വർണങ്ങളെ തെളിയിക്കും; കണ്‍പീലികള്‍ക്ക്‌ സാന്ദ്രത ഉണ്ടാക്കും; കച്ചിന്‌ കാഴ്‌ചയും ഭംഗിയും വർധിപ്പിക്കും. എന്നാൽ, ഇതിന്റെ നിത്യോപയോഗത്താൽ കച്ചിൽ "കഫരോധം' ഉണ്ടാകാനിടയുള്ളതുകൊണ്ട്‌ ആഴ്‌ചയിലൊരിക്കൽ കഫത്തെ "സ്രവിപ്പിക്കാനായി' "രസാഞ്‌ജനം' എഴുതണം. മരമഞ്ഞള്‍ത്തൊലികൊണ്ടുള്ള കഷായം കുറുക്കിഘനമാക്കി അതിൽ സൗവീരാഞ്‌ജനത്തിന്റെ പൊടിചേർത്തു കുഴമ്പാക്കിയാൽ രസാഞ്‌ജനമായി. അടുത്ത ഇനങ്ങള്‍ യഥാക്രമം നസ്യം, ഗണ്ഡൂഷം, ധൂമപാനം, താംബൂലചർവണം എന്നിവയാണ്‌. ഔഷധ ദ്രവ്യങ്ങള്‍ നാസാദ്വാരത്തിലൂടെ പ്രയോഗിക്കുന്ന ക്രിയാ വിധിയാണ്‌ നസ്യം; ദ്രവദ്രവ്യങ്ങള്‍ വായിലാക്കി കവിള്‍ക്കൊള്ളുന്നതാണ്‌ ഗണ്ഡൂഷം; ഔഷധദ്രവ്യങ്ങളിൽനിന്നുള്ള പുകവലിക്കുന്നതിനെയാണ്‌ ധൂമപാനം എന്നു പറയുന്നത്‌; ഇതിനായി "ധൂമനളിക' എന്നൊരു ഉപകരണവും നിർദേശിച്ചിട്ടുണ്ട്‌. ഈ നളിക വളരെ നീളമുള്ളതും വച്ചം കുറഞ്ഞതുമാണ്‌. അതുകൊണ്ട്‌ ഒരു മാത്രാകാലം കൊണ്ടുമാത്രമേ ധൂമപാനം പാടുള്ളൂ എന്നു വിധിയുള്ളതിനാൽ ഇന്ദ്രിയങ്ങള്‍ക്ക്‌ ദോഷം വരില്ല. ധൂമപാനം അധികമായാൽ അച്ചാക്കും മൂക്കിനകവും തൊണ്ടയും മറ്റും വരളുകയും, തലചുറ്റൽ, ദാഹം, രക്തസ്രുതി, ഇന്ദ്രിയങ്ങള്‍ക്കു ശക്തിക്ഷയം എന്നിവ സംഭവിക്കുകയും ചെയ്യും. നസ്യത്തിന്‌ "അണുതൈലം' ഉപയോഗിക്കാം. അഞ്‌ജനംകൊണ്ട്‌ ഉത്‌ക്ലേശിച്ച വാതകഫങ്ങളെ നസ്യംകൊണ്ടും, നസ്യംകൊണ്ട്‌ ഉത്‌ക്ലേശിച്ചവയെ ഗണ്ഡൂഷംകൊണ്ടും ശോധനം ചെയ്യാം. ഗണ്ഡൂഷംകൊണ്ട്‌ ഉത്‌ക്ലേശിച്ച വാതകഫങ്ങളെ ധൂമപാനം നിർഹരിക്കന്നു. നസ്യംകൊണ്ട്‌ മുഖത്തിന്‌ സൗഗന്ധ്യം, ശബ്‌ദത്തിന്‌ സ്‌നിഗ്‌ധത, ഇന്ദ്രിയങ്ങള്‍ക്കു നൈർമല്യം എന്നിവയുണ്ടാകും. മുഖത്ത്‌ തൊലി ചുളിയുക, നര, വ്യങ്‌ഗം (കരിമുഖം) എന്നിവയെ തടുക്കാം. ഗണ്ഡൂഷത്തിന്‌ ശീതജലം, ഉഷ്‌ണജലം, എള്ളെച്ച മുതലായ പലതും ഉപയോഗിക്കാം. ഹന്വസ്ഥിക്ക്‌ (താടിയെല്ല്‌) ബലം, സ്വരബലം, മുഖത്തിനു പുഷ്‌ടി, രസജ്ഞാനം, രുചി ഇവ വർധിക്കാനും തൊണ്ടയുണക്ക്‌, ചുണ്ടുവിള്ളൽ, പല്ലുകള്‍ക്ക്‌ തേച്ചിൽ, ഇളക്കം, വേദന, പുളിരസം തട്ടിയാലത്തെ "കോച്ചൽ' ഇവ ഇല്ലാതാക്കുവാനും എച്ച കവിള്‍കൊള്ളുന്നത്‌ നല്ലതാണ്‌. ധൂമപാനംകൊണ്ട്‌ മൂക്ക്‌, കണ്‌ഠം, ഉരസ്സ്‌ എന്നിവയ്‌ക്ക്‌ കഫശുദ്ധിയും ലഘുത്വവുമുണ്ടാകും. താംബൂലചർവണം (വെറ്റില മുറുക്കൽ) ജാതിക്ക, ഇലവംഗം, കർപ്പൂരം, തക്കോലം, അടയ്‌ക്ക, ഏലക്കായ്‌ എന്നിവയോടുകൂടിയാകാം. വായ്‌ക്കു ശുദ്ധി, രുചി, സൗഗന്ധ്യം എന്നിവയുണ്ടാക്കാന്‍ ഇതു നല്ലതാണ്‌.

അടുത്തത്‌ ക്ഷൗരകർമമാണ്‌. "പഞ്ചരാത്രാന്നഖശ്‌മശ്രു-കേശ രോമാണികർത്തയേൽ' (നഖം, മുഖരോമം, തലമുടി ഇവ അയ്യഞ്ചു ദിവസം കൂടുമ്പോള്‍ മുറിച്ചുകളയണം) എന്നാണ്‌ ഭാവപ്രകാശമതം. "നീചരോമനഖശ്‌മശ്രു' (അധികം നീളാത്ത രോമവും നഖവും മീശയും ഉള്ളവന്‍) ആകണമെന്ന്‌ വാഗ്‌ഭടനും അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

അഭ്യംഗം. അഭ്യംഗം (എച്ചതേപ്പ്‌) ആണ്‌ ഇനി വേണ്ടത്‌. രോഗമൊന്നും ഇല്ലാത്തവന്‍ ദിവസംതോറുമോ, ഒന്നിരാടമോ, മുമ്മൂന്നുദിവസം കൂടുമ്പോഴോ, ഒരു നിയമമനുസരിച്ച്‌ മുടങ്ങാതെ അതു ശീലിക്കണം. അതതു കാലദേശാദ്യവസ്ഥകള്‍ക്ക്‌ അനുസരിച്ച്‌ തയ്യാറാക്കിയ തൈലം തലയിലും ചെവിയിലും പാദങ്ങളിലും വിശേഷിച്ചു പുരട്ടണം. സാമാന്യമായി അഭ്യംഗം ജരയെ തടുക്കാനും ചർമത്തിനു മിനുപ്പും വർണപ്രസാദവും ഉണ്ടാക്കാനും നല്ലതാണ്‌. കച്ചിനു ദർശനശക്തി വർധിപ്പിക്കും; തളർച്ചയെയും വാതകോപത്തെയും ശമിപ്പിക്കും; പേശികള്‍ക്ക്‌ പുഷ്‌ടിയും ദാർഢ്യവും പ്രദാനം ചെയ്യും; ഉറക്കമുണ്ടാക്കും; അധികം തടിച്ചവരെ മെലിയിക്കാനും മെലിഞ്ഞവരെ തടിപ്പിക്കാനും അഭ്യംഗം നല്ലതാണെന്നു കരുതപ്പെടുന്നു; എന്നാൽ കഫവൃദ്ധിയുള്ളവരും വമനവിരേചനാദിശോധനൗഷധങ്ങള്‍ കഴിച്ച ദിവസങ്ങളിലും അജീർണമുള്ളപ്പോഴും അഭ്യംഗം ചെയ്യരുത്‌. വ്യായാമം. എച്ചതേച്ചു കഴിഞ്ഞാൽ, ശരീരപ്രകൃതി മുതലായവയ്‌ക്കനുസരിച്ചുള്ള വ്യായാമം ഒഴിച്ചുകൂടാത്തതാണ്‌. സൂര്യനമസ്‌കാരം നല്ലൊരു വ്യായാമമാണ്‌. അങ്ങനെ പലതുമുണ്ട്‌. വ്യായാമംകൊണ്ട്‌ ശരീരത്തിന്‌ ലാഘവം, കർമസാമർഥ്യം, ദഹനശക്തി, ദുർമേദസ്സിനു ക്ഷയം, പേശികള്‍ക്കു ദാർഢ്യം, അവയവങ്ങള്‍ക്കു വ്യക്തതയും നിബിഡതയും ("വിഭ്‌കതഘനഗാത്രത്വം') എന്നിവയുണ്ടാകും; എന്നാൽ വാതരോഗിക്കും പിത്തരോഗിക്കും വ്യായാമം നിഷിദ്ധമാണ്‌. എഴുപതുകഴിഞ്ഞ വൃദ്ധന്മാർ, പതിനാറു വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവർ വ്യായാമം ചെയ്‌തുകൂടാ എന്നാണ്‌ വിധി. ഹേമന്തം, ശിശിരം എന്നീ ശീതകാലങ്ങളിലും വസന്തകാലത്തും മറ്റെല്ലാ കാലത്തേക്കാളുമധികം വ്യായാമം ചെയ്യാം; എന്നാൽ, അപ്പോഴും ഒരുവന്റെ ശരീരശക്തിയുടെ പകുതിയിലധികം വ്യയം ചെയ്യരുത്‌. "നെഞ്ചിന്റെ നടുവിലും മൂക്കിന്മേലും എല്ലാ സന്ധികളിലും കക്ഷങ്ങളിലും നെറ്റിമേലും വിയർപ്പു പൊടിഞ്ഞുകണ്ടാൽ ഒരാള്‍ തന്റെ അർധശക്തി വ്യയം ചെയ്‌തതായി കരുതാം' ("സ്‌തനയോരന്തരേ ഘ്രാണേസർവസ്‌നധിഷു-കക്ഷയോഃ- സ്വോദോൽഗമോ ലലാടേച ശക്ത്യർധമിതി കഥ്യതെ'); ഏതായാലും അതിവ്യായാമം ഒരിക്കലും ചെയ്‌തുകൂടാ അതുകൊണ്ട്‌ ചുമ, പനി, ഛർദി, തളർച്ച, ക്ഷയം, ശ്വാസംമുട്ടൽ, രക്തപിത്തം എന്നീ പല ഉപദ്രവങ്ങളുമുണ്ടാകും.

സംവാഹനം. വ്യായാമം കഴിഞ്ഞാൽ ശരീരം നല്ലവച്ചം തടവണം; ഇതിന്‌ സംവാഹനം അഥവാ അംഗമർദനം എന്നു പറയും. വ്യായാമംകൊണ്ടു വിയർത്തിരിക്കുന്ന സമയത്ത്‌ സംവാഹനം ചെയ്‌താൽ ശരീരത്തിന്റെ എല്ലാഭാഗത്തും രക്തസഞ്ചാരം കൂടുതൽ നല്ലനിലയിൽ നടക്കുമെന്നതുകൊണ്ട്‌ അത്‌ സന്തർപ്പണവുമാണ്‌. തടവൽ കൈകൊണ്ടും കാൽകൊണ്ടും നടത്താം. "വ്യായാമസ്വിന്നവപുഷം, പദ്‌ഭ്യാം സമ്മർദിതം തഥാ; വ്യാധയോ നോപസർപ്പന്തി' (ഭാവപ്രകാശം).

ഉദ്വർത്തനവും സ്‌നാനവും. സംവാഹനത്തിനുശേഷം, കഷായദ്രവ്യങ്ങളെ (ചവർപ്പുരസമുള്ള വസ്‌തുക്കളെ) അരച്ചോ പൊടിച്ചോ മേൽ തേച്ചു തിരുമ്മുന്നത്‌ കഫഹരമാണ്‌; മേദസ്സിനെ വിലയിപ്പിക്കും; അംഗങ്ങള്‍ക്കു സ്ഥൈര്യവും ചർമത്തിന്‌ പ്രസാദവും ഉണ്ടാക്കും, മെഴുക്കിളക്കുകയും ചെയ്യും (ഉദാ. വാക, ഈഞ്ച). ഇതിന്‌ ഉദ്വർത്തനം എന്നാണു പേർ. "ഉദ്വർത്തനം കഫഹരം മേദസഃ പ്രവിലായനം'. ഇതു കഴിഞ്ഞ ഉടനെ ദേഹത്തിൽ ഇളം ചൂടുള്ള വെള്ളവും തലയ്‌ക്ക്‌ തണുത്തവെള്ളവും പകർന്നു കുളിക്കണം. തലയ്‌ക്കു ചൂടുവെള്ളം പകരുന്നത്‌ തലമുടിക്കും കച്ചിനും ദോഷകരമാണ്‌. ("ഉഷ്‌ണാംബുനാധഃ കായസ്യ, പരിഷേകോ ബലാവഹഃ തേ നൈവതൂത്തുമാംഗസ്യ, ബലഹൃൽ കേശചക്ഷുഷാം-വാഗ്‌ഭടന്‍') സ്‌നാനത്തിനു പല ഗുണങ്ങളും പറയുന്നുണ്ട്‌. ദഹനശക്തിയും ശുക്ലപുഷ്‌ടിയും ഓജസ്സും ബലവുമുണ്ടാകാനും ശരീരത്തിന്റെ മാലിന്യവും ആലസ്യവും മറ്റും അകലാനും സ്‌നാനം വളരെ നല്ലതാണ്‌; എന്നാൽ അർദിതം, നേത്രരോഗം, കർണരോഗം, മുഖരോഗം, അതിസാരം, അജീർണം, പീനസം മുതലായ ചില രോഗങ്ങളുള്ളവർക്കും ഭക്ഷണംകഴിഞ്ഞ ഉടനെയും (ആരോഗ്യമുള്ളവർക്കു പോലും) കുളി നിഷിദ്ധമാണ്‌. കുളിക്കുശേഷം, ശരീരം തോർത്തുന്നതിനും വസ്‌ത്രമാല്യാദികള്‍ ധരിക്കുന്നതിനും മറ്റും ശാസ്‌ത്രവിധികളുണ്ട്‌. രോമംകൊണ്ടുള്ള വസ്‌ത്രം, പട്ടുവസ്‌ത്രം, രക്തവസ്‌ത്രം, വെള്ളവസ്‌ത്രം മുതലായവയ്‌ക്കുള്ള സവിശേഷഗുണങ്ങള്‍ അവയിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. "നിർമലാംബരധാരണം' പ്രത്യേക പ്രാധാന്യമർഹിക്കുന്നു.

ഇത്രയും പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാൽപിന്നെ "അർഥാനുബന്ധി'കളായ കാര്യങ്ങളിലേക്കു (കൃഷി, വാണിജ്യം, ഗോരക്ഷ, രാജസേവ, രാജ്യസേവ മുതലായ ധനാഗമമാർഗങ്ങളിലേക്ക്‌) പ്രവേശിക്കാം. എന്തുകൊണ്ടെന്നാൽ, ആയുസ്സ്‌ എത്രതന്നെ ദീർഘമാണെങ്കിലും "അസന്നിഹിതസാധനം' (വേണ്ടതൊന്നും ഇല്ലാത്തത്‌) ആയാൽ നിന്ദിതമാകുന്നു; എന്നാൽ ധാർമികബോധത്തിലും സദാചാരനിഷ്‌ഠയിലും അടിയുറപ്പിച്ചുവേണം അവയെല്ലാം നിർവഹിക്കുവാന്‍; എങ്കിൽ മാത്രമേ തനിക്കും സമുദായത്തിനും ക്ഷേമൈശ്വര്യങ്ങളുണ്ടാകൂ. ഭൂതാനുകമ്പ, സമദർശിത്വം, ക്ഷമ, സ്വപ്രത്യയസ്ഥൈര്യം, ഉത്സാഹം, സത്യസന്ധത, സമൂഹസ്‌നേഹം തുടങ്ങിയ നിരവധി മാനുഷികമൂല്യങ്ങളിൽനിന്ന്‌ ഊറിക്കൂടുന്ന സമുന്നതമായ ഒരു മാനസികസംസ്‌കാരം അതിനാവശ്യമാണ്‌; അത്‌ ആരോഗ്യത്തിനും ദീർഘായുസ്സിനും കാരണവുമാണ്‌; അത്‌ വളർത്തിയെടുക്കുവാന്‍ വേണ്ട നിരവധി സദുപദേശങ്ങളുടെ ഒരു വിസ്‌തീർണപ്രഭാമണ്ഡലമാണ്‌ "ദിനചര്യ'യിൽ ഇനി ദർശിക്കുന്നത്‌. ധർമശാസ്‌ത്രതത്ത്വങ്ങളുടെ സാരസർവസ്വം മുഴുവന്‍ അതുള്‍ക്കൊള്ളുന്നു. അതിന്റെ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം: "ഹിംസാസ്‌തേയാന്യഥാകാമ- പൈശുന്യപരുഷാനൃതേ സംഭിന്നലാപം വ്യാപാദ- മഭിധ്യാ ഭൃഗ്വിപര്യായം; പാപം കർമേതി ദശധാ കായവാങ്‌മാനസൈസ്‌ത്യജേൽ അവൃത്തിവ്യാധിശോകാർത്താ- നനുവർത്തേത ശക്തിതഃ ആങ്ങവത്സതതം പശ്യേ- ദപി കീടപിപീലികം' (കൊല, മോഷണം, വ്യഭിചാരം, ഏഷണി, പരുഷവചനം, അസത്യവാദം, അസംബന്ധപ്രലാപം, ദ്രാഹവിചാരം, പരദ്രവ്യാദികളിലുള്ള ആഗ്രഹം, ശാസ്‌ത്രങ്ങളിൽ വിശ്വാസമില്ലായ്‌മ എന്നീ പത്തു പാപകർമങ്ങളെ ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ത്യജിക്കണം; ആദ്യത്തെ മൂന്നെച്ചത്തെ ശരീരംകൊണ്ടും, പിന്നെയുള്ള നാലെച്ചത്തെ വാക്കുകൊണ്ടും ശേഷിക്കുന്ന മൂന്നെച്ചത്തെ മനസ്സുകൊണ്ടും ത്യജിക്കണമെന്നാണ്‌ വിവക്ഷ; ദാരിദ്യ്രംകൊണ്ടും വ്യാധികൊണ്ടും ദുഃഖംകൊണ്ടും പരവശരായിരിക്കുന്നവരെ യഥാശക്തി രക്ഷിക്കണം. പുഴു, ഉറുമ്പ്‌ മുതലായ ക്ഷുദ്രജീവികളെപ്പോലും എപ്പോഴും തന്നെപ്പോലെ കാണണം).

ഋതുചര്യ. ഭാദ്രപദം, ആശ്വിനം, കാർത്തിക, മൃഗശീർഷം, പൗഷം, മാഘം, ഫാൽഗുനം, ചൈത്രം, വൈശാഖം, ജ്യൈഷ്‌ഠം, ആഷാഢം, ശ്രാവണം എന്നീ 12 മാസങ്ങള്‍ ചേർന്നാണ്‌ ഒരു കൊല്ലം തികയുന്നത്‌. ഈ പന്ത്രണ്ടിൽ ആദ്യമാദ്യം പറഞ്ഞ ഈരണ്ടെച്ചം കൂടി യഥാക്രമം ശരത്‌ (ചിങ്ങം-കന്നി), ഹേമന്തം (തുലാം-വൃശ്ചികം) ശിശിരം (ധനു-മകരം) വസന്തം (കുംഭം-മീനം), ഗ്രീഷ്‌മം (മേടം-ഇടവം), പ്രാവൃട്‌ (മിഥുനം-കർക്കിടകം) എന്നിങ്ങനെ ആറ്‌ ഋതുക്കള്‍ ഉണ്ടാകുന്നു.

ഈ ഋതുക്കളിൽ വ്യക്തങ്ങളായ മൂന്ന്‌ കാലാവസ്ഥകള്‍ ഉള്‍പ്പെട്ടിരിക്കുന്നു; ശീതകാലം, ഉഷ്‌ണകാലം, വർഷകാലം, പ്രാവൃട്‌, ശരത്‌, ഹേമന്തം എന്നീ ഋതുക്കളിൽ സൂര്യന്റെ ഗതി മധ്യരേഖയിൽനിന്ന്‌ തെക്കോട്ടു നീങ്ങിയിട്ടാകയാൽ ഇക്കാലത്തെ ദക്ഷിണായനം എന്നു പറയുന്നു. ഈ കാലത്ത്‌ എല്ലാ ജീവികള്‍ക്കും അനുക്രമമായ ബലവൃദ്ധിയുണ്ടാകും, ജീവികള്‍ക്കുവേണ്ട ബലത്തെ "വിസർജിക്കുന്ന'താകയാൽ "വിസർഗകാലം' എന്ന്‌ ഇതിനു പേരുണ്ട്‌. മധുരം, പുളി, എരുവ്‌, ഉപ്പ്‌, കയ്‌പ്‌, ചവർപ്പ്‌ എന്നിങ്ങനെ ആറു രസങ്ങളിൽ, പുളി, ഉപ്പ്‌, മധുരം എന്നിവ ഈ കാലത്ത്‌ ശരീരത്തിന്‌ അധികം ആവശ്യമാണ്‌. ശിശിരവും വസന്തവും ഗ്രീഷ്‌മവും ഉത്തരായനത്തിൽപ്പെടുന്നു. ഉത്തരയാനത്തിൽ സൂര്യന്‍ ബലവാനാണ്‌; കയ്‌പ്‌, ചവർപ്പ്‌, എരുവ്‌ (തിക്തകഷായ കടുകങ്ങള്‍) എന്നീ രസങ്ങളാണ്‌ ശരീരത്തിന്‌ ഈ കാലത്ത്‌ ആവശ്യം. സൂര്യന്റെ തീവ്രകിരണങ്ങള്‍ ഭൂമിയിലെ സർവചരാചരങ്ങളിൽനിന്നും സൗമ്യാംശത്തെ വലിച്ചെടുക്കുന്നു. ജീവികള്‍ ഉത്തരോത്തരം ക്ഷയിച്ചുവരുന്ന കാലമാണിത്‌. ജീവികളിൽനിന്നു ബലത്തെ ആദാനം ചെയ്യുന്നതെന്ന അർഥത്തിൽ ഇതിനെ ആദാനകാലമെന്നു പറയുന്നു.

ത്രിദോഷങ്ങള്‍ക്ക്‌ ഈ ഋതുക്കളിൽ ചില സ്വാഭാവിക പരിണാമങ്ങള്‍ വന്നുചേരുന്നു; ഓരോന്നും ചയിക്കുകയും പ്രകോപിക്കുകയും ശമിക്കുകയും ചെയ്യും. ദോഷങ്ങളുടെ ഈ സ്വാഭാവിക പ്രകോപശമങ്ങള്‍ക്ക്‌ ഋതുക്കളുമായുള്ള ബന്ധം (ഏതേതു ദോഷങ്ങള്‍ ഏതേതു ഋതുക്കളിൽ ചയിക്കുകയും പ്രകോപിക്കുകയും ശമിക്കുകയും ചെയ്യുന്നു എന്നെല്ലാം) വിവരിക്കുമ്പോള്‍ ഋതുകല്‌പനയിൽ ഭൂമിശാസ്‌ത്രപരമായ ചില പരിഗണനകള്‍കൂടി വേണ്ടിവരുന്നു. മേല്‌പറഞ്ഞ ഋതുകല്‌പന സാമാന്യമാണ്‌.

വർഷാരംഭത്തിൽ ചെടികള്‍ക്കും ഫലങ്ങള്‍ക്കും ഔഷധങ്ങള്‍ക്കും വേണ്ടത്ര പാകമോ വീര്യമോ ഔഷധഗുണമോ ഉണ്ടാവില്ല. അലിഞ്ഞും കലങ്ങിയും ചേരുന്ന പലതരം മലിനവസ്‌തുക്കളാൽ വെള്ളം അനാരോഗ്യകരമായിരിക്കും; ആകാശം മേഘച്ഛന്നവും. ഗ്രീഷ്‌മാവസാനത്തിൽ ഉണങ്ങിവരണ്ടുപോയ ഭൂമി മഴവീണു കുതിർന്നാൽ ഉത്സർജിക്കുന്ന "ഭൂബാഷ്‌പം' (നീരാവി), സ്വതേതന്നെ ഈർപ്പവും തണുപ്പുംകൊണ്ട്‌ ഘനീഭവിച്ച അന്തരീക്ഷത്തെ, കൂടുതൽ ദുഷിപ്പിക്കുന്നു; ജീവികളുടെ ശരീരത്തിൽ ജലാംശം വർധിക്കുന്നു. ദുഷ്‌ടാർദ്രമായ അന്തരീക്ഷവായു ശ്വസിക്കുകകൂടി ചെയ്യുമ്പോള്‍ ജലദോഷം, ചുമ, കണ്‌ഠപാതം തുടങ്ങിയ പല രോഗങ്ങളും ബാധിക്കാന്‍ എളുപ്പമാണ്‌; ദഹനശക്തി കുറഞ്ഞുപോകുന്നു; അപക്വങ്ങളായ സസ്യങ്ങളും ഔഷധങ്ങളും ഫലങ്ങളും മലിനജലവും കൂടിയാകുമ്പോള്‍ വയറ്റിൽ (ജാഠരരസസത്തിൽ) പുളിപ്പു കൂടുകയും ദേഹത്തിൽ പിത്തം സംചയിക്കുകയും ചെയ്യും. ഈ ഉപദ്രവകരങ്ങളായ സ്ഥിതിവിശേഷങ്ങള്‍ ശരീരത്തെ ബാധിക്കുന്നതു തടയാന്‍ വേണ്ട കരുതൽ നടപടികള്‍ കൈക്കൊള്ളണം. ആഹാരം എളുപ്പം ദഹിക്കുന്നതും പ്രാധാന്യേന സ്‌നിഗ്‌ധതയും ഉപ്പുരസവും അമ്ലരസവും ഉള്ളതുമായിരിക്കണം. അന്തരീക്ഷവായുവിലെ ഈർപ്പവും മേല്‌പറഞ്ഞ ഭൂബാഷ്‌പവും ഒഴിവാക്കാന്‍വേണ്ട മുന്‍ കരുതലുകളോടെ ഉയർന്നതലങ്ങളിൽ വസിക്കുന്നതുകൊള്ളാം.

ശരത്‌കാലം വരുമ്പോള്‍ ആകാശത്തിൽ കാർമേഘങ്ങള്‍ കുറയുന്നു; നനഞ്ഞുകുതിർന്ന ഭൂതലം ചൂടേറിയ സൂര്യകിരണങ്ങള്‍ തട്ടിയുണങ്ങുന്നു. വർഷത്തിൽ സംചയിച്ച പിത്തദോഷം പ്രകോപിക്കുകയും പൈത്തികരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്യുന്നു. അവയെ തടയാനോ, അഥവാ അവയുടെ ശക്തി കുറയ്‌ക്കാനെങ്കിലുമോ പിത്തത്തെ വിരേചനകർമംകൊണ്ട്‌ നിർഹരിക്കുകയും ഘൃതപാനംകൊണ്ട്‌ സാമാനാവസ്ഥയിലെത്തിക്കുകയും വേണം. ആഹാരവസ്‌തുക്കള്‍ പ്രാധാന്യേന പിത്തശമനങ്ങളായ ചവർപ്പ്‌, കയ്‌പ്‌, മധുരം എന്നീ രസങ്ങളോടുകൂടിയതാകണം. (ഉദാ. ചെന്നെല്ല്‌, ചെറുപയർ, പഞ്ചസാര, നെല്ലിക്ക, പടവലം, തേന്‍, ജാംഗലമാംസം). പകൽ മുഴുവന്‍ സൂര്യരശ്‌മി തട്ടി ചൂടുപിടിച്ചും രാത്രി നിലാവുതട്ടി തണുത്തും (ശരത്തിൽ മാത്രം ഉദിക്കുന്ന) "അഗസ്‌ത്യ നക്ഷത്ര' രശ്‌മികള്‍ തട്ടി വിഷഹീനമായും നിർമലമായും ഇരിക്കുന്ന വെള്ളം കുടിക്കാനും കുളിക്കാനും ഉത്തമമാണ്‌. "തപ്‌തം തപ്‌താംശുകിരണൈഃ ശീതം ശീതാംശുരശ്‌മിഭിഃ സമന്താദപ്യഹോരാത്ര- മഗസ്‌ത്യോദയനിർവിഷം'. (അ.സൂ.അ. 3) "ഹംസോദകം' എന്ന പേരിൽ പ്രസിദ്ധമാണത്‌. ബാഹ്യമായും ആഭ്യന്തരമായും ശീതോപചാരം നല്ലതാണ്‌; പിത്തത്തെ ശമിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഹേമന്താഗമത്തിൽ സസ്യൗഷധഫലങ്ങള്‍ പരിപക്വവീര്യങ്ങളും ബലവർധകങ്ങളും ആയിത്തീരുന്നു. വെള്ളം തെളിഞ്ഞും കനംകൂടിയുമിരിക്കും; അന്തരീക്ഷം മഞ്ഞുമൂടി തണുത്തിരിക്കും. ഈ അന്തരീക്ഷം ശരീരത്തിൽനിന്ന്‌ ചൂടിന്റെ ബഹിർഗമനത്തെ തടയുന്നതുകൊണ്ട്‌ ദഹനശക്തിയും ധാതുപരിണാമശക്തിയും വിശപ്പും കൂടുന്നു. പ്രാധാന്യേന മധുരം, പുളി, ഉപ്പ്‌ എന്നീ രസങ്ങളാണ്‌ ശരീരത്തിന്‌ ഇപ്പോള്‍ വേണ്ടത്‌. വാതഹരദ്രവ്യങ്ങളെക്കൊണ്ട്‌ സംസ്‌കരിച്ച തൈലം തലയിലും മേലുമെല്ലാം തേച്ച്‌ വ്യായാമം, സംവാഹനം, ഉദ്വർത്തനം, മേൽ ചൂടുവെള്ളം പകർന്നു കുളി മുതലായവ ഏറ്റവുമധികം ഹിതങ്ങളാകുന്ന കാലമാണിത്‌. ശിശിരം തുടങ്ങുമ്പോഴേക്കും തണുപ്പ്‌ മൂർധന്യദശയിലെത്തുന്നു; അതോടെ കഫദോഷം സംചയിക്കുവാന്‍ തുടങ്ങുകയായി. ഇങ്ങനെ സംചയിത്ത കഫം വസന്തത്തിൽ സൂര്യോഷ്‌ണംകൊണ്ട്‌ ഉരുകി കഫപ്രധാനങ്ങളായ രോഗങ്ങളെ ഉണ്ടാക്കും; അതുകൊണ്ട്‌, തീക്ഷ്‌ണങ്ങളായ വമനം, നസ്യം മുതലായവകൊണ്ടും ലഘുരൂക്ഷാഹാരങ്ങള്‍കൊണ്ടും മറ്റും വസന്തത്തിൽ കഫത്തെ ശമിപ്പിക്കുവാന്‍ നോക്കണം. വ്യായാമം, തിരുമ്മൽ, തടവൽ എന്നിവയും കഫഹരങ്ങളാണ്‌. ഗ്രീഷ്‌മം തുടങ്ങുമ്പോള്‍ സസ്യൗഷധാദികള്‍ വീണ്ടും ശുഷ്‌കങ്ങളും ലഘുക്കളും നഷ്‌ടവീര്യങ്ങളുമായിത്തുടങ്ങുന്നു. ഇതുപോലുള്ള പരിണാമം വെള്ളത്തിനും വന്നു തുടങ്ങും. ജീവികളുടെ ശരീരത്തിന്‌ വരള്‍ച്ചയും പാരുഷ്യവും കനക്കുറവും വന്നുചേരുന്നു. അവർ മേല്‌പറഞ്ഞവിധമുള്ള സസ്യാദികള്‍ ഉപയോഗിക്കുമ്പോള്‍ വാതദോഷം സംചയിക്കുവാന്‍ തുടങ്ങുന്നു. സംചിതമായ ഈ വാതം വർഷകാലത്ത്‌ മഴകൊണ്ടു മച്ചു കുതിരുകയും ജലാംശം വർധിക്കുകയും ചെയ്യുമ്പോള്‍ തണുത്ത കാറ്റും തുടർച്ചയായ മഴയുംകൊണ്ട്‌ പ്രകോപിതാവസ്ഥയിലെത്തുകയും വാതരോഗങ്ങളെ ഉണ്ടാക്കുകയും ചെയ്യുന്നു.

വർഷത്തിലും ഹേമന്തത്തിലും ഗ്രീഷ്‌മത്തിലും യഥാക്രമം ചയാവസ്ഥയെ പ്രാപിക്കുന്ന പിത്തത്തെയും കഫത്തെയും വാതത്തെയും അതതുസമയങ്ങളിൽ ശമിപ്പിച്ചു നിർത്തണം. അതു ചെയ്യായ്‌കകൊണ്ട്‌, അഥവാ അത്‌ ചെയ്‌തിട്ട്‌ ശരത്തിലും വസന്തത്തിലും പ്രാവൃട്ടിലും അവ പ്രകോപിക്കുമ്പോള്‍, വിധിപ്രകാരം അവയെ ശോധനം ചെയ്‌തു ശമിപ്പിക്കുകയാണ്‌ വേണ്ടത്‌. പ്രാസംഗികമായി ഒരു സംഗതി ഇവിടെ പ്രസ്‌താവ്യമാണ്‌. കാലാവസ്ഥയുടെ ആനുകൂല്യംകൊണ്ട്‌ സ്വാഭാവികമായിത്തന്നെ പൈത്തികങ്ങളായ രോഗങ്ങള്‍ ഹേമന്തത്തിൽ ശമിക്കുന്നു; അതുപോലെ കഫരോഗങ്ങള്‍ ഗ്രീഷ്‌മത്തിലും വാതരോഗങ്ങള്‍ ശരത്തിലും ശമിക്കുന്നു. രസകരമായ മറ്റൊരു വസ്‌തുതയുണ്ട്‌. ഒരു പൂർണ വർഷത്തിൽ പ്രകടങ്ങളാകുന്ന എല്ലാ ഋതുലക്ഷണങ്ങളും ഋതുഭേദേന ജന്തുശരീരത്തിൽ വരുന്ന പരിണാമങ്ങളും എല്ലാം ഒരു പൂർണദിവസത്തിൽതന്നെ സംക്ഷിപ്‌തമായി പ്രതിഫലിച്ചുകാണാം. പൂർവാഹ്നത്തിൽ വസന്തഋതുവിന്റെ ലക്ഷണങ്ങളും അപരാഹ്നത്തിൽ പ്രാവൃട്‌ലക്ഷണങ്ങളും പ്രദോഷത്തിൽ വർഷർത്തുലക്ഷണങ്ങളും അർധരാത്രിയിൽ ശരത്തിന്റെ ലക്ഷണങ്ങളും കാണാം എന്ന്‌ സുശ്രുതന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു (സൂ. അ. 6). ഉഷ്‌ണകാലത്തിന്റെയും വർഷകാലത്തിന്റെയും ശീതകാലത്തിന്റെയും ലക്ഷണങ്ങള്‍ ഒരു അഹോരാത്രത്തിൽതന്നെ പ്രതിഫലിക്കുന്നുണ്ടെന്നർഥം. ഈ കാലങ്ങളിൽ (ഋതുഭേദങ്ങളിൽ) ത്രിദോഷങ്ങള്‍ക്കു സംഭവിക്കുന്ന ചില പ്രകോപശമങ്ങളുടെ ലക്ഷണങ്ങളെല്ലാം ഒരു അഹോരാത്രത്തിൽ അതതുസമയങ്ങളിൽ പ്രകടങ്ങളാകുമെന്നും അറിയണം. കേവലം മാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഋതുവിഭജനം എപ്പോഴും വളരെ കൃത്യമായെന്നുവരില്ല; ഭൂമി ശാസ്‌ത്രപരമായും കാലഗതിക്കനുസരിച്ചും പല വ്യത്യാസങ്ങളും അതിൽ വന്നുചേരാം; അതുകൊണ്ട്‌ ഋതുക്കളുടെ ആ മൂന്ന്‌ സുവ്യക്തസാമാന്യലക്ഷണങ്ങളായ മഴക്കാലം, തണുപ്പുകാലം, ഉഷ്‌ണകാലം എന്നിവയെ അടിസ്ഥാനപ്പെടുത്തി അവയെ നിർണയിക്കുന്നതാണ്‌ ആയുർവേദാചാര്യന്മാർക്ക്‌ അധികം സമ്മതം. രോഗസംക്രമണം. മേല്‌പറഞ്ഞ സ്വാസ്ഥ്യസംരക്ഷണവിധികള്‍കൊണ്ട്‌ ശരീരത്തിലെ ദോഷദൂഷ്യാദികളെ സമീകരിച്ചു നിർത്തിയാൽ മാത്രം പോരാ, ഒരാളിൽ നിന്ന്‌ മറ്റൊരാളിലേക്ക്‌ പകരുന്നതരം രോഗങ്ങളുണ്ട്‌; അവയെ തടുക്കാന്‍ അത്തരം രോഗങ്ങളുള്ളവരോട്‌ സമ്പർക്കം പുലർത്താതിരിക്കുന്നതും ആവശ്യമാണ്‌. "പ്രസംഗാത്‌ ഗാത്രസംസ്‌പർശാത്‌, നിശ്വാസാത്‌ സഹഭോജനാത്‌', ഏകശയ്യാസനാത്‌, ചാപി വസ്‌ത്രമാല്യാനു- ലേപനാത്‌, കുഷ്‌ഠം ജ്വരശ്ച ശോഷശ്ച, നേത്രാഭിഷ്യനന്ദ ഏവച, ഔപസർഗികരോഗാശ്ച, സംക്രമന്തി നരാന്നരം' (സുശ്രുതം കുഷ്‌ഠരോഗനിദാനം) (അടുത്തുനിന്ന്‌ സംസാരിക്കുക, സ്‌പർശിക്കുക, ശ്വാസോച്ഛ്വാസത്തിൽ ഒരാള്‍ പുറത്തുവിടുന്ന ദുഷിച്ച വായു മറ്റൊരാള്‍ ശ്വസിക്കാന്‍ ഇടവരിക, ഒരേപാത്രത്തിൽ നിന്നോ അടുത്തിരുന്നോ ആഹാരം കഴിക്കുക, ഒരേ കിടക്കയിൽ കിടക്കുകയോ ഇരിപ്പിടങ്ങളിൽ ഇരിക്കുകയോ ചെയ്യുക, ഒരേ വസ്‌ത്രങ്ങളോ മാലകളോ ലേപനങ്ങളോ പരസ്‌പരം മാറിയുപയോഗിക്കുക എന്നിവകൊണ്ട്‌ സാമാന്യേന രോഗങ്ങള്‍ ഒരാളിൽനിന്ന്‌ മറ്റൊരാളിലേക്കു പകരുന്നു. കുഷ്‌ഠം, ക്ഷയം, ജ്വരം, അക്ഷിരോഗങ്ങള്‍ എന്നിവയും സാംക്രമികങ്ങളായ മറ്റു പല രോഗങ്ങളും ഇങ്ങനെ പരക്കും). ഇവയുടെ സംരക്ഷണത്തിന്‌ സമൂഹത്തിന്റെയും ജനപദങ്ങളുടെയും രാഷ്‌ട്രത്തിന്റെയും ആരോഗ്യരക്ഷയ്‌ക്കുവേണ്ട നിർദേശങ്ങള്‍ ചരകസംഹിതയിലെ "ജനപദോധ്വംസനീയ വിമാനം' മുതലായ അധ്യായങ്ങളിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

രോഗമൊന്നും ഇല്ലാതെ കഴിച്ചുകൂട്ടുവാന്‍ ആർക്കാണ്‌ സാധിക്കുക; "നിത്യം ഹിതാഹാരവിഹാരസേവീ, സമീക്ഷ്യകാരീ വിഷയേശ്വസക്തഃ, ദാതാ സമസ്‌ സത്യപരഃ ക്ഷമാവാ- നാപ്‌തോപസേവീ ച ഭവത്യരോഗഃ' (അ.സൂ.അ. 4) (എന്നും ശരീരമനസ്സുകള്‍ക്ക്‌, ഹിതമായ ആഹാരവും പ്രവൃത്തിയും ഉണ്ടാവുക, എല്ലാകാര്യവും ആലോചിച്ച്‌ ചെയ്യുക, വിഷയങ്ങളിൽ അനാസ്‌കതനായിരിക്കുക, ദാനശീലനും സുഖദുഃഖങ്ങളിൽ സമചിത്തനും സത്യനിഷ്‌ഠനും ക്ഷമാശീലനുമായിരിക്കുക, പ്രാമാണികന്മാരായ മഹാന്മാരെ ആശ്രയിക്കുക, ഇവ ആരിൽ ഒത്തിണങ്ങുന്നുവോ അവന്‌ രോഗമുണ്ടാവില്ല). ഈ വക ഗുണങ്ങളിൽ മിക്കവയും മനസ്സിനു ശാന്തിയും സമാധാനവും വളർത്തുന്നു; ആരോഗ്യത്തിലേക്കുള്ള രാജമാർഗം അതാണുതാനും.

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top